Saturday, December 26, 2020

സിനിമയിലെ അടുക്കള കലാകൗമുദിയില്‍

 

പുതിയ കലാകൗമുദിയില്‍ എന്റെ മലയാള സിനിമയിലെ അടുക്കളയുടെ ഒരു അധ്യായം പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തിനു ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്ന്. നന്ദി ശ്രീ വി.ഡി.ശെല്‍വരാജ്‌




Friday, December 25, 2020

suvachan on malayala cinemayile adukkala

 

21 h 
എഴുത്തിലും, മാധ്യമ പ്രവർത്തനത്തിലും ജീവിതത്തിലും സത്യസന്ധതയും മാനവികതയും പുലർത്തുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ശ്രീ.ചന്ദ്രശേഖർ അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് മലയാള സിനിമയിലെ അടുക്കള
കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നവതി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച പ്രബന്ധത്തിൻ്റെ പുസ്തക രൂപമാണ് ഈ ഗ്രന്ഥം
ദുരൂഹതയും ദുർഗ്രഹതയുമില്ലാതെ ഒരു പഠന ഗ്രന്ഥം രചിക്കുക ബൃഹത്തായ ഉത്തരവാദിത്തമാണ്.ലളിതമായ ഭാഷയിൽ ഗഹനമായ ഉള്ളടക്കം സരളമായി പറഞ്ഞിരിക്കുന്നു
സിനിമാ വിദ്യാർത്ഥികൾക്കും ഗവേഷണകുതുകികൾക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്
സിനിമാസ്വാദകർക്ക് ഈ പുസ്തക പാരായണത്തിലൂടെ സംവേദനക്ഷമതയുടെ നിലവാരം ഉയർത്താം
പൂർവ്വസൂരികൾ അറിഞ്ഞോ അറിയാതെയോ സൃഷ്ടിച്ച കാഴ്ചയുടെ ശീലങ്ങൾ, ഭിന്ന രുചികൾ ഒക്കെ ഇരുട്ടിനെ കീറി മുറിക്കുന്ന വജ്ര സൂചി കണക്കെ ഇതിൽ പ്രഭ പരത്തുന്നു
പുതിയ കാലത്തിൻ്റെ സിനിമാ വായന പാരമ്പര്യത്തെ തകർത്തു കൊണ്ടല്ല, മറിച്ച് പാരമ്പര്യത്തിൽ നിന്നും നല്ലതെല്ലാം ചികഞ്ഞെടുത്ത് അതിൻ്റെ ഊർജ്ജം ഉൾക്കൊണ്ടു വേണം ഗവേഷണം നടത്തേണ്ടതെന്ന് ശ്രീ.ചന്ദ്രശേഖർ തെളിയിച്ചിരിക്കുന്നു സാധാരണ ഗവേഷണ ഗ്രന്ഥങ്ങൾക്ക് ഉള്ള പ്രത്യയശാസ്ത്ര ഭാരം ഈ അടുക്കളയിൽ അധികമില്ല എന്നതും സന്തോഷ പ്രദം തന്നെ
പ്രിയപ്പെട്ട എഴുത്തുകാരന് അഭിനന്ദനങ്ങൾ

Saturday, December 12, 2020

Saju Chelangad writes about Malayala Cinemayile Adukkala book

 

