article appeared in Prasadhakan Onam Special 2021
അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയുടെ കാല/ദേശാന്തരപ്രസക്തിയെപ്പറ്റി
ഇന്ത്യന്‍ സിനിമയില്‍ 'സ്വയംവരം' സംഭവിച്ചിട്ട് 50 വര്‍ഷമാകുന്നു! മലയാള സിനിമയുടെ ബാല്യ-കൗമാരങ്ങളിലെ സുപ്രധാന വഴിത്തിരിവുകളായിരുന്നു 'നീലക്കുയിലി'നും 'ഭാര്‍ഗവീനിലയ'ത്തിനും 'ഓളവും തീരത്തി'നും ശേഷം അത് യൗവനത്തിലേക്ക് പ്രായപൂര്‍ത്തിയാവുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയ സിനിമയായിരുന്നു അടൂര്‍ ഗോപാലകൃഷണന്‍ സംവിധാനം ചെയ്ത്, കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര സഹകരണസംഘമായ 'ചിത്രലേഖ' നിര്‍മിച്ച 'സ്വയംവരം.' ആമുഖവാചകത്തില്‍ പറഞ്ഞതുപോലെ 'സ്വയംവരം' ശരിക്കുമൊരു സംഭവം തന്നെയായിരുന്നു, മലയാള സിനിമയില്‍. പകരം വയ്ക്കാനില്ലാത്ത സംഭവം. സിനിമ എന്ന മാധ്യമത്തെ സൗന്ദര്യശാസ്ത്രപരമായും മാധ്യമപരമായും ദേശീയ രാജ്യാന്തര തലങ്ങളിലേക്ക് തോളൊപ്പമെത്തിച്ച ആദ്യത്തെ ലക്ഷണയുക്തമായ പരിപൂര്‍ണ സിനിമ! പ്രമേയത്തിലും ഇതിവൃത്തത്തിലും മാത്രമല്ല അതിന്റെ നിര്‍വഹണത്തിലും മാധ്യമപരമായ പക്വതയും പൂര്‍ണതയും പ്രകടമാക്കിയ സിനിമയായിരുന്നു 'സ്വയംവരം.'
കേരളത്തിന്റെ യാഥാസ്ഥിതിക ചലച്ചിത്രസങ്കല്‍പങ്ങളുടെ കോട്ട തകര്‍ത്ത ചിത്രമെന്നാണു പ്രമുഖ ചലച്ചിത്രനിരൂപകന്‍ ഗൗതമന്‍ ഭാസ്‌കരന്‍ 'സ്വയംവര'ത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.1 സമൂല പരിഷ്‌കരണസ്വഭാവമുള്ള ഇതിവൃത്തം മാത്രമല്ല, വാതില്‍പ്പുറ ചിത്രീകരണം, തത്സമയ ശബ്ദലേഖനം എന്നീ രീതികളൊന്നും കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത കാലത്ത,് തന്റെ 'നാഗ്ര' സ്വനാലേഖനയന്ത്രത്തിന്റെ സഹായത്തോടെ അടൂര്‍ ക്യാമറയെ സ്റ്റുഡിയോ മതിലുകള്‍ക്കു പുറത്തേക്കു വഹിച്ചുകൊണ്ടുപോയെന്ന് ഗൗതമന്‍ ഭാസ്‌കരന്‍ നിരീക്ഷിക്കുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കാന്‍ മാതാപിതാക്കളെ ധിക്കരിച്ച് നഗരത്തിലേക്കു തിരിക്കുന്ന വിശ്വനാഥന്റെയും സീതയുടെയും കഥ യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുകയായിരുന്നു അടൂരിന്റെ ലക്ഷ്യം. പരസ്യ പോസ്റ്ററുകളില്‍ പോലും 'സ്വയംവരം' വച്ചുപുലര്‍ത്തിയ സവിശേഷതയെപ്പറ്റിയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്തായിരുന്നു മലയാളസിനിമയില്‍ 'സ്വയംവര'ത്തിന്റെ പ്രസക്തി? 'സ്വയംവര'ത്തെ ഇത്രമേല്‍ സംഭവമാക്കുന്ന ഘടകങ്ങളെന്തെല്ലാമാണ്? അന്നോളം നിലനിന്ന സിനിമാസങ്കല്‍പങ്ങളെയാണ്, 1965 ല്‍ തിരുവനന്തപുരത്തു രൂപവല്‍ക്കരിച്ച 'ചിത്രലേഖ ഫിലിം സൊസൈറ്റി' തുടക്കമിട്ട വിപ്‌ളവത്തിന്റെ സാക്ഷാത്കാരമെന്നോണം നിര്‍മ്മിക്കപ്പെട്ട 'സ്വയംവരം' കടപുഴക്കിയെറിഞ്ഞത് എന്നാണ് പ്രമുഖ ചലച്ചിത്രനിരൂപകന്‍ എം.എഫ്. തോമസ് മറുപടി നല്‍കുന്നത.് 2
'സ്വയംവര'ത്തിന്റെ മാധ്യമപ്രസക്തി എം.എഫ്.തോമസ് അടയാളപ്പെടുത്തുന്നത് നോക്കുക:
1.സിനിമയില്‍ 'സ്വയംവരം' സാധ്യമാക്കിയ അഭൂതപൂര്‍വമായ ഭാവുകത്വസംക്രമണം.
2.ദേശീയതലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങളിലൂടെ നവസിനിമയുടെ ലോകത്തേക്ക് മലയാള സിനിമ
നടത്തിയ ശ്രദ്ധേയമായ ചുവടുവയ്പ്.
3.മാധ്യമത്തിന്റെ യഥാര്‍ത്ഥ ഭാഷയില്‍ സംവദിച്ച ആദ്യ മലയാള സിനിമ.
4.മലയാളികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന ചിത്രം
5.ദേശീയ-രാജ്യാന്തര തലങ്ങളില്‍ ഒരു ചലച്ചിത്രകാരന്റെ ഉദയം കുറിച്ച സിനിമ
വാസ്തവത്തില്‍ എം.എഫ്.തോമസിന്റെ ഈ നിരീക്ഷണങ്ങളില്‍ ആദ്യത്തെ നാലും സംഭവിക്കാന്‍ ഹേതുവായത് അവസാനത്തേതിന്റെ ഉപോല്‍പ്പന്നം എന്ന നിലയ്ക്കാണ്. മറ്റൊരര്‍ത്ഥത്തില്‍, മാധ്യമത്തിന്റെ സാധ്യതകള്‍ അക്കാദമികമായും പ്രായോഗികമായും ഔപചാരികമായി തന്നെ പരിശീലിക്കുകയും അതു പ്രാവര്‍ത്തികമാക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന് അവസരം ലഭിക്കുകയും ചെയ്തതിന്റെ അനന്തരഫലം. ഗാനങ്ങളില്ലാത്ത, യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച, നീണ്ട ഷോട്ടുകളുള്ള, മന്ദതാളത്തിലുള്ള, വച്ചുകെട്ടലുകളോ അനാവശ്യ നാടകീയതയോ ഇല്ലാത്ത, കൃത്രിമത്വം ലേശവുമില്ലാത്ത, കഥാപാത്രങ്ങള്‍ അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന, പശ്ചാത്തലശബ്ദങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയ ഇത്തരമൊരു സിനിമയെ കാണാനും ആസ്വദിക്കാനും സ്വീകരിക്കാനും പ്രേക്ഷകരെ മാനസികവും ബൗദ്ധികവുമായി തയാറെടുപ്പിക്കാനും ശീലിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാലേകൂട്ടി അസ്ഥിവാരമിട്ടതിന്റെ പരിസമാപ്തിയെന്നുകൂടി വിശേഷിപ്പിച്ചാലെ 'സ്വയംവരം' എന്ന അമ്പതുവര്‍ഷം മുമ്പുള്ള ആ ന്യൂജനറേഷന്‍ ചലച്ചിത്രപരീക്ഷണത്തിന്റെ ചരിത്ര പ്രസക്തിയെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കാന്‍ സാധ്യമാകൂ.
