Showing posts with label veettilekkulla vazhi. Show all posts
Showing posts with label veettilekkulla vazhi. Show all posts

Sunday, July 15, 2012

ഒരു പ്രേക്ഷകന്റെ കുറ്റസമ്മതം

ഇതൊരു കുമ്പസാരമാണ്. ഏറ്റുപറച്ചില്‍. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്റെ കുറ്റസമ്മതം. മേളകളായ മേളകളില്‍ വിദേശ സിനിമകള്‍ കണ്ടു തീര്‍ക്കുന്ന ആക്രാന്തത്തില്‍ മലയാള സിനിമയെ തിരിഞ്ഞു നോക്കാതിരിക്കുക വഴി കണ്ണില്‍പ്പെടാതെ പോയ ഒരു മാണിക്യത്തെ വൈകിയെങ്കിലും തിരിച്ചറിയാനായതിന്റെ കുണ്ഠിതമോ, ജാള്യമോ...എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാലും പറയട്ടെ, സ്വന്തം നാട്ടില്‍ നിന്നുണ്ടായ ആത്മാര്‍ത്ഥമായൊരു ചലച്ചിത്രോദ്യമത്തെ തിരിച്ചറിയാതെ, നാട്ടില്‍ നല്ല സിനിമയുണ്ടാവുന്നില്ല എന്നു മുറവിളി കൂട്ടിയ സിനിമാപ്രേമികളുടെ കൂട്ടത്തില്‍ കൂടുക വഴി ഞാന്‍ ചെയ്ത തെറ്റിന് ഈ കുറ്റസമ്മതം പരിഹാരമാവില്ലതന്നെ.

ഡോ.ബിജു കഥയെഴുതി സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന മലയാള സിനിമയെപ്പറ്റിയാണ് എഴുതുന്നത്. ഈ സിനിമ കാണാന്‍ വൈകി എന്നതിലല്ല, തീയറ്ററില്‍ പോയി കാണാന്‍ സാധിക്കാതിരുന്നതിലാണ് ഞാനിപ്പോള്‍ പശ്ചാത്തപിക്കുന്നത്.

മലയാളത്തില്‍ ഇത്രയേറെ ചലച്ചിത്ര ബോധം പുലര്‍ത്തിയ, നിര്‍വഹണത്തില്‍ ഇത്രത്തോളം മാധ്യമപരമായ കൈയൊതുക്കം പ്രകടമാക്കിയ ഒരു സിനിമ അടുത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ഇത്രയേറെ പക്വമാര്‍ന്ന വിന്യാസം അനുഭവിച്ചറിഞ്ഞിട്ടില്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ സിനിമ അതാണ് വീട്ടിലേക്കുള്ള വഴി.

വീട്ടിലേക്കുള്ള വഴിയില്‍ കഌഷേ ആകാന്‍ സാധ്യതയുണ്ടായിരുന്ന പ്രമേയസവിശേഷതകള്‍ എല്ലാമുണ്ട്. തീവ്രവാദം, സ്‌ഫോടനം, കുടുംബം നഷ്ടപ്പെടല്‍, സംഘട്ടനം, ദേശാടനം, ദേശസ്‌നേഹം.. എല്ലാമെല്ലാം. കൈയൊന്നയച്ചെങ്കില്‍, കന്നത്തില്‍ മുത്തമിട്ടാളോ, റോജയോ കുറഞ്ഞപക്ഷമൊരു മുംബൈ സെപ്റ്റംബര്‍ 12 എങ്കിലും ആകാമായിരുന്ന പ്രമേയം. സെന്റിമെന്റസോ ദേശസ്‌നേഹമോ ആവശ്യത്തിനു മേമ്പൊടി ചാര്‍ത്താനുള്ള സാധ്യത. പക്ഷേ ഡോ.ബിജുവിന്റെ അച്ചടക്കമുള്ള സമീപനം വീട്ടിലേക്കുളള വഴിയെ, അതിനെല്ലാം വ്യത്യസ്തമായി ദൃശ്യസാധ്യത ആവോളം നുകര്‍ന്ന ഒരു പരിപൂര്‍ണ സിനിമയാക്കി മാറ്റുകയായിരുന്നു.കേവലം മെലോഡ്രാമയ്ക്കുമപ്പുറം, മുദ്രാവാക്യത്തിനുമപ്പുറം മനുഷ്യബന്ധങ്ങളുടെ,ഒറ്റവാചകത്തില്‍ ഉത്തരം നല്‍കാനാവാത്ത സങ്കീര്‍ണതകളിലേക്കുള്ള എത്തിനോട്ടമായി ഈ കൊച്ചു വലിയ സിനിമ മാറുന്നു.

