മലയാളത്തിന്റെ സുകൃതാക്ഷരങ്ങള്‍ക്ക്, കവിതയില്‍ അനുഭവത്തിന്റെ ഉപ്പും മധുരവും ചാലിച്ച കവികാരണവര്‍ക്ക്, ജ്ഞാനപീഠത്തിന്റെ അഞ്ചാമൂഴം ഭാഷയുടെ മടിത്തട്ടിലെത്തിച്ച പ്രഫ.ഒ.എന്‍.വി കുറുപ്പു സാറിന് അഭിനന്ദനങ്ങള്‍.
Sunday, September 26, 2010
പ്രാഞ്ചിയേട്ടന് നന്ദി, രഞ്ജിത്തിനു സ്തുതി

ചില സിനിമാക്കാരുണ്ട്. നമ്മേ കൊണ്ട് മനഃപൂര്‍വം ചീത്ത കേള്‍പ്പിക്കും. അവര്‍ക്ക് നല്ല സിനിമയെപ്പറ്റി ബോധമില്ലാത്തതുകൊണ്ടല്ല, മറിച്ച് ബോധപൂര്‍വം ചില തറസിനിമകള്‍ പടച്ചുവിട്ടുകളയും. ദേവാസുരവും, രണ്ടാം ഭാവവും, മായാമയൂരവും ഓര്‍ക്കാപ്പുറത്തും നന്ദനവും പോലെ ചില സ്പാര്‍ക്കുള്ള സിനിമകളെഴുതിയ രഞ്ജിത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ജയരാജിന്റെ ഇരട്ടപിറന്നപോലെയാണ് രഞ്ജിത്തിന്റെ സര്‍ഗപ്രവര്‍ത്തികള്‍ ചിലപ്പോള്‍. കയ്യൊപ്പ് പോലെ സത്യസന്ധമായ ഒരു സിനിമ ചെയ്തിട്ട് റോക്ക് ആന്‍ഡ് റോള്‍ പോലൊരു അയുക്തികമായ ബുള്‍ഷിറ്റ് ഒരുക്കിക്കളയും കക്ഷി! അതുകൊണ്ടു തന്നെ രഞ്ജിത്തിന്റെ ഒരു സിനിമ കണ്ട് അടുത്തതിനെപ്പറ്റി യാതൊരു മുന്‍വിധിയും സാധ്യമല്ല. മറ്റൊരു ഭാഷയില്‍, ഒരു സിനിമ നന്നാക്കിയാല്‍ അടുത്തത് കൂളമാക്കും എന്നൊരു മുന്‍വിധിയായാലും സാരമില്ലെന്നു സാരം!
എന്നാല്‍, തിരക്കഥയ്ക്കും, മലയാളത്തിലെ എണ്ണം പറഞ്ഞ നല്ല സിനിമകളില്‍ ഇടം പറ്റിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയ്ക്കും ശേഷം രഞ്ജിത്തും ക്രൂവും ഒരുക്കിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റില്‍ ഈ മുന്‍വിധി തകര്‍ത്തെറിയുകയാണ് സ്രഷ്ടാക്കള്‍. ഇവിടെ, മുന്‍വിധികളോടെ വിമര്‍ശിക്കാനെത്തുന്നവരെപ്പോലും രഞ്്ജിത് അടിയറവു പറയിക്കുന്നു-വേറിട്ട ചിന്തയുടെ, ഭാവനയുടെ സമര്‍ഥമായ നിര്‍വഹണത്തിലൂടെ.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് സത്യമാകാന്‍ ഇടയായത് ദിലീപ് എന്നൊരു നിര്‍മ്മാതാവിന്റെ പിന്തുണയാണെങ്കില്‍, ഇന്നത്തെ സവിശേഷമായ സാഹചര്യത്തില്‍ പ്രാഞ്ചിയേട്ടന്‍ പോലൊരു സിനിമ സാധ്യമാകാന്‍ കാരണം സംവിധായകന്‍ തന്നെ നിര്‍മാതാവായതുകൊണ്ടാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും, മലയാളത്തില്‍ ഒറ്റതിരിഞ്ഞ് ഒരു സിനിമയുണ്ടാകണമെങ്കില്‍ നടന്മാരോ സംവിധായകരോ തന്നെ സ്വയം നിര്‍മിക്കേണ്ടിവരുന്നു എന്നുവരുന്നത് വ്യവസായമെന്ന നിലയ്ക്ക് സിനിമയെ എവിടെക്കൊണ്ടു നിര്‍ത്തുന്നു എന്നൊരു ചിന്തയ്ക്കു കൂടി പ്രാഞ്ചിയേട്ടനും മലര്‍വാടിയും തിരിവയ്ക്കുന്നുണ്ട്.
മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതുപോലെ, പ്രാഞ്ചിയേട്ടന്‍ താരവ്യവസ്ഥകളെ, താര സാന്നിദ്ധ്യം കൊണ്ടു തന്നെ മറികടക്കുന്നുണ്ട്, അല്ലെങ്കില്‍ അതിജീവിക്കുന്നുണ്ട്. മലര്‍വാടി താരങ്ങളെ പാടെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് നിശ്ശബ്ദമായി കലഹിച്ചതെങ്കില്‍ പ്രാഞ്ചിയേട്ടന്‍ മമ്മൂട്ടി എന്ന മഹാതാരത്തെ അവതരിപ്പിക്കുമ്പോള്‍ തന്നെ ആ താരത്തിന്റെ പരിവേഷം തകര്‍ത്തെറിയുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത.
തറ വളിപ്പുകളെ പടിപ്പുരയ്ക്കപ്പുറം നിര്‍ത്തി, ചിരിക്കുവേണ്ടി ചിരി ഉദ്പാദിപ്പിക്കുന്ന സിനിമാശീലങ്ങള്‍ വിട്ട് നിത്യജീവിതത്തില്‍ ഒരുപക്ഷേ നാം കണ്ടു മുട്ടിയേക്കാവുന്ന വ്യക്തികളിലൂടെ, കടന്നുപോയേക്കാവുന്ന വിശേഷങ്ങളിലൂടെ നൈസര്‍ഗികമായി ഉത്പാദിപ്പിക്കുന്ന ചിരിയാണ് പ്രാഞ്ചിയേട്ടന്‍ നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു ചിരി, റാംജിറാവു സ്പീക്കിംഗ് എന്നൊരു സിനിമ സമ്മാനിച്ചത് ഓര്‍ത്തുപോവുകയാണ്. പ്രാഞ്ചിയേട്ടന്‍ മുന്നോട്ടുവയ്ക്കുന്ന സോദ്ദേശ്യസന്ദേശങ്ങളൊക്കെ മാറ്റിനിര്‍ത്തിയാലും,കൈകൊണ്ട് ആറെഴുതുകയും കാലു വലത്തോട്ടു തിരിക്കുകയും ഒന്നിച്ചു ചെയ്യാമോ എന്നും വി.എസ് അച്യൂതാനന്ദന്‍ കേരളത്തിലെ എത്രാമത്തെ മുഖ്യമന്ത്രിയാണ് എന്ന ചോദ്യം ഇംഗഌഷില്‍ ചോദിക്കുന്നതെങ്ങനെ എന്നുമുള്ള ചില ചോദ്യങ്ങള്‍ വഴി, ഹിന്ദിയില്‍ രാജ്കുമാര്‍ ഹിരാണി ത്രി ഇഡിയറ്റ്‌സില്‍ മുന്നോട്ടുവച്ചതുപോലെയുളള ചില പ്രശ്‌നങ്ങളാണ് രഞ്ജിത്തും ഉന്നയിക്കുന്നത്. അതിലെ നിഷ്‌കളങ്കത്വം ദാര്‍ശനികമാണ്.
തന്നോട് സംവദിക്കുന്ന ഫ്രാന്‍സിസ് പുണ്യാളന്‍ ചിത്രത്തിനൊടുവില്‍ പ്രാഞ്ചിക്ക് കാണിച്ചു കൊടുക്കുന്ന മൂന്നു ദൃശ്യങ്ങളുണ്ട്. വിവാഹിതരായി സുഖമായി ജീവിക്കുന്നു എന്നു താന്‍ കരുതുന്ന പൂര്‍വകാമുകിയും ശത്രുവായ സഹപാഠിയും പരസ്പരം വഞ്ചിച്ചുകൊണ്ട് പ്രണയം അഭിനയിക്കുന്നതാണ് ആദ്യദൃശ്യം. തന്നെ വഞ്ചിച്ച ആദര്‍ശ് മേനോന്‍ ചത്തീസ്ഗഡില്‍ പൊലീസ് പിടിയിലാവുന്നതാണ് അടുത്തത്. തന്നോടുള്ള പ്രണയം മറച്ചുവച്ച തന്റെ കാമുകിയുടെ ഉള്ളലിരുപ്പാണ് മൂന്നാമത്തേത്. മലയാളിയുടെ സഹജമായ ഹിപ്പോക്രിസി-കാപട്യത്തിന്, ആത്മവഞ്ചനയ്ക്ക് നേരെയുള്ള അതിശക്തമായ കൂരമ്പുകളാണ് ഈ മൂന്നു കാഴ്ചകളും.അതിന്റെ പേരില്‍ മാത്രമായാലും രഞ്ജിത് അഭിനന്ദനമര്‍ഹിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടും, സലീംകുമാറുമില്ലാതെ, ടിനിടോമിനെയും ഇടവേളബാബുവിനെയും വച്ചും ഒരു ചിത്രം പൊലിപ്പിക്കാമെന്നു തെളിയിക്കാനുള്ള ചങ്കുറപ്പുകാണിച്ചതിനും.
ദ് ബോയ്‌സ് ഓഫ് മലര്‍വാടി

മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് കണ്ടു. വൈകിയതിനു ക്ഷമ. ഇടയ്‌ക്കൊരു ഹിമാലയന്‍ യാത്രയുണ്ടായിരുന്നതുകൊണ്ട് വായനയിലും സിനിമയിലും ഒരു ഷോര്‍ട്ട് ബ്രേക്ക്. അതുകഴിഞ്ഞെത്തിയശേഷമാണ് പെന്‍ഡിംഗ് സിനിമകള്‍ കണ്ടു തീര്‍ത്തത്. അക്കൂട്ടത്തില്‍ മലര്‍വാടിയും. തീര്‍ച്ചയായും വിനീത് ശ്രീനിവാസന്റെ കന്നിസംരംഭം അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്ക്. ഒന്ന്. ലബ്ധപ്രതിഷ്ഠരായ താരങ്ങളുടെ പിന്‍ബലം വേണ്ട എന്നു വച്ചതിന്. രണ്ട്.ഗാനരചനയടക്കം സിനിമയുടെ എല്ലാ മേഖലകളിലും ഒരു ബാലചന്ദ്രമേനോനായിത്തന്നെ അരങ്ങേറാന്‍ കാട്ടിയ ധൈര്യത്തിന്.
വഴി മാറി ചിന്തിക്കുന്ന യുവത്വത്തിന്റെ പ്രസന്നതയും പ്രസരിപ്പുമാണ് വാസ്തവത്തില്‍ ശയ്യാവലംബമായ മലയാളസിനിമയ്ക്ക് ഇന്ന് അത്യാവശ്യം. വിനീത് ആ അര്‍ഥത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, തമിഴില്‍ സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി നിര്‍വഹിച്ച ബോയ്‌സ് എന്ന സിനിമയോട് മലര്‍വാടിക്ക് ഏറെ കടപ്പാടുണ്ടെന്ന കാര്യം വിനീത് ശ്രീനിവാസനും മറക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്. സംഗീതം ജീവിതമാക്കുന്ന ഒരു പറ്റം യുവാക്കളുടെ...അവരുടെ കൂട്ടത്തില്‍ കൂടുന്ന ഒരു യുവതിയുടെ, കഥ തന്നെയാണ് രണ്ടും എന്നതുമാത്രമല്ല, കഥയുടെ ക്‌ളൈമാക്‌സില്‍ വരെ വന്നുഭവിച്ച സാമ്യം കണ്ടില്ലെന്നു നടിക്കുന്നത് അസാധ്യം.അതിനര്‍ഥം മലര്‍വാടിയുടെ പുതുമകളെ, നന്മകളെ കണ്ടില്ലെന്നു വയ്ക്കുന്നു എന്നല്ല. തീര്‍ച്ചയായും മലര്‍വാടി ആഘോഷിക്കപ്പെടേണ്ട സിനിമ തന്നെയാണ്, പ്രത്യേകിച്ചും ഈ കാലയളവില്‍.
എന്തൊക്കെ കുറവുണ്ടെങ്കിലും, ഒരു കന്നി സംവിധായകന്റെ, അതി ധീരമായ പരിശ്രമം എന്ന നിലയ്ക്ക് മലര്‍വാടി അംഗീകരിക്കപ്പെടേണ്ടത്, മലയാള സിനിമയെ സ്‌നേഹിക്കുന്നവരുടെ കര്‍ത്തവ്യമോ കടമയോ ആണ്. അതുമാത്രമല്ല, ഇത്തരമൊരു സംരംഭത്തിന് ഇലയിട്ട് സദ്യ വിളമ്പിയ നടന്‍ ദിലീപിന്റെ ദൗത്യം, സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു ചലച്ചിത്രപ്രവര്‍ത്തകന്റെ അര്‍പണബോധത്തിന്റെ കൂടി തെളിവുതന്നെയാണ്.
ഒരു കാര്യത്തിലേ, വിനീതിനോട് വേറിട്ട അഭിപ്രായമുള്ളു-സുരാജ് വെഞ്ഞാറമ്മൂടില്ലായിരുന്നെങ്കിലും, അച്ഛന്റെ തന്നെ കഥ പറയുമ്പോളിലേതിനു സമാനമായ കോട്ടയം നസീറിന്റെ കഥാപാത്രമില്ലായിരുന്നെങ്കിലും മലര്‍വാടി പൂത്തുലയുമായിരുന്നു.
ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ് ശരിക്കും അയാളുടെ ആദ്യ പരീക്ഷണം അഥവാ അഗ്നി പരീക്ഷണം.അതാണ് അയാളുടെ നിലനില്‍പ്പിനെ നിര്‍ണയിക്കുക. കേരളം കാത്തിരിക്കുന്നത് വിനീതിന്റെ അടുത്ത സിനിമയ്ക്കായാണ്. അതിലെങ്കിലും ആദ്യസിനിമയിലെ കുറവുകളും കൈകുറ്റപ്പാടുകളും ഒഴിവാക്കാന്‍ ശ്രമിക്കുക. താങ്കളില്‍ മലയാളത്തിന് ഏറെ പ്രതീക്ഷയാണുള്ളതെന്ന ബോധ്യം വെടിയാതിരിക്കുക.
Wednesday, September 15, 2010
Congrats Harikrishnan


Saturday, September 11, 2010
സങ്കടക്കടല്‍ നടുവില്‍...
നിന്നുപോയ കാറിന്റെ ഡ്രൈവര്‍ക്ക് ചൂലുകൊണ്ട് അടി
സ്വന്തം ലേഖകന്‍
(Malayala Manorama Dt 12/09/2010)
തിരുവനന്തപുരം: തിരക്കേറിയ കവലയില്‍ കാര്‍ നിന്നുപോയി ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം ചെറുപ്പക്കാര്‍ പ്രായംചെന്ന ഡ്രൈവറെ കാറിനകത്തിട്ടു ചൂല് കൊണ്ടു തല്ലിയശേഷം പുറത്തേക്കു വലിച്ചിഴച്ചു സൈക്കിള്‍ ട്യൂബ് കൊണ്ടു കെട്ടിയിട്ടു.
കാലടി തളിയല്‍ വാറുകുഴിയില്‍വിളാകം പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടി (51)ക്കു ജഗതി ജംക്ഷനില്‍ ഉണ്ടായ അനുഭവം ഏതാണ്ടു ബിഹാര്‍ മോഡലില്‍ ഉള്ളതായിരുന്നു. ജംക്ഷനിലെ ചുവന്ന സിഗ്നല്‍ കാണാതെ കൃഷ്ണന്‍കുട്ടി അംബാസഡര്‍ കാര്‍ മുന്നോട്ടെടുത്തതാണു തുടക്കം. ഹോംഗാര്‍ഡ് വണ്ടി കൈകാണിച്ചു നിര്‍ത്തി. കാര്‍ നിന്നുപോയതിനെത്തുടര്‍ന്നു ഗതാഗതക്കുരുക്കുമുണ്ടായി.
ഇതിനു പിന്നാലെയായിരുന്നു ചെറുപ്പക്കാരുടെ
ഇടപെടല്‍. കൃഷ്ണന്‍കുട്ടിയെ അസഭ്യം കൊണ്ടു നേരിട്ടു. അസഭ്യം തന്നെ തിരിച്ചും കേട്ടു. ഇതിനു പിന്നാലെ ഡോര്‍ തുറന്ന ചെറുപ്പക്കാരന്‍ ഉള്ളിലേക്കു കയറി ചൂല് കൊണ്ടു പൊതിരെ തല്ലാന്‍ തുടങ്ങി. ഓരോ അടിയും ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ കാറില്‍ നിന്നു കൃഷ്ണന്‍കുട്ടിയെ പുറത്തേക്കു വലിച്ചിഴച്ചു.
നിലത്തു വീണ കൃഷ്ണന്‍കുട്ടിയുടെ കഴുത്തില്‍ സൈക്കിള്‍ ട്യൂബ് വരിഞ്ഞുമുറുക്കി, പിന്നിലേക്കെടുത്തു കൈകള്‍ കെട്ടിയിട്ടു. പിന്നെ ചുറ്റും നിന്നു മര്‍ദനമായിരുന്നു. മാന്യമായി വേഷം ധരിച്ചവര്‍ പോലും കൃഷ്ണന്‍കുട്ടിയെ കൊത്തിപ്പറിക്കാന്‍ മുന്നിട്ടുവന്നു. മര്‍ദനമുറകള്‍ കഴിഞ്ഞതോടെ സമനില തെറ്റിയ പോലെയായി കൃഷ്ണന്‍കുട്ടി. ഇതിനിടെ മ്യൂസിയം പൊലീസ് എത്തി കൃഷ്ണന്‍കുട്ടിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ചെറുപ്പക്കാരില്‍ ഒരാളെ സ്‌ക്രൂഡ്രൈവര്‍ കൊണ്ടു കുത്തിയതിനെത്തുടര്‍ന്നാണു നാട്ടുകാര്‍ പ്രകോപിതരായതെന്നു പൊലീസ് പറയുന്നു. സ്‌ക്രൂ ഡ്രൈവര്‍ എടുത്ത് ഒരാളെ കുത്തിയതായി കൃഷ്ണന്‍കുട്ടി സമ്മതിക്കുന്നുമുണ്ട്.
കൃഷ്ണന്‍കുട്ടി മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കാറിലെ യാത്രക്കാരെ വിട്ടു വരുന്നവഴി താന്‍ മദ്യപിച്ചതായി കൃഷ്ണന്‍കുട്ടി സമ്മതിച്ചു. ഇയാളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. കൃഷ്ണന്‍കുട്ടിയുടെ മൊഴി പ്രകാരം കണ്ടാലറിയുന്ന ആറുപേര്‍ക്കെതിരെ കേസെടുത്തു. മദ്യപിച്ചു വാഹനം ഓടിച്ചതിനു കൃഷ്ണന്‍കുട്ടിക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
Please click the link and read the Manorama Report and then read this update..
കൃഷ്ണന്‍കുട്ടി.എന്റെ മകളെ ഒന്നാം കഌസ് മുതല്‍ സ്‌കൂളില്‍ കൊണ്ടുവിടുകയും വിളിച്ചുകൊണ്ടുവരികയും ചെയ്യുന്ന ഡ്രൈവര്‍. അവളെപ്പോലെ അനേകം കുട്ടികളുടെ സാരഥി അങ്കിള്‍. കടുത്ത ഹൃദ്രോഗി. ഉറുമ്പിനെപ്പോലും നോവിക്കാത്ത സ്വഭാവക്കാരന്‍. അദ്ദേഹത്തിനു നേരിട്ട കയ്യേറ്റത്തിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനല്ലേ മറുപടിപറയേണ്ടത്. വിഷക്കള്ളു ദുരന്തം, മന്ത്രിസഭയുടെ കാലാവധികഴിയാന്‍ പോവുന്ന നേരത്ത് പ്രതിപക്ഷം അടക്കം ഉണ്ടാക്കിത്തീര്‍ക്കുന്ന ഗൂഡാലോചനയാണെന്ന നിലയ്ക്ക് ആരോപണമുന്നയിക്കുന്ന ഭരണകക്ഷിക്ക് ഈ സദാചാര പോലീസിംഗിനെപ്പറ്റി എന്തുണ്ട് പറയാന്‍. സിഗ്നല്‍ വീഴുമ്പോള്‍ വാഹനം നിന്നു പോവുക പതിവുള്ള ഡ്രൈവറാണ് ഞാന്‍. ചിലപ്പോഴെങ്കിലും മുന്നില്‍പ്പോവുന്ന വാഹനം മാത്രം ശ്രദ്ധിച്ചോടിക്കവേ സിഗ്നല്‍ മാറിയതു കാണാതെ മുന്നോട്ടെടുത്തിട്ടുമുണ്ട്. ഈ തെറ്റേ കൃഷ്ണന്‍കുട്ടിക്കും പറ്റിയിട്ടുള്ളൂ. അല്ലാതെ അദ്ദേഹം തടിയന്റവിടെയോ തച്ചങ്കേരിയിലോ കുടുംബബന്ധമുള്ളയാളല്ലേ. എന്നിട്ടും ഈ പീഡനമോ? അല്ലെങ്കിലും ഒരു ചോദ്യപ്പേപ്പറിന്റെ പേരില്‍ കൈ നഷ്ടപ്പെട്ട അധ്യാപകന്‍ ജീവിച്ചിരിക്കുന്ന കേരളത്തില്‍ ഇതും ഇതിലപ്പുറവും ഉണ്ടാവും. ഇനി കാറോടിക്കുന്നതും നിര്‍ത്തിയാലോ എന്നാണാലോചന. ദൈവമേ, നിന്റെ സ്വന്തം നാട്ടിലെ ഈ മനുഷ്യാവകാശകൈയേറ്റങ്ങള്‍ നീ കാണുന്നില്ലെന്നോ? ധര്‍മ്മസംസ്ഥാപനാര്‍ഥം സംഭവിക്കാന്‍ ഇനി അവതാരങ്ങളേ ഇല്ലെന്നോ കൃഷ്ണ കൃഷ്ണ!
Wednesday, September 08, 2010
റിയാലിറ്റിക്കു പിന്നിലെ റിയാലിറ്റി: ചില മനുഷ്യാവകാശ ചിന്തകള്‍

