Sunday, November 25, 2018

Mohanaragangal @ whatsapp


Mohanaragangal my 16th book

This time a journalistic book, the detailed interview with Ace star Mohanlal on his completion of 40 years as an actor in Malayalam Cinema. An interview divided into 3 segments viz, Screen, Off Screen and Trivia. 75 Q&A with rare photographs, which marks the seasoning of an actor turning to a Star over the years. Published by Don Books Kottayam, the book is available online for Rs 150.

State TV awards 2018 -As Jury Chairman for the selection of best writing on TV.








Friday, September 21, 2018

ഓര്‍മകള്‍ മരിക്കുമോ?


ഇന്‍ഡോറിലെ പ്രശസ്തമായ വെബ്ദുനിയ ഡോട്ട് കോമിന്റെ മലയാളം വിഭാഗമായ വെബ് ലോകം ഡോട്ട് കോമിന്റെ ചീഫ് സബ് എഡിറ്ററായി, തിരുവനന്തപുരത്ത് ശ്രീ ടി.ശശിമോഹന്‍ സാറിനൊപ്പം രണ്ടാമനായി പ്രവര്‍ത്തിക്കെ, എന്റെ അധ്യാപകന്‍ കൂടിയായ ശ്രീ വിജയകുമാര്‍ സാര്‍ ആവശ്യപ്പെട്ടതനുസരിച്ചു നിര്‍വഹിച്ച ദൗത്യമായിരുന്നു ഇത്. മലയാള മനോരമ ഡോട്ട് കോം (അതേ മനോരമഓണ്‍ലൈനിലല്ല, മലയാള മനോരമ ഡോട്ട് കോമില്‍തന്നെ അന്ന് മനോരമ ഓണ്‍ലൈന്‍ ഉണ്ടായിട്ടില്ല, പോര്‍ട്ടല്‍ പോലുമായിട്ടില്ല, കേരളത്തില്‍ പരമാവധി 16 കെബിപിഎസില്‍ ഡയലപ് കണക്ടിവിറ്റി മാത്രമുണ്ടായിരുന്ന കാലത്ത്) ആരംഭിച്ച രണ്ടംഗ സംഘത്തിലൊരാള്‍ എന്ന നിലയ്ക്കും പിന്നീട് വെബ് ലോകത്തില്‍ പ്രവര്‍ത്തിച്ച പരിചയത്തിലുമാണ് വിജയകുമാര്‍ സാര്‍ അന്നു തികച്ചും ന്യൂ മീഡിയയായ സൈബര്‍ ജേര്‍ണലിസത്തിന്റെ നോട്ടെഴുതാന്‍ എന്നെയും ശശികുമാര്‍ സാറിനെയും ഏല്‍പിക്കുന്നത്. ഏതാണ്ട് 10 വര്‍ഷത്തോളം കേരള സര്‍വകലാശാല വിദൂരപഠനകേന്ദ്രത്തിന്റെ ജേണലിസം പിജിഡിപ്ലോമയ്ക്കുള്ള സൈബര്‍ ജേണലിസം പേപ്പറിന്റെ  സിലബസ്  ഏറെ പരിഷ്‌കരണമാവശ്യപ്പെടാതെ നിലനിന്നു പോന്നു എന്നത് ഇന്നാലോചിക്കുമ്പോള്‍ സംതൃപ്തി നല്‍കുന്ന കാര്യമാണ്. ചില ഓര്‍മകള്‍ ഇങ്ങനെയുമുണ്ടല്ലോ. സന്തോഷം

Sunday, September 16, 2018

ആത്മാവ് തേടുന്ന ചിത്രാടനം!



