Monday, October 10, 2011

ഗസല് രാജാവിനൊപ്പം ഒരു ദിവസം...

1993 ഫെബ്രുവരി എട്ട്. കോഴിക്കോട്ട് മലബാര് മഹോത്സവം ആദ്യമായി അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് നഗരവാസികള്. തൊട്ടടുത്ത ജില്ലകളില് നിന്നു പോലും കലാസ്നേഹികള് കോഴിക്കോട്ടെത്തി ദേശീയപ്രസിദ്ധരായ സംഗീതജ്ഞരുടെയും നര് ത്തകരുടെയും പ്രകടനങ്ങള് കാണാനെത്തിയിരുന്ന ദിവസങ്ങള് . അന്നു വൈകിട്ട് മാനാഞ്ചിറ മൈതാനത്തെ കലോത്സവേദിയില് ഗസല് സന്ധ്യ നയിക്കേണ്ടത് ജഗജ്ജിത് സിംഗ് ആയിരുന്നു. കാപ്പാട് ബീച്ച് റിസോര്ട്ടില് തന്പടിച്ചിരുന്ന അദ്ദേഹത്തെയും സംഘത്തെയും കാണാന് പി.ആര്.ഡിയുടെ നേതൃത്വത്തില് റിസോര്ട്ടിലേക്കു കൊണ്ടുപോയ മാധ്യമസംഘത്തിലായിരുന്നു ഞാന്. ഇന്ത്യന് എക്സ്പ്രസില് നിന്നുള്ള അരുണിനും എനിക്കും മാത്രമായി കുറച്ചു നേരം ജഗജ്ജിത് സിംഗ് സ്വകാര്യമായി കൂടിക്കാഴ്ച അനുവദിച്ചു. അന്ന്, അദ്ദേഹത്തിന്റെ മകന് വിവേകും തബലിസ്റ്റായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് ഓര്ക്കുന്നു. പിന്നീട്, ഈ മകനെ വിധി അദ്ദേഹത്തിന് നഷ്ടപ്പെടുത്തുകയായിരുന്നു.
പിറ്റേന്നത്തെ മലയാളമനോരമ ദിനപ്പത്രത്തിന്റെ കോഴിക്കോട് ലോക്കല് പേജില് വന്ന ആ അഭിമുഖത്തില് നിന്നുള്ള ചില ഭാഗങ്ങള് അദ്ദേഹത്തോടുള്ള ആദരാഞ്ജലി കലര്ന്ന ആരാധനയോടെ എടുത്തെഴുതട്ടെ.
കോഴിക്കോട്-സംഗീതത്തിനു ജാതിയില്ല, മതവും. ഭാഷയും ദേശവും അതിന്റെ ആസ്വാദനത്തിന് ഒട്ടൊരു തടസവുമല്ല. പറയുന്നത് ജഗജ്ജിത് സിംഗ്. കരളിലെ മോഹങ്ങള് മഞ്ഞുരുകുന്ന സംഗീതത്തില് ചാലിച്ചൊരുക്കുന്ന ഗസലുകളുടെ മുടിചൂടാമന്നനായ ജഗജ്ജിത് സിംഗ്
വെറുംവാക്കു പറയുകയല്ല ജഗജ്ജിത് സിംഗ്. അദ്ദേഹത്തിന്റെ പക്കമേളസംഘം ആ വാക്കുകള്ക്കു തെളിവാണ്. അവരില് മുസ്ലീമുണ്ട്. സിക്കുണ്ട്, ഹിന്ദുവും. സംഗീതത്തിന് ജാതി വര്ഗ്ഗ ഭേദമില്ല. ഉദാഹരണത്തിന് നമ്മുടെ വയലിന് തന്നെയെടുക്കൂ. അതൊരു പാശ്ചാത്യ വാദ്യോപകരണമാണ്.സിംഫണി മുതല് കര് ണാടിക്കിനു വരെ വയലിന് തന്നയല്ലേ അടിസ്ഥാനം.
സംഗീതം അമ്മയാണ്, ദൈവമാണ്.ഞങ്ങള് പല ആള്ക്കാര്, ജാതിക്കാര്.പക്ഷേ ഞങ്ങളാരാധിക്കുന്ന ദൈവം ഒന്നാണ്.സ്വരം സംഗീതം പ്രണവാകാരം.
സംഗീതത്തില് പാരന്പര്യം എന്നൊന്നില്ല. ഞങ്ങള് പാടിത്തുടങ്ങുന്പോള് ബീഗം അഖ്തറും സൈഗാളുംഒക്കെ പാടിത്തെളിയിച്ച വഴിയേയാണ് നീങ്ങി.ത്. 50 വര്ഷം മുന്പ് അവര് സൃഷ്ടിച്ചതായിരുന്നു അന്നത്തെ പാരന്പര്യം. എന്നാല് അതിനുമുന്പോ അങ്ങനെ ചിന്തിക്കുന്പോള് ഇന്നു ഞങ്ങളൊക്കെ പാടുന്ന ശൈലിാവും നാളെ തലമുറയ്ക്ക് പാരന്പര്യം. കലയുടെ സ്ഥിതി മൊത്തമിതു തന്നെ. നിയതമാ. ഒരു ശൈലിയില് കടിച്ചുതൂങ്ങാന് ആവില്ല.
അതു കാലാനുസരണം മാറും. അതുതന്നെയാണു കലയുടെ അമരത്വത്തിന്റ രഹസ്യവും.
ഗസലിനാണെങ്കില് പ്രത്യേകമായൊരു ശൈലി എന്നു പറയാനൊന്നുമില്ല. കവിയുടെ വാക്കുകള്ഡ, അവയുടെ വികാരമറിഞ്ഞ് അതിനനുസൃതമായ ഈണം പകര്ഡന്നു സദസറിഢ്ഢു പാടുക. അതാണു ഗസലിന്ഡറെ സ്വഭാവം.ഇതിനു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില് അഗാധ പാണ്ഡിത്യം ആവശ്യമാണ്. ഞാന് പോലും ഗസലില് ഒരു വിദ്യാര്ഥിയാണ്.
പുതിയ തലമുറയിലെ ഗായകര്ക്കു വേണ്ടതു പക്ഷേ പ്രശസ്തിയിലേക്കുള്ള കുറുക്കുവഴികളാണ്. പബ്ളിസിറ്റി സ്റ്റണ്ടിലൂടെ ഒറ്റ രാത്രി കൊണ്ടവര് ഗസല്ഡ
ഗായകരാവുന്നു.വന്നതു പോലെ തന്നെ മറ്റേ രാത്രിയില് അറിയപ്പെടാത്തവരുടെ പട്ടികയിലേക്കു തള്ളപ്പെടുന്നു. നല്ലൊരു ഗസല്ഡ ഗായകനാവാന് വര്ഷങ്ങളുടെ തപസ്യ ആവശ്യമാണ്. ഞാന് ഇരുപതു വര്ഷത്തെ കഠിന പരിശീലനത്തിനു ശേഷമാണു മുഴുനീള പരിപാടി അവതരിപ്പിച്ചത്.
ഗസലിനെ സംബന്ധിച്ചിടത്തോളം അതിലെ ഗായകന്റെ മനോധര് മത്തിനാണ് ഏറെ പ്രാധാന്യം. സദസിന്റെ ഹൃദയഭാവമറിഞ്ഞാവണം പാട്ടിന്റെ ഭാവവും. ലളിതവും മൃദുലനുമായൊരു പ്രണയഗീതത്തിന് അതിനനുയോജ്യമായ രാഗം തെരഞ്ഞെടുക്കേണ്ടതും അയാളാണ്. സാധാരണയായി ഭൈരവി, തോടി, രാഗേശ്വരി, ഖാമോജ്, പഹാഡി രാഗങ്ങളിലാണ് ഗസലുകള് ചിട്ടപ്പെടുത്തുക.
പ്രേംഗീത്, നിര് വാണ തുടങ്ങിയ ഒട്ടേറെ ചലച്ചിത്രങ്ങള്ക്കും മിരസ ഗാലിബ് എന്ന ടിവി പരന്പരയ്കും ഈണം നല്കിയ ജഗജ്ജിത് സിംഗിന് ഇന്നത്തെ ചലച്ചിത്ര സംഗീതത്തെപ്പറ്റിയുള്ള അഭിപ്രായമെന്താവും.
പണ്ടൊക്കെ തനി ശാസ്ത്രീയ സംഗീതത്തെ അടില്ഖാനമാക്കിയയുള്ളതായിരുന്നു ചലച്ചിത്രസംഗീതം. ഇന്നു പക്ഷേ അതല്ല. പാശ്ചാത്യ സ്വാധീനത്തില് കേവലം ശബ്ദാഭാസം മാത്രമായി മാറുന്നു. പക്ഷേ ഇതു മാറും. വീണ്ടും അഭൌമസംഗീതത്തിന്റെ സുവര് ണകാലം വരികതന്നെ ചെയ്യും.
ഇന്ത്യന് ഗസലും പാക്കിസ്ഥാനി ഗസലും തമ്മില് വ്യത്യാസമെന്തെങ്കിലും...
പാക്കിസ്ഥാനി ഗസലെന്ന്ൊരു ശാഖതന്നെയില്ല. ഗസല് ഒന്നേയുള്ളൂ. ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളത്. പാക്കിസ്ഥാന് ഗായകരില് നന്നായി പാടുന്നവരുണ്ട്.പക്ഷേ അവരും അടിസ്ഥാനമാക്കുന്നത് ഭാഗേശ്വരി രാഗേശ്വരി രാഗങ്ങള് തന്നെ.
ഇന്ത്യയിലെ കത്തിയെരിയുന്ന നഗരമായ മുംബൈയില് നിന്നു കേരളത്തില് വന്നിറങ്ങിയ ജഗജ്ജിത് സിംഗിനു സംതൃപ്തി,ഇവിടത്തെ ശാന്തത കണ്ടിട്ട്. മലയാളത്തിന്റെ യേശുദാസിനെപ്പറ്റിയും മതിപ്പ് നല്ല സ്വരമല്ലേ ദാസിന്റേത്
രാജസ്ഥാനിലെ ശ്രീരംഗ നഗറില്ഡ ജനിച്ച ജഗജ്ജിത് സിംഗിനു ഹിന്ദുസ്ഥാനി സംഗീതത്തില് ഗുരു രാജസ്ഥാനിലെ ഉസ്താദ് ജമാല് ഖാനാണ്.1965 മുതല് 76 വരെ നിരന്തര സാധനയിലൂടെ നേടിയെടുത്ത ആത്മവിശ്വാസവുമായി അദ്ദേഹം ഗസല് രംഗത്തേക്കു കടന്നുവന്നു. 76 ല് ഭാര്യ ചിത്രാസിംഗുമൊത്ത് അവിസ്മരണീയ ഗാനങ്ങള് എന്ന ആല്ഡബമിറക്കിയതോടെയായിരുന്നു അരങ്ങേറ്റം. തുടര്ന്നു നിരവധി ആല്ബങ്ങള്.വിദേശത്തും സ്വദേശത്തുമായി നിരവധി സദസുകള്.ഇന്നു ഗസലിന്റെ പര്യായങ്ങളിലൊന്നാണു ജഗജ്ജിത് സിംഗ് എന്ന പേര്.

Thursday, September 08, 2011

കാളിന്ദിയാടുന്ന വൃന്ദാവനം









ഡല്‍ഹിക്കും ആഗ്രയക്കുമിടയിലാണ് മഥുര. ശ്രീകൃഷ്ണന്റെ മഥുരാപുരി. കംസന്റെ രാജധാനി. രാധയുടെയും രാധികമാരുടെയും മഥുര.യമുനാതീരത്ത് യദുകുല രതിദേവന്‍ രാധയ്ക്കും കാമുകിമാര്‍ക്കുമൊപ്പം രാസലീലയാടിയ വൃന്ദാവനത്തിന്റെ ഹരിതഭൂമിക. യമുനയുടെ കൈവഴിയില്‍ വിഷം കലക്കിയ കാളിയന്റെ കലിയടക്കി മര്‍ദ്ദിച്ചവശനാക്കിയ കാളിന്ദിയുടെ ഊഷരഭൂമി.