feature published in Varthamanam daily Annual-Onam special 2010
എ.ചന്ദ്രശേഖര്‍
Television programs that present real people in live, though often deliberately manufactured, situations and monitor their emotions and behavior.
ഇതാണ് റിയാലിറ്റി ടിവിക്ക് നിഘണ്ടു നല്‍കുന്ന വ്യാഖ്യാനം. അമേരിക്കയിലെ റിയാലിറ്റി ടിവി എന്ന പേരില്‍ത്തന്നെയുള്ള ടിവിചാനലും മറ്റും ഇത്തരത്തില്‍ യഥാര്‍ഥ മനുഷ്യജീവിതാവസ്ഥകളുടെ വൈവിദ്ധ്യമാര്‍ന്ന അവസ്ഥാവിശേഷങ്ങള്‍ അവതരിപ്പിക്കുന്നതാണ്. എന്നാല്‍ ടെലവിഷനിലെ റിയാലിറ്റി ഷോ എന്ന സംജ്ഞയെ, കേരളത്തിലെ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാക്കളും പ്രേക്ഷകരും ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ വിവരിക്കാന്‍ ഈ വിവക്ഷ മതിയാവുമോ എന്നറിയില്ല. കാരണം അവ യഥാര്‍ഥത്തിലുള്ള റിയാലിറ്റി അല്ല, മറിച്ച റിയാലിറ്റി എന്ന കാപട്യമോ, വ്യാജറിയാലിറ്റിയോ ആവുന്നു എന്നതുതന്നെ.
റിയാലിറ്റി ഷോയ്ക്കു പിന്നിലെ മനഃശാസ്ത്രം
അയല്‍വീട്ടില്‍ എന്തുനടക്കുന്നുവെന്നും, അപ്പുറത്തെ സീറ്റിലെന്തുനടക്കുന്നുവെന്നും എത്തിനോക്കാനുള്ള വാസന മനുഷ്യരില്‍ ഉള്ളതുതന്നെയാണ്. മൃഗസഹജമായ നൈസര്‍ഗികമായ പ്രതിഭാസം മാത്രമാണത്. വിശപ്പും ദാഹവും രതിയും പോലെതന്നെയാണ് മനുഷ്യമനസ്സിന് ആകാംക്ഷയും. പ്രത്യേകിച്ച് നമ്മുടേതല്ലാത്ത എന്തിനോടും, നമുക്കറിയാത്ത എന്തുനോടുമുള്ള ആകാംക്ഷ. ഒളിഞ്ഞുനോട്ടത്തിന്റെ മനഃശാസ്ത്രവും ഇതുതന്നെയാണെന്ന് മനോരോഗഗവേഷകര്‍ സാക്ഷ്യപ്പെടുത്തും. വോയറിസം എന്നാണ് മനോചികിത്സകര്‍ ഈ സ്വഭാവത്തിനു നല്‍കിയിട്ടുള്ള പേര്. രതിയുടെ കാര്യത്തിലെന്നപോലെ, ശരീരത്തിലെ ചില ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ടാണ് ഒരു വ്യക്തി മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് അവരെന്നല്ല, മറ്റൊരാളറിയാതെ കണ്ണു പായിക്കാന്‍ ശ്രമിക്കുന്നത്.
അപരനറിയാതെ അവന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടത്തെയാണ് ഒളിഞ്ഞുനോട്ടം അഥവാ വോയറിസം എന്നു പറയുന്നത്. എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും ഒളിഞ്ഞുനോട്ട പ്രവണത കണ്ടുവരാറുണ്ട്. എന്നാല്‍ സംസ്‌കാരം എന്ന വസ്ത്രമിട്ട് നാമതിനെ മൂടിപ്പുതപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. അനേകം ലൈംഗിക പങ്കാളികളെ സ്വീകരിക്കുന്ന മൃഗവാസനയില്‍ നിന്ന് ഏകപങ്കാളിയെന്ന വ്യവസ്ഥയിലൂടെ സംസ്‌കാരസമ്പന്നരായ മനുഷ്യര്‍ സമാനമായൊരു വ്യവസ്ഥ സ്ഥാപിക്കുകവഴിയാണ് ഒളിഞ്ഞുനോട്ടം പോലെയുളള ചില സ്വഭാവവൈകല്യങ്ങളെ വരുതിയില്‍ നിര്‍ത്തുന്നത്. സംസ്‌കാരത്തിന്റെ പേരിലാണെങ്കിലും അടിച്ചമര്‍ത്തപ്പെടുന്ന മൃദുലവികാരങ്ങള്‍ തരം കിട്ടുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളെയും ഭേദിച്ച് പുറത്തേക്കു വരിക സ്വാഭാവികം മാത്രം. മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ ഒളിഞ്ഞുനോട്ടവാസനയും മറ്റു പല രീതിയിലും പുറത്തുവരുന്നത് അതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ ഒളിഞ്ഞുനോട്ടത്തിന്റെ ഇരകള്‍, കക്കൂസിലും കുളിമുറിയിലും സ്ഥാപിക്കപ്പെട്ട ഒളിക്യാമറകളിലും, മൊബൈല്‍ ക്യാമറകളിലും പകര്‍ത്തപ്പെടുന്ന സ്ത്രീകള്‍ മുതല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ മത്സരാര്‍ഥികള്‍ വരെ നീളുന്നുവെന്നുമാത്രം.
പാശ്ചാത്യ സംസ്‌കാരത്തെ ഒട്ടൊരവജ്ഞയോടെ നോക്കിക്കാണുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍. എന്നാല്‍, കേരളത്തില്‍ ഒരു പെണ്ണിന് ഇന്നും സര്‍വസ്വാതന്ത്ര്യത്തോടെ പൂവലന്മാരുടെയും തൈക്കിളവന്മാരുടെയും ആക്രാന്തം നിറഞ്ഞ ഒളികണ്ണുകളെ ഒഴിവാക്കി പൊതുസ്ഥലത്തു സഞ്ചരിക്കാനാവില്ല. മറിച്ച് യൂറോപ്പിലോ അമേരിക്കയിലോ പാതയോരത്ത് ചുംബനത്തിലോ മൈഥുന്യത്തിലോ തന്നെ ഏര്‍പ്പെട്ടിരിക്കുന്ന കമിതാക്കളെ മറ്റു സഞ്ചാരികള്‍ തിരിഞ്ഞുപോലും നോക്കില്ല. കാരണം, പൊതുവിടത്താണെങ്കിലും അത് അവരുടെ സ്വകാര്യതയാണെന്ന തിരിച്ചറിവും, അതില്‍ അരുതാത്തതോ, തങ്ങള്‍ക്ക് അപ്രാപ്യമായതോ ആയ യാതൊന്നും ഇല്ലെന്നുമുള്ള മനസ്സിലാക്കലുമാണ് അവിടത്തുകാരെ ഇങ്ങനെ പെരുമാറാന്‍ കെല്‍പ്പുള്ളവരാക്കുന്നത്. കേരളത്തിലാവട്ടെ, പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും ഇന്നും സ്വതന്ത്രരായി, താലിമാംഗല്യത്തിന്റെ വ്യവസ്ഥക്കെട്ടുകൂടാതെ ഒന്നിച്ചു സഞ്ചരിക്കാനോ രാപാര്‍ക്കാനോ സാധിക്കുന്ന അവസ്ഥയില്ല. അവരെ സാംസ്‌കാരിക പൊലീസു പണി സ്വയമേറ്റെടുക്കുന്ന രാഷ്ട്രീയ സാമൂഹികസംഘടനകള്‍ കല്ലെറിയും, കൂവിത്തോല്‍പ്പിക്കും, മാധ്യമവിചാരണയ്ക്കു വിട്ടുകൊടുക്കുകയും ചെയ്യും. പക്ഷേ ഓര്‍ക്കുക- ഇതൊക്കെയും ചാനല്‍ മാധ്യമങ്ങളുടെ വരവിനുശേഷമുണ്ടായ സാംസ്‌കാരിക സവിശേഷതകളാണ്. ഇവിടെ, സ്വകാര്യത അനാവൃതമാവുന്നത് ക്യാമറാക്കണ്ണുകള്‍ക്കുമുന്നിലാണ്. പണ്ട് പത്രലേഖകരുടെ പപ്പരാസിക്കണ്ണുകള്‍ക്കു മുന്നില്‍ മാത്രം അനാവരണം ചെയ്യപ്പെട്ടിരുന്ന പ്രശസ്തരുടെ സ്വകാര്യതകള്‍ പോലും ഇന്ന് ഒളിക്യാമറയുടെ കാഴ്ചവിഭവമാവുന്നു. ഒരുതരം പരസ്യമായതും കൂട്ടംകൂടിയുമുള്ള ഒളിഞ്ഞുനോട്ടമല്ലെങ്കില്‍ പിന്നെ ഇതെന്താണ്?
അന്യന്റെ രതി കണ്ട് നിര്‍വൃതി നേടുന്നതിനു പിന്നിലെ മനഃശാസ്ത്രമാണ് നീലച്ചിത്രങ്ങളുടെ ആഗോളവ്യാപനത്തിനു പിന്നിലെങ്കില്‍, ഈ മനഃശാസ്ത്രം തന്നെയാണ്, ഷക്കീലസിനിമകളെ കേരളത്തില്‍ വന്‍ വിജയങ്ങളാക്കിത്തീര്‍ത്തതും. ഒരു തലമുറയുടെ മാത്രം ദര്‍ശനപ്രതിസന്ധിയായോ, സംവേദനശൈഥില്യമായോ ഈ പ്രതിഭാസത്തെ ചെറുതാക്കിക്കാണുന്നതില്‍ കഴമ്പില്ല. കാരണം, ദൃശ്യമാധ്യമമുണ്ടായ കാലം മുതല്‍ക്കുതന്നെ മനുഷ്യന്റെ തീര്‍ത്തും സ്വകാര്യ ഇടമായ കിടപ്പറയിലും കുളിമുറിയിലും എത്തിനോക്കുന്ന പ്രവണതയും ചലച്ചിത്രകാരന്മാര്‍ തുടങ്ങിവച്ചിരുന്നു. എഴുതിവച്ച വാക്കുകളിലെ വാച്യാര്‍ഥം വായനക്കാരന്റെ മനസ്സില്‍ മൂര്‍ത്തീകരിക്കപ്പെടുന്നതില്‍ നിന്നു വ്യത്യസ്തമാണിത്. കാരണം ചലച്ചിത്രത്തില്‍ ഒന്നും അമൂര്‍ത്തമല്ല. കാഴ്ച എല്ലാം യഥാര്‍ഥ പ്രതീതിയോടെ കാണിക്കുകതന്നെയാണ്. അപ്പോള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതായാല്‍പ്പോലും പ്രേക്ഷകന്‍ കാണുന്നത്, നടനും നടിയുമെന്ന രണ്ട് അന്യരുടെ സ്വകാര്യനിമിഷങ്ങളാണ്. സ്വയം ചെയ്യുന്നതല്ലെങ്കിലും അതില്‍ തങ്ങള്‍ക്കുവേണ്ടി, ഛായാഗ്രാഹകനും സംവിധായകനും ഏറ്റെടുക്കുന്ന ഒളിഞ്ഞുനോട്ടക്കാരുടെ ധര്‍മ്മത്തോട് കാണികള്‍ സ്വയം ഉള്‍ച്ചേരുകയാണ്. അവര്‍ നേരിട്ടതു കാണുന്നുവെന്ന രീതിയിലേക്ക് പ്രേക്ഷകര്‍ അതിനോട് സാത്മ്യം പ്രാപിക്കുകയാണ്. പദ്മതീര്‍ഥക്കുളത്തില്‍ മനോരോഗി കാവല്‍ക്കാരനെ നിഷഠുരം മുക്കിക്കൊല്ലുന്നത് ലൈവ് ആയി കാണാനിരുന്ന പ്രേക്ഷകന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.
ടെലിവിഷനിലേക്കു വരുമ്പോള്‍ വ്യക്തിയുടെ സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം ചലച്ചിത്രത്തേ അപേക്ഷിച്ച് വളരെ കൂടുന്നുവെന്നു കാണാം. ഒളിക്യാമറാ ഓപ്പറേഷന്‍ മുതല്‍ റിയാലിറ്റി ഷോ വരെ പരന്നു കിടക്കുന്നതാണ്് ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഈ ദൃശ്യവല. അതില്‍ ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനം സാമൂഹിക നന്മയ്ക്ക് എന്ന പേരില്‍ ഇരയുടെ സമ്മതമില്ലാതെ, പലപ്പോഴും ഇര അറിയുകപോലുമില്ലാതെ വ്യക്തമായ പൂര്‍വാസൂത്രണത്തോടെ കാഴ്ചക്കാര്‍ക്കുമുന്നിലെത്തപ്പെടുന്ന ദൃശ്യങ്ങളിലാണ് അവസാനിക്കുക. ഇവിടെ, ഇര കേവലമൊരു സബ്ജക്ട് മാത്രമാവുന്നു. അയാള്‍ക്കു പറയാനുള്ളതെന്തെന്നതിന് ഈ ദൃശ്യാക്രമണത്തില്‍ പ്രസക്തിയേ ഇല്ലാതാവുന്നു. ഒളിഞ്ഞിരുന്നു കാണുന്ന നാം പ്രേക്ഷകര്‍ക്ക് ഏകപക്ഷീയമായ മനഃസുഖം കൈവരുന്നു. ഇരയുടെ തൊലിയുരിക്കാന്‍ നമുക്കുമായല്ലോ എന്ന ആത്മനിര്‍വൃതിയാണ് പ്രേക്ഷകന്റെ ബോധത്തെ അപ്പോള്‍ ഭരിക്കുന്നത്.
ഇരയുടെ/ഇരകളുടെ അനുമതിയോടെ, അല്ലെങ്കില്‍ നിബന്ധനകളുടെ പേരില്‍ നിര്‍ബന്ധിതമായി പിടിച്ചുവാങ്ങുന്ന അനുമതിയുടെ പേരില്‍ തൊലിയുരിച്ചു കാണിക്കുന്ന പ്രവണതയാണ് റിയാലിറ്റി ഷോയില്‍ പ്രകടമാവുന്നത്. വ്യക്തമായി എഴുതിത്തയാറാക്കിയ, അല്ലെങ്കില്‍ മുന്‍ധാരണയോടെ വിഭാവനചെയ്യപ്പെട്ട തിരക്കഥയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് റിയാലിറ്റി ഷോകളിലെ‘റിയാലിറ്റി ക്യാമറയ്ക്കു മുന്നില്‍ അരങ്ങേറുന്നത്. റിയാലിറ്റി ഷോ, റാഗിംഗിന് സമാനമാകുന്നുവെന്ന വിമര്‍ശനത്തിന് കല്‍ക്കട്ടയില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സംസാര/ശരീര ശേഷി തളര്‍ന്നു കുഴഞ്ഞുവീണ മത്സരാര്‍ഥിയുടെ കേസുമുതല്‍ക്കേ ആയുസ്സുള്ളതാണ്. എന്നാല്‍, റാഗിംഗിനുപരി ഒളിഞ്ഞുനോട്ടത്തിന്റെ ആത്മരതിക്കു കൂടി മത്സരാര്‍ഥികള്‍ ഇരകളാവുന്നുവെന്നുള്ളതാണ് വാസ്തവം.
ബിഗ് ബ്രദര്‍ ഷോ എന്ന പേരില്‍ വിവാദങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ ഒളിക്യാമറാ ഷോയിലാവട്ടെ പങ്കെടുക്കുന്നവരുടെ സ്വകാര്യനിമിഷങ്ങളിലേക്കു വരെ ക്യാമറി തിരിച്ചുവച്ചുകൊണ്ട് റിയാലിറ്റിക്ക് നീലമയം തന്നെ സമ്മാനിച്ചുവെന്നോര്‍ക്കുക. ഇതിലെ ചൂടന്‍ നീലദൃശ്യങ്ങള്‍ യു.ട്യൂബിലൂടെയും എം.എം.എസിലൂടെയും ലോകം മുഴുവന്‍ പ്രചരിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ അവരറിയാതെ തന്നെ ഇരകളാക്കപ്പെടുകയാണ്.
ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം
വാര്‍ത്തയായാല്‍പ്പോലും വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രീകരണം മനുഷ്യാവകാശലംഘനമാണ്. അതുകൊണ്ടാണ് പീഡനക്കേസുകളുടെ റിപ്പോര്‍ട്ടിംഗില്‍ ഇരകളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന പരാമര്‍ശങ്ങളൊഴിവാക്കണം എന്ന് പ്രസ് കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. തീവ്രവാദക്കേസുകളില്‍ പോലും വിചാരണ നേരിടുന്നവരുടെ മുഖം മറയ്ക്കാന്‍ അധികൃതര്‍ അമിതതാല്‍പര്യം കാണിക്കുന്നതിനേപ്പോലും, അവര്‍ നിയമത്തിന്റെ മുന്നില്‍ കേവലം കുറ്റാരോപിതര്‍മാത്രമാണെന്നും കുറ്റവാളികളായിക്കഴിഞ്ഞിട്ടില്ലെന്നുമുള്ള യുക്തിയനുസരിച്ചാണ് ന്യായീകരിക്കപ്പെടുന്നത്. ചുരുക്കത്തില്‍, ഒരാളുടെ സ്വകാര്യത എല്ലാ അര്‍ഥത്തിലും സംരക്ഷിക്കപ്പെടുന്നതിന് നമ്മുടെ നീതി ന്യായവ്യവസ്ഥിതി വളരെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്.
ഏതൊരു കേസിന്റെയും വിചാരണ നടക്കുന്നത്, സാധാരണ തുറന്ന കോടതികളില്‍ പരസ്യമായാണ്. എന്നാല്‍, പരസ്യമായി എന്നു വിവക്ഷിക്കുമ്പോഴും, ഒരു സാധാരണ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ വ്യവഹാരത്തിന്റെ വിചാരണ നടക്കുക ജില്ല മുതല്‍ സുപ്രീം കോടതി വരെയുള്ള തലങ്ങളില്‍ ഏതെങ്കിലും ഒരു കോടതിമുറിയുടെ നാലു ചുവരുകള്‍ക്കുള്ളിലായിരിക്കും. അമേരിക്ക പോലുള്ള ജനാധിപത്യരാഷ്ട്രങ്ങളിലാകട്ടെ വിചാരണ അതീവ രഹസ്യവുമായിരിക്കും. ഇന്ത്യന്‍ സാഹചര്യത്തിലെ വിചാരണ, സാങ്കേതികമായി പരസ്യമായിട്ടാണെങ്കിലും നാലുചുവരുകള്‍ക്കുള്‍ക്കൊള്ളാന്‍ ആവുന്നത്ര ആളുകള്‍ക്കു മുന്നില്‍ മാത്രമാണ് ഇതു നടക്കുന്നത് എന്നോര്‍ക്കണം. കേസുമായി ബന്ധപ്പെട്ടവരും, കക്ഷികളും, മാധ്യമപ്രവര്‍ത്തകരും, നിയമപാലകരും, നീതിന്യായ ഉദ്യോഗസ്ഥരും പോയാല്‍, കേരളത്തില്‍ ഏതു കൊടികെട്ടിയ കേസിന്റെ വിചാരണയും കോടതിമുറിയില്‍ അനുശാസിക്കുന്ന മര്യാദയോടെ നേരിട്ടു കാണാനും കേള്‍ക്കാനും സാധിക്കുക വിരളിലെണ്ണാവുന്നവര്‍ക്കുമാത്രമായിരിക്കുമെന്നോര്‍ക്കുക. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ എന്ന പേരില്‍ നടക്കുന്ന പരസ്യ വിഴുപ്പലക്കുകള്‍ അനേകലക്ഷംപേരിലേക്ക്, ലക്ഷോപലക്ഷം പ്രേക്ഷകര്‍ക്കു മുന്നിലേക്ക് തല്‍സമയം പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.
നമ്മുടെ കോടതികളില്‍ത്തന്നെ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാറുണ്ടെങ്കിലും ക്യാമറകള്‍ക്കു പ്രവേശനം നിഷേധമാണ്. അമേരിക്കയിലും ഇംഗഌണ്ടിലുമെല്ലാം വിചാരണ തല്‍സമയം വീക്ഷിക്കുന്ന ചിത്രകാരന്മാര്‍ അവ ചിത്രങ്ങളില്‍ പകര്‍ത്തിയതു മാത്രമാണ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു കണ്ടിട്ടുള്ളത്. കോടതിമുറിയിലെ മര്യാദ എന്നതിലുപരി മനുഷ്യാവകാശപ്രശ്‌നമെന്ന നിലയില്‍ത്തന്നെ വിചാരണയെ പാവനമായൊരു രഹസ്യമാക്കി നിലനിര്‍ത്താനുള്ള നീതിദേവതയുടെ ശാഠ്യം ഈ വിലക്കുകളില്‍ പ്രകടമാണ്.
എന്തിന്, നമ്മുടെ കുടുംബക്കോടതികളുടെ കാര്യം തന്നെയെടുക്കാം. കുടുംബക്കോടതികളില്‍ തലപോകുന്ന കേസുകളൊന്നുമല്ല കൈകാര്യം ചെയ്യുന്നത്. ഏഷ്യയില്‍ ഏറ്റവുമധികം വിവാഹമോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരളത്തിലെ കുടുംബക്കോടതികളിലെ വിചാരണകളില്‍ പുറത്തുനിന്ന് ഒരാള്‍ക്കും നിരീക്ഷകനാവാനാവില്ല. എന്തുകൊണ്ട്? കാരണം, അവിടെ നടക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള, ചിലപ്പോള്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള, തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായ അഭിപ്രായവ്യത്യാസങ്ങളുടെ, പരസ്പരാരോപണങ്ങളുടെ വാദപ്രതിവാദങ്ങളാണ്. അതില്‍ മൂന്നാമതൊരു അന്യന് കാര്യമൊന്നുമില്ല. പരസ്പരം പിരിയാന്‍ തീരുമാനിച്ചെത്തുന്നവര്‍ ഒടുവില്‍ ഏതു കുടുംബക്കോടതി വിചാരിച്ചാലും ഒന്നിക്കാതെ പിരിയുക തന്നെ ചെയ്യും. കേരളത്തിലെ കുടുംബക്കോടതികള്‍ക്കും ഇതില്‍ക്കൂടുതലൊന്നും ചെയ്യാനുമാവില്ല, ആയിട്ടുമില്ല. എങ്കില്‍പ്പിന്നെ, പരസ്പരം പിരിയാന്‍ തീരുമാനിച്ച ദമ്പതികളുടെ കേസു വിചാരണ മൂന്നാമതൊരാള്‍ കണ്ടെന്നുവച്ച് എന്താണ് എന്നു ചോദിക്കുന്നതിലെ യുക്തിയാണ് കഥയല്ലിതു ജീവിതം പോലൊരു റിയാലിറ്റി ഷോയുടെ പിന്നിലെ യുകതിയും.
പാട്ടുപാടാന്‍ വരുന്നവര്‍, ഭാവിയിലെ ഗായകരാവാന്‍ മത്സരിക്കുന്നവര്‍, അതിന് സമ്മാനമായി വന്‍ തുകകള്‍ക്കുളള പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നവര്‍, അവരുടെ പ്രകടനത്തിന്റെ പേരില്‍ (ശ്രദ്ധിക്കുക, പാട്ടു മത്സരത്തില്‍ പോലും പാട്ടിനല്ല, പെര്‍ഫോര്‍മന്‍സിനാണ്, പ്രകടനപരതയ്ക്കാണ് ടെലിവിഷന്‍ ഷോകള്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നത്) അതതു രംഗത്തെ ലബ്ധപ്രതിഷ്ഠരായ വിദഗ്ധരുടെ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് വിധേയരാവുന്നതില്‍ എന്താണു ചേതം? എന്ന ചോദ്യം പോലെ ലഘുവല്ല കഥയല്ലിതു ജീവിതം പോലൊരു ഷോയിലേത്. സ്റ്റാര്‍/സൂപ്പര്‍ സിംഗര്‍ മത്സരങ്ങളില്‍ പോലും വിധികര്‍ത്താക്കളുടെ പരസ്യവിമര്‍ശനം ഒരര്‍ഥത്തില്‍ മത്സരാര്‍ഥിയെ ഇരയാക്കുകയാണ്. തീര്‍ത്തും സൗമ്യമായി അഭിപ്രായം പറയുന്ന കെ. എസ്.ചിത്രയും രൂക്ഷമായി ഇരയെ വാരിവിടുന്ന ശരത്തും എം.ജി ശ്രീകുമാറും ഫലത്തില്‍ ഒരേ ചോരതന്നെയാണു പങ്കിടുന്നത്. സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളിലേതില്‍ നിന്നു വിഭിന്നമായൊരു പശ്ചാത്തലമാണിവിടെ. കലോല്‍സവങ്ങളില്‍ വിധികര്‍ത്താക്കള്‍ മാര്‍ക്കില്‍ക്കൂടി മാത്രമാണ് മത്സരാര്‍ഥിയെ നിര്‍ണയിക്കുന്നത്. ടെലിവിഷനിലാവട്ടെ, അവരെ അടിമുടി വിമര്‍ശിക്കുകയും കൂടി ചെയ്യുന്നു. ഇത് പരസ്യവിചാരണയ്ക്കു തുല്യമാണുതാനും. ഇവിടെ രണ്ടു തലത്തില്‍ മത്സരാര്‍ഥി ആക്രമിക്കപ്പെടുന്നു. ഒന്നാമതായി, അവന്റെ/അവളുടെ ആത്മവിശ്വാസം തകിടം മറിച്ചുകൊണ്ട് അവരുടെ പ്രകടനം തലനാരിഴ കീറി വിശകലനം ചെയ്യപ്പെടുന്നു, തുടര്‍ന്ന് മാര്‍ക്കിലൂടെയും തരംതിരിക്കപ്പെടുന്നു. രണ്ടാമതായി അവന്റെ/അവളുടെ ആത്മാഭിമാനം പരിഗണിക്കാതെ അവരെക്കൊണ്ട് പ്രേക്ഷകരോട് വോട്ടുയാചിപ്പിക്കുന്നു. ഇതിനൊക്കെപ്പുറമെയാണ്, പാടാന്‍ വരുന്നവനെക്കൊണ്ട് നാടകമാടിക്കുന്നതും നൃത്തമവതരിപ്പിക്കുന്നതും. പാടാനറിയാവുന്നവര്‍ക്കെല്ലാം അഭിനയം വശമാകണമെന്നില്ലല്ലോ? സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ പോലും രണ്ടോ മൂന്നോ സിനിമ കൊണ്ട് അവസാനിപ്പിച്ചതാണ് അഭിനയം എന്നുമോര്‍ക്കുക.
ഇന്ത്യയില്‍ തന്നെ നമ്മുടെ ഭാഷവിട്ടു ഹിന്ദിയടക്കമുളള പല ഭാഷാചാനലുകളിലും അരങ്ങേറുന്ന ഇത്തരം റിയാലിറ്റികളുടെ ഇന്ത്യന്‍ ഐഡല്‍ അടക്കമുള്ള ഒറിജിനലുകളില്‍, പാട്ടുകാരുടെ ആലാപനത്തിനും പാടുന്ന വിധത്തിനും മാത്രമാണ് വിധികര്‍ത്താക്കള്‍ പ്രാധാന്യം നല്‍കുന്നതെന്നോര്‍ക്കുക. മത്സരാര്‍ഥിയുടെ ആത്മാഭിമാനം വൃണപ്പെടാത്തവിധം, അവനെ/അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുന്നതിലും അവര്‍ അനായാസവിജയം നേടുന്നു. കോടികളുടെ സമ്മാനത്തിളക്കമല്ല അവിടെ വിജയികളേ കാത്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. സമ്മാനത്തിന്റെ മൂല്യത്തില്‍ അധിഷ്ഠിതമായ ഒരു മത്സരം അവിടെ അരങ്ങേറുന്നില്ല. മറിച്ച് സര്‍ഗാത്മകമായ കഴിവിന്റെ ഉരകല്ലാവുകയാണ് അവിടെ റിയാലിറ്റി മത്സരങ്ങള്‍. അതുകൊണ്ടുതന്നെയാണ് അഭിജിത് സാവന്തിനെയും ശ്രേയ ഘോഷാലിനെയും പോലുള്ള ഗായകര്തനങ്ങള്‍ അത്തരം മത്സരങ്ങളില്‍ നിന്ന് പിന്നണിരംഗത്തെ മുന്‍നിരക്കാരായി വളരുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ, കേരളത്തില്‍ അരങ്ങേറിയ സമാന റിയാലിറ്റികളില്‍ നിന്ന് യഥാര്‍ഥത്തില്‍ ഉയര്‍ന്നുവന്ന സംസ്ഥാന ശ്രദ്ധ നേടിയ എത്ര ഗായകരുണ്ടാവുമിവിടെ? ഗാനമേളകളിലൂടെ കാലക്ഷേപംനടത്തുന്നവരുടെ കഥ സംപ്രേഷണം ചെയ്ത്, തങ്ങളുയര്‍ത്തിയ ഗായകര്‍ ഇവിടെയുണ്ട് എന്ന് സ്വയം തെളിക്കേണ്ട ഗതികേടിലാണ് നമ്മുടെ ചാനലുകള്‍.
ജൂനിയര്‍ സ്റ്റാഴ്‌സിനെ കണ്ടെത്താനുള്ള കുട്ടികളുടെ മത്സരങ്ങളിലാവട്ടെ, ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും പറ്റിക്കൂടി ആത്മബോധം കിളിര്‍ത്തിട്ടില്ലാത്ത കുരുന്നുകളെക്കൊണ്ടാണ് ഈ കല്ലെടുപ്പിക്കല്‍. അവര്‍ക്കുവേണ്ടി അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതി കരാറിലുണ്ടെന്നു ചാനലുടമകള്‍ക്കു ന്യായീകരിക്കാമെങ്കിലും, തിരിച്ചറിവില്ലാത്ത ബാല്യത്തില്‍ അവരെ ഇരകളാക്കുന്നത് വാസ്തവത്തില്‍ ബാലപീഠനത്തോളം രൂക്ഷമായ ചൂഷണം തന്നെയാണ്. അമൃത ടിവിയിലെ കഥയല്ലിതു ജീവിതം എന്ന റിയാലിറ്റി ഷോയിലേക്കെത്തുമ്പോള്‍, ഈ മനുഷ്യാവകാശ ലംഘനം അതിന്റെ എല്ലാ പരിധികളും താണ്ടുന്നതു കാണാം. ഒരു എപ്പിസോഡില്‍, പരസ്പരം പഴിചാരുന്ന അച്ഛനമ്മമാര്‍ക്കിടയില്‍ ഇനിയെന്ത് എന്ന ചോദ്യവുമായി വിഷാദിച്ചിരിക്കുന്ന പാവം രണ്ടു കുരുന്നുകളെ കണ്ടതോര്‍ക്കുന്നു. അച്ഛന്‍ മറ്റൊരു പെണ്ണിന്റെ കൂടെ പാര്‍ക്കാന്‍ പോയപ്പോള്‍ ഉപേക്ഷിക്കപ്പെട്ടവരാണ് അവരും അമ്മയും. ഈ സാമൂഹിക പ്രശ്‌നം കേരളത്തില്‍ പുതിയതൊന്നുമല്ല. സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നമ്മുടെ അധ്യാപകര്‍ നിത്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശിഥില കുടുംബങ്ങളില്‍ നിന്നു വരുന്ന വികലബുദ്ധികളായ വിദ്യാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. സാമൂഹികവും മൂല്യപരവുമായ ഒട്ടേറെ ബാഹ്യഘടകങ്ങളുടെ ഫലമാണ് ഈ കുരുത്തംകെട്ട സന്താനങ്ങള്‍. പക്ഷേ അവര്‍ക്കുപോലും, അവരാല്‍ പുറത്തുപറയപ്പെടാത്തിടത്തോളം തങ്ങളുടെ കുടുംബശൈഥല്യം രഹസ്യവും സ്വകാര്യവുമായി സൂക്ഷിക്കാനുള്ള സാധ്യതയുണ്ട്.
കുട്ടികളുടെ ഈ അവകാശമാണ് കഥയല്ലിതു ജീവിതം എന്ന ടെലിവിഷന്‍ ഒളിഞ്ഞുനോട്ടത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിന് പരസ്യവിചാരണയില്‍ മൂകരും മൗനികളുമായ സാക്ഷികളായി പങ്കെടുക്കേണ്ടി വരുന്ന ദുര്യോഗമാണ് അവരുടേത്. സ്റ്റാര്‍ സിംഗറിലെ ഒരു മത്സരാര്‍ഥി പിറ്റേന്ന് ക്‌ളാസിലെ, ഒരുപക്ഷേ സ്‌കൂളിലെ തന്നെ കുഞ്ഞുതാരമായേക്കാം. മറിച്ച് കഥയല്ലിതു ജീവിതം പോലൊരു ഷോയില്‍ വന്നുപെടുന്ന ശിഥില ദാമ്പത്യത്തിന്റെ ഈ നിഷ്‌കളങ്ക മുകുളങ്ങളുടെ കാര്യമോ? പിറ്റേന്നു മുതല്‍, ഏതോ വിചിത്ര ജീവികളെ നോക്കും പോലെ സഹപാഠികളും സ്‌കൂളും അവരെ നോക്കിക്കാണില്ലേ? ബന്ധുക്കളൊഴികെയുള്ള ലോകം അവരെ എങ്ങനെ സ്വീകരിക്കും. ആവശ്യമില്ലാത്ത അനുകമ്പ അവര്‍ അര്‍ഹിക്കുന്നുണ്ടോ? അനാവശ്യമായ അവജ്ഞ അവര്‍ക്കുനേരെ വന്നുകൂടെന്നുണ്ടോ? ഇപ്പറഞ്ഞതിലെന്തെങ്കിലും അവര്‍ക്കുണ്ടായാല്‍ അതിനാര് ഉത്തരവാദിത്തമേറ്റെടുക്കും? സ്റ്റാര്‍ സിംഗര്‍/ഡാന്‍സര്‍ മത്സരാര്‍ഥികളായ കുട്ടികള്‍ തങ്ങളുടെ പ്രകടനത്തിന്റെ പേരിലാണ് നല്ലതോ ചീത്തയോ ആയി വിചാരണചെയ്യപ്പെടുന്നതെങ്കില്‍ ഈ പാവം ബാല്യം വിചാരണ ചെയ്യപ്പെടുന്നത് അവരുടെ തലയ്ക്കു മുകളിലുള്ള, അവര്‍ക്ക് തരിമ്പും പങ്കാളിത്തമില്ലാത്ത, സ്വാധീനമില്ലാത്ത മാതാപിതാക്കളുടെ ചെയ്തികളുടെ പേരിലാണ്. അതുകൊണ്ടാണ് അത് മനുഷ്യാവകാശത്തിനു മേലുള്ള നിരുത്തരവാദപരമായ കടന്നുകയറ്റമാവുന്നത്. കുറഞ്ഞപക്ഷം അവരെ നേരിട്ടു കാണിക്കുന്നത് ഒഴിവാക്കുക എന്ന മാധ്യമധര്‍മ്മമാണ് ഇവിടെ സൗകര്യപൂര്‍വം വിസ്മരിക്കുന്നത്.
ആലങ്കാരികമായ പകിടകളി
കാശുവച്ചുള്ള മുച്ചീട്ടുകളി പോലും പെറ്റിക്കേസായ നാടാണ് ഇന്ത്യ. ഇവിടെ കാശുവച്ചുള്ള ചൂതും പകിടയും ഒരുപോലെ നിയമവിരുദ്ധമാണ്. ഉത്സവപ്പറമ്പിലെ പന്നിമലര്‍ത്തിനു പോലും ഈ നിയമത്തിന്റെ പേരില്‍ കൊടും വിലക്കേര്‍പ്പെടുന്ന സാഹചര്യത്തിലാണ്, വന്‍തുകകള്‍ പന്തയം വച്ചുള്ള മെഗാ പന്നിമലര്‍ത്തുകള്‍ റിയാലിറ്റി പര്‍ദ്ദയണിഞ്ഞ് ടെലിവിഷനിലെത്തുന്നത്. ഇന്ത്യയില്‍ സമ്മാനത്തുകയില്‍ കോടികളുടെ കിലുക്കം ആദ്യം കേള്‍പ്പിച്ച കോന്‍ ബനോഗാ ക്രോര്‍പ്പതി പക്ഷേ മത്സരാര്‍ഥിയുടെ ബുദ്ധ്ക്കും വിവേകത്തിനും സര്‍വോപരി വിജ്ഞാനത്തിനുമാണ് ആ വിലയിട്ടത്. എന്നാല്‍ സി.ബി.സിയുടെ ചുവടുപിടിച്ച് മറ്റു ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ആഡംബര പികടകളിലും മത്സരാര്‍ഥികളുടെ മനുഷ്യാവകാശം വച്ചുള്ള കള്ളച്ചൂത് വ്യാപകമാണ്. മണിക്കൂറുകള്‍ കൊണ്ട് ലക്ഷപ്രഭുക്കളെ സൃഷ്ടിക്കന്ന ഡീല്‍ ഓര്‍ നോ ഡീല്‍ അവതരിപ്പിക്കുക വഴി, വൈരുദ്ധ്യാത്മകഭൗതികവാദസിദ്ധാന്തമനുസരിച്ച് പുതിയ ബൂര്‍ഷ്വാവര്‍ഗങ്ങളെ സൃഷ്ടിക്കുകയാണെന്നറിയാതെ പോകുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായ അവതാരക നടന് തനിക്കു നഷ്ടമാവുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാവണമെന്നില്ല.
എന്നാല്‍ സവിശേഷമായ യാതൊരു യോഗ്യതയും കൂടാതെ തന്നെ കടന്നുവന്ന് മത്സരിച്ച് വെറും കറക്കിക്കുത്തുകൊണ്ട്, പന്നിമലര്‍ത്തിലെന്നപോലെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള ഷോയുടെ പൊള്ളത്തരവും സാമൂഹികപ്രസക്തിക്കുറവും മറച്ചുവയ്ക്കാന്‍, ഇതിലെ മത്സരാര്‍ഥികളുടെ കദനകഥകള്‍ ചിത്രീകരിച്ചു കാണിക്കുന്നതിലെ മനുഷ്യാവകാശ ലംഘനം അതിക്രൂരമത്രേ. വ്യാജപ്രതിച്ഛായ സൃഷ്ടിക്കാനുള്ള മാധ്യമത്വര മാത്രമാണ് ഈ കാപട്യത്തിനു പിന്നില്‍. അതാകട്ടെ മത്സ്യക്കച്ചവടക്കാരിയുടെ കുടുംബദുരിതവും, തളര്‍വാതം പിടിപെട്ട് അവശനിലയിലായ ഭര്‍ത്താവിനെ ചികിത്സിക്കാനുള്ള ഭാര്യയുടെ ദുര്യോഗപര്‍വവും, ബിസിനസില്‍ കബളിപ്പിച്ച് മാതുലനെ മറികടക്കാനുള്ള വ്യവസായിയുടെ അറ്റകൈപ്രയോഗവുമൊക്കയായി ഇത്തരം ദൃശ്യരേഖകള്‍ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ധനാര്‍ത്തി മൂത്ത് ആഘോഷകരമായ പന്നിമലര്‍ത്തിനൊരുമ്പെടുന്നവരുടെ കദനകഥനം അഭിസാരികയുടെ ചാരിത്ര്യപ്രഭാഷണത്തിനോളം തരംതാഴുന്നതാണ്. മാത്രമല്ല, ഇവിടെ അവരറിയാതെ അവരെ വച്ച് വോട്ടു തെണ്ടുകയാണ് ചാനലുകള്‍ ചെയ്യുന്നത്. പാട്ടുപരിപാടിയില്‍ ഗായകര്‍ നേരിട്ട് തങ്ങള്‍ക്ക് വോട്ടു ചോദിക്കുമ്പോള്‍, ചാനല്‍ പകിടയില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ മത്സരാര്‍ഥിയുടെ സ്വകാര്യം വിപണനം ചെയ്യുകയാണ്. അങ്ങനെ അവര്‍ പോലുമറിയാതെ അവര്‍ ഇരകളാക്കപ്പെടുന്നു.
കൈക്കൂലി വാങ്ങുമ്പോള്‍ ഒളിക്യാമറയില്‍ കുടുങ്ങുന്ന അഴിമതിക്കാരന്റെ മനുഷ്യാവകാശം പൊതുതാല്‍പര്യമെന്ന സാമൂഹികബാധ്യതയ്ക്കു മുന്നില്‍ മുട്ടുമടക്കുന്നതാണ്. ആയതുകൊണ്ടുതന്നെ, അയാളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ല. ഒരു പരിധിവരെ, ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനവും വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നുകയറ്റമാണ്. പക്ഷേ, അതൊരു കുറ്റകൃത്യത്തിന്റെ വെളിപ്പെടുത്തലിനായി ഉപയോഗിക്കുമ്പോള്‍ ഉപാധികളോടെ നമുക്കതിനെ അംഗീകരിക്കേണ്ടി വന്നേക്കാം. സ്വാമി നിത്യാനന്ദയുടെയും രഞ്ജിതയുടെയും ഒളിക്യാമറിദൃശ്യങ്ങളും ഗവര്‍ണറുടെ രതിലീലകളും ഒരുപോലെ മനുഷ്യാവകാശലംഘനമായി കണക്കാക്കപ്പെടാത്തതും അതുകൊണ്ടാണ്. എങ്കിലും, ബോധപൂര്‍വം ഇത്തരം വീഡിയോകളുടെ അമിതാവേശപൂര്‍വമുള്ള ആവര്‍ത്തനങ്ങള്‍ മാധ്യമ മര്യാദയല്ലെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിവേകപൂര്‍വമുള്ള മാധ്യമസംയമനത്തിനു യോജിച്ചതല്ല ഈ രീതിയെന്നതിലും എതിരഭിപ്രായമുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് എം.എന്‍.വിജയന്റെ അവസാന രംഗത്തിന്റെ ചര്‍വിതചര്‍വണം മാധ്യമമര്യാദകളുടെയും മാധ്യമസദാചാരത്തിന്റെയും പരസ്യമായ ഉല്ലംഖനമായി മാധ്യമരംഗത്തെ തഴക്കവും പഴക്കവുമുള്ള കാരണവന്മാര്‍ തന്നെ വിശേഷിപ്പിച്ചതും അവരുടെ ഇടപെടല്‍ കൊണ്ടു മാത്രം ആ രംഗത്തിന്റെ ആവര്‍ത്തനസംപ്രേഷണം നിര്‍ത്തിവച്ചതും.
പക്ഷേ, മാധ്യമതാല്‍പര്യമൊഴികെ യാതൊരു പൊതുതാല്‍പര്യത്തിന്റെയും നൈതികത വ്യാജ റിയാലിറ്റി നിര്‍മിതികള്‍ക്ക് അവകാശപ്പെടാനാവില്ല. എന്നു മാത്രമല്ല, നിലവില്‍ യാതൊരു സെന്‍ഷര്‍ഷിപ്പിന്റെയും നിയന്ത്രണത്തിലല്ലാത്തതുകൊണ്ടുതന്നെ എന്തും എങ്ങനെയും കാണിക്കാം എന്നൊരു അലിഖിത ഹുങ്കു കൂടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കിന്നുണ്ട്. കടുത്ത സെന്‍സര്‍ നിയന്ത്രണങ്ങളുള്ള ചലച്ചിത്രത്തിനോ, സ്വയം നിയന്ത്രണങ്ങള്‍ക്കു വിധേയമായ പക്വതയുള്ള അച്ചടി മാധ്യമത്തിനോ അവകാശപ്പെടാനാവാത്ത അഹങ്കാരമാണിത്. തൂലിക- പടവാള്‍ രൂപകത്തെ, ചാനല്‍-ഒളിക്യാമറ ദ്വയം സ്വയം ഏറ്റെടുക്കുകയാണിപ്പോള്‍. ഇതാകട്ടെ, ചാനലുകളോട് ഒരുതരം ഭയബഹുമാനങ്ങള്‍ പോലും സാധാരണക്കാരില്‍ സൃഷ്ടിച്ചിരിക്കുന്നു. മാധ്യമപരമായ സ്വേഛാധിപത്യമാണിത്. മാര്‍ഷല്‍ മക് ലൂഹനെ മുഖവിലയ്‌ക്കെടുത്താല്‍, ചാനല്‍ തന്നെ സന്ദേശമാകുന്ന അവസ്ഥ. പുതിയ ലോകക്രമം തന്നെ സൃഷ്ടിക്കാന്‍ മാത്രം ശക്തനായ സ്വേഛാധിപതിയായി വളരുന്ന, ജയിംസ് ബോണ്ട് സിനിമയായ ടുമോറോ നെവര്‍ ഡൈസ്‌ലെ മനോരോഗിയായ മാധ്യമരാജാവ് ദീര്‍ഘദൃഷ്ടിയുള്ള ഒരെഴുത്തുകാരന്റെ പ്രവചനാത്മകമായ പാത്രസൃഷ്ടിയായിരുന്നോ? എന്തായാലും റിയാലിറ്റി ഷോ എന്ന പേരിലുള്ള അശ്ലീളമായ ഈ ഒളിഞ്ഞുനോട്ടപ്രവണതയെ ആത്മവിമര്‍ശനത്തിന്റെ ആത്മപരിശോധനയുടെ കാചകങ്ങളിലൂടെ പുനരവലോകനം ചെയ്യേണ്ട കാലമായി എന്നു മാത്രം പറഞ്ഞുവയ്ക്കട്ടെ.
Sunday, August 08, 2010
രാമ രാവണന്‍