 ചലച്ചിത്രസമീക്ഷ, സെപ്റ്റംബര്‍ 2018

എ.ചന്ദ്രശേഖര്‍

ചിലരെപ്പറ്റി
നമുക്കൊക്കെ ചില ധാരണകളുണ്ട്. പലപ്പോഴും അവരുടെ ആന്തരസ്വത്വത്തിനു വിരുദ്ധമായ കാഴ്ചപ്പാടായിരിക്കുമത്. മുതിര്‍ന്ന ചലച്ചിത്രനിരൂപകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമെല്ലാമായ എം.എഫ്.തോമസിനെപ്പറ്റി പൊതുധാരണയും അതുതന്നെയാണ്. നിസ്വനും സൗമ്യനുമായ നിശബ്ദ സാന്നദ്ധ്യം.അങ്ങനെയാണ് തോമസ് സാറിനെ പലപ്പോഴും വിലയിരുത്തപ്പെട്ടു കണ്ടിട്ടും കേട്ടിട്ടുമുള്ളത്. പക്ഷേ നേരനുഭവത്തില്‍ വ്യക്തിപരമായി എനിക്കറിയാവുന്ന ഗുരുതുല്യനായ എം.എം.തോമസ് സാറിന്റെ വ്യക്തിത്വം മറ്റൊന്നാണ്. നല്ല സിനിമയ്ക്കു വേണ്ടി അണുവിട വിട്ടൂവീഴ്ച ചെയ്യാത്ത കാര്‍ക്കശ്യമുള്‍ക്കൊള്ളുന്ന കരുത്തന്റേതാണത്.2016ലെ ഐഎഫ്എഫ്കെയിലേക്കുള്ള മലയാളസിനിമയുടെ പ്രിവ്യൂ ജൂറിയില്‍ അംഗങ്ങളായിരിക്കെ ആ കാര്‍ക്കശ്യം നേരിട്ടറിയാനായതാണ്. ഭാഷയിലും പെരുമാറ്റത്തിലുമുള്ള പാവത്തമൊന്നും സിനിമയെപ്പറ്റിയുള്ള ഉത്തമബോധ്യത്തിലൂന്നിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലും സമീപനങ്ങളിലും തെല്ലും പ്രതിഫലിപ്പിക്കാറില്ല. അതാണ് മലയാള സിനിമാ നിരൂപണ വഴിയിലെ രണ്ടാം തലമുറയില്‍പ്പെട്ട ഏറ്റവും മുതിര്‍ന്ന ചുരുക്കം ചിലരില്‍ ഒരാളായ തോമസ് സാറിന്റെ ചലച്ചിത്ര ചരിത്രത്തിലെ പ്രസക്തി. 90 വയസാഘോഷിക്കുന്ന മലയാളസിനിമയ്ക്ക് ഒപ്പം നടന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. അതില്‍ 50 വര്‍ഷവും ഒരു ആക്ടിവിസ്റ്റായിത്തന്നെ കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള ചലച്ചിത്രസൊസൈറ്റികളുടെ പ്രവര്‍ത്തന
ങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുള്ളതും. ഒരായുസില്‍ തീര്‍ത്തും സാര്‍ത്ഥകമായ അരനൂറ്റണ്ട്. നല്ല സിനിമയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ആ ജീവിതത്തിന് സമൂഹം നല്‍കുന്ന അര്‍ത്ഥവത്തായ ഗുരുപൂജയായിട്ടാണ് തോമസ് സാറിനെപ്പറ്റി അദ്ദേഹം രക്ഷാധികാരിയായ ബാനര്‍ ഫിലിം സൊസൈറ്റി നിര്‍മിച്ച് ആര്‍. ബിജു സംവിധാനം ചെയ്ത നല്ലസിനിമയും ഒരു മനുഷ്യനും എന്ന ഹ്രസ്വചിത്രത്തെ ഞാന്‍ കണക്കാക്കുന്നത്.കാരണം ബിജുവിന്റെ സിനിമ ആ വ്യക്തിത്വത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ തുറന്നു കാണിക്കുന്നുണ്ട്. നല്ല സിനിമയ്ക്കു വേണ്ടിയുള്ള കഥാപുരുഷന്റെ നിഷ്‌കര്‍ഷയത്രയും അദ്ദേഹത്തിന്റെയും അദ്ദേഹവുമായി ബന്ധമുള്ള ചലച്ചിത്രപ്രവര്‍ത്തരുടെയും വാക്കുകളിലൂടെ ചിത്രം വെളിപ്പെടുത്തുന്നുണ്ട്.
സിനിമയുടെ ഉത്ഭവം മുതല്‍ അതില്‍ ഭ്രമിച്ച് അതിന്റെ ചരിത്രവും സൗന്ദര്യശാസ്ത്രവും ലാവണ്യാനുഭൂതിയും തേടി യാത്രയായ എം.എഫ്.തോമസിനെ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സത്യജിത് റേയില്‍ തുടങ്ങി അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു നിന്നുകൊണ്ട് വികസിച്ച ജീവിതം. അതിന്റെ ഓരോ പടവും അടൂരിന്റെയും തോമസിന്റെയുമൊക്കെ വാക്കുകളില്‍ പ്രകടമാണുതാനും. വാസ്തവത്തില്‍ ചിത്രലേഖയില്‍ അംഗത്വം നേടുന്നതോടെയാണ് തന്റെ ചലച്ചിത്രാസ്വാദനജീവിതത്തിന് മറ്റൊരു പടവുതാണ്ടാനായതെന്ന് ചിത്രത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹം.തോമസിനെപ്പോലെ ഇത്രയധികം ലോകസിനിമകള്‍ കണ്ടിട്ടുള്ള ആളുകള്‍ കേരളത്തില്‍ ചുരുക്കമായിരിക്കുമെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സാക്ഷ്യപ്പെടുത്തല്‍ തന്നെ ആ കര്‍മപഥത്തിന്റെ സാര്‍ത്ഥകതയ്ക്കു നിദര്‍ശനമാണ.് ചിത്രലേഖയുടെ പ്രധാന കാര്യദര്‍ശികളിലൊരാളായിത്തീര്‍ന്ന എം.എഫ്.തോമസ് എന്ന സഹയാത്രികന്റെ ചലച്ചിത്രമേളകളിലെയും മറ്റും പ്രിവ്യൂ ജൂറിയിലെ നിശബ്ദസേവനങ്ങളെപ്പറ്റിയും അടൂര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
പക്ഷേ അതിനേക്കാളൊക്കെ പ്രധാനം, ഈ ഹ്രസ്വചിത്രം അടയാളപ്പെടുത്തുന്നതുപോലെ, അതില്‍ അദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൊണ്ട് ഗൗരവമുള്ള ചലച്ചിത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതാണ് നിരൂപകനെന്ന നിലയ്ക്കും ചലച്ചിത്രസഹയാത്രികനെന്ന നിലയ്ക്കും എം.എഫ്.തോമസ് എന്ന മനുഷ്യന്റെ അധികമാരും ഇനിയും മനസിലാക്കിയിട്ടില്ലാത്ത യഥാര്‍ത്ഥ പ്രസക്തി. മുഖ്യധാരാപ്രസാധകശാലകള്‍ക്കൊന്നും ഗൗരവമാര്‍ന്ന ചലച്ചിത്രപഠനഗ്രന്ഥങ്ങള്‍ പഥ്യമല്ലാതിരുന്ന കാലത്ത്, മലയാളത്തിലെ ചലച്ചിത്രസാഹിത്യം കേവലചരിത്രരചനയിലും ഏറിയാല്‍ ചിത്രനിരൂപണക്കുറിപ്പുകളിലും മാത്രം വ്യവഹരിച്ച കാലത്താണ് തൃശൂരില്‍ നിന്നു തലസ്ഥാനത്തു ചേക്കേറി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായി ചേര്‍ന്ന എം.എഫ്.തോമസ് പുതിയൊരു ജനുസിനുതന്നെ മലയാളചലച്ചിത്രസാഹിത്യത്തില്‍ പാതവെട്ടിത്തുറക്കാന്‍ ഇച്ഛാശക്തി കാണിച്ചത്. മലയാളത്തില്‍ ചലച്ചിത്രസൗന്ദര്യശാസ്ത്രാപഗ്രഥനങ്ങളുടെ കുറവ് തിരിച്ചറിഞ്ഞ് തന്റെ മേലധികാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തിക്കൊണ്ട് ഉള്‍ക്കാഴ്ചയുടെ ആഴമുള്ള ചലച്ചിത്രപഠനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വഴിമരുന്നിടാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നത് ഒട്ടുമേ ചെറിയ കാര്യമല്ല തന്നെ.മലയാള ചലച്ചിത്രസാഹിത്യത്തിലെ ക്ളാസിക്കുകളായി കണക്കാക്കപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയുടെ ലോകം, ഐ ഷണ്മുഖദാസിന്റെ മലകളില്‍ മഞ്ഞു പെയ്യുന്നു, വിജയകൃഷ്ണന്റെ ചലച്ചിത്രത്തിന്റെ പൊരുള്‍, ഡോ.വി.രാജാകൃഷ്ണന്റെ കാഴ്ചയുടെ അശാന്തി,കെ.വേലപ്പന്റെ സിനിമയും സമൂഹവും തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം എം.എഫ്.തോമസ് എന്ന കൃതഹസ്തനായ എഡിറ്ററുടെ അദൃശ്യകയ്യൊപ്പുണ്ട്. സ്വയം എഴുതി പ്രസിദ്ധീകരിച്ച സിനിമയുടെ ആത്മാവ്, അടൂരിന്റെ ലോകം, അടൂരിന്റെ ചലച്ചിത്രയാത്രകള്‍ പോലെ ദേശീയ ശ്രദ്ധ നേടിയെടുത്ത ചലച്ചിത്രപഠനങ്ങള്‍ക്കുപരി ഇതര നിരൂപകര്‍ക്കുകൂടി എഴുത്തിടം നല്‍കുകയും അവരുടെ എഴുത്തുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത അധികം പേരുണ്ടെന്നു തോന്നുന്നില്ല മലയാളത്തില്‍. കോക്കസുകള്‍ക്കതീതനായി എം.എഫ്.തോമസ് എന്ന ചലച്ചിത്ര നിരൂപകന് ലബ്ധപ്രതിഷ്ഠനായ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ പുതുതലമുറയിലെ സജിന്‍ ബാബുവരെയുള്ള സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാവുന്നതും വഴികാട്ടിയോ സുഹൃത്തോ സഹചാരിയോ ആവുന്നതും മറ്റൊന്നും കൊണ്ടല്ല.