നിരാലംബതയുടെ ഇടമാണ് അടുക്കളയെന്ന കാഴ്ചപ്പാടിൻ്റെ ഭദ്രമായഇടമാണ് മലയാളി മനസ്.കുടുംബത്തിനെ പോറ്റുന്ന ഭക്ഷണ നിർമിതി മാത്രമാണവിടെ പ്രഥമദൃഷ്ട്യാനടക്കുന്നത്. അവിടെ പണിയെടുക്കുന്നവർ കേവലംനിരാലംബർ മാത്രമാണെന്ന കാഴ്ചപ്പാടാണ് നമുക്ക്. എന്നാൽ അവിടുത്തെ പുകച്ചുരുളുകളിൽ ജീവിത കഥകളിൽ വഴിത്തിരിവുകളുണ്ടാക്കാനുള്ള ശേഷി ഒളിഞ്ഞു കിടപ്പുണ്ട്.തലയിണമന്ത്രത്തിനും കുശനി കുശുകുശുപ്പിനും ഒരേ ശക്തിയാണെന്ന അത്തരംസത്യങ്ങൾനമ്മൾ അറിഞ്ഞത് അക്കാര്യംസിനിമയിലൂടെ നമ്മളുമായി സംവദിക്കാൻ തുടങ്ങിയ ശേഷമാണ്.ആദ്യ ശബ്ദചിത്രം ബാലൻ മുതൽ ഇന്നോളമുണ്ടായിട്ടുള്ള മിക്ക സിനിമകളിലും അടുക്കള വർത്തമാനത്തിനും പാചക പ്രാഗത്ഭ്യത്തിനും പ്രത്യക്ഷമായോ പരോക്ഷമായോ നിർണായക സ്വാധീനമുണ്ട്. ദൗർഭാഗ്യവശാൽ ആ രണ്ട്പ്രാമാണികതകൾക്കുംഅർഹമായ വായനാ പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു. എഴുത്തിൻ്റെ പരിധിക്കുള്ളിൽ വരാതിരുന്നസിനിമയിലെ അടുക്കളകൾക്കുള്ള സ്ഥാനമഹിമയുടെ അടയാളപ്പെടുത്തൽ നീതിപൂർവം നിർവഹിച്ച് ആ പോരായ്മ പരിഹരിച്ചിരിക്കുകയാണ് എ.ചന്ദ്രശേഖർ തൻ്റെ പുസ്തകമായ"മലയാള സിനിമയിലെ അടുക്കള"യിൽ. സിനിമകളിലെഅടുക്കളയുടെ നാലതിരുകൾക്കുള്ളിലെ ഗതിവിഗതികൾ സൂക്ഷ്മ പഠനത്തിലൂടെ രേഖപ്പെടുത്തുന്ന ഗ്രന്ഥകാരൻ സ്ത്രീ മനസിലൂടെ അന്വേഷണാർത്ഥം സഞ്ചരിക്കുക കൂടി ചെയ്യുന്നുണ്ട്. ഒരു സിനിമാഗ്രന്ഥമാണിതെങ്കിലും മനശാസ്ത്രപഠനമെന്ന പ്രക്രിയ കൂടി ഗ്രന്ഥകാരൻ ഇതിൻ്റെ രചനാ വേളയിൽ നിർവഹിച്ചിട്ടുണ്ടെന്ന വസ്തുത പറയാതിരിക്കാൻ കഴിയില്ല. സിനിമയിൽ നേരത്തെ തന്നെഅടയാളപ്പെടുത്തേണ്ടിയിരുന്ന കരിപുരണ്ടഭിത്തികളുടെവൈകിയുള്ള വെള്ളതേച്ചുകാട്ടലാണ് ഈ പുസ്തകത്തിലെ ഓരോ വരിയും.

Friday, December 11, 2020

Mohanlal about Malayala Cinemayile Adukkala

 

Mohanlal

 

2h 
പ്രിയ സുഹൃത്ത് ശ്രി. എ. ചന്ദ്രശേഖറിന്റെ മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകം പേരു കേട്ടപ്പോൾ തന്നെ കൗതുകപൂർവ്വം വായിച്ചു. എത്ര മൗലികമായ നിരീക്ഷണങ്ങളാണതിൽ !
ഞാൻ അഭിനയിച്ച ബോയിങ് ബോയിങ് ലെ പാചക രംഗത്തെപറ്റിവരെ അധികമാരും ആലോചിച്ചിട്ടില്ലാത്ത വിധം എഴുതിയിരിക്കുന്നു . എന്നെപ്പറ്റി രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുള്ള ചന്ദ്രശേഖറിന്റെ ഏറ്റവും ശ്രദ്ദേയമായ ഒരു പുസ്തകം എന്ന നിലയ്ക്ക് ഞാനിതിനെ സിനിമയെ സ്നേഹിക്കുന്ന വായനക്കാർക്കു മുന്നിൽ സസന്തോഷം അവതരിപ്പിക്കുന്നു.

Monday, November 30, 2020

Malayala Cinemayile Adukkala Book Release news @ Malayalam Media








 https://www.manoramaonline.com/.../malayala-cinemayile...


ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് ഗ്രന്ഥം ‘മലയാള സിനിമയിലെ അടുക്കള’ പ്രകാശനം ചെയ്തു

 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എ.ചന്ദ്രശേഖറിന്‍െറ ‘മലയാള സിനിമയിലെ അടുക്കള’ എന്ന പുസ്തകം സംവിധായകന്‍ മോഹന്‍ നടി ശ്രീലക്ഷ്മിക്ക് നല്‍കി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി നവതി ഫെലോഷിപ്പിന്‍െറ ഭാഗമായി സമര്‍പ്പിച്ച പ്രബന്ധത്തിന്‍െറ പുസ്തകരൂപമാണിത്. 

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഈ ഭരണസമിതി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് പദ്ധതിയില്‍ ആദ്യത്തേതായിരുന്നു 2018ലെ നവതി ഫെലോഷിപ്പ്. ഈ വര്‍ഷം 26 പേര്‍ക്ക് ഫെലോഷിപ്പും 14 പേര്‍ക്ക് റിസര്‍ച്ച് ഗ്രാന്‍റും അനുവദിച്ചുകൊണ്ട് മലയാള ചലച്ചിത്ര ചരിത്രത്തിന്‍െറ ക്രോഡീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന്‍െറ പാതയിലാണ് അക്കാദമി എന്ന് ചെയര്‍മാന്‍ കമല്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

ശ്രീലക്ഷ്മി, ഡോ.എസ് പ്രീയ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് എ.ചന്ദ്രശേഖര്‍ മറുപടിപ്രസംഗം നടത്തി. അക്കാദമി സെക്രട്ടറി സി.അജോയ് സ്വാഗതവും ട്രഷറര്‍ സന്തോഷ് ജേക്കബ് കെ നന്ദിയും പറഞ്ഞു. നവതി ഫെലോഷിപ്പിന്‍െറ ഭാഗമായി സമര്‍പ്പിക്കപ്പെട്ട പുസ്തകങ്ങള്‍ ചലച്ചിത്രപഠന പരമ്പര എന്ന സീരിസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുമെന്നും അവ മുന്‍നിര പുസ്തകശാലകളിലുള്‍പ്പെടെ ലഭ്യമാക്കുമെന്നും സെക്രട്ടറി അറിയിച്ചു. 380 രൂപ മുഖവിലയുള്ള ‘മലയാള സിനിമയിലെ അടുക്കള’ ചലച്ചിത്ര അക്കാദമി ഓഫീസിലും ആമസോണ്‍ എന്ന ഓണ്‍ലൈന്‍ വിപണിയിലും ലഭ്യമാണ്.











