Saturday, April 06, 2013

Tribute to Sukumari in Kalakaumudi



തനിയാവര്‍ത്തനത്തെ അതിജീവിച്ച നടനായനം
എ.ചന്ദ്രശേഖര്‍
സ്വഭാവകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളെപ്പറ്റി പൊതുവേയുള്ള ധാരണ, നായികാനായകന്മാരെ അപേക്ഷിച്ച് അഭിനയസാധ്യതയേറുന്ന വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അവര്‍ക്ക് എല്ലായ്‌പ്പോഴും ലഭിക്കുക എന്നാണ്. എന്നാല്‍ മഹാഭൂരിപക്ഷം സ്വഭാവനടീനടന്മാരും ഒരേ അച്ചിട്ട വാര്‍പുവേഷങ്ങളെ അവതരിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നതാണു വാസ്തവം.ഒരിക്കല്‍ അമ്മവേഷം കെട്ടിപ്പോയാല്‍, പിന്നീട് ജീവിതകാലം മുഴുവന്‍ സാധ്വിയായ അമ്മയുടെ സെറ്റുസാരിയിലും മുണ്ടിലും മാത്രം തളയ്ക്കപ്പെടുന്ന ദുര്‍വിധി. ശങ്കരാടിയെപ്പോലൊരു അത്യസാമാന്യ അഭിനേതാവിനെപ്പോലും ഇത്തരം വാര്‍പുമാതൃകകളില്‍ കുരുക്കിയിട്ട സിനിമയാണ് മലയാളത്തിലേത്. ഈ ദുര്‍വിധിയെ സ്വന്തം പ്രതിഭകൊണ്ടുമാത്രം മറികടന്നവര്‍ ചിലരെങ്കിലുമുണ്ട്. ആ ന്യൂനപക്ഷത്തില്‍ പെടുന്ന താരപ്രഭാവമാണ് സുകുമാരിയുടേത്. അതാണ് അവരെക്കൊണ്ട് രണ്ടായിരത്തഞ്ഞൂറിലധികം സിനിമകളില്‍ വേഷമിടീപ്പിച്ചു റെക്കോര്‍ഡിനര്‍ഹയാക്കിയതും.
സത്യത്തില്‍ സുകുമാരിയമ്മയെ മലയാള സിനിമാപ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുക സിനിമയുടെ കഥാഘടനയില്‍ പരിധിക്കപ്പുറം സ്വാധീനമൊന്നുമില്ലാത്ത ഏതെങ്കിലുമൊരു പാവം അമ്മവേഷത്തിന്റെ പേരില്‍ മാത്രമായിരിക്കല്ല, തീര്‍ച്ച. പകരം, വേറിട്ട അസ്തിത്വമുള്ള കുറെയേറെ വ്യത്യസ്ത വേഷങ്ങളിലൂടെയായിരിക്കും. അതില്‍, വില്ലത്തം കലര്‍ന്ന ദുഷ്ടകഥാപാത്രങ്ങളുണ്ട്, ധൈര്യശാലിയായ പെണ്ണിന്റെ വേഷമുണ്ട്, കൗശലക്കാരിയുടെ കഥാപാത്രങ്ങളുണ്ട്, തെരുവുകഥാപാത്രങ്ങളുണ്ട്, അഭിസാരികയുടെ വേഷമുണ്ട്, സൊസൈറ്റി ലേഡിയുണ്ട്....ലേശം മുഴക്കമുള്ള ശബ്ദത്തില്‍ അച്ചടിവടിവില്‍ സംഭാഷണങ്ങളുച്ചരിക്കുന്ന സുകുമാരിയുടെ ഭാവഹാവാദികള്‍ക്ക് അഭിനയത്തിന്റെ ശൈലീകൃതപാരമ്പര്യത്തോടല്ല, നാടകീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത അതിസ്വാഭാവിക അഭിനയത്തോടാണ് ചാര്‍ച്ചക്കൂടുതല്‍.സ്വന്തം പരിമിതികളെ, മറ്റാരേക്കാളുമേറെ സ്വയമറിഞ്ഞു തിരുത്താനും അതിനെ പ്രതിഭകൊണ്ടു തന്നെ മറികടക്കാനുമുള്ള അവരുടെ അതീവ ശ്രദ്ധാപൂര്‍വമായ ശ്രമം കൊണ്ടാണ്, മലയാളത്തില്‍ അത്ര വളരെ ഭാഷാസ്വാധീനമില്ലായിരുന്നിട്ടും സംഭാഷണചാതുര്യത്തില്‍ സുകുമാരി വിജയമായത് കഠിനാധ്വാനവും അര്‍പണബോധവും കൊണ്ടാണ്. എല്ലാ ഭാഷകളിലും ഇതേ ആത്മാപര്‍ണം കൊണ്ടു തന്നെയാണ് അവര്‍ക്കു സ്വന്തം ശബ്ദം ഉപയോഗിക്കാന്‍ സാധിച്ചതും.
നടനവഴിയിലെ ചില ചില്ലറ 'ഇതുകള്‍', അതാണ് മഹാഭിനേതാക്കളെ ഇതരരില്‍ നിന്നു വ്യതിരിക്തരാക്കുന്നത്. നെടുമുടിയും ഗോപിയും സുകുമാരിയും കെ.പി.എ.സി.ലളിതയും തമിഴിലെ മനോരമയുമെല്ലാം വ്യത്യസ്തരാവുന്നത് അതിസൂക്ഷ്മതലത്തിലുള്ള ഈ സ്വാംശീകരണത്തിലൂടെത്തന്നെയാണ്. ചില വേദനകള്‍, അസ്വാരസ്യങ്ങള്‍, അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുമ്പോഴെല്ലാം നെടുമുടിയിലും സുകുമാരിയിലും മറ്റും ഉണ്ടാവുന്ന മുഖപേശീമാറ്റങ്ങളുണ്ട്. വാസ്തവത്തില്‍ അഭിനയത്തിന്റെ പാഠപുസ്തക റഫറന്‍സുകളായിത്തീരേണ്ട അഭിനയമുഹൂര്‍ത്തങ്ങളാണവയെല്ലാം. ഇത്തരത്തിലുള്ള എത്രയെങ്കിലും വിസ്മയമുഹൂര്‍ത്തങ്ങള്‍ സുകമാരിയമ്മ മലയാളി അനുവാചകനു മുന്നില്‍ കാഴ്ചവച്ചിരിക്കുന്നു.കഥാപാത്രങ്ങളെ സ്വയം ആവഹിക്കുന്നതിനും കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമപ്പുറം കഥാപാത്രവുമായി അഭിനേതാവിനുണ്ടാവുന്ന ആത്മീയമായൊരു സാത്മീകരണമാണ് ഇതു സാധ്യമാക്കുന്നത്. അത്തരത്തില്‍ അദ്ഭുതങ്ങള്‍ കാഴ്ചവച്ച് നടിയാണു സുകുമാരി.
അടൂര്‍ ഗോപാലകൃഷ്ണന്റെയും കെ.ജി.ജോര്‍ജിന്റെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, മുഖ്യധാരാ ജനപ്രിയ സിനിമ തന്നെയാണ് സുകുമാരി എന്ന നടിക്ക് വൈവിദ്ധ്യത്തിന്റെ അപാരസാധ്യതകള്‍ സമ്മാനിച്ചതെന്നതു ശ്രദ്ധേയം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുഖ്യധാര കമ്പോള സിനിമയുടെ സമവാക്യങ്ങള്‍ക്കുളളില്‍ നില്‍ക്കുന്ന പാത്രസൃഷ്ടികളെത്തന്നെ തന്റെ വഴക്കവും തഴക്കവുംകൊണ്ട് നവ്യമായ നടനകാന്തിയാക്കി മാറ്റുകയായിരുന്നു സുകുമാരിയമ്മ. കഥാപാത്രങ്ങള്‍ അവര്‍ക്കു മുന്നില്‍ വെല്ലുവിളിയാവുക.യായിരുന്നില്ല, കഥാപാത്രസ്വത്വങ്ങളെ അവരിലെ അഭിനേത്രി കീഴടക്കുകയായിരുന്നു.
സുകുമാരി എന്നു കേള്‍്ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമോടിയെത്തുന്നക റാംജിറാവു സ്പീക്കിംഗിലെ മുകേഷിന്റെ പാവം അമ്മയുടേതുപോലെ സര്‍വം സഹയായ നൂറുകണക്കായ അമ്മവേഷങ്ങള്‍ മാത്രമായിരിക്കില്ല, ഹാസ്യത്തിന്റെ മേമ്പൊടികലര്‍ന്നതോ നെഗറ്റീവ് ഛായ കലര്‍ന്നതോ ആയ എത്രയെങ്കിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. സേതുമാധവന്റെ ചട്ടക്കാരിയിലെ ആംഗ്‌ളോ ഇന്ത്യന്‍,പ്രിയദര്‍ശന്റെ പൂച്ചയ്‌ക്കൊരുമുക്കുത്തിയിലെ നഗരസംവേഗങ്ങളിലേക്ക് സ്വയം പറിച്ചുനടാനാഗ്രഹിക്കുന്ന ഗ്രാമീണയായ മധ്യവയ്‌സ്‌ക, താളവട്ടത്തിലെ കര്‍ക്കശക്കാരിയായ സിസ്റ്റര്‍, വന്ദനത്തിലെ നായികയുടെ ആന്റി, ബോയിംഗ് ബോയിംഗിലെ ആംഗ്‌ളോ ഇന്ത്യന്‍ കുക്ക്്, തേന്മാവിന്‍ കൊമ്പത്തിലെ ഗ്രാമപ്രമുഖയായ ഗാന്ധാരിയമ്മ, നിന്നിഷ്ടം എന്നിഷ്ടത്തിലെ ചീട്ടുഫലം പറയുന്ന കാക്കാത്തി,വനിതാ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍, കെ.ജി.ജോര്‍ജജിന്റെ പഞ്ചവടിപ്പാലത്തിലെ വനിതാ പഞ്ചായത്തുമെമ്പര്‍, നോക്കെത്താദൂരത്തു കണ്ണും നട്ടിലെ നായകന്റെ അമ്മ,ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ കോളനി അസോസിയേഷന്‍ സെക്രട്ടറി,ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരത്തിലെ അയല്‍വാസി ക്രിസ്ത്യാനി, മണിച്ചെപ്പു തുറന്നപ്പോളിലെ മുത്തശ്ശി പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലിലെ ഗ്രാമവേശ്യാലയ ഉടമ, ആര്യനിലെ നായകന്റെ അമ്മ, ഉള്ളടക്കത്തിലെ മാനസികരോഗി, മിഴികള്‍ സാക്ഷിയിലെ നിസഹായയായ ഉമ്മ,ഭരതന്റെ കേളിയിലെ അമ്മ....അങ്ങനെ എത്രയെത്ര വേഷങ്ങള്‍. പാത്രവൈവിദ്ധ്യമാണ് ഒരു അഭിനേതാവിന്റെ പ്രതിഭയുടെ ഉരകല്ലെങ്കില്‍, ഈ വേഷപ്പകര്‍ച്ചകളിലെ ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സുകുമാരി എന്ന അഭിനേത്രിയുടെ ധന്യജീവിതത്തിന്റെ പ്രത്യക്ഷസാക്ഷ്യങ്ങളാണ്. പ്രേക്ഷക അനുതാപം ലഭിക്കുന്ന അമ്മവേഷങ്ങള്‍ വിട്ട് വില്ലത്തവും കൗശലവും അല്‍പം ക്രൗര്യവുമെല്ലാമുള്ള കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുക എന്നത് നടിമാരെ സംബന്ധിച്ച് ഒട്ടും യാഥാസ്ഥിതികമായ സംഗതിയല്ല, ഇന്ത്യന്‍ സിനിമയില്‍. അതു പിന്നീട് നടിയെ അത്തരം കഥാപാത്രങ്ങളുടെ വാര്‍പ്പുലേക്കു വലിച്ചു മാറ്റിയിട്ടുകളയും. പിന്നീട് ആ വാര്‍പ്പിന്റെ ഠ വട്ടത്തില്‍ നിന്ന് ഒരിക്കലും കയറി വരാനാവാത്തവിധം പെട്ടുപോകുകയാവും നടിയുടെ വിധി. ഈ ദുര്‍വിധിയെയാണ് സുകുമാരി അവരുടെ പ്രകാശം പരത്തുന്ന വേഷപ്പകര്‍ച്ചകളിലൂടെ അസാമാന്യ മെയ് വഴക്കത്തോടെ മറികടന്നത്.
മലയാളസിനിമയ്‌ക്കൊപ്പമായിരുന്നു അവരുടെ വളര്‍ച്ച. പത്താം വയസില്‍, തിരുവിതാംകൂര്‍ സഹോദരിമാരുടെ ബന്ധുവെന്ന നിലയില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ നൃത്തവും നടനവും എഴുപത്തിനാലാം വയസു വരെ നീണ്ടു. ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പവും അഭിനയിച്ചു നിലയുറപ്പിക്കാന്‍ സുകുമാരിക്കു സാധിച്ചത് അവരുടെ പ്രതിഭയും ആത്മനവീകരണത്തിനുള്ള സിദ്ധിയും കൊണ്ടുമാത്രമാണ്.. ഇക്കാര്യത്തില്‍ അവര്‍ക്ക് തെന്നിന്ത്യയില്‍ ഒരെതിരാളി മാത്രമേ ഉണ്ടായിട്ടുള്ളൂ, തമിഴിലെ അനുഗ്രഹീത നടി മനോരമ. 
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി എന്നു ബഌക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ പാടിയഭിനയിച്ച സുകുമാരി തന്നെയാണ് പ്രിയദര്‍ശന്റെ ബോയിംഗ് ബോയിംഗില്‍ മോഹന്‍ലാലിനും മുകേഷിനുമൊപ്പം പാടിയാടിയത്.ഭരതന്റെ കേളിയില്‍ കെ.പി.എ.സി.ലളിതയുടെ അമ്മയായിവരെ അവരഭിനയിച്ചു.വ്യത്യസ്തതയാണ് അഭിനേതാവിന്റെ റെയ്ഞ്ചിന്റെ മാനദണ്ഡമെങ്കില്‍, രണ്ടായിരത്തഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ എന്ന ബഹുമതി മാത്രം മതി സുകുമാരി എന്ന അഭിനേത്രിയുടെ നടനകാന്തിക്കുള്ള സാക്ഷ്യപത്രമാവും.
്മലയാളത്തില്‍ ഏറ്റവുമധികം ആംഗ്‌ളോ ഇന്ത്യന്‍ വേഷമിട്ട അമ്മനടി സുകുമാരിയാണ്. ചട്ടക്കാരി മുതല്‍ ന്യൂ ജനറേഷന്‍ ജനുസില്‍പ്പെട്ട ട്രിവാന്‍ഡ്രം ലോഡ്ജിലെ പെഗി വരെ. അതില്‍ ഒന്നിലും മറ്റൊന്നിന്റെ ഛായപോലുമുണ്ടായിരുന്നില്ല. അതാണവരുടെ അഭിനയശൈലിയുടെ സുഭദ്രത.
ടി.പി.ബാലഗോപാലന്‍ എം.എ.യിലെ നായിക ശോഭനയുടെ അമ്മ, സിനിമയുടെ രണ്ടാം പാതിയില്‍, കേസും വക്കാണവുമായി നടന്ന ഭര്‍ത്താവ് കേസൊക്കെ ജയിച്ച് വീണ്ടും പ്രമാണിയായിക്കഴിഞ്ഞപ്പോള്‍, തങ്ങളെ സഹായിച്ച, മകളുമായി അടുപ്പമുള്ള നായകന്‍ മകളെ കാണാന്‍ വരുമ്പോള്‍, തന്മയത്വത്തോടെ അയാളെ പറഞ്ഞു വിലക്കുന്നതും, മേലില്‍ ഇടയ്ക്കിടെ അവളെ കാണാന്‍ വരരുതെന്നും പറയുന്ന സന്ദര്‍ഭമുണ്ട്. ഒന്നു പാളിയാല്‍ പൊട്ടിപ്പാളീസാവുന്ന നെഗറ്റീവ് വേഷം. പക്ഷേ, സുകുമാരി എന്ന നടിയുടെ അത്യസധാരണമായ സാത്മീകരണമൊന്നുകൊണ്ടുമാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനാവുന്നത്. പ്രായോഗികമായതു ചെയ്യുന്ന ആ അമ്മയുടെ ചുണ്ടുകളുടെ പതര്‍ച്ച, മുഖത്തെ മാറിയ ഭാവപ്പകര്‍ച്ച, അത് ആയിരത്തിലൊരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ്, നിശ്ചയം.അതുപോലെതന്നെയാണ്, തേന്മാവിന്‍ കൊമ്പത്തിലെ ഗാന്ധാരി. കുടുംബപ്പകയുടെ മാടമ്പിമാല്‍സര്യത്തില്‍ നെടുമുടിയുടെ ശ്രീകൃഷ്ണനെതിരെ മോഹന്‍ലാലിന്റെ മാണിക്യനെ അണിനിരത്താന്‍ ശ്രമിക്കുന്ന ഗ്രാമപ്രമുഖ. ഏത് ആണ്‍ ചട്ടമ്പിയെയും വെല്ലുന്ന പ്രകടനമായിരുന്നു അത്.ഏതു തലമുറയോടൊപ്പവും അവരുടെ ഭാഷയില്‍, ആടിയും പാടിയും ഇണങ്ങിച്ചേരാനാവുന്നതാണ് സുകുമാരിയെ പുതുതലമുറ സിനിമാക്കാര്‍ക്കുപോലും അഭിമതയാക്കിയത്. പ്രതിച്ഛായയുടെ ബാധ്യതകൂടാതെ കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ കാണിച്ച നിഷ്‌കര്‍ഷയും, ഏറ്റെടുത്ത കഥാപാത്രത്തോടുള്ള ആത്മാര്‍പണവുമായിരിക്കണം സുകുമാരി എന്ന നടിയുടെ ഏറ്റവും വലിയ ഗുണമെന്നു തോന്നുന്നു. സാധനയേക്കാളേറെ സ്ഫുടം ചെയ്ത സിദ്ധിയിലൂന്നി സ്വന്തമായൊരു അഭിനയ സ്വത്വം സ്വാംശീകരിച്ച അഭിനേത്രിയാണവര്‍.ബ്രാഹ്മണത്തിയായി വരുമ്പോഴും ചട്ടയും മുണ്ടുമണിഞ്ഞു വരുമ്പോഴും സുകുമാരി അവിടെ അപ്രത്യക്ഷമാകും, പകരം അവര്‍ ഹൃദയത്തിലേക്കാവഹിച്ച കഥാപാത്രം അവിടെ പ്രത്യക്ഷമാവും. ആ മാന്ത്രികതയാണ് സുകുമാരിയെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി അഭിനയപ്രതിഭാസമാക്കി മാറ്റിയത്. സാധാരണത്വത്തില്‍ അസാധാരണത്വമാരോപിക്കാവുന്ന അഭിനയനൈപുണ്യമായിരുന്നു അവരുടേത്. കഥാപാത്രങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ക്കിടയിലും വ്യത്യസ്തതയുടെ വെള്ളിവെട്ടങ്ങള്‍ കോറി വരയ്ക്കാനായി അവര്‍ക്ക്. അങ്ങനെയാണ് അവര്‍ ആവര്‍ത്തനത്തിന്റെ വൈരസ്യത്തില്‍ നിന്ന് കഥാപാത്രത്തെയും പ്രേക്ഷകരെയും ഒരേപോലെ കാത്തുരക്ഷിച്ചത്.
ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വേണു നാഗവള്ളി, പ്രിയദര്‍ശന്‍, ഫാസില്‍. തുടങ്ങിയ സംവിധായകരുമായി ഒരു മാനസികൈക്യം സുകുമാരിക്കുണ്ടായിരുന്നതായി കാണാം.കാരണം അവരുടെ സിനിമകളില്‍ സുകുമാരി ഒരല്‍പം കൂടുതല്‍ തിളങ്ങിയിട്ടുണ്ട്. മോഹന്‍ലാലും മുകേഷും ജയറാമും നെടുമുടി വേണുവും ഭരത്‌ഗോപിയും ജഗതി ശ്രീകുമാറും ബാലചന്ദ്രമേനോനും മറ്റുമായുള്ള ജോഡിപ്പൊരുത്തവും അവരുടെ അവിസ്മരണീയ പ്രകടനത്തിലേക്കു വഴിവച്ചിട്ടുണ്ട്. അതെല്ലാം മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ ഈടുവയ്പ്പുകളുമായി. ഒരു നല്ല അഭിനേതാവ് ഒപ്പമഭിനയിക്കുമ്പോഴാണ്, സാര്‍ത്ഥകമായ പിന്തുണ നല്‍കുമ്പോഴാണ് പ്രധാന നായകന്റെയോ നായികയുടെയോ പോലും നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ പുറത്തുവരിക. പുതുമുഖങ്ങളുടെ പോലു ഏറ്റവും മികച്ച നടനമുഹൂര്‍്ത്തങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഒപ്പമഭിനയിച്ച സുകുമാരിയമ്മയുടെ പിന്തുണ നിര്‍ണായകമായിട്ടുണ്ട്. അതാണ് നാടകത്തിന്റെ തട്ടകം സുകുമാരി എന്ന അഭിനേത്രിക്കു പകര്‍ന്നു നല്‍കിയ ഏറ്റവും വലിയ ഉള്‍ക്കരുത്ത്.അതിന്റെ ബലത്തില്‍ സുകുമാരി, ഒപ്പമഭിനയിക്കുന്ന ഏതു നടനും നടിക്കും വളരെ വലിയൊരു സാന്ത്വനമായി, കൈത്താങ്ങായി. ജോഡിപ്പൊരുത്തങ്ങളുടെ രസതന്ത്രങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും സുകുമാരിയമ്മ അങ്ങനെ മാതൃകയായി.
അപൂര്‍വം രണ്ടു ദേശീയ ബഹുമതികളും ഏതാനും സംസ്ഥാന ബഹുമതികളും സ്വകാര്യ സംഘടനകളുടെ പുരസ്‌കാരങ്ങളും തമിഴ് നാട് നാമനിര്‍ദ്ദേശം നല്‍കി വാങ്ങിക്കൊടുത്ത പത്മശ്രീയുമല്ലാതെ അര്‍ഹതപ്പെട്ട അംഗീകാരമൊന്നും(പ്രേക്ഷകപ്രീതി അപവാദം) സമയത്തു നല്‍കി നാം ആദരിക്കാത്ത പ്രതിഭയാണ് സുകുമാരിയുടേത്. എന്നാലും അവര്‍ക്കു കര്‍മകാണ്ഡത്തില്‍ പരാതികളില്ലായിരുന്നു, പരിഭവങ്ങളും. എന്നിട്ടും അവര്‍ ആഗ്രഹിച്ചത് പിറന്ന നാടായ കേരളത്തില്‍ അന്തിയുറങ്ങാന്‍. ഭാഷകള്‍ക്കപ്പുറം നടനകാന്തി നിറയ്ക്കുമ്പോഴും അവരുടെ വേരുകള്‍, അസ്തിത്വം തനി മലയാളിയുടേതായിരുന്നു.
നാളെ, മലയാള സിനിമ, കേരളം എങ്ങനെയായിരിക്കും ഈ കലാകാരിയെ അടയാളപ്പെടുത്തുക എന്നോര്‍ക്കുമ്പോഴാണ് ആ അഭിനേത്രിയുടെ പാത്രപാരാവാരം എത്ര ആഴവും പരപ്പുമുള്ളതാണെന്ന്, ശ്കതവും കരുത്തുമുളളതാണെന്നു നാം തിരിച്ചറിയുക. തീര്‍ച്ചയായും സുകുമാരി എന്ന നടി അനശ്വരയാകുക അവര്‍ വെള്ളിത്തിരയിലുപേക്ഷിച്ചുപോയ ആയിരക്കണക്കായ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ലാളിത്യം മുഖമുദ്രയാക്കിയ ഒരു യഥാര്‍ത്ഥ കലാകാരി, സഹജീവിസ്‌നേഹമുള്ള ഒരു മഹാമനസ്‌ക എന്നീ നിലകളിലെല്ലാമായിരിക്കും.



