Friday, February 17, 2023

About M S Mony Sir on Kalakaumudi

 

ധൈര്യവും സത്യസന്ധതയും തമ്മിലുള്ള അത്യപൂര്‍വമായൊരു കോമ്പിനേഷന്‍. അതായിരുന്നു മണിസാര്‍ എന്ന് അടുപ്പമുള്ളവരെല്ലാം വിളിച്ചിരുന്ന കേരളകൗമുദിയുടെ പത്രാധിപരും കലാകൗമുദി പ്രസിദ്ധീകരണങ്ങളുടെ സ്ഥാപക പത്രാധിപരുമായ ശ്രീ എം.എസ്.മണി എന്നാണ് എന്റെ അഭിപ്രായം. ഇത്  അദ്ദേഹത്തോടൊപ്പം നേരിട്ട് പ്രവര്‍ത്തിച്ചു മനസിലാക്കിയതൊന്നുമല്ല. ജീവിതത്തില്‍ ഒരു തവണ മാത്രമാണ് നേരില്‍ കാണാനും അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാനും അവസരമുണ്ടായത്. എന്നാല്‍ അദ്ദേഹത്തെപ്പറ്റി അദ്ദേഹത്തിന്റെ കാലശേഷം കലാകൗമുദി പ്രസിദ്ധീകരിച്ച അഞ്ചു പുസ്‌കതകങ്ങളിലൂടെയാണ് ചെറുപ്പത്തില്‍ കേട്ടറിഞ്ഞിട്ടുള്ള കഥകളുടെ വസ്തുതകളെപ്പറ്റിയും മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ എന്തായിരുന്നു അദ്ദേഹം എന്നും വളരെ അടുത്തറിയാന്‍ സാധിച്ചത്. അവയില്‍ത്തന്നെ മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയവ. കാട്ടുകള്ളന്മാര്‍, എം.എസ്.മണിയുടെ എഡിറ്റോറിയലുകള്‍, സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു എന്നീ മൂന്നു പുസ്തകങ്ങള്‍ മാത്രം മതി ഞാനാദ്യം സൂചിപ്പിച്ച അദ്ദേഹത്തിന്റെ ധൈര്യവും സത്യസന്ധതയും എന്താണെന്ന് വ്യക്തമാകാന്‍. 
മലയാള മാധ്യമ ചരിത്രത്തിലെ തന്നെ അസാമാന്യമായൊരു ധൈര്യശാലി എന്നു വേണം വാസ്തവത്തില്‍ മണിസാറിനെ വിശേഷിപ്പിക്കാന്‍. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിക്കാന്‍ ഞാനിഷ്ടപ്പെടുന്നത്. ഒന്ന് ഒരു മാധ്യമസാമ്രാജ്യത്തിലെ ഇളമുറക്കാരനായി ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ബിസിനസും നോക്കി സ്വസ്ഥത തേടുകയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മണിസാര്‍ ചെയ്തത്, സ്വന്തം അച്ഛന്‍ പത്രാധിപരായിരിക്കെ പത്രത്തിന്റെ ഡല്‍ഹി ബ്യൂറോയിലടക്കം നേരിട്ടു ചെന്ന് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുകയും പത്രത്തിന്റെ തലവര തന്നെ മാറ്റിക്കുറിക്കുംവിധത്തിലുളള നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യാന്‍ നേതൃത്വം നല്‍കുകയുമായിരുന്നു.മലയാളിക്ക് അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്താണെന്നു മനസിലാക്കിച്ചു തന്ന കാട്ടുകള്ളന്മാര്‍ പരമ്പര പ്രസിദ്ധീകരിക്കുകവഴി അതിശക്തരായ രാഷ്ട്രീയ ഭരണ നേതൃത്വവുമായി നിര്‍ഭയം കൊമ്പുകോര്‍ക്കുകയും തല്‍ഫലമായി സ്വന്തം പത്രത്തില്‍ നിന്നു വരെ തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്ത ഒരു പത്രപ്രവര്‍ത്തകന്റെ ധൈര്യത്തെ രേഖപ്പെടുത്താതെ ഏതു ചരിത്രമാണ് സമ്പൂര്‍ണമാവുക? അതു മാത്രമോ, അങ്ങനെ മാതൃസ്ഥാപനത്തില്‍ നിന്ന് മാറി നില്‍ക്കുന്ന വേളയില്‍ ഉപസ്ഥാപനമായി കലാകൗമുദി എന്നൊരു പ്രസിദ്ധീകരണം ആസൂത്രണം ചെയ്യുകയും മാസികാ പത്രപ്രവര്‍ത്തനത്തില്‍ ഉത്തരകേരളത്തിന് ഉണ്ടായിരുന്ന കുത്തക തകര്‍ക്കുകയും ചെയ്ത പത്രാധിപരുടേത് ആത്മവിശ്വാസത്തിലൂന്നിയ അസാമാന്യ ധൈര്യമല്ലാതെ പിന്നെന്താണ്?
രണ്ടാമത്തെ കാര്യം ഈ അഞ്ചു പുസ്തകങ്ങളില്‍ അദ്ദേഹമെഴുതിയ വളരെ ചെറിയ ഒരു പുസ്തകമാണ്. നേരത്തേ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തില്‍ തന്നെ പരമ്പരയായി പ്രസിദ്ധം ചെയ്ത ഒരു യാത്രാവിവരണം. സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു എന്ന ആ പുസ്തകത്തിലെ കുറിപ്പുകളുടെ ആര്‍ജ്ജവം, ആത്മാര്‍ത്ഥത, സത്യസന്ധത. അത് അധികമാര്‍ക്കും അനുകരിക്കാനോ പിന്തുടരാനോ സാധിക്കാത്തത്ര തീവ്രമാണ്. സ്വന്തം സ്വകാര്യതകളെപ്പോലും അത്രമേല്‍ സത്യസന്ധമായി അനുവാചകനുമുന്നില്‍ തുറന്നുകാണിക്കാനുള്ള ആര്‍ജ്ജവമാണ് എംഎസ് മണി എന്ന പത്രപ്രവര്‍ത്തകന്റെ ആ യാത്രയെഴുത്തിനെ അവിസ്മരണീയമാക്കുന്നത്.
അദ്ദേഹമെഴുതിയ മുഖപ്രസംഗങ്ങളും അദ്ദേഹത്തെപ്പറ്റി പ്രമുഖരുടെയും പ്രശസ്തരുടെയും അനുഭവക്കുറിപ്പുകളുമൊക്കെ മണിസാറിനെപ്പറ്റി കലാകൗമുദി പുറത്തിറക്കിയ പുസ്തകങ്ങളില്‍ പെടുമെങ്കിലും കാട്ടുകള്ളന്മാരും സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നുവും അതില്‍നിന്നെല്ലാം മാറി നില്‍ക്കും. ഒന്ന് മലയാള പത്രചരിത്രത്തിലെ ആദ്യത്തെ അന്വേഷണാത്മക പരമ്പരയ്ക്കു പിന്നിലെ ഉള്‍ക്കഥകളെന്ന നിലയ്ക്കും മറ്റേത് ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും സത്യസന്ധമായ യാത്രാക്കുറിപ്പുകളെന്ന നിലയ്ക്കും.
ഗൗരവം കൊണ്ടും സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതം കൊണ്ടും കേരളത്തിലെ വാട്ടര്‍ഗേറ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സംഭവമാണ് കാട്ടുകള്ളന്മാര്‍. മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യത്തെ അന്വേഷണാത്മകപരമ്പര. കേരളത്തിന് ഹരിതരാഷ്ട്രീയമെന്തെന്ന് മനസിലാക്കി തന്ന പ്രതിബദ്ധതയുളള മാധ്യമ ഇടപെടല്‍. അന്വേഷണാത്മകപത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒളിക്യാമറയും ഫോണ്‍ റെക്കോര്‍ഡറുമായി വേഷം മാറിച്ചെന്ന് എന്തും ചെയ്യാന്‍ മടിക്കാത്തവരുടെ തലമുറയ്ക്ക് മൂല്യാധിഷ്ഠിത അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്താണ,് എന്തായിരിക്കണം എന്നു മനസിലാക്കി തരുന്ന ചരിത്രരേഖയാണ് കാട്ടുകള്ളന്മാര്‍. എം.എസ്.മണിസാറിന്റെ നേതൃത്വത്തില്‍ അന്ന് യുവ പത്രപ്രവര്‍ത്തകരായിരുന്ന എസ്.ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ് ബാബുവും ചേര്‍ന്ന് ഒരു ചെറിയ പത്രവാര്‍ത്തയെ പിന്തുടര്‍ന്ന് ആധികാരികമായി പുറത്തുകൊണ്ടുവന്ന ആഴമേറിയ വനം കൊള്ളയുടെ വാര്‍ത്തകള്‍ രാഷ്ട്രീയരംഗത്തുണ്ടാക്കിയ അനുരണനങ്ങള്‍ ചെറുതായിരുന്നില്ല. സി.അച്യുതമേനോന്‍ സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന ഡോ.കെ.ജി അടിയോടിയുടെ ശത്രുത നേരിടേണ്ടിവന്നു എന്നുമാത്രമല്ല കേരളകൗമുദിക്ക് തുടര്‍ന്ന് ഭരണകൂടത്തിന്റെ അപ്രീതിക്കും ഭീഷണിക്കും പലവിധത്തില്‍ പാത്രമകേണ്ടി വന്നു. അത്രമേല്‍ സ്‌ഫോടനാത്മകമായൊരു റിപ്പോര്‍ട്ട് അധികാരികളെ ക്ഷോഭിപ്പിക്കും എന്നറിഞ്ഞുകൊണ്ടു തന്നെ സ്വന്തം പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ കാണിച്ച ചങ്കുറപ്പ് ചെറുപ്പത്തിന്റെ ചോരത്തിളപ്പു മാത്രമായി കണക്കാക്കാനാവുന്നതല്ലെന്ന് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ മാധ്യമജീവിതം സാക്ഷ്യപ്പെടുത്തുന്നു. ഒരു കാലത്തും വ്യക്തിപരമായി രാഷ്ട്രീയക്കാരോടെന്നല്ല ഒരാളോടും ഒരഹിതവും മനസില്‍ വച്ചുപുലര്‍ത്താത്ത മണി സാര്‍ തൊഴില്‍പരമായി അവരിലാരെയും വെറുതേ വിടുകയും ചെയ്തില്ല. നിശബ്ദമാക്കാന്‍ നടന്ന ഓരോ ശ്രമത്തെയും ക്രിയാത്മകവും സര്‍ഗാത്മകവുമായ മാര്‍ഗങ്ങളിലൂടെ ബദല്‍ കണ്ടെത്തി മറികടക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന്റെ മകുടോദാഹരണമാണ് കലാകൗമുദി.
കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ നിര്‍ണായകമായൊരു വഴിത്തിരിവായ കാട്ടുകള്ളന്മാര്‍ എന്ന വാര്‍ത്താപരമ്പരയെക്കുറിച്ചുള്ള പുസ്തകം മാത്രമല്ല ഇത്. മറിച്ച് അവതാരികയില്‍ ഡോ.ജെ.പ്രഭാഷ് നിരീക്ഷിക്കുന്നതുപോലെ,ഭരണകക്ഷിയിലെ ചില അംഗങ്ങളുടെ ആശീര്‍വാദത്തോടെ അരങ്ങേറിയ വലിയ അഴിമതിയെപ്പറ്റി മണിസാറും ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ് ബാബുവുമടങ്ങുന്ന ത്രിമൂര്‍ത്തികള്‍ തയാറാക്കിയ ആ ചെറു റിപ്പോര്‍ട്ടും തുടര്‍ന്നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും പത്രാധിപക്കുറിപ്പുകളും മാത്രമല്ല, ഈ പുസ്തകത്തിലുള്ളത്. മറിച്ച് വനനശീകരണത്തിന്റെ രീതിയും അതിന്റെ അഴവും അതില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കും, കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിലെ ദുരന്തങ്ങളുമെല്ലാം ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നനു. കാട് കയ്യേറുന്ന രീതി വിശദമായിത്തന്നെ ഈ പുസ്തകം പ്രതിപാദിക്കുന്നു. അത്തരത്തില്‍ ഇത് വനനശീകരണം വെളിപ്പെടുത്തുന്ന വനസംരക്ഷണത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ഒരു ആധികാരിക ഗ്രന്ഥം കൂടിയായി പ്രസക്തി നേടുന്നു. ഞങ്ങളുടെ അറിവില്‍പ്പെട്ട എല്ലാ സംഭവങ്ങളുടെ പിന്നിലും രാഷ്ട്രീയക്കാരുണ്ടായിരുന്നു. അഥവാ രാഷ്ട്രീയക്കാര്‍ക്ക് ചെന്നെത്താന്‍ പറ്റാത്ത സംഭവങ്ങളില്‍, അവസാന ദശയിലെങ്കിലും അവര്‍ ഭാഗഭാക്കുകളാകാറുണ്ട്. കാട്ടിലെ തടി തേവരുടെ ആന എന്നു പഴമക്കാര്‍ പറഞ്ഞുപോന്നിരുന്നത് ഇവിടെ തികച്ചും അന്വര്‍ത്ഥമായിരിക്കുന്നു-പുസ്തം പറയുന്നു. ഇടുക്കിയിലെ ഉരുള്‍പൊട്ടല്‍ മേഖലയിലും മറ്റും ദുരന്തകാലത്തു തന്നെ ചെന്നു പാര്‍ത്തും മറ്റുമാണ് ഈ റിപ്പോര്‍ട്ടുകള്‍ക്കു വേണ്ട വിവരങ്ങള്‍ ജയചന്ദ്രന്‍നായരും ബാബുവും കൂടി ശേഖരിച്ചത്. അന്വേഷിച്ചു പോയ അഴിമതിക്കഥ മാത്രമല്ല, അതിന് ഇരകളാവുന്ന പാവപ്പെട്ടവരുടെ ജീവിത ദുരിതം കൂടി ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഈ റിപ്പോര്‍ട്ടിനെ എക്കാലത്തെയും സാമൂഹികപ്രതിബദ്ധതയുള്ള ഒന്നാക്കി മാറ്റിയത്. 
അച്യുതമേനോന്‍ മന്ത്രിസഭയെ അനുകൂലിക്കുന്ന പത്രമായിരുന്നു കേരളകൗമുദി. അതുകൊണ്ടു തന്നെ കേരളകൗമുദിയില്‍ പ്രത്യക്ഷപ്പെട്ട ഈ അന്വേഷണാത്മക റിപ്പോര്‍ട്ട് ഉളവാക്കിയ രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതായി. അതേപ്പറ്റി പുസ്തകത്തിന്റെ പ്രസ്താവനയില്‍ മണിസാര്‍ തന്നെ എഴുതിയിട്ടുള്ളത് നോക്കുക. 'റിപ്പോര്‍ട്ടിനു പിന്നില്‍ സര്‍ക്കാരിനെതിരേ ഗൂഢാലോചനയുണ്ടെന്നു സംശയിച്ചവര്‍ അടിസ്ഥാനപരമായ ഒരു കാര്യം കാണാന്‍ കൂട്ടാക്കിയില്ല.  ഒരു ഗവണ്‍മെന്റിന്റെ നല്ല ചെയ്ത കള്‍ നല്ലത് എന്നുപറഞ്ഞാല്‍ എന്തടിസ്ഥാനത്തിലാണ് ആ പത്രം ഗവണ്‍മെന്റ് അനുകൂല പത്രമാണെന്ന നിഗമനത്തില്‍ എത്തിച്ചേര ന്നത് അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ എല്ലാ നല്ല നടപടികളെയും കലവറ കൂടാതെ കേരളകൗമുദി പിന്‍താങ്ങിയിട്ടുണ്ട്. തെറ്റ് തെറ്റെന്നു പറയാന്‍ ഒരിക്കലും മടിച്ചിട്ടില്ല, ഭയന്നിട്ടില്ല, ഉപേക്ഷ വിചാരിച്ചിട്ടില്ല. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് എതിര്‍പ്പാണെന്നും, നല്ലതിനെ പ്രശംസിക്കുമ്പോള്‍ അത് അനുകൂലിക്കുകയാണെന്നും ധരിച്ചുവശാകുന്നവര്‍ക്കാണ് തെറ്റുപറ്റിയത്. അവരുടെ ഓര്‍മ്മ പുതുക്കാന്‍ വെറും രണ്ടു കാര്യങ്ങള്‍ എനിക്കിവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ടെല്‍ക്കും ടൈറ്റാനിയം കോപ്ലക്‌സും, ഈ രണ്ട് കാര്യങ്ങളിലെയും രാജ്യസ്‌നേഹമില്ലായ്മ ചൂണ്ടിക്കാണിച്ചപ്പോഴും, എനിക്കെതിരെ വിമര്‍ശന ങ്ങളുമായി. വിമര്‍ശനങ്ങളല്ല, അപവാദങ്ങള്‍, അപവാദങ്ങള്‍ ഉണ്ടാക്കാനും പ്രചരിപ്പിക്കാനുമുള്ള മുഖ്യമന്ത്രി ശ്രീ. അച്യുതമേനോന്റെ പാര്‍ട്ടിയുടെ അപാരമായ കഴിവിനെ നമുക്ക് ബഹുമാനിക്കാം.'
മാധ്യമങ്ങള്‍ പിന്തുണയ്‌ക്കേണ്ടത് വ്യക്തികളെയോ രാഷ്ട്രീയകക്ഷികളെയോ അല്ല അവരുടെ നിലപാടുകളെയാണെന്നുറച്ചു വിശ്വസിച്ച മണിസാര്‍ എത്ര ലളിതമായിട്ടാണ് ആ ആശയം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കുക.
കേരളകൗമുദിയിലെ റിപ്പോര്‍ട്ട് അതിനെത്തുടര്‍ന്ന് മറ്റു പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍, പത്രാധിപക്കുറിപ്പുകള്‍, പ്രതികരണങ്ങള്‍, അനന്തരനടപടികളുടെ റിപ്പോര്‍ട്ടുകള്‍, കേസിന്റെ നാള്‍വഴികള്‍, വിചാരണയുടെ ചോദ്യോത്തരമടക്കമുള്ള വിശദാംശങ്ങള്‍, ഹാജരാക്കപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങിയ സഹിതം ഈ വാര്‍ത്തയുടെ ആഘാതപ്രത്യാഘാതങ്ങള്‍ സമഗ്രം സമൂലം വിവരിക്കുന്ന ഗ്രന്ഥമാണ് കാട്ടുകള്ളന്മാര്‍. അതേപ്പറ്റി മണി സാര്‍ എഴുതുന്നതിങ്ങനെ: 'ഈ പുസ്തകം പ്രസിദ്ധപ്പെടുത്താന്‍ ഒരു കാരണം കൂടി വി ഉണ്ട്. നുണകള്‍ പ്രചരിപ്പിക്കുക. ആ നുണകള്‍ക്ക് സത്യത്തിന്റെ പരിവേഷം നല്‍കുക. അതില്‍ നിന്നുള്ള വെള്ളിക്കാശുകൊണ്ട് സത്യത്തെ ഒറ്റുകൊടുക്കുക. നമ്മുടെ പൊതു ജിവിതത്തിലെ ചില ഇത്തിക്കണ്ണികളുടെ ഉപജീവന മാര്‍ഗ്ഗമാണിത്. വനപഹരണ റിപ്പോര്‍ട്ട് ഇത്തരക്കാര്‍ക്ക് അവരുടെ ഹീനമായ തൊഴിലിനുള്ള നല്ല ഒരു മാദ്ധ്യമമായിരുന്നു. അവര്‍ ആടിനെ പട്ടി മാക്കുന്നവരാണ്. കാലം കടന്നുപോകുമ്പോള്‍ പല സത്യങ്ങളും വിനീതിയിലാവും. നുണകളും അപവാദങ്ങളും മാത്രം നിലനില്‍ക്കും. ഈ സംഭവത്തിലെങ്കിലും അതുണ്ടാവാതിരിക്കാനാണ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.'
സ്റ്റിങ് ഓപ്പറേഷനു ചുറ്റും കെട്ടുകഥകളുടെ ഒരു വനദുര്‍ഗം ചമച്ച് അധികാരികളുടെ രാഷ്ട്രീയ പതനം വ്യക്തിപരമായി ലക്ഷ്യമിട്ട് വാര്‍ത്തകള്‍ ചമച്ച് വസ്തുതകള്‍ ഹാജരാക്കാനാവാതെ പകച്ച് തടവറയില്‍ കിടക്കേണ്ടിവരികയും സ്ഥാപനം തന്നെ പൂട്ടിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനശൈലികള്‍ക്കിടയില്‍, സ്വന്തം റിപ്പോര്‍ട്ടുകള്‍ക്കു മേലുണ്ടായ കെട്ടുകഥകളെ വര്‍ഷങ്ങള്‍ക്കിപ്പുറത്തും സത്യത്തിന്റെ രജതരേഖകള്‍ സഹിതം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പത്രാധിപരുടെ ധീരത മാധ്യമവിദ്യാര്‍ത്ഥകള്‍ക്കും പഠിതാക്കള്‍ക്കും മാത്രമല്ല, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൂടി പാഠപുസ്തകമാകാവുന്ന ഒന്നാണ്.
 എം.എസ്.മണി എന്ന പത്രാധിപരുടെ മാധ്യമപരവും തൊഴില്‍പരവുമായ നൈതികതയും സത്യസന്ധതയും വെളിവാക്കുന്നതാണ് കാട്ടുകള്ളന്മാര്‍ എങ്കില്‍, വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സത്യസന്ധത വ്യക്തമാക്കുന്നതാണ് സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു. കേവലം ഒരു യാത്രാപുസ്തകം എന്നതിലുപരി, സന്ദര്‍ശിച്ച് നാടിന്റെ കാഴ്ചപ്പൊലിപ്പത്തിനപ്പുറം അവിടത്തുകാരുടെ ജീവിതം പകര്‍ത്താന്‍ കാണിച്ച ആര്‍ജ്ജവത്തിലൂടെയാണ് ഈ ചെറിയ പുസ്തകം ഏറെ ശ്രദ്ധേയമാവുന്നത്. യാത്രാവിവരണസാഹിത്യത്തില്‍ മലയാളത്തിന് പ്രത്യേകിച്ചുള്ള മേല്‍ക്കൈയെപ്പറ്റി നമുക്കെല്ലാമറിയാവുന്നതാണ്. എസ്.കെ.പൊറ്റക്കാടും മറ്റും തുറന്നിട്ട ആകാശസാധ്യതകളുടെ അനന്തതയുണ്ടതിന്. അവിടെയാണ്, യാത്രികന്റെയും അയാള്‍ യാത്രയില്‍ കണ്ടുമുട്ടിയവരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ യാതൊരു വര്‍ണങ്ങളും ചാലിക്കാതെ അപ്പാടെ പകര്‍ത്തിവച്ചുകൊണ്ട് ഈ പുസ്തകം വൈകാരികമായി വായനക്കാരന്റെ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നത്. ഒരാള്‍ക്ക് സ്വാനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ എത്രത്തോളം നിഷ്പക്ഷനും സത്യസന്ധനും ആവാന്‍ സാധിക്കുമെന്നത് വളരെ വലിയൊരു ചോദ്യമാണ്. ആത്മകഥകളില്‍ പലതും അതുകൊണ്ടുതന്നെയാണ് ചരിത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്താത്തത്.മണിസാറിന്റെ യാത്രാനുഭവക്കുറിപ്പുകള്‍ തീവ്രമാവുന്നതും ആത്മനിഷ്ഠമായ സത്യസന്ധതയിലൂടെയാണ്.
പ്രതിച്ഛായ സംരക്ഷിക്കാനോ ആളുകള്‍ എങ്ങനെ വിചാരിക്കുമെന്നു ചിന്തിക്കാനോ മുതിരാതെ പറയാനുള്ളത് പച്ചയ്ക്കു പറയുന്ന ശൈലി അനനുകരണീയമാണ്. അതിലും ആര്‍ജ്ജവമുള്ളത് വച്ചുകെട്ടില്ലാത്ത ഭാഷയാണ്. സാധാരണക്കാരന്റെ ഭാഷയാവണം മാധ്യമഭാഷ എന്നൊക്കെ നാഴികയ്ക്കു നാല്‍പതുവട്ടം ആവര്‍ത്തിക്കുന്നവര്‍ പോലും എഴുത്തില്‍ ക്‌ളിഷ്ടത കൊണ്ടുവരുമ്പോള്‍ സ്വാനുഭവങ്ങളെ എത്രമേല്‍ ലളിതമായി അവതരിപ്പുക്കുകയാണ് മണിസാര്‍ എന്നറിയണമെങ്കില്‍ ഒറ്റയിരിപ്പിന് ഈ പുസ്തകം വായിച്ചാല്‍ മതി. കാരണം വായിച്ചുതുടങ്ങിയാല്‍ ഇതു തീര്‍ക്കാതെ ഒരാള്‍ക്കും എഴുന്നേല്‍ക്കാനാവില്ലെന്നതു തന്നെ.അത്രമേല്‍ പാരായണക്ഷമമാണ് ഈ പുസ്തകം.
പുസ്തകത്തില്‍ ഒരിടത്ത് അദ്ദേഹം പങ്കുവച്ചിട്ടുള്ള അനുഭവം നോക്കുക.
''ചീഫ് പോര്‍ട്ടര്‍ക്ക് അമേരിക്കയില്‍ ബെല്‍ ക്യാപ്റ്റന്‍ എന്നാണ് പറയുന്നത്. എന്നെക്ക ണ്ടപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു. ഞാനും ചിരിച്ചു. ഞാന്‍ പുറത്ത ക്കുള്ള വഴി ചോദിച്ചു.
അയാള്‍ ''എവിടേക്കാണ് പോകേണ്ടത്? ഞാന്‍ ''പ്രത്യേക ലക്ഷ്യമൊന്നുമില്ല. മുറിയില്‍ ഇരുന്നു മടുത്തു.'
അയാള്‍ ''ലക്ഷ്യം പ്രത്യേകിച്ചില്ലെങ്കില്‍ ഞാനെങ്ങനെ വഴി പറഞ്ഞുതരും! എങ്ങോട്ടു വേണമെങ്കിലും നടക്കാം.'' 
ആ ഹോട്ടലിന്റെ മുമ്പിലുള്ള സര്‍ക്കിളില്‍ ഏഴോ എട്ടോ റോഡുകള്‍ വന്നുചേരുന്നുണ്ട്. അയാള്‍ പറഞ്ഞത് ശരിയാണ്. ലക്ഷ്യമില്ലാത്തവന് എങ്ങോട്ടുവേണമെങ്കിലും നടക്കാം. എന്തിനും നന്ദി പറയണമെന്നുള്ളതുകൊണ്ട് ''താങ്ക്‌സ്'' പറഞ്ഞ് ഞാന്‍ ഹോട്ടലിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് കടന്നു. ബെല്‍ ക്യാപ്റ്റന്‍ പുറകേ വന്ന് വിളിച്ചുപറഞ്ഞു: ''സ്ത്രീകളെ ധാരാളമായി കാണുന്നതിന് വിരോധമില്ലെങ്കില്‍ ആ വഴിയേ പോവുക'' അയാള്‍ ഒരു വഴി ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ദഹസിച്ചു. സ്ത്രീകളോട് വിരോധമുള്ളവര്‍ ആത്മഹത്യ ചെയ്യണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍, പുഷ്പങ്ങളോട് വണ്ടുകള്‍ക്കുള്ള താല്പര്യവും ഈ കരിവണ്ടിനുണ്ട്. വീണ്ടും ''താങ്ക്‌സ്'' പറഞ്ഞ് ഞാന്‍ ആ വഴിയേതന്നെ നടന്നു. കുറച്ചുദൂരം നടന്നപ്പോള്‍ ഒരു പ്രധാന റോഡിലെത്തി. മിനിസ്‌കര്‍ട്ടും ധരിച്ചുവന്ന യുവതികളാണ് സ്വാഭാവികമായും ആദ്യം മനസ്സിനെ ആകര്‍ഷിച്ചത്. നോക്കുന്നിടത്തെല്ലാം മിനിസ്‌കര്‍ട്ടുകള്‍ തന്നെ. സ്വീഡനില്‍ നിന്ന് കയറ്റുമതി ചെയ്ത ഫാഷനാണ് മിനിസ്‌കര്‍ട്ടെങ്കിലും അതിന്റെ റോയല്‍റ്റി ഇന്നും ബ്രിട്ടനുതന്നെയാണ്. നിതംബത്തിനും, മാലിനിക്കും, സ്തനങ്ങള്‍ക്കും, മനസ്സിന് ഇക്കിളിയുണ്ടാക്കുന്ന ആകര്‍ഷകമായ രൂപം നല്‍കി തോളുമുതല്‍ ഊരുമൂലത്തിന് നാലുവിരല്‍ക്കിട താഴെവരെ ശരീരത്തില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ഈ ഉടുപ്പ് എല്ലാ യുവതികളെയും സുന്ദരിമാരാക്കുന്നു. മിനിസ്‌കര്‍ട്ടിട്ട സ്ത്രീജനങ്ങള്‍ സ്വന്തം കാമുകന്റെ മുമ്പിലല്ലാതെ അന്യ പുരുഷന്മാര്‍ക്കഭിമുഖമായി ഇരിക്കുക പതിവല്ല. അഥവാ അങ്ങനെ ഇരിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിതയാവുകയാണെങ്കില്‍ ഒരു കാല്‍ മറ്റേക്കാലിന്റെ പുറത്തു കയറ്റിവച്ചിരിക്കുകയോ മടിയില്‍ ഒരു മാഗസിനോ പത്രമോ അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലും സാധനമോ വച്ചിരിക്കുകയോ ചെയ്യും. 
ടോളിഡോ ബസ്സ് സ്റ്റേഷനില്‍ വച്ച് എനിക്കഭിമു ലമായി കസേരയില്‍ ഇരുന്നിരുന്ന ഒരു മിനിസ്‌കര്‍ട്ടുകാരി മടിയില്‍ വയ്ക്കാന്‍ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴാണ് സ്ത്രീകള്‍ വാനിറ്റി ബാഗ് കൊണ്ടുനടക്കുന്നതിനുള്ള ഒരു പുതിയ ആവശ്യം കൂടി ബോദ്ധ്യപ്പെട്ടത്. പ്രിന്‍സ്റ്റണിലേക്കുള്ള ബസ്സ് വരു ന്നതുവരെ സാകൂതഷ്ടിയും കറുത്ത തൊലിക്കാരനുമായ എന്റെ മുമ്പില്‍ ആ സ്ത്രീക്ക് അങ്ങനെയിരുന്ന് വിഷമിക്കേണ്ടിവന്നു. ഹോ എന്റെ ഭാവന എന്നെ അന്നേരം നന്നേ പാടുപെടുത്തി.
മിനിസ്‌കര്‍ട്ടിന്റെ പുതുമ നഷ്ടപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല. ആ തെരുവില്‍ 'മാസച്യുസെറ്റ്‌സ് അവന്യൂ' എന്ന് പേരുള്ള ആ റോഡില്‍ ആണുങ്ങളെക്കാള്‍ അധികം പെണ്ണുങ്ങളായിരിക്കും ഏത് സമയത്തും. അപ്പോള്‍ വരുന്നു വേറൊരു വര്‍ഗ്ഗം, ഹിപ്പികള്‍, ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ആദ്യകാലത്ത് റോസാദളങ്ങ ളെപ്പോലെ കരുതി ഉമ്മവച്ചിരുന്ന ഈ സമൂഹത്തെപ്പറ്റി പിന്നീട് പറയാം. മാസ് അവന്യൂയില്‍ (മാസച്യുസെറ്റ്‌സിന് 'മാസ്' എന്നാണ് ചുരുക്കിപ്പറയുന്നത്) ഉണ്ടക്കണ്ണുകളുമായി ഈ അത്ഭുതങ്ങള്‍ കണ്ട് രസം പിടിച്ച് നില്ക്കുന്നവനായി ഞാന്‍ മാത്രമേയുള്ളു. അറിയാതെ ഞാനൊന്നു മുകളിലേക്ക് നോക്കിപ്പോയി. ഒരു കമ്പിത്തൂണില്‍ ഉറപ്പിച്ചിരിക്കുന്ന പച്ചനിറമുള്ള ബോര്‍ഡില്‍ എന്റെ നോട്ടം പതിച്ചു: ''നോ സ്റ്റാന്‍ ഡിങ്. അതെന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. ഞാന്‍ ഒരു കണ്‍ടിയാണെന്ന് ആരെങ്കിലും തെറ്റായി ധരിച്ചിട്ടുണ്ടാ കുമോ, ആവോ? എന്തായാലും പിന്നീട് ഒരു നിമിഷംപോലും നിന്നില്ല. ഇരുപുറം നോക്കാതെ ഒറ്റ നടത്ത വച്ചുകൊടുത്തു. എങ്കിലും അങ്ങനെ ആ നിരോധനമേഖലയില്‍ നിന്നത് മോശമായിപ്പോയല്ലോ. എന്ന് മനസ്സില്‍ വിചാരിക്കുകയും ചെയ്തു. വളരെ പിന്നീടാണു മനസ്സിലായത് ഈ ''നോ സ്റ്റാന്‍ഡിങ് കാല്‍നടക്കാര്‍ക്ക് വേണ്ടി യുള്ളതല്ലെന്ന്. നമ്മുടെ നാട്ടിലെ 'നോ പാര്‍ക്കിംഗി'ന്റെ അര്‍ത്ഥമേ അതിനുള്ളൂ. മോശമായിപ്പോയല്ലോ എന്ന് അപ്പോഴും വിചാരിച്ചു.''
മറ്റുള്ളവര്‍ അമേരിക്കയില്‍ പോകുന്നത് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്‌സും വാഷിങ്ടണും സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടുയുമൊക്കെ കാണാനാണെങ്കില്‍ മണിസാര്‍ പോയത് ഗ്രാന്‍ഡ് കാനിയന്‍ കാണാനാണ്. അദ്ദേഹത്തിന്റെ സരസമായ ഭാഷയില്‍ പറഞ്ഞാല്‍ കുഴി, അതേ ഭൂമിക്കുമേലുള്ള വലിയൊരു കുഴി കാണാനാണ്. അതേപ്പറ്റി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണെന്നു മാത്രം. സ്വയം കരിവണ്ടായി വിശേഷിപ്പിച്ചു കൊണ്ട് ഇങ്ങനെ തുറന്നെഴുതാന്‍ എത്ര എഴുത്തുകാര്‍ക്ക്, എത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍ജ്ജവമുണ്ടാവും?
കാട്ടുകൊള്ളയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയവര്‍ നാട്ടുജീവിതം റിപ്പോര്‍ട്ട് ചെയ്തതുപോലെയാണ് നാടുകാണാനിറങ്ങിപ്പുറപ്പെട്ട മണിസാര്‍ അവിടത്തെ ജീവിതം റിപ്പോര്‍ട്ട് ചെയ്യാന്‍ മുതിരുന്നത്. ഏറെ രസകരമായ അനുഭവങ്ങളാണവയില്‍ പലതും. 
''വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും തികച്ചും വിഭിന്നങ്ങളായ സംസ്‌കാരങ്ങള്‍ പുലര്‍ത്തി പ്പോരുന്നവരുമായ പല നിറക്കാരെയും തരക്കാരെയും പരിചയപ്പെടാന്‍ മറ്റേതൊരു സഞ്ചാരിയെയും പോലെതന്നെ എനിക്കും സാധിച്ചു. അമ്പരപ്പിക്കുന്ന പലതും കണ്ടു ഗുണമുള്ള പലതും ആസ്വദിച്ചു. കൗതുകകരമായ പലതും കേട്ടു. ഇതില്‍ ചില മനസ്സുകള്‍ക്ക് നല്ലതെന്നും ചില മനസ്സുകള്‍ക്ക് ചീത്ത യെന്നും തോന്നാവുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. വ്യത്യസ്ത ങ്ങളായ അനുഭൂതികളാണ് അവ ഓരോന്നും എന്നിലും ഉളവാക്കിയിട്ടുള്ളത്. നൂറ്റിമുപ്പത് മൈല്‍ വേഗത്തില്‍ പാഞ്ഞുകൊണ്ടിരിക്കുന്ന കാറുകളില്‍ ഇരിക്കുമ്പോള്‍, മാനം മുട്ടി നില്ക്കുന്ന കെട്ടിടങ്ങള്‍ കാണുമ്പോള്‍, അനുനിമിഷം കൂറ്റന്‍ ജറ്റുവിമാനങ്ങള്‍ അലറിവിളിച്ചുകൊണ്ട് ഭൂമികുലുക്കി ഇറങ്ങുകയും പൊങ്ങുകയും ചെയ്യുന്ന എയര്‍പോര്‍ട്ടുകളില്‍ നില്ക്കുമ്പോള്‍, പതിനായി രക്കണക്കിനേക്കര്‍ ഭൂമിയിലെ കൃഷി മുഴുവന്‍ ചെയ്യാന്‍ രണ്ടോ മൂന്നോ പേര്‍ മാത്രം മതി എന്നറിയുമ്പോള്‍, റോട്ടറി പ്രസ്സില്‍ പത്രം അച്ചടിക്കുന്ന വേഗതയില്‍ കാറുകള്‍ ഉണ്ടായിവരുന്നത് കാണുമ്പോള്‍, തണുപ്പും ശീതക്കാറ്റും മൂക്കും ചെവിയും മരവിപ്പിക്കുമ്പോള്‍, വെള്ളച്ചാട്ടങ്ങളും പൂക്കള്‍ മുടി നില്ക്കുന്ന മലഞ്ചരിവുകളും കണ്ണുകുളിര്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു് ചുറ്റും ഒരു ലോകമുണ്ടെന്ന ഭാവം കൂടാതെ വഴിവക്കില്‍ കെട്ടിപ്പിടിച്ച ഉമ്മവച്ചു നിന്ന് പ്രേമിക്കുന്നവരെ നോക്കുമ്പോള്‍, മാറുമറയ്ക്കാ വെയിട്രസ്സുകള്‍ ഭക്ഷണം വിളമ്പാന്‍ മേശയ്ക്കടുത്തേക്ക് വരുമ്പോള്‍, നൈറ്റ് ക്ലബ്ബുകള്‍ സന്ദര്‍ശിക്കുമ്പോള്‍, യുവതികളെ വില്പനന് വച്ചിരിക്കുന്ന ഷോറൂമുകളുടെ വരാന്തയില്‍ക്കൂടി നടക്കുമ്പോള്‍, വഴിവക്കില്‍ നിന്ന് സേവകൂടാന്‍ ക്ഷണിക്കുന്ന മോഹനാംഗിമാരുടെ കരസ്പര്‍ശമുണ്ടാവുമ്പോള്‍, ടിക്കറ്റുമെടുത്തുപോയിരുന്ന് രതി ക്രീഡകളും മറ്റു പ്രകൃതിവിരുദ്ധങ്ങളും കാണുമ്പോള്‍, എന്തിന് പുതുമ തോന്നുന്നതെന്തും കണ്ണില്‍പ്പെടുമ്പോഴുണ്ടാകുന്ന അനുഭൂതി. അങ്ങനെ അനുഭൂതികളുടെ പട്ടിക നിരത്താന്‍ തുടങ്ങിയാല്‍ അത് പറഞ്ഞുതീരാന്‍ തന്നെ ഒരുപാട് സമയമെടുക്കും.
''ഞാന്‍ ഈ എഴുതുന്നത് ഒരു യാത്രാ ഡയറിയില്ല. വായനക്കാരെ ജ്ഞാനികളാക്കാനുള്ള യാതൊരുവിധ ശ്രമവും ഇതിലില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊള്ളട്ടെ. ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതും എന്റെ മനസ്സില്‍ ഇന്നും മങ്ങാതെ നില്ക്കുന്നതും ആലോചിച്ച് രസം പിടിച്ചിരുന്ന് സമയം കൊല്ലാന്‍ എനിക്ക് വിരുന്ന തുമായ ചില സംഭവങ്ങള്‍ക്ക് അച്ചടിരൂപം നല്കുന്നെന്നേയുള്ളു...''
ഇതാണ് മണിസാറിലെ എഴുത്തുകാരന്റെ പൊതു ഭാവം. വായനക്കാരനെ അവന്റെ നിലവാരത്തില്‍ തോളില്‍ കയ്യിട്ട് ഒപ്പം കൂട്ടി താന്‍ കണ്ട കാഴ്ചകളിലൂടെ നടത്തിക്കുന്ന അത്രമേല്‍ അനൗപചാരികമായ ശൈലി.അതിനൊപ്പം ലേശവും നിറം ചേര്‍ക്കാതെയുൂള്ള സത്യസന്ധതകൂടിയാവുമ്പോള്‍ അതൊരു അവിസ്മരണീയ വായനാനുഭവം തന്നെയായിത്തീരുന്നു.മറ്റൊരെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അനുകരിക്കാനാവാത്ത ഈ സവിശേഷതയാണ് എം.എസ്.മണിയെ എം.എസ്.മണിയാക്കുന്നത്. കേരളത്തിന്റെ മാധ്യമലോകത്തിന്റെ പ്രിയപ്പെട്ട മണിസാറാക്കുന്നത്.


