Sunday, October 10, 2010

ദേവഭൂമിയുടെ പുണ്യകവാടത്തില്‍











ദേവഭൂമിയിലേക്കുള്ള സ്വര്‍ഗകവാടം- അതാണ് ഹരിദ്വാര്‍. ഗഡ്‌വാള്‍ ഹിമാലയത്തിലേക്കുള്ള വാതായനഭൂമിയാണത്. പുരാണവും ചരിത്രവും, സത്യവും മിഥ്യയും, വിശ്വാസവും പൊരുളും ഇടകലര്‍ന്ന ജൈവസാന്നിദ്ധ്യമുള്ള പുണ്യഭൂമി. ഹൈന്ദവരുടെ പുണ്യസ്ഥലങ്ങളിലൊന്ന്. നിറയേ കടുംചായം ചാലിച്ച പുരാണങ്ങളുടെ ഇതിഹാസഭൂമിക.
കഥകളിലും കവിതകളിലും നിറഞ്ഞുനില്‍ക്കുന്ന ഹരിദ്വാര്‍. എം.മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു വായിച്ചതില്‍ വിരിഞ്ഞ ശ്‌ളഥചിത്രങ്ങളുടെ മനോരേഖകള്‍ കണ്‍മുന്നില്‍...സഖറിയയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും എം.കെ.രാമചന്ദ്രനും വാക്കുകളിലൂടെ വരഞ്ഞിട്ട ഹരിദ്വാര്‍. കുംഭമേളയുടെ കാവിഭൂമിക. ഹരിദ്വാര്‍ ആത്മീയതയുടെ വിശുദ്ധകാശികളില്‍ പ്രഭാമയം തന്നെയാണ്. പുണ്യാശ്രമങ്ങളുടെ ഹൃശികേശും കൂടിയാകുമ്പോള്‍ ധ്യാനഭൂമിക സമ്പൂര്‍ണമാവുന്നു. ഇത് ഭാരതത്തിന്റെ പുണ്യം.ഹൈമവതത്തിന്റെ പ്രാസാദം.
തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്ററുണ്ട് ഹരിദ്വാറിലേക്ക്. രാത്രിയിലാണെങ്കില്‍ ആറുമണിക്കൂര്‍ യാത്ര. പക്ഷേ രാത്രി 12 മണി കഴിഞ്ഞേ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തേക്കുള്ള ചെക്ക്‌പോസ്റ്റ് തുറക്കൂ. നേരത്തേ ചെന്നാല്‍ വഴിയോരത്ത് പാതിരാത്രി വരെ കാത്തുകിടക്കേണ്ടി വരും. അന്തര്‍സംസ്ഥാന ചുങ്കപ്പിരിവിനുള്ള ഉത്തരാഖണ്ഡ് ഉദ്യോഗസ്ഥന്‍ അപ്പോഴേ കനിഞ്ഞെഴുന്നള്ളുകയൂള്ളൂ. നേരിട്ടാണെങ്കില്‍ ഡല്‍ഹിയില്‍നിന്ന് ഹരിദ്വാറിലേക്ക് തീവണ്ടിയിലും പോകാം.
പഴയ ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നു ഉത്തരാഖണ്ഡ്. പ്രത്യേക സംസ്ഥാന പദവി ലഭിച്ചപ്പോള്‍ ഉത്തരാഞ്ചലായിത്തീര്‍ന്നെങ്കിലും പിന്നീട് ഉത്തരാഖണ്ഡായി ഉറയ്ക്കുകയായിരുന്നു. അല്ലെങ്കിലും ദേവഭൂമിക്കെന്തിന് പേരിന്റെ തിരിച്ചറിയല്‍ കാര്‍ഡ്? ഗംഗയും യമുനയും ഹിമവാനും ചേര്‍ന്ന് കനിഞ്ഞരുളിയ പ്രകൃതി തന്നെ ഉത്തരാഖണ്ഡിന് സ്വന്തമായൊരു അസ്തിത്വമുണ്ടാക്കിക്കൊടുക്കുന്നുണ്ട്.
ഹിമാലയത്തിന്റെ ശിവാലിക് ഗിരിനിരകളിലേക്കുള്ള പ്രവേശനദ്വാരമാണ് ഹരിദ്വാര്‍. സമൂദ്രനിരപ്പില്‍ നിന്ന് 951 അടി ഉയരത്തില്‍ സ്ഥിതിടചെയ്യുന്ന താഴ്‌വാരം.ഗംഗാതടത്തിലെ ഒരു ചെറിയ നഗരം. പഴമയുടെ പ്രൗഢി അലങ്കാരമാകുന്ന പട്ടണം. ആധുനികതയുടെ ഒഴുക്കിലും ഒലിച്ചുപോകാത്ത ഭൂതാവശിഷ്ടങ്ങള്‍ പോലെ കെട്ടിടങ്ങളും നിരത്തുക്കളും എന്തിന് വാഹനങ്ങള്‍ വരെ. ന്യൂ ജനറേഷന്‍ കാറുകള്‍ക്കൊപ്പം സാധാരണക്കാരുടെ വാഹനമായി സൈക്കിള്‍ റിക്ഷകളും ധാരാളം. ദോ ബീഘാ സെമീനിലും ഓടയില്‍നിന്നിലുമൊക്കെ മാത്രം മലയാളികളുടെ പുതിയ തലമുറ കണ്ടിട്ടുള്ള സൈക്കിള്‍ റിക്ഷകള്‍ മുഖ്യനിരത്തുകളിലൂടെ തലങ്ങും വിലങ്ങും. ഓട്ടോ റിക്ഷയ്ക്ക് നൂറു രൂപ കൊടുക്കേണ്ടിടത്ത് സൈക്കിള്‍ റിക്ഷയില്‍ ആളൊന്നിന് 20 രൂപ മാത്രം. എന്നാലും ഒരുമനുഷ്യന്‍ മൂന്നും നാലും പേരെ, അവരുടെ ഭാണ്ഡങ്ങളടക്കം ചവിട്ടിവലിക്കുന്നതിലെ നീചത്വമോര്‍ക്കുമ്പോള്‍ റിക്ഷാവാലകളോട് സഹതാപമാണ് തോന്നുക. തദ്ദേശീയരൊഴികെ, പുറമേ നിന്നു വരുന്നവരെല്ലാം ഇവര്‍ക്ക് പറഞ്ഞുറപ്പിച്ച തുകയ്ക്കുപുറമേ ഒരു തുക കൂടി പ്രതിഫലമായി കൊടുത്തുകൊണ്ട് അവരുടെ കരുണ പ്രകടമാക്കുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തില്‍ റിക്ഷാവാലകളുടെ ലാഭം.കുതിരവണ്ടിയാണ് മറ്റൊരു അത്ഭുതക്കാഴ്ച. പരമ്പരാഗതമായ തടിച്ചക്രമുള്ളതും വായുനിറച്ച ടയറുള്ളതുമായ കുതിരവണ്ടികളും നിരത്തുകളിലെ സ്വാധാരണ കാഴ്ചയാണ്.ഇവ ട്രാഫിക്കിനിടയില്‍ക്കൂടി ഇടകലര്‍ന്നുപോകുന്നത് സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചതന്നെ.
ഹരിയുടെ ഭൂമിയിലേക്കുള്ള കവാടം അഥവാ ദ്വാരം എന്ന അര്‍ഥത്തിലാണ് ഹരിദ്വാര്‍ എന്ന പേരെന്നാണ് പൊതുവേ ഉള്ള വിശ്വാസം. ബദരീനാഥന്റെ പ്രാസാദത്തിലേക്കുള്ള വഴി തുടങ്ങുന്നത് ഇവിടെനിന്നാണല്ലോ. മോക്ഷകവാടം എന്ന വ്യംഗ്യാര്‍ഥവുമുണ്ട് ഹരിദ്വാര്‍ എന്ന നാമത്തിന്. ഹരിയിലേക്കുള്ള വഴി എന്നതാണത്.എന്നാല്‍ ഹരന്റെ നിവാസഭൂമികയിലേക്കുള്ള പ്രവേശനദ്വാരം എന്ന അര്‍ഥത്തില്‍ ശൈവര്‍ ഹരിദ്വാറിനെ കണക്കാക്കിപ്പോരുന്നുണ്ട്. ഹരദ്വാരമാണ് പിന്നീട് കാലാന്തരത്തില്‍ ഹരിദ്വാറായി മാറിയത് എന്നാണ് ശൈവവിശ്വാസം.രണ്ടായാലും ഹരിദ്വാര്‍ ഹൈന്ദവര്‍ക്ക് പുണ്യഭൂമിതന്നെയാണ്. അതിന്റെ വിശ്വാസ പ്രസക്തി അവിടത്തെ ക്ഷേത്രങ്ങളുടെ എണ്ണം മാത്രമെടുത്താല്‍ വ്യക്തമാകും. മൂന്നൂറിലേറെ വലുതും ചെറുതുമായ അമ്പലങ്ങളാണ് ഹരിദ്വാറിനും ചുറ്റുപാടുമായി ഉള്ളത്. അവയില്‍ വിഖ്യാതമായ മനസാദേവീ ക്ഷേത്രമുണ്ട്. ചണ്ഡികാദേവീ ക്ഷേത്രവുമുണ്ട്.
കപിലമുനി വര്‍ഷങ്ങളോളം തപസ്സനുഷ്ഠിച്ച ഭൂമിയാണ് ഹരിദ്വാര്‍ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇതിന് കപിലസ്ഥാനം എന്നും പേരുകാണാം പുരാണങ്ങളില്‍. മയന്‍ നിര്‍മിച്ചതാകയാല്‍ മായാപുരി എന്നൊരു അപരനാമവും ഹരിദ്വാറിനുണ്ട്. ഹരിദ്വാറിന് എപ്പോഴും പീതവര്‍ണ്ണമാണ്. കാരണം സന്യാസികളുടെ വിഹാരഭൂമിയാണ് ഇത്. എവിടെത്തിരിഞ്ഞാലും ആശ്രമങ്ങള്‍.ധര്‍മ്മസ്ഥലികള്‍.വിവിധ ഗോത്രങ്ങളില്‍ വിവിധ പരമ്പരകളിലുള്ള സന്യാസിവര്യന്മാര്‍. അവരുടെ സമാധിസ്ഥലികള്‍. ഗംഗയുടെ നീലവര്‍ണ്ണത്തിനു സമാന്തരമായി കാവിയുടെ ഒരു കരനിര. കുംഭമേളയില്‍ ഇതു കടലാകുമെന്നുമാത്രം.
ഏപ്രിലിലെ വിശാഖനാളിലും (ബൈശാഖി), ഗംഗ ദസറയ്ക്കും ഏപ്രിലില്‍ തന്നെയുള്ള മഹാകുംഭമേളയ്ക്കുമാണ് ഹരിദ്വാര്‍ ദേശവിദേശങ്ങളില്‍ നിന്നുള്ള ഭക്തസഹസ്രങ്ങളെക്കൊണ്ട് നിറയുക. അന്ന് കരകവിഞ്ഞൊഴുകുന്ന ഗംഗയും കരയില്‍ മനുഷ്യമഹാഗംഗയും തമ്മില്‍ ഒരു ബലാബലം തന്നെ നടക്കും. വ്യാഴവട്ടത്തിലൊരിക്കലുളള മഹാകുംഭമേളയ്ക്കും ആറു വര്‍ഷം കൂടുമ്പോഴുള്ള അര്‍ഥകുംഭമേളയ്ക്കും ഹരിദ്വാറിലെ ഓരോ മണല്‍ത്തരിയും ഭക്തപാദങ്ങളിലെ ദിവ്യധൂളികളായി മാറും. കങ്കല്‍ ഹൃശികേശ് തുടങ്ങിയ പ്രദേശങ്ങളെല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. ഇവിടെ തദ്ദേശീയര്‍ക്കൊഴികെ ആര്‍ക്കും ഭൂമി സ്വന്തമാക്കാനാവില്ല. ആശ്രമസ്ഥാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിതരമായി ഭൂമി സ്വന്തമായിട്ടുള്ളവര്‍.ഇന്ത്യയിലെ മഹാ സന്യാസി പ്രസ്ഥാനങ്ങളുടെയെല്ലാം മുഖ്യ ആശ്രമങ്ങളില്‍ മിക്കതും ഹരിദ്വാറിലാണ്. അവര്‍ പോലും കുംഭമേളക്കാലത്ത് അത് ഭക്തര്‍ക്കു വിരി വയ്ക്കാന്‍ വിട്ടുകൊടുക്കും. ഗംഗാതീരം മുഴുവനും സന്യാസിശ്രേഷ്ഠരെക്കൊണ്ടു പീതവര്‍ണമാര്‍ജ്ജിക്കുന്ന മഹാകുംഭമേള കഴിഞ്ഞിട്ട് ഇപ്പോള്‍ മാസങ്ങളാവുന്നതേയുള്ളൂ.അതിന്റെ ആലസ്യത്തില്‍ നിന്ന് ഗംഗ വിട്ടുണരുന്നതേയുള്ളൂ.
ക്ഷേത്രങ്ങളുടെ ഭൂമിയെന്നതിനേക്കാള്‍ ഹരിദ്വാറിനെ പ്രശസ്തവും പ്രസക്തവുമാക്കുന്ന മറ്റൊരു സാന്നിദ്ധ്യം മാ ഗംഗാ ദീ എന്ന് ഭക്തര്‍ പ്രാര്‍ഥനയോടെ വിളിക്കുന്ന ഗംഗാമാതാവിന്റേതാണ്. ഹിമവാന്റെ നെറുകയിലെ ഹിമാനികളില്‍ നിന്നുറവയെടുത്ത്, പല പേരുകളില്‍ അഞ്ചുവഴിക്ക് ഒഴുകി, ഇടയ്ക്ക് അഞ്ചു പ്രയാഗുകളില്‍ സംഗമിച്ച് ആര്‍ത്തുലച്ചൊഴുകിയെത്തുന്ന ഗംഗ ഹരിദ്വാറിന് 24 കിലോമീറ്റര്‍ മുകളില്‍ ഹൃഷികേശില്‍ വച്ചാണ് ഒന്നിച്ച് മഹാപ്രസ്ഥാനമായി ശിവഗംഗയായി ഹരിദ്വാറിലെ മണിഘട്ടുകളെ തഴുകി പാഞ്ഞൊഴുകുന്നത്. ഒരു സംസ്‌കാരം ഒട്ടാകെ തന്നെ ഇവിടെ ഗംഗയിലധിഷ്ഠിതമായിരിക്കുന്നു. അല്ലെങ്കില്‍ ഗംഗയെ ആശ്രയിച്ചു കഴിയുന്നു. ഗംഗ ഇവര്‍ക്ക് മാതാവാകുന്നത്, മുലപ്പാല്‍ പോലെ പരിശുദ്ധമായ തെളിനീര്‍ പകര്‍ന്നു നല്‍കുന്നതുകൊണ്ടാണ്. അവരുടെ കൃഷിയും കാലിയും വളര്‍ത്തുന്നതുകൊണ്ടുമാണ്.അമ്മ ഗംഗയുടെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ ഹരിദ്വാറിനെ ഗംഗാദ്വാരം എന്നു വിശേഷിപ്പിക്കുന്നതും അപൂര്‍വമല്ലനദീതീരത്തെ ബ്രഹ്മകുണ്ഡില്‍ ഗംഗാദേവിയാണ് പ്രതിഷ്ഠ
ഹരിദ്വാറിലെ ഏറ്റവും വലിയ പുണ്യ ദര്‍ശനങ്ങളിലൊന്ന് എന്നും ത്രസന്ധ്യയ്ക്ക് ഹരി കീ പൗഡി എന്ന പുണ്യസ്‌നാനഘട്ടിലുള്ള ഗംഗാ ആരതിതന്നെയാണ്. (ഹരിയുടെ പടവുകള്‍ എന്നാണ് ഈ പേരിന്റെ അര്‍ഥം. ഹരിയിലേക്കുള്ള സ്‌നാനഘട്ടം എന്നു സാരം.ഇവിടെ പടവുകളില്‍ വിഷ്ണുപാദം പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.) അക്ഷരാര്‍ഥത്തില്‍ അതൊരു കാഴ്ചതന്നെയാണ്. കണ്ണിനെ പുണ്യമാക്കുന്ന, മനസ്സില്‍ ദീപം തെളിയിക്കുന്ന കാഴ്ച. ദിവസവും സാന്ധ്യവേളയില്‍ ലക്ഷങ്ങള്‍ ഗംഗയുടെ ഇരുകരകളിലും ഹരി കി പൗഡിയോട് ചേര്‍ന്ന് അണിനിരക്കുന്നു. ഇലക്കുമ്പിളില്‍ പൂജാദ്രവ്യങ്ങളും പൂക്കളും മണ്‍ചെരാതില്‍ കത്തിച്ച ദീപവുമായി അവര്‍ ഗംഗാമാതാവിനെ വന്ദിക്കുന്നു. ക്ഷേത്രമണി മുഴങ്ങുന്നതോടെ ഗംഗാ ആരതിക്കു തുടക്കമാവുകയായി. അമ്പലത്തില്‍ നിന്നുള്ള വെടിപൊട്ടുന്നതോടെ പാണ്ഡേകള്‍ നിറദീപവുമായി ഗംഗയെ ദീപാരാധനചെയ്യുമ്പോള്‍ ഇരു കരകളിലും നിന്നായി ഭക്തലക്ഷങ്ങള്‍ തങ്ങളുടെ ദീപക്കുമ്പിളുകള്‍ ഗംഗയിലേക്ക് ഒഴുക്കിവിടുകയായി.എങ്ങും ബോല്‍ ഗംഗാ മയ്യാ കീ ജയ് വിളികളുടെ ഭക്തപ്രഹര്‍ഷം ക്ഷണനേരത്തേക്കെങ്കിലും നീലനിറമാര്‍ന്ന ഗംഗ അന്തിവെയിലിന്റെ സുവര്‍ണപ്രഭയില്‍ ദീപങ്ങളുടെ മഹാപ്രവാഹമായി മാറുന്ന കാഴ്ച ഹൃദയത്തില്‍ തട്ടുന്നതാണ് .ഗംഗയുടെ കരയില്‍ പൂര്‍ണാകാരമായ ശിവപ്രതിമ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു.
അമ്മ-ദേവീ സങ്കല്‍പങ്ങളാല്‍ സമൃദ്ധമത്രേ ഹരിദ്വാറിലെ ക്ഷേത്രങ്ങള്‍. അവയില്‍ പ്രധാനമായ മനസാ ദേവീക്ഷേത്രവും ചണ്ഡികാ ക്ഷേത്രവുമെല്ലാം ഗംഗയുടെ കരകളില്‍ത്തന്നെയുള്ള മലമുകളിലാണ് സ്ഥിതിചെയ്യുന്നത്.പഴനിയോ തിരുപ്പതിയോ പോലൊരു കുന്നാണ് ബില്‍വ. അതിന്മേലാണ് മനസാ ദേവിയുടെ ഇരിപ്പിടം. നഗരത്തില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറിയാണ് ഈ കുന്നുംപുറം
ദക്ഷയാഗത്തെത്തുടര്‍ന്ന് അപമാനഭാരത്താല്‍ ആത്മത്യാഗം ചെയ്യുന്ന സതിയുടെ ശരീരവുമായി വര്‍ഷങ്ങളോളം നീണ്ട പ്രചണ്ഡതാണ്ഡവം നടത്തുന്ന മുക്കണ്ണന്റെ കോപത്തീയണയ്ക്കാന്‍ ദേവന്മാര്‍ വിഷ്ണുവിനെ ആശ്രയിക്കുന്നു. മഹാവിഷ്ണു തന്റെ ചക്രായുധം കൊണ്ട്, ഹരിഹരന്റെ കൈയില്‍ കിടക്കുന്ന സതിയുടെ ശരീരത്തെ തുണ്ടം തുണ്ടമാക്കുന്നു. ഈ തുണ്ടുകളില്‍ പലതും ഭൂമിയില്‍ പലയിടത്തായി ചിതറിവീഴുകയും പ്രാണസഖിയുടെ ശരീരം അവശേഷിക്കാതായതോടെ ശിവകോപം മെല്ലെമെല്ലെ തണുത്തടങ്ങിയെന്നുമാണ് പുരാവൃത്തം. ഇങ്ങനെ ഛേദിക്കപ്പെട്ട സതിയുടെ മാറിടവും ഹൃദയവും വന്നു പതിച്ചത് ഈ കുന്നിരിക്കുന്ന സ്ഥലത്താണെന്നാണ് വിശ്വാസം. അങ്ങനെ സതിയുടെ മനസ്സുവന്നുവീണിടം മനസാ ദേവീ ക്ഷേത്രമായി. പരാശക്തിയുടെ മറ്റൊരു ഭാവത്തില്‍ മനസാദേവി ആരാധിക്കപ്പെടുന്നു.ഇന്ത്യയിലെ പ്രധാന സിദ്ധപീഠങ്ങളിലൊന്നാണിത്.
മനസാ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്രതന്നെ ഏറെ വിശേഷപ്പെട്ടതാണ്. ഒന്നുകില്‍ താഴ് വാരം മുതല്‍ കാല്‍നടയായി കുന്നേറണം. അല്ലെങ്കില്‍ ജര്‍മ്മന്‍ സാങ്കേതികതയുപയോഗിച്ച് നിര്‍മിച്ച റോപ് വേയെ ആശ്രയിക്കണം. രാവിലെ തന്നെ നടതുറക്കുമെങ്കിലും ഏഴരമുതല്‍ക്കേ റോപ് വേ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ. മനസാദേവിയിലേക്കുള്ള ടിക്കറ്റുമാത്രമായും മനസാ ദേവിയിലേക്കും ഇതേ പോലെ റോപ് വേയുള്ള ചണ്ഡികാദേവിയിലേക്കും ഒന്നിച്ചും ടിക്കറ്റെടുക്കാനാവും. ആളൊന്നിന് മുകളിലേക്കും താഴേക്കുമായി48 രൂപയാണ് നിരക്ക്.540 മീറ്റര്‍ അഥവാ 1770 അടി ആണ് ഈ റോപ് വേയുടെ മൊത്തം നീളം. 178 മീറ്ററാണ് ഉയരം. നാലുപേര്‍ വീതം കയറാവുന്ന അടച്ചുറപ്പുള്ള റോപ് കാറുകളിലായാണ് ഇവിടെ സന്ദര്‍ശകരെ മലമുകളിലെത്തിക്കുന്നത്. രാവിലെ തന്നെ തുറക്കുന്ന റോപ് വേ പാതയില്‍ ടിക്കറ്റെടുത്തവരെ പ്രതീക്ഷാലയത്തില്‍ ഇരുത്തുന്നു. പിന്നീട് നാലുപേരെ വീതം റോപ് കാറുകളില്‍ സുരക്ഷിതമാക്കി ഉയര്‍ത്തുന്നു. അഞ്ചുമിനിറ്റോളം അന്തരീക്ഷത്തില്‍ ഉരുക്കുകയറിലൂടെ തൂങ്ങിക്കിടന്നുള്ള ആകാശസഞ്ചാരം സാഹസികതമാത്രമല്ല സമ്മാനിക്കുന്നത്. ഈ റോപ് കാറിലൂടെ, അങ്ങു താഴെ ഗംഗയുടെ ഇരുകരകളിലുമായി പടര്‍ന്നു കിടക്കുന്ന ഹരിദ്വാര്‍ പട്ടണത്തിന്റെ ഗരുഡവീക്ഷണം ഒരിക്കലും മായാത്ത ദൃശ്യമായിത്തന്നെ ഉള്ളില്‍ പതിയും. വൈകിട്ട് ആറുമണിവരെയേ റോപ് വേ പ്രവര്‍ത്തിക്കുകയൂള്ളൂ. ദക്ഷിണായനത്തിന്റെ മഞ്ഞുകാലത്ത് രാവിലെ ഒരു മണിക്കൂറു വൈകിയും വൈകിട്ട് അത്ര തന്നെ നേരത്തേയും റോപ് വേ പ്രവര്‍ത്തിക്കും.