Tuesday, March 26, 2013

tribute to Sukumari in Mangalam


പ്രതിഛായകളെ അതിജീവിച്ച അഭിനയകാന്തി
27MARCH, 2013

മലയാളത്തില്‍ അമ്മനടിമാര്‍ പലരുണ്ടായിട്ടുണ്ട്. എന്നാല്‍ സുകുമാരിക്കു മാത്രമായിട്ടുള്ള ചില സവിശേഷതകളാണ് അവരെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തിയത്. അക്ഷരവടിവൊത്ത ഉച്ചാരണം. ഒരല്‍പം മുഴക്കമുള്ള ശബ്ദം. പ്രതിച്ഛായയെ തച്ചുതകര്‍ക്കാനുള്ള തന്റേടം. അതാണ് സുകുമാരി എന്ന നടിയെ സമാനതകളില്ലാത്ത പ്രതിഭാസമാക്കുന്നത്.
മലയാളസിനിമയ്‌ക്കൊപ്പം സ്വാഭാവികമായി നടന്നതായിരുന്നു അവരുടെ വളര്‍ച്ച. പത്താം വയസില്‍, തിരുവിതാംകൂര്‍ സഹോദരിമാരുടെ ബന്ധുവെന്ന നിലയില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ നൃത്തവും നടനവും എഴുപത്തിനാലാം വയസു വരെ നീണ്ടു. തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സിനിമയും സിനിമാഭിനയവും വളര്‍ന്നപ്പോഴും കാലത്തിനൊപ്പം സ്വയം നവീകരിച്ച് ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പവും ഒരു ചുവടു മുന്നിലോ ഒപ്പത്തിനൊപ്പമോ നിലയുറപ്പിക്കാന്‍ സാധിച്ചതില്‍ അവരുടെ ധിഷണയും പ്രതിഭയും പ്രകടമാവും. ഇക്കാര്യത്തില്‍ അവര്‍ക്ക് തെന്നിന്ത്യയില്‍ ഒരെതിരാളി മാത്രമേ ഉണ്ടായിട്ടുള്ളൂ, തമിഴിലെ അനുഗ്രഹീത നടി മനോരമ. അതുകൊണ്ടുതന്നെ ഇതരഭാഷകളിലെ നടിമാരുമായോ കഥാപാത്രങ്ങളുമായോ ഒരു താരതമ്യം പോലും സുകുമാരിയമ്മ എന്നു സഹപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സുകുമാരിയുടെ കാര്യത്തില്‍ അപ്രസക്തമാവുന്നു.
അച്ഛനേക്കാളേറെ പ്രായമുണ്ടായിരുന്ന എസ്. പി. പിള്ളയോടൊപ്പം വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി എന്നു പാടിയഭിനയിച്ച സുകുമാരി തന്നെയാണ് പ്രിയദര്‍ശന്റെ ആദ്യസിനിമയായ പൂച്ചയ്‌ക്കൊരുമൂക്കുത്തിയില്‍ നെടുമുടിയുടെ ഭാര്യയായും മോഹന്‍ലാലിനോടൊപ്പം സ്വപനനായികയായും അഭിനയിച്ചത്. എന്തിന് ഭരതന്റെ കേളിയില്‍ കെ.പി.എ.സി.ലളിതയുടെ അമ്മയായിവരെ അവരഭിനയിച്ചു.വ്യത്യസ്തതയാണ് അഭിനേതാവിന്റെ റെയ്ഞ്ചിന്റെ മാനദണ്ഡമെങ്കില്‍, രണ്ടായിരത്തഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ എന്ന ബഹുമതി മാത്രം മതി സുകുമാരി എന്ന അഭിനേത്രിയുടെ നടനകാന്തിക്കുള്ള സാക്ഷ്യപത്രമാവും.
എന്തായിരുന്നു സുകുമാരിയെ സഹനടിമാരില്‍ നിന്നു വേറിട്ടുനിര്‍ത്തിയിരുന്ന ആ എക്‌സ് ഫാക്ടര്‍? തീര്‍ച്ചയായും മുന്‍വിധി കൂടാതെയുള്ള കഥാപാത്ര സ്വീകരണവും, അതിലേക്കുള്ള ആത്മാര്‍ത്ഥമായ തന്മയത്വവും തന്നെ. സുകുമാരിക്കു മുന്നില്‍ കഥാപാത്രങ്ങള്‍ വെല്ലുവിളിയായിട്ടേയില്ല. കഥാപാത്രങ്ങള്‍ സുകുമാരിയുടെ ഭാവപ്പകര്‍ച്ചയില്‍ സ്വയം കീഴടങ്ങിയിട്ടേയുള്ളൂ. സര്‍വംസഹയായ അമ്മയുടെ വേഷത്തില്‍ ഒരു നൂറുവട്ടം വെള്ളിത്തിരയിലെത്തിയിട്ടുണ്ടാവും. എന്നാല്‍ സുകുമാരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുക സമശീര്‍ഷരൊന്നും െകെവയ്ക്കാന്‍ ചങ്കുറപ്പു കാണിച്ചിട്ടില്ലാത്ത ചില വേഷങ്ങളിലൂടെയാവും. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വേശ്യാലയ ഉടമ, വന്ദനത്തിലെ എന്തിനും മടിക്കാത്ത ആംഗ്‌ളോ ഇന്ത്യന്‍ വീട്ടുവേലക്കാരി, ചട്ടക്കാരിയിലെ ആംഗ്‌ളോ ഇന്ത്യന്‍, കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് മെമ്പര്‍, എന്നിഷ്ടം നിന്നിഷ്ടത്തിലെ കാക്കാത്തി, കാര്യം നിസ്സാരത്തിലെ ക്രിസ്ത്യാനി വീട്ടമ്മ, പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്തിലെ ഗാന്ധാരി, അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിലെ ആരാച്ചാരുടെ ഭാര്യ.....ചട്ടക്കാരി മുതല്‍ ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷന്‍ ജനുസില്‍പ്പെട്ട ട്രിവാന്‍ഡ്രം ലോഡ്ജിലെ പെഗി വരെ എത്രയോ ആംഗ്‌ളോ ഇന്ത്യന്‍ സ്ത്രീകളുടെ വേഷമിട്ടിട്ടുള്ള സുകുമാരിയുടെ ഒരു വേഷവും മറ്റൊന്നിനെപ്പോലായിരുന്നില്ല. അതുതന്നെയാണ് അവരുടെ മുഖമുദ്ര.
ടി.പി.ബാലഗോപാലന്‍ എം.എ.യിലെ നായികയുടെ അമ്മ, സിനിമയുടെ രണ്ടാം പാതിയില്‍, കേസും വക്കാണവുമായി നടന്ന ഭര്‍ത്താവ് കേസൊക്കെ ജയിച്ച് വീണ്ടും പ്രമാണിയായിക്കഴിഞ്ഞപ്പോള്‍, തങ്ങളെ സഹായിച്ച, മകളുമായി അടുപ്പമുള്ള നായകന്‍ മകളെ കാണാന്‍ വരുമ്പോള്‍, തന്മയത്വത്തോടെ അയാളെ പറഞ്ഞു വിലക്കുന്നതും, മേലില്‍ ഇടയ്ക്കിടെ അവളെ കാണാന്‍ വരരുതെന്നും പറയുന്ന സന്ദര്‍ഭമുണ്ട്. ഒന്നു പാളിയാല്‍ പൊട്ടിപ്പാളീസാവുന്ന നെഗറ്റീവ് വേഷം. പക്ഷേ, സുകുമാരി എന്ന നടിയുടെ അത്യസധാരണമായ സാത്മീകരണമൊന്നുകൊണ്ടുമാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനാവുന്നത്. മനസ്സിനിഷ്ടമല്ലെങ്കില്‍ കൂടിയും പ്രായോഗികമായതു ചെയ്യുന്ന ആ അമ്മയുടെ ചുണ്ടുകളുടെ പതര്‍ച്ച, മുഖത്തെ മാറിയ ഭാവപ്പകര്‍ച്ച, അത് ആയിരത്തിലൊരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ്, നിശ്ചയം.അഞ്ജന കണ്ണെഴുതി ആലില താലി ചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തിരിക്കും എന്നു പാടി തച്ചോളി ഒതേനനെ വശീകരിച്ചു ഒറ്റികൊടുക്കുന്ന അകത്തമ്മയായും, വഴിവിളക്കില്‍ ഗുണ്ടാ സംഘത്തെലെവിയായും മിന്നിമറഞ്ഞ സുകുമാരിയമ്മയുടെ െവെവിദ്ധ്യം അനുകരണീയമാണ്.
എന്നാല്‍, തന്റെ പരിമിതികളെ മറ്റാരേക്കാള്‍ നന്നായി തിരിച്ചറിയുകയും അതിനെ തന്നാലാവുംവിധം മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുകവഴിയാണ് അവരീ വിജയം നേടിയെടുത്തത്. ഭാഷയിലുള്ള പരിജ്ഞാനക്കുറവൊന്നും പാത്രാവിഷ്‌കാരത്തിന്റെ പരിമിതികളുടെ ഏഴതിരുകളില്‍ പോലും വച്ചുപൊറുപ്പിക്കാത്തതായിരുന്നു അവരുടെ അഭിനയെശെലി. അതുകൊണ്ടുതന്നെ അതൊന്നും ആരുമത്ര ശ്രദ്ധിക്കാതെയും പോയി.
ഏതു തലമുറയോടൊപ്പവും അവരുടെ ഭാഷയില്‍, ആടിയും പാടിയും ഇണങ്ങിച്ചേരാനാവുന്നതാണ് സുകുമാരിയെ പുതുതലമുറ സിനിമാക്കാര്‍ക്കുപോലും അഭിമതയാക്കിയത്. ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വേണു നാഗവള്ളി, പ്രിയദര്‍ശന്‍, ഫാസില്‍...ഇവരുടെയെല്ലാം സിനിമകളില്‍ സുകുമാരി ഒരു പോയിന്റ് കൂടുതല്‍ തിളങ്ങിയിട്ടുണ്ടെന്നു പറഞ്ഞാല്‍ അസത്യമല്ല. മോഹന്‍ലാലും ജയറാമും നെടുമുടി വേണുവും ഭരത്‌ഗോപിയും ജഗതി ശ്രീകുമാറും ബാലചന്ദ്രമേനോനും മറ്റുമായുള്ള ജോഡിപ്പൊരുത്തവും അവരുടെ അവിസ്മരണീയ പ്രകടനത്തിലേക്കു വഴിവച്ചിട്ടുണ്ട്. അതെല്ലാം മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ ഈടുവയ്പ്പുകളുമായി. അതാണ് സുകുമാരി എന്ന അഭിനേത്രിയുടെ സുകൃതം.
എ. ചന്ദ്രശേഖര്‍

Saturday, March 16, 2013

Review in Deshabhimani sunday suppliment dated 17/03/2013

http://deshabhimani.com/periodicalContent2.php?id=753

മോഹന്‍ലാല്‍ എന്ന മലയാളി
സാജന്‍ എവുജിന്‍
ഏതെങ്കിലും പ്രത്യേക പ്രതിച്ഛായയുടെ തടവറയില്‍ കുടുങ്ങാത്ത നടനാണ് മോഹന്‍ലാല്‍. മലയാളിയുടെ എല്ലാ ശീലങ്ങളെയും ശീലക്കേടുകളെയും തന്മയത്വത്തോടെ അഭ്രപാളിയില്‍ അനശ്വരമാക്കാന്‍ മോഹന്‍ലാലിന്റെ ശരീരഭാഷയ്ക്ക് കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആക്ഷന്‍താരം ജയന് നേരിട്ട ദുര്യോഗം അതുകൊണ്ട് മോഹന്‍ലാലിന് നേരിടേണ്ടിവരില്ല. ഉത്സവപ്പറമ്പുകളിലും ഹാളുകളിലും ജയന്റെ മിമിക്രിപ്രേതങ്ങള്‍ വിളയാടുന്ന ദുരവസ്ഥ. എന്നാല്‍, ടി പി ബാലഗോപാലന്‍ എംഎയ്ക്കും കിരീടത്തിലെ സേതുമാധവനും പഞ്ചാഗ്‌നിയിലെ റഷീദിനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനും അത് സംഭവിക്കില്ല. മൗലികമായ ഇത്തരം നിരീക്ഷണങ്ങളാണ് 'മോഹന്‍ലാല്‍: ഒരു മലയാളിയുടെ ജീവിതം' എന്ന പുസ്തകത്തെ പ്രസക്തമാക്കുന്നത്.

മലയാളത്തില്‍ സിനിമാസംബന്ധമായ പുസ്തകങ്ങള്‍ക്ക് കുറവൊന്നുമില്ല. എന്നാല്‍, അവതരിപ്പിക്കുന്ന വിഷയത്തെ സമഗ്രമായി വിലയിരുത്തുന്നതില്‍ പലപ്പോഴും ഗ്രന്ഥകര്‍ത്താക്കള്‍ പരാജയപ്പെടുന്നു. ഈ പൊതുപ്രവണതയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പുസ്തകമാണിത്. മോഹന്‍ലാലിനെ പുകഴ്ത്താനോ അല്ലെങ്കില്‍ ആക്രമിക്കാനോ വേണ്ടി എഴുതിയതല്ല ഈ പുസ്തകമെന്ന് നിസ്സംശയം പറയാം. സമചിത്തതയോടെയും ഗൗരവബോധത്തോടെയും മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും പരിശോധിക്കുകയും കേരളീയസമൂഹത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി മോഹന്‍ലാലിന്റെ താരസ്വരൂപം നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണങ്ങളിലേക്ക് കടന്നുചെല്ലുകയും ചെയ്തിരിക്കയാണ് ഈ പുസ്തകത്തില്‍. മാധ്യമപ്രവര്‍ത്തകരായ എ ചന്ദ്രശേഖറും ഗിരീഷ് ബാലകൃഷ്ണനും ചേര്‍ന്നെഴുതിയ പുസ്തകം ചലച്ചിത്രമെന്ന മാധ്യമത്തെ മലയാളി എങ്ങനെയാണ് കാണുന്നതെന്നും വിശദീകരിക്കുന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങളെ സ്വാധീനിക്കുന്ന ശക്തിയാണ് സിനിമ. താന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളില്‍നിന്ന് മോചനം തേടിയാണ് പലപ്പോഴും പ്രേക്ഷകര്‍ തിയറ്ററിലെ ഇരുട്ടിലേക്ക് എത്തുന്നത്. ജീവിതത്തിലെ ഊരാക്കുടുക്കുകളെ സമര്‍ഥമായി കൈകാര്യംചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് കൈയടി ലഭിക്കുന്നത് അതുകൊണ്ടാണ്. മോഹന്‍ലാലിനെ താരപദവിയില്‍ എത്തിച്ച കഥാപാത്രങ്ങള്‍ക്കും ഈ പൊതുസ്വഭാവമുണ്ട്.

ലക്ഷ്യം നേടാന്‍ ഏതുവഴിയും സ്വീകരിക്കാം. എതിരാളിയുടെയോ പ്രതികൂലമായ അവസ്ഥയുടെയോ നിഗ്രഹം മാത്രമാണ് സംഭവിക്കേണ്ടത്. വില്ലനില്‍നിന്ന് നെടുനായകത്വത്തിലേക്കുള്ള മോഹന്‍ലാലിന്റെ അഭിനയജീവിതം സംഭവബഹുലമാണ്. മലയാളത്തിലെ മറ്റൊരു നടനും ലഭിക്കാത്ത വിധത്തില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. പലപ്പോഴും കച്ചവടമൂല്യങ്ങളിലേക്ക് കൂപ്പുകുത്തേണ്ടി വന്നിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ ജനകീയത ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധേയമാണ്. മാടമ്പിക്കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും അതില്‍ കുറച്ച് പുരോഗമനസ്വഭാവം വരുത്താന്‍ ലാല്‍ കരുതല്‍ കാട്ടിയിട്ടുണ്ട്. ജീവിതനൊമ്പരങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ച് നിരവധി ചിത്രങ്ങള്‍ ഹിറ്റാക്കിയ മോഹന്‍ലാല്‍തന്നെയാണ് സാഗര്‍ ഏലിയാസ് ജാക്കിമാരായും വേഷപ്പകര്‍ച്ച നടത്തിയതെന്ന വസ്തുത നിസ്സാരമല്ല. വളരെ ചെറിയ ചില ശ്രദ്ധകള്‍, ശ്രദ്ധേയമായ ചില അശ്രദ്ധകള്‍ എന്നിവ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ വിജയത്തിന് എങ്ങനെ സഹായിക്കുന്നുവെന്നും പുസ്തകത്തില്‍ നിരീക്ഷണമുണ്ട്.

പകരംവയ്ക്കാന്‍ കഴിയാത്തവിധം മലയാളിത്തം അഭിനയത്തിലാവാഹിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. ഏറ്റവും അടിസ്ഥാനപരമായി ഒരു മലയാളിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഡബ്ബ് ചെയ്ത ചിത്രങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. ഭാഷാന്തരീകരണത്തിന് വഴങ്ങാത്ത ശരീരഭാഷയും സംഭാഷണശൈലിയുമാകാം ഇതിനുകാരണമെന്ന വാദത്തോട് യോജിക്കാം. സാഹിത്യത്തില്‍ കവിതയ്ക്കുമാത്രം അവകാശപ്പെട്ടതാണ് ഭാഷാന്തരീകരണം നടത്തുമ്പോള്‍ തനിമയുടെ സൗന്ദര്യം ചോര്‍ന്നുപോകുമെന്ന വസ്തുതയെന്നതും ഓര്‍ക്കണം. ഒരു താരത്തെ സൃഷ്ടിക്കുന്ന മനഃശാസ്ത്രം ഉള്‍ക്കാഴ്ചയോടെ ഈ പുസ്തകം അവതരിപ്പിച്ചിട്ടുണ്ടെന്ന് അവതാരികയില്‍ കെ ജയകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് പൂര്‍ണമായും ന്യായയുക്തമാണ്.

