Showing posts with label up and down mukalil oraalundu. Show all posts
Showing posts with label up and down mukalil oraalundu. Show all posts

Wednesday, May 15, 2013

അപ് ആന്‍ഡ് ഡൗണ്‍- കഥാകാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും


ടി.കെ.രാജീവ്കു മാറിന്റെ 
സിനിമകളുടെ 
ഏറ്റവും വലിയ സവിശേഷത, അതിന്റെ മാധ്യമപരമായ സത്യസന്ധതയാണ്. ചലച്ചിത്രഭാഷയുടെ വ്യാകരണവും ചമത്കാരവും നന്നായി ഉപയോഗിക്കാനറിയാവുന്ന സംവിധായകന്‍. സാങ്കേതികതയില്‍ ലോകസിനിമയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ വരെ ഉള്‍ക്കൊള്ളുകയും ഭാഷാപരമായ ആ ഭാവുകത്വമെല്ലാം നമ്മുടെ സിനിമയിലും ആവിഷ്‌കരിക്കുകയും ചെയ്യുന്ന ചലച്ചിത്രകാരന്‍. ചാണക്യന്‍, ഇവര്‍, ശേഷം, തല്‍സമയം ഒരു പെണ്‍കുട്ടി, ജലമര്‍മ്മരം, കണ്ണെഴുതി പൊട്ടുംതൊട്ട്, പവിത്രം, ഒറ്റയാള്‍പ്പട്ടാളം....അങ്ങനെ എത്രയോ മനസില്‍ തങ്ങിനില്‍ക്കുന്ന സിനിമകളുണ്ട് രാജീവ്കുമാറിന്റേതായി. എന്നാല്‍, ഉള്ളടക്കവും ശില്‍പവും എന്ന ദ്വന്ദ്വത്തില്‍ ശില്‍പത്തിന് മുന്‍തൂക്കം നല്‍കുന്ന ചലച്ചിത്രകാരനാണോ രാജീവ്കുമാറെന്ന സന്ദേഹം തോന്നുന്നവിധമാണ് അദ്ദേഹത്തിന്റെ രചനകളില്‍ ഭൂരിപക്ഷവും. ഒരുപക്ഷേ ഒരു അനിയത്തിപ്രാവ് ആയി മാറേണ്ടിയിരുന്ന ക്ഷണക്കത്തിനും, ഒരു റാംജിറാവു ആയിത്തിരേണ്ട ഒറ്റയാള്‍പ്പട്ടാളത്തിനും, ഒരു യോദ്ധയുടെ വിജയമെങ്കിലും ആകേണ്ടിയിരുന്ന തച്ചോളി വര്‍ഗീസിനും ഒക്കെ പരാജയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ശില്‍പഘടനയിലോ നിര്‍വഹണത്തിലോ അല്ല, മറിച്ച് അതിന്റെ പ്രമേയതലത്തിലെ ചില ഊന്നലില്ലായ്മകളിലാണ്. കണ്ണെഴുതി പൊട്ടുംതൊട്ട്, ചാണക്യന്‍, പവിത്രം എന്നിവ വന്‍ വിജയമായതിനു കാരണവും പ്രമേയതലത്തിലെ പൂര്‍ണതകൊണ്ടാണ്.
രാജീവിന്റെ ഏറ്റവും പുതിയ രചനയായ അപ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് എന്ന സിനിമയുടെ മേന്മയും മികവും അതിന്റെ മാധ്യമപരമായ കൈയൊതുക്കമാണ്. ഒരു ലിഫ്റ്റിനെ കഥയുടെ കാലവുമായി ബന്ധിപ്പിച്ച് മുന്നോട്ടും പിന്നോട്ടും, അഥവാ മുകളിലേക്കും താഴേക്കും ആവശ്യാനുസരണം തള്ളിക്കൊണ്ടുപോയി രാജീവ് സൃഷ്ടിക്കുന്ന മാജിക് ക്രാഫ്റ്റില്‍ സംവിധായകനുള്ള വഴക്കത്തിന്റെ പ്രത്യക്ഷംതന്നെയാണ്. എന്നാല്‍ പ്രമേയതലത്തില്‍ രാജീവിന് പരിപൂര്‍ണമായ കൈയൊതുക്കം സാധ്യമായോ എന്നതില്‍ രണ്ടഭിപ്രായമുണ്ടാവും.
