Saturday, October 29, 2016

മലയാളസിനിമയുടെ ത്രികാലങ്ങള്‍

 90 വയസു പിന്നിടുന്ന മലയാളസിനിമയിലേക്ക് ഒരു ഫഌഷ്ബാക്ക്


എ.ചന്ദ്രശേഖര്‍
 

സ്വതന്ത്ര കേരളത്തെക്കാള്‍ മുപ്പതുവയസിനു മൂപ്പുണ്ട് മലയാളസിനിമയ്ക്ക്. ലോകസിനിമയെ അപേക്ഷിച്ച് 30 വയസിന് ഇളപ്പവും! ഇന്ത്യയില്‍ ചലിക്കുന്ന ചിത്രം ഉത്സവമൈതാനികളിലും മറ്റുമുള്ള വിസ്മയക്കാഴ്ചകളിലൊന്നായിരുന്ന കാലം മുതല്‍ കേരളക്കരയ്ക്ക് അത് പരിചിതമായിരുന്നെങ്കിലും 1928ല്‍ തലസ്ഥാനത്തിനു തെക്ക് അഗസ്തീശ്വരത്തുള്ള ദന്തവൈദ്യന്‍ ഡോ.ജെ.സി.ഡാനിയല്‍ എഴുതി നിര്‍മിച്ചു സംവിധാനം ചെയ്ത വിഗതകുമാരനില്‍ തുടങ്ങുന്നു മലയാള സിനിമയുടെ ചരിത്രം. മൂന്നു സുവര്‍ണകാലഘട്ടങ്ങളായി 90 വര്‍ഷത്തെ ആ ചരിത്രത്തെ വിലയിരുത്തിയാല്‍, ലോകസിനിമയില്‍/ സാംസ്‌കാരികഭൂപടത്തില്‍/മലയാളിയുടെ ജീവിതത്തില്‍ അതു നേടിയെടുത്ത സ്വാധീനം അടയാളപ്പെടുത്താനാവൂം.

ഒന്നാം കാലം
ഭാഷയുടെ കാര്യത്തിലെന്നപോലെ, സിനിമയുടെ കാര്യത്തിലും തമിഴ്-ഹിന്ദി കൃതികളോടാണ് മലയാളത്തിനു കടപ്പാട്. ആദ്യകാലങ്ങളില്‍ നമ്മുടെ സിനിമയും വേരൂന്നിയതും പടര്‍ന്നുപന്തലിച്ചതും തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്ന പഴയ മദ്രാസിലെ കോടമ്പാക്കത്തെ സ്റ്റുഡിയോ തളങ്ങളില്‍ തന്നെയായിരുന്നു. എന്തിലും വേറിട്ടു ചിന്തിക്കുന്ന മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം, നിശബ്ദകാലഘട്ടത്തില്‍ നമ്മുടെ ആദ്യ സിനിമ വിഗതകുമാരന്‍ നിര്‍മിക്കപ്പെട്ടത് തിരുവനന്തപുരം പട്ടത്തു സ്ഥാപിക്കപ്പെട്ട ട്രാവന്‍കൂര്‍ നാഷനല്‍ പിക്‌ചേഴ്‌സ് എ്ന്ന സ്റ്റുഡിയോയിലൂടെയാണെന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ. ഇതര ഇന്ത്യന്‍ സിനിമകളില്‍ നിന്നു വ്യത്യസ്തമായി, സാമൂഹികമായൊരു വിഷയത്തെ അധികരിച്ചാണ് നമ്മുടെ ആദ്യ കഥാസിനിമ നിര്‍മ്മിക്കപ്പെട്ടത്, അതില്‍ നായികയായതോ, പി.കെ. റോസി എന്നൊരു ദലിതയും!
നാഗര്‍കോവില്‍ സ്വദേശി സുന്ദര്‍രാജ് 1932ല്‍ നിര്‍മിച്ച മാര്‍ത്താണ്ഡവര്‍മയെന്ന രണ്ടാം നിശബ്ദ സിനിമയില്‍ തുടങ്ങുന്നു സാഹിത്യ ചാര്‍ച്ചയുള്ള, മലയാളസിനിമയുടെ ആദ്യസുവര്‍ണകാലം. പകര്‍പ്പവകാശലംഘനത്തിന്റെ പേരില്‍ സിവി രാമന്‍പിള്ളയുടെ ചരിത്രാഖ്യായികയുടെ ഈ ദൃശ്യാഖ്യാനം കോടതികയറുകയും പെട്ടിയിലാവുകയുമൊക്കെ ചെയ്‌തെങ്കിലും, മദ്രാസിലെ ഫ്‌ളോറുകളില്‍, തമിഴ് തെലുങ്ക് സിനിമകളുടെ ഷൂട്ടിങ് പകലുകള്‍ക്കു ശേഷമുള്ള രാവേളകളില്‍ മലയാളസിനിമ തഴച്ചുവളര്‍ന്നത് സാഹിത്യത്തോടുള്ള കറകളഞ്ഞ കൂറു വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ്. ഒരുപക്ഷേ ഇന്ത്യയില്‍ ബംഗാളി കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഭാഷാസിനിമയായി മലയാളം മാറാന്‍ കാരണവും അതിന്റെ സാഹിത്യച്ചാര്‍ച്ച തന്നെ.1929ല്‍ സേലം മോഡേണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ആദ്യമലയാളം ശബ്ദചിത്രമായ ബാലനും പ്രസിദ്ധീകൃതമായ കഥയെ അതിജീവിച്ചുള്ളതായിരുന്നു.
സാങ്കേതികമായും മലയാള സിനിമ ഏറെ മാറ്റങ്ങളേറ്റുവാങ്ങി മുന്നേറിയ കാലമാണത്. അതിനു പ്രധാന കാരണക്കാര്‍ കുഞ്ചാക്കോയും പി.സുബ്രഹ്മണ്യവുമാണ്. 1949 ല്‍ കുഞ്ചാക്കോ ആലപ്പുഴ ആസ്ഥാനമാക്കി ഉദയ സ്റ്റുഡിയോയും 52ല്‍ തിരുവനന്തപുരം നേമത്ത് പി.സുബ്രഹ്മണ്യം മെറിലാന്‍ഡ് സ്റ്റുഡിയോയും നിലാ പ്രൊഡക്ഷന്‍സും ആരംഭിക്കുന്നതോടെയാണ് മലയാള സിനിമയുടെ ശുക്രദശ തുടങ്ങുന്നത്. വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളും അവതരണശൈലിയുമായി കമ്പോളത്തില്‍ മത്സരം തന്നെയായിരുന്നു ഈ രണ്ടു സുറ്റുഡിയോകളും കാഴ്ചവച്ചത്. താരങ്ങളെയും സാങ്കേതികവിദഗ്ധരെയും മാസശമ്പളത്തിനു വച്ച് കോര്‍പറേറ്റ് നിര്‍മാണശൈലിക്കു തുടക്കമിട്ടതും ഇവര്‍ തന്നെ. 1952ല്‍ വെള്ളിനക്ഷത്രത്തിലൂടെ ഉദയയും ആത്മസഖിയിലൂടെ മെറിലാന്‍ഡും തുടക്കമിട്ടത് അതിശക്തമായൊരു സ്റ്റുഡിയോ യുഗത്തിനാണ്. വടക്കന്‍ പാട്ടും പുണ്യപുരാണകഥകളും ചരിത്രാഖ്യായികളും സമകാലിക സംഭവങ്ങളുമെല്ലാം സിനിമയ്ക്ക് വിഷയമാവുന്നത് ഈ സ്റ്റുഡിയോ പോരിന്റെ അനന്തരഫലമായാണ്. ഒരേ കഥ തന്നെ ഇരു സ്ഥാപനങ്ങളും വെവ്വേറെ ചിത്രീകരിക്കുന്ന കീഴ് വഴക്കം വരെയുണ്ടായി.
കച്ചവടനേട്ടത്തിനൊപ്പം കലാമേന്മയും ഇഴപിരിഞ്ഞ വളര്‍ച്ചയായിരുന്നു മലയാള സിനിമയുടേത്. 1952ല്‍, കുഞ്ചാക്കോയും കോശിയും ചേര്‍ന്നു നിര്‍മിച്ച ആദ്യ മെഗാഹിറ്റ്, തലസ്ഥാനത്ത് 258 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച, തിക്കുറിശ്ശി എഴുതി സംവിധാനം ചെയ്ത് മുഖ്യവേഷമഭിനയിച്ച ജീവിത നൗക പുറത്തിറങ്ങിയെങ്കില്‍ രണ്ടു വര്‍ഷത്തിനു ശേഷം, ചന്ദ്രതാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ.പരീക്കുട്ടി നിര്‍മിച്ച് ഉറൂബെഴുതി പി.ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്നു സംവിധാനം ചെയ്ത നീലക്കുയിലും വന്നു. ദേശീയതലത്തില്‍ മികച്ച മലയാളസിനിമയ്ക്ക് രാഷ്ര്ടപതിയുടെ രജതകമലം നേടിയ ആദ്യ സിനിമയായിരുന്നു അത്, കലാമൂല്യത്തിലേക്കുള്ള ആദ്യത്തെ കാല്‍വയ്പ്. തൊട്ടടുത്ത വര്‍ഷം തന്നെ മറ്റൊരു വഴിത്തിരിവിനും സിനിമാ കേരളം സാക്ഷിയായി. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിക്കൊണ്ട് ബംഗാളില്‍ സത്യജിത് റേ വിഖ്യാതമായ പാഥേര്‍ പാഞ്ജലി നിര്‍മിക്കും മുമ്പേ, 1955ല്‍ തൃശൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കൂട്ടായ്മ പി.രാംദാസ് എന്ന മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്റെ നേതൃത്വത്തില്‍ ന്യൂസ് പേപ്പര്‍ ബോയ് നിര്‍മിക്കുന്നത് 1955ലാണ്. സാമൂഹികകഥകളായിരുന്നുവെന്നതാണ് ഇവയുടെയെല്ലാം സവിശേഷത. 1961 ല്‍ ഭാഷയിലെ ആദ്യ ബഹുവര്‍ണ സിനിമ, കണ്ടംബച്ച കോട്ട് പുറത്തിറങ്ങി
സത്യന്‍-പ്രേം നസീര്‍-മധു താരത്രയത്തിന്റെ പുഷ്‌കരകാലമായിരുന്നു അത്. മിസ് കുമാരി-ഷീല-ശാരദ, തിരുവിതാംകൂര്‍ സഹോദരങ്ങള്‍ (ലളിത പത്മിനി രാഗിണി) എന്നിവരില്‍ തുടങ്ങിയ താരപ്രഭാവം. രാമു കാര്യാട്ട്, പി.ഭാസ്‌കരന്‍, എ.വിന്‍സന്റ്, കെ.എസ്.സേതുമാധവന്‍ തുടങ്ങിയ സംവിധായകര്‍. മുതുകുളം രാഘവന്‍പിള്ളയില്‍ തുടങ്ങി ഉറൂബും വൈക്കം മുഹമ്മദ് ബഷീറും,
തോപ്പില്‍ ഭാസിയും എസ്.എല്‍.പുരം സദാനന്ദനും വരെ ഏറ്റെടുത്ത തിരയെഴുത്ത്. ഹിന്ദി തമിഴ് പാട്ടുകളുടെ ഈണാനുകരണങ്ങളില്‍ ബ്രദര്‍ ലക്ഷ്മണനില്‍  തുടങ്ങി അനുഗ്രഹീതരായ ദേവരാജനിലും ദക്ഷിണാമൂര്‍ത്തിയിലും ബാബുരാജിലും കൂടി വളര്‍ന്ന സംഗീതശാഖ.
ആത്മസഖിയിലൂടെ സത്യനും മരുമകളിലൂയെ പ്രേംനസീറും നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെ മധുവും അരങ്ങേറ്റം കുറിച്ചു. ജനപ്രിയ നോവലകളും കവിതയുമെല്ലാം സിനിമയായി. പ്രദര്‍ശനവിജയത്തിനൊപ്പം, ഇനിയും ഭേദിച്ചിട്ടില്ലാത്ത ചില ലോകറിക്കോര്‍ഡുകള്‍ക്കും മലയാളസിനിമ ഈറ്റില്ലമായി. ലോകത്ത് ഏറ്റവുമധികം സിനിമകളില്‍ നായകനായ ആള്‍ എന്ന നിലയ്ക്കു മാത്രമല്ല പ്രേംനസീര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഷീലയ്‌ക്കൊപ്പം ഒരേ നായികയോടൊപ്പം ഒരേ സംവിധായകന്റെ (ശശികുമാര്‍) എറ്റവുമധികം സിനിമകളില്‍ അഭിനയിച്ചു എന്ന റെക്കോര്‍ഡും നസീറിനു സ്വന്തം. സത്യന്‍ അഭിനയചക്രവര്‍ത്തി എന്ന പേരില്‍ പ്രശംസനേടിയപ്പോള്‍, സത്യന്‍-നസീര്‍ ദ്വന്ദ്വത്തിലൂടെ ആദ്യ താരപ്പോരിനും തുടക്കമായി. സ്ഥാപനവല്‍കൃത ആരാധകക്കൂട്ടങ്ങള്‍ വളര്‍ന്നില്ലായിരുന്നെങ്കിലും ഇവരുടെ സിനിമകള്‍ പരസ്പരം മത്സരസ്വഭാവം കാഴ്ചവച്ചു. തൊട്ടു പിന്നാലെ വന്ന മധുവാകട്ടെ, ഭാവനായകന്‍ എന്ന പേരില്‍ ഹിറ്റുകളും കലാവിജയങ്ങളും മാറിമാറി സമ്മാനിച്ചു. തിക്കുറിശ്ശിക്കു ശേഷം, സംവിധാനം അഭിനയം എന്നിവയെല്ലാം നിര്‍വഹിച്ച മധു തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ സ്ഥാപിച്ച് വ്യവസായത്തിന്റെയും ഭാഗമായി.
രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ തകഴിയുടെ ചെമ്മീന്‍ (1966) പുറത്തിറങ്ങുന്നതോടെയാണ് ദേശീയതലത്തില്‍ മലയാളസിനിമ അവഗണിക്കാനാവാത്ത നിലയിലേക്കു വളരുന്നത്. മികച്ച സിനിമയ്ക്കുള്ള സ്വര്‍ണമെഡല്‍ നേടി. സാഹിത്യബന്ധം നിലനില്‍ക്കെത്തന്നെ അര്‍ത്ഥവത്തായ മാധ്യമപരീക്ഷണങ്ങള്‍ക്കു വഴിമരുന്നിട്ട കാലഘട്ടമായിരുന്നു അറുപതുകള്‍. എം.ടി. വാസുദേവന്‍ നായരുടെ കടന്നുവരവോടെ, പ്രാദേശിക വ്യവഹാര ഭാഷയ്ക്ക് മലയാളസിനിമയില്‍ ഇടം വന്നു. വള്ളുവനാടന്‍ സംസാരഭാഷയിലൂടെ എം.ടി സൃഷ്ടിച്ച മനൂഷ്യാവസ്ഥകള്‍ പുതിയ ഭാവുകത്വം സമ്മാനിച്ചു. സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങി പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും ആ ഭാവുകത്വത്തിന്റെ പ്രതിഫലനമായി. വിന്‍സന്റിനെപ്പോലെ മികച്ച ഛായാഗ്രാഹകരും വയലാറിനെയും പി.ഭാസ്‌കരനെയും ശ്രീകുമാരന്‍തമ്പിയേയും പോലെ മികച്ച ഗാനരചയിതാക്കളെയും സിനിമയ്ക്കു ലഭിച്ചു. രാരിച്ചന്‍ എന്ന പൗരന്‍ (56), രണ്ടിടങ്ങഴി(61), മുടിയനായ പുത്രന്‍ (61), നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (63), ഭാര്‍ഗവീ നിലയം (64), മുറപ്പെണ്ണ്(65), ഓടയില്‍ നിന്ന് (65), ഇരുട്ടിന്റെ ആത്മാവ് (66), നഗരമേ നന്ദി(67), അസുരവിത്ത് (68), തുലാഭാരം (68) യക്ഷി(68), ഓളവും തീരവും (69), അരനാഴികനേരം (70), കുട്ട്യേടത്തി (70), പ്രിയ (70), അനുഭവങ്ങള്‍ പാളിച്ചകള്‍ (71), ശരശയ്യ (71) എന്നിങ്ങനെ സാമൂഹികപ്രതിബദ്ധതയിലും മാനവികതയിലും ഊന്നിയ സിനിമകള്‍ കലാമേന്മയ്‌ക്കൊപ്പം പ്രദര്‍ശനവിജയവും ഉറപ്പാക്കി. വിദ്യാസമ്പന്നരായിരുനനു താരങ്ങളും സാങ്കേതികവിദഗ്ധരുമെന്നതാവാം അതിനു പ്രേരണ. സിനിമയുടെ കലാപരവും ജനകീയതയും തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ 1969ല്‍ ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയെങ്കിലും ആദ്യം അതു ലഭിച്ചത് കുമാരസംഭവം എന്ന സിനിമയ്ക്കായിരുന്നു.

രണ്ടാംകാലം 
എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളില്‍ പൂര്‍ണവളര്‍ച്ചനേടിയ സമാന്തര/ കലാസിനിമയുടെ മുന്നേറ്റമാണ് സത്യത്തില്‍ മലയാള സിനിമയെ ലോകസിനിമാഭൂപടത്തില്‍ ചെറുതെങ്കിലും സവിശേഷമായൊരിടത്തിലുറപ്പിച്ചത്.അതിനു നാം കടപ്പെട്ടിരിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയുടെ ആദ്യത്തെ സിനിമാപാഠശാലയായ പുനെയിലെ ഫിലിം ആന്‍ഡി ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയോടും കേരളത്തിലെ രാഷ്ര്ടീയ സാമൂഹിക സവിശേഷതകളുടെ കൂടി ഭാഗമായുണ്ടായ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളോടുമമാണ്. ജോണ്‍ ഏബ്രഹാം, കെ.ജി.ജോര്‍ജ്, ആസാദ്, രാമചന്ദ്രബാബു തുടങ്ങി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് അക്കാദമികമായി സിനിമ പഠിച്ചിറങ്ങിയ പലരും കോടമ്പാക്കത്തെത്തിയിരുന്നെങ്കിലും അവര്‍ക്ക് അവരാശിച്ച മാറ്റം പരീക്ഷിക്കാന്‍ എഴുപതുകളിലെ ഈ നവതരംഗം വരെ കാത്തിരിക്കേണ്ടി വന്നു.
ഉള്‍നാടന്‍ ഗ്രാമമായ അടൂരിലെ മൗട്ടത്തു കുടുംബത്തില്‍ നിന്ന് ഗോപാലകൃഷ്ണന്‍ എന്നൊരു ശാസ്ത്രബിരുദധാരി പുനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു പഠിച്ചിറങ്ങുന്നതോടെയാണ് കേരളം ഫിലിം സൊസൈറ്റി മുന്നേറ്റത്തിന്റെ ആര്‍ജ്ജവം ആദ്യമനുഭവിക്കുന്നത്. കുളത്തൂര്‍ ഭാസ്‌കരന്‍ നായരെന്ന സുഹൃത്തുമൊത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ സൃഷ്ടിച്ചത് വിപഌവകരമായ മാറ്റങ്ങളാണ്. സാമൂഹികമായും കേരളത്തിന്റെ സജീവ രാഷ്ര്ടീയത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതായി ആ മുന്നേറ്റം മാറിയതോടെയാണ് സംസ്ഥാനമൊട്ടാകെ അതു ജനകീയമായി വേരൂന്നിയത്. ഇന്ത്യയിലെ, ഒരു പക്ഷേ ലോകത്തെതന്നെ ആദ്യത്തെ ചലച്ചിത്ര സഹകരണസംഘം, ചിത്രലേഖ ഫിലിം കൊ-ഒപ്പറേറ്റീവ് 1969 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായി. അവരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു ചിത്രലേഖ ഫിലിം സൊസൈറ്റിയും. ലോക കഌസിക്കുകള്‍ കേരളം കണ്ടുശീലിക്കുന്നത് ചിത്രലേഖയിലൂടെയാണ്. ചിത്രലേഖയുടെ വിജയം കേരളമൊട്ടാകെ വിവിധ ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിനും വ്യാപനത്തിനും പ്രചോദനമായി.
ചിത്രലേഖയുടെ സംരംഭമായി 1971ല്‍ നിര്‍മാണമാരംഭിച്ച് 72ല്‍ പുറത്തിറങ്ങിയ സ്വയംവരം ഭാഷയിലെ ലക്ഷണയുക്തമായ ചലച്ചിത്രമായിമാറി. മധുവും ശാരദയുമടങ്ങുന്ന താരനിരയുണ്ടായിട്ടും, മികച്ച സിനിമയ്ക്കും  സംവിധായകനും നടിക്കുമുളള ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സ്വയംവരം നടപ്പു സിനിമാശീലങ്ങളെ തട്ടിയകറ്റി. വേറിട്ട മാധ്യമപരിചരണത്തിലൂടെ ചിത്രം പുതിയൊരു സംവേദനശീലം ആവശ്യപ്പെട്ടു. രൂപശില്‍പത്തിലും സാങ്കേതികതയിലും ഏറെ പരീക്ഷണങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളിക്കു പരിചയപ്പെടുത്തി. കൊടിയേറ്റം(77) എലിപ്പത്തായം(81), മുഖാമുഖം(84), അനന്തരം (87), മതിലുകള്‍ (90), വിധേയന്‍(93), കഥാപുരുഷന്‍ (95) തുടങ്ങി അടൂര്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അന്നേവരെ ഏറ്റവും കൂടുതല്‍ വിദേശമേളകളില്‍ ഇടം നേടിയ എലിപ്പത്തായം ലേകത്തെ മികച്ച സിനിമകളിലൊന്നായി ബ്രിട്ടണിലെ ഫിലിം ആര്‍ക്കൈവില്‍ ഇടം നേടുകയും ചെയ്തു. മങ്കടരവിവര്‍മയെപ്പോലൊരു ഛായാഗ്രാഹകനെയും ദേവദാസിനെപ്പോലൊരു ശ്ബദലേഖകനെയും എം.മണിയെപ്പോലൊരു സന്നിവേശകനെയും അടൂര്‍ മലയാളത്തിനു സമ്മാനിച്ചു. ഈ മുന്നേറ്റത്തിന്റെ ഭാഗമായിത്തന്നെയാണ് മലയാള സിനിമയെ കേരളത്തിലേക്കു പറിച്ചുനടുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി 1971ല്‍ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്‍ രൂപികരിക്കുന്നത്. അതിന്റെ ഉടമസ്ഥതയില്‍ തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ സമുച്ചയവും, കേരളത്തിലുടനീളം തീയറ്റര്‍ സമുച്ചയങ്ങളും സ്ഥാപിച്ചു. അതിനും മുമ്പേ യേശുദാസ് തിരുവനന്തപുരത്തു സ്ഥാപിച്ച തരംഗിണി സ്റ്റുഡിയോയിലൂടെ മലയാളസിനിമയുടെ റെക്കോര്‍ഡിങ് ഏതാണ്ടു പൂര്‍ണമായി കേരളത്തിലേക്കു മാറിയിരുന്നു. കേരളത്തിന്റെ ഔദ്യോഗിക രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തുടക്കമിട്ടതും കെ.എസ്.എഫ്.ഡി.സിയാണ്.
അടൂര്‍ തെളിച്ച വഴിയിലൂടെയാണ് മലയാളത്തിന്റെ ബദല്‍ സിനിമ പിച്ചവച്ചത്. എം.ടി.വാസുദേവന്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യവും (73) ദേശീയതലത്തില്‍ മികച്ച ചിത്രത്തിനും പി.ജെ.ആന്റണിയിലൂടെ മികച്ച നടനുമുളഅള അവാര്‍ഡുകള്‍ നേടിയെടുത്തു. സാമ്പ്രദായിക ശീലങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള സിനിമാത്മകശൈലിയില്‍ ആകൃഷ്ടരായാണ് കാര്‍ട്ടൂണിസ്റ്റായ ജി.അരവിന്ദന്‍ തൊട്ടടുത്ത വര്‍ഷം, 73ല്‍ സിനിമയിലെത്തുന്നത്. രാഷ്ര്ടീയവും സാമൂഹികവും സാംസ്‌കാരികവുമായ പ്രതിബദ്ധതയ്‌ക്കൊപ്പം മാധ്യമസമീപനത്തിലും അതിന്റെ കലാപരിചരണത്തിലും അരവിന്ദന്‍സിനിമകള്‍ ഒരു പടികൂടി മുന്നേറി. കാഞ്ചനസീത (77) തമ്പ് (78), കുമ്മാട്ടി (79), എസ്തപ്പാന്‍ (80), പോക്കുവെയില്‍ (81), ചിദംബരം(85), വാസ്തുഹാര (91) തുടങ്ങി മാധ്യമലാവണ്യത്തിന്റെ വേറിട്ട രുചിഭേദങ്ങള്‍ പ്രകടിപ്പിച്ച അരവിന്ദന്റെ കാഞ്ചനസീത രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ സിനിമയെ കൂടുതലുയരത്തിലെത്തിച്ചു. അരവിന്ദന്റെ മനഃക്കണ്ണായി സഹകരിച്ച ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു തന്നെ വന്ന ഷാജി എന്‍ കരുണ്‍ ഛായാഗ്രാഹകന്‍ പിന്നീട് പിറവി (88) യിലൂടെ ഇന്ത്യന്‍ സിനിമ കണ്ട മികച്ച സംവിധായകയരിലൊരാളായി. മികച്ച മലയാള ചി്ത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സ്വപ്‌നാട(75) ത്തിലൂടെ കെ.ജി.ജോര്‍ജ്, മണിമുഴക്കത്തിലൂടെ (76) പി.എ.ബക്കര്‍, അതിഥിയിലൂടെ കെ.പി.കുമാരന്‍ തുടങ്ങിവര്‍ ആ മുന്നേറ്റത്തിന്റെ തുടര്‍പതാകവാഹകരായി. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍(79), അമ്മ അറിയാന്‍(86) തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണ്‍ ഏബ്രഹാം ബദല്‍ സിനിമയിലെ ആരാജകക്കാഴ്ചകള്‍ സമ്മാനിച്ചു. വേറിട്ട ചലച്ചിത്രസമീപനങ്ങളിലൂടെ ടി.വി.ചന്ദ്രന്‍, പി.ടി കുഞ്ഞുമുഹമ്മദ്, രാജീവ് വിജയരാഘവന്‍, പവിത്രന്‍, ലെനിന്‍ രാജേന്ദ്രന്‍,കെ.ആര്‍.മോഹനന്‍, രാജീവ് നാഥ്, തുടങ്ങി ജയരാജ് വരെയുള്ളവര്‍ ആ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരായി
താരങ്ങളെ തിരസ്‌കരിച്ച ആ മുന്നേറ്റത്തിലൂടെ മലയാളത്തില്‍ വേറിട്ട നടനശൈലിയുമായി പുത്തനൊരുപറ്റം അഭിനേതാക്കളുടെ ഉദയമുണ്ടായി. അടൂരിന്റെ തന്നെ കൊടിയേറ്റത്തിലൂടെ മികച്ച നടനുള്ള കേന്ദ്രപുരസ്‌കാരംഭരത് എന്ന ശീര്‍ഷകം നിലവിലുണ്ടായിരിക്കെ അവസാനം ഏറ്റുവാങ്ങിയ ഗോപിയും അരവിന്ദന്റെ തമ്പിലൂടെ കടന്നു വന്ന നെടുമുടിവേണുമായിരുന്നു ആ നിരയുടെ മുന്‍നിരക്കാര്‍. തിലകന്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍, മുരളി, അശോകന്‍, കുഞ്ഞാണ്ടി, അസീസ്, സൂര്യ, ജലജ, നിത്യ തുടങ്ങിയ താരനിര താരസൗന്ദര്യത്തിന്റെ സാമ്പ്രദായിക കാഴ്ചപ്പാടുകളെ നിരാകരിച്ചു. ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെയും മുഹൂര്‍ത്തങ്ങളെയും ലഭിച്ചതില്‍ ഈ താരനിരയ്ക്ക് അഭിമാനിക്കാം.
സിനിമയുടെ അക്കാദമികമൂല്യം തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയിലാദ്യമായി ഒരു ചലച്ചിത്ര അക്കാദമി സ്ഥാപിക്കുന്നത് 1998ലാണ്. ഷാജി എന്‍.കരുണായിരുന്നു ആദ്യ അധ്യക്ഷന്‍.സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരങ്ങളും അക്കാദമിയുടെ ചുമതലയിലാണിപ്പോള്‍. 21 വര്‍ഷം മുമ്പ് കെ.എസ് എഫ് ഡിസി ആരംഭിച്ച കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പു ചുമതല പിന്നീട് ഈ അക്കാദമിയുടേതായി. ജനപങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐ.എഫ്.എഫ്.കെ. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കോട്ടയത്ത് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അടക്കം ഒട്ടേറെ സാങ്കേതിക സ്ഥാപനങ്ങളും തൊഴില്‍ സാധ്യതകളും വന്നതോടെ, അക്കാദമികനിലവാരത്തിലും മലയാള സിനിമയ്ക്കും ചലച്ചിത്രമേളയ്ക്കും നവമൂല്യം കൈവന്നു.

