Monday, December 04, 2023

മലയാള സിനിമ നാളെ; ചില ശ്ളഥചിന്തകള്‍

 മലയാള സിനിമ നാളെ; ചില ശ്ളഥചിന്തകള്‍ - KERALEEYAM 2023 (kerala.gov.in)



എ.ചന്ദ്രശേഖര്‍

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍)

കേരളത്തിന്റെ നാളെയ്ക്കൊപ്പം ഇവിടത്തെ സിനിമ എന്താവുമെന്നും എങ്ങനെയാവുമെന്നും ചിന്തിക്കുമ്പോള്‍, സാക്ഷരകേരളവും ആരോഗ്യകേരളവും എന്തായിത്തീരുമോ അതിനുസമാനമായ മാറ്റവും മുന്നേറ്റവും തന്നെ സിനിമയിലും പ്രതിഫലിക്കുമെന്നാണ് സാമാന്യേന പ്രതീക്ഷിക്കാനാവുക. കേരളം എക്കാലത്തും ലോകത്തിനു മാതൃകയായിട്ടുള്ളത്  അനന്യമായ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലൂടെയാണല്ലോ. സിനിമയുടെ കാര്യത്തിലും ആദ്യം മുതല്‍ക്കെ  മേല്‍ക്കൈ നേടി ഇളമുറകളിൽ ഉറയ്ക്കാനും പുതിയ മാതൃകകളിലേക്കു  നയിക്കാനുമാണു സാധ്യത കാണുന്നത്.

പ്രതിബദ്ധതയും മാധ്യമബോധവും എന്ന ഈ രണ്ടു ഘടകങ്ങളിലാണ് മലയാള സിനിമ തുടക്കം മുതല്‍ക്കേ ഇതര സംസ്ഥാന സിനിമകളില്‍ നിന്നു വിഭിന്നമായിരുന്നത് .സാമൂഹികപ്രസക്തിയും മാധ്യമപ്രസക്തിയും കൈവരിച്ചതും. ഇന്ത്യയില്‍ സിനിമ ഉണ്ടായത് പുരാണത്തെ ആസ്പദമാക്കിയാണെങ്കില്‍, മലയാളത്തില്‍ സിനിമയുണ്ടായത് സാമൂഹിക ഇതിവൃത്തത്തെ അധികരിച്ചാണ്. സാഹിത്യബദ്ധവും സാമൂഹികബദ്ധവുമായ പ്രമേയങ്ങളോട് അന്നുമുതല്‍ക്കേ മലയാള സിനിമ വച്ചുപുലര്‍ത്തിയ മമത തന്നെയാണു അതിനെ ഇതര സിനിമകളില്‍ നിന്നു വ്യതരിക്തമാക്കിയതും. കാമ്പുള്ള വിഷയങ്ങള്‍, കലാമൂല്യവും സാങ്കേതികത്തികവും ഒരുപോലെ നിലനിര്‍ത്തി അവതരിപ്പിച്ചാണ് നമ്മുടെ സിനിമ പുറത്തുള്ളവര്‍ക്കു മാതൃകയായത്. കാലാകാലങ്ങളിലെ ഉയര്‍ച്ചതാഴ്ചകള്‍ക്കൊടുവിലും ഈ രണ്ടു കാര്യങ്ങളില്‍ സമാനതകളില്ലാത്ത മേല്‍ക്കൈ അവകാശപ്പെടാന്‍ മലയാള സിനിമയ്ക്കു ഇക്കാലത്തും സാധിക്കുന്നുണ്ട്. അതിനിയും അനുസ്യൂതം തുടരുമെന്നു തന്നെവേണം കരുതാന്‍. കാരണം, ഡിജിറ്റലാവുക വഴി സിനിമ അതിന്റെ സങ്കീര്‍ണതകള്‍ വിട്ട് കൂടുതല്‍ പ്രാപ്യവും ജനാധിപത്യപരവുമായിക്കഴിഞ്ഞു എന്നതുതന്നെയാണു കാരണം. കൂടുതല്‍ യുവപ്രതിഭകള്‍ക്ക് സിനിമയില്‍ ആവിഷ്‌കാരപരമായ പരീക്ഷണങ്ങള്‍ക്കു അത് അവസരമൊരുക്കുന്നുണ്ട്. സിനിമയില്‍ വിജയിക്കുക ഭാഗ്യമായിരുന്ന കാലം വിട്ട് അത് പ്രതിഭ വിന്യസത്തിൻ്റെ ആസൂത്രണം കൊണ്ട് സാധ്യമാവുന്ന കാലത്താണ് നാം ജീവിക്കുന്നത്.വികസിത രാജ്യങ്ങളും വന്‍ശക്തികളും ശതകോടികള്‍ മുടക്കി ബഹിരാകാശ പരീക്ഷണങ്ങളിലേര്‍പ്പെടുമ്പോള്‍ താരതമ്യേന ചുരുങ്ങിയ പണം കൊണ്ടു അതിനപ്പുറം ചെയ്യുന്ന ഐ എസ് ആര്‍ ഒക്കെയാണു മലയാള സിനിമയോട് തുലനം ചെയ്യാന്‍ സാധിക്കുക. പാന്‍-ഇന്ത്യന്‍ എന്ന വിളിപ്പേരില്‍ ഉത്തരേന്ത്യന്‍ സിനിമയ്ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച ദക്ഷിണേന്ത്യന്‍ ഭാഷയില്‍ നിന്നുള്ള ബ്രഹ്മാണ്ഡസിനിമകള്‍ ദശകോടികള്‍ മുടക്കിയാണതു സാധ്യമാക്കുന്നതെങ്കില്‍, താരതമ്യേന ചെറിയ ചിത്രങ്ങളിലൂടെ, അതിന്റെ ഉള്‍ക്കനം കൊണ്ടു ദേശാന്തര വിജയം സ്വായത്തമാക്കിയാണു മലയാളസിനിമ മറ്റുള്ളവരെ അമ്പരപ്പിക്കുന്നത്. സാങ്കേതികത്തികവിന്റെ കാര്യത്തിലും ഈ മേല്‍ക്കൈ മലയാള സിനിമ എക്കാലവും നേടിയിട്ടുണ്ട്. തുടര്‍ന്നുള്ള ദശകങ്ങളിലും നമ്മുടെ സിനിമ ഇതിലും നന്നായിത്തന്നെ അതിന്റെ അധീശത്വം നിലനിര്‍ത്തുമെന്നു തന്നെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഭാവി മലയാള സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍, അതെങ്ങനെയായിത്തീരുമെന്ന   പ്രവചനത്തേക്കാള്‍ അതെങ്ങനെയായിത്തീരണമെന്ന സങ്കല്‍പങ്ങള്‍ക്കു സാംഗത്യമുണ്ട് എന്നതുകൊണ്ടുതന്നെ അത്തരം ചില ചിന്തകളാണു ഇവിടെ പങ്കുവയ്ക്കുന്നത്.

ശ്രേഷ്ഠ ഭാഷ, ശ്രേഷ്ഠ സിനിമ

ഹിന്ദിയേയും തമിഴിനേയും തെലുങ്കിനേയും താരതമ്യംചെയ്യുമ്പോള്‍ വളരെ ചെറിയൊരു ഭാഷയായിട്ടും ശ്രേഷ്ഠ പദവിയിലേക്കുയര്‍ത്തപ്പെട്ടതാണല്ലോ മലയാളം. അതേ പദവി ഒട്ടും ശങ്കകൂടാതെ ചാര്‍ത്തിക്കിട്ടാനുള്ള അര്‍ഹത സിനിമയുടെ കാര്യത്തിലും മലയാളത്തിനുണ്ട്.സത്യജിത് റേക്കു പുറമേ ലോകസിനിമയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ യുവതലമുറയിലെ ലിജോ ജോസ് പെല്ലിശ്ശേരി വരെ ഈ നീരീക്ഷണത്തെ സാധൂകരിക്കുകയും ചെയ്യുന്നതാണ്. കലാത്മതയിൽ  മാത്രമല്ല, വ്യവസായമെന്ന നിലയ്ക്കും നമ്മുടെ സിനിമ അദ്ഭുതങ്ങള്‍ കാണിച്ചുതന്നിട്ടുണ്ട്.ഇന്ത്യന്‍ സിനിമയില്‍ എക്കാലവും സാങ്കേതികമായി ബഹുദൂരം മുന്നിലായിരുന്നു മലയാള സിനിമ. പൂര്‍ണമായും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയ ആദ്യത്തെ 70 എംഎം 6 ട്രാക്ക് സ്റ്റീരിയോഫോണിക്ക് ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡയമെന്‍ഷന്‍ സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, ആദ്യത്തെ സിനിമാസ്‌കോപ് ചിത്രമായ തച്ചോളി അമ്പു, ആദ്യത്തെ ഡിജിറ്റല്‍ സിനിമയായ മൂന്നാമതൊരാള്‍ ആദ്യത്തെ ലൈവ് അനിമേഷന്‍ സിനിമയായ ഓ ഫാബി തുടങ്ങിയവയെല്ലാം മലയാളത്തിന്റെ സംഭാവനയായിരുന്നു. പുത്തന്‍ സാങ്കേതികവിദ്യയെ മുറുകെപ്പുണരുന്നതോടൊപ്പം അതിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്നതിലും സാമാന്യവല്‍ക്കരിക്കുന്നതിലും മലയാള സിനിമയും സാങ്കേതികവിദഗ്ധരും എന്നും ഒരു പടി മുന്നില്‍ത്തന്നെയായിരുന്നു; ആയിരിക്കുകയും ചെയ്യും. 2023ല്‍ പുറത്തിറങ്ങി വന്‍ വിജയം നേടി ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയിത്തീര്‍ന്ന ജൂഡ് ആന്റണിയുടെ 2018 പോലുളള സിനിമകള്‍ ഈ പ്രതീക്ഷ സ്ഥാനപ്പെടുത്തുന്നു. എന്നാല്‍ വ്യവസായമെന്ന നിലയില്‍ മലയാള സിനിമ ഇനിയും ഒരുപാടു വളരേണ്ടിയിരിക്കുന്നു എന്ന പരമാര്‍ത്ഥം ഭാവിചിന്തനത്തില്‍ പരിഗണിക്കേണ്ടതുണ്ട്.

ജെ.സി.ഡാനിയലിന്റെ ട്രാവന്‍കൂര്‍ നാഷനല്‍ പിക്ചേഴ്സില്‍ തുടങ്ങിയ മലയാള സിനിമ , വ്യാവസായികവളര്‍ച്ച നേടിയെടുത്തതു ആലപ്പുഴയില്‍ കുഞ്ചാക്കോയുടെ ഉദയാ, തിരുവനന്തപുരത്ത് പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്‍ഡ് തുടങ്ങിയ സ്റ്റുഡിയോകളിലൂടെയാണ്. ഒരുകാലത്ത് ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കപ്പെട്ട ചെന്നൈയില്‍ (അന്നത്തെ മദ്രാസ്) കേന്ദ്രീകരിച്ച മലയാള സിനിമയെ കേരളത്തിലേക്ക് പുനരാനയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സര്‍ക്കാര്‍ ,  പൊതുമേഖലയില്‍ സ്ഥാപിച്ച സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാഞ്ജലിയും സ്റ്റുഡിയോ സമ്പ്രദായത്തെയാണ് പ്രോത്സാഹിപ്പിച്ചത്. എന്നാല്‍, ചന്ദ്രതാരാ, കണ്‍മണി, ജയമാരുതി തുടങ്ങിയ ബാനറുകളില്‍ വ്യക്തിഗത നിര്‍മ്മിതികളായാണ് മലയാള സിനിമ സ്റ്റുഡിയോ ബാഹ്യമായി വളച്ച പ്രാപിച്ചത്. സമാന്തരസിനിമയില്‍ ജനറല്‍ പിക്ചേഴ്സ് പോലുള്ള സംരംഭങ്ങളും സമാനപാതയിലാണു മുന്നേറിയത്. എന്നാല്‍, മുടക്കുമുതലിനോടു നീതിപുലര്‍ത്തുന്ന ശാസ്ത്രീയ ആസൂത്രണത്തിനോ പ്രൊഫഷനല്‍ നിര്‍വഹണത്തിനോ ഉപരി വാതുവയ്പ്പിനോ ഭാഗ്യപരീക്ഷണത്തോടോ ഉപമിക്കാവുന്ന നിര്‍മ്മാണ ശൈലിയാണ്ടു നമ്മുടെ സിനിമ പുലര്‍ത്തിപ്പോന്നത്. വ്യവസായമെന്ന നിലയ്ക്കു വന്‍ മുതല്‍മുടക്കുള്ള ഇതര സംരംഭങ്ങളെ അപേക്ഷിച്ച് വളരെവലിയ മുതല്‍മുടക്കും തീരേ ചെറിയ  വിലയുമുള്ള സിനിമയ്ക്കു മിഠായിക്കമ്പനിക്കു വേണ്ടുന്ന പദ്ധതിപഠനം പോലുമുണ്ടാവാറില്ലെന്ന സ്ഥിതിയായിരുന്നു നിലവിൽ. നിര്‍മ്മാണ ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടായതോടെയും സംവിധായകര്‍ ഇന്റര്‍നെറ്റ് മാധ്യമമാക്കി നിക്ഷേപകരെ കണ്ടെത്തിത്തുടങ്ങുകയും ചെയ്തതോടെയും ക്രൗഡ് ഫണ്ടിങ്ങിന്റെയും മറ്റും കാലത്ത് ഇക്കാര്യത്തില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എ്ന്നാലും, ഏറെയൊന്നും പ്രൊഫഷനലായ പ്ളാനിങ് ഇല്ലാതെ വ്യക്തിഗത പ്രതിഭകളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള ഭാഗ്യപരീക്ഷണം എന്ന സൂത്രവാക്യമാണ് നിര്‍മ്മാതാക്കള്‍ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ,പ്രത്യക്ഷവും പരോക്ഷവുമായ നികുതിദാനത്തിന്റെ കാര്യത്തില്‍ നിര്‍ണായകപങ്കുള്ള മലയാള സിനിമയ്ക്കു വ്യവസായമെന്ന നിലയ്ക്കു ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഇനിയും ഗൗരവതരമായ പരിഗണന ലഭിച്ചിട്ടില്ല. തൊണ്ണൂറുകളുടെ ഉത്തരാര്‍ധത്തിലാണു  ചലച്ചിത്രത്തിനു ഇന്ത്യ വ്യവസായ പദവി കൊടുക്കാന്‍ സന്നദ്ധമാവുന്നത്. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഭൗതികമായ ഈടുകൂടാതെ ഒരു വ്യവസായത്തിനു ലഭിക്കാവുന്ന പരിഗണ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരു സിനിമാ നിര്‍മ്മാതാവിന് നല്‍കുന്നുണ്ടോ എന്നു സംശയമാണ്. ഈ സ്ഥിതി മാറി, കൃത്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി, ശാസ്ത്രീയമായ കരാറുകളുടെയും വ്യവസ്ഥകളുടെയും രേഖകളുടെയും  പിന്‍ബലത്താല്‍ വാണിജ്യപരമായി ആസൂത്രണം ചെയ്യപ്പെട്ട് വ്യവസായ ഉല്‍പ്പന്നമെന്ന നിലയ്ക്കു മലയാള സിനിമ മാറണമെന്നതാണ് ഭാവിസങ്കല്‍പത്തില്‍ പ്രധാനം. ബഹുരാഷ്ട്ര വിനോദനിക്ഷേപകരില്‍ പലരും പരീക്ഷിച്ചുവിജയിച്ച ശാസ്ത്രീയ മാതൃക അവരുടെ പങ്കാളിത്തത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മലയാളമടക്കമുള്ള ഭാഷാസിനിമകളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, മലയാളത്തില്‍ ഒരു വര്‍ഷം പുറത്തിറങ്ങുന്ന നൂറില്‍പ്പരം സിനിമകളെടുത്താല്‍ അവയില്‍ നാലിലൊന്നു പോലും വരില്ല അവ. ബാക്കി സിനിമകളിലേറെയും നഷ്ടത്തില്‍ വിസ്മരിക്കപ്പെടുന്ന അധോഗതിയില്‍ നിന്നു മലയാള സിനിമ കരകയറണം. ഇറങ്ങുന്ന സിനിമകളില്‍ നാലിലൊന്നേ പ്രേക്ഷകരാല്‍ നിരസിക്കപ്പെടാവൂ. ബാക്കി ഭൂരിപക്ഷവും മെഗാ, സാദാ ഹിറ്റുകളും ശരാശരി വിജയങ്ങളുമായെങ്കിലും മാറണം. എങ്കില്‍ മാത്രമേ വ്യാവസായിക വീക്ഷണത്തില്‍ സിനിമയ്ക്കു നിലനില്‍ക്കാനാവൂ. നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിക്കുന്നതാവരുത് ഭാവി മലയാള സിനിമ. അതിനു വേണ്ടത് പ്രൊഫഷനല്‍ പ്ളാനിങ്ങണ്. അതിനു കഴിവുള്ള ,അര്‍ഹരായ മാനേജ്മെന്റ് പ്രൊഫഷനലുകള്‍ സിനിമാ നിര്‍മ്മാണത്തിന്റെ പിന്നണിയിലെത്തണം.മികച്ച ധനകാര്യ മാനേജ്മെന്റും ലാഭനഷ്ട സാധ്യതാപഠനവും ആദ്യമേ നടക്കണം. അതിനു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ബോധവല്‍ക്കരണമടക്കമുള്ള ഇടപെടലുകള്‍ നടത്തണം. സിനിമാപഠനവും സിനിമയെഴുത്തും സംവിധാനവും സാങ്കേതികതയും മാത്രമല്ല സിനിമയുടെ ശാസ്ത്രീയ നിര്‍മ്മാണ വഴികളും സര്‍വകലാശാലാ തലത്തില്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണം.

