
ടോപ് ടെന്‍ ആദ്യമായി എയര്‍ ചെയ്ത രാത്രി ഇന്നും കൃത്യമായോര്‍മ്മയിലുണ്ട്. ആദ്യം മുതല്‍ക്കെ ഇത്തരമൊരു വാര്‍ത്ത സ്വീകരിക്കപ്പെടില്ല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഭൂരിപക്ഷശ്രമം. സി.ഇ.ഒ സുധാകര്‍ ജയറാമിനും ശ്യാംജിക്കുമൊഴികെ ബഹുഭൂരിപക്ഷത്തിനും ഞങ്ങളോട് പുച്ഛം. എന്തോ ചില വട്ടുകള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. പുത്തനച്ചിയെപ്പോലെ എന്നൊരു മനസ്ഥിതി. ടോപ് ടെന്‍ എയര്‍ ചെയ്യുന്ന ദിവസം ആറരമണി വാര്‍ത്തകഴിഞ്ഞ് എഡിറ്റോറിയല്‍ മീറ്റിംഗിനു ശേഷം ഭക്ഷണം പോലും കഴിക്കാതെ ടോപ് ടെന്നിന്റെ മുഴുവന്‍ സ്‌ക്രിപ്റ്റും ഇ എന്‍ പി.എസില്‍ അടിച്ചു കഴിഞ്ഞ് ഡിഫേഡ് റെക്കോര്‍ഡിങ്ങുകളും കഴിച്ച് ഡസ്‌ക്, പ്രമോ എ്ന്നിവയുടെ ഷൂട്ടും കഴിച്ച് ഞാന്‍ പി.ആറിനെ വിളിച്ചു. ഒന്നും പറയാതെ എന്റെ കാറിലിരുത്തി നേരെ പഴവങ്ങാടിയിലേക്ക്. 9 മണിയായിക്കാണണം. 11 തേങ്ങ വാങ്ങി ഗണപതിക്കടിച്ച ശേഷം സ്റ്റുഡിയോയിലേക്ക്. അപ്പോള്‍ കൃഷ്ണന്‍ ഫ്‌ളോറില്‍ കയറിക്കഴിഞ്ഞിരുന്നു. ഹെഡ്‌ലൈന്‍സിനായി മായച്ചേച്ചിയും (മായ ശ്രീകുമാര്‍) ശ്രീജിത്ത് പ്രൊഡ്യൂസറായിരുന്നെന്നാണോര്‍മ്മ. ആശ ഡസ്‌കിലോ ഗ്രാഫിക്‌സിലോ. അല്ലെങ്കില്‍ ടി.കെ. സന്തോഷ് ഡസ്‌കില്‍. അതോ പട്ടാമ്പിയോ? ഒരു വല്ലാത്ത ദിവസമായിരുന്നു അത്.
പിന്നീട് അമൃത ടിവിയുടെ പതാകവാഹക വാര്‍ത്താപരിപാടിയായി മാറി ടോപ് ടെന്‍ അറ്റ് ടെന്‍. എന്റെ അറിവില്‍, പല ഇന്ത്യന്‍ ദേശീയ ചാനലുകളുടെ വരെ കണ്ടന്റ് കണ്‍സള്‍ട്ടന്‍ുകളായ റെഡ് ബീ അടക്കമുള്ളവര്‍ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചൊരു വാര്‍ത്താവതരണം. പിന്നെ കാലക്രമേണ ടോപ് ടെന്നിന്റെ പ്രതാപത്തിന് വൃദ്ധിക്ഷയമുണ്ടായി. ഒന്നോ രണ്ടോ അവതാരകരില്‍ മാത്രമായി എക്‌സകഌസിവിറ്റി സൂക്ഷിച്ചിരുന്ന ടോപ് ടെന്‍ ആര്‍ക്കും അവതരിപ്പിക്കാമെന്നായി. ചടുലമായ ശൈലി മാറി. കമന്റുകള്‍ക്കു മൂര്‍ച്ച പോയി അവസാനം തീരെയില്ലാതായി. ഗ്രാഫിക്‌സിന്റെ തീമും തീം മ്യൂസിക്കും മാറി, ചുവപ്പ് മഞ്ഞയായി. അതിനും എത്രയോ മുമ്പേ ഞാന്‍ അമൃത ടിവി വിട്ടിരുന്നെങ്കിലും, ശ്യാമപ്രസാദിന്റെ ദീര്‍ഘവീക്ഷണത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാണ്ട് സമാനമായ നയന്‍ അറ്റ് നയന്‍ എന്ന ന്യൂസ് പ്രോപ്പര്‍ട്ടിയുമായി ഏതാനും മാസങ്ങള്‍ക്കു മുമ്പേ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പ്രേക്ഷകസമക്ഷം എത്തിയത്. അതിനു പ്രചോദനം ടോപ് ടെന്‍ അറ്റ് ടെന്‍ അല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിലാരെങ്കിലും പറയുമോ എന്നറിയില്ല. എന്നിട്ടും ടോപ് ടെന്‍ അറ്റ് ടെന്നിന് അമൃതയില്‍ തിരശ്ശില വീഴുകയാണ്. അതൊരു നീറ്റല്‍ തന്നെയാണെനിക്ക്, തൊഴില്‍പരമായും വ്യക്തിപരമായും.
