Friday, May 15, 2020

ജേര്‍ണലിസം സ്‌ട്രോക്‌സ് 6

സിനിമാറ്റിക് ഫോട്ടോ കഥ! 

വര്ഷങ്ങള്ക്കു മുമ്പാണ്. ഞാനന്ന് അഞ്ചിലോ ആറിലോ ആണ്. എറണാകുളത്ത് എനിക്ക് പത്രപ്രവര്ത്തനത്തില് താല്പര്യമുണ്ടാക്കി തന്ന, വല്യമ്മയുടെ മകന് ഗോപന് ചേട്ടനാണ് ആദ്യമായി എം.ജി.റോഡിലുള്ള പൈ ആന്ഡ് കോ യുടെ പുസ്തക ഷോറൂമില് ആദ്യമായി കൊണ്ടുപോയത്. പുസ്തകം മാത്രമല്ല, കളിപ്പാട്ടങ്ങള്, സ്റ്റേഷനറി, പ്രസന്റേഷന് സാമഗ്രികള് അങ്ങനെ പലതും വില്പനയ്ക്കു വച്ചിട്ടുള്ള വലിയ കട. പൂമ്പാറ്റയുടെയും പൂമ്പാറ്റ അമര്ചിത്രകഥയുടെയും പൈക്കോ ക്‌ളാസിക്‌സ് ചിത്രകഥയുടെയും പൈക്കോ നോവല് ബുക്‌സിന്റെയും പ്രസാധകര്. ചേട്ടന് അവിടെ ആരെയൊക്കെയോ പരിചയമുണ്ട്. ചേട്ടന് ഔദ്യോഗികാവശ്യവുമായി നീങ്ങിയപ്പോള് ഞാന് പുസ്തകഷെല്ഫുകള് പരതുകയായിരുന്നു. പുസ്തകങ്ങള് അന്നും എനിക്ക് ആവേശമായിരുന്നു. അപ്പോഴാണ് ഷോപ്പിന്റെ മുട്ടന് കണ്ണാടി ജാലകത്തോട് ചേര്ന്നുള്ള ഷെല്ഫില് കുറച്ച് ഫോട്ടോ ചിത്രകഥകള് കണ്ടത്. ഇംഗ്‌ളീഷിലും ഹിന്ദിയിലുമാണ്. അമിതാഭ് ബച്ചന്റെ പടം കണ്ടാണ് അതെടുത്തത്. തുറന്നു നോക്കിയപ്പോള് അന്തം വിട്ടുപോയി. പ്രശസ്തങ്ങളായ ഹിന്ദി സൂപ്പര് ഹിറ്റ് സിനിമകളുടെ കണ്ടിന്യൂവിറ്റി നിശ്ചലചിത്രങ്ങള് ഉപയോഗിച്ച് അതേ സിനിമയുടെ കഥ പറയുന്ന ഫോട്ടോ ചിത്രകഥകളായിരുന്നു അവ. ഓര്മ്മയില് ഞാന് കണ്ട രണ്ടെണ്ണം ഒന്ന് ദീവാറും ഒന്ന് കോഹിന്നൂറുമായിരുന്നെന്ന് മങ്ങിയ ഓര്മ്മ. ചിത്രീകരണസമയത്തു തന്നെ വേഷവിധാനം, നില്ക്കുന്ന ഇടം ധരിച്ചിരിക്കുന്ന ആഭരണങ്ങള്, നോട്ടം, ആക്ഷന് തുടങ്ങിയ തുടര്ച്ചകള് തെറ്റാതിരിക്കാന് ഷോട്ടുകള്ക്കു മുമ്പും പിന്പും പകര്ത്തിവയ്ക്കുന്ന ഫോട്ടോകളാണ് കണ്ടിന്യൂവിറ്റി സ്റ്റില്ലുകള്. പലപ്പോഴും പോസ്റ്ററുകള്ക്കും പരസ്യത്തിനുമൊക്കെ ഇതില് നിന്നുള്ള ചിത്രങ്ങള് തന്നെയാണുപയോഗിക്കാറ്. ഈ ചിത്രങ്ങള് സീന് ഓര്ഡറില് തെരഞ്ഞെടുത്ത് ചിത്രകഥ പോലെ ഡയലോഗ് ബബിളുകളും ചേര്ത്ത് പത്തമ്പതു പേജില് അച്ചടിച്ചിറക്കിയതാണ് ഫോട്ടോ ചിത്രകഥകള്.
പൈക്കോ പിന്നീട് പൂട്ടിപ്പോയി. സിനിമാറ്റിക്ക് ഫോട്ടോ ചിത്രകഥകള് കേരളത്തില് മറ്റൊരു പുസ്തകക്കടയിലും ഞാന് കണ്ടിട്ടില്ല. ഒരു പക്ഷേ, കൊച്ചിയിലെ ഗുജറാത്തി, പഞ്ചാബി സമൂഹത്തെയും നാവികസേനാംഗങ്ങളെയും മുന്നില്ക്കണ്ടായിരിക്കും അവര് അത്തരം പുസ്തകങ്ങള് വിതരണത്തിനെടുത്തത്. അമിതാഭ് ബച്ചനെ നായകനാക്കി, ഷെഹന്ഷായ്ക്കു ശേഷം സുപ്രീമോ എന്ന പേരില് ഇന്ത്യ ബുക്ക് ഹൗസ് പിന്നീട് ഒരു ഇന്ത്യന് സൂപ്പര്ഹീറോ ചിത്രകഥാ പുസ്തക പരമ്പര തന്നെ പുറത്തിറക്കിയെങ്കിലും അതു പക്ഷേ ചിത്രകാരന്മാര് അമിതാഭിനെ വച്ചു വരച്ചുണ്ടാക്കിയതായിരുന്നു.ഫോട്ടോ ചിത്രകഥകള് അങ്ങനല്ല. മലയാള മനോരമയിലെ പത്രസിനിമ കണ്ടപ്പോള് ഓര്മ്മവന്നത് പഴയ ഫോട്ടോ ചിത്രകഥയാണ്. ഹ്രസ്വകാലത്തേക്ക് സിനിമാമംഗളത്തിന്റെ എഡിറ്റോറിയല് ചുമതലക്കാരനായപ്പോള് രണ്ടുവര്ഷം മുമ്പ് ഈ ആശയം അതില് ആവിഷ്‌കരിക്കാന് ആവുംവിധം ഞാന് ശ്രമിച്ചതാണ്. ഫിലിം പി.ആര്.ഒ എഎസ് ദിനേശിനോടൊക്കെ ചര്ച്ചയും ചെയ്തു. ഒടുവില്, തുടക്കമെന്ന നിലയില്, പഴയ സഹപ്രവര്ത്തകന് കൂടിയായ പത്മേന്ദ്രപ്രസാദ് ആദ്യമായി സംവിധാനം ചെയ്ത ഇവിടെ ഈ നഗരത്തില് എന്ന ചിത്രത്തിന്റെ സ്റ്റില് ഫോട്ടോകളുപയോഗിച്ച് അന്നത്തെ സഹപ്രവര്ത്തകന് ദീപുവിനെ കൊണ്ട് ഞാനതിന്റെ സാംപിള് ഒരെണ്ണം ചെയ്യിച്ച് പ്രസിദ്ധീകരിച്ചു. പക്ഷേ മംഗളത്തിന്റെ ചീഫ് എഡിറ്റര് ശ്രീ.സാബു വര്ഗീസിന് അതു മനസിലായില്ല. അതേപ്പറ്റി പറഞ്ഞു ബോധിപ്പിക്കാന് ജനറല് എഡിറ്ററായിരുന്ന ശ്രീ പി.ഒ.മോഹനും സാധിച്ചില്ല. പ്രസാദില് നിന്ന് കാശുവാങ്ങി ഞാന് ഫ്രീയായി ചെയ്തു കൊടുത്ത പബ്ലിസിറ്റിയാണോ എന്ന മട്ടില് വെളുക്കാന് തേച്ചതു പാണ്ടായതു മിച്ചം.
സിനിമാറ്റിക് ഫോട്ടോ ചിത്രകഥയെപ്പറ്റിയെഴുതിയപ്പോള് ഓര്മ്മയില് വന്ന മറ്റൊരു കാര്യം സിനിമാറ്റിക് നോവലാണ്. അടുത്തിടെ വിവാദമായ മാമാങ്കം പുറത്തിറങ്ങും മുമ്പേ തന്നെ അതിന്റെ ആദ്യ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സജീവ് പിള്ള അത് നോവല് രൂപത്തില് പുറത്തിറക്കിയിരുന്നു. അതൊരു പുതുമയായി ആഘോഷിക്കുകയും ചെയ്തു. പൈകോ ബുക്‌സില് തന്നെ അന്നു ഞാന് കണ്ടതാണ് ഹിന്ദിയിലെ സൂപ്പര് ഹിറ്റ് സിനിമയായ ഷാലിമാറിന്റെ നോവല് രൂപാന്തരം. കൃഷ്ണ ഷാ രചിച്ചു സംവിധാനം ചെയ്ത ഇന്ത്യന് ജയിംസ്‌ബോണ്ട് സിനിമയായിരുന്നു ധര്മ്മേന്ദ്രയുടെ ഷാലിമാര്. ചിത്രം ഹിറ്റായ ശേഷം അതിന്റെ കഥ നോവല് രൂപത്തില് പുനരാഖ്യാനം ചെയ്തതായിരുന്നു പുസ്തകം. ഹോളിവുഡ്ഡില് വന് വിജയമായ എയര്പ്പോര്ട്ട് 77 തുടങ്ങിയ സിനിമകള് ഇതേ പോലെ പിന്നീട് നോവല് രൂപത്തില് പ്രസിദ്ധീകൃതമായിട്ടുണ്ട്.

Tuesday, May 05, 2020

Irrfan Khan@ Kalakaumdi


സ്വപ്‌നം തുളുമ്പുന്ന കണ്ണുകള്‍

എ.ചന്ദ്രശേഖര്‍
മറ്റ് ഹിന്ദി നടന്മാര്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണ് ഷഹബ്‌സാദേ ഇര്‍ഫാന്‍ അലി ഖാന് ഉണ്ടായിരുന്നത്? സത്യത്തില്‍ ഹിന്ദി സിനിമയുടെ സങ്കല്‍പങ്ങള്‍ക്കൊത്ത ഒരു ശരീരം പോലുമുണ്ടായിരുന്നില്ല അയാള്‍ക്ക്. അതുകൊണ്ടു തന്നെ ചില ദൂരദര്‍ശന്‍ പരമ്പരകളില്‍ നാടകത്തിന്റെ സ്വാധീനമുള്ള നടനശൈലിയുമായി വന്ന അയാളെ ഹിന്ദി സിനിമാലോകം കാര്യമായി പരിഗണിച്ചതുമില്ല. എന്നാല്‍, മറ്റാര്‍ക്കുമില്ലാത്ത ചിലത് ഇര്‍ഫാന്‍ ഖാന്‍ എന്ന ആ കൃശഗാത്രിക്കുണ്ടായിരുന്നു. ഇന്ത്യയുടെ ലോകസിനിമാനടന്‍ ആക്കിമാറ്റിയ ജന്മസിദ്ധമായ അഭിനയവാസനയും അതിനൊത്ത ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള അച്ചടക്കമുള്ള മനസും മാത്രമല്ല ഇര്‍ഫാന്റെ സവിശേഷത. സ്വപ്‌നം തുളുമ്പുന്ന കണ്ണുകളും അതിലും അരുമയായ കുസൃതിത്വം തുളുമ്പുന്ന ചിരിയും ഏത് ആള്‍ക്കൂട്ടത്തിലും വ്യത്യസ്തനാക്കുന്ന ശബ്ദവും-ഇതു മൂന്നുമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനേതാവിനെ കേവലം താരമാക്കാതിരുന്നത്, മികച്ച നടനാക്കി ഉയര്‍ത്തി നിലനിര്‍ത്തിയതും. 
കണ്ണുകളായിരുന്നു ഈ നടന്റെ ഏറ്റവും വലിയ ആയുധമെന്നു തോന്നുന്നു. ഒരുപക്ഷേ, അമേരിക്കന്‍ മുഖ്യധാര ഈ ഇന്ത്യന്‍ നടനെത്തേടി ആവര്‍ത്തിച്ചാവര്‍ത്തിച്ചെത്തിയത് അയത്‌നലളിതമായ അദ്ദേഹത്തിന്റെ നടനചാതുരികൊണ്ടുമാത്രമാവാന്‍ വഴിയില്ല, ഒറ്റനോട്ടത്തില്‍ മനസില്‍ പതിയുന്ന അദ്ദേഹത്തിന്റെ മുഖസവിശേഷതകൊണ്ടുകൂടിയായിരിക്കും.
കുടുംബവാഴ്ചയുടെ വിളനിലമായ ബോളിവുഡ്ഡില്‍ ഖാന്‍ എന്ന വംശനാമത്തിനപ്പുറം യാതൊരു ജന്മാവകാശത്തിന്റെ ആനുകൂല്യവുമില്ലാതെ കടന്നുവന്ന് സൂപ്പര്‍-മെഗാ-സുപ്രീം താരങ്ങളായ ആമിര്‍-സല്‍മാന്‍-ഷാരൂഖ് ഖാന്‍മാര്‍ക്കു പോലും അപ്രാപ്യമായ ഹോളിവുഡ്ഡിന്റെ തിരവിഹായസില്‍ തന്റേതായ ഇടം നേടുക എന്നത് തീര്‍ത്തും അനായാസമാണെന്ന് കരുതുക വയ്യ. അതുകൊണ്ടുതന്നെ ഇര്‍ഫാന്‍ഖാന്‍ എന്ന നടനെ ബോളിവുഡ് അടയാളപ്പെടുത്തുന്നത് ഹോളിവുഡ്ഡിലെ ഇന്ത്യന്‍ സിനിമയുടെ പതാകവാഹകന്‍ എന്ന നിലയ്ക്കു കൂടിയായിരിക്കും. ഇന്ത്യയില്‍ നിന്ന് അമൃഷ് പുരി (ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ടെംപിള്‍ ഓഫ് ഡൂം),വിജയ് അമൃത്‌രാജ് (ഒക്ടോപസി), കബീര്‍ ബേഡി (ഒക്ടോപസി), ഓംപുരി(സിറ്റി ഓഫ് ജോയി, മൈ സണ്‍ ദ് ഫണറ്റിക്),ശശികപൂര്‍ (സിദ്ധാര്‍ത്ഥ), വിക്ടര്‍ ബാനര്‍ജി (എ പാസേജ് ടു ഇന്ത്യ) രജനീകാന്ത് (ബ്‌ളഡ്‌സ്റ്റോണ്‍) തുടങ്ങിയവര്‍ ഇംഗ്‌ളീഷ് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അതില്‍ മിക്കതും ഇന്ത്യയുമായി ബന്ധപ്പെട്ട പ്രമേയമോ ഇന്ത്യന്‍ നിര്‍മാതാക്കളുടെ സംരംഭങ്ങളോ ആയിരുന്നു. അതില്‍ നിന്നെല്ലാം വിഭിന്നമായി ഹോളിവുഡ്ഡിന്റെ കര്‍ക്കശമായ കാസ്റ്റിംഗ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ തേടി വന്നു ക്ഷണിച്ചുകൊണ്ടു പോകുന്ന മുഖ്യധാരാ അഭിനേതാവായിരുന്നു ഇര്‍ഫാന്‍.
അക്ഷരാര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ നടന് സ്വപ്‌നം കാണാവുന്നതിലും അതിലപ്പുറവും നേടിയെടുക്കാനായ നടനാണ് ഇര്‍ഫാന്‍ ഖാന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അഭിനയത്തിന്റെ മാത്രമല്ല താരപദവിയുടെയും ഉത്തുംഗശ്രംഗങ്ങളില്‍ എത്തിപ്പറ്റാന്‍ സാധിച്ച നടന്‍. അതിനദ്ദേഹത്തിനു പിന്തുണയായതോ, അന്യാദൃശവും അനനുകരണീയവുമായ നടനചാതുരിയും. സഹജമായ ഒരലസതയാണ് അഥവാ ഗൗരവമില്ലാത്ത സമീപനമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്റെ ശരീരഭാഷ വിനിമയം ചെയ്തിരുന്നത്. വളരെ അനായാസമായ, ഒട്ടും മസിലുപിടുത്തമില്ലാത്ത, അയഞ്ഞ ഒന്ന്. ശരീരഭാഷയോളം അയഞ്ഞ, വളരെയേറെ വഴക്കമുള്ളതായിരുന്നു അദ്ദേഹത്തിന്റെ അഭിനയശൈലിയും. തീര്‍ച്ചയായും വളരെ അച്ചടക്കമുള്ള ആ നടനശൈലി സ്വരൂപിക്കുന്നതില്‍ ഡല്‍ഹി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനാനുഭവം നല്‍കിയ കരുത്ത് ചെറുതല്ല എന്നതിന് അദ്ദേഹത്തിന്റെ പില്‍ക്കാല സിനിമാവേഷങ്ങള്‍ക്കപ്പുറം സാക്ഷ്യം വേണ്ട.
രാജസ്ഥാനിലെ പത്താന്‍ കുടുംബത്തില്‍ പിറന്ന് എം എ ബിരുദവുമെടുത്തിട്ടാണ് ഇര്‍ഫാന്‍ ഡല്‍ഹിയില്‍ നാടകം പഠിക്കാനെത്തുന്നത്. നാട്ടില്‍ നാട്ടുവേദികളിലെ നടനായ അമ്മാവനില്‍ നിന്നായിരുന്നു പ്രചോദനം. ഡിപ്‌ളോമയ്ക്കു ശേഷം ഇര്‍ഫാനെ ആദ്യം തേടിയെത്തിയതു തന്നെ ഒരു ഇംഗ്‌ളീഷ് സിനിമയിലേക്കുള്ള ക്ഷണമാണ്. ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി മീര നയ്യാറുടെ സലാം ബോംബെ എന്ന രാജ്യാന്തരപ്രശസ്തി നേടിയ ചിത്രത്തിലെ വളരെ ചെറിയൊരു വേഷം. ഓസ്‌കറിനുള്ള ഇന്ത്യന്‍ നാമനിര്‍ദ്ദേശമൊക്കെ നേടിയ ആ സിനിമ പക്ഷേ പൂര്‍ണമായും ധാരാവി കേന്ദ്രമാക്കിയുള്ളതായിരുന്നു. തീര്‍ത്തും ഭാരതീയവും നാടനുമായ മുഖങ്ങള്‍ തേടുന്നതുകൊണ്ടാണ് അതില്‍ രഘുബീര്‍ യാദവിനും ഇര്‍ഫാനുമൊക്കെ നറുക്കു വീണത്. സിനിമയും രഘൂബീറുമൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അത്രമേല്‍ ശ്രദ്ധിക്കപ്പെടാനായി ഇര്‍ഫാന് അതില്‍ പങ്കാളിത്തമുണ്ടായില്ല. കാരണം ഫൈനല്‍ എഡിറ്റിങില്‍ ഇര്‍ഫാന്റെ കഥാപാത്രം തന്നെ സിനിമയിലുണ്ടായില്ല. സിനിമയില്‍ പല പില്‍ക്കാല താരങ്ങളും നേരിടേണ്ടിവന്നിട്ടുള്ള വിധിദുര്യോഗം. എന്നിട്ടും ഇര്‍ഫാന്റെ സിനിമാപ്രവേശം ദൂര്‍ദര്‍ശനിലൂടെ വെള്ളിത്തിരയിലെത്തിയ ഷാരൂഖ് ഖാനില്‍ നിന്നു വിഭിന്നമാവുന്നത് ഇര്‍ഫാന്‍ സിനിമയിലഭിനയിച്ച ശേഷമാണ് മിനിസ്‌ക്രീനിലൂടെ ശ്രദ്ധിക്കപ്പെട്ട് സിനിമയിലേക്കു തന്നെ മടങ്ങിയത് എന്നതിനാലാണ്.
പിന്നീട് ഇര്‍ഫാന്റെ സ്വപ്‌നം തൂവുന്ന കണ്ണുകള്‍ പ്രേക്ഷകര്‍ അടുത്തുകാണുന്നത്, വേറിട്ട ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ദൂരദര്‍ശന്‍ പരമ്പരകളിലൂടെയാണ്. മിഖായേല്‍ ഷഖ് റോവിന്റെ റഷ്യന്‍ നാടകത്തെ ആസ്പദമാക്കി ഉദയപ്രകാശ് സംവിധാനം ചെയ്ത ലാല്‍ ഖാസ് പാര്‍ നീലേ ഗോഡെ എന്ന ടെലിവിഷന്‍ നാടകത്തില്‍ ലോകപ്രശസ്ത റഷ്യന്‍ വിപ്‌ളവകാരി വ്‌ളാഡിമിര്‍ ലെനിന്‍ ആയി വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. അനുരാഗ് കശ്യപിന്റെ തിരക്കഥയില്‍ അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഡര്‍(1988) ലെ പരമ്പര കൊലപാതകി, ദേവകീനന്ദന്‍ ഖത്രിയുടെ വിഖ്യാത ഇന്ത്യന്‍ മന്ത്രവാദ നോവലിനെ അധികരിച്ച് നീരജ ഗുലേരി സംവിധാനം ചെയ്ത ചന്ദ്രകാന്ത(1994)യിലെ ഇരട്ടസഹോദരങ്ങളായ ബദരീനാഥും സോമനാഥും, ഉറുദു മഹാകവികളെ കഥാപാത്രമാക്കിയ ജലാല്‍ ആഗയുടെ കഹ്കഷാന്‍(1991)ലെ മഖ്ദൂം മൊഹിയുദ്ദീന്‍, സഞ്ജയ് ഖാന്‍ രചിച്ചു സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് മറാത്ത(1994)യിലെ നജീബ് അദ്-ദവള, സഞ്ജയ് ഖാന്റെ തന്നെ ജയ് ഹനൂമാന്‍(1997)ലെ വാത്മീകി, ഇതിഹാസ നായകനായ ചാണക്യന്റെ കഥ പറഞ്ഞ ചന്ദ്രപ്രകാശ് ദ്വിവേദിയുടെ പരമ്പരയിലെ സേനാപതി ഭദ്രശാലന്‍, നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ അധികരിച്ച് വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബനഗല്‍ ഒരുക്കിയ ഭാരത് ഏക് ഖോജിലെ പത്താന്‍, സീ ടിവിയിലെ ക്യാംപസ് കഥ പറഞ്ഞ ബനേഗി അപ്‌നി ബാത്തി(1993-97)ലെ കുമാര്‍ എന്നീ വേഷങ്ങളിലൂടെയും സ്റ്റാര്‍പ്‌ളസിലെ സ്റ്റാര്‍ ബെസ്റ്റ് സെല്ലേഴ്‌സ്, സോണി എന്റര്‍ടെയ്‌ന്മെന്റ് ടിവിയിലെ ഭന്‍വര്‍ തുടങ്ങിയ പരമ്പരകളിലൂടെയൊക്കെ ശ്രദ്ധിക്കപ്പെട്ടു എന്നുമാത്രമല്ല വര്‍ഷങ്ങള്‍ നീണ്ട പരമ്പരകളിലൂടെ ഗൃഹസദസുകളിലെ പ്രിയങ്കരരില്‍ ഒരാളായി തിരിച്ചറിയപ്പെടുന്ന മുഖവുമായിത്തീര്‍ന്നു ഇര്‍ഫാന്റേത്. ആ ജനപ്രീതി കൊണ്ടാണ് പില്‍ക്കാലത്തും സിസ്‌ക എല്‍ ഇ ഡി, മാസ്റ്റര്‍കാര്‍ഡ്, കെ.ഇ.ഐ വയര്‍ എന്നിവയുടേതടക്കം പല പരസ്യചിത്രങ്ങളിലും നല്ല അയല്‍ക്കാരന്‍ പ്രതിച്ഛായയോടെ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കപ്പെട്ടത്.ഇക്കാലയളവില്‍ തന്നെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ സഹപാഠി എഴുത്തുകാരികൂടിയായ സുതപ സിക്ദറിനെ പങ്കാളിയാക്കിയിരുന്നു ഇര്‍ഫാന്‍.