Thursday, December 08, 2022

Swayamvaram book @ Deshabhimani Sunday Suppliment

 


പ്രേക്ഷക ഹൃദയം കവരാന്‍ രാജ്യാന്തര ചലച്ചിത്രമേള

cover story of Kalakaumudi

എ.ചന്ദ്രശേഖര്‍

അതിര്‍ത്തികള്‍ അപ്രസക്തമാക്കിക്കൊണ്ടുളള വ്യക്തിസംഘര്‍ഷങ്ങളുടെ ആത്മരോദനങ്ങളും ആത്മസംഘര്‍ഷങ്ങളുടെ ദൃശ്യാഖ്യാനങ്ങളുമാണ് ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. അതി മഹത്തായ ചലച്ചിത്രപാരമ്പര്യമുള്ള സെര്‍ബിയ പോലൊരു ബാള്‍ക്കന്‍ രാജ്യത്തെ കേന്ദ്രബിന്ദുവായി നിര്‍ത്തുമ്പോഴും ആധുനിക യൂറോപ്പിലും, ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലും മനുഷ്യജീവിതം എന്ത്, എങ്ങനെ എന്നു തെളിച്ചപ്പെടുത്തുന്ന ഒരു പിടി ചിത്രങ്ങളുള്ളതാണ് ഡിസംബര്‍ 9ന് കൊടിയേറുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെ സവിശേഷമാക്കുന്നത്.

ലോകത്തിന്റെ ഏതു കോണില്‍, ഏതു സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അവസ്ഥയിലും മനുഷ്യന്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒന്നാണെന്നാണല്ലോ സാഹിത്യവും സിനിമയും മറ്റും വിനിമയം ചെയ്യുന്നത്. ഗോവയില്‍ കഴിഞ്ഞ മാസം സമാപിച്ച 53-ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ രാജ്യാന്തര മത്സരവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടിയ സ്പാനിഷ് ചലച്ചിത്രം-ഐ ഹാവ് ഇലക് ട്രിക്ക് ട്രീംസ,് അത്തരത്തില്‍ കൗമാരം വിട്ട് യൗനവത്തിലേക്കു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെയും അവള്‍ക്ക് പിതാവിനോടുള്ള ചാര്‍ച്ചയുടെയും കഥയാണ് പറയുന്നത്. കമിങ് ഓഫ് ഏജ് അഥവാ പ്രായപൂര്‍ത്തി പക്വത നേടുന്നതുമായി ബന്ധപ്പെട്ട പലവിധ പ്രമേയങ്ങളും നാം സാഹിത്യത്തിലും സിനിമയിലും കണ്ടിട്ടുണ്ട്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവയ്‌ക്കെല്ലാം സവിശേഷതകളുമുണ്ട്. എന്നാല്‍ ഫ്രാന്‍സ് ബെല്‍ജിയം കോസ്റ്റ റിക്ക സംയുക്ത നിര്‍മിതിയായ ഐ ഹാവ് ഇലക് ട്രിക്ക് ഡ്രീംസിലെ പതിനാറുകാരിയായ നായിക ഇവയുടേത് ഒരേ സമയം നിഷ്‌കളങ്കതയുടെയും, ആധുനിക ലോകത്തിന്റെ കാപട്യത്തിന്റെയും സാമൂഹിക-കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണ സംത്രാസങ്ങളുടെയും കൂടിയാവുന്നിടത്താണ് അസാധാരണമാവുന്നത്. മികച്ച സംവിധായകനും നടിക്കുമടക്കം ലൊകാര്‍ണോ മേളയില്‍ മൂന്ന് അവാര്‍ഡുകളും സാന്‍ സെബാസ്റ്റിയന്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള ബഹുമതിയും നേടിയ ഈ ചിത്രം സാവോ പോളോ അടക്കമുള്ള മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഐഎഫ് എഫ് ഐയില്‍ മികച്ച നടിക്കുള്ള ബഹുമതി നേടുകയും ചെയ്ത ചിത്രമാണ്.

വലന്റിന മോറെല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഐ ഹാവ് ഇലക് ട്രിക്ക് ഡ്രീംസിലെ ഈവയും പിതാവിനെ(റെയ്‌നാല്‍ഡോ അമീന്‍ ഗുട്ടറസ്)പ്പോലെ ക്ഷിപ്രകോപിയാണ്. കവിയും, തൊഴില്‍രഹിതനുമായ അയാള്‍ക്കാവട്ടെ ഇവയടക്കമുള്ള രണ്ടു പെണ്‍കുട്ടികളോടും അത്രമേള്‍ ഹൃദയബന്ധമുണ്ടെങ്കിലും ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ല. പരസ്പരം പിരിയാന്‍ തീരുമാനിക്കുന്ന ദമ്പതികളില്‍ ഇവയേയും കുഞ്ഞനുജത്തിയേയും അവരുടെ പൂച്ചക്കുട്ടിയേയുമായി അവളുടെ അമ്മ പുതിയൊരു വീട്ടിലേക്കു താമസം മാറ്റുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ വീട്ടിലെല്ലായിടത്തും മൂത്രമൊഴിക്കുന്ന വളര്‍ത്തുപൂച്ച സത്യത്തില്‍ അച്ഛനുമമ്മയും തമ്മിലുള്ള വഴിപിരിയലില്‍ സ്വയം നഷ്ടപ്പെടുന്ന നായികയുടെ തന്നെ പ്രതിരൂപമാണ്. അവരുടെ ദാമ്പത്യശൈഥില്യം ഏറ്റവുമധികം ബാധിക്കുന്നതും അവളെയാണ്. മാതാപിതാക്കളോടുള്ള വിദ്വേഷമാണ് അവളില്‍ ക്ഷിപ്രകോപമായി പ്രത്യക്ഷപ്പെടുന്നത്. അച്ഛനോടൊപ്പം കഴിയാനിഷ്ടപ്പെടുന്ന ഈവ അതിനുവേണ്ടി അയാള്‍ക്കായി മറ്റൊരു വീടന്വേഷിക്കുകയും അയാള്‍ക്കൊപ്പം അയാളുടെ വാസസ്ഥലത്ത് പരമാവധി കഴിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിരന്തരം പുകവലിക്കുന്ന അവളുടെ പിതാവാകട്ടെ, വായ്പ്പുണ്ണിനെ ക്യാന്‍സറായി തെറ്റിദ്ധരിച്ച് ശേഷകാലം മക്കള്‍ക്കായി നീക്കിവയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അയാളുടെ താരതമ്യേന മുതിര്‍ന്ന ബുദ്ധിജീവി സര്‍ഗക്കൂട്ടായ്മകളില്‍ അവള്‍ അധികപ്പറ്റാവുകയാണെന്നു അവര്‍ക്കൊപ്പം എത്താനുള്ള വ്യഗ്രത ഈവയെ കൊണ്ടു ചാടിക്കുന്നത് വലിയ അബദ്ധങ്ങളിലാണ്.അവളെപ്പോലൊരു പെണ്‍കുട്ടിക്ക് മുതിര്‍ന്നവരുടെ കാറും കോളും നിറഞ്ഞ ജീവിതത്തിലെ തിരയിളക്കങ്ങളെ എങ്ങനെ നേരിടണമെന്നു തിരിച്ചറിയാനാവുന്നില്ല. തന്റെ സുഹൃത്തുമായി കിടക്ക പങ്കിടുന്ന മകളെ കയ്യോടെ പിടികൂടുമ്പോള്‍ മാത്രമാണ്, വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരു പെണ്‍കുട്ടിക്ക് അമ്മ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഈവയുടെ പിതാവ് തിരിച്ചറിയുന്നത്. സ്വന്തം ജീവിതത്തിലെ പലതും തന്റെ് വായ്പ്പുണ്ണു പോലെ മാത്രമാണെന്ന് തിരിച്ചറിയുന്ന അയാള്‍ അവളെ അമ്മയുടെ സമീപം വിട്ടു മടങ്ങുന്നിടത്താണ് ഐ ഹാവ് ഇലക് ട്രിക് ഡ്രീംസ് അവസാനിക്കുന്നത്. സമകാലിക യൂറോപ്യന്‍ ജീവിതത്തിന്റെ ആകുലതകളും ആശങ്കകളും, കുടുംബജീവിതത്തിന്റെ ശൈഥില്യങ്ങളും പല കഥാപാത്രങ്ങളിലൂടെ സൂചനകളായും സൂചിതങ്ങളായും അവതരിപ്പിച്ചിട്ടുള്ള ചിത്രം, അതിന്റെ നിസഹായവസ്ഥയേയും തീവ്രമായി വെളിവാക്കുന്നു. നായിക ഈവയായി ഡാനിയേല മറീന്‍ നവാറോയുടെ അവിസ്മരണീയ പ്രകടനം തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. പലവിധത്തില്‍ മലയാളമടക്കമുള്ള ഭാഷകളില്‍ മുന്‍പ് അവതരിപ്പിച്ചു കണ്ടിട്ടുള്ള പ്രമേയം, പക്ഷേ സമകാലിക യൂറോപ്യന്‍ ജീവിത ശ്‌ളഥ ചിത്രത്തിന്റെ നേരാഖ്യാനമെന്ന നിലയ്ക്കാണ് പ്രസക്തി നേടുന്നത്. തീര്‍ച്ചയായും നഷ്ടബോധമില്ലാതെ കണ്ടിരിക്കാവുന്ന സിനിമ ഐഎഫ്എഫ് കെയിലും പ്രേക്ഷകര്‍ക്ക് സംശയമില്ലാതെ തെരഞ്ഞെടുക്കാവുന്ന ഒന്നുതന്നെയാണ്.

കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവരെ സ്വന്തം നാട്ടിലെ സിനിമ പോലെ തന്നെ സ്വാധീനിക്കുന്നവയാണ് ഇറാനില്‍ നിന്നും ദക്ഷിണകൊറിയയില്‍ നിന്നുമുള്ള സിനിമകള്‍. കിം കി ഡുക്കും മഖ്മല്‍ബഫുമൊക്കെ നമുക്ക് നമ്മുടെ സ്വന്തം പോലെയാണ്. കോവിഡ്കാലത്ത് അകാലത്തില്‍ പൊലിഞ്ഞ കിമ്മിന്റെ ഹംസഗാനം മേളയുടെ പ്രധാന ആകര്‍ഷണവുമാണ്. എന്നാല്‍, മുഖ്യധാരാ കൊറിയന്‍ സിനിമയുടെ ആഖ്യാനഘടനയില്‍ നോണ്‍ ലീനിയറായി അവതരിപ്പിക്കുന്ന മര്‍ഡര്‍ മിസ്റ്ററി-ഡിസിഷന്‍ ടു ലീവ് കുറ്റാന്വേഷണ സിനിമകളില്‍ രസകരമായൊരു മാറി നടക്കലാണ്. കാന്‍ ചലച്ചിത്രമേളയില്‍ പാര്‍ക് ചാന്‍ വൂക്കിന് മികച്ച സംവിധായകനുള്ള ബഹുമതി നേടിക്കൊടുത്ത ഈ സിനിമ. 

മലയേറ്റത്തിനു പോകുന്ന ഒരു പ്രമുഖ വ്യവസായി അവിടെ നിന്ന് താഴേക്കു വീണ് മരിക്കുന്നു. അപകടമരണമോ ആത്മഹത്യയോ ആയി മാറേണ്ടിയിരുന്ന ആ മരണം മിടുക്കരായ രണ്ടു പൊലീസുദ്യോഗസ്ഥരുടെ സംശയത്തിന്റെ മാത്രം ഫലമായി കൊലപാതകമാണെന്നു തെളിയുകയും തുടരന്വേഷണമാരംഭിക്കുകയും ചെയ്യുന്നു. മരിച്ചു പോയ വ്യവസായിയുടെ ചെറുപ്പക്കാരിയായ ഭാര്യ സോങ് സോ റെ (താങ് വെയ്)യിലേക്കാണ് സംശയമുന നീളുന്നത്. ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്ന അവളുടെ മറുപടികളില്‍ കേസ് കെട്ടിമടക്കേണ്ട അവസ്ഥവന്നിട്ടും അവളെ രഹസ്യമായി പിന്തുടരാനും അവളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് അന്വേഷണോദ്യോഗസ്ഥനായ ജാങ് ഹെ ജൂണ്‍ (പാര്‍ക്ക് ഹൈ ഇല്‍) തീരുമാനിക്കുന്നത്. സത്യവും മിഥ്യയും സ്ഥലകാലങ്ങളും തമ്മിലുള്ള അതി സങ്കീര്‍ണമായൊരു കെട്ടിപ്പിണരലാണ് പിന്നെ നാം കാണുന്നത്. അന്വേഷണോദ്യോഗസ്ഥനായ ജാങ് ഹെ എങ്ങനെ അതേ കേസിന്റെ നിര്‍ണായക ഭാഗമാവുന്നുവെന്നും, അയാളും നായികയുമായുള്ള പ്രണയബന്ധത്തിന്റെ അതിസങ്കീര്‍ണതയുമെല്ലാം അന്വേഷണവഴിയില്‍ മെല്ലെ വെളിപ്പെടുന്നു. കുറ്റാന്വേഷണവും  കൊലയും പ്രണയവും അങ്ങനെ പിരിയന്‍ കോവണിപോലെ ഒന്നായി ഒന്നായി ഒടുവില്‍ അതി നാടകീയ പര്യവസാനത്തിലെത്തുകയാണ്. കടല്‍ത്തീരത്ത് നായികയെ നഷ്ടപ്പെട്ട് ഉറക്കെ അവളെ വിളിച്ചലയുന്ന ജാങ് ഹെ ജൂണിനെ കാണുമ്പോള്‍ നമ്മുടെ പരീക്കുട്ടിയെ ഒരു നിമിഷം ഓര്‍മ്മവരും. ഒരു നിമിഷം പോലും ശ്രദ്ധ പതറിയാല്‍ മനസിലാവാതെ പോകാവുന്ന ചലച്ചിത്ര ഘടനയാണ് ഡിസിഷന്‍ ടു ലീവിന്റേത്.അത്രമേല്‍ സങ്കീര്‍ണമാണത്. 

തങ്ങള്‍ക്കഹിതമായ സിനിമകളെടുത്തതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി നായകനായി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് നോ ബെയര്‍സ്. ഈ ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ പ്രത്യേക ജൂറി പുരസ്‌കാരം നേടുകയും ചെയ്തതോടെയാണ് നാടിനെയും ഭരണകൂടത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ആരോപണം മുന്‍നിര്‍ത്തി ഇറാന്‍ ഭരണകൂടം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. നഗരത്തിലെ ഭക്ഷണശാലയില്‍ ജോലി ചെയ്യുന്ന യുവതി തന്റെ പ്രണയിതാവുമൊത്ത് വ്യാജ വിദേശ പാസ്‌പോര്‍ട്ട് നേടി രാജ്യംവിടാന്‍ ശ്രമിക്കുന്ന കഥയുമാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ അത് പനാഹി വിദൂരത്തെ ഒരു ഗ്രാമത്തിലെ വിശ്രമകേന്ദ്രത്തിലിരുന്ന് ഓണ്‍ലൈനിലൂടെ തന്റെ സംവിധാന സഹായി വഴി ചിത്രീകരിക്കുന്ന സിനിമയിലെ നായികയാണെന്ന് വൈകാതെ നാം മനസിലാക്കുന്നു. ഗ്രാമത്തില്‍ നടക്കുന്ന ഒരു ഗോത്രവിവാഹാത്തിന്റെ രംഗങ്ങള്‍ തന്റെ ക്യാമറയുപയോഗിച്ച് വീട്ടുടമസ്ഥന്‍ വഴി ചിത്രീകരിക്കുന്ന പനാഹി, ഗ്രാമവിശുദ്ധിയുടെ ചില ശ്‌ളഥചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ സ്വയം പകര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, സ്വന്തം രൂപങ്ങള്‍ ഛായാഹ്രഹണപ്പെടുത്തുന്നത് മതവിരുദ്ധമായി കരുതുന്ന ഗ്രാമഗോത്രങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. അവരുടെ വിദ്വേഷത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്ന ഗ്രാമമുഖ്യനോ വീട്ടുടമയ്‌ക്കോ പോലും സാധിക്കുന്നില്ല. 

ഒരു വശത്ത് താന്‍ വിദൂരനിയന്ത്രിതമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാനായകന്മാര്‍ തന്നെ അത്തരം ഒരു കെട്ടകഥയെ തള്ളിക്കളയുകയും ചിത്രത്തില്‍ തുടരാന്‍ വിസ്സമ്മതിക്കുകയും ചെയ്യുന്നു. (ഇവിടെ പനാഹിയുടെ തന്നെ സ്‌കൂള്‍ വിട്ട് ഒറ്റയ്ക്ക് വീട്ടിലെത്താന്‍ പാടുപെടുന്ന കൊച്ചുകുട്ടിയുടെ തത്രപ്പാടുകളവതരിപ്പിച്ച ദ് മിററില്‍ ഒരു ഘട്ടത്തില്‍ തനിക്കിങ്ങനെ ഇല്ലാത്ത കാര്യം അവതരിപ്പിക്കാനാവില്ലെന്നു പ്രതിഷേധിച്ച് സിനിമ വിട്ട് മാറിനടക്കുന്ന കുട്ടിനായികയുടെ സര്‍റിയലിസ്റ്റ് അവതരണത്തിന്റെ തനിയാവര്‍ത്തനം കാണാം) മറുവശത്ത്, വ്യാപക കള്ളക്കടത്തും മനുഷ്യക്കടത്തും വരെ നടക്കുന്ന രാജ്യാന്തര അതിര്‍ത്തിയിലേക്ക് അതിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തില്‍ നിന്ന് സഹായിയേയും കൂട്ടി പനാഹി പോകുന്നതോടെ അദ്ദേഹം അധികാരികളുടെ റഡൈറിലും പെടുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം പിന്തുടരപ്പെടുന്നതോടെ അദ്ദേഹത്തിന് ഗ്രാമം വിടേണ്ടി വരുന്നു. പക്ഷേ അതിനിടെ, താന്‍ ചിത്രത്തില്‍ പകര്‍ത്തി എന്നതുകൊണ്ടു മാത്രം പുതുതായി വിവാഹനിശ്ചയത്തിലേര്‍പ്പെട്ട നവവരനെ ഗ്രാമത്തിലെ തീവ്ര മതവാദികള്‍ ചേര്‍ന്ന് കല്ലെറിഞ്ഞു കൊന്നിട്ടിരിക്കുന്നത് അദ്ദേഹത്തിന് നേരില്‍ കാണേണ്ടിവരുന്നു. വിശ്വാസവും മതവും എങ്ങനെയാണ് വ്യക്തിജീവിതത്തെ ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് നോ ബെയേഴ്‌സ്. ഇറാനിയന്‍ സിനിമയുടെ പതിവ് ആഖ്യാനശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആത്മനിഷ്ഠപരമായൊരു സിനിമ തന്നെയാണ് പനാഹിയുടേത്. എങ്കിലും മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒന്ന്. ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗിച്ച് ഒരാള്‍ക്ക് നാട്ടിലെ വിലക്കുകളെ മറികടന്നും എങ്ങനെ ഒരു സിനിമ നിര്‍മ്മിക്കാം എന്നു കൂടി പനാഹി ചിത്രത്തിലൂടെ കാണിച്ചു തരുന്നു. വീഡിയോ കോള്‍ സംവിധാനമുപയോഗിച്ചാണ് അതിര്‍ത്തി ഗ്രാമത്തിലെ ഒറ്റമുറിയിലിരുന്നു കൊണ്ട് അദ്ദേഹം നഗരത്തില്‍ ചിത്രീകരണം സാധ്യമാക്കുന്നത്. സ്ഥലകാലങ്ങളുടെ യഥാതഥമായ ഈ കുഴമറിച്ചിലുകള്‍ ഹൃദ്യമായി ചിത്രം ആവഹിച്ചിരിക്കുന്നു.

കിം കി ഡുക്കിന് ക്വെന്റിന്‍ റ്റരന്റിനോയില്‍ പിറന്നത് എന്നു വിശേഷിപ്പിക്കാവുന്ന സാമൂഹികവിമര്‍ശനപരമായൊരു സറ്റയറാണ് ഫ്രഞ്ച്-ഇംഗ്‌ളീഷ് ചിത്രമായ ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്. ഭക്ഷണം കഴിച്ചപ്പോള്‍ ബില്ല് കൊടുക്കാത്തതിനെ ചൊല്ലി സമത്വത്തെപ്പറ്റി കാമുകന്റെ സംശയത്തിലാരംഭിക്കുന്ന ചിത്രം അവരുടെ വിവാഹാനന്തര മധുവിധു കപ്പല്‍യാത്രയിലും കപ്പല്‍ച്ചേതാനന്തരമെത്തിച്ചേരുന്ന ആള്‍വാസമില്ലാത്ത ദ്വീപിലെ അതിജീവിനത്തിലേക്കും മാലപ്പടക്കം പൊലെ ഒന്നിനുപിറകെ ഒന്നായി മെല്ലെ നാടകീയമായി വികസിക്കുകയാണ്. മൂലധനം മനുഷ്യനെ എങ്ങനെ വേര്‍തിരിക്കുമെന്നു മാത്രമല്ല, അറിവും അതുപയോഗിക്കാനുള്ള കാര്യക്ഷമതയും അവനെ എങ്ങനെ ഏകാധിപതിയാക്കുമെന്നും കൂടി കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞു കാട്ടിത്തരുന്ന തരത്തിലാണ് സംവിധായകന്‍ റൂബന്‍ ഒസ്റ്റ്യൂണ്ട് ചിത്രത്തിന്റെ ഇതിവൃത്തം പരുവപ്പെടുത്തിയിട്ടുളളത്. സാമൂഹിക മേല്‍പ്പാളിയിലെ ജീവിത കാപട്യങ്ങളെ മറയില്ലാതെ തുറന്നുകാണിക്കുന്നുണ്ടദ്ദേഹം. നേരത്തേ ദ് സ്‌ക്വയര്‍ എന്ന ചിത്രത്തിലൂടെ കല എങ്ങനെ സമൂഹത്തെ കബളിപ്പിക്കുന്നു എന്നു കാണിച്ചുതന്നിട്ടുള്ള സംവിധായകനാണ് സ്വീഡിഷുകാരനായ റൂബന്‍ എന്നോര്‍ക്കണം. 

സര്‍റിയലത്തേക്കാള്‍ ആന്റി റിയലിസമെന്നു വേണം ഈ സിനിമയെ വിശേഷിപ്പിക്കാന്‍. ഓരോ സംഭാഷണത്തിലും ഓരോ സീനിലും പൊട്ടിച്ചിരിക്കുമ്പോള്‍ അതുയര്‍ത്തുന്ന സാമൂഹികവിമര്‍ശനത്തിന്റെ മുള്‍മൂര്‍ച്ചയേറ്റ് നമ്മുടെ കണ്ണു നീറുമെന്നുറപ്പ്. ഗോവയില്‍ സമാപിച്ച ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ നീക്കിയിരിപ്പുകളില്‍ ഏറ്റവും മികച്ച അഞ്ചു സിനിമകളില്‍ ഒന്ന് എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന സാന്‍സ് ഫില്‍റ്റര്‍ അഥവാ സങ്കടത്തിന്റെ ത്രികോണം (ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്) ഐഎഫ്എഫ്‌കെയിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായിരിക്കുമെന്നതില്‍ സംശയം വേണ്ട.



Thursday, November 24, 2022

സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും


സ്വയംവരം സിനിമയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് എ.ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നു തയാറാക്കി ചിന്ത പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച സ്വയംവരം: അടൂരിന്റെയും അനുവാചകന്റേയും എന്ന പഠനഗ്രന്ഥം 2022 നവംബര്‍ 24ന് പാലക്കാട്ട് പബ്‌ളിക്ക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ നിരൂപകന്‍ പി.കെ.രാജശേഖരനു നല്‍കി പ്രകാശിപ്പിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരീഷ് ബാലകൃഷ്ണന്‍, ജോണ്‍ സാമുവല്‍, കെ.ആര്‍ അജയന്‍ തുടങ്ങിയവരെയും കാണാം




Sunday, November 20, 2022

വിജയകൃഷ്ണന്‍:വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശനകാണ്ഡം

 

kalakaumudi
സപ്തതി ആഘോഷിക്കുന്ന വിജയകൃഷ്ണന്‍ എന്ന ചലച്ചിത്ര നിരൂപകന്റെ സംഭാവനകള്‍ വിലയിരുത്തുമ്പോള്‍

