Showing posts with label movie review. Show all posts
Showing posts with label movie review. Show all posts

Tuesday, November 15, 2022

വിശ്വാസത്തിന്റെ ഉപ്പ്


എ.ചന്ദ്രശേഖര്‍

വിശ്വാസം മനോരോഗമാവരുത് എന്ന് പ്രമുഖ ഛായാഗ്രാഹകന്‍ സണ്ണിജോസഫ് രചിച്ച് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമയായ ഭൂമിയുടെ ഉപ്പിലെ സെമിനാരി അധിപനായ വലിയച്ചന്‍ ഫാ ഫ്രാന്‍സിസ് തീവ്രനിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന ഫാ തോമിസിനോട് ഒരിടത്ത് പറയുന്നുണ്ട്. മനുഷ്യമനസിനെ, മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മതവിശ്വാസം എങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്നും മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്നതെന്നും ദൈവത്തിന്റെ പേരില്‍ മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഭൂമിയുടെ ഉപ്പ്. തീര്‍ത്തും ബിബ്‌ളിക്കലായ ബിംബങ്ങളിലും പശ്ചാത്തലത്തിലും ഊന്നി നിന്നുകൊണ്ട്, ഒരു സെമിനാരി ആശ്രമത്തിലെ ഏതാനും ശെമ്മാശന്മാരുടെ ജീവിതത്തിലെക്ക് ക്യാമറ തുറന്നുവച്ചുകൊണ്ടാണ് സണ്ണി ജോസഫ് വിശ്വാസം അന്ധവും ചരിത്രനിഷേധവുമാവുന്നതിലെ ധാര്‍മ്മിക/ദാര്‍ശനിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള വൈരൂദ്ധ്യാത്മകതയും വിശ്വാസത്തിന്റെ ആന്തരിക-ബാഹ്യസംഘര്‍ഷങ്ങളും പ്രതിപാദിക്കുന്നുണ്ട് ഭൂമിയുടെ ഉപ്പ്.

കേരളത്തിലെ ഏതോ ഒരു മലയോരത്തുള്ള ക്രൈസ്തവ ആശ്രമമമാണ് ഭൂമിയുടെ ഉപ്പിന്റെ പ്രധാന ഭൂമിക. ജീവിതത്തിലെ വിവിധ തുറകളില്‍ നിന്ന് ദൈവശാസ്ത്രം പഠിക്കാനും പൗരോഹിത്യം നേടാനും പരിശീലിക്കാനെത്തിയിട്ടുള്ള മൂന്നു ചെറുപ്പക്കാര്‍. അവര്‍ക്കു തുണയായി വര്‍ത്തിക്കുന്ന, അവരുടെ സന്ദേഹങ്ങളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഋഷിയച്ചന്‍. ഈശ്വരസേവ അതിന്റെ എല്ലാ ഹൃദയനൈര്‍മല്യത്തോടും കൂടി ഏറ്റെടുത്തു നിര്‍വഹിക്കുന്ന വലയിച്ചന്‍. വിശ്വാസത്തെ അന്ധവിശ്വാസമാക്കുന്ന തീവ്രനിലപാടുകളുമായി വാഴുന്ന ഫാ. തോമസ് ഇവരൊക്കെ ചേര്‍ന്നതാണ് ആ കൊച്ചു സെമിനാരി. ദൈവത്തെപ്പറ്റി, ദൈവത്തിന്റെ ഇടപെടലുകളെ പറ്റി, ദൈവത്തിന്റെ നിലനില്‍പ്പിനെപ്പറ്റിത്തന്നെയുള്ള നിരവധി സന്ദേഹങ്ങളും സംശയങ്ങളുമുണ്ട് അവിടെ ദൈവശാസ്ത്രം പഠിക്കാനെത്തുന്ന പുരോഹിതവിദ്യാര്‍ത്ഥികള്‍ക്ക്. ചോര കണ്ടാല്‍ തലചുറ്റി വീഴുന്നവനാണ് അതിലൊരാള്‍. ചിത്രത്തില്‍ നായകകര്‍തൃത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇമ്മാനുവല്‍ (മിഥുന്‍) ആവട്ടെ അനാഥനാണ്. പ്രസവത്തോടെ അമ്മയെ നഷ്ടമായവന്‍. അതുകൊണ്ടു തന്നെ അമ്മ അവന് അത്രമേല്‍ പ്രധാനപ്പെട്ട വികാരമാണ്, നിഷേധിക്കപ്പെട്ട സ്‌നേഹമാണ്. ഈശ്വരസേവനവും പൊതുജനസേവനവുമൊക്കെയായി കഴിയുന്ന ആശ്രമജീവിതത്തില്‍് ബൈബിളിലെ ചില മൗനങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിന് എത്തിച്ചേരുന്ന സോഫി എന്ന ഗര്‍ഭിണിയുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളാണ് ഭൂമിയുടെ ഉപ്പിന്റെ കഥാവസ്തു. ഒപ്പം, മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യാത്മകതയും സമാന്തരാഖ്യാനമായി ചിത്രം കൈകാര്യം ചെയ്യുന്നു.

ആശ്രമത്തില്‍ സ്ഥാപിക്കുന്ന ടെലിവിഷനിലെ ലോകവാര്‍ത്തകളില്‍ മതത്തിന്റെ/മതാന്ധ്യത്തിന്റെ പേരില്‍ നടത്തുന്ന തീവ്രവാദാക്രമണങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെയും ജീവന്‍ നഷ്ടപ്പെടുന്നവരുടെയും വാര്‍ത്ത കാണുന്ന ഇമ്മാനുവല്‍ ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ക്ക് താങ്ങാവാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും എന്ന് ഋഷി(ജയദീപ്)യച്ചനോട് ആരായുന്നുണ്ട്. മനുഷ്യന്റെ കണ്ണീരു തുടയ്ക്കാത്ത ദൈവത്തിന്റെ സാന്നിദ്ധ്യം എങ്ങനെ ഉറപ്പിക്കാനാവും എന്നാണ് അയാള്‍ ഉന്നയിക്കുന്ന പ്രശ്‌നം. സത്യത്തില്‍ ദൈവം മനുഷ്യമനസുകളുടെ അകത്താണോ പുറത്താണോ എന്നൊരു സങ്കീര്‍ണമായ ദാര്‍ശനികപ്രശ്‌നവും സിനിമ മുന്നോട്ടുവയ്ക്കുന്നു. സന്ദേഹിയായ ഇമ്മാനുവലിനെ വിശ്വാസത്തിന്റെ ആന്ധ്യത്തിലേക്ക് എളുപ്പം തളച്ചിടാന്‍ തീവ്രവാദിയായ ഫാ.തോമസിന് ഒരു പരിധിവരെ സാധ്യമാവുന്നു. അവന്റെ ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങളെ എല്ലാം സാത്താന്റെ ചെയ്തികള്‍ എന്ന ന്യായത്തോടെ ബാധനീക്കലടക്കമുള്ള അന്ധവിശ്വാസത്തിലേക്കാണ് ഫാ തോമസ് നേരിടുന്നത്. വിശ്വാസത്തിന്റെ ദൈവശാസ്ത്രപരവും ദൈവനിഷേധപരവുമായ രണ്ട് ധാരകളെയാണ് ആശ്രമത്തിലെ ഫാ ഫ്രാന്‍സിസ് എന്ന വലിയച്ചന്റെയും(ഗംഗാധരമേനോന്‍) ഫാ തോമസി (രഘൂത്തമന്‍)ലൂടെയും സംവിധായകന്‍ വരഞ്ഞിടുന്നത്.