സിനിമയിലേക്കു സമാന്തരം
ഒരുപക്ഷേ, ശ്യാം ബനലഗലടക്കമുള്ള വന്‍ സംവിധായകര്‍ക്കൊപ്പം അഭിനയിക്കുകയും അവരുടെ പരമ്പരകളിലൂടെ നേടിയ നല്ല പേരും തന്നെയാവണം വീണ്ടുമൊരു ചലച്ചിത്രപ്രവേശത്തിനുള്ള വാതില്‍ അദ്ദേഹത്തിനു മുന്നില്‍ സ്വാഭാവികമായി തുറക്കപ്പെട്ടത്.ഹിന്ദി മധ്യധാരാ സിനിമയിലെ പ്രമുഖനായ ബസു ചാറ്റര്‍ജിയുടെ കമല കി മൗത്ത് (1989) എന്ന ചിത്രത്തില്‍ പങ്കജ് കപൂറിനും സുപ്രിയ പഥക് ഷായ്ക്കും അഷുതോഷ് ഗൊവാരിക്കറിനുമൊപ്പം രൂപ ഗാംഗുലി (മഹാഭാരതത്തിലെ പാഞ്ചാലി) യുടെ നായകന്‍ അജിത് ആയിട്ടായിരുന്നു അത്.രണ്ടാം വരവ് പിഴച്ചില്ല. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനും സംവിധായകനുമായ ഗോവിന്ദ് നിഹ്‌ലാനി ഡിംപിള്‍ കപാഡിയേയും ശേഖര്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയൊരുക്കിയ ദൃഷ്ടിയില്‍ നായികയായ സന്ധ്യയുടെ വിവാഹേതര കാമുകനായ സംഗീതജ്ഞന്‍ രാഹുലിന്റെ വേഷത്തില്‍ നിര്‍ണായകമായ പ്രകടനം കാഴ്ചവയ്ക്കാനായി ഇര്‍ഫാന്. അതേവര്‍ഷം തന്നെ ഇന്ത്യന്‍ സമാന്തരസിനിമയിലെ കരുത്തനായ തപന്‍ സിന്‍ഹയുടെ ഏക് ഡോക്ടര്‍ കി മൗത്ത് എന്ന പങ്കജ് കപൂര്‍-ശബാന ആസ്മി ചിത്രത്തില്‍ നായകനായ ഡോക്ടര്‍ ദീപാങ്കര്‍ റോയിക്ക് ഒപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകന്‍ അമൂല്യയുടെ വേഷത്തിലും ഇര്‍ഫാന്‍ തിളങ്ങി.
1991ല്‍ ഓഗസ്റ്റ് സ്ട്രിന്‍ഡ്ബര്‍ഗിന്റെ ദ് ഫാദര്‍ എന്ന നാടകത്തെ അധികരിച്ച് ഗോവിന്ദ് നിഹ്‌ലാനി ഒരുക്കിയ പിതാ, ഹെന്റിക് ഇബ്‌സന്റെ ലിറ്റില്‍ ഇയോള്‍ഫിനെ അധികരിച്ച് ഗോവിന്ദ് നിഹ്‌ലാനി തന്നെ ഒരുക്കിയ ജസീരേ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചു. ഗോവിന്ദിനെപ്പോലൊരു സംവിധായകന്റെ വിശ്വാസവും വിഖ്യാത സാഹിത്യനാടക ഇതിഹാസങ്ങളുടെ ചലച്ചിത്രരൂപാന്തരങ്ങളില്‍ കഥാപാത്രങ്ങളും നേടാനായത് ഇര്‍ഫാന്‍ എന്ന നടന്റെ തിരപ്രത്യക്ഷം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കാണു വഹിച്ചത്.പക്ഷേ അതോടൊപ്പംതന്നെ സമാന്തര സിനിമകളില്‍ മാത്രം അഭിനയിക്കുന്ന ഗൗരവക്കാരനായൊരു നടന്‍ എന്ന പ്രതിച്ഛായയില്‍ തളയ്ക്കപ്പെടുകയും ചെയ്തു അദ്ദേഹം. ഇതില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും വിടുതല്‍ നേടുന്നത് സമാന്തരശ്രേണിയില്‍ നിന്നുതന്നെയെങ്കിലും കുറേക്കൂടി ലാളിത്യമാര്‍ന്ന ഗോപി ദേശായിയുടെ മികച്ച ബാലചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ മുജ്‌സേ ദോസ്തി കരോഗെ(1992)യിലെ വേഷത്തിലൂടെയാണ്.തൊട്ടടുത്തവര്‍ഷം കരാമതി കോട്ട് എന്നൊരു ബാലചിത്രത്തിലും വേഷമിട്ടു അദ്ദേഹം.ഇറോട്ടിക് ടെയ്ല്‍സ് പരമ്പരയില്‍ വിഖ്യാതചലച്ചിത്രകാരന്‍ മണി കൗള്‍ സംവിധാനം ചെയ്ത ദ് ക്ലൗഡ് ഡോറി(1993)ലെ അവതാരകവേഷത്തിലെത്താനായത് കരിയറിലെ മറ്റൊരു അംഗീകാരമായി.
കല്‍പന ഭരദ്വാജിന്റെ വാദെ ഇരാദേ (1994) യായിരുന്നു ശരിക്കും സമാന്തര സിനിമ വിട്ട് ബോളിവുഡ് മുഖ്യധാരയിലേക്കുള്ള യഥാര്‍ത്ഥമായ കാല്‍വയ്പ്. തുടര്‍ന്ന് ആഷിഷ് ബല്‍റാമിന്റെ ഏറെ പ്രതീക്ഷ പുലര്‍ത്തിയ അധൂര (1995)യടക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ദൗര്‍ഭാഗ്യത്തിന് അവ പുറത്തിറങ്ങിയില്ല. നസീറുദ്ദീന്‍ ഷായ്‌ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ രജത് കപൂറിന്റെ  പ്രൈവറ്റ് ഡിറ്റക്ടീവ് ടു പ്ലസ് ടു പ്ലസ് വണിലെ പ്രകടനവും നവധാരാ ഭാവുകത്വം പുലര്‍ത്തിയ ചിത്രവും കമ്പോളവിജയം നേടാത്തതുകൊണ്ട് ശ്രദ്ധിക്കാതെ പോയി.