എ.ചന്ദ്രശേഖര്‍
ചരിത്രത്തെ ചവിട്ടുകൊട്ടയിലിട്ട മലയാള സിനിമയുടെ ചരിത്രം വീണ്ടെടുത്തു തന്ന ചലച്ചിത്ര ചരിത്രകാരനാണ് വിജയകൃഷ്ണന്‍. ഇന്റര്‍നെറ്റും ടെലിവിഷനും ഇല്ലാത്ത കാലത്ത് വിദേശസിനിമകളെപ്പറ്റിയും രാജ്യത്തെ തന്നെ ഇതരഭാഷകളിലുണ്ടാവുന്ന സിനിമകളെപ്പറ്റിയുമൊക്കെ സാധാരണക്കാര്‍ക്കും ചലച്ചിത്രപ്രേമികള്‍ക്കും അമ്പതു വര്‍ഷത്തിലേറെയായി നിരന്തരം ചൊല്ലിത്തന്നും എഴുതിയും മലയാളത്തില്‍ ചലച്ചിത്ര നിരൂപണത്തിനും ചലച്ചിത്രചരിത്രമെഴുത്തിനും പുതിയ മാനങ്ങളേകിയ ആ പ്രതിഭയ്ക്ക് എഴുപതു വയസിന്റെ തിളക്കം. യാത്രാ സൗകര്യങ്ങള്‍ തുലോം കുറവായിരുന്ന എഴുപതുകളിലും എണ്‍പതുകളിലും കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലെ ഫിലിം സൊസൈറ്റികളിലും കലാലയങ്ങളിലും ഏറെ ക്‌ളേശങ്ങള്‍ താണ്ടി എത്തിച്ചേര്‍ന്ന് ലോകസിനിമയുടെ വിസ്മയ ജാലകം അവര്‍ക്കു മുന്നില്‍ തുറന്നിടുകയും, അവരതുവരെ ശീലിച്ചതിനുപ്പുറത്തും സിനിമകളുണ്ടെന്നും അവയുടെ ഭൗതികതയും അസ്തിത്വവും വേറെയാണെന്നും ബോദ്ധ്യപ്പെടുത്തി കൊടുത്ത ഉത്സാഹി.സിനിമാഭാഷയുടെ തനതു ലാവണ്യം പ്രേക്ഷകര്‍ക്ക് വ്യാപകമായി പരിചയപ്പെടുത്തിക്കൊടുത്ത വാഗ്മി, ഇതെല്ലാമായിട്ടാണ് വിജയകൃഷ്ണന്‍ എന്ന നാമധേയം പത്രമാസികാത്താളുകളിലും പിന്നീട് പുസ്തത്താളുകളിലും ഇടം നേടിയതെങ്കിലും വളരെ മികച്ചൊരു കഥാകൃത്തും നോവലിസ്റ്റുമായ അദ്ദേഹത്തിന്റെ സര്‍ഗാത്മക എഴുത്തുജീവിതം അതര്‍ഹിക്കുന്ന പ്രാധാന്യമോ പരിഗണനയോ നേടിയില്ല എന്നതാണ് വാസ്തവം. എന്നാല്‍, ചലച്ചിത്ര നിരൂപണം എന്നതു തന്നെ ഒരു സര്‍ഗാത്മകപ്രക്രിയയാണെന്ന്, സിനിമയില്‍ കാണുന്നതു മാത്രമല്ല, പ്രേക്ഷകന്‍ കാണുന്നതെന്നും കാഴ്ചയിലാണ് സിനിമ പൂര്‍ണമാവുന്നതെന്നും സ്വന്തം എഴുത്തിലൂടെ തെളിയിച്ചു കാട്ടിത്തന്നെ വിജയകൃഷ്ണന്‍, ചലച്ചിത്രകാരനെന്ന നിലയ്ക്കും മിനിസ്‌ക്രീന്‍ സംവിധായകനെന്ന നിലയ്ക്കും തന്റെ പേര് മലയാള ദൃശ്യമാധ്യമചരിത്രത്തില്‍ വിളക്കിച്ചേര്‍ത്ത പ്രതിഭതന്നെയാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ചലച്ചിത്രനിരൂപകജീവിതത്തെ അടയാളപ്പെടുത്താതെ മലയാളത്തിലെ ചലച്ചിത്രസാഹിത്യചരിത്രം പൂര്‍ണമാവില്ലെന്നതും വാസ്തവം മാത്രം.
ഇനിയും മറികടന്നിട്ടില്ലാത്ത ചില റെക്കോര്‍ഡുകളുടെ ഉടമയാണ് വിജയകൃഷ്ണന്‍ എന്ന ചലച്ചിത്ര നിരൂപകന്‍. മാസികത്താളുകളില്‍ സിനിമയെപ്പറ്റി നിരന്തരം എഴുതിയിരുന്ന വിജയകൃഷ്ണന്റെ പേര് കേരളം സഗൗരവം കേള്‍ക്കുന്നത് 1982ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ ബഹുമതി കേരളത്തില്‍ നിന്നൊരാള്‍ ആദ്യമായി നേടുന്നതോടെയാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വിജയകൃഷ്ണന്റെ ചലച്ചിത്ര സമീക്ഷ എന്ന ആ ഗ്രന്ഥത്തിനായിരുന്നു ബഹുമതി. കേരളത്തില്‍ ചലച്ചിത്ര ഗ്രന്ഥത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച് അതേര്‍പ്പെടുത്തിയ ആദ്യവര്‍ഷം, 1984ല്‍ അത് ആദ്യം നേടിയ എഴുത്തുകാരനാണ് വിജയകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചലച്ചിത്രത്തിന്റെ പൊരുള്‍ എന്ന പുസ്തകത്തിനായിരുന്നു അത്. തുടര്‍ന്ന് 1985 ല്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ മാറുന്നപ്രതിച്ഛായകള്‍, 1986ല്‍ സൂര്യ ഫിലിം സൊസൈറ്റി പ്രസിദ്ധീകരിച്ച കറുപ്പും വെളുപ്പും വര്‍ണങ്ങളും എന്നീ ഗ്രന്ഥങ്ങള്‍ക്കും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായി മൂന്നുവര്‍ഷം ഈ അവാര്‍ഡ് നേടിയ ഒരേയൊരു നിരൂപകനാണ് വിജയകൃഷ്ണന്‍. അതു മാത്രമല്ല, ചലച്ചിത്ര ഗ്രന്ഥത്തിന് ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന അവാര്‍ഡ് നേടിയ റെക്കോര്‍ഡും വിജയകൃഷ്ണന് സ്വന്തം.കോഴിക്കോട്ടെ ബോധി പബ്‌ളീഷിങ് ഹൗസ് പുറത്തിറക്കിയ കാലത്തില്‍ കൊത്തിയ ശില്‍പങ്ങള്‍ക്ക് 1991 ലും ക്‌ളാസിക്കുകള്‍ കോമാളനാടകങ്ങളാകുന്നതിന് 2005ല്‍ മികച്ച ചലച്ചിത്ര ലേഖനത്തിനും ചിന്ത പബ്‌ളീഷേഴ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യന് സിനിമയുടെ 100 വര്‍ഷങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കഥയ്ക്ക് 2013ലും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. മലയാളത്തില്‍ ഏറ്റവുമധികം ചലച്ചിത്രഗ്രന്ഥങ്ങള്‍ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്ത നിരൂപകനും വിജയകൃഷ്ണനല്ലാതെ മറ്റാരുമല്ല.
മലയാള ചലച്ചിത്ര ചരിത്രത്തിന് വിജയകൃഷ്ണന്റെ സുപ്രധാന സംഭാവന എന്നത് തീര്‍ച്ചയായും അന്തരിച്ച പി. ഗോവിന്ദപ്പിള്ള ചെയര്‍മാനായിരിക്കെ 1987ല്‍ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ പുറത്തിറക്കിയ മലയാള സിനിമയുടെ കഥ എന്ന സമഗ്രഗ്രന്ഥമാണ്. മലയാളത്തിലെ ആദ്യ സിനിമ നിര്‍മിക്കപ്പെട്ട വര്‍ഷവും അതിലഭിനയിച്ച നായികയുടെ ചരിത്രവും പോലും ഇന്നും തര്‍ക്കത്തിലും ദൂരൂഹതയിലും നില്‍ക്കെയാണ് വിജയകൃഷ്ണന്‍ ഏറെ പണിപ്പെട്ട് ആഴത്തില്‍ ഗവേഷണം നടത്തി അത്രമേല്‍ ആധികാരികമായി ഒരു ചരിത്രഗ്രന്ഥം മലയാള സിനിമയ്ക്ക് ഉണ്ടാക്കിത്തരുന്നത്. കേവലമൊരു ചരിത്രഗ്രന്ഥമായി മാറാമായിരുന്ന മലയാള സിനിമയുടെ കഥയെ മാറിയ സിനിമയുടെ ലാവണ്യ സൗന്ദര്യശാസ്ത്ര വീക്ഷണത്തില്‍ക്കൂടി വിവരിക്കുക വഴി ആധികാരികമായ റഫറന്‍സ് ഗ്രന്ഥമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ പില്‍ക്കാലത്ത് ഗവേഷണം നടത്തിയ എല്ലാപേര്‍ക്കുമുളള അടിസ്ഥാന റഫറന്‍സ് ഗ്രന്ഥമായി മലയാള സിനിമയുടെ കഥ. എന്നു മാത്രമല്ല, അതില്‍ വിജയകൃഷ്ണന്‍ ഉള്‍പ്പെടുത്തിയ ചില സാങ്കല്‍പിക നറേറ്റീവുകള്‍ പില്‍ക്കാലത്ത് ഗൗരവമുള്ള പഠനഗ്രന്ഥങ്ങളില്‍ സത്യമെന്ന മട്ടില്‍ ഉദ്ധരിക്കപ്പെട്ടിട്ടു പോലുമുണ്ട്.
ചരിത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല സിനിമയുടെ ഗുണത്തിന്റെ കാര്യത്തിലും തെല്ലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് വിജയകൃഷ്ണന്‍ എന്ന ചലച്ചിത്രനിരൂപകനെ ഇതര നിരൂപകരില്‍ നിന്ന് വിഭിന്നനാക്കിയത്. ചലച്ചിത്ര വിമര്‍ശനത്തില്‍ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു വിജയകൃഷ്ണന്‍. യാതൊരു തരത്തിലും പക്ഷപാതിത്വത്തിനോ നീക്കുപോക്കിനോ അദ്ദേഹം തയാറായില്ല. ഏത്ര ലബ്ധപ്രതിഷ്ഠനായ ചലച്ചിത്രകാരനാണെങ്കിലും ശരി, മുഖം നോക്കാതെ കൃതികളുടെ മെറിറ്റിന്‍മേല്‍ മാത്രം അദ്ദേഹം വിലയിരുത്തി. ഒട്ടും മയമില്ലാത്ത ഭാഷയില്‍ വ്യാജനാണയങ്ങളെ തൊലിയുരിച്ചു കാണിച്ചു. പ്രതീക്ഷയുള്ളവരെ പ്രോത്സാഹിപ്പിച്ചു. വ്യക്തിബന്ധങ്ങള്‍ പോലും അതിനു വിലങ്ങുതടിയാവാന്‍ സമ്മതിക്കാതെ നിഷ്‌കര്‍ഷമായ നിലപാട് സ്വീകരിച്ചു. അതദ്ദേഹത്തിന് ആവശ്യത്തിലേറെ ശത്രുക്കളെ സമ്പാദിച്ചു കൊടുത്തു എന്നതും സത്യം. മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി വാരിക, ഫിലിം മാഗസിന്‍ എന്നിവയിലൊക്കെ അദ്ദേഹം നിരന്തരം നല്ല സിനിമയെപ്പറ്റി, നല്ല സിനിമയ്ക്കു വേണ്ടി എഴുതി. മലയാള സിനിമ (1982),ചലച്ചിത്രവും യാഥാര്‍ത്ഥ്യവും (എഡി-1984), ലോകസിനിമ(1984),നേരിനു നേരെ പിടിച്ച കണ്ണാടി (1989), മറക്കാനാവാത്ത മലയാള സിനിമകള്‍ (2008),സിനിമയും തിരക്കഥയും (2009), സിനിമയും യാഥാര്‍ത്ഥ്യവും(2012),  ചിത്രശാല(2012), ഹോളിവുഡ് മുതല്‍ കിംകി ഡുക്ക് വരെ (2014) തുടങ്ങി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരനും വിജയകൃഷ്ണനല്ലാതെ മറ്റാരുമല്ല. ഇതില്‍ പലതും സിനിമയുടെ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയും ലോക/ഇന്ത്യന്‍/മലയാള സിനിമയുടെ ലാവണ്യാവസ്ഥകളെപ്പറ്റിയുമുള്ള ആധികാരിക റഫറന്‍സുകളാണ്.
ഏതുറക്കത്തിലും മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും ചരിത്രം അല്‍പം പോലും തെറ്റാതെ ഉദ്ധരിക്കാന്‍ കഴിവുള്ള ചരിത്രകാരനാണ് വിജയകൃഷ്ണന്‍. സിനിമയെപ്പറ്റിയുളള  ഏതു സംശയവുമായി കേരളത്തലെ പത്രസുഹൃത്തുക്കളും ചലച്ചിത്രപഠിതാക്കളും ഏതു പാതിരാത്രിക്കും  
വിളിക്കുന്നത് അദ്ദേഹത്തെയാണ്. സാഹിത്യത്തിന്റെ കാര്യത്തില്‍ അന്തരിച്ച എം.കൃഷ്ണന്‍ നായര്‍ക്കുണ്ടായിരുന്ന വ്യുല്‍പ്പത്തിയാണ് സിനിമയുടെ കാര്യത്തില്‍ വിജയകൃഷ്ണനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാകലയങ്ങളിലും ചലച്ചിത്ര പഠനവകുപ്പുകൡലും, സര്‍വകലാശാലകളിലും അദ്ദേഹം സിനിമ പഠിപ്പിക്കുന്നു. എത്രയോ ചലച്ചിത്രഗവേഷകര്‍ക്ക് അദ്ദേഹം വഴികാട്ടിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ മലയാളം വകുപ്പിനോട് ചേര്‍ന്നുള്ള ചലച്ചിത്ര പഠനവിഭാഗത്തില്‍ ആദ്യകാലം മുതലേ അതിഥി അധ്യാപകനുംഅക്കാദമിക് കൗണ്‍സിലംഗവുമായിരുന്നു. അദ്ദേഹം. സിനിമയുടെ, വിശേഷിച്ചും മലയാള സിനിമയുടെ ചരിത്രത്തെപ്പറ്റി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ യുക്ത്യധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളുള്ള ചലച്ചിത്രചരിത്രകാരന്‍ കൂടിയാണ് വിജയകൃഷ്ണന്‍. അതുകൊണ്ടാണ് മലയാള സിനിമയുടെ നവതി ആഘോഷിക്കുന്നതിനിടെ വിഗതകുമാരന്റെ റിലീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കര്‍ക്കശമായ സ്വന്തം നിലപാടിലുറച്ചു നിന്ന് അതിനുവേണ്ടി സയുക്തികം അദ്ദേഹം വാദിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ജെ.സി.ഡാനിയല്‍ മണിര്‍കാട് മാത്യു, ചേലങ്ങാട് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരോട് നേരില്‍ പറഞ്ഞിട്ടുള്ള കഥകളുടെ കൂടി അടിസ്ഥാനത്തില്‍ വിഗതകുമാരന്‍ പുറത്തിറങ്ങിയത് 1928ല്‍ത്തന്നൊയാണ്.
ആധുനികതയുടെ ലാവണ്യലക്ഷണം പ്രകടമാക്കിയ സാര്‍ത്ഥവാഹകസംഘം, ബ്രഹ്‌മപുരത്തേക്കുള്ള വണ്ടി അടക്കം ഒരു ഡസനിലധികം നോവലുകള്‍ രചിച്ചിട്ടുള്ള വിജയകൃഷ്ണന്റെ സാഹിത്യരചനകള്‍ ചലച്ചിത്ര നിരൂപണത്തിന്റെ പ്രഭാവത്തിനിടെ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയി എന്നതാണ് സത്യം.ബാലസാഹിത്യകാരന്‍ എന്ന നിലയ്ക്കും ശ്രദ്ധേയമായ ചില സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
സിനിമയിലും മിനിസ്‌ക്രീനിലും വിജയകൃഷ്ണന്‍ തന്റെ സാന്നിദ്ധ്യം അവഗണിക്കാനാവാത്തവിധം സ്ഥാപിച്ചിട്ടുള്ളത് മറന്നുകൂടാ.
ആഖ്യാനത്തിലും ആഖ്യാനകത്തിലും ഏറെ സവിശേഷത പുലര്‍ത്തിയ ദൃശ്യപരീക്ഷണം തന്നെയായിരുന്ന 1986 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമായ നിധിയുടെ കഥ. മൂരളിയും ജലജയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് പില്‍ക്കാലത്ത ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രാഹകനും സംവിധായകനുമായിത്തീര്‍ന്ന സന്തോഷ് ശിവന്റെ ഛായാഗ്രാഹകനായുള്ള അരങ്ങേറ്റം. ശിവന്‍സ് സ്റ്റുഡിയോയുമായുള്ള അടുപ്പത്തില്‍ നിന്ന് സന്തോഷിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ വിജയകൃഷ്ണനാണ് സന്തോഷിനെ സിനിമയിലേക്ക് ആനയിക്കുന്നത്. കമണ്ഡലു (1989),മാന്ത്രികന്റെ പ്രാവ് (1994), മയൂരനൃത്തം (1996), ദലമര്‍മ്മരങ്ങള്‍ (2009), ഉമ്മ(2011) തുടങ്ങിയ ചലച്ചിത്രങ്ങള്‍ കൂടി സംവിധാനം ചെയ്ത അദ്ദേഹം കവിയുടെ ഒസ്യത്ത് (2017)എന്ന സിനിമയ്ക്ക് തിരക്കഥയുമെഴുതി. മികച്ച ബാലതാരമായി ശ്രദ്ധിക്കപ്പെട്ട വിനീത് ആയിരുന്നു കവിയുടെ ഒസ്യത്തിന്റെ സംവിധായകനെങ്കില്‍ ഇന്ത്യകണ്ട സൂപ്പര്‍ താരങ്ങളിലൊരാളായി വളര്‍ന്ന നടന്‍ വിക്രമിന്റെ നായകനായി അരങ്ങേറുന്നത് വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങളിലൂടെയാണ്. അതുവരെ ബഹുതാരസിനിമകളില്‍ പാര്‍ശ്വവേഷങ്ങളില്‍ തളച്ചിട്ടപെട്ടയാളായിരുന്നു വിക്രം.
1991ല്‍ മികച്ച കുട്ടികളുടെ പരിപാടിക്കുള്ള സംസ്ഥാന ടിവി അവാര്‍ഡ് നേടിയ ഒരിടത്തൊരിക്കല്‍, 1998ല്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ പട്ടോലപ്പൊന്ന് അടക്കം നിരവധി ടിവി സീരിയലകളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. 
സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷന്‍ നിര്‍വാഹകസമിതിയംഗം, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം, ദേശീയ,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയംഗം, സംസ്ഥാന ടിവി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍, ചലച്ചിത്രമേളകളിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുസമിതികളില്‍ അംഗം, സംസ്ഥാന ചലച്ചിത്ര രചനാ അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍, സെന്‍സര്‍ ബോര്‍ഡംഗം, കേരള സ്‌റ്റേറ്റ് എന്‍സൈക്ലോപീഡിയക്ക് പബ്‌ളിക്കേഷന്‍സ് ഉപദേഷ്ടാവ്,കോണ്‍ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആര്‍ടിസ്റ്റ്‌സ് കൊമ്മേഴ്‌സ്യല്‍ ഓപ്പറേറ്റേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് (കോണ്‍ടാക്ട്) പ്രസിഡന്റ്, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി, കേരള ടിവി ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാനും സെന്‍സര്‍ ബോര്‍ഡ് അംഗവുമാണ്.
സാധുശീലന്‍ എന്നറിയിപ്പെട്ടിരുന്ന പില്‍ക്കാലത്ത് സ്വാമി പരമേശ്വരാനന്ദയായിത്തീര്‍ന്ന കെ പരമേശ്വരപിള്ളയുടെയും വിജയമ്മയുടെയും മകനായി 1952 നവംബര്‍ 5-ന് തിരുവനന്തപുരത്ത് മലയിന്‍കീഴിലാണ് വിജയകൃഷ്ണന്റെ ജനനം. ആശയാണ് ഭാര്യ. മകള്‍ ഡോ.ശ്രുതി വാഗമണിലെ ഡിസിഎസ്മാറ്റില്‍ അധ്യാപികയാണ്. യുവ ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ യദുവിജയകൃഷ്ണനാണ് മകന്‍.
ദേശീയ സംസ്ഥാന ബഹുമതികള്‍ക്കു പുറമേ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, മാധ്യമപഠനകേന്ദ്രം അവാര്‍ഡ്, സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള റോട്ടറി അവാര്‍ഡ്, ചലച്ചിത്ര നിരൂപണത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം തുടങ്ങിയ പല സമ്മാനങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ചലച്ചിത്രസാഹിത്യത്തില്‍ മാത്രമായി തളച്ചിടാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമെന്നു തന്നെ കരുതണം അദ്ദേഹത്തിന് അര്‍ഹതപ്പെട്ട പല ബഹുമതികളും ഇനിയും ലഭിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. പ്ത്മശ്രീയോ ജെ.സി.ഡാനിയല്‍ അവാര്‍ഡോ കിട്ടിയില്ല എന്നതുകൊണ്ട് പക്ഷേ വിജയകൃഷ്ണന്‍ മലയാള സിനിമയ്ക്ക്, സിനിമയുടെ ചരിത്രത്തിന്, അതിന്റെ സൗന്ദര്യശാസ്ത്രപരമായ വളര്‍ച്ചയ്ക്ക് അക്ഷരങ്ങളിലൂടെ നല്‍കിയ സംഭാവനകള്‍ മാനിക്കപ്പെടാതിരിക്കാന്‍ പോകുന്നില്ല. കാലമെത്ര ചെന്നാലും, മാധ്യമങ്ങളുടെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞാലും മലയാള സിനിമയുടെ ചരിത്രം വിജയകൃഷ്ണന്റെ വാക്കുകളിലൂടെത്തന്നെയായും ഭാവിതലമുറയും അറിയാനിടവരികയെന്നതില്‍ സന്ദേഹമില്ല.

@53rd IFFI 2022




 


















Tuesday, November 15, 2022

വിശ്വാസത്തിന്റെ ഉപ്പ്


എ.ചന്ദ്രശേഖര്‍

വിശ്വാസം മനോരോഗമാവരുത് എന്ന് പ്രമുഖ ഛായാഗ്രാഹകന്‍ സണ്ണിജോസഫ് രചിച്ച് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമയായ ഭൂമിയുടെ ഉപ്പിലെ സെമിനാരി അധിപനായ വലിയച്ചന്‍ ഫാ ഫ്രാന്‍സിസ് തീവ്രനിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന ഫാ തോമിസിനോട് ഒരിടത്ത് പറയുന്നുണ്ട്. മനുഷ്യമനസിനെ, മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മതവിശ്വാസം എങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്നും മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്നതെന്നും ദൈവത്തിന്റെ പേരില്‍ മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഭൂമിയുടെ ഉപ്പ്. തീര്‍ത്തും ബിബ്‌ളിക്കലായ ബിംബങ്ങളിലും പശ്ചാത്തലത്തിലും ഊന്നി നിന്നുകൊണ്ട്, ഒരു സെമിനാരി ആശ്രമത്തിലെ ഏതാനും ശെമ്മാശന്മാരുടെ ജീവിതത്തിലെക്ക് ക്യാമറ തുറന്നുവച്ചുകൊണ്ടാണ് സണ്ണി ജോസഫ് വിശ്വാസം അന്ധവും ചരിത്രനിഷേധവുമാവുന്നതിലെ ധാര്‍മ്മിക/ദാര്‍ശനിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള വൈരൂദ്ധ്യാത്മകതയും വിശ്വാസത്തിന്റെ ആന്തരിക-ബാഹ്യസംഘര്‍ഷങ്ങളും പ്രതിപാദിക്കുന്നുണ്ട് ഭൂമിയുടെ ഉപ്പ്.

കേരളത്തിലെ ഏതോ ഒരു മലയോരത്തുള്ള ക്രൈസ്തവ ആശ്രമമമാണ് ഭൂമിയുടെ ഉപ്പിന്റെ പ്രധാന ഭൂമിക. ജീവിതത്തിലെ വിവിധ തുറകളില്‍ നിന്ന് ദൈവശാസ്ത്രം പഠിക്കാനും പൗരോഹിത്യം നേടാനും പരിശീലിക്കാനെത്തിയിട്ടുള്ള മൂന്നു ചെറുപ്പക്കാര്‍. അവര്‍ക്കു തുണയായി വര്‍ത്തിക്കുന്ന, അവരുടെ സന്ദേഹങ്ങളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഋഷിയച്ചന്‍. ഈശ്വരസേവ അതിന്റെ എല്ലാ ഹൃദയനൈര്‍മല്യത്തോടും കൂടി ഏറ്റെടുത്തു നിര്‍വഹിക്കുന്ന വലയിച്ചന്‍. വിശ്വാസത്തെ അന്ധവിശ്വാസമാക്കുന്ന തീവ്രനിലപാടുകളുമായി വാഴുന്ന ഫാ. തോമസ് ഇവരൊക്കെ ചേര്‍ന്നതാണ് ആ കൊച്ചു സെമിനാരി. ദൈവത്തെപ്പറ്റി, ദൈവത്തിന്റെ ഇടപെടലുകളെ പറ്റി, ദൈവത്തിന്റെ നിലനില്‍പ്പിനെപ്പറ്റിത്തന്നെയുള്ള നിരവധി സന്ദേഹങ്ങളും സംശയങ്ങളുമുണ്ട് അവിടെ ദൈവശാസ്ത്രം പഠിക്കാനെത്തുന്ന പുരോഹിതവിദ്യാര്‍ത്ഥികള്‍ക്ക്. ചോര കണ്ടാല്‍ തലചുറ്റി വീഴുന്നവനാണ് അതിലൊരാള്‍. ചിത്രത്തില്‍ നായകകര്‍തൃത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇമ്മാനുവല്‍ (മിഥുന്‍) ആവട്ടെ അനാഥനാണ്. പ്രസവത്തോടെ അമ്മയെ നഷ്ടമായവന്‍. അതുകൊണ്ടു തന്നെ അമ്മ അവന് അത്രമേല്‍ പ്രധാനപ്പെട്ട വികാരമാണ്, നിഷേധിക്കപ്പെട്ട സ്‌നേഹമാണ്. ഈശ്വരസേവനവും പൊതുജനസേവനവുമൊക്കെയായി കഴിയുന്ന ആശ്രമജീവിതത്തില്‍് ബൈബിളിലെ ചില മൗനങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിന് എത്തിച്ചേരുന്ന സോഫി എന്ന ഗര്‍ഭിണിയുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളാണ് ഭൂമിയുടെ ഉപ്പിന്റെ കഥാവസ്തു. ഒപ്പം, മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യാത്മകതയും സമാന്തരാഖ്യാനമായി ചിത്രം കൈകാര്യം ചെയ്യുന്നു.

ആശ്രമത്തില്‍ സ്ഥാപിക്കുന്ന ടെലിവിഷനിലെ ലോകവാര്‍ത്തകളില്‍ മതത്തിന്റെ/മതാന്ധ്യത്തിന്റെ പേരില്‍ നടത്തുന്ന തീവ്രവാദാക്രമണങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെയും ജീവന്‍ നഷ്ടപ്പെടുന്നവരുടെയും വാര്‍ത്ത കാണുന്ന ഇമ്മാനുവല്‍ ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ക്ക് താങ്ങാവാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും എന്ന് ഋഷി(ജയദീപ്)യച്ചനോട് ആരായുന്നുണ്ട്. മനുഷ്യന്റെ കണ്ണീരു തുടയ്ക്കാത്ത ദൈവത്തിന്റെ സാന്നിദ്ധ്യം എങ്ങനെ ഉറപ്പിക്കാനാവും എന്നാണ് അയാള്‍ ഉന്നയിക്കുന്ന പ്രശ്‌നം. സത്യത്തില്‍ ദൈവം മനുഷ്യമനസുകളുടെ അകത്താണോ പുറത്താണോ എന്നൊരു സങ്കീര്‍ണമായ ദാര്‍ശനികപ്രശ്‌നവും സിനിമ മുന്നോട്ടുവയ്ക്കുന്നു. സന്ദേഹിയായ ഇമ്മാനുവലിനെ വിശ്വാസത്തിന്റെ ആന്ധ്യത്തിലേക്ക് എളുപ്പം തളച്ചിടാന്‍ തീവ്രവാദിയായ ഫാ.തോമസിന് ഒരു പരിധിവരെ സാധ്യമാവുന്നു. അവന്റെ ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങളെ എല്ലാം സാത്താന്റെ ചെയ്തികള്‍ എന്ന ന്യായത്തോടെ ബാധനീക്കലടക്കമുള്ള അന്ധവിശ്വാസത്തിലേക്കാണ് ഫാ തോമസ് നേരിടുന്നത്. വിശ്വാസത്തിന്റെ ദൈവശാസ്ത്രപരവും ദൈവനിഷേധപരവുമായ രണ്ട് ധാരകളെയാണ് ആശ്രമത്തിലെ ഫാ ഫ്രാന്‍സിസ് എന്ന വലിയച്ചന്റെയും(ഗംഗാധരമേനോന്‍) ഫാ തോമസി (രഘൂത്തമന്‍)ലൂടെയും സംവിധായകന്‍ വരഞ്ഞിടുന്നത്.

ബൈബിള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞ സ്ത്രീസാന്നിദ്ധ്യത്തെ, ഫാ തോമസ് ക്രിസ്തുവിനെ പ്രണയിച്ച തേവിടിശ്ശിയായി കണക്കാക്കുന്ന മഗ്ദലന മറിയത്തെ കണ്ടെത്താനുളള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉത്തരേന്ത്യയിലെവിടെ നിന്നോ നായികയായ സോഫി(അരുഷിക ദേ) യുടെ വരവ്. വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ചരിത്രം ബോധപൂര്‍വം തിരസ്‌കരിച്ച സ്ത്രീയെ കണ്ടേത്തുകയെന്ന അവളുടെ ലക്ഷ്യം അത്രയെളുപ്പമല്ല. കാരണം അത്രമേല്‍ ആഴത്തില്‍ മനുഷ്യമനസുകളില്‍ അടിയുറച്ചിട്ടുളള വിശ്വാസത്തെ മാറ്റിമറിക്കുക എളപ്പുമല്ലെന്നതു തന്നെ. സ്വാഭാവികമായി ഫാ.തോമസിന് അവളെ, അവളുടെ ഗവേഷണത്തെ അംഗീകരിക്കാനാവുന്നില്ല. സാത്താന്റെ പ്രതിരൂപമായിട്ടാണ് അയാള്‍ അവളെ കണക്കാക്കുന്നത്. ആശ്രമത്തിലെ ദൈവസാന്നിദ്ധ്യത്തിലേക്ക് ചില ലക്ഷണങ്ങളായി സാത്താന്റെ കടന്നുവരവിനെ അദ്ദേഹം പ്രവചിക്കുന്നുണ്ട്. അതിനായി ബൈബിളില്‍ സാത്താന്റെ ബിംബമായി ഉപയോഗിക്കുന്ന സര്‍പ്പത്തെ ചിത്രത്തിലുപയോഗിക്കുന്നുമുണ്ട്. അവളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇമ്മാനുവലിനെ ഉപദേിക്കുന്നുമുണ്ട്. വന്ദ്യവയോധികനായ വലിയച്ചന്‍ സാത്താന്‍ സേവികയായ സോഫിയുടെ പിടിയിലായെന്നുവരെ ആരോപിക്കാന്‍ മുതിരുന്ന ഫാ തോമസ്, ഇമ്മാനുവലിലൂടെ അവളെ ഉന്മൂലനം ചെയ്യാനാണ് പരിശ്രമിക്കുന്നത്. മനുഷ്യന് പറുദീസ അന്യമാക്കുന്ന ഹവ്വയുടെ പ്രതിനിധിയായിട്ടാണ് സോഫിയെ അദ്ദേഹം ഇമ്മാനുവലിനു മുന്നിലവതരിപ്പിക്കുന്നത്. വിശ്വാസത്തിനു വേണ്ടി, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അവളെ ബലിയാക്കാനാണ് ഫാ തോമസ് ഇമ്മാനുവലിനെ നിരന്തരം പ്രേരിപ്പിക്കുന്നത്.

