Monday, September 28, 2020

journalism strokes-the politics of interviewing

 അഭിമുഖത്തിന്റെ രാഷ്ട്രീയം

ഞാനൊക്കെ പത്രപ്രവര്ത്തനം തുടങ്ങിയ കാലത്ത് ടേപ്പ് റെക്കോര്ഡര് എന്നതു തന്നെ ഏറെ വിലപിടിപ്പുള്ള, ഉപരിവര്ഗത്തിനു മാത്രം സ്വന്തമാക്കാന് കെല്പ്പുള്ള ഉപകരണമായിരുന്നു. മൈക്രോ കസെറ്റ് റെക്കോര്ഡറോ മിനി കസെറ്റ് റെക്കോര്ഡറോ ഒക്കെ അതിലും അപൂര്വമായി മാത്രം ആളുകളുടെ കൈവശമുണ്ടായിരുന്ന സാങ്കേതികോപകരണങ്ങളും. ആകാശവാണിക്കു വേണ്ടി പ്രഭാതഭേരിയുടെ റിപ്പോര്ട്ടറായപ്പോള് ശ്രീ ഉണ്ണികൃഷ്ണന് ഉണ്ണിത്താന് തന്നുവിട്ടപ്പോള് മാത്രമാണ് അത്തരം യന്ത്രങ്ങള് കൈകാര്യം ചെയ്തിട്ടുള്ളത്. മുപ്പതില്പ്പരം വര്ഷങ്ങള്ക്കിടയില് അഭിമുഖം ചെയ്ത ഒരാളും തങ്ങള് പറയാത്തത് എഴുതി എന്നോ പറയാത്ത വിധത്തില് എഴുതി എന്നോ ആരോപിച്ച് എനിക്കെതിരേ രംഗത്തുവന്നിട്ടില്ല. അവരില് ബഹുഭൂരിപക്ഷവുമായി സംസാരിച്ചിട്ടുള്ളത് ഒരു സ്വനലേഖനയന്ത്രത്തിലും റെക്കോര്ഡ് ചെയ്‌തെടുത്തിട്ടുമില്ല. കോടതിയില് പോലും തെളിവായി സ്വീകരിക്കുന്ന പത്രപ്രവര്ത്തകന്റെ സ്‌ക്രിബ്‌ളിങ് പാഡില് അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു. അതില് കുത്തിക്കുറിച്ച വസ്തുതളൊന്നും നാളിതുവരെ വഞ്ചിച്ചിട്ടുമില്ല.
അടൂര് ഗോപാലകൃഷ്ണന് സാര് എപ്പോഴും പറയാറുണ്ട് പഴയൊരു ബിബിസി അഭിമുഖത്തിന്റെ കാര്യം. കഴിവതും തന്നെ അഭിമുഖം ചെയ്യാനെത്തുന്ന മാധ്യമപ്രവര്ത്തകരോട് അഭിമുഖം ടേപ്പ് ചെയ്യണമെന്ന് അദ്ദേഹം നിഷ്‌കര്ഷിക്കാറുമുണ്ട്.
ഒരാള് സംസാരിക്കുമ്പോള് അയാളുടെ വാക്കുകള് മാത്രമല്ല, അയാളുടെ പ്രയോഗങ്ങളും അതിന്റെ ടോണും വരെ ആശയവിനിമയത്തില് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗംഭീരമായിരിക്കുന്നു എന്ന വാക്കു തന്നെ പല ടോണില് പലതരത്തില് പറയാം. അസല്ലായിരിക്കുന്നു എന്നും തീരേ മോശമായിരിക്കുന്നു എന്നും അതുവഴി ധ്വനിപ്പിക്കുകയുമാവാം. ഭീകരം എന്ന വാക്കു തന്നെ അതിന്റെ നിഘണ്ടു അര്ത്ഥത്തില് നിന്നു മാറി അസ്സല് എന്ന നിലയ്ക്കുപയോഗിക്കുന്നത് സര്വസാധാരണമാണല്ലോ. ഇത്തരത്തില് തങ്ങളുദ്ദേശിക്കുന്ന അര്ത്ഥത്തില് വാക്കുകളും പ്രയോഗങ്ങളും വരാത്തപ്പോഴോ, തങ്ങളുപയോഗിക്കാത്ത വാക്കുകളും പ്രയോഗങ്ങളും വരുമ്പോഴോ ആണ് അടൂര്സാറിനെപ്പോലുള്ളവര് അവ ആലേഖനം ചെയ്യണമെന്ന് നിഷ്‌കര്ഷിച്ചു തുടങ്ങിയത്.
എന്റെ നാളിതുവരെയുള്ള മാധ്യമജീവിതത്തില് രണ്ടു നേരനുഭവങ്ങളാണുള്ളത്. ഒന്ന് ടിവിന്യൂസിലായിരിക്കെയാണ്. വാര്ത്താറിപ്പോര്ട്ടറോട് മുന്പിന് നോക്കാതെ ചില നേതാക്കള് വിവാദമായേക്കാവുന്ന ചില പ്രതികരണങ്ങള് ആവേശത്തില് വച്ചു കാച്ചും. ഇതുകൊടുക്കാമല്ലോ എന്നു ചോദിച്ചാല് പിന്നെന്ത് എന്നാവും മറുപടി. പക്ഷേ അവ എയര് ചെയ്തു വന്ന നിമിഷം മുതല് ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെത്തുടര്ന്ന് പിന്നെ വിളിയോട് വിളിയായിരിക്കും.അത് ഞാന് അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത് അതൊഴിവാക്കണം, ഞാന് ഉദ്ദേശിക്കാത്ത അര്ത്ഥം വരുംവിധം നിങ്ങള് ഒരു വാചകം മാത്രം അടര്ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ്. റെക്കോര്ഡ് ചെയ്ത മുഴുവന് ടേപ്പും കൈവശമുണ്ടെന്നു പറയുമ്പോള് മറുതലയ്ക്കല് സ്വരം മാറുകയും ക്ഷമാപണത്തോടെ അതൊന്ന് ഒഴിവാക്കിത്തരണം അബദ്ധം പറഞ്ഞതാണ് അതൊന്നു പിന്വലിച്ചു സഹായിക്കണം എന്ന മട്ടിലാവും അപേക്ഷ.
രണ്ടാമതൊരനുഭവം മാധ്യമപ്രവര്ത്തകന് കൂടിയായിരുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായ രഞ്ജി പണിക്കരില് നിന്നാണ്. രഞ്ജിയുടെ തിരക്കഥാജീവിതത്തിന്റെ 25-ാം വാര്ഷികം കേരളമറിഞ്ഞത് ഞാന് എഡിറ്റ് ചെയ്ത കന്യകയില് വന്ന അദ്ദേഹത്തിന്റെ അഭിമുഖത്തിലൂടെയാണ്. അതു ചെയ്ത ലേഖിക അതെഴുതിയത് ഫസ്റ്റ് പേഴ്‌സണിലാണ്. രഞ്ജി തന്റെ കഥ പറയുന്നു എന്ന രീതിയില്. മലയാളത്തില് സുരേഷ് ഗോപി എന്ന സൂപ്പര് സ്റ്റാറിനെയടക്കം സൃഷ്ടിച്ച രഞ്ജി-ഷാജികൈലാസ് സഖ്യത്തിന്റെ നേട്ടങ്ങളെ അല്പമൊരു അവകാശവാദത്തിന്റെ സ്വരത്തിലാണ് എഴുതിയിരുന്നത്. മാധ്യമപ്രവര്ത്തകനായതുകൊണ്ടാവും പ്രസിദ്ധീകരിക്കും മുമ്പ് മാറ്ററൊന്ന് കാണാനാവുമോ എന്ന് അദ്ദേഹം ലേഖികയോടു ചോദിക്കുകയും എന്റെ സമ്മതത്തോടെ അതയച്ചുകൊടുക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ആശങ്കയോടെ ലേഖിക വിളിച്ചു. "സാര് ആ മാറ്റര് കൊടുത്താല് രഞ്ജി സാര് തള്ളിപ്പറയുമെന്നാ പറയുന്നത്. സാറൊന്നു വിളിക്കണം."കമ്പോടു കമ്പ് ഞാന് വായിച്ച മാറ്ററാണ്. അതില് പ്രസിദ്ധീകരിക്കാന് പാടില്ലാത്തതായി ഒരു വരി പോലും ഞാന് കണ്ടതുമില്ല. എന്നിട്ടും ഞാന് രഞ്ജിയെ വിളിച്ചു. ഫോണില് കേട്ട രഞ്ജിയുടെ സ്വരം പക്ഷേ ലേഖിക പറഞ്ഞപോലെയേ ആയിരുന്നില്ല. '' അതേ ചന്ദ്രശേഖര് ഞാന് സിനിമയില് യാതൊരു അവകാശവാദങ്ങളും ഉന്നയിക്കുന്ന ആളല്ല. ആ സ്വരത്തില് സംസാരിക്കാനുമെനിക്കാവില്ല. ഇതച്ചടിച്ചു വന്നാല് മലയാള സിനിമയില് പലതും ചെയ്തത് ഞാനാണെന്ന അഹങ്കാരമാണ് വായിക്കുന്നവര്ക്കു തോന്നുക. അത് എന്റെ സംസാരത്തിന്റെ ഇഡിയം അല്ല. അതൊന്നു മാറ്റണം. ഞാന് ചില തിരക്കഥകളെഴുതി ഭാഗ്യം കൊണ്ട് അവ ഹിറ്റായെന്നല്ലാതെ മറ്റൊരവകാശവാദങ്ങളുമില്ലാത്ത ആളാണ് ഞാന്. അതുകൊണ്ടാണ്." ഇതായിരുന്നു രഞ്ജിയുടെ നിലപാട്. ആ നിലപാടിലെ ആര്ജ്ജവം എനിക്കു പെട്ടെന്നു തന്നെ തിരിച്ചറിയാനായി. ലേഖികയോട് ഓഫീസ് സമയം കഴിഞ്ഞും അവിടെത്തന്നെയിരുന്ന് തത്പുരുഷ സര്വനാമത്തില് തയാറാക്കിയ അഭിമുഖം ചോദ്യോത്തര രീതിയിലേക്കു മാറ്റി ടൈപ്പ് ചെയ്യാനും അനാവശ്യ അലങ്കാരങ്ങളും വച്ചുകെട്ടലുമൊഴിവാക്കാനും പറഞ്ഞു. അവരതനുസരിച്ച് മുക്കാല് മണിക്കൂര് കൊണ്ട് മാറ്റര് മാറ്റി രഞ്ജിക്കയയ്ക്കുകയും രഞ്ജിയത് സന്തോഷത്തോടെ സ്വീകരിക്കുകയും എനിക്ക് നന്ദി പറഞ്ഞ് മെസേജയയ്ക്കുകയും ചെയ്തു.
ജീവിതത്തില് ഞാന് ഒരാളുടെ അഭിമുഖം പൂര്ണരൂപത്തില് റെക്കോര്ഡ് ചെയ്യുന്നത് രണ്ടു വര്ഷം മുമ്പ് ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് കിട്ടിയ മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകരചനയുമായി ബന്ധപ്പെട്ട് കെ.എസ് സേതുമാധവന് സാറടക്കമുള്ള ഒട്ടേറെപ്പേരെ കണ്ട് സംസാരിക്കുമ്പോഴാണ്. അതാവട്ടെ പുസ്തകത്തില് അവരുടെ അഭിമുഖം കേള്ക്കാന് പാകത്തിന് ക്യൂ ആര് കോഡ് ചെയ്യാന് കൂടിവേണ്ടിയുമായിരുന്നു. പിന്നീട് മോഹന്ലാലിന്റെ അഭിനയജീവിതത്തിന്റെ 40-ാം വാര്ഷികത്തോടനുബന്ധിച്ച് അദ്ദേഹവുമായി വളരെ ദീര്ഘമായൊരു അഭിമുഖം മോഹനരാഗങ്ങള് എന്ന പേരില് പിന്നീട് പുസ്തകമാക്കാന് പാകത്തിന് തയാറാക്കിയപ്പോഴും അതു റെക്കോര്ഡ് ചെയ്തു. കാരണം അത്ര വളരെ ചോദ്യങ്ങള് അവയ്ക്ക് ലാലിന്റെ തന്നെ തനതു ശൈലിയിലുള്ള സംഭാഷണരീതി...ഇതൊക്കെ ഉള്ക്കൊള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെക്കോര്ഡ് ചെയ്യാമെന്നു വച്ചത്.
