Showing posts with label my name is khan movie review. Show all posts
Showing posts with label my name is khan movie review. Show all posts

Wednesday, February 24, 2010

ഖാന്‍ ഈസ് കിംഗ്

മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ കാഴ്ചാനുഭവം പങ്കിടവേ,എഴുത്തുകാരായ ചാരു നിവേദിതയും എന്‍.പി.ഹാഫിസ് മുഹമ്മദും കലാകൌമുദി വാരികയില്‍ ചിത്രത്തെക്കുറിച്ചു ചില മുന്‍കൂര്‍ ജാമ്യങ്ങളെടുത്തതുകണ്ടു. ചിത്രം അത്യസാധ്യമായ, അനിതരസാധാരണമായ ദൃശ്യാനുഭവവും വൈകാരികാനുഭവവുമാണെന്നു സമര്‍ഥിക്കുന്നതിനുമുമ്പേ, ഈ ചിത്രം ഒരുപക്ഷേ ലോകോത്തര നിലവാരത്തിലുള്ളതാവണമെന്നു നിര്‍ബന്ധമില്ല, ബോളിവുഡ്ഡിന്റെ തനതു ഫോര്‍മുലയില്‍ ഉള്‍പ്പെടുന്നതായിരിക്കാം, സമാന്തരധാരയില്‍പ്പെടുന്നതാവണമെന്നില്ല, എന്നെല്ലാമാണ് അവരുടെ ജാമ്യവ്യവസ്ഥ. എന്നിരുന്നാലും ചിത്രം അവാച്യമായ അനുഭവമായിത്തീരുന്നുവെന്നും കാരണസഹിതം ഇരുവരും വ്യക്തമാക്കുന്നു. അവരുടെ നിലപാടിനോട് അനുകൂലിച്ചുകൊണ്ടുതന്നെ പറയട്ടേ, അവരുടെ ഈ ജാമ്യവ്യവസ്ഥകള്‍ ശുദ്ധ അസംബന്ധമാണ്. അവരെ കണ്ണടച്ച് എതിര്‍ക്കുകയാണ് ഈയുള്ളവന്‍ എന്നു ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മുതിരും മുമ്പ് ഇനിയുള്ളതു കൂടി വായിക്കാന്‍ ക്ഷമകാട്ടുക.

അതായത്, അവരുടെ ഈ ജാമ്യവ്യവസ്ഥകളൊന്നും തന്നെ ആവശ്യമില്ലാത്തത്ര നിലവാരമുള്ള, ഉള്ളില്‍തട്ടുന്ന, പ്രേക്ഷകഹൃദയങ്ങളിലേക്കു നേരിട്ടു സംവദിക്കുന്ന, തീര്‍ത്തും ഫോര്‍മുലേതര സിനിമയാണ് മൈ നെയിം ഈസ് ഖാന്‍ എന്നാണ് ഞാന്‍ ആണയിടുന്നത്!

ഞാന്‍ അടുത്തകാലത്തു കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് ഇത്. ഇതില്‍ പാട്ടിനുവേണ്ടി പാട്ടില്ല. ബോളിവുഡ്ഡിന് ഒഴിച്ചുകൂടാനാവാത്ത, അതിന്റെ ഇംപ്രിന്റ് പോലുമായി മാറിക്കഴിഞ്ഞ സംഘനൃത്തം പേരിനുപോലുമില്ല. സംഘട്ടനമില്ല. സെക്സില്ല. (പാചകത്തിനിടെ നായികയോട് കാന്‍ ഐ ഹാവ് സെക്സ് വിത്ത് യു എന്നാശിക്കുന്ന നായകന്റെ പിന്നാലെ മുറിയിലേക്കോടുന്ന നായികയുടെ രംഗത്തിലൊതുങ്ങുകയാണ് സെക്സിനെക്കുറിച്ചുള്ള വിദൂരസൂചന), അതിമാനുഷ നായകനില്ല. സര്‍വം സഹയായ നായികയില്ല, നായികയുടെ ദുര്‍വാശിക്കാരനായ പിതാവില്ല, കുലപ്പകയുടെ കഥാംശമില്ല. പിന്നെ എന്തു ഫോര്‍മുലയാണ് ഈ സിനിമ പിന്തുടരുന്നത് എന്നാണ് കരുതേണ്ടത്? തീര്‍ച്ചയായും പ്രമേയകല്‍പനയിലും ആവിഷ്കരണത്തിലും മൈ നെയിം ഈസ് ഖാന്‍ സകല ബോളിവുഡ് വ്യാകരണങ്ങളെയും നിരാകരിക്കുന്നതായാണ് എനിക്കനുഭവപ്പെട്ടത്.