മഥുരയില്‍, ആളുകള്‍ക്കിടയില്‍ സംബോധനകള്‍ക്ക് ഔപചാരികതയില്ല. നമസ്‌തെയും രാംരാംജിയുമില്ല. ഹലോയും ഹായ് യുമില്ല. എല്ലാം രാധേ രാധേ മാത്രം. അവരുടെ ഉണ്ണികൃഷ്ണന്റെ ഇഷ്ടസഖിയുടെ പേരോതിവിളിക്കുന്നതു തന്നെ പുണ്യമായി കാണുന്ന ജനതതി. അവര്‍ക്ക് ശ്രീകൃഷ്ണനും രാധയും പുരാവൃത്തത്തിലെ കഥാപാത്രങ്ങളോ ഇതിഹാസത്തിലെ നായികാനായകന്മാരോ അല്ല, മറിച്ച് തലമുറകളായി കൈമാറിപ്പോരുന്ന ഒരു വികാരം തന്നെയാണ്. പശുവിന്‍ പാലില്‍ നിന്ന് അപ്പോള്‍ കടഞ്ഞെടുത്ത തൂവെള്ള വെണ്ണയുടെ പരിശുദ്ധിയുള്ള ഒരു വികാരം. ആരാധനയ്ക്കും ദിവ്യത്വത്തിനുമപ്പുറം, ഹരി അവര്‍ക്കൊരു ബന്ധുവാണ്. അടുത്ത ചാര്‍ച്ചയില്‍പ്പെട്ട ഒരു ജ്യേഷ്ഠനോ അനിയനോ മകനോ..രാധയാകട്ടെ അവര്‍ക്കു സ്വന്തം മകളോ, പെങ്ങളോ തന്നെയാണു താനും.
അമ്പലങ്ങളുടെ നഗരമാണ് മഥുര. ക്ഷേത്രനഗരിയെന്ന ബഹുമതിക്ക് കാശിയുള്‍പ്പെടെ മറ്റു മഹാനഗരങ്ങള്‍ വേറെയുള്ള ഇന്ത്യയില്‍ പക്ഷേ, എവിടെത്തിരിഞ്ഞുനോക്കിയാലും ആരാധനാലയങ്ങളുള്ള ഇത്രയും ചെറിയൊരു പട്ടണം വേറൊന്നുണ്ടാവുമോ എന്നു സംശയം. ചെറുതും വലുതുമായ 5000 രാധാകൃഷ്ണ ക്ഷേത്രങ്ങളാണ് ഈ കൂഞ്ഞുപട്ടണത്തിലുള്ളത്. ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍, മഹാക്ഷേത്രമെന്നൊന്നും ധരിക്കരുത്. ഏതെങ്കിലും വൃക്ഷത്തണലിലുള്ള ചെറിയൊരു പ്രതിഷ്ഠ. ആര്‍ക്കും കയറി നേരിട്ട് ആരതിയുഴിയാവുന്ന ഉത്തരേന്ത്യന്‍ പൂജാവിധികള്‍. ഇവിടെ ഷര്‍ട്ടിനും പാന്റിനും വിലക്കില്ല. ജീന്‍സിനും ടോപ്പിനും വിലക്കില്ല. വസ്ത്രമല്ല, മനസ്സാണ് പരിശുദ്ധമായിരിക്കേണ്ടത് എന്ന മഹാദര്‍ശനമാണ് ഈ ചെറു ആരാധനാലയങ്ങളിലെ ആകെയുള്ള ആദര്‍ശം. സന്ധ്യ പിറന്നാല്‍, എവിടെ നിന്നും ഉയരുന്ന മണിയൊച്ചകളാണ്. ആരതിയോടനുബന്ധിച്ച്, നമ്മുടെ ദീപാരാധനയോടനുബന്ധിച്ച് ചെമ്പു പാത്രം പോലിരിക്കുന്ന ഒരുതരം വാദ്യോപകരണത്തില്‍ വടികൊണ്ടടിച്ചുണ്ടാക്കുന്ന ഇടറിയ തമ്പേറിന്‍ ശബ്ദം. ഒപ്പം ഹരേരാമ ഹരേകൃഷ്ണ മന്ത്രവും, രാധേ രാധേ വിളികളും.
ചാളപോലെ, ചേരിപോലെ അട്ടിയട്ടിയായി ഷീറ്റുമേഞ്ഞ വീടുകളില്‍ ഒന്നില്‍പ്പോലും കറന്റ് കണക്ഷനില്ല. പക്ഷേ വൈദ്യുതിവിളക്കുണ്ട്. സംഗതി ലളിതം. തൊട്ടടുത്തെ വൈദ്യുത പോസ്റ്റിലെ ഫ്യൂസിലേക്ക് വീട്ടില്‍ നിന്നൊരു വയര്‍. അയല്‍പക്കത്തെ ആരാധനാലയത്തില്‍ സന്ധ്യാദീപം തെളിയുന്നതോടെ, വീ്ട്ടുകാരിലാരെങ്കിലും ഈ വയര്‍ പോസ്റ്റിലെ ഫ്യൂസിളക്കി അതിലേക്ക് ഘടുപ്പിക്കും. പിന്നെ വീടുകളിലാകെ ആയിരം വാട്ട് ദീപപ്രഭ!
ഇടുങ്ങിയ തെരുവുകളും വൃത്തിഹീനമായ പരിസരങ്ങളുമാണ് മഥുരാപുരിയുടെ സമകാലിക ചിത്രം. യമുനയുടെ കരവരെയേ ഇടത്തരം വാഹനങ്ങളെങ്കിലും എത്തിച്ചേരൂ. പിന്നീട്, ക്ഷേത്രനഗരിയില്‍ കാല്‍നടയോ, ഓട്ടോയോ, ബൈക്കോ സൈക്കിളോ മാത്രം ശരണം. ബൈക്കുകള്‍ക്കോ സൈക്കിളിനോ ഹോണും ബെല്ലുമല്ല പ്രധാനം. അതുകൊണ്ടൊന്നും മിഠായിത്തെരുവിനെ വെല്ലുന്ന മനുഷ്യസാഗരത്തിന്റെ തിരക്കിനെ വകഞ്ഞുമാറ്റാനാവില്ല. പകരം ഡ്രൈവര്‍മാര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിക്കും-രാധേ, രാധേ!. അപ്പോള്‍, ആളുകള്‍മാത്രമല്ല, കാലികള്‍ പോലും വഴിമാറിക്കൊടുക്കും;പണ്ട് പ്രസവിച്ചുടന്‍ കണ്ണനെ കൂടയിലാക്കി വാസുക്കിയെ കുടയാക്കി മഥുരയില്‍ നിന്ന്്ു ഗോകുലത്തേക്കു നടന്ന വസുദേവര്‍ക്കുമുന്നില്‍ യമുനയിലെ ഓളങ്ങള്‍ രണ്ടായി പകുത്തു വഴിനല്‍കിയതുപോലെ!
കാലികളുടെ നഗരം കൂടിയാണ് മഥുര. ഭാരതം കണ്ട മഹായിടയന്റെ സാക്ഷാല്‍ ഗോപാലന്റെ നാട് അങ്ങനെയല്ലാതായെങ്കിലാണല്ലോ അത്ഭുതം. ഗോക്കള്‍ മാത്രമല്ല എരുമകളും സമൃദ്ധമാണ് മഥുരയിലെങ്ങും. പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വെള്ളത്തേക്കാള്‍ വിലക്കുറവാണിവിടെ. പരിശുദ്ധമായ കട്ടത്തൈരും, മണ്‍ഗഌസില്‍ പകര്‍ന്നു തരുന്ന മോരിന്‍വെള്ളവും, കട്ടവെണ്ണയും, നെയ്യില്‍ ഉണ്ടാക്കിയ മധുരപലഹാരങ്ങളും നിറഞ്ഞ തെരുവോരവ്യാപാരകേന്ദ്രങ്ങള്‍.ഈറക്കുഴലുകളും മയില്‍പ്പീലയും കച്ചവടം ചെയ്യുന്നവര്‍. ഇവിടെ പലയിടത്തും കൈകൊണ്ടല്ല പാല്‍കടയുന്നത്. വൈദ്യൂതീകൃത കടച്ചില്‍ യന്ത്രങ്ങളുണ്ട് മിക്ക കടകളിലും. ശ്രീകൃഷ്ണന്‍ ഇവര്‍ക്കു വയറ്റുപ്പിഴപ്പുകൂടിയാവുന്നു.
മഥുരയില്‍ ഇതിഹാസം കഥപറുയന്ന ഒട്ടേറെ ദേവസ്ഥലികളാണുള്ളത്. വൃന്ദാവനം തന്നെ നാലോ അഞ്ചോ. പലതും പല ആശ്രമങ്ങളുടെ ഉടമസ്ഥതയിലുള്ളത്. ആദിശങ്കരന്റെ ജന്മസ്ഥലത്തുമുണ്ടല്ലോ അവകാശവാദങ്ങളുടെ വേറിട്ട ചരിത്രഭൂമികള്‍. അതുപോലെതന്നെയാണ് വൃന്ദാവനത്തിന്റെയും മറ്റും കാര്യവും. എന്നാലും സ്വാമി ചൈതന്യ മഹാപ്രഭുവിന്റെ ആശ്രമത്തോടനുബന്ധിച്ചുള്ള സ്ഥലങ്ങളാണ് ശ്രീകൃഷ്ണന്റെ ബാലലീലകളുമായി ബന്ധപ്പെട്ട യഥാര്‍ഥ ഭൂമികയെന്നാണ് അധികംപേരും വിശ്വസിച്ചുപോരുന്നത്. കാളിന്ദിയും, കടമ്പമരവുമെല്ലാം അതിനുള്ള തെളിവായി ചൂണ്ടിക്കാട്ടുന്നു. ധ്യാനത്തിനിടെ വെളിപാടുപോലെ മനമുകുരത്തില്‍ തെളിഞ്ഞതനുസരിച്ചാണേ്രത മഹാതാപസ്വി ഇവിടെയെത്തി ഈ സ്ഥലമാണു വൃന്ദാവനമെന്നും ഇതാണ് ആ കദംബമരമെന്നുമൊക്കെ തിരിച്ചറിഞ്ഞതത്രേ. അദ്ദേഹം ചൂണ്ടിക്കാണിച്ചതനുസരിച്ച് അന്നത്തെ ഭരണാധികാരി ഇവിടെ ക്ഷേത്രസമുച്ചയം പണിതുനല്‍കുകയായിരുന്നു.
ബാല്യകാലത്ത് ശ്രീകൃഷ്ണന്റെ അവതാരലക്ഷ്യങ്ങളിലൊന്നായിരുന്ന കാളിയമര്‍ദ്ദനം നടന്ന ഇടമാണ് കാളിന്ദിനദി. യമുനയുടെ ഒരു കൈവഴിയായിരുന്നു കാളിന്ദി. വഴിമാറിയൊഴുകി എന്നു വിശ്വസിക്കുന്ന കാളിന്ദിയുടെ ഇപ്പോഴത്തെ സ്ഥിതി ഒരു അഴുക്കുകാനയുടേതിനുസമാനമാണ്. കെട്ടിനിര്‍ത്തി ദുര്‍ഗന്ധം പരത്തുന്ന ഒരു ഓട. ചുവപ്പുകല്ലില്‍ കെട്ടിയ സ്‌നാനഘട്ടം. ചൈതന്യമഹാപ്രഭുവിന്റെ ആശ്രമത്തോടനുബന്ധിച്ചാണ് കാളിന്ദി. ഇതിന്റെ കരയിലായി യുഗങ്ങള്‍ പഴക്കമവകാശപ്പെടുന്ന കടമ്പമരക്കൊമ്പ്. ഇവിടെയിരുന്നിട്ടാണത്രേ, ബാലകൃഷ്ണന്‍, യമുനയില്‍ കുളിച്ചുകൊണ്ടിരുന്ന ഗോപികമാരുടെ വസ്ത്രാപഹരണം നടത്തിയത്. ഇതിന്റെ ഓര്‍മയ്ക്കായിട്ടാണ് ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ ഈ മരക്കൊമ്പില്‍ ഒരു കഷണം പട്ടുതുണി തൂക്കിയിടുന്നത്. പെണ്ണുങ്ങളുടെ തുണിയുരിയുന്നവനോ ഈശ്വരന്‍ എന്ന സംശയത്തിന് ചൈതന്യ മഹാപ്രഭുവിന്റെ വിശദീകരണം ആശ്രമപരിസരത്ത് ആലേഖനം ചെയ്തുവച്ചിരിക്കുന്നു-ഭഗവാനുമുന്നില്‍ വസ്ത്രത്തിന്റെ ആവരണം പോലുമില്ലാതെ നിര്‍മ്മലാവസ്ഥയില്‍ ആരാധിക്കുന്നവളാണ് യഥാര്‍ഥ ഭക്ത. ദൈവമറിയാതെ എന്തു നഗ്നത എന്നതാണ് ഈ കഥയുയര്‍ത്തുന്ന ദാര്‍ശനികത. നാണമെന്നതും നഗ്നതയെന്നതും ഈശ്വരനുമുന്നില്‍ അലിഞ്ഞില്ലാതാവണം. അപ്പോഴേ, ഭക്തി അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി ഒരു വികാരമായിത്തീരുകയുള്ളൂ.
ഇവിടെ അടുത്തു തന്നെയാണ് വിരഹിയാം രാധ കണ്ണനെ കണ്ണുനീര്‍ തോരാതെ അനേകവര്‍ഷം കാത്തിരുന്ന പുളിമരവും. ക്ഷേത്രമുറ്റത്ത്് വളര്‍ന്നു പന്തലിച്ച ഈ മരത്തിന്റെ ചാഞ്ഞ കൊമ്പ് ഒരു ഊഞ്ഞാലു പോലെ അങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മൂലവൃക്ഷം എന്നോ നിലംപൊത്തി. ഈ ചില്ലമാത്രം സ്മാരകമാക്കി കാത്തുസൂക്ഷിച്ചിരിക്കുകയാണ്-ഇങ്ങു നെയ്യാറ്റിന്‍കരയില്‍ നമ്മുടെ മാര്‍ത്താണ്ടവര്‍മ്മ ഒളിച്ചിരുന്ന അമ്മച്ചിപഌവിന്റെ പോട് സൂക്ഷിച്ചിരിക്കുന്നതു പോലെ.
2010 ഓഗസ്റ്റിലെ തിരുവോണ ദിവസം ശ്രീകൃഷ്ണജന്മസ്ഥാനത്ത് തീവണ്ടിയിറങ്ങുമ്പോള്‍ മനസ്സിനുള്ളില്‍ ഇവിടത്തെ ഭൂമിശ്ശാസ്ത്രം നന്നായിട്ടറിയാവുന്ന സുഹൃത്തും ചരിത്രകാരനുമായ ഡോ. ടി. ഗീരീഷ് കുമാറിന്റെ മുന്നറിയിപ്പ് നന്നായി ഓര്‍ക്കുന്നുണ്ടായിരുന്നു. ' കാര്യമൊക്കെ ശരി, അവിടത്തെ കുരങ്ങന്മാരെ നന്നായി ശ്രദ്ധിച്ചുകൊള്ളൂ കേട്ടോ. അവന്‍മാര്‍ കില്ലാടികളാണ്. ശരിക്കും പോക്കിരികള്‍. തെമ്മാടിക്കുരങ്ങന്മാര്‍'. ഹിമാലയയാത്രാമധ്യേ തിരുവോണം അവതാരപുരുഷന്റെ ജന്മദേശത്താക്കാന്‍ തീരുമാനിച്ച സംഘത്തിലെ സഹയാത്രികരോട് ഇക്കാര്യം പങ്കുവയ്ക്കുകയായിരുന്നു. കാളിന്ദീമുഖത്തെ യമുനാതീരത്ത്, ഏതോ ഒരു സത്യജിത് റായി സിനിമാദൃശ്യത്തെ അനുസ്മരിപ്പിക്കും വിധം പായ് വഞ്ചികള്‍ വന്നടിയുന്ന കടവില്‍ നിന്ന് പ്രകൃതിയാസ്വദിക്കുമ്പോള്‍ ഒരു നിലവിളി. കൂട്ടത്തിലൊരു അമ്മയുടെ കണ്ണട അതാ വികൃതി കുരങ്ങന്റെ കയ്യില്‍. വഴിയില്‍ നിന്നു ശേഖരിച്ച ആപ്പിളിലൊരെണ്ണം വാത്സല്യത്തോടെ വച്ചു നീട്ടിയ ആയമ്മയുടെ കണ്ണില്‍ നിന്ന് കണ്ണടയും പറിച്ചെടുത്തോടുകയായിരുന്ന വാനരന്‍. ശബ്ദമുണ്ടാക്കി അതു തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ എവിടെനിന്നെന്നറിയില്ല,പഞ്ചസാരയില്‍ ഉറുമ്പുപൊതിയും പോലെ ഒരുപറ്റം കുരങ്ങന്മാര്‍. ഒപ്പം വഴികാട്ടിയുടെ ഉച്ചത്തിലുള്ള ശാസനയും-'എത്രതവണ പറഞ്ഞതാണു ബഹന്‍. ഇവിടെ കുരങ്ങന്മാര്‍ക്ക് യാതൊന്നും കൊടുക്കരുത്. അവരെ നന്നായി സൂക്ഷിക്കുക. കണ്ണട, ബാഗ്, പഴ്‌സ്, മൊബൈല്‍, ക്യാമറ...അരേ ഓ ഭായ്‌സാബ്, ആ തൊപ്പിയൊന്നു തലയില്‍നിന്നുമാറ്റീ. പിന്നീട് കുരങ്ങന്‍ തട്ടിപ്പറിച്ചിട്ട് കുറ്റം പറഞ്ഞിട്ടു കാര്യമില്ല.'
കുരങ്ങന്മാര്‍ക്കിവിടെ സുഖവാസമാണ്. ധാരളം ഭക്ഷണം. ഇഷ്ടം പോലെ വിശ്രമം. കറങ്ങിനടക്കാന്‍ ഇഷ്ടം പോലെ ഇടം. മേഞ്ഞുനടക്കാന്‍ വൃന്ദാവനങ്ങള്‍ യഥേഷ്ടം.
നന്ദനവനം തന്നെ പലതുണ്ട് മഥുരയില്‍. ഇതാണ് യഥാര്‍ഥ വൃന്ദാവനി എന്ന അവകാശവാദത്തോടെ പല പല ആശ്രമങ്ങള്‍ സംരക്ഷിക്കുന്ന കൊച്ചു വൃക്ഷസ്ഥലികള്‍. വൃന്ദാവനമെന്നു കേള്‍ക്കുമ്പോള്‍ പുണ്യപുരാണ സിനിമകളിലും ടിവി പരമ്പരകളിലും കണ്ടുശീലിച്ച കാനനമായിരിക്കും മനസ്സിലെത്തുക. അല്ലെങ്കില്‍ അണക്കെട്ടിനോടനുബന്ധിച്ചു പണിതുയര്‍ത്തിയ ലാല്‍ബാഗുപോലുള്ള ഉദ്യാനഭൂമിക. എന്നാല്‍, രാസലീലയുടെ പുണ്യഭൂമി ഇതൊന്നുമായിരുന്നില്ല. ഒരുതരം വെള്ള മണ്ണുള്ള, അരയാള്‍ പൊക്കത്തിലുള്ള തേയിലച്ചെടിയോടു സാമ്യമുളള കുറ്റിവൃക്ഷങ്ങള്‍ യഥേഷ്ടം വളര്‍ന്നു നില്‍ക്കുന്ന ഒരിടസ്ഥലം. കുറച്ചധികം വ്യാപ്തിയുണ്ട് വൃന്ദാവനിക്ക്. വാനരന്മാരുടെ വിഹാരരംഗവുമാണത്. പരസ്പരം കൊമ്പു കോര്‍ത്തുനില്‍ക്കുന്ന ലഘുവൃക്ഷങ്ങള്‍.വനതുളസിവര്‍ഗത്തില്‍പ്പെട്ടതാണിവയെന്ന് പഴമക്കാരുടെ സാക്ഷ്യം പറയല്‍. അതെന്തായാലും ശരി, ഒരാള്‍പ്പൊക്കം പോലുമില്ലാത്ത ഈ ചെടിമരങ്ങളുടെ നിഴലിടത്തേക്കു കുനിഞ്ഞും നിവര്‍ന്നും കയറിപ്പോയാല്‍ പുറമേ നിന്നൊന്നും ആര്‍ക്കും പരസ്പരം കാണാനാവില്ല മറ്റൊരാളെ. ശരിക്കും രാസകേളിക്ക് ഇണങ്ങുന്ന കേളീരംഗം. വനമധ്യേ ചില ഗേഹങ്ങള്‍ വേറെയും. ബാഗ്ബാരിസ്ഥലം. ഗോപികമാരും രാധയും അണിഞ്ഞൊരുങ്ങി നൃത്തമാടിയിരുന്ന രംഗ് മഹല്‍. ഗോപികമാരുടെയും കണ്ണന്റെയും കേളീഗൃഹം. രാധയുമായി യാദവന്‍ ശൃംഗരിച്ചിരുന്ന രാധാറാണി കാ ശ്രംഗാര്‍ ഘര്‍....
ഇവിടെയെവിടെയെങ്കിലും ഭക്തിപ്രഹര്‍ഷത്തില്‍ കണ്ണൊന്നു തെറ്റിയാല്‍ നിങ്ങളുടെ കയ്യിലെ വസ്തുവകകള്‍ അപ്പാടെ തട്ടിപ്പറിച്ചുകൊണ്ടുപോയിരിക്കും തെമ്മാടിക്കുരങ്ങന്മാര്‍. അത്തരമൊരശ്രദ്ധയാണ് കൂട്ടത്തിലൊരമ്മയുടെ പഴ്‌സ് അപ്പാടെ കുരങ്ങന്റ കയ്യിലായിപ്പെടാനിടയാക്കിയത്. അതിനുള്ളിലുള്ള പണമായിരുന്നില്ല പ്രശ്‌നം, മറിച്ച് അതിനുള്ള ക്രഡിറ്റ് കാര്‍ഡായിരുന്നു. തദ്ദേശവാസികളുമായിച്ചേര്‍ന്ന്ു വൃന്ദാവനമരിച്ചുപെറുക്കിയ അരമണിക്കൂറിനുള്ളില്‍ പഴ്‌സിനുള്ളിലുണ്ടായിരുന്ന ആയിരത്തഞ്ഞൂറു രൂപയോളം പലയിടത്തുനിന്നായി തിരികെ കിട്ടി. പക്ഷേ, ക്രഡിറ്റ് കാര്‍ഡ്. അതിന്റെ കഥ കഴിഞ്ഞിരുന്നു. ലാമിനേഷന്‍ ഒരിടത്ത്. കാര്‍ഡിന്റെ ശേഷിപ്പ് മറ്റൊരിടത്ത്. കുരങ്ങനെ പരിസരത്തെങ്ങും കാണാനുമില്ല. തിരച്ചിലിന് ഒപ്പം കൂടിയ സമീപസ്ഥനായ ഒരു കടയുടമയ്ക്കും സന്യാസിവേഷത്തിലുള്ള താടിക്കാരനും ആയമ്മ വച്ചു നീട്ടിയ 10രൂപ കിട്ടിയപ്പോള്‍ സ്വര്‍ഗം കണ്ട സന്തോഷം. പരിഷ്‌കാരത്തിന്റെ നീരാളഹസ്തങ്ങള്‍ കുറവാണ് ഈ തെരുവുകളില്‍.
ബാലലീലകളുടെ ഭാഗവതത്തില്‍ വിവരിക്കുന്ന ഗോവര്‍ധനഗിരിയുണ്ട് കുറച്ചകലെ. ഏതാനും കിലോമീറ്ററുകള്‍ പോയാല്‍ മതി. ഗോവര്‍ധനശിരസിലുമുണ്ട് ഒരു അമ്പലം. കൊടും മഴയും കാറ്റും വന്നപ്പോള്‍ കാലിക്കൂട്ടത്തിനു നില്‍ക്കാന്‍ ഈ കൊച്ചുപര്‍വതം ചൂണ്ടാണിവിരലില്‍ ഉയര്‍ത്തി കണ്ണന്‍ കുടയാക്കിയെന്നാണ് ഐതീഹ്യം.
ആധുനിക മഥുരാപുരിയിലെ എല്ലാ തെരുവുകളും ചെന്നവസാനിക്കുക ശ്രീകൃഷ്ണ ജന്മസ്ഥലിയിലാണ്. അനന്തപുരി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു ചുറ്റും എന്നപോലെ, ഈ ക്ഷേത്രത്തിനു ചുറ്റുമായാണ് മഥുര പടുത്തുയര്‍ത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ നഗരം മുഴുവനും ആകാശക്കാഴ്ചയിലെന്നപോലെ കാണാം. പരിഷ്‌കാരത്തിന്റെ നഗരവല്‍കൃതചിഹ്നങ്ങളെന്നോണം ചില അംബരചുംബികള്‍
ചരിത്രവഴിയിലെ മഥുര
ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നു എന്നു കരുതുന്ന ദ്വാപരയുഗത്തിനും മുമ്പ് ത്രേതായുഗത്തിലാണ് മഥുരാപുരി സ്ഥാപിതമായതെന്നാണ് ഐതീഹ്യം. ലവണാസുരനെ നിഗ്രഹിച്ച രാമസഹോദരനായ ശത്രുഘ്‌നനാണ് മഥുര സ്ഥാപിച്ചതത്രേ. ചരിത്രപഥത്തില്‍ നിരവധി മഹാക്ഷേത്രങ്ങള്‍ക്ക് ആരൂഢമായിട്ടുണ്ട് ഈ പുണ്യസ്ഥലമെന്നാണു ചരിത്ര പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പുരാണാനുസാരം, ശ്രീകൃഷ്ണന്റെ പ്രപൗത്രനായ വജ്രനാഭനാണ് ആദ്യമായി ഈ നഗരിയിലൊരു ക്ഷേത്രം പണിതത്. ശോദശ എന്ന സ്ഥലത്തു പിന്നീടെന്നോ വാസു എന്ന പേരുള്ള ഒരാളാണേ്രത ശ്രീകൃഷ്ണന്‍ ജനിച്ചു എന്നു വിശ്വസിക്കുന്നിടത്തെ ക്ഷേത്രം പണിതത്. പിന്നീട് ചന്ദ്രഗുപ്തന്റെ കാലത്ത് എ.ഡി.400 ല്‍ മഥുര വന്‍ പട്ടണമായി വളര്‍ന്നു. ജൈന ബുദ്ധ കാലഘട്ടങ്ങളിലും അതിന്റെ പ്രതാപം നിലനിന്നു. പിന്നീട് പലകാലഘട്ടങ്ങളിലായി അധിനിവേശങ്ങളുടെയും ആധിപത്യങ്ങളുടെയും തലയിലെഴുത്തുകളില്‍ കൃഷ്ണജന്മസ്ഥാനക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു, പലകുറി. ഏറ്റവുമൊടുവില്‍ എ.ഡി 1669ല്‍ ഔറംഗസീബിന്റെ കാലത്തും ക്ഷേത്രം തകര്‍ക്കപ്പെട്ടു. കേശവദേവക്ഷേത്രത്തിന്റെ സ്ഥാനത്ത് മുസ്‌ളിം ആരാധനാലയം നിര്‍മ്മിക്കപ്പെട്ടു.
പിന്നീട് ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണകാലത്ത് ക്ഷേത്രമിരുന്ന സ്ഥലം ബനാറസ് രാജാവ് സ്വന്തമാക്കി. രാജാവില്‍ നിന്ന് ഇതു വാങ്ങിയ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ അവസാന ആഗ്രഹം നിവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജുഗല്‍ കിഷോര്‍ ബിര്‍ള ഇവിടെ പുതുതായി ശ്രീകൃഷ്ണ ക്ഷേത്രം പണിതുയര്‍ത്തിയത്.ജയദയാല്‍ ഡാല്‍മിയ പിന്നീട് അതിന് പല അനുബന്ധങ്ങളും പണിത് കൂടുതല്‍ മനോഹരമാക്കുകയായിരുന്നു. ഇത്രയും ക്ഷേത്രചരിത്രം.
രാമജന്മഭൂമി പോലെ ഒരു തര്‍ക്കപ്രദേശമായിരുന്നു കേശവദേവക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ സ്ഥലവും.കംസന്റെ കാരാഗൃഹത്തിലായിരുന്നല്ലോ ദേവകി കൃഷ്ണനെ പ്രസവിച്ചതത്. ഈ കാരാഗൃഹം നിലനിന്നു എന്നു വിശ്വസിക്കുന്ന ഇടത്താണ് കേശവദേവക്ഷേത്രം. എന്നാല്‍ മുഗളന്മാരുടെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രസമുച്ചയത്തിനേക്കാള്‍ ഒരളവു മുകളിലായി അവര്‍ പള്ളി പണിതു. പള്ളിയുടെ താഴികക്കൂടത്തിന് ഏതാണ്ടു താഴെയായിവരും കണ്ണന്‍ പിറന്നുവീണു എന്നു കരുതുന്ന നിലവറ. രാഷ്ട്രീയമായ നീക്കുപോക്കുകള്‍ക്കൊടുവില്‍ ഇപ്പോള്‍ പള്ളിയോടു ചേര്‍ന്നുള്ള ഈ ഇടം ക്ഷേത്രത്തിന്റെ വകയാണ്. പള്ളിയുടെയും ക്ഷേത്രത്തിന്റെയും ചുവരുകള്‍ ഒന്നായപോലെ...ക്ഷേത്രമുറ്റത്തുനിന്നു നോക്കിയാല്‍ അപ്പുറം ദര്‍ഗ്ഗ. കമ്പിമുള്‍വേലികൊണ്ടു തിരിച്ച അതിരുകളില്‍ 24 മണിക്കൂറും സായുധസേനയുടെ കാവല്‍. ക്ഷേത്രമുറ്റത്തും അവിടവിടെയായി കിളിവാതില്‍ മാത്രമുള്ള കാവല്‍മാടങ്ങളില്‍ സ്റ്റെന്‍ ഗണ്ണുമായി പട്ടാളക്കാര്‍.
ക്ഷേത്രത്തില്‍ കയറിപ്പറ്റാന്‍ തന്നെവേണം ഏറെ പ്രയാസം. പണസഞ്ചി പോലും അകത്തേക്കു കൊണ്ടുപോകാനാവില്ല. പിന്നല്ലേ ക്യാമറ. മൊബൈല്‍ ഫോണും മറ്റെല്ലാ അനുബന്ധങ്ങളും പ്രാരാബ്ധളുടെ ഭാണ്ഡമെന്നോണം, കാവല്‍പ്പുരയിലുപേക്ഷിച്ചെങ്കിലേ ക്ഷേത്രത്തില്‍ പ്രവേശനം സാധ്യമാവൂ. കടുത്ത സുരക്ഷാപരിശോധനയാണിവിടെ. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ടുമാത്രമല്ല ഒരു കരിമ്പൂച്ചയുടെ കൈകൊണ്ടുള്ള ശരീരമുഴിച്ചിലും കഴിഞ്ഞാലെ നമ്മെ ക്ഷേത്രമുറ്റത്തേക്കുപോലും കയറ്റിവിടൂ. ഭടന്മാരുടെ സാന്നിദ്ധ്യം കൊണ്ട് യുദ്ധമുന്നണിയുടെ പ്രതീതിയുളവാക്കുന്ന ക്ഷേത്രസമുചയം. അതാണ് കേശവദേവക്ഷേത്രം.
പക്ഷേ, ഗര്‍ഭഗൃഹം ശാന്തമാണ്. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലെ ധ്യാനസ്ഥലിയിലെന്നോണം ശാന്തം. ശബ്ദം നാമജപത്തിനു മാത്രം. മണിയൊച്ചയല്ലാതൊരൊച്ചയുമില്ല. മാര്‍ബിള്‍ പതിപ്പിച്ച നിലത്ത് എത്ര വേണെങ്കിലും ഇരിക്കാന്‍ തോന്നും. നടകളില്‍ നെടുകെ വിരിച്ചിട്ട തിരശ്ശീലയുടെ മറ മാത്രം. അതകലുമ്പോള്‍, വെണ്ണക്കല്ലില്‍ മനുഷ്യാകാരത്തില്‍ നിര്‍മ്മക്കപ്പെട്ട ദേവീദേവ ശില്‍പങ്ങള്‍. ചൈതന്യം തുളുമ്പുന്ന രൂപങ്ങള്‍ക്ക്് ദക്ഷിണേന്ത്യന്‍ ദേവവിഗ്രഹങ്ങളോടല്ല ചാര്‍ച്ച. ആള്‍പ്പൊക്കമുള്ള ദേവതാരൂപങ്ങളെ യഥാര്‍ഥ ആടയാഭരണങ്ങളണിയിച്ച് സുന്ദരമാക്കിയിരിക്കുന്നു. തൊഴുതുകഴിയുമ്പോള്‍ പ്രസാദം. തൊടാനുള്ള പ്രസാദത്തോടല്ല ഉത്തരേന്ത്യയില്‍ പഥ്യം. കല്‍ക്കണ്ടമിഠായിയും മലരും ചേര്‍ന്നു കഴിക്കാനുള്ള പ്രസാദമാണ് എവിടെയും നല്‍കുക.
ജന്മസ്ഥാനത്ത് താഴികക്കുടത്തിനു കീഴെ ഇടുങ്ങിയ ഒരു ഇടസ്ഥലം. വൈദ്യുത പ്രകാശം കൊണ്ടും വായു കടത്തിവിട്ടുകൊണ്ടുള്ള എയര്‍ കൂളിംഗ്് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടിവിടെ. അല്ലെങ്കില്‍ തിര്‌ക്കേറുമ്പോള്‍ ചിലപ്പോള്‍ ശ്വാസം മുട്ടാം. അരണ്ട പ്രകാശത്താല്‍ അലംകൃതമായൊരു കൊച്ചു തടവറ. ചുറ്റും താഴികക്കുടത്തിന്റെ ചുവരുകള്‍ സചിത്രമായി ആലേഖനം ചെയ്ത കൃഷ്ണഗാഥ. ഇവിടെയാണ് ദേവകി കണ്ണനെ പത്തുമാസം ചുവന്നു പ്രസവിച്ചത്. ഈ തറയിലേക്കാണ് കണ്ണന്‍ പിറന്നുവീണുരുണ്ടത്.ഇവിടെ നിന്നാണ്് ഏഴാമത്തെ കുഞ്ഞ് പിടഞ്ഞെഴുന്നേറ്റ് കന്യാകുമാരിയായി ശക്തിപ്രാപിച്ചത്...ഇതെല്ലാം മഹാഭാഗവതത്തിന്റെ ഐതീഹ്യപ്പഴമ.
തിരുവോണവും മാവേലിയുമെല്ലാം വാമനനുമെല്ലാം മഹാഭാഗവതത്തിലെ ദശാവതാരകഥയിലുണ്ടെങ്കിലും ശ്രീകൃഷ്ണന്റെ മഥുരാപുരിയില്‍ അതിന്റെ അലയൊലികളൊന്നുമില്ല. അവിടം മായക്കണ്ണന്റെ ദിവ്യപ്രാസാദത്താല്‍ ധന്യമായിരിക്കുന്നു. അവന്റെ ഓടക്കുഴല്‍വിളി കേള്‍ക്കാനെന്നോണം നിത്യവും ഭക്തസഹസ്രങ്ങള്‍ ഇവിടേക്ക് തീര്‍ഥമായൊഴുകിയണയുന്നു. കാര്‍മുകില്‍വര്‍ണനെ കണ്ടു വണങ്ങി പുണ്യം നേടുന്നു. ഇതൊരുപക്ഷേ ഒരായുഷ്‌കാല നിയോഗമായിരിക്കാം. യാദവശ്രേഷ്ഠനെ, അവന്റെ ജന്മസന്നിദ്ധിയില്‍ത്തന്നെ വന്നു കൈവണങ്ങാനുള്ള ഭാഗ്യം ജന്മപുണ്യമാവണം. ഒപ്പമുള്ള അമ്മമാര്‍, ആത്മനിര്‍വൃതിയില്‍ ഗോപികമാരായി കണ്ണനു മുന്നില്‍ ആത്മാവര്‍പ്പിക്കുന്നു. പുറത്ത്, കുരങ്ങന്മാര്‍ അപ്പോഴും കലപിലകൂട്ടുന്നുണ്ടായിരുന്നു. കൂട്ടം തെറ്റുന്ന പിള്ളക്കുരങ്ങനെ മാടിയൊതുക്കി മുലകൊടുത്തു തൂക്കിക്കൊണ്ടു പോകുന്ന തള്ളക്കുരങ്ങത്തികള്‍. എല്ലാം കണ്ണന്റെ വികൃതികള്‍, അല്ലാതെന്ത്?