സമൂഹമാധ്യമങ്ങളോ വിനിമയോപാധികളോ എന്തിന് യാത്രാസൗകര്യമോ പോലും ഇന്നുള്ളതിന്റെ പത്തിലൊന്നുപോലുമില്ലാതിരുന്ന കേരളത്തില്‍ ഇടുക്കിയും വയനാടുമടക്കമുള്ള ഓണം കേറാമൂലകളിലെ ഫിലിം സൊസൈറ്റികളില്‍ വിശ്രമമില്ലാതെ സഞ്ചരിച്ച് എം.എഫ് തോമസ് ചലച്ചിത്രബോധവല്‍ക്കരണ ക്ളാസുകളും പ്രഭാഷണങ്ങളും നിര്‍വഹിച്ചതിനെപ്പറ്റി സഹയാത്രികനായ നിരൂപകന്‍ വിജയകൃഷ്ണന്‍ ഡോക്യൂമെന്ററിയില്‍ വെളിവാക്കുന്നുണ്ട്. ചെറിയ അനാരോഗ്യങ്ങളെപ്പോലും വലിയ അസുഖങ്ങളായി കണക്കാക്കുന്ന തോമസിന്റെ സഹജത്വം പക്ഷേ അതെല്ലാം മറന്നാണ് നല്ല സിനിമയുടെ പ്രചാരണത്തിനും പ്രബോധനത്തിനുമായി ആരോഗ്യം നോക്കാതെ നാടുനീളെ അലഞ്ഞത്.
എം.എഫ്.തോമസ് ജനിച്ചു വളര്‍ന്ന തൃശൂരിലെ തേക്കിന്‍കാട് മൈതാനി, അദ്ദേഹം സ്ഥിരതാമസമാക്കിയ തിരുവനന്തപുരം പ്രശാന്ത് നഗറിലെ വീട്, ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരുഭാഗം ചെലവിട്ട ടാഗോര്‍ തീയറ്റര്‍ തുടങ്ങിയ ഇടങ്ങളില്‍ വച്ചാണ് ബിജു ഓര്‍മകളിലേക്ക് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയുള്ള മടക്കയാത്ര ചിത്രീകരിച്ചിട്ടുളളത്.
വി.രാജകൃഷ്ണന്‍ രേഖപ്പെടുത്തുന്നതുപോലെ, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനോ സ്വയം ഗ്ളാമര്‍ ചമയാനോ ഉള്ള ചെപ്പടിവിദ്യകളൊന്നും കൈവശമില്ലാത്തയാളാണ് എം.എഫ്.തോമസ് എന്ന മനുഷ്യന്‍. വെള്ള മുറിക്കയ്യന്‍ ഷര്‍ട്ടും മുണ്ടും മാത്രമുടുത്തു തോളിലൊരു സഞ്ചിയുമായി ബസില്‍ മാത്രം സഞ്ചരിക്കുന്ന വ്യക്തി. എത്തിപ്പെടാന്‍ പറ്റാത്തയിടങ്ങളിലേക്കു മാത്രമാണ് അദ്ദേഹം ഓട്ടോറിക്ഷയെ പോലും ആശ്രയിക്കുക. സ്വന്തമായി വാഹനമില്ല, വാഹനമോടിക്കുകയുമില്ല. എന്നാലും സിനിമയുള്ളിടത്തെല്ലാം അദ്ദേഹം ഓടിയെത്തും. അദ്ദേഹമില്ലാതെ തലസ്ഥാനത്ത് ഗൗരവമുള്ളൊരു ചലച്ചിത്രോദ്യമവും നടക്കുകയുമില്ല. ഈ വസ്തുതകളൊക്കെയും അമ്പതു മിനിറ്റു മാത്രമുള്ള ഈ ചിത്രത്തില്‍ അടയാളപ്പെടുത്താനായിരിക്കുന്നു സംവിധായകന്. അജ്ഞാതയായൊരു ഗായികയുടെ ഗാനശകലത്തിനൊത്തുള്ള അദ്ദേഹത്തിന്റെ തീവണ്ടിയാത്രയും ബസിലെ രാത്രിയാത്രയുമടക്കം തോമസ് സാറിനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം സുപരിചിതമായ എത്രയോ രംഗങ്ങള്‍.
ഒരുപക്ഷേ, കുടുംബത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണ കൂടിക്കൊണ്ടാണ് ജീവിതത്തിന്റെ ഭീമഭാഗവും തന്റെ ഇഷ്ടഭാജനമായ സിനിമ കാണാനും താലോലിക്കാനുമായി അദ്ദേഹത്തിന് ഉഴിഞ്ഞുവയ്ക്കാനായത്. അദ്ദേഹത്തെപ്പറ്റിയുള്ള ബിജുവിന്റെ സിനിമയും അതുകൊണ്ടുതന്നെ കുടുംബവൃത്താന്തങ്ങളൊക്കെ ഏതാനും ഷോട്ടുകളിലും വാക്യങ്ങളിലുമൊതുക്കി അധികവും അദ്ദേഹത്തിന്റെ സിനിമാനുബന്ധ ജീവിതത്തിലേക്കാണ് വെളിച്ചം വിതറുന്നത്.ടാഗോര്‍ തീയറ്ററിലെ ഫിലിം ഷോ കഴിഞ്ഞ് വിജയകൃഷ്ണനും ഭരത്ഗോപിക്കുമൊപ്പം പൂജപ്പുര വഴി കാല്‍നടയായി പോയിരുന്ന രാത്രികളുടെ ഓര്‍മകള്‍ അക്കാലത്തെ ബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്നതാണ്.
വിജയകൃഷ്ണന്‍, വി.കെ. ജോസഫ്, ലെനിന്‍ രാജേന്ദ്രന്‍, ഐ ഷണ്മുഖദാസ്, ഹരികുമാര്‍,കെ.പി.കുമാരന്‍, സൂര്യ കൃഷ്ണമൂര്‍ത്തി,സി.എസ് വെങ്കിടേശ്വരന്‍, വി.കെ.ചെറിയാന്‍, ടി വി ചന്ദ്രന്‍, ബീന പോള്‍, രാമചന്ദ്രബാബു,സണ്ണിജോസഫ്, എം.പി.സുകുമാരന്‍ നായര്‍, ഡോ.ബിജു,കെ.ആര്‍.മനോജ്, സനല്‍കുമാര്‍ ശശിധരന്‍,സുദേവന്‍ തുടങ്ങിയവരുടെ വാക്കുകളിലൂടെ എം.എഫ്.തോമസ് എന്ന വ്യക്തിയുടെ സിനിമാസ്നേഹിയുടെ, ചലച്ചിത്രപഠിതാവിന്റെ, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്റെ ജീവിതത്തിന്റെ പലതലങ്ങള്‍ വ്യക്തമാവുന്നുണ്ട് ഈ ലഘുസിനിമയില്‍.ആ ജീവിതത്തിന്റെ ദര്‍ശനം ഒപ്പിയെടുത്ത തിരക്കഥയാണ് സന്ദീപ് സുരേഷും ബിജുവും ചേര്‍ന്നെഴുതിയിട്ടുള്ളത്. പ്രൊഫ. അലിയാറും സീന സ്വാമിനാഥനും ചേര്‍ന്നുള്ള വിവരണപാഠം ചിത്രത്തിന്റെ ഏകാഗ്രതയ്ക്കു മുതല്‍ക്കൂട്ടുന്നതുമായി.അജോയ് ജോസിന്റെ പശ്ചാത്തലസംഗീതവും എസ്.സഞ്ജയിന്റെ സന്നിവേശവും ചിത്രത്തിന്റെ ആത്മാവ് നിലനിര്‍ത്തുന്നതായി.
സംവിധായകന്‍ ടി.വി.ചന്ദ്രന്റെ വാക്കുകളില്‍ ആ വ്യക്തിത്വം വളരെ സ്പഷ്ടവുമാണ്.' ഇഷ്ടപ്പെടുന്ന സിനിമകളെ വളരെ വികാരത്തോടെ തന്നെ സമീപിക്കുന്ന ഒരു രീതിയാണ് തോമസ് മാഷിന്‍േത്. അതുപോലെ തന്നെയാണ് ചലച്ചിത്രകാരന്മാരോടുമുള്ളത്' ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയാനായിട്ടുണ്ട് എനിക്ക്. അതുകൊണ്ടുതന്നെ ചലച്ചിത്ര സഹയാത്രികനെന്നല്ല, സംഭാഷണത്തിനിടെ അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്വതസിദ്ധമായ ശൈലി കടമെടുത്തെഴുതിയാല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിലെ പല ഇതുകള്‍ കൊണ്ടും അദ്ദേഹത്തെ നല്ല സിനിമയുടെ തീവ്രവാദി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സിനിമയോടൊപ്പമുള്ള യാത്രയില്‍ അദ്ദേഹത്തിനുള്ളതിന്റെ നൂറിലൊരംശം കമ്മിറ്റ്മെന്റ് ഉണ്ടാകണേയെന്നാഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ അനേക മാനസശിഷ്യരില്‍ ഒരാളെന്ന നിലയ്ക്കല്ല,അദ്ദേഹത്തില്‍ നിന്നു തന്നെ പഠിച്ച വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കര്‍ഷയോടെ തന്നെ നോക്കിക്കണ്ടാലും സാങ്കേതികമടക്കമുള്ള സകല പരിമിതികളോടും പിഴവുകളോടും കൂടിത്തന്നെ നല്ലസിനിമയും ഒരു മനുഷ്യനും അതിന്റെ ദൗത്യം, ലക്ഷ്യം നിര്‍വഹിക്കുന്നുവെന്നുതന്നെ ഞാന്‍ നിസ്സംശയം പറയും. കാരണം, ഏതൊരു ഡോക്യുമെന്ററിയുടെയും ആത്യന്തികലക്ഷ്യം അതു വിഷയമാക്കുന്ന വ്യക്തിയുടെ ജീവിതത്തെ ആര്‍ജവത്തോടും സത്യസന്ധവും ആത്മാര്‍ത്ഥവുമായി പകര്‍ത്തുന്നതാവണം. ആ അര്‍ത്ഥത്തില്‍ എം.എഫ്.തോമസ് എന്ന ചലച്ചിത്ര സഹയാത്രികന്റെ ജീവിതം ആലേഖനം ചെയ്യുന്നതില്‍ വിജയിക്കുന്നുണ്ട് നല്ല സിനിമയും ഒരു മനുഷ്യനും. ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തോടൊപ്പമുള്ള വൈകാരികമായി ഒരു അനുയാത്രയായിത്തീരുന്നു ഈ സിനിമ;ഒപ്പം മലയാളസിനിമയുടെ ചരിത്രത്തോടൊപ്പവുമുള്ള അനുയാത്രയും!


