ജേര്‍ണിലസം സ്‌ട്രോക്‌സ്-3

മൂന്നു പ്രസിദ്ധീകരണങ്ങളെപ്പറ്റിയാണ്, അച്ചടി പ്രസിദ്ധീകരണങ്ങളുടെ ഭാവി തന്നെ സന്ദിഗ്ധാവസ്ഥയില്‍ നില്‍ക്കുന്ന ഈ കോവിഡ് കാല പശ്ചാത്തലത്തില്‍ സുഹൃത്തുകൂടിയായ എഴുത്തുകാരനും ഗായകനുമായ സുഹൈബിന്റെ പ്രയോഗം കടമെടുത്താല്‍ 'കുത്തിപ്പൊക്കുന്നത്.'
ഇന്ത്യയില്‍ ഒരു മാസികയ്ക്കും ഉണ്ടാവാത്തൊരു റെക്കോര്‍ഡ് പ്രിന്റ് ഓര്‍ഡറോടെ ആഘോഷിക്കപ്പെട്ട പിറവിയായിരുന്നു ഗൃഹശ്രീയുടേത്. ഡെമി 1/2 എന്ന സൈസും ഉള്ളടക്കത്തിലെ സവിശേഷതകളും കൊണ്ടുമാത്രമായിരുന്നില്ല ഗൃഹശ്രീ വേറിട്ടു നിന്നത്. വിതരണത്തിന്റെ കാര്യത്തില്‍, കാര്യക്ഷമമായി മുന്നോട്ടു പോയിരുന്നെങ്കില്‍ മുന്‍നിര മുഖ്യധാരയ്ക്കു പോലും വെല്ലുവിളിയോ മാര്‍ഗനിര്‍ദ്ദേശമോ ആയിത്തീരുമായിരുന്ന ഒരു സങ്കല്‍പം ബിസിനസ് മോഡല്‍ ആണ് ഗൃഹശ്രീ മുന്നോട്ടുവച്ചത്. മലയാള മനോരമയില്‍ നിന്ന് രാജിവച്ച എന്റെ രണ്ടു മുന്‍കാല സഹപ്രവര്‍ത്തകര്‍ കൂടിയായ എസ്.രാധാകൃഷ്ണനും വി.ഉണ്ണികൃഷ്ണനു മായിരുന്നു അതിന്റെ പിന്നിലെ പ്രധാനികള്‍. രണ്ടുപേരും അന്തരിച്ച ഷംസുദ്ദീന്‍ സാറിനൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് മനോരമ വിട്ട് ഗള്‍ഫ് ന്യൂസില്‍ ചേര്‍ന്നവര്‍. അവിടെ നിന്നു വിട്ട് സ്വന്തം സംരംഭമായി തുടങ്ങിയതാണ് ഗൃഹശ്രീ. അന്ന് തിളങ്ങിവരുന്ന സൈനുല്‍ ആബിദ് ആയിരുന്നു ഡിസൈന്‍. ഗള്‍ഫ് ന്യൂസ് മുതല്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ബോഡി ബില്‍ഡര്‍ കൂടിയായ ജൂഡിന്‍ ബര്‍ണാട് ഫോട്ടോഗ്രാഫറും. പി.എം.ജിയിലെ ജൂഡിന്റെ വീട് തന്നെയായിരുന്നു ഓഫീസ് എന്നാണോര്‍മ്മ. ഇനി വിതരണക്കാര്യത്തിലെ ഗൃഹശ്രീയുടെ അത്രയ്ക്ക് സവിശേഷമാര്‍ന്ന സങ്കല്‍പം എന്തായിരുന്നു എന്നല്ലേ?