വൈഷ്‌ണോ ദേവി അടക്കം ഒട്ടേറെ ഉപദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകള്‍ മൂന്ന് വായും അഞ്ചു കൈകളുമുള്ള ദേവീരൂപത്തിന്റെയും മറ്റൊന്ന് അഷ്ടകരങ്ങളുള്ള ദേവീസ്വരൂപത്തിന്റേയുമാണ്.വസുകിയുടെ പത്്‌നിയും കശ്യപമഹര്‍ഷിയുടെ മാനസപുത്രിയുമായിരുന്ന മനസാദേവിയാണ് പിന്നീട് സതിയായി ജന്മമെടുത്തത് എന്നാണ് ഐതീഹ്യം. ഇതില്‍ മനസയുടെ വിഗ്രഹമാണ് മൂന്ന് വായുള്ള രൂപമെന്നാണ് വിശ്വാസം
ക്ഷേത്രപരിസരത്തുള്ള ഒരു പുണ്യവൃക്ഷത്തില്‍ വര്‍ണനൂലുകള്‍ മാടിക്കെട്ടുക ഇവിടത്തെ ഒരാചാരമാണ്. പ്രസാദം, മറ്റ് ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളിലേതുപോലെ, പഞ്ചസാരക്കല്‍ക്കണ്ടവും ലഡ്ഡുവുമൊക്കെയത്തന്നെയാണ്. തൊടുന്ന പ്രസാദത്തേക്കാള്‍ ഉത്തരേന്ത്യയില്‍ നിവേദ്യപ്രസാദത്തിനാണ് പ്രസക്തി. വഴിയരികിലെ ചിന്തുകടകളിലെല്ലാം പല വിലയ്ക്കു വില്‍ക്കാന്‍ കിട്ടുന്ന ഈ പ്രസാദക്കൂട്ടു വാങ്ങി ശ്രീകോവിലില്‍ കൊടുത്താല്‍ നിവേദിച്ചു തിരികെത്തരും. കുങ്കുമമാടിക്കുന്നതും ഇവിടെ വിശേഷമാണ്.
കങ്കല്‍ എന്ന താഴ്‌വാരത്തിനു വലതുമാറി നീലപര്‍വതം എന്ന കുന്നിന്മുകളിലാണ് ചണ്ഡികാദേവീ ക്ഷേത്രം. കടല്‍നിരപ്പില്‍ നിന്ന് 9500 അടി ഉയരത്തിലാണ് ക്ഷേത്രം നാല്‍പത്തഞ്ചോളം മിനിറ്റ കാല്‍നടയായി കുന്നുകയറുകയോ റോപ് വേയിലൂടെ ക്ഷേത്രത്തിലെത്തുകയോ ആവാം. 740 മീറ്ററാണ് റോപ് വേയുടെ നീളം1929ല്‍ കശ്മീര്‍ രാജാവ് സുചാത് സിംഗ് പുതുക്കിപണികഴിപ്പിച്ചതാണീ ക്ഷേത്രം. ഇവിടത്തെ പ്രധാന മൂര്‍ത്തി പ്രതിഷ്ഠിച്ചത് ആദി ശങ്കരനാണെന്നാണ് ഐതീഹ്യം
ദേവലോകം കീഴ്‌പ്പെടുത്തിയ അസുരരാജാക്കന്മാരായിരുന്നു ശുഭനും നിശുംഭനും. അവര്‍ ഇന്ദ്രപുരിയില്‍ നിന്ന് ദേവന്മാരെ ഒട്ടാകെ തുരത്തിയോടിച്ചു. തുടര്‍ന്ന് ശിവപാര്‍വതിമാരെ ആശ്രയിച്ച ദേവസഭാംഗങ്ങളെ രക്ഷിക്കാന്‍ പാര്‍വതി സ്വന്തം കോശകലകളില്‍ നിന്നു സൃഷ്ടിച്ച ചൈതന്യമാണ് ചണ്ഡിക. ചണ്ഡികയെ വിവാഹം കഴിക്കാന്‍ ശുംഭന്‍ ആശിച്ചെങ്കിലും ദേവി കൂട്ടാക്കിയില്ല. കോപാന്ധനായ ശുംഭന്‍ ദേവിയുടെ കഥകഴിക്കാന്‍ സ്വന്തം അനുചരന്മാരായ ചണ്ഡനെയും മുണ്ഡനെയും നിയോഗിക്കുന്നുവെങ്കിലും ഇരുവരും ചണ്ഡികാദേവിയുടെ കോപാഗ്നിയില്‍ വെണ്ണീറാവുകയാണ്.തുടര്‍ന്ന് ദേവിയോടേറ്റുമുട്ടാന്‍ നേരിട്ടെന്നു ശുംഭനിശുംഭന്മാരെ ചണ്ഡിക നിഗ്രഹിക്കുകയും ദേവലോകം ഇന്ദ്രപരമ്പരയ്ക്ക് വീണ്ടെടുത്തുനല്‍കുകയും ചെയ്യുന്നു. ഈ ഐതീഹ്യത്തിലെ ചണ്ഡികാദേവീയുടേതാണ് നീല പര്‍വതത്തിലെ പ്രതിഷ്ഠ. മാ സന്തോഷിയുടെ ഉപപ്രതിഷ്ഠയും ഇവിടെ കാണാം.
ഇവിടെ നിന്ന് 200 മീറ്റര്‍ മാത്രമകലെയാണ് അഞ്ജനാദേവിയുടെയും ഹനുമാന്റെയും ഉപക്ഷേത്രം.ഐതീഹ്യസമ്പത്താല്‍ അനുഗ്രഹീതമാണ് ഈ അമ്പലം. ഇവിടെ വച്ചാണ് അഞ്ജന ഹനുമാന് ജന്മം നല്‍കിയത് എന്നാണ് വിശ്വാസം. അതുകൊണ്ടേതന്നെ ചണ്ഡികാ ദേവീ ക്ഷേത്രത്തിലെ ഈ ഉപക്ഷേത്രം മുഖ്യക്ഷേത്രത്തേക്കാള്‍ പ്രശസ്തമായിരിക്കുന്നു.
ഈ പര്‍വതമുകളില്‍ നിന്നുള്ള താഴ് വാര ദൃശ്യവും അനുപപമാണ്. ഒപ്പം തിരികെവരാന്‍ റോപ് വേ പാതയില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓരത്തെ ഭക്ഷണശാലയില്‍ ഇലക്കുമ്പിളില്‍ പകര്‍ന്നു വച്ച് പത്തിന പഴവര്‍ണ്മ പ്രാതല്‍ ഏറെ കൗതുകം നല്‍കും. ഹിമാലയത്തില്‍ സുലഭമായ ആപ്പിള്‍, സബര്‍ജില്ലി, കപ്‌ളങ്ങ, വാഴപ്പഴം, മുസമ്പി, മുന്തിരി, പിഞ്ചുവെള്ളരി, കൈതപ്പഴം തുടങ്ങി 10 പഴയിനങ്ങളുടെ ഏതാനും കഷണങ്ങള്‍ ചേര്‌ന്നൊരു സമീകൃത ഫ്രൂട്ട് സാലഡിന് വില വെറും 10 രൂപ. വയറു കേടാകാതെ വിശ്വസിച്ചു കഴിക്കാവുന്ന ഈ ഫ്രൂട്ട് മീല്‍ തയാറാക്കുന്നതു കാണാന്‍ തന്നെ ഒരു കലയാണ്.
ക്ഷേത്രനഗരിയായ ഹരിദ്വാറിലെ മലയാളി സാന്നിദ്ധ്യവും ചെറുതല്ല. മുഖ്യ വ്യാപാരകേന്ദ്രമായ ജസ്സാ മാര്‍ഗില്‍ത്തന്നെയാണ് വിഖ്യാതമായ അയ്യപ്പക്ഷേത്രം.തീര്‍ത്തും മലയാളി ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രത്തിന്റെ ബാഹ്യരൂപം പക്ഷേ തികച്ചും ഉത്തരേന്ത്യനാണ്. ഹരിദ്വാര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ ഇവിടെയെത്താം.
ഈ മലയാളീ ക്ഷേത്രത്തില്‍ നിന്ന് വാരകള്‍ മാത്രമകലെയാണ് കേരളാ ഹോട്ടല്‍.കോട്ടയം ജില്ലയിലെ മണിമലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഹരിദ്വാറിലെത്തി ഹോട്ടല്‍ തുടങ്ങിയ ശശിധരന്‍ നായര്‍ തന്നെയാണ് ഇന്നും ഇവിടത്തെ ചീഫ് കുക്കും സപ്ലൈയറും എല്ലാം. ഉത്തരേന്ത്യന്‍ ഭക്ഷണത്തിന്റെ കടുകെണ്ണ ചുവ രുചിക്കാത്ത ദക്ഷിണേന്ത്യന്‍ സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും അന്ത്യാശ്രയമാണ് ഈ ചെറിയ ഹോട്ടല്‍. നല്ല വെളിച്ചെണ്ണയില്‍ പാചകം ചെയ്ത ഉഴുന്നുവടയും, ഇഡ്ഡലിയും ദോശയും ഏത്തയ്ക്കാപ്പവുമെല്ലാം ശശിധരന്‍ നായരുടെ കൈപുണ്യം വിളിച്ചോതുന്നവ. രാത്രി പത്തുമണിവരെ ഏതു സമയത്തും അതിഥികള്‍ക്കു വച്ചുവിളമ്പുന്ന കേരളാ ഹോട്ടലില്‍ ഒരു നിബന്ധനമാത്രമേ ഉള്ളൂ- ഉച്ചയൂണ് വേണമെങ്കില്‍ 11 മണിക്കു മുമ്പേ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം. അവിയലും തോരനും മെഴുക്കുപുരട്ടിയും അച്ചാറും തൈരുമൊക്കെയായി ഉച്ചയൂണ് തകര്‍പ്പന്‍.
ഹരിദ്വാറില്‍ നിന്ന് 24 കിലോമീറ്റര്‍ മാത്രംഅകലെയാണ് ഹൃഷികേശ്.ഹരിദ്വാര്‍ ക്ഷേത്രനഗരിയാണെങ്കില്‍ ഹൃഷികേശ് ആശ്രമനഗരിയാണ്. യോഗികളുടെ തീര്‍ത്ഥസ്ഥാനം. സന്യാസികളുടെ ധ്യാനനഗരി. ഡെറാഡൂണ്‍ താഴ് വാരത്തിന്റെ നഗരിയാണ് ഹൃഷികേശ്. ഹൃഷീകങ്ങളെ, ഇന്ദ്രിയങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന ഈശ്വരന്റെ-മഹാവിഷ്ണുവിന്റെ നാടാണത്രേ ഹൃഷീകേശം. ഇവിടെ വച്ചാണ് കഠിനതപശ്ചര്യയിലൂടെ ഭഗവാന്‍ ഇന്ദ്രീയനിഗ്രഹം സാധ്യമാക്കിയതെന്നാണ് ഐതീഹ്യം. അതുകൊണ്ടുതന്നെയാണ് ഹൃഷികേശം തപോഭൂമിയായി മാറിയതും.സ്‌കന്ദപുരാണത്തില്‍ ഈ പ്രദേശം സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് കുബ്ജമരാകമെന്ന പേരിലാണഅ. ഭഗവാന്‍ വിഷ്ണു റൈഭ്യ മഹര്‍ഷിക്കു മുമ്പാകെ മാഞ്ചോട്ടില്‍ പ്രത്യക്ഷപ്പെട്ടത് ഇവിടെയായിരുന്നത്രേ
കേദാര്‍ഖണ്ഡ് എന്ന് പുരാണങ്ങളില്‍ പരാമര്‍ശമുള്ള ഗഡ് വാളിലെ ഈ നഗരത്തിന് സമീപമാണ് മുനി കേ രേതി അഥവാ ഋഷിമാരുടെ മണ്ണ് സ്ഥിതിചെയ്യുന്നത്. സന്യാസിമാരുടെ പാവനഭുമിക.
ശിവാനന്ദാശ്രമവും രാംദേവ് യോഗാശ്രമവും കാലികമ്പിളിവാലസ്വാമിയുടെ സ്വര്‍്ണ്മാശ്രമവുമടക്കം ഒട്ടേറെ ധര്‍മ്മസ്ഥലികള്‍ കൊണ്ട് അനുഗ്രഹീതമാണീ പുണ്യഭൂമി.ചതുര്‍ധാമയാത്രയ്‌ക്കെത്തിയിരുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയിരുന്ന കറുത്ത കമ്പിളി പുതച്ച യോഗിവര്യന്‍. പിന്നീട് ഇദ്ദേഹം കാലികമ്പിളീവാല എന്ന പേരില്‍ പ്രശസ്തനാവുകയും അദ്ദേഹത്തിന്റെ ധര്‍മ്മാശ്രമം ആ പേരില്‍ അറിയപ്പെടുകയും ചെയ്തു. പരിശുദ്ധമായ രുദ്രാക്ഷമരവും ചന്ദനമരവും ഈ ആശ്രമവാടികയെ ധന്യമാക്കുന്നു. നിരവധി കുരങ്ങന്മാരും, സിംഹവാലനും ഈ ആശ്രമത്തിലെ കൗതുകക്കാഴ്ചയാണ്.
120 വര്‍ഷത്തിലേറെ പഴക്കമുള്ള കൈലാസ് ബ്രഹ്മവിദ്യാപീഠമടക്കം നിരവധി സംസ്‌കൃത പാഠശാലകളാലും ധന്യമാണീ നഗരി. തെഹ്‌റി-ഗഡ്‌വാള്‍ ഹിമാലയപ്രദേശത്ത് 356 മീറ്റര്‍ കടല്‍നിരപ്പിനു മുകളിലായാണ് ഹൃഷികേശിന്റെ സ്ഥിതി. ത്രയമ്പകേശ്വരക്ഷേത്രം, ബലിതര്‍പ്പണത്തിനു പ്രശസ്തമായ ത്രിവേണി ഘട്ട്, നീലകണ്ട മഹാദേവക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങള്‍. പതിന്നാല് നിലയുള്ള ത്രയമ്പകേശ്വരക്ഷേത്രമാണ് അതില്‍ പ്രധാനം. പ്രതിഷ്ഠാവൈവിദ്ധ്യത്താലും സവിശേഷമാണ് ഈ ക്ഷേത്രം.
യോഗാഭ്യാസത്തിന്റെയും ധ്യാനത്തിന്റെയും ലോകതലസ്ഥാനമായിട്ടാണ് ഹൃഷികേശ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള തീര്‍ഥയാത്രികരും ആത്മീയവിദ്യാര്‍ഥികളും ജ്ഞാനികളും ഇവിടെയെത്തി ധ്യാനമിരിക്കുന്നു.
ഗംഗയുടെ കിഴക്കന്‍ തീരത്താണ് ഈ ആശ്രമങ്ങളൊക്കെയും. ഇവിടേക്കായി അലറിപ്പായുന്ന ഗംഗയ്ക്കു കുറുക്കെ അരകിലോമീറ്ററോളം നീളത്തില്‍ രണ്ടു തൂക്കു പാലങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ലക്ഷ്മണ്‍ ഝൂലയും, സ്വാതന്ത്രാനന്തരം ശിവാനന്ദാശ്രമത്തിന്റെ കൂടി ശ്രമഫലമായി നിര്‍മിച്ച രാം ഝൂലയും. ഝൂല എന്നല്‍ പാലം. ഐതീഹ്യപ്പഴമയില്‍ ലക്ഷ്മണ്‍ ഝൂലയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. രാവണവധത്തിന്റെ പാപം കഴുകിക്കളയാന്‍ ഗംഗാതീരത്തെത്തിയ രാമന്‍ ഗംഗയില്‍ മുങ്ങവേ, അനുജന്‍ ലക്ഷ്മണന്‍ ഗംഗ മറികടന്നത് ഇന്ന് ഈ പാലം നിലനില്‍ക്കുന്ന സ്ഥാനത്തായിരുന്നത്രേ. ഇവിടെ പിന്നീട് 1869 ല്‍ ഒരു കയര്‍ പാലമുണ്ടാവുകയും അതു പ്രളയത്തില്‍ ഒലിച്ചുപോയപ്പോള്‍ 1924 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിലവിലുള്ള ഇരുമ്പു തൂക്കു പാലം നിര്‍മിക്കുകയും ചെയ്യുകയായിരുന്നു. ഇതിലേ നടക്കുമ്പോള്‍ പാലം ഉലയുന്നത് ഒരനുഭവമാണ്. താഴേ ആര്‍ത്തട്ടഹസിക്കുന്ന മഹാ ഗംഗ. സ്‌കൂട്ടറിലും സൈക്കിളിലും കാല്‍നടയാത്രികരെ വകഞ്ഞുമാറ്റി ഈ പാലത്തിലൂടെ പുഴകടക്കുന്നവര്‍. ലക്ഷ്മണ്‍ ഝൂല എപ്പോഴും തിരക്കിലാണ്.
ഇവിടെ നിന്ന് അല്‍പം മാത്രം അകലെയാണ് ശിവാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച രാംഝൂല. ആധുനിക വാസ്തുശാസ്ത്രത്തിന്റെ അത്ഭുതമാകുന്ന മറ്റൊരു തൂക്കു പാലം. ഐതീഹ്യപ്പെരുമയൊന്നുമില്ലെങ്കിലും ഇത് ഇന്ത്യന്‍ എന്‍ജിനീയറിംഗിന്റെ പ്രതിഭ വിളിച്ചോതുന്ന നിര്‍മ്മിതിയായി അവശേഷിക്കുന്നു.
ഹൃഷികേശിന് 12 കിലോമീറ്ററകലെ, രാജാജി ദേശീയോദ്യാനത്തിന്റെ ഭാഗമായുള്ള വനപ്രദേശത്താണ് വിഖ്യാതമായ വശിഷ്ഠ ഗുഹ.
ഹൃഷികേശം ഇന്ന് ഹിപ്പികളുടെ താവളം കൂടിയാണ്.ആത്മീയത കച്ചവടത്തിനു വഴിമാറുന്ന കാഴ്ച. സംസ്‌കാരം വിപണിയാവുന്ന ലോകം.ഇടുങ്ങിയ തെരുവുകളില്‍ ചിന്തുകച്ചവടത്തിനും രുദ്രാക്ഷക്കടകള്‍ക്കുമിടയില്‍ കഞ്ചാവിന്റെയും ചരസിന്റെയും ഇരുണ്ട മറ്റൊരു ലോകം. സാഹസികയാത്രയ്ക്കും ആത്മീയനിര്‍വാണത്തിനുമായി ലോകത്തെവിടെനിന്നെല്ലാമോ എത്തിച്ചേര്‍ന്നിട്ടുള്ള വിദേശീയര്‍. ഏറെയും 25-35 വയസിനിടയില്‍ പ്രായമുള്ളവര്‍.ചിലര്‍ വാടകയ്‌ക്കെടുത്ത ബൈക്കുകളില്‍.ചിലര്‍ കഞ്ചാവുപുകയുടെ നിര്‍വൃതിയില്‍...മദ്യപിച്ചു നില്‍പുറയ്ക്കാത്ത നാടന്‍ ഗൈഡുകളുടെ വലയില്‍കുടുങ്ങാതെ രക്ഷപ്പെടുക ദുഷ്‌കരം. കയ്യിലിരിക്കുന്ന എന്തും പിടിച്ചു പറിക്കുന്ന കുരങ്ങന്മാരെ കാള്‍ കഷ്ടം ഇവരാണ്. ഒറ്റയ്‌ക്കെത്തിയാല്‍ കഷ്ടപ്പെട്ടതു തന്നെ. എന്നാല്‍, കൂട്ടമായെത്തുന്ന ബിഹാറികള്‍ക്കും പഞ്ചാബികള്‍ക്കും മുന്നില്‍ ഇവര്‍ വെറും എലികള്‍. അല്ലെങ്കില്‍ ഗുണ്ടകള്‍ക്കു സമാനം പുലികളായി ചീറും ഇവര്‍.
ആത്മീയതയുടെ കാവിക്കപ്പുറം ഹൃഷികേശ് മറ്റൊരു ഗോവയോ, ഫോര്‍ട്ട് കൊച്ചിയോ കോവളമോ ആയേ മലയാളിക്ക് അനുഭവപ്പെടൂ.ഇവിടെ വിദേശിയര്‍ക്കു വേണ്ടതെല്ലാമുണ്ട്, ധാരാളം. ആത്മീയത മുതല്‍ വിദേശനാണയം വരെ. ലോകത്തെ ഏതു കറന്‍സിയും അന്നത്തെ വിലയില്‍ മാറ്റാവുന്ന ഫോറിന്‍ എക്‌സ്‌ചേയ്ഞ്ച് കൗണ്ടര്‍ മുതല്‍ ഇറ്റാലിയന്‍ റസ്‌റ്റോറന്റ് വരെ. ജര്‍മ്മന്‍ ഭക്ഷണം മാത്രം വില്‍ക്കുന്ന ബേക്കറി.കോഫി ഡേ കോഫി ഷോപ്പില്‍ കപ്പുച്ചിനോ നുണഞ്ഞിരുന്ന് പ്രണയം ആസ്വദിക്കുന്ന വിദേശികള്‍. ഇതൊക്കെ ഹൃഷികേശിന്റെ ആധുനിക കാഴ്ചകള്‍.വഴി നീളെ രുദ്രാക്ഷവും സാളഗ്രാമവും മുതല്‍ ആത്മീയബിംബങ്ങള്‍ പതിപ്പിച്ച ടീഷര്‍ട്ടും ഉടുപ്പുകളും വരെ വില്‍ക്കുന്ന കമ്പോളസ്ഥാപനങ്ങള്‍ നിരവധി.
വിചിത്രമായ മറ്റൊരു കാഴ്ചയും കണ്ടു ഹൃഷികേശില്‍. സ്വര്‍ഗാശ്രമത്തിലേക്കുള്ള വഴിമധ്യേ നടപ്പാതയ്ക്കിടതുവശത്തായി ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. ഹോട്ടല്‍ ഛോട്ടേവാല. കുടവയറനായി തലയില്‍ നീളന്‍ കുടുമയുളള ഒരു വാമനരൂപമാണ് ഹോട്ടലിന്റെ ഭാഗ്യമുദ്ര. ഈ വേഷത്തില്‍ രണ്ടുപേര്‍ ഹോട്ടലിന്റെ രണ്ടു കവാടത്തിനുമരികില്‍ ഉയര്‍ന്ന പീഠത്തിലിരുന്ന് തൂക്കിയിട്ട ഓട്ടുമണിയിലടിച്ച് യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ച് അവരെ അകത്തേക്കു ക്ഷണിക്കുന്നുണ്ട്. ഛോട്ടേവാല ഹോട്ടലിന് മറ്റു ചില സവിശേഷതകളുമുണ്ട്. വാമനരൂപം ഹോട്ടലിന്റെ ട്രേയ്ഡ്മാര്‍ക്കാണ്. മാത്രമല്ല, ഐ.എസ്. ഒ സര്‍ട്ടിഫിക്കേഷനുളള വെജിറ്റേറിയന്‍ ഭോജനാലയമെന്ന ബഹുമതിയും ഈ ഹോട്ടലിനു സ്വന്തം.
ആധുനികതയുടെ പ്രവാഹത്തില്‍ ഹൃഷികേശം അടിമുടി മാറ്റത്തിനു തുടിക്കുകയാണെങ്കിലും പുരാതന വാസ്തുശൈലിയില്‍ ഇടുങ്ങിയ തെരുവുകളുള്ള ഹരിദ്വാറില്‍ ചെല്ലുമ്പോള്‍ ഏതോ പ്രാക്തന സ്മൃതികളുടെ ആത്മീയതീരങ്ങളിലേക്ക് മനസ്സ് നീന്തിക്കയറിയില്ലെങ്കിലാണത്ഭുതം.
എ.ചന്ദ്രശേഖര്‍

