Showing posts with label sarabeshwara temple kumbhakonam. Show all posts
Showing posts with label sarabeshwara temple kumbhakonam. Show all posts

Monday, May 30, 2016

ദ്രാവിഡപ്പുകഴില്‍ ശരബേശ്വരസന്നിധി

രൗദ്രതീവ്രതയുടെ ആകാരമായി കണക്കാക്കുന്ന നരസിംഹത്തെ മെരുക്കിയ, നരസിംഹം ആരാധിക്കുന്ന വിചിത്ര മൂര്‍ത്തിയാണ് വ്യാളിയുടെ മുഖവും സിംഹത്തിന്റെ കഴുത്തും മനുഷ്യന്റെ ഉടലും വിവിധ മൃഗങ്ങളുടെ കാലും വാലുമെല്ലാമുള്ള ശരബേശ്വരന്‍. മഹാരുദ്രനായ പരമേശ്വരന്റെ ഈ അവതാരം പ്രതിഷ്ഠയായുള്ള കുംഭകോണത്തെ വിഖ്യാത ക്ഷേത്രത്തിലേക്ക് ഒരു യാത്ര
.

അവതാരമൂര്‍ത്തികളില്‍ രൗദ്രതകൊണ്ട് ഉയരങ്ങളില്‍ നില്‍കുന്നതാണ് നരസിംഹം. ദശാവതാരങ്ങളില്‍ ഏറ്റവും ശക്തന്‍. സിംഹത്തിന്റെ ശിരസും മനുഷ്യന്റെ ഉടലുമായി, ഹിരണകശ്യപുവിന്റെ അഹങ്കാരം ശമിപ്പിച്ച് തൂണില്‍ നിന്നു പിളര്‍ന്നുവന്ന ജന്മം!. പ്രഹ്‌ളാദഭക്തിയില്‍ സംപ്രീതനായി വിഷ്ണുവിന്റെ ഉടലാകാരം. രാത്രിയും പകലുമല്ലാത്തപ്പോള്‍, ഉള്ളിലും പുറത്തുമല്ലാത്തിടത്തുവച്ച് മനുഷ്യനും മൃഗവുമല്ലാത്തൊരാളില്‍ നിന്നു മാത്രം മരണം എന്ന വരസിദ്ധികൊണ്ട് കണ്ണുമഞ്ഞളിച്ച ഹിരണ്യകശ്യപുവിനെ നിഗ്രഹിക്കാന്‍ സത്യയുഗത്തില്‍ ഉടലെടുത്ത വിഷ്ണുവിന്റെ നരസിംഹാവതാരത്തിന്റെ അവസാനമെങ്ങനെയായിരുന്നു?
ഭാഗവതത്തിലെ ദശാവതാരത്തില്‍ ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, പരശുരാമന്‍ തുടങ്ങി പല അവതാരങ്ങളുടെയും അന്ത്യം നമുക്കറിയാം. അവയെല്ലാം പുരാണങ്ങളില്‍ തന്നെ വ്യക്തമാണ്. എന്നാല്‍, ആരാലും നിഗ്രഹിക്കാനാവാത്തത്ര ശൂരനും രൗദ്രനുമായ, ശക്തിയുടെ പര്യായമായ നരസിംഹത്തിന് അവതാരപൂര്‍ത്തിക്കുശേഷം എന്തുസംഭവിച്ചുവെന്ന് പ്രചുരപ്രചാരം നേടിയ കഥകളിലും പുരാവൃത്തങ്ങളിലുമൊന്നും സാധാരണയായി പ്രതിപാദിച്ചിട്ടില്ല.

