Wednesday, November 08, 2017

റിയലിസത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രസമീക്ഷയുടെ ഒക്ടോബര്‍ ലക്കം കവര്‍ സ്‌റ്റോറി
എ.ചന്ദ്രശേഖര്‍
പത്തൊമ്പതാം നൂറ്റാണ്ടില്‍ ബല്‍സാക്കും ഹോവല്‍സും ജോര്‍ജ് ഏല്യട്ടും മറ്റും സാഹിത്യത്തില്‍ പരീക്ഷിച്ചു പ്രസ്ഥാനമായി പരിണമിച്ച മുന്നേറ്റം, കാല്‍പനികതയ്ക്കു കടവിരുദ്ധമോ കാല്‍പനികതയെ അപ്പാടെ നിരാകരിക്കുന്നതോ ആയിരുന്നു. ജീവിതത്തിന്റെ സ്വപ്‌നതുല്യമായ ആദര്‍ശവല്‍ക്കരണത്തിനുപരി യാഥാര്‍ത്ഥ്യത്തിന്റെ മണ്ണില്‍ പെരുവിരലൂന്നി നിന്നുകൊണ്ടുള്ള ദര്‍ശനസമീപനമായിരുന്നു റിയലിസം. അതുകൊണ്ടു തന്നെയാണ് കാല്‍പനികതയുടെ വര്‍ണാഭയോ തോരണങ്ങളോ യാതാത്ഥ്യത്തില്‍ പ്രസക്തമല്ല. കലയുടെ കാപട്യം കൊണ്ടാണ് റൊമാന്റിസിസം അതിഭാവനാത്മകമാവുന്നതെങ്കില്‍, ജീവിതത്തിന്റെ ന്യൂനോക്തിയാണ് റിയലിസത്തിന്റെ പ്രാഭവം. നവോത്ഥാനാനന്തര സാഹിത്യത്തില്‍ മാത്രമല്ല, കലയുടെ സര്‍വമേഖലകളിലും യാതാത്ഥ്യത്തിന്റെ സര്‍ഗരേണുക്കള്‍ പ്രകാശമായിട്ടുണ്ട്, ലോകമെമ്പാടും.
ബഹുജന ദൃശ്യമാധ്യമമെന്ന നിലയ്ക്ക് ഭൗതികജീവിതത്തില്‍ കാണാനും അനുഭവിക്കാനുമാവാത്തതെന്തും സിനിമയ്ക്ക് അതിന്റെ സാങ്കേതികത്തികവിനാല്‍ പുനരാവിഷ്‌കരിക്കാനാവുന്നു. അതുകൊണ്ടുതന്നെയാണ് രൂപീകരണദശയിലേ സിനിമ അതിഭൗതിക മായികക്കാഴ്ചകളിലേക്ക് ക്യാമറ തുറന്നുപിടിച്ചത്. സ്വപ്‌നവ്യാപാരമെന്നോ കാഴ്ചയുടെ ഇന്ദ്രജാലമെന്നോ ഒക്കെ സിനിമ വിശേഷിപ്പിക്കെപ്പട്ടതും അതുകൊണ്ടാണ്. യാഥാര്‍ഥ്യത്തേക്കാള്‍ പതിന്മടങ്ങ് വലിപ്പത്തിലുള്ള വെളളിത്തിര തന്നെ സിനിമയെ ഒരേ സമയം യാഥാത്ഥ്യവും പ്രതീതിയാഥാത്ഥ്യവുമാക്കി മാറ്റുന്നുണ്ടല്ലോ. നാടകമോ നൃത്തമോ അടക്കമുള്ള മറ്റേത് അവതരണകലയ്ക്കും അവകാശപ്പെടാനാവാത്ത അയാഥാര്‍ത്ഥ്യതലമാണിത്. അതുകൊണ്ടുകൂടിയാണ് സിനിമ മാധ്യമമെന്നതിലുപരി അതിമാധ്യമം (മെറ്റാമീഡിയം) ആയിക്കൂടി വിശേഷിപ്പിക്കപ്പെടുന്നതും പ്രസക്തമാകുന്നതും.
അരങ്ങില്‍ ജീവിതഗന്ധിയായ പ്രമേയനിര്‍വഹണത്തിലൂടെ നാടകം പ്രേക്ഷകന്റെ കണ്‍മുന്നില്‍ നേരനുഭവമായിത്തീരുകയാണ്. യാത്ഥാര്‍ത്ഥ്യത്തോടുള്ള ഈ നേര്‍ബന്ധമാണ്, വായനക്കാരനില്‍ റിയലിസ്റ്റ് കൃതി അമൂര്‍ത്തമായി മാത്രവശേഷിപ്പിക്കുന്ന ഭാവുകത്വത്തെ ദൃശ്യമാധ്യമം അതിന്റെ മൂര്‍ത്തഘടന കൊണ്ട് അതിലംഘിച്ചത്. എന്നാല്‍ വേദിയിലും തുറസിലും അരങ്ങിന്റെ പരിമിതികള്‍, നാടകത്തിന്റെ യാത്ഥാര്‍ത്ഥ്യത്തെ പ്രതീകവല്‍ക്കരിച്ചു. അരങ്ങില്‍ കാണിക്കാനാവാത്തത് അങ്ങനെ പ്രതീകമോ പ്രതീതിയാഥാര്‍ത്ഥ്യമോ ആയി അമൂര്‍ത്തമായി. സിനിമ സ്വതന്ത്രമാകുന്നത് അവിടെയാണ്.ക്യാമറയ്ക്കു കാണിക്കാനാവാത്തതായി യാതൊന്നുമില്ലെന്ന സ്വാതന്ത്ര്യമാണത്. അരങ്ങിന്റെ അതിവൈകാരികതയേയും അതിനാടകീയതയേയും തൊട്ട് കവിതയുടെ ധ്വന്യാത്മകതയും നോവലിന്റെ ആത്മനിഷ്ഠയും സിനിമയ്ക്ക് ഒരുപോലെ ആവിഷ്‌കരിക്കാനായി. അതുകൊണ്ടുതന്നെ ഇതര ശൈലികള്‍ക്കുപരി റിയലിസത്തെ അതിന്റെ ആത്മനിഷ്ഠമാര്‍ന്ന ആര്‍ജവത്തോടെ ദൃശ്യവല്‍ക്കരിക്കാന്‍ സിനിമയ്ക്കു സാധ്യമായി.
സിനിമയിലെ റിയലിസം
സിനിമ തന്നെ ഒരു മായക്കാഴ്ചയാണെന്നിരിക്കെ സിനിമാറ്റിക് റിയലിസമെന്നത് അസംബന്ധമാണെന്ന വാദം കൂടി കണക്കിലെടുക്കുമ്പോഴാണ് കഥാനിര്‍വഹണത്തില്‍ അതെടുത്തണിയുന്ന യാത്ഥാത്ഥ്യത്തിന്റെ മൂടുപടത്തിന്റെ വൈരുദ്ധ്യം വെളിപ്പെടുക. വേര്‍ണര്‍ ഹെര്‍സോഗ് തന്നെ ദൃശ്യമാധ്യമത്തിന്റെ യത്ഥാത്ഥവാദത്തെ നിരാകരിച്ചിട്ടുണ്ടെന്നോര്‍ക്കുക. സിനിമയിലെ റിയലിസമെന്നത് നിര്‍മാണത്തെയും പ്രതിബിംബത്തെയും ബാധിക്കുന്ന രണ്ടു വേറിട്ട ചാലുകളായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. അതിന് സാഹിത്യപ്രസ്ഥാനവുമായി പ്രത്യക്ഷബന്ധം കുറവാണ്. അതുകൊണ്ടുതന്നെ സിനിമയിലെ റിയലിസത്തെ വിലയിരുത്തുമ്പോള്‍ സാഹിത്യപ്രസ്ഥാനത്തെ വിലയിരുത്തുന്ന ഉപാധികളും ഉപകരണങ്ങളും മതിയാവാതെവരും. കഥാപാത്രങ്ങളുടെയും കഥാഗതിയുടെയും കഥാസന്ദര്‍ഭങ്ങളുടെയും വിശ്വാസ്യത എന്ന യാഥാര്‍ത്ഥ്യബോധമാണ് സിനിമാറ്റിക് റിയലിസത്തിന്റെ ഒരു വഴിച്ചാലെങ്കില്‍, ക്യാമറയിലൂടെ യാന്ത്രികമായി പുനര്‍നിര്‍മിക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ് മറ്റൊരു ഘടകം.
സ്‌റ്റേഷനില്‍ വന്നു നില്‍ക്കുന്ന തീവണ്ടിയുടെയും ഫാക്ടറി വിട്ടിറങ്ങുന്ന തൊഴിലാളികളുടെയും യഥാര്‍ത്ഥമായ വസ്തുതാചിത്രണമായിരുന്നല്ലോ ആദ്യസിനിമ ഡോക്യുമെന്റേഷന്‍ അഥവാ ഡോക്യുമെന്ററി. ചലനം എന്ന ഘടകം മാത്രമായിരുന്നു അതിന്റെ ആത്മാവ്. അതിന് ജീവസും ചൈതന്യവും കൈവരുന്നത് സന്നിവേശത്തിന്റെ സാങ്കേതികതയിലൂടെയാണ്. അതോടെയാണ് അതിനെ പുറം കാഴ്ചകള്‍ക്കു മാത്രമല്ല, അകം കാഴ്ചകളിലേക്കും ഫലപ്രദമായി തുറന്നുവയ്ക്കാമെന്ന ധാരണയുണ്ടായത്. അതുവരെ അരങ്ങിലെ നാടകത്തിന്റെ ആലേഖനോപാധിമാത്രമായിരുന്നു ചലച്ചിത്രമെന്നോര്‍ക്കുക. സിനിമാത്മക സ്ഥലകാലങ്ങള്‍ക്ക് അരങ്ങിന്റെ സ്ഥലകാലരാശികളെ അതിലംഘിക്കാനാവുമെന്ന തിരിച്ചറിവിലാണ് അതിന്റെ ദൃശ്യസാധ്യതകള്‍ പരമാവധി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. നാടകീയത വിട്ട് സിനിമ കൂടുതല്‍ യാത്ഥാത്ഥ്യമായി, സിനിമാത്മകമായതും അതോടെയാണ്.
റിയലിസം എന്നത് സിനിമയില്‍ മായികമോ കൃത്രിമമോ ആണ്. അതാണ് ഈ മാധ്യമത്തിന്റെ സൗന്ദര്യം. ഡോക്യുമെന്ററിയിലെ യാഥാത്ഥ്യവും കഥാസിനിമയിലെ യാഥാത്ഥ്യവും വ്യത്യസ്തമാണ്. ഫീച്ചര്‍ഫിലിമിലെ റിയലിസം കേവല യാത്ഥാര്‍ത്ഥ്യമല്ല, ബോധപൂര്‍വം യാത്ഥാര്‍ത്ഥ്യം എന്നു തോന്നിപ്പിക്കുന്ന സാങ്കേതികസൃഷ്ടിമാത്രമാണ്. അതുളവാക്കുന്ന  ഭാവുകത്വവുമാവട്ടെ, യാഥാര്‍ത്ഥ്യവും. അത് ഒരേ സമയം കപടവും വ്യാജവും അതേ സമയം സത്യവും ഉണ്മയുമാണ്.സൈക്കോളജിക്കല്‍/സിനിമാറ്റിക് സ്ഥലകാലസങ്കല്‍പങ്ങളുമായി സമരസപ്പെട്ടു/ഒന്നുചേര്‍ന്നു പോകുന്ന ഒന്നാണ് സിനിമയിലെ റിയലിസം. ബൈസൈക്കിള്‍ തീവ്‌സ് പോലൊരു വിശ്വോത്തര ക്‌ളാസിക്ക് മുതല്‍ തൊണ്ടിമുതലും ദൃക്‌സാക്ഷി(2017)യും പോലൊരു നവഭാവുകത്വ മലയാളസിനിമയില്‍ വരെ തെളിഞ്ഞുകാണുന്നത് കൃത്രിമമായി സൃഷ്ടിക്കപ്പെട്ട സിനിമാത്മകയാഥാര്‍ഥ്യമാണ്. ബഹുതലമാനങ്ങളുള്ള നോണ്‍ ലീനിയര്‍ നിര്‍വഹണരീതി തന്നെ കേവലയാത്ഥാത്ഥ്യത്തിന്റെ നിര്‍വചനങ്ങള്‍ക്കു കടകവിരുദ്ധമാണ്. അതു കാണാനെത്തുന്ന പ്രേക്ഷകന്‍ അതുകൊണ്ടുതന്നെ കണ്‍കെട്ടോ ഇന്ദ്രജാലമോ കാണാനെത്തുന്നവരുടെ മാനോനില സ്വയമാര്‍ജിക്കേണ്ടിവരുന്നു. കണ്മുന്നില്‍ കാണുന്നത് യാഥാര്‍ത്ഥ്യമല്ല, പ്രതിയാഥാര്‍ത്ഥ്യം അഥവാ കൃത്രിമയാഥാര്‍ത്ഥ്യം മാത്രമാണെന്ന ഉള്‍ബോധത്തോടെയാണ് പ്രേക്ഷകന്‍ സിനിമയെ സമീപിക്കേണ്ടിവരുന്നത്.അതുകൊണ്ടുതന്നെ, സിനിമയിലെ റിയലിസം അതില്‍ ത്തന്നെ പരസ്പര വൈരുദ്ധ്യം കാത്തുസൂക്ഷിക്കുന്നതാണ്. ഈ വൈരുദ്ധ്യത്തേയും ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം(2016) മുതലുള്ള മലയാള സിനിമ അഭിമുഖീകരിക്കുകയും അതിജീവിക്കാന്‍ ശ്രമിക്കുകയും ചെയ്തുപോരുന്നുണ്ട്.
മറ്റേതു കലാരൂപത്തേയുംകാള്‍ സൂപ്പര്‍/ഹൈപ്പര്‍ റിയാലിറ്റിയുടെ തലങ്ങള്‍ വരെ ഫ്രെയിമിലുള്‍ക്കൊള്ളാന്‍ ചലച്ചിത്രത്തിനു സാധിച്ചു. കഥയെന്ന ഉള്ളടക്കത്തെ നിര്‍വഹിക്കാനുള്ള വിനിമയോപാധികൂടിയായി കല്‍പ്പിക്കപ്പെട്ടതോടെയാണത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയായത്. ഹോളിവുഡ്ഡില്‍ മാത്രമല്ല ലോകമൊട്ടുക്ക് കമ്പോള മുഖ്യധാരാ സിനിമ താലോലിച്ചത് അതിഭാവുകത്വത്തിന്റെ ഈ ഛന്ദസിനെയും ചമത്കാരത്തെയും തന്നെയാണ്. ബദല്‍ സിനിമയുടെ അര്‍ത്ഥവത്തായ സമാന്തര പരിശ്രമങ്ങളില്‍ മാത്രമായിരുന്നു യാത്ഥാത്ഥ്യനു മുന്‍തൂക്കം. പലപ്പോഴും, നവയാത്ഥാത്ഥ്യം അഥവ നിയോറിയലിസമെന്നത് നാച്ച്വറലിസത്തിന്റെ ലക്ഷണങ്ങള്‍ സ്വയമെടുത്തണിയുന്നതു കാണാം സിനിമയില്‍.
പാകപ്പെടുത്താത്ത ദൃശ്യപാചകം
ദൃശ്യങ്ങളെ ബിംബവത്കരിക്കാതെ, ആലങ്കാരികതയുടെ അലകും പിടിയും ഏച്ചുകെട്ടാതെ, പച്ചയ്ക്ക് കാണിക്കുന്നു എന്ന പ്രതീതിയുളവാക്കുന്നതാണ് ആധുനിക സിനിമയുടെ ശൈലീസവിശേഷത.അതിനെ ചിട്ടയൊപ്പിച്ചു വേവിച്ചു പാകപ്പെടുത്താത്ത ഭക്ഷ്യവിഭവത്തോട് സാദൃശ്യമാരോപിച്ച് സുഷി സിനിമ എന്നാണ് അംഗോളന്‍ ചലച്ചിത്രകാരന്‍ ജോ വിയാന്ന വിശേഷിപ്പിക്കുന്നത്. ദൃശ്യങ്ങള്‍ കൊണ്ടുള്ള പാചകമാണ് സിനിമയെങ്കില്‍, പച്ച മത്സ്യം കൊണ്ടു വേവിക്കാതുണ്ടാക്കുന്ന രുചികരമായ ജാപ്പനീസ് തീന്‍വിഭവമായ സുഷി യെപ്പോലെ, വേവിക്കാത്ത ദൃശ്യങ്ങള്‍, യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കഷണങ്ങള്‍ എന്ന ചലച്ചിത്രസങ്കല്‍പം, മാറുന്ന കാലത്തെ ദൃശ്യസംസ്‌കാരത്തിന്റെ നയപ്രഖ്യാപനം കൂടിയാണ്.
ഇറ്റലിയുടെ നവയാഥാത്ഥ്യസിനിമാപ്രസ്ഥാനത്തില്‍ നിന്നു വിഭിന്നമാണ് സമകാലിക നവസിനിമാ റിയലിസം. ആത്മീയമായി, മാനവികമായി, മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങളിലേക്ക്, സാധാരണക്കാരന്റെ ജീവിതസന്ധികളിലേക്കാണ് നിയോറിയലിസം ക്യാമറാക്കണ്ണു തുറന്നുപിടിച്ചതെങ്കില്‍ നവസിനിമ അതിന്റെ വിചാര/വികാര തലങ്ങളാണ് അന്വേഷിക്കുന്നത്. അതുകൊണ്ടുതന്നെ, എന്തു കാണിക്കാം എന്നല്ല, എന്തും കാണിക്കാം എന്നായി. അതുകൊണ്ടുതന്നെ അണ്‍ എഡിറ്റഡ്/അണ്‍കട്ട്/ അണ്‍ സെന്‍സേഡ് പരിചരണത്തോടാണ് ആധുനിക ലോകസിനിമയ്ക്ക് താല്‍പര്യം. എങ്ങനെ കാണിക്കാതിരിക്കാം? എന്നത് എന്തിനു കാണിക്കാതിരിക്കണം? എന്ന ചോദ്യത്തിലേക്ക് മാറി. യാഥാര്‍ത്ഥ്യത്തെയും അതിയാഥാര്‍ത്ഥ്യത്തെയും അതീന്ദ്രിയ യാഥാര്‍ത്ഥ്യത്തെയും മറികടന്ന് സിനിമ, കറുത്ത യാഥാര്‍ത്ഥ്യത്തെ നേരിട്ടു കാണിച്ചുതുടങ്ങിയിരിക്കുന്നു.
നവസിനിമയുടെ സവിശേഷത യാഥാര്‍ത്ഥ്യത്തോടുള്ള പരിധിയില്ലാത്ത സത്യസന്ധത തന്നെയാണ്. ഹോളിവുഡും ബോളിവുഡുമടക്കം സ്ഥാപനവല്‍കൃത കമ്പോളസാഹചര്യങ്ങളിലൊഴികെ, ലോകഭാഷാസിനിമകളിലെല്ലാം ഭാവുകത്വത്തിന്റെ രാസപരിണാമം യാഥാര്‍ത്ഥ്യത്തിന്റെ, ഞെട്ടിക്കുന്ന, അസ്വസ്ഥതപ്പെടുത്തുന്ന, അലോസരപ്പെടുത്തുന്ന ദൃശ്യപരിചരണമായി മാറിക്കഴിഞ്ഞു. സമകാലികജീവിതത്തിന്റെ എല്ലാ രാഷ്ട്രീയ/മൂല്യ വ്യവസ്ഥകളെയും അവ പ്രശ്‌നവല്‍ക്കരിക്കുന്നു. മലയാളത്തിലാവട്ടെ കമ്പോളത്തോടൊപ്പം ഇത്തരം ബദല്‍ കാഴ്ചകളും ഒരേപോലെ സ്വീകരിക്കപ്പെടുന്നു.
സൈബര്‍ കാലത്തെ റിയലിസം
ബദല്‍ ആവിഷ്‌കാരസാധ്യതകളുയര്‍ത്തുന്ന വിശാലതുറസില്‍ നിന്നുകൊണ്ടുവേണം മലയാളസിനിമയില്‍ലെ മാറ്റങ്ങളെ വിലയിരുത്താന്‍. ഒറ്റപ്പെട്ട, സമാന്തര സിനിമാശ്രമങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്തത്ര പ്രേക്ഷകശ്രദ്ധ കിട്ടുന്നുണ്ടിപ്പോള്‍. തീയറ്ററിനപ്പുറം യൂ ട്യൂബും വിമിയോയുമടക്കമുള്ള ഓണ്‍ലൈന്‍ സമൂഹമാധ്യമസ്ഥലികളും ഫെയ്‌സ്ബുക്ക് പോലുള്ള പ്രചാരണകേന്ദ്രങ്ങളും വാട്‌സാപ്പ് പോലുള്ള തത്സമയസംവേദനസങ്കേതങ്ങളുടെ വിശാലസാധ്യതകള്‍ക്കിടയില്‍, വേറിട്ട അസാമാന്യമായൊരു പ്രകടനം ശ്രദ്ധിക്കപ്പെടാതെ പോവാനുള്ള സാധ്യതയില്ല. അതുകൊണ്ടാണല്ലോ സത്യസന്ധമായൊരു ചലച്ചിത്രസംരംഭമായ മിന്നാമിനുങ്ങിലെ അനിതരസാധാരണമായ സുരഭിലക്ഷ്മി എന്ന നടിയുടെ പ്രകടനം പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുകയും ദേശീയ ബഹുമതിവരെ നേടിയെടുക്കുകയും ചെയ്തത്. തീയറ്റര്‍ വിജയം മാത്രം സാമ്പത്തികമാനദണ്ഡവും സമാന്തരമെന്നത് സാധാരണപ്രേക്ഷകര്‍ക്ക് അപ്രാപ്യവുമെന്ന സ്ഥിതിവിശേഷമാണു മാറിയത്. ഇതു നല്‍കുന്നൊരു സ്വാതന്ത്ര്യം കൂടി പുതുതലമുറ ചലച്ചിത്രകാരന്മാര്‍ക്ക് സത്യസന്ധമായ സിനിമകള്‍ നിര്‍മിക്കാന്‍ പ്രേരകമാകുന്നുമുണ്ട്.
കലാ മികവും സത്യസന്ധതയും പുലര്‍ത്തുന്ന സിനിമകള്‍ക്ക് മുന്‍വിധിയില്ലാത്ത കാണികള്‍ക്കു മുന്നിലെത്താന്‍ ബദല്‍ പ്രദര്‍ശനിമാര്‍ഗങ്ങള്‍ അനവധിയാണിന്ന്. നിര്‍മാണത്തിലെന്നോണം വിതരണസമ്പ്രദായത്തിലും മുടക്കുമുതലിന്റെ വൈപുല്യത്തിലും ജനാധിപത്യരീതിയിലും കാതലായ മാറ്റം വന്നുകഴിഞ്ഞു. വിലയേറിയ ക്യാമറകള്‍ക്കും അനുബന്ധോപകരണള്‍ക്കും പകരം മൊബൈല്‍ ക്യാമറകളിലേക്കു വാര്‍ത്താചാനലുകള്‍ കൂടുമാറുന്ന കാലത്ത് സിനിമാനിര്‍മാണവ്യവസ്ഥ വിപുലാര്‍ത്ഥത്തില്‍ തന്നെ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നു. ഒളിക്യാമറയുടെയും സൈബര്‍ സ്ഥലകാലങ്ങളുടെയും കാലത്തെ റിയലിസത്തെ യാത്ഥാത്ഥ്യത്തിന്റെ പാരമ്പര്യ പ്രാമാണികതകള്‍ കൊണ്ടു വിലയിരുത്തുക സാധ്യമല്ല, അതിനു സാംഗത്യമുണ്ടാവുകയുമില്ല. ഐ.ടി. സാങ്കേതികത മുന്നോട്ടുവയ്ക്കുന്ന മറയില്ലാതെ, തത്സമയം എന്ന ദൃശ്യസാധ്യതകള്‍ക്കു മുന്നില്‍ റിയലിസം അതിന്റെ മാനവ/മാനുഷിക മൂല്യങ്ങളോടും പലപ്പോഴും വിടപറയുന്നുണ്ട്.പലപ്പോഴും അതല്‍പം ക്രൂരവും സ്വകാര്യതയിലേക്കുള്ള എത്തിനോട്ടവുമെല്ലാമാവുന്നുമുണ്ട്. ഒളിമറകളോടെ, ഏറെ ഭാവനാത്മകമായി സൃഷ്ടിച്ചെടുത്ത ദൃശ്യബിംബങ്ങളിലൂടെ പറഞ്ഞുവച്ച പലതും പരസ്യമായി, യാതൊരു മറവും മറയുമില്ലാതെ ക്യാമറയ്ക്കു മുന്നില്‍ വെളിവാക്കപ്പെട്ടു. സാമ്പ്രദായിക ആഖ്യാനവഴികളില്‍ നിന്നെല്ലാം വഴിതെറ്റിയോ തെറ്റിച്ചോ, ലക്ഷണമൊത്ത തുടക്കം ഒടുക്കം ന്നിവയെയെല്ലാം നിരാകരിക്കുന്നു ആധുനിക സിനിമാറ്റിക് റിയലിസം.
യാത്ഥാര്‍ത്ഥ്യള്‍ക്കു നേര്‍ക്കുനേര്‍
അരികുജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ പിന്‍പറ്റി തമിഴില്‍ വെട്രിമാരനും സമുദ്രക്കനിയും എം.ശശികുമാറും മറ്റും തുടങ്ങിവച്ച ധീരമായ സമാന്തരസിനിമാശ്രമങ്ങള്‍ക്കു മലയാളസിനിമയില്‍ പിന്തുടര്‍ച്ചയുണ്ടാവാന്‍ അല്‍പം വൈകിയെന്നതു സത്യം. പക്ഷേ, റൊമാന്റിക് കല്‍പനകളില്‍ താരനിറവോടെ മാജിക്കല്‍ റിയലിസത്തില്‍ ആവരണം ചെയ്ത ആമേനില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയെപ്പോലൊരു സംവിധായകന്‍ അങ്കമാലി ഡയറീസ്ിലേക്കു സ്വയം കളം മാറി പ്രതിഷ്ഠിക്കുമ്പോള്‍ മലയാളം ആ ചലച്ചിത്രസമീപനത്തെ നെഞ്ചിലേറ്റുകതന്നെയാണ്. സാധാരണക്കാരില്‍ നിന്നു തെരഞ്ഞെടുത്ത മുപ്പത്തെട്ടോളം പുതുമുഖങ്ങളുമായി പുറത്തിറങ്ങി കമ്പോളവിജയം കരസ്ഥമാക്കിയ അങ്കമാലി ഡയറീസ് മാറ്റത്തിന്റെ പരസ്യപ്രഖ്യാപനം തന്നെയായിരുന്നു.
ശ്യാമപ്രസാദിന്റെ ഋതു(2009)വില്‍ തുടങ്ങി, രാജേഷ് പിള്ളയുടെ ട്രാഫിക്കി(2011)ൂടെ അലയടിച്ചുയര്‍ന്ന നവഭാവുകത്വസിനിമയുടെ തിരനോട്ടം പക്ഷേ ഉപരിവര്‍ഗ മള്‍ട്ടീപ്‌ളക്‌സ് സിനിമയുടെ ഫീല്‍ഗുഡ് സ്വഭാവമാണു വച്ചുപുലര്‍ത്തിയത്. വര്‍ഗവൈരുദ്ധ്യത്തിന്റെ തിരപ്രത്യക്ഷങ്ങളെ പ്രതിനിധാനം ചെയ്തുവെങ്കിലും സമീര്‍ താഹിറിന്റെ ചാപ്പാക്കുരിശും(2011) പിന്തുടര്‍ന്ന ലാക്ഷണികത മറ്റൊന്നായില്ല. കാല്‍പനികവര്‍കൃത യാത്ഥാത്ഥ്യം മാത്രമായിരുന്നു അവ. എന്നാല്‍, രാജീവ് രവിയുടെ അന്നയും റസൂലും (2013), ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം(2016), രാജീവ് രവിയുടെ തന്നെ കമ്മട്ടിപ്പാടം(2016) തുടങ്ങിയവയിലേക്കെത്തുമ്പോള്‍ നവസിനിമ ഐസിങ് വച്ചു മിനുക്കിയ ഫീല്‍ഗുഡ് ശൈലി തീര്‍ത്തുമുപേക്ഷിക്കുന്നതു കാണാം.
മുഖ്യധാര ഊട്ടിയുറപ്പിച്ച കാഴ്ചവഴക്കങ്ങളെ കാറ്റില്‍പ്പറത്തി, ചരിത്രത്തിന്റെ അനുസ്യൂതയില്‍ ഒരു ബിന്ദുവില്‍ കഥ തുടങ്ങുന്നു, എതെങ്കിലും ഒരു ബിന്ദുവില്‍ താല്‍കാലികമെന്നോണം അവസാനിക്കുന്നു. വ്യവസ്ഥാപിതമായ ഓപ്പണിംഗ് ഷോട്ടുകളില്ല, നാടകീയമായ ക്‌ളൈമാക്‌സും. നാടകീയതയെ അപ്പാടെ തന്നെ അതു നിരാകരിക്കുന്നു. സ്വയംവരത്തിന്റെയോ ചിദംബരത്തിന്റെയോ തുറന്ന പരിസമാപ്തിയും കാലഹരണപ്പെട്ടു. മാറ്റമില്ലാത്തത് ചലനത്തിനുമാത്രമാണ്. ജീവിതത്തോടൊപ്പം ദൃശ്യവും അനുസ്യൂതം ചലിക്കുന്നു. ഓപ്പണ്‍ എന്‍ഡിംഗ്, നിയതമായ അവസാനമില്ലായ്മ, മറ്റൊരു തുടക്കമോ പ്രത്യാശയോ പോലുമില്ലാത്ത തുടര്‍ച്ച മാത്രമായി സിനിമ അവസാനിക്കുന്നു. 
അന്നയുടെ മരണാനന്തരമുള്ള റസൂലിന്റെ ജീവിതത്തെപ്പറ്റി സംവിധായകന്‍ രാജീവ് രവിക്ക് ആശങ്കകളില്ലാത്തത് അതുകൊണ്ടാണ്. ചാപ്പാക്കുരിശിലെ അര്‍ജുന്റെയും സോണിയയുടെയും ജീവിതത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നതിലല്ല സിനിമയുടെ ഊന്നല്‍. അതുപോലെ തന്നെയാണു മാല തിരികെ കിട്ടിയ ശേഷം മടങ്ങിപ്പോകുന്ന തൊണ്ടിമുതലിലെ പ്രസാദിന്റെയും ശ്രീജയുടെയും ജീവതത്തിന്റെ കാര്യവും.ചിത്രത്തിന്റെ കാലപരിധിക്കുള്ളില്‍ മാത്രമാണ് അവരുടെ നിലനില്‍പ്. അതിനു മുമ്പും പിമ്പും മാധ്യമപരമായ പ്രസക്തി നേടുന്നില്ല.  കഥാപാത്രങ്ങലുടെ സ്വകാര്യതയ്ക്കു നവസിനിമ അര്‍ഹിക്കുന്ന പ്രാധാന്യം കല്‍പിക്കുന്നതുകൊണ്ടാണിത്. അസ്തിത്വമുള്ള കഥാപാത്രങ്ങളായതുകൊണ്ടാണിതു സാധ്യമാവുന്നത്.സമൂഹത്തെ ഭരിക്കുന്ന, അധോലോകരാഷ്ട്രീയത്തിന്റെ ബലിയാടുകളായ ക്വട്ടേഷന്‍ തലമുറയുടെ ജീവിതമാണ് രാജീവ് രവി തന്റെ അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം(2016)എന്നീ സിനിമകളിലൂടെ പറഞ്ഞുവച്ചത്. അധോലോകം എങ്ങനെ അതിന്റെ താഴേത്തട്ടിലുള്ള പാവങ്ങളെ, അരികുജീവികളെ ഇരകളാക്കുന്നുവെന്നും അങ്ങനെ ജീവിതം നശിക്കുന്നവര്‍ നിഷ്‌കളങ്ക മധ്യവര്‍ഗ ജീവിതങ്ങളെ എത്രകണ്ട് ബാധിക്കുന്നുവെന്നും ഈ ചിത്രങ്ങള്‍ ആഴത്തില്‍ വരച്ചുകാട്ടുന്നു. പഴകിത്തേഞ്ഞ വാര്‍പ്പുമാതൃകകളില്‍ അധോലോകജീവിതത്തെയും ക്വട്ടേഷന്‍ ജീവികളെയും തളച്ചിടുന്ന കമ്പോള സിനിമയുടെ രീതി വിട്ട് അവരുടെ ജീവിതത്തിലേക്ക് നേരിട്ടിറങ്ങിച്ചെന്നാണ് അതിന്റെ സാമൂഹിക/രാഷ്ട്രീയ പ്രത്യാഘാതങ്ങളെ രാജീവ് വിശകലനം ചെയ്യുന്നത്. വിമര്‍ശകന്റെ കാഴ്ചപ്പാടല്ല, സ്വതന്ത്ര നിരീക്ഷകന്റെ വീക്ഷണകോണാണ് അതിനു സ്വീകരിക്കുന്നതെന്നുമാത്രം.
എണ്‍പതുകളിലേതുപോലെ യാത്ഥാത്ഥ്യത്തോടുള്ള കാമന നവധാരയുടെ ചില നിരാകരണങ്ങളിലൂടെയാണു പ്രകടമാവുന്നത്. പ്രമേയതലത്തിലും സ്ഥലകാലങ്ങളിലും മാത്രമൊതുങ്ങുന്നതല്ലത്. സാധാരണക്കാരന്റെ ജീവിതം സാധാരണ പശ്ചാത്തലത്തില്‍, സാധാരണക്കാഴ്ച പോലെ പുനരാവിഷ്‌കരിക്കുമ്പോള്‍ അവിടെ താരങ്ങളെ അസാധാരണമാംവിധം സാധാരണക്കാരാക്കാനുള്ള ബോധപൂര്‍വം തന്നെയുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ട്. അതിന്റെ ഭാഗമായിയിട്ടാണ് മേക്കപ്പിലെയും രംഗസജ്ജീകരണങ്ങളിലേയും കാല്‍പനിക നാടകീയതകള്‍ ഒഴിവാക്കപ്പെട്ടത്. സൂപ്പര്‍ താരങ്ങളുടെ വെപ്പുമുടിയടക്കമുള്ള കൃത്രിമങ്ങള്‍ക്കിടയില്‍ എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന ഭരത് ഗോപിയുടെ കഷണ്ടിയുടെ സ്ഥാനത്ത് പ്രതിച്ഛായകളുടെ ബാലിശമായ പിടിവാശികളൊന്നുമില്ലാതെ ഫഹദ് ഫാസിലും കഷണ്ടി മറച്ചുപിടിക്കുന്നതേയില്ല.
താരപരിവേഷത്തിന്റെ നിരാകരണം മറ്റൊരര്‍ത്ഥത്തില്‍ അരികുജീവിതത്തിന്റെ ആഘോഷമായി മാറുന്നുമുണ്ട്. അതാണ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം(2016) എന്ന സിനിമയിലൂടെ നാം കണ്ടത്. നാളിതുവരെ മുഖ്യധാരയുടെ ഓരം ചേര്‍ന്നു മാത്രം നില്‍ക്കാന്‍ അവസരം കിട്ടിയ വിനിയകനും മണികണ്ഠനും മുന്‍നിരയിലേക്കു വന്നു എന്നതു മാത്രമല്ല, ദുല്‍ഖര്‍ സല്‍മാനേപ്പോലൊരു താരപ്രഭാവമുള്ള യുവനടന്‍ പ്രമേയതലത്തില്‍ രണ്ടാം നിരയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് ഡോ.ബിജുവിന്റെ പേരറിയാത്തവറിലെ(2015) ദേശീയ അവാര്‍ഡ് നേടിയ പ്രകടനത്തേക്കാള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ഫഹദ് ഫാസിലിനൊപ്പത്തിനൊപ്പമുള്ള സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രകടനം മാധ്യമപരവും രാഷ്ട്രീയപരവുമായ പ്രാധാന്യം നേടുന്നത്.