ബൈബിള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞ സ്ത്രീസാന്നിദ്ധ്യത്തെ, ഫാ തോമസ് ക്രിസ്തുവിനെ പ്രണയിച്ച തേവിടിശ്ശിയായി കണക്കാക്കുന്ന മഗ്ദലന മറിയത്തെ കണ്ടെത്താനുളള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉത്തരേന്ത്യയിലെവിടെ നിന്നോ നായികയായ സോഫി(അരുഷിക ദേ) യുടെ വരവ്. വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ചരിത്രം ബോധപൂര്‍വം തിരസ്‌കരിച്ച സ്ത്രീയെ കണ്ടേത്തുകയെന്ന അവളുടെ ലക്ഷ്യം അത്രയെളുപ്പമല്ല. കാരണം അത്രമേല്‍ ആഴത്തില്‍ മനുഷ്യമനസുകളില്‍ അടിയുറച്ചിട്ടുളള വിശ്വാസത്തെ മാറ്റിമറിക്കുക എളപ്പുമല്ലെന്നതു തന്നെ. സ്വാഭാവികമായി ഫാ.തോമസിന് അവളെ, അവളുടെ ഗവേഷണത്തെ അംഗീകരിക്കാനാവുന്നില്ല. സാത്താന്റെ പ്രതിരൂപമായിട്ടാണ് അയാള്‍ അവളെ കണക്കാക്കുന്നത്. ആശ്രമത്തിലെ ദൈവസാന്നിദ്ധ്യത്തിലേക്ക് ചില ലക്ഷണങ്ങളായി സാത്താന്റെ കടന്നുവരവിനെ അദ്ദേഹം പ്രവചിക്കുന്നുണ്ട്. അതിനായി ബൈബിളില്‍ സാത്താന്റെ ബിംബമായി ഉപയോഗിക്കുന്ന സര്‍പ്പത്തെ ചിത്രത്തിലുപയോഗിക്കുന്നുമുണ്ട്. അവളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇമ്മാനുവലിനെ ഉപദേിക്കുന്നുമുണ്ട്. വന്ദ്യവയോധികനായ വലിയച്ചന്‍ സാത്താന്‍ സേവികയായ സോഫിയുടെ പിടിയിലായെന്നുവരെ ആരോപിക്കാന്‍ മുതിരുന്ന ഫാ തോമസ്, ഇമ്മാനുവലിലൂടെ അവളെ ഉന്മൂലനം ചെയ്യാനാണ് പരിശ്രമിക്കുന്നത്. മനുഷ്യന് പറുദീസ അന്യമാക്കുന്ന ഹവ്വയുടെ പ്രതിനിധിയായിട്ടാണ് സോഫിയെ അദ്ദേഹം ഇമ്മാനുവലിനു മുന്നിലവതരിപ്പിക്കുന്നത്. വിശ്വാസത്തിനു വേണ്ടി, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അവളെ ബലിയാക്കാനാണ് ഫാ തോമസ് ഇമ്മാനുവലിനെ നിരന്തരം പ്രേരിപ്പിക്കുന്നത്.

സ്വതവേ പ്രകൃതിയെ സ്‌നേഹിക്കുന്ന, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്ന ഒരു നിഷ്‌കളങ്കനാണ് ഇമ്മാനുവല്‍. എന്നാല്‍ തോമസച്ചന്റെ ദുസ്വാധീനത്താല്‍ അവന്‍ പോലുമറിയാതെ അവന്റെ മനസ് കളങ്കപ്പെടുകയാണ്. പുരുഷസഹജമായ വാസനകൊണ്ട് ഗസ്റ്റ് ഹൗസില്‍ കുളിക്കുന്ന സോഫിയെ ഒളിഞ്ഞുനോക്കുന്നതില്‍ പശ്ചാത്തപിക്കുന്ന ഇമ്മാനുവല്‍ ആ പാപഭാരത്തില്‍ നിന്ന് മോചിതനാവാന്‍ പണിപ്പെടുകയാണ്. വിശ്വാസത്തിന്റെ പേരില്‍ യുക്തിക്കു നിരക്കാത്ത പലതും അയാള്‍ കാണുന്നു, കേള്‍ക്കുന്നു. സോഫിയെപ്പോലും സാത്താന്റെ സേവകയായിക്കാണുന്ന മായാദര്‍ശനങ്ങള്‍ അയാള്‍ക്കുണ്ടാവുന്നു. അതിന്റെ പരിണിതിയായി തോമസച്ചന്റെ പ്രേരണകളുടെ പരമകാഷ്ഠയില്‍ ക്രിസ്മസ് രാത്രിയില്‍ അവളെ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് ആയുധവുമായി അതിഥിമന്ദിരത്തിലെത്തുന്ന അയാള്‍ നിറഗര്‍ഭിണിയായ അവള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ അതിനുള്ള ശുശ്രൂഷകനായി മാറാന്‍ നിയുക്തനാവുകയാണ്. മാതൃത്വനിഷേധം ഒരു തീരാവേദനയായി കൂടെക്കൊണ്ടുനടക്കുന്ന അയാള്‍ക്കത് വെളിപാടിന്റെ നിമിഷങ്ങളാവുന്നു. സെമിനാരി വിട്ട് ശിഷ്ടകാലം സോഫിയുടെ സംരക്ഷകനായി അവളുടെ കുഞ്ഞിന്റെ സംരക്ഷകനായി അയാളിറങ്ങിപ്പുറപ്പെടുന്നിടത്താണ് ഭൂമിയുടെ ഉപ്പ് അവസാനിക്കുന്നത്.

ആദ്യവസാനം ബൈബിള്‍ അധിഷ്ഠിത ബിംബങ്ങളും ഉദ്ധരണികളും കൊണ്ടു സമ്പന്നമായൊരു ചലച്ചിത്ര സ്വരൂപമാണ് ഭൂമിയുടെ ഉപ്പ്. അതില്‍ ഭൗതികജീവിതത്തില്‍ മതത്തോടൊപ്പം തന്നെ മുതലാളിത്തരാഷ്ട്രീയം എങ്ങനെ മനുഷ്യജീവിതത്തെ ചൂഷണം ചെയ്യുന്നു എന്നും ഫാക്ടറി കേന്ദ്രീകരിച്ചുള്ള സമാന്തര കഥാനിര്‍വഹണത്തിലൂടെ സണ്ണി ജോസഫ് കാണിച്ചു തരുന്നു. തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും മുന്‍കരുതലുമെടുക്കാത്ത ഫാക്ടറി മാനേജ്‌മെന്റിനെതിരേ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. അവരുടെ സഹനസമരത്തിന് നേതൃത്വം നല്‍കുന്ന സഖാവ് ജോര്‍ജ്ജി(വി.കെ.ശ്രീനിവാസന്‍)ന് വിമോചനകനായ ക്രിസ്തുവിന്റെ ഛായാനിഴലാണുള്ളത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി, അവര്‍ നേരിടുന്ന അധികാര ചൂഷണത്തിനെതിരേ അവരെ സംഘടിപ്പിക്കുകയും അവരുടെ വിമോചനത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന അയാള്‍ക്കൊടുവില്‍ അധികാരികളില്‍ നിന്നു നേരിടേണ്ടി വരുന്നത് യേശുക്രിസ്തുവിന് നേരിടേണ്ടിവന്നതുപോലെ കൊടും പീഡനമാണ്.

യഥാതഥമായ ആഖ്യാനശൈലിയല്ല ഭൂമിയുടെ ഉപ്പിലേത്. തീര്‍ത്തും യഥാതഥമെന്ന നിലയ്ക്ക് തുടങ്ങുകയും പിന്നീട് പലയിടത്തും ഫാന്റസിയുടെ തലങ്ങളിലേക്ക് മാറുകയും ചെയ്യുന്ന ആഖ്യാനശൈലിയാണ് സണ്ണിയുടെ കഥയെ ആസ്പദമാക്കി സണ്ണിയും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ചേര്‍ന്നു തിരക്കഥ രചിച്ച ഊ സിനിമയുടേത്.