Monday, November 09, 2020

Saturday, October 17, 2020

ശ്യാമയാനം: സംവിധായകനെപ്പറ്റി ആഴത്തിലുള്ള പഠനം



പി പി മാത്യു 

ചലച്ചിത്ര പഠന ഗ്രന്ഥങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയും മൂന്നു പതിറ്റാണ്ടെത്തുന്ന മാധ്യമ പ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കയും ചെയ്തിട്ടുള്ള എ. ചന്ദ്രശേഖര്‍ മലയാള സിനിമയ്ക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സംവിധായകന്‍ ശ്യാമപ്രസാദിന്റെ ചിത്രങ്ങള്‍ വിശകലനം ചെയ്തു എഴുതിയ 'ശ്യാമയാനം'  വായിച്ചു തുടങ്ങിയത് ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെയാണ്. വര്‍ഷങ്ങളായി ചന്ദ്രശേഖര്‍ എഴുതുന്ന ലേഖനങ്ങള്‍ സിനിമയോട് അഭിനിവേശം കൊണ്ടു വായിക്കാറുള്ള പ്രതീക്ഷയോടെയാണ് പുസ്തകം കൈയില്‍ എടുത്തത്. നിരാശപ്പെട്ടില്ല; എന്ന് മാത്രമല്ല, മലയാള ചലച്ചിത്ര സാഹിത്യത്തിന് മികച്ച സംഭാവന കൂടിയാണ് ഈ സൃഷ്ടി എന്നു പറഞ്ഞു വയ്ക്കുന്നു. 
ഒന്ന് രണ്ടു കാര്യങ്ങളാണ് പ്രത്യേകമായി ശ്രദ്ധിച്ചത്: ഒന്ന്, ഇതൊരു സ്തുതിഗീതമല്ല. ആഴത്തില്‍ പഠിച്ചു എഴുതിയ പുസ്തകത്തില്‍ വിമര്‍ശനവും വിയോജിപ്പും ഒക്കെയുണ്ട്. രണ്ട്, ശ്യാമപ്രസാദ് എന്ന വ്യക്തിയോടുള്ള ചില ഭിന്നതകള്‍ ചന്ദ്രശേഖര്‍ തുറന്നു തന്നെ എഴുതുന്നു. മൂന്നര പതിറ്റാണ്ടിലെ പരിചയം അതിനു തടസമായില്ല. അവിടെയാണ് എഴുത്തിനു പിന്നിലെ പ്രചോദനം സിനിമയോടുള്ള തീരാത്ത ഇഷ്ടവും അതിനെ അക്കാദമിക്ക് ആയി സമീപിക്കുന്നതിനുള്ള സമര്‍പ്പണവുമാണെന്നു നമ്മള്‍ തിരിച്ചറിയുന്നത്.  
വാണിജ്യ സിനിമയുടെ സ്ഥിരം ട്രാക്കില്‍ നിന്നു മാറി നിന്നു നല്ലതെന്നു വിമര്‍ശകര്‍ക്കും വിശേഷിപ്പിക്കാവുന്ന ചിത്രങ്ങള്‍ എടുത്ത സംവിധായകന്റെ സിനിമയോടുളള സമീപനം, കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിലുള്ള ന്യായങ്ങള്‍, അഭിനേതാക്കളുടെ നിര്‍ണയത്തിലുള്ള കാഴ്ചപ്പാടുകള്‍, സംഗീതത്തിന്റെ മികവും പോരായ്മയും എന്നിങ്ങനെ നിരവധി മേഖലകള്‍ ചന്ദ്രശേഖര്‍ വിശദമായി വിലയിരുത്തുന്നുണ്ട്. 
'ആത്മ മന്ത്രണങ്ങളുടെ കാഴ്ച്ചപ്പൊരുളുകള്‍' എന്ന ആദ്യ അധ്യായം തുടങ്ങുന്നത് ഇങ്ങിനെ: 'സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘട്ടനമാണ് എക്കാലത്തും ഏതു സംസ്‌കാരത്തിലും, മികച്ച സര്‍ഗ്ഗസൃഷ്ടിക്കു വിഷയമായിട്ടുള്ളത്.... എന്നാല്‍ ക്യാമറയുടെ കാചത്തെ കഥാപാത്രങ്ങളുടെ ആത്മാവിലേക്കു തിരിഞ്ഞു നോക്കാനുള്ള ഉല്‍ക്കണ്ണായി ഉപയോഗിക്കാനിഷ്ടപ്പെടുന്ന ഒരു ചലച്ചിത്രകാരന്റെ നയപ്രഖ്യാപനങ്ങളാണ് ശ്യാമപ്രസാദിന്റെ സിനിമകള്‍.'
