പുതിയ വെള്ളിനക്ഷത്രം (no 1640 dt 2011 April 18) വാരികയില്‍ മലയാള സിനിമയിലെ അടുക്കള പുസ്തകത്തെപ്പറ്റി അഞ്ചുപുറത്തില്‍ ഒരു കുറിപ്പ്.
നന്ദി ശെല്‍വരാജ്. നന്ദി ബീന രഞ്ജിനി
പുതിയ വെള്ളിനക്ഷത്രം (no 1640 dt 2011 April 18) വാരികയില്‍ മലയാള സിനിമയിലെ അടുക്കള പുസ്തകത്തെപ്പറ്റി അഞ്ചുപുറത്തില്‍ ഒരു കുറിപ്പ്.
നന്ദി ശെല്‍വരാജ്. നന്ദി ബീന രഞ്ജിനി
തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണല്ലോ. തുടക്കമാണ് ഏതൊരു കലാസൃഷ്ടിയുടെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗം. എങ്ങനെ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു കഥ തുടര്‍ന്നു വായിക്കണോ എന്നും ഒരു സിനിമ തുടര്‍ന്നു കാണണോ എന്നും അനുവാചകന്‍ തീരുമാനിക്കുക.അഥവാ, വായനക്കാരനെ, കാണിയെ രചനയിലേക്ക് പിടിച്ചടുപ്പിക്കുന്നത് പ്രാരംഭാവതരണം തന്നെയാണ്. സിനിമകളില്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ഷോട്ട്/സീന്‍ എന്നൊരു പരമ്പരാഗത സങ്കല്‍പം തന്നെയുണ്ട്.പ്രമേയ/ഇതിവൃത്ത പശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന പ്രാരംഭരംഗങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുക. പലപ്പോഴും നാടകീയത അതിന്റെ പരകോടിയില്‍ പ്രകടമാകുന്ന ആവിഷ്‌കാരങ്ങളിലൂടെയാണ് മുഖ്യധാരസിനിമ ഇതു സാധ്യമാക്കുക. ഇവിടെയാണ് ദിലീഷ് പോത്തന്റെ 'ജോജി' വ്യത്യസ്തമാവുന്നത്.
സിനിമയ്ക്ക് ആവശ്യമേയില്ലാത്ത നാടകീയതയെ പടിക്കുപുറത്തേക്ക് മാറ്റിവച്ചിട്ട്, ചിത്രം പശ്ചാത്തലമാക്കുന്ന ഉള്‍നാടന്‍ മലയോരഗ്രാമത്തിനു പകരം നഗരത്തിലെ ഒരു കടയില്‍ നിന്ന് ഓര്‍ഡറുമായിപ്പോകുന്ന ഒരു ഓണ്‍ലൈന്‍ ഡെലിവറി ബോയിയില്‍ തുടങ്ങുന്ന സിനിമ ശീര്‍ഷകമസാനിക്കുന്നിടത്തു തന്നെ ചിത്രത്തിന്റെ പ്രമേയപരിസരം സ്ഥാപിച്ചെടുക്കുന്നതെങ്ങനെയെന്നു നോക്കുക. അപ്പാപ്പന്റെ അക്കൗണ്ട് നമ്പര്‍ മോഷ്ടിച്ച് അയാളറിയാതെ ഓണ്‍ലൈനിലൂടെ പനച്ചേല്‍ കുട്ടപ്പന്റെ (പി.എന്‍.സണ്ണി)ഒരു എയര്‍ ഗണ്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിക്കുന്നത് പനച്ചേല്‍ കുടുംബത്തിലെ ഏറ്റവും ഇളയതലമുറക്കാരനായ പോപ്പി(അലിസ്റ്റര്‍ അലക്‌സ്)യാണ്. കുട്ടപ്പനെവിടെ എന്നു ചോദിക്കുന്ന ഡെലിവറി ബോയിയോട് അദ്ദേഹം ക്വാറന്റൈനിലാണ് എന്നാണവന്‍ കള്ളം പറയുന്നത്. പനച്ചേല്‍ കുടുംബം തങ്ങളുടെ സ്വകാര്യതകളില്‍ നിന്ന് സമൂഹത്തെ എങ്ങനെ മാറ്റിനിര്‍ത്തുന്നു എന്നു മാത്രമല്ല, പനച്ചേല്‍ ആണുങ്ങളില്‍ കുറ്റവാസന എങ്ങനെ പാരമ്പര്യമായി തന്നെ വന്നുചേര്‍ന്നിരിക്കുന്നു എന്നതിന്റെ കൂടി സൂചനയാണ് ഈ രംഗം. ജോജി(ഫഹദ് ഫാസില്‍) എന്നത് നായകന്റെ പേരാണെങ്കിലും 'ജോജി' എന്ന സിനിമ സത്യത്തില്‍ പനച്ചേല്‍ എന്ന മനഃസ്ഥിതിയെപ്പറ്റി ഫാദര്‍ കെവിന്റെയും(ബേസില്‍ ജോസഫ്), കുട്ടപ്പന്റെ മൂത്ത പുത്രനായ ജോമോന്റെയും (ബാബുരാജ്) ഭാഷയില്‍ 'മാനുവലി'നെപ്പറ്റിയുള്ളതാണ്. ഇവിടെ കുട്ടപ്പായിയില്‍ തുടങ്ങി പോപ്പിയില്‍വരെ ലക്ഷണമൊത്ത കുറ്റവാളിയുടെ നിഴലാട്ടങ്ങളുണ്ട്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു വരുത്തുന്ന ആ എയര്‍ഗണ്ണില്‍ത്തന്നെ ചിത്രത്തിന്റെ മുഴുവന്‍ മൂഡും ക്രമിനല്‍ പശ്ചാത്തലവും ഉള്‍ക്കൊള്ളുന്നുമുണ്ട്.
ഒരു സര്‍ഗ സൃഷ്ടിയെ വിശകലനം ചെയ്യുമ്പോള്‍ സമാനമായ മുന്‍മാതൃകകളുമായി താരതമ്യം ചെയ്യുക താരതമ്യവിമര്‍ശനത്തില്‍ സ്വാഭാവികമാണ്. ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി' എന്ന സിനിമയെ 1985ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത 'ഇരകള്‍' എന്ന സിനിമയുമായി താരതമ്യം ചെയ്താണ് ജോജിയുടെ നവമാധ്യമ നിരൂപണങ്ങളിലേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. പുരുഷകേന്ദ്രീകൃത ആണധികാരാധിപത്യവ്യവസ്ഥയുടെ കഥാപരിസരം കൊണ്ടും കെട്ടുറപ്പു നഷ്ടമാവുന്ന കൂട്ടുകുടുംബത്തിന്റെ കുറ്റവാസനയുടെ മനഃശാസ്ത്രവിശ്‌ളേഷണം കൊണ്ടുമൊക്കെ ഈ താരതമ്യത്തില്‍ കുറേയൊക്കെ കഴമ്പുണ്ടെന്നു തന്നെ വയ്ക്കുക. മഹാഭാരതവും രാമായണവും രാജാക്കന്മാരുടെ കഥയാണ്, രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളുടെ കഥയാണ് എന്നു പറയുന്നതുപോലുള്ള ഒരു താരതമ്യം മാത്രമായി അതിനെ കണ്ടാല്‍ മതിയെന്ന് ജോജി കണ്ടുതീരുമ്പോള്‍ ഒരാള്‍ക്ക് ബോധ്യപ്പെടും. മഹാഭാരതത്തില്‍ രാമായണത്തിലുള്ളത് പലതുമുണ്ട്. രാമായണത്തില്‍ മഹാഭാരതത്തിലേതും. രാജകഥയാവുമ്പോള്‍ അതു സ്വാഭാവികം. അതിലുപരി, മനുഷ്യകഥയാവുമ്പോള്‍ മനുഷ്യകുലത്തില്‍ സംഭവിക്കുന്നതല്ലാതെ പ്രതിപാദിക്കപ്പെടുകയില്ലല്ലോ?
പ്രമേയപശ്ചാത്തലമായി വരുന്ന മലയോര കുടിയേറ്റ ഗ്രമാവും, അവിടെത്തെ തോട്ടമുടമകളും ഫ്യൂഡല്‍ പ്രമാണിമാരുമായ ക്രൈസ്തവ കൂട്ടുകുടുംബവും തിരുവായ്ക്ക് എതിര്‍വാ ചെലവാകാത്ത ആണധികാര മേല്‍ക്കോയ്മയും ഒക്കെ ഈ താരതമ്യത്തെ സാധൂകരിക്കുന്ന ഘടകങ്ങളായി പറയാം. അതിലുപരി സമ്പത്തുകൊണ്ടുമാത്രം വിളക്കിച്ചേര്‍ത്തിട്ടുള്ള പരസ്പര വിശ്വാസമില്ലാത്ത കുടുംബബന്ധം മനോരോഗിയും കൊലയാളിയുമാക്കിത്തീര്‍ക്കുന്ന ഇളയസന്താനത്തിന്റെ പാത്രഘടനയിലും 'ജോജി'ക്ക് 'ഇരകളോ'ട് ചാര്‍ച്ച ആരോപിക്കപ്പെടാം. എന്നാല്‍ സൂക്ഷ്മവിശകലനത്തില്‍ 'ഇരകളി'ലെ ബേബിയും (ഗണേഷ് കുമാര്‍) ജോജിയും തമ്മില്‍ സജാത്യത്തേക്കാളേറെ വൈജാത്യമാണുള്ളത് എന്നു തെളിയും. കാരണം, പണമുണ്ടാക്കാനും വെട്ടിപ്പിടിക്കാനുമുള്ള നെട്ടോട്ടത്തില്‍ നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ ഊഷ്മളതയില്‍ കുറ്റവാളിയായിത്തീരുന്ന ബേബിയില്‍ തന്റെ കാമുകിയോടെങ്കിലും അവശേഷിക്കുന്ന പ്രണയാര്‍ദ്രതയുടെ ഇത്തിരിവറ്റുകള്‍ കണ്ടെത്താം. പാല്‍ക്കാരി നിര്‍മ്മലയെ (രാധ) അവനൊരുപക്ഷേ വിവാഹം കഴിച്ചേക്കുമായിരുന്നില്ല. എന്നിരുന്നാലും അവളോട് അവനുള്ളത് സ്‌നേഹം തന്നെയായിരുന്നു. മാംസബദ്ധമായിട്ടുകൂടി അവളില്‍ അവന്‍ കണ്ടെത്തിയത് മാനസികമായൊരു സാന്ത്വനം കൂടിയാണ്. ഒടുവില്‍ അവളവനെ വഞ്ചിച്ച് റേഷന്‍ കടക്കാരന്‍ ബാലനെ വിവാഹം കഴിക്കാന്‍ മുതിരുമ്പോഴാണ് അവനിലെ കുറ്റവാളി അപകടകരമായി പുറന്തോല്‍ പൊളിച്ചു പുറത്തുവരുന്നത്.
ജോജിയില്‍ അത്തരം ആര്‍ദ്രതകളൊന്നും കാണാനാവില്ല. കഥാനിര്‍വഹണത്തിന്റെ ഒരു ഘട്ടത്തിലും പ്രണയം, മാതൃത്വം തുടങ്ങി മനുഷ്യബന്ധങ്ങളെ നിലനിര്‍ത്തുന്ന വൈകാരികചുറ്റുപാടുകളൊന്നും തന്നെ ദൃശ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല. വിശ്വാസവും മതവും പോലും നാട്ടുനടപ്പിനുവേണ്ടി മാത്രമാണ് പനച്ചേല്‍ കുടുംബം സ്വീകരിച്ചിട്ടുള്ളതെന്നു കാണാം. തങ്ങളെപ്പറ്റി വേണ്ടാതീനം പറയുന്നതാരായാലും അവരെ കായികമായും നിയമപരമായും നേരിടുന്നതാണ് 'പനച്ചേല്‍ മാനുവല്‍' എന്ന് ജോമോന്‍ ഒളിമറയില്ലാതെ നാട്ടുകാരോടു തുറന്നുപറയുന്നുണ്ട്. ഭാര്യയില്‍ നിന്നു ബന്ധം വേര്‍പെടുത്തി മകനുമൊത്ത് കുടുംബവീട്ടില്‍ കഴിയുന്നവനാണ് അയാള്‍. അയാള്‍ക്കു തൊട്ടുതാഴെയുള്ള ജയ്‌സണ്‍(ജോജി മുണ്ടക്കയം)യുടെ ഭാര്യ ബിന്‍സി (ഉണ്ണിമായ പ്രസാദ്) മാത്രമാണ് സിനിമയിലെ ഒരേയൊരു പെണ്‍തരി. അവര്‍ തമ്മില്‍പ്പോലും തൃപ്തികരമായൊരു ദാമ്പത്യം തിരക്കഥയില്‍ ഉള്‍പ്പെടുത്തിക്കാണുന്നില്ലെന്നു മാത്രമല്ല, മധ്യവയസുപിന്നിട്ടിട്ടും അവര്‍ക്ക് കുട്ടികളില്ല എന്നതും ഈ അഭാവത്തെ പൂരിപ്പിക്കുന്നുണ്ട്. ഇളയ സന്താനമായ ജോജിയാവട്ടെ ജീവിതത്തില്‍ സ്വന്തമായി ഒന്നും നേടാനാവാത്ത, വ്യക്തി സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട, ഏതുസമയവും കടന്നുവന്ന് കൊരവള്ളിയില്‍ പിടിമുറുക്കാവുന്ന സ്വന്തം പിതാവിന്റെ കായബലത്തെ ഭയക്കാതെ സ്വന്തം മുറിയിലെ കിടക്കപ്പുതപ്പിനുള്ളില്‍ പോലും സ്വസ്ഥത കണ്ടെത്താനാവാത്ത ചെറുപ്പക്കാരനാണ്. അയാള്‍ക്ക് ആര്‍ദ്രവികാരങ്ങളൊന്നുമുള്ളതായി അറിവില്ല. കുതിര ബിസിനസ് ചെയ്തു പണമുണ്ടാക്കി ഇച്ഛയനുസരിച്ചു ജീവിക്കണമെന്നതിലുപരി എന്തെങ്കിലും ലക്ഷ്യങ്ങള്‍ അയാള്‍ക്കില്ല.