മൂന്നാം കാലം
സമാന്തരസിനിമ കമ്പോളത്തെ ധിക്കരിക്കുകയും ഉച്ചപ്പടങ്ങള്‍ എന്ന പേരില്‍ മറ്റൊരു വിപണിമൂല്യം നേടുകയും ചെയ്തതോടെ അതിന്റെ വാര്‍പ്പുമാതൃകയില്‍ കള്ളനാണയങ്ങളുണ്ടാവുകയും ചെയ്തതോടെ അവയോട് പ്രേക്ഷകര്‍ക്കുണ്ടായ സാമാന്യമായ അകലമാവണം, മുഖ്യധാരയെ മാറ്റിനിര്‍ത്താതെയുള്ള മൂന്നാമതൊരു താര തരംഗത്തിന് ഉദയത്തിനു നിദാനമായത്. ഐടി ഭാഷയില്‍ കണ്‍വേര്‍ജന്‍സ് എന്ന പദം കൊണ്ടുദ്ദേശിക്കുന്നതിനു തുല്യമായി കലാമൂല്യത്തെ സമാന്തരമായി മാറ്റിനിര്‍ത്താതെ കച്ചവടമൂല്യത്തിനൊപ്പം ചേര്‍ത്തുപിടിക്കുന്ന തരം സിനിമകളായിരുന്നു അവ.എണ്‍പതുകളുടെ രണ്ടാംപാതിയില്‍ വളര്‍ച്ച പ്രാപിച്ച അത്തരം സിനിമകളിലൂടെ ഒരുപറ്റം കറയറ്റ ചലച്ചിത്രകാരന്മാരും സാങ്കേതികവിദഗ്ധരും താരങ്ങളും ഉദയം ചെയ്തു. എം.ടി.വാസുദേവന്‍ നായര്‍ ദേവലോക(79)ത്തിലൂടെ അവതരിപ്പിച്ച മമ്മൂട്ടിയും, ഫാസിലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കളി(81)ലൂടെ ശ്രദ്ധേയനായ മോഹന്‍ലാലുമടങ്ങുന്ന ആ താരപ്രഭാവത്തില്‍ കലയും കച്ചവടും നന്നായി മെരുങ്ങി. അവ തമ്മിലുള്ള അന്തരം നന്നെ കുറഞ്ഞു. കലാമൂല്യമുള്ള സിനിമ പ്രദര്‍ശനവിജയം നേടുകയും പ്രദര്‍ശനവിജയം ലാക്കാക്കിയുള്ള സിനിമകള്‍ കലാമേന്മയില്‍ ശ്രദ്ധിക്കുകയും ചെയ്തു.
സേതുമാധവനും ശശികുമാറും എബിരാജും തുടങ്ങിവച്ച കമ്പോള ധാരയില്‍ അവരെ പിന്തുടര്‍ന്നു വന്ന ഹിറ്റ് മേക്കര്‍മാരായ ഹരിഹരനും ഐവിശശിയും മറ്റും ഈ താരങ്ങളെ വച്ച് ബഹുതാരസിനിമകള്‍ ഹിറ്റാക്കി. അതേസമയം പത്മരാജനും ഭരതനുമടങ്ങുന്ന മറുനിര കുറച്ചുകൂടി അര്‍ത്ഥവത്തായ മറ്റൊരുതരം സിനിമകള്‍ ആസ്വാദനത്തലത്തിലും ജനകീയവും സ്വീകാര്യവുമാക്കി.
മമ്മൂട്ടി-മോഹന്‍ലാല്‍ താരപ്രഭാവത്തെ കണ്ടില്ലെന്നുവയ്ക്കാന്‍ മാറ്റത്തിന്റെ പ്രോദ്ഘാടകരായ അടൂര്‍-അരവിന്ദന്‍-ഷാജി പ്രഭൃതികള്‍ക്കു പോലും സാധിച്ചില്ലെന്നതാണ് പൂര്‍വസൂരികളെ അപേക്ഷിച്ച് ഈ താരരാജാക്കന്മാര്‍ക്കു കിട്ടിയ പുണ്യം. അടൂരിന്റെ അനന്തരം, മതിലുകള്‍, വിധേയന്‍, ടിവി ചന്ദ്രന്റെ പൊന്തന്‍മാട(94), ഓര്‍മകളുണ്ടായിരിക്കണം, ഡാനി(2001) ഷാജിയുടെ കുട്ടിസ്രാങ്ക്(2009) എന്നീ സിനിമകളില്‍ മമ്മൂട്ടിയും അരവിന്ദന്റെ വാസ്തുഹാര(91) ഷാജിയുടെ വാനപ്രസ്ഥം(99) എന്നിവയില്‍ മോഹന്‍ലാലും നായകന്മാരായി. ദേശീയതലത്തില്‍ മൂന്നുതവണ മികച്ച നടന്മാര്‍ക്കുള്ള അവാര്‍ഡുകളും ഇവരെത്തേടിയെത്തി. ഇവരെ പിന്തുടര്‍ന്ന് സുരേഷ്‌ഗോപി മുതല്‍ ദിലീപും ബിജുമേനോനും വരെ വലിയൊരു പറ്റം കിടയറ്റ അഭിനേതാക്കളുടെ തലമുറ വളര്‍ന്നുവന്നു. സീമ, നളിനി, കാര്‍ത്തിക, രേവതി, മഞ്ജുവാര്യര്‍, മീരജാസ്മിന്‍ മുതല്‍ ഇങ്ങേയറ്റം പാര്‍വതിയും വരെയെത്തിനില്‍ക്കുന്നു കരുത്തുറ്റ നായികനിര.
ഇതിനു സമാന്തരമായി കമ്പോള മുഖ്യധാരയിലും മറ്റൊരു നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ചു മലയാള സിനിമ. ബാലചന്ദ്രമേനോന്‍, സത്യന്‍ അന്തിക്കാട,് ശ്രീനിവാസന്‍, കമല്‍, രഘുനാഥ് പാലേരി ലോഹിതദാസ് തുടങ്ങിയ സംവിധായകരുടെ നേതൃത്വത്തിലുള്ള കുടുംബസിനിമകളുടെ മുന്നേറ്റമായിരുന്നു അത്. ജോഷിയും മറ്റും തുടക്കമിട്ട ജനപ്രിയ ഫോര്‍മുലകളില്‍ നിന്നു വേറിട്ടതായിരുന്നു അത്. രഞ്ജി പണിക്കര്‍, ഷാജി കൈലാസ് മുതല്‍ ബി.ഉണ്ണികൃഷ്ണന്‍ ജോഷിക്കും ഐവി.ശശിക്കും പിന്‍ഗാമികളായി. പ്രിയദര്‍ശന്‍, രാജീവ് കുമാര്‍, വി.കെ.പ്രകാശ് തുടങ്ങിയവര്‍ സാങ്കേതികവിദ്യയെയും കലയേയും ഒരുപോലെ കൂട്ടിയിണക്കി വന്‍ വിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍, കലയും കച്ചവടും സമാസമം ചേര്‍ത്തുള്ള അര്‍ത്ഥവത്തായ സിനിമയ്ക്കു വേണ്ടി ജയരാജ്, ശ്യാമപ്രസാദ്, രഞ്ജിത്ത്, ആര്‍.ശരത്, ലാല്‍ ജോസ് തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ സജീവമായി.
സാങ്കേതികതയിലും മലയാള സിനിമ ഏറെ വളര്‍ന്നു. ഉദയയുടെ അസ്തമയത്തോടെ അപ്പച്ചന്റെ നേതൃത്വത്തില്‍ 1976ല്‍ സ്ഥാപിതമായ നവോദയയുടെ ശ്രമഫലമായി ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം  തച്ചോളി അമ്പു(78), ഏഷ്യയില്‍ ചിത്രീകരണജോലികള്‍ പൂര്‍ത്തിയാക്കിയ ആദ്യ 70 എംഎം സ്റ്റീരിയോഫോണിക് ചിത്രം പടയോട്ടം(82), ഇന്ത്യയിലെ ആദ്യ ത്രിമാനചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ (84) എന്നിവ പുറത്തിറങ്ങി. കറയറ്റ ഒരുപറ്റം സാങ്കേതികവിദഗ്ധരും ഇതിനിടെ ഉയര്‍ന്നു വന്നു. മധു അമ്പാട്ട്, സന്തോഷ് ശിവന്‍, വേണു, സണ്ണി ജോസഫ്, കെ.ജി.ജയന്‍, എം.ജി.രാധാകൃഷ്ണന്‍, റസൂല്‍ പൂക്കുട്ടി, ബീന വേണു, അജിത്ത് തുടങ്ങിയവര്‍ ദേശീയതലത്തില്‍ ശ്രദ്ധേയരായി. റസൂല്‍ പൂക്കിട്ടിയിലൂടെ ഇന്ത്യയില്‍ നിന്ന് ആദ്യമായൊരു സാങ്കേതികവിദഗ്ധന്‍ ഓസ്‌കര്‍ അവാര്‍ഡും നേടി.
ഡിജിറ്റല്‍ കാലഘട്ടത്തിന്റെ കടന്നുവരവോടെ, സിനിമ മറ്റൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണിപ്പോള്‍. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, മുരളിഗോപി, അനൂപ് മേനോന്‍, ജയസൂര്യ തുടങ്ങിയ പുതുതലമുറ താരനിരയ്‌ക്കൊപ്പം ഒരുപറ്റം പുതുമുഖ ചലച്ചിത്രകാരന്മാര്‍ സാധ്യമാക്കിയ നവഭാവുകത്വസിനിമകളാണവ. ആഗോള മള്‍ട്ടീപഌക്‌സ് സംസ്‌കാരത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ സിനിമകളിലൂടെ സിനിമയുടെ കാഴ്ച കൂടുതല്‍ ജനകീയവും സിനിമാനിര്‍മാണസാങ്കേതികത കുറേക്കൂടി പ്രാപ്യവുമായി. രഞ്ജിത് ശങ്കര്‍, വിനീത് ശ്രീനിവാസന്‍, അമല്‍ നീരദ്, ആഷിഖ് അബു, അന്‍വര്‍ റഷീദ്, ജീത്തു ജോസഫ്, അഞ്ജലി മേനോന്‍ തുടങ്ങിയവരിലൂടെ ജനപ്രിയ മുഖ്യധാര കച്ചവടത്തിലൂന്നുമ്പോഴും കലാമൂല്യത്തിലും രൂപഭദ്രതയിലും വേറിട്ട പരീക്ഷണങ്ങള്‍ കാഴ്ചവയ്ക്കുന്നു. അതിനിടെ ഒത്തുതീര്‍പ്പില്ലാത്ത സിനിമകളുമായി യുവതലമുറയില്‍ സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പ്പൊക്കം, ഒഴിവുദിവസത്തെ കളി), വിപിന്‍ വിജയ് (ചിത്രസൂത്രം), ഡോ.ബിജു (വീട്ടിലേക്കുള്ള വഴി, പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍), സലീം അഹ്മ്മദ് (ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി), പ്രിയനന്ദന്‍ (നെയ്ത്തുകാരന്‍, പുലിജന്മം), പ്രദീപ് നായര്‍ (ഒരിടം), മധുപാല്‍ (തലപ്പാവ്, ഒഴിമുറി), ജോയ് മാത്യു (ഷട്ടര്‍) തുടങ്ങിയവര്‍ കരുത്തുതെളിയിച്ചു. ഒരു ഇന്ത്യന്‍ സിനിമ ഇതുവരെ നേടിയെടുത്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ചലച്ചിത്രമേളകളിലൂടെ നേടിയ ഒറ്റാ(2015) ലിലൂടെ ജയരാജും, വര്‍ഷങ്ങളുടെ മൗനത്തിനു ശേഷം പിന്നെയും(2016) എന്ന സിനിമയിലൂടെ അടൂര്‍ ഗോപാലകൃഷ്ണനും, മോഹവലയ(2015) ത്തിലൂടെ ടിവി ചന്ദ്രനും, മകരമഞ്ഞിലൂടെ (2015) ലെനിന്‍ രാജേന്ദ്രനും സജീവമായ കാലത്ത്,  ദൃശ്യവും പ്രേമവും പുലിമുരുകനും പോലുള്ള കമ്പോള വിജയങ്ങളുടെ കാലത്ത്, മലയാള സിനിമയ്ക്ക് ഇനിയും പ്രതീക്ഷിക്കാനേയുള്ളൂ, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍.
 



Friday, October 28, 2016

Book on DW Griffith

A brief biography of D W Griffith, the film theoretician, published by Kerala State Institute of Languages under its Arivu Niravu biographical series. The Book will be released in a function on 2016 Nov. 3rd at VJT Hall TVM, in connection with Bhasha Institute Book Fair.
This is my 9th book and second book in 2016.
Thanks to Mr T Aromal, Research Assistant, Kerala Bhasha Institute.
Request  your blessings

Saturday, September 17, 2016

ഇന്ത്യന്‍ സിനിമ 101 വര്‍ഷങ്ങള്‍ 101 ചിത്രങ്ങള്‍

ഇന്ത്യന്‍ സിനിമയെപ്പറ്റി ഇത്തരമൊരു പുസ്തകം മലയാളത്തില്‍ ഇതാദ്യമായിരിക്കും, ഹോളിവുഡ്ഡിലും ബോളിവുഡ്ഡിലുമെല്ലാം ഇത്തരം റഫറന്‍സ് ഗ്രന്ഥങ്ങള്‍ ധാരാളം കണ്ടിട്ടുണ്ടെങ്കിലും. ലബ്ധപ്രതിഷ്ഠരായ നിരൂപകശ്രേഷ്ഠന്മാരും ഗവേഷകരും തെരഞ്ഞെടുത്ത 101 മികച്ച ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തില്‍. ഗുരുതുല്യരായ വിജയകൃഷ്ണന്‍ സാറും വി.കെ.ജോസഫ് സാറും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഈ ബ്രഹദ് ഗ്രന്ഥത്തില്‍ ഈയുള്ളവനും ഇഷ്ടപ്പെട്ട 11 സിനിമകളെപ്പറ്റി കുറിപ്പുകളെഴുതിയിരിക്കുന്നു.
1.അങ്കുര്‍,2.അനന്തരം,3.തണ്ണീര്‍ തണ്ണീര്‍,4.അര്‍ദ്ധസത്യ,5.ജാനേഭി ദോ യാരോ,6.ആല്‍ബെര്‍ട്ട് പിന്റോ കൊ ഗുസ്സാ ക്യോം ആത്താ ഹൈ,7.ന്യൂ ദെല്‍ഹി ടൈംസ്,8.അന്തര്ജലി യാത്ര,9.ഉനീഷെ ഏപ്രില്‍,10.ആദി ശങ്കരാചാര്യ,11.36,ചൗരംഗി ലെയിന്‍.
ഇന്ത്യന്‍ സിനിമയെപ്പറ്റിയുള്ള ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥം തന്നെയാണിത്. ഇതിന്റെ ഭാഗഭാക്കാകാന്‍ സാധിച്ചത് സുകൃതമായി അതിലേറെ ഗുരുത്വമായി ഞാന്‍ കണക്കാക്കുന്നു.
വിജയകൃഷ്ണന്‍ സാറിന് നന്ദി.


Wednesday, September 14, 2016

Athimadhyamathinte drishyalavanyam reviewed in manoramaonline

സിനിമ കാണുമ്പോൾ; സിനിമയെ കാണുമ്പോൾ Tuesday 30 August 2016 12:41 PM IST by അജിത് തോമസ് സിനിമ കാണുമ...

Read more at: http://www.manoramaonline.com/literature/bookreview/cinema-athimadhyamathinte-drishyalavanyam.html
സിനിമ കാണുമ്പോൾ; സിനിമയെ കാണുമ്പോൾ ...

Wednesday, July 27, 2016

vihwalathayude athmayanangal review in Grandhalokam

 വിഹ്വലതയുടെ ആത്മയാനങ്ങള്‍ എന്ന എന്റെ പുസ്തകത്തെ പറ്റി ് പ്രദീപ് പനങ്ങാട് പുതിയ ഗ്രന്ഥാലോകത്തില്‍. ചലച്ചിത്രനിരൂപണത്തിന്റെ വ്യത്യസ്ത വഴികളാണ് വിഹ്വലതയുടെ ആത്മയാനങ്ങള്‍ തുറന്നിടുന്നത്. ആഖ്യാനത്തിന്റെ സവിേഷത, രാഷ്ട്രീത്തിന്റെ സൂക്ഷ്മതലങ്ങള്‍, ഡിജിറ്റല്‍ യുഗത്തിന്റെ സംഭാവന തുടങ്ങി നിരവധി അധ്യായങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. ചലച്ചിത്രം എന്ന മാധ്യമത്തെ ഗൗരവമായി സമീപിക്കുന്ന പ്രേക്ഷകനെയും വായനക്കാരനെയും പുതിയ ആലോചനകളിലേക്കും ചിന്തകളിലേക്കും ക്ഷണിക്കുക എന്ന ചരിത്രദൗത്യം ഈ ഗ്രന്ഥം സമര്‍ത്ഥമായി നിര്‍വഹിക്കുന്നു

Friday, July 22, 2016

സിനിമാവിലക്കിന്റെ രാഷ്ട്രീയം


എ.ചന്ദ്രശേഖര്‍

Censorship is the suppression of free speech, public communication or other information which may be considered objectionable, harmful, sensitive, politically incorrect or inconvenient as determined by governments, media outlets, authorities or other groups or institutions.
സമൂഹത്തിന്റെ നിലനില്‍പിനു ഹാനികരമാവുന്ന വിവരങ്ങളുടെയും ആശയങ്ങളുടെയും ദൃശ്യവും ശ്രാവ്യവുമായ ഏതുവിധവുമുള്ള വിനിമയ സ്വതന്ത്ര്യത്തെയും നിയമം മൂലം നിരോധിക്കുന്നതും നിയന്ത്രിക്കുന്നതുമാണ് സെന്‍സര്‍ഷിപ് എന്നു ശബ്ദകോശം. ആഭ്യന്തരകലാപങ്ങളുടെയും അരക്ഷിതാവസ്ഥകളുടെയും പ്രതിവിപ്‌ളവങ്ങളുടെയും കാലത്ത് ലോകത്തെവിടെയും സാഹിത്യത്തിനും വര്‍ത്തമാന പത്രങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കടുത്ത വിലക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആധുനിക ലോകത്ത് സെന്‍സര്‍ഷിപ്പ് എന്ന വാക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ദൃശ്യമാധ്യമവുമായി ബന്ധപ്പെട്ടാണ്. ഒരു പക്ഷേ, അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ച് പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത് നിരക്ഷരര്‍ക്കും ആസ്വദിക്കാനും മനസിലാക്കാനുമാവുന്ന ദൃശ്യമാധ്യമത്തിന്റെ ബഹുജനസ്വാധീനം കൊണ്ടാവണം.
പാരിസില്‍ ലൂമിയര്‍ സഹോദരന്മാര്‍ ചലച്ചിത്രം കണ്ടുപിടിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ 1896ല്‍, സദാചാരലംഘനത്തിന്റെ പേരില്‍ തോമസ് എഡിസന്റെ ദ് കിസ് എന്ന സിനിമ നിരോധിക്കപ്പെട്ടു. ലോകസിനിമയില്‍ സെന്‍സര്‍ഷിപ് തുടങ്ങുന്നത് അവിടെയാണ്. അമേരിക്കിയിലെ ചിക്കാഗോ സംസ്ഥാനമാണ് 1907 ല്‍ ആദ്യമായി സിനിമാ സെന്‍സര്‍ഷിപ്പിന് നിയമം കൊണ്ടുവരുന്നത്. ഇതു മാതൃകയാക്കി ഇതര സംസ്ഥാനങ്ങളും പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്നു. അവയ്‌ക്കൊക്കെ പ്രാദേശികയുക്തികളും വ്യവസ്ഥകളുമായിരുന്നു അടിസ്ഥാനം. മതപരവും വര്‍ണ/വര്‍ഗവിവേചനപരവും ലൈംഗികപരവും സദാചാരപരവുമായ പല കാരണങ്ങളും ഇത്തരം നിയന്ത്രണങ്ങള്‍ക്കു പ്രേരകമായിട്ടുണ്ട്.