രാജ്യാന്തരവിഹായസിലേക്ക്
റോഹിണ്‍ടണ്‍ മിസ്ട്രിയുടെ നോവലിനെ അധികരിച്ച് സ്റ്റര്‍ള ഗണ്ണാര്‍സണ്‍ സംവിധാനം ചെയ്ത ഇന്തോ കനേഡിയന്‍ സംരംഭമായ സച്ച് എ ലോങ് ജേര്‍ണിയിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ രാജ്യാന്തര സിനിമയിലേക്കുള്ള തന്റെ യഥാര്‍ത്ഥ ജൈത്രയാത്രയ്ക്കു തുടക്കമിടുന്നത്. റോഷന്‍ സേഥ്, ഓം പുരി, നസീറുദ്ദീന്‍ ഷാ തുടങ്ങി അക്കാലത്തെ ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കൊപ്പമായിരുന്നു അത്. റോഷന്‍ സേഥ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ പിതാവിന്റെ വേഷമായിരുന്നു ഇര്‍ഫാന്. രാജ്യാന്തര മേളകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം നിരൂപകപ്രശംസ നേടി. ഒപ്പം ഇര്‍ഫാന്റെ പ്രകടനം രാജ്യാന്തര സിനിമയുടെ നോട്ടപ്പാടിനുള്ളില്‍ ഉള്‍പ്പെടുകയും ചെയ്തു.ഗുല്‍ബഹാര്‍ സിങിന്റെ ബാലചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ദ ഗോള്‍ (1999), ഘാത്(2000), വിക്രം ഭട്ടിന്റെ കസൂര്‍(2001) തുടങ്ങി സമാന്തര മുഖ്യധാരസിനിമകളില്‍ വിട്ടു വിട്ട് അഭിനയിച്ചു കൊണ്ടിരുന്ന ഇര്‍ഫാന് കമ്പോള സിനിമയില്‍ ഒരു ബ്രേക്ക് ആകുന്നത് ആസിഫ് കപാഡിയയുടെ ഇന്തോ-ബ്രിട്ടീഷ് ബഹുരാഷ്ട്ര സംരംഭമായ ദ് വാര്യര്‍ എന്ന ചിത്രത്തിലെ പ്രധാനവേഷമാണ്. ഹിമാലയത്തില്‍ പ്രതികാരവാഞ്ഛയോടെ അലയുന്ന ലഫ്കാഡിയ എന്ന ചാവേര്‍ പോരാളിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്. രാജ്യാന്തരതലത്തില്‍ ഇര്‍ഫാന്‍ എന്ന നടന്‍ മായാത്ത മുദ്ര പതിപ്പിച്ച വേഷം.
തുടര്‍ന്നും ബോളിവുഡ്ഡില്‍ കാലി സര്‍വാര്‍, ഗുണ തുടങ്ങി മൂന്നു നാലു ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും മലയാളത്തിന്റെ ശ്യാമപ്രസാദ് ഗംഗാപ്രസാദ് വിമലിന്റെ വിഖ്യാമായ വ്യാഘ്രം എന്ന നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത ഇംഗ്‌ളീഷ് ഫാന്റസി ബോക്ഷു ദ് മിത്തിലെ ആഭിചാരകന്റെ വേഷം ശ്രദ്ധേയമായി. അമര്‍ത്യ സെന്നിന്റെ മകള്‍ നന്ദന സെന്‍, ഹരീഷ് പട്ടേല്‍, മലയാളത്തില്‍ നിന്ന് വിനീത്, സീമ ബിശ്വാസ് തുടങ്ങിയവരായിരുന്നു സഹതാരങ്ങള്‍. ദണ്ഡ്,  ഹാസില്‍, സുപാരി(2003), വിക്രം ഭട്ടിന്റെ ഫുട്പാത്ത് (2003) തുടങ്ങിയ കുറച്ചു സിനിമകളില്‍ പ്രതിനായകന്റേതടക്കമുളള വേഷങ്ങളണിഞ്ഞു. പലതും പതിവു ബോളിവുഡ്ഡ് ശൈലിയിലുള്ള തനിയാവര്‍ത്തനങ്ങളായി. ഹാസിലിലെ രണ്‍വിജയ് സിങിന്റെ പാത്രാവിഷ്‌കാരത്തിന് മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഇര്‍ഫാനെ തേടിയെത്തി. എന്നാല്‍ ഷെയ്ക്‌സ്പിയറിന്റെ മാക്ബത്തിന്റെ സ്വതന്ത്ര ചലച്ചിത്രരൂപാന്തരമെന്ന നിലയ്ക്ക് സംഗീതജ്ഞന്‍ കൂടിയായ വിശാല്‍ ഭരദ്വാജ് രചിച്ചു സംവിധാനം ചെയ്ത മഖ്ബൂലി(2003),ല്‍ ദുരന്തനായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതോടെ സഹ/ഉപ നായകവേഷങ്ങളില്‍ നിന്ന് നായകകര്‍തൃത്വത്തിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു അദ്ദേഹത്തിന്. നസീറുദ്ദീന്‍ ഷാ, ഓംപുരി, പങ്കജ് കപൂര്‍ തുടങ്ങിയ അതികായര്‍ക്കൊപ്പം തബുവിന്റെ നായകനായ മിയാന്‍ മഖ്ബൂല്‍ ആയിട്ടുള്ള ഇര്‍ഫാന്റെ പ്രകടനം പ്രതിഭകള്‍ തമ്മിലുള്ള തീപാറുന്ന സര്‍ഗപ്പോരാട്ടമായിത്തീര്‍ന്നു. ചരസിലെ(2004) എസിപി അഷ്‌റഫ് ഖാന്‍, ആന്‍ മെന്‍ അറ്റ് വര്‍ക്കി(2004)ലെ അധോലോക നായകന്‍ യുസഫ് പഠാന്‍, അശ്വന്‍ കുമാറിന്റെ റോഡ് ടു ലഡാക്കി(2004)ലെ തീവ്രവാദി, ചെഹ്‌റയിലെ ചന്ദ്രനാഥ് ദിവാന്‍, വിവേക് അഗ്നീഹോത്രിയുടെ ചോക്കലേറ്റിലെ തീവ്രവാദിബന്ധമുള്ള പിപി തുടങ്ങിയ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഹമാംശു ബ്രഹ്മ ഭട്ട് സംവിധാനം ചെയ്ത രോഗി(2004)ലെ നിദ്രാടകനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഉദയ് സിങ് റാത്തോഡിന്റെ വേഷം ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുകയും മഖ്ബൂലിനു ശേഷം നിലയ്ക്ക് ഇര്‍ഫാന് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിത്തീരുകയും ചെയ്തു.ഇതേവര്‍ഷം തന്നെ ഓസ്‌കര്‍ ജേതാവ് ഫ്‌ളോറിയന്‍ ഗാലന്‍ബര്‍ഗറുടെ ബംഗാളി-ജര്‍മ്മന്‍ ദ്വഭാഷാ സംരംഭമായ ഷാഡോസ് ഓഫ് ടൈമില്‍ പ്രശാന്ത നാരായണനോടൊപ്പം യാനി മിശ്ര എന്നൊരു കഥാപാത്രത്തിനു ജീവന്‍ പകര്‍ന്നു.
സലാം ബോംബെയില്‍ ഇര്‍ഫാനോട് കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം എന്ന നിലയ്ക്കായിക്കൂടി മീര നയ്യാരുടെ ദ് നെയിംസെയ്ക്കിനെ (2006) കണക്കാക്കാം. ജുംപാ ലാഹിരിയുടെ നോവലിനെ ആസ്പദമാക്കി മീര സംവിധാനം ചെയ്ത ചിത്രത്തിലെ അശോക് ഗാംഗുലി ഇര്‍ഫാന്‍ എന്ന നടന്റെ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന കഥാപാത്രമായി. ട്രാപ്ഡ് എന്ന ഹോളിവുഡ് സിനിമയുടെ സ്വതന്ത്രാവിഷ്‌കാരമായ ഡെഡ്‌ലൈന്‍ സിര്‍ഫ് 24 ഘണ്ടേ (2006)യിലെ ഹൃദ്രോഗവിഗദ്ധന്‍ ഡോ. വീരന്‍ ഗോയങ്കയുടെ ധര്‍മ്മസങ്കടത്തിലൂടെ ഇരുത്തം വന്ന ഒരഭിനേതാവിന്റെ കഴിവാണ് പ്രകടമായത്. കൊങ്കണ സെന്‍ സര്‍മ്മയ്ക്കും രജിത് കപൂറിനുമൊപ്പം മത്സരിച്ചുള്ള പ്രകടനം.
ഇന്ത്യാവിഭജനത്തിന്റെ പശ്ചാത്തലത്തില്‍ വിക് സരിന്‍ സംവിധാനം ചെയ്ത പാര്‍ട്ടിഷന്‍്(2007)ആയിരുന്നു ഇര്‍ഫാന്റെ അടുത്ത ഇംഗ്‌ളീഷ് ചിത്രം. അവതാര്‍ സിങ് എന്നൊരു സിഖുകാരനെയാണ് അതില്‍ അദ്ദേഹമവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ, ഇന്ത്യന്‍ നവഭാവുകത്വ തരംഗത്തില്‍പ്പെട്ട അനുരാഗ് ബസുവിന്റെ ലൈഫ് ഇന്‍ എ മെട്രോ പുറത്തിറങ്ങി. ചിത്രത്തില്‍ നേരേ വാ നേരേ പോ ക്കാരനായ മോണ്ടിയുടെ വേഷത്തിലായിരുന്നു അദ്ദേഹം. കൊങ്കണ സെന്‍ തന്നെയായിരുന്നു നായിക. ഇരുവര്‍ക്കും സഹനടനും നടിക്കുമുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കിട്ടി. സ്‌ക്രീന്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അടക്കമുള്ള അവാര്‍ഡുകളും ആ വേഷത്തിനായിരുന്നു. മൈക്കല്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത എ മൈറ്റി ഹാര്‍ട്ട് എന്ന ഇംഗ്‌ളീഷ് ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ് പിറ്റിനും ഹോളിവുഡ് താരറാണി ആഞ്ജലീന ജൂളിക്കുമൊപ്പം തിരയിടം പങ്കിടുന്നതും അതേവര്‍ഷമാണ്. വാള്‍സ്ട്രീറ്റ് ജേണല്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ തട്ടിക്കൊണ്ടുപോക്കുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കഥയുടെ തിരയാവിഷ്‌കാരത്തില്‍ കറാച്ചി പൊലീസ് മേധാവി ഷീസാന്‍ കസ്മിയായിട്ടാണ് ഇര്‍ഫാന്‍ പ്രത്യക്ഷപ്പെട്ടത്. മരണാനന്തര അനുശോചനങ്ങളില്‍ ഹൃദയത്തില്‍ത്തട്ടിത്തന്നെയാണ് ആഞ്ജലീന ഇര്‍ഫാനുമൊത്തുള്ള ചിത്രീകരണസ്മരണകള്‍ അയവിറക്കിയത്.
ആകാശദൂതിന്റെ ഹിന്ദി മൊഴിമാറ്റമായ തുളസി(2008)ലെ മദ്യപനും സ്‌നേഹനിധിയുമായ നായകന്‍ സൂരജ്, നിഷാന്ത് കാമത്തിന്റെ മുംബൈ മേരി ജാനിലെ തോമസ് തുടങ്ങിയ കഥാപാത്രങ്ങള്‍ക്കുശേഷമാണ് ലോകശ്രദ്ധ നേടിയ ഡാനിയല്‍ ബോയ്‌ലിന്റെ ഓസ്‌കാര്‍ ചിത്രമായ സ്‌ളംഡോഗ് മില്ല്യണെയ്‌റി(2008)ല്‍ ഇര്‍ഫാന്‍ ഭാഗമാവുന്നത്. അനില്‍ കപൂറും ദേവ പട്ടേലും ഫ്രിദ പിന്റോയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിലെ ഇര്‍ഫാന്റെ പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷവും ശ്രദ്ധേയമായി.അതേവര്‍ഷം തന്നെ ന്യൂയോര്‍ക്ക് ഐ ലവ് യു എന്ന ചലച്ചിത്രസമാഹാരത്തിലെ മീര നയ്യാരുടെ ലഘുചിത്രത്തില്‍ ഓസ്‌കര്‍ ജേതാവ് നതാലിയ പോര്‍ട്ട്മാനോടൊത്ത് മന്‍സുഖ് ഭായ് എന്ന നായകകഥാപാത്രമായി ഇര്‍ഫാന്‍ തിളങ്ങി.
തൊട്ടടുത്തവര്‍ഷവും ഒരു മലയാള സിനിമയുടെ ഹിന്ദി റീമേക്കില്‍ ഇര്‍ഫാന്‍ മുഖ്യവേഷമണിഞ്ഞു. ശ്രീനിവാസന്റെ രചനയില്‍ മമ്മൂട്ടി നായകനായ കഥപറയുമ്പോളിനെ ബില്ലു ബാര്‍ബര്‍ എന്ന പേരില്‍ പ്രിയദര്‍ശന്‍ മൊഴിമാറ്റിയപ്പോള്‍ മലയാളത്തില്‍ ശ്രീനി ചെയ്ത ബാലന്റെ വേഷമാണ് ഇര്‍ഫാന്‍ കയ്യാളിയത്. മമ്മൂട്ടിയുടെ വേഷത്തില്‍ സാക്ഷാല്‍ കിങ് ഖാന്‍ ആണ് എത്തിയത്. നേരത്തേ ക്രേസി-4 എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലഭിനയിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ സിനിമയില്‍ ഏറെ സമാനതകളുള്ള ഇര്‍ഫാനും ഷാരൂഖും ഒന്നിച്ച് തിരയിടം പങ്കിടുന്നത് ബില്ലുവിലായിരുന്നു. കരിയറില്‍ ഏറെയും ത്രില്ലര്‍, ക്രൈം ജനുസില്‍പ്പെട്ട ചിത്രങ്ങളിലാണ് ഇര്‍ഫാന്‍ ഭാഗഭാക്കായത്. ആസിഡ് ഫാക്ടറി, റൈറ്റ് യാ റോങ്, നോക്കൗട്ട് സെവന്‍ ഖൂന്‍ മാഫ് തുടങ്ങിയ മിക്കചിത്രങ്ങളും ഈ ജനുസില്‍പ്പെട്ടതായിരുന്നു. ഇതിനിടെ മലയാളിയായ ഗോവിന്ദ് മേനോന്‍, മണ്ണാറശാലയുടെ ഐതിഹ്യത്തില്‍ നിന്ന് മല്ലിക ശെറാവത്തിനെ നായികയാക്കി അവതരിപ്പിച്ച ബഹുഭാഷാ ചിത്രമായ ഹിസ്സി(2010)ല്‍ ഇന്‍സ്‌പെക്ടര്‍ വിക്രം ഗുപ്തയുടെ വേഷവും അവിസ്മരണീയമാക്കി. ഒരു സീന്‍ മാത്രമുള്ള പ്രത്യക്ഷമാണെങ്കിലും അത് അവിസ്മരണീയമാക്കാനുള്ള അഭിനയമാന്ത്രികതയുടെ ഉടമയായിരുന്നു ഇര്‍ഫാന്‍.ഇതിനിടെ, സിനിമാരംഗത്തെ നേട്ടങ്ങളെ മാനിച്ച് 2011ല്‍ രാജ്യം പത്മശ്രീ ബഹുമതിയും നല്‍കി ആദരിച്ചു.

സ്‌പൈഡര്‍മാനും ലൈഫ് ഓഫ് പൈയും
ഒന്‍പതുപേരുടെ കൊലയാളിയായി മാറിയ ഏഷ്യന്‍ ഗെയിംസ് കായികതാരത്തിന്റെ ജീവചരിത്രസിനിമയായ പാന്‍ സിങ് തോമറി(2012)ലെ മുഖ്യവേഷം ഇര്‍ഫാന്‍ എന്ന നടന് ശരിക്കും വെല്ലുവിളി നല്‍കുന്നതായിരുന്നു. അതിനോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ സാധിച്ചു എന്നതിന്റെ പ്രതിഫലനമാണ് അത്തവണത്തെ ദേശീയ അവാര്‍ഡുകളില്‍ കണ്ടത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ്, സീ സിനി അവാര്‍ഡ്, സ്‌ക്രീന്‍ അവാര്‍ഡ്, ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങിയവ മാത്രമല്ല, അക്കൊല്ലത്തെ സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദ് ഇയര്‍ ബഹുമതിയും മറ്റാര്‍ക്കുമായില്ല.  രാജ്യാന്തര ശ്രദ്ധ നേടിയ രണ്ടു ബിഗ് ബജറ്റ് ഹോളിവുഡ് സിനിമകളിലും ആ വര്‍ഷം വേഷമിടാനായി ഇര്‍ഫാന്. മാര്‍വല്‍ ചിത്രകഥാ നായകന് മാര്‍ക്ക് വെബ് നല്‍കിയ വേറിട്ട തിരഭാഷ്യമായിരുന്നു ദ് അമേസിങ് സ്‌പൈഡര്‍മാന്‍ (2012). അതില്‍ ജനിതക ഗവേഷകനായ ഡോ.രജിത് രഥിന്റെ വേഷത്തിലേക്ക് ഇര്‍ഫാനെ തെരഞ്ഞെടുക്കുന്നത് സംവിധായകന്‍ നേരിട്ടായിരുന്നു. ദ് നെയിംസെയ്ക്ക്, ദ് വാര്യര്‍ തുടങ്ങിയ ചിത്രങ്ങളിലെയും ഇതിനിടെ ചെയ്ത അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ഇന്‍ ട്രീറ്റ്‌മെന്റിന്റെ മൂന്നാം സീസണിലെ മധ്യവയ്കസനായ സുനില്‍ എന്ന ബംഗാളി കഥാപാത്രമായുമുള്ള പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വെബ്ബര്‍ തന്റെ കഥാപാത്രത്തിന് ഈ നടന്‍ മതിയെന്നു നിശ്ചയിക്കുന്നത്. ഇര്‍ഫാന്‍ ഖാനെ സംബന്ധിച്ചിടത്തോളം ഹോളിവുഡ് മുഖ്യധാരയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയ പ്രധാനപ്പെട്ട ചിത്രമായിരുന്നു അത്. തുടര്‍ന്നു, ലോകശ്രദ്ധയാര്‍ജിച്ച്, ഓസ്‌കറില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ടൈറ്റാനിക്കിനുശേഷം ലോകം കണ്ട ഏറ്റവും വലിയ പണംവാരിപ്പടമായിത്തീരുകയും ചെയ്ത ആങ് ലീയുടെ ദ് ലൈഫ് ഓഫ് പൈയിലാണ് ഇര്‍ഫാന്‍ പ്രത്യക്ഷപ്പെട്ടത്. യാന്‍ മാര്‍ട്ടലിന്റെ നോവലിനെ ആസ്പദമാക്കിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഇന്ത്യക്കാരന്‍ പൈയുടെ മുതിര്‍ന്ന ശേഷമുള്ള ഭാഗമാണ് ഇര്‍ഫാന്‍ അവതരിപ്പിച്ചത്.

