Saturday, January 29, 2022

താരപരിവേഷം തച്ചുടച്ച പ്രതിഭ


എ.ചന്ദ്രശേഖര്‍

സമാനതകളില്ലാത്ത ചലച്ചിത്രജീവിതമായിരുന്നു കുരുക്കല്‍പ്പാടം സുബ്രഹ്‌മണ്യം സേതുമാധവന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കെ.എസ്.സേതുമാധവന്റേത്. പേരു കേള്‍ക്കുന്ന മാത്രയില്‍ തന്നെ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് ഇരച്ചെത്തുന്ന ഒരുപിടി സിനിമകള്‍ മാത്രം മതി സേതുമാധവന്‍ എന്ന സംവിധായകന്റെ സംഭാവനകളുടെ നേര്‍സാക്ഷ്യമായി. സിനിമയ്ക്കു വേണ്ടി പേരോ പേരിലെ അക്ഷരങ്ങളോ പോലും മാറ്റാത്ത കരളുറപ്പും കലയുറപ്പും കാഴ്ചവച്ച ചലച്ചിത്രകാരന്‍. സംവിധാനം കെ.എസ്. സേതുമാധവന്‍ എന്നത് സിനിമയ്ക്ക് ഏറ്റവും വിശ്വാസ്യതയും വിപണിമൂല്യവുമുള്ള ഗ്യാരന്റിയാക്കി മാറ്റിയ പ്രതിഭ. സംവിധായകനെ നോക്കി സിനിമ കാണാന്‍ മലയാളി പ്രേക്ഷകരെ പഠിപ്പിച്ച, പ്രേരിപ്പിച്ച സാങ്കേതികവിദഗ്ധനായിരുന്നു സേതുമാധവന്‍. അതിലപ്പുറം, കറപുരളാത്ത വ്യക്തിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച സാമൂഹികപ്രതിബദ്ധതയുള്ളൊരു മനുഷ്യന്‍. സിനിമയുടെ മായികവലയം ഒരുകാലത്തും അദ്ദേഹത്തെ കളങ്കപ്പെടുത്തിയില്ല. സിനിമയ്ക്ക് അന്തസ് എന്തെന്നും പ്രേക്ഷകര്‍ക്ക് അന്തസുള്ള സിനിമയെന്തെന്നും അദ്ദേഹം കാണിച്ചുതന്ന പ്രതിഭ. അതായിരുന്നു കെ.എസ്.സേതുമാധവന്‍.

അറുപതുകളില്‍, സേതുമാധവന്‍ സിനിമയിലേക്കു കടന്നുവരുന്ന കാലത്ത് മലയാള സിനിമ അതിന്റെ കൗമാരചാപല്യങ്ങള്‍ വിട്ടുണരുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്താണ്, കാലത്തിനപ്പുറം നീളുന്ന ദീര്‍ഘവീക്ഷണത്തോടെ, അതിലേറെ ധീരമായ കലാദര്‍ശനത്തോടെ സേതുമാധവന്‍ തന്റെ സിനിമകളില്‍ ഒന്നൊന്നായി പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്. അന്നോളം സിനിമയ്ക്ക് പരിഗണിക്കപ്പെടാത്ത പ്രമേയങ്ങള്‍ ഇതിവൃത്തമാക്കുക മാത്രമല്ല, സിനിമ പതിച്ചു നല്‍കിയ പല പ്രതിച്ഛായകളെയും തച്ചുടയ്ക്കുകയും ഉടച്ചുവാര്‍ക്കുകയും ചെയ്യാനും അദ്ദേഹം ധൈര്യം കാണിച്ചു. ദൃശ്യഭാഷയില്‍ നാടകീയതയെ പരമാവധി ഒഴിവാക്കി സിനിമാറ്റിക്ക് ആക്കാനും വിദേശ സിനിമകള്‍ കണ്ടും വായിച്ചും ആര്‍ജിച്ചെടുത്ത ഉള്‍ക്കാഴ്ച കൊണ്ട് അദ്ദേഹം പരിശ്രമിച്ചു.


മദ്രാസില്‍ തെലുങ്ക് തമിഴ് സിനിമകളില്‍ അസോഷ്യേറ്റ് ഡയറക്ടറായിയിട്ടായിരുന്നു സേതുമാധവന്റെ ചലച്ചിത്രപ്രവേശം. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ച് കുടുംബം നോക്കാനുള്ള ഉത്തരവാദവുമായി ബിരുദാനന്തരം മദ്രാസിലെത്തിയ ചെറുപ്പക്കാരന്‍ പ്രമുഖ നിര്‍മ്മാണ സ്ഥാപനങ്ങളുടെയും സ്റ്റുഡിയോകളുടെയും സിനിമകളുടെ സജീവസാന്നിദ്ധ്യമായിത്തീര്‍ന്നത് വളരെ പെട്ടെന്നാണ്. എല്‍ വി പ്രസാദിനും എഎസ്എ സ്വാമിക്കുമൊക്കെ പ്രിയങ്കരനായ മിടുമിടക്കനായ അസിസ്റ്റന്റ്. എം.ജി.ആറിനും ജയലളിതയ്ക്കുമെല്ലാം വ്യക്തിപരമായ താല്‍പര്യമുണ്ടായിരുന്ന സിനിമാക്കാരന്‍. മാതൃഭാഷയിലോ പോറ്റമ്മ ഭാഷയിലോ അല്ല, സിംഹളീസ് ഭാഷാചിത്രമായ വീരവിജയയിലൂടെയാണ് സേതുമാധവന്‍് സംവിധായകനാവുന്നത്. 

മലയാളത്തില്‍ ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ മുതിരുമ്പോള്‍ തകഴിയുടെയും ബഷീറിന്റെയും പൊന്‍കുന്നം വര്‍ക്കിയുടെയും കെ.ടി.മുഹമ്മദിന്റെയും കൃതികകള്‍ വായിച്ചുള്ള ബന്ധം മാത്രമായിരുന്നു സാഹിത്യത്തോട്. 1961ലെ ക്രിസ്മസിന് മുട്ടത്തുവര്‍ക്കിയുടെ രചനയെ ആസ്പദമാക്കി അസോഷ്യേറ്റഡ് പിക്‌ച്ചേഴ്‌സിനു വേണ്ടി ടി.ഇ വാസുദേവന്‍ നിര്‍മ്മച്ച ജ്ഞാനസുന്ദരിയിലൂടെയാണ് കെ.എസ്.സേതുമാധവന്‍ കേരളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്, കൃത്യം 60 വര്‍ഷം മുമ്പ്. കെ.ടി.മുഹമ്മദിന്റെ നാടകത്തെ ആസ്പദമാക്കി പിന്നീട് സംവിധാനം ചെയ്ത അച്ഛനും ബാപ്പയും, അടൂരിന്റെ സ്വയംവരം മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ 1972ല്‍ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ഗാനരചന (വയലാര്‍), ഗായകന്‍ (യേശുദാസ്) തുടങ്ങിയവയ്ക്കുള്ള ദേശീയ ബഹുമതിയും നേടി അച്ഛനും ബാപ്പയും ചരിത്രമായി. പാറപ്പുറത്തിന്റെ നോവലിനെ അധികരിച്ചു സേതുമാധവന്‍ സംവിധാനം ചെയ്ത പണിതീരാത്ത വീടിനായിരുന്നു ആ വര്‍ഷം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ബഹുമതി. അവിടെ തുടങ്ങി സമാനതകളില്ലാത്ത റെക്കോര്‍ഡുകളാണ് സേതുമാധവന്‍ ഇന്ത്യന്‍ സിനിമയുടെയും മലയാള സിനിമയുടെയും ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത്. തുടര്‍ച്ചയായി 10 ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ സംവിധായകന്‍. അത്രതന്നെ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചലച്ചിത്രകാരന്‍. ഇത് സേതുമാധവനു മാത്രം അവകാശപ്പെടുന്നതാണ്.

പാറപ്പുറത്തിന്റെ രചനയെ ആസ്പദമാക്കിയ അരനാഴിക നേരം (1970), മുട്ടത്തുവര്‍ക്കിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കരകാണാക്കടല്‍(1971), പണിതീരാത്ത വീട് (1921), എം.ടിയുടെ തിരക്കഥയിലൊരുക്കിയ ഓപ്പോള്‍ (1980) എന്നിവയ്ക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. ഓടയില്‍ നിന്ന് (1965), അടിമകള്‍ (1969), കരകാണാക്കടല്‍ (1971), പണിതീരാത്ത വീട് (1972) എന്നിവ മികച്ച പ്രാദേശിക ഭാഷാചിത്രത്തിനുള്ള ദേശീയ ബഹുമതിയും നേടി. 1972ല്‍ അച്ഛനും ബാപ്പയും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 1980ല്‍ ഓപ്പോള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി. 1990ല്‍ മറുപക്കം മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള ദേശീയ ബഹുമതിയും 1994ല്‍ നമ്മവര്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 1995ല്‍ സ്ത്രീ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ബഹുമതിയും നേടി. 1972ല്‍ പണിതീരാത്ത വീട്, അച്ഛനും ബാപ്പയും എന്നീ ചിത്രങ്ങളിലൂടെ ഒരു വര്‍ഷം ഒന്നിലേറെ സിനിമകള്‍ക്ക് ദേശീയ ബഹുമതി നേടുന്ന ഒരേയൊരു സംവിധായകന്‍ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. തമിഴും തെലുങ്കുമടക്കമുള്ള ഭാഷകളില്‍ നിന്ന് ദേശീയ ബഹുമതികള്‍ നേടുന്ന മലയാള സംവിധായകന്‍ എന്ന റെക്കോര്‍ഡും സേതുമാധവന് മാത്രം സ്വന്തം.


അക്ഷരങ്ങളില്‍ നെയ്ത ദൃശ്യശില്‍പങ്ങള്‍

സിനിമയ്ക്കു കഥ വേണോ എന്ന ചര്‍ച്ചകള്‍ക്കു മൂപ്പേറുന്ന എഴുപതുകളിലും എണ്‍പതുകളിലും സാഹിത്യകൃതികളെ അധികരിച്ച് മികച്ച സിനിമകളൊരുക്കി കമ്പോള മുഖ്യധാരയില്‍ ഇടം നിലനിര്‍ത്തിയ സേതുമാധവനെ മലയാളം ഓര്‍ക്കുക അവയില്‍ കഴിയുന്നത്ര ഒത്തുതീര്‍പ്പുളൊഴിവാക്കിയതിന്റെ പേരിലാണ്. കലയും കച്ചവടവും കൈകോര്‍ക്കുന്ന ഒരപൂര്‍വ പാതയിലാണ് സേതുമാധവന്‍ തന്റെ പ്രതിഭ തെളിയിച്ചത്. മുട്ടത്തുവര്‍ക്കിയും പൊന്‍കുന്നം വര്‍ക്കിയും തകഴിയും തോപ്പില്‍ ഭാസിയും എം.ടി.വാസുദേവന്‍നായരും, പി.ജെ.ആന്റണിയും എ.ടി.കോവൂരും, പാറപ്പുറത്തും, ഉറൂബും കേശവദേവും, കെ.സുരേന്ദ്രനും, പദ്മരാജനും, മുണ്ടൂര്‍ സേതുമാധവനും മലയാറ്റൂര്‍ രാമകൃഷ്ണനുമടക്കം അന്നത്തെ മികച്ച എഴുത്തുകാരുടെയൊക്കെ മികച്ച കൃതികള്‍ക്ക് തുടരെത്തുടരെ ചലച്ചിത്രരൂപാന്തരം നല്‍കി എന്നുമാത്രമല്ല അവയെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വന്‍ വിജയത്തോടൊപ്പം അവിസ്മരണീയമായ ദൃശ്യാവിഷ്‌കാരങ്ങളുമാക്കി എന്നതിലാണ് സേതുമാധവന്റെ പ്രതിഭ ദൃശ്യപ്പെടുന്നത്. നിരൂപകന്‍ വിജയകൃഷ്ണന്‍ വിലയിരുത്തുന്നതുപോലെ, എഴുത്തുകാരുടെ മികച്ചതല്ലാത്ത രചനകള്‍ക്കും മികച്ച എഴുത്തുകാരുടെ ശരാശരി രചനകള്‍ക്കും അവയ്ക്ക് അവകാശപ്പെടാനാവാത്ത ഉള്‍ക്കനവും പുതിയൊരു ദാര്‍ശനിക മാനവും നല്‍കാന്‍ ചലച്ചിത്രഭാഷ്യങ്ങളിലൂടെ സാധിച്ചു എന്നതാണ് സേതുമാധവനെ പ്രസക്തനാക്കുന്നത്. പമ്മനെയും മുട്ടത്തുവര്‍ക്കിയേയും പോലെ ജനപ്രീതി നോക്കി എഴുതിയിരുന്നവരുടെ കൃതികളില്‍ നിന്നുപോലും ദേശീയ ബഹുമതി നേടിയ കരകാണാക്കടലും അടിമകളും ചട്ടക്കാരിയും പോലുള്ള ഉള്‍ക്കാമ്പുള്ള സിനിമകള്‍ നെയ്‌തെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ പോലും നോവലിനെ അതിശയിപ്പിക്കുന്ന വിധം ചില ധീരമായ ആശയങ്ങള്‍ അവതരിപ്പിച്ചതിനെപ്പറ്റിയും വിജയകൃഷ്ണന്‍ സൂചിപ്പിച്ചിട്ടുണ്ട്.

സാഹിത്യത്തെ അപ്പാടെ സിനിമയിയിലേക്ക് ഒപ്പുകടലാസിലെന്നോണം പകര്‍ത്തിവയക്കാതെ അതിനെ ദൃശ്യഭാഷ്യത്തിനുള്ള അസംസ്‌കൃത വസ്തുവായി പരിഗണിക്കാന്‍ കാണിച്ച സന്നദ്ധതതന്നെയാണ് സേതുമാധവന്റെ ചലച്ചിത്രബോധ്യത്തിന്റെ പ്രത്യക്ഷത്തെളിവ്. അതുകൊണ്ടുതന്നെയാണ് മലയാളസിനിമയ്ക്കും സാഹിത്യത്തിനും പൊക്കിള്‍കൊടി ബന്ധമുണ്ടായിരുന്ന മലയാളസിനിമയുടെ സുവര്‍ണകാലത്തു മുന്‍നിര എഴുത്തുകാരുടെ സൃഷ്ടികളെ ആസ്പദമാക്കി നിരന്തരം സിനിമകളൊരുക്കുമ്പോഴും അവയില്‍ തന്റേതായ വിരല്‍സ്പര്‍ശം നല്‍കി കര്‍തൃത്വം സ്വന്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചതും. 

അന്നത്തെ കാലത്ത് ഏതൊരു സംവിധായകനും രണ്ടാമതൊന്ന് ആലോചിക്കുമായിരുന്ന തരത്തിലുള്ള വിഷയങ്ങള്‍ ആധാരമാക്കാന്‍ സേതുമാധവന്‍ ഒരിക്കലും മടിച്ചില്ല. കുടുംബചിത്രങ്ങളുടെ സംവിധായകന്‍ എന്ന പ്രതിച്ഛായ പോലും അവഗണിച്ച് പുനര്‍ജന്മം, വാഴ്‌വേ മായം, അര നാഴികനേരം, യക്ഷി, കടല്‍പ്പാലം, ഒരു പെണ്ണിന്റെ കഥ, ചട്ടക്കാരി പോലുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ കാണിച്ച ആര്‍ജ്ജവം മലയാളത്തില്‍ അധികം സംവിധായകര്‍ക്ക് അവകാശപ്പെടാനാവുന്നതല്ല. ഒരു വേശ്യയുടെ പ്രതികാരം എന്ന ഒറ്റവാക്യത്തില്‍ നിന്ന്, പിന്നീട് എത്രയോ സമാനചിത്രങ്ങള്‍ക്ക് പ്രേരണയും ഊര്‍ജ്ജവുമായി തീര്‍ന്ന ഒരു പെണ്ണിന്റെ കഥ ഷീലയേയും സത്യനെയും മുന്‍ നിര്‍ത്തി ആവിഷ്‌കരിക്കുമ്പോഴും ദൃശ്യഭാഷയില്‍ ആത്മസംയമനത്തിന്റെ അതിര്‍വരമ്പുകള്‍ അണുവിടെ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സേതുമാധവനിലെ ചലച്ചിത്രകാരന്‍ കാട്ടിയ ജാഗ്രത മാധ്യമത്തിന്മേലുള്ള അദ്ദേഹത്തിന്റെ കയ്യടക്കത്തിന്റെ കൂടി ദൃഷ്ടാന്തമാണ്. പമ്മന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ചട്ടക്കാരിയുടെയും കോവൂരിന്റെ കൃതിയില്‍ നിന്നുണ്ടാക്കിയ പുനര്‍ജന്മത്തിന്റെയും കാര്യവും വിഭിന്നമല്ല. മദര്‍ ഫിക്‌സേഷന്‍ പോലൊരു മാനസികാവസ്ഥ പുനര്‍ജന്മത്തിലൂടെ സിനിമയാക്കാന്‍ കാണിച്ച വിപദിധൈര്യം അനന്യമാണ്. കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങളോട് വല്ലാത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്നു സേതുമാധവന്‍. പില്‍ക്കാലത്ത് അഞ്ചു മലയാളസിനിമകള്‍ക്കെങ്കിലും വാര്‍പ്പുമാതൃകയായ അടിമകള്‍ എന്ന ഒരൊറ്റ സിനിമ മതി കാലത്തിനപ്പുറം കണ്ട സേതുമാധവനിലെ കലാകാരനെ തിരിച്ചറിയാന്‍. എം.ടി. വാസുദേവന്‍ നായരുടെ വേറിട്ട യുവസിനിമയായ വേനല്‍ക്കിനാവുകളും കമല്‍ഹാസന്‍ നായകനായ നമ്മവരും കണ്ടവര്‍ക്കു മനസിലാവും എത്രമാത്രം സമകാലികനായിരുന്നു അദ്ദേഹത്തിലെ കലാകാരനെന്ന്. സ്പ്‌ളിറ്റ് പേര്‍സണാലിറ്റി ഡിസോര്‍ഡര്‍ പോലുള്ള സങ്കീര്‍ണ മാനസികാവസ്ഥയില്‍ നിന്ന് അതും സത്യനെപ്പോലൊരു മുന്‍നിര താരത്തെ വച്ച് യക്ഷി നിര്‍മ്മിക്കാനുള്ള ധൈര്യവും അന്ന് സേതുമാധവനല്ലാതെ മറ്റൊരാള്‍ക്കും മലയാളസിനിമയിലുണ്ടാവുമായിരുന്നില്ല.

മലയാളം വിട്ട് പിന്നീട് തമഴിലും തെലുങ്കിലും സിനിമകളൊരുക്കിയപ്പോഴും സാഹിത്യബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ മാറ്റം വരുത്തിയില്ല അദ്ദേഹം. തമിഴില്‍ നിന്ന് മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ആദ്യ സിനിമ ഇന്ദിരാ പാര്‍ത്ഥസാരഥിയുടെ ഉച്ചിവെയില്‍ എന്ന നോവലില്‍ നിന്ന് സ്വയം തിരക്കഥയൊരുക്കി സേതിമാധവന്‍ നിര്‍മിച്ച മറുപക്കമാണ്. തെലുങ്കില്‍ നിന്നു ദേശീയ ബഹുമതി നേടിയ സ്ത്രീ എന്ന അദ്ദേഹത്തിന്റെ അവസാന സിനിമ പാലഗുമ്മി പദ്മരാജുവിന്റെ രചനയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. 


താരപരിവേഷം തച്ചുടച്ച പ്രതിഭ

എം.ജി.രാമചന്ദ്രന്‍, കമല്‍ഹാസന്‍, പ്രേംനസീര്‍, സത്യന്‍, മധു മുതല്‍ രവികുമാര്‍, സോമന്‍, സുകുമാരന്‍,  മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്‌മാന്‍ വരെയുള്ള മുന്‍നിര താരങ്ങളെ വച്ചു നിരന്തരം സിനിമകളൊരുക്കിയ സേതുമാധവന്‍ തന്നെയാണ് താരപ്രഭാവത്തെ നിസ്സങ്കോചം തച്ചുടച്ചുകൊണ്ട് രണ്ടാം നിരയില്‍ നിന്നു ചില പ്രതിഭകളെ മുന്നിലേക്കു കൈപിടിച്ചാനയിച്ചത്. അന്നോളം ഹാസ്യതാരത്തിന്റെ തലത്തില്‍ ഒതുക്കപ്പെട്ട ബഹദൂറിനെ കടല്‍പ്പാലത്തിലെ ഗൗരവമുള്ള വേഷത്തിലൂടെ മറ്റൊരു തലത്തിലെത്തിച്ചു. കുംഭകുലുക്കി ഹാസ്യത്തില്‍ വൈദഗ്ധ്യം നേടിയ അസാമാന്യ നടനായ അടൂര്‍ ഭാസിക്ക് അരനാഴികനേരത്തിലടക്കം മികച്ച വേഷങ്ങള്‍ നല്‍കിയ സേതുമാധവനാണ് ചട്ടക്കാരിയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ബഹുമതി നേടിക്കൊടുത്തതും. സ്ഥാനാര്‍ത്ഥി സാറാമ്മയില്‍ അടൂര്‍ ഭാസിയെ ഗായകനാക്കിയതും സേതുമാധവന്‍ തന്നെ. കൊടുംവില്ലന്റെ വാര്‍പ്പുമാതൃകകളില്‍ തളയ്ക്കപ്പെട്ട ബാലന്‍ കെ. നായര്‍ എന്ന അതുല്യ നടനെ ഓപ്പോളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ബഹുമതിക്കു പ്രാപ്തനാക്കി. കടല്‍പ്പാലത്തില്‍ കെ. പി. ഉമ്മറിന് സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്നു മോചനം നല്‍കിയതും സേതുമാധവന്‍ തന്നെ. വേനല്‍ക്കിനാവുകളിലൂടെ കൃഷ്ണപ്രസാദും ദുര്‍ഗ്ഗയുമടക്കം ഒരുപറ്റം പുതുമുഖങ്ങളെ അവതരിപ്പിച്ച സേതുമാധവന്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ എന്നു പേരെടുത്ത കമല്‍ഹാസനെ ബാലതാരമായും(കണ്ണും കരളും) പിന്നീട് നായകനായും (കന്യാകുമാരി) മലയാള സിനിമയില്‍ ഹരിശ്രീ കുറിപ്പിച്ചതും മമ്മൂട്ടിയെ അനുഭവങ്ങള്‍ പാളിച്ചകളിലും സുരേഷ് ഗോപിയെ ഓടയില്‍ നിന്നിലും അവതരിപ്പിച്ചതും. മലയാളത്തില്‍ സേതുമാധവനെ ഗുരുവായി കണക്കാക്കുന്ന കമല്‍ഹാസന്‍ തിരക്കഥയെഴുതി അദ്ദേഹത്തെക്കൊണ്ട് പിന്നീട് സംവിധാനം ചെയ്യിച്ച നമ്മവര്‍ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ ബഹുമതി നേടിതും ചരിത്രം.