അഭിമുഖങ്ങള് റെക്കോര്ഡ് ചെയ്യുമ്പോള് പത്രപ്രവര്ത്തകനെന്ന നിലയ്ക്ക് അത് അക്ഷരത്തിലേക്കു മാറ്റുന്നത് ഇരട്ടി ബുദ്ധിമുട്ടാണെന്ന വിശ്വാസിയാണ് ഞാന്. കാരണം നമ്മുടെ ചോദ്യത്തിനു മറുപടിപറയുമ്പോള് റെക്കോര്ഡ് ചെയ്യുന്നുണ്ടല്ലോ എന്ന ധൈര്യത്തില് പലപ്പോഴും നാം അയാള് പറയുന്നതില് വേണ്ടത്ര ശ്രദ്ധിക്കാതെ പോയേക്കാം. അത് അനുബന്ധ ചോദ്യങ്ങള് ചോദിക്കുന്നതിന് തടസമായേക്കാം. യന്ത്രം പ്രവര്ത്തിക്കാതെ വന്നാല് പറഞ്ഞതിനൊന്നും രേഖയില്ലാതെയും പോകാം. അതുകൊണ്ടു തന്നെ റെക്കോര്ഡ് ചെയ്തപ്പോള് പോലും യന്ത്രം മാറ്റിവച്ച് പാഡില് പ്രധാന പോയിന്റുകള് നോട്ട് ചെയ്യുകയും പറയുന്നതില് ശ്രദ്ധിക്കുകയുമാണ് ഞാന് ചെയ്തിട്ടുള്ളത്. പറയുന്നത് ശ്രദ്ധിച്ചു കേള്ക്കുമ്പോള് മനസില് കയറുന്നത്ര ഒരു റെക്കോര്ഡറിനും ഒപ്പിയെടുക്കാനാവില്ലെന്നാണ് എന്റെ അനുഭവം. കാരണം പറയുന്നതില് വേണ്ടതു മാത്രമേ മനസില് പതിയൂ. ഓര്മ്മയില് നില്ക്കുന്നവ മാത്രമേ ഒരു എഡിറ്ററുടെ കാഴ്ചപ്പാടില് പ്രസിദ്ധീകരണയോഗ്യമാവുകയുമുള്ളൂ. വാരിവലിച്ചെഴുതാതെ മനസില് പതിഞ്ഞവ മാത്രമെഴുതിയാല് മതിയെന്നതാണ് ഗുണം. റെക്കോര്ഡ് ചെയ്തതാവട്ടെ മുഴുവനും വീണ്ടും കേട്ടാലെ എഴുതാനാവു.ഒരഭിമുഖം തന്നെ ഒന്നിലേറെ തവണ റിയല് ടൈം കേള്ക്കേണ്ടി വരുമെന്നു സാരം. കേട്ടു ശ്രദ്ധിച്ചും കുറിച്ചെടുത്തുമായാല് അര മണിക്കൂര് കൊണ്ട് എഴുതിത്തീര്ക്കാവുന്നത് റെക്കോര്ഡ് ചെയ്താല് മണിക്കൂറുകള് തന്നെ വേണ്ടിവരുമെന്നു സാരം.
അഭിമുഖവും സെലിബ്രിട്ടികളും
ഇത്രയുമൊക്കെ എഴുതിയത് ഒരു പ്രമുഖ വനിതാദ്വൈവാരികയില് കവര് സ്റ്റോറി ആയി അടിച്ചു വന്ന അഭിമുഖത്തെച്ചൊല്ലി രണ്ടു മുന്നിര യുവതാരങ്ങള് സമൂഹമാധ്യമങ്ങളില് തുടങ്ങി വച്ച വിവാദവും അതേത്തുടര്ന്ന് ലേഖികയ്ക്കു നേരിടേണ്ടിവന്ന സൈബറാക്രമണവാര്ത്തയും കണ്ടതുകൊണ്ടാണ്. ലേഖിക പറയുന്നത് തന്നെ ഭീഷണിപ്പെടുത്തിയ ഓഡിയോ ക്‌ളിപ്പ് കൈവശമുണ്ടെന്നാണ്. മാധ്യമപ്രവര്ത്തകന് എന്ന നിലയ്ക്ക് ഞാന് ആഗ്രഹിക്കുന്നത്, റെക്കോര്ഡ് ചെയ്ത അഭിമുഖത്തിന്റെ പൂര്ണമായ ഓഡിയോ എന്റെ കൈവശമുണ്ട് എന്ന് ലേഖിക പറയണമായിരുന്നു എന്നാണ്. "പോയ് വരുമ്പോഴെന്തു കൊണ്ടുവരും"എന്നു പാട്ടിലെ "ഴെന്ത്" എന്താണെന്ന മട്ടില് (വരുമ്പോള്+എന്ത് ചേര്ന്നാല് ളെന്ത് എന്നാണോ ഴെന്ത് എന്നാണോ വരിക) ഞങ്ങള് പറഞ്ഞത് "ഒന്നും ഒന്നും മൂന്ന്" എന്നാണ് അത് ഒന്നും ഒന്നും 3" എന്നെഴുതിയത് ശരിയായില്ല എന്ന മട്ടിലുള്ള വിശദീകരണമായിരുന്നു താരങ്ങളുടേതെങ്കില് ടേപ്പിനെച്ചൊല്ലിയുള്ള ഒരൊറ്റ മറുപടിയില് സകല് സൈബറാക്രമണകാരികളെയും നിലയ്ക്കുനിര്ത്താനാവുമായിരുന്നു ലേഖികയ്ക്ക്.
ഇനി ധാര്മ്മികമായ ചില കാര്യങ്ങള് കൂടി. സിനിമാക്കാരുടെ ജീവിതവും വിശേഷങ്ങളുമാണല്ലോ കേരളത്തില് ഏതൊരു പ്രസിദ്ധീകരണത്തിന്റെയും സൈബര് പ്രസിദ്ധീകരണങ്ങളിലെയും എക്കാലത്തെയും ചൂടപ്പം. മമ്മൂട്ടിയും മോഹന്ലാലും ജയറാമുമടക്കമുളള തലമുറ വരെ താരങ്ങള്ക്കും മാധ്യമങ്ങളെ അങ്ങേയറ്റം ബഹുമാനമായിരുന്നു.മാധ്യമങ്ങളുമായി അവര് അങ്ങേയറ്റം സഹകരിക്കുകയും ചെയ്തുപോ(രു)ന്നു. എന്നാല് സൈബര് മാധ്യമങ്ങളുടെ കടന്നുവരവോടെ വ്യവസ്ഥാപിത മാധ്യമങ്ങളോടെല്ലാം ഒരുതരം നിഷേധാത്മക സമീപനം പുലര്ത്തുന്നവരായിട്ടാണ് പുതുതലമുറ താരങ്ങളില് ഭൂരിപക്ഷത്തേയും കണ്ടിട്ടുള്ളത്.തങ്ങള്ക്കാവശ്യമുള്ളപ്പോള് മാധ്യമങ്ങളെ ഇങ്ങോട്ട് സമീപിച്ചോളാം അല്ലാത്തപ്പോള് മാധ്യമങ്ങളുടെ ആവശ്യമേയില്ല, തങ്ങളുടെ ജീവിതം തങ്ങളുടേതുമാത്രമായ സ്വകാര്യം എന്ന നിലപാടിലുറച്ചുനില്ക്കുന്നവരായാണ് അവരെപ്പറ്റി തോന്നിയിട്ടുള്ളത്. ആവശ്യമില്ലാത്തവരെ അങ്ങോട്ടു ചെന്ന് ശല്യപ്പെടുത്തി അഭിമുഖങ്ങള് തയാറാക്കാനും പ്രസിദ്ധീകരിക്കാനും നില്ക്കുന്ന മാധ്യമങ്ങളാണ് അവര്ക്കു മുന്നില് തരം താഴുന്നത്.
താരാഭിമുഖങ്ങള്ക്കപ്പുറം പാരായണക്ഷമതയുള്ള എത്രയോ ഉള്ളടക്കങ്ങള് കണ്ടെത്താനും അവതരിപ്പിക്കാനും കഴിവുള്ള മാധ്യമപ്രവര്ത്തകരാണ് നമ്മുടെ നാട്ടിലുള്ളത്. ഫെയ്‌റി ടെയ്ല് പോലുള്ള ഒരു കള്ളന്റെ ആത്മകഥ പോലും ചൂടപ്പമായി വിറ്റഴിക്കപ്പെട്ടിട്ടുള്ള നാട്. പക്ഷേ, കന്യകയുടെ പത്രാധിപരായിരിക്കെ എനിക്കു പോലും അത്തരം ഉള്ളടക്കത്തെപ്പറ്റി ആലോചിക്കാനോ താരാഭിമുഖങ്ങളില് നിന്ന് അകന്നു നില്ക്കാനോ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. കാരണം സ്ത്രീ പ്രസിദ്ധീകരണങ്ങളുടെ സെഗ്മെന്റിലെ മുന്നിരക്കാരെല്ലാം കവര് ഫീച്ചറിന് ആശ്രയിക്കുന്നത് താരാഭിമുഖങ്ങളും താരവിവാഹങ്ങളും മാസങ്ങള്ക്കു ശേഷം അവയുടെ മോചനങ്ങളും താരരോഗങ്ങളും താരപ്രണയവും ഒക്കെ തന്നെയാണ്.സ്വാഭാവികമായി മാര്ക്കറ്റിന്റെ സമ്മര്ദ്ദം കണ്ടറിയാനാവില്ലെന്നതും എഡിറ്ററുടെ കഴിവുകേടായി ചിത്രീകരിക്കപ്പെടാവുന്ന ദുര്യോഗത്തില് എനിക്കും താരാഭിമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, മുന്നിര പ്രസിദ്ധീകരണക്കാര് വേണ്ടെന്നു വച്ചാല് തീരാവുന്ന ഒരു കൗതുകം മാത്രമാണ് ഇതെന്ന് എനിക്കുറപ്പുണ്ട്. ഒരു വനിതാപ്രസിദ്ധീകരണത്തിനും വേണ്ട അത്യാവശ്യ ഘടകമല്ല താരാഭിമുഖം. കേരളത്തിലെ പ്രചാരത്തില് രണ്ടാം സ്ഥാനത്തുള്ള മഹിളാരത്‌നത്തിന്റെ ഉള്ളടക്കം സിനിമാക്കാരായിരുന്നില്ല എന്നും ഓര്ക്കേണ്ടതുണ്ട്. മഹിളാരത്‌നത്തിലൊഴികെ സ്ത്രീകള്ക്കു വായിക്കാനിഷ്ടം സിനിമാക്കാരുടെ അരമനരഹസ്യങ്ങളാണെന്നു നിശ്ചയിക്കുന്നവരില് ഒരാള് പോലും സ്ത്രീയല്ലെന്നതും ശ്രദ്ധിക്കണം. ഞാനടക്കം മലയാളത്തിലെ പ്രമുഖ സ്ത്രീ പ്രസിദ്ധീകരണങ്ങളൊക്കെയും വര്ഷങ്ങളായി എഡിറ്റ് ചെയ്തു പോന്നിരുന്നത് ഇപ്പോഴും ചെയ്യുന്നത് പുരുഷന്മാരാണ്. സ്ത്രീപക്ഷത്തുനിന്നുള്ള ആണെഴുത്തിന്റെയും ആണുങ്ങളെടുക്കുന്ന സ്ത്രീപക്ഷ സിനിമയുടെയും എല്ലാ കുറവുകളും ആണെഡിറ്ററുടെ സ്ത്രീപ്രസിദ്ധീകരണങ്ങളിലുമുണ്ടാവുമെന്നാണ് എന്റെ വിശ്വാസം. അതു മനസിലാക്കാനാവാത്തതുകൊണ്ടാണ് സിനിമാക്കഥകളിലും സിനിമാക്കാരുടെ കഥകളിലുമായി വനിതാപ്രസിദ്ധീകരണങ്ങള് അഭിരമിക്കുന്നത്. അതുകൊണ്ടാണ് തങ്ങളില്ലാതെ അത്തരം പ്രസിദ്ധീകരണങ്ങളില്ല എന്ന മട്ടില് ഒരു ധാര്ഷ്ട്യത്തില് യുവതാരങ്ങളെത്തിച്ചേരുന്നത്. അതുകൊണ്ടാണ് തങ്ങള് പറഞ്ഞതില് വ്യാകരണപ്പിഴ തീര്ക്കാന് ഒരു വാക്കു മാറ്റിയെങ്കില് അതില് പിടിച്ച് ലേഖികയ്‌ക്കെതിരേ അവര് പരസ്യമായി പ്രത്യക്ഷപ്പെടാന് തയാറാവുന്നത്.
ഇപ്പോഴത്തെ വിവാദം ലേഖികയ്ക്കുണ്ടാക്കിക്കൊടുത്ത മാനനഷ്ടത്തിലും മനസംഘര്ഷത്തിലും പ്രസിദ്ധീകരണത്തിനുണ്ടാക്കിക്കൊടുത്ത ഗ്‌ളാനിക്കും എത്രയോ മടങ്ങധികം പബ്‌ളിസിറ്റിയാണ് താരങ്ങള്ക്കുണ്ടാക്കിക്കൊടുത്തത് എന്നു മാത്രം മനസിലാക്കുക. ഇതൊരു തിരിച്ചറിവാകുകയാണ് വേണ്ടത്. തങ്ങളെ വേണ്ടാത്തവരുടെ അണിയറരഹസ്യങ്ങളല്ല സ്വന്തം താളുകളില് മഷിപുരട്ടേണ്ടത് എന്നു പ്രസിദ്ധീകരണങ്ങള് ഒന്നാകെ തീരുമാനിച്ചാല് പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണിത്. സൈബറിടങ്ങള്ക്ക് കണ്ടെത്താനാവാത്ത, പുറത്തുകൊണ്ടുവരാനാവാത്ത, അഭിമുഖീകരിക്കാനാവാത്ത എത്രയോ വിഷയങ്ങള് ഇനിയും ലോകത്തുണ്ട്. അവയുള്ളിടത്തോളം കാലമെങ്കിലും വ്യവസ്ഥാപിതമാധ്യമങ്ങള്ക്കു നിലനില്പുമുണ്ട്. താരങ്ങള്ക്കു പിന്നാലെ പോകുന്ന നേരത്ത് അവ കണ്ടെത്താന് ലേഖകരെ ഉപയോഗിച്ചാല് ഒഴിവാക്കാവുന്ന ദുരന്തങ്ങളാണ് ഇപ്പോള് സംഭവിക്കുന്നത്.
Photo courtesy News 18 plus online."
Image may contain: 3 people, beard, text that says "വനിത FREE PUNOUE SOOKIR വിത്തു മുതൽ വിളവു വരെ:"
1,198
People reached
486
Engagements
58
29 comments
2 shares
Like
Comment
Share