മലയാള സിനിമയില്‍ ജി അരവിന്ദനും, അടൂര്‍ ഗോപാലകൃഷ്ണനും, ഷാജി എന്‍ കരുണിനും, ടി വി ചന്ദ്രനും എം.ടിക്കും ഒപ്പം ഛായാഗ്രാഹകനായിട്ടുള്ള ഒരേയൊരാളാണ് സണ്ണി ജോസഫ്.പമേല റൂക്ക്‌സിന്റെ ട്രെയിന്‍ ടൂ പാക്കിസ്ഥാന്റെയും ബുദ്ധദേവ് ദാസ്ഗുപ്തയുടെ ജനലയുടെയും ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ വേറിട്ട ചലച്ചിത്ര സങ്കല്‍പം വെളിപ്പെടുത്തുന്നതാണ് പുതുമുഖങ്ങളെ മാത്രം വച്ചു നിര്‍മ്മിച്ച ഭൂമിയുടെ ഉപ്പ്. നാടക നടനായ രഘൂത്തമനും വി.കെ.ശ്രീനിവാസനുമൊഴികെ മറ്റെല്ലാവരും അറിയപ്പെടാത്ത മുഖങ്ങളാണീ സിനിമയില്‍. ഇടയ്ക്ക് ആശ്രമവാസികളുടെ ആന്തരികമാനം ആവിഷ്‌കരിക്കുന്ന അത്താഴ രംഗങ്ങളില്‍ മറ്റെങ്ങും കാണിക്കാത്ത മൂന്നാമതൊരു പുരോഹിതനായി ഒരു കാമിയോ റോളില്‍ സണ്ണിയും എത്തുന്നു.അന്തരിച്ച ഐസക് തോമസ് കോട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ ആത്മാവ്. അരുണ്‍ അജിത്ത്, സൗമിക് ബര്‍മ്മന്‍, അനില്‍ സണ്ണി എന്നിവര്‍ ചേര്‍ന്നു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ഭൂമിയുടെ ഉപ്പ് രാമുവും അരവിന്ദും ചേര്‍ന്ന് സന്നിവേശിച്ചിരിക്കുന്നു.

ദാര്‍ശനികമായ തിരക്കഥയാണ് ഈ സിനിമയുടെ ബലം. എന്നാല്‍, ചിത്രാദ്യത്തില്‍ നാന്ദിപോലെ അവതരിപ്പിച്ചിട്ടുളള മലയാറ്റൂര്‍ മലകയറ്റവും ചിത്രാന്ത്യത്തോടടുത്തു സന്നിവേശിച്ചിട്ടുള്ള ക്രിസ്മസ് ആഘോഷങ്ങളും കുറച്ചധികം നീണ്ടു പോയതു പോലെ തോന്നി. സന്നിവേശത്തില്‍ അല്‍പം കൂടി മിതത്വം പുലര്‍ത്താന്‍ നിഷ്‌കര്‍ഷിച്ചിരുന്നുവെങ്കില്‍ കുറേക്കൂടി മികച്ചൊരു ചലച്ചിത്രസ്വരൂപമായി മാറുമായിരുന്ന ചിത്രമാണിത്.

അതിയാര്‍ത്ഥ്യത്തിന്റെയോ അമിതയാഥാര്‍ത്ഥ്യത്തിന്റെയോ ഒക്കെ ആഖ്യാനത്തില്‍ തളച്ചിടപ്പെട്ട സമകാലിക മലയാള സിനിമയില്‍ സിനിമയെ ഗൗരവമുള്ള ദാര്‍ശനിക ചിന്തയ്ക്കുള്ള ബൗദ്ധികോപാധിയായി കണക്കാക്കുന്ന ചലച്ചിത്രകാരന്മാരുടെ കുറ്റിയറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സണ്ണി ജോസഫ് നിര്‍മിച്ചു സംവിധാനം ചെയ്ത ഭൂമിയുടെ ഉപ്പ്.


Thursday, July 21, 2022

ലാക്ഷണികത്തികവില്‍ മഹാവീര്യര്‍

 

ഇതര കലകളെ അപേക്ഷിച്ചു സിനിമയ്ക്കുള്ള മേന്മ അതിന് ഏത്ര ദുര്‍ഗ്രാഹ്യമായ സ്വപ്‌നത്തെയും യാഥാര്‍ത്ഥ്യ പ്രതീതിയോടെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാനാവും എന്നതാണ്. അതിയാഥാര്‍ത്ഥ്യത്തെയും അതീന്ദ്രിയതയേയും സിനിമയ്ക്ക് അങ്ങനെ യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനാവും.സ്ഥലകാലയുക്തികളെ അനായാസം മറികടക്കാന്‍ ചലച്ചിത്രത്തിന്റെ മാധ്യമസാധ്യതകള്‍ക്കു സാധിക്കും. എന്നുവച്ച് ഫാന്റസികളെല്ലാം ചലച്ചിത്രങ്ങള്‍ക്ക് എളുപ്പം വഴങ്ങുന്നതാണ് എന്നര്‍ത്ഥമില്ല. പ്രത്യേകിച്ച് ഒ.വി.വിജയന്റെ ധര്‍മ്മപുരാണം പോലൊരു കൃതി സിനിമയാക്കാന്‍ ബുദ്ധിമുട്ടാണ്. അത്രത്തോളം ലാക്ഷണിക മാനങ്ങളുള്ള (allegorical dimension) എം.മുകുന്ദന്റെ ഒരു കഥയാണ് യുവസംവിധായകനായ എബ്രിഡ് ഷൈന്‍ തന്റെ പുതിയ ചിത്രമായ മഹാവീര്യര്‍ക്ക് വിഷയമാക്കിയിട്ടുള്ളത്. പ്രചാരണങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടതുപോലെ ഒരേ സമയം ഫാന്റസിയും ടൈംട്രാവലും രാഷ്ട്രീയവുമൊക്കെയടങ്ങുന്ന ബഹുതലങ്ങളിലുള്ള ഒരു ചലച്ചിത്രശില്‍പം തന്നെയാണ്. എന്നാല്‍ അതിനൊക്കെയുപരി മലയാള സിനിമയില്‍ ലാക്ഷണികത (allegory) അതിവിദഗ്ധമായി സന്നിവേശിപ്പിച്ച ആദ്യ ചിത്രം എന്നതിനെ വിശേഷിപ്പക്കുന്നതാണുചിതം.

കാലാതിതമായ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയമാണ് മുകുന്ദന്റെ മൂല കഥയില്‍ നിന്ന് ഷൈന്‍ മഹാവീര്യറില്‍ വികസിപ്പിച്ചു വിളക്കിച്ചേര്‍ത്തിരിക്കുന്നത്. അധികാരപ്രമത്തതയുടെ, ദുഷ്പ്രഭുത്വത്തിന്റെ സാര്‍വലൗകീകതയ്ക്കപ്പുറം,സ്ത്രീയുടെ കണ്ണീരിനായി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത സമൂഹമനഃസ്ഥിതിയുടെ സാര്‍വകാലികമായ ക്രൂരതയാണ് മഹാവീര്യറില്‍ നായിക നേരിടേണ്ടി വരുന്നത്. യുഗങ്ങള്‍ക്കപ്പുറമുള്ള രാജഭരണക്കാലത്തേതിനേക്കാള്‍ പരിതാപകരവും മ്‌ളേച്ഛവുമാണ് സമകാലികലോകത്ത് അവള്‍ നേരിടേണ്ടി വരുന്ന പരസ്യവിചരണ. മാനസികവും ശാരീരികവുമായ പീഡനം നീതിന്യായ കോടതിക്കു മുമ്പാകെ നിയമപാലകരെയും നീതി നിര്‍വാഹകരെയും സാക്ഷിനിര്‍ത്തി അവള്‍ക്കേറ്റു വാങ്ങേണ്ടിവരുന്നു. ഭര്‍ത്സനം മാത്രമല്ല വിചാരണാമുറിയില്‍ അവള്‍ ദ്രൗപതിക്കു സമാനം വിവസ്ത്രമാക്കപ്പെട്ട് അപമാനിതയാവുന്നു. അതെല്ലാം ആര്‍ക്കുവേണ്ടിയായിരുന്നോ അയാളുടെ പ്രശ്‌നമാണ് സമൂഹവും നിയമവ്യവസ്ഥയുമെല്ലാം മുഖ്യമായെടുക്കുന്നത്. കണ്മുന്നില്‍ കണ്ണീരുറവറ്റി നില്‍ക്കുന്ന നായികയുടെ നിസഹായവസ്ഥ അപൂര്‍ണാനന്ദന്‍ എന്ന യുവസന്യാസിക്കൊഴികെ മറ്റാര്‍ക്കും തിരിച്ചറിയാനാവുന്നില്ല. ആ യുവയോഗിയാവട്ടെ, ഭൂത-വര്‍ത്തമാനങ്ങളെ ഇഴചേര്‍ക്കുന്ന തീര്‍ത്തും അമൂര്‍ത്തമായൊരു ത്രികാലജ്ഞാനിയാണ്. ചിത്രം മുന്നോട്ടുവയ്ക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയവും,

 സാമ്രാജിത്വവിരുദ്ധതയുമൊക്കെ ചര്‍ച്ച ചെയ്യുന്നതിനിടെ വായിച്ചു കണ്ട നിരൂപണങ്ങളില്‍ മിക്കതും ഇതിനെ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമായാണ് വിശേഷിപ്പിച്ചുകണ്ടത്. എന്നാല്‍ അതിലുപരി ഇതൊരു ലക്ഷണയുക്തമായ ലാക്ഷണികസിനിമയാവുന്നിടത്താണ് മഹാവീര്യറുടെ വിജയം.