സ്വതവേ പ്രകൃതിയെ സ്‌നേഹിക്കുന്ന, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്ന ഒരു നിഷ്‌കളങ്കനാണ് ഇമ്മാനുവല്‍. എന്നാല്‍ തോമസച്ചന്റെ ദുസ്വാധീനത്താല്‍ അവന്‍ പോലുമറിയാതെ അവന്റെ മനസ് കളങ്കപ്പെടുകയാണ്. പുരുഷസഹജമായ വാസനകൊണ്ട് ഗസ്റ്റ് ഹൗസില്‍ കുളിക്കുന്ന സോഫിയെ ഒളിഞ്ഞുനോക്കുന്നതില്‍ പശ്ചാത്തപിക്കുന്ന ഇമ്മാനുവല്‍ ആ പാപഭാരത്തില്‍ നിന്ന് മോചിതനാവാന്‍ പണിപ്പെടുകയാണ്. വിശ്വാസത്തിന്റെ പേരില്‍ യുക്തിക്കു നിരക്കാത്ത പലതും അയാള്‍ കാണുന്നു, കേള്‍ക്കുന്നു. സോഫിയെപ്പോലും സാത്താന്റെ സേവകയായിക്കാണുന്ന മായാദര്‍ശനങ്ങള്‍ അയാള്‍ക്കുണ്ടാവുന്നു. അതിന്റെ പരിണിതിയായി തോമസച്ചന്റെ പ്രേരണകളുടെ പരമകാഷ്ഠയില്‍ ക്രിസ്മസ് രാത്രിയില്‍ അവളെ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് ആയുധവുമായി അതിഥിമന്ദിരത്തിലെത്തുന്ന അയാള്‍ നിറഗര്‍ഭിണിയായ അവള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ അതിനുള്ള ശുശ്രൂഷകനായി മാറാന്‍ നിയുക്തനാവുകയാണ്. മാതൃത്വനിഷേധം ഒരു തീരാവേദനയായി കൂടെക്കൊണ്ടുനടക്കുന്ന അയാള്‍ക്കത് വെളിപാടിന്റെ നിമിഷങ്ങളാവുന്നു. സെമിനാരി വിട്ട് ശിഷ്ടകാലം സോഫിയുടെ സംരക്ഷകനായി അവളുടെ കുഞ്ഞിന്റെ സംരക്ഷകനായി അയാളിറങ്ങിപ്പുറപ്പെടുന്നിടത്താണ് ഭൂമിയുടെ ഉപ്പ് അവസാനിക്കുന്നത്.

ആദ്യവസാനം ബൈബിള്‍ അധിഷ്ഠിത ബിംബങ്ങളും ഉദ്ധരണികളും കൊണ്ടു സമ്പന്നമായൊരു ചലച്ചിത്ര സ്വരൂപമാണ് ഭൂമിയുടെ ഉപ്പ്. അതില്‍ ഭൗതികജീവിതത്തില്‍ മതത്തോടൊപ്പം തന്നെ മുതലാളിത്തരാഷ്ട്രീയം എങ്ങനെ മനുഷ്യജീവിതത്തെ ചൂഷണം ചെയ്യുന്നു എന്നും ഫാക്ടറി കേന്ദ്രീകരിച്ചുള്ള സമാന്തര കഥാനിര്‍വഹണത്തിലൂടെ സണ്ണി ജോസഫ് കാണിച്ചു തരുന്നു. തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും മുന്‍കരുതലുമെടുക്കാത്ത ഫാക്ടറി മാനേജ്‌മെന്റിനെതിരേ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. അവരുടെ സഹനസമരത്തിന് നേതൃത്വം നല്‍കുന്ന സഖാവ് ജോര്‍ജ്ജി(വി.കെ.ശ്രീനിവാസന്‍)ന് വിമോചനകനായ ക്രിസ്തുവിന്റെ ഛായാനിഴലാണുള്ളത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി, അവര്‍ നേരിടുന്ന അധികാര ചൂഷണത്തിനെതിരേ അവരെ സംഘടിപ്പിക്കുകയും അവരുടെ വിമോചനത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന അയാള്‍ക്കൊടുവില്‍ അധികാരികളില്‍ നിന്നു നേരിടേണ്ടി വരുന്നത് യേശുക്രിസ്തുവിന് നേരിടേണ്ടിവന്നതുപോലെ കൊടും പീഡനമാണ്.

യഥാതഥമായ ആഖ്യാനശൈലിയല്ല ഭൂമിയുടെ ഉപ്പിലേത്. തീര്‍ത്തും യഥാതഥമെന്ന നിലയ്ക്ക് തുടങ്ങുകയും പിന്നീട് പലയിടത്തും ഫാന്റസിയുടെ തലങ്ങളിലേക്ക് മാറുകയും ചെയ്യുന്ന ആഖ്യാനശൈലിയാണ് സണ്ണിയുടെ കഥയെ ആസ്പദമാക്കി സണ്ണിയും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ചേര്‍ന്നു തിരക്കഥ രചിച്ച ഊ സിനിമയുടേത്.

മലയാള സിനിമയില്‍ ജി അരവിന്ദനും, അടൂര്‍ ഗോപാലകൃഷ്ണനും, ഷാജി എന്‍ കരുണിനും, ടി വി ചന്ദ്രനും എം.ടിക്കും ഒപ്പം ഛായാഗ്രാഹകനായിട്ടുള്ള ഒരേയൊരാളാണ് സണ്ണി ജോസഫ്.പമേല റൂക്ക്‌സിന്റെ ട്രെയിന്‍ ടൂ പാക്കിസ്ഥാന്റെയും ബുദ്ധദേവ് ദാസ്ഗുപ്തയുടെ ജനലയുടെയും ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ വേറിട്ട ചലച്ചിത്ര സങ്കല്‍പം വെളിപ്പെടുത്തുന്നതാണ് പുതുമുഖങ്ങളെ മാത്രം വച്ചു നിര്‍മ്മിച്ച ഭൂമിയുടെ ഉപ്പ്. നാടക നടനായ രഘൂത്തമനും വി.കെ.ശ്രീനിവാസനുമൊഴികെ മറ്റെല്ലാവരും അറിയപ്പെടാത്ത മുഖങ്ങളാണീ സിനിമയില്‍. ഇടയ്ക്ക് ആശ്രമവാസികളുടെ ആന്തരികമാനം ആവിഷ്‌കരിക്കുന്ന അത്താഴ രംഗങ്ങളില്‍ മറ്റെങ്ങും കാണിക്കാത്ത മൂന്നാമതൊരു പുരോഹിതനായി ഒരു കാമിയോ റോളില്‍ സണ്ണിയും എത്തുന്നു.അന്തരിച്ച ഐസക് തോമസ് കോട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ ആത്മാവ്. അരുണ്‍ അജിത്ത്, സൗമിക് ബര്‍മ്മന്‍, അനില്‍ സണ്ണി എന്നിവര്‍ ചേര്‍ന്നു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ഭൂമിയുടെ ഉപ്പ് രാമുവും അരവിന്ദും ചേര്‍ന്ന് സന്നിവേശിച്ചിരിക്കുന്നു.

ദാര്‍ശനികമായ തിരക്കഥയാണ് ഈ സിനിമയുടെ ബലം. എന്നാല്‍, ചിത്രാദ്യത്തില്‍ നാന്ദിപോലെ അവതരിപ്പിച്ചിട്ടുളള മലയാറ്റൂര്‍ മലകയറ്റവും ചിത്രാന്ത്യത്തോടടുത്തു സന്നിവേശിച്ചിട്ടുള്ള ക്രിസ്മസ് ആഘോഷങ്ങളും കുറച്ചധികം നീണ്ടു പോയതു പോലെ തോന്നി. സന്നിവേശത്തില്‍ അല്‍പം കൂടി മിതത്വം പുലര്‍ത്താന്‍ നിഷ്‌കര്‍ഷിച്ചിരുന്നുവെങ്കില്‍ കുറേക്കൂടി മികച്ചൊരു ചലച്ചിത്രസ്വരൂപമായി മാറുമായിരുന്ന ചിത്രമാണിത്.

അതിയാര്‍ത്ഥ്യത്തിന്റെയോ അമിതയാഥാര്‍ത്ഥ്യത്തിന്റെയോ ഒക്കെ ആഖ്യാനത്തില്‍ തളച്ചിടപ്പെട്ട സമകാലിക മലയാള സിനിമയില്‍ സിനിമയെ ഗൗരവമുള്ള ദാര്‍ശനിക ചിന്തയ്ക്കുള്ള ബൗദ്ധികോപാധിയായി കണക്കാക്കുന്ന ചലച്ചിത്രകാരന്മാരുടെ കുറ്റിയറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സണ്ണി ജോസഫ് നിര്‍മിച്ചു സംവിധാനം ചെയ്ത ഭൂമിയുടെ ഉപ്പ്.


Friday, October 28, 2022

ശ്രീഎ.ചന്ദ്രശേഖറിന് ആശംസകള്‍

ഗോവയില്‍ നടക്കുന്ന 53-ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ പനോരമ നോണ്‍ ഫീച്ചര്‍ ജൂറിയംഗമായി തെരഞ്ഞെടുക്കപ്പെട്ട കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ശ്രീഎ.ചന്ദ്രശേഖറിന് ആശംസകള്‍ 
തേക്കിന്‍കാട് ജോസഫ്
ജനറല്‍ സെക്രട്ടറി
#IFFI53

Wednesday, September 21, 2022

ജംപ് കട്ട്

എ.ചന്ദ്രശേഖര്‍

അന്‍പതുകളില്‍ ലോക സിനിമയില്‍ ഹോളിവുഡ് വാണിജ്യപരമായ അതിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇതല്ല സിനിമ, ഞങ്ങളുടെ സിനിമ ഇങ്ങനെയല്ല എന്ന പ്രഖ്യാപനവുമായി ഒരു സംഘം യുവനിരൂപകര്‍ ഫ്രാന്‍സില്‍ സിനിമയെ പുനര്‍നിര്‍വചിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്.1951 ല്‍ ആ്രന്ദ ബാസിന്‍, ഴാക്ക് വാല്‍ക്രോസ് ജോസഫ് മേരി ലൂ ഡ്യൂക്ക എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച കയേ ദൂ സിനിമ (രമവശലൃ െറൗ ഇശിലാമ) എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ദൃശ്യമാധ്യമത്തെപ്പറ്റി ചിന്തയിലും വീക്ഷണത്തിലും സമാനതകളില്ലാത്ത കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയ അവര്‍ നല്ല സിനിമയ്ക്കു വേണ്ടിയും, വ്യവസ്ഥാപിത സിനിമയ്‌ക്കെതിരേയും നിരന്തരം എഴുതിക്കൊണ്ടു മുന്നോട്ടുവരുന്നത്. റോബര്‍ട്ട് ബ്രസന്‍, ഴാങ് ക്വക്തോ, അലക്സാണ്ടര്‍ അസട്രുക്, ഴാക്ക് റിവറ്റ്, ക്ലോദ് ഷാബ്രോള്‍, എറിക്ക് റോമര്‍, ഫ്രാങ്കോ ത്രൂഫോ തുടങ്ങിയ ആ സംഘത്തിലെ പ്രമുഖനായിരുന്നു പാരീസില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ പോള്‍ ഗൊദ്ദാര്‍ദ്ദിന്റെയും ഫ്രഞ്ചുകാരിയായ നീ മോനോദിന്റെയും മകനായ ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ.് 

വ്യവസ്ഥാപിത സിനിമയെ നഖശിഖാന്തം പല്ലും നഖവും ഉപയോഗിച്ച് മുഖം നോക്കാതെ വിമര്‍ശിച്ചു തള്ളുക മാത്രമല്ല, തങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സിനിമ എന്തെന്നു കാണിച്ചുകൊടുക്കാന്‍ അവരില്‍ പലരും പിന്നീട് സ്വന്തമായി, സ്വതന്ത്രമായി സിനിമയുണ്ടാക്കുകയും ചെയ്തു. ആ സിനിമകളിലൂടെയാണ,് സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിയ ഫ്രഞ്ച് നവതരംഗപ്രസ്ഥാനം (എൃലിരവ ചലം ംമ്‌ല) ഉടലെടുക്കുന്നത്. ലോകസിനിമയുടെ അലകും പിടിയും ഛന്ദസും ചമത്കാരവും തന്നെ പുനര്‍നിര്‍വചിച്ച ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിലേക്കു വഴിവെട്ടിയ കയേ ദു സിനിമയില്‍ സിനിമയുടെ വ്യാകരണത്തെയും ആഖ്യാനത്തെയും കുറിച്ച് അന്നത്തെ കാലത്ത് വിറളിപിടിച്ച വിപ്‌ളവകരമായ ചിന്തകള്‍ പങ്കുവച്ചും പരമ്പരാഗത സിനിമയെ പുത്തന്‍ കാഴ്ചശീലങ്ങളുടെ മാനദണ്ഡങ്ങള്‍ വച്ച് വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുകയും ചെയ്ത ലേഖനങ്ങളിലൂടെയാണ് ഗൊദ്ദാര്‍ദ്ദ് ചലച്ചിത്രനിര്‍മാണത്തിലേക്കു കടക്കുന്നത്.

പൊതുവേ വിഗ്രഹങ്ങളെ നിര്‍മ്മിക്കുന്ന വ്യവസായമാണ് സിനിമ എന്നാണു വയ്പ്പ്. താരവ്യവസ്ഥയേയും അതിനോടനുബന്ധിച്ചുള്ള ഹോളിവുഡ് പോലുള്ള മൂലധനാധിഷ്ഠിത-സ്റ്റുഡിയോ കേന്ദ്രീകൃത വ്യവസായവ്യവസ്ഥിതിയേയും  ഫ്രഞ്ച് നവതരംഗം ഒറ്റക്കെട്ടായി നേരിട്ടു. അതില്‍ മുന്‍നിരപ്പോരാളിയായി ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ് അവസാന സിനിമ വരെ നിലകൊണ്ടു. ആഖ്യാനത്തിലും ആഖ്യാനകത്തിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളെയും അദ്ദേഹം സ്വന്തം സൃഷ്ടികളിലൂടെ ചോദ്യം ചെയ്തു. ദൃശ്യഭാഷയുടെ അതുവരെയുള്ള എല്ലാ നടപ്പുരീതികളെയും ശീലങ്ങളെയും നവതരംഗചലച്ചിത്രപ്രസ്ഥാനത്തിനൊപ്പം നിന്നുകൊണ്ട് വെല്ലുവിളിച്ചു; പൊളിച്ചെഴുതി. തന്റെ തന്നെ ചലച്ചിത്രശൈലിയെ പോലും പില്‍ക്കാല ചിത്രങ്ങളില്‍ അദ്ദേഹം നിര്‍ദ്ദാക്ഷിണ്യം ചോദ്യം ചെയ്യുകയും പൊളിച്ചടുക്കുകയും ചെയ്തു.

കയേ ദു സിനിമയില്‍ ലേഖകനായിരിക്കെത്തന്നെയാണ് ഗൊദ്ദാര്‍ദ്ദ് തന്റെ സിനിമാപരീക്ഷണങ്ങളാരംഭിക്കുന്നത്. അണ്‍ ഫെമ്മി കൊക്വത്ത് (1955) തുടങ്ങിയ ചില ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു അത്. എന്നാല്‍ 1960ല്‍ ബ്രത്ത്‌ലെസ് എന്ന ചിത്രത്തിലൂടെയാണ് ഗൊദ്ദാര്‍ദ്ദ് എന്ന ചലച്ചിത്രകാരന്റെ പേര് ലോകസിനിമയില്‍ സുവര്‍ണാക്ഷരങ്ങളാല്‍ ലിഖിതപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും മലയാളമടക്കമുള്ള സിനിമയില്‍ മായാനദിയടക്കം പല രചനകള്‍ക്കും പ്രചോദകമാകുന്ന ബ്രത്ത്‌ലെസ് ആഖ്യാനത്തില്‍ മാത്രമല്ല, ആഖ്യാനകത്തിലും പരീക്ഷണങ്ങളൊരുപാട് നടത്തി. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കള്ളനും കൊലപാതകിയുമായ നായകനെ അവതരിപ്പിക്കുക വഴി, സാമൂഹികജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാക്കി സിനിമയെ മാറ്റുകയായിരുന്നു ഗൊദ്ദാര്‍ദ്ദ്. ഇതിവൃത്തത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന പതിവ് സിനിമാവഴക്കങ്ങള്‍ കാറ്റില്‍പ്പറത്തി, ഉത്തരമില്ലാത്ത പ്രശ്‌നങ്ങള്‍ സമൂഹസമക്ഷം അവതരിപ്പിച്ചുകൊണ്ടാണ് ഗൊദ്ദാര്‍ദ്ദ് സിനിമയെ തന്റെ ആവിഷ്‌കാരമാധ്യമമാക്കിയത്. ക്യാമറയിലും എഡിറ്റിങിലും നിര്‍ണായകവും വിപ്‌ളവകരവും കുറെയൊക്കെ ഭ്രാന്തവുമായ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ത്തന്നെ, ഉള്ളടക്കത്തിലും ഇത്തരത്തില്‍ സമാനതകളില്ലാത്ത പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മടിച്ചില്ല.വൈകാരികത നിറഞ്ഞ രംഗങ്ങളില്‍ കഥാപാത്രങ്ങള്‍ പെട്ടെന്ന് ക്യാമറയെ നോക്കി സംസാരിക്കുക, രണ്ടു പേര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ചെയ്തികളില്‍ ക്യാമറ തിരിക്കുക  പോലുള്ള സറിയലിസ്റ്റ് എന്നു പോലും തോന്നിപ്പിക്കാവുന്ന വിധത്തിലുള്ള ശൈലിയൊക്കെ യാതൊരു സന്ദേഹവും കൂടാതെ അദ്ദേഹം സ്വന്തം സിനിമകളില്‍ ഉള്‍ക്കൊള്ളിച്ചു. സിനിമയുടെ വ്യാകരണം വ്യവസ്ഥ ചെയ്യുന്ന കണ്ടിന്യൂയിറ്റി തുടങ്ങിയ യുക്തികളെയൊക്കെ ഔചിത്യമില്ലെന്നു തോന്നിപ്പിക്കുംവിധം ക്രൂരമായി അദ്ദേഹം തച്ചുതകര്‍ത്തു. ജംപ് കട്ട് പോലുളള സങ്കേതങ്ങളിലൂടെ സെല്ലുലോയ്ഡില്‍ പുതിയ സാധ്യതകള്‍ തേടി. സിനിമ എന്താണെന്ന നിര്‍വചനത്തെത്തന്നെ സ്വന്തം സിനിമകളിലൂടെ നിരന്തരം പൊളിച്ചടുക്കുകയും പുനര്‍ക്രമീകരിക്കുകയും പുനര്‍നിര്‍വചിക്കുകയും ചെയ്തു.പ്രേക്ഷകര്‍ക്കു ദഹിക്കുമോ എന്നതല്ല പ്രേക്ഷകരെ തങ്ങളേക്കാള്‍ ബുദ്ധിയുള്ളവരാണ് എന്നതാണ് സംവിധായകനെന്ന നിലയ്ക്ക് ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം ചിന്തിച്ചിരുന്നത്.

നാടകത്തില്‍ ബെര്‍ട്ടോള്‍ഡ് ബ്രെഷ്റ്റ് (ആലൃീേഹ േആൃലരവ)േ ചെയ്തതിനു സമാനമായ ഒന്നാണ് സിനിമയില്‍ ഗൊദ്ദാര്‍ദ്ദ് ചെയ്തത്. തീയറ്റര്‍ ഓഫ് എലിയനേഷനിലൂടെ പ്രേക്ഷകരെ അരങ്ങില്‍ നിന്നു ബോധപൂര്‍വം അന്യവല്‍ക്കരിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പൂതിയൊരു സിദ്ധാന്തവല്‍ക്കരണത്തിനാണ് ജര്‍മ്മന്‍ നാടകകൃത്ത് ബ്രഷ്റ്റ് മുതിര്‍ന്നതെങ്കില്‍ സിനിമയില്‍ അത്തരത്തിലൊരു പരീക്ഷണത്തിനായിരുന്നു ഗൊദ്ദാര്‍ദ്ദ് തന്റെ സിനിമകളിലൂടെ പരിശ്രമിച്ചത്. സ്വന്തം സിനിമകളുടെയും എഴുത്തുകളുടെയും പൊട്ടും മുറിയും കൊണ്ട് നിര്‍മ്മിച്ചെടുത്ത ഹംസഗീതം, വിഷ്വല്‍ കൊളാഷ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന, ദ ഇമേജ് ബുക്ക് (2018) വരെ നീണ്ട 50 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ അദ്ദേഹം ദൃശ്യഭാഷയെ ഇങ്ങനെ നിരന്തരം നവകീരിച്ചുകൊണ്ടേയിരുന്നു; അതുമായി ഒത്തുതീര്‍പ്പില്ലാതെ കലഹിച്ചുകൊണ്ടേയിരുന്നു. കലയില്‍ ആഖ്യാനത്തെക്കുറിച്ചുള്ള ആധുനിക ഫ്രഞ്ച് സിദ്ധാന്തമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന നരേറ്റോഗ്‌ളീ (നറേറ്റീവ് തിയറി)യിലേക്കു നയിച്ച കലാചിന്തകള്‍ക്ക് പ്രധാന ഊര്‍ജ്ജം പകര്‍ന്നത് ഗൊദ്ദാര്‍ദ്ദിന്റെ സിനിമകളായിരുന്നു. അരങ്ങില്‍ സാമുവല്‍ ബക്കറ്റിനും നോവലില്‍ ജയിംസ് ജോയ്‌സിനുമുള്ള സ്ഥാനമാണ് സിനിമയില്‍ ഗൊദ്ദാര്‍ദ്ദിന് എന്നാണ് നിരൂപകന്‍ റോജര്‍ എബര്‍ട്ട് എഴുതിയിട്ടുള്ളത്.

ഡെസ്‌ടോപ്യന്‍ സയന്‍സ് ഫിക്ഷന്റെയും അന്വേഷണാത്മകസിനിമയുടെയും ഘടകങ്ങള്‍ ഒരുപോലെ നെയ്‌തെടുത്ത് നിര്‍മ്മിച്ച ആല്‍ഫാവില്ലെ(1965), രാഷ്ട്രീയപരമായ നിലപാടുകള്‍ വ്യക്തമാക്കിയ വീക്കെന്‍ഡ് (1967) ആദ്യ കളര്‍ ചിത്രമായ എ വുമണ്‍ ഈസ് എ വുമണ്‍ (1961), മൈ ലൈഫ് ടു ലിവ് (1962) ഒക്കെ അക്കാലത്തെ യുദ്ധാനന്തരലോകത്തെ മനുഷ്യാവസ്ഥകളുടെ വിഭ്രമാത്മക ആവിഷ്‌കാരങ്ങള്‍ തന്നെയായിരുന്നു. വിഷയസ്വീകരണത്തിലും ആവിഷ്‌കാരശൈലിയിലും പ്രേക്ഷകരെ ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. അവയുണ്ടാക്കിയ വെളിപാടുകളുടെ തീവ്രതയില്‍ അവര്‍ കോരിത്തരിച്ചു.ഷെയ്ക്ക്‌സ്പിയറെ അധികരിച്ച് ഒരു സിനിമയ്ക്കു മുതിര്‍ന്നപ്പോഴും ഗൊദ്ദാര്‍ദ്ദിന്റെ കിങ് ലിയര്‍ (1987) വേറിട്ടതായത്, തനത് ഗൊദ്ദാര്‍ദ്ദിയന്‍ വട്ടുകളിലൂടെയാണ്. വെള്ളിത്തിരയില്‍ ആവര്‍കത്തിക്കപ്പെട്ട ദൃശ്യഭ്രാന്ത് തന്നെയായിരുന്നു ഗൊദ്ദാര്‍ദ്ദിന്റെ കയ്യൊപ്പ് ചാലിച്ച ഗൊദ്ദാര്‍ദ്ദ്യന്‍ ശൈലി എന്നു പരക്കെ ശ്‌ളാഘിക്കപ്പെട്ടത്.