എന്നാല്‍ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ കാര്യത്തില്‍ സേതുമാധവന്‍ ചെയ്ത വിഗ്രഹഭഞ്ജനം അതിധീരം എന്ന വിശേഷണമര്‍ഹിക്കുന്നു. മലയാളത്തില്‍ തീവിലയുള്ള നായകതാരമായി വിളങ്ങിനില്‍ക്കുന്ന കാലത്ത് അഴകുള്ള സെലീനയിലും അനുഭവങ്ങള്‍ പാളിച്ചകളിലും സേതുമാധവന്‍ അദ്ദേഹത്തിനായി മാറ്റിവച്ചത് പ്രതിനായകവേഷമായിരുന്നു! പ്രേംനസീറിന്റെ താരപരിവേഷവും ആരാധകവൃന്ദവും പരിഗണിക്കുന്ന ഒരു സംവിധായകനും നിര്‍മ്മാതാവും സ്വപ്‌നത്തില്‍ പോലും ധൈര്യം കാണിക്കാത്ത തൊട്ടാല്‍പ്പൊള്ളുന്ന പരീക്ഷണം. സഹോദരന് ഒരു വരുമാനമാര്‍ഗമുണ്ടാക്കിക്കൊടുക്കാന്‍ മാത്രമല്ല, രണ്ടാമതൊരു നിര്‍മാതാവിന്റെ കാശുപയോഗിക്കാതെ ഇത്തരം പരീക്ഷണങ്ങള്‍ക്കു വേണ്ടിക്കൂടിയാണ് അനുജന്‍ ചക്രപാണിയുമായിച്ചേര്‍ന്ന് നിര്‍മ്മാണസ്ഥാപനം തുടങ്ങിയതെന്നു പറഞ്ഞിട്ടുണ്ട് സേതുമാധവന്‍. നന്മയുടെ നിറകുടമായ നായകന്മാരെ മാത്രം നസീര്‍ തുടര്‍ച്ചയായി വെള്ളിത്തിരയില്‍ കെട്ടിയാടിയ കാലത്താണ് അദ്ദേഹത്തെ വഞ്ചകനും കൊലപാതകിയുമൊക്കെയാക്കുന്ന സിനിമകള്‍ സേതുമാധവന്‍ നിര്‍മ്മിക്കുന്നത്. യക്ഷിയില്‍ പാതിമുഖം കത്തിപ്പോയ നായകനായി സത്യനെ അവതരിപ്പിച്ചതിലും നിര്‍ണായകവും അപകടകരവുമായിരുന്നു ഇത്.

താരപ്രഭാവത്തിനപ്പുറം താരസ്വത്വങ്ങള്‍ക്കുള്ളിലെ മികച്ച അഭിനേതാക്കളെയാണ് സേതുമാധവന്‍ തന്റെ ചിത്രങ്ങളില്‍ കൂടൂതല്‍ ആശ്രയിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായ പ്രേംനസീറിന്റെ വേറിട്ട വേഷങ്ങളുടെ എണ്ണമെടുക്കുമ്പോള്‍ ഇരുട്ടിന്റെ ആത്മാവിനെയും പടയോട്ടത്തെയും പരാമര്‍ശിക്കുന്നവര്‍ കാണാതെ പോകുന്നത് അനുഭവങ്ങള്‍ പാളിച്ചകളിലെയും അടിമകളിലെയും അദ്ദേഹത്തിന്റെ മൂര്‍ത്തമായ അഭിനയമുഹൂര്‍ത്തങ്ങളെയാണ്. അതുപോലെ കടല്‍പ്പാലത്തിലേയും ഒരു പെണ്ണിന്റെ കഥയിലേയും ഓടയില്‍നിന്നിലെയും അനുഭവങ്ങള്‍ പാളിച്ചകളിലെയും യക്ഷിയിലെയും വേഷങ്ങളെണ്ണാതെ സത്യന്‍ എന്ന നടനെ അടയാളപ്പെടുത്തുകയും സാധ്യമല്ല. അവസാനകാല സിനിമയായ അറിയാത്ത വീഥികളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും നല്‍കിയ വേഷങ്ങളില്‍പ്പോലും ഈ നിഷ്‌കര്‍ഷ പ്രകടമാണ്.

സെറ്റില്‍ എം.ജി.ആര്‍ പോലും അനുസരണയോടെ മാത്രം നേരിട്ടിരുന്ന കാര്‍ക്കശ്യത്തിന്റെ പേരില്‍ പ്രസിദ്ധി നേടിയ ചലച്ചിത്രകാരന് സിനിമ ആവിഷ്‌കാര മാധ്യമം മാത്രമായിരുന്നില്ല, ജീവനായിരുന്നു; ജീവിതമായിരുന്നു. വൈരുദ്ധ്യങ്ങളുടെ തുടര്‍ച്ച അദ്ദേഹത്തിന്റെ സര്‍ഗജീവിതത്തിന്റെ അവസാനപാദം വരെ മിഴിവോടെ പ്രകടമാണ്. സിനിമ ജീവിതവും രാഷ്ട്രീയവുമായി മാറിയ തമിഴ്‌നാട്ടില്‍ നിന്ന് ഒരു സിനിമ ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടുന്നത് മലയാളിയായ കെ.എസ്.സേതുമാധവനിലൂടെയാണ്. ജയഭാരതിയും ശിവകുമാറും നായികാനായകന്മാരായ മറുപക്കം എന്ന ആ സിനിമയുടെ പേരില്‍ തമിഴകവും അദ്ദേഹത്തിനു കടപ്പെട്ടിരിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ജീവിതയാത്രയില്‍ 1994 നു ശേഷം സിനിമയുമായി ബന്ധമുണ്ടായിരുന്നു എന്നു പോലും തോന്നിപ്പിക്കാത്ത ഋഷിതുല്യമായ ജീവിതമായിരുന്നു സേതുമാധവന്‍േറത്. സിനിമയുടെ വേദികളില്‍ നിന്നെല്ലാം ബോധപൂര്‍വം തന്നെ അകന്നു നില്‍ക്കാനായിരുന്നു ശ്രമം. മക്കളൊക്കെ നല്ല നിലയിലായി, പ്രായം വിരമിക്കാനുള്ളതായി എന്ന ആത്മബോധത്തില്‍ ആത്മീയ പാതയിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. വേദപുരാണങ്ങളില്‍ അഗാധ ജ്ഞാനം. ആത്മീയ ദര്‍ശനങ്ങളില്‍ അപാര ആഴം. ഇടയ്ക്ക് സിനിമയുമായി ബന്ധപ്പെട്ട ചില വേദികളില്‍ സമിതികളില്‍ ഒക്കെ വന്നത് ഒഴിച്ചുകൂടാനാവാത്ത സ്‌നേഹനിര്‍ബന്ധങ്ങള്‍ക്കു വഴിങ്ങിമാത്രം. ആരാധനയോടെ കാണാന്‍ അനുമതി ചോദിക്കുന്നവരോട് സിനിമ സംസാരിക്കില്ലെങ്കില്‍ കാണാം എന്നു പറഞ്ഞ് സ്വീകരിക്കുകയായിരുന്നു, കോടമ്പാക്കത്തെ ഡയറക്ടേഴ്‌സ് കോളനിയിലെ ആദ്യകാല വീടുകളിലൊന്നിലെ ഒന്നാം നിലയില്‍ ഭാര്യയുമൊത്ത് തീര്‍ത്തും സാധാരണ ജീവിതം നയിച്ചുപോന്ന സേതുമാധവന്റെ ശൈലി. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നായകന്മാരെ കിലുകിലേ വിറപ്പിച്ചു മുന്നില്‍ നിര്‍ത്തി കാലാതീത സിനിമകള്‍ സമ്മാനിച്ച ചലച്ചിത്രകാരനാണെന്ന് എഴുതിയൊട്ടിക്കേണ്ട പ്രകൃതം. മലയാളത്തിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴും താനതിന് അര്‍ഹനാണോ എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. സിനിമയുമായി ബന്ധപ്പെട്ട് സത്യജിത് റായിയുടെ ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കലണ്ടര്‍ മാത്രമാണ് അദ്ദേഹത്തിന്റെ വീട്ടിലെ സ്വീകരണമുറിയില്‍ കാണാനാവുക. തീയറ്ററില്‍ പോയി സിനിമ കാണുന്ന പതിവുപോലുമില്ല. എന്നാലും ചില സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ കാണുമായിരുന്നു. ജയസൂര്യയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വരെ പ്രകടനങ്ങളെപ്പറ്റി വലിയ മതിപ്പും കാത്തുസൂക്ഷിച്ചു. ഒപ്പം പ്രവര്‍ത്തിച്ച കലാകാരന്മാരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട അഭിനേതാവാരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെയാണ് അദ്ദേഹം മറുപടി പറഞ്ഞത്-കെ.പി..എ.സി ലളിത! 

സാഹിത്യം പോലെ സിനിമയില്‍ പാട്ടുകള്‍ക്കു പ്രാധാന്യം കല്‍പിച്ച സംവിധായകനാണ് സേതുമാധവന്‍. രചനാഗുണത്തിലും ഈണത്തിലും നിലവാരം പുലര്‍ത്തുന്ന ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിലും ആ നിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം നിഷ്‌കര്‍ഷ പുലര്‍ത്തി. തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം ആദ്യമായി മലയാളത്തില്‍ പാടുന്നത് കടല്‍പ്പാലത്തിലാണ്. സംഗീതപശ്ചാത്തലമില്ലാഞ്ഞിട്ടുകൂടി സിനിമകളില്‍ മികച്ച ഗാനങ്ങള്‍ യുക്തിനിഷ്ഠമായി ഉള്‍പ്പെടുത്താനും പശ്ചാത്തലസംഗീതത്തെ കയ്യൊതുക്കത്തോടെ വിന്യസിക്കാനും സാധിച്ച പ്രതിഭ.

മനുഷ്യന്‍ കാലാതീതനല്ല. പക്ഷേ കല കാലത്തെ അതിജീവിക്കും. ഈ ലോകത്തിനിയില്ലെങ്കിലും അദ്ദേഹത്തിന്റെ അന്യാദൃശമായ സിനിമാരചനകള്‍ നമുക്കൊപ്പമുണ്ടല്ലോ എന്നതില്‍ അഭിമാനിക്കാനാവുന്ന ഇതിഹാസമായിരുന്നു കെ.എസ്.സേതുമാധവന്‍. ചെയ്തതൊന്നും താനല്ലെന്നും വാഴ്ത്തിപ്പാടാനും മാത്രം താനൊന്നും ചെയ്തില്ലെന്നുമുള്ള വിനയത്തില്‍ അവസാനം വരെ ജീവിച്ച നിസ്വനായ കലാകാരന്‍. അതായിരുന്നു സേതുമാധവന്‍.


Tuesday, December 28, 2021

Anshad M Illias about A Chandrasekhar

 

എ.ചന്ദ്രശേഖർ സർ.
കുറച്ച് നാൾ മുമ്പെടുത്ത ചിത്രമാണ്. ഒരു വാർത്തയ്ക്കായി സഹായം തേടി പോയതാണ്. കൃത്യമായി സഹായിച്ചു. ആ സഹായം ആ സ്റ്റോറിയിൽ നിർണ്ണായകവുമായി. ചന്ദ്രൻ സാറിപ്പോൾ കോട്ടയത്തെ ഒരു മാധ്യമ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ചുമതലക്കാരനാണ്. ഫോണിലെ ഫോട്ടോകളിൽ വെറുതെ ഒന്ന് കണ്ണോടിച്ചപ്പോൾ കിട്ടിയതാണീ ചിത്രം.
………
ഞാൻ 2006ൽ അമൃതാ ടിവിയിൽ തുടക്കക്കാരനായി എത്തുമ്പോൾ സർ അവിടെ സീനിയർ ന്യൂസ് എഡിറ്റർ ആയിരുന്നു. സീനിയറിന്റെ മേലങ്കിയൊന്നും അണിയാത്ത രസകരമായി സംസാരിക്കുന്ന എന്നാൽ ശകാരിക്കുന്ന കരുതലുള്ള മേലുദ്യോഗസ്ഥൻ. ഒരൂസം പെട്ടെന്ന് എന്നോട് വാർത്ത വായിക്കാൻ പറഞ്ഞതും ചന്ദ്രൻ സാറാണ്. വിഷ്വൽ മീഡിയ സ്ക്രിപ്റ്റും പ്രിന്റ് മീഡിയാ സ്ക്രിപ്റ്റും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന അപൂർവം ജേർണലിസ്റ്റാണ് സാറെന്ന് തോന്നിയിട്ടുണ്ട്. നമ്മൾ വലിയ അണ്ടാവ് സാധനങ്ങളെഴുതി അടുത്ത് എത്തുമ്പോൾ സാറത് നൈസായി ചുരുക്കും, പക്ഷേ നമ്മൾ എഴുതിയ സംഗതികളൊക്കെ കാണുകയും ചെയ്യും. ഒട്ടും പ്രൊഫഷണൽ അല്ലാത്ത മാനേജ്മെന്റുമായി നട്ടെല്ല് പണയം വെച്ചുള്ള മെരുക്കം ഇല്ലാത്തത് കൊണ്ടും നിലപാടുള്ളത് കൊണ്ടും പുള്ളി പെട്ടെന്ന് അമൃത വിട്ടു. പക്ഷേ ആ ഊഷ്മള സൗഹൃദം ഇന്നും തുടരുന്നു, ചിലപ്പോഴോക്കെ നിനച്ചിരിക്കാതെ എത്തുന്ന വിളികളിലൂടെ അങ്ങനെ തുടരുന്ന സംഭാഷണങ്ങളിലൂടെ. സിനിമകളുടെ എൻസൈക്ലോപീഡിയ കൂടിയാണ് ചന്ദ്രൻ സർ. ആ അറിവിലൂടെ നിരവധി അവാർഡിതനും. ഞാനും സാറുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനവും ഈ സിനിമാ സ്നേഹമെന്ന് തോന്നിയിട്ടുണ്ട്.
തന്ന സ്നേഹത്തിനും കരുതലിനും, ഇനി തരാനിരിക്കുന്ന സ്നേഹത്തിനുമെല്ലാം തിരിച്ച് ഒരുപാട് സ്നേഹം ചന്ദ്രൻ സർ❤️
9

Monday, December 20, 2021

നായാട്ടും ഷേര്‍ണിയും; ചില രാഷ്ട്രീയ വ്യാകുലതകള്‍

 article published in Prathichaya magazine December 2021 issue


എ.ചന്ദ്രശേഖര്‍

വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമാണല്ലോ സര്‍ഗാത്മകരചനകള്‍ക്ക് പ്രചോദനം. അതത് സമൂഹങ്ങളിലെ വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളുടെയും പശ്ചാത്തലമാണ്് ഈ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെന്നപോലെ തമിഴ്‌നാട്ടിലെ ചിലയിടങ്ങളില്‍ ഇന്നും അതിശക്തമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ചകള്‍ പണ്ടെന്നത്തേതിനേക്കാള്‍ കൂടുതല്‍ വാര്‍ത്തകളില്‍ മാത്രമല്ല സിനിമ പോലുള്ള ആവിഷ്‌കാര മാധ്യമങ്ങളിലും വച്ചുകെട്ടുകളില്ലാതെ തുറന്ന നിലയ്ക്ക് ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. കമല്‍ഹാസന്റെ വിരുമാണ്ടി മുതല്‍ പരിയാരം പെരുമാള്‍, കര്‍ണന്‍ വരെയുള്ള സിനിമകളില്‍ ഈ ജാതിരാഷ്ട്രീയത്തിന്റെ നേര്‍ചിത്രങ്ങള്‍ അസാമാന്യ കയ്യടക്കത്തോടെ, സാമൂഹിക 0ധാരണയെ അസ്വസ്ഥപ്പെടുത്തുംവിധം അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

നവോത്ഥാനമുന്നേറ്റങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും മറ്റും ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ പടിയടച്ചു പിണ്ഡംവച്ചു എന്നു നാം ഊറ്റം കൊള്ളുന്ന ജാതിയുടെ രാഷ്ട്രീയം പക്ഷേ സാമൂഹികവും പാരിസ്ഥിതികവുമായ പല തലങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നു മാത്രമല്ല ദലിതരോടുള്ള പൊതു/അധികാരസമീപനം ചൂഷണത്തിന്റേതും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും പുതിയ ആട്ടിന്‍തോലുകളെ തേടുന്നുവെന്നതിനപ്പുറം വലിയ മാറ്റങ്ങളൊന്നം സ്വാംശീകരിച്ചിട്ടില്ലെന്നുമുള്ള പരമാര്‍ത്ഥം ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം, മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട് തുടങ്ങിയ സിനിമകള്‍ കാണിച്ചുതരുന്നു. ആത്യന്തികമായി ദലിതര്‍ അധികാര/തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും വികസന/വാണിജ്യതാല്‍പര്യങ്ങളുടെയും ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും സിനിമ ചര്‍ച്ചചെയ്തു തുടങ്ങുന്നു. 

എന്നാല്‍, ചിത്രം മുന്നോട്ടു വച്ച പ്രത്യയശാസ്ത്ര വീക്ഷണങ്ങളില്‍ ദളിത് വിരുദ്ധതയാരോപിക്കപ്പെട്ടതോടെ ലക്ഷ്യം തെറ്റിയ അമ്പായിപ്പോയ ദുര്യോഗമാണു മാര്‍ട്ടിന്റെ നായാട്ടിനു നേരിടേണ്ടിവന്നത്. വാസ്തവത്തില്‍ നായാട്ട് ദളിത് രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്ത ഒരു സിനിമയല്ല. പല അടരുകളിലായി അതു ചര്‍ച്ചയ്ക്കു വച്ച രാഷ്ട്രീയബോധങ്ങളില്‍ ഒന്നു മാത്രമാണു ദളിത് പരിപ്രേക്ഷ്യം. നിയമപാലനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന, നിഷ്പക്ഷത ഏറ്റവും കൂടുതല്‍ കാത്തുസൂക്ഷിക്കേണ്ട പൊലീസിലെ രാഷ്ട്രീയവല്‍ക്കരണം എന്ന തീവ്ര പ്രാധാന്യമുള്ളൊരു വിഷയത്തെയാണു നായാട്ട് ആര്‍ജ്ജവത്തോടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയം, ഭരണകൂടം പൊലീസിനെ എങ്ങനെ ചട്ടുകമാക്കുന്നു എന്നു ലോക ചരിത്രത്തില്‍ നിന്നു മാത്രമല്ല ഇന്ത്യാ ചരിത്രത്തില്‍ നിന്നു തന്നെ പല സംഭവങ്ങളില്‍ നിന്നും നമുക്കു ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമസംവിധാനത്തെ രാഷ്ട്രീയ കക്ഷികളും അധികാരികളും എങ്ങനെയൊക്കെ ദുരുപയോഗിക്കുമെന്നു വിശകലനം ചെയ്യുന്ന ചലച്ചിത്രങ്ങളും വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉണ്ടായിട്ടുണ്ട്. അര്‍ദ്ധസത്യ, ഗംഗാജല്‍, തലപ്പാവ് പോലുള്ള സിനിമകളിലെല്ലാം സഗൗരവം ഈ പ്രമേയം ആവിഷ്‌കരിക്കപ്പെട്ടിട്ടുമുണ്ട്. 

കമ്പോള മുഖ്യധാരയിലാവട്ടെ,കാലാകാലങ്ങളിലിറങ്ങിയ അസംഖ്യം പൊലീസ് കഥകളില്‍, ജനാധിപത്യവ്യവസ്ഥയില്‍ മാറി മാറി വരുന്ന അധികാരികളെ പ്രീണിപ്പിക്കുകയും അവരുടെ ഇംഗിതത്തിനൊത്തു പ്രവര്‍ത്തിക്കേണ്ടിയും വരുന്ന പൊലീസിന്റെ ഗതികേടുകള്‍ കടുംവര്‍ണത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ടി.ദാമോദരന്‍-ഐ.വി.ശശി കൂട്ടുകെട്ടില്‍ പിറന്ന ആവനാഴി (1986) മുതല്‍ രഞ്ജി പണിക്കര്‍-ഷാജി കൈലാസുമാരുടെ കമ്മീഷണറും(1994), പ്രവീണ്‍ പ്രഭാകറിന്റെ കല്‍ക്കി(2019)യും വരെ ഇത്തരത്തില്‍ രാഷ്ട്രീയ-അധോലോക അച്ചുതണ്ടുകള്‍ക്കെതിരേ ഒറ്റയാള്‍പ്പോരാട്ടം നടത്തുന്ന അതിമാനുഷ പൊലീസ് നായകന്മാരെയാണ് അവതരിപ്പിച്ചത്. ഇതില്‍ നിന്നു വിഭിന്നമായ ഒരു സമീപനം, തമാശയ്ക്കും മറ്റുമായി മാത്രം ആവിഷ്‌കരിക്കപ്പെട്ടിരുന്ന പൊലീസ് സ്റ്റേഷന്‍ എന്ന തിരയിടത്തെ, ആത്മാര്‍ത്ഥമായും ഒട്ടൊക്കെ സത്യസന്ധമായും പകര്‍ത്താനുള്ള ശ്രമം, ഉണ്ടായിക്കാണുന്നത് 2016ല്‍ എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ്. അതുവരെ നിഷ്ഠുര വില്ലന്മാരുടെയും നിയമലംഘകരായ പൊലീസുകാരുടെയും അതുമല്ലെങ്കില്‍ അതിമാനുഷനായകന്മാരുടെ ഇരിപ്പിടങ്ങളായും മാത്രം ചിത്രീകരിക്കപ്പെട്ടിരുന്ന പൊലീസ് സ്റ്റേഷനിലെ ജീവിതം അതിശയോക്തിയില്ലാതെ ദര്‍പ്പണയാഥാര്‍ത്ഥ്യത്തിന്റെ യഥാതഥ്യതയോടെ ആക്ഷന്‍ ഹീറോയില്‍ ആവിഷ്‌കരിക്കപ്പെട്ടു. തുടര്‍ന്നു ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്തി(2016)ലും അതിഭാവുകത്വമില്ലാത്ത പൊലീസ് സ്റ്റേഷന്‍ നാം കണ്ടു. 

