Wednesday, February 27, 2019

ചില അവാര്‍ഡ് ചിന്തകള്‍

സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം അകമഴിഞ്ഞ അഭിനന്ദനങ്ങള്‍. തീര്‍ച്ചയായും അര്‍ഹിക്കുന്ന കരങ്ങളില്‍ തന്നെയാണ് അവ എത്തിച്ചേര്‍ന്നത്. സംശയമില്ല. പക്ഷേ...
ചില കാര്യങ്ങള്‍ എഴുതിക്കൊള്ളട്ടെ. മുഴുവന്‍ വായിക്കാതെ, സസൂക്ഷ്മം വായിക്കാതെ, വായിച്ചാല്‍ മനസിലാക്കാതെ പ്രതികരിക്കരുത് എന്ന മുന്‍കൂര്‍ പ്രാര്‍ത്ഥനയോടെ മാത്രം എഴുതിക്കൊള്ളട്ടെ. കാരണം രണ്ടുവര്‍ഷം മുമ്പ് വിനായകന് അവാര്‍ഡ് കിട്ടയപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ചെഴുതിയ കുറിപ്പ് നേരാംവണ്ണം വായിച്ചുനോക്കാതെ, അതിലെഴുതിയതിന്റെ അര്‍ത്ഥം പോലും വായിച്ചുനോക്കാതെ എന്തിന് വായിച്ചു തന്നെ നോക്കാതെ ചില ചാനലുകളും വെബ്‌സൈറ്റുകളും എന്നെ കൊന്നു കൊലവിളിച്ചു. ഉത്തരവാദപ്പെട്ട മാധ്യമമേധാവിയെ, അദ്ദേഹം എം.എല്‍.എ. സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു വിളിച്ചു പറഞ്ഞപ്പോള്‍ പറഞ്ഞത്, ഞാനതു വായിച്ചില്ല, പക്ഷേ ആ തലക്കെട്ടു കേട്ടാല്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തതു ശരിയാണെന്നു തോന്നുമല്ലോ എന്നാണ്. കേട്ടുകേള്‍വിയല്ല നേരിട്ടൊന്നു വായിക്കൂ, എന്നിട്ടു നിശ്ചയിക്കൂ, താങ്കള്‍ക്കും അതു നേരാണെന്നു തോന്നിയാല്‍ വിമര്‍ശിച്ചുകൊള്ളൂ എന്നും പറഞ്ഞ് ആ കുറിപ്പിന്റെ ലിങ്ക് അയച്ചുകൊടുത്തിട്ട് വര്‍ഷമിപ്പോള്‍ രണ്ടു രണ്ടരയായി. ആ ദുരനുഭവത്തില്‍ നിന്നുകൊണ്ടാണ്, അന്നെഴുതിയ അതേ അഭിപ്രായത്തിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ഇതു കുറിക്കുമ്പോള്‍ മാധ്യമമേധാവിയടക്കമുള്ളവരോടു വായിച്ചു നോക്കിയ ശേഷം മാത്രമേ തേയ്ക്കാവൂ എന്നു മുന്‍കൂര്‍ പറഞ്ഞുകൊണ്ട് എഴുതാമെന്നു കരുതുന്നത്.
ഇടതുസര്‍ക്കാര്‍ വന്നശേഷമാണ് മറ്റു പല സാംസ്‌കാരിക പരിഷ്‌കാരങ്ങള്‍ക്കുമൊപ്പമെന്നോണം വര്‍ഷങ്ങളായി പിന്തുടര്‍ന്നുവന്ന രീതിശൈലികള്‍ മാറ്റിമറിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുനിര്‍ണയത്തിലും ചില വിപ്‌ളവകരമായ ഉടച്ചുവാര്‍ക്കലുകളും വിഗ്രഹഭഞ്ജനങ്ങളുമുണ്ടായത് എന്നത് മറച്ചുപിടിക്കാനാവാത്ത സത്യമാണ്. രാഷ്ട്രീയത്തിനതീതമായി ബൗദ്ധികതയെ, പ്രതിഭയെ ആദരിക്കാനുള്ള സഹിഷ്ണുതയും വകതിരിവും പ്രതിബദ്ധതയുമായൊക്കെത്തന്നെവേണം അതിനെ കണക്കാക്കാനും അംഗീകാരിക്കാനും. സംശയമില്ല. പക്ഷേ...
ഇടതു പക്ഷ ബുദ്ധിജീവികളില്‍ മേല്‍പ്പാളി കീഴ്പ്പാളി ഭേദമില്ലാതെ രണ്ടു വര്‍ഷം മുമ്പും ഇതാ ഇന്നലെയും ഇന്നുമായി സമൂഹമാധ്യമങ്ങളില്‍ ഈ അവാര്‍ഡുകളെ ആഘോഷിക്കുന്ന രീതിയിലേക്കൊന്നു ശ്രദ്ധപാറിക്കൂ. താരപ്രതിഭാസങ്ങളെയും വിഗ്രഹങ്ങളെയും തിരസ്‌കരിച്ചുകൊണ്ട് യുവാക്കള്‍ക്കും പാവങ്ങള്‍ക്കും തിരസ്‌കൃതര്‍ക്കും അവാര്‍ഡ് നല്‍കി പുതിയ മാതൃക സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എന്നൊക്കെയുളള ധ്വനികളാണ് അവരുടെ കുറിപ്പുകളെല്ലാം. ഇവിടെയാണ് എന്റെ വിനയപൂര്‍വമുള്ള വിയോജിപ്പ്. സര്‍ക്കാര്‍ മാറിയതുകൊണ്ട്, താരങ്ങളെയും ലബ്ധപ്രതിഷ്ഠരെയും മന:പൂര്‍വം മാറ്റിനിര്‍ത്തി പുതിയവരെ മാത്രം പരിഗണിച്ചതാണെങ്കില്‍ ഈ അവാര്‍ഡുകള്‍ അവര്‍ക്കര്‍ഹതപ്പെട്ടതാവുമോ? അതവരുടെ കഴിവിനെ, പ്രതിഭയെ വിലകുറച്ചു കാണിക്കുന്നതാവില്ലേ? തനിക്കിനി സംസ്ഥാന അവാര്‍ഡ് വേണ്ട എന്നു പരസ്യപ്രഖ്യാപനം നടത്തി യേശുദാസ് കുറേവര്‍ഷം സംസ്ഥാന അവാര്‍ഡുകളില്‍ നിന്നു മാറിനിന്നു. അക്കാലത്ത് അവാര്‍ഡ് നേടിയ ഗായകര്‍ക്ക് ഇന്നും ഒരു കുറ്റബോധത്തിനോ ആത്മവിശ്വാസക്കുറവിനോ ഉള്ള വകയുണ്ടാവില്ലേ? കാരണം, യേശുദാസ് മത്സരിക്കുകയും അദ്ദേഹത്തിനൊപ്പം സ്വന്തം പാട്ടും മാറ്റുരയ്ക്കുകയും അതില്‍ ഒന്നാമതെത്തി അദ്ദേഹത്തേപ്പോലും മറികടന്ന് അവാര്‍ഡ് നേടുകയും ചെയ്യുമ്പോഴല്ലേ ആ അവാര്‍ഡ് യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടതാവുന്നത്? മോഹന്‍ലാലടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇക്കുറി മത്സരത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം മത്സരിച്ചിട്ടാണ് ഷൗബീനും എന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രിയ സുഹൃത്ത് ജയസൂര്യയും ഈ നേട്ടം കരസ്ഥമാക്കിയത്. ലാലിനൊപ്പം മത്സരിച്ചു നേടി എന്നു പറയുന്നിടത്തുതന്നെയാണ് ആ നേട്ടത്തിനു തിളക്കമേറുന്നത്. അല്ലാതെ, ബുദ്ധിജീവികളുടെ ആവേശ എഴുത്തില്‍ അറിയാതെയെങ്കിലും നിഴലിക്കുന്നതുപോലെ, സര്‍ക്കാര്‍ നയം കൊണ്ടോ പൊതു സമീപനം കൊണ്ടോ ലാലടക്കമുള്ള താരരാജാക്കന്മാരെ പരിഗണിക്കേണ്ട എന്നൊരു നിലപാടോ നിര്‍ദ്ദേശമോ അവാര്‍ഡ് കമ്മിറ്റിക്കു നല്‍കിയതുകൊണ്ടല്ല ഷൗബീനും ജയനും കിരീടം സ്വന്തമാക്കിയത്. മറിച്ച് അവരുടെ സ്വന്തം പ്രവൃത്തിമികവു കൊണ്ടാണ്. പ്രതിഭയുടെ വിളയാട്ടം കൊണ്ടാണ്, അതിലേറെ കഠിനാധ്വാനം കൊണ്ടാണ്. ആ അധ്വാനത്തിന്റെ, പ്രതിഭയുടെ വില കുറച്ചു കാണിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ ബുദ്ധിജീവികളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ ചെയ്യുന്നത്?അവഗണിക്കാനാവാത്ത പ്രകടനം കൊണ്ട് അവര്‍ക്കല്ലാതെ മറ്റൊരാള്‍ക്കു കൊടുക്കാനാവാതെ അതു ചെയ്യാന്‍ കമ്മിറ്റി നിര്‍ബന്ധിതരായി എന്നു വരുന്നിടത്തേ ആ ബഹുമതിയുടെ യഥാര്‍ത്ഥ മാറ്റ് പത്തരയാവൂ എന്നറിയുക. അല്ലാതെ മറ്റു സ്ഥാനാര്‍ത്ഥികളുണ്ടായിട്ടും ചില പരിഗണനകള്‍ വച്ച് ഇവര്‍ക്കു കൊടുക്കുകയായിരുന്നു എന്നു വരുന്നിടത്തല്ല.
ഇനി മറ്റൊന്നു കൂടി പരിഗണിക്കുക. ഇത്രയേറെ പുതുമുഖങ്ങള്‍ക്കു പുരസ്‌കാരങ്ങള്‍ സമ്മാനിച്ച ജൂറിയില്‍ ചെയര്‍മാനടക്കം നോക്കിയാല്‍ ഇരുപത്തഞ്ചു വയസില്‍ താഴെയുള്ള എത്ര അംഗങ്ങളുണ്ടായിരുന്നു? ഒരാള്‍ പോലുമില്ലെന്നു കണ്ടേക്കാം. അതിനര്‍ത്ഥം, ആസ്വാദനത്തില്‍ തലമുറവിടവെന്നൊന്നുണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെയാണ് മികച്ച രചനകളും പ്രകടനങ്ങളും അംഗീകരിക്കപ്പെട്ടതുമെന്നുതന്നെയാണ്. മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരം കൊടുക്കണമെന്നൊരു ധാര്‍മികത ഉയര്‍ത്തി ചെയര്‍മാന്‍ വിരുദ്ധാഭിപ്രായമുയര്‍ത്തിയതുപോലും എന്തോ അരുതായ്ക നടന്നതിന്റെ തെളിവായി സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ബുദ്ധിജീവികളെ വായിച്ചു. അവരുടെ വാദം ശരിയാണെങ്കില്‍ കീഴ്‌വഴക്കങ്ങള്‍ പാലിക്കപ്പെടണം എന്ന എഴുപതു വയസു കഴിഞ്ഞ ചെയര്‍മാന്റെ പിടിവാശിക്ക് എതിര്‍ത്തുനില്‍ക്കുകയായിരുന്നു മറ്റംഗങ്ങള്‍ എന്നു വേണ്ടേ മനസിലാക്കാന്‍? അങ്ങനെയാവുമ്പോള്‍ അതുമൊരു വിഗ്രഹഭഞ്ജനം തന്നെയല്ലേ?  എല്ലാറ്റിനുമുപരി, ഇത്രയധികം യുവാക്കള്‍ നമ്മുടെ സിനിമയിലും സാഹിത്യത്തിലുമുണ്ടായിട്ടും എന്തിനാണ് വയോധികരെത്തന്നെ ചെയര്‍മാനാക്കല്‍ തുടരുന്നു? യുവത്വത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരിന് ഈ കീഴ് വഴക്കങ്ങളും ഉടച്ചുവാര്‍ക്കാവുന്നതല്ലേയുള്ളൂ?
വിനായകനും മണികണ്ഠനും അവാര്‍ഡ് കിട്ടിയപ്പോള്‍ അവര്‍ക്ക് എന്തോ സംവരണം വഴി അതു കിട്ടയതുപോലെയായിരുന്നു ഇടതു/യുവ ബുദ്ധിജീവികളുടെ മുഴുവന്‍ സമൂഹമാധ്യമയെഴുത്ത്. അതിനെതിരെയാണ് അന്നു ഞാന്‍ എഴുതിയത്. അന്നുമിന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,വിനായകനായാലും ഇന്ദ്രന്‍സ് ആയാലും, ഷൗബീന്‍ ആയാലും അനന്യമായ അവരുടെ പ്രതിഭകൊണ്ട്, അസൂയപ്പെടുത്തുന്ന അവരുടെ അഭിനയത്തികവുകൊണ്ട് ആണ് പുരസ്‌കാരം നേടിയത് എന്നാണ്. അല്ലാതെ ഏതെങ്കിലും സര്‍ക്കാരിന്റെ, അവാര്‍ഡ് നിര്‍ണയ സമിതിയുടെ താരവിരുദ്ധത കൊണ്ടോ, സംവരണാധിഷ്ഠിത നിലപാടുകള്‍ കൊണ്ടോ അല്ല എന്നാണ്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അധ്വാനിച്ച് വന്‍തോക്കുകളോടു മത്സരിച്ചു നേടിയെടുത്ത അംഗീകരാങ്ങള്‍ സര്‍ക്കാരിന്റെ/അവാര്‍ഡ് കമ്മിറ്റിയുടെ നയം കൊണ്ടാണ് ലഭിച്ചതെന്നു വരുത്തിത്തീര്‍ക്കുന്നത് അവാര്‍ഡ് ജേതാക്കളോടുള്ള നീതികേടാണ് എന്നു തന്നെ ആവര്‍ത്തിക്കട്ടെ.