Sunday, September 26, 2010

അക്ഷരസുകൃതത്തിന് നമോവാകം

ലയാളത്തിന്റെ സുകൃതാക്ഷരങ്ങള്‍ക്ക്, കവിതയില്‍ അനുഭവത്തിന്റെ ഉപ്പും മധുരവും ചാലിച്ച കവികാരണവര്‍ക്ക്, ജ്ഞാനപീഠത്തിന്റെ അഞ്ചാമൂഴം ഭാഷയുടെ മടിത്തട്ടിലെത്തിച്ച പ്രഫ.ഒ.എന്‍.വി കുറുപ്പു സാറിന് അഭിനന്ദനങ്ങള്‍.

പ്രാഞ്ചിയേട്ടന് നന്ദി, രഞ്ജിത്തിനു സ്തുതി

ചില സിനിമാക്കാരുണ്ട്. നമ്മേ കൊണ്ട് മനഃപൂര്‍വം ചീത്ത കേള്‍പ്പിക്കും. അവര്‍ക്ക് നല്ല സിനിമയെപ്പറ്റി ബോധമില്ലാത്തതുകൊണ്ടല്ല, മറിച്ച് ബോധപൂര്‍വം ചില തറസിനിമകള്‍ പടച്ചുവിട്ടുകളയും. ദേവാസുരവും, രണ്ടാം ഭാവവും, മായാമയൂരവും ഓര്‍ക്കാപ്പുറത്തും നന്ദനവും പോലെ ചില സ്പാര്‍ക്കുള്ള സിനിമകളെഴുതിയ രഞ്ജിത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ജയരാജിന്റെ ഇരട്ടപിറന്നപോലെയാണ് രഞ്ജിത്തിന്റെ സര്‍ഗപ്രവര്‍ത്തികള്‍ ചിലപ്പോള്‍. കയ്യൊപ്പ് പോലെ സത്യസന്ധമായ ഒരു സിനിമ ചെയ്തിട്ട് റോക്ക് ആന്‍ഡ് റോള്‍ പോലൊരു അയുക്തികമായ ബുള്‍ഷിറ്റ് ഒരുക്കിക്കളയും കക്ഷി! അതുകൊണ്ടു തന്നെ രഞ്ജിത്തിന്റെ ഒരു സിനിമ കണ്ട് അടുത്തതിനെപ്പറ്റി യാതൊരു മുന്‍വിധിയും സാധ്യമല്ല. മറ്റൊരു ഭാഷയില്‍, ഒരു സിനിമ നന്നാക്കിയാല്‍ അടുത്തത് കൂളമാക്കും എന്നൊരു മുന്‍വിധിയായാലും സാരമില്ലെന്നു സാരം!
എന്നാല്‍, തിരക്കഥയ്ക്കും, മലയാളത്തിലെ എണ്ണം പറഞ്ഞ നല്ല സിനിമകളില്‍ ഇടം പറ്റിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയ്ക്കും ശേഷം രഞ്ജിത്തും ക്രൂവും ഒരുക്കിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റില്‍ ഈ മുന്‍വിധി തകര്‍ത്തെറിയുകയാണ് സ്രഷ്ടാക്കള്‍. ഇവിടെ, മുന്‍വിധികളോടെ വിമര്‍ശിക്കാനെത്തുന്നവരെപ്പോലും രഞ്്ജിത് അടിയറവു പറയിക്കുന്നു-വേറിട്ട ചിന്തയുടെ, ഭാവനയുടെ സമര്‍ഥമായ നിര്‍വഹണത്തിലൂടെ.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് സത്യമാകാന്‍ ഇടയായത് ദിലീപ് എന്നൊരു നിര്‍മ്മാതാവിന്റെ പിന്തുണയാണെങ്കില്‍, ഇന്നത്തെ സവിശേഷമായ സാഹചര്യത്തില്‍ പ്രാഞ്ചിയേട്ടന്‍ പോലൊരു സിനിമ സാധ്യമാകാന്‍ കാരണം സംവിധായകന്‍ തന്നെ നിര്‍മാതാവായതുകൊണ്ടാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും, മലയാളത്തില്‍ ഒറ്റതിരിഞ്ഞ് ഒരു സിനിമയുണ്ടാകണമെങ്കില്‍ നടന്മാരോ സംവിധായകരോ തന്നെ സ്വയം നിര്‍മിക്കേണ്ടിവരുന്നു എന്നുവരുന്നത് വ്യവസായമെന്ന നിലയ്ക്ക് സിനിമയെ എവിടെക്കൊണ്ടു നിര്‍ത്തുന്നു എന്നൊരു ചിന്തയ്ക്കു കൂടി പ്രാഞ്ചിയേട്ടനും മലര്‍വാടിയും തിരിവയ്ക്കുന്നുണ്ട്.
മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതുപോലെ, പ്രാഞ്ചിയേട്ടന്‍ താരവ്യവസ്ഥകളെ, താര സാന്നിദ്ധ്യം കൊണ്ടു തന്നെ മറികടക്കുന്നുണ്ട്, അല്ലെങ്കില്‍ അതിജീവിക്കുന്നുണ്ട്. മലര്‍വാടി താരങ്ങളെ പാടെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് നിശ്ശബ്ദമായി കലഹിച്ചതെങ്കില്‍ പ്രാഞ്ചിയേട്ടന്‍ മമ്മൂട്ടി എന്ന മഹാതാരത്തെ അവതരിപ്പിക്കുമ്പോള്‍ തന്നെ ആ താരത്തിന്റെ പരിവേഷം തകര്‍ത്തെറിയുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത.
തറ വളിപ്പുകളെ പടിപ്പുരയ്ക്കപ്പുറം നിര്‍ത്തി, ചിരിക്കുവേണ്ടി ചിരി ഉദ്പാദിപ്പിക്കുന്ന സിനിമാശീലങ്ങള്‍ വിട്ട് നിത്യജീവിതത്തില്‍ ഒരുപക്ഷേ നാം കണ്ടു മുട്ടിയേക്കാവുന്ന വ്യക്തികളിലൂടെ, കടന്നുപോയേക്കാവുന്ന വിശേഷങ്ങളിലൂടെ നൈസര്‍ഗികമായി ഉത്പാദിപ്പിക്കുന്ന ചിരിയാണ് പ്രാഞ്ചിയേട്ടന്‍ നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു ചിരി, റാംജിറാവു സ്പീക്കിംഗ് എന്നൊരു സിനിമ സമ്മാനിച്ചത് ഓര്‍ത്തുപോവുകയാണ്. പ്രാഞ്ചിയേട്ടന്‍ മുന്നോട്ടുവയ്ക്കുന്ന സോദ്ദേശ്യസന്ദേശങ്ങളൊക്കെ മാറ്റിനിര്‍ത്തിയാലും,കൈകൊണ്ട് ആറെഴുതുകയും കാലു വലത്തോട്ടു തിരിക്കുകയും ഒന്നിച്ചു ചെയ്യാമോ എന്നും വി.എസ് അച്യൂതാനന്ദന്‍ കേരളത്തിലെ എത്രാമത്തെ മുഖ്യമന്ത്രിയാണ് എന്ന ചോദ്യം ഇംഗഌഷില്‍ ചോദിക്കുന്നതെങ്ങനെ എന്നുമുള്ള ചില ചോദ്യങ്ങള്‍ വഴി, ഹിന്ദിയില്‍ രാജ്കുമാര്‍ ഹിരാണി ത്രി ഇഡിയറ്റ്‌സില്‍ മുന്നോട്ടുവച്ചതുപോലെയുളള ചില പ്രശ്‌നങ്ങളാണ് രഞ്ജിത്തും ഉന്നയിക്കുന്നത്. അതിലെ നിഷ്‌കളങ്കത്വം ദാര്‍ശനികമാണ്.
തന്നോട് സംവദിക്കുന്ന ഫ്രാന്‍സിസ് പുണ്യാളന്‍ ചിത്രത്തിനൊടുവില്‍ പ്രാഞ്ചിക്ക് കാണിച്ചു കൊടുക്കുന്ന മൂന്നു ദൃശ്യങ്ങളുണ്ട്. വിവാഹിതരായി സുഖമായി ജീവിക്കുന്നു എന്നു താന്‍ കരുതുന്ന പൂര്‍വകാമുകിയും ശത്രുവായ സഹപാഠിയും പരസ്പരം വഞ്ചിച്ചുകൊണ്ട് പ്രണയം അഭിനയിക്കുന്നതാണ് ആദ്യദൃശ്യം. തന്നെ വഞ്ചിച്ച ആദര്‍ശ് മേനോന്‍ ചത്തീസ്ഗഡില്‍ പൊലീസ് പിടിയിലാവുന്നതാണ് അടുത്തത്. തന്നോടുള്ള പ്രണയം മറച്ചുവച്ച തന്റെ കാമുകിയുടെ ഉള്ളലിരുപ്പാണ് മൂന്നാമത്തേത്. മലയാളിയുടെ സഹജമായ ഹിപ്പോക്രിസി-കാപട്യത്തിന്, ആത്മവഞ്ചനയ്ക്ക് നേരെയുള്ള അതിശക്തമായ കൂരമ്പുകളാണ് ഈ മൂന്നു കാഴ്ചകളും.അതിന്റെ പേരില്‍ മാത്രമായാലും രഞ്ജിത് അഭിനന്ദനമര്‍ഹിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടും, സലീംകുമാറുമില്ലാതെ, ടിനിടോമിനെയും ഇടവേളബാബുവിനെയും വച്ചും ഒരു ചിത്രം പൊലിപ്പിക്കാമെന്നു തെളിയിക്കാനുള്ള ചങ്കുറപ്പുകാണിച്ചതിനും.

