Showing posts with label thottappan. Show all posts
Showing posts with label thottappan. Show all posts

Wednesday, June 05, 2019

സാറയുടെ തൊട്ടപ്പന്‍

ചില സിനിമകള്‍ കാണുമ്പോഴും ചില രചനകള്‍ വായിക്കുമ്പോഴും ചില മുന്‍ ക്‌ളാസിക്കുകളുടെ നൊസ്റ്റാള്‍ജിക്ക് ഓര്‍മ്മകള്‍ തികട്ടിവരുന്നത് പുതുരചനയുടെ രചനാഗുണത്തിന്റെ ദൃഷ്ടാന്തമാണ്. ഷാനവാസ് എം ബാവക്കുട്ടിയുടെ തൊട്ടപ്പന്‍ കണ്ടപ്പോള്‍ വ്യക്തിപരമായി എനിക്ക് എന്തുകൊണ്ടോ പത്മരാജന്‍ൃ-ഐ.വി.ശശിമാരുടെ ഇതാ ഇവിടെ വരെയുടെ ഓര്‍മ്മകളുണര്‍ന്നു. ശ്രീനിവാസന്‍-കമല്‍ ടീമിന്റെ ചമ്പക്കുളം തച്ചനെയും ടി.കെ.രാജീവ്കുമാറിന്റെ കണ്ണെഴുതി പൊട്ടും തൊട്ടിനെയും (ഇതാ ഇവിടെവരെയുടെ ഫീമെയില്‍ വേര്‍ഷനാണല്ലോ അത്) കെ.ജി.ജോര്‍ജ്ജിന്റെ കോലങ്ങളെയും ഓര്‍മപ്പെടുത്തി. ഇവിടെ ഒരു കാര്യം ആശങ്കയ്ക്കു വകയില്ലാതെ വ്യക്തമാക്കിക്കൊള്ളട്ടെ. ഇപ്പറഞ്ഞ സിനിമകളുടെയൊന്നും അനുകരണമല്ല തൊട്ടപ്പന്‍. പ്രമേയപരമായും ആവിഷ്‌കാരപരമായും അതു മൗലികവും സ്വതന്ത്രവുമായൊരു നല്ല രചന തന്നെയാണ്. സമകാലികമലയാള സിനിമയുടെ ഹൈപ്പര്‍ റിയലിസ്റ്റ് സമീപനത്തോടൊട്ടി നില്‍ക്കുന്ന ദൃശ്യസമീപനം. നാട്ടിമ്പുറത്തിന്റെയും സാധാരണക്കാരുടെയും ജീവിതത്തില്‍ നിന്നു ചീന്തിയെടുത്തത് എന്നു തോന്നിപ്പിക്കുന്ന തരം ആഖ്യാനം. ഫ്രാന്‍സിസ് നൊറോണയുടെ മൂലകഥ ആത്മാവായി നിലനില്‍ക്കുന്നുവെന്നേയുള്ളൂ.
എന്നാലും ചില ലാറ്റിനമേരിക്കന്‍/ഇറാന്‍ ചിത്രങ്ങളിലേതുപോലെ പ്രകൃതി ഒരു കഥാപാത്രമായിത്തന്നെ സജീവ സാന്നിദ്ധ്യമാകുന്നതുകൊണ്ടോ, അതിലെ ജീവിതചിത്രീകരണത്തിലെ പല അംശങ്ങളിലും പത്മരാജ-ഐ.വി.ശശി-ഭരത പ്രഭൃതികളുടേതിനു സമാനമായ ദൃശ്യപരിചരണം കണ്ടെത്താനായതുകൊണ്ടോ ആകണം തൊട്ടപ്പന്‍ ഇങ്ങനെ ചില നൊസ്റ്റാള്‍ജിയ മനസിലുന്നയിച്ചത്. ലൊക്കേഷന്‍ തെരഞ്ഞെടുപ്പു മുതല്‍ അതിനെ ഫലപ്രദമായി അതിലേറെ അര്‍ത്ഥപൂര്‍ണമായി സിനിമയിലുപയോഗിക്കുന്നതില്‍ വരെ സംവിധായകന്‍ മാത്രമല്ല ഛായാഗ്രാഹകന്‍ സുരേഷ് രാജനും അസാമാന്യമായി വിജയിച്ചിരിക്കുന്നു. ഛായാഗ്രഹണത്തില്‍ അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച വര്‍ക്കാണ് തൊട്ടപ്പനിലേത്. അതുപോലെ ശ്രദ്ധിക്കപ്പെട്ടു ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതവും.
