വര്ഷങ്ങളായിക്കാണും സഞ്ജുവിനെ നേരില് കണ്ടിട്ട്. 2001ല് വെബ് ലോകം ഡോട്ട് കോമില്
ചീഫ് സബ് എഡിറ്ററായിരിക്കെ, തിരുവനന്തപുരം പ്രസ്‌ക്‌ളബില് നിന്നുള്ള ഇന്റേണ്ഷിപ്പ് ബാച്ചില് പെട്ടാണ് പത്തനംതിട്ടക്കാരന് വി.കെ.സഞ്ജു വെബ് ലോകത്തെത്തുന്നത്. ഒതുക്കമുള്ളപ്രകൃതവും മനോഹരവും കണിശവുമായ ഭാഷയുംകൊണ്ട് വളരെ വേഗം മനസിലിടംപിടിച്ച സഞ്ജു വൈകാതെ തന്നെ വെബ് ലോകത്തിന്റെ ടീം അംഗമായിത്തീര്ന്നു. രണ്ടു വര്ഷം കഴിഞ്ഞു വെബ് ലോകം വിട്ട് ഞാന് രാഷ്ട്രദീപികയിലെത്തിയപ്പോള്
ഇന്നിപ്പോള് മെട്രോ വാർത്തയിൽ ന്യൂസ് എഡിറ്ററായ സഞ്ജു കോട്ടയത്തെ ഓഫീസില് കാണാന് വന്നത് മൗനത്തിന്റെ പരിഭാഷ എന്ന ആദ്യപുസ്തകത്തിന്റെ ആദ്യകോപ്പികളിലൊന്ന് നേരിട്ടു കണ്ടു തരാന് വേണ്ടിയാണ്. ആത്മകഥാംശമുള്ള ആര്ദ്രവും ആര്ജ്ജവവുമുള്ള കുറിപ്പുകള്.ഒന്നോടിച്ചു നോക്കിയപ്പോള് തന്നെ അതിന്റെ ഉള്ക്കനം ബോധ്യമായി. അവതാരികയില് രഞ്ജി പണിക്കര് പറഞ്ഞതുപോലെ സഞ്ജുവിന്റെ ഭാഷ, അതൊരൊന്നൊന്നര ഭാഷയാണ്. ഇയാള് കഥയോ അയാള്ക്കിഷ്ടപ്പെട്ട കവിതയോ എഴുതാത്തത് മലയാള സാഹിത്യത്തിന്റെ നഷ്ടം എന്നല്ലാതെ എന്തു പറയാന്1
പുസ്തകത്തിലെ ബൈലൈന് എന്ന അധ്യായത്തില് രസകരമായൊരു വാചകമുണ്ട്. ജീവിതത്തിലാദ്യമായി സ്വന്തം പേര് ഒരു മാധ്യമത്തില് പ്രത്യക്ഷപ്പെട്ടതിന്റെ അനുഭവക്കുറിപ്പാണ്. കാവാലത്തിന്റെ ഭഗവദ്ദജുകം നാടകം കണ്ടിട്ട് അതിന്റെ ആസ്വാദനം വെബ് ലോകത്തിനെഴുതിത്തന്നപ്പോള് സ്‌കൂളിലെ ശീലത്തിന് എസ്.എ.എന്.ജെ. യു എന്ന വാക്ക് സന്ജു എന്നെഴുതിത്തന്നപ്പോള് ഞാനത് വെട്ടി സഞ്ജു എന്നാക്കി. സഞ്ജു, അതു മതി എന്നും പറഞ്ഞത്രേ. അതിന്റെ അടുത്ത വാചകമാണ് ക്‌ളാസ്. സഞ്ജു എഴുതുന്നു-മതിയെങ്കില് മതി!
സ്വന്തം പേരിന്റെ കാര്യത്തില് വരെ ഇത്രയും നിര്മമത്വം വച്ചുപുലര്ത്തുന്ന സഞ്ജുവിന്റെ പില്ക്കാല മാധ്യമജീവിതത്തില് വി.കെ സഞ്ജു തന്നെയായി തീരുന്നതില് അങ്ങനെയൊരു നിയോഗവും കൂടി കൈവന്നതില് അഭിമാനമേയുള്ളൂ.
ശിഷ്യര് തിരിച്ചറിയുമ്പോഴും അംഗീകരിക്കുമ്പോഴുമാണ് ഗുരുവിന്റെ ജീവിതം ധന്യമാവുക. എന്റെ മാധ്യമജീവിതത്തില് എനിക്കൊരു സഞ്ജുവും സുപയും (അമൃത ടിവിയിലെ സുപ സുധാകരന്) ഉണ്ട്. പില്ക്കാലത്ത് ഇന്സ്റ്റിറ്റ്യൂട്ടുകളില് പഠിപ്പിക്കുകയും വിവിധ പ്രസിദ്ധീകരണങ്ങളിലും ചാനിലിലും മറ്റും പണി പരിശീലിപ്പിക്കുകയും ചെയ്ത വിദ്യാര്ത്ഥികളില് പലരും പുച്ഛിക്കുകയും അപമാനിക്കുകയും വരെ ചെയ്തിട്ടും അതൊന്നും ഹൃദയത്തെ സ്പര്ശിക്കാത്തത് ഇവരെപ്പോലുള്ള, ഞാന് പഠിപ്പിച്ചിട്ടില്ലാത്ത, ഒപ്പം പ്രവര്ത്തിക്കുക മാത്രം ചെയ്ത ചിലരുടെ പെരുമാറ്റം കൊണ്ടാണ്.
പുസ്തകം അച്ചടി തുടങ്ങിയപ്പോഴേ ഫോണില് വിളിച്ച് പറഞ്ഞതാണ് സഞ്ജു. ഇറങ്ങിയാല് അയച്ചു തരുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, സഞ്ജു നേരിട്ടു വന്ന് കോപ്പി തന്നിട്ടു പോയി. സന്തോഷമുണ്ട്. സഞ്ജുവിനെപ്പോലൊരാള് അയാളുടെ മേച്ചില്പുറം വൈകിയെങ്കിലും കണ്ടെത്തിയല്ലോ. എഴുത്തില് സഞ്ജുവിന്റെ ബൈലൈന് ഇനി തിളങ്ങാനിരിക്കുന്നതേയുള്ളൂ. അതിന്റെ നേര്സാക്ഷ്യമാണ് കോട്ടയം മാക്‌സ് ബുക്‌സ് പുറത്തിറക്കിയ മൗനത്തിന്രെ പരിഭാഷ