Monday, August 31, 2015

പ്രേമത്തെപ്പറ്റിത്തന്നെ, അല്ലാതെന്ത്?

എ.ചന്ദ്രശേഖര്‍
ജന്തുവര്‍ഗങ്ങളില്‍ മനുഷ്യര്‍ക്കു മാത്രമാണ് ഭൗതികം, ആത്മീയം എന്നിങ്ങനെ ജൈവലത്തില്‍ ഉള്‍പ്പിരിവുകളുള്ളത്. മറ്റെല്ലാവയ്ക്കും വിശപ്പ് ദാഹം രതി തുടങ്ങി ശരീരത്തിന്റെ ആവശ്യങ്ങളും നിവൃത്തിയും മാത്രമാണ് ജീവസന്ധാരണത്തിനാവശ്യം. ബുദ്ധിയും തലച്ചോറുമെല്ലാം മൃഗങ്ങള്‍ക്കുമുണ്ടെങ്കിലും മനുഷ്യര്‍ക്കു മാത്രമാണ് ഭാവനയും അതുവഴി മനസിന്റെ, ആത്മാവിന്റെ വിശപ്പിന്റെയും പ്രശ്‌നങ്ങളുള്ളത്. രതി പോലെയോ, ഒരുപക്ഷേ അതിനേക്കാളുമോ വലിയ വിശപ്പാണ് മനസ് അവനില്‍ അവശേഷിപ്പിക്കുന്നത്. അത് നിവൃത്തിക്കുകയെന്നതാണ് ബൗദ്ധികമായി അവന്‍ നേരിടുന്ന വെല്ലുവിളിയും.
സ്വപ്‌നം കാണാനുള്ള കഴിവും ഭാവനയുമായി ബന്ധപ്പെട്ടതാണ്. ഇല്ലാത്ത ഒന്നിനെ സങ്കല്‍പിക്കുക വഴിയാണ് മനുഷ്യന്‍ ഇതര ജീവജാലങ്ങള്‍ക്ക് അസാധ്യമായ ഒരു ലോകത്തെത്തന്നെ നിര്‍മിക്കുന്നത്. കലയില്‍ മാത്രമാണിത് എന്നു തെറ്റിദ്ധരിക്കരുത്. ഭാവനയിലൂടെ കല്‍പ്പിച്ചെടുക്കുന്നതു തന്നെയാണ് ശാസ്ത്രവും. ശാസ്ത്രം വഴി ഉണ്ടാക്കിയെടുത്തിട്ടുള്ള നേട്ടങ്ങളൊക്കെയും അവന്റെ കാല്‍പനികതൃഷ്ണകളുടെ സാക്ഷാത്കാരങ്ങളാണ്. പറക്കാനും നീന്താനും എന്തിന് മായക്കാഴ്ചകള്‍ കാണാനുംവരെയുള്ള കണ്ടെത്തലുകളിലേക്ക് കൊണ്ടെത്തിച്ചതും മനുഷ്യ മനസിന്റെ വിശപ്പുതന്നെയാണ്. നമുക്കു പുറത്ത് എന്താണെന്നും എങ്ങനെയാണെന്നുമറിയാനുള്ള ജിജ്ഞാസ, അറിയാത്ത ലോകത്തെ വിഭാവനചെയ്യാനുള്ള ബൗദ്ധികശേഷി, ദൃഷ്ടിഗോചരമല്ലാത്തതിനെ സൂക്ഷ്മനിരീക്ഷണം കൊണ്ടും മനഃക്കണ്ണുകൊണ്ടും തിരിച്ചറിയാനുള്ള യുക്തി..ഇതൊക്കെത്തന്നെയാണ് മനുഷ്യനെ ചൊവ്വയിലേക്കും എന്തിന് സങ്കീര്‍ണങ്ങളായ ദാര്‍ശനികധാരകളിലേക്കും വരെ കൊണ്ടുച്ചെന്നെത്തിച്ചത്. ദര്‍ശനം എന്നാണല്ലോ ആത്മീയവും താത്വികവുമായ വിജ്ഞാനധാരകളെപ്പോലും വിവരിക്കുക.
സാങ്കേതികത ശാസ്ത്രത്തെ വിഴുങ്ങുംവരെയുള്ള കാലത്ത് അതങ്ങനെതന്നെയായിരുന്നു. എന്നാല്‍, സാങ്കേതികത ശാസ്ത്രത്തിനുമപ്പുറം വളര്‍ന്നുകഴിഞ്ഞപ്പോള്‍, അതു മാധ്യമവും സന്ദേശവും തന്നെയായിത്തീര്‍ന്നപ്പോള്‍ എന്തായിരിക്കും മാറിയിട്ടുണ്ടാവുക? കേരളസമൂഹത്തില്‍ പ്രേമം എന്ന സിനിമ നിര്‍മിച്ച തരംഗവും വിവാദവും സംവാദവും ഈയയൊരു പശ്ചാത്തലത്തില്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. കാരണം, ഡിജിറ്റല്‍ വിവരവിനിമയ കാലഘട്ടത്തില്‍ സിനിമ പോലൊരു ശാസ്ത്ര-കലാരൂപം അനുവാചകമനസുകളെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നും സമൂഹത്തിന്റെ പൊതു ബോധമണ്ഡലത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതും പൊതുഭാവുകത്വത്തെ എങ്ങനെ നിര്‍ണയിക്കുന്നു എന്നതും ഈ സിനിമ കാണിച്ചു തരുന്നുണ്ട്.
എങ്ങനെയായിരിക്കും ഡിജിറ്റല്‍ സാങ്കേതികത ഭാവനയെ ബാധിക്കുന്നത്?  ചരിത്രം എന്നത്, ആര്‍ജിത വിജ്ഞാനം എന്നത് ഓര്‍മ്മയാണ്. ഭൂതകാലത്തെക്കുറിച്ചുള്ള ആലേഖനം ചെയ്യപ്പെട്ടതും അല്ലാത്തതുമായ ഓര്‍മ്മ. അതു പൂര്‍ണമായും മനുഷ്യന്റെ ബുദ്ധിയെ ആശ്രയിച്ചുള്ളതാണ്. സംസ്‌കാരമെന്നതും ഓര്‍മ്മയെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കപ്പെടുന്നതാണ്. ഓര്‍മ്മയെന്നതോ തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതും. എന്നാല്‍, ഡിജിറ്റല്‍, ഓര്‍മ്മയെ ശരീരബാഹ്യവും തീര്‍ത്തും ഭൗതികവും മാധ്യമനിരപേക്ഷവുമാക്കി മാറ്റുന്നുവെന്ന് ജെ.എന്‍.യുവിലെ പ്രഫ. വി.സനില്‍ നിരീക്ഷിച്ചിട്ടുണ്ട് (ഭാഷാപോഷിണി, ജൂലൈ 2018) കംപ്യൂട്ടര്‍ എന്നത് ഓര്‍മകള്‍ സൂക്ഷിക്കുന്ന പെട്ടിമാത്രമല്ലെന്നും അത് ഓര്‍മ്മതന്നെയായിത്തീരുകയാണെന്നുമാണ് വ്യാഖ്യാനം. ആലേഖനമാണ് ഓര്‍മയുടെ ക്രിയാംശം. അനുഭവങ്ങളുടെ മങ്ങിയ ഇമേജല്ല, വ്യക്തമായ ദൃശ്യങ്ങളാണ് അത്. പ്രേമം എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഈ പറഞ്ഞ സിദ്ധാന്തത്തിന്റെ സാധൂകരണമൊന്നു പരിശോധിക്കുക. പ്രേമം വാര്‍ത്തകളില്‍ നിറഞ്ഞത്, ആദ്യമായി കേരളത്തിന്റെ സമകാലിക യുവത്വം തീയറ്ററുകളില്‍ അതിനെ ആഘോഷമായി ഏറ്റെടുക്കുകയും ഭ്രാന്തമായി കൊണ്ടാടുകയും ചെയ്തതിന്റെ പേരിലാണ്. ഏതാണ്ട് മൂന്നാഴ്ചകള്‍ക്കു ശേഷം പ്രേമം മാധ്യമങ്ങളില്‍ സജീവചര്‍ച്ചാവിഷയമായതാവട്ടെ, അതിന്റെ സെന്‍സര്‍ കോപ്പി ഡിജിറ്റലായി മോഷ്ടിക്കപ്പെടുകയും ഡിജിറ്റല്‍ മാധ്യമങ്ങളിലെങ്ങും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തതിലൂടെയാണ്. ഇവിടെ, പ്രേമത്തിന്റെ പകര്‍പ്പെടുത്തത് ആ ഡിജിറ്റല്‍ രേഖയുടെ പുനരാലേഖനത്തിലൂടെയാണ്. അതായത് ആലേഖനം ചെയ്യപ്പെട്ട മെമ്മറിയെ റൈറ്റോ റീ റൈറ്റോ ചെയ്താണ് അതിന്റെ കോപ്പി ഉണ്ടാക്കിയിട്ടുള്ളത്. ഈ കോപ്പിയാണ് നിരവധി കോപ്പികളായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇവിടെ സ്രൃഷ്ടാവിനോ ആദ്യമായി അത് ആലേഖനം ചെയ്യപ്പെട്ട കംപ്യൂട്ടറിനോ പോലും ആ സിനിമയുടെ ഡിജിറ്റല്‍ മെമ്മറി സ്വന്തമല്ലാതായി. അഥവാ ഒരു മെമ്മറിയിലും അല്ലെങ്കില്‍ ഒരു മെമ്മറിയിലേക്കു മാത്രമായും അതിന്റെ ആലേഖനം ചുരുക്കപ്പെടുന്നില്ലെന്നു സാരം.
  ഓര്‍മ്മ എന്നത് യന്ത്രമോ യന്ത്രഭാഗമോ എന്തിന് ആലേഖനം ചെയ്യപ്പെട്ട അതിന്റെ രേഖാംശമോ സോഫ്‌റ്റ്വെയറോ ഒക്കെയായി ബഹുതലസാധ്യത നേടുകയാണ്.സിനിമയുടെ പകര്‍പ്പ് സൂക്ഷിക്കപ്പെട്ട ഓരോ ഇലക്ട്രോണിക് ഉപകരണവും അതിന്റെ ഓര്‍മ്മയായി പരിണമിക്കുകയായിരുന്നു. അതില്‍ നിന്നു പകര്‍പ്പ് ആലേഖനം ചെയ്യപ്പെട്ട ഓരോ യന്ത്രവും ഓര്‍മ്മത്തുടര്‍ച്ചകളും. വി.സനില്‍ നിരീക്ഷിക്കുന്നതുപോലെ, ഡിജിറ്റല്‍ സാങ്കേതികത ഓര്‍മ്മയെ ബോധതലത്തില്‍ നിന്നു പുറത്തേക്കാനയിക്കുന്നത് പ്രേമത്തിന്റെ കാര്യത്തില്‍ ഇങ്ങനെയാണ്. ഡിജിറ്റല്‍ നൂറ്റാണ്ടില്‍ റൊളാങ് ബാര്‍ത്ത് വിവക്ഷിച്ച രചയിതാവിന്റെ മരണം എന്ന സിദ്ധാന്തം പുനര്‍വായനയും പുനരവലോകനവും അര്‍ഹിക്കുംവിധം പ്രസക്തിയാര്‍ജിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇവിടെ പക്ഷേ, രചയിതാവിന്റെ സര്‍ഗാത്മകതയുടെ കാര്യത്തിലല്ല, മറിച്ച് ഭൗതികാവസ്ഥയില്‍ മാത്രമാണ് രചനയിന്മേലുള്ള ഉടമസ്ഥാവകാശം ചോര്‍ന്നു പോകുന്നത്. കവര്‍ച്ചയുടെ നിര്‍വചനത്തില്‍ പോലും ഒതുങ്ങാത്തവണ്ണം അത് സ്വാതന്ത്ര്യമാര്‍ജിക്കുന്നു. ഒരു പക്ഷേ, സോഫ്റ്റ് വെയറുകളുടെ പുനരുപയോഗത്തിനും വ്യാപനത്തിനും വിലങ്ങുതടിയാവുന്ന ലൈസന്‍സിങ് ഇടപാടുകള്‍ക്കെതിരേ ഡിജിറ്റല്‍സമൂഹത്തില്‍ ഉടലെടുത്ത, ആര്‍ക്കും പകര്‍ത്താവുന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ മുന്നേറ്റം പോലെ, സൃഷ്ടിയുടെ കാര്യത്തിലും സ്രഷ്ടാവിന്/നിര്‍മാതാവിന് അതിന്റെ ആദ്യാലേഖനം/പകര്‍പ്പ് പ്രസിദ്ധപ്പെടുത്തുന്നതോടെ അതിന്റെ ഭൗതികതയിന്മേലുള്ള നിലനില്‍പ് അപ്രസക്തമാവും വിധം റൊളാങ് ബര്‍ത്തിന്റെ നിരീക്ഷണം ഭാവിയില്‍ പരിഷ്‌കരിക്കപ്പെട്ടേക്കാം.
ഇനി, കാലികവും ബൗദ്ധികവുമായ ഡിജിറ്റല്‍ ഇടപെടലിനെപ്പറ്റി. ജി.വേണുഗോപാലിനെപ്പോലൊരു കാല്‍പനികന്‍ എന്തുകൊണ്ടാവും പ്രേമം എന്ന സിനിമയെ വിമര്‍ശിച്ചത്    ? പ്രമേയതലത്തില്‍ പ്രത്യേകിച്ച് യാതൊരു സവിശേഷതയും അവകാശപ്പെടാനില്ലാത്ത, വെറുമൊരു സാധാരണ/ശരാശരി പ്രേമ സിനിമയെ കേരളത്തിന്റെ യുവഹൃദയങ്ങള്‍ മുഴുവന്‍ അഭിപ്രായവ്യത്യാസമേതുമില്ലാതെ അതിനെ ഏറ്റെടുത്തത് എന്തുകൊണ്ടാവാം?
തീര്‍ച്ചയായും, ഈ തലമുറയിലെ പ്രേക്ഷകര്‍ കാണാനാഗ്രഹിച്ചതു കൊടുത്തതുകൊണ്ടുതന്നെയാണ് അവര്‍ ഈ സിനിമയെ ഇത്രകണ്ട് ആശ്‌ളേഷിച്ചത്. എന്നാല്‍ എങ്ങനെ, എന്താണു പ്രേമം അവര്‍ക്കു കൊടുക്കുന്നത്, ഇത്രമേല്‍ ആകര്‍ഷിക്കപ്പെടാന്‍? നാം തിരയുന്നതിന്റെ പൊതുസ്വഭാവമനുസരിച്ച് നമുക്കു വേണ്ടത് നമ്മുടെ കംപ്യൂട്ടര്‍/ ഫോണ്‍സ്‌ക്രീനിലൂടെ കണ്മുന്നിലെത്തിക്കുന്നൊരു ഇന്റര്‍നെറ്റ് തന്ത്രമുണ്ട്. നിരന്തരമായ ഒളിഞ്ഞുനോട്ടത്തിലൂടെ അഥവാ രഹസ്യ നിരീക്ഷണത്തിലൂടെ നമ്മുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും നമ്മുടെ ബ്രൗസിങിലൂടെ/ ബ്രൗസിങ് ചരിത്രത്തിലൂടെ തിരിച്ചിറിഞ്ഞ് നമ്മുടെ തൃഷ്ണകളെയും മോഹങ്ങളെയും ലക്ഷ്യംവച്ചാണ് കമ്പോളം ഈ ആകര്‍ഷണതന്ത്രം ആവിഷ്‌കരിച്ചവതരിപ്പിക്കുന്നത്. ഇതുപോലൊരു പ്രക്രിയയാണ് പ്രേമം സിനിമയും കാഴ്ചവയ്ക്കുന്നത്. അച്ചടിപ്പത്രങ്ങള്‍ പോലും രൂപകല്‍പനയില്‍ ഇന്റര്‍നെറ്റിന്റെ ഭാവുകത്വം ആവഹിക്കുന്നതുപോലെ, ഐടിസാങ്കേതികതയുടെ സവിശേഷതകളായ ഷോര്‍ട്ട് മെസേജിങ്, ചാറ്റ് തുടങ്ങിയ സകലമാന സങ്കേതങ്ങളും ഇഴചേര്‍ത്ത് പുതുതലമുറ ആഗ്രഹിക്കുന്ന രുചിയിലും മണത്തിലും ഉരുളകളായി ദൃശ്യങ്ങള്‍ കാഴ്ചവയ്ക്കുകയാണ് പ്രേമത്തില്‍. വാട്‌സാപ്പിലൂടെ മറികടത്താനാവുന്നത്ര ദൈര്‍ഘ്യമുള്ള ദൃശ്യഖണ്ഡങ്ങള്‍ പോലുമാണ് ഇതിന്റെ തിരക്കഥ. അതുകൊണ്ടുതന്നെയാണ് അവ നിഷ്പ്രയാസം ഫോണുകളില്‍ നിന്നു ഫോണുകളിലേക്ക് നിമിഷാര്‍ധത്തില്‍ ചോര്‍ത്തപ്പെട്ടതും! പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അവരുടെ ആഗ്രഹത്തിനും മുമ്പേ അവര്‍ക്കുമുന്നില്‍ എത്തിക്കുക വഴി, ആഗ്രഹങ്ങളെ ചോദനകളെ വഴക്കിയെടുക്കുകയാണിവിടെ. ഉരുകളായി വായില്‍ വച്ചുകൊടുക്കുന്ന ഉരുളകള്‍ ശരിയായി ചവച്ചിറക്കാത്തതുവഴി ദഹനക്കേടുണ്ടാക്കിയെന്നു വരാം.
വ്യക്തമായ തിരക്കഥയുണ്ടോ എന്നു സംശയം തോന്നാവുന്ന സ്വാഭാവികതയാണ് പ്രേമത്തിന്റെ ഘടനാവിശേഷത്തില്‍ സുപ്രധാനം. അതാവട്ടെ ബോധപൂര്‍വം കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുമാണ്. ലോക നവസിനിമാപ്രസ്ഥാനത്തില്‍ ഉടലെടുത്തുവരുന്ന വേവിക്കാത്ത വിഷ്വലുകളുടെ സുഷി സിനിമാ സങ്കല്‍പത്തോടാണ് പ്രേമത്തിന്റെ ഘടനയ്ക്ക് ചാര്‍ച്ചക്കൂടുതല്‍. സ്വാഭാവികമായി, ഇത്തരം സിനിമകളുടെ ലക്ഷണങ്ങളായ അസ്ഥിരവും അമച്ചറുമായ ദൃശ്യങ്ങളും ശ്രദ്ധിച്ചില്ലെങ്കില്‍ ശ്രവണദോഷം സംഭവിച്ചേക്കാവുന്ന സംഭാഷണങ്ങളും ശബ്ദപഥവുമൊക്കെത്തന്നെയാണ് പ്രേമത്തിലുമുള്ളത്. തത്ക്ഷണ ശബ്ദാലേഖനത്തിന് ഉള്‍ക്കൊള്ളാനാവാത്തത്ര വേഗത്തില്‍, പ്രാദേശിക ഉച്ചാരണഭേദത്തോടെയുള്ള സ്വാഭാവിക സംഭാഷണങ്ങള്‍ പ്രേക്ഷകന്റെ പൊതുശ്രവണബോധത്തിന് എളുപ്പം വഴങ്ങുന്നതല്ല. അതുപോലെതന്നെയാണ് ഇരട്ടും അരണ്ട വെളിച്ചവും ഇഴപിരിഞ്ഞ തീര്‍ത്തും അസ്വാഭാവികമായ വീക്ഷണകോണുകളിലൂടെയുള്ള ഛായാഗ്രഹണഘടനയും. ഇവ രണ്ടും പ്രേക്ഷകനില്‍ നിന്ന് ആവശ്യപ്പെടുന്ന നിതാന്ത ശ്രദ്ധയും സൂക്ഷ്മതയും പക്ഷേ, പ്രമേയതലത്തില്‍ ആവശ്യപ്പെടുന്നതേയില്ല എന്നതാണ് പ്രേമത്തെ വ്യവസ്ഥാപിത പ്രേക്ഷകര്‍ക്ക് ദഹിക്കാത്തതാക്കുന്നത്.
പ്രേമം എന്ന വൈകാരിക സവിശേഷതയ്ക്ക് കാലം നല്‍കിയ പവിത്രതയെ പാവനത്വമോ ഒന്നും സിനിമ പിന്തുടരുന്നില്ലെന്നുമാത്രമല്ല അത്തരം മാമൂലുകളെ നിഷേധിക്കുന്നുമുണ്ട്. ഒരാള്‍ക്ക് ഒരാള്‍ എന്ന വണ്ണമുള്ള പരിശുദ്ധിയോ വിശുദ്ധിയോ ഒന്നുമല്ല, കണ്ടാല്‍ ഇഷ്ടപ്പെടുന്നയാളെ അപ്പോള്‍ കണ്ടതുപോലെ എന്ന പ്രായോഗികതയായാണ് പ്രേമത്തില്‍ നിര്‍വചിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠന്മാരുടെ തല്ലുകൊള്ളിത്തരങ്ങളെ നായകവല്‍ക്കരിച്ചതുപോലെയാണ് ജോര്‍ജിന്റെ പ്രണയജല്‍പനങ്ങളെ പ്രണയം ആദര്‍ശവല്‍ക്കരിക്കുന്നത്.  ന്യൂ ജനറേഷന്റെ ആഖ്യാനശൈലി പിന്‍പറ്റുമ്പോഴും പ്രമേയതലത്തില്‍, പ്രേമം മുഖ്യധാരാസിനിമയുടെ പതിവു പാരമ്പര്യങ്ങളെ ഒന്നും തച്ചുടയ്ക്കുന്നില്ലെന്നതും ശ്രദ്ധിക്കണം. അവസാനരംഗത്ത് സന്ദേഹത്തിന്റെ ശേഷിപ്പുകള്‍ ബാക്കിയാക്കിക്കൊണ്ടുള്ള ഒരു സംഭാഷണം മാറ്റിനിര്‍ത്തിയാല്‍, പ്രേമത്തിന്റെ പ്രേക്ഷകര്‍ പൊതുവില്‍ ധരിച്ച കഥാഗതിയില്‍ ജോര്‍ജിനെ പ്രണയിക്കുന്ന അധ്യാപികയായ മലര്‍ അപകടത്തില്‍ ഓര്‍മനഷ്ടത്തിനു പാത്രീഭവിക്കുകയാണ്. അവളയാളെ തിരിച്ചറിയുന്നതേയില്ലെന്നു തന്നെയാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും വിശ്വസിച്ചിട്ടുണ്ടാവുക. എന്നാല്‍ അയാളെ നേര്‍വഴിക്കു നയിക്കാനോ മറ്റോ ആയി അവള്‍ അഭിനയിക്കുകയായിരുന്നോ എന്നോ, പിന്നീട് ബോധം വീണ്ടുകിട്ടിയ അവള്‍ക്ക് അയാളെക്കുറിച്ചുള്ള ഓര്‍മകള്‍ വീണ്ടെടുക്കാനായി എന്നോ വിവക്ഷിക്കാവുന്നൊരു സംഭാഷണശകലം അന്ത്യരംഗത്ത്, ജോര്‍ജിന്റെ വിവാഹവിരുന്നിനെത്തുന്ന മലരും ഭര്‍ത്താവും തമ്മില്‍ പങ്കിടുന്നുണ്ട്. ഇത് പ്രേക്ഷകന്‍ ശ്രദ്ധിക്കാതെ പോയിട്ടുണ്ടെങ്കില്‍ അതിനു കാരണം, നേരത്തേ പറഞ്ഞ വസ്തുനിഷ്ഠമായ ശബ്ദലേഖനത്തിന്റെ അഭാവം തന്നെയാണ്. സിനിമയെ തീര്‍ത്തും വ്യക്തിനിഷ്ഠമാക്കുകയാണ് പ്രേമം.
മുമ്പ് ജയരാജിന്റെ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമ, അതുവരെയുള്ള ചലച്ചിത്ര പിന്നണിഗാനമാതൃകകളെയാകെ തകിടം മറിച്ചുകൊണ്ടൊരു പാട്ടുമായി അവതരിച്ചപ്പോള്‍ കേരളത്തിലെ തീയറ്ററുകളില്‍ അലയടിച്ച യുവത്വത്തിന്റെ ഉത്സവാഘോഷത്തോടാണ് പ്രേമം സൃഷ്ടിച്ച തരംഗം താരതമ്യം ചെയ്യപ്പെടുന്നത്. തീര്‍ച്ചയായും യുക്തിസഹമായൊരു താരതമ്യം തന്നെയാണത്. കാരണം, ഒരു ആള്‍ക്കൂട്ടത്തിന്റെ ഒരു നിമിഷത്തെ മദംപൊട്ടിയ, ഭ്രാന്തമായ വികാരത്തള്ളിച്ച മാത്രമാണത്. അന്നക്കിളി പാടിയ തലമുറ രണ്ടോ മൂന്നോ മാസം തീയറ്റര്‍ തകര്‍ത്തതല്ലാതെ പിന്നീടിങ്ങോട്ട് ആ സിനിമയോ പാട്ടോ ലാവണ്യപരമായ യാതൊരു പ്രസക്തിയും നിലനിര്‍ത്തിയില്ല. മാത്രമല്ല, ഫോര്‍ ദ പീപ്പിളിന് ഉണ്ടായ പിന്‍ഗാമികളെയൊന്നും അതേ പ്രേക്ഷകര്‍ സ്വീകരിച്ചതുമില്ല. ഉള്‍ക്കടലോ, ചാമരമോ, മഞ്ഞില്‍ വിരിഞ്ഞ പൂക്കളോ, അനിയത്തിപ്രാവോ, തട്ടത്തിന്‍മറയത്തോ ഓര്‍ക്കുന്നതുപോലെ ഫോര്‍ ദ പീപ്പിള്‍ എത്ര പേരുടെ ഓര്‍മകളില്‍ ഇടംപിടിച്ചിട്ടുണ്ടാവും?
പ്രേമം ഒരു സെന്‍സേഷന്‍ തന്നെയാണ്. അതുണ്ടാക്കിയ തരംഗത്തിന്റ അലകള്‍ കാണാതെയുമില്ല. പക്ഷേ, ഇനിയുള്ള മലയാള സിനിമ പ്രേമത്തില്‍ തുടങ്ങി പ്രേമത്തിലൂടെ പരിണമിക്കുമെന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങളോ വിലയിരുത്തലുകളോ പാതിവെന്ത നിരീക്ഷണങ്ങളേ ആവുകയുള്ളൂ. തട്ടത്തിന്‍ മറയത്തും ഒരു വടക്കന്‍ സെല്‍ഫിയും, ഡയമണ്ട് നെക്ക്‌ലെസും, ഇയോബിന്റെ പുസ്തകവും പോലുള്ള അനേകമനേകം സിനിമകള്‍ക്കിടയില്‍, ആള്‍ക്കൂട്ടത്തെ തൊട്ടുലച്ചുകൊണ്ട് പ്രേമം പോലെ ചില സിനിമകളും ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നേയുള്ളൂ. അതുകണ്ടിട്ട് ഇതാണ് അവസാനവാക്കെന്നും ഇതാണു വഴിത്തിരിവെന്നും ധരിക്കുന്നതേ നോട്ടപ്പിശകാകുകയുള്ളൂ. ശാസ്ത്രീയസംഗീതക്കച്ചേരിക്കൊടുവില്‍ ലളിതഗാനം വരുമ്പോഴുളള, ഭരതനാട്യത്തിനിടവേളയില്‍ ഒരു റെക്കോര്‍ഡ് ഡാന്‍സ് കാണുമ്പോഴുള്ള അലസവിശ്രമം, അതാണ് പ്രേമം പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്കു സ്മ്മാനിക്കുന്നത്. എന്നാല്‍ സിനിമാചരിത്രത്തില്‍ പ്രേമം ഓര്‍മിക്കപ്പെടുന്നതാവട്ടെ, സിനിമ പുറത്തിറങ്ങിയപാടെ അത് ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ കവര്‍ച്ചചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അതിന്റെ നിര്‍മാതാവും സംവിധായകനുമെല്ലാം ചേര്‍ന്നുണ്ടാ(ക്കി)യ വിവാദത്തിന്റെ പേരിലായിരിക്കും.