1968 മുതല്‍ 79 വരെയുള്ള ഗൊദ്ദാര്‍ദ്ദിന്റെ ചലച്ചിത്രസപര്യയെ മിലിറ്റന്റ്, റാഡിക്കല്‍ തുടങ്ങിയ പേരുകളിട്ടാണ് നിരൂപകരും ചലച്ചിത്ര ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നത്. ശക്തമായ രാഷ്ട്രീയനിലപാടുകളാണ് അദ്ദേഹത്തിന്റെ സിനിമ മുന്നോട്ടുവച്ചത്. രാഷ്ട്രീയബോധത്തോടെ രാഷ്ട്രീയ സിനിമ നിര്‍മ്മിക്കുക എന്നതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹം വച്ചുപുലര്‍ത്തിയ ആദര്‍ശം. മിലിറ്റന്റ് കാലഘട്ടത്തിനൊടുവില്‍ തന്റെ മാവോയിസ്റ്റ് പക്ഷപാതിത്തോട് വിടപറഞ്ഞ് പുതുവഴികള്‍ തേടുകയായിരുന്നു അദ്ദേഹം. അതദ്ദേഹത്തിന്റെ സര്‍ഗജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി.അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര്‍ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ സമയത്താണ് നിര്‍മിച്ചത്.1969-ല്‍ പുറത്തിറങ്ങിയ വിന്‍ഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളില്‍ വീഡിയോയും ടെലിവിഷന്‍ പരമ്പരകളും ഗൊദാര്‍ദ് മാധ്യമമാക്കി. എണ്‍പതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

വ്യക്തിജീവിതത്തിലും ഏറെക്കുറേ അരാജകവാദം തുടര്‍ന്ന കലാകാരനാണ് ഗൊദ്ദാര്‍ദ്ദ്. ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധകാലത്ത് നേരിടേണ്ടിവന്ന കടുത്ത വെല്ലുവിളികളായിരിക്കാം ഗോദ്ദാര്‍ദ്ദ് എന്ന വ്യക്തിയുടെ സ്വഭാവം ഇത്തരതക്തിലാക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡിലും ജനീവയിലുമായി ചിതറിപ്പോയ ബാല്യകൗമാരങ്ങള്‍. യുദ്ധകാല ക്ഷാമമടക്കമുള്ള അതിജീവനസാഹസങ്ങള്‍.സ്വന്തം സിനിമകളിലെ നായികയായിരുന്ന അന്ന കരീനയായിരുന്നു 1965 വരെ അദ്ദേഹത്തിന്റെ പങ്കാളി. പിന്നീട് അന്ന വ്യസംസ്‌കിയെ വിവാഹം ചെയ്തു. 1979ല്‍ അവരെ ഒഴിവാക്കി സംവിധായികയായ അന്നെ മേരി മെവില്ലിയെ സ്വന്തമാക്കി. അന്ന വ്യസംസ്‌കിയുമായുള്ള ഗൊദ്ദാര്‍ദ്ദിന്റെ ദാമ്പത്യകാലത്തെ രാഷ്ട്രീയ വിപ്‌ളവങ്ങളെയും വ്യക്തിജീവിതത്തെയും സര്‍ഗാത്മകജീവിതത്തെയും ഹാസ്യത്തിന്റെ മേമ്പൊടിയിലൂടെ നോക്കിക്കാണാന്‍ ശ്രമിച്ച് 2017ല്‍ മൈക്കല്‍ സസാനവിഷ്യസ് റീഡൗബ്ട്ടബിള്‍ എന്ന പേരില്‍ ഒരു ബയോപിക്ക് നിര്‍മ്മിച്ചിട്ടുണ്ട്. അതിനെപ്പറ്റി യമണ്ടന്‍ മണ്ടത്തരമായിട്ടാണ് കഥാപുരുഷന്‍ വിശേഷിപ്പിച്ചതെന്നുമാത്രം.

1964ല്‍ ഭാര്യ അന്ന കരീനയുമൊത്ത് അനൗച്ക ഫിലിംസ് എന്ന പേരില്‍ സ്വന്തം നിര്‍മ്മാണസ്ഥാപനം രൂപീകരിച്ചു. ബാന്‍ഡ് ഓഫ് ഔട്ട്‌സൈഡേഴ്‌സ് തുടങ്ങിയ സിനിമകള്‍ ഈ ബാനറിലാണ് നിര്‍മ്മിച്ചത്. പില്‍ക്കാലത്ത് ജീവിതപങ്കാളിയായിത്തീര്‍ന്ന സ്വിസ് ചലച്ചിത്രകാരി ആന്‍ മാരി മെവില്ലെയുമായി ചേര്‍ന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ സോണിമേജ് എന്ന നിര്‍മ്മാണശാല രൂപീകരിച്ച ഗൊദ്ദാര്‍ദ്ദ് ആ ബാനറിലാണ് നമ്പര്‍ ടൂ അടക്കമുള്ള സിനിമകളും സിക്‌സ് ഫോ ഡ്യൂ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചത്. സര്‍ഗജീവിതത്തിന്റെ അവസാനപാദത്തില്‍ ഗൊദ്ദാര്‍ദ്ദിന്റെ കഥാസിനിമകളില്‍ ടെലിവിഷന്‍ ദൃശ്യസങ്കേതങ്ങളുടെ സ്വാധീനം പ്രകടമായിരുന്നു.

സിനിമയുടെ ലോകത്ത് ബഹുമതികളുടെ പിറകെ ഒരിക്കലും പോകരുത് എന്ന നിഷ്‌കര്‍ഷ പുലര്‍ത്തിയ അദ്ദേഹത്തിനു മുന്നില്‍ ബഹുമതികള്‍ വരിനില്‍ക്കുകയായിരുന്നു. 2002ല്‍ ബ്രിട്ടനിലെ ലോകപ്രസിദ്ധമായ ചലച്ചിത്രപ്രസിദ്ധീകരണം സൈറ്റ് ആന്‍ഡ് സൗണ്ട് ലോകത്തെ എക്കാലത്തെയും മികച്ച 10 ചലചലച്ചിത്രകാരന്മാരില്‍ ഒരാളായി ഗൊദ്ദാര്‍ദ്ദിനെ അടയാളപ്പെടുത്തി.1965ല്‍ ബെര്‍ളിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പരമോന്നത പുരസ്‌കാരമായ ഗോള്‍ഡണ്‍ ബെയര്‍, 1983ല്‍ വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ലയണ്‍ എന്നിവ ലഭിച്ചു. സര്‍ഗാത്മകജീവിതത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ഹോളിവുഡ് തന്നെ 2010ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്‌കര്‍ പുരസ്‌കാരം കൊണ്ട് അദ്ദേഹത്തിനു മുന്നില്‍ ശിരസു കുമ്പിട്ടു. മലയാളികള്‍ക്ക് ഹര്‍ഷാതിരേകത്തിനുള്ള വകയെന്തെന്നാല്‍ കോവിഡ് മഹാമാരിക്കിടയിലും 2021ല്‍ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ബഹുമതി നല്‍കി നമുക്കദ്ദേഹത്തെ ആദരിക്കാനും നേരിട്ടല്ലെങ്കിലും ഓണ്‍ലൈനിലൂടെ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും സാധിച്ചു എന്നതുമാണ്. അന്ന് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് വീഡിയോ ചാറ്റിലൂടെ അദ്ദേഹം പങ്കുവച്ചതു മുഴുവന്‍ ഇനി സംവിധാനം ചെയ്യാനിരിക്കുന്ന തന്റെ മനസിലെ സിനിമകളെപ്പറ്റിയാണ്. ഒന്നിനുപിറകെ ഒന്നായി കൊളുത്തി വലിക്കുന്ന ചുരുട്ടുപോലെയായിരുന്നു അദ്ദേഹത്തിന് സിനിമ. അത് അദ്ദേഹത്തിന്റെ മനസില്‍ നിന്നുടലെടുക്കുന്നതായിരുന്നു. ഇതിഹാസം എന്നൊക്കെ എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന സിനിമാക്കാരനായിരുന്നു ഗൊദ്ദാര്‍ദ്ദ്. അതിലുമുപരി ഒരു പ്രസക്തി സിനിമയുടെ ചരിത്രത്തിലും ലോകചരിത്രത്തിലും ഗൊദ്ദാര്‍ദ്ദിനു മാത്രം സ്വന്തമായിട്ടുണ്ട്- അതായത് ഗൊദ്ദാര്‍ദ്ദ് ഉണ്ടാക്കിയതുപോലുള്ള സിനിമകള്‍ പിന്നീടാരും ഉണ്ടാക്കിയിട്ടില്ല, ചില അനുകരണങ്ങളല്ലാതെ. സമകാലികനായ അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള ചലച്ചിത്രകാരന്മാര്‍ വരെ സമ്മതിക്കുന്ന ഈ വസ്തുത മതി ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദ് എന്ന പ്രതിഭയുടെ അന്യാദൃശതയ്ക്ക് വാക്കുമൂലമായി.


Friday, September 16, 2022

മുഖ്യധാരാ ഇന്ത്യന്‍ സിനിമ; പുതിയ മുഖം പുതിയ ദര്‍ശനം

 

article published in 2022 Onam Special of Prathichaya

എ.ചന്ദ്രശേഖര്‍


അമാനുഷികവും യഥാതഥമല്ലാത്തതും  ദൃശ്യവല്‍ക്കരിക്കാനുള്ള കഴിവാണ് സിനിമയെ സ്വപ്‌നവ്യാപാരമാക്കി മാറ്റിയത്. സാഹിത്യതാദി കലകളില്‍ അതീന്ദ്രിയത അനുവാചകഭാവനയെ മാത്രം അധിഷ്ഠിതമാക്കിയെങ്കില്‍ അവതരണകലകളില്‍ ഒരുപടികൂടി കടന്ന് അത് മുദ്രകളിലും ചുവടുകളിലും വര്‍ണനകളിലുമായി അമൂര്‍ത്തത കൈവരിച്ചു. ശില്‍പ/ചിത്രകലകളില്‍ മാത്രമാണ് മനുഷ്യന് അസാധ്യമായ കല്‍പനകള്‍ കുറച്ചെങ്കിലും മൂര്‍ത്തരൂപത്തില്‍ ആവിഷ്‌കൃതമായത്. അതാകട്ടെ, യഥാതഥമായിട്ടല്ല പകരം സൗന്ദര്യശാസ്ത്രപരമായ വിവിധ രൂപ/ഘടനാസങ്കേതങ്ങളുടെയും ആവിഷ്‌കാരസാധ്യതകളുടെയും അടിസ്ഥാനത്തില്‍ നിര്‍വഹിക്കപ്പെടുകയായിരുന്നു. തടിയിലും കല്ലിലും കൊത്തിയ ശില്‍പങ്ങളുടെ മാനങ്ങള്‍ക്കും (ഡൈമെന്‍ഷന്‍) വലിപ്പത്തിനും മുഴുപ്പിനും എന്തിന് അനുപാതത്തിനു (സ്‌കെയ്‌ലിങ്) പോലും വ്യത്യാസമുണ്ട്. വലിയ തലയും ചെറിയ ഉടലും അംഗങ്ങളുമുള്ള ശില്‍പകലാശൈലിയും മുഴുത്ത കണ്ണുകളും അവയവങ്ങളുമുള്ള ചുവര്‍ചിത്രശൈലിയും പോലെ തന്നെ യവന/അറബിക് ശൈലികള്‍ക്കും സമാനശൈലീഭേദങ്ങളുണ്ട്. ബൈബിള്‍ സന്ദര്‍ഭങ്ങള്‍ റോമിലെ പള്ളികളില്‍ വരച്ചുവച്ചിട്ടുള്ളതില്‍ ശരീരാനുപാതങ്ങള്‍ മനുഷ്യതുല്യമെങ്കിലും അവയ്ക്ക് ദൈവീകത നല്‍കുന്നത് അതീന്ദ്രിയതയുടെ മാനം നല്‍കിയിട്ടുള്ളതുകൊണ്ടാണല്ലോ. 

എന്നാല്‍ സിനിമയ്ക്ക് ഇതില്‍ ഏതു ശൈലിയില്‍ വേണമെങ്കിലും, എത്ര വിചിത്രവും വൈരുദ്ധ്യാത്മകവുമായ പരികല്‍പനകളെയും സ്വാഭാവികം എന്നു തോന്നിപ്പിക്കുംവിധം ദൃശ്യവല്‍ക്കരിക്കാനാവും. നിശബ്ദയുഗത്തില്‍ എ ട്രിപ് ടു ദ മൂണില്‍(1902) ജോര്‍ജ് മെലിയെ ലോകപ്രേക്ഷകനു ബോധ്യപ്പെടുത്തിത്തന്നത് സിനിമയുടെ ഈ അതീതയാഥാര്‍ത്ഥ്യ സാധ്യതയാണ്. 

എന്നാല്‍, മാധ്യമമെന്ന നിലയ്ക്ക് പക്വതയാര്‍ജ്ജിക്കെ സിനിമ മായികതയ്ക്കപ്പുറം ജീവിതത്തെ പച്ചയായി ആവിഷ്‌കരിക്കാനും അവനവന്റെ തന്നെ മനസിനുള്ളിലേക്ക് നോക്കാനുമുള്ള ദൃശ്യോപാധി എന്ന നിലയിലേക്ക് പരിവര്‍ത്തനപ്പെടുകയാണുണ്ടായത്. പ്രപഞ്ചാദ്ഭുതങ്ങളെ ആവിഷ്‌കരിക്കുന്ന അത്രതന്നെ കൗതുകേെത്താടെയും ഗൗരവത്തോടെയും മനുഷ്യമനസുകളുടെ ഉള്‍പ്രപഞ്ചത്തെ അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്മാര്‍ സിനിമയെ ഉപയോഗിച്ചു. അതോടെയാണ് സാഹിത്യത്തെപ്പോലും സിനിമ അതിന്റെ ജനകീയ സ്വാധീനത്താല്‍ മറികടക്കുന്നത്. എന്നിരുന്നാലും മൂലധനനിക്ഷേപത്തിന്റെയും സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയുടെയും പശ്ചാത്തലത്തില്‍ സിനിമ അപ്പോഴും വ്യവസ്ഥാപിത കലാരൂപങ്ങളില്‍ നിന്ന് വിഭിന്നമാര്‍ന്നു തന്നെ തുടര്‍ന്നു. സിനിമയുടെ ഈ സവിശേഷത കൊണ്ടുതന്നെ അതിന് കമ്പോള/വിപണിവിജയം എന്നത് അനിവാര്യവുമായി. ഈ അനിവാര്യതയാണ് സിനിമയെ മുഖ്യധാരയെന്നും അങ്ങനെയല്ലാത്തതെന്നുമുള്ള വിഭജനത്തില്‍ കൊണ്ടുച്ചെന്നെത്തിക്കുന്നത്. ലോകത്തെല്ലായിടത്തും മുഖ്യധാരാസിനിമ (മെയിന്‍സ്ട്രീം സിനിമ) എന്നത് കച്ചവടലാക്കോടെ പ്രദര്‍ശനവിജയം മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെടുന്ന കമ്പോളസിനിമകളാണ്. ബദല്‍(ആള്‍ട്ടര്‍നേറ്റീവ്) സിനിമ കല(ആര്‍ട്ട് ഹൗസ്്), സമാന്തരം (പാരലല്‍) തുടങഅങിയ പല പേരുകളിലാണ് അറിയപ്പെട്ടത്. കലാപാര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെങ്കിലും വന്‍ മുതല്‍മുടക്കിന്റെയും സര്‍ഗപരമായ കൂട്ടായ്മയുടെയും ഫലമായി അവയും ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് കമ്പോളത്തെത്തന്നെയാണെന്നതാണ് വൈചിത്ര്യം.

ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമയുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടത്തെ മുഖ്യധാരയെന്നത് സ്വാഭാവികമായി കൂടുതല്‍ സംസ്ഥാനങ്ങളില്‍ വ്യവഹാരഭാഷയായി പ്രചാരത്തിലുള്ള ഹിന്ദിയെയാണ്. ഹോളിവുഡ്ഡിനെ അനുകരിച്ച് ബോളിവുഡ് എന്ന അപരനാമത്തില്‍ പതിറ്റാണ്ടുകളായി ലോകസിനിമയുടെ തന്നെ കിരീടാവകാശികളായി ബോളിവുഡ് സിനിമാവ്യവസായം ചോദ്യം ചെയ്യപ്പെടാതെ നിലകൊള്ളുകയാണ്. ബോളിവുഡ്ഡിന്റെ തരംഗപ്രതിഭാസങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഹോളിവുഡ്ഡിനെ സ്വാധീനിക്കുകയും, ഓസ്‌കറുകളില്‍ പ്രതിഫലിക്കുകയും ചെയ്്തതും നാം കണ്ടു. ഇന്ത്യന്‍ സിനിമയില്‍ മുതല്‍മുടക്കാത്ത ഒരൊറ്റ ഹോളിവുഡ് ചലച്ചിത്രനിര്‍മ്മാണ കോര്‍പറേറ്റുമില്ലെന്നതാണ് വാസ്തവം. ചെറിയ മുതല്‍മുടക്കില്‍ കൂടിയ ലാഭം എന്ന വസ്തുതയാണ് അവരെ അതിനു മോഹിപ്പിക്കുന്നത്.

മുഖ്യധാരയില്‍ ഹിന്ദിസിനിമയ്ക്കുള്ള ഈ മേധാവിത്തത്തിന്, ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമ എന്ന നിര്‍വചനത്തിന് പലകാലത്തും പല ഭാഷാസിനിമകളില്‍ നിന്നും ഭീഷണി നേരിട്ടിട്ടുണ്ട്. പ്രധാനമായും ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നുമുളള സിനിമകളാണ് ഹിന്ദിയുടെ പ്രാമാണ്യത്തിന് വെല്ലുവിളിയുയര്‍ത്തിയിട്ടുള്ളത്. അമ്പതുകളില്‍ റഷ്യയടക്കമുള്ള നാടുകളില്‍ ഇന്ത്യയുടെ രാജ് കപൂറും ദേവാനന്ദും മറ്റും ജൈത്രയാത്ര നടത്തിയിരുന്നപ്പോള്‍ത്തന്നെയാണ് സത്യജിത് റേ ബംഗാളില്‍ നിന്ന് സിനിമയുടെ യഥാര്‍ത്ഥ ഭാഷ സംസാരിച്ചുകൊണ്ട് ലോകസിനിമാഭൂപടത്തില്‍ ഇന്ത്യയ്ക്ക് ഇരിപ്പിടമുണ്ടാക്കിത്തന്നത്. കമ്പോളവിജയത്തിന് മുഖ്യധാരാ ഇന്ത്യന്‍ സിനിമ മുന്നോട്ടുവച്ച ചേരുവകളൊക്കെത്തന്നെ പുറംകൈക്കു തട്ടിയകറ്റി സിനിമയുടെ അന്താരാഷ്ട്ര ഭാഷിയിലൂടെ സംവദിക്കാനാണ് പഥേര്‍ പാഞ്ചലിയിലൂടെ സത്യജിത് റേ ശ്രമിച്ചത്. റേയെ പ്രചോദനമാക്കിക്കൊണ്ട് പിന്നീട് മലയാളത്തിലെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള സംവിധായകര്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ലോകനിലവാരത്തിലുള്ള സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ട് ഇന്ത്യന്‍സിനിമയ്ക്ക് പുതിയ മേല്‍വിലാസങ്ങളെഴുതിച്ചേര്‍ത്തു.

അപ്പോഴും പക്ഷേ കമ്പോളമുഖ്യധാരയെന്നത് ബോംബേ കേന്ദ്രീകരിച്ച് ഹിന്ദി സിനിമ എന്ന നിലയ്ക്കു തന്നെ തുടരുകയാണുണ്ടായത്. മദ്രാസ് കേന്ദ്രീകൃതമായി ദക്ഷിണേന്ത്യന്‍ ഭാഷാസിനിമകളുടെ നിര്‍മ്മാണം തകൃതിയാവുകയും തമിഴ് തെലുങ്ക് കന്നട, മലയാളം എന്നീ ഭാഷകളില്‍ ധാരാളം സിനിമകളുണ്ടാവുകയും ചെയ്തപ്പോഴും അവയ്ക്ക് പാന്‍ ഇന്ത്യന്‍ സ്വീകാര്യത അപൂര്‍വം മാത്രമായി. എസ്.എസ് വാസനെയും എല്‍ വി പ്രസാദിനെയും രാമറാവുവിനെയും പോലുള്ള തെന്നിന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് റീമേക്കുകളിലൂടെ മാത്രമാണ് ഉത്തരേന്ത്യയില്‍ സ്വീകാര്യതയുണ്ടാക്കിയെടുക്കാനായത്. അതേസമയം, ഹിന്ദി സിനിമകള്‍ക്കാവട്ടെ, ഇംഗ്‌ളീഷ് സിനിമകള്‍ക്കൊപ്പം ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ സ്വീകാര്യത കിട്ടുകയും ചെയ്തു. ഇന്ത്യന്‍ ഭാഷകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നത് തമിഴായിട്ടുകൂടി ഇന്ത്യയില്‍ എല്ലായിടത്തും വിതരണം ചെയ്യപ്പെടുന്ന ഇന്ത്യന്‍ ഭാഷാ സിനിമ ഹിന്ദിയായിത്തന്നെ തുടരുകയായിരുന്നു.ഹിന്ദി താരങ്ങളെയും സാങ്കേതികവിദഗ്ധരെയും അതിശയിപ്പിക്കുന്ന പ്രതിഭകള്‍ മലയാളവും തമിഴുമടക്കമുള്ള ദക്ഷിണേഷ്യന്‍ ഭാഷകളില്‍ ഉണ്ടായിട്ടുകൂടി അവര്‍ക്ക് ഇന്ത്യയൊട്ടാകെ പൊതു സ്വീകാര്യത നേടിയെടുക്കാനാവാതെ വന്നതോര്‍ക്കുക. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന രജനീകാന്തിനും ഇന്ത്യകണ്ട മഹാനടന്‍ എന്ന വിശേഷണത്തിന് നിസ്സംശയം അര്‍ഹതയുള്ള കമല്‍ഹാസനും സ്വന്തം ഭാഷവിട്ട് ഹിന്ദിയില്‍ തുടര്‍ച്ചയായി അഭിനയിക്കേണ്ടിവന്നു ഇന്ത്യന്‍ നടന്‍ എന്ന സ്വീകാര്യത ലഭിക്കാന്‍. എന്നിട്ടും അവരെ തമിഴ് നടന്മാര്‍ എന്നു വിവേചിച്ചു നിര്‍ത്താനാണ് ഇന്ത്യന്‍ സിനിമാവ്യവസായം ശ്രമിച്ചത്. അതേസമയം വൈജയന്തിമാലാ ബാലിയുടെയും വഹീദാറഹ്‌മാന്റെയും കാലം തൊട്ട് ഇന്നോളം നായികനടിമാരുടെ കാര്യത്തില്‍ ഈ കടുംപിടുത്തം ഉത്തരേന്ത്യന്‍ മുഖ്യധാരയ്ക്കുണ്ടായില്ലെന്നു മാത്രമല്ല എക്കാലത്തും ഹിന്ദി മുഖ്യധാരയിലെ കിരീടം വയ്ക്കാത്ത താരറാണിമാരില്‍ ഭൂരിപക്ഷവും തെന്നിന്ത്യക്കാരായിരുന്നു/ആണ് താനും. 

ഇന്ത്യ കണ്ട മികച്ച കച്ചവടമൂല്യമുള്ള സംവിധായകരായ രാംഗോപാല്‍ വര്‍മ്മയ്ക്കും പ്രിയദര്‍ശനും മണിരത്‌നത്തിനും ഒക്കെ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും വെല്ലുവിളി തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ നേരിടേണ്ടിവന്നത്. ഹിന്ദിയില്‍ സ്വതന്ത്രമായി/റീമേക്ക് സിനിമകള്‍ ചെയ്തതോടെയാണ് അവര്‍ക്ക് ബോളീവുഡില്‍ ഇരിപ്പിടം ലഭിച്ചത്.യുഗപ്രഭാവം എന്നു തന്നെ കരുതപ്പെടാവുന്ന സാക്ഷാല്‍ യേശുദാസിനെപ്പോലും സ്വീകരിക്കാത്ത ബോളീവുഡ്ഡില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ചിരഞ്ജീവിക്കും നാഗാര്‍ജുനയ്ക്കും ഒരുപരിധിക്കപ്പുറം സ്വാധീനമാവാന്‍ സാധിച്ചില്ലെങ്കില്‍ കാരണം മറ്റൊന്നല്ല.

ഇന്ത്യന്‍ സിനിമയില്‍ ഹിന്ദി സിനിമയ്ക്കുള്ള ഈ കുത്തകാധിപത്യം ചോദ്യം ചെയ്യപ്പെടുന്നതും ഇളക്കം തട്ടുന്നതും സത്യത്തില്‍ സിനിമ സെല്ലുലോയ്ഡ് വിട്ട് ഡിജിറ്റലിലേക്ക് സാങ്കേതികമായി പരിവര്‍ത്തനപ്പെടുന്നതോടെയാണ്. ദക്ഷിണേന്ത്യയില്‍ നിന്നൊരു ചലച്ചിത്രപ്രവര്‍ത്തകന്‍ ദേശഭാഷാതിരുകള്‍ ഭേദിച്ച് അതിനും മുമ്പേ ഇന്ത്യയൊട്ടാകെ സ്വീകാര്യനായിട്ടുണ്ടെങ്കില്‍ അത് ലോകസംഗീതത്തില്‍ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വിപ്‌ളവകരമായ മാറ്റങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്ത എ.ആര്‍.റഹ്‌മാനിലൂടെയാണ്. അതിനു മുമ്പേ, സാങ്കേതികമായും പകരം വയ്ക്കാനില്ലാത്ത പ്രതിഭകൊണ്ടും ഒറ്റയ്ക്കും തെറ്റയ്ക്കും ചില ചലച്ചിത്രോദ്യമങ്ങള്‍ തെന്നിന്ത്യയില്‍ നിന്ന് അഖിലേന്ത്യാ ശ്രദ്ധയിലേക്കുയര്‍ന്നിട്ടുണ്ട്. നവോദയയുടെ ത്രിമാനചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ പോലുള്ള അത്തരം അപൂര്‍വനേട്ടം പോലും ഹിന്ദിയിലേക്കുള്ള മൊഴിമാറ്റ(ഡബ്ബിംഗ)ത്തിലൂടെയാണ് നേടിയെടുത്തത് എന്നോര്‍ക്കണം.എന്നാല്‍, സിനിമ ഡിജിറ്റല്‍വര്‍ക്കരിക്കപ്പെടുകയും വിവരസാങ്കേതികവിദ്യയുടെ വ്യാപനം ത്വരിതപ്പെടുകയും ചെയ്തതോടെ ചലച്ചിത്രനിര്‍മ്മാണത്തിലെന്നോണം പ്രദര്‍ശനത്തിലും കുത്തകകള്‍ ഒഴിവാകുകയും ഓണ്‍ലൈന്‍ വേദികളിലൂടെ ആര്‍ക്കും എവിടെയിരുന്നും ഏതു സിനിമയും കാണാമെന്നുമുള്ള അവസ്ഥവരികയും ചെയ്തതോടെയാണ് ദക്ഷിണേന്ത്യന്‍ സിനിമ ഉത്തരേന്ത്യന്‍ വിപണിയില്‍ ഗുണകരമായ മുന്നേറ്റം സാധ്യമാക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍, 2015ല്‍ ഹിന്ദിസിനിമയ്ക്ക് സങ്കല്‍പിക്കുക പോലും സാധ്യമാവാത്തവിധം, തെലുങ്കില്‍ നിന്ന് രാജമൗലി എന്നൊരു സംവിധായകന്‍ സൃഷ്ടിച്ച ബാഹുബലി എന്ന സമാനതകളില്ലാത്ത ദൃശ്യജാലമാണ് ഉത്തരേന്ത്യന്‍ കുത്തകയ്ക്കു മേല്‍ വെള്ളിടിയായത്. 