മഹാരാജാവിനു വേണ്ടി എന്തിന് എന്നുപോലും ചോദിക്കാതെ ലക്ഷണയുക്തയായ പെണ്ണിനെ തേടി ദേശാന്തരങ്ങളിലലഞ്ഞ് അത്തരമൊരുവളെ കണ്ടെത്തി കൊണ്ടെത്തിക്കുന്ന അമാത്യന്‍ പക്ഷേ സ്വന്തം ഭവനത്തില്‍ രാജാവിന്റെ കണ്ണുവെട്ടിച്ച് വശ്യസുന്ദരിയായ സ്വന്തം ഭാര്യയെ ഒളിപ്പിച്ചുപാര്‍പ്പിക്കുക വഴി സമൂഹത്തന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിലെ വൈരുദ്ധ്യവും പൊള്ളത്തരവുമാണ് കാണിച്ചുതരുന്നത്. 

സങ്കീര്‍ണമായ ആഖ്യാനശൈലിയാണ് മഹാവീര്യറുടെ സവിശേഷത. ഫാന്റസിയുടെ ആഖ്യാനതലത്തില്‍ അതിന് വിശ്വചലച്ചിത്രശില്‍പിയായ സാക്ഷാല്‍ സത്യജിത് റേയുടെ ഗുപ്പി ഗായേന ബാഘ ബായേന എന്ന സിനിമയോട് (മലയാളത്തില്‍ വിദൂരസാദൃശ്യമുണ്ട് മഹാവീര്യറുടെ ഘടനയ്ക്ക്. അതുപക്ഷേ സമാനതകളില്ലാത്തതുമാണ്. ഫാന്റസി സിനിമ പ്രേക്ഷകരെ വിശ്വസിപ്പിക്കുക എന്നതു തന്നെ സാഹസമാണ്. അതിലും ബുദ്ധിമുട്ടാണ് അലിഗറിയുടെ ആഖ്യാനഘടനയില്‍ നിന്നുകൊണ്ടു തന്നെ അതിന് ഹാസ്യത്തിന്റെ ആവരണം നല്‍കുക എന്നത്. പ്രത്യക്ഷത്തില്‍ ചിരിപ്പിക്കുന്ന ഒട്ടുവളരെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമുണ്ടെങ്കിലും അവയില്‍ പലതും ഒട്ടേറെ അടരുകളുള്ള, സങ്കീര്‍ണമായ അര്‍ത്ഥവ്യാപ്തിയുള്ളവയാണ്. മുത്തശ്ശിക്കഥയുടെ ആഖ്യാനശൈലിയില്‍ യഥാതഥത്വം ചാലിച്ച ആവിഷ്‌കാരശൈലിയില്‍ ലാക്ഷണികപ്രധാനമായ സാമൂഹികവിമര്‍ശനം കൂടി ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് മഹാവീര്യറുടെ പ്രത്യേകത.

രണ്ടു മണിക്കൂര്‍ 20 മിനിറ്റ് അതിസങ്കീര്‍ണവും മായികവുമായൊരു അന്തരീക്ഷത്തില്‍ ശ്രദ്ധതെറ്റാതെ പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ചെറിയ കാര്യമല്ല. മലയാള സിനിമ കാണാന്‍ തീയറ്ററുകളില്‍ പ്രേക്ഷകരെത്താന്‍ വൈമുഖ്യം കാട്ടുന്ന കാലത്ത് തീയറ്ററില്‍ തന്നെ കാണേണ്ട സിനിമയെന്ന് മഹാവീര്യറെ നിസംശയം വിശേഷിപ്പിക്കാം. ചിത്രത്തിന്റെ ഏറ്റവും മികച്ച ഘടകങ്ങള്‍ ഇഷാന്‍ ഛബ്രയുടെ ഗാനസംഗീതവും സെല്‍വരാജ് ചന്ദ്രുവിന്റെ ഛായാഗ്രഹണവുമാണ്. ചിത്രത്തില്‍ അധികമായി തോന്നിച്ച ഏക ഘടകം ചിലയിടത്ത് കുറേക്കൂടി സൗമ്യമാക്കാമായിരുന്ന പശ്ചാത്തല സംഗീതമാണ്.

നിവിന്‍ പോളി, ആസിഫലി, ലാല്‍, സിദ്ധീഖ് തുടങ്ങി ഒട്ടുവളരെ മുന്‍നിര താരങ്ങളുടെ സാന്നിധ്യത്താല്‍ സമ്പുഷ്ടമാണെങ്കിലും സമകാലിക മലയാള സിനിമയില്‍ താരങ്ങളെ അപ്രസക്തമാക്കി പ്രമേയത്തിന്റെയും ഇതിവൃത്തത്തിന്റെയും ബലത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ എന്ന നിലയ്ക്ക് മഹാവീര്യര്‍ ശ്രദ്ധയര്‍ഹിക്കുന്നു.


Wednesday, March 03, 2021

വാണിജ്യസിനിമയും അയുക്തിയും

എ.ചന്ദ്രശേഖര്‍

ദൃശ്യം 2 എന്ന സിനിമയെക്കൊണ്ട് നിറഞ്ഞുനില്‍ക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ട്രോളായും റിവ്യൂ ആയും അഭിമുഖങ്ങളായും ഒരു സിനിമ മാത്രം മാധ്യമങ്ങള്‍ നിറഞ്ഞാടുന്ന അവസ്ഥ. അനുകൂലിച്ചും പ്രതികൂലിച്ചും കളിയാക്കിയും താലോലിച്ചുമുള്ള അഭിപ്രായ മഴ. ഒരുപക്ഷേ മുന്‍പെന്നെങ്കിലും ഇങ്ങനെ ഒരു മലയാള സിനിമയെപ്പറ്റി പരക്കെ പലതലത്തിലും പലതരത്തിലുമുള്ള ചര്‍ച്ച സംഭവിച്ചിട്ടുണ്ടോ എന്നു സംശയം. ഇവയില്‍ ശ്രദ്ധിക്കപ്പെട്ട മൂന്ന് അഭിപ്രായങ്ങള്‍ പരിശോധിക്കുക.

1. ദൃശ്യം 2 നിലവിലെ പൗരാവകാശങ്ങളെപ്പറ്റിയുള്ള ഭരണഘടനാ തത്വങ്ങളെയും മാനദണ്ഡങ്ങളെയും അപഹസിക്കുന്നു. പൗരനുമേല്‍ ഭരണകൂടത്തിന്റെ കടന്നാക്രമണത്തെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നു. സ്വകാര്യതാലംഘനത്തെ ന്യായീകരിക്കുന്നു. അയുക്തികളിലൂടെ അരാജകത്വത്തെ അരിയിട്ടുവാഴ്ത്തുന്നു. ഇത് പ്രതിലോമമാണ്.