Monday, June 22, 2015

നന്മയുടെ വാരിക്കുഴികള്‍

എ. ചന്ദ്രശേഖര്‍
ശരിക്കും കഥ പറയാനുണ്ടായതാണോ സിനിമ? തീര്‍ച്ചയായും അല്ല എന്നു തന്നയാണു മറുപടി. സംസാരമോ എഴുത്തോ ഉണ്ടായതുപോലെയല്ല സിനിമയുടെ ഉത്ഭവം എന്നതു കൊണ്ടുതന്നെ അതിന്റെ മൂലധര്‍മ്മം കഥ പറച്ചിലോ ആഖ്യാനമോ ആയിരുന്നില്ല. ഒരേ സമയം മാധ്യമവും ഭാഷയും ആകയാല്‍ സിനിമയ്ക്ക്, രേഖീയവും ബഹുതലവുമായ അസ്തിത്വമുണ്ട്. അതു സൃഷ്ടിക്കപ്പെട്ടത്, നിശ്ചലതയെ തുടര്‍ച്ചകളാക്കി ചലിപ്പിച്ചുകൊണ്ടാണ്. അതുകൊണ്ടുതന്നെ വിവരണാത്മകമാണ് അതിന്റെ ആഖ്യാനധര്‍മ്മം. ആ വിവരണ സാധ്യതയെ പ്രമേയാഖ്യാനത്തിനു വഴക്കിയെടുക്കുകയായിരുന്നു ചലച്ചിത്രാചാര്യന്മാര്‍. അങ്ങനെയാണ് സിനിമ കഥ പറയാനുള്ള (കാണിക്കാനുള്ള) മാധ്യമവും ഭാഷയുമായി പരിണമിച്ചത്.
വളര്‍ച്ചയുടെ പാതയില്‍, സിനിമ ഭാഷയെന്ന നിലയില്‍ പുതിയ ഛന്ദസും ചമത്കാരവും സ്വായത്തമാക്കുകയും മാധ്യമമെന്ന നിലയില്‍ ബഹുജനസ്വാധീനം നേടിയെടുക്കുകയും ചെയ്തപ്പോള്‍, അതിന്റെ സൗന്ദര്യശാസ്ത്രപരവും മാധ്യമപരവുമായ സ്വത്വങ്ങളെച്ചൊല്ലി വിവിധങ്ങളായ തത്വങ്ങളും സിദ്ധാന്തങ്ങളും രൂപമെടുക്കുകയുണ്ടായി. നാടകം പോലെ, ഒരു കഥാവസ്തുവിനെ പ്രകാശിപ്പിക്കാനുള്ള ആവിഷ്‌കാരമാധ്യമമായി ഒരു വിഭാഗം സിനിമയെ കണക്കാക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തപ്പോള്‍, സിനിമയ്ക്കു കഥയേ വേണ്ടെന്നും അത് ദൃശ്യപരമായ അതിന്റെ അസ്തിത്വം ഒന്നുകൊണ്ടു തന്നെ സ്വയം പൂര്‍ണമാണെന്നുമുള്ള വ്യാഖ്യാനമായിരുന്നു ഇനിയൊരു പക്ഷത്തിന്റേത്. ഗോദ്ദാര്‍ദ്ദിനെപ്പോലുള്ള വിഖ്യാത ചലച്ചിത്രകാരന്മാര്‍ സിനിയുടെ ദൃശ്യപരമായ അരാജകത്വത്തെയാണ് ആഘോഷിച്ചത്. എന്നാല്‍ വിറ്റോറിയ ഡിസീക്ക അടക്കമുള്ളവര്‍ പ്രതിബദ്ധതയുള്ളൊരു ആവിഷ്‌കാരമാധ്യമമായി സിനിമയെ കൈകാര്യം ചെയ്യുകയായിരുന്നു. അതെന്തുതന്നെയായാലും, സിനിമയ്ക്ക് നിയതമായൊരു കഥവേണം അല്ലെങ്കില്‍ ആവശ്യമേയില്ല എന്ന തരത്തിലുള്ള വാദപ്രതിവാദങ്ങള്‍ ചലച്ചിത്രകാരന്മാര്‍ക്കിടയിലും ചലച്ചിത്രസൈദ്ധാന്തികര്‍ക്കിടയിലും സിനിമയുടെ നൂറാം പിറന്നാളിലും രണ്ടു പക്ഷമുണ്ടെന്നതാണ് സത്യം. അതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും തലമുറവിടവുകളിലൂന്നിയ ചലച്ചിത്ര ആഖ്യാന/ആസ്വാദന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതും. അടുത്തകാലത്ത് മലയാളത്തിലും, പുതിയ സിനിമയെച്ചൊല്ലിയുണ്ടായ വിമര്‍ശനത്തില്‍ അസഹിഷ്ണുവായി കുടുംബസിനിമകളിലൂടെ ലബ്ധപ്രതിഷ്ഠനായൊരു സംവിധായകന്റെ പ്രതികരണം നന്മയിലൂന്നിയ തന്റെ സിനിമകളുടെ കഥാവസ്തുക്കളുടെ പവിത്രതയേയും പാവനത്വത്തെയും മുന്‍നിര്‍ത്തിയുള്ളതായിരുന്നു. പുതുതലമുറ സിനിമകളില്‍ ഇല്ലാത്തതും തന്റെ സിനിമകളില്‍ ഉള്ളതും ഉണ്ടായിരുന്നതുമായ മൂല്യങ്ങളെല്ലാം നാട്ടിന്‍പുറ/നഗര നന്മകളുടേതായിരുന്നുവെന്നതാണ് പലപ്പോഴുമെന്നോണം അദ്ദേഹം ആവര്‍ത്തിച്ചൊരു പ്രതിവാദം. എന്താണ് ശരിക്കും ഈ വാദത്തിന്റെ സത്യാവസ്ഥ?  മലയാളസിനിമയിലെ ന്യൂ ജനറേഷന്‍ നന്മ എന്ന അടിസ്ഥാനമൂല്യത്തോട് മഖം തിരിക്കുന്ന നിലപാടാണോ ചലച്ചിത്രങ്ങളില്‍ സ്വീകരിക്കുന്നത്?  മലയാള സിനിമയിലെ ചില മുന്‍കാല സിനിമകളുടെയും സമീപകാലചലച്ചിത്രങ്ങളുടെയും പ്രമേയ പശ്ചാത്തലത്തിന്റെയും ചലച്ചിത്രസമീപനങ്ങളുടെയും വിശകലനത്തിലൂടെ അത്തരമൊരന്വേഷണമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

നഗരമേ നന്ദി
നഗരത്തോടും ആധുനികതയോടും എന്നും ഒരല്‍പം ആശങ്കയോടെ മാത്രം അടുപ്പം കാണിച്ചിട്ടുള്ളവരാണ് ഇന്ത്യക്കാര്‍. അതിന് ചരിത്രപരവും ഭൂമിശാസ്ത്രപരവും ജൈവപരവുമായ കാരണങ്ങളുമനവധിയാണ്. ആഗോളവല്‍ക്കരണത്തെയും കുത്തകവല്‍ക്കരണത്തെയും നിഷേധിക്കാനുള്ള സ്വാഭാവികചോദനയുള്ളവരാണ് നമ്മള്‍. ഒപ്പം ഗ്രാമങ്ങളിലാണ് ജീവിതം എന്ന ഗാന്ധിയന്‍ ദര്‍ശനം. അങ്ങനെയുള്ള പലപല കാരണങ്ങളാല്‍ നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന ആശയത്തെ നാം എക്കാലത്തും ആഘോഷിക്കാന്‍ ഇഷ്ടപ്പെട്ടു. വര്‍ഗാടിസ്ഥാനത്തിലുള്ള മാര്‍ക്‌സിയന്‍ ദര്‍ശനം ഇതിന് വളളവും വളവും നല്‍കി. പുരോഗതിയെ, ആധുനികവല്‍ക്കരണത്തെ/യന്ത്രവല്‍ക്കരണത്തെ അപ്പാടെ നിഷേധിക്കുന്ന സമീപനത്തോളം അതു നീളുകയായിരുന്നു. ചാര്‍ലി ചാപഌന്റെ മോഡേണ്‍ ടൈംസ് പോലുള്ള സിനികളില്‍ വ്യവസായ വിപഌവാനന്തരം ലോകം മുഴുവന്‍ ആഞ്ഞടിച്ച സമാന ദര്‍ശനങ്ങളോട് അനുഭാവംപുലര്‍ത്തിയെന്നു മാത്രമല്ല, ഒരു പടികൂടി കടന്ന് ബാധകൂടുകയായിരുന്നു ഇന്ത്യന്‍ സാഹിത്യത്തില്‍ എന്നപോലെ തന്നെ വെള്ളിത്തിരയിലും. ദോ ബീഗാ സമീനും അപുത്രയവും എല്ലാം ഇതിന്റെ വിഭിന്ന വീക്ഷണവൈവിദ്ധ്യം തന്നെയായിരുന്നു.
മലയാളത്തിലും സ്വാഭാവികമായും വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷം എന്ന തലത്തില്‍ ഗ്രാമ/നഗര ദൈ്വതം ഭൗതികമായ വൈരുദ്ധ്യമായിത്തന്നെ ആവിഷ്‌കരിക്കപ്പെട്ടു. ന്യൂസ് പേപ്പര്‍ ബോയിയും രാരിച്ചന്‍ എന്ന പൗരനും നഗരമേ നന്ദിയുമടക്കമുള്ള സിനിമകള്‍ മുന്നോട്ടുവച്ച് ദര്‍ശനം ഇതിനെ ന്യായീകരിക്കുന്നതാണ്. യാന്ത്രികവും കാപട്യവും നിറഞ്ഞ, സ്വാര്‍ത്ഥവും മനുഷ്യത്വരഹിതവുമായ നാഗരീകതയും നിഷ്‌കളങ്കതയും സഹാനുഭൂതിയും നിസ്വാര്‍ത്ഥതയും പരോപകാരവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന ഗ്രാമീണജീവിതവും സിനിമകളിലെ വാര്‍പ്പുമാതൃകകളായി. എക്കാലത്തെയും കാല്‍പനികേതിഹാസമായ രാമു കാര്യാട്ടിന്റെ ചെമ്മീനില്‍ പോലും വിശ്വാസവഞ്ചനയും, അര്‍ധരാത്രി കുടപിടിക്കുന്ന മനുഷ്യസഹജമായ അല്‍പ്പത്തവുമെല്ലാമാണ് ഇഴപിരിച്ച് വിലയിരുത്തിയത്. പ്രണയവഞ്ചനയും, പാതിവൃത്യഹത്യവും, പറഞ്ഞുപറ്റിക്കലും, പുത്തന്‍പണത്തിന്റെ ഹുങ്കുമെല്ലാം നിറഞ്ഞ നാട്ടിന്‍പുറജീവിതമാണ് ചെമ്മീനില്‍ കാണാനാവുക.ഈ പാരമ്പര്യത്തില്‍ നിന്ന് ഊര്‍ജ്ജം പകര്‍ന്നും, ഊട്ടിയുറപ്പിച്ചും തന്നെയാണ് സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, രഘുനാഥ് പലേരി, കമല്‍, ശ്രീനിവാസന്‍ തുടങ്ങിയ സംവിധായകരില്‍ പലരും തങ്ങളുടെ ചലച്ചിത്രശില്‍പങ്ങള്‍ പടുത്തുയര്‍ത്തിയത്. സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ പലപ്പോഴും ഈ നന്മകളുടെ ബ്രാന്‍ഡ് തന്നെയായി മാറിയിട്ടുപോലുമുണ്ട്. പറഞ്ഞു തേഞ്ഞ വൈല്ലോപ്പിള്ളിയന്‍ ഗ്രാമീണകാല്‍പനികതയുടെ ആഘോഷങ്ങളായിരുന്നു അവയില്‍പ്പലതും.