'ഈ അഭിമുഖം ഇങ്ങനെ അച്ചടിച്ചാൽ ഞാൻ തളളിപ്പറയും' രൺജി പണിക്കർ പറഞ്ഞതെന്തുകൊണ്ട്? അഭിമുഖം നടത്തുന്നവരറിയാൻ

വായിക്കാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക


Saturday, September 26, 2020

ജനശത്രുവിന്റെ കുമ്പസാരങ്ങള്‍ @ ചലച്ചിത്ര സമീക്ഷ (Chalachitra Sameeksha)

 

Published in issue dated September 2020

എ.ചന്ദ്രശേഖര്‍

വ്യക്തിക്ക് സാമൂഹികജീവിതത്തില്‍ ഉണ്ടാവുന്ന അതിജീവനപ്രതിസന്ധിയും അന്യവല്‍ക്കരണവുമാണ് ലോകസാഹിത്യത്തിലെന്നോണം സിനിമയടക്കമുള്ള ആവിഷ്‌കാരരൂപങ്ങള്‍ക്കും എന്നും നിത്യഹരിതവിഷയമായിട്ടുള്ളത്. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അധിനിവേശങ്ങളെയും അധികാരവേധങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ക്കുനേരെ നിസ്സഹായനായ സാധാരണക്കാരന്‍ നടത്തുന്ന പോരാട്ടങ്ങള്‍ മികച്ച സിനിമകളായിട്ടുണ്ട്. ബാഹ്യലോകവും ആന്തരികലോകവുമായുള്ള സംഘര്‍ഷസംഘട്ടനങ്ങള്‍ക്കൊപ്പം വൈയക്തികമായ ആശയസംഘര്‍ഷങ്ങളും പ്രത്യയശാസ്ത്രവൈരുദ്ധ്യങ്ങളുമെല്ലാം ഇത്തരത്തില്‍ സര്‍ഗാത്മകരചനകള്‍ക്ക് ഇഷ്ടവിഷയമായിത്തീരാറുണ്ട്. പലപ്പോഴും അവ ഉന്നയിക്കുന്നത് കാലികവും സാമൂഹികവുമായി പ്രസക്തമായ പ്രശ്‌നങ്ങളായിത്തീരാറുമുണ്ട്. സമൂഹത്തിലെ വ്യക്തിയുടെ സ്വത്വസ്വാതന്ത്ര്യത്തെയും പ്രത്യയശാസ്ത്രനിലനില്‍പ്പിനെയും പ്രശ്‌നവല്‍ക്കരിക്കുക എന്നതിലപ്പുറം അവയുടെ രാഷ്ട്രീയവും സാമൂഹികവും സാമുദായികവും സാമ്പത്തികവുമായ ഹേതുക്കളിലേക്ക് വിശകലനാത്മകമായി ആഴ്ന്നിറങ്ങാനും അത്തരം രചനകള്‍ ആര്‍ജ്ജവം കാട്ടാറുണ്ട്. മനുഷ്യമനസുകളുടെ ആന്തരിക പ്രകൃതിയില്‍ ഏറെ താല്‍പര്യം കാണിച്ചിട്ടുള്ള, ചലച്ചിത്രഭൂമികയുടെ സ്ഥലരാശികളില്‍ മനുഷ്യപ്രകൃതിക്ക് പ്രാമുഖ്യം നല്‍കിയിട്ടുള്ള ചലച്ചിത്രകാരനായ ഇന്ത്യന്‍ സിനിമയുടെ അഭിമാനം സത്യജിത് റേയുടെ അത്തരത്തിലൊരു സിനിമയാണ് 1990ല്‍ പുറത്തിറങ്ങിയ ഗണശത്രു. റേയുടെ സ്ഥിരം നായകകര്‍തൃത്വങ്ങളില്‍ നിന്ന് രാഷ്ട്രീയമായും പ്രാമാണികമായും വേറിട്ടുനില്‍ക്കുന്ന, കുറേക്കൂടി ശക്തമായ പ്രത്യയശാസ്ത്രനിലപാടുകളുള്ള അശോക് ഗുപ്ത എന്ന ഡോക്ടറെ കേന്ദ്രീകരിച്ച് പാരിസ്ഥിതികമാനങ്ങളുള്ളൊരു ചലച്ചിത്രനിര്‍മ്മിതിയായിരുന്നു അത്. ഒരുപക്ഷേ പ്രത്യക്ഷ രാഷ്ട്രീയം സംസാരിക്കുന്ന റേ സിനിമകളില്‍ പ്രധാനപ്പെട്ടത്. 