അവതാരശേഷം
വരസിദ്ധിക്കുശേഷം അഹങ്കാരം മൂത്ത് ത്രിലോകങ്ങളിലും ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ച് എല്ലാ യജ്ഞങ്ങളും പൂജകളും തനിക്കുവേണ്ടിയാവണമെന്നു നിഷ്‌കര്‍ഷിച്ച ഹിരണ്യകശ്യപുവിന് തോല്‍വി സമ്മതിക്കേണ്ടിവന്നത് തന്റെ തന്നെ രക്തത്തില്‍ പിറന്ന പരമസാത്വികനും കറകളഞ്ഞ വിഷ്ണുഭക്തനുമായ പ്രഹ്‌ളാദനോടുമാത്രമാണ്. ''ഹിരണ്യകശ്യപുവേ നമ:''എന്നു ചൊല്ലാന്‍ നിര്‍ബന്ധിച്ചിട്ടും ദേഹോപദ്രവമേല്‍പിച്ചിട്ടും കൊട്ടാരത്തില്‍ പിടിച്ചുകെട്ടിയിട്ടിട്ടും ''ഓം നമോ നാരായണായ'' മാത്രം ജപിക്കാന്‍ തയാറായ പ്രഹ്‌ളാദനോട് ''കഴുത്തിനു മുകളില്‍ തലവേണമെങ്കില്‍ നിന്റെ ഭഗവാനോടു വന്നു രക്ഷിക്കാന്‍ പറ.''എന്നാണ് ഹിരണ്യന്‍ ആക്രോശിച്ചത്. ''എവിടെ നിന്റെ ഭഗവാന്‍?'' എന്നു ചോദിച്ച് ഭഗവദ് നിന്ദ നടത്തുന്ന ഹിരണ്യനോട് ഈശ്വരന്‍ തൂണിലും തുരുമ്പിലും വരെയുണ്ടെന്നാണ് പ്രഹ്‌ളാദന്‍ മറുപടി പറയുന്നത്. എന്നാല്‍ കാണട്ടെ നിന്റെ ഈശ്വരനെ എന്നട്ടഹസിച്ചുകൊണ്ട് കൊട്ടാരത്തിന്റെ തൂണുകളിലൊന്ന് ഗദ കൊണ്ടു തകര്‍ക്കുന്ന ഹിരണ്യനുമുന്നിലേക്ക് ആ തൂണില്‍ നിന്നു പ്രത്യക്ഷനാവുകയാണ് നരസിംഹം. സൂര്യാസ്തമയസമയമായിരുന്നു അത്. ഹിരണ്യനെയും ഏന്തിക്കൊണ്ട് കൊട്ടാരത്തിന്റെ കട്ടിളപ്പടിയില്‍ ചെന്നിരുന്നാണ് നരസിംഹം അദ്ദേഹത്തെ വധിക്കുന്നത്. വയര്‍ കീറി കുടല്‍മാല പുറത്തെടുത്ത് ചുടുനിണം കുടിച്ചാണ് അവതാരമൂര്‍ത്തി തന്റെ രോഷം തീര്‍ക്കുന്നത്.
എന്നാല്‍, അഹംഭാവത്തിന്റെ വിഷം തീണ്ടിയ ആ രക്തം പാനം ചെയ്യുകവഴി അവതാരമൂര്‍ത്തിക്കു പോലും മനഃസാന്നിദ്ധ്യം തെറ്റിയെന്നാണ് കഥ. അത്രയേറെ പങ്കിലമായിരുന്ന ഹിരണ്യ രക്തം കുടിച്ച നരസിംഹം, അതുവഴിയുണ്ടായ കടുത്ത രോഷവും വിദ്വേഷവും നിയന്ത്രിക്കാനാവാതെ ലോകത്തെത്തന്നെ നശിപ്പിക്കുമെന്ന ഘട്ടം വന്നു. ശിവതാണ്ഡവത്തേക്കാള്‍ രൗദ്രമായിരുന്നു വിഷ്ണുമൂര്‍ത്തിയുടെ രോഷം. ത്രിമൂര്‍ത്തികളില്‍ സ്ഥിതികാരകനായ വിഷ്ണുവിന്റെ, ആര്‍ക്കും നിയന്ത്രിക്കാനാവാത്ത ഈ സംഹാരഭാവത്തില്‍ സംഭീതരായ ഋഷീശ്വരന്മാരും ദേവകളും രക്ഷതേടി കൈലാസാധിപതിയായ, സംഹാരകാരകനായ സാക്ഷാല്‍ മഹേശ്വരന്റെ സമക്ഷമെത്തി.
സ്ഥിതിഗതികള്‍ വിലയിരുത്തിയ പരമശിവന് സംഗതി കുഴപ്പമാണെന്നു പെട്ടെന്നു തന്നെ മനസിലായി. അദ്ദേഹം, നരസിംഹ സംഹാരത്തിനായി ശരബേശ്വര രൂപം ധരിച്ചു. മൃഗവും പറവയും മനുഷ്യനുമെല്ലാം ചേര്‍ന്നൊരു വിചിത്ര രൂപമായിരുന്നു അത്. മഹേശ്വരന്റെ ഈ വിചിത്രാവതാരത്തെ കണ്ട നരസിംഹം ഭയന്നോടി. പിന്തുടര്‍ന്ന ശരബേശ്വരന്‍ ഒരു ഘട്ടത്തില്‍ നരസിംഹത്തെ സ്പര്‍ശിച്ചതും, അദ്ദേഹത്തിന്റെ കോപതാപങ്ങള്‍ തല്‍ക്ഷണം അലിഞ്ഞില്ലാതായെന്നും നരസിംഹം ശാന്തനായെന്നും അവതാരപൂര്‍ണതയില്‍ സ്വയം മരണംവരിച്ചെന്നുമാണ് പുരാവൃത്തം. ആകാശത്തുവച്ചു നടന്ന ആ സ്പര്‍ശനത്താല്‍, നരസിംഹശരീരത്തിലെ അശുദ്ധരക്തം, ശരബേശ്വരന്റെ നഖമാണ്ട മുറിവുകളില്‍ക്കൂടി അന്തരീക്ഷത്തില്‍ ബാഷ്പമായിത്തീര്‍ന്നത്രേ.