Saturday, February 16, 2019

പത്മരാജന്‍ ട്രസ്റ്റില്‍ ഞാനും

ഏതാണ്ട് ഒരു മാസം മുമ്പാണ്. അപ്രതീക്ഷിതമായി ഒരു ദിവസം വിജയകൃഷ്ണന്‍ സാറിന്റെ ഒരു ഫോണ്‍. ചന്ദ്രാ, ഞാന്‍ പത്മരാജന്‍ ഫൗണ്ടേഷന്‍ യോഗത്തില്‍ നിന്നാണു വിളിക്കുന്നത്. ഫൗണ്ടേഷന്‍ പുന:സംഘടിപ്പിക്കുകയാണ്. മൂന്ന് പുതിയ അംഗങ്ങളെ കൂടി നാമനിര്‍ദ്ദേശം ചെയ്യാം. അതിലൊന്ന് ചന്ദ്രന്റെ പേരാണ് ഞാന്‍ പറഞ്ഞത്. സമ്മതമാണോ എന്നറിയാനാണ് വിളിക്കുന്നത്.
കേട്ടത് വാസ്തവമാണോ എന്നാണ് ആദ്യം നോക്കിയത്. ചെറുപ്പം മുതലേ ആരാധിച്ച സംവിധായകന്റെ, അമൃതയിലെ എന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ കൂടിയായ പപ്പന്റെ (അനന്തപത്മനാഭന്റെ) അച്ഛന്റെ, ഉദകപ്പോളയും പ്രതിമയും രാജകുമാരിയും അടക്കമുള്ള കഥകളെഴുതിയ കഥാഗന്ധര്‍വന്റെ സ്മരണാര്‍ത്ഥമുള്ള സംഘടനയില്‍ അംഗമാകാന്‍ സാധിക്കുക എന്നത് ബഹുമതിയായി, ഭാഗ്യമായിട്ടാണ് കരുതേണ്ടത്. അക്കാര്യം അങ്ങനെതന്നെ ഞാന്‍ വിജയകൃഷ്ണന്‍ സാറിനോടു പറയുകയും ചെയ്തു.സമ്മതം ചോദിക്കുകയല്ല, താങ്കളെ നിയമിച്ചിരിക്കുന്നു എന്നൊരു അറിയിപ്പു തരികയാണു വേണ്ടിയിരുന്നത് എന്നാണ് ഞാന്‍ പറഞ്ഞത്. തീര്‍ച്ചയായും ഇതൊരു ബഹുമതി തന്നെയാണ് എനിക്ക്. സിനിമയെ ഇക്കാലമത്രയും ഹൃദയത്തില്‍ കൊണ്ടു നടന്നതിന് കാലം കരുതിവച്ച അംഗീകാരങ്ങളില്‍ ഒന്ന്. കാല്‍ നൂറ്റാണ്ടോളമായി (അതേ അത്രയുമായി പത്മരാജന്‍ നമ്മളെ വിട്ടു പോയിട്ട്!) ഒരു അപശ്രുതി പോലുമുണ്ടാവാതെ അതതു വര്‍ഷത്തെ മികച്ച തിരക്കഥയുള്ള ചിത്രത്തിനും മികച്ച കഥയ്ക്കുമുളള സമ്മാനങ്ങള്‍ നല്‍കിപ്പോരുന്ന ഒരു സംഘടനയുടെ ഭാഗമാവുക. അത് ബഹുമതിയല്ലാതെ പിന്നെന്താണ്? പിന്നീട് പപ്പന്റെ അമ്മ രാധാലക്ഷ്മിച്ചേച്ചിയടക്കം പങ്കെടുത്ത ഫൗണ്ടേഷന്‍ യോഗത്തില്‍ പങ്കെടുത്തു വിജയകൃഷ്ണന്‍ സാറിനെയും കൊണ്ട് മടങ്ങുമ്പോഴും മനസിലോര്‍മിച്ചത് ചെറുപ്പത്തില്‍ യദൃശ്ചയാ കണ്ട ചില ദൃശ്യങ്ങളാണ്. ഒരിക്കല്‍ വഴുതയ്ക്കാട് വിമന്‍സ് കോളജിനു മുന്നിലെ ആനിമസ്‌ക്രീന്‍ റൗണ്ടാനയ്ക്കു മുന്നിലെത്തിയപ്പോള്‍ അവിടെയൊരു ബുള്ളറ്റപകടം. കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നല്ല പരിചയം. ബാലതാരം സോണിയ. അന്തം വിട്ട് ചുറ്റും നോക്കുമ്പോഴുണ്ട് സമീപത്ത് ലാലു അലക്‌സ്. റൗണ്ടാനയ്ക്കുള്ളിലെ പുല്‍ത്തകിടിയിലുണ്ട് ഹാഫ് സ്‌ളാക്ക് ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് പത്മരാജന്‍. നൊമ്പരത്തിപ്പൂവിലെ ഒരു രംഗത്തിന്റെ ചിത്രീകരണമായിരുന്നു അവിടെ കണ്ടതെന്ന് പിന്നീട് ചിത്രം കണ്ടപ്പോഴാണു തിരിച്ചറിഞ്ഞത്. അതിലും ചെറുതായിരിക്കെ അച്ഛനും അമ്മയും ചേച്ചിയുമൊത്ത് അപൂര്‍വമായി രാത്രി ഭക്ഷണത്തിനു പുറത്തുപോകാറുണ്ടായിരുന്നപ്പോള്‍ സ്ഥിരം ജോയിന്റുകളിലൊന്നായ ടാഗൂര്‍ തീയറ്ററിന് എതിര്‍വശത്തെ ഇഷ്ടിക കൊണ്ടു കെട്ടി, ലൈറ്റൊക്കെ വളരെ താഴ്ത്തി മേശയ്ക്കു തൊട്ടുമുകളില്‍ നില്‍ക്കുംവിധം സജ്ജമാക്കിയ നികുഞ്ജം ഹോട്ടലില്‍ പോയിരിക്കെ അതിന്റെ പിന്‍പുറത്ത് വലിയൊരു ശില്‍പം ഉണ്ടാക്കുന്നതിനരികെ കുറേ താടിക്കാര്‍ ഇരിക്കുന്നതും സംസാരിക്കുന്നതും പാടുന്നതും ഉറക്കെച്ചിരിക്കുന്നതുമൊക്കെ ശ്രദ്ധിച്ചിരുന്നു. അതിലൊരാളുടെ മുഖം പത്മരാജന്റേതായിരുന്നു. അന്ന് അറിയുമായിരുന്നു മറ്റൊരു മുഖം ജി അരവിന്ദന്റേതായിരുന്നു. നികുഞ്ജം കൂട്ടായ്മയിലുള്ള മറ്റുള്ളവരെപ്പറ്റിയൊക്കെ പിന്നീട് വായിച്ചറിഞ്ഞപ്പോഴേ ബോധ്യമായുള്ളൂ. അതുപോലൊരു ഓര്‍മ്മയാണ്, ഡിഗ്രിക്കാലത്ത് സ്വന്തമായി ചലച്ചിത്ര പ്രസിദ്ധീകരണം നടത്തിയിരുന്ന കാലത്തൊരിക്കല്‍ ഒരു ബസ് യാത്രയില്‍ കയ്യില്‍ അറം എന്ന സിനിമയുടെ നൂറാം വാര്‍ഷിക ഷീല്‍ഡുമായി ഒരു യാത്രക്കാരന്‍ കയറിയതു കാണുന്നത്. അറിവില്‍ ആ പേരില്‍ ഒരു സിനിമയില്ലല്ലോ. അങ്ങനെ അന്വേഷണമായി. അപ്പോഴാണ് നാനയിലോ മറ്റോ വായിക്കുന്നത്. പത്മരാജന്‍ അറം എന്ന പേരില്‍ സിനിമയെടുക്കുന്നു. പിന്നീട് ആ പേര് ഭാഗ്യദോഷമുണ്ടാക്കിയാലോ എന്ന നിര്‍മാതാവിന്റെ അഭിപ്രായം മാനിച്ച് കരിയിലക്കാറ്റുപോലെ എന്നാക്കി മാറ്റി എന്ന്. പക്ഷേ ചിത്രം കണ്ടപ്പോള്‍ അതിലെ (പ്രതി)നായകനായ സംവിധായകന്റെ വിജയ ചിത്രങ്ങളുടെ ഷീല്‍ഡുകളില്‍ അന്നു ബസില്‍ കണ്ട അറത്തിന്റെ ഷീല്‍ഡും കണ്ടപ്പോഴത്തെ സന്തോഷം എന്തിനെന്നോ എന്തെന്നോ ഇന്നും തിരിച്ചറിയാനാവുന്നില്ല. പിന്നീട് ജഗതിയിലെ ഫ്‌ളാറ്റിനു മുന്നിലും, ഹൗസിങ് ബോര്‍ഡ് ജങ്ഷനിലുണ്ടായിരുന്ന പഴയൊരു സിനിമാക്കാരുടെ ഹോട്ടലിനു മുന്നില്‍ കെ.ജി.ജോര്‍ജിനൊപ്പവുമൊക്കെ എത്രയോ വട്ടം പത്മരാജന്‍ സാറിനെ കണ്ടിരിക്കുന്നു. ഇന്നത്തെ തലമുറയില്‍ പലരും കണ്ടിരിക്കാനിടയില്ലാത്ത അദ്ദേഹത്തിന്റെ പ്രയാണമുള്‍പ്പെടെയുള്ള സിനിമകളും കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെനിക്ക്. ആ പത്മരാജന്റെ പേരിലുള്ള സംഘടനയിലാണ് ഞാനിപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത് എന്നത് ഏറെ ഭാരിച്ച ഉത്തരവാദിത്തമാണ് എന്നു തിരിച്ചറിയുന്നു. അതിനോട് അങ്ങേയറ്റം നീതിപുലര്‍ത്തണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.

Saturday, February 09, 2019

Thursday, December 13, 2018

M Sukumaran Kathayum Cinemayum





ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എം.സുകുമാരന്‍ കഥയും സിനിമയും എന്ന പുസ്തകത്തില്‍ എഡിറ്റര്‍ പ്രദീപ് പനങ്ങാടിന്റെ പരിഗണനകൊണ്ട് എന്റെയും ഒരു പഠനം ഇടം കണ്ടു. പിതൃതര്‍പ്പണത്തെ ആസ്പദമാക്കി രാജീവ് വിജയരാഘവന്‍ ഒരുക്കിയ മാര്‍ഗത്തെപ്പറ്റിയുള്ള കുറിപ്പാണിത്. ധന്യമായ സംരംഭത്തില്‍ ഒപ്പം കൂട്ടിയതിന് പ്രദീപിന് നന്ദി.