യൂണിഫോമിട്ടവരെ മറ്റൊരു വര്‍ഗമായി മാറ്റിനിര്‍ത്തിയിരുന്ന അവതരണശൈലിയിലുണ്ടായ നിര്‍ണായകമായ മാറ്റമാണ് ഈ രണ്ടു സിനിമകളിലും പ്രതിഫലിച്ചത്. അവ, പൊലിസുകാരിലെ മനുഷ്യരെയാണവതരിപ്പിക്കാന്‍ ശ്രമിച്ചത്. പഴയകാല സിനിമകളിലെ പൊലീസുദ്യോഗസ്ഥരുടേതില്‍ നിന്നു വേറിട്ട് വീട്ടില്‍ റേഷന്‍ വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന, ഡ്യൂട്ടിക്കിടയില്‍ കുട്ടിയെ സ്‌കൂളില്‍ വിടുന്നതെങ്ങനെ എന്ന് ആശങ്കപ്പെടുന്ന, അയല്‍വീട്ടിലേക്ക വളര്‍ത്തുനായയെ അഴിച്ചുവിടുന്ന വീട്ടുകാരനെതിരെയുളള പരാതി പരിഹരിക്കേണ്ടി വരുന്ന സാധാരണ പൊലീസുകാരെയാണ് ഈ സിനിമകളില്‍ കാണാന്‍ സാധിച്ചത്. ഇതില്‍ നിന്ന് ഒരു പടി കൂടി മുന്നോട്ടു പോയാണു തൊണ്ടിമുതലും ദൃക്‌സാക്ഷിയും(2017) എന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍ തന്റെ ഗ്രാമീണ പൊലീസ് സ്റ്റേഷന്‍ അവതരിപ്പിച്ചത്. ആക്ഷന്‍ ഹീറോയിലും കിസ്മത്തിലും തൊണ്ടിമുതലിലും കണ്ട പൊലീസ് സ്റ്റേഷന്‍/പൊലീസ് ജീവിതങ്ങളുടെ കുറേക്കൂടി ഗൗരവവും രാഷ്ട്രീയമാനവുമുള്ള ആവിഷ്‌കാരമാണു നായാട്ടിലേത്.

തൊഴില്‍ ജീവിതത്തില്‍ പൊലീസുദ്യോഗസ്ഥര്‍ക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികളും പ്രതിബന്ധങ്ങളുമൊക്കെയാണ് പരാമര്‍ശിക്കപ്പെട്ട ഈ മൂന്നു സിനിമകളും പറഞ്ഞതെങ്കില്‍, രാഷ്ട്രീയവും അധികാരവും ചേര്‍ന്ന്, അവര്‍ക്കു വേണ്ടി നിലനില്‍ക്കുന്ന പൊലീസിനെത്തന്നെ എങ്ങനെ വേട്ടയാടുന്നുവെന്നും അതിന് വകുപ്പിനുള്ളില്‍ തന്നെയുള്ള സഹപ്രവര്‍ത്തകര്‍ ഒരേ സമയം ബലിയാടുകളും വേട്ടക്കാരും ആവുന്നെന്നുമാണ് നായാട്ട് ചര്‍ച്ച ചെയ്യുന്നത്.തൊഴിലിടത്തു നിസഹായരായിത്തീരുന്ന ശരാശരി പൊലീസുകാരന്റെ ജീവിതയാതനകള്‍ അര്‍ദ്ധസത്യ മുതല്‍ ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉണ്ട(2019) തുടങ്ങിയ സിനിമകളിലെല്ലാം നേരത്തെ കണ്ടിട്ടുള്ളതാണ്. എന്നാല്‍, മുതലാളിത്ത വ്യവസ്ഥയില്‍ ഒരു വ്യക്തി നേരിടുന്ന കൂലി അടിമത്തം അഥവാ തൊഴിലിലുള്ള അടിമത്തം, അതു പൊലീസ് ജോലി ആണെങ്കില്‍ പോലും, അവന്റെ ജീവിതത്തെ എങ്ങനെ കുരുക്കിയിടുന്നു എന്നതു പലപ്പോഴും ചര്‍ച്ചയില്‍ വരാത്ത വിഷയമാണ്. എന്ന് നായാട്ടിനെക്കുറിച്ചുള്ളൊരു ഓണ്‍ലൈന്‍ നിരൂപണത്തില്‍ സിദ്ധാര്‍ത്ഥന്‍ എഴുതിയിട്ടുള്ളത് വളരെ പ്രസക്തമാണ്. വ്യവസ്ഥിതിയുടെ സംരക്ഷകര്‍, ആ വ്യവസ്ഥതിയുടെ നിയന്ത്രണം കൈക്കലാക്കിയവരുടെ അനീതികളുടെ സംരക്ഷകരായിത്തീരുന്ന ദുര്യോഗമാണു നായാട്ട് വെളിവാക്കുന്നത്. സിസ്റ്റം എങ്ങനെ അധികാരത്തെയും അധികാര സംരക്ഷകരായ നിയമപാലകരെയും ഒരേ പോലെ അഴിമതിക്കാരാക്കുന്നു എന്നാണു ചിത്രം പരിശോധിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അക്രമരാഷ്ട്രീയത്തില്‍ പ്രവര്‍ത്തകര്‍ ഇരകളാവുന്ന സിസ്റ്റത്തിന്റെ ദുര്യോഗത്തെപ്പറ്റി സിദ്ധാര്‍ത്ഥ ശിവയുടെ എന്നിവര്‍ (2020) മുന്നോട്ടു വയ്ക്കുന്ന ആധികളും ആശങ്കളും നായാട്ടിന്റെ ദര്‍ശനങ്ങളോടു കൂട്ടിവായിക്കപ്പെടേണ്ടതാണ്. സിസ്റ്റം അഥവാ വ്യവസ്ഥിതി ഒരേ സമയം ഭരണകൂടത്തിനും കൊലപാതകികള്‍ക്കും എങ്ങനെ സംരക്ഷണവും ഭീഷണിയുമാവുന്നു എന്നാണ് ഇരു ചിത്രങ്ങളും കാണിച്ചുതരുന്നത്.

ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഒന്നോ രണ്ടോ സത്യസന്ധര്‍ വിചാരിച്ചാല്‍ മാറ്റിമറിക്കാവുന്ന ഒന്നല്ല സിസ്റ്റം അഥവാ വ്യവസ്ഥിതി എന്നാണ് നായാട്ടും എന്നിവരും അരക്കിട്ടുറപ്പിക്കുന്നത്.എക്‌സിക്ക്യൂട്ടീവിന്റെയും ലെജിസ്‌ളേറ്റീവിന്റെയും ഭാഗം മാത്രമാണു പൊലീസ്. അതുകൊണ്ടുതന്നെ അവര്‍ക്കഹിതമായി ഒരു സ്വതന്ത്ര നിലപാട് ഏതു സാഹചര്യത്തിലും കൈക്കൊള്ളാനാവില്ല പൊലീസിന്.വ്യവസ്ഥിതിയുടെ തടവുകാരും സംരക്ഷകരും എന്ന വൈരുദ്ധ്യം കൈകാര്യം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണവര്‍. നായാട്ടില്‍, തങ്ങള്‍ വേട്ടയാടുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ കാട്ടില്‍ ആത്മഹത്യ ചെയ്തു കാണുമ്പോള്‍ അക്കാര്യം പുറം ലോകത്തെത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഐ പി എസുകാരിയോട് ജൂനിയര്‍ പൊലീസുദ്യോഗസ്ഥന്‍ ചോദിക്കുന്നത്, മാഡം ഒറ്റയ്ക്ക് എന്തു ചെയ്യുമെന്നാണ്? എന്നാണ്.മനുഷ്യത്വം വച്ചു സ്‌റ്റേറ്റിനെതിരേ സംസാരിച്ച് തടവില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഗതികേട് ചൂണ്ടിക്കാണിച്ചാണ് അയാളുടെ ചോദ്യം. സ്‌റ്റേറ്റ് എന്നത് രാഷ്ട്രീയാധികാരം എന്നു പുനര്‍നിര്‍വചിക്കപ്പെടുന്ന സാഹചര്യത്തില്‍ കീഴുദ്യോഗസ്ഥന്റെ ഈ ചോദ്യത്തിനു മുന്നില്‍ നിശബ്ദയാകേണ്ടിവരികയാണ് ആ മേലുദ്യോഗസ്ഥയ്ക്ക്. അതാണ് സിസ്റ്റത്തിന്റെ വിജയം. അഥവാ സിസ്റ്റം നിര്‍മിച്ചുറപ്പിച്ചിട്ടുള്ള കുത്സിത വലയത്തിന്റെ ബലം.

സത്യമെന്തെന്നു നന്നായിട്ടറിയാവുന്ന പൊലീസുകാര്‍ തന്നെയാണു രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങള്‍ക്കും തെരഞ്ഞെടുപ്പുതാല്‍പര്യങ്ങള്‍ക്കും ചൂട്ടുപിടിച്ചുകൊണ്ടു സ്വന്തം കൂട്ടത്തില്‍പ്പെട്ട മൂന്നു പേരെ ഒറ്റികൊടുക്കുന്നത്. ഒരൊറ്റ രാത്രി കൊണ്ട് യഥാര്‍ത്ഥത്തില്‍ നിരപരാധികളായ മൂന്നു പൊലീസുകാര്‍ കൊലപാതകകളെന്ന നിലയില്‍ സഹപ്രവര്‍ത്തകരാല്‍ വേട്ടയാടപ്പെടുകയാണ്. ദളിതവിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയും പുരുഷനുമടങ്ങുന്ന ആ മൂന്നംഗസംഘത്തെ ദളിത് വിഭാഗത്തില്‍പ്പെട്ടൊരാളുടെ അപകടമരണത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതു ഭരണകക്ഷിയുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്. അവിടെ അതിനു ചുക്കാന്‍ പിടിക്കുന്നതു മൃഗീയഭൂരിപക്ഷത്തിന്റെ മേല്‍ക്കൈയുള്ള ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയാണ്.പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ടു വ്യക്തിയിലേക്കു രാഷ്ട്രീയാധികാര കേന്ദ്രീകരണമുണ്ടാവുന്നതിന്റെ ദുര്യോഗമാണിത്.നായാട്ട് മുന്‍പു വന്ന പൊലീസ് സിനിമകളില്‍ നിന്നു വ്യത്യസ്തമാവുന്നത് ഇങ്ങനെയുള്ള ചില ദര്‍പ്പണയാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനങ്ങളിലൂടെയാണ്. കമ്മീഷണര്‍ മുതല്‍ കല്‍ക്കിവരെയുള്ള സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളിലെ ആദര്‍ശനായകത്വം നായാട്ടില്‍ കാണുന്നില്ല. പകരം, മേലധികാരികളില്‍ നിന്നു ലഭിക്കുന്ന ഉത്തരവുകളുസരിക്കാന്‍ വിധിക്കപ്പെടുന്ന, അതിനു നിര്‍ബന്ധിതരാവുന്ന ഉദ്യോഗസ്ഥ വ്യവസ്ഥിതിയുടെ ഇരകളാണു നായാട്ടിലെ ഡിജിപി മുതല്‍ക്കുള്ളവര്‍. രാഷ്ട്രീയബാഹ്യമായി പ്രവര്‍ത്തിക്കേണ്ടൊരു വകുപ്പ് രാഷ്ട്രീയാടിമത്തം കൊണ്ടു കളങ്കപ്പെടുന്നതും നിഷ്‌ക്രിയമോ ഒരുപരിധിവരെ സാമൂഹികവിരുദ്ധമോ ആയിത്തീരുന്നതെങ്ങനെ എന്നും നായാട്ട് കാണിച്ചു തരുന്നു. 

നായാട്ട് പുറത്തിറങ്ങിയ വര്‍ഷം തന്നെ ഹിന്ദിയില്‍ പുറത്തിറങ്ങിയ ഷേര്‍ണി എന്ന സിനിമയെപ്പറ്റിക്കൂടി പറയാതെ ഈ ലേഖനം പൂര്‍ണമാവില്ല. ദേശീയ ബഹുമതി നേടിയ ന്യൂട്ടണ്‍ (2017) എന്ന ചിത്രത്തിലൂടെ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മാവോയിസ്റ്റ് ഭീഷണിയുള്ളൊരു വനപ്രദേശത്ത് റിട്ടേണിങ് ഓഫീസറായെത്തുന്ന യുവാവിനെ മുന്‍നിര്‍ത്തി അവതരിപ്പിച്ച അമിത് വി മസൂര്‍ക്കറിന്റെ പുതിയ ചിത്രമാണു ഷേര്‍ണി(2021). ഇന്ത്യന്‍ സിനിമയ്ക്ക് അത്രയൊന്നും പരിചിതമല്ലാത്ത വനപാലകരുടെ ഔദ്യോഗികജീവിതം പശ്ചാത്തലമാക്കുന്ന സിനിമയാണു വിദ്യാ ബാലന്‍ നായികയായ ഷേര്‍ണി. അനധികൃത മരം വെട്ടുകളുടെയും നിയമവിരുദ്ധ മൃഗവേട്ടകളുടെയും ചീത്തപ്പേര് ആവശ്യലേറെ ചാര്‍ത്തപ്പെട്ടിട്ടുള്ള ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ വകുപ്പാണല്ലോ വനസംരംക്ഷണം. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ കേരളത്തില്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ മാത്രം വര്‍ധിച്ച കടവുകളുടെ എണ്ണത്തിലൂടെ ലോകത്തെമ്പാടുമുള്ള കടുവകളുടെ എണ്ണത്തിന്റെ എണ്‍പതുശതമാനം ഇന്ത്യയിലായിക്കഴിഞ്ഞു. ഇതേ കാലയളവില്‍ കേരളത്തിലുണ്ടായ വനവിസ്തൃതിയുടെ വ്യാപനവും അഭിമാനാര്‍ഹമാണ്. അത്രമേല്‍ ആത്മാര്‍ത്ഥതയും അര്‍പണബോധവുമുള്ള ഉദ്യോഗസ്ഥരുള്ള ഒരു സുദൃഢഘടനയാണ് ഇന്ത്യയിലെ വനമന്ത്രാലയത്തിന്റേത്. ഐപിഎസ് പോലെ തന്നെ ദേശീയ വനസേവനശൃംഖലയില്‍പ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥരിലും നല്ലൊരു പങ്ക് പ്രകൃതിസംരക്ഷകരും മൃഗസ്‌നേഹികളുമാണ്. എന്നാല്‍ സിസ്റ്റം/വ്യവസ്ഥിതി അവരെ നോക്കുകുത്തികളാക്കുകയാണെന്നതാണു വാസ്തവം. ഈ സിസ്റ്റത്തിന്റെ മേലറ്റത്തു പ്രതിഷ്ഠിക്കപ്പെടുന്നതോ, രാഷ്ട്രീയ/അധികാരമാണു താനും.

വലിയ മൃഗസ്‌നേഹിയൊന്നുമല്ലെങ്കിലും ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ള, സത്യസന്ധയായൊരു വനപാലകയാണു ചിത്രത്തിലെ നായിക വിദ്യാവിന്‍സന്റ്. വിദ്യ മലയാളിയാണെന്നത് യാദൃശ്ചികമെന്നു കരുതാന്‍ വയ്യ. ഉത്തരേന്ത്യന്‍ വനയോര ഗ്രാമത്തില്‍ സ്ഥലം മാറ്റമായെത്തുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥയായ വിദ്യയ്ക്കു നേരിടേണ്ടിവരുന്ന രാഷ്ട്രീയ അധികാര സമ്മര്‍ദ്ദങ്ങളും നാട്ടുകാര്‍ക്കു ഭീഷണിയായി നാടിറങ്ങുന്നൊരു കൊലയാളി കടുവയെ തടയുന്നതില്‍ അവരും വകുപ്പും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളുമാണു ഷേര്‍ണിയുടെ ഇതിവൃത്തം. നായാട്ടിന്റേതിനു സമാനമായി, ഷേര്‍ണിയിലും തെരഞ്ഞെടുപ്പ് സമാന്തരമായൊരു പ്രമേയതലമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നായാട്ടിലെ പൊലീസ്-പൊലീസ് വേട്ടയില്‍ തെരഞ്ഞെടുപ്പിനുള്ള പ്രാധാന്യം പോലെ, ഷേര്‍ണിയില്‍ കടുവാവേട്ട ഒരു തെരഞ്ഞെടുപ്പുവിഷയമായിത്തീരുന്നു.

രണ്ടു ഭാഗത്തും വനങ്ങളാല്‍ ചുറ്റിക്കിടക്കുന്ന ഗ്രാമത്തിലെ ഭരണകക്ഷിക്കു കടുവയെ പിടികൂടേണ്ടത് അവരുടെ നിലനില്‍പിന്റെയും പ്രതിച്ഛായയുടേയും പ്രശ്‌നമാണ്. വിദ്യയുടെ കീഴിലുള്ള പ്രതിബദ്ധരായ വനപാലകരുടെ ശ്രമം അടുത്തിടെ പ്രസവിച്ച രണ്ടു കുട്ടികളുമായി കാടിന്റെ ഒരുവശത്തു നിന്നു മറുവശത്തേക്കു നീങ്ങുന്ന കടുവയെ മനുഷ്യരില്‍ നിന്നു സംരക്ഷിച്ചു സുരക്ഷിതമായി കാടുകടത്തുകയാണ്. എന്നാല്‍, കടുവയുടെ ആക്രമണം ഒരു രാഷ്ട്രീയവിഷയമാക്കുന്ന ഭരണ-പ്രതിപക്ഷകക്ഷികള്‍ക്ക് അതു ചൂടുള്ള തെരഞ്ഞെടുപ്പുവിഷയമാണ്. വനപാലകര്‍ക്കു സാധിച്ചില്ലെങ്കില്‍ തങ്ങള്‍ കൊണ്ടുവരുന്ന സ്വകാര്യ വേട്ടക്കാരനെക്കൊണ്ട് അതു സാധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷി എംഎല്‍എ. വേട്ടക്കാരുടെ കുടുംബമഹിമ നിലനിര്‍ത്തിക്കൊണ്ട് തന്റെ 25-ാമത്തെ കടുവവേട്ടഎന്ന റെക്കോര്‍ഡ് നേടുകമാത്രമാണ് വേട്ടക്കാരന്റെ താല്‍പര്യം. പ്രതിപക്ഷമാവട്ടെ, പൗരന്റെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജിതരാവുന്ന ഭരണകൂടത്തെയും അധികാരവൃന്ദത്തെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയവിജയത്തിനു ശ്രമിക്കുകയാണ്. ഇതിനിടെ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായ കടുവാപ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കാനുള്ള വിദ്യയുടെയും കൂട്ടരുടെയും അവിശ്രാമമുള്ള അശ്രാന്തപരിശ്രമം പക്ഷേ, രാഷ്ട്രീയ ഇടപെടലില്‍ അട്ടിമറിക്കപ്പെടുന്നു. 

സ്വന്തം വകുപ്പില്‍ത്തന്നെ അവള്‍ മാതൃകയായി ആരാധിക്കുന്ന മേലുദ്യോഗസ്ഥനായ നാങ്കിയ (നീരജ് കാബി) പോലും ഒരു ഘട്ടത്തില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന നിലപാടിലേക്കു കാലുമാറുന്നതു കണ്ട് വിദ്യ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോകുന്നുണ്ട്. എം.എല്‍.എ.യുടെ ചങ്ങാതിയായ വേട്ടക്കാരന്റെ വെടിയെറ്റ് കടുവ കൊല്ലപ്പെടുമ്പോള്‍ മനസുമടുത്തു സര്‍സീല്‍ നിന്നു തന്നെ രാജിവയ്ക്കാനൊരുങ്ങുന്ന വിദ്യ, കൊല്ലപ്പെട്ട കടുവയുടെ കുട്ടികളെ കാട്ടിലൊരിടത്തു കണ്ടെത്തി എന്ന സഹപ്രവര്‍ത്തകരുടെ അറിയിപ്പു കേട്ടാണ് അതില്‍ നിന്നു പിന്തിരിയുന്നത്. യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്ത ഭൂമിയുടെ തുല്യ അവകാശികളായ ആ കടവുക്കുട്ടികളെയെങ്കിലും സംരക്ഷിക്കാനുള്ള പ്രതീക്ഷയില്‍ അനിവാര്യമായ സ്ഥലം മാറ്റത്തോടു പൊരുത്തപ്പെട്ട് സിസ്റ്റത്തിന്റെ ഭാഗമായി തുടരുന്ന വിദ്യയിലാണു ഷേര്‍ണി അവസാനിക്കുന്നത്. നായാട്ടില്‍, യമ ഗില്‍ഗാമേഷ് അവതരിപ്പിച്ച എസ് പി അനുരാധയ്ക്കും ഏറ്റുവാങ്ങേണ്ടിവരുന്ന ഔദ്യോഗിക വിധി ഇതുതന്നെയാണ്. 