ലോകം കണ്ട ഏറ്റവും വലിയ നിഗ്രഹശക്തിയെ ശാന്തനാക്കിയ ശരബേശ്വരന്റെ പ്രതിഷ്ഠ കൊണ്ട് സവിശേഷപ്രാധാന്യം നേടിയൊരു പുണ്യക്ഷേത്രമുണ്ട് ദക്ഷിണേന്ത്യയില്‍. ക്ഷേത്രങ്ങളുടെ നഗരം എന്ന ഖ്യാതി നേടിയ, ദ്രാവിഡപ്പെരുമയ്ക്കു കേള്‍വികേട്ട തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ഈ ക്ഷേത്രം. കുംഭകോണം മൈലാടുതുറൈ പാതയില്‍ എട്ടുകിലോമീറ്റര്‍ ദൂരത്ത് തിരുഭുവനം (ത്രിഭുവനം) എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീ കമ്പഹരേശ്വരര്‍ ക്ഷേത്രമാണിത്.

പ്രതിഷ്ഠ
വ്യാളിയുടെ മുഖം, സിംഹത്തിന്റെ കഴുത്തും മനുഷ്യന്റെ ഉടലും നാലു കൈകളും ഗരുഡന്റെ ചിറകുകള്‍, ചുരുട്ടിയ വാല്‍, ആടിന്റെയും മാടിന്റെയുമടക്കം എട്ടു കാലുകള്‍ നീണ്ട നാക്കും തേറ്റകളും കൈകളില്‍ പാമ്പും തീയുമെല്ലാമായി ഉഗ്രരൂപിയാണ് ശരബേശ്വരപ്രതിഷ്ഠ. മുന്‍കാലുകള്‍ക്കു കീഴില്‍ കോപത്തീയൊഴിയുന്ന സാക്ഷാല്‍ നരസിംഹവും. ഛിദ്രശക്തികളില്‍ നിന്നുള്ള മോചനത്തിന്, ഏതുവിധത്തിലുമുള്ള ഇരുണ്ട ശക്തികളില്‍ നിന്നുള്ള ഭീഷണിക്ക് എല്ലാം ആശ്രയമായാണ്, മോക്ഷകാരകനായിട്ടാണ് ലോകമെങ്ങോളവുമുള്ള ഭക്തര്‍ അഥര്‍വവേദിയായ ശരബേശ്വരനെ കണക്കാക്കുന്നത്. ഒരു പക്ഷേ, ഈശ്വരന്മാരുടെ ഈശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ സര്‍വേശ്വരന്‍ എന്ന വാക്കായിരിക്കാം കൊടുംതമിഴില്‍ ശരബേശ്വരന്‍ എന്നു വിവക്ഷിക്കപ്പെടുന്നത്.
ശരബേശ്വരന്റെ പ്രതിഷ്ഠയാണ് സവിശേഷമെങ്കിലും അടിസ്ഥാനപരമായി ഇതൊരു ശിവക്ഷേത്രമാണ്, ചിദംബരമടക്കമുള്ള ലിംഗക്ഷേത്രങ്ങളിലെന്നപോലെ. നമ്മുടെ കൊട്ടാരക്കര ക്ഷേത്രത്തിലും മുഖ്യപ്രതിഷ്ഠ ശിവലിംഗമാണെങ്കിലും ഗണപതിക്കാണല്ലോ പ്രശസ്തി.ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ കമ്പഹരേശ്വരനായ ശിവനാണ്. സ്വയംഭൂലിംഗമാണിവിടുത്തേത്. താണ്ഡവദേവനായ ശിവനാണ് കമ്പനങ്ങളുടെയും അധിപന്‍. പ്രപഞ്ചത്തിലെ എല്ലാവിധ കമ്പനങ്ങളിലും നിന്നു സംരക്ഷിച്ച് ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നവന്‍. ആ അര്‍ത്ഥത്തിലാണ് മഹേശ്വരനെ ഇവിടെ കമ്പഹരേശ്വരന്‍ ( പ്രകമ്പനങ്ങളെ ഹരിക്കാന്‍ ശേഷിയുള്ളവന്‍) ആയി ആരാധിച്ചുപോരുന്നത്. ലോകസംഹാരത്തിനുവരെ വഴിവച്ചേക്കുമായിരുന്ന നരസിംഹത്തിന്റെ കമ്പനങ്ങളെപ്പോലും സ്പര്‍ശനം കൊണ്ടു ഹരിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ക്കൂടി ശിവന്‍ ഇവിടെ ആരാധിക്കപ്പെടുന്നു.