തുടക്കക്കാരുടെ സിനിമകള്‍ക്ക് ഒരു കുഴപ്പമുണ്ട്. എങ്ങെയെങ്കിലും പൂര്‍ത്തിയായാല്‍ മതി എന്ന അത്യാഗ്രഹത്തില്‍ പലതിനോടും ഒത്തുതീര്‍പ്പിനൊരുങ്ങിയും പലതിനും വഴങ്ങിയും വിട്ടൂവീഴ്‌ചചെയ്‌തുമായിരിക്കും നവാഗതസംവിധായകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും കന്നിസംരംഭങ്ങള്‍ വെളിച്ചം കാണുക. സ്വാഭാവികമായി, തുടക്കക്കാരുടേതായ നോട്ടക്കുറവുകള്‍ക്കും കൈകുറ്റപ്പാടുകള്‍ക്കുമുപരി ഈ വിട്ടുവീഴ്‌ചകള്‍ ഗുണത്തേക്കാളേറെ സിനിമയ്‌ക്കു ദോഷമാവുകയും ചെയ്യും. സിനിമയില്‍ നവാഗതനായ ബിജുവട്ടപ്പാറയുടെ കാര്യവും വ്യത്യസ്‌തമെന്നു പറഞ്ഞുകൂടാ. മാധവിക്കുട്ടിയുടെ അതിമനോഹരമായ മനോമി എന്ന കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ഒരു കഥയുടെ ചുറ്റിലും മറ്റൊരു കഥ ബുദ്ധിപരമായി മെനഞ്ഞെടുത്തുകൊണ്ടാണ് രാമ രാവണന്‍ എന്ന സിനിമയ്‌ക്ക് ബിജുവട്ടപ്പാറ തിരക്കഥയെഴുതിയിട്ടുള്ളത്. പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ രാമരാവണന്‍ എന്ന പേരില്‍ തന്നെയാണ് ബിജുവിന്റെ ആദ്യ വീഴ്‌ച. പകര്‍പ്പവകാശനിയമം മറികടക്കാനുള്ള കുറുക്കുവഴിയായിരുന്നോ എന്നൊന്നും അറിയില്ല. എങ്കിലും ഈ ചിത്രത്തിന് മനോമി എന്ന പേരുതന്നെയായിരുന്നു ഉചിതം.
നല്ലൊരു കഥയും, മികച്ച അഭിനേതാക്കളും ഉണ്ടായിട്ടും ബിജുവിന്റെ ചലച്ചിത്രസമീപനരീതി പ്രതീക്ഷനല്‍കുന്നതായിട്ടും ചിത്രം അര്‍ഹിക്കുന്ന വിജയം നേടിയെടുത്തില്ല എന്നുവരികില്‍ ബിജുവും നിര്‍മ്മാതാവും ആത്മവിമര്‍ശനത്തോടെ പുനരവലോകനം ചെയ്യേണ്ട ചില പോയിന്റുകള്‍ മാത്രം മുന്നോ
ട്ടുവച്ചാല്‍ അത് ഈ സിനിമയുടെ ഭേദപ്പെട്ട ഒരവലോകനമായിത്തീര്‍ന്നേക്കും.
ഒന്നാമതായി, ഈ സിനിമയുടെ ജനുസ്സിനെപ്പറ്റിയുള്ള സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സന്ദിഗ്‌ധാവസ്ഥ ചിത്രത്തിലൂടനീളം വ്യക്തമാണ്. മനോമിയെ രാമരാവണനാക്കുക വഴി, ഇതിനെ ഒരു കുടുംബചിത്രമായാണോ, സമാന്തരസിനിമയായാണോ, ആക്ഷന്‍-കമ്പോള സിനിമയായാണോ സ്രഷ്ടാക്കള്‍ വിഭാവനചെയ്‌തതെന്നത് അവ്യക്തം. ഇത്തരമൊരു വര്‍ഗ്ഗീകരണത്തില്‍ പ്രസക്തിയില്ലെന്നു വാദിച്ചാലും ചിത്രം പുലര്‍ത്തുന്ന ചലച്ചിത്രസമീപനം ദഹിക്കാവുന്നതല്ല.
2. ഇതുപോലെ കാമ്പുള്ളൊരു വിഷയം ചലച്ചിത്രമാക്കുമ്പോള്‍ പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ചില നിര്‍വഹണ സൂക്ഷ്‌മതകളില്‍ ആവശ്യമായ ശ്രദ്ധ നല്‍കി കാണുന്നില്ല. ഉദാഹരണത്തിന് ഒരു വ്യാഴവട്ടം മുമ്പ് മനോമി നാട്ടിലെത്തുമ്പോഴത്തെ സംഭവങ്ങളിലെ അനക്ക്രോണിസം-കാലികമല്ലാത്ത പലതും, ആടയാഭരണങ്ങളില്‍ തുടങ്ങി വാഹനങ്ങളിലും ദേശകാലങ്ങളിലും പശ്ചാത്തലത്തിലും പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ. ഇത് തീര്‍ച്ചയായും അല്‍പം ശ്രദ്ധകൊണ്ട് പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വിശേഷിച്ച് ബൊലേറോ പോലൊരു വാഹനവും അതിന്റെ കെ.എല്‍ തുടങ്ങിയ റജിസ്‌ട്രേഷന്‍ നമ്പറും, കൃഷ്‌ണയടക്കമുള്ളവരുടെ ആധുനിക വസ്‌ത്രധാരണശൈലിയും നല്ലൊരു കലാസംവിധായകന് ഒഴിവാക്കാവുന്നതല്ലേ?
3. തമിഴ് അസ്‌തിത്വമുള്ള കഥയില്‍ മലയാളം പറിച്ചുവച്ചപ്പോഴത്തെ അസ്‌കിത. കഥ വായിച്ചിട്ടില്ലാത്ത ഒരു ശരാശരി പ്രേക്ഷകന്, ഈ സിനിമയിലെ ഭാഷയും സംസ്‌കാരവും തദ്ദേശീയവും രാഷ്ട്രീയവുമായ സൂചനകളുമൊന്നും ഒരെത്തും പിടിയും കിട്ടില്ല. തമിഴ് ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന നായികയ്‌ക്ക് തീര്‍ഥവും പ്രസാദവും കൊടുത്ത് വള്ളുവനാടന്‍ സംഭാഷണമുരുവിടുന്ന പൂജാരി. അണ്ണാദൂരൈ എന്ന അമ്മാവന്‍. അന്വേഷണത്തിനെത്തുന്ന കേരളത്തിലെ പൊലീസ്...ആകെക്കൂടി ചക്കകുഴയും പോലെ കുഴഞ്ഞ ട്രീറ്റ്‌മെന്റ്.
4. പശ്ചാത്തലസംഗീതമാണ് ഈ സിനിമയിലെ ഏറ്റവും വികലവും വൈകൃതവുമായ ഘടകം. സിനിമയില്‍ സംഗീതം ടെലിവിഷന്‍ സീരിയലിതിന്റേതില്‍ നിന്ന് വ്യത്യസ്‌തമായൊരു ധര്‍മ്മമാണനുഷ്‌ഠിക്കുന്നത്. സിനിമയിലെ ആദ്യ ഫ്രെയിം തുടങ്ങുന്നതുമുതല്‍ അവസാനഫ്രെയിം വരെ കാതടപ്പിക്കുന്ന സംഗീതം എന്നത് കാലഹരണപ്പെട്ട, പണ്ട് ശ്യാമും എസ്. പി. വെങ്കിടേഷും ഇടക്കാലത്ത് രാജാമണിയും മാത്രം ഉപയോഗിച്ചു പാഴാക്കയ സംസ്‌കാരമാണ്. സംഗീതം രംഗത്തിന്റെ വൈകാരികതയ്‌ക്കുള്ള ശബ്ദപഥത്തിന്റെ അടിവരയാണ്. അതറിയാതെ സംഗീതം ഘോരഘോരം ഉപയോഗിക്കുന്നത് ചിത്രത്തിന്റെ മൊത്തത്തിലുള്ള സംവേദനത്തെത്തന്നെ ബാധിച്ചുവെന്നു പറയാതെ വയ്യ. കൈതപ്രത്തിന് ഇതെന്തുപറ്റി?
5. ഛായാഗ്രഹണത്തില്‍ ഫ്രെയിം കംപോസിഷന്‍ അപാരമാണ് എന്നുള്ളതുപോലെ തന്നെ, അതിന്റെ ഗ്രേയ്‌ഡിംഗില്‍ കണ്ട അശ്രദ്ധ അതിന്റെ ആസ്വാദനക്ഷമതയെ നന്നായി ബാധിക്കുന്നു. ഓര്‍വോ പോലെയോ ഫ്യൂജി പോലെയോ ഉള്ള വില കുറഞ്ഞ ഫിലിം ഉപയോഗിച്ചതുകൊണ്ടാണോ കളര്‍ ഗ്രേയ്‌ഡിംഗിലെ ഈ വ്യതിയാനം എന്നറിയില്ല. ഏതായാലും ഇതിലൊരു ശ്രദ്ധക്കുറവ് ചിത്രത്തില്‍ പ്രത്യക്ഷമാണ്.
6. കമ്പോളവിജയത്തിന് സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായിരിക്കാം. എന്നാല്‍ തിരുശെല്‍വത്തെ മാധവിക്കുട്ടി മനസ്സില്‍ കണ്ടത് വെളുത്തു തുടുത്ത സുരേഷ്‌ഗോപിയുടെ രാജകലയിലായിരിക്കുമോ? അതോ കറുത്ത് ആദിദ്രാവിഡന്റെ ശരീരഭാഷ പങ്കിടുന്ന പശുപതിയെപ്പോലൊരഭിനേതാവിലായിരിക്കുമോ? കാസ്‌റ്റിംഗിലെ ഈ സന്ദേഹാവസ്ഥ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് കൃഷ്‌ണയേയും കിരണ്‍രാജിനെയും പോലുള്ളവരെ തന്നെ തെരഞ്ഞെടുക്കുന്നതില്‍ പ്രകടമായിട്ടുള്ളതും. ഇതില്‍ ചേര്‍ച്ചയുള്ള വേഷമുള്ളത് ലെനയ്‌ക്കാണെന്നു തോന്നുന്നു. അതവര്‍ സുമംഗളമാക്കുകയും ചെയ്‌തു.
സീരിയലിന്റെ കഥാകഥനശൈലിയുടെ ദുഃസ്വാധീനം പല സീനുകളിലും സീക്വന്‍സുകളിലും പ്രകടമാണെങ്കിലും ബിജു വട്ടപ്പാറയുടെ സമീപനത്തില്‍ പുതുമയുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ആദ്യ സിനിമ നമുക്കു വിടാം. അടുത്തതാണ് പ്രധാനം. കാരണം കന്നി സിനിമ ബംബര്‍ ഹിറ്റായ എത്രയോ സംവിധായകരെ പിന്നീടു കാണാന്‍ പോലും കിട്ടിയിട്ടില്ലാത്ത നാടാണ് കേരളം. അതുകൊണ്ട് ആദ്യത്തെ സിനിമ വിടാം. പക്ഷേ അടുത്തതില്‍ ശ്രദ്ധിക്കുക. വീഴ്‌ചകള്‍ക്കു വിട്ടുവീഴ്‌ചചെയ്യാതിരിക്കുക. നന്മകള്‍.
നല്ലൊരു കഥയും, മികച്ച അഭിനേതാക്കളും ഉണ്ടായിട്ടും ബിജുവിന്റെ ചലച്ചിത്രസമീപനരീതി പ്രതീക്ഷനല്‍കുന്നതായിട്ടും ചിത്രം അര്‍ഹിക്കുന്ന വിജയം നേടിയെടുത്തില്ല എന്നുവരികില്‍ ബിജുവും നിര്‍മ്മാതാവും ആത്മവിമര്‍ശനത്തോടെ പുനരവലോകനം ചെയ്യേണ്ട ചില പോയിന്റുകള്‍ മാത്രം മുന്നോ
ട്ടുവച്ചാല്‍ അത് ഈ സിനിമയുടെ ഭേദപ്പെട്ട ഒരവലോകനമായിത്തീര്‍ന്നേക്കും.
ഒന്നാമതായി, ഈ സിനിമയുടെ ജനുസ്സിനെപ്പറ്റിയുള്ള സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സന്ദിഗ്‌ധാവസ്ഥ ചിത്രത്തിലൂടനീളം വ്യക്തമാണ്. മനോമിയെ രാമരാവണനാക്കുക വഴി, ഇതിനെ ഒരു കുടുംബചിത്രമായാണോ, സമാന്തരസിനിമയായാണോ, ആക്ഷന്‍-കമ്പോള സിനിമയായാണോ സ്രഷ്ടാക്കള്‍ വിഭാവനചെയ്‌തതെന്നത് അവ്യക്തം. ഇത്തരമൊരു വര്‍ഗ്ഗീകരണത്തില്‍ പ്രസക്തിയില്ലെന്നു വാദിച്ചാലും ചിത്രം പുലര്‍ത്തുന്ന ചലച്ചിത്രസമീപനം ദഹിക്കാവുന്നതല്ല.
2. ഇതുപോലെ കാമ്പുള്ളൊരു വിഷയം ചലച്ചിത്രമാക്കുമ്പോള്‍ പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ചില നിര്‍വഹണ സൂക്ഷ്‌മതകളില്‍ ആവശ്യമായ ശ്രദ്ധ നല്‍കി കാണുന്നില്ല. ഉദാഹരണത്തിന് ഒരു വ്യാഴവട്ടം മുമ്പ് മനോമി നാട്ടിലെത്തുമ്പോഴത്തെ സംഭവങ്ങളിലെ അനക്ക്രോണിസം-കാലികമല്ലാത്ത പലതും, ആടയാഭരണങ്ങളില്‍ തുടങ്ങി വാഹനങ്ങളിലും ദേശകാലങ്ങളിലും പശ്ചാത്തലത്തിലും പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ. ഇത് തീര്‍ച്ചയായും അല്‍പം ശ്രദ്ധകൊണ്ട് പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വിശേഷിച്ച് ബൊലേറോ പോലൊരു വാഹനവും അതിന്റെ കെ.എല്‍ തുടങ്ങിയ റജിസ്‌ട്രേഷന്‍ നമ്പറും, കൃഷ്‌ണയടക്കമുള്ളവരുടെ ആധുനിക വസ്‌ത്രധാരണശൈലിയും നല്ലൊരു കലാസംവിധായകന് ഒഴിവാക്കാവുന്നതല്ലേ?
3. തമിഴ് അസ്‌തിത്വമുള്ള കഥയില്‍ മലയാളം പറിച്ചുവച്ചപ്പോഴത്തെ അസ്‌കിത. കഥ വായിച്ചിട്ടില്ലാത്ത ഒരു ശരാശരി പ്രേക്ഷകന്, ഈ സിനിമയിലെ ഭാഷയും സംസ്‌കാരവും തദ്ദേശീയവും രാഷ്ട്രീയവുമായ സൂചനകളുമൊന്നും ഒരെത്തും പിടിയും കിട്ടില്ല. തമിഴ് ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന നായികയ്‌ക്ക് തീര്‍ഥവും പ്രസാദവും കൊടുത്ത് വള്ളുവനാടന്‍ സംഭാഷണമുരുവിടുന്ന പൂജാരി. അണ്ണാദൂരൈ എന്ന അമ്മാവന്‍. അന്വേഷണത്തിനെത്തുന്ന കേരളത്തിലെ പൊലീസ്...ആകെക്കൂടി ചക്കകുഴയും പോലെ കുഴഞ്ഞ ട്രീറ്റ്‌മെന്റ്.
4. പശ്ചാത്തലസംഗീതമാണ് ഈ സിനിമയിലെ ഏറ്റവും വികലവും വൈകൃതവുമായ ഘടകം. സിനിമയില്‍ സംഗീതം ടെലിവിഷന്‍ സീരിയലിതിന്റേതില്‍ നിന്ന് വ്യത്യസ്‌തമായൊരു ധര്‍മ്മമാണനുഷ്‌ഠിക്കുന്നത്. സിനിമയിലെ ആദ്യ ഫ്രെയിം തുടങ്ങുന്നതുമുതല്‍ അവസാനഫ്രെയിം വരെ കാതടപ്പിക്കുന്ന സംഗീതം എന്നത് കാലഹരണപ്പെട്ട, പണ്ട് ശ്യാമും എസ്. പി. വെങ്കിടേഷും ഇടക്കാലത്ത് രാജാമണിയും മാത്രം ഉപയോഗിച്ചു പാഴാക്കയ സംസ്‌കാരമാണ്. സംഗീതം രംഗത്തിന്റെ വൈകാരികതയ്‌ക്കുള്ള ശബ്ദപഥത്തിന്റെ അടിവരയാണ്. അതറിയാതെ സംഗീതം ഘോരഘോരം ഉപയോഗിക്കുന്നത് ചിത്രത്തിന്റെ മൊത്തത്തിലുള്ള സംവേദനത്തെത്തന്നെ ബാധിച്ചുവെന്നു പറയാതെ വയ്യ. കൈതപ്രത്തിന് ഇതെന്തുപറ്റി?
5. ഛായാഗ്രഹണത്തില്‍ ഫ്രെയിം കംപോസിഷന്‍ അപാരമാണ് എന്നുള്ളതുപോലെ തന്നെ, അതിന്റെ ഗ്രേയ്‌ഡിംഗില്‍ കണ്ട അശ്രദ്ധ അതിന്റെ ആസ്വാദനക്ഷമതയെ നന്നായി ബാധിക്കുന്നു. ഓര്‍വോ പോലെയോ ഫ്യൂജി പോലെയോ ഉള്ള വില കുറഞ്ഞ ഫിലിം ഉപയോഗിച്ചതുകൊണ്ടാണോ കളര്‍ ഗ്രേയ്‌ഡിംഗിലെ ഈ വ്യതിയാനം എന്നറിയില്ല. ഏതായാലും ഇതിലൊരു ശ്രദ്ധക്കുറവ് ചിത്രത്തില്‍ പ്രത്യക്ഷമാണ്.
6. കമ്പോളവിജയത്തിന് സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായിരിക്കാം. എന്നാല്‍ തിരുശെല്‍വത്തെ മാധവിക്കുട്ടി മനസ്സില്‍ കണ്ടത് വെളുത്തു തുടുത്ത സുരേഷ്‌ഗോപിയുടെ രാജകലയിലായിരിക്കുമോ? അതോ കറുത്ത് ആദിദ്രാവിഡന്റെ ശരീരഭാഷ പങ്കിടുന്ന പശുപതിയെപ്പോലൊരഭിനേതാവിലായിരിക്കുമോ? കാസ്‌റ്റിംഗിലെ ഈ സന്ദേഹാവസ്ഥ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് കൃഷ്‌ണയേയും കിരണ്‍രാജിനെയും പോലുള്ളവരെ തന്നെ തെരഞ്ഞെടുക്കുന്നതില്‍ പ്രകടമായിട്ടുള്ളതും. ഇതില്‍ ചേര്‍ച്ചയുള്ള വേഷമുള്ളത് ലെനയ്‌ക്കാണെന്നു തോന്നുന്നു. അതവര്‍ സുമംഗളമാക്കുകയും ചെയ്‌തു.
സീരിയലിന്റെ കഥാകഥനശൈലിയുടെ ദുഃസ്വാധീനം പല സീനുകളിലും സീക്വന്‍സുകളിലും പ്രകടമാണെങ്കിലും ബിജു വട്ടപ്പാറയുടെ സമീപനത്തില്‍ പുതുമയുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ആദ്യ സിനിമ നമുക്കു വിടാം. അടുത്തതാണ് പ്രധാനം. കാരണം കന്നി സിനിമ ബംബര്‍ ഹിറ്റായ എത്രയോ സംവിധായകരെ പിന്നീടു കാണാന്‍ പോലും കിട്ടിയിട്ടില്ലാത്ത നാടാണ് കേരളം. അതുകൊണ്ട് ആദ്യത്തെ സിനിമ വിടാം. പക്ഷേ അടുത്തതില്‍ ശ്രദ്ധിക്കുക. വീഴ്‌ചകള്‍ക്കു വിട്ടുവീഴ്‌ചചെയ്യാതിരിക്കുക. നന്മകള്‍.
Sunday, August 01, 2010
മാത്തുക്കുട്ടിച്ചായന് കണ്ണീരോടെ...