'ഇരകളി'ലെ ബേബിയാവട്ടെ, പിതാവിന്റെ പണക്കൊഴുപ്പില്‍ വഴിവിട്ട ജീവിതം തെരഞ്ഞെടുക്കുന്ന യുവാവാണ്. കോളജില്‍ തന്നെ അയാളുടെ ചെയ്തികള്‍ അത്തരത്തിലുള്ളതാണ്. പണം അയാള്‍ക്കൊരു പ്രശ്‌നമേ ആവുന്നില്ല. ജോജിക്കാവട്ടെ പണമാണ് പ്രശ്‌നം. ഇതാണ് ബേബിയില്‍ നിന്ന് ജോജിയെ വ്യത്യസ്‌നാക്കുന്ന പ്രധാന ഘടകം. ആസൂത്രിതമായി നിര്‍വഹിക്കുന്ന കൊലപാതകതകങ്ങളില്‍ നിന്ന് അവസാനം വരെയും ഒഴിഞ്ഞും ഒളിഞ്ഞും നില്‍ക്കാന്‍ ബേബിയിലെ ബോണ്‍ ക്രിമിനലിന് സാധിക്കുന്നുണ്ട്. എന്നാല്‍, ഗതികേടുകൊണ്ട് തന്നിലെ കുറ്റവാളിയുടെ പ്രലോഭനങ്ങള്‍ക്കു വിധേയനാവുന്ന ജോജിക്കാവട്ടെ കക്കാനല്ലാതെ നില്‍ക്കാനാവുന്നില്ല. തെളിവുകള്‍ മറച്ചുവയ്ക്കുന്നതില്‍ പോലും അയാള്‍ ദയനീയമായി പരാജയപ്പെടുകയാണെന്നു മാത്രമല്ല ചെയ്തതോര്‍ത്ത് ഭയക്കുകയും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയറിയാതെ ഉഴറുകയും ചെയ്യുന്ന മനസാണയാളുടേത്. 'ഇരകളി'ലെ ബേബി ഒരിക്കലും സ്വയംഹത്യ ചെയ്യുമായിരുന്നില്ല. പിതാവിന്റെ തോക്കിനിരയായി വീണില്ലായിരുന്നെങ്കില്‍ അയാളുടെ അവസാനം എങ്ങനെയായിരിക്കുമെന്നത് പ്രവചനാതീതമാണ്. ജോജിയാവട്ടെ അക്കാര്യത്തില്‍ തീര്‍ത്തും ദുര്‍ബലനായൊരു പാത്രസൃഷ്ടിയാണ്. പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വയം വെടിവച്ചു മരിക്കാനാണ് അയാള്‍ തുനിയുന്നത്, ശ്രമം വിഫലമാവുന്നെങ്കില്‍ക്കൂടി. ബേബിയെ അപേക്ഷിച്ച് എത്രയോ ദുര്‍ബലനാണ് ജോജിയെന്നതിന് ഇതില്‍പ്പരം തെളിവിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെ, കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ചതും മലയാള സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നുമായ 'ഇരകളു'മായുള്ള താരതമ്യം ജോജിയുടെ നിലവാരത്തെ ഒരു പടികൂടി ഉയര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ.ശ്യാമപ്രസാദിന്റെ 'ഇലക്ട്ര' അടക്കമുള്ള സിനിമകളിലെ പശ്ചാത്തലത്തോട് പലതരത്തിലും താരതമ്യം സാധ്യമാവുന്ന ഒന്നാണ് 'ജോജി.' അതുകൊണ്ടു തന്നെ അത്തരം ശ്രമങ്ങള്‍ക്കപ്പുറം ഒരു സ്വതന്ത്ര സിനിമ എന്ന നിലയ്ക്ക് 'ജോജി'യെ നോക്കിക്കാണുകയാണ് യുക്തിസഹം.
ക്‌ളിഷേകളോട് കടക്കുപുറത്ത് പറയുന്നതാണ് ശ്യാം പുഷ്‌കരന്റെ തരിക്കഥാസൂത്രം. സമകാലിക മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും,' 'മഹേഷിന്റെ പ്രതികാരം,' 'കുമ്പളങ്ങി നൈറ്റ്‌സ്' തുടങ്ങിയവയിലെല്ലാം ശ്യാം പുഷ്‌കരന്‍ കാണിച്ചുതന്നത് സ്‌ക്രീന്‍ റൈറ്റിങിന്റെ സവിശേഷസാധ്യതകളാണ്. സാഹിത്യവും തിരസാഹിത്യവും തമ്മിലുള്ള വൈരുദ്ധ്യവൈജാത്യം സ്പഷ്ടമാക്കിത്തരുന്ന ആ രചനകളിലെല്ലാം പഴകിത്തേഞ്ഞ ദൃശ്യരൂപകങ്ങളെ ബോധപൂര്‍വം തന്നെ ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു ശ്യാം പുഷ്‌കരന്‍. അതുതന്നെയാണ് 'ജോജി'യെ പ്രേക്ഷകന്റെ നെഞ്ചില്‍ നോവായി അവശേഷിപ്പിക്കുന്നതും.
സൂക്ഷ്മനോട്ടത്തില്‍ 'ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനി'ലെ നായികയുടെ മറ്റൊരു രൂപമാണ് 'ജോജി'യിലെ ഒരേയൊരു സ്ത്രീകഥാപാത്രമായ ബിന്‍സി. ആണുങ്ങള്‍ മാത്രമുള്ള വീട്ടില്‍ അടുക്കളയില്‍ മാത്രം അഹോരാത്രം ഇടപെടുന്ന സ്ത്രീകഥാപാത്രത്തിന്റെ വാര്‍പുമാതൃക. അടുക്കള സ്ലാബിലിരുന്ന് ഭക്ഷണം കഴിക്കുന്ന ജോജിയുടെ എച്ചിലടക്കം എടുത്തുമാറ്റുന്നത് ബിന്‍സിയാണ്. അടുക്കളയില്‍ മാത്രം ജീവിതം തളയ്ക്കാന്‍ വിധിക്കപ്പെട്ട ഇത്തരമൊരു സ്ത്രീകഥാപാത്രത്തെ ജാതിമതഭേദമന്യേ ഏതു കൂട്ടുകുടുംബത്തിലും കാണാമെന്ന വസ്തുതയാണ് ശ്യാം പുഷ്‌കരന്‍ പ്രതിഫലിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ ജ്യേഷ്ഠ പുത്രനായ പോപ്പിയോടുപോലും തരിമ്പും മാതൃസഹജമായ ഒരടുപ്പം ബിന്‍സിക്കില്ല. അവസാനിക്കാത്ത അടുക്കള ജോലിയുടെ മടുപ്പിക്കുന്ന ഏകതാനതയില്‍ നിന്ന് അവള്‍ കാംക്ഷിക്കുന്നത് നഗരത്തില്‍ ഏതെങ്കിലുമൊരു ഫ്‌ളാറ്റിലെ സ്വകാര്യതയിലേക്ക് ഭര്‍ത്താവുമൊന്നിച്ചു പറിച്ചുനടുന്ന ഒരു ശരാശരി ജീവിതം മാത്രമാണ്. അതു നടക്കാതെ വരുമ്പോള്‍ മാത്രമാണ് അവളില്‍ അക്രമോത്സുകയായ ഒരു കുറ്റവാളിയുടെ മനസ് ഇരമ്പിത്തെളിയുന്നത്. എന്നിട്ടും അവള്‍ നേരിട്ട് ഒരു കുറ്റകൃത്യത്തിലും ഭാഗഭാക്കാവുന്നില്ല, ഭര്‍തൃപിതാവിനെയും ഭര്‍തൃസഹോദരനെയും ഇല്ലാതാക്കാന്‍ ഭര്‍ത്താവിന്റെ ഇളയ സഹോദരനെ പ്രേരിപ്പിക്കുകയും കൊലയ്ക്കു ദൃക്‌സാക്ഷിയാവുകയും ചെയ്തിട്ട് അവ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതല്ലാതെ.
മോഹന്‍ലാലിന്റെ 'ദൃശ്യം2' നു ശേഷം കോവിഡ് കാലത്ത് ഓടിടിയില്‍ റിലീസായി ഏറ്റവുമധികം ചര്‍ച്ചാവിഷയമായ മലയാള സിനിമയാണ് 'ജോജി.' ഈ രണ്ടു സിനിമകളെയും ബന്ധിപ്പിക്കുന്ന സമാനഘടകം കുറ്റവാസനയാണ്. കുടുംബവും കുറ്റവാസനയും എന്ന വൈരുദ്ധ്യമാണ് ക്രൈസ്തവ പശ്ചാത്തലത്തില്‍ പടുത്തുയര്‍ത്തിയ ഈ രണ്ടു സിനിമകളുടെയും അന്തര്‍ധാര. ആദ്യത്തേതില്‍ കുടുംബത്തെ രക്ഷിക്കാന്‍, കുടുംബാംഗങ്ങള്‍ അറിയാതെ സ്വയം പ്രതിരോധിക്കാന്‍ ചെയ്തു പോയ ഒരു കുറ്റകൃത്യത്തില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ ഏറെ ആസൂത്രിതമായി കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ ചെയ്തുകൂട്ടുന്ന കുടുംബസ്‌നേഹിയായ നായകനാണ്. എന്നാല്‍, ശിഥില കുടുംബത്തിന്റെ പാരതന്ത്ര്യങ്ങളില്‍ നിന്ന് സാമ്പത്തികമായും സാമൂഹികമായും തന്നെ സ്വതന്ത്രമാക്കാന്‍ സ്വയം കുറ്റവാളിയായിത്തീരുന്നൊരാളാണ് നായകനായ ജോജി. രണ്ടിലും നായിക രണ്ടു മാനസികാവസ്ഥകളില്‍ പുരുഷന്‍ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങള്‍ക്ക് മൂകസാക്ഷികളുമാവുന്നു. ഇത്രയും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടും, അവ ചെയ്തു എന്ന് നീതിന്യായസംവിധാനങ്ങള്‍ക്കു ബോധ്യം വന്നിട്ടും നായകന്‍ പിടിക്കപ്പെടാതിരിക്കുന്ന നാടകീയതയിലാണ് 'ദൃശ്യം2'ന്റെ നിലനില്‍പെങ്കില്‍, ആത്മഹത്യാശ്രമത്തിലൂടെ നായകനെ കൊന്ന് പ്രേക്ഷകനെ തൃപ്തിപ്പെടുത്താമായിരുന്ന സ്ഥാനത്ത് ആ നാടകീയതപോലും ഒഴിവാക്കി ആശുപത്രിക്കിടക്കയില്‍ ശരീരം തളര്‍ന്നു കിടക്കുമ്പോഴും പൊലീസിനോട് കുറ്റം സമ്മതിക്കാന്‍ വിസമ്മതിക്കുന്ന നായകന്റെ ശരീരഭാഷയിലാണ് 'ജോജി'അവസാനിക്കുന്നത്. 'തൊണ്ടിമുതലിലെ'യും 'മായാനദി'യിലെയും പോലെ, പ്രവചനാത്മകതയെ സ്വാഭാവികതകൊണ്ട് പ്രതിരോധിക്കലാണ് ശ്യാംപുഷ്‌കരന്‍ 'ജോജി'യില്‍ ചെയ്യുന്നത്.
ഇനി താരതമ്യങ്ങളില്‍ നിന്നു വിട്ട് 'ജോജി'യിലേക്കു മാത്രം വന്നാല്‍, 'ജോജി'യെ അനിതരസാധാരണമാക്കുന്നത് നവഭാവുകത്വ സിനിമയുടെ കൊടിയടയാളങ്ങളിലൊന്നായ അസാധാരണമായ സ്വാഭാവികതയാണ്. അത്ഭുതകരമായ സാധാരണത്വമാണ് സിനിമയുടെ ദൃശ്യപരിചരണത്തില്‍ ആദ്യം മുതലേ പിന്തുടരപ്പെട്ടിട്ടുളളത്. ജീവിതത്തിനു നേരെ ഒരു ഒളിക്യാമറ തുറന്നുവച്ചിരിക്കുന്നതുപോലെയാണ് പനച്ചേല്‍ വീട്ടിലെ പാത്രപ്പെരുമാറ്റങ്ങള്‍. അസ്വാഭാവികമായി അവിടെ യാതൊന്നും സംഭവിക്കുന്നില്ല. സ്വാഭാവികതയിലും സര്‍വസാധാരണത്വത്തിലും കവിഞ്ഞ യാതൊന്നും ക്യാമറ പകര്‍ത്തുന്നുമില്ല. ഈ സ്വാഭാവികതയും സാധാരണത്വവും കൃത്രിമമായി സൃഷ്ടിക്കുന്നതിലാണ് തിരക്കഥാകാരനെ വെല്ലുന്ന സംവിധായകന്റെ കൈയടക്കം തൊണ്ടിമുതലിലെന്നോണം തന്നെ 'ജോജി'യില്‍ പ്രത്യക്ഷമാകുന്നത്. ദിലീഷ് പോത്തന്റെ ഏറ്റവും വലിയ വിജയം, കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ താരങ്ങളുടെ തെരഞ്ഞെടുപ്പാണ്. 'ജോജി' എന്ന സിനിമ ഇത്രമേല്‍ ആസ്വാദ്യമായൊരു തിരാനുഭവമാവുന്നതില്‍ മുന്‍വിധികളെ കാറ്റില്‍പ്പറത്തിയ ഈ താരനിര്‍ണയത്തിന് പ്രധാന പങ്കാണുള്ളത്.
പനച്ചേല്‍ കുട്ടപ്പനായി അക്ഷരാര്‍ത്ഥത്തില്‍ അരങ്ങുതകര്‍ത്ത പി.എന്‍ സണ്ണിയും ജെയ്‌സണായി വന്ന ജോജി മുണ്ടക്കയവും, ഫാദര്‍ കെവിന്‍ ആയി വന്ന സംവിധായകന്‍ കൂടിയായ ബേസില്‍ ജേസഫും സഹായി ഗിരീഷായി വന്ന രഞ്ജിത് രാജനും വരെ പ്രേക്ഷകരെ ഞെട്ടിച്ചു. ഫഹദിന്റെയും ബാബുരാജിന്റെയും ഉണ്ണിമായയുടെയും ഷമ്മിതിലകന്റെയും പേരുകള്‍ ഈ പട്ടികയില്‍ പെടുത്താത്ത മനഃപൂര്‍വം തന്നെയാണ്. കാരണം മുന്‍കാലങ്ങളില്‍ പല വേഷപ്പകര്‍ച്ചകളിലൂടെയും നമ്മെ ഞെട്ടിച്ചിട്ടുള്ളവരാണ് ഇവരെല്ലാം. അതുകൊണ്ടുതന്നെ ദിലീഷിനെപ്പോലെ നാടക-സിനിമാബോധമുള്ളൊരു സംവിധായകനുകീഴില്‍ അവര്‍ എത്രത്തോളം നിറഞ്ഞാടുമെന്നതില്‍ ചില മുന്‍വിധികള്‍ നമുക്കുണ്ടാവും. ആ മുന്‍വിധികള്‍ ശരിവയ്ക്കുന്നതു തന്നെയാണ് അവരുടെ പ്രകടനങ്ങള്‍. പക്ഷേ ആദ്യം പറഞ്ഞ താരങ്ങളുടെ കാര്യം അങ്ങനെയല്ല. അവര്‍ ശരിക്കും തകര്‍ത്തുകളഞ്ഞു. വെറും നാലു സീനില്‍ മാത്രമാണ് ഫാദര്‍ കെവിന്‍ പ്രത്യക്ഷപ്പെടുന്നത് എന്നോര്‍ക്കുക. പക്ഷേ സിനിമയിലുടനീളം അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതുപോലെ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ കേവലം രണ്ടു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന തോട്ട സുധി (ധനീഷ് ബാലന്‍)യെ പോലെതന്നെയാണ് അത്.