ഒന്നാമത്, ഒരു ഇടുങ്ങിയ സ്ഥലരാശിയില്‍ സമൂഹത്തിന്റെ പരിച്ഛേദമാകുന്ന കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയും അവരിലൂടെ സമകാലിക സാമൂഹികവ്യവസ്ഥിതിയുടെ ഇരുവശങ്ങളും അനാവരണം ചെയ്യുകയും വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്ന അനവധി സിനിമകളുണ്ടായിട്ടുണ്ട്. ഡോഗ് വില്ലെ മുതല്‍ മലയാളത്തില്‍ അടുത്തിടെ വലിയ നിരൂപകപ്രശംസ നേടിയെടുത്ത ഷട്ടര്‍ വരെ ഈ ജനുസില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. കഥാവസ്തുവില്‍ അതുകൊണ്ടുതന്നെ അതിവൈശിഷ്ട്യമാര്‍ന്ന നവീനത്വമൊന്നും അപ് ആന്‍ഡ് ഡൗണിന് അവകാശപ്പെടാനില്ല. എന്നാലതുകൊണ്ട് അപ് ആന്‍ഡ് ഡൗണ്‍ തീരേ മോശം ചിത്രമാകുന്നില്ല. സമൂഹത്തിന്റെ കപടസദാചാരത്തെയും കടുത്ത ജീവിതയാഥാര്‍ത്ഥ്യത്തെയുമെല്ലാം തുറന്നുകാട്ടുന്നതില്‍ ചിത്രം വിജയം തന്നെയാണ്. പക്ഷേ, നവതലമുറ സിനിമയുടെ ചമത്കാരവും ഛന്ദസും മനഃപൂര്‍വം ആവഹിക്കാനുള്ള വ്യഗ്രതകൊണ്ടോ എന്തോ, ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയെപ്പറ്റി കേട്ട ഒരു വിമര്‍ശനം ഈ സിനിമയ്ക്കും ബാധകമാകുന്നതുപോലെ. ട്രിവാന്‍ഡ്രം ലോഡ്ജില്‍ കണ്ട എല്ലാ പുരുഷന്മാരും ലൈംഗികരോഗികളാണോ എന്നു സംശയിക്കപ്പെടുന്നതുപോലെ, അപ് ആന്‍ഡ് ഡൗണിലെ എല്ലാ സ്ത്രീകളും പുരുഷന്മാരും ഒന്നൊഴിയാതെ അവിഹിതത്തിലേര്‍പ്പെടുന്നവരാണെന്ന പ്രതിഛായയാണുണ്ടാക്കുന്നത്. അസാമാന്യമായ മാനങ്ങളിലേക്കുയര്‍ത്താമായിരുന്ന കഥാവസ്തുവിനെ രണ്ടാം ഭാഗത്തിലും ക്‌ളൈമാക്‌സിലും സര്‍വസാധാരണത്തത്തോടടുത്തു നില്‍ക്കുന്ന ശരാശരി നിലവാരത്തില്‍ സങ്കല്‍പിച്ചു സമീപിച്ചതാണ് പ്രമേയതലത്തില്‍ സംഭവിച്ച പ്രധാനപിഴവ്.