നാട്ടിന്‍പുറത്തെ നേര്‍ക്കാഴ്ചകള്‍
എന്നാല്‍ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായ അടൂര്‍ ഗോപാലകൃഷ്ണനും ജോണ്‍ ഏബ്രഹാമും ജി.അരവിന്ദനും പോലുള്ള പ്രതിഭകള്‍ ഗ്രാമജീവിതത്തിലെ കാമ്പും കനലും കണ്ടെത്തിയവതരിപ്പിച്ച് അതിനോട് അങ്ങേയറ്റം സത്യസന്ധതയും ആത്മാര്‍ത്ഥതയും പ്രകടിപ്പിച്ചു. സ്വാഭാവികമായി അവരുടെ സിനിമകളില്‍ ഗ്രാമ നന്മകള്‍ക്കൊപ്പം തിന്മകള്‍ക്കും തുല്യപ്രാധാന്യം ലഭിച്ചു. വ്യവസ്ഥാപിതാര്‍ത്ഥത്തിലുള്ള നായക-വില്ലന്‍ വൈരുദ്ധ്യമല്ല അവരുടെ സിനിമകളില്‍ കാണാന്‍ സാധിക്കുക. മറിച്ച് ഗ്രാമജീവിതത്തിന്റെ സൂക്ഷ്മമായ ഡോക്യുമെന്റേഷന്‍ തന്നെയാണ്. ലോകസിനിമയിലെ തന്നെ എണ്ണപ്പെട്ട കഌസിക്കുകളിലൊന്നായ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം ഗ്രാമപ്രഭുത്വത്തിന്റെ ചിതല്‍വീഴ്ചയുടെ ദൃശ്യാഖ്യാനമായിരുന്നു.അത് കൊണ്ടാടിയത് ഗ്രാമനിഷ്‌കളങ്കതയെ അല്ല, മറിച്ച് ജന്മിത്വം വഴിതെറ്റിച്ച ജൈവവാസ്ഥയെയാണ്. എലിപ്പത്തായം അങ്ങനെ ഗ്രാമഭൂപ്രഭുത്വത്തിന്റെ തടങ്കല്‍ സമാന ജീവിതത്തിന്റെ പ്രതീകമാകുമ്പോള്‍, അതില്‍ നിന്നു രക്ഷപ്പെടാനാഗ്രഹിക്കുന്നവരെയാണ് അധികവും നാം കണ്ടുമുട്ടുക. ജന്മം കൊണ്ടോ അല്ലാതെയോ വന്നുപെട്ടാല്‍ രക്ഷയില്ലാത്തൊരു രാവണന്‍ കോട്ടയാണ് എലിപ്പത്തായത്തിലെ നാലുകെട്ട്. അവിടെ നിന്ന് ജീവനും കൊണ്ട് ഒളിച്ചോടുകയും രോഗിണിയായി രക്ഷപ്പെടുകയും ചെയ്യുന്ന സഹോദരിമാര്‍ക്കിടെ, സ്വാര്‍ത്ഥതയുടെയും അലസതയുടെയും ആള്‍രൂപമായി ജീവിക്കുകയാണ് ഉണ്ണി. ഗതകാല പ്രതാപങ്ങളുടെ മൗഢ്യത്തെ തലയിണയാക്കി ഉറങ്ങുകയാണയാള്‍. സ്വത്തു വിഭജിക്കാന്‍ മടിച്ചും സ്വന്തം സുഖസൗകര്യങ്ങള്‍ ഓര്‍ത്തും കെട്ടുപ്രായം കഴിഞ്ഞിട്ടും സഹോദരിമാരെ വിവാഹിതരാക്കാതെ ഉണ്ണി അവരെ വഞ്ചിക്കുമ്പോള്‍ നാഗകിരകനായ കാമുകനോടൊത്ത് ഒളിച്ചോടിക്കൊണ്ടാണ് ഇളയപെങ്ങള്‍ അയാളെ വഞ്ചിക്കുന്നത്.സ്വന്തം പറമ്പില്‍ നിന്നുള്ള വിളകള്‍ അയാളെ കണ്ണും കയ്യും കാട്ടി കട്ടെടുത്തും മറ്റും അയല്‍ക്കാരിയും അയാളെ വഞ്ചിക്കുന്നു. നന്മകളുടെ സമൃദ്ധിയല്ല, സ്വാര്‍ഥമോഹങ്ങളും ദുഷ്പ്രഭുത്വവും വഞ്ചനയുമെല്ലാം ചേര്‍ന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് എലിപ്പത്തായം കാഴ്ചവയ്ക്കുന്നത്. നായകനായ ഉണ്ണി കഥാപരിചരണത്തില്‍ വില്ലനായി മാറുന്നുണ്ടെന്നുപോലും വ്യഖ്യാനിച്ചാല്‍ തെറ്റില്ല.
ഗ്രാമീണ ജീവിതത്തിലെ ജന്മി-കുടിയാന്‍, മുതലാളി/ തൊഴിളാളി ദ്വന്ദ്വത്തിന്റെ ഭൗതികവും സാമ്പത്തികവും സാമൂഹികവുമായ വിശകലനമായിരുന്നു അദ്ദേഹത്തിന്റെ വിധേയന്‍. ഗ്രാമക്കാഴ്ചകളെക്കുറിച്ചുള്ള പാടിപ്പതിഞ്ഞ നന്മക്കാഴ്ചകള്‍ ഭാസ്‌കരപ്പട്ടേലരുടെ ഭാര്യയില്‍ ആരോപിച്ച ശേഷം പട്ടേലരടക്കമുള്ള ഇതര കഥാപാത്രത്തില്‍ നിലനില്‍പ്പിനായി തത്വദീക്ഷയില്ലാതെ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാവുന്ന കഥാപാത്രങ്ങളെയാണ് അടൂര്‍ അവതരിപ്പിച്ചിട്ടുള്ളത്. സ്വന്തം സുഖവും സന്തോഷവും മാത്രം ഉറപ്പാക്കുന്ന പട്ടേലരും, നിലനില്‍പ്പിനായി വിഷമത്തോടെയെങ്കിലും സ്വന്തം ഭാര്യയെ യജമാനനു കാഴ്ചവയ്ക്കുന്ന തൊമ്മിയും, ഭര്‍ത്താവിരിക്കെ യജമാനനെ സന്തോഷത്തോടെ സ്വീകരിക്കുന്ന അയാളുടെ കെട്ട്യോളുമൊന്നും നന്മകളുടെ കഌഷേ പ്രതിച്ഛായ പേറുന്നവരല്ലല്ലോ.
എലിപ്പത്തായത്തെ അപേക്ഷിച്ച് ഗ്രാമനിഷ്‌കളങ്കതയുടെ ആഘോഷമായിരുന്നു അടൂരിന്റെ കൊടിയേറ്റം.ഗ്രാമജീവിതത്തിന്റെ ദൃശ്യ കാരിക്കേച്ചറായിരുന്നു അത്. പക്ഷേ, നന്മകളാല്‍ സമൃദ്ധം എന്ന കഌഷേയുപേക്ഷിച്ച് വ്യക്തിഗത മനസുകളുടെ നിഷ്‌കളങ്കതയേയും കാപട്യത്തെയും ആഴത്തില്‍ വിശകലനം ചെയ്യാനാണ് അടൂര്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ കൊടിയേറ്റത്തില്‍ അസീസിന്റെ ലോറി ഡ്രൈവറുണ്ടായി. ലളിതയുടെ കാമുകി/ഭാര്യയുമുണ്ടായി. ഇതേ ചലച്ചിത്രസമീപനം തന്നെയാണ് അദ്ദേഹം പില്‍ക്കാലചിത്രങ്ങളായ മുഖാമുഖത്തിലും അനന്തരത്തിലും നിഴല്‍ക്കുത്തിലും നാലുപെണ്ണുങ്ങളിലും ഒരുപെണ്ണുംരണ്ടാണിലും പിന്‍തുടര്‍ന്നതും. സ്ത്രീപീഡനവും ബഹുഭാര്യാത്വവും, ജാരസംസര്‍ഗവും, അവിഹിതഗര്‍ഭവും വിവാഹേതരബന്ധവുമക്കമുള്ള ന്യൂജനറേഷന്റേതെന്നു പതിച്ചുനല്‍കപ്പെട്ട വിഷയങ്ങളുടെ ആര്‍ജ്ജവമുള്ള ആത്മാര്‍ത്ഥമായ ആവിഷ്‌കാരങ്ങളായിരുന്നു അവയൊക്കെയും.
ജി.അരവിന്ദന്റെ ഗ്രാമീണ ചിത്രങ്ങളില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണ് ഒരിടത്ത്. യന്ത്രവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരായ പ്രതിരോധമെന്നുവരെ ഒരിടത്ത് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാദത്തില്‍ കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ വൈദ്യുതി കടന്നുവരുമ്പോഴുണ്ടാവുന്ന സാമൂഹികപരിവര്‍ത്തനമാണ് ചിത്രം ചര്‍ച്ച ചെയ്തത്. മനുഷ്യനന്മയുടെ ആള്‍രൂപങ്ങള്‍ മാത്രമായിരുന്നില്ല ഒരിടത്ത് ഉണ്ടായിരുന്നത്. അവിടെ ശ്രീനിവാസന്‍ അവതരിപ്പിച്ച സ്വാര്‍ത്ഥനും, ഇന്നസെന്റ് അവതരിപ്പിച്ച വ്യാജ ഡോക്ടറും (ഡോ പശുപതിയുടെ പ്രാഗ്‌രൂപം) ഒക്കെ ഈ ഗ്രാമത്തിന്റെ തന്നെ ഭാഗഭാക്കുകളായിരുന്നു.
ഭരതന്‍, പത്മരാജന്‍, കെ.ജി.ജോര്‍ജ് തുടങ്ങിയ സംവിധായകരാവട്ടെ ഒരു പരിധി കടന്ന് ഗ്രാമജീവിതത്തിലെ വയലന്‍സും ക്രൗര്യവും നിഷ്ഠുരതയും ആഘോഷമാക്കി. ഭരതന്റെ ആരവം, ചാട്ട, ലോറി, തകര, കാതോടു കാതോരം, ചിലമ്പ്, താഴ് വാരം, കേളി, തേവര്‍മകന്‍, ചുരം ഇവയൊക്കെയും, പത്മരാജന്റെ ഇതാ ഇവിടെവരെ, പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, കരിമ്പിന്‍പൂവിനക്കരെ എന്നിവയും കാല്‍പനിക ഗ്രാമീണതയുടെ വിശുദ്ധ ബിംബങ്ങളായിരുന്നില്ല കാണിച്ചുതന്നത്, പകരം, ചൂഷണത്തിന്റെയും ചതിയുടെയും കാമത്തിന്റെയും തീര്‍ത്തും പ്രാകൃതവും രൗദ്രവുമായ ഗ്രാമജീവിതത്തെയാണ് ഈ ജീനിയസുകള്‍ സ്വന്തം സിനിമകള്‍ക്കു വിഷയമാക്കിയത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതികാരകഥകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതാണ് പത്മരാജന്‍ എഴുതി ഐ.വി.ശശി സംവിധാനം ചെയ്ത ഇതാ ഇവിടെവരെ. നിഷ്ഠുരമായി ഒരാളെ വധിക്കുകയും അയാളുടെ ഭാര്യയെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന പൈലിയാണ് ചിത്രത്തിലെ വില്ലന്‍. വര്‍ഷങ്ങള്‍ക്കുശേഷം അയാളുടെ മകളെ വശീകരിച്ച് പ്രതികാരം നിര്‍വഹിക്കുന്ന വിശ്വനാഥനാണ് ചിത്രത്തിലെ നായകന്‍. പ്രതിനായകസ്വത്വം പേറുന്ന വിശ്വനാഥന്‍ നഗരത്തില്‍ നിന്നുള്ള വരത്തനാണെങ്കിലും, താറാവുകാരന്‍ പൈലി തനി കുട്ടനാട്ടുകാരന്‍ തന്നെയാണ്. ഇതാ ഇവിടെവരെയിലെ ഈ ഗ്രാമീണകഥാപാത്രം ഒരര്‍ത്ഥത്തിലും അനുവാചകദയയര്‍ഹിക്കുന്ന നന്മയുടെ ഇരിപ്പിടമല്ല. സമാനമായ പാത്രാവിഷ്‌കാരമാണ് പത്മരാജന്‍ ആദ്യമായി സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലെ പ്രഭാകരന്‍ പിള്ളയും. തന്റെ സഹോദരിയെ ബലാല്‍സംഗം ചെയ്യുന്ന പ്രഭാകരന്‍ പിള്ളയെ പതിനഞ്ചുകാരനായ വാണിയന്‍ രാമന്‍ കൊലപ്പെടുത്തുന്നിടത്താണ് പെരുവഴിയമ്പലം ആരംഭിക്കുന്നത്. ഇവിടെയും നന്മകളാല്‍ സമൃദ്ധമായ ഗ്രാമീണജീവിതമല്ല, അക്രമത്തിന്റെയും പ്രിതകാരത്തിന്റെയും വിഷമിറ്റുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് കാണാനാവുന്നത്.
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ആകട്ടെ, വേശ്യാലയത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രാമത്തെയാണ് പത്മരാജന്‍ വരഞ്ഞുകാട്ടിയത്. ഭര്‍ത്താവു ജീവിച്ചിരിക്കെ വീട്ടില്‍ നക്ഷത്രവേശ്യാലയം നടത്തുന്ന സ്ത്രീയെയും, അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സമൂദായത്തിലെ സമുന്നതനായ മൂപ്പനെയുമൊക്കെയാണ് ഗ്രാമം കാണിച്ചുതരുന്നത്. കള്ളന്‍ പവിത്രനിലെ മോഷ്ടാവായ പവിത്രനും പവിത്രന്റെ മുഖ്യ എതിരാളിയും വിഷയലമ്പടനുമായ അരിമില്ലുടമ മാമ്മച്ചനുമൊക്കെ തനി നാടന്‍ കഥാപാത്രങ്ങളാണെങ്കിലും നാട്ടിന്‍പുറ നന്മകളുടെ അപ്പോസ്തലന്മാരല്ലതന്നെ. പവിത്രന്റെ ഭാര്യ ദമയന്തി ചാരിത്ര്യശുദ്ധിയുടെ കാര്യത്തില്‍ പതിവ്രതയൊന്നുമല്ല. ഒരിടത്തൊരു ഫയല്‍വാനിലെ മേസ്തിരി അസലൊരു വഷളന്‍ കഥാപാത്രം തന്നെയാണ്. ഈ കഥാപാത്രത്തിന്റെ സ്വാഭാവിക തുടര്‍ച്ചയായി ഭരതനു വേണ്ടി പത്മരാജനെഴുതിയ തകരയിലെ ചെല്ലപ്പനാശാരിയെയും കണക്കാക്കാം. തനി കടലോര ഗ്രാമകഥയായ തകരയിലെ നായകന്‍ നിഷ്‌കളങ്കനാവുന്നത് അയാള്‍ ഗ്രാമവാസിയായതുകൊണ്ടല്ലെന്നു ശ്രദ്ധിക്കണം. അരപ്പിരി ലൂസാണ് തകര. അതാണ് അയാളുടെ നിഷ്‌കളങ്കത്വത്തിന്റെ കാതല്‍. അയാള്‍ ആശ്രയിക്കുന്ന മാതുമൂപ്പനാകട്ടെ അറുത്ത കൈക്ക് ഉപ്പുതേയ്ക്കാത്ത ക്രൂരനായൊരു കാളപൂട്ടുകാരനും. തങ്ങള്‍ക്ക് അപ്രാപ്യയായ മൂപ്പന്റെ മകള്‍ സുഭാഷിണിയെ പറ്റി അരുതാത്ത ചിന്തകള്‍ തകരയുടെ മനസിലേക്ക് വിന്യസിച്ചു കയറ്റി അയാളെക്കൊണ്ട് അവളില്‍ ആസക്തിയുണ്ടാക്കിക്കുന്ന ചെല്ലപ്പനാശാരിയും നിഷ്‌കളങ്ക ഗ്രാമീണനല്ല.
പത്മരാജന്റെ ഇതാ ഇവിടെവരെയ്ക്കു ശേഷം മലയാളത്തിലുണ്ടായ ഗ്രാമീണ പ്രതികാരസിനിമകളില്‍ മികച്ചയൊന്നാണ് എം.ടി.വാസുദേവന്‍നായര്‍ തിരക്കഥയൊരുക്കി ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരം. സ്വന്തം ഭാര്യയെ മാനഭംഗപ്പെടുത്തി കൊന്ന് സ്വന്തം സമ്പാദ്യമത്രയും മോഷ്ടിച്ചു കടന്നുകളഞ്ഞ ആത്മമിത്രമായ രാഘവനെ തേടി ഉള്‍നാട്ടിലെത്തി പ്രതികാരനിര്‍വഹണം നടത്തുന്ന ബാലനാണ് താഴ്‌വാരത്തിലെ നായകന്‍. സമാനമായൊരു പ്രതികാരമാണ് സ്വന്തം ഭരദേവതാക്ഷേത്രത്തിലേക്കുള്ള ചിലമ്പ് നേടിയെടുക്കാനെത്തുന്ന ചിലമ്പിലെ നായകനും തറവാട്ടിലെ അമ്മാവനോടും കാര്യസ്ഥനോടും നിര്‍വഹിക്കേണ്ടിവരുന്നത്. ചാട്ടയും ലോറിയും ചുരവും ഇത്തരത്തില്‍ പ്രതികാരത്തിന്റെ ക്രൗര്യവും രൗദ്രവും ആഘോഷിക്കുന്ന ദൃശ്യാനുഭവങ്ങളായിരുന്നു. അക്രമാസക്തമായ കാമവും സംഘര്‍ഷവുമാണ് ഈ സിനിമകള്‍ കാഴ്ചവച്ചത്. സ്വന്തം കൂട്ടുകച്ചവടക്കാരനെ നിഷ്‌കരുണം ചതിക്കുകയും അയാളുടെ സമ്പാദ്യം കവര്‍ന്ന അയാളുടെ കുടുംബത്തെ ഛിദ്രമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചന്തക്കാരനാണ് ചാട്ടയിലെ പ്രതിനായകന്‍. ലോറിയിലാവട്ടെ, സ്വന്തം മകളെപ്പോലെ കരുതി തെരുവുസര്‍ക്കസിലേക്ക് വേലന്‍ തട്ടിക്കൊണ്ടുവന്നു പരിശീലിപ്പിച്ചു വളര്‍ത്തിയ റാണി എന്ന പതിനാലുകാരിയെ ഒരേ സമയം കാമിക്കുന്ന വേലനും ചങ്ങാതി ലോറിഡ്രൈവര്‍ ഔസേപ്പും തമ്മിലുള്ള സംഘര്‍ഷമാണ് കഥാവസ്തു. സമാന പ്രമേയത്തിന്റെ വേറിട്ട ആവിഷ്‌കാരമാണ് ചുരത്തിലും കാതോടുകാതോരത്തിലും ഭരതന്‍ നിര്‍വഹിക്കുന്നത്. കേളിയില്‍, കുറേക്കൂടി പ്രത്യക്ഷമായി ഗ്രാമീണജീവിതത്തെ രാഷ്ട്രീയമായും അധികാരപരമായും എങ്ങനെ ചൂഷണം ചെയ്യുന്നു എന്നു കൂടി കാണിച്ചുതരുന്നുണ്ടദ്ദേഹം.
കെ.ജി.ജോര്‍ജിന്റെ കോലങ്ങള്‍ ഗ്രാമത്തിന്റെ സകല കാപട്യങ്ങളെയും വൃത്തികേടുകളെയും പരസ്യമായി തന്നെ തുറന്നുകാട്ടുന്നുണ്ട്. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട കമലിന്റെ ചമ്പക്കുളം തച്ചനിലെ അച്ചാണിതന്നെ അതില്‍ നെടുമുടി വേണു പ്രതിനിധാനം ചെയ്ത മാന്യതയുടെ മുഖംമൂടിയണിഞ്ഞ മനഃസാക്ഷിയില്ലാത്ത വില്ലന്‍വേഷമാണല്ലോ. രാജീവ് കുമാറിന്റെ കണ്ണെഴുതിപ്പൊട്ടുംതൊട്ടാവട്ടെ ഇതാ ഇവിടെവരെയുടെ സ്ത്രീപ്പതിപ്പാണുതാനും. ലോഹിതദാസിന്റെ വളയം, ചക്രം എന്നീ സിനിമകളും ഗ്രാമജീവിതത്തിന്റെ നന്മകളല്ല കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ ആധാരമാകട്ടെ മതം വിഷലിപ്തമാക്കുന്ന ഗ്രാമത്തിന്റെ കഥയാണു പറഞ്ഞത്.
ഈ ചലച്ചിത്രകാരന്മാരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഒഴികെയുള്ള ഭൂരിപക്ഷത്തിന്റെ ചിത്രങ്ങളിലും നഗരം അരക്ഷിതവും അരാജകത്വവും നിറഞ്ഞതും, നഗരത്തില്‍ നിന്നുള്ള വരത്തന്മാര്‍ വിശ്വസിക്കാന്‍ കൊള്ളാത്ത, എന്തിനും പോന്ന ഭോഷ്‌ക്കന്‍മാരും വഞ്ചകരും പീഡകരുമെല്ലാമായിരുന്നു. ആ അര്‍ത്ഥത്തില്‍ നന്മ-തിന്മ ദ്വന്ദ്വം ഇരുളും വെളിച്ചവും പോലെ, കറുപ്പും വെളുപ്പും പോലെ പ്രകടമാക്കിയ സിനിമകളായിരുന്നു അവയെല്ലാം. ഏതാണ്ട് ഇതുപോലൊക്കെത്തന്നെയാണ് പിന്നീടുള്ള പത്തുപതിനഞ്ചുവര്‍ഷവും മലയാളത്തിലെ മുഖ്യധാരാസിനിമ നായകന്മാരെയും വില്ലന്മാരെയും വാര്‍ത്തിട്ടുള്ളത്.