Monday, August 29, 2011

ഓര്‍മ്മകളുണ്ടായിരിക്കണം


പറയുന്നതു മുഴുവന്‍ സത്യമായിരിക്കണം, എന്നാല്‍ സത്യം മുഴുവനും പറയണമെന്നില്ല. ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതിക മുദ്രാവാക്യം തന്നെ ഇതാണ്. എന്നാല്‍ പലപ്പോഴും, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകരുടെ ജനുസ്സിലെ പിന്നോക്കവിഭാഗത്തിലേക്കായി അരികുവല്‍ക്കരിക്കപ്പെട്ടിട്ടുള്ള വിനോദപത്രപ്രവര്‍ത്തനത്തിലും വസ്തുതകളെ ഒഴിവാക്കുകയോ, ഒളിച്ചുവയ്ക്കുകയോ ചെയ്യുന്നത് പതിവാണ്. ഇത്രവളരെ എക്‌സ്‌ക്ലൂസീവായിട്ടെന്താണ്, ഒരു നായകന്റെയോ നായികയുടെയോ അന്തഃപ്പുരരഹസ്യത്തിലുള്ളത് എന്നോ മറ്റോ ഉള്ള ഒരുഴപ്പാണ് സമൂഹത്തിന്റെ ഈ ലുക്കിംഗ് ഡൗണ്‍ മനസ്ഥിതിയ്ക്കു പിന്നിലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് ജേണലിസത്തിലാണെങ്കിലും, ബോളിവുഡ്ഡിന്റെ ഭാഷയില്‍, പേജ് ത്രീ ജേണലിസത്തിലായായും (നാടന്‍ ഭാഷയില്‍ പൊങ്ങച്ച പത്രപ്രവര്‍ത്തനം എന്നു പരിഭാഷ) ശരി, തീയില്ലാത്ത പുക നിലനില്‍ക്കുന്നതല്ലെന്ന് അതു ചെയ്യുന്നവര്‍ക്കും അതുകൊണ്ട് ചൊറിയുന്നവര്‍ക്കും നന്നായിട്ടറിയാവുന്നതാണ്. പക്ഷേ, പലപ്പോഴും, വിനോദമേഖലയിലെ മാധ്യമപ്രവര്‍ത്തനം അതിരുകവിഞ്ഞ മുഖസ്തുതികളായും, അപദാനവാഴ്ത്തായും പ്രചാരവേലയോളം തരംതാഴാറുണ്ട്. അതിനിടെ, വസ്തുതകള്‍ പലപ്പോഴും വളച്ചൊടിക്കുകയും, ഒരുപരിധി വരെ, അതു വ്യക്തിയുടെ യഥാര്‍ഥ വ്യക്തിത്വത്തെത്തന്നെ മാറ്റിമറിച്ചുകളയുകയും ചെയ്യും. അങ്ങനെ താരത്തിന്റെ പൂര്‍വാശ്രമം, ചിലപ്പോള്‍ ഋഷികളുടെയും മറ്റും പൂര്‍വാശ്രമങ്ങള്‍ പോലെ വിസ്മരിക്കപ്പെടുകയോ, മഹത്വവല്‍ക്കരിക്കപ്പെടുകയോ ചെയ്യും. പൊള്ളയായ പ്രതിഛായയ്ക്കുമുകളില്‍, ഒരു ജീവിതം മറ്റൊരു ജീവിതമായി പുനരവതരിപ്പിക്കപ്പെടും. അവതാരം മറ്റൊരവതാരമായി ചരിത്രത്തിലിടം നേടുകയും ചെയ്യും. പച്ചയ്ക്കു പറഞ്ഞാല്‍, താരപ്രഭാവത്തോടെ, താരത്തിന്റെ മുന്‍കാലജീവിതമപ്പാടെ വെളളപൂശി വിശുദ്ധമാക്കപ്പെടുമെന്നു സാരം.
ഇത്രയൊക്കെ പറഞ്ഞുവന്നത് എന്തോ മഹദ് തത്വം സ്ഥാപിച്ചെടുക്കാനാണെന്നു കരുതിയെങ്കില്‍ തെറ്റി. ചലച്ചിത്ര പത്രപ്രവര്‍ത്തകര്‍ക്ക്, വിശേഷിച്ചും മലയാളത്തിലെ സിനിമാ ജേര്‍ണലിസ്റ്റുകള്‍ക്ക് അറിവില്ലായ്മ കൊണ്ടും, ചിലപ്പോഴെങ്കിലും അറിയാമായിരുന്നിട്ടും അറിയില്ലെന്നു വയ്ക്കുന്നതുകൊണ്ടും പറ്റിപ്പോകുന്ന ചില നോട്ടപ്പിശകുകളെപ്പറ്റി പറയുന്നതിനിടയ്ക്ക് ചിന്ത അല്‍പം കാടുകയറിയെന്നേയുള്ളൂ. പറഞ്ഞുവന്നത്, സ്ഥിരമായി, നമ്മുടെ സിനിമാ പത്രങ്ങളും, മുഖ്യധാരാ പത്രങ്ങളിലെ സിനിമാ പംക്തികളിലും, സിനിമാധിഷ്ഠിത ടിവി പരിപാടികളിലുമെല്ലാം ആവര്‍ത്തിക്കപ്പെടുന്ന ചില പ്രയോഗങ്ങളെക്കുറിച്ചാണ്.
ദേശീയ അവാര്‍ഡ് നേടിയ നടന്മാരെ എല്ലാം ഇപ്പോഴും ഭരത് ശീര്‍ഷകം ചേര്‍ത്താണ് നാം പ്രയോഗിക്കാറ്. അതുപ്രകാരം മമ്മൂട്ടി മുതല്‍ സലീം കുമാര്‍ വരെ ഇപ്പോള്‍ ഭരത് മമ്മുട്ടിയും ഭരത് സലീം കുമാറുമാണ്. പത്മ പട്ടം കൂടി വന്നടിയുന്നതോടെ സംഗതി പത്മശ്രീ ഭരത്.... ആയി മാറുകയായി. എന്നാല്‍ ഇങ്ങനെ രാജരാജശ്രീ, വീരമാര്‍ത്താണ്ഡ...ശൈലിയില്‍ പട്ടം താരശിരസ്സില്‍ വച്ചു താങ്ങുന്നവരോ, അങ്ങനെയുള്ള സംബോധന ഏറ്റുവാങ്ങുവരോ, അറിയാതെപോവുന്നതോ അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുന്നതോ ആയ സത്യമൊന്നു വേറെയാണ്.
ആ സത്യം ഇതാകുന്നു
രാജ്യത്തെ മികച്ച സിനിമാ നടനും നടിക്കും മുമ്പു നല്‍കുന്ന ദേശിയ ബഹുമതിയുടെ ശീര്‍ഷകം ഭരത് അവാര്‍ഡ് ഫോര്‍ ദ ബെസ്റ്റ് ആകടര്‍ എന്നും ഉര്‍വശി അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആക്ട്രസ് എന്നുമായിരുന്നു. അര്‍ജുന അവാര്‍ഡ് എന്നെല്ലാം പറയുന്നതു പോലെ. എന്നാല്‍ ഭരത് ഗോപിക്ക് കൊടിയേറ്റത്തിന് അവാര്‍ഡ് കിട്ടിയ വര്‍ഷം, 1977 ല്‍, പ്രസ്തുത ശീര്‍ഷകങ്ങള്‍ നിര്‍ത്തലാക്കി. പിന്നീടിന്നോളം നാഷനല്‍ അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആകടര്‍, നാഷനല്‍ അവാര്‍ഡ് ഫോര്‍ ദ് ബസ്റ്റ് ആക്ട്രസ് എന്നിങ്ങനെ മാത്രമേ ഈ ബഹുമതികളെ സര്‍ക്കാര്‍ വിശേഷിപ്പിക്കാറുള്ളൂ. ഇക്കാര്യം 10 രൂപ കോര്‍ട്ടി ഫീ സ്റ്റാമ്പൊട്ടിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്ന ആര്‍ക്കും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നിന്നു ലഭ്യമാകുന്നതേയുളളൂ.
അവസാനത്തെ ഭരത് തനിക്കു ലഭിച്ചതിന്റെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടിയാണ് അതുല്യ പ്രതിഭയായിരുന്ന ചിറയിങ്കീഴുകാരന്‍ ഗോപിനാഥന്‍ നായര്‍ എന്ന ഗോപി തന്റെ പേര് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് ഭരത് ഗോപി എന്നാക്കി മാറ്റിയത്. ഇതാണു സത്യമെങ്കില്‍ ഭരത് മോഹന്‍ലാല്‍, ഭരത് ബാലചന്ദ്രമേനോന്‍, ഭരത് സുരേഷ് ഗോപി എന്നൊന്നും വിശേഷിപ്പിക്കുന്നതു നിയമപരമായിപ്പോലും ശരിയല്ല. അതിന്റെ നൈതികത വേറെ. പക്ഷേ, മലയാളത്തിലെ ആധികാരികതയ്ക്കു പേരുകേട്ട ഒരു സാഹിത്യപ്രസിദ്ധീകരണത്തില്‍, മരിക്കും മുമ്പേ നടന്‍ മുരളി എഴുതിയ കനപ്പെട്ട ഒരു പഠനത്തിന് സ്രഷ്ടാവിന്റെ പേരായി നല്‍കിയിരുന്നത് ഭരത് മുരളി എന്നാണ്. അതിന്റെ പത്രാധിപര്‍, ലബ്ധപ്രതിഷ്ഠനായ സാഹിത്യനിരൂപകനോട് ഇക്കാര്യം വസ്തുതകളടക്കം ചൂണ്ടിക്കാട്ടിയപ്പോള്‍ കിട്ടിയ ഒറ്റവരി മറുപിടി ഇപ്രകാരം: എന്തു ചെയ്യാം പേര് അങ്ങനെ തന്നെ വേണമെന്ന് അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷയായിരുന്നു! അതുപിന്നെ പോകട്ടെ എന്നു വയ്ക്കാം. മുരളിയുടെ തൂലികാനാമമായിക്കോട്ടെ, ഭരത് മുരളി. പക്ഷേ, മറ്റുള്ളവരുടെ കാര്യമോ? ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടത്, മലയാളം തിരൈപ്പട എഴുത്താളര്‍കള്‍ അഥവാ മലയാളം ഫിലിം ജേര്‍ണലിസ്റ്റുകള്‍ അല്ലവാ?
ഇനി ചില വസ്തുതകള്‍ കരണം മറിയുന്നതിനു പിന്നിലും മലയാള ചലച്ചിത്ര മാധ്യമപ്രവര്‍ത്തകരുടെ പടവാളുകള്‍ തന്നെയാണെന്നു കാണാം. രണ്ടാഴ്ചയേ ആയിട്ടൂള്ളൂ, പത്രത്തിലും സിനിമാ പ്രസിദ്ധീകരണങ്ങളിലും ഒരു വെളിപ്പെടുത്തലുണ്ടായിട്ട്. സംവിധായകന്‍ ശ്യാമപ്രസാദും ദിലീപും ഇതാദ്യമായി ഒന്നിക്കുന്നു.അതിനിപ്പോ എന്താ, അവര്‍ തമ്മില്‍ ഒന്നിച്ചുകൂടേ എന്നാണു സംശയമെങ്കില്‍, അങ്ങനെ സംശയിക്കുന്നവരോട് എനിക്കു പറയാനുള്ളത് ഇത്രമാത്രം. അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ, ശ്യാമപ്രസാദ് ആദ്യമായി സംവിധാനം ചെയ്ത, എസ്.എല്‍.പുരം സദാനന്ദന്റെ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ വിജയശാന്തിയുടെ സഹോദരനായി, ഇടയ്്ക്ക് ഒരു അപകടത്തില്‍ മരിക്കുന്ന ഉപനായകനായി അഭിനയിച്ചത് ആരായിരുന്നു? സുരേഷ്‌ഗോപി നായകനായ ആ സിനിമ കണ്ടവര്‍ക്കോ, ഡിവിഡിയോ സിഡിയോ ലഭ്യമാണെങ്കില്‍ സംഘടിപ്പിച്ചു കാണാവുന്നവര്‍ക്കോ വ്യക്തമായി മനസ്സിലാവും അതു ദിലീപായിരുന്നുവല്ലോ എന്ന്!. അപ്പോള്‍ പിന്നെ, ഒരിക്കല്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച നടനും സംവിധായകനും വീണ്ടും ഒന്നിക്കുന്നതെപ്പടി? സിനിമയല്ലേ ഇതും ഇതിലധികവും നടക്കും എന്ന സ്ഥിരം മറുപടിയില്‍ തലപൂഴ്ത്തുന്നതു ശരിയല്ല. കാരണം, എനിക്കറിയാം. ശ്യാം ഒരിക്കലും ഇങ്ങനെ ഒരവകാശവാദം ഉന്നയിക്കില്ല. ദിലീപിനും വേണ്ട, ഇന്നത്തെ അവസ്ഥയില്‍ ഇങ്ങനെ ഒരവകാശവാദത്തിന്റെ പിന്‍ബലം. അപ്പോള്‍പ്പിന്നെ ഇരുവരെയും തൃപ്തിപ്പെടുത്താനുള്ള പി.ആര്‍.ഒയുടെ കൗശലമാകാനേ തരമുള്ളൂ ഈ വാര്‍ത്തിയിലെ ഒന്നിക്കല്‍!
ടിപ്പണി: ശ്യാമപ്രസാദിന്റെ ആദ്യചിത്രത്തെപ്പറ്റി സൂചിപ്പിക്കേണ്ടിവന്നപ്പോള്‍ ആനുഷംഗികമായി ഓര്‍മ്മയിലെത്തിയതാണ് മറ്റു ചില സംവിധായകകേസരികളുടെ അനാഥമാക്കപ്പെട്ട ആദ്യസിനിമകളുടെ പിതൃത്വം. മലയാള സിനിമയില്‍ കലാപത്തിന്റെ വിപഌവശബ്ദമായി ഞെളിഞ്ഞു നില്‍ക്കുന്ന സംവിധായകനാണല്ലോ വിനയന്‍. ആലിലക്കുരുവികള്‍ എന്ന നിര്‍മ്മാണസംരംഭം കഴിഞ്ഞ തന്റെ ആദ്യസിനിമയായ സുപ്പര്‍സ്റ്റാറിലൂടെ തന്നെ മോഹന്‍ലാലിന്റെ താരാധിപത്യത്തെ ചോദ്യം ചെയ്ത് മദന്‍ലാല്‍ എന്ന നാടകനടനെ അവതരിപ്പിച്ചതിനെപ്പറ്റി ഈ അടുത്തിടെയും അദ്ദേഹം ഒരു മാസികയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പക്ഷേ, ഓര്‍മ്മക്കുറവുകൊണ്ടാവും, അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ആയിരം ചിറകുള്ള മോഹം എന്ന സിനിമയുടെ കാര്യം ഒരിടത്തൊന്നു സൂചിപ്പിക്കുക പോലും ചെയ്തു കാണുന്നില്ല. സുകുമാരനും ജയലളിതയും (അതേ ജയദേവന്‍ സിനിമകളിലൂടെ ഒരു തലമുറയുടെ ഉറക്കം കെടുത്തിയ രതിറാണി, 'ഉപ്പ്' ജയലളിത തന്നെ!) നായികാനായകന്മാരും, അക്കാലത്ത് യുവതാരങ്ങളായിരുന്ന ഹരീഷും സിന്ധുജയും (ഇതു നമ്മ ആള്‍, കാവടിയാട്ടം ഫെയിം) ഉപതാരങ്ങളുമായ സിനിമ. ആള്‍ദൈവത്തെ കളിയാക്കിയ സിനിമയായിരുന്നു അത്. അതില്‍ ജയലളിതയുടെ നഗ്നത സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ അനാവരണം ചെയ്തിരുന്നു. ഹരീഷിന്റെയും സിന്ധുജയുടെയും കിടപ്പറരംഗങ്ങള്‍ ഇന്നും യുടൂബില്‍ കാണണം. ഒരുപക്ഷേ, വിനയന്റെ ഓര്‍മ്മപ്പിശകിനു പിന്നില്‍ ഇതെല്ലാം തന്നെയായിരിക്കില്ലേ കാരണം.
അപ്പോഴാണ് ഓര്‍മ്മ വരുന്നത്. തുളസീദാസിന്റെയും പി.ചന്ദ്രകുമാറിന്റെയും കാര്യം. കാര്യമിതൊക്കെയാണെങ്കിലും, തങ്ങളുടെ ഫിലിമോഗ്രഫിയില്‍ നിന്ന് ലയനത്തെയും രതിലയത്തെയും ഒഴിച്ചുനിര്‍ത്താന്‍ ഈ രണ്ടു സംവിധായകരും ഒരിക്കല്‍ പോലും തയാറായിട്ടില്ല. ഓര്‍മ്മകള്‍ മരിക്കുമോ? അല്ലെങ്കില്‍ ഓര്‍മകള്‍ക്കെന്തു സുഗന്ധം അല്ലേ?

Sunday, August 28, 2011

വെണ്‍ശംഖുപോല്‍ തെളിവായ ചില കാര്യങ്ങള്‍

ശോക് ആര്‍. നാഥിന്റെ ഏറ്റവും പുതിയ സിനിമയായ വെണ്‍ശംഖുപോലിനെ എന്തു വിശേഷിപ്പിക്കണം. രണ്ടു രണ്ടര മണിക്കൂര്‍ കണ്ട സിനിമയ്ക്ക് പ്രേക്ഷകന്റെ ഭാഗത്തു നിന്നൊരു വണ്‍ലൈന്‍. ഭരതത്തിന്റെ രേതസ്സില്‍ സുകൃതത്തിന്റെ ബീജം വീണുണ്ടായ കേക്കില്‍, ജയരാജിന്റെ സുരേഷ് ഗോപി ചിത്രം തന്നെയായ അത്ഭുതത്തിന്റെ ഐസിങ് ചാലിച്ചാലെന്തോ, അത്.
മിഴികള്‍ സാക്ഷി എന്ന ഭേദപ്പെട്ട സിനിമയെടുത്ത രചയിതാക്കളാണ് അനില്‍ മുഖത്തല-അശോക് ആര്‍ നാഥ് സഖ്യം. അവരുടെ ഉദ്യമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. കാരണം, ഒതുക്കത്തില്‍ ഒരു കഥ, സാമാന്യം ഭേദപ്പെട്ട നിലയ്ക്കു തന്നെ അവര്‍ സെല്ലുലോയ്ഡിലാക്കിയിട്ടുണ്ട്. ഒരേ കഥ തന്നെ പലവട്ടം പലമാതിരി സിനിമയായിട്ടുള്ളതുകൊണ്ടും, അവയ്‌ക്കൊന്നും പാരസ്പര്യം തോന്നിയിട്ടില്ലാത്തതുകൊണ്ടും പ്രമേയപരമായ സാദൃശ്യം കുറ്റമായി പറയാനുമാവില്ല. അങ്ങനെ പറയാമായിരുന്നെങ്കില്‍, അരവിന്ദന്റെ മാറാട്ടവും ഷാജിയുടെ വാനപ്രസ്ഥവും, എം.ടി-ഹരിഹരന്റെ പരിണയവും അത്തരമൊരാരോപണം നേരിടേണ്ടിവന്നേനെ. മാടമ്പിന്റെ ഭ്രഷ്ട് അപ്പോള്‍ ഇവയുടെയെല്ലാം മാതാവായി അവതരിക്കുന്നതും കാണേണ്ടിവന്നേനെ. പക്ഷേ, അവര്‍ ആശയചോരണത്തിന്റെ ആരോപണശരങ്ങളില്‍ നിന്നു മാറി നടന്നത്, ആവിഷ്‌കാരത്തിലെ നവീനത്വം കൊണ്ടാണ്. ഒരേ വിഷയത്തെ പല വീക്ഷണകോണത്തിലൂടെ സമീപിക്കുമ്പോഴുണ്ടാവുന്ന വൈവിദ്ധ്യമാണ് ഈ ചിത്രങ്ങള്‍ അനുവാചകനു സമ്മാനിച്ചത്.
വെണ്‍ശംഖുപോല്‍ തോല്‍ക്കുന്നുണ്ടെങ്കില്‍ അതിവിടെയാണ്. പ്രമേയപരമായ സാദൃശ്യത്തെ, ആവിഷ്‌കാരത്തിലെ നൂതനത്വം കൊണ്ടു മറികടക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കു സാധിക്കാതെ വരുന്നു. രണ്ടരമണിക്കൂറില്‍ കാണിച്ച പലതും ഒന്നരമണിക്കൂറിലേക്കു ചുരുക്കിയിരുന്നെങ്കില്‍ എന്നു പ്രേക്ഷകന്‍ ആശിച്ചുപോകുന്നത്ര വൈരസ്യമായിരുന്നു ആദ്യമായി ഒഴിവാക്കേണ്ടിയിരുന്നത്. കൂടുതല്‍ പ്രേക്ഷകരെ ആണ് ലക്ഷ്യമിടുന്നതെങ്കില്‍ ഇത്തരമൊരു ട്രിമ്മിംഗ് അത്യന്താപേക്ഷിതമായിരുന്നു. എന്തു കാണിക്കണം എന്നതിനേക്കാളേറെ പ്രധാനമാണല്ലോ എന്തു കാണിക്കരുത് എന്നുള്ളത്.
കരയിക്കുന്ന ഒട്ടേറെ നിമിഷങ്ങളുള്ള സിനിമയാണ് വെണ്‍ശംഖുപോല്‍. പക്ഷേ, ആ കരച്ചിലിനെ കടഞ്ഞെടുക്കുന്നതിനുമപ്പുറം ഇഴയുന്ന സനിമയായി മാറി. അതിനാടകീയതയുടെ സ്പര്‍ശം അതിന്റെ സിനിമാറ്റിക് സ്വഭാവത്തെയാണ് കാര്‍ന്നെടുത്തത്.
അന്തരിച്ച മുരളിക്ക് മിമിക്രിക്കാര്‍ക്കു പകരം നടന്‍ ശിവജി ഗുരുവായൂരിന്റെ ശബ്ദം വിളക്കിച്ചേര്‍ത്ത വിവേകം സിനിമയുടെ മൊത്തം ടെംപോയിലും സീന്‍ ഡിവിഷനിലും എഡിറ്റിംഗിലും കൂടി പുലര്‍ത്തിയിരുന്നെങ്കില്‍....?

Sunday, July 17, 2011

മലയാള സിനിമയിലെ ചാപ്പയും കുരിശും.

മകാലിക മുഖ്യധാരാസിനിമയുടെ എല്ലാ ആടയാഭരണങ്ങളോടുംകൂടി പുറത്തുവന്ന സമീര്‍ താഹിറിന്റെ ചാപ്പ കുരിശും, ദേശീയ-സംസ്ഥാന ബഹുമതികളുടെ ചാപ്പകുത്തലോടുകൂടി പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവും തമ്മിലെന്താണ് സാമ്യം?സഗൗരവം സിനിമ കാണുന്നവര്‍ക്കു പറയാം. ഇത്തരമൊരു താരതമ്യം തന്നെ വിഡ്ഢിത്തമാണ്. അല്ലെങ്കില്‍ത്തന്നെ യുവതലമുറയുടെ ടെക്കീ ജനുസിനെ അഭിസംബോധനചെയ്യുന്ന, മള്‍ട്ടിപ്ലെക്‌സ് സിനിമയുടെ വ്യാകരണ അലകുകള്‍ കൃത്യമായിത്തുന്നിച്ചേര്‍ത്ത ചാപ്പ കുരിശിനെയും, ലോകസമാന്തരസിനിമയുടെ ഭാഷാമിതത്വം സത്യസന്ധമായി ആവഹിച്ച ആദമിന്റെ മകനെയും സാമ്യമാരോപിക്കുന്നതുതന്നെ അര്‍ത്ഥരഹിതമാവില്ലേ?

എന്നാല്‍, ചാപ്പ കുരിശിനും ആദമിന്റെ മകനും തമ്മില്‍ അതിന്റെ സൃഷ്ടാക്കളറിയാതെ തന്നെ ചില അസാമാന്യമായ സാമ്യങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. അതൊരു പക്ഷേ, ആധുനികസിനിമ പങ്കുവയ്ക്കുന്ന നൂതന സംവേദനശീലത്തിന്റെ, ഭാവുകത്വത്തിന്റെ സമകാലിക ശൈലിയുടെ പ്രതിഫലനമായിരിക്കാനും മതി. അങ്ങനെയാണെങ്കില്‍ ഈ ചിന്ത, നമ്മുടെ സമൂഹത്തിന്റെ തന്നെ ഈ കാലട്ടത്തിന്റെ മൂല്യവ്യവസ്ഥിതിയിലേക്കുള്ള അന്വേഷണാത്മകമായൊരു തിരിഞ്ഞുനോട്ടമായിത്തീര്‍ന്നേക്കാം.

സലീം അഹമ്മദും സമീര്‍ താഹിറും എന്നീ രണ്ടു ചെറുപ്പക്കാരാണ്, മാധ്യമത്തിന്റെ പിന്നാമ്പുറത്ത് മറ്റു പലതലങ്ങളിലും പ്രവര്‍ത്തിച്ചശേഷം നവാഗതരായി അരങ്ങേറ്റം കുറിക്കുന്നവരാണ് ഈ രണ്ടു സിനിമയുടെ സംവിധായകര്‍ എന്നതില്‍ തുടങ്ങുന്നു ഇരു സിനിമകളും തമ്മിലെ ഇഴയടുപ്പം. എന്നാല്‍ ഉപരിപഌവമായ ഈ നിരീക്ഷണത്തിനുമപ്പുറം ആഴത്തിലുളള പല സമാനഘടകങ്ങളും ചാപ്പയ്ക്കും അബുവിനുമുണ്ട്. അതാണ് അവയെ ഒരു നാണയത്തിന്റെ ഇരുപുറവുമെന്നപോലെ ദ്വന്ദ്വാവസ്ഥയിലെത്തിക്കുന്നത്.

ആക്ഷരാര്‍ഥത്തില്‍ ഒറ്റവാക്യത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന കഥാവസ്തുവാണ് ഈ രണ്ടു സമകാലിക സിനിമകളുടെയും കാമ്പ്. വേറിട്ട സമീപനവും ദൃശ്യപരിചരണവുമാണ് രണ്ടിനെയും രണ്ടു ജനുസ്സില്‍ കൃത്യമായി കള്ളിചേര്‍ത്ത് അടയാളപ്പെടുത്തുന്നത്. ധ്യാനനിഷ്ഠമായ ഏകാഗ്രതയോടെ, സലീം അഹമ്മദ് ആ ഒറ്റവരിയെ, ജീവന്‍ തുടിക്കുന്ന സംഭവ പരമ്പരകളിലൂടെ, അനുനിമിഷം വളര്‍ത്തിക്കൊണ്ട്, അത്യസാധാരണമായൊരു പരിസമാപ്തിയില്‍ കൊണ്ടെത്തിക്കുന്നു. സമീര്‍ താഹിറും, ആര്‍ ഉണ്ണിയും, അന്‍വര്‍ അബ്ദുള്ളയും, ജയകൃഷ്ണനും ചേര്‍ന്ന്, ചെറുപ്പത്തിന്റെ സിനിമയ്ക്കിണങ്ങുംവിധം സങ്കീര്‍ണമായ ദൃശ്യപരിചരണത്തിലൂടെ, ഗ്രെയ്ഡഡ് കളര്‍സ്‌കീമിന്റെയും, ലാറ്റിന്‍ സംഗീതത്തിന്റെയും അകമ്പടിയോടെ, എല്ലാവിധ ദൃശ്യസമ്പന്നതയോടും കൂടി, സമാപനത്തിലെത്തിക്കുന്നു. സെക്‌സിനെയും സ്റ്റണ്ടിനെയും എന്നല്ല, അത്യാവശ്യമല്ലാത്ത യാതൊരു ചേരുവയേയും കൂട്ടുപിടിക്കാതെയാണ് സലീം ആദമിനെ ആവിഷ്‌കരിച്ചതെങ്കില്‍, ആധുനിക ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഈ വിധം എല്ലാ ചേരുവകളെയും ചേരുംപടി ചേര്‍ത്താണ് സമീര്‍ ചാപ്പാക്കുരിശിനെ സാക്ഷാത്കരിക്കുന്നത്. പക്ഷേ, ഈ രണ്ടു സിനിമകളുടെയും പ്രതീക്ഷ നല്‍കുന്ന സുപ്രധാനഘടകം അവയുടെ ശുഭപര്യവസാനമാണ്. ദൃശ്യപരിചരണത്തിലെ കഌസിക് പരിവേഷത്തിന് മകുടം ചാര്‍ത്തുംവിധമാണ് ആദമിന്റെ മകന്‍ അബുവിന്റെ ക്‌ളൈമാക്‌സ്. പാരിസ്ഥിതികമായൊരു ദൈവീകസ്പര്‍ശമായി മാറുന്ന ആ കഥാന്ത്യമാണ് സത്യത്തില്‍ കണ്ടം ബച്ച കോട്ട് എന്ന മലയാളത്തിലെ ആദ്യത്തെ ബഹുവര്‍ണ സിനിമയില്‍ നിന്ന് ആദമിന്റെ മകനെ വേറിട്ടതാക്കുന്നത്. പ്രത്യാശയുടെ ജീവനാംശമാണ് അബു നട്ടുനനയ്ക്കുന്ന പഌവിന്‍ തൈ.