Friday, March 08, 2013

ഓസ്‌കറില്‍ ബാക്കിയാവുന്നത്


Kalakaumudi
Issue No: 1957 
Issue Date:  
March 10 2013






എ.ചന്ദ്രശേഖര്‍

ചില ചരിത്രങ്ങള്‍ പുതുതായി എഴുതിച്ചേര്‍ക്കുന്ന ഒന്നായിരുന്നു 85 ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശ. പ്രധാനമായി, ലോകമെമ്പാടുമുള്ള മുപ്പത്തഞ്ചിലേറെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ടാസ്വദിക്കുന്ന ലൈവ് ടിവി ഷോയായി ബ്രാന്‍ഡ് ചെയ്യപ്പെട്ട അമേരികന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ വാര്‍ഷിക ചലച്ചിത്ര അവാര്‍ഡ് മാമാങ്കമായ ഓസ്‌കറിനെ ഔദ്യോഗികമായിത്തന്നെ അക്കാദമി ഓസ്‌കര്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തതായിരുന്നു അതിന്റെ വാണിജ്യപരമായ സവിശേഷത. അക്കാദമിയുമായോ, സിനിമയുമായോ യാതൊരു ബന്ധവുമില്ലാത്ത, അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥന്‍ അവാര്‍ഡ് ശില്‍പം കണ്ട്, തന്റെ അമ്മാവന്‍ ഓസ്‌കറിനെപ്പോലിരിക്കുന്നല്ലോ എന്ന് അലക്ഷ്യമായി പറഞ്ഞതില്‍ നിന്ന് വട്ടപ്പേരു വീണ ഓസ്‌കര്‍ അങ്ങനെ ചരിത്രത്തില്‍ അക്കാദമിയെക്കൊണ്ടു തന്നെ ഓസ്‌കര്‍ എന്ന വിപണനനാമം സ്ഥിരീകരിക്കപ്പെടുംവിധം വളരുകയായിരുന്നു.
രണ്ടാമത്തെ പ്രത്യേകത, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, ഓസ്‌കര്‍ താരനിശ കൊഡാക്ക് തീയററ്ററിന്റെ മേല്‍വിലാസം കൈവെടിഞ്ഞ്് ഡോള്‍ബി തീയറ്ററിനെ സ്വീകരിച്ചു എന്നതാണ്. കാര്യമായ മാറ്റമെന്നൊന്നും ഇതിനെ പറയാന്‍ സാധ്യമല്ല. ലോസാഞ്ചലസിലെ ഹോളിവുഡ് ഹൈലാന്‍ഡ് സെന്ററില്‍ നിലകൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ബഹുനില തീയറ്ററിന് കൊഡാക്കിന്റെ ബ്രാന്‍ഡിങ് ഉണ്ടായിരുന്നത് ഛായാഗ്രഹണസാങ്കേതികതയിലെ അതികായരായിരുന്ന കൊഡാക്ക് പാപ്പര്‍ സ്യൂട്ട് നല്‍കുകയും സാമ്പത്തികമായി നിലംപരിശാവുകയും ചെയ്തതോടെ, ശബ്ദവിന്യാസത്തിലെ ലോകരാജാക്കന്മാരായ ഡോള്‍ബി കോടികള്‍ നല്‍കി സ്വന്തമാക്കുകയായിരുന്നു. ചുരുക്കത്തില്‍ തീയറ്റര്‍ മാറിയില്ലെങ്കിലും പേരുമാറിയെന്നു മാത്രം.
തൊലിപ്പുറത്തെ ഈ അപൂര്‍വതകള്‍ക്കൊക്കെ അപ്പുറത്ത് ഒരു മഹാനടന്റെ ചരിത്രത്തിലിടം നേടിയ ഹാറ്റ് ട്രിക്കിനു കൂടി ഇക്കുറി ഓസ്‌കര്‍ സാക്ഷ്യം വഹിച്ചു. ഒരുപക്ഷേ ഇതുതന്നെയായിരിക്കും ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷതയും. ബ്രിട്ടീഷ് നടനായ ഡാനിയല്‍ ഡേ ല്യൂയിസാണ് ഈ ചരിത്രപ്രതിഭ. സെസില്‍ ഡേ ല്യൂയിസിന്റെയും ജില്‍ ബാല്‍കന്റെയും മകനായി പിറന്ന ഡാനിയലിന് ഇതു മൂന്നാംവട്ടമാണ് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിക്കുന്നത്. അഞ്ചുതവണ നാമനിര്‍ദ്ദേശം നേടിയിട്ടുള്ള അദ്ദേഹത്തിന് ഇക്കുറി വിഖ്യാതനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ചരിത്രകഥയായ ലിങ്കനിലെ നായകകഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചതെങ്കില്‍, മൈ ലെഫ്റ്റ് ഫുട്ട് എന്ന ചിത്രത്തില്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച ക്രിസ്റ്റി ബ്രൗണിന്റെ ധര്‍മസങ്കടങ്ങള്‍ ആവിഷ്‌കരിച്ചതിന് 1989ലും, ദെയര്‍ വില്‍ ബി ബഌ് എന്ന ചിത്രത്തില്‍ ഭാഗ്യാന്വേഷിയായ എണ്ണക്കിണറുടമ ഡാനിയല്‍ പ്‌ളെയ്ന്‍വ്യൂവിനെ അവതരിപ്പിച്ചതിന് 2007 ലുമാണ് മികച്ച നടനുളള ബഹുമതി കിട്ടിയത്. അടിമത്തമവസാനിപ്പിക്കാനുള്ള പതിമൂന്നാമത് ഭരണഘടനാ ഭേദഗതിക്കുവേണ്ടിയുള്ള പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ പരിശ്രമങ്ങളുടെ പിന്നിലെ ആത്മസംഘര്‍ഷങ്ങളും യാതനകളുമാണ് സ്പീല്‍ബര്‍ഗ് സിനിമയ്ക്കു വിഷയമാക്കിയത്. കരുത്തനായ ഡെന്‍സെല്‍ വാഷിംഗ്ടണെ കടുത്ത മല്‍സരത്തില്‍ പിന്നിലാക്കിയാണ് ഡാനിയല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി ഇന്ത്യ തിളങ്ങിയ ഓസ്‌കര്‍ നിശകൂടിയായിരുന്നു കടന്നുപോയത്. അതാകട്ടെ, തയ് വാനീസ് സംവിധായകന്‍ ആങ് ലീയുടെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട, ലോകമെമ്പാടുനിന്നും ഏറെ നിരൂപകപ്രശംസയും അതിലേറെ പ്രദര്‍ശനവിജയവും നേടിയ ലൈഫ് ഓഫ് പൈ യുടെ നേട്ടത്തിലൂടെയായിരുന്നു. മികച്ച ചിത്രം സംവിധാനം, സംഗീതം, ഛായാഗ്രഹണം, ദൃശ്യപ്പൊലിമ തുടങ്ങി 11 നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ലൈഫ് ഓഫ് പൈ മികച്ച സംവിധായകനും ഛായാഗ്രാഹകനും (ക്ലൗദോ മിറാന്‍ഡ), സംഗീതത്തിനും (മിഖായേല്‍ ഡാന) ദൃശ്യപ്പൊലിമയ്ക്കുമുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍, ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച, ഒരു മലയാളിയെ നായകനാക്കിയ സിനിമയുടെ സംവിധായകനിലൂടെ ഇന്ത്യന്‍ അഭിവാദനമായ 'നമസ്‌തേ' ഓസ്‌കര്‍ വേദിയില്‍ ശ്രവിക്കപ്പെട്ടു. ആങ് ലീയുടെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യന്‍ സംഘാംഗങ്ങളുടെ സേവനങ്ങളെ അന്തസ്സോടെ, ആഭിജാത്യത്തോടെ അംഗീകരിച്ചു, കൃതജ്ഞതയും പറഞ്ഞു. 2001ല്‍ ക്രൗച്ചിംഗ് ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍ എന്ന ചൈനീസ് അയോധനകലാസിനിയിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ശില്‍പം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനായി ചരിത്രം രചിച്ച ആങ് ലീ നേടുന്ന മികച്ച സംവിധായകനുള്ള മൂന്നാമത്തെ ഓസ്‌കര്‍ അവാര്‍ഡാണിത്. മാത്രമല്ല, മൂന്നു തവണ മിക്ച്ച സംവിധായകനുളള ഓസ്‌കര്‍ നേടുന്ന ആദ്യത്തെ സംവിധായകനെന്ന കിരീടവും ഇതോടെ ആങ് ലീ സ്വന്തമാക്കുകയാണ്്. അമേരിക്കയുടെ മണ്ണില്‍, അവരുടെ ദേശീയ ചലച്ചിത്ര ബഹുമതിയായ ഓസ്‌കര്‍ അമേരിക്കയ്ക്കു പുറത്തു് വേരുകളുള്ള ഒരാള്‍ മൂന്നു തവണ സ്വന്തമാക്കുന്നുവെന്നതിനു പിന്നിലെ രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങള്‍ പരാമര്‍ശിക്കപ്പെടേണ്ടതു തന്നെ.
എന്നാല്‍, ലോകം മുഴുവനുള്ള എക്‌സ്‌ക്‌ളൂസീവ് സംപ്രേഷണാവകാശത്തിന്റെ കച്ചവടമൂല്യത്തില്‍ ഇന്റര്‍നെറ്റില്‍ പോലും അമേരിക്കയ്ക്കു പുറത്തുള്ള രാജ്യങ്ങളിലേക്ക് വീഡിയോ ക്‌ളിപ്പിംഗുകള്‍ വിനിമയം ചെയ്യപ്പെടാതിരിക്കാന്‍ കരുതലെടുത്ത അക്കാദമിയുടെ അമേരിക്കന്‍ ഹാങോവര്‍ അവരുടെ മറ്റവാര്‍ഡുകളില്‍ സുവ്യക്തമായിരുന്നു. ചാരസാഹസികതകളുടെ ധീരഗാഥകളില്‍ അഭിരമിക്കുന്ന ശരാശരി അമേരിക്കക്കാരന്റെ മനസ്സു തന്നെയാണ് ഈ അവാര്‍ഡ് നിര്‍ണയത്തിലും പ്രതിഫലിക്കുന്നതെന്നു കാണാം.
ഇറാനുമായുള്ള രൂക്ഷമായ അമേരിക്കയുടെ അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയ ആര്‍ഗോയുടെ രാഷ്ട്രീയപ്രസക്തി വളരെ വലുതാണ്. 1979 ല്‍ ആറ് അമേരിക്കക്കാര്‍ ടെഹ്‌റാനിലെ കനേഡിയന്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയതിനെത്തുടര്‍ന്ന് അവരെ രക്ഷിക്കാന്‍ നിയുക്തനാവുന്ന ഏജന്റ് ടോണി മെന്‍ഡസ് നടത്തുന്ന സാഹസികതകളാണ് ചിത്രത്തിന്റെ കഥാവസ്തു. ഹോളിവുഡില്‍ നിന്നുള്ള മെന്‍ഡസ് സൂഹൃത്തായ നിര്‍മാതാവിനും മേയ്ക്കപ് ആര്‍ട്ടിസ്റ്റിനുമൊപ്പം ഇറാന്‍ പശ്ചാത്തലമാക്കി ഒരു സിനിമാ പദ്ധതി ആവിഷ്‌കരിച്ച് അതിന്റെ മറവിലാണ് ഇറാനിലെത്തി അവരെ മോചിപ്പിക്കുന്നത്. സി.ഐ.എ ചാരനായ ടോണി മെന്‍ഡസിന്റെ ദ് മാസ്റ്റര്‍ ഓഫ് ഡിസ്‌ഗൈസ്, ജോഷ്വാ ബര്‍മാന്റെ ദ് ഗ്രേയ്റ്റ് എസ്‌കേപ് എന്നീ പുസ്തകങ്ങളെ അതിജീവിച്ച്് ക്രിസ് ടെറിയോ രചിച്ച തിരക്കഥയില്‍ നിന്നാണ് ബെന്‍ അഫ്‌ളെക്ക് ഈ സിനിമ രൂപപ്പെടുത്തിയത്. നായകനായ മെന്‍ഡസിനു ജീവന്‍ പകര്‍ന്നതും ബെന്‍ തന്നെയായിരുന്നു.1997ല്‍ ഗുഡ്‌വില്‍ ഹണ്ടിംഗിന് ഓസ്‌കര്‍ നേടിയിട്ടുള്ള ബെഞ്ചമിന്‍ ഗേസ അഫ്‌ളെക് അഥവാ ബെന്‍ അഫ്‌ളെക്കിന്റെ അര്‍മെഗഡണ്‍, പേള്‍ ഹാര്‍ബര്‍ എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. നാലപതുകാരനായ ബെന്നെ സംബന്ധിച്ചിടത്തോളം ആര്‍ഗോ ഇരട്ടിമധുരമാണ്. കാരണം, സ്വന്തം സംവിധാനത്തില്‍ സ്വയം നായകനായ സിനിമയ്ക്ക് മികച്ച സിനിമയക്കുള്ള അവാര്‍ഡ് കിട്ടുക എന്നത് അത്ര മോശം കാര്യമല്ലല്ലോ. 
അമ്മുമ്മക്കഥകളുടെ അമൂല്യക്കലവറയില്‍ നിന്നാര്‍ജിച്ച കഥപറയാനുള്ള നൈസര്‍ഗികമായ കഴിവുതന്നെയാണെന്നുതോന്നുന്നു ഏഷ്യന്‍ രക്തം സിരകളിലൊഴകുന്ന, ഇന്നും തന്റെ ഏഷ്യന്‍ വംശത്വത്തില്‍ അഭിമാനിക്കുന്ന ആങ് ലീയെ ഈ അപൂര്‍വതയുടെ സിംഹാസനത്തിലേക്ക് ആരൂഡസ്ഥനാക്കിയത്. യെന്‍ മാര്‍ട്ടിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവല്‍ അതിന്റെ അതിയാഥാര്‍ഥ്യകഥാഘടന ഒന്നുകൊണ്ടുതന്നെ ദൃശ്യവല്‍കരണത്തിനു വഴങ്ങുന്നതായിരുന്നില്ല. തീര്‍ത്തും സിനിമയാക്കാന്‍ സാധ്യമില്ലാത്ത നോവല്‍ എന്നുള്ളതുകൊണ്ടാവണം 2001ല്‍ ബുക്കര്‍ സമ്മാനം നേടിയിട്ടും, അതില്‍ തൊട്ടുകളിക്കാന്‍ ഹോളിവുഡ് വമ്പന്മാര്‍ അടക്കമുള്ളവരാരും മുതിരാതിരുന്നതും. എന്നാല്‍ ക്രൗച്ചിംഗ് ടൈഗറിലൂടെതന്നെ അസാധ്യമായതിനെ ദൃശ്യവല്‍ക്കരിക്കാന്‍ അതീവതാല്‍പര്യം കാണിച്ച ആങ് ലീക്ക് (കഥാപാത്രങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നു തമ്മില്‍ത്തല്ലുന്ന കമ്പോള സിനിമയുടെ അതിനൂതന ദൃശ്യശീലത്തിനു തുടക്കമിട്ടത് വാസ്തവത്തില്‍ ക്രൗച്ചിംഗ് ടൈഗറിലെ കാല്‍പനികയും അതിയാഥാര്‍ഥ്യവുമായ പരമ്പരാഗത ചൈനീസ് അയോധനപ്രകടനങ്ങളുടെ ദൃശ്യവല്‍കരണമായിരുന്നുവെന്നോര്‍മിക്കുക) ലൈഫ് ഓഫ് പൈ ഹരമായിത്തീര്‍ന്നത് അതിന്റെ അസാധ്യതകൊണ്ടുതന്നെയായിരിക്കണം. അതെന്തായാലും, അമേരിക്കന്‍ സാമ്രാജിത്വത്തിന്റെ അതിജീവനത്തിന്റെ പട്ടാള ചാരക്കഥകള്‍ക്കിടെ ലൈഫ് ഓഫ് പൈ അസാധാരണായൊരു സര്‍ഗസംഗീതമായിത്തീര്‍ന്നു. ചെകടിക്കുന്ന പോപ്പുലര്‍ സംഗീതഘോഷങ്ങള്‍ക്കിടയില്‍ ലളിതമായൊരു താരാട്ടു കേള്‍ക്കുന്ന സുകൃതം. അതാണു ലൈഫ് ഓഫ് പൈ സമ്മാനിച്ചത്. അതിലൂടെ, തുടര്‍ച്ചയായി ഇന്ത്യന്‍ സാന്നിദ്ധ്യവും ഡോള്‍ബി ഓഡിറ്റോറിയത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു. തലശ്ശേരിക്കാരന്‍ തന്നെയായ മനോജ് നൈറ്റ്്ശ്യാമളനും, റസൂല്‍ പൂക്കുട്ടിക്കും ശേഷം ഒരു മലയാളി-പിസീന്‍ പട്ടേല്‍ എന്ന പൈയെ അവതരിപ്പിച്ച തലശ്ശേരിക്കാരനായ സൂരജ് വര്‍മ്മയെന്ന ബിരുദാനന്തര ബിരുദവിദ്യാര്‍ഥിയിലൂടെ ഇന്ത്യയുടെ യശസ് വീണ്ടും ഓസ്‌കര്‍ വേദിയില്‍ നിലനിര്‍ത്തപ്പെട്ടു.
ഫ്രാന്‍സില്‍ നിന്നുള്ള മിഖായേല്‍ ഹാനെകെ എഴുതി സംവിധാനം ചെയ്ത അമോറിനു ലഭിച്ച മികച്ച വിദേശചിത്രത്തിനുളള അവാര്‍ഡാണ് ഓസ്‌കര്‍ പട്ടികയിലെ മറ്റൊരു തിളക്കമാര്‍ന്ന വിജയം. ഒരു പക്ഷേ മറ്റവാര്‍ഡുകള്‍ കിട്ടിയ എല്ലാ ചിത്രങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട, തിരുവനന്തപുരം ചലച്ചിത്രമേളയുടെ ഏറ്റവും മികച്ച നീക്കിയിരിപ്പാണ് അമോര്‍.

Sunday, March 03, 2013

ബാക്കിലെ പായ്ക്ക്

ദിവസേന പത്തുമൂന്നൂറില്‍പ്പരം കിലോമീറ്റര്‍ ട്രെയിനില്‍ ബാഗുമായി യാത്രചെയ്യുന്നയാളായതുകൊണ്ട്, ഇനിപ്പറയാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ഇത്രയും പറയാന്‍ എനിക്ക് അവകാശമുണ്ട്, അധികാരമുണ്ട് എന്നൊരു മുന്‍കൂര്‍ ജാമ്യത്തോടെ കാര്യത്തിലേക്കു കടക്കട്ടെ.
സംഗതി ബാക്കപായ്ക്കിനെപ്പറ്റിയാണ്. ട്രെയിനോ പ്‌ളെയിനോ കാറോ കാല്‍നടയോ, സഞ്ചാരമാര്‍ഗം എന്തുതന്നെയായാലും, യാത്രയ്ക്ക് ഏറ്റവും പറ്റിയ സഞ്ചി, ശരീരത്തിന്റെ പിന്നാമ്പുറത്തേക്കു ഞാന്നിറങ്ങുന്ന, നടക്കുമ്പോള്‍ താളത്തില്‍ ചന്തിയില്‍ തട്ടിത്തെറിക്കുന്ന ബാക്ക്പായ്ക്കു തന്നെ. അല്‍പം വലുതാണെങ്കില്‍, എത്രവരെയും സാധനവും കൊള്ളും, സുഖമായി കയ്യും വീശി നടക്കുകയുമാവാം, ഒരുവശത്തു മാത്രമായി ഭാരം താങ്ങുന്നതിന്റെ പ്രശ്‌നങ്ങളുമില്ല.ജോര്‍!
ബാക്ക്പായ്ക്ക് തലമുറയ്ക്കു മുമ്പേ ജനിച്ചതുകൊണ്ടോ എന്തോ, ഞാനിപ്പോഴും പഴയ ഷോള്‍ഡര്‍ ബാഗില്‍ തന്നെ. അതുകൊണ്ടെന്താ, ചൊട്ടമുതല്‍ ചുടല വരെ.... എന്നു പാടിയാല്‍ എന്നെ സംബന്ധിച്ച് ശരിയായിവരുമെന്നു മാത്രം. അല്ലാതെ പ്രത്യേകിച്ചു നേട്ടമൊന്നുമില്ലെന്നു മാത്രമല്ല, ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ തോള്‍സഞ്ചി പലപ്പോഴും ശല്യക്കാരനായിത്തീരുകയും ചെയ്യും. ബാക്ക്പായ്ക്കാവുമ്പോള്‍ അവിടെയും പ്രശ്‌നമില്ല. മലയേറാനും ഇവന്‍ തന്നെ സുഖം. അതുകൊണ്ടാണ്, താഴേഹിമാലയവും ചതുര്‍ധാമങ്ങളും ദര്‍ശിക്കാനുദ്യമിച്ചപ്പോള്‍ ഞാനുമൊരു ബാക്ക്പായ്ക്ക് തന്നെ സ്വന്തമായി വാങ്ങിയത്. അതിന്റെ സൗകര്യം പറഞ്ഞറിയിക്കുക വയ്യതന്നെ.ലാപ് ടോപ്പായാലും പാഠപുസ്തകമായാലും...എന്തും ബാക്ക്പായ്ക്കിന്റെ അറകളില്‍ സുഭദ്രം,സുരക്ഷിതം!
എന്നാല്‍.....
തീവണ്ടിയിലും, മറ്റു പൊതുയിടങ്ങളിലും ബാക്ക്പായ്ക്ക് ചിലപ്പോഴെങ്കിലും എനിക്കു ശല്യമായിട്ടുണ്ട്. അങ്ങനെ തീര്‍ത്തു പറയാമോ എന്നറിയില്ല. ബാക്ക്പായ്ക്കല്ല, അതു ധരിച്ചു നില്‍ക്കുന്നവരാണ് പലപ്പോഴും ശല്യക്കാരാവുന്നത്. കാരണമെന്തെന്നല്ലേ? വളരെ ഇടുങ്ങിയ ഇടനാഴികളിലും, ട്രെയിന്‍ കൂപ്പെയിലൂടെ നടക്കുമ്പോഴും, വലിയ ക്യൂകളില്‍ നില്‍ക്കുമ്പോഴുമെല്ലാമാണ് ഇതിന്റെ ശല്യമേറെ. രണ്ടുപേര്‍ക്കു കഷ്ടിച്ചു കടന്നപോകാവുന്ന ഇടനാഴികളില്‍, ബാക്ക്പായ്ക്കുമായി നില്‍ക്കുന്നവരെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നു കരുതുക. ഉദാഹരണത്തിന് ട്രെയിനില്‍ നിന്നിറങ്ങാനോ, ട്രെയിനിലൂടെ നടക്കാനോ ശ്രമിക്കുമ്പോള്‍ വിലങ്ങനെ നില്‍ക്കുന്നയാള്‍ ബാക്ക്പായ്ക്ക് ശരീരത്തില്‍ പിടിപ്പിച്ചയാളാണെങ്കില്‍ നിശ്ചയം, നിങ്ങള്‍ക്ക് അസാമാന്യ മെയ് വഴക്കമുണ്ടെങ്കിലെ അവരെ മറികടന്നുപോകാനാവൂ. അത്രയും കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ ബാക്ക്പാക്ക് ധാരി നമ്മേ തികച്ചും നിഷ്‌കളങ്കമായി അദ്ഭുതത്തോടെ ചിലപ്പോള്‍ നോക്കിയെന്നുവരും-ശ്ശെടാ, ഇത്രയും നീങ്ങിക്കൊടുത്താലും ഇയാള്‍ക്കു പോയ്ക്കൂടേ? -എന്നാവും അവരുടെ മനസ്സില്‍.
സംഗതി സത്യമല്ലേ, നമ്മളെ കാണുമ്പോഴേ, അവര്‍ നടുവളച്ച് പരമാവധി ഇടമുണ്ടാക്കി നമുക്കു സ്ഥലം തന്നു കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം സംഗതി കഌന്‍. പക്ഷേ അവരുടെ പൃഷ്ഠത്തില്‍ ഞാന്നു തൂങ്ങുന്ന ബാക്ക്പായ്ക്ക് എന്ന നിഷ്ഠുരന്‍ നമുക്കു കടന്നുപോകാനുള്ള ഇടം തരുന്നില്ലെന്നു പാവം അതിന്റെയുടമ അറിയുന്നില്ലല്ലോ. സ്‌കൂള്‍ കോളജ് കുട്ടികളുടെ കാര്യമാണ് കഷ്ടം. അവര്‍ പരമാവധി ഒതുങ്ങിനിന്നുകൊണ്ടു നമുക്കു കടന്നുപോകാന്‍ സ്ഥലം തരും. മിക്കപ്പോഴും പിന്തിരിഞ്ഞു നിന്നുകൊണ്ടുതന്നെ. പിന്നിലെ ദുഷ്ടനാവട്ടെ വഴിതടസം നില്‍ക്കുകയും! അസാധ്യ മെയ് വഴക്കമുണ്ടായാലെ, അവന്റെ തടസം നീക്കി കടന്നുപോകാനാവൂ. അപ്പോഴുണ്ടാവുന്ന ഘര്‍ഷണം മൂലം പാക്കിന്റെയുടമ ചിലപ്പോള്‍ അസ്വസ്ഥനുമായേക്കും. ഇയാള്‍ക്കു കടന്നുപോകാന്‍ ഇനിയും ഇടംവേണോ എന്നു നിനച്ച്.
ഇപ്പോള്‍ ബാക്ക്പായ്ക്കുകാരെ പേടിയാണ്. മറ്റൊന്നും കൊണ്ടല്ല, കഷ്ടി രണ്ടുപേര്‍ക്കു ഞെരുങ്ങി പോകാന്‍ സ്ഥലമുള്ളിടത്ത് ഇവനെ കൂടി മറികടന്നു പോകാനുള്ള മെയ് വഴക്കമെനിക്കില്ല.