Tuesday, December 11, 2018

അരികുവല്‍ക്കരിക്കപ്പെടുന്ന ആഗോളമനുഷ്യര്‍



Deshabhimani   12.1.20-2018
എ.ചന്ദ്രശേഖര്‍
വൈകാരികാവസ്ഥകളില്‍ മാത്രമല്ല, അവന്റെ സ്വത്വപ്രതിസന്ധികളിലും അവന്‍ നേരിടുന്ന പ്രശ്‌നപരിസരങ്ങളിലുമെല്ലാം ലോകത്തെവിടെയും മനുഷ്യാവസ്ഥകള്‍ക്കു സമാനതയാണുള്ളതെന്ന് അഥവാ സമാനതകളേയുള്ളൂവെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഇക്കഴിഞ്ഞ മാസം അവസാനിച്ച ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയിലും കേരളത്തിന്റെ 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട ലോകസിനിമകളിലധികവും.യുദ്ധവും കലാപങ്ങളുമെല്ലാമാണ് എപ്പോഴത്തെയും പോലെ ഇപ്പോഴും ലോകസിനിമയുടെ ഇഷ്ടപ്രമേയം. ലോകമഹായുദ്ധങ്ങളും ശീതയുദ്ധവും കമ്മ്യൂണസ്റ്റ് റഷ്യയുടെ തകര്‍ച്ചയും പലസ്തീന്‍, സിറിയന്‍
 ആഭ്യന്തരകലാപങ്ങളും തീവ്രവാദസംഘര്‍ഷ ങ്ങളുമെല്ലാം ദുരന്തമുഖങ്ങളിലെ മനുഷ്യന്റെ അതിജീവനപ്രതി സന്ധികളുടെ നേര്‍രേഖകളായി സിനിമ സ്വാംശീകരി ക്കുമ്പോഴും മാറിയ ലോകക്രമത്തില്‍ പുത്തന്‍ രാഷ്ട്രീയ/സമ്പദ് വ്യവസ്ഥകള്‍ ഉന്നയിക്കുന്ന പുതിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും കൂടി അഭീമുഖീകരിക്കുന്നതില്‍ ലോക സിനിമ ശ്രദ്ധവയ്ക്കുന്നുവെന്നതാണ് മേളച്ചിത്രങ്ങള്‍ നല്‍കുന്ന ശുഭപ്രതീക്ഷ. ആഗോളവല്‍കൃത ലോകത്ത് മാറിയ സമ്പദ്ഘടനയില്‍ പ്രാന്തവല്‍ക്കരിക്കപ്പെടുന്ന സാധാരണക്കാരന്റെ/തൊഴിലാളിയുടെ ജീവിതസമസ്യകള്‍, നേരിടുന്ന വെല്ലുവിളികള്‍, പുതിയ ലോകക്രമം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകള്‍ തുടങ്ങി മാറിയ കോര്‍പറേറ്റ് മൂലധന/അധികാര ഭൂപടങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങളാണ് അധികവും അഭിസംബോധന ചെയ്യപ്പെടുന്നത്.
വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളിലെ തൊഴിലാളി ജീവിതം ചര്‍ച്ചചെയ്യുന്ന തോമസ് സ്റ്റബ്ബറിന്റെ ജര്‍മ്മന്‍ ചിത്രമായ ഇന്‍ ദ് ഐല്‍സ് , സ്വന്തം നാടിനെ മലിനീകരിച്ചു നടത്തിപ്പോരുന്ന വന്‍കിട അലൂമിനിയം കമ്പനിക്കെതിരേ സാധാരണക്കാരിയായൊരു മധ്യവയ്‌സ്‌ക സ്വന്തം നിലയ്ക്കു നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ ഐസ് ലന്‍ഡില്‍ നിന്നുള്ള ബെനഡിക്ട് എര്‍ലിങ്‌സന്റെ വുമന്‍ അറ്റ് വാര്‍, സമൂഹം അസ്പൃശ്യത കല്‍പിച്ച് അകറ്റിനിര്‍ത്തിയ കുഷ്ഠരോഗിയുടെ വേരുകള്‍ തേടിയുള്ള യാത്രയുടെ കഥപറഞ്ഞ അബു ബക്കര്‍ ഷാക്കിയുടെ ഈജിപ്ഷ്യന്‍ സിനിമ, യോമഡ്ഡൈന്‍, ക്രിസ്തുപ്രതിമാനിര്‍മാണത്തിനിടെ അപകടത്തില്‍പ്പെട്ട് മുഖം നഷ്ടമാകുന്ന യുവാവിന്റെ സാമൂഹികനിരാകരണത്തിന്റെ വ്യഥകള്‍ ചിത്രീകരിച്ച പോളിഷ് ചിത്രം മഗ്, സമൂഹം വാടകക്കൊലയാളികളാക്കിമാറ്റുന്നവരുടെ ദുരന്തജീവിതം പകര്‍ത്തിയ ബ്രസീലില്‍ നിന്നുള്ള ഹെന്റിക് ഗോള്‍ഡ്മാന്റെ 492, മൂലധന കേന്ദ്രീകൃത ലോകത്തെ തൊഴില്‍ മാത്സര്യം മാത്രമല്ല, വ്യക്തിസ്വകാര്യത്ക്കു പോലും എത്രമാത്രം പരുക്കേല്‍ക്കുന്നുവെന്നു വെളിപ്പെടുത്തുന്ന മര്‍വാന്‍ ഹമീദിന്റെ ഈജിപ്ഷ്യന്‍ ചിത്രം ദ ഓറിജിനല്‍സ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ മാറിയ ജീവിതപശ്ചാത്തലങ്ങളില്‍ കാലൂന്നി നിന്നുകൊണ്ട് ആധുനിക ലോകപ്രശ്‌നങ്ങളിലേക്കു ക്യാമറാക്കണ്ണുകള്‍ തുറന്നുവച്ച ചിത്രങ്ങളായിരുന്നു.അവയൊക്കെയും അഭിമുഖീകരിക്കുന്നത് സാങ്കേതികതയുടെയും മൂലധനതാല്‍ര്യങ്ങളുടെയും പകരം വയ്ക്കാനില്ലാത്തവണ്ണം വര്‍ദ്ധിക്കുന്ന സ്വാധീനങ്ങളില്‍പ്പെട്ടു നഷ്ടപ്പെടുന്ന, കൂടുതല്‍ കൂടുതല്‍ പ്രാന്തവല്‍ക്കരിക്കുന്ന, ഒരു പക്ഷേ സ്വയം അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ധര്‍മ്മസങ്കടങ്ങള്‍ തന്നെയാണ്.
കടുത്ത വിപണി മത്സരത്തിനിടെ, ഈജിപ്തിലെ മുന്‍നിര ബാങ്കുകളിലൊന്നിലെ ഉയര്‍ന്ന തസ്തികയില്‍ തൊഴില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ആളാണ് സമീര്‍ ദ ഒറിജിനല്‍സി(അല്‍ അസ്ലിയീന്‍) ലെ എലിവ. റിയാലിറ്റി സംഗീതപരിപാടിയില്‍ ഒരു ഗായകനായി തിരിച്ചറിയപ്പെടണമെന്ന സ്വകാര്യസ്വപ്‌നം മനസിലൊതുക്കി, കുടുംബത്തിനു വേണ്ടി ഇഷ്ടമില്ലാഞ്ഞിട്ടും യാന്ത്രികമായി തന്റെ ജോലി കൃത്യമായി ചെയ്യുന്ന ഉത്തരവാദിത്തമുള്ള ഭര്‍ത്താവും പിതാവുമാണയാള്‍. ഭാര്യയുടെ ഷോപ്പിങ്ഭ്രാന്തിനും മകന്റെയും മകളുടെയും പഠനത്തിനുമെല്ലാം ഒരു മുടക്കും വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നയാള്‍. പ്രവര്‍ത്തനമികവിന് തൊട്ടുമുന്‍വര്‍ഷവും മാനേജ്‌മെന്റിന്റെ അഭിനന്ദനം നേടിയ സമീറിനെ ഞെട്ടിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ അയാള്‍ക്കു ജോലി നഷ്ടപ്പെടുകയാണ്.കരാര്‍ പ്രകാരം ഒരു മാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കിക്കൊണ്ട് കാരണമൊന്നും കാണിക്കാതെ അയാളെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നു. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവരെ അറിയിക്കാതെ മറ്റൊരു ജോലിക്കു വേണ്ടി ശ്രമിക്കുന്ന സമീര്‍ സാധാരണമെന്നപോലെ എന്നും രാവിലെ ബാങ്കിലേക്കെന്ന മട്ടിലിറങ്ങുകയും നഗരത്തില്‍ ചുറ്റിക്കറങ്ങുകയുമാണ്. അതിനിടെയാണ് പുതുതായി തുടങ്ങിയ ഒരു മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് വിചിത്രമായൊരു തൊഴില്‍ വാഗ്ദാനം സമീറിനു ലഭിക്കുന്നത്.അതീവ രഹസ്യസ്വഭാവമുള്ളൊരു ജോലി.ലോകത്താരുടെയും മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്ത് അവരുടെ ചെയ്തികള്‍ തത്സമയം മള്‍ട്ടീ സ്‌ക്രീനുകളില്‍ കാണാനാവുന്ന വിധം സ്വകാര്യത ചോര്‍ത്തലാണ് ദൗത്യം. ദേശ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ രഹസ്യദൗത്യമെന്നാണ് ചുമതലപ്പെട്ടയാള്‍ ബോധ്യപ്പെടുത്തുന്നത്. കമ്പനിയുടെ അതീവ രഹസ്യസ്വഭാമുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീന്‍ പാനിലില്‍ അങ്ങനെ അന്യരുടെ സ്വകാര്യതകളിലേക്ക് അവരറിയാതെ കടന്നു കയറുകയാണയാള്‍. അതയാളുടെ ജീവിതമപ്പാടെ മാറ്റിമറിക്കുന്നു. സ്വന്തം ഭാര്യയുടെയും മക്കളുടെയും മനസില്‍ തനിക്കുള്ള സ്ഥാനമെന്തെന്നും അവരുടെ അസലെന്താണെന്നും അയാള്‍ തിരിച്ചറിയുന്നു. ഇതിനിടെ വിവരം ചോര്‍ത്തുന്നവരെ നേരില്‍ കാണരുതെന്ന കമ്പനി നിയമം ലംഘിച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ മുന്‍കാല കാമുകിയുടെ പ്രസംഗം കേള്‍ക്കാന്‍ ചെല്ലുന്ന സമീറിനെ കമ്പനി ശിക്ഷിക്കുന്നുണ്ട്. നിര്‍ബന്ധിതമായി ചാപ്പകുത്തുക(ടാറ്റൂയിങ്)യാണത്. ഭാര്യയില്‍ സംശയമുളവാക്കാന്‍ അതു ധാരാളവുമായിരുന്നു. സ്വന്തം ഉള്‍വലിവുകളില്‍ നിന്ന് കുതറി മാറി സമീര്‍ സ്വയം തിരിച്ചറിഞ്ഞ് മനുഷ്യത്വം നഷ്ടപ്പെട്ട നഗരമുഖങ്ങളോടു വിടപറഞ്ഞ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കായി ഒരിക്കലുപേക്ഷിച്ചു പോന്ന സ്വന്തം ഗ്രാമത്തിലേക്കു മടങ്ങി കൃഷിക്കാരനാവാന്‍ തീരുമാനിക്കുന്നിടത്താണ് ദ ഒറിജനില്‍സ് അവസാനിക്കുന്നത്. നഗരവല്‍ക്കരണം പ്രകൃതിക്കു നല്‍കുന്ന പാരിസ്ഥിതികാഘാതവും ആഗോളവല്‍ക്കരണം മനുഷ്യജീവിതങ്ങള്‍ക്കു നല്‍കുന്ന മാനസികാഘാതവും ഒരുപോലെ ചിത്രം വിശകലനം ചെയ്യുന്നു.ഒപ്പം വ്യവസായവും അധികാരവും ചേര്‍ന്ന് വിവരസാങ്കേതികവിദ്യയിലൂടെ വ്യക്തിയുടെ സ്വകാര്യതയ്ക്കു നല്‍കുന്ന ആഘാതത്തിന്റെ ഇനിയും വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത വ്യാപ്തിയിലേക്കുകൂടി ദ ഒറിജിനല്‍സ് പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നു. കുറ്റകരമായ സ്വകാര്യതാഭ്രംശത്തിന് ദേശീയതയുടെ മൂടുപടമണിയിക്കുന്ന വാസ്തവാനന്തര രാഷ്ട്രീയകാല സമസ്യകളെയും ചിത്രം വ്യക്തമായി അനാവരണം ചെയ്യുന്നു, നഗരവല്‍കൃത കുടുംബബന്ധങ്ങളിലെ പൊള്ളത്തരവും. കഷ്ടപ്പെട്ടു വളര്‍ത്തുന്ന മകന്‍ മയക്കുമരുന്നിനടിമയും മകള്‍ മൊബൈല്‍ ഫോണ്‍ സെക്‌സിലടക്കം സൊള്ളുന്നവളുമാണെന്ന തിരിച്ചറിവിലാണ് സമീര്‍ തന്റെ ഉള്ളിലെ യഥാര്‍ഥ തന്നെ തിരിച്ചറിയുകയും തനിക്കു വേണ്ടി, പ്രകൃതിക്കുവേണ്ടി, ഭൂമിക്കുവേണ്ടി, ഭാവിതലമുറയ്ക്കുവേണ്ടി കൂടി ജീവിക്കാന്‍ തീരുമാനിച്ചു നഗരം വിടുന്നതും.ആധുനിക സമൂഹത്തിലെ സ്വത്വപ്രതിസന്ധികളെല്ലാം ഏറെക്കുറേ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട് ഈ സിനിമ.
സമീറിന്റേതിനു തുല്യമാണ് ബര്‍ലിനില്‍ എക്യൂമനിക്കല്‍ ജൂറി പുരസ്‌കാരം നേടിയ തോമസ് സ്റ്റബറിന്റെ ജര്‍മ്മന്‍ ചിത്രമായ ഇന്‍ ദ് ഐല്‍സിലെ ക്രിസ്റ്റിയന്റെ സ്വത്വസമസ്യയും. സമീറിനെ അപേക്ഷിച്ച് സാമ്പത്തികമായി തീരേ സുരക്ഷിതത്വമില്ലാത്ത ചുറ്റുപാടില്‍ നിന്നാണ് ക്രിസ്റ്റ്യന്റെ വരവ്.നഗരത്തിന്റെ ഇരുട്ടില്‍ അലഞ്ഞു സ്വയം നഷ്ടപ്പെടുത്തിയ ഭൂതകാലമാണയാളുടേത്. നഗരത്തിന്റെ(അതോ ലോകത്തിന്റെ തന്നെയോ) പരിച്ഛേദം എന്നു വിശേഷിപ്പിക്കാവുന്ന വളരെ വലിയൊരു ഹോള്‍സെയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്റ്റ്യന്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നേരത്തേയുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിട്ടാണ് താരതമ്യേന യാന്ത്രികവും അതിലേറെ ജോലിസമയം കൂടിയതുമായ ഷോപ്പിലെ ജോലി അയാള്‍ ഏറ്റെടുക്കുന്നത്. സമീറിനെപ്പോലെ തന്നെ അന്തര്‍മുഖനാണ് കുറേക്കൂടി ചെറുപ്പക്കാരനായ ക്രിസ്റ്റ്യനും.
കടയില്‍, ബിവറേജ് വിഭാഗത്തില്‍ ബ്രൂണോ എന്ന മുരടനായ മധ്യവയസ്‌കനുമായി ക്രിസ്റ്റിയന്‍ ചങ്ങാത്തത്തിലാവുന്നു. വൈകാതെ ബ്രൂണോ അവന്റെ വഴികാട്ടിയും സംരക്ഷകനുമായിത്തീരുന്നു. അതിനിടെ, വിവാഹിതയും മിഠായി വിഭാഗത്തിലെ ജീവനക്കാരിയുമായ മരിയന്‍ എന്ന സുന്ദരിയുമായി നിര്‍വചിക്കാനാവാത്തൊരു ഹൃദയബന്ധവുമുടലെടുക്കുന്നുണ്ട് അയാളില്‍. എത്ര ശ്രമിച്ചിട്ടും മനസിലാക്കാനാവാത്ത, ഒരിക്കലും പിടികൊടുക്കാത്തൊരു പ്രഹേളികയായിരുന്നു അവളവന്. അതിരാവിലെ തുടങ്ങി, നഗരം ഉറങ്ങി പാതിരാത്രിക്ക് അവസാന ബസില്‍ മാത്രം താമസസ്ഥലങ്ങളിലേക്കു മടങ്ങാന്‍ വിധിക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികളുടെ ജീവിതം ഹൃദയാവര്‍ജകമായി അനാവരണം ചെയ്തിരിക്കുന്നു ചിത്രത്തില്‍. അവരെ സംബന്ധിച്ചിടത്തോളം ക്രിസ്മസും ന്യൂ ഇയറുമൊക്കെ ഒരുപോലെയാണ്. ലോകം ആഘോഷിച്ചുതിമിര്‍ക്കുമ്പോഴും അവര്‍ അടുത്ത ദിവസത്തേക്കുള്ള ചരക്കുകളൊരുക്കുന്ന തിരക്കിലായിരിക്കും. ഉത്സവങ്ങളും ആഘോഷങ്ങളും കഴിയുന്ന ദിവസങ്ങള്‍ താരതമ്യേന തിരക്കുകുറയുമെന്നു മാത്രം. യാന്ത്രിക ജീവിതത്തിന്റെ നേര്‍ച്ഛേദമായാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അപൂര്‍വം വാതില്‍പ്പുറദൃശ്യങ്ങളിലും ഫ്‌ളാറ്റ് വീട് പബ് ദൃശ്യങ്ങളിലുമൊഴികെ ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥലരാശിക്കുള്ളില്‍ത്തന്നെയാണ് ഭൂരിഭാഗം സിനിമയും ചിത്രീകരിച്ചിരിക്കുന്നത്. മരിയന്‍ എത്രത്തോളം ദുരൂഹമായാണോ അയാളില്‍ അവശേഷിക്കുന്നത് അത്ര തന്നെ ദുരൂഹത അവശേഷിപ്പിച്ചുകൊണ്ടുതന്നെ, അയാളെ സ്വന്തം വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിക്കുന്നത്ര ആത്മാര്‍ത്ഥമായി വളര്‍ന്നിട്ടുകൂടി സ്വന്തം ആത്മവ്യഥകള്‍ ആരോടും പങ്കുവയ്ക്കാതെ ഒരു മുഴം കയറില്‍ ഒരുദിവസം ബ്രൂണോ സ്വന്തം ജീവിതം അവസാനിപ്പിക്കുന്നത്. ബ്രൂണോ അവശേഷിപ്പിച്ചു പോയ ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്ററുടെ ഭാരിച്ച ഉത്തരവാദിത്തത്തിലേക്കു സ്ഥാനക്കയറ്റം ലഭിച്ച് മറ്റൊരു ബ്രൂണോയായി ക്രിസ്റ്റിയന്‍ അവരോധിതനാവുന്നിടത്താണ് ഇന്‍ ദ ഐല്‍സ് അവസാനിക്കുന്നത്. ആള്‍ക്കൂട്ടത്തിനുള്ളിലും അവനവനെന്ന പ്രഹേളികകളവശേഷിപ്പിച്ചുകൊണ്ട് ദുരൂഹജീവിതം നയിക്കുന്നവരെക്കൊണ്ടു നിറഞ്ഞ നഗരലോകത്തിന്റെ മാനസികവും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥാസവിശേഷതകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റെന്ന പ്രതീകത്തിലൂടെ ആവിഷ്‌കരിക്കുകയാണു സംവിധായകന്‍. ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന തൊഴില്‍ സമ്മര്‍ദ്ദങ്ങളെയും തൊഴിലില്ലായ്മ ഉയര്‍ത്തുന്ന അരക്ഷിതാവസ്ഥകളെയും ചിത്രം അഭിസംബോധന ചെയ്യുന്നുണ്ട്.മാറിയ സാമ്പത്തിക ക്രമത്തില്‍ ദുസ്സഹമാവുന്ന ജീവിതങ്ങളുടെ അതിജീവനപ്പോരാട്ടമാണ് ഇന്‍ ദ ഐല്‍സ് ദൃശ്യവല്‍ക്കരിക്കുന്നത്.