സമൂഹവും വ്യക്തിയും എന്ന ദ്വന്ദത്തെ വച്ച് ലോകപ്രശസ്തമായ നാടകങ്ങളൊരുക്കിയ നോര്‍വീജിയന്‍ നാടകേതിഹാസം ഹെന്‍ റിക് ഇബ്‌സന്റെ ആന്‍ എനിമി ഓഫ് ദ് പീപ്പിള്‍ എന്ന വിഖ്യാത നാടകത്തെ അധികരിച്ച് റേ നിര്‍മിച്ച സ്വതന്ത്ര ചലച്ചിത്രസംരംഭമായിരുന്നു ഗണശത്രു. അപ്രിയ സത്യം പൊതുമധ്യത്തില്‍ പറയേണ്ടിവരുന്നതുകൊണ്ട് ജനരോഷം ഏറ്റുവാങ്ങേണ്ടിവരുന്ന സത്യസന്ധനായൊരു മനുഷ്യന്റെ കഥയായിരുന്നു ഇബ്‌സന്റെ നാടകം. തന്റെ തന്നെ പ്രേതങ്ങള്‍ എന്ന നാടകം കണ്ട് അസ്വസ്ഥരായ പ്രേക്ഷകരില്‍ നിന്നേറ്റുവാങ്ങേണ്ടിവന്ന ഭര്‍ത്സനങ്ങള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്ക് ഇബ്‌സന്‍ എഴുതിയ നാടകം. സത്യം പറയുന്നവന്‍ സമൂഹത്തിന് ശത്രുവായിത്തീരുന്ന വൈരുദ്ധ്യം തികച്ചും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട ജലവിതരണ പ്രശ്‌നത്തിലേക്ക് മാറ്റിപ്രതിഷ്ഠിച്ചുകൊണ്ടാണ് സത്യജിത് റേ ഗണശത്രുവാക്കിയത്. പരിസ്ഥിതിയുടെ പ്രകൃതങ്ങള്‍ വളരെ കുറച്ചുമാത്രം വിഷയമാക്കിയിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ അത്തരത്തിലുള്ള അപൂര്‍വം ചലച്ചിത്രോദ്യമങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമകൂടിയാണ് ഗണശത്രു.റേയുടെ പ്രിയപ്പെട്ട നടന്‍ സൗമിത്ര ചാറ്റര്‍ജിയാണ് ഗണശത്രുവിലെ കേന്ദ്രകഥാപാത്രമായ ഡോ. അശോക് ഗുപ്തയുടെ ആന്തരസംഘര്‍ഷങ്ങള്‍ അസൂയാവഹമായ വിധം തിരയിടത്തില്‍ പ്രതിഷ്ഠിച്ചത്.

ചന്ദിപ്പൂരിലെ സത്യസന്ധനായൊരു ഡോക്ടറാണ് അശോക് ഗുപ്ത.നഗരത്തില്‍ അന്നോളമില്ലാത്തവിധം മഞ്ഞപ്പിത്തം മാരകമായി പടര്‍ന്നുപിടിക്കുന്നതിന്റെ കാരണം തേടുന്ന അദ്ദേഹം ക്ഷേത്രനഗരിയായ ചന്ദിപ്പൂരിലെ വെള്ളം സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ക്കുന്നു. അശോക് ഗുപ്തയുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതും സ്‌ഫോടനാത്മകവുമായിരുന്നു. ഭൂഗര്‍ഭക്കുഴലുകളുടെ കാലപ്പഴക്കം മൂലം മലിനമായ വെള്ളമാണ് ചന്ദിപ്പൂരില്‍ ലക്ഷക്കണക്കായ ഭക്തരെത്തുന്ന വിഖ്യാതമായ ത്രിപുരേശ്വരക്ഷേത്രത്തില്‍ ചരണാമൃതതീര്‍ത്ഥമായി കൊടുക്കുന്നത് എന്നതായിരുന്നു ആ കണ്ടെത്തല്‍! പുണ്യതീര്‍ത്ഥമെന്ന വിശ്വാസത്തില്‍ ഭക്തര്‍ സ്വീകരിച്ച് സേവിക്കുന്ന ഈ വെള്ളത്തിലൂടെയാണ് മാരക രോഗാണുക്കള്‍ പകരുന്നതെന്ന് നിസ്സംശയം അശോകിന് തെളിയിക്കാനായി. പക്ഷേ...

ഈ പക്ഷേ ആണ് ഗണശത്രുവിന്റെ കാതല്‍. പുണ്യതീര്‍ത്ഥം മലിനജലമാണെന്ന് വിളിച്ചുപറയാനായുന്ന അദ്ദേഹത്തിന് വിശ്വാസികളില്‍ നിന്നു മാത്രമല്ല, നാട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും എന്തിന് സ്വന്തം വീട്ടുകാരില്‍ നിന്നു വരെ എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്. അവരെയെല്ലാം ബാധിക്കുന്ന, അവരെ രക്ഷപ്പെടുത്താവുന്ന ഒരു സത്യം പരസ്യപ്പെടുത്താന്‍ സാധിക്കാത്തവിധത്തില്‍ രാഷ്ട്രീയവും മതവും (അന്ധ)വിശ്വാസവും ഒക്കെ ചേര്‍ന്ന് അദ്ദേഹത്തെ ചെറുക്കുകയാണ്. നിശബ്ദനാക്കുകയാണ്. സ്വന്തം മനഃസാക്ഷിയും, ശാസ്ത്രബോധവും അതു നല്‍കുന്ന ശാസ്ത്രീയ വിശകലനാത്മകതയും അതില്‍നിന്നുയര്‍ന്ന ഉത്തമബോധ്യവും മാത്രം ആയുധങ്ങളാക്കി ഒരൊറ്റയാള്‍പ്പോരാളിയായി അയാള്‍ മറുപക്ഷത്തെയൊട്ടാകെ നേരിടുകയാണ്, മഹാഭാരതത്തിലെ പാണ്ഡവരെയെന്നപോലെ. 

ക്ഷേത്രനഗരിയെന്ന നിലയ്ക്ക് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന സുപ്രധാന വരുമാന സ്രോതസാണ് ചന്ദിപ്പൂരിന് ത്രിപുരേശ്വരി ക്ഷേത്രം. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുപോലും ക്ഷേത്രമാണ് പ്രധാന വരുമാനസ്രോതസ്. നഗരസഭാധ്യക്ഷന്‍ കൂടിയായ, ഡോ.അശോക് ഗുപ്തയുടെ അനുജന്‍ നിതിഷ് ഗുപ്ത (ധൃതിമാന്‍ ചാറ്റര്‍ജി) തന്നെയാണ് ജ്യേഷ്ഠനെതിരേ പരോക്ഷവും പ്രത്യക്ഷവുമായ എതിര്‍പ്പുമായി ആദ്യമെത്തുന്നത്. ക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം വിഷജലമാണെന്നും അണുവാഹിനിയാണെന്നും പുറത്തറിഞ്ഞാല്‍ ക്ഷേത്രത്തിലേക്കുള്ള ഭക്തപ്രവാഹം നിലയ്ക്കും. അത് ക്ഷേത്രവരുമാനത്തെയും അതുവഴി നഗരസഭാവരുമാനത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ വിശ്വാസത്തെ കൂട്ടുപിടിച്ചുകൊണ്ട് സഹോദരനെ അതില്‍ നിന്നു വിലക്കാനുള്ള വൈകാരികമായ പരിശ്രമത്തിലാണ് നിതിഷ്. അന്ധവിശ്വാസത്തെയാണ് അതിനുള്ള പ്രതിരോധമായി അയാള്‍ ആയുധമാക്കുന്നത്. പുണ്യതീര്‍ത്ഥത്തെ മലിനമാക്കാന്‍ ഭൂമിയിലാര്‍ക്കും സാധ്യമല്ലെന്നും ഭൂമിദേവി കനിഞ്ഞനുഗ്രഹിക്കുന്ന പരപാവനമായ ഭൂഗര്‍ഭ തീര്‍ത്ഥം വിശുദ്ധമാണെന്നുമാണ് അതിനയാള്‍ പറയുന്ന ന്യായം. ലാബ് പരിശോധനയില്‍ തെളിഞ്ഞ പരീക്ഷണഫലമൊന്നും വിശ്വസിക്കാന്‍ നിതിഷ് അടക്കമുള്ളവര്‍ തയാറാവുന്നില്ല. അതുകൊണ്ടുതന്നെ, വിശുദ്ധ തീര്‍ത്ഥത്തില്‍ അണുജലം കലരുന്നതു തടയാന്‍ ക്ഷേത്രമടച്ചിട്ട് പൈപ്പ് നന്നാക്കണമെന്ന ഡോക്ടറുടെ ആവശ്യം പുറം ലോകമറിയാതിരിക്കാനാണ് അയാളടക്കമുള്ളവര്‍ ശ്രദ്ധിക്കുന്നത്. ജനവാര്‍ത്ത ദിനപത്രത്തില്‍ ഇക്കാര്യത്തെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കാനുള്ള നീക്കത്തെയും അഴിമതിക്കാരായ അധികാരികളിടപെട്ട് തടയുകയാണ്. വിശ്വാസികളുടെ പ്രതിഷേധവും അധികാരികളുടെ അപ്രീതിയും ഭയന്ന് പത്രം അതു പ്രസിദ്ധീകരിക്കാന്‍ തയാറാവുന്നുപോലുമില്ല. 