കഥാപാത്രങ്ങളുടെ ഉള്ളിലെ ആത്മസംഘര്‍ഷങ്ങള്‍ ആയിരുന്നു ശ്യാമിന് എന്നും ഇഷ്ടപ്പെട്ട വിഷയം എന്ന നിരീക്ഷണം എത്ര ശരിയാണ്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങള്‍ പോലും വെറുപ്പു വിളിച്ചു വരുത്തുന്നില്ല എങ്കില്‍, അതിനു കാരണം ആ  സ്വഭാവത്തിന്റെ ന്യായം ശ്യാം സ്ഥാപിക്കുന്നുണ്ട് എന്നതാണ്. 'അതു കൊണ്ടാണ് അഗ്‌നിസാക്ഷിയിലെ ദേവകിയോടുള്ള (ശോഭന) അതേ ഇഷ്ടം/അനുതാപം/ താദാത്മ്യം നമുക്ക് ഭര്‍ത്താവായ ഉണ്ണി നമ്പൂതിരിയോടും (രജത് കപൂര്‍) തോന്നുന്നത്,' ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു. 'അകലെ'യിലെ റോസിയെ കൈയൊഴിയുന്ന ഫ്രഡിയോടു നമുക്കു വിദ്വേഷമോ വെറുപ്പോ തോന്നാത്തതും ആ പാത്രാവിഷ്‌കരണത്തിലെ മികവ് കൊണ്ടാണ്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നീലിന്റെ ന്യായങ്ങളും നമുക്കു മനസിലാകുന്നു. 'ഒരേ കടലിലെ നാഥന്റെ (മമ്മൂട്ടി) സദാചാര വിരുദ്ധമെന്നു വ്യാഖ്യാനിക്കാവുന്ന കാമനകളില്‍ അയാളെ ഒറ്റപ്പെടുത്താന്‍ ആവാത്തതും മറ്റൊന്നും കൊണ്ടല്ല' എന്ന് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അംഗീകരിക്കാതെ വയ്യ.ആഴത്തിലുള്ള നിരീക്ഷണമാണ് ഈ പുസ്തകത്തെ ചടങ്ങു നിര്‍വഹിക്കുന്ന എഴുത്തുകളില്‍ നിന്ന് ഉയര്‍ത്തി നിര്‍ത്തുന്നത്. 
'ഋതു' എന്ന ചിത്രത്തെ മലയാളത്തില്‍ ഒരു ഭാവുകത്വ പരിണതിക്കു തുടക്കമിട്ട സിനിമയായിട്ടാണ് ചന്ദ്രശേഖര്‍ കാണുന്നത്. വളരെ വ്യത്യസ്തമായ ക്യാന്‍വാസില്‍ ശ്യാം കഥ പറയുന്നു. സിനിമയുടെ മാറുന്ന പ്രവണതകള്‍ ശ്യാം എങ്ങിനെ ഉള്‍ക്കൊണ്ടു എന്നു മനസിലാക്കാന്‍ കഴിയുന്ന ഈ പടത്തിലും ആത്മസംഘട്ടനങ്ങളുടെ ഋതുഭേദങ്ങളിലാണ് ശ്യാമിന്റെ ഫോക്കസ് എന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. അപ്പോള്‍ ആഖ്യാന ശൈലിയോ സാങ്കേതിക രീതികളോ എത്ര മാറിയാലും ശ്യാമിന്റെ പ്രിയ വിഷയം ഒന്ന് തന്നെ.'പരാജിതരുടെ സുവിശേഷമാണ് ഋതു,' ഗ്രന്ഥകാരന്‍ പറയുന്നു. കവര്‍ന്നെടുക്കപ്പെട്ട സ്വപ്നങ്ങളുടെ ഭൂതാവശിഷ്ടരാണ് ആദ്യ ചിത്രമായ 'കല്ല് കൊണ്ടൊരു പെണ്ണ്' മുതല്‍'ഒരു ഞായറാഴ്ച' വരെയുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ നായികാ നായകന്മാര്‍. 
'കല്ലു കൊണ്ടൊരു പെണ്ണ്' മുതല്‍ നമ്മള്‍ കണ്ട ശ്യാമിന്റെ നായികമാര്‍ക്ക് വ്യത്യസ്തതയുള്ളത് അവര്‍ക്കു സ്വന്തമായ വ്യക്തിത്വം ഉള്ളതിനാലാണ്. കണ്ണീര്‍കഥകള്‍ മാത്രം പറയുന്ന നായികമാര്‍ ആയിരുന്നു കാപട്യം അടിത്തറയാക്കിയ നമ്മുടെ സമൂഹത്തിനു പ്രിയം. അതില്‍ നിന്ന് വേറിട്ട്, സമൂഹത്തിന്റെ കപട സദാചാരത്തിനു നിന്നു  കൊടുക്കാത്ത വ്യക്തിത്വമുള്ള നായികമാരെ ശ്യാം കൊണ്ട് വന്നു. 