ഓപ്പൺ ഫോറം വിഷയം : സോഷ്യൽ മീഡിയ നിരൂപണം സിനിമയ്ക്ക് ഭീഷണിയോ?
Monday, February 27, 2023
Tuesday, February 21, 2023
ചലച്ചിത്ര വിമര്‍ശനം പുതുവഴി തേടുമ്പോള്‍
ഡോ.വി.രാജകൃഷ്ണന്റെ വിതുമ്പുന്ന പാനപാത്രം എന്ന ചലച്ചിത്രവിമര്ശനഗ്രന്ഥത്തെപ്
Friday, February 17, 2023
About M S Mony Sir on Kalakaumudi
Sunday, January 08, 2023
Thursday, December 08, 2022
പ്രേക്ഷക ഹൃദയം കവരാന്‍ രാജ്യാന്തര ചലച്ചിത്രമേള
cover story of Kalakaumudi
എ.ചന്ദ്രശേഖര്‍
അതിര്‍ത്തികള്‍ അപ്രസക്തമാക്കിക്കൊണ്ടുളള വ്യക്തിസംഘര്‍ഷങ്ങളുടെ ആത്മരോദനങ്ങളും ആത്മസംഘര്‍ഷങ്ങളുടെ ദൃശ്യാഖ്യാനങ്ങളുമാണ് ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. അതി മഹത്തായ ചലച്ചിത്രപാരമ്പര്യമുള്ള സെര്‍ബിയ പോലൊരു ബാള്‍ക്കന്‍ രാജ്യത്തെ കേന്ദ്രബിന്ദുവായി നിര്‍ത്തുമ്പോഴും ആധുനിക യൂറോപ്പിലും, ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലും മനുഷ്യജീവിതം എന്ത്, എങ്ങനെ എന്നു തെളിച്ചപ്പെടുത്തുന്ന ഒരു പിടി ചിത്രങ്ങളുള്ളതാണ് ഡിസംബര്‍ 9ന് കൊടിയേറുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെ സവിശേഷമാക്കുന്നത്.
ലോകത്തിന്റെ ഏതു കോണില്‍, ഏതു സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അവസ്ഥയിലും മനുഷ്യന് നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഒന്നാണെന്നാണല്ലോ സാഹിത്യവും സിനിമയും മറ്റും വിനിമയം ചെയ്യുന്നത്. ഗോവയില്‍ കഴിഞ്ഞ മാസം സമാപിച്ച 53-ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ രാജ്യാന്തര മത്സരവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടിയ സ്പാനിഷ് ചലച്ചിത്രം-ഐ ഹാവ് ഇലക് ട്രിക്ക് ട്രീംസ,് അത്തരത്തില്‍ കൗമാരം വിട്ട് യൗനവത്തിലേക്കു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെയും അവള്‍ക്ക് പിതാവിനോടുള്ള ചാര്‍ച്ചയുടെയും കഥയാണ് പറയുന്നത്. കമിങ് ഓഫ് ഏജ് അഥവാ പ്രായപൂര്‍ത്തി പക്വത നേടുന്നതുമായി ബന്ധപ്പെട്ട പലവിധ പ്രമേയങ്ങളും നാം സാഹിത്യത്തിലും സിനിമയിലും കണ്ടിട്ടുണ്ട്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവയ്ക്കെല്ലാം സവിശേഷതകളുമുണ്ട്. എന്നാല്‍ ഫ്രാന്‍സ് ബെല്‍ജിയം കോസ്റ്റ റിക്ക സംയുക്ത നിര്‍മിതിയായ ഐ ഹാവ് ഇലക് ട്രിക്ക് ഡ്രീംസിലെ പതിനാറുകാരിയായ നായിക ഇവയുടേത് ഒരേ സമയം നിഷ്കളങ്കതയുടെയും, ആധുനിക ലോകത്തിന്റെ കാപട്യത്തിന്റെയും സാമൂഹിക-കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണ സംത്രാസങ്ങളുടെയും കൂടിയാവുന്നിടത്താണ് അസാധാരണമാവുന്നത്. മികച്ച സംവിധായകനും നടിക്കുമടക്കം ലൊകാര്‍ണോ മേളയില്‍ മൂന്ന് അവാര്‍ഡുകളും സാന്‍ സെബാസ്റ്റിയന് മേളയില്‍ മികച്ച ചിത്രത്തിനുള്ള ബഹുമതിയും നേടിയ ഈ ചിത്രം സാവോ പോളോ അടക്കമുള്ള മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഐഎഫ് എഫ് ഐയില്‍ മികച്ച നടിക്കുള്ള ബഹുമതി നേടുകയും ചെയ്ത ചിത്രമാണ്.വലന്റിന മോറെല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഐ ഹാവ് ഇലക് ട്രിക്ക് ഡ്രീംസിലെ ഈവയും പിതാവിനെ(റെയ്നാല്‍ഡോ അമീന് ഗുട്ടറസ്)പ്പോലെ ക്ഷിപ്രകോപിയാണ്. കവിയും, തൊഴില്‍രഹിതനുമായ അയാള്‍ക്കാവട്ടെ ഇവയടക്കമുള്ള രണ്ടു പെണ്‍കുട്ടികളോടും അത്രമേള്‍ ഹൃദയബന്ധമുണ്ടെങ്കിലും ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ല. പരസ്പരം പിരിയാന്‍ തീരുമാനിക്കുന്ന ദമ്പതികളില്‍ ഇവയേയും കുഞ്ഞനുജത്തിയേയും അവരുടെ പൂച്ചക്കുട്ടിയേയുമായി അവളുടെ അമ്മ പുതിയൊരു വീട്ടിലേക്കു താമസം മാറ്റുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ വീട്ടിലെല്ലായിടത്തും മൂത്രമൊഴിക്കുന്ന വളര്‍ത്തുപൂച്ച സത്യത്തില്‍ അച്ഛനുമമ്മയും തമ്മിലുള്ള വഴിപിരിയലില്‍ സ്വയം നഷ്ടപ്പെടുന്ന നായികയുടെ തന്നെ പ്രതിരൂപമാണ്. അവരുടെ ദാമ്പത്യശൈഥില്യം ഏറ്റവുമധികം ബാധിക്കുന്നതും അവളെയാണ്. മാതാപിതാക്കളോടുള്ള വിദ്വേഷമാണ് അവളില്‍ ക്ഷിപ്രകോപമായി പ്രത്യക്ഷപ്പെടുന്നത്. അച്ഛനോടൊപ്പം കഴിയാനിഷ്ടപ്പെടുന്ന ഈവ അതിനുവേണ്ടി അയാള്‍ക്കായി മറ്റൊരു വീടന്വേഷിക്കുകയും അയാള്‍ക്കൊപ്പം അയാളുടെ വാസസ്ഥലത്ത് പരമാവധി കഴിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിരന്തരം പുകവലിക്കുന്ന അവളുടെ പിതാവാകട്ടെ, വായ്പ്പുണ്ണിനെ ക്യാന്‍സറായി തെറ്റിദ്ധരിച്ച് ശേഷകാലം മക്കള്‍ക്കായി നീക്കിവയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അയാളുടെ താരതമ്യേന മുതിര്‍ന്ന ബുദ്ധിജീവി സര്‍ഗക്കൂട്ടായ്മകളില്‍ അവള് അധികപ്പറ്റാവുകയാണെന്നു അവര്‍ക്കൊപ്പം എത്താനുള്ള വ്യഗ്രത ഈവയെ കൊണ്ടു ചാടിക്കുന്നത് വലിയ അബദ്ധങ്ങളിലാണ്.അവളെപ്പോലൊരു പെണ്‍കുട്ടിക്ക് മുതിര്‍ന്നവരുടെ കാറും കോളും നിറഞ്ഞ ജീവിതത്തിലെ തിരയിളക്കങ്ങളെ എങ്ങനെ നേരിടണമെന്നു തിരിച്ചറിയാനാവുന്നില്ല. തന്റെ സുഹൃത്തുമായി കിടക്ക പങ്കിടുന്ന മകളെ കയ്യോടെ പിടികൂടുമ്പോള്‍ മാത്രമാണ്, വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരു പെണ്‍കുട്ടിക്ക് അമ്മ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഈവയുടെ പിതാവ് തിരിച്ചറിയുന്നത്. സ്വന്തം ജീവിതത്തിലെ പലതും തന്റെ് വായ്പ്പുണ്ണു പോലെ മാത്രമാണെന്ന് തിരിച്ചറിയുന്ന അയാള്‍ അവളെ അമ്മയുടെ സമീപം വിട്ടു മടങ്ങുന്നിടത്താണ് ഐ ഹാവ് ഇലക് ട്രിക് ഡ്രീംസ് അവസാനിക്കുന്നത്. സമകാലിക യൂറോപ്യന്‍ ജീവിതത്തിന്റെ ആകുലതകളും ആശങ്കകളും, കുടുംബജീവിതത്തിന്റെ ശൈഥില്യങ്ങളും പല കഥാപാത്രങ്ങളിലൂടെ സൂചനകളായും സൂചിതങ്ങളായും അവതരിപ്പിച്ചിട്ടുള്ള ചിത്രം, അതിന്റെ നിസഹായവസ്ഥയേയും തീവ്രമായി വെളിവാക്കുന്നു. നായിക ഈവയായി ഡാനിയേല മറീന്‍ നവാറോയുടെ അവിസ്മരണീയ പ്രകടനം തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. പലവിധത്തില്‍ മലയാളമടക്കമുള്ള ഭാഷകളില്‍ മുന്‍പ് അവതരിപ്പിച്ചു കണ്ടിട്ടുള്ള പ്രമേയം, പക്ഷേ സമകാലിക യൂറോപ്യന്‍ ജീവിത ശ്ളഥ ചിത്രത്തിന്റെ നേരാഖ്യാനമെന്ന നിലയ്ക്കാണ് പ്രസക്തി നേടുന്നത്. തീര്‍ച്ചയായും നഷ്ടബോധമില്ലാതെ കണ്ടിരിക്കാവുന്ന സിനിമ ഐഎഫ്എഫ് കെയിലും പ്രേക്ഷകര്‍ക്ക് സംശയമില്ലാതെ തെരഞ്ഞെടുക്കാവുന്ന ഒന്നുതന്നെയാണ്.
കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവരെ സ്വന്തം നാട്ടിലെ സിനിമ പോലെ തന്നെ സ്വാധീനിക്കുന്നവയാണ് ഇറാനില്‍ നിന്നും ദക്ഷിണകൊറിയയില്‍ നിന്നുമുള്ള സിനിമകള്‍. കിം കി ഡുക്കും മഖ്മല്‍ബഫുമൊക്കെ നമുക്ക് നമ്മുടെ സ്വന്തം പോലെയാണ്. കോവിഡ്കാലത്ത് അകാലത്തില്‍ പൊലിഞ്ഞ കിമ്മിന്റെ ഹംസഗാനം മേളയുടെ പ്രധാന ആകര്‍ഷണവുമാണ്. എന്നാല്‍, മുഖ്യധാരാ കൊറിയന്‍ സിനിമയുടെ ആഖ്യാനഘടനയില്‍ നോണ്‍ ലീനിയറായി അവതരിപ്പിക്കുന്ന മര്‍ഡര്‍ മിസ്റ്ററി-ഡിസിഷന്‍ ടു ലീവ് കുറ്റാന്വേഷണ സിനിമകളില്‍ രസകരമായൊരു മാറി നടക്കലാണ്. കാന്‍ ചലച്ചിത്രമേളയില്‍ പാര്‍ക് ചാന് വൂക്കിന് മികച്ച സംവിധായകനുള്ള ബഹുമതി നേടിക്കൊടുത്ത ഈ സിനിമ.
മലയേറ്റത്തിനു പോകുന്ന ഒരു പ്രമുഖ വ്യവസായി അവിടെ നിന്ന് താഴേക്കു വീണ് മരിക്കുന്നു. അപകടമരണമോ ആത്മഹത്യയോ ആയി മാറേണ്ടിയിരുന്ന ആ മരണം മിടുക്കരായ രണ്ടു പൊലീസുദ്യോഗസ്ഥരുടെ സംശയത്തിന്റെ മാത്രം ഫലമായി കൊലപാതകമാണെന്നു തെളിയുകയും തുടരന്വേഷണമാരംഭിക്കുകയും ചെയ്യുന്നു. മരിച്ചു പോയ വ്യവസായിയുടെ ചെറുപ്പക്കാരിയായ ഭാര്യ സോങ് സോ റെ (താങ് വെയ്)യിലേക്കാണ് സംശയമുന നീളുന്നത്. ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്ന അവളുടെ മറുപടികളില്‍ കേസ് കെട്ടിമടക്കേണ്ട അവസ്ഥവന്നിട്ടും അവളെ രഹസ്യമായി പിന്തുടരാനും അവളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് അന്വേഷണോദ്യോഗസ്ഥനായ ജാങ് ഹെ ജൂണ്‍ (പാര്‍ക്ക് ഹൈ ഇല്) തീരുമാനിക്കുന്നത്. സത്യവും മിഥ്യയും സ്ഥലകാലങ്ങളും തമ്മിലുള്ള അതി സങ്കീര്‍ണമായൊരു കെട്ടിപ്പിണരലാണ് പിന്നെ നാം കാണുന്നത്. അന്വേഷണോദ്യോഗസ്ഥനായ ജാങ് ഹെ എങ്ങനെ അതേ കേസിന്റെ നിര്‍ണായക ഭാഗമാവുന്നുവെന്നും, അയാളും നായികയുമായുള്ള പ്രണയബന്ധത്തിന്റെ അതിസങ്കീര്‍ണതയുമെല്ലാം അന്വേഷണവഴിയില്‍ മെല്ലെ വെളിപ്പെടുന്നു. കുറ്റാന്വേഷണവും കൊലയും പ്രണയവും അങ്ങനെ പിരിയന്‍ കോവണിപോലെ ഒന്നായി ഒന്നായി ഒടുവില്‍ അതി നാടകീയ പര്യവസാനത്തിലെത്തുകയാണ്. കടല്‍ത്തീരത്ത് നായികയെ നഷ്ടപ്പെട്ട് ഉറക്കെ അവളെ വിളിച്ചലയുന്ന ജാങ് ഹെ ജൂണിനെ കാണുമ്പോള്‍ നമ്മുടെ പരീക്കുട്ടിയെ ഒരു നിമിഷം ഓര്‍മ്മവരും. ഒരു നിമിഷം പോലും ശ്രദ്ധ പതറിയാല്‍ മനസിലാവാതെ പോകാവുന്ന ചലച്ചിത്ര ഘടനയാണ് ഡിസിഷന്‍ ടു ലീവിന്റേത്.അത്രമേല്‍ സങ്കീര്‍ണമാണത്.
തങ്ങള്‍ക്കഹിതമായ സിനിമകളെടുത്തതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഇറാനിയന്‍ സംവിധായകന് ജാഫര്‍ പനാഹി നായകനായി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് നോ ബെയര്‍സ്. ഈ ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ പ്രത്യേക ജൂറി പുരസ്കാരം നേടുകയും ചെയ്തതോടെയാണ് നാടിനെയും ഭരണകൂടത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ആരോപണം മുന്‍നിര്‍ത്തി ഇറാന് ഭരണകൂടം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. നഗരത്തിലെ ഭക്ഷണശാലയില്‍ ജോലി ചെയ്യുന്ന യുവതി തന്റെ പ്രണയിതാവുമൊത്ത് വ്യാജ വിദേശ പാസ്പോര്‍ട്ട് നേടി രാജ്യംവിടാന്‍ ശ്രമിക്കുന്ന കഥയുമാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ അത് പനാഹി വിദൂരത്തെ ഒരു ഗ്രാമത്തിലെ വിശ്രമകേന്ദ്രത്തിലിരുന്ന് ഓണ്‍ലൈനിലൂടെ തന്റെ സംവിധാന സഹായി വഴി ചിത്രീകരിക്കുന്ന സിനിമയിലെ നായികയാണെന്ന് വൈകാതെ നാം മനസിലാക്കുന്നു. ഗ്രാമത്തില്‍ നടക്കുന്ന ഒരു ഗോത്രവിവാഹാത്തിന്റെ രംഗങ്ങള്‍ തന്റെ ക്യാമറയുപയോഗിച്ച് വീട്ടുടമസ്ഥന് വഴി ചിത്രീകരിക്കുന്ന പനാഹി, ഗ്രാമവിശുദ്ധിയുടെ ചില ശ്ളഥചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ സ്വയം പകര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, സ്വന്തം രൂപങ്ങള്‍ ഛായാഹ്രഹണപ്പെടുത്തുന്നത് മതവിരുദ്ധമായി കരുതുന്ന ഗ്രാമഗോത്രങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. അവരുടെ വിദ്വേഷത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്ന ഗ്രാമമുഖ്യനോ വീട്ടുടമയ്ക്കോ പോലും സാധിക്കുന്നില്ല.