സെന്‍സര്‍ഷിപ്പ് ഇന്ത്യയില്‍
ബ്രിട്ടീഷ് വാഴ്ചക്കാലത്ത്, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കു ശേഷം പുറത്തുവരാനിരുന്ന ഭക്തവിദുരര്‍ എന്ന സിനിമയ്ക്കാണ് ആദ്യം വിലക്കു നേരിടേണ്ടിവന്നത്. വിദുരരുടെ പാത്രാവിഷ്‌കരണത്തില്‍ മഹാത്മഗാന്ധിയുടെ ഛായ വീണെന്നാരോപിച്ചാണ് ചിത്രം കറാച്ചിയിലും മദ്രാസിലും നിരോധിക്കപ്പെട്ടത്.
വിഭജനകാലത്തെ മുസ്ലീം കുടുംബത്തിന്റെ ജീവിതസംഘര്‍ഷങ്ങളുടെ കഥ പറഞ്ഞ എം.എസ്. സത്യുവിന്റെ ഗരം ഹവാ(1973) എന്ന സിനിമയെ രാഷ്ട്രീയ ഉള്ളടക്കത്തില്‍ എതിര്‍പ്പു കണ്ടെത്തി എട്ടുമാസത്തോളമാണ് സെന്‍സര്‍ബോര്‍ഡ് തടഞ്ഞുവച്ചത്. ഇന്ദിരാഗാന്ധിയുടേതിനു സമാനമായ നായികകഥാപാത്രത്തിന്റെ പേരില്‍ ആന്ധി (1975)ക്ക് അടിയന്തരാവസ്ഥക്കാലത്ത് തീയറ്ററിലെത്താനായില്ല. അടിയന്തരാവസ്ഥയെ, പ്രത്യേകിച്ച് സഞ്ജയ് ഗാന്ധിയെ വിമര്‍ശിച്ച് അമൃത് നഹാത സംവിധാനം ചെയ്ത കിസാ കുര്‍സി കാ (1977) കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.
നഗ്നതയുടെ പേരില്‍, ചമ്പല്‍ റാണി ഫൂലന്‍ ദേവിയുടെ കഥ പറഞ്ഞ ശേഖര്‍ കപൂറിന്റെ ബാന്‍ഡിഡ് ക്വീന്‍(1994), നിഷിദ്ധ ബന്ധത്തിന്റെ പേരില്‍ പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി കനേഡിയന്‍-ഇന്ത്യന്‍ സംവിധായിക ദീപ മെഹ്ത ഒരുക്കിയ വാട്ടര്‍ (1996) നഗ്നതയുടെ പേരില്‍ മീര നയ്യാരുടെ കാമസൂത്ര എ ടെയില്‍ ഓഫ് ലവ് (1996), അശ്ശീല രംഗങ്ങളുടെയും അസഭ്യഭാഷയുടെയും പേരില്‍ പങ്കജ് അദ്വാനിയുടെ ഉര്‍ഫ് പ്രൊഫസര്‍ (2000),ഭിന്നലൈംഗികത വിഷയമാക്കിയ ശ്രീധര്‍ രങ്കന്റെ ദ് പിങ്ക് മിറര്‍(2003),മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട അനുരാഗ് കശ്യപിന്റെ ബ്‌ളാക്ക് ഫ്രൈഡേ-ദ ട്രൂ സ്റ്റോറി ഓഫ് ദ ബോംബേ ബ്‌ളാസ്റ്റ്‌സ് (2004), രാഷ്ട്രീയത്തിന്റെ പേരില്‍, ഗുജറാത്ത് കലാപത്തിന്റെ ഭീകരത വെളിവാക്കിയ രാഹുല്‍ ധൊലാക്കിയയുടെ പര്‍സാനിയ (2007), മതത്തിന്റെ പേരില്‍,ക്രൈസ്തവ പുരോഹിതന്റെ ലൈംഗികജീവിതത്തെ തുറന്നുകാട്ടിയ സിന്‍സ് (2005), മതത്തിന്റെ പേരില്‍ ത്തന്നെ ദീപ മെഹ്തയുടെ വാട്ടര്‍ (2005), ലൈംഗികതയുടെ പേരില്‍, വിമുക്തി ജയസുന്ദരയുടെ ബംഗാളി സിനിമയായ ഛത്രക് (2011),ഇസ്‌ളാമിക ഭീകരതയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗരതി വിഷയമാക്കിയ അണ്‍ഫ്രീഡം (2015) തുടങ്ങിയ സിനിമകള്‍ക്കൊക്കെ ഇന്ത്യയില്‍ നിരോധനം നേരിടേണ്ടി വന്നിട്ടുണ്ട്. ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗത്തെപ്പറ്റി ബിബിസി നിര്‍മിച്ച ഇന്ത്യാസ് ഡോട്ടര്‍ എന്ന ഹ്രസ്വചിത്രത്തിനും നേരിടേണ്ടി വന്നു, സമാനവിധി. ഇതില്‍ മിക്ക സിനിമകളും ഇന്റര്‍നെറ്റില്‍ സുലഭമാണെന്നത് മറ്റൊരു കാര്യം. നിരോധിക്കപ്പെട്ട രംഗങ്ങള്‍ മാത്രമായും വെബ്ബില്‍ വ്യാപകമാണ്.
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ഇന്ത്യയിലെങ്ങും നിരോധിക്കപ്പെട്ടത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയകാപട്യങ്ങള്‍ തുറന്നുകാട്ടിയതിന് കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം (1978), തണ്ണീര്‍ തണ്ണീര്‍(1981) മുതല്‍ ഒരേ ഒരു ഗ്രാമത്തിലെ (1987), കമല്‍ഹാസന്റെ വിശ്വരൂപം (2013), മദ്രാസ് കഫെ (2013) തുടങ്ങി വിചാരണൈ(2015) വരെ ഒരു പറ്റം സിനിമകള്‍ക്ക് വിലക്കു നേരിടേണ്ടിവന്നിട്ടുണ്ട്.
മലയാളത്തില്‍ സ്മാര്‍ത്തവിചാരത്തെ അടിസ്ഥാനമാക്കിയുള്ള മാടമ്പു കുഞ്ഞുക്കുട്ടന്റെ ഭ്രഷ്ട്, അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധമായ രാജന്‍ കേസിനെ അടിസ്ഥാനമാക്കി നിര്‍മിച്ച മണിസ്വാമിയുടെ രാജന്‍ പറഞ്ഞ കഥ (1978), മലയാളിയായ ജയന്‍ കെ.ചെറിയാന്റെ പാപ്പിലിയോ ബുദ്ധ (2013) തുടങ്ങിയ സിനിമകള്‍ക്ക് ഇതേ പ്രതിസന്ധി നേരിട്ടു. ലക്ഷണമൊത്ത ഒരു പാവം സിനിമയായിരുന്ന പൊന്‍മുട്ടയിടുന്ന താറാവിനു വന്നപോലെ ബാലിശമായ കാരണങ്ങള്‍ക്കുവരെ സിനിമയ്ക്ക് നിരോധനവും നിയന്ത്രണവുമുണ്ടായി.
എന്നാല്‍ അടുത്തകാലത്ത്, കാഴ്ചയ്ക്കുമേലുള്ള അസഹിഷ്ണുത വര്‍ധിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് നിര്‍മിച്ച് അഭിഷേക് ചൗബേ സംവിധാനം ചെയ്ത ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി ചിത്രത്തിന്റെയും സതീഷ്ബാബു-സന്തോഷ്ബാബു സേനന്മാര്‍ സംവിധാനം ചെയ്ത ചായം പൂശിയ വീട്, സൈജോ കണ്ണനായ്ക്കല്‍ സംവിധാനം ചെയ്ത കഥകളി എന്നീ മലയാളം സിനിമകളുടെയും പ്രദര്‍ശനത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കാത്തതിനു മൂന്നു കാരണങ്ങളാണ്.
ഒന്ന്. സ്വന്തം പദവിയുടെ അധികാരപരിധിപരിമിതിയെ കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ ധാരണക്കുറവ്
രണ്ട്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയിലൂന്നിയുള്ള രാഷ്ട്രീയ/സദാചാര കാവലാള്‍ ചമയല്‍.
മൂന്ന് മാധ്യമത്തെക്കുറിച്ചുള്ള ബോധമില്ലായ്മ/അജ്ഞത.
ഭരണമാറ്റത്തിനൊത്തു മാറിവരുന്ന ഭാരവാഹികളും അംഗങ്ങളും തങ്ങളുടെ സ്ഥാനലബ്ധിയെ സാമൂഹികപൊലീസിങിന് ഉപയോഗിക്കുമ്പോഴാണ് വിവാദങ്ങളുവുക. ഒരു സിനിമ, നിലവിലെ സാമൂഹികവ്യവസ്ഥയെ ചോദ്യം ചെയ്താല്‍ ഭരണവിരുദ്ധമാണോ എന്ന സംശയത്തില്‍, രാഷ്ട്രീയവിധേയത്വത്തില്‍ അതിനു തടയിടുന്നവരാണു പലരും. രാജാവിനെക്കാള്‍ വലിയ ഈ രാജഭക്തി മിക്കപ്പോഴും വിനയാവുക അവര്‍ക്കു മാത്രമല്ല, അവര്‍ പരിരക്ഷിക്കാന്‍ ശ്രമിച്ച ഭരണകൂടത്തിനുതന്നെയാവുമെന്നതാണ് ചരിത്രം. ഉഡ്താ പഞ്ചാബിനു സംഭവിച്ചതും മറ്റൊന്നല്ല. ഒരു പക്ഷേ, ബി.ജെ.പി. നേതൃത്വം പോലും കാണാത്ത അപകടം ചിത്രത്തിലാരോപിച്ച്, അതിെന നിരോധിക്കുകവഴി, പാര്‍ട്ടിയുടെ മാനം രക്ഷിച്ചുവെന്ന നല്ലപേരുനേടാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍( സിബിഎഫ്‌സി)അധ്യക്ഷന്‍ നടത്തിയ ശ്രമം, സിനിമയുടെ നിര്‍മാതാക്കള്‍ കോടതിയില്‍ ചോദ്യം ചെയ്യുകവഴി, കോടതി നടത്തിയ ഇടപെടലുകളും നിരീക്ഷണങ്ങളും വഴിയുണ്ടാക്കിവച്ച ക്ഷീണം ആത്യന്തികമായി ബജെ.പിക്കാണ്. കാരണം, കോടതി വിധി തുറന്നുകാട്ടിയത് സിബിഎഫ്‌സിയുടെ വീക്ഷണവൈകല്യം മാത്രമല്ല, അധികാരദുര്‍വിനിയോഗവും, അധികാരപരിമിതിയും കൂടിയാണ്. മാധ്യമബോധമുള്ളൊരു അധികാരി ചെയ്യേണ്ടിയിരുന്നത്, കലയുടെ പരിധിയും പരിമിതിയും സ്വാതന്ത്ര്യവും രാഷ്ട്രീയനേതൃത്വത്തെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ട് വേണമെങ്കില്‍ എ സര്‍ട്ടിഫിക്കറ്റോടെ അനുമതി നല്‍കുകയാണ്.ജ്ഞാനികളായ അര്‍ഹരെ മാത്രമേ ഇത്തരം സമിതികളിലും കുടിയിരുത്താവൂ. അല്ലെങ്കില്‍ തങ്ങള്‍ക്കു മനിസിലാവാത്തത് എന്തും വെട്ടിക്കളയുക എന്ന നിലപാടേ അവര്‍ക്കു സ്വീകരിക്കാനാവൂ. സ്വയം ബോധ്യമായിട്ടുവേണമല്ലോ മേലധികാരികളെ ബോധ്യപ്പെടുത്താന്‍!
ചായം പൂശിയ വീടിന്റെയും കഥകളിയുടെയും നിരോധനം തുറന്ന നഗ്നതയുടെ പേരിലായിരുന്നു. ലൈംഗികതയുടെ തോത് കൂടുമ്പോള്‍ നല്‍കാനാണല്ലോ എ സര്‍ട്ടിഫിക്കറ്റ് ചട്ടത്തിലുള്ളത്. സമുദായ സംഘര്‍ഷമോ സാമൂഹിക സന്തുലനമോ തകര്‍ക്കാത്ത, അമിത ലൈംഗികതയെ ദുര്‍വാസനയോടെ പ്രോത്സാഹിപ്പിക്കാത്ത ഈ സിനിമകളെ നഗ്നതയുടെ പേരില്‍ മാത്രം തടയുകയെന്നതില്‍ മാധ്യമബോധമില്ലായ്മ മാത്രമല്ല സദാചാരത്തിന്റെ കാവലാള്‍ ചമലുമുണ്ട്. വിജയകൃഷ്ണനെപ്പോലെ സഥിതപ്രജ്ഞനായൊരു നിരൂപകനും ചലച്ചിത്രകാരനും യുക്തസഹമായ കട്ടുകളോടെ പ്രദര്‍ശനാനുമതിക്കു ശുപ്രാര്‍ശ ചെയ്ത കഥകളിക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റീജനല്‍ സെന്‍സര്‍ ഓഫിസര്‍ വിസമ്മതിച്ചത്. വേണമെങ്കില്‍ മേലധികാരികളെ സമീപിച്ച് നേടിക്കോട്ടെ എന്ന നിലപാട് അധികാരഗര്‍വിലുപരി ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ചെയ്യുന്നത് ശരിയോ തെറ്റോ എന്നറിയാതെ വരുമ്പോള്‍ കുട്ടിയോട് ''ഞാനായിട്ടു സമ്മിതിക്കില്ല നീ വേണമെങ്കില്‍ അച്ഛനോടു ചോദിച്ചിട്ടു ചെയ്‌തോ' എന്ന അമ്മയുടെ ഒഴികഴിവിനു തുല്യമായ ഈ നിലപാട് ഉത്തരവാദിത്ത ബോധ്യമില്ലായ്മയില്‍ നിന്നുടലെടുക്കുന്നതാണ്.
സതീഷ്-സന്തോഷ് സേനന്മാരുടെ ചായം പൂശിയ വീട് ആകട്ടെ ഹൈക്കോടതിയില്‍ നിന്ന് ഒരു കട്ടുപോലുമില്ലാതെ, ഏവര്‍ക്കും കാണാനാവുന്ന യു സര്‍ട്ടിഫിക്കറ്റോടെയാണ് പുറത്തിറക്കാന്‍ ഉത്തരവു നേടിയത്. ബോര്‍ഡ് ഉത്തരവാദിത്തത്തില്‍ വീഴ്ചവരുത്തിയതുകൊണ്ടാണ് രണ്ടിടത്തും കോടതിക്ക് ഇടപെടേണ്ടി വന്നത്.ഇത് ബോര്‍ഡിന്റെ പ്രസക്തിയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.

ആര് എന്തു കാണണം?
എന്തു ശ്വസിക്കണം, എന്തു കഴിക്കണം, കുടിക്കണം എന്നതു പോലെ വ്യക്തിസ്വാതന്ത്ര്യത്തില്‍ നിര്‍ണായകമാണ് എന്തു കാണണം എന്നത്. മറ്റുള്ളവര്‍ എന്തു കഴിക്കണമെന്നും കുടിക്കണമെന്നും നിര്‍ബന്ധിക്കാനാവാത്തതുപോലെതന്നെയാണ് എന്തു കാണണമെന്നും എന്തു കാണരുതെന്നും ആരെങ്കിലും കൂട്ടായോ ഒറ്റയ്‌ക്കോ നിശ്ചയിക്കുന്നതും. പക്ഷേ മാധ്യമങ്ങളുടെ കാര്യത്തില്‍ ഏതു സമൂഹവും സ്വയം ചില നിയന്ത്രണങ്ങളും അതിനുള്ള മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. അതു സംസ്‌കാരത്തിന്റെ കൂടി ഭാഗമായിട്ടാണ്.
ഒരാളുടെ സ്വാതന്ത്ര്യമെന്നത് തൊട്ടടുത്തിരിക്കുന്നയാളുടെ മൂക്കിന്റെ തുഞ്ചംവരെയെന്നാണല്ലോ? അതാരും അടിച്ചേല്‍പ്പിച്ചതല്ല. അപരന് അസൗകര്യവും മറ്റൊരുവന്റെ താല്‍പര്യത്തെ ഹനിക്കുന്നതോ ബാധിക്കുന്നതോ ആവരുതെന്ന മാനുഷിക തിരിച്ചറിവില്‍ നിന്നുളള ആത്മനിയന്ത്രണമാണത്. മൃഗങ്ങള്‍ക്കിടയിലെ ടെറിറ്ററി നിര്‍ണയം പോലല്ലത്. സ്വന്തം ചൂരുകൊണ്ട് വിഹാരരംഗം അടയാളപ്പെടുത്തുന്ന മൃഗീയ ചോദനയോടല്ല, പരസ്പരം മനസിലാക്കിയും അംഗീകരിച്ചുമുള്ള ഒന്ന്. അതുകൊണ്ടാണ് മനുഷ്യര്‍ മറ്റുള്ളവര്‍ കാണ്‍കെ മലമൂത്രവിസര്‍ജ്ജനം ചെയ്യാത്തത്, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാത്തതും. നൈസര്‍ഗികമായ ചിലതും ഗോപ്യമാവുന്നത് സാംസ്‌കാരിക വകതിരിവില്‍ നിന്നാണ്. മറ്റുള്ളവരുടെ വൈകാരികവും ആത്മീയവും വൈയക്തികവുമായ എല്ലാ സ്വാതന്ത്ര്യത്തെയും മാനിക്കുന്നതാവണം നമ്മുടെ സ്വാതന്ത്ര്യം എന്നാണ് ജനാധിപത്യ കാഴ്ചപ്പാട്. ഈ വീക്ഷണത്തിന്റെ വിശാലമായ നോട്ടപ്പാടിലാണ് കാഴ്ച മൗലികാവകാശമാവുന്നത്.
വ്യക്തികള്‍ ചേരുന്നതാണ് സമൂഹമെന്നു കണക്കിലെടുത്താണ് വ്യക്തിഗത/സാമൂഹിക/സാമുദായിക താല്‍പര്യങ്ങള്‍ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടാനിടയാകുംവിധം യാതൊന്നും നാം പ്രോത്സാഹിപ്പിക്കാത്തത്. ഈ ബോധത്തില്‍ നിന്നാണ് വിധ്വംസാത്മകവും പ്രതിലോമവുമായ നീക്കങ്ങളെ പൊതുനന്മയുടെ പേരില്‍ സമൂഹം നിയന്ത്രിക്കുന്നതും നിരോധിക്കുന്നതും. കലയിലും ഈ പരിധികളും പരിമിതികളും സാംസ്‌കാരികമായി പൂര്‍വനിശ്ചിതം തന്നെ. പക്ഷേ അവ കലാകാരന്റെ, രചയിതാവിന്റെ ആത്മബോധത്തില്‍ നിന്നുടലെടുക്കുന്നതാവണം. അതിനവരെ പ്രേരിപ്പിക്കുന്നതാവണം സമൂഹം. അല്ലാതെ കൂട്ടം തിരിഞ്ഞ് അവരുടെ സ്വാതന്ത്ര്യത്തിനു മേല്‍ കയ്യൂക്കു കാണിക്കുകയല്ല വേണ്ടത്.
വ്യവസ്ഥാപിത ശരികളെ വിമര്‍ശിക്കുകയും മാറിയ കാലത്തിന്റെ സംവേദനക്ഷമതയില്‍ നിന്നു കൊണ്ടു ചോദ്യം ചെയ്യുകയാണല്ലോ പ്രതിബദ്ധത കലാകാരന്‍ ആവിഷ്‌കാരത്തിലൂടെ നിര്‍വിക്കുക? രാജാവിനെക്കാള്‍ പ്രമുഖനാണ് ഈശ്വരന്‍ എന്നു വാഴ്ത്തിപ്പാടിക്കൊണ്ട്, ഭക്തകവി, രാജാവിനും എതിര്‍പ്പുതോന്നാനിടയില്ലാത്തവണ്ണം രാജവാഴ്ചയെ ചോദ്യം ചെയ്യുമ്പോള്‍, വിദൂഷകന്‍ സഹജമായ ഹാസ്യത്തിലൂടെയാവുമതു നിര്‍വഹിക്കുക. കാലത്തിന്റെ സ്പന്ദനം തിരിച്ചറിയാനാവാത്ത ഭരണകൂടങ്ങള്‍,  സൃഷ്ടികള്‍ക്കുമേല്‍ നിരോധനങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം അതതു ഭരണകൂടങ്ങളുടെ നിലനില്‍പ്പിനോളം മാത്രം ആയുസേ ഉണ്ടായിട്ടുള്ളൂവെന്നതിനു ചരിത്രം സാക്ഷി.

സര്‍ഗാത്മകതയ്ക്കുമേലുള്ള മൂന്നാംമുറ.
കലയെ സംബന്ധിച്ചു പ്രധാനപ്പെട്ട ഒന്ന് ആസ്വാദനമാണ്. രചന എത്രത്തോളം വ്യക്തികേന്ദ്രീകൃതവും വ്യക്തിധിഷ്ഠിതവുമാണോ അത്രതന്നെ വൈയക്തികമാണ് കലാസ്വാദനവും. മധുരവും എരുവും പുളിയും പോലെ എല്ലാവര്‍ക്കും പൊതുരുചി അനുഭവിപ്പിക്കുന്നതാവില്ല കല. ഒരേ സമയം ഒരാള്‍ക്കത് ആസ്വദ്യവും തൊട്ടടുത്തയാള്‍ക്ക് അരോചകവുമായിത്തീരാം, അതാണതിന്റെ സവിശേഷതയും ഭംഗിയും. എന്റെ കാഴ്ചയാണു ശരി എന്നൊരു വാദം കലാസ്വാദനത്തില്‍ നിലനില്‍ക്കില്ല. നിരൂപകന്റെ ഇടപെടല്‍ വേണ്ടിവരുന്നതും അതിനാലാണല്ലോ. സിനിമയിലെ ഒരു രംഗം അതേ അളവില്‍ അടുത്തയാള്‍ക്ക് ഇഷ്ടമാവണമെന്നില്ല. മൂന്നാമനത് ഇഷ്ടമാവണമെന്നു തന്നെയില്ല. ഇക്കാരണം കൊണ്ട് രചന ഇങ്ങനെയാവരുതായിരുന്നു/ ഇങ്ങനെ ആവണമായിരുന്നു എന്നു നിര്‍ദ്ദേശിക്കാനും സാധ്യമല്ല. ഏതുതരം വിലക്കും, സെന്‍സര്‍ഷിപ്പും ഭംഗ്യന്തരേണ ശ്രമിക്കുന്നതിതിനാണ്. എങ്ങനെ കാണണം അല്ലെങ്കില്‍ എങ്ങനെ കാണിക്കണം, എന്തു കാണണം/ കാണിക്കണം എന്ന തരത്തിലുള്ള ഇടപെടല്‍ തന്നെയാണത്.
1952ലെ സിനിമറ്റോഗ്രാഫ് ആക്ട് പ്രകാരം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ നിലവില്‍ വന്ന സര്‍ക്കാര്‍ സ്ഥാപനമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സര്‍ഷിപ്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യന്‍ പ്രവിശ്യകളില്‍ നിലവിലുണ്ടായിരുന്ന സമാന സംവിധാനങ്ങളെ സംയോജിപ്പിച്ച സ്വതന്ത്ര ബോര്‍ഡ്. സെന്‍സര്‍ഷിപ്പ് എന്ന സംജ്ഞയിലെ ജനാധിപത്യവിരുദ്ധ ദുരര്‍ത്ഥം തിരിച്ചറിഞ്ഞാണ് 1983ല്‍ അത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആയി പുനഃസംഘടിപ്പിക്കപ്പെത്.
ഉള്ളടക്കത്തിലെ ഭീകരത/വയലന്‍സ്/നഗ്നത/ലൈംഗികത/ഭാഷ എന്നിവയുടെ തോതനുസരിച്ച് സിനിമയെ നാലായി തരം തിരിച്ചു, എല്ലാവര്‍ക്കും ഒരുപോലെ കാണാനാവുന്നവയ്ക്ക് അണ്‍ റസ്ട്രിക്ടഡ് പബ്‌ളിക് എക്‌സിബിഷന്‍ (യു), രക്ഷിതാക്കള്‍ക്കോ മുതിര്‍ന്നവര്‍ക്കോ ഒപ്പം മാത്രം കാണാവുന്നവയ്ക്ക് യു/ എ (12 വയസില്‍ താഴെയുളളകുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം മാത്രം പ്രവേശനം അനുവദിക്കാവുന്നത്), പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം അഡല്‍റ്റ്‌സ് ഒണ്‍ലി (എ), ശാസ്ത്രസാങ്കേതികവിദഗ്ധര്‍, എന്‍ജിനിയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി പ്രത്യേകവിഭാഗത്തിനു മാത്രം കാണാവുന്നത് എന്ന അര്‍ത്ഥത്തില്‍ റസ്ട്രിക്ടറ്റ് ടു എനി സ്‌പെഷല്‍ ക്‌ളാസ് ഓഫ് പേഴ്‌സണ്‍സ് (എസ്) എന്നിങ്ങനെ സര്‍ട്ടിഫൈ ചെയ്യുകയാണ് ബോര്‍ഡിന്റെ കര്‍ത്തവ്യം.
മാറിവരുന്ന ഭരണകൂടങ്ങളുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കൊത്തു പുനഃസംഘടിപ്പിക്കപ്പെടുന്നതായതു കൊണ്ട് സിബിഎഫ്‌സിയുടെ നിലപാടുകളും സ്വാഭാവികമായി സര്‍ക്കാരനുകൂലമായിരിക്കും. ഉഡ്താ പഞ്ചാബിന്റെ കാര്യത്തില്‍ പക്ഷേ, മാധ്യമബോധമുണ്ടായിരുന്നെങ്കില്‍ ഇങ്ങനൊരു നിയന്ത്രണമോ നിരോധനമോ ഉണ്ടാകുമായിരുന്നില്ല എന്നതാണ് പഹലജ് നിഹ്‌ലാനിയെന്ന ബോര്‍ഡ് അധ്യക്ഷനെ പ്രതിക്കൂട്ടിലാക്കുന്നത്.