എന്നേപ്പോലനേകര്‍ക്ക് തൊഴില്‍ദാതാവായിരുന്നു മാത്തുക്കുട്ടിച്ചായന്‍ എന്ന് എല്ലാവര്‍ക്കുമൊപ്പം ഞാനും വിളിക്കുന്ന മലയാള പത്രപ്രവര്‍ത്തനത്തിന്റെ ഈ നൂറ്റാണ്ടിന്റെ കുലപതി ശ്രീ. കെ.എം.മാത്യു. എന്റെ ആദ്യത്തെ തൊഴിലുടമ. സംസ്‌കാരം എന്താണ് എന്നും സംസ്‌കാരത്തോടെ എങ്ങനെ പെരുമാറണമെന്നും എനിക്കു സ്വന്തം സംസ്‌കാരം കൊണ്ടു പഠിപ്പിച്ചു തന്ന ഗുരുവാണ് അദ്ദേഹം. അന്തസും ആഭിജാത്യവും എങ്ങനെ പ്രസരിപ്പിക്കപ്പെടുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നുകൂടിയാണ്. പക്വത നഷ്ടമാവുന്ന മാധ്യമരംഗത്ത് പാകതയുടെ ഹരിതസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ദിവസം ഒരുമണിക്കൂര്‍ അധികം പണിയെടുത്താല്‍ അരമണിക്കൂര്‍ വെയിലത്തു നിന്നാല്‍ ക്ഷീണം ബാധിക്കുന്ന യുവത്വത്തിനുമുന്നില്‍ തൊണ്ണൂറുകളിലും ഓഫിസിലെത്തി കര്‍മ്മനിരതനായി തൊഴിലിന്റെ മഹത്വം ബോധ്യപ്പെടുത്തിത്തന്നു അദ്ദേഹം. ഞാന്‍ മനോരമയിലുണ്ടായ പത്തുവര്‍ഷത്തിനിടെ മാത്തുക്കുട്ടിച്ചായന്‍ ഒരാളോടു കയര്‍ക്കുന്നതു കണ്ടിട്ടില്ല. അഭിപ്രായഭിന്നത പോലും ലേശമൊരു തമാശയുടെ മേമ്പൊടിയോടെ വിമര്‍ശിക്കപ്പെടുന്നയാളിനുപോലും നോവാത്തവിധം അവതരിപ്പിക്കുന്ന ആ സംസ്‌കാരം അദ്ദേഹത്തിനു മാത്രമവകാശപ്പെടാവുന്നതായിരിക്കും. പ്രതിപക്ഷബഹുമാനം എന്ന പെരുമാറ്റപ്പെരുമ ഞാന്‍ പൂര്‍ണതയില്‍ കണ്ടറിഞ്ഞതും അദ്ദേഹത്തിലാണ്.
1917 ല്‍ കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം. കുട്ടനാട്ടെ കുപ്പപ്പുറത്തുള്ള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്, കോട്ടയം എം.ഡി സെമിനാരി സ്‌കൂളുകളില്‍ തുടര്‍പഠനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1954 ല്‍ അദ്ദേഹം മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി. 1973 മെയ് 14ന് കെ.എം ചെറിയാന്റെ പിന്‍ഗാമിയായി മനോരമയുടെ ചീഫ് എഡിറ്ററായി. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
പി.ടി.ഐ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, എ.ബി.സി, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡെവലപ്‌മെന്റ് എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.1967 ല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായി. സെന്‍ട്രല്‍ പ്രസ് അഡൈ്വസറി കമ്മിറ്റി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പത്രജീവനക്കാര്‍ക്കായുള്ള രണ്ടാം വേജ് ബോര്‍ഡ്, ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.
1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. 1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്. 1997 ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്. എട്ടാമത്തെ മോതിരം എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 1991 ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരം, 1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.
കേവലം മൂന്നു ശതമാനം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ ഇത്രയധികം പ്രചാരമുള്ള പത്രമായി മലയാള മനോരമയെ വളര്‍ത്തിയത് ഏവരും സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന കെ.എം മാത്യുവിന്റെ ദീര്‍ഘവീക്ഷണവും അശ്രാന്തപരിശ്രമവുമായിരുന്നു.
Saturday, July 31, 2010
കുട്ടിസ്രാങ്ക്-ദൃശ്യ കവിതയുടെ പുതിയമാനങ്ങള്‍