Sunday, September 09, 2018

ചില കാലോപ്‌സിയന്‍ ചിന്തകള്‍

മലയാള സിനിമയുടെ ഭാവി വളരെ പ്രതിഭാധനരായ കലാസാങ്കേതികപ്രവര്‍ത്തകരുടെ കൈകളിലാണെന്നു തെളിയിക്കുന്നതായി അടുത്തിടെ ഒരനുഭവം.സംസ്ഥാനത്തെ കോളജ് ക്യാംപസുകള്‍ക്കായി തിരുവനന്തപുരം ആയുര്‍വേദ കോളജ് ഫിലിം ക്‌ളബ് സംഘടിപ്പിച്ച കാലോപ്‌സിയ 2018 ഹ്രസ്വകഥാചിത്രമേളയുടെ പ്രാഥമിക തെരഞ്ഞെടുപ്പു ജൂറിയംഗമായി സംവിധായക വിധു വിന്‍സന്റിനോടൊപ്പം ചിത്രങ്ങള്‍ കാണാന്‍ സാധിച്ചതാണ് നമ്മുടെ സിനിമായുവത്വത്തില്‍ പ്രതീക്ഷവയ്ക്കാന്‍ ചില തിരിച്ചറിവുകളായത്. പുതിയ തുടക്കം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ ഹ്രസ്വചലച്ചിത്രമേള.സാങ്കേതികവും പ്രമേയപരവുമായ മികവില്‍ ദേശീയതലത്തില്‍ കേരളത്തിന്റെ സംഭാവനയായ കോട്ടയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയതെങ്കിലും നെഞ്ചില്‍ കൈവച്ചു പറയാനാവും, സിനിമാനിര്‍മാണത്തില്‍ ഔപചാരികപരിശീലനങ്ങളൊന്നുമില്ലാത്ത കലാലയങ്ങളില്‍ നിന്നുള്ളവരുടെ ചിത്രങ്ങളിലും തീര്‍ച്ചയായും പ്രതിഭയുടെ മിന്നലാട്ടങ്ങളുണ്ടായിരുന്നു. സാങ്കേതികതയിലും അവതരണത്തിലും നാളത്തെ ചലച്ചിത്രപ്രവര്‍ത്തകരായിത്തീര്‍ന്നേക്കാമെന്ന വിശ്വാസമുളവാക്കുന്നതു തന്നെയായിരുന്നു പലതും. അതുകൊണ്ടുതന്നെയാണല്ലോ, വരും വര്‍ഷങ്ങളില്‍ പ്രൊഫഷനല്‍ ചലച്ചിത്രവിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളെ വേറെ വിഭാഗമായേ പരിഗണിക്കാവൂ എന്നും ഇതരകലാലയങ്ങളില്‍ നിന്നുള്ളവരുടെ സൃഷ്ടികള്‍ക്ക് മുഖ്യമത്സരത്തിലിടം നല്‍കണമെന്നും മേളയുടെ മുഖ്യജൂറികളായ വിജയകൃഷ്ണന്‍, വിനു ഏബ്രഹാം, വി.സി അഭിലാഷ് എന്നിവര്‍ ശുപാര്‍ശ ചെയ്തത്.
പ്രമേയത്തിലും ദൃശ്യപരിചരണത്തിലും മാറിച്ചിന്തിക്കുന്ന മലയാളത്തിലെ നവഭാവുകത്വസിനിമകളുടെ ഗുണപരമായ സ്വാധീനം സിനിമയെടുത്തു പഠിക്കുന്നവരുടെ ചലച്ചിത്രസമീപനങ്ങളില്‍ ദൃശ്യമാണ്. അവതരണത്തിലും സാങ്കേതികപരിചരണങ്ങളിലും അഭിനയത്തിലുമൊക്കെ ഈ സ്വാധീനം ദൃശ്യമാണ്. പലകുറി പറഞ്ഞിട്ടുള്ള വിഷയങ്ങളില്‍പ്പോലും അത്രകണ്ട് ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്ത ഒരു അവതരണശൈലിയും വീക്ഷണകോണും കണ്ടെത്താനും സ്വീകരിക്കാനും സാധിക്കുന്നിടത്താണ് സിനിമയുണ്ടാക്കി ശീലിച്ചിട്ടില്ലാത്തവരുടെ ഈ സംരംഭങ്ങള്‍ ശ്‌ളാഘനീയമായിത്തീരുന്നത്. നാടകീയത പാടെ മാറ്റിനിര്‍ത്തി അതിയാഥാര്‍ത്ഥ്യത്തിന്റെയോ ഹൈപ്പര്‍ റിയാലിസത്തിന്റെയോ തലത്തില്‍ മാത്രമാണ് ആ അവതരണങ്ങളില്‍ പലതും. സ്വാഭാവികമായ അഭിനയശൈലിയും മറ്റും സിനിമാറ്റിക്കായിത്തന്നെ വിനിയോഗിക്കപ്പെടുന്നുമുണ്ട്.
കേരളത്തിലെ ചലച്ചിത്രമേളകള്‍ നമ്മുടെ തലമുറയിലുണ്ടാക്കിയ സ്വാധീനത്തിന്റെ കൂടി പരിണതഫലമായാണ് ഈ പ്രതിഭാസത്തെ വിലയിരുത്തേണ്ടത്. ഇന്ത്യയിലെ മള്‍ട്ടീപ്‌ളക്‌സ് സിനിമകള്‍ക്കപ്പുറം ലോകഭാഷകളിലെ നവസിനിമയുടെ രീതിയും സൗന്ദര്യശാസ്ത്രവും ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ചിരപരിചിതമായ തലമുറയാണല്ലോ നമ്മുടേത്. സ്വാഭാവികമായി അത്തരം കാഴ്ചകളുടെ സ്വാധീനവും അവരുണ്ടാക്കുന്ന സിനിമകളില്‍ കൈകടത്തിയേക്കാം. കാല്പശ്ചാത്തലസംഗീതത്തിന്റെയും ക്യാമറയുടെയും മറ്റും ഉപയോഗത്തില്‍, കാലോപ്‌സിയയിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ വച്ചു പരിശോധിച്ചാല്‍ ഈ നിരീക്ഷണം സാധൂകരിക്കപ്പെടുന്നതായി കാണാം.

Sunday, August 19, 2018

Rajeev Gandhi Birthday Felicitation



തമ്പാനൂര്‍ വാര്‍ഡ് രാജീവ് ഗാന്ധി സാംസ്‌കാരികവേദി രാജീവ്ഗാന്ധി ജന്മദിനത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങില്‍ സെക്രട്ടേറിയറ്റ് വാര്‍ഡില്‍ ജനിച്ചു വളര്‍ന്ന് വിവിധ മണ്ഡലങ്ങളില്‍ ബഹുമതികള്‍ നേടിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി ആദരിച്ചപ്പോള്‍. പ്രളയദുരിതത്തില്‍ ആഘോഷങ്ങളില്ലാത്ത ചടങ്ങായിരുന്നു. ധാരാളം പേര്‍ക്ക് ദുരിതാശ്വാസം നല്‍കിയ ചടങ്ങ്. 2018 ഓഗസ്റ്റ് 16. രാജാജി നഗര്‍ ഹാളില്‍ വച്ച് എഴുത്തുകാരന്‍ കൂടിയായ ശ്രീ ശശി തരൂര്‍ എം.പി.യില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങാനായിതില്‍ അഭിമാനം.