ആധുനിക യുവത്വം നേരിടുന്ന എല്ലാ സ്വത്വ പ്രതിസന്ധികളും നേരിടുന്ന നായകന്മാരാണ് ചാപ്പ കുരിശിലെ അര്‍ജ്ജുനും അന്‍സാരിയും. ഒന്നിനൊന്നോട് ഇഴപിരിഞ്ഞു നെയ്‌തെടുക്കുന്ന ദൃശ്യപ്രഹേളികയ്‌ക്കൊടുവില്‍, സാധാരണ ഒരു സിനിമാക്കഥയുടെ അന്ത്യം അനിവാര്യമാക്കുന്ന, നായിക സോണിയയുടെ ആത്മഹത്യയും അന്‍സാരിയുടെ തടവറയും മറ്റും കയ്യടക്കത്തോടെ ഒഴിവാക്കി, ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്നില്‍ പതറാത്ത ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന ഒരന്ത്യമാണ് ആ സിനിമ മുന്നോട്ടുവയ്ക്കുന്നത്.
അപമാനം ജീവനൊടുക്കാന്‍ തക്ക കാരണമല്ലെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന സിനിമ സാമൂഹിക മൂല്യത്തിന്റെ പ്രത്യാശാനിര്‍ഭരമായ ചില പരിവര്‍ത്തനങ്ങളുടെ കാര്‍ബണ്‍ പതിപ്പുകള്‍ കൂടി സൂചിപ്പിച്ചുവയ്ക്കുന്നു. ഏതു പ്രതിസന്ധിയും പങ്കിടുന്ന കൂട്ടുകാരനെയും, തിരിച്ചറിഞ്ഞു പിന്തുണനില്‍ക്കുന്ന രക്ഷാകര്‍ത്താക്കളെയുമാണ് ചാപ്പ കുരിശ് ചിത്രീകരിക്കുന്നത്. ജാതി/മത/സാമ്പത്തിക ഭേദങ്ങള്‍ക്കപ്പുറത്ത് നന്മയുടെ സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന ശരാശരി മനുഷ്യരുടെ ജീവിതചിത്രങ്ങളിലൂടെ ആദമിന്റെ മകന്‍ അബു വരച്ചുകാട്ടുന്നതും മറ്റൊന്നല്ല. പുതിയ കാലത്തിന്റെ മാനസികാവസ്ഥ, മൂല്യസമീപനം, അവ, കേവലം ശാരീരിക ബന്ധത്തിനുമപ്പുറം ആഴത്തിലുള്ള ബഹുതലമാനങ്ങളുള്ളതാണെന്നാണ് ഈ സിനിമകള്‍ നമ്മെ പഠിപ്പിക്കുന്നത്.
പക്ഷേ, ചാപ്പ കുരിശിന് കുരിശാകുന്നതും, ആദമിന്റെ മകനെ മഹത്താക്കുന്നതും ഇനിയൊന്നാണ്. മൂലകഥയായ ഹാന്‍ഡ്‌ഫോണിലേതില്‍ നിന്നു വ്യത്യസ്തമായ് ചാപ്പ കുരിശിനെ അല്‍പമെങ്കിലും ഇഴയ്ക്കുന്നത് അതിന്റെ അനാവശ്യമായ വലിച്ചു നീട്ടലാണ്. ഒരു പക്ഷേ, നന്നെ ബോറടിപ്പിക്കാമായിരുന്ന, അവാര്‍ഡ് സിനിമയുടെ മടുപ്പിക്കുന്ന ദൃശ്യതാളം ആവഹിച്ചേക്കാമായിരുന്ന ആദമിന്റെ മകനെ രക്ഷിക്കുന്നത്, ചടുലമായ അതിന്റെ ദൃശ്യസമീപനമാണ്. അനാവശ്യമായ സംഭവങ്ങളില്ല. ആഖ്യാനത്തിന്റെ ഏകാഗ്രതയ്ക്കിണങ്ങാത്ത ഒരു സീനോ ഡയലോഗോ ഇല്ല. അതുകൊണ്ടുതന്നെ ഒന്നരമണിക്കൂറില്‍ ഒരായുസിന്റെ അനുഭവം തന്ന് ആ സിനിമ മനസ്സിലവശേഷിക്കും.എന്നാല്‍ ചാപ്പ കുരിശ് അല്‍പമെങ്കിലും അരോചകമാവുന്നത്, ചിലപ്പോഴെങ്കിലും ബോറടിപ്പിക്കുന്നത്, അനാവശ്യ രംഗങ്ങളും സംഭാഷണങ്ങളും കൊണ്ടാണ്. വ്യവസ്ഥാപിത ദൃശ്യഭാഷയുടെ വ്യാകരണശീലങ്ങളെ വെല്ലുവിളിക്കുമ്പോള്‍ തന്നെ ഉദ്യമം, പുതിയകാല വ്യാകരണശീലങ്ങളുടെ കെട്ടുവള്ളിക്കുള്ളില്‍ കുടുങ്ങിപ്പോകുന്നു. ഒരര്‍ഥത്തില്‍ പരമ്പരാഗത ആഖ്യാനശീലുകളുടെ ദൂര്‍മ്മേദസു പേറുന്നു.ചുണ്ടോടുചുണ്ട് ചുംബനം വരെ ഉള്‍പ്പെടുത്താനുള്ള ധൈര്യം കാട്ടിയ സൃഷ്ടാക്കള്‍ പാരമ്പര്യത്തിന്റെ ഈ ദൃശ്യപരിധി കൂടി ഉല്ലംഘിക്കാന്‍ ചങ്കൂറ്റം കാട്ടണമായിരുന്നു

അതുകൊണ്ടാണ്, അന്‍സാരിയും സൂപ്പര്‍മാര്‍ക്കറ്റിലെ മുസ്‌ളിം പെണ്‍കുട്ടിയും തമ്മിലുള്ള അവസാനദൃശ്യങ്ങള്‍- രാത്രി ജീപ്പിലും ബസിലുമായി അവളുടെ വീടുവരെ പോകുന്നതും മറ്റും- അധികപ്പറ്റായി മാറുന്നത്. അര്‍ജ്ജുനും അന്‍സാരിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയുടെ അവസാനദൃശ്യങ്ങളിലെ സംഘട്ടനരംഗങ്ങളും അരോചകമാവുന്നത് അവയുടെ അസാമാന്യമാംവിധത്തിലൂളള സ്ഥൂലീകരണം ഒന്നുകൊണ്ടുമാത്രമാണ്. സിനിമയില്‍ പലയിടത്തും രചയിതാക്കളും സംവിധായകനും പ്രകടിപ്പിച്ച അസാമാന്യമായ കൈയടക്കം, ന്യൂനവല്‍കരണത്തിലൂടെ സാധ്യമാക്കുന്ന നാടകീയതയുടെ പിരിമുറുക്കം ഇവിടെ കൈവിട്ടുപോകുന്നു. ഇരുട്ടിന്റെ കച്ചവടങ്ങള്‍ക്ക് മൂകസാക്ഷിയാവേണ്ടി വരുന്ന സോണിയയുടെ രംഗം, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കൊടുത്ത ശേഷമുളള അന്‍സാരിയുടെ ടീവി കാണല്‍, അര്‍ജ്ജുനില്‍ നിന്നുള്ള അയാളുടെ നീണ്ട ഓട്ടം...ഇവിടെയെല്ലാം നല്ലൊരു ഫിലിം എഡിറ്ററുടെ അഭാവമാണ് മുഴച്ചുകാണുന്നത്. സോണിയയുമായുള്ള അര്‍ജുന്റെ കിടപ്പറരംഗങ്ങളുടെ കഌപ്പിംഗ് ഇന്റര്‍നെറ്റില്‍ പടര്‍ന്നു പരക്കുന്നത് കാണിക്കാന്‍ ഇത്രയേറെ കട്ട് ഷോട്ടുകള്‍ വേണമായിരുന്നോ? നക്ഷ്പക്ഷവും നിരധീശ്വത്വപരവും നിഷ്‌കരുണവുമായ അത്തരമൊരു ട്രിമ്മിംഗ് ഒരുപക്ഷേ ചാപ്പ കുരിശിനെ ഇനിയും മെച്ചപ്പെട്ടൊരു സിനിമയാക്കി മാറ്റിയേക്കും. അതുപോലെതന്നെ കുറച്ചു കൂടി ആത്മനിഷ്ഠാപരമായ പശ്ചാത്തലസംഗീതത്തിനും സനിമയെ അല്‍പം കൂടി ഉയര്‍ത്തിയേക്കാനാകും. എന്നാല്‍, ആദമിന്റെ മകനെ പറ്റി പറയാനില്ലാത്തതും ഇതുതന്നെയാണ്.

എങ്കിലും സലീം അഹമ്മദിനെപ്പോലെ തന്നെ സമീര്‍ താഹിറും ടീമും പ്രോത്സാഹനമര്‍ഹിക്കുന്നുണ്ട്. കാരണം, പുതുതലമുറയെ അഭിമുഖീകരിക്കുന്ന, അവരുടെ ഭാഷയില്‍ത്തന്നെയുള്ള ഭേദപ്പെട്ടൊരു സിനിമ അണിയിച്ചൊരുക്കാന്‍ അവര്‍ക്കായല്ലോ. അനുകരണമോ, പ്രചോദനമോ എന്തുമാകട്ടെ, കണ്ടിരിക്കാവുന്ന സിനിമയ്ക്കായുള്ള ശ്രമമെങ്കിലുമുണ്ടാകുന്നുണ്ടല്ലോ, ശഌഘിക്കപ്പെടേണ്ടതു തന്നെയാണത്.

Friday, June 03, 2011

ഹൃദയത്തില്‍ സൂക്ഷിക്കുന്ന കനല്‍

നീ വരുവോളം എന്ന സിനിമയില്‍ മുഴുനീള ഹാസ്യനടനായി അരങ്ങേറേണ്ടിയിരുന്ന സലീം കുമാര്‍ ചിത്രത്തില്‍ നിന്ന് ഒഴിവായത് നീറുന്ന മനസ്സോടെ, അപമാനിതനായാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പേരില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ നിന്നുളള ദുരനുഭവം മനസ്സില്‍ നീറുന്ന കനല്‍ക്കനമായി സൂക്ഷിക്കുന്ന സലീം കുമാറിനെ ഇന്ന് രാഷ്ര്ടം അംഗീകരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച നടനായിട്ടാണെന്നത് വിധിയുടെ വികൃതി

കാലം:ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിലെ ഒരു പ്രഭാതം.
സ്ഥലം: അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിലൂടെ ലോകപ്രശസ്തമായ കോട്ടയത്തെ അയ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു ഇടസ്ഥലം.
തലേന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ഓലപ്പുര ട്യൂട്ടോറിയലിനു മുന്നിലാണ് നാട്ടുകാരെല്ലാം. ഒരു രാത്രി കൊണ്ടു പടുത്തുയര്‍ത്തപ്പെട്ട പാരലല്‍ കോളജ് കണ്ട് അത്ഭുതമായി അന്വേഷിച്ചിറങ്ങിയ അവര്‍, അതൊരു മലയാള സിനിമയുടെ ഷൂട്ടിംഗ് സെറ്റാണെന്നറിഞ്ഞപ്പോള്‍ അതിലേറെ അന്തം വിട്ടു. ലാബ് സൗകര്യങ്ങളടക്കം കെട്ടിയുയര്‍ത്തിയ ട്യൂട്ടോറിയലിന്റെ സെറ്റിന് മുന്‍വശവും പാര്‍ശ്വങ്ങളും മാത്രമേയുള്ളൂ, പിന്‍ഭാഗം നഗ്നം. ഇങ്ങനെ എന്തെല്ലാം കണ്‍കെട്ടുകളുടെ ഒരു മഹാ സമൂച്ചയമാണ് സിനിമ എന്നു കാണികള്‍ തിരിച്ചറിയുന്നതിനിടെ, താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും വന്നിറങ്ങുന്നതിന്റെ ആരവമുയരുകയായി!
മലയാളത്തില്‍ പി.പത്മരാജനടക്കം ഒട്ടേറെ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച, അടുപ്പമുള്ളവര്‍ കറിയാച്ചന്‍ എന്നു വിളിക്കുന്ന, ജോസ് പ്രകാശിന്റെ അനുജനും നടനും നിര്‍മ്മാതാവുമെല്ലാമായ പ്രേം പ്രകാശ് നിര്‍മ്മിച്ച് സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു അത്. ലോഹിതദാസ് എന്ന ആത്മമിത്രം സംവിധായകമേലങ്കിയണിഞ്ഞു സ്വയം പിരിഞ്ഞുപോയ ദശാസന്ധിയില്‍, മറ്റൊരു തിരക്കഥാക്കൂട്ടാളിയെ കണ്ടെത്തിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍, താരതമ്യേന പുതുമുഖമായ പത്രപ്രവര്‍ത്തകന്‍ ജി.എ.ലാലിന്റെ കഥപറയല്‍ ശൈലിയില്‍ വിശ്വാസമര്‍പ്പിച്ചാണ് സിബി ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ആ സിനിമയുമായി മുന്നോട്ടു പോകുന്നത്. സല്ലാപം നല്‍കിയ വന്‍ വിജയത്തിന്റെ ഹാങോവറില്‍ നില്‍ക്കുന്ന ദിലീപ്. ആകാശദൂതിന്റെയും കല്യാണസൗഗന്ധികത്തിന്റെയും വിജയനായിക ദിവ്യ ഉണ്ണി. ഇവരായിരുന്നു ഹൃദയത്തില്‍ സൂക്ഷിക്കാനിന്റെ പ്രതീക്ഷകള്‍.
ഒരു ട്യൂട്ടോറിയല്‍ അധ്യാപകനായ ദിലീപും വിദ്യാര്‍ഥിയായ ദിവ്യ ഉണ്ണിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ എന്നതിലുപരി, സ്വന്തം ചേച്ചിയെ(രേഖ മേനോന്‍), പി.എസ്. സി. ഇന്റര്‍വ്യൂവിനു തിരുവനന്തപുരത്തു പോകുമ്പോള്‍, ലോഡ്ജ്മുറിയില്‍, തന്നെ മര്‍ദ്ദിച്ചവശനാക്കി പീഡിപ്പിക്കുന്ന വില്ലന്മാരെ, ചേച്ചിയുടെ ആത്മഹത്യയെത്തുടര്‍ന്ന്, ഒന്നൊന്നായി കൊന്നുതീര്‍ക്കുന്ന നായകന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥ കൂടിയായിരുന്നു സിനിമ. കയറു കഴുത്തില്‍ കുരുക്കി വില്ലന്മാരെ വകവരുത്തുന്ന നായകന്‍ ഒടുവില്‍ വിവാഹപ്പന്തലില്‍ പ്രണയിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്ന നിമിഷം ആ താലിമാല കയറായി തോന്നുന്ന വിഭ്രാന്തിയുടെ മാനസികാവസ്ഥയും മറ്റുമാണ്, അകാലത്തില്‍ അന്തരിച്ച ജി.എ. ലാല്‍ തന്റെ കല്‍പനയില്‍ വാര്‍ത്തെടുത്തത്. ഒന്നാം പാതിയില്‍ അല്‍പം ലളിതമായും സരസമായും പോകുന്ന കഥാകഥനം രണ്ടാം പകുതിക്ക് ഗൗരവമാകുന്ന ശൈലിയിലാണ് സിബിയും സിനിമയെ സങ്കല്‍പിച്ചത്.
ആദ്യപകുതിയിലേറെയും അയ്മനത്തെ ഓലപ്പാരലല്‍ കോളജിലാണ് നടക്കുന്നത്. രവി വള്ളത്തോളും തിലകനും മറ്റും അധ്യാപകരായുള്ള കോളജില്‍ ജഗതിയും മഞ്ജു പിള്ളയുമെല്ലാം ചേര്‍ന്ന് നര്‍മ്മത്തിന്റെ മേളമൊരുക്കുന്നു. ഇതിന് ആക്കം കൂട്ടാന്‍ വിവരദോഷിയും മണ്ടനും സുന്ദരവിഡ്ഢിയുമായ ഒരു പ്യൂണ്‍ വേഷവുമുണ്ട്.
ആയിടെ ശ്രദ്ധിക്കപ്പെട്ടു വരുന്ന, ടിവി കോമഡി പരിപാടികളുടെ അവതാരകനും മിമിക്രിവേദികളില്‍ സ്ഥിരം കറുത്ത സാന്നിദ്ധ്യവുമായ സലീം കുമാറിനെയാണ് സിബി ആ പ്യൂണ്‍ വേഷത്തിനായി തെരഞ്ഞെടുത്തത്. ഷൂട്ടിംഗിന്റെ അദ്യദിവസം തന്നെ എട്ടുമണിയോടെ സലീം കുമാര്‍ സെറ്റില്‍ ഹാജരുണ്ട്. മറ്റു താരങ്ങളും സംവിധായകനും മറ്റും തൊട്ടടുത്തുള്ള ഓടിട്ട ഒരു വീടിന്റെ ഉമ്മറത്ത് മേക്കപ്പിലും വിശ്രമത്തിലും തയാറെടുപ്പുകളിലുമായിരിക്കെ, അല്‍പം ദൂരെ, ഓലപ്പാരലല്‍ സെറ്റിന്റെ സ്്റ്റാഫ് റൂമിന്റെ ഓരത്തിട്ട ഒരു പഌസ്റ്റിക് കസേരയില്‍, മേയ്ക്കപ്മാനു മുന്നില്‍ ഭവ്യതയോടെ ഇരിക്കുകയാണ് സലീം കുമാര്‍. വിദ്യാര്‍ഥികളായുംമറ്റും അഭിനയിക്കുന്ന എത്രയോ എക്‌സ്ട്രാകളുടെ കൂട്ടത്തില്‍ ഒരാളുടെ പദവിയെ സലീം കുമാറിന് അവിടെയുള്ളൂ.വേദികളിലും, ചാനലിലും ഒപ്പത്തിനൊപ്പം നിന്നയാളായിട്ടും ദിലീപ് അന്നു നായകതാരമാണ്. താനാണെങ്കിലോ, ഒന്നോരണ്ടോ സിനിമകളില്‍ മുഖം കാണിക്കുക മാത്രം ചെയ്തിട്ടുള്ള ഒരു പുതുമുഖവും. ആ ഭവ്യത സലീമിലുണ്ടായിരുന്നുവോ?
ജഗതി ശ്രീകുമാറും മഞ്ജുപ്പിള്ളയും സലീം കുമാറും കൂടിയുള്ള ഒരു കോമ്പിനേഷന്‍ കോമഡി സീനാണ് അന്നാദ്യം സിബി പഌന്‍ ചെയ്തത്. ജഗതിയും മഞ്ജുവും തമ്മില്‍ അടുത്തടുത്ത കഌസുകളില്‍ പഠിപ്പിക്കുന്ന രണ്ടു വിഷയങ്ങള്‍ക്കിടെ ദ്വയാര്‍ഥങ്ങളിലൂടെ പരസ്പരം ശൃംഗരിക്കുന്നു. അതു കണ്ടു വരുന്ന പ്യൂണ്‍ അവരെ ശരിക്കുമൊന്നിരുത്തി വാരുന്നു. ഇതാണ് സീന്‍. ജയന്‍ സൈ്റ്റലില്‍, സര്‍ക്കസ് കോമാളിയുടേതിനു സമാനമായ വര്‍ണപ്പകിട്ടിലുള്ള നീളന്‍ കോളര്‍ ഷര്‍ട്ടും ചുവന്ന പാന്റും വീതുളി ബല്‍റ്റും. കണ്ണില്‍ കരുണാനിധി മോഡല്‍ കൂളിംഗ് ഗഌസും. മേയ്ക്കപ് പൂര്‍ത്തിയാക്കിയ സലീം കുമാര്‍, അടുത്ത വീട്ടില്‍ പത്രപ്രവര്‍ത്തകസുഹൃത്തുമായി സംസാരിച്ചിരിക്കുന്ന സംവിധായകനുമുന്നില്‍ ഹാജരായി. സഹസംവിധായകന്‍ ചോദിച്ചു''സര്‍ സലീമിന്റെ ഗെറ്റപ്പ് ഓക്കെ ആണോ?''
സലീമിനെ അടിമുടി ഒന്നിരുത്തി വിലയിരുത്തിയ ശേഷം സിബി പറഞ്ഞു- ''ആകെക്കൂടി ഒ.കെ. പക്ഷേ ആ കണ്ണാടി മാറ്റി വേറെയൊന്നു വച്ചു നോക്കൂ.''
കേള്‍ക്കാത്ത താമസം, തൊട്ടരികില്‍ നിന്ന വസ്ത്രാലങ്കാരസഹായി കയ്യിലെ മറ്റൊരു കണ്ണാടി കൊടുത്തു. അതു വച്ച് മുടിയൊന്നു കൈകൊണ്ടു മാടി സലീം വീണ്ടും സിബിയെ നോക്കി. സലീമിന്റെ മുഖത്തു ചിരിയില്ല. നല്ല ടെന്‍ഷന്‍, ഏതൊരു പുതുമുഖത്തേയും പോലെ. സിനിമാലയില്‍ കാണുന്ന ആളൊന്നുമല്ല. ഗൗരവത്തില്‍, ആകാംക്ഷ സ്ഫുരിക്കുന്ന മുഖഭാവത്തോടെ നിന്ന സലീമിനെ നോക്കി സിബി പറഞ്ഞു-''ഒ.കെ.''
കെട്ടിനിര്‍ത്തിയ ശ്വാസമൊഴിയുന്ന നെഞ്ചിന്‍കൂടുമായി സെറ്റിനുള്ളിലേക്കു മടങ്ങിയ സലീംകുമാര്‍ ആശ്വാസത്തോടെ ഒരു ചായ വരുത്തി കുടിച്ചു!
തന്റെ ആദ്യത്തെ മുഴുനീള പ്യൂണ്‍ വേഷവുമായി പുറത്തിറങ്ങുന്ന ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തീയറ്ററിലിറങ്ങിക്കാണാന്‍ പക്ഷേ ഭാഗ്യമുണ്ടായില്ല സലീം കുമാറിന്. കാരണം രണ്ടാണ്. ഒന്നാമതായി, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പേരു മാറ്റി സിനിമ നീ വരുവോളം എന്ന അവതാരം സ്വീകരിച്ചു. രണ്ടാമത്തേതാണ്, നടനെന്ന നിലയില്‍, കലാകാരനെന്ന നിലയില്‍, മനുഷ്യനെന്ന നിലയില്‍ സലീംകുമാറിനെ ഏറെ നോവിച്ചത്. സലീമിനെവച്ച് രണ്ടുദിവസം ഷൂട്ടുചെയ്ത സംവിധായകന് തൃപ്തിയാവുന്നില്ല. സലീം ചെയ്യുന്നത് ശരിയാകുന്നില്ല എന്നൊരു തോന്നല്‍. ഇതിങ്ങനെപോയാല്‍ ശരിയാവില്ലെന്നു തോന്നിയ സംവിധായകന്‍ രായ്ക്കുരാമാനം സലീംകുമാറിനെ പറഞ്ഞയച്ചു. പകരം മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നിട്ടും ചില അഡ്ജസ്റ്റുമെന്റുകളുടെ പുറത്ത് അന്നത്തെ തിരക്കുള്ള ഹാസ്യതാരം ഇന്ദ്രന്‍സിനെക്കൊണ്ടു വന്നു. പ്യൂണ്‍വേഷത്തില്‍ നീ വരുവോളത്തില്‍ പ്രത്യക്ഷപ്പെടാനുള്ള യോഗം ഇന്ദ്രന്‍സിനായിരുന്നെങ്കിലും, ഇന്ദ്രന്‍സറിഞ്ഞിരുന്നുവോ, സലീം കുമാറിന്റെ കണ്ണുനീര്‍ നനവ് എന്നറിയില്ല.
ഏതായാലും, നീ വരുവോളം സലീം കുമാറിന്റെ ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള നീറുന്ന ആദ്യാനുഭവമായി. തീയറ്ററില്‍ സലീമിന്റെ ശാപം കൊണ്ടായിരിക്കില്ലെന്നു തന്നെ വിശ്വസിക്കാം, സിനിമ ദയനീയ പരാജയവുമായി. ഒരുപക്ഷേ, പരാജയചിത്രത്തിലെ ഹാസ്യതാരം എന്ന ചീത്തപ്പേര് ചാര്‍ത്തിക്കിട്ടുന്നതില്‍ നിന്നു രക്ഷിക്കാന്‍ ദൈവമായിരിക്കുമോ സലീമിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്?
സലീം കുമാര്‍ പിന്നീട്, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍ തുടങ്ങിയ ചെറിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട്് തെങ്കാശിപ്പട്ടണമെന്ന ചിത്രത്തോടെ മുന്‍നിരയിലേക്കുയരുകയും ചെയ്തു. സുഹൃത്തുക്കളായ ദിലീപും നാദിര്‍ഷായും ഹരിശ്രീ അശോകനുമൊന്നും സലീമിനെ കൈവിട്ടതുമില്ല. അവരെല്ലാമൊന്നിച്ചുള്ള ഒരു ആഘോഷം തന്നെയായിരുന്നു പിന്നീട് സലീംകുമാറിന്റെ നടനജീവിതം.
ഒരിടക്കാലത്തേക്കെങ്കിലും ജഗതി ശ്രീകുമാറോ സലീം കുമാറോ ഇല്ലെങ്കില്‍ സിനിമയ്ക്കു വിതരണത്തിന് ആളെ കിട്ടാനില്ലാത്ത അവസ്ഥ വരെയുണ്ടായിരുന്നു.അത്രയ്ക്ക് അവിഭാജ്യസാന്നിദ്ധ്യമായി സലീം കുമാര്‍ മാറി, മലയാള സിനിമയില്‍.
ഇനിയാണ് ആന്റി ക്‌ളൈമാക്‌സ്.
ഒരിക്കല്‍ തന്നെ ഒഴിവാക്കിയ സംവിധായകന്റെ ദേശീയ ശ്രദ്ധ നേടിയ മറ്റൊരു ചിത്രത്തില്‍, അതും വിധിനിയോഗം എന്നപോലെ, പ്രേം പ്രകാശ് തന്നെ നിര്‍മ്മച്ച്, അദ്ദേഹത്തിന്റെ മക്കളും പുതുമുഖങ്ങളുമായ സഞ്ജയ് ബോബിമാര്‍ തിരക്കഥയെഴുതിയ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയില്‍ വളരെ പ്രധാനപ്പെട്ടൊരു വേഷത്തില്‍, കുട്ടികളുടെ ജയിലിലെ പാചകക്കാരനായ മൂങ്ങ വര്‍ക്കിയായി സലീം കുമാര്‍ പ്രത്യക്ഷപ്പെട്ടു.
അന്ന് സിബി മലയിലും പ്രേം പ്രകാശും 14 വര്‍ഷം മുമ്പത്തെ അയ്മനം നാളുകള്‍ ഓര്‍ത്തിരിക്കില്ല. മനസ്സില്‍ അണയാ കനലായി ഒരു നെരിപ്പോടില്‍ എരിയുന്നെങ്കിലും സലീം കുമാറും അതൊന്നും ഓര്‍മിപ്പിച്ചും കാണില്ല. കാരണം സിനിമയില്‍ ഇതൊക്കെ പതിവാണല്ലോ? പ്രക്ഷേപണത്തിനു യോഗ്യമല്ലെന്ന് ആകാശവാണി വിധിക്കുന്ന യേശുദാസ് മലയാളികളുടെ ഗാനഗന്ധര്‍വനായെന്നു വരാം. സ്‌ക്രീന്‍ ടെസ്റ്റില്‍ സിബി മലയില്‍ പൂജ്യം മാര്‍ക്കു നല്‍കിയ മോഹന്‍ലാല്‍ സിബിയുടെതന്നെ പില്‍ക്കാല സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടാം. എല്ലാം കാലത്തിന്റെ കളികള്‍. അല്ലെങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ?