ഒരു പൊതുസമ്മേളനത്തില്‍ വച്ച് താന്‍ കണ്ടെത്തിയ സത്യം വിളിച്ചുപറയാനുള്ള ഡോക്ടറുടെ നീക്കവും സഹോദരന്റെ നേതൃത്വത്തില്‍ തടയപ്പെടുന്നു.വാസ്തവം വിശ്വസിക്കാത്തതുകൊണ്ടോ, ഡോക്ടറുടെ കണ്ടെത്തല്‍ ശരിയല്ലെന്ന ബോധ്യത്തിലോ അല്ല അത്. മറിച്ച് ക്ഷേത്രവരുമാനത്തില്‍ കുറവുണ്ടാവരുത് എന്നും അതുവഴിയുള്ള സ്വന്തം വരുമാനത്തില്‍ ഇടിവുണ്ടാവരുത് എന്നുമുള്ള സ്വാര്‍ത്ഥം മാത്രമാണ് നിതിഷിന്. സമാനമായ ചിന്താഗതികള്‍ തന്നെയാണ് ഡോക്ടറുമായി അടുത്തിടപഴകുന്ന മറ്റുളളവര്‍ക്കും.ജനാധിപത്യത്തില്‍, സത്യം പൊതുസമക്ഷമെത്തിക്കാന്‍ ജാഗരൂകരാവേണ്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവും മാധ്യമങ്ങളും ഒരുപോലെ നിരുത്തവരാദപരവും സാമൂഹികവിരുദ്ധവുമായി പെരുമാറുന്നതെങ്ങനെയെന്ന് ചിത്രം കാണിച്ചുതരുന്നു.

തനിക്കറിയാവുന്ന സത്യം പൊതുസമക്ഷം വിളിച്ചുപറയാന്‍ ഡോക്ടര്‍ വിളിച്ചുകൂട്ടുന്ന പൊതുയോഗത്തില്‍ ക്ഷണിക്കപ്പെടാതെ വന്നെത്തുന്ന നിതിഷ് യോഗത്തിന് അധ്യക്ഷനായി ജനവാര്‍ത്തയുടെ പ്രിന്ററും പബ്‌ളിഷറുമായ ആധിര്‍ മുഖര്‍ജിയെ നിര്‍ദ്ദേശിക്കുന്നു. അയാളാവട്ടെ യോഗത്തില്‍ ഡോക്ടര്‍ക്കു മുമ്പേ സംസാരിക്കാന്‍ നിതിഷിനെയും ക്ഷണിക്കുന്നു. പിടിച്ചു വാങ്ങുന്ന അവസരമുപയോഗിച്ച് അയാള്‍ തന്റെ ജ്യേഷ്ഠനെതിരായി പ്രേക്ഷകര്‍ക്കിടയിലെ വിശ്വാസികളെ കൂട്ടുപിടിച്ച് ഡോക്ടര്‍ക്കെതിരായി പൊതുവികാരം തിരിക്കുകയാണ്.ക്ഷേത്രം അടച്ചിടുന്നതിനെ ഭൂരിപക്ഷവും എതിര്‍ക്കുന്നു.തുടര്‍ന്ന് പ്രസംഗിക്കുന്ന ജനവാര്‍ത്തയുടെ പത്രാധിപരും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം.ഡോക്ടര്‍ക്കെതിരായി സംസാരിക്കുന്നു.ഇതിനെല്ലാം ശേഷവും സദസില്‍ ഡോക്ടറുടെ ചികിത്സകൊണ്ടുമാത്രം ജീവനും ജീവിതവും തിരിച്ചെത്തിയവരുടെ സാക്ഷ്യപ്പെടുത്തലിനെത്തുടര്‍ന്ന് ഒരു വിഭാഗം അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ തയാറാവുന്നു. സത്യം പൊതുജനങ്ങളറിയുമെന്ന ഘട്ടത്തില്‍ മതവിദ്വേഷമിളക്കിക്കൊണ്ട് വീണ്ടും നിതിഷ് രംഗപ്രവേശം ചെയ്യുകയാണ്. 

'ഞാനൊരു ചോദ്യം ചോദിക്കട്ടെ' എന്ന മുഖവുരയോടെ 'താങ്കള്‍ ഒരു ഹിന്ദുവാണോ?' എന്നാണ് മൈക്കിലൂടെ പരസ്യമായി അയാള്‍ ജ്യേഷ്ഠനോട് ചോദിക്കുന്നത്. 'ആയിരംവട്ടം അതേ'  എന്നു മറുപടി പറയുന്ന ഡോക്ടറോട് 'കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരിക്കലെങ്കിലും ത്രിപുരേശ്വരീ ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ?' എന്നാണ് നിതിഷ് ചോദിക്കുന്നത്. പ്രാര്‍ത്ഥിക്കാന്‍ അമ്പലത്തില്‍ പോകണമെന്നില്ലെന്ന ഡോക്ടറുടെ മറുപടിയില്‍ പിടിച്ച് അയാള്‍ പ്രാര്‍ത്ഥനയിലും മതാചാരങ്ങളിലും വിശ്വസിക്കാത്ത ആളാണെന്നും മതനിഷേധിയാണെന്നും സ്ഥാപിക്കുകയാണ് നിതീഷ്.  ക്ഷേത്രത്തില്‍ വരുന്ന ആയിരക്കണക്കിനു ഭക്തരില്‍ തീര്‍ത്ഥം പാനംചെയ്യുന്നവരില്‍ കുറച്ചുപേര്‍ക്കു മാത്രം വരുന്ന രോഗത്തിന്റെ പേരില്‍ തീര്‍ത്ഥജലത്തെ സംശയിക്കുന്നതെങ്ങനെ എന്ന നിലപാടാണ് നിതീഷ് കൈക്കൊള്ളുന്നത്. തൊട്ടുമമ്പത്തെ ആഴ്ച ചരണാമൃതം കുടിച്ച പതിനയ്യായിരം പേരില്‍ അഞ്ഞൂറുപേര്‍ക്കു മാത്രം രോഗം വന്നതിനെ പിടിച്ച് വാദഗതികള്‍ മുറുക്കുന്ന നിതിഷിന്റെ ഗൂഡാലോചനയില്‍ സദസ് പ്രക്ഷുബ്ധമാകുന്നു. കല്ലേറിലും കലാപത്തിലുമാണ് യോഗം അവസാനിക്കുന്നത്. വിശ്വാസികളാല്‍് ഡോക്ടറുടെ വീടും ആക്രമിക്കപ്പെടുന്നു. സത്യത്തിന്റെ പക്ഷത്തു നില്‍ക്കുന്നതിന്റെ പേരില്‍ ഒന്നൊന്നായി നഷ്ടങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഡോക്ടറുടെ ജീവിതത്തില്‍. തല്‍പര രാഷ്ട്രീയ കക്ഷികള്‍ മതമുപയോഗിച്ചു വിശ്വാസികളെ ഇളക്കിവിടുന്നതുവഴി ആളുകളുടോ രോഷത്തിന് അയാള്‍ പ്രത്യക്ഷപാത്രമാവുന്നു. ഒരു ദിവസം കൊണ്ട് ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്ന ആള്‍ വെറുക്കപ്പെട്ടവനാവുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവനും സമൂഹമധ്യത്തില്‍ അന്യനുമായിത്തീരുന്നു, സമൂഹദ്രോഹിയും ശത്രുവുമാകുന്നു. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് അയാളെ കാണിക്കല്‍ നോട്ടീസ് നല്‍കി സസ്‌പെന്‍ഡ് ചെയ്യുന്നു. വിശദീകരണം ബോധ്യപ്പെട്ടില്ലെങ്കില്‍ പിരിച്ചുവിടാനാണ് ആശുപത്രിസമിതിയുടെ തീരുമാനം എന്ന് അയാളെ അറിയിക്കുന്നതും നിതീഷ് തന്നെയാണ്. തന്റെ 'തെറ്റു' തിരിച്ചറിഞ്ഞ് നിലപാട് പിന്‍വലിച്ചാല്‍ ജോലി നഷ്ടപ്പെടില്ല എന്നാണ് വാഗ്ദാനം. സാമൂഹികമായ ഊരുവിലക്കുകളുടെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് തങ്ങള്‍ക്കഹിതമായി നില്‍ക്കുന്ന ഡോക്ടറെ വരുതിക്കു വരുത്താനാണ് അധികാരവും വിശ്വാസവും സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നത്. അധ്യാപികയായ അയാളുടെ മകള്‍ രേണുവിന്(മമത ശങ്കര്‍)പിതാവിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരില്‍ ജോലി നഷ്ടമാവുന്നു. വീട് ആക്രമിക്കപ്പെടുന്നതിന്റെ കാരണം പറഞ്ഞ് വീട്ടുടമ അയാളോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നതോടെ ഒറ്റപ്പെടുത്തല്‍ അതിന്റെ പാരമ്യത്തിലെത്തുകയാണ്.പക്ഷേ, മനഃസാക്ഷിയെന്ന വജ്രായുദ്ധത്തിന്റെ പിന്‍ബലത്തിലൂന്നി മരിക്കുംവരെ സത്യത്തിനുവേണ്ടി പോരാടാനാണ് ഡോക്ചര്‍ അശോക് തീരുമാനിക്കുന്നത്.

