Thursday, July 31, 2014
Tuesday, July 29, 2014
Wednesday, July 23, 2014
സിനിമ-കറുത്തയാഥാര്‍ത്ഥ്യങ്ങളുടെ ദൃശ്യകാമനകള്‍ പുസ്തകം പ്രകാശനം ചെയ്തു
സിനിമകറുത്തയാഥാര്‍ത്ഥ്യങ്ങളുടെ ദൃശ്യകാമനകള്‍ ചലച്ചിത്രനിരൂപകന്‍ ശ്രീ എം.എഫ്.തോമസിന്റെ അധ്യക്ഷതയില്‍ ശ്രീ.ശ്യാമപ്രസാദ്, ശ്രീ സി.എസ്. വെങ്കിടേശ്വരനു നല്കിക്കൊണ്ടു പ്രകാശിപ്പിക്കുന്നു. ശ്രീ ബി.മുരളി പുസ്തകം അവതരിപ്പിച്ചു. സര്‍വശ്രീ എ.മീരാസാഹിബ്, വി.കെ ജോസഫ് എന്നിവര്‍ അനുഗ്രഹഭാഷണം നിര്‍വഹിച്ചു. പ്രസന്നന് ആനിക്കാട് സ്വാഗതവും അനില്‍ വേഗ നന്ദിയും പറഞ്ഞു.
സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകന് ശ്യാമപ്രസാദിനെ ഡോണ്‍ ബുക്സിനു വേണ്ടി എ.മീരാസാഹിബ് പൊന്നാടയണിയിച്ച് ആദരിച്ചു.
സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകന് ശ്യാമപ്രസാദിനെ ഡോണ്‍ ബുക്സിനു വേണ്ടി എ.മീരാസാഹിബ് പൊന്നാടയണിയിച്ച് ആദരിച്ചു.
Sunday, July 20, 2014
V.Jayadev reviews Cinema Karutha Yatharthyangalude Drisya Kamanakal in KALAKAUMUDI
കാമനകളുടെ കണ്ണെഴുത്ത്
വി. ജയദേവ്

എ.ചന്ദ്രശേഖറിന്റെ സിനിമ-കറുത്തയാഥാര്‍ത്ഥ്യങ്ങളുടെ ദൃശ്യകാമനകള്‍ എന്ന പുസ്തകം വായിച്ച അനുഭവത്തെപ്പറ്റി കവിയും മാധ്യമപ്രവര്‍ത്തകനുമായ വി.ജയദേവ്
ഒരു പക്ഷേ സിനിമയെന്ന ദൃശ്യകലയുമായി ഏറ്റവും അടുത്തുനില്ക്കുന്ന സാഹിത്യരൂപമുണ്ടെങ്കില്‍ അതു കവിത മാത്രമാണ്. സിനിമയുടെ ദൃശ്യാവിഷ്കാരം ഏറെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന തിരക്കഥയ്ക്കു പോലും അതിനു പിന്നിലേ സ്ഥാനമുണ്ടാവൂ. പുതിയകാല കവിതയില്‍ എങ്ങനെയാണ് വാക്കുകളുടെ വരരൂപങ്ങള്‍ക്കു പുറത്തേക്ക് കവിതയെ കൊണ്ടുപോകുന്നത് എന്നു മനസിലാക്കിയാല്‍ അതു തന്നെയാണ് വേറിട്ട സിനിമ എക്കാലത്തും ചെയ്തുകൊണ്ടിരിക്കുന്നത് എന്നു കാണാന്‍ വിഷമമില്ല. എന്നാല്‍ സിനിമാകൊട്ടകയ്ക്കകത്തു ചിലവഴിക്കുന്ന ഏതാനും മണിക്കൂറുകള്‍ കൊണ്ട് നാം കാണുന്നതിനപ്പുറത്തേക്ക് എങ്ങനെ സിനിമ സിനിമയെ പുറത്തുകൊണ്ടുവരുന്നു എന്നറിയാന്‍ സാധിച്ചെന്നുവരില്ല. അതിന് സിനിമയെക്കുറിച്ച് ആഴത്തിലുള്ള മുന്നറിവുകള്‍ തന്നെ വേണ്ടിവരുന്നു. ഇതിനായി ആശ്രയിക്കാനുള്ളത് സിനിമാസംബന്ധിയായ എഴുത്തുകളെയാണ്. സിനിമ കറുത്ത യാഥാര്‍ഥ്യങ്ങളുടെ ദൃശ്യകാമനകള്‍ എന്ന പുസ്തകത്തിലൂടെ എ. ചന്ദ്രശേഖര്‍ വഴിനടത്തുന്നത് സിനിമ യുടെ കവിതയിലേക്കാണ്.
ചന്ദ്രശേഖറിന്റെ ശൈലിക്ക് അങ്ങനെയൊരു പിടിവാശിയുണ്ട്. വായനക്കാരെ പിടിച്ചിരുത്തി വായി പ്പിക്കുന്നത്. വായിക്കുകയേ അല്ല, സിനിമ കാണുക തന്നെയാണ് എന്നൊരു പ്രതീതി അതുണ്ടാക്കുന്നുണ്ട്. സിനിമയെന്നാല്‍ ഒരു കഥ പറയുക എന്ന നാട്ടുനടപ്പ് ഇന്നു മിക്ക സംവിധായകരും വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ ബോധപൂര്‍വം അതുപേക്ഷിച്ചുകളയുന്നുണ്ട്. പറയുന്ന കഥയ്ക്കപ്പുറത്തേക്ക് സിനിമയെ കൊണ്ടുപോകുകയെന്ന വിശാലരാഷ്ട്രീയം അതുയര്‍ത്തിപ്പിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ തലമുറയുടെ കഥ പറയുന്ന ന്യൂജനറേഷന് സിനിമകള്‍ വെറും കഥപറച്ചിലുകളല്ലാതായി മാറുന്നത്. അതു മലയാള സിനിമയുടെ ക്ലീഷേകളെ ഒഴിവാക്കുന്നതു കൊണ്ടുമാത്രമല്ല. പുതിയ കാലത്തിന്റെതായ രാഷ്ട്രീയത്തിന്റെ മിന്നല്‍പ്പിണരുകള്‍ അതു സൃഷ്ടിക്കുന്നു എന്നതു കൊണ്ടുകൂടിയാണ്.
ചന്ദ്രശേഖര്‍ എഴുതുന്നു 'വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള നവതരംഗ സിനിമകള്‍ മാമൂല് ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരതപത്മരാജന്മാരുടെ ഗ്രാമ്യസിനിമകളില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയ തലമുറ മലയാളിയോടാണ് ''. ന്യൂജനറേഷന് സിനിമകളുടെ കുത്തൊഴുക്കില്‍ സിനിമ കണ്ട് അടിപൊളി, എട്ടിന്റെ പണിയായിപ്പോയി തുടങ്ങിയ അമച്വര്‍ കമന്റുകള്‍ക്കപ്പുറത്ത് പുതിയ സിനിമകളെ ഗൗരവപൂര്‍വം പഠിക്കാനും അവയുടെ നല്ല വശങ്ങളില് ഊന്നാനുമുള്ള വലിയൊരു കാഴ്ചപ്പാടാണ് ചന്ദ്രശേഖറിനെ മറ്റു സിനിമയെഴുത്തുകാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ഉപരിപ്ലവമായ സിനിമാസ്വാദനമല്ല മറിച്ച് സൗന്ദര്യാന്വേഷണമാണ് ഈ എഴുത്തുകാരന്റെ രചനയുടെ രസതന്ത്രം.
ലോകസിനിമയുടെ പുതിയ ഭാവുകത്വത്തില്‍ സൂഷി വിഭവം പോലെ ഒരു തുറന്ന ആവിഷ്കരണരീതി കടന്നുവന്നതിനെപ്പറ്റി ചന്ദ്രശേഖര്‍ ഈ പുസ്തകത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിരീക്ഷണങ്ങള്‍ക്ക് വല്ലാത്ത സൂക്ഷ്മതയുും മൗലികതയുമുണ്ട് ലോക, ഇന്ത്യന്‍, സിനിമകള്‍ക്കൊപ്പം പ്രാദേശിക സിനിമകളുടെ അതും പുതിയ സിനിമകളുടെ അപഗ്രഥനം തന്നെയാണ് ഈ ഗ്രന്ഥം. എന്നാല്‍ അതു വിരസമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടല്ല, മറിച്ച് സിനിമകളെക്കുറിച്ച് ഒരു കവിതയെഴുതാനുള്ള ശ്രമമാണ്.