വനിതാസൗഹൃദ സ്വപ്നം

ലോകത്ത്  മറ്റെല്ലാ മേഖലകളിലുമെന്നപോലെ സിനിമയുണ്ടായ കാലം മുതല്‍ക്കേ പുരുഷ കേന്ദ്രീകൃതമായിരുന്നു. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ ആദ്യ സിനിമയിലെ നായികയോടുപോലും സാമൂഹികമായോ ചരിത്രപരമായോ നീതിപുലര്‍ത്താനായിട്ടില്ല നമുക്ക്. സ്ത്രീയെ കമ്പോളച്ചരക്കാക്കിക്കൊണ്ടുള്ള കാഴ്ചപ്പാടാണ് സിനിമ വച്ചുപുലര്‍ത്തിയിരുന്നത്.അഭിനയരംഗത്തു മാത്രമാണ് അരനൂറ്റാണ്ടോളം മലയാള സിനിമ സ്ത്രീയെ പരിഗണിക്കുക പോലും ചെയ്തത്. തൊണ്ണൂറുകളില്‍ മാത്രമാണ് സിനിമയുടെ സാങ്കേതിക ഇടങ്ങളില്‍ ഒറ്റപ്പെട്ടതെങ്കിലും വനിതാസാന്നിദ്ധ്യം കണ്ടുതുടങ്ങുന്നത്. ചിന്തയിലും വീക്ഷണത്തിലുമെല്ലാം നവസങ്കല്‍പം വച്ചുപുലര്‍ത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലും മലയാള സിനിമ വനിതാപിന്നണിപ്രവര്‍ത്തകരെ എത്രത്തോളം സ്വാഗതം ചെയ്യുന്നുണ്ടെന്നതു സൂക്ഷ്മപരിശോധന ആവശ്യപ്പെടുന്ന വിഷയമാണ്. വസ്ത്രം മാറാനും പ്രാഥമികകാര്യങ്ങള്‍ക്കും സ്വകാര്യമായൊരു ഇടം എന്ന അടിസ്ഥാന വിഷയങ്ങളടക്കം സിനിമയിലെ സ്ത്രീപ്രശ്നങ്ങള്‍ പൊതുസമക്ഷം ചര്‍ച്ചയാക്കാന്‍, വിമന്‍സ് കളക്ടീവ് പോലൊരു വനിതാ കൂട്ടായ്മ വേണ്ടി വന്നു. 2023ല്‍ മലയാള സിനിമയില്‍ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, ഛായാഗ്രാഹകര്‍, ചിത്രസന്നിവേശകര്‍, നിര്‍മ്മാണകാര്യദര്‍ശികള്‍, നിര്‍മ്മാതാക്കള്‍, വസ്ത്രാലങ്കാരകര്‍, കലാസംവിധായകര്‍, സഹസംവിധായകര്‍ ,ശബ്ദലേഖകര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ എത്ര വനിതകളുണ്ട് എന്നൊരു കണക്കെടുത്താല്‍ മാത്രം മതി ന്യായീകരിക്കാനാവാത്ത ആണ-പെണ്‍ വ്യത്യാസം ബോധ്യപ്പെടാന്‍. പാര്‍ലമെന്റില്‍ വരെ 33 ശതമാനം എന്ന സ്ത്രീ പ്രാതിനിധ്യം സാങ്കേതികമായെങ്കിലും സ്ത്രീകള്‍ക്കു നീക്കിവച്ച കാലത്ത് ഈ അവസ്ഥ മാറി ആണുങ്ങള്‍ക്കൊപ്പം മുന്നണിയിലും പിന്നണിയിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര നിര്‍മാണ മേഖലയായി മലയാളസിനിമ മാറണം. അതിനു ആസൂത്രണത്തിലും നിര്‍വഹണത്തിലും വനിതാസൗഹൃദമാവുകയും സ്ത്രീപങ്കാളിത്തം ഉറപ്പാക്കുകയും വേണം.വനിതാ സംവിധായകരെയും എഴുത്തുകാരെയും കണ്ടെത്തി അവരുടെ സിനിമാസംരംഭങ്ങള്‍ക്ക് ധനസഹായം ചെയ്തു നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുന്നോട്ടു വന്നിട്ടുള്ളത് ഈ വഴിക്കു നടക്കുന്ന സാര്‍ത്ഥകമായ ഇടപെടല്‍ തന്നെയാണ്. പക്ഷേ അഞ്ചു വനിതാ ചലച്ചിത്രകാരികളില്‍ ഒതുക്കിനിര്‍ത്തപ്പെടുന്നതാവരുത് അത്തരം ഉദ്യമങ്ങള്‍. താരങ്ങള്‍ക്കുപരി ഇതരവിഭാഗങ്ങളിലെ സ്ത്രീകള്‍ക്കു  സൗകര്യപ്രദമായും സ്വസ്ഥമായും അതിലേറെ സ്വതന്ത്രമായും ജോലിയെടുക്കാനുള്ള സാഹചര്യമാണുണ്ടാവേണ്ടത്.

വീണ്ടെടുക്കേണ്ട ഗരിമ

മലയാള സിനിമ ഉണ്ടായ കാലം മുതല്‍ ഒരു പതിറ്റാണ്ടു മുമ്പുവരെയുള്ള ദേശീയ ബഹുമതികളെടുത്താല്‍ വര്‍ഷാവര്‍ഷം മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്ന ബഹുമതികളിലൂടെ അതിൻ്റെ ആധിപത്യം വ്യക്തമാവും. ഇതരഭാഷാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു അസൂയയുണ്ടാക്കും വിധമുള്ള മേധാവിത്വമാണു മലയാളസിനിമ കൈവരിക്കുന്നത്. മികച്ച സിനിമയും സംവിധായകനും അഭിനേതാക്കളും തുടങ്ങി സാങ്കേതികവിഭാഗങ്ങളിലും രചന/ഹ്രസ്വചിത്ര വിഭാഗങ്ങളിലും വരെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിക്കൊണ്ടാണതു സാധ്യമാക്കിയിരുന്നത്. മറ്റു സംസ്ഥാനങ്ങള്‍ സിനിമയുടെ കാര്യത്തില്‍ കേരളത്തെ ഉറ്റുനോക്കുന്ന കാലമായിരുന്നു അത്. എന്നാല്‍, കുറച്ചു വര്‍ഷങ്ങളായി ഈ ആധിപത്യത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. രാഷ്ട്രീയവും മെറിറ്റിനുപുറത്തുള്ളതുമായ കാരണങ്ങളും ചൂണ്ടിക്കാട്ടാനാവുമെങ്കിലും മറ്റു ചില കാരണങ്ങളാണിവിടെ പ്രസക്തമെന്നതു കാണാതെ പോകരുത്. ഇന്ത്യയില്‍ നിന്ന് ഒരു ശബ്ദലേഖകന്‍ ആദ്യമായി ഓസ്‌കറിനാല്‍ അംഗീകരിക്കപ്പെടുന്നതു മലയാളിയായ റസൂല്‍ പൂക്കുട്ടിയാണല്ലോ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഛായാഗ്രഹണത്തിലും ശബ്ദലേഖനത്തിലുമെല്ലാം മലയാളി സാങ്കേതികവിദഗ്ധര്‍ക്ക് എന്നും ആധിപത്യമുണ്ടായിരുന്നു. പക്ഷേ, ഈ റഡാറിലേക്കു കൂടുതല്‍ അന്യഭാഷാ പ്രതിഭകള്‍ കടന്നുവരികയും കഴിവുതെളിയിക്കുകയും ചെയ്യുന്നുണ്ടെന്നതു അവഗണിക്കാനാവില്ല. മത്സരത്തില്‍ പിന്തള്ളപ്പെടാതിരിക്കാനുള്ള പ്രതിഭ ആര്‍ജിക്കുന്നിടത്തു മലയാളികള്‍ക്ക് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയും പരിഹരിച്ചു മുന്നേറുകയും ചെയ്യേണ്ടതു കാലത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രാതിനിധ്യവും അവരുടെ സാങ്കേതികകാര്യങ്ങളിലുള്ള ശ്രദ്ധയും പഠനവുമെല്ലാം പ്രത്യാശ നല്‍കുന്നതാണ്. എന്നാല്‍ അവയൊക്കെ എങ്ങനെ കിടമത്സരങ്ങളുടെ കാലത്തു വിജയകരമായി വിനിയോഗിക്കാമെന്ന കാര്യത്തിലാണ് വീണ്ടുവിചാരമുണ്ടാകേണ്ടത്. ഫെസ്റ്റിവലുകളിൽ ഫിലിം മാര്‍ക്കറ്റുകളുടെ മാതൃക സൃഷ്ടിച്ച് സര്‍ക്കാര്‍ ഇടപെടലിലൂടെ ടാലന്റ് ബാങ്ക് ഉണ്ടാക്കുകയും അതിലൂടെ ആവശ്യക്കാര്‍ക്കു ദേശഭാഷാ അതിരുകള്‍ താണ്ടാൻ  മലയാളി പ്രതിഭകള്‍ക്കു ചലച്ചിത്രാവസരങ്ങളുണ്ടാവുകയാണു വേണ്ടത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഈ ലക്ഷ്യത്തിലേക്കു ആദ്യ ചുവടുവച്ചുകഴിഞ്ഞു എന്നതാണു ഭാവി മലയാള സിനിമയെപ്പറ്റിയുള്ള പ്രത്യാശകളില്‍ ഒന്ന്. ഇതുവഴി മാത്രമാണ്, ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും മറ്റും നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന മേധാവിത്വം വീണ്ടെടുക്കാനാവൂ.

ഒഴുക്കിനെതിരേ പുതിയ തുഴകള്‍

സമാന്തരസിനിമ എന്നോ ആര്‍ട്ട് ഹൗസ് സിനിമ എന്നോ ആധുനിക ലാവണ്യാത്മകത മുന്‍നിര്‍ത്തി ഇന്‍ഡിപെന്‍ഡന്റ് സിനിമ എന്നോ ഒക്കെ വിളിപ്പേരിട്ട മുഖ്യധാരയില്‍ നിന്നു കലഹിച്ചു മാറിനടക്കുന്ന ഓഫ്ബീറ്റ് സിനിമകളുടെ കാര്യത്തില്‍ കുറേക്കൂടി ഉത്തരവാദിത്തമുള്ള സമീപനം ഭാവി മലയാള സിനിമ കാഴ്ചവയ്ക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറുകളുടെ ഉത്തരാര്‍ധം തുടങ്ങി തമിഴ് -തെലുങ്ക് -ഹിന്ദി സിനിമകളാവാനായിരുന്നു മലയാള മുഖ്യധാരാ സിനിമ ശ്രമിച്ചതെങ്കില്‍, എണ്‍പതുകളില്‍ തുടങ്ങി കമ്പോള-സമാന്തര സിനിമാവിടവില്‍ കാര്യമായ കുറവുണ്ടാവുകയും കമ്പോള സിനിമ കലാത്മകമായി മികവുപുലര്‍ത്തുകയും സ്വതന്ത്രസിനിമ കുറേക്കൂടി വാണിജ്യസാധ്യതകള്‍ തേടുകയും ചെയ്തു. ദൃശ്യസമീപനത്തില്‍ ആഗോള സിനിമയുടെ നവതരംഗം പിന്‍പറ്റി അതിയഥാതഥത്വം ആവഹിച്ച മലയാള സിനിമ, മുന്‍പെന്നത്തേക്കാളും വര്‍ധിച്ച ആവേശത്തില്‍ താരാധിപത്യത്തെ നിഷേധിക്കുകയും ബഹുതാരസങ്കല്‍പത്തില്‍ മുന്നേറുകയുമാണു ചെയ്യുന്നത്. എന്നാല്‍ അവയിലെത്ര ചിത്രങ്ങള്‍ക്കു ഉള്‍ക്കാമ്പുണ്ടെന്നും കാലത്തെ അതിജീവിക്കാനുള്ള ഉള്‍ക്കാഴ്ചയുണ്ടെന്നും പുനഃപരിശോധിക്കേണ്ടതുണ്ട്. ഒരു വര്‍ഷം പുറത്തിറങ്ങുന്ന മൊത്തം ചിത്രങ്ങളില്‍ കേവലം പത്തുശതമാനത്തോളം മാത്രമാണു ഉള്ളടക്കത്തില്‍ നൂതനത്വവും നവഭാവുകത്വവും വച്ചുപുലര്‍ത്തുന്നത്. ഇവയാകട്ടെ ഭാഷാതീതമായ സ്വീകാര്യതയും നേടിയെടുക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളുടെ സബ്ടൈറ്റ്ലിങ് സാധ്യതകളുടെ പിന്‍ബലത്തോടെ മലയാള സിനിമയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സിനിമാക്കാരുടെ തിരിച്ചറിവുകള്‍ സമൂഹമാധ്യമങ്ങളിലും അല്ലാതെയും നാം കണ്ടതാണ്. ഇത്തരം സിനിമകള്‍ മുമ്പ് ഇവിടെ ഉണ്ടാവാത്തതല്ല. പക്ഷേ അവ കാണാനും മനസിലാക്കാനുമുള്ള സൗകര്യങ്ങള്‍ ഒ.ടി.ടി.കാലത്തു വ്യാപകവും ചെലവുകുറഞ്ഞതുമായതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. എന്നാല്‍ ഈ സാധ്യതപോലും ദുരുപയോഗം ചെയ്യുംവിധത്തിലേക്കാണോ സിനിമയുടെ പോക്ക് എന്നതില്‍ ആത്മപരിശോധന ആവശ്യമാണ്. വിജയിച്ച സിനിമയുടെ ഘടകങ്ങള്‍ മനഃപൂര്‍വം സ്വന്തം സിനിമകളില്‍ ആവര്‍ത്തിച്ച് അതൊരു ഫോര്‍മുലയാക്കി വിജയം കയ്യാളാനുള്ള പ്രവണതയില്‍ നിന്നു മലയാള സിനിമ വിടുതൽ ചെയ്യേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമാണ്, ഡിജിറ്റല്‍ കാലത്ത് മലയാള സിനിമയുടെ സമാന്തര -ഓഫ്ബീറ്റ് ധാരയ്ക്കു അതിന്റെ നഷ്ടപ്രൗഢി വീണ്ടെടുക്കാനാവൂ.

മാറേണ്ട പ്രദര്‍ശന സംവിധാനങ്ങള്‍

ഒരു കാലത്ത് സിനിമാക്കൊട്ടകകള്‍ കല്യാണമണ്ഡപങ്ങളായിത്തീരുന്നതിനെതിരേ വിലാപങ്ങളുയര്‍ന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഏറെ വൈകാതെ അത്യാധുനികവും ആഡംബരപൂര്‍ണവുമായ സൗകര്യങ്ങളുറപ്പാക്കിക്കൊണ്ടുള്ള മള്‍ട്ടീ പ്ളക്സുകള്‍ എന്ന ചെറു ഡിജിറ്റല്‍ പ്രദര്‍ശനശാലകളെക്കൊണ്ടു നമ്മുടെ ഗ്രാമങ്ങള്‍ പോലും നിറഞ്ഞു. അഞ്ചും ആറും പ്രധാന തീയറ്ററുകളുണ്ടായിരുന്ന പട്ടണങ്ങളില്‍, ഷോപ്പിങ് മാളുകളിലുള്‍പ്പടെ അതിന്റെ മൂന്നിരട്ടി ചെറു ഡിജിറ്റല്‍ തീയറ്ററുകള്‍ വന്നു. വര്‍ഷം നൂറിലധികം സിനിമകള്‍ പുറത്തിറങ്ങിയിട്ടും ഈ തീയറ്ററുകള്‍ ലാഭത്തിലോടാന്‍ മാത്രം സിനിമകള്‍ ഇനിയും ഉണ്ടാവുന്നില്ല എന്ന പരിദേവനത്തില്‍ നിന്നു മലയാള ചലച്ചിത്രവ്യവസായം മോചിതമായിട്ടില്ലെന്നതാണ് ദുര്യോഗം. റിലീസാവുന്ന സിനിമകള്‍ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന നെഗറ്റീവ് റിവ്യൂകളും ഇനിയും ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കാത്ത ഓണ്‍ലൈന്‍ പൈറസിയുമെല്ലാം കാരണങ്ങളാണെങ്കിലും തീയില്ലാതെ പുകയില്ലെന്നു പറഞ്ഞപോലെ, പുതുമയും ഉള്‍ക്കനവുമുള്ളതാണെങ്കില്‍ സിനിമ, അതെത്ര ചെറുതോ വലുതോ ആയാലും, ഇതിനെയെല്ലാം അതിജീവിച്ചു വന്‍വിജയങ്ങളാവുന്നുണ്ടിപ്പോഴും. ഇവിടെയും ഉള്ളടക്കത്തിന്റെ കനവും കഴമ്പുമാണു കണക്കിലെടുക്കപ്പെടേണ്ടത്. ഈ ദിശയിലാണു മലയാള സിനിമ ഇനിയും മുന്നേറണ്ടത്.

കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തെപ്പറ്റി സൂചിപ്പിക്കുമ്പോള്‍ നിര്‍ബന്ധപൂര്‍വം പരാമര്‍ശിക്കേണ്ട ഒന്നാണു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപനം വഴി സംസ്ഥാനത്താകമാനം വേരോട്ടമുണ്ടാക്കിയ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വിജയഗാഥ. മലയാളികളെ സിനിമകാണാന്‍ പഠിപ്പിച്ചത് സത്യത്തില്‍ ഈ ഫിലിം സൊസൈറ്റികളാണ്. ഗ്രന്ഥശാലാപ്രസ്ഥാനത്തിനു സാക്ഷരതയിലും സാഹിത്യത്തിലും പ്രസാധനത്തിലും എന്തു സംഭാവന നല്‍കാനായോ അത്രത്തോളം നിര്‍ണായകമാണ് ഫിലിം സൊസൈറ്റികള്‍ക്കു സിനിമാസ്വാദനത്തിലും നിര്‍മ്മാണത്തിലും സാങ്കേതികോന്നമനത്തിലും പോലും ചെലുത്താനായത്. ഇന്നും ഫിലിം ഫെസ്റ്റിവലുകളിലൂടെയും മറ്റും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റികള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കൊണ്ടു നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍ നിന്നു മാറി ഫിലിം സൊസൈറ്റികള്‍ ആധുനികകാല സാങ്കേതിക സൗകര്യങ്ങള്‍ വിനിയോഗിച്ച് കൂടുതല്‍ ഫലപ്രദമായി അര്‍ത്ഥവത്തായ സിനിമകളെ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന തരത്തില്‍ വികസിക്കണം. ലോകത്തെ ഏതൊരു ക്ളാസിക് സിനിമയും ഒ.ടി.ടി. പ്ളാറ്റ്ഫോമുകളിലൂടെ ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. എന്നാല്‍ അതു സാധാരണക്കാര്‍ക്ക് എത്രത്തോളം പ്രാപ്യമാണെന്നതു പരിശോധിക്കേണ്ടതുണ്ട്. ഇവിടെ ഒ.ടി.ടി.ക്കു സമാനമായ ഓണ്‍ ലൈന്‍ ഇടപെടലുകളിലേക്ക് ഫിലിം സൊസൈറ്റികള്‍ മാറുകയാണാവശ്യം. ഫിലിം സൊസൈറ്റികള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ സോഷ്യല്‍മീഡിയ ചര്‍ച്ചാഗ്രൂപ്പുകളും സംവാദവേദികളും ധാരാളമുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളുടേയും അര്‍ത്ഥമില്ലാത്ത ഫോര്‍വേഡഡ് മെസേജുകളുടെയും ഡംപിങ് യാര്‍ഡ് ആയിക്കൊണ്ടിരിക്കുന്ന അത്തരം വേദികള്‍ക്കപ്പുറം കൂടുതല്‍ അംഗങ്ങളിലേക്കു നല്ലസിനിമ ഡിജിറ്റലായിത്തന്നെ എത്തിക്കുന്നതിനെപ്പറ്റിയാണ് സൊസൈറ്റികള്‍ ആലോചിച്ചു തുടങ്ങേണ്ടത്. വിര്‍ച്വല്‍ ഫിലിം ഫെസ്റ്റിവലുകളുടെ സാധ്യതകളും ആരായണം. ടെലഗ്രാം പോലുള്ള നിയമവിരുദ്ധ പ്ളാറ്റ്ഫോമുകളിലൂടെ അസന്മാര്‍ഗികമായി പ്രചരിക്കുന്ന ലോകത്തെ എണ്ണം പറഞ്ഞ അന്യരാജ്യ സിനിമകള്‍ നിയമവിധേയമായിത്തന്നെ ഓണ്‍ലൈനിലൂടെ നിശ്ചിത സമയത്ത് കാണികളിലേക്കെത്തിക്കാന്‍ ഡിജിറ്റല്‍ സാങ്കേതികതയിലൂടെ സൊസൈറ്റികള്‍ക്കാവും. അത്തരത്തില്‍ കാഴ്ച പുനര്‍നിര്‍വചിക്കപ്പെടണം. നല്ല വായനക്കാരുണ്ടാവുമ്പോള്‍ മാത്രമാണു നല്ല പുസ്തകങ്ങളുണ്ടാവുക. അതുപോലെ നല്ല പ്രേക്ഷകരുള്ളപ്പോഴാണ് നല്ല സിനിമകളുമുണ്ടാവുക. സിനിമയ്ക്കുമേല്‍ അത്തരമൊരു സമ്മര്‍ദ്ദം ചെലുത്താന്‍ പാകത്തിനു ലോകസിനിമയില്‍ ഗ്രാഹ്യമുളള പ്രേക്ഷകക്കൂട്ടായ്മയെ ഊട്ടിവളര്‍ത്തേണ്ടതുണ്ട്. ഇപ്പോഴതില്ല എന്നല്ല. പക്ഷേ, ഭാവിയുടെ വെല്ലുവിളികളെക്കൂടി മുന്നില്‍ക്കണ്ടുകൊണ്ടുള്ള അത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണു സൊസൈറ്റികള്‍ ലക്ഷ്യമിടേണ്ടത്.

പാന്‍-ഇന്ത്യന്‍ മലയാള സിനിമ

മലയാള സിനിമയെപ്പറ്റി ഒരു സ്വപ്നം കൂടി പങ്കുവച്ചുകൊണ്ട് ഉപസംഹരിക്കാം. ഭൂമിശാസ്ത്രപരവും ഭാഷാടിസ്ഥാനത്തിലും അതിരുകള്‍ ഭേദിച്ച് ലക്ഷണയുക്തമായ പാന്‍-ഇന്ത്യന്‍ സ്വീകാര്യത നേടുന്ന മലയാള സിനിമകള്‍ ഇനിയുള്ള കാലം ഉണ്ടാവണം. ലോകമെമ്പാടുമുള്ള മലയാള പ്രേക്ഷകരെമാത്രമല്ല, ഒ.ടി.ടി. ഭാഷാന്തരീകരണ സാധ്യതകള്‍ കൂടി വിനിയോഗിച്ചുകൊണ്ട് അന്യഭാഷാ, ദേശാന്തര പ്രേക്ഷകരിലേക്കെത്തിക്കുന്ന തരത്തിലുള്ള സിനിമകള്‍. അതിന് സൂപ്പര്‍-മെഗാ താരങ്ങളെ അണിനിരത്തി ദശകോടികള്‍ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന യമണ്ടന്‍ തമ്പുരാന്‍ സിനിമകള്‍ തന്നെ വേണമെന്നില്ല. പകരം, ലോകത്തെവിടെയുമുള്ള പ്രേക്ഷകര്‍ക്ക് ഇതു തങ്ങള്‍ക്കും ബാധകമാണല്ലോ എന്നു തോന്നിപ്പിക്കുംവിധം മനുഷ്യകഥാനുഗായികളായ, സാര്‍വലൗകികതയുള്ള , ഉള്‍ക്കനമുള്ള സിനിമകള്‍ ഉണ്ടാകണം. അത്തരം മലയാള സിനിമകള്‍ ഇന്ത്യയ്ക്കുള്ളിലും പുറത്തും പരക്കെ സ്വീകാര്യത നേടണം. അതുവഴി ഗുണപരമായ സിനിമയ്ക്കു മാതൃകയായി കേരളത്തിലേക്കു ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും ഉറ്റുനോക്കുന്ന കാലമുണ്ടാവണം. ലോക നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തിനപ്പുറം മലയാള സിനിമയില്‍ അവരുടെ നേരിട്ടും  തുടര്‍ച്ചയായും മുതല്‍മുടക്കുന്ന കാലം വരണം. അതാവണം ഭാവി മലയാള സിനിമ.

ഇന്റര്‍നെറ്റില്ലാ കാലത്തെ ഫെസ്റ്റിവല്‍ ബുക്ക്-ഐഎഫ്എഫ് കെ സ്മരണകള്‍

FESTALGIA.A Chandrasekhar writes 

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചിയില്‍ നടന്ന നാലമത് പതിപ്പ് മുതല്‍ മുടങ്ങാതെ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. അതിനിടെ രണ്ടായിരത്തിയൊന്നിലെ രാജ്യാന്തര മേളയുടെ ഫെസ്റ്റിവല്‍ ബുക്കിന്റെ എഡിറ്ററായും, 2002ല്‍ പത്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും പ്രമുഖ സാഹിത്യകാരനും കെ.വി.മോഹന്‍കുമാര്‍ ഐ എ എസ് സെക്രട്ടറിയുമായിരുന്ന വര്‍ഷം മീഡിയ സെന്ററിന്റെയും മീഡിയ പാസ് വിതരണത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള മീഡയ ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിക്കാനും ഭാഗ്യമുണ്ടായി.

എ.മീരസാഹിബ്‌

എന്നെ ചലച്ചിത്ര അക്കാദമിയുമായി ബന്ധിപ്പിക്കുന്നത് അന്ന് ഫെസ്റ്റിവല്‍ ഡയറക്ടറും വൈസ് ചെയര്‍മാനുമായിരുന്ന ശ്രീ. എ.മീരസാഹിബ് ആണ്.വിഖ്യാത സംവിധായകന്‍ ശ്രീ ഷാജി എന്‍ കരുണ്‍ ആയിരുന്നു അന്നത്തെ ചെയര്‍മാന്‍. ഫെസ്റ്റിവല്‍ ബുക്കും ഫെസ്റ്റിവലിനു പുറത്തിറക്കുന്ന രണ്ട് ഉപഗ്രന്ഥങ്ങളും പേജ് ചെയ്തു പൂര്‍ത്തിയാക്കുന്ന ചുമതലയായിരുന്നു എനിക്ക്. സഹായികളായി പ്രസ് ക്‌ളബില്‍ പിജി ജേര്‍ണലിസം ഡിപ്‌ളോമയ്ക്കു പഠിക്കുന്ന മൂന്നു വിദ്യാര്‍ത്ഥികളെയും ലഭ്യമാക്കി. പിന്നീട്, എന്റെ അടുത്ത സുഹൃത്തും, സഹരചയിതാവും കുടുംബസുഹൃത്തുമായിത്തീര്‍ന്ന വീക്ഷണത്തിലും, വര്‍ത്തമാനത്തിലും ഒക്കെ പത്രപ്രവര്‍ത്തകനായി ഇപ്പോള്‍ ദേശാഭിമാനിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ബി.ഗിരീഷ്‌കുമാര്‍ എന്ന ഗിരീഷ് ബാലകൃഷ്ണനായിരുന്നു ഒരാള്‍. ഇപ്പോള്‍ മലയാള മനോരമയുടെ ബംഗളൂരു ലേഖകനായ നെടുമങ്ങാട്ടുകാരന്‍ ആര്‍.എസ്. സന്തോഷ് കുമാര്‍ ആയിരുന്നു രണ്ടാമന്‍. മൂന്നാമത്തെയാള്‍ അന്നേ സിനിമ തലയ്ക്കു പിടിച്ച, പിന്നീട് കൊല്‍ക്കത്ത സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിച്ച് മുംബൈയില്‍ ചേക്കേറിയ ശ്രീജിത്ത് കാരണവരും. (ശ്രീജിത്തിന്റെ ഐസ് മാക് ഫലെയ തുക എന്ന കൊങ്ങിണി സിനിമ മുംബൈ ചലച്ചിത്രമേളയിലും ഗോവയിലും പ്രദര്‍ശിപ്പിച്ചിരുന്നു).ശ്രീജിത് ആയിരുന്നു കോപ്പി എഡിറ്റര്‍. ഗിരീഷ് സബ് എഡിറ്ററും സന്തോഷ് ഫോട്ടോ എഡിറ്ററും. അങ്ങനെയായിരുന്നു തസ്തികകള്‍.

ബീനപോള്‍, കേരള സര്‍വകലാശാലയില്‍ നിന്ന് ഡപ്യൂട്ടേഷനില്‍ വന്ന കല്‍പന സദാശിവം, അക്കാദമിയില്‍ ആദ്യകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഗോപീകൃഷ്ണന്‍, ബി.എം.സുരേഷ്, നാരായണന്‍, അന്തരിച്ച പ്രമോദ,് പ്രോഗ്രാമേഴ്‌സായിരുന്ന നാടകപ്രവര്‍ത്തകന്‍ ഷിബു കൊട്ടാരം, ലൂയി മാത്യു തുടങ്ങിയവരുടെ പിന്തുണ മറക്കാനാവുന്നതല്ല. ആലിക്കോയ ആയിരുന്നു സെക്രട്ടറി. സജയ് ട്രഷററും.

സന്തോഷ്‌കുമാര്‍
ശ്രീജീത് കാരണവര്‍
ലേഖകന്‍ ഗിരീഷ് ബാലകൃഷ്ണനൊപ്പം

അഹമ്മദാബാദിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡിസൈന്‍സില്‍ നിന്നുള്ള ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു ഫെസ്റ്റിവല്‍ ബുക്കിന്റെ (ഫെസ്റ്റിവല്‍ കാറ്റലോഗ്) രപൂകല്‍പന. ആറുപേരുടെ സംഘത്തില്‍ അനൂപ് പാഠക് എന്ന പയ്യനായിരുന്നു ഞങ്ങളോടൊത്തു പ്രവര്‍ത്തിച്ചത്‌. തിരുവനന്തപുരത്തെ, പാങ്ങോട് സൈനിക ക്യാംപിന്റെ ആരംഭത്തില്‍, ഇപ്പോള്‍ എസ് കെ. ആശുപത്രി നില്‍ക്കുന്നതിന് അല്‍പം അരികിലായി ഒരു വീടിന്റെ മുകള്‍ ഭാഗത്തായിരുന്നു അവരുടെ താമസവും വര്‍ക്ക് സ്റ്റേഷനും. പ്രകാശ് മൂര്‍ത്തിയായിരുന്നു ഫെസ്റ്റിവല്‍ ഡൈസാനുകളുടെ തീമുണ്ടാക്കിയത്. ചുവപ്പായിരുന്നു തീം കളര്‍.
ഏതാണ്ട് പതിനഞ്ചു ദിവസം മുമ്പേ എങ്കിലും, ഞങ്ങളന്ന് ഫെസ്റ്റിവല്‍ ബുക്കിന്റെ പണി തുടങ്ങിയിരുന്നു. അന്ന്, വെള്ളയമ്പലത്തെ ഇലങ്കം ഗാര്‍ഡന്‍സില്‍ ധാരാളം മുറ്റമുള്ള ഒരു പഴയ ഇരുനില മാളികയായിരുന്നു അക്കാദമിയുടെ ആസ്ഥാനം.ഒന്നാം നിലയിലായിരുന്നു ഷാജി സാറിന്റെ മുറി. താഴത്ത നിലയിലെ ഔട്ടഹൗസിലായിരുന്നു ഇന്റര്‍നെറ്റുള്ള ഒരു കംപ്യൂട്ടറുമായി ഞങ്ങളുടെ ഡസ്‌ക്. അന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വേഗം പരമാവധി 33 കെബിപിഎസ് ആണ്. 64 കെബിപിഎസ് എന്നൊക്കെ വിദേശത്തു നിന്നു വന്നവര്‍ പറഞ്ഞുകേട്ടിട്ടുള്ളതേ ഉള്ളൂ. ഗൂഗിള്‍ പച്ചപിടിച്ചു വരുന്നതേയുള്ളൂ. നെറ്റ്‌സ്‌കേപ്പും എക്‌സ്പ്‌ളോററുമാണ് ബ്രൗസറുകള്‍. അള്‍ട്ടാവിസ്റ്റ് പോലുള്ള സെര്‍ച്ച് എന്‍ജിനുകളുപയോഗിച്ച് വല്ല വിവരവും തേടാമെന്നു കരുതിയാല്‍ പോലും വെബ് ഡാറ്റാ ബേയ്‌സില്‍ അങ്ങനെ പബ്‌ളിക് ഡൊമെയ്‌നില്‍ കാര്യമായ യാതൊന്നും വ്യാപകമായി ലഭ്യമായിത്തുടങ്ങിയിട്ടില്ല. ചുമതലയേല്‍ക്കാന്‍ ചെന്ന ഞങ്ങള്‍ക്കു നേരേ കല്‍പന കുറച്ച് കവറുകള്‍ തന്നു. എന്‍ട്രികളുടെ പ്രിന്റുകള്‍ വന്ന കൊറിയറിനൊപ്പം സമര്‍പ്പിക്കപ്പെട്ട ഒന്നോ രണ്ടോ സ്റ്റില്‍ ഫോട്ടോകളും ഒരു പേജോ ചിലപ്പോള്‍ അരപ്പേജോ ഉള്ള ലഘു വിവരണവും. സിനിമകളെപ്പറ്റിയുള്ള ഒരു പൊതുധാരണ കൂടി ആ കുറിപ്പില്‍ നിന്ന് ലഭിക്കില്ല. ദൈര്‍ഘ്യവും വര്‍ഷവും സംവിധായകന്റെ പേരും നിര്‍മ്മാണക്കമ്പനിയുടെ പേരും കാണും. കഥാസാരം എന്നപേരില്‍ വായിച്ചാല്‍ ആര്‍ക്കും മനസിലാവാത്ത രണ്ടോ മൂന്നോ വരികളും. അതു തന്നെ ചിലതൊക്കെ ഫ്രഞ്ചിലും സ്പനാഷിലുമാണ്.

ഫെസ്റ്റിവല്‍ ബുക്കിന്റെ ടെംപ്‌ളേറ്റില്‍ ലേശം ദീര്‍ഘമായ കഥാസാരം താരങ്ങളുടെ പേര് പങ്കെടുത്ത മേളകള്‍ ലഭിച്ച ബഹുമതികള്‍ സംവിധായകന്റെ ചിത്രം തുടങ്ങിയവ കൂടിയുണ്ട്. ഇതിലെല്ലാം വേണ്ട വിവരങ്ങള്‍ എല്ല സിനിമകളെപ്പറ്റിയും വേണം. പല സിനിമയ്ക്കും സ്റ്റില്‍ പോലുമില്ല. ഇന്നത്തെ പോലെ വീഡിയയോയില്‍ നിന്ന് സ്‌ക്രീന്‍ ഗ്രാബ് ചെയ്യാനുള്ള സംവിധാനമില്ല. സിനിമയുടെ പ്രിന്റുകളാണല്ലോ അയച്ചിട്ടുള്ളത്. അത് പ്രിന്റ് യൂണിറ്റുകാര്‍ക്കല്ലാതെ ആര്‍ക്കും കാണാന്‍ കൂടി കിട്ടില്ല. സെലക്ഷന്‍ കമ്മിറ്റി തന്നെ അവ കാണുന്നത് സര്‍ക്കാര്‍ വക തീയറ്ററായ കലാഭവനിലോ മറ്റോ വച്ചാണ്. പല സംവിധായകരും എന്‍ട്രിക്കൊപ്പം ചിത്രം വച്ചിട്ടില്ല. പക്ഷേ ബുക്കില്‍ ചിത്രം വേണം താനും. ഇന്ത്യയിലെ തന്നെ അന്യഭാഷയിലെ പുതുമുഖങ്ങളും അറിയപ്പെടാത്തവരുമായ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ ലഭ്യമായിരുന്നില്ല. ഒടുവില്‍ ചീഫ് എഡിറ്ററായ മീര സാഹിബ് സാറിനോട് തന്നെ പ്രശ്‌നം അവതരിപ്പിച്ചു. അത്രയ്ക്കു കിട്ടാത്ത പുതുമുഖങ്ങള്‍ പോലുള്ള ചലച്ചിത്രകാരന്മാരുടെ പടത്തിന്റെ സ്ഥാനത്ത് കോളം ഒഴിച്ചിടാന്‍ അദ്ദേഹം അനുമതി നല്‍കി. സന്തോഷും ശ്രീജിത്തും ഗിരീഷും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടാണ് 80 ശതമാനം മാറ്ററും ചിത്രങ്ങളും സംഘടിപ്പിച്ചത്. ഞാനന്ന് മലയാള മനോരമ വിട്ട് തിരുവനന്തപുരത്തു തന്നെയുള്ള വെബ് ലോകം ഡോട്ട് കോമില്‍ (വെബ്ദുനിയ മലയാളം) ചീഫ് സബ് എഡിറ്ററാണ്. ഓഫീസിലെ ഏഷ്യാനെറ്റ് കണക്ഷന്‍ ഉപയോഗിച്ച് രാവേറെയോളം ഞാനും കഴിവിന്റെ പരമാവധി പരതിയാണ് ബുക്കിലേക്കുള്ള വിവരങ്ങള്‍ കുറെയൊക്കെ സംഘടിപ്പിച്ചത്.