കേരളത്തില്‍ അന്ന് ഏറെക്കുറെ കുത്തക സാന്നിദ്ധ്യം തന്നെയായിരുന്ന കേബിള്‍ ടിവി സേവനദാതാക്കളായിരുന്നു ഏഷ്യാനെറ്റ്. സിറ്റി കേബിള്‍, കേരളവിഷന്‍ പോലുള്ളവയൊന്നും വിപണിയിലേക്കു കടന്നുവന്നിട്ടില്ല. ഏഷ്യാനെറ്റിന്റെ അപ്രമാദിത്തം മാത്രമാണ് കേബിള്‍ ദൃശ്യശൃംഖലയില്‍. മാസാമാസം വീടുകളിലെത്തി ഫ്രാഞ്ചൈസികളുടെ പ്രതിനിധികള്‍ നേരിട്ടായിരുന്നു ഏഷ്യാനെറ്റിന്റെ വരിസംഖ്യ പിരിച്ചിരുന്നത്, ഇന്നും പത്രക്കാശ് ഏജന്റ് വന്നു വാങ്ങുന്നതുപോലെ. കേബിള്‍ വിതരണത്തില്‍ മത്സരം കടുക്കുന്ന സമയമാണ്. ഏഷ്യാനെറ്റിന്റെ മേല്‍ക്കൈ തുടര്‍ന്നും ഉറപ്പാക്കാന്‍ ഒരു സൗജന്യ ബോണസ്. എല്ലാ മാസവും വനിത പോലെ, കന്യക പോലെ, ഗൃഹലക്ഷ്മി പോലെ, കുറേക്കൂടി ആധുനികമായ ഒരു ലൈഫ് സ്റ്റൈല്‍ പ്രസിദ്ധീകരണം തീര്‍ത്തും സൗജന്യമായി ഏഷ്യാനെറ്റ് വരിക്കാര്‍ക്ക് വീട്ടിലെത്തിക്കും. വരിപ്പണം വാങ്ങാന്‍ പോകുന്ന പ്രതിനിധി അതു നേരിട്ടു കൊണ്ടുക്കൊടുക്കും. അന്നത്തെ നിലയ്ക്ക് ഏതാണ്ട് അഞ്ചുലക്ഷത്തോളമുണ്ട് ഏഷ്യാനെറ്റിന്റെ വരിക്കാര്‍. അതനുസരിച്ച് ആദ്യത്തെ പ്രതിയുടെ തന്നെ പ്രിന്റ് ഓര്‍ഡര്‍ അഞ്ചുലക്ഷത്തില്‍പ്പരം. എ.ബി.സി അല്ല ഒരു റേറ്റിങ് ഏജന്‍സിയുടെയും സാക്ഷ്യപ്പെടുത്തലും വേണ്ട. കാരണം മുഖവിലയില്ലാതെ ഏഷ്യാനെറ്റ് വരിക്കാര്‍ക്ക് തീര്‍ത്തും സൗജന്യമായി എത്തിക്കുന്നതാണ്. അതില്‍ കള്ളമില്ല, അതിന്റെ ആവശ്യവുമില്ല. വിതരണച്ചെലവ് പൂജ്യം! പരസ്യ ഏജന്‍സികള്‍ക്കു പോലും ഗൃഹശ്രീയുടെ പ്രചാരണത്തില്‍ സന്ദേഹിക്കേണ്ട ആവശ്യമില്ല.
പകരം, പരസ്യത്തിന്റെ കാര്യത്തിലും മറ്റും ഏഷ്യാനെറ്റ് കൂടി സംയുക്തമായി മാര്‍ക്കറ്റ് ചെയ്യും എന്നാണ് ധാരണ.ചാനലിനു മാത്രമായി പിടിക്കുന്ന പരസ്യത്തിന് ഗൃഹശ്രീ കുടി ചേര്‍ത്ത് അല്‍പം കൂടുതല്‍ തുക ഈടാക്കിയാല്‍ ആ തുക ഗൃഹശ്രീക്കു കൊടുക്കണം. അതുപോലെ, മത്സരം മുറുകുന്ന കേബിള്‍ രംഗത്ത് ഏഷ്യാനെറ്റിന്റെ വരിക്കാരെ കൂട്ടാന്‍ ഗൃഹശ്രീ ഒരു ആകര്‍ഷകമായി ചൂണ്ടിക്കാണിക്കുകയുമാവാം. ഏതാണ്ട് ഒരു വര്‍ഷത്തോളം, മലയാളം അന്നുവരെ കണ്ട ലൈഫ്‌സ്റ്റൈല്‍ പ്രസിദ്ധീകരണങ്ങളില്‍ ഒരു വിപ്‌ളവമായിത്തന്നെ ഗൃഹശ്രീ പുറത്തിറങ്ങി. സൗജന്യമായി ഏഷ്യാനെറ്റ് വരിക്കാരുടെ വീടുകളിലുമെത്തി. ആദ്യമൊക്കെ നല്ല പരസ്യങ്ങളും കിട്ടി. പക്ഷേ, ഏഷ്യാനെറ്റിന് അവരുടെ വാക്ക് പാലിക്കാനാവാത്തതുകൊണ്ടോ എന്തോ, വിചാരിച്ചത്ര പരസ്യം ഗൃഹശ്രീയിലേക്ക് അവരില്‍ നിന്ന് എത്തിച്ചേര്‍ന്നില്ല. ക്രമേണ, ഗൃഹശ്രീയുടെ വലിപ്പം കുറഞ്ഞു.കനം കുറഞ്ഞു. വൈകാതെ അതിന്റെ പ്രസിദ്ധീകരണവും നിലച്ചു. രാധാകൃഷ്ണനും ഉണ്ണികൃഷ്ണനും ജൂഡിനും കടം ബാക്കിയാക്കി മലയാളത്തിലെ വേറിട്ടൊരു പ്രസിദ്ധീകരണസ്വപ്‌നം അങ്ങനെ ചരിത്രം മാത്രമായി. ഇന്നും ഓര്‍ക്കുമ്പോള്‍ ഏറെ സാധ്യതയുണ്ടായിരുന്ന ഒരു ബിസിനസ് മോഡലായിരുന്നു ഗൃഹശ്രീയുടേത്. പക്ഷേ, എന്തുകൊണ്ടോ അതൊരു ദുരന്തപര്യവസായിയായി.