ഒരു വശത്ത് താന്‍ വിദൂരനിയന്ത്രിതമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാനായകന്മാര് തന്നെ അത്തരം ഒരു കെട്ടകഥയെ തള്ളിക്കളയുകയും ചിത്രത്തില്‍ തുടരാന്‍ വിസ്സമ്മതിക്കുകയും ചെയ്യുന്നു. (ഇവിടെ പനാഹിയുടെ തന്നെ സ്കൂള്‍ വിട്ട് ഒറ്റയ്ക്ക് വീട്ടിലെത്താന്‍ പാടുപെടുന്ന കൊച്ചുകുട്ടിയുടെ തത്രപ്പാടുകളവതരിപ്പിച്ച ദ് മിററില്‍ ഒരു ഘട്ടത്തില്‍ തനിക്കിങ്ങനെ ഇല്ലാത്ത കാര്യം അവതരിപ്പിക്കാനാവില്ലെന്നു പ്രതിഷേധിച്ച് സിനിമ വിട്ട് മാറിനടക്കുന്ന കുട്ടിനായികയുടെ സര്‍റിയലിസ്റ്റ് അവതരണത്തിന്റെ തനിയാവര്‍ത്തനം കാണാം) മറുവശത്ത്, വ്യാപക കള്ളക്കടത്തും മനുഷ്യക്കടത്തും വരെ നടക്കുന്ന രാജ്യാന്തര അതിര്‍ത്തിയിലേക്ക് അതിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തില്‍ നിന്ന് സഹായിയേയും കൂട്ടി പനാഹി പോകുന്നതോടെ അദ്ദേഹം അധികാരികളുടെ റഡൈറിലും പെടുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം പിന്തുടരപ്പെടുന്നതോടെ അദ്ദേഹത്തിന് ഗ്രാമം വിടേണ്ടി വരുന്നു. പക്ഷേ അതിനിടെ, താന്‍ ചിത്രത്തില്‍ പകര്‍ത്തി എന്നതുകൊണ്ടു മാത്രം പുതുതായി വിവാഹനിശ്ചയത്തിലേര്‍പ്പെട്ട നവവരനെ ഗ്രാമത്തിലെ തീവ്ര മതവാദികള്‍ ചേര്‍ന്ന് കല്ലെറിഞ്ഞു കൊന്നിട്ടിരിക്കുന്നത് അദ്ദേഹത്തിന് നേരില്‍ കാണേണ്ടിവരുന്നു. വിശ്വാസവും മതവും എങ്ങനെയാണ് വ്യക്തിജീവിതത്തെ ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് നോ ബെയേഴ്സ്. ഇറാനിയന്‍ സിനിമയുടെ പതിവ് ആഖ്യാനശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആത്മനിഷ്ഠപരമായൊരു സിനിമ തന്നെയാണ് പനാഹിയുടേത്. എങ്കിലും മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒന്ന്. ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗിച്ച് ഒരാള്‍ക്ക് നാട്ടിലെ വിലക്കുകളെ മറികടന്നും എങ്ങനെ ഒരു സിനിമ നിര്‍മ്മിക്കാം എന്നു കൂടി പനാഹി ചിത്രത്തിലൂടെ കാണിച്ചു തരുന്നു. വീഡിയോ കോള്‍ സംവിധാനമുപയോഗിച്ചാണ് അതിര്‍ത്തി ഗ്രാമത്തിലെ ഒറ്റമുറിയിലിരുന്നു കൊണ്ട് അദ്ദേഹം നഗരത്തില്‍ ചിത്രീകരണം സാധ്യമാക്കുന്നത്. സ്ഥലകാലങ്ങളുടെ യഥാതഥമായ ഈ കുഴമറിച്ചിലുകള്‍ ഹൃദ്യമായി ചിത്രം ആവഹിച്ചിരിക്കുന്നു.
കിം കി ഡുക്കിന് ക്വെന്റിന്‍ റ്റരന്റിനോയില്‍ പിറന്നത് എന്നു വിശേഷിപ്പിക്കാവുന്ന സാമൂഹികവിമര്‍ശനപരമായൊരു സറ്റയറാണ് ഫ്രഞ്ച്-ഇംഗ്ളീഷ് ചിത്രമായ ട്രയാങ്കിള്‍ ഓഫ് സാഡ്നെസ്. ഭക്ഷണം കഴിച്ചപ്പോള്‍ ബില്ല് കൊടുക്കാത്തതിനെ ചൊല്ലി സമത്വത്തെപ്പറ്റി കാമുകന്റെ സംശയത്തിലാരംഭിക്കുന്ന ചിത്രം അവരുടെ വിവാഹാനന്തര മധുവിധു കപ്പല്‍യാത്രയിലും കപ്പല്‍ച്ചേതാനന്തരമെത്തിച്ചേരുന്ന ആള്‍വാസമില്ലാത്ത ദ്വീപിലെ അതിജീവിനത്തിലേക്കും മാലപ്പടക്കം പൊലെ ഒന്നിനുപിറകെ ഒന്നായി മെല്ലെ നാടകീയമായി വികസിക്കുകയാണ്. മൂലധനം മനുഷ്യനെ എങ്ങനെ വേര്‍തിരിക്കുമെന്നു മാത്രമല്ല, അറിവും അതുപയോഗിക്കാനുള്ള കാര്യക്ഷമതയും അവനെ എങ്ങനെ ഏകാധിപതിയാക്കുമെന്നും കൂടി കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞു കാട്ടിത്തരുന്ന തരത്തിലാണ് സംവിധായകന് റൂബന്‍ ഒസ്റ്റ്യൂണ്ട് ചിത്രത്തിന്റെ ഇതിവൃത്തം പരുവപ്പെടുത്തിയിട്ടുളളത്. സാമൂഹിക മേല്‍പ്പാളിയിലെ ജീവിത കാപട്യങ്ങളെ മറയില്ലാതെ തുറന്നുകാണിക്കുന്നുണ്ടദ്ദേഹം. നേരത്തേ ദ് സ്ക്വയര്‍ എന്ന ചിത്രത്തിലൂടെ കല എങ്ങനെ സമൂഹത്തെ കബളിപ്പിക്കുന്നു എന്നു കാണിച്ചുതന്നിട്ടുള്ള സംവിധായകനാണ് സ്വീഡിഷുകാരനായ റൂബന്‍ എന്നോര്‍ക്കണം.
സര്‍റിയലത്തേക്കാള്‍ ആന്റി റിയലിസമെന്നു വേണം ഈ സിനിമയെ വിശേഷിപ്പിക്കാന്‍. ഓരോ സംഭാഷണത്തിലും ഓരോ സീനിലും പൊട്ടിച്ചിരിക്കുമ്പോള്‍ അതുയര്‍ത്തുന്ന സാമൂഹികവിമര്‍ശനത്തിന്റെ മുള്‍മൂര്‍ച്ചയേറ്റ് നമ്മുടെ കണ്ണു നീറുമെന്നുറപ്പ്. ഗോവയില്‍ സമാപിച്ച ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ നീക്കിയിരിപ്പുകളില്‍ ഏറ്റവും മികച്ച അഞ്ചു സിനിമകളില്‍ ഒന്ന് എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന സാന്‍സ് ഫില്‍റ്റര്‍ അഥവാ സങ്കടത്തിന്റെ ത്രികോണം (ട്രയാങ്കിള്‍ ഓഫ് സാഡ്നെസ്) ഐഎഫ്എഫ്കെയിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായിരിക്കുമെന്നതില്‍ സംശയം വേണ്ട.