ഡോഗ്മെ 95 പ്രസ്ഥാനം തുടങ്ങിവച്ച ഡാനിഷ് സംവിധായകന്‍ ലാര്‍സ് വോണ്‍ ട്രയറിന്റെ ചിത്രങ്ങളുടെ ഒരു പാക്കേജ് തന്നെ ആ വര്‍ഷം ഉള്‍പ്പെടുത്തിയിരുന്നു. അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു ഏറെ പ്രയാസം. ആദ്യമായി കേള്‍ക്കുകയാണ് ഡോഗ്മയെപ്പറ്റിത്തന്നെ.ലഭ്യമായ മെറ്റീരിയലുകളെല്ലാം നമുക്കു മനസിലാവാത്ത ഭാഷകളിലേതായിരുന്നു. പാവം ശ്രീജിത്ത് ഏറെ ഉറക്കമിളച്ചാണ് ഒടുവില്‍ ഡോഗ്മ പ്രസ്ഥാനത്തെപ്പറ്റി കുറെയധികം വിവരങ്ങള്‍ കണ്ടെത്തി അതുള്‍ക്കൊള്ളിച്ച് ഒരു ആമുഖലേഖനം തന്നെ തയാറാക്കിയത്. പല ദിവസങ്ങളിലും അവര്‍ മൂവരും രാത്രി വൈകി അക്കാദമിയില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു പതിവ്. തീര്‍ന്നിടത്തോളം മാറ്ററുമായി ഗിരീഷും ഞാനും എന്റെ ബൈക്കില്‍ പാങ്ങോട്ടേക്ക് പോകും. ഡിസൈനര്‍മാര്‍ക്കാണെങ്കില്‍ ജേര്‍ണലിസ്റ്റിക് രീതി തെല്ലും പിടിയില്ല. മാറ്റര്‍ മുഴുവന്‍ ആദ്യ പേജ് മുതല്‍ കിട്ടിയാല്‍ വച്ചു പോകാം എന്നാണ് നിലപാട്. ഞങ്ങള്‍ക്കാണെങ്കില്‍ ചില വിഭാഗങ്ങളിലെ ചിത്രങ്ങളുടെ കാര്യത്തില്‍ പോലും അന്തിമ തീരൂമാനമാകുന്നതേയുള്ളൂ. തിയോ ആഞ്ജലോപൗലോയുടെ പാക്കേജൊക്കെ വരുന്നതേയുള്ളൂ. അങ്ങനെ ഉറപ്പാവാത്ത ചിത്രങ്ങളെപ്പറ്റി എങ്ങനെ മാറ്റര്‍ കൊടുക്കാനാണ്! കിട്ടിയിടത്തോളം മാറ്റര് അതത് വിഭാഗങ്ങളില്‍ വച്ചിട്ട് അവസാനം അവ ഒന്നിനു പിറകെ ഒന്നായി സെറ്റ് ചെയ്യുന്ന പത്ര രീതി ഡിസൈനര്‍മാര്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടിവന്നു. ഗിരീഷിനും ഏറെ കഷ്ടപ്പെടേണ്ടിവന്നു. മൂന്നുനാലു ദിവസം രാത്രി വെളുപ്പിച്ചിട്ടാണ് ഉദ്ഘാടനപ്പിറ്റേന്ന് ഫെസ്റ്റിവല്‍ ബുക്ക് അച്ചടിച്ച് വേദികളിലെത്തിക്കാന്‍ സാധിച്ചത്. ട്യൂട്ടേഴ്‌സ് ലെയിനിലുള്ള എസ് ബി പ്രസിലായിരുന്നു അച്ചടി. അച്ചടിച്ച പുസ്തകം കയ്യില്‍ കിട്ടിയ നിമിഷം ഇന്നും ഓര്‍മ്മയുണ്ട്. നന്നായിട്ടുണ്ടെന്ന് ഷാജി സാറും മീരസാറും പറഞ്ഞപ്പോള്‍ ഞങ്ങള്‍ നാലാള്‍ക്കുമുണ്ടായ സന്തോഷം അതിന്നും മറക്കാനാവില്ല.
എന്നിട്ടും, ഞങ്ങളുടേതല്ലാത്ത കുറ്റത്തിന് പുസ്തകത്തില്‍ വന്നുപെട്ട ചില തെറ്റുകളുടെ പേരില്‍ പല കോണില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. ചില പേജുകളില്‍ സംവിധായകരുടെ ചിത്രങ്ങളില്ലാത്തതും കഥാസാരം വ്യക്തമല്ലാത്തതുമായിരുന്നു വിമര്‍ശനത്തിനുള്ള പ്രധാന കാരണങ്ങള്‍. അത്രയും തന്നെ സംഘടിപ്പിക്കാന്‍ പെട്ട പാട് വിമര്‍ശകര്‍ക്ക് അറിയണ്ടല്ലോ! ഞങ്ങള്‍ക്ക് നിരാശയേ ഉണ്ടായില്ല. തൃപ്തിതന്നെയായിരുന്നു.

ഇതുകൂടാതെ, ഋത്വിക് ഘട്ടക്കിനെ പറ്റി പുറത്തിറക്കിയ ദ്വിഭാഷാ ലഘുപുസ്തകവും ഞങ്ങളുടെ ടീം തന്നെയാണ് എഡിറ്റ് ചെയ്തത്. ഇംഗ്‌ളീഷ് വിഭാഗം ശ്രീജിത്തും മലയാളം വിഭാഗം ഗിരീഷും സഹായിച്ചു.ഋത്വിക് ഘട്ടക് ദ് ക്ലൗഡ് കാപ്ഡ് സ്റ്റാര്‍ എന്ന ആ മോണോഗ്രാഫ് പുറത്തിറങ്ങിയതിനു പിന്നിലെ വെല്ലുവിളി ഞങ്ങള്‍ക്കു മാത്രമറിയാവുന്നതാണ്.
ഇന്നിപ്പോള്‍ ചലച്ചിത്രമേളകളിലെ ഫെസ്റ്റിവല്‍ ബുക്കുകളിലെ സമൃദ്ധമായ വിവരവ്യാപനം കാണുമ്പോള്‍ ആ കാലം ഓര്‍മ്മവരും. ഇന്റര്‍നെറ്റില്‍ കുത്തിയാലുടന്‍ എന്തു വിവരവും സ്‌ക്രീനില്‍ തെളിയാത്ത കാലത്തെ ബദ്ധപ്പാടുകള്‍. പക്ഷേ അതിലൊരു സുഖമുണ്ടായിരുന്നു. നമ്മുടേത് എന്നവകാശപ്പെടാവുന്ന എന്തോ ഉണ്ടായിരുന്നു.