Monday, July 30, 2018

ലൈവ് അനിമേഷന്‍ എന്ന തൊട്ടുകൂടായ്മ

മലയാളത്തില്‍ ലൈവ് അനിമേറ്റഡ് സിനിമ ഉണ്ടാവാത്തതെന്ത്?ഒരന്വേഷണം


എ.ചന്ദ്രശേഖര്‍
കുട്ടികളുടെ സിനിമകള്‍ക്കുവേണ്ടിയുള്ള ഒരു രാജ്യാന്തര ചലച്ചിത്രമേളയ്ക്കു കൂടി കൊടിയിറങ്ങി. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ 1991ല്‍ തിരുവനന്തപുരത്തു വച്ചു നടത്തിയ ഇന്ത്യയുടെ രാജ്യാന്തര ബാലചലച്ചിത്രമേളയ്ക്കു ശേഷം കേരളത്തിന്റെ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടേതും വിദ്യാഭ്യാസവകുപ്പിന്റേതുമടക്കം ധാരാളം ബാലചലച്ചിത്രോത്സവങ്ങള്‍ അരങ്ങേറിയെങ്കിലും ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പുമര്യാദകള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടുള്ള ഒരു ബാലചലച്ചിത്രമേള സംസ്ഥാനശിശുക്ഷേമസമിതിയും ചലച്ചിത്ര അക്കാദമിയും ചേര്‍്ന്ന് ഇപ്പോള്‍ നടത്തിയതാണ്. നിര്‍മാണവര്‍ഷങ്ങളുടെ ബാധ്യതയില്ലാതെ ലോക ക്‌ളാസിക്കുകള്‍ മുതല്‍ സമകാലിക ക്‌ളാസിക്കുകള്‍ വരെ കാണാനും ചര്‍ച്ചചെയ്യാനും നമ്മുടെ കുട്ടികള്‍ക്കത് അവസരവുമായി. എന്നാല്‍ ഈ ബാലചിത്രമേളയുടെ ഉളളടക്കത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ലോകസിനിമാഭൂപടത്തില്‍ ഇന്ത്യയുടെ കാഴ്ചയ്ക്ക് ഇടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു എന്ന് അഹന്തപ്പെടുന്ന, ഇന്ത്യന്‍ നവസിനിമാമുന്നേറ്റങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്നു നേതൃത്വം നല്‍കുന്നു എന്നഹങ്കരിക്കുന്ന മലയാള സിനിമയില്‍ നിന്ന് മുഖ്യധാരാ ബാലസിനിമകള്‍ പുറത്തിറങ്ങാത്തതെന്ത് എന്നൊരു പ്രേക്ഷകന്‍ ശങ്കിച്ചാല്‍ അതിലദ്ഭുതമില്ല.
ഡോക്യൂമെന്ററി പോലെ തന്നെ മുഖ്യധാര അവഗണിച്ചിട്ടുള്ള ഒരു മേഖലയാണ് മലയാളത്തിലെ ബാലസിനിമ. കഴിഞ്ഞ 20 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പട്ടിക പരിശോധിച്ചാല്‍, ഒന്നിലധികം വര്‍ഷങ്ങളില്‍ വേണ്ടത്ര എന്‍ട്രികളില്ലാത്തതുകൊണ്ടോ നിലവാരമുളള എന്‍ട്രികളുണ്ടാവാത്തതുകൊണ്ടോ ഈ വിഭാഗത്തിലെ അവാര്‍ഡുകള്‍ ഒഴിച്ചിട്ടിരിക്കുന്നതു കാണാം. വ്യവസായമെന്ന നിലയ്ക്ക് നമ്മുടെ കമ്പോള മുഖ്യധാരയുടെ അവഗണനയുടെ പ്രത്യക്ഷം തന്നെയാണീ കണക്ക്. ഇനി അവാര്‍ഡു നേടിയ ചിത്രങ്ങളാവട്ടെ അധികവും ഇങ്ങനെ ഒരവാര്‍ഡുള്ളതുകൊണ്ടു മാത്രം നിര്‍മിക്കപ്പെടുന്നതുമാണ്. ഒരു പക്ഷേ മലയാള മുഖ്യധാരയില്‍ ഒരു എഴുത്തുകാരനും സംവിധായകനും ചേര്‍ന്ന് ലക്ഷണമൊത്ത ഒരു ബാലചിത്രം അവസാനമായി എടുത്തത് വേണുവിന്റെ, എം.ടി.യുടെ ദയ (1998 )ആയിരിക്കും. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ക്‌ളിന്റ്, ചക്കരമാവിന്‍ കൊമ്പത്ത്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ തുടങ്ങി ഒരുപിടി ബാലസിനിമകളുണ്ടായില്ലേ എന്ന ചോദ്യം പ്രസക്തമാണെങ്കിലും മികച്ച ഉള്ളടക്കമുള്ള അവയൊന്നും മുന്‍നിര താരങ്ങളുടെ സാന്നിദ്ധ്യമുള്ള മുഖ്യധാരാ കമ്പോളം ലക്ഷ്യം വച്ചുള്ള ചലച്ചിത്രരചനകളാണെന്ന് അവയുടെ സ്രഷ്ടാക്കള്‍ അവകാശമുന്നയിക്കാനിടയില്ല. എന്തുകൊണ്ട് മലയാള മുഖ്യധാര ബാലചിത്രങ്ങളോടു മുഖം തിരിക്കുന്നു എന്നതുതന്നെ വിശദമായ പഠനമര്‍ഹിക്കുന്ന വിഷയമാണെങ്കിലും, ഇത്രയേറെ വൈവിദ്ധ്യമാര്‍ന്ന സിനിമകള്‍ നിര്‍മിക്കാന്‍ സാഹസപ്പെടുന്ന ചലച്ചിത്രപ്രവര്‍ത്തകരുളള മലയാളഭാഷയില്‍ എന്തുകൊണ്ട് നാളിതുവരെ മുഖ്യധാരയില്‍ നിലവാരമുള്ള അനിമേറ്റഡ് ചിത്രങ്ങളൊന്നുംതന്നെ ഉണ്ടായിട്ടില്ല എന്നൊരു അന്വേഷണത്തിനാണ് ഈ കുറിപ്പ് ലക്ഷ്യംവയ്ക്കുന്നത്.
ലോകസിനിമയില്‍ 1937ല്‍ വാള്‍ട്ട് ഡിസ്‌നി തുടങ്ങിവച്ച അനിമേഷന്‍ വിപ്‌ളവം ലോകമെമ്പാടും ഇന്നു പലതരത്തിലും തലത്തിലും സിനിമയേയും ടെലിവിഷനെയും എന്തിന് വീഡിയോ/കംപ്യൂട്ടര്‍ ഗെയിമുകളെയും മുന്‍നിര്‍ത്തി വിപണി കണ്ടെത്തുന്നുണ്ട്. ജപ്പാനിലെ അനിമേഷന്‍ സിനിമകളുടെ വിസ്മയലോകം അനാവൃതമാക്കിയ പ്രത്യേക പാക്കേജ് തന്നെ 2017ലെ കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിരുന്നതോര്‍ക്കുക. എന്നാല്‍ ലോകത്തേറ്റവും കൂടുതല്‍ സിനിമയുദ്പാദിപ്പിക്കുന്ന രാജ്യമായിട്ടും ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഗൗരവമാര്‍ന്ന ചലച്ചിത്രോദ്യമങ്ങള്‍ താരതമ്യേന ഉണ്ടായിട്ടില്ലെന്നുതന്നെ വിലയിരുത്താം.സ്വാഭാവികമായി മലയാളത്തില്‍ ഒട്ടുമേ ഉണ്ടാകുന്നുമില്ല.
ദേശീയ തലത്തില്‍ ഹിന്ദിയില്‍ ടെലിവിഷനിലെങ്കിലും അനിമേഷന്‍ സിനിമകള്‍ക്ക് വിപണിയുണ്ട്. ഇതര ഭാഷാചാനലുകള്‍ക്കു വരെ ഇരുപത്തിനാലുമണിക്കൂര്‍ കുട്ടികളുടെ ചാനലുകള്‍ സ്വന്തമായുണ്ടായിട്ടും അവയിലൊക്കെയും മൊഴിമാറ്റം നടത്തിയ വിദേശ അനിമേഷന്‍ സിനിമകള്‍ നാഴികയ്ക്കു നാല്‍പതുവട്ടം ആവര്‍ത്തിക്കപ്പെടുന്നുവെങ്കിലും സ്വതന്ത്രവും ഗൗരവമാര്‍ന്നതുമായ അനിമേഷന്‍ പരിശ്രമങ്ങളൊന്നും ഇന്ത്യയിലോ ഇതര ഭാഷകളിലോ ഉണ്ടാവുന്നില്ല. ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രം പരിശോധിച്ചാല്‍, ദൂരദര്‍ശന്‍ ആദ്യകാലത്തു സംപ്രേഷണം ചെയ്തിരുന്ന ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നും ജര്‍മനിയില്‍ നിന്നും റഷ്യയില്‍ നിന്നും ഇറക്കുമതിചെയ്തു മൊഴിമാറ്റിയ കാര്‍ട്ടൂണ്‍,അനിമേറ്റഡ് പരമ്പരകള്‍ക്കുപരി സ്വതന്ത്രമായി ഇന്ത്യയിലാദ്യമായി നിര്‍മിക്കപ്പെട്ട അനിമേറ്റഡ് പരമ്പര സുധാസത്വ ബസു അനിമേറ്റ് ചെയ്ത് അശോക് തല്‍വാര്‍ സംവിധാനം ചെയ്ത് 1986ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ഗായബ് ആയ എന്ന റ്റുഡി ചിത്രദശകമാണ്.അതാകട്ടെ കാസ്പര്‍ എന്ന ഇംഗ്‌ളീഷ് കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ഇന്ത്യന്‍ പകര്‍പ്പായിരുന്നു.പിന്നീട് ലിറ്റില്‍ ഭീം, ഗണേഷ തുടങ്ങി കുട്ടികള്‍ ഏറ്റുവാങ്ങിയ പുരാണ കഥാപാത്രങ്ങളുടെ ത്രീഡി അനിമേഷന്‍ പരമ്പരകള്‍ ദേശീയ ചാനലുകളില്‍ വ്യാപകമാവുകയും ലിറ്റില്‍ ഗണേശയും ഭീമും മറ്റും ചലച്ചിത്രരൂപമാര്‍ജിക്കുകയും ചെയ്തു. എന്നിട്ടും ഗൗരവമാര്‍ന്ന അനിമേറ്റഡ് സിനിമാസംരംഭമൊന്നും നമ്മുടെ ഒരു ഭാഷയിലും പുറത്തുവന്നിട്ടില്ലെന്നത് വിചിത്രസത്യമായി നിലനില്‍ക്കുന്നു.മലയാളത്തിലും അനിമേറ്റഡ് കാര്‍ട്ടൂണ്‍ പരമ്പരകളുടെ ഒരു ബദല്‍ വീഡിയോ വിപണി ശക്തമായി നിലനിന്നിരുന്നു. മഞ്ചാടി, അപ്പു മുതല്‍ ഡിങ്കന്‍ വരെയുള്ള കഥാപാത്രങ്ങള്‍ സിഡിയായും ഡിവിഡിയായും ഇന്നും കുറെയൊക്കെ പ്രചാരത്തിലുമുണ്ട്. മുതല്‍മുടക്കില്‍ ത്രി ഡി അനിമേഷന് റ്റുഡിയുടെയത്ര ചെലവില്ലെന്ന വന്നതോടെയാണ് ഇത്തരം കാര്‍ട്ടൂണ്‍ നിര്‍മിതികള്‍ സര്‍വസാധാരണമായത്. എന്നിരുന്നാലും സിനിമയുടെ മുഖ്യധാരയില്‍ അനിമേഷന് ഇന്നും അസ്പര്‍ശ്യതയാണ്. എന്തുകൊണ്ട്?
ഒന്നാമതായി കാര്‍ട്ടൂണും അനിമേഷനും തമ്മിലെ നേര്‍ത്ത വേര്‍തിരിവ് നമ്മുടെ ചലച്ചിത്രകാരനാമാര്‍ തിരിച്ചറിയുന്നില്ലെന്നതാണ്. ലിറ്റില്‍ ഭീമോ മഞ്ചാടിയോ ഡിങ്കനോ ഒക്കെ കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ അനിമേറ്റഡ് ചിത്രങ്ങളാണ്. മറിച്ച് ലയണ്‍ കിങോ, രണ്ടുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ ജംഗിള്‍ ബുക്കോ ഒന്നും കേവലം കാര്‍ട്ടൂണ്‍ സിനിമകളല്ല. അവ ലൈവ് ആക്ഷന്‍ സിനിമകള്‍ക്കൊപ്പം ഗൗരവത്തോടെ നിര്‍മിക്കപ്പെട്ട അനിമേറ്റഡ് സിനിമകളായിരുന്നു. ഹോളിവുഡ് എക്കാലത്തും ഇത്തരം സിനിമകള്‍ക്ക് ഇതര ലൈവ് ആക്ഷന്‍ സിനിമകള്‍ക്കൊപ്പം പ്രാധാന്യവും പ്രാമുഖ്യവും നല്‍കിപ്പോന്നിട്ടുണ്ട്. അവതാര്‍ നിര്‍മിക്കുന്ന അതേ മുന്നൊരുക്കങ്ങളോടെ അതേ ഗൗരവത്തില്‍ത്തന്നെയാണ് അവര്‍ ജംഗിള്‍ ബുക്ക് എന്ന സിനിമയുടെയും പദ്ധതി തയാറാക്കുക. അതിനു പിന്നില്‍ അണിനിരത്തുന്ന താരങ്ങളുടെവരെ നിര്‍ണയത്തില്‍ ഈ സ്വാധീനം പ്രകടമാണുതാനും. ഇന്ത്യയില്‍ ഡബ്ബു ചെയ്തപ്പോള്‍ ജംഗിള്‍ ബുക്കിലെ അനിമേറ്റഡ് മൃഗകഥാപാത്രങ്ങള്‍ക്ക ശബ്ദം നല്‍കിയത് സാക്ഷാല്‍ അമിതാഭ് ബച്ചനും ഇര്‍ഫാന്‍ ഖാനുമടക്കമുള്ളവരായിരുന്നെന്നോര്‍ക്കുക.