കാലഹരണപ്പെട്ട കാഴ്ചപ്പാടുകള്‍
ഇന്ത്യയിലെ സെന്‍സര്‍ ചട്ടങ്ങള്‍ അതിന്റെ യുക്തിരാഹിത്യം കൊണ്ടും യുക്തിവൈചിത്ര്യം കൊണ്ടും പരിഹാസ്യമാണ്. തദ്ദേശീയ സിനിമകള്‍ക്കും വിദേശസിനിമകള്‍ക്കും രണ്ടു മാനദണ്ഡം എന്ന നയം പ്രത്യക്ഷത്തില്‍ സാംസ്‌കാരികവൈജാത്യങ്ങളുടെ തനിമ അംഗീകരിക്കുന്ന വിശാല കാഴ്ചപ്പാടാണെന്ന ധാരണയുളവാക്കാം. എന്നാല്‍ മനുഷ്യസംസ്‌കാരത്തെ സഹജവാസനകളെ അടിസ്ഥാന മൂല്യങ്ങളെ കറുപ്പ്-വെളുപ്പ്  പോലെ വിഭജിക്കുകയാണ് ഈ നയം. ഒരു നല്ല വക്കീല്‍ വിചാരിച്ചാല്‍ കോടതിക്കുമുന്നില്‍ വലിച്ചുകീറിയിടാവുന്ന നയവൈകല്യങ്ങള്‍. ഇറക്കുമതി ചെയ്യുന്ന വിദേശസിനിമകളില്‍ സ്ത്രീകളുടെ മാറിട നഗ്നത പ്രദര്‍ശിപ്പിക്കാമെന്നും, ആണുംപെണ്ണും തമ്മിലുള്ള അധരചുംബനമനുവദിക്കാമെന്നുമുളള വ്യവസ്ഥതന്നെ ഉദാഹരണം.
സ്വദേശ/വിദേശി സിനിമകളുടെ ഉപഭോക്താവ് നാട്ടുകാര്‍ തന്നെയാണെന്നു ചിന്തിക്കുമ്പോഴാണ് ഈ നയത്തിന്റെ ഭോഷത്തം തിരിച്ചറിയുക. രണ്ടും കാണുന്നതും ആസ്വദിക്കുന്നതും ഒരേ ആളുകള്‍ തന്നെയെന്നിരിക്കെ ഒന്നിലനുവദിക്കുന്നതെങ്ങനെ മറ്റൊന്നിനു നിഷിദ്ധമാകും? ആസ്വാദകരുടെ പ്രായവും പക്വതയുമടക്കമുള്ള ചില ഘടകങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടണ്ടണം. തുറന്നുള്ള രതിരംഗങ്ങളും മറ്റും കുഞ്ഞുങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അവരുടെ ആന്തരിക/ബൗദ്ധിക വളര്‍ച്ചയെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് അത്തരം നിയന്ത്രണങ്ങള്‍ ഏതൊരു വികസിത സമൂഹത്തിലും ആകാം. അതുപക്ഷേ, സിഗററ്റോ മദ്യമോ മുതിര്‍ന്നവര്‍ക്കുമാത്രമായി ലഭ്യമാക്കുന്നതുപോലെ മാത്രമായിരിക്കണം.
മറിച്ച്, അധരത്തോടധരം ചുംബിക്കുന്നതും, മാറിടം തുറന്നുകാട്ടുന്നതും ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന എ സര്‍ട്ടിഫിക്കറ്റ് നേടിയ ഇംഗ്‌ളീഷ് ചിത്രത്തില്‍ ആകാമെങ്കില്‍ എ സര്‍ട്ടിഫിക്കറ്റുള്ള ഇന്ത്യന്‍ സിനിമയില്‍ എങ്ങനെ പാടില്ലാന്നാകും? ഇനി ഇന്ത്യയില്‍ ചില സംസ്ഥാനങ്ങള്‍ നിര്‍മിക്കുന്ന സിനിമകള്‍ക്ക് നല്‍കുന്ന പരിഗണന ചില ഭാഷാസിനിമകള്‍ക്കു നല്‍കാതിരിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാവിരുദ്ധമല്ലേ?
രാജ്കപൂര്‍ നിര്‍മിച്ച സത്യം ശിവം സുന്ദരം, സംഗം, മേരാ നാം ജോക്കര്‍, രാം തേരി ഗംഗാ മെയ്‌ലി, രമേശ് സിപ്പിയുടെ സാഗര്‍, മഹേഷ് ഭട്ടിന്റെ ആഷിഖ്വി തുടങ്ങിയ സിനിമകളിലെ നായികമാരുടെ തുറന്ന നഗ്നതാ പ്രദര്‍ശനത്തിന് കലാപരതയുടെ പേരില്‍ അനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് മലയാളത്തില്‍ ബൈബിള്‍ അധിഷ്ഠിതമായ ചന്ദ്രകുമാറിന്റെ ആദിപാപത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. അതതു മേഖലകളിലെ സിബിഎഫ്‌സി നേതൃത്വത്തിന്റെ മാധ്യമബോധത്തിനും സാമൂഹികബോധത്തിനും അനുസരിച്ചാണ് ചലച്ചിതങ്ങള്‍ക്കു പ്രദര്‍ശനാനുമതി ലഭ്യമാകാറ്. സ്വദേശി-വിദേശി ഇരട്ടത്താപ്പിന്റെ സാധ്യത മുതലെടുത്തുകൊണ്ടാണ് ഇടക്കാലത്തെ ഷക്കീല-രേഷ്മ-മറിയ സിനിമകളുടെ ഇളംനീല തരംഗം അലയടിച്ചത്. ബി-ഗ്രെയ്ഡ് സോഫ്റ്റ് പോണ്‍ വിഭാഗത്തില്‍ പെട്ട ഇത്തരം സിനിമകളൊക്കെ നിര്‍മിച്ചത് കോടമ്പാക്കത്താണെങ്കിലും, സമര്‍പ്പിച്ചതു ഇംഗ്‌ളീഷിലായതുകൊണ്ട്, വിദേശ സിനിമയുടെ മാനദണ്ഡമനുസരിച്ചാണ് സര്‍ട്ടിഫൈ ചെയ്യപ്പെട്ടത്. ഷക്കീലയും രേഷ്മയുമെല്ലാം സംസാരിച്ചത് ഇംഗ്‌ളീഷിലായതുകൊണ്ട (?)വയില്‍ അധരചുംബനത്തിനും മറയ്ക്കാത്ത മാറുകള്‍ക്കും വിലക്കുമുണ്ടായില്ല. ചട്ടത്തിലെ പരിമിതികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തത്  രതിതരംഗം പരിധിവിട്ടു പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മാത്രമാണ് അധികാരികള്‍ കണ്ണുതുറന്നത്.

ഡിജിറ്റല്‍ക്കാലത്തെ സെന്‍സര്‍ഷിപ്പ്
സെല്ലുലോയ്ഡിലായിരുന്നതിനെ അപേക്ഷിച്ച് ഡിജിറ്റല്‍ക്കാലത്തെ സിനിമാസെന്‍സര്‍ഷിപ്പിന് പ്രായോഗിക പരിമിതികളേറെയാണ്. അതുകൊണ്ടുതന്നെ സെന്‍സര്‍ഷിപ്പും നിരോധനവും ഭൗതികമായി അസാധുവാകുന്നുണ്ടിപ്പോള്‍. നെഗറ്റീവ് ഫിലിമില്‍ ചിത്രീകരിച്ചു പോസിറ്റീവില്‍ നിന്നു പ്രിന്റെടുത്ത് തീയറ്ററില്‍ കാണിക്കുക മാത്രം സാധ്യമായിരുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടാല്‍ പ്രേക്ഷകസമക്ഷമെത്താന്‍ മാര്‍ഗങ്ങള്‍ വരിളമായിരുന്നു. ഇന്ത്യയില്‍ നിരോധിച്ച സിനിമ, അപൂര്‍വമായി വിദേശത്തു പ്രദര്‍ശിപ്പിച്ചാല്‍ ത്തന്നെ പ്രേക്ഷകരുടെ എണ്ണത്തില്‍ പരിമിതിയുണ്ടായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഇത്തരം വിലക്കുകള്‍ക്ക് പ്രായോഗികതലത്തില്‍ വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ട്. നിരോധിക്കപ്പെട്ടൊരു പുസ്തകം അതീവരഹസ്യമായി കടത്തിക്കൊണ്ടുവന്നു വായിക്കുംപോലെ സങ്കീര്‍ണമല്ലത്. കാരണം അവയുടെ ഹാര്‍ഡ്‌വെയര്‍ ഒരാളും കൈവശം വയ്‌ക്കേണ്ടതില്ല. സെന്‍സര്‍ ചെയ്യപ്പെട്ട സിനിമകളുടെ പോലും വ്യാജപ്പതിപ്പുകള്‍ റിലീസിനുമുമ്പേ ഇന്റര്‍നെറ്റില്‍ ലഭ്യമാവുന്ന അവസ്ഥയില്‍ ഭൗതിക വിലക്കുകകള്‍ക്കു സമ്പൂര്‍ണാര്‍ത്ഥത്തില്‍ വിജയിക്കാനാവാവുന്നില്ലെന്നുസാരം. ഏറെ വിവാദമായ പ്രേമം സിനിമയുടെ ഇന്റര്‍നെറ്റ് ചോരണം സെന്‍സര്‍ പകര്‍പ്പില്‍ നിന്നായിരുന്നെന്നോര്‍ക്കുക. ഉഡ്താ പഞ്ചാബിന്റെയും സെന്‍സര്‍ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതെന്നോര്‍ക്കുക. അടക്കം ഇന്ത്യയില്‍ നിരോധിക്കപ്പെട്ട എത്രയോ സിനിമകള്‍ ഇന്റര്‍നെറ്റില്‍ ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും അവയുടെ പോലും സിഡികളും മറ്റും ഇതരരാജ്യങ്ങളില്‍ നിന്നു രഹസ്യമായി കൊണ്ടുവരാവുന്നതേയുള്ളൂ.
ഏറ്റവും വലിയ രസം, ടെലിവിഷന്‍ ചാനലുകള്‍ കൊട്ടിഘോഷിച്ചു പ്രദര്‍ശിപ്പിക്കുന്ന ബ്ലോക്ക് ബസ്റ്റര്‍ വാരാന്ത്യസിനിമകളുടെ സര്‍ട്ടിഫിക്കറ്റ് ആരുമൊട്ട് അന്വേഷിക്കാറേ ഇല്ലെന്നതാണ്. ടിവി പരമ്പരകളോ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളോ യാതൊരു സെന്‍സര്‍ഷിപ്പ്/സര്‍ട്ടിഫിക്കേഷന്‍ നടപടികളും കടന്നല്ല പ്രേക്ഷകസമക്ഷം എത്തുന്നത്.

വിലക്കിന്റെ വൈരുദ്ധ്യം
ഭരണകൂടം അഥവാ സ്റ്റേറ്റ് വിലക്കുമ്പോള്‍ മാത്രമാണ് സെന്‍സര്‍ഷിപ്പ് ഒരു ജനാധിപത്യധ്വംസനമായും അവകാശലംഘനമായുമൊക്കെ ചര്‍ച്ചചെയ്യപ്പെടുന്നത് എന്നതാണു വൈരുദ്ധ്യം. സംഘടനകളുടെ വിലക്കുകളും വിവാദങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്. അതിനെ സെന്‍സര്‍ഷിപ് എന്നു പേരിട്ടു വിളിക്കുന്നില്ലെന്നു മാത്രം. കഥകളിയുടെ നിരോധനത്തിനെതിരേ സെന്‍സര്‍ ഓഫീസര്‍ക്കെതിരേ സമരപ്പോരാട്ടങ്ങള്‍ക്കിറങ്ങിയ ചലച്ചിത്ര സംഘടനകള്‍ തന്നെയാണു മാസങ്ങള്‍ക്കു മുമ്പ് സംഘടാനപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. മറികടക്കാന്‍ ആഗോളതലത്തില്‍ ലീല ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുന്നതിന്റെ സാധ്യതകള്‍ നിര്‍മാതാക്കള്‍ ആരാഞ്ഞതും ചരിത്രം. ചുരുക്കത്തില്‍ ട്രേഡ് യൂണിയന്‍ മുതല്‍ സ്‌റ്റേറ്റ് വരെയുള്ള ഏതു സെന്‍സര്‍ഷിപ്പും നിഷ്പക്ഷമല്ലെന്നു മാത്രമല്ല സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്.
എങ്കില്‍പ്പിന്നെ, സിനിമയ്ക്കു മാത്രമായി എന്തിനിങ്ങനെ ഒരു ബോര്‍ഡ് എന്നാണു ചോദ്യമെങ്കില്‍ അതുതന്നെയാണ് അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള ചലച്ചിത്രാചാര്യന്മാര്‍ സെന്‍സര്‍ഷിപ്പിനെതിരെ എടുക്കുന്ന നിലപാടുകളുടെ ഉള്‍ക്കാമ്പും. ദൃശ്യമാധ്യമത്തിലെ നിയന്ത്രണമെന്നത് ടെലിവിഷനിലെന്ന പോലെ, എഴുത്തിലെന്നപോലെ, പത്രത്തിലെന്നപോലെ രചയിതാവിന്റെ വശത്തുനിന്നുതന്നെയുണ്ടാവേണ്ട ആത്മനിയന്ത്രണം തന്നെയാണ്. അതുള്‍ക്കൊള്ളാന്‍ രചയിതാവും അനുവാചകനും മാനസികവളര്‍ച്ചയെത്തുന്നിടത്തെ ഇത്തരം വിവാദങ്ങള്‍ക്കു പ്രസക്തിയില്ലാതാവൂ.

Monday, July 11, 2016

ലക്ഷ്യം തൊടാത്ത അഭ്രബാണങ്ങള്‍

article appeared in Kalapoorna July 2016 issue

എ.ചന്ദ്രശേഖര്‍

ഏതൊരു രചനയുടെയും, മാധ്യമത്തിന്റെ തന്നെയും ആത്യന്തികലക്ഷ്യമെന്താണ്? സര്‍ഗാത്മകമാകട്ടെ അഥവാ വസ്തുനിഷ്ഠമാകട്ടെ, മാധ്യമധര്‍മം, വിവരശേഖരത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും സന്ദിഗ്ധത കൂടാതെ അതിലൂടെ വിനിമയം ചെയ്യപ്പെടണമെന്നതു തന്നെയാണ്. ബൗദ്ധികമോ, വൈകാരികമോ ആവാം ഉള്ളടക്കമെങ്കിലും അവ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം നേരോടെ സ്വീകര്‍ത്താവിലെത്തുമ്പോഴേ വിനിമയശൃംഖലയുടെ ഒരാവൃത്തി വിള്ളലില്ലാതെ പൂര്‍ണമാവുകയുള്ളൂ. ഇതിനിടെ എവിടെ ദുര്‍ഗ്രാഹ്യത്തിന്റെ അംശമുണ്ടാകുന്നുവോ, മനസിലാകായ്കയുടെ പ്രശ്‌നമുടലെടുക്കുന്നുവോ അവിടെ വിനിമയശൃംഖലയുടെ കണ്ണി പൊട്ടുകയായി. ഇതുതന്നെയാണ് ആലങ്കാരികമായി വിശേഷിപ്പിക്കുന്ന രസച്ചരടു മുറിയല്‍.
ആശയം ഒരു മാധ്യമത്തില്‍ നിന്നു മറ്റൊന്നിലേക്കു അനുവര്‍ത്തിക്കുമ്പോഴും ഈ കണ്ണിപൊട്ടല്‍ സംഭവിക്കാം. വിനിമയശൃംഖലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ അവശേഷിപ്പിക്കുന്ന സംരംഭമായി അതു പരിണമിച്ചേക്കാനും മതി. സാഹിത്യത്തില്‍ നിന്ന് സിനിമയുണ്ടാവുമ്പോഴും, നാടകത്തില്‍ നിന്നു സിനിമയുണ്ടാവുമ്പോഴും, എന്തിന് ഒരു ഭാഷയില്‍ നിന്നു മറ്റൊന്നിലേക്കു വിവര്‍ത്തനം ചെയ്യുമ്പോഴും അടിസ്ഥാന ആശയത്തിനു സംഭവിക്കുന്ന ദോഷവും ശോഷണവും പരിവര്‍ത്തനവും ഇങ്ങനെയുളവാകുന്നതാണ്. പലപ്പോഴും അതു മൂലകൃതിയെ അപേക്ഷിച്ച് താരതമ്യേന ദുര്‍ബലമോ നിലവാരം കുറഞ്ഞതോ ആയിത്തീരുകയാണു പതിവ്. ലോകസിനിമയില്‍ പക്ഷേ, സാഹിത്യത്തില്‍ നിന്ന് അനുവര്‍ത്തനം ചെയ്യപ്പെട്ട ചലച്ചിത്രസൃഷ്ടികളില്‍, അവലംബിത രചനയെ വിസ്മയകരമാംവണ്ണം അതിജീവിച്ച അത്യസാധാരണങ്ങളായ ഉദാഹരണങ്ങള്‍ എത്രയെങ്കിലുമുണ്ട്. ഇതിഹാസ സമാനമായി വായനക്കാരുടെ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കൃതികള്‍ മഹാന്മാരായ ചലച്ചിത്രകാരന്മാര്‍ സ്വതന്ത്രവും അല്ലാത്തതുമായ ദൃശ്യാവിഷ്‌കാരങ്ങളിലൂടെ ദൃശ്യമാധ്യമത്തിലെ കഌസിക്കുകകളാക്കിത്തീര്‍ത്തിട്ടുണ്ട്. അകിര കുറോസാവയുടെ ത്രോണ്‍ ഓഫ് ബ്‌ളഡ് മാത്രം മതി ഈ നിലപാട് സാധൂകരിക്കാന്‍. ഇന്ത്യന്‍ സിനിമയിലും മലയാള സിനിമയിലും ഇത്തരത്തിലുള്ള ഉദാഹരണങ്ങള്‍ ഉദ്ധരിക്കാനാവും.

ദഹനക്കേടിന്റെ ദൃശ്യലീല
എന്നാല്‍ സമകാലിക മലയാള സിനിമയില്‍, വേറിട്ടതും ധീരവുമായ സമീപനമെന്നും മലയാളിയുടെ കപടസദാചാരത്തിനും ലൈംഗിക ഇരട്ടത്താപ്പിനും നേരെയുള്ള ആത്മപരിശോധനയെന്നുമെല്ലാമുള്ള മഹത്വവല്‍ക്കരണങ്ങളുടെ പിന്തുണയോടെ പുറത്തു വന്ന രഞ്ജിത്തിന്റെ ലീല എന്ന സിനിമയെ വിശകലനം ചെയ്യുമ്പോള്‍ ആത്യന്തികമായി അത് ഉന്നം തെറ്റിപ്പതിച്ചൊരു ശിവകാശി വാണപ്പടക്കമായേ വിലയിരുത്താനാവൂ. കഥ എന്ന നിലയ്ക്ക് അല്‍പമൊക്കെ ആര്‍ജ്ജവം പുലര്‍ത്തി സ്വതന്ത്രമായി നിലനിന്ന ലീല എന്ന കഥ എന്തുകൊണ്ട് അതിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഇപ്പറഞ്ഞ ആര്‍ജ്ജവം കാത്തുസൂക്ഷിച്ചില്ല. സാഹിത്യത്തില്‍ നിന്നു എഴുത്തുകാരന്‍ തന്നെ തിരക്കഥയെഴുതിയിട്ടും സിനിമാപ്പകര്‍ച്ച കൃതിയോളം വന്നില്ല? അതു പരിശോധിക്കുമ്പോഴാണ് മാധ്യമങ്ങളുടെ വ്യതിരിക്തതയും സവിശേഷതയും മനസിലാക്കാതെ കൈകാര്യം ചെയ്യുന്നതിലെ അപകടവും ദുരന്തവും വ്യക്തമാവുക. ഒപ്പം കഌഷേകള്‍ ഒഴിവാക്കി, നവതരംഗ ഭാവുകത്വത്തില്‍ കള്ളിചേര്‍ക്കപ്പെടാനുള്ള വ്യഗ്രതയില്‍ നാട്യങ്ങളുടെ കഌഷേകളില്‍ പെട്ട് ഒരു ചലച്ചിത്രരചന എങ്ങനെ സ്വയം പരിഹാസ്യമാവുന്നു എന്നതും.
വാസ്തവത്തില്‍ എന്തെല്ലാമാണ് എന്ന് ആഘോഷിക്കപ്പെട്ടതൊന്നുമല്ല സിനിമയാക്കപ്പെട്ട ലീല. തിരക്കഥകളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ രഞ്ജിത് മറ്റൊരാളുടെ രചനയില്‍ സംവിധാനം ചെയ്ത ആദ്യസിനിമ. മുമ്പ് എത്രയോ തിരക്കഥകളില്‍ രഞ്ജിത് തന്നെ ജന്മം നല്‍കിയ താന്തോന്നിത്തവും മാടമ്പിത്തവും ഒന്നുചേരുന്ന പിഴച്ച നായകന്റെ മറ്റൊരു ശൈലിയിലുള്ള ആവിഷ്‌കാരം. മോഹന്‍ലാലിനെ അതിമാനുഷ നായകത്വത്തിലേക്ക് അവരോധിച്ച ദേവാസുരത്തിന്റെയും രാവണപ്രഭുവിന്റെയും ആറാം തമ്പുരാന്റെയും നരസിംഹത്തിന്റെയും മറുപാതിതന്നെയാണ് ലീലയിലെ കുട്ടിയപ്പനും. പക്ഷേ നവഭാവുകത്വത്തിന്റെ തരംഗദൈര്‍ഘ്യത്തിനൊത്ത് അയാള്‍ക്ക് മീശപിരിച്ച മോഹന്‍ലാലിന്റെ രൗദ്രത്തില്‍ നിന്ന് താടിവച്ച ബിജുമേനോന്റെ ഹാസ്യത്തിലേക്ക് സ്ഥാനമാറ്റം കിട്ടിയെന്നു മാത്രം. കാരണം, മംഗലശ്ശേരി നീലകണ്ഠനും പൂമുള്ള ഇന്ദുചൂഢനും അവര്‍ പ്രതിനിധാനം ചെയ്ത ഹൈന്ദവബിംബങ്ങളും ഫ്യൂഡല്‍ചിഹ്നങ്ങളുമായി മത്സരിച്ചത് സമാനബിംബങ്ങളും ഭാവഹാവാദികളും പങ്കുവച്ച മമ്മൂട്ടിയുടെ വല്യേട്ടന്‍, സേതുരാമയ്യര്‍, ഇന്‍സ്‌പെക്ടര്‍ ബലറാം തിരവ്യക്തിത്വങ്ങളോടാണ്. എന്നാല്‍ ബിജുമേനോന്റെ കുട്ടിയപ്പന് മത്സരിക്കാനുള്ളത് കറുത്തമുണ്ടും മുഴുക്കയ്യ് ഷര്‍ട്ടും കറുത്ത കണ്ണടയും വച്ച് ഡപ്പാംകൂത്തു കളിക്കുന്ന പ്രേമത്തിലെ നിവിന്‍ പോളിയുടെ തിരപ്രതിനിധാനത്തോടാണ്. സ്വാഭാവികമായും മാറിയ കാലത്തിന്റെ കമ്പോളസ്പന്ദനത്തിനൊപ്പിച്ച് ക്രൈസ്തവ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ദൃശ്യബിംബങ്ങളും അതിന്റെ അനന്തസാധ്യതകളുമാണ് സമകാലിക പുതുതലമുറസിനിമകളുടെ നടപ്പുശീലത്തിനനുസരിച്ചു ലീലയും പങ്കിടുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതകൂടിയുണ്ട്. അവലംബിത തിരക്കഥകളായ ചാപ്പകുരിശിനും മുന്നറിയിപ്പിനും (രണ്ടും വിദേശ സിനിമകളോടു കഥാപരമായ ചാര്‍ച്ചയും ചേര്‍ച്ചയും ചായ് വും പുലര്‍ത്തുന്നതാണ്) ശേഷം മൗലികമായി ആര്‍.ഉണ്ണി രചിച്ച രണ്ടു തിരക്കഥകളും-ലീലയും ചാര്‍ളിയും സമാനസ്വഭാവമുള്ള നായകകര്‍തൃത്വങ്ങളും അതിയാഥാര്‍ത്ഥ്യ കാല്‍പനികവൈരുദ്ധ്യങ്ങളും ഭ്രമാത്മകത്വവും നിറഞ്ഞ ക്രൈസ്തവ കഥകളായിണ്. (ബാച്ചിലര്‍ പാര്‍ട്ടി, ഒഴിവുദിവസത്തെ കളി തുടങ്ങിയ തിരരചനകളെ ഒഴിവാക്കുന്നു.) മൂല പ്രമേയവും ഇതിവൃത്തവും താരതമ്യം ചെയ്യുന്ന ആര്‍ക്കും ലീലയ്ക്കും ചാര്‍ളിക്കും തമ്മിലുള്ള സാഹോദര്യം പകല്‍പോലെ വ്യക്തമാവും. ലീലയെ അപേക്ഷിച്ച് കടുംചായക്കൂട്ടുകളില്‍ ഭ്രമാത്മകയാഥാര്‍ത്ഥ്യങ്ങളില്‍ ചാര്‍ളിക്ക് കുറേക്കൂടി റൊമാന്റിക്കായ കാല്‍പനികഛായ കൂടുമെന്നുമാത്രം. ഈ കുട്ടിയപ്പനും ചാര്‍ളിയും നേരത്തേ നിരീക്ഷച്ചതുപോലെ, പഴയ ഇന്ദുചൂഢന്റെയും നീലകണ്ഠന്റെയും കാര്‍ത്തികേയന്റെയുമെല്ലാം ന്യൂജനറേഷന്‍ പുനരവതാരമാണുതാനും.
ലീലയെ പക്ഷേ പ്രദര്‍ശനശാലകളില്‍ പ്രേക്ഷകരില്‍ നിന്നകറ്റിയ ഘടകങ്ങള്‍ക്ക്, എഴുപതുകളുടെ ഉത്തരാര്‍ധത്തിലും എണ്‍പതുകളുടെ ആദ്യത്തിലും പൊടുന്നനെ ഉയര്‍ന്നുവന്ന ഉച്ചപ്പടങ്ങളുടേതിനോട് സാമ്യമുണ്ട്. മാധ്യമധര്‍മവും അതിന്റെ അനന്തസാധ്യതയും നന്നായറിയാവുന്ന അടൂര്‍-അരവിന്ദന്‍-ജോണ്‍ ഏബ്രഹാം പ്രഭൃതികളുടെ രചനകളിലെ പൊതുവായ ചില ഉപരിതല ഘടനാസവിശേഷതകള്‍ കണ്ട് അവയാണ് ബുദ്ധിജീവിസിനിമയുടെ ലക്ഷണങ്ങളെന്നു ധരിച്ചുവശായിപ്പോയ കപടസിനിമാക്കാരുടെ രചനകളായിരുന്നു ഈ ദുരവസ്ഥയുണ്ടാക്കിയത്. മന്ദതാളവും ലളിതവ്യാഖ്യാനത്തിനു വഴങ്ങിക്കൊടുക്കാത്ത ദൃശ്യസമീപനങ്ങളുമെല്ലാം അര്‍ത്ഥമറിയാതെ എടുത്തു പെരുമാറുക വഴി ദുരൂഹവും ദുര്‍ഗ്രാഹ്യവുമായ ഒരുപിടി വ്യാജരചനകളാണുണ്ടായത്. സമാനമായ പ്രതിസന്ധിയാണ് ലീലയടക്കമുള്ള സിനിമകള്‍ക്കു സംഭവിക്കുന്നതും.
ദൃശ്യപരമായ ആഖ്യാനത്തിന്റെ ഗുണകരമായ വളര്‍ച്ചയ്ക്ക് സര്‍റിയലിസം ഒരു മാര്‍ഗവും ആയുധവുമാക്കാമെന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണം മുഖ്യധാരാ സിനിമയ്ക്കു കാണിച്ചു തന്ന ചലച്ചിത്രകാരനാണ് രഞ്ജിത്ത്. പത്മരാജന്‍ സ്പര്‍ശത്തോടെ കാവ്യാത്മകമായി നന്ദനത്തിന്റെ ആഖ്യാനസ്വരൂപത്തില്‍ പരീക്ഷിച്ച ഈ കൗശലം അദ്ദേഹം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റില്‍ വളരെ അര്‍ത്ഥവത്തായി വിജയകരമായിത്തന്നെ ഉപയോഗിച്ചുകാട്ടുകയും ചെയ്തു. പക്ഷേ,  ഇതേ അവതരണസൂത്രം ആര്‍.ഉണ്ണിയുടെ തിരക്കഥയിലേക്കു പറിച്ചുനാട്ടപ്പെടുമ്പോള്‍ മാധ്യമപരമായും പ്രമേയതലത്തിലും അവലക്ഷണമാവുന്നതാണ് ലീലയില്‍ കാണാനാവുക. ചുരുക്കിപ്പറഞ്ഞാല്‍, രഞ്ജിത്തിന്റെ കഥാപാത്രങ്ങളെയും കഥനശൈലിയെയും ആര്‍.ഉണ്ണി തിരക്കഥയിലാക്കുകയും ഇന്നേവരെ ചെയ്തിട്ടില്ലാത്തവണ്ണം സ്വന്തം തിരക്കഥയില്‍ നിന്നല്ലാതെ രഞ്ജത് ആര്‍.ഉണ്ണിയുടെ രചനയില്‍ നിന്ന് സിനിമയുണ്ടാക്കുകയും ചെയ്തപ്പോഴുണ്ടായ പതര്‍ച്ചകളാണ് ലീലയെ ലക്ഷ്യം വേധിക്കാത്ത അമ്പാക്കിത്തീര്‍ത്തത്.
ചിത്രത്തിലെ അതിശക്തമായ ലൈംഗിക അന്തര്‍ധാര, അതിന്റെ തീര്‍ത്തും പ്രതലപ്പരപ്പുളള രംഗാവതരണങ്ങളിലും ദുരര്‍ത്ഥസംഭാഷണങ്ങളിലുമായി ദുര്‍ബലപ്പെട്ടുപോവുകയാണുണ്ടായത്. ശഌലാശഌലങ്ങളിലൂടെയുള്ള ഈ അപഥസഞ്ചാരം, നിസന്ദേഹികളായി സകുടുംബം തീയറ്ററുകളിലെത്തിയ പ്രേക്ഷകരെ ഒരു പരിധിവരെ പ്രതിരോധത്തിലാക്കി. ഇതിലും ആഴത്തിലുള്ള ലൈംഗികധാരകളുള്ള ഇതിവൃത്തങ്ങള്‍ യാതൊരാശങ്കയുമില്ലാതെ കുടുംബപ്രേക്ഷകര്‍ക്കുമുന്നിലെത്തിച്ച ഭരത-പത്മരാജന്മാര്‍ വാണിരുന്ന സിനിമാനാട്ടിലാണ് പ്രേക്ഷകര്‍ക്ക് ഇങ്ങനൊരു ഞെട്ടലുളവാക്കപ്പെട്ടത്.
ലീലയില്‍ പ്രത്യക്ഷപ്പെട്ട മാലാഖകളും അതിഭൗതികാവതരണങ്ങളും നിര്‍വഹിച്ച ഇതിവൃത്ത ധര്‍മ്മം, വ്യാഖ്യാതാവിന്റെ സഹായം കൂടാതെ ശരാശരി പ്രേക്ഷകരിലേക്ക് സന്ദിഗ്ധതയില്ലാതെ വിനിമയം ചെയ്യപ്പെടുന്നില്ല. അവയുളവാക്കുന്ന ഹാസ്യമോ പരിഹാസ്യമോ വിമര്‍ശനമോ അതെന്തുതന്നെയായാലും സ്രഷ്ടാക്കള്‍ ഉദ്ദേശിച്ച പൂര്‍ണാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്കു മനസിലാവാതെയും പോയി.