തഞ്ചാവൂര്‍ വാണിരുന്ന വരഗുണപാണ്ഡ്യനുമായി ബന്ധപ്പെട്ടും ഒരു ഐതീഹ്യം നിലവിലുണ്ട്. ശത്രുക്കള്‍ക്കെതിരേ പടയോട്ടം നയിക്കുന്നതിനിടെ കുതിരപ്പുറത്ത് നിലംതൊടാതെ പായുകയായിരുന്നു രാജാവ്. ഇതിനിടെ അപ്രതീക്ഷിതമായി കുറുക്കെ ചാടിയ ബ്രാഹ്മണനെക്കണ്ട് അദ്ദേഹം കുതിരയുടെ വേഗം കുറച്ചു. എന്നിട്ടും കുതിരക്കുളമ്പില്‍പ്പെട്ട് ബ്രാഹ്മണന്‍ കൊല്ലപ്പെട്ടു. ബ്രാഹ്മണന്റെ ആത്മാവ് ബ്രഹ്മഹത്യാദോഷമായി രാജാവിനോടൊപ്പം കൂടി. ഏറെ അലച്ചിലുകള്‍ക്കൊടുവില്‍ ദോഷപരിഹാരത്തിനായി തിരുവിടൈമരുതൂറിലെത്തിച്ചേര്‍ന്ന പാണ്ഡ്യന്‍ ശിവനെ അഹോരം പ്രാര്‍ത്ഥിക്കുകയും തല്‍ഫലമായി രാജാവിനെ വിട്ടുമാറിയ ആത്മാവ് അവിടത്തെ പടിഞ്ഞാറേ നടയില്‍ നില്‍പ്പുപിടിക്കുകയും ചെയ്തു. തിരുപ്പുവനം ലക്ഷ്യമാക്കി മുന്നേറിയ പാണ്ഡ്യരാജാവിനെ പക്ഷേ അപ്പോഴും ബ്രാഹ്മണ ഭയം തീര്‍ത്തും വിട്ടുമാറിയില്ല.അദ്ദേഹം കിലുകിലേ വിറച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ കമ്പഹരേശ്വരനാണ് അദ്ദേഹത്തിന്റെ കമ്പനം-വിറ-മാറ്റിക്കൊടുത്തത്രേ!തമിഴില്‍ നടുക്കം തീര്‍ത്ത നായകനാണ് ഇവിടുത്തെ ശിവന്‍. എന്നാലും ഉത്സവ മൂര്‍ത്തി, ഉത്സവത്തിന് പുറത്തെഴുന്നള്ളത്തിനുപയോഗിക്കുന്നത് ശരബേശ്വരന്റെ വെങ്കലരൂപം തന്നെയാണെന്നതും സവിശേഷതയാണ്.
പാര്‍വതിയുടെ, ശക്തിയുടെ ധര്‍മസംവര്‍ധിനി രൂപത്തിലുള്ള പ്രതിഷ്ഠ യും ഗണപതിയുടെ പ്രതിഷ്ഠയും ദ്രാവിഡപ്പെരുമയില്‍ നിര്‍ണായകസ്ഥാനമുള്ള ശ്രീമുരുകനും വീരഭദ്രനും നന്ദിയുമടക്കമുള്ള ഭൂതഗണങ്ങളുടെ ഉപപ്രതിഷ്ഠകളുമാണ് ഇവിടെയുള്ളത്.ശിവന്റെ ഏഴടിയോളമുള്ള താണ്ഡവരൂപത്തിലുള്ള മറ്റൊരു പ്രതിഷ്ഠയും ഇവിടെയുണ്ട്. പ്രദക്ഷിണവഴിയില്‍ ഭിക്ഷാടനദേവന്‍, ലിംഗോദ്ഭവന്‍, ദക്ഷിണാമൂര്‍ത്തി, ബ്രഹ്മാവ്, ശ്രീദുര്‍ഗ എന്നവിരുടെ പ്രതിഷ്ഠകളുമുണ്ട്. ദ്രാവിഡക്ഷേത്രങ്ങളിലെ പതിവനുസരിച്ച് പൗരപ്രമുഖരായ നായ്ക്കന്മാരുടെ വിഗ്രഹങ്ങളും കാണാം.