എന്നിട്ടും സമ്മര്‍ദ്ദം താങ്ങാനാവാതെ അയാള്‍ ഒരുവേള തകര്‍ന്നു പോകുന്നുണ്ട്. താന്‍ പരാജയപ്പെട്ടുവെന്നു പോലും അയാള്‍ സംശയിക്കുന്നു. മകളും ഭാര്യയും മാത്രമാണ് അയാള്‍ക്കൊപ്പം അയാളുടെ വിശ്വാസങ്ങള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത്.താന്‍ കാരണം മകള്‍ക്കു വന്ന തിരിച്ചടിയുടെ പേരില്‍പ്പോലും അയാള്‍ ക്ഷമചോദിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയാണ് രേണു. ചന്ദിപ്പൂരിന് ചുറ്റുപാടും പോലും തന്റെ അച്ഛനോളം പോന്ന വിദഗ്ധനായൊരു ഡോക്ടറില്ലെന്നിരിക്കെ എന്തിനെയാണ് ഭയക്കുന്നത് എന്നവള്‍ അച്ഛനോട് ചോദിക്കുന്നു. പ്രൈവറ്റ് പ്രാക്ട്രീസ് നടത്തിയാലും അയാള്‍ക്കു ജീവിക്കാം. തനിക്ക് പ്രൈവറ്റ് ട്യൂഷനെടുക്കാം. എന്നാലും തന്റെ പിതാവ് തളരരുത് എന്നാണ് രേണുവിന്റെ പക്ഷം. 

തന്റെ ലോകം തന്നെ ഛിന്നഭിന്നമായെന്ന നിരാശയോടെ അയാളിരിക്കെയാണ് മരുമകനോടൊത്ത് ജനവാര്‍ത്തയുടെ മുന്‍ റിപ്പോര്‍ട്ടര്‍, ഇപ്പോള്‍ ഫ്രീലാന്‍സറായ ബീരേഷ് അയാളെ കാണാന്‍ വീട്ടിലേക്കെത്തുന്നത്. കലാപം നടന്ന യോഗത്തിലും അയാളുണ്ടായിരുന്നു. ഡോക്ടറുടെ കണ്ടെത്തലിനെ പൂര്‍ണമായി വിശ്വസിക്കുന്ന ബീരേഷ് അദ്ദേഹത്തെ അഭിമുഖം ചെയ്യാനാണ് വന്നിരിക്കുന്നത് എന്നറിഞ്ഞ് നിരാശയുടെ പടുകുഴിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഡോക്ടര്‍ ഒരു ജനശത്രുവിന്റെ കുമ്പസാരങ്ങള്‍ എന്ന പേരില്‍ വേണം തന്റെ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ എന്നയാളോട് ആവശ്യപ്പെടുന്നു. എന്നാല്‍ യോഗത്തില്‍ അയാള്‍ അവതരിപ്പിക്കാനിരുന്ന, ജനവാര്‍ത്തയ്ക്കു വേണ്ടി തയാറാക്കിയ പഠനലേഖനത്തിന്റെ പകര്‍പ്പ് രേണുവഴി കരസ്ഥമാക്കിയ പൊതുസേവനകനും തീയറ്റര്‍ ആക്ടിവിസ്റ്റുമായ മരുമകനും സംഘവും അത് ലഘുലേഖയാക്കി പ്രസിദ്ധപ്പെടുത്തി നാടെങ്ങും വിതരണം ചെയ്തുകഴിഞ്ഞിരുന്നു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോയെന്നു ധരിച്ച അശോകിന് അത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാകുകയാണ്. 

മണിക്കൂറുകള്‍ക്ക് മുമ്പ് കല്ലേറില്‍ തകര്‍ക്കപ്പെട്ട വീടിനു പുറത്തു നിന്ന് അശോക് ഗുപ്ത നീണാള്‍ വാഴട്ടെ എന്ന ജനങ്ങളുടെ മുദ്രാവാക്യം വിളികളുയര്‍ന്നുകേള്‍ക്കേ അതൊരു പുതിയ യോഗപ്പിറവിയുടെ നാന്ദിയാവുകയാണ്. വ്യക്തിയെന്ന നിലയ്ക്ക് അശോക്കിന്റെ നിലപാടുകള്‍ക്കും ജീവിതത്തിനുമുള്ള അംഗീകരാമെന്ന നിലയ്ക്കു മാത്രമല്ല ആ ആരവങ്ങള്‍ക്ക് പ്രസക്തി, മറിച്ച് സത്യത്തിന്റെ വസ്തുതയുടെ, പരമാര്‍ത്ഥത്തിന്റെ ആഘോഷാരവം കൂടിയായി അത് പ്രസക്തമായിത്തീരുന്നു.താന്‍ ഒറ്റയ്ക്കല്ലെന്നും സത്യത്തിന്റെ പാതയില്‍ ആയിരങ്ങള്‍ ഒപ്പമുണ്ടെന്നുമുള്ള തിരിച്ചറിവില്‍ അശോക് ഗുപ്തയുടെ ജീവിതം മറ്റൊരു മാനം തേടുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.ജനാധിപത്യത്തിന്റെ നെടുംതൂണുകളെല്ലാം ഒരുപോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മതപ്രീണനത്തിനും വിധേയരായി ജനവിരുദ്ധ നിലപാടുകളെടുക്കുമ്പോള്‍ വ്യക്തി എങ്ങനെ വേട്ടയാടപ്പെടുന്നുവെന്ന് ഗണശത്രു കാണിച്ചു തരുന്നു. അതേസമയം, ജനവാര്‍ത്തയില്‍ നിന്ന് രാജിവച്ച് സ്വതന്ത്ര പത്രപ്രവര്‍ത്തകനായി സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന ബീരേഷിലൂടെ മാധ്യമങ്ങളുടെ മേലുള്ള പ്രതീക്ഷ തീര്‍ത്തുമവസാനിപ്പിക്കാതെ സൂക്ഷിക്കുന്നുമുണ്ട് സംവിധായകന്‍.

ആഗോളവല്‍കൃത സാമൂഹികവ്യവസ്ഥയില്‍ വ്യാജവാര്‍ത്തകളുടെയും വാണിജ്യതാല്‍പര്യങ്ങളുടെയും മലവെള്ളപ്പാച്ചിലിനിടയില്‍, പാരിസ്ഥിതികവും ആരോഗ്യപരവുമായ സത്യങ്ങള്‍കൂടി വാസ്താവനന്തരപ്പൊള്ളപ്രചാരണങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം കുഴിച്ചുമൂടപ്പെടുന്ന സമകാലിക കെട്ട വ്യവസ്ഥയില്‍ വീണ്ടും കാലിക പ്രസക്തി കണ്ടെത്തുന്ന ദൃശ്യവസ്തുവാണ് ഗണശത്രു. ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന് ഇക്കാലത്തും അത്രമേല്‍ പ്രസക്തിയും സാംഗത്യവുമുണ്ട്. കല കാലികമാവുമ്പോഴാണ് അനശ്വരത നേടുക എന്നാണെങ്കില്‍ ഗണശത്രു കാലാതിവര്‍ത്തിയാവുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ കാലികപ്രസക്തി കൊണ്ടുകൂടിയാണ് എന്നതില്‍ തര്‍ക്കമുണ്ടാവില്ല. അതുന്നയിക്കുന്ന പാരിസ്ഥിതികവും മതപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്ക് ഇന്നും അത്യധികം പ്രസക്തിയുണ്ട്.

മതവും രാഷ്ട്രീയവും വ്യവസായവും ചേര്‍ന്ന് ഊട്ടിവളര്‍ത്തുന്ന അധോലോകത്തിന്റെ പ്രത്യക്ഷാക്രമണങ്ങളുടെ ഇരയാണ് ഡോക്ടര്‍ അശോക് ഗുപ്ത. വന്‍കിട ശക്തികളുടെ കരുതിക്കൂട്ടിയുള്ള ഗൂഢാലോചനകള്‍ക്കെതിരേ ഒരു പരിധിക്കപ്പുറം വ്യക്തി എന്ന നിലയ്ക്ക് അയാള്‍ക്ക് പിടിച്ചു നില്‍ക്കാനാവുന്നില്ല. എന്നാലും ജനാധിപത്യവ്യവസ്ഥയില്‍, എത്ര കുഴിച്ചുമൂടിയാലും സത്യം ആത്യന്തികവിജയം നേടുകതന്നെ ചെയ്യുമെന്ന് ഗണശത്രു അസന്ദിഗ്ധമായി പറഞ്ഞുവയ്ക്കുന്നു. ചിത്രാന്ത്യത്തില്‍ താനും തന്റെ വിശ്വാസങ്ങളും തന്റെ ശാസ്ത്രവും വിജയിക്കുന്നുവെന്നു തിരിച്ചറിഞ്ഞ് നിരാശയില്‍ നിന്ന് ഉത്കടമായ സന്തോഷത്തിലേക്ക് കടന്നുവരുന്ന അശോകിനെ ക്ലോസപ്പില്‍ മുഖഭാവങ്ങളിലൂടെ മാത്രം വ്യക്തമാക്കുന്ന ക്‌ളാസിക്ക് സീക്വന്‍സ് ഒന്നു മാത്രം മതി, നടന്‍ എന്ന നിലയ്ക്ക് സൗമിത്ര ചാറ്റര്‍ജി എന്തുകൊണ്ട് സത്യജിത് റേയുടെ പ്രിയനടനായി എന്ന് തെളിയിക്കാന്‍. അത്രമേല്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തമാണ് ആ രംഗം ബാക്കിയാക്കുന്നത്.