വ്യക്തിപരമാവാന്‍ ഒരു കാരണം കൂടിയുണ്ട്. അച്ചടി മാധ്യമത്തില്‍ നിന്നു കടന്നു ചെന്ന സീനിയര്‍ ന്യൂസ് എഡിറ്ററെ സംശയത്തോടെ നോക്കി കണ്ടവരാണ് അമൃതയില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം പേരും. വാര്‍ത്താ വിഭാഗത്തില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും ഈ വരുത്തനെ അത്തരമൊരു മനോഭാവത്തോടെ തന്നെയാണ് നോക്കിക്കണ്ടത്. ഇന്റര്‍വ്യൂവില്‍പ്പോലും പത്രത്തില്‍ നിന്നു വന്ന എനിക്ക് ഏറ്റവും കുറച്ചു മാര്‍ക്കേ ഇട്ടിരുന്നുള്ളൂ എന്നു നീലന്‍ സാര്‍, സൗഹൃദം ഊട്ടിയുറപ്പിച്ച പില്‍ക്കാല രാവുകളിലൊന്നില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. അങ്ങനെയുള്ള നിലയ്ക്ക് പുതിയ മാധ്യമത്തിന്റെ സാധ്യതകളും വെല്ലുവിളികളും പഠിച്ചെടുത്തു വഴക്കുക ഒരാവേശമായിരുന്നു എനിക്ക്. ടോപ് ടെന്‍ അതു സ്ഥാപിച്ചെടുക്കാനുള്ള സുവര്‍ണാവസരവും. ഈശ്വരാധീനം കൊണ്ട് ടോപ് ടെന്‍ ഹിറ്റായി. അതേത്തുടര്‍ന്ന് അമൃതയിലെ ബുള്ളറ്റിനുകള്‍ക്കെല്ലാം ഇത്തരത്തില്‍ സവിശേഷസ്വഭാവവും സ്വത്വവും നല്‍കാന്‍ സുധാകറും ശ്യാംജിയും പിന്നീട് നീലന്‍ സാറും ചേര്‍ന്നു തീരുമാനിക്കുന്നു. അങ്ങനെ രാവിലെ ബുള്ളറ്റിന്‍് പച്ചയും മഞ്ഞയും കലര്‍ന്ന ഇന്റര്‍ ആക്ടീവ് ശൈലിയിലുള്ള ഇന്നു രാവിലെ ആയും (ഈ പേരും ശ്യാമപ്രസാദിന്റേതായിരുന്നു), ബ്രേക്കിംഗ് ന്യൂസിന്റെ ശൈലിയില്‍ നീലയും മഞ്ഞയും കളര്‍സ്‌കീമില്‍ വൈകിട്ടത്തെ ആറരമണിവാര്‍ത്ത ന്യൂസ്ട്രാക്കായും, പാതിരാ വാര്‍ത്ത അമൃതന്യൂസ് മിഡില്‍ ഈസ്റ്റായുമെല്ലാം പുനരവതരിക്കാന്‍ പ്രേരണയായത് ടോപ് ടെന്‍ തന്നെയാണ്. അതൊക്കെയും പക്ഷേ ടോപ് ടെന്നിനെ അപേക്ഷിച്ച് എത്രയോ അയാസരഹിതമായിരുന്നെന്നും ഓര്‍ക്കുന്നു.
ആ വാര്‍ത്താഘടനയാണ് ഇല്ലാതാവുന്നത്. എന്തിന് യൂ ട്യൂബില്‍ പോലും ടോപ് ടെന്നിന്റെ ആദിരൂപം ലഭ്യമല്ല. (എന്റെ കൈവശമിരുന്ന സിഡികള്‍ നോക്കിയപ്പോഴല്ലേ ദുരന്തം, റെക്കോര്‍ഡ് ചെയ്തു എന്നു കരുതി സൂക്ഷിച്ചിരുന്നതിലൊന്നും യാതൊന്നുമില്ല!)
എനിക്കറിയാം, കൃഷ്ണയ്ക്കും പീയാറിനും ശ്രീജിത്തിനും ഈ വാര്‍ത്ത എന്നെപ്പോലെ വേദനാജനകമായിരിക്കും, തീര്‍ച്ച.