ശ്രീകോവിലിലെ ശില്‍പവേലകളില്‍ ശ്രീദേവി ഭൂദേവിമാരുടെ കരിങ്കല്‍ ശില്‍പങ്ങളുമുണ്ട്.അതുകൊണ്ടുതന്നെ ശിവപ്രതിഷ്ഠകൂടിയാകുന്നതോടെ ത്രിഭുവനവും തൊഴുത പുണ്യമാണേ്രത ഇവിടം ദര്‍ശിക്കുന്നവര്‍ക്ക് ലഭ്യമാവുക.

വാസ്തുവിശേഷമീ ചരിത്രഭൂമിക
തഞ്ചാവൂരിലെയും കുംഭകോണത്തെ യും മറ്റും ക്ഷേത്രങ്ങളുടെ പ്രധാന വാസ്തുവിശേഷം അവയുടെ ഗോപുരങ്ങളാണ്. നിരവധി ചുറ്റമ്പലങ്ങളിലായി നാലുദിക്കുകളിലേക്കും തുറക്കുന്ന ഗോപുരങ്ങള്‍ കൊണ്ടു സമ്പന്നമാണ് ശ്രീരംഗമടക്കമുള്ള മഹാക്ഷേത്രങ്ങളില്‍ പലതും. ഈ മാതൃകയില്‍ത്തന്നെയാണ് ശ്രീ കമ്പഹരേശ്വരക്ഷേത്രനിര്‍മിതിയും. 160 അടി ഉയരമുണ്ട് ഇവിടത്തെ പ്രധാന ഗോപൂരത്തിന്. പടിപടിയായി 11 നിലകളുള്ള ഗോപുരത്തിന് ശ്രീ പദ്മനാഭക്ഷേത്രത്തിന്റെയും മധുരമീനാക്ഷിക്ഷേത്രത്തിന്റെയുമെല്ലാം വാസ്തുശില്‍പഘടനകളോടുള്ള സാദൃശ്യം സ്വാഭാവികം മാത്രം. എന്നാല്‍ തമിഴ്‌നാടിന്റെ സവിശേഷതയനുസരിച്ച് ഗോപുരങ്ങളിലെ കല്‍ശില്‍പങ്ങള്‍ക്കെല്ലാം വിവിധ വര്‍ണങ്ങള്‍ ചാലിച്ചിട്ടുണ്ട്.
ദ്രാവിഡ പെരുമയനുസരിച്ച് വലിയ കരിങ്കല്‍ശിലകള്‍കൊണ്ടാണു ക്ഷേത്രം നിര്‍മിച്ചിട്ടുള്ളത്. പ്രധാനമായി രണ്ടു ഗോപുരങ്ങളും രണ്ടു പ്രകാരങ്ങളുമുണ്ട് ഈ ക്ഷേത്രത്തില്‍. പ്രദക്ഷിണവഴികള്‍ക്കാണ് പ്രകാരമെന്നു പറയുന്നത്. രണ്ടു ചുറ്റമ്പലങ്ങള്‍ എന്നു സാരം. ദക്ഷിണേന്ത്യന്‍ ക്ഷേത്രരൂപഘടനയില്‍ പ്രാധാന്യമുള്ള മറ്റൊരു വാസ്തുഘടകമാണ് മണ്ഡപം. ഗോപുരത്തിന്റെയും മണ്ഡപത്തിന്റെയും മറ്റും വലിപ്പവും മഹത്വവും വച്ചാണ് ദ്രാവിഡക്ഷേത്രങ്ങളുടെ പുകഴ് അളന്നിരുന്നത്. നാലു മണ്ഡപങ്ങളുണ്ടിവിടെ. ഒരു അര്‍ധ മണ്ഡപവും ഒട്ടേറെ ശിലാത്തൂണുകളാല്‍ മനോഹരമാക്കിയ മഹാമണ്ഡപവും സോമസ്‌കന്ദ മണ്ഡപവും മുഖമണ്ഡപവുമാണ് ക്ഷേത്രത്തിലുള്ളത്.
ചതുരവടിവിലാണ് ഗര്‍ഭഗൃഹം. അതിന്റെ നാലുചുവരുകളും, പുരാണങ്ങളില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി കൊത്തിയിട്ടുള്ള അപൂര്‍വ ശിലാശില്‍പങ്ങളാല്‍ അലംകൃതമാണ്. ആറ് തലങ്ങളുള്ള വിമാനം (താഴികക്കുടം) ഗര്‍ഭഗൃഹത്തിനു മകുടം ചാര്‍ത്തുന്നു.ഇതും ശില്‍പധാരാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. പതിവു ദ്രാവിഡശൈലിയില്‍ നിന്നു ഭിന്നമായി ഉയരം കൂടിയ വിമാനമാണ് ക്ഷേത്രത്തിലേത്. ചിദംബരത്തിനും ഗംഗൈക്കൊണ്ടചോളപുരത്തിനും സമാനമായി മുഖ്യഗോപുരത്തിലും മേലെ ഉയരത്തിലാണ് ഇവിടുത്തെയും വിമാനം.