ന്യൂജനറേഷന്‍ നന്മ
നവഭാവുകത്വസിനിമകള്‍ എന്ന വിളിപ്പേരില്‍ നവതരംഗം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട് രണ്ടായിരത്തിന്റെ ആദ്യദശകത്തിന്റെ രണ്ടാംപാദത്തില്‍ മലയാളത്തില്‍ ഉടലെടുത്ത ന്യൂ ജനറേഷന്‍ സിനിമകളെപ്പറ്റിയുള്ള മുഖ്യ വിമര്‍ശനം, അവ സാധാരണജീവിതത്തില്‍ നിന്ന് ഏറെ അകലെയാണെന്നും നാഗരീകതയുടെ ഉപരിപഌവതയെ മാത്രം പ്രതിനിധാനം ചെയ്യുന്നു എന്നുമാണ്. പ്രധാനമായും നഗരജീവിതം വിഷയമാക്കുന്ന, മള്‍ട്ടീപ്‌ളെക്‌സ് സിനിമകളുടെ ജനുസില്‍പ്പെടുന്ന ന്യൂജെന്‍ രചനകളുടെ കാര്യത്തില്‍ ഈ വിമര്‍ശനത്തില്‍ കഴമ്പില്ലാതെയുമില്ല. പക്ഷേ, ന്യൂ ജനറേഷന്‍ സിനിമകളെല്ലാം അരാജകത്വത്തെയും അധോലോകത്തെയും മാത്രമാണോ പ്രകാശിപ്പിക്കുന്നത്? അവ യാതൊരു മൂല്യവ്യവസ്ഥയേയും അഭിസംബോധനചെയ്യുന്നില്ലെന്നാണോ?
തട്ടത്തിന്‍ മറയത്ത് എന്ന സമകാലിക ഹിറ്റ് ചിത്രമെടുക്കുക. അല്ലെങ്കില്‍ വിനീത് ശ്രീനിവാസന്റെ തന്നെ ആദ്യചിത്രമായ മലര്‍വാടി ആര്‍ട്‌സ് കഌബ്. മലര്‍വാടി മലയാളം അന്നോളം കാണാത്ത ഉത്തരമലബാറിന്റെ ഉള്‍നാടന്‍ ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് വ്യവഹാരഭാഷയ്ക്കും ഭൂപ്രകൃതിക്കുമൊപ്പം കാഴ്ചപ്പെടുത്തിയത്.തലശേരിയുടെ ചൂടും ചൂരും ആവഹിച്ച മലര്‍വാടിയും തട്ടത്തന്‍ മറയത്തും പ്രമേയപരമായി ഇഴപിരിക്കുമ്പോള്‍ തെളിയുന്നൊരു കാര്യമുണ്ട്. വില്ലന്മാരില്ലാത്ത സിനിമകളാണ് രണ്ടും.നന്മ മാത്രമാണ് ഈ സിനിമകളുടെ കാമ്പ്. ആത്യന്തിക നന്മയിലും ജീവിതമൂല്യങ്ങളിലൂന്നിയ പാരസ്പര്യത്തിന്റെും സദ്ഗുണപാഠങ്ങളാണ് രണ്ടു സിനിമകളും ഉദ്പാദിപ്പിക്കുന്നത്.ഫാസിലും, വേണുനാഗവള്ളിയും രഘുനാഥ് പലേരിയും മറ്റും ചില ചിത്രങ്ങളില്‍ പരീക്ഷിച്ച ആത്യന്തിക നന്മയുടെ, വില്ലനില്ലാ സിനിമാജനുസില്‍ പെടുന്നവയാണവ. തനി ഗ്രാമീണ കഥാപാത്രങ്ങളും ഗ്രാമപശ്ചാത്തലവും തന്നെയാണ് ഈ രണ്ടു സിനിമകളിലേതും. കറകളഞ്ഞ പ്രണയത്തിന്റേയും ഈടുറപ്പുള്ള സൗഹൃദത്തിന്റെയും മാനവികതയിലൂന്നിയ തിരിച്ചറിവുകളുടേയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയുമെല്ലാം പ്രകാശങ്ങള്‍ തന്നെയാണ് ഈ സിനിമകള്‍ പ്രസരിപ്പിക്കുന്നത്. എബ്രിഡ് ഷൈന്റെ 1983, ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന, എം.പത്മകുമാറിന്റെ പോളി ടെക്‌നിക്, ഷിബു ഗംഗാധരന്റെ പ്രെയ്‌സ് ദ ലോഡ്...ഒക്കെയും നന്മയുടെ ആഘോഷങ്ങളായിരുന്നു.
പിതാവും പുത്രനും തമ്മിലുള്ള ബന്ധവും, മനുഷ്യത്വത്തിലൂന്നിയ കരുതലും സ്‌നേഹവും പരിഗണനയുമെല്ലാമാണ് നോര്‍ത്ത് 24 കാതം, ബാംഗ്ലൂര്‍ ഡേസ് പോലുള്ള നഗരസിനിമകള്‍ പോലും ഇക്കാലത്ത് പ്രമേയമാക്കുന്നത്. കാമുകീകാമുകന്മാരില്ലാത്തൊരു സിനിമയായിരുന്നു മിലി. അതിലെ നായകനാവട്ടെ നായികയുടെ ആത്മവിശ്വാസക്കുറവിനെ മനഃശാസ്ത്ര സമീപനത്തിലൂടെ മാറ്റിയെടുക്കുന്ന നല്ലൊരു സുഹൃത്തും. ആരോഗ്യകരമായ ആണ്‍-പെണ്‍ സൗഹൃദം സിനിമയിലാണെങ്കില്‍ നിറത്തിലേതു പോലെ അവസാനമെങ്കിലും പ്രണയത്തിലവസാനിക്കണമെന്ന തേഞ്ഞ വഴികളില്‍ നിന്നു മാറിനടക്കുകയാണ് സമകാലിക മലയാള സിനിമ. പഴയകാല സിനിമയിലേതുപോലെ വാര്‍പ്പുമാതൃകയിലുള്ള വില്ലന്‍മാര്‍ പോലും ഇന്നത്തെ ഈ സിനിമകളിലില്ല. ഏകമകളുടെ പ്രണയത്തെപ്പോലും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രായോഗികമതിയായ സ്‌നേഹനിധിയെയാണ് ഓം ശാന്തി ഓശാനയില്‍ കാണാനാവുക. എട്ടും പൊട്ടും തിരിയാത്തൊരു പെണ്ണിന്റെ പക്വതയെത്താത്ത പ്രണയത്തെ മുഖവിലയ്‌ക്കെടുക്കാതെ അവളെ വരുംവരായ്കകള്‍ പറഞ്ഞുവിലക്കുന്ന യുവാവാണ് ഓം ശാന്തിയിലെ നായകന്‍.  സ്വന്തം ആവശ്യങ്ങള്‍ പോലും മാറ്റിവച്ച് അപരിചിതനായൊരു സഹയാത്രികനെ അത്യാവശ്യത്തിനു പിന്തുണച്ച് അയാളുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി ഏറ്റെടുക്കുകയാണ് നോര്‍ത്ത് 24 കാതത്തിലെ നായികയും നായകനും. സമൂഹത്തിന്റെ പല തട്ടുകളില്‍ നിന്നുള്ള ഇവരോരോരുത്തരെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് അവരെല്ലാം മനുഷ്യരാണെന്ന പൊതു കണ്ണിമാത്രമാണ്. സ്‌നേഹവും വിശ്വാസവുമാണ് അവരെ ഇഴയടുപ്പിക്കുന്ന അഷ്ടബന്ധം.ജീവിതത്തെ പ്രസന്നാത്മകമായി നോക്കി കാണുന്ന, എല്ലാ ജീവിതപ്രശ്‌നങ്ങള്‍ക്കും പരസ്പരം സംസാരിച്ചാല്‍ പരിഹാരം കണ്ടെത്താനാവുമെന്നു വിശ്വസിക്കുന്ന ശുഭാപ്തിവിശ്വാസക്കാരനാണ് സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന സിനിമയിലെ നായകന്‍. ഗ്രാമത്തില്‍ മാത്രമല്ല നന്മയെന്ന് പട്ടം പോലെ പോലുള്ള സിനിമകള്‍ നമുക്കു കാണിച്ചുതരുന്നു.
സലീം അഹമ്മദിന്റെ കുഞ്ഞനനന്ദന്റെ കട പോലുള്ള സിനികള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെ ദര്‍ശനം ഇനിയും മനഃസാക്ഷിയും കാരുണ്യവും വറ്റാത്ത സമൂഹത്തിന്റെ ദൃഷ്ടാന്തം തന്നെയായി കണക്കാക്കാം. ആഗോളവല്‍ക്കരണത്തിന്റെ ഭ്രാന്തന്‍ ആവേഗത്തെ കുഞ്ഞനന്തന്‍ പ്രതിരോധിക്കുന്നതുപോലെ തന്നെ, നാഗരികതയുടെ മടിത്തട്ടിലും ഗ്രാമീണമനസുമായി ജീവിക്കുന്ന ഇമ്മാനുവല്‍ ദൈവം നിന്നോടു കൂടെയിലെ ഇമ്മാനുവലും സ്‌നേഹം കൊണ്ട് അണകെട്ടിത്തടയുകയാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന പ്രവാചകസൂത്രമാണ് ഈ കഥാപാത്രങ്ങള്‍ സ്വജീവിതങ്ങളിലൂടെ പ്രകാശിപ്പിക്കുന്നത്.
അണുകുടുംബത്തിന്റെ ചെറുവട്ടത്തിനുള്ളില്‍ നഷ്ടമാകുന്ന മൂല്യങ്ങളെ ബന്ധങ്ങളുടെ ആഴത്തിലൂടെ തിരികെക്കൊണ്ടുവരാനുള്ള മനുഷ്യന്റെ നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ ശ്രമങ്ങളാണ് നവമലയാള സിനിമകളില്‍ പൊതുവേ കാണാനാവുക. ഇതില്‍ കാലത്തിന്റെ ചങ്കൂറ്റത്തിലൂന്നിയ ചില തുറന്നുപറച്ചിലുകളും തുറന്നുകാണിക്കലുമൊക്കെ കടന്നുകൂടുന്നുണ്ടെന്നത് സത്യം. ലൈംഗികത പോലുളള പലതും തുറസില്‍ ചര്‍ച്ച ചെയ്യാന്‍ പുതുതലമുറ ധൈര്യപ്പെടുന്നുണ്ട്. അങ്ങനെ സാഹസപ്പെട്ട ചില രംഗങ്ങളോ സംഭാഷണങ്ങളോ പുതുസിനിമകളില്‍ കടന്നുവരുന്നുണ്ടെന്നതും സ്വാഭാവികം. പക്ഷേ, ചാട്ടയിലെയോ ലോറിയിലെയോ ഇതാ ഇവിടെവരെയിലെയോ പോലൊരു ദുഷ്ടകഥാപാത്രവും ഇവിടെ ചൂണ്ടിക്കാട്ടിയ ഒരൊറ്റ ന്യൂ ജനറേഷന്‍ സിനിമയിലും ഉണ്ടായിട്ടില്ല.അധോലോകവും സംഘട്ടനവും അടങ്ങുന്ന പതിവുമസാലകളുടെ എരിവിനും പുളിക്കുമിടയില്‍ പക്ഷേ, ഇടതടവില്ലാതെ പാവം സിനിമകളുടെ സ്വാര്‍ത്ഥമല്ലാത്ത സ്‌നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും തേന്‍മധുരങ്ങളും ധാരാളം ഉണ്ടാകുന്നുണ്ട് മലയാളസിനിമയില്‍ എന്നത് കാണാതെ പോകരുത്.ഇതാകട്ടെ സമീപഭൂതകാലത്ത് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ലോഹിതദാസും രഘുനാഥ് പലേരിയും കമലും മറ്റും ആവിഷ്‌കരിച്ചതിനേക്കാള്‍ തെളിവാര്‍ന്ന മിഴിവാര്‍ന്ന മാനവികതയുടെ, മനുഷ്യനന്മയുടെ അഭ്രാഘോഷങ്ങളാണുതാനും.
പഴയ തലമുറയെന്നോ പുതിയതലമുറയെന്നോ വ്യത്യാസമില്ലാതെ മൂല്യങ്ങള്‍ക്ക് സാര്‍വലൗകികവും കാലാതീതവുമായ നിലനില്‍പ്പുണ്ട്. അതുകൊണ്ടുതന്നെ ഏതു കാലത്തും അതതു കാലത്തെ നന്മതിന്മകളാണ് സമകാലിക കലാസൃഷ്ടികളില്‍ പ്രതിഫലിക്കപ്പെടുക, പ്രതിപാദിക്കപ്പെടുക. അങ്ങനെയാണ് സാഹിത്യവും സിനിമയും പോലുള്ള ആവിഷ്‌കാരമാധ്യമങ്ങള്‍ പരോക്ഷ ചരിത്രം കൂടിയായിത്തീരുന്നത്. നന്മയുടെ പ്രതിനിധാനം ഒന്നുകൊണ്ടുമാത്രം ഒരു സിനിമ അംഗീകരിക്കപ്പെടണമെന്നോ, സോദ്ദേശ്യപരമായതുകൊണ്ടുമാത്രം അതു വിമര്‍ശനാതീതമാകണമെന്നോ ഇല്ലെന്നതാണ് തിരിച്ചറിയപ്പെടേണ്ട വസ്തുത.സിനിയെന്നത് അടിസ്ഥാനപരമായി കഥാനിര്‍വഹണത്തിനുള്ള മാധ്യമം തന്നെയാണോ എന്നു പോലും നിശ്ചയമില്ലാത്ത സാഹചര്യത്തില്‍ അതു കഥപറയാനുള്ള, അതും നന്മയിലൂന്നിയ ഗുണപാഠകഥകള്‍ മാത്രം പറയാനുള്ള മാധ്യമമാണെന്ന തരത്തിലും തലത്തിലും പ്രതിഷ്ഠിക്കാനുള്ള ശ്രമം എന്തായാലും യുക്തിക്കു നിരക്കുന്നതല്ല. മറിച്ച് ഗ്രാമീണനന്മ എന്ന മൂല്യവിചാരം സൃഷ്ടിക്കുന്ന പ്രമേയതലത്തിലുള്ളൊരു വാരിക്കുഴി മാത്രമാണത്.

Tuesday, June 02, 2015

ദിക്കറ്റ പാര്‍വതി

സുഹൃത്ത് പ്രദീപ് പനങ്ങാട് സമാഹരിച്ച് സി.പി പത്മകുമാര്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ചലച്ചിത്രകാരന്‍ സി.പി പത്മകുമാര്‍ അനുസ്മരണഗ്രന്ഥമായ നിത്യതയ്ക്കു വേണ്ടി അദ്ദേഹത്തിന്റെ അപര്‍ണയെ വിലയിരുത്തി എഴുതിയ പഠനം.

എ.ചന്ദ്രശേഖര്‍

ഇലപോലും ഭക്ഷിക്കാതെ മഹാദേവനെ മാത്രം ധ്യാനിച്ചു മനസാവരിച്ച് ശിവനുവേണ്ടി ജീവിതമുഴി ഞ്ഞുവച്ചവളാണു പാര്‍വതി. അങ്ങനെയാണ് സഹസ്രനാമങ്ങ ളിലൊന്നില്‍ ദേവി അപര്‍ണയായത്-പര്‍ണം(ഇല) പോലും വേണ്ടെന്നുവച്ചവള്‍ എന്ന അര്‍ത്ഥത്തില്‍. അതില്‍ ആത്മാര്‍പ്പണത്തിന്റെ അംശമുണ്ട്, അതിരില്ലാത്ത സ്‌നേഹത്തിന്റെയും ത്യാഗത്തിന്റേയും. സതിയില്‍ത്തുടങ്ങി, സര്‍വംസഹയായ ദേവീഭാവത്തിന്റെ എല്ലാ അംശങ്ങളും അവളിലുണ്ട്. സി.പി.പത്മകുമാറിന്റെ അപര്‍ണ എന്ന സിനിമ ഒരുപക്ഷേ ആത്മീയതലത്തില്‍ പ്രസക്തി നേടുന്നത്, കേവലപ്രണയത്തിന്റെ കാല്‍പനികതയ്ക്കപ്പുറം ആത്മത്യാഗത്തിന്റെ ഈയൊരു സവിശേഷമാനവികത കൊണ്ടുകൂടിയാണ്.

എഴുപതുകളില്‍ രൂപം കൊണ്ട അസ്ഥിത്വവാദത്തിന്റെ, അന്യതാബോധത്തിന്റെ നിഴലില്‍ നെയ്‌തെടുത്ത പ്രമേയം തന്നെയാണ് അപര്‍ണയുടേത്. രാഷ്ട്രീയ നവോത്ഥാനത്തിന്റെ ഭാഗമായി ഉയിര്‍കൊണ്ട തീവ്ര ഇടതുപക്ഷത്തിന്റെ ഓരം ചേര്‍ന്ന് ഉന്മൂലനത്തിന്റെ സിദ്ധാന്തസങ്കീര്‍ണതകളില്‍ സ്വയം സമര്‍പ്പിക്കുന്ന രമേശന്‍(പ്രതാപ് പോത്തന്‍) എന്ന വിദ്യാര്‍ത്ഥിയില്‍ തന്റെ ജീവിതം കാ(ഹോ)മിക്കുന്ന അപര്‍ണ(സുദക്ഷണ) എന്ന നായിക. അയാളെപ്പറ്റി എല്ലാമറിഞ്ഞുകൊണ്ടുതന്നെയാണ് ആ ബന്ധം തുടങ്ങുന്നതെങ്കിലും, രക്ഷാകര്‍ത്താക്കളില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെടുന്ന അവള്‍ അയാളില്‍ കാണുന്നത് ഒരു പങ്കാളിയെയാണ്. പക്ഷേ, പ്രസ്ഥാനത്തിനുവേണ്ടി, ആദര്‍ശങ്ങള്‍ക്കുവേണ്ടി സ്വയം ജീവിതമുഴിഞ്ഞുവയ്ക്കുന്ന അയാള്‍ക്കാവട്ടെ, ചെയ്തുതീര്‍ക്കാന്‍ വളരെയേറെയുണ്ടായിരുന്നു. അവളേക്കാള്‍ പ്രാധാന്യമുളള പലതും. അയാള്‍്ക്കായുള്ള നീണ്ട കാത്തിരിപ്പിനൊടുവില്‍ അര്‍ത്ഥം നഷ്ടപ്പെട്ട കവിതപോലെ ഒരു മണല്‍ത്തുള്ളിയായി അവള്‍ സ്വയം പ്രകൃതിയിലലിഞ്ഞില്ലാതാവുകയാണ്. പൊഴിഞ്ഞുവീഴുന്ന അസംഖ്യം ഇലകള്‍ക്കുമേല്‍ കാലത്തിന്റെ മണല്‍ക്കാറ്റുകള്‍ പാറിക്കൊണ്ടേയിരിക്കുമ്പോള്‍, അവളെന്ന ദലവും അതിലലിഞ്ഞുചേരുന്നു.

ചിത്രത്തിലൊരിടത്ത് അധ്യാപികയായി ജോലിക്കു ചേര്‍ന്ന അപര്‍ണ തന്റെ കഌസില്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നൊരു കഥയില്‍ അവളുടെ അവസ്ഥ, അല്ലെങ്കില്‍ അക്കാലത്തെ യുവത്വത്തിന്റെ മൊത്തം ജീവിതം അടങ്ങിയിരിക്കുന്നു. ഒരു മരത്തില്‍ പലദിക്കുകളില്‍ നിന്നായി പറന്നുവന്നിരിക്കുന്ന നൂറു കിളികള്‍. അതില്‍ അമ്പതെണ്ണം ഒരിടത്തേക്കു പറന്നുപോകുന്നു. മുപ്പതെണ്ണം വേറൊരു ദിക്കിലേക്കും. ബാക്കിയുള്ളവയില്‍ കുറേ പറവകള്‍ മറ്റു രണ്ടു ദിക്കിലേക്കും. ഒടുവില്‍ ബാക്കിയാവുന്ന ഒരൊറ്റക്കിളി. അവള്‍മാത്രം എങ്ങോട്ടുപോകണമെന്നറിയാതെ ആ ഒറ്റമരത്തിലങ്ങനെ...സങ്കീര്‍ണജീവിതത്തില്‍ ദിക്കറ്റ പാര്‍വതിമാരുടെ പ്രതിനിധിയാണ് ആ കിളി. മറ്റൊരര്‍ത്ഥത്തില്‍, നിരര്‍ത്ഥകജീവിതത്തില്‍ അര്‍ത്ഥമറിയാതെ പകച്ചു നില്‍ക്കുന്ന എണ്ണമറ്റ അപര്‍ണമാരുടെയും.

മലയാളസിനിമയില്‍ നവോത്ഥാനം അതിന്റെ ഉച്ചാവസ്ഥയില്‍ നിലനില്‍ക്കുന്ന വേളയില്‍, 1981ലാണ് സി.പി. പത്മകുമാര്‍ അപര്‍ണ നിര്‍മിക്കുന്നത്. യുക്തിയെയും കലയേയും മറന്ന് സിനിമയുടെ മുഖ്യധാര കമ്പോളവിഡ്ഢിത്തങ്ങളില്‍ അഭിരമിക്കുന്ന കാലത്ത്, എലിപ്പത്തായം, വളര്‍ത്തുമൃഗങ്ങള്‍, വേനല്‍, കോലങ്ങള്‍, ചാട്ട, നിദ്ര, ഒരിടത്തൊരു ഫയല്‍വാന്‍ എന്നിവയൊക്കെ പുറത്തിറങ്ങിയ വര്‍ഷമാണ് അപര്‍ണ വരുന്നത്. ശീര്‍ഷകരൂപകല്‍പനയില്‍ മൂതല്‍ പോസ്റ്ററുകളിലും കാസ്റ്റിംഗിലും ദൃശ്യപരിചരണത്തിലും സംഗീതത്തിലുമെല്ലാം പുതുതലമുറയുടെ ഹൃദ്‌സ്പന്ദനങ്ങള്‍ ആവഹിച്ച ചലച്ചിത്രോദ്യമം. അതു പങ്കുവച്ച സെന്‍സിബിലിറ്റി, ലോകസിനിമയുലെ ആരോഗ്യകരമായ ചലനങ്ങളെ കൃത്യമായി പിന്‍പറ്റുന്ന, സിനിമയുടെ കലാപരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ, ആത്മീയാന്വേഷണത്തിനുള്ള മാധ്യമമായി തിരിച്ചറിഞ്ഞ ഒരു ചിത്രകാരന്റെ അഥവാ ശില്‍പിയുടേതായിരുന്നു.

അപര്‍ണയ്ക്ക് ചാര്‍ച്ചക്കൂടുതല്‍ ശില്‍പകലയോടാണെന്നു പറഞ്ഞാല്‍ തര്‍ക്കമുണ്ടാവില്ല. സിനിമയ്ക്ക് ചിത്രകല, ശില്‍പകല, സംഗീതം, സാഹിത്യം തുടങ്ങി ബഹുകലകളുമായി ആന്തരികവും ബാഹ്യവുമായ താദാത്മ്യം സാധ്യമാണെങ്കിലും, അപര്‍ണ ഘടനാപരമായി ക്ഷേത്രശില്‍പങ്ങളുടെ, അതും ദക്ഷിണേന്ത്യന്‍ ദാരുശില്‍പങ്ങളുടെ ജ്യാമതിയും ഛന്ദസും ഒക്കെയാണ് പിന്തുടരുന്നത്. സത്യജിത് റായിയുടെ റിയലിസത്തോടല്ല, മണികൗളിന്റെ, ജി.അരവിന്ദന്റെ അതിയാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്ന ചലച്ചിത്രശില്‍പങ്ങളോടാണ് ശില്‍പപരമായി പത്മകുമാറിന്റെ ദൃശ്യകല്‍പനയ്ക്ക് ചായ വ്. നിശ്ചലചിത്രങ്ങളോട് സാമ്യമുള്ള, ഒരു പക്ഷേ നിശ്ചലദൃശ്യം എന്നുപോലും തോന്നിപ്പിച്ചേക്കാവുന്ന ഫ്രെയിമുകളാണ് അപര്‍ണയില്‍ ഏറെയും. കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച അവയില്‍ത്തന്നെ, ഇരുളും വെളിച്ചവും ഇഴപിരിച്ച് സാലഭഞ്ജികാശില്‍പത്തോളം സൂക്ഷ്മതയോടെയാണ് നായികയെ പകര്‍ത്തിയിട്ടുള്ളത്. പ്രകൃതിയേയും അപര്‍ണയേയും പരസ്പരപൂരകങ്ങളാക്കിക്കൊണ്ടുള്ള ഒരുതരം ശില്‍പവേല. ക്ലോസപ്പുകളുടെയും എക്‌സ്ട്രീം ക്‌ളോസപ്പുകളുടെയും ധാരാളിത്തങ്ങള്‍ക്കിടയില്‍, വിദൂര, മധ്യദൂരദൃശ്യങ്ങളും ഇല്ലാതില്ല. പക്ഷേ അവയെല്ലാം സിനിമ ആവശ്യപ്പെടുന്ന തോതില്‍ മാത്രം.ചലച്ചിത്രപരിചരണത്തിന്റെ താളത്തിലും പ്രമേയദര്‍ശനത്തിലുമെല്ലാം ഈയൊരു വഴിമാറി നടത്തം വ്യക്തവും സ്പഷ്ടവുമാണ്. ഒരുപക്ഷേ, കഥാപാത്രങ്ങളുടെ ഉള്ളിക്കു നോക്കുന്നതിന്, വിചാരവികാരപ്രപഞ്ചങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനാവണം സംവിധായകന്‍ സമീപ-അതിസമീപദൃശ്യങ്ങളെയും വാതിലകദൃശ്യങ്ങളെയും കൂടുതല്‍ ആശ്രയിച്ചതെന്നു തോന്നുന്നു.ദാര്‍ശനികതയില്‍ ഈ സിനിമ അരവിന്ദന്റെ ചലച്ചിത്രദര്‍ശനങ്ങളെ ആരോഗ്യകരമായി പിന്‍പറ്റുന്നുണ്ട്.