2. കോടതി രംഗങ്ങളിലടക്കം നീതി-ന്യായ വ്യവസ്ഥിതിയെ അപഹസിക്കുന്നു. യുക്തിലേശമില്ലാത്ത അയഥാര്‍ത്ഥ രംഗ കല്‍പനകളിലൂടെ കോടതിയേയും പൊലീസിനെയും പരിഹാസ്യരാക്കുന്നു. ക്രിമിനല്‍ കുറ്റകൃത്യത്തിനു കൊടുക്കുന്ന സൂക്ഷ്മമായ പരിചരണം വിചാരണയുടെയും അന്വേഷണത്തിന്റെയും കാര്യത്തില്‍ നല്‍കുന്നില്ല. ദുര്‍ബലമായ പ്രതിരോധങ്ങളിലൂടെ നായകകര്‍തൃത്വത്തെ അമാനുഷികമാക്കുന്നു.

3. ഒബ്ജക്ഷന്‍ യുവറോണറും ഒബ്ജക്ഷന്‍ സസ്‌റ്റെയ്ന്‍ഡ്/ഓവര്‍ റൂള്‍ഡും ഓര്‍ഡര്‍ ഓര്‍ഡറുമില്ലാതെന്തു കോടതി? അത്തരത്തില്‍ ഒരു കോടതി അവതരിപ്പിച്ചുകൊണ്ട് സിനിമ അതിന്റെ ബ്രില്യന്‍സ് കാഴ്ചവയ്ക്കുന്നു.

ഈ മൂന്നു വാദങ്ങളും ഒരേ സമയം പരസ്പര പൂരകങ്ങളും അതേസമയം വൈരുദ്ധ്യവുമാണെന്നതാണ് വസ്തുത. വാണിജ്യ വിജയം മാത്രം ലാക്കാക്കി നിര്‍മിക്കപ്പെട്ട ഒരു ചലച്ചിത്ര രചനയെ മുന്‍നിര്‍ത്തി അതി സൂക്ഷ്മതലത്തില്‍ ഇഴപിരിച്ചും പൊളിച്ചടുക്കിയുമുള്ള നിരീക്ഷണങ്ങള്‍ (അക്കാദമിക്ക് പഠനങ്ങളല്ല) സംഭവിക്കുന്നു എന്നത് നിശ്ചയമായും ആ സിനിമ ജനമനസുകളില്‍ നേടിയ സ്ഥാനത്തിനുള്ള നിദാനം തന്നെയാണ്. യവനികയേയും മണിച്ചിത്രത്താഴിനെയും എന്നപോലെ വര്‍ഷങ്ങള്‍ക്കിപ്പുറവും ദൃശ്യം എന്ന സിനിമയെച്ചൊല്ലി പുതിയ കാഴ്ചപ്പാടുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. സിനിമയില്‍ കുറ്റകൃത്യം നടന്ന തീയതി യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന കണ്ടെത്തല്‍ മുതല്‍ ഇതിന്റെ രണ്ടാംഭാഗ സാധ്യതവരെ ആരാഞ്ഞതും ചര്‍ച്ച ചെയ്തതും സൈബറിടങ്ങളിലെ പ്രേക്ഷകരാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇതൊന്നും താരാരാധനയുടെ ഭാഗമായി മാത്രം ഉടലെടുക്കുന്നതല്ല, മറിച്ച് സിനിമ അസ്ഥിയില്‍ പിടിച്ചതുകൊണ്ട് സംഭവിക്കുന്നതാണെന്നതാണ് സത്യം.

ദൃശ്യം 2 ലെ അയുക്തികളെപ്പറ്റിയുള്ള വിശകലനങ്ങളില്‍ പ്രകടമാകുന്ന വൈരുദ്ധ്യം കോടതി നടപടികളെക്കുറിച്ചുള്ളതാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലൊന്നും മുന്‍കൂര്‍ സമര്‍പ്പിക്കാതെ കോടതിയില്‍ കൊണ്ടുവന്ന് നാടകീയമായി വെളിപ്പെടുത്താനാവില്ലെന്നത് വാസ്തവം. എന്നാല്‍ അതേപോലെ തന്നെ സത്യമാണ് ഇന്ത്യയില്‍ ഒരു കോടതിയിലും ജഡ്ജി മര കൊട്ടുവടി കൊണ്ട് മേശമേലടിച്ച് ഓര്‍ഡര്‍ ഓര്‍ഡര്‍ എന്നാജ്ഞാപിക്കുന്ന ക്‌ളാസധ്യാപകനാവില്ലെന്നത്. ഒബ്ജക്ഷനും സസ്റ്റെയ്ന്‍ഡും സിനിമാക്കോടതികളില്‍ മാത്രം  കാണുന്ന സന്ദര്‍ഭങ്ങളാണ്. പക്ഷേ അതുകൊണ്ടൊന്നും കോടതി രംഗങ്ങള്‍ സിനികളില്‍ ആസ്വദിക്കപ്പെടാതെ പോയിട്ടില്ല.അങ്ങനെ കൃത്രിമമായ രംഗങ്ങളുണ്ടായിപ്പോയെന്നുവച്ച് രാജ്യത്തെ നീതിന്യായസംവിധാനത്തിന് തകരാറൊന്നും സംഭവിച്ചതുമില്ല. 

യുക്തി എന്നത് ബോധമനസില്‍ പൊതിഞ്ഞുവച്ച ശേഷമാണ് കാണുന്നതെല്ലാം അസത്യം എന്ന ഉത്തമബോധ്യത്തോടെ നാം ഇന്ദ്രജാലപ്രകടനം കാണാനിരിക്കുന്നത്. എന്നിട്ടും മാന്ത്രികന്‍ തന്റെ സഹായിയെ രണ്ടായി കണ്ടിച്ച് ഇരു കഷണങ്ങളാക്കി കാണിച്ച ശേഷം തിരികെ യോജിപ്പിച്ച് ജീവന്‍ കൊടുക്കുന്നത് കണ്ട് നാം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു. സസ് പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ് അഥവാ അവിശ്വാസത്തെ തല്‍ക്കാലത്തേക്ക് വിസ്മരിക്കുക എന്ന കലാസ്വാദനത്തിലെ ഈ സവിശേഷ മാനസികാവസ്ഥയെപ്പറ്റി മനശാസ്ത്രജ്ഞരും കലാസ്വാദനപഠിതാക്കളുമൊക്കെ ആവുംവിധം നിര്‍വചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതര കലകളില്‍ നിന്ന് വിഭിന്നമായി സസ്‌പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫിന് പ്രായോഗികത ഏറെയുളളത് ചലച്ചിത്രാസ്വാദനത്തിലാണ്. കാരണം സ്ഥലകാലങ്ങളുടെ കുഴമറിയല്‍ കൊണ്ട് ഘടനാപരമായിക്കൂടി സങ്കീര്‍ണമാണല്ലോ സിനിമ. അതിനുപരിയാണ് കഥാ/പ്രമേയ/ഇതിവൃത്ത തലങ്ങളിലെ അവിശ്വാസ്യത എന്ന ഘടകം. 

ഒരു മനുഷ്യക്കുട്ടിക്ക് പട്ടിക്കുഞ്ഞായി രൂപാന്തരം പ്രാപിക്കാന്‍ സാധിക്കുന്നതെങ്ങനെ എന്ന യുക്തി, വിശ്വാസം ചോദ്യചിഹ്നമായി ഉയര്‍ന്നിരുന്നെങ്കില്‍ ജി അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രം ആസ്വദിക്കാനാവാതെ പോകുമായിരുന്നു. കള്ളുകുടിയനായൊരു പ്രാദേശിക ഉപദേശിക്ക് കടലില്‍ കൂടി നടക്കാനാവുമോ എന്നു സന്ദേഹിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ എസ്തപ്പാന്‍ എന്ന സിനിമ തന്നെ ഉണ്ടാകുമായിരുന്നില്ല. ഷൂസും ഷൂലേസും പുഴുങ്ങി ന്യൂഡില്‍സ് പോലെ കഴിക്കുന്ന ചാപ്‌ളിനെ നാം കണ്ട് കരഞ്ഞത് അത് സംഭാവ്യമായതുകൊണ്ടല്ല, മറിച്ച് അതിലൂടെ അദ്ദേഹം ആവിഷ്‌കരിക്കാന്‍ ശ്രമിച്ച പട്ടിണിയുടെ ആഴം തിരിച്ചറിഞ്ഞാണ്.