ദ് ബോയ്‌സ് ഓഫ് മലര്‍വാടി

ലര്‍വാടി ആര്‍ട്‌സ് ക്‌ളബ് കണ്ടു. വൈകിയതിനു ക്ഷമ. ഇടയ്‌ക്കൊരു ഹിമാലയന്‍ യാത്രയുണ്ടായിരുന്നതുകൊണ്ട് വായനയിലും സിനിമയിലും ഒരു ഷോര്‍ട്ട് ബ്രേക്ക്. അതുകഴിഞ്ഞെത്തിയശേഷമാണ് പെന്‍ഡിംഗ് സിനിമകള്‍ കണ്ടു തീര്‍ത്തത്. അക്കൂട്ടത്തില്‍ മലര്‍വാടിയും. തീര്‍ച്ചയായും വിനീത് ശ്രീനിവാസന്റെ കന്നിസംരംഭം അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്ക്. ഒന്ന്. ലബ്ധപ്രതിഷ്ഠരായ താരങ്ങളുടെ പിന്‍ബലം വേണ്ട എന്നു വച്ചതിന്. രണ്ട്.ഗാനരചനയടക്കം സിനിമയുടെ എല്ലാ മേഖലകളിലും ഒരു ബാലചന്ദ്രമേനോനായിത്തന്നെ അരങ്ങേറാന്‍ കാട്ടിയ ധൈര്യത്തിന്.
വഴി മാറി ചിന്തിക്കുന്ന യുവത്വത്തിന്റെ പ്രസന്നതയും പ്രസരിപ്പുമാണ് വാസ്തവത്തില്‍ ശയ്യാവലംബമായ മലയാളസിനിമയ്ക്ക് ഇന്ന് അത്യാവശ്യം. വിനീത് ആ അര്‍ഥത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, തമിഴില്‍ സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി നിര്‍വഹിച്ച ബോയ്‌സ് എന്ന സിനിമയോട് മലര്‍വാടിക്ക് ഏറെ കടപ്പാടുണ്ടെന്ന കാര്യം വിനീത് ശ്രീനിവാസനും മറക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്. സംഗീതം ജീവിതമാക്കുന്ന ഒരു പറ്റം യുവാക്കളുടെ...അവരുടെ കൂട്ടത്തില്‍ കൂടുന്ന ഒരു യുവതിയുടെ, കഥ തന്നെയാണ് രണ്ടും എന്നതുമാത്രമല്ല, കഥയുടെ ക്‌ളൈമാക്‌സില്‍ വരെ വന്നുഭവിച്ച സാമ്യം കണ്ടില്ലെന്നു നടിക്കുന്നത് അസാധ്യം.അതിനര്‍ഥം മലര്‍വാടിയുടെ പുതുമകളെ, നന്മകളെ കണ്ടില്ലെന്നു വയ്ക്കുന്നു എന്നല്ല. തീര്‍ച്ചയായും മലര്‍വാടി ആഘോഷിക്കപ്പെടേണ്ട സിനിമ തന്നെയാണ്, പ്രത്യേകിച്ചും ഈ കാലയളവില്‍.
എന്തൊക്കെ കുറവുണ്ടെങ്കിലും, ഒരു കന്നി സംവിധായകന്റെ, അതി ധീരമായ പരിശ്രമം എന്ന നിലയ്ക്ക് മലര്‍വാടി അംഗീകരിക്കപ്പെടേണ്ടത്, മലയാള സിനിമയെ സ്‌നേഹിക്കുന്നവരുടെ കര്‍ത്തവ്യമോ കടമയോ ആണ്. അതുമാത്രമല്ല, ഇത്തരമൊരു സംരംഭത്തിന് ഇലയിട്ട് സദ്യ വിളമ്പിയ നടന്‍ ദിലീപിന്റെ ദൗത്യം, സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു ചലച്ചിത്രപ്രവര്‍ത്തകന്റെ അര്‍പണബോധത്തിന്റെ കൂടി തെളിവുതന്നെയാണ്.
ഒരു കാര്യത്തിലേ, വിനീതിനോട് വേറിട്ട അഭിപ്രായമുള്ളു-സുരാജ് വെഞ്ഞാറമ്മൂടില്ലായിരുന്നെങ്കിലും, അച്ഛന്റെ തന്നെ കഥ പറയുമ്പോളിലേതിനു സമാനമായ കോട്ടയം നസീറിന്റെ കഥാപാത്രമില്ലായിരുന്നെങ്കിലും മലര്‍വാടി പൂത്തുലയുമായിരുന്നു.
ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ് ശരിക്കും അയാളുടെ ആദ്യ പരീക്ഷണം അഥവാ അഗ്നി പരീക്ഷണം.അതാണ് അയാളുടെ നിലനില്‍പ്പിനെ നിര്‍ണയിക്കുക. കേരളം കാത്തിരിക്കുന്നത് വിനീതിന്റെ അടുത്ത സിനിമയ്ക്കായാണ്. അതിലെങ്കിലും ആദ്യസിനിമയിലെ കുറവുകളും കൈകുറ്റപ്പാടുകളും ഒഴിവാക്കാന്‍ ശ്രമിക്കുക. താങ്കളില്‍ മലയാളത്തിന് ഏറെ പ്രതീക്ഷയാണുള്ളതെന്ന ബോധ്യം വെടിയാതിരിക്കുക.

Wednesday, September 15, 2010

Congrats Harikrishnan


എന്റെ രണ്ടു പ്രിയസുഹൃത്തുക്കള്‍ക്ക് ദേശീയ സിനിമാ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള പുരസ്‌കാരം കിട്ടിയ കെ.ഹരികൃഷ്ണന്‍ എന്നോടൊപ്പം മലയാള മനോരമയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ചങ്ങാതി. നിരൂപകനുള്ള അവാര്‍ഡ് നേടിയ സി.എസ്.വെങ്കിടേശ്വരന്‍ ഈ രംഗത്തെ എന്റെ മാതൃകകളിലൊന്ന്. രണ്ടുപേരുടെയും നേട്ടത്തില്‍ ഹൃദയം നിറഞ്ഞ ആഹഌദം. അതു വെളിപ്പെടുത്താതെ തരമില്ല. ഒപ്പം, മാസങ്ങള്‍ക്കു മുമ്പ് കുട്ടിസ്രാങ്ക് കണ്ട് ഈ ബ്‌ളോഗില്‍ ഞാന്‍ എഴുതിയ കുറിപ്പ് ശരിവയ്ക്കും വിധമുള്ള അംഗീകാരപ്പെരുമഴ. മലയാളത്തില്‍ നിന്നുള്ള ഏക ജൂറി അംഗം ഹരികുമാറിനു നന്ദി.

Saturday, September 11, 2010

സങ്കടക്കടല്‍ നടുവില്‍...

നിന്നുപോയ കാറിന്റെ ഡ്രൈവര്‍ക്ക് ചൂലുകൊണ്ട് അടി
സ്വന്തം ലേഖകന്‍
(Malayala Manorama Dt 12/09/2010)
തിരുവനന്തപുരം: തിരക്കേറിയ കവലയില്‍ കാര്‍ നിന്നുപോയി ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം ചെറുപ്പക്കാര്‍ പ്രായംചെന്ന ഡ്രൈവറെ കാറിനകത്തിട്ടു ചൂല് കൊണ്ടു തല്ലിയശേഷം പുറത്തേക്കു വലിച്ചിഴച്ചു സൈക്കിള്‍ ട്യൂബ് കൊണ്ടു കെട്ടിയിട്ടു.

കാലടി തളിയല്‍ വാറുകുഴിയില്‍വിളാകം പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടി (51)ക്കു ജഗതി ജംക്ഷനില്‍ ഉണ്ടായ അനുഭവം ഏതാണ്ടു ബിഹാര്‍ മോഡലില്‍ ഉള്ളതായിരുന്നു. ജംക്ഷനിലെ ചുവന്ന സിഗ്നല്‍ കാണാതെ കൃഷ്ണന്‍കുട്ടി അംബാസഡര്‍ കാര്‍ മുന്നോട്ടെടുത്തതാണു തുടക്കം. ഹോംഗാര്‍ഡ് വണ്ടി കൈകാണിച്ചു നിര്‍ത്തി. കാര്‍ നിന്നുപോയതിനെത്തുടര്‍ന്നു ഗതാഗതക്കുരുക്കുമുണ്ടായി.
ഇതിനു പിന്നാലെയായിരുന്നു ചെറുപ്പക്കാരുടെ

ഇടപെടല്‍. കൃഷ്ണന്‍കുട്ടിയെ അസഭ്യം കൊണ്ടു നേരിട്ടു. അസഭ്യം തന്നെ തിരിച്ചും കേട്ടു. ഇതിനു പിന്നാലെ ഡോര്‍ തുറന്ന ചെറുപ്പക്കാരന്‍ ഉള്ളിലേക്കു കയറി ചൂല് കൊണ്ടു പൊതിരെ തല്ലാന്‍ തുടങ്ങി. ഓരോ അടിയും ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ കാറില്‍ നിന്നു കൃഷ്ണന്‍കുട്ടിയെ പുറത്തേക്കു വലിച്ചിഴച്ചു.

നിലത്തു വീണ കൃഷ്ണന്‍കുട്ടിയുടെ കഴുത്തില്‍ സൈക്കിള്‍ ട്യൂബ് വരിഞ്ഞുമുറുക്കി, പിന്നിലേക്കെടുത്തു കൈകള്‍ കെട്ടിയിട്ടു. പിന്നെ ചുറ്റും നിന്നു മര്‍ദനമായിരുന്നു. മാന്യമായി വേഷം ധരിച്ചവര്‍ പോലും കൃഷ്ണന്‍കുട്ടിയെ കൊത്തിപ്പറിക്കാന്‍ മുന്നിട്ടുവന്നു. മര്‍ദനമുറകള്‍ കഴിഞ്ഞതോടെ സമനില തെറ്റിയ പോലെയായി കൃഷ്ണന്‍കുട്ടി. ഇതിനിടെ മ്യൂസിയം പൊലീസ് എത്തി കൃഷ്ണന്‍കുട്ടിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ചെറുപ്പക്കാരില്‍ ഒരാളെ സ്‌ക്രൂഡ്രൈവര്‍ കൊണ്ടു കുത്തിയതിനെത്തുടര്‍ന്നാണു നാട്ടുകാര്‍ പ്രകോപിതരായതെന്നു പൊലീസ് പറയുന്നു. സ്‌ക്രൂ ഡ്രൈവര്‍ എടുത്ത് ഒരാളെ കുത്തിയതായി കൃഷ്ണന്‍കുട്ടി സമ്മതിക്കുന്നുമുണ്ട്.

കൃഷ്ണന്‍കുട്ടി മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കാറിലെ യാത്രക്കാരെ വിട്ടു വരുന്നവഴി താന്‍ മദ്യപിച്ചതായി കൃഷ്ണന്‍കുട്ടി സമ്മതിച്ചു. ഇയാളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. കൃഷ്ണന്‍കുട്ടിയുടെ മൊഴി പ്രകാരം കണ്ടാലറിയുന്ന ആറുപേര്‍ക്കെതിരെ കേസെടുത്തു. മദ്യപിച്ചു വാഹനം ഓടിച്ചതിനു കൃഷ്ണന്‍കുട്ടിക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.

Please click the link and read the Manorama Report and then read this update..

കൃഷ്ണന്‍കുട്ടി.എന്റെ മകളെ ഒന്നാം കഌസ് മുതല്‍ സ്‌കൂളില്‍ കൊണ്ടുവിടുകയും വിളിച്ചുകൊണ്ടുവരികയും ചെയ്യുന്ന ഡ്രൈവര്‍. അവളെപ്പോലെ അനേകം കുട്ടികളുടെ സാരഥി അങ്കിള്‍. കടുത്ത ഹൃദ്രോഗി. ഉറുമ്പിനെപ്പോലും നോവിക്കാത്ത സ്വഭാവക്കാരന്‍. അദ്ദേഹത്തിനു നേരിട്ട കയ്യേറ്റത്തിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനല്ലേ മറുപടിപറയേണ്ടത്. വിഷക്കള്ളു ദുരന്തം, മന്ത്രിസഭയുടെ കാലാവധികഴിയാന്‍ പോവുന്ന നേരത്ത് പ്രതിപക്ഷം അടക്കം ഉണ്ടാക്കിത്തീര്‍ക്കുന്ന ഗൂഡാലോചനയാണെന്ന നിലയ്ക്ക് ആരോപണമുന്നയിക്കുന്ന ഭരണകക്ഷിക്ക് ഈ സദാചാര പോലീസിംഗിനെപ്പറ്റി എന്തുണ്ട് പറയാന്‍. സിഗ്നല്‍ വീഴുമ്പോള്‍ വാഹനം നിന്നു പോവുക പതിവുള്ള ഡ്രൈവറാണ് ഞാന്‍. ചിലപ്പോഴെങ്കിലും മുന്നില്‍പ്പോവുന്ന വാഹനം മാത്രം ശ്രദ്ധിച്ചോടിക്കവേ സിഗ്നല്‍ മാറിയതു കാണാതെ മുന്നോട്ടെടുത്തിട്ടുമുണ്ട്. ഈ തെറ്റേ കൃഷ്ണന്‍കുട്ടിക്കും പറ്റിയിട്ടുള്ളൂ. അല്ലാതെ അദ്ദേഹം തടിയന്റവിടെയോ തച്ചങ്കേരിയിലോ കുടുംബബന്ധമുള്ളയാളല്ലേ. എന്നിട്ടും ഈ പീഡനമോ? അല്ലെങ്കിലും ഒരു ചോദ്യപ്പേപ്പറിന്റെ പേരില്‍ കൈ നഷ്ടപ്പെട്ട അധ്യാപകന്‍ ജീവിച്ചിരിക്കുന്ന കേരളത്തില്‍ ഇതും ഇതിലപ്പുറവും ഉണ്ടാവും. ഇനി കാറോടിക്കുന്നതും നിര്‍ത്തിയാലോ എന്നാണാലോചന. ദൈവമേ, നിന്റെ സ്വന്തം നാട്ടിലെ ഈ മനുഷ്യാവകാശകൈയേറ്റങ്ങള്‍ നീ കാണുന്നില്ലെന്നോ? ധര്‍മ്മസംസ്ഥാപനാര്‍ഥം സംഭവിക്കാന്‍ ഇനി അവതാരങ്ങളേ ഇല്ലെന്നോ കൃഷ്ണ കൃഷ്ണ!

Wednesday, September 08, 2010

റിയാലിറ്റിക്കു പിന്നിലെ റിയാലിറ്റി: ചില മനുഷ്യാവകാശ ചിന്തകള്‍


feature published in Varthamanam daily Annual-Onam special 2010
എ.ചന്ദ്രശേഖര്‍

Television programs that present real people in live, though often deliberately manufactured, situations and monitor their emotions and behavior.
ഇതാണ് റിയാലിറ്റി ടിവിക്ക് നിഘണ്ടു നല്‍കുന്ന വ്യാഖ്യാനം. അമേരിക്കയിലെ റിയാലിറ്റി ടിവി എന്ന പേരില്‍ത്തന്നെയുള്ള ടിവിചാനലും മറ്റും ഇത്തരത്തില്‍ യഥാര്‍ഥ മനുഷ്യജീവിതാവസ്ഥകളുടെ വൈവിദ്ധ്യമാര്‍ന്ന അവസ്ഥാവിശേഷങ്ങള്‍ അവതരിപ്പിക്കുന്നതാണ്. എന്നാല്‍ ടെലവിഷനിലെ റിയാലിറ്റി ഷോ എന്ന സംജ്ഞയെ, കേരളത്തിലെ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാക്കളും പ്രേക്ഷകരും ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ വിവരിക്കാന്‍ ഈ വിവക്ഷ മതിയാവുമോ എന്നറിയില്ല. കാരണം അവ യഥാര്‍ഥത്തിലുള്ള റിയാലിറ്റി അല്ല, മറിച്ച റിയാലിറ്റി എന്ന കാപട്യമോ, വ്യാജറിയാലിറ്റിയോ ആവുന്നു എന്നതുതന്നെ.