ഡോ.അശോക് ഗുപ്തയുടെ ഔദ്യോഗികമേശമേലിരിക്കുന്ന സ്റ്റെതസ്‌കോപ്പിന്റെ അതിസമീപദൃശ്യത്തില്‍ നിന്ന് വികസിച്ച് തന്റെ കണ്ടെത്തല്‍ പത്രം ഓഫീസില്‍ വിളിച്ചു പറയുന്ന ഡോക്ടറിലാണ് സിനിമ ആരംഭിക്കുന്നത്.അകംവാതില്‍ ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ചലച്ചിത്രസമീപനമാണ് ഗണശത്രുവിനു വേണ്ടി സത്യജിത് റേ വിഭാവനചെയ്തിട്ടുള്ളത്. വളരെ ചുരുങ്ങിയ സ്ഥാലികപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങളിലേക്ക് ക്യാമറ തുറന്നു പിടിക്കുകയും അവര്‍ തമ്മിലുളള നിരന്തര സംഭാഷണങ്ങളിലൂടെ പുറം ലോകത്ത് അരങ്ങേറുന്ന സംഭവവികാസങ്ങള്‍ അനാവരണം ചെയ്യുകയും ചെയ്യുന്ന ആഖ്യാനശൈലി. നാടകത്തിന്റെ സ്ഥലരാശിയോട് ഇഴയടുപ്പം പുലര്‍ത്തുംവിധം അകംവാതില്‍ ദൃശ്യങ്ങളിലൂടെ മാത്രം സാധ്യമാകുന്ന ഇതിവൃത്താഖ്യാനത്തിനിടെ, പൊതുസമ്മേളനത്തിനായുള്ള പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പോലും അതിസമീപദൃശ്യമായി അകത്തോ പുറത്തോ എന്നു തിരിച്ചറിയാനാവാത്തവിധമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഒരുപക്ഷേ പുറം വാതില്‍ ദൃശ്യങ്ങള്‍ ഇത്രമാത്രം ശുഷ്‌കമായ റേ സിനിമകള്‍ അധികമുണ്ടാവില്ല. അത്രമാത്രം ആന്തരികവ്യാപാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ദൃശ്യ നറേറ്റീവാണ് ഗണശത്രുവിന്റേത്.പൊതുയോഗത്തിലെ കലാപം, ഡോക്ടറുടെ വീടിനു നേരെയുള്ള ആക്രമണം, ചിത്രാന്ത്യത്തില്‍ വാസ്തവം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടുന്ന ആയിരങ്ങള്‍ അദ്ദേഹത്തിനനുകൂലമായി മുദ്രാവാക്യം മുഴക്കി പിന്തുണയ്ക്കുന്നത് തുടങ്ങിയ രംഗങ്ങളെല്ലാം വീടകദൃശ്യങ്ങള്‍ക്കു മുകളില്‍ അതിവിദഗ്ധമായി വിളക്കിച്ചേര്‍ത്ത ദൃശ്യ-ശബ്ദ സൂചകങ്ങളിലും സൂചനകളിലും കൂടെയാണ് നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. 

ഇന്‍ഡോര്‍ പ്‌ളേ എന്ന നിലയ്ക്ക് മിസ് എന്‍ സീന്‍ ചെയ്തിരിക്കുന്ന ഗണശത്രുവിന്റെ ദൃശ്യസമീപനം ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം തന്നെയാണ്. സ്ഥാലികമായ പരിമിതി/പരിധികളെ ക്യാമറാചലനങ്ങളും ഷോട്ട് വിഭജനങ്ങളും കൊണ്ട് എങ്ങനെ മറികടക്കാം എന്ന് പതിവുപോലെ സത്യജിത് റേ ഈ ചിത്രത്തിലും ആവര്‍ത്തിച്ചു തെളിയിക്കുന്നു. ചലച്ചിത്രമെന്ന മാധ്യമത്തിന്മേലുള്ള റേയുടെ അസാമാന്യമായ കൈയൊതുക്കം ഒന്നുകൊണ്ടു മാത്രമാണ്, അതിനാടകീയമായൊരു ദൃശ്യാഖ്യാനമായിത്തീര്‍ന്നേക്കാമായിരുന്ന ഗണശത്രു സിനിമാത്മകമായി മികച്ച ഒന്നായിത്തീരുന്നത്.സമീപ/അതിസമീപദൃശ്യങ്ങള്‍ ഇടകോര്‍ത്ത് എങ്ങനെ മുഷിപ്പില്ലാതെ അകംവാതില്‍ ദൃശ്യാഖ്യാനം മുന്നോട്ടുകൊണ്ടുപോകാം എന്ന് ഗണശത്രു കാണിച്ചു തരുന്നു. അതോടൊപ്പം പശ്ചാത്തല സംഗീതത്തിനും ക്യാമറാചലനങ്ങള്‍ക്കും രംഗങ്ങളുടെ ഏകതാനത നീക്കി അതിനെ എത്രത്തോളം ചലനാത്മകമാക്കാം എന്നതിനും ചിത്രം മകുടോദാഹരണമായിത്തീരുന്നു.വിജയശ്രീലാളിതനായ ഡോക്ടറുടെ ഔദ്യോഗിമേശമേലുള്ള സ്‌റ്റെതസ്‌കോപ്പിന്റെ ക്‌ളോസപ്പാണ് ചിത്രത്തിന്റെ അവസാന ഷോട്ട് എന്നതും ശ്രദ്ധേയം. ചലച്ചിത്രത്തിന്റെ ഘടനയെ പ്രമേയവുമായി വൈകാരികമായി നിബന്ധിക്കുന്നതെങ്ങനെയെന്നതിന്റെ ക്‌ളാസിക്കല്‍ ഉദാഹരണങ്ങളാണിതൊക്കെ.പ്രമേയത്തിന്റെ കെട്ടുറപ്പിനും സാമൂഹിക പ്രതിബദ്ധതയ്ക്കുമൊപ്പം ചലച്ചിത്രത്തിന്റെ ശില്‍പപരമായ സമഗ്രതയിലുള്ള ഈ ജാഗ്രതയാണ് സത്യജിത് റേയെ ഇന്ത്യ കണ്ട ഏറ്റവും മഹാനും പ്രതിഭാധനനുമായ ചലച്ചിത്രകാരനാക്കി നിലനിര്‍ത്തുന്നത്.


Saturday, September 19, 2020

Friday, September 11, 2020

ശ്യാമപ്രസാദിന്റെ സിനിമാജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം

Shyamaayanam@manoramaonline 

ജി പ്രമോദ് AUGUST 25, 2020 10:45 AM IST

ദേശീയ നിലവാരത്തിലും അപൂര്‍വമായി ലോക നിലവാരത്തിലും എത്തിയ മലയാള സിനിമയിലെ തിളക്കമുള്ള പേരുകളിലൊന്നാണ് ശ്യാമപ്രസാദ്. കച്ചവട-കലാ സിനിമകള്‍ക്കിടെ രണ്ടു മേഖലകളുമായും അടുപ്പവും അകലവും സൂക്ഷിച്ച്, തനതായ ചലച്ചിത്ര ഭാഷയും ഭാവുകത്വവും സൃഷ്ടിക്കാന്‍ ശ്രമിച്ച ചലച്ചിത്രകാരന്‍. 1998-ല്‍ സാക്ഷാത്കരിച്ച കല്ലുകൊണ്ടൊരു പെണ്ണ് എന്ന മുഖ്യധാരാ സിനിമയില്‍ തുടങ്ങി ഈ വര്‍ഷം പൂര്‍ത്തിയാക്കിയ കാസിമിന്റെ കടല്‍ വരെയുള്ള ചെറുതും വലുതുമായ 15 ചലച്ചിത്രങ്ങള്‍. മലയാള സിനിമ കാലാകാലങ്ങളില്‍ കരസ്ഥമാക്കിയ നേട്ടങ്ങളുടെ നാള്‍വഴികളില്‍ ശ്യാമപ്രസാദിന്റെ പേരും അടയാളപ്പെടുത്തിയിട്ടുണ്ട്. അപൂര്‍ണമായ അദ്ദേഹത്തിന്റെ ചലച്ചിത്രയാത്രയിലെ സവിശേഷതകള്‍ പുസ്തകരൂപത്തില്‍ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളിലൊന്നാണ് ശ്യാമായനം.അന്യഭാഷാ ചിത്രങ്ങളുടെ അനുകരണ ശ്രമങ്ങളില്‍ തുടങ്ങി തപ്പിയും തടഞ്ഞും വളര്‍ന്ന മലയാള സിനിമ ഇന്നു കേരളത്തിലെ ഏറ്റവും ജനകീയ കലാരൂപമാണ്. സാഹിത്യ-സാംസ്കാരിക-കലാ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധ ലഭിച്ചതും അംഗീകാരം കിട്ടിയതും അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച നേടിയതുമായ മേഖല. ശുദ്ധ കലാകാരന്‍മാര്‍ മുതല്‍ കച്ചവടക്കാര്‍ വരെ ആശ്രയവും അഭയവും കണ്ടെത്തിയ മലയാള സിനിമയിലേക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷമാണ് ശ്യമപ്രസാദ് എത്തുന്നത്. എസ്.എല്‍.പുരം സദാനന്ദന്റെ പ്രശസ്ത നാടകത്തെ അവലംബിച്ചുള്ള സിനിമയിലൂടെ. നാടകത്തില്‍ തുടങ്ങി ടെലിവിഷന്‍ സ്ക്രീനിലെ ശ്രദ്ധേയ പരീക്ഷണങ്ങള്‍ക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമാ സംരംഭം വെളിച്ചം കണ്ടത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ബഹുമതി നേടിയ ആദ്യ ചലച്ചിത്രം സാധാരണ പ്രേക്ഷരില്‍ വലിയ ചലനം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതിനൊപ്പം എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമാക്കാതെ വിസ്മൃതമായി. എന്നാല്‍ അതേ വര്‍ഷം പുറത്തിറങ്ങിയ അഗ്നിസാക്ഷി ശ്യാമപ്രസാദിന്റെ കരിയറില്‍ പൊന്‍തൂവലായി മാറി. ഒട്ടേറെ സംസ്ഥാന, ദേശീയ ബഹുമതികള്‍ നേടിയ ചിത്രം സവിശേഷതകളുള്ള ഒരു ചലച്ചിത്രകാരനായി അദ്ദേഹത്തെ മലയാളത്തില്‍ അടയാളപ്പെടുത്തി.

