Showing posts with label venalkkinavukal. Show all posts
Showing posts with label venalkkinavukal. Show all posts

Saturday, April 20, 2024

വേനല്‍ക്കിനാവുകള്‍-കാലം തെറ്റിപ്പെയ്ത വേനല്‍മഴ

സിനിമയില്‍ ഒരു വനവാസം കഴിഞ്ഞ്, ഒരു കാലത്തെ മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ നായകനും സംഗീതജ്ഞനായ ചങ്ങാതിയും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, പൂര്‍ണമായും പുതുമുഖങ്ങളെവച്ച്, ഒരു സിനിമയെടുക്കുന്നതിനെപ്പറ്റിയും ഒട്ടേറെ പ്രതിബന്ധങ്ങള്‍ക്കുശേഷം ആ സിനിമ വന്‍ വിജയം നേടുന്നതിനെപ്പറ്റിയുമാണല്ലോ വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ രണ്ടാംപകുതി. സത്യത്തില്‍ ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഓര്‍മ്മവന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ്, ഞങ്ങളുടെയെല്ലാം ക്യാംപസ് കാലത്തു പുറത്തിറങ്ങിയ വേനല്‍ക്കിനാവുകള്‍ എന്ന സിനിമയെയാണ്. 1986 മുതല്‍ 91 വരെ മലയാളത്തില്‍ ഒരു സിനിമ പോലും സംവിധാനം ചെയ്യാതിരുന്ന, മലയാളത്തെ അതിന്റെ കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് വഴിതെറ്റാതെ നയിച്ച, എക്കാലത്തെയും മികച്ച സംവിധായകന്മാരിലൊരാളായ സാക്ഷാല്‍ കെ.എസ്. സേതുമാധവന്‍ ഒരു മടങ്ങിവരവിനൊരുങ്ങിയ സിനിമയായിരുന്നു വേനല്‍ക്കിനാവുകള്‍. മലയാളത്തില്‍ സാഹിത്യകൃതികളെ സിനിമയാക്കുന്നതിലും, സാഹിത്യകാരന്മാരുടെ തിരക്കഥകള്‍ സിനിമയാക്കുന്നതിലും അന്യാദൃശമായ കൈയടക്കം പ്രകടമാക്കിയ സംവിധായകന്‍. തമിഴില്‍നിന്ന് ആദ്യമായി ഒരു നടന് ദേശീയതലത്തില്‍ മികച്ച നടനുള്ള അവാര്‍ഡും, ഒരു സിനിമയ്ക്ക് ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കൊണ്ടെത്തിച്ച മലയാളി സംവിധായകന്‍. ദേശീയ ബഹുമതി നേടിയ മറുപക്കം (1991) തമിഴില്‍ സംവിധാനം ചെയ്തതിനു ശേഷമാണ് ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ മുതിര്‍ന്നത്. കൃത്യമായി പറഞ്ഞാല്‍ റഹ്‌മാന്‍ നായകനായ സുനില്‍ വയസ് ഇരുപത് എന്ന സിനിമയ്ക്കു ശേഷം. ഓപ്പോള്‍, നീലത്താമര, കന്യാകുമാരി, തുടങ്ങിയ സിനിമകളിലൂടെ സുവര്‍ണ സഖ്യമെന്നു പേരെടുത്ത എം.ടി.വാസുദേവന്‍ നായര്‍-സേതുമാധവന്‍ കൂട്ടുകെട്ടിന്റേതായിരുന്നു വേനല്‍ക്കിനാവുകള്‍. വര്‍ഷങ്ങള്‍ക്കുശേഷത്തിലെ കഥാസന്ദര്‍ഭത്തില്‍ എന്നപോലെ, സംവിധായകനും തിരക്കഥാകൃത്തും അമ്പതു കഴിഞ്ഞവര്‍. ഇന്നത്തെ ഭാഷയില്‍ വസന്തങ്ങള്‍. നിര്‍മ്മാതാവാണെങ്കിലും അത്ര പരിചിതമുള്ള പേരായിരുന്നില്ല. സാരംഗി ഫിലിംസ്. വിനീത് സിനിമയിലേതു പോലെ ഒരു നിതിന്‍ മോളിയുടെ സാന്നിദ്ധ്യം പോലുമുണ്ടായിരുന്നില്ല ചിത്രത്തില്‍. എല്ലാ അഭിനേതാക്കളും പുതുമുഖങ്ങള്‍. (ഒരുപക്ഷേ അന്നത്തെ ഒരു നിതിന്‍ മോളി സഹകരിച്ചിരുന്നെങ്കില്‍ ആ ചിത്രത്തിന്റെ ജാതകം തന്നെ വേറെ ആയിത്തീര്‍ന്നേനെ!) 