ചലച്ചിത്രചരിത്രകാരന്മാരും നിരൂപകരുമെല്ലാം അടയാളപ്പെടുത്തിയതുപോലെ, അടൂര്‍ ഗോപാലകൃഷ്ണനും കുളത്തൂര്‍ ഭാസ്‌കരന്‍ നായരും ചേര്‍ന്ന്് തലസ്ഥാനത്തെ കലാസ്‌നേഹികളായ ഒരു കൂട്ടം യുവാക്കളെ സംഘടിപ്പിച്ച് രൂപം നല്‍കിയ 'ചിത്രലേഖ ഫിലിം സൊസൈറ്റി'യുടെയും കൊ ഓപ്പറേറ്റീവിന്റെയും ദീര്‍ഘകാല പ്രവര്‍ത്തനങ്ങളുടെ ഫലശ്രുതിയാണ് 1972 നവംബര്‍ 24ന് പുറത്തിറങ്ങിയ 'സ്വയംവരം.' അതിലേക്ക് ഗോപാലകൃഷ്ണന് പ്രേരണയായതോ, നാഷണല്‍ സാംപിള്‍ സര്‍വേ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ഒരു ചായക്കടയില്‍ വച്ച് വായിക്കാനിടയായ പേപ്പര്‍ കഷണത്തില്‍ കണ്ട പരസ്യത്തിലൂടെ മാറ്റിമറിക്കപ്പെട്ട ജീവിതനിയോഗമാണ്. പുനെയിലെ 'ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ'യിലേക്ക് പ്രവേശനം ലഭിച്ച അടൂര്‍ താന്‍ പഠിച്ച, പരിശീലിച്ച കാഴ്ചകളിലേക്ക് മലയാളി പ്രേക്ഷകരെ കൂടെക്കൂട്ടാന്‍ മുന്‍കൈ എടുക്കുകയാണുണ്ടായത്. പഠിച്ച സിനിമസങ്കല്‍പത്തിലൊന്ന് ഉണ്ടാക്കുക മാത്രമല്ല, കണ്ട ശീലങ്ങളിലേക്ക് മറ്റുള്ളവരുടെ കാഴ്ചപ്പാടിനെ മാറ്റാനും നയിക്കാനുമുള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. ചുരുക്കിപ്പറഞ്ഞാല്‍ 'സ്വയംവരം' ഉണ്ടാവാനുള്ള, ഉണ്ടാക്കാനുള്ള കളമൊരുക്കുകയായിരുന്നു 'ചിത്രലേഖ' വഴി അദ്ദേഹവും കൂട്ടുകാരും ചെയ്തത്. കേരളത്തില്‍ സഹകരണ പ്രസ്ഥാനം പോലെ, ഗ്രന്ഥശാലാ പ്രസ്ഥാനം പോലെ ആഴത്തില്‍ വേരോട്ടമുണ്ടാവുകയും ചലച്ചിത്ര സാക്ഷരതയില്‍ സംസ്ഥാനത്തെ മുന്‍പന്തിയിലെത്തിക്കുകയും ചെയ്ത ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പതാകവാഹകരായി മാറിയ 'ചിത്രലേഖ' മലയാള സിനിമയുടെ മുഖഛായ മാറ്റാനുള്ള നിയോഗം സ്വയവരിക്കുകയായിരുന്നു.
'സ്വയംവരം' എന്ന പേരു തന്നെ ആ മാറ്റത്തിന്റെ സൂചകമാണ്. നായിക സീതയുടെ സ്വേച്ഛപ്രകാരമുള്ള തെരഞ്ഞെടുക്കലുകളുടെ കഥ എന്ന് 'സ്വയംവര'ത്തെ ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാം. ബന്ധുക്കളെ വിട്ട് സ്വന്തം കാമുകനോടൊത്ത് ഇറങ്ങിപ്പോകുന്നതു മുതല്‍, അയാളുടെ മരണാനന്തരം സ്വന്തം കുഞ്ഞിനെ പോറ്റാന്‍ സ്വന്തം ബോധ്യത്തില്‍ നിന്നുകൊണ്ട് തീരുമാനമെടുക്കുന്നതുവരെയുള്ള ജീവിതം അവളുടെ സ്വയംവരമാണ്. പ്രസിദ്ധീകൃതമായ സാഹിത്യരചനകളെ വിട്ട് സിനിമയ്ക്കായി ആദിമധ്യാന്തമുള്ള സംഭവബഹുലമായൊരു കഥ സ്വീകരിക്കുന്നതിനു പകരം വളരെ ഋജുവായൊരു കഥ, ഒരു ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിലെ ഒന്നുരണ്ടു വര്‍ഷങ്ങളുടെ മാത്രം സംഭവങ്ങള്‍ എണ്ണിപ്പെറുക്കി ഒറ്റവരിയിലൊതുക്കാവുന്ന പ്രമേയം ഇതിവൃത്തമാക്കുക എന്നതാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ 'സ്വയംവര'ത്തില്‍ പ്രകടമാക്കിയ ആദ്യത്തെ ധൈര്യം.
അമ്പതുകളില്‍ ഫ്രഞ്ച് നവതരംഗചലച്ചിത്ര പ്രസ്ഥാനത്തിന്റെ പതാകവാഹകരിലൊരാളായിരുന്ന അലന്‍ റെനെ അവതരിപ്പിച്ച കര്‍തൃത്വസിദ്ധാന്തം (ഓട്ടര്‍/ഓഥര്‍ തിയറി)യുടെ മലയാളത്തിലെ ആദ്യ പാഠനിര്‍മ്മിതിയായി 'സ്വയംവരം' വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും നവോത്ഥാന ആശയങ്ങളും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും തൊഴിലാളി-മുതലാളി വര്‍ഗ്ഗസംഘര്‍ഷങ്ങളും, മധ്യവര്‍ത്തി സമൂഹത്തിന്റെ തൊഴില്‍ തേടിയുള്ള അന്വേഷണവും, ജീവിതത്തിന്റെ അരക്ഷിതാവസ്ഥകളും അതിഭാ വുകത്വമില്ലാതെ തികച്ചും സാധാരണ മട്ടില്‍ ആവിഷ്‌കരിച്ച ചിത്രമാണ് 'സ്വയംവര'മെന്ന് ഡോ.ദിവ്യ എസ് കേശവന്‍3 നിരീക്ഷിച്ചിട്ടുള്ളത് അക്ഷരാര്‍ത്ഥത്തില്‍ വാസ്തവമാണ്. സിനിമ സംവിധായകന്റെ കലയാണെന്ന് പിന്നീട് അടൂര്‍ തന്നെ ദേശീയ ബഹുമതി നേടിയ തന്റെ 'സിനിമയുടെ ലോകം' എന്ന ഗ്രന്ഥത്തില്‍ അസന്ദിഗ്ധമായി സ്ഥാപിച്ചിട്ടുള്ളതുമാണല്ലോ.
വിഖ്യാത ചലച്ചിത്രനിരൂപകന്‍ വിജയകൃഷ്ണന്‍4 നിരീക്ഷിച്ചിട്ടുള്ളതുപോലെ, ആഖ്യാനത്തില്‍ അടൂരിന്റെ പല സവിശേഷതകളും 'സ്വയംവര'ത്തില്‍ പ്രകടമാണ്. യഥാതഥയ്ക്ക് ഇടയില്‍ കടന്നുവരുന്ന ഫാന്റസി, അതിദൈര്‍ഘ്യമുള്ള ഷോട്ടുകള്‍, മന്ദതാളം, പലകാര്യങ്ങളും ചെറുസൂചനകളിലൂടെ ധ്വനിപ്പിക്കുന്ന രീതി, ശില്‍പത്തിലെ കൈയൊതുക്കം, സ്ത്രീപുരുഷ ബന്ധങ്ങളുടെ ചിത്രീകരണത്തിലെ മികവ് എന്നിവയെല്ലാം 'സ്വയംവര'ത്തില്‍ ദര്‍ശനമായിട്ടുണ്ട്. ഒരു പക്ഷേ, ശില്‍പപരമായി 'സ്വയംവരം' പ്രേക്ഷകന് ഷോക്ക് ചികിത്സ നല്‍കിയത് അതുവരെ കണ്ടിട്ടില്ലാത്തത്ര മന്ദഗതിയിലുള്ള അതിന്റെ ഷോട്ട് വിഭജനമാണ്.