മനുഷ്യരുടെ ചൂഷണത്തിനു പാത്രമായി ആത്മപ്രതിരോധാര്‍ത്ഥം പ്രത്യാക്രമണം നടത്തിയ കടുവയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി അതിന്റെ സാമ്രാജ്യത്തില്‍ ചെന്നു വകവരുത്തുന്ന വേട്ടസംഘത്തെപ്പോലെയാണു, നിഷ്‌കളങ്കരായ മൂന്നു സഹപ്രവര്‍ത്തകരെ രാഷ്ട്രീയ താല്‍പര്യങ്ങളുടെ മാത്രം സംരക്ഷണത്തിനായി തുടര്‍ച്ചയായി വേട്ടയാടി കീഴടക്കേണ്ടിവരുന്ന അനുരാധയുടെയും സംഘത്തിന്റെയും വിധി. തങ്ങള്‍ സംരക്ഷിക്കേണ്ട രണ്ടുപേരുടെ ജീവനാണു നായാട്ടിലും ഷേര്‍ണിയിലും യൂണിഫോമിട്ട ഈ രണ്ടു വനിതാ ഉദ്യോഗസ്ഥകള്‍ക്കും പരോക്ഷമായാണെങ്കിലും വേട്ടയാടേണ്ടിവരുന്നത്.ഷേര്‍ണിയില്‍ കടുവക്കുഞ്ഞുങ്ങളെയെങ്കിലും വനം വകുപ്പിനു സംരക്ഷിക്കാന്‍ സാധിക്കുന്നുവെങ്കില്‍, നായാട്ടിലാവട്ടെ അവശേഷിക്കുന്ന പൊലീസുകാരെ പ്രതികളാക്കി മുഖം രക്ഷിക്കുകയാണ് പൊലീസ് വകുപ്പ്. ജനാധിപത്യത്തില്‍ മാറിമാറിവരുന്ന ഭരണങ്ങളിലും മാറാതെ തുടരുന്ന വ്യവസ്ഥിതിയുടെ റിജിഡിറ്റിയെപ്പറ്റി അനുരാധയേയും വിദ്യയേയും ബോധവല്‍ക്കരിക്കുന്നത് സഹപ്രവര്‍ത്തകരാണ്. ഗതികേടു കൊണ്ടും സ്വന്തം നിലനില്‍പിനുവേണ്ടിയും രാഷ്ട്രീയാധികാരികളുടെ എറാന്‍മൂളികളായിത്തീരേണ്ട ഗതികേടാണു നായാട്ടിലെ ഡിജിപിയുടേതും ഷേര്‍ണിയിലെ നാംഗിയയുടേതും. ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോര്‍ത്തുന്ന പ്രവര്‍ത്തികളാണ് അവരില്‍ നിന്നു നിരന്തരമുണ്ടാവുന്നത്. അതാവട്ടെ മതത്തിന്റെയും അധികാരരാഷ്ടീയത്തിന്റെയുമടക്കമുള്ള ബാഹ്യസ്വാധീനത്താല്‍ സംഭവിക്കുന്നതും.

ഡോക്യൂമെന്ററിയുടെ ആഖ്യാനശൈലിയിലാണു നായാട്ടും ഷേര്‍ണിയും പിന്തുടരുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു റോഡ് മൂവിയുടെ ശൈലികൂടി ഇരുസിനിമകളും ആര്‍ജ്ജിക്കുന്നുണ്ട്. വേട്ടയാണ് രണ്ടിന്റെയും പ്രമേയം. ഒന്നില്‍ മനുഷ്യന്‍ മൃഗത്തെ നായാടുമ്പോള്‍ മറ്റേതില്‍ മനുഷ്യന്‍ മനുഷ്യനെ തന്നെ വേട്ടയാടുന്നു. ഔദ്യോഗിക നടപടിക്രമങ്ങളുടെ സൂചനകളില്‍പ്പോലും വസ്തുനിഷ്ഠത പാലിച്ചുകൊണ്ട് അത്രയേറെ യഥാതഥമാക്കാനാണ് നായാട്ടിന്റെ തിരക്കഥാകൃത്ത് ഷാഹി കബീറും ഷേര്‍ണിയുടെ രചയിതാവ് ആസ്താ ടിക്കുവും ശ്രമിച്ചിട്ടുള്ളത്. ഡോക്യുമെന്ററിയുടെ വസ്തുനിഷ്ഠതയോടെ ആത്മനിഷ്ഠമായ പ്രമേയത്തിന് ദൃശ്യവ്യാഖ്യാനം ചമയ്ക്കുക. ഇന്ത്യന്‍ നവഭാവുകത്വ സിനിമയുടെ ലാവണ്യലക്ഷണങ്ങളില്‍ പ്രധാനമായ ഒന്നാണിത്. ഘടനയിലും ഉള്ളടക്കത്തിലും രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ ഒരേ കാലത്തു നിര്‍മ്മിക്കപ്പെട്ട് ഏതാണ്ട് ഒരേകാലത്തു പുറത്തിറങ്ങിയ രണ്ടു ചലച്ചിത്രങ്ങള്‍ തമ്മിലുണ്ടായ ഈ സാമ്യം രാജ്യത്തു നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ നേര്‍ച്ചിത്രണമെന്ന നിലയ്ക്കാണ് സാമൂഹികപ്രസക്തിയാര്‍ജ്ജിക്കുന്നത്. ജനാധിപത്യത്തില്‍ ദുരന്തമായിത്തീരുന്ന രാഷ്ട്രീയ-അധികാരവ്യവസ്ഥകളെപ്പറ്റി അവ പങ്കുവയ്ക്കുന്ന ആശങ്കകള്‍ ഗൗരവപരിഗണനയര്‍ഹിക്കുന്നതുമാണ്. .


സിനിമ കാണിക്കാന്‍ പഠിക്കേതുണ്ട്, കേള്‍പ്പിക്കാനും

എ.ചന്ദ്രശേഖര്‍


സ്ഥലകാലങ്ങളുടെ കലയാണ് സിനിമ. അതുകൊണ്ടു തന്നെ അതിന്റെ ആഖ്യാനശൈലിയില്‍ കാലത്തിന് സുപ്രധാന സ്ഥാനമുണ്ട്.സ്ഥലകാലങ്ങള്‍ കൊണ്ടു സൃഷ്ടിച്ചെടുക്കുന്നൊരു ശില്‍പമാണത്. നോവലിസ്റ്റ് അധ്യായങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന സസ്‌പെന്‍സിനു തുല്യമാണ് ചലച്ചിത്രകാരന്‍ രംഗങ്ങളിലൂടെ നിര്‍മിച്ചെടുക്കുന്ന പരിണാമം. എന്നാല്‍ എഴുത്തുകാരനെ അപേക്ഷിച്ച് സ്ഥലകാലങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യമെടുക്കാനും അവ കൊണ്ട് അമ്മാനമാടാനുമുള്ള അനന്ത സാധ്യതയാണ് ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാവുന്ന ത്. സ്ഥലകാലങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിച്ചും കീഴ്‌മേല്‍ മറിച്ചും സിനിമയില്‍ കഥാനിര്‍വഹണം സുസാദ്ധ്യമാണ്.അതുതന്നെയാണ് ചലച്ചിത്രശില്‍ പത്തെ സങ്കീര്‍ണമാക്കുന്നതും.അതുകൊണ്ടു തന്നെ എന്തു കാണിക്കണം/കേള്‍പ്പിക്കണം എന്നതിനേക്കാള്‍ ക്യാമറയ്ക്കു മുന്നില്‍ എന്തു കാണിക്കരുത്/കേള്‍പ്പിക്കരുത് എന്നതാണ് ഒരു ചലച്ചിത്രകാരന്‍ നേരിടുന്ന മാധ്യമപരമായ ഏറ്റവും വലിയ സര്‍ഗാത്മക വെല്ലുവിളി. സൂര്യനു കീഴിലും അലാതെയുമുള്ള എന്തും കാണിക്കാനും കേള്‍പ്പിക്കാനും സാദ്ധ്യതയുള്ള മാധ്യമമാണ് സിനിമ. ഇക്കാര്യത്തില്‍ സാഹിത്യത്തിന് സിനിമയ്ക്കു പിന്നിലേ സ്ഥാനമുള്ളൂ. കാരണം സാഹിത്യത്തില്‍ വരികള്‍ക്കിടയിലൂടെ സൂചിപ്പിക്കുന്നത് മനഃക്കണ്ണില്‍ സങ്കല്‍പിക്കുക മാത്രമാണ് വായനക്കാരന്റെ പോംവഴി. എന്നാല്‍ എന്തും ഏതും കണ്മുന്നിലന്നോണം കാണിക്കാനും കേള്‍പ്പിക്കാനുമാവുന്നതാണ് സിനിമയുടെ സവിശേഷത. അതുകൊണ്ടാണ് അത് കൂടൂതല്‍ ധ്വന്യാത്മകമായി വിനിയോഗിക്കാന്‍ ആദ്യം മുതല്‍ക്കേ ചലച്ചിത്രകാരന്മാര്‍ മനഃപൂര്‍വം ശ്രദ്ധിച്ചുപോന്നത്.

ലോകത്ത് നടക്കുന്നതെന്തും പകര്‍ത്തിവയ്ക്കലല്ല കലയുടെ ധര്‍മ്മം. അതിനെ വ്യാഖ്യാനിക്കുകയും വിശകലനം സ്വാനുഭവങ്ങള്‍ ചേര്‍ത്ത് ചെയ്യുകയുമാണ്. സിനിമയും ചെയ്യുന്നത്/ചെയ്യേണ്ടത് അതുതന്നെയാണ്. ജീവിതത്തില്‍ നടക്കുന്നതെന്തും കാണിക്കാനും കേള്‍പ്പിക്കാനുമാവും എന്നുള്ളതുകൊണ്ടുതന്നെ മാധ്യമപരമായി ദുരുപയോഗസാധ്യത ഏറെയുണ്ട് സിനിമയ്ക്ക്. അതുകൊണ്ടാണ് കിടപ്പറയുടെ സ്വകാര്യതയില്‍ നടക്കുന്നത് അപ്പാടെ കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നതിനെ നീലച്ചിത്രം എന്ന പേരില്‍ തരംതാണ ഒന്നായി ലോകസമൂഹം കണക്കാക്കിപ്പോരുന്നതും ഇതേ കാര്യങ്ങള്‍ തന്നെ കലാപരമായ മറയ്ക്കുള്ളില്‍ പൊതിഞ്ഞും ധ്വനിസാന്ദ്രമായും ആവിഷ്‌കരിക്കുന്നതിനെ ഇറോട്ടിക്ക് എന്നു വിശേഷിപ്പിച്ച് അംഗീകരിച്ചുപോരുന്നതും.കക്കൂസില്‍ ചെയ്യുന്നതെല്ലാം അപ്പാടെ ദൃശ്യവല്‍ക്കരിച്ചു വച്ചാല്‍ അതിനെ ജുഗുപ്‌സ എന്നല്ലാതെ ഉദാത്തം എന്നു നിര്‍വിചിക്കാന്‍ ലോകത്ത് നിലവിലുള്ള ഒരു സംസ്‌കാരവും അനുവദിക്കാത്തതും അതുകൊണ്ടുതന്നെയാണ്.

ദൃശ്യമാധ്യമത്തിന്റെ ഈ സവിശേഷത തിരിച്ചറിഞ്ഞിട്ടുള്ളവരാണ് ഉദാത്ത ക്‌ളാസിക്കുകള്‍ സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍, വിശറിക്കു കാറ്റുവേണോ എന്ന ചോദ്യം പോലെ, സത്യസന്ധമായ ആവിഷ്‌കാരത്തില്‍ മറവേണോ എന്ന ചോദ്യം കലയെ സംബന്ധിച്ച്, പ്രത്യേകിച്ച് സിനിമയെ സംബന്ധിച്ച് കാലങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ള ലാവണ്യപ്രശ്‌നമാണ്. സമൂഹത്തില്‍ നടക്കുന്നതിനെ മൂടുപടമിട്ടോ അണിയിച്ചൊരുക്കിയോ ആവണോ സിനിമ ദൃശ്യവല്‍ക്കരിക്കേണ്ടത്? അതോ മനുഷ്യജീവിതത്തിന്റെ ഇരുണ്ട മറുവശവും പച്ചയ്ക്ക് ദൃശ്യവല്‍ക്കരിക്കാനാണോ സിനിമ ആര്‍ജ്ജവം കാട്ടേണ്ടത്?  മനംപിരട്ടുന്ന ഹിംസാത്മകത കൊണ്ടു ശ്രദ്ധേയമായ ലാര്‍സ് വോണ്‍ ട്രയറുടെ ദ് ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്, കിം കി ഡുക്കിന്റെ ഹ്യൂമന്‍ സ്‌പെയ്‌സ് ടൈം ആന്‍ഡ് ഹ്യൂമന്‍ തുടങ്ങിയ സിനിമകളും, വമനേച്ഛയുളവാക്കുന്ന ലൈംഗികതയിലൂടെ കുപ്രസിദ്ധി നേടിയ ഗാസ്പര്‍ നോയുടെ ലവ് എന്ന ത്രിമാനചിത്രവുമൊക്കെ കുറച്ചുവര്‍ഷമായി മുന്നോട്ടുവയ്ക്കുന്ന ദാര്‍ശനിക/ലാവണ്യശാസ്ത്ര പ്രശ്‌നമാണിത്. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചു/വച്ചുകെട്ടുകളില്ലാതെ നഗ്നമായി ആവിഷ്‌കരിക്കുമ്പോള്‍ അതുളവാക്കുന്ന ജുഗുപ്‌സ, അലോസരം സമൂഹത്തെ നിര്‍മ്മലീകരിക്കുമെന്നതാണ് അത്തരം കൃതികളെ സൈദ്ധാന്തികമായി പിന്തുണയ്ക്കുന്നവരുടെ വാദം. ഒരു പരിധിവരെ ഇവയൊക്കെ ശരിയെന്നു സമ്മതിക്കുകതന്നെ വേണം. എന്നാല്‍, വൈകൃതത്തെ അങ്ങനെ തന്നെ ആവിഷ്‌കരിക്കുകയാണോ, അതിന്റെ വൈകാരികത പ്രേക്ഷകനിലേക്ക് സംക്രമിപ്പിക്കുംവിധം കലാപരമായി ആവിഷ്‌കരിക്കുകയാണോ വേണ്ടത് എന്ന ചോദ്യം അപ്പോഴും പ്രസക്തമാവുന്നു.

ആണും പെണ്ണും രമിക്കുന്നതിന്റെ സത്യസന്ധമായ ചിത്രീകരണത്തിന് ക്യാമറയ്ക്കു മുന്നില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ രമിക്കുക തന്നെവേണം എന്നു ശാഠ്യം പിടിക്കുന്ന ചലച്ചിത്രസംവിധാകന് കഥാപാത്രം കൊല ചെയ്യുന്നതായി ചിത്രീകരിക്കാന്‍ ക്യാമറയ്ക്കു മുന്നില്‍ യഥാര്‍ത്ഥത്തില്‍ കൊല ചെയ്യിക്കാന്‍ സാധ്യമാണോ?  മനുഷ്യനെ പോയിട്ട് മൃഗങ്ങളെയും പക്ഷികളെയും പോലും ഹിംസിക്കുന്ന ചിത്രീകരണങ്ങള്‍ക്ക് നിയമസാധുതയില്ലാത്തതിനാല്‍ ഇവയൊക്കെ ഗ്രാഫിക്‌സിനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നെഴുതിക്കാട്ടി സായൂജ്യമടങ്ങുന്നവരാണ് ചലച്ചിത്രസൃഷ്ടാക്കള്‍.ചുരുക്കിപ്പറഞ്ഞാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുമപ്പുറമല്ലെന്നു വ്യക്തം. എന്നു മാത്രമല്ല, ഹിംസയുടെ കാര്യത്തില്‍ ക്യാമറ ടെക്‌നിക്കുകളും മറ്റ് ഉപാധികളുമുപയോഗിച്ച് വരുത്തിത്തീര്‍ക്കലുകള്‍ മാത്രം സാധ്യമാക്കി ധ്വനിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. എന്നാല്‍ ലൈംഗികതയുടെയും മറ്റും കാര്യം വരുമ്പോള്‍ സിനിമ അതിന്റെ ഇരട്ടത്താപ്പ് പുറത്തെടുക്കുകയും ചെയ്യും. 

ഇക്കഴിഞ്ഞ 52-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മറയില്ലാത്ത നഗ്നതകൊണ്ടും ലൈംഗികത കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ജൂലിയന്‍ ഹില്‍മോയിന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമയായ ലൈഫ് ബിലോങ്‌സ് ടു ലവേഴ്‌സ്. ആദ്യാവസാനം ലൈംഗികത തുറന്നു കാട്ടുന്നതിന് ബൗദ്ധികമായ നിര്‍വചനങ്ങള്‍ നല്‍കി ന്യായീകരിച്ച ഗാസ്പര്‍ നോയുടെ ലവിനേക്കാള്‍ ഈ ചിത്രത്തെ അക്കാര്യത്തില്‍ പ്രമേയപരമായി ന്യായീകരിക്കാവുന്നതാണ്. പ്രമേയം ആവശ്യപ്പെടുന്ന തരത്തിലും തലത്തിലും പൊതിഞ്ഞുകാട്ടേണ്ടത് അങ്ങനെയുമായിത്തന്നെയാണ് ജൂലിയന്‍ സിനിമയുടെ ഭാഷ വിനിയോഗിച്ചിട്ടുള്ളത്.

ലോക സിനിമ ദൃശ്യപരമായ തുറന്നുകാട്ടലുകളുടെ കാര്യത്തിലാണ് ഇങ്ങനെ വിവാദത്തിനും ചര്‍ച്ചയ്ക്കും തുടക്കമിടുന്നതെങ്കില്‍ ഇങ്ങു മലയാളത്തില്‍ ശബ്ദപഥത്തിലെ തുറന്നുപറച്ചിലുകളുടെ പേരിലാണ് ചുരുളി എന്ന സിനിമ വിവാദത്തിനു വഴിമരുന്നിട്ടത് എന്നതില്‍ മലയാളിക്കു ലജ്ജിക്കാന്‍ വകയേറെയുണ്ട്. ചുരുളിയില്‍ ഉപയോഗിച്ചിട്ടുള്ള സംഭാഷണത്തിലെ അസഭ്യതയോര്‍ത്തു മാത്രമല്ല ഇത്. മറിച്ച് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചപോലും അതിലെ ശബ്ദപഥത്തെപ്പറ്റി, സംഭാഷണത്തെപ്പറ്റിയായിപ്പോകുന്നല്ലോ എന്നോര്‍ത്ത്. 

സിനിമയ്ക്ക് ശബ്ദമാവശ്യമോ എന്ന സൈദ്ധാന്തിക ചര്‍ച്ചയ്‌ക്കൊന്നും ഇന്നത്തെ കാലത്ത് പ്രസക്തിയില്ല. കാരണം സാര്‍ത്ഥകമായ ശബ്ദപഥത്തോടെ മാത്രമാണ് മികച്ച സിനിമ പൂര്‍ത്തിയാവുക എന്ന് ആധുനിക പ്രേക്ഷകനെ ഇനിയാരും ഉദ്‌ബോധിപ്പിക്കേണ്ട കാര്യമില്ല. 

ചുരുളി സിനിമ ഉയര്‍ത്തിവിട്ട വിവാദം അസ്ഥാനത്തോ അപ്രസക്തമോ ആണെന്നല്ല. സംഭാഷണത്തിലൂടെയാണെങ്കിലും സിനിമയുടെ അവിഭാജ്യ ഘടകമെന്ന നിലയ്ക്ക് ചുരുളിയില്‍ അതിന്റെ വിനിയോഗം അനിവാര്യമായിരുന്നോ എന്നാണ് പരിശോധിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ചുരുളിയെ മുന്‍നിര്‍ത്തി നടന്ന ചര്‍ച്ചകളിലധികവും പക്ഷം തിരിഞ്ഞുള്ള കടന്നാക്രമണങ്ങളും സദാചാരസംരക്ഷകരും അല്ലാത്തവരും തമ്മിലുള്ള തീവ്രനിലപാടുകളില്‍ ഊന്നിയുള്ള വാദപ്രതിവാദങ്ങളും മാത്രമായി തീരുകയാണുണ്ടായത്? 

ചുരുളി സിനിമയുടെ ഇതിവൃത്തത്തെയും അതിന്റെ സങ്കീര്‍ണമായ ഘടനയില്‍ കേന്ദ്രകഥാപാത്രങ്ങളെയും കൊണ്ട് മലകയറുന്ന ജീപ്പ് കാലഹരണപ്പെട്ട പാലം കടക്കുന്നതോടെ എത്തിപ്പെടുന്ന മടക്കം അസാധ്യമായ കാനനപ്രദേശത്തിന്റെ സാംഗത്യവും സവിശേഷതയും ജീപ്പ് ഡ്രൈവറുടെയും സഹസഞ്ചാരികളുടെയും ഷാപ്പുടമയുടെയും അവിടത്തെ അന്തേവാസികളുടെയും ആദ്യ പ്രതികരണങ്ങളില്‍ നിന്നു തന്നെ മനസിലാക്കാന്‍ തക്ക മാനസിക/ബൗദ്ധിക വളര്‍ച്ചയുള്ളവര്‍ തന്നെയാണ് മലയാള പ്രേക്ഷകര്‍. ഇരുട്ടില്‍ ബന്ധനത്തില്‍ നിന്നു രക്ഷപ്പെട്ടൊരു വെട്ടുപോത്തിനെ പിടിക്കാനുള്ള വ്യഗ്രതയില്‍, വ്യക്തികള്‍ കൂടിച്ചേര്‍ന്നു ആള്‍ക്കൂട്ടം നടത്തുന്ന ഹിംസയുടെ രസതന്ത്രം അതീവഹൃദ്യമായി ചിത്രീകരിച്ച ശേഷം, അതുവരെ കാണിച്ചത് പ്രേക്ഷകനു മനസിലായില്ലെങ്കിലോ എന്നു ധരിച്ചിട്ടെന്നോണം ജെല്ലിക്കെട്ട് എന്ന ചിത്രാന്ത്യത്തില്‍ മനുഷ്യകുലത്തിന്റെ പരിണാമചരിത്രം അന്യാപദേശമായി ചിത്രീകരിച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സത്യത്തില്‍ പ്രേക്ഷകനെ അംഗീകരിക്കുകയായിരുന്നോ അവന്റെ ബുദ്ധിശക്തിയെ ചോദ്യം ചെയ്യുകയായിരുന്നോ എന്നതാണ് പ്രസക്തമായ ചോദ്യം. ഉപമയും ഉല്‍പ്രേക്ഷയും വായിച്ചാല്‍ തിരിച്ചറിയാവുന്ന വായനക്കാരനോട് എഴുതിയ വരിയുടെ വൃത്തവും അലങ്കാരവും പദ്യാവസാനം ലക്ഷണസഹിതം വിവരിച്ചുകൊടുക്കുന്ന കവി വായനക്കാരനെ മാനിക്കുന്നവനാണോ?