അമിതസാങ്കേതികതയുടെ, താരാധിപത്യത്തിന്റെ, വ്യവസ്ഥാപിത നിര്‍മാണ നിര്‍വഹണശൈലികളെയൊക്കെ ചോദ്യം ചെയ്തുകൊണ്ടാണ് നറേറ്റീവില്‍ വെള്ളിത്തിര ലാളിത്യത്തിന്റെ കരുത്ത് വ്യക്തമാക്കിയത്.  ചെറുകഥ/ഗുണപാഠകഥയുടെ ഭാവുകത്വത്തോടടുടുത്തു നില്‍ക്കുന്ന ദൃശ്യസമീപനമാണത്. സിങ്ക് സൗണ്ട് ഡിജിറ്റല്‍ /ഡ്രോണ്‍ ക്യാമറ തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങളുടെ ഫലപ്രദവും സാര്‍ത്ഥകവുമായ വിനിയോഗത്തിലൂടെയാണ് നവ സിനിമ ഇതു സാധ്യമാക്കുന്നത്. ആധുനിക മള്‍ട്ടീപ്‌ളക്‌സ് /സമാന്തര പ്രസ്ഥാനത്തിലും ഈ മാറ്റം പ്രകടമാണ്. തെരുവോ അഴുക്കുചാലോ മാത്രമല്ല, ഒറ്റമുറിച്ചായ്‌പ്പോ പോലും ക്യാമറയ്ക്ക് പ്രാപ്യമാവുന്നതിനോടൊപ്പം ചലനാത്മകമവുകയും ചെയ്യുന്നു. ഒരുകാലത്ത് മലയാള സിനിമയെ ഉറ്റുനോക്കിയിരുന്ന തമിഴ്‌സിനിമയിലും, ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ തുടര്‍ന്ന മറാത്തിസിനിമയിലും വ്യാപകമായശേഷമാണ് ഈ നവഭാവുകത്വപ്രവണതകള്‍ കടന്നുവന്നതെങ്കിലും മലയാള നവധാരയിലെ യുവതലമുറ അതിനെ അര്‍ത്ഥവത്തായി തന്നെ വിനിയോഗിക്കുന്നുവെന്നത് ആശാവഹമാണ്, പ്രതീക്ഷ നല്‍കുന്നതും. പോയവര്‍ഷത്തെ ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഈ പ്രവണതകളുടെ സാക്ഷ്യപത്രങ്ങളാണ്.
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം(2016) കാണിച്ചുതന്ന ഗ്രാമക്കാഴ്ചകള്‍ പണ്ട് പത്മരാജന്‍ തന്റെ കള്ളന്‍ പവിത്രനിലും തകരയിലും ഒരിടത്തൊരു ഫയല്‍വാനിലും കാണിച്ചുതന്നതിനു സമാനമാണ്. എന്നാല്‍, തകരയുടെയും പെരുവഴിയമ്പലത്തിലെ രാമന്റെയും പ്രതികാരത്തിനു തുല്യമല്ല അത്.വെറുമൊരു ഈഗോ പ്രശ്‌നം. അതിനിടെയില്‍ സിനിമ കാണിച്ചു തരുന്ന ഒരുപാട് സൂക്ഷതലങ്ങളുണ്ട്. അറംപറ്റിയപോലെ പ്‌ളാവില്‍ നിന്നു വീണുമരിക്കുന്ന ഗ്രാമീണനും, ഗുരുപുത്രിയെ പെങ്ങളെപ്പോലെ കാണുന്ന സ്റ്റുഡിയോ ട്രെയിനിയും, മരണവീട്ടിലെ തമ്മില്‍ത്തല്ലും, കാമുകനെ നിഷ്‌കരുണം ഉപേക്ഷിക്കുന്ന കാമുകിയും, ഊഷ്മളമായ അപ്പന്‍-മകന്‍ ബന്ധവുമൊക്കെ പലയാവൃത്തി മലയാളസിനിമയില്‍ നാം കണ്ടിട്ടുള്ളതാണ്. സത്യന്‍ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന തട്ടാനടക്കമുള്ള സിനിമകളില്‍ കണ്ട ഈ കാഴ്ചകള്‍ക്ക് പക്ഷേ, സൂക്ഷ്മമായ ദൃശ്യപരിചരണം കൊണ്ട് പുതുമാനം ലഭിക്കുകയാണ് മഹേഷിന്റെ പ്രതികാരത്തില്‍. ബോധപൂര്‍വം ഒഴിവാക്കപ്പെട്ട ചിലതാണ് മഹേഷിനെ വേറിട്ടതാക്കുന്നത്. തേഞ്ഞുപഴകിയ ക്‌ളീഷേകളാണവ.
ലോകസിനിമയെ റിയലിസത്തിന്റെ വശ്യസൗന്ദര്യം കൊണ്ട് വിഭ്രമിപ്പിച്ച നിയോറിയലിസ്റ്റ് ശൈലിയുടെ മകുടോദാഹരണമായി വാഴ്ത്തപ്പെടുന്ന ഇതിഹാസചിത്രമായ വിറ്റോറിയ ഡെസീക്കയുടെ ബൈസൈക്കിള്‍ തീവ്‌സി(1948)ല്‍ നിന്ന് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും (2016) എന്ന ചിത്രത്തിനുള്ള പ്രമേയപരമായ വൈജാത്യം ചെറുതാണ്. രണ്ടാംലോകമഹായുദ്ധാനന്തരം ലോകം രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകവേ, തൊഴിലിനായി സൈക്കിള്‍ അത്യാവശ്യമായിവരുമ്പോള്‍ സ്വന്തമായതെല്ലാം വിറ്റ് ഒരു സൈക്കിള്‍ വാങ്ങുന്ന അന്റോണിയോവ്. ആദ്യ ദിവസം തന്നെ സൈക്കിള്‍ മോഷണം പോകുന്നതോടെ തകര്‍ന്നുപോകുന്ന അന്റോണിയോവും മകന്‍ ബ്രൂണോയും കൂടി സൈക്കിള്‍ വീണ്ടെടുക്കാന്‍ നടത്തുന്ന പ്രയത്‌നമാണ് ചിത്രത്തിന്റെ കാതല്‍. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്ന അവര്‍ ഉദ്യോഗസ്ഥ-ഭരണ സംവിധാനത്തിന്റെ ജീര്‍ണത നേരില്‍ കാണുന്നു. അവിടത്തെ നൂറുകണക്കിനു പരാതികളിലൊന്നായി അയാളുടെ കടലാസും മാറുന്നു. സൈക്കിള്‍ മോഷ്ടിച്ചവനെ തിരിച്ചറിഞ്ഞിട്ടും വ്യവസ്ഥയുടെ പഴുതുകളില്‍നടപടിയെടുക്കാനാവാതെ വരുമ്പോള്‍ സ്വയമൊരു സൈക്കിള്‍ മോഷ്ടാവാവാനുള്ള ശ്രമത്തില്‍ പിടിക്കപ്പെടുകയാണ് നായകന്‍.യൂദ്ധാനന്തര യൂറോപ്പ് നേരിട്ട കടുത്ത അരക്ഷിതാവ്സ്ഥയുടെയും പ്രതീക്ഷാരാഹിത്യത്തിന്റെയും പശ്ചാത്തലത്തിലാണ് ബൈസൈക്കിള്‍ തീവ്‌സ് അവസാനിക്കുന്നത്.പ്രണയം ഒറ്റപ്പെടുത്തിയ യുവദമ്പതികള്‍ മുന്നോട്ടുള്ള ജീവിതത്തിനായി എല്ലാം വിറ്റുപെറുക്കി അവസാനമായി യുവതിയുടെ താലിമാല പണയം വയ്ക്കാന്‍ പോകുന്ന വഴിക്ക് ബസില്‍ വച്ച് ഒരു പഠിച്ച കള്ളന്‍ ആ മാല മോഷ്ടിക്കുന്നതാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനമയുടെ കാതല്‍. ഉറക്കം ഞെട്ടുന്ന യുവതി കള്ളന്‍ അതു വിഴുങ്ങുന്നതും കാണുന്നു. പരാതിയോടെ ബസ് പൊലീസ് സ്റ്റേഷനിലെത്തുകയും തുടര്‍ന്നുള്ള അന്വേഷണവും തൊണ്ടിമുതല്‍ വീണ്ടെടുക്കാനുള്ള പ്രയത്‌നവുമാണ് ദിലീഷിന്റെ സിനിമ.
ബൈസൈക്കിള്‍ തീവ്‌സിന്റെ അനുകരണമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നല്ല. ഇരുപതാം നൂറ്റാണ്ടിലെ യുദ്ധാനന്തര ഇറ്റലിയിലെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോളവല്‍കൃത കേരളത്തിലെ ഒരു കുഗ്രാമത്തിലെയും മനുഷ്യാവസ്ഥകള്‍ അവരുടെ പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും അതിജീവനത്തിനായുള്ള പോരാട്ടങ്ങളും ഒന്നുതന്നെയാണെന്ന തിരിച്ചറിവും അതിനായി സിനിമയെന്ന മാധ്യം കൈക്കൊണ്ട ചലച്ചിത്രസമീപനങ്ങളുടെ സമാനതയുടെ അദ്ഭുതപ്പെടുത്തുന്ന ലാളിത്യവുമാണ് പഠനവിഷയമാകേണ്ടത്. ഹോളിവുഡ്ഡിന്റെയും മല്ലുവുഡ്ഡിന്റെയും കമ്പോള മുഖ്യധാരകളുടെ പുറംപളപ്പില്‍ നിന്ന് വ്യത്യാസപ്പെട്ട് ഈ സിനിമകള്‍ യാഥാര്‍ത്ഥ്യത്തെ എങ്ങനെ ജീവിതമായും ജീവിതത്തെ എങ്ങനെ കലാപരമായ യാഥാര്‍ത്ഥ്യമായും താദാത്മ്യപ്പെടുത്തിയെന്നതും ആവിഷ്‌കരിച്ചുവെന്നതുമാണ് വിശകലനം ചെയ്യുമ്പോഴാണ് അവയുടെ മാധ്യമ പ്രസക്തി വെളിവാകുക.
ദൃശ്യവിശദാംശങ്ങളില്‍ സുവിദിതമാകുന്ന ജീവിതാവബോധം, കനത്ത ജീവിതനൊമ്പരങ്ങള്‍ക്കിടയിലും സ്വയമറിയാതെ ചിരിക്കാനുതകുന്ന നര്‍മ്മബോധം, സാധാരണക്കാരായ അഭിനേതാക്കള്‍, അഭിനയിക്കുകയാണെന്ന തോന്നല്‍പോലുമുളവാക്കാത്ത സ്വാഭാവിക ജീവിതത്തിന്റെ നേര്‍ചിത്രണം, രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സൂചനകള്‍..ഇതൊക്കെയാണ് രണ്ടു സിനിമകളുടെയും സവിശേഷതകള്‍. അതി ലളിതമെന്നു തോന്നിക്കുമ്പോഴും അവ കടുത്ത സാമൂഹികവിമര്‍ശവും നിര്‍വഹിക്കുന്നു. മിശ്രവിവാഹിതര്‍ക്കു നേരെയുള്ള സമൂഹത്തിന്റെ അസ്പൃശ്യത, സത്യത്തെ അസത്യവും അസത്യത്തെ സത്യവുമാക്കുന്ന നിയമത്തിന്റെ നൂലാമാലകള്‍, മതവെറി തുടങ്ങി പല സമൂഹികയാഥാര്‍ത്ഥ്യങ്ങളും തൊണ്ടിമുതല്‍ ധൈര്യത്തോടെ നേരിടുന്നുണ്ട്.
കള്ളനും പരാതിക്കാരനും ഒരേ പേരുമുതല്‍, കേസ് കോടതിയിലെത്തുംവരെ പൊലീസും പരാതിക്കാരനും തമ്മിലും കോടതിയിലെത്തിക്കഴിഞ്ഞാല്‍ പ്രതിയും വാദിയും തമ്മിലുമുടലെടുക്കുന്ന വി(അ)ശുദ്ധ ബന്ധത്തിന്റെ വൈചിത്ര്യം വരെ പലതുമുണ്ട് ഇങ്ങനെ പറയാതെ പറഞ്ഞുപോകുന്നതായി. വച്ചുകെട്ടലുകളുടെ ആഡംബരമില്ലാത്ത ലംബമായ കഥാനിര്‍വഹണമാണത്. ഘടനയില്‍ മാത്രമല്ല കഥാപാത്രങ്ങള്‍ക്കുപോലും മേക്കപ്പ് അനാവശ്യമാവുന്നു. കാരണം ആഹാര്യം വാചികം എന്നിത്യാദി ശാസ്ത്രീയതകള്‍ക്കപ്പുറം സ്വാഭാവികം നൈസര്‍ഗികം എന്നിടത്തേക്ക് അഭിനയം വഴിമാറുന്നു. കഥയില്ലായ്മയുമാവാം സിനിമ എന്ന കാഴ്ചപ്പാടില്‍ നിന്ന് കഥതന്നെയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്കുള്ള വ്യക്തമായ ചുവടുമാറ്റം കൂടിയാണിത്. അതേസമയം കാണാവുന്ന കഥയുടെ മാനദണ്ഡങ്ങളിലും സുവ്യക്തമായ ചില മാറ്റങ്ങള്‍ വന്നു. അതിസങ്കീര്‍ണമായ ഉള്‍പ്പിരിവുകളും ചുഴികളുമുള്ള മുഖ്യധാരയുടെ അതിവിപുലമായ കഥാഭാണ്ഡമല്ലത്. അനേകം അടരുകളും വ്യംഗ്യാര്‍ത്ഥങ്ങളുമുള്ള വ്യാഖ്യാനമൗനങ്ങളുപേക്ഷിച്ചിട്ടുള്ള ദുര്‍ഗ്രാഹ്യവും ഗഹനവുമായ സമാന്തരസിനിമയുടെ ആഖ്യാനശൈലിയുമല്ലത്. ഒറ്റവരിക്കഥയുടെ മുകതകസമാനമായ ലളിതഗാനം പോലെ സൗന്ദര്യമുള്ള ദൃശ്യലാളിത്യമാണത്.
താരസങ്കല്‍പത്തെ നിരാകരിക്കുന്നു എന്നു മാത്രമല്ല, താരവ്യക്തിത്വങ്ങളെ സിനിമയുടെ പിന്നാമ്പുറത്തേക്ക് മാറ്റിപ്രതിഷ്ഠിക്കാനുള്ള ചങ്കൂറ്റത്തിലേക്കാണ് നവസിനിമ നീങ്ങുന്നത്.അതിന്റെ പ്രതിഫലനങ്ങളായി അടുത്തിടെ ഇറങ്ങിയ സൗബിന്‍ ഷാഹിറിന്റെ പറവ, അല്‍ത്താഫ് സലീമിന്റെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമകളെ കാണക്കാക്കാം. ക്‌ളീഷേകളില്‍ നിന്നു ബോധപൂര്‍വം വഴിമാറി നടക്കാനാണ് നടന്‍ കൂടിയായ സൗബീന്‍ അരങ്ങേറ്റസിനിമയിലൂടെ ശ്രമിക്കുന്നത്. സാംസ്‌കാരികമായി മട്ടാഞ്ചേരി എന്ന ഭൂപ്രദേശത്തിനു ചാര്‍ത്തപ്പെട്ട അധോലോകത്തിന്റെ ചാപ്പ നീക്കി അവിടത്തെ യഥാര്‍ത്ഥ മനുഷ്യരുടെ ജീവിതം പകര്‍ത്താനാണ് സൗബീന്‍ ശ്രമിക്കുന്നത്. മറ്റൊന്ന്, ദുല്‍ഖര്‍ സല്‍മാന്‍ എന്ന യുവതാരത്തിന്റേതടക്കമുള്ള താരവ്യക്തിത്വങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ട് രണ്ടു കൗമാരക്കാരുടെ സൗഹൃദത്തിലൂടെ ആഖ്യാനം നിര്‍വഹിക്കുക എന്ന ധീരമായ ശ്രമം. നറേറ്റീവില്‍ ഇറാനിയന്‍ റിയലിസ്റ്റ് സിനിമകളോട് സമരസപ്പെട്ടു നില്‍ക്കുന്ന പറവ പക്ഷേ കുട്ടികള്‍ക്കുള്ള സിനിമയുടെ വ്യവസ്ഥാപതപരിമിതികളില്‍ ഒതുക്കപ്പെടുകയല്ല, മറിച്ച് പരിപൂര്‍ണമായും മുതിര്‍ന്നവരെ തന്നെ ലാക്കാക്കുന്നുവെന്നതാണ് അതിന്റെ മാധ്യമസവിശേഷത. ലാളിത്യം ഉള്ളടക്കത്തിലും ആവിഷ്‌കാരത്തിലും ഒരുപേലെ പ്രായോഗികമാക്കുമ്പോഴും മാനുഷിക വികാരങ്ങള്‍ക്കു ഊന്നല്‍ നല്‍കുന്നു അത്. അതുപോലെ തന്നെയാണ് നിവിന്‍ പോളി നിര്‍മാണ പങ്കാളി കൂടിയായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നായകകര്‍തൃത്വങ്ങളുടെ അമാനുഷികതയോ ഹീറോയിസമോ അല്ല ഈ സിനിമകളൊന്നും ആഘോഷിക്കുന്നത്. മറിച്ച് മനുഷ്യ മനസുകളുടെ സങ്കീര്‍ണതകള്‍, നിസ്സാരതകള്‍...അവയിലൂടെ ജീവിതത്തിന്റെ യാത്ഥാര്‍ത്ഥ്യങ്ങളെയാണ്.
പ്രതിബദ്ധതയുടെ രാഷ്ട്രീയം
കമ്പോള/മധ്യവര്‍ത്തി/സമാന്തര വ്യത്യാസങ്ങള്‍ക്കെല്ലാമുപരി, നല്ലത്/ചീത്ത ന്നിങ്ങനെ വ്യക്തമായി വിഭജിക്കാനാവുന്ന ശുദ്ധസിനിമകളാണ് പുതുതലമുറയുയുടേത്. അവയുടെ സാമൂഹികപ്രതിബദ്ധത കപടദാര്‍ശനികതയോ കമ്പോളതാല്‍പര്യമോ മുന്‍നിര്‍ത്തിയുള്ളതല്ല. മറിച്ച്, സമൂഹത്തിന്റെ കാലികസവിശേഷതകകളില്‍ കാലുറച്ചു നിന്നുകൊണ്ടുള്ള അതിസൂക്ഷ്മവും ആത്മാര്‍ത്ഥവുമായ നിരീക്ഷണ,പ്രതിനിധാനങ്ങളാണ്. അതിന്റെ ലാവണ്യാനുഭവം പുതുതലമുറയുടെ സംവേദനസംസ്‌കാരത്തിനിണങ്ങുന്നതുമാണ്. ഉദാഹരണത്തിന് സംസ്ഥാന-ദേശീയ ബഹുമതികള്‍ വാരിക്കൂട്ടിയ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം നോക്കുക. യാതൊരു വളവും തിരിവുമില്ലാത്ത നേരാഖ്യാനമാണ് ആ സിനിമയുടെ കരുത്ത്. അസംഭാവ്യമോ, അസാധാരണമോ ആയ ഒരു രംഗം പോലുമില്ലതില്‍. ഇതേ ശൈലിയുടെ തുടര്‍ച്ചയാണ് ദിലീഷിന്റെ തൊണ്ടിമുതലിലും ദൃക്‌സാക്ഷിയിലും. അതിമാനുഷ താരപ്രതിച്ഛായകളെയും താരബിംബങ്ങളെയുമാണ്, പരാജയപ്പെടുന്ന സാധാരണക്കാരെ നായികാനായകന്മാരാക്കിക്കൊണ്ട് നവസിനിമകള്‍ തിരസ്‌കരിക്കുന്നത്. സിനിമപോലെ പ്രതിച്ഛായാനിര്‍മാണസാധ്യതയുളള മാധ്യമത്തിന്റെ കാര്യത്തില്‍ ഈ ഇടപെടലുകള്‍ നിര്‍ണായകവും പ്രസക്തവുമാണ്.  ജീവിതത്തിന്റെ വിയര്‍പ്പുകണങ്ങള്‍ വീണുറച്ച നിലപാടുതറകളില്‍ നിന്നുകൊണ്ട് ആര്‍ജവത്തോടുകൂടിയുള്ള ചലച്ചിത്രാഖ്യാനങ്ങള്‍ പൊളിച്ചടുക്കാന്‍ ശ്രമിക്കുന്നത് സിനിമ പതിറ്റാണ്ടുകളായി നിര്‍മിച്ചുവച്ച വ്യാജപ്രതിനിധാനങ്ങളെയും പ്രതിച്ഛായകളെയുമാണ്.
അനുഭവങ്ങളില്ലാത്തതാണ് പുതിയതലമുറയുടെ സര്‍ഗാത്മക പ്രതിസന്ധിയെന്നാണ് ലോകമെമ്പാടുമുള്ള സിനിമയുടെ മൂല്യച്ച്യുതി വിലയിരുത്തുന്നരുടെ വിമര്‍ശനം. യുദ്ധമോ കലാപമോ ഉണ്ടാവുന്നില്ലയെന്നതു നേര്. പക്ഷേ, ടി.പി.ചന്ദ്രശേഖരന്‍വധവും, സൗമ്യവധവും, സോളാര്‍ സ്മാര്‍ത്തവിചാരവും, ചെങ്ങറ ഭൂസമരവും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഭീകരതയും പോലുള്ള എന്തെല്ലാം സംഭവങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതെല്ലാം കലാകാരന്മാരുടെ ഉള്ളുലച്ച്, സമകാലികസിനിമയ്ക്കും പ്രചോദനമായിട്ടുണ്ടെന്നതാണ് വാസ്തവം. മുരളിഗോപി എഴുതി അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, എ.ബി.സി.ഡി., ഇമ്മാന്വല്‍, പ്രെയ്‌സ് ദ ലോര്‍ഡ്, ഒളിപ്പോര്, പകിട, തിര, സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, സി.ഐ.എ., ആറടി തുടങ്ങിയ പുതുതലമുറ സിനിമകളിലെ സാമൂഹിക, രാഷ്ട്രീയ പ്രതിനിധാനങ്ങള്‍ കണ്ടില്ലെന്നുവയ്ക്കാനാവുന്നതല്ല. അവയില്‍ പലതും ഭൂതകാല/സമകാലിക രാഷ്ട്രീയത്തെ പുത്തന്‍ വീക്ഷണകോണിലൂടെ നോക്കിക്കാണുന്നതായിരുന്നെങ്കിലും ചിലതെങ്കിലും അതിലെ യാഥാര്‍ഥ്യത്തെ കാല്‍പനികവല്‍ക്കരിക്കാനാണു ശ്രമിച്ചത്. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ ആവട്ടെ, അതിവൈകാരികവും ഭ്രമാത്മവുമായ ദൃശ്യസമീപനം കൊണ്ട് നവധാരയുടെ ഭാവുകത്വത്തെത്തന്നെ പരിഹസിക്കുന്നതുമായി.
രാഷ്ട്രീയസിനിമ എന്നത് മലയാളസിനിമാപരിസരങ്ങളില്‍, മുദ്രാവാക്യസമാനമായ ചില മാറ്റൊലിസിനിമകള്‍ എന്നാണ് വിവക്ഷിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ടാണ്, ആറു പതിറ്റാണ്ടിലേറെയായി അടിച്ചമര്‍ത്തപ്പെടുന്ന കേരളീയ സ്ത്രീത്വത്തിന്റെ ശക്തമായ സ്വാതന്ത്ര്യപ്രഖ്യാപനമായ മധുപാലിന്റെ ഒഴിമുറിയിലെയോ, ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റിലെയോ ആഴത്തിലുളള സാമൂഹിക, രാഷ്ട്രീയനിലപാടുകളെ തിരിച്ചറിയാതെ, പഴയ ഐ.വി.ശശി- ടി ദാമോദരന്‍, ഷാജി കൈലാസ്-രണ്‍ജിപണിക്കര്‍ സഖ്യങ്ങള്‍ വാര്‍ത്തകള്‍ ചുട്ടെടുത്തുണ്ടാക്കിയ കേവല രാഷ്ട്രീയപ്രസ്താവനകള്‍ക്കപ്പുറം ബൗദ്ധികമായ പ്രതിനിധാനങ്ങളാണ് സമീപകാലസിനിമകളിലുള്ളത്. അതുകൊണ്ടുതന്നെ, അവ തീവ്ര/മൗലികവാദികളുടെ എതിര്‍പ്പുകളെ ബുദ്ധിപരമായിത്തന്നെ മറികടക്കുകയും അതിജീവിക്കുകയും ചെയ്യുന്നു.
സമൂഹവും ജീവിതവും സിനിമയില്‍
ഉള്‍ക്കനമുള്ള ജീവിതവും അനുഭവങ്ങളുമാണ് ഏതൊരു കൃതിയെയും സാര്‍ത്ഥകമാക്കുന്നത്. സമകാലിക ജീവിതം സത്യസന്ധതയോടും ആര്‍ജവത്തോടുംകൂടി പകര്‍ത്തപ്പെടുന്ന ഏതൊരു കൃതിയിലും കാലത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കും. പ്രമേയതലത്തില്‍ പരോക്ഷമായെങ്കിലും അവ സമകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കും. റിയല്‍ എസ്റ്റേറ്റ്-ഭൂമാഫിയ, വഴിതെറ്റുന്ന വിദ്യാഭ്യാസനയം,  ആഗോളവല്‍കൃത കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ ഇരുണ്ട മറുപുറം, കള്ളപ്പണം-വ്യാജനോട്ട്, അഴിമതി, മദ്യപാനം-ലഹരി എന്നിവയുടെ വര്‍ദ്ധിച്ച ദുസ്വാധീനം, മത തീവ്രവാദം, ലൈംഗികാരാജകത്വം-വിവാഹഛിദ്രം, വികസനത്തിനുവേണ്ടി വാസ്തുഹാരകളാക്കപ്പെടുന്നവരുടെ ദുര്യോഗം, വ്യാജ ആത്മീയത, പ്രവാസജീവിതത്തിന്റെ പ്രതിസന്ധികള്‍, കേരളത്തിലേക്കുള്ള തൊഴില്‍ കുടിയേറ്റം, കപട സദാചാരം-ഇരട്ടത്താപ്പ്, അരക്ഷിതയാക്കപ്പെടുന്ന സ്ത്രീത്വവും ബാല്യവും തുടങ്ങി പുതുതലമുറ കേരളീയ സമൂഹം നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും മലയാള സിനിമ അതിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. അതതിന്റെ രാഷ്ട്രീയത്തെയും സാമൂഹിക പ്രത്യാഘാതഘങ്ങളെയും സസൂക്ഷ്മം അടയാളപ്പെടുത്തുന്നുമുണ്ട്. കേരളസമൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍, ശംഭു പരമേശ്വരന്റെ വെടിവഴിപാട്, വി.കെ.പ്രകാശിന്റെ ഹോട്ടല്‍ കലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകള്‍ അനാരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ, ലൈംഗികതയോടുള്ള ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമാണ് തുറന്നു കാണിക്കുന്നത്. വികല ലൈംഗിക സങ്കല്‍പങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരു സമൂഹം എത്രത്തോളം മനോരോഗികളെ വാര്‍ത്തെടുക്കുന്നു എന്നാണ് ഈ സിനിമകള്‍ വെളിപ്പെടുത്തുന്നത്.
അരികുജീവിതങ്ങളോടുള്ള സമൂഹത്തിന്റെ ഇരട്ടത്താപ്പും ഭരണകൂടത്തിന്റെ നിഷേധാത്മകരാഷ്ട്രീയവും വ്യക്തമാക്കിയ സിനിമയായിരുന്നു വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍ (2016). മാധ്യമപരവും സാമൂഹികപരവും സംവേദനപരവുമായ എല്ലാ അര്‍ത്ഥത്തിലും മലയാളത്തിലുണ്ടായിട്ടുള്ള മികച്ച സിനിമ കളിലൊന്നുതന്നൊണ് മാന്‍ഹോള്‍. ഒരു പക്ഷേ, സിനിമയുടെ പരിവട്ടത്തു നിന്നുതന്നെവന്നയാളല്ലാത്തതു കൊണ്ടും, ടിവി/മാധ്യമരംഗത്തുനിന്നു വന്നതുകൊണ്ടും, സിനിമയ്ക്കു വിഷയമായ അനംഗീകൃത തോട്ടിപ്പണിയെന്ന തീവ്ര സാമൂഹികപ്രശ്നത്തെപ്പറ്റി ഡോക്യുമെന്ററിയെടുത്തിട്ടുള്ളതുകൊണ്ടാവാം വിധുവി ന്റെ സിനിമയോട് സാങ്കേതികകാര്‍ക്കശ്യമുള്ള നിലപാടാണ് പ്രമുഖര്‍ പോലും സ്വീകരിച്ചത്. സിനിമയാ യാലും സാഹിത്യമായാലും ആത്യന്തികമായി അനുവാചക ബുദ്ധിയേക്കാള്‍ മനസിനെയാവണം അഭിമുഖീ കരിക്കേണ്ടത്. സാങ്കേതികതയ്ക്കുമപ്പുറം അതിന്റെ പ്രമേയതലം പ്രധാനമാവുന്നതും പ്രസക്ത മാവുന്നതും അങ്ങനെയാണ്. മാന്‍ഹോള്‍ അതിന്റെ എല്ലാ പരിമിതികള്‍ക്കുള്ളിലും സാങ്കേതിക പിഴവുകള്‍ ക്കുള്ളിലും സാമൂഹികപ്രസ്‌കതി നേടുന്നത് ഉള്ളടക്കത്തിന്റെ ആര്‍ജ്ജവം കൊണ്ടാണ്. അതാവട്ടെ നവഭാവുകത്വത്തിന്റെ റിയലിസ്റ്റ് സമീപനത്തോട് അത്രയേറെ താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ളതാണുതാനും.
സ്ത്രീപ്രാതിനിധ്യത്തിലും പുതുസിനിമ ചരിത്രത്തോടും മാറിയ കാലത്തോടും സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നുണ്ട്. അന്നയും റസൂലിലും റസൂലിനുള്ളത്ര പ്രാധാന്യം തന്നെ അന്നയ്ക്കും ഉണ്ട്. അന്നയക്കു മാത്രമല്ല, മറ്റൊരു ദൃശ്യപരിചരണത്തില്‍ ഒരുപക്ഷേ അപ്രസക്തമായേക്കാമായിരുന്ന ഫാസില(ശ്രിന്ധ) എന്ന കഥാപാത്രത്തിനു പോലും തിരിച്ചറിയപ്പെടുന്ന സ്വത്വവും വ്യക്തിത്വവുമുണ്ടായിരുന്നു. കമ്മട്ടിപ്പാടത്തിലെ സ്ത്രീ ഗുണ്ടയായിത്തീരുന്ന റോസമ്മയും ഗംഗയെ പ്രണയിക്കുന്ന അനിതയായാലും പുരുഷനിഴലില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കഥാപാത്രങ്ങളല്ല. അവരൊക്കെ ഓരോരോ പ്രതിസന്ധികളില്‍ സ്വയം വഴികള്‍ തേടുകയും ആണ്‍തുണ കൂടാതെതന്നെ സാമ്പത്തികവും സാമൂഹികവുമായ നിലനില്‍പു സാധ്യമാക്കുകയും ചെയ്യുന്നവരാണ്. റോസമ്മയാവട്ടെ അവള്‍ വ്യവഹരിക്കുന്ന അധോലോകത്ത് ആണ്‍ചട്ടമ്പികളെ നിയന്ത്രിക്കുന്നവള്‍ കൂടിയായിത്തീരുന്നുമുണ്ട്. ഷാനവാസ് കെ ബാവക്കുട്ടിയുടെ കിസ്മത്തിലെ പ്രായത്തില്‍ ചെറുപ്പമായ അന്യമതസ്ഥനെ പ്രണയിക്കുന്ന പിന്നോക്കക്കാരിയായ അനിതയും, മഹേഷിന്റെ പ്രതികാരത്തിലെ സ്വാതന്ത്ര്യബോധവും തിരിച്ചറിവുമുള്ള ടീനേജുകാരിയായ ജിസ്മിയും തന്‍കാര്യം നോക്കാന്‍ കാമുകനെയും ഭര്‍ത്താവിനെയും ഒരുപോലെ വരച്ചവരയില്‍ നിര്‍ത്തുന്ന സൗമ്യയും,തനിക്കിഷ്ടമുള്ള പുരുഷനെ വരിക്കാന്‍ സധൈര്യം വീടുവിട്ടിറങ്ങുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമിലെ ശ്രീജയും, തന്റെ സ്വാതന്ത്ര്യങ്ങള്‍ക്കു പുല്ലുവില കല്‍പിക്കുന്ന ഭര്‍ത്താവിനെയും മകളെയും വിട്ട് കാമുകനെയല്ല, സ്വന്തം അസ്തിത്വത്തിലൂന്നി സ്വതന്ത്രജീവിതത്തിലേക്ക ഇറങ്ങിനടക്കാന്‍ ധൈര്യം കാട്ടുന്ന, രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദന്‍തോട്ടത്തിലെ(2017)മാലിനിയും,ആന്റണി സോണിയുടെ കെയറോഫ് സൈരാബാനുവിലെ (2016) സൈരാബാനുവുമെല്ലാം ഇത്തരത്തില്‍ സ്വയം നിര്‍ണയിക്കാന്‍ കെല്‍പും പ്രാപ്തിയുമുള്ള കഥാപാത്രസ്വത്വങ്ങള്‍ത്തന്നെയാണ്.
കറുപ്പ്/വെളുപ്പ്, ഇരുട്ട്/വെളിച്ചം ദ്വന്ദ്വങ്ങളിലൂടെയാല്ല ഈ സിനിമകളില്‍ കഥയും കഥാപാത്രങ്ങളും വികസിക്കുന്നത്. അവര്‍ പച്ചയായ മനുഷ്യര്‍തന്നെയാണ്. അബലരും അഗതികളും അരികുജീവികളും ബലഹീനതകളും കുറവുകളുമുള്ളവര്‍. അതിജീനത്തിന്റെ പയറ്റുമുറകളെന്തെന്നറിയാത്തവര്‍. അവര്‍ സ്വജീവിതം കൊണ്ടാണ് അടവുകളും ചുവടുകളും പഠിക്കുന്നത്, നിരവധി ചുവടുതെറ്റലുകള്‍ക്കും തിരിച്ചടികള്‍ക്കും ശേഷം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ പോലും ഒരു മുദ്രാവാക്യ സിനിമയല്ലാതാവുന്നത് അതിന്റെ നായകത്രയങ്ങളിലൊരാള്‍ രാഷ്ട്രീയത്തിന്റെ ബലിയാടായ ഒരു അഴിമതി പൊലീസുകാരനാണ് എന്നതുകൊണ്ടാണ്. മാറിയ മൂല്യവ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച എന്നതിനപ്പുറം വ്യാജമൂല്യങ്ങളുടെ വിമര്‍ശനം കൂടിയാവുന്നു ഈ സിനിമകള്‍.