Monday, February 25, 2013

വിവാദങ്ങളുടെ വിശ്വരൂപം

വാസ്തവത്തില്‍ കമല്‍ഹാസന്റെ വിശ്വരൂപം എന്താണ്? സാങ്കേതികത്തികവില്‍ നിന്നുകൊണ്ടൊരുക്കിയ, അദ്ദേഹത്തിന്റെ തന്നെ മുന്‍കാല ചിത്രങ്ങളിലൊന്നും, ഗോവിന്ദ് നിഹ്ലാനിയുടെ ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പുമായ കുരുതിപ്പുനലിന്റെ മറ്റൊരു രൂപാന്തരം. കുരുതിപ്പുനല്‍ തമിഴ് ഈഴം തീവ്രവാദികളെയാണ് നേരിട്ടതെങ്കില്‍, വിശ്വരൂപം അല്‍പം കൂടി വിശാലമായി അഫ്ഗാന്‍ ഭീകരതയെയും താലിബാനിസത്തെയും വിമര്‍ശനവിധേയമാക്കുന്നുവെന്നു മാത്രം. എന്നുവച്ചാല്‍, വിശ്വരൂപം കേവലമൊരു വിലകുറഞ്ഞ സിനിമയാണെന്നല്ല. തെറ്റായ വിവാദങ്ങളുടെ പേരില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട,രാഷ്ട്രീയപരമായി കുറേക്കൂടി ആഴത്തിലുള്ള ചിന്തകളും വ്യാഖ്യാനങ്ങളും അര്‍ഹിക്കുന്ന ഒരു ഇന്ത്യന്‍ സിനിമയാണിത്. അതു മുന്നോട്ടുവയ്ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയാധികാരമാനങ്ങള്‍, വിലകുറഞ്ഞ വിവാദങ്ങള്‍ക്കിടയില്‍ വായിക്കപ്പെടാതെപോയി എന്നതാണ് യാഥാര്‍ത്ഥ്യം.
എന്താണു വാസ്തവത്തില്‍ വിശ്വരൂപത്തിന്റെ പ്രസക്തി?  അമേരിക്കയ്ക്കു പോലും തലവേദനയായിത്തീര്‍ന്ന ബിന്‍ ലാദനെയും താലിബാനെയും അവരുടെ പാളയങ്ങളില്‍ തന്നെ ചെന്ന് ചാരപ്രവര്‍ത്തനം നടത്തി തകര്‍ക്കുകയും, അവരില്‍ നിന്ന് ആധുനിക അമേരികയ്ക്കു നേരിടേണ്ടിവരുന്ന അതീവഗുരുതരമായൊരു ആണവാക്രമണത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ സൈനികന്റെ (റോ ഉദ്യോഗസ്ഥന്റെ) കഥയാണ് വിശ്വരൂപം. അമേരിക്കന്‍ ചാരസിനിമകളിലൂടെ ആയിരത്തൊന്നാവൃത്തി സേവിച്ചിട്ടുള്ള ഒരു സിനിമാരിഷ്ടമോ  ഘ്രതമോ ആണ് ഈ കഥ. എന്തിന്, അസാധാരണമായ ബില്‍ഡപ്പിനൊടുവില്‍ വെറും സാധാരണം എന്നു തോന്നിയേക്കാവുന്ന ക്‌ളൈമാക്‌സ് പോലുമാണ് കമല്‍ വിശ്വരൂപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പക്ഷേ, താരതമ്യേന അത്യത്ഭുതമൊന്നുമല്ലാത്ത ഈ ക്‌ളൈമാക്‌സിനപ്പുറം കമല്‍ സൃഷ്ടിച്ചു വച്ച ലോകക്രമത്തിലാണ് ചലച്ചിത്രകാരന്റെ, സിനിമയുടെ രാഷ്ട്രീയം നിലകൊള്ളുന്നത്.
അമേരിക്കയുടെ പരമാധികാരത്തിനു വിള്ളല്‍ വരുന്ന എന്തിനെയും അവര്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത് എന്നത് ചരിത്രസത്യമാണ്. രാ്ഷ്ട്രീയമായ ഭൂഖണ്ഡാന്തര വെല്ലുവിളികള്‍ ഒന്നുമില്ലാതിരിക്കുന്ന കാലത്ത് അമേരിക്കന്‍ സിനിമയും ജനപ്രിയ സാഹിത്യവും എന്നും കൈകാര്യം ചെയ്തിട്ടുള്ളത് അന്യഗ്രഹജീവികളില്‍ നിന്നും അമാനുഷിക ശക്തികളില്‍ നിന്നുമെല്ലാമുള്ള ഭീഷണികളുടെ പ്രമേയമാണ്. അത്തരം ഭീഷണികളില്‍ നിന്ന് ഭൂഗോളത്തെ രക്ഷിക്കുകയാണ് ലോകപോലീസായ അമേരിക്കയുടെ പണി. അതിനുള്ള സാഹസികതകളിലൂടെയാണ് അമേരിക്കന്‍ സിനിമ നായകന്‍മാരെ സൃഷ്ടിച്ചിട്ടുള്ളത്.ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേയും മാഴ്‌സ് അറ്റാക്‌സും മുതല്‍ 2012 വരെ എത്രയോ സിനിമകള്‍....
ഇതിനപവാദമായിട്ടുള്ള റഷ്യന്‍ ഐക്യനാടുകളുമായും വീയറ്റ്്‌നാം, ചൈന, കൊറിയ, ഇറാക്ക്് എന്നിവയുമായുമെല്ലാം കാലാകാലങ്ങളില്‍ നിലനിന്നു പോന്ന ശത്രുതകളുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ടിട്ടുള്ള അപൂര്‍വം സിനിമകള്‍ മാത്രമാണ്.
എന്നാല്‍ സെപ്‌ററംബര്‍ 11 ലെ ലോകവ്യാപാരകേന്ദ്രം ആക്രമണത്തെത്തുടര്‍ന്ന് അമേരിക്കന്‍ കാഴ്ചപ്പാടിലും വായനയിലും കാതലായ മാറ്റങ്ങളാണുണ്ടായത്. അഭൗമ ഭീഷണികളുടെ സ്ഥാനത്ത് ഭൂഖണ്ഡാന്തര തീവ്രവാദവും ഭീകരതയുമൊക്കെയായി പ്രമേയതലങ്ങളില്‍ സ്ഥിരപ്രതിഷ്ഠകള്‍. രാജ്യാന്തര ഭീകരപ്രവര്‍ത്തനം സിനിമയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമായി. അങ്ങനെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍, അമേരിക്കയേയും മുഴുവന്‍ ലോകത്തെയും കൊറിയയുടെ, ഇറാക്കിന്റൈ, താലിബാനിസത്തിന്റെ ഒക്കെ ഭീകരതയില്‍ നിന്നു രക്ഷിക്കാനുള്ള വല്യേട്ടന്റെ-അങ്കിള്‍ സാമിന്റെ ത്യാഗപൂര്‍ണമായ തീവ്രശ്രമങ്ങളുടെ കഥകളായി പിന്നീട്. ഇത്തവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആര്‍ഗോ പോലും ഇത്തരത്തില്‍, അമേരിക്കയുടെ രാഷ്ട്രീയപരമായ നേതൃത്വത്തെ അപദാനിക്കുന്ന സൈനികചിത്രമാണെന്നോര്‍ക്കുക.
ഇവിടെയാണ് കമല്‍ഹാസന്‍ സധൈര്യം ഒരു കടന്നുകയറ്റം നടത്തുന്നത്. നായകനായ റോ ഉദ്യോഗസ്ഥന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിവിടത്തില്‍ വ്യാജ സ്വത്വത്തില്‍ കടന്നുകൂടുന്നതായുള്ള കഥാസന്ദര്‍ഭത്തെക്കാള്‍ ത്രില്ലിംഗാണ് പ്രമേയത്തിന്റെ രാഷ്ട്രീയത്തില്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരെ കമല്‍ഹാസന്‍ എന്ന ചലച്ചിത്രകാരന്‍ നടത്തുന്ന നുഴഞ്ഞുകയറ്റം. ഇവിടെ അമേരിക്കയുടെ സ്വന്തം മണ്ണില്‍,ഒബാമയുടെ പതനത്തിനു ശേഷം താലിബാന്‍/അല്‍ഖൈ്വദ നടത്തുന്ന അതീവഗുരുതരമായൊരു ആണുബോംബാക്രമണ പദ്ധതിയെ സ്വന്തം ധിഷണയും കര്‍മശേഷിയും കൂര്‍മബുദ്ധിയും കൊണ്ടു പൊളിക്കുന്നത് അമേരിക്കന്‍ സൈനികനോ എഫ് ബി ഐയോ അല്ല.മറിച്ച്് അല്‍ ഖൈ്വദയുടെ പരിശീലനം കിട്ടിയ ഒരു ഇന്ത്യന്‍ ചാരനാണ്. ഇന്ത്യയടക്കമുള്ള മൂന്നാംലോകരാജ്യങ്ങളെ സംരക്ഷിക്കുന്ന അമേരിക്കന്‍ രക്ഷാകര്‍തൃത്വത്തെയാണ് ബുദ്ധിപൂര്‍വമായൊരു പ്രമേയസ്വീകരണത്തിലൂടെ കമല്‍ഹാസന്‍ ഉടച്ചുവാര്‍ക്കുന്നതും, അവിടെ, ലോകപ്പൊലീസായ അമേരിക്കയെപ്പോലും രക്ഷിക്കാന്‍ നിര്‍ണായകമായൊരു സന്ധിയില്‍ അവതാരപുരുഷനായി റോ ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കുന്നതും. ഈ ധൈര്യത്തിന്റെ വിശ്വരൂപമാണ്, സിനിമയെ യാഥാസ്ഥിതിമായ കണ്ണിലൂടെ മാത്രം കണ്ടു ശീലിച്ചവര്‍, മതാന്ധതയുടെ കണ്ണിലൂടെ മാത്രം കണ്ടവര്‍ കാണാതെ പോയത്.ഈ സിനിമ അങ്ങനെ അമേരിക്കയുടെ സാമ്രാജിത്വ മേല്‍ക്കോയ്മയ്‌ക്കെതിരായിക്കൂടിയാണ് വിശ്വാകാരമാര്‍ജിക്കുന്നത്. അതില്‍ കമല്‍ഹാസന്‍ എന്ന ഇന്ത്യാക്കാരനെ നമിക്കുക.

Sunday, February 17, 2013

തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ


പ്രിയപ്പെട്ട ലോഹിയേട്ടന്റെ ഓര്‍മ്മകളും ലോഹിയേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളും ഉള്‍പ്പെടുത്തി ശ്രീ പല്ലിശ്ശേരി തയാറാക്കിയ തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ എന്ന പുസ്തകം, ഡിസിബുക്‌സിന്റെ പുതിയ മുദ്രണമായ ലിറ്റ്മസിന്റെ പേരില്‍ പുറത്തുവന്നിരിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലായി ഈയുള്ളവന്റെ ഒരു ലോഹിതദാസ് വിലയിരുത്തലും. ജീവിതം വിഴിയുന്ന തിരക്കഥകള്‍....

'സെല്ലുലോയ്ഡ്' കാണും മുമ്പേ...