കമ്മട്ടിപ്പാടങ്ങളിലെ ജീവിതം
സമകാലിക കേരളത്തിന്റെ ദലിതജീവിതത്തിന്റെ നേര്‍ക്കാഴ്ച എന്നോ കേരളത്തിന്റെ അരികുജീവിതങ്ങളുടെ വളച്ചുകെട്ടില്ലാത്ത ദൃശ്യസാക്ഷ്യമെന്നോ ഒക്കെയാണ് പി.ബാലചന്ദ്രന്റെ തിരക്കഥയില്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം വിശേഷിപ്പിക്കപ്പെട്ടത്. കാര്‍ഷികച്ചതുപ്പില്‍ നിന്നു കൊച്ചി ഇന്നുകാണുന്ന ആകാശഗോപുരങ്ങളുടെ മഹാനഗരമായി രൂപാന്തരപ്പെടുന്ന കാലഘട്ടങ്ങളില്‍, നഗരത്തിന്റെ പിന്നാമ്പുറജീവിതങ്ങള്‍ക്കു സംഭവിച്ച സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും അധികാരപരവുമായ പരിവര്‍ത്തനങ്ങളുടെ ദൃശ്യാലേഖനം കൂടിയായിട്ടാണ് കമ്മട്ടിപ്പാടം വിഭാവനചെയ്തിട്ടുള്ളത്.
സിനിമയില്‍ തിരക്കഥയുടെ ആവശ്യവും പ്രസക്തിയും തന്നെ പ്രശ്‌നവല്‍ക്കരിച്ച, ഒരു പരിധിവരെ നിഷേധിച്ച സംവിധായകനാണ് രാജീവ്. ആദിയും മധ്യവും അന്തവും ആവശ്യമില്ലാത്ത ഇതിവൃത്താവിഷ്‌കാരശൈലി പിന്തുടരുന്ന ചലച്ചിത്രകാരന്‍. വിശ്വസിനിമയില്‍ സുഷി സിനിമ എന്ന ജനുസില്‍ കള്ളിചേര്‍ക്കപ്പെട്ട മുന്‍കൂട്ടി വേവിക്കാത്ത ദൃശ്യപരമ്പരകളിലൂടെ പ്രമേയം അനാവരണം ചെയ്യുന്ന ചലച്ചിത്രശൈലി. ദൃശ്യഭാഷയില്‍ എഡിറ്റിങ് പോലുള്ള പൂര്‍വനിശ്ചിതവും വ്യക്തവുമായ ഇടപെടലുകളേയില്ലാതെ സ്വാഭാവികവും നൈസര്‍ഗികവുമായ ആഖ്യാനമെന്ന പ്രതീതിയുളവാക്കുന്നത രീതിയാണിത്. കറുത്ത ഹാസ്യവും അതിരുവിട്ട അക്രമരംഗങ്ങളും സഭ്യതയുടെ ബാധ്യതയേ ഇല്ലാത്ത സംഭാഷണങ്ങളുമെല്ലാം ചേര്‍ന്ന സവിശേഷാലേഖനം. പക്ഷേ കമ്മട്ടിപ്പാടത്തിലെത്തുമ്പോള്‍, ഈ സവിശേഷതകളൊക്കെയും, കൊച്ചിയുടെ റിയല്‍ എസ്‌റ്റേറ്റ്-അധോലോക വളര്‍ച്ചയുമായി ബന്ധപ്പെട്ട് മുമ്പു വന്നിട്ടുള്ള എത്രയെങ്കിലും മുഖ്യധാരാസിനിമകളുടെ കാലികമായ പുനരാവിഷ്‌കരണം മാത്രമായി ചുരുങ്ങുകയാണ്. സാങ്കേതികവും ആവിഷ്‌കാരപരവുമായ മാറ്റങ്ങള്‍ തീര്‍ച്ചയായും കമ്മട്ടിപ്പാടം പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രമേയതലത്തില്‍ അതിനപ്പുറമൊരു അദ്ഭുതവും, പ്രവചനാതീതമായ കഥാന്ത്യം പോലും ചിത്രം സമ്മാനിക്കുന്നില്ല. പൃഥ്വിരാജിന്റെ സ്റ്റോപ്പ് വയലന്‍സ്, ആസിഫലിയുടെ അസുരവിത്ത് പോലുള്ള സിനിമകളുടേതിനെ അതിശയിക്കുന്ന കഥാവസ്തുവല്ല കമ്മട്ടിപ്പാടത്തിന്റേത്.എന്തിന്, അതു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം പോലും അങ്ങാടി, ഈനാട് പോലുള്ള സിനിമകളിലെ ചേരിജീവിതചിത്രീകരണത്തില്‍ നിന്നു വ്യത്യസ്തവുമല്ല. അഭിനേതാക്കളുടെ വര്‍ണ/ദേശ/ഭാഷാ പ്രതിനിധാനങ്ങളും, പെണ്‍ഗുണ്ട, അബ്കാരി-റിയല്‍ എസ്റ്റേറ്റ് മുതലാളിത്തം തുടങ്ങിയ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ കഥാപാത്രങ്ങളോടുള്ള തീര്‍ത്തും യാദൃശ്ചികമല്ലാത്ത ആരോപിതഛായകളും മാത്രമാണു വേറിട്ടത്. അതു പോലും പുത്തന്‍പാലം രാജേഷും ഓംപ്രകാശും പോലുളള ചേരീഗുണ്ടകളുടെ യഥാര്‍ത്ഥ ജീവിതങ്ങളില്‍ നിന്ന് എത്രയോ കാതങ്ങള്‍ അകലെ നില്‍ക്കുന്ന കഌഷേയിലൊതുങ്ങുന്നു. രാജീവ് സിനിമകളില്‍ സാധാരണമായ താരനിര്‍ണയസവിശേഷതയാണ് മറ്റൊന്ന്. അതിന്റെ ആര്‍ജ്ജവം കൊണ്ടുമാത്രം സിനിമ നന്നാവുമോ എന്ന പ്രശ്‌നം തിരക്കഥയ്ക്കപ്പുറം അവശേഷിപ്പിക്കുന്നുണ്ട് കമ്മട്ടിപ്പാടം.
ഹിന്ദിയിലെ മള്‍ട്ടീപഌക്‌സ് യുവസിനിമാജനുസില്‍ അടവച്ചുവിരിയിക്കുന്ന അധോലോകസിനിമകളുടെ ജനുസിനോടാണ് ദൃശ്യപരമായി കുമ്മാട്ടിപ്പാടത്തിന് ചാര്‍ച്ച. മുംബൈ അധോലോകത്തിന്റെയും ധാരാവിയുടെയും ദൃശ്യാനുവര്‍ത്തങ്ങളുടെ അനുരാഗ് കശ്യപ്, മിലന്‍ ലൂഥ്രിയ,മഥുര്‍ ഭണ്ഡാര്‍ക്കര്‍ മുദ്രപേറുന്നൊരു കൊച്ചിഗാഥമാത്രമായി മാറുന്നുവെന്നൊരു വിമര്‍ശനവും നേരിടേണ്ടിവരുന്നുണ്ട് കമ്മട്ടിപ്പാടത്തിന്.
രണ്ടു സിനിമകളും സമാനമായി പങ്കിടുന്ന മറ്റൊരു ദുരന്തം, പ്രസ്തുത രചനകളെ ന്യായീകരിക്കാനും വ്യാഖ്യാനിക്കാനും അച്ചടിമാധ്യമങ്ങളിലടക്കമുള്ള അക്ഷരനിരൂപണങ്ങളെയും വിശകലനങ്ങളെയും ആശ്രയിക്കേണ്ടി വന്നു എന്നുള്ളതാണ്. ലീല മലയാളിയുടെ ബൗദ്ധികവും ലൈംഗികവുമായി ഇരട്ടത്താപ്പിനെയും മനോവിഭ്രാന്തിയേയും മലക്കെ തുറന്നുകാട്ടുന്ന ചങ്കൂറ്റമുള്ള അഭ്രരചനയാണെന്നും, കമ്മട്ടിപ്പാടം കേരളത്തിന്റെ അരികുജീവിതങ്ങളുടെ, ദലിതജീവിതത്തിന്റെ നഗ്നയാഥാര്‍ത്ഥ്യത്തിന്റെ ഏച്ചുകെട്ടില്ലാത്ത പച്ചയാവിഷ്‌കാരമാണെന്നും മറ്റുമുള്ള പഠനനിര്‍വഹണങ്ങളും വ്യാഖ്യാനലേഖനങ്ങളും പ്രസിദ്ധീകരിച്ചതുകൊണ്ട് ഇവ രണ്ടും ചലച്ചിത്രപരമായ അവയുടെ ദൗത്യങ്ങളില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് ഊട്ടിയുറപ്പിക്കുകയാണ്. പ്രേക്ഷകനിലേക്കു സംവദിക്കപ്പെടാതെ പോയ ദൃശ്യസംജ്ഞകള്‍ക്കാണല്ലോ അക്ഷരവ്യാഖ്യാനങ്ങള്‍ ആവശ്യമായി വരിക എന്ന സാമാന്യയുക്തികൊണ്ടു മാത്രം ഈ വാദം സാധൂകരിക്കാവുന്നതേയുള്ളൂ.

Wednesday, June 15, 2016

കാലത്തിന്റെ മിന്നലാട്ടങ്ങള്‍

എഴുപത്തഞ്ചാം പിറന്നാളാഘോഷിക്കുന്ന ഓര്‍സണ്‍ വെല്‍സിന്റെ സിറ്റിസന്‍ കെയ്ന്‍ എന്ന ക്‌ളാസിക്ക് ചലച്ചിത്രത്തെപ്പറ്റി ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകത്തിലു
ള്‍പ്പെടുത്തിയ പഠനത്തില്‍ നിന്നൊരു ഭാഗം.

കാലക്രമമനുസരിച്ചു കഥ കാണിക്കുന്നതിലെ മടുപ്പില്‍നിന്നു സിനിമ വഴുതിമാറിയതു ഫ്‌ളാഷ്ബാക്കിന്റെ വരവോടെയാണെന്നു ഡേവിഡ് ബോര്‍ഡ്വെല്‍ 2 അഭി്രപായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിരിമുറുക്കമുള്ള കഥയുടെ നാടകീയപ്രവാഹത്തിനു തടസമാവുമെന്ന വിശ്വാസത്തില്‍ ക്ലാസിക്കല്‍ കാലഘട്ടത്തില്‍ ചലച്ചിത്രകാരണവന്മാര്‍ ഈ സങ്കേതത്തെ തൊട്ടില്ല. ഹോളിവുഡ് ക്ലാസിക്കല്‍ കാലത്തു ഫ്‌ളാഷ്ബാക്ക് ഇല്ലായിരുന്നെങ്കില്‍ എന്നു സങ്കല്‍പിക്കാനേ ആവാത്ത ചലച്ചിത്ര സ്വരൂപം 'സിറ്റിസണ്‍ കെയ്‌നി' (1942) ന്റേതാണ്. മുഖ്യ കഥാപാത്രങ്ങളുടെ വര്‍ത്തമാനകാല മനോവ്യാപാരങ്ങളിലേക്ക് അവരെ കൊണ്ടെത്തിച്ച സംഭവവികാസങ്ങളിലേക്കു വെളിച്ചം വീശുന്ന ദൃശ്യഖണ്ഡമായാണു ഫ്‌ളാഷ്ബാക്ക് ഉപയോഗിച്ചിട്ടുള്ളത്. ഭാഷാപരീക്ഷയില്‍ ''വിട്ടുപോയവ പൂരിപ്പിക്കാനു''ള്ള ഫില്‍ ഇന്‍ ദ് ബ്ലാങ്ക്‌സ് പോലെ ഒരു സമസ്യാപൂരണം.
'സിറ്റിസണ്‍കെയ്‌നി'ലെ നായികാനായകന്മാരായ കെയ്‌നിന്റേയും രണ്ടാംഭാര്യ സൂസന്റെയോ, ബേണ്‍സ്റ്റെന്റെയോ ആന്തരിക വ്യാപാരങ്ങളെ ന്യായീകരിക്കാനുളള വ്യക്തിനിഷ്ഠമായ വിചാരധാരകള്‍ എന്നതിനെക്കാള്‍, പ്രേക്ഷകനു കലയുടെ നൂലാമാലകള്‍ ഒന്നൊഴികെ കുരുക്കഴിച്ചെടുക്കാന്‍ പാകത്തില്‍ നിഷ്പക്ഷമായ വസ്തുതകളാണവ. യാഥാര്‍ഥൃത്തിലേക്കു, സത്യത്തിലേക്കുള്ള നൂല്‍പ്പാലങ്ങള്‍. അതേസ
മയം, സമയസങ്കല്‍പത്തിന്റെ സ്വാഭാവികപ്രവാഹത്തില്‍ ഏറെയൊന്നും സംഭാവന ചെയ്യാന്‍ ഘടനാപരമായി ഈ ഫ്‌ളാഷ് ബാക്കുകള്‍ക്കായിട്ടില്ല. വസ്തുനിഷ്ഠമെന്നു പുറമേക്കു തോന്നുമെങ്കിലും തീര്‍ത്തും വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടുകള്‍ മാ്രതമാണു ചിത്രത്തിലെ ഫ്‌ളാഷ്ബാക്കുകള്‍ എന്ന് പ്രെയാം പൊദ്ദാര്‍ ചിത്രത്തിന്റെ സുവര്‍ണജൂബിലിക്കെഴുതിയ 'സിറ്റിസണ്‍ കെയ്ന്‍ ആന്‍ഡ് ക്ലാസിക്കല്‍ ഹോളിവുഡ് എയ്‌സ്‌തെറ്റികസ്' 3എന്ന പഠനത്തില്‍ പറയുന്നു.
തങ്ങള്‍ കണ്ട സിറ്റിസണ്‍ കെയ്‌നിനെയാണു ഫ്‌ളാഷ്ബാക്കുകളിലൂടെ വിവിധ കഥാപാ്രതങ്ങള്‍ പ്രേക്ഷകസമക്ഷം അവതരിപ്പിക്കുന്നത്. ഇതില്‍ അല്‍പമെങ്കിലും വേറിട്ടതു ലേലന്‍ഡിന്റെ കാഴ്ചപ്പാടാണ്. തന്നെ അഭിമുഖം ചെയ്യുന്ന പ്രതപ്രവര്‍ത്തകനോടു ലേലന്‍ഡ് പറയുന്ന സംഭവങ്ങളില്‍, അദ്ദേഹത്തിന്റെ സമയപ്രകാരത്തില്‍വരാത്ത ചില ദൃശ്യങ്ങളുമുണ്ട്. കെയ്‌നും എമിലിയും പങ്കെടുക്കുന്ന വിഖ്യാതമായ പ്രാതല്‍ രംഗവും, സൂസനെ കെയ്ന്‍ ആദ്യം കാണുന്നതും, കെയ്‌നും എമിലിയും സുസനും ഗെറ്റിയുമായുള്ള ചൂടുപിടിച്ച വാക്കേറ്റവും ലേലന്‍ഡ് നേരില്‍ കണ്ടതല്ല. അവ നടന്ന സമയത്ത് അയാള്‍ അതിന്റെ ഭാഗവുമല്ല. കേട്ടറിവായാണ് അയാളത് അയാളുടെ ഫ്‌ളാഷ്ബാക്കില്‍ ഉള്‍പ്പെടുത്തിയത്.
ഫ്‌ളാഷ്ബാക്കില്‍, അതു നിര്‍വഹിക്കുന്ന ആള്‍ക്കു നേരിട്ടനുഭവമില്ലാത്ത ദൃശ്യങ്ങളും ഉള്‍പ്പെടാറുണ്ട്. വാസ്തവത്തില്‍ അതയാളുടെ അനുഭവപരിധിയില്‍ പെടുന്നതല്ല. ൂേപക്ഷകന് അയാള്‍ പറയുന്നതിലെ ഈ സ്ഥലകാലപ്പിരിവുകള്‍ പ്രശ്‌നമല്ല. തനിക്കു കേട്ടുകേള്‍വിയുളള ഒരനുഭവം അയാള്‍ പറയുന്നതായേ കാണി അതിനെ കാണുന്നുള്ളൂ. ഫലത്തില്‍ കഥ പറയുന്നയാള്‍ പ്രേക്ഷകനുമുന്നില്‍ രണ്ടു കാലഭേദങ്ങളാണവതരിപ്പിക്കുന്നത്. അയാള്‍ നിലനില്‍ക്കുന്ന വര്‍ത്തമാനമാലം ചലച്ചിത്രകാലത്തിന്റെ മൂന്നാം പ്രതലമാണ്. അങ്ങനെ മൂന്നു വ്യത്യസ്ത കാലവ്യവസ്ഥകളെ സിനിമയില്‍ ഒന്നിച്ചു വിളക്കിച്ചേര്‍ത്തിരിക്കുന്നു. ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഫ്‌ളാഷ്ബാക്കുകളെ കാലത്തിന്‍മേലുള്ള ആഖ്യാനത്തിന്റെ അനുസ്യൂതപരിക്രമണമായി കാണാം. അല്‍പം സങ്കീര്‍ണമായി ദ്വിമാനസ്വഭാവത്തോടെയാണു ഫ്‌ളാഷ്ബാക്കുകളെ ഓര്‍സന്‍ വെല്‍സ് 'സിറ്റിസണ്‍ കെയ്‌നി'ല്‍ ഉപയോഗിച്ചത്.
കെയ്‌നിന്റെ ജീവിതത്തിലേക്കു വെളിച്ചംവിതറുന്ന കുറച്ചു മുഖാമുഖങ്ങള്‍ക്കു തയാറെടുക്കുന്ന പത്രലേഖകനിലാണു സിനിമ തുടങ്ങുന്നത്. കെയ്‌നിന്റെ ആദ്യകാലജീവിതത്തെ അടുത്തറിഞ്ഞ ചിലരുടെ ഓര്‍മകളും, പിന്നീടു വയോധികനായ അയാളെ അടുത്തറിഞ്ഞവരുടെ ഫ്‌ളാഷബാക്കുകളും. ഇടക്കാലത്തെക്കുറിച്ചുളള മൗനം, കാല്രകമം പാലിച്ചുള്ള കഥപറച്ചിലിനെ ചോദ്യം ചെയ്യുന്നു. ബൈബിളടക്കമുള്ള ലോകേതിഹാസങ്ങളില്‍ നായകന്മാരുടെ കൗമാരയൗവനങ്ങളുടെ മൗനംശ്രദ്ധിക്കുക. നീളുന്ന ഫ്‌ളാഞ്ച്ബാക്കുകളിലെല്ലാം, അപ്പോള്‍ കഥ പറയുന്ന ആളുടെ വര്‍ത്തമാനകാലസാന്നിദ്ധ്യം. അങ്ങനെ ഫ്‌ളാഷ് ബാക്കുകള്‍ ഒരേസമയം ഏക / ബഹുകാലികമാവുന്നു. പത്രപ്രവര്‍ത്തകനോടു കെയ്‌നിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവയ്ക്കുന്ന വൃദ്ധനായ ലേലന്‍ഡിന്റെ മുഖത്തിന്റെ സമീപദൃശ്യവും, നവവരനായ കെയ്ന്‍ വധുവായ എമിലിയുമായി പ്രാതല്‍കഴിക്കുന്ന ദൃശ്യവും തമ്മില്‍ അതിവേഗം സന്നിവേശിപ്പിച്ചാണു വര്‍ത്തമാനത്തില്‍നിന്നു ഞൊടിയിടകൊണ്ടു ഗതകാലത്തിലേക്ക് ആഖ്യാനകാലത്തെ ഓര്‍വല്‍ കൊണ്ടുപോവുന്നത്.
'സിറ്റിസണ്‍ കെയ്‌നി'ലെ സമയ്രകമത്തെപ്പറ്റിയുള്ള പഠനത്തില്‍ പ്രെയാം പൊദ്ദാറിന്റെ ശ്രദ്ധിക്കപ്പെട്ട നിരീക്ഷണം, അതില്‍ ഫ്‌ളാഷ് ഫോര്‍വേഡിനെപ്പറ്റിയുള്ളതാണ്. ഗ്രീക്ക്-സംസ്‌കൃത നാടകങ്ങളിലെ 'നാന്ദി'ക്കു തുല്യമായ സങ്കേതത്തിലുടെ കഥയുടെ ആദ്യാവസാനം ചില സൂചനകള്‍ നല്‍കുകയും പിന്നീടു കഥ വിശദമാക്കുകയുമാണു വെല്‍സ്. നായകന്റെ മരണത്തോടെയാണു ചിത്രം തുടങ്ങുന്നത്. പിന്നീടു കെയ്‌നിനെപ്പറ്റിയുളള ഒരു സമ്പൂര്‍ണ ന്യുസ്‌റീല്‍. ഇതില്‍ അനാവരണം ചെയ്യുന്ന ജീവിതചിത്രത്തിന്റെ വിശദീകരണങ്ങളാണു ഫ്‌ളാഷ്ബാക്കുകള്‍. വര്‍ത്തമാനകാലത്തില്‍നിന്നു ഫ്‌ളാഷ്ബാക്കിലൂടെ ഭൂതകാലത്തിലേക്കു കഥയെ നയിക്കാന്‍ ചാലകമാവുന്ന ഫ്‌ളാഷ്‌ഫോര്‍വേഡ് ആണു സിനിമയുടെ ആഖ്യാനത്തിലെ ന്യുസ്‌റീല്‍. തുടര്‍ന്നു സംഭവിക്കാനിരിക്കുന്നതെല്ലാം അതില്‍ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. പക്ഷേ ഇതെല്ലാം നടന്നുകഴിഞ്ഞു എന്നതാണു വൈചിത്ര്യം. ഇങ്ങനെ ഒരേസമയം ബഹുതലങ്ങളില്‍ കാലത്തെ സന്നിവേശിപ്പിക്കാന്‍ ഓര്‍സന്‍ വെല്‍സിനു സാധിച്ചു.
എന്നാല്‍ നിശ്ശബ്ദകാലഘട്ടത്തെ ഓര്‍മിപ്പിക്കുമാറ്, ഒന്നില്‍നിന്നു മറ്റൊരു കാലത്തേക്കു മാറാന്‍ നേരിട്ടുള്ള കട്ട് ഒഴിവാക്കി, ചില പരമ്പരാഗത സം്രകമണോപാധികളാണു ചിത്രത്തില്‍ കാണാവുന്നത്. 'ഫെയ്ഡ് ഇന്‍', 'ഫെയ്ഡ് ഔട്ട്', 'ലാപ് ഡിസോള്‍വ്' എന്നീ സങ്കേതങ്ങളാണു വെല്‍സ് കൂടുതലുപയോഗിച്ചത്. ക്ലാസിക്കല്‍ ചലച്ചിത്രകാരന്മാരുടെ ബലഹീനതകളിലൊന്നായിട്ടാണു വിമര്‍ശകര്‍ ഇതിനെ കണക്കാക്കിയത്. നിശ്ശബ്ദസിനിമയില്‍ ശബ്ദസൂചകങ്ങള്‍ ഒന്നും സാധ്യമല്ലെന്നിരിക്കെയാവണം സംവിധായകര്‍ പ്രത്യക്ഷത്തില്‍ കാണാവുന്ന സംക്രമണോപാധികളെ ആശ്രയിച്ചത്. ഈ ദൃശ്യസൂചകങ്ങള്‍ കഥാഖ്യാനത്തിനു തടസ്സമാവാതെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ക്ലാസിക്കല്‍ മാതൃകയാണു 'സിറ്റിസണ്‍ കെയ്ന്‍'.
കെയിനിന്റെ ചങ്ങാതികളുമായുള്ള പത്രപ്രവര്‍ത്തകനായ തോംപ്‌സന്റെ അഭിമുഖം മുഴുവന്‍ ഇരുണ്ട മുറികളിലാണ്. ഏകതാനമായ ക്രാശവിന്യാസത്തിലാണെന്നതിനാല്‍ അവ സംഭവിക്കുന്നതിലെ ഇടവേളകളെക്കുറിച്ചു പ്രേക്ഷകര്‍ക്കു ഗ്രാഹ്യമില്ല. തോംപ്‌സന്റെ അഭിമുഖങ്ങള്‍ പല ദിവസങ്ങളിലാണെന്നു തിരിച്ചറിയാനുള്ള പഴുതും അവതരണത്തിലില്ല. ചില ഫോണ്‍ സംഭാഷണങ്ങളില്‍ തോംപ്‌സണ്‍ നല്‍കുന്ന കാലസൂചനകളും ചില സംഭാഷണങ്ങളില്‍ അബദ്ധത്തില്‍ കടന്നുവരുന്ന സമയസൂചനകളും മാത്രമാണു കഥ നടക്കുന്നതെപ്പോള്‍ എന്നതിന്റെ സൂചകങ്ങള്‍. സമയഘടനയുടെ അപ്രമാദിത്തം തെളിയിക്കാന്‍ 'സിറ്റിസണ്‍ കെയ്‌നി'ലൂടെ സാധിച്ചെങ്കിലും ആദിമധ്യാന്തമുള്ള ആഖ്യാനശൈലിയിലെ അന്ത്യസൂചനയായി ഈ ചിത്രത്തില്‍ കാലത്തെ ഉപയോഗിച്ചിട്ടുണ്ട്. കഥ നടക്കുന്ന കാലമോ അത് അനാവരണം ചെയ്യുന്ന ദിവസങ്ങളുടെ നീളമോ ്രേപക്ഷകന് ആസ്വാദനതടസ്സമാവുന്നില്ല.
തോംപ്‌സന്റെ അഭിമുഖങ്ങള്‍ ആഖ്യാനത്തിന്റെ ഒരു ഘട്ടത്തില്‍ അന്വേഷണസ്വഭാവത്തിലേക്കു മാറുന്നു. അതോടെ സിനിമ ഉദ്വേഗഗതിവേഗം നേടുന്നു. ''റോസ്ബഡ്'' എന്ന കെയ്‌നിന്റെ മരണമൊഴിക്കുപിന്നിലെ രഹസ്യം തേടിയുള്ള തോംപ്‌സന്റെ അന്വേഷണത്തിനു ക്ലിപ്തത വരുന്നതോടെ ആ സമയപരിധിക്കകം അയാള്‍ അതു കണ്ടെത്തുമോ, ആ പ്രഹേളികയ്ക്ക് ഉത്തരം കിട്ടുമോ എന്ന ഉത്കണ്ഠയിലാവുന്നു ്രേപക്ഷകന്‍. അയഥാര്‍ഥ സമയത്തിന്റെ ഈ പ്രയോഗം ക്ലാസിക്കല്‍ പാരമ്പര്യത്തോട് ഒട്ടിനില്‍ക്കുന്നതാണ്.