ഓട്ടിസ്റിക്ക് ആയ നായകന്‍. നേരത്തേ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ നായിക മന്ദിര.അവളെ ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്ന നായകന്‍. നായികയുടെ കന്യകാവിശുദ്ധിയെന്ന ക്ളീഷേയെപ്പോലും വിദഗ്ധമായി വെല്ലുവിളിക്കുന്ന സിനിമ. സാമൂഹികപ്രശ്നങ്ങള്‍ക്കുനേരെ പിന്തിരിഞ്ഞു നില്‍ക്കാന്‍ മാത്രം ശ്രമിക്കുന്ന മുഖ്യധാരാസിനിമയില്‍ നിന്ന് ഇത്രയും ധീരമായൊരു ചലച്ചിത്രോദ്യമം, അതും 9/11 നെ കുറിച്ചു, മുസ്ളീം തീവ്രവാദവിരുദ്ധനിലപാടില്‍ പ്രതീക്ഷിക്കുക വയ്യല്ലോ. സത്യം പറയട്ടെ, കരണ്‍ ജോഹര്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു.

രവി കെ.ചന്ദ്രന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ പൊതു ദൃശ്യപരിചരണത്തില്‍ മുഴച്ചുനിന്നു എന്ന ചാരുനിവേദിതയുടെ നിരീക്ഷണത്തെയും, വിനീതമായി ഭിന്നിക്കാനാണ് എനിക്കിഷ്ടം. കാരണം, ഒരു അമേരിക്കന്‍ മെട്രോയെ കേന്ദ്രീകരിച്ചു ചിത്രീകരിച്ച പാന്‍- ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ (സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പോലും ഹിന്ദി/ഇംഗ്ളീഷ് എന്നു രേഖപ്പെടുത്തിക്കൊണ്ടാണെന്നതു ശ്രദ്ധിക്കുക) രവിയുടെ ദൃശ്യപരിചരണം പ്രമേയധാരയോട് അത്യധികം ഇഴുകിച്ചേര്‍ന്ന നിര്‍വഹണമായിട്ടാണ് എനിക്കനുഭവപ്പെട്ടത്.
ഷാരൂഖ് ഖാന്റെ ഏറ്റവും മികച്ചതും ഒതുക്കമുള്ളതുമായ പ്രകടനമാണ് ഖാന്‍. ഒരു ദേശീയ അവാര്‍ഡ് ഷാരൂഖിന് എവിടെയോ മണക്കുന്നുണ്ടോ എന്നേ സംശയിക്കേണ്ടതുള്ളൂ. കാജോലാകട്ടെ അതിസുന്ദരിയായിരിക്കുന്നു. മനസ്സുകളിലേക്കു സംവദിക്കുന്ന നല്ല സിനിമകളുടെ പട്ടികയില്‍, ചെറുതെങ്കിലും സ്വന്തം സ്വത്വപൂര്‍ത്തിയിലേക്കായി നടത്തുന്ന ഒരു ജീവിതയാത്ര പ്രതിപാദിക്കുന്ന ഇറാന്‍/ദക്ഷിണാഫ്രിക്കന്‍/ലാറ്റിനമേരിക്കന്‍ സിനിമകളുടെ ഗണത്തില്‍ പെട്ട മികച്ചൊരു ഇന്ത്യന്‍ ചിത്രമായാണ് ഈ സിനിമ എന്റെയുളളില്‍ പ്രതിഷ്ഠ നേടുന്നത്.
എന്നാല്‍ മൈ നെയിം ഈസ് ഖാന്‍ എന്നിലേല്‍പ്പിക്കുന്ന ആശങ്കയുടെ ഭാരം ചാരുനിവേദിതയുടേതിലും ഹാഫിന്റേതിലും നിന്നു വ്യത്യസ്തമാണ്. തമിഴ്നാട്ടിലെങ്ങും കിട്ടുന്ന നിറം കലര്‍ത്തിയ നാടന്‍ സരബത്തുപോലത്തെ തട്ടുപൊളിപ്പന്‍ പൊള്ളാച്ചി സിനിമകളാണല്ലോ മലയാളത്തിലുണ്ടാവുന്നത്. അവ ഏറ്റുമുട്ടേണ്ടത് മൈ നെയിം ഈസ് ഖാന്‍ പോലുള്ള കാമ്പുള്ള ചലച്ചിത്രരചനകളോടാണല്ലോ എന്നോര്‍ത്തിട്ടാണ് എനിക്കു നാണം വരുന്നത്.

പണ്ട് ചില പറട്ട മലയാള സിനിമകളുടെ പരസ്യങ്ങളില്‍ ആവര്‍ത്തിച്ചുകണ്ടിട്ടുള്ള ഒരു വാചകം കൂട്ടിച്ചേര്‍ത്ത് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ-ഈ ചിത്രം കണ്ടില്ലെങ്കില്‍ ഇന്ത്യയിലിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്ന് നിങ്ങള്‍ കാണാതെ പോകും, തീര്‍ച്ച!