ഭാഷണഭേദത്തിലും മലയാള സിനിമ എഴുപതുകളില്‍ ബാധിച്ച വള്ളുവനാടന്‍ ക്‌ളാസിക്കല്‍ ശൈലിയോടു വിടപറയുകയും യാത്ഥാത്ഥ്യത്തോടു ചേര്‍ന്നു നിന്ന് സാധാരണക്കാരന്റെ സംസാരഭാഷയോടു നീതിപുലര്‍ത്തിത്തുടങ്ങുകയും ചെയ്യുന്നത് അധികമായി കാണാനാവും നവസിനിമയില്‍. മാപ്പിളമലയാളം പറയുന്ന വടക്കന്‍ മുസ്‌ളീമിന്റെയും മറ്റും വാര്‍പ്പുമാതൃകകള്‍ക്ക് പുതിയ സിനിമയുടെ പാത്രനിരയില്‍ യാതൊരു സ്ഥാനവുമില്ല. പകരം നാടിന്റെ ഭാഷയും ഛന്ദസും ചമത്കാരവുമാണ് പുതുസിനിമയില്‍ അഭിനേതാക്കള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും. അതാകട്ടെ, രാജമാണിക്യങ്ങള്‍ ഉയര്‍ത്തിയ കൗതുകത്തിനുവേണ്ടിയുള്ള കൃത്രിമസൃഷ്ടികളായിരുന്നില്ലെന്നതാണ് ശ്രദ്ധിക്കേണ്ടത്. തട്ടത്തിന്‍ മറയത്തിലും(2012), അന്നയും റസൂലിലും(2013), കമ്മട്ടിപ്പാടത്തിലും (2016), കിസ്മത്തിലും (2016), ആക്ഷന്‍ ഹീറോ ബിജുവിലും (2016) ഒക്കെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും ഇടപെടുന്നതും അവരവരുടെ വ്യവഹാരരീതിയില്‍ത്തന്നെയാണ്. അതില്‍ ഉച്ചനീചത്വങ്ങളുടെ വര്‍ഗവിവേചനങ്ങള്‍ക്കൊന്നും സ്ഥാനമുണ്ടായിരുന്നില്ല.
ആശയവിനിമയത്തിന്റെ, സംവാദത്തിന്റെ രാഷ്ട്രീയമാണ് ബാലാജി മോഹന്റെ സംസാരം ആരോഗ്യത്തിനു ഹാനികരം (2014) അഭിമുഖീകരിക്കുന്നത്. ജി.എസ്.വിശാഖ് സംവിധാനം ചെയ്ത മസാല റിപബ്‌ളിക് (2014)ആവട്ടെ, ഇതേ സാമൂഹികപ്രതിഭാസത്തിന്റെ മറ്റൊരു വശമാണ് കാട്ടിത്തരുന്നത്. നഗരവല്‍ക്കരണപ്പാച്ചിലില്‍ മുളപൊന്തുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഉപോല്‍പ്പന്നമായി കേരളത്തിലുണ്ടായ ബംഗാളി കുടിയേറ്റം കേരളീയജീവിതത്തിലുണ്ടാക്കുന്ന സ്വാധീനമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അന്യസംസ്ഥാന കുടിയേറ്റത്തിന്റെ ഭാഗമായി നമ്മുടെകൂടി ശീലമായിത്തീരുന്ന പാന്‍മസാല വന്‍ വാണിജ്യോല്‍പ്പന്നമായി മാറിയതും അതിന്റെ നിരോധനത്തെത്തുടര്‍ന്ന് മദ്യം പോലെ വന്‍ കള്ളക്കടത്തു സാധ്യതയായി തെളിയുന്നതും അതിനെച്ചുറ്റി ഉടലെടുക്കുന്ന അധോലോകത്തെയും മസാല റിപബ്‌ളിക് കാണിച്ചുതരുന്നു. പാന്‍ മസാലയെ മുന്‍നിര്‍ത്തി സമാന്തരമായൊരു മത/രാഷ്ട്രീയ/വാണിജ്യ സാംസ്‌കാരിക വ്യവസ്ഥയും നിര്‍മിക്കപ്പെടുകയാണ്. വിപണി എങ്ങനെ അധികാരരാഷ്ട്രീയത്തിലിടപെടുന്നുവെന്നതിന്റെ ആക്ഷേപഹാസ്യഭാവനയാണ് മസാല റിപബ്‌ളിക്. സാങ്കേതികവളര്‍ച്ചയുടെ രാഷ്ട്രീയമാണ് സലാല മൊബൈല്‍സ് ചര്‍ച്ച ചെയ്തത്. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള മലയാളിവ്യഗ്രതയുടെ മനോവൈകല്യം തുറന്നുകാട്ടുന്ന സിനിമയായിരുന്നു അത്. കാരണമെന്തുതന്നെയായാലും വ്യക്തിയുടെ സ്വകാര്യതയിലേക്ക് പലവിധത്തിലുള്ള കടന്നുകയറ്റങ്ങള്‍ സാധ്യമാക്കുന്ന ആധുനിക സാങ്കേതികതയുടെ മുതലെടുപ്പിന്റെ രാഷ്ട്രീയമാണ് ചിത്രം വിചാരണചെയ്തത്. ചാപ്പാക്കുരിശ് ചര്‍ച്ചചെയ്തു ബാക്കിയാക്കിയ കാര്യങ്ങള്‍ തന്നെയാണിത്.
മുന്തിയ ജീവിതസാഹചര്യങ്ങള്‍ സ്വന്തമാക്കാന്‍ എങ്ങനെയും പണമുണ്ടാക്കാനുള്ള യുവതലമുറയുടെ തത്വദീക്ഷയില്ലാത്ത വ്യഗ്രതയാണ് പകിട, പൈസ പൈസ, ഇന്ത്യന്‍ റുപ്പി, ഡയമണ്ട് നെക്ലസ്,സണ്‍ഡേ ഹോളിഡേ തുടങ്ങിയ സിനിമകളെല്ലാം വിഷയമാക്കുന്നത്. അതിനുവേണ്ടി ഏതു വഴിയും സ്വീകരിക്കാന്‍ ഇതിലെ നായകന്മാര്‍ മടിക്കുന്നില്ല. പണം സമൂഹത്തെ ഏതെല്ലാം വിധത്തില്‍ ബാധിക്കുന്നു എന്നുതന്നെയാണ്, അഥവാ സമ്പത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഫ്രൈഡേ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ സിനിമകളുടെയും ഇതിവൃത്തം. ഒരു വ്യത്യാസമുള്ളത്, മൂല്യച്ച്യൂതി വന്ന സമൂഹത്തിലും സത്യസന്ധതയുടെ, ആത്മാര്‍ത്ഥതയുടെ, നിസ്വാര്‍ത്ഥതയുടെ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്നു ഇതിലെ നായകന്മാരായ ഫഹദ് ഫാസിലും ലാലും ശ്രീനിവാസനുമെല്ലാം. ലോട്ടറി ടിക്കറ്റിലും കണ്ണൂര്‍ ഡീലക്‌സിലും ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റിലും ഒക്കെ കണ്ടിട്ടുള്ള പണത്തിന്റെ ഈ ഒളിമറയാട്ടം പക്ഷേ, ഇന്ത്യന്‍ റുപ്പീയിലും പൈസ പൈസയിലും നേരത്തിലും മണിരത്‌നം, ഹാങോവര്‍, ഗെയ്മര്‍, സെവന്‍ത് ഡേ, സണ്‍ഡേ ഹോളിഡേ  തുടങ്ങിയ സിനിമകളിലുമെത്തുമ്പോള്‍ സാമൂഹികമായ ഒരുപാടു മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട്. സമൂഹം അധോലോകത്തേക്ക് മാറ്റിനിര്‍ത്തിയിരുന്ന ഒരു പക്ഷത്തിന്റെ പ്രതിനിധിയായി, കീഴ്ത്തട്ടിലെ ഒരു വന്‍ വിഭാഗം സ്വയം പരിണമിക്കുന്നതിന്റെ നേര്‍ചിത്രങ്ങളാണവ. അതോടൊപ്പം മാറിയ അവരുടെ നീതിബോധവും മൂല്യബോധവും ഈ സിനിമകള്‍ കാണിച്ചുതരുന്നു.
ആദിമധ്യാന്തമില്ല എന്നു തോന്നിക്കുംവിധം, ഋജുവായൊരു കഥ പടിപ്പടിയായ സംഭവങ്ങളിലൂടെ ഇഷ്ടികകൊണ്ടു മഹാസൗധം നിര്‍മിക്കുംപോലെ ശ്രദ്ധയോടെ മെനഞ്ഞെടുക്കുക എളുപ്പമല്ല. എബ്രിഡ് ഷൈന്റെ ആക്ഷന്‍ ഹീറോ ബിജു(2016) നിസാര റോളുകളില്‍ പോലും സൂക്ഷ്മമായ താരനിര്‍ണയം കൊണ്ടുകൂടി റിയലിസ്റ്റിക്കാവുന്നുണ്ട്. ശരാശരി പ്രേക്ഷകനു തിരിച്ചറിയാനാവുന്ന ചിലരൊ ഴികെ മറ്റെല്ലാവരും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് നിന്നനില്‍പ്പില്‍ ഫ്രെയിമിലേക്കു കടന്നുവന്നാ താണെന്നു തോന്നും. വളരെ വേഗം അതിനാടകീയതയിലേക്കു മൂക്കുകുത്തിവീണേക്കാവുന്ന നിമിഷങ്ങളില്‍ യുവതലമുറചലച്ചിത്രകാരന്മാര്‍ പുലര്‍ത്തുന്ന സംയമനത്തിന്റെയും നിസ്സംഗതയുടെയും ഉദാഹരണം കൂടിയാണ് ആക്ഷന്‍ ഹീറോയും വലിയ ചിറകുളളപക്ഷികളം പോലുള്ള സിനിമകള്‍.
ഡോ.ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍(2016) യഥാര്‍ത്ഥ വ്യക്തികളെ കഥാപാത്രമാക്കിക്കൊണ്ടുകൂടി സിനിമയെ വിശ്വാസയോഗ്യമാക്കാനുള്ള ചലച്ചിത്രോദ്യമമായിരുന്നു. ഡോക്യുമെന്ററി/ഡോക്യൂഫിക്ഷനില്‍ നിന്നു മാറി ഫിക്ഷന്റെ ശില്‍പപരിധിയില്‍ത്തന്നെ നിലനിര്‍ത്തുക എന്ന പരീക്ഷണമാണത്. ജീവിച്ചിരിക്കുന്നവര്‍ കഥാപാത്രമാവുമ്പോള്‍ത്തന്നെ യഥാര്‍ത്ഥത്തിലുളളവരും യഥാര്‍ത്ഥവ്യക്തികളുടെ താരപ്രതിനിധാനവും ഇഴചേര്‍ത്ത അപൂര്‍വ വിന്യാസം, ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു സാമൂഹിക പാരിസ്ഥിതിക ദുരന്തത്തിന്റെ വസ്തുനിഷ്ഠവും അതേസമയം കലാത്മകവുമായ ദൃശ്യപ്രതിഷേധം എന്ന നിലയ്ക്കും പ്രസക്തമാവുന്നു.
നഗരവല്‍ക്കരണത്തിന്റെ പ്രത്യുല്‍പ്പന്നമായ പ്രാന്തവല്‍ക്കരണം, അതിന്റെ ബലിയാടുകള്‍. അവരെപ്പറ്റിയാണ് ഈ അടുത്ത കാലത്ത്, എ.ബി.സി.ഡി., റെഡ് വൈന്‍ എന്നീ സിനിമകള്‍ തുറന്നുകാണിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ഭൂസമരങ്ങളിലൊന്നായ ചെങ്ങറയും, മാലിന്യസംസ്‌കരണശാലകൊണ്ട് ജീവിതം ദുസ്സഹമായ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായ വിളപ്പില്‍ശാലയിലെ ജനങ്ങള്‍ നടത്തിയ പ്രതിരോധസമരവുമെല്ലാമാണ് ഈ സിനിമകള്‍ അവതരിപ്പിച്ചത്. മുഖ്യധാരാമാധ്യമങ്ങള്‍ പോലും കാര്യമായി കണ്ടില്ലെന്നുവച്ച വിഷയങ്ങളാണ് കഥാചിത്രങ്ങളുടെ അനിവാര്യതയിലേക്കു വിളക്കിച്ചേര്‍ത്തുകൊണ്ട്, അല്ലെങ്കില്‍ അതിന്റെ പശ്ചാത്തലത്തിലേക്ക് പ്രമേയത്തെ തുന്നിച്ചേര്‍ത്തുകൊണ്ട് ഈ ചലച്ചിത്രകാരന്മാര്‍ അവതരിപ്പിച്ചതെന്നോര്‍ക്കുക. മറ്റു പശ്ചാത്തലങ്ങളില്‍ പ്രതിഷ്ഠിച്ചിരുന്നെങ്കിലും ഇതില്‍ പല ചിത്രങ്ങളും നിര്‍മിക്കപ്പെടാമായിരുന്നു എന്നു തിരിച്ചറിയുന്നിടത്താണ് സമൂഹവും രാഷ്ട്രീയവും പുതിയ ചലച്ചിത്രകാരന്മാര്‍ക്ക് വിലക്കപ്പെട്ട കനിയാവുന്നില്ലെന്നും അതിനോടവര്‍ മുഖം തിരിക്കുന്നില്ലെന്നും മനസിലാവുക.
സാമൂഹിക പ്രതിബദ്ധതയുടെ പരമ്പരാഗത കാല്‍പനിക നിര്‍വചനങ്ങള്‍ക്കു വഴങ്ങുന്നതല്ല, നവഭാവുകത്വസിനിമയുടെ ദൃശ്യസമീപനം. അവ നേരിടുന്നത് മാറിയ കാലത്തെ പ്രശ്‌നങ്ങളെയാണ്. മാറിയ തലമുറയുടെ മൂല്യബോധത്തിനും സംസ്‌കാരഛന്ദസിനും യോജിച്ചവിധത്തിലാണ് അവരതിനെ അഭിമുഖീകരിക്കുന്നതും പ്രിതിനിധാനം ചെയ്യുന്നതും. മൊത്തത്തിലുളള ഒരു ദോഷൈകദര്‍ശനം, ആത്മപരിഹാസ്യം ഈ കാഴ്ചപ്പാടില്‍ വ്യക്തമാണ്. സമൂഹത്തെ, സാമൂഹിക ജീവിതത്തെ കണക്കിലെടുക്കാത്ത ആധികാരരാഷ്ട്രീയത്തോടുള്ള തീര്‍ത്തും സിനിക്കലായ പുതുതലമുറയുടെ മനോഭാവമാണ് ഇതിലൂടെ പ്രത്യക്ഷവല്‍ക്കരിക്കുന്നത്.
കത്തുന്ന യാഥാര്‍ത്ഥ്യത്തെ രക്തശുദ്ധിയോടെ ആവഹിച്ചാവിഷ്‌കരിക്കാനുള്ള ആക്രാന്തത്തില്‍, എന്തു കാണിക്കണം എന്തു കാണിക്കരുത് എന്ന അടിസ്ഥാന മാധ്യമമൂല്യത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നുണ്ട്. അതുതന്നെയാണ് നവസിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധിയും. എന്തും ഏതും കാണുംപടി (കാണാന്‍ പാടില്ലാത്തതും) അവതരിപ്പിക്കാനുള്ള ക്യാമറയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ നഷ്ടപ്പെടുന്നത് സര്‍ഗാത്മകതയുടെ ഉള്‍ക്കാഴ്ചയാണ്. പുതിയ കാഴ്ചപ്പാടുകള്‍ക്കു വേണ്ടി കുരുതിയര്‍പ്പിക്കേണ്ടി വരുന്ന കാഴ്ചയുടെ വ്യംഗ്യലാവണ്യം.തോന്നുംപടി കാണിക്കുന്നതില്‍ നഷ്ടമാവുന്ന ദര്‍ശനത്തിന്റെ ആത്മാവ്. ഒരുപക്ഷേ, ബാഹ്യമോടികളില്‍ മാത്രം അഭിരമിക്കുന്ന, ആത്മീയത നഷ്ടമായ തലമുറയുടെ മൂല്യവിചാരങ്ങളില്‍ ഈ പുതുകാഴ്ചകള്‍ ആത്മീയതയുടെ പുതിയ അര്‍ത്ഥതലങ്ങള്‍ വിന്യസിക്കുന്നുണ്ടാവാം.
കൊഞ്ഞനം കുത്തുന്ന കമ്പോളം
മാറ്റങ്ങളെ മാറ്റങ്ങള്‍ തന്നെ കൊഞ്ഞനം കുത്തുന്ന കാഴ്ചകളും പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. മലയാളസിനിമയിലെ യാത്ഥാത്ഥ സിനിമാഭാവുകത്വത്തിനും നേരിടേണ്ടിവരുന്ന പ്രതിസന്ധിയാണിത്. മൂലധന വിപണിയുടെ  പ്രത്യക്ഷവും പരോക്ഷവുമായ പങ്കും താല്‍പര്യവും തന്നെയാണതിനു പിന്നില്‍.നിരന്തരമായ ഒളിഞ്ഞുനോട്ടത്തിലൂടെ അഥവാ രഹസ്യ നിരീക്ഷണത്തിലൂടെ നമ്മുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും ബ്രൗസിങ് ചരിത്രത്തിലൂടെ തിരിച്ചിറിഞ്ഞ് നമ്മുടെ തൃഷ്ണകളെയും മോഹങ്ങളെയും ലക്ഷ്യംവച്ചാണ് സൈബര്‍കമ്പോളം ഈ ആകര്‍ഷണതന്ത്രം ആവിഷ്‌കരിച്ചവതരിപ്പിക്കുന്നത്. ഇതുപോലൊരു പ്രക്രിയയാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം (2015) സിനിമയും കാഴ്ചവയ്ക്കുന്നത്. അച്ചടിപ്പത്രങ്ങള്‍ പോലും രൂപകല്‍പനയില്‍ ഇന്റര്‍നെറ്റിന്റെ ഭാവുകത്വം ആവഹിക്കുന്നതുപോലെ, ഐടിസാങ്കേതികതയുടെ സവിശേഷതകളായ ഷോര്‍ട്ട് മെസേജിങ്, ചാറ്റ് തുടങ്ങിയ സകലമാന സങ്കേതങ്ങളും ഇഴചേര്‍ത്ത് പുതുതലമുറ ആഗ്രഹിക്കുന്ന രുചിയിലും മണത്തിലും ഉരുളകളായി ദൃശ്യങ്ങള്‍ കാഴ്ചവയ്ക്കുകയാണ് പ്രേമത്തില്‍. വാട്‌സാപ്പിലൂടെ മറികടത്താനാവുന്നത്ര ദൈര്‍ഘ്യമുള്ള ദൃശ്യഖണ്ഡങ്ങള്‍ പോലുമാണ് ഇതിന്റെ തിരക്കഥ. അതുകൊണ്ടുതന്നെയാണ് അവ നിഷ്പ്രയാസം ഫോണുകളില്‍ നിന്നു ഫോണുകളിലേക്ക് നിമിഷാര്‍ധത്തില്‍ ചോര്‍ത്തപ്പെട്ടതും! പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അവരുടെ ആഗ്രഹത്തിനും മുമ്പേ അവര്‍ക്കുമുന്നില്‍ എത്തിക്കുക വഴി, ആഗ്രഹങ്ങളെ ചോദനകളെ വഴക്കിയെടുക്കുകയാണിവിടെ. ഉരുകളായി വായില്‍ വച്ചുകൊടുക്കുന്ന ഉരുളകള്‍ ശരിയായി ചവച്ചിറക്കാത്തതുവഴി ദഹനക്കേടുണ്ടാക്കിയെന്നു വരാം.
വ്യക്തമായ തിരക്കഥയുണ്ടോ എന്നു സംശയിപ്പിക്കുന്ന സ്വാഭാവികതയാണ് പ്രേമത്തിന്റെ ആഖ്യാനഘടന. അതാവട്ടെ കൃത്രിമമാണ്. നിരന്തരം ഇളകുന്നതും അമച്ചറുമായ ക്യാമറാച്ചലനങ്ങളും, ശ്രദ്ധിച്ചില്ലെങ്കില്‍ ശ്രവണദോഷം സംഭവിച്ചേക്കാവുന്ന സംഭാഷണങ്ങളും ശബ്ദപഥവുമൊക്കെയാണ് പ്രേമത്തിേലത്. തല്‍ക്ഷണ ശബ്ദലേഖനത്തില്‍ ഉള്‍ക്കൊള്ളാനാവാത്തത്ര വേഗത്തില്‍, പ്രാദേശിക ഉച്ചാരണഭേദത്തോടെയുള്ള സംഭാഷണങ്ങള്‍ ശരാശരി കാണിയുടെ കാതുകള്‍ക്ക് എളുപ്പം വഴങ്ങുന്നതല്ല. അതുപോലെതന്നെയാണ് ഇരുട്ടും അരണ്ട വെളിച്ചവും ഇഴപിരിഞ്ഞ അസ്വാഭാവിക വീക്ഷണകോണുകളിലൂടെയുള്ള ഛായാഗ്രഹണവും. പ്രേമത്തിനു കാലം നല്‍കിയ വൈകാരിക സവിശേഷത/പവിത്രത/പാവനത്വം ഇവയൊന്നും പിന്തുടരുന്നില്ലെന്നുമാത്രമല്ല അത്തരം മാമൂലുകളെ നിഷേധിക്കുന്നു, സിനിമ. കണ്ടാല്‍ ഇഷ്ടപ്പെടുന്നയാളെ അപ്പോള്‍ കണ്ടതുപോലെ എന്ന പ്രായോഗികതയായാണ് പ്രേമത്തില്‍ നിര്‍വചിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠന്മാരുടെ തല്ലുകൊള്ളിത്തരങ്ങളെ നായകവല്‍ക്കരിച്ചതുപോലെയാണ് ജോര്‍ജിന്റെ പ്രണയജല്‍പനങ്ങളെ പ്രേമം ആദര്‍ശവല്‍ക്കരിക്കുന്നത്. കമ്പോളമുഖ്യധാരയുടെ പാരമ്പര്യങ്ങളെ ഒന്നും  പ്രേമം തച്ചുടയ്ക്കുന്നില്ല.
കാണാതെ പോകുന്ന മാറ്റം?
താരാരാധനയിലധിഷ്ഠിതമായ സകല വിപണനതന്ത്രങ്ങള്‍ക്കും ഒരു സിനിമയുടെ ആദ്യപകുതിവരെ മാത്രം ആയുസുള്ള സാമൂഹികമാധ്യമ ഇടപെടലിന്റെ കാലത്തെ സിനിമാ മാറ്റങ്ങളെ പക്ഷേ ഇനിയും പഴയതലമുറയിലെ മുഖ്യധാരയും സമാന്തരധാരയും വേണ്ടത്ര തിരിച്ചറിഞ്ഞുവോ എന്നതിലാണ് സന്ദേഹം. അതുകൊണ്ടാണ് പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുപോരുന്ന ഫോര്‍മുലയില്‍ത്തന്നെ പുലിമുരുകനും പിന്നെയും നിര്‍മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത്. കാല്‍ച്ചുവട്ടിലെ മണ്ണ് പുത്തന്‍കാഴ്ചപ്പാടുകളുടെ തിരയെടുത്തുകൊണ്ടുപോകുന്നത് ഇവര്‍ കാണുന്നില്ലെന്നതാണ് സത്യം. പ്രസ്ഥാനങ്ങളുടെയെല്ലാം ശവക്കുഴിതോണ്ടുന്നത് സ്ഥാപനവല്‍ക്കരണമാണ്. പ്രസ്ഥാനം വ്യവസ്ഥാപിതമാവുന്നതോടെ അതിന്റേതായ താല്‍പര്യങ്ങള്‍ നിര്‍മിക്കപ്പെടുന്നു. ഇത് മലയാള പ്രേക്ഷകസമൂഹത്തിന്റെ മറ്റൊരു ഇരട്ടത്താപ്പിന്റെ വൈരുദ്ധ്യത്തിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. നവഭാവുകത്വത്തിന്റെ അശ്വമേധം മറ്റൊരു സ്ഥാപനവല്കൃത വ്യവസ്ഥിതിക്കു വഴിമാറുമോ എന്നതാണത്. വിഗ്രഹഭഞ്ജനം പ്രസ്ഥാനമാവുന്നതോടെ മറ്റൊരു പ്രതിഷ്ഠയ്ക്കു വഴിവയ്ക്കുമോ? ഈ സന്ദേഹത്തിന് ബലം കൂട്ടുന്ന ചില പ്രവണതകളും സമാന്തരമായി അരങ്ങേറുന്നുണ്ട്. താരവ്യവസ്ഥിതിയിലൂന്നിയ ഈ ബൃഹദ് സിനിമാസംരംഭങ്ങള്‍ക്കൊപ്പം തന്നെയാണ് പ്രേമം പോലെ, ആഴമില്ലാത്ത കാഴ്ചയുടെ ആഘോഷവും തീയറ്ററില്‍ ഉത്സവമാകുന്നത്. യാത്ഥാത്ഥ്യത്തെ താലോലിക്കുന്ന കണ്ണുകള്‍ കൊണ്ടുതന്നെ ഒപ്പവും പുലിമരുകനും പോലുള്ള മായക്കാഴ്ചകളെയും കണ്ണേറ്റുന്നതില്‍ പ്രേക്ഷകരുടെ ഇരട്ടത്താപ്പ് കണ്ടില്ലെന്നു വയ്ക്കാനാവില്ല. കമ്പോളത്തിന്റെ ഈ പിടിമുറുക്കലിലെ അയുക്തിയും ഗൗരവമുള്ള പഠനമര്‍ഹിക്കുന്നു.
മൂലധനത്തിന്റെ വിപണിയിടപെടല്‍ വഴിക്കുവഴി ഈ മുന്നേറ്റങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തിലേക്ക് നിക്ഷേപവും നിര്‍വഹണവും വിപണനവും കൊണ്ടെത്തിക്കുന്ന കുത്തകവത്കൃത വാണിജ്യശൈലിയിലൂടെയാണിത് സാധ്യമാക്കുന്നത്. ഇതുതന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ കബാലി നിര്‍വഹിച്ചത്; ഒരുപടി കൂടി കടന്ന് ബാഹുബലി നിര്‍വഹിച്ചതും. പ്രതിലോമകരമായ പിന്തിരിപ്പന്‍ പ്രമേയത്തിന്റെ അയഥാര്‍ത്ഥവും യുക്തിരഹിതവും യുക്തിഹീനവുമായ ദൃശ്യാവിഷ്‌കാരമായിരുന്നിട്ടും ബാഹുബലി പോലൊരു ബ്രഹ്മാണ്ഡ സിനിമയെ സ്വീകരിക്കാന്‍ മലയാളിക്ക് മറിച്ചൊന്നാലോചിക്കേണ്ടി വന്നില്ല എന്നത് ആശങ്കാജനകമാണ്. ഫാസിസ്റ്റ് വര്‍ഗീയ അജന്‍ഡകള്‍ക്കും രാഷ്ട്രീയസമവാക്യങ്ങള്‍ക്കും അനുഗുണമാവുംവിധം ചരിത്രവസ്തുതകളെ പുതുക്കിപ്പണിയുകയോ മാറ്റിയെഴുതുകയോ ഐതീഹ്യവല്‍ക്കരിക്കുകയോ ചെയ്യുന്ന ഒരു സിനിമയെ ഇത്രകണ്ടു വിജയമാക്കുന്നതിനു പിന്നിലെ ജനമനഃശാസ്ത്രം അപായസൂചനകൂടിയാണ്. ഇതേ ജനുസിലേക്ക് മലയാള സിനിമയെയും കൈപിടിച്ചുകൊണ്ടുപോകാനാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ നിന്ന് ആദ്യമായി 50 കോടി വരുമാനം നേടി 50 ക്രോര്‍ ക്‌ളബില്‍ അംഗത്വം നേടിയ ഒപ്പം(2017), 100 കോടി ക്‌ളബിലേക്ക് പ്രവേശനം നേടി റെക്കോര്‍ഡിട്ട വൈശാഖിന്റെ പുലിമുരുകന്‍(2017) എന്നവിയും ശ്രമിക്കുന്നത്.
മലയാള സിനിമയെ മലയാളത്തിന്റെ/മലയാളം സംസാരിക്കുന്നവരുടെ ഠ വട്ടത്തിനപ്പുറം രജനീകാന്തിനെപ്പോലുള്ളവരുടെ ശൈലിയില്‍ അന്തര്‍സംസ്ഥാന/അന്തര്‍ദേശീയ വിപണിയിലേക്കുയര്‍ത്താനുള്ള വാണിജ്യപരമായ നീക്കങ്ങളായിക്കൂടി ഈ സിനിമകളെ പരിഗണിക്കാവുന്നതാണ്. നവമാധ്യമങ്ങളെ വരെ വാണിജ്യപരമായി വിനിയോഗിച്ചുകൊണ്ട്, തീര്‍ത്തും പ്രൊഫഷനലായൊരു വിപണനസമ്പ്രദായത്തിനാണ് അതോടെ മലയാളത്തില്‍ തുടക്കമായത്. ഒരു സിനിമയുടെ ലോഞ്ചും (പഴയ കാലത്തെ പൂജ) ഫസ്റ്റ് ലുക്ക് പോസ്റ്ററും, ഗെറ്റപ്പ് ലോഞ്ചും, മോഷന്‍ പോസ്റ്ററും ടീസറും ഓണ്‍ലൈന്‍ ട്രെയ്‌ലറും, ഓഡിയോ ലോഞ്ചും തുടങ്ങി സിനിമാപൂര്‍വ ഇവന്റുകള്‍ മുതല്‍ ഗ്ലോബല്‍ വൈഡ് റിലീസ് അടക്കമുള്ള വിപണനതന്ത്രങ്ങളാണ് നടപ്പാക്കപ്പെട്ടത്.ഗ്രാഫിക്‌സിലും സംഘട്ടനരംഗങ്ങളിലും മറ്റും ബാഹുബലി പോലുളള ബ്രഹ്മാണ്ഡ സിനിമകള്‍ക്കൊപ്പമാണ് പുലിമുരുകന്‍ മത്സരിച്ചത്.  സാമൂഹികവിമര്‍ശന രീതിശാസ്ത്രമനുസരിച്ച് ഈ കഥാപാത്രങ്ങളോ സിനിമകളോ താരപ്രഭാവം ഉയര്‍ത്തിപ്പിടിച്ചു എന്നല്ലാതെ പുരോഗമനപരമായ സംഭാവനയൊന്നും കേരളത്തിന്റെ സംസ്‌കാരത്തില്‍ അവശേഷിപ്പിക്കുന്നില്ല. അതേസമയം, പുലിമുരുകന്‍ എന്ന കഥാപാത്രം ഒരു സൂപ്പര്‍ഹീറോ എന്ന നിലയ്ക്ക് സമകാലിക കേരളത്തില്‍ കള്‍ട്ട് പദവി തന്നെ നേടിയെടുത്തുവെന്നതും പരിശോധിക്കേണ്ടതുണ്ട്.സിനിമയിലെ സ്ത്രീവിരുദ്ധതയുടെയും അധോലോക മാഫിയ ക്വട്ടേഷന്‍ കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തില്‍ താരവ്യവസ്ഥിതിയുടെ ജനപ്രീയതയും വിശ്വാസ്യതയും തന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന, പൊളിച്ചുകാട്ടപ്പെടുന്ന കാലത്തും ബദല്‍ താരപ്രഭാവങ്ങളായി പൃഥ്വിരാജും ഫഹദ് ഫാസിലും ആസിഫലിയും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമടക്കമുള്ളവര്‍ അവരോധിക്കപ്പെടുമോ എന്നതാണ് കാണാനുള്ളത്.
കുറച്ചുകൂടി ആശങ്കയ്ക്കു വകനല്‍കുന്നതാണ്, സിനിമയെ സ്വന്തം തോളിലേറ്റി വാണിജ്യ വിജയം സ്വന്തമാക്കാനുള്ള പ്രാപ്തി തെളിയിച്ച മഞ്ജുവാര്യരെപ്പോലൊരു അനുഗ്രഹീത നടിയെ താരവിഗ്രഹമാക്കാനുള്ള വിപണിയുടെ ശ്രമം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തോടെ അവരെ ബദല്‍ വിഗ്രഹമാക്കി ഉയര്‍ത്തിക്കാട്ടുന്നതിലും ആപത്കരമാണ് അവരുടെ പ്രയത്‌നത്തെയും വ്യക്തിഗത നേട്ടങ്ങളെയും ഫീമെയില്‍ മോഹന്‍ലാല്‍ എന്ന പേരില്‍ കുറച്ചുകാണിക്കുകയാണിതുവഴി. ഇവിടെ, മഞ്ജുവിനെപ്പോലൊരു മികച്ച അഭിനേതാവിന്റെ സിദ്ധിയെയും, കര്‍മ്മശേഷികൊണ്ടും കഠിനാധ്വാനം കൊണ്ടുംഅവരാര്‍ജിക്കുന്ന അസൂയാവഹമായ ജനപ്രിതിയേയുമാണ് മോഹന്‍ലാല്‍ എന്ന മെഗാതാരബിംബത്തിന്റെ നിഴലില്‍ കൊണ്ടുച്ചെന്നു തളയ്ക്കുന്നത്. ലിംഗപരമായിക്കൂടി പെണ്ണിനെ ആണ്‍കോയ്മയുടെ പിന്നില്‍ കെട്ടുന്ന സമൂഹമനസിന്റെ ഇരുട്ടു തന്നെയാണ് ഇതിലൂടെ വെളിവാകുന്നത്.
ഇതൊക്കെ മുന്നോട്ടുവയ്ക്കുന്ന സാധുവായൊരു ചോദ്യമുണ്ട്. നവഭാവുകത്വസിനിമയുടെ ഭാവി എം.ജി.രാധാകൃഷ്ണന്‍ മനുഷ്യരിലേക്കു നോക്കുന്ന മലയാള സിനിമ എന്ന പഠനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ഓഗസ്റ്റ് 13) നിരൂപിക്കുന്നതുപോലെ അത്ര ശോഭനമാണോ? താരവ്യവൃസ്ഥയേയും മാമൂല്‍ ആഖ്യാനസമ്പ്രദായങ്ങളെയും നിരാകരിക്കുന്ന യുവതലമുറയുടെ സിനിമാമുന്നേറ്റത്തിന് ആയുര്‍ദൈര്‍ഘ്യം ഹ്രസ്വമായിരിക്കുമോ? മലയാള സിനിമയിലെ നവഭാവുകത്വത്തിന്റെ രജതരേണുക്കള്‍ അത്തരം സ്ഥാപനവല്‍ക്കരണത്തിനു വഴിമാറില്ലെന്നു പ്രതീക്ഷിക്കാന്‍ മാത്രമേ നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കു സാധ്യമാവൂ.