പരമ്പരാഗത സിനിമയെഴുത്തുകളില്‍ നിന്ന് അതു മറ്റൊരു സര്‍ഗാത്മകരചനയായി മാറുകയാണ്. സിനിമാ നിര്‍മാണത്തിന്റെ മുമ്പും പിന്നീടും നടക്കുന്ന കാര്യങ്ങളടക്കം. സിനിമയില്‍ കാണാത്ത എന്നാല്‍ കാണേണ്ട കാര്യങ്ങളടക്കം. സിനിമയക്കു ശേഷം സിനിമയെക്കുറിച്ചെഴുതുന്ന ഒരു തിരക്കഥയെന്നും വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. ഒരു സിനിമ കാണുന്നതു പോലെ അനായാസമായി വായിച്ചുപോകാന്‍ പറ്റുന്നത്രയും ലളിതമായ ഭാഷയില്‍. കടിച്ചാല്‍ പൊട്ടാത്തതും വായനക്കാരനെ വിസ്മയിപ്പിക്കുന്നതുമായ സിനിമാ സാങ്കേതികവിദ്യയുടെ ജാര്‍ഗണുകള്‍ ആവോളം വിതറാനുള്ള അവസരങ്ങള്‍ മനഃപുര്‍വം ഒഴിവാക്കുന്ന രീതിയാണ് ചന്ദ്രശേഖറിന്റേത്. ആദ്യ പുസ്തകമായ ബോധതീരങ്ങളില് കാലം മിടിക്കുമ്പോള്‍ എന്ന ഗ്രന്ഥത്തില്‍ തുടങ്ങി പിടിവാശിയോടെ അദ്ദേഹം കൊണ്ടുനടക്കുന്ന രചനാരീതിയാണത്. ഒന്നോ രണ്ടോ വാചകങ്ങളില്‍ പരാമര്‍ശിത സിനിമയെ പരിചയപ്പെടുത്തുന്നതോടെ ഒരു സിനിമയും കാണാത്ത ഒരാള്‍ക്കും അനായസേന വായിച്ചുപഠിക്കാന്‍ പറ്റുന്ന പുസ്തകമായി അതു മാറുന്നു.
സിനിമ, നിരീക്ഷണം, ഓര്മ, മിനിസ്ക്രീന്‍ എന്നീ ഭാഗങ്ങളിലായി ഗ്രന്ഥകര്‍ത്താവ് സ്പര്‍ശിച്ചു പോകാത്ത ഒരു പ്രതിഭയുമുണ്ടാവില്ല സിനിമയുടെ ലോകത്ത്. ഇതിന് അപാരമായ കൈയടക്കമാണ് ലേഖകന്‍ പ്രദര്‍ശിപ്പിക്കുന്നത്. വലിച്ചുനീട്ടിയെത്രയോ പുറങ്ങളില്‍ എഴുതാവുന്ന കാര്യങ്ങളാണ് നൂറില്‍പ്പരം പേജുകളിലായി ഒതുക്കിനിര്‍ത്തിയിരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ നിലവിളികളെയും തൂങ്ങിയാടുന്ന ഒരു മുഴം കയറിലേക്ക് സംവിധായകന് സന്നിവേശിപ്പിക്കുന്നതു പോലെ.
Saturday, July 19, 2014
Friday, July 18, 2014
Thursday, July 17, 2014
Tuesday, July 15, 2014
Tuesday, July 08, 2014
Sunday, July 06, 2014
Friday, July 04, 2014
Wednesday, July 02, 2014
Karutha Yatharthyangalude Drisya Kamanakal @ indulekha.com
Cinema: Karutha Yatharthyangalude Drisya Kamanakal
By: A Chandrasekhar
Publisher: National Book StallShipping: World wide
Category: Malayalam Film Books
Reward Points: 0
Availability: In Stock
Free Shipping in India for orders above Rs. 501/-
Price: Rs110.00 Rs99.00
Essays by A Chandrasekhar about the evolution of Cinema from a simple electronic magic to an art from and influential medium over centuries. It has 10 essays including Athmavinu Nere Pidicha Camera, Cinemaprapanchathinte Thalasthanathu etc.This edition also has a collection of vibrant photographs from Indian and International films.
Malayalam Title: സിനിമ: കറുത്ത യാഥാർത്ഥ്യങ്ങളുടെ ദൃശ്യകാമനകൾ
Pages:144
Size: Demy 1/8
Binding: Paperback
Pages:144
Size: Demy 1/8
Binding: Paperback
Monday, June 30, 2014
ഡിജിറ്റല്‍ കാഴ്ചയുടെ പ്രതിസന്ധികള്‍
The assembled spectators or listeners at a public event such as a play, film, concert, or meeting. spectators, listeners, viewers, onlookers, concertgoers, theatregoers, patrons; assembly, gathering, crowd...
പ്രേക്ഷകര്‍ എന്ന വാക്കിന്റെ നിഘണ്ടു നിര്‍വചനമാണിത്. ആസ്വാദകസമൂഹം എന്നോ, കലാപ്രകടനമോ മറ്റോ കാണാനും കേള്‍ക്കാനും ഒത്തുകൂടുന്ന ജനസഞ്ചയം എന്നോ, ജനാവലി എന്നോ ഒക്കെയാണ് പ്രേക്ഷകര്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. സിനിമയുടെ കാര്യത്തിലും ഇതില്‍ ഭിന്നതയില്ല.എല്ലാ നിര്‍വചനങ്ങളും പ്രേക്ഷകരെ കാഴ്ചക്കാരുടെയോ ശ്രോതാക്കളുടേയോ അനുവാചകരുടെയോ ഒരു കൂട്ടമായി, സംഘമായിത്തന്നെയാണ് പരിഗണിക്കുന്നത്. ഒരാളുടെയോ, ഒന്നിലേറെ ആളുകളുടെയോ നേരിട്ടോ അല്ലാതെയോ ഉള്ള പ്രകടനങ്ങള്‍ ഒരേ സ്ഥലത്ത് അടുത്തടുത്ത ഇരിപ്പിടിങ്ങളിലിരുന്ന് കണ്ടും കേട്ടും ആസ്വദിക്കുന്നവരാണ് പ്രേക്ഷകര്‍. അതുകൊണ്ടു തന്നെയാണ്, നടനകലകളും അവതരണകലകളും സിനിമയും മറ്റും ബഹുജന മാധ്യമങ്ങളായി കണക്കാക്കപ്പെടുന്നത്. സിനിമയും അതിന്റെ ഭൗതിക ലക്ഷണങ്ങള്‍കൊണ്ട് ബഹുജനമാധ്യമത്തിന്റെ കള്ളിയിലാണ് അടയാളപ്പെടുത്തപ്പെടുക.
പരോക്ഷ ബഹുജനമാധ്യമം എന്ന ജനുസില്‍ സിനിമയും ടെലിവിഷനും ഒരു നൂറ്റാണ്ടുകൊണ്ടുണ്ടാക്കിയ ജനകീയാടിത്തറയും ബഹുജനസ്വാധീനവും ഒരുപക്ഷേ മറ്റേതൊരു മാധ്യമത്തെയും കവച്ചുവയ്ക്കുന്നതും വിപ്ളവകരവുമായിരുന്നു. ഏറെ മൂലധനം ആവശ്യപ്പെടുന്നതുമായിട്ടും, പ്രദര്‍ശനത്തിനും അത്രതന്നെ ചെലവുണ്ടായിട്ടും, സാധാരണക്കാരനു താങ്ങാനാവുന്ന ചെലവില്‍ ആസ്വാദനം സാധ്യമായി എന്നതാണ് സിനിമയുടെ ആഗോളസ്വാധീനത്തിനു കാരണം. സിനിമയില്‍ മൂലധനത്തിലും നിക്ഷേപത്തിലും, അനലോഗഗിനുശേഷം വന്ന ഡിജിറ്റല്‍ സാങ്കേതികതയുടെ ആധിപത്യത്തോടെ ഏറെ പരിവര്‍ത്തനങ്ങളുണ്ടാക്കി. നിര്‍മാണ, വിതരണ മേഖലകള്‍ സാധാരണക്കാരനും പ്രാപ്യമാംവിധം ചെലവുകുറഞ്ഞതോടെ, ജനകീയതയും, സാധാരണത്തവും സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കാഴ്ചയുടെ കാര്യത്തില്‍ സിനിമ അതിന്റെ ജനാധിപത്യ/ബഹുജന അടിത്തറയില്‍ നിന്ന് അകലുകയാണോ? സ്രഷ്ടാവ് എന്ന പ്രജാപതിയുടെ സ്ഥാനം പ്രേക്ഷകന് എന്ന ഏകാധിപതി കയ്യടക്കുകയാണോ? ഡിജിറ്റല്‍ കാലത്ത് ദൃശ്യമാധ്യമങ്ങളുടെ ആസ്വാദനതലങ്ങളില്‍ വന്ന മാറ്റങ്ങളെന്തെല്ലാമാണ്? അവിടെ പ്രേക്ഷകന് സ്വയം നിര്‍വചിക്കുന്നത്, മാറ്റി പ്രതിഷ്ഠിക്കുന്നത്, എവിടെ, എങ്ങനെയാണ്?