തന്റെ പ്രതീക്ഷ തകര്‍ത്തുകൊണ്ട്, പക്ഷാഘാതക്കിടക്കയില്‍ നിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തുന്ന ഭര്‍തൃപിതാവ് തന്റെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കടക്കോലിടുകയാണെന്ന തിരിച്ചറിവില്‍ ഭക്ഷണത്തിനു വരുന്ന ഭര്‍തൃസഹോദരനോട് തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന ബിന്‍ഷിയെ അവളുടെ ഭാവപ്പകര്‍പ്പില്‍ ഞെട്ടുന്ന ജോജി അടുക്കള ഇടനാഴിയില്‍ നിന്നു നോക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തെ ക്യാമറാക്കോണും ചലനവും ഒന്നു മാത്രം മതി ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകന്റെ മാധ്യമബോധവും സംവിധായകനെന്ന നിലയ്ക്ക് ദിലീഷിന്റെ ദൃശ്യബോധവും ബോധ്യപ്പെടാന്‍. നവമാധ്യമ നിരൂപണങ്ങളില്‍ ഷൈജു ഏറെ പ്രകീര്‍ത്തിക്കപ്പെട്ടത് ചിത്രത്തിലെ ആകാശദൃശ്യങ്ങളുടെയും മറ്റും പേരിലാണെങ്കില്‍, യാഥാര്‍ത്ഥത്തില്‍ ചിത്രം സവിശേഷമാവുന്നത് ഇടുങ്ങിയ വീടകങ്ങളിലും കഥാപാത്രങ്ങളുടെ മനസുകളിലേക്കും തുറന്നുവച്ച് ക്യാമറാക്കോണുകളിലും ചലനങ്ങളിലും കൂടിയാണ്. അസാധാരണമായ സാധാരണത്വം എന്ന ദൃശ്യപരിചരണം സാധ്യമാക്കുന്നതില്‍ ഷൈജു ഖാലിദിന്റെ പങ്ക് നിസ്തുലമാണ്.
എന്നാല്‍, വ്യക്തിപരമായി എനിക്ക് 'ജോജി' ഒരനുഭവമായിത്തീരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാഴ്ചയ്ക്കപ്പുറം മനസില്‍ കൊളുത്തിവലിക്കുന്ന പശ്ചാത്തല സംഗീതമാണ്. ഏതെങ്കിലും ഹോളിവുഡ് പടത്തിന്റെ മോഷണമാണെന്നും പറഞ്ഞ് സംഗീതമറിയാവുന്നവര്‍ വരുമോ എന്നറിയില്ല. പക്ഷേ ഇത്രയേറെ സെന്‍സിബിളായ, ചലച്ചിത്ര ശരീരത്തോട് ഒട്ടിനില്‍ക്കുന്ന പശ്ചാത്തല സംഗീതം മലയാളത്തില്‍ അപൂര്‍വമാണ്. 'എലിപ്പത്തായം,' 'വിധേയന്‍,' 'പിറവി,' 'ഒരേ കടല്‍'.. അങ്ങനെ ചില സിനിമകളില്‍ മാത്രമാണ് പശ്ചാത്തല സംഗീതം വാസനാപൂര്‍വം വിളക്കിച്ചേര്‍ത്ത് കണ്ടിട്ടുള്ളത്. ആ നിലവാരത്തിലേക്കാണ് 'ജോജി'യിലെ ജസ്റ്റിന്‍ വര്‍ഗീസിന്റെ മ്യൂസിക്കല്‍ സ്‌കോറിനെ പ്രതിഷ്ഠിക്കേണ്ടത്. നാന്ദിയില്‍ തുടങ്ങി കൊട്ടിക്കലാശം വരെ ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തുന്നതിലും പ്രതിധ്വനിപ്പിക്കുന്നതിലും പശ്ചാത്തല സംഗീതത്തിന് നിര്‍ണായകപങ്കാണുള്ളത്. 'ജോജി'യെ 'ജോജി'യാക്കുന്നതില്‍ ദിലീഷിനും ശ്യാമിനും ഫഹദിനും ബാബുരാജിനും ഷമ്മിക്കും ഉണ്ണിമായയ്ക്കും ഷൈജു ഖാലിദിനും ഉള്ളത്ര പങ്ക് ജസ്റ്റിനും ഉണ്ടെന്നതില്‍ സംശയമില്ല.
കോവിഡ് വ്യാപനത്തിന്റെ ഈ കെട്ടകാലത്ത് തപാലില്‍ ഇന്നെനിക്കൊരു പുസ്തകം വന്നു.തൃശൂര്‍ പ്രിന്റ് ഹൗസ് പ്രസിദ്ധീകരിച്ച, യുവ നിരൂപകന്‍ രാകേഷ് നാഥിന്റെ ഏറ്റവും പുതിയ സിനിമാപ്പുസ്തകമാണ്. പേര് വര്‍ത്തമാന സിനിമയുടെ വര്‍ത്തമാനങ്ങള്‍. ഡോ. എം.ഡി മനോജിന്റെ അവതാരികയോടെ 136 പേജുകളില്‍ സമകാലികസിനിമയുടെ ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ വായനയടങ്ങുന്ന പുസ്തകം. തുറന്നുനോക്കുമ്പോഴുണ്ട് രാകേഷിന്റെ ഒരു കുറിപ്പുണ്ട് അകത്ത് പേജ് 117 മുതല്‍ 134 വരെ കാണണേ എന്ന്. 29-ാമത്തെ അധ്യായമാണ്. മലയാള സിനിമാനിരൂപണരംഗത്ത ചന്ദ്രശോഭ. നോക്കുമ്പോഴുണ്ട് എന്റെ നാളിതുവരെയുള്ള ചലച്ചിത്രനിരൂപണ ജീവിതത്തെ ഇഴപിരിച്ച് വിലയിരുത്തിക്കൊണ്ടുള്ള ഒരു പഠനം. പത്തുപതിനെട്ടു പേജുകളില്‍. മലയാളത്തില്‍ പത്മരാജനെയും ബക്കറിനെയും അരവിന്ദനെയും പോലുള്ളവരുെപ്പറ്റിയുള്ളതടക്കം 55 പുസ്തകങ്ങളെഴുതിയിട്ടുള്ള, ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുള്ള ആളാണ്. മുന്‍നിര പ്രസാധനസ്ഥാപനങ്ങളിലൊക്കെ പ്രവര്‍ത്തിച്ചു പരിചയമുള്ള ആള്‍. അങ്ങനെയൊരാള്‍ എന്നെപ്പോലൊരാളെപ്പറ്റി ഗൗരവത്തോടെ, 30 വര്‍ഷം കൊണ്ട് ഞാന്‍ എന്താണ് സിനിമാ എഴുത്തിലൂടെ സമൂഹത്തിനു നല്‍കിയതെന്ന് വിലയിരുത്തുക എന്നു പറയുമ്പോള്‍, ദൈവമേ, പറയാന്‍ വാക്കുകള്‍ മുട്ടുന്നു.
ചലച്ചിത്രനിരൂപണരംഗത്തേക്ക് അക്കാദമിക്കുകളുടെ തള്ളിക്കയറ്റം മുമ്പെങ്ങുമില്ലാത്തവിധം പ്രകടമാവുകയും അനക്കാദമിക പഠനഗവേഷണങ്ങള്‍ക്കായുള്ള വേദികള്‍ പോലും അവരുടെ അതിക്രമച്ചു കടക്കലുകളില്‍ കടപുഴകുകയും ചലച്ചിത്ര നിരൂപണമേഖലയെ തന്നെ അക്കാദമിക്കുകള്‍ പരസ്പരസഹായ സഹകരണസംഘങ്ങളായി മാമോദീസ മുക്കുകയും ചെയ്യുന്നതിനിടെയാണ് എന്റെയൊരു അക്കാദമിക സഹജീവി എന്നെപ്പറ്റി, എന്റെ സംഭാവനകളെപ്പറ്റി വിലയിരുത്തി സ്വന്തം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്. എന്നെപ്പോലെ സിനിമയെ മാത്രം സ്‌നേഹിക്കുകയും സിനിമ കണ്ടും കേട്ടും വായിച്ചും മാത്രം അതിന്റെ ആഴങ്ങളിലേക്ക് ഒരു അനുവാചകന്‍ മാത്രമായി ഊളിയിട്ട് ചില മുത്തുകള്‍ എഴുത്തുരൂപത്തില്‍ പുനരുല്‍പാദിപ്പച്ച്, സിനിമയെഴുത്ത് സിനിമാരംഗത്തേക്കുള്ള ചവിട്ടുപടിയായി ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെയൊരു സഹചാരിയില്‍ നിന്ന് ഇങ്ങനെയൊരു അംഗീകാരം വളരെ വളരെ വളരെ പ്രധാനപ്പെട്ടതാണ്. നാളിതുവരെ എഴുതിയതിനെല്ലാം അര്‍ത്ഥം വന്നതുപോലെയാണ് തോന്നുന്നത്. കുഞ്ഞുന്നാള്‍ മുതലേ സിനിമകാണാന്‍ പ്രേരിപ്പിച്ച കൂടെപ്പിറപ്പിനും, അതിനു പണം തന്ന മാതാപിതാക്കള്‍ക്കും, ഒപ്പം നിന്ന ചങ്ങാതിമാര്‍ക്കും, വഴികാട്ടിയ ഗുരുനാഥന്മാര്‍ക്കും, സൂര്യ ഫിലിം സൊസൈറ്റിക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ട് രാകേഷ്‌നാഥിന് സാഷ്ടാംഗ ദണ്ഡനമസ്‌കാരം. പകരം തരാന്‍ ഇതേയുള്ളൂ ചങ്ങാതി.
എ.ചന്ദ്രശേഖര്‍
ദൃശ്യം 2 എന്ന സിനിമയെക്കൊണ്ട് നിറഞ്ഞുനില്‍ക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ട്രോളായും റിവ്യൂ ആയും അഭിമുഖങ്ങളായും ഒരു സിനിമ മാത്രം മാധ്യമങ്ങള്‍ നിറഞ്ഞാടുന്ന അവസ്ഥ. അനുകൂലിച്ചും പ്രതികൂലിച്ചും കളിയാക്കിയും താലോലിച്ചുമുള്ള അഭിപ്രായ മഴ. ഒരുപക്ഷേ മുന്‍പെന്നെങ്കിലും ഇങ്ങനെ ഒരു മലയാള സിനിമയെപ്പറ്റി പരക്കെ പലതലത്തിലും പലതരത്തിലുമുള്ള ചര്‍ച്ച സംഭവിച്ചിട്ടുണ്ടോ എന്നു സംശയം. ഇവയില്‍ ശ്രദ്ധിക്കപ്പെട്ട മൂന്ന് അഭിപ്രായങ്ങള്‍ പരിശോധിക്കുക.
1. ദൃശ്യം 2 നിലവിലെ പൗരാവകാശങ്ങളെപ്പറ്റിയുള്ള ഭരണഘടനാ തത്വങ്ങളെയും മാനദണ്ഡങ്ങളെയും അപഹസിക്കുന്നു. പൗരനുമേല്‍ ഭരണകൂടത്തിന്റെ കടന്നാക്രമണത്തെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നു. സ്വകാര്യതാലംഘനത്തെ ന്യായീകരിക്കുന്നു. അയുക്തികളിലൂടെ അരാജകത്വത്തെ അരിയിട്ടുവാഴ്ത്തുന്നു. ഇത് പ്രതിലോമമാണ്.
2. കോടതി രംഗങ്ങളിലടക്കം നീതി-ന്യായ വ്യവസ്ഥിതിയെ അപഹസിക്കുന്നു. യുക്തിലേശമില്ലാത്ത അയഥാര്‍ത്ഥ രംഗ കല്‍പനകളിലൂടെ കോടതിയേയും പൊലീസിനെയും പരിഹാസ്യരാക്കുന്നു. ക്രിമിനല്‍ കുറ്റകൃത്യത്തിനു കൊടുക്കുന്ന സൂക്ഷ്മമായ പരിചരണം വിചാരണയുടെയും അന്വേഷണത്തിന്റെയും കാര്യത്തില്‍ നല്‍കുന്നില്ല. ദുര്‍ബലമായ പ്രതിരോധങ്ങളിലൂടെ നായകകര്‍തൃത്വത്തെ അമാനുഷികമാക്കുന്നു.
3. ഒബ്ജക്ഷന്‍ യുവറോണറും ഒബ്ജക്ഷന്‍ സസ്‌റ്റെയ്ന്‍ഡ്/ഓവര്‍ റൂള്‍ഡും ഓര്‍ഡര്‍ ഓര്‍ഡറുമില്ലാതെന്തു കോടതി? അത്തരത്തില്‍ ഒരു കോടതി അവതരിപ്പിച്ചുകൊണ്ട് സിനിമ അതിന്റെ ബ്രില്യന്‍സ് കാഴ്ചവയ്ക്കുന്നു.