ചുരുളിയിലെ തിരിച്ചുവരവ് അസാധ്യമായ മലയോരഗ്രാമത്തിലെ മനുഷ്യരുടെ ജീവിതത്തെ കേന്ദ്രകഥാപാത്രങ്ങളെയും കൊണ്ടുള്ള ജീപ്പുയാത്ര അതിസാഹസികമായി പാലം മറികടക്കുന്ന രംഗത്തോടെ തന്നെ മനസിലാക്കാന്‍ കെല്‍പ്പുള്ളവരാണ് പ്രേക്ഷകര്‍. പ്രാരംഭത്തിലെ പുരാവൃത്തത്തിലൂടെതന്നെ കഥാഘടനയിലെ സമയദുര്‍ഗത്തെപ്പറ്റിയും അവന്‍ മനസിലാക്കിക്കഴിഞ്ഞു. പാലം കടന്നുകഴിഞ്ഞുള്ള ജീപ്പ് ഡ്രൈവറുടെയും സഹയാത്രികരുടെയും ഷാപ്പുടമയുടെയും മറ്റ് അന്തേവാസികളുടെയും ആദ്യപ്രതികരണങ്ങളില്‍ നിന്നും സംസാരഭാഷയില്‍ നിന്നുമൊക്കെ ആ ആവാസവ്യവസ്ഥയുടെ ഇരുട്ടും ആഴവും പ്രേക്ഷകര്‍ തിരിച്ചറിയുന്നുമുണ്ട്. അത്തരമൊരു സൂചനയില്‍ മാത്രമൊതുക്കേണ്ട സംഭാഷണം തുടര്‍ന്ന ചിത്രാന്ത്യം വരെ ആവര്‍ത്തിക്കുകവഴി പ്രേക്ഷകന്റെ യുക്തിയേയും ബുദ്ധിയേയുമാണോ ചലച്ചിത്രകാരന്‍ ചോദ്യം ചെയ്യുന്നത് എന്നു സന്ദേഹിച്ചാല്‍ കുറ്റം പറയാനാവില്ല.

അതിയാഥാര്‍ത്ഥ്യമാണ് സമകാലിക ലോകസിനിമയുടെ കഥാനിര്‍വഹണശൈലിയുടെ സാമാന്യമായ ശൈലീ സവിശേഷത. മനുഷ്യജീവിതത്തിന്റെ കലര്‍പ്പില്ലാത്ത സത്യസന്ധമായ ആവിഷ്‌കാരം എന്നു തോന്നിപ്പിക്കുന്ന (ധ്വനിപ്പിക്കുന്ന) ദൃശ്യപരിചരണമാണ് നവലോകസിനിമയുടെ മുഖമുദ്ര.മലയാള സിനിമയിലും ഈ അതീയാഥാര്‍ത്ഥ്യ കഥാനിര്‍വഹണശൈലിക്ക് ഏറെ ജനപ്രീതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, യൂറോപ്യന്‍, മധ്യേഷന്‍, ലാറ്റിനമേരിക്കന്‍ സിനിമകളില്‍ അടുത്തകാലത്ത് വ്യാപകമായ ഒരു ദൃശ്യപ്രഹേളികയാണ് ക്‌ളൈമാക്‌സിലെ ഭ്രമാത്മകത. ഓരോ കല്ലും കൃത്യമായി അടുക്കി നിര്‍മിക്കുന്ന ഒരു കൂറ്റന്‍ ശില്‍പത്തിനവസാനം എങ്ങനെ പൂര്‍ത്തീകരിക്കണമെന്നറിയാതെ നില്‍ക്കുന്ന ശില്‍പിയുടെ സന്ദിഗ്ധത, ആശയക്കുഴപ്പം ഇവയില്‍ പ്രകടമാണ്. ഹൈപ്പര്‍ റിയാലിറ്റിയില്‍ പടുത്തുയര്‍ത്തുന്ന ദൃശ്യശില്‍പം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാത്ത വ്യഗ്രതയില്‍ സര്‍ റിയലസ്റ്റിക് ശൈലിയില്‍ കൊണ്ടുചെന്നവസാനിപ്പിക്കുന്ന രീതിയിലാണ് ചുരുളിയുടെയും നിര്‍വഹണം. അത് വിഭ്രാന്തിയെയോ വിഭ്രമത്തെയോ യുക്തിപൂര്‍വം പ്രതിനിധാനം ചെയ്യുന്നില്ല. ഭ്രമാത്മകതയ്ക്ക് കലയില്‍ ശൈലീബദ്ധമായ നിര്‍വചനം സാധ്യമാണ്. മനഃശാസ്ത്രപരമായൊരു യുക്തി അതില്‍ നിബദ്ധവുമാണ്. എന്നാല്‍, ചുരുളിയുടെ ക്‌ളൈമാക്‌സിലെ ചന്ദ്രനിലേക്കുള്ള ജീപ്പുയാത്ര അത്തരം ഒരു യുക്തിയേയും സാധൂകരിക്കുന്നില്ല.

ഫാന്റസിയില്‍ സിനിമയവസാനിപ്പിക്കുക എന്നത് ഒരെളുപ്പവഴിയാണ്. സര്‍ഗാത്മകമായൊരു വെല്ലുവിളിയെ അത് അഭിമുഖീകരിക്കുന്നില്ല. നൈസര്‍ഗികമായി വളര്‍ന്നുവരുന്നൊരു കഥാപരിസരത്തെ, കഥാപാത്രങ്ങളെ മനഃപൂര്‍വമായൊരിടപെടലിലൂടെ സ്രഷ്ടാക്കള്‍ യുക്തിയുടെ സാധൂകരണമാവശ്യമില്ലാത്തൊരു  (അതോ അയുക്തികമായോ) പര്യവസാനത്തിലേക്ക് നിര്‍ബന്ധപൂര്‍വം കൊണ്ടെത്തിക്കുകയാണ്. ഇവിടെയാണ് കലാകാരന്റെ സാമൂഹികപ്രതിബദ്ധത ചര്‍ച്ചാവിഷയമാവുന്നത്.

സിനിമ ഒരു കലാരൂപമാണ്. കല സ്വതന്ത്രവുമാണ്. അതിന് അതിന്റേതായ അസ്തിത്വമുണ്ടാവണം. അതിനു പ്രതിബദ്ധത അതിനോടു മാത്രമേയുള്ളൂ എന്നതുകൊണ്ട് അതിന്റെ ആവിഷ്‌കാരസാധ്യതകളെ ഒരു വിധത്തിലും തടയപ്പെടരുത് എന്നു വാദിച്ച് ചുരുളി പോലുള്ള രചനകളെ സാധൂകരിക്കുകയും അതിനെതിരായ നിയമനടപടിശ്രമങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്നവരും നോക്കിക്കാണേണ്ടത് തൊട്ടയല്‍ സംസ്ഥാനത്തെ സിനിമാക്കാഴ്ചകളാണ്. നടന്‍ സൂര്യയും ഭാര്യ ജ്യോതികയും നിര്‍മ്മിച്ച് ആര്‍ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം, ഒരു സിനിമയ്ക്ക് എങ്ങനെ സാമൂഹികപ്രതിബദ്ധമാവാമെന്നും സാമൂഹികമാറ്റത്തിന് ചുക്കാനേന്താമെന്നും തെളിയിക്കുകയാണ്. പാമ്പിനെപ്പിടിക്കുകയും എലികളെ ചുട്ടുതിന്നുകയും ചെയ്ത് ഇഷ്ടികക്കളങ്ങളിലും വിറകുവെട്ടിയും ജീവിക്കുന്ന ഇരുള-കുറവ വിഭാഗത്തില്‍പ്പെട്ട സമൂഹത്തിലെ അരികുജീവിതങ്ങളെ ജനാധിപത്യ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു തുറന്നു കാട്ടിയ ജയ് ഭീം പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ ഇവരുടെ ഉന്നമനത്തിനായി അടിയന്തര നടപടികളാണുണ്ടായത്. ഇവരുടെ ജീവിതങ്ങളെക്കുറിച്ച് കളക്ടര്‍മാരെ വച്ച് സര്‍വേ നടത്തി അവര്‍ക്കായി ക്ഷേമപ്രവര്‍ത്തനങ്ങളാരംഭിച്ച സര്‍ക്കാര്‍ സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്ത ഈ വിഭാഗക്കാര്‍ക്കു ഭൂമികൊടുത്തും തുടങ്ങി. ചുരുളിയിലെ സാങ്കല്‍പിക ഗ്രാമത്തിലെ വാര്‍പുമാതൃകകളെപ്പോലെ, കുറ്റവാളികളും തിരുടന്മാരും തെമ്മാടികളുമായി വരേണ്യസമൂഹം അടയാളപ്പെടുത്തിയ പട്ടികവര്‍ഗ്ഗക്കാരാണ് ഇരുളരും കുറവരുമെല്ലാം. അവരുടെ ജീവിതത്തിലെ ഇരുള്‍ നീക്കാനും കറനീക്കാനുമാണ് ജയ് ഭീം എന്ന സിനിമ ശ്രമിച്ചത്. സിനിമയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ഒരു കോടി രൂപ ഇതിനായി പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ കല്യാണിയുടെ സന്നദ്ധ സംഘത്തിനും സൂര്യ സംഭാവനചെയ്തു. ഇത്തരം പ്രതിബദ്ധതയുടെ മാതൃകകള്‍ക്കു നടുവിലാണ് കല കലയ്ക്കു വേണ്ടി കലയില്‍ ചോദ്യം പാടില്ല എന്ന വാദഗതികളുയര്‍ത്തി സിനിമാക്കാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ചര്‍ച്ചകളുമായി മലയാള സി നിമ സമയം പാഴാക്കുന്നത്.ി


Wednesday, October 13, 2021

മാധ്യമങ്ങളും സമൂഹവും മോണോഗ്രാഫ് പ്രകാശനം


2020-21ലെ കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ കോട്ടയം കേന്ദ്രത്തിലെ മലയാളം ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി സമര്‍പ്പിച്ച ഗവേഷണപ്രബന്ധങ്ങളുടെ ലേഖനരൂപം സമാഹരിച്ച് എഡിറ്റ് ചെയ്തു പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങളും സമൂഹവും എന്ന മോണോഗ്രാഫിന്റെ പ്രകാശനം കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും മുന്‍കാല സഹപ്രവര്‍ത്തകനുമായ ശ്രീ അരുണ്‍കുമാര്‍ കോട്ടയം ക്യാംപസില്‍ നിര്‍വഹിച്ചപ്പോള്‍. ഐഐഎംസി മേഖലാ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ വടവാതൂരില്‍ നിന്നാണ് അരുണ്‍

പുസ്തകം ഏറ്റുവാങ്ങിയത്. ജോയിന്റ് ഡയറക്ടര്‍ ശ്രീ രജിത് ചന്ദ്രനും സന്നിഹിതനായിരുന്നു. പുസ്തകത്തിനൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനവും പ്രേരണയും നല്‍കുന്ന ജ്യേഷ്ഠസഹോദരനായ ഡോ.അനില്‍ കുമാര്‍ വടവാതൂരിനും
പുസ്തകം ഈവിധം പുറത്തുവരാന്‍ പിന്തുണച്ച സഹപ്രവര്‍ത്തകയായ ശ്രീമതി ശരണ്യ പി.എസിനും അകമഴിഞ്ഞ നന്ദി. അക്കാദമിക് കര്‍മ്മപഥത്തിലും ഇത്തരം ഏകോപനങ്ങളും ആവിഷ്‌കാരങ്ങളും നല്‍കുന്ന സംതൃപ്തി വളരെ പ്രധാനമാണ്, അതിലേറെ ആശ്വാസവും.

Saturday, October 09, 2021

ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയം വെള്ളിത്തിര പറയുമ്പോള്‍

article published in Drishyathalam monthly

October 2021 issue

എ..ചന്ദ്രശേഖര്‍

യൂദ്ധവും ഭീകരവാദവും ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയം വെള്ളിത്തിര പറയുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ലോകത്തൊല്ലാ ഭാഷിയിലും എല്ലാക്കാലത്തും ഇഷ്ടവിഷയമാണ്.ഇന്ത്യയ്ക്കു സ്വാതന്ത്ര്യസമരം തൊട്ട് പഞ്ചാബ്, കശ്മീര്‍, ഗുജറാത്ത് പ്രശ്‌നങ്ങള്‍ വരെ വിഷയമാക്കി എത്രയോ സിനിമകള്‍ വന്നു,ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനും
ചൈനയുമായുള്ള തര്‍ക്കങ്ങളും കമ്പോള/സമാന്തരസിനിമകള്‍ക്ക് വിഷയീഭവിച്ചിട്ടുണ്ട്. മലയാളത്തില്‍പ്പോലും കാര്‍ഗിലിനെ അധികരിച്ചു വരെ സിനിമകളുണ്ടായിരിക്കുന്നു. ശ്രീലങ്കന്‍ ആഭ്യന്തരകലാപവും തമിഴ് തീവ്രവാദവും ആസ്പദമാക്കിയും വിവിധ ഇന്ത്യന്‍ ഭാഷകളില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സിനിമകളുണ്ടായിട്ടുണ്ട്. അവയില്‍ ചുരുക്കം ചിലതു മാത്രമാണു ശ്രീലങ്കന്‍ തമിഴരുടെ രാഷ്ട്രീയം അഭിസംബോധന ചെയ്തത്. സന്തോഷ് ശിവന്റെ ആദ്യ സിനിമയായ ടെററിസ്റ്റും, മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാളുമടക്കമുള്ള ഇതര സിനിമകളെല്ലാം ദ്വീപിലെ തമിഴ് പ്രശ്‌നം പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് വൈയക്തികാനുഭവങ്ങളുടെ വൈകാരികതയാണ് പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം, സമകാലിക ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്ത ഭാഷകളിലായി യാദൃശ്ചികമെന്നോണം ഏതാണ്ട് ഒരേ കാലയളവില്‍ തന്നെ, ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം വീണ്ടും ഉയര്‍ന്നുവരുമ്പോള്‍ നമ്മുടെ സിനിമ ഈ വിഷയത്തെ എങ്ങനെ സമീപിച്ചു എന്ന തിരിഞ്ഞുനോട്ടമാണ് ഈ ലേഖനം.

തൊടുപുഴക്കാരന്‍ രാജേഷ് ടച്ച് റിവര്‍ സിംഹള ഭാഷയില്‍ സംവിധാനം ചെയ്ത ഇന്‍ ദ നെയിം ഓഫ് ബുദ്ധ (2002) ആണ് ശ്രീലങ്കയിലെ തമിഴ് പ്രശ്‌നങ്ങളുടെ രാഷ്ട്രീയം സമഗ്രതയോടെ അവതരിപ്പിച്ച ആദ്യകാല ഇന്ത്യന്‍ സിനിമകളിലൊന്ന്. കലാപകലുഷിതമായ ശ്രീലങ്കയില്‍ ശിവ എന്ന തമിഴ് ഡോക്ടര്‍ക്ക് നേരിടേണ്ടിവന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് കല്‍പിത കഥയുടെ ചട്ടക്കൂടില്‍ രാജേ് ചലച്ചിത്രമാക്കിയത്. ദ്വീപുരാഷ്ട്രത്തിലെ ആഭ്യന്തര കലാപമൊതുക്കാന്‍ ഇന്ത്യയില്‍ നിന്നു സമാധാന സേനയെത്തിയശേഷം അവിടെ നടക്കുന്ന ഭീകരതയാണു രാജേഷ് തന്റെ സിനിമയ്ക്കു വിഷയമാക്കിയത്. തലമുറകളായി ലങ്കയില്‍ ജനിച്ചു വളര്‍ന്ന, ജന്മം കൊണ്ട് ശ്രീലങ്കക്കാരും വംശം കൊണ്ടു മാത്രം തമിഴരായിപ്പോയ ജനസമൂഹത്തെയപ്പാടെ തീവ്ര ഭീകരവാദികളെന്ന മുന്‍വിധിയോടെയാണ് ഇന്ത്യന്‍ സേന കൈകാര്യം ചെയ്തത്. അതിരൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ഇന്ത്യന്‍ സൈന്യം നേടിയ മുന്നേറ്റത്തിനിടെ സാധാരണക്കാരായ തമിഴ് ജനങ്ങളുടെ മേല്‍ നടന്ന മൃഗീയമായ ക്രൂരതകളുടെയും അതിക്രമങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നേര്‍ച്ചിത്രമായിരുന്നു ഇന്‍ ദ നെയിം ഓഫ് ബുദ്ധ കാണിച്ചു തന്നത്. തിരക്കഥയിലെ പാളിച്ചകളും കന്നി സംവിധായകന്റെ കൈകുറ്റപ്പാടുകളുമുണ്ടായിരുന്നെങ്കിലും ധീരമായ നിലപാടുകളുടെ പേരില്‍ രാജ്യാന്തര ശ്രദ്ധ നേടിയ സിനിമയായിരുന്നു അത്. അമിത നാടകീയതയും കച്ചവടത്തിനായുള്ള ഒത്തുതീര്‍പ്പുകളുമാണ് ഇന്‍ ദ് നെയിം ഓഫ് ബുദ്ധയെ അതര്‍ഹിക്കുന്ന ഗൗരവത്തിലേക്ക് എത്താതെ പോകാന്‍ കാരണം. അപക്വമായ താരനിര്‍ണയവും പ്രതികൂലമായി. എന്നാലും, മലയാളികളായ ജെയിന്‍ ജോസഫ്, രഞ്ജന്‍ ഏബ്രഹാം തുടങ്ങിയ സാങ്കേതികവിദഗ്ധരുടെ കൂട്ടു സംരംഭമായിരുന്ന ചിത്രം ഇംഗ്‌ളണ്ടിലേക്കും ഫ്രാന്‍സിലേക്കും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ജീവനും കൊണ്ട് രാഷ്ട്രീയാഭയം തേടുന്ന ലങ്കന്‍ അഭയാര്‍ത്ഥികളുടെ നിസ്സഹായാവസ്ഥയിലേക്കു കൂടി ക്യാമറ തിരിക്കുന്നതില്‍ ഏറെക്കുറേ വിജയിക്കുക തന്നെ ചെയ്തു. 

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ സന്തോഷ് ശിവന്‍ സംവിധായനാകാന്‍ തെരഞ്ഞെടുത്തത് മാതൃഭാഷാ സിനിമയായിരുന്നില്ല. മറിച്ച്, തമിഴിലാണ് അദ്ദേഹം ദേശീയ ബഹുമതി വരെ നേടിയ ടെററിസ്റ്റ് (1998)സംവിധാനം ചെയ്തത്. ലങ്കന്‍ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യബോംബാവാന്‍ വിധിക്കപ്പെടുന്ന മല്ലി(അയേഷ ധാര്‍ക്കര്‍) എന്നൊരു പത്തൊമ്പതുകാരിയുടെ അനുഭവങ്ങളാണ് ടെററിസ്റ്റ്. ടച്ച്‌റിവറിന്റെ സിനിമയേക്കാള്‍ നാലു വര്‍ഷം മുമ്പേ പുറത്തിറങ്ങിയ ടെററിസ്റ്റിലെ നായിക തന്റെ അനുജനെ ക്രൂരമായി കൊന്ന സഖ്യസേനയ്‌ക്കെതിരേയാണ് സ്വയം ചാവേറാവുന്നത്.രാജീവ് ഗാന്ധി വധത്തില്‍ പ്രതിയായ മനുഷ്യബോംബ് ധനുവില്‍ നിന്നു പ്രചോദനുള്‍ക്കൊണ്ട പാത്രാവിഷ്‌കാരമായിരുന്നു മല്ലിയുടേത്. ലങ്കയിലെ തമിഴരോടുള്ള സിംഹളരുടെ സമീപനവും സൈനിക ഇടപെടലും നിഷ്‌കളങ്കയായൊരു യുവതിയെ തീവ്രവാദിയാക്കുന്നതെങ്ങനെ എന്നാണ് സന്തോഷ് പറയാന്‍ ശ്രമിച്ചത്.സന്തോഷ് ശിവനെപ്പോലെ ട്രീറ്റ്‌മെന്റില്‍ ശ്രദ്ധിക്കുന്ന ഒരു ചലച്ചിത്രകാരന്‍ തീവ്രവാദം പോലൊരു വിഷയം തെരഞ്ഞെടുക്കാന്‍ കാരണം അതിന്റെ ആക്ഷന്‍/ദൃശ്യസാധ്യതകളാണ്. അക്കാര്യത്തില്‍ ടെററിസ്റ്റ് രാജ്യാന്തരനിലവാരമുള്ള ദൃശ്യാഖ്യാനം തന്നെയായിത്തീരുന്നുമുണ്ട് മനോഹര ദൃശ്യഖണ്ഡങ്ങളാല്‍ സമ്പന്നമായ ടെററിസ്റ്റില്‍ പക്ഷേ, തമിഴ് പ്രശ്‌നം അടിത്തട്ടില്‍ നിര്‍ത്തിക്കൊണ്ട് മിലി എന്ന വ്യക്തിയുടെ ജീവിതവും പ്രതികാരവാഞ്ഛയും അവളുടെ ധര്‍മ്മസങ്കടവുമൊക്കെയാണ് ആവിഷ്‌കരിക്കപ്പെട്ടത്.അതുകൊണ്ടുതന്നെ  അത് ലോകത്തെവിടെയും സമാന പോരാട്ടങ്ങളില്‍ പങ്കാളിയാവേണ്ടിവരുന്ന ഏതൊരു സമപ്രായക്കാരിയുടെയും അനുഭവമായിത്തീരുന്നു. സിനിമ അങ്ങനെ സാര്‍വലൗകികമായ പ്രസക്തിയും പ്രസിദ്ധിയും നേടിയെങ്കിലും ലങ്കയില്‍ തമിഴ് രാഷ്ട്രീയത്തെ അത് എത്രത്തോളം അഭിമുഖീകരിച്ചുവെന്നത് ചോദ്യം തന്നെയായി അവശേഷിച്ചു.