 രാഷ്ട്ര ദീപിക സിനിമാവാരികയുടെ പത്രാധിപരായിരിക്കെ ഒരു ദിവസം കോട്ടയത്തെ (ഞാന്‍ എഡിറ്ററായപ്പോഴേക്ക് സിനിമയുടെ ഓഫീസ് കൊച്ചിയില്‍നിന്ന് കോട്ടയം ദീപികയുടെ ഒന്നാം നിലയിലെ പരസ്യവിഭാഗത്തേിന് ഇടതുവശത്തെ ക്യാബിനിലേക്കു മാറ്റിയിരുന്നു)ഓഫിസിലേക്ക് ഒരു ഫോണ്‍. സിനിമാമംഗളത്തില്‍ നിന്നാണ്. എഡിറ്ററും, ഞാന്‍ ഏറെ ബഹുമാനിക്കുന്നയാളുമായ മധു വൈപ്പനസാറാണ് ലൈനില്‍.
' ഞാനൊരു ആളെ അങ്ങോട്ടയയ്ക്കാം. വളരെ പഴയ ഒരു സിനിമാലേഖകനാണ്. മലയാളസിനിമയുടെ ആദ്യകാലം തൊട്ടെ ആധികാരികമായി അറിയാവുന്ന ഒരാള്‍. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. ചന്ദ്രശേഖരന്റെ തലമുറയ്ക്ക് അറിയാമോ എന്നറിയില്ല. ഞാന്‍ ഒരു പരമ്പര സിനിമാമംഗളത്തില്‍ കൊടുക്കുന്നുണ്ട്. ഇനിയും എഴുതാനായി ഒരുപാടു കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍ സ്റ്റോക്കുണ്ട്. നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുമോ എന്നു ചോദിക്കാനാണു വിളിച്ചത്...'
ചലച്ചിത്ര പത്രപ്രവര്‍ത്തനത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഒരു മുതിര്‍ന്ന പത്രാധിപരാണു വിളിക്കുന്നത്. പക്ഷേ, അദ്ദേഹത്തിനു തെറ്റി. അഭിവന്ദ്യനായ ചേലങ്ങാട്ടിനെ ഞാന്‍ നേരത്തേ വായിച്ചിരുന്നു. 1994ല്‍ കോട്ടയത്തു മലയാള മനോരമയിലുണ്ടായിരുന്ന കാലത്തൊരിക്കല്‍ നാഷനല്‍ ബുക് സ്റ്റാളില്‍ 50% വിലക്കിഴിവോടെ സ്‌റ്റോക്ക് കഌയറന്‍സ് മേള നടന്നപ്പോള്‍ 25 രൂപയ്ക്കു കിട്ടിയ ഒരു സിനിമാ ഗ്രന്ഥമുണ്ട്-വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങള്‍. അതെഴുതിയത് ചേലങ്ങാട്ട് ഗോപാലകൃഷ്ണനായിരുന്നു. ആ പുസ്തകത്തിന്റെ 16-ാം പേജില്‍ ജെ.സി.ഡാനിയേലിനെ കണ്ടെത്തിയ കഥ സവിസ്തരം മൂന്നാം അധ്യായമായി വിവരിച്ചിരുന്നു. ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകരില്‍ പലരെപ്പറ്റിയും ഏറെയൊന്നും അറിയാത്ത പല വസ്തുതകളും ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി മുഖചിത്രം വരഞ്ഞ ആ പുസ്തകത്തിലുണ്ടായിരുന്നു.
'എനിക്കറിയാം സാര്‍, സാറദ്ദേഹത്തെ ഇങ്ങോട്ടയച്ചോളൂ' എന്നു പറഞ്ഞ് അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്ക് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പല്ലില്ലാത്ത, മെലിഞ്ഞുണങ്ങിയ ഒരു വന്ദ്യവയോധികന്‍ എന്നെത്തേടി ഓഫിസിലെത്തി.അലക്ഷ്യമായി കോതിലിട്ട നരഞ്ഞ തലമുടി. അല്‍പം നീണ്ട നാസിക. കുറ്റിത്താടി. 'ഞാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. മധു പറഞ്ഞിട്ടു വരികയാണ്.'
കുറച്ചു സമയം കൊണ്ട് അദ്ദേഹം ഒരുപാടു സംസാരിച്ചു. പലതും പഴയ തന്റെ സിനിമാനുഭവങ്ങള്‍. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ആയ അജന്ത സ്ഥാപിക്കാന്‍ നടന്ന കഥയടക്കം. മലയാള സിനിമയുടെ ചരിത്രത്തെക്കുറിച്ചെഴുതിയ ഒരു സ്‌ക്രിപ്റ്റുമുണ്ടായിരുന്നു കയ്യില്‍.
ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയാണു കേട്ടത്. എനിക്കൊപ്പം അന്നെന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഇപ്പോഴത്തെ രാഷ്ട്രദീപിക സിനിമ എഡിറ്റര്‍ ബിജോ ജോ തോമസും ഉണ്ടായിരുന്നന്നാണോര്‍മ്മ. എന്റെ ബഹുമാനത്തെ കളിയാക്കും വിധത്തില്‍ വിനീതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിനയം വെറും മുപ്പത്തഞ്ചുകാരനായ എന്നെ ചൂളിപ്പിച്ചുവെന്നതാണു സത്യം. എന്നാല്‍, പത്രാധിപരോടിടപഴകുന്നത് ഇങ്ങനെയാവണമെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പിന്നീടും പലവട്ടം അദ്ദേഹത്തെ കണ്ടു. ചിലതെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇത്രയും ഓര്‍ത്തത്, ടിവിയില്‍ കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമയുടെ ട്രെയ്‌ലറും ചില ചാറ്റ് ഷോകളുമെല്ലാം കണ്ടപ്പോഴാണ്. വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങളുടെ മൂന്നാം അധ്യായത്തില്‍ തുടങ്ങി, ഭാഗ്യദോഷിയായ ഒരു നിര്‍മ്മാതാവിന്റെ കഥ, വിഗതകുമാരനും ട്രാവന്‍കൂര്‍ നാഷനല്‍ പിക്‌ചേഴ്‌സും,മിസ് ലാനയും പി.കെ റോസിയും തുടങ്ങിയ അധ്യായങ്ങളില്‍ അദ്ദേഹം വിവരിച്ച ഡാനിയേലിന്റെ ചരിത്രം വായിച്ച ഓര്‍മ്മയിലും, അടുത്തിടെ, തൃശ്ൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ചേലങ്ങാടിന്റെ ജെ.സി ഡാനിയലിന്റെ ജീവിതകഥ എന്ന പുസ്തകത്തില്‍ ആ അനുഭവങ്ങള്‍ വീണ്ടും വായിച്ച അനുഭവത്തിലും, ശ്രീനിവാസന്‍ ജീവന്‍ നല്‍കുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്‍ അഗസ്തീശ്വരത്തെ ഡാനിയലിന്റെ കൂരയിലെത്തി അദ്ദേഹത്തെയും ഭാര്യയേയും കാണുന്ന ഭാഗം കണ്ടപ്പോള്‍ അറിയാതെ കോരിത്തരിച്ചുപോയി. ഒപ്പം അടുത്തിരുന്ന ഭാര്യയോടും മകളോടും അല്‍പം അഹങ്കാരത്തോടെ, അതിലേറെ അഭിമാനത്തോടെ പറയാതിരിക്കാനും കഴിഞ്ഞില്ല-''നോക്കെടി ശ്രീനിവാസനവതരിപ്പിക്കുന്ന ഈ മനുഷ്യനെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് ഒരു പാടു സംസാരിച്ചിട്ടുണ്ട്. അദ്ദേഹമെഴുതിയത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അദ്ദേഹത്തില്‍ നിന്നു തന്നെ ഈ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞു കേട്ടിട്ടുമുണ്ട്!'
മറ്റൊരു സംഭവവും ദീപികക്കാലത്താണ്.ഫോട്ടോഗ്രാഫറായിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ ദീപികയിലെ എന്റെ നമ്പര്‍ തേടിപ്പിടിച്ചു വളിച്ചു-വിഗതകുമാരനെപ്പറ്റി അദ്ദേഹം നടത്തുന്ന ഗവേഷണത്തിന് കുറേ വിവരങ്ങള്‍ ഇരുപതുകളിലെ ദീപിക ദിനപ്പത്രത്തിന്റെ ഫയലുകളില്‍ നിന്നു കിട്ടണം. അതാണാവശ്യം. ഞാന്‍ ചീഫ് എഡിറ്റര്‍ അച്ചനോടു സംസാരിച്ച് അദ്ദേഹം വരാനറിയിച്ച ദിവസം ഗോപാലകൃഷ്ണനോടു പറഞ്ഞു. അതനുസരിച്ച് അദ്ദേഹം വന്ന് ലൈബ്രറിയില്‍ നിന്നു വേണ്ടുന്ന പകര്‍പ്പുകളെടുത്തു പോയി. വിഗതകുമാരന്റെ യഥാര്‍ത്ഥ കഥ പിന്നീട് ലോസ്റ്റ് ചൈല്‍ഡ് എന്ന പേരില്‍ പുസ്തകമാക്കിയ ഗോപാലകൃഷ്ണന്‍ അതേപ്പറ്റി ഒരു ഹ്രസ്വചിത്രവുമെടുത്തു. അതിന് സംസ്ഥാന സര്‍്ക്കാരിന്റെ പ്രത്യേക അവാര്‍ഡ് കിട്ടിയെന്നാണോര്‍മ്മ.
കമലിന്റെ സെല്ലുലോയ്ഡ് എനിക്ക് കാണാനുള്ള അതിയായ മോഹം അതുകൊണ്ടു മാത്രമല്ല.
മലയാളത്തിലെ ആദ്യ നായികയായ റോസിയെപ്പറ്റി പല വാരികകളിലും ചര്‍ച്ചകളും മറ്റും  കത്തി നിന്ന സമയം. കുന്നുകുഴി മണിയും മറ്റും സജീവമായ ചര്‍ച്ചകള്‍. റോസിയെയോ പിന്തുടര്‍ച്ചക്കാരെയോ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആയിടയ്ക്ക് ചിത്രഭൂമിയാണെന്നു തോന്നുന്നു റോസിയുടെ ഒരു ചിത്രം ചേലങ്ങാടിന്റെ ശേഖരത്തില്‍ നിന്നു മകന്‍ എടുത്തയച്ചത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആയിടയ്ക്കാണ് മനോരമയിലെ പഴയ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമെല്ലാമായ വിനു ഏബ്രഹാമിന്റെ ഒരു ചെറു നോവല്‍ വായിക്കാനിടയായത്. അതും പ്രസിദ്ധീകരിച്ചത് തൃശൂര്‍ കറന്റാണ്-നഷ്ടനായിക.  വിനുവിന്റെ നോവല്‍ എന്ന താല്‍പര്യത്തില്‍ വാങ്ങി വായനതുടങ്ങിയപ്പോഴാണറിഞ്ഞത്, ആദ്യ മലയാള നായിക പി.കെ.റോസിയുടെ ജീവിതത്തെ അധികരിച്ച് അദ്ദേഹം മെനഞ്ഞെടുത്ത സാങ്കല്‍പിക ജീവചരിത്രനോവലാണെന്ന്. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ന്നപ്പോഴേ മനസ്സില്‍ കോറിയിട്ടു-ഇതില്‍ മികച്ചൊരു സിനിമയ്ക്കുള്ള വകുപ്പുണ്ട്. വിനുവിനെ പിന്നിടെപ്പോഴോ കണ്ടപ്പോഴും പറഞ്ഞിട്ടുണ്ട്. ( മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റായിരുന്ന സിനിമയുമായി അടുത്ത ബന്ധമുള്ള ആര്‍ടിസ്റ്റ് ജെ. ആര്‍.പ്രസാദ് സാര്‍ ഒരിക്കല്‍ സിനിമയാക്കാന്‍ പറ്റിയ രചനകളെന്തെങ്കിലും ഓര്‍മ്മയുണ്ടെങ്കിലറിയിക്കാന്‍ ആവശ്യപ്പെട്ടു വിളിച്ചപ്പോഴും, നിര്‍ദ്ദേശിച്ച രണ്ടു കൃതികളിലൊന്ന്് നഷ്ടനായികയായിരുന്നു. മറ്റേത് സുഭാഷ് ചന്ദ്രന്റെ തിരക്കഥാനോവല്‍ ഗുപ്തവും ഗുപ്തം പിന്നീട് ആകസ്മികമായി) റോസി താമസിച്ചിരുന്ന തൈക്കാട്ടെ ഭൂമികയും ക്യാപിറ്റോള്‍ തീയറ്റര്‍ സ്ഥിതിചെയ്തിരുന്ന പട്ടത്തെ സ്ഥലവുമെല്ലാം സുപരിചിതമായതുകൊണ്ടാവാം, ആ നോവല്‍ എനിക്ക് വളരെയേറെ ഇഴയടുപ്പം സമ്മാനിക്കുന്ന അനുഭവമായി.ആയിടയ്ക്കു നടന്ന ചര്‍ച്ചകളും മറ്റും വായിക്കുകയും അതിനെല്ലാം ഒടുവില്‍, റോസിയെപ്പറ്റി വിനുവിനെക്കൊണ്ട് ഞാന്‍ പത്രാധിപത്യം വഹിക്കുന്ന കന്യക ദൈ്വവാരികയില്‍ ഒരു കുറിപ്പെഴുതിക്കുകയും ചെയ്തത് അങ്ങനെയാണ്.
സെല്ലുലോയ്ഡിനെപ്പറ്റി മധുപാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതു വായിച്ചപ്പോള്‍ മുതല്‍, കാറ്റേ കാറ്റേ... എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന മെലഡി കേട്ടപ്പോള്‍ മുതല്‍ (അതിലൂടെ ചേര്‍ത്തല ഗോപാലന്‍നായരുടെ മകന്‍ ശ്രീറാമിനും അര്‍ഹിക്കുന്ന അംഗീകാരം വൈകിയാണെങ്കിലും ലഭിക്കുമെന്ന് ആഗഹ്രിക്കട്ടെ) ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ കാണാന്‍. സമയം പോകുന്നു...അതൊത്തു വരണം. ഈയാഴ്ച തന്നെ കാണണം. അല്ല, കാണും. അതിനു മുമ്പു തന്നെ അതേപ്പറ്റി ഇത്രയും കുറിച്ചത്, ആ സിനിമയുമായി ബന്ധപ്പെട്ട ചിലത് നമ്മുടെ ജീവിതത്തെ കൂടി സ്പര്‍ശിക്കുന്നതായതുകൊണ്ടുമാത്രം.



Friday, February 08, 2013

Mohanlal Oru Malayaliyude Jeevitham Chintha Edition released

Director Shaji kailas releases the second edition of my book mohanlal oru malayaliyude jeevithan published by chintha publishers in the chintha book fair organised by citu palayam area committee here at tvm by giving a copy to shiju khan, state president of sfi.

Thanks to chintha publishers and citu area committee for a Cute little book release Function. Thanks to Shaji Kailas who made a brief but intelligent speech on the book. To be frank it is one o the best reviews the book ever had. Thank you all once again. Thank you Gopi narayanan, thank you V K Joseph sir, thank you Parvathy chechi and above all thank you lalettan and sanilettan.



 

Sunday, December 16, 2012

കാലത്തിന്റെ സര്‍ക്കസ്‌


പണ്ടൊക്കെ സര്‍ക്കസ് വരികയെന്നുവച്ചാല്‍ ഉത്സവം പോലെയായിരുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ വര്‍ഷത്തില്‍ ചിലപ്പോള്‍ രണ്ടും മൂന്നും പ്രാവശ്യം, ഭാരത് സര്‍ക്കസ്, ജമിനി, ജംബോ സര്‍ക്കസ്....പിന്നെ ഒരു അഖിലേന്ത്യ എക്‌സിബിഷനും. ഇടവേളയില്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കലാനിലയം സ്ഥിരം നാടകവേദിയും. നഗരവികസനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടങ്ങള്‍ ഇല്ലാതായി. ദോഷം പറയരുതല്ലോ, മൈതാനി ആധുനിക സജ്ജീകരണങ്ങളോടെയുള്ള വേദിസ്ഥലികളായി. മിച്ചഭൂമിയില്‍ സര്‍ക്കാര്‍ പൊതുവിതരണമേളകളും...പക്ഷേ എല്ലും കോലവും കെട്ടത് പാവം സര്‍ക്കസുകാരാണ്.
മാസങ്ങള്‍ക്കുമുമ്പ് ഒരു ചര്‍ച്ച കണ്ടു, ഒരു പ്രമുഖ ചാനലില്‍. സര്‍ക്കസ് രംഗത്തെ മൂല്യച്യുതിയെപ്പറ്റി. സര്‍ക്കസ് എന്ന കലാരൂപം നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യത്തെപ്പറ്റി...ഒരുപാടു പേരുടെ കഞ്ഞിയാണ്. എന്തിന്, സര്‍ക്കസിനെ അധികരിച്ച സിനിമകളെത്രയാ വിവിധ ഭാഷകളില്‍ ഉണ്ടായിരിക്കുന്നത്. മേരാ നാം ജോക്കര്‍, തമ്പ്, ജോക്കര്‍, വളര്‍ത്തുമൃഗങ്ങള്‍, മേള, പട്ടണത്തില്‍ ഭൂതം, അപൂര്‍വ സഹോദരര്‍കള്‍....
അധികം നീട്ടുന്നില്ല. ഇന്നലെ നഗരമധ്യേ ഒരു വാള്‍ പോസ്റ്റര്‍ കണ്ടു. തിരുവനന്തപുരത്ത് സര്‍ക്കസ് വന്നിരിക്കുന്നു. ഐരാണിമുട്ടം മൈതാനിയില്‍..വിജയകരമായി.....!!! പാവം സര്‍ക്കസ്... സമൂഹത്തില്‍ നിന്നു പ്രാന്തവല്‍ക്കരിച്ച് വല്‍ക്കരിച്ച് (ഒതുക്കിയൊതുക്കി എന്നു പച്ച മലയാളം) പുത്തരിക്കണ്ടവും മാഞ്ഞാലിക്കുളവുമില്ലാതെ ഐരാണിമുട്ടത്തായിരിക്കുന്നു തമ്പ്. മൃഗങ്ങളും പുതിയ ഐറ്റങ്ങളുമില്ലാതെ പണ്ടേ ദുര്‍ബലയായ സര്‍ക്കസ് ആളുകൂടുന്നിടത്ത് തമ്പടിക്കാന്‍ സ്ഥലംപോലുമില്ലാതെ ഗര്‍ഭിണിയായെങ്കിലത്തെ സ്ഥിതിയാലോചിച്ചു സങ്കടം തോന്നി, സത്യം.
പകര്‍ച്ച രോഗങ്ങള്‍ക്കായുള്ള ആശുപത്രി നിലനില്‍ക്കുന്ന നഗരപ്രാന്തത്ത് കാലടിയും കഴിഞ്ഞുള്ള ഓണംകേറാമൂലയായി ഇപ്പോള്‍ സര്‍ക്കസിന് വേദി. അവിടെവരെപ്പോയി ആരു കാണും സര്‍ക്കസ്. ഉത്സവപ്പറമ്പുകളെ ത്രസിപ്പിച്ചിരുന്ന പ്രൊഫഷനല്‍ നാടകങ്ങളുടെ ഗതിതന്നെ സര്‍ക്കസിനും. ഇതാവുമോ കാലത്തിന്റെ അനിവാര്യത?

Wednesday, December 12, 2012

സാര്‍വലൗകികമാകുന്ന ചലച്ചിത്രക്കാഴ്ചകള്‍

നുഷ്യന്റെ പ്രതിസന്ധികള്‍ക്കും ആശങ്കകള്‍ക്കും ആസക്തികള്‍ക്കും ലോകത്തെവിടെയായാലും ഒരേ സ്വഭാവമാണ്. ഭക്ഷണം, ഉറക്കം, രതി എന്നിങ്ങനെ അവന്റെ ആവശ്യങ്ങള്‍ക്കും മാറ്റമില്ല. സാംസ്‌കാരികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്കൊന്നും അടിസ്ഥാന ചോദനകളെയും അസ്തിത്വപ്രതിസന്ധികളെയും അവന്റെ വേദനകളെയും രോദനങ്ങളെയും പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുകയുമില്ല. ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നവയാണ്, പതിനേഴാമത് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും.

ലോകമെമ്പാടുമുള്ള മനുഷ്യാവസ്ഥകള്‍, അത് ആഗോളവല്‍കരണത്തിന്റെ പ്രഭാവത്തിനുള്ളിലോ പുറത്തോ ഉള്ളതാവട്ടെ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും സമാനമാണെന്ന് ഈ സിനിമകള്‍ കാട്ടിത്തരുന്നു.നാഗരികതയുടെ ഭ്രാന്തവേഗത്തില്‍ ആത്മാവു നഷ്ടമാവുന്നവരുടെ വ്യഥകള്‍ക്കു സമാനനിറങ്ങളാണ്. എഴുപതുകളുടെ അവസാനം, ഇന്ത്യന്‍ യുവത്വം നേരിട്ട അസ്തിത്വഭീഷണിയ്ക്കു സമാനമാണിത്. കേവലമുതലാളിത്തത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത അജന്‍ഡകള്‍ക്കുള്ളില്‍ നിന്ന് സ്വത്വം വീണ്ടെടുക്കാനാവാതെ ഉഴറുന്നവരുടെ ദുരവസ്ഥകള്‍ക്ക് കേരളത്തിലെ ഐ.ടി.പാര്‍ക്കെന്നോ പോളണ്ടിലെ വ്യവസായമെന്നോ വ്യത്യാസമില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള ഘര്‍ഷണസംഘര്‍ഷങ്ങളുടെ ഇതിഹാസം അനുസ്യൂതം, അഭംഗുരം തുടരുന്നുവെന്നുള്ളതിന്റെ പ്രത്യക്ഷീകരണങ്ങളാണ് ഈ സിനിമകള്‍.

മറിയാനാ സ്പാദയുടെ ഇറ്റാലിയന്‍ സിനിമയായ മൈ ടുമോറോ (2011) തന്നെയെടുക്കുക. സ്വന്തം തൊഴിലില്‍ അതിവിദഗ്ധയായൊരു കോര്‍പറേറ്റ് ട്രെയിനറുടെ ജീവിതാനുഭവങ്ങളാണ് സിനിമ വിനിമയം ചെയ്യുന്നത്. കമ്പനികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനുദ്ദേശിച്ചുള്ള പരിശീലനം, കോര്‍പറേറ്റുകളുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കനുസൃതമായി തൊഴിലാളികളെ പിരിച്ചുവിടാനുളള ആയുധമാകുന്നതു നിസ്സഹായയായി നോക്കി നില്‍ക്കേണ്ടിവരുന്ന നായിക മോണിക്ക ഒടുവില്‍, തന്റെ പ്രൊഫഷന്‍ തന്നെ വേണ്ടെന്നുവച്ച് ഇറ്റലിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചരിത്രം വിവരിച്ചുകൊടുക്കുന്ന ഗൈഡിന്റെ പണി സ്വയം സ്വീകരിക്കുകയാണ്. കോര്‍പറേറ്റ് സാമ്പത്തികക്രമത്തിലെ കടുത്ത മത്സരങ്ങള്‍ക്കിടയില്‍ സ്വത്വം നഷ്ടപ്പെട്ടുപോകുന്ന മനുഷ്യരുടെ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യമാണ് എന്റെ നാളെ കൈകാര്യം ചെയ്യുന്നത്.

സ്വന്തം പിതാവിനോടുള്ള എല്ലാത്തരത്തിലുമുള്ള ആസക്തി, അച്ഛന്റെ വിയോഗത്തിനു ശേഷം നായികയായ പിലാറിന്റെ ജീവിതത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളാണ് മെക്‌സിക്കന്‍ ചിത്രമായ നോസ് വെമോസ് പപ്പ (2011) ആവിഷ്‌കരിക്കുന്നത്. ലൂക്കാ കരേരാസ് രചിച്ച് സംവിധാനം ചെയ്ത ഈ സിനിമ, തന്റെ ഓര്‍മ്മകളുടെ കളത്തൊട്ടിലില്‍ നിന്ന് നാഗരികതയുടെ മറ്റൊരു ഇടത്തിലേക്കു പറിച്ചുനടാനുള്ള സഹോദരന്റെ പരിശ്രമങ്ങളെ അവള്‍ക്കുള്‍ക്കൊള്ളാനാവുന്നില്ല. അച്ഛന്റെ മണവും രൂപവും നിലനില്‍ക്കുന്ന താന്‍ ജനിച്ചു വളര്‍ന്ന വീട് സഹോദരനുകൂടി അവകാശപ്പെട്ടതാണെന്ന സത്യം അനുവദിച്ചുകൊടുക്കാന്‍ പോലുമവള്‍ തയാറല്ല. സ്‌കീസോഫ്രീനിയയുടെ അതിരുകള്‍താണ്ടുന്ന പിലാറിനെ ഒടുവില്‍ അവളല്ലാതാക്കുന്നു. അവളുടെ അസ്തിത്വം ആ വീടാണെന്നും അവളുടെ ഓര്‍മകളാണെന്നും തിരിച്ചറിയുന്ന സഹോദരന്‍ അവളെ തറവാട്ടില്‍ അവള്‍ക്കിഷ്ടമുളള ജീവിതം നയിക്കാനുളള സ്വാതന്ത്ര്യവുമായി കൊണ്ടുചെന്നാക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

സെയ്ന്റ് നീന എന്ന ഫീലിപ്പിനോ സിനിമയാവട്ടെ, ഭക്തിയോടും അന്ധവിശ്വാസത്തോടുമുള്ള ആധുനിക മനുഷ്യന്റെയും അതിരുവിട്ട ആസക്തിയുടെയും ആശ്രയത്തിന്റെയും നേര്‍ചിത്രീകരണമാണ്.ഭൗതികമായ പ്രതിസന്ധികളെപ്പോലും വിശ്വാസത്തിന്റെ ബലത്തില്‍ മറ്റൊന്നായി കണ്ട് തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്കുള്ള മോചനമായി ആശ്രയിക്കാനുള്ള ആധുനിക മനുഷ്യന്റെ നിരാശ്രയത്വത്തില്‍ നിന്നുടലെടുക്കുന്ന നിസ്സഹായവസ്ഥയുടെ പ്രതിഫലനമാണീ സിനിമ.

ചിലിയില്‍ നിന്നുള്ള ഇവാന്‍സ് വുമണ്‍ ആണെങ്കിലും പോളണ്ടില്‍ നിന്നുള്ള ടു കില്‍ ഏ ബീവര്‍ ആണെങ്കിലും വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ സങ്കീര്‍ണതകളാണ് വെളിവാക്കുന്നത്. സ്വാതന്ത്ര്യവും ലൈംഗികതയും ഓര്‍മ്മയും പാരതന്ത്ര്യവും അധികാരവും അതിര്‍ത്തികളുമെല്ലാം ഇവിടെ ചിന്തയ്ക്കു വിഷയമാവുന്നു.