Sunday, May 22, 2011

ശബ്ദായമായ ചില ശുപാര്‍ശകള്‍

ചില ജ്യൂറി അംഗങ്ങളുടെ രാജിയ്ക്കും അക്കാദമി അധ്യക്ഷന്റെയും ഉപാധ്യക്ഷന്റെ തന്നെ രാജിയ്ക്കും ഒടുവില്‍ സിനിമാക്കാരനായ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ കേരളത്തിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രത്യക്ഷത്തില്‍ അക്ഷേപമൊന്നും കണ്ടെത്താനാവാത്ത അവാര്‍ഡ് നിര്‍ണയം. ബുദ്ധദേവ് കാര്യങ്ങള്‍ ബുദ്ധിപൂര്‍വം നീക്കി എന്നു തന്നെ കരുതണം. പക്ഷേ ജൂറിയുടെ ശുപാര്‍ശകളിലൊന്നാണ്, സാധാരണ ചലച്ചിത്രാസ്വാദകന്‍ എന്ന നിലയില്‍ എന്നെ അമ്പരപ്പിക്കുന്നു. അത് ഡബ്ബിംഗിനെപ്പറ്റിയുള്ള ജൂറിയുടെ ഒരു പരാമര്‍ശമാണ്.

സ്വന്തം ശബ്ദത്തിലല്ലാതെ, കടം കൊണ്ട ശബ്ദത്തില്‍ ഡബ്ബുചെയ്ത് അഭിനയിക്കുന്നവരെ ഇനി മികച്ച അഭിനേതാക്കള്‍ക്കുള്ള അവാര്‍ഡിനു പരിഗണിക്കരുത് എന്നാണ് ജൂറിയുടെ ശുപാര്‍ശ. തീര്‍ച്ചയായും കാമ്പുള്ള നിരീക്ഷണം തന്നെയാണിത്. ലോകത്ത് മറ്റൊരു രാജ്യത്തും കേട്ടുകേള്‍വിയില്ലാത്ത സമ്പ്രദായം. ആംഗികം മാത്രമല്ല, വാചികം കൂടിയാകുമ്പോഴേ നടനം പൂര്‍ണമാവൂ എന്നു വിധിക്കാത്ത നാട്യശാസ്ത്രങ്ങളുമില്ല. എന്നിരിക്കിലും, മലയാളത്തില്‍ മാത്രം ഡബ്ബു ചെയ്ത ശബ്ദത്തോടെ ശാരദ മുതല്‍ പ്രിയാമണി വരെ അവാര്‍ഡുകള്‍ നേടി. എന്തിന്, ഒടുവില്‍ മികച്ച ഡബ്ബിംഗിനായിത്തന്നെ ഒരു വിഭാഗം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. എലിയെ ചുടാന്‍ ഇല്ലം തന്നെ ചുടണം!

ശബ്ദദാനം കലയാണോ അല്ലെയോ എന്നുള്ള വാദം അവിടെ നില്‍ക്കട്ടെ. പണ്ട്, സ്വയം ഡബ്ബു ചെയ്യുന്ന നടിക്കു തന്നെ അവാര്‍ഡ് നല്‍കണമെന്നൊന്നു പറഞ്ഞുപോയ ജൂറിയംഗമായിരുന്ന, സ്വന്തം ശബ്ദത്തില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടി ജയഭാരതിക്കു നേരിടേണ്ടിവന്ന എതിര്‍പ്പിന്റെ ശക്തി ജയഭാരതി മറന്നാലും, അതുന്നയിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാരായ ആനന്ദവല്ലിയും ഭാഗ്യലക്ഷ്മിയുമൊന്നും മറന്നിരിക്കില്ല, തീര്‍ച്ച. ബുദ്ധദേവ് ദാസ്ഗുപ്ത ജൂറിയുടെ നിരീക്ഷണശുപാര്‍ശയുടെ പേരില്‍ ഇവര്‍ക്കൊക്കെ എന്താവുമോ പറയാനുള്ളത്? സത്യത്തില്‍ എന്താണ് ജൂറി പറഞ്ഞുവച്ചത്, അതിന്റെ ആഴമെന്ത് എന്ന് അവര്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയം.

ഡബ്ബ് ചെയ്ത അഭിനേതാവിനെ പരിഗണിക്കാതെ വന്നാല്‍ പിന്നെ ഡബ്ബിംഗിന് എങ്ങനെ അവാര്‍ഡ് കൊടുക്കും? മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാവ്യാമാധവന്, നല്ല നടിക്കുള്ള അവാര്‍ഡിനു പരിഗണിക്കപ്പെടാന്‍ ശ്രീജയുടെയോ ഭാഗ്യലക്ഷ്മിയുടെയോ ശബ്ദമാണു പാര എന്നു വന്നാല്‍ കാവ്യ എന്തു ചെയ്യും- മത്സരിക്കില്ലെന്നു വയ്ക്കുമോ, ശബ്ദം കടമെടുക്കേണ്ട എന്നു വയ്ക്കുമോ? മോശമാണെങ്കിലും സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കാനാവില്ലേ അഭിനേതാവിന്റെ ശ്രമം. അന്യഭാഷാ നടികളില്‍ എത്രയോ പേര്‍ നന്നായി ഡബ്ബു ചെയ്ത ചരിത്രമുണ്ട് മലയാളത്തില്‍. അന്തരിച്ച നടി ശ്രീവിദ്യയുടെ മലയാളം, മലയാളികളായ നടിമാരുടേതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു!

അങ്ങനെ അഭിനേതാക്കള്‍ സ്വന്തം ശബ്ദം ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്നെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്തു പ്രസക്തി. അങ്ങനെ വന്നാല്‍പ്പിന്നെ ആ കാറ്റഗറിയില്‍ അവാര്‍ഡ് നിലനിര്‍ത്തുന്നതെങ്ങനെ? മികച്ച വിദേശഭാഷാചിത്രത്തിന് ഓസ്‌കര്‍ നല്‍കുന്നതുപോലെ, മികച്ച ഡബ്ബിംഗ് സിനിമയ്ക്കു വേണമെങ്കില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി, സര്‍ക്കാരിന് തലയൂരാവുന്നതാണ്. അല്ലെങ്കില്‍ ഒച്ചപ്പാട് ഉറപ്പ്-ഡബ്ബിംഗ് കലാകാരന്മാരുടെ വക.

വാല്‍ക്കഷണം- ന്യായമായ പലതും വിവേകപൂര്‍ണം ശുപാര്‍ശ ചെയ്ത ജൂറിയും പക്ഷേ, മുമ്പത്തെ ഏതോ ഒരു ജൂറി ഛര്‍ദ്ദിച്ചു വച്ചു പോയ വിഡ്ഢിത്തത്തിന്റെ ഉച്ചിഷ്ടം ചവച്ചിറക്കിയതെന്തിന് എന്നു മാത്രം പിടികിട്ടുന്നില്ല. സിനിമയിലെ സംഗീതം തന്നെ ഭാവപരമായിരിക്കുന്ന സാഹചര്യത്തില്‍ മികച്ച ശാസ്ത്രീയ സംഗീതജ്ഞന്‍ എന്ന പേരില്‍ ചലച്ചിത്രരംഗത്ത് ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതോ ഇനി, മലയാളത്തിലുണ്ടാവുന്ന സിനിമകളില്‍ നിര്‍ബന്ധമായും ഒരു ശാസ്ത്രീയഗാനമെങ്കിലും ഉള്‍പ്പെടുത്താനുദ്ദേശിച്ചിട്ടുള്ള ഒരു സോദ്ദേശ്യ സാംസ്‌കാരിക ഉദ്യമമായിരിക്കുമോ ഈ അവാര്‍ഡ്? ഇനി വരാനിരിക്കുന്ന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലെങ്കിലും ഇത്തരം പമ്പരവിഡ്ഢിത്തങ്ങളെ പുനരവലോകനം ചെയ്യുമെന്നു പ്രതീക്ഷിക്കാം; കുറഞ്ഞപക്ഷം സിനിമാക്കാര്യങ്ങളില്‍ അല്‍പസ്വല്‍പം വിവരമുള്ള മന്ത്രി ഗണേശനെങ്കിലും!

പുളിപ്പുള്ള മുന്തിരിയുടെ ചാതുര്‍വര്‍ണ്യം

ദേശീയ അവാര്‍ഡിനു പിന്നാലെ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവും പുറത്തായിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമയും നടനും ഈ രണ്ടു തലങ്ങളിലും ഒന്നാമതെത്തി റെക്കോര്‍ഡിട്ടതിന്റെ സന്തോഷത്തേക്കാള്‍, ആടിന്റെ അകിട്ടിലും ചോരചികയുന്ന മലയാളി സിനിക്കുകള്‍ക്ക് സലീം കുമാറിനെയും ആദാമിന്റെ മകന്‍ അബുവിന്റെ സ്രഷ്ടാവ് സലീം അഹമ്മദിനെയും ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികം. അതിന് അവരുടെ പ്രതികരണങ്ങള്‍ ബഹുസ്വരത്തിന്റെ ബഹുരസങ്ങള്‍ തന്നെയായി. സന്തോഷമോ സങ്കടമോ ഇല്ലാതെ അവാര്‍ഡ് തീരുമാനങ്ങളെ സ്വീകരിച്ചുകൊണ്ടാണ്, അവാര്‍ഡുകളില്‍ ഒന്നിന് അര്‍ഹനായ ലബ്ധപ്രതിഷ്ഠനായൊരു ചലച്ചിത്രകാരന്‍ പ്രതികരിച്ചതെങ്കില്‍, സലീം കുമാറിന്റെ സിനിമ താന്‍ കണ്ടിട്ടില്ലെന്ന മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെത്തന്നെ, തന്റെ അഭിപ്രായത്തില്‍ കഴിഞ്ഞവര്‍ഷം കണ്ട സിനിമകളിലെ ഏറ്റവും മികച്ച നടനം പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടേതായിരുന്നെന്നാണ് അതിന്റെ സംവിധായകന്‍ പ്രതികരിച്ചത്. ശരീരഭാഷയിലും ഭാവാഭിനയത്തിലും അസാമാന്യമായ പകര്‍ന്നാട്ടം നടത്തുന്നതിനെയാണോ, കഥായുടെ കരുത്തില്‍ അനുതാപമുയര്‍ത്തുന്ന കഥാപാത്രത്തിന്റെ സ്‌നിഗ്ധതയെയാണോ അഭിനയമികവായി അംഗീകരിക്കുന്നതെന്നൊരു ചോദ്യത്തിനും തടുക്കമിടുകയായിരുന്നു രഞ്ജിത്, തന്റെ ചാനല്‍ പ്രതികരണങ്ങളിലൂടെ.

ഇവിടെ, ഒരു ചോദ്യം പ്രസക്തമാവുന്നു. പ്രമേയതലത്തില്‍, പ്രേക്ഷക അനുതാപത്തിന് ഏറെ അര്‍ഹമാവുന്ന കഥാപാത്രസൃഷ്ടിയാണ് എന്നുവരികിലും, ആദാമിന്റെ മകന്‍ അബുവിലെ സലീംകുമാറിന്റെ അഭിനയം, ശരീരഭാഷയുടെയും ഭാവദീപ്തിയുടെയും പകര്‍ന്നാട്ടത്തില്‍ മികവുള്ളതായിരിക്കാന്‍ വഴിയില്ലെന്നൊരു മുന്‍വിധി രഞ്ജിത്തിനെപ്പോലൊരു ചലച്ചിത്രകാരനുണ്ടായതെന്തുകൊണ്ട്? ചിത്രവും സലീമിന്റെ പ്രകടനവും കണ്ടിട്ടില്ല എന്ന മുന്‍കൂര്‍ ജാമ്യം അവിടെ നില്‍ക്കട്ടെ. പക്ഷേ, താന്‍ കണ്ടതില്‍ വച്ചേറ്റവും മികച്ച പ്രകടനം മമ്മൂട്ടിയുടേതാണെന്നു തന്നെയാണ് തന്റെ ഉത്തമവിശ്വാസമെന്ന്് ആത്മവിശ്വാസത്തോടെ അദ്ദേഹം ആവര്‍ത്തിച്ചുകേട്ടപ്പോഴാണ്, ഇങ്ങനെയൊരു മുന്‍വിധി അദ്ദേഹത്തിന് സലീമിനെയും മമ്മൂട്ടിയെയും പറ്റി ഉണ്ടല്ലോ എന്നു തോന്നിപ്പോവുന്നത്. സലീം മൂത്താലും മമ്മൂട്ടിയാവുമോ എന്നൊരു പരിഹാസമില്ലേ ഈ വാചകങ്ങളില്‍ എന്നാരെങ്കിലും സന്ദേഹം കൊണ്ടാല്‍, രഞ്ജിത് ക്ഷമിക്കുക.
മറ്റൊരു സംശയം, ഇതേ വാദഗതിവച്ചളക്കുമ്പോള്‍ ഗദ്ദാമയ്ക്കു കാവ്യമാധവനു ലഭിച്ചതും കഥാഗതിക്കനുസരിച്ച് കഥാപാത്രം നേടിയ അനുതാപത്തിന്റെ മെച്ചമല്ലേ എന്നുള്ളതാണ്. കഥയ്ക്കിടയില്‍ ചോദ്യവും ചോദ്യത്തിനിടയില്‍ ഉത്തരവും പാടില്ലല്ലോ.

സത്യജിത് റേയുടെ സിനിമയായാലും ശരി, ഒരു ബംഗാളിക്ക് ആസ്വദിക്കാനാവുന്നത്ര ആഴത്തില്‍ മറ്റുള്ളവര്‍ക്ക് ആസ്വാദ്യമാവില്ലെന്നും ആയതിനാല്‍ മലയാളിയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തിലിക്കുറി മലയാളത്തിന് ഇത്രയേറെ അംഗീകാരങ്ങള്‍ കിട്ടിയതെന്ന വാദത്തില്‍ കഴമ്പില്ലെന്നുമാണ് മറ്റൊരു ചാനലില്‍ ചര്‍ച്ചയ്‌ക്കെത്തിയ നടനും നിരൂപകനുമായ കെ.ബി.വേണു പറഞ്ഞത്. എന്തിന്, മലയാളികളാരുമില്ലാത്തതുകൊണ്ടാണ് തങ്ങളുടെ ചിത്രങ്ങള്‍ പരിഗണിക്കപ്പെടാതെ പോയതെന്നാണ് കമലുള്‍പ്പെടെയുളള അവാര്‍ഡുനേടാത്ത മറ്റു ചലച്ചിത്രകാരന്മാര്‍ പറയുന്നതെന്ന് സംവിധായകന്‍ ഹരികുമാറും പറഞ്ഞു.തന്റെ സദ്ഗമയയ്ക്ക് സബ് ടൈറ്റിലില്ലാത്തതിനാല്‍ ഒരു ദ്വിഭാഷിയെ ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചെന്നുകൂടി ഹരികുമാര്‍ പറഞ്ഞപ്പോള്‍, സിനിമയുടെ ഭാഷയെക്കുറിച്ചു തന്നെ സന്ദേഹം തോന്നിപ്പോയാല്‍, പ്രേക്ഷകരെ കുറ്റം പറയരുത്.കാരണം, പൊതുവില്‍ ചലച്ചിത്രത്തെക്കുറിച്ച് വായിച്ചും പറഞ്ഞും കേട്ടിട്ടുള്ളത്, ദൃശ്യങ്ങളുടേതുമാത്രമായ, കാഴ്ചയുടേതുമാത്രമായ ഭാഷയും വ്യാകരണവുമാണ് അതിന്റേതെന്നാണ്. അവിടെ സംസാരഭാഷയ്ക്ക് എന്തുകാര്യം എന്നാണെങ്കില്‍, ചോദിക്കുന്നവര്‍ ക്ഷമിക്കുക.

കിട്ടാത്ത മുന്തിരി പുളിക്കും എന്നത് മലയാളിയെസംബന്ധിച്ച് യാതൊരു നാണക്കേടും കൂടാതെ വെളിപ്പെടുന്ന സ്വഭാവവൈചിത്ര്യമാണ്. അത് നമ്മുടെ മുഖമുദ്ര തന്നെയായിരിക്കുന്നിടത്തോളം, അംഗീകാരം കിട്ടുന്നവരെ അല്‍പമൊന്ന് ഇടിച്ചു താഴ്ത്തുകയും, തനിക്കു കിട്ടാത്ത അവാര്‍ഡ് തട്ടിപ്പാണെന്ന് ഇകഴ്ത്തുകയും, തനിക്കു കിട്ടായാല്‍ അവാര്‍ഡ് ഓസ്‌കറാണെന്നു പുകഴ്ത്തുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം.പ്രത്യേകിച്ച്, മുന്‍നിരയില്‍പ്പെടാത്ത ഒരാള്‍ക്ക് ബഹുമതി കിട്ടിയാല്‍, അയാളെ അപമാനിക്കുക എന്നതും നമുക്ക് ഒഴിച്ചുകൂടാനാവാത്ത ശീലങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഉപ്പിലോളം വരുമോ ഉപ്പിലിട്ടത് എന്ന മട്ടില്‍ കലാഭവന്‍ മണിയേയും സലീം കുമാറിനെയും കാണുന്നതിന്റെ മനഃശാസ്ത്രവും ഇതുതന്നെയാവണം. സമൂഹത്തിലെ

ജാതിവ്യവസ്ഥയോളം പ്രാകൃതമായ ഈ മുന്‍വിധികള്‍ക്കിടയില്‍ നിഷ്പക്ഷമായ വിധിനിര്‍ണയങ്ങള്‍ക്ക് പുറത്തുനിന്ന് ആളുവരേണ്ട ഗതികേട് മലയാളിയുടെ മാത്രം തലവിധി.
ജാത്യാലുള്ളതു തൂത്താല്‍ പോവില്ല. മലയാളിയുടെ മനസ്സില്‍ ആഴത്തിലുള്ള വൃത്തികെട്ട ഈ അയിത്തചിന്തയും മാറില്ല. അതുകൊണ്ട്, മിസ്റ്റര്‍ സലീം കുമാര്‍. നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോവുക. ആത്മാര്‍ഥതയ്ക്കുള്ള അംഗീകാരം ഇവിടുന്നല്ലെങ്കില്‍ പുറത്തുനിന്നോ, ഇവിടുന്നാണെങ്കില്‍ പുറത്തുനിന്നുള്ളവരില്‍ നിന്നോ തീര്‍ച്ചയായും കിട്ടും. വെല്‍ഡണ്‍, കീപ്പിറ്റ് അപ്പ്.

Thursday, May 19, 2011

മുര്‍ദ്ദേശ്വര്‍: സാഗരമുനമ്പിലെ ശൈവതീരം


ഹിന്ദുപുരാണത്തിലെ വലിയൊരു ചതിയുടെ കഥയില്‍ത്തുടങ്ങാം. ദേവന്മാരുടെ അമരത്വത്തിന്റെ രഹസ്യമായിരുന്ന ആത്മലിംഗം സ്വന്തമാക്കാന്‍ ശിവനെ കൊടുംതപം ചെയ്ത ശിവഭക്തനായ രാവണന് നല്‍കിയ മഹേശ്വരവരം ഫലിക്കാതിരിക്കാന്‍ നാരദനും വിഷ്ണുവും ചേര്‍ന്ന് രാവണനെ തെറ്റിദ്ധരിപ്പിക്കുന്നു. വിഷ്ണുവിന്റെ ഇടപെടല്‍ മൂലം, തനിക്കുമുന്നില്‍ പ്രത്യക്ഷനായ മഹേശ്വരനോട് ആത്മലിംഗത്തിനു പകരം രാവണന്‍ നാവുദോഷത്താല്‍ ആവശ്യപ്പെടുന്നത് പാര്‍വതിയെയാണ്.

ഭക്തന് സ്വന്തം പത്നിയെ വരദാനമായി നല്‍കിയ ശിവന്‍ അദ്ദേഹത്തിനു കൊടുത്തതു മായാ പാര്‍വതിയെയാണെന്നും യഥാര്‍ഥ ശക്തിയെ പാതാളത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും രാവണനെ പറഞ്ഞു ധരിപ്പിക്കുന്നതു വഴി നാരദന്‍, രാവണനെ വഴിതെററിക്കുന്നു. പാതാളത്തിലെത്തിയ രാവണന്‍ പാതാളരാജകുമാരിയെ പാര്‍വതി എന്നു കരുതി വരണമാല്യമണിയിക്കുകയും ചെയ്യുന്നു. അവളുമായി ലങ്കയിലെത്തുന്ന രാവണനോട് മാതാവ് ആത്മലിംഗത്തിനായി ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ദശമുഖന്‍, തനിക്കു പിണഞ്ഞ അമളിയും അതിനുപിന്നിലെ ചതിയുടെയും യാഥാര്‍ഥ്യത്തിലേക്കു തിരിച്ചെത്തുന്നത്.

വിഷ്ണുശാപത്താല്‍ മൊഴിതെറ്റിയതാണെങ്കിലും ശിവനോട് സമസ്താപരാധം പറഞ്ഞ് വീണ്ടും ആത്മലിംഗത്തിനായി മനസ്സും ശരീരവും അര്‍പ്പിച്ച് ആത്മതപസ്സനുഷ്ഠിച്ച രാവണനു മുന്നില്‍ സംപ്രീതനായ മഹേശ്വരന്‍ പ്രത്യക്ഷനാവുകയും ആത്മലിംഗം സമ്മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ യാതൊരു കാരണവശാലും ആത്മലിംഗം ഭൂമിയില്‍ വയ്ക്കരുതെന്നും അങ്ങനെ വന്നാല്‍ ആത്മലിംഗത്തിന്റെ എല്ലാ ശക്തിയും തന്നിലേക്കു തന്നെ മടങ്ങുമെന്നുമുള്ള ഉപാധിയോടെയാണ് സദാശിവന്‍ ഭക്തന് വരസിദ്ധി നല്‍കിയത്. ആഗ്രഹിച്ചതു സ്വന്തമാക്കിയ സംതൃപ്തിയോടെ ദശമുഖന്‍ ലങ്കയിലേക്കു യാത്രയുമായി.അസുരരാജനായ രാവണന് അമരത്വം സിദ്ധിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളറിയാവുന്ന നാരദന്‍, ഗണേശനെ സമീപിച്ച്, രാവണനോടൊപ്പം ആത്മലിംഗം ലങ്കയിലെത്തുന്നത് തടയണമെന്നു പ്രാര്‍ഥിക്കുന്നു. പുലരിയിലും സായന്തനത്തിലും പ്രാര്‍ഥനാനുഷ്ഠാനങ്ങളില്‍ അണുവിട താമസം വരുത്താത്ത രാവണനിഷ്ഠ നന്നായി അറിയുന്ന വിഘ്നേശ്വരന്‍, രാവണനെ കുടുക്കാന്‍ തന്ത്രം മെനയുന്നു. വഴിമധ്യേ, രാവണന്‍ ഗോകര്‍ണത്തെത്തിയപ്പോള്‍ത്തന്നെ, ആദിത്യമുഖം സ്വന്തം രൂപം കൊണ്ടു മറച്ച് വിഷ്ണു അസ്തമയപ്രഭാവം സൃഷ്ടിക്കുന്നു. സന്ധ്യാപ്രാര്‍ഥനയ്ക്കു സമയമായി എന്നു വിശ്വസിക്കുന്ന ദശമുഖന്, കൈയിലെ ആത്മലിംഗം മൂലം അനുഷ്ഠാനങ്ങള്‍ക്കാവുന്നുമില്ല. വിഷണനായ രാവണനു മുന്നില്‍ ഗണപതി ബ്രാഹ്മണബാലനായി അവതരിക്കുന്നു. സന്ധ്യാവന്ദനം കഴിഞ്ഞു വരുംവരെ ആത്മലിംഗം ബാലന്‍ കൈയിലലേന്തിക്കൊള്ളാം എന്നു സമ്മിതിക്കുന്നു. പക്ഷേ, ഒരു ഉപാധി മാത്രം. മൂന്നു തവണ വിളിച്ചിട്ടും രാവണന്‍ തിരികെ വന്നില്ലെങ്കില്‍ ബാലന്‍ ആത്മലിംഗം താഴെ വയ്ക്കും!ചതിയുടെ ദേവേച്ഛയില്‍ മാറ്റമുണ്ടായില്ല. രാവണന്‍ സാന്ധ്യവന്ദനം കഴിഞ്ഞു വന്നപ്പോള്‍ ആത്മലിംഗം താഴെ. എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് വിദ്വേഷിയായ രാവണന്‍ ആത്മലിംഗം ഇളക്കാന്‍ വൃഥാ പണിപ്പെടുന്നു. അതിനിടെ, ലിംഗം ഇരുന്ന പെട്ടിയും ലിംഗവും ഛിഹ്നഭിന്നമാകുന്നു. ലിംഗ ശിരസ്സിലൊരു ഭാഗം സൂരത്കലിലും, പെട്ടിയുടെ ഒരു ഭാഗം സജ്ജേശ്വരയിലും, മറ്റൊരു ഭാഗം ഗുണേശ്വരയിലും ചെന്നു വീണു. ലിംഗം ആവരണം ചെയ്തിരുന്ന തുണി പറന്നു ചെന്നു പതിച്ചത് കണ്ഡുകഗിരി കുന്നിലെ മൃദേശ്വര എന്ന പാറപ്പുറത്താണ്. ഈ മൃദേശ്വരം പിന്നീട് പ്രമുഖമായ ശൈവതീര്‍ഥാനകേന്ദ്രമായി മാറുകയായിരുന്നു.മൃദേശ്വരം എന്ന മുര്‍ദ്ദേശ്വര്‍ശൈവചൈതന്യം ആവരണരൂപത്തില്‍ വന്നു വീണ പുണ്യഭൂമിയാണ് കര്‍ണാടകത്തിലെ മൃദേശ്വരം. ഈ മൃദേശ്വരമാണ് ഇന്ന് തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന മുര്‍ദ്ദേശ്വര്‍ .