പരിസ്ഥിതിയ്ക്കും സമ്പദ്ക്രമത്തിനും ഒരു പോലെ ആഘാതമുണ്ടാക്കുന്ന വന്‍കിട വ്യവസായത്തിനെതിരേ സ്വന്തമെന്നതിനപ്പുറം മനുഷ്യകുലത്തിന്റെ തന്നെ നിലനില്‍പിനു വേണ്ടിക്കൂടിയാണ്, കാനില്‍ അഭിപ്രായം നേടുകയും ഓസ്‌കറിലെ വിദേശചിത്രവിഭാഗത്തിലേക്ക് ഇടമുറപ്പിക്കുകയും ചെയ്ത ബെനഡിക്ട് എര്‍ളിങ്‌സന്റെ ഐസ് ലന്‍ഡ്, ഫ്രഞ്ച്, ഇംഗ്‌ളീഷ്, യുക്രെയിന്‍ സംയുക്ത സംരംഭമായ വുമന്‍ അറ്റ് വാര്‍ (കോന ഫെര്‍ ഇ സ്ട്രിയോ) എന്ന ചിത്രത്തിലെ മധ്യവയസ്‌കയായ നായിക ഹല്ലയുടെ ഒറ്റയാള്‍ പോരാട്ടം. യോഗ അധ്യാപികയായ വാല്ലയുടെ ഇരട്ട സഹോദരിയാണ് സംഗീതജ്ഞയായ ഹല്ല. ജനഹിതം മറികടന്ന് ഐസ് ലാന്‍ഡിന്റെ പരിസ്ഥിതിക്കു ഹാനിവരുത്തിക്കൊണ്ടു സ്ഥാപിക്കപ്പെടുന്ന റിയോ ടിന്റോ അലൂമിനിയം പ്‌ളാന്റിനെതിരായ പോരാട്ടത്തില്‍ ഉള്‍പ്പെട്ട സന്നദ്ധപ്രവര്‍ത്തകയാണു ഹല്ല. മരുഭൂമിയില്‍, എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് ഫാക്ടറിയിലേക്കുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വിച്ഛേദിക്കാന്‍ ഹല്ലയ്ക്കാവുന്നു, ഒരിക്കലല്ല പലവട്ടം. ആളില്ലാ ക്യാമറാ യന്ത്രപ്പറവകളും ഹെലിക്കോപ്റ്റര്‍ സര്‍വൈലന്‍സും വരെ ഏര്‍പ്പെടുത്തപ്പെട്ടിട്ടും സ്വന്തം ജീവന്‍ തന്ന പണയപ്പെടുത്തിയും വീണ്ടും വീണ്ടും അതേ സാഹസത്തിനു മുതിരുകയാണവര്‍.  സാമൂഹിക പ്രതിബദ്ധതയുടെ ഇച്ഛാശക്തിയോടെയുള്ള മുന്നേറ്റത്തില്‍ അവര്‍ക്കുമുന്നില്‍ ഒരു വിലങ്ങുതടിയേയുള്ളൂ. അതാവട്ടെ തീര്‍ത്തും വൈകാരികമായുള്ള ഒന്നാവുകയുമാണ്. വര്‍ഷങ്ങള്‍ക്കു മുന്നേ യുക്രെയിനിലെ അനാഥാലയത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ നല്‍കിയഅപേക്ഷ അംഗീകരിച്ചുകൊണ്ടു ലഭിക്കുന്ന സന്ദേശമാണത്.അവളെ കൈപ്പറ്റാനുള്ള തീയതി അടുക്കുന്നതിനിടെയാണ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഹല്ല പൊലീസ് പിടിയിലാവുന്നതും ജയിലലടയ്ക്കപ്പെടുന്നതും. അനിയത്തിയുടെ യത്‌നത്തിനു പിന്നിലെ ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ് ജയിലില്‍ അവരെ സന്ദര്‍ശിക്കാനെത്തുന്ന വല്ല, സാമൂഹികമായി വലിയ അര്‍ത്ഥമൊന്നുമില്ലാത്ത സ്വന്തം ജീവിതം പകരം നല്‍കി, കുറച്ചുവര്‍ഷത്തെ ജയിശിക്ഷ അവര്‍ക്കു പകരം ഹല്ലയായി ഏറ്റുവാങ്ങികൊണ്ട് ആരുമറിയാതെ ഹല്ലയെ വിടുതല്‍ ചെയ്യിച്ച് കുട്ടിയെ ഏറ്റുവാങ്ങാന്‍ പുറത്തിറക്കുന്നിടത്താണ് വുമന്‍ അറ്റ് വാര്‍ അവസാനിക്കുന്നത്. ദ ഒറിജനല്‍സിലെ നായകനെപ്പോലെ തന്നെ ഹല്ലയും സംഗീതത്തെ സ്‌നേഹിക്കുന്നവളാണ്. അയാളുടേതില്‍ നിന്നു വ്യത്യസ്തമായി അവള്‍ സംഗീതം കൊണ്ടു മാത്രം ജീവിക്കുന്നവളാണ്. അതുകൊണ്ടുതന്നെ സ്ഥിരവരുമാനമില്ലാത്തവളും. അതുകൊണ്ടുകൂടിയാണ് കുട്ടിയെ ദത്തെടുക്കാനുള്ള ആദ്യാപേക്ഷ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ തീരുമാനമാവാതെ ഇത്രകാലം വൈകിയതും.
മനുഷ്യന് ജീവിക്കാനാവശ്യമായതിലുമധികം വേണ്ട സമ്പത്തിനെപ്പറ്റി അറിവില്ലാത്തവരാണ് ഹല്ല.അതുകൊണ്ടാണ് ജീവിക്കാനാവശ്യമുള്ള ഭൂമിയെയും പ്രകൃതിയെയും തകര്‍ത്തുകൊണ്ടുള്ള വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കുന്നവരുടെ മുന്‍നിരയില്‍ അവര്‍ ഉള്‍പ്പെടുന്നത്. നാളയെ ഓര്‍ത്തു സമാധാനം നഷ്ടപ്പെടുന്നവരുടെ പ്രതിനിധി. വല്ലയാവട്ടെ, മാറിയ ലോകക്രമത്തില്‍ ആത്മസംഘര്‍ഷങ്ങളില്‍ പെടുന്നവര്‍ക്ക് സമാധാനം പകരാന്‍ ഗാന്ധിയന്‍ ആശയങ്ങളില്‍ ഉറച്ച് യോഗയും ധ്യാനവും പരിശീലിപ്പിക്കുന്നവരും. മാറുന്ന ലോകം വ്യക്തിസമാധാനം നശിപ്പിക്കുന്നതെങ്ങനെയൊക്കെയെന്നതിന്റെ് വിവിധതലങ്ങള്‍ ചിത്രം കാണിച്ചുതരുന്നു.
2028ലെ ഗോവ-തിരുവനന്തപുരം മേളകളിലെ മികച്ച ചിത്രങ്ങളിലൊന്ന് എന്ന പേരു നേടിയ ഈജിപ്ഷ്യന്‍ ചിത്രമായ അബു ബക്കര്‍ ഷാക്കിയുടെ യോമഡ്ഡൈനും കാന്‍ മേളയില്‍ നിന്ന് ഓസ്‌കറിലെ വിദേശവിഭാഗത്തിലേക്ക് ഇടം നേടിയ ചിത്രമാണ്. ഈജിപ്റ്റിലെ ഒരു കുഷ്ഠരോഗകേന്ദ്രത്തില്‍ കുഞ്ഞുന്നാളിലേ ഉപേക്ഷിക്കപ്പെടുന്നവനാണ് ബേഷായ്. വര്‍ഷങ്ങള്‍ക്കിപ്പുറം രോഗം പൂര്‍ണമായി ഭേദമായിട്ടും മുഖമടക്കം വികൃതമാക്കപ്പെടുകയും അംഗഹീനനാവുകയും ചെയ്ത ബേഷായിയെ സ്വീകരിക്കാന്‍ കുടുംബത്തില്‍ നിന്നാരും വന്നെത്തുന്നില്ല. കുഷ്ഠരോഗകേന്ദ്രത്തില്‍ നിന്നുതന്നെ ഒരുവളെ വിവാഹം കഴിച്ച് സമീപത്തെ നഗരമാലിന്യനിക്ഷേപകേന്ദ്രത്തിലേക്ക് ചവറു പെറുക്കിയെത്തിച്ചു വിറ്റ് ഉപജീവനം കഴിക്കുന്ന ബേഷായിക്കു കൂട്ടായി അനാഥനായ ഒബാമ എന്ന പയ്യന്‍ മാത്രമാണുള്ളത്.ഭാര്യയുടെ അകാലവിയോഗത്തെത്തുടര്‍ന്ന് ചില ഉള്‍വിളികള്‍ക്കു വശംവദനായി സ്വന്തം പൈതൃകം തേടി അങ്ങു ദൂരെ നൈല്‍ നദിക്കപ്പുറം ഖേനയിലെ ജന്മനാട്ടിലേക്ക് പൊട്ടിയ കുതിരവണ്ടിയില്‍ അയാള്‍ നടത്തുന്ന അതിസാഹസികയാത്രയുടെ കഥയാണ് യോമഡൈന്‍. യാത്രയില്‍ അയാളുടെ വിലക്കു കൂട്ടാക്കാതെ ഒബാമയും ഒപ്പം കൂടുന്നു. രോഗികളും മുഖം നഷ്ടപ്പെട്ടവരും അനാഥരും നഗരജീവിതങ്ങള്‍ക്ക് എത്രകണ്ട് അസ്പര്‍ശ്യരും അന്യരും അരികുവല്‍കൃതരുമായിത്തീരുമെന്ന് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ ചിത്രം കാണിച്ചുതരുന്നു. സമൂഹത്തിന്റെ തത്വദീക്ഷയില്ലായ്മയും കാപട്യവും തുറന്നുകാട്ടുന്നു.ഏറെ അലഞ്ഞും കഷ്ടപ്പെട്ടും ഒടുവില്‍ സ്വന്തം ജന്മഗ്രഹം കണ്ടെത്തിയെത്തുമ്പോള്‍ അയാളെ ഒരു നോക്കു കാണാന്‍ പോലും വിസ്സമ്മതിക്കുകയാണ് സഹോദരന്‍. നാട്ടുകാരറിഞ്ഞാലുള്ള നാണക്കേടിനപ്പുറം ചെറുതെങ്കിലും പൈതൃകസിദ്ധമായ സ്വത്തു പങ്കിടേണ്ടിവരുമോ എന്ന ആധിയുമുണ്ട് അതിനുപിന്നില്‍.എന്നാല്‍ അയാളോടു ചെയ്തതില്‍ മനംനൊന്ത് കുറ്റസ്സമ്മതം നടത്തുകയാണ് പക്ഷാഘാതം വന്നു കിടപ്പിലായിപ്പോയ പിതാവ്. അതുമാത്രം മതിയായിരുന്നു ബേഷായിക്ക്. പൊള്ളയായ നഗരജീവിതത്തിന്റെ ആഴമില്ലായ്മയേക്കാള്‍ ആത്മാര്‍ത്ഥത താന്‍ പാര്‍ത്ത മരുഭൂമിയിലെ അരികുജീവിതങ്ങള്‍ക്കിടയിലുണ്ടെന്നു തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തിലേക്കു തിരികെ മടങ്ങുന്ന ബേഷായിയുടെ അവസാന ഫ്രെയിമില്‍, അയാള്‍ ആത്മവിശ്വാസത്തോടെ, സ്വന്തം മുഖവൈകൃതം മറയ്ക്കാന്‍ ഒബാമ ഉണ്ടാക്കിക്കൊടുത്ത മുഖംമറയ്ക്കുന്ന തൊപ്പി കാറ്റിലേക്കു വലിച്ചെറിയുന്നിടത്ത് തീയറ്ററുകളിലുയരുന്ന കയ്യടി മാത്രം മതി ചിത്രത്തിന്റെ സ്വീകാര്യത ബോധ്യപ്പെടാന്‍.
വിശ്വാസത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും കാപട്യങ്ങള്‍ക്കിടെ മുഖം നഷ്ടപ്പെടുന്നവന്റെ വേദനതന്നെയാണ് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ജൂറിയുടെ ഗ്രാന്‍ഡ് പ്രീ സമ്മാനം നേടിയ മല്‍ഗോര്‍സത സുമോവ്‌സ്‌ക രചിച്ചു സംവിധാനം ചെയ്ത മഗ് എന്ന പോളിഷ് ചിത്രത്തിന്റെ പ്രമേയവും. കാതുപൊളിപ്പന്‍ റോക്ക് മെറ്റല്‍ സംഗീതവും നായ്കളുമാണ് യുവാവായ ജസെക്കിന്റെ ഇഷ്ടങ്ങള്‍. ജര്‍മ്മന്‍ അതിര്‍ത്തിയില്‍ പണിതുയര്‍ത്തപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ ജീസസ് ശില്‍പത്തിന്റെ പണിക്കാരില്‍ ഒരാളാണയാള്‍. കാമുകിയും നര്‍ത്തകയുമായ ഡാഗ്മരയുടെ ഹൃദയവും ശരീരവും കവര്‍ന്ന സുന്ദരന്‍.യാഥാസ്ഥിതികമായ കുടുംബപരിസരങ്ങളില്‍ ഒച്ചപ്പാടും ബഹളവുമായി ഒറ്റതിരിഞ്ഞുനില്‍ക്കുന്നയാള്‍. വീട്ടിലും നാട്ടിലും അയാളങ്ങനെ പ്രത്യേകതകള്‍ കൊണ്ട് ഒറ്റപ്പെട്ടവനാവുന്നു, സ്വീകാര്യനും. എല്ലാം മാറ്റിമറിക്കുന്നത് അപ്രതീക്ഷിതമായുണ്ടാവുന്ന ആ അപകടമാണ്. നിര്‍മാണശാലയിലുണ്ടാവുന്ന ഒരപടകത്തില്‍ ഉയരത്തില്‍ നിന്നു വീഴുന്ന ജസെക്കിന് സ്വന്തം മുഖം നഷ്ടമാവുന്നു. പ്‌ളാസ്റ്റിക് സര്‍ജറി ചെയ്ത പുതിയ മുഖവും വ്യക്തതിയില്ലാത്ത സംഭാഷണവും  ശാരിരികമായി അയാളെ മറ്റൊരാളാക്കുന്നു. സ്വന്തം കാമുകി പോലും അയാളെ സ്വീകരിക്കാന്‍ വിസ്സമ്മതിക്കുമ്പോള്‍ രാജ്യത്താദ്യമായി പ്‌ളാസ്റ്റിക് സര്‍ജറിയിലൂടെ ജീവിതത്തിലേക്കു മടങ്ങിയെത്തിയ അത്ഭുതജന്മമെന്ന നിലയില്‍ ഗ്രാമത്തിലും നഗരത്തിലും അയാള്‍ പ്രശസ്തനാവുന്നു.മാധ്യമങ്ങള്‍ക്ക് അയാള്‍ ഇഷ്ടവിഷയമാവുന്നു.കമ്പോളം അയാളെ ഏറ്റെടുക്കുന്നു. ആരോഗ്യഭക്ഷണത്തിനും ടിവിക്കുമടക്കം അയാള്‍ മോഡലാവുന്നു. പള്ളിയിലും പൊതുവിടങ്ങളിലും അയാളോടൊപ്പം നിന്നു ചിത്രമെടുക്കാന്‍ ആളുകള്‍ ഓടിക്കൂടുന്നു. അതേ സമയം വീട്ടില്‍, സ്വന്തം കൂടെപ്പിറപ്പുകള്‍ക്കും പ്രേമഭാജനത്തിനും അയാള്‍ അന്യനാവുന്നു.മറ്റൊരര്‍ത്ഥത്തില്‍ സെലിബ്രിട്ടിയാക്കി സമൂഹവും അയാളെ അന്യവല്‍ക്കരിക്കുകയാണ്, അതിന്റെ മറ്റൊരതിരിലേക്കു മാറ്റിനിര്‍ത്തുകയും.
നഗരം കുറ്റവാളികളാക്കി പ്രാന്തവല്ക്കരിക്കുന്ന നിരാലംബ ജീവിതങ്ങളെയാണ് ബ്രസീലില്‍ നിന്നുള്ള  പോര്‍ച്ച്യുഗീസ് സംയുക്ത നിര്‍മിതിയായ ഹെന്‍ റിക് ഗോള്‍ഡ്മാന്റെ 496( ഒ നോമെ ഡാ മോര്‍ട്ടെ)യും വരച്ചു കാട്ടിയത്. യഥാര്‍ത്ഥ സംഭവങ്ങളെ അധികരിച്ച് വിക്ടര്‍ ലിയെറ്റ് എഴുതിയ ലഘുനോവലാണ് ചിത്രത്തിന് ആധാരം. സംഗീതജ്ഞനാവാനാഗ്രഹിക്കുന്നവനാണ് നായകനായ യൂലിയ സന്താന. അയാളുടെ അച്ഛനാവട്ടെ നഗരത്തിലെ സ്വന്തം സഹോദരനെപ്പോലെ തന്റെ മകനുമൊരു പോലീസുകാരനാവണമെന്നാണ്. അതിനുവേണ്ടി ഇളയച്ഛനോടൊപ്പം നഗരത്തിലേക്കു തിരിക്കേണ്ടിവരികയാണ് യൂലിയോയ്ക്ക്. അവിടെയെത്തുമ്പോള്‍ മാത്രമാണ് രാജ്യാന്തര മയക്കുമരുന്നു മാഫിയയുടെ പിടിയില്‍ നിന്നു മെല്ലെ മോചിപ്പിക്കപ്പെട്ടുവെങ്കിലും, കാരണമെന്തെന്നറിയാതെ കിട്ടുന്ന കാശിന് ഇരകള്‍ക്കു നേരെ ഉന്നം തെറ്റാതെ വെടിവച്ചിടുന്ന സമകാലിക ബ്രസീലിലെ വാടകക്കൊലിയാളികളില്‍ ഒരാള്‍ മാത്രമാണ് ഇളയച്ഛനെന്ന് യൂലിയോ തിരിച്ചറിയുന്നത്. സ്വേച്ഛയ്ക്കു വിരുദ്ധമായി ഇളയച്ഛന്റെ തൊഴിലില്‍ പങ്കാളിയാവേണ്ടിവരുന്ന യൂലിയോ വൈകാതെ കറയറ്റൊരു കൊലയാളിയായിത്തീരുകയാണ്. ഇതിനിടെ, പരിചയപ്പെട്ട ഒരു യുവതിയുമായി പ്രണയത്തിലാവുകയും അവളില്‍ ഒരു മകനുണ്ടാവുകയും ചെയ്യുമ്പോഴും നഗരപ്രാന്തത്തില്‍ മറ്റൊരു വ്യക്തിത്വത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ സ്വന്തം വ്യക്തിത്വം അവള്‍ക്കുമുന്നില്‍പ്പോലും വെളിപ്പെടുത്തുന്നില്ലയാള്‍. പണത്തിനു വേണ്ടി 492 കൊലകള്‍ വിദഗ്ധമായി നിര്‍വഹിക്കുന്നതിനിടെ, മറ്റു കൊലയാളികളെപ്പോലെ തന്നെ എന്തിനുവേണ്ടിയായിരുന്നു അവ എന്ന് ഒരിക്കല്‍പ്പോലും അന്വേഷിക്കുന്നില്ല അയാള്‍. ഒടുവില്‍ കാരണമറിയാതെ കൊലയാളികളുടെ തോക്കിനിരയായി സ്വന്തം മകന്‍ കൊല്ലപ്പെടുന്നതിനെത്തുടര്‍ന്നു മാത്രമാണ് അയാളറിയുന്നത്, നാളിതുവരെ വിശ്വസ്തയായി ഒപ്പം ജീവിച്ചവളും മറ്റൊരു വാടകക്കൊലയാളിയാണെന്ന്!
വിവിധ കാരണങ്ങള്‍ കൊണ്ട് പ്രതിവര്‍ഷം അറുപത്തയ്യായിരത്തിലേറെ വാടകക്കൊലകള്‍ അരങ്ങേറുന്ന ബ്രസീലിന്റെ സമകാലിക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അവസ്ഥാവിശേഷമാണ് സംവിധായകന്‍ വരഞ്ഞിടുന്നത്. സമൂഹം കുറ്റവാളികളാക്കുന്നവന്റെ ജീവിതം ലോകസിനിമ പലവട്ടം പ്രമേയമാക്കിയിട്ടുണ്ടെങ്കിലും ഒരു നാടിന്റെ രാഷ്ട്രീയ അധികാര വ്യവസ്ഥ തന്നെ നേരിട്ടു പൗരനെ കുറ്റവാളിയാക്കുന്ന യുക്തിരാഹിത്യമാണ് 492 തുറന്നു കാട്ടുന്നത്. കൊല്ലപ്പെടുന്നവന്റെയും സ്വയമറിയാതെ കൊലയാളിയായി മാറ്റപ്പെടുന്നവന്റെയും മനുഷ്യാവകാശപ്രശ്‌നമാണ് ചിത്രം ചര്‍ച്ചയ്‌ക്കെടുക്കുന്നത്.
ഇവിടെ പരാമര്‍ശിക്കപ്പെട്ട ചിത്രങ്ങളിലൊക്കെയും നായിക/നായകന്മാര്‍ അവരുടെ സ്വന്തം താല്‍പര്യങ്ങളെ, ഇച്ഛകളെ, കാമനകളെ മറ്റുള്ളവര്‍ക്കുവേണ്ടി, സമൂഹത്തിനുവേണ്ടി ഉള്ളിലൊതുക്കി ജീവിക്കാന്‍ വേണ്ടി മറ്റൊരു തൊഴിലിലേക്കു നിര്‍ബന്ധിക്കപ്പെടുന്നവരാണ്, അതില്‍ താരതമ്യേന മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടുന്നവരും. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ അവരറിയാതെ അവരെല്ലാം സമൂഹത്തിന്റെ ഏതെങ്കിലുമൊക്കെ അതിരുകളിലേക്ക് നീക്കിനിര്‍ത്തപ്പെടുന്നു. അധികാരവും മൂലധനവും നിര്‍ണയിക്കുന്ന ജീവിതസാഹചര്യങ്ങളില്‍ നിസ്സഹായരായി അന്ധാളിച്ചു നില്‍ക്കാനേ അവരിലേറെപ്പേര്‍ക്കും സാധിക്കുന്നുമുള്ളൂ. സ്വയമുള്ളിലേക്കു നോക്കി അവനവനെത്തന്നെ തിരിച്ചറിയാനാവുന്നവര്‍ക്കു മാത്രമാണ് അവസാനനിമിഷമെങ്കിലും സ്വയം രക്ഷപ്പെടാനാവുന്നുള്ളൂ. ലോകത്തെവിടെയും ആധുനിക മനുഷ്യന്‍ ആത്മാര്‍ത്ഥമായി കാംക്ഷിക്കുന്ന രക്ഷപ്പെടല്‍ തന്നെയാണത്. അരികുജീവികളായ സാധാരണക്കാരന്റെ/തൊഴിലാളിയുടെ/കലാകാരന്റെ/ ജീവനക്കാരന്റെ മനസുകളില്‍ പ്രഹേളികയായി അവശേഷിക്കുന്ന വിടുതല്‍ മോഹംതന്നെയാണത്. മനുഷ്യവ്യഥകളുടെ വൈവിദ്ധ്യമാര്‍ന്ന ആവിഷ്‌കാരത്തിലൂടെ സിനിമ ലോകത്തെ ഒരുമിപ്പിക്കുന്നതെങ്ങനെയെന്നതിന്റെ ദൃഷ്ടാന്തം കൂടിയായിത്തീരുന്നു ഈ സിനിമകള്‍.