സിനിമ അസംഭാവ്യമായതിനെ സംഭവിപ്പിച്ചു കാട്ടുന്ന മാധ്യമമാണ്. അതുകൊണ്ടാണ് നൂറുവര്‍ഷത്തെ സംഭവം ഒറ്റ ഫ്‌ളിക്ക് കൊണ്ട് പറഞ്ഞുപോവുന്നതും. പന്ത്രണ്ട് ഘടാഘടികന്മാരെ നൂലുപോലിരിക്കുന്ന രജനീകാന്തും അദ്ദേഹത്തേക്കാള്‍ മെലിഞ്ഞുണങ്ങിയ മരുമകന്‍ കൂടിയായ ധനുഷും ഒറ്റയടിക്ക് തറപറ്റിക്കുന്നതും പ്രേക്ഷകര്‍ യുക്തിഭംഗമേതും കൂടാതെ കണ്ടിരിക്കുന്നത്. ദൃശ്യം 2നെതിരായ വിമര്‍ശനങ്ങളിലധികവും തങ്ങളുടെ രാഷ്ട്രീയ സാമൂഹികശാസ്ത്ര വിശകലനങ്ങളില്‍ വിട്ടുകളഞ്ഞത് ആസ്വാദനത്തിലെ ഈ സിദ്ധാന്തത്തെയാണ്.

പൊലീസ് നായയെ കൊണ്ടുവന്ന് മണപ്പിച്ചിരുന്നെങ്കില്‍ കണ്ടെത്താമായിരുന്നതാണ് ദൃശ്യത്തില്‍ ജോര്‍ജ്കുട്ടി ജഡം കുഴിച്ചിട്ടതെന്ന ദൃശ്യം സിനിമയെപ്പറ്റിയുള്ള മറ്റൊരു സൈബര്‍ ട്രോള്‍ നോക്കുക. ഈ യുക്തി വിനിയോഗിക്കുകയാണെങ്കില്‍ സര്‍ഗാത്മകരചനതന്നെ ദുസ്സാദ്ധ്യമാവും. അങ്ങനെ നോക്കുകയാണെങ്കില്‍ ഫയര്‍ സര്‍വീസിനെയോ സി ആര്‍ പി എഫിനെയോ അറിയിച്ചിരുന്നെങ്കില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് സിനിമ തന്നെ സംഭവിക്കുമായിരുന്നില്ല. കുമാരപുരം ഗ്രാമത്തില്‍ ഒരു സൗജന്യ രക്തപരിശോധനാ ക്യാംപ് നടക്കുകയും അവിടെ സമ്പന്ന കുടുംബത്തില്‍ അംഗമായ ജോണിക്കുട്ടി (വിജയരാഘവന്‍) പോയി രക്തം പരിശോധിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ക്‌ളൈമാക്‌സിലെത്തുകയില്ല.ഒരു കൊള്ളസംഘത്തെ പിടിക്കാന്‍ അണ്ടര്‍ കവറില്‍ രണ്ടു പോലീസുകാര്‍ തുനിഞ്ഞിറങ്ങിയില്ലായിരുന്നെങ്കില്‍ ലിജോ ജോസിന്റെ ചുരുളി എന്ന സിനിമയും ഉണ്ടാകില്ല. ജോര്‍ജ് കുട്ടിയുടെ കുടുംബത്തെ പിന്തുടര്‍ന്ന് അവരുടെ രഹസ്യവും ദുരൂഹതയും കുരുക്കഴിച്ചെടുക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ നേരിട്ട് പൊലീസ് ദമ്പതികളെ അണ്ടര്‍കവറില്‍ അയല്‍വാസികളായി നിയോഗിക്കുന്നതും സര്‍ക്കാരിന്റെ യാതൊരുവിധ ഔപചാരിക പിന്തുണയും കൂടാതെ അതീവരസ്യമായി സമാന്തരാന്വേഷണം നടത്തുന്നതും അതിനായി ജോര്‍ജ് കുട്ടിയുടെ വീട്ടില്‍ രഹസ്യ മൈക്ക് സ്ഥാപിച്ച് സംഭാഷണം ചോര്‍ത്തുന്നതും അതുവഴിയുള്ള മനുഷ്യാവകാശലംഘനവുമാണ് ചിത്രത്തിനെതിരായി ഉന്നയിക്കപ്പെട്ട അധികാരിവര്‍ഗഭീകരത. മനുഷ്യാവകാശലംഘനത്തെ പരോക്ഷമായി ചിത്രം പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നുവെന്നാണ് ആരോപണം. ഈ മനുഷ്യാവകാശലംഘനം മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിലെ അജയന് (ടൊവിനോ) നേരെ നടന്നതില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലെന്നോര്‍ക്കുക. അതില്‍ അജയനും ലോകവും നേരിട്ട് അയാള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം അറിയുന്നുണ്ട്. ദൃശ്യം -2ലാവട്ടെ ചിത്രാന്ത്യത്തില്‍ പോലും തന്റെ വീട്ടില്‍ പൊലീസിന്റെ മൈക്രോഫോണ്‍ സര്‍വൈലന്‍സ് ഉണ്ടെന്ന് നായകനോ കുടുംബാംഗങ്ങളോ തിരിച്ചറിയുന്നതേയില്ല. അപ്പോള്‍പ്പിന്നെ ഇതിനെതിരെയുള്ള പ്രതികരണം ചിത്രത്തിലുള്‍പ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് തിരക്കഥാകൃത്ത് പരോക്ഷമായി അധികാരഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിക്കാനാവുന്നതെങ്ങനെ?

ദൃശ്യം-2 കുടുംബ പശ്ചാത്തലത്തില്‍ നെയ്‌തെടുത്ത ഒരു സാധാരണ ക്രൈംത്രില്ലര്‍ മാത്രമാണ്. ഇതേ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ട ദൃശ്യത്തിന്റെ തുടര്‍ച്ച. അതു നിര്‍മിക്കപ്പെട്ടത് ലോകം നന്നാക്കാനോ നശിപ്പിക്കാനോ ഉദ്ദേശിച്ചാണെന്ന് ധരിക്കാനാവില്ല. എല്ലാവിധ പ്രേക്ഷകരെയും ആനന്ദിപ്പിക്കുക മാത്രം ലക്ഷ്യമിട്ടുകൊണ്ടു ലാഭേച്ഛയോടെ മാത്രം നിര്‍മിക്കപ്പെട്ട ഒന്നാണത്. അതിനു വേണ്ടി ആളുകളെ പിടിച്ചിരുത്തുംവിധം ഘടനാപരമായ ഉറപ്പുള്ളൊരു തിരക്കഥയെയാണ് ജിത്തു ജോസഫ് ആധാരമാക്കുന്നത് എന്നു മാത്രം. അതാവട്ടെ ആദ്യഭാഗത്തെ വച്ചു നോക്കുമ്പോള്‍ താരതമ്യേന ദുര്‍ബലമാണെന്നതാണ് വാസ്തവം. എന്നിരുന്നാലും പ്രേക്ഷകനെ ഇരിപ്പിടത്തില്‍ പിടിച്ചിരിത്തുന്നതില്‍ അതു പരാജയപ്പെടുന്നുമില്ല.തിരക്കഥയിലെ ഈ നാടകീയത തന്നെയാണ് ദൃശ്യം 2 നെ തീര്‍ച്ചയായും കണ്ടിരിക്കാവുന്ന സിനിമയാക്കിത്തീര്‍ക്കുന്നത്, ബോറടിക്കാത്തതും. പ്രേക്ഷകനെ രണ്ടുമണിക്കൂര്‍ മറ്റെല്ലാം മറന്ന് ആസ്വദിക്കാനവസരം കൊടുക്കുക എന്നതിലപ്പുറമുള്ള പ്രതിബദ്ധതയൊന്നും ഈ സിനിമയുടെ സ്രഷ്ടാക്കള്‍ പോലും അവകാശപ്പെടുമെന്നും തോന്നുന്നില്ല. എന്നിട്ടും ഇത്രമേല്‍ നിരൂപണങ്ങള്‍ ഈ സിനിമയുടെ പേരില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് പരോക്ഷമായി ഈ സിനിമയുടെ വിജയമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പുറത്തിറങ്ങും മുമ്പേ തന്നെ നിര്‍മാണദശയിലേതന്നെ അസാമാന്യവും അസാധാരണവുമായ ഹൈപ്പ് സൃഷ്ടിച്ചെടുക്കാനുള്ള നിര്‍മാതാവിന്റെ വിപണനബുദ്ധിയുടെ വിജയമായും ഇതിനെ വ്യാഖ്യാനിക്കാം. ഇതിനുപരിയായി, തീയറ്ററിനു പുറത്ത് ലോകത്തെല്ലാവര്‍ക്കും ഒരേ സമയം മൊബൈലില്‍ പോലും കാണാനാവുന്നവിധത്തില്‍ ലഭ്യമാക്കിയെന്നതും എത്രതവണ ആവര്‍ത്തിച്ചു കാണാനുള്ള സാധ്യതയൊരുക്കി എന്നതും ദൃശ്യം 2 നെ കൂലങ്കഷമായി കണ്ട് പ്രിന്‍്‌റ് സ്‌ക്രീന്‍ എടുത്ത് വിശകലനം നടത്താന്‍ പ്രേക്ഷകര്‍ക്ക് അവസരമായി എന്നതും കണക്കിലെടുക്കണം.