ഡിജിറ്റല്‍ കാലത്തെ സ്രഷ്ടാവ്
ക്യാമറയും ദൃശ്യവല്‍ക്കരണവും ആപല്‍ക്കരമാംവണ്ണം ജനാധിപത്യവല്‍ക്കരിക്കപ്പെട്ട കാലമാണിത്. ഏറെ വകതിരവും സാങ്കേതികപരിജ്ഞാനവും ആവശ്യമുള്ള ഒരു യന്ത്രം, (മോട്ടോര്‍ കാര്‍ പോലെ ഒന്ന്), പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് മാനദണ്ഡമായില്ലായിരുന്നെങ്കില്‍, ഡ്രൈവിംഗറിയാത്തവര്‍ കാറോടിച്ചാലുണ്ടാകുമായിരുന്ന ദുരന്തം, അതാണ് ക്യാമറ എന്ന യന്ത്രത്തിനും സംഭവിച്ചത്. ക്യാമറ കൊണ്ടു പോകാനാ വാത്ത ഇടം, ക്യാമറയ്ക്കു ചലിക്കാനാവാത്തയിടം എന്നിങ്ങനെയുള്ള ദൃശ്യപരിമിതികളെ ഐ.ടി.യുടെ കുതിപ്പ് മറികടന്നുകഴിഞ്ഞു. ബട്ടണ്‍ വലിപ്പത്തിലുള്ള ഒളിക്യാമറകളുടെയും ഫോണ്‍ക്യാമറകളുടെയും പെന്‍ ക്യാമറകളുടെയും നോട്ടപ്പാടില്‍ നിന്നു സ്വകാര്യത സംരക്ഷിക്കപ്പെടേണ്ട അവസ്ഥയാണിപ്പോള്‍. കുളിപ്പുരയിലും കക്കൂസിലുംവരെ ക്യാമറയുടെ നോട്ടമെത്തുന്ന കാലം. രക്തധമനിയ്ക്കുള്ളിലെ സ്ഥല രാശികളില് പോലും ക്യാമറ കടന്നുചെല്ലുന്ന അവസ്ഥ. അതിന്റെ ദുരുപയോഗമാവട്ടെ, വികലമനസുകളുടെ അപക്വമായ പ്രവൃത്തികളായേ കണക്കാക്കാനാവൂ. എന്നിരുന്നാലും, ക്യാമറയുടെ ജനാധിപത്യവല്‍ക്കരണം ചലച്ചിത്രരചന എന്ന പ്രക്രിയയിലുണ്ടാക്കിയ മാറ്റം അടയാളപ്പെടുത്തേണ്ടതുണ്ട്. വരേണ്യ ന്യൂനപക്ഷത്തിനു മാത്രമായി സംവരണം ചെയ്യപ്പെട്ട, സമ്പത്തുളളവര്‍ക്കുമാത്രം സാധ്യമായിരുന്ന സിനിമാനിര്‍മാണം, സാമ്പത്തികഭിന്നതകള്‍ക്കപ്പുറം ആര്‍ക്കും കയ്യാളാന്‍ സാധ്യമായ ഒന്നായിത്തീര്‍ന്നു. നിര്‍മാതാവും സംവിധായകനും എന്ന തസ്തികകളുടെ അദ്ഭുതാവഹമായ ജനാധിപത്യവല്‍ക്കരണം. അതിന്റെ ഉപനിര്‍മിതി മാത്രമായേ അതിന്റെ ദുരുപയോഗത്തെ കാണേണ്ടതുള്ളൂ.
ഇന്ത്യയിലെ ഏറ്റവും മികച്ച മലയാള സിനിമയ്ക്കുളള ദേശീയ ബഹുമതി ഇത്തരത്തില്‍ ചെറിയ ബജറ്റില്‍, ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ചുകൊണ്ട്, ചലച്ചിത്രനിര്‍മിതിയില്‍ ഔപചാരിക പരിശീലനമോ പഠനമോ ലഭിച്ചിട്ടില്ലാത്ത ഒരു പറ്റം മനുഷ്യരുടെ കൂട്ടായ്മയിലൂടെ നിര്‍മിക്കപ്പെട്ട സിനിമയ്ക്കു ലഭിക്കുന്നിടത്തോളം ഡിജിറ്റല്‍ ജനാധിപത്യവല്‍ക്കരണം വേരൂന്നിക്കഴിഞ്ഞു. കേവലം ഏഴുലക്ഷം രൂപയ്ക്ക്, ഒരുസംഘം ഗ്രാമീണര്‍ ഒരു സിനിമയുണ്ടാക്കുക. അത് പരമ്പരാഗത സിനിമകളെയെല്ലാം ഭാഷയിലും നിലവാരത്തിലും പ്രമേയത്തിലും അവതരണത്തിലും വെല്ലുവിളിക്കുക. സിഡി വിറ്റും മറ്റുമായി ജനകീയ പങ്കാളിത്തത്തോടെതന്നെ മൂലധനം നിര്‍മാണസമാഹരിക്കുക. ക്രൈം നമ്പര്‍ 89 വിപഌവമാവുന്നതങ്ങനെയാണ്. ഒരുപക്ഷേ, ജനകീയ സിനിമാനിര്‍മിതിയില്‍ ചരിത്രം കുറിച്ച ജോണ്‍ ഏബ്രഹാമിന്റെ ഒഡേസയെ പോലും ക്രൈം നമ്പര്‍ 89 മറികടക്കുന്നതും അങ്ങനെയാണ്.
മാറുന്ന പ്രദര്‍ശനശാലകള്‍
സിനിമ, ബഹുജനമാധ്യമമാവുന്നതിന്റെ പ്രധാനകാരണം, അതൊരു സദസിനെ അഭിമുഖീകരിക്കുന്നു എന്നതാണ്. അവതരണകലകളില്‍ എന്നപോലെ പ്രത്യക്ഷത്തിലും നേരിട്ടുമല്ലെങ്കിലും, പരോക്ഷമായിട്ടാണെങ്കില്‍ക്കൂടി, സിനിമ ഒരു കൂട്ടം പ്രേക്ഷകര്‍ക്കു മുന്നില്‍, ആസ്വാദകസദസിനുമുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. അതാണതിന്റെ ബഹുജനസ്വഭാവം. സിനിമ അവരിലുളവാക്കുന്ന വികാരവിക്ഷോഭങ്ങളുടെ പ്രതിഫലനങ്ങള്‍ തല്‍ക്ഷണം, തല്‍സമയംതന്നെ തീയറ്ററുകളില്‍ പ്രതിധ്വനിക്കാറുമുണ്ട്. അങ്ങനെയാണ് സിനിമാതീയറ്റര്‍ കൂക്കിവിളികളുടെയും കയ്യടികളുടെയും, ചിലപ്പോള്‍ സംഘര്‍ഷത്തിന്റെ വിളനിലമാവുന്നത്. വിവിധ സാമ്പത്തിക/സാമൂഹിക/സാംസ്കാരിക തലങ്ങളില്‍പ്പെട്ടവര്‍ ഒരേ ലക്ഷ്യത്തിനായി തുല്യപങ്കാളിത്തത്തോടെ ഒത്തു കൂടുന്നു എന്നതില്‍ സിനിമാതീയറ്ററിനൊരു കോസ്മോപോളിറ്റന്‍ സ്വത്വവുമുണ്ട്. പ്രേക്ഷകവൈവിദ്ധ്യം നല്‍കുന്നതാണ് ഈ അസ്തിത്വം.
താല്‍ക്കാലിക ടെന്റുകളിലെയും ഹോട്ടല്‍ ഹാളുകളിലെയും ആദ്യകാലപരിമിത സദസുകളില്‍ നിന്ന് സിനിമാപ്രദര്‍ശനം ബഹുജനപങ്കാളിത്തത്തില്‍ വന്‍മുന്നേറ്റങ്ങള്‍ക്കു വഴിവച്ചപ്പോഴാണ്, ആയിരങ്ങളെ ഉള്‍ക്കൊള്ളാനാവുന്ന വന്‍കിട പ്രദര്‍ശനശാലകള്‍ ലോകമെമ്പാടും പ്രത്യക്ഷപ്പെട്ടത്. അതോടെ, നിര്‍മാണത്തിനും വിതരണത്തിനുമുപരി, പ്രദര്‍ശനവും വന്‍കിട മൂലധനനിക്ഷേപമുള്ള വ്യവസായമായി മാറി. സിനിമാ പ്രദര്‍ശനത്തിലും കുത്തകകള്‍ പിടിമുറുക്കി. തീയറ്ററുകെള ഹൗസ്ഫുള് ആക്കുന്ന സിനിമകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് സിനിമാ പ്രദര്‍ശന വ്യവസ്ഥ മാറി. അതാകട്ടെ നിര്‍മാണ-വിതരണരംഗത്തു പുതിയ കച്ചവടസമവാക്യങ്ങളുണ്ടാക്കി. കമ്പോളവിജയം നേടുന്ന സിനിമക്കേ വിപണിയുള്ളൂ എന്നായി. ലോകം, സാമ്പത്തിക മാന്ദ്യങ്ങളുടെ ആഗോളപ്രതിസന്ധികളിലൂടെ മലക്കംമറിഞ്ഞപ്പോള്‍, ചലച്ചിത്രപ്രദര്‍ശനം വീണ്ടും പ്രതിസന്ധികളെ നേരിട്ടു. ഹിറ്റുകളെ മാത്രം പിന്തുണയ്ക്കുന്ന രീതിയിലേക്ക്, ഹിറ്റുകളെ ആശ്രയിച്ചേ നിലനില്‍പ്പുള്ളൂ എന്ന നിലയിലേക്കു വന്‍കിട പ്രദര്‍ശനശാലകള്‍ ചുരുങ്ങിയതോടെ, തീയറ്റര്‍ വ്യവസായം പ്രതിസന്ധിയിലായി. ഒഴിഞ്ഞ സീറ്റും വര്‍ധിച്ച നടത്തിപ്പുചെലവും മൂലം ലോകത്തെമ്പാടും തീയറ്ററുകള്‍ ഒന്നൊന്നായി പൂട്ടി. ചിലതു കല്യാണമണ്ഡപങ്ങളോ കണ്‍വെന്‍ഷന്‍ഹാളുകളോ ആയി, പലതും വ്യാപാരസമുച്ചയങ്ങളും.