Friday, November 03, 2017

ഹൃദയം കൊണ്ടെഴുതിയ കവിത

kalakaumudi weekly
എ.ചന്ദ്രശേഖര്‍

വൈഡ്‌സ്‌ക്രീനില്‍ ആള്‍ക്കൂട്ടവും താരസമ്പന്നതയുമെല്ലാമുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായാണ് ഐ.വി.ശശി മലയാളസിനിമയില്‍ പൊതുവേ വിലയിരുത്തപ്പെടുന്നത്. ഹിന്ദിയിലെ സിപ്പിമാര്‍ക്കോ ദേശായിമാര്‍ക്കോ കപൂര്‍മാര്‍ക്കോ തുല്യമായ സ്ഥാനമാണ് അദ്ദേഹത്തിനു കേരളം കല്‍പിച്ചു നല്‍കിയത്. കാലഘട്ടം പരിഗണിക്കുമ്പോള്‍ മലയാളത്തിനു പകരം വയ്ക്കാത്ത ബൃഹദ്ചിത്രങ്ങളായ ഇതാ ഇവിടെവരെയും, അങ്ങാടിയും, ഈനാടും, ഏഴാംകടലിനക്കരെയും, തുഷാരവും, ദേവാസുരവുമൊക്കെ പരിഗണിക്കെ ഈ വിശേഷണം അദ്ദേഹം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍, ആള്‍ക്കൂട്ടത്തെ മുന്നില്‍ക്കണ്ടുകൊണ്ട് താരക്കൂട്ടങ്ങളെ വച്ചു സിനികളുണ്ടാക്കിയ ഒരു മാസ് ഫിലിംമേക്കര്‍ മാത്രമായിരുന്നോ ഐ.വി.ശശി? അങ്ങനെ മാത്രം കള്ളിചേര്‍ക്കുന്നത് ചെയ്യുന്നത് അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രതിഭയേയും വിലകുറച്ചുകാണുന്നതാണെന്നതാണു വാസ്തവം.
ആത്മാര്‍ത്ഥതയുള്ള ഒരു പിടി ചെറിയ ചിത്രങ്ങള്‍, അവയില്‍പ്പലതും അദ്ദേഹത്തിന്റെ മാസ് അപ്പീല്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരെ നിരാശരാക്കിയതുകൊണ്ടുമാത്രം ഒരുപക്ഷേ ശ്രദ്ധിക്കപ്പെടാതെ പോയവ, കൊണ്ട് കമ്പോള മുഖ്യധാര പുലര്‍ത്തിപ്പോന്ന ചില മാമൂല്‍ കീഴ്‌വഴക്കങ്ങളെ സധൈര്യം ചോദ്യം ചെയ്യാന്‍ ഇച്ഛാശക്തി പുലര്‍ത്തിയ സംവിധാകനായിരുന്നു ഐ.വി.ശശി. പക്ഷേ കമ്പോളത്തിന്റെ വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ ഒതുക്കിനിര്‍ത്തപ്പെടുകവഴി അര്‍ഹതപ്പെട്ട പല സ്ഥാനമാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു ഈ സംവിധായകന്‍. പത്മശ്രീ അദ്ദേഹത്തിനു കിട്ടാത്തതുകൊണ്ട് ചെറുതാവുന്നത് അദ്ദേഹത്തിന്റെ പ്രതിഭയല്ല, പത്മശ്രീയുടെ മഹത്വമാണ്.ഹൃദയം കൊണ്ടെഴുതിയ കവിത-അക്ഷരത്തെറ്റിനു വേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനത്തിന്റെ ഈ വരികളാണ് ഐ.വി.ശശിയുടെ വേറിട്ട സിനിമകളെ വിശേഷിപ്പിക്കാന്‍ അനുയോജ്യം.

പുതുമകളുടെ ഉത്സവം
കാലത്തിനു മുന്നേ പറന്ന ചലച്ചിത്രകാരനാണു ശശി. സാങ്കേതികതയില്‍ മാത്രമല്ല, പ്രമേയസ്വീകരണത്തിലും അവതരണത്തിലും. അതിന്റെ തുടക്കം ഒരു ചെറിയ സിനിമയിലാണ്. പ്രേംനസീറും മധുവും ഉഗ്രപ്രതാപികളായി അരങ്ങുവാണിരുന്ന കാലത്ത് താരസമ്പ്രദായങ്ങളെ വെല്ലുവിളിച്ച് ഒരു ചലച്ചിത്ര പരീക്ഷണം. ഐ.വി.ശശി എന്ന പുതുമുഖസംവിധായകന്റെ അരങ്ങേറ്റ സിനിമ. ഉത്സവം.
ഉത്സവം. വിപ്‌ളവമാകുന്നത് അതിന്റെ താരനിരകൊണ്ടാണ്. അന്നുവരെ വില്ലന്‍ വേഷങ്ങളിലും പ്രതിനായകവേഷങ്ങളിലും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കെ.പി.ഉമ്മറിനെ നായകനാക്കിക്കൊണ്ടാണ് ശശി ഉത്സവം.  നിര്‍മിച്ചത്. പൂവച്ചല്‍ ഖാദര്‍. കെ.നാരായണന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയ സാങ്കേതികവിദഗ്ധരുടെ ഒരു സഖ്യത്തിന്റെയും ഉദയമായിരുന്നു ഉത്സവം. അക്ഷരാര്‍ത്ഥത്തില്‍ യുവത്വത്തിന്റെ ആഘോഷം. വിന്‍സെന്റും രാഘവനും ശ്രീവിദ്യയുമൊക്കെയടങ്ങുന്ന രണ്ടാം നിരയെവച്ച് ഒരു പുതുമുഖസംവിധായകന്റെ സിനിമ ആലോചിക്കാന്‍ സാധ്യമല്ലാത്ത കാലത്താണ് കഥയുടെ കരുത്തിലും വേറിട്ട ദൃശ്യസമീപനത്തിലും വിശ്വാസമര്‍പ്പിച്ച് ഐ.വി. ശശി ഉത്സവമൊരുക്കിയത്. ഇതേ ധൈര്യം, സാഹസം കരിയറില്‍ അവസാനം വരെ ഐ.വി.ശശി പിന്തുടര്‍ന്നു. എത്ര മഹാവിജയങ്ങളുണ്ടാകുമ്പോഴും. ബഹുതാരചിത്രങ്ങളുണ്ടാവുമ്പോഴും അതില്‍ നിന്നെല്ലാം ഇടവേളയെടുത്തു തീര്‍ത്തും വേറിട്ട് ചെറു സിനിമയൊരുക്കാന്‍ ശശി ബോധപൂര്‍വം ശ്രമിച്ചുവെന്ന് 40 വര്‍ഷത്തെ കരിയര്‍ പരിശോധിച്ചാല്‍ മനസിലാകും.
താരങ്ങളെ സൃഷ്ടിക്കുകയും ബഹുതാരചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ഐ.വി.ശശി ആദ്യചിത്രം മുതല്‍ക്കേ താരപ്രഭാവത്തെ നിരന്തരം പൊളിച്ചുപണിതു. ജയന്റെ മരണശേഷം തുഷാരം എന്ന വന്‍ബജറ്റ് ചിത്രത്തിലേക്ക് താരതമ്യേന ചെറുതാരമായ രതീഷിനെ പ്രതിഷ്ഠിച്ച് വിജയിപ്പിക്കാനുള്ള ചങ്കൂറ്റം ദൃശ്യത്തിന്മേലുള്ള കയ്യടക്കത്തിലുള്ള ആത്മവിശ്വാസം കൊണ്ടുണ്ടായതാണ്. തൃഷ്ണ(1981)യില്‍ നായകനാകുമ്പോള്‍ മമ്മൂട്ടി ഒറ്റയ്‌ക്കൊരു സിനിമയെ തന്റെ തോളിലേറ്റിത്തുടങ്ങിയിട്ടില്ലെന്നതുന്നുമോര്‍ക്കുക.

പ്രതിനായകന്‍ നായകനായപ്പോള്‍
സ്ഥിരം വില്ലന്മാരെ നായകരാക്കുക വഴി മാത്രമല്ല, പ്രതിനായകന്മാരെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടുകൂടി താര/തിര വ്യക്തിത്വങ്ങളെ വെല്ലുവിളിച്ചിട്ടുണ്ട് ഐ വി ശശി.മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതികാരകഥകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതാണ് പത്മരാജന്‍ എഴുതി ഐ.വി.ശശി സംവിധാനം ചെയ്ത ഇതാ ഇവിടെവരെ.(1977). നിഷ്ഠുരമായി ഒരാളെ വധിക്കുകയും അയാളുടെ ഭാര്യയെ കീഴ്പ്പെടുത്തുകയും ചെയ്യുന്ന പൈലി(മധു)യാണ് ചിത്രത്തിലെ വില്ലന്‍. വര്‍ഷങ്ങള്‍ക്കുശേഷം അയാളുടെ മകളെ വശീകരിച്ച് പ്രതികാരം നിര്‍വഹിക്കുന്ന വിശ്വനാഥനാ(സോമന്‍)ണ് ചിത്രത്തിലെ നായകന്‍. പ്രതിനായകസ്വത്വം പേറുന്ന വിശ്വനാഥന്‍ നഗരത്തില്‍ നിന്നുള്ള വരത്തനാണെങ്കിലും, താറാവുകാരന്‍ പൈലി തനി കുട്ടനാട്ടുകാരന്‍ തന്നെയാണ്. ഇതാ ഇവിടെവരെ യിലെ ഈ ഗ്രാമീണകഥാപാത്രം ഒരര്‍ത്ഥത്തിലും അനുവാചകദയയര്‍ഹിക്കുന്ന നന്മയുടെ ഇരിപ്പിടമല്ല. മുടിയനായ പുത്രനിലൂടെ രാമു കാര്യാട്ട് ഒരു പ്രതിനായകനെ നായകനാക്കിയിട്ടുണ്ടെങ്കിലും പ്രതികാരനിര്‍വഹണത്തിനായെത്തുന്ന ഒരു നായകകര്‍തൃത്വം പത്മരാജനും ശശിയും കൂടി അവതരിപ്പിക്കാനെടുത്ത ധൈര്യം സാഹസികം തന്നെയാണ്. ഇതേ പ്രതിനായകാഘോഷം അതിന്റെ പാരമ്യതയില്‍ എം.ടി.വാസുദേവന്‍നായരുടെ ഏറ്റവും വ്യത്യസ്തമായ തിരക്കഥകളില്‍ ഒന്നായ ഉയരങ്ങളിലെ (1984) ജയരാജില്‍ (മോഹന്‍ലാല്‍) വീണ്ടും നാം കണ്ടു. ദേവാസുരത്തില്‍ത്തുടങ്ങിയ ആണത്തത്തിന്റെ ആഘോഷമായിമാറിയ മെയില്‍ഷോവനിസ്റ്റ് നായകന്മാരായിരുന്നില്ല ഇവര്‍. സാഹചര്യങ്ങളുടെയും കടുത്ത ജീവിതപരിസ്ഥിതികളുടെയും നിര്‍മിതികളായ പാര്‍ശ്വവല്‍കൃതരായിരുന്നു വിശ്വനാഥനും ജയരാജുമൊക്കെ.
അത്രത്തോളം സാഹസമായിരുന്നു രംഗം എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ എന്ന താരത്തെ വേറിട്ട ശരീരഭാഷയിലും പരാജയപ്പെട്ട നായകനായും അവതരിപ്പിച്ചതും. അവിടെ കൂട്ട് എം.ടിയായിരുന്നെന്നു മാത്രം. താടിമീശയെല്ലാമെടുത്ത് ജീവിതത്തിലും കലയിലും പ്രണയത്തിലും വരെ അവഗണിക്കപ്പെടുന്ന ഒരു രണ്ടാമൂഴക്കാരന്റെ നഷ്ടകാമനകളുടെ ഹൃദയവ്യഥയാണ് രംഗം ആവിഷ്‌കരിച്ചത്. ഒരു താരസ്വത്വത്തിന് ഏറ്റെടുക്കാനോ വച്ചുനീട്ടാനോ ദുഷ്‌കരമായ പാത്രകല്‍പന, അതായിരുന്നു രംഗം. മൃഗയയില്‍ മമ്മൂട്ടിയുടെ ഡീ ഗ്‌ളാമറൈസ് ചെയ്ത വേഷത്തിലൂടെ സൂപ്പര്‍താരവ്യവസ്ഥയുടെ സ്ഥാപിതതാല്‍പര്യങ്ങളെ ആവര്‍ത്തിച്ചു കൊഞ്ഞനം കുത്തുകയായിരുന്നു ശശിയും ലോഹിതദാസും. നായകന്മാരുടെ അമാനുഷികത്വത്തിനല്ല, മാനുഷികദൗര്‍ബല്യങ്ങള്‍ക്കും വേദനകള്‍ക്കുമെല്ലാമാണ് ഈ സിനിമകള്‍ പ്രാധാന്യം കല്‍പിച്ചത്.
മുന്‍നിരത്താരങ്ങളെ ഒഴിവാക്കുകയും അവരെ രണ്ടാം നിര കഥാപാത്രങ്ങളാക്കുകയും മാത്രമല്ല, സ്വഭാവവേഷങ്ങളില്‍ തളയ്ക്കപ്പെട്ട അഭിനയപ്രതിഭകളെ മുന്‍നിരകഥാപാത്രങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുക കൂടി ചെയ്തു സംവിധായകനായ ഐ.വി.ശശി. അറുത്തകൈക്ക് ഉപ്പു തേയ്ക്കാത്ത നികൃഷ്ട വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന ബാലന്‍ കെ.നായര്‍ക്ക് ആള്‍ക്കൂട്ടത്തില്‍ തനിയേ (1984)യിലെ മുഴുനീള വേഷം നല്‍കിയതിലും പ്രധാനമായി അടയാളപ്പെടുത്തേണ്ടത് അതേ ചിത്രത്തില്‍ ഹാസ്യനടനായ കുതിരവട്ടം പപ്പുവിനെ വിശ്വസിച്ചേല്‍പിച്ച കുട്ടിനാരായണന്‍ എന്ന ചാക്കാലക്കാരന്റെ വേഷമാണ്. അങ്ങാടി (1989)യില്‍ തമാശയ്ക്കു പ്രാധാന്യമുള്ളതെങ്കിലും പപ്പുവിന് സമാനമായൊരു കഥാപാത്രത്തെയാണ് ശശി നല്‍കിയതെന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഷാജികൈലാസിന്റെ കിംഗില്‍ ഗൗരവമുള്ളൊരു കഥാപാത്രത്തെ പപ്പു കയ്യാളിയതെന്നുമോര്‍ക്കുക.

ഏകാഗ്രതയുടെ ദൃശ്യാഖ്യാനങ്ങള്‍
അടരടരുകളായി ധാരാളം ഉപാഖ്യാനങ്ങളോടെ ഇതിഹാസസമാനമായ സിനിമകള്‍ക്കിടയിലും അത്മനിഷ്ഠത്തോളം ഏകാഗ്രമായ സിനിമകളും അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിക്കാന്‍ നിഷ്‌കര്‍ഷിച്ച ചലച്ചിത്രകാരനാണ് ശശി. അതിന്റെ ദൃഷ്ടന്തമാണ് പത്മരാജന്‍ തിരക്കഥയെഴുതിയ കൈകേയി(1983). ശശിയുടെയോ പത്മരാജന്റെയോ വ്യക്തിചരിത്രത്തില്‍ ഏറെയൊന്നും പരാമര്‍ശിക്കാതെപോയ ഒട്ടേറെ പ്രത്യേകതകളുള്ളൊരു സിനിമ.  ഇരുവരുടേയും പേരില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നതു തന്നെ ഈ ചിത്രത്തിന്റെ സവിശേഷതയായി കണക്കാക്കാം. കാരണം, പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത, അത്ര എളുപ്പം ദഹിക്കുന്ന പ്രമേയപരിചരണമായിരുന്നില്ല കൈകേയിയുടേത്. തീര്‍ത്തും മനോവിശേ്‌ളഷണാധിഷ്ഠിതമായ ഏറെ സങ്കീര്‍ണമായൊരു പ്രമേയം. പൂര്‍ണിമാ ജയറാമും ശ്രീവിദ്യയുമൊഴികെ കമ്പോള മുഖ്യധാരയ്ക്ക് ഇഷ്ടമാവുന്ന താരങ്ങളുടെ അസാന്നിദ്ധ്യം. ഇതെല്ലാം കൈകേയിയെ പേഴ്‌സണല്‍ സിനിമയുടെ കള്ളിയിലേക്ക് നീക്കിയിരുത്തുകയായിരുന്നു. പ്രതാപ് പോത്തനും തമിഴ് നടി രാധികയും പൂര്‍ണിമാ ജയറാമും അഭിനയിച്ച ത്രികോണ പ്രണയകഥ പില്‍ക്കാലത്ത് ആര്‍ട്ട്ഹൗസ് ജനുസിലടക്കം എത്രയോ സിനിമകള്‍ക്കു പ്രചോദനമായിരിക്കുന്നു.
തമിഴില്‍ നിന്നു റീമേക്ക് ചെയ്ത അര്‍ത്ഥന(1993)യും സാര്‍ത്ഥകമായ സിനിമയായിരുന്നു. ഒരുപക്ഷേ, പതിവു ശശി വഴക്കങ്ങളില്‍ നിന്ന് പ്രമേയത്തിലും ദൃശ്യപരിചരണത്തിലും തീര്‍ത്തും വേറിട്ടു നിന്ന ഒരു കുഞ്ഞുസിനിമയായിരുന്നു രഘുനാഥ് പലേരി തിരക്കഥയെഴുതിയ അര്‍ത്ഥന. മുരളി, രാധിക, പ്രിയാരാമന്‍ എന്നിവരഭിനയിച്ച അര്‍ത്ഥനയിലേത് മുരളി അതുവരെ ചെയ്ത നായകവേഷങ്ങളില്‍ നിന്ന് വേറിട്ട ഒന്നാണ്.
മലയാളത്തിലല്ല മറ്റേതു ഭാഷയിലായിരുന്നെങ്കിലും, ഐ വി ശശിയെപ്പോലൊരു ചലച്ചിത്രകാരനില്‍ നിന്ന് ഒരിക്കലും ഉണ്ടാകുമായിരുന്നില്ലാത്ത സിനിമകളാണ് ഇണ(1982)യും കൂടണയും കാറ്റും(1986). ഹോളിവുഡ്ഡിലെ എക്കാലത്തെയും അനശ്വര പ്രണയകഥയായ ബ്ലൂ ലഗൂണിന് ഐ വി ശശി നല്‍കിയ മലയാള വ്യാഖ്യാനമായിരുന്നു ഇണ. ഈനാടും തുഷാരവുമൊക്കെ നല്‍കിയ താരപ്രഭാവത്തില്‍ നിന്ന് അവധിയെടുത്താണ് 1982ല്‍ ബാലതാരമായ മാസ്റ്റര്‍ രഘുവിനെ കൗമാരനായകനും ദേവി എന്നൊരു പുതുമുഖത്തെ നായികയുമാക്കി ഇണ ഒരുക്കുന്നത്. കാഞ്ചനയും ഒരിടത്തൊരു ഫയല്‍വാന്‍ റഷീദും മാത്രമായിരുന്നു ചിത്രത്തിലെ അറിയപ്പെടുന്ന താരമുഖങ്ങള്‍. കൃഷ്ണചന്ദ്രനെ ഗായകനെന്ന നിലയ്ക്ക് അടയാളപ്പെടുത്തിയ സിനിമ കൂടിയായിരുന്നു ഇണ. 1986ലാണ് ശശി കൂടണയും കാറ്റ് സംവിധാനം ചെയ്യുന്നത്. അതും റഹ്മാനെയും മുകേഷിനെയും നായകന്മാരും രോഹിണിയെയും സീതയേയും നായികമാരുമാക്കിക്കൊണ്ട് ഗോവന്‍ പശ്ചാത്തലത്തില്‍ ഒരു യാത്രാക്കപ്പലില്‍ നടക്കുന്ന യൗവനപ്രണയകഥ. തമിഴ് നടി സീതയെ അന്നു മലയാളി അറിയുകകൂടിയില്ല. അവരുടെ ആദ്യ മലയാള സിനിമ. ആവനാഴിയടക്കമുള്ള മെഗാഹിറ്റുകള്‍ കഴിഞ്ഞാണ് ഇത്തരമൊരു കുഞ്ഞു സിനിമയ്ക്ക് ശശിയിലെ ചലച്ചിത്രകാരന്‍ ധൈര്യം കാണിച്ചത്.
എം.ടി.വാസുദേവന്‍ നായരും ലോഹിതദാസുമൊത്ത് വന്‍ ബജറ്റ് സിനിമകളും വമ്പന്‍ ഹിറ്റുകളുമെടുത്തിട്ടുള്ള ശശി അവരുടെ എക്കാലത്തെയും ചെറിയ സിനിമകളും സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ മിഥ്യ(1990) മുക്തി(1988)യും