ഛായാഗ്രഹണത്തിലും ചിത്രസന്നിവേശത്തിലും മറ്റും പുലര്‍ത്തിയ അസൂയാര്‍ഹമായ പക്വതയും കൈയടക്കവും പക്ഷേ, കഥാപാത്രങ്ങള്‍ക്കു പറ്റിയ നടീനടന്മാരെ നിര്‍ണയിക്കുന്നതില്‍ രാജീവ് കാത്തുസൂക്ഷിച്ചോ എന്നതിലും അഭിപ്രായഭിന്നതയുണ്ട്. ബൈജുവിനെപ്പോലൊരു നിത്യവില്ലനെത്തന്നെ മേയ്ക്കാടന്റെ കഥാപാത്രത്തിലേക്കു പ്രതിഷ്ഠിച്ചിടത്തു തുടങ്ങുന്നു പാളിച്ച. വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി മാത്രം എന്നല്ലാതെ ഗണേഷ്‌കുമാറിന്റെ മകനെ കാസ്റ്റു ചെയ്തതിന് യാതൊരു ന്യായീകരണവും കാണാനാവില്ല. തിരക്കഥാകൃത്തുകള്‍ക്കു ചെയ്യാവുന്നതിന്റെ പരമാവധി അവരും സംഭാഷണത്തില്‍, 'ഇടത്തില്‍ സാറിതാ ഇടയിലൂടെ പോവുന്നു' തുടങ്ങി വളരെ പതിഞ്ഞ തോതില്‍ അങ്ങു പറഞ്ഞുപോവുന്ന ലളിതവും ഗ്രാമ്യവുമായ സംഭാഷണങ്ങളിലൂടെ സംഭാഷണകൃത്തും നിര്‍വഹിച്ചിട്ടുണ്ടെങ്കിലും അതു ചിത്രത്തിന്റെ ടോട്ടാലിറ്റിയെ പിന്തുണയ്ക്കാത്തതിനു കാരണം മൂലകഥാവസ്തുവിലും കാസ്റ്റിംഗിലും വന്നുപിണഞ്ഞ ചില്ലറ പിഴവുകള്‍ കൊണ്ടാണ്. ചുരുങ്ങിയ സ്ഥലരാശിയില്‍ വന്നുപെട്ടുപോകാവുന്ന അതിനാടകീയത വേറെയും. എന്നിരുന്നാലും അപ് ആന്‍ഡ് ഡൗണ്‍ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ്. അതു മുന്നോട്ടുവയ്ക്കുന്ന സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ആരുടെയും നെറ്റി ചുളിക്കുന്നതും അവരെ ആത്മപരിശോധനയ്ക്കു വിധേയരാക്കുന്നതുമാണ്.
ചിത്രത്തിന്റെ റെഡ് കാര്‍പറ്റ് പ്രിവ്യൂവില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതനുസരിച്ചാണെങ്കില്‍, ഈ പ്രിവ്യൂവിനു ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നാണ് താന്‍ ചലച്ചിത്രഭാഷയറിയാവുന്ന ഒരാളെന്ന നിലയ്ക്ക് ഈ രംഗത്തു തന്നെ തുടരണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പണിക്കു പോകണോ എന്നു തീരുമാനിക്കേണ്ടത് എന്നാണ്. അത്തരത്തിലുള്ള ആശങ്കകളൊന്നും ഏതായാലും രാജീവിനെപ്പോലൊരു സംവിധായകന് ആവശ്യമില്ല.കാരണം ന്യൂ ജനറേഷന്റെ മാനസ്വഭാവങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ സ്വാംശീകരിച്ച, സ്വായത്തമാക്കി കാണിച്ചുതന്ന ചലച്ചിത്രകാരനാണ് അദ്ദേഹം. അദ്ദേഹത്തിന് സിനിമയുടെ ഭാഷ വെറുതെ വഴങ്ങുന്നതാണെന്നു പറഞ്ഞാല്‍ത്തീരില്ല, മറിച്ച് അദ്ദേഹം അതിലൊരു മാസ്റ്റര്‍ തന്നെയാണെന്നു തന്നെ പറയണം. ക്രാഫ്റ്റ് രാജീവിന്റെ കയ്യില്‍ സുഭദ്രം.പക്ഷേ രാജീവ് ശ്രദ്ധിക്കേണ്ടത് മൂല കഥാവസ്തുവിലാണ്. പ്രമേയത്തിലാണ്. കഥയെ കൂടി കൈക്കലാക്കിയാല്‍ രാജീവിനെ പിടിച്ചാല്‍ കിട്ടില്ല.