റിയാലിറ്റി ഷോയ്ക്കു പിന്നിലെ മനഃശാസ്ത്രം
അയല്‍വീട്ടില്‍ എന്തുനടക്കുന്നുവെന്നും, അപ്പുറത്തെ സീറ്റിലെന്തുനടക്കുന്നുവെന്നും എത്തിനോക്കാനുള്ള വാസന മനുഷ്യരില്‍ ഉള്ളതുതന്നെയാണ്. മൃഗസഹജമായ നൈസര്‍ഗികമായ പ്രതിഭാസം മാത്രമാണത്. വിശപ്പും ദാഹവും രതിയും പോലെതന്നെയാണ് മനുഷ്യമനസ്സിന് ആകാംക്ഷയും. പ്രത്യേകിച്ച് നമ്മുടേതല്ലാത്ത എന്തിനോടും, നമുക്കറിയാത്ത എന്തുനോടുമുള്ള ആകാംക്ഷ. ഒളിഞ്ഞുനോട്ടത്തിന്റെ മനഃശാസ്ത്രവും ഇതുതന്നെയാണെന്ന് മനോരോഗഗവേഷകര്‍ സാക്ഷ്യപ്പെടുത്തും. വോയറിസം എന്നാണ് മനോചികിത്സകര്‍ ഈ സ്വഭാവത്തിനു നല്‍കിയിട്ടുള്ള പേര്. രതിയുടെ കാര്യത്തിലെന്നപോലെ, ശരീരത്തിലെ ചില ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ടാണ് ഒരു വ്യക്തി മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് അവരെന്നല്ല, മറ്റൊരാളറിയാതെ കണ്ണു പായിക്കാന്‍ ശ്രമിക്കുന്നത്.
അപരനറിയാതെ അവന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടത്തെയാണ് ഒളിഞ്ഞുനോട്ടം അഥവാ വോയറിസം എന്നു പറയുന്നത്. എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും ഒളിഞ്ഞുനോട്ട പ്രവണത കണ്ടുവരാറുണ്ട്. എന്നാല്‍ സംസ്‌കാരം എന്ന വസ്ത്രമിട്ട് നാമതിനെ മൂടിപ്പുതപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. അനേകം ലൈംഗിക പങ്കാളികളെ സ്വീകരിക്കുന്ന മൃഗവാസനയില്‍ നിന്ന് ഏകപങ്കാളിയെന്ന വ്യവസ്ഥയിലൂടെ സംസ്‌കാരസമ്പന്നരായ മനുഷ്യര്‍ സമാനമായൊരു വ്യവസ്ഥ സ്ഥാപിക്കുകവഴിയാണ് ഒളിഞ്ഞുനോട്ടം പോലെയുളള ചില സ്വഭാവവൈകല്യങ്ങളെ വരുതിയില്‍ നിര്‍ത്തുന്നത്. സംസ്‌കാരത്തിന്റെ പേരിലാണെങ്കിലും അടിച്ചമര്‍ത്തപ്പെടുന്ന മൃദുലവികാരങ്ങള്‍ തരം കിട്ടുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളെയും ഭേദിച്ച് പുറത്തേക്കു വരിക സ്വാഭാവികം മാത്രം. മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ ഒളിഞ്ഞുനോട്ടവാസനയും മറ്റു പല രീതിയിലും പുറത്തുവരുന്നത് അതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ ഒളിഞ്ഞുനോട്ടത്തിന്റെ ഇരകള്‍, കക്കൂസിലും കുളിമുറിയിലും സ്ഥാപിക്കപ്പെട്ട ഒളിക്യാമറകളിലും, മൊബൈല്‍ ക്യാമറകളിലും പകര്‍ത്തപ്പെടുന്ന സ്ത്രീകള്‍ മുതല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ മത്സരാര്‍ഥികള്‍ വരെ നീളുന്നുവെന്നുമാത്രം.
പാശ്ചാത്യ സംസ്‌കാരത്തെ ഒട്ടൊരവജ്ഞയോടെ നോക്കിക്കാണുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍. എന്നാല്‍, കേരളത്തില്‍ ഒരു പെണ്ണിന് ഇന്നും സര്‍വസ്വാതന്ത്ര്യത്തോടെ പൂവലന്മാരുടെയും തൈക്കിളവന്മാരുടെയും ആക്രാന്തം നിറഞ്ഞ ഒളികണ്ണുകളെ ഒഴിവാക്കി പൊതുസ്ഥലത്തു സഞ്ചരിക്കാനാവില്ല. മറിച്ച് യൂറോപ്പിലോ അമേരിക്കയിലോ പാതയോരത്ത് ചുംബനത്തിലോ മൈഥുന്യത്തിലോ തന്നെ ഏര്‍പ്പെട്ടിരിക്കുന്ന കമിതാക്കളെ മറ്റു സഞ്ചാരികള്‍ തിരിഞ്ഞുപോലും നോക്കില്ല. കാരണം, പൊതുവിടത്താണെങ്കിലും അത് അവരുടെ സ്വകാര്യതയാണെന്ന തിരിച്ചറിവും, അതില്‍ അരുതാത്തതോ, തങ്ങള്‍ക്ക് അപ്രാപ്യമായതോ ആയ യാതൊന്നും ഇല്ലെന്നുമുള്ള മനസ്സിലാക്കലുമാണ് അവിടത്തുകാരെ ഇങ്ങനെ പെരുമാറാന്‍ കെല്‍പ്പുള്ളവരാക്കുന്നത്. കേരളത്തിലാവട്ടെ, പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും ഇന്നും സ്വതന്ത്രരായി, താലിമാംഗല്യത്തിന്റെ വ്യവസ്ഥക്കെട്ടുകൂടാതെ ഒന്നിച്ചു സഞ്ചരിക്കാനോ രാപാര്‍ക്കാനോ സാധിക്കുന്ന അവസ്ഥയില്ല. അവരെ സാംസ്‌കാരിക പൊലീസു പണി സ്വയമേറ്റെടുക്കുന്ന രാഷ്ട്രീയ സാമൂഹികസംഘടനകള്‍ കല്ലെറിയും, കൂവിത്തോല്‍പ്പിക്കും, മാധ്യമവിചാരണയ്ക്കു വിട്ടുകൊടുക്കുകയും ചെയ്യും. പക്ഷേ ഓര്‍ക്കുക- ഇതൊക്കെയും ചാനല്‍ മാധ്യമങ്ങളുടെ വരവിനുശേഷമുണ്ടായ സാംസ്‌കാരിക സവിശേഷതകളാണ്. ഇവിടെ, സ്വകാര്യത അനാവൃതമാവുന്നത് ക്യാമറാക്കണ്ണുകള്‍ക്കുമുന്നിലാണ്. പണ്ട് പത്രലേഖകരുടെ പപ്പരാസിക്കണ്ണുകള്‍ക്കു മുന്നില്‍ മാത്രം അനാവരണം ചെയ്യപ്പെട്ടിരുന്ന പ്രശസ്തരുടെ സ്വകാര്യതകള്‍ പോലും ഇന്ന് ഒളിക്യാമറയുടെ കാഴ്ചവിഭവമാവുന്നു. ഒരുതരം പരസ്യമായതും കൂട്ടംകൂടിയുമുള്ള ഒളിഞ്ഞുനോട്ടമല്ലെങ്കില്‍ പിന്നെ ഇതെന്താണ്?
അന്യന്റെ രതി കണ്ട് നിര്‍വൃതി നേടുന്നതിനു പിന്നിലെ മനഃശാസ്ത്രമാണ് നീലച്ചിത്രങ്ങളുടെ ആഗോളവ്യാപനത്തിനു പിന്നിലെങ്കില്‍, ഈ മനഃശാസ്ത്രം തന്നെയാണ്, ഷക്കീലസിനിമകളെ കേരളത്തില്‍ വന്‍ വിജയങ്ങളാക്കിത്തീര്‍ത്തതും. ഒരു തലമുറയുടെ മാത്രം ദര്‍ശനപ്രതിസന്ധിയായോ, സംവേദനശൈഥില്യമായോ ഈ പ്രതിഭാസത്തെ ചെറുതാക്കിക്കാണുന്നതില്‍ കഴമ്പില്ല. കാരണം, ദൃശ്യമാധ്യമമുണ്ടായ കാലം മുതല്‍ക്കുതന്നെ മനുഷ്യന്റെ തീര്‍ത്തും സ്വകാര്യ ഇടമായ കിടപ്പറയിലും കുളിമുറിയിലും എത്തിനോക്കുന്ന പ്രവണതയും ചലച്ചിത്രകാരന്മാര്‍ തുടങ്ങിവച്ചിരുന്നു. എഴുതിവച്ച വാക്കുകളിലെ വാച്യാര്‍ഥം വായനക്കാരന്റെ മനസ്സില്‍ മൂര്‍ത്തീകരിക്കപ്പെടുന്നതില്‍ നിന്നു വ്യത്യസ്തമാണിത്. കാരണം ചലച്ചിത്രത്തില്‍ ഒന്നും അമൂര്‍ത്തമല്ല. കാഴ്ച എല്ലാം യഥാര്‍ഥ പ്രതീതിയോടെ കാണിക്കുകതന്നെയാണ്. അപ്പോള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതായാല്‍പ്പോലും പ്രേക്ഷകന്‍ കാണുന്നത്, നടനും നടിയുമെന്ന രണ്ട് അന്യരുടെ സ്വകാര്യനിമിഷങ്ങളാണ്. സ്വയം ചെയ്യുന്നതല്ലെങ്കിലും അതില്‍ തങ്ങള്‍ക്കുവേണ്ടി, ഛായാഗ്രാഹകനും സംവിധായകനും ഏറ്റെടുക്കുന്ന ഒളിഞ്ഞുനോട്ടക്കാരുടെ ധര്‍മ്മത്തോട് കാണികള്‍ സ്വയം ഉള്‍ച്ചേരുകയാണ്. അവര്‍ നേരിട്ടതു കാണുന്നുവെന്ന രീതിയിലേക്ക് പ്രേക്ഷകര്‍ അതിനോട് സാത്മ്യം പ്രാപിക്കുകയാണ്. പദ്മതീര്‍ഥക്കുളത്തില്‍ മനോരോഗി കാവല്‍ക്കാരനെ നിഷഠുരം മുക്കിക്കൊല്ലുന്നത് ലൈവ് ആയി കാണാനിരുന്ന പ്രേക്ഷകന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.
ടെലിവിഷനിലേക്കു വരുമ്പോള്‍ വ്യക്തിയുടെ സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം ചലച്ചിത്രത്തേ അപേക്ഷിച്ച് വളരെ കൂടുന്നുവെന്നു കാണാം. ഒളിക്യാമറാ ഓപ്പറേഷന്‍ മുതല്‍ റിയാലിറ്റി ഷോ വരെ പരന്നു കിടക്കുന്നതാണ്് ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഈ ദൃശ്യവല. അതില്‍ ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനം സാമൂഹിക നന്മയ്ക്ക് എന്ന പേരില്‍ ഇരയുടെ സമ്മതമില്ലാതെ, പലപ്പോഴും ഇര അറിയുകപോലുമില്ലാതെ വ്യക്തമായ പൂര്‍വാസൂത്രണത്തോടെ കാഴ്ചക്കാര്‍ക്കുമുന്നിലെത്തപ്പെടുന്ന ദൃശ്യങ്ങളിലാണ് അവസാനിക്കുക. ഇവിടെ, ഇര കേവലമൊരു സബ്ജക്ട് മാത്രമാവുന്നു. അയാള്‍ക്കു പറയാനുള്ളതെന്തെന്നതിന് ഈ ദൃശ്യാക്രമണത്തില്‍ പ്രസക്തിയേ ഇല്ലാതാവുന്നു. ഒളിഞ്ഞിരുന്നു കാണുന്ന നാം പ്രേക്ഷകര്‍ക്ക് ഏകപക്ഷീയമായ മനഃസുഖം കൈവരുന്നു. ഇരയുടെ തൊലിയുരിക്കാന്‍ നമുക്കുമായല്ലോ എന്ന ആത്മനിര്‍വൃതിയാണ് പ്രേക്ഷകന്റെ ബോധത്തെ അപ്പോള്‍ ഭരിക്കുന്നത്.
ഇരയുടെ/ഇരകളുടെ അനുമതിയോടെ, അല്ലെങ്കില്‍ നിബന്ധനകളുടെ പേരില്‍ നിര്‍ബന്ധിതമായി പിടിച്ചുവാങ്ങുന്ന അനുമതിയുടെ പേരില്‍ തൊലിയുരിച്ചു കാണിക്കുന്ന പ്രവണതയാണ് റിയാലിറ്റി ഷോയില്‍ പ്രകടമാവുന്നത്. വ്യക്തമായി എഴുതിത്തയാറാക്കിയ, അല്ലെങ്കില്‍ മുന്‍ധാരണയോടെ വിഭാവനചെയ്യപ്പെട്ട തിരക്കഥയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് റിയാലിറ്റി ഷോകളിലെ‘റിയാലിറ്റി ക്യാമറയ്ക്കു മുന്നില്‍ അരങ്ങേറുന്നത്. റിയാലിറ്റി ഷോ, റാഗിംഗിന് സമാനമാകുന്നുവെന്ന വിമര്‍ശനത്തിന് കല്‍ക്കട്ടയില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സംസാര/ശരീര ശേഷി തളര്‍ന്നു കുഴഞ്ഞുവീണ മത്സരാര്‍ഥിയുടെ കേസുമുതല്‍ക്കേ ആയുസ്സുള്ളതാണ്. എന്നാല്‍, റാഗിംഗിനുപരി ഒളിഞ്ഞുനോട്ടത്തിന്റെ ആത്മരതിക്കു കൂടി മത്സരാര്‍ഥികള്‍ ഇരകളാവുന്നുവെന്നുള്ളതാണ് വാസ്തവം.
ബിഗ് ബ്രദര്‍ ഷോ എന്ന പേരില്‍ വിവാദങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ ഒളിക്യാമറാ ഷോയിലാവട്ടെ പങ്കെടുക്കുന്നവരുടെ സ്വകാര്യനിമിഷങ്ങളിലേക്കു വരെ ക്യാമറി തിരിച്ചുവച്ചുകൊണ്ട് റിയാലിറ്റിക്ക് നീലമയം തന്നെ സമ്മാനിച്ചുവെന്നോര്‍ക്കുക. ഇതിലെ ചൂടന്‍ നീലദൃശ്യങ്ങള്‍ യു.ട്യൂബിലൂടെയും എം.എം.എസിലൂടെയും ലോകം മുഴുവന്‍ പ്രചരിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ അവരറിയാതെ തന്നെ ഇരകളാക്കപ്പെടുകയാണ്.

ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം
വാര്‍ത്തയായാല്‍പ്പോലും വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രീകരണം മനുഷ്യാവകാശലംഘനമാണ്. അതുകൊണ്ടാണ് പീഡനക്കേസുകളുടെ റിപ്പോര്‍ട്ടിംഗില്‍ ഇരകളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന പരാമര്‍ശങ്ങളൊഴിവാക്കണം എന്ന് പ്രസ് കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. തീവ്രവാദക്കേസുകളില്‍ പോലും വിചാരണ നേരിടുന്നവരുടെ മുഖം മറയ്ക്കാന്‍ അധികൃതര്‍ അമിതതാല്‍പര്യം കാണിക്കുന്നതിനേപ്പോലും, അവര്‍ നിയമത്തിന്റെ മുന്നില്‍ കേവലം കുറ്റാരോപിതര്‍മാത്രമാണെന്നും കുറ്റവാളികളായിക്കഴിഞ്ഞിട്ടില്ലെന്നുമുള്ള യുക്തിയനുസരിച്ചാണ് ന്യായീകരിക്കപ്പെടുന്നത്. ചുരുക്കത്തില്‍, ഒരാളുടെ സ്വകാര്യത എല്ലാ അര്‍ഥത്തിലും സംരക്ഷിക്കപ്പെടുന്നതിന് നമ്മുടെ നീതി ന്യായവ്യവസ്ഥിതി വളരെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്.
ഏതൊരു കേസിന്റെയും വിചാരണ നടക്കുന്നത്, സാധാരണ തുറന്ന കോടതികളില്‍ പരസ്യമായാണ്. എന്നാല്‍, പരസ്യമായി എന്നു വിവക്ഷിക്കുമ്പോഴും, ഒരു സാധാരണ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ വ്യവഹാരത്തിന്റെ വിചാരണ നടക്കുക ജില്ല മുതല്‍ സുപ്രീം കോടതി വരെയുള്ള തലങ്ങളില്‍ ഏതെങ്കിലും ഒരു കോടതിമുറിയുടെ നാലു ചുവരുകള്‍ക്കുള്ളിലായിരിക്കും. അമേരിക്ക പോലുള്ള ജനാധിപത്യരാഷ്ട്രങ്ങളിലാകട്ടെ വിചാരണ അതീവ രഹസ്യവുമായിരിക്കും. ഇന്ത്യന്‍ സാഹചര്യത്തിലെ വിചാരണ, സാങ്കേതികമായി പരസ്യമായിട്ടാണെങ്കിലും നാലുചുവരുകള്‍ക്കുള്‍ക്കൊള്ളാന്‍ ആവുന്നത്ര ആളുകള്‍ക്കു മുന്നില്‍ മാത്രമാണ് ഇതു നടക്കുന്നത് എന്നോര്‍ക്കണം. കേസുമായി ബന്ധപ്പെട്ടവരും, കക്ഷികളും, മാധ്യമപ്രവര്‍ത്തകരും, നിയമപാലകരും, നീതിന്യായ ഉദ്യോഗസ്ഥരും പോയാല്‍, കേരളത്തില്‍ ഏതു കൊടികെട്ടിയ കേസിന്റെ വിചാരണയും കോടതിമുറിയില്‍ അനുശാസിക്കുന്ന മര്യാദയോടെ നേരിട്ടു കാണാനും കേള്‍ക്കാനും സാധിക്കുക വിരളിലെണ്ണാവുന്നവര്‍ക്കുമാത്രമായിരിക്കുമെന്നോര്‍ക്കുക. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ എന്ന പേരില്‍ നടക്കുന്ന പരസ്യ വിഴുപ്പലക്കുകള്‍ അനേകലക്ഷംപേരിലേക്ക്, ലക്ഷോപലക്ഷം പ്രേക്ഷകര്‍ക്കു മുന്നിലേക്ക് തല്‍സമയം പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.
നമ്മുടെ കോടതികളില്‍ത്തന്നെ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാറുണ്ടെങ്കിലും ക്യാമറകള്‍ക്കു പ്രവേശനം നിഷേധമാണ്. അമേരിക്കയിലും ഇംഗഌണ്ടിലുമെല്ലാം വിചാരണ തല്‍സമയം വീക്ഷിക്കുന്ന ചിത്രകാരന്മാര്‍ അവ ചിത്രങ്ങളില്‍ പകര്‍ത്തിയതു മാത്രമാണ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു കണ്ടിട്ടുള്ളത്. കോടതിമുറിയിലെ മര്യാദ എന്നതിലുപരി മനുഷ്യാവകാശപ്രശ്‌നമെന്ന നിലയില്‍ത്തന്നെ വിചാരണയെ പാവനമായൊരു രഹസ്യമാക്കി നിലനിര്‍ത്താനുള്ള നീതിദേവതയുടെ ശാഠ്യം ഈ വിലക്കുകളില്‍ പ്രകടമാണ്.
എന്തിന്, നമ്മുടെ കുടുംബക്കോടതികളുടെ കാര്യം തന്നെയെടുക്കാം. കുടുംബക്കോടതികളില്‍ തലപോകുന്ന കേസുകളൊന്നുമല്ല കൈകാര്യം ചെയ്യുന്നത്. ഏഷ്യയില്‍ ഏറ്റവുമധികം വിവാഹമോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരളത്തിലെ കുടുംബക്കോടതികളിലെ വിചാരണകളില്‍ പുറത്തുനിന്ന് ഒരാള്‍ക്കും നിരീക്ഷകനാവാനാവില്ല. എന്തുകൊണ്ട്? കാരണം, അവിടെ നടക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള, ചിലപ്പോള്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള, തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായ അഭിപ്രായവ്യത്യാസങ്ങളുടെ, പരസ്പരാരോപണങ്ങളുടെ വാദപ്രതിവാദങ്ങളാണ്. അതില്‍ മൂന്നാമതൊരു അന്യന് കാര്യമൊന്നുമില്ല. പരസ്പരം പിരിയാന്‍ തീരുമാനിച്ചെത്തുന്നവര്‍ ഒടുവില്‍ ഏതു കുടുംബക്കോടതി വിചാരിച്ചാലും ഒന്നിക്കാതെ പിരിയുക തന്നെ ചെയ്യും. കേരളത്തിലെ കുടുംബക്കോടതികള്‍ക്കും ഇതില്‍ക്കൂടുതലൊന്നും ചെയ്യാനുമാവില്ല, ആയിട്ടുമില്ല. എങ്കില്‍പ്പിന്നെ, പരസ്പരം പിരിയാന്‍ തീരുമാനിച്ച ദമ്പതികളുടെ കേസു വിചാരണ മൂന്നാമതൊരാള്‍ കണ്ടെന്നുവച്ച് എന്താണ് എന്നു ചോദിക്കുന്നതിലെ യുക്തിയാണ് കഥയല്ലിതു ജീവിതം പോലൊരു റിയാലിറ്റി ഷോയുടെ പിന്നിലെ യുകതിയും.
പാട്ടുപാടാന്‍ വരുന്നവര്‍, ഭാവിയിലെ ഗായകരാവാന്‍ മത്സരിക്കുന്നവര്‍, അതിന് സമ്മാനമായി വന്‍ തുകകള്‍ക്കുളള പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നവര്‍, അവരുടെ പ്രകടനത്തിന്റെ പേരില്‍ (ശ്രദ്ധിക്കുക, പാട്ടു മത്സരത്തില്‍ പോലും പാട്ടിനല്ല, പെര്‍ഫോര്‍മന്‍സിനാണ്, പ്രകടനപരതയ്ക്കാണ് ടെലിവിഷന്‍ ഷോകള്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നത്) അതതു രംഗത്തെ ലബ്ധപ്രതിഷ്ഠരായ വിദഗ്ധരുടെ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് വിധേയരാവുന്നതില്‍ എന്താണു ചേതം? എന്ന ചോദ്യം പോലെ ലഘുവല്ല കഥയല്ലിതു ജീവിതം പോലൊരു ഷോയിലേത്. സ്റ്റാര്‍/സൂപ്പര്‍ സിംഗര്‍ മത്സരങ്ങളില്‍ പോലും വിധികര്‍ത്താക്കളുടെ പരസ്യവിമര്‍ശനം ഒരര്‍ഥത്തില്‍ മത്സരാര്‍ഥിയെ ഇരയാക്കുകയാണ്. തീര്‍ത്തും സൗമ്യമായി അഭിപ്രായം പറയുന്ന കെ. എസ്.ചിത്രയും രൂക്ഷമായി ഇരയെ വാരിവിടുന്ന ശരത്തും എം.ജി ശ്രീകുമാറും ഫലത്തില്‍ ഒരേ ചോരതന്നെയാണു പങ്കിടുന്നത്. സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളിലേതില്‍ നിന്നു വിഭിന്നമായൊരു പശ്ചാത്തലമാണിവിടെ. കലോല്‍സവങ്ങളില്‍ വിധികര്‍ത്താക്കള്‍ മാര്‍ക്കില്‍ക്കൂടി മാത്രമാണ് മത്സരാര്‍ഥിയെ നിര്‍ണയിക്കുന്നത്. ടെലിവിഷനിലാവട്ടെ, അവരെ അടിമുടി വിമര്‍ശിക്കുകയും കൂടി ചെയ്യുന്നു. ഇത് പരസ്യവിചാരണയ്ക്കു തുല്യമാണുതാനും. ഇവിടെ രണ്ടു തലത്തില്‍ മത്സരാര്‍ഥി ആക്രമിക്കപ്പെടുന്നു. ഒന്നാമതായി, അവന്റെ/അവളുടെ ആത്മവിശ്വാസം തകിടം മറിച്ചുകൊണ്ട് അവരുടെ പ്രകടനം തലനാരിഴ കീറി വിശകലനം ചെയ്യപ്പെടുന്നു, തുടര്‍ന്ന് മാര്‍ക്കിലൂടെയും തരംതിരിക്കപ്പെടുന്നു. രണ്ടാമതായി അവന്റെ/അവളുടെ ആത്മാഭിമാനം പരിഗണിക്കാതെ അവരെക്കൊണ്ട് പ്രേക്ഷകരോട് വോട്ടുയാചിപ്പിക്കുന്നു. ഇതിനൊക്കെപ്പുറമെയാണ്, പാടാന്‍ വരുന്നവനെക്കൊണ്ട് നാടകമാടിക്കുന്നതും നൃത്തമവതരിപ്പിക്കുന്നതും. പാടാനറിയാവുന്നവര്‍ക്കെല്ലാം അഭിനയം വശമാകണമെന്നില്ലല്ലോ? സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ പോലും രണ്ടോ മൂന്നോ സിനിമ കൊണ്ട് അവസാനിപ്പിച്ചതാണ് അഭിനയം എന്നുമോര്‍ക്കുക.
ഇന്ത്യയില്‍ തന്നെ നമ്മുടെ ഭാഷവിട്ടു ഹിന്ദിയടക്കമുളള പല ഭാഷാചാനലുകളിലും അരങ്ങേറുന്ന ഇത്തരം റിയാലിറ്റികളുടെ ഇന്ത്യന്‍ ഐഡല്‍ അടക്കമുള്ള ഒറിജിനലുകളില്‍, പാട്ടുകാരുടെ ആലാപനത്തിനും പാടുന്ന വിധത്തിനും മാത്രമാണ് വിധികര്‍ത്താക്കള്‍ പ്രാധാന്യം നല്‍കുന്നതെന്നോര്‍ക്കുക. മത്സരാര്‍ഥിയുടെ ആത്മാഭിമാനം വൃണപ്പെടാത്തവിധം, അവനെ/അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുന്നതിലും അവര്‍ അനായാസവിജയം നേടുന്നു. കോടികളുടെ സമ്മാനത്തിളക്കമല്ല അവിടെ വിജയികളേ കാത്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. സമ്മാനത്തിന്റെ മൂല്യത്തില്‍ അധിഷ്ഠിതമായ ഒരു മത്സരം അവിടെ അരങ്ങേറുന്നില്ല. മറിച്ച് സര്‍ഗാത്മകമായ കഴിവിന്റെ ഉരകല്ലാവുകയാണ് അവിടെ റിയാലിറ്റി മത്സരങ്ങള്‍. അതുകൊണ്ടുതന്നെയാണ് അഭിജിത് സാവന്തിനെയും ശ്രേയ ഘോഷാലിനെയും പോലുള്ള ഗായകര്തനങ്ങള്‍ അത്തരം മത്സരങ്ങളില്‍ നിന്ന് പിന്നണിരംഗത്തെ മുന്‍നിരക്കാരായി വളരുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ, കേരളത്തില്‍ അരങ്ങേറിയ സമാന റിയാലിറ്റികളില്‍ നിന്ന് യഥാര്‍ഥത്തില്‍ ഉയര്‍ന്നുവന്ന സംസ്ഥാന ശ്രദ്ധ നേടിയ എത്ര ഗായകരുണ്ടാവുമിവിടെ? ഗാനമേളകളിലൂടെ കാലക്ഷേപംനടത്തുന്നവരുടെ കഥ സംപ്രേഷണം ചെയ്ത്, തങ്ങളുയര്‍ത്തിയ ഗായകര്‍ ഇവിടെയുണ്ട് എന്ന് സ്വയം തെളിക്കേണ്ട ഗതികേടിലാണ് നമ്മുടെ ചാനലുകള്‍.
ജൂനിയര്‍ സ്റ്റാഴ്‌സിനെ കണ്ടെത്താനുള്ള കുട്ടികളുടെ മത്സരങ്ങളിലാവട്ടെ, ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും പറ്റിക്കൂടി ആത്മബോധം കിളിര്‍ത്തിട്ടില്ലാത്ത കുരുന്നുകളെക്കൊണ്ടാണ് ഈ കല്ലെടുപ്പിക്കല്‍. അവര്‍ക്കുവേണ്ടി അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതി കരാറിലുണ്ടെന്നു ചാനലുടമകള്‍ക്കു ന്യായീകരിക്കാമെങ്കിലും, തിരിച്ചറിവില്ലാത്ത ബാല്യത്തില്‍ അവരെ ഇരകളാക്കുന്നത് വാസ്തവത്തില്‍ ബാലപീഠനത്തോളം രൂക്ഷമായ ചൂഷണം തന്നെയാണ്. അമൃത ടിവിയിലെ കഥയല്ലിതു ജീവിതം എന്ന റിയാലിറ്റി ഷോയിലേക്കെത്തുമ്പോള്‍, ഈ മനുഷ്യാവകാശ ലംഘനം അതിന്റെ എല്ലാ പരിധികളും താണ്ടുന്നതു കാണാം. ഒരു എപ്പിസോഡില്‍, പരസ്പരം പഴിചാരുന്ന അച്ഛനമ്മമാര്‍ക്കിടയില്‍ ഇനിയെന്ത് എന്ന ചോദ്യവുമായി വിഷാദിച്ചിരിക്കുന്ന പാവം രണ്ടു കുരുന്നുകളെ കണ്ടതോര്‍ക്കുന്നു. അച്ഛന്‍ മറ്റൊരു പെണ്ണിന്റെ കൂടെ പാര്‍ക്കാന്‍ പോയപ്പോള്‍ ഉപേക്ഷിക്കപ്പെട്ടവരാണ് അവരും അമ്മയും. ഈ സാമൂഹിക പ്രശ്‌നം കേരളത്തില്‍ പുതിയതൊന്നുമല്ല. സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നമ്മുടെ അധ്യാപകര്‍ നിത്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശിഥില കുടുംബങ്ങളില്‍ നിന്നു വരുന്ന വികലബുദ്ധികളായ വിദ്യാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. സാമൂഹികവും മൂല്യപരവുമായ ഒട്ടേറെ ബാഹ്യഘടകങ്ങളുടെ ഫലമാണ് ഈ കുരുത്തംകെട്ട സന്താനങ്ങള്‍. പക്ഷേ അവര്‍ക്കുപോലും, അവരാല്‍ പുറത്തുപറയപ്പെടാത്തിടത്തോളം തങ്ങളുടെ കുടുംബശൈഥല്യം രഹസ്യവും സ്വകാര്യവുമായി സൂക്ഷിക്കാനുള്ള സാധ്യതയുണ്ട്.
കുട്ടികളുടെ ഈ അവകാശമാണ് കഥയല്ലിതു ജീവിതം എന്ന ടെലിവിഷന്‍ ഒളിഞ്ഞുനോട്ടത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിന് പരസ്യവിചാരണയില്‍ മൂകരും മൗനികളുമായ സാക്ഷികളായി പങ്കെടുക്കേണ്ടി വരുന്ന ദുര്യോഗമാണ് അവരുടേത്. സ്റ്റാര്‍ സിംഗറിലെ ഒരു മത്സരാര്‍ഥി പിറ്റേന്ന് ക്‌ളാസിലെ, ഒരുപക്ഷേ സ്‌കൂളിലെ തന്നെ കുഞ്ഞുതാരമായേക്കാം. മറിച്ച് കഥയല്ലിതു ജീവിതം പോലൊരു ഷോയില്‍ വന്നുപെടുന്ന ശിഥില ദാമ്പത്യത്തിന്റെ ഈ നിഷ്‌കളങ്ക മുകുളങ്ങളുടെ കാര്യമോ? പിറ്റേന്നു മുതല്‍, ഏതോ വിചിത്ര ജീവികളെ നോക്കും പോലെ സഹപാഠികളും സ്‌കൂളും അവരെ നോക്കിക്കാണില്ലേ? ബന്ധുക്കളൊഴികെയുള്ള ലോകം അവരെ എങ്ങനെ സ്വീകരിക്കും. ആവശ്യമില്ലാത്ത അനുകമ്പ അവര്‍ അര്‍ഹിക്കുന്നുണ്ടോ? അനാവശ്യമായ അവജ്ഞ അവര്‍ക്കുനേരെ വന്നുകൂടെന്നുണ്ടോ? ഇപ്പറഞ്ഞതിലെന്തെങ്കിലും അവര്‍ക്കുണ്ടായാല്‍ അതിനാര് ഉത്തരവാദിത്തമേറ്റെടുക്കും? സ്റ്റാര്‍ സിംഗര്‍/ഡാന്‍സര്‍ മത്സരാര്‍ഥികളായ കുട്ടികള്‍ തങ്ങളുടെ പ്രകടനത്തിന്റെ പേരിലാണ് നല്ലതോ ചീത്തയോ ആയി വിചാരണചെയ്യപ്പെടുന്നതെങ്കില്‍ ഈ പാവം ബാല്യം വിചാരണ ചെയ്യപ്പെടുന്നത് അവരുടെ തലയ്ക്കു മുകളിലുള്ള, അവര്‍ക്ക് തരിമ്പും പങ്കാളിത്തമില്ലാത്ത, സ്വാധീനമില്ലാത്ത മാതാപിതാക്കളുടെ ചെയ്തികളുടെ പേരിലാണ്. അതുകൊണ്ടാണ് അത് മനുഷ്യാവകാശത്തിനു മേലുള്ള നിരുത്തരവാദപരമായ കടന്നുകയറ്റമാവുന്നത്. കുറഞ്ഞപക്ഷം അവരെ നേരിട്ടു കാണിക്കുന്നത് ഒഴിവാക്കുക എന്ന മാധ്യമധര്‍മ്മമാണ് ഇവിടെ സൗകര്യപൂര്‍വം വിസ്മരിക്കുന്നത്.

ആലങ്കാരികമായ പകിടകളി
കാശുവച്ചുള്ള മുച്ചീട്ടുകളി പോലും പെറ്റിക്കേസായ നാടാണ് ഇന്ത്യ. ഇവിടെ കാശുവച്ചുള്ള ചൂതും പകിടയും ഒരുപോലെ നിയമവിരുദ്ധമാണ്. ഉത്സവപ്പറമ്പിലെ പന്നിമലര്‍ത്തിനു പോലും ഈ നിയമത്തിന്റെ പേരില്‍ കൊടും വിലക്കേര്‍പ്പെടുന്ന സാഹചര്യത്തിലാണ്, വന്‍തുകകള്‍ പന്തയം വച്ചുള്ള മെഗാ പന്നിമലര്‍ത്തുകള്‍ റിയാലിറ്റി പര്‍ദ്ദയണിഞ്ഞ് ടെലിവിഷനിലെത്തുന്നത്. ഇന്ത്യയില്‍ സമ്മാനത്തുകയില്‍ കോടികളുടെ കിലുക്കം ആദ്യം കേള്‍പ്പിച്ച കോന്‍ ബനോഗാ ക്രോര്‍പ്പതി പക്ഷേ മത്സരാര്‍ഥിയുടെ ബുദ്ധ്ക്കും വിവേകത്തിനും സര്‍വോപരി വിജ്ഞാനത്തിനുമാണ് ആ വിലയിട്ടത്. എന്നാല്‍ സി.ബി.സിയുടെ ചുവടുപിടിച്ച് മറ്റു ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ആഡംബര പികടകളിലും മത്സരാര്‍ഥികളുടെ മനുഷ്യാവകാശം വച്ചുള്ള കള്ളച്ചൂത് വ്യാപകമാണ്. മണിക്കൂറുകള്‍ കൊണ്ട് ലക്ഷപ്രഭുക്കളെ സൃഷ്ടിക്കന്ന ഡീല്‍ ഓര്‍ നോ ഡീല്‍ അവതരിപ്പിക്കുക വഴി, വൈരുദ്ധ്യാത്മകഭൗതികവാദസിദ്ധാന്തമനുസരിച്ച് പുതിയ ബൂര്‍ഷ്വാവര്‍ഗങ്ങളെ സൃഷ്ടിക്കുകയാണെന്നറിയാതെ പോകുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായ അവതാരക നടന് തനിക്കു നഷ്ടമാവുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാവണമെന്നില്ല.
എന്നാല്‍ സവിശേഷമായ യാതൊരു യോഗ്യതയും കൂടാതെ തന്നെ കടന്നുവന്ന് മത്സരിച്ച് വെറും കറക്കിക്കുത്തുകൊണ്ട്, പന്നിമലര്‍ത്തിലെന്നപോലെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള ഷോയുടെ പൊള്ളത്തരവും സാമൂഹികപ്രസക്തിക്കുറവും മറച്ചുവയ്ക്കാന്‍, ഇതിലെ മത്സരാര്‍ഥികളുടെ കദനകഥകള്‍ ചിത്രീകരിച്ചു കാണിക്കുന്നതിലെ മനുഷ്യാവകാശ ലംഘനം അതിക്രൂരമത്രേ. വ്യാജപ്രതിച്ഛായ സൃഷ്ടിക്കാനുള്ള മാധ്യമത്വര മാത്രമാണ് ഈ കാപട്യത്തിനു പിന്നില്‍. അതാകട്ടെ മത്സ്യക്കച്ചവടക്കാരിയുടെ കുടുംബദുരിതവും, തളര്‍വാതം പിടിപെട്ട് അവശനിലയിലായ ഭര്‍ത്താവിനെ ചികിത്സിക്കാനുള്ള ഭാര്യയുടെ ദുര്യോഗപര്‍വവും, ബിസിനസില്‍ കബളിപ്പിച്ച് മാതുലനെ മറികടക്കാനുള്ള വ്യവസായിയുടെ അറ്റകൈപ്രയോഗവുമൊക്കയായി ഇത്തരം ദൃശ്യരേഖകള്‍ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ധനാര്‍ത്തി മൂത്ത് ആഘോഷകരമായ പന്നിമലര്‍ത്തിനൊരുമ്പെടുന്നവരുടെ കദനകഥനം അഭിസാരികയുടെ ചാരിത്ര്യപ്രഭാഷണത്തിനോളം തരംതാഴുന്നതാണ്. മാത്രമല്ല, ഇവിടെ അവരറിയാതെ അവരെ വച്ച് വോട്ടു തെണ്ടുകയാണ് ചാനലുകള്‍ ചെയ്യുന്നത്. പാട്ടുപരിപാടിയില്‍ ഗായകര്‍ നേരിട്ട് തങ്ങള്‍ക്ക് വോട്ടു ചോദിക്കുമ്പോള്‍, ചാനല്‍ പകിടയില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ മത്സരാര്‍ഥിയുടെ സ്വകാര്യം വിപണനം ചെയ്യുകയാണ്. അങ്ങനെ അവര്‍ പോലുമറിയാതെ അവര്‍ ഇരകളാക്കപ്പെടുന്നു.
കൈക്കൂലി വാങ്ങുമ്പോള്‍ ഒളിക്യാമറയില്‍ കുടുങ്ങുന്ന അഴിമതിക്കാരന്റെ മനുഷ്യാവകാശം പൊതുതാല്‍പര്യമെന്ന സാമൂഹികബാധ്യതയ്ക്കു മുന്നില്‍ മുട്ടുമടക്കുന്നതാണ്. ആയതുകൊണ്ടുതന്നെ, അയാളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ല. ഒരു പരിധിവരെ, ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനവും വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നുകയറ്റമാണ്. പക്ഷേ, അതൊരു കുറ്റകൃത്യത്തിന്റെ വെളിപ്പെടുത്തലിനായി ഉപയോഗിക്കുമ്പോള്‍ ഉപാധികളോടെ നമുക്കതിനെ അംഗീകരിക്കേണ്ടി വന്നേക്കാം. സ്വാമി നിത്യാനന്ദയുടെയും രഞ്ജിതയുടെയും ഒളിക്യാമറിദൃശ്യങ്ങളും ഗവര്‍ണറുടെ രതിലീലകളും ഒരുപോലെ മനുഷ്യാവകാശലംഘനമായി കണക്കാക്കപ്പെടാത്തതും അതുകൊണ്ടാണ്. എങ്കിലും, ബോധപൂര്‍വം ഇത്തരം വീഡിയോകളുടെ അമിതാവേശപൂര്‍വമുള്ള ആവര്‍ത്തനങ്ങള്‍ മാധ്യമ മര്യാദയല്ലെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിവേകപൂര്‍വമുള്ള മാധ്യമസംയമനത്തിനു യോജിച്ചതല്ല ഈ രീതിയെന്നതിലും എതിരഭിപ്രായമുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് എം.എന്‍.വിജയന്റെ അവസാന രംഗത്തിന്റെ ചര്‍വിതചര്‍വണം മാധ്യമമര്യാദകളുടെയും മാധ്യമസദാചാരത്തിന്റെയും പരസ്യമായ ഉല്ലംഖനമായി മാധ്യമരംഗത്തെ തഴക്കവും പഴക്കവുമുള്ള കാരണവന്മാര്‍ തന്നെ വിശേഷിപ്പിച്ചതും അവരുടെ ഇടപെടല്‍ കൊണ്ടു മാത്രം ആ രംഗത്തിന്റെ ആവര്‍ത്തനസംപ്രേഷണം നിര്‍ത്തിവച്ചതും.
പക്ഷേ, മാധ്യമതാല്‍പര്യമൊഴികെ യാതൊരു പൊതുതാല്‍പര്യത്തിന്റെയും നൈതികത വ്യാജ റിയാലിറ്റി നിര്‍മിതികള്‍ക്ക് അവകാശപ്പെടാനാവില്ല. എന്നു മാത്രമല്ല, നിലവില്‍ യാതൊരു സെന്‍ഷര്‍ഷിപ്പിന്റെയും നിയന്ത്രണത്തിലല്ലാത്തതുകൊണ്ടുതന്നെ എന്തും എങ്ങനെയും കാണിക്കാം എന്നൊരു അലിഖിത ഹുങ്കു കൂടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കിന്നുണ്ട്. കടുത്ത സെന്‍സര്‍ നിയന്ത്രണങ്ങളുള്ള ചലച്ചിത്രത്തിനോ, സ്വയം നിയന്ത്രണങ്ങള്‍ക്കു വിധേയമായ പക്വതയുള്ള അച്ചടി മാധ്യമത്തിനോ അവകാശപ്പെടാനാവാത്ത അഹങ്കാരമാണിത്. തൂലിക- പടവാള്‍ രൂപകത്തെ, ചാനല്‍-ഒളിക്യാമറ ദ്വയം സ്വയം ഏറ്റെടുക്കുകയാണിപ്പോള്‍. ഇതാകട്ടെ, ചാനലുകളോട് ഒരുതരം ഭയബഹുമാനങ്ങള്‍ പോലും സാധാരണക്കാരില്‍ സൃഷ്ടിച്ചിരിക്കുന്നു. മാധ്യമപരമായ സ്വേഛാധിപത്യമാണിത്. മാര്‍ഷല്‍ മക് ലൂഹനെ മുഖവിലയ്‌ക്കെടുത്താല്‍, ചാനല്‍ തന്നെ സന്ദേശമാകുന്ന അവസ്ഥ. പുതിയ ലോകക്രമം തന്നെ സൃഷ്ടിക്കാന്‍ മാത്രം ശക്തനായ സ്വേഛാധിപതിയായി വളരുന്ന, ജയിംസ് ബോണ്ട് സിനിമയായ ടുമോറോ നെവര്‍ ഡൈസ്‌ലെ മനോരോഗിയായ മാധ്യമരാജാവ് ദീര്‍ഘദൃഷ്ടിയുള്ള ഒരെഴുത്തുകാരന്റെ പ്രവചനാത്മകമായ പാത്രസൃഷ്ടിയായിരുന്നോ? എന്തായാലും റിയാലിറ്റി ഷോ എന്ന പേരിലുള്ള അശ്ലീളമായ ഈ ഒളിഞ്ഞുനോട്ടപ്രവണതയെ ആത്മവിമര്‍ശനത്തിന്റെ ആത്മപരിശോധനയുടെ കാചകങ്ങളിലൂടെ പുനരവലോകനം ചെയ്യേണ്ട കാലമായി എന്നു മാത്രം പറഞ്ഞുവയ്ക്കട്ടെ.