നാഗരീകതയുടെ മടുപ്പിക്കുന്ന ഏകാന്തതയില്‍ ഒപ്പം വന്നു താമസിക്കാന്‍ കൂട്ടുന്ന സഹോദരന്റെ മകന്‍/ മകള്‍ തുടങ്ങിയ കഥാവസ്തുക്കളും കുടുംബത്തിലേക്കുള്ള തിരിച്ചുപോക്കും, വിശ്വാസത്തിലേക്കുള്ള മടക്കവും, ഗൃഹാതുരത്വത്തിന്റെ സ്വാധീനവും, ആള്‍ക്കൂട്ടത്തിലെ ഏകാന്തതയും, നാഗരീകജീവിത്തിന്റെ നിരര്‍ത്ഥകതയുമെല്ലാം അച്ചാണി മുതല്‍ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് വരെയുള്ള മലയാളസിനിമകളെ എവിടെയെങ്കിലുമൊക്കെ ഓര്‍മിപ്പിക്കും. ഒന്നുകില്‍ ലോകമെമ്പാടുമുള്ള സിനിമകളുടെ പൊതുസമീപനം ഏകതാനമായിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ സിനിമയുടെ നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു ( വിദേശസിനിമകളുടേത് താഴേക്കും?)സെവന്‍ ഡേസ് ഇന്‍ ഹവാനയാകട്ടെ പണ്ടേക്കു പണ്ടേ ഇന്ത്യന്‍ സിനിമയില്‍ ദസ് കഹാനിയാമിലും മലയാളത്തില്‍ കേരള കഫേയിലുമെല്ലാം പരീക്ഷിച്ചു വിട്ടതിന്റെ ബാക്കിയും. എമിര്‍ കോസ്തുറിക്കയെ പ്പോലെ വിഖ്യാതനായ സംവിധായകനെ അഭിനേതാവാക്കാന്‍ സാധിച്ചുവെന്നല്ലാതെ ഹവാനയും ആഹഌദിക്കാന്‍ മാത്രമൊന്നും സമ്മാനിക്കുന്നില്ല.പിന്നെയും ഇറാന്‍ സിനിമതന്നെയാണ് ഘടനയിലെങ്കിലും ചില പരീക്ഷണങ്ങള്‍ക്കൊരുങ്ങിക്കണ്ടത്.മറ്റെല്ലാ സിനിമകളും ഇന്ത്യ വര്‍ഷങ്ങള്‍ക്കുമുന്നേ കൈവിട്ട മന്ദതാളം വരെ ഏറ്റെടുത്തതുപോലെ...
എന്നാല്‍, പതിവു മാധ്യമ പിരികയറ്റക്കാരുടെ കണ്ണില്‍പ്പെട്ടില്ലെങ്കിലും, ഇക്കുറി വന്ന ഒരുപാടു സിനിമകളില്‍ യഥേഷ്ടം ഉണ്ടായിരുന്നത്, സ്പഷ്ടവും വ്യക്തവുമായ ലൈംഗികതയായിരുന്നു. ബഌഫിലിമിനോളം പച്ചയായ മൈഥുന്യരംഗങ്ങള്‍. പഴയകാല ഫയറും കാമസൂത്രയുമൊന്നും പക്ഷേ ഇക്കുറി പ്രേക്ഷകസമീപനത്തില്‍ സ്വാധീനമായിട്ടില്ലെന്നുമാത്രം. ഇന്റര്‍നെറ്റ് പ്രൈവസിക്കു നന്ദി.ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും സംസാരിക്കുന്നത് ചിലിയും പോളണ്ടുമൊക്കെ കാണിക്കുന്നുവെന്ന വ്യത്യാസം മാത്രം.

എന്തായാലും ഒരു കാര്യം സത്യം. ഐ.എഫ്.എഫ്.കെ 2012 പ്രേക്ഷകര്‍ക്ക് ഞെട്ടലൊന്നുമുണ്ടാക്കുന്നില്ല, ആന്റി ക്രൈസ്റ്റ് പോലെ. അല്ലെങ്കില്‍ അസ്ഥിയില്‍ പിടിക്കുന്ന സ്വാധീനവുമാവുന്നില്ല, കിം കി ഡുക്ക ചിത്രങ്ങളുണ്ടാക്കിയതു പോലെ. തരംഗങ്ങളൊന്നുമുണ്ടാക്കാത്ത പരന്ന സിനിമകള്‍. പലപ്പോഴും ഒരേ പ്രമേയത്തിന്റെ പല ടോണുകളിലുള്ള ആവിഷ്‌കാരങ്ങള്‍ പോലെ തോന്നിക്കുന്ന സിനിമകള്‍. അതുണ്ടാക്കുന്ന ഒരുതരം മാന്ദ്യം പറയാതെ വയ്യ

Monday, December 10, 2012

ഷട്ടര്‍ തുറക്കുമ്പോള്‍


ഒരു സംവിധായകന്റെ ആദ്യ സിനിമ. അതും നാടകത്തില്‍ നിന്നു വന്നയാള്‍. ജോണ്‍ ഏബ്രഹാം പോലൊരു ഇതിഹാസത്തോടൊപ്പം സിനിമകളില്‍ സഹകരിക്കുകയും നായകനായഭിനയിക്കുകയും ചെയ്‌തൊരാള്‍.അത്തരമൊരാള്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയ്ക്ക് സ്വാഭാവികമായി ചില ഹാങോവറുകളുടെ ബാധ്യതയുണ്ടാവേണ്ടതാണ്. എന്നാല്‍ ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമയ്ക്ക് അത്തരത്തില്‍ യാതൊരു വിഴുപ്പും ചുമക്കേണ്ടി വന്നില്ല എന്നുള്ളതുതന്നെയാണ്, ആദ്യമായും അവസാനമായും ആ സിനിമയെ വേറിട്ടതും ധൈര്യമുളള ഒന്നും ആക്കുന്നത്. ധൈര്യമെന്നു പറഞ്ഞത്,സ്വാഭാവികമായി ജോയ് മാത്യുവിനെപ്പോലെ ഒരു കനത്ത ചരിത്രമുള്ള ആളില്‍ നിന്നുണ്ടാവുന്ന സൃഷ്ടിക്ക് വന്നുപതിച്ചേക്കാവുന്ന ആര്‍ട്ട്ഹൗസ് മുദ്ര ബോധപൂര്‍വം ഒഴിവാക്കിയതാണ്. ഷട്ടര്‍ വേറിട്ടതാവുന്നതാവട്ടെ, പോസ്റ്റ് പ്രാഞ്ചിയേട്ടന്‍ കാലമലയാള സിനിമയുടെ ശൈലീ സവിശേഷതകളെ പിന്തുടരുന്നിടത്താണ്. പ്രാഞ്ചിയേട്ടന്‍ മുന്നോട്ടു വച്ച സറ്റയറും സര്‍ക്കാസവും, ചുണ്ടിലൊളിപ്പിച്ചു വച്ച പുഞ്ചിരിപോലെ, കറുത്തഹാസ്യമാക്കി മാറ്റുന്നുണ്ട് ഷട്ടര്‍. ശൈലീഭദ്രത ഘടനയില്‍ നിലനിര്‍ത്തുന്നതിനോടൊപ്പം, കൈത്തഴക്കം വന്ന സംവിധായകന്റെ സാന്നിദ്ധ്യവും ഷട്ടറിനെ കരുത്തുള്ളതാക്കുന്നു.
എന്നാല്‍, ഇതിലെല്ലാമുപരി, ഷട്ടര്‍ ജോയ് മാത്യു എന്ന ചലച്ചിത്രകാരനെ അടയാളപ്പെടുത്തുക അതിന്റെ തിരക്കഥയിലൂടെയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ഥലകാലങ്ങളിലൂടെ അനായാസം അങ്ങോട്ടുമിങ്ങോട്ടും ഊയലാടിക്കൊണ്ടു തന്നെ മുഖ്യധാരയുടെ ലാളിത്യം ആവഹിച്ചുകൊണ്ടുള്ള കഥാനിര്‍വഹണരീതി. ജാഡകളുടെയും മുന്‍വിധികളുടെയും എല്ലാ കെട്ടുപാടുകളും കാറ്റില്‍പ്പറത്തിക്കൊണ്ട്, സിനിമയെ ബഹുജനമാധ്യമമായിത്തന്നെ സമീപിക്കുന്ന രീതി. പക്ഷേ, അപ്പോഴും സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷങ്ങളെയും വ്യക്തികള്‍ തമ്മിലുളള ബന്ധവൈരുദ്ധ്യങ്ങളെയും ശക്തമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട് ഷട്ടര്‍.
തിരക്കഥ ആദ്യരൂപത്തില്‍ ആദ്യം വായിച്ച ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍, സദാചാരത്തിന്റെ ആവിഷ്‌കരണത്തില്‍ സാമൂഹികമായും സാമ്പ്രദായകമായും ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായിട്ടുളളതിനോട് വിയോജിപ്പാണുള്ളതെങ്കിലും തിരക്കഥയുടെ ഉള്‍ക്കരുത്തിനെ അതു തെല്ലും ബാധിക്കുന്നില്ലെന്നതില്‍ സന്തോഷമുണ്ട്. ക്‌ളൈമാക്‌സിലെ ചില അതിനാടകീയതകളും കപടസദാചാരത്തെ കുത്തിനോവിക്കാത്ത ചലച്ചിത്രസമീപനവുമായിരുന്നില്ല തിരക്കഥയുടെ മൂലരൂപത്തില്‍ വായിച്ചത്. എന്നാല്‍, സിനിമ, തിരക്കഥയുടെ തല്‍സമാനാവിഷ്‌കരണം തന്നെയാവണമെന്നില്ലെന്ന ന്യായം നോക്കിയാലും, മാറ്റങ്ങള്‍ വഴി സിനിമ, പുതിയൊരു സര്‍ഗാത്മകനിലവാരം കൈവരിക്കുന്നു എന്നുള്ളതുകൊണ്ടും തന്നെയാണ് അതു സിനിമയുടെ നിര്‍വഹണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നു പറയുന്നത്.
കാസ്റ്റിംഗിലെ ഏകാഗ്രതയാണ് ഈ സിനിമയുടെ 50 ശതമാനം വിജയം. അക്കാര്യത്തില്‍ അരങ്ങിന്റെ പിന്‍ബലം ജോയ് മാത്യുവിനെ ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്റെയും  ശ്യാമപ്രസാദിന്റെയും സിനിമകളിലേതിനു തുല്യമായ പെര്‍ഫെക്ഷനാണ് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ തേടുന്നതില്‍ ജോയ്മാത്യു കാത്തുസൂക്ഷിച്ചിരിക്കുന്നത്. സജിത മഠത്തില്‍ അതിശക്തമായ സാന്നിദ്ധ്യമായി സിനിമയില്‍ നിറഞ്ഞാടുന്നു. അഭിനേതാവിനെപ്പോലെ, ഹരിനായരുടെ ക്യാമറയും. ഇതുരണ്ടും, പിന്നെ, കോഴിക്കോടും ഈ സിനിമയെ ധന്യമാക്കുന്നു. 
ഷട്ടര്‍, കേരളത്തിലെ സമകാലിക മലയാളി ജീവിതത്തിനു നേരെയുള്ള സത്യസന്ധമായ തുറന്നുപറച്ചിലാണ്. തുറന്നു കാട്ടലാണ്. അല്ലെങ്കില്‍ ഒളിഞ്ഞുനോട്ടമാണ്. അതിനുളള ഉപാധിമാത്രമാണ് സിനിമയിലെ കടമുറിയുടെ താഴിട്ടുപൂട്ടിയ ഷട്ടര്‍. അതു തുറക്കുന്നതും അടയ്ക്കുന്നതും പച്ചയായ ജീവിതത്തിനു നേര്‍ക്കുനേരെയാണ്.

