Showing posts with label paleri manikkam oru pathira kolapathakathinte katha review by a.chandrasekhar. Show all posts
Showing posts with label paleri manikkam oru pathira kolapathakathinte katha review by a.chandrasekhar. Show all posts

Monday, January 04, 2010

പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

രു നോവലിന്റെ/സാഹിത്യസൃഷ്ടിയുടെ അനുവര്‍ത്തനം ചലച്ചിത്രത്തിന് ബാധ്യതയായിത്തീരുക സ്വാഭാവികമാണ്. രചനയെ അപേക്ഷിച്ച്, അതിന്റെ ദൃശ്യാവിഷ്കാരം നന്നായില്ല എന്ന പഴികേള്‍ക്കേണ്ടി വന്നിട്ടുള്ളവരാണ് ഭൂരിപക്ഷം ചലച്ചിത്രകാരന്മാരും. അതിലെ ശരിതെറ്റുകളെന്തായാലും, സിനിമ നന്നായാല്‍,അതിനു കാരണഹേതുവായ രചനയുമായി മാറ്റുരയ്ക്കേണ്ട കാര്യമില്ല. മറിച്ച് സിനിമയെ സിനിമയുടേതായ മാനദണ്ഡങ്ങളിലൂടെ മാത്രമെ വിലയിരുത്തേണ്ടതും വ്യാഖ്യാനിക്കേണ്ടതുമുള്ളൂ. ബോധാബോധങ്ങള്‍ക്കിടയിലൂള്ള സ്വത്വാനേഷണമാകണം അത്. രഞ്ജിത്ത് എന്ന സംവിധായകനെ സംബന്ധിച്ച്, അദ്ദേഹം ദൃശ്യമാധ്യമത്തില്‍ പ്രായപൂര്‍ത്തി തെളിയിക്കുകയാണ് പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലൂടെ.
പാലേരി എന്ന മലബാര്‍ ഗ്രാമത്തിന്റെ അമ്പതുകളുടെ ഉത്തരാര്‍ധത്തിലുള്ള ജീവിതവും സാമൂഹിക ഘടനയും ആവിഷ്കരിച്ച ടി.പി.രാജീവന്റെ ഇതേ പേരിലുളള നോവലിന്റെ ചരിത്രപ്രസക്തി, സ്വതന്ത്രകേരളത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട സ്ത്രീപീഡനത്തിന്റെ, കൊലപാതകത്തിന്റെ കഥയാണത് എന്നുളളതാണ്. എന്നാല്‍, നോവലെന്ന സാഹിത്യരൂപത്തില്‍ രാജീവന്‍ പ്രകടിപ്പിച്ച മാധ്യമപരമായ കൈതൊതുക്കവും കൌതുകവും, ഒരു ഗ്രാമത്തിന്റെ ആത്മാവിനൊപ്പം പരമാത്മാവിനെയും ആവിഷ്കരിച്ചതിലൂടെയാണ് പ്രകടമായത്. ഗ്രാമത്തിന്റെ ബോധമായി പഴകായ പാര്‍ട്ടി പ്രവര്‍ത്തകന്‍ ബാര്‍ബര്‍ കുഞ്ഞിക്കണ്ണനെയും, അബോധമായി ഭ്രാന്തനെയും അവതരിപ്പിച്ചുകൊണ്ട് ഈ കൈയൊതുക്കം രഞ്ജിത്ത് തന്റെ ചലച്ചിത്രത്തിലേക്കും വിദഗ്ധമായി അനുവര്‍ത്തനം ചെയ്തിരിക്കുന്നു.
പാലേരിമാണിക്യം മലയാള സിനിമയില്‍, ഒന്നിലേറെ കാരണങ്ങള്‍കൊണ്ട് പരാമര്‍ശവും ശ്രദ്ധയും അര്‍ഹിക്കുന്നു. സിനിമയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരന്റെ കൃത്രിമത്വമില്ലാത്ത ആവിഷ്കാരമെന്ന നിലയിലാണ് ആദ്യം അത് അംഗീകാരം നേടുന്നത്. അരനൂറ്റാണ്ടു മുമ്പത്തെ കേരളത്തിന്റെ രാഷ്ട്രീയ വൈചിത്യ്രത്തെ സമകാലിക കേരള രാഷ്ട്രീയ കാലാവസ്ഥയുമായി കോര്‍ത്തിണങ്ങുന്നിടത്താണ് രഞ്ജിത്ത് മറ്റൊരു കയ്യടി അര്‍ഹിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടിയാണെങ്കില്‍ ആരുടെ പിന്തുണയും, എതളവുവരെയും കൈക്കൊള്ളാനുള്ള കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ ഉളുപ്പില്ലായ്മ പാലേരി മാണിക്യത്തില്‍ തുറന്നുകാട്ടുന്നതില്‍ നിന്ന് ഏറെ ഭിന്നമല്ല ഇന്നുമെന്നോര്‍ക്കുക. കഥാപാത്രങഅങള്‍ക്കാവശ്യമുളള മുഖങ്ങളെയും ശരീരങ്ങളെയും വഴക്കിയെടുക്കുന്നതില്‍ കാണിച്ച അസാമാന്യ ധൈര്യവും ധിഷണയുമാണ് ഇനിയൊന്ന്. മമ്മൂട്ടി എന്ന നടന്റെ, വിധേയന്‍ കഴിഞ്ഞാലുള്ള ഏറ്റവും വേറിട്ട, കാമ്പുളള കഥാപാത്രമാണ് പാലേരിയിലെ മുരിക്കംകൊമ്പത്ത് അഹ്മദ് ഹാജി. നാടകരംഗത്തുനിന്ന് രഞ്ജിത്ത് കണ്ടെത്തിയ മറ്റുമുഖങ്ങളും പുതുമുഖങ്ങളും ചേര്‍ന്ന് അമ്പതുകളിലെ കേരളത്തെ പുനരുല്‍പാദിപ്പിക്കുകയായിരുന്നു. കഥപറച്ചിലിന്റെ ആഖ്യാനസങ്കേതത്തില്‍ ആണ്‍ പെണ്ണിനോട്/ യുവസംഘത്തോട് കഥപറയുന്ന രീതിയിലുള്ള സംവിധായകന്റെ കൈയൊപ്പു പതിഞ്ഞ ആവര്‍ത്തനം, മറ്റെല്ലാ തലത്തിലും ഉയര്‍ന്നു നില്‍ക്കുന്ന ചിത്രത്തിന്റെ കേവല സ്ഖലിതമായിക്കണ്ടു പൊറുക്കാവുന്നതേയുളളൂ. മനോജ് പിള്ളയുടെ ഛായാഗ്രഹണവും, ശരത്-ബിജിപാല്‍ ദ്വയത്തിന്റെ സംഗീതവും കൂടി പരാമര്‍ശിക്കാതെ വയ്യ.
വാല്‍ക്കഷണം-കേരള ടാക്കീസ് പോലുള്ള സംരംഭങ്ങളാവില്ല രഞ്ജിത്തിനെ നാളെ മലയാള സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തുക. മറിച്ച് കൈയൊപ്പും പാലേരിമാണിക്യവും പോലുള്ള ജീവനുള്ള സിനിമകളിലൂടെയാവും അദ്ദേഹം അനശ്വരനാവുക.