മംഗലാപുരത്തു നിന്ന് 165 കിലോമീറ്റര്‍ അകലെ, ഉത്തര കര്‍ണാടകത്തിലാണ് മുര്‍ദ്ദേശ്വര്‍ എന്ന തീരദേശ സഞ്ചാരകേന്ദ്രം. മൂകാംബികയില്‍ നിന്ന് ഏതാണ് ഒന്നരമണിക്കൂര്‍ യാത്ര വരും മുര്‍ദ്ദേശ്വറിലേക്ക്. ബംഗളുരുവില്‍ നിന്നാണെങ്കില്‍ 455 കിലോമീറ്റര്‍. കൊങ്കണ്‍ പാതയില്‍ മുര്‍ദ്ദേശ്വറില്‍ റയില്‍വേ സ്റേഷനുണ്ട്. ഇതുവഴിയുള്ള ചില തീവണ്ടികള്‍ക്ക് ഇവിടെ സ്റോപ്പുമുണ്ട്. മൂകാംബികാ തീര്‍ഥാനത്തിനൊടൊപ്പം വേണമെങ്കില്‍ ഒരു ദിവസം കൊണ്ട് മുര്‍ദ്ദേശ്വറിലെത്തി തൊഴുത്, സൂര്യാസ്തമയവും കണ്ടു മടങ്ങാവുന്നതേയുള്ളൂ. എന്നാല്‍, ബംഗളുരുവില്‍ നിന്നു വരുന്നവര്‍, ഭട്കല്‍ സ്റേഷനിലിറങ്ങിയാല്‍ എളുപ്പത്തില്‍ മുര്‍ദ്ദേശ്വറിലെത്താം. വ്യോമമാര്‍ഗത്തിലെത്താന്‍ എറ്റവുമെളുപ്പം 65 കിലോമീറ്റര്‍ അകലെമാത്രമുള്ള മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തുകയാണ്. അതല്ല, ഗോവ വഴിയൊരു വിനോദസഞ്ചാരമാണ് ലക്ഷ്യമെങ്കില്‍, പനാജി വഴിയുമെത്താം.കന്യാകുമാരിയിലേതിനു സമാനമായ സാഗരക്കാഴ്ചയാണ് മുര്‍ദ്ദേശ്വര്‍ സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കടലിലേക്കു തള്ളിനില്‍ക്കുന്ന പാറമുനമ്പും, പാപനാശത്തിലേതിനു സമാനമായ ഭൂപ്രകൃതിയുമെല്ലാമായി മനോഹരമായ സ്ഥലമാണ് മുര്‍ദ്ദേശ്വര്‍. കന്യാകുമാരിയും വര്‍ക്കലയും സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു തീര്‍ഥാടന-സഞ്ചാര കേന്ദ്രം.

പ്രകൃതിനിര്‍മിതമായ സവിശേഷതകള്‍ക്കു പുറമേ, കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമയ്ക്കു സമാനമായ ഒരു അത്ഭുതക്കാഴ്ചയും ഇവിടെ പാറപ്പുറത്തുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണത്. 123 അടി ഉയരത്തില്‍ ധ്യാനാവസ്ഥയിലുള്ള ഈ ശിവരൂപം കിലോമീറ്ററുകള്‍ അകലെവച്ചേ സന്ദര്‍ശകദൃഷ്ടികളില്‍ പെടും. ശിവമോഗഗയിലെ കാശിനാഥന്‍ എന്ന ശില്‍പിയും അനേകം ശിഷ്യരും രണ്ടു വര്‍ഷം കൊണ്ടു നിര്‍മിച്ചതാണ് ഈ പ്രതിമ. കന്യാകുമാരിയിലെ തിരുവള്ളുവര്‍ക്കും, സെക്കന്തരാബാദിലെ ബുദ്ധനുമുള്ള തനിമ-പരിപൂര്‍ണമായി സ്വാഭാവിക കരിങ്കല്ലില്‍ നിര്‍മിച്ചത് എന്ന സവിശേഷതയും പരിശുദ്ധിയും- അവകാശപ്പെടാനില്ലെങ്കിലും, കമ്പിയും സിമന്റുമുപയോഗിച്ചു നിര്‍മിച്ച ഈ ശിവശില്‍പത്തിന് മറ്റൊരു സവിശേഷതയുള്ളത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. സൂര്യപ്രകാശം നേരിട്ടു വീഴുന്ന തരത്തില്‍ നിര്‍മിച്ചിട്ടുള്ളതുകൊണ്ടുതന്നെ പ്രകാശമാനമാണ് എപ്പോഴും ഈ പ്രതിമ. മാത്രമല്ല, കൈലാസത്തിലും മറ്റും സൂര്യാംശുവേറ്റുണ്ടാവുന്ന വര്‍ണാവസ്ഥാഭേദങ്ങള്‍ക്കു സമാനമായി ത്രികാലങ്ങളില്‍ പ്രകാശവിതാനത്തിന്റെ ഭാവഭേദങ്ങള്‍ക്കനുസരിച്ച് നിറഭേദങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ശേഷിയുണ്ട് ഈ ഭീമാകരശില്‍പത്തിന്.

ശില്‍പം ഇരിക്കുന്നത് ഒരു കൃത്രിമ പാറപീഠത്തിലാണ്. ഈ പീഠം ഒരു ഗുഹാക്ഷേത്രമായി സജ്ജീകരിച്ചിരിക്കുന്നു. ഫാന്റസി പാര്‍ക്കുകളിലും മറ്റും നാം കണ്ടിട്ടുള്ള കൃത്രിമ ഗുഹാമ്യൂസിയങ്ങള്‍ക്കു സമമായി ക്രമപ്പെടുത്തിയിട്ടുള്ള ഒരു ചെറിയ വിസ്മയഗുഹയാണിത്. ഇതിനുള്ളില്‍ ആത്മീയതയുടെ പ്രാസാദമായി ഒരു ദേവപ്രതിഷ്ഠയും. ക്യൂ നിന്നു വേണം ഈ ഗുഹയിലൂടെ കയറിയിറങ്ങാന്‍.ശിവ പ്രതിമ നില്‍ക്കുന്ന പാറപ്പുറത്ത് സൃഷ്ടിച്ചിട്ടുള്ള കൃത്രിമോദ്യാനത്തില്‍ ഗീതോപദേശത്തിന്റേതടക്കം നിരവധി ശില്‍പങ്ങളും നിര്‍മിച്ചിട്ടുണ്ട്.ആധുനികതയുടെ സമന്വയംപാരമ്പര്യവും ആധുനികതയും കൈകോര്‍ത്ത പുണ്യഭൂമിയാണ് മുര്‍ദ്ദേശ്വര്‍.

കടല്‍മുനമ്പിനോടു ചേര്‍ന്ന് ഇവിടെ കാണാവുന്ന പുരാതനമായ കോട്ട ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അദ്ദേഹം പുതുക്കിപ്പണിതതാണെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഈ കോട്ടയേക്കാള്‍ സഞ്ചാരശ്രദ്ധയാകര്‍ഷിക്കുന്നത് ഇവിടത്തെ ശിവക്ഷേത്രമാണ്. അതാകട്ടെ, പുരാണപ്രസിദ്ധമാണെങ്കിലും ആധുനിക തച്ചുശാസ്ത്രത്തിന്റെ നിര്‍മാണ വൈദഗ്ധ്യം പ്രകടമാക്കുന്നതാണുതാനും. പല്ലവ വാസ്തുശൈലിയില്‍, ശുചീന്ദ്രം-മധുര-തിരുച്ചന്തൂര്‍ മാതൃകയില്‍ 249 അടി ഉയരത്തില്‍ 20 നിലകളുള്ള ഗോപുരത്തോടെയാണ് ഈ ക്ഷേത്രം. രസമെന്തെന്നാല്‍ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രഗോപുരമടക്കം ഈ ശൈലിയിലുള്ള ക്ഷേത്രഗോപുരങ്ങളും ശ്രീകോവിലുകളുമെല്ലാം നിര്‍മിച്ചിട്ടുള്ളത് തഞ്ചാവൂര്‍ കരിങ്കല്ലുകള്‍ കൊണ്ടാണെങ്കില്‍, മുര്‍ദ്ദേശ്വറില്‍ അത് സിമന്റും കമ്പിയും ഇഷ്ടികയും കൊണ്ടാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരമാണ് മുര്‍ദ്ദേശ്വറിലെ രാജഗോപുരമെന്നാണ് ക്ഷേത്രഭാരവാഹികളുടെ അവകാശവാദം.

ആധുനികത സമന്വയിച്ച രീതിയില്‍ തന്നെയാണ് ക്ഷേത്രസമുചയത്തിന്റെയും നിര്‍മ്മാണം. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേതിനു സമാനമായ ശാന്തതയാണ് ഈ സമുച്ചയത്തിനുള്ളിലെ പ്രത്യേകത. ശ്രീകോവിലിനു തൊട്ടരികില്‍ വരെ ചെന്നു ദേവനമസ്കാരം ചെയ്യാനാവുന്ന കര്‍ണാടകമാതൃക, പൂജാരരികള്‍ക്കുമാത്രം പ്രവേശനമുള്ള ശ്രീകോവിലുകള്‍ മാത്രം ശീലിച്ച മലയാളികള്‍ക്ക് കൌതുകമാവും.ഷെട്ടി സാമ്രാജ്യംഇടപ്രഭുവും വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ ആര്‍. എന്‍. ഷെട്ടിയോട് ആധുനിക മുര്‍ദ്ദേശ്വര്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ഇവിടെ വന്നുമടങ്ങുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടും. മംഗലാപുരത്തു നിന്ന് കരമാര്‍ഗം മുര്‍ദ്ദേശ്വറിലെത്തുന്ന വഴിക്കു തന്നെ കിലോമീറ്ററുകളോളം ഇരുവശത്തുമായി പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ് ആര്‍.എന്‍.ഷെട്ടിയുടെ സാമ്രാജ്യം. ഒരുപക്ഷേ, പൊലീസ് സ്റേഷനും പോസ്റ് ഓഫിസും, ജല-വൈദ്യുതി ബോര്‍ഡുകളുടെ കാര്യാലയങ്ങളും, ഒരു ചെറിയ ഗസ്റ്ഹൌസും ഒഴിച്ചാല്‍ മുര്‍ദ്ദേശ്വറിലും ചുറ്റുമുള്ള ഏതാണ്ട് എല്ലാ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഷെട്ടിവകയാണ്. കോളജ്, സ്കൂള്‍, സര്‍വകലാശാല, ആശുപത്രി, എന്‍ജിനിയറിംഗ് കോളജ്, മെഡിക്കല്‍കോളജ് എന്നുവേണ്ട ഷെട്ടിയുടെ പേരിലല്ലാത്ത മണല്‍ത്തരിപോലുമില്ല ഇവിടെങ്ങും.

മുര്‍ദ്ദേശ്വറിനെ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിച്ചെടുത്തതും ഷെട്ടിയുടെ വാണിജ്യതാല്‍പര്യം തന്നെയാണെന്നു വിശ്വസിക്കാനാണ് എളുപ്പം. കാരണം കടല്‍ത്തീര സഞ്ചാരകേന്ദ്രങ്ങളില്‍ മഹാഭൂരിപക്ഷവും ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ്. കടലോരകേന്ദ്രത്തിലെ പഞ്ചനക്ഷത്ര-ത്രിനക്ഷത്ര ഹോട്ടലുകള്‍ പലപേരുകളിലാണെങ്കിലും, ഒക്കെ ഷെട്ടിയുടേതാണ്. കടല്‍ത്തീരത്ത്, കടലിലോട്ടു തള്ളി ഹെക്സഗണ്‍ ആകൃതിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ബഹുനില ഭക്ഷണശാലയുടെ ഉടമയും മറ്റാരുമല്ല. തീര്‍ന്നില്ല. കോവളം തീരത്തിനു സമാനമായ കടപ്പുറമാണ് മുര്‍ദ്ദേശ്വറിലേത്. ഇവിടെ അമ്പതുപേര്‍ക്കിരിക്കാവുന്ന ബോട്ടിംഗ് സര്‍വീസും ചെറിയ റാഫ്റ്റുകളും ഹോവര്‍ക്രാഫ്റ്റുകളുമെല്ലാമുണ്ട്. ഈ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും സാക്ഷാല്‍ ഷെട്ടിതന്നെ.

സുരക്ഷിതമായ ജലകേളികള്‍ക്കും വാട്ടര്‍ സ്കീയിങ്ങിനുമൊക്കെ ഇണങ്ങുന്ന കാലാവസ്ഥയും തിരകളുമാണ് ഈ കടല്‍ത്തീരത്തെ സവിശേഷമാക്കുന്നത്. വൃത്തിയുടെ കാര്യത്തില്‍ കൂടി ഒരല്‍പം ശ്രദ്ധിച്ചിരുന്നെങ്കില്‍ മുര്‍ദ്ദേശ്വരം കോവളത്തിനോടൊ, വര്‍ക്കലയോടോ തോളൊപ്പമെത്തുന്ന തീരസഞ്ചാരകേന്ദ്രമായി മാറുമെന്നതില്‍ സംശയം വേണ്ട.ഹെറിറ്റേജ് ടൂറിസത്തിന്റെ തദ്ദേശീയ മാതൃക എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന മുര്‍ദ്ദേശ്വറില്‍ ഭീമാകാരമായ രാജഗോപുരവും ശിവശില്‍പവും നിര്‍മിച്ച് ഇതിനെ ഒരു സഞ്ചാര കേന്ദ്രമാക്കി മാറ്റിയതിനു പിന്നിലും ആര്‍.എന്‍.ഷെട്ടിയുടെ വാണിജ്യബുദ്ധിയാണ്. ഇവയുടെ നിര്‍മാണത്തിനും ക്ഷേത്രപുനരുദ്ധാരണത്തിനുമായി ഷെട്ടി മുടക്കിയത് എത്ര രൂപയാണെന്നോ-ഏകദേശം 50 കോടി!http://swapnayathra.indulekha.com/2011/04/10/murudeshwar/

Saturday, April 09, 2011

ചുണയുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനം


ചരിത്രം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുമെതിരായ ആത്മരോഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെയും, വിപ്ളവവീരന്മാരുടെ ആണത്തങ്ങളുടെയും ആഘോഷമാണത്. ഇന്ത്യാചരിത്രവും സാമ്രാജ്യത്വവാഴ്ചകള്‍ക്കെതിരായ ഇത്തരം എത്രയോ ചെറുത്തുനില്‍പ്പുകളുടെ കൂടി ആഖ്യാനഭൂമികയാണ്. കേരളേതിഹാസത്തിന്റെ ഏടുകളിലേക്ക് ഒരു സങ്കല്പവീരനെ ഇഴനെയ്തുകയറ്റി മനോഹരമായൊരു ദൃശ്യാഖ്യായിക രചിച്ചിരിക്കുകയാണ്, ഉറുമിയിലൂടെ ഒരു പറ്റം ആണ്‍കുട്ടികള്‍. മലയാളസിനിമയുടെ ചരിത്രത്തില്‍, ഒറിജിനാലിറ്റിയുടെ അഭാവം കൊണ്ട് സാംസ്‌കാരാധിപത്യത്തിനു മുന്നില്‍ നിലയില്ലാതായി മുങ്ങിത്താഴുന്ന പ്രതിഭാദാരിദ്ര്യത്തിനു നടുവില്‍ നിന്ന് പുതുക്കാഴ്ചയുടെ വിപ്ലവവുമായി ആണ്‍കുട്ടികളുടെ തുനിഞ്ഞിറങ്ങലാണ് ഉറുമി .


ഉറുമി ഒരേ സമയം സംവിധായകന്റെ സിനിമയാണ്, തിരക്കഥാകൃത്തിന്റെയും. മലയാളത്തില്‍ പ്രതിഭാദാരിദ്ര്യമുണ്ടെന്ന ആരോപണത്തിന് ജീവിക്കുന്ന മറുപടിയാണ് ശങ്കര്‍രാമകൃഷ്ണന്റെ കറതീര്‍ന്ന തിരക്കഥ. ദൃശ്യസാധ്യതകളുടെ പാരമ്യതയ്‌ക്കൊപ്പവും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ രസതന്ത്രം ഗുരുമുഖത്തുനിന്നു തന്നെ രഞ്ജിത് ശിഷ്യന്‍ സ്വായത്തമാക്കിയിരിക്കുന്നുവെന്ന് ഉറുമി തെളിയിക്കുന്നു. മലയാളസിനിമയില്‍ സൃഷ്ടിയുടെ രസനയുള്ള ആണ്‍കുട്ടികളുടെ കുലം കുറ്റിയറ്റുപോയിട്ടില്ലെന്ന് ശങ്കര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.


ജീവിച്ചിരുന്നിട്ടാല്ലാത്തൊരു കൊത്ത്വാള്‍ കേളുനായനാരിലൂടെ വാസ് കോ ദ ഗാമയ്‌ക്കെതിരായ ദേശസ്‌നേഹത്തിന്റെ ചോരചിന്തിയ ചരിത്രം ചുരുളഴിച്ചു കാട്ടുന്ന സിനിമ, ആധുനികലോകത്തെ രാഷ്ട്രീയ ശിഖണ്ഡികളുടെ കൃത്രിമത്വത്തിന്റെ ഉടുമുണ്ടുമുരിഞ്ഞുകാട്ടുന്നു. ചരിത്രത്തെ സമകാലികലോകവ്യവസ്ഥയിലേക്കു പറിച്ചുനടുകവഴി യുക്തിയെ പഴങ്കഥയ്ക്കുള്ളിലെ അയുക്തികമായ ഒട്ടുവളരെ അതീന്ദ്രീയ ഇടപെടലുകളിലൂടെ ഫാന്റസിയുടെ തലത്തിലേക്കുയര്‍ത്തിയത് വേറിട്ടൊരു ദൃശ്യാനുഭവമായി. സന്തോഷ് ശിവനെപ്പോലൊരു ചലച്ചിത്രസാങ്കേതികരാവണന് ദൃശ്യങ്ങള്‍ കൊണ്ട് കൊളാഷുകള്‍ മെനയാന്‍ ആവോളം അവസരവുമായി ആ ഫാന്റസികള്‍. മറുഭാഷയില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന നായികനടിമാരുടെ പള്ളകാട്ടിയാട്ടങ്ങള്‍ക്ക് അതൊരു യുക്തിസഹജമായ ന്യായീകരണവുമായി. എന്നിരുന്നാലും, ഹിന്ദിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ജനീലിയ ഡിസൂസയെക്കാളും, മലയാളിയെങ്കിലും ഹിന്ദിയുടെ ഗ്രാമറും ഗഌമറും ഇണങ്ങുന്ന വിദ്യാബാലനും ഒപ്പത്തിനൊപ്പമായിരുന്നില്ല, മറുനാടന്‍ മലയാളിയായ നിത്യ മേനോന്റെ പ്രകടനം, മറിച്ച് അവരെ നിഷ്പ്രഭമാക്കുന്നതായിരുന്നു. ആകാശഗോപുരത്തിലും മകരമഞ്ഞിലും മറ്റും കണ്ട നടനമികവ് അതിന്റെ എല്ലാ പൂര്‍ണതയോടും കൂടി തിളങ്ങുന്നതായി ഉറുമിയില്‍.പൃഥ്വിരാജും പ്രഭുദേവയും ചേര്‍ന്ന നായകദ്വന്ദ്വം പൂതുമ നല്‍കുന്നു. അതുപോലെതന്നെ ഹിന്ദിയില്‍ നിന്നടക്കമുള്ള നാടകകലാകാരന്മാരുടെ പ്രത്യക്ഷവും. കണ്ടുമടുത്ത മുഖച്ചാര്‍ത്തുകളില്‍ ഈ പുതുമുഖങ്ങള്‍ വേറിട്ട അനുഭവമായി.


ഛായാഗ്രഹണത്തിലെയും സന്നിവേശത്തിലെയും സംഗീതത്തിലെയും ശ്രദ്ധ ആടയാഭരണങ്ങളുടെ കാര്യത്തില്‍ അല്‍പം കൂടി ആകാമായിരുന്നില്ലേ എന്ന സന്ദേഹത്തോടെ, ഇത്തരമൊരു സിനിമയ്ക്കുവേണ്ടി തുനിഞ്ഞിറങ്ങാന്‍ കാട്ടിയ ആര്‍ജ്ജവത്തിന് പൃഥ്വിരാജിനെ അഭിനന്ദിക്കട്ടെ. ഒപ്പം പ്രേക്ഷകസുഹൃത്തുക്കളോടൊരു അപേക്ഷയും-ഉറമി പോലുള്ള സിനിമകള്‍ വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. കണ്ട ക്രിസ്ത്യാനി സഹോദരങ്ങളെപ്പോലുള്ള യുകതി തൊട്ടുതീണ്ടാത്ത ചലച്ചിത്രാഭാസങ്ങള്‍ക്കുമുന്നില്‍ മസ്തിഷ്‌കം അടിയറവയ്ക്കുന്ന യുവതലമുറയെ വഴിതെളിച്ചുവിടാനും, അവര്‍ക്ക് കൂടുതല്‍ നല്ലത് അന്വേഷിക്കാനുള്ള പ്രചോദനമാകാനും അത് അത്യാവശ്യം കൂടിയാണ്‌



കണ്ടു മടുത്ത ദൃശ്യശൃംഖലകളില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഈ സിനിമ. ഓഫ്ബീറ്റ് പന്ഥാവില്‍ മാത്രമല്ല, മുഖ്യധാരാശ്രേണിയിലും വേറിട്ട കാഴ്ചകള്‍ക്കിടമുണ്ടെന്ന് ഉറുമി സ്ഥാപിക്കുന്നു





Monday, March 07, 2011

എ ഫിലിം ബൈ എ ഡയറക്ടര്‍

സല്‍, ഭൂമിഗീതം, പെരുമഴക്കാലം, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളുടെ ഗണത്തില്‍ കമലിന് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഗദ്ദാമ. ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് സിനിമയുടെ ഭാവുകത്വം ഉള്‍ക്കൊള്ളുന്ന രചന. വകതിരിവോടെ വിനിയോഗിച്ചിട്ടുള്ള പശ്ചാത്തല സംഗീതം. പശ്ചാത്തലശബ്ദത്തിന്റെ പക്വതയോടെയുള്ള വിന്യാസം. അതു നല്‍കുന്ന ഭാവപ്രതീകം. ദൃശ്യങ്ങളുടെ ഭാവഗരിമ. വശ്യതയ്ക്കപ്പുറം മനഃസംഘര്‍ഷത്തിന്റെ മണലാഴികള്‍ വെളിപ്പെടുത്തുന്ന ദൃശ്യപരിചരണം. ബിന്യാമിന്റെ ആടുജീവിതത്തിലൂടെ വായിച്ചറിഞ്ഞ വഴികളും വരികളും കണ്‍മുന്നില്‍ കാണുന്നതിന്റെ അത്ഭുതം. അതെല്ലാമാണ് ഗദ്ദാമ. തീര്‍ച്ചയായും ഒരു സംവിധായകന്റെ രചന. മിതത്വമുള്ള ഫ്രെയിമുകളുടെ സന്നിവേശം ഗദ്ദാമയെ ലാവണ്യമുള്ള ചലച്ചിത്രരചനയാക്കുന്നു. സമയഖണ്ഡങ്ങളിലൂടെയുള്ള മലക്കം മറിച്ചില്‍ ട്രാഫിക്കിലും മറ്റും കതുപോലെ സങ്കീര്‍ണമായല്ലെങ്കിലും രസകരമായി തോന്നി. പ്രത്യേകിച്ചും, ആന്തരികസമയത്തിന്റെ പ്രതീകമായി ചെറിയ ചെറിയ ഫഌഷ്ബാക്കുകളിലൂടെയുള്ള കഥാകഥനരീതി. ശഌഥചിത്രങ്ങളുടെ അടുക്കിപ്പെറുക്കാണല്ലോ സിനിമ. അങ്ങനെയൊരര്‍ഥത്തില്‍ ഈ ലഘുദൃശ്യഖണ്ഡങ്ങളുടെ പരസ്പരപൂരകമായ കെട്ടുറപ്പ് വ്യാകരണപരമായി ഗദ്ദാമയെ മികച്ചൊരു സൃഷ്ടിയായിക്കൂടി മാറ്റുന്നു.
പക്ഷേ,
അറബിക്കഥയില്‍ മുമ്പേ ക ചില തനിയാവര്‍ത്തനങ്ങളില്‍ നിന്നുകൂടി രക്ഷനേടാനായെങ്കില്‍ കമലിന്റെ ഗദ്ദാമ മൗലീകതയില്‍ ഒന്നുകൂടി മുന്നിട്ടു നിന്നേനെ. പ്രത്യേകിച്ചും കെ.ടി.സി അബ്ദുള്ള, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയത് ഒഴിവാക്കാമായിരുന്നു.
എങ്കിലും, ഗദ്ദാമ്മ നൂറുക്കുനൂറും ഒരു സംവിധായകന്റെ സിനിമയാണ്. അല്ലെങ്കിലും ഇപ്പോള്‍ സംവിധായകരുടെ പേരിലല്ലല്ലോ നമ്മുടെ സിനിമകള്‍ അറിയപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു പറ്റം സിനിമകളുടെ സംവിധായകരാരെല്ലാം എന്നൊന്നു ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുാേ. ആ നിലയ്ക്ക് എ കമല്‍ ഫിലിം എന്ന് അവകാശപ്പെടാന്‍ പാകത്തിന് ഒരു സിനിമയുാക്കാനായതില്‍ കമലിന് അഭിമാനിക്കാം. നല്ല സിനിമയുടെ പുഷ്‌കരകാലം മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ നമുക്കും സന്തോിക്കാം.