സിനിമ നല്ലതാണോ അല്ലയോ എന്ന് ഒരാള്‍ നിശ്ചയിക്കുന്നത് തികച്ചും വൈയക്തികമായ പ്രക്രിയയാണ്. ഒരാള്‍ക്കിഷ്ടമായത് മറ്റൊരാള്‍ക്ക് ഇഷ്ടമാവണമെന്നില്ല.ദൃശ്യം സിനിമകള്‍ കാണുന്ന ഒരു പൊലീസുകാരനോ വക്കീലിനോ എന്തിന് ഒരു ക്രിമിനലിനുപോലും ആ സിനിമ ഇഷ്ടമാവണമെന്നില്ല. പത്രപ്വര്‍ത്തകന്‍ കൂടിയായിരുന്ന ഡെന്നീസ് ജോസഫ് എഴുതിയ ന്യൂഡല്‍ഹി എന്ന സിനിമയുടെ ക്‌ളൈമാക്‌സ് ലോകത്ത് ഏതു പത്രം ഓഫീസില്‍ നടക്കുമെന്ന യുക്തി മുഖ്യധാരാമാധ്യമപ്രവര്‍ത്തകനായ ഞാന്‍ മനസിലെങ്കിലും ചോദിച്ചാല്‍ പിന്നെ ആ സിനിമയില്ല! ഇതൊന്നും പത്രലോകത്ത് നടക്കാന്‍ പോകുന്നതല്ല എന്ന ഉത്തമബോധ്യത്തോടെ തന്നെ ഒരു കെട്ടുകഥയായി കണ്ട് ആ സിനിമയെ ആസ്വാദിക്കുന്നിടത്താണ് ഞാനെന്ന പ്രേക്ഷകനും ന്യൂഡല്‍ഹി എന്ന സിനിമയും തമ്മിലുള്ള രസതന്ത്രം മുറുകുന്നത്. അതാവട്ടെ അകൃത്രിമവും ഉപാധികളേതുമില്ലാത്തതുമാണ് താനും. ഈ ഉപാധികളില്ലാത്ത ആസ്വാദനത്തിലേക്ക് ലക്ഷങ്ങളെ ഒരേപോലെ ആകര്‍ഷിക്കാനായി എന്നതാണ് ദൃശ്യം 2 എന്ന സാധാരണ സിനിമയെ അസാധാരണമാക്കുന്ന ഘടകം. അതിനുത്തരവാദി തീര്‍ച്ചയായും അതിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജിത്തുജോസഫ് തന്നെയാണുതാനും.

ദൃശ്യം 2 പക്ഷേ വേറിട്ടതും വെല്ലുവിളിയായതുമായൊരു പരീക്ഷണമാകുന്നത് അത് വന്‍ വിജയം നേടിയൊരു സിനിമയുടെ രണ്ടാംഭാഗമാണെന്നതുകൊണ്ടാണ്. ആദ്യഭാഗം കണ്ട പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്ന അമിതപ്രതീക്ഷതന്നെയാണ് രണ്ടാം ഭാഗത്തില്‍ സംവിധായകനുമുന്നിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളി. മലയാളത്തിലെ തുടര്‍സിനിമകളില്‍ ഏറ്റവും ഓര്‍ഗാനിക്ക് എന്നു വിശേഷിപ്പിക്കാവുന്ന കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിനു പോലും പക്ഷേ ആദ്യഭാഗത്തിന്റെ കമ്പോളവിജയം നേടാനോ, അത്രതന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനോ സാധിച്ചതുമില്ല. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു ചിത്രത്തുടര്‍ച്ചയ്ക്ക് ഒരേപോലെ വിപണിവിജയം ഉറപ്പാക്കാനായിട്ടുണ്ടെങ്കില്‍ അത് ബാഹുബലിക്കാണ്. അതിലാവട്ടെ ഒന്നിച്ചു ചിത്രികരിക്കുകയും നോണ്‍ ലീനിയര്‍ നിര്‍വഹണം ഉപയോഗിക്കുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. ഇതിന്റെയൊന്നും പിന്‍ബലമില്ലാതെ ആദ്യഭാഗത്തേക്കാള്‍ സാധാരണമായും അതിനേക്കാള്‍ അസ്വാഭാവികമായുമുള്ള കഥാവസ്തു വച്ചുകൊണ്ട് ഒരു സിനിമ നിര്‍മിച്ച് അതിനു മുന്നില്‍ പ്രേക്ഷകരെ പൂണ്ടടക്കം പിടിച്ചിരുത്താനായെന്നതാണ് ദൃശ്യം 2 ന്റെ വാണിജ്യപരമായ പ്രസക്തി.



Saturday, February 08, 2020

അഞ്ചാം പാതിരായിലെ കമല!



രഞ്ജിത് ശങ്കറിന്റെ കമല ഇന്നലെ മഴവില്ലിലാണു കണ്ടത്. ചില സ്വകാര്യ തിരക്കുകള്‍ മൂലം തീയറ്ററില്‍ കാണാനാവാതെ പോയ സിനിമ. അതു കണ്ടു കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. ഇത് സിനിമയെപ്പറ്റിയുള്ള വിമര്‍ശനമല്ല, പകരം തീര്‍ത്തും അക്കാദമിക്കായ ഒരു കാര്യം മാത്രം. 

കാഴ്ചപ്പാട് സിനിമകളെ എങ്ങനെ വേറിട്ടതാക്കുന്നു എന്നും ഒരേ പ്രമേയം തന്നെ വ്യത്യസ്ത കാഴ്ചപ്പാടോടെ വേറിട്ട സമീപനത്തിലൂടെ ആവിഷ്‌കരിക്കുമ്പോള്‍  ആസ്വാദനതലത്തില്‍ അവ എങ്ങനെ വിഭിന്നമായ ലാവണ്യാനുഭവം പ്രദാനം ചെയ്യും എന്നതും ചൂണ്ടിക്കാണിക്കാന്‍ സമകാലിക മലയാള സിനിമയില്‍ നിന്നുള്ള പ്രത്യക്ഷോദാഹരണങ്ങളായി രണ്ടു സിനിമകളുണ്ട്. അതിലാദ്യത്തേത് കമല. രണ്ടാമത്തേത് മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിരയാണ്.