നടക്കല്‍മണ്ഡപങ്ങളുടെയെല്ലാം കല്‍മച്ചുകളില്‍ തമിഴ്‌ശൈലിയില്‍ വര്‍ണങ്ങള്‍ വാരിവിതറി ചിത്രീകരണം നടത്തിയിരിക്കുന്നു. ദ്രാവിഡവാസ്തുവിന്റെ തനതുഗാംഭീര്യത്തിന് അല്‍പമെങ്കിലും കോട്ടംവരുത്തുന്നതാണ് ആധുനിക പെയിന്റുപയോഗിച്ചുള്ള ഈ ശരാശരി ചിത്രണങ്ങള്‍. ശിവകാശി കലണ്ടര്‍ ചിത്രണത്തിന്റെ ശൈലിയിലുള്ളതാണിവ.
ക്രിസ്താബ്ദം 1176നും 1216നുമിടയില്‍ കുലോത്തും ഗചോളന്‍ മൂന്നാമന്‍ മഹാരാജാവ് നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ക്ഷേത്രച്ചുവരുകളില്‍ നിന്നുള്ള ആലേഖനങ്ങള്‍ വ്യക്തമാക്കുന്നത്
വടക്ക് ഗംഗാതീരം വരെ ചോളന്മാര്‍ പടയോട്ടം നടത്തിയതിന്റെ ഓര്‍മയ്ക്കായിട്ടായിരുന്നു ക്ഷേത്രനിര്‍മിതി.പുരാതന ഗന്ഥ ലിപിയില്‍ ആലേഖനം ചെയ്തിട്ടുള്ള എഴുത്തുകളില്‍ പലതും പില്‍ക്കാല പടയോട്ടങ്ങളില്‍ നശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു ചോളന്റെ കാലത്താണ് നിര്‍മിതിയെന്നതില്‍ സംശയമുണ്ടെങ്കിലും ആര്യ ശ്രീ സോമനാഥനെക്കുറിച്ചുള്ള സൂചനയില്‍ നിന്നുമാണ് കുലോത്തുംഗ ചോളന്‍ മൂന്നാമന്റെ കാലത്തേക്ക് പുരാവസ്തുഗവേഷകര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ചോളസാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ പ്രജാപതിയായിരുന്നു അദ്ദേഹം.
പ്രാക്തന തമിഴ് ലിപികളില്‍ ജാതവര്‍മ്മന്‍ ത്രിഭുവനചക്രവര്‍ത്തി പരാക്രമ പാണ്ട്യദേവന്റെ കാലത്തെ ചില രേഖകളും പുറംചുവരില്‍ കൊത്തിവച്ചിട്ടുണ്ട്. പ്രധാനമായും ക്ഷേത്രസംരക്ഷണത്തിനായി ത്രിഭവുനവീരപുരത്തും കുളമംഗളനാട്ടിലുമുള്ള ഊരായ്മകളുമായുള്ള ധാരണാവ്യവസ്ഥകളാണിവ.