Monday, May 30, 2016

ദ്രാവിഡപ്പുകഴില്‍ ശരബേശ്വരസന്നിധി

രൗദ്രതീവ്രതയുടെ ആകാരമായി കണക്കാക്കുന്ന നരസിംഹത്തെ മെരുക്കിയ, നരസിംഹം ആരാധിക്കുന്ന വിചിത്ര മൂര്‍ത്തിയാണ് വ്യാളിയുടെ മുഖവും സിംഹത്തിന്റെ കഴുത്തും മനുഷ്യന്റെ ഉടലും വിവിധ മൃഗങ്ങളുടെ കാലും വാലുമെല്ലാമുള്ള ശരബേശ്വരന്‍. മഹാരുദ്രനായ പരമേശ്വരന്റെ ഈ അവതാരം പ്രതിഷ്ഠയായുള്ള കുംഭകോണത്തെ വിഖ്യാത ക്ഷേത്രത്തിലേക്ക് ഒരു യാത്ര
.

അവതാരമൂര്‍ത്തികളില്‍ രൗദ്രതകൊണ്ട് ഉയരങ്ങളില്‍ നില്‍കുന്നതാണ് നരസിംഹം. ദശാവതാരങ്ങളില്‍ ഏറ്റവും ശക്തന്‍. സിംഹത്തിന്റെ ശിരസും മനുഷ്യന്റെ ഉടലുമായി, ഹിരണകശ്യപുവിന്റെ അഹങ്കാരം ശമിപ്പിച്ച് തൂണില്‍ നിന്നു പിളര്‍ന്നുവന്ന ജന്മം!. പ്രഹ്‌ളാദഭക്തിയില്‍ സംപ്രീതനായി വിഷ്ണുവിന്റെ ഉടലാകാരം. രാത്രിയും പകലുമല്ലാത്തപ്പോള്‍, ഉള്ളിലും പുറത്തുമല്ലാത്തിടത്തുവച്ച് മനുഷ്യനും മൃഗവുമല്ലാത്തൊരാളില്‍ നിന്നു മാത്രം മരണം എന്ന വരസിദ്ധികൊണ്ട് കണ്ണുമഞ്ഞളിച്ച ഹിരണ്യകശ്യപുവിനെ നിഗ്രഹിക്കാന്‍ സത്യയുഗത്തില്‍ ഉടലെടുത്ത വിഷ്ണുവിന്റെ നരസിംഹാവതാരത്തിന്റെ അവസാനമെങ്ങനെയായിരുന്നു?
ഭാഗവതത്തിലെ ദശാവതാരത്തില്‍ ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, പരശുരാമന്‍ തുടങ്ങി പല അവതാരങ്ങളുടെയും അന്ത്യം നമുക്കറിയാം. അവയെല്ലാം പുരാണങ്ങളില്‍ തന്നെ വ്യക്തമാണ്. എന്നാല്‍, ആരാലും നിഗ്രഹിക്കാനാവാത്തത്ര ശൂരനും രൗദ്രനുമായ, ശക്തിയുടെ പര്യായമായ നരസിംഹത്തിന് അവതാരപൂര്‍ത്തിക്കുശേഷം എന്തുസംഭവിച്ചുവെന്ന് പ്രചുരപ്രചാരം നേടിയ കഥകളിലും പുരാവൃത്തങ്ങളിലുമൊന്നും സാധാരണയായി പ്രതിപാദിച്ചിട്ടില്ല.

അവതാരശേഷം
വരസിദ്ധിക്കുശേഷം അഹങ്കാരം മൂത്ത് ത്രിലോകങ്ങളിലും ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ച് എല്ലാ യജ്ഞങ്ങളും പൂജകളും തനിക്കുവേണ്ടിയാവണമെന്നു നിഷ്‌കര്‍ഷിച്ച ഹിരണ്യകശ്യപുവിന് തോല്‍വി സമ്മതിക്കേണ്ടിവന്നത് തന്റെ തന്നെ രക്തത്തില്‍ പിറന്ന പരമസാത്വികനും കറകളഞ്ഞ വിഷ്ണുഭക്തനുമായ പ്രഹ്‌ളാദനോടുമാത്രമാണ്. ''ഹിരണ്യകശ്യപുവേ നമ:''എന്നു ചൊല്ലാന്‍ നിര്‍ബന്ധിച്ചിട്ടും ദേഹോപദ്രവമേല്‍പിച്ചിട്ടും കൊട്ടാരത്തില്‍ പിടിച്ചുകെട്ടിയിട്ടിട്ടും ''ഓം നമോ നാരായണായ'' മാത്രം ജപിക്കാന്‍ തയാറായ പ്രഹ്‌ളാദനോട് ''കഴുത്തിനു മുകളില്‍ തലവേണമെങ്കില്‍ നിന്റെ ഭഗവാനോടു വന്നു രക്ഷിക്കാന്‍ പറ.''എന്നാണ് ഹിരണ്യന്‍ ആക്രോശിച്ചത്. ''എവിടെ നിന്റെ ഭഗവാന്‍?'' എന്നു ചോദിച്ച് ഭഗവദ് നിന്ദ നടത്തുന്ന ഹിരണ്യനോട് ഈശ്വരന്‍ തൂണിലും തുരുമ്പിലും വരെയുണ്ടെന്നാണ് പ്രഹ്‌ളാദന്‍ മറുപടി പറയുന്നത്. എന്നാല്‍ കാണട്ടെ നിന്റെ ഈശ്വരനെ എന്നട്ടഹസിച്ചുകൊണ്ട് കൊട്ടാരത്തിന്റെ തൂണുകളിലൊന്ന് ഗദ കൊണ്ടു തകര്‍ക്കുന്ന ഹിരണ്യനുമുന്നിലേക്ക് ആ തൂണില്‍ നിന്നു പ്രത്യക്ഷനാവുകയാണ് നരസിംഹം. സൂര്യാസ്തമയസമയമായിരുന്നു അത്. ഹിരണ്യനെയും ഏന്തിക്കൊണ്ട് കൊട്ടാരത്തിന്റെ കട്ടിളപ്പടിയില്‍ ചെന്നിരുന്നാണ് നരസിംഹം അദ്ദേഹത്തെ വധിക്കുന്നത്. വയര്‍ കീറി കുടല്‍മാല പുറത്തെടുത്ത് ചുടുനിണം കുടിച്ചാണ് അവതാരമൂര്‍ത്തി തന്റെ രോഷം തീര്‍ക്കുന്നത്.
എന്നാല്‍, അഹംഭാവത്തിന്റെ വിഷം തീണ്ടിയ ആ രക്തം പാനം ചെയ്യുകവഴി അവതാരമൂര്‍ത്തിക്കു പോലും മനഃസാന്നിദ്ധ്യം തെറ്റിയെന്നാണ് കഥ. അത്രയേറെ പങ്കിലമായിരുന്ന ഹിരണ്യ രക്തം കുടിച്ച നരസിംഹം, അതുവഴിയുണ്ടായ കടുത്ത രോഷവും വിദ്വേഷവും നിയന്ത്രിക്കാനാവാതെ ലോകത്തെത്തന്നെ നശിപ്പിക്കുമെന്ന ഘട്ടം വന്നു. ശിവതാണ്ഡവത്തേക്കാള്‍ രൗദ്രമായിരുന്നു വിഷ്ണുമൂര്‍ത്തിയുടെ രോഷം. ത്രിമൂര്‍ത്തികളില്‍ സ്ഥിതികാരകനായ വിഷ്ണുവിന്റെ, ആര്‍ക്കും നിയന്ത്രിക്കാനാവാത്ത ഈ സംഹാരഭാവത്തില്‍ സംഭീതരായ ഋഷീശ്വരന്മാരും ദേവകളും രക്ഷതേടി കൈലാസാധിപതിയായ, സംഹാരകാരകനായ സാക്ഷാല്‍ മഹേശ്വരന്റെ സമക്ഷമെത്തി.
സ്ഥിതിഗതികള്‍ വിലയിരുത്തിയ പരമശിവന് സംഗതി കുഴപ്പമാണെന്നു പെട്ടെന്നു തന്നെ മനസിലായി. അദ്ദേഹം, നരസിംഹ സംഹാരത്തിനായി ശരബേശ്വര രൂപം ധരിച്ചു. മൃഗവും പറവയും മനുഷ്യനുമെല്ലാം ചേര്‍ന്നൊരു വിചിത്ര രൂപമായിരുന്നു അത്. മഹേശ്വരന്റെ ഈ വിചിത്രാവതാരത്തെ കണ്ട നരസിംഹം ഭയന്നോടി. പിന്തുടര്‍ന്ന ശരബേശ്വരന്‍ ഒരു ഘട്ടത്തില്‍ നരസിംഹത്തെ സ്പര്‍ശിച്ചതും, അദ്ദേഹത്തിന്റെ കോപതാപങ്ങള്‍ തല്‍ക്ഷണം അലിഞ്ഞില്ലാതായെന്നും നരസിംഹം ശാന്തനായെന്നും അവതാരപൂര്‍ണതയില്‍ സ്വയം മരണംവരിച്ചെന്നുമാണ് പുരാവൃത്തം. ആകാശത്തുവച്ചു നടന്ന ആ സ്പര്‍ശനത്താല്‍, നരസിംഹശരീരത്തിലെ അശുദ്ധരക്തം, ശരബേശ്വരന്റെ നഖമാണ്ട മുറിവുകളില്‍ക്കൂടി അന്തരീക്ഷത്തില്‍ ബാഷ്പമായിത്തീര്‍ന്നത്രേ.
ലോകം കണ്ട ഏറ്റവും വലിയ നിഗ്രഹശക്തിയെ ശാന്തനാക്കിയ ശരബേശ്വരന്റെ പ്രതിഷ്ഠ കൊണ്ട് സവിശേഷപ്രാധാന്യം നേടിയൊരു പുണ്യക്ഷേത്രമുണ്ട് ദക്ഷിണേന്ത്യയില്‍. ക്ഷേത്രങ്ങളുടെ നഗരം എന്ന ഖ്യാതി നേടിയ, ദ്രാവിഡപ്പെരുമയ്ക്കു കേള്‍വികേട്ട തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ഈ ക്ഷേത്രം. കുംഭകോണം മൈലാടുതുറൈ പാതയില്‍ എട്ടുകിലോമീറ്റര്‍ ദൂരത്ത് തിരുഭുവനം (ത്രിഭുവനം) എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീ കമ്പഹരേശ്വരര്‍ ക്ഷേത്രമാണിത്.

പ്രതിഷ്ഠ
വ്യാളിയുടെ മുഖം, സിംഹത്തിന്റെ കഴുത്തും മനുഷ്യന്റെ ഉടലും നാലു കൈകളും ഗരുഡന്റെ ചിറകുകള്‍, ചുരുട്ടിയ വാല്‍, ആടിന്റെയും മാടിന്റെയുമടക്കം എട്ടു കാലുകള്‍ നീണ്ട നാക്കും തേറ്റകളും കൈകളില്‍ പാമ്പും തീയുമെല്ലാമായി ഉഗ്രരൂപിയാണ് ശരബേശ്വരപ്രതിഷ്ഠ. മുന്‍കാലുകള്‍ക്കു കീഴില്‍ കോപത്തീയൊഴിയുന്ന സാക്ഷാല്‍ നരസിംഹവും. ഛിദ്രശക്തികളില്‍ നിന്നുള്ള മോചനത്തിന്, ഏതുവിധത്തിലുമുള്ള ഇരുണ്ട ശക്തികളില്‍ നിന്നുള്ള ഭീഷണിക്ക് എല്ലാം ആശ്രയമായാണ്, മോക്ഷകാരകനായിട്ടാണ് ലോകമെങ്ങോളവുമുള്ള ഭക്തര്‍ അഥര്‍വവേദിയായ ശരബേശ്വരനെ കണക്കാക്കുന്നത്. ഒരു പക്ഷേ, ഈശ്വരന്മാരുടെ ഈശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ സര്‍വേശ്വരന്‍ എന്ന വാക്കായിരിക്കാം കൊടുംതമിഴില്‍ ശരബേശ്വരന്‍ എന്നു വിവക്ഷിക്കപ്പെടുന്നത്.
ശരബേശ്വരന്റെ പ്രതിഷ്ഠയാണ് സവിശേഷമെങ്കിലും അടിസ്ഥാനപരമായി ഇതൊരു ശിവക്ഷേത്രമാണ്, ചിദംബരമടക്കമുള്ള ലിംഗക്ഷേത്രങ്ങളിലെന്നപോലെ. നമ്മുടെ കൊട്ടാരക്കര ക്ഷേത്രത്തിലും മുഖ്യപ്രതിഷ്ഠ ശിവലിംഗമാണെങ്കിലും ഗണപതിക്കാണല്ലോ പ്രശസ്തി.ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ കമ്പഹരേശ്വരനായ ശിവനാണ്. സ്വയംഭൂലിംഗമാണിവിടുത്തേത്. താണ്ഡവദേവനായ ശിവനാണ് കമ്പനങ്ങളുടെയും അധിപന്‍. പ്രപഞ്ചത്തിലെ എല്ലാവിധ കമ്പനങ്ങളിലും നിന്നു സംരക്ഷിച്ച് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നവന്‍. ആ അര്‍ത്ഥത്തിലാണ് മഹേശ്വരനെ ഇവിടെ കമ്പഹരേശ്വരന്‍ ( പ്രകമ്പനങ്ങളെ ഹരിക്കാന്‍ ശേഷിയുള്ളവന്‍) ആയി ആരാധിച്ചുപോരുന്നത്. ലോകസംഹാരത്തിനുവരെ വഴിവച്ചേക്കുമായിരുന്ന നരസിംഹത്തിന്റെ കമ്പനങ്ങളെപ്പോലും സ്പര്‍ശനം കൊണ്ടു ഹരിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ക്കൂടി ശിവന്‍ ഇവിടെ ആരാധിക്കപ്പെടുന്നു.
തഞ്ചാവൂര്‍ വാണിരുന്ന വരഗുണപാണ്ഡ്യനുമായി ബന്ധപ്പെട്ടും ഒരു ഐതീഹ്യം നിലവിലുണ്ട്. ശത്രുക്കള്‍ക്കെതിരേ പടയോട്ടം നയിക്കുന്നതിനിടെ കുതിരപ്പുറത്ത് നിലംതൊടാതെ പായുകയായിരുന്നു രാജാവ്. ഇതിനിടെ അപ്രതീക്ഷിതമായി കുറുക്കെ ചാടിയ ബ്രാഹ്മണനെക്കണ്ട് അദ്ദേഹം കുതിരയുടെ വേഗം കുറച്ചു. എന്നിട്ടും കുതിരക്കുളമ്പില്‍പ്പെട്ട് ബ്രാഹ്മണന്‍ കൊല്ലപ്പെട്ടു. ബ്രാഹ്മണന്റെ ആത്മാവ് ബ്രഹ്മഹത്യാദോഷമായി രാജാവിനോടൊപ്പം കൂടി. ഏറെ അലച്ചിലുകള്‍ക്കൊടുവില്‍ ദോഷപരിഹാരത്തിനായി തിരുവിടൈമരുതൂറിലെത്തിച്ചേര്‍ന്ന പാണ്ഡ്യന്‍ ശിവനെ അഹോരം പ്രാര്‍ത്ഥിക്കുകയും തല്‍ഫലമായി രാജാവിനെ വിട്ടുമാറിയ ആത്മാവ് അവിടത്തെ പടിഞ്ഞാറേ നടയില്‍ നില്‍പ്പുപിടിക്കുകയും ചെയ്തു. തിരുപ്പുവനം ലക്ഷ്യമാക്കി മുന്നേറിയ പാണ്ഡ്യരാജാവിനെ പക്ഷേ അപ്പോഴും ബ്രാഹ്മണ ഭയം തീര്‍ത്തും വിട്ടുമാറിയില്ല.അദ്ദേഹം കിലുകിലേ വിറച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ കമ്പഹരേശ്വരനാണ് അദ്ദേഹത്തിന്റെ കമ്പനം-വിറ-മാറ്റിക്കൊടുത്തത്രേ!തമിഴില്‍ നടുക്കം തീര്‍ത്ത നായകനാണ് ഇവിടുത്തെ ശിവന്‍. എന്നാലും ഉത്സവ മൂര്‍ത്തി, ഉത്സവത്തിന് പുറത്തെഴുന്നള്ളത്തിനുപയോഗിക്കുന്നത് ശരബേശ്വരന്റെ വെങ്കലരൂപം തന്നെയാണെന്നതും സവിശേഷതയാണ്.
പാര്‍വതിയുടെ, ശക്തിയുടെ ധര്‍മസംവര്‍ധിനി രൂപത്തിലുള്ള പ്രതിഷ്ഠ യും ഗണപതിയുടെ പ്രതിഷ്ഠയും ദ്രാവിഡപ്പെരുമയില്‍ നിര്‍ണായകസ്ഥാനമുള്ള ശ്രീമുരുകനും വീരഭദ്രനും നന്ദിയുമടക്കമുള്ള ഭൂതഗണങ്ങളുടെ ഉപപ്രതിഷ്ഠകളുമാണ് ഇവിടെയുള്ളത്.ശിവന്റെ ഏഴടിയോളമുള്ള താണ്ഡവരൂപത്തിലുള്ള മറ്റൊരു പ്രതിഷ്ഠയും ഇവിടെയുണ്ട്. പ്രദക്ഷിണവഴിയില്‍ ഭിക്ഷാടനദേവന്‍, ലിംഗോദ്ഭവന്‍, ദക്ഷിണാമൂര്‍ത്തി, ബ്രഹ്മാവ്, ശ്രീദുര്‍ഗ എന്നവിരുടെ പ്രതിഷ്ഠകളുമുണ്ട്. ദ്രാവിഡക്ഷേത്രങ്ങളിലെ പതിവനുസരിച്ച് പൗരപ്രമുഖരായ നായ്ക്കന്മാരുടെ വിഗ്രഹങ്ങളും കാണാം.
ശ്രീകോവിലിലെ ശില്‍പവേലകളില്‍ ശ്രീദേവി ഭൂദേവിമാരുടെ കരിങ്കല്‍ ശില്‍പങ്ങളുമുണ്ട്.അതുകൊണ്ടുതന്നെ ശിവപ്രതിഷ്ഠകൂടിയാകുന്നതോടെ ത്രിഭുവനവും തൊഴുത പുണ്യമാണേ്രത ഇവിടം ദര്‍ശിക്കുന്നവര്‍ക്ക് ലഭ്യമാവുക.