മലയാളത്തില്‍ അപൂര്‍വം ചില ചിത്രങ്ങളില്‍ ഐസക് തോമസ് കോട്ടുകാപ്പള്ളിയെപ്പോലെ ചില സംഗീതജ്ഞരിലൂടെ മാത്രം കേട്ടറിഞ്ഞു ബോധ്യപ്പെട്ട രംഗബോധമുള്ള പശ്ചാത്തല സംഗീത വിന്യാസം അതിന്റെ സമ്പൂര്‍ണതയില്‍ ഈ ചിത്രത്തില്‍ അനുഭവിക്കാനായി. രമേഷ് നാരായണന്‍ സംഗീതം ചാലിച്ചിരിക്കുന്നത് ദൃശ്യങ്ങള്‍ക്കല്ല, അവ ഉല്‍പാദിപ്പിക്കുന്ന വൈകാരികതയ്ക്കാണെന്നു നിശ്ചയം.

എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണം ഇന്ത്യയുടെ ആത്മാവിനെയാണ് അഭ്രപാളികളിലേക്കൊപ്പിയെടുത്തിരിക്കുന്നത്. നാടകീയത സൃഷ്ടിക്കുന്നതല്ല ഛായാഗ്രഹകന്റെ കഴിവെന്ന്്,യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ദൃശ്യവിന്യാസങ്ങളിലൂടെ രാധാകൃഷ്ണന്‍ സ്ഥാപിക്കുന്നു. ശബ്ദ സന്നിവേശമാണ് എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു ഘടകം. ജയന്‍ ചക്കാടത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് എന്റെ കുഴപ്പമാവാനാണു വഴി. കാരണം അത്രയ്ക്കു കുറ്റമറ്റ ശബ്ദസന്നിവേശം ചെയ്യുന്ന ഒരു സാങ്കേതികവിദഗ്ധനെ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നത് എന്റെ കടമയായിരുന്നു.

പൃഥ്വിരാജിനെ, കമ്പോളസിനിമയിലെ മൂന്നാംകിട മസാല സിനിമകളുടെ അര്‍ത്ഥമില്ലാത്ത തനിയാവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിന് എത്രയോ വട്ടം വിമര്‍ശിച്ചിട്ടുള്ളവര്‍ പോലും ഈയൊരു സിനിമയുടെ ഭാഗമാവുകവഴി അദ്ദേഹത്തെ അഭിനന്ദിക്കും.

സിനിമ തീയറ്റര്‍ കണ്ടോ, വിജയമായോ, അംഗീകാരങ്ങള്‍ വാരിക്കൂട്ടിയോ...അതൊക്കെ എന്തുമാകട്ടെ, പക്ഷേ, യഥാര്‍ത്ഥ സൃഷ്ടി കാലാതിവര്‍ത്തിയാണ്. അങ്ങനെയെങ്കില്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞു കണ്ടപ്പോള്‍ എന്നെപ്പോലൊരു പ്രേക്ഷകന്റെ ഹൃദയം കവരാനായെങ്കില്‍, ഡോ.ബിജു, നിങ്ങള്‍ക്കു തീര്‍ച്ചയായും ഉറപ്പിക്കാം. നിങ്ങളുടെ സിനിമ ലക്ഷ്യം കണ്ടു. അതു കൊള്ളേണ്ടിടത്തു കൊണ്ടിരിക്കുന്നു. നന്ദി.