ഛായാഗ്രാഹകന്റെ സിനിമാനോട്ടമാണ് കുട്ടിസ്രാങ്കിന്റെ സവിശേഷത. എം.പി.സുകുമാരന്‍ നായര്‍ (ശയനം) അടക്കം പലരും മുമ്പ് ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ സംവിധായകനായ ഷാജി എന്‍.കരുണിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കഥയ്ക്ക് വല്ിയ പുതുമയൊന്നും നല്‍കാനാവില്ല. അതുകൊണ്ട് കുട്ടിസ്രാങ്ക് ഒരിക്കലും ഒരു മോശം സിനിമയാകുന്നുമില്ല. കാരണം ദൃശ്യപരിചരണത്തില്‍, നിര്‍വഹണത്തില്‍ കുട്ടിസ്രാങ്ക് ഒരു വിദേശ ചിത്രം കാണുന്ന പ്രതീതിയാണുളവാക്കുന്നത്. അത്രയ്ക്കു സാങ്കേതിക തികവോടെ, സൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ഒരു പീര്യഡ് സിനിമ. ആകാശഗോപുരവും പഴശ്ശിരാജയും കഴിഞ്ഞ് മലയാളസിനിമയില്‍ ദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പുറത്തുവന്ന ചിത്രമാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക്.
മറ്റു സിനിമകളുടെ ഛായ അന്വേഷിക്കുന്നവര്‍ക്ക് ഇതില്‍ ടിവി ചന്ദ്രന്റെ ഡാനി മുതല്‍ ആലീസിന്റെ അന്വേഷണത്തിന്റെയും, കഥാവശേഷന്റെയും, അടൂരിന്റെ മുഖാമുഖത്തിന്റെയും, എന്തിന് മുഖ്യധാരാസിനിമയില്‍പ്പോലും പല സിനിമകളുടെയും നിഴലാട്ടങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍, ഈ സിനിമകള്‍ക്കെല്ലാം കുറോസാവയുടെ റാഷമോണിനോടുള്ള ചാര്‍ച്ച അപ്പോള്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ, രൂപപരവും പ്രമേയപരവുമായ അത്തരം ആരോപണങ്ങള്‍ക്കൊന്നും കുട്ടിസ്രാങ്കിന്റെ കാര്യത്തില്‍ പ്രസക്തിയുണ്ടാവുന്നില്ല.ദൃശ്യപരിചരണത്തിലെ അസാമാന്യവും അസൂയാവഹവുമായ കൈയ്യൊതുക്കം കുട്ടി സ്രാങ്കിന് നല്‍കുന്ന മാധ്യമപരമായ ഔന്നിത്യം അംഗീകരിക്കുന്നതിന് ഈ ആരോപണങ്ങള്‍ തടസമാവുന്നുമില്ല.
കോര്‍പറേറ്റ് പണമായാലും വ്യക്തിഗത നിക്ഷേപമായാലും, സിനിമയില്‍ അത് എങ്ങനെ, അര്‍ഥവത്തായി വിനിയോഗിക്കുന്നു എന്നുള്ളതാണല്ലോ പ്രശ്‌നം. കുട്ടിസ്രാങ്കിനെ സംബന്ധിച്ചിടത്തോളമാണെങ്കില്‍, ഷാജി, റിലൈന്‍സിന്റെ മുടക്കുമുതല്‍ സാര്‍ഥകമായി, ലക്ഷ്യബോധത്തോടെയാണ് ചെലവഴിച്ചിട്ടുള്ളത്. ദൃശ്യവിന്യാസത്തിലും സന്നിവേശത്തിലും,ശബ്ദവിന്യാസത്തിലും, ഗ്രാഫിക്‌സിലും തുടങ്ങി സാങ്കേതികമായ എല്ലാ വിഭാഗങ്ങളിലും പണം മൂല്യമറിഞ്ഞ്, അതതു സാങ്കേതികതയുടെ മേന്മയ്ക്കായിത്തന്നെയാണുപയോഗിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ഓരോ ഫ്രെയിമും തെളിയിക്കുന്നു. ഇനി അഥവാ ചിത്രത്തിന്റെ ഏതെങ്കിലും ദൃശ്യം വിസ്മരിക്കപ്പെട്ടാലും, നിശ്ചയമായും ഉള്ളില്‍ തങ്ങുന്നതാണ് ഐസക് തോമസ് കോട്ടുകാപ്പളളിയുടെ പശ്ചാത്തലസംഗീതം. സിനിമയുടെ താളഗതിക്ക് പുതിയൊരു മാനം നല്‍കുന്നുണ്ടത്.
പ്രമേയത്തിനൊപ്പമോ അതിലധികമോ, അതിന്റെ പരിചരണത്തിന് നല്‍കുക വഴി ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഷാജി അല്‍പം കൂടി പാകത നേടിക്കാണിക്കുന്നു.ഒപ്പം ഷാജിയുടെ ഉള്‍ക്കണ്ണു കണ്ടിട്ടെന്നവണ്ണം ഛായാഗ്രാഹകയായ അഞ്ജലി ശുകഌയും.കൃഷ്ണനുണ്ണിയുടെ ശബ്ദലേഖനവും പരാമര്‍ശിക്കാതെ പോയ്ക്കൂടാ.നാളിന്നോളമുള്ള തന്റെ ചിത്രത്തില്‍ നിന്ന് പടിയടച്ചു നിര്‍ത്തിയിരുന്ന ലൈംഗികദൃശ്യങ്ങളും ന്യൂഡിറ്റിയും സ്രാങ്കില്‍ സധൈര്യം പരീക്ഷിക്കാന്‍ ഷാജിക്ക് കരുത്തായത് വനിതാഛായാഗ്രാഹകയുടെ പിന്തുണയായിരിക്കുമോ?
സംവിധായകന്റെ കഥയ്ക്ക് തിരക്കഥാകൃത്തായ പി.എഫ്.മാത്യൂസും പത്രപ്രവര്‍ത്തകനായ കെ.ഹരികൃഷ്ണനും ചേര്ന്നാണ് തിരക്കഥയെഴുതിയിട്ടുള്ളത്. ചവിട്ടുനാടകത്തിന്റെയും തുറകൃസ്ത്യാനികളുടെ ജീവിത, ഭാഷാശൈലിയുടെയും ഛായയുള്ള രണ്ടാംഭാഗത്തില്‍ മാത്യൂസിന്റെ സര്‍ഗ്ഗമുദ്രകള്‍ പ്രകടമാകുന്നതുപോലെ തന്നെ, കാളസര്‍പ്പത്തിന്റെ മിത്ത് ആവിഷ്‌കരിക്കുന്ന മൂകയായ കാളിയുമായുള്ള സ്രാങ്കിന്റെ ബന്ധവും ആ ബന്ധം ദേശത്തിനു വരുത്തുന്ന മാറ്റങ്ങളും വിവരിക്കുന്ന മൂന്നാം ഖണ്ഡത്തില്‍ ഹരികൃഷ്ണന്റെ വിരല്‍സ്പര്‍ശവും വ്യക്തം. പല കാലഭേങ്ങളില്‍, നായകനടക്കം പല ദേശങ്ങളുടെ ഭാഷാഭേദങ്ങളിലൂടെ കുട്ടി എന്നൊരു സാര്‍വദേശീയ നായകസ്വത്വത്തെ അവതരിപ്പിക്കുന്ന ഈ സിനിമ സ്രഷ്ടാക്കള്‍ ല്ക്ഷ്യമാക്കിയതുപോലെതന്നെ ചലച്ചിത്രപരമായും കാലദേശഭേദങ്ങള്‍ക്കുപരി സാര്‍വലൗകിക അസ്തിത്വം ആര്‍ജിക്കുന്നുണ്ട്.
പരിചയസമ്പന്നനായ മമ്മൂട്ടിയേയും സിദ്ദീഖിനെയും പലപ്പോഴും പുതുമുഖങ്ങള്‍ പരാജയപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. വിശേഷിച്ച് കമാലിനി മുഖര്‍ജിയും ജോപ്പനെ അവതരിപ്പിച്ച് സന്ദീപും.
എല്ലാം പ്രകീര്‍ത്തിക്കുമ്പോഴും ഒരാശങ്ക പങ്കിടാതിരുന്നുകൂടാ. തിരുവനന്തപുരം കൃപ തീയറ്ററില്‍ ചിത്രം കാണാന്‍ കയറിയപ്പോള്‍ ആകെ ഉണ്ടായിരുന്നത് അമ്പതില്‍ താഴെ പ്രേക്ഷകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായി നിര്‍മിച്ച് ലോകമറിയുന്ന മലയാള സംവിധായകന്‍ രചിച്ച് സൂപ്പര്‍താരം അഭിനയിച്ച ഭേദപ്പെട്ടൊരു സിനിമയുടെ ഗതിയാണ്.മലയാളത്തില്‍ മാറ്റങ്ങളുണ്ടാവുന്നില്ല എന്നു മുറവിളികൂട്ടുന്നവര്‍ ഈ സിനിമ കാണാതെപോവുമ്പോള്‍ അവരുടെ മുറവിളി അര്‍ഥമില്ലാത്ത മലര്‍ന്നുകിടന്നു തുപ്പലാണെന്നു പറയാതിരിക്കുന്നതെങ്ങനെ?
Sunday, July 25, 2010
ബാലസാഹിത്യത്തിന്റെ നിഴല്‍രാഗം

ബാലസാഹിത്യത്തിന് ഒരു കുഴപ്പമുണ്ട്. അത്, ലോകമെമ്പാടും പണംവാരിയ ഹാരിപോട്ടറായാലും ശരി, കുട്ടികള്‍ക്കു വേണ്ടി എന്ന നിലയ്ക്ക്, അവര്‍ ഇതൊക്കെയാവും ഇഷ്ടപ്പെടുക എന്ന മുന്‍വിധിയോടെ പ്രായത്തില്‍ മൂത്തവര്‍, ചിലപ്പോള്‍ മുതുമുത്തച്ഛന്മാരാവാന്‍ പ്രായമുള്ളവര്‍ എഴുതുന്ന സാഹിത്യമായിരിക്കും അത്. ലോകമെമ്പാടുമുള്ള ബാലസാഹിത്യത്തിന്റെയും ബാലസിനിമകളുടെയും പ്രധാന പരിമിതിയും പരിധിയുമാണിത്. മലയാളസിനിമയുടെ കാര്യത്തില്‍ ഇപ്പോള്‍ യുവ പ്രേക്ഷകരുടെ ഗതി ബാലവായനക്കാരുടെയും ബാലപ്രേക്ഷകരുടെയും പോലെയാണ്. കാരണം അവര്‍ക്ക് ഇഷ്ടമാവുന്നത് എന്ന മുന്‍വിധിയോടെ, നിര്‍ബന്ധിതവിരമിക്കല്‍ ഇല്ലാത്ത ചലച്ചിത്രരംഗത്തെ മുടിചൂടാമന്നന്മാര്‍ എടുത്തു വയ്ക്കുന്നത് ദഹിച്ചോണം എന്നാണവസ്ഥ. അതുണ്ടാക്കുന്ന ദഹനക്കേടാണ് പലപ്പോഴും അതിര്‍ത്തി കടന്നെത്തുന്ന തമിഴ് -ഹിന്ദി സിനിമകളിലേക്ക് കയ്യും മെയ്യും മറന്ന് അവരെ ആകര്‍ഷിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഏറെ വ്യത്യസ്തം എന്ന പ്രചാരണത്തോടെ പുറത്തിറങ്ങുന്നതില്‍ പകുതിയിലേറെ സിനിമകളും നമ്മുടെ സമകാലികയുവത്വം തിരിഞ്ഞുനോക്കാതെ പെട്ടിയിലടയ്ക്കപ്പെട്ട ഡ്രാക്കുളയുടെ അവസ്ഥയിലാവുന്നതും.
ഇത്ര നീണ്ട മുഖവുര വേണ്ട സിബി മലയിലിന്റെ അപൂര്‍വരാഗം എന്ന സിനിമയെ വിലയിരുത്താന്‍ എന്നറിയാം. പക്ഷേ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ക്യാമ്പസിനുവേണ്ടത് നിറം പോലെ ഒരു സിനിമയാണെന്നു തെറ്റിദ്ധരിച്ച, യുവാക്കള്‍ക്ക് വേണ്ടത് മിന്നാമിന്നിക്കൂട്ടമാണെന്നു ധരിച്ചുവശായ കമലിന്റെ കൂടെച്ചേരുകയാണോ സിബി മലയിലും എന്നൊരു സംശയം. മനോഹരമായ ടേക്കിംഗ്‌സ്. നല്ല ദൃശ്യപരിചരണം, സമീപനം. സിനിമാഭാഷയില്‍ പറഞ്ഞാല്‍ കള്ളര്‍ഫുള്‍. പക്ഷേ, ഉള്‍ക്കാമ്പു നോക്കിയാല്‍ കൊട്ടത്തേങ്ങയല്ലേ എന്നൊരു സംശയം ബാക്കി. പുതുമയ്ക്കു വേണ്ടി പുതുമ അവതരിപ്പിക്കുന്നതില്‍ അര്‍ഥമുണ്ടോ? അല്ലെങ്കില്‍ തന്നെ ഇതില്‍ പുതുമയെന്താണ്? താരനിരയിലെ യുവത്വമാണെങ്കില്‍, പ്രധാനപ്പെട്ട മൂന്നു നായകന്മാരും ശ്യാമപ്രസാദിന്റെ ഋതുവിലൂടെ കഴിവുതെളിയിച്ചവര്‍. നായിക, ആകാശഗോപുരത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭയാക്കിയവള്‍. ദൃശ്യപരിചരണത്തില്‍ അജയന്‍ വിന്‍സന്റും സന്നിവേശകന്‍ ബജിത് പാലും കാഴ്ചവച്ച യൗവനം, അത് അവരുടെ മാത്രം ക്രെഡിറ്റേ ആവുന്നുള്ളൂ. കൊള്ളയും കൊലയും വിട്ട് യുവത്വത്തിനൊരു പ്രതീക്ഷയും ജീവിതത്തോടില്ലെന്നാണോ ആധുനിക റോബിന്‍ഹുഡുകള്‍ പറയുന്നത്? കുറ്റം പറയരുതല്ലോ, കറന്‍സി, റോബിന്‍ഹുഡ്, ഇപ്പോള്‍ അപൂര്‍വരാഗം ഒക്കെ നല്‍കുന്ന സന്ദേശം അങ്ങനെയാണ്. ലൗ ജിഹാദും, പോപ്പുലര്‍ ഫ്രണ്ടുമൊക്കെയായി ഒരു കിടിലന്‍ സിനിമ! അതാണോ അപൂര്‍വരാഗം.
ഏതായാലും, സംഗീത സംവിധായകന്‍ ബിജിപാലിനോടും യുവനടന്‍ ആസിഫ് അലിയോടും ഒരു വാക്ക്. ക്യാംപസ് എന്നും യുവത്വം എന്നും കേട്ടാലുടന്‍ 'ഇനിയും പുന്നകൈ' പാട്ടിന്റെ ബി.ജി.എമ്മില്‍ ഹാരിസ് ജയരാജ് പകര്‍ത്തിവച്ച ഇലക്ട്രിക് ഗിറ്റാറിന്റെ ചെകിടടപ്പിക്കുന്ന ബീറ്റിനെ വെറുതെ വിടണം. സുന്ദരവില്ലനെ ടൈപ്പാക്കി ആസിഫ് കരിയര്‍ നശിപ്പിക്കുകയുമരുത്. കാരണം നിങ്ങളെയൊക്കെ ഇനിയും ഞങ്ങള്‍ക്ക് ഏറെ കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്.
മമ്മീ ആന്‍ഡ് മീ വ്യത്യസ്തമാകുന്നത്...
.jpg)
നീണ്ട ടേക്കുകള്‍. ടിവി ഭാഷ. സോദ്ദേശ്യ പ്രഭാഷണങ്ങള്‍. എന്നിട്ടും മമ്മി ആന്‍ഡ് മീ വമ്പന്‍ ഹിറ്റായതെന്തുകൊണ്ട് എന്നാരാഞ്ഞൊടുവില്‍ ഉത്തരം കിട്ടി. മമ്മി ആന്‍ഡ് മീ അതിന്റെ ഉള്ളടക്കത്തെയും അവതരണശൈലിയെയും എല്ലാം പിന്നിലാക്കി വലിയൊരു ധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ആ ധീരത എന്ന് ജിത്തു ജോസഫിന് അവകാശപ്പെടാനാവില്ല, പൂര്‍ണമായി. കാരണം ശബ്ദം കൊണ്ടും അവസാനരംഗത്തെങ്കിലും രൂപം കൊണ്ടും സുരേഷ് ഗോപി എന്ന താരത്തിന്റെ സാന്നിദ്ധ്യവും കുഞ്ചാക്കോ ബോബനെപ്പോലുള്ള മുഖ്യധാരാ താരങ്ങളെയും മാറ്റിനിര്‍ത്തിയിട്ടില്ല അദ്ദേഹം. എന്നാല്‍ മമ്മി ആന്‍ഡ് മീ യുടെ രചയിതാവും നിര്‍്മ്മാതാവും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതാണ് അതിപ്രധാനം. അതായത്, വെഞ്ഞാറമ്മൂട്ടിലെ കൂതറ തമാശകളില്ലാതെ ഒരു കൊച്ചു സിനിമയ്ക്കു വിജയിക്കാനാകും എന്നു കാട്ടിത്തന്നതിന് മലയാള പ്രേക്ഷകര്‍ ജിത്തു ജോസഫ് എന്ന യുവാവിനോടു കടപ്പെട്ടിരിക്കുന്നു. മുന്‍നിര സംവിധായകര്‍ക്കുപോലുമില്ലാത്ത ചങ്കൂറ്റമാണിതെന്നു പറയാതെ വയ്യ.
Monday, June 28, 2010
ദൈവമേ ഇവരോട് പൊറുക്കേണമേ!