രണ്ടാം പകുതിയിലെ അനാവശ്യ ഉപാഖ്യാനങ്ങളെ തുടര്‍ന്നുണ്ടായ ചെറിയ ലാഗിങ് മാറ്റിനിര്‍ത്തിയാല്‍ മൊത്തത്തില്‍ ചിത്രം അടുത്ത കാലത്തുവന്ന മികച്ച മലയാള സിനിമകളില്‍ ഒന്നുതന്നെയാണെന്നതില്‍ തര്‍ക്കമില്ല. പ്രമേയത്തിന്റെ ഏകാഗ്രതയ്ക്കു ഭംഗം വരുത്തിയ ഈ വച്ചുകെട്ടുകള്‍ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ തൊട്ടപ്പന്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായേനെ. എന്നാല്‍ ഈ സിനിമയുടെ കണ്ടെത്തല്‍ എന്നു പറയാവുന്നത്  സാറയായി അഭിനയിച്ച പ്രിയംവദയാണ്. സാറയെ പാറ പോലുറച്ച ചങ്കുള്ളവളാക്കുന്നതില്‍ പ്രിയംവദയുടെ പങ്ക് നിസ്തുലമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ നേരത്തേതന്നെ പലവട്ടം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള വിനായകന്റെ പ്രകടനത്തെപ്പറ്റി അതുകൊണ്ടുതന്നെ മനസിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ, പ്രിയംവദയെപ്പോലൊരാളുടെ പ്രകടനത്തിന്റെ പേരിലായിരിക്കും തൊട്ടപ്പന്‍ സാധാരണ പ്രേക്ഷകന്റെ ഹൃദയത്തില്‍ ബാക്കിയാവുക. പിന്നെ, തൊട്ടപ്പന്‍ ഞെട്ടിപ്പിച്ചത് പ്രിയപ്പെട്ട രഘുനാഥ് പലേരിയുടെ നടനചാരുതയിലൂടെയാണ്. നാളിതുവരെ അക്ഷരങ്ങളായും സാക്ഷാത്കാരകനായുമെല്ലാം ക്യാമറയ്ക്കു പിന്നില്‍ മാത്രം നിന്നിരുന്ന രഘുനാഥ് പലേരിയെപ്പോലെ ഒരാളില്‍ ഇങ്ങനെയൊരു നടന്‍ ഉറങ്ങിക്കിടപ്പുണ്ടെന്നു കണ്ടെത്തിയതിനു മാത്രം ഷാനവാസ് ബാവക്കുട്ടിക്ക് ഒരുമ്മ അത്യാവശ്യമാണ്. അന്ധനായ മുസ്‌ളിം കടക്കാരന്റെ വേഷത്തില്‍ രഘുനാഥ് തിളങ്ങുകയായിരുന്നില്ല, ജീവിക്കുക തന്നെയായിരു്ന്നു.
കുട്ടിമാമ്മ പോലുള്ള സിനിമകളെടുക്കാന്‍ ഇന്നും ഉളുപ്പില്ലാത്ത സിനിമാക്കാര്‍ തൊട്ടപ്പന്‍ പോലുളള സിനിമകളെ ഒന്നുകൂടി ശ്രദ്ധയോടെയും ശുഷ്‌കാന്തിയോടെയും കണ്ടു പഠിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കുകയല്ലാതെ എന്തു ചെയ്യും?