ശ്രീലങ്കന്‍ തമിഴ് വംശ പശ്ചാത്തലത്തില്‍ സുജാത രംഗരാജന്‍ എഴുതിയ അമുതവും അവനും എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിലൊരാളായ മണിരത്‌നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാള്‍ (2002) ആവട്ടെ, ആഭ്യന്തരകലാപത്തെ പിന്നണിയില്‍ നിര്‍ത്തിക്കൊണ്ട് തന്റെ വൈകാരിക ശൈലിയില്‍ തദ്ദേശീയമായൊരു ഇന്ത്യന്‍ കുടുംബഥയാണ് പറയാന്‍ ശ്രമിച്ചത്. എല്‍ ടി ടി ഇ സംഘാംഗമായ ദിലീപന്റെ (ജെ.ഡി.ചക്രവര്‍ത്തി) നിറഗര്‍ഭിണിയായ ഭാര്യ ശ്യാമ (നന്ദിത ദാസ്)യ്ക്ക് സൈനികാക്രമണത്തിനിടെ,മാങ്കുളത്തു നിന്നു രാമേശ്വരത്തേക്ക് അഭയാര്‍ത്ഥിയായി പോകേണ്ടി വരുന്നു. അവിടെ വച്ച് പ്രസവിക്കുന്ന പുലിസംഘാംഗമായ അവള്‍ കുട്ടിയെ ഉപേക്ഷിച്ചു കാണാതായ ഭര്‍ത്താവിനെ തേടി ലങ്കയിലേക്കു തന്നെ മടങ്ങുന്നു. ആ കുട്ടിയെ ദത്തെടുക്കുന്ന എഴുത്തുകാരനായ തിരുച്ചെല്‍വനും (മാധവന്‍) ഭാര്യ ഇന്ദിരയും (സിമ്രാന്‍) സ്വന്തം മകനൊപ്പം അവളെ പുന്നാരിച്ചുതന്നെ വളര്‍ത്തുന്നു. ഒന്‍പതു വര്‍ഷത്തിനു ശേഷം തന്റെ ജനനരഹസ്യമറിയുന്ന അമുദ(കീര്‍ത്തന)ത്തിന്റെ ഉറ്റവരെ കാണാനുള്ള വാശിയില്‍ അവളെയും കൊണ്ട് പോരാട്ടം രൂക്ഷമായ മാങ്കുളത്തേക്കു പോവുകയാണ് തിരുച്ചെല്‍വവും ഇന്ദിരയും. സാഹസികശ്രമങ്ങള്‍ക്കൊടുവില്‍ സ്വന്തം അമ്മയെ കണ്ടുമുട്ടുന്ന അമുദത്തിന് അവരുടെ ജന്മാവകാശത്തേക്കാള്‍ ഇന്ദ്രിയുടെ കര്‍മ്മാവകാശമാണ് വലുത് എന്നു ബോധ്യം വരുന്നതും തിരുവിനും ഇന്ദിരയ്ക്കുമൊപ്പം അവരുടെ മകളായി മദ്രാസിലേക്കു മടങ്ങുന്നതുമാണ് കഥ.

കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അവിസ്മരണീയങ്ങളായ ദൃശ്യകവിതകള്‍ രചിക്കാന്‍ മിടുമിടുക്കനാണ് മണിരത്‌നം. മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്ത ബോംബേ(1995), കശ്മീര്‍ തീവ്രവാദപശ്ചാത്തലത്തില്‍ നിര്‍മിച്ച ദില്‍ സേ(1998) ഒക്കെ കറകളഞ്ഞ പ്രണയകഥകളായിരുന്നു. വില്ലന്റെ സ്ഥാനത്ത് കലാപത്തെയും തീവ്രവാദത്തെയും പ്രതിഷ്ഠിച്ചുകൊണ്ടുള്ള നിലവാരമുള്ള കമ്പോള നിര്‍മിതികളായിരുന്നു അവ. അതേ ജനുസില്‍ കുറച്ചുകൂടി പ്രശ്‌നത്തിന്റെ ആഴങ്ങളിലേക്കു പോകാന്‍ ശ്രമിച്ച ഒന്നാണ് കന്നത്തില്‍ മുത്തമിട്ടാള്‍. മികച്ച തമിഴ് സിനിമയ്ക്കും ബാലതാരത്തിനും എഡിറ്റിങിനും സംഗീതത്തിനുമൊക്കെയുള്ള ദേശീയ ബഹുമതികള്‍ വാരിക്കൂട്ടിയ ചിത്രം ലങ്കന്‍ തമിഴരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളുടെ തൊലിപ്പുറമെങ്കിലും പരാമര്‍ശിച്ചുപോയി. പുലിനേതാവായി വന്ന നന്ദിനി ദാസിന്റെ പ്രകടനമാണ് അതിന് ഏറ്റവും ഉപോല്‍ബലകമായത്.

മാധവിക്കുട്ടിയുടെ അതിമനോഹരമായ മനോമി എന്ന കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ബിജുവട്ടപ്പാറ സംവിധാനം ചെയ്ത രാമ രാവണന്‍ (2010) ആണ് ഈ പ്രശ്‌നത്തെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ സിനിമകളിലൊന്ന്. മാധവിക്കുട്ടിയുടെ കഥയോടോ, ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയത്തോടോ കാര്യമായ യാതൊരു പ്രതിബദ്ധതയും പുലര്‍ത്താത്ത ഒന്നായിരുന്നു അത്. സിനിമയുടെ ജനുസ്സിനെപ്പറ്റിയുള്ള സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സന്ദിഗ്ധാവസ്ഥ ഉടനീളം വ്യക്തമായ സിനിമ്.  കുടുംബചിത്രമായാണോ, സമാന്തരസിനിമയായാണോ, ആക്ഷന്‍-കമ്പോള സിനിമയായാണോ സ്രഷ്ടാക്കള്‍ വിഭാവനചെയ്തതെന്നത് അവ്യക്തം. 

തമിഴ് അസ്തിത്വമുള്ള കഥയില്‍ മലയാളം പറിച്ചുവച്ചപ്പോഴത്തെ അസ്‌കിതയായിരുന്നു മറ്റൊരു പ്രശ്‌നം. കഥ വായിക്കാത്ത ശരാശരി പ്രേക്ഷകന്, ഈ സിനിമയിലെ ഭാഷയും സംസ്‌കാരവും തദ്ദേശീയവും രാഷ്ട്രീയവുമായ സൂചനകളുമൊന്നും ഒരെത്തും പിടിയും കിട്ടില്ല. തമിഴ് ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന നായികയ്ക്ക് തീര്‍ഥവും പ്രസാദവും കൊടുത്ത് വള്ളുവനാടന്‍ സംഭാഷണമുരുവിടുന്ന പൂജാരി. അണ്ണാദൂരൈ എന്ന അമ്മാവന്‍. അന്വേഷണത്തിനെത്തുന്ന കേരളത്തിലെ പൊലീസ്...ആകെക്കൂടി ചക്കകുഴയും പോലെ കുഴഞ്ഞ ട്രീറ്റ്മെന്റ്.സുരേഷ്ഗോപിയുടെ സാന്നിദ്ധ്യം പോലും സാധൂകരിക്കാനാവാതെ പോയൊരു സിനിമയായിരുന്നു രാമരാവണന്‍.

എല്‍.ടി.ടി.ഇ-സഖ്യസേന പോരാട്ടം രൂക്ഷമായ കാലത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന പേരില്‍ ലങ്കയില്‍ നിന്നു വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച് അഭയാര്‍ത്ഥികളായി പാരീസിലേക്ക് കപ്പല്‍ കയറുന്ന ശിവദാസന്‍(ആന്റണി യേശുദാസന്‍) എന്ന തമിഴ് പുലിയുടെയും അയാള്‍ക്കൊപ്പം പോകുന്ന യാലിനി (കാളീശ്വരി ശ്രീനിവാസന്‍), അനാഥയായ ഇളയല്‍ എന്ന കൗമാരക്കാരിയുടെയും(ക്ലൗഡീന്‍ വിനസിത്തമ്പി) കഥയാണ് വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ട ഫ്രഞ്ച് സിനിമയായ ദീപന്റേത്(2015). കലാപത്തില്‍ മരിച്ച ദീപന്റെ പാസ്‌പോര്‍ട്ടില്‍ പാരീസിലെത്തുന്ന ശിവദാസനും അയാളുടെ കുടുംബമായി അഭിനയിക്കുന്ന യാലിനിക്കും ഇളയലിനും അവിടെ നേരിടേണ്ടി വരുന്ന അതിലും വലിയ വംശീയ കലാപത്തെപ്പറ്റിയാണ് ഴാക്ക് ഔഡ്യാര്‍ഡും തോമസ് ബിഡ്‌ഗെയിനും നോ ഡിബ്രെയും ചേര്‍ന്നു സംവിധാനം ചെയ്ത ദീപന്‍ ആവിഷ്‌കരിക്കുന്നത്. ലോകത്തെവിടെയും വംശന്യൂനപക്ഷം നേരിടുന്ന പീഡനവും ആക്രമണവും സമാനസ്വഭാവമുള്ളതാണെന്നു ദീപന്‍ കാണിച്ചുതരുന്നു. ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ശിവദാസന്റെയും യാലിനിയുടെയും ബന്ധ സങ്കീര്‍ണതകള്‍ക്കൊപ്പം, ശ്രീലങ്കന്‍ പ്രശ്‌നത്തെപ്പറ്റി രാജേഷ് ടച്ച്‌റിവര്‍ പറഞ്ഞുവച്ചതിന്റെ ചില തുടര്‍ച്ചകളിലേക്ക് ദീപന്‍ കടന്നുചെല്ലുന്നു. പല കാരണങ്ങളാലും ഫ്രാന്‍സിലും വേട്ടയാടപ്പെടുന്ന അവര്‍ക്ക് ഏറെ സാഹസികതകള്‍ക്കൊടുവില്‍ ഇംഗ്‌ളണ്ടിലെത്തി സമാധാനപൂര്‍വം ജീവിക്കാനാവുന്നിടത്താണ് ദീപന്‍ അവസാനിക്കുന്നത്.

2009ല്‍ തമിഴ് ഈഴം നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ വധത്തോടെ ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും മടങ്ങിത്തുടങ്ങിയ ശ്രീലങ്കയില്‍ നിന്നു യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കു പലായനം ചെയ്ത തമിഴ് വംശജരുടെ ജന്മനാട്ടിനു പുറത്തുനിന്നുകൊണ്ടുള്ള തുടര്‍പോരാട്ടങ്ങളാണ് അടുത്തകാലത്തിറങ്ങിയ ഒരു തമിഴ് സിനിമയിലും, ഹിന്ദി വെബ് പരമ്പരയിലും ആവിഷ്‌കരിക്കപ്പെട്ടത് എന്നതു യാദൃശ്ചികമെങ്കിലും കൗതുകകരമാണ്. ദീപന്‍ നിര്‍ത്തിയ ഇടത്താണ് സത്യത്തില്‍ കാര്‍ത്തിക്ക് സുബ്ബരാജിന്റെ ജഗമേ തന്തിര(2021)വും, രാജ് നിധിമോരു, സുമന്‍ കുമാര്‍ കൃഷ്ണ ഡി.കെ. എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ദ് ഫാമിലി മാന്‍ സീസണ്‍ ടു വും ആരംഭിക്കുന്നത്. ലങ്കയില്‍ സമാധാനം പുനഃസ്ഥാപിച്ച് ഏതാണ് രണ്ടു പതിറ്റാണ്ടിപ്പുറം ആ വിഷയം കൈകാര്യം ചെയ്യുന്ന തികച്ചും വേറിട്ട രണ്ടു ദൃശ്യാഖ്യാനങ്ങള്‍ ശ്രീലങ്കന്‍ തമിഴ് രാഷ്ട്രീയത്തെ കൈകാര്യം ചെയ്തത് ഏതാണ്ട് ഒരേ പോലെയാണെന്നതാണു രസം. സിനിമയിലും വെബ് സീരിസിലും ലണ്ടന്‍ ആസ്ഥാനമായി തുടരുന്ന ലങ്കന്‍ തമിഴ് പ്രസ്ഥാനത്തിന് അവിടത്തെ അധോലോകവുമായാണ് ഇഴയടുപ്പം.

ധനുഷ് നായകനായ ജഗമേ തന്തിരത്തില്‍ ലണ്ടന്‍ അധോലോകത്തിന്റെ പിന്തുണയോടെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഈഴത്തെയാണ് കാണിക്കുന്നത്. നിയമത്തിന്റെ വഴിയിലൂടെ, പൗരത്വരേഖകളില്ലാത്ത തമിഴ് വംശജര്‍ക്ക് അതു നേടിക്കൊടുക്കാനും അവിടെ നിന്നുകൊണ്ട് ജനാധിപത്യപരമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തിലിടപെടാനുമുള്ള തമിഴ് ശ്രമങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിനുള്ള എല്ലാ പിന്തുണയും നല്‍കുന്നത് തമിഴനായ അധോലോകനേതാവ് ശിവദാസാണ് (ജോജു ജോര്‍ജ്) അഭയാര്‍ത്ഥികളിലൊരാളായ അറ്റില്ല (ഐശ്വര്യലക്ഷ്മി)യിലൂടെയാണു ശ്രീലങ്കയിലെ തമിഴര്‍ നേരിട്ട കൊടിയ അതിക്രമങ്ങളുടെയും മനുഷ്യാവകാശധ്വംസനത്തിന്റെയും ദൃശ്യചിത്രം അനാവരണം ചെയ്യപ്പെടുന്നത്. ആഭ്യന്തരകലാപത്തിനിടെ ജന്മനാട്ടിലുണ്ടാവുന്നൊരു ബോംബു സ്‌ഫോടനത്തില്‍ സ്വന്തം ഗ്രാമമൊട്ടാകെ ചാമ്പലാവുമ്പോള്‍ രക്ഷപ്പെടുന്ന അപൂര്‍വം പേരില്‍പ്പെട്ടതാണ് പാട്ടുകാരിയായ അറ്റില്ലയും സഹോദരനും മകനും. ദമ്പതികളും മകനും എന്ന വ്യാജേന അവര്‍ ലണ്ടനിലേക്കു കടക്കുന്നു. എന്നാല്‍ സഹോദരന്‍ ധീരന്‍ ലണ്ടനില്‍ മയക്കുമരുന്നു വ്യാപാരിയായ പീറ്ററിന്റെ സ്വകാര്യ തടങ്കലിലാവുന്നതോടെ അവളുടെ ജീവിതം ചോദ്യചിഹ്നമാവുന്നു. ശിവദാസാണ് അവളെയും അനന്തരവനെയും സംരക്ഷിക്കുന്നത്. ലങ്കയില്‍ നേരിടേണ്ടി വന്ന മാനസികാഘാതത്തില്‍ നിന്നു പുറത്തുവന്നിട്ടില്ലാത്ത അറ്റില ഉള്ളില്‍ പ്രതികാരവാഞ്ഛയോടെ നടക്കുന്നവളാണ്. ശിവദാസന്റെ സംഘാംഗമായ ദീപന്‍ (കലൈയരശന്‍) ആണ് തമിഴ് പോരാട്ടത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കഥാപാത്രം.ജനപ്രിയ നായകന്‍ ധനുഷിന്റെ മാസ് കച്ചവട സിനിമ എന്ന നിലയില്‍ വിഭാവന ചെയ്തതുകൊണ്ടുതന്നെ ഇത്തരം രാഷ്ട്രീയമൊക്കെ പിന്നാമ്പുറത്തേക്കു മാറ്റിവച്ചുകൊണ്ട് ഡ്രഗ് ട്രാഫിക്കിങും അധോലോകവുമൊക്കെയായി ജഗപൊഗയാക്കുന്നതില്‍ മാത്രമാണ് ജഗമേതന്തിരം ശ്രദ്ധിച്ചിട്ടുള്ളത്. ഉള്ളില്‍ നോവിന്റെ കനല്‍ ആവഹിക്കുന്ന ശ്രീലങ്കന്‍ തമിഴ് പെണ്ണിന്റെ ശരീരഭാഷയോ സ്വത്വമോ ഉള്‍ക്കൊള്ളുന്നതില്‍ ജഗമേ തന്തിരത്തിലെ ഐശ്വര്യലക്ഷ്മി നടിയെന്ന നിലയ്ക്ക് പരാജയപ്പെടുന്നതു തിരിച്ചറിയണമെങ്കില്‍, ദ് ഫാമിലി മാന്‍ ടുവിലെ സമന്ത അക്കിനേനിയുടെ തമിഴ് പുലി രാജിയായുള്ള പരകായപ്രവേശം താരതമ്യം ചെയ്താല്‍ മതി.

ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍, ഐ എസില്‍ ചേരാന്‍ നാടുവിട്ട മലയാളികളെ കേന്ദ്രകഥാപാത്രമാക്കി ആമസണ്‍ പ്രൈമില്‍ അവതരിപ്പിച്ച പരമ്പരയാണ് മനോജ് ബാജ്‌പേയിയും പ്രിയാമണിയും മലയാളത്തിന്റെ നീരജ് മാധവും കേന്ദ്രകഥാപാത്രങ്ങായ ദ് ഫാമിലി മാന്‍. രാജ്യമൊട്ടാകെ ഒന്നാം സീസണ്‍ നേടിയ വന്‍ വിജയത്തെ തുടര്‍ന്നാണ് 2021ല്‍ പരമ്പരയുടെ രണ്ടാം സീസണ്‍ അവതരിച്ചത്. ഇക്കുറി തമിഴ് തീവ്രവാദവും വംശരാഷ്ട്രീയവുമായിരുന്നു വിഷയമാക്കിയത്. അക്കിനേനി നാഗചൈതന്യയുടെ ഭാര്യയും നടിയുമായ സമന്തയാണ് പ്രതികാരദാഹിയായ തമിഴ് തീവ്രവാദിയുടെ വേഷത്തിലെത്തുന്നത്. ലങ്കന്‍ ഈഴ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളിലേക്കാണു രണ്ടാം സീസണ്‍ ശ്രദ്ധയൂന്നുന്നത്. ഏറെക്കുറേ ആത്മാര്‍ത്ഥവും സത്യസന്ധവുമായി അതു പറഞ്ഞുവയ്ക്കുന്നുമുണ്ട്.

യഥാര്‍ത്ഥത്തിലുള്ള തമിഴ് പ്രതിസന്ധി ആഴത്തില്‍ തന്നെ ചിത്രം ചര്‍ച്ച ചെയ്യുന്നു. അതേസമയം, ഇന്ത്യന്‍ പ്രധാനമന്ത്രിയും (അവരൊരു ഉരുക്കുവനിതിയാണ്) ശ്രീലങ്കന്‍ പ്രസിഡന്റും തമ്മിലുള്ള രാഷ്ട്രീയബന്ധവും, ചാരപ്രവര്‍ത്തനവും മറ്റും കമ്പോള മുഖ്യധാരയുടെ കടുംവര്‍ണത്തിലാണ് ചിത്രികരിച്ചിട്ടുള്ളത്. എന്നിരുന്നാലും കെട്ടടങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന തമിഴ് ഈഴമുന്നേറ്റം യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായിത്തുടരുന്ന അനുഭാവികളിലൂടെ ജനാധിപത്യസ്വഭാവമാര്‍ജ്ജിച്ച് രാഷ്ട്രീയപോരാട്ടമായി മാറുന്നതിന്റെ ദൃശ്യസൂചനയാണു ദ് ഫാമിലി മാനിലുള്ളത്. അതേസമയം, പ്രസ്ഥാനത്തിനുള്ളില്‍ തന്നെ സായുധ വിപ്‌ളവത്തില്‍ ഇനിയും വിശ്വസിക്കുന്ന അതിതീവ്രവാദികളും നിയമവഴിയും അന്താരാഷ്ട്ര നയന്ത്രത്തിന്റെ വഴിയും തേടുന്ന ജനാധിപത്യവാദികളും തമ്മിലുള്ള ഭിന്നത കൂടി പരമ്പര സൂചിപ്പിക്കുന്നു. വേലുപ്പിള്ള പ്രഭാകരന്റെ നിഴല്‍ വീണ ഭാസ്‌കരന്‍ പളനിവേല്‍ (മൈം ഗോപി) ആണ് പരമ്പരയിലെ പ്രധാന വില്ലന്‍. ലണ്ടന്‍ കേന്ദ്രീകരിച്ച് ഈഴം വിപ്‌ളവപ്രസ്ഥാനത്തെ ഏകോപിക്കുന്ന ഭാസ്‌കരന്റെ ലക്ഷ്യം സ്‌ഫോടനങ്ങളിലൂടെ ഇന്ത്യയെ പ്രലോഭിപ്പിച്ച് തമിഴ് പ്രശ്‌നം വീണ്ടും ലോകശ്രദ്ധയിലേക്കു കൊണ്ടുവരിക എന്നതാണ്. അയാളോടൊപ്പം ലങ്കയില്‍ നിന്ന് പലായനം ചെയ്യുന്ന ഉറ്റചങ്ങാതിയും പുലി സംഘടനയിലെ ബുദ്ധിജീവിയും ചിന്തകനുമായ ദീപന്‍ (അഴകം പെരുമാള്‍) ആവട്ടെ, ലണ്ടന്‍ കേന്ദ്രീകരിച്ച് സമാന്തരമായി ഒരു ലങ്കന്‍ ഭരണകൂടമുണ്ടാക്കി അതിന്റെ പ്രധാനമന്ത്രിയാവാനുള്ള ജനാധിപത്യവഴിയിലാണ്. ഭാസ്‌കരന്റെ നേരനുജന്‍ മധുരയില്‍ റോയുടെ പിടിയിലാവുകയും കൊല്ലപ്പെടുകയും ചെയ്യുന്നതോടെ, പ്രതികാര ദാഹിയായി ലണ്ടന്‍ വിടുന്ന ഭാസ്‌കരന്റെ രാജ്യാന്തര അധോലോകസംഘടനകളുമായി ചേര്‍ന്നുള്ള ഇന്ത്യാവിരുദ്ധ നീക്കത്തെ റോ തടയുന്നതാണ് പരമ്പരയുടെ കാതല്‍.  തമിഴ്‌നാട്ടില്‍ ശീലങ്കന്‍ പ്രശ്‌നത്തോട് അഭിമുഖ്യവും സഹതാപവും വച്ചുപുലര്‍ത്തുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ അരമനരഹസ്യങ്ങളും പരോക്ഷമായി പരമ്പര അവതരിപ്പിക്കുന്നുണ്ട്. ഒപ്പം രാജ്യാന്തരതലത്തില്‍ തമിഴ് പുലികള്‍ക്കുള്ള വേരോട്ടത്തെയും പരമ്പര പരാമര്‍ശിക്കുന്നു.