സാങ്കേതികമായി മലയാള സിനിമ വളരെയൊന്നും മുന്നേറിയിട്ടില്ലാത്ത, അല്ലെങ്കില്‍ കുറച്ചുമാത്രം മുന്നേറിയിട്ടുള്ള കാലത്താണ്, ഹാന്‍ഡി ക്യാം ഷോട്ടുകളെ വെല്ലുന്നവിധത്തില്‍ നായകനായ രമേശനും അപര്‍ണയും തമ്മിലുള്ള കണ്ടുമുട്ടലുകളെയും സംവാദങ്ങളെയുമെല്ലാം വ്യക്തമാക്കുന്ന ചില പുറംവാതില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ തിരക്കേറിയെ സെക്രട്ടേറിയറ്റ് പടിക്കല്‍ മുതല്‍ പബഌക് ഓഫീസിനു മുന്നിലെ നടപ്പാതയിലൂടെവരെയുള്ള നായികാനായകന്മാരുടെ നടത്തം ചിത്രീകരിക്കുന്ന നിമിഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു സുദീര്‍ഘഷോട്ടുണ്ട് അപര്‍ണയില്‍. ഡിജിറ്റല്‍ ആധുനികതയില്‍ പുതുതലമുറ ഛായാഗ്രാഹകര്‍ അഭിമാനത്തോടെ സാക്ഷാത്കരിക്കുന്ന ഏതൊരു കാന്‍ഡിഡ് ഷോട്ടിനെയും വെല്ലുന്ന തികവോടെയാണ് വിപിന്‍ മോഹന്‍ ഈ രംഗം പകര്‍ത്തിയിരിക്കുന്നത്. അതുപോലെതന്നെ അപര്‍ണയുടെയും കാമുകനായ രമേശന്റെയും മുഖങ്ങളുടെ അതിസമീപദൃശ്യങ്ങളിലൂടെ സൃഷ്ടിക്കുന്ന വിഷ്വല്‍ മൊണ്ടാഷുകളും. തന്നില്‍ നിന്ന് അകന്നുപോകുന്ന രമേശന്റെ ദൃശ്യം ഒരു കല്‍മണ്ഡപത്തിന്റെ നിരവധിയായ കല്‍ത്തൂണുകള്‍ക്കിടയിലൂടെ നടക്കുന്ന രമേശന്റെ ഫ്രെയിമുകളിലൂടെയാണ് സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്. ഒരുപക്ഷേ, സെല്ലുലോയ്ഡ് ഫ്രെയിമുകളില്‍ ഒന്നില്‍ നിന്ന് ഒന്നിലേക്കെന്നപോലെ, തൂണുകളിലൊന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചിരിയും ചിന്തയും വ്യഥയും ഇടകലര്‍ന്ന മുഖഭാവങ്ങളോടെ നടന്നു നീങ്ങുന്ന നായകന്റെ പാര്‍ശ്വദൃശ്യം. അതുണ്ടാക്കുന്ന ദൃശ്യാനുഭൂതി വിവരണാതീതമാണ്. വീണയും അപര്‍ണയുമായുള്ള ചില ഫ്രെയിമുകള്‍, പുല്‍ക്കൊടിയും അപര്‍ണയുടെ മുഖവുമായുള്ള ദൃശ്യങ്ങള്‍...ചലനമില്ലായ്മയില്‍ ചലനം തേടുന്ന ജാപ്പനീസ് പ്രതിഭ കൊഹെയ് ഒ ഗ്യൂറിയുടെ ചില പില്‍ക്കാല സിനിമകളിലേതുപോലെ ദാര്‍ശനികവും മോഹിപ്പിക്കുന്നതുമാണവ.രണ്ടു പതിറ്റാണ്ടുകള്‍ക്കിക്കരെ നിന്നു കൊണ്ട് അപര്‍ണ പോലൊരു സിനിമയെ വിലയിരുത്തുമ്പോള്‍ ശ്രദ്ധയില്‍പ്പെടുന്ന ഈ സവിശേഷതയുളവാക്കുന്ന അദ്ഭുതം തീര്‍ച്ചയായും ചെറുതായ ഒന്നല്ല.

സിനിമയില്‍ സംഗീതം എന്തിനാണുപയോഗിക്കുക എന്നു നിശ്ചയമില്ലാതെ ഉത്സവപ്പറമ്പിലെ റെക്കോര്‍ഡ് ഡാന്‍സിനെന്നോണം പശ്ചാത്തലത്തില്‍ സംഗീതമുപയോഗിച്ചിരുന്ന കാലത്താണ് അരവിന്ദനും അടൂരും മറ്റും ദൃശ്യഖണ്ഡങ്ങള്‍ക്ക് സംഗീതം കൊണ്ട് അടിവരയിട്ട് മലയാളിപ്രേക്ഷകര്‍ക്കു കാണിച്ചുതന്നത്. കാഞ്ചസീതയുടെയും എലിപ്പത്തായത്തിന്റെയുമെല്ലാം ശൈലീഭദ്രത പിന്തുടരുമ്പോഴും അനന്തപദ്മനാഭന്റെ വീണയും പുല്ലാങ്കുഴലും ഇടയ്ക്കും തബലയും ഇടകലര്‍ന്ന, കര്‍ണാടകസംഗീതപരമ്പരയില്‍ ചിട്ടപ്പെടുത്തിയ പ്രമേയസംഗീതവും കെ.എസ്.ചിത്രയുടെയും ബാലഗോപാലന്‍തമ്പിയുടെയും ശബ്ദത്തിലുള്ള ഹമ്മിംഗും അപര്‍ണയ്ക്കു ചാലിച്ചു നല്‍കുന്നത് അതീന്ദ്രിയതയുടെ, അതിഭൗതികതയുടെ വേറിട്ടൊരു പ്രതീതിതന്നെയാണ്.

ശബ്ദത്തോളം നിശബ്ദതയെ വകതിരിവോടെ വിനിയോഗിച്ചിട്ടുള്ള സംവിധായകന്‍, സിനിമയില്‍ പശ്ചാത്തലശബ്ദങ്ങളെയും വിവേചനത്തോടെ വിന്യസിച്ചിട്ടുണ്ട്. മൗനത്തിന്റെ ശബ്ദസാധ്യത ഏറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് സംവിധായകന്‍.എങ്കിലും, സാങ്കേതികതയുടെ അപര്യാപ്തതയില്‍ അവയ്ക്കു യുക്തിസഹമായ ഒരു തുടര്‍ച്ച പലപ്പോഴും നഷ്ടപ്പെട്ടിട്ടുള്ളതായി തോന്നാം. എന്നാല്‍ എന്തു കാണിക്കുന്നു എന്നതിനേപ്പോലെതന്നെ എന്തു കേള്‍പ്പിക്കുന്നു എന്നതും ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യമാണെന്ന സര്‍ഗാത്മക കാഴ്ചപ്പാടില്‍, ചില ദൃശ്യത്തുടര്‍ച്ചകളിലെ പശ്ചാത്തലശബ്ദങ്ങളിലുള്ള ഈ സ്ഖലിതങ്ങള്‍ ഒരുപക്ഷേ, പ്രമേയതലം ആവശ്യപ്പെടുന്ന അധികശ്രദ്ധ പ്രേക്ഷകനില്‍ നിന്ന് ലഭിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ഒഴിവാക്കലുമായിരുന്നിരിക്കാം.സിനിമ അടിസ്ഥാനപരമായി ദൃശ്യമാധ്യമമാണെന്ന തിരിച്ചറിവോടെയുള്ള തിരക്കഥാസമീപനമാണ് പത്മകുമാറും ജോര്‍ജും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സംഭാഷണങ്ങളേക്കാള്‍ ദൃശ്യങ്ങള്‍ക്ക് അപര്‍ണയില്‍ സ്ഥാനക്കൂടുതല്‍ ലഭിക്കുന്നതും.

താരാധിപത്യത്തിന്റെ കാലത്താണ് അന്ന് അത്രയൊന്നും താരപ്രതാപം നേടിയിട്ടില്ലാത്ത പ്രതാപ് പോത്തനെയും ബംഗാളില്‍ നിന്ന് സുദക്ഷിണയേയും പത്മകുമാര്‍ നായികാനായകന്മാരാക്കുന്നത്. കമ്പോള മുഖ്യധാരാ സിനിമയില്‍ മറ്റൊരു പേരില്‍ പിന്നെയും അഭിനയം തുടര്‍ന്ന സുദക്ഷിണയുടെയും ഇന്നും സജീവമായ പ്രതാപ് പോത്തന്റെയും മുഖങ്ങളുടെ ശില്‍പസൗകുമാര്യമാര്‍ന്ന ചതുരവടിവാണോ ചലച്ചിത്രകാരനെ അവരിലേക്കെത്തിച്ചതെന്നു സംശയം തോന്നാം. അത്രയ്ക്കു മാന്ത്രികമാണ് അവരുടെ അതിസമീപദൃശ്യങ്ങളില്‍ ഇരുളും വെളിച്ചവും ചേര്‍ന്നുണ്ടാക്കുന്ന ദൃശ്യശില്‍പങ്ങള്‍.

തീര്‍ത്തും വ്യക്തിഗതമായൊരു കുറിപ്പോടെ ഈ വിലയിരുത്തല്‍ അവസാനിപ്പിക്കട്ടെ. നായികയായ അപര്‍ണയുടെ നെറ്റിയിലെ വലിയ സിന്ദൂരപ്പൊട്ട് മീത്തലാക്കി ചിത്രത്തിന്റെ പ്രചാരണത്തിനുവേണ്ടി സൃഷ്ടിച്ച ശീര്‍ഷകത്തിന്റെ കാലിഗ്രഫി, റേയുടെ ദേവിയുടെ ശീര്‍ഷകത്തോടു സാമ്യമുണ്ടായിരുന്ന ആ കാലിഗ്രാഫിയോടു തോന്നിയ ഇഷ്ടംകൂടിയാണ് മകളുള്‍ക്ക ആ പേരടുന്നതിനു എന്നില്‍ സ്വാധീനമായത്-അപര്‍ണ!


Sunday, May 31, 2015

ടോപ് ടെന്നിനൊരു ചരമഗീതം


കേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. അമൃത ടിവി വാര്‍ത്തകള്‍ വീണ്ടും വെട്ടിച്ചുരുക്കുന്നു. അതിലും വേദനിച്ചത് ടോപ് ടെന്‍ അറ്റ് ടെന്‍ ചുരുക്കി സാധാരണ അരമണിക്കൂര്‍ വാര്‍ത്തയാക്കുന്നു എന്നറിഞ്ഞപ്പോഴാണ്. ഇന്ത്യയിലെതന്നെ (വിദേശത്തെപ്പറ്റി വിവരമില്ല) ആദ്യത്തെ ടോപ് ടെന്‍ ന്യൂസ് ഷോ ആയിരുന്നു ടോപ് ടെന്‍ അറ്റ് ടെന്‍. ദൃശ്യമാധ്യമത്തിലെ ഒരു പക്ഷേ ആദ്യത്തെ എഡിറ്റോറിയല്‍ അഥവാ പത്രാധിപക്കുറിപ്പ് (എഡിറ്റേഴ്‌സ് ചോയ്‌സ്) അടക്കം പല പ്രത്യേകതകളും അവകാശപ്പെടാവുന്ന ഒരു വാര്‍ത്താ പാക്കേജ്. ഒരു ദിവസത്തെ വാര്‍ത്തകള്‍ പ്രേക്ഷകന് വേണ്ടുംവണ്ണം 10 സെഗ്മെന്റുകളായി ചടുലമായി കോര്‍ത്തിണക്കി പത്തുമണിക്ക് സമഗ്രമായൊരു വാര്‍ത്താവതരണം (അതേ വാര്‍ത്തയല്ല വാര്‍ത്താ ഷോ) എന്ന ആശയം സംവിധായകനും അമൃതയുടെ പ്രോഗ്രാംസ് വിപിയുമായിരുന്ന ശ്യാമപ്രസാദിന്റേതായിരു്ന്നു. ഹോട്ട്‌റെഡ് എന്നൊരു തീം കളറും അതിനിണങ്ങുന്ന പശ്ചാത്തലസംഗീതവുമൊക്കെയായി ഒരു ഹോട്ട് ന്യൂസ് പ്രോഗ്രാം. ഒരു ദിവസത്തെ വാര്‍ത്താസംഭവങ്ങളെല്ലാം രാത്രി റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ടു വന്ന് വാര്‍ത്തയ്ക്കു പിന്നിലുണ്ടായ സംഭവങ്ങള്‍ വരെ വിവരിക്കുന്ന രീതി. നിഷ്പക്ഷത വിട്ട് ഒരു പരിധിവരെ ജനപക്ഷത്തു നിന്നുകൊണ്ട് ഓരോ സെഗ്മെന്റിനും കമന്റുകളോടെ വൈന്‍ഡ് അപ്പ് ചെയ്യുന്ന അവതരണം. അങ്ങനെ പലവിധ സവിശേഷതകളുണ്ടായിരുന്നു ടോപ് ടെന്നിന്. ഏറ്റവും പ്രധാനം അതിന്റെ ഗതിവേഗമായിരുന്നു. 50 സെക്കന്‍ഡിനപ്പുറം നീളുമായിരുന്നില്ല ഒരു വാര്‍ത്തപോലും. കിട്ടാവുന്നിടത്തുനിന്നെല്ലാം ലൈവോ ഡിഫേഡ് ലൈവോ.. ഏറെ അധ്വാനിച്ച്, വളരെയേറെ ബുദ്ധിമുട്ടി, പല പ്രതിസന്ധികളെയും തരണം ചെയ്ത്, പലരുടെയും അപ്രീതികളെ ബുദ്ധിപൂര്‍വം പ്രീതിപ്പെടുത്തി സാഹസപ്പെട്ടാണ് ടോപ് ടെന്‍ എന്ന വാര്‍ത്ത എയര്‍ ചെയ്തത്. 3 മാസത്തോളം റിഹേഴ്‌സല്‍. മുഖ്യഅവതാരകനായി പിന്നീട് ഗള്‍ഫില്‍ ഹിറ്റ് എഫ് എമ്മില്‍ പോയ കൃഷ്ണകുമാര്‍. പിന്നണിയില്‍ ഇപ്പോള്‍ ടിവി ന്യൂവിലുള്ള പി.ആര്‍ പ്രവീണ്‍, നവോദയ അധ്യാപകനായി പോയ ശ്രീജിത്ത്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പോയ ആശ നായര്‍ തുടങ്ങിയ ഒരു വന്‍ സംഘം. നീലന്‍ സാറിന്റെ സര്‍ഗാത്മകപിന്തുണ.വളരെയേറെ പുതുമകളുളള സ്‌ക്രിപ്റ്റിംഗ്. ഡസ്‌കും സ്റ്റുഡിയോയുടെ വാതിലും വരെ സെറ്റുകളാകുന്ന വിവിധ സെഗ്മെന്റുകള്‍. ടോപ് ടെന്‍ ശ്യാംജി ആഗ്രഹിച്ചതുപോലെ നിര്‍വഹിച്ചെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട് എനിക്ക്. സഹപ്രവര്‍ത്തകനായിരുന്ന, ഇപ്പോള്‍ തുമ്പ സെന്റ് സേവ്യേഴ്‌സിലെ അധ്യാപകന്‍ ഡോ.ടി.കെ.സന്തോഷ് കുമാറെഴുതിയ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഈ വാര്‍ത്താവതരണത്തിനു പിന്നിലെ പ്രയത്‌നങ്ങളെ ചെറുതോതിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ടോപ് ടെന്‍ ആദ്യമായി എയര്‍ ചെയ്ത രാത്രി ഇന്നും കൃത്യമായോര്‍മ്മയിലുണ്ട്. ആദ്യം മുതല്‍ക്കെ ഇത്തരമൊരു വാര്‍ത്ത സ്വീകരിക്കപ്പെടില്ല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഭൂരിപക്ഷശ്രമം. സി.ഇ.ഒ സുധാകര്‍ ജയറാമിനും ശ്യാംജിക്കുമൊഴികെ ബഹുഭൂരിപക്ഷത്തിനും ഞങ്ങളോട് പുച്ഛം. എന്തോ ചില വട്ടുകള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. പുത്തനച്ചിയെപ്പോലെ എന്നൊരു മനസ്ഥിതി. ടോപ് ടെന്‍ എയര്‍ ചെയ്യുന്ന ദിവസം ആറരമണി വാര്‍ത്തകഴിഞ്ഞ് എഡിറ്റോറിയല്‍ മീറ്റിംഗിനു ശേഷം ഭക്ഷണം പോലും കഴിക്കാതെ ടോപ് ടെന്നിന്റെ മുഴുവന്‍ സ്‌ക്രിപ്റ്റും ഇ എന്‍ പി.എസില്‍ അടിച്ചു കഴിഞ്ഞ് ഡിഫേഡ് റെക്കോര്‍ഡിങ്ങുകളും കഴിച്ച് ഡസ്‌ക്, പ്രമോ എ്ന്നിവയുടെ ഷൂട്ടും കഴിച്ച് ഞാന്‍ പി.ആറിനെ വിളിച്ചു. ഒന്നും പറയാതെ എന്റെ കാറിലിരുത്തി നേരെ പഴവങ്ങാടിയിലേക്ക്. 9 മണിയായിക്കാണണം. 11 തേങ്ങ വാങ്ങി ഗണപതിക്കടിച്ച ശേഷം സ്റ്റുഡിയോയിലേക്ക്. അപ്പോള്‍ കൃഷ്ണന്‍ ഫ്‌ളോറില്‍ കയറിക്കഴിഞ്ഞിരുന്നു. ഹെഡ്‌ലൈന്‍സിനായി മായച്ചേച്ചിയും (മായ ശ്രീകുമാര്‍) ശ്രീജിത്ത് പ്രൊഡ്യൂസറായിരുന്നെന്നാണോര്‍മ്മ. ആശ ഡസ്‌കിലോ ഗ്രാഫിക്‌സിലോ. അല്ലെങ്കില്‍ ടി.കെ. സന്തോഷ് ഡസ്‌കില്‍. അതോ പട്ടാമ്പിയോ? ഒരു വല്ലാത്ത ദിവസമായിരുന്നു അത്.
പിന്നീട് അമൃത ടിവിയുടെ പതാകവാഹക വാര്‍ത്താപരിപാടിയായി മാറി ടോപ് ടെന്‍ അറ്റ് ടെന്‍. എന്റെ അറിവില്‍, പല ഇന്ത്യന്‍ ദേശീയ ചാനലുകളുടെ വരെ കണ്ടന്റ് കണ്‍സള്‍ട്ടന്‍ുകളായ റെഡ് ബീ അടക്കമുള്ളവര്‍ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചൊരു വാര്‍ത്താവതരണം. പിന്നെ കാലക്രമേണ ടോപ് ടെന്നിന്റെ പ്രതാപത്തിന് വൃദ്ധിക്ഷയമുണ്ടായി. ഒന്നോ രണ്ടോ അവതാരകരില്‍ മാത്രമായി എക്‌സകഌസിവിറ്റി സൂക്ഷിച്ചിരുന്ന ടോപ് ടെന്‍ ആര്‍ക്കും അവതരിപ്പിക്കാമെന്നായി. ചടുലമായ ശൈലി മാറി. കമന്റുകള്‍ക്കു മൂര്‍ച്ച പോയി അവസാനം തീരെയില്ലാതായി. ഗ്രാഫിക്‌സിന്റെ തീമും തീം മ്യൂസിക്കും മാറി, ചുവപ്പ് മഞ്ഞയായി. അതിനും എത്രയോ മുമ്പേ ഞാന്‍ അമൃത ടിവി വിട്ടിരുന്നെങ്കിലും, ശ്യാമപ്രസാദിന്റെ ദീര്‍ഘവീക്ഷണത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാണ്ട് സമാനമായ നയന്‍ അറ്റ് നയന്‍ എന്ന ന്യൂസ് പ്രോപ്പര്‍ട്ടിയുമായി ഏതാനും മാസങ്ങള്‍ക്കു മുമ്പേ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പ്രേക്ഷകസമക്ഷം എത്തിയത്. അതിനു പ്രചോദനം ടോപ് ടെന്‍ അറ്റ് ടെന്‍ അല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിലാരെങ്കിലും പറയുമോ എന്നറിയില്ല. എന്നിട്ടും ടോപ് ടെന്‍ അറ്റ് ടെന്നിന് അമൃതയില്‍ തിരശ്ശില വീഴുകയാണ്. അതൊരു നീറ്റല്‍ തന്നെയാണെനിക്ക്, തൊഴില്‍പരമായും വ്യക്തിപരമായും.
വ്യക്തിപരമാവാന്‍ ഒരു കാരണം കൂടിയുണ്ട്. അച്ചടി മാധ്യമത്തില്‍ നിന്നു കടന്നു ചെന്ന സീനിയര്‍ ന്യൂസ് എഡിറ്ററെ സംശയത്തോടെ നോക്കി കണ്ടവരാണ് അമൃതയില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം പേരും. വാര്‍ത്താ വിഭാഗത്തില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും ഈ വരുത്തനെ അത്തരമൊരു മനോഭാവത്തോടെ തന്നെയാണ് നോക്കിക്കണ്ടത്. ഇന്റര്‍വ്യൂവില്‍പ്പോലും പത്രത്തില്‍ നിന്നു വന്ന എനിക്ക് ഏറ്റവും കുറച്ചു മാര്‍ക്കേ ഇട്ടിരുന്നുള്ളൂ എന്നു നീലന്‍ സാര്‍, സൗഹൃദം ഊട്ടിയുറപ്പിച്ച പില്‍ക്കാല രാവുകളിലൊന്നില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. അങ്ങനെയുള്ള നിലയ്ക്ക് പുതിയ മാധ്യമത്തിന്റെ സാധ്യതകളും വെല്ലുവിളികളും പഠിച്ചെടുത്തു വഴക്കുക ഒരാവേശമായിരുന്നു എനിക്ക്. ടോപ് ടെന്‍ അതു സ്ഥാപിച്ചെടുക്കാനുള്ള സുവര്‍ണാവസരവും. ഈശ്വരാധീനം കൊണ്ട് ടോപ് ടെന്‍ ഹിറ്റായി. അതേത്തുടര്‍ന്ന് അമൃതയിലെ ബുള്ളറ്റിനുകള്‍ക്കെല്ലാം ഇത്തരത്തില്‍ സവിശേഷസ്വഭാവവും സ്വത്വവും നല്‍കാന്‍ സുധാകറും ശ്യാംജിയും പിന്നീട് നീലന്‍ സാറും ചേര്‍ന്നു തീരുമാനിക്കുന്നു. അങ്ങനെ രാവിലെ ബുള്ളറ്റിന്‍് പച്ചയും മഞ്ഞയും കലര്‍ന്ന ഇന്റര്‍ ആക്ടീവ് ശൈലിയിലുള്ള ഇന്നു രാവിലെ ആയും (ഈ പേരും ശ്യാമപ്രസാദിന്റേതായിരുന്നു), ബ്രേക്കിംഗ് ന്യൂസിന്റെ ശൈലിയില്‍ നീലയും മഞ്ഞയും കളര്‍സ്‌കീമില്‍ വൈകിട്ടത്തെ ആറരമണിവാര്‍ത്ത ന്യൂസ്ട്രാക്കായും, പാതിരാ വാര്‍ത്ത അമൃതന്യൂസ് മിഡില്‍ ഈസ്റ്റായുമെല്ലാം പുനരവതരിക്കാന്‍ പ്രേരണയായത് ടോപ് ടെന്‍ തന്നെയാണ്. അതൊക്കെയും പക്ഷേ ടോപ് ടെന്നിനെ അപേക്ഷിച്ച് എത്രയോ അയാസരഹിതമായിരുന്നെന്നും ഓര്‍ക്കുന്നു.
ആ വാര്‍ത്താഘടനയാണ് ഇല്ലാതാവുന്നത്. എന്തിന് യൂ ട്യൂബില്‍ പോലും ടോപ് ടെന്നിന്റെ ആദിരൂപം ലഭ്യമല്ല. (എന്റെ കൈവശമിരുന്ന സിഡികള്‍ നോക്കിയപ്പോഴല്ലേ ദുരന്തം, റെക്കോര്‍ഡ് ചെയ്തു എന്നു കരുതി സൂക്ഷിച്ചിരുന്നതിലൊന്നും യാതൊന്നുമില്ല!)
എനിക്കറിയാം, കൃഷ്ണയ്ക്കും പീയാറിനും ശ്രീജിത്തിനും ഈ വാര്‍ത്ത എന്നെപ്പോലെ വേദനാജനകമായിരിക്കും, തീര്‍ച്ച.