ടൈപ്‌റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പോലെ നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായിക്കിഴിഞ്ഞു അനിമേഷന്‍ അക്കാദമികള്‍. ടെലിവിഷന്‍ ചാനലുകളിലെ ഗ്രാഫിക്‌സ് വിഭാഗമാണ് ഇവരുടെ മുഖ്യ തൊഴില്‍മേഖലയെങ്കിലും നല്ലൊരുപങ്കിന് ടൂണ്‍സ് ഇന്ത്യ അടക്കമുള്ള അനിമേഷന്‍ കമ്പനികളില്‍ ജോലി ലഭിക്കുന്നുണ്ടെന്നതു മറന്നുകൂടാ. പലരും ക്യാനഡ യു.എസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി ആഗോള അനിമേഷന്‍ സിനിമകളുടെ ഭാഗമാവുകയും ചെയ്യുന്നു. ലോകം കീഴടക്കിയ ജംഗിള്‍ ബുക്കും ലയണ്‍കിങും അടക്കമുള്ള അനിമേഷന്‍ ചിത്രങ്ങളുടെയെല്ലാം നിര്‍ണായകമായ പല ഘട്ടങ്ങളും കേരളത്തിലെ ടൂണ്‍സ് ഇന്ത്യ പോലുള്ള കമ്പനികളിലെ മലയാളി കലാകാരന്മാരും സാങ്കേതികവിദഗ്ധരുമാണ് നിര്‍വഹിച്ചിട്ടുള്ളത്. പല രാജ്യാന്തര അനിമേഷന്‍ ചിത്രങ്ങള്‍ക്കും കേരളത്തിലെയും ബംഗളൂരുവിലെയും അനിമേഷന്‍ കലാകാരന്മാരുടെ നിര്‍ണായക പങ്കാളിത്തവുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിലെ നാളിതുവരെയുള്ള അനിമേറ്റഡ് കഥാസിനിമകളുടെ എണ്ണം അറുപതില്‍ താഴെ നില്‍ക്കുന്നത്? തൊണ്ണൂറു വര്‍ഷത്തിനിടെ മലയാളത്തില്‍ നിര്‍മിക്കപ്പെട്ട മുഴുനീള അനിമേഷന്‍ കഥാചിത്രങ്ങളുടെ എണ്ണം ലഭ്യമായ കണക്കനുസരിച്ച് വെറും രണ്ടാണ്. ടൂണ്‍്‌സ് അനിമേഷനുവേണ്ടി ചേതന്‍ ശര്‍മയും മഹേഷ് വെട്ടിയാറും ചേര്‍ന്നു നിര്‍മിച്ച സ്വാമി അയ്യപ്പനും (2012), തൊട്ടടുത്തവര്‍ഷം ബിനു ശശിധരന്‍ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈമും. ഇതില്‍ ആദ്യത്തേത് പുരാണകഥാപാത്രങ്ങളെ ആസ്പദമാക്കിയതായിരുന്നെങ്കില്‍ രണ്ടാമത്തേത് യഥാര്‍ത്ഥ നടീനടന്മാരുടെ അനിമേറ്റഡ് രൂപങ്ങള്‍ മുന്‍നിര്‍ത്തിയുളള അനിമേറ്റഡ് റിയല്‍ മൂവിയായിരുന്നു. സലീം കുമാര്‍, മാള അരവിന്ദന്‍ തുടങ്ങിയവരെ വച്ചാണ് ഈ അനിമേഷന്‍ ചിത്രം നിര്‍മിക്കപ്പെട്ടത്. മലയാളത്തിലെ ആദ്യത്തെ ലൈവ് ആക്ഷന്‍ അനിമേഷന്‍ സിനിമയാണിത്. തമിഴില്‍ രജനീകാന്തിനെ നായകനാക്കി മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത കോച്ചടിയാന്‍ (2014) പരിപൂര്‍ണ അനിമേറ്റഡ് കഥാചിത്രമെന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ടതായിരുന്നു. അതുപോലെ തന്നെയാണ് ഹിന്ദിയില്‍ മികച്ച ഇംഗ്‌ളീഷ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഉഷാ ഗണേഷ് രാജയുടെ പാണ്ഡവാസ് ദ് ഫൈവ് വാരിയേഴ്‌സ്(2000) ശംഭു ഫാല്‍ക്കെയുടെ ദ ലജന്‍ഡ് ഓഫ് ബുദ്ധ(2004) തുടങ്ങിയവയൊക്കെ.
നിലവാരമുള്ള അനിമേറ്റഡ് സിനിമകള്‍ നിര്‍മിക്കാതിരിക്കുന്നതിന് സാങ്കേതികതയിലോ നിര്‍മാണച്ചെലവിലോ ന്യായവാദമുന്നിയിക്കാന്‍ മലയാളിക്ക് അവകാശമേയില്ലെന്നതിന് മലയാള സിനിമയുടെ ചരിത്രം തന്നെയാണ് തെളിവ്. ലോകസിനിമയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കൊപ്പം മനുഷ്യതാരങ്ങള്‍ ആദ്യമായി അഭിനയിച്ച റോബര്‍ട്ട് സെമിക്‌സ് സംവിധാനം ചെയ്ത ഹു ഫ്രെയിംഡ് റോജര്‍ റാബിറ്റ് (1988) പുറത്തുവന്ന് വെറും അഞ്ചുവര്‍ഷത്തിനകം മലയാളത്തില്‍ സമാനമായൊരു ലൈവ് ആക്ഷന്‍ അനിമേറ്റഡ് സിനിമ പുറത്തിറങ്ങി-കെ.ശ്രീക്കുട്ടന്‍ സംവിധാനം ചെയ്ത ഒ ഫാബി.(1993) മാത്രമല്ല, കമല്‍ഹാസന്‍ തന്റെ ആളവന്താന്‍ (2001) എന്ന ചിത്രത്തിലെ അതിഭീകരമായ ചില വയലന്‍സ് ദൃശ്യങ്ങള്‍ക്കു സ്വീകരിച്ച അനിമേഷന്‍ എന്ന കുറുക്കുവഴി നാലഞ്ചുവര്‍ഷമായി നമ്മുടെ കമ്പോള സിനിമകള്‍ അതിവിദഗ്ധമായി കഥാനിര്‍വഹണത്തിന് ഉപയോഗിച്ചു പോരുന്നുണ്ട്. ആഷിഖ് അബുവിന്റെ ഗാംഗ്‌സ്റ്റര്‍(2014), അനീഷ് അന്‍വറിന്റെ സഖറിയായുടെ ഗര്‍ഭിണികള്‍(2013), മിഥുന്‍ മാന്വല്‍ തോമസിന്റെ ആന്‍ മരിയ കലിപ്പിലാണ് (2016) മായാനദി (2016)തുടങ്ങി കുറേയേറെ സിനിമകളില്‍ ലൈവ് അനിമേഷന്റെ സാധ്യതകള്‍ മലയാള ചലച്ചിത്രകാരന്മാര്‍ ക്രിയാത്മകമായി വിനിയോഗിച്ചിട്ടുളളതുമാണ്. എന്നിട്ടും ബിനുശശിധരനു ശേഷം ഒരു മുഴുനീള ലൈവ് ആക്ഷന്‍ അനിമേഷന്‍ എന്തുകൊണ്ട് നിര്‍മിക്കപ്പെടുന്നില്ല. ഇനി ബിനുവിന്റെ സിനിമ തന്നെ എന്തുകൊണ്ട് മുഖ്യധാരയില്‍/മുഖ്യധാരയ്‌ക്കൊപ്പം ശ്രദ്ധിക്കപ്പെടുന്നില്ല/സ്വീകരിക്കപ്പെടുന്നില്ല?ടെലിവിഷനില്‍ത്തന്നെ ലൈവ് അനിമേഷന്‍ അതും സൂപ്പര്‍ താരത്തെവച്ചുപോലും അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള ചില ബോധവല്‍ക്കരണ സ്‌പോണ്‍സേഡ് പരിപാടികള്‍ക്കായി ഉപയോഗിച്ചു വരുന്നുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ശബ്ദം നല്‍കുന്ന ബോഡിഗാര്‍ഡ് തന്നെയുദാഹരണം. എന്നിട്ടുമെന്താണ് മോഹന്‍ലാല്‍ നായകനായൊരു മുഴുനീള അനിമേറ്റഡ് സിനിമ മലയാളത്തിലുണ്ടാവുന്നില്ല?
മലയാളം പോലെ ഠ വട്ടത്തിലൊതുങ്ങുന്ന സിനിമാവ്യവസായത്തിന് താങ്ങാനാവാത്തത്ര ഭീമമായ മുടക്കുമുതലാവുമോ ഇത്തരമൊരു സാഹസത്തില്‍ നിന്ന് നമ്മുടെ നിര്‍മാതാക്കളെ അകറ്റിനിര്‍ത്തുന്നത്? പക്ഷേ ഇതില്‍ എത്രകണ്ടു വാസ്തവമുണ്ട്, വിശേഷിച്ചും ബാഹുബലി പോലെ ഇന്ത്യ കീഴടക്കിയ യമണ്ടന്‍ പണം വാരിച്ചിത്രങ്ങളുടെ മഹാഭൂരിപക്ഷം രംഗങ്ങളും അനിമേഷനാണെന്നിരിക്കെ?നൂറും നൂറ്റമ്പതും കോടി രൂപ മുതല്‍മുടക്കില്‍ പുലിമുരുകനും ഒടിയനും ഇപ്പോഴിതാ ബാഹുബലിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മഹാഭാരതയും കുഞ്ഞാലിമരയ്ക്കാറും കായംകുളം കൊച്ചുണ്ണിയും കര്‍ണനുമെല്ലാം ഉള്ളടക്കത്തിന്റെ ഭീമഭാഗവും അനിമേഷനെ ആശ്രയിക്കുമ്പോള്‍ മുടക്കുമുതലിനെയും സാങ്കേതികതയേയും മുന്‍നിര്‍ത്തിയുള്ള പ്രതിരോധങ്ങളില്‍ വാസ്തവമില്ലെന്നു കാണാം. കല്‍പിതകഥകളുടെ അക്ഷയസമൃദ്ധമായ മലയാള ഭാഷയില്‍ പിന്നെന്താവും ജോഷിയും പ്രിയദര്‍ശനുമടക്കമുള്ള മുതിര്‍ന്ന സിനിമാക്കാരും പരീക്ഷണങ്ങളിഷ്ടപ്പെടുന്ന പുതുതലമുറചലച്ചിത്രകാരന്മാരും ലൈവ് അനിമേഷന്‍ എന്നൊരു ചലച്ചിത്ര ജനുസിനെ തന്നെ കാര്യമായി പരിഗണിക്കാത്തത്?
ഈ ചോദ്യത്തിന് ഉത്തരമന്വേഷിക്കുമ്പോഴാണ് പൊതുവേ ബാലചിത്രങ്ങളോടു നമ്മുടെ കമ്പോള മുഖ്യധാര വച്ചുപുലര്‍ത്തുന്ന അവഗണനയിലേക്കു തന്നെ നാം എത്തിച്ചേരുന്നത്. ഇന്ത്യയില്‍ സത്യജിത് റേ വരെ ബാലസിനിമകളെ ഗൗരവത്തോടെ കണക്കാക്കുകയും ഒട്ടേറെ ബാലചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ രാമു കാര്യാട്ടും ജി.അരവിന്ദനും ശിവനും ജിജോയും വേണുവും പോലെ അപൂര്‍വം സംവിധായകര്‍ മാത്രമാണ് മുതിര്‍ന്നവര്‍ക്കുവേണ്ടിയല്ലാത്ത, ബോധവല്‍ക്കരണവും സാരോപദേശവുമില്ലാത്ത കുട്ടികളുടെ സിനിമ എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളത്. ചെലവു നോക്കാതെ സാങ്കതേതികത പരീക്ഷിക്കാന്‍ സാഹസപ്പെട്ടിട്ടുള്ള നിര്‍മാതാക്കളും സംവിധായകരുമാണ് മലയാളത്തിന്റെ ശക്തി. അതുകൊണ്ടാണ് ത്രിഡി അടക്കമുള്ള സാങ്കേതികത ഇന്ത്യയിലാദ്യമായി അവതരിപ്പിക്കപ്പെട്ടത് നമ്മുടെ ഭാഷയിലായത്.എന്നാല്‍ അനിമേഷന്‍ സിനിമകളുടെ കാര്യത്തില്‍ മാത്രം നാം പരമ്പരാഗത സാരോപദേശ കാര്‍ട്ടൂണ്‍ ക്യാരിക്കേച്ചര്‍ നിലവാരത്തില്‍ നിന്നു മാറി നമ്മുടെ ചലച്ചിത്രകാരന്മാരാരും ഗൗരവമാര്‍ന്ന ആഖ്യാനസാധ്യതയായി അതിനെ കണക്കാക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ലെന്നതാണു വാസ്തവം. തെലുങ്കില്‍ ബാഹുബലിയുടെ വിജയത്തില്‍ നിന്ന് ബാഹുബലിയൂടെ പൂര്‍വചരിത്രം ലൈവ് അനിമേറ്റഡ് പരമ്പരയാക്കി നെറ്റ് ഫ്‌ളിക്‌സിലൂടെ ദശകോടികള്‍ കൊയ്യാന്‍ എസ്.എസ്.രാജമൗലിയെപ്പോലൊരു ഹൈ പ്രൊഫൈല്‍ സംവിധായകന് രണ്ടാമതൊന്നാലോചിക്കാനില്ല. അത്രയ്ക്കും വിപണിസാധ്യത നിലനിന്നിട്ടുപോലും മാറി ചിന്തിക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാരോ താരങ്ങളോ തയാറാവുന്നില്ലെന്നതാണ് ഖേദകരം.