Thursday, September 28, 2023

ജാതിവിലക്കിന്റെ ദൃശ്യരാഷ്ട്രീയം മലയാള സിനിമയില്‍

പ്രതിച്ഛായ ഓണപ്പതിപ്പ് 2023

എ.ചന്ദ്രശേഖര്‍

ജാതിവിലക്കിന്റെയും വംശവിദ്വേഷത്തിന്റെയും കറുത്തരാഷ്ട്രീയം പറയുന്ന സിനിമകള്‍ യാഥാര്‍ത്ഥ്യങ്ങളുടെ തത്സമക്കാഴ്ചകള്‍ എന്ന നിലയ്ക്ക് ആധികാരികമായി പരിഗണിക്കപ്പെടേണ്ടതില്ല എന്നതില്‍ പൊതുവേ തര്‍ക്കമില്ലാത്ത കാര്യമാണ്. ചരിത്ര വസ്തുതകളുടെ നേരാലേഖനങ്ങളല്ല കഥാചിത്രങ്ങളെന്നതുും അവയ്ക്ക് കലാത്മകമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിരിക്കുമെന്നതും കണക്കിലെടുത്തിട്ടാണ് സിനിമാഗവേഷകര്‍ ഇങ്ങനെയൊരു പൊതുനിരീക്ഷണത്തിന് മുതിര്‍ന്നിട്ടുള്ളത്.എന്നാല്‍, ജാതിരാഷ്ട്രീയം വിഷയമാക്കുന്ന സിനിമകളെ പൊതുവില്‍ രാഷ്ട്രീയായുധം തന്നെയാക്കിമാറ്റുന്ന പ്രവണതയാണ് ഇന്ത്യയില്‍ പൊതുവേ കണ്ടുവരുന്നത് എന്നുള്ളതാണ് സത്യം. ഈ പശ്ചാത്തലത്തില്‍, ജാതിവിലക്കിന്റെ ദൃശ്യരാഷ്ട്രീയം മലയാള സിനിമയില്‍ പ്രതിഫലിക്കുന്നതെങ്ങന എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയബോധം എന്നിവയിലെ മേല്‍ക്കൈ കൊണ്ടുതന്നെ, ജാതിവിവേചനം ഇതര ലോകരാഷ്ട്രങ്ങളെയും ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തില്‍ തീരെ കുറവാണ് എന്നത് നിസ്തര്‍ക്കമായ വിഷയമാണ്. ശ്രീനാരായണഗുരുദേവന്റെയും അയ്യങ്കാളിയുടെയും മറ്റും സാമൂഹികപരിഷ്‌കരണ പരിശ്രമങ്ങളിലൂടെയും, ഡോ.ബി.ആര്‍.അംബേദ്കറുടെ ദീര്‍ഘവീക്ഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ഭരണഘടനയുടെയും പിന്തുണയോടെയാണ് ഇതു സാധ്യമായതെന്നത് ചരിത്രം. ഭൂപരിഷ്‌കരണമടക്കമുള്ള വിപ്‌ളവകരവും മാനവികവുമായ നടപടികളിലൂടെ വളര്‍ത്തിയെടുത്ത സമത്വത്തിലധിഷ്ഠിതമായ പൊതുബോധം ഇതിനെ ഊട്ടിയുറപ്പിക്കുകയായിരുന്നു. ദലിതര്‍ക്കെതിരായ ദുരഭിമാനക്കൊല, ജാതീവിവേചനം, വ്യാജക്കേസുകളില്‍ കുടുക്കിയുള്ള വിചാരാണ, മാനഭംഗം, ബലാത്സംഗം തുടങ്ങിയവ ബിഹാര്‍, യു.പി.പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലും നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സമകാലികകേരളത്തില്‍ അവ തുലോം കുറവാണ് എന്നല്ല, താരതമ്യേന ഇല്ല എന്നു തന്നെയാണ് പൊലീസ് കണക്കുകളും കോടതിരേഖകളും സൂചിപ്പിക്കുന്നത്. പാലക്കാട്ട് പ്രായപൂര്‍ത്തിയാവാത്ത ബാലികമാരുടെ ബലാത്സംഗ കൊലപാതകവും വയനാട്ടിലെ ആദിവാസി മധുവിന്റെ കൊലപാതകവും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി എടുത്തു കാണിക്കാമെങ്കിലും അവയെ മലയാളിയുടെ, കേരളത്തിന്റെ പൊതുബോധത്തിന്റെ പ്രതിഫലനമായി വ്യാഖ്യാനിക്കാന്‍ സാധിക്കുകയില്ല. ആള്‍ക്കൂട്ട ആക്രമണമായും ക്രിമിനല്‍ കുറ്റകൃത്യമായും മാത്രം രേഖപ്പെടുത്താനാവുന്ന അത്തരം ഒറ്റതിരിഞ്ഞ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദലിതപീഡനത്തില്‍ കേരളവും മറ്റു സംസ്ഥാനങ്ങള്‍ക്കു സമാനമാണെന്നു വരുത്തിത്തീര്‍ക്കുക വസ്തുതകള്‍ക്കു നിരക്കാത്തതാവും. ഈ പശ്ചാത്തലത്തില്‍, മലയാള സിനിമ ഈ വിഷയത്തെ നോക്കിക്കാണുന്നതില്‍ വന്നിട്ടുള്ള പ്രകടമാറ്റം പ്രസക്തങ്ങളായ ചില സമകാലിക ചലച്ചിത്രസൃഷ്ടികളുടെ വിലയിരുത്തലിലൂടെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഹിന്ദിയില്‍, ഉത്തര്‍പ്രദേശില്‍ നടന്ന പ്രമാദമായൊരു ദലിത് വിരുദ്ധ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത് 2019ല്‍ പുറത്തുവന്ന ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമയാണ് ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവിവേചനത്തിന്റെ രൂക്ഷതയും തീഷ്ണതയും കലര്‍പ്പില്ലാതെ അവതരിപ്പിച്ചുകൊണ്ട് അടുത്തകാലത്ത് ഇന്ത്യന്‍ മനഃസാക്ഷിയെ ഞെട്ടിച്ചത്. അതിനും ഒരു വര്‍ഷം മുമ്പ് തന്നെ ദുരഭിമാനക്കൊലയുടെ മനഃസാക്ഷി മരവിപ്പിക്കുന്ന ജാതിവിവേചനത്തിന്റെ പിന്നാമ്പുറസത്യങ്ങള്‍ മാരി സെല്‍വരാജ് പരിയേരും പെരുമാളിലൂടെ തമിഴില്‍ അവതരിപ്പിച്ചുവെങ്കിലും ദേശീയതലത്തില്‍ ആയുഷ്മാന്‍ ഖുറാന പോലുള്ള താരസാന്നിദ്ധ്യം കൊണ്ടും മറ്റും ഇന്ത്യന്‍ സമൂഹത്തിലെ ദലിത് വിരുദ്ധത ചര്‍ച്ചാവിഷയമാക്കിയത് ആര്‍ട്ടിക്കിള്‍ 15 ആയിരുന്നു.വര്‍ഷങ്ങള്‍ക്കു തേവര്‍മകനി(1992)ലൂടെ ജാതിപ്പേര് ശീര്‍ഷകത്തില്‍ തന്നെ പരസ്യമാക്കിക്കൊണ്ട് ജാത്യാഭിമാനം ആഘോഷമ്ക്കിയ കമല്‍ഹാസന്‍ 2004ല്‍ സംവിധാനം ചെയ്ത വിരുമാണ്ടിയിലൂടെ തന്നെ ഉള്‍നാടന്‍ തമിഴ് ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനം ഏറെക്കുറേ പച്ചയായും ശക്തമായും ദൃശ്യവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ (2007) ദുരഭിമാനക്കൊലയടക്കമുള്ള വിഷയം കൂറേക്കൂടി ഗൗരവത്തോടെ സധൈര്യം തിരയിലെത്തിച്ചു. ലിംഗുസ്വാമിയുടെ സണ്ടക്കോഴി,(2005) ശശികുമാറിന്റെ സുബ്രഹ്‌മണ്യപുരം(2008), വെട്രിമാരന്റെ ആടുകളം(2011),അസുരന്‍(2019),ജ്ഞാനവേലിന്റെ ജയ് ഭീം(2021), മഡോണ അശ്വിന്റെ മണ്ടേല (2021) തുടങ്ങിയവയൊക്കെ തമിഴകത്തു നിലനില്‍ക്കുന്ന ജാതി ഉച്ചനീചത്വങ്ങളുടെ പ്രത്യക്ഷ പരോക്ഷ ആഖ്യാനങ്ങളുള്‍പ്പെട്ട സിനിമകളായിരുന്നു.മറാത്തിയില്‍ ചൈതന്യ തംഹാനെ സംവിധാനം ചെയ്ത കോര്‍ട്ട് (2014), തമിഴില്‍ പാവൈ കഥകള്‍ എന്ന ഒടിടി ചലച്ചിത്ര സമാഹാരത്തില്‍ ഉള്‍പ്പെട്ട ഊര്‍ ഇരവ് (2020), ഹിന്ദിയില്‍ നീരജ് ഗെയ് വാന്റെ മസാന്‍(2015), റീമ കഗ്തിയും സോയ അഖ്തറും ചേര്‍ന്നു നിര്‍മ്മിച്ച ദഹാദ് (2023) വെബ് പരമ്പര എന്നിവയെല്ലാം ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സമകാലിക ജാതിവെറി പ്രശ്‌നവല്‍ക്കരിച്ച ദൃശ്യാലേഖനങ്ങളാണ്. കേരളത്തില്‍ ആദ്യ സിനിമയ്ക്കു തന്നെ അതിലെ നായികയായ ദലിതയുവതിയുടെ പേരില്‍ ദുരന്തമേറ്റുവാങ്ങേണ്ടിവന്നുവെന്നാണ് എഴുതപ്പെട്ട ചരിത്രം. റോസി എന്നു പേരുമാറ്റപ്പെട്ട രാജമ്മ എന്ന പുലയയുവതിയെ ജെ.സി ഡാനിയല്‍ വിഗതകുമാരനില്‍ നായികയാക്കിയതിന്റെ പേരിലാണ് ആദ്യപ്രദര്‍ശനം ആള്‍ക്കൂട്ട ആക്രമണത്തില്‍ കലാശിച്ചതെന്നും തുടര്‍ന്ന് റോസിക്ക് രായ്ക്കുരാമാനം ജീവനും കൊണ്ട് കേരളം വിടേണ്ടിവന്നതെന്നുമാണ് മലയാള സിനിമയുടെ ഔദ്യോഗിക ചരിത്രം പറയുന്നത്.എന്നാല്‍, പൊതുമണ്ഡലത്തില്‍ തന്നെ, വിശേഷിച്ചും അരങ്ങത്തു പോലും സ്ത്രീകള്‍ അപൂര്‍വമായിരുന്ന കാലത്ത് വെള്ളിത്തിരയില്‍ നായകനെ തൊട്ടഭിനയിക്കുന്ന തങ്ങള്‍ക്കു പരിചിതയായൊരു സ്ത്രീക്കു നേരേ ഉണ്ടായ ആള്‍ക്കൂട്ട രോഷമായിരുന്നു റോസിക്കും ചിത്രപ്രദര്‍ശനത്തിനുമെതിരേ ഉണ്ടായത് എന്നൊരു വാദവും വിജയകൃഷ്ണനെ പോലുള്ള ചലച്ചിത്രചരിത്രകാരന്മാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതെന്തുതന്നെയായാലും, ജാതിവിവേചനം ഇതര സംസ്ഥാനങ്ങളിലേതുപോലെ അത്ര തീവ്രമായി നിലവിലില്ലാതിരുന്നതുകൊണ്ടാവണം, മലയാള സിനിമയിലും അതിന്റെ പ്രതിനിധാനം താരതമ്യേന കുറവാണ്. നീലക്കുയില്‍ (1954) പോലുള്ള സിനിമകളില്‍ ദലിത് യുവതിയുടെ ചൂഷണം വിമര്‍ശനവിധേയം പോലുമായിട്ടുള്ളതായും കാണാം.എന്നാല്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ക്കു പിന്നാലെ, വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ആര്‍ട്ടിക്കിള്‍ 15 അടക്കമുള്ള സിനിമകളും ദഹാദ് അടക്കമുള്ള വെബ്പരമ്പരകളുമൊക്കെ പ്രതിഫലിപ്പിച്ച അന്നാടുകളിലെ ജാതിവിവേചനത്തിന്റെ തിരുശേഷിപ്പുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടെന്നോണം, കേരളത്തില്‍ അടുത്തിടെയിറങ്ങിയ ചില സിനിമകളിലും സമാനവിഷയങ്ങള്‍ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും കേരളത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ ദൂഷിതദൃശ്യം എന്ന നിലയിലാണ് പ്രത്യക്ഷീകരിക്കപ്പെട്ടത്. കേരളത്തിനു പുറത്ത് അതുകൊണ്ടുതന്നെ ഇവ കേരളത്തിന്റെ സമകാലിക സാമൂഹികജീവിതത്തിന്റെ നേര്‍ചിത്രമെന്നോണം വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. കേരളത്തില്‍ ദുരഭിമാനക്കൊല ഉണ്ടായിട്ടില്ല എന്നല്ല. അപൂര്‍വമായെങ്കിലും കേരളത്തിലും അതൊക്കെ ഉണ്ടാവുന്നുണ്ട്. കോട്ടയത്തെ കെവിന്‍ ജോസഫിന്റെ കൊലപാതകം തന്നെ ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. പക്ഷേ അത് പരിയേരും പെരുമാളിലോ പരുത്തിവീരനിലോ സുബ്രഹ്‌മണ്യപുരത്തിലോ വിരുമാണ്ടിയിലോ സൂചിപ്പിക്കുന്ന തരത്തിലുള്ളൊരു ജാതിവേട്ടയായിരുന്നില്ല.മറിച്ച് ദുരഭിമാനക്കൊല അടിസ്ഥാനമാക്കി മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ (2018) തീര്‍ച്ചയായും തീവ്രമായ ജാതിയാക്രമണത്തിന്റെ നേരാലേഖനമായി മലയാള ചിത്രമായിരുന്നു. അതു പക്ഷേ തമിഴ്‌നാട്ടില്‍ നടന്ന സംഭവത്തിന്റെ പരിണതി എന്ന നിലയ്ക്കാണ് സംവിധായകനും തിരക്കഥാകൃത്തും വിഭാവനചെയ്തിട്ടുള്ളത്. കുറ്റകൃത്യം നടക്കുന്നത് കേരളത്തിലാണെങ്കിലും അതിനാസ്പദമായ സാമൂഹികരാഷ്ട്രീയം തമിഴ്‌നാട്ടിലേതാണ് സിനിമയില്‍. അടുത്തകാലത്ത് ശ്രദ്ധേയമായ അനില്‍ദേവിന്റെ ഉറ്റവര്‍ എന്ന ചിത്രത്തിലാവട്ടെ, ദുരഭിമാനക്കൊലയ്ക്ക് സാമ്പത്തികമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കെ.എം കമാലിന്റെ പട(2022) കേരളത്തിലെ ദലിത് മുന്നേറ്റത്തിന്റെ നേര്‍ചിത്രമാണ് ദൃശ്യവല്‍ക്കരിച്ചത്. 1996ല്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് അയങ്കാളിപ്പട പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കി ദലിത് രാഷ്ട്രീയം ഏറെക്കുറേ വസ്തുനിഷ്ഠമായി പറയാന്‍ ശ്രമിച്ച സിനിമയായിരുന്നു അത്. അയ്യങ്കാളി പടയായിരുന്നല്ലോ കേരളത്തില്‍ ദലിത് മുന്നേറ്റങ്ങള്‍ക്ക് ഒരു രാഷ്ട്രീയ മാനം നല്‍കിയത്.ആദിവാസികള്‍ക്ക് സ്വന്തം ഭൂമി അന്യാധീനപ്പെടുത്തിയേക്കാവുന്ന വിവാദമായ ആദിവാസി ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആ പ്രതിഷേധം.അതിനപ്പുറം അതില്‍ വര്‍ണവിവേചനത്തിന്റെ പ്രശ്‌നങ്ങളായിരുന്നില്ല അഭിമുഖീകരിച്ചത്. കേരളത്തിലെ ആദിവാസികളുടെ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളിലൊന്ന് ഭൂമിയുടേതാണ്. മുത്തങ്ങയടക്കം കേരളത്തെ പിടിച്ചു കുലുക്കിയ സമരങ്ങള്‍ക്കും ഇക്കാര്യത്തില്‍ നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ ദലിതരെ സ്വന്തം ഭൂമിയില്‍ നിന്ന് അവരെ പുറത്താക്കുന്നതും അവര്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ക്ക് നല്‍കാതിരിക്കുന്നതുമായ പ്രശ്‌നങ്ങള്‍ കേരളചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. രഞ്ജന്‍ പ്രമോദിന്റെ ഫോട്ടോഗ്രാഫര്‍ പോലുള്ള സിനിമകള്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. നഗരവല്‍ക്കരണത്തിന്റെ പേരില്‍ തദ്ദേശീയരായ ഒരു ദലിതവിഭാഗം മുഴുവന്‍ ഇരുള്‍പ്രാന്തങ്ങളിലേക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിന്റെ കഥയാണ് കമ്മട്ടിപ്പാടത്തില്‍ രാജീവ് രവി ദൃശ്യവല്‍ക്കരിച്ചത്.അത് ഏറെക്കുറേ സത്യത്തോടടുത്തതും ആര്‍ജ്ജവമുള്ളതുമായിരുന്നു. മലയാളസിനിമയില്‍ ദലിത പീഡനം ഒരു വിഷയമായി ഇടക്കാലത്ത് കടന്നുവരുന്നത് സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി എന്ന സിനിമയിലാണ്. ആര്‍ ഉണ്ണി കഥയെഴുതിയ ഒഴിവുദിവസത്തെ കളി ജാതിബോധത്തില്‍ മലയാളിയുടെ ഇരട്ടത്താപ്പും വൈരുദ്ധ്യവും തുറന്നുകാട്ടുന്നതായിരുന്നു. ജനാധിപത്യത്തിന്റെ കൊടിയേറ്റമായ തെരഞ്ഞെടുപ്പുദിവസം അവധിയാഘോഷിക്കാന്‍ ഒത്തുചേരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള സുഹൃത്തുക്കള്‍ മദ്യത്തിന്റെ ഉന്മാദത്തില്‍ കള്ളനും പൊലീസും കളിയിലേര്‍പ്പെടുകയും വിചാരണയ്‌ക്കൊടുവില്‍ ദലിതനായ സുഹൃത്തിനെ തൂക്കിക്കൊല്ലുകയും ചെയ്യുന്നതാണ് പ്രമേയം. ഭ്രമാത്മകതയുടെ വക്കോളം ചെല്ലുന്ന കഥാനിര്‍വഹണം മലയാളി ജാതിബോധത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതായി. ഇതേ സാമൂഹികാവസ്ഥയുടെ മറ്റൊരു തലം ജിതിന്‍ ഐസക്ക് തോമസിന്റെ അറ്റന്‍ഷന്‍ പ്‌ളീസ് (2021) എന്ന ചിത്രത്തില്‍ കാണാം. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള വിവേചനമെന്നതിലുപരി ഒരേ മതവിഭാഗത്തിനുള്ളില്‍ തന്നെയുളള ജാത്യാടിസ്ഥാനത്തിലെ ഉച്ചനീചത്വം എന്ന നിലയ്ക്കാണ് ജാതിവിവേചനം എന്ന പ്രയോഗം ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലെ പൊതുസമൂഹത്തില്‍ പരക്കെ വ്യവഹരിക്കപ്പെടുന്നത്. അങ്ങനൊരര്‍ത്ഥത്തില്‍ ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്തി(2016)നെ ജാതിവിവേചനം അടിസ്ഥാനമാക്കിയുള്ള സിനിമ എന്ന് പൂര്‍ണമായി വിവക്ഷിക്കാനാവില്ല.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന(2022)യും ഈ നിര്‍വചനത്തിനു പുറത്തുനില്‍ക്കുന്നതാണ്. എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ മതാധിഷ്ഠിത ജാതി മേല്‍ക്കോയ്മയുടെ വിരുദ്ധരാഷ്ട്രീയം സംസാരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ പരിഗണിക്കാവുന്ന ഈ ചിത്രം, കേരളത്തിനു പുറത്ത് നടന്ന സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തിനു പുറത്തു നടന്നതായി തന്നെ ചിത്രീകരിച്ച ചിത്രമാണ്. അങ്ങനെനോക്കുമ്പോള്‍ ഇത് കേരളത്തിലെ സാമൂഹികവ്യവസ്ഥയെക്കുറിച്ചുള്ള രേഖപ്പെടുത്തലാണെന്ന് അവകാശപ്പെടാനാവില്ല. യദു പുഷ്‌കരനെഴുതി വി.എസ് രോഹിത് സംവിധാനം ചെയ്ത കള (2021) ആണ് ദലിത് രാഷ്ട്രീയം വളരെ സ്പഷ്ടമായി ചര്‍ച്ചയ്‌ക്കെടുത്തുകൊണ്ട് ഈ വിഷയം വീണ്ടും സഗൗരവം കേരളമനഃസാക്ഷിക്കുമുന്നിലവതരിപ്പിക്കുന്ന പ്രസക്തമായൊരു സിനിമ. അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതം പ്രമേയമാക്കിയ മാരി സെല്‍വരാജിന്റെ പരിയേറും പെരുമാളിലും വെട്രിമാരന്റെ അസുരനിലും സിനിമയുടെ വിഷയത്തിലേക്കുള്ള വഴിയൊരുക്കിക്കൊണ്ട് നാടന്‍ നായയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നതും, സമാനവിഷയം പറയുന്ന കളയുടെ കഥയിലേക്കുള്ള കാഞ്ചിയാവുന്ന നായ രണ്ടു തലത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിത നിലപാടുകളുടെ പരിച്ഛേദം കൂടിയായി മാറുന്നുണ്ടെന്നും കളയെക്കുറിച്ചുളള ദേശാഭിമാനി നിരൂപണത്തില്‍ കെ.എ നിധിന്‍ നാഥ് നിരീക്ഷിച്ചിട്ടുണ്ട് (മാര്‍ച്ച് 29, 2021) ആണെന്നാല്‍ അധികാരത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണെന്ന് വിശ്വസിക്കുന്ന സവര്‍ണനായകന്‍ തന്റെ കരുത്ത് തെളിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് സുമേഷ് നൂര്‍ അവതരിപ്പിച്ച ദലിത കഥാപത്രത്തിന് സ്വന്തം നായയെ നഷ്ടമാകുന്നത്. ഇവിടെ പരിയേറും പെരുമാളിലേത് പോലെ കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം കടന്നു വരുന്നുണ്ട്. കറുപ്പിയുടെ പ്രശ്നം അവളുടെ ശരീരത്തിന്റെ നിറം ആയിരുന്നെങ്കില്‍, സവര്‍ണ്ണനായ ഷാജിയുടെയും ദളിതനായ മൂറിന്റെയും നായകള്‍ കറുത്തതാണ്. ഇവിടെ നിറത്തിനപ്പുറം മൂറിന്റെ നായ കൊല്ലപ്പെടാന്‍ കാരണം നാടന്‍ നായ മാത്രമായതാണെന്നും ഷാജിയുടേത് ഒരു ലക്ഷത്തിനടുത്ത് വിലവരുന്ന നായയാണന്നും സ്വാതിലക്ഷ്മി വിക്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട് (ട്രൂകോപ്പി തിങ്ക്, പിഴുതെറിയപ്പെടേണ്ട കളകള്‍, 26 മാര്‍ച്ച് 2021) ജാതീയതയും പ്രതികാരവും മൃഗീയതയും മാറിമാറി സിനിമയില്‍ വരുന്നുണ്ട തന്റെ നായയെ ഇല്ലാതാക്കിയ ഷാജിയോട് പ്രതികാരം ചെയ്യാന്‍ പോവുന്ന ദളിതനായ നൂറിന്റെ ശ്രമങ്ങളും ഷാജിക്കും നൂറിനും ഇടയില്‍ ഉണ്ടാകുന്ന അക്രമാസക്തമായ രംഗങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. പരിയേറും പെരുമാളിലേത് പോലെ പാല്‍ ചായയും കട്ടന്‍ചായയും ഇവിടെയും കടന്നുവരുന്നുണ്ട്. അകത്തെ മേശപ്പുറത്ത് ടോവിനോയ്ക്ക് കിട്ടുന്ന പാല്‍ ചായയും പുറത്ത് തിണ്ണയില്‍ ദലിതരായ പണിക്കാര്‍ക്ക് കൊടുക്കുന്ന കട്ടന്‍ചായയും കാണാം. അവരുടെ നിറം കറുപ്പായതു കൊണ്ടും അവര്‍ ദളിതരായത് കൊണ്ടും അവര്‍ക്ക് കള്ള ലക്ഷണങ്ങളു ണ്ടെന്നും തൊട്ടടുത്ത നിമിഷമവര്‍ മോശമായി പെരുമാറുമെന്നുമുള്ള മുന്‍വിധിയോടുകൂടി ആണ് വീട്ടിലെ ഒരേ ഒരു സ്ത്രീയും അവരോട് പെരുമാറുന്നതെന്നും സ്വാതി നിരീക്ഷിക്കുന്നു. ദലിതര്‍ അധികാര/തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും വികസന/വാണിജ്യതാല്‍പര്യങ്ങളുടെയും ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും ചര്‍ച്ചചെയ്ത ചിത്രങ്ങളാണ് ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം(2016), മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട് 92021)തുടങ്ങിയവ. എന്നാല്‍, മുന്നോട്ടു വച്ച പ്രത്യയശാസ്ത്ര വീക്ഷണങ്ങളില്‍ ദളിത് വിരുദ്ധതയാരോപിക്കപ്പെട്ട ദുര്യോഗമാണു മാര്‍ട്ടിന്റെ നായാട്ടിനു നേരിടേണ്ടിവന്നത്. നായാട്ട് ദളിത് രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്ത സിനിമയല്ല. രാഷ്ട്രീയവും അധികാരവും ചേര്‍ന്ന്, പൊലീസിനെ എങ്ങനെ വേട്ടയാടുന്നുവെന്നും അതിന് വകുപ്പിനുള്ളില്‍ തന്നെയുള്ള സഹപ്രവര്‍ത്തകര്‍ ഇരകളും വേട്ടക്കാരും ആവുന്നെന്നുമാണ് നായാട്ട് ചര്‍ച്ച ചെയ്യുന്നത്. വ്യവസ്ഥിതിയുടെ സംരക്ഷകര്‍, ആ വ്യവസ്ഥതിയുടെ നിയന്ത്രണം കൈക്കലാക്കിയവരുടെ അനീതികളുടെ സംരക്ഷകരായിത്തീരുന്ന ദുര്യോഗമാണു നായാട്ട് വെളിവാക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകാധിപത്യ തീരുമാനങ്ങള്‍ക്കും തെരഞ്ഞെടുപ്പുതാല്‍പര്യങ്ങള്‍ക്കും ചൂട്ടുപിടിച്ചുകൊണ്ടു സ്വന്തം കൂട്ടത്തില്‍പ്പെട്ട മൂന്നു പേരെ ഒറ്റികൊടുക്കുന്നത്. ദളിതവിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയും പുരുഷനുമടങ്ങുന്ന നിരപരാധികളായ മൂന്നു പൊലീസുകാരെ, ദളിത് വിഭാഗത്തില്‍പ്പെട്ടൊരാളുടെ അപകടമരണത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതു ഭരണകക്ഷിയുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്.പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ടു വ്യക്തിയിലേക്കു രാഷ്ട്രീയാധികാര കേന്ദ്രീകരണമുണ്ടാവുന്നതിന്റെ ദുര്യോഗമാണിത്.എന്നാല്‍, സര്‍വീസിലും പുറത്തും ദലിതര്‍ എങ്ങനെ അധികാരികളുടെ ചൂഷണത്തിന് ഇരകളായിത്തീരുന്നു എന്ന് നായാട്ട് വ്യക്തമായി തുറന്നുകാട്ടുന്നുണ്ട്, ഒപ്പം ജാതീയതയെ വിഷലിപ്തമാക്കുന്ന അധികാരരാഷ്ട്രീയത്തെയും. എന്നാല്‍, അധികാരം അധീശസംസ്‌കാരത്തെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്നതിനിടെ ദലിതര്‍ എങ്ങനെ ഒരേസമയം ഇരകളാക്കപ്പെടുന്നുവെന്നു കാട്ടി തന്ന നായാട്ടിനെ പിന്തുടര്‍ന്നു വന്ന സോഹന്‍സീനു ലാലിന്റെ ഭാരത സര്‍ക്കസിലെ ജാതിരാഷ്ട്രീയം കേവലം ഊതിപ്പെരുപ്പിച്ചതുമാത്രമായി തോന്നാം.അധികാരവും നിയമപാലകരും ചേര്‍ന്ന് ദലിതന്റെ പ്രശ്‌നത്തെ അവഗണിക്കുന്നതെങ്ങനെ എന്നതിലുപരി സവര്‍ണ കുറ്റവാളിയെ സംരക്ഷിക്കുന്നതിന് പരാതിക്കാരനെ തന്നെ പ്രതിയാക്കുന്നതെങ്ങനെ എന്നാണ് ഭാരത സര്‍ക്കസ് പരിശോധിക്കുന്നത്. നായാട്ടിലേതു പോലെ തീവ്രമായി അനുഭവവേദ്യമാക്കാമായിരുന്ന പ്രമേയം ഇതിവൃത്തനിര്‍വഹണത്തിനായി സൃഷ്ടിക്കപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കഥാപാത്രത്തിന്റെ അയുക്തികളിലൂടെയാണ് ഭാരത സര്‍ക്കസില്‍ തീര്‍ത്തും വിശ്വാസയോഗ്യമല്ലാതായിത്തീരുന്നത്. പ്രമേയത്തിന്റെ ഗൗരവം പോലും ഇത്തരം വിട്ടുവീഴ്ചകളിലൂടെ ലോപിച്ചുപോകുന്നുണ്ട്. വാര്‍പ്പുമാതൃകകളുടെ അമിതാഘോഷം കൊണ്ട,് കമ്പോളമുഖ്യധാരയില്‍ ഐ.വി.ശശി ഷാജികൈലാസ് സിനിമകള്‍ സൃഷ്ടിച്ച രാഷ്ട്രീയ സാമൂഹികസത്യസന്ധതപോലും പുലര്‍ത്താതെ പോവുകയാണീ സിനിമ. കാര്യഗൗരവമുള്ളൊരു പ്രമേയത്തെ, അലസവും അപക്വവുമായ ദൃശ്യസമീപനത്തിലൂടെ പാഴാക്കിക്കളഞ്ഞ ചലച്ചിത്രോദ്യമമായേ ഭാരത സര്‍ക്കസിനെ വിശേഷിപ്പിക്കാനാവൂ. എന്നാല്‍ അതല്ല രത്തിനയുടെ പുഴു(2022)വിന്റെ കാര്യം. നായകന്‍ കറുത്തും വില്ലന്‍ വെളുത്തുമിരിക്കുന്ന, നായകന്‍ ദളിതനും വില്ലന്‍ ബ്രാഹ്‌മണനും ആയിരിക്കുന്ന വാര്‍പ്പുമാതൃകയിലാണ് രത്തിന സംവിധാനം ചെയ്ത പുഴു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ലിഫ്റ്റില്‍ വച്ച് പിറ്റ്സ കൊണ്ടുവരുന്ന യുവാവിനെ കണ്ടിട്ട്, ഇതൊക്കെ ആളുകള്‍ എങ്ങിനെ കഴിക്കുന്നു എന്ന് അത്ഭുതപെടുന്ന നായകന്‍, അന്യ ജാതിയില്‍ പെട്ട സ്ത്രീയെ വിവാഹം കഴിച്ചത് കൊണ്ട് വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തിയ സഹോദരിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചിട്ട് കൈ തുടച്ചു് അറപ്പോടെ മുഖം തിരിക്കുന്നതിലെയും ''നമ്മളെ'' പോലുള്ളവര്‍ക്ക് മാത്രമേ ഫ്‌ലാറ്റ് വാടകക്ക് കൊടുക്കൂ എന്നു പറയുന്നിടത്തേയും ജാത്യാടിസ്ഥാനത്തിലുള്ള വയലന്‍സിനെ പറ്റി പുഴുവിനെപ്പറ്റി നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.ജാതിബോധം പ്രവര്‍ത്തിക്കുന്നത് നമ്മുടെയെല്ലാം മനസുകളില്‍ നിശ്ശബ്ദമായിട്ടാണെന്നും അത അക്രമാസ്‌കതമാവുന്നത് ശാരീരികമായിത്തന്നെ വേണമെന്നില്ലെന്നുമാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ഉണ്ണി ആറും സനല്‍കുമാര്‍ ശശിധരനും ഒഴിവുദിവസത്തെ കളിയില്‍ അനാവരണം ചെയ്യുന്നതിനു സമാനമായ പ്രസ്താവനകള്‍ തന്നെയാണിത്.പക്ഷേ ലിംഗസമത്വം, വിശ്വാസം അടക്കമുള്ള മറ്റു പല സാമൂഹികപ്രശ്‌നങ്ങളിലും നിലനില്‍ക്കുന്ന ഇരട്ടത്താപ്പുകള്‍ക്കൊപ്പം മലയാളികളില്‍ വേരൂന്നിയ ഒന്നാണിത്. അധികാര-രാഷ്ട്രീയ-ലിംഗ വ്യവസ്ഥകളെപ്പറ്റിയുള്ള ചിന്തകള്‍ മാറിയാല്‍ മാത്രം മാറിയ കാലത്തിന്റെ രാഷ്ട്രീയ ശരികള്‍ക്കൊപ്പം മാറിയേക്കാവുന്ന ചിന്താഗതിയാണത്. 'പുഴു'വിലെ രാഷ്ട്രീയത്തെ അത്രയ്ക്കങ്ങ് ബോധിക്കാത്ത, സവര്‍ണ്ണതയുടെ പൊതുബോധത്തെയും ജീവിതവീക്ഷണത്തെയും സാമൂഹ്യനിലപാടുകളെയും മറികടക്കുന്ന പുരോഗമനചിന്തയും നവോത്ഥാന ആശയങ്ങളും തങ്ങളുടെ ഹൃദയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരിലെ ഒരു വിഭാഗത്തെപ്പറ്റി പുഴു ജാതിയുടെ ശസ്ത്രക്രിയ എന്ന നിരൂപണത്തില്‍ പ്രേംലാല്‍ സൂചിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ പോലുമറിയാതെ തങ്ങളുടെ ജീവിതത്തിന്റെ വീക്ഷണകോണുകളെ നിശ്ചയിക്കുന്നത് തങ്ങളില്‍ ഇനിയും ബാക്കിനില്ക്കുന്ന സവര്‍ണ്ണബോധത്തിന്റെ അവശിഷ്ടങ്ങളാണെന്ന് അവര്‍ തിരിച്ചറിയുന്നേയില്ല എന്നാണ് അദ്ദേഹം നീരീക്ഷിക്കുന്നത്. പഴത്തിനുള്ളില്‍ പുഴുവായി ഒളിച്ചിരുന്ന് തന്റെ ദൗത്യം നിര്‍വ്വഹിക്കുന്ന തക്ഷകനെ രൂപകമാക്കിയാണ് ചിത്രത്തില്‍, ജാതിക്കെതിരായ പോരാട്ടത്തിന്റെ പ്രതിനിധാനമായ പുഴു കടന്നുവരുന്നത്. ഏഴുനിലമാളികയില്‍ അടച്ചിരുന്നിട്ടും പരീക്ഷിത്തിനെ തക്ഷകന്‍ ഇല്ലായ്മ ചെയ്തതുപോലെ സവര്‍ണ്ണ ബ്രാഹ്‌മണാധികാരത്തിന്റെ ഇരുമ്പുസാക്ഷകളും ഉരുക്കുമറകളും തകര്‍ത്ത് കാലവും ശബ്ദം പോലും നിഷേധിക്കപ്പെട്ടവരുടെ അനന്തരതലമുറയും കണക്കു ചോദിക്കുന്നയിടത്താണ് ചിത്രം അവസാനിക്കുന്നതെന്നു പ്രേംലാല്‍ അഭിപ്രായപ്പെടുന്നു. ഈ വാദങ്ങളൊക്കെയും സിനിമ പ്രതിനിധാനം ചെയ്യുന്ന ജാതിരാഷ്ട്രീയത്തെഅര്‍ഹിക്കുന്ന ഗൗരവത്തോടെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും മറ്റും നിലനില്‍ക്കുന്ന ജാതിവെറിയുടേതിനു സമാനമായി ചേര്‍ത്തുവയ്ക്കാവുന്ന ദലിത വിരുദ്ധത കേരളത്തിലുണ്ടെന്ന മട്ടിലൊരു പൊതു ആഖ്യാനകം സൃഷ്ടിക്കുന്നതിലേക്ക് ഭാരത സര്‍ക്കസും പുഴുവും പരോക്ഷമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്നത് സഗൗരവം ചിന്തിക്കേണ്ട വിഷയമാണ്. ഒന്നു വെളുത്തുണരുമ്പോള്‍ മനസില്‍ നിന്നു തൂത്തിറങ്ങിപ്പോകുന്നതല്ല ആഴത്തില്‍ വേരൂന്നിയ ജാതിബോധമെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, അതിന്റെ തീവ്രത കേരളത്തില്‍ ഇപ്പറഞ്ഞ സംസ്ഥാനങ്ങളിലേതു പോലെ തന്നെ പ്രത്യക്ഷമാണ് എന്ന തരത്തിലുള്ള നറേറ്റീവ് യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. തമിഴ്‌നാട്ടിലെ സര്‍വസാധാരണാമായ ദുരഭിമാനക്കൊലകള്‍ പോലെ (സാധാരണമാകുന്നതുകൊണ്ട് അവ സാധൂകരിക്കപ്പെടുന്നതേയില്ല) കേരളത്തില്‍ നടക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ദഹാദിലെ ദലിതയായ പൊലീസുദ്യോഗസ്ഥയോട് സഹപ്രവര്‍ത്തകരും നാട്ടുപ്രമാണിയും ഒരു പോലെ കാണിക്കുന്ന തീണ്ടായ്മ നായാട്ടിലെ കഥാപാത്രത്തോട് ഏതായാലും ആരും കാണിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യബോധം ഭാരത സര്‍ക്കസില്‍ കാണാനില്ല എന്നിടത്താണ് മലയാളസിനിമയിലെ സമകാലിക ദലിതപക്ഷാഖ്യാനത്തിന് വഴിതെറ്റുന്നത്. സാമൂഹിക ഉള്‍ക്കാഴ്ചയിലും രാഷ്ട്രീയ ചരിത്രബോധ്യത്തിലുമുള്ള ആഴക്കുറവുകൊണ്ടായിരിക്കാം ജാതിവെറിയുടെ കാര്യത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ജീവിതാവസ്ഥ ഇതര സംസ്ഥാനങ്ങളുടേതിന് സമാനമാണെന്ന തരത്തിലുള്ള സാമാന്യവല്‍ക്കരണത്തിന് വഴിവയ്ക്കുന്ന ആഖ്യാനങ്ങളുടെ സാധുതയാണ് പുനഃപരിശോധിക്കപ്പെടേണ്ടത്. ഇല്ലെങ്കില്‍ ജോണ്‍ ഏബ്രഹാം എന്ന് ഗൂഗിള്‍ ചെയ്യുമ്പോള്‍ സംവിധായകനായ ജോണിനു പകരം ബോളിവുഡ് നടന്റെ വിവരങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നതുപോലെ, മഹാത്മഗാന്ധിയെ തിരഞ്ഞാല്‍ ബെന്‍ കിങ്സ്ലി എന്ന നടന്റെ ചിത്രം തെളിഞ്ഞുവരുന്നതുപോലെ, വ്യാജവിവരവിനിമയത്തിന് ഉപകരണമായിത്തീരുകാനവും ഇത്തരം ആഖ്യാനങ്ങളുടെ ദുര്‍വിധി.വസ്തുനിഷ്‌ഠെ എന്നാല്‍, പറയുന്ന വിഷയത്തിന്റെ സാമാന്യവല്‍ക്കരണത്തിലല്ല, സൂക്ഷ്മവല്‍ക്കരണത്തിലാണ് എന്നതാണ് ഗവേഷണരീതിശാസ്ത്രം നിര്‍വചിക്കുന്നത്. ബിംബവല്‍ക്കരണത്തേയല്ല സൂക്ഷ്മതല വിശലകനം. അതുകൊണ്ടുതന്നെ ദലിത രാഷ്ട്രീയം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത്രമേല്‍ അവധാനത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാമാന്യവല്‍ക്കരണത്തിനും ലളിതവല്‍ക്കരണത്തിനും സാധ്യത നല്‍കാത്ത വസ്തുനിഷ്ഠതയാണ് ദലിതപ്രശ്‌നങ്ങള്‍ പോലുള്ള വിഷയങ്ങള്‍ കൈയാളുന്ന ചലച്ചിത്രകാരന്മാര്‍ വച്ചുപുലര്‍ത്തേണ്ടത്. ഒറ്റപ്പെട്ട സംഭവങ്ങളെ പ്രാതിനിധ്യസ്വഭാവത്തില്‍ ആഖ്യാനകമായി സ്വീകരിക്കുമ്പോള്‍ കൈവിട്ടുപോകുന്നതും ചരിത്രപരമായ വസ്തുനിഷ്ഠതയാണ്.