കാമനകളുടെ ദൃശ്യാഘോഷം
സെക്‌സിനെ മനോഹരമായി ദൃശ്യവല്‍ക്കരിക്കുന്നതില്‍ ഭരതനും ഐ.വി.ശശിയും തമ്മിലാണെന്നു തോന്നുന്നു ആരോഗ്യകരമായ മത്സരം നടന്നിട്ടുള്ളത്. എന്തു കാണിക്കണം എന്നതിലും എത്രത്തോളം കാണിക്കണം എന്നതിലും കൃത്യമായ മാധ്യമബോധം വച്ചു പുലര്‍ത്തി ഇരുവരും. അക്ഷരത്തെറ്റ്, ഇതാ ഇവിടെവരെ, രംഗം, അനുരാഗി, ഉയരങ്ങളില്‍, അങ്ങാടിക്കപ്പുറത്ത്, ഈ നാട്, ആലിംഗനം, അനുഭൂതി, ഈറ്റ തുടങ്ങി എത്രയോ ചിത്രങ്ങളിലെ ക്‌ളോസപ്പുകളിലെ അര്‍ത്ഥവത്തായ സജഷനുകളിലൂടെ ശശി പകര്‍ത്തിയ രതിദൃശ്യങ്ങളുടെ സൗന്ദര്യാത്മകത വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയം.
ഒരു പക്ഷേ ശശി ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റുവാങ്ങുകയും ഒരു തരംഗത്തിനു തന്നെ തുടക്കമിടുകയും പില്‍ക്കാലത്ത് അതേ കാരണം കൊണ്ടു തന്നെ അംഗീകരിക്കപ്പെടുകയും ചെയ്ത സിനിമയാണ് അവളുടെ രാവുകള്‍.ഇതാ ഇവിടെവരെയും (1977) ഞാന്‍ ഞാന്‍ മാത്രവും വാടകയ്‌ക്കൊരു ഹൃദയവും പോലുള്ള സിനിമകള്‍ ചെയ്തുകഴിഞ്ഞു മുന്‍നിരയില്‍ കസേരവലിച്ചിട്ട് ഇരിപ്പിടമുറപ്പിച്ചുകഴിഞ്ഞൊരു സംവിധായകനാണ് 1978ല്‍ പ്രമേയത്തിലെന്നപോലെ താരനിരയിലും തൊട്ടാല്‍പ്പൊള്ളുന്ന പരീക്ഷണത്തിനു മുതിരുന്നത്. മലയാള സിനിമയിലെ ഫെമിനിസ്റ്റ് ചിത്രങ്ങളില്‍ ഏറ്റവും ശക്തമായ ഒന്നായിട്ടാണ് അവളുടെ രാവുകള്‍ പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടത്. അ്ന്നാകട്ടെ അതിലെ ലൈംഗികതയുടെ പേരില്‍ അതിനെതിരേ കല്ലെറിയാനായിരുന്നു സമൂഹത്തിന്റെ ആക്രാന്തം. മലയാളത്തില്‍ രതിസിനിമകളുടെ വേലിയേറ്റത്തിനു തന്നെ തുടക്കമിട്ട അവളുടെ രാവുകള്‍ ധീരമായ ശ്രമമാകുന്നത് വാസ്തവത്തില്‍ അതുകൊണ്ടൊന്നുമല്ല. അഗ്നിപുത്രിയടക്കമുള്ള മുന്‍കാല സിനിമകളില്‍ ലൈംഗികത്തൊഴിലാളി സിനിമയ്ക്കു വിഷയമായിട്ടുണ്ടെങ്കിലും, അവളുടെ പക്ഷത്തുനിന്നുകൊണ്ട് അരികുജീവിതം പകര്‍ത്തിയ ആദ്യ സിനിമയായിരുന്നു അത്. അവളുടെ രാവുകളിലെ രാജി മലയാള സിനിമ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ കഥാപാത്രമാവുന്നതും അതുകൊണ്ടുതന്നെയാണ്. അത്തരമൊരു വിഷയം മുഖ്യധാരാസിനിമയ്ക്കു പ്രമേയമാക്കാനുള്ള ധൈര്യത്തെക്കാള്‍ അതിന്, നടപ്പുസമ്പ്രദായങ്ങളെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഒരു പുതുമുഖത്തെ തെരഞ്ഞെടുത്തു എന്നതും അംഗീകരിക്കപ്പെടേണ്ടതുണ്ട്.
ആദ്യകാലത്തേ രജനീകാന്തിനെവച്ചു വരെ സിനിമ ചെയ്ത ശശി തമിഴിലെ രണ്ടാം വരവിലും ഇതേ പരീക്ഷണോത്സുകത പ്രദര്‍ശിപ്പിച്ചു. ജയറാമിനെയും ഖുഷ്ബുവിനെയും നായികാനായകന്മാരാക്കിയ കോലങ്ങള്‍(1995) ചെലവിലും വലിപ്പത്തിലും ചെറിയ ചിത്രമായിരുന്നെങ്കിലും പ്രമേയത്തില്‍ വളരെയേറെ പ്രസക്തമായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ അവളുടെ രാവുകളിലെ രാജിയുടെ തിരവ്യക്തിത്വത്തിന്റെ പിന്തുടര്‍ച്ചയായി ഖുഷ്ബുവിന്റെ ഗംഗയെ കാണാം. വേശ്യയോടു മാത്രമല്ല വേശ്യാവൃത്തി ഉപേക്ഷിച്ചെത്തുന്നവളോടുപോലും സമൂഹം എങ്ങനെ പെരുമാറുമെന്നു കാണിച്ചു തന്ന സിനിമ. ഇതേ ജീവിതത്തിന്റെ മറ്റൊരു വ്യാഖ്യാനമാണ് വര്‍ത്തമാനകാല(1990)ത്തിലെ അരുന്ധതി മേനോനും (ഉര്‍വശി). സംവിധായകന്‍ കൂടിയായ ബാലചന്ദ്രമേനോനും സുരേഷ് ഗോപിയും ജയറാമുമെല്ലാമുണ്ടായിരുന്ന ഈ സിനിമ ബിഗ് ബജറ്റ് സിനിമയുടെ ലക്ഷണങ്ങള്‍ക്കൊത്തല്ല നിര്‍മിക്കപ്പെട്ടത്.തൃഷ്ണയിലും മറ്റും കണ്ട കൈയൊതുക്കമാണ് വര്‍ത്തമാനകാലത്തില്‍ പ്രകടമായത്.സേതുമാധവന്റെ ഒരു പെണ്ണിന്റെ കഥയിലെ ഗായത്രിയുടെ പിന്തുടര്‍ച്ച  കൂടിയായ അരുന്ധതിക്ക് പിന്നീട് ഗാന്ധാരി മുതല്‍ 22 ഫീമെയില്‍ കോട്ടയം വരെ എത്രയോ പിന്മുറക്കാരുണ്ടായി.

മറികടന്ന ലക്ഷ്മണരേഖകള്‍
താരനിബിഢമായിരിക്കുമ്പോള്‍ത്തന്നെ പ്രമേയത്തിലും ദൃശ്യസമീപനത്തിലും ഒതുക്കവും തൂക്കവും പുലര്‍ത്താന്‍ ഐ.വി.ശശിയിലെ ചലച്ചിത്രകാരന്‍ ബോധപൂര്‍വം ശ്രമിച്ചതിന്റെ ഉദാഹരണമിാണ് ലക്ഷ്മണരേഖ(1984). മോഹന്‍ലാല്‍, മമ്മൂട്ടി, സീമ തുടങ്ങിയ മുന്‍നിര താരങ്ങളെവച്ച് ഒരു മനഃശാസ്ത്ര -കുടുംബനാടകം ചലച്ചിത്രമാക്കാന്‍, അന്നത്തെ ഐ.വി.ശശി എന്ന സംവിധായകന്റെ തിരസ്ഥാനം പരിഗണിക്കുമ്പോള്‍ ചെറുതല്ലാത്ത ചങ്കൂറ്റം ആവശ്യമാണ്. അപകടത്തില്‍ ശരീരം തളര്‍ന്ന നായകനായി മമ്മൂട്ടിയെ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന്റെ ഭാര്യയുടെ ശാരീരികസംതൃപ്തിക്ക് സ്വയം സന്നദ്ധനാവുന്ന അനുജനായി മോഹന്‍ലാലിനെ ആലോചിക്കാനുമുള്ള ധൈര്യം നിസ്സാരമല്ലല്ലോ? സമാനമായ നെഗറ്റീവ് പാത്രാവിഷ്‌കാരങ്ങളുടെ പേരില്‍ പുതുതലമുറ ചലച്ചിത്രകാരന്മാരും അഭിനേതാക്കളും സര്‍വാത്മനാ വാഴ്ത്തപ്പെടുമ്പോഴാണ് പതിറ്റാണ്ടുകള്‍ക്കപ്പുറം അത്തരം ആവിഷ്‌ക്കാരങ്ങള്‍ക്കു മുന്‍പിന്‍ നോക്കാതെ സന്നദ്ധനായ ഐ.വി.ശശിയുടെ പ്രസക്തി തിരിച്ചറിയാനാവുക.
ഐ.വി.ശശി സിനിമയില്‍ ഒരിക്കലും മറക്കാത്ത 25 ഷോട്ടുകള്‍ ഓര്‍ത്തുനോക്കുക. തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ വന്‍ബജറ്റ് സിനിമകളിലേതായിരിക്കില്ല. മറിച്ച് ശ്രീകുമാരന്‍ തമ്പി തിരക്കഥയൊരുക്കി സുരേഷ് ഗോപിയെയും ഉര്‍വശിയെയും നായികാനായകന്മാരാക്കി ഒരുക്കിയ താരതമ്യേന ചെറിയ ചിത്രമായ അക്ഷരത്തെറ്റി(1989)ലെ ഒരു സീനായിരിക്കും. ഇന്‍ഡീസന്റ് പ്രൊപ്പോസല്‍ എന്ന ഹോളിവുഡ് സിനിമയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ആ സിനിമയില്‍ പ്രതിനായികയുടെ ക്ഷോഭത്തില്‍ പൊട്ടിച്ചിതറിയ കണ്ണാടിച്ചീളുകളില്‍ പ്രതിഫലിച്ചു കാണുന്ന ഛിദ്രബിംബങ്ങളുടെ ഷോട്ട്, അത് അവലംബിതമാണെങ്കില്‍ക്കൂടി ഒരു സംവിധായകന്റെ കയ്യൊപ്പുള്ള മാസ്റ്റര്‍ ഷോട്ടാണ്. വെറും മൂന്നു കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാണ് അക്ഷരത്തെറ്റ് അദ്ദേഹം ഒരുക്കിയതെന്നു കൂടി ഓര്‍ക്കുക. അതും, ആക്ഷന്‍ ഹീറോ പ്രഭാവത്തില്‍ നിന്ന സുരേഷ്‌ഗോപിയെ കുടുംബനായകനാക്കിക്കൊണ്ട്!
സാങ്കേതികമായി ശശിയെന്ന സംവിധായകന്‍ കാഴ്ചവച്ച ദൃശ്യകൗശലങ്ങള്‍. മോഹന്‍ലാല്‍ രമ്യാകൃഷ്ണന്‍ എന്നിവരഭിനയിച്ച അനുരാഗിയില്‍ ഉര്‍വശിക്കു ചുറ്റും 360 ഡിഗ്രിയില്‍ കറങ്ങുന്ന ട്രോളി ഷോട്ട് ഐ വി ശശി ആസൂത്രണം ചെയ്തവതരിപ്പിച്ചതാണ്. കയ്യിലേന്താവുന്നതും അല്ലാത്തതുമായ ഡിജിറ്റല്‍ ക്യാമറകള്‍ വരുന്നതിനുമുമ്പേ, പരിമിതമായ സാങ്കേതികതയ്ക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നു ഈ ദൃശ്യസാഹസങ്ങളൊക്കെ. അതിനെല്ലാം ശശി എന്ന സംവിധായകന് പിന്തുണയായത അദ്ദേഹത്തിന്റെ ഉള്ളിലെ ചിത്രകാരനായിരിക്കണം.
മുഖ്യധാരാ സിനിമയില്‍ കാലൂന്നി നിലയുറപ്പിച്ചുകൊണ്ടുതന്നെ അതിന്റെ വ്യവസ്ഥാപിതവ്യാകരണങ്ങളെ ചോദ്യം ചെയ്യുക എന്നത് എക്കാലത്തും ഐ വി ശശി എന്ന ചലച്ചിത്രകാരന്റെ കുസൃതിയോ അതിലുപരി ആത്മനവീകരണശ്രമമോ ആയിട്ടുണ്ട്. 1981ല്‍ പുറത്തിറങ്ങിയ ഒരിക്കല്‍ക്കൂടി എന്ന സിനിമ തന്നെയാണ് അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. വിലാസിനിയുടെ കഥയെ ആസ്പദമാക്കി മധുവിനെയും ലക്ഷ്മിയേയും സുകുമാരനെയും വച്ച് നിര്‍മിക്കപ്പെട്ട ഒരിക്കല്‍ക്കൂടിയില്‍ സന്ദര്‍ഭമുണ്ടായിട്ടും ഒരു ഗാനം പോലുമുണ്ടായിരുന്നില്ല. ഗാനമില്ലാതെ സിനിമ സങ്കല്‍പിക്കാനാകാത്ത കാലത്തായിരുന്നു അത്.
പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രകാരന്മാരുടെ പേരുപട്ടികയിലൊന്നും ഐ.വി.ശശിയുടെ പേരേടു കാണില്ല. എന്നാല്‍ ഒരു പറ്റം പ്രതിഭകളെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിക്കുകയും തമിഴടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരികയും ചെയ്തിട്ടുണ്ട് ഐ വി ശശി, മറ്റു പലതിലുമെന്നപോലെ അവകാശവാദങ്ങളൊന്നും കൂടാതെ. സീമയ്ക്കപ്പുറമൊരു കണ്ടെത്തല്‍ ശശിയെ അടയാളപ്പെടുത്താന്‍ ആവശ്യമില്ലല്ലോ. നഖക്ഷതങ്ങളിലൂടെ അറിയപ്പെടുന്ന വിനീതിന്റെ ആദ്യ സിനിമ എം.ടി.തിരക്കഥയെഴുതി കെ.ബാലചന്ദര്‍ മലയാളത്തില്‍ ആദ്യമായി നിര്‍മിച്ച ഐ.വി.ശശിയുടെ ഇടനിലങ്ങള്‍ എന്ന സിനിമയാണെന്ന് എത്രപേരറിയുമെന്നറിയില്ല. സീമ ശ്രീദേവി ആദ്യം നായികയായത് ശശിയുടെ ആലിംഗനത്തിലാണ്. തിരക്കഥാകൃത്തായ ആലപ്പി ഷെറിഫ്, ഛായാഗ്രാഹകന്‍ താര, ജയറാം, ജയാനന്‍ വിന്‍സെന്റ്, തമിഴ് നടിമാരായ രാധിക(കൈകേയി), സീത(കൂടണയും കാറ്റ്, മഹാലക്ഷ്മി(അങ്ങാടിക്കപ്പുറത്ത്), രാജലക്ഷ്മി (തൃഷ്ണ),വിജി(ഉയരങ്ങളില്‍), സുകന്യ(അപാരത),ഹിന്ദി നടി ഷോമാ ആനന്ദ് (ആറാട്ട്), ദേവി (ഇണ),കത്രീന കൈഫ് (ബല്‍റാം വേഴ്‌സസ് താരാദാസ്), അനു ശശി(സിംഫണി) അഗസ്റ്റിന്‍ (അനുഭവം),ശരത് സക്‌സേന (ആവനാഴി),കിരണ്‍ കുമാര്‍ (ഇന്‍സ്‌പെക്ടര്‍ ബല്‍റാം),ജാഫര്‍ഖാന്‍ (തുഷാരം)...ഇവര്‍ക്കുപുറമേ കോഴിക്കോട് ആസ്ഥാനമാക്കിയുള്ള കുറുപ്പ്, കെ.ടി.സി അബ്ദുള്ള തുടങ്ങി ഒരു പറ്റം നടന്മാരെയും ശശി സിനിമയിലവതരിപ്പിച്ചു. ലാലു അലക്‌സ് അടക്കമുള്ളവര്‍ക്ക് മേല്‍വിലാസമുണണ്ടാക്കിക്കൊടുത്തു.


Saturday, October 21, 2017

വാള്‍മുനയിലെ കാറ്റ്

രണ്ടു മണിക്കൂറോളം മറ്റേതോ ലോകത്തായിരുന്നു. അടൂരിന്റെ നിഴല്‍ക്കുത്തില്‍ കണ്ട പ്രകൃതി. കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ദ്രാവിഡഭൂമിക. ഭരതന്റെ താഴ് വാരത്തിലെ നിഗൂഡതകളുടെ മഞ്ഞുപുതച്ച വന്യസ്ഥലികള്‍. അതിനിടെ തകരയെ കണ്ടു. ചെല്ലപ്പനാശാരി യെയും. കള്ളന്‍ പവിത്രനിലെയും
ഒരിടത്തൊരു ഫയല്‍വാനിലെയും ലോറിയിലെയും ചാട്ടയിലെയും പെരുവഴിയമ്പല ത്തിലെയും  ഇതാ ഇവിടെവരെയിലെയും ചുരത്തിലെയും  കഥാപരിസരങ്ങ ളിലൂടെ ഗൃഹാതുരത്വത്തോടെ ഒരു യാത്ര. കാറ്റ് ഓര്‍മ്മ യിലെത്തിക്കുന്നത് പത്മരാജനെ മാത്രമല്ല, പത്മരാജന്റെ തിരക്കഥകള്‍ ആത്മാവിലേറ്റുവാങ്ങി അഭ്രത്തിലാക്കിയ ഭരതനെക്കൂടിയാണ്.
നിസ്സംശയം, നിസ്സങ്കോചം സാക്ഷ്യപ്പെടുത്തട്ടെ, അനന്തപത്മനാഭന്റെ, അരുണ്‍കുമാര്‍ അരവിന്ദിന്റെ കാറ്റ് ഈയിടെ കണ്ട
ഏറ്റവും അര്‍ത്ഥവത്തായ ചലച്ചിത്രോദ്യമങ്ങളില്‍ ഒന്നാണ്. ഒരുപക്ഷേ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും കഴിഞ്ഞ് ഈയിടെ കണ്ട ഏറ്റവും മികച്ച സിനിമ.

അച്ഛന്റെ കഥയെയും കഥാപാത്രങ്ങളെയും ആത്മാവിലെടുത്ത് ഒരു സിനിമയ്ക്കു തിരക്കഥയെഴുതുക എന്നത് പൂര്‍വജന്മ സുകൃതമാണ്. അതാണ് അനന്തപത്മനാഭന്റെ പുണ്യം. പപ്പന്റെ തിരക്കഥ അച്ഛന്റെ കഥയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്നു. അതിലുമേറെ, ഗ്രാമജീവിതത്തിന്റെ ചൂരും ചൂടും ഉള്‍ക്കൊണ്ട്, അതിന്റെ അപരിഷ്‌കൃതത്വം അല്‍പം പോലും ചോരാതെ, ധ്വന്യാത്മകമായ ഒരു തിരക്കഥയൊരുക്കാന്‍ അനന്തനായി. തീര്‍ച്ചയായും സ്വന്തം കഥയില്‍ നിന്ന് അനന്തന്‍ ഒരുക്കിയ ഓഗസ്റ്റ് ക്‌ളബ്ബില്‍ നിന്ന് എത്രയോ മടങ്ങ് മുകളിലാണ് കാറ്റ്. ട്രീറ്റ്‌മെന്റില്‍ മാത്രമല്ല, സംഭാഷണത്തിലും സംഭവങ്ങളുടെ യുക്തപരമായ കോര്‍ത്തിണക്കലിലും കാറ്റ്  മികവു പുലര്‍ത്തുന്നു. പച്ചയായ മനുഷ്യരെ അവന്റെ ദൗര്‍ബല്യങ്ങളെ, വേദനകളെ, കാമനകളെ വച്ചുകെട്ടലുകളില്ലാതെ കണ്ടു.

എന്നാല്‍ നൂറുക്കു നൂറും കാറ്റ് ഒരു സംവിധായകന്റെ സിനിമതന്നെയാണ് അതാണ് കാറ്റിനെ ഇതര സമീപകാലസിനിമകളില്‍ നിന്നു വേറിട്ടതാക്കുന്നത്. ഭരതനെ ഓര്‍ത്തുപോകുന്നതും കാറ്റ് പുലര്‍ത്തിയ ദൃശ്യപരമായ തികവും മികവും അതു നല്‍കുന്ന അവാച്യമായ അനുഭൂതിയും മൂലമാണ്. ദൃശ്യപരിചരണം കൊണ്ടു മാത്രമല്ല അത്. കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന അഭിനേതാക്കളെ കണ്ടെത്തിയതിലും കഥാനിര്‍വഹണത്തിനാവശ്യമായ ലൊക്കേഷനുകള്‍ കണ്ടെത്തിയതിലും പ്രകടിപ്പിച്ച മാധ്യമബോധം അരുണ്‍കുമാര്‍ അരവിന്ദില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും വണ്‍ ബൈ ടുവും മുതല്‍ക്കുള്ള പ്രതീക്ഷ ഊട്ടിയുറപ്പിക്കുന്നതായി. പക്ഷേ ഈ കയ്യൊതുക്കം അരുണ്‍കുമാര്‍ അരവിന്ദ് എന്ന എഡിറ്ററില്‍ക്കൂടി പ്രകടമായെങ്കില്‍ എന്നൊരു വിമര്‍ശനം മാത്രമാണ് രണ്ടാം ഭാഗത്തെ ചെറിയ ലാഗ് പരിഗണിക്കെ മുന്നോട്ടുവയ്ക്കാനുളളത്. ആദ്യപകുതി കടന്നുപോയതെങ്ങനെ എന്നു പോലും അറിഞ്ഞില്ല. ആ മുറുക്കം രണ്ടാം പകുതിക്കില്ലാതെപോയത് ഈ അയവു കൊണ്ടുതന്നെയാവണം.
കാറ്റ് കണ്ടിറങ്ങിയാലും ചില മുഖങ്ങള്‍ മനസിണ്ടാവും, ഒഴിയാബാധയായി. മൂപ്പനായി വന്നപങ്കന്‍ താമരശ്ശേരിയും നെടുമുടി വേണുവിനെ ഓര്‍മപ്പെടുത്തിയ പഴയ മുകേഷിന്റെ രൂപഭാവങ്ങളുള്ള ഉണ്ണി പി.ദേവും (കഥാപാത്രം പോളി) കൊച്ചു പാര്‍വതിയായി വന്ന സരിത സുനിലും, മുത്തുലക്ഷ്മിയായി വന്ന വരലക്ഷ്മിയും.

പക്ഷേ കാറ്റ് ഫ്രെയിം ടു ഫ്രെയിം മുരളി ഗോപിയുടേതായിരുന്നു. അച്ഛനുമായി താരതമ്യപ്പെടുത്തുന്നത് ആര്‍ക്കും ഇഷ്ടമാവാത്ത കാര്യമാണ്.എങ്കിലും അച്ഛന്റെ പ്രകടനം ഇതേ അത്ഭുതത്തോടെ കണ്ടിരുന്ന പ്രേക്ഷകനെന്ന നിലയ്ക്ക് മുരളി ഗോപിയുടെ പ്രകടനത്തില്‍ ഭരത് ഗോപിയെ കാണാതിരിക്കാനാവില്ല. മുരളി ഗോപിക്ക് ചെല്ലപ്പന്‍ ഒരു സംസ്ഥാന അവാര്‍ഡ് സാധ്യതയാണ് എന്നു മാത്രം പറയട്ടെ.

രണ്ടു പേര്‍ക്കു കൂടി ഈ സിനിമയുടെ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്. ദീപക് ദേവിന്റെ പശ്ചാത്തലസംഗീതമാണ് അതില്‍ പ്രധാനം. ഗാനങ്ങളേക്കാള്‍ പക്വമായ റീ റെക്കോര്‍ഡിങ് സിനിമയ്ക്ക് സവിശേഷമായ മൂഡ് നല്‍കുന്നതില്‍ വഹിച്ച പങ്ക് നിസ്സാരമല്ല. അതുപോലെ തന്നെയാണ് പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണവും. ഭരതനു വേണ്ടി പണ്ട് മധു അമ്പാട്ടും അശോക് കുമാറും വിപിന്‍ ദാസും ഒക്കെ നിര്‍വഹിച്ചതുപോലെ ഒരു പിന്തുണ.

കാറ്റ് വെറും കാറ്റല്ല. ജോര്‍ജ് ഓണക്കൂര്‍ സാറിന്റെ നോവലിന്റെ പേരു പോലെ വാള്‍മുനയിലെ കാറ്റാണ്. കാരിരുമ്പു വിളക്കുള്ള തിളങ്ങുന്ന വാള്‍മുനയില്‍ വീശിയടിക്കുന്ന പനങ്കാറ്റ്!

വാല്‍ക്കഷണം: ഈ സിനിമ വിജയിച്ചില്ലെങ്കില്‍ ഞാനതിന് ചിലരെങ്കിലും ആരോപിക്കുന്നതുപോലെ അതിന്റെ പേരിനെ പഴിക്കില്ല. പകരം തീര്‍ത്തും അപര്യാപ്തമായ വിപണനത്തെ മാത്രമേ പഴിക്കൂ. തീര്‍ത്തും പൊളിഞ്ഞുപോയ മാര്‍ക്കറ്റിങിന്റെ ഇരയാണ് ഈ നല്ല സിനിമ.

Tuesday, September 26, 2017

സിനിമയുണ്ടാക്കലല്ല, സിനിമ കാണല്‍!


പലരും ചോദിച്ചിട്ടുള്ളൊരു കാര്യമാണ്. സിനിമയെപ്പറ്റി ഇത്രയൊക്കെ എഴുതുന്ന, ഇത്രയേറെ സിനിമയെ ഇഷ്ടപ്പെടുന്ന ചന്ദ്രശേഖറിന് എന്തുകൊണ്ട് ഒരു സിനിമ ചെയ്തുകൂടാ? കുറഞ്ഞപക്ഷം ഒരു സനിമയ്ക്കു വേണ്ടി എഴുതുകയെങ്കിലും ചെയ്തുകൂടാ? ആദ്യം മുതല്‍ ഇങ്ങനെ ചോദിക്കുന്നവരോടെല്ലാം പറഞ്ഞിരുന്ന മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. അതാകട്ടെ,പണ്ട് സാഹിത്യവാരഫലം എഴുതിക്കൊണ്ടിരുന്നപ്പോള്‍ പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ സാര്‍ എഴുതിയിട്ടുള്ളൊരു നിരീക്ഷണത്തില്‍ നിന്നു കടം കൊണ്ടതുമാണ്. 


സാഹിത്യകൃതികളെപ്പറ്റി ഇഴകീറി കൂലങ്കഷമായി വിമര്‍ശിക്കുന്ന എഴുത്തിന്റെ രീതിശാസ്ത്രവും ഭൂമിശാസ്ത്രവും വ്യാകരണവുമറിയാവുന്ന കൃഷ്ണന്‍ നായര്‍ സാര്‍ എന്തുകൊണ്ട് സര്‍ഗാത്മകരചനയിലേക്ക് കടക്കുന്നില്ല, അഥവാ കഥയോ കവിതയോ നോവലോ എഴുതുന്നില്ല എന്ന നിരന്തര ചോദ്യം നേരിടേണ്ടി വന്നയാളാണദ്ദേഹം. ഒരിക്കല്‍ ഒരു രസത്തിനു വേണ്ടി മലയാള മനോരമയില്‍ വിമര്‍ശകര്‍ സാഹിത്യകൃതിയും കഥാകൃത്തുക്കള്‍ വിമര്‍ശനവും, അഭിനേതാക്കള്‍ എഴുത്തും ഒക്കെ എഴുതിനോക്കിയ ഒരു കൗതകഫീച്ചറിന് കഥയെഴുതിയതൊഴിച്ചാല്‍ അത്തരം സാഹിത്യമെഴുതാന്‍ ജീവിതത്തിലൊരിക്കലും ശ്രമിച്ചയാളല്ല അദ്ദേഹം. അങ്ങനെയുള്ള കൃഷ്ണന്‍നായര്‍ സാര്‍ തന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് സാഹിത്യവാരഫലത്തില്‍ തന്നെ ഒരിക്കലെഴുതിയത് ഏതാണ്ട് ഇങ്ങനെ: ഓരോരുത്തര്‍ക്ക് ഓരോ പണി പറഞ്ഞിട്ടുണ്ട്. അത് അവരോരുത്തരും വൃത്തിയായും വെടിപ്പായും ചെയ്യുക. അതാണ് പ്രധാനം. എഴുത്തുകാര്‍ നന്നായി എഴുതട്ടെ, വായനക്കാര്‍ കൂടുതല്‍ നന്നായി വായിക്കാന്‍ സജ്ജരാവട്ടെ. രണ്ടും സര്‍ഗാത്മകമാണ്, രണ്ടിലും ക്രിയാത്മകതയുണ്ട്. വിമര്‍ശനം അഥവാ നിരൂപണം സര്‍ഗാത്മകമാണെന്നു വിശ്വസിച്ചിരുന്നെന്നു മാത്രമല്ല, പാശ്ചാത്യ നിരൂപകരില്‍ സര്‍ഗാത്മകതയില്‍ പേരെടുത്ത ബര്‍ണാഡ് ഷായെയും മറ്റും അദ്ദേഹം ഏറെ അംഗീകരിക്കുകയും ചെയ്തിരുന്നു. 

തന്റെ പണി വായിക്കുക എന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വരിക്കള്‍ക്കിടയില്‍ വായിക്കുക മാത്രമല്ല, എഴുത്തുകാരന്‍ കാണാത്തതും കേള്‍ക്കാത്തതും വരെ വായിക്കുകയും എഴുത്തുകാരന് അതു കാണിച്ചുകൊടുക്കുകയും അതുവഴി അവരുടെ എഴുത്ത് എവിടെ നില്‍ക്കുന്നുവെന്നു ബോധിപ്പിച്ചുകൊടുക്കുയും ചെയ്യുകയായിരുന്നു സാഹിത്യവാരഫലത്തിലൂടെ കൃഷ്ണന്‍ നായര്‍ സാര്‍ ചെയ്തിരുന്നത്. ഒരുകൃതിയെ താന്‍ വായിച്ച മറ്റേതെങ്കിലും ലോകഭാഷയിലെ അതിനവലംബിച്ച മൂലകൃതിയെ മുന്നോട്ടുവച്ചുകൊണ്ട് പൊളിച്ചടുക്കുന്ന കൃഷ്ണന്‍ നായര്‍ സാറിനെ, പരാജയപ്പെട്ട എഴുത്തുകാരന്‍ വിജയിച്ച എഴുത്തുകാരോടു കാട്ടുന്ന അസൂയയും കുശുമ്പും എന്ന നിലയ്ക്ക് എഴുത്തുകാര്‍ ആരോപിച്ചിട്ടുണ്ട്.
കൃഷ്ണന്‍ നായര്‍ സാറിന്റെ ഈ വാക്കുകള്‍-ഓരോ ജോലിയും അവ ചെയ്യാനറിയുന്നവര്‍ വൃത്തിയായി ചെയ്യട്ടെ, അതില്‍ അറിഞ്ഞുകൂടാത്തവര്‍ കൈകടത്തേണ്ടതില്ല - എന്ന വാക്കുകളാണ് ഞാനും എന്തുകൊണ്ട് ചലച്ചിത്ര നിരൂപണത്തില്‍ മാത്രമായി നില്‍ക്കുന്നു എന്നതിന് അടിസ്ഥാനമാക്കുന്ന പ്രമാണം. സിനിമ എഴുതുക എന്നത്, സംവിധാനം ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായി ഒരിക്കലും ഞാന്‍ കരുതുന്നില്ല. അതിനുള്ള സാങ്കേതികമോ സര്‍ഗാത്മകമോ ആയ കഴിവും എനിക്കില്ല. എന്നാല്‍ ഞാന്‍ നല്ലൊരു കാണിയാണെന്ന്, കാഴ്ചക്കാരനാണെന്ന് എനിക്ക് ഉത്തമബോധമുണ്ട്, അതില്‍ അഭിമാനവുമുണ്ട്. എനിക്കു സിനിമ കാണാനറിയാം. ആ കഴിവ് കൂടുതല്‍ തേച്ചുമിനുക്കി അപ്‌ഡേറ്റഡ് ആക്കി വയ്ക്കാനും കൂടതല്‍ നന്നായി സിനിമ കാണാന്‍ സ്വയം സജ്ജമാകാനും ശ്രമിക്കുന്നുമുണ്ട്. 