Wednesday, May 27, 2015

ചില പുറംചട്ട ചിന്തകള്‍

 ര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഞാനന്ന് കോട്ടയത്ത് ദീപികയില്‍ രാഷ്ട്രദീപിക സിനിമയുടെ പത്രാധിപരാണ്. പ്രിയ സുഹൃത്ത് പി.കെ.രാജശേഖരനോ ഭാര്യ രാധിക സി.നായരോ പറഞ്ഞിട്ടാവണം, പ്രസാധകനായിരുന്ന അകാലത്തില്‍ പൊലിഞ്ഞ റയിന്‍ബോ രാജേഷ് ഒരുദിവസം വിളിക്കുന്നു:' നിങ്ങള്‍ നന്നായി വരയ്ക്കുമെന്നു കേട്ടു. ഒഴിവാകാന്‍ നോക്കരുത്. എനിക്കൊരു പുസ്തകത്തിന്റെ പുറംചട്ട ഡിസൈന്‍ ചെയ്തു തരണം. അന്റോണിയോ സ്‌കാര്‍മേതയുടെ പോസ്റ്റ്മാന്‍ എന്ന വിഖ്യാത ക്ലാസിക്കിന്റെ വിവര്‍ത്തനമാണ്. ഡി.വിനയചന്ദ്രന്‍ സാറിന്റേതാണ് മൊഴിമാറ്റം.
കവര്‍ ഡിസൈനിങിനൊന്നും എന്നേക്കൊണ്ടു കൊള്ളില്ല എന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ആവതു പറഞ്ഞുനോക്കി. എനിക്കതിന്റെ സാങ്കേതികതയൊന്നുമറിയില്ല. പക്ഷേ രാജേഷ് വിടുന്ന മട്ടില്ല. സൈസും മറ്റു സ്‌പെസിഫിക്കേഷനുമെല്ലാം പറഞ്ഞു തന്നു. ''മോശമാണെങ്കില്‍ ഞാനേറ്റു, നിങ്ങളിതു ചെയ്തുതന്നേ ഒക്കൂ.'' എന്നൊരു ശാസനയോടെ പതിവു ശൈലിയില്‍ രാജേഷ് ഫോണ്‍ ഒറ്റയേറ്.
ഞാനാകെ ബേജാറിലായി. പുസ്തകച്ചട്ട എന്നൊരു സങ്കല്‍പമൊക്കെ മനസിലുണ്ട്. മുമ്പ് അതിനെപ്പറ്റിയൊക്കെ ചിന്തിച്ചിട്ടുമുണ്ട്. എങ്കിലും സ്വന്തം പുസ്തകത്തിന്റെ കാര്യം വന്നപ്പോള്‍ പോലും ധൈര്യമില്ലാതെ,മനോരമയില്‍ സഹപ്രവര്‍ത്തകനായിരുന്ന, നല്ല ചിത്രകാരനും വിഷ്വലൈസറുമായ ചെങ്ങന്നൂരിലെ എം.കെ.വിനോദ്കുമാറിനെയായിരുന്നു ആ ചുമതല അഭ്യര്‍ത്ഥനയോടെ ഏല്‍പിച്ചത്. അതാകട്ടെ സ്വന്തം പ്രസാധനമായിരുന്നു.ആ എന്നോടാണ് മലയാളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രൊഫഷനല്‍ പ്രസാധകന്‍ തന്റെയൊരു പുസ്തകത്തിന്റെ പുറംചട്ട രൂപപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഇന്റര്‍നെറ്റിനെയാണ് ഞാന്‍ ആശ്രയിച്ചത്. അതേപേരില്‍ ഹോളിവുഡ് നോവലിനെ ദൃശ്യവല്‍ക്കരിച്ചതിന്റെ ചില ചിത്രങ്ങള്‍ അവിടെ നിന്നു കിട്ടി. അതുവച്ച് ഒരു ഡിസൈന്‍. വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ സംഗതി കണ്ടപ്പോള്‍ രാജേഷിന് ഇഷ്ടമായി. അതുപയോഗിക്കുകയും ചെയ്തു. പുസ്തകം രണ്ടാം പതിപ്പടിച്ചപ്പോഴും കവര്‍ മാറ്റിയില്ല. അങ്ങനെ ആദ്യമായൊരു പുസ്തകത്തിന്റെ ഇംപ്രിന്റില്‍ കവര്‍. എ.ചന്ദ്രശേഖര്‍ എന്ന് അച്ചടിച്ചു വന്നു.
ഒരുപാടു കുറവുകളുണ്ടായിരുന്നു പുറംചട്ടയ്ക്ക്. ഒന്നാമത് റെസൊല്യൂഷന്‍ കുറഞ്ഞ ചിത്രമായിരുന്നു അതിന്റെ മങ്ങല്‍. പിന്നെ നോവല്‍ പേരിന് ഞാനുപയോഗിച്ച ഫോണ്ട്. ഡോ.പി.കെ.രാജശേഖരന്‍ പിന്നീടൊരിക്കല്‍ അതിനെപ്പറ്റി ഒരു കഌസ് തന്നെയെടുത്തു. പുസ്തകച്ചട്ടയ്ക്കാവുമ്പോള്‍ വളരെ ദൂരെ നിന്നു തന്നെ കാണാനും എളുപ്പത്തില്‍ വായിക്കാനുമാവുന്ന നിറത്തിലും നിറവിലും തന്നെ പേരുകൊടുക്കണം. ഞാനാവട്ടെ പച്ചയില്‍ ബ്രൗണ്‍ നിറത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ചിട്ട് അതിനല്‍പം പിന്നാമ്പുറ ഗ്‌ളോ മാത്രമാണ് നല്‍കിയിരുന്നത്. ഇംഗഌഷ് ഫോണ്ടിനോടു സാമ്യമുള്ളൊരു ഫോണ്ടാണ് ഉപയോഗിച്ചത്. വിവര്‍ത്തനമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാവണമെന്നൊരു ആശയമായിരുന്നു എന്റെ മനസില്‍.
പിന്നീടായിരുന്നു അദ്ഭുതം.
വര്‍ഷങ്ങള്‍ക്കു ശേഷം, ആദ്യവട്ടം മംഗളത്തില്‍ കന്യകയുടെ പത്രാധിപരായിരിക്കെ വീണ്ടും ഒരുദിവസം രാജേഷിന്റെ വിളി.' ചന്ദ്രശേഖരാ എനിക്കൊരു സഹായം വേണം. ഒരു കവിതാസമാഹാരമിറക്കുന്നുണ്ട്. കവി കണ്ണന് ഒരേ നിര്‍ബന്ധം കവര്‍ നിങ്ങളെക്കൊണ്ടു തന്നെ ചെയ്യിക്കണമെന്ന്. നിങ്ങളുടെ പോസ്റ്റമാന്‍ കവര്‍ കണ്ടിട്ടാണ്. ആളെ ഞാനങ്ങോട്ടു വിടുന്നു.'
ഞാനാകെ ചമ്മി നാറി എന്നു പറയുന്നതാണ് ശരി. ഒന്നാമത് എനിക്ക് കണ്ണനെ പരിചയമില്ല. രണ്ടാമത് എന്റെ കവര്‍ കണ്ടിഷ്ടപ്പെട്ട് ഒരാള്‍, അതും അറിയപ്പെടുന്നൊരു കവി എന്നെക്കൊണ്ടുതന്നെ പുസ്തകത്തിന്റെ പുറംചട്ട ചെയ്യിക്കണമെന്നു പറയുന്നെന്നൊക്കെ കേട്ടാല്‍....രണ്ടുദിവസം കഴിഞ്ഞ് കണ്ണന്‍ എന്നെത്തേടി വന്നു,ഓഫീസില്‍ തന്നെ. തന്റെ ആഗ്രഹം പറഞ്ഞു. ഞാന്‍ ധര്‍മ്മസങ്കടത്തിലായി. പ്രൊഫഷനല്‍ ഡിസൈനറൊന്നുമല്ലെന്നു തുറന്നു പറഞ്ഞു. പക്ഷേ കണ്ണനും വിടുന്നില്ല. ഏതായാലും ഒരു ശ്രമം നടത്തിനോക്കാമെന്നു പറഞ്ഞ് അദ്ദേഹത്തെ മടക്കിയയച്ചു. അദ്ദേഹം തന്നിട്ടുപോയ കവിതകളുടെ ഡിടിപി പ്രതി വായിച്ചു നോക്കിയപ്പോള്‍ മനസില്‍ വന്നൊരു ആശയം പിറ്റേന്ന് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. അതുതന്നെ മതിയെന്ന് കണ്ണനും പറഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചുനോക്കാമെന്ന് എനിക്കും തോന്നി.
ഉടുപ്പ് എന്നാണ് സമാഹാരത്തിന്റെ പേര്. കടല്‍ത്തീരമണലില്‍, അലസമായി കുത്തിനിര്‍ത്തിയ മട്ടില്‍ കൈകൊണ്ടു മെടഞ്ഞൊരു ഓലപ്പാവയില്‍ തോര്‍ത്തുകൊണ്ടൊരു കുഞ്ഞുടുപ്പ്. സൂര്യപ്രകാശത്തില്‍ ആ പാവയുടെ തീരമണ്ണില്‍ ചാര്‍ത്തിയ നിഴലും ചേര്‍ന്നൊരു സാധ്യതയാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. നെറ്റായ നെറ്റെല്ലാം തപ്പി നോക്കി. ഗൂഗിള്‍ അന്ന് ഇന്നത്തെ ഗൂഗിളായി്ട്ടില്ലല്ലോ. കടലും തീരവുമെല്ലാം ധാരാളം. പക്ഷേ ഓലപ്പാവയ്ക്ക് എവിടെപ്പോകാന്‍? നല്ല റെസൊല്യൂഷനുള്ള ഇമേജും വേണം (ഇതിനോടകം അതിനെപ്പറ്റിയെല്ലാം ചില്ലറ ഗ്രാഹ്യമുണ്ടായിട്ടുമുണ്ട്) ഒടുവില്‍ ഒരു ബുദ്ധി തോന്നി. സഹപ്രവര്‍ത്തകനായിരുന്ന ഫോട്ടോഗ്രാഫര്‍ എബ്രിഡ് ഷൈനിനോട് (അതേ 1983ലൂടെ സംവിധായകനായിത്തീര്‍ന്ന ആള്‍തന്നെ! കന്യകയില്‍ എന്റെ ഫോട്ടോഗ്രാഫറായിരുന്നു) സംഗതി പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ക്കൊക്കെ എപ്പോഴും താല്‍പര്യമുള്ള ഷൈനിന് സംഗതി ഇഷ്ടപ്പെട്ടു. പോരാത്തതിന് കവിത ഇഷ്ടപ്പെടുന്ന ആളുമാണ് ഷൈന്‍. അടുത്തു തന്നെ കന്യകയ്ക്കു വേണ്ടി കൊച്ചി കടപ്പുറത്ത് ഔട്ട്‌ഡോറില്‍ വച്ച് നടന്ന ഒരു ഫാഷന്‍ ഷൂട്ടിനിടെ, ഷൈന്‍ തന്നെ തരപ്പെടുത്തിയ ഒരു ഓലപ്പാവകൊണ്ട് ഷൈന്‍ എനിക്കു വേണ്ട ചില ഫ്രെയിമുകളെടുത്തു തന്നു. ഞാന്‍ ഉദ്ദേശിച്ച പാവയായിരുന്നില്ല അതെങ്കിലും കവറിന്റെ ആവശ്യത്തിന് അതുവച്ച് അഡ്ജസ്‌ററ് ചെയ്യാം. കടല്‍ത്തീരത്തിന്റേതാണെങ്കിലും ആയിടയ്ക്ക് ഷൈന്‍ ഗോവയില്‍ പോയപ്പോള്‍ ഗോവന്‍ കോട്ടയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്ത രസികന്‍ ചില തീരദൃശ്യങ്ങളുണ്ട്. തീരമടിഞ്ഞൊരു പഴയ തടിക്കപ്പലിന്റെ അസ്ഥികൂടവുമൊക്കെയായി (അത് പിന്‍ചട്ടയിലാണ് വന്നത്) ഒരുമാതിരി കന്നത്തില്‍ മുത്തമിട്ടാള്‍ ശൈലിയില്‍ ഒരു പടം. അതു പശ്ചാത്തലമാക്കി അതില്‍ ഓലപ്പാവയെ പിടിപ്പിച്ചു. കണ്ണനും രാജേഷിനും കവര്‍ ഏറെ ഇഷ്ടപ്പെട്ടു. ആകെ ഒരു കുഴപ്പം മാത്രം. അച്ചടിച്ചു വന്നപ്പോള്‍, കവര്‍ ക്രെഡിറ്റ്‌സില്‍ എന്റെ പേരു മാത്രം. ചിത്രമെടുത്ത ഷൈന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. മനഃപൂര്‍വമല്ലെങ്കിലും അതൊരു സ്ഖലിതമായി. ഷൈന്‍ അതു പരിഭവത്തോടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇന്നും അതൊരു സങ്കടമായി മനസിലുണ്ട്.
വീണ്ടും ഒരിക്കല്‍ക്കൂടി പുസ്തകച്ചട്ടയ്ക്ക് എന്നെ വിനിയോഗിച്ചതും രാജേഷ് തന്നെയാണ്. അപ്പോഴേക്ക് റെയിന്‍ബോയുടെ പ്രഭാവമൊക്കെ ലേശം മങ്ങിത്തുടങ്ങുന്നുണ്ട്. ഇപ്പോള്‍ മനോരമയിലുള്ള പ്രേംകുമാറാണ് രാജേഷിന്റെ വലംകൈ. ഇസ്മയില്‍ ഖാദറെയുടെ ഒരു പുസ്തകത്തിനു കവര്‍ ചിത്രം വേണം. രാജേഷ് എന്നെ വിളിക്കുന്നു: ഒന്നു സഹായിക്കണം. പുസ്തകത്തിന്റെ ടൈറ്റില്‍ പറഞ്ഞുതന്നു. നെറ്റില്‍ തപ്പി കാദറെയെപ്പറ്റി കൂടുതലറിഞ്ഞപ്പോള്‍ സംഗതി എനിക്കും പ്രയാസമുള്ളതായി തോന്നിയില്ലെന്നതാണ് സത്യം. നെറ്റിലെ ഇമേജുകള്‍ വച്ചൊരു കൊളാഷ്. അതില്‍ ഫോട്ടോഷോപ്പില്‍ വളരെ സൂക്ഷ്മമായ ചില ഫൈനല്‍ ടച്ചുകള്‍ രവിച്ചേട്ടന്‍ വക. നോവലിന്റെ ഹിംസാത്മകത ആവഹിച്ചൊരു ലാറ്റിനമേരിക്കന്‍ സ്പര്‍ശമാണ് മുഖചിത്രത്തിനു നല്‍കാന്‍ ശ്രമിച്ചത്. ഇതൊക്കെയാണെങ്കിലും പിന്നീട് രാജേഷിലൂടെ പ്രസിദ്ധീകൃതമായ എനിക്കു സംസ്ഥാന അവാര്‍ഡ് നേടിത്തന്ന ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോളിന് മുഖചിത്രമൊരുക്കിയത് ഞാനായിരുന്നില്ല, ടൂണ്‍സ് ഇന്ത്യയിലുള്ള ആര്‍ടിസ്റ്റ് മഹേഷ് വെട്ടിയാറാണ്.
ഇത്രയുമൊക്കെയാണ് എന്റെ പുറംചട്ടപ്പുരാണം.
ഒരു ടിപ്പണി കൂടി ചേര്‍ത്ത് ഈ ആത്മസ്ഖലനം അവസാനിപ്പിക്കാം. വര്‍ഷങ്ങള്‍ക്കിപ്പുറം, കെ. എ. ബീനച്ചേച്ചിയുടെ ഒരു പുസ്തകം. കന്യകയില്‍ ചേച്ചി എഴുതിയ ഒരു കോളത്തിന്റെ സമാഹരണമാണ്. ഭൂതക്കണ്ണാടി. കോഴിക്കോട് പൂര്‍ണ പുറത്തിറക്കുന്നു. ഞാന്‍ ചെയ്തിട്ടുള്ള പുസ്തകച്ചട്ടകള്‍ കണ്ടിട്ടുള്ളതുകൊണ്ടാണ് ബിനച്ചേച്ചി ആ പുസ്തകത്തിനും എന്നോടൊരു ഡിസൈന്‍ ആവശ്യപ്പെടുന്നു. ഞാന്‍ ഒരെണ്ണം തയാറാക്കി കൊടുക്കുകയും ചെയ്തു. വാസ്തവത്തില്‍ ഒരേ ഇമേജുപയോഗിച്ച് രണ്ട് വേര്‍ഷനുകളും നല്‍കി. അതുകണ്ടിട്ട് ബീനച്ചേച്ചി വിളിച്ച് ഒരുപാടു നല്ലവാക്കുകള്‍ പറഞ്ഞു. മാസങ്ങള്‍ക്കിപ്പുറം പുസ്തകമിറങ്ങി, ബീനച്ചേച്ചി ഒപ്പിട്ട ഒരെണ്ണം എനിക്കയച്ചുകിട്ടി. അതുപക്ഷേ ഞാന്‍ ചെയ്ത പുറംചട്ടയോടെയായിരുന്നില്ല! ഒപ്പമുള്ള കുറിപ്പില്‍ ബീനച്ചേച്ചി അതു വ്യക്തമാക്കുകയും ചെയ്തിരുന്നു- അവര്‍ അവരുടെ ശൈലിയില്‍ കവര്‍ മാറ്റുകയായിരുന്നു.
ഇപ്പോള്‍ ഈ കുറിപ്പു വായിക്കുന്നവര്‍ക്കു തോന്നും, ഒരല്‍പം ഈര്‍ഷ്യയോടെ എന്റെ ഡിസൈന്‍ ഉപേക്ഷിച്ചതിലുള്ള ഉള്ളിന്റെയുള്ളിലെ വിങ്ങലോടെയാവും ഞാനീ കുറിപ്പവസാനിപ്പിക്കുക എന്ന്. എന്നാല്‍ ആന്റീ ക്ലൈമാക്‌സ് അതല്ല. ഭൂതക്കണ്ണാടിക്ക് എന്റെ കവര്‍ ഉപയോഗിക്കാതിരുന്നതില്‍ അന്നെന്നല്ല, ഇപ്പോഴും എനിക്കു തെല്ലുമില്ല കുണ്ഠിതം. കാരണം, എന്റെ പണി അതല്ല. ഞാനൊരു ഡിസൈനറല്ല. അതുകൊണ്ടുതന്നെ അതിന്റെ നിലവാരത്തില്‍ അവകാശവാദങ്ങളില്ല, അതുപേക്ഷച്ചതില്‍ നിരാശയും.
ആകെയുള്ളത് അഭിമാനവും സന്തോഷവുമെല്ലാമാണ്. മലയാള പ്രസാധനചരിത്രത്തില്‍ മൂന്നു പുസ്തകങ്ങള്‍ക്ക് പുറംചട്ടയൊരുക്കാനായ പ്രൊഫഷലല്ലാത്തൊരാളെന്ന നിലയ്ക്ക്. പിന്നെ തീരാത്ത കടപ്പാടും. എന്നെക്കൊണ്ട് ഇതു ചെയ്യിച്ച അന്തരിച്ച എന്‍.രാജേഷ്‌കുമാറിനും!