പകുതിക്കു വച്ചത്  സോണി വിയകോം സംപ്രേഷണം ചെയ്ത അനില്‍ കപൂര്‍-റ്റിസ്‌ക ചോപ്രമാരഭിനയിച്ച്  റോബര്‍ട്ട് കോക്രാനും യൂള്‍ സര്‍ണോവും സംവിധാനം ചെയ്ത 24 എന്ന ടെലിപരമ്പയെപ്പോലെ വൈയക്തികമാവുന്നുണ്ട്. കശ്മീരില്‍ താന്‍ തകര്‍ത്ത നിഷ്‌കളങ്കകുടുംബത്തിലെ വില്ലന്‍ പ്രതികാരത്തിനായി തിവാരിയുടെ ടീനേജുകാരിയായ മകളെ കടത്തിക്കൊണ്ടുപോകുന്നതോടെ അവളുടെ രക്ഷയും ലങ്കന്‍ ഭീകരവാദികളുടെ സ്‌ഫോടനശ്രമം തടയലുമൊക്കെയായി ഉദ്വേഗജനകമാവുകയാണ് രണ്ടാം സീസണ്‍. ആദ്യ സീസണില്‍ കേരളത്തെയും മലയാളത്തെയും ഒപ്പം കൂട്ടിയതുപോലെ തമിഴ്‌നാടിനെയും തമിഴിനെയും കൂട്ടി പാന്‍-ഇന്ത്യന്‍ പ്രേക്ഷകരെ ഉറപ്പാക്കുന്ന പരമ്പര പ്രിയാമണിയിലൂടെ മലയാളികളെയും ഒപ്പം നിര്‍ത്തുന്നു.

സൂപ്പര്‍ ഡീലക്‌സ് പോലെ ചുരുക്കം ചില സിനിമകളില്‍ അവിസ്മരണീയമായ അഭിനയം കാഴ്ചവച്ച സമന്തയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചയാണ് ദ് ഫാമിലി മാനിലെ റാണി. ജീവിതത്തില്‍ അവള്‍ നേരിട്ട ചവര്‍പ്പും കയ്പ്പും കൊടിയ പീഡനങ്ങളും ജഗമേ തന്തിരത്തിലെ അറ്റില്ലയുടേതിനെ അപേക്ഷിച്ച് എത്രയോ വലുതാണ്. എല്‍.ടി.ടി.ഇയുടെ മുന്നണിപ്പോരാളികളിലൊരുവളാണവള്‍. സംഘടന ചിതറുകയും നേതാക്കള്‍ വിദേശത്ത് അഭയം തേടുകയും ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ മില്‍ത്തൊഴിലാളിയായി അവസരം പാത്തു കഴിയുകയാണവള്‍. സ്ത്രീയെന്ന നിലയ്ക്ക് അതിക്രമത്തിനു മുതിരുന്ന മില്‍ സൂപ്പര്‍വൈസറെ നിര്‍ദ്ദാക്ഷിണ്യം വെട്ടിനുറുക്കി പ്‌ളാസ്റ്റിക്ക് കവറുകളിലാക്കി കനാലില്‍ കളയുകയാണവള്‍. ഹൃദയം കല്ലും ശരീരം കാരിരുമ്പുമായി സൂക്ഷിക്കുന്ന റാണിയുടെ മനസില്‍ അവളുടേതായൊരു ശരിയുണ്ട്. അതാണു ശ്രീലങ്കയിലെ തമിഴ് വംശജര്‍ ഇന്ത്യന്‍ സേനയില്‍ നിന്നും, ശ്രീലങ്കന്‍ ഭരണകൂടത്തില്‍ നിന്നും നേരിടേണ്ടി വന്ന മനുഷ്യാവകാശധ്വംസനത്തിലേക്കു വെളിച്ചം വീശുന്നത്. ഒരര്‍ത്ഥത്തില്‍ റാണിയും മല്ലിയും അറ്റിലയും ശ്യാമയും പങ്കുവയ്ക്കുന്നത് ഒരേ മാനസികാവസ്ഥയാണ്, സങ്കടങ്ങളാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കമ്പോള സിനിമയില്‍ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നം കൈകാര്യം ചെയ്തതും, തമിഴരെ സൗത്തിന്ത്യന്‍സ് ആയി ഇകിഴ്ത്തുന്ന വൈരുദ്ധ്യം തുറന്നുകാണിച്ച ദ് ഫാമിലി മാനില്‍ തമിഴ് പ്രശ്‌നം കുറേക്കൂടി ആഴത്തില്‍ കുറേക്കൂടി ആര്‍ജ്ജവത്തോടെ അവതരിപ്പിച്ചതും രസമാണ്. ശ്രീലങ്കന്‍ വംശീയ പ്രശത്തെ ഉത്തരേന്ത്യന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ നോക്കികണ്ടത്ര ആഴത്തില്‍പ്പോലും കാര്‍ത്തിക്ക് സുബ്ബരാജിന് ആവിഷ്‌കരിക്കാനാവാതെ പോയെന്നതാണ് സത്യം. 

 



Monday, September 06, 2021

മമ്മൂട്ടി @ 70;ഒരു ചന്ദ്രശേഖര്‍ ഓര്‍മ്മ

 

ഇനി ഞാനായിട്ടു കുറയ്ക്കുന്നില്ല  സപ്തതി

ഘോഷിക്കുന്ന മമ്മൂട്ടിസാറിനെപ്പറ്റി എനിക്കുള്ള ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ.

വര്‍ഷം 1989. തിരുവനന്തപുരത്ത് കെ.മധുവിന്റെ ജാഗ്രതയുടെയും അധിപന്റെയും ഷൂട്ടിങ് രണ്ടിടത്തായി ഒരേസമയം നടക്കുന്നു. മധു ജാഗ്രതയുടെ പിറകെയാണ്. സിബിഐ രണ്ടാംഭാഗമാണ്. ഞങ്ങള്‍, എന്നുപറഞ്ഞാല്‍ ഞാന്‍ സുഹൃത്തുക്കളായ സഹാനി വിനോദ് എന്നിവര്‍ ചേര്‍ന്ന് ഒരു ചലച്ചിത്രപ്രസിദ്ധീകരണം പുറത്തിറക്കുന്നുണ്ട്. 49 ലക്കം കയ്യെഴുത്തുമാസികയായി ഞാന്‍ തന്നെ വരച്ചെഴുതി ഞാന്‍ തന്നെ വായിച്ചിരുന്ന പ്രസിദ്ധീകരണം അച്ഛനെ പ്രിന്ററും പബ്‌ളീഷറുമാക്കി പ്രസിദ്ധീകരിക്കുന്നതാണ്.ഞാനാണ് പത്രാധിപര്‍. പ്രധാനമായി പിആര്‍ഡി പരസ്യങ്ങളാണ് ധനസ്രോതസ്. പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള, പല ഡിഗ്രികളുടെയും ഡിപ്ലോമകളുടെയും കൂട്ടത്തില്‍ അതും നേടിയിട്ടുള്ള ആനന്ത്കുമാര്‍, രഞ്ജിത് തുടങ്ങിയ ചില സുഹൃത്തുക്കളും സഹകരിക്കുന്നുണ്ട്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയിലേക്ക് കടന്നിട്ടേയുള്ളൂ. എട്ടാം ക്‌ളാസ് മുതല്‍ക്കേയുള്ള തീരുമാനമാണ് പത്രപ്രവര്‍ത്തകനാവുക എന്നത്. അതിലേക്കുള്ള കുറുക്കുവഴിയായാണ് ഈ മാസികാപ്രവര്‍ത്തനം.

ഈ തണുത്തവെളുപ്പാന്‍കാലത്തിന്റെ 
സെറ്റില്‍ ഞങ്ങളുടെ പൊട്ട ക്യാമറയ്ക്കു
മുന്നില്‍ പോസ് ചെയ്തു തന്ന മമ്മൂട്ടിയും 
സുമലതയും

മമ്മൂട്ടിയുടെ ഒരു സ്‌പെഷ്യല്‍ പുറത്തിറക്കണം. അതിന് അദ്ദേഹത്തിന്റെ ഒരഭിമുഖം വേണം. അതിനാണ് തിരുവനന്തപുരത്ത് സംഗീതക്കോളജിനു മുന്നില്‍ അന്നുണ്ടായിരുന്ന പഴയമട്ടിലുള്ളൊരു ബംഗ്‌ളാവില്‍ (ഇന്നവിടെ പ്രമുഖ അധ്യാപകസംഘടനയുടെ ബഹുനില മന്ദിരമാണ്) ഞങ്ങളെത്തുന്നത്. ജഗന്നാഥവര്‍മ്മയെ മമ്മൂട്ടി കാണാനെത്തുന്ന സീനാണ്. വര്‍മ്മസാറിന്റെ മകന്‍ പ്രദീപ് എന്ന മനുവര്‍മ്മ ഞങ്ങളുടെ സഹപാഠിയും നാടകസഹപ്രവര്‍ത്തകനുമാണ്. ചെറുപ്പത്തിന്റെ ചൂരില്‍ ഒരു ഷോട്ടിന്റെ ഇടവേളയില്‍ അദ്ദേഹത്തെ ചെന്നു മുട്ടി. മീശകുരുത്തുവരുന്ന മൂന്നുനാലു പിള്ളേരാണ്. അദ്ദേഹം സസൂക്ഷ്മം ഞങ്ങളെ ഒന്നുനോക്കി. ഞങ്ങള്‍ വച്ചു നീട്ടിയ പഴയ ലക്കങ്ങളൊന്നു മറിച്ചു നോക്കി. കയ്യെഴുത്തുമാസികയുടെ താളുകളും. അതില്‍ മമ്മൂട്ടിയെയേും ഭരത്‌ഗോപിയെയും താരതമ്യം ചെയ്യുന്ന ഒരു ലേഖനമുണ്ടായിരുന്നു. അതിലെ ഏതോ ഒരു വാചകത്തിലുടക്കി മുഖം ഉയര്‍ത്താതെ പറഞ്ഞു: ഇതൊന്നും ശരിയല്ല. 

വായിച്ച് പുസ്തകം അടച്ചുവച്ചിട്ട് മുഖമുയര്‍ത്തി കണ്ണുതരാതെ പറഞ്ഞു: "ചുമ്മാ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാനില്ല. നിങ്ങളുടെ കയ്യില്‍ വ്യത്യസ്തമായി ചോദിക്കാനെന്തുണ്ട്?" 

സിനിമയെപ്പറ്റി വി രാജകൃഷ്ണനും ഐ ഷണ്മുഖദാസും വിജയകൃഷ്ണനും എംഎഫ് തോമസും മറ്റും എഴുതിയതു വായിച്ച് സിനിമാപത്രപ്രവര്‍ത്തകനാവണമെന്നും നിരൂപകനാവണമെന്നും ആശിച്ചുവന്നവനാണ് ഞാന്‍. അതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളൊന്നും പരിശീലിച്ചിട്ടില്ലെങ്കില്‍ക്കൂടി അഥാ മമ്മൂട്ടി സംസാരിക്കുകയാണെങ്കിലോ എന്നോര്‍ത്ത,് അന്നത്തെ കാലത്ത് നോട്ടെഴുതിപഠിക്കാന്‍ കിട്ടുമായിരുന്ന വിലകുറഞ്ഞ റീസൈക്കിള്‍ഡ് അണ്‍ബ്‌ളീച്ച്ഡ് കടലാസിന്റെ രണ്ടുപുറങ്ങളിലായി ഫൗണ്ടന്‍ പേനകൊണ്ട് ഉരുട്ടിയെഴുതിപ്പിടിപ്പിച്ച പത്തിരുപതു ചോദ്യങ്ങളുണ്ടായിരുന്നു എന്റെ പക്കല്‍. ഫയലില്‍ നിന്ന് അതെടുത്തങ്ങു നീട്ടി. കുറച്ചുനേരം അതു മുഴുവനും വായിച്ച് മടക്കിത്തന്ന് ഒന്നു നിവര്‍ന്നിരുന്ന് ഒരു ബീഡിക്ക് പുകകൊടുത്തുകൊണ്ട് അദ്ദേഹം ഒരു ചിരിചിരിച്ചു; "ഇത് നിങ്ങള്‍ എന്റെ വിവരമളക്കാനുള്ള വരവാണ്. പക്ഷേ, ഞാനിപ്പോള്‍ ഇന്റര്‍വ്യൂ തരില്ല. നിങ്ങള്‍ക്കെന്നല്ല ഒരു മാസികയ്ക്കും കുറച്ചുനാളായി ഞാന്‍ അഭിമുഖങ്ങള്‍ കൊടുക്കാറില്ല!"

അതു സത്യമായിരുന്നു. നാനയുമായുണ്ടായ എന്തോ പ്രശ്‌നത്തെത്തുടര്‍ന്ന് ഇന്റര്‍വ്യൂകളോട് അത്തരമൊരു സ്വയം വിലക്കിലായിരുന്നു അദ്ദേഹം. അതു വായിച്ചോര്‍മ്മയുണ്ട്. മനസു മാറിയാല്‍ ആദ്യം ഞങ്ങള്‍ക്ക് അഭിമുഖം തരണം എന്നും പറഞ്ഞ് ബന്ധപ്പെടാനുള്ള നമ്പരും നല്‍കി (പിന്നെ അദ്ദേഹത്തിന് എന്തൊരത്യാവശ്യമാണ് നാലു പീറ പിളേളരെ വിളിച്ചുവരുത്തി അഭിമുഖം കൊടുക്കാന്‍...! മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കും മുമ്പേയാണ്) ഞങ്ങള്‍ സംതൃപ്തിയോടെ മടങ്ങി. വീട്ടിലെത്തി ആദ്യം ചെയ്തത് ആ ചോദ്യക്കടലാസിന്റെ മാര്‍ജിനില്‍ അദ്ദേഹം പറഞ്ഞ രണ്ടു വരി എഴുതിപ്പിടിപ്പിച്ച് അന്നത്തെ തീയതിയുമെഴുതി അത് ഫയലിലേക്ക് മാറ്റിവയ്ക്കുക എന്നതാണ്.

കൃത്യം ഒരുവര്‍ഷം കഴിഞ്ഞ് തിരുവനന്തപുരത്ത്, പത്മരാജനെഴുതി ജോഷി സംവിധാനം ചെയ്ത ഈ തണുത്ത വെളുപ്പാന്‍കാലത്തിന്റെ സെറ്റ് നടക്കുന്നു. അപ്പോഴേക്ക് മാധ്യമവിലക്കൊക്കെ നീക്കി അദ്ദേഹം സംസാരിച്ചു തുടങ്ങിയിരുന്നു. ക്‌ളിഫ് ഹൗസിനു സമീപമുള്ള ഒരു വീട്ടിലായിരുന്നു ഷൂട്ടിങ്.സുമലതയും മമ്മൂട്ടിയും ചേര്‍ന്നുള്ള ഒരു രംഗം. പഴയ ചോദ്യം പുതിയ ലക്കങ്ങളുമായി വീണ്ടം ഞങ്ങള്‍ സമക്ഷം ഹാജരായി. എവിടെയോ കണ്ട പരിചയം പോലെ അദ്ദേഹത്തില്‍ നിന്നൊരു പുഞ്ചിരി വിടരാന്‍ തുടങ്ങുന്ന പ്രതികരണം കിട്ടി. ഇടവേളയില്‍ ചെന്നു കണ്ടു കാര്യമവതരിപ്പിച്ചു. (പത്രാധിപരായ ഞാന്‍ മുറിക്കുപുറത്തു ഫയലുമായി നില്‍ക്കുകയേ ഉള്ളൂ. വിനോദും ആനന്ദുമാണ് പോയി സംസാരിക്കുക. പത്രാധിപര്‍ നേരിട്ടു പോകുകയോ? അമ്പട ഞാനേ!) വരട്ടെ നോക്കാം. ഞാനിവിടെത്തന്നെയുണ്ട് ഇടയില്‍ സൗകര്യം നോക്കി വരൂ എന്ന മറുപടിയാണ് കിട്ടിയത്. അന്നു ഞങ്ങള്‍ മടങ്ങി. കുറച്ചുദിവസം കഴിഞ്ഞ് ഒരു സായാഹ്നം ട്രിവാന്‍ഡ്രം ക്‌ളബ്ബില്‍ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ ചിത്രത്തിലെ സീനിനുവേണ്ടി ക്‌ളബംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പാര്‍ട്ടിയൊരുക്കി. സഹോദരീഭര്‍ത്താവിന്റെ അംഗത്വത്തിന്റെ മറവില്‍ ഞങ്ങള്‍ അവിടെ ഹാജരായി.നെടുമുടിയുമൊത്തുള്ള ചില കോമ്പിനേഷന്‍ രംഗങ്ങള്‍ക്കിടയിലെ ഇടവേളയില്‍ ചെന്നു കണ്ടു. ചോദ്യങ്ങളെവിടെ എന്നായിരുന്നു ഗൗരവം വിടാതെയുള്ള ചോദ്യം. ഒരു വര്‍ഷം മുമ്പ് തയാറാക്കിയ അതേ കടലാസ്, മാര്‍ജനില്‍ രേഖപ്പെടുത്തിയ കമന്റ് അടക്കം വച്ചു നീട്ടി. പുള്ളി ശ്രദ്ധയോടെ അതൊന്നുകൂടി വായിച്ചു. എന്നിട്ട് ഞങ്ങളെ മൂവരെയും ഒന്നിരുത്തി നോക്കി. ഇവന്മാര്‍ ആളു ശരിയല്ലല്ലോ എന്നൊരു ധ്വനിയുണ്ടായിരുന്നോ അതില്‍? ഒന്ന് റിലാക്‌സ്ഡ് ആയ ശേഷം സെറ്റിലാരോടോ മൂന്നു കസേര കൊണ്ടുവരാന്‍പറഞ്ഞു ഞങ്ങളെ ഇരുത്തി. ഒരു ഹെഡ്മാസ്റ്റര്‍ക്കുമുന്നിലിരുന്ന് സംസാരിക്കുന്നതുപോലെ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പലതും കേട്ടു. അഭിനയത്തിന്റെ രസതന്ത്രത്തെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞു:"അഭിനയത്തില്‍ ഒരുപാടു ശാസ്ത്രങ്ങളുണ്ട്. നമ്മള്‍ കഥാപാത്രമായി മാറുക. അതായത് ഗോ ഇന്റു ദ ക്യാരക്ടര്‍. അതിനേപ്പറ്റി സര്‍ ലോറന്‍സ് ഒളീവ്യര്‍ പറഞ്ഞിട്ടുള്ളത് ഐ വോണ്ട് ഗോ ഇന്റു ദ് ക്യാരക്ടര്‍ ബട്ട് ടേക്ക് ദ് ക്യാരക്ടര്‍ ഇന്റു മൈസെല്‍ഫ് എന്നാണ്. അതാണു നല്ലത്. നമ്മള്‍ കഥാപാത്രത്തെ നമ്മിലേക്കാവഹിക്കുക. 

"നടന് അയാളുടേതായ ശബ്ദവും രൂപവും ശരീരവുമൊക്കെയുണ്ട്.അതുകൊണ്ടു തന്നെ അയാള്‍ക്ക് കഥാപാത്രമായിത്തീരാന്‍ സാധിക്കില്ല. അഥവാ അങ്ങനെ സാധിച്ചാല്‍ പിന്നെ അയാള്‍ പറയുന്നതുപോലൊക്കെ ചെയ്യേണ്ടിവരും. നമുക്ക് നമ്മളിലുള്ള നിയന്ത്രണം തന്നെ നഷ്ടമാകും. വ്യക്തിത്വം നഷ്ടമാവും. കഥാപാത്രമായിത്തീരുക എന്നൊക്കെ പറയുമ്പോള്‍, അതിനായി കാലും കയ്യുമൊന്നും മുറിച്ചുമാറ്റാനാവില്ലല്ലോ. മൈ ലെഫ്റ്റ് ഫുട്ട് എന്ന ചിത്രത്തിലൂടെ ഓസ്‌കര്‍ നേടിയ ഡാനിയല്‍ ഡേ ലൂയീസിനെ നോക്കുക. അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹം ആ കഥാപാത്രത്തെ തന്നിലേക്കുള്‍ക്കൊണ്ടിരിക്കുകയാണ്. ആക്ടിങ് എന്നുവച്ചാല്‍ ടു റിയാക്ട് നാച്വറിലി ടു ആര്‍ട്ടിഫിഷ്യലി ക്രിയേറ്റഡ് സിറ്റ്വേഷന്‍സ് എ്‌നാണ് ഞാന്‍ വിശ്വസിക്കുന്നത്. കൃത്രിമ സന്ദര്‍ഭങ്ങളോട് സ്വാഭാവികമായി പ്രതികരിക്കുക. ജീവിതവും അഭിനയവും തമ്മിലും ഈ വ്യത്യാസമാണുള്ളത്. ജീവിതത്തില്‍ എല്ലാം സ്വാഭാവികമാണ്. ഉദാഹരണത്തിന് നുള്ളിയാല്‍ വേദനിക്കും. എന്നാല്‍ അഭിനയത്തില്‍ ഈ യഥാര്‍ത്ഥ വേദനയൊഴികെ എല്ലാം ഉണ്ടായിരിക്കും."