മാറുന്ന മൂല്യവ്യവസ്ഥയില്‍, അസ്തിത്വം നഷ്ടമാവുന്ന യുവത്വത്തിന്റെ ആത്മനൊമ്പരങ്ങള്‍ ആവഹിച്ച് എഴുപതുകളില്‍ ആധുനികതയുടെ കാറ്റ് ആഞ്ഞുവീശിയപ്പോഴും, സിനിമയിലടക്കം മാറിയ സമ്പത്തികവ്യവസ്ഥിതിയുടെ ആഘാതവും അനന്തരഫലങ്ങളുമാണു പ്രമേയം തലത്തില്‍ നിറഞ്ഞത്. അഭ്യസ്തവിദ്യനും തൊഴിലന്വേഷകനുമായ നായകനുനേരേ കൊട്ടിയടയ്ക്കപ്പെടുന്ന തൊഴിലിടങ്ങള്‍. 'നോ വേക്കന്‍സി' ബോര്‍ഡിനുമുന്നില്‍ നിരാശയനായി, നിരാശയോടെ പകച്ചുനില്‍ക്കുന്ന നായകന്‍ ആ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. യോഗ്യതാപത്രത്തിനു കടലാസുവിലപോലുമില്ലെന്ന തിരിച്ചറിവില്‍ അവ കീറി കാറ്റില്‍പ്പറത്തി ആത്മത്യാഗത്തിനോ, അധോലോകത്തിന്റെ മറുലോകത്തേക്കു മാമോദീസ മുങ്ങാനോ ശ്രമിക്കുന്ന നായകര്‍ മുഖ്യധാരാ/സമാന്തര സിനിമകളിലെ സ്ഥിരം സങ്കല്പമായിരുന്നു. പഠിച്ചതൊന്നും ജീവിതമല്ല എന്ന ഞെട്ടലില്‍ ജീവിതം റെയില്‍പ്പാളങ്ങളില്‍ അവസാനിപ്പിക്കാന്‍ ആലോചിച്ചുപോകുന്ന 'സ്വയംവര'ത്തിലെ വിശ്വം പങ്കിടുന്നതു 'നഗരമേ നന്ദി'(1967)യിലെ നായകന്റെ അസ്തിത്വദുരന്തമാണ്.
കമിതാക്കളായ വിശ്വവും സീതയും (മധു-ശാരദ) വീടുവിട്ട് ഒളിച്ചോടി നഗരത്തിലേക്കണയുന്ന ഒരു ബസ് യാാത്രയിലാണ് സിനിമ തുടങ്ങുന്നത്. ടൈറ്റിലുകള്‍ അവസാനിക്കുമ്പോഴേക്കു കഥാപാത്രങ്ങള്‍ക്കൊപ്പം നാം കാണുന്ന 'സ്‌റ്റോപ്പ്' സിഗ്‌നല്‍ വിശ്വത്തിന്റെയും സീതയുടെയും അതുവരെയുള്ള ജീവിതത്തില്‍നിന്നുള്ള ഗതിമാറ്റവും സ്വപ്നങ്ങളുടെയും ഭ്രമകല്പനകളുടെയും അവസാനത്തെ സൂചിപ്പിക്കുന്നു. നിശബ്ദതയിലൂടെയും ദൃശ്യബിംബങ്ങളിലൂടെയും സംവദിക്കാനുള്ള സിനിമയുടെ കരുത്താണ് 'സ്വയംവര'ത്തിലൂടെ അടൂര്‍ നടാടെ കാണിച്ചുതന്നത്. ഏറെ അവധാനതയോടെ, അതിലേറെ മാധ്യമബോധത്തോടെയും മിതത്വത്തോടെയുമാണ് 'സ്വയംവര'ത്തിന്റെ ദൃശ്യപരിചരണം. വേറിട്ട ക്യാമറാക്കോണുകള്‍, ചലനം, കാഴ്ചകളുടെ സൂക്ഷ്മാംശങ്ങള്‍ എന്നിവയിലൂടെയാണ് അടൂര്‍ അതുവരെയുണ്ടായ മലയാള സിനിമയുടെ ചിത്രീകരണ നിര്‍വഹണരീതികകളെ മാറ്റിമറിച്ചത്. സത്യജിത് റേക്ക് സുബ്രതോ മിത്ര എന്നപോലെ മരിക്കുവോളം അടൂര്‍ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന മങ്കട രവിവര്‍മ്മയ്ക്കു കൂടി അവകാശപ്പെട്ടതാണ് 'സ്വയംവര'ത്തിന്റെ ദൃശ്യലാവണ്യം. ചലച്ചിത്രസമീപനത്തിലെയും ദൃശ്യപരിചരണത്തിലെയും 'ഹൈപ്പര്‍ റിയാലിറ്റി'യോടടുത്ത ഈ സമീപനം തന്നെയാണ് ആധുനിക മലയാളസിനിമയിലെ നവഭാവുകത്വ സിനിമ അവയുടെ മുഖലക്ഷണവും ലാവണ്യവുമായി പിന്തുടരുന്നത് എന്നതും ശ്രദ്ധേയം. ബസ് യാത്രയ്ക്കിടയിലെ കുലുക്കം, സഹയാത്രികന്റെ ദേഹത്തേക്ക് ഉറങ്ങിവീഴുന്നയാള്‍, പുതുമോടിയില്‍ ദമ്പതികളുടെ പ്രണയപൂര്‍വമുള്ള നോട്ടം. ഇവയൊക്കെ അവര്‍ക്കൊപ്പം യാത്രചെയ്യുന്ന പ്രേക്ഷകര്‍ കാണുന്നു എന്നവിധത്തില്‍, അത്രമേല്‍ യാഥാര്‍ത്ഥ്യ പ്രതീതിയിലാണവതരിപ്പിക്കുന്നത്.
വിശ്വത്തിന്റെയും സീതയുടെയും ഭൂതകാല വിവരങ്ങളൊന്നും ചിത്രത്തിലില്ല. ആഖ്യാനഗതിയില്‍ അപ്രസക്തമാവുന്ന നീണ്ട പുരാവൃത്തങ്ങള്‍ നന്നെച്ചെറിയ സൂചനകളിലൊതുക്കുക എന്ന സങ്കേതം ആദ്യചിത്രം മുതല്‍ തന്നെ അടൂര്‍ പ്രയോഗിച്ചിട്ടുണ്ടെന്ന വിജയകൃഷ്ണന്റെ നിരീക്ഷണമോര്‍ക്കുക. വിവാഹിതരായ കമിതാക്കള്‍ ആദ്യം താമസിക്കുന്നത് എല്ലാ സൗകര്യങ്ങളുമുള്ള ഭേദപ്പെട്ട ഒരു ഹോട്ടല്‍ മുറിയിലാണ്. അവിടെ താമസിച്ചു കൊണ്ട് വിശ്വം തൊഴിലന്വേഷണമാരംഭിക്കുന്നു. അതോടൊപ്പം താന്‍ രചിച്ച നോവല്‍ പ്രസിദ്ധീകരിക്കാനുള്ള യത്‌നങ്ങളും നടത്തുന്നുണ്ടെങ്കിലും അയാളെ കാത്തിരിക്കുന്നത് നിരാശമാത്രം. തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ക്രൂരയാഥാര്‍ത്ഥ്യം അവര്‍ക്കു മുന്‍പില്‍ അനാവൃതമാവുകയാണ്. അങ്ങനെ അവര്‍ കുറഞ്ഞ വാടകയുള്ള ഒരു ലോഡ്ജിലേക്ക് മാറുന്നു. സീതയുടെ ആഭരണങ്ങള്‍ ഒന്നൊന്നായി പണയം വച്ചോ വിറ്റോ ആണ് ദിവസങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇതിനിടെ, വിശ്വം പുറത്ത് പോയ ഘട്ടത്തില്‍ സീത മാത്രമുള്ള മുറിയിലേക്ക് അതിക്രമിച്ച് കയറാന്‍ ഒരാള്‍ ശ്രമിക്കുന്നതോടെ അവര്‍ ഒരു ചെറിയ വാടക വീട്ടിലേക്ക് മാറുന്നു. പ്രാഥമിക സൗകര്യങ്ങളും വൃത്തിയും ഇല്ലാത്ത ആ ചേരിയുടെ അന്തരീക്ഷത്തെ പരാതിയോ പരിഭവമോ കൂടാതെ സീത സ്വംവരിക്കുന്നത് നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളോടെയാണ്.