Thursday, July 06, 2023

മാറളവുകളുടെ ദൃശ്യരാഷ്ട്രീയം

  കലാകൗമുദി  July 2, 2023       

എ.ചന്ദ്രശേഖര്‍

"Feminism isn't about making women stronger. Women are already strong, it's about changing the way the world perceives that strength."

Chimamanda Ngozi Adichie(Nigerian Writer)

 കെ.ജി.ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലിലെ വാസന്തി അധ്യായത്തിന്റെ പുതുവായന എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജിയോ ബേബിയുടെ ഏറെ ഘോഷിക്കപ്പെട്ട ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍, സമീപകാല മലയാളസിനിമയിലെ അതിശക്തമായ സ്ത്രീപക്ഷരചനയായിരിക്കുമ്പോള്‍ത്തന്നെ,അതെത്രമാത്രം/എങ്ങനെ സ്ത്രീപക്ഷത്തേക്കുള്ള പുരുഷനോട്ടം ആയിത്തീരുന്നുവെന്നറിയുക, ശ്രുതി ശരണ്യം രചിച്ചു സംവിധാനം ചെയ്ത ബി 32-44 കാണുമ്പോഴാണ്. ആണ് പെണ്ണിന്റെ സ്ഥാനത്തു കയറിനിന്നിട്ട് എഴുതുന്നതും പെണ്ണ് പെണ്‍നോട്ടമെഴുതുന്നതും തമ്മിലെ വ്യത്യാസം മാധവിക്കുട്ടിയുടെയും സാറാ ജോസഫിന്റെയും കെ.ആര്‍.മീരയുടെയും കെ.രേഖയുടെയുമൊക്കെ എഴുത്തുകളില്‍
നാം കണ്ടതാണ്. സിനിമയില്‍ കെ.ജി.ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലിലെ സ്ത്രീ കഥാപാത്രങ്ങളും അവരുടെ ജീവിതാവിഷ്‌കാരവും മലയാളം അന്നോളം കണ്ടതില്‍ വച്ച് ഏറ്റവും സ്ത്രീപക്ഷവീക്ഷണം വച്ചുപുലര്‍ത്തുന്നതായിരുന്നു. ലോഹിതദാസ്-സിബിമലയില്‍ ദ്വന്ദത്തിന്റെ എഴുതാപ്പുറങ്ങള്‍ ടി ദാമോദരന്‍-ഐ.വി.ശശി സഖ്യത്തിന്റെ ഇന്നല്ലെങ്കില്‍ നാളെ പോലെ ചില ചിത്രങ്ങള്‍ മുഖ്യധാരയിലും സൂസന്ന പോലെ ചില സിനിമകള്‍ നവധാരയിലും പുറത്തിറങ്ങിയെങ്കിലും അവയൊക്കെയും പുരുഷനോട്ടത്തില്‍ നിന്നുകൊണ്ടുള്ള സ്ത്രീപക്ഷ വായനകള്‍ മാത്രമായിരുന്നു. പേരിന് ഷീലയും വിജയനിര്‍മ്മലയുമൊക്കെ സംവിധായകരായപ്പോഴും ശ്രീബാല കെ മേനോന്‍ മുതല്‍ വിധു വിന്‍സെന്റും സ്‌റ്റെഫി സേവ്യറും വരെ സംവിധാനം ചെയ്തപ്പോഴും സ്ത്രീപക്ഷപ്രതിനിധാനം എന്ന അര്‍ത്ഥത്തില്‍ അവരുടെ സിനിമകളുടെ വായന സാധ്യമായിരുന്നില്ല. ഇവിടെയാണ് ശ്രുതി ശരണ്യം ഉള്‍പ്പെടുന്ന യുവതലമുറ സംവിധായികമാരുടെ സിനിമകള്‍ വേറിടുന്നത്. അതിന് നാം നന്ദിയോതേണ്ടത് ഷാജി എന്‍ കരുണിന്റെ ദീര്‍ഘദര്‍ശനത്തോടെ ആസൂത്രണം ചെയ്യപ്പെട്ട സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ സ്ത്രീശാക്തീകരണ ചലച്ചിത്ര നിര്‍മ്മാണ പദ്ധതിക്കാണ്. ബജറ്റ് പരിമിതികളടക്കമുള്ള വെല്ലുവിളികളുണ്ടായിരുന്നെങ്കിലും നിഷിദ്ധോ, ബി 32-44, ഡൈവോഴ്‌സ്, ഇന്ദുലക്ഷ്മിയുടെ നിള തുടങ്ങിയവയൊക്കെ സംഭവിച്ചതിനു കാരണം കെ.എസ്.എഫ്.ഡി.സിയുടെ ഈ പദ്ധതിയാണ്. അവയില്‍ ആശയം കൊണ്ടും അവതരണം കൊണ്ടും ഏറെ വൈവിദ്ധ്യവും ആഴവും പുലര്‍ത്തുന്ന സിനിമയാണ് ശ്രുതിയുടെ ബി 32-44.