യുക്തിയുടെ അസഹ്യമായ തീവ്രതയില്‍ അഭിരമിക്കുന്ന സമാന്തര തലമുറയ്ക്കു മുന്നില്‍ ബാഹുബലി ചരിത്രത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെ എല്ലാം പിന്തള്ളി മഹാവിജയം നേടിയത് ഹിന്ദി സിനിമയ്ക്ക് ഞെട്ടലായി.ശരാശരി വിട്ടിലാചാര്യ സിനിമയെ അസാധാരണമായ ഹോളിവുഡ് ഫോര്‍മാറ്റിലേക്ക് യുക്തിപൂര്‍വം ഇളക്കിപ്രതിഷ്ഠിക്കുന്നിടത്താണ് ബാഹുബലിയുടെ വിജയം. ആധുനിക സാങ്കേതികതയുടെ എല്ലാ സൗകര്യങ്ങളും കൈയാളിക്കൊണ്ട്  ഒരിക്കലും ദഹിക്കാത്ത കാര്യങ്ങളെപ്പോലും സാധാരണമെന്നോണം അവതരിപ്പിക്കുകയാണ് രാജമൗലി ചെയ്തത്. ഇന്ത്യയില്‍ എന്നല്ല, ലോകമുണ്ടായ കാലം മുതല്‍ക്ക്, രാജ്യങ്ങളും സാമ്രാജ്യങ്ങളും സമ്രാട്ടുകളും ഉണ്ടായ കാലം മുതല്‍ക്ക് നടന്നുവന്നതും കേട്ടും കണ്ടും വന്നതുമായ കഥതന്നെയാണ് ബാഹുബലി. ഭൂമിക്കും പെണ്ണിനും സ്വത്തിനും വേണ്ടിയുള്ള പടപ്പോരാട്ടങ്ങളും ചതിയും വഞ്ചനയും ത്യാഗവും സഹനവും പ്രതികാരവുമെല്ലാം ചേര്‍ന്ന രാജ്യതന്ത്രങ്ങളുടെയും കഥ. പക്ഷേ, ബാഹുബലി വ്യത്യസ്തമാവുന്നത്, അതില്‍ ഇത്തരം ചരിത്രങ്ങളുടെയെല്ലാം പ്രാതിനിധ്യമുണ്ടെന്നുള്ളതാണ്. രുചികളുടെ ഒറ്റപ്പെടലില്‍ മാറി നില്‍ക്കുന്ന പുളിശേരിയോ ഓലനെ പോലല്ലാതെ, രുചിസമഗ്രതയുടെ സമ്മേളനത്തിലൂടെയുണ്ടാവുന്ന അവിയലോ സാമ്പാറോ ആവുകയാണ് ബാഹുബലി. കാരണം അതില്‍ ലോകത്തുണ്ടായ അധിനിവേശങ്ങളുടെ, ചെറുത്തുനില്‍പ്പിന്റെ, വഞ്ചനയുടെ, പ്രതികാരത്തിന്റെ എല്ലാം ഘടകങ്ങളുണ്ട്. ഒരു ജനുസില്‍ മാത്രമായി തളച്ചുനിര്‍ത്തപ്പെടാത്തൊരു സിനിമയാകുക വഴിയാണ് ബാഹുബലി സാര്‍വലൗകികവും സാര്‍വജനീനവുമായിത്തീരുന്നത്. മൈക്രോവേവ് ഓവനും ഗ്യാസുമടക്കമുള്ള മേല്‍ത്തരം പാചകസാമഗ്രികളുടെ പിന്തുണയുറപ്പാക്കിയെന്നതാണ് അതില്‍ വെന്ത മസാലക്കൂട്ടിനെ അടിക്കുപിടിക്കാതെ രക്ഷിക്കുന്നത്. അദ്ഭുതദൃശ്യങ്ങള്‍ക്കൊപ്പം അത്യാവശ്യം സംഘര്‍ഷം, സംഘട്ടനം, സെക്സ്, പളപളപ്പന്‍ സെറ്റ്, ഡാന്‍സ്, പാട്ടുകള്‍ ഇവയെല്ലാം യഥോചിതം ചേര്‍്ന്നിരിക്കും. ബാഹുബലിയിലും ഈ പാചകവിധിയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ, അവയുടെ ടെക്സ്ചറിലാണ് അതു വേറിട്ടതായത്. ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പശ്ചാത്തലത്തിലൂന്നിയ ചില ചിന്തകള്‍ ഈ ചിത്രിത്തിന്റെ പിന്നിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, ദക്ഷിണേന്ത്യയിലെവിടെയെങ്കിലും എന്നൊരു ഭൂപരിധി മാത്രം സൂചകമായിക്കൊണ്ട് ഇന്ത്യന്‍ വാസ്തുരൂപത്തില്‍ ഒരു രാജധാനി സൃഷ്ടിക്കപ്പെടുന്നത്. 

ഹോളിവുഡ് കാണിക്കുന്നതെന്തും ആധികാരികം എന്നൊരു അക്കാദമിക മിഥ്യയുണ്ട്. അതുകൊണ്ടാണ് സ്പില്‍ബര്‍ഗും ജോര്‍ജ് ലൂക്കാസും സ്റ്റാന്‍ലി ക്യൂബ്രിക്കുമൊക്കെ ഇതിഹാസങ്ങളായി ആഘോഷിക്ക പ്പെടുന്നത്. ഈ സാങ്കേതിക ആധികാരികതയെയാണ് അവരുടെ തന്നെ ഛന്ദസും ചമത്കാരവും ഉപയോഗിച്ച് രാജമൗലി മറികടന്നത്. ഇതേ സാങ്കേതികതയുടെ പിന്‍ബലമുണ്ടായിട്ടും ശങ്കറിന്റെ യന്തിരന്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമ തനി ഡപ്പാംകൂത്ത് ദൃശ്യസമീപനം കൈക്കൊണ്ടപ്പോള്‍, ബാഹുബലി വേറിട്ടതായത് പ്രത്യക്ഷത്തില്‍ മിതത്വം എന്നു തോന്നിപ്പിക്കുന്ന ഹോളിവുഡിന്റെ ദൃശ്യയുക്തി പിന്‍പറ്റിയതുകൊണ്ടാണ്. അമിതവണ്ണവും കുടവയറും ദുര്‍മേദസുമുള്ള ദക്ഷിണേന്ത്യന്‍ പുരുഷസങ്കല്‍പങ്ങളില്‍ നിന്നു വിഭിന്നമായി സിക്സ് പാക്കും എയിറ്റ്പാക്കുമുള്ള നായകനെയും വില്ലനെയും അവതരിപ്പിക്കുന്നിടത്തുതുടങ്ങുന്നതാണിത്. ചുരുക്കിപ്പറഞ്ഞാല്‍, സ്വാഭാവികതയെ അതിശയോക്തിയാക്കുന്ന വിട്ടിലാചാര്യ ചേരുവകളെത്തന്നെ, ന്യൂനോക്തിയിലൂടെ സാധാരണമാക്കുന്ന റീ പാക്കേജിംഗ് ആണ് ബാഹുബലിയില്‍ സംഭവിച്ചത്. ബാഹുബലി നേടിയ വിജയം ഒറ്റയടിക്ക് ചിത്രീകരിച്ച്, ഒടുക്കം ആദ്യവും തുടക്കം രണ്ടാമതുമായി രണ്ടുസിനിമാ ഭാഗങ്ങളായി അവതരിപ്പിച്ച ബ്രില്ല്യന്‍സിലായിരുന്നു. ഇന്ത്യന്‍ സിനിമയെ ചലച്ചിത്രബാഹ്യമായി കൂടി കമ്പോളവല്‍ക്കരിക്കുന്നതില്‍ (മെര്‍ക്കന്‍ഡൈസ്) ബാഹുബലി വിജയിച്ചു.ബാഹുബലി-2 നായി ഹിന്ദിഭാഷാമേഖലയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവസ്ഥവന്നു. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നടക്കുന്നതെന്ത് എന്ന സാകൂതം കണ്ണുതുറുന്നു നോക്കാനും നിരീക്ഷിക്കാനും സഗൗരവം പഠിക്കാനും അത് ഉത്തരേന്ത്യന്‍ ചലച്ചിത്രനിര്‍മാതാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു.

അങ്ങനെ ഇന്ത്യയൊട്ടാകെ ഒരു പോലെ സ്വീകരിക്കപ്പെട്ട ആദ്യ ഹിന്ദി ഇതര ചലച്ചിത്രമെന്ന ബഹുമതി ബാഹുബലിക്കു സ്വന്തമായി. ചരിത്രപശ്ചാത്തലവും വലിയ ക്യാന്‍വാസുമടങ്ങുന്ന ബാഹ്യസ്വരൂപമാണ് ബാഹുബലിയുടെ പാന്‍-ഇന്ത്യന്‍ സ്വീകാര്യതയ്ക്കു പിന്നില്‍ എന്നു ധരിച്ചുവശായ ബോളിവുഡ്, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പൃഥ്വിരാജ് ചൗഹാന്‍ പോലുള്ള ബിഗ് ബജറ്റ് താരചിത്രങ്ങള്‍ നിലം തൊടാതെ പരാജയങ്ങളേറ്റുവാങ്ങി. അപ്പോഴേക്ക് ഒന്നിനു പിറകെ ഒന്നായി കന്നടയില്‍ നിന്നു പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് രണ്ടുഭാഗങ്ങള്‍(2018, 2022), തെലുങ്കില്‍ നിന്നു തന്നെ സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ-1(2022), രാജമൗലിയുടെ ആര്‍ ആര്‍ ആര്‍, തമിഴില്‍ നിന്ന് കമല്‍ഹാസന്റെ വിക്രം തുടങ്ങിയ സിനിമകള്‍ ബാഹുബലിയുടെ വഴിയേ മുഴുവന്‍ ഇന്ത്യയെയും ഒറ്റവിപണിയാക്കിമാറ്റി സമാനതകളില്ലാത്ത വിജയം കൊയ്‌തെടുത്തു. തങ്ങളാണ് ഇന്ത്യന്‍ സിനിമ എന്നഹങ്കരിച്ചിരുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമവകാശപ്പെടുന്ന ബോളിവുഡ് സ്റ്റുഡിയോകളില്‍ പലതിനും അതതുമേഖലകളില്‍ ഈ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ വിതരണത്തിനു വേണ്ടി സഹകരിക്കേണ്ടിവരെ വന്നു.

ലോകത്തെ മുഴുവന്‍ വീടകങ്ങളിലേക്കു ചുരുക്കിയ കോവിഡ് മഹാമാരിക്കാലം ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈ പാന്‍-ഇന്ത്യന്‍ ദിഗ് വിജയത്തിന് രാസത്വരകമായി എന്നതാണ് വസ്തുത.ഒ.ടി.ടികളില്‍ സ്വന്തം ഭാഷയിലോ ഇംഗ്‌ളീഷ് ഉപശീര്‍ഷകങ്ങളിലോ ലഭ്യമായ മലയാളമടക്കമുള്ള മുഖ്യധാരാ സിനിമകള്‍ കാണാനിടയായ ഹിന്ദി താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും തങ്ങള്‍ക്കെന്താണ് ഇതുവരെ അന്യമായിരുന്നത് എന്ന തിരിച്ചറിവും ബോധവുമുണ്ടാകാന്‍ ആ കാലം ഉപകരിച്ചു.സമാന്തരമായി ദേശീയ അവാര്‍ഡ് പ്രഖ്യാപനവേദികളില്‍ മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളും സിനിമാപ്രവര്‍ത്തകരും എണ്ണത്തിലും വണ്ണത്തിലും ജ്വലിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. സ്വാഭാവികമായി ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമ എന്ന സമവാക്യത്തിനും മെല്ലെ ഇളക്കം തട്ടുകയാണ്. തെലുങ്കും തമിഴും കന്നടയും തമിഴുമടങ്ങുന്ന ബഹുഭാഷാ സിനിമകളഉടെ സാംസ്‌കാരിക ദൃശ്യവൈവിദ്ധ്യം കൂടി അടങ്ങുന്നതാണ് ഇന്ത്യന്‍ മുഖ്യധാര എന്ന നിലപാട്് ബോളിവുഡ്ഡിന് ഇനി ഉള്‍ക്കൊള്ളാതെ തരമില്ല. 

പ്രമേയത്തിലും അവതരണത്തിലും ദക്ഷിണേന്ത്യന്‍ സിനിമയെ അനുകരിക്കുകയോ അനുസ്മരിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണിപ്പോള്‍ ഹിന്ദി സിനിമ. കങ്കണ റണൗതിന്റെ ധാക്കട് (2022) കണ്ടാല്‍ മതി കെ.ജി.എഫ് എത്രമാത്രം ബോളീവുഡ്ഡിനെ സ്വാധീനിച്ചു എന്നു മനസിലാക്കാന്‍. പണ്ട് മൈഡിയര്‍ കുട്ടിച്ചാത്തന്‍ പുറത്തിറങ്ങിയപ്പോള്‍, ഇതാണോ ത്രീഡി സിനിമ?, യഥാര്‍ത്ഥ ത്രീഡി സിനിമ എന്തെന്ന് ഞങ്ങള്‍ കാണിച്ചുതരാം എന്ന വെല്ലുവിളിയുമായി ഷോലെയുടെ പാരമ്പര്യത്തില്‍ നിന്നു വന്ന രാജ് എന്‍ സിപ്പി ജാക്കി ഷ്രോഫിനെ നായകനാക്കി നിര്‍മ്മിച്ച ശിവ ക ഇന്‍സാഫിന് സംഭവിച്ചതിനു സമാനമായി വിപണിയില്‍ എട്ടുനിലയില്‍ പൊട്ടി നിര്‍മ്മാതാവിന്റെ നട്ടെല്ലുതകര്‍ക്കുകയായിരുന്നു ധാക്കട്. ഭാവനാദാരിദ്ര്യവും ചിന്താപാപ്പരത്തവും മറികടക്കാനാവാതെ, തങ്ങള്‍ക്കൊരു ബാഹുബലി സൃഷ്ടിക്കാനാവുന്നില്ലല്ലോ, അല്ലെങ്കില്‍ ഒരു കെ.ജി.എഫ് നിര്‍മ്മിക്കാനാവുന്നില്ലല്ലോ എന്ന അന്ധാളിപ്പില്‍ നിന്നു പുറത്തുകടക്കാനാവാതെ ഉഴറുകയാണിന്ന് ഹിന്ദി സിനിമ.

കരിഞ്ഞുണങ്ങുന്ന നവഭാവുകത്വം

 

article published in the 10th onam special of Kalapoornna.

ഒ.ടി.ടി കാലത്ത് മലയാള സിനിമ നേരിടുന്ന ഭാവനാപ്രതിസന്ധിയെക്കുറിച്ച്.


എ.ചന്ദ്രശേഖര്‍

ആറു മാസത്തിനിടെ പുറത്തിറങ്ങിയത് 77 ചിത്രങ്ങള്‍. അവയില്‍ ഹിറ്റായത് 7 ചിത്രങ്ങള്‍. മുടക്കുമുതല്‍ തിരികെക്കിട്ടാതെ പോയത് 70 ചിത്രങ്ങള്‍. ഇനി തീയറ്ററിലിറങ്ങാത്ത ചിത്രങ്ങള്‍ മുന്‍കൂട്ടി വാങ്ങില്ലെന്ന തീരുമാനവുമായി ഒ.ടി.ടി. കമ്പനികള്‍. ഇത് മലയാള സിനിമയുടെ സമകാലിക കമ്പോളാവസ്ഥ. വ്യവസായമെന്ന നിലയ്ക്ക് ഇതില്‍പ്പരമൊരു തിരിച്ചടി ഇതിനു മുമ്പൊരിക്കലും മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് ദുരവസ്ഥയുടെ വ്യാപ്തി മനസിലാവുക. ഇതിലും ആശങ്കാകുലമാണ് മലയാളസിനിമയിലെ ഉള്ളടക്കത്തിന്റെ അവസ്ഥ.

ഇതര ആവിഷ്‌കാരരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമയ്ക്ക് അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ കാണാം. ഒന്ന് ആത്യന്തികമായി അത് ഒരാളുടേതു മാത്രമായ ഉല്‍പ്പന്നമല്ല. കലാകാരന്മാരുടെയും സാങ്കേതികവിദ്യയുടെയും കൂട്ടായ്മയില്‍ നിന്നുണ്ടാവുന്നതാണ് സിനിമ. രണ്ടാമതായി അതില്‍ മൂലധനനിക്ഷേപത്തിന്റേതായൊരു ഘടകമുണ്ട്. മുതല്‍മുടക്കുന്നവനും സ്രഷ്ടാവും വെവ്വേറെ എന്നൊരവസ്ഥയുണ്ട്. ഇതൊക്കെയാണെങ്കിലും ലോകമെമ്പാടും സിനിമ അറിയപ്പെടുന്നത് പ്രധാനമായി മൂന്നുതരം ആളുകളുടെ പേരില്‍ മാത്രമാണ്. അടിസ്ഥാനപരമായി സംവിധായകന്റെയും രണ്ടാമതായി നിര്‍മ്മാതാവിന്റെയും. ഇവര്‍ക്കുപോലുമില്ലാത്തവിധം ആഴത്തിലും പരപ്പിലും അതില്‍ അഭിനയിച്ചിട്ടുള്ള താരങ്ങളുടെ പേരിലും. അങ്ങനെയാണ് സിനിമ അറിയപ്പെട്ടുവന്നിട്ടുള്ളത്; അതിന്റെ വ്യക്തിത്വവും അസ്തിത്വവും നിര്‍ണിയിച്ചിട്ടുള്ളതും. ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഘടകങ്ങള്‍ സിനിമയുടെ വാണിജ്യപരവും കമ്പോളപരവുമായ താല്‍പര്യങ്ങളെയാണ് ലാക്കാക്കിയതെങ്കില്‍ സംവിധായകന്‍ ആരെന്നത് കര്‍തൃത്വത്തെ നിര്‍ണിക്കുന്നതായി. കര്‍തൃത്വ സിദ്ധാന്തം സിനിമയുടെ ലാവണ്യ-കലാ ചിന്തകളില്‍ ഉരുത്തിരിഞ്ഞുവരുന്നതും അത്തരം വിമര്‍ശനപദ്ധതികളില്‍ സിനിമകള്‍ ചര്‍ച്ചചെയ്യപ്പെട്ടതും സംവിധായകന്റെ പേരിലാണ്. സമകാലിക മലയാള നവസിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഈ മൂന്നു തരത്തിലും തലത്തിലും അവ ലക്ഷ്യം കാണുന്നില്ല എന്നതാണ്.

എല്ലാക്കാലത്തും കമ്പോള മുഖ്യധാരാസിനിമയെ സ്വാധീനിച്ചു പോന്നിട്ടുള്ളത് തരംഗങ്ങളാണ്. എണ്‍പതുകളുടെ അന്ത്യപാദത്തില്‍ മലയാള സിനിമ നേരിട്ട രണ്ടു തരംഗങ്ങള്‍ മമ്മൂട്ടി-പെട്ടി-കുട്ടി കുടുംബസിനിമകളുടേതും അതിനു പിന്നാലെ തൊണ്ണൂറുകളോട ഉയര്‍ന്നുവന്ന ഷക്കീല രതിചിത്രങ്ങളുടെയും തരംഗങ്ങളാണ്. ഒരു സിനിമ വിജയിച്ചാല്‍ അതേ ജനുസില്‍ അതിന്റെ ചേരുവകളെ തിരിച്ചും മറിച്ചുമിട്ട് ആവിഷ്‌കാരങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ പിടച്ചുവിട്ട് ചുളുവില്‍ വിജയമാവര്‍ത്തിക്കുക എന്ന ആര്‍ത്തിയുടെ മാത്രം പരിണതിയാണ് തരംഗങ്ങള്‍ക്കുപിന്നില്‍. എളുപ്പത്തില്‍ പണമുണ്ടാക്കുക എന്നതാണവിടെ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ആര്‍ത്തിയെങ്കില്‍ മറ്റാരോ വെട്ടിത്തെളിച്ച പാതയില്‍ ഓസിന് സര്‍ഗവിജയം കൈവരിക്കുക എന്നതാണ് രചയിതാക്കളുടെ ആര്‍ത്തി. ഇത്തരം ആര്‍ത്തികളില്‍ ആവര്‍ത്തിക്കപ്പെട്ടതാണ് ദേവാസുരത്തെ പിന്തുടര്‍ന്നു വന്ന അതിമാനുഷ നായകകേന്ദ്രീകൃത സിനിമകളുടെയും രാജാവിന്റെ മകനെ തുടര്‍ന്നുവന്ന അധോലോക ആക്ഷന്‍ ത്രില്ലറുകളുടെയും തരംഗം. അതുകഴിഞ്ഞപ്പോള്‍ ഒരുകാലത്ത് പരഹാസത്തോടെ മലയാളി പുച്ഛിച്ചിരുന്ന തമിഴ് തെലുങ്ക് ഡപ്പാംകൂത്തും വര്‍ണ്ണച്ചേരുവകളുമുള്ള ഭാഷയും സ്വത്വവും തിരിയാത്ത സിനിമകളുടെ മലവെള്ളപ്പാച്ചിലായി. ഈ തരംഗങ്ങളെല്ലാം തന്നെ കുറേയേറെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മടുത്തു പ്രേക്ഷകര്‍ പുറംകൈക്ക് തള്ളുന്നതോടെ, എട്ടുനിലക്കമ്പം പൊട്ടിവീഴുന്നതുപോലെ തകര്‍ന്നു നിലംപരിശാവകയും സിനിമ സാമ്പത്തികവും സര്‍ഗപരവുമായ പുതിയ പ്രതിസന്ധിയിലെത്തിച്ചേരുകയുമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരമൊരു പ്രതിസന്ധിയുടെ ഇടവേളയ്ക്കു ശേഷമാണ്  

നവഭാവുകത്വം എന്നും ന്യൂ ജനറേഷന്‍ എന്നുമുള്ള വിവക്ഷകളാല്‍ നിര്‍വചിക്കപ്പെട്ട സിനിമകളുടെ തരംഗം വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്. വാസ്തവത്തില്‍ എണ്‍പതുകളില്‍ ഭരതന്‍-പദ്മരാജന്‍-കെ ജി ജോര്‍ജ് തുടങ്ങിയവര്‍ പിന്തുടര്‍ന്നു പോന്ന തരം ചലച്ചിത്രഭാഷയുടെ കുറേക്കൂടി സാങ്കേതികത്തികവോടുകൂടിയ ആവിഷ്‌കാരങ്ങള്‍ തന്നെയാണവ എന്നതാണ് അനിഷേധ്യമായ വസ്തുത.