സീത ഗര്‍ഭിണിയാവുന്നതോടെ ദാമ്പത്യം പുതിയ അര്‍ത്ഥതലങ്ങള്‍ തേടുന്നു. എന്നാല്‍ സീതയെ ചില ദുഃസ്വപ്നങ്ങള്‍ വേട്ടയാടുന്നു. ഇതിനിടെ, വിശ്വത്തിന് ഒരു ട്യൂട്ടോറിയലില്‍ അദ്ധ്യാപകനായി ജോലി ലഭിക്കുന്നു. അതൊരു കച്ചിത്തുരുമ്പായി പ്രതീക്ഷയോടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൂടുത പ്രതിസന്ധിയിലാവുകയാണ്. മാസാരംഭത്തില്‍ കോളേജിലെത്തി ശമ്പളം ചോദിക്കുമ്പോള്‍ ''നമുക്കൊന്ന് കറങ്ങിവരാ''മെന്നു പറഞ്ഞ് വിശ്വത്തെയും കൂട്ടിയിറങ്ങുന്ന പ്രിന്‍സിപ്പല്‍ അയാളെ എത്തിക്കുന്നത് പതിവ് ബാറിലാണ്. വിശ്വം ഫ്രൂട്ട്ജ്യൂസ് മതിയെന്ന് പറയുമ്പോള്‍ പ്രിന്‍സിപ്പലും ഒപ്പമുള്ള അദ്ധ്യാപകനും പരിഹസിച്ച് ചിരിക്കുകയാണ്. അവര്‍ അയാളെ നിര്‍ബന്ധിച്ച് കുടിപ്പിക്കുന്നു. ട്യൂട്ടോറിയലിന്റെ പരിതാപാവസ്ഥയെപ്പറ്റിയുള്ള ഉടമയുടെ പരിദേവനങ്ങള്‍ക്കിടയില്‍ പ്രിന്‍സിപ്പലിനോട് പണം ചോദിച്ചു വാങ്ങുന്നതിലും വിശ്വം പരാജയപ്പെടുന്നു.
മദ്യപിച്ചവശനായി വീട്ടിലെത്തിയ വിശ്വനെ കണ്ട് സീത നടുങ്ങുന്നു. അയാള്‍ക്കായി കാത്തിരിക്കുന്ന അവള്‍ക്ക് വിളമ്പിത്തരാമെന്നു പറഞ്ഞ് അടുക്കളയിലേക്ക് പോകുന്ന വിശ്വം ശൂന്യമായ പാത്രങ്ങള്‍ കണ്ട് വിഷമിച്ചു സീതയെ കെട്ടിപ്പിടിച്ച് കരയുന്നു. ചേരിയിലെ മദ്യപന്മാരായ ശല്യക്കാര്‍ അവരുടെ സൈര്യജീവിതം നശിപ്പിക്കുന്നു. അപ്പുറത്തെ വീട്ടിലെ സുഖവിവരങ്ങള്‍ അറിയാന്‍ വ്യഗ്രതയുള്ള അയല്‍ക്കാരി മുതല്‍ സഹായങ്ങളുമായെത്തുന്ന വൃദ്ധയും കാമക്കണ്ണുകളുമായി സീതയെ പിന്‍തുടരുന്ന മധ്യവയസ്‌കനുമെല്ലാം സാമൂഹികജീവിതത്തില്‍ നിന്നു പറിച്ചെടുത്ത കഥാപാത്രങ്ങള്‍ തന്നെ. ആണിനെയും പെണ്ണിനെയും ബന്ധുക്കളിലാതെ കണ്ടാല്‍ കാമക്കണ്ണോടെയോ സദാചാരപ്പൊലീസ് ചമഞ്ഞോ നേരിടുന്ന സമകാലിക കേരളത്തിലും പ്രസക്തമാവുന്ന സംഭവങ്ങളുടെ ഇതിവൃത്തസുചകങ്ങള്‍ തന്നെയാണിവ. അങ്ങനെ 'സ്വയംവരം' അമ്പതുവര്‍ഷത്തിനുപ്പുറം കാലികപ്രസക്തി നേടുന്നു.
വാടക കൊടുക്കാത്തതിന് വീട്ടുടമയുടെ അധിക്ഷേപമടക്കം പലതും അവള്‍ നേരിടേണ്ടിവരുന്നു. ഒരു ഘട്ടത്തില്‍, മാതാപിതാക്കളെ ധിക്കരിച്ച് സ്വയം ഇറങ്ങി പുറപ്പെട്ടത് തെറ്റായോ എന്ന് സീതയോട് ചോദിച്ചുപോകുന്നുണ്ട് വിശ്വം. ഒരു പത്രപരസ്യം കണ്ട് സീത ഒരു സ്വകാര്യസ്ഥാപനത്തിലെ സെയില്‍ഗേളിന്റെ ജോലിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും 1000 രൂപ ഡെപ്പോസിറ്റ് കൊടുക്കാനില്ലാത്തതുകൊണ്ട് ലഭിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ മനസ്സ് തകരുമ്പോള്‍ വിശ്വം സീതയോട് വിഷമം പങ്കുവയ്ക്കുന്നില്ല, പകരം, മാനസിക പിരിമുറുക്കം നീക്കാന്‍ സിഗററ്റിലഭയം തേടുകയാണ്. വിശ്വത്തിന്റെ വിരലുകള്‍ക്കിടയിലെ മുക്കാല്‍ ഭാഗവും എരിഞ്ഞുതീരാറായ സിഗരറ്റ്, പ്രതീക്ഷകള്‍ എരിഞ്ഞടങ്ങുന്ന മധ്യവര്‍ഗ്ഗ യുവത്വത്തിന്റെ പ്രതീകമായിത്തീരുന്നു.