Saturday, February 26, 2011

Detailed interview with Arundhathi Roy in Kannyaka March first issue

സപ്തര്‍ഷി മണ്ഡലത്തില്‍ വസിഷ്ഠന് തൊട്ടടുത്ത് നിലകൊള്ളുന്ന നക്ഷത്രമാണ് അരുന്ധതി. മരണാസന്നര്‍ക്ക് ആ നക്ഷത്രത്തെ കാണാനാവില്ലെന്നാണ് വിശ്വാസം. സമൂഹത്തിലെ നിന്ദിതരുടെയും പീഢിതരുടെയും സങ്കടങ്ങള്‍ കാണാത്ത, സാമൂഹിക പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടച്ചു മരണം കാക്കുന്ന അധികാരതിമരം ബാധിച്ചവര്‍ക്കു തിരിച്ചറിയാനാവാതെ പോവുന്ന നക്ഷത്രം തന്നെയാണ് അരുന്ധതി റോയി സ്വന്തം നിലപാടുകളുടെ കരുത്തില്‍ വ്യക്തിത്വത്തിന്റെ ശക്തിയില്‍ ഇന്ത്യന്‍ മനഃസാക്ഷിയായി മാറുന്ന അരുന്ധതിയുമായി ഒരു കൂടിക്കാഴ്ചയില്‍ നിന്ന്

എ.ചന്ദ്രശേഖര്‍
ശ്മീരിലെ ഒരു ഗ്രാമം. ഗ്രാമത്തിന്റെ പേരു തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അവിടെ ഞാന്‍ കണ്ടുമുട്ടിയ ഒരു സ്ത്രീ. അവര്‍ എന്നോടു പറഞ്ഞ അനുഭവമുണ്ട്. ഇന്നും ഒരുപക്ഷേ എന്നും എന്റെ മനസ്സില്‍ ഒരു നെരിപ്പോടായി പൊലിഞ്ഞുകത്തുന്ന തീവ്രമായൊരു അനുഭവം. പതിന്നാലു വയസ്സായിരുന്നു അവരുടെ മകന്. ഒരു ദിവസം, അവരുടെ വീടിനു കുറച്ചകലെയുള്ള മറ്റൊരു വീട്ടില്‍ തീവ്രവാദികളുണ്ടെന്നു പട്ടാളത്തിനു വിവരം കിട്ടുന്നു. അവര്‍ സ്ഥലം വളയുന്നു. അപ്പോഴാണ് അതിന്റെ കമാന്‍ഡര്‍ സ്ത്രീയുടെ മകനെ കാണുന്നത്. അവരവനെ നിര്‍ബന്ധപൂര്‍വം വിളിച്ചിറക്കി കൊണ്ടു പോയി. അവന്റെ കയ്യില്‍ ഒരു സാധനം കൊടുത്തിട്ട് അതുകൊണ്ടുപോയി ഭീകരര്‍ ഉണ്ടെന്നു കരുതുന്ന വീട്ടില്‍ ഏല്‍പ്പിച്ചു വരാന്‍ ആജ്ഞാപിക്കുന്നു. കയ്യിലെന്താണെന്നറിയാതെ കുട്ടി അനുസരിക്കുന്നു. അവനതുംകൊണ്ട് വീട്ടിനുള്ളില്‍ പ്രവേശിച്ചതും പട്ടാളസംഘമേധാവി കയ്യിലെ റിമോട്ടമര്‍ത്തിയതും ഒന്നിച്ച്. പൊട്ടിത്തെറിയുടെ അഗ്നിനാളങ്ങള്‍ ഓര്‍മ്മയായി ആ അമ്മയുടെ മനസ്സിലിന്നും ജ്വലിച്ചു നില്‍ക്കുന്നുണ്ട്. കണ്ണീരിനെ കവിളിലെത്തുമ്പോഴേക്ക് നീരാവിയാക്കിക്കളയാന്‍ മാത്രം ശക്തിയുള്ളതാണ് അവരുടെ ആ നേരനുഭവം.

കശ്മീരില്‍ മറ്റ് സ്ഥാപിത താല്‍പര്യങ്ങളൊന്നുമില്ലാതെ, അവിടത്തെ അവസ്ഥകള്‍ തിരക്കിയറിയാനെത്തിയതായിരുന്നു ഞാന്‍. അങ്ങനെ മറ്റ് അജന്‍ഡകളില്ലാതെ ഈ താഴ് വാരത്തിലെത്തുന്ന ആര്‍ക്കും മനസ്സിലാക്കാനാവുന്നതു തന്നെയാണ് ഞാനും അവിടെ കണ്ടത്-കണ്ടറിഞ്ഞതും. പക്ഷേ ഞാന്‍ അതു പുറം ലോകത്തിനു മുന്നില്‍ തുറന്നു പറഞ്ഞതാണ് പലര്‍ക്കും അസ്വാരസ്യമുണ്ടാക്കിയത്. എന്റെ അനുഭവത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പട്ടാളമേഖലയാണ് കശ്മീരിലേത്. സൈന്യമറിയാതെ ഒരിലനയക്കം പോലും അനുവദിക്കപ്പെടാത്ത സ്ഥലം. അവിടെ സത്യം പോലും പട്ടാളത്തെ ഭയന്ന് ഇരുട്ടിലാണ്. ഈ ഇരുള്‍ക്കാഴ്ചകളാണ് ഞാന്‍ വെളിച്ചത്തിലെത്തിച്ചത്. അപ്പോള്‍ ഞാന്‍ അധികാരത്തിന്റെ കണ്ണില്‍ കരടായി.രാജ്യദ്രോഹിയായി.

വ്യാജനിര്‍മ്മിതമായ ആശയക്കുഴപ്പങ്ങളാണ് കശ്മീരിലെ പ്രശ്‌നങ്ങളെന്നാണ് എന്റെ അഭിപ്രായം.അവിടെ ജനാധിപത്യം പരിധിക്കു പുറത്താണ്. ഇതുവരെയായി 68,000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക സംഖ്യ ഇനിയുമെത്രയോ ആയിരങ്ങളാവാം. പ്രാദേശികമായി തുടങ്ങിയ അസ്വാരസ്യങ്ങള്‍ രാജ്യഹൃദയത്തിലേക്ക് പടര്‍ന്നു പിടിക്കുന്ന കാഴ്ചയാണ് കശ്മീര്‍.

കശ്മീരില്‍ നിന്നു തന്നെ ഇനിയൊരനുഭവം കൂടി. മുഖത്തിന്റെ ഒരുവശം മുഴുവന്‍ കരിഞ്ഞുപോയി പാതിമുഖവുമായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാന്‍ കണ്ടു. അയാളുടെ കഥ കേട്ടപ്പോള്‍ ഇതെല്ലാം ഇന്ത്യയില്‍ത്തന്നെ നടന്നതാ ണോ എന്നു തോന്നിപ്പോയി! നാലു സഹോദരങ്ങളാണവര്‍.ഒരിക്കല്‍ അവരുടെ താമസസ്ഥലത്തിനടുത്ത് ഒരിടത്ത് ഭീകരവാദികളുടെ സാന്നിദ്ധ്യം മണത്ത് സൈന്യം പാഞ്ഞെത്തി. വഴിയിലൂടെ പോവുകയായിരുന്ന ചെറുപ്പക്കാരനും സഹോദരനും പെട്ടെന്നാണ് പട്ടാളത്തലവന്റെ ശ്രദ്ധയില്‍പ്പെട്ടത്. അയാള്‍ അവരിരുവരെയും വണ്ടിയില്‍ക്കയറ്റി സൈനികത്താവളത്തിലേക്കു കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ അവര്‍ക്കു നേരിടേണ്ടി വന്നത് ക്രൗര്യത്തിന്റെ അങ്ങേയറ്റമായിരുന്നു. പട്ടാളത്തലവന്‍ അവരോടായി ചോദിച്ചു- നിങ്ങള്‍ എത്രപേരാണ്? നാലുപേര്‍ എന്നു മറുപടി. അപ്പോള്‍ തലവന്റെ വിധി വരുന്നു- അതാണു പ്രശ്‌നം. നാലുപേരുണ്ടായിപ്പോയി. അപ്പോള്‍ രണ്ടു പേര്‍ വീട്ടില്‍ നില്‍ക്കും, രണ്ടുപേര്‍ ജിഹാദികളാവും. അതുവേണ്ട. നിങ്ങള്‍ രണ്ടുപേരെ തട്ടിക്കളഞ്ഞാലോ? അപ്പോള്‍ പ്രശ്‌നം തീരുമല്ലോ? ബാക്കി രണ്ടുപേരും വീട്ടുകാരെയും നോക്കി വീട്ടിലിരുന്നോളും, രാജ്യം രക്ഷപ്പെടും. എന്താ എന്തു പറയുന്നു? തങ്ങളുടെ നെഞ്ചിനു നേരെ പിടിച്ച തോക്കിന്മുനയിലാണ് ചെറുപ്പക്കാര്‍. അവര്‍ക്കെന്തെങ്കിലും പറയാനാവുന്നതിനുമുമ്പു തന്നെ പട്ടാളക്കാരന്റെ തോക്കു പൊട്ടി. മൂത്തസഹോദരന്‍ നെഞ്ചുപൊട്ടി പിടഞ്ഞുവീണു. രണ്ടാമത്തയാളിന്റെ തലയ്ക്കുനേരേയായിരുന്നു നിറയൊഴിഞ്ഞത്. അയാളും താഴെ വീണു. രാത്രിയില്‍ പട്ടാളം ഉപേക്ഷിച്ചു പോയ രണ്ടുപേരെ കണ്ട് ഓടിക്കൂടിയ ഗ്രാമവാസികളാണ് പിന്നീട് ഇവരിലൊരാള്‍ക്ക് ജീവനുളള വിവരം തിരിച്ചറിയുന്നത്. അന്നു രക്ഷപ്പെട്ട ചെറുപ്പക്കാരനെയാണ് ഞാന്‍ കണ്ടുമുട്ടിയത്, മുഖത്തിന്റെ ഒരുവശം തന്നെയില്ലാത്ത രൂപത്തില്‍.

കശ്മീരില്‍ ഞാന്‍ തൊട്ടറിഞ്ഞ തീവ്രമായ അനുഭവങ്ങളില്‍ രണ്ടെണ്ണമേ ആവുന്നുള്ളൂ ഇവ. ഇതിലും ഭീകരമാണ് കശ്മീരിലെ യഥാര്‍ഥ അവസ്ഥ. എന്നെ സംബന്ധിച്ചിടത്തോളം, ഈ ഭീകരതയുടെ ഒരു ശഌഥചിത്രമെങ്കിലും എനിക്കു പുറത്തെത്തിക്കാന്‍ കഴിഞ്ഞു. അതിലെനിക്കു കൃതാര്‍ഥതയുണ്ട്്. അതിന്റെ പേരില്‍ ഇനി എനിക്കുനേരെ എന്തു പടപ്പുറപ്പാടുണ്ടായാലും ഞാന്‍ എന്റെ നിലപാടുകളില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു. ഞാനൊരു സ്ത്രീയായിപ്പോയതുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെടാനോ ആരോപണങ്ങളാല്‍ നിശ്ശബ്ദയാക്കാനോ ശ്രമിക്കുന്നതെന്ന് തോന്നുന്നില്ല. കൂറേക്കൂടി സങ്കീര്‍ണമാണ് കാര്യങ്ങള്‍.അതുകൊണ്ടുതന്നെ എനിക്കെതിരേ ഒച്ചപ്പാടുകളും വിവാദങ്ങളും കത്തിപ്പടര്‍ന്നപ്പോഴും ഞാന്‍ എനിക്കു പറയാനുള്ളത് ഒന്നുകൂടി ആവര്‍ത്തിക്കുകമാത്രമേ ചെയ്തുള്ളൂ. ഇരയാക്കപ്പെടുന്നതിനെ പേടിച്ച്് പറഞ്ഞതു തിരിച്ചെടുക്കാനോ, പിന്‍വലിക്കാനോ, മാറ്റിപ്പറയാനോ എനിക്കു സാധിക്കില്ല. അതൊരുപക്ഷേ, അമ്മ വഴിക്കു തന്നെ എനിക്കു പകര്‍ന്നു കിട്ടിയ തന്റേടം ഒന്നുകൊണ്ടു കൂടിയായിരിക്കാം.

കേരളത്തിന്റെ സ്ത്രീമുഖം
പക്ഷേ, അടുത്തിടെ മലയാളി മാധ്യമപ്രവര്‍ത്തകയായ ടി.കെ.ഷാഹിനയ്ക്കു നേരിടേണ്ടി വന്ന ഭരണകൂട ഭീകരതയെ അപേക്ഷിച്ചു നോക്കുമ്പോള്‍, എനിക്കു നേരെയുണ്ടായ അധികാരവര്‍ഗനീക്കങ്ങള്‍ എത്രയോ ഭേദമായിരുന്നു. എന്നെ നേരിട്ട് ഇരയാക്കി കുടുക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഷാഹിനയുടെ കാര്യത്തില്‍, മദനിയ്‌ക്കെതിരായ കുറ്റപത്രത്തിലെ പല സാക്ഷികമൊഴികളും വ്യാജമാണെന്നു തെളിയിക്കുന്ന തെഹല്‍ക്ക റിപ്പോര്‍ട്ടിന്റെ പേരില്‍ ആ കുട്ടി നേരിട്ട് കേസില്‍ പ്രതിയാക്കപ്പെടുകയായിരുന്നില്ലേ? എന്തിന് കേരളത്തില്‍ത്തന്നെ ഇന്നത്തെ പത്രത്തില്‍ കണ്ടില്ലേ, ട്രെയിനില്‍ നിന്നു തള്ളിയിട്ട് ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട സൗമ്യയുടെ കഥ. മലയാളിയുടെ ഇരട്ടത്താപ്പിന്റെ, സദാചാരകാപട്യത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സംഭവം.എനിക്കു തോന്നുന്നു, മലയാളി സ്ത്രീകള്‍ എത്രത്തോളം സ്വതന്ത്രരായാലുംശരി, ആത്യന്തികമായി അവര്‍ തീര്‍ത്തും യാഥാസ്ഥിതികരാണ്. ഇതൊരു വലിയ വൈരുദ്ധ്യമായിത്തന്നെ തോന്നിയിട്ടുണ്ട്. വിദ്യാഭ്യാസപരമായും സാമ്പത്തികമായുമൊക്കെ ഏറെ മുന്നേറിയിട്ടുള്ളവരാണ് കേരളസ്ത്രീകള്‍. ഇപ്പോള്‍ത്തന്നെ നോക്കൂ, ലോകത്തെവിടെയും നഴ്‌സുമാര്‍ മലയാളികളാണ്. എന്തു ജോലിയുമെടുക്കാനവര്‍ക്കു മടിയില്ല. ഇത്രയൊക്കെ ഉണ്ടായിട്ടും മാനസികമായി അവര്‍ അടിമത്തത്തിലാണ്. എന്തൊക്കെ മാറി എന്നു പറഞ്ഞാലും പാരമ്പര്യ യാഥാസ്ഥിതികത്വത്തിന്റെ നാലതിരുകളില്‍ നിന്നു രക്ഷപ്പെടാനാഗ്രഹിക്കാത്തവരാണവര്‍.

എന്റെ അനുഭവത്തില്‍, ഉത്തര്‍പ്രദേശിലെയും, ഹരിയാനയിലെയും,ബിഹാറിലേയും മാടമ്പിസമൂഹത്തിലെ സ്ത്രീകളേക്കാള്‍ ഏറെ അടിച്ചമര്‍ത്തപ്പെടുന്നവരും, പീഢിപ്പിക്കപ്പെടുന്നവരുമാണ് കേരളസമൂഹത്തിലെ സ്ത്രീത്വം. സ്ത്രീ-പുരുഷ ബന്ധത്തിലും ഈ വൈചിത്ര്യം ഏറെ പ്രകടമാണ്.കശ്മീരിലെ നിഷ്ഠുര ഭീകരതയ്ക്കിടയിലും അതിശക്തരും സ്വതന്ത്രരുമായ ഒട്ടേറെ പെണ്‍ജന്മങ്ങളെ എനിക്കു കാണാനായി.അത്രപോലും സ്വതന്ത്രരാണ് മലയാളിപ്പെണ്ണുങ്ങള്‍ എന്നെനിക്കു തോന്നുന്നില്ല. എന്നേപ്പോലൊരാള്‍ക്കു പോലും ഏറെ കലഹിക്കേണ്ടിവന്നു ഈ സമൂഹത്തിന്റെ യാഥാസ്ഥിതികതയുടെ നീരാളഹസ്തങ്ങളില്‍ നിന്നു കുതറിമാറി ജീവിക്കാന്‍.

വഴിത്തിരിവുകളിലെ കരുത്ത്
എനിക്കു തോന്നുന്നു, അതിശക്തയായ ഒരു അമ്മയുടെ മകളായി ജീവിക്കാനായതാണ് എന്നെ ഞാനാക്കി മാറ്റിയത് എന്ന്. എന്നെ അമ്മ വളര്‍ത്തിയത് അത്തരത്തിലാണ്.എന്നെ പരിപൂര്‍ണ സ്വതന്ത്രയാക്കിയാണ് വളര്‍ത്തിയത്. പതിനേഴാം വയസ്സില്‍ അമ്മയോടു കലഹിച്ച് ഡല്‍ഹിയിലേക്കു വീടുവിട്ടിറങ്ങിയതാണു ഞാന്‍. അതുപക്ഷേ, അമ്മയോടുള്ള ആശയപരമായ വൈരുദ്ധ്യം കൊണ്ടായിരുന്നില്ല. സ്വന്തം തട്ടകത്തില്‍ നിന്ന് സ്വന്തം മനഃസാക്ഷിക്കു നേരെന്നു തോന്നുന്നതിനു വേണ്ടി അതിശക്തമായി പോരാടിയ ആളാണ് എന്റെ അമ്മ. അവര്‍ അക്ഷരാര്‍ഥത്തില്‍ ഒരു ശക്തീദുര്‍ഗ്ഗം തന്നെയായിരുന്നു. എന്നാല്‍ ഒരു കൂരയ്ക്കു കീഴില്‍ രണ്ട് ആണവായുധങ്ങള്‍ ഒന്നിച്ചിരുന്നാലുണാടാവുന്ന സ്‌ഫോടനാത്മകത ഒന്നാലോചിച്ചു നോക്കൂ. അത് തീയും മണ്ണെണ്ണയും പോലുള്ള ഒരവസ്ഥയായിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ രണ്ടു കാഴ്ചപ്പാടുകളാണ് ഞാനും അമ്മയും ഉയര്‍ത്തിപ്പിടിച്ചത്.

അത്രയ്ക്ക് ശക്തമായ വ്യക്തിത്വമായിരുന്നു അമ്മ. അത് അമ്മയുടെ പരാധീനതയായല്ല ഞാന്‍ കണക്കാക്കുന്നത്, മറിച്ച് അവരുടെ വ്യക്തിസവിശേഷതയായാണ്. അമ്മ ആഗ്രഹിച്ച ജീവിതത്തിനു പുറത്തായിരുന്നു ഞാന്‍. സുറിയാനി ക്രിസ്ത്യാനിയുടെ സാമൂഹികച്ചട്ടക്കൂട്ടില്‍ ശരാശരി മലയാളിപ്പെണ്ണായി ജീവിതമൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍ അമ്മയുടെ ചിറകിന്‍കീഴില്‍ തന്നെ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തകര്‍ന്നടിയുമായിരുന്നു.അമ്മ സ്ഥാപനനിര്‍മ്മാതാവാണെങ്കില്‍ ഞാന്‍ സ്ഥാപനവിരുദ്ധയായിരുന്നു.അതുകൊണ്ടാണ് വളരെ ചെറുപ്പത്തിലേ അമ്മയോടു കലപിച്ച് ഞാന്‍ എന്റെ സ്വന്തം വഴിതേടിയിറങ്ങിയത്. സമൂഹം നമുക്കുചുറ്റും വരച്ചിടുന്ന വിലക്കുകളുടെ ലക്ഷ്മണരേഖകളെ വെറുതേ പഴിച്ചിട്ടു കാര്യമൊന്നുമില്ല. അതു മറികടക്കാനുള്ള ഇച്ഛാശക്തിയുണ്ടാവണം.ഭാഗ്യത്തിന് എന്റെ ജീവിതത്തില്‍ എനിക്ക് അതിനുള്ള അവസരങ്ങളുണ്ടായി. അവ ഞാന്‍ തെരഞ്ഞെടുക്കുകയും ചെയ്തു.

സിനിമയുടെ വഴിയേ...
ഡല്‍ഹിയില്‍ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറില്‍ ആര്‍കിടെക്ടിനു പഠിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി ഒരു സിനിമയ്ക്കു തിരക്കഥയെഴുതുന്നത്. അതിനാകട്ടെ,1889ല്‍ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതിയും ലഭിച്ചു.ഞങ്ങളുടെ ക്യാമ്പസിന്റെ തന്നെ അനുഭവങ്ങളായിരുന്നു ഇന്‍ വിച്ച് ആനി ഗീവ്‌സ് ഇറ്റ് ദോസ് വണ്‍സ് എന്ന ആ ചിത്രം. അതിലെ രാധ എന്ന നായികാകഥാപാത്രത്തെയും അന്നിത്തെ ആവേശത്തിന് ഞാന്‍ തന്നെ അവതരിപ്പിച്ചു. എന്റെ ഭര്‍ത്താവ് പ്രദീപ് കിഷനായിരുന്നു സംവിധായകന്‍. എണ്‍പതുകളിലെ മധ്യധാരയില്‍ പിറന്ന ആ സിനിമയില്‍ അര്‍ജജുന്‍ റൈന, റോഷന്‍ സേഥ്്, ഐസക് തോമസ് എന്നിവര്‍ക്കൊപ്പം അന്ന് താരമേയായിട്ടില്ലാത്ത ഷാരൂഖ് ഖാനും എന്നോടൊപ്പം അഭിനയിച്ചിരുന്നു. പ്രദീപിന്റെ തന്നെ ദേശീയ പ്രശസ്തി നേടിയ മാസ്സെ സാഹിബ് (1985)എന്ന സിനിമയില്‍ രഘുബീര്‍ യാദവിനൊപ്പം ഒരു ആദിവാസിയുവതിയായി അഭിനയിച്ച പരിചയത്തില്‍ നിന്നാണ് വാസ്തവത്തില്‍ ഇന്‍ വിച്ച് ആനിയില്‍ അഭിനയിക്കുന്നത്.

പലരും ചോദിക്കാറുണ്ട്.ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തായിട്ടും, തെറ്റില്ലാത്ത നടി എന്ന അഭിപ്രായം നേടിയിട്ടും പിന്നീട് എന്തേ ആ മേഖലകളില്‍ നില്‍ക്കാതെ എഴുത്തിലേക്കു ചാടി എന്ന്. അതിനെനിക്ക് ഒരു മറുപടിയേ ഉള്ളൂ. എന്റെ സിനിമയായാലും, ഗോഡ് ഓഫ് സ്‌മോള്‍ തിങ്്‌സ് നോവലായാലും പിന്നീട് ഞാന്‍ എഴുതിയ അസംഖ്യം ലേഖനങ്ങളായാലും,എല്ലാം എന്റെ ചിന്താധാരയുടെ നൈരന്തര്യം, തുടര്‍ച്ച ഉള്‍ക്കൊള്ളുന്നതായിരുന്നു. അവയ്‌ക്കെല്ലാം തമ്മില്‍ അദൃശ്യമായൊരു തുടര്‍ച്ചയുടെ ചങ്ങലക്കണ്ണിയുടെ ബന്ധനമുണ്ട്. എനിക്കു പറയാനുള്ള അഭിപ്രായങ്ങളുടെ, ശ്രദ്ധ ക്ഷണിക്കാനുള്ള സാമൂഹിപ്രശ്‌നങ്ങളുടെ അന്തര്‍ധാരയുണ്ട്. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ മാറി മാറി പരീക്ഷിക്കുമ്പോഴും എന്നിലെ എന്നെ കൂടുതല്‍ സ്വയം പ്രകാശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു ഞാന്‍ തേടിയിരുന്നത്. അഭിനയമെന്നത്, സിനിമയുടെ നിര്‍മാണരഹസ്യങ്ങള്‍ തേടിയുള്ള ഒരു ചെറിയ അന്വേഷണം മാത്രമായിരുന്നു എനിക്ക്. സിനിമയെക്കുറിച്ചുള്ള ആകാംക്ഷകള്‍ തീര്‍ക്കാനുള്ള പരിക്രമണം. എന്നെ സംബന്ധിച്ചിടത്തോളം സിനിമയ്ക്കു മുന്നില്‍ നിന്ന് പിന്നിലേക്കും അവിടെ നിന്ന്് എഴുത്തിലേക്കുമുള്ള മാറ്റം സ്വാഭാവികം മാത്രമാണ്, അല്ലാതെ പുറത്തുനിന്നൊരാള്‍ക്കു തോന്നുന്നതു പോലെ മറുകണ്ടം ചാടലല്ല.