സിനിമ സൃഷ്ടിക്കുന്നതും, സൃഷ്ടിപരമായി സിനിമ കാണുന്നതും രണ്ടും രണ്ടാണെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. നന്നായി സിനിമ കാണുന്നതുകൊണ്ടോ, സിനിമയില്‍ രചയിതാവോ സംവിധായകനോ കണ്ടതിനപ്പുറം ചില മാനങ്ങള്‍ കണ്ടെത്താനാവുന്നതുകൊണ്ടോ, അത്തരത്തില്‍ സിനിമയെ വ്യാഖ്യാനിക്കാനാവുന്നതുകൊണ്ടോ ഒരു സിനിമ സ്വയം സൃഷ്ടിക്കാനാവുമെന്ന മിഥ്യാ ധാരണയെനിക്കില്ല. അതേ സമയം, കാണുന്ന സിനിമയെ എന്റേതായൊരു വീക്ഷണകോണിലൂടെ, നാളിതുവരെ ഞാന്‍ ലോകത്തെ വിവിധയിനം സിനിമകള്‍ കണ്ട് ആര്‍ജിച്ചെടുത്ത സിനിമാസാക്ഷരതയിലൂന്നിനിന്നുകൊണ്ട് നിരൂപിക്കുന്നത് തീരെ ചെറിയ കാര്യമാണെന്ന സ്വയം ഇകഴ്ത്തലിലും ഞാന്‍ വിശ്വസിക്കുന്നില്ല. മികച്ച കാഴ്ചസംസ്‌കാരം എന്നത് നിരന്തര സാധനയിലൂടെ ബുദ്ധിമുട്ടി ആര്‍ജിച്ചെടുക്കുന്ന സിദ്ധിതന്നെയാണെന്നും അത് സിനിമാസൃഷ്ടിപോലൊരു സര്‍ഗാത്മകപ്രവൃത്തിതന്നെയാണെന്നും തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. അതുകൊണ്ടു തന്നെ ഞാനൊരിക്കലും എന്റെ കാഴ്ചയെ വിമര്‍ശനാത്മകമെന്നോ, എഴുത്തിനെ സിനിമാവിമര്‍ശനമെന്നോ പറയില്ല. അത് ആസ്വാദനമാണ്, ചലച്ചിത്രനിരൂപണമാണ്. 

കൃഷ്ണന്‍ നായര്‍ സാര്‍ പരാജയപ്പെട്ട എഴുത്തുകാരനാണെന്ന് ഒരിക്കലും വിശ്വസിക്കാത്തതുപോലെ തന്നെ, ഒരിക്കലും സിനിമാക്കാരനാവണമെന്നോ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്നോ എഴുതണമെന്നോ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുള്ള, മോഹിച്ചിട്ടുള്ള ആളല്ല ഞാന്‍ എന്നതിലും ഉറച്ച ആത്മവിശ്വാസമുണ്ടെനിക്ക്. സിനിമ ചെയ്യാന്‍ ശ്രമിക്കാത്തതുകൊണ്ട്, സിനിമയില്‍ പ്രവര്‍ത്തിക്കാനാശിക്കാത്തതുകൊണ്ട് തന്നെ അത്തരത്തിലൊരു വിജയപരാജയ വ്യാഖ്യാനവും എന്റെ കാര്യത്തില്‍ നിലനില്‍ക്കുകയില്ല. ആരെയും നന്നാക്കാനോ തിരുത്താനോ അല്ല ഞാന്‍ സിനിമ കാണുന്നത്. എനിക്ക് ആസ്വദിക്കാനും മനസിലാക്കാനുമാണ്. അത്തരം കാഴ്ചയില്‍, ഇതര പ്രേക്ഷകനെപ്പോലെതന്നെ ചില സിനിമകള്‍ എന്നെ അദ്ഭുതപ്പെടുത്തും, ചിലവ നിരാശനാക്കും, ചിലത് ചിന്തിപ്പിക്കും. അതില്‍ എഴുതണമെന്ന് തോന്നുന്നതിനെപ്പറ്റി ഞാനെഴുതും. ഒരുവിഷയത്തില്‍ സിനിമയെടുക്കണമെന്ന് ഒരു ചലച്ചിത്രകാരനു തോന്നുന്നതുപോലെതന്നെയാണ് ഒരു സിനിമയെപ്പറ്റി എഴുതണമെന്ന് എനിക്കും എന്നെപ്പോലുള്ളവര്‍ക്കും തോന്നുന്നതും. രണ്ടു പ്രവൃത്തിയും ഒരേപോലെ സര്‍ഗാത്മകമാണെന്നു മാത്രമല്ല, വൈയക്തികവുമാണ്.  

അവാര്‍ഡുകള്‍ വാരിക്കൂട്ടി എന്നതുകൊണ്ട് ഒരു സിനിമയും ഒരു നിരൂപകന് ഇഷ്ടമായിക്കൊള്ളണമെന്നില്ല. അതുപോലെ, നിരൂപകന്‍ എഴുതിപ്പൊലിപ്പിച്ചു എന്നതുകൊണ്ടുമാത്രം ഒരു സിനിമയും ഉദാത്തമാവുകയുമില്ല.നിക്ഷ്പക്ഷതയുടെ മാനകം വച്ച് ഒരിക്കലും ഈ രണ്ടു പ്രക്രിയയേയും, സിനിമാരചനയേയും സിനിമയെപ്പറ്റിയുള്ള രചനയെയും അഥവാ സിനിമയേയും കാഴ്ചയേയും വ്യാഖ്യാനിക്കാനോ വിശകലനം ചെയ്യാനോ സാധ്യവുമല്ല. കാരണം, ഈ കുറിപ്പിലെ നിരീക്ഷണങ്ങള്‍ എത്രമാത്രം വ്യക്തിനിഷ്ഠമാണോ അതുപോലെ വൈയക്തികമാണ് ഒരു ചലച്ചിത്രവും ചലച്ചിത്ര നിരൂപണവും. 

എനിക്ക് നല്ല പ്രേക്ഷകനായിരിക്കാനാണിഷ്ടം. തിങ്ങി നിറഞ്ഞ തീയറ്ററില്‍ തൊട്ടപ്പുറമിരുന്ന് കാണുന്ന തിരക്കാഴ്ചകളില്‍ നിന്ന് അപ്പുറവുമിപ്പുറവുമിരിക്കുന്നവര്‍ കാണുന്നതിനപ്പുറമുള്ളൊരു കാഴ്ച സാധ്യമാവുന്നതിലാണ് എന്റെ ആത്മസംതൃപ്തി. അതിനുള്ള ഉള്‍ക്കാഴ്ച എന്നു നില്‍ക്കുമോ അന്നു നിര്‍ത്തണം സിനിമകാഴ്ച എന്നാണ് ഞാന്‍ കരുതുന്നത്.

വാല്‍ക്കഷണം: ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാവൂ എന്ന ആപ്തവാക്യം പോലെ, കാണിയുണ്ടെങ്കിലല്ലേ സിനിമയുണ്ടായിട്ടുകാര്യമുള്ളൂ അഥവാ കാണാനാളില്ലെങ്കില്‍ പിന്നെ സിനിമയെന്തിന്?


Thursday, September 21, 2017

ഓര്‍മകള്‍ക്കെന്തു സുഗന്ധം

രണ്ടാഴ്ച മുമ്പാണ്. കൃത്യം പറഞ്ഞാല്‍ 11ന്. ഫെയ്‌സ്ബുക്ക് മെസെഞ്ചറിന്റെ ഇന്‍ബോക്‌സില്‍ ഒരു ചന്ദു ജഗന്നാഥ് വന്ന് ഈ പടം പോസ്റ്റ് ചെയ്യുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള പടമാണ്. ഞാനന്ന് എം.എ.ഒന്നാംവര്‍ഷം പഠിക്കന്നു. അതോ ഡിഗ്രി അവസാനവര്‍ഷമാണോ എന്നോര്‍ക്കുന്നില്ല. കൂട്ടുകാര്‍ വിനോദും (വിനോദ് ഗോപിനാഥ്) ആനന്ദ്കുമാറുമൊത്ത്, സഹാനിയും ചേര്‍ന്നു നടത്തുന്ന സിനിമാപ്രസിദ്ധീകരണത്തിന്റെ അഭിമുഖത്തിനായി പൂജപ്പുരയില്‍ നടന്‍ ജഗന്നാഥന്‍ സാറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ എടുത്ത ചിത്രമാണ്. ഒരുനിമിഷം ആലോചിച്ചപ്പോഴാണ് ഓര്‍മ കിട്ടിയത്. ജഗന്നാഥന്‍ സാറിന്റെ മകന്റെ പേര് ചന്ദ്രശേഖരന്‍ എന്നാണ്. എന്റെ തന്നെ പേര്. അപ്പോള്‍ ഈ ചന്തു ജഗന്നാഥനെ പിടികിട്ടി. തുടര്‍ന്ന് അദ്ദേഹം വിളിച്ചു.ഏറെ നേരം സംസാരിച്ചു. ഏതാണ്ട് 28-30 വര്‍ഷം മുമ്പത്തെ കാര്യങ്ങളാണ്. അന്ന് പ്രീ ഡിഗ്രിക്കു പഠിച്ചിരുന്ന ചന്തു പിന്നീട് ഡിഗ്രിയൊക്കെ കഴിഞ്ഞ് ഗള്‍ഫില്‍ പോയ വിവരം വരെ മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. ഇപ്പോള്‍ സംസാരിച്ചപ്പോഴാണറിഞ്ഞത് ചന്തു കണ്ണൂരിലുണ്ട്. സ്വകാര്യ റേഡിയോയില്‍. ഭയങ്കര സന്തോശഷം തോന്നി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ചന്തുവിനോടു സംസാരിച്ചപ്പോള്‍. തലശ്ശേരിയില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വാങ്ങി മടങ്ങുകയായിരുന്നു ഞാനും ഭാര്യയും. ട്രെയിനില്‍ വച്ചാണ് ചന്തുവിന്റെ മെസേജ് കണ്ടതും സംസാരിച്ചതുമെല്ലാം. പഴയ കഥകള്‍ പറഞ്ഞപ്പോള്‍ ഭാര്യയ്ക്ക് അദ്ഭുതം.
അരവിന്ദന്റെ ഒരിടത്തിലെ കാന്താ തൂകുന്നു തൂമണം ഇതെങ്ങു നിന്ന് പണ്ടിതുപോലിമ്പമേഴും ഗന്ധം ഗന്ധപ്പതുണ്ടോ കിം കിം കിം കിം കിം കിം? പാടിയഭിനയിച്ച ജഗന്നാഥന്‍ സാറിനെ എങ്ങനെ മറക്കും? അവനവന്‍ കടമ്പ അടക്കം എത്രയോ നാടകങ്ങള്‍. സത്യന്‍അന്തിക്കാടിന്റേതടക്കം എത്രയോ സിനിമകള്‍. ഉയരവും വണ്ണവും കുറവാണെങ്കിലും നല്ല ഉറച്ച ശരീരം. ചെറിയൊരു ലൂണയില്‍ അതോ ടിവിഎസ്സോ, സഫാരി സ്യൂട്ടും കാലില്‍ ചരടുപിടിപ്പിച്ച മുഖക്കണ്ണടയും തോളില്‍ കുറുക്കേയിട്ട ചെറിയൊരു ലെതര്‍ ബാഗുമായി മിക്കദിവസവും റോഡില്‍ കണ്ടുമുട്ടുന്ന ജഗന്നാഥന്‍ സാര്‍. തൊഴില്‍ കൊണ്ട് അദ്ദേഹമൊരു സ്‌പോര്‍ട്‌സ്മാനായിരുന്നു. തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍. കടുത്ത ആരാധനയോടെയാണ് അന്നദ്ദേഹത്തെ കാണാന്‍ പോയത്. പിള്ളേരെന്ന പരിഗണനയായിരുന്നില്ല അദ്ദേഹം തന്നത്. ഉമ്മുറത്തു സ്വീകരിച്ചിരുത്തി. കാര്യമായി സംസാരിച്ചു. ചായ തന്നു. ചന്തുവിന്റെ അമ്മയേയും സഹോദരിയേയും പരിചയപ്പെടുത്തിത്തന്നു. പിന്നീടും എത്രയോ വട്ടം പല ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തെ കാണാന്‍ ആ വീട്ടില്‍ പോയിരിക്കുന്നു, ആകാശവാണിയുടെ പ്രഭാതഭേരിക്ക് സൗണ്ട് ബൈറ്റെടുക്കാനുള്‍പ്പെടെ. മാസികയുടെ ഓണപ്പതിപ്പിന് ഒരു കവിതയെഴുതിത്തന്നതും ഓര്‍ക്കുന്നു.
അതൊക്കെ ഓരോ കാലം! നിറഞ്ഞ ഓര്‍മ്മകള്‍. ഒ്പ്പം ജഗന്നാഥന്‍ സാറില്ലല്ലോ എന്ന നിരാശ മാത്രം. കറുപ്പിലും വെളുപ്പിലും ഈ
ഓര്‍മയെ ക്യാമറയില്‍ പതിപ്പിച്ചത് സഹാനിയായിരുന്നോ അതോ  ഗായകന്‍ കെ.എസ്.ജോര്‍ജ്ജിന്റെ മകനും ഫോട്ടോഗ്രാഫറുമായ ലാലനായിരുന്നോ? ഓര്‍മ്മയില്ല!

Monday, September 11, 2017

താരപ്രഭാവം മാധ്യമങ്ങള്‍ക്ക് ചോദ്യചിഹ്നമാവുമ്പോള്‍

ചിറക്കര പബ്‌ളിക് ലൈബ്രറി പ്രസിദ്ധീകരണമായ ചുവട് ത്രൈമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

എ.ചന്ദ്രശേഖര്‍
സ്വന്തം നിലനില്‍പിന് ഇതര മാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുന്നൊരു മാധ്യമവ്യവസ്ഥയാണ് സിനിമയുടേത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും താരവ്യവസ്ഥിതിയുമായുള്ള ബന്ധം അതിലോലമായ കൊടുക്കല്‍വാങ്ങലുകളുടേതാണ്. സിനിമയും ഇതര മാധ്യമങ്ങളുമായുള്ള സംഘര്‍ഷങ്ങളെപ്പറ്റി ചില സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.