വിതരണ/പ്രദര്‍ശനമേഖലകളിലുണ്ടായ സാങ്കേതികമാറ്റങ്ങളും സാമ്പത്തികപ്രതിസന്ധിയും തന്നെയാണ് കുറച്ചാളുകളെ ഉള്‍ക്കൊള്ളാനാവുന്ന ചെറിയ തീയറ്റര്‍ എന്ന സങ്കല്‍പത്തിലേക്കെത്തിച്ചതും. ആയിരങ്ങളെ ഉള്‍ക്കൊള്ളുന്ന വന്‍പ്രദര്‍ശനശാലകളുടെ സ്ഥാനം അതോടെ വന്‍കിട വ്യാപാരസമുച്ചയങ്ങളിലടക്കം, നൂറോ ഇരുന്നൂറോ പേര്‍ക്കിരിക്കാവുന്ന ഒന്നിലേറെ ചെറുതീയറ്ററുകളുടെ ശ്രംഖല-മള്‍ട്ടീപഌക്സുകള്‍ -ഏറ്റെടുത്തു. പ്രദര്‍ശനമാവട്ടെ, ഉപഗ്രഹങ്ങളില്‍നിന്ന് തല്‍സമയമായി. സ്വാഭാവികമായും, പ്രേക്ഷക പ്രതികരണം ആയിരങ്ങളില്‍ നിന്നു നൂറിലേക്കു ചുരുങ്ങി. ആസ്വാദനത്തിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായി. സമൂഹത്തിന്റെ ഒരു പരിച്ഛേദം ഒന്നാകെ ഉല്പാദിപ്പിക്കുന്ന പ്രതികരണം എന്നതില്‍ നിന്ന് വ്യക്തിയുടേതു മാത്രമായി പ്രതികരണം മാറി. അതോടെ സിനിമയ്ക്കു നഷ്ടപ്പെട്ടത്, പ്രേക്ഷകബാഹുല്യം എന്ന ജനകീയാടിത്തറയാണ്. ഡിജിറ്റല്‍ വിപഌവത്തിന്റെ അനന്തരഫലമായി മള്‍ട്ടീപഌക്സുകള്‍ പോലും നിഷ്പ്രഭമാവുന്ന കാഴ്ചയാണ് ചുറ്റിലും. കൂട്ടായ സിനിമകാണല്‍ ഒറ്റയ്ക്കുള്ള ആസ്വാനദനത്തിലേക്കു രൂപാന്തരപ്പെട്ടിരിക്കുന്നു.
തീയറ്റര്‍ വിട്ടിറങ്ങുന്ന സിനിമ
സിനിമയ്ക്കു ഭീഷണിയാവുമെന്നു മാധ്യമനിരീക്ഷകര്‍ കണക്കാക്കിയ ടെലിവിഷന്‍ പക്ഷേ, അവര്‍ സംശയിച്ചതുപോലെ സിനിമാ-ഇതര, സിനിമാ-ബദല്‍ ഉള്ളടക്കം കൊണ്ടല്ല, മറിച്ച് മൂലധന ഇടപെടലുകളിലൂടെയാണ് സിനിമയെ വരുതിയിലാക്കിയത്. കേരളത്തില്‍പ്പോലും ഇന്നു സിനിമാവ്യവസായം നിലനില്‍ക്കുന്നത് ടെലിവിഷന്റെ പരോക്ഷപിന്തുണയോടെയാണ്. സാറ്റലൈറ്റ് റൈറ്റ്സ് എന്ന മൂലധനത്തെ ആശ്രയിച്ചായിരിക്കുന്നു സിനിമയുടെ ജാതകം. തീയറ്ററില്‍ ഒരു ദിവസം പോലും ഓടാത്ത സിനിമയും ചാനലിന്റെ ഉത്സവദിനപ്രത്യേകപാക്കേജില്‍ ബ്ളോക്ക്ബസ്റ്റര് ചലച്ചിത്രമായി വിപണനം ചെയ്യപ്പെടുന്നു. ചാനലുടമകള്‍ ചേര്‍ന്ന് ഇനി സിനിമകള്‍ വാങ്ങേണ്ട എന്നു തീരുമാനിക്കുന്നിടത്ത് നിര്‍മാണത്തിലിരിക്കുന്ന നൂറുകണക്കായ സിനിമകളുടെ ഭാവി തന്നെ തുലാസിലാവുന്നു. സിനിമയുടെ മുഖ്യ നിക്ഷേപകര്‍ വിതരണക്കാരും ചാനലുകളാകുന്നു, ഉള്ളടക്കത്തിലാകട്ടെ, സിനിമ പ്രധാന വിഭവവും. സിനിമയില്ലാതെ ടെലിവിഷന്‍ നിലനില്‍പ്പില്ല, ടിവി കൂടാതെ സിനിമയും സാധ്യമല്ല എന്ന സങ്കീര്‍ണവൈരുദ്ധ്യം. പക്ഷേ പ്രേക്ഷക സ്വത്വനിര്‍മിതിയില്‍, ടിവി സംപ്രേഷണം ചെയ്യുന്ന സിനിമയ്ക്കു വഹിക്കാനാവുന്നത്, സിനിമയുടെ പിന്തുണ കൂടാതെ തന്നെ ടിവി സ്ഥാപിച്ചെടുത്തിട്ടുള്ള, വീടകത്തെ ആബാലവൃത്തം എന്ന അംഗബലത്തെയാണ്. അതാകട്ടെ, തീയറ്ററിന്റെ തുറസില്‍ അയല്‍സീറ്റുകളിലെ പ്രേക്ഷകന്റെ അതേ ആസ്വാദനജനുസില്‍പ്പെടുന്നതുതന്നെയാണ്. ഇവിടെ, കൂട്ടമായിരുന്നു കാണുന്നവര്‍ അപരിചിതരല്ല, ബന്ധുക്കളോ, സ്വന്തക്കാരോ ആണെന്നു മാത്രം. അവര്‍ പണം കൊടുത്തു ടിക്കറ്റ് വാങ്ങി, പൂര്‍ണമായ ഏകാഗ്രതയോടെ ധ്യാനാത്മകമായല്ല കാണുന്നത് എന്നും വന്നേക്കാം.
തീയറ്ററിന്റെ ഇരുട്ടില്‍ അടുത്തടുത്ത ഇരിപ്പിടങ്ങളില്‍ ഇരിക്കുമ്പോഴും, ഒറ്റയ്ക്കൊറ്റയ്ക്ക് തങ്ങളുടേതു മാത്രമായൊരു ആന്തരികപ്രപഞ്ചത്തില്‍ നിന്നു കൊണ്ട്, എല്ലാവര്‍ക്കുമായി മുന്നിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളില്‍ നിന്നു, സ്വന്തം മനോധര്‍മം കൊണ്ടു പൂരിപ്പിക്കുന്ന, സ്വന്തം അനുഭവപ്രപഞ്ചം കൊണ്ടു പൂര്‍ത്തിയാക്കുന്ന ചലച്ചിത്രാസ്വാദനം, വായനപോലെ ഏകാന്തമായ, ഏകാഗ്രമായ പ്രക്രിയയായി മാറിയിരിക്കുന്നു. സിനിമ ഇന്നു തീയറ്ററിലെ ബിഗ്സ്ക്രീനില്‍ മാത്രമല്ല ഒതുങ്ങുന്നത്. കുടുംബം മുഴുവന്‍ ഒന്നിച്ചിരുന്നു വെളിച്ചത്തില്‍ കാണുന്ന ടിവിയിലുമല്ല അത്. പേഴ്സനല്‍ കംപ്യൂട്ടറിന്റെയും, ടാബ്ലെറ്റുകളുടെയും, മൊബൈല്‍ ഫോണിന്റെയും ഹാര്ഡ്വെയര് വൈവിദ്ധ്യത്തില്‍ സോഫ്റ്റ്വെയറുകളിലും വെബ്സൈറ്റുകളിലും തുടങ്ങി ആപഌക്കേഷനുകളില്‍ എത്തിനില്‍ക്കുന്നു, സിനിമാക്കാഴ്ച.
ഡിജിറ്റല്‍ ആസ്വാദനം എങ്ങനെ?