അസാദ്ധ്യമായ പുതുമയുള്ള, ആര്‍ജ്ജവമുള്ള, ഒരു ചിത്രമായിരുന്നു വേനല്‍ക്കിനാവുകള്‍. സൂക്ഷ്മമായി പറഞ്ഞാല്‍, പദ്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന്റെ ഒക്കെ റെയ്ഞ്ചിലുള്ള, അത്രതന്നെ വിജയിക്കേണ്ടിയിരുന്ന ഒരു സിനിമ. നേരത്തേ ചില ചിത്രങ്ങളില്‍ തലകാണിച്ചിട്ടുള്ള കൗമാരക്കാരും ക്യാമറയ്ക്കു മുന്നില്‍ ആദ്യം മുഖം കാണിക്കുന്നവരുമായിരുന്നു താരനിരയില്‍. പില്‍ക്കാലത്ത് താരസംഘടനാപ്രവര്‍ത്തകനും കര്‍ഷകനുമായി പേരെടുത്ത ചങ്ങനാശേരിക്കാരന്‍ കൃഷ്ണപ്രസാദ്, കോഴിക്കോട്ടുകാരിയായ നര്‍ത്തകികൂടിയായ യുവനടി ദുര്‍ഗ്ഗ (ദുര്‍ഗ്ഗ കൃഷ്ണയല്ല), തമിഴിലും മറ്റും മാദകറോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന, പില്‍ക്കാലത്ത് മലയാളത്തിലെ ഷക്കീല-രേശ്മ രതിതരംഗസിനിമകളിലെ സ്ഥിരം നായികമാരിലൊരാളായിത്തീര്‍ന്ന ഷര്‍മ്മിളി (ധനത്തില്‍ നായികയായ ചാര്‍മ്മിളയല്ല. അതു വേറെ ആളാണ്) എന്നിവരായിരുന്നു പ്രധാന പുതുമുഖങ്ങള്‍. ഒപ്പം അഞ്ച് മുഖ്യകഥാപാത്രങ്ങളില്‍, അടൂരിന്റെ അനന്തരത്തിലൂടെ പ്രശസ്തി നേടിയ കൗമാരനായകന്‍ സുധീഷും കഥകളിയില്‍ നിന്ന് വന്ന് മിനിസ്‌ക്രീന്‍ കീഴടക്കിയ സഹോദരങ്ങളില്‍ മൂത്തവനായ യദൂകൃഷ്ണനും, പിന്നെ എം.ടി തന്നെ ഹരിഹരന്‍ ചിത്രത്തിലൂടെ അവതരിപ്പിച്ച് മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ മോണിഷയും സുധീഷ് ശങ്കറും ഉണ്ടായിരുന്നു. നെടുമുടി വേണു, തിലകന്‍, ജഗന്നാഥ വര്‍മ്മ, മാമ്മൂക്കോയ, ശാന്തകുമാരി, എം.ജി ശശി തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. കൗമാരക്കാരുടെ ചാപല്യങ്ങളും യൗവനത്തിലേക്കു കടക്കുന്നതിന്റെ പ്രശ്‌നങ്ങളുമാണ് വേനല്‍ക്കിനാവുകള്‍ കൈകാര്യം ചെയ്തത്. കമ്മിങ് ഓഫ് ഏജ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മനഃശാസ്ത്രപരമായൊരു വിഷയം. വസന്ത് കുമാറായിരുന്നു ഛായാഗ്രാഹകന്‍. എം.എസ് മണി എഡിറ്ററും. തെന്നിന്ത്യയിലെ എന്നല്ല ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ സംഗീതവിദൂഷികളിലൊരാളായ വയലിനിസ്റ്റ് എല്‍ വൈദ്യനാഥന്‍ ആയിരുന്നു സംഗീതസംവിധായകന്‍. വൈദ്യനാഥന്‍ സംഗീതം പകര്‍ന്ന ഒരേയൊരു മലയാള ചിത്രമാണിത്. യേശുദാസും സുനന്ദയും പാടിയ നാലു ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ആകാശ മേടയ്ക്ക്, ഗൗരീ മനോഹരി, പേരാറ്റിനക്കരെയക്കരെയക്കരെയേതോ, പോരൂ പോരൂ എന്നീ പാട്ടുകളില്‍ പേരാറ്റിനക്കരെ ഇന്നും ആളുകള്‍ മൂളിപ്പാടുന്ന ഹിറ്റ് ഗാനമാണ്. 