ഉണുപാത്രത്തിലെ പ്രണയം
റിച്ച ബത്രയുടെ ദ് ലഞ്ച് ബോക്‌സ് (2013) അതുവരെ കണ്ട ഇര്‍ഫാനില്‍ നിന്നു വ്യത്യസ്തനായ ഒരഭിനേതാവിനെ ഇന്ത്യയ്ക്കു കാണിച്ചു തന്നു. വിരമിക്കാറായ സാജന്‍ ഫെര്‍ണാന്‍ഡസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അതില്‍. മുംബൈയില്‍ ഉച്ചയൂണു കൊണ്ടുക്കൊടുക്കുന്ന ഢാബവാലകളുടെ കൈകളില്‍ പെട്ട് അബദ്ധവശാല്‍ തനിക്കുവന്നുപെട്ട ഊണുപാത്രത്തിലെ കുറിപ്പില്‍ നിന്ന് ഉയരുന്ന സൗഹൃദവും അതു പിന്നീട് പ്രണയമായിത്തീരൂന്നതുമായിരുന്നു പ്രമേയം. മധ്യവയസ്‌കന്റെ പ്രണയാതുരതയുടെ സങ്കീര്‍ണതകള്‍ മുഴുവന്‍ അതീവഹൃദ്യമായി അസാമാന്യ കൈയൊതുക്കത്തോടെയാണ് ഇര്‍ഫാന്‍ തന്നിലേക്കൊതുക്കിയത്. ഇര്‍ഫാന്റെ ശരീരഭാഷയ്ക്ക് ഏറ്റവുമിണങ്ങിയ പാത്രാവിഷ്‌കാരമായിരുന്നു അത്.
നിഖില്‍ അദ്വാനിയുടെ ഡി ഡേ(2013)യിലെ റോ ചാരനായ വാലി ഖാന്‍, അനൂപ് സിങിന്റെ പഞ്ചാബി ചിത്രമായ ഖിസ്സ(2013)ലെ ഉമ്പര്‍ സിങ് എന്ന പരമ്പരാഗത പഞ്ചാബി നായകന്‍ തുടങ്ങിയ വേഷങ്ങളെത്തുടര്‍ന്നാണ് വിശാല്‍ ഭരദ്വാജ് ഷേക്‌സ്പിയറുടെ ഹാംലെറ്റിന്റെ ദൃശ്യാനുവാദമായി കശ്മീര്‍ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഹൈദര്‍ (2014) വരുന്നത്. ചിത്രത്തില്‍, തീവ്രവാദി സംഘാംഗമായ റൂഹ്ദാറിന്റെ വേഷമായിരുന്നു ഇര്‍ഫാന്. പിന്നീടാണ്, അമിതാഭ് ബച്ചനും ദീപിക പഡുക്കോനും ഒപ്പം സൂജിത് സര്‍ക്കാറിന്റെ പികു(2015)വിലെ ടാക്‌സി ഉടമ റാണചൗധരിയായുള്ള ഇര്‍ഫാന്റെ പകര്‍ന്നാട്ടം. അഴിച്ചുവിട്ട അഭിനയശൈലിയുടെ നൈസര്‍ഗികതയാണ് റാണയില്‍ കാണാനാവുക. വാസ്തവത്തില്‍ ഈ കഥാപാത്രത്തിനോട് ഏറെക്കുറേ സാമ്യമുള്ള വേഷങ്ങളാണ് തുടര്‍ച്ചയായി പാര്‍വതീ തെരുവോത്തിന്റെ നായകനായി വന്ന ഖരീബ് ഖരീബ് സിംഗിള്‍ സിംഗിളിലും(2017), ദുല്‍ഖര്‍സല്‍മാന്റെ സഹയാത്രികനായി പ്രത്യക്ഷപ്പെട്ട കാര്‍വാനി(2018)ലും ഇര്‍ഫാനെ തേടിയെത്തിയത്. അപ്പോഴും മുന്‍ കഥാപാത്രത്തില്‍ നിന്ന് അവയെ എങ്ങനെ വേറിട്ടു നിര്‍ത്താമെന്നാണ് അദ്ദേഹം ചിന്തിച്ചത്; അതിനു വേണ്ടിയാണ് ശ്രമിച്ചത്.
ലൈഫ് ഓഫ് പൈയ്ക്കു ശേഷം ഇര്‍ഫാനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന അടുത്ത സിനിമ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ കഥയേയും കഥാപാത്രങ്ങളെയും പിന്തുടര്‍ന്ന് കോളിന്‍ ട്രെവോറോ സംവിധാനം ചെയ്ത ജുറാസിക് വേള്‍ഡ് (2015) ആണ്. ചിത്രത്തില്‍ ജുറാസിക് വേള്‍ഡിന്റെ ആര്‍ത്തിക്കാരനായ ഉടമസ്ഥന്‍ സൈമണ്‍ മസ്രാണിയെന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.പിന്നീടാണ് ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡിന്റെ കഥാപാത്രങ്ങളെ വച്ച് റോണ്‍ ഹോവാര്‍ഡ് സംവിധാനം ചെയ്ത ഇന്‍ഫര്‍ണോയുടെ വരവ്. 2016ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ ഹോളിവുഡ്ഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ടോം ഹാങ്ക്‌സിനൊപ്പം ഹാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹാങ്ക്‌സിന്റെ ഓര്‍മ്മയില്‍ ഇര്‍ഫാന്‍ അസൂയയുണ്ടാക്കിയ അഭിനേതാവാണ്. അദ്ദേഹത്തിന്റെ അഭിനയശൈലി അത്ഭുതത്തോടെ നോക്കിനില്‍ക്കാറുണ്ടായിരുന്നു എന്നാണ് ഹാങ്ക്‌സ് അനുശോചനത്തില്‍ വെളിപ്പെടുത്തിയത്.ഇര്‍ഫാന്‍ കൂടി നിര്‍മാണ പങ്കാളിയായ ബംഗ്‌ളാദേശി-ഇന്ത്യന്‍ സംരംഭമായ ധൂബ്(2017),സ്വിസ് ഫ്രഞ്ച്-സിംഗപൂര്‍ സംയുക്ത സംരംഭമായ ദ് സോങ് ഓഫ് സ്‌കോര്‍പ്യണ്‍സ്(2017), പീറ്റര്‍ വെര്‍ഹോഫും റോബ് കിങും ചേര്‍ന്നു സംവിധാനം ചെയ്ത ജാപ്പനീസ് വെബ് സീരീസായ ടോക്യോ ട്രയല്‍ (2017), മാര്‍ക്ക് ടര്‍ട്ടിള്‍ടൗബ് സംവിധാനം ചെയ്ത പസിള്‍ (2018) തുടങ്ങിയവയാണ് ഇര്‍ഫാന്‍ അഭിനയിച്ച വിദേശസംരംഭങ്ങള്‍.
അരൂഷി തല്‍വാര്‍ വധം അടിസ്ഥാനമാക്കിയ മേഘന ഗുള്‍സാറിന്റെ തല്‍വാര്‍ (2015),നിഷികാന്ത് കാമത്തിന്റെ മഡാരി (2016),മലയാളത്തിലെ സാള്‍ട്ട് മാംഗോ ട്രീയുടെ റീമേക്കായ ഹിന്ദി മീഡിയം(2017)അഭിനയ് ദേവിന്റെ ബ്‌ളാക്കമേയില്‍(2018)തുടങ്ങി ഹംസഗീതമായ അംഗ്രേസി മീഡിയം(2020)വരെ അഭിനയിച്ച ഓരോ സിനിമയും ഓരോ അനുഭവമാക്കാന്‍, ശരീരം കൊണ്ടും മനസുകൊണ്ടും അഭിനയിക്കാന്‍ സാധിച്ച പ്രതിഭാസമാണ് ഇര്‍ഫാന്‍ ഖാന്‍.
രണ്ടുവര്‍ഷം മുമ്പാണ് അത്യപൂര്‍വമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന മാരകരോഗത്തിനടിപ്പെട്ടിരിക്കുകയാണ് താന്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇര്‍ഫാന്‍ തന്നെ വെളിപ്പെടുത്തുന്നത്. ദൂരെയെങ്ങോ ലക്ഷ്യമിട്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പെട്ടെന്ന് ടിടിആര്‍ വന്ന് തനിക്കിറങ്ങാനുള്ള സ്റ്റേഷനായെന്നും ഏതു സമയത്തും ഇറങ്ങണമെന്നും പറയുന്നതുപോലെയാണ് ആ അനുഭവമെന്നാണ് ഇര്‍ഫാന്‍ കുറിച്ചത്. ബ്രിട്ടനിലെ ചികിത്സാനന്തരം ആരോഗ്യം വീണ്ടെടുത്തു മടങ്ങിയെത്തിയിട്ടാണ് അംഗ്രേസി മീഡിയം തീര്‍ത്തത്. കോവിഡ് തുടങ്ങി ഏറെ കഴിയും മുമ്പേ പ്രിയപ്പെട്ട അമ്മയുടെ വേര്‍പാട്. സഞ്ചാരവിലക്കുകൊണ്ട് വിദൂരത്തിരുന്നു പ്രാര്‍ത്ഥിക്കാനേ സാധിച്ചുള്ളൂ അദ്ദേഹത്തിന്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടലില്‍ അണുബാധയുടെ രൂപത്തില്‍ 53-ാം വയസില്‍ ഇര്‍ഫാനും അന്ത്യം. അമ്മ വിളിക്കുന്നു കൊണ്ടുപോകാന്‍ എന്നാണ് ആശുപത്രിയില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത്. അമ്മയക്ക് ഇഷ്ടമുള്ളതുകൊണ്ട് മകനെ പിടിച്ചപിടിയാലെ കൊണ്ടുപോയി. പക്ഷേ, ഒരു കാര്യമുറപ്പ്. ആരു വിളിച്ചാലും ഈ പ്രായത്തില്‍ സിനിമയെ, സിനിമാപ്രേമികളെ വിട്ടുപോകേണ്ടവനായിരുന്നില്ല ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്റെ മരണം അയാനും ബാബിലുമടങ്ങുന്ന കുടുംബത്തിനു മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്കും, ലോകസിനിമയ്ക്കു തന്നെയും മഹാനഷ്ടം തന്നെയാണ് എന്നത് അതിശയോക്തിയില്ലാത്ത വാസ്തവം.കുസൃതിയൊളിപ്പിച്ച ആ ചിരി ഇനിയില്ല, കണ്ണുകളിലെ തുളുമ്പുന്ന സ്വപ്‌നവും!

Sunday, May 03, 2020

ഞായറാഴ്ചപ്പതിപ്പുകളിലെ ഒറ്റയാന്മാര്‍

ജേര്‍ണലിസം സ്‌ട്രോക്‌സ്-4
മലയാളത്തിലെ ഞായറാഴ്ചപ്പതിപ്പുകളില്‍ മാസികാരൂപത്തിലെ ആദ്യത്തേത് ഏത്? സ്‌പ്രെഡ് ഷീറ്റ് (ദിനപത്രങ്ങളുടെ വലിപ്പത്തില്‍) ഞായറാഴ്ച പതിപ്പുകളില്‍ നിന്നു വിഭിന്നമായി വാരികയോ മാസികയോ പോലെ കുത്തിക്കെട്ടോടെ എല്ലാ ഞായറാഴ്ചയും പത്രത്തോടൊപ്പം സണ്‍ഡേ സപ്‌ളിമെന്റ് അവതരിപ്പിക്കുന്നത് മംഗളം ആണ്. പത്രം തുടങ്ങിയ കാലത്താണത്. അക്കാലത്ത് മലയാളത്തിലെ ഏറ്റവും നിലവാരമുളള, ഉള്ളടക്കത്തിലും രൂപകല്‍പനയിലും മികച്ച ഞായറാഴ്ചപ്പതിപ്പ് കേരളകൗമുദിയുടേതായിരുന്നു. ആ സമയത്താണ് മംഗളം മള്‍ട്ടീകളറില്‍ (കറുപ്പിനു പുറമേ ഒരു വര്‍ണം കൂടി) വാരിക സൈസില്‍ സമ്പൂര്‍ണ മാസികയുടെ രൂപഭാവങ്ങളില്‍ തന്നെ വാരാന്ത്യപ്പതിപ്പ് അവതരിപ്പിക്കുന്നത്. വാരികയുടെ വിജയത്തില്‍ നിന്നു ദിനപത്രമാരംഭിച്ച മലയാളത്തിലെ ആദ്യത്തെ പ്രസാധകരായതുകൊണ്ടു തന്നെ വൃത്താന്തപത്രത്തേക്കാള്‍ എളുപ്പത്തില്‍ അവര്‍ക്കു സാധിക്കുന്നതായിരുന്നു മാഗസിന്‍ ജേര്‍ണലിസം. വിപണിയിലും അന്ന് ഈ പ്രത്യേകത ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞായറാഴ്ചപ്പതിപ്പിനോ പത്രത്തിനോ അധികവില ഈടാക്കുന്ന പതിവും അന്നു നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. അക്കാദമിക് തലത്തില്‍ പോലും ഈ പുതുമ പഠനവിഷയമായിട്ടുള്ളതായിട്ടറിയാം.തുടക്കത്തില്‍ ഞായറാഴ്ച മാത്രം മംഗളം പത്രം വരുത്തുന്നവരുണ്ടായിരുന്നെങ്കിലും വിതരണത്തിലെ അപര്യാപ്തതകള്‍ കൊണ്ടോ, സ്ഥാപനത്തിന്റെ സ്ഥായിയായ അലസതകൊണ്ടോ ഈ സണ്‍ഡേ മാഗസിന് ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസേയുണ്ടായുള്ളൂ. ദ് ഹിന്ദു കുറച്ചു കാലത്തേക്കു മാത്രമായി മാസത്തിലൊന്നു വീതം ഫോളിയോ എന്ന പേരില്‍ തെരഞ്ഞെടുത്ത സാംസ്‌കാരികവിഷയങ്ങളില്‍ ആധികാരികമായ മാസികകള്‍ ഞായറാഴ്ചപ്പതിപ്പിനൊപ്പം വിതരണം ചെയ്തിരുന്നതും കൂട്ടിവായിക്കേണ്ടതുണ്ട്. പക്ഷേ 52 എണ്ണമോ മറ്റോ മാത്രമായിരുന്നു അത് ആസൂത്രണം ചെയ്തിരുന്നതു തന്നെ.
വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ വീണ്ടും ഒരു ഞായറാഴ്ച മാസിക പുറത്തിറങ്ങുന്നത് മലയാള മനോരമയില്‍ നിന്നാണ്. തൊണ്ണൂറുകളുടെ അവസാനമാണത്. ഞായറാഴ്ച പതിപ്പിന് പുതിയൊരു മാനവും ആഴവും കൊടുക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച എന്ന പേരില്‍ സാധാരണരൂപത്തില്‍ നാലു പേജും കൂടെ ശ്രീ എന്ന പേരില്‍ മാസിക വലിപ്പത്തില്‍ മറ്റൊന്നും. വിദേശപത്രങ്ങളുടെ മാതൃകയില്‍ വാരാന്ത്യ വായന കൊഴുപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്ത് കേരളശബ്ദത്തിന്റെയും നാനയുടെയുമൊക്കെ പത്രാധിപരായിരുന്ന കെ.വി.എസ് ഇളയതും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കെ കൂടി ചേര്‍ന്ന് ആരംഭിച്ച പ്രസിദ്ധീകരണങ്ങളില്‍ ഒന്നായിരുന്നു ഞായറാഴ്ച എന്നാണോര്‍മ്മ. നായിക എന്നൊരു ചലച്ചിത്രപ്രസിദ്ധീകരണവും അവര്‍ക്കുണ്ടായിരുന്നു. കുറച്ച് ആഴ്ചകളിറങ്ങി. പിന്നീട് നിലച്ചു. ആ ടൈറ്റിലാണ് മനോരമ സ്വന്തമാക്കിയത്. കോട്ടയത്തെ ടു ക്രിയേറ്റീവ് മൈന്‍ഡ്‌സ് എന്ന സ്ഥാപനം നടത്തുന്ന രാധാകൃഷ്ണനും സുഹൃത്തുമായിരുന്നു ഡിസൈനര്‍മാര്‍. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ പത്രങ്ങള്‍ ഞായറാഴ്ച മാത്രം സാധാരണ വിലയില്‍ നിന്ന് ഒരു രൂപ അധികം ഈടാക്കിത്തുടങ്ങിയതെന്നും ഓര്‍ക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ തന്നെ ഈ പതിവു തുടര്‍ന്നെങ്കിലും ശ്രീ പ്രചാരത്തിന്റെ കാര്യത്തില്‍ കാര്യമായ ഗുണമൊന്നുമുണ്ടാക്കാത്തതുകൊണ്ടാ, ഞായറാഴ്ച പത്രത്തിന് വിലകൂട്ടിയിട്ടും കാര്യമായ ഇടിവില്ല എന്നു ബോധ്യമായതുകൊണ്ടോ, മനോരമ അതു നിര്‍ത്തുകയും ഞായറാഴ്ച മാത്രം നിലനിര്‍ത്തുകയും ചെയ്തു.
കേരള കൗമുദി വീക്കെൻഡ് മാഗസിനും കുറേക്കാലം മാഗസിൻ ഫോർമാറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്. ഭാസുര ചന്ദ്രനായിരുന്നു പത്രാധിപർ. ഇതാണ് പിന്നീട് കേരള കൗമുദി ആഴ്ചപതിപ്പായി മറിയത് എന്ന് ചങ്ങാതിയും സഹപ്രവർത്തകനുമായ എം.ബി. സന്തോഷ് അറിയിച്ചതു കൂടി ഇതോടൊപ്പം ചേർക്കുന്നു. ഒപ്പം ഒരു വരി കൂടി. അല്ലെങ്കിലും പുതുമകൾ പലതും കേരള കൗമുദിയാണ് മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. അത്.എം എസ് മണി സാർ മരിച്ചപ്പോൾ ഞാൻ കുറിച്ചിരുന്നു