കഥയെഴുത്തുകാരനാകാനാഗ്രഹിച്ച് വിശ്വം ഒടുവില്‍ ഒരു തടിക്കടയിലെ കണക്കെഴുത്തു കാരനായിത്തീരുന്നു. അയാളുടെ തന്നെ ഭാഷയില്‍ ''ജോലിയെന്നൊന്നും പറയാനാവില്ലെങ്കിലും തത്കാലാവശ്യങ്ങള്‍ നടന്നു പോകാന്‍'' ഉതകുന്ന ഒന്ന്. എന്നാല്‍ മറ്റൊരാളെ നിര്‍ദ്ദാക്ഷിണ്യം പറഞ്ഞയച്ച് ആ ഒഴിവിലാണ് തന്നെ തടിമില്ലുകാര്‍ ജോലിക്കെടുത്തതെന്ന് വിശ്വം മനസ്സിലാക്കുന്നത് പിന്നീടാണ.് മില്ലില്‍ നിന്ന് തൊഴിലില്ലാതാവുന്ന ആ യുവാവ് ഒഴിയാബാധയായി വിശ്വത്തെ പിന്‍തുടരുന്നു. ജീവിതത്തിന്റെ വേലിയിറക്കങ്ങള്‍ സിനിമ ഉടനീളം ധ്വനിപ്പിക്കുന്നു. തൊഴില്‍ നഷ്ടത്തിന്റെയും അസംഘടിത തൊഴിലാളികളുടെ നിസഹായതയുടെയും ചിത്രം കൂടി സിനിമ വരഞ്ഞിടുന്നു. അതേസമയം, പരിമിതികള്‍ക്കിടയിലും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്നത് സീതയെ സന്തുഷ്ടയാക്കുന്നു. ഇതിനിടെയിലാണ് അവര്‍ക്കൊരു കുഞ്ഞു പിറക്കുന്നത്. ജീവിതം ഒട്ടൊന്നു തളിര്‍ക്കാന്‍ തുടങ്ങിയപ്പോഴേക്ക് വിധി ഏറ്റവും കൂടുത്തൊരു പ്രഹരത്തിനു മുതിര്‍ന്നു. വിശ്വത്തിന് കടുത്ത പനി ബാധിക്കുന്നു. അയല്‍ക്കാരിത്തള്ള ഡോക്ടറെ കണ്ട് മരുന്നുവാങ്ങിക്കൊണ്ടു വന്നു കൊടുത്തിട്ടും, സീത അടുത്തിരുന്ന ശുശ്രൂഷിച്ചിട്ടും, വിശ്വത്തെ രക്ഷിക്കാനാവുന്നില്ല. അയാള്‍ മരിക്കുന്നു. സീതയും മകളും തനിച്ചാവുന്നു.
ഉള്ളില്‍ കനലെരിയുമ്പോഴും സീതയ്ക്കു മുന്നില്‍ ജീവിതം ചോദ്യചിഹ്നമാകുന്നു,വിശ്വന്റെയും തന്റെയും ജീവാംശമായ കുഞ്ഞിനെ വളര്‍ത്തി വലുതാക്കുക എന്നതും. ആപത്കാലത്ത് വിശ്വന്‍ സഹായിച്ച സഹജീവനക്കാരന്‍, ഉള്ളതുകൊണ്ട് അയാളുടെ വീട്ടില്‍ ജീവിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നെങ്കിലും സീത നിരസിക്കുകയാണ്. സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള അയല്‍ക്കാരി നാണിയമ്മയുടെ ഉപദേശവും അവള്‍ സ്വീകരിക്കുന്നില്ല. ഭര്‍ത്താവുമൊത്തുള്ള സീതയുടെ യാത്രയിലാരംഭിക്കുന്ന 'സ്വയംവരം' പക്ഷേ, അവസാനിക്കുന്നത് വിശ്വമില്ലാതെ കുഞ്ഞുമൊന്നിച്ചുള്ള ജീവിതത്തിലാണ്. തുടക്കത്തില്‍ വിശ്വവും സീതയും ഒന്നിച്ചു തീരുമാനിച്ചാണ് യാത്രയെങ്കില്‍, ക്‌ളൈമാക്‌സില്‍ മകളുമൊത്തു പുതുജീവിതം നയിക്കാന്‍ സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യംകൂടി രചയിതാവ് സീതയ്ക്കു നല്‍കുകയാണ്. സ്വയം അടച്ച വാതിലാണെങ്കിലും അതിലേക്കുള്ള സീതയുടെ നോട്ടത്തിന് ഇനിയൊരു തെരഞ്ഞെടുപ്പ് യുക്തിപൂര്‍വ്വം ചെയ്യേണ്ടതാണെന്ന ശങ്കയുണ്ട്, മകള്‍ മറ്റൊരു സീതയാവരുതെന്ന കരുതലുണ്ട്.
അടഞ്ഞ വാതിലിനു നേരെയുള്ള നോട്ടത്തില്‍ സീതയുടെ വിഹ്വലതയും നിസ്സഹായതയുമാണുള്ളത്. അടഞ്ഞ വാതില്‍ സുരക്ഷാ സൂചകമാണെങ്കിലും അത് തുറന്നാല്‍ മാത്രമേ സാമൂഹിക ജീവിതം സാധ്യമാകൂ. 'സ്വയംവര'ത്തില്‍ സീത നോക്കിയിരിക്കുന്ന വാതില്‍, ജീവിതം അവള്‍ക്കു നേരെ വലിച്ചടച്ച വാതില്‍ തന്നെയാണെന്ന് എം.എഫ് തോമസ് നിരീക്ഷിച്ചിട്ടുണ്ട്. തന്റെ ഭൗതികജീവിതം അവളവസാനിപ്പിച്ചേക്കാമെന്ന സൂചനയും ആ അടഞ്ഞ വാതിലിനുണ്ട്. അതേ സമയം സദാചാരത്തിന്റെ പൂട്ടിയ ലാതില്‍ പ്രലോഭനവുമായെത്തുന്ന ഏതോ അതിഥിക്കു മുന്‍പില്‍ അവള്‍ തുറന്നേക്കാമെന്ന നിരീക്ഷണവും അസ്ഥാനത്തല്ലെന്ന് വിജയകൃഷ്ണനും കൂട്ടിച്ചേര്‍ക്കുന്നു. (സമാനമായൊരു വാതില്‍ തുറക്കലും തുറക്കാതിരിക്കലും പിന്നീട് അടൂരിന്റെ തന്നെ 'നാലുപെണ്ണുങ്ങള്‍' എന്ന ചലച്ചിത്രചതുഷ്‌ക്കത്തിലെ 'നിത്യകന്യക'യിലും കണ്ടുമുട്ടാം. നന്ദിത ദാസ് അവതരിപ്പിക്കുന്ന 'നിത്യകന്യക'യിലെ നായിക താന്‍ തന്നെ ക്ഷണിച്ചിട്ടെത്തുന്ന ആണിനു നേരെ വാതില്‍ തുറക്കാതിരിക്കുകയാണ്).
സന്തോഷപര്യവസായിയായോ ദുരന്തപര്യവസായിയായോ ഒരുഹാപോഹത്തിനും ഇടംനല്‍കാത്തവണ്ണം സുവിശദവും പഴുതടച്ചതുമായി മാത്രം സിനിമയുടെ ക്‌ളൈമാക്‌സുകളെ വിഭാവനചെയ്തിരുന്ന കാലത്താണ് അനിശ്ചിത ത്വത്തിലേക്കുറ്റുനോക്കുന്ന നായികയില്‍ ചിത്രമവസാനിക്കുന്നതെന്ന വിജയകൃഷ്ണന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ഈ തുറന്ന അന്ത്യം നായികയുടെ ഭാവിയെക്കുറിച്ച് സ്വന്തമായ നിഗമനങ്ങളിലെ ത്തിച്ചേരാന്‍ ആസ്വാദകനെ ക്ഷണിക്കുന്നു. ഏറെ ചര്‍ച്ച ചെയ്ത, 'സ്വയംവര'ത്തിന്റെ ക്‌ളൈമാക്‌സില്‍, മല യാള സാഹിത്യത്തിലും കലാചിന്തയിലും നവബോധത്തിന്റെ നാമ്പുകള്‍ കുരുപ്പിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച എം.ഗോവിന്ദന്റെ പങ്ക് ചലച്ചിത്ര ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥാതന്തുവിനെപ്പറ്റി നടന്ന ചര്‍ച്ചയില്‍ ഗോവിന്ദനാണ് തുറന്ന ക്്‌ളൈമാക്‌സ് എന്ന നിലയ്ക്ക് ചിന്തിക്കാന്‍ അടൂരിനോടും കൂട്ടരോടും നിര്‍ദ്ദേശിച്ചതേ്രത! ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചതാണ് 'സ്വയംവര'ത്തിന്റെ രചനയെസംബന്ധിച്ച തര്‍ക്കം. അടൂരിനൊപ്പം 'ചിത്രലേഖ'യുടെ സജീവപ്രവര്‍ത്തകനായിരുന്ന കെ.പി.കുമാരന്‍ കൂടി ചേര്‍ന്നെഴുതിയതാണ് 'സ്വയംവര'ത്തിന്റെ തിരക്കഥ എന്നാണ് പല ചരിത്രരേഖകളിലും കാണുന്നതെങ്കിലും ഔപചാരികമായി 'സ്‌ക്രിപ്റ്റ് അസോഷ്യേറ്റ്' എന്ന സ്ഥാനമാണ് കുമാരന് നല്‍കപ്പെട്ടത്. ഏതായാലും 'സ്വയംവര'ത്തിനു പിന്നില്‍ സജീവസാന്നിദ്ധ്യമായിരുന്നു കുമാരനെന്നതില്‍ തര്‍ക്കമില്ല.