നാലഞ്ചു ചോദ്യങ്ങളായപ്പോള്‍ അദ്ദേഹം ശരിക്കും ഫോമിലായി. സെറ്റ് റെഡി എന്നു സംവിധാനസഹായി വന്നുപറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ല.സമയമാണെങ്കില്‍ പോകുന്നു. നിര്‍മ്മാതാവ് ബാലന്‍ ഞങ്ങള്‍ക്കു ചുറ്റും പല്ലുകടിച്ചുകൊണ്ട് നടക്കുന്നു. മമ്മൂട്ടിയായതുകൊണ്ട് ഒന്നും പറയാനും വയ്യ. ഇടയ്ക്ക് ബാലനെ നോക്കി അദ്ദേഹം പറഞ്ഞു-"ഇയാളിവിടെ ഇങ്ങനെ നിന്നു ബുദ്ധിമുട്ടേണ്ട.(മറ്റൊരു വാക്കാണ് ബുദ്ധിയുടെ സ്ഥാനത്ത്) ഞാനിതാ വരുന്നു."

എന്നിട്ട് ഞങ്ങളോട് പറഞ്ഞു. "നാളെ ബന്ദാണ്. നിങ്ങളൊരു കാര്യം ചെയ്യ് പങ്കജിലോട്ട് വാ. നമുക്ക് തീര്‍ക്കാം."

അന്ന് അത്രയെങ്കിലും നടന്നതിന്റെ സന്തോഷത്തില്‍ രാത്രി ഉറങ്ങാനായില്ലെന്നതാണ് സത്യം. പിറ്റേന്ന് പത്തുമണിയോടെ പങ്കജ് ഹോട്ടലില്‍ ഞങ്ങള്‍ ഹാജര്‍! അദ്ദേഹം പ്രാതല്‍ കഴിഞ്ഞതേയുള്ളൂ. ഒരു പച്ച വിദേശ നൈലോന്‍ കള്ളിമുണ്ട് മാത്രമാണ് വേഷം. സ്യൂട്ട് മുറിയിലിരുന്ന് ബാക്കി ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ആധികാരികമായ ഉത്തരങ്ങള്‍. ഇടയ്ക്ക് ഒരു മാംഗ്‌ളൂര്‍ ഗണേഷ് ബീഡി സംഘടിപ്പിച്ച് വലിച്ച് ഉഷാറായി.

പോകാന്‍ നേരം അദ്ദേഹം ചോദിച്ചു: "ആട്ടെ ഇതിനെല്ലാമുള്ള പൈസ എവിടുന്നാ? "

ഞങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ പറഞ്ഞു: "നിങ്ങളുടെ ഡീറ്റെയ്ല്‍സ് ഒന്നു താ. ഞാനൊരു സ്‌പോണ്‍സറെ കിട്ടുമോ എന്നു നോക്കട്ടെ! "

പിന്നീടൊരിക്കല്‍ മാസ്‌ക്കറ്റ് ഹോട്ടലിലെ മറ്റൊരു സെറ്റില്‍ വച്ചു കണ്ടപ്പോള്‍ അതു നടക്കില്ലെന്ന് പറഞ്ഞെങ്കിലും ഞങ്ങളെ സംബന്ധിച്ച് അതൊരു വലിയ അംഗീകാരമായിരുന്നു. കാരണം ഞങ്ങളുടെ പരിശ്രമങ്ങള്‍ നേരായവഴിക്കാണല്ലോ, ഇത്രയും വലിയൊരു നടന്‍ ഞങ്ങളെ അംഗീകരിച്ചല്ലോ! ജയരാജന്‍ വലിയശാലയാണ് ആ മമ്മൂട്ടി പതിപ്പിനുവേണ്ടിയുള്ള കവര്‍ ചിത്രം തന്നത്. അതിനു മുകളില്‍ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫോടെയാണ് ആ ലക്കം പുറത്തിറക്കിയത്. 

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ മനോരമയില്‍ ഉണ്ടായിരിക്കെ 1997ലെ തിരുവനന്തപുരത്തെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളക്കാലത്ത് കോവളത്തുവച്ച് എന്‍എഫ്ഡിസി അംബേദ്കര്‍ സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ പത്രസമ്മേളനത്തില്‍വച്ച് മമ്മൂട്ടിയെ വച്ച് ഞാനൊരു ഒന്നാം പേജ് സ്റ്റോറിയുണ്ടാക്കി. പത്രസമ്മേളനമൊക്കെ പതിവുജാഡയില്‍ അങ്ങു തീര്‍ന്ന് പത്രപ്രവര്‍ത്തകര്‍ താഴെ ഭക്ഷണത്തിനുവേണ്ടി മാറി. അന്ന് എന്‍ഡിടിവി കേരള കറസ്‌പോണ്ടന്റ് ആയ എന്റെ സഹപാഠികൂടിയായ ബോബി നായര്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ദൃശ്യമാധ്യമസംഘം മമ്മൂട്ടിയെ ചുറ്റിവളഞ്ഞിരിക്കുകയാണ്. അന്ന് അച്ചടിക്കുശേഷമേയുള്ളൂ അവരുടെ പ്രഭാവം. നേരത്തെ തന്നെ പത്രസമ്മേളനസദസിലൊരിടത്ത് അത്തവണത്തെ ദേശീയ അവാര്‍ഡ് നേടിയ നടന്‍ രജത് കപൂറുള്ളത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ശ്യാം ബനഗലിന്റെ മേക്കിങ് ഓഫ് മഹാത്മയിലെ ഗാന്ധിവേഷത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത്. അംബേദ്കര്‍ സിനിമയുടെ പ്രമേയമാവട്ടെ ഗാന്ധിജിയും അംബേദ്കറുമായുണ്ടായ അസ്വാരസ്യങ്ങളുമൊക്കെയാണ്. അംബേദ്കറാവുന്ന മമ്മൂട്ടിയ്ക്കായിരുന്നു തോട്ടുമുന്നത്തെ വര്‍ഷം ദേശീയ അവാര്‍ഡ്. അവരെ തമ്മിലൊന്നു മുട്ടിച്ചാല്‍ നല്ലൊരു വാര്‍ത്തയ്ക്ക് വകുപ്പുണ്ടെന്നു കണ്ട് അത്താഴത്തിനു നീങ്ങാന്‍ നിന്ന രജത്കപൂറിനെ ഞാനും ഫോട്ടോഗ്രാഫര്‍ മഹേഷ് ഹരിലാലും ചെന്നു കണ്ട് മമ്മൂട്ടിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞു. അതനുസരിച്ച് അദ്ദേഹം പോകാതെ നില്‍ക്കുകയാണ്. ഇതിനിടെ രജതിന് ഇതേ താല്‍പര്യമുണ്ടെന്ന് ഞാന്‍ മമ്മൂട്ടിയോടും ചെന്നു കാതില്‍ പറഞ്ഞു. അദ്ദേഹം രജതിനു നേരെ ഒന്നു കൈവീശുകയും ചെയ്തു. നിമിഷം അഞ്ചായി പത്തായി. ബോബിയും സംഘവും ചോദ്യത്തിനുപുറകേ ചോദ്യങ്ങള്‍ എയ്യുകയാണ്. കുറച്ചു നിന്നപ്പോള്‍ അസ്വസ്ഥനായ രജത് കാത്തുനില്‍ക്കുന്നതിലെ ഈഗോ ഓര്‍ത്തിട്ടാവാം ഹാള്‍ വിട്ടുപോകാന്‍ തുടങ്ങി. ഞാന്‍ ബോബിയോട് ചെന്നു സങ്കടം പറഞ്ഞു. രോഗി ഇച്ഛിച്ചതുപോലെ വൈദ്യന്‍ കല്‍പിച്ച് അവരുടെ അഭിമുഖം തീര്‍ന്ന് മമ്മൂട്ടി വേദിയില്‍ നിന്ന് താഴേക്കിറങ്ങി. മഹേഷും ഞാനും കൂടി രജതിനു പിന്നാലെ ഓടി മമ്മൂട്ടി വിളിക്കുന്നു എന്നു പറഞ്ഞു. അല്‍പം മടുപ്പോടെയാണ് അദ്ദേഹം മടങ്ങിയെത്തിയത്. എന്നാല്‍...

ഷെയ്ക്ക് ഹാന്‍ഡിനൊപ്പം മമ്മൂട്ടിയുടെ ആദ്യ ഡയലോഗില്‍ തന്നെ രജത് കപൂര്‍ ഫ്‌ളാറ്റ്- "ഹൗ ഈസ് യൂവര്‍ ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഡൂയിങ്?" 

നാടകത്തിനും ടെലിവിഷനുമപ്പുറം രജത് കപൂറിന് വസ്ത്രക്കയറ്റുമതിയുണ്ടെന്നത് എനിക്ക് പുത്തനറിവായിരുന്നു. (അന്ന് വിക്കീപ്പീഡിയയില്ലല്ലോ)തന്നെക്കുറിച്ച് ഇത്രയ്ക്ക് ആഴത്തിലറിയാവുന്ന മലയാളത്തിലെ സൂപ്പര്‍ താരത്തെ നോക്കി രജത് കപൂറിന്റെ മനസിലെ മഞ്ഞുരുകി. പിറ്റേന്നത്തെ ഒന്നാം പേജിലെ സൂപ്പര്‍ ലീഡ് സ്റ്റോറിക്കു വേണ്ടി പിന്നെ എനിക്കു ചെയ്യേണ്ടിയിരുന്നത് അവര്‍ സംസാരിക്കുന്നത് ഒരക്ഷരം വിടാതെ ഒപ്പിയെടുക്കുക മാത്രമായിരുന്നു. ഫസ്റ്റ് എഡിഷന്റെ സമയം കഴിഞ്ഞതുകൊണ്ടും മഹേഷിന്റെ കയ്യില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ഫിലിമായിരുന്നതുകൊണ്ടും (അന്ന് ബഹുവര്‍ണ അച്ചടി മലയാളപത്രങ്ങളില്‍ തുടങ്ങുന്നതേയുളളൂ) കറുപ്പിലും വെളുപ്പിലുമാണ് ഗാന്ധി അംബേദ്കറെ കണ്ടപ്പോള്‍ എന്ന മട്ടിലുള്ള ആ സ്‌റ്റോറി അടിച്ചു വന്നത്. (പിറ്റേന്നത്തെ കണ്ടന്റ് റിവ്യൂ മീറ്റിങില്‍ അന്ന് തിരുവനന്തപുരത്ത് ഡപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന രാമചന്ദ്രന്‍ പ്രസ്തുത സ്റ്റോറിയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു എന്നറിഞ്ഞു. രാമചന്ദ്രന്‍ അതെന്നോട് നേരിട്ടു പറയുകയും ചെയ്തു)

വീണ്ടുമൊരിക്കല്‍ മമ്മൂട്ടിയുമായി അടുത്തിടപഴകേണ്ടി വന്നത് മനോരമയില്‍ വച്ചു തന്നെ 2000ല്‍ ആണ്. ഹരികൃഷ്ണന്‍സ് ഹിറ്റായ സമയം. മനോരമ പുതുതായി ആരംഭിച്ച ക്യാംപസ് ലൈന്‍ പ്രതിമാസ ടാബ്‌ളോയ്ഡ് സപ്‌ളിമെന്റിന്റെ ഒരു ലക്കം മമ്മൂട്ടി-മോഹന്‍ലാല്‍ ഇരട്ടക്‌ളൈമാക്‌സ് സ്‌പെഷ്യലാക്കാമെന്നു തീരുമാനിക്കുന്നു. കൊച്ചിയില്‍ പേജിന്റെ കൊഓര്‍ഡിനേറ്ററായ എം.കെ.കുര്യാക്കോസിന്റേതായിരുന്നു ആശയം എന്നാണോര്‍മ്മ. ഞാനായിരുന്നു അതിന്റെ സെന്‍ട്രല്‍ കൊഓര്‍ഡിനേറ്ററും ഇഷ്യൂ എഡിറ്ററും

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അവരവരുടെ ക്യാംപസുകളിലേക്ക് മടക്കിക്കൊണ്ടുപോയി ഒരോ സ്‌റ്റോറി ചെയ്യുക. ഒന്ന് ഒരുവശത്തു നിന്നും മറ്റൊന്ന് മറുവശത്തുനിന്നും പ്രസിദ്ധീകരിച്ച് അച്ചടിയില്‍ ഇരട്ടക്‌ളൈമാക്‌സ് അവതരിപ്പിക്കുക അതായിരുന്നു ആശയം. മോഹന്‍ലാല്‍ പ്രിയന്റെ അമേരിക്കന്‍ ഷോയുടെ തിരക്കിലാകയാല്‍ ക്യാംപസിലേക്കു വരില്ലെന്നു പറഞ്ഞു. ഒടുവില്‍ എം.ജി.കോളജിലെ മാഗസിന്‍ എഡിറ്ററടക്കം ഒരു സംഘം വിദ്യാര്‍ത്ഥികളെ മരടിലെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിലെത്തിച്ച് ലാലുമായി അഭിമുഖം നടത്തിക്കുകയാണുണ്ടായത്. പക്ഷേ മമ്മൂട്ടി മഹാരാജാസിലേക്കു മടങ്ങാന്‍ തയാറായി. അന്ന് മനോരമവാരികയുടെ നട്ടെല്ലായിരുന്ന മമ്മൂട്ടിയുടെ ചമയങ്ങളില്ലാതെയുടെ രചയിതാവു കൂടിയായ സഹപ്രവര്‍ത്തകന്‍ പി.ഒ മോഹനാണ് ഏകോപനം. ചിത്രമെടുക്കുന്നത് അകാലത്തില്‍ നമ്മെ വിട്ടുപോയ വിക്ടര്‍ ജോര്‍ജ്ജ്. 

മോഹന്‍ നേരിട്ടെത്തിയേക്കാം എന്ന കണ്ടീഷനലില്‍ ഞാനും വിക്ടറും പറഞ്ഞ സമയത്ത് അബാദ് പ്‌ളാസയുടെ റിസപ്ഷനിലെത്തി. മമ്മൂട്ടി സകുടുംബം സ്വീറ്റ് റൂമിലുണ്ട്. പതിവുപോലെ പറഞ്ഞസമയത്ത് മോഹന്‍ എത്തും മുമ്പ് അദ്ദേഹം തയാറായി താഴെയെത്തി. ജീന്‍സും കറുത്ത ടീഷര്‍ട്ടുമായിരുന്നു വേഷം.പതിവുപോലെ വിക്ടറെയോ എന്നെയോ മുഖത്തു നോക്കാതെ അന്തരീക്ഷത്തിലേക്കെന്നപോലെ അദ്ദേഹം ചോദിച്ചു:"ഏതു കാറാണ്?" മമ്മൂക്കയ്ക്കായി അന്നത്തെ കാലത്തെ മുന്തിയൊരു വാഹനം മനോരമ ഏര്‍പ്പാടാക്കിയിരുന്നു. അതാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, "വേണ്ട നമുക്ക് വേറെ വണ്ടിയില്‍ പോകാം. നിങ്ങള്‍ എന്റെ കൂടെ പോര്. നിങ്ങടെ വണ്ടി പിന്നാലെ വരാന്‍ പറ."

സംവിധായകന്‍ ഷാജി കൈലാസ് ആയിടെ വാങ്ങിയ ഒരു കറുത്ത മെഴ്‌സീഡസ് ബെന്‍സാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്.  മൂന്‍വശത്തെ സീറ്റില്‍ വിക്ടര്‍. പിന്‍സീറ്റില്‍ ഞാന്‍. എന്തോ സംസാരിച്ച് ജോസ് ജംക്ഷനിലെത്തിയപ്പോള്‍ വലതുവശത്തു കൂടി മറികടക്കാന്‍ ശ്രമിച്ച വാഹനത്തെ തടയുന്നതിനിടെ ഡിവൈഡറില്‍ തട്ടി കാറിന്റെ വലതു പിന്‍വശത്ത് നല്ല കേടുപറ്റി. ട്രാഫിക്കുകാരെ ശപിച്ചുകൊണ്ട് അദ്ദേഹം ഡ്രൈവിങ് തുടര്‍ന്നു. (വൈകിട്ടു തിരികെ വന്ന് ഞങ്ങള്‍ക്കൊപ്പം സ്വീറ്റ് റൂമിലേക്ക് കടന്നയുടന്‍ ആദ്യം ചെയ്തത് മകന്‍ ചാലു (ദുല്‍ഖര്‍) വിന്റെ കയ്യില്‍ ചാവി കൊടുത്തു വണ്ടിയുടെ കണ്ടീഷന്‍ നോക്കിച്ച് വര്‍ക്ക്‌ഷോപ്പിലേക്കു കൊടുത്തയപ്പിക്കുകയായിരുന്നു)

ക്യാംപസിലെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അതിരസകരമായിരുന്നു. സമകാലികനായി ക്യാംപസിലുണ്ടായിരുന്ന സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ ഡോണ്‍ ബാസ്റ്റിയന്‍ പരീക്ഷ കഴിഞ്ഞുപുറത്തുവരുമ്പോള്‍ അദ്ദേഹത്തെ കണ്ടതും കൊച്ചുവര്‍ത്തമാനം പറഞ്ഞകൂട്ടത്തില്‍, "തന്റച്ഛന്‍ എനിക്കൊപ്പം കോളജിലുണ്ടായിരുന്നു കേട്ടോ.." എന്ന മമ്മൂട്ടി പറഞ്ഞതും ഞാന്‍ എഴുതി. തനിക്ക് സെബാസ്റ്റ്യന്‍ പോളിന്റത്ര പ്രായമൊന്നുമില്ലെന്നും അദ്ദേഹം തന്റെ സഹപാഠിയല്ലെന്നും അങ്ങനെയെഴുതിയത് ശരിയല്ലെന്നും അന്ന് ന്യൂസ് എഡിറ്ററായിരുന്ന ക്രിസ് തോമസ് സാറിനെ മമ്മൂട്ടി വിളിച്ചു പറഞ്ഞു. പ്രായം പുറത്തിറഞ്ഞതിലുള്ള ദേഷ്യമായിരിക്കും എന്നാണ് ക്രിസ് സാര്‍ പറഞ്ഞത്. 

പിന്നീട് മമ്മൂട്ടിയെ കാണുന്നത് രാഷ്ട്രദീപികസിനിമ പത്രാധിപരായിരിക്കെ കൊച്ചിയില്‍ ദീപിക ഇന്‍ഫോക്കസ് നടത്തിയ പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ് മെഗാ ഷോയില്‍ അതിഥിയായി വേദിയിലെത്തിക്കാനുള്ള പ്രത്യേക ദൗത്യത്തിനിടെയാണ്. അന്ന് അദ്ദേഹം താല്‍ക്കാലികമായി താമച്ചിരുന്ന കടവന്ത്രയിലെ വീട്ടില്‍ നിന്നു വിളിച്ചുകൊണ്ടുവന്ന് തിരിച്ചാക്കേണ്ട ചുമതലയായിരുന്നു എനിക്ക.

ഇതിനെല്ലാം ശേഷം, മമ്മൂട്ടിയെ വീണ്ടും കാണുന്നത് മോഹന്‍ തന്നെ പറഞ്ഞിട്ട് കന്യകയുടെ പത്രാധിപത്യത്തില്‍ രണ്ടാം വട്ടം ഞാന്‍ വരുമ്പോഴാണ്. മംഗളവുമായി എന്തോ അത്ര രസത്തിലായിരുന്നില്ല അദ്ദേഹം. എന്നാല്‍ കന്യകയുടെ പത്രാധിപര്‍ ഞാനാണെന്നും ഞാനുള്ളപ്പോള്‍ കന്യകിയില്‍ നിന്ന് മോശമനുഭവമുണ്ടാവില്ലെന്നുമൊക്കെ പറഞ്ഞുനോക്കിയിട്ട് ആരു കേള്‍ക്കാന്‍? ഒടുവില്‍ മോഹന്‍ പറഞ്ഞതനുസരിച്ച് കൊച്ചി സീപോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ നേരറിയാന്‍ സിബിഐയുടെ സെറ്‌റില്‍ കന്യകയുടെ ഫോട്ടോഗ്രാഫറായിരുന്ന പില്‍ക്കാല സംവിധായകന്‍ എബ്രിഡ് ഷൈനുമായി നേരിട്ടു ചെന്നു. മുകേഷിന്റെ കൂടി സാന്നിദ്ധ്യത്തില്‍ മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. നിങ്ങള്‍ക്ക് ഫോട്ടോ സെഷനോ അഭിമുഖമോ എന്തുവേണമെങ്കിലും നല്‍കാം. പക്ഷേ മംഗളം പ്രസിദ്ധീകരണത്തില്‍ വന്നൂകൂടാ. എനിക്ക് ശമ്പളം തരുന്നത് മംഗളമാണ് അതിലല്ലാതെ ഒന്നിലേക്ക് എനിക്കങ്ങനെയൊരു അഭിമുഖം എന്തിന് എന്നു ഞാനും. സംസാരിത്തിനിടെ ഒരിക്കല്‍ എന്നോടൊരു ചോദ്യം-"എന്താ കൈരളിയിലേക്കു വരുന്നോ?" കൂടുതല്‍ ശമ്പളം കിട്ടിയാല്‍ അതാലോചിക്കാം പക്ഷേ ഇപ്പോള്‍ സംസാരിക്കാന്‍ വന്നത് അതല്ല എന്നു പറഞ്ഞപ്പോള്‍ ഫോണെടുത്ത് കൈരളിയില്‍ ആരെയോ വിളിച്ചു. എന്‍.പി.ചന്ദ്രശേഖരന്‍ എന്നൊക്കെ കേട്ടപ്പോള്‍ ഫോണ്‍ വച്ചുകഴിഞ്ഞു ഞാന്‍ പറഞ്ഞു, "ഇന്ത്യവിഷനില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ആളാണ് എന്‍.പി.സി. എന്നെപ്പറ്റി പുള്ളിയോടും അന്വേഷിക്കാം. എന്തുപറയുന്നു?"

അഭിമുഖത്തിന്റെ കാര്യത്തില്‍ "നോ" എന്ന നിലപാടില്‍ത്തന്നെയായിരുന്നു മമ്മൂട്ടി. പിന്നീട് കന്യകയുടെ പത്രാധിപരായിരുന്ന 14 വര്‍ഷത്തിനിടെ മമ്മൂട്ടിയുടെ അഭിമുഖം ഞാന്‍ ആലോചിച്ചിട്ടില്ല. ബന്ധപ്പെട്ടിട്ടുമില്ല.