ഈ മൂന്നു വാദങ്ങളും ഒരേ സമയം പരസ്പര പൂരകങ്ങളും അതേസമയം വൈരുദ്ധ്യവുമാണെന്നതാണ് വസ്തുത. വാണിജ്യ വിജയം മാത്രം ലാക്കാക്കി നിര്‍മിക്കപ്പെട്ട ഒരു ചലച്ചിത്ര രചനയെ മുന്‍നിര്‍ത്തി അതി സൂക്ഷ്മതലത്തില്‍ ഇഴപിരിച്ചും പൊളിച്ചടുക്കിയുമുള്ള നിരീക്ഷണങ്ങള്‍ (അക്കാദമിക്ക് പഠനങ്ങളല്ല) സംഭവിക്കുന്നു എന്നത് നിശ്ചയമായും ആ സിനിമ ജനമനസുകളില്‍ നേടിയ സ്ഥാനത്തിനുള്ള നിദാനം തന്നെയാണ്. യവനികയേയും മണിച്ചിത്രത്താഴിനെയും എന്നപോലെ വര്‍ഷങ്ങള്‍ക്കിപ്പുറവും ദൃശ്യം എന്ന സിനിമയെച്ചൊല്ലി പുതിയ കാഴ്ചപ്പാടുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. സിനിമയില്‍ കുറ്റകൃത്യം നടന്ന തീയതി യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന കണ്ടെത്തല്‍ മുതല്‍ ഇതിന്റെ രണ്ടാംഭാഗ സാധ്യതവരെ ആരാഞ്ഞതും ചര്‍ച്ച ചെയ്തതും സൈബറിടങ്ങളിലെ പ്രേക്ഷകരാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇതൊന്നും താരാരാധനയുടെ ഭാഗമായി മാത്രം ഉടലെടുക്കുന്നതല്ല, മറിച്ച് സിനിമ അസ്ഥിയില്‍ പിടിച്ചതുകൊണ്ട് സംഭവിക്കുന്നതാണെന്നതാണ് സത്യം.
ദൃശ്യം 2 ലെ അയുക്തികളെപ്പറ്റിയുള്ള വിശകലനങ്ങളില്‍ പ്രകടമാകുന്ന വൈരുദ്ധ്യം കോടതി നടപടികളെക്കുറിച്ചുള്ളതാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലൊന്നും മുന്‍കൂര്‍ സമര്‍പ്പിക്കാതെ കോടതിയില്‍ കൊണ്ടുവന്ന് നാടകീയമായി വെളിപ്പെടുത്താനാവില്ലെന്നത് വാസ്തവം. എന്നാല്‍ അതേപോലെ തന്നെ സത്യമാണ് ഇന്ത്യയില്‍ ഒരു കോടതിയിലും ജഡ്ജി മര കൊട്ടുവടി കൊണ്ട് മേശമേലടിച്ച് ഓര്‍ഡര്‍ ഓര്‍ഡര്‍ എന്നാജ്ഞാപിക്കുന്ന ക്‌ളാസധ്യാപകനാവില്ലെന്നത്. ഒബ്ജക്ഷനും സസ്റ്റെയ്ന്‍ഡും സിനിമാക്കോടതികളില്‍ മാത്രം കാണുന്ന സന്ദര്‍ഭങ്ങളാണ്. പക്ഷേ അതുകൊണ്ടൊന്നും കോടതി രംഗങ്ങള്‍ സിനികളില്‍ ആസ്വദിക്കപ്പെടാതെ പോയിട്ടില്ല.അങ്ങനെ കൃത്രിമമായ രംഗങ്ങളുണ്ടായിപ്പോയെന്നുവച്ച് രാജ്യത്തെ നീതിന്യായസംവിധാനത്തിന് തകരാറൊന്നും സംഭവിച്ചതുമില്ല.
യുക്തി എന്നത് ബോധമനസില്‍ പൊതിഞ്ഞുവച്ച ശേഷമാണ് കാണുന്നതെല്ലാം അസത്യം എന്ന ഉത്തമബോധ്യത്തോടെ നാം ഇന്ദ്രജാലപ്രകടനം കാണാനിരിക്കുന്നത്. എന്നിട്ടും മാന്ത്രികന്‍ തന്റെ സഹായിയെ രണ്ടായി കണ്ടിച്ച് ഇരു കഷണങ്ങളാക്കി കാണിച്ച ശേഷം തിരികെ യോജിപ്പിച്ച് ജീവന്‍ കൊടുക്കുന്നത് കണ്ട് നാം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു. സസ് പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ് അഥവാ അവിശ്വാസത്തെ തല്‍ക്കാലത്തേക്ക് വിസ്മരിക്കുക എന്ന കലാസ്വാദനത്തിലെ ഈ സവിശേഷ മാനസികാവസ്ഥയെപ്പറ്റി മനശാസ്ത്രജ്ഞരും കലാസ്വാദനപഠിതാക്കളുമൊക്കെ ആവുംവിധം നിര്‍വചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതര കലകളില്‍ നിന്ന് വിഭിന്നമായി സസ്‌പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫിന് പ്രായോഗികത ഏറെയുളളത് ചലച്ചിത്രാസ്വാദനത്തിലാണ്. കാരണം സ്ഥലകാലങ്ങളുടെ കുഴമറിയല്‍ കൊണ്ട് ഘടനാപരമായിക്കൂടി സങ്കീര്‍ണമാണല്ലോ സിനിമ. അതിനുപരിയാണ് കഥാ/പ്രമേയ/ഇതിവൃത്ത തലങ്ങളിലെ അവിശ്വാസ്യത എന്ന ഘടകം.
ഒരു മനുഷ്യക്കുട്ടിക്ക് പട്ടിക്കുഞ്ഞായി രൂപാന്തരം പ്രാപിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്ന യുക്തി, വിശ്വാസം ചോദ്യചിഹ്നമായി ഉയര്‍ന്നിരുന്നെങ്കില്‍ ജി അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രം ആസ്വദിക്കാനാവാതെ പോകുമായിരുന്നു. കള്ളുകുടിയനായൊരു പ്രാദേശിക ഉപദേശിക്ക് കടലില്‍ കൂടി നടക്കാനാവുമോ എന്നു സന്ദേഹിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ എസ്തപ്പാന്‍ എന്ന സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. ഷൂസും ഷൂലേസും പുഴുങ്ങി ന്യൂഡില്‍സ് പോലെ കഴിക്കുന്ന ചാപ്‌ളിനെ നാം കണ്ട് കരഞ്ഞത് അത് സംഭാവ്യമായതുകൊണ്ടല്ല, മറിച്ച് അതിലൂടെ അദ്ദേഹം ആവിഷ്‌കരിക്കാന്‍ ശ്രമിച്ച പട്ടിണിയുടെ ആഴം തിരിച്ചറിഞ്ഞാണ്.
സിനിമ അസംഭാവ്യമായതിനെ സംഭവിപ്പിച്ചു കാട്ടുന്ന മാധ്യമമാണ്. അതുകൊണ്ടാണ് നൂറുവര്‍ഷത്തെ സംഭവം ഒറ്റ ഫ്‌ളിക്ക് കൊണ്ട് പറഞ്ഞുപോവുന്നതും. പന്ത്രണ്ട് ഘടാഘടികന്മാരെ നൂലുപോലിരിക്കുന്ന രജനീകാന്തും അദ്ദേഹത്തേക്കാള്‍ മെലിഞ്ഞുണങ്ങിയ മരുമകന്‍ കൂടിയായ ധനുഷും ഒറ്റയടിക്ക് തറപറ്റിക്കുന്നതും പ്രേക്ഷകര്‍ യുക്തിഭംഗമേതും കൂടാതെ കണ്ടിരിക്കുന്നത്. ദൃശ്യം 2നെതിരായ വിമര്‍ശനങ്ങളിലധികവും തങ്ങളുടെ രാഷ്ട്രീയ സാമൂഹികശാസ്ത്ര വിശകലനങ്ങളില്‍ വിട്ടുകളഞ്ഞത് ആസ്വാദനത്തിലെ ഈ സിദ്ധാന്തത്തെയാണ്.
പൊലീസ് നായയെ കൊണ്ടുവന്ന് മണപ്പിച്ചിരുന്നെങ്കില്‍ കണ്ടെത്താമായിരുന്നതാണ് ദൃശ്യത്തില്‍ ജോര്‍ജ്കുട്ടി ജഡം കുഴിച്ചിട്ടതെന്ന ദൃശ്യം സിനിമയെപ്പറ്റിയുള്ള മറ്റൊരു സൈബര്‍ ട്രോള്‍ നോക്കുക. ഈ യുക്തി വിനിയോഗിക്കുകയാണെങ്കില്‍ സര്‍ഗാത്മകരചനതന്നെ ദുസ്സാദ്ധ്യമാവും. അങ്ങനെ നോക്കുകയാണെങ്കില്‍ ഫയര്‍ സര്‍വീസിനെയോ സി ആര്‍ പി എഫിനെയോ അറിയിച്ചിരുന്നെങ്കില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് സിനിമ തന്നെ സംഭവിക്കുമായിരുന്നില്ല. കുമാരപുരം ഗ്രാമത്തില്‍ ഒരു സൗജന്യ രക്തപരിശോധനാ ക്യാംപ് നടക്കുകയും അവിടെ സമ്പന്ന കുടുംബത്തില്‍ അംഗമായ ജോണിക്കുട്ടി (വിജയരാഘവന്‍) പോയി രക്തം പരിശോധിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ക്‌ളൈമാക്‌സിലെത്തുകയില്ല.ഒരു കൊള്ളസംഘത്തെ പിടിക്കാന്‍ അണ്ടര്‍ കവറില്‍ രണ്ടു പോലീസുകാര്‍ തുനിഞ്ഞിറങ്ങിയില്ലായിരുന്നെങ്കില്‍ ലിജോ ജോസിന്റെ ചുരുളി എന്ന സിനിമയും ഉണ്ടാകില്ല. ജോര്‍ജ് കുട്ടിയുടെ കുടുംബത്തെ പിന്തുടര്‍ന്ന് അവരുടെ രഹസ്യവും ദുരൂഹതയും കുരുക്കഴിച്ചെടുക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ നേരിട്ട് പൊലീസ് ദമ്പതികളെ അണ്ടര്‍കവറില്‍ അയല്‍വാസികളായി നിയോഗിക്കുന്നതും സര്‍ക്കാരിന്റെ യാതൊരുവിധ ഔപചാരിക പിന്തുണയും കൂടാതെ അതീവരസ്യമായി സമാന്തരാന്വേഷണം നടത്തുന്നതും അതിനായി ജോര്‍ജ് കുട്ടിയുടെ വീട്ടില്‍ രഹസ്യ മൈക്ക് സ്ഥാപിച്ച് സംഭാഷണം ചോര്‍ത്തുന്നതും അതുവഴിയുള്ള മനുഷ്യാവകാശലംഘനവുമാണ് ചിത്രത്തിനെതിരായി ഉന്നയിക്കപ്പെട്ട അധികാരിവര്‍ഗഭീകരത. മനുഷ്യാവകാശലംഘനത്തെ പരോക്ഷമായി ചിത്രം പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നുവെന്നാണ് ആരോപണം. ഈ മനുഷ്യാവകാശലംഘനം മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിലെ അജയന് (ടൊവിനോ) നേരെ നടന്നതില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലെന്നോര്‍ക്കുക. അതില്‍ അജയനും ലോകവും നേരിട്ട് അയാള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം അറിയുന്നുണ്ട്. ദൃശ്യം -2ലാവട്ടെ ചിത്രാന്ത്യത്തില്‍ പോലും തന്റെ വീട്ടില്‍ പൊലീസിന്റെ മൈക്രോഫോണ്‍ സര്‍വൈലന്‍സ് ഉണ്ടെന്ന് നായകനോ കുടുംബാംഗങ്ങളോ തിരിച്ചറിയുന്നതേയില്ല. അപ്പോള്‍പ്പിന്നെ ഇതിനെതിരെയുള്ള പ്രതികരണം ചിത്രത്തിലുള്‍പ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് തിരക്കഥാകൃത്ത് പരോക്ഷമായി അധികാരഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിക്കാനാവുന്നതെങ്ങനെ?
ദൃശ്യം-2 കുടുംബ പശ്ചാത്തലത്തില്‍ നെയ്‌തെടുത്ത ഒരു സാധാരണ ക്രൈംത്രില്ലര്‍ മാത്രമാണ്. ഇതേ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ദൃശ്യത്തിന്റെ തുടര്‍ച്ച. അതു നിര്‍മിക്കപ്പെട്ടത് ലോകം നന്നാക്കാനോ നശിപ്പിക്കാനോ ഉദ്ദേശിച്ചാണെന്ന് ധരിക്കാനാവില്ല. എല്ലാവിധ പ്രേക്ഷകരെയും ആനന്ദിപ്പിക്കുക മാത്രം ലക്ഷ്യമിട്ടുകൊണ്ടു ലാഭേച്ഛയോടെ മാത്രം നിര്‍മിക്കപ്പെട്ട ഒന്നാണത്. അതിനു വേണ്ടി ആളുകളെ പിടിച്ചിരുത്തുംവിധം ഘടനാപരമായ ഉറപ്പുള്ളൊരു തിരക്കഥയെയാണ് ജിത്തു ജോസഫ് ആധാരമാക്കുന്നത് എന്നു മാത്രം. അതാവട്ടെ ആദ്യഭാഗത്തെ വച്ചു നോക്കുമ്പോള്‍ താരതമ്യേന ദുര്‍ബലമാണെന്നതാണ് വാസ്തവം. എന്നിരുന്നാലും പ്രേക്ഷകനെ ഇരിപ്പിടത്തില്‍ പിടിച്ചിരിത്തുന്നതില്‍ അതു പരാജയപ്പെടുന്നുമില്ല.തിരക്കഥയിലെ ഈ നാടകീയത തന്നെയാണ് ദൃശ്യം 2 നെ തീര്‍ച്ചയായും കണ്ടിരിക്കാവുന്ന സിനിമയാക്കിത്തീര്‍ക്കുന്നത്, ബോറടിക്കാത്തതും. പ്രേക്ഷകനെ രണ്ടുമണിക്കൂര്‍ മറ്റെല്ലാം മറന്ന് ആസ്വദിക്കാനവസരം കൊടുക്കുക എന്നതിലപ്പുറമുള്ള പ്രതിബദ്ധതയൊന്നും ഈ സിനിമയുടെ സ്രഷ്ടാക്കള്‍ പോലും അവകാശപ്പെടുമെന്നും തോന്നുന്നില്ല. എന്നിട്ടും ഇത്രമേല്‍ നിരൂപണങ്ങള്‍ ഈ സിനിമയുടെ പേരില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് പരോക്ഷമായി ഈ സിനിമയുടെ വിജയമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പുറത്തിറങ്ങും മുമ്പേ തന്നെ നിര്‍മാണദശയിലേതന്നെ അസാമാന്യവും അസാധാരണവുമായ ഹൈപ്പ് സൃഷ്ടിച്ചെടുക്കാനുള്ള നിര്‍മാതാവിന്റെ വിപണനബുദ്ധിയുടെ വിജയമായും ഇതിനെ വ്യാഖ്യാനിക്കാം. ഇതിനുപരിയായി, തീയറ്ററിനു പുറത്ത് ലോകത്തെല്ലാവര്‍ക്കും ഒരേ സമയം മൊബൈലില്‍ പോലും കാണാനാവുന്നവിധത്തില്‍ ലഭ്യമാക്കിയെന്നതും എത്രതവണ ആവര്‍ത്തിച്ചു കാണാനുള്ള സാധ്യതയൊരുക്കി എന്നതും ദൃശ്യം 2 നെ കൂലങ്കഷമായി കണ്ട് പ്രിന്‍്‌റ് സ്‌ക്രീന്‍ എടുത്ത് വിശകലനം നടത്താന്‍ പ്രേക്ഷകര്‍ക്ക് അവസരമായി എന്നതും കണക്കിലെടുക്കണം.