അറുപതുകളിലെയും എഴുപതുകളിലെയും മലയാളസിനിമ ആക്കാലത്തെ രാഷ്ട്രീയ സാമ്പത്തിക, സാമൂഹികപരിതസ്ഥിതിയുടെ നേര്‍ക്കാഴ്ചകളായിരുന്നു. ജന്മിവ്യവസ്ഥയുടെ തകര്‍ച്ചയും കമ്മ്യൂണിസത്തിന്റെ വേരോട്ടവും നവമുതലാളിത്തത്തിന്റെ ആവിര്‍ഭാവം മൂലമുണ്ടായ പുത്തന്‍ സാമ്പത്തിക അരക്ഷിതാ വസ്ഥയുമൊക്കെ സാഹിഹിത്യത്തിലേതിനേക്കാള്‍ തീവ്രമായി സിനിമയില്‍ ആവിഷ്‌കരിക്കപ്പെട്ടു. ഇടത്തരം മധ്യവര്‍ത്തി/സമാന്തര സിനിമ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുപതുകളുടെ ആദ്യപാദത്തിലെ സിനിമക ളുടെയെല്ലാം പൊതുപ്രമേയം അക്കാലത്തെ സാമ്പത്തിക അരാജകത്വമായിരുന്നു. ദരിദ്രന്‍ കൂടുതല്‍ ദരിദ്രനും ജന്മി കൂടുതല്‍ പണക്കാരനും ആവുന്ന കഥകള്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവര' (1972) വും അരവി ന്ദന്റെ 'ഉത്തരായണ' (1975)വും വരച്ചുകാട്ടിയ സാമ്പത്തിക സാമൂഹിക പശ്ചാത്തലവും മറ്റൊന്നല്ല. ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റ് സിനിമയായ 'ന്യൂസ്‌പേപ്പര്‍ ബോയ്' (1957ല്‍ 'പാഥേര്‍ പാഞ്ജലി' പുറത്തിറങ്ങുന്നതു രാംദാസിന്റെ ഈ മലയാള ചിത്രത്തിനു ശേഷമാണ്)യിലും 'രാരിച്ചന്‍ എന്ന പൗരനി' (1956)ലും കണ്ടതില്‍നിന്നു വേറിട്ട സാമൂഹിക സാമ്പത്തിക പശ്ചാത്തലമല്ല ഈ സിനിമകളില്‍. ഉള്ളടക്കത്തില ല്ല, ശില്പഭദ്രതയിലാണ് ആദ്യം പറഞ്ഞ സിനിമകള്‍ പിന്നീടു പറഞ്ഞ സിനിമകളെ അതിശയിച്ചത്. വേശ്യാവൃത്തിയടക്കം കേരളീയ സമൂഹത്തിലെ എല്ലാ ശരാശരി ജീവിതക്കാഴ്ചകളിലേക്കും 'സ്വയംവരം' ക്യാമറ തുറന്നുപിടിക്കുന്നുണ്ട്. തെരുവോരത്ത് ആവശ്യക്കാരെ വിളിച്ചുവരുത്തി വ്യഭിചരിക്കുന്ന കല്യാണിയും അവള്‍ക്ക് സന്ദര്‍ശകരുള്ളപ്പോള്‍ പോലും കുടിക്കാന്‍ പണത്തിനായി സമീപിക്കുന്ന അവളുടെ ഭര്‍ത്താവുമൊക്കെ ചേര്‍ന്നതാണ് 'സ്വയംവര'ത്തിന്റെ ജൈവപശ്ചാത്തലം.
'സ്വയംവര'വും തുടര്‍ന്നു വന്ന 'കൊടിയേറ്റ'വും ചില്ലറ ഏറ്റക്കുറച്ചിലുകളോടെ സത്യജിത് റേയുടെ മാര്‍ഗം പിന്‍തുടരുന്ന ഒരു ചലച്ചിത്രരചയിതാവിനെയാണ് കാട്ടിത്തന്നത്. റേയില്‍ നിന്ന് പകര്‍ന്നു കിട്ടിയ ദൈനംദിന ജീവിത സത്യങ്ങളുടെ സൂക്ഷ്മവും സത്യസന്ധവുമായ പുനരാവിഷ്‌കരണത്തില്‍ ഊറിക്കൂടിയ റിയലിസമായിരുന്നു. ഈ രണ്ടു സിനിമകളുടെയും അന്തസത്തയെന്ന് വിഖ്യാത ചലച്ചിത്ര/സാഹിത്യ നിരൂപകന്‍ ഡോ.വി.രാജകൃഷ്ണന്‍5 അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യ കഥാചിത്രമായ 'സ്വയംവര'ത്തില്‍ പല ശബ്ദങ്ങളും പ്രകൃതിയില്‍ നിന്നുപയോഗപ്പെടുത്തുന്നതില്‍ അടൂര്‍ പ്രത്യേക വിരുത് കാണിക്കുകയുണ്ടായി എന്നും അദ്ദേഹം എഴുതി. 'സ്വയംവര'ത്തിന്റെ മേന്മകളിലൊന്ന്, അതിനകത്തെ യഥാര്‍ഥത്തില്‍ നിന്ന് തെല്ല് വ്യതിചലിച്ചു നില്‍ക്കുന്ന ശബ്ദകല്പനയാണ്. ഇടതടവില്ലാതെ സംഭാഷണം പ്രയോഗിക്കുന്ന രീതിക്കു വിരുദ്ധമായി ചിത്രത്തില്‍ അത്യാവശ്യത്തിനു മാത്രം, അതും അര്‍ത്ഥപൂര്‍ണമായിട്ടാണ് സംഭാഷണമുണ്ടായത്. ദൃശ്യങ്ങളുടെ അര്‍ത്ഥ പ്രതിപാദനത്തിനു സഹായിക്കുന്ന അളവില്‍ മാത്രം ഉപയോഗിക്കപ്പെട്ട സംഭാഷണങ്ങളുടേതിനു സമാനമായിരുന്നു സംഗീതത്തിന്റെ അവസ്ഥയും എന്നു വിജയകൃഷ്ണന്‍ നീരീക്ഷിക്കുന്നു.