നിലവിലുള്ള പുതുതലമുറ മള്‍ട്ടീപഌക്സുകളെല്ലാം ഡിജിറ്റലാണ്. വിദൂരത്തെങ്ങോ പരിപാലിക്കപ്പെടുന്ന സെര്‍വറില്‍ നിന്ന് ഉപഗ്രഹം വഴി തല്‍സമയം ഡൗണ്‍ലോഡ് ചെയ്താണ് സിനിമ തീയറ്ററുകളിലേക്ക് ഡിജിറ്റലായി പ്രോജക്ട് ചെയ്യുന്നത്. ഇതിന് ഉപഗ്രഹ ടിവിയോടാണ് സാങ്കേതിക ചാര്‍ച്ച. ആസ്വാദനവ്യത്യാസം, പ്രേക്ഷകരുടെ എണ്ണക്കുറവുമാത്രമാണ്. വന്‍തുക മുടക്കി മള്‍ട്ടീപഌക്സുകളില്‍ സിനിമ കാണുന്നവരുടെ തല്‍സമയ പ്രതികരണം, അവശേഷിക്കുന്ന ബി, സി കഌസ് പ്രദര്‍ശനശാലകളിലെ സാധാരണ പ്രേക്ഷകരുടെ, പ്രവചനാതീത പ്രതികരണങ്ങളില്‍ നിന്നു വിഭിന്നവുമായിരിക്കാം. എന്നാല്‍, തീയറ്റര്‍ വിട്ടിറങ്ങുന്ന സിനിമകളുടെ കാര്യത്തിലാണ് പ്രേക്ഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. അതിന്റെ പരിണതിയാവട്ടെ, കൂട്ടായ്മയുടെ ജനാധിപത്യത്തില്‍ നിന്ന് സ്വാര്‍ത്ഥതയുടെ ഏകാധിപത്യത്തിലേക്കു ചുരുങ്ങലാണ്. ഇതുതന്നെയാണതിന്റെ സാമൂഹിക പ്രത്യാഘാതവും.
സിനിമ അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് പ്രേക്ഷകന്റെ വിരല്‍ത്തുമ്പിലാണ്. കാസെറ്റിലും സിഡിയിലും ഡിവിഡിയിലും നിന്ന് തമ്പ് ഡ്രൈവിലേക്കും ഹാര്‍ഡ്ഡിസ്കിലേക്കും സംഭരണി മാറ്റിയ സിനിമ, ഇന്റര്‍നെറ്റിന്റെ വിശാലവിഹായസില്‍ സര്‍വതന്ത്രസ്വതന്ത്രമായി, ആര്‍ക്കും പ്രാപ്യമായി. സിനിമയുടെ ലഭ്യതയില്‍ വന്ന ഈ വിപഌവകരമായ സ്വാതന്ത്ര്യം കാഴ്ചയിലും സ്വാധീനം പ്രകടമാക്കി. കാസെറ്റിന് വി.സി.ആറും ടിവിയും തന്നെ ഹാര്‍ഡ്വെയറുകളായി വേണ്ടിയിരുന്നെങ്കില്‍, സിഡി മുതല്ക്കുളള ആധുനിക വിവിരസംഭരണികളിലും ഇന്റര്‍നെറ്റിലും പ്രദര്‍ശനത്തിനും ആസ്വാദനത്തിനും അവ പോലുമാവശ്യമില്ലാതായി. ഡസ്ക്ടോപ്പ് കംപ്യൂട്ടറിന്റെ സ്ഥാനം ലാപ്പ്ടോപ്പും, ടാബ്ലെറ്റ് പി.സിയും കയ്യേറിയപ്പോള്‍ സിനിമയും ഇടം മാറി. എന്തിന് അധികം വിലയില്ലാത്ത ഒരു ശരാശരി സ്മാര്‍ട്ട്ഫോണില്‍, മാസം നൂറുരൂപയുടെ ഡാറ്റാപഌന്‍ ഉണ്ടെങ്കില്‍ സിനിമയോ വീഡിയോയോ കണ്ടാസ്വദിക്കാം എന്ന അവസ്ഥയില്‍, നിഷ്പ്രഭമായത് സിനിമയുടെ പ്രദര്‍ശന-ആസ്വാദന സങ്കല്പം തന്നെയാണ്. സിനിമ കാണാന്‍, അതിനായി മാറ്റിവച്ചിട്ടുള്ള സമയത്ത് തീയറ്ററുകളില്‍ എത്തുക എന്ന ബുദ്ധിമുട്ടു കൂടാതെ, ഏതു സമയത്തും നമുക്കിഷ്ടമുള്ള ഇടത്തുവച്ച്, ഇഷ്ടസിനിമ, പലപ്പോഴും ടിക്കറ്റ് പോലുമെടുക്കാതെ കാണാമെന്ന സൗകര്യത്തോടെ, സിനിമയ്ക്കായി പ്രേക്ഷകന് പോകുന്നതിനുപകരം സിനിമ പ്രേക്ഷകനെ തേടിയെത്തുന്ന അവസ്ഥയായി.
കാറിലോ ബസിലോ, തീവണ്ടിയിലോ, വിമാനത്തിലോ ബോട്ടിലോ കപ്പലിലോ ഇന്ന് സിനിമ കണ്ടാസ്വദിക്കാം. അതിന് വാഹനങ്ങളില്‍ ടിവിയോ അനുസാരികളോ ഘടിപ്പിച്ചിരുന്ന കാലംപോലും അസ്തമിച്ചു. വീഡിയോകോച്ച് അല്ലാത്ത പബഌക് ട്രാന്സ്പോര്ട്ടുകളില് പോലും സ്വന്തം ലാപ്ടോപ്പ്/ ടാബ്/ മൊബൈല്‍ ഉണ്ടെങ്കില്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു പ്രേക്ഷകനായി, ആള്‍ക്കൂട്ടത്തില്‍ നിന്ന് വിദഗ്ധമായി ഒറ്റപ്പെടാം, ഉള്‍വലിയാം. ടെലിവിഷനിലോ തീയറ്ററിലോ സിനിമ കാണുന്നതും ഇങ്ങനെ ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കിരുന്നു കാണുന്നതും തമ്മിലുള്ള സാമൂഹികവും മനഃശാസ്ത്രപരവുമായ അന്തരം പലതാണ്.
ലാപ്ടോപ്പിലോ, ടാബിലോ, മൊബൈലിലോ സിനിമ കാണുന്ന ഒരാള്‍ അതോടൊപ്പമുള്ള ഇയര്‍/ഹെഡ്ഫോണിലൂടെയാണ് ശബ്ദപഥം ശ്രവിക്കുന്നത്. അത് തീയറ്ററിലോ സ്വീകരണമുറിയിലോ പലര്‍ക്കായി മുഴങ്ങുന്ന ശബ്ദത്തില്‍ നിന്ന് ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. മാധ്യമത്തിന്റെ ബഹുജനപരത, വ്യക്തികേന്ദ്രികൃതമായി ചുരുങ്ങുന്നു. സ്വാഭാവികമായി, കാഴ്ചക്കാരന് പൊതുസ്ഥലത്തിരുന്നാണ് സിനിമ കാണുന്നതെങ്കിലും, അയാളുടെ തൊട്ടടുത്തിരിക്കുന്നയാള്‍ക്കുപോലും ശബ്ദം കേള്‍ക്കാനാവത്തതുകൊണ്ട് പൂര്‍ണമായ ആസ്വാദനം സാധിക്കാതെ വരുന്നു. പുസ്തകം/പത്രമാസികകള്‍ ഒരാള്‍ക്കു മാത്രം ഒരുസമയം വായിക്കാനാവുന്ന ഏകതാനതയ്ക്ക് തുല്യമാണിത്. തൊട്ടടുത്ത സീറ്റിലെ സഹയാത്രികന് തന്റെ ലാപ്പ് ടോപ്പില്‍ കാണുന്ന സിനിമയിലെ ഹാസ്യരംഗത്തിലെ തമാശ കേട്ട് ചിരിക്കുന്നതുകണ്ട്, അതിന്റെ സ്വാരസ്വമറിയാതെ അന്തംവിട്ടിരിക്കുകയായിരിക്കാം, അല്ലെങ്കില്‍ തനിക്കാ തമാശ ആസ്വദിക്കാന്‍ അവസരമില്ലല്ലോ എന്നതില്‍ അസൂയയുടെ ഈര്‍ഷ്യയോടെ നോക്കിയിരിക്കുകയാകാം മറ്റേയാള്‍. കാഴ്ചയില്‍ സാങ്കേതികത കൊണ്ടുവന്ന മാറ്റത്തില്‍ പ്രധാനമിതാണ്. തീയറ്ററിലോ ടിവിയിലോ ആസ്വാദനം വ്യക്തിയുടെ ഗ്രഹണശേഷിക്കൊത്തു മാറുമെങ്കിലും, ഒരേ ദൃശ്യവും ഒരേ ശബ്ദവും ഒരേസമയത്തുതന്നെ വെവ്വേറെ തലങ്ങളില്‍ പ്രേക്ഷകര്‍ ഉള്‍ക്കൊളളുകയാണ്. ഡിജിറ്റല്‍ ആസ്വാദനത്തിലാവട്ടെ, ഈ വെവ്വേറെ എന്നത്, വെവ്വേറെ സമയത്ത് വെവ്വേറെ രീതിയില്‍ എന്ന തലത്തിലേക്കു മാറുന്നു.