സിനിമ നല്ലതാണോ അല്ലയോ എന്ന് ഒരാള്‍ നിശ്ചയിക്കുന്നത് തികച്ചും വൈയക്തികമായ പ്രക്രിയയാണ്. ഒരാള്‍ക്കിഷ്ടമായത് മറ്റൊരാള്‍ക്ക് ഇഷ്ടമാവണമെന്നില്ല.ദൃശ്യം സിനിമകള്‍ കാണുന്ന ഒരു പൊലീസുകാരനോ വക്കീലിനോ എന്തിന് ഒരു ക്രിമിനലിനുപോലും ആ സിനിമ ഇഷ്ടമാവണമെന്നില്ല. പത്രപ്വര്‍ത്തകന്‍ കൂടിയായിരുന്ന ഡെന്നീസ് ജോസഫ് എഴുതിയ ന്യൂഡല്‍ഹി എന്ന സിനിമയുടെ ക്‌ളൈമാക്‌സ് ലോകത്ത് ഏതു പത്രം ഓഫീസില്‍ നടക്കുമെന്ന യുക്തി മുഖ്യധാരാമാധ്യമപ്രവര്‍ത്തകനായ ഞാന്‍ മനസിലെങ്കിലും ചോദിച്ചാല്‍ പിന്നെ ആ സിനിമയില്ല! ഇതൊന്നും പത്രലോകത്ത് നടക്കാന്‍ പോകുന്നതല്ല എന്ന ഉത്തമബോധ്യത്തോടെ തന്നെ ഒരു കെട്ടുകഥയായി കണ്ട് ആ സിനിമയെ ആസ്വാദിക്കുന്നിടത്താണ് ഞാനെന്ന പ്രേക്ഷകനും ന്യൂഡല്‍ഹി എന്ന സിനിമയും തമ്മിലുള്ള രസതന്ത്രം മുറുകുന്നത്. അതാവട്ടെ അകൃത്രിമവും ഉപാധികളേതുമില്ലാത്തതുമാണ് താനും. ഈ ഉപാധികളില്ലാത്ത ആസ്വാദനത്തിലേക്ക് ലക്ഷങ്ങളെ ഒരേപോലെ ആകര്‍ഷിക്കാനായി എന്നതാണ് ദൃശ്യം 2 എന്ന സാധാരണ സിനിമയെ അസാധാരണമാക്കുന്ന ഘടകം. അതിനുത്തരവാദി തീര്‍ച്ചയായും അതിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജിത്തുജോസഫ് തന്നെയാണുതാനും.
ദൃശ്യം 2 പക്ഷേ വേറിട്ടതും വെല്ലുവിളിയായതുമായൊരു പരീക്ഷണമാകുന്നത് അത് വന്‍ വിജയം നേടിയൊരു സിനിമയുടെ രണ്ടാംഭാഗമാണെന്നതുകൊണ്ടാണ്. ആദ്യഭാഗം കണ്ട പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷതന്നെയാണ് രണ്ടാം ഭാഗത്തില്‍ സംവിധായകനുമുന്നിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളി. മലയാളത്തിലെ തുടര്‍സിനിമകളില്‍ ഏറ്റവും ഓര്‍ഗാനിക്ക് എന്നു വിശേഷിപ്പിക്കാവുന്ന കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിനു പോലും പക്ഷേ ആദ്യഭാഗത്തിന്റെ കമ്പോളവിജയം നേടാനോ, അത്രതന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനോ സാധിച്ചതുമില്ല. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു ചിത്രത്തുടര്‍ച്ചയ്ക്ക് ഒരേപോലെ വിപണിവിജയം ഉറപ്പാക്കാനായിട്ടുണ്ടെങ്കില്‍ അത് ബാഹുബലിക്കാണ്. അതിലാവട്ടെ ഒന്നിച്ചു ചിത്രികരിക്കുകയും നോണ്‍ ലീനിയര്‍ നിര്‍വഹണം ഉപയോഗിക്കുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. ഇതിന്റെയൊന്നും പിന്‍ബലമില്ലാതെ ആദ്യഭാഗത്തേക്കാള്‍ സാധാരണമായും അതിനേക്കാള്‍ അസ്വാഭാവികമായുമുള്ള കഥാവസ്തു വച്ചുകൊണ്ട് ഒരു സിനിമ നിര്‍മിച്ച് അതിനു മുന്നില്‍ പ്രേക്ഷകരെ പൂണ്ടടക്കം പിടിച്ചിരുത്താനായെന്നതാണ് ദൃശ്യം 2 ന്റെ വാണിജ്യപരമായ പ്രസക്തി.
ഇനിയും അരങ്ങിലെത്താത്ത മലയാളിസ്ത്രീയുടെ ഗാർഹിക ശ്മശാനമാണ് അടുക്കള. വികാരമില്ലാത്ത കിടപ്പറകൾ പോലെ വിരസവും വിമോചനം ദുസ്സാധ്യവുമായ തടവറ. സ്നേഹമില്ലാത്ത വീട്ടകങ്ങളിലെ ഏറ്റവും ജനാധിപത്യവിരുദ്ധവും വിശ്വാസരഹിതവുമായ ഇടം. സാഹിത്യത്തിലാകട്ടെ, സിനിമയിലാകട്ടെ, അടുക്കള പോലെ ഇത്രമേൽ രാഷ്ട്രീയ പ്രാധാന്യം കൈവന്ന മറ്റൊരു സ്വകാര്യസ്ഥലരൂപകമില്ല. കിടപ്പറക്കുപോലും അടുക്കളയുടെ പ്രത്യയശാസ്ത്രബദ്ധത സാംസ്‌കാരികപഠനങ്ങൾ കല്പിക്കാറില്ല. വീട്, കുടുംബം എന്നിവയോടു ബന്ധപ്പെട്ടു രൂപംകൊള്ളുന്ന നാനാതരം കോയ്മാവ്യവസ്ഥകളുടെ പ്രയോഗമണ്ഡലങ്ങളിൽ ഏറ്റവും മുഖ്യം അടുക്കളയാകുന്നു. ആണധികാരത്തിന്റെ മാത്രമല്ല വംശീയവും മതപരവും ജാതീയവും വിപണിപരവും വർഗപരവുമായ അധീശത്വങ്ങളുടെയും വേവുപുരയാണ് അവിടം. ചരിത്രപരമായി ഈ ഇടം കൈവരിച്ച അധികാരപ്രമത്തതകളുടെ അപനിർമ്മാണത്തിലൂന്നുന്ന എത്രയെങ്കിലും സാംസ്‌കാരിക പാഠങ്ങൾ നമുക്കു മുന്നിലുണ്ട്. മിഷനറിസാഹിത്യം മുട്ടിവിളിച്ച അടുക്കളയുടെ വാതിലുകൾ നവോത്ഥാനസാഹിത്യം മലർക്കെ തുറന്നിട്ടു. സിനിമ മുതൽ ടെലിവിഷൻ പരമ്പര വരെയുള്ള മാധ്യമരൂപങ്ങൾ സാഹിത്യത്തിനു പിന്നാലെ അടുക്കളയുടെ പ്രതിനിധാനങ്ങളവതരിപ്പിച്ചു. സമാന്തരമായി സമൂഹത്തിലെന്നപോലെ സാംസ്‌കാരികപാഠങ്ങളിലും അടുക്കളയുടെ ഇരുട്ടകങ്ങളുടെ ഊട്ടിയുറപ്പിക്കൽ നടന്നു. ഒരിക്കലും അടുക്കളകൾ ജനാധിപത്യവൽക്കരിക്കപ്പെട്ടില്ല. സാംസ്‌കാരികപഠനങ്ങളിൽ അടുക്കളക്കു കൈവന്ന മൂല്യം സ്ത്രീപക്ഷവിമർശനമുൾപ്പെടെയുള്ള നിരവധി മണ്ഡലങ്ങളിലെ ഏറ്റവും മൂർത്തമായ കാല/കലാസൂചികകളിലൊന്നാണ്. ഇത്തരം പഠനങ്ങളുടെ കാമ്പുറ്റ മാതൃകകൾ മലയാളത്തിൽ കുറവാണ്. അടുക്കളയെക്കാൾ തീന്മേശയെ കേന്ദ്രീകരിച്ചവയാണ് ഈ വിഷയത്തിൽ ശ്രദ്ധനേടിയ രണ്ടു പഠനങ്ങൾ. എം.ജി. രാധാകൃഷ്ണന്റെ 'ഇഡ്ഡലിയുടെ രാഷ്ട്രീയ'വും, അജുനാരായണൻ, ചെറി ജേക്കബ് എന്നിവർ ചേർന്നെഴുതിയ 'സിനിമയിലെ അടുക്കളയും തീന്മേശയും' എന്നിവ.
മലയാളസിനിമയിലെ അടുക്കളയുടെ നിരവധിയായ സാംസ്‌കാരിക-രാഷ്ട്രീയാർഥ സൂചനകളപഗ്രഥിക്കുന്ന എ. ചന്ദ്രശേഖറിന്റെ പുസ്തകം പതിനാറോളം വ്യത്യസ്ത മേഖലകളിലൂന്നിയാണ് ഈ വിഷയത്തെ/വ്യവസ്ഥയെ സമീപിക്കുന്നത്. യഥാർഥത്തിൽ മലയാളസിനിമയിലെ ഭക്ഷണസംസ്‌കാരത്തിന്റെ സാമാന്യാവലോകനവും അന്വേഷണവുമാണ് മൂന്നു ഭാഗമായി കാണാവുന്ന ഈ പുസ്തകം. അതിൽ ഒരു ഭാഗം മാത്രമാണ് ഇടം എന്ന നിലയിൽ അടുക്കളയെ കേന്ദ്രീകരിക്കുന്നവ. തീന്മുറി/തീന്മേശ; ഭക്ഷണശാല/ഹോട്ടൽ എന്നീ രണ്ടിടങ്ങളിൽ ശ്രദ്ധയൂന്നുന്നവയാണ് മറ്റു രണ്ടു ഭാഗങ്ങൾ.
പാചകത്തിന്റെ പരിണാമവും അടുക്കളയുടെ വാസ്തുവും വിശദീകരിക്കുന്നു, ഒന്നാമധ്യായം. (ചന്ദ്രശേഖറിന്റെ പഠനങ്ങൾ എന്തുകൊണ്ട് അക്കാദമികമോ രാഷ്ട്രീയബദ്ധമോ ആകുന്നില്ല എന്നു തിരിച്ചറിയാൻ ഈയധ്യായം വായിച്ചാൽ മതി. ചരിത്രപരത, സാമൂഹ്യനിഷ്ഠത എന്നിവയിൽ തികച്ചും ഉപരിപ്ലവമായ സമീപനം സ്വീകരിച്ചും വാസ്തുപോലുള്ള ഒരു വ്യാജവിജ്ഞാനത്തിൽ ഊന്നിയും സാംസ്‌കാരിക പഠനങ്ങൾ സാധ്യമല്ലതന്നെ!) മ്യൂസ്മേരി, സുസ്മേഷ് ചന്ത്രോത്ത്, മല്ലികാസുകുമാരൻ എന്നിവരുടെ അടുക്കളയോർമ്മകൾ പങ്കിടുന്നു, രണ്ടാമധ്യായം. മൂന്ന് സവർണ, മധ്യവർഗ, ആത്മരതി പ്രകടനങ്ങൾ എന്നതിനപ്പുറം യാതൊരു സാമൂഹിക പ്രസക്തിയുമില്ലാത്ത പൈങ്കിളിവർത്തമാനങ്ങൾ. ഒരുപക്ഷെ മലയാളസിനിമ നിർമ്മിക്കുന്ന അടുക്കളരാഷ്ട്രീയത്തിന്റെ പൊതുബോധവും ഇതുതന്നെയാണല്ലോ. ഏറ്റവുമൊടുവിൽ ശ്രദ്ധനേടിയ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ൽ പോലും നായർ തറവാട്ടിൽ ചിത്രീകരിച്ചാലേ മലയാളി അടുക്കളയാകൂ എന്ന സാമ്പ്രദായികബോധമാണ് സിനിമയെ ഭരിക്കുന്നത്.
മൂന്നാമധ്യായം കുറെക്കൂടി വിശദവും പ്രസക്തവുമായ നിരീക്ഷണങ്ങൾ കൊണ്ടു സമ്പന്നമാണ്. അടുക്കളയുടെ നാനാതരം പ്രതിനിധാനങ്ങൾ ഇവിടെ സൂചിതമാകുന്നു. അടുക്കളജോലിക്കാരുടെ വേഷത്തിൽ ഉള്ളടങ്ങിയിരിക്കുന്ന സൂക്ഷ്മരാഷ്ട്രീയങ്ങൾ മുതൽ അവരുടെ പേരുകൾ, ശരീരഭാഷ തുടങ്ങിയവയും അടുക്കള കേന്ദ്രീകരിച്ചു രൂപപ്പെടുന്ന ജാതീയത, കീഴാളത, വിപണിബന്ധം, മതാത്മകത, പ്രാദേശികത തുടങ്ങിയവയും ഈയധ്യായത്തിൽ വിശദീകരിക്കപ്പെടുന്നു. വസ്ത്രാലങ്കാരവിദഗ്ദ്ധരുടെയും സംവിധായകരുടെയും നടീനടന്മാരുടെയും അഭിപ്രായങ്ങളാണ് ഇവിടെ ഗ്രന്ഥകാരന്റെ സ്രോതസുകളിലൊന്ന്. അടുക്കളയിലെ വസ്ത്ര-ശരീര രാഷ്ട്രീയങ്ങളുടെ പഠനമായി വികസിപ്പിക്കാമായിരുന്ന അധ്യായം.