Sunday, August 08, 2010

രാമ രാവണന്‍

തുടക്കക്കാരുടെ സിനിമകള്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. എങ്ങെയെങ്കിലും പൂര്‍ത്തിയായാല്‍ മതി എന്ന അത്യാഗ്രഹത്തില്‍ പലതിനോടും ഒത്തുതീര്‍പ്പിനൊരുങ്ങിയും പലതിനും വഴങ്ങിയും വിട്ടൂവീഴ്‌ചചെയ്‌തുമായിരിക്കും നവാഗതസംവിധായകരില്‍ ബഹുഭൂരിപക്ഷത്തിന്റെയും കന്നിസംരംഭങ്ങള്‍ വെളിച്ചം കാണുക. സ്വാഭാവികമായി, തുടക്കക്കാരുടേതായ നോട്ടക്കുറവുകള്‍ക്കും കൈകുറ്റപ്പാടുകള്‍ക്കുമുപരി ഈ വിട്ടുവീഴ്‌ചകള്‍ ഗുണത്തേക്കാളേറെ സിനിമയ്‌ക്കു ദോഷമാവുകയും ചെയ്യും. സിനിമയില്‍ നവാഗതനായ ബിജുവട്ടപ്പാറയുടെ കാര്യവും വ്യത്യസ്‌തമെന്നു പറഞ്ഞുകൂടാ. മാധവിക്കുട്ടിയുടെ അതിമനോഹരമായ മനോമി എന്ന കഥയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌, ഒരു കഥയുടെ ചുറ്റിലും മറ്റൊരു കഥ ബുദ്ധിപരമായി മെനഞ്ഞെടുത്തുകൊണ്ടാണ്‌ രാമ രാവണന്‍ എന്ന സിനിമയ്‌ക്ക്‌ ബിജുവട്ടപ്പാറ തിരക്കഥയെഴുതിയിട്ടുള്ളത്‌. പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ രാമരാവണന്‍ എന്ന പേരില്‍ തന്നെയാണ്‌ ബിജുവിന്റെ ആദ്യ വീഴ്‌ച. പകര്‍പ്പവകാശനിയമം മറികടക്കാനുള്ള കുറുക്കുവഴിയായിരുന്നോ എന്നൊന്നും അറിയില്ല. എങ്കിലും ഈ ചിത്രത്തിന്‌ മനോമി എന്ന പേരുതന്നെയായിരുന്നു ഉചിതം.
നല്ലൊരു കഥയും, മികച്ച അഭിനേതാക്കളും ഉണ്ടായിട്ടും ബിജുവിന്റെ ചലച്ചിത്രസമീപനരീതി പ്രതീക്ഷനല്‍കുന്നതായിട്ടും ചിത്രം അര്‍ഹിക്കുന്ന വിജയം നേടിയെടുത്തില്ല എന്നുവരികില്‍ ബിജുവും നിര്‍മ്മാതാവും ആത്മവിമര്‍ശനത്തോടെ പുനരവലോകനം ചെയ്യേണ്ട ചില പോയിന്റുകള്‍ മാത്രം മുന്നോ
ട്ടുവച്ചാല്‍ അത്‌ ഈ സിനിമയുടെ ഭേദപ്പെട്ട ഒരവലോകനമായിത്തീര്‍ന്നേക്കും.
ഒന്നാമതായി, ഈ സിനിമയുടെ ജനുസ്സിനെപ്പറ്റിയുള്ള സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും സന്ദിഗ്‌ധാവസ്ഥ ചിത്രത്തിലൂടനീളം വ്യക്തമാണ്‌. മനോമിയെ രാമരാവണനാക്കുക വഴി, ഇതിനെ ഒരു കുടുംബചിത്രമായാണോ, സമാന്തരസിനിമയായാണോ, ആക്ഷന്‍-കമ്പോള സിനിമയായാണോ സ്രഷ്ടാക്കള്‍ വിഭാവനചെയ്‌തതെന്നത്‌ അവ്യക്തം. ഇത്തരമൊരു വര്‍ഗ്ഗീകരണത്തില്‍ പ്രസക്തിയില്ലെന്നു വാദിച്ചാലും ചിത്രം പുലര്‍ത്തുന്ന ചലച്ചിത്രസമീപനം ദഹിക്കാവുന്നതല്ല.
2. ഇതുപോലെ കാമ്പുള്ളൊരു വിഷയം ചലച്ചിത്രമാക്കുമ്പോള്‍ പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ചില നിര്‍വഹണ സൂക്ഷ്‌മതകളില്‍ ആവശ്യമായ ശ്രദ്ധ നല്‍കി കാണുന്നില്ല. ഉദാഹരണത്തിന്‌ ഒരു വ്യാഴവട്ടം മുമ്പ്‌ മനോമി നാട്ടിലെത്തുമ്പോഴത്തെ സംഭവങ്ങളിലെ അനക്ക്രോണിസം-കാലികമല്ലാത്ത പലതും, ആടയാഭരണങ്ങളില്‍ തുടങ്ങി വാഹനങ്ങളിലും ദേശകാലങ്ങളിലും പശ്ചാത്തലത്തിലും പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ. ഇത്‌ തീര്‍ച്ചയായും അല്‍പം ശ്രദ്ധകൊണ്ട്‌ പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വിശേഷിച്ച്‌ ബൊലേറോ പോലൊരു വാഹനവും അതിന്റെ കെ.എല്‍ തുടങ്ങിയ റജിസ്‌ട്രേഷന്‍ നമ്പറും, കൃഷ്‌ണയടക്കമുള്ളവരുടെ ആധുനിക വസ്‌ത്രധാരണശൈലിയും നല്ലൊരു കലാസംവിധായകന്‌ ഒഴിവാക്കാവുന്നതല്ലേ?
3. തമിഴ്‌ അസ്‌തിത്വമുള്ള കഥയില്‍ മലയാളം പറിച്ചുവച്ചപ്പോഴത്തെ അസ്‌കിത. കഥ വായിച്ചിട്ടില്ലാത്ത ഒരു ശരാശരി പ്രേക്ഷകന്‌, ഈ സിനിമയിലെ ഭാഷയും സംസ്‌കാരവും തദ്ദേശീയവും രാഷ്ട്രീയവുമായ സൂചനകളുമൊന്നും ഒരെത്തും പിടിയും കിട്ടില്ല. തമിഴ്‌ ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന നായികയ്‌ക്ക്‌ തീര്‍ഥവും പ്രസാദവും കൊടുത്ത്‌ വള്ളുവനാടന്‍ സംഭാഷണമുരുവിടുന്ന പൂജാരി. അണ്ണാദൂരൈ എന്ന അമ്മാവന്‍. അന്വേഷണത്തിനെത്തുന്ന കേരളത്തിലെ പൊലീസ്‌...ആകെക്കൂടി ചക്കകുഴയും പോലെ കുഴഞ്ഞ ട്രീറ്റ്‌മെന്റ്‌.
4. പശ്ചാത്തലസംഗീതമാണ്‌ ഈ സിനിമയിലെ ഏറ്റവും വികലവും വൈകൃതവുമായ ഘടകം. സിനിമയില്‍ സംഗീതം ടെലിവിഷന്‍ സീരിയലിതിന്റേതില്‍ നിന്ന്‌ വ്യത്യസ്‌തമായൊരു ധര്‍മ്മമാണനുഷ്‌ഠിക്കുന്നത്‌. സിനിമയിലെ ആദ്യ ഫ്രെയിം തുടങ്ങുന്നതുമുതല്‍ അവസാനഫ്രെയിം വരെ കാതടപ്പിക്കുന്ന സംഗീതം എന്നത്‌ കാലഹരണപ്പെട്ട, പണ്ട്‌ ശ്യാമും എസ്‌. പി. വെങ്കിടേഷും ഇടക്കാലത്ത്‌ രാജാമണിയും മാത്രം ഉപയോഗിച്ചു പാഴാക്കയ സംസ്‌കാരമാണ്‌. സംഗീതം രംഗത്തിന്റെ വൈകാരികതയ്‌ക്കുള്ള ശബ്ദപഥത്തിന്റെ അടിവരയാണ്‌. അതറിയാതെ സംഗീതം ഘോരഘോരം ഉപയോഗിക്കുന്നത്‌ ചിത്രത്തിന്റെ മൊത്തത്തിലുള്ള സംവേദനത്തെത്തന്നെ ബാധിച്ചുവെന്നു പറയാതെ വയ്യ. കൈതപ്രത്തിന്‌ ഇതെന്തുപറ്റി?
5. ഛായാഗ്രഹണത്തില്‍ ഫ്രെയിം കംപോസിഷന്‍ അപാരമാണ്‌ എന്നുള്ളതുപോലെ തന്നെ, അതിന്റെ ഗ്രേയ്‌ഡിംഗില്‍ കണ്ട അശ്രദ്ധ അതിന്റെ ആസ്വാദനക്ഷമതയെ നന്നായി ബാധിക്കുന്നു. ഓര്‍വോ പോലെയോ ഫ്യൂജി പോലെയോ ഉള്ള വില കുറഞ്ഞ ഫിലിം ഉപയോഗിച്ചതുകൊണ്ടാണോ കളര്‍ ഗ്രേയ്‌ഡിംഗിലെ ഈ വ്യതിയാനം എന്നറിയില്ല. ഏതായാലും ഇതിലൊരു ശ്രദ്ധക്കുറവ്‌ ചിത്രത്തില്‍ പ്രത്യക്ഷമാണ്‌.
6. കമ്പോളവിജയത്തിന്‌ സുരേഷ്‌ഗോപിയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായിരിക്കാം. എന്നാല്‍ തിരുശെല്‍വത്തെ മാധവിക്കുട്ടി മനസ്സില്‍ കണ്ടത്‌ വെളുത്തു തുടുത്ത സുരേഷ്‌ഗോപിയുടെ രാജകലയിലായിരിക്കുമോ? അതോ കറുത്ത്‌ ആദിദ്രാവിഡന്റെ ശരീരഭാഷ പങ്കിടുന്ന പശുപതിയെപ്പോലൊരഭിനേതാവിലായിരിക്കുമോ? കാസ്‌റ്റിംഗിലെ ഈ സന്ദേഹാവസ്ഥ നെഗറ്റീവ്‌ കഥാപാത്രങ്ങള്‍ക്ക്‌ കൃഷ്‌ണയേയും കിരണ്‍രാജിനെയും പോലുള്ളവരെ തന്നെ തെരഞ്ഞെടുക്കുന്നതില്‍ പ്രകടമായിട്ടുള്ളതും. ഇതില്‍ ചേര്‍ച്ചയുള്ള വേഷമുള്ളത്‌ ലെനയ്‌ക്കാണെന്നു തോന്നുന്നു. അതവര്‍ സുമംഗളമാക്കുകയും ചെയ്‌തു.
സീരിയലിന്റെ കഥാകഥനശൈലിയുടെ ദുഃസ്വാധീനം പല സീനുകളിലും സീക്വന്‍സുകളിലും പ്രകടമാണെങ്കിലും ബിജു വട്ടപ്പാറയുടെ സമീപനത്തില്‍ പുതുമയുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ആദ്യ സിനിമ നമുക്കു വിടാം. അടുത്തതാണ്‌ പ്രധാനം. കാരണം കന്നി സിനിമ ബംബര്‍ ഹിറ്റായ എത്രയോ സംവിധായകരെ പിന്നീടു കാണാന്‍ പോലും കിട്ടിയിട്ടില്ലാത്ത നാടാണ്‌ കേരളം. അതുകൊണ്ട്‌ ആദ്യത്തെ സിനിമ വിടാം. പക്ഷേ അടുത്തതില്‍ ശ്രദ്ധിക്കുക. വീഴ്‌ചകള്‍ക്കു വിട്ടുവീഴ്‌ചചെയ്യാതിരിക്കുക. നന്മകള്‍.

Sunday, August 01, 2010

മാത്തുക്കുട്ടിച്ചായന് കണ്ണീരോടെ...

ന്നേപ്പോലനേകര്‍ക്ക് തൊഴില്‍ദാതാവായിരുന്നു മാത്തുക്കുട്ടിച്ചായന്‍ എന്ന് എല്ലാവര്‍ക്കുമൊപ്പം ഞാനും വിളിക്കുന്ന മലയാള പത്രപ്രവര്‍ത്തനത്തിന്റെ ഈ നൂറ്റാണ്ടിന്റെ കുലപതി ശ്രീ. കെ.എം.മാത്യു. എന്റെ ആദ്യത്തെ തൊഴിലുടമ. സംസ്‌കാരം എന്താണ് എന്നും സംസ്‌കാരത്തോടെ എങ്ങനെ പെരുമാറണമെന്നും എനിക്കു സ്വന്തം സംസ്‌കാരം കൊണ്ടു പഠിപ്പിച്ചു തന്ന ഗുരുവാണ് അദ്ദേഹം. അന്തസും ആഭിജാത്യവും എങ്ങനെ പ്രസരിപ്പിക്കപ്പെടുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നുകൂടിയാണ്. പക്വത നഷ്ടമാവുന്ന മാധ്യമരംഗത്ത് പാകതയുടെ ഹരിതസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ദിവസം ഒരുമണിക്കൂര്‍ അധികം പണിയെടുത്താല്‍ അരമണിക്കൂര്‍ വെയിലത്തു നിന്നാല്‍ ക്ഷീണം ബാധിക്കുന്ന യുവത്വത്തിനുമുന്നില്‍ തൊണ്ണൂറുകളിലും ഓഫിസിലെത്തി കര്‍മ്മനിരതനായി തൊഴിലിന്റെ മഹത്വം ബോധ്യപ്പെടുത്തിത്തന്നു അദ്ദേഹം. ഞാന്‍ മനോരമയിലുണ്ടായ പത്തുവര്‍ഷത്തിനിടെ മാത്തുക്കുട്ടിച്ചായന്‍ ഒരാളോടു കയര്‍ക്കുന്നതു കണ്ടിട്ടില്ല. അഭിപ്രായഭിന്നത പോലും ലേശമൊരു തമാശയുടെ മേമ്പൊടിയോടെ വിമര്‍ശിക്കപ്പെടുന്നയാളിനുപോലും നോവാത്തവിധം അവതരിപ്പിക്കുന്ന ആ സംസ്‌കാരം അദ്ദേഹത്തിനു മാത്രമവകാശപ്പെടാവുന്നതായിരിക്കും. പ്രതിപക്ഷബഹുമാനം എന്ന പെരുമാറ്റപ്പെരുമ ഞാന്‍ പൂര്‍ണതയില്‍ കണ്ടറിഞ്ഞതും അദ്ദേഹത്തിലാണ്.
1917 ല്‍ കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞാണ്ടമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം. കുട്ടനാട്ടെ കുപ്പപ്പുറത്തുള്ള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്, കോട്ടയം എം.ഡി സെമിനാരി സ്‌കൂളുകളില്‍ തുടര്‍പഠനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1954 ല്‍ അദ്ദേഹം മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി. 1973 മെയ് 14ന് കെ.എം ചെറിയാന്റെ പിന്‍ഗാമിയായി മനോരമയുടെ ചീഫ് എഡിറ്ററായി. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

പി.ടി.ഐ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, എ.ബി.സി, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡെവലപ്‌മെന്റ് എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.1967 ല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായി. സെന്‍ട്രല്‍ പ്രസ് അഡൈ്വസറി കമ്മിറ്റി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പത്രജീവനക്കാര്‍ക്കായുള്ള രണ്ടാം വേജ് ബോര്‍ഡ്, ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.

1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. 1996ല്‍ ബി.ഡി ഗോയങ്ക അവാര്‍ഡ്. 1997 ല്‍ പ്രസ് അക്കാദമി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്. എട്ടാമത്തെ മോതിരം എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യയെക്കുറിച്ച് അന്നമ്മ എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 1991 ല്‍ ഫൗണ്ടേഷന്‍ ഓഫ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ പുരസ്‌കാരം, 1992 ല്‍ നാഷണല്‍ സിറ്റിസണ്‍സ് പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

കേവലം മൂന്നു ശതമാനം ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയില്‍ ഇത്രയധികം പ്രചാരമുള്ള പത്രമായി മലയാള മനോരമയെ വളര്‍ത്തിയത് ഏവരും സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന കെ.എം മാത്യുവിന്റെ ദീര്‍ഘവീക്ഷണവും അശ്രാന്തപരിശ്രമവുമായിരുന്നു.