Thursday, April 30, 2015

തറടിക്കറ്റുകാരന്റെ കാഴ്ചപ്പാടുകള്‍

അടുത്തിടെയാണ്, സംഭാഷണമധ്യേ വളരെ ആത്മാര്‍ത്ഥമായി ഒരു ശിഷ്യ ചോദിക്കുന്നത്."അല്ല സാര്‍ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് ഇത്രയൊക്കെ അറിയാമായിരുന്നിട്ടും, സിനിമാക്കാരെ പലരെയും പരിചയമുണ്ടായിട്ടും സാറെന്താ ഒരു സിനിമ ചെയ്യാത്തതെന്ന്. കുറഞ്ഞപക്ഷം എഴുതുകയെങ്കിലുമാവാമല്ലോ?"
എനിക്കു വളരെ വേണ്ടപ്പെട്ടൊരു ശിഷ്യയാണ്. മനസില്‍ തട്ടിയുള്ള അവരുടെ ചോദ്യത്തിനു ഞാന്‍ മറ്റുപലപ്പോഴും സമാനമായ ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും സുഹൃത്തുക്കളില്‍ നിന്നും മറ്റും ഉണ്ടായിട്ടുള്ളപ്പോഴൊക്കെ പറഞ്ഞിട്ടുള്ള, പറഞ്ഞുപറഞ്ഞങ്ങനെ കാണാതെ പഠിച്ച മറുപടി തന്നെയാണ് ആവര്‍ത്തിച്ചത്: "എനിക്ക് അറിയാവുന്ന പണിയേ ഞാന്‍ ചെയ്യൂ. സിനിമ കാണുക എന്നതാണ്, ആസ്വദിക്കുക എന്നതാണ് എനിക്കറിയാവുന്ന പണി. ആസ്വദിക്കുന്നതുകൊണ്ടാണ് അതേപ്പറ്റി എഴുതുന്നത്. അല്ലാതെ സിനിമ ഉണ്ടാക്കാനെനിക്കറിയില്ല. അതുകൊണ്ട് ഞാനതു ചെയ്യില്ല."
അന്തരിച്ച നിരൂപകന്‍ എം.കൃഷ്ണന്‍ നായര്‍ സാറിന്റെ ഒരു നിരീക്ഷണത്തിനോടാണ് ഈ നിലപാടു കൊണ്ടു ഞാന്‍ കടപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഒരു കഥയോ നോവലോ സ്വയമെഴുതാത്തത് (മനോരമയ്ക്കുവേണ്ടി തമാശയ്ക്ക് അങ്ങനൊന്നു ചെയ്തിട്ടുണ്ടെന്നതൊഴിച്ചാല്‍) എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി മറക്കാനാവില്ല. "എഴുതാനറിയുന്നവരെഴുതട്ടെ. വായിക്കാനറിയുന്നവരാണ് അതു വായിക്കേണ്ടത്. ഞാന്‍ നല്ലൊരു വായനക്കാരനാണ്. ആസ്വാദകനാണ്. എന്റെ ജോലി ഞാന്‍ ചെയ്യുന്നു."
1998ല്‍ എന്റെ ആദ്യ പുസ്തകം പ്രകാശിപ്പിക്കുന്ന വേളയില്‍ കോട്ടയം പ്രസ്‌കഌബിലെ ചടങ്ങില്‍ വച്ച് വിഖ്യാത സംവിധായകന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, ആശംസാരൂപേണ ഒരു നിര്‍ദ്ദേശം വച്ചു:"സാധാരണ സിനമാ പത്രപ്രവര്‍ത്തനവും നിരൂപണവും നടത്തുന്നവര്‍ പിന്നീട് സിനിമ സംവിധാനം ചെയ്തു പരാജയപ്പെടുന്നൊരു കാഴ്ചയാണ് കണ്ടുവരുന്നത്. സിനിമയിലേക്കുളള ചവിട്ടുപടിയായി സിനിമായെഴുത്തിനെ കാണുന്നവരുടെ കൂട്ടത്തില്‍ ഭാവിയില്‍ ചന്ദ്രശേഖറിനെ കാണാന്‍ ഇടയാവാതിരിക്കട്ടെ."
അഭിമാനത്തോടെ പറയട്ടെ, ആദ്യ പുസ്തകത്തിന്റെ പ്രകാശകനും എന്റെ അഭ്യുദയകാംക്ഷിയുമായ അടൂര്‍സാറിന്റെ ആ ആശംസാവചനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സാര്‍ത്ഥകമാക്കിക്കൊണ്ടാണ് ഈ നിമിഷം വരെ ഞാന്‍ സിനിമാ എഴുത്തു തുടര്‍ന്നിട്ടുള്ളത്. ഒരു സിനിമയുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സ്വയം സിനിമ എഴുതിയിട്ടില്ല. സംവിധാനം ചെയ്തിട്ടുമില്ല.(അതൊരു മോശം കാര്യമാണെന്ന തെറ്റിദ്ധാരണയൊന്നുമില്ല) പക്ഷേ, നല്ലൊരു പ്രേക്ഷകനായി, ഉള്‍ക്കാഴ്ചയുള്ള കാണിയായി ഇക്കാലത്തിനിടയ്ക്കു സ്വയം പരിവര്‍ത്തനപ്പെടുത്താനും വളര്‍ത്തിയെടുക്കാനും സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതു ചിലപ്പോള്‍ തെറ്റായിരിക്കാം. പക്ഷേ, നിഷ്പക്ഷനും സൂക്ഷ്മനിരീക്ഷകനുമായ അച്ചടക്കത്തോടെ സിനിമയെ കാണുന്ന പരിശീലിക്കപ്പെട്ട പ്രേക്ഷകന്‍ തന്നെയാണു ഞാനെന്നതില്‍ അഭിമാനമുണ്ട്. സിനിമ നന്നായി കാണാന്‍ സാധിക്കുക എന്നത് വളര്‍ത്തിയെടുക്കപ്പെടുന്നൊരു സിദ്ധിയാണെന്നാണ് ഞാന്‍ കരുതുന്നത്. എളിയ നിലയിലെങ്കിലും ഞാന്‍ ചെയ്യുന്നതിനെ ചലച്ചിത്ര വിമര്‍ശനം എന്നല്ല ചലച്ചിത്ര നിരൂപണം എന്നേ ഞാന്‍ വിശേഷിപ്പിക്കാറുള്ളൂ. കാരണം സിനിമയെ കൊല്ലാനല്ല, നന്നാക്കി വളര്‍ത്താനാണ് അതില്‍ പുതിയ അര്‍ത്ഥങ്ങള്‍ തേടാനാണ്, അതിന്റെ സാധ്യതകളിലേക്ക് ചലച്ചിത്രകാരനെ കൂടി കൊണ്ടുനടത്താനാണ് ഞാന്‍ ശ്രമിക്കാറുളളത്.
എഴുതുന്നത് വായിക്കണമെങ്കില്‍ അക്ഷരം മാത്രം പഠിച്ചാല്‍ പോരാ. ചമത്കാരങ്ങളും അലങ്കാരങ്ങളുമറിയണം. ബിംബങ്ങളും രൂപകങ്ങളും തിരിച്ചറിയാനാവണം. ആന്തരികാര്‍ത്ഥങ്ങളും വ്യാഖ്യാനിക്കാനാവണം. അപ്പോഴേ വായന പൂര്‍ണമാവൂ. അധമമാണെങ്കില്‍ക്കൂടി അവ മനസിലാക്കണമെങ്കില്‍ ശാസ്ത്രീയമായ വായന ഉണ്ടാകണമെന്നു സാരം. അതുകൊണ്ടാണല്ലോ, ഭാഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സമ്പൂര്‍ണ സാക്ഷരത എന്നതും എഴുത്തും വായനയും പഠിക്കുക എന്നാണ് നിര്‍വചിച്ചിട്ടുള്ളത്. എന്നുവച്ചാല്‍, വായിക്കാന്‍ പഠിക്കണം.
ഇതിനു സമാനമാണ് കാഴ്ചയും. സിനിമയെന്നല്ല കാണാനാവുന്ന എന്തും ആസ്വദിക്കണമെങ്കില്‍ പരിശീലനമാവശ്യമാണ്. കഥകളി, സാഹിത്യം മാത്രം അറിഞ്ഞതുകൊണ്ടോ, മേളത്തിന്റെ താളഗതികള്‍ മാത്രമറിഞ്ഞതുകൊണ്ടോ ആസ്വദിക്കാനാവില്ല. അതിന് മുദ്രകളറിയണം. സിനിമയുടെ കാര്യവും ഇതിനു സമാനമാണെന്നാണ് വിദഗ്ധര്‍ നിരൂപിച്ചിട്ടുള്ളത്.
കോടികള്‍ മുടക്കി എടുക്കുന്ന സിനിമകളെ അടച്ചാക്ഷേപിക്കാന്‍, കേവലം നൂറോ ഇരുന്നൂറോ രൂപമാത്രം മുടക്കുന്ന പ്രേക്ഷകന് എന്തവകാശം എന്നൊരു ചോദ്യവും പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ഇതിനു പണ്ടു ശ്രീനിവാസന്‍ ഒരഭിമുഖത്തില്‍ പറഞ്ഞതാണു മറുപടി. ചില പ്രേക്ഷകരുണ്ട്. നടീനടന്മാരുടെ അടുത്ത് ചെന്നു പുച്ഛത്തോടെ പറയും -"ഓര്‍ത്തോ ഞങ്ങളുടെ പണം കൊണ്ടാ നീയൊക്കെ താരമായി വാഴുന്നത്. ഞങ്ങള്‍ ടിക്കറ്റെടുക്കുന്നതുകൊണ്ടാണ് സിനിമ നിലനില്‍ക്കുന്നത് "എന്ന്. ഇതിന്റെ മറുവശമാണ് കോടികളുടെ നിര്‍മാതാവും നൂറുരൂപ ടിക്കറ്റുകാരനും. അതായത്, നൂറു രൂപ ടിക്കറ്റുകാരന്‍ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമല്ല കോടികള്‍ മുടക്കി ഒരാള്‍ ചലച്ചിത്രനിര്‍മാതാവാവുന്നത്. അയാളുടെ പ്രശസ്തനാവാനുള്ള ആര്‍ത്തിയും കലയോടുള്ള ആസക്തിയും എല്ലാം ചേര്‍ന്നാണ് ഒരാള്‍ സിനിമ നിര്‍മിക്കുന്നത്. ആത്മാവിഷ്‌കാരമാധ്യമമായാണ് ചലച്ചിത്രകാരന്‍ സിനിമയുണ്ടാക്കുന്നത്. അയാളുടെ ആത്യന്തികലക്ഷ്യം അതു കഴിയുന്നത്ര പ്രേക്ഷകര്‍ കാണണം, കണ്ടാസ്വദിക്കണം എന്നുതന്നെയാണ്. എന്നും അതങ്ങനെതന്നെയായിരുന്നു എപ്പോഴും അതങ്ങനെതന്നെയാണുതാനും.ചലച്ചിത്രകാരന്‍-സിനിമ-പ്രേക്ഷകന്‍ എന്നതാണ് സിനിമയുടെ ഒരു ജൈവചക്രം. ഇതില്‍ ഒന്നില്ലാതെ അതിന്റെ ധര്‍മം പൂര്‍ത്തിയാവുന്നില്ല. സിനിമയില്ലാതെ പ്രേക്ഷകനും പ്രേക്ഷകനില്ലാതെ സിനിമയ്ക്കും നിലനില്‍പ്പില്ല. ആ നിലയ്ക്ക് തനിക്കു മുന്നില്‍ വന്ന സിനിമ തനിക്കിഷ്ടപ്പെട്ടില്ല, കൊള്ളില്ല എന്ന്ു പറയാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനുണ്ട്. പരിശീലനം കിട്ടിയ പ്രേക്ഷകന് ഈ സിനിമ കൊള്ളില്ല എന്ന് തന്റെ വര്‍ഗത്തോടു വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യമുള്ള മഹാരാജ്യത്ത് നിഷിദ്ധമല്ല. ഇതേ എന്നെക്കൊണ്ടു പറ്റൂ, അല്ലെങ്കില്‍ ഇപ്പോള്‍ ഇത്രയേ ഉള്ളൂ എന്ന നിലപാടെടുക്കാന്‍ സംവിധായകനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ നിരൂപണങ്ങളില്‍ ആത്മപരിശോധന നടത്തി സിനിമകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെ മുന്നോട്ട രക്ഷയുള്ളൂ.
സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയത് ഒരുപറ്റം ചലച്ചിത്രനിരൂപകരാണെന്നു പറഞ്ഞാല്‍ യുദ്ധത്തിനുവന്നിട്ടു കാര്യമില്ല. കഹേ ദു സിനിമ എന്ന പ്രസിദ്ധീകരണത്തെയും സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തെയും കുറിച്ച് അല്‍പം വായിച്ചാല്‍ മതി. ഫ്രഞ്ച് ചലച്ചിത്ര മാസികയായിരുന്നു കഹേ ദു സിനിമ. 1951 ല്‍ ആേ്രന്ദ ബാസിന്‍, ഴാക്ക് വാല്‍ക്രോസ് ജോസഫ് മേരി ലൂ ഡ്യൂക്ക എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ചത്.സിനിമാ നിരൂപണവും റിവ്യുവുമായിരുന്നു മുഖ്യ ഉള്ളടക്കം. റോബര്‍ട്ട് ബ്രസന്‍, ഴാങ് ക്വക്തോ, അലക്‌സാണ്ടര്‍ അസട്രുക്, ഴാക്ക് റിവറ്റ്, ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ്, ക്ലോദ് ഷാബ്രോള്‍, ഫ്രാങ്കോ ത്രൂഫോ ഇവരൊക്കെയായിരുന്നു മാസികയിലെ എഴുത്തുകാര്‍. എന്നുവച്ചാല്‍ നിരൂപകര്‍. അന്നത്തെ സിനിമയെ നഖശിഖാന്തം പല്ലും നഖവും ഉപയോഗിച്ച് മുഖം നോക്കാതെയാണ് അവര്‍ വിമര്‍ശിച്ചു തള്ളിയത്. രസമെന്തെന്നാല്‍ ഇവരില്‍ പലരുമാണ് പിന്നീട് ആധുനിക സിനിമയുടെ വ്യാകരണം തന്നെ രചിച്ചത്. എന്നും എപ്പോഴും ലോകസിനിമയിലെ കഌസിക്കുകളില്‍ ഗോദ്ദാര്‍ദ്ദിന്റെയും ഷാബ്രോളിന്റെയും ബാസിന്റെയും ത്രൂഫോയുടെയും സിനിമകള്‍ എണ്ണപ്പെടുന്നു.
ദൗര്‍ഭാഗ്യത്താല്‍ നമ്മുടെ നാട്ടില്‍ മാത്രം നിരൂപകരെ നികൃഷ്ടജീവികളും വെറുക്കപ്പെട്ടവരുമായാണ് ചലച്ചിത്രകാരന്മാര്‍ കണക്കാക്കിപ്പോരുന്നത്. രാഷ്ട്രീയത്തില്‍ വികസനവിരോധികള്‍ക്കുള്ള പ്രതിച്ഛായയാണ് ചലച്ചിത്രത്തില്‍ നിരൂപകര്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. സ്വന്തമായി ഒരു സിനിമയെങ്കിലും ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സിനിമയെ നിരൂപിക്കാന്‍ അധികാരമെന്ത് എന്ന മട്ടിലാണ് സിനിമ അതിന്റെ അധികാരമുപയോഗിച്ച് ചോദ്യം ചെയ്യുന്നത്. ബാര്‍ബര്‍ മുടിവെട്ടിയത് ശരിയായില്ലെന്നു പറയാന്‍ ആദ്യം മുടിവെട്ട് അഭ്യസിക്കണം എന്നു പറയുന്നതുപോലെയാണ് ഈ വാദം. മുടിവെട്ടിയത് ഇഷ്ടമായില്ലെന്നും അതിങ്ങനെയായിരുന്നില്ല വേണ്ടിയിരുന്നതെന്നും പറയാന്‍ കാഴ്ചയുടെ സൗന്ദര്യസങ്കല്‍പം പോരേ? സദ്യ മോശമായല്ലോ നമ്പൂരി എന്നു പറയുന്നയാളോട് "എന്നാപ്പിന്നൊന്നു പാചകം ചെയ്തു കാണിക്ക് "എന്നു വെല്ലുവിളിച്ചാല്‍  സദ്യ കേമമാവുമോ?
സത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നതാണ് വിമര്‍ശനങ്ങള്‍ക്കെതിരായ അസഹിഷണുതകള്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രഭൂമി വാരികയില്‍ ആരംഭിച്ച ചലച്ചിത്രവിമര്‍ശന പംക്തിയുടെ ദുരന്താന്ത്യം. ഒരു സിനിമ പുറത്തിറങ്ങി 50 ദിവസം കഴിയുമ്പോള്‍ ആ സിനിമയെപ്പറ്റി മുഖം നോക്കാതെയുള്ള നിശിതമായ വിലയിരുത്തലായിരുന്നു ആ പംക്തിയുടെ ഉദ്ദേശ്യം. ഒരു തരം പോസ്റ്റ്‌മോര്‍ട്ടം. 50 ദിവസം എന്നത് ഒരു ശരാശരി സിനിമയ്ക്ക് തീയറ്ററില്‍ വിജയം തെളിയിക്കാനുള്ള സമയവുമാണ്. ഇന്നാണെങ്കില്‍ ഈ സമയത്തിനുള്ള സിഡി പുറത്തിറങ്ങിക്കഴിയും. എന്നിട്ടുകൂടി ആ വിമര്‍ശന പംക്തി രണ്ടോ മൂന്നോ സിനിമകളുടെ ശവപരിശോധനയോടെ ഒരു സുപ്രഭാതത്തില്‍ അറിയിപ്പൊന്നും കൂടാതെ നിന്നു. അപ്പോള്‍ തീയറ്ററിലെത്തിയൊരു കുടുംബസിനിമയുടെ വിലയിരുത്തല്‍ അടുത്ത ലക്കത്തില്‍ ഉണ്ടാവാന്‍ പോകുന്നു എന്ന പരസ്യത്തോടെ പ്രസ്തുത ചിത്രത്തിന്റെ രണ്ടു പേജ് പരസ്യം അവസാനനിമിഷം പിന്‍വലിക്കപ്പെട്ടതോടെ പംക്തി നിര്‍ത്താന്‍ പത്രാധിപസമിതി നിര്‍ബന്ധിതരാവുകയായിരുന്നു. സ്വന്തമായി ചലച്ചിത്ര അവാര്‍ഡുകളേര്‍പ്പെടുത്തിയിട്ടുള്ള, സ്വന്തമായി അന്നു ചലച്ചിത്ര നിര്‍മ്മാണം വരെയുണ്ടായിരുന്ന(മേഘമല്‍ഹാര്‍), ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു പ്രമുഖ നിര്‍മാതാവുള്ള മാതൃഭൂമി പോലൊരു സ്ഥാപനത്തിന്റെ ചലച്ചിത്രപ്രസിദ്ധീകരണത്തിനാണ് ഇത്തരമൊരു സമ്മര്‍ദ്ദത്തിനു നിരൂപാധികം കീഴടങ്ങേണ്ടിവന്നതെന്നോര്‍ക്കുക. വര്‍ഷങ്ങള്‍ക്കു ശേഷം ആ പ്രസിദ്ധീകരണം തന്നെ പൂട്ടി. പകരം പത്രത്തിന്റ വെള്ളിയാഴ്ച സപഌമെന്റായി പേരു നിലനിര്‍ത്തുമ്പോള്‍ അതിലും വരുന്നു ചലച്ചിത്രവിമര്‍ശനത്തിനെതിരായ ഒളിയമ്പുകള്‍.
കഥയെന്തോ ആവട്ടെ, ആശ്വാസം ഡിജിറ്റല്‍ മാധ്യമങ്ങളെയോര്‍ത്തുമാത്രമാണ്. സിനിമാപരസ്യം പിന്‍വലിക്കുമെന്നു ഭീഷണിപ്പെടുത്തി നിശിത വിമര്‍ശനത്തെ വരുതിക്കുള്ളില്‍ നിര്‍ത്താന്‍ ഏതായാലും സൈബര്‍ മാധ്യമത്തില്‍ മാര്‍ഗമൊന്നുമില്ലല്ലോ.

Sunday, January 04, 2015

ആമിര്‍ ഖാനെ ആര്‍ക്കാണു പേടി?

 kalakaumudi 2015 jan 11


എ.ചന്ദ്രശേഖര്‍
ഏതൊരു കലാസൃഷ്ടിയും കാലികമാവുന്നത് സമകാലികജീവതത്തെപ്പറ്റി അതുന്നയിക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ്, അതിന്റെ തീവ്രതയിലൂടെയാണ്. അതുവഴിതന്നെയാണ് രചനയുടെ സര്‍ഗാത്മകത കാലത്തെ അതിജീവിക്കുന്നതും. ചോദ്യങ്ങളുന്നയിക്കുക എന്നതാണ് കലയുടെ ധര്‍മ്മം, കലാകാരന്റേയും. തീര്‍ച്ചയായും രാജ്കുമാര്‍ ഹിരാനിയുടെ ഏറ്റവും പുതിയ സിനിമ പി.കെ ലക്ഷ്യം തൊടുന്നത് അതുയര്‍ത്തിപ്പിടിക്കുന്ന തീര്‍ത്തും കാലികവും ഒരുപക്ഷേ അകാലികം തന്നെയുമായ ചില ചോദ്യങ്ങളുടെ പേരിലാണ്. ഒരുപക്ഷേ സിനിമ ചില എതിര്‍പ്പുകളെ ഏറ്റുവാങ്ങുന്നതും അതിന്റെ പേരില്‍ത്തന്നെയായിരിക്കണം.
മുഖ്യമായും രണ്ടു ചോദ്യങ്ങളാണ് പി.കെ. എന്ന സിനിമയെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളില്‍ ഉന്നയിക്കാനുളളത്. അതു രണ്ടും പക്ഷേ, ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന ധാര്‍മികവും ദാര്‍ശനികവുമായ ഉള്ളടക്കത്തെ യഥാര്‍ത്ഥജീവിതത്തില്‍ പുനരാനയിക്കുന്നതോ തനിയാവര്‍ത്തിക്കുന്നതോ ആവും എന്നതു വൈരുദ്ധ്യം. എന്നാല്‍ ഈ വൈരുദ്ധ്യം തന്നെയാണ് പി.കെ. എന്ന സിനിമയ്ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമെന്നുകൂടി കണക്കുകൂട്ടേണ്ടതുണ്ട്. ഇനി എന്തെല്ലാമാണ് ആ രണ്ടു ചോദ്യങ്ങള്‍?
1. ഇതില്‍ നായകതാരം ആമിര്‍ ഖാന്‍ അല്ലായിരുന്നെങ്കില്‍?
2. ഇതിലെ ഉപകഥാപാത്രം പാക്കിസ്ഥാനിയായ സര്‍ഫറോഷ് ആയിരുന്നില്ലെങ്കില്‍?
ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയില്‍ പല ഭാഷകളില്‍ പലകുറി ആവര്‍ത്തിക്കപ്പെട്ട ഒരു പ്രമേയത്തിന്റെ ലേശം വേറിട്ട നിര്‍ദ്ദോഷമായൊരു ദൃശ്യപാഠത്തിന് ഇത്രകണ്ട് വിമതത്വം കല്‍പ്പിക്കപ്പെടുമായിരുന്നുവോ? ഷാറൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാനോ, അക്ഷയ് കുമാറിന്റെ ഒ.എം.ജി (ഒ മൈ ഗോഡ്)യോ, മനോജ്കുമാറിന്റെ പഴയ കലിയുഗ് ഓര്‍ രാമായണോ കൈകാര്യം ചെയ്ത പ്രമേയത്തിന്റെ കാലികമായ ഈ കാഴ്ചപ്പകര്‍ച്ചയ്ക്കു മാത്രം എന്തുകൊണ്ട് ഇത്തരത്തിലൊരു രാഷ്ട്രീയത്തെ നേരിടേണ്ടിവന്നു?