കാഴ്ചയുടെ വലിപ്പത്തിലുമുണ്ട് ഈ വ്യത്യാസം. സിനിമാസ്കോപ്പിന്റെയോ 35 എംഎമ്മിന്റെയോ വിശാലതയില്‍ നിന്ന് ടിവിയുടെ പതിനെട്ടിഞ്ചിലേക്കും ഫഌറ്റ്സ്ക്രീനിന്റെ പരമാവധി 90 ഇഞ്ചിലേക്കും ചുരുങ്ങിയ കാഴ്ചയുടെ പരപ്പ് ടാബിന്റെയും മൊബൈലിന്റെയും കേവലദീര്‍ഘചതുരങ്ങളിലേക്ക് ചുരുക്കപ്പെടുകയാണ്.
കാഴ്ചയിലെ ഡിജിറ്റല്‍ ഡിവൈഡ്
കണക്ടിവിറ്റിക്കും സോഫ്റ്റ്വെയര് ശേഷിക്കും ഹാര്‍ഡ്വെയറിനുമുണ്ട് ഡിജിറ്റല്‍ ആസ്വാദനത്തില്‍ നിര്‍ണായകമായ പങ്ക്. കാണുന്നവന്റെ ശേഷിക്കൊത്ത് അതില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നു. ഹൈസ്പീഡ് ത്രീ ജിയും 4 ജിയും ഇന്റര്‍നെറ്റ് ഉള്ളവര്‍ക്കു സാധ്യമാവുന്നവിധത്തില്‍ സാധാരണ 2 ജി കണക്ടിവിറ്റിയുള്ള ഒരാള്‍ക്ക് യൂ ട്യൂബോ ബോക്സ് ടിവിയോ വഴങ്ങണമെന്നില്ല. ഡൗണ്‍ലോഡിംഗ് സമയത്തിന്റെ ഏറ്റക്കുറച്ചില്‍ സ്വാഭാവികമായും ആസ്വാദനത്തെ ബാധിക്കുന്നു. അതിവേഗ കണക്ഷനുള്ളവര്‍ക്കുപോലും, തങ്ങള്‍ ആഗ്രഹിക്കുന്ന സമയത്തും സ്ഥലത്തും, അതേ വേഗനില ലഭ്യമായില്ലെങ്കില്‍ ആസ്വാദനത്തില്‍ കരടുണ്ടാവാം. ത്രീ ജി സേവനം ലഭ്യമല്ലാത്തിടത്ത് ത്രിജി കണക്ഷന് കൊണ്ടു കാര്യമില്ലല്ലോ.
ഹാര്ഡ്വെയറുകളുടെ കാര്യവും വ്യത്യസ്തമല്ല. സിഡിയോ, പെന്‍ഡ്രൈവോ ആണെങ്കില്‍ സംഭരണവും പ്രദര്‍ശനവും തടസം കൂടാതെ സാധ്യമായേക്കും. അവിടെ കണക്ടിവിറ്റി ബാധ്യതയില്ല. പക്ഷേ, ലാപ്ടോപ്പിന്റെ/ടാബിന്റെ/മൊബൈലിന്റെ ബാറ്ററിശേഷിയും ആസ്വാദനതടസമായേക്കാം. ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്ത സാഹചര്യത്തില്‍, സിനിമ മുഴുവനാക്കാന്‍ സാധിക്കാതെ വരുന്നത് ഡിജിറ്റല്‍ കാഴ്ചയില്‍ സ്വാഭാവികമാണ്. ചലച്ചിത്രകാരന് നാടകീയമായി ഒരുക്കിയ ഇടവേളയ്ക്കപ്പുറം, തീയറ്ററിലും വീട്ടിലും പവര്‍കട്ടുകൊണ്ടുണ്ടാവുന്ന അപ്രതീക്ഷിതമായ മുടക്കത്തിനു തുല്യമാണിത്. പിന്നീടെപ്പോഴെങ്കിലും കാഴ്ച പൂര്‍ത്തിയാക്കാമെങ്കിലും അത് ഒറ്റയടിക്ക് സിനിമ കണ്ടുതീര്‍ക്കുമ്പോഴുണ്ടാവുന്ന രസികത്വമായിരിക്കില്ലത്. തെരഞ്ഞെടുക്കുന്ന യന്ത്രത്തിന്റെ പരിമിതിയാണ് മറ്റൊന്ന്. ലാപ്ടോപ്പിലെ കാഴ്ചയ്ക്ക് ചെറിയ ടിവിയുടെ വലിപ്പത്തോടെങ്കിലും സാദൃശ്യമുണ്ട്. എന്നാല്‍ ലാപ്ടോപ്പിലേക്കും മൊബൈലിലേക്കും ചുരുങ്ങുമ്പോള്‍ കാഴ്ചയുടെ സൂക്ഷ്മമൗലികതയ്ക്കാണ് നഷ്ടം സംഭവിക്കുന്നത്.
റെസൊല്യൂഷന്‍ അഥവാ കണികാവ്യക്തതയാണ് സോഫ്റ്റ്വെയര് പക്ഷത്തുനിന്നു ഡിജിറ്റല്‍ കാഴ്ചയുടെ മറ്റൊരു വെല്ലുവിളി. ഡിവിഡിയുടെ കണികാവ്യക്തത വിസിഡിക്കില്ല. ഹൈഡെഫിനിഷന്റെ ദൃശ്യകൃത്യത ഇവയ്ക്കൊന്നുമില്ല. ഇന്റര്‍നെറ്റില്‍ കണക്ടിവിറ്റിക്കനുസരിച്ചാണ് ദൃശ്യനിലവാരം. സാധാരണ 2 ജി കണക്ടിവിറ്റിയില്‍ ഒരു മുഴുനീള എച്ച്.ഡി സിനിമ കണ്ടുതീര്‍ക്കുക സാഹസം തന്നെയാണ്. അത്രയേറെ സമയവും, കണക്ടിവിറ്റിപിരിധിയും വിനിയോഗിച്ചേ അതു സാധ്യമാവൂ, അതും ഏറെ മുടക്കങ്ങളും തടസങ്ങളും സഹിതം. സ്വാഭാവികമായി ലോ റെസൊല്യൂഷന്‍ സിനിമകള്‍ പെട്ടെന്ന് ഡൗണ്‍ലോഡാവും. പക്ഷേ അവയുടെ ദൃശ്യവ്യക്തത അമേച്ചര്‍ ഹാന്‍ഡിക്യാമില്‍ ചിത്രീകരിച്ചതിനോ, നിലവാരം കുറഞ്ഞ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിനോ തുല്യമായിരിക്കും. പ്രായോഗികതയില്‍, സാധാരണ ഇന്റര്‍നെറ്റ് വേഗത്തിലുള്ള ഹൈഡെഫിനിഷന്‍ കാഴ്ചയും, സാമാന്യവേഗത്തിലുള്ള ലോറസൊല്യൂഷന്‍ കാഴ്ചയും ഒരുപോലെ ആസ്വാദനത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ്.
യന്ത്രങ്ങളുടെ ഗുണനിലവാരമാണ് മറ്റൊന്ന്. സാധാരണ എല്‍സിഡി സ്ക്രീനുള്ള വിലകുറഞ്ഞ ലാപ് ടോപ്പോ ടാബ്ലെറ്റോ, മൊബൈലോ നല്കുന്ന പ്രദര്‍ശനനിലവാരമല്ല റെറ്റിന ഡിസ്പളേ ഉള്ള ലാപ്ടോപ്പും ടാബും സ്മാര്‍ട്ട് ഫോണും സമ്മാനിക്കുന്നത്. അവയിലെ കാഴ്ചവ്യക്തത അസാധരണ മിഴിവുള്ളതാണ്. തീയറ്റര്‍ കാഴ്ചയുടെ ജനാധിപത്യത്തിനു മുന്നില്‍ ഡിജിറ്റല്‍ കാഴ്ച, സാമ്പത്തികശേഷിക്കൊത്ത് ആസ്വാദനം മൂലധനാധിഷ്ഠിതമായി വ്യക്തിഗതമായിത്തീരുന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണിത്.തീയറ്ററിലെ ബാല്‍ക്കണി, തറടിക്കറ്റ് വൈരുദ്ധ്യത്തേക്കാള്‍ വലുതാണിത്.
സംവേദനത്തില്‍ നഷ്ടമാവുന്നത്.