സിനിമയ്‌ക്കൊരു സവിശേഷതയുണ്ട്. ആസ്വദിക്കാന്‍ പരിശീലനം ആവശ്യമില്ലാത്തതുകൊണ്ടും, ഏറെ ചെലവില്ലാത്തതുകൊണ്ടും സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ബഹുജനമാധ്യമമാണത്. അത്രതന്നെ സ്വാധീനവും ഇതര കലാമേഖകളെ നിഷ്പ്രഭമാക്കുംവിധമുള്ള ബഹുജനസ്വീകാര്യതയും, ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമുണ്ട്. അഭിനേതാക്കള്‍ക്കാണ് സാങ്കേതിക, നിര്‍വഹണപ്രവര്‍ത്തകരേ അപേക്ഷിച്ച് താരസിംഹാസനങ്ങളും കിരീടവും സ്വന്തമാകാറുള്ളത്. സിനിമയെന്ന അതിമാധ്യമത്തിന്റെ അതിയാഥാര്‍ത്ഥ്യവും  ലാര്‍ജര്‍-ദാന്‍-ലൈഫ് പ്രതിനിധാനവും സൃഷ്ടിച്ചെടുക്കുന്നതാണ് താരപ്രതിച്ഛായ. സാധാരണ പ്രേക്ഷകരുടെ സ്‌നേഹാശിസുകളുടെ അഷ്ടബന്ധത്തിലുറപ്പിച്ച ഒന്നാണത്. വന്‍ പ്രതിഫലം ലഭിക്കുന്നുണ്ടെന്നുള്ളതുകൊണ്ടുതന്നെ, ഈ പ്രതിച്ഛായയും ചെങ്കോലും നിലനിര്‍ത്തുന്നതില്‍ താരങ്ങള്‍ക്ക് മറ്റുമേഖലളിലേതിനേക്കാള്‍ ഉത്തരവാദിത്തവും സമ്മര്‍ദ്ദവും ബാധ്യതയും കൂടുതലാണ്.
ദാമ്പത്യംപോലെ ലോലമായൊരു പാരസ്പര്യമാണ് താരവും പ്രേക്ഷകനും തമ്മിലുള്ളത്. പൊതുപ്രവര്‍ത്തനത്തിലും, നാടകനൃത്താദി അവതരണകലകളിലും കളിക്കളത്തിലുമടക്കം കലാകാരന് /കായികതാരത്തിന്  ഉള്ള നേര്‍ക്കുനേര്‍ ബന്ധമല്ല അത്. തിരശ്ശീലയില്‍ ജീവിതത്തേക്കാള്‍ പതിന്മടങ്ങു വലിപ്പത്തില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിക്കുന്ന താരം, തല്‍സമയം അവന് പ്രാപ്യമല്ലാത്ത കാണാമറയത്ത് മറ്റൊരു സ്വകാര്യ ലോകത്താണെന്നതാണ് സിനിമയുടെ മാധ്യമസവിശേഷത. നേര്‍സമ്പര്‍ക്കമില്ലാത്ത താരത്തിന്റെ ഈ ജനസമ്മിതിക്കു മറ്റു മേഖലകളിലേതിനേക്കാള്‍ വ്യാപ്തിയുണ്ട്. അതുകൊണ്ടാണ് കേവലം ഒരു സിനിമയില്‍ മുഖം കാണിച്ച ആള്‍ക്കും ഒരു രാത്രിവെളുക്കുന്നതോടെ പൊതുസമൂഹത്തില്‍ താരപ്രതിച്ഛായ കൈവരുന്നത്.
വെളിച്ചത്തില്‍ ചിത്രീകരിച്ച് ഇരുട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതുപോലുള്ള വൈരുദ്ധ്യത്തോടൊപ്പം പ്രധാനമാണ്, സിനിമയിലൂടെ നേടുന്ന താരപദവി നിലനിര്‍ത്താന്‍ ഇതര മാധ്യമങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നത്. ദൃശ്യമാധ്യമമെന്ന നിലയ്ക്ക് സ്വതന്ത്ര സ്വത്വം സംസ്ഥാപിക്കുമ്പോള്‍ത്തന്നെ, സിനിമയുടെ നിലനില്‍പ്പിലും പ്രചാരത്തിലും മറ്റു  മാധ്യമങ്ങളുടെ സ്വാധീനം ഒട്ടും ചെറുതല്ല. എത്ര മികച്ച സിനിമയേയും താരപ്രകടനത്തെയും ജനസമക്ഷമെത്തിക്കാന്‍ അച്ചടി/ദൃശ്യ/ശ്രാവ്യ മാധ്യമങ്ങളുടെ സഹായം കൂടിയേ തീരൂ.  ചിത്രനിര്‍മാണണത്തിന്റെ തുടക്കം തൊട്ടുള്ള വാര്‍ത്തകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും, പുറത്തിറങ്ങുമ്പോള്‍ ചുവരെഴുത്തുകള്‍ക്കു പുറമേ പ്രത്യക്ഷവും പരോക്ഷവുമായ മാധ്യമപരസ്യങ്ങളും പ്രചാരണപരിപാടികളുമെല്ലാം പ്രത്യക്ഷപ്പെടുന്നത് അതിന്റെ തെളിവാണ്.
പത്രപ്രവര്‍ത്തനത്തില്‍ ചലച്ചിത്രപ്രസിദ്ധീകരണം എന്നൊരു അവാന്തരവിഭാഗം രൂപപ്പെടുന്നതില്‍, സിനിമയ്ക്കുള്ള ജനപ്രീതി വലിയൊരു കാരണമാണ്.  എന്നാല്‍ സ്‌പോര്‍ട്‌സിനോ സാഹിത്യത്തിനോ ഇല്ലാത്തൊരു പരാശ്രിതത്വം സിനിമയ്ക്കുണ്ട്. കാരണം കളിക്കളത്തിലെ നേട്ടം ഒരു കായികതാരത്തെ പൂര്‍ണമാക്കും.  പുസ്തകം പ്രസിദ്ധീകൃതമാവുന്നതോടെ എഴുത്തും സാര്‍ത്ഥകമാവും. എന്നാല്‍ സിനിമ കൂടുതല്‍ ആളുകളിലേക്കെത്തണമെങ്കില്‍, യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തണമെങ്കില്‍ പരസ്യപ്രചാരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതിന് മാധ്യമങ്ങള്‍ കൂടിയേ തീരൂ. കുറച്ച് ആയിരങ്ങളോ ലക്ഷങ്ങളോ മാത്രം പ്രചാരമുള്ള അച്ചടിമാധ്യമങ്ങളുടെയും, ദൃശ്യബദല്‍ തന്നെയായ ടെലിവിഷന്റെയും, ഇവയുടെയെല്ലാം സംയുക്തവും പൊതുബദലുമായ സമൂഹമാധ്യമങ്ങളുടെയും പിന്തുണ വേണം കോടികളുടെ മുടക്കി നിര്‍മിക്കപ്പെടുന്ന ഒരു സിനിമ പ്രദര്‍ശനവിജയമാകാന്‍. വിജയ സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമാവട്ടെ മറ്റു മാധ്യമങ്ങളെ നിഷ്പ്രഭമാക്കുന്ന ജനസ്വാധീനവും താരപദവിയുമാണ് കൈവരുന്നത് എന്നതാണ് വൈരുദ്ധ്യം.
ചലച്ചിത്ര നിര്‍മാണതസ്തികകളില്‍ പ്രമുഖമാണ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ അഥവാ പി.ആര്‍.ഒ. ഒരു സിനിമയുടെ ബീജാവാപത്തോടൊപ്പം അതിന്റെ മാധ്യമപരാശ്രിതത്വവും ആരംഭിക്കുന്നു. കഥയും താരങ്ങളും സാങ്കേതികവിദഗ്ധരുമെല്ലാം നിശ്ചയിക്കപ്പെടുന്നതുമുതല്‍ വാര്‍ത്താപ്രചാരണവും ആരംഭിക്കുകയായി. തുടര്‍ന്ന് പൂജ, ചിത്രീകരണം, റിലീസ് തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ മാധ്യമങ്ങളിലൂടെ പലവിധത്തിലുമുള്ള വാര്‍ത്താവിതരണം സംഭവിക്കുന്നു. ചുരുക്കത്തില്‍ സിനിമയ്ക്കും അതിന്റെ ഉപഭോക്താക്കളായ പ്രേക്ഷകര്‍ക്കും തമ്മിലുള്ള സജീവമായ ഒരു ഇടനിലക്കാരന്റെ വേഷമാണ് മാധ്യമങ്ങള്‍ നിര്‍വഹിച്ചുപോരുന്നത്. സിനിമാ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാലത്ത് വിളംബരത്തിലും സിനിമാനിരൂപണത്തിലും മാത്രമൊതുങ്ങിയിരുന്നെങ്കില്‍ പിന്നീടത് താരങ്ങളും സാങ്കേതികവിദഗ്ധരുമായുള്ള അഭിമുഖങ്ങളിലും ഗോസിപ്പുകളിലേക്കുമായി വളര്‍ന്നു. സിനിമയ്‌ക്കൊപ്പമോ അതിലുമധികമോ സ്വാധീനം വായനക്കാരില്‍ വിനോദവാര്‍ത്തകള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും സാധ്യമായി.
ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വിനോദ പരിപാടികളിലൂടെയും മറ്റും സിനിമയുടെ/ സിനിമാക്കാരുടെ പ്രചാരവേല അഭംഗുരം ഭംഗിയായി തുടര്‍ന്നു. കാലത്തിനൊത്ത് അതിന്റെ കെട്ടും മട്ടും അലകും പടലും മാറുകയും പുതിയ സാധ്യതകള്‍ തേടുകയും ചെയ്തു. സ്വാഭാവികമായി, സിനിമയില്‍ താരതമ്യേന ഭേദപ്പെട്ടൊരു വേഷം കയ്യാളുന്ന ഒരാളെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധയിലേക്കുയര്‍ത്താന്‍ തക്ക ശേഷി മാധ്യമള്‍ക്കുണ്ടായി. അതോടെ അവയുമായി നല്ല ബന്ധത്തിലേര്‍പ്പെടാനും അവയുപയോഗിച്ച് തങ്ങളുടെ പ്രതിച്ഛായ പരമാവധി ഉയര്‍ത്തിയെടുക്കാനും താരപദവിയിലേക്കെത്തിപ്പെടാനും നടീനടന്മാര്‍ കൂടുതല്‍ ശ്രദ്ധിച്ചു. ക്രമേണ അതു പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇഴയടുപ്പമായി വളര്‍ന്നു.
മലയാള സിനിമയില്‍, സത്യനും പ്രേംനസീറും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെയുള്ള താരങ്ങള്‍ക്കു മാധ്യമങ്ങളോടുണ്ടായിരുന്ന ആരോഗ്യകരമായ ബന്ധവും ബഹുമാനവും രഹസ്യമല്ല. കെ.ബാലകൃഷ്ണന്റെ കൗമുദിയില്‍ ഒരു കുറിപ്പു വന്നത് അഭിനയജീവിതത്തില്‍ സത്യന്‍ എന്ന അനശ്വര നടന്‍ എത്രമാത്രം വിലപ്പെട്ടതായി കണക്കാക്കിയിരുന്നു എന്നത് അദ്ദേഹത്തിന്റെ ജീവചരിത്രഗ്രന്ഥത്തില്‍ മാത്തുക്കുട്ടി ജെ.കുന്നപ്പള്ളി വിവരിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് പ്രേംനസീറിനെപ്പോലെ, അഭിനയത്തില്‍ ഇനിയും തകര്‍ക്കപ്പെട്ടിട്ടില്ലാത്ത ഒന്നിലധികം ലോകറെക്കോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള താരരാജാവിന്റെ കാര്യവും.
തൊണ്ണൂറുകളുടെ ഉത്തരപാദത്തില്‍, പരമ്പരാഗത മാധ്യമങ്ങളെ പിന്തള്ളി ഇലക്ട്രോണിക് മാധ്യമങ്ങള്‍, പ്രത്യേകിച്ച് നവമാധ്യമങ്ങള്‍ ശക്തമാവുകയും പുതുതലമുറ ചലച്ചിത്രതാരങ്ങളിലേക്ക് സിനിമ ചെന്നുചേരുകയും ചെയ്യുന്നതോടെയാണ് സിനിമയും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടാവുന്നത്. കോര്‍പറേറ്റ് നിര്‍മാണരീതിയും ഇതിന് ഉപോല്‍ബലകമായി. തങ്ങള്‍ വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ ഏകതാനമായ വാര്‍ത്തകളും വിവരങ്ങളും മാത്രം മാധ്യമള്‍ക്കു നല്‍കുകയും, ചിത്രീകരണസ്ഥലങ്ങളിലേക്ക് മാധ്യമങ്ങള്‍ക്കു കര്‍ശന വിലക്കേര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അതിനു തുടക്കമായത്. അതുവരെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ ചിത്രീകരണസ്ഥലങ്ങളില്‍ നേരിട്ടു ചെന്ന് ചിത്രവിശേഷങ്ങളും പിന്നാമ്പുറക്കഥകളും താരസല്ലാപങ്ങളുമൊക്കെയായി പ്രത്യക്ഷവും പരോക്ഷവുമായി ചിത്രത്തിന് പ്രചാരം കിട്ടുന്ന ഉള്ളടക്കങ്ങള്‍ സ്വന്തം മനോധര്‍മത്തിനനുസരിച്ച് എക്‌സ്‌ക്ലൂസീവായി ഉണ്ടാക്കുകയായിരുന്നു. പിന്നീട് സിനിമയുടെ റിലീസിനോടനുബന്ധിച്ച് പന്തിഭോജനസമാനമായ പ്രചാരണപരിപാടികളുമായി താരസംഘങ്ങളും അണിയറപ്രവര്‍ത്തകരും മാധ്യമങ്ങളില്‍ ഒരേസമയത്ത് ഒരുപോലെ സജീവമാകുകയായിരുന്നു. ഈ മാറ്റമുള്‍ക്കൊള്ളാനാവാത്ത അച്ചടിമാധ്യമപ്രവര്‍ത്തകര്‍, തങ്ങളില്‍ നിന്ന് താരങ്ങളും സിനിമാക്കാരും അകലം പാലിക്കുന്നതില്‍ പരിഭവിച്ചെങ്കില്‍, നവമാധ്യമങ്ങള്‍ തങ്ങളുടെ രചനകള്‍ക്കെതിരേ ദുഷ്ടലാക്കോടെയും നിക്ഷിപ്തതാല്‍പര്യത്തോടെയും കുപ്രചരണങ്ങളഴിച്ചുവിടുന്നതിനെതിരേ ചലച്ചിത്രലോകവും  പരിഭവിക്കുന്നന്ന വൈരുദ്ധ്യമാണുണ്ടായത്.
ഹോളിവുഡ്ഡിലും ഹിന്ദിയിലും മറ്റും താരങ്ങള്‍ ലഭ്യമായ എല്ലാ മാധ്യമവേദികളും പത്രസ്ഥലവും, അനുകൂല/ പ്രതികൂല പ്രചാരണനേട്ടങ്ങള്‍ക്കായി ബുദ്ധിപൂര്‍വം വിനിയോഗിക്കുകയും തമിഴ് നാട്ടിലും മറ്റും അത്തരത്തില്‍ രാഷ്ട്രീയത്തില്‍ വരെ താരങ്ങള്‍ സ്ഥാനമുറപ്പിക്കുകയും ചെയ്ത ചരിത്രമുള്ളപ്പോള്‍ കേരളത്തില്‍ അങ്ങനെയുള്ളവര്‍ പോലും പില്‍ക്കാലത്ത് മാധ്യമങ്ങളോട് നിശ്ചിത അകലം കാത്തുസൂക്ഷിക്കുകയോ സ്വാര്‍ത്ഥലാഭത്തോടെയുള്ള വാണിജ്യസഹകരണത്തില്‍ ഏര്‍പ്പെടുകയോ ആയിരുന്നു. കുടുംബംകലക്കി ഗോസിപ്പുകളെയും കിംവദന്തികളെയും ഭയന്നിട്ടല്ല താരങ്ങളുടെ ഈ മാധ്യമപഥ്യം. ഒരര്‍ത്ഥത്തില്‍ അതവരുടെ അസഹിഷ്ണുതയുടെ കൂടി പ്രത്യക്ഷീകരണമാണ്. എന്തുകൊണ്ടാണ്/എന്നു മുതല്‍ക്കാണ് മാധ്യമങ്ങളും സിനിമാവ്യവസായവും തമ്മിലുള്ള ഈ വിചിത്രമായ അകലമുണ്ടായത്? കുറച്ചുകാലം മുമ്പ് കേരളസമൂഹം ഏറെ ചര്‍ച്ച ചെയ്ത ചില സംഭവവികാസങ്ങളില്‍ ചലച്ചിത്ര താരങ്ങള്‍ രൂക്ഷമായ മാധ്യമവിചരാണയ്ക്ക് വിധേയരാവേണ്ടിവന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു അന്വേഷണത്തിനും വിശകലനത്തിനും വളരെയേറെ സാംഗത്യമുണ്ട്, പ്രസക്തിയും.
മലയാളത്തില്‍ സ്വകാര്യ ടെലിവിഷന്റെ വരവോടെയാണ് തിരയ്ക്കപ്പുറമുളള താരവ്യക്തിത്വം പൊതുസമക്ഷം കൂടുതല്‍ വെളിവാക്കപ്പെട്ടത്. ഏഷ്യാനെറ്റ് മാത്രമായിരുന്ന കാലത്ത് ദൂരദര്‍ശനിലും ഏഷ്യാനെറ്റിലുമായി പങ്കുവയ്ക്കപ്പെട്ട ചലച്ചിത്രങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. അന്നത്തെ ചാനലുകളുടെ ഫിക്‌സ്ഡ് ടൈം ചാര്‍ട്ടുകളില്‍ 24 മണിക്കൂറില്‍ എത്ര ചലച്ചിത്ര/ചലച്ചിത്രാധിഷ്ഠിത പരിപാടികളുണ്ടായിരുന്നു എന്നു നോക്കുക. ആഴ്ചയില്‍ ഒരു സിനിമ. രണ്ടു ദിവസം അരമണിക്കൂര്‍ ചലച്ചിത്രഗാനരംഗങ്ങള്‍. ഒന്നോ രണ്ടോ താരാഭിമുഖങ്ങള്‍. ആഴ്ചയില്‍ അരമണിക്കൂര്‍ നീളുന്ന ചലച്ചിത്രവാര്‍ത്താപരിപാടി. ചാനലുകളുടെ എണ്ണം കൂടുകയും റേറ്റിങില്‍ കിടമത്സരമുണ്ടാവുകയും ചെയ്യുന്നതോടെയാണ് താര/ചലച്ചിത്ര/ചലച്ചിത്രാധിഷ്ഠിത പരിപാടികളുടെ എണ്ണം കൂടുന്നത്. ആഴ്ചയില്‍ മൂന്നും നാലും ദിവസം സിനിമ, നിത്യവും സിനിമാധിഷ്ഠിത പരിപാടികള്‍, രണ്ടു ദിവസമെങ്കിലും അഭിമുഖം, തമാശ, ഗാന പരിപാടികള്‍,ക്യാംപസ് /വിനോദവാര്‍ത്താ ചര്‍ച്ചകള്‍...അങ്ങനെ ഉള്ളടക്കത്തിന്റെ ഭീമഭാഗവും സിനിമനുബന്ധമായപ്പോള്‍ ടിവിക്ക് സിനിമ പ്രധാന അസംസ്‌കൃതവസ്തുവാണെന്ന സ്ഥിതി വന്നു. ഉത്സവ/വിശേഷദിനങ്ങള്‍ക്കായി കരുതിവച്ചിരുന്ന താരാഭിമുഖങ്ങള്‍ നിത്യക്കാഴ്ചകളായി. (എല്ലാ ദിനങ്ങളും വിശേഷദിനങ്ങളായി വിപണനം ചെയ്യപ്പെട്ടു. ഫ്രൈഡേ പ്രോഗ്രാംസ് ബ്രോട്ട് ടു യൂ ബൈ... എന്നും മറ്റുമുള്ള ടിവി പരസ്യപ്രചാരണങ്ങള്‍ ശ്രദ്ധിക്കുക) അതുക്കും മേലേ അതുക്കും മേലേ എന്ന മട്ടില്‍ സിനിമയേയും സിനിമാക്കാരേയും വില്‍പനച്ചരക്കാക്കുന്നതില്‍ ചാനലുകള്‍ മത്സരിച്ചു. സ്വാഭാവികമായി ടിവി വഴി കിട്ടുന്ന പ്രചാരം തങ്ങളുടെ ഉല്‍പ്പന്നത്തിനും പ്രതിച്ഛായയ്ക്കും അനുകൂലമാക്കി മാറ്റാന്‍ ചലച്ചിത്രസമൂഹവും ഉത്സാഹിച്ചു. ടിവി/പത്രമാധ്യമങ്ങളുടെ നിലനില്‍പിനു താരനിശകള്‍ പോലുള്ള ഇവന്റുകള്‍ അത്യന്താപേക്ഷിതമാണെന്നു വന്നു. സിനിമയുമായി നേരിട്ടു ബന്ധമില്ലാത്ത മാധ്യമങ്ങള്‍ പോലും വിപണനസാധ്യത മുന്‍നിര്‍ത്തി വര്‍ഷം തോറും താരമാമാങ്കങ്ങള്‍ക്കായി മത്സരിച്ചു. റിയാലിറ്റി ഷോകളിലെ വിധികര്‍ത്താക്കളുടെയും അതിഥികളുടെയും രൂപത്തില്‍ ചാനലുകള്‍ താരസാന്നിദ്ധ്യം ഉറപ്പാക്കി. താരങ്ങള്‍ക്കു സാംസ്‌കാരിക നായകത്വം ചാര്‍ത്തിക്കൊടുത്ത മാധ്യമങ്ങള്‍ അവരുടെ താരപ്രഭാവം തങ്ങളുടെ പ്രചാരം കൂട്ടാന്‍ വാണിജ്യതാല്‍പര്യത്തോടെ പ്രതിഫലത്തിനും അല്ലാതെയും വിനിയോഗിച്ചു.
മാധ്യമങ്ങള്‍ തമ്മില്‍ നിലനിന്ന അദൃശ്യസന്തുലനം കൈമോശം വന്നതോടെയാണ് മാധ്യമ /സിനിമ ബന്ധത്തില്‍ വൈരുദ്ധ്യങ്ങള്‍ തുടങ്ങുന്നത്. തങ്ങളുടെ പ്രതിച്ഛായയും നിര്‍മിതിയും ടെലിവിഷന്‍ ചൂഷണം ചെയ്യപ്പെടുകയാണോ എന്നു സന്ദേഹിച്ചതോടെ അതിനെ പ്രതിരോധിക്കാനുള്ള നിലപാടുകളിലേക്കും നടപടികളിലേക്കും ചലച്ചിത്രസമൂഹം കടന്നു. താരങ്ങള്‍ താരനിശകളിലും ടിവിഷോകളിലും പ്രത്യക്ഷപ്പെടുന്നതു വിലക്കിക്കൊണ്ട് താരസംഘടന മുന്നോട്ടുവന്നതിനെത്തുടര്‍ന്ന് ചാനലുകളുമായുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ സംഘടനാത്തര്‍ക്കങ്ങളും പ്രതിസന്ധികളും ഓര്‍ക്കുക. അവസാനം താരസംഘടന സ്വന്തമായി സംഘടിപ്പിക്കപ്പെട്ട താരനിശയും റെക്കോര്‍ഡ് തുകയ്ക്ക് ചാനലിനു തന്നെ വില്‍ക്കുകയായിരുന്നുവെന്നതും ശ്രദ്ധേയം.അതുപോലെതന്നെയാണ്, ഗാനരംഗങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ പകരം സിനിമയുടെ സൗജന്യ ട്രെയ്‌ലര്‍ സംപ്രേഷണം ചെയ്യണമെന്ന നിലയ്ക്കുള്ള ചില ധാരണകള്‍ നിലവില്‍ വന്നതും.
ബുദ്ധിപൂര്‍വമായ ചില ഇടപെടലുകള്‍ കൊണ്ടാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഈ വിലപേശലില്‍ അന്തിമ വിജയം കരസ്ഥമാക്കിയത്. ടേബിള്‍ പ്രോഫിറ്റ് പദ്ധതികളായി മാറിയ കുറേയേറെ ചലച്ചിത്ര സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കിക്കൊണ്ടായിരുന്നു അത്. സാറ്റലൈറ്റ് റൈറ്റ് എന്ന പേരില്‍ സിനിമയുടെ നിര്‍മാണാരംഭത്തില്‍ത്തന്നെ വന്‍ തുക നിശ്ചയിച്ച് സംപ്രേഷണാവകാശം സ്വന്തമാക്കക്കിക്കൊണ്ടായിരുന്നു ഇത്. ഇങ്ങനെ നേടിയ സിനിമകള്‍ അവരുടെ എക്‌സ്‌ക്‌ളൂസീവുകളാക്കി പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്ത് ടാം റേറ്റിങില്‍ മുന്തിയ സ്ഥാനം നേടി പരസ്യങ്ങളിലൂടെ ചാനലുകള്‍ വന്‍ ലാഭം നേടിയപ്പോള്‍, മുന്‍പരിചയമില്ലാത്തവര്‍ പോലും നിര്‍മാതാക്കളാ യി. മലയാളസിനിമയെ അനിവാര്യമായൊരു പ്രതിസന്ധിയിലേക്ക് ചവിട്ടിത്താഴ്ത്തിയ ഈ പ്രവണതയ്ക്ക് ചാനലുകളും ചലച്ചിത്രപ്രവര്‍ത്തകരും ആത്മവിമര്‍ശനപരമായി ഇടപെട്ടു സ്വയം തിരുത്തലിനു തയാറായതുകൊണ്ടാണ് അറുതിയായത്. അതേസമയം ടേബിള്‍ പ്രോഫിറ്റ് വ്യാജനിര്‍മിതകളെ മാത്രമല്ല, ആത്മാര്‍ത്ഥ ചലച്ചിത്ര സംരംഭങ്ങളെയും വ്യാജപ്രചാരണങ്ങളിലൂടെ നിലംപരിശാക്കാന്‍ സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രവണതകള്‍ക്കു സാധിച്ചു. വാളെടുത്തവരെല്ലാം ചലച്ചിത്രനിരൂപകരായി സ്വയമവരോധിക്കുന്ന സൈബര്‍ ഇടനാഴികളില്‍ ഏതു സിനിമയുടെയും ഭാഗധേയം ആദ്യ ഷോയുടെ ഇടവേളയില്‍ നിര്‍ണയിക്കപ്പെടുന്ന അവസ്ഥ. മാത്രമല്ല, ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന പേരില്‍ വാണിജ്യാടിസ്ഥാനത്തില്‍  സൈബര്‍പ്രചാരണ മാഫിയകള്‍ സജീവവുമായി. ഇവരെ ഒഴിവാക്കിയൊരു സ്വതന്ത്രവിജയം ശരാശരി സിനിമയ്ക്ക് അന്യമായി.
സിനിമയും സിനിമാക്കാരും മാധ്യമങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വാണിജ്യതാല്‍പര്യം കടന്നുവന്നതാണ് ഈ പ്രവണതകള്‍ക്കെല്ലാം കാരണം. പ്രത്യേകിച്ചു താരങ്ങളും മാധ്യമങ്ങളും തമ്മിലുള്ള ഇരിപ്പുവശം വഷളാവുന്നതില്‍ വാണിജ്യവ്യവസ്ഥയ്ക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. സത്യനെക്കുറിച്ചോ നസീറിനെക്കുറിച്ചോ ഒരു റൈറ്റപ്പോ അഭിമുഖമോ പ്രസിദ്ധീകരിക്കാന്‍ പത്രാധിപര്‍ താരത്തിനോ താരം പത്രസ്ഥാപനത്തിനോ പ്രതിഫലമൊന്നും കൊടുത്തിട്ടില്ല. മറിച്ച്, സ്വന്തം മാധ്യമസ്ഥാപനത്തിന്റെ ഒരുല്‍പ്പന്നത്തിന്റെ/പദ്ധതിയുടെ/സംരംഭത്തിന്റെ പ്രചാരകനായി ഒരു താരത്തെ പ്രതിഫലം നല്‍കി ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായി അയാളുടെ താല്‍പര്യങ്ങളെ കൂടി സംരക്ഷിക്കേണ്ടതോ കുറഞ്ഞപക്ഷം ഹനിക്കാതിരിക്കേണ്ടതോ ആയ ബാധ്യത ഇക്കാലത്ത് മാധ്യമങ്ങള്‍ക്കു വന്നുചേരുന്നു. ചാനലുകള്‍ക്ക് സ്വന്തം താരനിശകള്‍ വന്‍ വിലയ്ക്ക് വില്‍ക്കാനും ലാഭം കൈവരിക്കാനും വമ്പന്‍ താരങ്ങളുടെ സാന്നിദ്ധ്യം നിര്‍ബന്ധമായി. അവര്‍ക്ക് അതിവിചിത്ര  അവാര്‍ഡുകളുടെ രൂപത്തില്‍ വന്‍ തുക നല്‍കേണ്ടിയും വന്നു. ഇതു തങ്ങളുടെ താരപ്രഭാവത്തിന്റെ വിപണനമാണെന്ന ധാരണ താരങ്ങള്‍ക്കുമുണ്ടായി. തങ്ങളില്ലാതെ എങ്ങനെ താരനിശ നടത്തുമെന്ന ചിന്ത അവര്‍ക്കുണ്ടായതു സ്വാഭാവികം. ടിവിയില്‍ ചലച്ചിത്രതാരങ്ങള്‍ ചെയര്‍മാന്മാര്‍ വരെയായി. സിനിമ നിലനില്‍പിന് ആശ്രയിച്ചിരുന്ന മാധ്യമങ്ങള്‍ സ്വന്തം നിലനില്‍പിനു വേണ്ടി സിനിമയെത്തന്നെ ആശ്രയിക്കുന്ന ഈ വൈരുദ്ധ്യം.
സിനിമാ മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ രണ്ടു ധാരകള്‍ അതില്‍ അന്തര്‍ലീനമായിരുന്നു. ചലച്ചിത്രങ്ങള്‍ക്കു മാത്രമായിട്ടുള്ള പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ സിനിമാപംക്തികളും. സിനിമയെ അടിസ്ഥാനമാക്കി, സിനിമാക്കാരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന ഉള്ളക്കമായിരുന്നു ചലച്ചിത്രപ്രസിദ്ധീകരണങ്ങലേറെയും. അവയുടെ നിലനില്‍പുതന്നെ സിനിമാപരസ്യങ്ങളിലും ആരാധകരായ വായനക്കാരിലും ഊന്നിയായിരുന്നു. അതുകൊണ്ടുതന്നെ താരവ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന, സിനിമയുടെ നടപ്പുശീലങ്ങളെ വിമര്‍ശിക്കുന്ന യാതൊന്നും അത്തരം പ്രസിദ്ധീകരണങ്ങളില്‍ പ്രത്യക്ഷപ്പെട്ടില്ല. കലാകൗമുദി ഫിലിം മാഗസിനും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ ചില ഒറ്റപ്പെട്ട സംരംഭങ്ങളുമല്ലാതെ സമാന്തരസിനിമയേയോ കലാസിനിമയേയോ പ്രോത്സാഹിപ്പിക്കുന്ന ഗൗരവമുള്ള പ്രസിദ്ധീകരണങ്ങള്‍ പോലും കുറവായിരുന്നു. മുഖ്യധാരയില്‍ വിമര്‍ശനപരമായ ചില ധൈര്യമുള്ള വേറിട്ട സമീപനങ്ങള്‍ കൈക്കൊണ്ട മാത്രഭൂമിയുടെ ചിത്രഭൂമിയെപ്പോലും പരസ്യം വിലക്കിക്കൊണ്ടു വരുതിയിലാക്കിക്കാന്‍ സിനിമയ്ക്കു സാധിച്ചു.
സിനിമയുടെ സംവേദനശീലത്തിലും സ്വരൂപത്തിലും ആസ്വാദനശീലത്തിലുമെല്ലാം മാറ്റം വന്നുകഴിഞ്ഞും പുറത്തിറങ്ങിയ പുത്തന്‍തലമുറ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളും, അച്ചടിനിലവാരത്തിലും ഗ്‌ളാമര്‍ പുറംമോടിക്കുമപ്പുറം ഉള്ളടക്കത്തില്‍ ഏറെ വ്യത്യസ്തമല്ല. ഓരോ ലക്കവും മാറി മാറി താരവിലയുള്ള നടനെയോ നടിയേയോ സമൂലം അവതരിപ്പിച്ചുകൊണ്ട് പ്രചാരവും പരസ്യവും നേടിയെടുക്കുകയെന്ന വിപണനതന്ത്രമാണവയുടേത്. ഒപ്പം, വര്‍ഷാവര്‍ഷം അതതു മാധ്യമസ്ഥാപനങ്ങള്‍ക്കു നടത്തി ലാഭത്തിലാക്കേണ്ടതായ മെഗാ താരനിശയിലേക്ക് ഈ താരങ്ങളുടെയെല്ലാം സാന്നിദ്ധ്യവും സഹകരണവും ഉറപ്പാക്കാനുള്ള പബ്‌ളിക് റിലേഷന്‍സ് സംരംഭമായും ഇവ ഉപയോഗിക്കപ്പെടുന്നു. സ്വന്തമായൊരു ചലച്ചിത്ര പ്രസിദ്ധീകരണമില്ലാത്ത മുന്‍നിര ദിനപ്പത്രകുടുംബം പോലും അവരുടെ സ്ത്രീ പ്രസിദ്ധീകരണത്തിലൂടെ നിര്‍വഹിക്കുന്നതും മറ്റൊന്നല്ല. സ്ത്രീ പ്രസിദ്ധീകരണം സിനിമാ അവാര്‍ഡ് നല്‍കുന്നതെന്തിന് എന്ന യുക്തി ഉന്നയിക്കപ്പെടുന്നതേയില്ല.
സിനിമാനിരൂപണങ്ങളിലൂടെയാണ് ദിനപത്രങ്ങളുടെ സിനിമാബാന്ധവത്തിനു തുടക്കം കുറിക്കുന്നത്. ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ വായനക്കാരില്‍ നിന്നു വ്യത്യസ്തമായിരുന്നു വര്‍ത്തമാനപത്രങ്ങളുടേത്. അതുകൊണ്ടുതന്നെ വര്‍ത്തമാനപത്രങ്ങള്‍ പ്രതിവാര സിനിമാപേജുകള്‍ക്കു തുടക്കമിട്ടു. പരസ്യം തരുന്നതും തരാനിടയുള്ളതുമായ സിനിമകളെപ്പറ്റിയുള്ള കുറിപ്പുകള്‍, ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങള്‍ എന്നിവയായിരുന്നു ഉള്ളടക്കം.സ്‌പോര്‍ട്‌സും ക്രൈമും കോടതിയും കൃഷിയും പോലെ മറ്റൊരു സ്‌പെഷലൈസേഷന്‍ മാത്രമായിട്ടാണ് വൃത്താന്ത പത്രപ്രവര്‍ത്തനത്തില്‍ സിനിമ കണക്കാക്കപ്പെട്ടത്. സ്വാഭാവികമായി അതിന്റെ ലേഖകര്‍ സിനിമാപത്രപ്രവര്‍ത്തകരില്‍ നിന്നു വിഭിന്നമായി നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കുപരി വസ്തുനിഷ്ഠനിലപാടുകള്‍ വച്ചുപുലര്‍ത്തുന്നവരായിരുന്നു. വിനോദാധിഷ്ഠിത പരിപാടികളെ മാത്രമാശ്രയിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുടെ സ്ഥാനത്ത് വാര്‍ത്താ ചാനലുകളും അത്യവശ്യം റേറ്റിങ് നേടി ശ്രദ്ധിക്കപ്പെട്ടതോടുകൂടി ദൃശ്യമാധ്യമങ്ങളില്‍ അവഗണിക്കാവാത്ത ഒരു വിഭാഗത്തിന്റെ മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് സിനിമ പിന്തള്ളപ്പെട്ടതും ഇതിന് ആക്കം കൂട്ടി.
പക്ഷേ, കാലങ്ങളായി സിനിമാപത്രപ്രവര്‍ത്തകരുമായുള്ള നിരന്തരസമ്പര്‍ക്കം അനുശീലിച്ചു പോന്ന താരങ്ങള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും പ്രൊഫഷനലായി പരിശീലിച്ച് പത്രമാധ്യമങ്ങളില്‍ ജോലിയെടുക്കുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരുടെ രീതിശീലങ്ങള്‍ അത്രവേഗം ദഹിക്കുന്നതായില്ല. അതിന്റെ പ്രതിഫലനമയാണ് സമകാലിക കേരളം ഏറെ ചര്‍ച്ച ചെയ്ത നടിയുടെ പീഡനക്കേസിന്റെ റിപ്പോര്‍ട്ടിങില്‍ മാധ്യമങ്ങള്‍ക്കുനേരെയുണ്ടായ താരങ്ങളുടെ അതിരുവിട്ട പെരുമാറ്റത്തെ കാണേണ്ടത്. മുഖ്യധാരാ വൃത്താന്തമാധ്യമപ്രവര്‍ത്തകരുടെ യുക്ത്യധിഷ്ഠിതമായ ചോദ്യങ്ങള്‍ക്കുമുന്നില്‍ താരങ്ങള്‍ക്ക് ഉത്തരം മുട്ടിയതും അസഹിഷ്ണുക്കളായതും അതുകൊണ്ടാണ്. അതവരുടെ തത്സമയ സ്വാഭാിക പ്രതികരണമായിരുന്നു. പതിവുപോലെ താരക്കൂട്ടായ്മകളുടെ രസകരമായ സിനിമയിലല്ല നിമിഷങ്ങളും കൊച്ചുവര്‍ത്തമാനങ്ങളുടെ ദൃശ്യങ്ങളും പകര്‍ത്തി അവര്‍ വച്ചുനീട്ടുന്ന വിരുന്നുമുണ്ട് അടുത്തലക്കത്തിലേക്ക് ഒരു കവര്‍ ഫീച്ചറൊപ്പിച്ചു മടങ്ങുന്ന ചലച്ചിത്രപത്രപ്രവര്‍ത്തകരുടെ സ്ഥാനത്ത്, വിഷയത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് വാര്‍ത്താലേഖകരെത്തിയപ്പോഴാണ് താരങ്ങള്‍ കുഴഞ്ഞത്. കാരണം, റിപപ്പോര്‍ട്ടിങിനെത്തിയവര്‍ സിനിമാ ബീറ്റ് നോക്കുന്ന ലേഖകരായിരുന്നില്ല. സ്റ്റുഡിയോകളിലും ഡസ്‌കുകളിലുമിരിക്കുന്നവരുടെയും താല്‍പര്യം വേറേയായിരുന്നു.
പൊതുസമൂഹവും രാഷ്ട്രീയരംഗവും ഒരുപോലെ താരസംഘടനയ്‌ക്കെതിരേ അണിനിരക്കാനിടയായതു  വാസ്തവത്തില്‍ സംഘടന സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തോടെയാണെന്നോര്‍ക്കുക. സംഘടനാതലപത്തുള്ള ജനപ്രതിനിധികള്‍ കൂടിയായ മൂന്നു മുതിര്‍ന്ന താരങ്ങള്‍ക്കെതിരേ സ്വന്തം രാഷ്ട്രീയകക്ഷികളില്‍പ്പെട്ട പ്രാദേശികതലം വരെയുള്ള ബഹുഭൂരിപക്ഷവും യുവജനവിഭാഗവും വിമര്‍ശനവുമായി മുന്നോട്ടു വന്നതിനു പിന്നിലും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സവിശേഷ രാഷ്ട്രീയസാഹചര്യമായിരുന്നു. ഇതിനു പിന്നില്‍ ഉത്തരവാദിത്തത്തോടെയുള്ള മാധ്യമജാഗ്രതയുണ്ടായിരുന്നു.
സംഘടനകളും മാധ്യമങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ പലപ്പോഴും മാധ്യമങ്ങളെ തമസ്‌കരിക്കാനോ വിലക്കാനോ ബഹിഷ്‌കരിക്കാനോ ഒക്കെയുള്ള നീക്കങ്ങളാണ് നടന്നുകണ്ടിട്ടുള്ളത്. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുണ്ടായതിനു സമാനമായ നീക്കങ്ങളാണ് സിനിമാക്കാര്‍ മുമ്പ് താരവിലക്കിന്റെ കാലത്തും ഇപ്പോള്‍ അനൗപചാരികമായി ചില മാധ്യമങ്ങളോടും വച്ചു പുര്‍ത്തിപ്പോന്നത്. നവമാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സ്വതന്ത്ര വാര്‍ത്തിവിനിമയത്തിന്റെ വിളംബരസാധ്യതകള്‍ പരമാവധി ഉപയോഗിക്കുക വഴി പരമ്പരാഗത മാധ്യമങ്ങളെ തന്നെ ഒഴിവാക്കാനാവുമെന്നാണ് അവരുടെ ധാരണ. എന്നാല്‍ അത്തരം മാധ്യമങ്ങളിലൂടെയുള്ള ഒട്ടുമേ സംശോധിക്കപ്പെടാത്ത അഭിപ്രായപ്രകടനങ്ങളിലും സ്വതന്ത്രവിനിമയങ്ങളിലും കൂടി കൂടുതല്‍ അബദ്ധങ്ങളിലേക്ക് സംഘടനകള്‍ ചെന്നെത്തുന്നതായിട്ടാണ് കണ്ടുവരുന്നത്. മറുവശത്ത്, ദൃശ്യമാധ്യമങ്ങളുടെ അന്തിച്ചര്‍ച്ചകളില്‍ ചൂടുള്ള വിഭവങ്ങളാവുക വഴി ജനകീയ വിചാരണ തന്നെ നടക്കുന്നു. ചലച്ചിത്രാനുബന്ധ പരിപാടികളുടെ സ്ഥാനത്ത് ഹിന്ദിചാനലുകളെപ്പോലെ വില്‍പനസാധ്യതയുള്ള മറ്റ് രസക്കൂട്ടുകളും ഫോര്‍മുലകളും പരിചയപ്പെടുത്തിയാല്‍ തീര്‍ക്കാവുന്ന ആശ്രിതത്വമേയുള്ളൂ ടിവിക്കു സിനിമയോടുള്ളത്. ബൗദ്ധികവ്യായാമമേറെ ആവശ്യമുള്ള ആ പ്രയത്‌നത്തിനു നില്‍ക്കാതെ എളുപ്പവഴിക്ക് പരിപാടികള്‍ അണിനിരത്താനുള്ള മാധ്യമവ്യഗ്രതയാണ് മലയാളടെലിവിഷന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായിത്തീരുന്നത്
പുതുതലമുറ യുവതാരങ്ങള്‍ പുലര്‍ത്തുന്ന മാധ്യമവിരുദ്ധ നിലപാടുകള്‍ ഇതിന്റെ മറുപുറമാണ്. സ്വന്തം സിനിമയുടെ റിലീസിനോടനുബന്ധിച്ച്, തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴല്ലാതെ, മാധ്യമങ്ങള്‍ക്ക് നിന്നു കൊടുക്കുകയോ ചിത്രമെടുക്കാനോ സംസാരിക്കാനോ പോലും തയാറാവുകയോ ചെയ്യാത്ത ന്യൂ ജനറേഷന്‍ നിഷേധാത്മകത സത്യത്തില്‍ നഷ്ടപ്പെടുത്തുന്നത് അവരുടെ തന്നെ സാധ്യതകളാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിലകുറഞ്ഞ ഊഹാപോഹങ്ങളില്‍ ഒതുക്കപ്പെടുകയാണവര്‍. മറിച്ച് ഗൗരവമുള്ള ഒരു സംവാദം, സംഭാഷണം പൊതുസമൂഹവുമായോ ആരാധകരുമായോ ഉത്തരവാദിത്തമുള്ള മാധ്യമങ്ങളിലൂടെ അവര്‍ക്കു സാധ്യമാവുന്നില്ല. മറിച്ച് സിനിമയുടെ റിലീസിനോടടുപ്പിച്ച ആള്‍ക്കൂട്ട ചര്‍ച്ചകളിലോ അഭിമുഖങ്ങളിലോ ആവട്ടെ, പ്രസ്തുത സിനിമയെപ്പറ്റിയല്ലാതെ യാതൊന്നും പ്രസിദ്ധീകൃതമാവുന്നുമില്ല.
ടിവിയെ തങ്ങളുടെ അനുബന്ധമായി കണക്കാക്കുയും അതിലൂടെ കിട്ടുന്ന അവസരങ്ങള്‍ തങ്ങളുടെ സാഹോദര്യത്തിന്റെ കൂടി പ്രതിഫലനമായും കണക്കുന്നവരാണ് അന്യഭാഷാ താരങ്ങള്‍. അതുകൊണ്ടാണ് ജീന ഇസ് കാ നാം ഹെ, കപില്‍ ശര്‍മ ഷോ പോലുള്ള മെഗാ പ്രതിവാര പരിപാടികള്‍ താരപ്രഭാവത്തോടെ ഹിന്ദി ചാനലുകളില്‍ സുസാധ്യമാവുന്നത്. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമടങ്ങുന്ന താരരാജാക്കന്മാര്‍ ആകാംക്ഷയോടെ വീണ്ടും വീണ്ടും പങ്കെടുക്കാനാഗ്രഹിക്കുന്ന പരിപാടിയാണ് കപില്‍ ശര്‍മ്മ ഷോയെന്നോര്‍ക്കുക. തന്താങ്ങളുടെ തൊഴിലില്‍ ആത്മവിശ്വാസം പുലര്‍ത്തുകയും പരസ്പരം മറ്റുള്ളവരുടെ തൊഴിലിനെ ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അമിതാഭ് ബച്ചനെയും ജാക്കി ചാനെയും പോലുള്ള ഉലകനായകന്മാര്‍ക്ക് സ്വന്തം താര പ്രഭാവമുയര്‍ത്തിപ്പിടിക്കാനും സ്വന്തം തൊഴില്‍മേഖലയുടെ പ്രചാരണനേട്ടങ്ങള്‍ക്കുമായി ഇതര മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാവുന്നത്. കേരളത്തിലെ താരസൂര്യന്മാര്‍ക്ക് ഇല്ലാതെ പോകുന്നതും ഒരു പക്ഷേ ഈ വകതിരിവാണ്.

Receiving State Film Award for the Best Book on Cinema Special Mention 2016

A From Left to Right: Shri.Kamal, Sri A K Balan, CM Sri Pinarayi Vijayan, Shri E Chandrasekharan, Myself, Shri Kadannappally Ramachandran, Smt K K  Shailaja.