അതീന്ദ്രിയതയുടെ രാഷ്ട്രീയം
ഇന്ത്യന്‍ സിനിമയ്ക്ക്, വിശേഷിച്ച് കമ്പോള സിനിമയ്ക്ക് പൊതുവേ നിഷിദ്ധമായതും, ഇന്ത്യന്‍ ബോധ്യങ്ങള്‍ക്കുമുന്നില്‍ ഇന്നും തീവ്രമായതുമായൊരു വിഷയം-മതം-അതാണ് പി.കെ. ആഴത്തില്‍ ഇഴകീറി വിമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു തീക്കളിയുമാണ്. രാഷ്ട്രീയപരമായ മാനങ്ങളുള്ള ഇത്തരം തൊട്ടാല്‍പ്പൊള്ളുന്ന വിഷയങ്ങള്‍ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ അമേരിക്ക സ്വീകരിക്കുന്ന ഒരു എളുപ്പവഴിയുണ്ട്. ലോകരാഷ്ട്രീയത്തില്‍ എപ്പോഴെല്ലാം ഭീഷണിയോ ഭയമോ നേരിടേണ്ടി വന്നുവോ അപ്പോഴെല്ലാം ഹോളിവുഡ് അന്യഗ്രഹജീവികളെയും അതീന്ദ്രിയജീവിതത്തെയും പ്രമേയങ്ങളാക്കി ആ രാഷ്ട്രീയത്തെ സിനിമയിലേക്ക് അനുവര്‍ത്തനം ചെയ്തിട്ടുണ്ട്.  മാര്‍സ് അറ്റാക്‌സ്, ഇന്‍ഡിപെന്‍ഡന്‍സ് ഡേ മുതല്‍ അവതാര്‍ വരെയുള്ള സിനിമകളില്‍ പ്രകടമായ പാരിസ്ഥിതി-അധികാര-മേല്‍ക്കോയ്മാ രാഷ്ട്രീയം പഠനവിധേയമായിട്ടുണ്ട്. പി.കെ.യുടെ ചലച്ചിത്രസമീപനത്തില്‍ രാജ്കുമാര്‍ ഹിരാനി സ്വീകരിച്ചിട്ടുള്ള ഈ അതീന്ദ്രിയതലം അതുകൊണ്ടുതന്നെ ഏറെ ബൗദ്ധികവും ഉത്തരവാദിത്തപരവും അതേസമയം കൗശലം നിറഞ്ഞതുമാണ്. ആള്‍ദൈവങ്ങളെയോ കമ്പോളവല്‍ക്കരിക്കപ്പെടുന്ന മതസംവിധാനങ്ങളെയോ വിമര്‍ശിക്കുന്നതിന് ആരുടെയും മനഃസാക്ഷിയെ മുറിപ്പെടുത്താതിരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമായിവേണം, മറ്റേതോ ഗ്രഹത്തില്‍ നിന്ന് സമാന ജീവിതങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി വന്നിറങ്ങുന്ന മനുഷ്യതുല്യനായൊരു നായകനിലൂടെ കഥ അനാവരണം ചെയ്യുന്നതിനെ കണക്കാക്കാന്‍. ദാര്‍ശനികമായൊരു പക്ഷം പിടിക്കലിനപ്പുറം, നിലപാടുകളില്‍ ഏറെക്കുറെ നിക്ഷ്പക്ഷമാവാനും ഈ നായകകര്‍തൃത്വത്തിലൂടെ രചയിതാവിനു സാധിക്കുന്നുണ്ടെന്നും മറക്കരുത്. കൃഷ് പരമ്പര പോലുള്ള അന്യഗ്രഹജീവിതചിത്രപരമ്പര സിനിമയുടെ വാണിജ്യസാധ്യതകളെ മാത്രം ലാക്കാക്കുമ്പോള്‍, സാമൂഹികപ്രസക്തമായൊരു വിഷയത്തെ പ്രതിബദ്ധതയോടെ സമീപിക്കാനാണ് ഹിരാനി അന്യഗ്രഹസാന്നിദ്ധ്യം പ്രയോഗിച്ചിരിക്കുന്നത്.

ദൈവത്തെ കാണ്മാനില്ല
ഭൂമിയില്‍ കാല്‍തൊട്ടപ്പോള്‍ തന്നെ, ജന്മഗ്രഹത്തിലേക്കു മടങ്ങിപ്പോകാനുള്ള വാഹനത്തിന്റെ റിമോട്ട് മോഷ്ടിക്കപ്പെട്ട് ഭൂമിയില്‍ നിരാലംബനും നിരാശ്രയനുമാവുന്ന നായകന്‍ തന്റെ റിമോട്ടിനായുള്ള അന്വേഷണത്തിലാണ് ഈശ്വരസാന്നിദ്ധ്യമറിയുന്നത്. തന്നെ സഹായിക്കാന്‍ ഭൂമിയില്‍ ഈശ്വരനല്ലാതാരുമില്ലെന്ന തിരിച്ചറിവില്‍ അയാള്‍ ദൈവത്തെ തേടിയലയുന്നു. ആ അലച്ചിലില്‍ അയാള്‍ കണ്ടെത്തുന്ന ദൈവങ്ങളെല്ലാം മനുഷ്യനിര്‍മിതങ്ങളായിരുന്നു. അമ്പതിനും ഇരുപത്തഞ്ചിനും വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന, വേണമെങ്കില്‍ വിലപേശിയാല്‍ പതിനഞ്ചുരൂപയ്ക്കും കിട്ടുന്ന ദൈവരൂപങ്ങള്‍. അല്ലെങ്കില്‍ വന്‍ കോര്‍പറേറ്റ് സാന്നിദ്ധ്യമായ ആള്‍ദൈവങ്ങള്‍. ബ്രാന്‍ഡഡ് രൂപകങ്ങളായ ഈ സാന്നിദ്ധ്യങ്ങള്‍ക്ക് തന്റെ ഉദ്ദിഷ്ടകാര്യം സാധിപ്പിക്കാനുള്ള ബാറ്ററി ഇല്ലെന്നു തിരിച്ചറിയുന്ന പി.കെ. എന്ന സാധാരണക്കാരന്‍ കാണാതായ ഈശ്വരനുവേണ്ടിയുള്ള തിരച്ചിലിലാണ്. അതിനായി ഈശ്വരരൂപങ്ങള്‍ അച്ചടിച്ച കാണ്മാനില്ല നോട്ടീസുമായി തെരുവിലലയുകയാണയാള്‍. അതേസമയം, ഉടുതുണിയടക്കം യാതൊന്നുമില്ലാത്ത അയാള്‍ക്ക് കഴിക്കാന്‍ ഭക്ഷണമടക്കം എത്തിച്ചുകൊടുക്കുന്നതും വിശ്വാസത്തിന്റെ മറുപക്ഷമാണെന്നതും വൈരുദ്ധ്യം.ഗോളാന്തരയാത്രയ്ക്കിടെ ഭൂമിയില്‍ വന്നെത്തുന്ന നായകനാണ് ഭൂമിയിലെ വിശ്വാസങ്ങളില്‍ തളയ്ക്കപ്പെടുന്നത്. അയാളാകട്ടെ, തന്നെ കബളിപ്പിക്കുന്ന ആള്‍ദൈവത്തെ ഒരിക്കല്‍പ്പോലും അവിശ്വസിക്കുന്നതേയില്ല. പകരം, അദ്ദേഹം ദൈവത്തെ വിളിക്കുന്ന നമ്പര്‍ തെറ്റിപ്പോകുന്നുവെന്നാണയാള്‍ കരുതുന്നത്. ആള്‍ദൈവങ്ങളെയല്ല, അവരുടെ ചൂഷണങ്ങളെമാത്രമാണ് പി.കെ. ചോദ്യം ചെയ്യുന്നത്.
മലയാളത്തിലടക്കം ആള്‍ദൈവങ്ങളെ ഇതിലുമേറെ തൊലിപൊളിച്ചു കാണിക്കുന്ന സിനിമകള്‍-ദൈവനാമത്തില്‍, വചനം, ഏകലവ്യന്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ആയിരം ചിറകുള്ള മോഹം- ഉണ്ടായിട്ടുണ്ട്. അവ നിര്‍വഹിച്ചത്ര പച്ചയായ വിമര്‍ശനമോ തുറന്നുകാട്ടലോ ഒന്നും പി.കെ. ചെയ്യുന്നില്ല. ആള്‍ദൈവസംവിധാനത്തെ വിമര്‍ശിക്കുക എന്നതിലുപരി ഈശ്വരസങ്കല്‍പത്തെക്കുറിച്ച,് ദൈവവിശ്വാസത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പി.കെ.യുടെ സ്രഷ്ടാക്കള്‍ ശ്രമിച്ചിട്ടുള്ളത്. നാം ആരാധിക്കുന്നത് നമ്മള്‍ നിര്‍മിച്ച ദൈവങ്ങളെയാണ്, നമ്മെ സൃഷ്ടിച്ച ദൈവത്തെയല്ലെന്ന് നായകന്‍ ഒരിടത്തു പറയുന്നുണ്ട്. ശരിക്കും നാം ആരാധിക്കേണ്ടത്, ജഗന്നിയതാവായ, ഈ പ്രപഞ്ചത്തെയാകമാനം നിര്‍മിച്ചു നിലനിര്‍ത്തുന്ന ആ ദൈവത്തെയല്ലേ? അങ്ങനെയെങ്കില്‍ ആ ഈശ്വരന് എന്തു രൂപമാണുള്ളത്? അതോ രൂപം തന്നെയുണ്ടോ? അങ്ങനെയൊരു സ്രഷ്ടാവിനെ സങ്കടമോചനത്തിന് ആശ്രയിക്കുമ്പോള്‍, ദുര്‍ഘടവും ദുസ്സഹവുമായ ആചാരങ്ങളോ കര്‍ത്തവ്യങ്ങളോ ചെയ്തുവരാന്‍ അങ്ങനൊരു സ്രഷ്ടാവിനു മനസുണ്ടാവുമോ? സ്വന്തം മക്കള്‍ ഒരാവശ്യത്തിനു സമീപിക്കുമ്പോള്‍ ഏതൊരു പിതാവാണ്/മാതാവാണ് അതികഠിനമായ എന്തെങ്കിലുമൊരു കര്‍മം അതിനായി അവരെ ഏല്‍പിക്കാന്‍ മുതിരുക? അപ്പോള്‍ ഈ വിശ്വാസങ്ങളുടെ ദൈവവിളികളില്‍ ഏതൊക്കെയോ റോങ് നമ്പരുകളാണ്. ആ റോങ് നമ്പരുകളിലേക്കാണ് പി.കെ. പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.വിശ്വാസങ്ങളുടെ പേരിലുള്ള ആത്മപീഡനങ്ങളും അടിച്ചമര്‍ത്തലുകളും ഇവിടെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നു.
മതഭേദമന്യേ വ്യാജ ആള്‍ദൈവങ്ങളും വ്യാജ സിദ്ധന്മാരുടെ മന്ത്രതന്ത്രങ്ങളും ബാധയൊഴിക്കലുകളും വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അതിന്റെ ഫലമായുള്ള മരണങ്ങളും വരെ ദിനംപ്രതി മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പി.കെ പോലൊരു സിനിമ മുന്നോട്ടുവയ്ക്കുന്ന സോദ്ദേശ്യപരമായ ദര്‍ശനത്തെ മാനിക്കുകയാണു വേണ്ടത്.ഒരുപക്ഷേ അതു തിരിച്ചറിഞ്ഞിട്ടായിരിക്കണം, ശ്രീ ശ്രീ രവിശങ്കറിനെപ്പോലൊരു ആചാര്യന്‍ ഈ സിനിമയുമായി പരോക്ഷമായെങ്കിലും സഹകരിച്ചിട്ടുള്ളത്. അതുകൊണ്ടാവണമല്ലോ ശീര്‍ഷകത്തില്‍ അദ്ദേഹത്തിന് നിര്‍മാതാക്കള്‍ കൃതജ്ഞത രേഖപ്പെടുത്തിയിരിക്കുന്നതും. ഹരിയാനയില്‍ സ്വന്തം സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുകയും സമാന്തര സൈന്യത്തെത്തന്നെ പോറ്റിവളര്‍ത്തുകയും ചെയ്ത വ്യാജ ആള്‍ദൈവത്തെ വരുതിയിലാക്കാന്‍ നീതിന്യായ വ്യവസ്ഥ പെട്ട പാട് ലോകമറിഞ്ഞിട്ട് നാളേറെയായിട്ടില്ലെന്നോര്‍ക്കുക.

ഭയം എന്ന നിക്ഷേപം
ഭയമാണ്, ആത്മവിശ്വാസമില്ലായ്മയാണ് എല്ലാ വിശ്വാസങ്ങളുടെയും അന്തര്‍ധാര. ഇതൊരു ചെറിയ ഉദാഹരണത്തിലൂടെ പി.കെ. നായികയ്ക്കും നായികയുടെ അന്ധവിശ്വാസിയായ അച്ഛനും തെളിയിച്ചുകൊടുക്കുന്നുണ്ട്. പബഌക് പരീക്ഷ നടക്കുന്ന കോളജിനുമുന്നില്‍ മരച്ചുവട്ടില്‍ വെറുമൊരു കല്ലെടുത്തു കുറിതൊടുവിച്ച് അല്‍പം നാണയത്തുട്ടുകളിട്ടു വയ്ക്കുമ്പോള്‍ പരീക്ഷാപ്പനിയില്‍ ആത്മവിശ്വാസം വാര്‍ന്നു വന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ മതകക്ഷിഭേദമന്യേ ആ കല്ലിനുമുന്നില്‍ തൊഴുകൈകളോടെ കുമ്പിടുകയും കാണിക്കയര്‍പ്പിക്കുകയുമാണ്. തൊട്ടടുത്തു ചായ വില്‍ക്കുന്ന ചായക്കാരനുപോലും ചായ ചായ എന്നുറക്കെ വിളിച്ചുപറയുന്നതടക്കം ഇതില്‍ക്കൂടുതല്‍ വിപണനശ്രമങ്ങളും മുതല്‍മുടക്കുമുണ്ടാവുമ്പോള്‍, കുറേ നാണയത്തുട്ടുകളുടെ മാത്രം മുടക്കില്‍ യാതൊരു പരിശ്രമവും കൂടാതെ ആ കല്ലിനുമുന്നില്‍ ആവശ്യക്കാര്‍ കണ്ടറിഞ്ഞു വന്നെത്തുകയാണ്. ഭയം സമൂഹത്തെ വിശ്വാസികളാക്കുന്നതെങ്ങനെയെന്ന പഌസിബോ ഇഫക്ടാണ് സംവിധായകന്‍ ഇതിലൂടെ കാണിച്ചുതരുന്നത്. കല്ലും മുള്ളും നിറഞ്ഞ, വെല്ലുവിളികളുടെ ജീവിതപാതയില്‍ ഒരാള്‍ തണലായി ഈശ്വരനെ കൂടെക്കൂട്ടുന്നതിനെ സിനിമ വിമര്‍ശിക്കുന്നില്ലെന്നു മാത്രമല്ല, നായകന്റെ അനുഭവങ്ങളിലൂടെ ന്യായീകരിക്കുന്നതേയുള്ളൂ. എന്നാല്‍, അതു റോങ്‌നമ്പര്‍ ആകാതെ, ശരിയായ ദിശയില്‍ യഥാര്‍ത്ഥ ഈശ്വരനെ തേടിയുള്ളതായിരിക്കണമെന്നാണ് പി.കെ. സിദ്ധാന്തിക്കുന്നത്. വിശ്വാസങ്ങളുടെ തിരുവസ്ത്രങ്ങള്‍ക്കൊന്നും ഇടമില്ലാത്ത ഭൗമാനന്തര സമൂഹത്തില്‍, സത്യം മാത്രം പറയുന്ന നേരിന്റെ നഗ്നത മാത്രമാവരണമാക്കുന്ന നായകന്‍. അയാള്‍ ഭൂമി വിട്ടുപോകുമ്പോള്‍, തന്റെ തപ്തപ്രണയം, ഉപനായകനോടുള്ള നായികയുടെ പ്രണയമനസുവായിച്ച് ത്യാഗമാക്കുമ്പോള്‍, അവളോടയാള്‍ ആദ്യത്തെ കളവു പറയുകയാണ്. അങ്ങനെ കള്ളം പറയാന്‍ പഠിച്ച്, നഗ്നവിശ്വാസങ്ങള്‍ക്ക് മേലുടുപ്പിന്റെ ആവരണമണിയിച്ചാണയാള്‍ മടങ്ങുന്നത്.

ദൈവം സാക്ഷിയായി
നമ്മെ സൃഷ്ടിച്ച ദൈവത്തിനു നമ്മുടെ സംരക്ഷണം ആവശ്യമുണ്ടോ എന്നതാണ് പി.കെ ഉന്നയിക്കുന്ന വേറൊരു പ്രശ്‌നം. സ്വന്തം ദൈവത്തെ, നാം ഉണ്ടാക്കിയ ദൈവത്തെ തൊട്ടുകളിച്ചാല്‍ വെറുതെയിരിക്കുമെന്നു കരുതേണ്ട എന്നു വെല്ലുവിളിക്കുന്ന ആള്‍ദൈവത്തോട് പി.കെ. ഉന്നയിക്കുന്ന മറുചോദ്യമാണിത്. പ്രപഞ്ചത്തെ സൃഷ്ടിച്ചു നിലനിര്‍ത്തുന്ന ഈശ്വരന് സ്വയം നിലനിര്‍ത്താന്‍ മനുഷ്യസഹായമാവശ്യമുണ്ടോ? അങ്ങനെ കരുതിയാല്‍ അതു മുഢത്വമല്ലേ? വിശ്വാസം അന്ധമാവുമ്പോള്‍, സങ്കുചിതമാവുമ്പോള്‍ അതു തീവ്രവാദമാവുന്നു. ആളെക്കൊല്ലുന്നു. ആളെക്കൊല്ലുന്ന ഒരു വിശ്വാസവും മാനവികമാവുകയില്ലെന്ന സന്ദേശമാണ് പി.കെ നല്‍കുന്നത്.ദേശകാലഭേദങ്ങള്‍ക്കപ്പുറം വളരുന്ന സ്‌നേഹമാണ,് പാരസ്പര്യമാണ്, പ്രണയമാണ് ഈശ്വരന്‍ എന്ന സന്ദേശം.
തന്റെ മുന്‍കാല ചലച്ചിത്രത്രയമായ മുന്നാഭായ് എം.ബി.ബി.എസിലൂടെ ദാദാഗിരിക്ക് മഹാത്മഗാന്ധിയുടെ ആദര്‍ശങ്ങളുടെ പരിവഷം പകര്‍ന്ന അഹിംസയിലൂന്നിയ ഗാന്ധിഗിരി എന്ന ആശയം മുന്നോട്ടു വച്ചപ്പോള്‍ ഗാന്ധിഭക്തരില്‍ നിന്നോ, കോണ്‍ഗ്രസില്‍ നിന്നോ നേരിടേണ്ടിവന്നിട്ടില്ലാത്ത ആക്രമണമാണ്, വിശ്വാസത്തിന്റെ മേല്‍ സ്‌നേഹമാണ് ഏറ്റവും വലിയ മതമെന്ന ആശയം കാഴ്ചവയ്ക്കുമ്പോള്‍ രാജ്കുമാര്‍ ഹിരാനിക്കു നേരിടേണ്ടി വരുന്നത്.സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങള്‍ തന്നെ സിനിമയുടെ പ്രദര്‍ശനം വഴി യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ സംഭവിക്കുന്നു എന്ന വൈരുദ്ധ്യം. യഥാര്‍ത്ഥ വിശ്വാസികളെ പക്ഷേ ഈ സിനിമ വ്രണപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ഇല്ല. ഒരുപക്ഷേ, സിനിമയെ ആക്രമിക്കുന്നവര്‍ അതിനു മുതിര്‍ന്നില്ലായിരുന്നെങ്കില്‍ നല്ലൊരു എന്റര്‍ടെയ്‌നര്‍ ആയി അംഗീകരിക്കപ്പെട്ടു തീയറ്റര്‍ വിട്ടേക്കുമായിരുന്ന പി.കെ. ഈ അതിക്രമങ്ങളിലൂടെ അതിരില്ലാത്ത രാഷ്ട്രീയ-വിപണനമൂല്യം നേടിയെന്നതാണ് വാസ്തവം.
തിരക്കഥയുടെ കെട്ടുറപ്പാണ് ഈ സിനിമയുടെ ശക്തി. ഒരു ലളിതഗാനം പോലെ, തടസമില്ലാത്ത പുഴപോലത്തെ ഒഴുക്കാണ് സിനിമ. അതിന് സംവിധായകന്റെ തന്നെ സന്നിവേശവും മുരളീധരന്റെ ഛായാഗ്രഹണവും, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദസന്നിവേശവും, ആമിര്‍ ഖാന്‍, ബോമന്‍ ഇറാനി, സഞ്ജയ് ദത്ത്, അനൗഷ്‌ക ശര്‍മ, സുശാന്ത് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങളും നല്‍കുന്ന പിന്തുണ ചെറുതല്ല.