Saturday, April 25, 2020

സൗമ്യതയുടെ ചിരി


സൗമ്യതയുടെ ചിരി

Ie malayalamല്‍ 
എഴുതിയ 
ഓര്‍മ്മക്കുറിപ്പ്‌


രവിയേട്ടനെ (രവി വള്ളത്തോള്‍) ഞാന്‍ ആദ്യം പരിചയപ്പെടുന്നത് എപ്പോഴാണ്? നേരില്‍ കാണുന്നതെപ്പോഴാണ് എന്നു ചോദിച്ചാല്‍,മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകട്രെയിനിയായിരിക്കെ 1993ലാണ്. അദ്ദേഹത്തിന്റെ വഴുതയ്ക്കാട്ടെ വീട്ടില്‍ വച്ച്. എ.സി.എസ് എന്ന പേരില്‍ മലയാള മനോരമദിനപത്രത്തിന്റെ വാരാന്ത്യ ടിവി പേജില്‍ ഞാന്‍ കൈകാര്യം ചെയ്ത മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ എന്ന പംക്തിയിലെ ആദ്യ സെലിബ്രിറ്റിയായിരുന്നു രവിയേട്ടന്‍.
പക്ഷേ, ജീവിതത്തില്‍ ഞാനാദ്യം രവിയേട്ടനെ പരിചയപ്പെടുന്നത് അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ എന്റെ പ്രീഡിഗ്രി കാലത്തായിരിക്കണം. അപ്പോഴേക്ക് തിരുവനന്തപുരം ദൂരദര്‍ശനിലെ ടെലി ഫിലിമുകളിലൂടെയും പരമ്പരകളിലൂടെയും മറ്റും ഗൃഹസദസുകളിലെ സൂപ്പര്‍ താരമായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ടി.എന്റെ കഥയെ ആസ്പദമാക്കി പി.ഭാസ്‌കരന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യകാല പരമ്പരകളിലൊന്നായ വൈതരിണി, പിന്നീട് ശ്യാമപ്രസാദിന്റെ മണല്‍നഗരം തുടങ്ങിയ പരമ്പരകളിലും ടിവി ചിത്രങ്ങളിലുമായി മിനിസ്‌ക്രീനിലെ ആദ്യകാല സൂപ്പര്‍താരങ്ങളിലൊരാളായി മാറി അദ്ദേഹം. അദ്ദേഹത്തിന്റെ ടെലിഫിലിമുകളില്‍ ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്ന് ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഭാവനകളുടെ കൂട്ടത്തില്‍ ഒരുപക്ഷേ അധികമാരും പറഞ്ഞുകേള്‍ക്കാന്‍ തന്നെയിടയില്ലാത്ത പണക്കിഴി എന്ന ടെലിഫിലിമാണ്. മോളിയറുടെ മൈസര്‍ എന്ന ഫ്രഞ്ച് നാടകത്തിന്റെ മലയാള രൂപാന്തരമായിരുന്നു എന്നാണോര്‍മ്മ. അനശ്വരനായ തിക്കുറിശ്ശിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അതില്‍ അദ്ദേഹത്തെ തട്ടിക്കാന്‍ വരുന്ന മൂന്നു പിരിവുകാരില്‍ ഒരാളായിരുന്നു രവിയേട്ടന്‍. ഒരുപക്ഷേ, രവി വള്ളത്തോള്‍ എന്ന പേരിനോട് മലയാളി ചേര്‍ത്തുവയ്ക്കാന്‍ ശങ്കിക്കുന്ന ഹാസ്യമായിരുന്നു അയത്‌നലളിതമായി അദ്ദേഹം കൈകാര്യം ചെയ്തത്. ഒപ്പം ചങ്ങാതികളായി വന്നതോ, നടന്‍ പ്രേംകുമാറും, പിന്നീട് തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമൊക്കെയായിത്തീര്‍ന്ന രഞ്ജിത്തും! അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, ഒരു പെണ്ണും രണ്ടാണും, നാലുപെണ്ണുങ്ങള്‍,നിഴല്‍ക്കുത്ത്..അങ്ങനെ കുറേ സിനിമകളില്‍ രവിയേട്ടനെ ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ എന്നും ഒരേയൊരു പരാതിമാത്രമേ തോന്നിയിട്ടുള്ളൂ. എല്ലായ്‌പ്പോഴും സംവിധായകര്‍ അദ്ദേഹത്തിനായി മാറ്റിവച്ചിരുന്നത് ശാന്തനായ, സാത്വികനായ കഥാപാത്രങ്ങളായിരുന്നു. വളരെയേറെ സാധ്യതകളുണ്ടായിരുന്ന വേണ്ടവിധം ഉപയോഗപ്പെടുത്താതെ പോയ ഒരു അഭിനേതാവ് എന്ന നിലയ്ക്കാണ് ഞാന്‍ രവി വള്ളത്തോള്‍ എന്ന നടനെ നോക്കിക്കാണുന്നത്.
പറഞ്ഞുവന്നത് ഇനിയും പൂര്‍ത്തിയാക്കിയില്ല. രവിയേട്ടനെ ഞാനാദ്യം പരിചയപ്പെടുന്നത്, ആരാധനയോടെ നോക്കിക്കാണാന്‍ ആരംഭിക്കുന്നത് തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നു പ്രക്ഷേപണം ചെയ്യുന്ന കഥകളിലൂടെയും റേഡിയോ നാടകങ്ങളിലും കൂടെയാണ്. എന്റെയൊക്കെ ചെറുപ്പം റേഡിയോയ്‌ക്കൊപ്പമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് മൊബൈല്‍ ഫോണ്‍ എന്തോ, അതായിരുന്നു എന്റെ ബാലകൗമാരങ്ങളില്‍ ട്രാന്‍സിസ്റ്റര്‍. അതിലൂടെ കേള്‍ക്കുന്ന ശബ്ദമായിട്ടാണ് പലരെയും വേണു നാഗവള്ളി, നെടമുടി വേണു, പത്മരാജന്‍, ജഗദീഷ്...അങ്ങനെ പലരെയും ഞങ്ങള്‍ തിരിച്ചറിഞ്ഞതും ആരാധിച്ചതും. ആകാശവാണിയിലെ ചില നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയുമാണ് രവി വള്ളത്തോള്‍ എന്ന പേരും എന്റെ മനസിലേക്കു കയറിക്കൂടിയത്. സ്വാഭാവികമായി വള്ളത്തോള്‍ എന്ന രണ്ടാം പേരായിരിക്കണം അങ്ങനെയൊരു ശ്രദ്ധ ആ പേരിലുളവാക്കിയത്. പരിചയപ്പെട്ട് അടുത്തതില്‍ പിന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്, ആ മാതൃകവും, പിന്നെ അച്ഛന്‍,സംപ്രേഷണകലയുടെ കുലപതികളിലൊരാളായ നാടകാചാര്യന്‍ ടി.എന്‍.ഗോപിനാഥന്‍ നായരുടെ പൈതൃകവും സത്യത്തില്‍ രവീന്ദ്രനാഥന്‍ നായര്‍ എന്ന രവി വള്ളത്തോളിലെ എഴുത്തുകാരന് വളരാന്‍ ബാധ്യതയേ ആയിട്ടുള്ളൂ എന്ന്. വവളരെയേറെ ഉയരങ്ങളിലെത്താന്‍ സാധ്യതയുണ്ടായിരുന്ന എഴുത്തുകാരനായിട്ടാണ് രവിയേട്ടനെ ഞാന്‍ മനസിലേറ്റുന്നത്. എഴുത്തുവഴിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ രഘുനാഥ് പലേരിയുടെയൊക്കെ തലത്തിലേക്കുയരാന്‍ കഴിയുമായിരുന്ന ആള്‍. വളരെ റൊമാന്റിക് ആയ ഭാഷയില്‍ ഹൃദയാവര്‍ജ്ജകമായി എഴുതിയിരുന്ന ആള്‍. റേഡിയോയില്‍ അത് കാതുകളിലേക്കല്ല, ഹൃദയങ്ങളിലേക്ക് സ്വന്തം ശബ്ദം കൊണ്ട് വിന്യസിക്കുമായിരുന്ന ശബ്ദകലാകാരന്‍. രവിയേട്ടന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സത്യന്‍ അന്തിക്കാട് പ്രമുഖ തെന്നിന്ത്യന്‍ നടി രാധയെ നായികയാക്കി ഭരത്‌ഗോപിയെയും മോഹന്‍ലാലിനെയും ഒക്കെ വച്ച് രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമ നിര്‍മ്മിച്ചത് എന്ന് ഓര്‍ക്കുന്നവര്‍ കുറയും. അച്ഛനെ പോലെ തന്നെ അദ്ദേഹം എഴുതിയതില്‍ പലതും റേഡിയോയ്ക്കുവേണ്ടിയായിരുന്നു. അങ്ങനെ അവതരിപ്പിച്ച റേഡിയോ നാടകമായിരുന്നുകഥയാണ് രേവതിക്കൊരു പാവക്കുട്ടി. അദ്ദേഹവും ജോണ്‍ പോളും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ഇന്നും നടന്‍ എന്നതിലുപരി രവി വള്ളത്തോള്‍ എന്ന എഴുത്തുകാരനെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം ആരായിരുന്നു എനിക്ക് എന്നാണെങ്കില്‍, മനോരമയ്ക്കു വേണ്ടി കണ്ട നിമിഷം മുതല്‍ എന്നെ ഒരനുജനായി തന്നെ കണക്കാക്കിപ്പോന്നിരുന്നു രവിയേട്ടന്‍. എന്താവശ്യമുണ്ടെങ്കിലും ഒരു മടിയും കൂടാതെ ''മോനെ'' എന്നു വിളിച്ച് ഫോണ്‍ ചെയ്യും. ചില കഥകളോ ലഘു നോവലുകളോ എഴുതുമ്പോള്‍ അത് ഞാന്‍ പത്രാധിപരായ പ്രസിദ്ധീകരണത്തിന് യോജിച്ചതാണെന്നു തോന്നിയാല്‍ എന്നെ വിളിക്കും. കന്യകയില്‍ പത്രാധിപരായിരിക്കെ അദ്ദേഹത്തിന്റെ രണ്ടു നോവലെറ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമേയുള്ളൂ എനിക്ക്. അതിലൊന്ന് ഓണപ്പതിപ്പില്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ബാന്ദ്രയിലെ വീട് ആയിരുന്നു. സൗമ്യയായ ഒരു പ്രേതത്തിന്റെ നനുത്ത പ്രണയകഥ. കേരളത്തിലെ ജനപ്രിയ നോവല്‍ പ്രസാധനരംഗത്തെ സൂപ്പര്‍ ചിത്രകാരന്മാരിലൊരാളായ ആര്‍ട്ടിസ്റ്റ് സുരേഷ് ആണ് അതിനു വേണ്ടി ചിത്രം വരഞ്ഞത്. വായിച്ചപ്പോള്‍ തന്നെ, സുരേഷിന് ആവേശമായി. അത്രയ്ക്ക് സവിശേഷമായ ഒരു നോവലെറ്റായിരുന്നു അത്. പിന്നീടതു പുസ്തകമാക്കിയപ്പോള്‍ എന്നോട് വിളിച്ചു പറയുകയും അതിന്റെ പ്രകാശനത്തിനു ക്ഷണിക്കുകയുമൊക്കെ ചെയ്തു. എത്രയോ പരിപാടികള്‍ക്കായി മുഖ്യാതിഥിയായി ഞാനും അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുപോയിരിക്കുന്നു. ഒരിക്കല്‍, അദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം ചേര്‍ന്ന് കോവളത്ത് ഒരു കുടുംബയോഗം കൂടുന്ന ദിവസം പോലും ഞാന്‍ വിളിച്ചു എന്നതുകൊണ്ടു മാത്രം എന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എന്നോടൊപ്പം വന്നു, ഒന്നരമണിക്കൂര്‍ എന്ന ഉറപ്പിന്‍മേല്‍.
സൗമ്യതയുടെ ആള്‍രൂപമായിട്ടാണ് ഓരോ കൂടിക്കാഴ്ചയ്ക്കുശേഷവും രവിയേട്ടനെപ്പറ്റി തോന്നിയിട്ടുള്ളത്. മുഖത്തെ പ്രസാദാത്മകതയും നൈര്‍മല്യവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആള്‍.
കഴിഞ്ഞദിവസം കോവിഡ് ബോറഡിക്കിടെ ഭാര്യയുമൊത്ത് ഞങ്ങളുടെ വിവാഹ ആല്‍ബം വീണ്ടും കാണ്‍കെ അതില്‍ രവിയേട്ടന്റെ ചിത്രം കണ്ടപ്പോള്‍ ഭാര്യയോട് ഞാന്‍ പറഞ്ഞതേയുള്ളൂ,''പാവം കിടപ്പിലാണ് കുറേക്കാലമായി, ആരെയും കാണാനനുവദിക്കുന്നില്ല' എന്ന്. ഇന്നിപ്പോള്‍ കേള്‍ക്കുന്നു രവിയേട്ടനും പോയി എന്ന്!
രവിയേട്ടനുമായി ബന്ധപ്പെട്ട നേരില്‍ ബന്ധമില്ലാത്ത ഒരു കാര്യം കൂടി പറഞ്ഞുകൊണ്ടവസാനിപ്പിക്കട്ടെ. അകാലത്തില്‍ മരിച്ച സഹപാഠിയും സുഹൃത്തുമായ ജി.എ.ലാല്‍ തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത് ദിലീപും ദിവ്യ ഉണ്ണിയും നായികാനായകന്മാരായി അഭിനയിച്ച നീ വരുവോളം (ആദ്യത്തെ പേര് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നായിരുന്നു. അതു പോരാ എന്ന എന്റെ കൂടി അഭിപ്രായം മാനിച്ചാണ് പേരു മാറ്റിയത്. ആ പേര് പിന്നീട് അന്തരിച്ച രാജേഷ് പിള്ള തന്റെ ആദ്യ ചിത്രത്തിനു സ്വീകരിച്ചു. വൈരുദ്ധ്യമെന്നോണം രണ്ടും പരാജയമായി) സിനിമയില്‍ വളരെ ശാന്തസ്വഭാവിയായ ഒരു അധ്യാപകന്റെ വേഷമുണ്ട്. രവിയേട്ടനാണ് അതവതരിപ്പിക്കുന്നത്. കുമാരനല്ലൂരില്‍ അന്നു ഞാന്‍ താമസിക്കുന്ന എന്റെ ഭാര്യവീട്ടിനു തൊടുത്തു ചിത്രീകരണം നടക്കുന്നതിനിടെ ഒരിക്കല്‍ വീട്ടില്‍ ഉച്ചയൂണിനു വന്ന ലാല്‍ പറഞ്ഞു: 'ചന്ദ്ര, നിന്നോട് പറയാതെ ഞാനൊരു കാര്യം ചെയ്തിട്ടുണ്ട്. രവിയേട്ടനവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഞാന്‍ നിന്റെ പേരാണ് കൊടുത്തിട്ടുള്ളത്.'
തുടര്‍ന്ന് അതിനൊരു വിശദീകരണം കൂടി തന്നു, ലാല്‍:'അതേയ്, രവിയേട്ടന്റെ പല ചലനങ്ങളും കാണുമ്പോള്‍ എനിക്ക് നിന്നെ ഓര്‍മ്മവരും അതുകൊണ്ടാ എഴുതി വന്നപ്പോള്‍ നിന്റെ പേരു ഞാനിട്ടത്!'
കാലം എത്ര ക്രൂരനാണ്. ലാല്‍ നേരത്തേ പോയി. ഇപ്പോഴിതാ രവിയേട്ടനും!

Thursday, April 23, 2020

മലയാളത്തിലെ ആദ്യത്തെ ഓഡിയോ ബുക്ക്‌


ലോക പുസ്തദിന കുത്തിപ്പൊക്കുകളുടെ കൂടെ ഇന്നലെ പോസ്റ്റണം എന്നിരുന്നതാണ്. സിറ്റി ഓഫ് ഡ്രീംസ് വെബ് സീരീസ് കണ്ടുതീര്‍ക്കുന്ന തിരക്കില്‍ വിട്ടുപോയി. അതുകൊണ്ട് ഒരു ദിവസം വൈകി ഇന്നു പോസറ്റുന്നു. (ദിനം മിസായി എന്നു വച്ച് വായന മിസാവില്ലല്ലോ)
പ്രസാധനരംഗത്ത് പല പുതുമുകള്‍ക്കും പരീക്ഷണത്തട്ടകമൊരുക്കിയ സംസ്ഥാനമാണ് കേരളം. ലോകത്ത് ആദ്യമായി സാഹിത്യകാരന്മാര്‍ക്ക് ഒരു സഹകരണസംഘമുണ്ടാക്കുകയും എഴുത്തുകാര്‍ അംഗങ്ങളായ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം എന്ന പ്രസാധനശാലയും നാഷനല്‍ ബുക് സ്റ്റാള്‍ എന്ന വിപണനശൃംഖലയും ഇന്ത്യ പ്രസ് എന്ന മുദ്രണശാലയും സ്ഥാപിച്ച കേരളം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി.ബുക്‌സിന്റെ ആസ്ഥാനം. ഇതൊക്കെയുണ്ടെങ്കിലും മലയാള പുസ്തകരൂപകല്‍പനയില്‍ കാര്യമായ ചില സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും വെറുതേ അച്ചടിച്ചു കുത്തിക്കെട്ടുകയല്ല പ്രസാധനം എന്നു മലയാളി വായനക്കാരനെ ബോധിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ട് നിന്ന് എന്‍.പി.ഹാഫിസ് മുഹമ്മദിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച മലയാളം എന്ന പ്രസാധനശാലയും ജോയ് മാത്യുവിന്റെ ബോധിയും പിന്നീട് അകാലത്തില്‍ ജീവന്‍ സ്വയം കവര്‍ന്ന ഷെല്‍വിയുടെ മള്‍ബറി പബ്‌ളിക്കേഷന്‍സുമായിരുന്നു. ബുക് ഡിസൈന്‍ എന്ന സങ്കല്‍പം അവതരിപ്പിക്കുന്നതും, ഫീച്ചറിനും സാഹിത്യത്തിനുമിടയ്ക്ക് ചില അനുഭവക്കുറിപ്പുകള്‍ക്ക് വായനാസാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്നതും മള്‍ബറിയാണ്. ഓര്‍മ്മ എന്ന രണ്ടു വോള്യം സമാഹാരം മാത്രം മതി ഷെല്‍വിയുടെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം വ്യക്തമാകാന്‍.
ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഡിസിയടക്കമുള്ള മുന്‍നിര മുഖ്യധാര ബുക് ഡിസൈന് ഏറെ പ്രാധാന്യം നല്‍കിത്തുടങ്ങി. ഒരു പുസ്തകത്തിന് വ്യത്യസ്തമായ പത്തു മുഖചിത്രങ്ങള്‍, ആദ്യത്തെ നൂറു പുസ്തകങ്ങള്‍ക്ക് കലാകാരന്‍ നേരിട്ടു വരച്ച പുറംചട്ട, ചെമ്പു പ്‌ളേറ്റില്‍ റിലീഫുണ്ടാക്കി പതിപ്പിച്ച പുറംചട്ടയോടുകൂടിയ പുസ്തകം, എഴുത്തുകാരന്റെ കയ്യൊപ്പോടെയുള്ള പുസ്തകം എന്നിങ്ങനെ പല പല പരീക്ഷണങ്ങള്‍. ഇലക്ട്രോണിക് മാധ്യമങ്ങളുടെ മുന്നേറ്റത്തിനൊപ്പം വായനയെ പിടിച്ചുനിര്‍ത്താനുള്ള പല പല സാഹസങ്ങള്‍. അതിനിടെയാണ് പോഡ്കാസ്റ്റിങ് എന്നൊക്കെ ഇന്ത്യ കേട്ടുതുടങ്ങുന്നതിനു മുമ്പ 2001ല്‍ ഡിസി ബുക്‌സില്‍ നിന്ന് ഓഡിയോ ബുക്ക് എന്നൊരാശയം മുളയിട്ടുദിക്കുന്നത്.
സഖറിയയുടെ ഇതാണെന്റെ പേര് എന്ന ലഘു നോവലാണ് മലയാളത്തിലിറങ്ങുന്ന ആദ്യത്തെ ഓഡിയോ ബുക്ക്. പുസ്തകത്തിന്റെ അച്ചടിപ്പതിപ്പിനൊപ്പം നേര്‍ത്ത സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ വായിച്ച് റെക്കോര്‍ഡ് ചെയ്ത ഓഡിയോ കസെറ്റുകൂടി ചേര്‍ത്ത് ഒരു പ്രത്യേക വിലയ്ക്കാണ് വിപണിയിലെത്തിയത്. വിധേയനിലൂടെ ശ്രദ്ധേയനായ നടന്‍ എം.ആര്‍.ഗോപകുമാറായിരുന്നു നോവലിന് ശബ്ദം നല്‍കിയത്.
എന്നാല്‍ കേള്‍ക്കാന്‍ ഓഡിയോ കസെറ്റ് പ്‌ളേയര്‍ സ്വന്തമായി വേണമെന്നുള്ളതുകൊണ്ടും ഡിജിറ്റല്‍ കണ്‍വേര്‍ജന്‍സിലൂടെ മൊബൈല്‍ ഫോണ്‍ സര്‍വവ്യാപിയായ വിനിമയോപാധിയായിത്തീര്‍ന്നിട്ടില്ലാത്തതുകൊണ്ടുമായിരിക്കാം പരസ്യശ്രദ്ധകിട്ടി എന്നതില്‍ കവിഞ്ഞ് ആ സംരംഭത്തിന് വലിയ മൈലേജ് കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഡിസി തുടര്‍ന്നും ആ രീതി പിന്തുടര്‍ന്നേനെ. (ഇന്നും ഡിസിയുടെ പല പുസ്തകങ്ങള്‍ക്കും ഓഡിയോ രൂപാന്തരം നിര്‍മിക്കുന്നുണ്ട്. അതുപക്ഷേ ഓണ്‍ലൈനിലൂടെ ലോകമെമ്പാടും ലഭ്യമാക്കാന്‍ വേണ്ടിയാണ്.) എങ്കിലും ഈ പരീക്ഷണം വേറിട്ട ഒന്നു തന്നെയായിരുന്നു.മലയാള പ്രസിദ്ധീകരണങ്ങള്‍ അവയില്‍ വരുന്ന കഥകളും കവിതകളുമൊക്കെ രചിയാതാക്കളുടെ ശബ്ദത്തില്‍ ആലേഖനം ചെയിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മൊബൈലില്‍ കേള്‍പ്പിക്കുന്ന സംവിധാനമൊക്കെ മലയാളി ആലോചിച്ചു തുടങ്ങുംമുമ്പേയായിരുന്നു ആ ചിന്ത എന്നോര്‍ക്കണം. മലയാളത്തില്‍ ഇങ്ങനെയും പുസ്തകമിറങ്ങിയിട്ടുണ്ട് എന്ന് ഇന്നത്തെ തലമുറയില്‍ എത്രപേര്‍ക്കറിയാമെന്ന് അറിയില്ല.
ഇതാണെന്റെ പേരിനെ പറ്റി ഒരു വാല്‍ക്കുറിയോടെ അവസാനിപ്പിക്കാം. ഇതാണെന്റേ പേര് പുറത്തിറങ്ങി ഏറെ കഴിയും മുമ്പ് അതിനെ മിമിക് ചെയ്ത് എന്റെ മുന്‍കാല സഹപ്രവര്‍ത്തകനും മലയാള മനോരമയിലും ദ് വീക്കിലും അസിസ്റ്റന്റ് എഡിറ്ററും ജന്മഭൂമിയില്‍ ചീഫ് എഡിറ്ററുമായിരുന്ന രാമചന്ദ്രന്‍ ഒരു കഥയെഴുതി-ഇതാണെന്റെ വേര്! രാമചന്ദ്രന്റെ പേര് മലയാള കഥാസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടും വിധം എഴുതിച്ചേര്‍ത്തത് ആ കഥയായിരുന്നു.