Sunday, December 09, 2012

സിനിമയിലെ ഇടങ്ങള്‍:ചില യുക്തിവിചാരങ്ങള്‍


 എ.ചന്ദ്രശേഖര്‍
സ്ഥലകാലങ്ങളുടെ കലയാണ് സിനിമ. നാടകത്തെക്കാള്‍ നാടകീയമായി സ്ഥലകാല മാനകങ്ങളെ കഥാവസ്തുവിലേക്കും, ദൃശ്യപരിചരണരൂപസംവിധാനത്തിലേക്കും ഇഴപിന്നി ചേര്‍ക്കാനാവുന്ന നിര്‍വഹണസംഹിതയാണ് സിനിമയുടേത്. മാധ്യമപരമായി, മറ്റിതര കലാരൂപങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനും ദൃശ്യമാധ്യമത്തിനു സാധ്യമാവുന്നതും അതുകൊണ്ടുതന്നെ. പറയാവുന്നതും പറയാനാവാത്തതുമൊക്കെ കാണിക്കാനും കാണാനും സാധിക്കുന്നു എന്നുള്ളതുകൊണ്ടുതന്നെയാണ് ഈ മേല്‍ക്കോയ്മ എന്നു മനസ്സിലാക്കാന്‍ ഏറെ തലച്ചോര്‍ പുകയ്‌ക്കേണ്ടതില്ല.
കാണുന്ന/കാണിക്കുന്ന രംഗം/സംഭവങ്ങളുടെ തുടര്‍ച്ച, എവിടെ/എപ്പോള്‍ സംഭവിക്കുന്നു എന്നുള്ളതാണ് സിനിമയുടെ വിനിമയത്തില്‍ പ്രധാനം. സീന്‍ നമ്പര്‍ ഒന്ന്, പകല്‍, നായകന്റെ വീട്...എന്നിങ്ങനെയാണ് ഓരോ രംഗത്തിന്റെയും വിവരണം തിരക്കഥയുടെ ഭാഷയില്‍ ലിഖിതപ്പെടുകയെന്നതുതന്നെ ഈ സ്ഥല/കാലരാശികളുടെ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്. ഫഌഷ് ബാക്ക് ആണെങ്കില്‍ക്കൂടി, അതിനുള്ള കാലസൂചനയിലൂടെയുള്ള മറികടക്കല്‍ (ട്രാന്‍സിഷന്‍) സാധ്യമായിക്കഴിഞ്ഞാല്‍ പിന്നെ, സിനിമ തത്കാലം 'ഇന്നി'ല്‍ തന്നെയാണ് സംഭവിക്കുന്നത്. അതായത്, കുറേക്കാലം പിന്നിലേക്ക് എന്നു പ്രേക്ഷകനൊരു ദൃശ്യസൂചന നല്‍കിക്കഴിഞ്ഞ്, അയാളെ/അവളെ ആ കാലത്തേക്ക് ആയാസം കൂടാതെ പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ പിന്നെ അതുതന്നെയാണ് സമകാലം അഥവാ നടപ്പുകാലം. പിന്നെ ആ കാലത്ത് ഇപ്പോള്‍ നടക്കുന്നതെന്തോ അതുതന്നെയാണ് തത്കാലം! ഇത് സിനിമയ്ക്കു മാത്രം സാധ്യമായ മാധ്യമപരമായ കാലാന്തരപ്രവേശം.
എന്നാല്‍ ഇങ്ങനെ തത്കാലങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രമേയപരമെന്നതിലുപരിയായി, സ്ഥലകാലങ്ങള്‍ക്ക് ആഗോളതലത്തില്‍ സാംസ്‌കാരികവും സാമൂഹികവുമായൊരു മാനം കൂടിയുണ്ട്. തീര്‍ത്തും പ്രമേയബാഹ്യമാണ് ഇത്. അതേസമയം, സാംസ്‌കാരികവും സാമൂഹികവുമായ പരികല്‍പനകള്‍ക്കും സ്വാധീനങ്ങള്‍ക്കും നരവംശശാസ്ത്രപരമായ പൈതൃകങ്ങള്‍ക്കും വിധേയമായിട്ടുണ്ടായിപ്പോകുന്ന ഒന്നുമാണത്. അവയ്ക്ക് മനുഷ്യചരിത്രവും സാംസ്‌കാരികപാരമ്പര്യവുമായും പൊക്കിള്‍ക്കൊടി ബന്ധമുണ്ട്.പാശ്ചാത്യ പൗരസ്ത്യ ചലച്ചിത്രങ്ങള്‍ തമ്മിലുള്ള സുപ്രധാന വ്യത്യാസങ്ങളെന്തെന്നു സൂക്ഷ്മമായി വിലയിരുത്തിയാല്‍ സിനിമയിലെ ഈ കാലപ്രമാണം വ്യക്തമാവും.
തീര്‍ത്തും പാശ്ചാത്യവും അതേസമയം, ബഹുകലകളുടെ സമന്വയവുമായി വളര്‍ച്ച നേടിയ സാങ്കേതിക വിനിമയോപാധിയാണല്ലോ ചലച്ചിത്രം. സ്വാഭാവികമായി, അതിന് ലോകമെമ്പാടുമുള്ള ദൃശ്യകലകളുടെ സാംസ്‌കാരിക പൈതൃകം അവകാശപ്പെടാം. നിഴല്‍ക്കൂത്തുകളുടെ മുതല്‍ നൃത്തനൃത്യങ്ങളുടെ വരെ സാംസ്‌കാരിക തനിമ സ്വാംശീകരിച്ചാണ് സിനിമ, ഇന്നു കാണുന്ന നിലയിലേക്കു വികാസം പ്രാപിച്ചത്. അതുകൊണ്ടു തന്നെ, സാംസ്‌കാരികമായ വൈജാത്യങ്ങളുടെ നിര്‍വഹണപരമായ ഇടങ്ങളും സമയങ്ങളും അതിന്റെ പ്രമേയതലത്തിലും രംഗാവിഷ്‌കാരതലത്തിലും അതതു മേഖലകളിലെ സിനിമകള്‍ പങ്കിടുന്നുണ്ട്. ഹോളിവുഡിലെ സിനിമയും, ഇറാനിലെ സിനിമയും,ഹോളിവുഡിലെ തന്നെ ഹോങ്കോങ് സിനിമയും ലാറ്റിനമേരിക്കന്‍ സിനിമയും, ഏഷ്യയിലെ ജപ്പാന്‍, ഇന്ത്യന്‍, കൊറിയന്‍ സിനിമകളും തമ്മിലെ വ്യത്യാസവും അടുപ്പവും രംഗനിര്‍വഹണത്തിലെ ഇടങ്ങളുടെയും സമയത്തിന്റെയും കാര്യത്തിലുള്ള ഈ വൈജാത്യങ്ങളെ ആശ്രയിച്ചുണ്ടാവുന്നതാണ്.
ഒരു ഭാഷയുടെ ഛന്ദസും ചമത്കാരവും ആ ഭാഷ ഉപയോഗിക്കുന്ന നാടിന്റെ തനതു സംസ്‌കാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതും, തദ്ദേശീയര്‍ക്കു മാത്രമായി വിനിമയം ചെയ്യപ്പെടുന്ന ചില മാനങ്ങളും മാനകങ്ങളും സൂചനകളും സൂചകങ്ങളും ഉള്ളടങ്ങുന്നതുമായിരിക്കും. ലോകത്തെ ഏതു ഭാഷയിലെയും സ്ഥിതി ഭിന്നമല്ല. അതുകൊണ്ടുതന്നെയാണ് പഴഞ്ചൊല്ലുകള്‍ പോലും ഒരു ഭാഷയിലേത് മറ്റൊന്നിലേക്ക് തത്സമം ഭാഷാന്തരം ചെയ്യാനാവാതെ വരുന്നത്. ഓരോ നാട്ടിലെ ജനതയുടെ പെരുമാറ്റത്തിലും സാംസ്‌കാരികവും സാമൂഹികവുമായ വൈജാത്യങ്ങള്‍ സാധാരണമാണല്ലോ. വാസ്തവത്തില്‍ അതാണ് അവരുടെ സ്വത്വമായി തിരിച്ചറിയപ്പെടുകതന്നെ. ഈ അര്‍ത്ഥത്തില്‍ വേണം ഹോളിവുഡ് സിനിമയിലെയും ഇതര ലോകഭാഷാ സിനിമകളിലേയും പൊതു ഇടങ്ങളെ വിലയിരുത്താന്‍.
ഹോളിവുഡ് സിനിമയുടെ പ്രമേയപരമായ പൊതു ഇടം എന്നു പറയുന്നത് മിക്കപ്പോഴും മൂന്നു സ്ഥലങ്ങളിലായിരിക്കും. ഒന്ന് കിടപ്പറ. രണ്ട് തീന്‍മേശ. മൂന്ന് വാതില്‍പ്പുറം/ഓഫിസ്/കാര്‍. ഇംഗഌഷ് സിനിമയില്‍ ഭാവന ആകാശനീലിമയ്ക്കപ്പുറത്തോ, ആഴക്കടലിന്റെ അന്തരാളങ്ങളിലോ ആയിക്കോട്ടെ, അവിടെയെല്ലാം കഥാപാത്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയം, സംഭാഷണങ്ങള്‍, സംഘര്‍ഷം, സംഘട്ടനം, പ്രണയം, രതി, സ്‌നേഹം, നിരാസം എല്ലാം സംഭവിക്കുക ഇപ്പറഞ്ഞ മൂന്ന് ഇടങ്ങളിലായിരിക്കും. 
ഇംഗഌഷ് സിനിമയില്‍, ഇപ്പറഞ്ഞ മൂന്ന് ഇടങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കപ്പെടാന്‍ കാരണം പാശ്ചാത്യ ജീവിതചര്യയുടെ സവിശേഷത തന്നെയാണ് കാരണം. പൊതുവേ അമേരിക്കന്‍/യൂറോപ്യന്‍ ജീവിതത്തില്‍ മനുഷ്യര്‍ തമ്മില്‍ അധികവും സംഭാഷണം സാധ്യമാവുന്നത്് അവരവരുടെ തൊഴിലിടങ്ങളില്‍ വച്ചോ, നീണ്ട കാര്‍യാത്രകളില്‍ വച്ചോ അല്ലെങ്കില്‍ ഡിന്നറോ പാര്‍ട്ടിയോ നടക്കുന്ന തീന്‍മേശയ്ക്കു ചുറ്റുമോ ആണ്്. മറ്റൊരര്‍ത്ഥത്തില്‍ അവര്‍ മനസ്സുതുറക്കുന്നത് കിടപ്പറയിലുമായിരിക്കും. സ്വാഭാവികമാണ്, ഈ ഇടങ്ങള്‍ ചലച്ചിത്രങ്ങളിലും, ഇതര ആവിഷ്‌കാരങ്ങളിലും പ്രതിനിധാനം ചെയ്യാപ്പെടുക എന്നത്. ഏതൊരു ശരാശരി ഹോളിവുഡ് സിനിമയുടെയും ഘടന പരിശോധിച്ചാല്‍ ഈ നിരീക്ഷണം വളരെ വേഗം വ്യക്തമാവും. നായകനും നായികയും തമ്മിലുള്ള വര്‍ത്തമാനം മിക്കപ്പോഴും കാറിനുള്ളില്‍ വച്ചായിരിക്കും. അല്ലെങ്കില്‍ ഓഫീസിനുള്ളിലോ വീട്ടിലെ അടുക്കളയിലോ തീന്‍മേശയ്ക്കുചുറ്റുമോ. അതുമല്ലെങ്കില്‍, രാത്രിയോ പകലോ കിടപ്പറയില്‍ (അല്ലെങ്കില്‍ രതി ്‌നടക്കുന്ന ഇടമേതോ അവിടെ, സഹശയനത്തിന്റെ വേളയില്‍).അടുക്കളയാണ് ഇടമെങ്കില്‍, നായകനോ നായികയോ പാചകം ചെയ്യുകയായിരിക്കും. തീന്‍മേശയാണ് രംഗപശ്ചാത്തലമെങ്കില്‍, തീര്‍ച്ചയായും ഭക്ഷണവേളതന്നെയായിരിക്കും. തിന്നുകയോ കുടിക്കുകയോ ചെയ്യുന്ന നേരം. ശയനവേളയിലൊഴികെ, മള്‍ട്ടീടാസ്‌കിംഗ് എന്ന സൈബര്‍ സംജ്ഞ സൂചിപ്പിക്കുന്ന ഒന്നിലേറെ പ്രവൃത്തികള്‍ ഒരേ സമയം ചെയ്യുന്നതിനിടയ്ക്കായിരിക്കും അവരുടെ സംഭാഷണങ്ങള്‍. കാര്‍ ഡ്രൈവു ചെയ്യുക, അതേസമയം ചുണ്ടില്‍ സിഗററ്റു പുകച്ചുകൊണ്ട് സംസാരിക്കുക, തീന്‍മേശയിലോ യാത്രയിലോ എന്തെങ്കിലും ചവച്ചുകൊണ്ടോ, കുടിച്ചുകൊണ്ടോ സംസാരിക്കുക..ഫോണ്‍ ചെവിയിമര്‍്ത്തിപ്പിടിച്ചു സംസാരിച്ചുകൊണ്ടു പാചകം പൂര്‍ത്തിയാക്കുക...ഇതെല്ലാം, സമയത്തിനു തീവിലയുള്ള ആഗോളവല്‍കൃത സമൂഹത്തിന്റെ നിത്യജീവിതച്ചിട്ടകളില്‍ നിന്നുടലെടുക്കുന്ന സ്ഥലകാലങ്ങളാണ്. 
രതിയുടെ കാര്യത്തില്‍ മാത്രമാണ് തിരക്കില്ലാത്ത ആശയവിനിമയം ഹോളിവുഡ് സിനിമകളില്‍ സാധ്യമായിക്കണ്ടിട്ടുള്ളത്. അതും രാത്രിയാമങ്ങളില്‍. വീടിന്റെ സ്വസ്ഥതയില്‍ സ്വന്തം കിടപ്പറയില്‍ സംതൃപ്തമായ രതിക്കു ശേഷമുള്ള ആലസ്യവേളയില്‍ പ്രണയമോ, ദര്‍ശനങ്ങളോ, സ്വപ്നങ്ങളോ പങ്കുവയ്ക്കുന്ന നായകനും നായികയും. അപൂര്‍വം അപവാദം, വാരാന്ത്യകാലരാശിയില്‍ തെളിയുന്ന കടല്‍ത്തീര/മലയോര സുഖവാസകേന്ദ്രങ്ങളുടെ സ്ഥലക്കാഴ്ചകള്‍ മാത്രമായിരിക്കും.അവിടെയും സണ്‍ബാത്തോ, നീന്തലോ, സര്‍ഫിങ്ങോ അടങ്ങുന്ന മള്‍ട്ടീ ടാസ്‌കിംഗിലായിരിക്കും കഥാപാത്രങ്ങള്‍.
ഇനി വില്ലനോ വില്ലത്തിയോ നായകനോ ഉപനായകന്‍/ഉപനായിക എന്നിവരോടോ ആശയവിനിമയം സാധ്യമാകുന്ന ഇടങ്ങള്‍ക്കുമുണ്ട് സമാനമായ ചില സവിശേഷതകള്‍. പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍ മുറി, ജയിലിലെ ഇരുമ്പു മെഷിനപ്പുറമിപ്പുറം, ഓഫീസ് ക്യൂബിക്കിള്‍/മുറി, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍...ഇടങ്ങള്‍ ഇങ്ങനെ മാറുമ്പോഴും കഥാപാത്രങ്ങളുടെ പ്രവൃത്തിബാഹുല്യത്തിനു കുറവൊന്നുമുണ്ടാവില്ല. പൊലീസ് സ്റ്റേഷനിലായാലും ഓഫീസിലായാലും ഉദ്യോഗസ്ഥരടക്കം കോഫി മഗ്ഗില്‍ നിന്നു കാപ്പി മുത്തിക്കുടച്ചുകൊണ്ടോ, സിഗാര്‍ ആഞ്ഞു വലിച്ചു പുകയൂതി വിട്ടുകൊണ്ടോ, ഹാംബര്‍ഗര്‍/സബ് ടിഷ്യൂപേപ്പര്‍ ചുറ്റി കടിച്ചുകൊണ്ടോ ഒക്കെയാവും സംഭാഷണത്തിലേര്‍പ്പെടുക. അമേരിക്കന്‍/യൂറോപ്യന്‍ സോപ് ഓപെറകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ടെലിവിഷന്‍ പരമ്പരകളിലെ കഥാപാത്രങ്ങളുടെ ശരീരഭാഷയും ആവിഷ്‌കാരസംവിധാനവുമെല്ലാം ഇതിനു സമാനമാണ്.
പാശ്ചാത്യ ജനജീവിതത്തിന്റെ നേര്‍ചിത്രമായിത്തന്നെവേണം ഈ സ്ഥലകാലാവിഷ്‌കാരങ്ങളെ കണക്കാക്കേണ്ടത്്. കാരണം, തിരക്കിട്ട ജീവിതശൈലിയില്‍ ഒരു ശരാശരി അമേരിക്കക്കാരന്/അമേരിക്കക്കാരിക്ക് പരസ്പരം കാണാനും ഏറെ നേരം സംസാരിക്കാനും സമയം കിട്ടുക മേല്‍ സൂചിപ്പിച്ച സന്ദര്‍ഭങ്ങളിലും സ്ഥലങ്ങളിലുമായിരിക്കുമെന്നതാണ് വാസ്തവം.
പൗരസ്ത്യക്കാഴ്ചകളില്‍ സാഹചര്യങ്ങളില്‍ മാറ്റം വരും. നമ്മുടെ സിനിമകളിലും അതുകൊണ്ടുതന്നെ നാടകീയത ഇതള്‍വിരിയുന്നതും കഥ വളരുന്നതും വ്യത്യസ്തമായ തലത്തിലാണ്. ലോകത്തു മറ്റൊരിടത്തും കാണാത്ത ചലച്ചിത്രഗാനരംഗങ്ങള്‍ നമ്മുടെ മാത്രം സിനിമയുടെ ഭാഗമാണ്. അതിഭാവുകത്വം കലര്‍ന്ന പ്രതികരണങ്ങളെന്നോണം തന്നെ, ലേശം ഡോസ് കൂടിയ പ്രകടനങ്ങള്‍ക്കിണങ്ങുന്ന കഥാസ്ഥലികളാണ് പലപ്പോഴും ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ കാണുക. ഇവിടെ വാതില്‍പ്പുറമെന്നത് ക്ഷേത്രം/ആരാധനാലയം, വിദ്യാലയം/കോളജ്/സ്‌കൂള്‍, കോടതി/പോലീസ് സ്‌റ്റേഷന്‍, ഹോട്ടലുകള്‍/ കടപ്പുറം/സുഖവാസകേന്ദ്രങ്ങള്‍, വീട്, നാട്ടുവഴികള്‍/കവല, പൊതു ഉദ്യാനങ്ങള്‍/പാര്‍ക്ക് എന്നിവിടങ്ങളെല്ലാം നമ്മുടെ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്കു പെരുമാറാനുള്ള ഇടങ്ങളാവാറുണ്ട്്. 
പലപ്പോഴും വിദേശിപ്രേക്ഷകര്‍ക്കു സുപരിചിതമായ, എന്തിന് ഏഷ്യന്‍ ഭാഷകളില്‍ പോലും ഏറെ ആവര്‍ത്തിക്കപ്പെട്ടുകഴിഞ്ഞ റോഡ് മൂവി (യാത്ര പ്രമേയമായ, വിവധ സ്ഥലകാലരാശികളിലൂടെ സഞ്ചരിക്കുന്ന കഥാതന്തുവും ആവിഷ്‌കാരവുമുള്ള സിനിമ) എന്ന പരികല്‍പന പോലും ഇന്ത്യന്‍ സിനിമയ്ക്ക് കുറച്ചുവര്‍ഷം മുമ്പുവരെ അന്യമായിരുന്നു. മെഗാ ഹിറ്റുകളായ ദില്‍ വാലെ ദുല്‍ഹനിയ ലേ ജായേംഗേ ആയാലും ഏറ്റവും പുതിയ കാര്യസ്ഥന്‍ ആയാലും ദുര്‍ഗസമാനമായൊരു തറവാടിനെച്ചുറ്റി കെട്ടിപ്പടുത്തിട്ടുള്ള സിനിമകളാണ്. സ്ഥലകാലങ്ങളുടെ നേട്ടങ്ങളാഘോഷിച്ച ഷോലെ പോലുള്ള അപവാദങ്ങളുണ്ടായിട്ടില്ല എന്നല്ല.എന്നാലും ലക്ഷണയുക്തമായൊരു ദേശാടനസിനിമ മലയാളത്തില്‍ പിറക്കാന്‍ ജോണ്‍ ഏബ്രഹാമിന്റെ അമ്മയറിയാന്‍ വരെ നമുക്കു കാത്തിരിക്കേണ്ടിവന്നുവെന്നുള്ളത് സത്യം. ഭരതന്റെ താഴ്‌വാരവും ലോഹിതദാസിന്റെ ചക്രവും രഞ്ജിത് ശങ്കറിന്റെ പാസഞ്ചറും ബ്‌ളെസിയുടെ ഭ്രമരവുമെല്ലാം അതിന്റെ പിന്‍മുറകള്‍.വേറിട്ട അസ്ഥിത്വവും ഭാവുകത്വവും പ്രകടിപ്പിച്ച ഒരു റോഡ് മൂവിയുണ്ടായത്, കാലങ്ങള്‍ക്കിപ്പുറം ഡോ.ബിജുവിന്റെ വീട്ടിലേക്കുള്ള വഴി ആയിരിക്കണം.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം പോലെയുള്ള ചില ദ്വന്ദ്വങ്ങളും നമ്മുടെ സിനിമ സ്ഥലകാലങ്ങളിലൂടെ മുന്നോട്ടു വയ്ക്കുന്നുണ്ട്്. സത്യന്‍ അന്തിക്കാടിന്റെയും എം.പി.സുകുമാരന്‍ നായരുടെയും ലോഹിതദാസിന്റെയും മറ്റും സിനിമകള്‍ ഗ്രാമനൈര്‍മല്യത്തിന്റെ ആവിഷ്‌കാരങ്ങള്‍ എന്ന നിലയ്ക്ക്് ഇത്തരമൊരു ദേശപരമായ ദ്വന്ദം വ്യക്തമായി അടയാളപ്പെടുത്തുന്നവയാണ്.അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളിലെല്ലാം പൊതുവായി വരുന്ന ഒരു രംഗം, കഥാപാത്രം വീട്ടില്‍ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെയാണ്. സവിസ്തരം അത്തരം രംഗങ്ങള്‍ അദ്ദേഹം ഉള്‍പ്പെടുത്താറുണ്ട്. കാലഘട്ടത്തിന്റെ പ്രതിനിധാനം എന്നതിലുപരി, പഴയകാല ജന്മിത്ത വ്യവസ്ഥിതിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറെ നേരം ഇടപഴകുന്നത് ഭക്ഷണവേളയിലും ഉറക്കറയിലുമാണെന്നതുകൊണ്ടുകൂടിയായിരിക്കാം അദ്ദേഹത്തിന്റെ സിനിമകളില്‍ ഈ സ്ഥലകാലങ്ങള്‍ കൂടൂതല്‍ ദീര്‍ഘവും സൂക്ഷ്മവുമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ജി.അരവിന്ദന്റെ സിനിമകളും ഇത്തരം സ്ഥലകാലരാശികളുടെ വംഗ്യങ്ങള്‍ ആഘോഷിക്കുന്നുണ്ടെങ്കിലും കാഞ്ചനസീതയിലൂടെ ദൃശ്യപരമായ വിലക്കുകള്‍ പലതും പൊട്ടിച്ചെറിയുന്നുണ്ട് അദ്ദേഹം. ഷാജി എന്‍.കരുണ്‍, കെ.ആര്‍ മോഹന്‍, പ്രിയനന്ദനന്‍, ലെനിന്‍ രാജേന്ദ്രന്‍, ജയരാജ്, ടി.വി.ചന്ദ്രന്‍, ബ്‌ളെസി, ശ്യാമപ്രസാദ്, അന്തരിച്ച ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെയെല്ലാം സിനിമകള്‍ തദ്ദേശീയമായ സ്ഥലകാലങ്ങളുടെ കൂടി അടയാളപ്പെടുത്തലുകളാണെങ്കിലും അവയില്‍ ആധുനികമായ ഉടച്ചുവാര്‍ക്കലുകള്‍ക്ക് പലപ്പോഴും അവര്‍ ധൈര്യം കാട്ടിയിട്ടുള്ളതായി കാണാം. പിറവിയെ അകത്തളമല്ല കുട്ടിസ്രാങ്ക് എന്ന ദൃശ്യകവിതയില്‍ ഷാജി പശ്ചാത്തലമാക്കുന്നത്. അവിടെ ത്രികാലങ്ങള്‍ക്കൊത്ത് നിറംമാറുന്ന സ്ഥലരാശികളും പ്രാധാന്യം നേടുന്നുണ്ടെന്നുമാത്രമല്ല, കുളപ്പുരയിലെ നഗ്നശരീരം പോലും ആവിഷ്‌കരണത്തിന് അന്യം നില്‍ക്കുന്നില്ല. 
ഇവരില്‍ പലരും സിനിമയിലൂടെ തേടുന്നത്, തുറന്നുകാണിക്കാന്‍ ആഗ്രഹിക്കുന്നത് അഥവാ ചുഴിഞ്ഞുനോക്കാനാഗ്രഹിക്കുന്നത് ലോക സിനിമയില്‍ ആന്ദ്ര തര്‍ക്കോവ്‌സ്‌കിയും ഗോദ്ദാര്‍ദ്ദും ഇന്‍ഗ്മര്‍ ബര്‍ഗ്മാനും മറ്റും ചിത്രീകരിച്ചു കാട്ടി ദൃശ്യസ്ഥലികളാണ്; മനുഷ്യമനസ്സിന്റെ ഉള്ളറകള്‍ എന്ന അതിദുര്‍ഘടവും സങ്കീര്‍ണവും ദുര്‍ഗ്ഗമ്മമവുമായ ഇടം. മനുഷ്യന്റെ മനസ്സിനുള്ളിലേക്കാണ് ഈ ചലച്ചിത്രകാരന്മാരിലേറെയും ക്യാമറ തുറന്നുപിടിച്ചത്. അതിനവര്‍ക്കു കൂട്ടാകാന്‍, സ്റ്റാക്കറിലേതിനു സമാനമായ ഇടങ്ങളും എന്തിന്, മതിലുകളിലേതുപോലെ, ജയിലകം പോലും പശ്ചാത്തലമായി. അടഞ്ഞ ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ തുറക്കുന്ന മുനിയാണ്ടിയുടെ ഭാര്യ ശിവകാമിക്കുമുന്നില്‍ അതിസുന്ദരമായൊരു പുഷ്‌പോദ്യാനം തന്നെ അനാവരണം ചെയ്യുന്ന ചിദംബരത്തിലെ രംഗത്ത്,സ്ഥലം മനസ്സിന്റെ പ്രതീകമാവുകയാണ്, പ്രകാശനമാവുകയാണ്.
എന്നാല്‍ മുഖ്യധാരാസിനിമകളില്‍ സ്ഥിതി ഭിന്നമാണ്.ലോകഭാഷയില്‍ ഒരു കാമുകന്‍ കാമുകിയോട് തന്റെ പ്രണയം പറയുന്നത് റെസ്റ്റോറന്റിലോ, ഏതെങ്കിലും വീട്ടിലെ നൈറ്റ്് പാര്‍ട്ടിയിലോ, അതുമല്ലൈങ്കില്‍ തൊഴിലിനിടെ, വലിയൊരു സംഘട്ടനത്തിനോ സംഘര്‍ഷത്തിനോ ഇടയില്‍വച്ചോ ഒക്കെയായിരിക്കും. പരസ്പരമുള്ള തിരിച്ചറിവാണ് അവര്‍ക്കു പ്രണയം. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഒരു നായകന് നായികയോടു പ്രണയം തുറന്നുപറയണമെങ്കില്‍ അതിമനോഹരമായ ഒരു ഉദ്യാനപശ്ചാത്തലം വേണം. കുറഞ്ഞപക്ഷം, അതിനൂതനമായ, ഇതുവരെയും ആരും പരീക്ഷിച്ചിട്ടില്ലാത്ത മാര്‍ഗ്ഗങ്ങളെങ്കിലും വേണം. (പണ്ട് ശകുന്തള പരീക്ഷിച്ചപോലെ താമരയിലയില്‍ കോറിയ പ്രണയലേഖനമോ, പുഴയിലൂടെ എഴുതിത്തുഴഞ്ഞുവിടുന്ന പ്രണയയാനങ്ങളോ, കണ്ണടയ്ക്കുമ്പോള്‍ കണ്‍തടങ്ങളിലെഴുതിപ്പിടിപ്പിച്ച ഐ ലവ് യൂവോ) അവര്‍ക്കു പ്രണയാതുരമായി ആടിപ്പാടാന്‍ മരങ്ങള്‍ നിറഞ്ഞ ഹിമപ്രദേശം വേണം. അലെങ്കില്‍ ചരിത്രം ഉറഞ്ഞുനില്‍ക്കുന്ന കോട്ടക്കൊത്തളങ്ങളോ, ക്ഷേത്രസമുച്ചയങ്ങളോ, കടല്‍പ്പരപ്പോ വേണം! മരംചുറ്റി പ്രേമം എന്ന പ്രയോഗം തന്നെ തേേദ്ദശീയമാണെന്നോര്‍ക്കുക. ലോകമഹാദ്ഭുതങ്ങള്‍ക്കു മുന്നില്‍ പ്രണയമാടുന്ന നായകനും നായികയുമാണ് ഇന്ത്യന്‍ സിനിമയുടെ ഇന്നത്തെയും ഹിറ്റ് ഫോര്‍മുല. 
എല്ലാറ്റിനും ഹോളിവുഡ്ഡിനെ ഉറ്റുനോക്കുന്ന, അവരെ അനുകരിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ സിനിമ ഇവിടെ, അമേരിക്കന്‍/യൂറോപ്യന്‍ സിനിമയുടെ യുക്തിശീലങ്ങളെ കാറ്റില്‍ പറത്തുന്നു. ചിരി, ദ്വേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങളെപ്പോലെ തന്നെ കിടപ്പറയിലെ പ്രണയത്തെയും നിസ്സങ്കോചം തുറന്നുകാട്ടുന്ന ഹോളിവുഡിനെ സദാചാരത്തിന്റെ കാപട്യംമൂലം നാം പിന്തുടരാന്‍ മടിക്കുന്നു. പകരം കിടപ്പറയിലെ രതിയെന്നത് പിന്‍ചുവരിലെ കുതിരയുടെ ചിത്രത്തിലേക്കോ, കൊക്കുരുമുന്ന കിളികളിലേക്കോ, പരസ്പരം പൂമ്പോടിപകരാന്‍ തൊട്ടുരുമുന്ന പുഷ്പങ്ങളിലേക്കോ, ചേമ്പിലയില്‍ വീഴുന്ന മഴത്തുള്ളികളിലേക്കോ ഫെയ്ഡൗട്ടാവുന്നു. ദേശീയമായ സെന്‍സര്‍ നിയമങ്ങളും ദൃശ്യപരമായ ഇത്തരം ഇടം മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ടാവാം.
നായികയുമായി ഏതെങ്കിലും പച്ചക്കുന്നിന്‍മുകളില്‍ എത്തി, പാര്‍ക്കുചെയ്തിട്ട കാറില്‍ ചാരിനിന്ന് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തുന്ന നായകന്‍ ഇന്നും മലയാള സിനിമയ്‌ക്കോ, പരമ്പരകള്‍ക്കോ അന്യമല്ല. രണ്ടു പേര്‍ സംസാരിക്കുമ്പോള്‍ പോലും, ക്യാമറയെ അഭിമുഖീകരിച്ചു മാത്രം സംസാരിക്കുന്ന, സ്‌റ്റേജിന്റെ ശരീരഭാഷ പോലും പൂര്‍ണമായി വിട്ടുകളഞ്ഞ് പ്രായപൂര്‍ത്തി പക്വത കാണിച്ചു തുടങ്ങിയിട്ടില്ല നമ്മള്‍. ജീവിതത്തില്‍ നമ്മളൊരാളോടു സംസാരിക്കുമ്പോള്‍ അയാള്‍ നമുക്കു പുറംതിരിഞ്ഞു നിന്നു മാത്രം സംസാരിക്കുന്നതിലെ അശഌലം പോലും ഇത്തരമൊരു രംഗം ചിത്രീകരിക്കുന്ന സംവിധായകന്‍ ഓര്‍ത്തുനോക്കാറുണ്ടോ എന്നു സംശയം.അതുകൊണ്ടുതന്നെ മാറ്റങ്ങള്‍ക്കു മുഖംതിരിഞ്ഞു നില്‍ക്കുന്ന അവര്‍ക്കിപ്പോഴും ഇഷ്ട ലൊക്കേഷനുകളുണ്ട്. പൊള്ളാച്ചിയും വരിക്കാശേരി മനയും ഊട്ടിയും കൊടൈക്കനാലും ഗാനരംഗങ്ങള്‍ക്ക് ഇറ്റലിയും ഗ്രീസും മൗറീഷ്യസും തേടിപ്പോകുന്നവര്‍ വ്യത്യസ്തതയ്ക്ക് സ്ഥലരാശികളെയാണ് കൂട്ടുപിടിക്കുന്നത്.പഴയ സിനിമകള്‍ സ്റ്റുഡിയോ സെറ്റുകളെ ആശ്രയിച്ചിരുന്നതുപോലുള്ള അപക്വമായ ധാരണാപ്പിശകുകള്‍ തന്നെയാണവരെ വഴിതെറ്റിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നും കോടതി രംഗമുണ്ടെങ്കില്‍ കാവിയില്‍ വെള്ള ഇഷ്ടിക അടയാളപ്പെടുത്തിയ കെട്ടിടം തന്നെ വേണമവര്‍ക്ക്. നമ്മുടെ ഹൈക്കോടതിക്കും ജില്ലാക്കോടതികള്‍ക്കുമൊക്കെ സിമന്റ് പൂശിയ ആധുനിക കെട്ടിടസമുച്ചയങ്ങള്‍ വന്നത് അവര്‍ തിരിച്ചറിയാത്തതുപോലെ.പഴകിദ്രവിച്ച കാഴ്ചയുടെ തനിയാവര്‍ത്തനങ്ങള്‍.
എന്നാല്‍ മെട്രോ സിനിമകളില്‍ ഈ തദ്ദേശീയ സ്ഥലരാശികളില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്. ന്യൂ ജനറേഷന്‍/മള്‍ട്ടീപ്‌ളെക്‌സ് സിനിമകള്‍ എന്ന ഓമനപ്പേരില്‍ ഉരുത്തിരിഞ്ഞുവന്ന ആധുനിക ഇന്ത്യന്‍ സിനിമ, ഇന്നോളം കണ്ടു ശീലിച്ച സാമ്പ്രദായിക ദൃശ്യപരിചരണ സങ്കേതങ്ങളില്‍ നിന്നു കളം മാറ്റിച്ചവിട്ടാന്‍ ധൈര്യം കാണിക്കുന്നു. കാഴ്ചവട്ടത്തില്‍ പെടുന്ന ഏതാണ്ടെല്ലാറ്റിനെയും സത്യസന്ധതയോടെ തന്നെ ക്യാമറയില്‍ പകര്‍ത്താന്‍ അവര്‍ ശ്രദ്ധികകുന്നു. അവിടെ സമൂഹത്തിന്റെ കപടസദാചാരം ആധുനിക ചലച്ചിത്രപ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ, പ്രണയം പ്രണയമായി തീവ്രത ചോരാതെയും സംഘട്ടനം അതിന്റെ ജുഗുപസയോടെയും പകര്‍ത്താന്‍ നവസിനിമയ്ക്കു സാധിക്കുന്നു. ഹോളിവുഡ് സിനിമയുടെ കൊറിയോഗ്രാഫിയും മിസ്-എന്‍-സീനും സ്വീകരിക്കുക വഴി, മറ്റൊരു മാറ്റത്തിനുകൂടി ഇത്തരം സിനിമ തുടക്കമിടുന്നുണ്ട്. അതിഭാവുകത്വം ഒഴിഞ്ഞ കീഴ്സ്ഥായിയിലുള്ള ഭാവപ്രകടനമാണത്. അവിടെ, ശരീരഭാഷയ്ക്കു മേല്‍ക്കൈ ലഭിക്കുന്നു, മുഖഭാവാഭിനയത്തേക്കാള്‍. ഇതൊരു സുപ്രധാന ഇടംമാറ്റം തന്നെയാണ്. ശരീരം തന്നെ ഭാഷയായി മാറുന്ന അവസ്ഥ. അത് തീര്‍ത്തും ദൃശ്യപരമാണ്, അതുകൊണ്ടുതന്നെ ചലച്ചിത്രപരവും. നാടകത്തില്‍ നിന്ന് സിനിമ ഭാഷാപരമായി സ്വയം കുടഞ്ഞുമാറുന്നതിന്റെ ആഖ്യാനമായിക്കൂടി ഈ മാറ്റത്തെ കണക്കാക്കേണ്ടതുണ്ട്. അങ്ങനെയാണ് സിനിമ നാടകീയമല്ലാതാകേണ്ടത്.ഇതിനൊരു തുടക്കം മലയാളത്തിലിട്ടത് ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയായിരിക്കും. പിന്നീടു വന്ന ബിഗ് ബിയും അന്‍വറും കോക്ക്‌ടെയിലും ട്രാഫിക്കും ചാപ്പാക്കുരിശും സാള്‍ട്ട് ആന്‍ഡ് പെപ്പറും, ഈ അടുത്തകാലത്തും മുതല്‍ ഉസ്താദ് ഹോട്ടല്‍ വരെയുള്ള സിനിമകള്‍ അതിന്റെ പിന്തുടര്‍ച്ചകളായി.
ആധുനികമായ എന്തിനെയും സ്വാശീകരിക്കാനുള്ള ആധുനികയുവത്വത്തിന്റെ തൃഷ്ണയും ത്വരയും അവരുണ്ടാക്കുന്ന സിനിമകളിലും പ്രകടമാവുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ സാമൂഹികസ്ഥലമായ സൈബര്‍ സ്‌പെയ്‌സിനെ പ്രമേയതലത്തിലും എന്തിന് ഘടനാപരമായും ഉള്‍ക്കൊണ്ടിട്ടുള്ള സിനിമകള്‍ ഹോളിവുഡ്ഡിനൊപ്പം, നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഉണ്ടായിട്ടുണ്ടെന്നതില്‍ നമുക്കഭിമാനിക്കാം. മെട്രിക്‌സ് പോലുള്ള ഇംഗഌഷ് സിനിമയില്‍ മാത്രം കണ്ടുശീലിച്ച സൈബര്‍ സ്ഥലരാശികളുടെ അതിസങ്കീര്‍ണമായ ഉള്‍പ്പിരിവുകളെ സിനിമയുടെ അവതരണഘടനയില്‍ ഇഴപിരിച്ച് സന്നിവേശിപ്പിച്ച ആദ്യകൃതിയായിത്തന്നെ ഒരുപക്ഷേ വിപിന്‍ വിജയ് എന്ന യുവ സംവിധായകന്റെ ചിത്രസൂത്രത്തെ വിലയിരുത്തേണ്ടതുണ്ട്. സൈബര്‍ സ്‌പെയ്‌സും ഐടിയും വിഷയമാക്കിയ നൂറുകണക്കായ സിനിമകള്‍ക്കെല്ലാം അപ്പുറം സൈബര്‍ തലത്തെ അവതരണസ്ഥലകാലങ്ങളിലേക്കാവഹിച്ച സിനിമയായിരുന്നു അത്.
സെന്‍സര്‍ഷിപ് തുടങ്ങിയ ബാഹ്യമായ ഇടപെടലുകള്‍ മാറ്റിനിര്‍ത്തിയാല്‍ സിനിമയില്‍ കാണിക്കേണ്ട ഇടങ്ങള്‍ക്ക് പരിധി നിശ്ചയിക്കപ്പെടുന്നത്, തീര്‍ത്തും സാങ്കേതികമായ പരിമിതി കൊണ്ടുകൂടിയാണ്. ക്യാമറ കൊണ്ടുപോകാനാവാത്ത ഇടം, ക്യാമറയ്ക്കു ചലിക്കാനാവാത്തയിടം...എന്നിങ്ങനെയുള്ള ദൃശ്യപരിമിതികളെ പക്ഷേ ഐ.ടി.യുടെ കുതിപ്പ് എന്നേ മറികടന്നുകഴിഞ്ഞു. ബട്ടണ്‍ വലിപ്പത്തിലുള്ള ഒളിക്യാമറകളുടെയും ഫോണ്‍ക്യാമറകളുടെയും പെന്‍ ക്യാമറകളുടെയും നോട്ടപ്പാടില്‍ നിന്നു സ്വകാര്യത സംരക്ഷിക്കപ്പെടേണ്ട അവസ്ഥയാണിപ്പോള്‍. കുളിപ്പുരയിലും കക്കൂസിലും വരെ ക്യാമറയുടെ നോട്ടമെത്തുന്ന കാലം. സിനിമയുടെ ആവശ്യത്തിനായിട്ടല്ലെങ്കിലും, രക്തധമനിയ്ക്കുള്ളിലെ സ്ഥലരാശികളില്‍ പോലും ക്യാമറ കടന്നുചെല്ലുന്ന അവസ്ഥ. അതുകൊണ്ടുതന്നെ സ്ഥലപരമായ പരിമിതികള്‍ സിനിമയുടെ ചിത്രീകരണത്തിനോ, പ്രമേയമാവശ്യപ്പെടുന്ന ഏതു സ്ഥലവും ചിത്രീകരിക്കുന്നതിനോ വിലങ്ങുതടിയാവുന്നില്ല. 
ലോകത്തെവിടെയും നടക്കാവുന്ന ഒരു കഥ ആംസ്റ്റര്‍ഡാമില്‍ വച്ചു പറയുന്നുവെന്നുള്ളതുകൊണ്ട് സിനിമ കണ്ടിരിക്കാവുന്ന ഒന്നാവുമെന്നല്ലാതെ നല്ല സിനിമയാകുന്നില്ല എന്ന സാമാന്യബോധമാണ് പുതുതലമുറയുടെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ അവര്‍ ചുറ്റുപാടേക്കുമാണ് ഉറ്റുനോക്കുന്നത്. സ്വന്തം കാഴ്ചപ്പരിധിയിലുള്ളതുതന്നെയാണ് കാണിക്കുന്നതും.കാല്‍പനികമായ കാമനകളെ തള്ളിക്കളഞ്ഞ് കറുത്ത യാഥാര്‍്ത്ഥ്യങ്ങളുടെ നേര്‍ക്കുനേരെ നില്‍ക്കാനും അതിനനുയോജ്യമായ സ്ഥലരാശികള്‍ തെരഞ്ഞെടുത്തു കാട്ടിത്തരാനുമുള്ള ആര്‍ജ്ജവമാണ് നവസിനിമാക്കാര്‍ പ്രകടമാക്കുന്നത്. അതാണവരുടെ സിനിമകളെ വേറിട്ടതും ധീരവും സത്യസന്ധവുമാക്കുന്നത്. അങ്ങനെവരുമ്പോള്‍ കാണാന്‍ അഴകുള്ള കൊടൈക്കനാല്‍ കാറ്റാടിമരങ്ങള്‍ക്കും ഒറ്റപ്പാലം നെല്‍പ്പാടങ്ങള്‍ക്കും ഒപ്പം രാത്രിനഗരവും, നാറുന്ന വിളപ്പില്‍ശാലയും അഴുക്കുചാലും, സംഘട്ടനത്തിന് പൊകു കക്കൂസുമെല്ലാം പശ്ചാത്തല സ്ഥലഗതിയായിത്തീരും. ഇന്നോളം പാര്‍ശ്വവല്‍കരിക്കപ്പെട്ട ഇടങ്ങളൊന്നൊന്നായി അങ്ങനെ സിനിമയില്‍ വെള്ളിത്തിരയില്‍ ഇടംനേടുകയാണ്. ഇന്ത്യന്‍ സിനിമയുടെ ദൃശ്യപരിധിയില്‍/ദൃശ്യപരിമിതിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളും ചിന്തകളും വികാരവിചാരങ്ങളും കൂടി ഇതോടൊപ്പം മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്. അതുകൊണ്ടാണ്, സ്്പിരിറ്റില്‍ മൂന്നു തട്ടുകളില്‍ പെടുന്ന മുഴുകുടിയന്മാര്‍ നായകന്മാരാകുന്നത്; ഉസ്താദ് ഹോട്ടലില്‍ രണ്ടു തലങ്ങളില്‍ പെട്ട ഹോട്ടലുകള്‍ കഥാസ്ഥലികളാവുന്നത്. ഇതൊരു മുന്നേറ്റമാണ്, സാംസ്‌കാരികമായ തിരിച്ചറിവിലൂടെയുള്ള മാധ്യമത്തിന്റെ കരുത്താര്‍ജ്ജിക്കല്‍. മുഖ്യധാരയിലെ യുവസിനിമകളെ പ്രതീക്ഷയോടെ ഉറ്റുനോക്കേണ്ടതും അതുകൊണ്ടുതന്നെയാണ്. 