നാലാമധ്യായം ദീർഘമായ ഒരു ചർച്ച ഏറ്റെടുക്കുന്നു. വിഷയം, 'പാചകപ്പുരയും തീന്മുറിയും'. പാശ്ചാത്യ പൗരസ്ത്യ സിനിമകൾ തമ്മിലുള്ള ആഖ്യാന-അവതരണ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുന്ന ചന്ദ്രശേഖർ, അടുക്കളയുടെ തനതും സവിശേഷവുമായ ചില കലാവിഷ്‌ക്കാരസാധ്യതകളിലേക്കു കടക്കുന്നു. ഹാസ്യരംഗങ്ങളുടെ അവതരണമാണ് അടുക്കളയിൽ തുടക്കകാലത്തരങ്ങേറിയിരുന്നതെന്നും ക്രമേണ അത് ഗൗരവവും നാടകീയതയും നിറഞ്ഞ അനുഭവതലങ്ങൾക്കു വഴിമാറിയെന്നും സൂചിപ്പിക്കുന്നു, ഗ്രന്ഥകാരൻ. സംവിധായകരുടെ അനുഭവ വിവരണങ്ങളാണ് ഇവിടെയും ചന്ദ്രശേഖറിന്റെ മുഖ്യ ആധാരം. സിനിമയുടെ സ്റ്റുഡിയോ സെറ്റുകളുടെ ഘടനയും സ്വഭാവവും വിശദീകരിച്ച് അടുക്കളയുടെ സാങ്കേതിക ചരിത്രമെഴുതാനാണ് ഇവിടെ ശ്രമം. കെ.എസ്. സേതുമാധവൻ മുതൽ ശ്യാം പുഷ്‌ക്കരൻ വരെയുള്ളവരുടെ നിരീക്ഷണങ്ങൾ ഇതിനു സഹായകമാകുന്നു.
അടുക്കളത്താരങ്ങളെക്കുറിച്ചാണ് അടുത്ത അധ്യായം. ഭാഷ മുതൽ വേഷം വരെ. നിറം മുതൽ പെരുമാറ്റം വരെ. ഒറ്റയും ഇരട്ടയുമായി പ്രത്യക്ഷപ്പെടുന്ന അടുക്കളക്കഥാപാത്രങ്ങളുടെ ശൈലീവൽകൃത ഭാവങ്ങൾ ഇവിടെ വിവരിക്കപ്പെടുന്നു.
അടുക്കളഹാസ്യത്തിന്റെ തുടർച്ചയാണ് മറ്റൊരധ്യായം. മലയാളസിനിമയിൽ ഈയൊരു സമ്പ്രദായത്തിന്റെ തുടക്കം ചന്ദ്രശേഖർ കണ്ടെത്തുന്ന വേലുത്തമ്പി ദളവ(1962)യുടെ വിശദമായ ചർച്ചയാണ് ഈ ഭാഗത്തെ മുഖ്യ ഉള്ളടക്കം.
സിനിമയിലെ 'വേലക്കാരിത്തള്ള' എത്രമേൽ സ്ത്രീവിരുദ്ധമായ വാർപ്പുമാതൃകയാണെന്നു വിശദീകരിക്കുന്നു, അടുത്ത അധ്യായത്തിൽ. 'ബോയിങ് ബോയിങ്' എന്ന സിനിമയിലെ സുകുമാരിയുടെ വേഷമാണ് ചന്ദ്രശേഖർ പ്രധാനമായും ചർച്ചക്കെടുക്കുന്നത്. തികച്ചും യുക്തിരഹിതമായ വ്യാഖ്യാനം. 'കുടുംബപുരാണ'ത്തിലെ 'വേലക്കാരിത്തള്ള'യെയും സമാനമായ രീതിയിൽ വിശകലനം ചെയ്യുന്നു, ഗ്രന്ഥകാരൻ.
അടുക്കളപ്പോരാണ് അടുത്ത അധ്യായത്തിന്റെ വിഷയം. 'ബാലൻ' മുതലുള്ള മലയാളസിനിമ എക്കാലത്തും ഏറ്റെടുത്തുപോന്നിട്ടുള്ള ഗാർഹിക, ജീവിത സംസ്‌കാരങ്ങളിലൊന്നാണിത്. 'അടുക്കള' എന്ന പേരിൽ നിർമ്മിച്ച് ഒടുവിൽ 'നിലവിളക്ക്' എന്ന് പേരു മാറ്റേണ്ടിവന്ന ഒരു സിനിമയുടെ കൗതുകകരമായ കഥ ചന്ദ്രശേഖർ പറയുന്നു.
'അമ്മായിയമ്മ-മരുമകൾ പോരിന്റെ കഥ 'അടുക്കള' എന്ന പേരിൽത്തന്നെ ചിത്രമാക്കിയ ചരിത്രവുമുണ്ട് മലയാളസിനിമക്ക്. ഘിബർ ഫിലിം പ്രൊഡക്ഷൻസ് നിർമ്മിച്ചു രവി ആലുമ്മൂട് സംവിധാനം ചെയ്ത 'അടുക്കള' (1986) അത്തരമൊരു പേരിനോടുപോലും മലയാളി വച്ചുപുലർത്തിയ അസഹിഷ്ണുത വെളിവാക്കുന്നതായി. എം. സുകുമാരന്റെ 'ശേഷക്രിയ'യുടെ സംവിധായകനായ രവി ആലുമ്മൂട് അപൂർവമായൊരു അമ്മ-മകൻ ബന്ധത്തിന്റെ മനഃശ്ശാസ്ത്ര പ്രസക്തിയുള്ളൊരു സിനിമ 'അടുക്കള' എന്ന പേരിൽ പ്രഖ്യാപിച്ചപ്പോൾത്തന്നെ വിവിധ കോണുകളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നതു പരിഹാസമായിരുന്നു. നിർണായക സന്ദർഭങ്ങളിൽ പലതും അടുക്കള പശ്ചാത്തലമായതുകൊണ്ടാണു സിനിമയ്ക്ക് അടുക്കള എന്നു പേരിട്ടത്. ചെറിയൊരു ചെറ്റക്കുടിലിൽ 15 രാത്രികളിൽ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രമേയം. പൊണ്ണുങ്ങളുടെ സ്വകാര്യ ഇടമായതുകൊണ്ടും അവർ കൂടുതൽ സ്വാതന്ത്ര്യത്തോടെ ഇടപെടുന്ന സ്ഥലമായതുകൊണ്ടും അവരുടെ മനസ്സിലേക്കു തുറക്കുന്ന പ്രമേയം എന്ന തലത്തിൽക്കൂടിയാണു അങ്ങനെയൊരു പേരിട്ടതെന്നു പറയുന്നു, രവി ആലുമ്മൂട്. പക്ഷേ, കാർട്ടൂണിസ്റ്റ് യേശുദാസൻ അദ്ദേഹത്തിന്റെ വാരികാപംക്തിയിൽ അടുക്കളയിൽ നിന്നു കുളിമുറിയിലേക്ക് എന്ന പേരിൽ ഇതിനെതിരെ ആക്ഷേപശരം തൊടുത്തു.
കുടുംബത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കാതെ അലസനായി കളിച്ചുനടക്കുന്ന മകനോട് (ഇടവ മോഹനൻ) അതിരുകവിഞ്ഞ സ്നേഹം വച്ചുപുലർത്തുന്ന ഭാരതി (ടി.പി. രാധാമണി) എന്ന അമ്മയുടെ കഥയായിരുന്നു അത്. ഭർത്താവു മരിച്ചിട്ട് മകനെ വളർത്താൻ പാടുപെടുന്ന അവർക്കവനോട് അറുത്താലും മാറ്റാത്ത ബന്ധമായിരുന്നു. വിവാഹാനന്തരം മകൻ കുറേക്കൂടി വിവേകിയും പക്വമതിയുമാകുന്നിടത്താണു കഥയുടെ വഴിത്തിരിവ്. മകൻ ഭാര്യയോടു കൂടുതൽ അടുപ്പത്തിലാവുന്നതു കണ്ടു മരുമകളോട് (സൂര്യ) അസൂയയും മകനെ കൈവിട്ടുപോകുമെന്ന ഭയവുമൊക്കെയായി അമ്മയ്ക്ക്. അതിന്റെ തിക്താനുഭവം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതു മരുമകളാണ്. അടുക്കളപ്പീഡനത്തിൽ സഹികെട്ടു, സ്വസ്ഥജീവിതം ദുസ്സാധ്യമെന്നു ബോധ്യപ്പെടുന്ന അവൾ തീപ്പട്ടിക്കമ്പനി ജോലിക്കാരനായ ഭർത്താവു കൊണ്ടുവന്നുവച്ച ഫോസ്ഫറസ് കഴിച്ച് ആത്മഹത്യ ചെയ്യുകയാണ്. സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തിവച്ച് ഉമ്മറത്തിരിക്കുന്ന അമ്മയോടു ഭാര്യയെവിടെ എന്നു ചോദിച്ച് അകത്തേക്കു കയറിപ്പോകുന്ന മകൻ കാണുന്നതു ഭാര്യയുടെ ജഡമാണ്. മനം നൊന്തയാൾ അമ്മയുടെ മുന്നിലിരിക്കുന്ന നിലവിളക്കെടുത്തു സ്വയം കുത്തി മരിക്കുന്നു.
അമ്മായിയമ്മ-മരുമകൾ അടുക്കളപ്പോരിന് എരിതീയിൽ എണ്ണയൊഴിക്കാൻ അടൂർ ഭവാനി അവതരിപ്പിച്ച അയൽക്കാരിത്തള്ളയും, ഇടവ മോഹനനും (ശങ്കരൻകുട്ടി) രാധാകൃഷ്ണനുമടക്കം കേവലം അഞ്ചു കഥാപാത്രങ്ങളും രാത്രിദൃശ്യങ്ങളും മാത്രമുള്ളൊരു സിനിമ. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സ്ഥിരം സെറ്റുകളിലൊന്നായ ചെറ്റപ്പുരയിലായിരുന്നു ഏറെയും ചിത്രീകരിച്ചത്. കുറച്ചു പുറം വാതിൽ ദൃശ്യങ്ങൾ ഓച്ചിറ ആയിരംകണ്ണിലും ചിത്രീകരിച്ചു. ചിത്രാഞ്ജലിയിലെ അയ്യപ്പനായിരുന്നു ഛായാഗ്രാഹകൻ. നൗഷാദിന്റെ ശിഷ്യൻ ബോംബെ എസ്. കമാൽ ആദ്യമായി സംഗീതം പകർന്ന മധുമനോഹര ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തിൽ. ഭാര്യ കൃഷ്ണയുടെ പേരിൽ രവി തന്നെയായിരുന്നു ഗാനങ്ങളെഴുതിയതും.
സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ പാക്കേജ് സൗകര്യമുപയോഗപ്പെടുത്തി രവി ആലുമ്മൂടും ചില സുഹൃത്തുക്കളും ചേർന്നു നിർമ്മിച്ച 'അടുക്കള' സാമ്പത്തികപ്രതിസന്ധികൾക്കൊടുവിൽ പ്രധാന നടിയായ രാധാമണിയെ കൂടി പങ്കാളിയാക്കിയാണു പൂർത്തിയാക്കിയത്. സുഗതകുമാരി അധ്യക്ഷയായ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റു നൽകിയതോടെ ചിത്രത്തിന്റെ ദുര്യോഗവുമാരംഭിച്ചു. അഡൽറ്റ്സ് ഒൺലി സിനിമ വിതരണത്തിനെടുക്കാൻ മുൻനിര വിതരണക്കാർ തയ്യാറായില്ല. സമ്മതിച്ചവരാവട്ടെ, സൂര്യയെ വച്ചു കുറച്ച് അഡൽറ്റ്സ് ഒൺലി രംഗങ്ങൾ കൂടി വേണമെന്നു ശഠിച്ചു. സംവിധായകൻ വഴങ്ങിയില്ല.
'അടുക്കള എന്ന പേരാണ് പ്രശ്നം എന്ന ശ്രീകുമാരൻതമ്പിയടക്കം പലരും രാധാമണിയെ ഉപദേശിച്ചു. അവരുടെ നിർബന്ധപ്രകാരമാണു സിനിമയുടെ പേരു 'നിലവിളക്ക്' എന്നു മാറ്റുന്നത്. ആ പേരു നിർദ്ദേശിച്ചത് തമ്പിയായിരുന്നുവെന്നാണ് ഓർമ്മ. എന്നിട്ടും ചിത്രം രക്ഷപ്പെട്ടില്ല. അവസാനം രാധാമണി അതിന്റെ നെഗറ്റീവ് എങ്ങനെയോ ചിത്രാഞ്ജലിയിൽ നിന്നും ചെന്നൈയിലെത്തിച്ചു. പേരുമാറ്റി ഡബ്ബ് ചെയ്ത് തമിഴിൽ പുറത്തിറക്കിയെന്നൊക്കെ കേട്ടു'. രവി ആലുമ്മൂട് ഓർക്കുന്നു.
'അടുക്കള/നിലവിളക്ക്' പൂർത്തിയായെങ്കിലും പുറത്തിറങ്ങിയില്ലെന്നു മാത്രമല്ല രവി ആലുമ്മൂട് എന്ന സംവിധായകൻ തന്നെ വിസ്മൃതിയിലുമായി. ഒട്ടേറെ അന്വേഷണങ്ങൾക്കൊടുവിലാണ് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ അദ്ദേഹത്തെ കണ്ടെത്താനായത്. ആന്ധ്രയിൽ ഒരു സർവ്വകലാശാലയിലെ ചലച്ചിത്രപഠനകേന്ദ്രത്തിൽ അദ്ധ്യാപകനായി ഒതുങ്ങിയ അദ്ദേഹം അടുക്കള എന്നതു സിനിമയ്ക്കു പറ്റിയ പേരല്ലെന്ന വാദത്തെ ഇപ്പോഴും ഖണ്ഡിക്കുന്നു: 'മനുഷ്യശരീരത്തിൽ ഹൃദയത്തിന്റെ സ്ഥാനമാണ് ഒരു വീട്ടിൽ അടുക്കളയ്ക്ക് എന്ന വിശ്വാസക്കാരനാണു ഞാൻ. എല്ലാം ഉണ്ടായിവരുന്നതവിടെനിന്നാണ്, ഭക്ഷണവും ബന്ധങ്ങളും എല്ലാം. മാത്രമല്ല അതു സ്ത്രീകളുടേതു മാത്രമായ ഒരു വ്യാപനമേഖലകൂടിയാണ്. അതൊക്കെയാണു ഞാനാ ടൈറ്റിൽകൊണ്ടുദ്ദേശിച്ചത്. അടുക്കളയെന്ന പേര് അന്നു മനലയാള സിനിമയിൽ പുതുമയായിരുന്നു. പുറത്തിറങ്ങിയിരുന്നെങ്കിൽ സിനിമ മനുഷ്യർ ഇഷ്ടപ്പെട്ടേനെ എന്നുതന്നെയാണിപ്പോഴും എന്റെ വിശ്വാസം'. എന്തായാലും അടുക്കള എന്ന സിനിമയ്ക്കു പുറത്തിറങ്ങാനുള്ള ഗമുണ്ടായില്ല. മലയാള സിനിമാപ്പട്ടികയിൽ 'നിലവിളക്ക്' എന്ന പേരിൽ അതുണ്ടായാലായി!'.