Wednesday, April 22, 2020

ഓര്‍മ്മകളിലെ ഇ-ജങ്ക്!

എനിക്കു മുന്‍പും ശേഷവുമുള്ള തലമുറകളില്‍ നിന്നു വ്യത്യസ്തമായി എന്റെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമോ ദൗത്യമോ ആണ് അനലോഗില്‍നിന്ന് ഇന്റര്‍നെറ്റിലേക്കുള്ള സാങ്കേതികവിദ്യാമാറ്റം. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ യഥേഷ്ടം സൈരവിഹാരം നടത്തുന്ന എനിക്കു മുന്‍പുള്ള തലമുറയുടെ കാര്യം ചോദിക്കാം. പക്ഷേ അവരിലധികവും സൈബര്‍ നവസാക്ഷരരാണ്. സൈബര്‍ വിസ്‌ഫോടനാന്തര പ്രയോക്താക്കള്‍. എനിക്കു ശേഷമുള്ളവരും അങ്ങനെ തന്നെ. ആദ്യത്തെ വിഭാഗത്തില്‍ പെട്ടവര്‍ ഏറെ വൈകി, ഏറെക്കുറെ ലക്ഷണയുക്തമായി രൂപപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ചു ശീലിച്ചവരായപ്പോള്‍ രണ്ടാമത്തെക്കൂട്ടര്‍ ജനിക്കുമ്പോഴേ അതുമായി ഇടപെട്ടവരായി. ഇതിനിടെ ഞങ്ങളുടെ തലമുറയാണ് ടൈപ് റൈറ്റിങ് പഠിച്ച് പിന്നീട് കംപ്യൂട്ടര്‍ കീ ബോര്‍ഡിലേക്ക് മാറേണ്ടിവന്നവര്‍. സാധാരണ വാച്ചിനു പുറമേ ഇലക്ട്രോണിക് വാച്ച് ആദ്യമായി ഉപയോഗിച്ചവര്‍. ലാന്‍ഡ്‌ഫോണില്‍ നിന്ന് പേജര്‍ വഴി മൊബൈലിലേക്കു മാറേണ്ടിവന്നവര്‍. പിക്ചര്‍ ട്യൂബ് കണ്ടിട്ട് എല്‍സിഡിയും പ്‌ളാസ്മയും വഴി എല്‍.ഇ.ഡിയിലേക്കു മാറിയവര്‍....ആ പരിവര്‍ത്തനകാലത്ത് അതിനൊപ്പം നില്‍ക്കുകയും അതിന്റെ വളര്‍ച്ച കണ്മുന്നില്‍ കാണുകയും അതിന്റെ സാങ്കേതികത പഠിച്ചെടുത്ത് അതില്‍ പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്തവര്‍. ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോഴേ നാട്ടില്‍ ഇലക്ട്രോണിക് ടൈപ്‌റൈറ്ററും മറ്റും വന്നുകഴിഞ്ഞിരുന്നു. പക്ഷേ പി.ജിക്കു പഠിക്കുമ്പോള്‍ മാത്രമാണ് ഡിടിപി വ്യാപകമാവുന്നത്. തിരുവനന്തപുരത്ത് ബ്രഹ്മ സോഫ്ട് ടെക് ആയിരുന്നു ആദ്യത്തെ ഡിടിപിക്കാര്‍. പിന്നീട് ടാന്‍ഡം വന്നു. അതിനൊപ്പം ആദ്യകാലത്തു തന്നെ തിരുവനന്തപുരത്ത് പുഷ്‌കലിച്ച ടെക്‌നോഗ്രാഫ് എന്ന ഡിടിപി കേന്ദ്രം ഞാന്‍ കൂടി പങ്കാളിയായി ചങ്ങാതികളായ സഹാനിയും വിനോദും ചേര്‍ന്ന് എന്റെ വീട്ടില്‍ തുടങ്ങുകയും പിന്നീട് വഴുതയ്ക്കാട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ക്രമേണ പങ്കാളികള്‍ക്കെല്ലാം മറ്റു ജോലികളായപ്പോള്‍ അവസാനിപ്പിക്കുകയും ചെയ്ത സ്ഥാപനം.
പറഞ്ഞുവന്നത് അതല്ല. ആദ്യമായി ഒരു സെല്‍ ഫോണ്‍ കാണുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും മലയാള മനോരമയില്‍ സബ് എഡിറ്ററായിരിക്കെയാണ്. നോക്കിയയുടെ ഗ്രേ/ബ്‌ളൂ നിറങ്ങളിലുള്ള ബെയ്‌സ് സെറ്റ്. ഒരു എല്‍.സി.ഡിസ്പ്‌ളേ. ഫോണും എസ് എം എസും മാത്രമേ സംവിധാനമുള്ളു. പിന്നെ സമയവും തീയതിയുമറിയാം. കാല്‍ക്കുലേറ്റും ചെയ്യാം. മെസേജയയ്ക്കാന്‍ പോലും പരിമിത കീ ബോര്‍ഡായതുകൊണ്ട് വളരെ ശ്രമകരമായിരുന്നു. മനോരമയില്‍ ഹാന്‍ഡ്‌സെറ്റുകള്‍ വരുന്നത് ഡസ്‌ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്. ന്യൂസ് എഡിറ്റര്‍ തൊട്ടു മുകളിലോട്ടുള്ളവര്‍ക്കു കൂടാതെ പൊതു ആവശ്യങ്ങള്‍ക്ക് നാലോ അഞ്ചോ ഹാന്‍ഡ്‌സെറ്റുകള്‍. അന്നൊക്കെ എന്തോ ദിവ്യ സംഗതി കാണുന്നതുപോലെയായിരുന്നു അതിനോടുള്ള ഭയഭക്തി ബഹുമാനം. സ്‌പോര്‍ട്‌സ് ഡസ്‌ക്, ചരമഡസ്‌ക് ലോക്കല്‍ ഡസ്‌ക് ചീഫ് എന്നിവര്‍ക്കു പുറമേ ഓരോ യൂണിറ്റിന്റെയും പേജുകള്‍ ചെയ്യുന്ന ഡസ്‌ക് ചീഫ്മാര്‍ക്ക് ഓരോന്ന്. അത് ഡസ്‌കിന്റെ പൊതു സ്വത്താണ്. കോട്ടയത്തു നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ പ്രധാന യൂണിറ്റുകള്‍ക്ക് നേരത്തേ ഉണ്ടായിരുന്ന റിസീവര്‍ ലിഫ്റ്റ് ചെയ്താല്‍ നേരിട്ടു സംസാരിക്കാന്‍ സംവിധാനമുള്ള ഡെഡിക്കേറ്റഡ് ഹോട്ട്‌ലൈന്‍ ലാന്‍ഡ്‌ഫോണിനു പുറമേയായിരുന്നു ഈ ഹാന്‍ഡ് സെറ്റ്. നേരിട്ട് കോ ഓര്‍ഡിനേറ്ററേയോ ന്യൂസ് എഡിറ്ററെയോ ന്യൂസ് കോഓര്‍ഡിനേറ്ററെയോ റിപ്പോര്‍ട്ടര്‍മാരെയോ പോലും വേണമെങ്കില്‍ വിളിക്കാം എന്നതായിരുന്നു പ്രത്യേകത. പക്ഷേ, പുറത്തേക്ക് മറ്റൊരു നമ്പരിലേക്കും വിളിക്കാനാവില്ല. ക്‌ളോസ്ഡ് യൂസേഴ്‌സ് ഗ്രൂപ്പിനുള്ളില്‍ മാത്രം എത്രവേണെങ്കിലും വിളിക്കാം. ഡ്യൂട്ടിയനുസരിച്ച് ഡസ്‌ക് ചീഫ് ആവുമ്പോള്‍ ഒരു ചെങ്കോല്‍ തന്നെയായിരുന്നു ഈ ഹാന്‍ഡ്‌സെറ്റ്.
സ്വന്തമായി അതുപോലൊന്ന് കരസ്ഥമാക്കുന്നത് മനോരമ വിട്ട് 2000 നവംബറില്‍ തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ (മലയാളം വെബ്ദുനിയ) ചേര്‍ന്നപ്പോഴാണ്. അന്ന് ജയിംസ് ബോണ്ട് സിനിമയിലൂടെ തരംഗമായിക്കഴിഞ്ഞിരുന്ന എറിക്‌സണ്‍ ഹാന്‍ഡ്‌സെറ്റ്. ഒരു ചെറിയ വാക്കിടോക്കിയുടെ വലിപ്പം. ഒരു ഫൗണ്ടന്‍പേനയുടെ വലിപ്പമുള്ള ആന്റിന. പിയേഴ്‌സ് ബ്രോസ്‌നന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന എറിക്‌സണെ അന്ന് സോണി ഏറ്റെടുത്തിരുന്നില്ല. എസ്സാര്‍ ഗ്രൂപ്പിന്റെ എസ്‌കോട്ടലും രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്ലുമായിരുന്നു കേരളത്തിലെ അന്നത്തെ സേവനദാതാക്കള്‍. കവറേജൊക്കെ കണക്കാണ്. തിരുവനന്തപുരം വിട്ടാല്‍ കൊല്ലം പോലും റെയ്ഞ്ചില്ല. കൊച്ചിയില്‍ ചെന്നാല്‍ കിട്ടും. ടവറുകളുടെ കുറവു തന്നെ കാരണം. താരീഫിന്റെ കാര്യമാണ് വിചിത്രം. നിശ്ചിത തുക 750 രൂപയോ മറ്റോ പ്രതിമാസം. 25 കോളും 50 മേസേജും എന്തോ സൗജന്യം. ഒരു ഔട്ട്‌ഗോയിങ് കാളിന് 12 രൂപ. ഇന്‍കമിങിന് 6 രൂപ. (ആരെങ്കിലും ഇങ്ങോട്ടുവിളിച്ച് ഫോണെടുത്താല്‍ 6 രൂപ എടുക്കുന്നയാള്‍ കൊടുക്കണം.) മൂന്നു മിനിറ്റിനാണ് ഈ റേറ്റ്. സംസാരം നീണ്ടാല്‍ മിനിറ്റിന് 3 രൂപവച്ച് വീണ്ടും കൊടുക്കണം. ലാന്‍ഡ് ലൈനിലേക്കാണെങ്കില്‍ റേറ്റ് വീണ്ടും കൂടും. ആ സമയത്താണെന്നു തോന്നുന്നു മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം ഞാനും ലോകത്തൊരുപക്ഷേ ഇന്ത്യയില്‍ മാത്രം നിലവിലുണ്ടായ മിസ്ഡ് കാള്‍ എന്ന സങ്കേതം കണ്ടെത്തുന്നത്. വീട്ടില്‍ കാളര്‍ ഐഡിയുള്ള ഫോണ്‍ വാങ്ങി വച്ചു. മോള്‍ അന്ന് എന്നോടൊപ്പം തിരുവനന്തപുരത്താണ്. ആവശ്യമുള്ളപ്പോള്‍ ലാന്‍ഡ്‌ലൈനിലേക്ക് മിസ്ഡ് കോള്‍ കൊടുക്കും. ഒന്നോ രണ്ടോ റിങ് കഴിഞ്ഞ് വയ്ക്കും. അച്ഛനോ അമ്മയോ അതു കണ്ട് തിരികെ വിളിക്കും. അപ്പോള്‍ 16 രൂപയുടെ സ്ഥാനത്ത് എട്ടു രൂപ മതിയാവും. പിന്നീട് അതും മാറി, ലാന്‍ഡ് ലൈനില്‍ നിന്ന് അച്ഛനുമമ്മയും എന്റെ ഓഫീസ് ലാന്‍ഡ് ലൈനിലേക്കു വിളിക്കും. അപ്പോള്‍ സാധാരണ ടെലികോം നിരക്കുകള്‍ മാത്രം കൊടുത്താല്‍ മതി. (അന്ന് ബിഎസ് എന്‍എല്‍ വിഎസ്എന്‍എല്‍ എന്നൊന്നും വഭജിച്ചിട്ടില്ല. ഇന്ത്യന്‍ ടെലിഫോണ്‍സ് എന്നേയുളളൂ) തൂങ്ങി വീഴുംവിധം മാണ്ടന്‍ ഹാന്‍ഡ്‌സെറ്റ് പോക്കറ്റില്‍ വച്ചുകൊണ്ടുപോകുന്നത് ഒരു ഗമയായിരുന്നു അന്നൊക്കെ.
ആദ്യം സ്വന്തമാക്കിയ ഹാന്‍ഡ്‌സെറ്റിന് വില 16000 രൂപയോ മറ്റോ ആയിരുന്നു. 9846099002 ആയിരുന്നു എന്റെ നമ്പര്‍. നല്ല ഭാരമായിരുന്നു. മൂന്നുനാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അതിന്റെ ഗ്യാസൗട്ട് ആയി. അപ്പോഴേക്ക് അനില്‍ അമ്പാനിയുടെ റിലയന്‍സ് സിഡിഎംഎ സാങ്കേതികവിദ്യയില്‍ എല്‍ജിയുടെ സ്‌ളീക്ക് ഹാന്‍ഡ്‌സെറ്റുമായി കളത്തിലെത്തിയിരുന്നു. പോളിഫോണിക് റിങ് ടോണും ബ്‌ളൂ ഡൈനാമിക് ഡിസ്പ്‌ളേയുമായിരുന്നു സവിശേഷതകള്‍. പക്ഷേ വില വളരെ കൂടുതലായിരുന്നു. എന്നാല്‍ മാസവരി കുറവും. രണ്ടാമത്തെ കണക്ഷനായി അതിലും ഒന്നു സ്വന്തമാക്കി. അച്ഛനടക്കം ഉപയോഗിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് അതിന്റെ അസ്ഥിപഞ്ചരം വരെ വന്നശേഷമാണ് ഉപേക്ഷിച്ചത്. അപ്പോഴേക്ക് വോഡഫോണും എയര്‍ടെല്ലും ഐഡിയയും അടക്കം എത്രയോ കമ്പനികള്‍ വരികയും പലതിനെയും വിഴുങ്ങുകയുമൊക്കെ ചെയ്ത് നിരക്കുകള്‍ ജനകീയമാക്കിക്കഴിഞ്ഞിരുന്നു. ഞാനും പല കമ്പനികള്‍ മാറി കന്യകയുടെ പത്രാധിപരായെത്തി. അപ്പോഴെനിക്കുണ്ടായിരുന്നത് പഴയ ഹാന്‍ഡ്‌സെറ്റ് ആയിരുന്നു. ആയിടയ്ക്കാണ് സുഹൃത്തും കന്യകയ്ക്കു വേണ്ടി ഗള്‍ഫില്‍ നിന്ന് പലതും എഴുതിയയ്ക്കുന്ന എഴുത്തുകാരിയുമായ സപ്‌ന അനു നാട്ടിലേക്കു വരുന്നു എന്തെങ്കിലും ആവശ്യമുണ്ടോ എന്നന്വേഷിക്കുന്നത്. പൈസ വാങ്ങുമെങ്കില്‍ മാത്രം നല്ല ഒരു ഹാന്‍ഡ്‌സെറ്റ് കൊണ്ടുവരാമോ എന്നു ചോദിച്ചു. ആ നിബന്ധനയോടെ സപ്ന കൊണ്ടുവന്ന സാംസങിന്റെ ആദ്യകാല ഡുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആണ് ചിത്രത്തില്‍ ആദ്യം കാണുന്നത്. ഇന്നവന്‍ വാര്‍ദ്ധക്യത്തിന്റെ അറ്റത്താണ്.കീപാഡൊക്കെ പോയി. നിറം കൊണ്ടും പ്രകടനം കൊണ്ടും ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഹാന്‍ഡ്‌സെറ്റ്. കളര്‍ ഡിസ്പ്‌ളേ.നല്ല റിങ്‌ടോണ്‍സ്. മൂന്നു നാലു വര്‍ഷം ഉപയോഗിച്ചു. പിന്നീട് സദാസമയവും  ഹാന്‍ഡ്‌സെറ്റിന്റെ ഉപയോഗം ആവശ്യമായിട്ടുള്ള അമൃത ടിവിയുടെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സ്ഥാനത്തേക്കു മാറിയപ്പോള്‍ കുറേക്കൂടി ബാറ്ററി ലൈഫ് ഉള്ളൊരു സെറ്റിന്റെ ആവശ്യം വന്നു. അക്കാലത്ത് വാര്‍ത്താവതാരകന്‍ കൂടിയായിരുന്ന ഇപ്പോള്‍ ദുബായ് ഹിറ്റ് എഫ് എമ്മിലുള്ള കൃഷ്ണകുമാറിന്റെ ഉപദേശപ്രകാരം ഒരു സിംഗിള്‍ സിം നോക്കിയ വാങ്ങി. അതുപക്ഷേ എന്റെ കൈവശം അധികം വാണില്ല. ബാറ്ററി കേടായി പിന്നീട് പെട്ടെന്ന് കറപ്റ്റഡ് ആയി. അപ്പോള്‍ പകരം വാങ്ങിയത് സാംസങിന്റെ ഒതുക്കമുള്ള സ്‌ളീക്ക് ആയ ഒരു സ്‌ളൈഡിങ് സെറ്റ് ആണ്. കീപാട് മൊത്തമായി സ്‌ളൈഡ് ചെയ്ത് ചെറുതാക്കി വയ്ക്കാവുന്ന ഒന്ന്. എനിക്കു വളരെ വളരെ ഇഷ്ടമായിരുന്ന സെറ്റ്.
ആയിടയ്ക്കാണ് കാനഡയില്‍ എന്റെ ഒരേയൊരു പെങ്ങളുടെ മകന്‍, ഞാന്‍ കൂടി വളര്‍ത്തി വലുതാക്കിയ എന്റെ ഒരേയൊരു അനന്തരവന്‍ ഗൗതം ജോലികിട്ടിയ സന്തോഷത്തിന് ചേച്ചി എനിക്കൊരു ആപ്പിള്‍ ഐഫോണ്‍ സമ്മാനിക്കുന്നത്. ഐഫോണ്‍ ഫോര്‍ ആയിരുന്നു അത്. ചിത്രത്തിലുണ്ട് ആള്‍. ഇപ്പോഴും പ്രവര്‍ത്തിക്കും. പക്ഷേ ടച്ചിന് പ്രശ്‌നം. വൈഡ് ടച്ചേ പ്രവര്‍ത്തിക്കൂ. പത്തുപതിനേഴു വര്‍ഷത്തെ സര്‍വീസുണ്ട്) അന്ന് ഐഫോണ്‍ സ്റ്റാറ്റസ് സിംബലാണ്. ആദ്യം കൈയില്‍ വരുന്ന ടച്ച് സ്‌ക്രീന്‍ ഫോണ്‍. അതുകിട്ടിയ ഗമയില്‍ ഞാനെന്റെ സാംസങ് ഭാര്യയ്ക്കു കൊടുത്തു. അതുവരെ എന്റെ പഴയ നോക്കിയ ഉപയോഗിച്ചുപോന്ന ഭാര്യയുടെ കൈയില്‍ സാംസങ് അധികം വാണില്ല. ടോയ്‌ലെറ്റില്‍ വീണു നനഞ്ഞ് അത് കേടായിപ്പോയി.
ഐഫോണ്‍ കൈവന്നപ്പോഴും എന്റെ ഫോണ്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. അപ്രതീക്ഷിതമായി അമൃത വിട്ട് വീണ്ടും കന്യകയില്‍ ചേക്കേറേണ്ടിവന്നപ്പോള്‍ മംഗളത്തിന്റെ ഔദ്യോഗിക സിമ്മിനൊപ്പം വര്‍ഷങ്ങളായി (ഇപ്പോഴും) ഞാനുപയോഗിക്കുന്ന വ്യക്തിഗത നമ്പരും കൊണ്ടുനടക്കേണ്ടതായി വന്നു. ഐഫോണിന് ഒറ്റസിമ്മല്ലേ പറ്റൂ. പിന്നെ നെറ്റ് ഉപയോഗിച്ചാല്‍ അതിന്റെ ബാറ്ററി അഞ്ചു മണിക്കൂറിലേറെ നില്‍ക്കില്ല. ഞാനാണെങ്കില്‍ ദിവസവും തിരുവനന്തപുരത്തു നിന്നു കോട്ടയത്തു പോയിവരികയാണ്. രാത്രി 11 മണിവരെയെങ്കിലും മൊബൈല്‍ ചാര്‍ജ് നില്‍ക്കണം. അങ്ങനെയാണ് താരതമ്യേന വിലകുറഞ്ഞ ഒരു രണ്ടാം സെറ്റിലേക്കു പോകുന്നത്. അന്നത്തെ ട്രെന്‍ഡ് ആയിരുന്ന കാര്‍ബണ്‍ എന്ന ഇന്ത്യന്‍ ബ്രാന്‍ഡിന്റെ ഹാന്‍ഡ്‌സെറ്റ് ആയിരുന്നു അത്. അതും നാലഞ്ചുവര്‍ഷം ഒരു കുഴപ്പവുമില്ലാതെ കൊണ്ടുനടന്നു. കണ്ടാല്‍ ബ്ലാക്ക് ബെറി പോലിരിക്കുന്ന ഒന്നായിരുന്നു അത്. അതു നശിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ഒരു ബ്‌ളാക്ക്‌ബെറി വാങ്ങി. അതും അധികം വാണില്ല. അതിനൊക്കെ ശേഷമാണ് ഭാര്യയ്ക്കു വേണ്ടി സ്വന്തമായി ഒരു ടച്ച് ഫോണ്‍ വാങ്ങുന്നത്. അതുവരെയും പാവം ഞാന്‍ ഉപയോഗിച്ചുപേക്ഷിക്കുന്ന പഴയവയാണുപയോഗിച്ചിരുന്നത്. സാംസങിന്റെ ചെറിയ ടച്ച് സ്‌ക്രീനുള്ള ഡ്യുവോയാണ് അവര്‍ക്കുവേണ്ടി ആദ്യം വാങ്ങുന്നത്. പിന്നെ എന്റെ പഴയ ഐഫോണായി, പിന്നീട് ലെനോവോ, അതുകഴിഞ്ഞിപ്പോള്‍ സാംസങ്. ഞാനും വാങ്ങി ഒരു ലെനോവോ. ഇതിനിടയില്‍ എന്റെ മൊബൈല്‍ ദാരിദ്ര്യം കണ്ട ഭാര്യതന്നെ ഭാര്യാസഹോദരി വഴി യുഎസില്‍ നിന്ന് ഐഫോണിന്റെ എട്ട് എസ് കൊണ്ടുതന്നു. ഇപ്പോള്‍ അതും പിന്നെ അടുത്തിടെ സ്വന്തമാക്കിയ വിവോയുമാണ് കൈവശമുള്ള മോഡലുകള്‍. കോവിഡ്കാല ശുദ്ധികലശത്തില്‍ പലയിടത്തായി കിടന്ന പഴയ ഹാന്‍ഡ്‌സെറ്റുകളുടെ പപ്പും പൂടയുമൊക്കെ കണ്ടപ്പോള്‍ എടുത്തുവച്ച് ഒരു ചിത്രമാക്കി. കിടക്കട്ടെ ഓര്‍മ്മകളില്‍ ഒരു ഇ-ജങ്കും!