State Film Awards 2017 news coverage September 11 2017


Tuesday, August 08, 2017

thondimuthalum driksakshiyum

ഒരു സംസ്ഥാന അവാര്‍ഡും രണ്ടു ദേശീയ അവാര്‍ഡും പാഴായില്ല. ഒറ്റവാക്യത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിരൂപിക്കാന്‍ പറഞ്ഞാല്‍ ഇത്രയും മതി. ബാക്കിയെല്ലാം ഓര്‍ണമെന്റ്‌സാവും. ഡക്കറേഷനെയില്ലാത്തൊരു സിനിമയ്ക്ക് അത്തരം ദാര്‍ശനിക വച്ചുകെട്ടുകളുടെ കാര്യമില്ല. വച്ചുകെട്ടുകളില്ലാത്ത സിനിമയുടെ നേര്‍വഴിയിലെ ദിലീഷിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റത്തില്‍ സന്തോഷം തോന്നുന്നു. ഈ ഒറ്റവാക്യത്തിനപ്പുറം വ്യക്തിപരമായൊരു സന്തോഷം കൂടിയുണ്ട്. അത് നല്ലൊരു സുഹൃത്തായ സജീവ് പാഴൂരിന്റേതാണ് ഇതിന്റെ സ്‌ക്രിപ്‌റ്റെന്നതിലാണ്. അരങ്ങേറ്റം സ്‌ട്രോങായി സജീവ്. അഭിനന്ദനങ്ങള്‍. മാല ഊരിയെടുക്കുന്നതിലെ സാങ്കേതികത്വം ഫഹദിന്റെ കള്ളന്‍ ഒരു രതിമൂര്‍ച്ഛപോലെ വിവരിക്കുന്നതുകേട്ടപ്പോള്‍ ഇന്ദുഗോപന്റെ കള്ളന്‍ മണിയന്‍പിള്ളയെ ഓര്‍ത്തുപോയി. ഇന്റര്‍വെല്‍ പഞ്ചിലെ മുഖഭാവം അതൊന്നു മതി ഫഹദിന്റെ പ്രതിഭ മലയാള സിനിമയുള്ളിടത്തോളം നിലനില്‍ക്കാന്‍.

Wednesday, July 05, 2017

Monday, July 03, 2017

An epitaph on K R Mohanan in Kalakaumudi


എ.ചന്ദ്രശേഖര്‍
അടിയന്തരാവസ്ഥാനന്തര സന്ദിഗ്ധതയില്‍, ഇന്ത്യയുടെ ചെറുപ്പം അരാജകത്വ വിപ്‌ളവസ്വപ്‌നങ്ങളില്‍ സ്വയം മറക്കുകയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും അടിച്ചമര്‍ത്തലിന്റെയും ആശയറ്റ സ്വാധീനത്താല്‍ അന്യവല്‍കരിക്കപ്പെട്ട് അസ്ഥിത്വപ്രതിസന്ധിയെ നേരിടുകയും ചെയ്യുന്ന കാലത്താണ് ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമ ഉച്ചപ്പടമായി കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലെ ഫിലിം സൊസൈറ്റി കൂട്ടായ്മകളിലും പ്രകാശിതമാവുന്നത്. താരമുഖങ്ങളുടെ പോസ്റ്റര്‍കാഴ്ചകള്‍ക്കിടെ പുളളിക്കുത്തുവീണൊരു താടിക്കാരന്റെ മുഖവുമായി വളരെ വ്യത്യസ്തമായ കലിഗ്രാഫിയുമായി അശ്വത്ഥാമാവിന്റെ കറുപ്പും വെളുപ്പും പോസ്റ്ററുകള്‍ അക്കാലത്തെ ക്ഷുഭിതയുവതയുടെ പ്രതികരണപ്രതിനിധാനമായാണ് വീക്ഷിക്കപ്പെട്ടത്. കബനീ നദിയുടെയും ഉത്തരായണത്തിന്റെയുമൊക്കെ ചുവടിലൂടെ ഒരു നക്‌സല്‍ സിനിമയെന്ന പ്രതീതിയിലായിരുന്നു അശ്വത്ഥാമാവിനെ പൊതുസമൂഹം പരിഗണിച്ചത്, കുറഞ്ഞപക്ഷം തലസ്ഥാനത്തെങ്കിലും. പില്‍ക്കാലത്തെപ്പോഴോ സൂര്യയിലൂടെ കാണാന്‍ സാധിച്ചപ്പോഴാണ് അശ്വത്ഥാമാവ് എന്ന ചിത്രത്തിന്റെ ആത്മാവ് തിരിച്ചറിയാനായത്. പിന്നീടാണ് മാടമ്പു കുഞ്ഞുക്കുട്ടന്റെ അതേപേരിലെ നോവല്‍ തപ്പിപ്പിടിച്ചു വായിക്കുന്നതുകൂടി.
മൂന്നു താടിക്കാരാണ് ആ സിനിമയിലൂടെ ഹൃദയത്തിലിടം നേടിയത്. സംവിധായകനായ കെ.ആര്‍.മോഹനന്‍, ഛായാഗ്രാഹകന്‍ മധു അമ്പാട്ട്, പിന്നെ നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടനും.
കാലഘട്ടത്തോടു നീതിപുലര്‍ത്തുന്ന അസ്വസ്ഥയൗവനത്തിന്റെ സ്വത്വാന്വേഷണപരീക്ഷണങ്ങള്‍ തന്നെയായിരുന്നു അശ്വത്ഥാമാവിന്റെ ഉള്ളടക്കം. എങ്ങും എവിടെയും പരാജയത്തിന്റെയും ആത്മനിരാസത്തിന്റെയും കരാളരൂപങ്ങളാണയാള്‍ കാണുന്നത് എന്ന് നിരൂപകന്‍ വിജയകൃഷ്ണന്‍ അശ്വത്ഥാമാവിനെ വിലയുരിത്തിക്കൊണ്ട് എഴുതിയിട്ടുണ്ട്. (മലയാള സിനിമയുടെ കഥ, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍,1987)വിജയകൃഷ്ണന്‍ നിരീക്ഷിക്കുന്നതുപോലെ തന്നെ, തികച്ചും യാഥാസ്ഥിതികമായേക്കാവുന്നൊരു ആഖ്യാനവസ്തുവിനെ സൂക്ഷ്മവും നിരന്തരവുമായ ക്യാമറാചലനങ്ങള്‍ വഴി റിയലിസ്റ്റിക് ആഖ്യാനത്തിന്റെ ഗതാനുഗതിത്വത്തില്‍ നിന്ന് മാറ്റിനടത്തുന്നതിലൂടെയാണ് കെ.ആര്‍.മോഹനന്‍ എന്ന സംവിധായകന്‍ സിനിമയെ ഗൗരവപൂര്‍വം കണക്കാക്കുന്ന പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ അന്ന് ഇടം പിടിച്ചുപറ്റിയത്. 1978ല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊണ്ടായിരുന്നു ആ അരങ്ങേറ്റമെന്നതും ശ്രദ്ധേയം.
ഭാവുകത്വത്തിന്റെ ഉത്തരാധുനിക വിനിമയശീലങ്ങളിലേക്ക് പിച്ചവയ്ക്കുന്ന മലയാളസിനിമയില്‍ ഒരു കൈയിലെ വിരളെണ്ണം തികയ്ക്കാനാവത്തത്ര കഥാസിനിമകളിലൂടെ മികച്ച ക്രാഫ്റ്റ്‌സ്മാന്മാരില്‍ ഒരാളായിത്തീര്‍ന്നിടത്താണ് കെ.ആര്‍.മോഹനന്റെ പ്രതിഭയുടെ തിളക്കം വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്രസംഭാവനകളെ  വെളിവാകുന്നതും,കലാകാരനെ അനശ്വരനാക്കുന്നത് സൃഷ്ടികളുടെ എണ്ണമല്ല ആഴമാണ് എന്നതാണ്. എഴുപതുകളുടെ ഉത്തരാര്‍ത്ഥത്തില്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ശാസ്ത്രീയമായി സിനിമ പഠിച്ചു പുറത്തുവന്ന് ഇന്ത്യന്‍ സിനിമയുടെ ഭാഗധേയം മാറ്റിമറിച്ച ചലച്ചിത്രകാരന്മാരുടെ പരമ്പരയിലാണ് കെ.ആര്‍.മോഹനന്റെയും കടന്നുവരവ്. അടൂര്‍ ഗോപാലകൃഷ്ണനും ജോണ്‍ ഏബ്രഹാമും കെ.ജി ജോര്‍ജുമൊക്കെ പരിചയപ്പെടുത്തി നവസിനിമയുടെ ഭാവുകത്വധാരയോട് ഒട്ടിനിന്ന്, അരവിന്ദനും ബക്കറുമൊക്കെ ഏറ്റെടുത്ത നവ്യമായൊരു സമാന്തരപാതയിലായിരുന്നു മോഹനന്റെ സിനിമാസഞ്ചാരവും. സ്വഭാവം പോലെ തന്നെ മിതഭാഷണം സര്‍ഗാത്മകതയിലും പുലര്‍ത്തിയതുകൊണ്ടാവണം, അദ്ദേഹത്തിന്റെ കഥാസിനിമകള്‍ വിരളിലെണ്ണാവുന്നതിലൊതുങ്ങിയത്. എന്നാല്‍ മാധ്യമത്തിന്റെ ശക്തിയും ധര്‍മ്മവും, അസംഖ്യം ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും അദ്ദേഹം സാര്‍ത്ഥകമാക്കിയതും വിസ്മരിച്ചുകൂടാ.
അഭിനയമോഹവുമായാണ് തൃശൂരിലെ ചാവക്കാട്ടെ തിരുവാത്ര നിന്ന് മോഹനന്‍ സിനിമയുടെ മായികലോകത്തേക്കെത്തുന്നത്. സുഹൃത്ത് പി.ടി.കുഞ്ഞുമുഹമ്മദുമുണ്ടായിരുന്നു ഒപ്പം. കലാലയനാടകവേദികളിലെ നിറസാന്നിദ്ധ്യങ്ങള്‍. ഇന്ത്യന്‍ സിനിമയ്ക്ക് തൃശൂരിന്റെ സംഭാവനയായിരുന്ന രാമു കാര്യാട്ടിനെ ചെന്നു കാണുന്നതോടെയാണ് മോഹന്റെയും മുഹമ്മദിന്റെയും ജീവിതം മാറിമറിയുന്നത്. അഭിനയമോഹവുമായി തന്നെ വന്നു കണ്ട മോഹനനോട് സംവിധാനം പഠിക്കാന്‍ നിര്‍ബന്ധപൂര്‍വം പുനെയിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു കാര്യാട്ട്. മോഹനനെന്ന യുവാവില്‍ മികച്ചൊരു ചലച്ചിത്രകാരനെ അന്നേ തിരിച്ചറിയാനായിരുന്നിരിക്കണം കാര്യാട്ടിന്. എന്‍ജിനിയറിങൊക്കെ പഠിക്കുന്നതുപോലെ സിനിമയെടുക്കാന്‍ പഠിക്കുകയോ എന്ന് ശരാശരി സമൂഹം അദ്ഭുതം വിട്ടിട്ടില്ലാത്ത കാലമാണെന്നോര്‍ക്കണം. പുനെയില്‍ നിന്ന് സംവിധാനത്തില്‍ ബിരുദവുമായി പുറത്തുവന്ന മോഹനന്‍ ചില ഡോക്യുമെന്ററി പരിശ്രമങ്ങളുമായി കൂടി. അതിനിടെയാണ് തലസ്ഥാനത്തെ അര്‍ത്ഥപൂര്‍വമായ വേദികളില്‍ തിളങ്ങി നിന്ന നടനും നാടകപ്രവര്‍ത്തകനുമായ ഗോപിനാഥന്‍ നായര്‍ സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയില്‍ നടനാവുന്നത്. ഭരത് ഗോപി എന്ന പേരില്‍ പിന്നീട് ചരിത്രം രേഖപ്പെടുത്തിയ ഗോപിയുടെ ആദ്യ സംവിധാന സംരംഭമായ ഞാറ്റടി ഭരത് മുരളിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഗോപിയുമായുള്ള സൗഹാര്‍ദ്ദത്താല്‍ മോഹനന്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അഭിനയിച്ച ഞാറ്റടി ദൗര്‍ഭാഗ്യത്താല്‍ പുറത്തിറങ്ങിയില്ല. പിന്നീടാണ് ഉറ്റ ചങ്ങാതി പി.ടി.കുഞ്ഞുമുഹമ്മദുമായിച്ചേര്‍ന്ന് മോഹന്‍-മുഹമ്മദ് ഫിലിംസ് എന്ന പേരില്‍ സ്വന്തമായൊരു ബാനറുണ്ടാക്കി സിനിമാനിര്‍മാണത്തിലേക്കു കടക്കുന്നത്. എല്ലാം സൗഹൃദത്തണലിലായിരുന്നു. കെ.ആര്‍.മോഹനന്‍ എന്ന മനുഷ്യന്‍ എന്നും എപ്പോഴും സൗഹൃദങ്ങളുടെ അക്ഷയക്കൂട്ടത്തിലായിരുന്നു. കാരണം ഒരിക്കല്‍ പരിചയപ്പെടുന്ന ഒരാള്‍ക്കും മറക്കാനോ മുഖം കറുക്കാനോ സാധിക്കാത്ത വ്യക്തിപ്രഭാവമായിരുന്നു, മൃദുഭാഷിയായിരുന്ന മോഹനന്‍.ഒറ്റ വാചകത്തില്‍ സിനിമയും സൗഹൃദങ്ങളും അവയായിരുന്നു മോഹനന്റെ ദൗര്‍ബല്യങ്ങള്‍.
മോഹന്‍-മുഹമ്മദ് ഫിലിംസിന്റെ ബാനറില്‍ തന്നെയായിരുന്നു അശ്വത്ഥാമാവിന്റെ നിര്‍മാണവും. ഫിലിം ഫൈനാന്‍സ് കോര്‍പറേഷന്റെ ധനസഹായമായിരുന്നു പ്രധാന സ്രോതസ്.
ഇന്ത്യയിലാദ്യമായി 1975 ല്‍ ഒരു സംസ്ഥാനം സിനിമയ്ക്കായി ഒരു കോര്‍പറേഷനുണ്ടാക്കിയപ്പോള്‍ ഷാജി എന്‍ കരുണ്‍, വി.ആര്‍ ഗോപിനാഥ് തുടങ്ങിയവര്‍ക്കൊപ്പം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനിലെ ഫിലിം ഓഫീസര്‍മാരില്‍ ഒരാളായി കെ. ആര്‍ മോഹനന്‍ സജീവമായി നിലകൊണ്ടു. കെ.എസ്.എഫ്.ഡി.സിയുടെ പല പദ്ധതികള്‍ക്കും അദ്ദേഹത്തിന്റെ പരിചയവും വീക്ഷണവും കാതലായ സംഭാവനകള്‍ നല്‍കി. ഡോക്യുമെന്ററി ഹൃസ്വചിത്രമേഖലകളില്‍ ഇക്കാലത്തു കോര്‍പറേഷന്‍ ഏറെ അര്‍ത്ഥപൂര്‍ണമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കി. കലാഭവനില്‍ തുടങ്ങി കോര്‍പറേഷന്‍ വക തീയറ്ററുകള്‍, 88ലെ ഫിലിമോത്സവ്, കേരളത്തിന്റെ ആദ്യത്തെ രാജ്യാന്തരചലച്ചിത്രമേള തുടങ്ങി പല സംരംഭങ്ങള്‍ക്കും പിന്നില്‍ നിശ്ശബ്ദ സാന്നിദ്ധ്യമായി പ്രിയപ്പെട്ടവരുടെ ഈ മോഹനേട്ടന്‍ സജീവമായിരുന്നു. അവിടെയുണ്ടായിരുന്ന നീണ്ട വര്‍ഷങ്ങളിലാണ് കവിസഹജമായ മിതത്വത്തോടെ അഭ്രപാളികളിലെ കവിതകള്‍ പോലെ മൂന്നേ മൂന്നു കഥാസിനിമകളും മോഹനന്‍ നിര്‍മിച്ചത്.
അശ്വത്ഥാമാവ് പുറത്തിറങ്ങി നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പുരുഷാര്‍ത്ഥം പുറത്തിറങ്ങുന്നത്.1987ല്‍ പുറത്തിറങ്ങിയ പുരുഷുര്‍ത്ഥം ദൃശ്യഭാഷയില്‍ സമ്മാനിച്ച കാഴ്ചയുടെ ഹരിതാഭമായ കവിത്വത്തിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
വളരെയേറെ പ്രത്യേകതകളുള്ള ചലച്ചിത്രസംരംഭമായിരുന്നു പുരുഷാര്‍ത്ഥം. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് സി.വി.ശ്രീരാമന്റെ പ്രശസ്തമായ ഇരിയ്ക്കപ്പിണ്ഡം എന്ന കഥയെ അതിജീവിച്ചു നിര്‍മിച്ചതായിരുന്നു അത്. അക്കാലത്തെ സൂ്പ്പര്‍ മോഡലുകളിലൊരാളായിരുന്ന സുജാത മെഹ്ത നായികയാവുന്നു എന്നതായിരുന്നു മറ്റൊരു സവിശേഷത. രാമേശ്വരത്തു ചിത്രീകരിച്ച സിനിമ ദൃശ്യവ്യാകരണത്തില്‍ പുതിയ ഭാവുകത്വങ്ങള്‍ സമ്മാനിച്ചു. അശ്വത്ഥാമാവിലെ ഇരുളും വെളിച്ചവും കൊണ്ട് കവിത രചിച്ച മധു അമ്പാട്ടിന്റെ ഛായാഗ്രഹണ പാടവത്തിന് ഏറ്റവും വലിയ ഉദാഹരണമായിക്കൂടി കണക്കാക്കാവുന്ന സിനിമ. കഥാനിര്‍വഹണത്തിലും ഏറെ സവിശേഷതകള്‍ വച്ചുപുലര്‍ത്തിയ സിനിമയായിരുന്നു പുരുഷാര്‍ത്ഥം.
ഉത്തരേന്ത്യയിലെവിടെയോ വച്ച് ഒരു ദുരന്തത്തില്‍ മരിച്ച വാസുദേവന്റെ ചെറുപ്പക്കാരിയായ വിധവ ഭദ്രയും മകന്‍ വിനീതും, ഭദ്രയുടെ സുഹൃത്തും അവരുടെ സ്ഥാപനങ്ങളുടെ മാനേജരുമായ നൈനാനുമൊത്ത് വാസുദേവന്റെ ചിതാഭസ്മവുമായി തറവാട്ടിലെത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നഗര-ഗ്രാമജീവിതങ്ങളുടെ സംഘര്‍ഷങ്ങള്‍ക്കപ്പുറം വാസുദേവന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളിലേക്കു കൂടി അയാളുടെ തറവാട്ടിലെ സംഭവവികാസങ്ങള്‍ വെളിച്ചം വീശുന്നു. പ്രശ്‌നം വയ്ക്കലില്‍ അയാളുടേത് ദുര്‍മരണമാണെന്നും അയാളുടെ ആത്മാവിന് മോക്ഷസിദ്ധിയുണ്ടായിട്ടില്ലെന്നും തെളിയുന്നു. അതിനിടെ അച്ഛന്റെ തറവാട്ടിലെവിടെയും അച്ഛന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്ന ബാലനായ വിനുവിന് പല പുതിയ ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും കൂടി തറവാടും ബന്ധുക്കളും സമ്മാനിക്കുന്നു. അതിനുശേഷം, ചിതാഭസ്മം കടലിലൊഴുക്കാന്‍ ധനുഷ്‌കോടിയിലേക്കുള്ള അമ്മയും അമ്മയുടെ പുതിയ പങ്കാളി നൈനാനുമൊത്തുള്ള ദീര്‍ഘമായ കാര്‍ യാത്രയില്‍ അവനാകെ മാറുന്നു. കടപ്പുറത്തെ ബലിതര്‍പ്പണച്ചടങ്ങുകള്‍ക്കൊടുവില്‍ അച്ഛന്റെ സ്ഥാനത്തേക്ക് അമ്മ മനസുകൊണ്ടു കണ്ടുവയ്ക്കുന്ന നൈനാനു നേരെ ഒരുരുള ചോറു വലിച്ചെറിഞ്ഞ് അവനവരെ മനസില്‍ നിന്നു തന്നെ വൈതരണി കടത്തുന്നിടത്താണ് പുരുഷാര്‍ത്ഥം പൂര്‍ണമാവുന്നത്. അടൂര്‍ ഭാസിയുടെയും മാടമ്പു കുഞ്ഞുക്കുട്ടന്റെയും മറ്റും അഭിനയമികവിനുമപ്പുറം പുരുഷാര്‍ത്ഥം ഇന്നും പ്രേക്ഷകമനസുകളില്‍ പച്ചപിടിച്ചു നില്‍ക്കുന്നത് അതിന്റെ അനന്യമായ ദൃശ്യചാരുതകൊണ്ടുതന്നെയാവണം. റോഡ് മൂവീ എന്നതൊക്കെ മലയാളി കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് രണ്ടാം പകുതിയിലധികവും നീണ്ടുനില്‍ക്കുന്ന രാമേശ്വരം കാര്‍ യാത്രയും അതിനിടയ്ക്കുള്ള സംഭവങ്ങളും അതിലുള്‍ക്കൊള്ളുന്ന മൂന്നു കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെ സൂക്ഷ്മതലത്തിലുള്ള മനോവിശകലനത്തിലേക്കുള്ള ക്യാമറക്കാഴ്ചകളാകുന്നത്. ചിത്രത്തിലെങ്ങും അദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നൊരു ആണിക്കല്ലിനെ, വാസുദേവന്‍ എന്ന മുഖ്യ കഥാപാത്രത്തെ കാണാമറയത്തു പ്രതിഷ്ഠിച്ചുകൊണ്ട് അയാളുടെ അസാന്നിദ്ധ്യത്തില്‍ സജീവസാന്നിദ്ധ്യമാക്കുന്ന ചലച്ചിത്രമാധ്യമത്തിന്റെ മാത്രം സവിശേഷത സാധ്യത പ്രകടമാക്കിക്കൊണ്ട് മാധ്യമപരമായ പൊളിച്ചടുക്കലിനും പുരുഷാര്‍ത്ഥം ധൈര്യം കാണിച്ചു. കെ.പി.കുമാരന്റെ അതിഥിയില്‍ പ്രേക്ഷകര്‍ കണ്ട സങ്കേതത്തിന്റെ കുറേക്കൂടി തീവ്രവും കറയറ്റതുമായ നിര്‍വഹണമായിരുന്നു അത്. സാഹിത്യത്തില്‍ നിന്നു സിനിമയിലേക്ക് ഒരു കഥ അനുവര്‍ത്തിക്കപ്പെടുന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തങ്ങളിലൊന്നായി പുരുഷാര്‍ത്ഥത്തെ കണക്കാക്കുന്നതില്‍ തെറ്റില്ല. കാരണം, കഥയില്‍ ക്‌ളൈമാക്‌സില്‍ വരുന്ന ഒരു ചെറിയ അംശത്തിലൂന്നിയാണ് പുരുഷാര്‍ത്ഥത്തിന്റെ ചലച്ചിത്രശില്‍പം പടുത്തുയര്‍ത്തപ്പെട്ടത്. തിരക്കഥാകൃത്തുകൂടിയായ സംവിധായകന്റെ മാധ്യമബോധം പ്രകടമാക്കുന്ന രചനാസൗഭഗമാണിത്. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ആ വര്‍ഷം പുരുഷാര്‍ത്ഥത്തിനായതും മറ്റൊന്നും കൊണ്ടല്ല.
പുരുഷാര്‍ത്ഥം കഴിഞ്ഞ് വീണ്ടും അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹനന്റെ മൂന്നാമത്തേതും അവസാനത്തേതുമായ കഥാസിനിമ പുറത്തുവരുന്നത്. 1992ല്‍ മികച്ച മലയാളസിനിമയ്ക്കുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് നേടിയ സ്വരൂപവും സി.വി.ശ്രീരാമന്റെ തന്നെ കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു. വിശ്വാസവും ആത്മീയതയും മനുഷ്യജീവിതങ്ങളില്‍ വരുത്തിത്തീര്‍ക്കുന്ന ദുസ്വാധീനങ്ങളുടെ കറുത്തഹാസ്യത്തിലൂന്നിയുള്ള ദൃശ്യാഖ്യാനമായിരുന്നു സ്വരൂപം. ശ്രീനിവാസനും സന്ധ്യ രാജേന്ദ്രനും വി.കെ.ശ്രീരാമനും മറ്റുമഭിനയിച്ച സ്വരൂപത്തിന്റെ കഥാവസ്തു പിന്നീട് ശ്രീനിവാസന്റെ തന്നെ ചിന്താവിഷ്ടയായ ശ്യാമള അടക്കം എത്രയോ സിനിമകളില്‍ ആവര്‍ത്തിക്കപ്പെടുന്നതു നാം കണ്ടു. ഒരു സിനിമ അതിന്റെ ഉള്ളടക്കത്തിന്റെ കരുത്തുകൊണ്ട് കാലത്തെ അതിജീവിക്കുന്നതിന്റെ കാലാനുസരണം പുനര്‍ജീവിക്കുന്നതിന്റെ ദൃഷ്ടാന്തം. തെങ്ങുകയറ്റ തൊഴിലാളിയായ ശേഖരന്റെ ജീവിതത്തില്‍ അയാളുടെ കുടുംബത്തിലുള്ള ദൈവീക പരിവേഷം, ആള്‍ദൈവസ്വരൂപം വരുത്തുന്ന പരിവര്‍ത്തനമാണ് സ്വരൂപം പറഞ്ഞത്. അധ്വാനം കൊണ്ടു പുലര്‍ന്നിരുന്നതാണ് അയാളുടെയും ഭാര്യയുടെയും ജീവിതം. അതില്‍ അന്ധവിശ്വാസം കൊണ്ടുവരുന്ന പരിവര്‍ത്തനങ്ങള്‍ അയാളെ നിര്‍ഗുണനും നിസ്സംഗനുമാക്കുന്നുവെന്നുമാത്രമല്ല, കുടുംബം നടത്താന്‍ അയാളുടെ ഭാര്യക്ക് തൊഴിലെടുക്കേണ്ട ഗതികേടിലേക്കു കൊണ്ടെത്തിക്കുകയും ചെയ്യുന്നു. സാമൂഹികവിമര്‍ശനത്തിലൂന്നി നിന്ന കരുത്തുറ്റ ആഖ്യാനമായിരുന്നു സ്വരൂപം.
ഒരിക്കലും താരവ്യവസ്ഥയുടെ പരമ്പരാഗത ചുറ്റുവട്ടങ്ങള്‍ക്കുള്ളില്‍ നിന്നു ചിത്രമൊരുക്കാന്‍ വഴങ്ങുന്നൊരു ചലച്ചിത്രഗാത്രമായിരുന്നില്ല മോഹനന്റേത്. അതുകൊണ്ടുതന്നെ സ്വരൂപത്തിനു ശേഷമൊരു കഥാസിനിമ അദ്ദേഹത്തില്‍ നിന്നുണ്ടാവാതെയും പോയി. അതേ സമയം മാധ്യമബോധമുള്ളൊരു ചലച്ചിത്രകാരന്റെ സാര്‍ത്ഥകമായ സൃഷ്ടികളായി കുറേ നല്ല ഹ്രസ്വചിത്രങ്ങള്‍ ബാക്കിയാക്കാനും അദ്ദേഹം മറന്നില്ല.1990ലെ കഥേതര ചിത്രത്തിനുള്ള ദേശീയ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, 1994ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിശുദ്ധവനങ്ങള്‍, എസ്. കെ പൊറ്റക്കാടിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം തുടങ്ങിയവയാണ് അവയില്‍ പ്രധാനം.
തനിക്കൊപ്പവും തനിക്കുശേഷവും സമാന്തരജനുസില്‍ ഉറച്ചു നിന്നു സിനിമയെടുത്ത പലരുടെയും രചനകളെപ്പോലെ ദുര്‍ഗ്രഹതയുടെ ഭൂതബാധ ലേശവുമേല്‍ക്കാത്ത കഥാവസ്തുക്കളും നിര്‍വഹണശൈലിയുമാണ് കെ.ആര്‍.മോഹന്‍ തന്റെ സിനിമകളില്‍ പിന്‍പറ്റിയത്. വ്യാഖ്യാനിക്കാന്‍ അടരുകള്‍ ബാക്കിയാക്കുമ്പോഴും ആഖ്യാനത്തില്‍ സ്ഫടികവ്യക്തതയും ലാളിത്യവും വച്ചുപുലര്‍ത്തുന്ന നിര്‍വഹണരീതി. അതാണ് കെ.ആര്‍.മോഹന്‍ സിനിമകളുടെ മുഖമുദ്ര. ചുരുക്കം കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകളുടെ ഉള്‍ക്കാഴ്ചകളിലേക്കാണ് മോഹന്‍ തന്റെ ചലച്ചിത്രക്കണ്ണു മലര്‍ക്കെ തുറന്നുവച്ചത്.
ചലച്ചിത്രകാരനിലുപരി മികച്ചൊരു സംഘാടകനായിരുന്നു കെ.ആര്‍.മോഹനന്‍. അതുകൊണ്ടാണ് ചലച്ചിത്രവികസന കോര്‍പറേഷനില്‍ നിന്നു വിരമിച്ച ശേഷം സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നാലാമത്തെ ചെയര്‍മാനായി അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ സാര്‍ത്ഥകമായ പുതിയ വഴിത്തിരിവുകളിലേക്ക് കൊണ്ടുപോകാന്‍ നേതൃത്വം നല്‍കാനായത്.2006 മുതല്‍ 2011 വരെ അദ്ദേഹം ചെയര്‍മാനായിരുന്ന വര്‍ഷങ്ങളിലാണ് സംസ്ഥാനത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷകപങ്കാളിത്തം കൊണ്ട് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഏറ്റവും വലിയ ജനായത്തചലച്ചിത്രമേളയായി വളര്‍ന്നത്.
വ്യക്തിജീവിതത്തില്‍ ചില മൂല്യങ്ങളും നിഷ്ഠകളുമുള്ളയാളായിരുന്നു അദ്ദേഹം. പൂജപ്പുരക്കാര്‍ക്ക് എന്നും രാവിലെ ട്രാക്ക്പാന്റും അയഞ്ഞ ടീഷര്‍ട്ടുമിട്ട് നടക്കാനിറങ്ങുന്ന മോഹനന്‍സാര്‍. ഒച്ചപ്പാടുകളോടല്ല, ഒതുക്കത്തോടായിരുന്നു സംഭാഷണം കൊണ്ടും ശരീരഭാഷകൊണ്ടും നിലപാടുകള്‍ കൊണ്ടു ചലച്ചിത്രസമീപനം കൊണ്ടും അദ്ദേഹം ഇഷ്ടം പുലര്‍ത്തിയത്.അംഗീകാരങ്ങളോ സ്ഥാനമാനങ്ങളോ അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്ന ശേഷവും അതിന്റെ നിര്‍വാഹകസമിതിയിലെ ഒരു സാധാരണ അംഗമായിരിക്കാന്‍ യാതൊരു വൈമനസ്യവും അദ്ദേഹത്തിനുണ്ടാവാത്തത്. പണമല്ലാത്തതു കാരണം വിഖ്യാതമായ നാന്ത് രാജ്യാന്തര മേളയില്‍ കിട്ടിയ ബഹുമതി ഏറ്റുവാങ്ങാന്‍ പോകാനാവാതെ വന്നത്. അദ്ദേഹം വിലകല്‍പിച്ചത് അത്തരം സംഭവങ്ങള്‍ക്കൊന്നുമ, മറിച്ച് ദൃഢ സൗഹാര്‍ദ്ദങ്ങള്‍ക്കും മികച്ച സിനിമകള്‍ക്കുമാണ്. ജീവിതത്തിന്റെ മൂന്നാം പാദത്തില്‍ ഭാര്യയുടെ അപ്രതീക്ഷിത ദുരന്ത വിയോഗത്തിലൂടെ വ്യക്തിജീവിതത്തില്‍ സംഭവിച്ച തിരിച്ചടിയെപ്പോളും ഒരുപക്ഷേ അദ്ദേഹം അതിജീവിച്ചത് സിനിമയും സൗഹൃദവും കൊണ്ടായിരിക്കാം. അതുകൊണ്ടുതന്നെ മരണത്തിലൂടെ കെ.ആര്‍.മോഹനന്‍ ഓര്‍മിയിലേക്കല്ല, സുഹൃത്തുക്കളുടെ, സിനിമാപ്രേമികളുടെ നെഞ്ചിനുള്ളിലേക്കാണ് നടന്നുകയറുന്നത്.