അമ്മായിയമ്മ, നാത്തൂൻ, സഹോദരഭാര്യ എന്നിങ്ങനെ അടുക്കളയിൽ കേന്ദ്രീകരിക്കുന്ന സംഘർഷസ്വത്വങ്ങളുടെ കഥ. കുടുംബപുരാണം, ഏപ്രിൽ 18, വർഷം എന്നീ സിനിമകളുടെ വിശദമായ ചർച്ച.
കടൽപ്പാലം മുതൽ ഉസ്താദ് ഹോട്ടൽ വരെയുള്ള സിനിമകളാസ്പദമാക്കി അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വന്ന കഥാപാത്രങ്ങളുടെ ഒരു ശ്രേണി പരിചയപ്പെടുത്തുന്നു, അടുത്ത അധ്യായം.
അടുക്കളയിൽ സംഗമിക്കുന്ന വർണ, വർഗ രാഷ്ട്രീയങ്ങളുടെ വിശകലനമാണ് ഇനി. 'അടിമകൾ' ഉൾപ്പെടെ ഏഴു സിനിമകൾ കേന്ദ്രീകരിച്ചാണ് ഈ വിഷയം പഠിക്കുന്നതെങ്കിലും 'നീലത്താമര' എന്ന ചിത്രമാണ് വിശദമായി അപഗ്രഥിക്കുന്നത്. 1979ലും പിന്നീട് 2009ലും ഇറങ്ങിയ സിനിമ. ഇളക്കങ്ങൾ, നഖക്ഷതങ്ങൾ, സല്ലാപം, നന്ദനം എന്നീ സിനിമകളിലും സവർണയായ വേലക്കാരിയോട് കഥാനായകന് തോന്നുന്ന പ്രണയത്തിന്റെ ആവർത്തനം പലതരത്തിലുണ്ട്.
അടുക്കളയിലെ വീട്ടമ്മമാർ എന്നതാണ് അടുത്ത അധ്യായത്തിന്റെ വിഷയം. അടൂർ, കെ.ജി. ജോർജ്, മധുപാൽ തുടങ്ങിയവരുടെ ചിത്രങ്ങൾ മുൻനിർത്തിയുള്ള പഠനം. എലിപ്പത്തായത്തിലെയും ആദാമിന്റെ വാരിയെല്ലിലെയും ഒഴിമുറിയിലെയും ഗാർഹിക-അടുക്കള രംഗങ്ങളുടെ വിശദമായ ചർച്ച ഈയധ്യായത്തിലുണ്ട്. സ്ത്രീയുടെ ഭിന്നങ്ങളായ സ്വത്വമാനങ്ങൾ അനാവരണം ചെയ്യുന്ന, സൂക്ഷ്മവും നിശിതവുമായ ചിഹ്നാപഗ്രഥനമായി മാറുന്നു, ഈ ചർച്ചകൾ. ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്ന്. നോക്കുക.
'സത്യജിത് റേയുടെ 'പഥേർ പാഞ്ജലി'യിലെ തീവണ്ടി ദൃശ്യം പോലെ, അടൂർ 'എലിപ്പത്തായ'ത്തിൽ നിത്യജീവിതത്തിൽ നിന്നു കടംകൊണ്ട സാധാരണമായൊരു പ്രതീകത്തിലൂടെ, ബാഹ്യയാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെട്ടു സ്വന്തം സഹോദരൻ തീർത്ത മിഥ്യാലോകത്ത് ഒതുങ്ങിക്കഴിയുന്ന കഥാപാത്രത്തിന്റെ നാശത്തിലേക്കു വിരൽചൂണ്ടുന്നൊരു ദൃശ്യം അവതരിപ്പിക്കുന്നത് വി. രാജകൃഷ്ണൻ അപഗ്രഥിച്ചിട്ടുണ്ട് (കാഴ്ചയുടെ അശാന്തി, ഇന്നലെകൾ നാളെകൾ, പേജ് 95).
മുറ്റത്തുനിൽക്കുന്ന ശ്രീദേവി മാനത്തൊരു വിമാനം കണ്ട് അടുക്കളയിലുള്ള ചേച്ചിയെ ആവേശത്തോടെ വിളിക്കുന്നു. സ്ഥായിയായ മന്ദതയോടെയിറങ്ങിവരുമ്പോൾ വിമാനം കൺവെട്ടത്തുനിന്നകന്നെങ്കിലും ശ്രീദേവി ചൂണ്ടിക്കാട്ടിയിടത്തേക്കു തലയുയർത്തി നോക്കുന്ന രാജമ്മ തലകറങ്ങി ഇരുന്നുപോവുന്നു. അവരുടെ കണ്ണിൽ പെട്ടെന്ന് ഇരുൾമൂടുകയാണ്. വീണ്ടുമൊരു വിമാനദൃശ്യം ആവർത്തിക്കുന്നതു ശ്രീദേവി ഒളിച്ചോടിയശേഷമാണ്. വീട്ടുമുറ്റത്തു പാത്രം കഴുകിക്കൊണ്ടിരിക്കുന്ന രാജമ്മ വിമാന ശബ്ദം കേട്ട് ആകാശത്തേക്കു നോക്കുന്നു. ആകാശക്കോണിൽ നിന്നാണീ രംഗത്തിന്റെ ചിത്രീകരണം. ശബ്ദത്തിനനുസരിച്ചു മുകളിലേക്കു നോക്കി എഴുന്നേൽക്കുന്ന രാജമ്മ ശക്തിയായ വയറുവേദന മൂർച്ചിച്ചു താഴേക്കു വീഴുകയാണ്. രക്ഷപ്പെടാനുള്ള മാർഗമോ ഇച്ഛയോ ഒക്കെയാണിവിടെ വിമാനമെന്ന രൂപകം. ശ്രീദേവിക്കു കാണാനാവുന്ന വിമാനത്തെ എത്ര ശ്രമിച്ചിട്ടും രാജമ്മയ്ക്കു കാണാനാവുന്നില്ല സ്വന്തം അവസ്ഥ തിരിച്ചറിയാനാവാത്ത ഉൾക്കാഴ്ചയാണിവിടെ സൂചിപ്പിക്കപ്പെടുന്നത്.
കിടന്നകിടപ്പിൽ നിന്നെഴുന്നേൽക്കാൻ വയ്യാതാവുന്ന രാജമ്മയെ പാൽക്കാരി പറഞ്ഞിട്ടു മീനാക്ഷിയാണ് അകത്തു കയറി നോക്കി നാട്ടുകാരെ അറിയിക്കുന്നതും അവർ കട്ടിലോടെ തൂക്കി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതും. പത്തായത്തിൽ എലിയെന്നോണമാണ് ആ പോക്ക്. തറവാടിനു വേണ്ടി എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജീവിതമാണു രാജമ്മയുടേത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ കെട്ടിച്ചമച്ച ജാനമ്മയുടെ ഭാഗ്യമോ, ഇഷ്ടപുരുഷനോടൊപ്പം ഇറങ്ങിപ്പോയ ശ്രീദേവിയുടെ ധൈര്യമോ ആ പാവത്തിനില്ല. സ്വയം രക്ഷപ്പെടാൻ മുതിരാതെ അവസാനം വരെ അനിഷ്ടം മറച്ചും, വയ്യായ്ക സഹിച്ചും ചേട്ടനുവേണ്ടി ഒരു ജന്മം. ഭൂപരിഷ്‌കരണാനന്ത കേരളത്തിലെ ശരാശരി കൂട്ടുകുടുംബത്തിലെ സാധാരണ സ്ത്രീകളുടെ പ്രതിനിധി.
ജാക്കറ്റും മുണ്ടും, ഏറിയാൽ ബ്ലൗസിനു മുകളിലൂടെ ഒരു തോർത്ത്. ഇതാണു രാജമ്മയുടെ വേഷം. പറമ്പിൽ നിന്നു പറങ്കിയണ്ടിയും കിഴങ്ങും മോഷ്ടിക്കുന്ന അടിയാത്തി മീനാക്ഷിയുടെ വേഷവും ഏതാണ്ടു സമാനമാണ്. എന്നാൽ മറ്റെല്ലാ സ്ത്രീകളുടെയും, ജാനമ്മയുടെ പോലും വേഷത്തിൽ രാജമ്മയെ അപേക്ഷിച്ചു കാര്യമായ പരിഷ്‌കാരമുണ്ട്. നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുന്നതുവരെ അടുക്കള വിട്ട് എങ്ങോട്ടും പോകുന്നതായി കാണാത്ത രാജമ്മയ്ക്ക് ഇതിലും ആർഭാടമായ വേഷത്തിന്റെ ആവശ്യവുമുണ്ടാവുന്നില്ല. എന്നാൽ വൃത്തിയോടും വെടിപ്പോടും കൂടിയാണ് എല്ലായ്‌പ്പോഴും അവരെ കാണുന്നത്. ശ്രീദേവിയുടെ വേഷമാവട്ടെ പരിഷ്‌കൃതവുമാണ്. തന്റെ സ്ത്രീ കഥാപാത്രങ്ങളണിയുന്ന വസ്ത്രങ്ങളുടെ നിറത്തിലൂടെ (ചുവപ്പ്, പച്ച, നീല, വെള്ള) അവരുടെ സ്വഭാവത്തെപ്പറ്റി അടൂർ പ്രതീകാത്മക സൂചനകൾ നൽകുന്നതായി രാജകൃഷ്ണൻ നിരീക്ഷിച്ചിട്ടുണ്ട്.
'എലിപ്പത്തായ'ത്തിലെ പല രംഗങ്ങളിലും അടുക്കള പശ്ചാത്തലമാവുന്നുണ്ടെന്നു മാത്രമല്ല, പാചകത്തിന്റെ വിശദാംശങ്ങൾ, അരയ്ക്കുന്നത്, പാത്രം കഴുകൽ, വെള്ളം ചൂടാക്കൽ, അടുപ്പുകൂട്ടൽ, ചായക്കൂട്ടൽ, ചോറുണ്ടാക്കൽ, സ്വാദുനോക്കൽ എന്നിവ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. അതിസമീപ ദൃശ്യങ്ങളാണവയെല്ലാം. നിർണായകമായ പല വഴിത്തിരിവുകളും അടുക്കള/അടുക്കളപ്പുറം/പിന്നാമ്പുറം എന്നിവിടങ്ങളിലാണരങ്ങേറുന്നതും'.
അടൂർസിനിമകൾ ഉൾപ്പെടെയുള്ളവ പാഠമാതൃകകളാക്കി സിനിമയിലെ ഭക്ഷണരംഗങ്ങൾ വിശകലനം ചെയ്യുന്ന അടുത്ത അധ്യായം ചന്ദ്രശേഖറിന്റെ പഠനത്തിന്റെ തനതു മാതൃകയായി മാറുന്നു. സ്ഥൂലവും ദീർഘവും വിശദവും വിവൃതവുമായ വിവരണങ്ങളായവശേഷിക്കുന്ന ഈയധ്യായം ഭക്ഷണസംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രമാനങ്ങൾ അപഗ്രഥിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അടൂരിന്റെയും മധുപാലിന്റെയും മറ്റും അഭിപ്രായങ്ങൾ കേട്ട് ശരിവച്ച് ജേണലിസ്റ്റിക് രീതിയിൽ ഈ വിഷയം പരാവർത്തനം ചെയ്യുക മാത്രമാണ്. ധാരാളം സിനിമകളെ അവയുടെ സാങ്കേതിക സൂക്ഷ്മതയിലും ഇതിവൃത്ത ധാരാളിത്തത്തിലും പറഞ്ഞുവയ്ക്കുക എന്നതിനപ്പുറം ആഴത്തിൽ വിശകലനം ചെയ്യുന്നതല്ല ചന്ദ്രശേഖറിന്റെ രീതി.
കൂട്ടുകുടുംബം, അണുകുടുംബം എന്നിവയുടെ സാന്നിധ്യമുള്ള അടുക്കളയുടെ അഭ്രരാഷ്ട്രീയം അവലോകനം ചെയ്യുന്നു, അടുത്ത അധ്യായം. ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകൾ മുൻനിർത്തിയാണ് ഈ വിഷയം ചന്ദ്രശേഖർ പഠിക്കുന്നത്.
'അടുക്കള എന്ന തൊഴിൽശാല'യിൽ മാറിയ സാമൂഹ്യാന്തരീക്ഷത്തിൽ സ്ത്രകളാർജിക്കുന്ന കർതൃപദവിയുടെ മാതൃകകളായി അടുക്കളജോലിയെ ചിത്രീകരിക്കുമ്പോൾ കുടുംബശ്രീ പ്രസ്ഥാനം ഭക്ഷ്യവിപണിയിലും അടുക്കളജോലിയിലും സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചെഴുതുന്നു, അടുത്ത ലേഖനം/അധ്യായം. 'ഉദാഹരണം സുജാത' പോലുള്ള ചിത്രങ്ങളാണ് ഇവിടെ പഠിക്കാനെടുക്കുന്നത്.
ആണിന്റെ അടുക്കളയെക്കുറിച്ചുള്ള(ബോയിങ് ബോയിങ്, നാടോടിക്കാറ്റ്, കിലുക്കം...)താണ് അടുത്ത അധ്യായമെങ്കിൽ, ചായക്കടകളും തട്ടുകടകളുമുൾപ്പെടെയുള്ളവയിലെ ഭക്ഷണവിഭവങ്ങളും വിതരണവും എത്രയെങ്കിലും മലയാളസിനിമകളിൽ കടന്നുവരുന്നതിനെക്കുറിച്ചാണ് മറ്റൊരധ്യായം. സംഭാഷണങ്ങളും പാട്ടുകളും കോമഡിരംഗങ്ങളും പുറങ്ങളോളം പകർത്തിയെഴുതിവച്ചും കഥ വിസ്തരിച്ചു പറഞ്ഞും ഈയധ്യായങ്ങൾ രണ്ടും തികച്ചും വിരസമാക്കിക്കളയുന്നു, ഗ്രന്ഥകാരൻ.
ന്യൂജനറേഷൻ സിനിമയിലെ അടുക്കളസംസ്‌കാരമാണ് അവസാന അധ്യായത്തിലെ വിഷയം. സാൾട്ട് ആൻഡ് പെപ്പർ, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചുള്ള വിശദവും വിവരണാത്മകവുമായ ചർച്ച.