ശരബേശ്വരമൂര്‍ത്തിയുടെ മുഖം വ്യാളിയുടേതാണല്ലോ. വ്യാളിയെന്നത് ദക്ഷിണേന്ത്യന്‍ ദേവതാസ്വത്വമല്ല. അതു മംഗോളിയയില്‍ നിന്നും ചൈനീസ് ഭൂപ്രദേശങ്ങളില്‍ നിന്നും വന്നുപെട്ട സങ്കല്‍പമാണ്. വ്യാളിപ്രതിരൂപം നായ്ക്കന്മാരുടെ കാലത്താണ് തഞ്ചാവൂരിലും കുംഭകോണത്തുമെല്ലാം എത്തിച്ചേരുന്നത്. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തോടെയായിരുന്നു ഇത്. നായ്കന്മാരിലൂടെയാണ് വ്യാളിസങ്കല്‍പവും ദക്ഷിണദേശങ്ങളിലേക്കെത്തുന്നത്. പില്‍ക്കാലത്ത് ചോളശില്‍പകലയിലും ഇവയ്ക്ക് പ്രാധാന്യമുണ്ടാവുകയും അങ്ങനെ ദ്രാവിഡവാസ്തുകലയില്‍ അവിഭാജ്യസ്ഥാനം നേടുകയുമായിരുന്നു. ഇത്തരത്തില്‍ ചോളവാസ്തുപ്രകാരം നിര്‍മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും പുരാതനമായ വ്യാളീകല്‍പന ശ്രീ കമ്പഹരേശ്വരക്ഷേത്രത്തിലെ ശരബേശ്വരമൂര്‍ത്തിയുടേതാണെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുവുത്സവം
മാര്‍ച്ച്-ഏപ്രില്‍ മാസം ഞായര്‍ പക്കത്തില്‍ ആരംഭിക്കുന്ന 18 ദിവസത്തെ പൈങ്കുനി ബ്രഹ്‌മോത്സവമാണ് പ്രധാന ഉത്സവം. ഇതില്‍ രാത്രി മുഴുവന്‍ നീളുന്ന ഏകദിനാര്‍ച്ചനയാണ് ഏറെ സവിശേഷം. വെള്ളിപല്ലക്കില്‍ അന്നു ഭഗവാന്‍ ഊരുപ്രദക്ഷിണം ചെയ്യും.
വെള്ളി, ശനി, ഞായര്‍ ആഴ്ചകളും കറുത്ത/വെളുത്ത വാവിനുശേഷമുള്ള അഷ്ടമികളുമാണ് ശരബേശ്വരപ്രീതിക്കു വിശേഷപ്പെട്ടദിവസങ്ങള്‍. അന്നു ഭഗവാനു പ്രത്യേകംവഴിപാടുകളും പൂജകളും നടക്കും. ദിവസവും ശരബേശ്വരഹോമവും നടത്താറുണ്ട്. പ്രദോഷവും വാവുപൂജയും പ്രധാനമാണ്.
സ്‌കന്ദഷഷ്ടിയും പിള്ളയാര്‍ക്ക് സങ്കടഹര പൂജയും വിശേഷമാണ്. നവരാത്രിയും ഇവിടെ ആര്‍ഭാടപൂര്‍വം കൊണ്ടാടുന്നു.
കോടതിവ്യവഹാരങ്ങള്‍, ശത്രുദോഷം, വിഷംതീണ്ടല്‍, ഗ്രഹദോഷം എന്നിവതീര്‍ക്കാന്‍ ശരബേശ്വരനെ തേടി ഭക്തര്‍ എത്താറുണ്ട്. കിട്ടാക്കടം കിട്ടാന്‍ ഏറ്റവും നല്ലതാണ് ശരബേശ്വരപ്രീതിയെന്നാണ് വിശ്വാസം.
സ്ഥാനക്കയറ്റം കിട്ടാന്‍, ഉത്തമസന്താലബ്ധിക്ക്, ഋണബാധ്യതയില്‍ നിന്നു രക്ഷപ്പെടാന്‍, നാഡീരോഗനിവാരണത്തിന്...എല്ലാം ശരബേശ്വരസന്നിദ്ധിയിലെത്തി ദര്‍ശിച്ച് വഴിപാടുകഴിച്ചാല്‍ പരിഹാരമാകുമത്രേ. ഉത്തരേന്ത്യയില്‍നിന്നും വിദേശങ്ങളില്‍ നിന്നുംവരെ രോഗികളും മറ്റും ഈ ക്ഷേത്രത്തില്‍ രോഗമുക്തിക്കും മറ്റുമായി എത്തിച്ചേരാറുണ്ട്.
 തമിഴ്‌നാട്ടിലെ തനതു ക്ഷേത്രഭരണശൈലിയില്‍ പൗരോഹിത്യത്തിന്റെ ആധിപത്യമാണ് ഈ ക്ഷേത്രത്തിലും. ദക്ഷിണയ്ക്കായി ആരതിയുഴിഞ്ഞു വിഭൂതിതരാന്‍ തിക്കുകൂട്ടുന്ന പൂജാരിമാര്‍ മലയാളികളാണെന്നറിഞ്ഞാല്‍ ഇവിടങ്ങളില്‍ പതിവുള്ളതുപോലെ, ഊരും പേരുമൊക്കെ ചോദിച്ച് ഫോണ്‍നമ്പര്‍ അന്വേഷിച്ചെന്നിരിക്കും. മാസാമാസം പൂജചെയ്ത് പ്രസാദമയച്ചുതരാമെന്നൊക്കെയാവും വാഗ്ദാനം. കഴിയുന്നതും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള ഒരു അംഗീകൃത ഗൈഡുമായിമാത്രം കുംഭകോണത്തെ ക്ഷേത്രങ്ങളില്‍ പോകുന്നതാണ് അഭികാമ്യം. കാരണം, ഇവിടങ്ങളിലൊന്നും തമിഴിലല്ലാതെ ഒരു ഭാഷയിലും ഐതിന്ഥഹ്യമോ ചരിത്രമോ എഴുതിവച്ചിട്ടില്ല,ക്ഷേത്രങ്ങളില്‍ പലതും പുരാവസ്തുപ്രാധാന്യമുള്ളതാണെങ്കിലും.