'ദാമ്പത്യം എന്ന തീര്‍ത്തും ദുര്‍ബലമായ സാമൂഹ്യ വ്യവസ്ഥയുടെ രാഷ്ട്രീയമാണ് ശ്യാം ഇഷ്ട വിഷയമായി പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ളത്' എന്ന് ചന്ദ്രശേഖര്‍ പറയുന്നു. ഒരേ കടല്‍, ആര്‍ട്ടിസ്റ്റ്, ഒരു ഞായറാഴ്ച എന്നിങ്ങനെ ഉദാഹരണങ്ങള്‍. അവിടെയെല്ലാം പക്ഷെ വ്യക്തിത്വമുള്ള നായികമാരെ നമ്മള്‍ കാണുന്നു. ഒരേ കടലിലെ നായിക പരപുരുഷനു വഴങ്ങുന്നത് അവളുടെ ജീവിതത്തിന്റെ  മരവിപ്പില്‍ നിന്നുള്ള മോചനം തേടുമ്പോഴാണ്. അവള്‍ സദാചാര സീമകള്‍ ലംഘിച്ചില്ല എന്ന ന്യായമൊന്നും ഉന്നയിക്കുന്നുമില്ല. 
കഥാപാത്രത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ച തന്നെയാണ് കഥ പറയുന്നതില്‍ സംവിധായകന് മികച്ച പിന്ബലമാവുക. 'ആത്മാവിലേക്കു തുറക്കുന്ന ചിത്രീകരണ ശൈലിയും ക്യാമറക്കോണുകളും മറ്റുമാണ് ശ്യാമപ്രസാദ് ചിത്രങ്ങളുടെ മറ്റൊരു മുഖമുദ്ര' എന്ന് ചന്ദ്രശേഖര്‍ എടുത്തു പറയുന്നു. 
എന്നാല്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നവരല്ല ശ്യാമിന്റെ കഥാപാത്രങ്ങള്‍. മിക്കപ്പോഴും അവര്‍ മന്ത്രിക്കയാണ്. 'ഒരല്‍പം ദാര്‍ശനികമായി, അര്‍ഥങ്ങളുടെ ഒട്ടേറെ അടരുകള്‍ തന്നെ നിറച്ചു വച്ച് കൊണ്ടുള്ള സംഭാഷണമാണ് ശ്യാമപ്രസാദ് കഥാപാത്രങ്ങള്‍ ഓരോരുത്തരും ഉരുവിടുക. ഇക്കാര്യത്തില്‍ സത്യജിത് റേ  സിനിമകളോടാണ് ശ്യാമപ്രസാദ് സിനിമകള്‍ക്കു ചാര്‍ച്ചക്കൂടുതല്‍ എന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല,' ചന്ദ്രശേഖര്‍ എഴുതുന്നു. 
അഭിനേതാക്കളുടെ സംവിധായകന്‍ എന്ന അധ്യായത്തില്‍ കടന്നപ്പോള്‍ തന്നെ എനിക്കു ആദ്യം ഓര്‍മ വന്നത് രജത് കപൂറിനെ ആണ്. താരമൂല്യമുള്ള നടീനടന്മാരെ വച്ച് പടമെടുക്കാറുള്ള ശ്യാം കപൂറിനെ 'അഗ്‌നിസാക്ഷി' യില്‍ കൊണ്ടു വന്നത് അന്നൊരു വിസ്മയം തന്നെ ആയിരുന്നു. അതിന്റെ യുക്തി ചന്ദ്രശേഖര്‍ വിശകലനം ചെയ്യുന്നുണ്ട്. 'രജത് കപൂറിന്റെ അടിമുടി നമ്പൂരിത്തം ആവേശിച്ച പകര്‍ന്നാട്ടവും അതിനു നടനും നാടക പ്രവര്‍ത്തകനുമായ മുരളി മേനോന്‍ നല്‍കിയ സംഭാഷണവും ചേര്‍ന്നു സൃഷ്ടിച്ച തിരരസതന്ത്രം അനന്യമാണ്, അന്യാദൃശമാണ്. അത് കൊണ്ട് തന്നെയാണ് അഗ്‌നിസാക്ഷിയിലെ ഉണ്ണി നമ്പൂതിരിയിലൂടെ രജത് കപൂറിനെ തേടി മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം എത്തിച്ചേര്‍ന്നത് എന്നതാണ് വാസ്തവം.'
അതേപോലെ 'മലയാള സിനിമ ഉള്ള കാലത്തോളം ഓര്‍മിക്കപ്പെടുന്ന' കഥാപാത്രവും മികച്ച അഭിനയവും നമ്മള്‍ ആര്‍ട്ടിസ്റ്റില്‍ കണ്ടു - ആന്‍ അഗസ്റ്റിന്‍. നിറസൗന്ദര്യമുള്ള നടിയെ അല്പം മങ്ങലോടെ അവതരിപ്പിച്ചത് ഗായത്രി എന്ന കഥാപാത്രത്തിന്റെ ആവശ്യമായിരുന്നു. പക്ഷെ അവരുടെ ഏറ്റവും മികച്ച വേഷമായി അത്. 