Thursday, November 24, 2022
സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും
സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എ.ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നു തയാറാക്കി ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും എന്ന പഠനഗ്രന്ഥം 2022 നവംബര്‍ 24ന് പാലക്കാട്ട് പബ്ളിക്ക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന് കമല്‍ നിരൂപകന് പി.കെ.രാജശേഖരനു നല്കി പ്രകാശിപ്പിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്, ഗിരീഷ് ബാലകൃഷ്ണന്, ജോണ്‍ സാമുവല്‍, കെ.ആര് അജയന് തുടങ്ങിയവരെയും കാണാം
Sunday, November 20, 2022
വിജയകൃഷ്ണന്:വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനകാണ്ഡം
Tuesday, November 15, 2022
വിശ്വാസത്തിന്റെ ഉപ്പ്
എ.ചന്ദ്രശേഖര്‍
വിശ്വാസം മനോരോഗമാവരുത് എന്ന് പ്രമുഖ ഛായാഗ്രാഹകന്‍ സണ്ണിജോസഫ് രചിച്ച് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമയായ ഭൂമിയുടെ ഉപ്പിലെ സെമിനാരി അധിപനായ വലിയച്ചന് ഫാ ഫ്രാന്‍സിസ് തീവ്രനിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന ഫാ തോമിസിനോട് ഒരിടത്ത് പറയുന്നുണ്ട്. മനുഷ്യമനസിനെ, മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മതവിശ്വാസം എങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്നും മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്നതെന്നും ദൈവത്തിന്റെ പേരില്‍ മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഭൂമിയുടെ ഉപ്പ്. തീര്‍ത്തും ബിബ്ളിക്കലായ ബിംബങ്ങളിലും പശ്ചാത്തലത്തിലും ഊന്നി നിന്നുകൊണ്ട്, ഒരു സെമിനാരി ആശ്രമത്തിലെ ഏതാനും ശെമ്മാശന്മാരുടെ ജീവിതത്തിലെക്ക് ക്യാമറ തുറന്നുവച്ചുകൊണ്ടാണ് സണ്ണി ജോസഫ് വിശ്വാസം അന്ധവും ചരിത്രനിഷേധവുമാവുന്നതിലെ ധാര്‍മ്മിക/ദാര്‍ശനിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള വൈരൂദ്ധ്യാത്മകതയും വിശ്വാസത്തിന്റെ ആന്തരിക-ബാഹ്യസംഘര്‍ഷങ്ങളും പ്രതിപാദിക്കുന്നുണ്ട് ഭൂമിയുടെ ഉപ്പ്.
കേരളത്തിലെ ഏതോ ഒരു മലയോരത്തുള്ള ക്രൈസ്തവ ആശ്രമമമാണ് ഭൂമിയുടെ ഉപ്പിന്റെ പ്രധാന ഭൂമിക. ജീവിതത്തിലെ വിവിധ തുറകളില്‍ നിന്ന് ദൈവശാസ്ത്രം പഠിക്കാനും പൗരോഹിത്യം നേടാനും പരിശീലിക്കാനെത്തിയിട്ടുള്ള മൂന്നു ചെറുപ്പക്കാര്‍. അവര്‍ക്കു തുണയായി വര്‍ത്തിക്കുന്ന, അവരുടെ സന്ദേഹങ്ങളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഋഷിയച്ചന്‍. ഈശ്വരസേവ അതിന്റെ എല്ലാ ഹൃദയനൈര്‍മല്യത്തോടും കൂടി ഏറ്റെടുത്തു നിര്‍വഹിക്കുന്ന വലയിച്ചന്‍. വിശ്വാസത്തെ അന്ധവിശ്വാസമാക്കുന്ന തീവ്രനിലപാടുകളുമായി വാഴുന്ന ഫാ. തോമസ് ഇവരൊക്കെ ചേര്‍ന്നതാണ് ആ കൊച്ചു സെമിനാരി. ദൈവത്തെപ്പറ്റി, ദൈവത്തിന്റെ ഇടപെടലുകളെ പറ്റി, ദൈവത്തിന്റെ നിലനില്‍പ്പിനെപ്പറ്റിത്തന്നെയുള്ള നിരവധി സന്ദേഹങ്ങളും സംശയങ്ങളുമുണ്ട് അവിടെ ദൈവശാസ്ത്രം പഠിക്കാനെത്തുന്ന പുരോഹിതവിദ്യാര്‍ത്ഥികള്‍ക്ക്. ചോര കണ്ടാല്‍ തലചുറ്റി വീഴുന്നവനാണ് അതിലൊരാള്‍. ചിത്രത്തില്‍ നായകകര്‍തൃത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇമ്മാനുവല്‍ (മിഥുന്) ആവട്ടെ അനാഥനാണ്. പ്രസവത്തോടെ അമ്മയെ നഷ്ടമായവന്. അതുകൊണ്ടു തന്നെ അമ്മ അവന് അത്രമേല്‍ പ്രധാനപ്പെട്ട വികാരമാണ്, നിഷേധിക്കപ്പെട്ട സ്നേഹമാണ്. ഈശ്വരസേവനവും പൊതുജനസേവനവുമൊക്കെയായി കഴിയുന്ന ആശ്രമജീവിതത്തില്‍് ബൈബിളിലെ ചില മൗനങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിന് എത്തിച്ചേരുന്ന സോഫി എന്ന ഗര്‍ഭിണിയുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളാണ് ഭൂമിയുടെ ഉപ്പിന്റെ കഥാവസ്തു. ഒപ്പം, മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യാത്മകതയും സമാന്തരാഖ്യാനമായി ചിത്രം കൈകാര്യം ചെയ്യുന്നു.
ആശ്രമത്തില്‍ സ്ഥാപിക്കുന്ന ടെലിവിഷനിലെ ലോകവാര്‍ത്തകളില്‍ മതത്തിന്റെ/മതാന്ധ്യത്തിന്റെ പേരില്‍ നടത്തുന്ന തീവ്രവാദാക്രമണങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെയും ജീവന് നഷ്ടപ്പെടുന്നവരുടെയും വാര്‍ത്ത കാണുന്ന ഇമ്മാനുവല്‍ ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ക്ക് താങ്ങാവാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും എന്ന് ഋഷി(ജയദീപ്)യച്ചനോട് ആരായുന്നുണ്ട്. മനുഷ്യന്റെ കണ്ണീരു തുടയ്ക്കാത്ത ദൈവത്തിന്റെ സാന്നിദ്ധ്യം എങ്ങനെ ഉറപ്പിക്കാനാവും എന്നാണ് അയാള്‍ ഉന്നയിക്കുന്ന പ്രശ്നം. സത്യത്തില്‍ ദൈവം മനുഷ്യമനസുകളുടെ അകത്താണോ പുറത്താണോ എന്നൊരു സങ്കീര്‍ണമായ ദാര്‍ശനികപ്രശ്നവും സിനിമ മുന്നോട്ടുവയ്ക്കുന്നു. സന്ദേഹിയായ ഇമ്മാനുവലിനെ വിശ്വാസത്തിന്റെ ആന്ധ്യത്തിലേക്ക് എളുപ്പം തളച്ചിടാന്‍ തീവ്രവാദിയായ ഫാ.തോമസിന് ഒരു പരിധിവരെ സാധ്യമാവുന്നു. അവന്റെ ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങളെ എല്ലാം സാത്താന്റെ ചെയ്തികള്‍ എന്ന ന്യായത്തോടെ ബാധനീക്കലടക്കമുള്ള അന്ധവിശ്വാസത്തിലേക്കാണ് ഫാ തോമസ് നേരിടുന്നത്. വിശ്വാസത്തിന്റെ ദൈവശാസ്ത്രപരവും ദൈവനിഷേധപരവുമായ രണ്ട് ധാരകളെയാണ് ആശ്രമത്തിലെ ഫാ ഫ്രാന്‍സിസ് എന്ന വലിയച്ചന്റെയും(ഗംഗാധരമേനോന്) ഫാ തോമസി (രഘൂത്തമന്)ലൂടെയും സംവിധായകന് വരഞ്ഞിടുന്നത്.
ബൈബിള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞ സ്ത്രീസാന്നിദ്ധ്യത്തെ, ഫാ തോമസ് ക്രിസ്തുവിനെ പ്രണയിച്ച തേവിടിശ്ശിയായി കണക്കാക്കുന്ന മഗ്ദലന മറിയത്തെ കണ്ടെത്താനുളള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉത്തരേന്ത്യയിലെവിടെ നിന്നോ നായികയായ സോഫി(അരുഷിക ദേ) യുടെ വരവ്. വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ചരിത്രം ബോധപൂര്‍വം തിരസ്കരിച്ച സ്ത്രീയെ കണ്ടേത്തുകയെന്ന അവളുടെ ലക്ഷ്യം അത്രയെളുപ്പമല്ല. കാരണം അത്രമേല്‍ ആഴത്തില്‍ മനുഷ്യമനസുകളില്‍ അടിയുറച്ചിട്ടുളള വിശ്വാസത്തെ മാറ്റിമറിക്കുക എളപ്പുമല്ലെന്നതു തന്നെ. സ്വാഭാവികമായി ഫാ.തോമസിന് അവളെ, അവളുടെ ഗവേഷണത്തെ അംഗീകരിക്കാനാവുന്നില്ല. സാത്താന്റെ പ്രതിരൂപമായിട്ടാണ് അയാള്‍ അവളെ കണക്കാക്കുന്നത്. ആശ്രമത്തിലെ ദൈവസാന്നിദ്ധ്യത്തിലേക്ക് ചില ലക്ഷണങ്ങളായി സാത്താന്റെ കടന്നുവരവിനെ അദ്ദേഹം പ്രവചിക്കുന്നുണ്ട്. അതിനായി ബൈബിളില്‍ സാത്താന്റെ ബിംബമായി ഉപയോഗിക്കുന്ന സര്‍പ്പത്തെ ചിത്രത്തിലുപയോഗിക്കുന്നുമുണ്ട്. അവളില്‍ നിന്ന് അകന്നു നില്ക്കാന് ഇമ്മാനുവലിനെ ഉപദേിക്കുന്നുമുണ്ട്. വന്ദ്യവയോധികനായ വലിയച്ചന് സാത്താന് സേവികയായ സോഫിയുടെ പിടിയിലായെന്നുവരെ ആരോപിക്കാന്‍ മുതിരുന്ന ഫാ തോമസ്, ഇമ്മാനുവലിലൂടെ അവളെ ഉന്മൂലനം ചെയ്യാനാണ് പരിശ്രമിക്കുന്നത്. മനുഷ്യന് പറുദീസ അന്യമാക്കുന്ന ഹവ്വയുടെ പ്രതിനിധിയായിട്ടാണ് സോഫിയെ അദ്ദേഹം ഇമ്മാനുവലിനു മുന്നിലവതരിപ്പിക്കുന്നത്. വിശ്വാസത്തിനു വേണ്ടി, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അവളെ ബലിയാക്കാനാണ് ഫാ തോമസ് ഇമ്മാനുവലിനെ നിരന്തരം പ്രേരിപ്പിക്കുന്നത്.