അക്ഷരത്തിന്റെ ആത്മവിശ്വാസം
പക്ഷേ, ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു, എഴുത്താണ് എന്റെ തട്ടകം എന്ന്. ഇന്നും ഞാന്‍ വിശ്വസിക്കുന്നു, അക്ഷരങ്ങളുടെയത്ര കരുത്ത് മറ്റൊരു മാധ്യമത്തിനുമില്ലെന്ന്. ഒരുപക്ഷേ, ക്ഷരങ്ങളല്ലാത്തവയുടെ ആ ശക്തിയിലാണ് ഞാന്‍ പറയുന്നത് സമൂഹം ശ്രദ്ധയോടെ കേള്‍ക്കുന്നത്. എന്നെ നിങ്ങള്‍ അംഗീകരിക്കുന്നത്. എനിക്കു തോന്നുന്നു, ലോകത്ത് സംഗീതത്തിനും സാഹിത്യത്തിനും മാത്രമേ ഇത്രയും വലിയ സ്വാധീനശക്തിയാവാന്‍ ശേഷിയുള്ളൂ എന്ന്. ഇന്ന് ഓരോ ദിവസവും ഞാന്‍ അതിന്റെ ശക്തി ആവര്‍ത്തിച്ചു ബോധ്യപ്പെടുന്നുണ്ട്-അതിന്റെ സ്വാധീനം അനുഭവിച്ചറിയുന്നുണ്ട്. എന്റെ രചനകളുടെ ഭാഷാ മൊഴിമാറ്റങ്ങള്‍ പുറത്തിറങ്ങും വരെ അതിന്റെ ഒറിജിനല്‍ വാങ്ങി വായിക്കുന്നവര്‍. വിവിധ ഭാഷകളിലേക്ക് അവയുടെ മൊഴിമാറ്റങ്ങള്‍...അക്ഷരങ്ങളിലൂടെ എന്നെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വായനക്കാര്‍. വാസ്ഥവത്തില്‍ അവരുടെ മനസ്സുകൊണ്ടുള്ള ആ അംഗീകാരമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടു തന്നെ അംഗീകാരങ്ങള്‍ക്കു മുന്നില്‍ സ്വയം മറക്കാന്‍ ഞാനൊരുക്കമല്ല. എനിക്കു പറയാനുള്ളത് കൂടുതല്‍ ശക്തമായി പറയാനുള്ള പാവനമായ നിലപാടുതറയായിട്ടാണ് എഴുത്തിനെ ഞാന്‍ കണക്കാക്കുന്നത്.

അംഗീകാരത്തെപ്പറ്റി പറഞ്ഞപ്പോഴാണ്. അവാര്‍ഡുകള്‍ അധികാരത്തിന്റെ ഒരായുധമാണ്. അവര്‍ക്കഹിതമായതു പറയുന്നതില്‍ നിന്ന് നമ്മെ വിലക്കാനും നിലയ്ക്കു നിര്‍ത്താനുമുള്ള ആയുധം. ദൗര്‍ഭാഗ്യത്താല്‍ നമ്മുടെ കലാകാരന്മാരും എഴുത്തുകാരുമെല്ലാം ഒരര്‍ഥത്തില്‍ സമ്മാനാര്‍ഥികളാണ്-പ്രൈസ് ഒബ്‌സസ്ഡ് ! ബഹുമതികള്‍ കൊണ്ട് നിശ്ശബ്ദരാക്കുക എന്നതാണ് ഭരണകൂട ശൈലി. മലയാളസാഹിത്യത്തെപ്പറ്റി, അത്ര അടുത്തു പിന്തുടരാത്തതുകൊണ്ടു ഞാനൊരഭിപ്രായം പറയുന്നത് ശരിയല്ല. എന്നാല്‍ ഇന്ത്യന്‍ സാഹിത്യത്തിന്റെ പൊതുവായ അവസ്ഥയെന്തെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാവുന്നതല്ലേ? ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ കാര്യമെടുക്കൂ. അതു സ്‌പോണ്‍സര്‍ ചെയ്യുന്നത് ബഹുരാഷ്ര്ട കുത്തക കമ്പനികളാണ്. അത്തരം സാഹചര്യത്തില്‍ തുറന്നെഴുത്തോ തുറന്നുപറച്ചിലോ സാധ്യമാവുന്നതെങ്ങനെയാണ്?

സത്യത്തിന്റെ ഇരകള്‍
സത്യം പറയുന്നവര്‍ എന്നും അധികാരവര്‍ഗത്തില്‍ നിന്നു നേരിടുന്ന ഭീഷണിയേ എനിക്കും നേരിടേണ്ടി വന്നിട്ടുള്ളൂ. അതുതന്നെയാണ് ഡോ.ബിനായക് സെന്നിനും നേരിടേണ്ടി വന്നത്. ഭരണകൂടത്തിന്റെ അരക്ഷിതബോധത്തില്‍ നിന്നും അപകര്‍ഷയില്‍ നിന്നുമാണ് ഇത്തരം വ്യാജ ആരോപണങ്ങളും സത്യം മൂടിവയ്ക്കാനുള്ള ആക്രാന്തവും ഉടലെടുക്കുന്നത്. നക്‌സലൈറ്റുകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളുടെ ഇരുണ്ട കഥകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഭിഷഗ്വരന്‍ കൂടിയായ പി.യു.സി.എല്‍.പ്രവര്‍ത്തകനായ സെന്‍ പുറത്തുകൊണ്ടുവന്നത്. അവരുടെ മനുഷ്യാവകാശസംരക്ഷണത്തിനു വേണ്ടിയാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചത്. മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിനിടയിലാണ് തീവ്രവാദി എന്നു മുദ്രകുത്തി ബിനായക് സെന്നിനെ ജയിലിലടച്ചത്. പക്ഷേ അതുകൊണ്ട് ഒരു നേട്ടമുണ്ടായി. സെന്നിനെ പോലെ എത്രയോ ആളുകള്‍ ഇതേ പോലെ തന്നെ നമ്മുടെ ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്നുണ്ട്. അവരെപ്പറ്റിയൊന്നും ഒരിക്കലും നാം ആലോചിച്ചിട്ടേയില്ല. സെന്നിന്റെ അറസ്റ്റും ജീവപര്യന്തവും, അത്തരക്കാരെക്കുറിച്ച് കൂടുതല്‍ ഉറക്കെ ചിന്തിക്കാന്‍ നമ്മേ പ്രേരിപ്പിച്ചു. അത് അവരുയര്‍ത്തിക്കൊണ്ടു വന്ന പ്രശ്‌നങ്ങളിലേക്ക് കൂടുതല്‍ ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സെന്‍ ഇരയാക്കപ്പെട്ടു എന്നു വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ക്കൂടിയും പറയാനുള്ള സത്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറയാനും സെന്നിന്റെ അനുഭവം എനിക്കു കരുത്തു പകരുന്നു.

ഇന്ന് അധികാരം നിയന്ത്രിക്കുന്നത് കോര്‍പറേറ്റുകളാണ്. നാം ദിവസവും കേള്‍ക്കുന്നത് രണ്ടുലക്ഷം കോടി രൂപയുടെ അഴിമതികളുടെ കണക്കുകളാണ്. അതെല്ലാമാകട്ടെ കോര്‍പറേറ്റുകളുടെ ഇടപെടലുകളിലൂടെ ഉണ്ടായതുമാണ്.ഇക്കാര്യത്തില്‍ രാഷ്ര്ടീയ ഭേദമില്ലെന്നതാണ് എന്നെ സങ്കടപ്പെടുത്തുന്ന കാര്യം.

കോര്‍പറേറ്റുകളുടെ ചട്ടുകമാവുന്നതില്‍ ബി.ജെ.പി. എന്നോ, കോണ്‍ഗ്രസ് എന്നോ കമ്യൂണിസ്റ്റ് എന്നോ ഭേദങ്ങളില്ല. ഇന്ത്യയില്‍ പാര്‍ലമെന്ററി ഇടതുപക്ഷം എന്നൊന്ന് നിലനില്‍ക്കുന്നതേ ഇല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉണ്ടെങ്കില്‍ തന്നെ അവരും പങ്കിടുന്നത് ബി.ജെ.പി.യുടെയോ കോണ്‍ഗ്രസിന്റെയോ അജന്‍ഡകള്‍ തന്നെയാണ്. അവര്‍ക്കു മാതൃക ഗുജറാത്തിലെ വികസനമാണ്, മോഡിയാണ്. ഗുജറാത്തില്‍ മരിച്ചുവീണ നിഷ്‌കളങ്കരുടെയും, പീഢിപ്പിക്കപ്പെട്ട നൂറുകണക്കിനു സാധാരണക്കാരുടെയും മനുഷ്യാവകാശപ്രശ്‌നങ്ങള്‍ അവര്‍ക്കു വിഷയമേ അല്ല. അവര്‍ക്ക് ഇന്ത്യ തിളങ്ങണം.ഇന്നും ദിവസേന 20 രൂപ മാത്രം വരുമാനമുള്ള എണ്‍പതു കോടി പേരുടെ ജീവിതാവസ്ഥ അവരെ ബാധിക്കുന്നതേയല്ല. അവരെ സ്വാധീനിക്കുന്നത് സാധാരണക്കാരുടെ പ്രശ്‌നങ്ങളല്ല, കോര്‍പറേറ്റ് ഭീമന്മാരുടെ പ്രതിസന്ധികള്‍ മാത്രമാണ്. അതുകൊണ്ടാണ് രാജ്യത്ത് തീവ്രപ്രവര്‍ത്തനങ്ങള്‍ പൊന്തിവരുന്നത്.

കാടുകയറിയപ്പോള്‍
ബംഗാളിലെ മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യത്തില്‍ ഞാന്‍ പോയിരുന്നല്ലോ. അതൊരനുഭവമായിരുന്നു. കേവലം പ്രാദേശികം മാത്രമല്ല അവരുടെ പ്രശ്‌നങ്ങള്‍. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകളോടുള്ള അടങ്ങാത്ത പ്രതിഷേധത്തില്‍ നിന്നാണ് അത്തരമൊരു സംഘര്‍ഷം ഉടലെടുത്തത്. ഒരു യുദ്ധഭൂമിയിലേക്കു പോകുന്ന ഏതൊരാള്‍ക്കുമുണ്ടാവുന്നതുപോലുള്ള ചില മുന്‍വിധികളോടെയാണ് ഞാന്‍ ദണ്ഡകവനത്തിലേക്കു പോയത്. പക്ഷേ അവിടത്തെ കാഴ്ചകള്‍ അക്ഷരാര്‍ഥത്തില്‍ എന്റെ കണ്ണു തുറപ്പിച്ചു, അമ്പരപ്പിച്ചു. അവിടെ മാവോയിസ്റ്റ് ഒളിപ്പോരാളികളില്‍ 45 ശതമാനത്തിലധികവും പെണ്ണുങ്ങളാണ്. അവര്‍ അവിടത്തെ അഴുകിയ മാടമ്പിത്വത്തിന്റെ ഇരകളാണ്. ജന്മിത്വത്തിന്റെ നിരന്തരചൂഷണത്തിനെതിരേ പ്രതികരിക്കാനും പ്രതിഷേധിക്കാനുമാണ് അവര്‍ ഗറില്ലാക്കൂട്ടങ്ങളായത്. പക്ഷേ, ഇപ്പോഴവര്‍ ഭീകരതയ്ക്കപ്പുറം രാഷ്ര്ടീയമായൊരു കൂട്ടായ്മയായിക്കൂടി മാറിയിട്ടുണ്ട്. ക്രാന്തികാരി ആദിവാസി മഹിളാ സംഘാടന്‍ എന്ന സംഘടനയില്‍ മാത്രം തൊണ്ണൂറായിരം സ്ത്രീകളാണ് പ്രവര്‍ത്തിക്കുന്നത്. അവരാകട്ടെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ര്ടീയ പരിഹാരം ആഗ്രഹിക്കുന്നവരുമാണ്. വാസ്തവത്തില്‍ മാവോയിസ്റ്റുളുടേത് സ്വന്തം സ്വത്വം, അസ്തിത്വം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള കലാപം കൂടിയായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. ഓര്‍മിക്കുക, ഇടതുപക്ഷം അധികാരത്തിലുള്ള ബംഗാളിലാണ്, അടിച്ചമര്‍ത്തലിനെതിരായി തീവ്രതയുടെ ഈ ജനകീയ പ്രതിരോധം അരങ്ങേറുന്നത്്.

നാടിറങ്ങിയപ്പോള്‍
വികസനം വികസനം എന്നു നാം നിത്യേന കേള്‍ക്കുന്നു.ഭരണകൂടങ്ങള്‍ക്കൊപ്പം രാഷ്ര്ടീയപ്പാര്‍ട്ടികളും അതേറ്റു പാടുന്നു. കേരളത്തിലെയും ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം വികസനപ്രവര്‍ത്തനങ്ങളും അതിന്റെ ബലിയാടുകളായ വാസ്തുഹാരകളുമാണല്ലോ. വികസനത്തിന്റെ പേരില്‍ കുടിയൊഴിക്കപ്പെടുന്നവര്‍. സ്വത്തുക്കള്‍ അന്യാധീനപ്പടുന്നവര്‍. പെരുവഴിയിലേക്ക് ഇറക്കിവിടപ്പെടുന്നവര്‍. അവര്‍ക്കു മുന്നില്‍ എക്‌സ്പ്രസ് ഹൈവേയും ഐ.ടി.പാര്‍ക്കുകളും മാധ്യമങ്ങളില്‍ നിറചര്‍ച്ചകളായി തുടരുന്നു. യഥാര്‍ഥത്തില്‍, ഗുണഭോക്താക്കളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഇരകളാക്കപ്പെടുന്ന ബലിയാടുകളാണെങ്കില്‍ അതെന്തു വികസനമാണ്? എനിക്കു തോന്നുന്നത്, വികസനം എന്നത് മനുഷ്യന്റെ ആന്തരികവും ആത്മീയവുമായ മുന്നേറ്റമാണ്. പൊതുസമൂഹത്തിന്റെ ഗുണമാവണം വികസനത്തിന്റെ ലക്ഷ്യം. അതല്ലാതെയുള്ള ഒരു വികസനവും വികസനമാവില്ല. ഭൂരിപക്ഷത്തെ വഴിയാധാരമാക്കിക്കൊണ്ട് സമ്പന്ന ന്യൂനപക്ഷത്തിനു മാത്രം ഗുണമാവുന്ന വികസനത്തെ അനുകൂലിക്കുന്നതെങ്ങനെയാണ്? നമ്മുടെ പ്രശ്‌നം യഥാര്‍ഥത്തില്‍ ഇതുതന്നെയാണ്. പാവപ്പെട്ടവന്‍ എന്നും കോര്‍പറേറ്റ് അടിച്ചമര്‍ത്തലിനെതിരേ പോരാടിക്കൊണ്ടേയിരിക്കുന്നു. അവരുടെ പ്രാദേശിക പ്രശ്‌നങ്ങള്‍ പുറംലോകത്തു ജീവിക്കുന്നവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതേയില്ല. മറ്റൊരര്‍ഥത്തില്‍ അവര്‍ക്ക് ആ പ്രശ്‌നങ്ങള്‍ മനസ്സിലാവുന്നുമില്ല.ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി ഹാര്‍വാര്‍്ഡ്് വിദ്യാഭ്യാസ്ം നേടിയവര്‍ ചില്ലുമേടയിലിരുന്നു പാവപ്പെട്ടവനെ ഭരിക്കുന്നതിലെ വൈരുദ്ധ്യമാണ്.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ കോര്‍പറേറ്റ് ഭീഷണിയും ഇന്ന് വികസനത്തിന്റെ പേരിലാണ്. പരിസ്ഥിതിയെ പോലും പിടിച്ചുലയ്ക്കുംവിധമാണ് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നത്. അണക്കെട്ടുകള്‍ക്കു മേല്‍ അണക്കെട്ടുകള്‍. ഉള്‍ഖനനങ്ങള്‍...ഹിമാലയഭൂമി പോലും ഇവയില്‍ നിന്ന് മോചിതമല്ല. രക്തമൂറ്റുന്ന കോര്‍പറേറ്റുകളുടെ മുറിപ്പാടുകളില്‍ നിന്ന് നമ്മുടെ കേരളഭൂമി പോലും രക്ഷപ്പെടുന്നില്ല. എനിക്കറിയില്ല, പശ്ചിമഘട്ട മലനിരകള്‍ നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രതിസന്ധിയെപ്പറ്റി ഇനിയും കേരളീയര്‍ പൂര്‍ണമായി ബോധ്യവാന്മാരാണോ എന്ന്. ടൂറിസം വികസനം എന്ന പേരില്‍ പശ്ചിമഘട്ടമലനിരകളില്‍ അനിയന്ത്രിതമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിന്റെയൊന്നും പ്രത്യാഘാതത്തെപ്പറ്റി ആരും അത്ര ഗൗരവത്തില്‍ ചിന്തിച്ചിട്ടേ ഇല്ല.

നിരാശപ്പെടുത്തുന്ന നിസ്സംഗത
മധ്യവര്‍ഗഭൂരിപക്ഷമാണ് നമ്മുടെ ബലഹീനത. അവര്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നു.എല്ലാ സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും ബുദ്ധിപൂര്‍വമായി ഒരു അകലം സൂക്ഷിക്കാനാണവര്‍ ശ്രദ്ധിക്കുന്നത്. സ്വന്തം കാര്യം സുരക്ഷിതമാക്കുക എന്നതേയുള്ളൂ അവരുടെ ചിന്ത.അവരൊന്നു മാറിച്ചിന്തിച്ചാല്‍ മാത്രം മതി ഈ രാജ്യം ഒന്നാകെ മാറിമറിയാന്‍. അതിനുള്ള ശക്തിയും സ്വാധീനവും അവര്‍ക്കുണ്ട്. പക്ഷേ അതവര്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ തിരിച്ചറിയുന്നതായി ഭാവിക്കുന്നില്ല. എന്തിനു വെറുതേ ഏടാകൂടങ്ങളില്‍ ചെന്നു ചാടുന്നു എന്നതാണ് ശരാശരിക്കാരന്റെ ചിന്ത. നമ്മുടെ പൊതു ധാരണകളില്‍്ത്തന്നെ വൈരുദ്ധ്യങ്ങളില്ലേ? സ്ത്രീകള്‍ക്കു വായിക്കാന്‍ എന്നു പറഞ്ഞു നല്‍കുന്ന പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കം തന്നെയെടുക്കുക. ഗൗരവമായതൊന്നും സ്ത്രീകള്‍ വായിക്കേണ്ട എന്നൊരു രഹസ്യ അജന്‍ഡ ആ തെരഞ്ഞെടുപ്പിലുണ്ട്. ഇത്തരം മനോഭാവങ്ങളിലാണ് മാറ്റം വരേണ്ടത്.

പെണ്ണായിപ്പോയതുകൊണ്ട് അവള്‍ ഫാഷനും പാചകവും വീട്ടുവര്‍ത്തമാനങ്ങളും മാത്രമേ വായിക്കാവൂ ചിന്തിക്കാവൂ എന്നില്ലല്ലോ. രാഷ്ര്ടീയവും സാമ്പത്തികവുമെല്ലാം അവളും അറിഞ്ഞിരിക്കേണ്ട, ഇടപെടേണ്ട, പ്രതികരിക്കേണ്ട ഇടങ്ങള്‍ തന്നെയാണ്. മറിച്ചൊരു സംഗതിയുമുണ്ട്. നമ്മുടെ രാഷ്ര്ടീയക്കാര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കുമൊന്നും ഫാഷനോ അതുപോലെയുള്ള കാര്യങ്ങളോ തെല്ലും ബോധ്യമില്ല. അടുത്തിടെ എന്റെയൊരു ചി്ത്രം ജര്‍മ്മനിയിലെ വോഗ് മാസികയില്‍ അച്ചടിച്ചു വന്നു. ഞാനതിനെ വളരെ പോസിറ്റീവായാണ് കാണുന്നത്. ഭേദപ്പെട്ടരീതിയില്‍ തന്നെ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതു മോശം കാര്യമാണെന്നും ഞാന്‍ കരുതുന്നില്ല.രാഷ്ര്ടീയക്കാര്‍ക്കും നല്ല ഫാഷന്‍ സെന്‍സ് ഉണ്ടായിക്കൂടെന്നില്ലല്ലോ? ഒരു മോഡലിന് നല്ല രാഷ്ര്ടീയ വീക്ഷണമുണ്ടാവുന്നതുപോലെ പ്രധാനമാണ് അത്. അത്തരമൊര ക്രോസ് ഓവറും മാറ്റവും ഉണ്ടാകാത്തതാണ് നമ്മുടെ ദുര്യോഗം.

അമ്മയാവാത്തതിനു പിന്നില്‍
കാടും മലയും കയറിയിറങ്ങുന്നതിനിടയില്‍ ജീവിക്കാന്‍ മറന്നുപോയോ എ്ന്നാണ് എന്നോട് പലരും ചോദിക്കാറുള്ള പ്രധാനപ്പെട്ടൊരു ചോദ്യം. എന്തുകൊണ്ട് കുടുംബബന്ധങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല, എന്തുകൊണ്ട് ഞാനൊരു അമ്മയാവുന്നില്ല. അതെല്ലാമാണ് അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍. പതിനേഴാം വയസ്സില്‍ അമ്മയില്‍ നിന്നു സ്വതന്ത്രയായവളാണു ഞാന്‍. കുടുംബത്തിന്റെ അടച്ചുറപ്പു പോലും നമ്മെ പലതില്‍ നിന്നും വിലക്കുന്നുണ്ട്. പാരതന്ത്ര്യത്തിന്റെ വേറൊരു രൂപം തന്നെയാണത്. സ്വതന്ത്രമായി രണ്ടു കയ്യും വീശി നടന്നു വിചാരിക്കുന്ന കാര്യങ്ങള്‍ പലതും ചെയ്യുന്നതില്‍ നിന്ന് അത്തരം ബന്ധനങ്ങള്‍ നമ്മെ വിലക്കുന്നു. എന്റെ കാര്യം തന്നെ എടുക്കുക. നിന്ന നില്‍പ്പില്‍ എനിക്കിപ്പോള്‍ ദണ്ഡകാരണ്യത്തില്‍ പോകാം. കശ്മീരില്‍ പോകാം. നാളെ വേണമെങ്കില്‍ തടവറയിലടയ്ക്കപ്പെടാം. അപ്പോള്‍ ഒരു കുട്ടിയുണ്ടെങ്കില്‍ അതിനോട് അനീതിയാവുമത്.നല്ലൊരമ്മയാവാന്‍ പറ്റിയില്ലെങ്കില്‍ അതൊരു തീരാമുറിവായി മാറാം.അതു കൂടുതല്‍ അപകടകരമാണ്. അതുകൊണ്ടാണ് കെട്ടുപാടുകളില്ലാത്ത ജീവിതം ഞാന്‍ സ്വയം തെരഞ്ഞെടുത്തത്. അതുകൊണ്ട് എനിക്കു മുന്‍പിന്‍ നോക്കാതെ എന്തും പറയാം;എതു സത്യവം വിളിച്ചുപറയാം.

എഴുത്തിന്റെ ഭാവി
ഇത്രയൊക്കെ പരീക്ഷണങ്ങളില്‍ കൂടി കടന്നപോയി. പുതിയ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു. ജീവിതത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടായി, ഉള്‍ക്കാഴ്ചകളും. ഇനിയാണ് ഒരു പക്ഷേ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എഴുതിയിയിരുന്നെങ്കില്‍ അത് ഈ രൂപത്തിലും ഭാവത്തിലും തന്നെയായിരുന്നിരിക്കുമോ എന്നൊരു ചോദ്യമുണ്ട്. സാങ്കല്‍പികമാണെങ്കിലും ഞാന്‍ മറുപടി പറയാനാഗ്രഹിക്കുന്ന ചോദ്യം. എനിക്കു പറയാനുള്ളത്, പതിനാലു വര്‍ഷം മുമ്പ് ചെറിയകാര്യങ്ങളുടെ തമ്പുരാന്‍ എന്ന നോവലില്‍ ഞാന്‍ വിഭാവന ചെയ്തതിലേറെയൊന്നും മാറ്റങ്ങള്‍ ലോകത്തിനു വന്നുഭവിച്ചിട്ടില്ല എന്നതാണ്.നോവലില്‍ ഞാന്‍ ആവിഷ്തരിച്ച സാമൂഹിക പ്രശ്‌നങ്ങളൊക്കെത്തന്നെ വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും കേരളസമൂഹത്തില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ ഇനിയുമൊരു ചെറിയകാര്യങ്ങളുടെ തമ്പുരാന്‍ എന്നില്‍ നിന്ന് ഉണ്ടാവുകയില്ല. മറിച്ച്, ഇന്നുവരെ നേടിയ ജീവിതാനുഭവങ്ങളില്‍ നിന്ന്്, നേരിട്ടറിഞ്ഞ കടുത്ത യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് മറ്റൊരു നോവല്‍ ചിലപ്പോള്‍ ഉടലെടുത്തേക്കും. അതിനായി അതിയായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍. അതെങ്ങനെയായിരിക്കും എന്നതില്‍ നിങ്ങളെപ്പോലെ തന്നെ ആകാംക്ഷയുണ്ട് എനിക്കും.

പ്രത്യാശയുടെ പ്രഭാതത്തിലേക്ക്...
ഇത്രയൊക്കെ പ്രതികൂല സാഹചര്യങ്ങളിലും, ഇരയാക്കപ്പെടുന്ന അടിച്ചമര്‍ത്തലുകളുടെ പുതിയ രാഷ്ര്ടീയസാഹചര്യങ്ങളിലും എന്തു പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു കൊണ്ടു പോവുക എന്നൊരു സന്ദേഹം സ്വാഭാവികമാണ്. പ്രത്യാശയുടെ വെള്ളിവെട്ടം ഇനിയും കെട്ടിട്ടില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. കാരണം, നമ്മുടേത് അത്തരമൊരു സംസ്‌കാരമാണ്്. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും മറ്റും വളരെ വലിയ ഒരു പൈതൃകവും പാരമ്പര്യവും നമുക്കുണ്ട്. അതുകൊണ്ടു തന്നെ,എല്ലാ ഇരുട്ടിനുമപ്പുറം പ്രതീക്ഷിക്കാന്‍ വെളിച്ചത്തിന്റെ ഒരു സുപ്രഭാതമുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ എ്‌ന്റെ നിലപാടുകളില്‍ വെള്ളം ചേര്‍്ക്കാതെ തന്നെ തുടര്‍ന്നും ജീവിക്കാന്‍ എനിക്കാവുന്നു.