വാസ്തുവിശേഷമീ ചരിത്രഭൂമിക
തഞ്ചാവൂരിലെയും കുംഭകോണത്തെ യും മറ്റും ക്ഷേത്രങ്ങളുടെ പ്രധാന വാസ്തുവിശേഷം അവയുടെ ഗോപുരങ്ങളാണ്. നിരവധി ചുറ്റമ്പലങ്ങളിലായി നാലുദിക്കുകളിലേക്കും തുറക്കുന്ന ഗോപുരങ്ങള്‍ കൊണ്ടു സമ്പന്നമാണ് ശ്രീരംഗമടക്കമുള്ള മഹാക്ഷേത്രങ്ങളില്‍ പലതും. ഈ മാതൃകയില്‍ത്തന്നെയാണ് ശ്രീ കമ്പഹരേശ്വരക്ഷേത്രനിര്‍മിതിയും. 160 അടി ഉയരമുണ്ട് ഇവിടത്തെ പ്രധാന ഗോപൂരത്തിന്. പടിപടിയായി 11 നിലകളുള്ള ഗോപുരത്തിന് ശ്രീ പദ്മനാഭക്ഷേത്രത്തിന്റെയും മധുരമീനാക്ഷിക്ഷേത്രത്തിന്റെയുമെല്ലാം വാസ്തുശില്‍പഘടനകളോടുള്ള സാദൃശ്യം സ്വാഭാവികം മാത്രം. എന്നാല്‍ തമിഴ്‌നാടിന്റെ സവിശേഷതയനുസരിച്ച് ഗോപുരങ്ങളിലെ കല്‍ശില്‍പങ്ങള്‍ക്കെല്ലാം വിവിധ വര്‍ണങ്ങള്‍ ചാലിച്ചിട്ടുണ്ട്.
ദ്രാവിഡ പെരുമയനുസരിച്ച് വലിയ കരിങ്കല്‍ശിലകള്‍കൊണ്ടാണു ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. പ്രധാനമായി രണ്ടു ഗോപുരങ്ങളും രണ്ടു പ്രകാരങ്ങളുമുണ്ട് ഈ ക്ഷേത്രത്തില്‍. പ്രദക്ഷിണവഴികള്‍ക്കാണ് പ്രകാരമെന്നു പറയുന്നത്. രണ്ടു ചുറ്റമ്പലങ്ങള്‍ എന്നു സാരം. ദക്ഷിണേന്ത്യന്‍ ക്ഷേത്രരൂപഘടനയില്‍ പ്രാധാന്യമുള്ള മറ്റൊരു വാസ്തുഘടകമാണ് മണ്ഡപം. ഗോപുരത്തിന്റെയും മണ്ഡപത്തിന്റെയും മറ്റും വലിപ്പവും മഹത്വവും വച്ചാണ് ദ്രാവിഡക്ഷേത്രങ്ങളുടെ പുകഴ് അളന്നിരുന്നത്. നാലു മണ്ഡപങ്ങളുണ്ടിവിടെ. ഒരു അര്‍ധ മണ്ഡപവും ഒട്ടേറെ ശിലാത്തൂണുകളാല്‍ മനോഹരമാക്കിയ മഹാമണ്ഡപവും സോമസ്‌കന്ദ മണ്ഡപവും മുഖമണ്ഡപവുമാണ് ക്ഷേത്രത്തിലുള്ളത്.
ചതുരവടിവിലാണ് ഗര്‍ഭഗൃഹം. അതിന്റെ നാലുചുവരുകളും, പുരാണങ്ങളില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി കൊത്തിയിട്ടുള്ള അപൂര്‍വ ശിലാശില്‍പങ്ങളാല്‍ അലംകൃതമാണ്. ആറ് തലങ്ങളുള്ള വിമാനം (താഴികക്കുടം) ഗര്‍ഭഗൃഹത്തിനു മകുടം ചാര്‍ത്തുന്നു.ഇതും ശില്‍പധാരാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. പതിവു ദ്രാവിഡശൈലിയില്‍ നിന്നു ഭിന്നമായി ഉയരം കൂടിയ വിമാനമാണ് ക്ഷേത്രത്തിലേത്. ചിദംബരത്തിനും ഗംഗൈക്കൊണ്ടചോളപുരത്തിനും സമാനമായി മുഖ്യഗോപുരത്തിലും മേലെ ഉയരത്തിലാണ് ഇവിടുത്തെയും വിമാനം.
നടക്കല്‍മണ്ഡപങ്ങളുടെയെല്ലാം കല്‍മച്ചുകളില്‍ തമിഴ്‌ശൈലിയില്‍ വര്‍ണങ്ങള്‍ വാരിവിതറി ചിത്രീകരണം നടത്തിയിരിക്കുന്നു. ദ്രാവിഡവാസ്തുവിന്റെ തനതുഗാംഭീര്യത്തിന് അല്‍പമെങ്കിലും കോട്ടംവരുത്തുന്നതാണ് ആധുനിക പെയിന്റുപയോഗിച്ചുള്ള ഈ ശരാശരി ചിത്രണങ്ങള്‍. ശിവകാശി കലണ്ടര്‍ ചിത്രണത്തിന്റെ ശൈലിയിലുള്ളതാണിവ.
ക്രിസ്താബ്ദം 1176നും 1216നുമിടയില്‍ കുലോത്തും ഗചോളന്‍ മൂന്നാമന്‍ മഹാരാജാവ് നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ക്ഷേത്രച്ചുവരുകളില്‍ നിന്നുള്ള ആലേഖനങ്ങള്‍ വ്യക്തമാക്കുന്നത്
വടക്ക് ഗംഗാതീരം വരെ ചോളന്മാര്‍ പടയോട്ടം നടത്തിയതിന്റെ ഓര്‍മയ്ക്കായിട്ടായിരുന്നു ക്ഷേത്രനിര്‍മിതി.പുരാതന ഗന്ഥ ലിപിയില്‍ ആലേഖനം ചെയ്തിട്ടുള്ള എഴുത്തുകളില്‍ പലതും പില്‍ക്കാല പടയോട്ടങ്ങളില്‍ നശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു ചോളന്റെ കാലത്താണ് നിര്‍മിതിയെന്നതില്‍ സംശയമുണ്ടെങ്കിലും ആര്യ ശ്രീ സോമനാഥനെക്കുറിച്ചുള്ള സൂചനയില്‍ നിന്നുമാണ് കുലോത്തുംഗ ചോളന്‍ മൂന്നാമന്റെ കാലത്തേക്ക് പുരാവസ്തുഗവേഷകര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ചോളസാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ പ്രജാപതിയായിരുന്നു അദ്ദേഹം.
പ്രാക്തന തമിഴ് ലിപികളില്‍ ജാതവര്‍മ്മന്‍ ത്രിഭുവനചക്രവര്‍ത്തി പരാക്രമ പാണ്ട്യദേവന്റെ കാലത്തെ ചില രേഖകളും പുറംചുവരില്‍ കൊത്തിവച്ചിട്ടുണ്ട്. പ്രധാനമായും ക്ഷേത്രസംരക്ഷണത്തിനായി ത്രിഭവുനവീരപുരത്തും കുളമംഗളനാട്ടിലുമുള്ള ഊരായ്മകളുമായുള്ള ധാരണാവ്യവസ്ഥകളാണിവ.
ശരബേശ്വരമൂര്‍ത്തിയുടെ മുഖം വ്യാളിയുടേതാണല്ലോ. വ്യാളിയെന്നത് ദക്ഷിണേന്ത്യന്‍ ദേവതാസ്വത്വമല്ല. അതു മംഗോളിയയില്‍ നിന്നും ചൈനീസ് ഭൂപ്രദേശങ്ങളില്‍ നിന്നും വന്നുപെട്ട സങ്കല്‍പമാണ്. വ്യാളിപ്രതിരൂപം നായ്ക്കന്മാരുടെ കാലത്താണ് തഞ്ചാവൂരിലും കുംഭകോണത്തുമെല്ലാം എത്തിച്ചേരുന്നത്. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തോടെയായിരുന്നു ഇത്. നായ്കന്മാരിലൂടെയാണ് വ്യാളിസങ്കല്‍പവും ദക്ഷിണദേശങ്ങളിലേക്കെത്തുന്നത്. പില്‍ക്കാലത്ത് ചോളശില്‍പകലയിലും ഇവയ്ക്ക് പ്രാധാന്യമുണ്ടാവുകയും അങ്ങനെ ദ്രാവിഡവാസ്തുകലയില്‍ അവിഭാജ്യസ്ഥാനം നേടുകയുമായിരുന്നു. ഇത്തരത്തില്‍ ചോളവാസ്തുപ്രകാരം നിര്‍മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും പുരാതനമായ വ്യാളീകല്‍പന ശ്രീ കമ്പഹരേശ്വരക്ഷേത്രത്തിലെ ശരബേശ്വരമൂര്‍ത്തിയുടേതാണെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുവുത്സവം
മാര്‍ച്ച്-ഏപ്രില്‍ മാസം ഞായര്‍ പക്കത്തില്‍ ആരംഭിക്കുന്ന 18 ദിവസത്തെ പൈങ്കുനി ബ്രഹ്‌മോത്സവമാണ് പ്രധാന ഉത്സവം. ഇതില്‍ രാത്രി മുഴുവന്‍ നീളുന്ന ഏകദിനാര്‍ച്ചനയാണ് ഏറെ സവിശേഷം. വെള്ളിപല്ലക്കില്‍ അന്നു ഭഗവാന്‍ ഊരുപ്രദക്ഷിണം ചെയ്യും.
വെള്ളി, ശനി, ഞായര്‍ ആഴ്ചകളും കറുത്ത/വെളുത്ത വാവിനുശേഷമുള്ള അഷ്ടമികളുമാണ് ശരബേശ്വരപ്രീതിക്കു വിശേഷപ്പെട്ടദിവസങ്ങള്‍. അന്നു ഭഗവാനു പ്രത്യേകംവഴിപാടുകളും പൂജകളും നടക്കും. ദിവസവും ശരബേശ്വരഹോമവും നടത്താറുണ്ട്. പ്രദോഷവും വാവുപൂജയും പ്രധാനമാണ്.
സ്‌കന്ദഷഷ്ടിയും പിള്ളയാര്‍ക്ക് സങ്കടഹര പൂജയും വിശേഷമാണ്. നവരാത്രിയും ഇവിടെ ആര്‍ഭാടപൂര്‍വം കൊണ്ടാടുന്നു.
കോടതിവ്യവഹാരങ്ങള്‍, ശത്രുദോഷം, വിഷംതീണ്ടല്‍, ഗ്രഹദോഷം എന്നിവതീര്‍ക്കാന്‍ ശരബേശ്വരനെ തേടി ഭക്തര്‍ എത്താറുണ്ട്. കിട്ടാക്കടം കിട്ടാന്‍ ഏറ്റവും നല്ലതാണ് ശരബേശ്വരപ്രീതിയെന്നാണ് വിശ്വാസം.
സ്ഥാനക്കയറ്റം കിട്ടാന്‍, ഉത്തമസന്താലബ്ധിക്ക്, ഋണബാധ്യതയില്‍ നിന്നു രക്ഷപ്പെടാന്‍, നാഡീരോഗനിവാരണത്തിന്...എല്ലാം ശരബേശ്വരസന്നിദ്ധിയിലെത്തി ദര്‍ശിച്ച് വഴിപാടുകഴിച്ചാല്‍ പരിഹാരമാകുമത്രേ. ഉത്തരേന്ത്യയില്‍നിന്നും വിദേശങ്ങളില്‍ നിന്നുംവരെ രോഗികളും മറ്റും ഈ ക്ഷേത്രത്തില്‍ രോഗമുക്തിക്കും മറ്റുമായി എത്തിച്ചേരാറുണ്ട്.
 തമിഴ്‌നാട്ടിലെ തനതു ക്ഷേത്രഭരണശൈലിയില്‍ പൗരോഹിത്യത്തിന്റെ ആധിപത്യമാണ് ഈ ക്ഷേത്രത്തിലും. ദക്ഷിണയ്ക്കായി ആരതിയുഴിഞ്ഞു വിഭൂതിതരാന്‍ തിക്കുകൂട്ടുന്ന പൂജാരിമാര്‍ മലയാളികളാണെന്നറിഞ്ഞാല്‍ ഇവിടങ്ങളില്‍ പതിവുള്ളതുപോലെ, ഊരും പേരുമൊക്കെ ചോദിച്ച് ഫോണ്‍നമ്പര്‍ അന്വേഷിച്ചെന്നിരിക്കും. മാസാമാസം പൂജചെയ്ത് പ്രസാദമയച്ചുതരാമെന്നൊക്കെയാവും വാഗ്ദാനം. കഴിയുന്നതും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള ഒരു അംഗീകൃത ഗൈഡുമായിമാത്രം കുംഭകോണത്തെ ക്ഷേത്രങ്ങളില്‍ പോകുന്നതാണ് അഭികാമ്യം. കാരണം, ഇവിടങ്ങളിലൊന്നും തമിഴിലല്ലാതെ ഒരു ഭാഷയിലും ഐതിന്ഥഹ്യമോ ചരിത്രമോ എഴുതിവച്ചിട്ടില്ല,ക്ഷേത്രങ്ങളില്‍ പലതും പുരാവസ്തുപ്രാധാന്യമുള്ളതാണെങ്കിലും.

കുംഭകോണ പെരുമ                                                   
തഞ്ചാവൂരിലെ ഒരു പുണ്യനഗരമാണ് കുംഭകോണം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി അഥവാ ത്രിച്ചി ആണ് കുംഭകോണത്തിന് ഏറ്റവുമടുത്തുള്ള വിമാനത്താവളം. ത്രിച്ചിയില്‍നിന്ന് 77 കിലോമീറ്റര്‍ അകലെയാണ് കുംഭകോണം. പോണ്ടിച്ചേരിയില്‍ നിന്ന് 108 കിലോമീറ്ററും. റയില്‍മാര്‍ഗത്തിലാണെങ്കില്‍ കുംഭകോണത്തുതന്നെ റയില്‍വേസ്‌റ്റേഷനുണ്ട്. ചെട്ടിനാടിന്റെ പ്രൗഢഗംഭീരമായൊരു പട്ടണമാണ് കുംഭകോണം.
സംഘകാലഘട്ടത്തോളം പഴക്കമുള്ള ചോള, പല്ലവ, പാണ്ഡ്യ, വിജയനഗര, മധുരനായ്കന്മാരുടെയും മറാത്ത്വാഡകളുടെയും സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കു സാക്ഷ്യം വഹിച്ച പുരാതന പട്ടണം. മധ്യകാലചോളന്മാരുടെ രാജ്യതലസ്ഥാനം. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ദക്ഷിണേന്ത്യയുടെ കേംബ്രിഡ്ജ് എന്നു പുകഴ്‌പെട്ട വിജ്ഞാനകേന്ദ്രം.
ബ്രഹ്മാവ് പണ്ട് വന്‍ പ്രളയത്തെ അതിജീവിക്കാന്‍ വേണ്ടി ഭൂലോകത്തെ സകല ജീവജാലങ്ങളുടെയും വിത്തുകള്‍ ഒരു വിശുദ്ധകുംഭത്തില്‍ ശേഖരിച്ചുവച്ചെന്നും പ്രളയത്തില്‍ അതൊഴുകി വന്നുറച്ച പുണ്യഭൂമി പിന്നീട് കുംഭം ഉറച്ച ഭൂമി എന്ന അര്‍ത്ഥത്തില്‍ കുംഭകോണം ആയി മാറിയെന്നുമാണ് ഐതിഹ്യം. 12 ശിവക്ഷേത്രങ്ങളുണ്ട് ഇവിടെ. അവയിലെല്ലാം ചേര്‍ന്ന് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള അഥവാ മഹാമഹം ഇവിടത്തെ വന്‍ ഉത്സവമാണ്.
റോഡുമാര്‍ഗേണ രണ്ടുമണിക്കൂര്‍ യാത്രവേണ്ടിവരും. അത്ര വീതിയില്ലാത്ത റോഡുകളാണ് കുംഭകോണത്തേക്കുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമെല്ലാം യഥേഷ്ടം ബസ് സര്‍വീസുകളുമുണ്ട്. ആഡംബര സ്‌ളീപ്പര്‍ ബസുകളും സാധാരണ ട്രാന്‍സ്‌പോര്‍ട്ട് ബസുകളുമുണ്ട്.
ഇഷ്ടം പോലെ ഇടത്തരം ഹോട്ടലുകളും തീര്‍ത്ഥാടകരെക്കാത്ത് കുംഭകോണത്തുണ്ട്. എന്നാല്‍ വാവുതോറും ഉത്സവങ്ങളുള്ളതിനാല്‍ മുന്‍കൂട്ടി ഉറപ്പിക്കാതെ ചെന്നാല്‍ ചിലപ്പോള്‍ മുറി കിട്ടാന്‍ ബുദ്ധിമുട്ടിയേക്കും. ഓണ്‍ലൈനില്‍ ബുക്കുചെയ്യാവുന്ന ഹോട്ടലുകളുമുണ്ട്. ഇടത്തരം ഭക്ഷണശാലകളും ധാരാളമുണ്ട്. വെള്ളി ആഭരണങ്ങള്‍ക്കു പുകഴ്‌പെറ്റ നഗരി കൂടിയാണ് കുംഭകോണം.

Tuesday, March 29, 2016

ജയസൂര്യ എന്ന എഡിറ്റര്‍


പ്രിയപ്പെട്ട ജയസൂര്യയെക്കുറിച്ച് അധികമാരും ഓര്‍ക്കാത്ത ഒരു എപ്പിസോഡ്.
ജയസൂര്യ ഒരു സിനിമാമാസിക എഡിറ്റ് ചെയ്തിട്ടുണ്ട്.
്അതേ, മലയാള സിനിമാപത്രചരിത്രത്തില്‍ ആദ്യമായി ഒരു താരം എഡിറ്ററായി വന്ന ഒരു ചലച്ചിത്രപ്രസിദ്ധീകരണത്തിന്റെ പ്രത്യേകപതിപ്പ്.
ഞാന്‍ പത്രാധിപരായിരിക്കെ 2004 ഏപ്രിലിലെ രാഷ്ട്രദീപിക സിനിമാവാരികയുടെ വിഷുപ്പതിപ്പാണ് യുവനടന്‍ ജയസൂര്യയെ ഗസ്റ്റ് എഡിറ്ററാക്കിക്കൊണ്ടു പുറത്തിറക്കിയത്. അതിനായി മാത്രം ജയന്‍ കുറച്ചു ദിവസം മാറ്റിവച്ചു. കൊച്ചിയിലെ ഓഫീസില്‍ വന്നു. ഞാനും ബിജോയും സജിയും വിന്‍സിയുമടങ്ങുന്ന പത്രാധിപസമിതിയുമായി ആശയവിനിമയം നടത്തി. ജയന്റെ മനസിലുള്ള ചില ആശയങ്ങള്‍ പങ്കുവച്ചു. അതനുസരിച്ച് ബിജോയും വിന്‍സിയും മറ്റും അഭിമുഖങ്ങളും സ്‌റ്റോറികളും സംഘടിപ്പിച്ചു.
മുഖചിത്രമായിരുന്നു സവിശേഷത. അന്നത്തെ താരവിലയുള്ള യുവനടന്മാരെയെല്ലാം കൂടിച്ചേര്‍ത്ത് ഒരു കവര്‍.ആശയം ജയസൂര്യയുടേതുതന്നെയായിരുന്നു. ജിഷ്ണുരാഘവന്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിനീത്കുമാര്‍ പിന്നെ ജയനും. എല്ലാവരെയും ഷൂട്ടിംഗ് തിരക്കില്‍ നിന്നു ജയന്‍ തന്നെ സ്വയം കോ-ഓര്‍ഡിനേറ്റ് ചെയ്ത് കൊച്ചിയിലെ ദീപിക ഓഫീസിനുമുന്നിലുള്ള റിനൈസാന്‍സ് ഹോട്ടലിലെത്തിച്ചു. അവിടെവച്ച് അവരുമായി ഒരു സല്ലാപം. തുടര്‍ന്ന് ഹോട്ടലിന്റെ ഹാളിലെ താല്‍ക്കാലിക സ്റ്റുഡിയോയില്‍ ഫോട്ടോഷൂട്ട്. അടിപൊളി എന്നായിരുന്നു കവര്‍‌സ്റ്റോറിയുടെ ശീര്‍ഷകം.
ആ ലക്കം തീര്‍ത്തും അടിപൊളിയായി. കാവ്യാമാധവന്റെ വിശേഷങ്ങളുള്‍പ്പെടുത്തിയ പ്രത്യേക ഫാന്‍ബുക്ക് സപ്‌ളിമെന്റുമടക്കം രാഷ്ട്രദീപിക സിനിമയുടെ ആ ലക്കം കളക്ടേഴ്‌സ് സ്‌പെഷലായി. ഹ്രസ്വകാലം ദീപികയുടെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ആയിരുന്ന ബാംഗ്‌ളൂര്‍ സ്വദേശി ശ്രീധര്‍ പൊങ്ങൂര്‍ ഉള്ളതുകൊണ്ടു മാത്രം സാധ്യമായ ഒരു സംരംഭമായിരുന്നു അത്.
ഇനി ക്‌ളൈമാക്‌സ്. ആ ലക്കം പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ദീപിക വിട്ടിരുന്നു. കന്യകയുടെ പത്രാധിപരാകാനായി...
നന്ദി ജയസൂര്യ.

Sunday, March 06, 2016

മണി ഒരോര്‍മ്മ

കലാഭവന്‍ മണിയെ ആദ്യം നേരില്‍ കണ്ടത് ഇന്നലെ എന്നപോലെ ഓര്‍മ്മയുണ്ട്. മാധ്യമസുഹൃത്ത് ശ്രീ നവാസ് ബാബു അഥവാ എന്‍.എം. നവാസ് തിരക്കഥയെഴുതി, സുന്ദര്‍ദാസ് സംവിധാനം ചെയ്ത കുടമാറ്റം എന്ന സിനിമയുടെ ചിത്രീകരണം വരിക്കാശേരിയില്‍ നടക്കുന്നു. നവാസിന്റെ ക്ഷണം സ്വീകരിച്ച് മലയാളമനോരമയില്‍ സബ് എഡിറ്ററായിരുന്ന ഞാന്‍ രാത്രി തീവണ്ടിയില്‍ ഒറ്റപ്പാലം സ്റ്റേഷനിലെത്തി, നവാസുമൊപ്പം ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ നവാസിന്റെ മുറിയില്‍ തറയിലൊരു പായ വിരിച്ച് മണി കിടക്കുന്നു. പുലര്‍ച്ചെ അഞ്ചുമണിയായതോടെ ഉണര്‍ന്നെണീറ്റ് ട്രാക്ക് സ്യൂട്ടണിഞ്ഞു പ്രഭാത ജോഗിംഗിനു തയാറെടുത്ത മണി നവാസിന്റെ അതിഥി എന്ന നിലയ്ക്ക എന്നെ പരിചയപ്പെടുന്നു. അന്നു മണിക്കത്ര വണ്ണമില്ല. മെലിഞ്ഞിട്ടാണ്. വിഗ് മണിയുടെ ഭാഗമായിട്ടില്ല. കഷണ്ടിക്ക് ഐശ്വര്യമായിരുന്നു.
അതീവ ഭവ്യതയോടെ യാത്ര പറഞ്ഞു മണി പോയ ശേഷം നവാസാണ് മുറിയിലെ മേശപ്പുറത്ത്, അക്കാലത്ത് ചെറുപ്പക്കാര്‍ സംഘടിപ്പിച്ചുവയ്ക്കാറുള്ള കാര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശികമായി അസംബിള്‍ ചെയ്ത പ്‌ളേ ബാക്ക് ഡെക്ക് കാണിച്ചുതരുന്നത്. മണിയുടേതായിരുന്നു ആ ഡെക്ക്. താഴെ രണ്ടു മണ്‍ചട്ടികളിലായിട്ടായിരുന്നു സ്പീക്കറുകള്‍. അതിലൂടെ പ്‌ളേ ചെയ്തിരുന്ന കസെറ്റിലെ ഉള്ളടക്കം നാടന്‍ പാട്ടുകളായിരുന്നുവെന്ന് പിന്നീട് ഏഴുമണിയോടെ മുറിയില്‍ മടങ്ങിയെത്തിയ മണി അതു പ്‌ളേ ചെയ്തപ്പോഴാണു മനസിലായത്. എളിയ തുടക്കമായിരുന്നെങ്കിലും അസൂയാവഹവും അത്ഭുതകരവുമായിരുന്നു മണിയുടെ വളര്‍ച്ച. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി, മകള്‍ക്ക് അസുഖം വന്ന് അവളെ കാണാന്‍ ബാംഗ്ലൂരിലേക്ക് പോകവേ ബസില്‍ പ്രദര്‍ശിപ്പിച്ച ഷങ്കറിന്റെ യന്തിരന്‍ കണ്ടപ്പോള്‍, രജനീകാന്തിനും ഐശ്വര്യ റായിക്കുമൊപ്പം നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന റോളായിട്ടും, അത് അത്രയേറെ വെറുക്കപ്പെട്ടൊരു വില്ലന്റേതായിട്ടും മണിയുടെ പ്രകടനത്തിന്റെ ആര്‍ജ്ജവം, കരുത്ത് പ്രത്യേകം ഓര്‍ത്തുപോയി. ആത്മവിശ്വാസമായിരുന്നു മണിയുടെ ശക്തി എന്നാണ് എനിക്കു തോന്നുന്നത്. അതാകട്ടെ, കടുത്ത ജീവിതാനുഭവങ്ങളില്‍ നിന്ന് ഉടലെടുത്തതുമായിരുന്നു.
മണിയെ ഓര്‍ക്കാന്‍ സിനിമകളും വേഷങ്ങളും ഒട്ടേറെയുണ്ടെങ്കിലും പെട്ടെന്ന് മറക്കാതെ നില്‍ക്കുന്നതും പ്രധാനമായി പരാമര്‍ശിക്കേണ്ടതും ജയരാജിന്റെ അസോഷ്യേറ്‌റായിരുന്ന ഹക്കീം സംവിധാനം ചെയ്ത മണി മാത്രമായി അഭിനയിച്ച ദ് ഗാര്‍ഡ് എന്ന ഒറ്റയാള്‍ സിനിമയാണ്. അതിലെ വേഷം കണ്ടിട്ടായിരിക്കണം മണിരത്‌നം രാവണനിലെ മണിയുടെ വേഷം പോലും രൂപപ്പെടുത്തിയത്. പാവം ഹക്കീം നേരത്തേ പോയി. മണി ഇപ്പോഴും.