Monday, July 16, 2018

തോമസ് സാറിന് ആദരപൂര്‍വം...

ജീവിതത്തില്‍ ഏറെ സന്തോഷം തോന്നിയൊരു ദിവസമായിരുന്നു ഇന്നലെ. സിനിമാ എഴുത്തില്‍ എന്റെ കൈ പിടിച്ചു നടത്തിച്ച ഗുരുതുല്യനായ ശ്രീ എം.എഫ്.തോമസ് സാറിന്റെ ഫിലിം സൊസൈറ്റി ജീവിതത്തിന്റെ 50-ാം വര്‍ഷം ചലച്ചിത്ര അക്കാദമിയും, അദ്ദേഹം പ്രേരകനും പ്രചാരകനുമായ ബാനര്‍ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് തിരുവനന്തപുരം ഭാരത് ഭവനില്‍ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ എത്രയോ മാനസശിഷ്യന്മാരിലൊരാളായ എനിക്ക് അത്രയ്ക്കു പ്രധാനപ്പെട്ട ദിവസം തന്നെയാണ്. അദ്ദേഹത്തെപ്പറ്റി ശ്രീ ബിജു നിര്‍മിച്ച നല്ലസിനിമയും ഒരു മനുഷ്യനും എന്ന ഹ്രസ്വചിത്രത്തില്‍ പങ്കെടുത്ത പുതുതലമുറ ചലച്ചിത്രകാരന്മാരില്‍ അവരില്‍ പലരെയും പോലെ ഗൗരവമുള്ള സിനിമയെ അറിയുന്നതും അതേപ്പറ്റി എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നതും ശ്രീ എം.എഫ്.തോമസ് സാര്‍, ശ്രീ വിജയകൃഷ്ണന്‍സാര്‍, ഡോ രാജകൃഷ്ണന്‍സാര്‍ തുടങ്ങിയവരുടെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചുകൊണ്ടാണ്. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ സുഹൃത്തുക്കളായ സഹാനി വിനോദ് എന്നിവരുമായി ചേര്‍ന്ന് പുറത്തിറക്കിയിരുന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിനു വേണ്ടി ലേഖനം ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാളന്ദ ക്യാംപസില്‍ പോയി അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ടത്ത് ഇന്നലെയെന്നോണം ഓര്‍മ്മയിലുണ്ട്. സിനിമയെ അത്ര കണ്ടു സ്‌നേഹിക്കുന്ന മീശ മുളയ്ക്കാത്ത ഒരു കൂട്ടം ചെറുപ്പക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു എന്നു വേണം പറയാന്‍. എന്തായാലും എന്റെ എഴുത്തുജീവിതത്തില്‍ അതൊരു വഴിത്തിരിവായിരുന്നു. ദിശ തെറ്റാതെ കൈപിടിച്ചു നടത്താന്‍ ആരോ മുന്നിലുള്ളതുപോലൊരു തോന്നലായിരുന്നു പിതൃതുല്യമായ അദ്ദേഹത്തിന്റെ കരുതലോടെയുള്ള പെരുമാറ്റത്തില്‍ നിന്നുണ്ടായത്.2008ല്‍ ഞാന്‍ ആദ്യമായി ഒരു ചലച്ചിത്രഗ്രന്ഥം പുറത്തിറക്കുമ്പോള്‍ അതിന് അവതാരികയെഴുതിത്തന്നത് അദ്ദേഹമായിരുന്നു.കോട്ടയം പ്രസ് ക്‌ളബ്ബില്‍ വച്ച് അതിന്റെ പ്രകാശനത്തിന് അടൂര്‍ സാറിനെ ക്ഷണിക്കാനായി അടൂര്‍ സാറിനെ പരിചയപ്പെടുത്തിത്തരുന്നതും തോമസ് സാറാണ്. അന്നത്തെ വിപണിപരിമിതിയില്‍ ഒരു പക്ഷേ ഗോഡൗണില്‍ കെട്ടിക്കിടക്കാമായിരുന്ന ആ പുസ്തകത്തിന്റെ വിതരണത്തിന് ഒരു സൊസൈറ്റിയുമായി ധാരണയുണ്ടാക്കിത്തന്നതും അദ്ദേഹമാണ്.(ആ പുസ്തകം ഇപ്പോള്‍ ഔട്ട് ഓഫ് പ്രിന്റാണ്) എന്റെ ഒന്നൊഴിയാതെയുള്ള എല്ലാ പുസ്തകത്തിലും ഞാന്‍ കൃതജ്ഞത വച്ചിട്ടുള്ള ചില പേരുകളില്‍ ഒരിക്കലും വിട്ടുപോകാത്ത ഒരു പേര് എം.എം.തോമസ് സാറിന്റേതാണ്. വിവാഹമടക്കമുള്ള എന്റെ ജീവിതത്തിലെ  നിര്‍ണായകദിവസങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സ്‌നേഹസാന്നദ്ധ്യമുണ്ടായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന എന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് അടൂര്‍ സാറുമായി വന്നെത്തിയത്, 2001ലെ ഐ.എഫ്.എഫ്.കെയുടെ പ്രസിദ്ധീകരണസമിതിയില്‍ അംഗങ്ങളായിരുന്നത്, 2016ലെ മേളയുടെ മലയാളവിഭാഗം പ്രിവ്യൂ ജൂറിയില്‍ ഒന്നിച്ചുണ്ടായിരുന്നത്...ഒക്കെ എന്റെ സൗഭാഗ്യങ്ങളായിത്തന്നെ ഞാന്‍ മനസിനോടു ചേര്‍ത്തു പിടിക്കുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ സിനിമ ആദരിക്കപ്പെട്ടത് ഞങ്ങള്‍ തെരഞ്ഞെടുത്തുള്‍പ്പെടുത്തിയ ജയരാജിന്റെ ഒറ്റാലിനായതില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കടപ്പെടുന്നത് എം.എം.തോമസ് സാറിന്റെ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത സമീപനത്തോടാണ്. എഴുതിത്തുടങ്ങിയ കാലത്ത് ഒരു സംസ്ഥാന അവാര്‍ഡ് ശില്‍പം എന്റെ വീട്ടിലെ ഷെല്‍ഫിലും കൊണ്ടുവന്നു വയ്ക്കണമെന്നു മോഹിച്ചിട്ട് ഇപ്പോള്‍ മൂന്നു ശില്‍പവും രണ്ടു ടിവി അവാര്‍ഡ് ശില്പവും നാലു ക്രിട്ടിക്‌സ് അവാര്‍ഡ് ശില്‍പവും അവിടെ കൊണ്ടുവന്നു വയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം തോമസ് സാര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്നു തുടങ്ങിയതാണെന്നു ഞാന്‍ ഓര്‍ക്കുന്നു.
ഒരു ചലച്ചിത്ര നിരൂപകനെ, ഫിലിം സൊസൈറ്റി പ്രവര്‍ത്തകനെ ആദരിക്കാന്‍ മുന്നോട്ടുവന്നതില്‍ ചലച്ചിത്ര അക്കാദമിയെ അനുമോദിക്കാതെ വയ്യെങ്കിലും അദ്ദേഹത്തിന് ഒരു ഫലകം കൂടി തീര്‍ച്ചയായും സമ്മാനിക്കേണ്ടതുണ്ടായിരുന്നു എന്നു തന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നെപ്പോലെ എത്രയോ തലമുറ എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും സൊസൈറ്റി പ്രവര്‍ത്തകരും ആ സ്‌നേഹത്തണലില്‍ പുഷ്പിച്ചിട്ടുണ്ടെന്നതിന് ഭാരത് ഭവന്‍ തിങ്ങി നിറഞ്ഞു പുറത്തേക്കും കവിഞ്ഞ സദസു സാക്ഷി. അക്കാദമിയുടെ പരിഗണനയില്‍ ആദരം പൊന്നാടയിലൊതുങ്ങിയെങ്കിലും അതു നല്‍കിയത് അടൂര്‍ സാര്‍ ആണെന്നതും അതു കാണാന്‍ വിജയകൃഷ്ണന്‍ സാറും മീരാസാഹിബ് സാറുമടക്കമുള്ള പ്രൗഡസദസുണ്ടായി എന്നതും മറക്കാനാവില്ല.നിഷ്‌കാമനായി നിര്‍മമനായി നിസ്വനായി സിനിമയ്‌ക്കൊപ്പം നടന്നു നീങ്ങുന്ന ഈ മനുഷ്യനു നല്‍കാവുന്ന ഏറ്റവും മികച്ച ആദരം തന്നെയായിട്ടാണ് ബിജുവിന്റെ ഹ്രസ്വചിത്രം അനുഭവപ്പെട്ടത്. ഏറെ സന്തോഷം തോന്നുന്നു, മനസു നിറഞ്ഞുതുളുമ്പുന്നതു പോലെ. നന്ദി ബിജു, നന്ദി ചലച്ചിത്ര അക്കാദമി.

Wednesday, July 11, 2018

Drishyaprathishtapanam @ Nana weekly


22-7-2018 ലെ നാന വാരികയില്‍ എന്റെ പുസ്തകത്തെ പറ്റിയുള്ള കുറിപ്പ്. നല്ലവാക്കുകള്‍ക്ക് നന്ദി കുമാരിയമ്മ. നന്ദി നാന.