Thursday, April 16, 2020

ഇങ്ങനെയും ചില പ്രസിദ്ധീകരണങ്ങള്‍





ജേര്‍ണിലസം സ്‌ട്രോക്‌സ്-3

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെന്നപോലെ സമാന്തരമായും സാര്‍ത്ഥകവും പ്രോജ്ജ്വലവുമായൊരു പ്രസിദ്ധീകരണസംസ്‌കാരമുണ്ട് മലയാളത്തിന്. എന്നാല്‍ മുഖ്യധാരയില്‍ തന്നെ ചില സമാന്തരമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത് അല്‍പായുസുക്കളായിത്തീര്‍ന്നതുകൊണ്ടുതന്നെ ചരിത്രത്തിന്റെ പുസ്തകത്താളുകളില്‍ വിസ്മൃതിയിലേക്ക് ആണ്ടുതാണിട്ടുണ്ട്. അത്തരം
മൂന്നു പ്രസിദ്ധീകരണങ്ങളെപ്പറ്റിയാണ്, അച്ചടി പ്രസിദ്ധീകരണങ്ങളുടെ ഭാവി തന്നെ സന്ദിഗ്ധാവസ്ഥയില്‍ നില്‍ക്കുന്ന ഈ കോവിഡ് കാല പശ്ചാത്തലത്തില്‍ സുഹൃത്തുകൂടിയായ എഴുത്തുകാരനും ഗായകനുമായ സുഹൈബിന്റെ പ്രയോഗം കടമെടുത്താല്‍ 'കുത്തിപ്പൊക്കുന്നത്.'
ഇന്ത്യയില്‍ ഒരു മാസികയ്ക്കും ഉണ്ടാവാത്തൊരു റെക്കോര്‍ഡ് പ്രിന്റ് ഓര്‍ഡറോടെ ആഘോഷിക്കപ്പെട്ട പിറവിയായിരുന്നു ഗൃഹശ്രീയുടേത്. ഡെമി 1/2 എന്ന സൈസും ഉള്ളടക്കത്തിലെ സവിശേഷതകളും കൊണ്ടുമാത്രമായിരുന്നില്ല ഗൃഹശ്രീ വേറിട്ടു നിന്നത്. വിതരണത്തിന്റെ കാര്യത്തില്‍, കാര്യക്ഷമമായി മുന്നോട്ടു പോയിരുന്നെങ്കില്‍ മുന്‍നിര മുഖ്യധാരയ്ക്കു പോലും വെല്ലുവിളിയോ മാര്‍ഗനിര്‍ദ്ദേശമോ ആയിത്തീരുമായിരുന്ന ഒരു സങ്കല്‍പം ബിസിനസ് മോഡല്‍ ആണ് ഗൃഹശ്രീ മുന്നോട്ടുവച്ചത്. മലയാള മനോരമയില്‍ നിന്ന് രാജിവച്ച എന്റെ രണ്ടു മുന്‍കാല സഹപ്രവര്‍ത്തകര്‍ കൂടിയായ എസ്.രാധാകൃഷ്ണനും വി.ഉണ്ണികൃഷ്ണനു മായിരുന്നു അതിന്റെ പിന്നിലെ പ്രധാനികള്‍. രണ്ടുപേരും അന്തരിച്ച ഷംസുദ്ദീന്‍ 

സാറിനൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് മനോരമ വിട്ട് ഗള്‍ഫ് ന്യൂസില്‍ ചേര്‍ന്നവര്‍. അവിടെ നിന്നു വിട്ട് സ്വന്തം സംരംഭമായി തുടങ്ങിയതാണ് ഗൃഹശ്രീ. അന്ന് തിളങ്ങിവരുന്ന സൈനുല്‍ ആബിദ് ആയിരുന്നു ഡിസൈന്‍. ഗള്‍ഫ് ന്യൂസ് മുതല്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ബോഡി ബില്‍ഡര്‍ കൂടിയായ ജൂഡിന്‍ ബര്‍ണാട് ഫോട്ടോഗ്രാഫറും. പി.എം.ജിയിലെ ജൂഡിന്റെ വീട് തന്നെയായിരുന്നു ഓഫീസ് എന്നാണോര്‍മ്മ. ഇനി വിതരണക്കാര്യത്തിലെ ഗൃഹശ്രീയുടെ അത്രയ്ക്ക് സവിശേഷമാര്‍ന്ന സങ്കല്‍പം എന്തായിരുന്നു എന്നല്ലേ?
കേരളത്തില്‍ അന്ന് ഏറെക്കുറെ കുത്തക സാന്നിദ്ധ്യം തന്നെയായിരുന്ന കേബിള്‍ ടിവി സേവനദാതാക്കളായിരുന്നു ഏഷ്യാനെറ്റ്. സിറ്റി കേബിള്‍, കേരളവിഷന്‍ പോലുള്ളവയൊന്നും വിപണിയിലേക്കു കടന്നുവന്നിട്ടില്ല. ഏഷ്യാനെറ്റിന്റെ അപ്രമാദിത്തം മാത്രമാണ് കേബിള്‍ ദൃശ്യശൃംഖലയില്‍. മാസാമാസം വീടുകളിലെത്തി ഫ്രാഞ്ചൈസികളുടെ പ്രതിനിധികള്‍ നേരിട്ടായിരുന്നു ഏഷ്യാനെറ്റിന്റെ വരിസംഖ്യ പിരിച്ചിരുന്നത്, ഇന്നും പത്രക്കാശ് ഏജന്റ് വന്നു വാങ്ങുന്നതുപോലെ. കേബിള്‍ വിതരണത്തില്‍ മത്സരം കടുക്കുന്ന സമയമാണ്. ഏഷ്യാനെറ്റിന്റെ മേല്‍ക്കൈ തുടര്‍ന്നും ഉറപ്പാക്കാന്‍ ഒരു സൗജന്യ ബോണസ്. എല്ലാ മാസവും വനിത പോലെ, കന്യക പോലെ, ഗൃഹലക്ഷ്മി പോലെ, കുറേക്കൂടി ആധുനികമായ ഒരു ലൈഫ് സ്റ്റൈല്‍ പ്രസിദ്ധീകരണം തീര്‍ത്തും സൗജന്യമായി ഏഷ്യാനെറ്റ് വരിക്കാര്‍ക്ക് വീട്ടിലെത്തിക്കും. വരിപ്പണം വാങ്ങാന്‍ പോകുന്ന പ്രതിനിധി അതു നേരിട്ടു കൊണ്ടുക്കൊടുക്കും. അന്നത്തെ നിലയ്ക്ക് ഏതാണ്ട് അഞ്ചുലക്ഷത്തോളമുണ്ട് ഏഷ്യാനെറ്റിന്റെ വരിക്കാര്‍. അതനുസരിച്ച് ആദ്യത്തെ പ്രതിയുടെ തന്നെ പ്രിന്റ് ഓര്‍ഡര്‍ അഞ്ചുലക്ഷത്തില്‍പ്പരം. എ.ബി.സി അല്ല ഒരു റേറ്റിങ് ഏജന്‍സിയുടെയും സാക്ഷ്യപ്പെടുത്തലും വേണ്ട. കാരണം മുഖവിലയില്ലാതെ ഏഷ്യാനെറ്റ് വരിക്കാര്‍ക്ക് തീര്‍ത്തും സൗജന്യമായി എത്തിക്കുന്നതാണ്. അതില്‍ കള്ളമില്ല, അതിന്റെ ആവശ്യവുമില്ല. വിതരണച്ചെലവ് പൂജ്യം! പരസ്യ ഏജന്‍സികള്‍ക്കു പോലും ഗൃഹശ്രീയുടെ പ്രചാരണത്തില്‍ സന്ദേഹിക്കേണ്ട ആവശ്യമില്ല.
പകരം, പരസ്യത്തിന്റെ കാര്യത്തിലും മറ്റും ഏഷ്യാനെറ്റ് കൂടി സംയുക്തമായി മാര്‍ക്കറ്റ് ചെയ്യും എന്നാണ് ധാരണ.ചാനലിനു മാത്രമായി പിടിക്കുന്ന പരസ്യത്തിന് ഗൃഹശ്രീ കുടി ചേര്‍ത്ത് അല്‍പം കൂടുതല്‍ തുക ഈടാക്കിയാല്‍ ആ തുക ഗൃഹശ്രീക്കു കൊടുക്കണം. അതുപോലെ, മത്സരം മുറുകുന്ന കേബിള്‍ രംഗത്ത് ഏഷ്യാനെറ്റിന്റെ വരിക്കാരെ കൂട്ടാന്‍ ഗൃഹശ്രീ ഒരു ആകര്‍ഷകമായി ചൂണ്ടിക്കാണിക്കുകയുമാവാം. ഏതാണ്ട് ഒരു വര്‍ഷത്തോളം, മലയാളം അന്നുവരെ കണ്ട ലൈഫ്‌സ്റ്റൈല്‍ പ്രസിദ്ധീകരണങ്ങളില്‍ ഒരു വിപ്‌ളവമായിത്തന്നെ ഗൃഹശ്രീ പുറത്തിറങ്ങി. സൗജന്യമായി ഏഷ്യാനെറ്റ് വരിക്കാരുടെ വീടുകളിലുമെത്തി. ആദ്യമൊക്കെ നല്ല പരസ്യങ്ങളും കിട്ടി. പക്ഷേ, ഏഷ്യാനെറ്റിന് അവരുടെ വാക്ക് പാലിക്കാനാവാത്തതുകൊണ്ടോ എന്തോ, വിചാരിച്ചത്ര പരസ്യം ഗൃഹശ്രീയിലേക്ക് അവരില്‍ നിന്ന് എത്തിച്ചേര്‍ന്നില്ല. ക്രമേണ, ഗൃഹശ്രീയുടെ വലിപ്പം കുറഞ്ഞു.കനം കുറഞ്ഞു. വൈകാതെ അതിന്റെ പ്രസിദ്ധീകരണവും നിലച്ചു. രാധാകൃഷ്ണനും ഉണ്ണികൃഷ്ണനും ജൂഡിനും കടം ബാക്കിയാക്കി മലയാളത്തിലെ വേറിട്ടൊരു പ്രസിദ്ധീകരണസ്വപ്‌നം അങ്ങനെ ചരിത്രം മാത്രമായി. ഇന്നും ഓര്‍ക്കുമ്പോള്‍ ഏറെ സാധ്യതയുണ്ടായിരുന്ന ഒരു ബിസിനസ് മോഡലായിരുന്നു ഗൃഹശ്രീയുടേത്. പക്ഷേ, എന്തുകൊണ്ടോ അതൊരു ദുരന്തപര്യവസായിയായി.
ഇനിയൊന്നുള്ളത് ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍ ആണ്. കേരളത്തില്‍ നിന്ന് തൊണ്ണൂറുകളില്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ പുറത്തിറങ്ങിയ ഇംഗ്‌ളീഷ് പ്രഭാത ദിനപത്രം. മലയാളത്തില്‍ സദ് വാര്‍ത്ത എന്നൊരു പ്രഭാത ദിനപത്രവും ഒപ്പം പുറത്തിറങ്ങി. കൊച്ചിയായിരുന്നു ആസ്ഥാനം.കത്തോലിക്ക അച്ചന്മാരുടെ ശ്രമഫലമായി മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിനു മാതൃകയായി ആരംഭിച്ചതാണവ. ഏഷ്യാനെ്റ്റിലൂടെ വന്ന് പിന്നീട് കൈരളിയിലേക്കു പോയ ഡോ.എന്‍.പി.ചന്ദ്രശേഖരന്‍, മീഡിയ വണിന്റെ വാര്‍ത്താവിഭാഗം മേധാവി സി.എല്‍.തോമസ്, മംഗളം ദിനപത്രം ചീഫ് എക്‌സിക്യൂട്ടീവ് എഡിററര്‍ രാജു മാത്യു തുടങ്ങി മനോരമ ലേഖികയും കൗമുദി ടിവി പ്രോഗ്രാം മേധാവി എ.സി.റെജിയുടെ ഭാര്യയുമായ വിനീത ഗോപി വരെയുള്ളവര്‍ സദ് വാര്‍ത്തയുടെ പിന്നണിപ്രവര്‍ത്തകരായിരുന്നു. ഒരുപക്ഷേ ഡോ സുകുമാര്‍ അഴീക്കോടിന്റെ മുഖ്യപത്രാധിപത്യത്തില്‍ പുറത്തിറങ്ങി പിന്നീട് സ്വാഭാവിക ചരമമടഞ്ഞ വര്‍ത്തമാനത്തിനു മുമ്പ് കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു മാധ്യമസംരംഭമായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിക്കേറ്ററും സദ് വാര്‍ത്തയും. എന്തോ പിന്നീടു വന്ന ന്യൂ ഏജ് അടക്കമുള്ള പല ദിനപത്രങ്ങള്‍ക്കും ഉണ്ടായതുപോലെ മൂന്നു നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വാഭാവിക ചരമമടയാനായിരുന്നു അതിന്റെ വിധി.