മമ്മൂട്ടി വരെയുള്ള ഉന്നത നടന്മാരെ ശ്യാം ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അവരെല്ലാം വ്യത്യസ്തര്‍ ആയിരുന്നു. കഥാപാത്രത്തിന് അനുസൃതമായി നടനെ ഉപയോഗിക്കുന്നത് സംവിധായകന്റെ മികവാണ്. അത്തരം ചിത്രങ്ങളോട് പല നടീനടന്മാര്‍ക്കും ആവേശവുമാണ്. 
'കല്ലു കൊണ്ടൊരു പെണ്ണ്' എന്ന എസ് എല്‍ പുരത്തിന്റെ നാടകം സിനിമയാക്കി അരങ്ങേറുമ്പോള്‍ വിജയശാന്തിയെ നായികയാക്കിയതിലും ശ്യാം മികവ് കട്ടി. തെലുങ്കു സിനിമകളില്‍ അടി പിടി വേഷം വരെ ചെയ്തിട്ടുള്ള നടിയുടെ കഴിവുകള്‍ മുഴുവന്‍ പിഴിഞ്ഞെടുത്ത കഥാപാത്രം ആയിരുന്നു സീത. 
അഭിനേതാവിന്റെ സംവിധായകന്‍ എന്നു നിസംശയം തെളിയിച്ച ശ്യാം ഒരു പറ്റം പുതുമുഖങ്ങളെ വച്ച് ചെയ്ത 'ഋതു' ആവട്ടെ, അവരില്‍ മിക്കവരെയും താരങ്ങളാക്കി. ആസിഫ് അലി, റീമ കല്ലിങ്ങല്‍, സിദ്ധാര്‍ഥ് ശിവ, വിനയ് ഫോര്‍ട്ട് എന്നിങ്ങനെ ഇന്ന് മുഖ്യധാരാ സിനിമയില്‍ പ്രശസ്തരായവര്‍ ആ ചിത്രത്തിലൂടെ വന്നവരാണ്.'പില്‍ക്കാലത്തു കഴിവ് തെളിയിച്ച എത്രയോ പുതുമുഖങ്ങളെ, അഭിനേതാക്കളായും സംഗീത സംവിധായകരായും ഗായകനായും ഛായാഗ്രാഹകരായും തിരക്കഥാകൃത്തുക്കളായുമെല്ലാം അവതരിപ്പിച്ചിരി ക്കുന്നു ശ്യാം.'
തിരക്കഥകള്‍ സ്വയം എഴുതണം എന്ന് ശ്യാമിനു നിര്‍ബന്ധം ഉണ്ടായിരുന്നില്ല. അതിനു കാരണം വൈവിധ്യത്തിനു വേണ്ടിയുള്ള അന്വേഷണമാവാം. 'നവഭാവുകത്വത്തിന്റെ എഴുത്തുവഴികള്‍' എന്ന അധ്യായത്തില്‍ ചന്ദ്രശേഖര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. അതിനൊത്ത എഴുത്തുകാരെ കണ്ടെടുക്കുന്നതിലാണ് ശ്യാം വിജയം കണ്ടത്.
സംഗീതം പലപ്പോഴും അവാച്യമായ അനുഭൂതിയാക്കിയിട്ടുണ്ട് ശ്യാം ചിത്രങ്ങളില്‍. 'ഒരേ കടല്‍' ഓര്‍മിക്കുന്നു പ്രത്യേകം. മറ്റൊന്ന് 'അകലെ.' സംഗീതം വേണ്ട വിധം ഉപയോഗിക്കാന്‍ കഴിയാതെ പോയ ചിത്രങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട് ചന്ദ്രശേഖര്‍. ശ്യാമിനൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സഹപാഠികൂടിയായ നടനും സംവിധായകനുമായ രഞ്ജിത്തിന്റേതാണ് അവതാരിക.ശ്യാമിന്റെ ചലച്ചിത്ര കാഴ്ചപ്പാടുകള്‍ നേരിട്ടു കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കൂടി ഒരുക്കിയിട്ടുണ്ട് ഗ്രന്ഥകാരന്‍. 

മലയാളമനോരമയില്‍ സിനിമാപേജ് എഡിറ്ററും ഗള്‍ഫ് ടുഡേയില്‍ വേള്‍ഡ് എഡിറ്ററുമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമാണ് ലേഖകന്‍ ഫോണ്‍  98470 21845