പുതുതലമുറയില്‍ ആര്‍ രാജശ്രീയുടെ, സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത വായിക്കുമ്പോള്‍ അനുവാചകന് അനുഭവപ്പെടുന്ന ഭാവുകത്വവ്യതിയാനമുണ്ട്, നാളിതുവരെയുള്ള എഴുത്തുകാരികളുടെ രചനകളില്‍ നിന്നൊന്നും കിട്ടാത്തവിധത്തിലുള്ള, തീര്‍ത്തും നൂതനുവും അതേസമയം ലളിതവുമായ സ്ത്രീപക്ഷ നോട്ടപ്പാടാണത്. കെ.ആര്‍ മീരയടക്കമുള്ള എഴുത്തുകാരികള്‍ ആണുങ്ങള്‍ കൈയാളുന്ന വിഷയങ്ങളെത്തന്നെ അതിനേക്കാള്‍ തീവ്രമായോ ഒരുപക്ഷേ അവര്‍ക്കാവുന്നതിനേക്കാള്‍ രാഷ്ട്രീയവും സാമൂഹികവുമായ വീക്ഷണവൈവിദ്ധ്യത്തിലൂടെ സഗൗരവം ആവിഷ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍, രാജശ്രീ തനിക്കുമാത്രം സാധ്യമാകുന്നവിധം കേരളീയ സമൂഹത്തിലെ സ്ത്രീജീവിതത്തെ അതീവലളിതമായി എന്നാല്‍ ഏറെ ഗഹനവും ആഴവുമുള്‍ക്കൊണ്ട് ആലങ്കാരികത തൊട്ടുതീണ്ടാതെ ആവിഷ്‌കരിച്ചുകൊണ്ടാണ് പൂര്‍വസൂരികളില്‍ നിന്നു വഴിമാറി നടന്നത്. അതിനു തക്ക നൂതനത്വമാര്‍ന്നൊരു ആഖ്യാനഭാഷയും അവരതിന് കണ്ടെത്തി അവതരിപ്പിച്ചു. മലയാള സിനിമയില്‍ സമാനമായൊരു ആഖ്യാനകവും ആഖ്യാനവും കൊണ്ടാണ് ശ്രുതി ശരണ്യത്തിന്റെ ബി.32-44 വേറിട്ടതാവുന്നത്.ജാതിരാഷ്ട്രീയത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികള്‍ നിര്‍മ്മിച്ച വ്യാജബോധ്യങ്ങളിലൂന്നി ആണ്‍ നോട്ടത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പുഴു(2022) സംവിധാനം ചെയ്ത രതീനയുടെ ചലച്ചിത്ര സമീപനം സാമൂഹിക രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന പുരുഷസംവിധായകര്‍ക്കു നേരേയുള്ള പ്രതിരോധമായിരുന്നെങ്കില്‍, ആണിന് ആലോചിക്കാന്‍ പോലും സാധ്യമല്ലാത്തൊരു വിഷയം ചലച്ചിത്രത്തിന് പ്രമേയമാക്കി എന്നിടത്താണ് ശ്രുതി വ്യത്യസ്തയാവുന്നത്. മലയാള സിനിമയില്‍ ആര്‍ത്തവവും ആര്‍ത്തവവിരാമവുമെല്ലാം നോട്ട്ബുക്ക(2006)്, സ്റ്റാര്‍(2021) തുടങ്ങിയ സിനിമകള്‍ക്കും, ശരീരത്തിന്റെ രാഷ്ട്രീയം (ബോഡി പൊളിറ്റിക്‌സ്) തമാശ (2019)യ്ക്കും വിഷയമായിട്ടുണ്ടെങ്കിലും തീര്‍ത്തും സ്‌ത്രൈണമെന്നു തന്നെ വിലയിരുത്തപ്പെടേണ്ട അവയവരാഷ്ട്രീയം ആദ്യമായി കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയ്ക്കു ശ്രുതിയുടെ ബി 32ന് കാലികത്തിലുപരിയായ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയുണ്ട്.ലിംഗസമത്വത്തെയും ലിംഗനീതിയേയും കുറിച്ചുള്ള ദാര്‍ശനികചര്‍ച്ചകള്‍ക്കല്ല, അവയെപ്പറ്റിയുള്ള നേരിട്ടുള്ള പ്രതിപാദനത്തിനാണ് ശ്രുതിയിലെ സംവിധായിക ധൈര്യം കാണിച്ചിരിക്കുന്നത്. 

ഇന്ത്യ പരിപാവനവും പുണ്യവുമൊക്കെയായി വിഗ്രഹവല്‍ക്കരിച്ചിട്ടുള്ള പെണ്ണിന്റെ മാറിടം എന്ന അവയവത്തിന്റെ സാമൂഹിക/രാഷ്ട്രീയമാനങ്ങളാണ് ശ്രുതിയുടെ സിനിമ. രണ്ടു വാക്കുകളുള്‍ക്കൊള്ളുന്ന ഒറ്റവാക്യത്തില്‍ ഒതുക്കാവുന്നതാണ് ഇതിന്റെ പ്രമേയം-മാറിടത്തിന്റെ രാഷ്ട്രീയം! ഒരുപക്ഷേ, ഇത്തരമൊരു വണ്‍ലൈന്‍ തന്നെ ഏതു നിര്‍മ്മാതാവിന് ബോധ്യമായേക്കുമെന്നതില്‍ സന്ദേഹമുണ്ട്. ഇങ്ങനെയൊരു ഇതിവൃത്തം ഒരു സ്ത്രീക്കല്ലാതെ ഒരിക്കലും ഒരു പുരുഷന് ആലോചിക്കാനേ സാധ്യമാകുന്നതല്ല. കാരണം ലൈംഗികാവയവമെന്നതിലുപരി, മതവും സംസ്‌കാരവുമൊക്കെ ചേര്‍ന്ന് മാതൃത്വത്തിന്റെ മഹനീയബിംബമായി വിഗ്രഹവല്‍ക്കരിച്ചിട്ടുള്ള സ്ത്രീയുടെ മാറിടത്തെ അടിസ്ഥാനമാക്കി ഇത്രയേറെ സാമൂഹിക-രാഷ്ട്രീയ-ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുതന്നെ പുരുഷഭൂരിപക്ഷം തിരിച്ചറിയുന്നുണ്ടായിരിക്കില്ല. ആര്‍ത്തവകാല ശാരീരിക/മാനിസിക സമ്മര്‍ദ്ദങ്ങളെയും പ്രസവാനന്തര മനസംഘര്‍ഷങ്ങളെയും കുറിച്ചെല്ലാം അടുത്തകാലത്തു മാത്രം കുറച്ചെങ്കിലും ബോധോദയം സംഭവിച്ചിട്ടുളള സാംസ്‌കാരിക കേരളത്തിലെ പുരുഷന്മാര്‍ ആലോചിച്ചിട്ടുപോലുമില്ലാത്തൊരു വിഷയത്തിലേക്കാണ് ശ്രുതി പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്.ബിംബവല്‍ക്കരിക്കപ്പെട്ട മഹത്തായ മാതൃത്വത്തിന്റെ പ്രതീകമായ അമ്മിഞ്ഞ, പുതുതലമുറയ്ക്കും കേവലം ലൈംഗികവസ്തുമാത്രമായ ബൂബ്‌സ് ആയി നിലനില്‍ക്കെ, സ്ത്രീക്കു നേരെയുള്ള പുരുഷനോട്ടത്തില്‍ കാര്യമായ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് ബി 32-44 വ്യക്തമായി കാണിച്ചുതരുന്നു. 

പേരില്‍ തന്നെ തുടങ്ങുന്നതാണ് ബി 32-44 ന്റെ വഴിമാറിനടത്തം. പ്രത്യക്ഷത്തില്‍ സ്ത്രീകള്‍ മാത്രമുപയോഗിക്കുന്ന, ആദ്യകാല മലയാളസിനിമകളില്‍ ബലാത്സംഗരംഗങ്ങളിലും രതിരംഗങ്ങളിലും പ്രതീകാത്മമായി ഉപയോഗിച്ചിരുന്ന ബ്രെയ്‌സിയര്‍ എന്ന അടിവസ്ത്രത്തിന്റെ അളവായി ഈ പേരിനെ കണക്കാക്കാം. മരുന്നുകടയില്‍ നേരിട്ടു ചെന്ന് ഗര്‍ഭനിരോധന ഉറയോ സാനിറ്ററി പാഡോ തുണിക്കടയില്‍ ചെന്ന് കപ് സൈസ് ഉറക്കെപ്പറഞ്ഞ് ഒരു ബ്രായോ വാങ്ങുന്നതില്‍ അശ്‌ളീലം കാണുന്ന, സ്ത്രീയുടെ അടിവസ്ത്രമലക്കുന്നത് ആണത്തക്കുറവായിമാത്രം കണക്കാക്കുന്ന പുരുഷജന്മങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഏല്‍ക്കുന്ന തലയ്ക്കടി തന്നെയാണ് ഈ ചെറിയ വലിയ സിനിമ.അതവരിലേല്‍പ്പിക്കുന്ന സാംസ്‌കാരികാഘാതമാണ് മാനസികാഘാതത്തെക്കാള്‍ വലുത്. എന്നാല്‍, ബഹുതലസ്പര്‍ശിയായ കഥാഗാത്രത്തിനും, ബഹുതലമാനങ്ങളുള്ള നോണ്‍-ലീനിയര്‍ ആഖ്യാനഘടനയ്ക്കും യോജിച്ചവിധം, ഒന്നിലേറെ മാനങ്ങളുള്‍ക്കൊള്ളുന്നുണ്ട് ബി. 32-44 എന്ന പേര്. ബ്രസ്റ്റ് (മുല) ബോഡി(ശരീരം), ബ്യൂട്ടി(സൗന്ദര്യം), ബിഹോള്‍ഡ് (നോട്ടം), ബീയിങ്(ആയിരിക്കുക) എന്നിങ്ങനെ രാഷ്ട്രീയസാമൂഹിക തലങ്ങളില്‍ ആഴമുള്ള അര്‍ത്ഥങ്ങള്‍ കല്‍പിച്ചുകൊണ്ടാണ് ശ്രുതി തന്റെ കന്നി കഥാസിനിമയ്ക്ക് പേരിട്ടിട്ടുള്ളത്.

ആധുനികോത്തര സിനിമയുടെ നവഭാവുകത്വലാളിത്യം പിന്‍പറ്റുമ്പോഴും ഉള്‍ക്കാഴ്ച നിലനിര്‍ത്തിക്കൊണ്ട് സകുടുംബം സിനിമകാണാനെത്തുന്നവര്‍ക്ക് അതിനു സാധ്യമാകുംവിധം നോണ്‍ ലീനിയറായൊരു ഘടനാശൈലിയിലാണ് സിനിമയുടെ ആഖ്യാനം നെയ്‌തെടുത്തിട്ടുള്ളത്.ഒരുപക്ഷേ, ആദാമിന്റെ വാരിയെല്ലിനോട് ചേര്‍ത്തുവയ്ക്കാവുന്നതും വായിക്കാവുന്നതുമായ ആഖ്യാനശില്‍പം. വിവിധ സാമൂഹിക സാമ്പത്തിക ശ്രേണികളില്‍പ്പെട്ട, പരസ്പരം ബന്ധപ്പെടുന്നവരും അല്ലാത്തവരുമായ ആറു പെണ്ണുങ്ങളുടെ ജീവിതത്തില്‍ മാറിടം ഉണ്ടാക്കുന്ന ആഘാതപ്രത്യാഘാതങ്ങളും അനുരണനങ്ങളുമാണ് ബി 32-44. ആഖ്യാനത്തില്‍ പരോക്ഷമായി വന്നുപോകുന്ന, സജിത മഠത്തിലും  നീന ചെറിയാനും രമ്യ സുവിയും അവതരിപ്പിക്കുന്ന മറ്റനേകം സ്ത്രീജീവിതങ്ങളുമുണ്ട്. ഇവര്‍ അവതരിപ്പിക്കുന്ന മൂന്ന് അമ്മമാരും കേരളത്തിലെ അമ്മമാരുടെ ഗതികേടുകളും അവര്‍ നേരിടുന്ന സാമൂഹിക/സാമ്പത്തിക സമ്മര്‍ദ്ദങ്ങളും സ്ത്രീ എന്ന നിലയ്ക്ക് നേരിടുന്ന അവഗണയും പ്രതിഫലിപ്പിക്കുന്നവരാണ്. അങ്ങനെ, മുഖ്യപ്രമേയമായ മാറിടത്തില്‍ നിന്നു മാറി, സ്ത്രീജീവിതങ്ങളുടെ വിഭിന്ന മുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസക്തി നേടുന്നുണ്ടീ സിനിമ. സ്ത്രീപക്ഷത്തു നില്‍ക്കുമ്പോള്‍ത്തന്നെ ഫെമിനിസ്റ്റ് പക്ഷപാതത്തില്‍ കാണാതെപോകാതിരുന്നുകൂടാത്ത പെണ്‍ബദലുകളെക്കൂടി അവതരിപ്പിച്ചുകൊണ്ട് പ്രതിബദ്ധമായ കലാസൃഷ്ടിയെന്ന നിലയ്ക്ക്  സാമൂഹികവ്യാപ്തി നേടുന്നുണ്ട് ബി 32-44.

കേരളം മറന്നിട്ടില്ലാത്തൊരു യഥാര്‍ത്ഥ സംഭവത്തിലാണ് ബി 32-44 തുടങ്ങുന്നത്. വഴിയില്‍ കണ്ടൊരു യുവതിയോട്, ഞാനൊന്നു മുലയ്ക്ക് പിടിച്ചോട്ടെ എന്നൊരു സ്‌കൂള്‍ക്കുട്ടി ചോദിച്ച പത്രവാര്‍ത്തയുടെ ഭാവനാത്മകാവിഷ്‌കാരമെന്ന നിലയ്ക്കാണത്. നാട്ടിന്‍പുറത്തുകൂടി ബൈക്കില്‍ വരുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറും ട്രാന്‍സ് മാനുമായ സിയ (അനാര്‍ക്കലി മരയ്ക്കാര്‍)നോട് ഒരു ലിഫ്റ്റ് ചോദിക്കുന്ന പ്‌ളസ് ടൂ വിദ്യാര്‍ത്ഥി അശ്‌ളീല ചുവയോടെ ഇതേ ചോദ്യം ചോദിക്കുന്നിടത്താണ് സിനിമയുടെ  സിയ 36 ഡിഡി എന്ന ആദ്യ കാണ്ഡം  ആരംഭിക്കുന്നത്. 

കേന്ദ്രകഥാപാത്രങ്ങളായ ഈ ആറു പെണ്ണുങ്ങളും ജീവിതത്തിന്റെ നിര്‍ണായക ദശാസന്ധികളില്‍ സ്വയവും പരസ്പരവും തിരിച്ചറിയകയും കണ്ടെത്തുകയും ആശ്രയിക്കുകയും, സമൂഹത്തിന്റെയും കുടുംബത്തിന്റെയും വരെ അങ്കുശഹസ്തങ്ങളില്‍ നിന്ന് സ്വയം വിടുതല്‍ നേടി സ്വതന്ത്രരാവുകയും ചെയ്യുന്നിടത്താണ് ബി 32-44 അവസാനക്കേണ്ടിയിരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതിലും ഞെട്ടിപ്പിക്കുന്നതാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്, ഹോട്ടലിലെ ജോലി വിട്ട് കൗണ്‍സലിങ് കരിയറായി സ്വീകരിക്കുന്ന 32 എഎ എന്ന ഉപസര്‍ഗത്തിലെ ഇമാന്‍ (സറിന്‍ ഷിഹാബ്) സ്‌കൂള്‍ കുട്ടികള്‍ക്ക് ജെന്‍ഡര്‍ ഇക്വാളിറ്റിയെപ്പറ്റി ക്‌ളാസെടുക്കവേ എന്തോ പറഞ്ഞു ചിരിക്കുന്നവരില്‍ ഒരാണ്‍കുട്ടിയോട് എന്താണ് ലിംഗവ്യത്യാസ്യം എന്നു ചോദിക്കുമ്പോള്‍ ഒരുളുപ്പുമില്ലാതെ അവന്‍ പറയുന്നു- വിത്ത് ബൂബ്‌സ് ആന്‍ഡ് വിത്തൗട്ട് ബൂബ്‌സ്! പെണ്ണിനെ ലൈംഗികാവയവം കൊണ്ടു മാത്രം അടയാളപ്പെടുത്തുന്ന ആണധികാരത്തിന്റെ ബൗദ്ധികാശ്‌ളീലം ഇത്രമേല്‍ യാഥാര്‍ത്ഥ്യബോധത്തോടെ, അതിലേറെ നാണിപ്പിക്കുംവിധം മറ്റൊരു മലയാള സിനിമ അവതരിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. എത്രയൊക്കെ സമത്വം പ്രചരിപ്പിച്ചാലും പ്രസംഗിച്ചാലും സമൂഹമനസില്‍ നിന്ന് ചില ചിന്തകള്‍  പറിച്ചുമാറ്റപ്പെടാതെ സ്ത്രീ ആണ്‍നോട്ടത്തിന്റെ ധ്വംസനങ്ങളില്‍ നിന്നു പോലും വിമുക്തയാവില്ലെന്ന സത്യത്തിലേക്കാണ് ശ്രുതി തന്റെ ക്യാമറക്കാചങ്ങള്‍ തുറന്നുവയ്ക്കുന്നത്. അതുളവാക്കുന്ന ഞെട്ടലും പുരുഷനെന്ന നിലയിലതുണ്ടാക്കുന്ന ആത്മനിന്ദയും തന്നെയാണ് സിനിമയ്ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ അനുമോദനം എന്നു ഞാന്‍ കരുതുന്നു.