എന്റെ പത്രശേഖരത്തില്‍ നിന്നുള്ള മൂന്നാമത്തെ കുത്തിപ്പൊക്കായ ഈനാട് (തെലുങ്കിലെ ഇടിവി ഗ്രൂപ്പിന്റെ പത്രമല്ല, അതു തുടങ്ങും മുമ്പ് തന്നെ മലയാളത്തില്‍ ആരംഭിച്ച പത്രമാണ്.) മലയാള പ്രസിദ്ധീകരണചരിത്രത്തില്‍ നിര്‍ണായകമായ പല പുതുമകളുടെ പേരില്‍ക്കൂടി പ്രസക്തമായ ഒന്നാണ്. തിരുവനന്തപുരത്ത് വഴുതയ്ക്കാട് ഫോറസ്റ്റ് ഓഫീസ് ലെയ്‌നില്‍ നിന്ന് പ്രൊഫ.ജഗന്നാഥപണിക്കറുടെ ഉടമസ്ഥതയിലും മുഖ്യ പത്രാധിപത്യത്തിലും ആരംഭിച്ച ദിനപത്രമായിരുന്നു ഈനാട്. അതിന്റെ ചരിത്രപരമായ പ്രസക്തി, അതായിരുന്നു കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണമായി ഫോട്ടോകംപോസിങും ഓഫ്‌സെറ്റും നടപ്പില്‍ വരുത്തിയ ആദ്യത്തെ മലയാള ദനിപത്രം എന്നതാണ്. ഈനാട് പ്രസിദ്ധീകരിച്ച ശേഷം മാത്രമാണ് മാതൃഭൂമിയും അതേത്തുടര്‍ന്ന മനോരമയുമെല്ലാം ഈ സാങ്കേതികവിദ്യകളിലേക്കു തിരിയുന്നത്. തിരുവനന്തപുരത്തിന്റെ പത്രമായിരുന്ന കേരളകൗമുദി അപ്പോഴും പരമ്പരാഗത സാങ്കേതികവിദ്യയാണ് പിന്തുടര്‍ന്നു പോന്നത്. എന്നാല്‍ പിന്നീട് എന്തുകൊണ്ടോ ഈനാടിനും സ്വാഭാവികമരണം കൈവരിക്കേണ്ടി വന്നു. ഇന്നിപ്പോള്‍ ഈനാട് എന്ന് ഗൂഗിളില്‍ പരതിയാല്‍ ഹൈദരാബാദിലെ പത്രവും ടിവിയും മാത്രമാണ് തെളിഞ്ഞുവരിക എന്നതുകൊണ്ടാണ് ഈ വിവരങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്.

Monday, April 13, 2020

പേരെഴുത്തിലെ പരിഷ്‌കാരങ്ങള്‍




ജേര്‍ണലിസം സ്‌ട്രോക്‌സ്-2

കേരളത്തില്‍ ഏറ്റവുമധികം രൂപം മാറിയ പത്രങ്ങളാണ് ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസും മംഗളവും. മാസ്റ്റ്‌ഹെഡ്/ നെയിം പ്‌ളേറ്റ് തന്നെ ഒന്നിലധികം തവണ മാറ്റിമറിച്ചിട്ടുള്ള പത്രങ്ങള്‍. എം.സി വര്‍ഗീസ് സാറിന്റെ ഉടമസ്ഥതയില്‍ മംഗളം വാരികാ കുടുംബത്തില്‍ നിന്ന് തൊണ്ണൂറുകളുടെ ആദ്യം ഒരു ദിനപത്രം തുടങ്ങിയപ്പോഴും അതിന്റെ പേരെഴുത്ത് വാരികയുടെ അതേ ശൈലിയില്‍ത്തന്നെയായിരുന്നു. ബോഡിക്കോപ്പി ഫോണ്ടിലടക്കം മലയാള മനോരമയുടെ ഫോട്ടോക്കോപ്പിയായിരുന്നു അത്. പഞ്ചാരി എന്ന മനോരമ ഫോണ്ടു തന്നെയാണ് മംഗളവും ഉപയോഗിച്ചുപോന്നത്. പേരില്ലാത്ത ഭാഗം എവിടെയെങ്കിലും കണ്ടാല്‍ രണ്ടാമത്തെ നോട്ടത്തില്‍ പോലും അത് മംഗളമാണോ മനോരമയാണോ എന്നു തിരിച്ചറിയാന്‍ ആവാത്തവിധമാണ് ആദ്യകാല പത്രമിറങ്ങിയിരുന്നത്. (തീര്‍ച്ചയായും ന്യൂസ് പ്രിന്റിന്റെയും മഷിയുടെയും മറ്റും നിലവാരത്തിലൂടെ അത് വ്യക്തമായി തിരിച്ചറിയാമായിരുന്നെങ്കിലും) എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം, മാധ്യമം ദിനപത്രം ഇറങ്ങിയ ശേഷമാണെന്നു തോന്നുന്നു, മംഗളം അതിന്റെ മാസ്റ്റ്‌ഹെഡ് ഒന്നു പരിഷ്‌കരിച്ചു. അക്ഷരങ്ങളില്‍ ചില ചുനുപ്പും കുനുപ്പുമൊക്കെയായി ഒരു പ്രത്യേകരീതിയിലായിരുന്നു അത്. എന്റെ അഭിപ്രായത്തില്‍ മംഗളത്തിന്റെ നാളിതുവരെയുള്ള മാസ്റ്റ്‌ഹെഡുകളില്‍ ഏറ്റവും മികച്ചത്. പക്ഷേ കാലം ചെല്ലെ വീണ്ടും അതു മാറി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് മൂന്നുനാലു വര്‍ഷം മുമ്പ് നാലാമതും മാറി.
മാസ്റ്റ്‌ഹെഡ് എന്നത് ഒരു പത്രത്തെസംബന്ധിച്ച് അതിന്റെ മുഖത്തിനു തുല്യമാണ്. മുഖത്തിന്റെ രൂപം മാറ്റുക എന്നുവച്ചാല്‍ സ്ഥിരമില്ലായ്മയുടെ ലക്ഷണമായാണ് മനഃശാസ്ത്രം നിര്‍വചിക്കുന്നത്. മലയാള മനോരമയും നൂറ്റിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കിടെ കുറഞ്ഞത് മൂന്നു തവണയെങ്കിലും മാസ്റ്റ് ഹെഡ് മാറ്റത്തിനു വിധേയമായിട്ടുണ്ട്. എന്നാല്‍ അതിസൂക്ഷ്മമായി നോക്കിയാല്‍ മാത്രം ശ്രദ്ധയില്‍പ്പെടുകയും അടിസ്ഥാന രൂപകല്‍പനാ തത്വങ്ങളില്‍ കാര്യമായ വ്യതിയാനം വരുത്താതെയും മാത്രമാണ് മലയാള മനോരമ അവരുടെ മാസ്റ്റ്‌ഹെഡ് പരിഷ്‌കരിച്ചിട്ടുള്ളത്. മാതൃഭൂമയാണെങ്കിലും വലിപ്പത്തിലടക്കം ഇതേപോലെ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും അതൊരു സാധാരണവായനക്കാരന് പെട്ടെന്ന കണ്ടുപിടിക്കാനാവുന്നതല്ല. അതേ സമയം എന്തോ മാറ്റമുണ്ടായിട്ടുണ്ട് എന്നു തോന്നുകയും ചെയ്യും.
മംഗളത്തെ സംബന്ധിച്ച് അതങ്ങനെയല്ല. ശ്ശെടാ ഇത് ഇന്നലെ വരെ വന്ന പത്രമല്ലല്ലോ എന്ന ഞെട്ടലുളവാക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പരീക്ഷിച്ചിട്ടുള്ളത്. ബ്രാന്‍ഡ് സ്ഥൈര്യം എന്ന ഘടകത്തെ പിടിച്ചുലയ്ക്കുന്ന ഒന്നാണിത്. മധുര ആസ്ഥാനമാക്കിയ ദ് ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.
ഗോയങ്കെ ജീവിച്ചിരുന്ന കാലത്തെ ഇന്ത്യന്‍ എക്‌സപ്രസിന് സെറിഫ് ഇല്ലാത്ത ക്യാപിറ്റല്‍ ലെറ്റേഴ്‌സിലുളള മാസ്റ്റ്‌ഹെഡ് ആയിരുന്നു ഉള്ളത്. അദ്ദേഹത്തിന്റെ കാലശേഷം കമ്പനി പിളരുകയും ദക്ഷിണേന്ത്യയില്‍ അത് ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും ഉത്തരേന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസും ആയിത്തീരുകയും ചെയ്തതോടെയാണ് ദക്ഷിണേന്ത്യന്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ഇങ്ങനെ സ്ഥിരതപ്രശ്‌നം ഉടലെടുക്കുന്നത്. പത്രങ്ങളുടെ രൂപകല്‍പന കാലാകാലം മാറുന്നതില്‍ അത്ഭുതമില്ലെന്നു മാത്രമല്ല വായനക്കാരനില്‍ ഏകതാനത ഒഴിവാക്കാന്‍ ഒരു പരിധി വരെ അത് അനിവാര്യമാണു താനും. എന്നാല്‍, പരസ്പര പൂരകമല്ലാത്ത, രൂപകല്‍പനയുടെ ഒരു സിദ്ധാന്തപ്രകാരവും സാധൂകരിക്കാനാവാത്തവിധം മാസ്റ്റ് ഹെഡ് അപ്പാടെ മാറ്റിമറിക്കുക എന്നത് ചില കമ്പനികള്‍ അവരുടെ ഭാഗ്യമുദ്ര അപ്പാടെ പരിഷ്‌കരിച്ച് ബ്രാന്‍ഡ് തന്നെ റീ ലോഞ്ച് ചെയ്യുന്നതിനു തുല്യമാണ്. ടാറ്റാ വാഹനങ്ങളുടെ പഴയതും പുതിയതുമായ ലോഗോയും, മഹീന്ദ്രയുടെ പഴയതും പുതിയതുമായ ലോഗോയും താരതമ്യം ചെയ്താല്‍ ഇതു വ്യക്തമാകും. അത്തരത്തിലൊരു റീലോഞ്ച് എന്നതു പക്ഷേ ഒരു ബ്രാന്‍ഡിനെ സംബന്ധിച്ച് ആയുഷ്‌കാലത്തില്‍ ഒരിക്കലോ മറ്റോ സംഭവിക്കുന്ന അപൂര്‍വപ്രതിഭാസമാണ്.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കാര്യത്തില്‍ പക്ഷേ മംഗളത്തിന്റേതു പോലെ അടുപ്പിച്ചടുപ്പിച്ച്, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നാലോ അഞ്ചോ തവണ മാസ്റ്റ് ഹെഡ് മാറ്റി പരീക്ഷിക്കുന്നതാണ് കണ്ടത്, ലേശം അതിശയോക്തിപരമായി പറഞ്ഞാല്‍ എഡിറ്റര്‍മാര്‍ മാറിവരുന്നതിനനുസരിച്ച്. പിളര്‍പ്പിനു ശേഷം സെറിഫ് ഉള്ള (ദ് ഹിന്ദുവിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും മാസ്റ്റ്‌ഹെഡിലും ടൈംസ് എന്ന ഫോണ്ടിലെയും പോലെ എല്ലാ അറ്റങ്ങളിലും വരകളും ചുനുപ്പുകളുമുള്ള അക്ഷരങ്ങളെയാണ് സെറിഫ് ഉള്ള അക്ഷരങ്ങള്‍ എന്നു പറയുന്നത്) മാസ്റ്റ്‌ഹെഡായി. പിന്നീട് സെറിഫില്‍ തന്നെ ക്യാപിറ്റലും ലോവറും കേയ്‌സിലുള്ള മാസ്റ്റ് ഹെഡ് വന്നു. അതിനിടെ, ഇന്ത്യയില്‍ തന്നെ ഒരു ദിനപത്രത്തില്‍ പരീക്ഷിക്കപ്പെട്ട ഏറ്റവും നാടകീയവും സര്‍ഗാത്മകവുമായ ഒരു രൂപമാറ്റത്തോടെ വലിയ ഐയും ലോവര്‍ കെയ്‌സിലുള്ള വലിയ ഇയുമായി ഇളം നീല വര്‍ണത്തില്‍ മാസ്റ്റ്‌ഹെഡും പേജുകള്‍ക്ക് ഓരോന്നിനും വ്യക്തമായ ഐഡന്റിറ്റിയുമായി ഒരു രൂപമാറ്റത്തിനും പത്രം വിധേയമായി. എന്റെ നോട്ടത്തില്‍ ഏറ്റവും സര്‍ഗാത്മകമായ മാറ്റം തന്നെയായിരുന്നു അത്. പക്ഷേ എഡിറ്റര്‍ മാറിയതുകൊണ്ടാണെന്നു തോന്നുന്നു, കുറച്ചു നാള്‍ക്കകം പത്രം വീണ്ടും നെയിം പ്‌ളേറ്റ് മാറ്റി. വീണ്ടും ക്യാപിറ്റല്‍ ലോവര്‍കെയ്‌സില്‍. പിന്നീട് സെറിഫ് ഫോണ്ടില്‍ ക്യാപിറ്റല്‍ മാത്രായി ഒരിക്കല്‍ക്കൂടി രൂപം മാറിയ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കുറച്ചു കഴിഞ്ഞപ്പോള്‍ ദ് ന്യൂ മാത്രം ചെറിയവലിപ്പത്തിലും ഇന്ത്യനും എക്‌സ്പ്രസും രണ്ടു വരികളാക്കി വീതികൂട്ടിയും പുനരവതരിച്ചു.
അതേ സമയം ഉത്തരേന്ത്യന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ആകട്ടെ ദി ഇന്ത്യന്‍ എന്നതു മാത്രം ഇറ്റാലിക്‌സില്‍ ക്യാപിറ്റല്‍ ആന്‍ഡ് ലോവര്‍ കെയ്‌സിലും എക്‌സ്പ്രസ് എന്നത് ക്യാപിറ്റലില്‍ മാത്രം ഗോയങ്കെയുടെ കാലത്തെന്നപോലെയും ആക്കി നിലനിര്‍ത്തി ബ്രാന്‍ഡ് സ്ഥൈര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇതെല്ലാം ഇപ്പോള്‍ കുറിക്കുന്നത് കോവിഡ് കാല ശുദ്ധികലശത്തിനിടെ കൈയിലുള്ള പഴയകാല പത്രങ്ങളുടെ ശേഖരത്തിലൂടെ കടന്നുപോയതുകൊണ്ടാണ്. ഓരോ രൂപമാറ്റത്തിന്റെയും
ആദ്യ ദിവസത്തേതോ അല്ലാത്തതോ ആയ പത്രങ്ങളൊക്കെ ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. പ്രധാനദിവസത്തെ പത്രങ്ങളും. ഇന്ദിരയുടെ മരണം മുതല്‍ക്കുള്ള വിവിധപത്രങ്ങളുണ്ട് അക്കൂട്ടത്തില്‍. (ഇതെഴുതിയപ്പോള്‍ ചില പേജുകള്‍ നെറ്റില്‍ നിന്നും എടുക്കേണ്ടി വന്നു അത് പ്രത്യക്ഷത്തില്‍ തിരിച്ചറിയാം)
ഇന്ത്യന്‍ എക്‌സ്പ്രസിനെപ്പറ്റി പറഞ്ഞതുകൊണ്ട് ഒരു കൗതുകം കൂടി പങ്കുവച്ചുകൊണ്ട് അവസാനിപ്പിക്കാം. ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തിലെ ഏറ്റവും വലിയ അക്ഷരപ്പിശക് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രവുമായി ബന്ധപ്പെട്ടാണ്. ഒരു ദിവസം പുറത്തിറങ്ങിയ പത്രത്തിന്റെ മാസ്റ്റ്‌ഹെഡില്‍ ഇന്ത്യന്‍ എന്ന ഇംഗ്‌ളീഷ് വാക്കിന്റെ ആദ്യത്തെ ഐ ഉണ്ടായിരുന്നല്ല!