സംവേദനചക്രത്തില്‍ (കമ്യൂണിക്കേഷന്‍ സൈക്കിള്‍) സുപ്രധാനമായ രണ്ടു ഘടകങ്ങളാണ് സന്ദേശവും(മെസേജ്),പ്രതികരണവും(ഫീഡ്ബാക്ക്). സൈദ്ധാന്തികനിര്‍വചനത്തില്‍, സിനിമ കോള്‍ഡ് മീഡിയം ആവുന്നത്, നേരിട്ടുള്ള അനുവാചക പ്രതികരണം സാധ്യാമാവാത്തതുകൊണ്ടാണ്. അവതരണകലകളിലേതു പോലെ, സ്റ്റേജില്‍ നില്െക്ക തല്‍സമയം പ്രേക്ഷപ്രതികരണമറിയാനും, പ്രകടനത്തില്‍ അതനുസരിടച്ചു വ്യതിയാനം വരുത്താനും സിനിമയില്‍ സാധ്യമല്ല. എന്നിരുന്നാലും, തീയറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്നു ചലച്ചിത്രകാരന് സ്വന്തം സിനിമ കാണുമ്പോള്‍, കാണികളില്‍ നിന്നുണ്ടാവുന്ന തല്‍സമയ പ്രതികരണങ്ങള്‍ അടുത്ത സൃഷ്ടിക്കെങ്കിലും ഗുണകരമായ അവസ്ഥയുണ്ട്. ഡിജിറ്റല്‍ ചലച്ചിത്രക്കാഴ്ചയില്‍ നഷ്ടമാവുന്ന സുപ്രധാന സാധ്യതയും ഇതുതന്നെയാണ്. തീയറ്റര്‍ വിട്ടുള്ള കാഴ്ചയില്‍ പ്രേക്ഷകന്റെ പ്രതികരണമെന്തെന്ന് ചലച്ചിത്രകാരനറിയാന്‍ മാര്‍ഗങ്ങളേയില്ല. ഒരുപേക്ഷ ഉണ്ടെങ്കില്‍ത്തന്നെ, അച്ചടിമാധ്യമത്തിലെന്നോണം, കത്തോ കത്തിന്റെ ആധുനികരൂപാന്തരമായ ഇമെയിലോ ഇതിന്റ മറ്റൊരു പതിപ്പായ സോഷ്യല്‍ മീഡിയ പോസ്റ്റിംഗോ ആവും. പക്ഷേ അതൊന്നും പ്രേക്ഷകനൊപ്പമിരുന്നു ചിത്രം കാണുമ്പോള്‍ ചലച്ചിത്രകാരനു കിട്ടുന്ന തിരിച്ചറിവിനു തുല്യമാവില്ല, തീര്‍ച്ച.
Saturday, June 07, 2014
ബാംഗ്ളൂര്‍ ഡെയ്സ് ആര് ഹിയര്‍ എഗെയ്ന്
എന്താണ് അഞ്ജലി മേനോന്റെ സിനിമകൾക്ക് ഇതര ഇന്ത്യൻ വനിതാസംവിധായികമാരുടെ സിനിമകളുമായുള്ള പ്രത്യക്ഷവ്യത്യാസം? അന്താരാഷ്ട്ര പ്രസിദ്ധയായ അപർണ സെന്നും കൽപന ലജ്മിയുമടക്കമുള്ളവരുടെ സിനിമകൾ പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീപക്ഷമോ, സ്ത്രീകേന്ദ്രീകൃതമോ ആയിരിക്കെ, അഞ്ജലിയുടേത് ഈയൊരു സങ്കുചിതത്വം മറികടന്ന്, കുറേക്കൂടി സാർവജനീയത ആർജിക്കുന്നു. ഒരുപക്ഷേ, പുരുഷവീക്ഷണത്തെക്കാൾ മൂർച്ചയേറിയ പുരുഷവീക്ഷണം പ്രകടമാക്കുന്നു. എഴുത്തിൽ കമലയ സുരയ്യയെപ്പോലെ അപൂർവം പേർക്കുമാത്രം സാധ്യമായവിധത്തിൽ പുരുഷമനസിനെക്കൂടി സൂക്ഷ്മതലങ്ങളിൽ മനസ്സിലാക്കിക്കൊണ്ടുള്ള കഥാപരിചരണവും പ്രമേയനിർവഹണവും. അതാണ് അഞ്ജലി മേനോൻ എന്ന യുവചലച്ചിത്രകാരിയുടെ സിനിമകളെ വേറിട്ടതാക്കുന്നത്. ബാംഗ്ളൂര്‍ ഡെയ്സ് എന്ന സിനിമയുടെയും കരുത്തും വിജയവും ഇതുതന്നെയാണ്.
അവിയലിന്റെ രുചി അത്രകണ്ടു സ്വീകാര്യമാവുന്നതിനു കാരണം, അതിലടങ്ങിയിട്ടുള്ള ചേരുവകളുടെ സമീകൃതസ്വഭാവമാണ്. എരിവ് പേരിന്, പുളിയും ക്ഷാരവും വേണ്ടുന്നത്ര, ഉപ്പ് പാകത്തിന്, എണ്ണ അത്യാവശ്യത്തിന്, കഷണങ്ങൾ ആവശ്യത്തിന്...മറ്റു പല കൂട്ടുകറികളും ഉപയോഗിക്കാനാവാത്തവർക്കും ഇഷ്ടമില്ലാത്തവർക്കും അവിയൽ ഇഷ്ടമാവാൻ കാരണമതാണ്. ബാംഗഌർ ഡെയ്സ് എന്ന സിനിമ അവിയൽ പോലെയാണ്. അതിലെ ചേരുവകളെല്ലാം കിറുകൃത്യം. പ്രേക്ഷകരെ വശീകരിക്കാൻ ആവശ്യമായതെന്തെല്ലാമെന്ന് കൃത്യമായി അറിയുന്ന സംവിധായകയാണ് അഞ്ജലി. ആദ്യപകുതിയിൽ കാതടപ്പിക്കുന്ന ചിരിയും പരിഹാസവും. രണ്ടാംപകുതിയിൽ ആവശ്യത്തിന് സംഘർഷവും കരളലിയിക്കുന്ന വൈകാരികതയും. ക്ളൈമാക്സിൽ യുവതലമുറയെ മുൾമുനയിൽ നിർത്തുന്ന ന്യൂജനറേഷൻ ത്രില്ലും സസ്പെൻസും. ഇതിനെയെല്ലാം ഒരു സമവാക്യമായി ചുരുക്കിക്കാണാമെങ്കിൽ, ആ സമവാക്യത്തിന്റെ വിജയകരമായ വിന്യാസവും പ്രയോഗവുമാണ് ബാംഗ്ളൂര്‍ ഡെയ്സ്. മുഖ്യധാരാ കമ്പോള സിനിമയുടെ വ്യാകരണപ്രയോഗങ്ങളിൽ ഇതൊരു നിസ്സാര കാര്യമല്ല. പക്ഷേ, കച്ചവടത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചയുടെ തലത്തിലല്ലാതെയും, ബാംഗ്ളൂര്‍ ഡെയ്സിന്റെ ഈ വിജയത്തിനു പ്രസക്തിയുണ്ട് എന്നുള്ളിടത്താണ് സംവിധായകൻ കൂടിയായ അൻവർ റഷീദ് നിർമിച്ച് അഞ്ജലി എഴുതി സംവിധാനം ചെയ്ത ഈ സിനിമ വ്യത്യസ്തമാകുന്നത്. ഒരു പക്ഷേ ഇതിനേക്കാൾ സാമൂഹികപ്രസക്തിയുളള ഒരു സിനിമ (വെടിവഴിപാട്)അരുൺകുമാർ അരവിന്ദ് എന്നൊരു സംവിധായകൻ നിർമിച്ച് മറ്റൊരു സംവിധായകൻ നിർവഹിച്ചിട്ടും പരാജയപ്പെട്ടിടത്താണ് ബാംഗ്ളൂര്‍ ഡെയ്സ് വിജയിച്ചതെന്നോർക്കുക.തീർത്തും വൈയക്തികവും യാഥാസ്ഥിതികവുമായൊരു പ്രമേയമാണ് അഞ്ജലിയുടേത് എന്നു കൂടി പരിഗണിക്കുമ്പോഴാണ് ഈ സിനിമയുടെ നിർവഹണവിജയം വ്യക്തമാവുന്നത്. അതിന് യുവതലമുറ താരങ്ങളുടെ പിന്തുണ കൂടിയാവുമ്പോൾ ചിത്രം പൂർണമാവുന്നു. അതിൽത്തന്നെ പാർവതിയുടെയും നിവിൻ പോളിയുടെയും പ്രകടനം എടുത്തുപറയാതെ വയ്യ.
പ്രമേയ പരിചരണത്തേപ്പറ്റി അഞ്ജലിയോട് ഒരു വാക്ക്. സ്വയം സൃഷ്ടിക്കുന്ന ചില വാർപ്പു മാമൂലുകൾക്ക് സ്വയം ബലിയാടാവാതിരിക്കാൻ ശ്രദ്ധിക്കുക. അഞ്ജലിയുടെ തിരക്കഥാനിർവഹണത്തിന് പലപ്പോഴും രഞ്ജിത്തിന്റെ നറേറ്റീവുകളോട് ഇഴയടുപ്പം കാണാം. പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ തുടങ്ങി രഞ്ജിത്തിന്റെ പല വിജയചിത്രങ്ങളുടെയും ദൗർബല്യമായി കരുതേണ്ടിവരുന്ന കഥാകഥന രീതി-ഒരാൾ, അതു കഥാപാത്രമാവാം, അന്യനുമാവാം ശബ്ദസാന്നിധ്യത്തിലൂടെ കഥ പറഞ്ഞുതുടങ്ങുന്ന രീതി- അഞ്ജലിയുടെ സിനിമകളിലും ആവർത്തിച്ചു കാണുന്നു. മഞ്ചാടിക്കുരുവിൽ അതു കുട്ടിയുടെ ശ്ബദത്തിലായിരുന്നു.ഉസ്താദ് ഹോട്ടലിൽ അതു മാമൂക്കോയയുടെ ശബ്ദത്തിലായിരുന്നു. ബാംഗ്ളൂര്‍ ഡെയ്സിൽ അതു നിവിൻ പോളിയായിരിക്കുന്നു. കാഴ്ചപ്പാടിലൂടെ കഥ പറയുന്നത് മോശമെന്നല്ല, പക്ഷേ അതിനപ്പുറവും നിർവഹണസാധ്യതകൾ സിനിമയിലുണ്ട്,ഉണ്ടാവണം.