അതിലോലമായൊരു നൂല്‍പ്പാലത്തിലൂടെയുള്ള നടത്തമാണ് ബി.32-44ന്റെ തിരക്കഥ. അല്‍പമൊന്നു തെറ്റിയാല്‍ വഴുതിപ്പോയേക്കാവുന്ന അത്യധികം ആപത്തുനിറഞ്ഞ കനല്‍വഴി. രണ്ടാംകിട മസാലയിലേക്കോ, പ്രചരണാത്മക മുദ്രാവാക്യത്തിലേക്കോ നിപതിക്കാതെ, സിനിമയെന്ന നിലയ്ക്ക് ആന്തരികവും ബാഹ്യവുമായ ലാവണ്യാനുഭൂതിയും സൗന്ദര്യാത്മകതയും ഒരുപോലെ നിലനിര്‍ത്തി ദുര്‍ഗ്രഹതയുടെ ലാഞ്ഛന പോലുമില്ലാതെയാണ് സിനിമയുടെ ഓരോ ഖണ്ഡവും വിഭാവന ചെയ്തിട്ടുള്ളത്.ആണ്‍കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലും സ്ത്രീപക്ഷമെന്നത് പക്ഷപാതിത്വമാകാതിരിക്കാന്‍ തിരക്കഥാകാരിയും സംവിധായികയും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മാലിനി 38 എഎ എന്ന കാണ്ഡത്തിലെ രമ്യാ നമ്പീശന്‍ അവതരിപ്പിക്കുന്ന മാലിനിയുടെ ഭര്‍ത്താവായി എത്തുന്ന ഹരീഷ് ഉത്തമന്റെ വിവേക് മുഖ്യധാരയുടെ കമ്പോളവഴക്കത്തില്‍ പ്രതിനായകനോ വില്ലനോ ആവേണ്ടതാണ്. ജയ 36 ബി  എന്ന ഉപസര്‍ഗത്തില്‍ അപകടത്തില്‍, നട്ടെല്ലിനു പരുക്കേറ്റ് കിടപ്പിലായതിന്റെ സങ്കടത്തിലും, തന്റെ കടം തീര്‍ക്കാന്‍ താന്‍ കൂടി സമ്മതിച്ചിട്ട് വീട്ടുജോലിക്കാരിയായ ഭാര്യ ജയ ലിങ്കറിയുടെ മോഡലാവുമ്പോള്‍, വളര്‍ന്നുവരുന്ന മകനോട് അമ്മയെപ്പറ്റി താനെന്തു പറയും എന്നു പരിതപിക്കുന്ന ജിബിന്‍ ഗോപിനാഥിന്റെ ജോസഫ് എന്ന ഭര്‍തൃകഥാപാത്രവും, ചിത്രത്തില്‍ അവതരിപ്പിക്കുന്നതിലുമപ്പുറം വില്ലനായിത്തീരേണ്ട ടൈപ് കാസ്റ്റിങ് സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അവരെ അവരുള്‍പ്പെടുന്ന ധാര്‍മ്മിക പ്രതിസന്ധികളില്‍ തെറ്റും ശരിയും കണ്ടെത്താനാവാതെ ഉഴറുന്ന നിസ്സാഹയരായി മാത്രമാണ് ചിത്രീകരിച്ചിട്ടുള്ളത്. അതേ സമയം, പ്‌ളസ് ടുവിന് പഠിക്കുമ്പോള്‍ ഗര്‍ഭിണിയായ നിധിയുടെ (റെയ്‌ന രാധാകൃഷ്ണന്‍) കുട്ടിയെ സ്വന്തം കുട്ടിയായി ചിത്രീകരിച്ച് ദത്തുനല്‍കാന്‍ ശ്രമിക്കുന്ന നിധി 36ഡി സര്‍ഗത്തിലെ സമ്പന്ന പിതാവായ സുരേഷ് (രജിത് കെഎം), റെയ്ച്ചല്‍ 34 ഡിഡിയിലെ സംവിധായകനാല്‍ അതിക്രമിക്കപ്പെടുന്ന യുവനടി.റെയ്ച്ചലി (കൃഷ കുറുപ്പ്)നൊപ്പം നില്‍ക്കുന്ന പിതാവ് ജോര്‍ജ്ജ് (പീശപ്പള്ളി രാജീവന്‍), അര്‍ബുദബാധിതയായ.മാലിനി(രമ്യ നമ്പീശന്‍)യുടെയും ഭര്‍ത്താവിന്റെയും സഹപാഠികളും കൂട്ടുകാരുമായ യുവാക്കള്‍, പ്രത്യേകിച്ച് അവളെ തിരിച്ചറിയുന്ന സുഹൃത്തായ ഡോ.റിയാസ് (അനന്ത് ജിജോ)തുടങ്ങിയവരെല്ലാം കേരളത്തിലെ ശരാശരി ആണ്‍ജീവിതങ്ങളുടെ ശരിപ്പകര്‍പ്പുകളാണ്. അവര്‍ക്കൊപ്പം തന്നെ ആണ്‍കൂട്ടത്തിനു തന്നെ നാണക്കേടായ ഞരമ്പുരോഗിയായ സംവിധായകന്‍ കരുണ്‍ പ്രസാദിനെയും (സജിന്‍ ചെറുകയില്‍) ഛായാഗ്രാഹകകാമുകനെയും (സിദ്ധാര്‍ത്ഥ വര്‍മ്മ) പെണ്ണിനെ മുലകൊണ്ടു മാത്രം നോക്കിക്കാണുന്ന സ്‌കൂള്‍ കുട്ടികളെയും നെഗറ്റീവ് സ്പര്‍ശത്തോടെ യഥാതഥമായി അവതരിപ്പിക്കുന്നു.

ജന്മം കൊണ്ട് പെണ്ണാണെങ്കിലും മനസുകൊണ്ട് പുരുഷനായിപ്പോയ സിയയ്ക്ക് മാറിടം ഒരു ബാധ്യതയാണ്. അതിന് ബെല്‍റ്റിട്ട് കാഴചയിലും ആണിനെപ്പോലാവാനാണ് സിയയ്ക്കിഷ്ടം.നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനിസ്റ്റായ ഇമാന്‍ ആണ് സിയയുടെ ഫ്‌ളാറ്റ് മേറ്റ്. വേണ്ടത്ര മാറിടവലിപ്പമില്ലാത്തതില്‍ ഖിന്നയാണവള്‍. തന്റെ തൊഴിലിടത്ത് സ്ഥാനക്കയറ്റത്തിനു പോലും സ്തനവലിപ്പമടക്കമുള്ള ബാഹ്യസൗന്ദര്യത്തിന് വലിയ സ്ഥാനമുള്ളപ്പോള്‍ ശുഷ്‌കസ്തനത്തെ ശാപമായി കരുതുന്ന അവള്‍ അതിനു വലിപ്പം കൂട്ടാന്‍ മരുന്നും പാഡും വരെ പരീക്ഷിക്കുന്നുണ്ട്. മാറ് ബാധ്യതയായ സിയയുടെ സീക്വന്‍സില്‍ നിന്ന് വൈരുദ്ധ്യമെന്നോണം സിനിമ കട്ട് ചെയ്യുന്നത്, അകാലത്തില്‍ ബാധിച്ച അര്‍ബുദത്തെത്തുടര്‍ന്ന് സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റിക്കഴിഞ്ഞ് കീമോ തെറാപ്പിക്കു വിധേയമാവുന്ന. മാലിനിയുടെ ഖണ്ഡത്തിലേക്കാണ്. അവളുടെ പ്രശ്‌നങ്ങള്‍ സ്തനങ്ങളില്ലാതായതിലാണ്. അവളുമായി ഏറെ സ്വരച്ചേര്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് വിവേകിനെ തീര്‍ത്തും അപരിചതനായൊരാളെ പോലെയാണ് അവിടുന്നങ്ങോട്ടവള്‍ക്ക് അനുഭവപ്പെടുന്നത്. കിടപ്പറയില്‍ അയാള്‍ക്കു നേരേ അവള്‍ കാട്ടുന്ന താല്‍പര്യത്തോടു പോലും അയാള്‍ മുഖം തിരിക്കുകയാണ്. തന്നില്‍ നിന്ന് ഏറെ അകന്നു പോകുന്ന അയാളോട് അതിന്റെ കാരണമന്വേഷിക്കുമ്പോള്‍, ആ അവസ്ഥയില്‍ അവളെ തൊട്ടാല്‍ അതവളുടെ ആരോഗ്യത്തിനു തന്നെ കുഴപ്പമായെങ്കിലോ എന്ന ആശങ്കയടക്കമുള്ള പ്രശ്‌നങ്ങളാണ് അയാള്‍ തുറന്നു പറയുന്നത്. അതിനപ്പുറം സ്തനങ്ങളില്ലാത്തൊരു സ്ത്രീയെ ഭാര്യയായി സങ്കല്‍പ്പിക്കുന്നതിലുള്ള പുരുഷസഹജമായ വൈമുഖ്യമാണോ അയാളുടെ മാനസികഭാവം എന്നത് അയാള്‍ക്കെന്നോണം പ്രേക്ഷകര്‍ക്കും വ്യക്തമാകാതെ അവശേഷിപ്പിക്കുകായാണ് സ്രഷ്ടാവ്. 

മോഹന്റെ രണ്ടു പെണ്‍കുട്ടികള്‍(1978), പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ല (1986) തുടങ്ങിയ സിനിമകളില്‍ സ്വവര്‍ഗരതി സധൈര്യം അവതരിപ്പിക്കപ്പെട്ടുവെങ്കിലും നിലവിലെ സാമൂഹികസദാചാരമൂല്യവ്യസ്ഥിതികളുടെ അളവുകോലുകള്‍ കൊണ്ട് നോക്കിക്കാണാനാണ് ശ്രമിച്ചിരുന്നത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ട് (2002) ഭിന്നലൈംഗികതയെ അവതരിപ്പിച്ചതും. രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി (2018) യിലെത്തുമ്പോള്‍ ഭിന്നലൈംഗികതെയച്ചൊല്ലി സാമുഹികവും രാഷ്ട്രീയവുമായി കേരളം കൈവരിച്ച പക്വതയും പാകതയും ഒരളവുവരെ പ്രതിനിധാനം ചെയ്യപ്പെട്ടുവെങ്കിലും അതൊക്കെയും പുരുഷന്റെ കാഴ്ചപ്പാടിലൂടെയുള്ള ആഖ്യാനങ്ങളായിരുന്നു.ഈ ആണ്‍നോട്ടങ്ങളെയാണ് ബി 32-44 പിഴുതെറിയുന്നത്.ഹോട്ടലിലെ ജോലി നഷ്ടപ്പെട്ട് (സത്യം പറഞ്ഞതിനു വേണ്ടി സ്വയം രാജിവച്ച്) എത്തുന്ന ഇമാനും സിയയും തമ്മിലുടലെടുക്കുന്ന അനുരാഗം ശരിക്കും മനസുകൊണ്ട് ആണു തന്നെയായ സിയയും തനി പെണ്ണായ ഇമാനും തമ്മിലുടലെടുക്കുന്നതാണ്. ദീര്‍ഘകാലമായി പരസ്പരം ഒളിപ്പിച്ചുവച്ച സ്വാഭാവികചോദനകളുടെ ബഹിസ്ഫുരണം മാത്രമാണത്. മാറിയ സാമൂഹികവ്യവസ്ഥയില്‍ ആ ബന്ധത്തില്‍ അസ്വാഭാവികതയില്ല. 

സിനിമ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനത്തിന്റെ താക്കോല്‍ സന്ദര്‍ഭങ്ങളായ രണ്ടു രംഗങ്ങളെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. ഹോട്ടല്‍മുറിയില്‍ ക്ഷണിച്ചുവരുത്തി ശാരീരികമായി തന്നെ ബോധപൂര്‍വം ചൂഷണം ചെയ്യാന്‍ ശ്രമിച്ച സംവിധായകന്റെ കരണക്കുറ്റിക്കു നോക്കി രണ്ടെണ്ണം പൊട്ടിച്ചിട്ട് മടങ്ങിവരുന്ന റെയ്ച്ചലിനെ അവളത്രയ്ക്ക് വിശ്വസിക്കുന്ന കാമുകനായ ഛായാഗ്രാഹകന്‍ ശരണ്‍ തന്നെയാണ് ഒറ്റിയതെന്നു തിരിച്ചറിയുമ്പോള്‍ ശരണ്‍ ജോലി ചെയ്യുന്ന സെറ്റിലെത്തി നാട്ടുകാരുടെ മുന്നില്‍ വച്ച് ചെപ്പക്കുറ്റിക്കടിച്ചിട്ടു പോരുന്നതാണ് ഒരു രംഗം. സ്‌ക്രീന്‍ ടെസ്റ്റിന്, പുതുതലമുറ ഭാഷയില്‍ ഓഡിഷന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശരണനിനോട് അവളെ നോക്കിക്കോളണേ മോനെ എന്നു പറയുന്ന അമ്മയോട്, എന്നെ നോക്കാന്‍ എനിക്കറിയാം എന്നുറപ്പിച്ചു പറയുന്ന റെയ്ച്ചല്‍ തന്റെ ആത്മവിശ്വാസം ആര്‍ക്കുമുന്നിലും പണയപ്പെടുത്താന്‍ തയാറാവുന്നില്ല. അതാണവളെ പുതുതലമുറ പെണ്ണാക്കി മാറ്റുന്നത്. കഴിവിലാണ് അവളുടെ വിശ്വാസം. അവസരത്തിനു വേണ്ടി വഴങ്ങുന്നതിലല്ല. 

രാജി വച്ച് ലിങ്കറി ഷോപ്പില്‍ അലക്ഷ്യമായി കറങ്ങിനടക്കുമ്പോള്‍, വിവിധതരം ബ്രാന്‍ഡുകളുടെ മേന്മകള്‍ വിശദീകരിക്കുന്ന സെയ്ല്‍സ് ഗേളിനോട് നിലവിലില്ലാത്തൊരു കപ് സൈസ് ആവശ്യപ്പെടുന്ന ഇമാനോട് അങ്ങനെയൊരു സൈസ് നിലവിലുണ്ടോ എന്ന് വില്‍പ്പനക്കാരി അദ്ഭുതം കൂറുന്നതാണ് രണ്ടാമത്തെ രംഗം. അപ്പോള്‍ ഇമാന്റെ ചുണ്ടിലുദിക്കുന്നൊരു ചിരിയുണ്ടല്ലോ, അതാണ് ഈ സിനിമയുടെ പ്രമേയത്തിലേക്കുള്ള ചാവി! മാറുമറയ്ക്കാനവകാശമില്ലാത്തവരുടെ മാറിട വലിപ്പം നോക്കി മുലക്കരം നിര്‍ണയിച്ചിരുന്ന കേരളത്തില്‍, അമ്മിഞ്ഞപ്പാലിന്റെ മധുരമാഹാത്മ്യം പാഠപുസ്തകക്കവിതകളില്‍ മാത്രം നിലനില്‍ക്കുന്ന കേരളത്തില്‍ മാറിടം പ്രമേയമാക്കിയ ഈ സിനിമ സാംസ്‌കാരികാഘാതമുണ്ടാക്കുന്നതിന് ഇപ്പറഞ്ഞ രംഗങ്ങള്‍ക്കപ്പുറം ഉദാഹരണം തേടേണ്ട ആവശ്യമില്ല.

ആറു സ്ത്രീകളുടെ കഥ സമാന്തരമായി പറഞ്ഞുപോകുന്നതിനോടൊപ്പം അവരില്‍ പലരെയും പര്‌സപരം ബന്ധിപ്പിക്കുന്നതിലും ബി 32-44 വളരെ വ്യത്യസ്തമാകുന്നുണ്ട്.തീര്‍ത്തും സ്വാഭാവികമെന്നനുഭവപ്പെടുന്ന യുക്തിയുടെ അതിലോലമാര്‍ന്ന പട്ടുനൂലിഴകളില്‍ കോര്‍ത്ത മണിമുത്തുകള്‍ പോലെയാണ് ആറു ഖണ്ഡങ്ങളും പരസ്പരമിണക്കിയിരിക്കുന്നത്.മാലിനിയും ജയയും നിധിയും സിയയും റെയ്ച്ചലും ഇമാനും തമ്മില്‍ ബന്ധപ്പെടുന്നത് മനഃപൂര്‍മല്ല. ജീവിതത്തിന്റെ നിര്‍ണായകസന്ധികളില്‍ വിധിനിയോഗമെന്നോണമാണ് അവര്‍ മറ്റൊരാള്‍ക്ക് താങ്ങാവുന്നത്.നോണ്‍ ലീനിയര്‍ നറേറ്റീവില്‍ ഏറെ യുക്തികേന്ദ്രീകൃതമായ ജൈവവികാസമാണ് സിനിമയുടെ രൂപഘടനയുടെ കാതലും കാമ്പും.

അടരുകളേറെയുള്ള നോവലിനേക്കാള്‍ ആഴമുള്ളൊരു ചെറുകഥയുടെ സ്‌നിഗ്ധതയാണ് ബി 32-44 വരെ എന്ന സിനിമ പ്രേക്ഷകനില്‍ ഉളവാക്കുന്നത്.അതിനനുയോജ്യമായ ദൃശ്യപരിചരണമാണ് ചിത്രത്തിന്റേത്. അലറലും അട്ടഹാസങ്ങളുമില്ലാതെ സൗമ്യവും ദീപ്തവും അതിലേറെ പക്വവുമായ കാഴ്ചയുടെ മിതത്വം. അതാണ് ശ്രുതിയുടെ ചലച്ചിത്രസമീപനത്തിന്റെ ഏറ്റവും വലിയ സവിശേഷത. പറയാനുള്ളതു ശക്തമായി പറയുമ്പോള്‍ത്തന്നെ ആവശ്യമില്ലാത്തൊരു ഷോട്ടോ സീക്വന്‍സോ സിനിമയിലുപേക്ഷിക്കാതെ ധ്വന്യാത്മകവും ധ്യാനാത്മകവുമായി ഇതിവൃത്ത നിര്‍വഹണം സാധ്യമാക്കുന്നു എന്നിടത്താണ് ശ്രുതിയിലെ തിരക്കഥാകൃത്തും സംവിധായികയും പ്രസക്തമാകുന്നത്.


Tuesday, July 04, 2023

സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും

4-7-2023. ധന്യമായി ഈ ദിവസം. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്ത്തമാണ് ഈ കൂട്ടായ്മയെന്ന് സാക്ഷാല് അടൂര് ഗോപാലകൃഷ്ണന് സാര് നേരിട്ട് പറഞ്ഞതു കേട്ടപ്പോള് മനസു നിറഞ്ഞു. സ്വയംവരം അടൂരിന്റെും അനുവാചകന്റെയും എന്ന ഗ്രന്ഥം തയാറാക്കാന് ഞങ്ങളെടുത്ത കഷ്ടപ്പാടിനെപ്പറ്റി കൂടി അദ്ദേഹത്തില് നിന്ന് നേരിട്ട് നല്ലവാക്കുകള് കേള്ക്കാന് സാധിച്ചത് ഇരട്ടിമധുരം. അര്ത്ഥവത്തായ ആര്ജ്ജവമുള്ള ആത്മാര്ത്ഥമായ ഈ കൂട്ടായ്മ ഒരുക്കിയ ചിന്ത പബ്‌ളീഷേഴ്‌സിന് നന്ദി. ഈ പുസ്തകത്തിന് ആശയം തന്ന് പ്രസിദ്ധീകരണം മുതല് ഈ ചടങ്ങു വരെ ഒപ്പം നിന്ന ഗോപിനാരായണന് നന്ദി. ചടങ്ങില് പങ്കെടുത്ത ശ്രീ എം എബേബിസാര്, എം എഫ് തോമസ് സാര്, മീരസാഹിബ് സാര്, വിജയകൃഷ്ണന് സര്, ഡോ. വി രാജകൃഷ്ണന് സര്, ഡോ. സി എസ് വെങ്കിടേശ്വരന്, ശ്രീ കെ വി മോഹന്കുമാര്, മധു ഇറവങ്കര സര്, എസ് ഭാസുരചന്ദ്രന് സര്, ഡോ പി കെ രാജശേഖരന്, ശിവകുമാര്, പ്രമോദ് പയ്യന്നൂര് എന്നിവര്ക്ക് നന്ദി. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാ ബന്ധുക്കളും സുഹൃത്തുക്കള്ക്കും മാധ്യമസുഹൃത്തുക്കള്ക്കും ഹൃദയപൂര്വം നന്ദി. ഈ ദിവസം എനിക്കും ഗിരീഷിനും അടൂര് സാറിനെപ്പോലെ തന്നെ മറക്കാനാവാത്തതാണ്.