Wednesday, December 05, 2018

excessive violence in world cinema, a regoinder in the wake of films shown in iffi2018@ kalakaumudi

അതിഹിംസയുടെ ദൃശ്യവൈകൃതങ്ങള്‍
എ.ചന്ദ്രശേഖര്‍
തീവ്രവികാരങ്ങളുടെ നൈസര്‍ഗികവിസ്‌ഫോടനങ്ങളാണല്ലോ സര്‍ഗാത്മകരചനകള്‍ക്കുള്ള ഹേതുവായിത്തീരുക. മൃദുലവികാരങ്ങള്‍ക്കു മാത്രമല്ല കലയില്‍, മനുഷ്യന്റെ ഇരുണ്ട തൃഷ്ണകള്‍ക്കും കറുത്ത വികാരങ്ങള്‍ക്കും കൂടി തുല്യപ്രാധാന്യം ലഭിച്ചു കാണാറുണ്ട്. കുറ്റവും ശിക്ഷയും ബ്രദേഴ്‌സ് കാരമസോവും പോലുള്ള കൃതികളില്‍ തുടങ്ങി മനുഷ്യമനസുകളുടെ മഹാതമസുകളിലേക്കു പ്രകാശം വിതാനിക്കാനാണു എഴുത്തുകാരനും ചിത്രകാരന്മാരും കലാകാരന്മാരുമൊക്കെ ശ്രമിച്ചു വന്നിട്ടുള്ളത്. നന്മതിന്മകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പെട്ടുഴലുന്ന മനുഷ്യമനസുകളുടെ പ്രഹേളികകള്‍ പ്രശ്‌നവല്‍ക്കരിക്കുക വഴി അവന്റെ ആത്മസംഘര്‍ഷങ്ങള്‍ക്ക് ഒരളവുവരെ വിമുക്തി നല്‍കാനും അവന്റെ മനസിനെ വിമലീകരിക്കാനുമാണ് ഇത്തരം വൈകാരികപ്രതിനിധാനങ്ങള്‍ ലക്ഷ്യം വച്ചതും സാക്ഷാത്കരിച്ചതും. ജീവിതത്തിനു നേരെ പിടിച്ച കണ്ണാടി എന്ന നിലയ്ക്കു ചലച്ചിത്രവും മൃദുല/ഉത്തമവികാരങ്ങള്‍ക്കൊപ്പം മനുഷ്യമനസിന്റെ അധമചോദനകളെയും ദുഷ്ടവികാരങ്ങളെയും ഒരുപോലെ പ്രതിനിധാനം ചെയ്തു;പ്രത്യക്ഷീകരിച്ചു. മനുഷ്യന്റെ അടിസ്ഥാന ചോദനകളായ ലൈംഗികതയ്‌ക്കൊപ്പം അക്രമോത്സുകത അഥവാ ഹിംസാത്മകതയും ഇങ്ങനെ തിരിയടത്തില്‍ പ്രസക്തമാവുകയും അത്തരം ജനുസുകളില്‍ ക്‌ളാസിക്കുകളെന്നു വിശേഷിപ്പിക്കാവുന്ന രചനകളുണ്ടാവുകയും ചെയ്തു. എന്നാല്‍ ഈ രണ്ടു വികാരങ്ങളുടെയും കലാത്മകവും സാമൂഹികവുമായ അതിരുകള്‍ ലംഘിക്കപ്പെടുമ്പോള്‍ അവയുടെ കലാമൂല്യത്തിനു മങ്ങലേല്‍ക്കുകയും അവയുടെ ജനുസില്‍ തന്നെ മാറ്റം സംഭവിക്കുകയും ചെയ്യും. അതുകൊണ്ടാണ് പ്രമേയമാവശ്യപ്പെടുന്ന ലൈംഗികചിത്രീകരണമുള്ള സിനിമകളില്‍ നിന്ന് കലാംശം ഒട്ടുമില്ലാത്ത ലൈംഗിക ചിത്രണമെന്നനിലയ്ക്ക് പോര്‍ണോഗ്രാഫി അഥവാ അശ്ലീലചിത്രങ്ങള്‍ മറ്റൊരു ജനുസിലേക്കു മാറ്റിനിര്‍ത്തപ്പെടുന്നത്. സദാചാര/സെന്‍സര്‍ഷിപ് മൂല്യവിചാരങ്ങളാലല്ല മറിച്ച്, കലാതത്വങ്ങളുടെ ലാവണ്യവിചാരങ്ങളിലൂന്നി മാത്രമാണ് ഈ വിഭജനമെന്നതു പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.
ലൈംഗികതയുടെ കാര്യത്തിലെന്നപോലെ ഹിംസയുടെ കാര്യത്തിലും എന്ത്/എങ്ങനെ/എത്രത്തോളം എന്ന പരിഗണനകള്‍ അതിലംഘിച്ചുള്ള ധാരാളം പരീക്ഷണങ്ങള്‍ കാലാകാലങ്ങളില്‍ ചലച്ചിത്രമാധ്യമത്തില്‍ ഉണ്ടായിട്ടുണ്ട്.പക്ഷേ, അവ കലയുടെ വരുതിയിലും പരിധിയിലും ഉള്ളടങ്ങിനില്‍ക്കുമ്പോള്‍ മാത്രമാണ് അവയെ കലാസൃഷ്ടിയെന്ന നിലയ്ക്ക് ആസ്വദിക്കാന്‍ സാധ്യമാവുക. മറിച്ച് പ്രതിരോധിക്കാന്‍ എന്ന വ്യാജത്തില്‍ അവയുടെ സകല സീമകളും താണ്ടുമ്പോള്‍ ഹിസയും ലൈംഗികതയും ആസ്വാദ്യതയല്ല ജഗുപ്‌സയാണ് അനുവാചകനില്‍ അവശേഷിപ്പിക്കുക. നവംബര്‍ 28ന് ഗോവയില്‍ കൊടിയിറങ്ങിയ ഇന്ത്യയുടെ 49 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആചാര്യസ്ഥാനത്തുള്ള ആധുനികരടക്കമുള്ള ചില ചില ചലച്ചിത്രകാരന്മാരുടെ പുതിയ ചിത്രങ്ങള്‍ കാണുമ്പോള്‍, സര്‍ഗാത്മതയില്‍ സംഭവിച്ച മൂല്യച്യുതിയും പ്രമേയദാരിദ്ര്യവും ദൃശ്യപരിചരണത്തില്‍ സംഭവിച്ച മാധ്യമപരവഴക്കക്കുറവുമോര്‍ത്ത് നിരാശപ്പെടാനേ തരമുള്ളൂ. ലോകമാകമാനം മനുഷ്യസമൂഹത്തിന് വന്നുപെട്ട മാറ്റങ്ങളുടെ പ്രതിഫലനമായിത്തന്നെ കണക്കാക്കപ്പെടേണ്ടതാണെങ്കിലും സാഹിത്യാദി കലകളിലേതിനേ അപേക്ഷിച്ച് കാഴ്ചയുടെ അരക്ഷിതാവസ്ഥ കയ്യാളുന്നതുകൊണ്ടുതന്നെ സിനിമയിലെ അമിത വയലന്‍സിന്റെ രാഷ്ട്രീയം വിശകലനം ചെയ്യേണ്ടതുണ്ട്. ഡിസംബര്‍ ഏഴിന് തിരുവനന്തപുരത്താംഭിക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലും ഇടം നേടിയ ഈ ചിത്രങ്ങള്‍ അവ പ്രത്യക്ഷീകരിക്കുന്ന ഹിംസാത്മകതയുടെ അശ്‌ളീലത്തിന്റെ പേരില്‍ത്തന്നെ വിലയിരുത്തപ്പെടുന്നത് അതുകൊണ്ടുതന്നെ പ്രസക്തമാണ്.
തൊണ്ണൂറുകളില്‍ ലോകസിനിമയില്‍ ഘടനാപരവും പ്രമേയപരവുമായ ദൃശ്യവിപ്‌ളവത്തിനു തുടക്കമിട്ട ഡോഗ്മെ 95 പ്രസ്ഥാനത്തിന്റെ പ്രോത്ഘാടകരിലൊരാളായ ഡാനിഷ് ചലച്ചിത്രകാരന്‍ ലാര്‍സ് വോണ്‍ ട്രെയറുടെ ഏറ്റവും പുതിയ രചനയായ ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ് (2018), അതു മുന്നോട്ടുവയ്ക്കുന്ന അറപ്പുളവാക്കുന്ന അത്യാക്രമണോത്സുകതയുടെ ബീഭത്സമായ ഹിംസാത്മകതയുടെ പേരിലാണ് കാന്‍ ചലച്ചിത്രമേളയിലടക്കം ആഘോഷിക്കപ്പെടുന്നത്. കലയിലേതിനേക്കാള്‍ ഭീകരമായ ഹിംസ അരങ്ങേറുന്ന ലോകത്ത് ആത്മഹത്യ ചെയ്യാതെ, ഇറങ്ങിപ്പോകാതെ നില്‍ക്കുന്നവരുടെ ശബ്ദമാണ് ട്രെയര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ എന്നവകാശപ്പെടുന്ന ഈ ചിത്രത്തില്‍ പ്രതിനിധാനം ചെയ്യുന്നതെന്നാണ് ഒരു വാദം. ഗുരുതരമായ മാനസികരോഗമുള്ള വാസ്തുശില്‍പിയായ ഒരു എന്‍ജിനീയറുടെ ആത്മകഥാകഥനമെന്നോ കുമ്പസാരമെന്നോ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ചിത്രത്തിന്റെ ഇതിവൃത്തം.തീര്‍ച്ചയായും ഹിച്ച്‌കോക്കിയന്‍ സ്‌കൂളെന്ന് ഒറ്റക്കേള്‍വിയില്‍ കള്ളിചേര്‍ക്കാവുന്ന ചിത്രം. സീരിയല്‍ കില്ലറുടെ ഒരു നൂറു ദൃശ്യാഖ്യാനങ്ങള്‍ കണ്ടിട്ടുള്ളവരാണ ആഗോള പ്രേക്ഷകര്‍. പക്ഷേ, വമനേച്ഛയുളവാക്കുന്ന, തിരയില്‍ നിന്നു പ്രേക്ഷകന് ആത്മരക്ഷാര്‍ത്ഥം കണ്ണുപൊത്തിണ്ടുന്നവിധത്തിലുള്ള ഹിംസാവൈകൃതങ്ങളാണ് ചിത്രത്തിലെ ഓരോ ഖണ്ഡത്തിലും സംവിധായകന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിശ്ചതഫ്രെയിമുകളോ ഉറപ്പിച്ച ക്യാമറയോ നിയതമായ തിരക്കഥപോലുമോ ചിത്രനിര്‍മാണത്തിനാവശ്യമില്ലെന്നു സംഹിതകള്‍ നിശ്ചയിച്ച ഒരു ചലച്ചിത്രകാരനില്‍ നിന്ന് വിഗ്രഹഭഞ്ജനങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കേണ്ടതു തന്നെ.2009ല്‍ ആന്റി ക്രൈസ്റ്റ് എന്ന ചിത്രത്തില്‍ ഹിംസയുടെ കലാപരമായ ദൃശ്യവിന്യാസത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ട്രെയറില്‍ നിന്ന് പ്രതീക്ഷിക്കാനാവാത്തതായിരുന്നില്ല അതിലുമധികമായ സെക്‌സും വയലന്‍സുമെങ്കിലും, ആന്റീ ക്രൈസ്റ്റില്‍ ഹിംസയുടെയും ലൈംഗികതയുടെയും ആത്മീയതയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ അതിനു മറ്റൊരു ദാര്‍ശനിക തലം സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ദ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റിലെത്തുമ്പോഴാകട്ടെ, അത് വയലന്‍സിന്റെ നാളിതുവരെയുള്ള എല്ലാ ദൃശ്യ വഴക്കങ്ങളെയും ശീലങ്ങളെയും മറികടക്കുന്നു; കലയുടെ ലാക്ഷണിക/ലാവണ്യവഴക്കങ്ങളെയും. അതു നല്ലതാണോ അല്ലയോ എന്നതിലാണ് തുടര്‍ച്ചര്‍ച്ചകളും വിലയിരുത്തലുകളും ആവശ്യമായിവന്നിട്ടുള്ളത്. കാരണം, ഭിന്ന ലൈംഗികതയ്ക്ക് ശാരീരിക/മാനസിക/സാമൂഹിക/ചരിത്രപരമായ ന്യായീകരണങ്ങള്‍കൊണ്ടു തന്നെ അവയര്‍ഹിക്കുന്ന സാധൂകരണത്തിനായി വാദിക്കുന്നിതിനിടെ അതേ വാദഗതിയുടെ ചുവടുപറ്റി പീഡോഫീലിയ പോലുള്ള കുറ്റകരവും പ്രതിലോമകരവുമായ സാമൂഹികവിരുദ്ധത കൂടി സമൂഹമാധ്യമങ്ങളില്‍ ന്യായീകരിക്കപ്പെട്ടതിനു സമാനമായേ സിനിമയിലെ ഈ നവപ്രവണതയെ സമീപിക്കാനാവൂ. കാരണം അത്രമേല്‍ അറപ്പും വെറുപ്പുമുളവാക്കുന്ന കാഴ്ചയാണ് അവ മുന്നോട്ടുവയ്ക്കുന്നത്.
താന്‍ ഒന്നൊന്നായി വധിക്കുന്നവരെ ഓരോരുത്തരെയായി അവരുടെ ശരീരം പിളര്‍ന്നും അറുത്തും മുറിച്ചും തച്ചും തകര്‍ത്തും വികൃതമാക്കി ദൃശ്യപ്രതിഷ്ഠാപനമെന്നോണം പ്രതിഷ്ഠിച്ച് ഫോട്ടോയെടുത്ത് പുതിയ പാറ്റേണുകള്‍ സൃഷ്ടിക്കുകയാണ് വാസ്തുശില്‍പിയായ ജാക്ക്. (ജാക്ക് ദ റിപ്പറില്‍ നിന്നാവാം ഈ പേരു തന്നെ ട്രെയര്‍ കഥാപാത്രത്തിനു തെരഞ്ഞെടുത്തത്). രാത്രി തെരുവുവിളക്കുകള്‍ കത്തി നില്‍ക്കുന്ന നടവഴിയിലൂടെ നടക്കുന്ന ഒരാളുടെ നിഴലും സ്വത്വവും തമ്മിലുള്ള ബന്ധമായിട്ടാണ് കൊല്ലാനുളള വാസനയെ ജാക്ക് സ്വയം നിര്‍വചിക്കുന്നത്. ഒരു വിളക്കുകാലിനു നേരെ ചോട്ടില്‍ നിന്ന് മറ്റൊന്നിലേക്കു നടക്കുന്ന അയാളുടെ മുന്നില്‍ സ്വന്തം  നിഴല്‍ ചെറുതില്‍ നിന്ന് വളര്‍ന്ന് രണ്ടു വിളക്കുകള്‍ക്ക് ഒത്ത നടുവിലെത്തുമ്പോള്‍ ഭീമാകാരമാര്‍ജ്ജിക്കുന്നു. തുടര്‍ന്ന് അടുത്ത ലൈറ്റിലേക്കുള്ള നടത്തത്തില്‍ നിഴല്‍ അയാള്‍ക്കു പിന്നില്‍ ഭീമാകാരമാര്‍ജിക്കുകയാണ്. ഒരു കൊലയുടെ നിര്‍വൃതിയില്‍ ആത്മസാക്ഷാത്കാരം നേടുന്ന തനിക്ക് അടുത്ത കൊലയ്ക്കിടയിലെ ഇടവേളയില്‍ സംഭവിക്കുന്ന മാനസികവ്യതിയാനത്തെയാണ് ഈ ദൃശ്യബിംബത്തിലൂടെ ചലനാത്മകമായി ജാക്ക് വിവരിക്കുന്നത്.അടുത്ത കൊല വരെ അയാളുടെ മനസ് പിന്നില്‍ ഭീമാകാരമായി വളരുന്ന നിഴലിനു സമാനമായി പ്രക്ഷുബ്ധമാവും അസ്വസ്ഥവുമാവുകയാണ്. അതില്‍ നിന്നുള്ള വിടുതലും സ്വാസ്ഥ്യം തേടലുമാണയാള്‍ക്ക് ഓരോ കൊലയും. അത് ഒന്നില്‍ നിന്നു രണ്ടും രണ്ടില്‍ നിന്ന് ഒറ്റയടിക്കു മൂന്നും എന്ന മട്ടില്‍ വളര്‍ന്ന് ഒടുവില്‍ സ്വന്തം കൂടുംബത്തെത്തന്നെ ക്രൂരമായി വകവരുത്തുന്നതിലവസാനിക്കുന്നു. വേട്ടയുടെ ചിട്ടവട്ടങ്ങളാണ് അതിനയാള്‍ പാലിക്കുന്നത്. അമ്മയെ വരുതിക്കുവരുത്താന്‍ ആദ്യം പിള്ളയെ കൊല്ലണമെന്നാണയാളുടെ വാദം.അമിത വൃത്തിയും വെടിപ്പുമെന്ന ഒബ്‌സസീവ് കമ്പല്‍സീവ് ഡിസോര്‍ഡറിനിരയാണ് ജാക്ക്. എന്നാല്‍ ലൈംഗികതയെന്ന പോലെ നിര്‍വൃതിദായകമായ കൊലയും അതിനുശേഷം ജഡത്തോട് അയാള്‍ ചെയ്യുന്ന കൊടും ക്രൂരതകളും (കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുക മുലകള്‍ മുറിച്ചെടുക്കുക, തലച്ചോര്‍ പിളര്‍ക്കുക ഇത്യാദി) ക്രമേണ അയാളിലെ ഒബ്‌സസീവ് ന്യൂറോട്ടികിനെ മയക്കത്തിലാഴ്ത്തുകയാണ്. കുട്ടികളായ ഇരകളോടുപോലും കൊലയാളി കാട്ടുന്ന പേക്കൂത്തുകള്‍ നേരിട്ടു ചിത്രീകരിച്ചു കാണിച്ചുതരികയാണ് ട്രെയര്‍, മറയും അതിരുമില്ലാത്ത രതി, അതിന്റെ എല്ലാ ഭ്രാന്തതീവ്രതയോടും ചിത്രീകരിച്ചുകാട്ടിത്തരുന്ന പോര്‍ണോഗ്രാഫിയിലെന്നപോലെ. ഹിംസ അശ്ലീളമാകുന്നത് ഇവിടെയാണ്. തന്റെ ഇരകളുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങളെ ഇരുത്തിയും കിടത്തിയും നിര്‍ത്തിയുമുണ്ടാക്കുന്ന പാറ്റേണുകളാണ് അയാള്‍ വാസ്തുശില്‍പപരീക്ഷണങ്ങള്‍ക്കുപയോഗിക്കുന്നത്. അനിയന്ത്രിതമായ രതിചോദനകളുടെയും അടക്കിനിര്‍ത്തിയ കുറ്റബോധത്തിന്റെ ബഹിസ്ഫുരണമായിത്തീരുന്ന അമിതാസക്തയുടെയും ആത്മീയത ചര്‍ച്ച ചെയ്ത ആന്റീ ക്രൈസ്റ്റിലെ രതി/ഹിംസ എന്നിവയില്‍ നിന്ന് ജാക്കിലെത്തുമ്പോള്‍ കലയും അര്‍ത്ഥവും നഷ്ടമാവുന്നത് ധ്വന്യാമക്തയുടെ അപ്രത്യക്ഷത്തിലൂടെയാണ്. കല വികാരത്തെ ധ്വനിപ്പിക്കുന്നതിലൂടെ ആസ്വാദ്യമാക്കുമ്പോള്‍ ഇവിടെ വികാരത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അത് ദൃശ്യാശ്ലീലമായിത്തീരുന്നു..സൈക്കോളജിക്കല്‍ സീരിയല്‍ കില്ലര്‍ കഥകളുടെ ആഖ്യാനകം ഹിച്ച്‌കോക്കിന്റെ സൈക്കോയില്‍ ചുറ്റിപ്പറ്റിനില്‍ക്കേണ്ടതല്ലെന്നതില്‍ തര്‍ക്കമില്ല. വാസ്തവാനന്തര കാലത്തെ മാറുന്ന സാമൂഹികലോകക്രമത്തിലെ മനുഷ്യമനസുകളുടെ പ്രശ്‌നവല്‍ക്കരണത്തിനും അത്തരം ചിത്രങ്ങള്‍ വിഷയമാകണമെന്നതിലും വിരുദ്ധാഭിപ്രായമില്ല. പക്ഷേ, അവയുടെ ആഖ്യാനത്തിന്റെ കലാത്മകമായ സത്യസന്ധതയിലാണ് ജാക്ക് പോലുള്ള ചിത്രങ്ങളുടെ കാഴ്ചാനുഭവം സാധാരണ പ്രേക്ഷകനെ സന്ദേഹിയാക്കുന്നത്.