സ്വതവേ പ്രകൃതിയെ സ്നേഹിക്കുന്ന, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്ന ഒരു നിഷ്കളങ്കനാണ് ഇമ്മാനുവല്‍. എന്നാല്‍ തോമസച്ചന്റെ ദുസ്വാധീനത്താല്‍ അവന് പോലുമറിയാതെ അവന്റെ മനസ് കളങ്കപ്പെടുകയാണ്. പുരുഷസഹജമായ വാസനകൊണ്ട് ഗസ്റ്റ് ഹൗസില്‍ കുളിക്കുന്ന സോഫിയെ ഒളിഞ്ഞുനോക്കുന്നതില്‍ പശ്ചാത്തപിക്കുന്ന ഇമ്മാനുവല്‍ ആ പാപഭാരത്തില്‍ നിന്ന് മോചിതനാവാന്‍ പണിപ്പെടുകയാണ്. വിശ്വാസത്തിന്റെ പേരില്‍ യുക്തിക്കു നിരക്കാത്ത പലതും അയാള്‍ കാണുന്നു, കേള്‍ക്കുന്നു. സോഫിയെപ്പോലും സാത്താന്റെ സേവകയായിക്കാണുന്ന മായാദര്‍ശനങ്ങള്‍ അയാള്‍ക്കുണ്ടാവുന്നു. അതിന്റെ പരിണിതിയായി തോമസച്ചന്റെ പ്രേരണകളുടെ പരമകാഷ്ഠയില്‍ ക്രിസ്മസ് രാത്രിയില്‍ അവളെ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് ആയുധവുമായി അതിഥിമന്ദിരത്തിലെത്തുന്ന അയാള്‍ നിറഗര്‍ഭിണിയായ അവള് ഒരു കുഞ്ഞിനു ജന്മം നല്കുമ്പോള് അതിനുള്ള ശുശ്രൂഷകനായി മാറാന്‍ നിയുക്തനാവുകയാണ്. മാതൃത്വനിഷേധം ഒരു തീരാവേദനയായി കൂടെക്കൊണ്ടുനടക്കുന്ന അയാള്‍ക്കത് വെളിപാടിന്റെ നിമിഷങ്ങളാവുന്നു. സെമിനാരി വിട്ട് ശിഷ്ടകാലം സോഫിയുടെ സംരക്ഷകനായി അവളുടെ കുഞ്ഞിന്റെ സംരക്ഷകനായി അയാളിറങ്ങിപ്പുറപ്പെടുന്നിടത്താണ് ഭൂമിയുടെ ഉപ്പ് അവസാനിക്കുന്നത്.
ആദ്യവസാനം ബൈബിള്‍ അധിഷ്ഠിത ബിംബങ്ങളും ഉദ്ധരണികളും കൊണ്ടു സമ്പന്നമായൊരു ചലച്ചിത്ര സ്വരൂപമാണ് ഭൂമിയുടെ ഉപ്പ്. അതില്‍ ഭൗതികജീവിതത്തില്‍ മതത്തോടൊപ്പം തന്നെ മുതലാളിത്തരാഷ്ട്രീയം എങ്ങനെ മനുഷ്യജീവിതത്തെ ചൂഷണം ചെയ്യുന്നു എന്നും ഫാക്ടറി കേന്ദ്രീകരിച്ചുള്ള സമാന്തര കഥാനിര്‍വഹണത്തിലൂടെ സണ്ണി ജോസഫ് കാണിച്ചു തരുന്നു. തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും മുന്‍കരുതലുമെടുക്കാത്ത ഫാക്ടറി മാനേജ്മെന്റിനെതിരേ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. അവരുടെ സഹനസമരത്തിന് നേതൃത്വം നല്കുന്ന സഖാവ് ജോര്‍ജ്ജി(വി.കെ.ശ്രീനിവാസന്)ന് വിമോചനകനായ ക്രിസ്തുവിന്റെ ഛായാനിഴലാണുള്ളത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി, അവര്‍ നേരിടുന്ന അധികാര ചൂഷണത്തിനെതിരേ അവരെ സംഘടിപ്പിക്കുകയും അവരുടെ വിമോചനത്തിനായി പ്രയത്നിക്കുകയും ചെയ്യുന്ന അയാള്‍ക്കൊടുവില്‍ അധികാരികളില്‍ നിന്നു നേരിടേണ്ടി വരുന്നത് യേശുക്രിസ്തുവിന് നേരിടേണ്ടിവന്നതുപോലെ കൊടും പീഡനമാണ്.
യഥാതഥമായ ആഖ്യാനശൈലിയല്ല ഭൂമിയുടെ ഉപ്പിലേത്. തീര്‍ത്തും യഥാതഥമെന്ന നിലയ്ക്ക് തുടങ്ങുകയും പിന്നീട് പലയിടത്തും ഫാന്റസിയുടെ തലങ്ങളിലേക്ക് മാറുകയും ചെയ്യുന്ന ആഖ്യാനശൈലിയാണ് സണ്ണിയുടെ കഥയെ ആസ്പദമാക്കി സണ്ണിയും ശിഹാബുദ്ദീന് പൊയ്ത്തുംകടവും ചേര്‍ന്നു തിരക്കഥ രചിച്ച ഊ സിനിമയുടേത്.
മലയാള സിനിമയില്‍ ജി അരവിന്ദനും, അടൂര്‍ ഗോപാലകൃഷ്ണനും, ഷാജി എന്‍ കരുണിനും, ടി വി ചന്ദ്രനും എം.ടിക്കും ഒപ്പം ഛായാഗ്രാഹകനായിട്ടുള്ള ഒരേയൊരാളാണ് സണ്ണി ജോസഫ്.പമേല റൂക്ക്സിന്റെ ട്രെയിന്‍ ടൂ പാക്കിസ്ഥാന്റെയും ബുദ്ധദേവ് ദാസ്ഗുപ്തയുടെ ജനലയുടെയും ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ വേറിട്ട ചലച്ചിത്ര സങ്കല്പം വെളിപ്പെടുത്തുന്നതാണ് പുതുമുഖങ്ങളെ മാത്രം വച്ചു നിര്‍മ്മിച്ച ഭൂമിയുടെ ഉപ്പ്. നാടക നടനായ രഘൂത്തമനും വി.കെ.ശ്രീനിവാസനുമൊഴികെ മറ്റെല്ലാവരും അറിയപ്പെടാത്ത മുഖങ്ങളാണീ സിനിമയില്‍. ഇടയ്ക്ക് ആശ്രമവാസികളുടെ ആന്തരികമാനം ആവിഷ്കരിക്കുന്ന അത്താഴ രംഗങ്ങളില്‍ മറ്റെങ്ങും കാണിക്കാത്ത മൂന്നാമതൊരു പുരോഹിതനായി ഒരു കാമിയോ റോളില്‍ സണ്ണിയും എത്തുന്നു.അന്തരിച്ച ഐസക് തോമസ് കോട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ ആത്മാവ്. അരുണ്‍ അജിത്ത്, സൗമിക് ബര്മ്മന്, അനില്‍ സണ്ണി എന്നിവര്‍ ചേര്‍ന്നു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ഭൂമിയുടെ ഉപ്പ് രാമുവും അരവിന്ദും ചേര്‍ന്ന് സന്നിവേശിച്ചിരിക്കുന്നു.