ഗാനങ്ങളില്ലാത്ത, പശ്ചാത്തലസംഗീതം മാത്രമുള്ള സിനിമയായിരുന്നു 'സ്വയംവരം.' ഗാനങ്ങളില്ലാത്ത ആദ്യ മലയാള ചിത്രമല്ലാഞ്ഞിട്ടും ശബ്ദരേഖയില്‍ സംഗീതത്തിലുപരി നവീനത്വം പുലര്‍ത്തുന്നതില്‍ 'സ്വയംവരം'ചരിത്രമെഴുതി. ചിത്രത്തിന്റെ കഥാഗതിക്കനുസരിച്ച് ഇടതടവില്ലാതെ പ്രയോഗിക്കപ്പെടുന്ന സാധാരണ സിനിമാസംഗീതത്തില്‍ നിന്നു വ്യത്യസ്തമായി ദൃശ്യങ്ങളെ സംബന്ധിച്ച് അര്‍ത്ഥബോധത്തോടുകൂടി അനിവാര്യമായി ഇടങ്ങളില്‍ നിബന്ധിക്കപ്പെടുന്ന പശ്ചാത്തല സംഗീതം 'സ്വയംവരം' നല്‍കിയ ആദ്യാനുഭവങ്ങളിലൊന്നായിരുന്നു. മാമൂലുകള്‍ ലംഘിക്കുന്നതില്‍ നേതൃത്വനിരയില്‍ നിലകൊണ്ട എം.ബി.ശ്രീനിവാസന്റേതായിരുന്നു 'സ്വയംവര'ത്തിന്റെ പശ്ചാത്തലസംഗീതം. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതത്തില്‍ മുങ്ങിപ്പോകാറുള്ള പശ്ചാത്തല/സ്വാഭാവിക ശബ്ദങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലും 'സ്വയംവരം' പകര്‍ന്ന വേറിട്ട അനുഭൂതിയേപ്പറ്റി വിജയകൃഷ്ണന്‍ എഴുതുന്നു-''അപൂര്‍വം ചില സ്വാഭാവിക ശബ്ദങ്ങളൊഴിച്ചാല്‍ ശ്രമകരമായി ആലേഖനം ചെയ്യേണ്ട ശബ്ദങ്ങളൊക്കെ ഒഴിവാക്കുകയായിരുന്നു മലയാളസിനിമയുടെ നടപ്പുരീതി. അതിനു വിപരീതമായി യഥാര്‍ത്ഥമായ സ്വാഭാവിക ശബ്ദങ്ങള്‍ പ്രയോഗിക്കപ്പെട്ടു എന്നതും 'സ്വയംവര'ത്തിന്റെ പ്രത്യേകതയായിരുന്നു. അങ്ങനെ മലയാള സിനിമയുടെ സാങ്കേതികവികാസത്തില്‍ ഛായാഗ്രഹണത്തിനും സന്നിവേശത്തിനും പുറമേ ഒരു ഘടകം കൂടി പങ്കുചേരുകയായിരുന്നു-ശബ്ദലേഖനം. പിന്നീട് മലയാളത്തില്‍ ശബ്ദലേഖനരംഗത്ത് ഏറ്റവുമധികം നേട്ടങ്ങള്‍ സൃഷ്ടിച്ച ദേവദാസിന്റെ കന്നിച്ചിത്രമായിരുന്നു 'സ്വയംവരം'' സ്വയംവരം മലയാളത്തിനു സമ്മാനിച്ച ഏറ്റവും വലിയ സംഭാവനകളില്‍ ഒന്ന് ദേവദാസ് എന്ന ശബ്ദലേഖനാണെന്നതില്‍ തര്‍ക്കമില്ല. യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് 'സ്വയംവരം' ചിത്രീകരിച്ചത്. സംഭാഷണങ്ങളും സൗണ്ട് ഇഫെക്ടസും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ആലേഖനം ചെയ്യപ്പെട്ടു. 'യൂണിസെഫി'ന് ഒരു ഡോക്യുമെന്ററി ചെയ്തതിനു പകരമായി സംഘടന നല്‍കിയ 'പോര്‍ട്ടബിള്‍ നാഗ്ര' റെക്കോര്‍ഡ് സെറ്റ് ഇല്ലായിരുന്നെങ്കില്‍ ഒരേസമയത്തുള്ള ശബ്ദലേഖനം സാധ്യമാകുമായിരുന്നില്ലെന്ന് ഗൗതമന്‍ ഭാസ്‌കരന്‍ എഴുതിയിട്ടുണ്ട്.
'സ്വയംവര'ത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ വിശ്വത്തിന്റെ മരണരംഗത്തുപയോഗിച്ച ശബ്ദവിന്യാസം ശ്രദ്ധിക്കുക. അയാള്‍ പണിയെടുത്തിരുന്ന തടിമില്ലിലെ ഈര്‍ച്ചവാളിന്റെ ശബ്ദമാണിവിടെ വൈകാരികതയെ മൂര്‍ത്തമായി ആവിഷ്‌കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഈര്‍ച്ചവാളിന്റെ ശബ്ദമല്ലാതെ അതിനെ ദൃശ്യത്തിലെങ്ങും കാണിക്കുന്നില്ല. വിശ്വം മരണത്തെ പുല്‍കുന്ന നിമിഷങ്ങളില്‍ പട്ടിയുടെ കുരയും, ചൂളമടിച്ചു പായുന്ന തീവണ്ടിയുടെ ശബ്ദവും കേള്‍ക്കാം. സാംസ്‌കാരിക അര്‍ത്ഥതലത്തില്‍ പട്ടിയുടെ കുര മരണത്തിന്റെ സൂചകമാണ്. സിനിമയുടെ അവസാനഭാഗത്ത് സീത കുപ്പിയില്‍ പാല്‍ പകരുമ്പോള്‍ ഉയരുന്ന സ്ത്രീ-പുരുഷ ഹമ്മിങ്ങുകള്‍ നല്‍കുന്ന ഭാവതലം അസാധാരണമാണെന്ന് ഡോ ദിവ്യ ചൂണ്ടിക്കാണിക്കുന്നു. പിന്നീട്, ഉറങ്ങുന്ന കുഞ്ഞിന്റെ അടഞ്ഞ വായിലേക്ക് സീത പാല്‍ക്കുപ്പി തിരുകിക്കയറ്റുകയും കുട്ടി ഉണരാതെതന്നെ പാല്‍ കുടിച്ചു തുടങ്ങുകയും ചെയ്യുമ്പോള്‍, പശ്ചാത്തലസംഗീതം നേര്‍ത്തില്ലാതാകുന്നു. ഈ ദൃശ്യത്തിനൊടുവില്‍ മഴശബ്ദവും മിന്നല്‍ വെളിച്ചവും പ്രകമ്പനം കൊള്ളുന്ന പശ്ചാത്തലത്തില്‍ അടഞ്ഞ കതകിന്റെ ബന്ധിതമായ സാക്ഷയില്‍ നോട്ടം തറഞ്ഞ സീതയുടെ മുഖദൃശ്യത്തിലാണ് സ്വയംവരം അവസാനിക്കുന്നത് തിരയില്‍ കാണുന്നതിനപ്പുറത്തേക്ക് ഒരു ദൃശ്യത്തെ പരിവര്‍ത്തിപ്പിക്കാനും ദൃശ്യത്തെ അതിന്റെ യഥാര്‍ഥ സവിശേഷ തയോടെ നിലനിര്‍ത്താനുമുള്ള ശബ്ദരേഖയുടെ സാധ്യതയെയാണ് ഇവിടെ സംവിധായകന്‍ വിനിയോഗിച്ചു കാണിച്ചുതരുന്നത്. തോരാതെ പെയ്യുന്ന മഴയില്‍ സീതയുടെ നൊമ്പരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് അടൂര്‍. ശബ്ദത്തിന്റെ സൂക്ഷ്‌മോപയോഗവും, തത്സമയാലേഖനസാധ്യതകളുംതന്നെയാണ് നവസിനിമയുടെ ഏറെ ആഘോഷിക്കപ്പെടുന്ന ലക്ഷണങ്ങളിലൊന്ന് എന്നുകൂടി ഓര്‍ക്കുക.