ഗ്രാമാന്തരത്തിലെ ഒറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന മധ്യവയസ്‌കയെ കൊന്ന് കടലാസില്‍ പൊതിഞ്ഞു വണ്ടിയിലൊളിപ്പിക്കുന്ന ജാക്ക് അപ്രതീക്ഷിതമായി അവിടെ എത്തപ്പെടുന്ന പൊലീസുകാരനില്‍ നിന്നു രക്ഷപ്പെടാന്‍ അവരുടെ ജഡം കെട്ടിവലിച്ച് താവളത്തിലേക്കു കൊണ്ടുപോകുമ്പോള്‍ കൃത്യസ്ഥലം മുതല്‍ താവളം വരെ ജഡമുരഞ്ഞുണ്ടാവുന്ന ചോര/മാംസപ്പാടുകള്‍ പ്രശ്‌നമായേക്കുമല്ലോ എന്ന് ആധിപ്പെടുന്ന നായകന്റെ ആത്മഗതത്തിനു മേല്‍ ആ രാത്രി അപ്രതീക്ഷിതമായി പെയ്യുന്ന മഴ ചോരക്കറകള്‍ ഒഴുക്കിത്തുടയ്ക്കുന്ന രംഗം കാണുന്ന പ്രേക്ഷകരില്‍ ഒരു പക്ഷം തീയറ്ററില്‍ മുഴക്കിയ കയ്യടിയാണ് ഈ ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രതിലോമദാര്‍ശനികതയുടെ ഏറ്റവും പരിതാപകരമായ പ്രത്യാഘാതമെന്നു പറയാതെ വയ്യ. ഇത്തരം ചലച്ചിത്രരചനകളുണ്ടാവുന്നു എന്നതിനേക്കാള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്, സാമൂഹികമായ യാതൊരുവിധ ന്യായവാദങ്ങളിലൂടെയും സാധൂകരിക്കപ്പെടാനാവാത്ത ഈ ദൃശ്യങ്ങളോടുള്ള ഞെട്ടിപ്പിക്കുന്ന ഈ പ്രേക്ഷകപ്രതികരണം.വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ തീയറ്ററിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം പ്രേക്ഷകരും ഹിംസാവൈകൃതം സഹിക്കാനാവാതെ ഘട്ടംഘട്ടമായി തീയറ്റര്‍ വിട്ടുപോരുകയായിരുന്നുവെന്നതുതന്നെ, ചിത്രാന്ത്യത്തിലെ കല്‍പിച്ചുകൂട്ടി നിഗൂഢത ആരോപിച്ചുണ്ടാക്കിയ ഫാന്റസി ക്‌ളാമാക്‌സോളം കണ്ടിരുന്ന ന്യൂനപക്ഷത്തിന്റെ എഴുന്നേറ്റുനിന്നുള്ള കൈയടികളെ നിഷ്പ്രഭമാക്കുന്ന സത്യസന്ധമായ പ്രതികരണമായിരുന്നു.ലൈംഗികവൈകൃതത്തിന്റെ ആഘോഷമായിരുന്ന ഗാസ്പര്‍ നോവിന്റെ ഫ്രഞ്ച് ബല്‍ജിയം സംയുക്ത നിര്‍മിതിയായ ലവ് എന്ന മൂന്നാംകിട ത്രിമാനചിത്രത്തിനു 2015ല്‍ എഴുന്നേറ്റു നിന്നു കയ്യടിച്ചവരാണു കാന്‍ മേളയിലെ കാണികള്‍ എന്നു കൂടി ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ മൂല്യച്ച്യുതി കാന്‍ പോലുള്ള മേളകളെയും എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നാണു ഈ എഴുന്നേറ്റുനില്‍പുകള്‍ വെളിവാകുക.
മോര്‍ബിയസ്(2013) എന്ന ചിത്രത്തിലൂടെ രതിയുടെയും ഹിംസയുടെയും ആത്മീയവിചാരണയ്ക്ക് സാഹസപ്പെട്ട, കേരളത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രമായ ഹ്യൂമന്‍ സ്‌പെയ്‌സ് ടൈം ആന്‍ഡ് ഹ്യൂമന്‍ (2018) ആണ് മേളച്ചിത്രങ്ങളില്‍ ഹിംസയെയും രതിയേയും അത്രമേല്‍ ജഗുപ്‌സാവഹമായി ഉത്സവമാക്കിയ മറ്റൊരു ചിത്രം. സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്, ത്രി അയണ്‍, അരിരാങ് തുടങ്ങിയ ചിത്രങ്ങളിലൂടെ വേറിട്ട ഇതിവൃത്ത-ദശ്യസമീപനങ്ങളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്റെ ദയനീയ പതനമായേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവൂ. നവവരേണ്യതയുടെയും അധികാരസമവാക്യങ്ങളുടെയും ഉരുണ്ടുകൂടലുകള്‍ക്കിടയില്‍ സത്യാന്തര ലോകക്രമത്തിലെ രാഷ്ട്രീയ സാമൂഹിക ഗതിവിഗതികളുടെ ലാക്ഷണികവ്യാഖ്യാനമായ അലിഗറി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും ചലച്ചിത്രമെന്ന നിലയില്‍ ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈം ആന്‍ഡ് ഹ്യൂമന്‍ അതു പ്രതിനിധാനം ചെയ്യുന്ന അമിത ഹിംസാവൈകൃതങ്ങളിലൊഴികെ യാതൊരു പുതുമയും ഇതിവൃത്തതലത്തില്‍ കാണിച്ചു തരുന്നില്ല. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പോര്‍ച്ചുഗീസ് നോവലിസ്റ്റ് ഷൂസെ സാരമാഗോയുടെ നോവലിനെ ആസ്പദമാക്കി ഫെര്‍ണാന്‍ഡോ മെയിര്‍ലസ് സംവിധാനം ചെയ്ത ബ്ലൈന്‍ഡ്‌നെസ്(2008) ആവിഷ്‌കരിച്ച രാഷ്ട്രീയ സാമൂഹിക വിശകലനത്തിനപ്പുറം ഒരടിപോലും കിം കി ഡുക്കിന് ഈ ചിത്രത്തിലൂടെ ചുവടുവയ്ക്കാനായിട്ടില്ല. അധികാരവും അധോലോകവും കൈകോര്‍ക്കുമ്പോള്‍ നിലവില്‍ വരുന്ന ഫാസിസത്തിന്റെ അപകടം വെളിവാക്കിത്തരുന്നതാണ് കിം കി ഡുക്കിന്റെ സിനിമയെങ്കിലും ബ്‌ളൈന്‍ഡ്‌നെസ് അവതരിപ്പിച്ച വിശപ്പിന്റെ രാഷ്ട്രീയംത്തിനപ്പുറം ഒരു സാധുതയും സാധ്യതയും അതു മുന്നോട്ടുവയ്ക്കുന്നില്ല.
കടല്‍ ആകാശമായിത്തീരുന്ന സങ്കല്‍പകാലത്ത് മനുഷ്യത്വമെന്ന മൂല്യം തെല്ലുമില്ലാതായി മനുഷ്യന്‍ അവന്റെ മൃഗീയചോദനകളോടു മാത്രം സത്യസന്ധത പുലര്‍ത്തുകയും സ്വന്തം അതിജീവനമെന്ന സ്വാര്‍ത്ഥതയോടു മാത്രം കടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാളെക്കായി ജീവന്റെ തുടിപ്പുകളെ മനുഷ്യാവശിഷ്ടങ്ങളില്‍ നിന്നുതന്നെ സംരംക്ഷിച്ചു കാത്തുസൂക്ഷിക്കുക എന്ന ധര്‍മ്മത്തിനായി ആത്മത്യാഗം വരെ ചെയ്യുന്ന നോഹയോ ദൈവപുത്രനോ തന്നെയായേക്കാവുന്ന ജ്ഞാനവൃദ്ധന്റെ ധര്‍മ്മനിര്‍വഹണത്തിന്റെ ജൈവശാസ്ത്രവും ആത്മീയവുമായ പ്രമേയകല്‍പനയാവട്ടെ, റിഡ്‌ലീ സ്‌കോട്ട് സംവിധാനം ചെയ്ത ഹോളിവുഡ് തട്ടുപൊളിപ്പന്‍ ബാഹ്യാകാശ ത്രില്ലറായ ദ മാര്‍ഷ്യന്‍ 2015ല്‍ ഭംഗിയായും വിശദമായും ഏറെക്കുറേ ശാസ്ത്രീയമായും ആവിഷ്‌കരിച്ചതാണുതാനും പ്രമേയത്തിലെ ഈ പഴയ വീഞ്ഞ് ശേഖരിച്ചു നല്‍കാന്‍ സംവിധായകന്‍ കണ്ടെത്തിയ പുതിയ കുപ്പിയാണ് അതിനിഷ്ഠുര ഹിംസാത്മകത.വധിക്കപ്പെടുന്നവരുടെ ജഡങ്ങള്‍ ഇറച്ചിക്കത്തികൊണ്ടു വെട്ടി മനുഷ്യമാംസം ഭക്ഷിക്കുന്നതും, മജ്ജയും എല്ലും ചോരയും തൊട്ടിയില്‍ ശേഖരിക്കുന്നതും, മിച്ചം വരുന്ന എല്ലും മട്ടും അരച്ചു പൊടിച്ച് വളമാക്കി പച്ചക്കറികള്‍ കൃഷി ചെയ്യുന്നതുമൊക്കെയാണ് വിവിധ രംഗങ്ങളില്‍ വിശദമായി കിം കി ഡുക് ചിത്രീകരിക്കുന്നത്. മരിച്ചു മണ്ണാവുക മറ്റൊരു ജീവനു വളമാവുക എന്നതിലൊക്കെ എല്ലാ പ്രാക്തനസംസ്‌കൃതികളിലും ആത്മീയതകള്‍ അംഗീകരിച്ചുപോരുന്ന വിശ്വാസങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെടാവുന്ന പരമാര്‍ത്ഥവുമാണ്. പക്ഷേ, ചലച്ചിത്രത്തില്‍ അതിന്റെ കാഴ്ചപ്പരിധി/പരിമിതി എവിടെ അവസാനിക്ക(പ്പി)ണമെന്നതില്‍ കിം കി ഡുക്കിന് വ്യക്തത കൈമോശം വന്നു എന്നതിനു തെളിവാണ് ഈ ചിത്രം.എന്തു കാണിക്കുന്നു എന്നിതനോളം തന്നെ എങ്ങനെ കാണിക്കുന്നു എന്നതും കണക്കിലെടുക്കുന്നതാണ് കാഴ്ചയുടെ രാഷ്ട്രീയമെന്നിരിക്കെ, കിം കി ഡുക്കിന്റെ ദൃശ്യബോധം ആധുനിക സിനിമയില്‍ നവസംരംഭകര്‍ മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികളെ സക്രിയമായി പ്രതിരോധിക്കാന്‍ സാധിക്കാതെ നില്‍ക്കുന്ന പ്രതിഭാശോഷണത്തിന്റെ നിസഹായതയായി വ്യാഖാനിക്കപ്പെട്ടാല്‍ കുറ്റപ്പെടുത്താനാവില്ല. ഒരു പക്ഷേ മോര്‍ബിയസിലെ ഹിംസാത്മകതയ്ക്കു ലഭിച്ച കൈതട്ടുകളില്‍ പെട്ട് വിഭ്രമത്തിലായി, ചിത്രത്തില്‍ ആകാശമേഘങ്ങളില്‍ ദിശാബോധം കൈമോശം വരുന്ന കപ്പലിനു സമാനമായി ദിശാബോധം നഷ്ടപ്പെട്ടതാണോ സംവിധായകനും എന്ന സന്ദേഹത്തിനും സൈദ്ധാന്തികസാധുതയില്ലാതില്ല. പ്രതിഭയുടെ ഉറവ വറ്റുമ്പോള്‍ മുന്‍ കാല വിജയങ്ങളുടെ തനിയാവര്‍ത്തനങ്ങളിലൂടെ അതിരില്ലാത്ത ആത്മാനുകരണത്തിനു മുതിരാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ചലച്ചിത്രകാരന്മാരുടെ ദുരവസ്ഥയായി ഇതിനെ വ്യാഖ്യാനിച്ചാല്‍ തെറ്റുപറയാനാവില്ല. ട്രെയറുടെയും കിം കി ഡുക്കിന്റെയും പതനത്തെ ഫ്രഞ്ച് നവതരംഗത്തിന്റെ സജീവപ്രതിനിധിയായ വിഖ്യാത ചലച്ചിത്ര പ്രതിഭ ഴാങ് ലൂക്ക് ഗൊദ്ദാര്‍ദ്ദിന് ദ ഇമേജ് ബുക്കില്‍ (218) സംഭവിച്ചതിനുതുല്യമായ പ്രതിഭാശോഷണമായി താരതമ്യംചെയ്യാവുന്നതുമാണ്.
ലോകമെമ്പാടും സിനിമ ലൈംഗികതയ്ക്കും ഹിംസയ്ക്കും മാത്രം ഇതര വികാരങ്ങള്‍ക്കുമേല്‍ ആധിപത്യം നേടാനായിട്ടുണ്ടോ എന്നു സംശയമുളവാക്കുന്നതാണ് ഇഫിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഫ്രഞ്ച് ചിത്രമായ ടു ദ എന്‍ഡ്‌സ് ഓഫ് ദ് വേള്‍ഡ് (2018), ബ്രസീലില്‍ നിന്നുള്ള 492 തുടങ്ങിയ ചിത്രങ്ങളും. ഗ്വിലീയം നിക്ലൗഷ് സംവിധാനം ചെയ്ത ഈ ചിത്രം വിയറ്റ്‌നാം യുദ്ധകാലത്ത് 1945ല്‍ കണ്‍മുന്നില്‍ വിയറ്റനാം ഒളിപ്പോരാളികളാല്‍ ഗളച്ഛേദം ചെയ്തു സഹോദരന്‍ വധിക്കപ്പെടുന്നതു കാണാനിടയായ റോബര്‍ട്ട് ടസന്‍ എന്ന ഫ്രഞ്ച് യുവഭടന്റെ പ്രതികാരകഥയാണ് ടു ദ എന്‍ഡ്‌സ് ഓഫ് ദ് വേള്‍ഡ്. യുദ്ധ കഥയായതുകൊണ്ടും, വിയറ്റ്‌നാം പോരാളികളുടെ മനുഷ്യത്വരഹിതമായ നരഹത്യയുടെ തീവ്രത വെളിവാക്കേണ്ടതുള്ളതുകൊണ്ടും ഒരു പരിധിവരെ ഹിംസ ഈ ചിത്രത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ അറുത്ത തല മരത്തില്‍ തൂക്കിയിട്ടിരിക്കുന്നതും, ഫ്രഞ്ച് സൈനികന്റെ ശരീരം കൈകാലുകള്‍ തല ഉടല്‍ എന്നിവ വെവ്വേറെ വെട്ടി കൂട്ടി പുഴുവരിച്ച നിലയില്‍ വച്ചിരിക്കുന്നതും, തടവൂകാരെ ഭയപ്പെടുത്താന്‍ അവരുടെ കൂട്ടത്തിലൊരുവന്റെ ഛേദിച്ചതല കൊണ്ടുവന്നിട്ടുകൊടുക്കുന്നതും, അറുത്ത ചെവികള്‍ നാക്ക് എന്നിവ കൊരുത്ത മാല സൈനികര്‍ക്ക് എത്തിച്ചുകൊടുക്കുന്നതുമൊക്കെയായ യഥാര്‍ത്ഥ പ്രതീതിയുളവാക്കുന്ന ദൃശ്യവൈകൃതങ്ങള്‍ പ്രമേയനിര്‍വഹണത്തില്‍ എങ്ങനെയാണ് ഒഴിച്ചുകൂടാനാവാത്തതാവുന്നതെന്നും എന്തുകൊണ്ടാണ് ശക്തമായ ദൃശ്യബിംബമാവുന്നതെന്നും യുക്തിസഹം ന്യായീകരിക്കാന്‍ സംവിധായകനു സാധിക്കുമോ എന്നതിലാണ് സന്ദേഹം. നായകന്റെ പ്രതികാരവാഞ്ഛയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കാന്‍ പ്രേക്ഷകരുടെ മനസിനും ബുദ്ധിക്കും തന്നെ ജുഗുപ്‌സയുളവാക്കുന്ന ഇത്തരം ദൃശ്യബിബംങ്ങളുടെ ആവശ്യം ചിത്രഘടനയും ആഖ്യാനവും സാധൂകരിക്കുന്നുമില്ല.ധ്വന്യാത്മകമായ ദൃശ്യങ്ങളിലൂടെയായിരുന്നെങ്കിലും ഈ ചിത്രത്തിലെ നായകന്റെ മനോവികാരം ഇതേ തീവ്രതയോടെ പ്രേക്ഷകനിലേക്കു സംവദിക്കപ്പെടുമായിരുന്നെന്നിരിക്കെ ഇത്രയും നിഷ്ഠുരമായ വിഷ്വലുകളുടെ സന്നിവേഷം, അതിയാഥാര്‍ത്ഥ്യതലങ്ങളിലേക്കു വളര്‍ച്ച പ്രാപിക്കുന്ന ലോകസിനിമയുടെ ദൃശ്യപരിചരണ ശൈലീശീലങ്ങളെപ്പറ്റയുള്ള തെറ്റിദ്ധാരണകളില്‍ നിന്നുളവായതായാലും മതി.
ഹെന്‍ റിക്ക് ഗോള്‍ഡ്മാന്‍ സംവിധാനം ചെയ്ത ബ്രസീല്‍-പോര്‍ച്ചുഗീസ് സംയുക്ത നിര്‍മിതിയായ 492 ആവട്ടെ ആധുനിക ബ്രസീലിലെ നിത്യജീവിതസംഭവങ്ങളെ ആസ്പദമാക്കി നിര്‍മിച്ചതാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി യൂലിയോ സന്താന രചിച്ച നോവലിന്റെ ചലച്ചിത്രരൂപാന്തരമാണീ ചിത്രം. നാണം കുണുങ്ങിയും കണക്കിഷ്ടപ്പെടുന്നവനുമായ ഒരു പാവം ഗ്രാമീണ യുവാവ് അധോലോകം വാഴുന്ന ബ്രസീലിന്റെ കുത്തഴിഞ്ഞ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാഫിയ വാഴ്ചയില്‍ പൊലീസുകാരനാവുന്നതും വാടകക്കൊലയാളിയാവുന്നതുമാണു കഥ. എന്തിനു വേണ്ടി എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലാതെ കിട്ടുന്ന കൂലിക്കുവേണ്ടി പ്രതിഫലം നല്‍കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നവരെ നിഷ്ഠുരം തോക്കിനിരയാക്കുന്ന വാടകക്കൊലയാളിയായ യൂലിയോ സത്യത്തില്‍, പ്രതിവര്‍ഷം 60000 പേരെങ്കിലും വിവിധ കാരണങ്ങളാല്‍ ദുരൂഹമായി വെടിയേറ്റു കൊല്ലപ്പെടുന്ന ബ്രസീലിലെ സമൂഹികജീവിതത്തിന്റെ ഇരയാണ്. ഒടുവില്‍ സ്വന്തം മകന്‍ പോലും ആരുടെയോ തോക്കിനിരയാകുന്നതോടെ സ്വന്തം ഭാര്യപോലും മറ്റൊരു വാടകക്കൊലയാളിയാണെന്നു തിരിച്ചറിയേണ്ടിവരുന്ന യൂലിയോ സമൂഹ മനസാക്ഷിക്കു നേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ചിത്രത്തിലെ കൊലപാതകരംഗങ്ങള്‍ വച്ചുപുലര്‍ത്തുന്ന നിര്‍ദാക്ഷിണ്യത/ മനുഷ്യത്വരാഹിത്യം ഞെട്ടിപ്പിക്കുന്നതാണ്. ഏതൊരു കൊടുംകുറ്റവാളിക്കുമുണ്ടാകാവുന്ന ന്യായീകരണങ്ങള്‍ക്കപ്പുറം നായകന്റെ ആത്മ/ജീവിതദുരന്തത്തിന് എന്തെങ്കിലും യുക്തിയുണ്ടെന്നു കരുതാന്‍ വകയില്ല. എന്നാല്‍ വയലന്‍സിന്റെ ആഘോഷമായി തുടങ്ങുന്ന 492 കുറഞ്ഞപക്ഷം നായകന്റെ പശ്ചാത്താപത്തിലെങ്കിലും അവസാനിക്കുന്നുവെന്നത് പ്രത്യാശാനിര്‍ഭരമാണ്.
കലയെ കലയാക്കുന്ന ആ മാന്ത്രികതയാണ് അമിതഹിംസാത്മകതയുടെ ആഘോഷത്തിലൂടെ ഇത്തരം ചിത്രങ്ങളില്‍ അപ്രത്യക്ഷമാവുന്നത്. അതുകൊണ്ടുതന്നെ അവ ഹിംസാവൈകൃതത്തിന്റെ ആഘോഷമെന്നതിലുപരി പ്രകൃതിവിരുദ്ധതയുടെ ദൃശ്യാഘോഷമായിത്തീരുന്നത്. അവിടെ നഷ്ടപ്പെടുന്നത് കലയുടെ ധ്വനിസാന്ദ്രതയാണ്. ദൃശ്യബിംബങ്ങളുടെ കരുത്താണ്. പറയാതെ പറയുന്നതിലും പാടാതെ പാടുന്നതിലും കാട്ടാതെ കാണിക്കുന്നതിലുമാണ് കലയുടെ മര്‍മ്മം.സെക്കന്‍ഡില്‍ 24 തവണ കണ്മുന്നില്‍ പതിക്കുന്ന ദൃശ്യങ്ങള്‍ക്കിടയില്‍ അത്രതന്നെ ശൂന്യസ്ഥലവുമുണ്ടെന്ന തിരിച്ചറിവിലാണല്ലോ സിനിമയുടെ സാങ്കേതികതമായ നിലനില്‍പു തന്നെ. ദൃശ്യപ്പെടാതെ പോവുന്ന ആ 24 നിമികളാണ് ദൃശ്യത്തെ ബിംബമാക്കുന്നത്. ആ ബിംബത്തിന്റെ കലയാണ് സിനിമ. അതുടയ്ക്കുന്ന 24 ഫ്രെയിമുകളല്ല.