ദാര്‍ശനികമായ തിരക്കഥയാണ് ഈ സിനിമയുടെ ബലം. എന്നാല്‍, ചിത്രാദ്യത്തില്‍ നാന്ദിപോലെ അവതരിപ്പിച്ചിട്ടുളള മലയാറ്റൂര്‍ മലകയറ്റവും ചിത്രാന്ത്യത്തോടടുത്തു സന്നിവേശിച്ചിട്ടുള്ള ക്രിസ്മസ് ആഘോഷങ്ങളും കുറച്ചധികം നീണ്ടു പോയതു പോലെ തോന്നി. സന്നിവേശത്തില്‍ അല്പം കൂടി മിതത്വം പുലര്‍ത്താന്‍ നിഷ്കര്‍ഷിച്ചിരുന്നുവെങ്കില്‍ കുറേക്കൂടി മികച്ചൊരു ചലച്ചിത്രസ്വരൂപമായി മാറുമായിരുന്ന ചിത്രമാണിത്.
അതിയാര്‍ത്ഥ്യത്തിന്റെയോ അമിതയാഥാര്‍ത്ഥ്യത്തിന്റെയോ ഒക്കെ ആഖ്യാനത്തില്‍ തളച്ചിടപ്പെട്ട സമകാലിക മലയാള സിനിമയില്‍ സിനിമയെ ഗൗരവമുള്ള ദാര്‍ശനിക ചിന്തയ്ക്കുള്ള ബൗദ്ധികോപാധിയായി കണക്കാക്കുന്ന ചലച്ചിത്രകാരന്മാരുടെ കുറ്റിയറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സണ്ണി ജോസഫ് നിര്‍മിച്ചു സംവിധാനം ചെയ്ത ഭൂമിയുടെ ഉപ്പ്.
Friday, October 28, 2022
ശ്രീഎ.ചന്ദ്രശേഖറിന് ആശംസകള്‍
തേക്കിന്‍കാട് ജോസഫ്
ജനറല്‍ സെക്രട്ടറി
#IFFI53
Wednesday, September 21, 2022
ജംപ് കട്ട്
എ.ചന്ദ്രശേഖര്‍
അന്‍പതുകളില്‍ ലോക സിനിമയില്‍ ഹോളിവുഡ് വാണിജ്യപരമായ അതിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇതല്ല സിനിമ, ഞങ്ങളുടെ സിനിമ ഇങ്ങനെയല്ല എന്ന പ്രഖ്യാപനവുമായി ഒരു സംഘം യുവനിരൂപകര്‍ ഫ്രാന്‍സില്‍ സിനിമയെ പുനര്‍നിര്‍വചിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്.1951 ല്‍ ആ്രന്ദ ബാസിന്, ഴാക്ക് വാല്‍ക്രോസ് ജോസഫ് മേരി ലൂ ഡ്യൂക്ക എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച കയേ ദൂ സിനിമ (രമവശലൃ െറൗ ഇശിലാമ) എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ദൃശ്യമാധ്യമത്തെപ്പറ്റി ചിന്തയിലും വീക്ഷണത്തിലും സമാനതകളില്ലാത്ത കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയ അവര്‍ നല്ല സിനിമയ്ക്കു വേണ്ടിയും, വ്യവസ്ഥാപിത സിനിമയ്ക്കെതിരേയും നിരന്തരം എഴുതിക്കൊണ്ടു മുന്നോട്ടുവരുന്നത്. റോബര്‍ട്ട് ബ്രസന്‍, ഴാങ് ക്വക്തോ, അലക്സാണ്ടര്‍ അസട്രുക്, ഴാക്ക് റിവറ്റ്, ക്ലോദ് ഷാബ്രോള്‍, എറിക്ക് റോമര്‍, ഫ്രാങ്കോ ത്രൂഫോ തുടങ്ങിയ ആ സംഘത്തിലെ പ്രമുഖനായിരുന്നു പാരീസില്‍ സ്വിറ്റ്സര്‍ലന്‍ഡുകാരനായ പോള്‍ ഗൊദ്ദാര്‍ദ്ദിന്റെയും ഫ്രഞ്ചുകാരിയായ നീ മോനോദിന്റെയും മകനായ ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ.്
വ്യവസ്ഥാപിത സിനിമയെ നഖശിഖാന്തം പല്ലും നഖവും ഉപയോഗിച്ച് മുഖം നോക്കാതെ വിമര്‍ശിച്ചു തള്ളുക മാത്രമല്ല, തങ്ങള്‍ ഉദ്ഘോഷിക്കുന്ന സിനിമ എന്തെന്നു കാണിച്ചുകൊടുക്കാന്‍ അവരില്‍ പലരും പിന്നീട് സ്വന്തമായി, സ്വതന്ത്രമായി സിനിമയുണ്ടാക്കുകയും ചെയ്തു. ആ സിനിമകളിലൂടെയാണ,് സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ഫ്രഞ്ച് നവതരംഗപ്രസ്ഥാനം (എൃലിരവ ചലം ംമ്ല) ഉടലെടുക്കുന്നത്. ലോകസിനിമയുടെ അലകും പിടിയും ഛന്ദസും ചമത്കാരവും തന്നെ പുനര്‍നിര്‍വചിച്ച ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിലേക്കു വഴിവെട്ടിയ കയേ ദു സിനിമയില്‍ സിനിമയുടെ വ്യാകരണത്തെയും ആഖ്യാനത്തെയും കുറിച്ച് അന്നത്തെ കാലത്ത് വിറളിപിടിച്ച വിപ്ളവകരമായ ചിന്തകള്‍ പങ്കുവച്ചും പരമ്പരാഗത സിനിമയെ പുത്തന്‍ കാഴ്ചശീലങ്ങളുടെ മാനദണ്ഡങ്ങള്‍ വച്ച് വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുകയും ചെയ്ത ലേഖനങ്ങളിലൂടെയാണ് ഗൊദ്ദാര്‍ദ്ദ് ചലച്ചിത്രനിര്‍മാണത്തിലേക്കു കടക്കുന്നത്.
പൊതുവേ വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്ന വ്യവസായമാണ് സിനിമ എന്നാണു വയ്പ്പ്. താരവ്യവസ്ഥയേയും അതിനോടനുബന്ധിച്ചുള്ള ഹോളിവുഡ് പോലുള്ള മൂലധനാധിഷ്ഠിത-സ്റ്റുഡിയോ കേന്ദ്രീകൃത വ്യവസായവ്യവസ്ഥിതിയേയും ഫ്രഞ്ച് നവതരംഗം ഒറ്റക്കെട്ടായി നേരിട്ടു. അതില്‍ മുന്‍നിരപ്പോരാളിയായി ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ് അവസാന സിനിമ വരെ നിലകൊണ്ടു. ആഖ്യാനത്തിലും ആഖ്യാനകത്തിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളെയും അദ്ദേഹം സ്വന്തം സൃഷ്ടികളിലൂടെ ചോദ്യം ചെയ്തു. ദൃശ്യഭാഷയുടെ അതുവരെയുള്ള എല്ലാ നടപ്പുരീതികളെയും ശീലങ്ങളെയും നവതരംഗചലച്ചിത്രപ്രസ്ഥാനത്തിനൊപ്പം നിന്നുകൊണ്ട് വെല്ലുവിളിച്ചു; പൊളിച്ചെഴുതി. തന്റെ തന്നെ ചലച്ചിത്രശൈലിയെ പോലും പില്ക്കാല ചിത്രങ്ങളില്‍ അദ്ദേഹം നിര്‍ദ്ദാക്ഷിണ്യം ചോദ്യം ചെയ്യുകയും പൊളിച്ചടുക്കുകയും ചെയ്തു.