ഒരു സിനിമ കണ്ട ശേഷം അതേപ്പറ്റി ഒറ്റ വരിയെങ്കിലും എഴുതിയേ തീരൂ എന്ന ആഗ്രഹം അപൂര്‍വം അവസരങ്ങളിലേ എനിക്കു തോന്നിയിട്ടുള്ളൂ. അതിലും അപൂര്‍വമായാണ് ഒറ്റവരിയില്‍ മാത്രം എഴുതണമെന്നു തോന്നുന്നതും. പോക്കിരിരാജ കണ്ടപ്പോള്‍ (മുഴുവനും കാണാനുള്ള ഹൃദയകാഠിന്യമില്ലാതിരുന്നതിനു മാപ്പ്) ആ ഒറ്റ വരി ഉള്ളില്‍ തികട്ടിത്തികട്ടി വന്നതുകൊണ്ട് അതു കുറിച്ചേ തീരൂ എന്നു വന്നു. ആയതിനാല്‍, പ്രസ്തുത സിനിമയുടെ അണിയറയിലും പുറത്തുമുള്ള സകല ദൈവങ്ങളോടും മുന്‍കൂര്‍ ക്ഷമാപണമര്‍പ്പിച്ചുകൊണ്ട് എഴുതട്ടെ. ഒരു സിനിമ കണ്ടതിന്റെ പേരില്‍ എനിക്ക് എന്നോടുതന്നെ ലജ്ജയും നാണവും, എന്നെയോര്‍ത്ത് കടുത്ത പുച്ഛവും തോന്നാന്‍ ഇടവന്നു എങ്കില്‍, അത് പോക്കിരി രാജ എന്ന മഹത്തായ ചലച്ചിത്രരചന സമ്മാനിച്ച ദര്‍ശനാനുഭവമാണ്.
ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ!
Thursday, May 20, 2010
Mohanlal Oru Malayaliyude Jeevitham gets reviewed in Malayalam Weekly


Wednesday, May 05, 2010
Chandrasekhar in Kairali TV's Subhadinam
Tuesday, May 04, 2010
മണ്ണാറക്കയം ബേബി

അകാലത്തില്‍ പൊലിഞ്ഞ, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മണ്ണാറക്കയം ബേബി (64) യുടെ പാവന സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.
ടെലി കമ|ണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന മണ്ണാറക്കയം ബേബി സിനിമാ മാസിക, ചിത്രരമ, നാന, ചിത്രകാര്‍ത്തിക, ചിത്രസീമ, മലയാളനാട് സിനിമ, മനശാസ്ത്രം, ചലച്ചിത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്രം വാരികയുടെ ഓണററി ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995-ല്‍ ദേശീയ
ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമായിരുന്നു. 1986 മുതല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: രാജമ്മ. മക്കള്‍: മൃദുല, മീര. മരുമകന്‍: എന്‍. പ്രമോദ്.
Tuesday, April 06, 2010
Article in Kalakaumudi


എ.ചന്ദ്രശേഖര്‍
ലോകത്ത് ഇന്നേവരെ നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രം. ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ നിന്ന് നാളിതുവരെയുള്ള എല്ലാ കളക്ഷന്‍ കണക്കുകളെയും നിഷ്പ്രഭമാക്കി നേടിയെടുത്ത ശതകോടികളുടെ വരുമാനം. പൂര്‍ണമായി സ്റുഡിയോയില്‍ ചിത്രീകരിച്ച് കംപ്യൂട്ടര്‍ ഗ്രാഫിക്സിന്റെ വിസ്യിപ്പിക്കുന്ന ദൃശ്യമാസ്മരികതയിലൂടെ ആവിഷ്കരിക്കപ്പെട്ട ത്രിമാനാത്ഭുതം. ടൈറ്റാനിക്കിലൂടെ വിശ്വസംവിധായകനായി വളര്‍ന്ന ജയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ സിനിമ-അവതാര്‍- ഓസ്കറില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്തില്ലെങ്കിലും, അതിനെ വെല്ലുന്ന ബോക്സോഫീസ് പ്രകടനത്തിലൂടെ അതിന്റെ ആഗോളജൈത്രയാത്ര തുടരുകയാണ്. ദക്ഷിണേന്ത്യയില്‍ ഇങ്ങു കേരളത്തില്‍ പോലും ചില പ്രാദേശിക സിനിമകള്‍ക്കും സിനിമാതാരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും പോലും അവതാറിന്റെ ഈ അശ്വമേധത്തില്‍ അസ്വസ്ഥതകളുണ്ടായി എന്നറിയുമ്പോഴെ, പ്രദര്‍ശന വിജയത്തിനുള്ള സകലവിധ സൂത്രവാക്യങ്ങളും ചേരുംപടി ചാലിച്ച ഈ ഹോളിവുഡ് സിനിമ മറ്റു ലോകഭാഷാസിനിമകള്‍ക്കുമേല്‍ നേടിയെടുത്തുകഴിഞ്ഞ സാംസ്കാരികാധിനിവേശത്തിന്റെ വ്യാപ്തിയും ആഴവും വെളിപ്പെടുകയുള്ളൂ.
മലയാളം പോലൊരു ഭാഷാ സിനിമയുടെ മേല്‍, പരിമിത വിഭവവും വിപണിസാധ്യതയും മാത്രമുള്ള പ്രാദേശിക സിനിമാവ്യവസായത്തിനുമേല്‍ അതിനേക്കാള്‍ ആയിരമോ പതിനായിരമോ ഇരട്ടി മുതല്‍മുടക്കും ആര്‍ഭാടവുമായി, അതിനു സ്വപ്നം പോലും കാണാവുന്നതിലുമേറെ ദൃശ്യപ്പൊലിപ്പവുമായി അവതാര്‍ പോലൊരു സിനിമ നേടിയെടുക്കുന്ന സാംസ്കാരിക/ കലാ/ സാങ്കേതിക മേല്‍ക്കോയ്മയെക്കുറിച്ചുള്ള വീണ്ടുവിചാരമല്ല ഈ ലേഖനം. മറിച്ച്, ഹോളിവുഡിലെ സിനിമാ സങ്കല്‍പത്തില്‍, പ്രമേയകല്‍പനകളില്‍ തന്നെ അടിസ്ഥാനപരമായി വന്നുഭവിച്ചിട്ടുള്ള കാതലായ പരിവര്‍ത്തനത്തിലേക്കാണ് ഈ അന്വേഷണം വ്യാപിപ്പിക്കുന്നത്. അതാകട്ടെ, ഹോളിവുഡിനോടൊപ്പം അമേരിക്കയുടെതന്നെ ചരിത്രത്തിലേക്കും, ചരിത്രപരമായി അമേരിക്ക വച്ചുപുലര്‍ത്തുന്ന ഭീതികളുടേയും, ആ ഭീതികളുടെ പേരില്‍ അമേരിക്ക, ഇതര ലോകരാഷ്ട്രങ്ങളുടെ മേല്‍ നടത്തിയ അധിനിവേശങ്ങളുടെയും കോളനിവല്‍കരണങ്ങളുടെയും ചരിത്രത്തിലേക്കുമാണ് വിരള്‍ചൂണ്ടുന്നത്.
ഹോളിവുഡില്‍ നിന്ന് അടവച്ചു വിരിയിക്കുന്ന പതിവ് ആക്ഷന്‍ മസാലകളുടെ സ്ഥിരം ചട്ടക്കൂട്ടില്‍ തന്നെയാണ് അവതാറിന്റെയും രൂപകല്‍പന. വംശീയവും/ സാംസ്കാരികവുമായ കടന്നാക്രമണങ്ങളും അവയുടെ പ്രതിരേധത്തനായി അതതു കാലം അവതരിക്കുന്ന അതിമാനുഷനായകന്മാരും എന്നും ഹോളിവുഡിന്റെ ഇഷ്ടപ്രമേയമായിരുന്നു. സ്റാര്‍കോമിക്സിന്റെ സൂപ്പര്‍ നായകന്മാരായ സൂപ്പര്‍മാനിലും സ്പൈഡര്‍മാനിലും, ഹീമാനിലും തുടങ്ങി ആ നിര പിന്നീട് ഗോളാന്തര സൂപ്പര്‍നായകന്മാരില്‍ എത്തിനില്‍ക്കുകയായിരുന്നു. ഇവയിലെല്ലാം പക്ഷേ, പുറം ലോകത്തു നിന്ന് അമേരിക്ക എന്ന ഏകലോകത്തെ, അല്ലെങ്കില്‍ അമേരിക്ക പ്രതിനിധാനം ചെയ്യുന്ന ഭൂലോകത്തെത്തന്നെ ഭീഷണിയിലാക്കിക്കൊണ്ട് ഒരു അന്യന്‍/അന്യ അവതരിക്കുകയും അവനെ/അവളെ, മാലോകരുടെയെല്ലാം പ്രാര്‍ഥനകളേറ്റുവാങ്ങിക്കൊണ്ട്, ഒരു അമേരിക്കന്‍ നായകന്‍ തുരത്തുകയോ എന്നെന്നേക്കുമായി ഇല്ലാതാക്കുകയോ ചെയ്യുന്നതുമാണ് കഥാവസ്തുവായിട്ടുള്ളത്. എന്തുകൊണ്ടായിരിക്കാം ഇത് എന്നതില്‍ ശ്രദ്ധാര്‍ഹമായ ചില പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. അതിലെല്ലാം വെളിപ്പെട്ടത്, അമേരിക്കയുടെ ചരിത്രപരമായ ഭയങ്ങളും, അതിനു പുതപ്പിടാനുള്ള കലാപരമായ ശ്രമങ്ങളുമാണെന്നതും ശ്രദ്ധേയമാണ്.
സാഹിത്യത്തില്‍ ഐസക് അസിമോവിനുള്ള സ്ഥാനമാണ് ലോകസിനിമയില്‍ സ്റാന്‍ലി ക്യൂബ്രിക്കിന് എന്നു പറഞ്ഞാല്‍ തെറ്റില്ല. തര്‍ക്കോവ്സ്കിയുടെ സ്റാക്കര്‍ പോലുള്ള ചില ശ്രമങ്ങളെ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നതും. സ്റാക്കറിന്റെ ശാസ്ത്രഭാവന എന്നതിലുപരിയുള്ള ദാര്‍ശനികത ഒന്നുകൊണ്ടു തന്നെ അതു തട്ടുപൊളിപ്പന്‍ സയന്‍സ് ഫിക്ഷന്‍/ ആക്ഷന്‍ സിനിമകളുടെ ജനുസ്സില്‍ നിന്ന് സ്വാഭാവികമായി ഉയര്‍ന്നുനില്‍ക്കുന്നു. ദാര്‍ശനികമാനങ്ങളുണ്ടെങ്കിലും ക്യൂബ്രിക്കിന്റെ 2001 എ സ്പേസ് ഒഡീസിക്ക് ഹോളിവുഡ് സയന്‍സ് ഫിക്ഷനുകളുടെ വാര്‍പുമാതൃക എന്ന നിലയ്ക്കാണ് പെരുമകൂടുതല്‍. ക്യൂബ്രിക്കിനു ശേഷം വന്ന ശിഷ്യന്‍ സ്റീവന്‍ സ്പീല്‍ബര്‍ഗ്ഗിന്റെ സ്റാര്‍വാര്സ്, എക്സ്ട്രാ ടെറസ്റ്രിയല്‍-ഇ.ടി, ബാക്ക് ടു ദ ഫ്യൂച്ചര്‍, മെന്‍ ഇന്‍ ബ്ളാക്ക്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഴാങ് ഹോഡര്‍ബര്‍ഗിന്റെ സ്റാര്‍ട്രെക് മൂവി, ജയിംസ് കാമറൂണിന്റെ ടെര്‍മിനേറ്റര്‍ പരമ്പര, ദ ഇന്‍ഡീപെന്‍ഡന്‍സ് ഡേ, ഏലിയന്‍ പരമ്പര, മൈനോരിറ്റി റിപ്പോര്‍ട്ട്, മിഷന്‍ ടു മാഴ്സ്, എക്സ് മെന്‍, ദ് ഡേ ആഫ്റ്റര്‍ ടുമോറോ, സൈന്‍സ്, ദ് ടൈം മെഷീന്‍, ഡൂംസ്ഡേ, അടുത്തകാലത്ത് കോളിളക്കം സൃഷ്ടിച്ച 2012, ഇത്തരം ഹോളിവുഡ് പരികല്‍പനകളെ കണക്കിനു കളിയാക്കിക്കൊണ്ട് മൈക്കല്‍ കീറ്റണ്‍ നിര്‍മിച്ച മാഴ്സ് അറ്റാക്സ്...ഇതൊക്കെയും ഭൂഗോളത്തെ ആക്രമിക്കാനോ കീഴടക്കാനോ എത്തുന്ന അന്യഗ്രഹവാസികളുടെ കഥകളായിരുന്നു. പറക്കും തളികയും അന്യഗ്രഹജീവികളും അന്യമായ അവരുടെ ജീവിതങ്ങളുമെല്ലാം എന്നെന്നും ഹോളിവുഡിന്റെ പ്രിയകഥാവസ്തുവായിരുന്നു.
ഇവയുടെയെല്ലാം പൊതുപ്രമേയം അല്ലെങ്കില്‍ പ്രമേയത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുവരുന്ന കഥാമര്‍മ്മം ഭീതിയാണ്. അന്യഗ്രഹവാസികളില്‍ നിന്ന്/ അന്യനാട്ടുകാരില്‍ നിന്ന്/അന്യ സംസ്കാരത്തില്‍ നിന്ന് അമേരിക്കയ്ക്ക്/അമേരിക്ക പ്രതിനിധാനം ചെയ്യുന്ന ഭൂമിക്ക് ഉണ്ടാവുന്ന ഭീഷണിയുളവാക്കുന്ന ഭയം.അതിമാനുഷവും, ശാസ്ത്രീയമായി പരസഹസ്രവര്‍ഷം മുന്നേറിയ സംസ്കാരത്തില്‍ നിന്ന്/ കേവലം പ്രാകൃതമായ സംസ്കാരത്തിന്റെ കായികശേഷിയില്‍ നിന്ന് ഒക്കെയാണ് ഈ ഭീഷണി എന്നും ഓര്‍ക്കണം. തലയ്ക്കുമുകളില്‍ വന്നുപതിക്കുന്ന അഗ്നിസ്ഫുല്ലിംഗം മുതല്‍, അമേരിക്കന്‍ അഹങ്കാരമായ വൈറ്റ്ഹൌസിനു മുകളില്‍ വന്നു നിശ്ചലമായി ഭീതിയുടെ കാര്‍മേഘങ്ങള്‍ വര്‍ഷിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് ഡേയിലെ അന്യഗ്രഹവാഹനം വരെ പ്രേക്ഷകനിലേക്ക് വിക്ഷേപിക്കാന്‍ ചെയ്യിക്കാന്‍ ശ്രമിച്ചത് കൊടിയ ഭീതിയുടെ ഉള്‍ക്കിടിലമാണ്.
മെട്രിക്സ്, റോബോകോപ്പ്, ഹോളോമാന്‍, ജുറാസിക് പാര്‍ക്ക് തുടങ്ങിയ ശാസ്ത്രകഥാചിത്രങ്ങളും തൊട്ടുണര്‍ത്താന്‍ ശ്രമിച്ചത് മനുഷ്യമനസുകളിലെ ഫ്രാങ്കന്‍സ്റൈന്‍ ഭീതിയെത്തന്നെയാണ്. അസാമാന്യ ശക്തിസൌഭാഗ്യമുള്ള പുരാതനവും നൂതനവുമായ ജീവസൃഷ്ടികള്‍ മുതല്‍ മനുഷ്യനിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള പ്രകൃതിശക്തികളെവരെ ഹോളിവുഡ് ഇത്തരത്തില്‍ ഭീതിയുടെ കാഴ്ചശ്രേണികളിലേക്കു സന്നിവേശിപ്പിച്ചു. ട്വിസ്ററും, എര്‍ത്ത് ക്വേക്കും, സുനാമിയും (സണ്‍ഡേ) അഗ്നിപര്‍വതങ്ങളും, രഹസ്യങ്ങളുടെ ഇരുട്ടുനിലങ്ങളായ കാടകങ്ങളും, ആഫ്രിക്കയും, ഈജിപ്തും, മമ്മികളും, ഭൂത്തുരുത്തുകളും, രക്തദാഹികളായ സ്രാവുകളും മനുഷ്യക്കുരങ്ങും ഇരപിടിയന്മാരുമെല്ലാം ഇത്തരത്തില്‍ ഭീകരപരിവേഷമുള്ള ചലച്ചിത്ര പ്രമേയങ്ങളായി.
എന്നാല്‍, ഇതിലെല്ലാം പൊതുവില്‍ ആരോപിക്കപ്പെടാനാവുന്ന ഒരു അങ്കിള്‍ സാം മനോധാരയുണ്ട്. കോളനിവല്‍കരണത്തിന്റെ അധിനിവേശ ഹുങ്കിന്മേല്‍ ഏര്‍പ്പെടുന്ന ഭീഷണിയും അതിനെ നേരിട്ടു ജയിക്കുന്ന അമേരിക്കന്‍ തന്ത്രജ്ഞതയുമാണ് ഈ മാനസികാവസ്ഥയ്ക്കു പിന്നില്‍. എന്നും അമേരിക്കക്കാര്‍ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ചില പേടികളുടെ മുള്‍മുനയിലായിരുന്നു. ശീതയുദ്ധത്തിന്റെ ഇരുമ്പുമറയുണ്ടായിരുന്നപ്പോള്‍ റഷ്യ ആയിരുന്നു അവരുടെ ആശങ്കകളുടെ കേന്ദ്രസ്ഥാനം. വീയറ്റ്നാമിനോടു തോറ്റപ്പോള്‍ പിന്നെ അവരോടായി മാറാത്ത പേടി. സെപ്റ്റംബര്‍ 11 നെത്തുടര്‍ന്ന് ശരാശരി അമേരിക്കക്കാരന്റെ സ്വത്വത്തിനു തന്നെ ഭീഷണിയായത് ഇസ്ളാം തീവ്രവാദവും ആക്രമണഭീതിയുമാണ്. ഇതേ പേടിയില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധതന്ത്രംതന്നെയാവണമല്ലോ അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സൈനികനടപടികളിലേക്ക് അമേരിക്കയെ നയിച്ചതും. മറ്റെല്ലാ ലോകരാഷ്ട്രങ്ങളുടെയും സംരക്ഷണാവകാശത്തിന്റെ ക്വട്ടേഷനെടുത്തിട്ടെന്നപോലെയാണ് അമേരിക്ക ഇവിടങ്ങളിലെല്ലാം തോന്നിയപോലെ കയറി ഇടപെട്ടുകളഞ്ഞത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചവരെ, അമേരിക്കന്‍ പ്രമേയങ്ങളില്‍ നിറഞ്ഞുനിന്നത് തുല്യശ്ക്തിയായ മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ നിന്നുള്ള വിനാശകരമായ ഭീഷണിയായിരുന്നു. ജയിംസ് ബോണ്ട് ചിത്രപരമ്പരയിലെ ഒന്നിലേറെ സിനിമകള്‍ക്ക് റഷ്യന്‍ ഗുഡാലോചനയും വിനാശകരമായ ഭീഷണിയും വിഷയമായിട്ടുണ്ട് എന്നു ശ്രദ്ധിക്കുക. റഷ്യയോടുള്ള ഈ ഉള്‍ക്കിടിലം, അമേരിക്കന്‍ സിനിമകളില്‍ പലരീതിയിലാണ് പ്രതിഫലിച്ചു കണ്ടത്. റഷ്യക്കാരനോ, റഷ്യക്കാരാടു സാമ്യമുള്ളവരോ ആയ വില്ലന്മാരായിരുന്നു അക്കാലത്തെ ഹോളിവുഡ് സിനിമകളിലെങ്ങും. അധികാരത്തിനുവേണ്ടി, ലോകം കൈക്കുമ്പിളിലൊതുക്കാനുള്ള തീവ്രമോഹത്തില്‍ ആന്ധ്യം ബാധിച്ചവരായിരുന്നു അവരിലേറെയും. ഒപ്പം തന്നെ, ഭൂമുഖത്തെ ആരോടും തങ്ങള്‍ക്കു ഭയമില്ലെന്നും ഭൌമേതര സംസ്കാരത്തില്‍ നിന്നുള്ള ഭീതിയെയാണ് തങ്ങള്‍ ഉറ്റുനോക്കുന്നതെന്നും വ്യക്തമാക്കാന്‍ അന്യഗ്രഹവാസികളില്‍ നിന്നുള്ള ഭീഷണികളുടെ കഥകള്‍ക്കും പ്രാധാന്യം നല്‍കുകയായിരുന്നു ഹോളിവുഡ്. ചൊവ്വ അങ്ങനെ ഹോളിവുഡ് സയന്‍സ് ഫിക്ഷനുകളുടെ ഒരു സ്ഥിരം അച്ചുതണ്ടാശ്രയമായി. സാങ്കേതികമായി മനുഷ്യവര്‍ഗത്തേക്കാള്‍ ബഹുകാതം മുന്നേറിയവരായി ആവിഷ്കരിക്കപ്പെട്ട അന്യഗ്രഹജീവികള്‍ക്കു പക്ഷേ പ്രത്യക്ഷത്തില്‍ത്തന്നെ അമേരിക്കക്കാരെ അപേക്ഷിച്ച പല പ്രാകൃതത്വവും കനിഞ്ഞുചാര്‍ത്തപ്പെട്ടു. സാംസ്കാരികവും സാമൂഹികവുമായ പ്രാകൃതത്വം പലപ്പോഴും ആധുനികജീവിതത്തിനു വിരുദ്ധമായിട്ടാണു ചിത്രീകരിച്ചിരുന്നതും.
ഭുമിക്കുമേല്‍, ഭുമിയിലെ ജീവജാലങ്ങള്‍ക്കുമേല്‍, അമേരിക്കയ്ക്കുമേല്‍ അശനിപാതം കണക്കെ വന്നുപതിക്കുന്ന ഭീഷണികളുടെ ഭയപ്പാടുകളും അവയെ സധൈര്യം നേരിട്ടു വിജയം വരിക്കുന്ന സാധാരണക്കാരനായ സൈനികന്‍ (ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ)/ ശാസ്ത്രജ്ഞന്‍ (2012) മുതല്‍ അമേരിക്കന്‍ പ്രസിഡന്റുവരെ (ഇന്‍ഡിപെന്‍ഡന്‍സ് ഡേ/എയര്‍ഫോഴ്സ് വണ്‍) രക്ഷകാവതാരങ്ങളുമൊക്കെയാണ് ഹോളിവുഡ് മുഖ്യധാര പ്രണയപൂര്‍വം പരിലാളിച്ച സിനിമകളിലേറെയും പ്രമേയമാക്കിയത്. ഇതെല്ലാം ശീതയുദ്ധക്കാലത്തോ, വീയറ്റ്നാം അടക്കമുള്ള പിന്നാക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധങ്ങളുടെ കാലഘട്ടത്തിലോ ആയിരുന്നെന്നതും ഓര്‍ക്കേണ്ടതുണ്ട്.സ്വാഭാവികമായി ലോകരക്ഷകസ്ഥാനത്ത് ആപല്‍ബാന്ധവാവതാരമായി അമേരിക്കയെ സ്വയം ഉപവിഷ്ഠമാക്കുകയായിരുന്നു ഈ സിനിമകളുടെ രാഷ്ട്രീയലക്ഷ്യം. ഒപ്പം ഏതുവിധ ഭീഷണികളുണ്ടായാലുംശരി അതിനെയെല്ലാം തൃണവല്‍ക്കരിച്ച് അമേരിക്ക അന്തിമവിജയം ഉറപ്പാക്കുമെന്ന ധാരണ ലോകപ്രേക്ഷകരിലും വിശേഷ്യാ അമേരിക്കന്‍ പ്രേക്ഷകരിലും ആവര്‍ത്തിച്ചുറപ്പിക്കേണ്ടതും ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ഭൌമേതര ശത്രുക്കളായി പ്രസ്തുത കഥാചിത്രങ്ങളിലെല്ലാം അസുരഭാഗത്ത്. ദേവഭാവത്തില്‍ അമേരിക്കന്‍ നായകനും!
ശീതയുദ്ധാനന്തരം, സെപ്റ്റംബര്‍ പതിനൊന്നും കഴിഞ്ഞ് ഇറാക്കിനെയും അഫ്ഗാനെയും നിലംപരിശാക്കിക്കഴിഞ്ഞപ്പോള്‍ അമേരിക്കയ്ക്കിപ്പോള്‍ പ്രത്യക്ഷത്തില്‍ തുല്യശക്തിയുളള ശത്രുക്കളായി പരിഗണിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ട്. ചൈനയേയും ഇന്ത്യയേയും കൊറിയയേയും ഇറാനെയുമെല്ലാം ഭയക്കുന്നു എന്നു ധരിപ്പിക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം ഒരുതരം നയതന്ത്രത്തോടെയുള്ള അഴകൊഴമ്പന്‍ സമീപനത്തിലാണ് യു,എസ്. പ്രത്യക്ഷത്തില്‍ ആരെയും ഭയമില്ലാത്ത/ ഭയക്കേണ്ടതില്ലാത്ത അവസ്ഥ. ഈ അവസ്ഥാന്തരത്തിന്റെ പ്രതിഫലനമാണ് ജയിംസ് കാമറൂണിന്റെ അവതാറില്‍ കാണാനാവുന്നതും.
അന്യരിലും അപരിചിതരിലും നിന്ന് ഭുമിക്കു നേരിടേണ്ടി വന്ന ഭീഷണി, അന്യ നാടുകളില്‍ നിന്നു സൈനികമായും കായികമായും നേരിടേണ്ടി വരുന്ന ഭീഷണികള്‍. ലോകം മുഴുവന്‍ പരോക്ഷമായും സാസ്കാരികമായെങ്കിലും കോളനിയാക്കിവച്ചിരിക്കുന്ന അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ കഥയ്ക്കിനി പ്രസക്തി ലേശവുമില്ല. അതെല്ലാം കേവലം പഴമ്പുരാണങ്ങള്‍മാത്രം. സാംസ്കാരികവും സാമൂഹികവുമായ അധിനിവശകീഴ്പ്പെടുത്തലുകളുടെ നവകോളനീവല്‍കരണകാലഘട്ടത്തില്‍ അമേരിക്കയ്ക്കിപ്പോള്‍ പേടി ഭൂമിയിലെതന്നെ ശത്രുക്കളെയോ, ഭൌമേതരതലങ്ങളില്‍ നിന്ന് നമ്മെ കീഴ്പ്പെടുത്താനെത്തുന്ന ഏതെങ്കിലും വിദേശഗ്രഹവാസികളേയോ അല്ല. മറിച്ച്, നാം കീഴ്പ്പെടുത്തി, ചൂഷണം ചെയ്യാന്‍ പടപ്പുറപ്പെടുന്ന അന്യഗ്രഹങ്ങളിലെ തദ്ദേശവാസികളുടെ പ്രതിരോധത്തിന്റെ തീവ്രരോദനങ്ങളാണ്; നിലനില്‍പിനായുള്ള അവരുടെ ജീവന്മരണ പോരാട്ടങ്ങളാണ്, ഹോളിവുഡിന്റെ പുതിയവിഷയം. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് അവതാര്‍. മുമ്പ്, അല്‍പം വളച്ചുകെട്ടി, മൂടിയും പൊതിഞ്ഞും പറഞ്ഞിരുന്ന പലതും പച്ചയ്ക്ക് ഉറക്കെത്തന്നെ പറയുകയാണ് അവതാര്‍.
അവതാറിലും, ഭൂമിയില്‍ നിന്നുള്ള മനുഷ്യരുടെ ശത്രുപക്ഷത്ത് അന്യഗ്രഹവാസികളാണ്. പക്ഷേ ഇവിടെ ചില വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി അവര്‍ ഭൂമിയേയോ ഭൂവാസികളേയോ ആക്രമിക്കുകയോ ആക്രമണഭീഷണിയുളവാക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഭൂമിയില്‍ യാതൊന്നും ശേഷിപ്പില്ലാത്തവണ്ണം വെറും മണ്ണായി മാറിയപ്പോള്‍ വിദൂരാകാശത്തെങ്ങോ കണ്ടെത്തിയ പാന്‍ഡോര എന്ന ഹരിതഗ്രഹത്തിലെ ധാതുലവണങ്ങള്‍ക്കും പരിസ്ഥിതിക്കുമായി അവിടെ ആധിപത്യം സ്ഥാപിക്കാന്‍ മുതിരുന്ന ഭൂവാസികള്‍ക്ക് അവിടത്തുകാരില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധം മാത്രമേ നേരിടേണ്ടി വരുന്നുള്ളൂ. പ്രത്യക്ഷത്തില്‍ ഈ സിനിമയിലെ അസുരവേഷം മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഈ ഗോളാന്തരാധിനിവേശ ദൌത്യം ഏറ്റെടുത്തിട്ടുള്ള അമേരിക്കന്‍ സൈന്യത്തിനും കമ്പനിക്കുമാണ്. പാന്‍ഡോരയിലെ അമൂല്യമായ ധാതുനിക്ഷേപത്തിനായി അവിടത്തെ അസുലഭമായ പരിസ്ഥിതിയെ, അഭൌമമായ ഹരിതകത്തെ, പ്രകൃതിയുമായി ഇടംപിണഞ്ഞുള്ള അവിടത്തെ ജൈവാവസവ്യവസ്ഥിതിയെത്തന്നെ തച്ചുതകര്‍ക്കാന്‍ തുനിയുന്ന ഭുമിയില്‍നിന്നുള്ള മനുഷ്യരാണ് അവതാറിലെ പ്രതിനായകര്‍. നായകത്വസ്ഥാനത്തോ പാവം ഗോത്രജീവികളും. പുതിയ ലോകവ്യവസ്ഥയില്‍ ഇതൊരു ആരോഗ്യകരമായ പരിവര്‍ത്തനമായി തെറ്റിദ്ധരിക്കും മുമ്പ്, അവതാറിനു പിന്നിലെ മറ്റു ചില താല്‍പര്യങ്ങള്‍ കൂടിയൊന്നു നോക്കിയേക്കാം.
ഇറാക്കില്‍ സംഭവിച്ചതുതന്നെയാണ് മറ്റോര്‍ഥത്തില്‍ അവതാറിലെ പാന്‍ഡോറയില്‍ സംഭവിക്കുന്നതും. അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കപ്പെടാന്‍ അവിടങ്ങളില്‍ അധിനിവേശത്തിന്റെ രാഷ്ട്രീയം കളിക്കുകയായിരുന്നല്ലോ യു.എസ്. ഒടുവില്‍, അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പ്രസിഡന്റ് ബുഷിനെതിരേ (അദ്ദേഹത്തിന്റെ സ്വാഭാവികമായ ഭരണകാലഘട്ടത്തിന്റെ അസ്തമയത്തോടടുത്തുമാത്രം) ചില വെളിപ്പെടുത്തലുകളും പ്രതിരോധങ്ങളും. ഇറാക്കിനോടു കാട്ടിയ വിവേചനങ്ങളുടേയും മനുഷ്യാവകാശനിഷേധങ്ങളുടെയും കറുത്ത കഥകള്‍.... ഇവയെല്ലാം വെളിപ്പെടുത്തിയത് അമേരിക്കക്കാര്‍ തന്നെയായിരുന്നു. ഈ വൈരുദ്ധ്യം തന്നെയാണ് പാന്‍ഡോറയിലെ പാവത്തുങ്ങളായ ഗോത്രസമൂഹത്തിന്റെ രക്ഷയ്ക്കായി അവരുടെ ജൈവവേഷം ക്ളോണിങ്ങിലൂടെ കടം കൊണ്ട അമേരിക്കന്‍ സഹയാത്രികള്‍ തന്നെയായി മാറുന്നതിലൂടെയും പ്രതിഫലിക്കുന്നത്. ശിക്ഷകന്‍/ ചൂഷകന്‍ തന്നെ രക്ഷകനായി പുനരവതരിക്കുന്ന ഈ ഹോളിവുഡ് ഫോര്‍മുലയിലാണ് അധിനിവേശ രാഷ്ട്രീയത്തിന്റെ കാണാച്ചുഴികള്‍. ഒരു ദേശത്തിന്റെ സ്വയം പ്രിതിരോധങ്ങള്‍ക്കും അപ്പുറത്താണ് തങ്ങളുടെ സ്വാധീനവും ബലവുമെന്ന അമേരിക്കയുടെ ഹുങ്കാണ് അവതാറിലൂടെ അരക്കിട്ടുറപ്പിക്കപ്പെടുന്നത്. മറിച്ച് വിരുദ്ധസ്വരം പോലും തങ്ങളില്‍ നിന്നേ ഉണ്ടാവൂ എന്ന ധാര്‍ഷ്ട്യവും അവതാര്‍ പങ്കുവയ്ക്കുന്നു. നമ്മുടേതെല്ലാം നഷ്ടപ്പെട്ടാലും എരിഞ്ഞു തീര്‍ന്നാലും ഇനിയും അനാഘ്രതമായിട്ടുള്ള ഹരിതകങ്ങളെ എത്രവേണമെങ്കിലും കീഴടക്കാനാകുമെന്നും അതിനു പ്രിതിരോധം നിര്‍മിക്കാന്‍ തങ്ങളിലൊരാള്‍ക്കല്ലാതെ മറ്റാര്‍ക്കുമാവില്ലെന്നുമുള്ള ആത്മവിശ്വാസമാണ് അവതാര്‍ അമേരിക്കയ്ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട അവതാറിന്റെ ദാര്‍ശനിക മാനങ്ങളും കേവലം ഉപരിപ്ളവമായ ജാഡകളാണെന്നതാണു വാസ്തവം. ഇന്ത്യയോട് വെള്ളക്കാരന് എന്നുമുണ്ടായിട്ടുള്ള മിസ്റിക്ക് ആകര്‍ഷണം മാത്രമാണ് ഈ കപട ദാര്‍ശനികതയ്ക്കു പിന്നില്‍. ഇന്ത്യക്കാരെന്നാല്‍ പാമ്പാട്ടികളെന്നും വനവാസികളെന്നും ആനകേറികളെന്നുമെല്ലാമുള്ള പരമ്പരാഗത പാശ്ചാത്യ കാഴ്ചപ്പാടുകളുടെ പിന്തുടര്‍ച്ച മാത്രമാണ് അവതാര്‍. നീലവര്‍ണക്കാരായ ഗോത്രസമൂഹവും അവയ്ക്ക് രാമായണത്തിലെ വാനരന്മാരോടുള്ള സാമ്യവും, പുനര്‍ജ്ജനിയെപ്പറ്റിയുള്ള ഭാരതീയമായ പരികല്‍പനയും, പരകായപ്രവേശസങ്കല്‍പവും, ജീവവൃക്ഷവും,പ്രകൃതിയെ അമ്മയായി, ദേവിയായി കല്‍പിച്ചാരാധിക്കുന്ന പൌരസ്ത്യവീക്ഷണവും സര്‍വോപരി അവതാര്‍ എന്ന പേരും എല്ലാം ചേര്‍ന്ന് ചത്രത്തിനു നല്‍കുന്ന പൌരസ്ത്യ വേദച്ഛായ വ്യാജമാണെന്നും, വിപണി ലാക്കാക്കിയുള്ള കേവലും സാംസ്കാരിക ചൂഷണമാണെന്നും തിരിച്ചറിയാതെ പോകുന്നിടത്താണ് അവതാര്‍ വന്‍ വിജയമാകുന്നത്. ഇവിടെ, ചൂഷകര്‍ വീണ്ടും ചൂഷകരുടെ അവതാരമെടുക്കുന്നു. വീണ്ടും വീണ്ടും വിഡ്ഢികളാക്കപ്പെട്ട ചൂഷിതര്‍ ചൂഷിതരുടെ അവതാരത്തിലും ഒതുങ്ങുന്നു. സംഭവാമി, യുഗേ യുഗേ!
Tuesday, March 16, 2010
സ്വാതന്ത്ര്യത്തില്‍ ആശ്വസിച്ച് മഹാത്മാവിന്റെ കഥാകാരി

ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു ശ്വാസം വിടാം. ഇതുവരെ അതായിരുന്നില്ല സ്ഥിതി. രാജ്യം വിട്ടു പോകാന്‍ പോലും വെള്ളക്കാര്‍ എന്നെ അനുവദിച്ചിരുന്നില്ല.-ശ്യാം ബനഗലിന്റെ മേക്കിംഗ് ഓഫ് ദ് മഹാത്മയുടെ കഥാകൃത്തും ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി കുരിശുയുദ്ധം തന്നെ നയിച്ചവരുമായ ഫാത്തിമാ മിര്‍. സാരിയുടുത്തു തികച്ചും ഇന്ത്യാക്കാരിയെപ്പോലെ....
ഫാത്തിമയുടെ മുത്തച്ഛന്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയതാണ്. വര്‍ണവിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയതിനു ഭരണകൂടത്തിന്റെ നോട്ടം പതിച്ച കുടുംബത്തില്‍ പിറന്ന ഫാത്തിമ ഹൈസ്കൂളില്‍ പഠിക്കുമ്പോഴെ സമരമുഖത്തേക്കു വന്നു. വെള്ളക്കാരുടെ പീഡനം അത്ര ഭീകരമായിരുന്നു.ഇന്ത്യാക്കാരെന്ന നിലയ്ക്കു നിങ്ങളുടെ മുന്‍ തലമുറ അതറഞ്ഞിട്ടുണ്ടാവും. അവര്‍ പറയുന്നു.
കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്യ്രത്തിനുവേണ്ടി ഗാന്ധിജി കൊളുത്തിവച്ച കൈത്തിരി ഒടുവില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കു ഭരണം കിട്ടുംവരെ എത്തിനില്‍ക്കുന്നതില്‍ ഞാനും ഒരു പങ്കുവഹിച്ചല്ലോ എന്നതില്‍ സന്തോഷമുണ്ട്. സ്കൂള്‍ ജീവിതം മുതല്‍ ഞാന്‍ മണ്ഡേലയ്ക്കൊപ്പമായിരുന്നു.അദ്ദേഹത്തെ ജയില്‍മോചിതനാക്കാന്‍ പ്രക്ഷോഭം നടത്തി.എന്നെ അവര്‍ ജയിലിലടച്ചു. ക്രൂരമായി പീഡിപ്പിച്ചു. എന്തിന്, മൂന്നുതവണ എന്നെ അവര്‍ കൊല്ലാന്‍ നോക്കി. പഠിക്കാന്‍ പോലും രാജ്യം വിട്ടുപോകാന്‍ അവര്‍ അനുമതി നല്‍കിയില്ല. പാസ്പോര്‍ട്ട് പോലും തന്നില്ല.
കറുത്തവര്‍ക്കു വിലക്കുകള്‍ മാത്രമായിരുന്നു, 1987 വരെയും. അക്ഷരാര്‍ഥത്തില്‍ വെള്ളക്കാരുടെ അടിമകള്‍. സിനിമ കാണാനുള്ള അനുവാദം പോലുമുണ്ടായിരുന്നില്ല.
ഇപ്പോള്‍ കറുത്തവരുടെ ഭരണം വന്നപ്പോള്‍ അവര്‍ക്കു ഭയം കൂടാതെ ശ്വാസം വിടാമെന്നായി.നിയമങ്ങള്‍ മാറി.നയങ്ങള്‍ മാറി.എങ്കിലും ഒരു കാര്യമോര്‍ക്കണം. ദക്ഷിണാഫ്രിക്കയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും വെള്ളക്കാരനായ ആഫ്രിക്കാനോസിന്റെ കൈകളിലാണ്. ആ സ്ഥിതി മാറാതെ പൂര്‍ണസ്വാതന്ത്യ്രം എങ്ങനെ#ാവും?
എങ്കിലും ഭരണം മാറിയതോടെ ഇന്ത്യക്കാര്‍ക്കടക്കം കിട്ടിയ ആശ്വാസം, അതു പറഞ്ഞറിയാക്കാനൊക്കില്ല. ഇന്ത്യക്കാര്‍ക്ക് നെല്‍സണ്‍ മണ്ഡേലയുടെ ഭരണകൂടത്തില്‍പ്പോലും പങ്കാളിത്തമുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരില്‍ അഞ്ചു മന്ത്രിമാരും 15 എം.പി.മാരും ഇന്ത്യന്‍ വംശജരാണ്. ദക്ഷിണാഫ്രിക്കന്‍ പൌരത്വമുള്ളപ്പോഴും ഭാരതീയ സംസ്കൃതി കൈമോശം വരാതെ ജീവിക്കുന്നവരാണ് അവിടെ. സത്യത്തില്‍ ജനസംഖ്യയുടെ മൊത്തം അനുപാതത്തിലും കൂടുതല്‍ പ്രാതിനിധ്യം അവര്‍ക്കു ഭരണത്തിലുണ്ട്.
ഫാത്തിമ രചിച്ച അപ്രന്റിഷിപ്പ് ഓഫ് ദ് മഹാത്മ എന്ന നോവലില്‍ നിന്നാണ് ബനഗല്‍ മേക്കിംഗ് ഓഫ് ദ് മഹാത്മ നിര്‍മ്മിച്ചത്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തെപ്പറ്റിയുള്ള സത്യസന്ധമായ ദൃശ്യാവിഷ്കാരമായിരുന്നു അത്. ചിത്രത്തിനു തിരക്കഥയെഴുതിയത് ഫാത്തിമ മിറും ബനഗലും ചേര്‍ന്നാണ്.
വര്‍ഷങ്ങളുടെ ഗവേഷണത്തിനു ശേഷമാണ് 69ല്‍ ഞാന്‍ ആ നോവല്‍ പൂര്‍ത്തിയാക്കിയത്.രചനാവേളയില്‍ത്തന്നെ അതിലൊരു നല്ല സിനിമ ഒളിഞ്ഞിരിക്കുന്നു എന്നു തോന്നിയിരുന്നു.89 ല്‍ ശ്യാമിനെ കണ്ടപ്പാേേഴാണ് ഢാന്ഡ ഇക്കാര്യം ചര്‍ച്ച ചെയ്തത്. വിഷയം ശ്യാമിനും ബോധിച്ചു.
അക്കാലത്തു പക്ഷേ അവിടെ ഒരു ഭരണകൂടമുണ്ടായിരുന്നില്ല. അതുകൊണ്ടു പണം ഒരു പ്രശ്നമായി.പിന്നീട് ഏറെ പണിപ്പെട്ടാണ് അതൊക്കെ തരണം ചെയ്തത്.എന്തായാലും ശ്യാമിന്റെ സിനിമ എന്നെ തൃപ്തിപ്പെടുത്തി. നിങ്ങള്‍ക്കറിയാമോ ലോകത്തു ഹോളിവുഡ്ഡിനും മുമ്പേ ഒരു കഥാ ചിത്രം നിര്‍മിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. പക്ഷേ വെള്ളക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കറുത്തവര്‍ക്കു സിനിമ നിര്‍മ്മിക്കാനാവാതെ പോയി.
ഇന്ത്യക്കാര്‍ക്കു പണ്ട് നല്ലൊരു സിനിമാവിതരണശ്രംഖലയുണ്ടായിരുന്നു അവിടെ. പക്ഷേ ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന സ്ഥലങ്ങളിലല്ല വിതരണം നടത്തുന്നതെന്നു പറഞ്ഞ് വെള്ളക്കാര്‍ അതും തടഞ്ഞു. അവിടെയുള്ള ഒരേയൊരു ആഫ്രിക്കന്‍ നിര്‍മാതാവ് അനന്ത് സിംഗ് ആണ്. ഇന്ത്യന്‍ വംശജനായ അനന്ത് സിംഗ് മണ്ഡേലയുടെ ആത്മകഥ -ലോങ് വാക്ക് ടു ഫ്രീഡം സിനിമയാക്കുകയാണ്- ഫാത്തിമ പറഞ്ഞു നിര്‍ത്തി.
Saturday, February 27, 2010
പൊറാട്ടുനാടകത്തിനൊടുവില്‍