ബാംഗ്ളൂര്‍ ഡെയ്സ് വിജയമാവുന്നത്, അതിൽ കൃത്യമായ ചേരുവകൾക്കപ്പുറം ജീവിതത്തിന്റെ സത്യസന്ധമായ ഗന്ധമുണ്ടെന്നതാണ്. മസാലകളെല്ലാം ചേർത്താലും നിർബന്ധമായി ഉണ്ടായിക്കൊള്ളണമെന്നില്ലാത്ത ഒന്നാണ് മണം. പക്ഷേ, അഞ്ജലി ചാലിച്ചത് ജീവിതത്തിൽ മുക്കിയ മസാലക്കൂട്ടായതുകൊണ്ടാവണം, അതിൽ നിന്നുയരുന്നത് ഉസ്താദ് ഹോട്ടലിലെ ബിരിയാണിയുടേതിനു സമാനമായ ഗന്ധവും രുചിയുമാണ്. അതു കാണുന്നവന്റെ മനസ് ആനന്ദമുള്ളതാക്കുന്നു. അതുകൊണ്ടുതന്നെ കൃതി സാർത്ഥകവുമാവുന്നു.
അവിയലിന്റെ രുചി അത്രകണ്ടു സ്വീകാര്യമാവുന്നതിനു കാരണം, അതിലടങ്ങിയിട്ടുള്ള ചേരുവകളുടെ സമീകൃതസ്വഭാവമാണ്. എരിവ് പേരിന്, പുളിയും ക്ഷാരവും വേണ്ടുന്നത്ര, ഉപ്പ് പാകത്തിന്, എണ്ണ അത്യാവശ്യത്തിന്, കഷണങ്ങൾ ആവശ്യത്തിന്...മറ്റു പല കൂട്ടുകറികളും ഉപയോഗിക്കാനാവാത്തവർക്കും ഇഷ്ടമില്ലാത്തവർക്കും അവിയൽ ഇഷ്ടമാവാൻ കാരണമതാണ്. ബാംഗഌർ ഡെയ്സ് എന്ന സിനിമ അവിയൽ പോലെയാണ്. അതിലെ ചേരുവകളെല്ലാം കിറുകൃത്യം. പ്രേക്ഷകരെ വശീകരിക്കാൻ ആവശ്യമായതെന്തെല്ലാമെന്ന് കൃത്യമായി അറിയുന്ന സംവിധായകയാണ് അഞ്ജലി. ആദ്യപകുതിയിൽ കാതടപ്പിക്കുന്ന ചിരിയും പരിഹാസവും. രണ്ടാംപകുതിയിൽ ആവശ്യത്തിന് സംഘർഷവും കരളലിയിക്കുന്ന വൈകാരികതയും. ക്ളൈമാക്സിൽ യുവതലമുറയെ മുൾമുനയിൽ നിർത്തുന്ന ന്യൂജനറേഷൻ ത്രില്ലും സസ്പെൻസും. ഇതിനെയെല്ലാം ഒരു സമവാക്യമായി ചുരുക്കിക്കാണാമെങ്കിൽ, ആ സമവാക്യത്തിന്റെ വിജയകരമായ വിന്യാസവും പ്രയോഗവുമാണ് ബാംഗ്ളൂര്‍ ഡെയ്സ്. മുഖ്യധാരാ കമ്പോള സിനിമയുടെ വ്യാകരണപ്രയോഗങ്ങളിൽ ഇതൊരു നിസ്സാര കാര്യമല്ല. പക്ഷേ, കച്ചവടത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചയുടെ തലത്തിലല്ലാതെയും, ബാംഗ്ളൂര്‍ ഡെയ്സിന്റെ ഈ വിജയത്തിനു പ്രസക്തിയുണ്ട് എന്നുള്ളിടത്താണ് സംവിധായകൻ കൂടിയായ അൻവർ റഷീദ് നിർമിച്ച് അഞ്ജലി എഴുതി സംവിധാനം ചെയ്ത ഈ സിനിമ വ്യത്യസ്തമാകുന്നത്. ഒരു പക്ഷേ ഇതിനേക്കാൾ സാമൂഹികപ്രസക്തിയുളള ഒരു സിനിമ (വെടിവഴിപാട്)അരുൺകുമാർ അരവിന്ദ് എന്നൊരു സംവിധായകൻ നിർമിച്ച് മറ്റൊരു സംവിധായകൻ നിർവഹിച്ചിട്ടും പരാജയപ്പെട്ടിടത്താണ് ബാംഗ്ളൂര്‍ ഡെയ്സ് വിജയിച്ചതെന്നോർക്കുക.തീർത്തും വൈയക്തികവും യാഥാസ്ഥിതികവുമായൊരു പ്രമേയമാണ് അഞ്ജലിയുടേത് എന്നു കൂടി പരിഗണിക്കുമ്പോഴാണ് ഈ സിനിമയുടെ നിർവഹണവിജയം വ്യക്തമാവുന്നത്. അതിന് യുവതലമുറ താരങ്ങളുടെ പിന്തുണ കൂടിയാവുമ്പോൾ ചിത്രം പൂർണമാവുന്നു. അതിൽത്തന്നെ പാർവതിയുടെയും നിവിൻ പോളിയുടെയും പ്രകടനം എടുത്തുപറയാതെ വയ്യ.
പ്രമേയ പരിചരണത്തേപ്പറ്റി അഞ്ജലിയോട് ഒരു വാക്ക്. സ്വയം സൃഷ്ടിക്കുന്ന ചില വാർപ്പു മാമൂലുകൾക്ക് സ്വയം ബലിയാടാവാതിരിക്കാൻ ശ്രദ്ധിക്കുക. അഞ്ജലിയുടെ തിരക്കഥാനിർവഹണത്തിന് പലപ്പോഴും രഞ്ജിത്തിന്റെ നറേറ്റീവുകളോട് ഇഴയടുപ്പം കാണാം. പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ തുടങ്ങി രഞ്ജിത്തിന്റെ പല വിജയചിത്രങ്ങളുടെയും ദൗർബല്യമായി കരുതേണ്ടിവരുന്ന കഥാകഥന രീതി-ഒരാൾ, അതു കഥാപാത്രമാവാം, അന്യനുമാവാം ശബ്ദസാന്നിധ്യത്തിലൂടെ കഥ പറഞ്ഞുതുടങ്ങുന്ന രീതി- അഞ്ജലിയുടെ സിനിമകളിലും ആവർത്തിച്ചു കാണുന്നു. മഞ്ചാടിക്കുരുവിൽ അതു കുട്ടിയുടെ ശ്ബദത്തിലായിരുന്നു.ഉസ്താദ് ഹോട്ടലിൽ അതു മാമൂക്കോയയുടെ ശബ്ദത്തിലായിരുന്നു. ബാംഗ്ളൂര്‍ ഡെയ്സിൽ അതു നിവിൻ പോളിയായിരിക്കുന്നു. കാഴ്ചപ്പാടിലൂടെ കഥ പറയുന്നത് മോശമെന്നല്ല, പക്ഷേ അതിനപ്പുറവും നിർവഹണസാധ്യതകൾ സിനിമയിലുണ്ട്,ഉണ്ടാവണം.
ബാംഗ്ളൂര്‍ ഡെയ്സ് വിജയമാവുന്നത്, അതിൽ കൃത്യമായ ചേരുവകൾക്കപ്പുറം ജീവിതത്തിന്റെ സത്യസന്ധമായ ഗന്ധമുണ്ടെന്നതാണ്. മസാലകളെല്ലാം ചേർത്താലും നിർബന്ധമായി ഉണ്ടായിക്കൊള്ളണമെന്നില്ലാത്ത ഒന്നാണ് മണം. പക്ഷേ, അഞ്ജലി ചാലിച്ചത് ജീവിതത്തിൽ മുക്കിയ മസാലക്കൂട്ടായതുകൊണ്ടാവണം, അതിൽ നിന്നുയരുന്നത് ഉസ്താദ് ഹോട്ടലിലെ ബിരിയാണിയുടേതിനു സമാനമായ ഗന്ധവും രുചിയുമാണ്. അതു കാണുന്നവന്റെ മനസ് ആനന്ദമുള്ളതാക്കുന്നു. അതുകൊണ്ടുതന്നെ കൃതി സാർത്ഥകവുമാവുന്നു.
Thursday, April 10, 2014
Subscribe to:
Posts (Atom)