Saturday, July 31, 2010

കുട്ടിസ്രാങ്ക്-ദൃശ്യ കവിതയുടെ പുതിയമാനങ്ങള്‍

ഛായാഗ്രാഹകന്റെ സിനിമാനോട്ടമാണ് കുട്ടിസ്രാങ്കിന്റെ സവിശേഷത. എം.പി.സുകുമാരന്‍ നായര്‍ (ശയനം) അടക്കം പലരും മുമ്പ് ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ സംവിധായകനായ ഷാജി എന്‍.കരുണിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കഥയ്ക്ക് വല്ിയ പുതുമയൊന്നും നല്‍കാനാവില്ല. അതുകൊണ്ട് കുട്ടിസ്രാങ്ക് ഒരിക്കലും ഒരു മോശം സിനിമയാകുന്നുമില്ല. കാരണം ദൃശ്യപരിചരണത്തില്‍, നിര്‍വഹണത്തില്‍ കുട്ടിസ്രാങ്ക് ഒരു വിദേശ ചിത്രം കാണുന്ന പ്രതീതിയാണുളവാക്കുന്നത്. അത്രയ്ക്കു സാങ്കേതിക തികവോടെ, സൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ഒരു പീര്യഡ് സിനിമ. ആകാശഗോപുരവും പഴശ്ശിരാജയും കഴിഞ്ഞ് മലയാളസിനിമയില്‍ ദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പുറത്തുവന്ന ചിത്രമാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക്.
മറ്റു സിനിമകളുടെ ഛായ അന്വേഷിക്കുന്നവര്‍ക്ക് ഇതില്‍ ടിവി ചന്ദ്രന്റെ ഡാനി മുതല്‍ ആലീസിന്റെ അന്വേഷണത്തിന്റെയും, കഥാവശേഷന്റെയും, അടൂരിന്റെ മുഖാമുഖത്തിന്റെയും, എന്തിന് മുഖ്യധാരാസിനിമയില്‍പ്പോലും പല സിനിമകളുടെയും നിഴലാട്ടങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍, ഈ സിനിമകള്‍ക്കെല്ലാം കുറോസാവയുടെ റാഷമോണിനോടുള്ള ചാര്‍ച്ച അപ്പോള്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ, രൂപപരവും പ്രമേയപരവുമായ അത്തരം ആരോപണങ്ങള്‍ക്കൊന്നും കുട്ടിസ്രാങ്കിന്റെ കാര്യത്തില്‍ പ്രസക്തിയുണ്ടാവുന്നില്ല.ദൃശ്യപരിചരണത്തിലെ അസാമാന്യവും അസൂയാവഹവുമായ കൈയ്യൊതുക്കം കുട്ടി സ്രാങ്കിന് നല്‍കുന്ന മാധ്യമപരമായ ഔന്നിത്യം അംഗീകരിക്കുന്നതിന് ഈ ആരോപണങ്ങള്‍ തടസമാവുന്നുമില്ല.
കോര്‍പറേറ്റ് പണമായാലും വ്യക്തിഗത നിക്ഷേപമായാലും, സിനിമയില്‍ അത് എങ്ങനെ, അര്‍ഥവത്തായി വിനിയോഗിക്കുന്നു എന്നുള്ളതാണല്ലോ പ്രശ്‌നം. കുട്ടിസ്രാങ്കിനെ സംബന്ധിച്ചിടത്തോളമാണെങ്കില്‍, ഷാജി, റിലൈന്‍സിന്റെ മുടക്കുമുതല്‍ സാര്‍ഥകമായി, ലക്ഷ്യബോധത്തോടെയാണ് ചെലവഴിച്ചിട്ടുള്ളത്. ദൃശ്യവിന്യാസത്തിലും സന്നിവേശത്തിലും,ശബ്ദവിന്യാസത്തിലും, ഗ്രാഫിക്‌സിലും തുടങ്ങി സാങ്കേതികമായ എല്ലാ വിഭാഗങ്ങളിലും പണം മൂല്യമറിഞ്ഞ്, അതതു സാങ്കേതികതയുടെ മേന്മയ്ക്കായിത്തന്നെയാണുപയോഗിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ഓരോ ഫ്രെയിമും തെളിയിക്കുന്നു. ഇനി അഥവാ ചിത്രത്തിന്റെ ഏതെങ്കിലും ദൃശ്യം വിസ്മരിക്കപ്പെട്ടാലും, നിശ്ചയമായും ഉള്ളില്‍ തങ്ങുന്നതാണ് ഐസക് തോമസ് കോട്ടുകാപ്പളളിയുടെ പശ്ചാത്തലസംഗീതം. സിനിമയുടെ താളഗതിക്ക് പുതിയൊരു മാനം നല്‍കുന്നുണ്ടത്.
പ്രമേയത്തിനൊപ്പമോ അതിലധികമോ, അതിന്റെ പരിചരണത്തിന് നല്‍കുക വഴി ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഷാജി അല്‍പം കൂടി പാകത നേടിക്കാണിക്കുന്നു.ഒപ്പം ഷാജിയുടെ ഉള്‍ക്കണ്ണു കണ്ടിട്ടെന്നവണ്ണം ഛായാഗ്രാഹകയായ അഞ്ജലി ശുകഌയും.കൃഷ്ണനുണ്ണിയുടെ ശബ്ദലേഖനവും പരാമര്‍ശിക്കാതെ പോയ്ക്കൂടാ.നാളിന്നോളമുള്ള തന്റെ ചിത്രത്തില്‍ നിന്ന് പടിയടച്ചു നിര്‍ത്തിയിരുന്ന ലൈംഗികദൃശ്യങ്ങളും ന്യൂഡിറ്റിയും സ്രാങ്കില്‍ സധൈര്യം പരീക്ഷിക്കാന്‍ ഷാജിക്ക് കരുത്തായത് വനിതാഛായാഗ്രാഹകയുടെ പിന്തുണയായിരിക്കുമോ?
സംവിധായകന്റെ കഥയ്ക്ക് തിരക്കഥാകൃത്തായ പി.എഫ്.മാത്യൂസും പത്രപ്രവര്‍ത്തകനായ കെ.ഹരികൃഷ്ണനും ചേര്ന്നാണ് തിരക്കഥയെഴുതിയിട്ടുള്ളത്. ചവിട്ടുനാടകത്തിന്റെയും തുറകൃസ്ത്യാനികളുടെ ജീവിത, ഭാഷാശൈലിയുടെയും ഛായയുള്ള രണ്ടാംഭാഗത്തില്‍ മാത്യൂസിന്റെ സര്‍ഗ്ഗമുദ്രകള്‍ പ്രകടമാകുന്നതുപോലെ തന്നെ, കാളസര്‍പ്പത്തിന്റെ മിത്ത് ആവിഷ്‌കരിക്കുന്ന മൂകയായ കാളിയുമായുള്ള സ്രാങ്കിന്റെ ബന്ധവും ആ ബന്ധം ദേശത്തിനു വരുത്തുന്ന മാറ്റങ്ങളും വിവരിക്കുന്ന മൂന്നാം ഖണ്ഡത്തില്‍ ഹരികൃഷ്ണന്റെ വിരല്‍സ്പര്‍ശവും വ്യക്തം. പല കാലഭേങ്ങളില്‍, നായകനടക്കം പല ദേശങ്ങളുടെ ഭാഷാഭേദങ്ങളിലൂടെ കുട്ടി എന്നൊരു സാര്‍വദേശീയ നായകസ്വത്വത്തെ അവതരിപ്പിക്കുന്ന ഈ സിനിമ സ്രഷ്ടാക്കള്‍ ല്ക്ഷ്യമാക്കിയതുപോലെതന്നെ ചലച്ചിത്രപരമായും കാലദേശഭേദങ്ങള്‍ക്കുപരി സാര്‍വലൗകിക അസ്തിത്വം ആര്‍ജിക്കുന്നുണ്ട്.
പരിചയസമ്പന്നനായ മമ്മൂട്ടിയേയും സിദ്ദീഖിനെയും പലപ്പോഴും പുതുമുഖങ്ങള്‍ പരാജയപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. വിശേഷിച്ച് കമാലിനി മുഖര്‍ജിയും ജോപ്പനെ അവതരിപ്പിച്ച് സന്ദീപും.
എല്ലാം പ്രകീര്‍ത്തിക്കുമ്പോഴും ഒരാശങ്ക പങ്കിടാതിരുന്നുകൂടാ. തിരുവനന്തപുരം കൃപ തീയറ്ററില്‍ ചിത്രം കാണാന്‍ കയറിയപ്പോള്‍ ആകെ ഉണ്ടായിരുന്നത് അമ്പതില്‍ താഴെ പ്രേക്ഷകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായി നിര്‍മിച്ച് ലോകമറിയുന്ന മലയാള സംവിധായകന്‍ രചിച്ച് സൂപ്പര്‍താരം അഭിനയിച്ച ഭേദപ്പെട്ടൊരു സിനിമയുടെ ഗതിയാണ്.മലയാളത്തില്‍ മാറ്റങ്ങളുണ്ടാവുന്നില്ല എന്നു മുറവിളികൂട്ടുന്നവര്‍ ഈ സിനിമ കാണാതെപോവുമ്പോള്‍ അവരുടെ മുറവിളി അര്‍ഥമില്ലാത്ത മലര്‍ന്നുകിടന്നു തുപ്പലാണെന്നു പറയാതിരിക്കുന്നതെങ്ങനെ?

Sunday, July 25, 2010

ബാലസാഹിത്യത്തിന്റെ നിഴല്‍രാഗം


ബാലസാഹിത്യത്തിന് ഒരു കുഴപ്പമുണ്ട്. അത്, ലോകമെമ്പാടും പണംവാരിയ ഹാരിപോട്ടറായാലും ശരി, കുട്ടികള്‍ക്കു വേണ്ടി എന്ന നിലയ്ക്ക്, അവര്‍ ഇതൊക്കെയാവും ഇഷ്ടപ്പെടുക എന്ന മുന്‍വിധിയോടെ പ്രായത്തില്‍ മൂത്തവര്‍, ചിലപ്പോള്‍ മുതുമുത്തച്ഛന്മാരാവാന്‍ പ്രായമുള്ളവര്‍ എഴുതുന്ന സാഹിത്യമായിരിക്കും അത്. ലോകമെമ്പാടുമുള്ള ബാലസാഹിത്യത്തിന്റെയും ബാലസിനിമകളുടെയും പ്രധാന പരിമിതിയും പരിധിയുമാണിത്. മലയാളസിനിമയുടെ കാര്യത്തില്‍ ഇപ്പോള്‍ യുവ പ്രേക്ഷകരുടെ ഗതി ബാലവായനക്കാരുടെയും ബാലപ്രേക്ഷകരുടെയും പോലെയാണ്. കാരണം അവര്‍ക്ക് ഇഷ്ടമാവുന്നത് എന്ന മുന്‍വിധിയോടെ, നിര്‍ബന്ധിതവിരമിക്കല്‍ ഇല്ലാത്ത ചലച്ചിത്രരംഗത്തെ മുടിചൂടാമന്നന്മാര്‍ എടുത്തു വയ്ക്കുന്നത് ദഹിച്ചോണം എന്നാണവസ്ഥ. അതുണ്ടാക്കുന്ന ദഹനക്കേടാണ് പലപ്പോഴും അതിര്‍ത്തി കടന്നെത്തുന്ന തമിഴ് -ഹിന്ദി സിനിമകളിലേക്ക് കയ്യും മെയ്യും മറന്ന് അവരെ ആകര്‍ഷിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഏറെ വ്യത്യസ്തം എന്ന പ്രചാരണത്തോടെ പുറത്തിറങ്ങുന്നതില്‍ പകുതിയിലേറെ സിനിമകളും നമ്മുടെ സമകാലികയുവത്വം തിരിഞ്ഞുനോക്കാതെ പെട്ടിയിലടയ്ക്കപ്പെട്ട ഡ്രാക്കുളയുടെ അവസ്ഥയിലാവുന്നതും.
ഇത്ര നീണ്ട മുഖവുര വേണ്ട സിബി മലയിലിന്റെ അപൂര്‍വരാഗം എന്ന സിനിമയെ വിലയിരുത്താന്‍ എന്നറിയാം. പക്ഷേ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ക്യാമ്പസിനുവേണ്ടത് നിറം പോലെ ഒരു സിനിമയാണെന്നു തെറ്റിദ്ധരിച്ച, യുവാക്കള്‍ക്ക് വേണ്ടത് മിന്നാമിന്നിക്കൂട്ടമാണെന്നു ധരിച്ചുവശായ കമലിന്റെ കൂടെച്ചേരുകയാണോ സിബി മലയിലും എന്നൊരു സംശയം. മനോഹരമായ ടേക്കിംഗ്‌സ്. നല്ല ദൃശ്യപരിചരണം, സമീപനം. സിനിമാഭാഷയില്‍ പറഞ്ഞാല്‍ കള്ളര്‍ഫുള്‍. പക്ഷേ, ഉള്‍ക്കാമ്പു നോക്കിയാല്‍ കൊട്ടത്തേങ്ങയല്ലേ എന്നൊരു സംശയം ബാക്കി. പുതുമയ്ക്കു വേണ്ടി പുതുമ അവതരിപ്പിക്കുന്നതില്‍ അര്‍ഥമുണ്ടോ? അല്ലെങ്കില്‍ തന്നെ ഇതില്‍ പുതുമയെന്താണ്? താരനിരയിലെ യുവത്വമാണെങ്കില്‍, പ്രധാനപ്പെട്ട മൂന്നു നായകന്മാരും ശ്യാമപ്രസാദിന്റെ ഋതുവിലൂടെ കഴിവുതെളിയിച്ചവര്‍. നായിക, ആകാശഗോപുരത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭയാക്കിയവള്‍. ദൃശ്യപരിചരണത്തില്‍ അജയന്‍ വിന്‍സന്റും സന്നിവേശകന്‍ ബജിത് പാലും കാഴ്ചവച്ച യൗവനം, അത് അവരുടെ മാത്രം ക്രെഡിറ്റേ ആവുന്നുള്ളൂ. കൊള്ളയും കൊലയും വിട്ട് യുവത്വത്തിനൊരു പ്രതീക്ഷയും ജീവിതത്തോടില്ലെന്നാണോ ആധുനിക റോബിന്‍ഹുഡുകള്‍ പറയുന്നത്? കുറ്റം പറയരുതല്ലോ, കറന്‍സി, റോബിന്‍ഹുഡ്, ഇപ്പോള്‍ അപൂര്‍വരാഗം ഒക്കെ നല്‍കുന്ന സന്ദേശം അങ്ങനെയാണ്. ലൗ ജിഹാദും, പോപ്പുലര്‍ ഫ്രണ്ടുമൊക്കെയായി ഒരു കിടിലന്‍ സിനിമ! അതാണോ അപൂര്‍വരാഗം.
ഏതായാലും, സംഗീത സംവിധായകന്‍ ബിജിപാലിനോടും യുവനടന്‍ ആസിഫ് അലിയോടും ഒരു വാക്ക്. ക്യാംപസ് എന്നും യുവത്വം എന്നും കേട്ടാലുടന്‍ 'ഇനിയും പുന്നകൈ' പാട്ടിന്റെ ബി.ജി.എമ്മില്‍ ഹാരിസ് ജയരാജ് പകര്‍ത്തിവച്ച ഇലക്ട്രിക് ഗിറ്റാറിന്റെ ചെകിടടപ്പിക്കുന്ന ബീറ്റിനെ വെറുതെ വിടണം. സുന്ദരവില്ലനെ ടൈപ്പാക്കി ആസിഫ് കരിയര്‍ നശിപ്പിക്കുകയുമരുത്. കാരണം നിങ്ങളെയൊക്കെ ഇനിയും ഞങ്ങള്‍ക്ക് ഏറെ കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്.

മമ്മീ ആന്‍ഡ് മീ വ്യത്യസ്തമാകുന്നത്...

നീണ്ട ടേക്കുകള്‍. ടിവി ഭാഷ. സോദ്ദേശ്യ പ്രഭാഷണങ്ങള്‍. എന്നിട്ടും മമ്മി ആന്‍ഡ് മീ വമ്പന്‍ ഹിറ്റായതെന്തുകൊണ്ട് എന്നാരാഞ്ഞൊടുവില്‍ ഉത്തരം കിട്ടി. മമ്മി ആന്‍ഡ് മീ അതിന്റെ ഉള്ളടക്കത്തെയും അവതരണശൈലിയെയും എല്ലാം പിന്നിലാക്കി വലിയൊരു ധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ആ ധീരത എന്ന് ജിത്തു ജോസഫിന് അവകാശപ്പെടാനാവില്ല, പൂര്‍ണമായി. കാരണം ശബ്ദം കൊണ്ടും അവസാനരംഗത്തെങ്കിലും രൂപം കൊണ്ടും സുരേഷ് ഗോപി എന്ന താരത്തിന്റെ സാന്നിദ്ധ്യവും കുഞ്ചാക്കോ ബോബനെപ്പോലുള്ള മുഖ്യധാരാ താരങ്ങളെയും മാറ്റിനിര്‍ത്തിയിട്ടില്ല അദ്ദേഹം. എന്നാല്‍ മമ്മി ആന്‍ഡ് മീ യുടെ രചയിതാവും നിര്‍്മ്മാതാവും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതാണ് അതിപ്രധാനം. അതായത്, വെഞ്ഞാറമ്മൂട്ടിലെ കൂതറ തമാശകളില്ലാതെ ഒരു കൊച്ചു സിനിമയ്ക്കു വിജയിക്കാനാകും എന്നു കാട്ടിത്തന്നതിന് മലയാള പ്രേക്ഷകര്‍ ജിത്തു ജോസഫ് എന്ന യുവാവിനോടു കടപ്പെട്ടിരിക്കുന്നു. മുന്‍നിര സംവിധായകര്‍ക്കുപോലുമില്ലാത്ത ചങ്കൂറ്റമാണിതെന്നു പറയാതെ വയ്യ.

Monday, June 28, 2010

ദൈവമേ ഇവരോട് പൊറുക്കേണമേ!

രു സിനിമ കണ്ട ശേഷം അതേപ്പറ്റി ഒറ്റ വരിയെങ്കിലും എഴുതിയേ തീരൂ എന്ന ആഗ്രഹം അപൂര്‍വം അവസരങ്ങളിലേ എനിക്കു തോന്നിയിട്ടുള്ളൂ. അതിലും അപൂര്‍വമായാണ് ഒറ്റവരിയില്‍ മാത്രം എഴുതണമെന്നു തോന്നുന്നതും. പോക്കിരിരാജ കണ്ടപ്പോള്‍ (മുഴുവനും കാണാനുള്ള ഹൃദയകാഠിന്യമില്ലാതിരുന്നതിനു മാപ്പ്) ആ ഒറ്റ വരി ഉള്ളില്‍ തികട്ടിത്തികട്ടി വന്നതുകൊണ്ട് അതു കുറിച്ചേ തീരൂ എന്നു വന്നു. ആയതിനാല്‍, പ്രസ്തുത സിനിമയുടെ അണിയറയിലും പുറത്തുമുള്ള സകല ദൈവങ്ങളോടും മുന്‍കൂര്‍ ക്ഷമാപണമര്‍പ്പിച്ചുകൊണ്ട് എഴുതട്ടെ. ഒരു സിനിമ കണ്ടതിന്റെ പേരില്‍ എനിക്ക് എന്നോടുതന്നെ ലജ്ജയും നാണവും, എന്നെയോര്‍ത്ത് കടുത്ത പുച്ഛവും തോന്നാന്‍ ഇടവന്നു എങ്കില്‍, അത് പോക്കിരി രാജ എന്ന മഹത്തായ ചലച്ചിത്രരചന സമ്മാനിച്ച ദര്‍ശനാനുഭവമാണ്.
ദൈവമേ ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ!

Thursday, May 20, 2010

Mohanlal Oru Malayaliyude Jeevitham gets reviewed in Malayalam Weekly


Mohanlal Oru Malayaliyude Jeevitham written by A.Chandrasekhar and Girish Balakrishnan gets a good review in the new edition of Samakalika Malayalam weekly published by the New Indian Express Group. Mr.Anil the reviewer opines that the book re-searches history of Kerala duringtthe past 25 years in the background of Mohanlal the actor and his characters.

Wednesday, May 05, 2010

Chandrasekhar in Kairali TV's Subhadinam

Chandrasekhar was featured as guest by Kairali TV in its Subhadinam breakfast show where he was interviewed by Santhosh Palee and Amrita Sohan.Video in three parts.To view videos click links.

Tuesday, May 04, 2010

മണ്ണാറക്കയം ബേബി

അകാലത്തില്‍ പൊലിഞ്ഞ, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മണ്ണാറക്കയം ബേബി (64) യുടെ പാവന സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.
ടെലി കമ|ണിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന മണ്ണാറക്കയം ബേബി സിനിമാ മാസിക, ചിത്രരമ, നാന, ചിത്രകാര്‍ത്തിക, ചിത്രസീമ, മലയാളനാട് സിനിമ, മനശാസ്ത്രം, ചലച്ചിത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്രം വാരികയുടെ ഓണററി ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995-ല്‍ ദേശീയ
ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമായിരുന്നു. 1986 മുതല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: രാജമ്മ. മക്കള്‍: മൃദുല, മീര. മരുമകന്‍: എന്‍. പ്രമോദ്.