കയേ ദു സിനിമയില്‍ ലേഖകനായിരിക്കെത്തന്നെയാണ് ഗൊദ്ദാര്‍ദ്ദ് തന്റെ സിനിമാപരീക്ഷണങ്ങളാരംഭിക്കുന്നത്. അണ് ഫെമ്മി കൊക്വത്ത് (1955) തുടങ്ങിയ ചില ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു അത്. എന്നാല്‍ 1960ല്‍ ബ്രത്ത്ലെസ് എന്ന ചിത്രത്തിലൂടെയാണ് ഗൊദ്ദാര്‍ദ്ദ് എന്ന ചലച്ചിത്രകാരന്റെ പേര് ലോകസിനിമയില്‍ സുവര്‍ണാക്ഷരങ്ങളാല്‍ ലിഖിതപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും മലയാളമടക്കമുള്ള സിനിമയില്‍ മായാനദിയടക്കം പല രചനകള്‍ക്കും പ്രചോദകമാകുന്ന ബ്രത്ത്ലെസ് ആഖ്യാനത്തില്‍ മാത്രമല്ല, ആഖ്യാനകത്തിലും പരീക്ഷണങ്ങളൊരുപാട് നടത്തി. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കള്ളനും കൊലപാതകിയുമായ നായകനെ അവതരിപ്പിക്കുക വഴി, സാമൂഹികജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാക്കി സിനിമയെ മാറ്റുകയായിരുന്നു ഗൊദ്ദാര്‍ദ്ദ്. ഇതിവൃത്തത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പതിവ് സിനിമാവഴക്കങ്ങള്‍ കാറ്റില്‍പ്പറത്തി, ഉത്തരമില്ലാത്ത പ്രശ്നങ്ങള്‍ സമൂഹസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് ഗൊദ്ദാര്‍ദ്ദ് സിനിമയെ തന്റെ ആവിഷ്കാരമാധ്യമമാക്കിയത്. ക്യാമറയിലും എഡിറ്റിങിലും നിര്‍ണായകവും വിപ്ളവകരവും കുറെയൊക്കെ ഭ്രാന്തവുമായ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ത്തന്നെ, ഉള്ളടക്കത്തിലും ഇത്തരത്തില്‍ സമാനതകളില്ലാത്ത പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മടിച്ചില്ല.വൈകാരികത നിറഞ്ഞ രംഗങ്ങളില്‍ കഥാപാത്രങ്ങള്‍ പെട്ടെന്ന് ക്യാമറയെ നോക്കി സംസാരിക്കുക, രണ്ടു പേര് സംസാരിച്ചുകൊണ്ടിരിക്കെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ചെയ്തികളില്‍ ക്യാമറ തിരിക്കുക പോലുള്ള സറിയലിസ്റ്റ് എന്നു പോലും തോന്നിപ്പിക്കാവുന്ന വിധത്തിലുള്ള ശൈലിയൊക്കെ യാതൊരു സന്ദേഹവും കൂടാതെ അദ്ദേഹം സ്വന്തം സിനിമകളില്‍ ഉള്‍ക്കൊള്ളിച്ചു. സിനിമയുടെ വ്യാകരണം വ്യവസ്ഥ ചെയ്യുന്ന കണ്ടിന്യൂയിറ്റി തുടങ്ങിയ യുക്തികളെയൊക്കെ ഔചിത്യമില്ലെന്നു തോന്നിപ്പിക്കുംവിധം ക്രൂരമായി അദ്ദേഹം തച്ചുതകര്‍ത്തു. ജംപ് കട്ട് പോലുളള സങ്കേതങ്ങളിലൂടെ സെല്ലുലോയ്ഡില്‍ പുതിയ സാധ്യതകള്‍ തേടി. സിനിമ എന്താണെന്ന നിര്‍വചനത്തെത്തന്നെ സ്വന്തം സിനിമകളിലൂടെ നിരന്തരം പൊളിച്ചടുക്കുകയും പുനര്‍ക്രമീകരിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു.പ്രേക്ഷകര്‍ക്കു ദഹിക്കുമോ എന്നതല്ല പ്രേക്ഷകരെ തങ്ങളേക്കാള്‍ ബുദ്ധിയുള്ളവരാണ് എന്നതാണ് സംവിധായകനെന്ന നിലയ്ക്ക് ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം ചിന്തിച്ചിരുന്നത്.
നാടകത്തില്‍ ബെര്‍ട്ടോള്‍ഡ് ബ്രെഷ്റ്റ് (ആലൃീേഹ േആൃലരവ)േ ചെയ്തതിനു സമാനമായ ഒന്നാണ് സിനിമയില്‍ ഗൊദ്ദാര്‍ദ്ദ് ചെയ്തത്. തീയറ്റര്‍ ഓഫ് എലിയനേഷനിലൂടെ പ്രേക്ഷകരെ അരങ്ങില്‍ നിന്നു ബോധപൂര്‍വം അന്യവല്‍ക്കരിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പൂതിയൊരു സിദ്ധാന്തവല്‍ക്കരണത്തിനാണ് ജര്‍മ്മന്‍ നാടകകൃത്ത് ബ്രഷ്റ്റ് മുതിര്‍ന്നതെങ്കില്‍ സിനിമയില്‍ അത്തരത്തിലൊരു പരീക്ഷണത്തിനായിരുന്നു ഗൊദ്ദാര്‍ദ്ദ് തന്റെ സിനിമകളിലൂടെ പരിശ്രമിച്ചത്. സ്വന്തം സിനിമകളുടെയും എഴുത്തുകളുടെയും പൊട്ടും മുറിയും കൊണ്ട് നിര്‍മ്മിച്ചെടുത്ത ഹംസഗീതം, വിഷ്വല്‍ കൊളാഷ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ദ ഇമേജ് ബുക്ക് (2018) വരെ നീണ്ട 50 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ അദ്ദേഹം ദൃശ്യഭാഷയെ ഇങ്ങനെ നിരന്തരം നവകീരിച്ചുകൊണ്ടേയിരുന്നു; അതുമായി ഒത്തുതീര്‍പ്പില്ലാതെ കലഹിച്ചുകൊണ്ടേയിരുന്നു. കലയില്‍ ആഖ്യാനത്തെക്കുറിച്ചുള്ള ആധുനിക ഫ്രഞ്ച് സിദ്ധാന്തമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന നരേറ്റോഗ്ളീ (നറേറ്റീവ് തിയറി)യിലേക്കു നയിച്ച കലാചിന്തകള്‍ക്ക് പ്രധാന ഊര്‍ജ്ജം പകര്‍ന്നത് ഗൊദ്ദാര്‍ദ്ദിന്റെ സിനിമകളായിരുന്നു. അരങ്ങില്‍ സാമുവല്‍ ബക്കറ്റിനും നോവലില്‍ ജയിംസ് ജോയ്സിനുമുള്ള സ്ഥാനമാണ് സിനിമയില്‍ ഗൊദ്ദാര്‍ദ്ദിന് എന്നാണ് നിരൂപകന് റോജര്‍ എബര്‍ട്ട് എഴുതിയിട്ടുള്ളത്.
ഡെസ്ടോപ്യന്‍ സയന്‍സ് ഫിക്ഷന്റെയും അന്വേഷണാത്മകസിനിമയുടെയും ഘടകങ്ങള്‍ ഒരുപോലെ നെയ്തെടുത്ത് നിര്‍മ്മിച്ച ആല്‍ഫാവില്ലെ(1965), രാഷ്ട്രീയപരമായ നിലപാടുകള്‍ വ്യക്തമാക്കിയ വീക്കെന്‍ഡ് (1967) ആദ്യ കളര്‍ ചിത്രമായ എ വുമണ്‍ ഈസ് എ വുമണ്‍ (1961), മൈ ലൈഫ് ടു ലിവ് (1962) ഒക്കെ അക്കാലത്തെ യുദ്ധാനന്തരലോകത്തെ മനുഷ്യാവസ്ഥകളുടെ വിഭ്രമാത്മക ആവിഷ്കാരങ്ങള്‍ തന്നെയായിരുന്നു. വിഷയസ്വീകരണത്തിലും ആവിഷ്കാരശൈലിയിലും പ്രേക്ഷകരെ ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. അവയുണ്ടാക്കിയ വെളിപാടുകളുടെ തീവ്രതയില്‍ അവര്‍ കോരിത്തരിച്ചു.ഷെയ്ക്ക്സ്പിയറെ അധികരിച്ച് ഒരു സിനിമയ്ക്കു മുതിര്‍ന്നപ്പോഴും ഗൊദ്ദാര്‍ദ്ദിന്റെ കിങ് ലിയര്‍ (1987) വേറിട്ടതായത്, തനത് ഗൊദ്ദാര്‍ദ്ദിയന്‍ വട്ടുകളിലൂടെയാണ്. വെള്ളിത്തിരയില്‍ ആവര്‍കത്തിക്കപ്പെട്ട ദൃശ്യഭ്രാന്ത് തന്നെയായിരുന്നു ഗൊദ്ദാര്‍ദ്ദിന്റെ കയ്യൊപ്പ് ചാലിച്ച ഗൊദ്ദാര്‍ദ്ദ്യന്‍ ശൈലി എന്നു പരക്കെ ശ്ളാഘിക്കപ്പെട്ടത്.