Mohanaragangal Book Release 4th Dec 2018













Sunday, November 25, 2018

Mohanaragangal @ whatsapp


Mohanaragangal my 16th book

This time a journalistic book, the detailed interview with Ace star Mohanlal on his completion of 40 years as an actor in Malayalam Cinema. An interview divided into 3 segments viz, Screen, Off Screen and Trivia. 75 Q&A with rare photographs, which marks the seasoning of an actor turning to a Star over the years. Published by Don Books Kottayam, the book is available online for Rs 150.

State TV awards 2018 -As Jury Chairman for the selection of best writing on TV.








Friday, September 21, 2018

ഓര്‍മകള്‍ മരിക്കുമോ?


ഇന്‍ഡോറിലെ പ്രശസ്തമായ വെബ്ദുനിയ ഡോട്ട് കോമിന്റെ മലയാളം വിഭാഗമായ വെബ് ലോകം ഡോട്ട് കോമിന്റെ ചീഫ് സബ് എഡിറ്ററായി, തിരുവനന്തപുരത്ത് ശ്രീ ടി.ശശിമോഹന്‍ സാറിനൊപ്പം രണ്ടാമനായി പ്രവര്‍ത്തിക്കെ, എന്റെ അധ്യാപകന്‍ കൂടിയായ ശ്രീ വിജയകുമാര്‍ സാര്‍ ആവശ്യപ്പെട്ടതനുസരിച്ചു നിര്‍വഹിച്ച ദൗത്യമായിരുന്നു ഇത്. മലയാള മനോരമ ഡോട്ട് കോം (അതേ മനോരമഓണ്‍ലൈനിലല്ല, മലയാള മനോരമ ഡോട്ട് കോമില്‍തന്നെ അന്ന് മനോരമ ഓണ്‍ലൈന്‍ ഉണ്ടായിട്ടില്ല, പോര്‍ട്ടല്‍ പോലുമായിട്ടില്ല, കേരളത്തില്‍ പരമാവധി 16 കെബിപിഎസില്‍ ഡയലപ് കണക്ടിവിറ്റി മാത്രമുണ്ടായിരുന്ന കാലത്ത്) ആരംഭിച്ച രണ്ടംഗ സംഘത്തിലൊരാള്‍ എന്ന നിലയ്ക്കും പിന്നീട് വെബ് ലോകത്തില്‍ പ്രവര്‍ത്തിച്ച പരിചയത്തിലുമാണ് വിജയകുമാര്‍ സാര്‍ അന്നു തികച്ചും ന്യൂ മീഡിയയായ സൈബര്‍ ജേര്‍ണലിസത്തിന്റെ നോട്ടെഴുതാന്‍ എന്നെയും ശശികുമാര്‍ സാറിനെയും ഏല്‍പിക്കുന്നത്. ഏതാണ്ട് 10 വര്‍ഷത്തോളം കേരള സര്‍വകലാശാല വിദൂരപഠനകേന്ദ്രത്തിന്റെ ജേണലിസം പിജിഡിപ്ലോമയ്ക്കുള്ള സൈബര്‍ ജേണലിസം പേപ്പറിന്റെ  സിലബസ്  ഏറെ പരിഷ്‌കരണമാവശ്യപ്പെടാതെ നിലനിന്നു പോന്നു എന്നത് ഇന്നാലോചിക്കുമ്പോള്‍ സംതൃപ്തി നല്‍കുന്ന കാര്യമാണ്. ചില ഓര്‍മകള്‍ ഇങ്ങനെയുമുണ്ടല്ലോ. സന്തോഷം

Sunday, September 16, 2018

ആത്മാവ് തേടുന്ന ചിത്രാടനം!