കുംഭകോണ പെരുമ                                                   
തഞ്ചാവൂരിലെ ഒരു പുണ്യനഗരമാണ് കുംഭകോണം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി അഥവാ ത്രിച്ചി ആണ് കുംഭകോണത്തിന് ഏറ്റവുമടുത്തുള്ള വിമാനത്താവളം. ത്രിച്ചിയില്‍നിന്ന് 77 കിലോമീറ്റര്‍ അകലെയാണ് കുംഭകോണം. പോണ്ടിച്ചേരിയില്‍ നിന്ന് 108 കിലോമീറ്ററും. റയില്‍മാര്‍ഗത്തിലാണെങ്കില്‍ കുംഭകോണത്തുതന്നെ റയില്‍വേസ്‌റ്റേഷനുണ്ട്. ചെട്ടിനാടിന്റെ പ്രൗഢഗംഭീരമായൊരു പട്ടണമാണ് കുംഭകോണം.
സംഘകാലഘട്ടത്തോളം പഴക്കമുള്ള ചോള, പല്ലവ, പാണ്ഡ്യ, വിജയനഗര, മധുരനായ്കന്മാരുടെയും മറാത്ത്വാഡകളുടെയും സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കു സാക്ഷ്യം വഹിച്ച പുരാതന പട്ടണം. മധ്യകാലചോളന്മാരുടെ രാജ്യതലസ്ഥാനം. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ദക്ഷിണേന്ത്യയുടെ കേംബ്രിഡ്ജ് എന്നു പുകഴ്‌പെട്ട വിജ്ഞാനകേന്ദ്രം.
ബ്രഹ്മാവ് പണ്ട് വന്‍ പ്രളയത്തെ അതിജീവിക്കാന്‍ വേണ്ടി ഭൂലോകത്തെ സകല ജീവജാലങ്ങളുടെയും വിത്തുകള്‍ ഒരു വിശുദ്ധകുംഭത്തില്‍ ശേഖരിച്ചുവച്ചെന്നും പ്രളയത്തില്‍ അതൊഴുകി വന്നുറച്ച പുണ്യഭൂമി പിന്നീട് കുംഭം ഉറച്ച ഭൂമി എന്ന അര്‍ത്ഥത്തില്‍ കുംഭകോണം ആയി മാറിയെന്നുമാണ് ഐതിഹ്യം. 12 ശിവക്ഷേത്രങ്ങളുണ്ട് ഇവിടെ. അവയിലെല്ലാം ചേര്‍ന്ന് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള അഥവാ മഹാമഹം ഇവിടത്തെ വന്‍ ഉത്സവമാണ്.
റോഡുമാര്‍ഗേണ രണ്ടുമണിക്കൂര്‍ യാത്രവേണ്ടിവരും. അത്ര വീതിയില്ലാത്ത റോഡുകളാണ് കുംഭകോണത്തേക്കുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമെല്ലാം യഥേഷ്ടം ബസ് സര്‍വീസുകളുമുണ്ട്. ആഡംബര സ്‌ളീപ്പര്‍ ബസുകളും സാധാരണ ട്രാന്‍സ്‌പോര്‍ട്ട് ബസുകളുമുണ്ട്.
ഇഷ്ടം പോലെ ഇടത്തരം ഹോട്ടലുകളും തീര്‍ത്ഥാടകരെക്കാത്ത് കുംഭകോണത്തുണ്ട്. എന്നാല്‍ വാവുതോറും ഉത്സവങ്ങളുള്ളതിനാല്‍ മുന്‍കൂട്ടി ഉറപ്പിക്കാതെ ചെന്നാല്‍ ചിലപ്പോള്‍ മുറി കിട്ടാന്‍ ബുദ്ധിമുട്ടിയേക്കും. ഓണ്‍ലൈനില്‍ ബുക്കുചെയ്യാവുന്ന ഹോട്ടലുകളുമുണ്ട്. ഇടത്തരം ഭക്ഷണശാലകളും ധാരാളമുണ്ട്. വെള്ളി ആഭരണങ്ങള്‍ക്കു പുകഴ്‌പെറ്റ നഗരി കൂടിയാണ് കുംഭകോണം.