1968 മുതല്‍ 79 വരെയുള്ള ഗൊദ്ദാര്‍ദ്ദിന്റെ ചലച്ചിത്രസപര്യയെ മിലിറ്റന്റ്, റാഡിക്കല്‍ തുടങ്ങിയ പേരുകളിട്ടാണ് നിരൂപകരും ചലച്ചിത്ര ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നത്. ശക്തമായ രാഷ്ട്രീയനിലപാടുകളാണ് അദ്ദേഹത്തിന്റെ സിനിമ മുന്നോട്ടുവച്ചത്. രാഷ്ട്രീയബോധത്തോടെ രാഷ്ട്രീയ സിനിമ നിര്‍മ്മിക്കുക എന്നതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹം വച്ചുപുലര്‍ത്തിയ ആദര്‍ശം. മിലിറ്റന്റ് കാലഘട്ടത്തിനൊടുവില്‍ തന്റെ മാവോയിസ്റ്റ് പക്ഷപാതിത്തോട് വിടപറഞ്ഞ് പുതുവഴികള്‍ തേടുകയായിരുന്നു അദ്ദേഹം. അതദ്ദേഹത്തിന്റെ സര്‍ഗജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി.അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര് ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ സമയത്താണ് നിര്‍മിച്ചത്.1969-ല്‍ പുറത്തിറങ്ങിയ വിന്‍ഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളില്‍ വീഡിയോയും ടെലിവിഷന്‍ പരമ്പരകളും ഗൊദാര്‍ദ് മാധ്യമമാക്കി. എണ്‍പതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
വ്യക്തിജീവിതത്തിലും ഏറെക്കുറേ അരാജകവാദം തുടര്‍ന്ന കലാകാരനാണ് ഗൊദ്ദാര്‍ദ്ദ്. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധകാലത്ത് നേരിടേണ്ടിവന്ന കടുത്ത വെല്ലുവിളികളായിരിക്കാം ഗോദ്ദാര്‍ദ്ദ് എന്ന വ്യക്തിയുടെ സ്വഭാവം ഇത്തരതക്തിലാക്കിയത്. സ്വിറ്റ്സര്‍ലന്‍ഡിലും ജനീവയിലുമായി ചിതറിപ്പോയ ബാല്യകൗമാരങ്ങള്‍. യുദ്ധകാല ക്ഷാമമടക്കമുള്ള അതിജീവനസാഹസങ്ങള്‍.സ്വന്തം സിനിമകളിലെ നായികയായിരുന്ന അന്ന കരീനയായിരുന്നു 1965 വരെ അദ്ദേഹത്തിന്റെ പങ്കാളി. പിന്നീട് അന്ന വ്യസംസ്കിയെ വിവാഹം ചെയ്തു. 1979ല്‍ അവരെ ഒഴിവാക്കി സംവിധായികയായ അന്നെ മേരി മെവില്ലിയെ സ്വന്തമാക്കി. അന്ന വ്യസംസ്കിയുമായുള്ള ഗൊദ്ദാര്‍ദ്ദിന്റെ ദാമ്പത്യകാലത്തെ രാഷ്ട്രീയ വിപ്ളവങ്ങളെയും വ്യക്തിജീവിതത്തെയും സര്‍ഗാത്മകജീവിതത്തെയും ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ നോക്കിക്കാണാന്‍ ശ്രമിച്ച് 2017ല്‍ മൈക്കല്‍ സസാനവിഷ്യസ് റീഡൗബ്ട്ടബിള്‍ എന്ന പേരില്‍ ഒരു ബയോപിക്ക് നിര്‍മ്മിച്ചിട്ടുണ്ട്. അതിനെപ്പറ്റി യമണ്ടന്‍ മണ്ടത്തരമായിട്ടാണ് കഥാപുരുഷന് വിശേഷിപ്പിച്ചതെന്നുമാത്രം.
1964ല്‍ ഭാര്യ അന്ന കരീനയുമൊത്ത് അനൗച്ക ഫിലിംസ് എന്ന പേരില്‍ സ്വന്തം നിര്‍മ്മാണസ്ഥാപനം രൂപീകരിച്ചു. ബാന്‍ഡ് ഓഫ് ഔട്ട്സൈഡേഴ്സ് തുടങ്ങിയ സിനിമകള്‍ ഈ ബാനറിലാണ് നിര്‍മ്മിച്ചത്. പില്ക്കാലത്ത് ജീവിതപങ്കാളിയായിത്തീര്‍ന്ന സ്വിസ് ചലച്ചിത്രകാരി ആന്‍ മാരി മെവില്ലെയുമായി ചേര്‍ന്നും സ്വിറ്റ്സര്‍ലന്‍ഡില്‍ സോണിമേജ് എന്ന നിര്‍മ്മാണശാല രൂപീകരിച്ച ഗൊദ്ദാര്‍ദ്ദ് ആ ബാനറിലാണ് നമ്പര്‍ ടൂ അടക്കമുള്ള സിനിമകളും സിക്സ് ഫോ ഡ്യൂ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചത്. സര്‍ഗജീവിതത്തിന്റെ അവസാനപാദത്തില്‍ ഗൊദ്ദാര്‍ദ്ദിന്റെ കഥാസിനിമകളില്‍ ടെലിവിഷന്‍ ദൃശ്യസങ്കേതങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു.
സിനിമയുടെ ലോകത്ത് ബഹുമതികളുടെ പിറകെ ഒരിക്കലും പോകരുത് എന്ന നിഷ്കര്‍ഷ പുലര്‍ത്തിയ അദ്ദേഹത്തിനു മുന്നില്‍ ബഹുമതികള്‍ വരിനില്‍ക്കുകയായിരുന്നു. 2002ല്‍ ബ്രിട്ടനിലെ ലോകപ്രസിദ്ധമായ ചലച്ചിത്രപ്രസിദ്ധീകരണം സൈറ്റ് ആന്‍ഡ് സൗണ്ട് ലോകത്തെ എക്കാലത്തെയും മികച്ച 10 ചലചലച്ചിത്രകാരന്മാരില്‍ ഒരാളായി ഗൊദ്ദാര്‍ദ്ദിനെ അടയാളപ്പെടുത്തി.1965ല്‍ ബെര്‍ളിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പരമോന്നത പുരസ്കാരമായ ഗോള്‍ഡണ്‍ ബെയര്‍, 1983ല്‍ വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ലയണ്‍ എന്നിവ ലഭിച്ചു. സര്‍ഗാത്മകജീവിതത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ഹോളിവുഡ് തന്നെ 2010ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കര് പുരസ്കാരം കൊണ്ട് അദ്ദേഹത്തിനു മുന്നില്‍ ശിരസു കുമ്പിട്ടു. മലയാളികള്‍ക്ക് ഹര്‍ഷാതിരേകത്തിനുള്ള വകയെന്തെന്നാല്‍ കോവിഡ് മഹാമാരിക്കിടയിലും 2021ല്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ബഹുമതി നല്കി നമുക്കദ്ദേഹത്തെ ആദരിക്കാനും നേരിട്ടല്ലെങ്കിലും ഓണ്‍ലൈനിലൂടെ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും സാധിച്ചു എന്നതുമാണ്. അന്ന് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് വീഡിയോ ചാറ്റിലൂടെ അദ്ദേഹം പങ്കുവച്ചതു മുഴുവന്‍ ഇനി സംവിധാനം ചെയ്യാനിരിക്കുന്ന തന്റെ മനസിലെ സിനിമകളെപ്പറ്റിയാണ്. ഒന്നിനുപിറകെ ഒന്നായി കൊളുത്തി വലിക്കുന്ന ചുരുട്ടുപോലെയായിരുന്നു അദ്ദേഹത്തിന് സിനിമ. അത് അദ്ദേഹത്തിന്റെ മനസില്‍ നിന്നുടലെടുക്കുന്നതായിരുന്നു. ഇതിഹാസം എന്നൊക്കെ എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന സിനിമാക്കാരനായിരുന്നു ഗൊദ്ദാര്‍ദ്ദ്. അതിലുമുപരി ഒരു പ്രസക്തി സിനിമയുടെ ചരിത്രത്തിലും ലോകചരിത്രത്തിലും ഗൊദ്ദാര്‍ദ്ദിനു മാത്രം സ്വന്തമായിട്ടുണ്ട്- അതായത് ഗൊദ്ദാര്‍ദ്ദ് ഉണ്ടാക്കിയതുപോലുള്ള സിനിമകള്‍ പിന്നീടാരും ഉണ്ടാക്കിയിട്ടില്ല, ചില അനുകരണങ്ങളല്ലാതെ. സമകാലികനായ അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള ചലച്ചിത്രകാരന്മാര് വരെ സമ്മതിക്കുന്ന ഈ വസ്തുത മതി ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ് എന്ന പ്രതിഭയുടെ അന്യാദൃശതയ്ക്ക് വാക്കുമൂലമായി.