Friday, June 29, 2018

മേരിക്കുട്ടിയെപ്പറ്റി ചിലത്

കഴിഞ്ഞദിവസം ഒരു അടുത്ത യുവസൂഹൃത്തു വിളിച്ചു. വൈകിട്ടൊരു സിനിമയ്ക്കു പോകാനാണ്. എന്റെ അഭിപ്രായമന്വേഷിച്ചുവിളിച്ചതാണ്. ഞാന്‍ മേരിക്കുട്ടി കണ്ടോ എന്നാണറിയേണ്ടത്. ഞാന്‍ കണ്ടെന്നു പറഞ്ഞപ്പോള്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന മകളുമൊത്തു കാണാന്‍ പോകാവുന്ന സിനിമയാണോ എന്നായി. ട്രാന്‍സ്‌ജെന്‍ഡര്‍ സിനിമ എന്നൊക്കെ കേട്ടപ്പോഴുള്ള അങ്കലാപ്പാണ്. ട്രാന്‍സ്‌ജെന്‍ഡറിസത്തെപ്പറ്റിയല്ലെന്നും ഇത് ട്രാന്‍സ് സെക്ഷ്വാലിറ്റിയെപ്പറ്റിയാണെന്നും മകളുടെ പ്രായത്തിലുള്ള ആണും പെണ്ണും തീര്‍ച്ചയായും കാണുകയും ഇത്തരം സാമൂഹികാവസ്ഥകളെപ്പറ്റി ബോധമുണ്ടാകുകയും അതുവഴി വരുംതലമുറയുടെയെങ്കിലും കാഴ്ചപ്പാടുകള്‍ നേരിന്റെതായിത്തീരേണ്ടതുണ്ടെന്നും അങ്ങനെമാത്രമേ സമൂഹത്തെ നമുക്കു മാറ്റിയെടുക്കാനാവുകയുള്ളൂവെന്നുമൊക്കെ പറഞ്ഞിട്ടാണ് അദ്ദേഹം ഭാര്യയും മകളുമൊത്ത് ഞാന്‍ മേരിക്കുട്ടി കാണാന്‍ പോയത്. ഞാനും ഭാര്യയുമാകട്ടെ, വാസ്തവത്തില്‍ ഞാന്‍ മേരിക്കുട്ടി കണ്ടതിന്റെ ചെറിയൊരു ഹാങോവറില്‍ നിന്നു വിടുതലനേടിയിട്ടുമുണ്ടായിരുന്നില്ല.
മലയാള സിനിമയില്‍ ബാലചന്ദ്രമേനോനും സന്ത്യന്‍ അന്തിക്കാടും വേണുനാഗവള്ളിയും തുറന്നിട്ട ഇടസിനിമയുടെ പാതയില്‍ കാലിടറാതെ മുന്നോട്ടുപോവുന്ന പുതുതലമുറസംവിധായകനാണ് രഞ്ജിത്ശങ്കര്‍. എന്നാല്‍ രഞ്ജിത്തിന്റെ സിനിമ അവരുടേതില്‍ നിന്നു വ്യത്യസ്തമായി ഒരു പുതിയ ഭാവുകത്വം തേടുന്നത് അവതരണത്തിലെ ഏകാഗ്രതകൊണ്ടാണ്. ധ്യാനാത്മകമായ ഏകാഗ്രത എന്നതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. മുഖ്യകഥാവസ്തുവില്‍ നിന്ന് തെല്ലും വ്യതിചലിക്കാതെ, തന്റെ കഥയ്ക്കാവശ്യമില്ലാത്ത ഒരു സീനോ കഥാപാത്രമോ പോലും സൃഷ്ടിക്കാതെ കഥാനിര്‍വഹണത്തിന്റെ പുരോഗതിയില്‍ മാത്രം കണ്ണും മനസുമുറപ്പിച്ചുള്ള സ്‌ക്രിപ്റ്റിങ് ആണ് രഞ്ജിത്ശങ്കര്‍ സിനിമകളുടെ ശക്തി.ഒന്നു കഴിഞ്ഞാല്‍ അടുത്തത് എന്ന നിലയ്ക്ക് ഒരുവിരല്‍ അകലം പോലുമില്ലാതെ ഇഴചേര്‍ത്തുകെട്ടിമുറുക്കിയ തിരക്കഥാശൈലിയാണത്.അതു പാസഞ്ചര്‍ മുതല്‍ വെളിവായതാണെങ്കിലും രാമന്റെ ഏദന്‍തോട്ടമായപ്പോഴാണെന്നു തോന്നുന്നു പൂര്‍ണത കൈവരിക്കുന്നത്. വിഷയമേതായാലും അതിലൊരു ശുഭാപ്തിവിശ്വാസം തൊട്ടു നല്‍കാന്‍ ശ്രദ്ധിക്കുന്ന ചലച്ചിത്രകാരനാണ് രഞ്ജിത്. അതുകൊണ്ടു തന്നെ, ട്രാന്‍സ്‌ജെന്‍ഡര്‍ സിനിമ എന്ന ലേബലില്‍ നിന്നു വേറിട്ട്, സുസുസു വാത്മീകത്തിന്റെയും  രാമന്റെ ഏദന്‍തോട്ടത്തിന്റെയും ഒക്കെ പിന്തുടര്‍ച്ചയായി ഒരു പോസിറ്റീവ് സിനിമയായി ഞാന്‍ മേരിക്കുട്ടിയെ കാണണമെന്നാണ് എന്റെ പക്ഷം. കാരണം ഞാന്‍ മേരിക്കുട്ടി കേവലമൊരു ട്രാന്‍സ്‌സെക്ഷ്വലിന്റെ പ്രശ്‌നമല്ല. അതു പ്രതികൂല ജീവിതാവസ്ഥകളെ മനഃക്കരുത്തും ഇച്ഛാശക്തിയും കൊണ്ടു മറികടന്ന് ലക്ഷ്യപ്രാപ്തിയിലെത്തുന്ന സാധാരണ മനുഷ്യനെപ്പറ്റിയുള്ള കഥയാണ്. അതില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പിന്‍തിരിപ്പന്‍/പ്രതിലോമ ആശയങ്ങളുണ്ട്. സാമൂഹികവിരുദ്ധമെന്നു വിവക്ഷിക്കാവുന്ന ആള്‍ക്കൂട്ടവിചാരണകളുടെ കാപട്യം തുറന്നുകാട്ടുന്നുണ്ട്. അധികാരദുര്‍വ്യവസ്ഥ എങ്ങനെയാണ് കണ്ണും കാതും കെട്ടിയ നിലയില്‍ നിര്‍ജീവമായിട്ടുള്ളതെന്നുമുണ്ട്. അതൊക്കെ തളരാത്ത ഇച്ഛാശക്തിയും തെളിഞ്ഞ ചിന്തയും ആത്മവിശ്വാസവും കൊണ്ട് ഒരാള്‍ക്കു മറികടക്കാനാവുന്നതെങ്ങനെയെന്നുമുണ്ട്.
നമ്മോടൊപ്പം സഞ്ചരിക്കുന്ന, സിനിമ കാണുന്ന, ഭക്ഷണം കഴിക്കുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡറും ട്രാന്‍സ് സെക്ഷ്വലും നമ്മുടെയും ചുറ്റുപാടുകളുടെയും തുറിച്ചു നോട്ടത്തില്‍ നിന്നു ശാശ്വതമായി രക്ഷപ്പെടണമെങ്കില്‍ മാറേണ്ടത് നമ്മുടെ കാഴ്ചപ്പാടാണ്. മാറ്റേണ്ടത് നമ്മുടെ മക്കളുടെ അവരോടുള്ള സമീപനവുമാണ്. കൗതുകമുണ്ടാക്കുകയല്ല, അവരെപ്പറ്റിയുള്ള ശാസ്ത്രീയ വിശദീകരണം നല്‍കി അവരും നമ്മളെപ്പോലെതന്നെയാണെന്ന് സ്വന്തം കുഞ്ഞുങ്ങള്‍ക്കടക്കം പറഞ്ഞു മനസിലാക്കിക്കൊടുക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡറുകളോടും ട്രാന്‍സ് സെക്ഷ്വലുകളോടും നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതി. അതിന് ഞാന്‍ മേരിക്കുട്ടി ഒരു നല്ല തുടക്കമാണ്, അല്ല, ആരോഗ്യകരവും ഫലപ്രദവുമായ തുടക്കം തന്നെയാണ്.
ജയസൂര്യയെ സംബന്ധിച്ച്, കഥാപാത്രവ്യത്യാസത്തിനു വേണ്ടി ഏതളവുവരെയും പരിശ്രമിക്കുന്ന നടനാണെന്ന് പ്രേക്ഷകര്‍ക്കറിയാവുന്നതാണ്. എന്നാല്‍ മേരിക്കുട്ടി വ്യത്യസ്തമാവുന്നത്, അതില്‍ മിമിക്രിയുടെ അംശവും കൃത്രിമത്വത്തിന്റെ അംശവുമില്ലെന്നിടത്താണ്. രഞ്ജിത്തും ജയസൂര്യയും കൂടി വിഭാവനചെയ്ത മേരിക്കുട്ടി സ്‌ത്രൈണത ശരീരത്തിലോ ശബ്ദത്തിലോ വഹിക്കുന്ന ആളല്ല, മറിച്ച് മനസുകൊണ്ട് സ്ത്രീയായി ജീവിക്കുന്ന പുരുഷനാണ്. ആ ശരീരഭാഷ സ്വായത്തമാക്കാന്‍ ജയസൂര്യയ്ക്ക് സാധിച്ചു. അതുകൊണ്ടാണ് അതില്‍ വക്രീകരണങ്ങളോ, ക്യാരക്കേച്ചറിങോ, മാനറിസങ്ങളോ ഒന്നും ഇല്ലാതെപോയത്, അത് ഹൃദയത്തില്‍ നിന്നുള്ളതായതും!
ക്‌ളീഷേകളെ കഴിവതും പിന്‍പറ്റാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് രഞ്ജിത് ശങ്കര്‍ എങ്കിലും രാമന്റെ ഏദന്‍തോട്ടത്തിനു ശേഷം ജോജു ജോര്‍ജിന്റെ കാര്യത്തില്‍ മാത്രം സാമ്പ്രദായിക കാഴ്ചപ്പാടുകളെ അദ്ദേഹം പിന്തുടരുന്നുണ്ടോ എന്നു സംശയം. ഒരു പക്ഷേ ജോജുവല്ലാതെ ഒട്ടും പ്രെഡിക്ടബിള്‍ അല്ലാത്ത ഒരഭിനേതാവിനായിരുന്നു ആ പൊലീസ് വേഷം നല്‍കിയതെങ്കില്‍ അല്‍പം കൂടി നന്നായേനെ, ജില്ലാ കളക്ടറായി സുരാജിനെ നിര്‍ണയിച്ചതിലെ ആര്‍ജ്ജവം പോലെ. സുരാജിന്റെ സമകാലിക ചലച്ചിത്രജീവിതത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സവാരി എന്നീ സിനിമകള്‍ക്കുശേഷമുള്ള ഏറ്റവും സെന്‍സിബിളായ കഥാപാത്രാവിഷ്‌കാരമാണ് ഞാന്‍ മേരിക്കുട്ടിയിലേത്. അതുപോലെ എടുത്തുപറയേണ്ടതാണ് അജുവര്‍ഗീസിന്റെയും. സ്വയം ആവര്‍ത്തിച്ച് സ്റ്റീരിയോടൈപ്പിലേക്കു വീണുകൊണ്ടിരുന്ന അജുവിന്റെ വേറിട്ട വേഷമാണ് ഈ സിനിമയില്‍. എല്ലാം മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവര്‍, സാധാരണക്കാര്‍. അതാണ് ഈ സിനിമയുടെ സവിശേഷത.
ഞാന്‍ മേരിക്കുട്ടി കാണാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അതു മുന്നോട്ടു വയ്ക്കുന്ന തീര്‍ത്തും പുരോഗമനപരവും ശുഭാപ്തിവിശ്വാസപരവുമായ ജീവിതവീക്ഷണം. രണ്ടാമത്തേത് സമൂഹത്തില്‍ ദിവ്യാംഗരെ കണക്കാക്കുന്നതുപോലെ ലൈംഗികന്യൂനപക്ഷങ്ങളെക്കൂടി നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നതുകൊണ്ട്. ഈ രണ്ടു കാരണങ്ങള്‍ മതി ഈ സിനിമ നിര്‍ബന്ധമായും തീയറ്ററില്‍ പോയി കാണാന്‍. എന്നാല്‍ അതിലും വലിയ കാര്യം, ഞാന്‍ മേരിക്കുട്ടി തറവളിപ്പും പ്രതിലോമകരവുമായ യാതൊന്നും സംഭാവചെയ്യുന്നില്ല എന്നതുകൂടിയാണ്!

Tuesday, June 19, 2018

സിനിമ-ഒരു ദൃശ്യപ്രതിഷ്ഠാപനം

പ്രിയപ്പെട്ടവരെ എന്റെ പതിനാലാമത്തെ പുസ്തകം ഇന്നു കൈയില്‍കിട്ടി.  മിനിയാന്നേ കോട്ടയത്തൊക്കെ പുറത്തിറങ്ങിയിരുന്നു. ഇന്നലെ പ്രിയസുഹൃത്ത് വി.ജി.നകുല്‍ കണ്ടിട്ട് വിളിച്ചും പറഞ്ഞു. ഇന്നിപ്പോള്‍ കൈയില്‍ കിട്ടി. സിനിമ ഒരു ദൃശ്യപ്രതിഷ്ഠാപനം. 50 വര്‍ഷം ജീവിച്ചതിന്റെ ശേഷിപ്പായി 14 പുസ്തകങ്ങള്‍. ഒന്നെങ്കിലും എന്നാശിച്ചു തുടങ്ങിയതാണ്. ദൈവമനുഗ്രഹിച്ചാല്‍ ഈ വര്‍ഷം അതു 16 ല്‍ എത്തും. സന്തോഷം. ആദ്യപുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് അനുഗ്രഹിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്, അവതാരികയെഴുതി എന്നും പ്രോത്സാഹിപ്പിച്ച എം.എഫ്.തോമസ് സാറിന്. എല്ലാ ഗുരുക്കന്മാര്‍ക്കും. ചങ്ങാതിമാര്‍ സഹാനിക്കും വിനോദിനും. പിന്നെ ഇതൊന്നും കാണാന്‍ എനിക്കൊപ്പമില്ലാതെ പോയ എന്റെ അച്ഛനമ്മമാര്‍ക്കും. ഇതാദ്യമായി ഈ പുസ്തകം ഞാനെന്റെ ഭാര്യക്കും മകള്‍ക്കുമാണു സമര്‍പ്പിച്ചിട്ടുള്ളത്. അവരുടെ പിന്തുണയില്ലെങ്കില്‍ അവരെന്നെ ശല്യപ്പെടുത്തിയിരുന്നെങ്കില്‍ സാധ്യമാവാത്തതാണ് ഇത്രയും തന്നെ. വായനാദിനത്തോടനുബന്ധിച്ചു തന്നെ ഈ പുസ്തകം ഇറങ്ങിയെന്നതിലും സന്തോഷം. നല്ലവണ്ണം പ്രസിദ്ധീകരിച്ചതിന് കൂട്ടുകാരന്‍ അനില്‍ വേഗയ്ക്ക് ആയിരം നന്ദി. വായിക്കാന്‍ താല്പര്യമുള്ളവരും അഭ്യൂദയകാംക്ഷികളും സുഹൃത്തുക്കളും വാങ്ങി വായിച്ച് അഭിപ്രായം പറയണമെന്നപേക്ഷ. കോപ്പികള്‍ കോട്ടയം ദേശാഭിമാനി ബുക്‌സ്റ്റാളിലും കേരളത്തിലെ എല്ലാ നാഷനല്‍ ബുക് സ്റ്റാള്‍ ഷോറൂമുകളിലും ഉടന്‍ ലഭിക്കും.