പ്രഥമ വയലാര്‍ പുരസ്കാരം നേടിയ ലളിതാംബിക അന്തര്‍ജനത്തിന്റെ നോവല്‍ അതേ പേരില്‍ തന്നെയാണ് ശ്യാമപ്രസാദ് ചലച്ചിത്രമാക്കിയത്. തിരക്കഥയും സംവിധായകന്റേതുതന്നെ. സാഹിത്യകൃതികളുമായുള്ള ശ്യാമപ്രസാദ് എന്ന സംവിധായകന്റെ അഭേദ്യമായ ബന്ധം തുടങ്ങുന്നതും അഗ്നിസാക്ഷിയില്‍ തന്നെ. പിന്നീടിങ്ങോട്ട് അദ്ദേഹം പൂര്‍ത്തിയാക്കിയ മിക്ക സിനികളുടെയും അവലംബം സാഹിത്യകൃതികള്‍ തന്നെയായിരുന്നു. പ്രധാനമായും ബംഗാളി നോവലുകളും ചെറുകഥകളും. കാസിമിന്റെ കടല്‍ എന്ന ചിത്രം അനീസ് സലീമിന്റെ നോവലിനെ അടിസ്ഥാനമാക്കിയും.ബംഗാളി സാഹിത്യവുമായുള്ള ശ്യാമപ്രസാദിന്റെ സൗഹൃദത്തില്‍നിന്ന് സ‍ഷ്ടിക്കപ്പെട്ട ശ്രദ്ധേയസിനിമയാണ് ഒരേ കടല്‍. സുനില്‍ ഗംഗോപാധ്യായയുടെ ഹിരക് ദീപ്തി യാണ് ഒരേ കടലായി മാറിയത്. അരികെ എന്ന സിനിമയ്ക്കും ആധാരമായത് സുനിലിന്റെ നോവല്‍ തന്നെ. ആര്‍ട്ടിസ്റ്റ് എന്ന സിനിമ പരിതോഷ് ഉത്തമിന്റെ നോവലില്‍ നിന്ന്. ശിര്‍ശേന്ദു മുഖോപാധ്യായയുടെയും ദിബ്യേന്ദു പാലിതിന്റെ കഥകളില്‍ നിന്ന് ഒരു ഞായറാഴ്ചയും.വൈകാരിക സങ്കീര്‍ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന ബംഗാളി നോവലുകളും ചെറുകഥകളുമാണ് ശ്യമപ്രസാദ് തന്റെ സിനിമകള്‍ക്ക് അവലംബമാക്കിയത്. ശൈലി ബാധ്യതയാകാതെ ജീവിതത്തില്‍ നിന്ന് നേരിട്ട് എഴുതുന്ന രീതി ആധുനികതയുടെ കാലത്ത് മലയാളത്തില്‍ അപൂര്‍വതയായിരുന്നു എന്നാണ് മലയാളകഥകള്‍ അധികം തിരഞ്ഞെടുക്കാതിരുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഒ.വി.വിജയനും മാധവിക്കുട്ടിയും മാത്രമാണ് ഇതില്‍നിന്നു വ്യത്യസ്തരായി ലോകസാഹിത്യത്തോടു കിടപിടിക്കുന്ന സൃഷ്ടികള്‍ മലയാളത്തിനു സമ്മാനിച്ചിട്ടുള്ളതെന്നാണ് അദ്ദേഹത്തിന്റെ ധീരമായ അഭിപ്രായം. ഖസാക്കിന്റെ ഇതിഹാസം ശ്യാമപ്രസാദ് സിനിമയാക്കുന്നു എന്നൊരു വാര്‍ത്ത ഒരിക്കല്‍ പരന്നതുമാണ്. എന്നാല്‍ അതൊരു അടഞ്ഞ അധ്യായമാണെന്ന് ഇന്നദ്ദേഹം അതിനെക്കുറിച്ചു തീര്‍ത്തുപറയുന്നു.ജീവിതഗന്ധിയായിരുന്നു എഴുപതുകളിലെയും എണ്‍പതുകളിലെയും ബംഗാളി എഴുത്തുകാരുടെ കഥകള്‍. ആര്‍ജവമുള്ള ശൈലി അവരുടെ സൃഷ്ടികളെ വേറിട്ടതാക്കി. രൂപപരമായ പരീക്ഷണങ്ങളും ശൈലിയിലെ പുതുമയ്ക്കും പകരം ജീവിതത്തെ അവര്‍ കേന്ദ്രസ്ഥാനത്തു നിര്‍ത്തി. ഇഴപിരിച്ചെടുക്കാനാവാത്ത മനുഷ്യബന്ധങ്ങളുടെ അനന്യ സൗന്ദര്യവും അത്ഭുതദീപ്തിയും ദുരന്തതീവ്രതയും ആവിഷ്കരിക്കാന്‍ ശ്രമം നടത്തി. ശ്യാമ പ്രസാദ് തന്റെ സിനിമകളിലൂടെ ശ്രമിച്ചതും ജീവിതം എന്ന പദപ്രശ്നത്തെ പൂരിപ്പിക്കാനുള്ള ഉദ്യമങ്ങളും സ്ത്രീ പുരുഷ ബന്ധങ്ങളുടെ കാണാക്കയങ്ങള്‍ വെളിപ്പെടുത്താനുള്ള പരിശ്രമങ്ങളും. സദാചാര ബാധ്യതയില്ലാതെ, സാമൂഹിക കെട്ടുപാടുകളില്ലാതെ അദ്ദേഹം ജീവിതത്തെ നോക്കി. ബന്ധങ്ങളെ മനസ്സിലാക്കി. സന്തോഷവും സങ്കടവും അസ്വസ്ഥതയും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളാക്കി.സ്തുതിവചനങ്ങള്‍ക്കും കയ്യടികള്‍ക്കും അപ്പുറം ശ്യാമ പ്രസാദ് എന്ന ചലച്ചിത്രകാരനും അദ്ദേഹത്തിന്റെ സിനിമകളും ആഴത്തിലുള്ള പഠനങ്ങള്‍ അര്‍ഹിക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണ് ശ്യാമായനം.



Shyamaayanam in Abdul Raof's FB post

Image may contain: 1 person, text that says "എ.ചന്ദ്രശേഖർ ശ്യാമായനം ശ്യാമ പ്ര്സ്ാ ദിൻ്റെ സിനിമാ ലോകം D 5"
ഹൈസ്കൂൾ പഠനകാലത്താണ് ദൂരദർശനിൽ ശ്യാമപ്രസാദ് എന്ന പേര് ആദ്യം കാണുന്നത്. ഉയിർത്തെഴുന്നേൽപ്പും മരണം ദുർബലവുമെല്ലാം ഇന്നും ഓർമയിലുണ്ട്. നമ്മുടെ ടെലിവിഷൻ ലക്ഷണമൊത്ത കാഴ്ചകൾക്ക് തുടക്കമിട്ട കാലം കൂടിയായിരുന്നു അത്.
പിന്നീട് രാജ്യത്തെ പ്രമുഖ സംവിധായകരുടെ നിരയിലേക്കുള്ള ശ്യാമപ്രസാദിന്റെ വളർച്ച മലയാളി നോക്കി നിൽക്കെയാണ് സംഭവിച്ചത്. അപ്പോഴും അടൂരും അരവിന്ദനും നടന്ന വഴിയിലോ പത്മരാജനും ഭരതനും തുറന്നിട്ട ഇടവഴിയിലോ ഒന്നുംതന്നെ അദ്ദേഹത്തെ നമുക്ക് കാണാനായിട്ടില്ല. ഏതെങ്കിലും കൊക്കസുകളിൽ വിഷയദാരിദ്ര്യം കൊണ്ട് കുടിയേറിയ രൂപത്തിലും അയാളെ മലയാളി കണ്ടില്ല.
പക്ഷെ ഓരോ കൃത്യമായ ഇടവേളയിലും ഈ ചലച്ചിത്രകാരൻ നമുക്കുമുന്നിൽ വന്നു. അഗ്നിസാക്ഷിയും അകലെയും ഒരേകടലും ഋതുവും ആർട്ടിസ്റ്റും ഒരു ഞായറാഴ്ചയും പോലുള്ള ചിത്രങ്ങളുമായി.
അതിലൂടെയെല്ലാം കഥാപാത്രങ്ങളെ അവരായിത്തന്നെ ജീവിക്കാൻ തുറന്നുവിട്ട്, മലയാളിയുടെ കപട സദാചാര വാദത്തോട് കഴിയുന്നത്ര പുറം തിരിഞ്ഞുനിന്ന്, വ്യക്തി ബന്ധങ്ങളുടെ സങ്കീർണതകളെ സമകാലികത്തിലൊതുക്കാതെ സാർവകാലികമായി മാത്രം നോക്കികണ്ട്, ഒരുപക്ഷെ മനുഷ്യ മനസിനെ ഇത്രയേറെ ഇഴപിരിച്ചെടുത്ത അധികം സംവിധായകർ നമുക്കില്ല. അദ്ദേഹത്തിന്റെ നായകരേക്കാൾ എന്തുകൊണ്ടും മുന്നിലായിരുന്നു എന്നും ആ സിനിമകളിലെ സ്ത്രീകൾ.
അങ്ങനെ പലനിലക്കും പഠന വിധേയമാക്കേണ്ട ഈ സെല്ലുലോയ്ഡ് ജീവിതം അതിന്റെ സമഗ്രതയിൽ മലയാളിക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. മുതിർന്ന മാധ്യമ പ്രവർത്തകനും സിനിമയുടെ ലാവണ്യ ശാസ്ത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന പ്രതിഭാധനനായ എഴുത്തുകാരനുമായ എ ചന്ദ്രശേഖർ എഴുതിയ 'ശ്യാമായനം' ശ്യാമപ്രസാദ് എന്ന ചലിച്ചിത്രകാരന്റെ സിനിമകൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അക്ഷര ബഹുമതിയാണ്. അത്രയേറെ സൂക്ഷ്മവും സമഗ്രവുമാണ് ഈ ചലച്ചിത്ര ഗ്രന്ഥം.
ശ്യാമപ്രസാദ് എന്ന സംവിധായകൻ ഏതാണ്ട് പൂർണമായി തന്നെ വിലയിരുത്തപ്പെടുന്നുണ്ട് ഇവിടെ. അദ്ദേഹത്തിന്റെ ലിംഗ നീതിയോടുള്ള തുറന്ന കാഴ്ചപ്പാടും ഗ്രന്ഥകാരൻ കൂടി ഉൾപ്പെട്ട കെ ആർ മീരയുമായി ബന്ധപ്പെട്ട ഒരേകടൽ വിവാദവും സംവിധായകൻ രഞ്ജിത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പുമെല്ലാം ഈ തുറന്ന പുസ്തകത്തിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയെ സ്നേഹിക്കുന്നവർക്ക് ഈ അമൂല്യ ഗ്രന്ഥം അവഗണിക്കാനാവില്ലെന്നത് തീർച്ചയാണ്...
# പി കെ അബ്ദുൾ റഊഫ്
94
People reached
7
Engagements
Boost Unavailable
2
1 share
Like
Comment
Share

Comments