Friday, December 07, 2012

First Impression on IFFK 2012


പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. കഥകളി സമാരോഹം കഥകളിയെപ്പറ്റിയുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്താല്‍ എങ്ങനെയിരിക്കും? നാടകോത്സവം യവനിക സിനിമകാണിച്ച് ഉദ്ഘാടനം ചെയ്യുന്നതു പോലെ. മുമ്പ് നടന്ന എഡിഷനിലും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളകളുടെ ഉദ്ഘാടനച്ചടങ്ങുകള്‍ കണ്ടപ്പോള്‍ ഇങ്ങനെതോന്നിയിട്ടുണ്ട്. നാടന്‍/തനതു കലാരൂപങ്ങളും സംഗീത നൃത്തനൃത്യങ്ങളുമൊക്കെ ചേര്‍ന്നൊരു സാംസ്‌കാരിക കലാശം.ഒടുവില്‍ വിളക്കു കത്തിക്കലും പ്രസംഗങ്ങളും. പിന്നീട് ഒരു സിനിമാപ്രദര്‍ശനം. സിനിമ തന്നെ ലോകത്തെ ഏറ്റവും മികച്ചതും ജനസ്വാധീനമുള്ളതുമായ എന്റര്‍റ്റെയ്ന്‍മെന്റ് മീഡിയ ആയി നിലനില്‍ക്കെ, അതിന്റെ ഉത്സവം എന്തുകൊണ്ട് മറ്റ് എന്റര്‍റ്റെന്‍മെന്റുകള്‍ കൊണ്ടു നിര്‍വഹിക്കുന്നു? സിനിമ കൊണ്ടു തന്നെ സാംസ്‌കാരികമായി ഇത്തരമൊരു ചടങ്ങിനെ ധന്യമാക്കിക്കൂടേ? (മികച്ച സിനിമാപ്പുസ്തകം മുതല്‍ മികച്ച സിനിമ വരെ തെരഞ്ഞെടുക്കുന്ന സമിതികളില്‍ പേരിനൊരു കഥയെഴുതിയ ആളെയും ഉള്‍പ്പെടുത്തും. എന്നാല്‍, മികച്ച കഥ തെരഞ്ഞെടുക്കാനുളള ഒരു സമിതിയിലും അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു സിനിമാക്കാരനെ പോലും ഉള്‍പ്പെടുത്തി കണ്ടിട്ടില്ലാത്തതോര്‍ക്കുക)
ഏതായാലും പതിനേഴാമത് ഐ.എഫ്.എഫ്.കെ. ആ സങ്കോചങ്ങളും സംശയങ്ങളുമൊക്കെ അസ്ഥാനത്താക്കി. ഉദ്ഘാടനത്തിന് ശബ്ദിക്കാത്തൊരു സിനിമ കൊണ്ട് ലൈവ് ഓര്‍ക്കസ്ട്രയുടെ തല്‍സമയ സംഗീതവിന്യാസത്തിന്റെ ഇന്ദ്രജാലം സൃഷ്ടിച്ച്, സിനിമാപ്രേമികളെ വിസ്മയകരമായൊരു മായാലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. നിശാഗന്ധിയിലെ ഇക്കഴിഞ്ഞ ഒന്നരമണിക്കൂര്‍, ഞാനും ഒപ്പം എന്നേപ്പോലെ ചിന്തിക്കുന്നവരും മറ്റൊരു ലോകത്തായിരുന്നു. ലണ്ടനിലോ, അമേരിക്കയിലോ ഉള്ള ഏതൊ ഒരു തീയറ്ററില്‍ തൊള്ളായിരത്തി നാല്‍പതുകളില്‍ എത്തിയ പ്രതീതി. തീര്‍ച്ചയായും ഇതൊരനുഭവം തന്നെയാണഅ. ഭാഗ്യവും. ഒരു നിശ്ശബ്ദ സിനിമ, അതും ഹിച്ച്‌കോക്കിന്റേതുപോലൊരു മാസ്റ്ററിന്റെ, തത്സമയസംഗീതവുമായി ചേര്‍ന്ന് ഈ ജന്മം കാണാനാവുമെന്നു സ്വപ്‌നേപി കരുതിയിരുന്നതല്ല. ഹോളിവുഡിലെ യൂണിവേഴ്‌സലില്‍ പോലും ഇത്തരമൊന്നു കാണാന്‍ ഭാഗ്യംകിട്ടിയിട്ടുമില്ല.
പക്ഷേ, യഥാര്‍ത്ഥ്യ ഭാഗ്യം അതൊന്നുമല്ല. ബ്രിട്ടിഷ് ഫിലിം ആര്‍ക്കൈവ്‌സ് പുനര്‍നവീകരിച്ചെടുത്ത ദ് റിംഗ് എന്ന സിനിമയുടെ പ്രിന്റിനൊപ്പം, ഇതാദ്യമായി ലണ്ടനു പുറത്തൊരു സ്ഥലത്ത് ജാസ് മാന്ത്രികന്‍ സൊവെറ്റോ കിഞ്ചിന്റെ പശ്ചാത്തല സംഗീതവിന്യാസം എത്തിയപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നു തന്നെയായി. ഒരുപക്ഷേ, ലോസ് ആഞ്ചലസിലെ കൊഡാക്ക് തീയറ്ററില്‍ നിന്നപ്പോഴും, സ്റ്റാര്‍ വാക്കില്‍ നടന്നപ്പോഴും ഉണ്ടായതുപോലൊരു അനുഭവം.ഹിച്‌കോക്കിന്റെ ഏറ്റവും മികച്ച ഈ നിശബ്ദ ചിത്രമായാണ് 'ദ് റിങ്' അറിയപ്പെടുന്നത്. ആല്‍ഫ്രഡ് ഹിച് കോക്കിന്റെ സ്വന്തം തിരക്കഥയില്‍ വന്ന ഒരേയൊരു ചിത്രം എന്ന നിലയിലും 'ദ് റിങ്ങി'ന് പ്രാധാന്യമുണ്ട്.
നന്ദിയുണ്ട്. ഇതു സാധ്യമാക്കിയ ബീന പോളിനോട്. അതിന് പിന്തുണ നല്‍കിയ ടി.കെ. രാജീവ് കുമാറിന്. പിന്നെ രാഷ്ട്രീയപരമായ ഇച്ഛാശക്തി പ്രകടമാക്കിയ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനും പ്രിയദര്‍ശനും. ഗണേഷിനെ, ഒരു കാര്യത്തിനു കൂടി അഭിനന്ദിക്കാതെ വയ്യ. ഇന്നും മനസ്സമാധാനത്തോടെ കേരളത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ പണം കൊടുത്ത് മലമൂത്രവിസര്‍ജ്ജനം നടത്താനുള്ള അടിസ്ഥാന സൗകര്യമൊരുക്കിത്തന്നതും, മൊബൈല്‍ ഫോണിലൂടെ സീറ്റു ബുക്കുചെയ്ത് വോള്‍വോ ഗരുഢ പോലൊരു ദീര്‍ഘദൂര ബസില്‍ യാത്രചെയ്യുന്നതും ഗണേഷിന്റെ ഇച്ഛാശക്തികൊണ്ടാണ്. അത്തരത്തില്‍, സിനിമാവ്യവസായത്തിന്റെ അടിസ്ഥാനങ്ങളിലേക്ക്, സിനിമാമന്ത്രിയായിട്ടുള്ള ഈ അവതാരകാലത്ത് അദ്ദേഹമെടുക്കുന്ന ശുഷ്‌കാന്തിയും ശ്രദ്ധയും തിരിച്ചറിയാതെ വയ്യ. കാരണം ഗണേഷിനെങ്കിലും തിരിച്ചറിയാനായി ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ എന്ന്. നല്ല തീയറ്ററുകളും അവിടെയെത്തുന്ന പ്രേക്ഷകരുമുണ്ടെങ്കിലേ സിനിമ നിലനില്‍ക്കൂ എന്ന്.തിരുവനന്തപുരത്തെ സര്‍ക്കാര്‍ തീയറ്ററുകളെ രാജ്യാന്തരനിലവാരത്തിലുള്ള മള്‍ട്ടീപഌകസുകളാക്കാനുള്ള ആ ഇച്ഛാശക്തിക്കുമിരിക്കട്ടെ ഒരു ഹാറ്റ്‌സോഫ്!