ശ്യാമപ്രസാദിന്റെ ഋതുവും രാജേഷ്പിള്ളയുടെ പാസഞ്ചറും സമീര്‍ താഹിറിന്റെ ചാപ്പ കുരിശും ചേര്‍ന്നു പരിചയപ്പെടുത്തിയ മള്‍ട്ടീപ്‌ളക്‌സ് സിനിമകളുടെ ജനുസിന് സമാന്തരമായിട്ടാണ് രാജീവ് രവിയും ദിലീഷ് പോത്തനും മറ്റും സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് പച്ചയായ ചില ഏടുകള്‍ പറിച്ചുവച്ചതുപോലെ, അഥവാ സാധാരണജീവിതങ്ങളിലേക്ക് ഒളിക്യാമറ തുറന്നുപിടിച്ചതുപോലെ എല്ലാമുളള സിനിമകളുമായി മന്നോട്ടുവരുന്നത്. താരവ്യവസ്ഥയ്ക്കും കാല്‍പനകിതയ്ക്കും തെല്ലും വില കല്‍പ്പിക്കാത്ത യഥാതഥ ദൃശ്യസമീപനത്തിന്റെ പാരമ്യതയിലേക്കാണ് അതു മലയാള സിനിമയെ കൊണ്ടുചെന്നെത്തിച്ചത്. ദേശീയ അവാര്‍ഡ് ജൂറിയധ്യക്ഷന്‍ ശേഖര്‍കപൂര്‍ പരസ്യമായ ശ്‌ളാഘിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തിരക്കഥയ്ക്കുള്ള ദേശീയ ബഹുമതി നേടിയ മഹേഷിന്റെ പ്രതികാരം, മാമൂല്‍ സങ്കല്‍പങ്ങളെ കാറ്റില്‍പ്പറത്തിയ അന്നയും റസൂലും തുടങ്ങിയ സിനിമകളൊക്കെ ഇത്തരത്തില്‍ കലാപരമായ മികവു കാത്തുസൂക്ഷിച്ചപ്പോഴും മികച്ച കമ്പോള വിജയമാവുകയും പ്രേക്ഷകരുടെ ആസ്വാദനബോധത്തെ പരിധിയില്‍ക്കവിഞ്ഞ് മാറ്റിമറിക്കുകയുമൊക്കെ ചെയ്ത സിനിമകളാണ്. ഒരുകാലത്ത് മലയാള സിനിമയെ നോക്കി വെള്ളമൂറിയിരുന്ന തമിഴ് തെലുങ്ക് ഹിന്ദി സിനിമാക്കാര്‍ വീണ്ടും മലയാളത്തെ നോക്കി സിനിമ പഠിക്കുന്ന അവ്സ്ഥയായി. ചെറിയ സിനിമകളുടെ പോലും അവകാശം വന്‍ തുകയ്ക്കാണ് മറ്റുഭാഷകളിലേക്കു വിറ്റുപോയത്. കമ്പോള മുഖ്യധാരയില്‍ പോലും ചരിത്രം സൃഷ്ടിച്ച ദൃശ്യം,ദൃശ്യം രണ്ട് പോലുള്ള വഴിമാറിനടക്കലുകള്‍ക്ക് മലയാളസിനിമ ചങ്കൂറ്റം കാട്ടി.

അതിനിടെയിലാണ് കോവിഡ് മഹാമാരിയുടെ ആക്രമണം. ലോകമൊട്ടാകെ വീടകങ്ങളിലേക്ക് ഒതുങ്ങിക്കൂടുകയും വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ വ്യവഹാരങ്ങളും ഓണ്‍ലൈന്‍ മോഡിലേക്ക് ചുരുങ്ങുകയും ചെയ്ത കാലത്താണ് മലയാളി ഓണ്‍ലൈന്‍ വിനോദോപാധി എന്ന നിലയ്ക്ക് ഓവര്‍ ദ് ടോപ്പ് എന്ന വിചിത്ര നാമവാഹിയായ ഒ.ടി.ടി. ദൃശ്യമഹാ കമ്പോളങ്ങളുടെ വലയില്‍ കുടുങ്ങുന്നത്. ആവശ്യമുള്ളതും അല്ലാത്തതുമായ, പലപ്പോഴും അനാവശ്യം തന്നെയായ

നിത്യോപയോഗ സാമഗ്രികളുടെ ബൃഹദ് ശേഖരിണികളായ ഹൈപ്പര്‍ മാളുകള്‍ക്കു സമാനമായ ദൃശ്യ ശേഖരിണികളാണ് ഒ.ടി.ടി.കള്‍. അവിടെ സിനിമ, സീരിയല്‍, ടിവി പരിപാടികള്‍, ഗെയിമുകള്‍ തുടങ്ങിയവയെല്ലാം കാല-ദേശ-ഭാഷാ ഭേദമെന്യേ ഏതു സമയത്തും ലഭ്യമാകുന്നു. പഴയതിനോടൊപ്പം ഏറ്റവും പുതിയ സിനിമയും സിനിമയ്ക്കപ്പുറം മിഴിവുള്ള വെബ് പരമ്പരകളും സെന്‍സര്‍ പോലുള്ള ദൃശ്യപരമായ വിലക്കുകളില്ലാതെ അഭംഗുരം അനായാസം ലഭ്യമാകുന്ന സാഹചര്യം മലയാളിയെയും ബിഞ്ച് വാച്ചിങ്ങിന് (ഇടതടവില്ലാത്ത തുടര്‍ച്ചയായുള്ള കാഴ്ച) അടിമകളാക്കിയെന്നതാണ് പരമാര്‍ത്ഥം.

ഒ.ടി.ടി.കള്‍ മലയാളംപോലുള്ള സിനിമാവ്യവസായത്തെ സ്വാധീനിച്ചത് രണ്ടുവിധത്തിലാണ്.

1. ആഗോളതലത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ എന്തു സംഭവിക്കുന്നു എന്നത് ചലച്ചിത്രമേളകളുടെ പരിമിത പങ്കാളിത്തത്തിനുപരി സാധാരണക്കാര്‍ക്കും അറിയാനുള്ള സാധ്യത തുറന്നുകൊടുത്തു.

2. ഒ.ടി.ടികളില്‍ വിജയം വരിച്ച തരം ദൃശ്യാഖ്യാനങ്ങളിലേക്ക് നമ്മുടെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ചഭിനയിച്ച കുറുപ്പ് പോലുള്ള സിനിമ സ്വീകരിച്ച ദൃശ്യസങ്കല്‍പം/ആഖ്യാനസമീപനം നാര്‍ക്കോസ് പോലെ ലോക ഹിറ്റായ ഒടിടി വെബ് പരമ്പരയാണ് എന്ന സ്രഷ്ടാക്കളുടെ ഏറ്റുപറച്ചില്‍ ഇതിനു തെളിവാണ്. മണിഹെയ്സ്റ്റ് പോലുളള സാമ്പത്തിക ക്രൈം പരമ്പരകളും ഡാര്‍ക്ക് സൈക്കോളജിക്കല്‍ ത്രില്ലറുകളുമെല്ലാം നമ്മുടെ പുതുതലമുറ ചലച്ചിത്രകാരന്മാരെ പരിധിയില്ലാതെ സ്വാധീനിച്ചതിന് കഴിഞ്ഞ രണ്ടുവര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍ കണ്ടുനോക്കിയാല്‍ മാത്രം മതി.

ഈ പ്രചോദനം/പ്രേരണ കാമ്പില്ലാത്ത അനുകരണമോ, ഉള്‍ക്കനമില്ലാത്ത കാമ്പിനെ പൊതിഞ്ഞുകെട്ടാനുള്ള പകിട്ടാര്‍ന്ന ആവരണക്കടലാസോ മാത്രമായിത്തീര്‍ന്നതാണ് തുടരെത്തുടരെ പുറത്തിറങ്ങിയ അസംഖ്യം സിനിമകളില്‍ നല്ലൊരുശതമാനവും തകര്‍ന്നടിഞ്ഞ് മലയാള സിനിമ വീണ്ടും ഒരു പ്രതിസന്ധിയുടെ ദശാസന്ധിയില്‍ വന്നു നില്‍ക്കാന്‍ കാരണം. അടുത്ത കാലത്തിറങ്ങിയ പത്താംവളവ്, സല്യൂട്ട്, നാരദന്‍, ട്വല്‍ഫ്ത് മാന്‍, പത്രോസിന്റെ പടപ്പുകള്‍, ആറാട്ട്, ഇന്നലെ വരെ, ലളിതം സുന്ദരം, ഉപചാരപൂര്‍വം ഗുണ്ട ജയന്‍, ജാക്ക് ആന്‍ഡ് ജില്‍, അവിയല്‍, രണ്ട്, മേപ്പടിയാന്‍, ഭൂതകാലം, അര്‍ച്ചന 31 നോട്ടൗട്ട്, മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്, വെയില്‍, അന്താക്ഷരി, ഉടല്‍, കുറ്റവും ശിക്ഷയും തുടങ്ങിയ സിനിമകള്‍ പരിശോധിക്കുക. ഇവയില്‍ ചിലത് ഒടിടിയില്‍ മാത്രമായി പുറത്തിറങ്ങിയതും ചിലത് തീയറ്ററിലിറങ്ങിയയുടന്‍ രണ്ടാം ലോക്ക്ഡൗണ്‍ വന്നതോടെ ഒടിടിയിലേക്ക് ചേക്കേറിയതോ, പരാജയം രുചിച്ച് ഒടിടിയിലെത്തിയതോ ആണ്.

ആറാട്ടു പോലൊരു താരസിനിമയുടെ ദുര്‍വിധി മാറിയ കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ വിട്ടുപോയ രചയിതാക്കളുടെ പാളിച്ചയാണെന്നു പറയാം. എന്നാല്‍, സല്യൂട്ട്, പത്താംവളവ്, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളുടെയും ഉപചാരപൂര്‍വം ഗുണ്ടാജയന്‍, പത്രോസിന്റെ പടപ്പുകള്‍, അര്‍ച്ചന നോട്ടൗട്ട, രണ്ട് പോലുള്ള ചിത്രങ്ങളുടെയും പരാജയം വീണ്ടുവിചാരങ്ങള്‍ക്കും ആത്മപരിശോധനയ്ക്കും പ്രേരണയാകേണ്ടതുണ്ട്. പുതുതലമുറസിനിമകളുടെ ദൃശ്യവ്യാകരണസവിശേഷതകളൊക്കെ പാലിച്ച സിനിമകള്‍ തന്നെയാണിവ. എന്നിട്ടും പ്രദര്‍ശനവിജയത്തിലും സ്വീകാര്യതയിലും എന്തുകൊണ്ടിവ പിന്തള്ളപ്പെട്ടു?

സംസ്ഥാന-ദേശീയ ബഹുമതികള്‍ വാരിക്കൂട്ടി രചയിതാക്കളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച സെന്ന ഹെഗ്‌ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ ദൃശ്യഘടനയില്‍ വളരെ ചെറിയ വ്യത്യാസങ്ങളോടെ തുന്നിപ്പിടിപ്പിച്ച ദൃശ്യാവതരണങ്ങളായ ഉപചാരപൂര്‍വം ഗുണ്ടാജയന്‍, അര്‍ച്ചന 31 നോട്ടൗട്ട് എന്നീ സിനിമകളെ മാത്രം പരിശോധിച്ചാല്‍ ഇതിനുള്ള കാരണം തിരിച്ചറിയാനാവും. ഷെയ്ക്‌സ്പീയറുടെ ട്രാജഡികളുടെയും കോമഡി ഓഫ് എറേഴ്‌സിന്റെയും കോമഡികളുടെയുമൊക്കെ പൊതുജനുസ് ഒന്നുതന്നെയായിരുന്നു. പക്ഷേ, അതിന്റെ പുറംപാളിക്കപ്പുറം അദ്ദേഹം ആവിഷ്‌കരിച്ച ഉള്ളടക്കം കലാതീതവും സാര്‍വദേശീയവുമായ കാമ്പുള്ളതായിരുന്നു. എന്നാല്‍ എ സമം ബി എന്നൊരു ഫോര്‍മുലയെ എയുടെയും ബിയുടെയും ചെറിയ അക്ഷരങ്ങള്‍ കൊണ്ട് (സ്‌മോള്‍ ലെറ്റേഴ്‌സ്) മാറ്റിയെഴുതിയാല്‍ സൂത്രവാക്യം മാറുമോ? ഇതാണ്, സമകാലിക നവധാരയിലെ പരാജയപ്പെടുന്ന സിനിമകളുടെ ദുര്യോഗം.

പ്രതിഭാധരനരായ ചലച്ചിത്രകാരന്മാര്‍ ഉള്ളടക്കത്തിനനുസരിച്ചുള്ള രൂപഘടന അവതരിപ്പിക്കുകയും അത് വന്‍ വിജയമാവുകയും ചെയ്യുമ്പോള്‍ ഉള്ളടക്കത്തിന്റെ കനം തിരിച്ചറിയാതെ രൂപമാതൃകയില്‍ ഭ്രമിക്കപ്പെട്ട് രചനകള്‍ പടച്ചുവിടുന്നവരാണ് ഇവിടെ കുറ്റക്കാര്‍. സാഹിത്യത്തിലെന്നോണം നവസിനിമയ്ക്കും ആദിമദ്ധ്യാന്തപ്പൊരുത്തമൊക്കെ പഴങ്കഥ മാത്രമാണ്. ഓപ്പണ്‍ എന്‍ഡിങിന്റെ ലാവണ്യസവിശേഷതയൊക്കെ കണ്ടറിയാനും ആസ്വദിക്കാനുമുള്ള പരിപാകം വന്ന പ്രേക്ഷകരും ഇവിടെയുണ്ട്. എന്നിട്ടും, കുറ്റവും ശിക്ഷയും പോലൊരു സിനിമയില്‍ ലബ്ധപ്രതിഷ്ഠനായ രാജീവ് രവി പോലും നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിക്കുന്ന നീന്തലറിയാത്തവനെപ്പോലെയായിപ്പോയത് എന്തുകൊണ്ടാവാം?തീര്‍ന്നില്ല, പ്രമേയത്തിലും അവതരണത്തിലും ശ്രദ്ധിക്കപ്പെട്ട മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ടിനോട് ചെറുതല്ലാത്ത താരതമ്യമുണ്ടാകുംവിധം അതിന്റെ ദൃശ്യപരിചരണം എത്തിച്ചേര്‍ന്നത് എന്തുകൊണ്ടാവാം? കേശു ഈ വീടിന്റെ നാഥന്‍, അനുഗ്രഹീതന്‍ ആന്റണി എന്നീ സിനിമകളിലെ ലോട്ടറി കളഞ്ഞുപോകുന്ന ഭാഗ്യവാന്റെ ഇതിവൃത്തത്തിന്റെ സാമ്യം ആലോചിക്കുക.  ഇക്കാര്യത്തില്‍ പരിമിതവിഭവന്മാരോ അല്‍പപ്രതിഭകളോ ആയ ചലച്ചിത്രകാരന്മാരുടെ കാര്യത്തിലെന്നപോലെ, രാജീവ് രവിയെപ്പോലൊരാള്‍ മാപ്പര്‍ഹിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ട വിഷയം.

ഷക്കീലാസിനിമകളുടെ കാലത്ത് അത്തരം സിനിമകള്‍ക്കായി മാത്രം ഉരുത്തിരിഞ്ഞുവന്ന താരങ്ങളും സാങ്കേതികവിദഗധരും എഴുത്തുകാരുമൊക്കെയുണ്ട്. എന്നാല്‍ അത്തരം സിനിമകള്‍ കണ്ടിരുന്നവര്‍ അവയ്‌ക്കെത്തിച്ചേര്‍ന്നിരുന്നത് അതാര് സംവിധാനം ചെയ്തു എന്നോ ആരെഴുതി എന്നോ വിലയിരുത്തിയിട്ടല്ല. പോസ്റ്ററില്‍ ഷക്കീലയും മറിയയും രേഷ്മയുമുണ്ടെങ്കില്‍ അവര്‍ തീയറ്ററിലെത്തിയിരിക്കും. ഇതില്‍ ആദ്യം സൂചിപ്പിച്ചതിനു സമാനമാണ്, ഇപ്പോഴത്തെ ന്യൂജനറേഷന്‍ ചലച്ചിത്രപ്പടപ്പുകളുടെ സംവിധായകരുടെയും താരങ്ങളുടെയും കാര്യം. യുവതലമുറയില്‍ ഇത്തരം സിനിമകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു സംഘം നടീനടന്മാരുടെ നിര തന്നെ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. എന്നാല്‍ രചയിതാക്കളോ സംവിധായകരോ ആരെന്നത് പ്രസക്തം പോയിട്ട് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അറിയേണ്ട ആവശ്യം പോലുമില്ലാത്തതായിത്തീര്‍ന്നിരിക്കുന്നു. തീയറ്ററിലെത്തുക എന്നതു തന്നെ സാധാരണക്കാരുടെ പരിഗണനയ്ക്കപ്പുറമുള്ളതായിക്കഴിഞ്ഞതോടെ അവസാനം സൂചിപ്പിച്ച സാമ്യം- പോസ്റ്റര്‍ കണ്ട് തീയറ്ററിലെത്തുന്നത് സങ്കല്‍പം മാത്രമായി ഒതുങ്ങിത്തീര്‍ന്നിരിക്കുന്നു. ആരെഴുതി എന്നോ ആരു സംവിധാനം ചെയ്തു എന്നോ രജിസ്റ്റര്‍ ചെയ്യാത്ത സിനിമകള്‍ തീയറ്ററുകളിലോ ഒടിടികളിലോ ഇറങ്ങി നാലാള്‍ കണ്ട് നല്ലയഭിപ്രായങ്ങളുണ്ടെങ്കില്‍ മാത്രം ഓണ്‍ലൈനില്‍ കാണാം എന്ന മാനസികാവസ്ഥയിലേക്ക് മലയാളി പ്രേക്ഷകര്‍ അവരറിയാതെ മാറിക്കൊണ്ടിരിക്കുകയാണ്.ഈ വര്‍ഷം ഇതേവരെ പുറത്തിറങ്ങിയ 77 സിനിമകളില്‍ ഏഴിന്റെയെങ്കിലും രചയിതാവിന്റെയും സംവിധായകന്റെയും പേരുകള്‍ ഓര്‍ത്തെടുക്കാന്‍ അവ കണ്ടിഷ്ടപ്പെട്ട പ്രേക്ഷകരില്‍ എത്രപേര്‍ക്കു സാധിക്കും എന്നതാണ് കഴമ്പുള്ള ചോദ്യം. എ ഫിലിം ബൈ... എന്ന് അല്‍പമൊരഹങ്കാരത്തോടെ തന്നെ ശീര്‍ഷകത്തിലെഴുതിക്കാണിക്കാന്‍ ധൈര്യം കാട്ടിയിരുന്ന ചലച്ചിത്രകാരന്മാരുടെ സ്ഥാനത്ത് ഫിലിംഡ് ബൈ എന്നും എ ഫിലിം ബൈ....ആന്‍ഡ് ടീം എന്നോ ആള്‍ക്കൂട്ടത്തിലൊരാള്‍ മാതൃകയില്‍ സംവിധായകന്‍ സ്വയമൊളിക്കുന്ന ഇടമായി മാറുകയാണ് മിക്ക സിനിമകളും.

കണ്ട വിദേശ സിനിമകളുടെ മാതൃകയില്‍ അസാമാന്യ ബില്‍ഡപ്പുണ്ടാക്കി ഒന്നാം പകുതിയില്‍ പ്രമേയത്തിനൊപ്പം പ്രേക്ഷകപ്രതീക്ഷയും വളര്‍ത്തി പരിപോഷിപ്പിച്ച ശേഷം, സിനിമയുണ്ടായ കാലമുതല്‍ക്കുള്ള ക്‌ളീഷേ കാഴ്ചയും കാഴ്ചപ്പാടും കുത്തിനിറച്ച് രണ്ടാം ഭാഗത്തെ തീര്‍ത്തും പ്രവചനീയമായ ക്‌ളൈമാക്‌സില്‍ കൊണ്ടുച്ചെന്നു കെട്ടുന്ന ശൈലിയാണ് അടുത്തിടെ ഇറങ്ങിയ ബഹുഭൂരിപക്ഷം സിനിമകളിലും കാണാന്‍ സാധിച്ചത്. മൂന്നു പേജ് കഥയില്‍ അവസാനവരിയില്‍ മാറ്റമുണ്ട് എന്നു വാദിച്ചാല്‍ അത് ഒറിജനാലിറ്റിയായി പരിഗണിക്കുന്ന കാലമല്ല ഇത്. രചനകളില്‍ 15 ശതമാനത്തിലധികം അപരസ്രോതസുകളില്‍ നിന്ന് അതേപോലെ ഉദ്ധരിച്ചിട്ടുണ്ടെങ്കില്‍ പോലും അപഹരണമായി കണക്കൂകൂട്ടുന്ന കാലത്താണ് ഒ.ടി.ടികളില്‍ നിറഞ്ഞുനില്‍കുന്ന ഉള്ളടക്കങ്ങളും സമീപനവും വേഷം മാറി മലയാളത്തിലൂടെ വീണ്ടും അതേ ഒ.ടി.ടിയിലൂടെ തന്നെ നമ്മുടെ മുന്നിലെത്തുന്നത്. പഴയ സിഐഡി സിനിമകളില്‍ കവിളില്‍ കാക്കപ്പുള്ളിയും മൂക്കിനു താഴെ കപ്പടാമീശയും വച്ചാല്‍ പ്രേംനസീറിനെ ഇതര കഥാപാത്രങ്ങള്‍ക്കാര്‍ക്കും തിരിച്ചറിയാനാവാത്തതുപോലുള്ള വൈചിത്ര്യമാണിത്. കൊറിയന്‍ സിഡികളില്‍ നിന്ന് അത്യുഗ്രന്‍ തിരക്കഥകള്‍ മണിക്കൂറുകള്‍ കൊണ്ട് നിര്‍മ്മിച്ചെടുക്കാവുന്ന കാലമൊക്കെ പോയി. കൊറിയനടക്കം ലോകത്തെവിടെയുമുള്ള സിനിമകള്‍ ഇംഗ്‌ളീഷ് ഉപശീര്‍ഷകങ്ങളോടെയോ, പുതിയതും വിജയിച്ചവയുമെങ്കില്‍ മലയാളത്തില്‍ ഡബ്ബുചെയ്തിട്ടോ കാണാനുള്ള അവസരമാണ് ഒടിടികള്‍ പ്രേക്ഷകര്‍ക്കൊരുക്കുന്നത്. എല്ലാ മൗലികതയോടും കൂടി ഒറിജനല്‍ ചുണ്ടാണിവിരലിനു മുന്നിലുള്ളപ്പോള്‍ പിന്നെന്തിന് വേഷം മാറിയ മലയാളം വേര്‍ഷന്‍ കാണാന്‍ മെനക്കെടണം എന്നു പ്രേക്ഷകര്‍ ചിന്തിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനാവില്ല. ഭേദപ്പെട്ട ചിത്രങ്ങളായിട്ടുകൂടി, വ്യാസന് കടപ്പാടെഴുതിക്കാണിച്ച അമല്‍നീരദിന്റെ ഭീഷ്മപര്‍വം റിലീസായതിനു സമാന്തരമായി ആമസണ്‍ പ്രൈം ഇന്ത്യയില്‍ മരിയോ പുസോയുടെ ദ് ഗോഡ്ഫാദര്‍ ഒന്നും രണ്ടും ഭാഗങ്ങളുള്‍ക്കൊള്ളിച്ച് പഴയകാല അധോലോക ക്‌ളാസിക്കുകളുടെ ഒരു പാക്കേജ് ഒടിടിയില്‍ പ്രമോട്ട് ചെയ്തതോര്‍ക്കുക. ജോജി റിലീസായ കാലത്ത് കെ.ജി.ജോര്‍ജ്ജിന്റെ ഇരകളോട് താരതമ്യം ചെയ്തുണ്ടായ വിമര്‍ശനങ്ങളേക്കാള്‍ വലിയ ദുരന്തമായി ഇന്ത്യന്‍ വിപണിയില്‍ ഗോഡ്ഫാദറിന്റെ മാര്‍ക്കറ്റിങിനെ കണക്കാക്കേണ്ടതുണ്ട്.

കള്ളും കഞ്ചാവും തുറന്ന ലൈംഗികതയും ഭിന്നലൈംഗികതയും ജുഗുപ്‌സാവഹമായ വയലന്‍സും അസഭ്യസംഭാഷണങ്ങളും കുത്തിനിറച്ചാല്‍ നവഭാവുകത്വമാവില്ലെന്നാണ് പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടത്. കഥയാവശ്യപ്പെടുമ്പോഴാണ് ഇതില്‍ ഏതു ചേരുവയും ചേര്‍ക്കേണ്ടവിധം വേണ്ടയളവില്‍ മാത്രം ഉള്‍പ്പെടുത്തേണ്ടത്. ഇനിയും തിരിച്ചറിയാനായിട്ടില്ലാത്ത കാരണങ്ങളാല്‍ വിജയിച്ച ധ്യാന്‍ ശ്രീനിവാസന്റെ ലവ് ആക്ഷന്‍ ഡ്രാമ കണ്ടു ഭ്രമിച്ച് പത്രോസിന്റെ പടപ്പുകള്‍ പോലുള്ള സിനിമകള്‍ പടച്ചുവിടുന്നതുകൊണ്ട് അതുണ്ടാക്കിയവര്‍ക്കോ കാണുന്നവര്‍ക്കോ വിശേഷ്യാ ഗുണമോ ലാഭമോ ഉണ്ടാവുന്നില്ലെന്നു ചലച്ചിത്രപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞാല്‍ ആ നിമിഷം മാറുന്നതാണ് ഒ ടി ടി ക്കു കൂടി ഉത്തരവാദിത്തമുള്ള മലയാള സിനിമയിലെ സമകാലിക പ്രതിസന്ധി.