യഥാതഥമായി യാഥാര്‍ത്ഥ്യത്തെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്ന 'സ്വയംവര'ത്തിന്റെ താരനിരയാണ് പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു ഘടകം. മലയാള സിനിമയ്ക്ക് ധാരാളം പുതുമുഖങ്ങളെയും, ജീവിതത്തില്‍ നിന്ന് നേരിച്ചു പറിച്ചു വച്ചവര്‍ എന്നു തോന്നിപ്പിക്കുന്ന ക്യാരിക്കേച്ചര്‍ പ്രത്യേകതകളുള്ള നടീനടന്മാരെയും അവതരിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ 'സ്വയംവര'ത്തില്‍ പക്ഷേ നായകനും നായികയുമായി കണ്ടെത്തിയത് ലബ്ധപ്രതിഷ്ഠനേടിയ താരങ്ങളെത്തന്നെയാണ് എന്നത് കൗതുകത്തിനപ്പുറം വൈരുദ്ധ്യമായി തോന്നാം. അന്നത്തെ കമ്പോള സിനിമയിലെ പ്രധാനതാരങ്ങളായിരുന്ന മധുവിനെയും ശാരദയേയും പക്ഷേ വിശ്വവും സീതയുമായി തെരഞ്ഞെടുത്തതിന്റെ സാംഗത്യം 'സ്വയംവരം' കണ്ടവര്‍ക്ക് ബോധ്യമാവും. എന്നുമാത്രമല്ല, ശാരദയ്ക്ക് തുടര്‍ന്നും തന്റെ ചിത്രത്തില്‍ വളരെയേറെ പ്രധാനപ്പെട്ട വേഷം നല്‍കിയ അടൂര്‍ പില്‍ക്കാലത്ത് മമ്മൂട്ടി, ദിലീപ് അടക്കമുള്ള താരങ്ങളെയും കഥാപാത്രങ്ങളുടെ ആവശ്യാനുസരണം സഹകരിപ്പിച്ചു. അതാവട്ടെ അവരുടെ താരമൂല്യത്തിന്റെ പേരിലായിരുന്നുമില്ല, മറിച്ച് കഥാപാത്രം ആവശ്യപ്പെട്ടതുകൊണ്ടായിരുന്നു.
അതേ സമയം, 'സ്വയംവര'ത്തിന്റെ താരനിര്‍ണയം സവിശേഷതയാര്‍ജിക്കുന്നത,് ഇന്ത്യ കണ്ട മഹാനടന്മാരിലൊരാളിയ ഇരിപ്പിടം നേടിയ ഭരത് ഗോപിയുടെ സജീവസാന്നിദ്ധ്യം രേഖപ്പെടുത്തിയ സിനിമയെന്ന നിലയ്ക്കുകൂടിയാണ്. തൊഴില്‍ നഷ്ടമാവുന്ന മില്‍ തൊഴിലാളിയുടെ വേഷത്തിലാണ് ഗോപി 'സ്വയംവര'ത്തില്‍ സാന്നിദ്ധ്യം തെളിയിക്കുന്നത്. പില്‍ക്കാലത്ത് അടൂര്‍ ചിത്രങ്ങളില്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും സജീവമായ കെ.പി.എ.സി.ലളിത, അടൂര്‍ ഭവാനി തുടങ്ങിയവരെല്ലാം 'സ്വയംവര'ത്തില്‍ നിര്‍ണായകകഥാപാത്രങ്ങളായി. തിക്കുറിശ്ശിയായിരുന്നു പാരലല്‍ കോളജ് പ്രിന്‍സിപ്പല്‍. എഴുത്തുകാരനായി ഭാഗ്യം പരീക്ഷിക്കാന്‍ സാഹിത്യപ്രസിദ്ധീകരണത്തില്‍ അവസരം തേടിയെത്തുന്ന വിശ്വത്തെ അഭിമുഖം ചെയ്യുന്നൊരു രംഗമായിരുന്നു 'സ്വയംവര'ത്തിന്റെ സവിശേഷതകളിലൊന്ന്്. സാഹിത്യകാരനും പത്രാധിപരുമായ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ തന്നെയാണ് ആ രംഗത്ത് പ്രത്യക്ഷപ്പെട്ടത് (സമാനമായൊരു അഭിമുഖരംഗം അടൂരിന്റെ 'പിന്നെയും' എന്ന ചിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടതും പരാമര്‍ശയോഗ്യമാണ്. ഏതൊക്കെയോ തലങ്ങളില്‍ വിശ്വത്തെപ്പോലെ തന്നെ അര്‍ഹതയുണ്ടായിട്ടും പരാജിതനായ നായകനാണ് പിന്നെയുമിലെ പുരുഷോത്തമന്‍ നായര്‍. അയാള്‍ ജോലി തേടിയെത്തുമ്പോള്‍ അയാളെ അഭിമുഖം ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണന്‍ അടങ്ങുന്ന സംഘമാണ്) ബി.കെ.നായര്‍, സോമശേഖരന്‍ നായര്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍, പി.കെ.വേണുക്കുട്ടന്‍ നായര്‍ തുടങ്ങിയവരും സ്വയംവരത്തിന്റെ താരനിരയുടെ ഭാഗമായി.
സാമൂഹികപ്രസക്തിയുള്ളൊരു പ്രമേയം ചലച്ചിത്രപരമായ സാങ്കേതികത്തികവിലൂടെ അവതരിപ്പിച്ചു എന്നതിലാണ് 'സ്വയംവരം' മികച്ച സിനിമയാവുന്നത്. ദൃശ്യസമീപനത്തിലും ശബ്ദരേഖയിലും തിരപ്രതീകങ്ങളിലും ഇതിവൃത്താഖ്യാനത്തിലുമെല്ലാം 'സ്വയംവരം' മുമ്പേ പറന്ന പക്ഷിയായി. കാലത്തിനും വളരെ മുമ്പേ സാക്ഷാത്കരിക്കപ്പെട്ട ലക്ഷണമൊത്ത ദൃശ്യരചനയായി. ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേയുടെ 'പാഥേര്‍ പാഞ്ജലി'ക്കു മുമ്പും പിന്‍പും എന്ന മട്ടില്‍ ഒരു കാലഗണനയുണ്ടായതുപോലെതന്നെയാണ് മലയാള സിനിമയില്‍ 'സ്വയംവരം' അന്നോളമുള്ള ചലച്ചിത്രസമീപനങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റിക്കൊണ്ട് നിലവാരസൂചികയെന്ന നിലയ്ക്ക് വഴിക്കല്ലായത്. സാര്‍വകാലികമെന്നു മാത്രമല്ല സമകാലികം എന്നുപോലും വിശേഷിപ്പിക്കാവുന്നൊരു പ്രമേയമാണ് 'സ്വയംവര'ത്തിന്റേത്. അതിലുപരി ഒരു സാര്‍വദേശീയതയും അതിനുണ്ട്. അതുതന്നെയാണ് 'സ്വയംവര'ത്തിന്റെ സാംസ്‌കാരികപ്രസക്തിയും.
അവലംബം
1. അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയില്‍ ഒരു ജീവിതം, ഗൗതമന്‍ ഭാസ്‌കരന്‍, വിവ. എന്‍.പി. സജീഷ്,മാതൃഭൂമി ബുക്‌സ്, കോഴിക്കോട്,2011, പേജ് 120
2. അടൂരിന്റെ ചലച്ചിത്രയാത്രകള്‍, എം.എഫ്.തോമസ്, സൈന്‍ ബുക്‌സ് തിരുവനന്തപുരം, 2006, പേജ് 12
3. അധികാരാവിഷ്‌കാരം അടൂര്‍ സിനിമകളില്‍, ഡോ ദിവ്യ എസ് കേശവന്‍, ലിപി പബ്‌ളിക്കേഷന്‍സ് കോഴിക്കോട്, മാര്‍ച്ച് 2020, പേജ് 24
4. മലയാള സിനിമയുടെ കഥ, വിജയകൃഷ്ണന്‍, കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്‍സ 1987, പേജ് 154
5. കാഴ്ചയുടെ അശാന്തി, ഡോ.വി.രാജകൃഷ്ണന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,1987, പേജ് 100-101