ഫ്രെയിം ടു ഫ്രെയിം യുവത്വം പുലര്‍ത്തിയ ദൃശ്യപരിചരണമായിരുന്നു വേനല്‍ക്കിനാവുകളുടേത്. സേതുമാധവനെപ്പോലൊരാള്‍ സംവിധാനം ചെയ്തത് എന്നോ എം.ടി.യെപ്പോലൊരാള്‍ എഴുതിയത് എന്നോ വിശ്വസിക്കാന്‍ പോലും സാധിക്കാത്തത്ര കാലികമായിരുന്നു അതിന്റെ ചലച്ചിത്രസമീപനം. എന്നിട്ടും സിനിമ വേണ്ടത്ര വിജയമായില്ല. എന്നല്ല വര്‍ഷങ്ങള്‍ക്കുശേഷമില്‍ കാണിക്കുന്നതുപോലെ തൊണ്ണൂറുകളിലെ തലമുറ അതിനെ നിഷ്‌കരുണം തള്ളിക്കളയുകയാണുണ്ടായത്. കാരണം, അവര്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല സിനിമയിലുണ്ടായിരുന്നത്. ഒരുപക്ഷേ, കുറേ വര്‍ഷങ്ങള്‍ക്കുശേഷം റിലീസ് ചെയ്തിരുന്നെങ്കില്‍ സൂപ്പര്‍ ഹിറ്റാകുമായിരുന്ന സിനിമ. കാലത്തിനു മുമ്പേ, വളരെ മുമ്പേ പുറത്തിറങ്ങിയ ഒരു ചലച്ചിത്രസംരംഭം-അതായിരുന്നു വേനല്‍ക്കിനാവുകള്‍. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍ അടക്കമുള്ള സിനിമകള്‍ക്ക് അതിറങ്ങിയ കാലത്ത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെന്നോര്‍ക്കുക. പക്ഷേ വര്‍ഷങ്ങള്‍ക്കുശേഷം ടിവിയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അവയ്ക്ക് കള്‍ട്ട് പദവി തന്നെ കൈവന്നു. യൂട്യൂബില്‍ ലഭ്യമായിട്ടും ഒരുപക്ഷേ അധികം പേര്‍ കാണാത്തതുകൊണ്ടാവാം വേനല്‍ക്കിനാവുകള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടില്ല. എങ്കിലും ഞങ്ങളുടെ തലമുറയ്ക്ക് ഞങ്ങളുടെ യൗവനകാലസ്മരണകളില്‍ തിളക്കമാര്‍ന്നൊരു ചലച്ചിത്രസ്മരണയാണ് വേനല്‍ക്കിനാവുകള്‍.