ഏതാണ്ട് ഏഴുപതിറ്റാണ്ടുകാലത്തെ നൂറുകണക്കിനു സിനിമകൾ ചൂണ്ടിക്കാണിച്ചും രണ്ടു ഡസനിലധികം സിനിമകൾ ദീർഘമായി വിവരിച്ചും പതിനഞ്ചിലധികം വിഷയ/സന്ദർഭങ്ങളിലേക്ക് അടുക്കളയുടെ അഭ്രജീവിതങ്ങൾ സന്നിവേശിപ്പിച്ചും ചന്ദ്രശേഖർ ഈ പുസ്തകം അവതരിപ്പിക്കുന്നു. തീർച്ചയായും വലിയ പ്രാധാന്യമുള്ള ഒന്നാണ് ഇത്തരമൊരു ചലച്ചിത്രാപഗ്രഥനം. പരപ്പിനൊപ്പം ആഴവും കൂടിയുണ്ടായിരുന്നെങ്കിൽ ഈയന്വേഷണത്തിന് അക്കാദമികവും രാഷ്ട്രീയവുമായ പ്രസക്തി തീർച്ചയായും കൈവരുമായിരുന്നു.
നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, സാങ്കേതികത, വിപണി, ഭക്ഷ്യവ്യവസായം, പാചകകല, രൂചിസംസ്‌കൃതി എന്നിങ്ങനെ എത്രയോ വൈജ്ഞാനിക-വൈചാരിക-വൈകാരിക തലങ്ങളെ കൂട്ടിയിണക്കി മുന്നോട്ടു കൊണ്ടുപോകേണ്ട ഒന്നാണ് ഭക്ഷണ/അടുക്കള സംസ്‌കാരത്തിന്റെ പഠനങ്ങൾ. ചരിത്രബദ്ധവും രാഷ്ട്രീയ തീവ്രവുമായി രൂപംകൊള്ളേണ്ട അക്കാദമിക സമീപനത്തിലല്ല പക്ഷെ ചന്ദ്രശേഖറിന്റെ നില. വിവരണാത്മകവും സ്ഥൂലവുമായ വിഷയാവതരണത്തിലും വസ്തുതാശേഖരണങ്ങളിലൂന്നി നടത്തുന്ന പ്രത്യക്ഷനിരീക്ഷണങ്ങളിലുമാണ് ഈ പുസ്തകത്തിലെ രണ്ടോ മൂന്നോ അധ്യായങ്ങളൊഴികെ മുഴുവൻ ഭാഗങ്ങളും ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.
യാതൊരു പ്രാധാന്യവുമില്ലാത്ത അസംഖ്യം വ്യക്തികളെയും സാങ്കേതിക സ്വഭാവങ്ങളെയും നിരന്തരം പരാമർശിക്കുക, തീർത്തും സ്തുതിപരമായ വിശേഷണങ്ങൾ ചേർത്ത് ചലച്ചിത്രപ്രവർത്തകരെ പ്രകീർത്തിക്കുക, എന്തും ഏതും ഉപരിപ്ലവമായി പരത്തിപ്പറയുക, മികച്ച ചലച്ചിത്രസിദ്ധാന്തങ്ങളോ നിരൂപണങ്ങളോ പഠനമാതൃകകളോ സ്വാംശീകരിക്കാതിരിക്കുക... ഈ പുസ്തകത്തിനും പഠനത്തിനും ഗൗരവം നഷ്ടമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. എങ്കിലും സൈദ്ധാന്തികവും അക്കാദമികവുമായ ചലച്ചിത്രപഠനങ്ങൾക്കു പശ്ചാത്തലമൊരുക്കാൻ ഇത്തരം പഠനങ്ങളുടെ വസ്തുതാശേഖരത്തിനും വിവരസമ്പന്നതക്കും കഴിയും. ആഖ്യാനകം, സിനിമാത്മകം, അടൂരിയൻ, അന്തിക്കാടൻ.... എന്നിങ്ങനെയുള്ള വികലപ്രയോഗങ്ങൾ ചന്ദ്രശേഖറിന് ഒഴിവാക്കാമായിരുന്നു.
പുസ്തകത്തിൽ നിന്ന്:-
'കമ്പോളസിനിമയുടെ കാര്യമവിടെ നിൽക്കട്ടെ, സാമൂഹികബോധം വച്ചുപുലർത്തുന്ന പ്രതിബദ്ധ സിനിമയിലും വേലക്കാരികളുടെ പാത്രാഖ്യാനം വ്യത്യസ്തമല്ല. പി.എ. മനു സംവിധാനം ചെയ്തു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'മൺറോതുരുത്തി'ലെ (2016) വീട്ടുവേലക്കാരി കാത്തു(അഭജ്യ ശിവകല)വിന്റെ വേഷവും ആധുനിക സമൂഹം/സിനിമ വേലക്കാരി കഥാപാത്രത്തെ എങ്ങനെയാണു നോക്കിക്കാണുന്നത് എന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ്. ലേശം സ്വഭാവദൂഷ്യമുള്ള കൊച്ചുമകനെ നല്ലവഴിക്കു നടത്താൻ അവനെ തുരുത്തിലെ തറവാട്ടിൽ മുത്തച്ഛനൊപ്പം കൊണ്ടുവന്നു നിർത്തുന്നതാണു കഥ. സിനിമയിലെ വൃദ്ധനും (ഇന്ദ്രൻസ്) മകനും (അനിൽ നെടുങ്ങാട്) അയാളുടെ മകനും (ജേസൺ ചാക്കോ) വേലക്കാരി ഒരു ലൈംഗികവസ്തുവാണ്. അവരുടെ ചേഷ്ടകളിലും സംഭാഷണങ്ങളിലുമെല്ലാം അതു പുറത്തുവരുന്നുണ്ട്. സ്ത്രീകർതൃത്വത്തിലേക്ക് ഉയരാതെ പോകുന്ന കഥാപാത്രമാണ് മുപ്പത്തിരണ്ടുകാരിയായ കാത്തു. മൂന്നു തലമുറകളുടെ ആൺനോട്ടങ്ങളേറ്റുവാങ്ങുന്ന അവളുടെ ദാമ്പത്യം പോലും ചതിക്കപ്പെട്ടതാണ്. വിവാഹിതനും പിതാവുമാണെന്ന വിവരം മറച്ചുവച്ചിട്ടാണ് ഒരാൾ അവളെ കെട്ടുന്നത്. അതറിയുന്ന അവൾ അയാളെ ഉപേക്ഷിച്ച് തറവാട്ടിൽ കൂടുകയാണ്. ജന്മിമാരുടെ അടുക്കളപ്പിന്നാമ്പുറങ്ങളിൽനിന്ന് വിമോചിക്കപ്പെടാത്ത കീഴാളസ്ത്രീത്വത്തിന്റെ പ്രതിനിധിതന്നെയാണ് കാത്തു. കാത്തുവെന്ന വേലക്കാരിയും പഴയകാല ചിത്രങ്ങളിലെ ജയഭാരതിയോ വിജയശ്രീയോ ധരിച്ചപോലെ, ഇറുകിയ ചോളി ബ്ലൗസും മുണ്ടുമുടുത്തു സിനിമയുടെ ദൃശ്യക്ലീഷേയെ പിൻപറ്റുകയുമാണ്. കഥാനായകന്റെ മനോവ്യാപാരങ്ങൾ വെളിപ്പെടുത്താനുള്ള ഉപാധി എന്നൊക്കെ ന്യായീകരിക്കാമെങ്കിലും നൈറ്റി അടുക്കളക്കാരുടെ ജീവിതവസ്ത്രമായിക്കഴിഞ്ഞ കാലത്തും ഇത്തരം ഭാവനകൾ സിനിമാറ്റിക് എന്ന വിളിപ്പേരിൽ പ്രേക്ഷകമനസ്സുകൾക്കൊപ്പം സ്രഷ്ടാക്കളിലും രൂഢമൂലമായതിന്റെ ലക്ഷണമായിവേണം ഇതിനെ വിലയിരുത്താൻ.
പുതുതലമുറ സിനിമകളിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സനൽകുമാർ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി'(2016)യിലെ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ പൊതുഅവധി ദിവസം കള്ളുകുടിച്ചുല്ലസിക്കാനെത്തുന്ന ആൺസംഘത്തിനു വച്ചുവിളമ്പാൻ കെയർടേക്കർ വിളിച്ചുവരുത്തുന്ന ഗീത (അഭിജ ശിവകല) എന്ന കോളനിവാസിയുടെ നേരെയും സംഘത്തിലൊരാളായ ധർമ്മൻ (നിസ്താർ സേട്ട്) ഒടുവിൽ ശ്രമിക്കുന്നതു ബലാൽക്കാരത്തിനുതന്നെയാണ്. ആണുങ്ങൾ മാത്രമുള്ളിടത്ത് അവർക്കു വച്ചുവിളമ്പാൻ തയ്യാറായി വരുന്നവൾ വഴങ്ങുന്നവളായിരിക്കുമെന്ന മിഥ്യാബോധത്തിലാണയാൾ. മദ്യത്തിന്റെ പുറത്താണെന്നത് അയാൾക്കതിനുള്ള ന്യായീകരണമാവുന്നു. അവളുണ്ടാക്കുന്ന ഇറച്ചിക്കറി രൂചിച്ചുനോക്കി പുകഴ്‌ത്തിയും സിഗററ്റുവലിക്കാൻ തീചോദിച്ചുമൊക്കെ തുടക്കം മുതൽ അവളോടു വളരെ മാന്യമായി മാത്രം പെരുമാറുന്ന, കൂട്ടത്തിലേറ്റവും പ്രായം ചെന്നവരിലൊരാളാണു ധർമ്മൻ എന്നു ശ്രദ്ധിക്കണം. ചോദിക്കാനും പറയാനുമാരുമില്ലാത്തവൾ, പിന്നാക്കക്കാരി, സർവോപരി പാചകക്കാരി... ഇതെല്ലാം അതിനുള്ള പ്രേരണകളായിത്തീരുകയുമാണ്. പക്ഷേ അവളിൽനിന്ന് കരണമടിച്ച് ഒരടികിട്ടുമ്പോൾ പെട്ടെന്ന് അയാൾക്ക് സ്ഥലകാലബോധം വീണ്ടുകിട്ടുന്നു. യാതൊരെതിർപ്പിനും മുതിരാതെ അയാളവിടെനിന്നു സ്ഥലം കാലിയാക്കുന്നു.
കേരളം സാമൂഹിക നവോത്ഥാനത്തിലൂടെ നടത്തിയ ഇടപെടലുകളുടെയും മുന്നേറ്റങ്ങളുടെയും ഭാഗമായി അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിച്ച മലയാളിസ്ത്രീയുടെ പൊതുസ്വത്വത്തെ അത്രതന്നെ വിദഗ്ധമായി കുടുംബത്തിന്റെ സ്വകാര്യതയിലേക്കു വീണ്ടെടുക്കുകയായിരുന്നു സിനിമയെന്ന് നിരൂപകൻ കെ. ഗോപിനാഥ് (സിനിമയും സംസ്‌കാരവും, 2005, കറന്റ് ബുക്സ്, തൃശൂർ) സ്ത്രീ, സമൂഹം, ചലച്ചിത്രം എന്ന പഠനത്തിൽ നിരീക്ഷിച്ചിട്ടുള്ളത് ശരിയാണെന്നു തോന്നുന്നു.
'....ഈ തിരിച്ചുപോക്കിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം ഇന്നു വളരെ വ്യത്യസ്തമാണ്. ഭട്ടതിരിപ്പാടന്മാരുടെയും കമ്യൂണിസ്റ്റുകളുടെയും കാലത്തെ ഇരുട്ടും പുകയും നിറഞ്ഞ അടുക്കളയിലേക്കല്ല സ്ത്രീ ഇന്നു തിരിച്ചുപോകുന്നത്. ആദ്യകാല സാമൂഹിക പരിഷ്‌കർത്താക്കളായ ദുഷ്ടബുദ്ധികളുടെ സ്വാധീനത്തിൽപ്പെട്ടു വഴിതെറ്റിപ്പോയ നമ്മുടെ സ്ത്രീകളെ എത്ര വിദഗ്ധമായിട്ടാണു നാമിന്ന് അടുക്കളയിലേക്കും സ്വീകരണമുറിയിലേക്കും തിരിച്ചുപിടിച്ചത്? പുരുഷന്റെ കാഴ്ചയും കാഴ്ചപ്പാടും ഈ പ്രക്രിയയിൽ കൗശലപൂർവം ഇടപെടുന്നതായി കാണാം. ലോകവ്യാപകമായി വളർന്നു വികസിച്ചിട്ടുള്ള ഉപഭോഗസംസ്‌കാരത്തിന്റെ ശക്തമായ പിന്തുണയോടുകൂടിയാണവൻ ഈ കാര്യം സാധിച്ചത്. ഒരിക്കൽക്കൂടി ഉപേക്ഷിക്കാൻ സാധിക്കാത്തവണ്ണം അടുക്കളയെ ആകർഷണീയമാക്കിക്കൊണ്ടാണ് അവൻ അതിനെ നേരിട്ടത്. ഒരിക്കൽ അടുക്കളയിൽനിന്ന് അരങ്ങത്തേക്കു കയറിപ്പോയ സ്ത്രീ മടങ്ങിയെത്തുന്നത് ഗ്യാസ്, മിക്സി, വാഷിങ് മെഷീൻ, ടി.വി, മാരുതി മുതലായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൗസിങ് കോളനികളിലേക്കാണ്. വി.ടി.യുടെ അടുക്കളയിൽനിന്നു രക്ഷപ്പെടുന്നതിനെക്കാൾ ഏറെ ദുഷ്‌കരമാണ് ഈ പുതിയ അടുക്കളയിൽ നിന്നു രക്ഷപ്പെടാൻ എന്നതാണവസ്ഥ..... അങ്ങനെയാണ് നമ്മുടെ സ്ത്രീകൾക്കിടയിൽ സംഭവിച്ച ഒരു കഥാപാത്രത്തെ നാം കൗശലപൂർവം അട്ടിമറിച്ചതും സാംസ്‌കാരികമായ ഒരു പ്രതിവിപ്ലവം സാധിച്ചതും. സമകാലീന മലയാളസിനിമ ഈ സാംസ്‌കാരിക അന്തരീക്ഷത്തിന്റെ സാധ്യതകളെയാണ് പ്രധാനമായും ഇന്ന് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്'. ഗോപിനാഥന്റെ ഈ നിരീക്ഷണം നവസിനിമയിലെ അടുക്കളയുടെയും സ്ത്രീയുടെയും ആവിഷ്‌കാരത്തെ സംബന്ധിച്ച് ഏറെ സാധുവാണെന്നുതന്നെ വേണം കരുതാൻ'.
മലയാളസിനിമയിലെ അടുക്കള
എ. ചന്ദ്രശേഖർ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
2020, വില: 380 രൂപ.