ഉടന്‍ സാംസ്കാരിക കേരളം ഉണര്‍ന്നെണീറ്റു. മാധ്യസ്ഥന്‍മാരുടെ റിലേ റാലി. കേരളത്തിലെ ഏതു സാമൂഹിക കൈകടത്തിലിനെതിരേയും ആഞ്ഞടിക്കുന്ന ഡോ.സുകുമാര്‍ അഴീക്കോട് സജീവമായി. പ്രായത്തിന്റെ വിവേകം നല്‍കിയ പക്വതയുമായി ജ. വി. ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞതൊന്നും അദ്ദേഹത്തിന്റെ ചെവിയല്‍ പതിഞ്ഞില്ല. എന്നും തന്നെ സുകുമാരന്‍ എന്നു മാത്രം സംബോധനചെയ്യുന്ന കണ്ണൂരിലെ പുലി ടി.പത്മനാഭന്റെ ആക്രമണവും അദ്ദേഹം കണക്കിലെടുത്തില്ല.പല്ലു പോയാലും സിംഹംസിംഹം തന്നെയാണല്ലോ. എന്നാല്‍ അനവസരത്തിലും അസമയത്തിലുമുള്ള ആ ഗര്‍ജ്ജനം സൊമാലിയയിലെ പുലിയുടേതിനു സമമാണെന്ന വകതിരിവില്ലാതെപോയി സുകുമാര്‍ അഴീക്കോടിന്. മോഹന്‍ലാലിന്റെ വിഗ്ഗിലും മേയ്ക്കപ്പിലും മാത്രമല്ല, അദ്ദേഹത്തിന്റെ പിതൃസ്വത്തില്‍ വരെയെത്തി അഴീക്കോടിന്‍റെ സാംസ്കാരികദൃഷ്ടി. ലാല്‍ പരസ്യത്തിലഭിനയിക്കുന്നതിനെ വിമര്‍ശിച്ച പിണറായി വിജയന്റെ ഈ ഉറ്റ അനുഗാമി, പക്ഷേ കലണ്ടര്‍ മനോരമ തന്നെ എന്നാവര്‍ത്തിക്കുന്ന തിലകനെയും, കല്യാണ്‍ ഗ്രൂപ്പിനായി അഴകിയരാവണവേഷമണിഞ്ഞ മമ്മൂട്ടിയേയും സൌകര്യപൂര്‍വം വിസ്മരിച്ചു.(അനാവശ്യമായതു മറക്കുകയും ആവശ്യമായതു പൊലിപ്പിക്കുകയുമാണല്ലോ ഇടതുപക്ഷ സംസ്കാരം എന്നാവും അഴീക്കോടന്‍ തീസസ്).
ഇന്നസെന്റില്‍ നിന്നോ, മോഹന്‍ലാലില്‍ നിന്നോ ബി.ഉണ്ണികൃഷ്ണനില്‍ നിന്നോ പ്രതീക്ഷിക്കാത്തതില്‍ പലതും സാംസ്കാരികകേരളം എന്തോ കാരണം കൊണ്ട് സുകുമാര്‍ അഴീക്കോടില്‍ നിന്നു പ്രതീക്ഷിച്ചുപോയി. പക്വതയെന്നോ വകതിരിവെന്നോ വിളിക്കാവുന്ന എന്തോ ചിലത്. അത് അബദ്ധധാരണയായിരുന്നെന്ന് വൈകിയാണെങ്കിലും അദ്ദേഹം തെളിയിക്കുകയും ചെയ്തു. വ്യക്തിഹത്യയോളം നീണ്ട അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മോഹന്‍ലാലിന്റേയോ ഇന്നസെന്റിനേയോ വെല്ലുന്നവിധം മാനനഷ്ടവ്യവഹാരസാധ്യതയുള്ളതായിരുന്നെന്ന് അദ്ദേഹമറിഞ്ഞില്ലെങ്കിലും കേരളത്തിലെ സംസ്കാരമുള്ളവര്‍ അറിഞ്ഞിട്ടുണ്ടാവും.
എല്ലാം കഴിഞ്ഞപ്പോള്‍, ഒരു സംശയം ബാക്കി. അറിവില്ലാത്തവര്‍ വിവരദോഷം പറഞ്ഞാല്‍ അവരുടെ അതേ ഭാഷയില്‍ മറുപടി പറയുന്നതാണോ, അതിനെ അര്‍ഹിക്കുന്ന വിധത്തില്‍ അവഗണിക്കുകയും സ്വന്തം നിലവാരം മൌനത്തിലൂടെ, പാകതയാര്‍ന്ന പ്രതികരണത്തിലൂടെ കാത്തുസൂക്ഷിക്കുന്നതാണോ സംസ്കാരം? കഥയ്ക്കിടയില്‍ ചോദ്യമില്ലെന്നതുപോലെ, ഈ ചോദ്യത്തിനിടയില്‍ ഉത്തരവുമില്ല. ഹ ഹ ഹ.
മറ്റൊരു സന്ദേഹം കൂടി ഇത്തരുണത്തില്‍ പ്രസക്തമാണെന്നു തോന്നുന്നു. അതും ദൌര്‍ഭാഗ്യവശാല്‍ സാംസ്കാരികകേരളത്തെ ഒന്നുലച്ച ഒരു സമകാലിക വിവാദത്തെക്കുറിച്ചുള്ളതുതന്നെ. തിലകനെ വിലക്കിയതേയുള്ളൂ. തിലകന്‍ ആരോപിക്കുന്നതു ശരിയാണെങ്കില്‍ കൈവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാം. എന്നാല്‍ കേരളത്തിന് പൊതുവേ സമ്മതിച്ചുകൊടുക്കാന്‍ മടിയുളള ചില സത്യാവസ്ഥകളെ മുഖം നോക്കാതെ വ്യക്തമാക്കിയതിന്റെ പേരില്‍ സഖറിയയ്ക്കെതിരേ കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പോലീസുകാര്‍ ശരിക്കും കൈവച്ചപ്പോള്‍ ഈ സാംസ്കാരിക പുലി-സിംഹങ്ങള്‍ക്ക് ഒച്ചയടപ്പായിരുന്നോ? അതോ എന്റെ കേള്‍വിക്കുറവാണോ എന്നറിയില്ല, ആരുടേയും ഗര്‍ജ്ജനം പോയിട്ട് ഓരിയിടല്‍ പോലും കേട്ടതായി ഓര്‍ക്കുന്നില്ല!
വിവാദം നടക്കുന്ന കാലത്തോ, അത് ആളിപ്പടര്‍ന്ന കാലത്തോ പ്രതികരിക്കാന്‍ മടിച്ചവരാണ് മലയാള സിനിമയിലുള്ള ഭൂരിപക്ഷവും. കാരണമുണ്ട്. കാരണവസ്ഥാനമുള്ള രണ്ടു മുഴുക്കിഴവന്‍മാര്‍ ഇടപെട്ട വിവാദനാടകത്തില്‍ സ്വന്തം മനഃസാക്ഷിക്കുനിരക്കുന്നതായാലും എന്തെങ്കിലും സത്യം വിളിച്ചുപറഞ്ഞുപോയാല്‍ കാരണവന്മാരുടെ പച്ചത്തെറി കേട്ടാലോ. എന്തിനാ വെറുതെ വീട്ടിലുള്ളവരെയും, മരിച്ചുപോയ സ്വന്തക്കാരെയും പോലും ഇവരുടെ തെറിയഭിഷേകം കേള്‍പ്പിക്കുന്നു? മൌനം വിദ്വാന്മാര്‍ക്കു ഭൂഷണം. ഇവിടെ മറ്റൊരുസംശയം. സ്വന്തം അഭിപ്രായം പറയാന്‍ തെറിഭീഷണി മുഴക്കുന്നതും, ആ ഭീഷണിയെപ്പേടിച്ച്, അഭിപ്രായസ്വാതന്ത്യ്രം പോലും വേണ്ട എന്നു വയ്ക്കുന്നതിലുമില്ലേ സാംസ്കാരിക ഫാസിസം? ഇതും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.
സംഗതി, ബജറ്റിനും, പെട്രോള്‍ വിലവര്‍ധനയ്ക്കുമടക്കമുള്ള മറ്റൊരാഘോഷം വരുംവരെയുള്ള ഇടവേളയില്‍, മാധ്യമങ്ങള്‍ക്ക് ഉത്സവമായെങ്കിലും, ഈ വിവാദങ്ങള്‍ക്കിടയിലും, സാംസ്കാരികകേരളം തിരിച്ചറിയാതെ അവശേഷിക്കുന്ന മറ്റൊന്നുണ്ട്. മൈ നെയിം ഈസ് ഖാന്റെയും വാരണം ആയിരത്തിന്റെയും അവതാറിന്റെയും ദിഗ്വിജയങ്ങള്‍ക്കിടെ മലയാളസിനിമ എങ്ങോ അപ്രസക്തമാകുന്നു എന്നുള്ളതാണത്. ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെയും അവര്‍ നേതൃത്വം നല്‍കുന്ന അച്ചുതണ്ടുകള്‍ക്കും ചുറ്റും മാത്രം വട്ടം ചുറ്റി വഴിതെറ്റുന്ന മലയാള സിനിമ ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലായിട്ട് കാലം കുറച്ചായി. അതിന്റെ നാഡീസ്പന്ദനവും, രക്തയോട്ടവും, മസ്തിഷ്കപ്രവര്‍ത്തനവും, കരള്‍-വൃക്കകളും മന്ദതാളത്തിലായിട്ടോ താളം തെറ്റിയിട്ടോ നാളേറെയായി. അതു നേരെയാക്കാനുള്ള ചികിത്സയോ സുഖചികിത്സയോ ആരും, ഒരു സാംസ്കാരികനായകനും നാളിതുവരെ നിര്‍ദ്ദേശിച്ചു കണ്ടില്ല. എന്തിന് അതെപ്പറ്റി പരിതപിച്ചുപോലും കണ്ടില്ല.
വിവാദമുണ്ടാക്കിയവരും, വ്യക്തമായ അജന്‍ഡയോടെ, ചിലരെ മുന്നില്‍ നിര്‍ത്തി വിവാദം കത്തിച്ചു ചൂടാക്കി, സ്വന്തം ലക്ഷ്യം കണ്ടവരും, കറുത്ത അജന്‍ഡകള്‍ക്ക് അറിഞ്ഞോ അറിയാതെയോ ചട്ടുകമായി നിന്നുകൊടുത്തവരും ഓര്‍ക്കാതെപോയ സത്യം ഒന്നുമാത്രം-സിനിമയുണ്ടെങ്കിലേ താരങ്ങളുള്ളൂ. സംഘടനകളുള്ളൂ. വിവാദങ്ങള്‍ക്കു വിദൂര സാധ്യതപോലുമുള്ളൂ. സ്വന്തം മകളുടെ താലിയറ്റാലും ശരി മരുമകന്റെ തലപോയിക്കണ്ടാല്‍ മതി എന്ന നിലപാടില്‍ അത്രയേറെ ഇന്നസെന്‍സ് കാണാനാവുന്നില്ല. അത്, കൌശലത്തിന്റെ മൌനാവരണമണിഞ്ഞ മമ്മൂട്ടിയുടേതായാലും ശരി, വായില്‍ വന്നതു പറഞ്ഞുപോയ മോഹന്‍ലാലിന്റെയോ ഗണേഷ്കുമാറിന്റെയോ ആയാലും ശരി. ഈ അധരവ്യായാമങ്ങള്‍ സിനിമയെ ഐ.സി.യു വില്‍ നിന്ന് ശ്മശാനത്തിലേക്കെടുക്കുകയേ ഉള്ളൂ എന്നോര്‍മിച്ചാല്‍ നന്ന്.
for more reading
Wednesday, February 24, 2010
ഖാന്‍ ഈസ് കിംഗ്

മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ കാഴ്ചാനുഭവം പങ്കിടവേ,എഴുത്തുകാരായ ചാരു നിവേദിതയും എന്‍.പി.ഹാഫിസ് മുഹമ്മദും കലാകൌമുദി വാരികയില്‍ ചിത്രത്തെക്കുറിച്ചു ചില മുന്‍കൂര്‍ ജാമ്യങ്ങളെടുത്തതുകണ്ടു. ചിത്രം അത്യസാധ്യമായ, അനിതരസാധാരണമായ ദൃശ്യാനുഭവവും വൈകാരികാനുഭവവുമാണെന്നു സമര്‍ഥിക്കുന്നതിനുമുമ്പേ, ഈ ചിത്രം ഒരുപക്ഷേ ലോകോത്തര നിലവാരത്തിലുള്ളതാവണമെന്നു നിര്‍ബന്ധമില്ല, ബോളിവുഡ്ഡിന്റെ തനതു ഫോര്‍മുലയില്‍ ഉള്‍പ്പെടുന്നതായിരിക്കാം, സമാന്തരധാരയില്‍പ്പെടുന്നതാവണമെന്നില്ല, എന്നെല്ലാമാണ് അവരുടെ ജാമ്യവ്യവസ്ഥ. എന്നിരുന്നാലും ചിത്രം അവാച്യമായ അനുഭവമായിത്തീരുന്നുവെന്നും കാരണസഹിതം ഇരുവരും വ്യക്തമാക്കുന്നു. അവരുടെ നിലപാടിനോട് അനുകൂലിച്ചുകൊണ്ടുതന്നെ പറയട്ടേ, അവരുടെ ഈ ജാമ്യവ്യവസ്ഥകള്‍ ശുദ്ധ അസംബന്ധമാണ്. അവരെ കണ്ണടച്ച് എതിര്‍ക്കുകയാണ് ഈയുള്ളവന്‍ എന്നു ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മുതിരും മുമ്പ് ഇനിയുള്ളതു കൂടി വായിക്കാന്‍ ക്ഷമകാട്ടുക.
അതായത്, അവരുടെ ഈ ജാമ്യവ്യവസ്ഥകളൊന്നും തന്നെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള, ഉള്ളില്‍തട്ടുന്ന, പ്രേക്ഷകഹൃദയങ്ങളിലേക്കു നേരിട്ടു സംവദിക്കുന്ന, തീര്‍ത്തും ഫോര്‍മുലേതര സിനിമയാണ് മൈ നെയിം ഈസ് ഖാന്‍ എന്നാണ് ഞാന്‍ ആണയിടുന്നത്!
ഞാന്‍ അടുത്തകാലത്തു കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഇത്. ഇതില്‍ പാട്ടിനുവേണ്ടി പാട്ടില്ല. ബോളിവുഡ്ഡിന് ഒഴിച്ചുകൂടാനാവാത്ത, അതിന്റെ ഇംപ്രിന്റ് പോലുമായി മാറിക്കഴിഞ്ഞ സംഘനൃത്തം പേരിനുപോലുമില്ല. സംഘട്ടനമില്ല. സെക്സില്ല. (പാചകത്തിനിടെ നായികയോട് കാന്‍ ഐ ഹാവ് സെക്സ് വിത്ത് യു എന്നാശിക്കുന്ന നായകന്റെ പിന്നാലെ മുറിയിലേക്കോടുന്ന നായികയുടെ രംഗത്തിലൊതുങ്ങുകയാണ് സെക്സിനെക്കുറിച്ചുള്ള വിദൂരസൂചന), അതിമാനുഷ നായകനില്ല. സര്‍വം സഹയായ നായികയില്ല, നായികയുടെ ദുര്‍വാശിക്കാരനായ പിതാവില്ല, കുലപ്പകയുടെ കഥാംശമില്ല. പിന്നെ എന്തു ഫോര്‍മുലയാണ് ഈ സിനിമ പിന്തുടരുന്നത് എന്നാണ് കരുതേണ്ടത്? തീര്‍ച്ചയായും പ്രമേയകല്‍പനയിലും ആവിഷ്കരണത്തിലും മൈ നെയിം ഈസ് ഖാന്‍ സകല ബോളിവുഡ് വ്യാകരണങ്ങളെയും നിരാകരിക്കുന്നതായാണ് എനിക്കനുഭവപ്പെട്ടത്.
ഓട്ടിസ്റിക്ക് ആയ നായകന്‍. നേരത്തേ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ നായിക മന്ദിര.അവളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്ന നായകന്‍. നായികയുടെ കന്യകാവിശുദ്ധിയെന്ന ക്ളീഷേയെപ്പോലും വിദഗ്ധമായി വെല്ലുവിളിക്കുന്ന സിനിമ. സാമൂഹികപ്രശ്നങ്ങള്‍ക്കുനേരെ പിന്തിരിഞ്ഞു നില്‍ക്കാന്‍ മാത്രം ശ്രമിക്കുന്ന മുഖ്യധാരാസിനിമയില്‍ നിന്ന് ഇത്രയും ധീരമായൊരു ചലച്ചിത്രോദ്യമം, അതും 9/11 നെ കുറിച്ചു, മുസ്ളീം തീവ്രവാദവിരുദ്ധനിലപാടില്‍ പ്രതീക്ഷിക്കുക വയ്യല്ലോ. സത്യം പറയട്ടെ, കരണ്‍ ജോഹര്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു.
രവി കെ.ചന്ദ്രന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ പൊതു ദൃശ്യപരിചരണത്തില്‍ മുഴച്ചുനിന്നു എന്ന ചാരുനിവേദിതയുടെ നിരീക്ഷണത്തെയും, വിനീതമായി ഭിന്നിക്കാനാണ് എനിക്കിഷ്ടം. കാരണം, ഒരു അമേരിക്കന്‍ മെട്രോയെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച പാന്‍- ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ (സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പോലും ഹിന്ദി/ഇംഗ്ളീഷ് എന്നു രേഖപ്പെടുത്തിക്കൊണ്ടാണെന്നതു ശ്രദ്ധിക്കുക) രവിയുടെ ദൃശ്യപരിചരണം പ്രമേയധാരയോട് അത്യധികം ഇഴുകിച്ചേര്‍ന്ന നിര്‍വഹണമായിട്ടാണ് എനിക്കനുഭവപ്പെട്ടത്.
ഷാരൂഖ് ഖാന്റെ ഏറ്റവും മികച്ചതും ഒതുക്കമുള്ളതുമായ പ്രകടനമാണ് ഖാന്‍. ഒരു ദേശീയ അവാര്‍ഡ് ഷാരൂഖിന് എവിടെയോ മണക്കുന്നുണ്ടോ എന്നേ സംശയിക്കേണ്ടതുള്ളൂ. കാജോലാകട്ടെ അതിസുന്ദരിയായിരിക്കുന്നു. മനസ്സുകളിലേക്കു സംവദിക്കുന്ന നല്ല സിനിമകളുടെ പട്ടികയില്‍, ചെറുതെങ്കിലും സ്വന്തം സ്വത്വപൂര്‍ത്തിയിലേക്കായി നടത്തുന്ന ഒരു ജീവിതയാത്ര പ്രതിപാദിക്കുന്ന ഇറാന്‍/ദക്ഷിണാഫ്രിക്കന്‍/ലാറ്റിനമേരിക്കന്‍ സിനിമകളുടെ ഗണത്തില്‍ പെട്ട മികച്ചൊരു ഇന്ത്യന്‍ ചിത്രമായാണ് ഈ സിനിമ എന്റെയുളളില്‍ പ്രതിഷ്ഠ നേടുന്നത്.
എന്നാല്‍ മൈ നെയിം ഈസ് ഖാന്‍ എന്നിലേല്‍പ്പിക്കുന്ന ആശങ്കയുടെ ഭാരം ചാരുനിവേദിതയുടേതിലും ഹാഫിന്റേതിലും നിന്നു വ്യത്യസ്തമാണ്. തമിഴ്നാട്ടിലെങ്ങും കിട്ടുന്ന നിറം കലര്‍ത്തിയ നാടന്‍ സരബത്തുപോലത്തെ തട്ടുപൊളിപ്പന്‍ പൊള്ളാച്ചി സിനിമകളാണല്ലോ മലയാളത്തിലുണ്ടാവുന്നത്. അവ ഏറ്റുമുട്ടേണ്ടത് മൈ നെയിം ഈസ് ഖാന്‍ പോലുള്ള കാമ്പുള്ള ചലച്ചിത്രരചനകളോടാണല്ലോ എന്നോര്‍ത്തിട്ടാണ് എനിക്കു നാണം വരുന്നത്.
പണ്ട് ചില പറട്ട മലയാള സിനിമകളുടെ പരസ്യങ്ങളില്‍ ആവര്‍ത്തിച്ചുകണ്ടിട്ടുള്ള ഒരു വാചകം കൂട്ടിച്ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ-ഈ ചിത്രം കണ്ടില്ലെങ്കില്‍ ഇന്ത്യയിലിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് നിങ്ങള്‍ കാണാതെ പോകും, തീര്‍ച്ച!
Subscribe to:
Posts (Atom)