Tuesday, February 09, 2016

ബിജുവിനെ ഹീറോ ആക്കുന്ന ഘടകങ്ങള്‍

സിനിമയ്ക്ക് അങ്ങനൊരു ദൂഷ്യമുണ്ട്. ആദ്യസിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടൊരു ചലച്ചിത്രകാരന് ആ വിജയം വലിയൊരു ഭാരവും ബാധ്യതയുമായിത്തീരും. രണ്ടാമത്തെ സിനിമയ്ക്കുമേല്‍ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷയ്ക്കു മുഴുവന്‍ അയാള്‍ ഒറ്റയ്ക്കു മറുപടി പറയേണ്ടിവരും. അതുകൊണ്ടു തന്നെ ആദ്യ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ് ഒരു ചലച്ചിത്രകാരന്റെ സര്‍ഗാത്മകജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാവുക. 1983 എന്ന കൊച്ചു മലയാള സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിശ്ചലഛായാഗ്രാഹകനായ എബ്രിഡ് ഷൈനെ സംബന്ധിച്ചിടത്തോളം ശത്രുക്കളുണ്ടെങ്കില്‍ അവരും മിത്രങ്ങള്‍ തീര്‍ച്ചയായും കാത്തിരുന്ന സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. അതിലേറെ അതു വെല്ലുവിളിയും ഭീഷണിയുമായത് അതിന്റെ നിര്‍മാതാക്കളുടെ പേരിലാണ്. യുവതാരനിരയില്‍ നെടുനായകത്വത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞ നിവിന്‍ പോളിയും ഷൈനും പങ്കാളികളായൊരു നിര്‍മാണ സംരംഭം എന്നുകൂടിയാകുമ്പോള്‍ അതിന്മേലുളള പ്രതീക്ഷയുടെ ഭാരത്തിന് അല്‍പം കൂടി തൂക്കമേറും.
എബ്രിഡ് ഷൈനും നിവിനും കൂടി ഈ വെല്ലുവിളികളെയും ഭാരങ്ങളെയും ഏറ്റെടുത്ത രീതിയല്ല പഠിക്കപ്പെടേണ്ടത്, മറിച്ച് കൈകാര്യം ചെയ്ത കൗശലത്തെയാണ്. പുതുമയ്ക്കു വേണ്ടി പരക്കം പായുന്ന നവതലമുറ ചലച്ചിത്രധാര ബോള്‍ഡ് എന്നും ഡേറിങ് എന്നും യാത്ഥാത്ഥ്യം എന്നുമുള്ള വ്യാജേന കാണിക്കുന്ന സാമൂഹികവിരുദ്ധതകളും സദാചാരചൂഷണവുമൊന്നുമല്ല ആക്ഷന്‍ ഹീറോ
ബിജുവിന്റെ ഉള്ളടക്കം. തീര്‍ത്തും സാധാരണമായൊരു കഥയെ അസാധാരണമായി ദൃശ്യവല്‍ക്കരിച്ചു എന്നതാണ് അതിന്റെ വിജയം. സിനിമയ്ക്കു കഥ വേണോ എന്ന ചോദ്യത്തിന് മുട്ടയോ കോഴിയോ ആദ്യമെന്ന ചോദ്യത്തോളം പഴക്കമുണ്ട്. എന്നുമാത്രമല്ല, കഥയില്ലായ്മയെ കാണാന്‍ കൊള്ളാവുന്ന മികച്ച സിനിമകളാക്കിത്തന്ന ചലച്ചിത്രാചാര്യന്മാരുമുണ്ട്. പക്ഷേ, ആദിമധ്യാന്തമുള്ളൊരു കഥയില്ലായ്മ എന്നു തോന്നിക്കുംവിധം, ഋജുവായൊരു കഥ സംഭവങ്ങളിലൂടെ പടിപ്പടിയായി ഇഷ്ടികകൊണ്ടൊരു മഹാസൗധം നിര്‍മിക്കുംപോലെ ശ്രദ്ധയോടെ ദൃശ്യപരമായി മെനഞ്ഞെടുക്കുക എന്നത് അത്ര എളുപ്പം പിടിച്ച കാര്യമല്ല, സിനിമയില്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ എബ്രിഡ് ഷൈന്‍ എന്ന സംവിധായകനും തിരക്കഥാകൃത്തു വിജയിക്കുന്നത് അടിസ്ഥാനപരമായി ഇതിവൃത്തസ്വീകരണത്തിലാണ്.
സാധാരണം എന്നു തോന്നിപ്പിക്കുകയാണ് സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ നേരിടാന്‍ ഷൈന്‍ സ്വീകരിച്ചിട്ടുള്ള അനേകം മാര്‍ഗങ്ങളില്‍ എന്തുകൊണ്ടും ശഌഘിക്കപ്പെടേണ്ട ഒന്ന് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ കാണിച്ച അസാമാന്യ കൈയൊതുക്കവും മാധ്യമബോധവുമാണ്. ഇതിവൃത്തത്തിന്റെ സവിശേഷത കൊണ്ടുതന്നെ, ചെറിയ ചെറിയ റോളുകളില്‍ ഒട്ടേറെ നടീനടന്മാര്‍ വന്നു പോകുന്ന സിനിമയാണ് ആക്ഷന്‍ ഹീറ ബിജു. അതില്‍ ശരാശരി പ്രേക്ഷകനു തിരിച്ചറിയാനാവുന്ന ചിലരൊഴികെ മറ്റെല്ലാവരും യഥാര്‍ത്ഥ് ജീവിതത്തില്‍ നിന്നുള്ളവരെന്ന തോന്നലുണ്ടാവുന്നുണ്ടെങ്കില്‍ അതാണ് കാസ്റ്റിങിലെ ശ്രദ്ധയുടെ തെളിവ്. നിസ്സാര വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു പോകുന്ന കഥാപാത്രങ്ങളില്‍ പോലും, ഉദാഹരണത്തിന് കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ചാടുന്ന നാവികന്റെ സൂഹൃത്ത്, തന്നെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ഓട്ടോക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മ, ഭര്‍ത്താവു പോയിക്കഴിഞ്ഞാല്‍, പരസ്യമായി മുന്നില്‍ നിന്നു കുളിക്കുന്ന അയല്‍ക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മയും സുഹൃത്തും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ ജീവിതത്തില്‍ നിന്ന് നിന്നനില്‍പ്പില്‍ ഫ്രെയിമിലേക്കു കടന്നുവന്നാതാണെന്നു തോന്നും. ശരീരഭാഷകളിലും വാചികവും ആംഗികവുമായ പകര്‍ന്നാട്ടത്തിലും മാത്രമല്ല, അവരുടെ ഓരോരുത്തരുടെയും വസ്ത്രാലങ്കാരത്തിലും ചമയത്തിലുംവരെ അതിസൂക്ഷ്മമായ സംവിധായകദൃഷ്ടി പതിഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, അതിന്റെ ഓരോന്നിന്റെ പിന്നിലും വളരെ ദീര്‍ഘമായ ചിന്തയും ആസൂത്രണവും നടന്നിട്ടുമുണ്ട്. അതുകൊണ്ടാണ് ചായകൊണ്ടുക്കൊടുക്കാനെത്തുന്ന ചായക്കടക്കാരനും, വെള്ളത്തില്‍ വീണ സ്ത്രീയെ പരിശോധിക്കുന്ന ലേഡി ഡോക്ടറും, ബിജുവിന്റെ അളിയനായി വരാന്‍ പോകുന്ന കൗമാരക്കാരനും പോലെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വേഷങ്ങള്‍ക്കുപോലും പ്രേക്ഷകമനസുകളില്‍ മങ്ങാത്ത പ്രിതിബിംബം അവശേഷിപ്പിക്കാനായത്.
വളരെ വേഗം അതിനാടകീയതയിലേക്കു മൂക്കുകുത്തിവീണേക്കാവുന്ന ഇതിവൃത്തവും പ്രമേയവുമാണു ആക്ഷന്‍ ഹീറോ ബിജുവിന്റേത്. അത്രയേറെ എപ്പിസോഡിക്കായ ചിതറിയ സംഭവങ്ങളുടെ സമാഹാരമാണ് ഈ സിനിമ. എന്നിട്ടും, അതില്‍ അമിതനാടകീയതയിലേക്കു വീണേക്കാവുന്ന നിമിഷങ്ങളില്‍ മിക്കവാറും സംയമനത്തോടും നിഷ്പക്ഷത്തോടുമുള്ളൊരു ചലച്ചിത്രസമീപനം കാത്തുസൂക്ഷിക്കാനായെന്നതാണ് എബ്രിഡ് ഷൈന്‍ എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും രണ്ടാമത്തെ വിജയം.
ഗോവിന്ദ് നിഹ്ലാനിയുടെ അര്‍ത്ഥ സത്യ മുതല്‍ മലയാളത്തില്‍ത്തന്നെ ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, കമ്മിഷണര്‍ പോലെ എത്രയോ കാക്കിച്ചട്ടൈ സിനിമകള്‍ക്കു നാം പ്രേക്ഷകരായിട്ടുണ്ട്. പക്ഷേ, അതിമാനുഷികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയത്തോടും വ്യവസ്ഥിതിയോടും കലപിച്ചു മൈതാനപ്രസംഗം നടത്തുന്ന കവലസിനിമയുടെ ജനുസില്‍ പെടാത്ത ഒന്നായി ആക്ഷന്‍ ഹീറോ ബിജു മാറുന്നുവെങ്കില്‍, അതിനു കാരണം നിറംചാര്‍ത്താത്ത ജീവിതത്തിന്റെ ഒരുപാടൊരുപാട് അംശങ്ങള്‍ പതിഞ്ഞുകിടപ്പുള്ളതാണ്.
പുതുമ ഉണ്ടാവുന്നത് ചിരിയുണ്ടാവുന്നതുപോലെയാവണമെന്നൊരു നിഷ്‌കര്‍ഷയാണ് ഇതിന്റെ അണിയറപ്രവര്‍ത്തകരുടേത്. കാരണം ഹാസ്യത്തിനു വേണ്ടി ഒരു രംഗം പോലും ഇതില്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ചില രംഗങ്ങളില്‍ പ്രേക്ഷകര്‍ തലതല്ലിച്ചിരിക്കുന്നുവെങ്കില്‍ അതു ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാണുമ്പോള്‍ ചിരിക്കുന്നതുതന്നെയാണ്. കൃത്രിമമായൊരു ചിരി സിനിമ ലക്ഷ്യമിടുന്നില്ലെന്നു സാരം. അതുപോലെതന്നെ, കൃത്രിമമായ വൈകാരികതയോ പുതുമയ്ക്കുവേണ്ടിയുള്ള പുതുമയോ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നില്ല. അതു താനേ വന്നു ചേരുന്നതാണ്. അതാണ് അതിന്റെ സര്‍ട്ടിലിറ്റി. പക്ഷേ, അങ്ങനെ സ്വാഭാവികം എന്നു തോന്നിപ്പിക്കുംവിധം ഒരു ചലച്ചിത്രസമീപനം സ്വീകരിക്കുകയെന്നത് ഏറെ ആലോചനയും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും

ആവശ്യപ്പെടുന്നതാണ്. അതിലാണു ആക്ഷന്‍ ഹീറോ ബിജുവിന്റെ പ്രവര്‍ത്തകരുടെ വിജയം.അതേസമയം മുദ്രാവാക്യത്തിലേക്കു തരംതാഴാതെ സാമൂഹികവിമര്‍ശനത്തിനും, ബോധവല്‍ക്കരണത്തിനുമെല്ലാം സിനിമ ഉദ്യമിക്കുന്നുണ്ട് എന്നതാണ് ബിജുവിന്റെ നന്മ.
സംവിധായകനെന്ന നിലയ്ക്കു ഷൈനും നടനെന്ന നിലയ്ക്കു നിവിനും വളരെയേറെ മുന്നേറിക്കഴിഞ്ഞതിന്റെ സൂചനയാണീ സിനിമ. ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ വേണ്ടിമാത്രം, അല്‍പം കൂടി ശ്രദ്ധിക്കാമായിരുന്നൊരു ഘടകം ചൂണ്ടിക്കാണിക്കണമെങ്കില്‍, ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തെപ്പറ്റി മാത്രം സൂചിപ്പിക്കാം. ദൃശ്യസമീപനത്തില്‍ കാത്തുസൂക്ഷിച്ച അതിസൂക്ഷ്മമായ നവ്യത, റീ റെക്കോര്‍ഡിങിന്റെ കാര്യത്തില്‍ പൂര്‍ണാര്‍ത്ഥത്തില്‍ അനുഭവവേദ്യമായില്ല. ചിലപ്പോള്‍ മൗനം ഈണത്തേക്കാള്‍ ഫലവത്താകുമല്ലോ?  എല്ലാം അതിന്റെ വരുംപോലെ വരുന്ന നിലയ്ക്കു വിട്ടപ്പോള്‍ സംഗീതത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായൊരു അശ്രദ്ധ ആകാമായിരുന്നുവെന്നൊരു വ്യക്തിഗതമായ നിരൂപണം മാത്രമേ ഉന്നയിക്കാനുള്ളൂ.
സിനിമയും സാഹിത്യവും മനുഷ്യകഥാനുഗായികളാവണമെന്നാണല്ലോ. അങ്ങനെയെങ്കില്‍ സത്യസന്ധമായി ജീവിതം പകര്‍ത്താന്‍ ശ്രമിച്ച ആക്ഷന്‍ഹീറോ ബിജു ഒരു വിജയചിത്രമാണ്. വാസ്തവത്തില്‍ സര്‍ക്കാര്‍ ടാക്‌സ് ഫ്രീയായി പ്രഖ്യാപിക്കേണ്ടൊരു ചിത്രമാണിത്. 
ഉള്ളടക്കവും രൂപശില്‍പവും ഒത്തുവരുന്ന അപൂര്‍വസിനിമകളിലൊന്ന് എന്നതിനേക്കാള്‍ കമ്പോളത്തിന്റെ വ്യവസ്ഥകളെ യാതൊന്നിനെയും ചോദ്യം ചെയ്യാതെ, തള്ളിക്കളയാതെ, മനുഷ്യത്വത്തിനും സാമൂഹികമൂല്യങ്ങള്‍ക്കും അര്‍ഹിക്കുന്ന വിലയും നിലയും നല്‍കിക്കൊണ്ടുതന്നെ വേറിട്ട ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നു എന്നതാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യക്തിത്വമായി, മാധ്യമപരമായ സവിശേഷതയായി ചലച്ചിത്രചരിത്രം അടയാളപ്പെടുത്തുക

ബിജുവിനെ ഹീറോ ആക്കുന്ന ഘടകങ്ങള്‍

സിനിമയ്ക്ക് അങ്ങനൊരു ദൂഷ്യമുണ്ട്. ആദ്യസിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടൊരു ചലച്ചിത്രകാരന് ആ വിജയം വലിയൊരു ഭാരവും ബാധ്യതയുമായിത്തീരും. രണ്ടാമത്തെ സിനിമയ്ക്കുമേല്‍ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷയ്ക്കു മുഴുവന്‍ അയാള്‍ ഒറ്റയ്ക്കു മറുപടി പറയേണ്ടിവരും. അതുകൊണ്ടു തന്നെ ആദ്യ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ് ഒരു ചലച്ചിത്രകാരന്റെ സര്‍ഗാത്മകജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാവുക. 1983 എന്ന കൊച്ചു മലയാള സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിശ്ചലഛായാഗ്രാഹകനായ എബ്രിഡ് ഷൈനെ സംബന്ധിച്ചിടത്തോളം ശത്രുക്കളുണ്ടെങ്കില്‍ അവരും മിത്രങ്ങള്‍ തീര്‍ച്ചയായും കാത്തിരുന്ന സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. അതിലേറെ അതു വെല്ലുവിളിയും ഭീഷണിയുമായത് അതിന്റെ നിര്‍മാതാക്കളുടെ പേരിലാണ്. യുവതാരനിരയില്‍ നെടുനായകത്വത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞ നിവിന്‍ പോളിയും ഷൈനും പങ്കാളികളായൊരു നിര്‍മാണ സംരംഭം എന്നുകൂടിയാകുമ്പോള്‍ അതിന്മേലുളള പ്രതീക്ഷയുടെ ഭാരത്തിന് അല്‍പം കൂടി തൂക്കമേറും.
എബ്രിഡ് ഷൈനും നിവിനും കൂടി ഈ വെല്ലുവിളികളെയും ഭാരങ്ങളെയും ഏറ്റെടുത്ത രീതിയല്ല പഠിക്കപ്പെടേണ്ടത്, മറിച്ച് കൈകാര്യം ചെയ്ത കൗശലത്തെയാണ്. പുതുമയ്ക്കു വേണ്ടി പരക്കം പായുന്ന നവതലമുറ ചലച്ചിത്രധാര ബോള്‍ഡ് എന്നും ഡേറിങ് എന്നും യാത്ഥാത്ഥ്യം എന്നുമുള്ള വ്യാജേന കാണിക്കുന്ന സാമൂഹികവിരുദ്ധതകളും സദാചാരചൂഷണവുമൊന്നുമല്ല ആക്ഷന്‍ ഹീറോ
ബിജുവിന്റെ ഉള്ളടക്കം. തീര്‍ത്തും സാധാരണമായൊരു കഥയെ അസാധാരണമായി ദൃശ്യവല്‍ക്കരിച്ചു എന്നതാണ് അതിന്റെ വിജയം. സിനിമയ്ക്കു കഥ വേണോ എന്ന ചോദ്യത്തിന് മുട്ടയോ കോഴിയോ ആദ്യമെന്ന ചോദ്യത്തോളം പഴക്കമുണ്ട്. എന്നുമാത്രമല്ല, കഥയില്ലായ്മയെ കാണാന്‍ കൊള്ളാവുന്ന മികച്ച സിനിമകളാക്കിത്തന്ന ചലച്ചിത്രാചാര്യന്മാരുമുണ്ട്. പക്ഷേ, ആദിമധ്യാന്തമുള്ളൊരു കഥയില്ലായ്മ എന്നു തോന്നിക്കുംവിധം, ഋജുവായൊരു കഥ സംഭവങ്ങളിലൂടെ പടിപ്പടിയായി ഇഷ്ടികകൊണ്ടൊരു മഹാസൗധം നിര്‍മിക്കുംപോലെ ശ്രദ്ധയോടെ ദൃശ്യപരമായി മെനഞ്ഞെടുക്കുക എന്നത് അത്ര എളുപ്പം പിടിച്ച കാര്യമല്ല, സിനിമയില്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ എബ്രിഡ് ഷൈന്‍ എന്ന സംവിധായകനും തിരക്കഥാകൃത്തു വിജയിക്കുന്നത് അടിസ്ഥാനപരമായി ഇതിവൃത്തസ്വീകരണത്തിലാണ്.
സാധാരണം എന്നു തോന്നിപ്പിക്കുകയാണ് സിനിമയിലെ ഏറ്റവും വലിയ വെല്ലുവിളി. അതിനെ നേരിടാന്‍ ഷൈന്‍ സ്വീകരിച്ചിട്ടുള്ള അനേകം മാര്‍ഗങ്ങളില്‍ എന്തുകൊണ്ടും ശഌഘിക്കപ്പെടേണ്ട ഒന്ന് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ കാണിച്ച അസാമാന്യ കൈയൊതുക്കവും മാധ്യമബോധവുമാണ്. ഇതിവൃത്തത്തിന്റെ സവിശേഷത കൊണ്ടുതന്നെ, ചെറിയ ചെറിയ റോളുകളില്‍ ഒട്ടേറെ നടീനടന്മാര്‍ വന്നു പോകുന്ന സിനിമയാണ് ആക്ഷന്‍ ഹീറ ബിജു. അതില്‍ ശരാശരി പ്രേക്ഷകനു തിരിച്ചറിയാനാവുന്ന ചിലരൊഴികെ മറ്റെല്ലാവരും യഥാര്‍ത്ഥ് ജീവിതത്തില്‍ നിന്നുള്ളവരെന്ന തോന്നലുണ്ടാവുന്നുണ്ടെങ്കില്‍ അതാണ് കാസ്റ്റിങിലെ ശ്രദ്ധയുടെ തെളിവ്. നിസ്സാര വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു പോകുന്ന കഥാപാത്രങ്ങളില്‍ പോലും, ഉദാഹരണത്തിന് കായലില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ചാടുന്ന നാവികന്റെ സൂഹൃത്ത്, തന്നെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന ഓട്ടോക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മ, ഭര്‍ത്താവു പോയിക്കഴിഞ്ഞാല്‍, പരസ്യമായി മുന്നില്‍ നിന്നു കുളിക്കുന്ന അയല്‍ക്കാരനെപ്പറ്റി പരാതിപ്പെടാനെത്തുന്ന വീട്ടമ്മയും സുഹൃത്തും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ ജീവിതത്തില്‍ നിന്ന് നിന്നനില്‍പ്പില്‍ ഫ്രെയിമിലേക്കു കടന്നുവന്നാതാണെന്നു തോന്നും. ശരീരഭാഷകളിലും വാചികവും ആംഗികവുമായ പകര്‍ന്നാട്ടത്തിലും മാത്രമല്ല, അവരുടെ ഓരോരുത്തരുടെയും വസ്ത്രാലങ്കാരത്തിലും ചമയത്തിലുംവരെ അതിസൂക്ഷ്മമായ സംവിധായകദൃഷ്ടി പതിഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, അതിന്റെ ഓരോന്നിന്റെ പിന്നിലും വളരെ ദീര്‍ഘമായ ചിന്തയും ആസൂത്രണവും നടന്നിട്ടുമുണ്ട്. അതുകൊണ്ടാണ് ചായകൊണ്ടുക്കൊടുക്കാനെത്തുന്ന ചായക്കടക്കാരനും, വെള്ളത്തില്‍ വീണ സ്ത്രീയെ പരിശോധിക്കുന്ന ലേഡി ഡോക്ടറും, ബിജുവിന്റെ അളിയനായി വരാന്‍ പോകുന്ന കൗമാരക്കാരനും പോലെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വേഷങ്ങള്‍ക്കുപോലും പ്രേക്ഷകമനസുകളില്‍ മങ്ങാത്ത പ്രിതിബിംബം അവശേഷിപ്പിക്കാനായത്.
വളരെ വേഗം അതിനാടകീയതയിലേക്കു മൂക്കുകുത്തിവീണേക്കാവുന്ന ഇതിവൃത്തവും പ്രമേയവുമാണു ആക്ഷന്‍ ഹീറോ ബിജുവിന്റേത്. അത്രയേറെ എപ്പിസോഡിക്കായ ചിതറിയ സംഭവങ്ങളുടെ സമാഹാരമാണ് ഈ സിനിമ. എന്നിട്ടും, അതില്‍ അമിതനാടകീയതയിലേക്കു വീണേക്കാവുന്ന നിമിഷങ്ങളില്‍ മിക്കവാറും സംയമനത്തോടും നിഷ്പക്ഷത്തോടുമുള്ളൊരു ചലച്ചിത്രസമീപനം കാത്തുസൂക്ഷിക്കാനായെന്നതാണ് എബ്രിഡ് ഷൈന്‍ എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും രണ്ടാമത്തെ വിജയം.
ഗോവിന്ദ് നിഹ്ലാനിയുടെ അര്‍ത്ഥ സത്യ മുതല്‍ മലയാളത്തില്‍ത്തന്നെ ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, കമ്മിഷണര്‍ പോലെ എത്രയോ കാക്കിച്ചട്ടൈ സിനിമകള്‍ക്കു നാം പ്രേക്ഷകരായിട്ടുണ്ട്. പക്ഷേ, അതിമാനുഷികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയത്തോടും വ്യവസ്ഥിതിയോടും കലപിച്ചു മൈതാനപ്രസംഗം നടത്തുന്ന കവലസിനിമയുടെ ജനുസില്‍ പെടാത്ത ഒന്നായി ആക്ഷന്‍ ഹീറോ ബിജു മാറുന്നുവെങ്കില്‍, അതിനു കാരണം നിറംചാര്‍ത്താത്ത ജീവിതത്തിന്റെ ഒരുപാടൊരുപാട് അംശങ്ങള്‍ പതിഞ്ഞുകിടപ്പുള്ളതാണ്.
പുതുമ ഉണ്ടാവുന്നത് ചിരിയുണ്ടാവുന്നതുപോലെയാവണമെന്നൊരു നിഷ്‌കര്‍ഷയാണ് ഇതിന്റെ അണിയറപ്രവര്‍ത്തകരുടേത്. കാരണം ഹാസ്യത്തിനു വേണ്ടി ഒരു രംഗം പോലും ഇതില്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ചില രംഗങ്ങളില്‍ പ്രേക്ഷകര്‍ തലതല്ലിച്ചിരിക്കുന്നുവെങ്കില്‍ അതു ജീവിതത്തിന്റെ നേര്‍ക്കാഴ്ച കാണുമ്പോള്‍ ചിരിക്കുന്നതുതന്നെയാണ്. കൃത്രിമമായൊരു ചിരി സിനിമ ലക്ഷ്യമിടുന്നില്ലെന്നു സാരം. അതുപോലെതന്നെ, കൃത്രിമമായ വൈകാരികതയോ പുതുമയ്ക്കുവേണ്ടിയുള്ള പുതുമയോ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നില്ല. അതു താനേ വന്നു ചേരുന്നതാണ്. അതാണ് അതിന്റെ സര്‍ട്ടിലിറ്റി. പക്ഷേ, അങ്ങനെ സ്വാഭാവികം എന്നു തോന്നിപ്പിക്കുംവിധം ഒരു ചലച്ചിത്രസമീപനം സ്വീകരിക്കുകയെന്നത് ഏറെ ആലോചനയും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ആവശ്യപ്പെടുന്നതാണ്. അതിലാണു ആക്ഷന്‍ ഹീറോ ബിജുവിന്റെ പ്രവര്‍ത്തകരുടെ വിജയം.അതേസമയം മുദ്രാവാക്യത്തിലേക്കു തരംതാഴാതെ സാമൂഹികവിമര്‍ശനത്തിനും, ബോധവല്‍ക്കരണത്തിനുമെല്ലാം സിനിമ ഉദ്യമിക്കുന്നുണ്ട് എന്നതാണ് ബിജുവിന്റെ നന്മ.
സംവിധായകനെന്ന നിലയ്ക്കു ഷൈനും നടനെന്ന നിലയ്ക്കു നിവിനും വളരെയേറെ മുന്നേറിക്കഴിഞ്ഞതിന്റെ സൂചനയാണീ സിനിമ. ദൃഷ്ടിദോഷം കിട്ടാതിരിക്കാന്‍ വേണ്ടിമാത്രം, അല്‍പം കൂടി ശ്രദ്ധിക്കാമായിരുന്നൊരു ഘടകം ചൂണ്ടിക്കാണിക്കണമെങ്കില്‍, ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തെപ്പറ്റി മാത്രം സൂചിപ്പിക്കാം. ദൃശ്യസമീപനത്തില്‍ കാത്തുസൂക്ഷിച്ച അതിസൂക്ഷ്മമായ നവ്യത, റീ റെക്കോര്‍ഡിങിന്റെ കാര്യത്തില്‍ പൂര്‍ണാര്‍ത്ഥത്തില്‍ അനുഭവവേദ്യമായില്ല. ചിലപ്പോള്‍ മൗനം ഈണത്തേക്കാള്‍ ഫലവത്താകുമല്ലോ?  എല്ലാം അതിന്റെ വരുംപോലെ വരുന്ന നിലയ്ക്കു വിട്ടപ്പോള്‍ സംഗീതത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായൊരു അശ്രദ്ധ ആകാമായിരുന്നുവെന്നൊരു വ്യക്തിഗതമായ നിരൂപണം മാത്രമേ ഉന്നയിക്കാനുള്ളൂ.
സിനിമയും സാഹിത്യവും മനുഷ്യകഥാനുഗായികളാവണമെന്നാണല്ലോ. അങ്ങനെയെങ്കില്‍ സത്യസന്ധമായി ജീവിതം പകര്‍ത്താന്‍ ശ്രമിച്ച ആക്ഷന്‍ഹീറോ ബിജു ഒരു വിജയചിത്രമാണ്. വാസ്തവത്തില്‍ സര്‍ക്കാര്‍ ടാക്‌സ് ഫ്രീയായി പ്രഖ്യാപിക്കേണ്ടൊരു ചിത്രമാണിത്. 
ഉള്ളടക്കവും രൂപശില്‍പവും ഒത്തുവരുന്ന അപൂര്‍വസിനിമകളിലൊന്ന് എന്നതിനേക്കാള്‍ കമ്പോളത്തിന്റെ വ്യവസ്ഥകളെ യാതൊന്നിനെയും ചോദ്യം ചെയ്യാതെ, തള്ളിക്കളയാതെ, മനുഷ്യത്വത്തിനും സാമൂഹികമൂല്യങ്ങള്‍ക്കും അര്‍ഹിക്കുന്ന വിലയും നിലയും നല്‍കിക്കൊണ്ടുതന്നെ വേറിട്ട ചില പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നു എന്നതാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ വ്യക്തിത്വമായി, മാധ്യമപരമായ സവിശേഷതയായി ചലച്ചിത്രചരിത്രം അടയാളപ്പെടുത്തുക.