 ചലച്ചിത്രസമീക്ഷ, സെപ്റ്റംബര്‍ 2018

എ.ചന്ദ്രശേഖര്‍

ചിലരെപ്പറ്റി
നമുക്കൊക്കെ ചില ധാരണകളുണ്ട്. പലപ്പോഴും അവരുടെ ആന്തരസ്വത്വത്തിനു വിരുദ്ധമായ കാഴ്ചപ്പാടായിരിക്കുമത്. മുതിര്‍ന്ന ചലച്ചിത്രനിരൂപകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമെല്ലാമായ എം.എഫ്.തോമസിനെപ്പറ്റി പൊതുധാരണയും അതുതന്നെയാണ്. നിസ്വനും സൗമ്യനുമായ നിശബ്ദ സാന്നദ്ധ്യം.അങ്ങനെയാണ് തോമസ് സാറിനെ പലപ്പോഴും വിലയിരുത്തപ്പെട്ടു കണ്ടിട്ടും കേട്ടിട്ടുമുള്ളത്. പക്ഷേ നേരനുഭവത്തില്‍ വ്യക്തിപരമായി എനിക്കറിയാവുന്ന ഗുരുതുല്യനായ എം.എം.തോമസ് സാറിന്റെ വ്യക്തിത്വം മറ്റൊന്നാണ്. നല്ല സിനിമയ്ക്കു വേണ്ടി അണുവിട വിട്ടൂവീഴ്ച ചെയ്യാത്ത കാര്‍ക്കശ്യമുള്‍ക്കൊള്ളുന്ന കരുത്തന്റേതാണത്.2016ലെ ഐഎഫ്എഫ്കെയിലേക്കുള്ള മലയാളസിനിമയുടെ പ്രിവ്യൂ ജൂറിയില്‍ അംഗങ്ങളായിരിക്കെ ആ കാര്‍ക്കശ്യം നേരിട്ടറിയാനായതാണ്. ഭാഷയിലും പെരുമാറ്റത്തിലുമുള്ള പാവത്തമൊന്നും സിനിമയെപ്പറ്റിയുള്ള ഉത്തമബോധ്യത്തിലൂന്നിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലും സമീപനങ്ങളിലും തെല്ലും പ്രതിഫലിപ്പിക്കാറില്ല. അതാണ് മലയാള സിനിമാ നിരൂപണ വഴിയിലെ രണ്ടാം തലമുറയില്‍പ്പെട്ട ഏറ്റവും മുതിര്‍ന്ന ചുരുക്കം ചിലരില്‍ ഒരാളായ തോമസ് സാറിന്റെ ചലച്ചിത്ര ചരിത്രത്തിലെ പ്രസക്തി. 90 വയസാഘോഷിക്കുന്ന മലയാളസിനിമയ്ക്ക് ഒപ്പം നടന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. അതില്‍ 50 വര്‍ഷവും ഒരു ആക്ടിവിസ്റ്റായിത്തന്നെ കേരളത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള ചലച്ചിത്രസൊസൈറ്റികളുടെ പ്രവര്‍ത്തന
ങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടുള്ളതും. ഒരായുസില്‍ തീര്‍ത്തും സാര്‍ത്ഥകമായ അരനൂറ്റണ്ട്. നല്ല സിനിമയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ആ ജീവിതത്തിന് സമൂഹം നല്‍കുന്ന അര്‍ത്ഥവത്തായ ഗുരുപൂജയായിട്ടാണ് തോമസ് സാറിനെപ്പറ്റി അദ്ദേഹം രക്ഷാധികാരിയായ ബാനര്‍ ഫിലിം സൊസൈറ്റി നിര്‍മിച്ച് ആര്‍. ബിജു സംവിധാനം ചെയ്ത നല്ലസിനിമയും ഒരു മനുഷ്യനും എന്ന ഹ്രസ്വചിത്രത്തെ ഞാന്‍ കണക്കാക്കുന്നത്.കാരണം ബിജുവിന്റെ സിനിമ ആ വ്യക്തിത്വത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ തുറന്നു കാണിക്കുന്നുണ്ട്. നല്ല സിനിമയ്ക്കു വേണ്ടിയുള്ള കഥാപുരുഷന്റെ നിഷ്‌കര്‍ഷയത്രയും അദ്ദേഹത്തിന്റെയും അദ്ദേഹവുമായി ബന്ധമുള്ള ചലച്ചിത്രപ്രവര്‍ത്തരുടെയും വാക്കുകളിലൂടെ ചിത്രം വെളിപ്പെടുത്തുന്നുണ്ട്.
സിനിമയുടെ ഉത്ഭവം മുതല്‍ അതില്‍ ഭ്രമിച്ച് അതിന്റെ ചരിത്രവും സൗന്ദര്യശാസ്ത്രവും ലാവണ്യാനുഭൂതിയും തേടി യാത്രയായ എം.എഫ്.തോമസിനെ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സത്യജിത് റേയില്‍ തുടങ്ങി അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ ചേര്‍ന്നു നിന്നുകൊണ്ട് വികസിച്ച ജീവിതം. അതിന്റെ ഓരോ പടവും അടൂരിന്റെയും തോമസിന്റെയുമൊക്കെ വാക്കുകളില്‍ പ്രകടമാണുതാനും. വാസ്തവത്തില്‍ ചിത്രലേഖയില്‍ അംഗത്വം നേടുന്നതോടെയാണ് തന്റെ ചലച്ചിത്രാസ്വാദനജീവിതത്തിന് മറ്റൊരു പടവുതാണ്ടാനായതെന്ന് ചിത്രത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട് അദ്ദേഹം.തോമസിനെപ്പോലെ ഇത്രയധികം ലോകസിനിമകള്‍ കണ്ടിട്ടുള്ള ആളുകള്‍ കേരളത്തില്‍ ചുരുക്കമായിരിക്കുമെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സാക്ഷ്യപ്പെടുത്തല്‍ തന്നെ ആ കര്‍മപഥത്തിന്റെ സാര്‍ത്ഥകതയ്ക്കു നിദര്‍ശനമാണ.് ചിത്രലേഖയുടെ പ്രധാന കാര്യദര്‍ശികളിലൊരാളായിത്തീര്‍ന്ന എം.എഫ്.തോമസ് എന്ന സഹയാത്രികന്റെ ചലച്ചിത്രമേളകളിലെയും മറ്റും പ്രിവ്യൂ ജൂറിയിലെ നിശബ്ദസേവനങ്ങളെപ്പറ്റിയും അടൂര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
പക്ഷേ അതിനേക്കാളൊക്കെ പ്രധാനം, ഈ ഹ്രസ്വചിത്രം അടയാളപ്പെടുത്തുന്നതുപോലെ, അതില്‍ അദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നതുപോലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കൊണ്ട് ഗൗരവമുള്ള ചലച്ചിത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതാണ് നിരൂപകനെന്ന നിലയ്ക്കും ചലച്ചിത്രസഹയാത്രികനെന്ന നിലയ്ക്കും എം.എഫ്.തോമസ് എന്ന മനുഷ്യന്റെ അധികമാരും ഇനിയും മനസിലാക്കിയിട്ടില്ലാത്ത യഥാര്‍ത്ഥ പ്രസക്തി. മുഖ്യധാരാപ്രസാധകശാലകള്‍ക്കൊന്നും ഗൗരവമാര്‍ന്ന ചലച്ചിത്രപഠനഗ്രന്ഥങ്ങള്‍ പഥ്യമല്ലാതിരുന്ന കാലത്ത്, മലയാളത്തിലെ ചലച്ചിത്രസാഹിത്യം കേവലചരിത്രരചനയിലും ഏറിയാല്‍ ചിത്രനിരൂപണക്കുറിപ്പുകളിലും മാത്രം വ്യവഹരിച്ച കാലത്താണ് തൃശൂരില്‍ നിന്നു തലസ്ഥാനത്തു ചേക്കേറി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായി ചേര്‍ന്ന എം.എഫ്.തോമസ് പുതിയൊരു ജനുസിനുതന്നെ മലയാളചലച്ചിത്രസാഹിത്യത്തില്‍ പാതവെട്ടിത്തുറക്കാന്‍ ഇച്ഛാശക്തി കാണിച്ചത്. മലയാളത്തില്‍ ചലച്ചിത്രസൗന്ദര്യശാസ്ത്രാപഗ്രഥനങ്ങളുടെ കുറവ് തിരിച്ചറിഞ്ഞ് തന്റെ മേലധികാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തിക്കൊണ്ട് ഉള്‍ക്കാഴ്ചയുടെ ആഴമുള്ള ചലച്ചിത്രപഠനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വഴിമരുന്നിടാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നത് ഒട്ടുമേ ചെറിയ കാര്യമല്ല തന്നെ.മലയാള ചലച്ചിത്രസാഹിത്യത്തിലെ ക്ളാസിക്കുകളായി കണക്കാക്കപ്പെടുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയുടെ ലോകം, ഐ ഷണ്മുഖദാസിന്റെ മലകളില്‍ മഞ്ഞു പെയ്യുന്നു, വിജയകൃഷ്ണന്റെ ചലച്ചിത്രത്തിന്റെ പൊരുള്‍, ഡോ.വി.രാജാകൃഷ്ണന്റെ കാഴ്ചയുടെ അശാന്തി,കെ.വേലപ്പന്റെ സിനിമയും സമൂഹവും തുടങ്ങിയ ഗ്രന്ഥങ്ങളിലെല്ലാം എം.എഫ്.തോമസ് എന്ന കൃതഹസ്തനായ എഡിറ്ററുടെ അദൃശ്യകയ്യൊപ്പുണ്ട്. സ്വയം എഴുതി പ്രസിദ്ധീകരിച്ച സിനിമയുടെ ആത്മാവ്, അടൂരിന്റെ ലോകം, അടൂരിന്റെ ചലച്ചിത്രയാത്രകള്‍ പോലെ ദേശീയ ശ്രദ്ധ നേടിയെടുത്ത ചലച്ചിത്രപഠനങ്ങള്‍ക്കുപരി ഇതര നിരൂപകര്‍ക്കുകൂടി എഴുത്തിടം നല്‍കുകയും അവരുടെ എഴുത്തുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത അധികം പേരുണ്ടെന്നു തോന്നുന്നില്ല മലയാളത്തില്‍. കോക്കസുകള്‍ക്കതീതനായി എം.എഫ്.തോമസ് എന്ന ചലച്ചിത്ര നിരൂപകന് ലബ്ധപ്രതിഷ്ഠനായ അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ പുതുതലമുറയിലെ സജിന്‍ ബാബുവരെയുള്ള സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാവുന്നതും വഴികാട്ടിയോ സുഹൃത്തോ സഹചാരിയോ ആവുന്നതും മറ്റൊന്നും കൊണ്ടല്ല.
സമൂഹമാധ്യമങ്ങളോ വിനിമയോപാധികളോ എന്തിന് യാത്രാസൗകര്യമോ പോലും ഇന്നുള്ളതിന്റെ പത്തിലൊന്നുപോലുമില്ലാതിരുന്ന കേരളത്തില്‍ ഇടുക്കിയും വയനാടുമടക്കമുള്ള ഓണം കേറാമൂലകളിലെ ഫിലിം സൊസൈറ്റികളില്‍ വിശ്രമമില്ലാതെ സഞ്ചരിച്ച് എം.എഫ് തോമസ് ചലച്ചിത്രബോധവല്‍ക്കരണ ക്ളാസുകളും പ്രഭാഷണങ്ങളും നിര്‍വഹിച്ചതിനെപ്പറ്റി സഹയാത്രികനായ നിരൂപകന്‍ വിജയകൃഷ്ണന്‍ ഡോക്യൂമെന്ററിയില്‍ വെളിവാക്കുന്നുണ്ട്. ചെറിയ അനാരോഗ്യങ്ങളെപ്പോലും വലിയ അസുഖങ്ങളായി കണക്കാക്കുന്ന തോമസിന്റെ സഹജത്വം പക്ഷേ അതെല്ലാം മറന്നാണ് നല്ല സിനിമയുടെ പ്രചാരണത്തിനും പ്രബോധനത്തിനുമായി ആരോഗ്യം നോക്കാതെ നാടുനീളെ അലഞ്ഞത്.
എം.എഫ്.തോമസ് ജനിച്ചു വളര്‍ന്ന തൃശൂരിലെ തേക്കിന്‍കാട് മൈതാനി, അദ്ദേഹം സ്ഥിരതാമസമാക്കിയ തിരുവനന്തപുരം പ്രശാന്ത് നഗറിലെ വീട്, ഒരുപക്ഷേ ജീവിതത്തിന്റെ നല്ലൊരുഭാഗം ചെലവിട്ട ടാഗോര്‍ തീയറ്റര്‍ തുടങ്ങിയ ഇടങ്ങളില്‍ വച്ചാണ് ബിജു ഓര്‍മകളിലേക്ക് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയുള്ള മടക്കയാത്ര ചിത്രീകരിച്ചിട്ടുളളത്.
വി.രാജകൃഷ്ണന്‍ രേഖപ്പെടുത്തുന്നതുപോലെ, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനോ സ്വയം ഗ്ളാമര്‍ ചമയാനോ ഉള്ള ചെപ്പടിവിദ്യകളൊന്നും കൈവശമില്ലാത്തയാളാണ് എം.എഫ്.തോമസ് എന്ന മനുഷ്യന്‍. വെള്ള മുറിക്കയ്യന്‍ ഷര്‍ട്ടും മുണ്ടും മാത്രമുടുത്തു തോളിലൊരു സഞ്ചിയുമായി ബസില്‍ മാത്രം സഞ്ചരിക്കുന്ന വ്യക്തി. എത്തിപ്പെടാന്‍ പറ്റാത്തയിടങ്ങളിലേക്കു മാത്രമാണ് അദ്ദേഹം ഓട്ടോറിക്ഷയെ പോലും ആശ്രയിക്കുക. സ്വന്തമായി വാഹനമില്ല, വാഹനമോടിക്കുകയുമില്ല. എന്നാലും സിനിമയുള്ളിടത്തെല്ലാം അദ്ദേഹം ഓടിയെത്തും. അദ്ദേഹമില്ലാതെ തലസ്ഥാനത്ത് ഗൗരവമുള്ളൊരു ചലച്ചിത്രോദ്യമവും നടക്കുകയുമില്ല. ഈ വസ്തുതകളൊക്കെയും അമ്പതു മിനിറ്റു മാത്രമുള്ള ഈ ചിത്രത്തില്‍ അടയാളപ്പെടുത്താനായിരിക്കുന്നു സംവിധായകന്. അജ്ഞാതയായൊരു ഗായികയുടെ ഗാനശകലത്തിനൊത്തുള്ള അദ്ദേഹത്തിന്റെ തീവണ്ടിയാത്രയും ബസിലെ രാത്രിയാത്രയുമടക്കം തോമസ് സാറിനെ അടുത്തറിയാവുന്നവര്‍ക്കെല്ലാം സുപരിചിതമായ എത്രയോ രംഗങ്ങള്‍.
ഒരുപക്ഷേ, കുടുംബത്തില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണ കൂടിക്കൊണ്ടാണ് ജീവിതത്തിന്റെ ഭീമഭാഗവും തന്റെ ഇഷ്ടഭാജനമായ സിനിമ കാണാനും താലോലിക്കാനുമായി അദ്ദേഹത്തിന് ഉഴിഞ്ഞുവയ്ക്കാനായത്. അദ്ദേഹത്തെപ്പറ്റിയുള്ള ബിജുവിന്റെ സിനിമയും അതുകൊണ്ടുതന്നെ കുടുംബവൃത്താന്തങ്ങളൊക്കെ ഏതാനും ഷോട്ടുകളിലും വാക്യങ്ങളിലുമൊതുക്കി അധികവും അദ്ദേഹത്തിന്റെ സിനിമാനുബന്ധ ജീവിതത്തിലേക്കാണ് വെളിച്ചം വിതറുന്നത്.ടാഗോര്‍ തീയറ്ററിലെ ഫിലിം ഷോ കഴിഞ്ഞ് വിജയകൃഷ്ണനും ഭരത്ഗോപിക്കുമൊപ്പം പൂജപ്പുര വഴി കാല്‍നടയായി പോയിരുന്ന രാത്രികളുടെ ഓര്‍മകള്‍ അക്കാലത്തെ ബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്നതാണ്.
വിജയകൃഷ്ണന്‍, വി.കെ. ജോസഫ്, ലെനിന്‍ രാജേന്ദ്രന്‍, ഐ ഷണ്മുഖദാസ്, ഹരികുമാര്‍,കെ.പി.കുമാരന്‍, സൂര്യ കൃഷ്ണമൂര്‍ത്തി,സി.എസ് വെങ്കിടേശ്വരന്‍, വി.കെ.ചെറിയാന്‍, ടി വി ചന്ദ്രന്‍, ബീന പോള്‍, രാമചന്ദ്രബാബു,സണ്ണിജോസഫ്, എം.പി.സുകുമാരന്‍ നായര്‍, ഡോ.ബിജു,കെ.ആര്‍.മനോജ്, സനല്‍കുമാര്‍ ശശിധരന്‍,സുദേവന്‍ തുടങ്ങിയവരുടെ വാക്കുകളിലൂടെ എം.എഫ്.തോമസ് എന്ന വ്യക്തിയുടെ സിനിമാസ്നേഹിയുടെ, ചലച്ചിത്രപഠിതാവിന്റെ, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്റെ ജീവിതത്തിന്റെ പലതലങ്ങള്‍ വ്യക്തമാവുന്നുണ്ട് ഈ ലഘുസിനിമയില്‍.ആ ജീവിതത്തിന്റെ ദര്‍ശനം ഒപ്പിയെടുത്ത തിരക്കഥയാണ് സന്ദീപ് സുരേഷും ബിജുവും ചേര്‍ന്നെഴുതിയിട്ടുള്ളത്. പ്രൊഫ. അലിയാറും സീന സ്വാമിനാഥനും ചേര്‍ന്നുള്ള വിവരണപാഠം ചിത്രത്തിന്റെ ഏകാഗ്രതയ്ക്കു മുതല്‍ക്കൂട്ടുന്നതുമായി.അജോയ് ജോസിന്റെ പശ്ചാത്തലസംഗീതവും എസ്.സഞ്ജയിന്റെ സന്നിവേശവും ചിത്രത്തിന്റെ ആത്മാവ് നിലനിര്‍ത്തുന്നതായി.
സംവിധായകന്‍ ടി.വി.ചന്ദ്രന്റെ വാക്കുകളില്‍ ആ വ്യക്തിത്വം വളരെ സ്പഷ്ടവുമാണ്.' ഇഷ്ടപ്പെടുന്ന സിനിമകളെ വളരെ വികാരത്തോടെ തന്നെ സമീപിക്കുന്ന ഒരു രീതിയാണ് തോമസ് മാഷിന്‍േത്. അതുപോലെ തന്നെയാണ് ചലച്ചിത്രകാരന്മാരോടുമുള്ളത്' ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയാനായിട്ടുണ്ട് എനിക്ക്. അതുകൊണ്ടുതന്നെ ചലച്ചിത്ര സഹയാത്രികനെന്നല്ല, സംഭാഷണത്തിനിടെ അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്വതസിദ്ധമായ ശൈലി കടമെടുത്തെഴുതിയാല്‍ അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിലെ പല ഇതുകള്‍ കൊണ്ടും അദ്ദേഹത്തെ നല്ല സിനിമയുടെ തീവ്രവാദി എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സിനിമയോടൊപ്പമുള്ള യാത്രയില്‍ അദ്ദേഹത്തിനുള്ളതിന്റെ നൂറിലൊരംശം കമ്മിറ്റ്മെന്റ് ഉണ്ടാകണേയെന്നാഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ അനേക മാനസശിഷ്യരില്‍ ഒരാളെന്ന നിലയ്ക്കല്ല,അദ്ദേഹത്തില്‍ നിന്നു തന്നെ പഠിച്ച വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കര്‍ഷയോടെ തന്നെ നോക്കിക്കണ്ടാലും സാങ്കേതികമടക്കമുള്ള സകല പരിമിതികളോടും പിഴവുകളോടും കൂടിത്തന്നെ നല്ലസിനിമയും ഒരു മനുഷ്യനും അതിന്റെ ദൗത്യം, ലക്ഷ്യം നിര്‍വഹിക്കുന്നുവെന്നുതന്നെ ഞാന്‍ നിസ്സംശയം പറയും. കാരണം, ഏതൊരു ഡോക്യുമെന്ററിയുടെയും ആത്യന്തികലക്ഷ്യം അതു വിഷയമാക്കുന്ന വ്യക്തിയുടെ ജീവിതത്തെ ആര്‍ജവത്തോടും സത്യസന്ധവും ആത്മാര്‍ത്ഥവുമായി പകര്‍ത്തുന്നതാവണം. ആ അര്‍ത്ഥത്തില്‍ എം.എഫ്.തോമസ് എന്ന ചലച്ചിത്ര സഹയാത്രികന്റെ ജീവിതം ആലേഖനം ചെയ്യുന്നതില്‍ വിജയിക്കുന്നുണ്ട് നല്ല സിനിമയും ഒരു മനുഷ്യനും. ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തോടൊപ്പമുള്ള വൈകാരികമായി ഒരു അനുയാത്രയായിത്തീരുന്നു ഈ സിനിമ;ഒപ്പം മലയാളസിനിമയുടെ ചരിത്രത്തോടൊപ്പവുമുള്ള അനുയാത്രയും!


Sunday, September 09, 2018

ചില കാലോപ്‌സിയന്‍ ചിന്തകള്‍

മലയാള സിനിമയുടെ ഭാവി വളരെ പ്രതിഭാധനരായ കലാസാങ്കേതികപ്രവര്‍ത്തകരുടെ കൈകളിലാണെന്നു തെളിയിക്കുന്നതായി അടുത്തിടെ ഒരനുഭവം.സംസ്ഥാനത്തെ കോളജ് ക്യാംപസുകള്‍ക്കായി തിരുവനന്തപുരം ആയുര്‍വേദ കോളജ് ഫിലിം ക്‌ളബ് സംഘടിപ്പിച്ച കാലോപ്‌സിയ 2018 ഹ്രസ്വകഥാചിത്രമേളയുടെ പ്രാഥമിക തെരഞ്ഞെടുപ്പു ജൂറിയംഗമായി സംവിധായക വിധു വിന്‍സന്റിനോടൊപ്പം ചിത്രങ്ങള്‍ കാണാന്‍ സാധിച്ചതാണ് നമ്മുടെ സിനിമായുവത്വത്തില്‍ പ്രതീക്ഷവയ്ക്കാന്‍ ചില തിരിച്ചറിവുകളായത്. പുതിയ തുടക്കം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ ഹ്രസ്വചലച്ചിത്രമേള.സാങ്കേതികവും പ്രമേയപരവുമായ മികവില്‍ ദേശീയതലത്തില്‍ കേരളത്തിന്റെ സംഭാവനയായ കോട്ടയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയതെങ്കിലും നെഞ്ചില്‍ കൈവച്ചു പറയാനാവും, സിനിമാനിര്‍മാണത്തില്‍ ഔപചാരികപരിശീലനങ്ങളൊന്നുമില്ലാത്ത കലാലയങ്ങളില്‍ നിന്നുള്ളവരുടെ ചിത്രങ്ങളിലും തീര്‍ച്ചയായും പ്രതിഭയുടെ മിന്നലാട്ടങ്ങളുണ്ടായിരുന്നു. സാങ്കേതികതയിലും അവതരണത്തിലും നാളത്തെ ചലച്ചിത്രപ്രവര്‍ത്തകരായിത്തീര്‍ന്നേക്കാമെന്ന വിശ്വാസമുളവാക്കുന്നതു തന്നെയായിരുന്നു പലതും. അതുകൊണ്ടുതന്നെയാണല്ലോ, വരും വര്‍ഷങ്ങളില്‍ പ്രൊഫഷനല്‍ ചലച്ചിത്രവിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളെ വേറെ വിഭാഗമായേ പരിഗണിക്കാവൂ എന്നും ഇതരകലാലയങ്ങളില്‍ നിന്നുള്ളവരുടെ സൃഷ്ടികള്‍ക്ക് മുഖ്യമത്സരത്തിലിടം നല്‍കണമെന്നും മേളയുടെ മുഖ്യജൂറികളായ വിജയകൃഷ്ണന്‍, വിനു ഏബ്രഹാം, വി.സി അഭിലാഷ് എന്നിവര്‍ ശുപാര്‍ശ ചെയ്തത്.
പ്രമേയത്തിലും ദൃശ്യപരിചരണത്തിലും മാറിച്ചിന്തിക്കുന്ന മലയാളത്തിലെ നവഭാവുകത്വസിനിമകളുടെ ഗുണപരമായ സ്വാധീനം സിനിമയെടുത്തു പഠിക്കുന്നവരുടെ ചലച്ചിത്രസമീപനങ്ങളില്‍ ദൃശ്യമാണ്. അവതരണത്തിലും സാങ്കേതികപരിചരണങ്ങളിലും അഭിനയത്തിലുമൊക്കെ ഈ സ്വാധീനം ദൃശ്യമാണ്. പലകുറി പറഞ്ഞിട്ടുള്ള വിഷയങ്ങളില്‍പ്പോലും അത്രകണ്ട് ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്ത ഒരു അവതരണശൈലിയും വീക്ഷണകോണും കണ്ടെത്താനും സ്വീകരിക്കാനും സാധിക്കുന്നിടത്താണ് സിനിമയുണ്ടാക്കി ശീലിച്ചിട്ടില്ലാത്തവരുടെ ഈ സംരംഭങ്ങള്‍ ശ്‌ളാഘനീയമായിത്തീരുന്നത്. നാടകീയത പാടെ മാറ്റിനിര്‍ത്തി അതിയാഥാര്‍ത്ഥ്യത്തിന്റെയോ ഹൈപ്പര്‍ റിയാലിസത്തിന്റെയോ തലത്തില്‍ മാത്രമാണ് ആ അവതരണങ്ങളില്‍ പലതും. സ്വാഭാവികമായ അഭിനയശൈലിയും മറ്റും സിനിമാറ്റിക്കായിത്തന്നെ വിനിയോഗിക്കപ്പെടുന്നുമുണ്ട്.
കേരളത്തിലെ ചലച്ചിത്രമേളകള്‍ നമ്മുടെ തലമുറയിലുണ്ടാക്കിയ സ്വാധീനത്തിന്റെ കൂടി പരിണതഫലമായാണ് ഈ പ്രതിഭാസത്തെ വിലയിരുത്തേണ്ടത്. ഇന്ത്യയിലെ മള്‍ട്ടീപ്‌ളക്‌സ് സിനിമകള്‍ക്കപ്പുറം ലോകഭാഷകളിലെ നവസിനിമയുടെ രീതിയും സൗന്ദര്യശാസ്ത്രവും ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ചിരപരിചിതമായ തലമുറയാണല്ലോ നമ്മുടേത്. സ്വാഭാവികമായി അത്തരം കാഴ്ചകളുടെ സ്വാധീനവും അവരുണ്ടാക്കുന്ന സിനിമകളില്‍ കൈകടത്തിയേക്കാം. കാല്പശ്ചാത്തലസംഗീതത്തിന്റെയും ക്യാമറയുടെയും മറ്റും ഉപയോഗത്തില്‍, കാലോപ്‌സിയയിലെ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ വച്ചു പരിശോധിച്ചാല്‍ ഈ നിരീക്ഷണം സാധൂകരിക്കപ്പെടുന്നതായി കാണാം.