രണ്ടും ഒരേ കഥാവസ്തുവിന്റെ, പ്രമേയത്തിന്റെ രണ്ട് ഇതിവൃത്തസാക്ഷാത്കാരങ്ങളാണ്. അടിസ്ഥാനപരമായി രണ്ടും ഇരകളുടെ പക്ഷത്തു തന്നെയാണ് നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും രണ്ടിലെയും വീക്ഷണകോണിന്റെ ആണിക്കല്ല് രണ്ടാണ്. ആദ്യത്തേതില്‍, കൊലചെയ്യപ്പെടുന്നവരുടെ പക്ഷമോ, അവര്‍ കൊലചെയ്യപ്പെടുന്ന രംഗങ്ങളോ പോലും കാര്യമായ തിരയിടം അപഹരിക്കുന്നില്ല. കാരണം, കമലയിലെ പ്രതികാരമാര്‍ഗത്തിനല്ല, അതിനു പിന്നിലെ ബുദ്ധികൂര്‍മ്മതയ്ക്ക്, നായിക നിധിയുടെ ധൈര്യത്തിന് മാത്രമാണ് ഊന്നല്‍. മാത്രമല്ല, അവളൊരിക്കലും ഒരു സൈക്കോപാത്തുമല്ല. അവളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും അതു നിവര്‍ത്തിക്കുന്ന രീതിക്കുമാണ് സിനിമയുടെ കഥാനിര്‍വഹണത്തില്‍ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. തന്റെ ഉദ്ദേശ്യലക്ഷ്യം പരസ്യമാക്കാന്‍ യാതൊരു തരത്തിലും ആഗ്രഹിക്കുന്നവളല്ല നിധി. അതുകൊണ്ടുതന്നെ അതൊരു കുറ്റാന്വേഷണ ജനുസില്‍ പെട്ട ചിത്രമാകുന്നില്ല, പ്രമേയം അത്തരമൊരു അന്വേഷണമായിരിക്കെ തന്നെ.

അഞ്ചാം പാതിരയിലാവട്ടെ, കമലയിലെ നിധി എങ്ങനെയാണോ പൊലീസുകാരുടെ കൊലപാതകത്തിനു മുതിരുന്നത്, അതിനു സമാനമായ, ഒരു പക്ഷേ അതേ അനുഭവങ്ങള്‍ കൊണ്ടു തന്നെ പൊലീസുകാരെ ഒന്നൊന്നായി വകവരുത്തുന്ന നായകനും നായികയുമാണുള്ളത്. അഞ്ചാം പാതിരയിലെ നായകന്‍ ഡോ ബഞ്ചമിന്‍ ലൂയിസും, കമലയിലെ നിധിയും അതിബുദ്ധികളും ശാസ്ത്ര പശ്ചാത്തലമുള്ളവരും ഗവേഷകരുമാണ്. അവരുടെ ഗവേഷണഫലങ്ങളില്‍ ഊന്നിത്തന്നെയാണ് ഇരുവരും കൊലകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതും. പക്ഷേ ബഞ്ചമിന് പ്രതികാര വാഞ്ഛ മാനസികമായൊരു തലത്തിലേക്കു കൂടി കടക്കുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹമൊരു മനഃശാസ്ത്രവിശാരദനായതുകൊണ്ടുകൂടിയാവാമിത്. അതുകൊണ്ടാണ് അന്വേഷകരടക്കമുള്ള ലോകത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു കൊലപാതകപരമ്പര അയാള്‍ ആസൂത്രണം ചെയ്യുന്നത്. 

നിധിയ്ക്കാവട്ടെ അത്തരമൊരു മനസ്ഥൈര്യക്കുറവില്ല. എങ്കിലും അവള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതും ഒരേ രീതിയിലുള്ള പരമ്പരക്കൊലകള്‍ തന്നെയാണുതാനും. അവളെ സംബന്ധിച്ച് തെളിവ് അവശേഷിപ്പിക്കാതിരിക്കാനാണ് അവള്‍ തന്റെ സാമര്‍ത്ഥ്യം മുഴുവന്‍ വിനിയോഗിക്കുന്നത്. അതുകൊണ്ടാണ് പത്താം ക്‌ളാസും ഗുസ്തിയും മാത്രം യോഗ്യതയുള്ള ഒരു റിയല്‍ എസ്‌റ്റേറ്റ്/വാഹന ബ്രോക്കറായ സഫറിനെ അവള്‍ കൂട്ടുപിടിക്കുന്നത്.

രണ്ടു വീക്ഷണകോണുകള്‍ കാത്തുസൂക്ഷിക്കുമ്പോഴും ഈ രണ്ടു സിനിമകളിലെയും യഥാര്‍ത്ഥ കുറ്റാന്വേഷകര്‍, പരമ്പരക്കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതിയേയും അതിലേക്കു നയിച്ച മാനസികാവസ്ഥയേയും പുറത്തുകൊണ്ടുവരുന്നവര്‍ പൊലീസുകാരല്ല എന്നതും ശ്രദ്ധേയം. അഞ്ചാം പാതിരയില്‍, കുറ്റവാളികളുടെ മനസുപഠിക്കാനിഷ്ടപ്പെടുന്ന ഒരു സൈക്കോളജിസ്റ്റാണെങ്കില്‍, കമലയില്‍ സാധാരണക്കാരനായൊരു ഇടനിലക്കാരനാണ് അതു നിര്‍വഹിക്കുന്നത്. പൊലീസുകാര്‍ പ്രതിപക്ഷത്തു നില്‍ക്കുന്ന സിനിമകളില്‍ അവര്‍ കൂടി ഉള്‍പ്പെടുന്ന, അവര്‍ ഇരകളായിത്തീരൂന്ന കുറ്റകൃത്യത്തിന്റെ ദുരൂഹതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ വിധിക്കപ്പെട്ട മൂന്നാമന്‍. 

മൂലകൃതി ഏത് എന്ന അന്വേഷണത്തിലൊന്നും ആസ്വാദനത്തില്‍ വലിയ കാര്യമില്ല. കാരണം പ്രചോദനമെന്തു തന്നെയായാലും അത് എങ്ങനെ നിര്‍വഹിക്കുന്നു എന്നതു തന്നെയാണ് ഒരു കൃതിയെ മറ്റൊന്നില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. വാത്മീകി രാമായണമാണോ ഹോമറിന്റെ ഇലിയഡോ ഓഡീസിയോ ആണോ ആദ്യമുണ്ടായത് എന്നുള്ള അന്വേഷണം ആസ്വാദനത്തില്‍ എത്രത്തോളം അപ്രസക്തമാകുന്നോ തത്തുല്യമാണത്. മറിച്ച് ലോകത്തിന്റെ രണ്ടറ്റങ്ങളില്‍ മനുഷ്യകുലങ്ങളുടെ മനസുകളുടെ ആഴസഞ്ചാരങ്ങളടയാളപ്പെടുത്തിയ ഈ ഇതിഹാസകൃതികള്‍ തമ്മലുള്ള ഉള്ളടക്ക ഐക്യമാണ് ആസ്വാദകനെ അത്ഭുതപ്പെടുത്തുക. കാഴ്ചപ്പാടുകളിലൂടെ അവ എങ്ങനെ വൈവിദ്ധ്യമാവുന്നുവെന്നും വൈജാത്യം പുലര്‍ത്തുന്നു എന്നതുമാണ് ആഴത്തില്‍ പഠനമര്‍ഹിക്കുന്നത്. 

ക്‌ളാസിക്കുകളൊന്നുമല്ലെങ്കിലും കമല, അഞ്ചാം പാതിര എന്നീ ചിത്രങ്ങളുടെ ഈ വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളും സാമ്യവും തീര്‍ച്ചയായും തുടര്‍പഠനം അര്‍ഹിക്കുന്നുണ്ട് എന്നു മാത്രം പറയട്ടെ.

Wednesday, September 30, 2015

വിട്ടിലാചാര്യയുടെ ഫോര്‍മുലയ്ക്ക് അവതാറിന്റെ പാക്കിംഗ്!


 വിട്ടിലാചാര്യ എന്നൊരാളുണ്ടായിരുന്നു പണ്ട് തെലുങ്ക് സിനിമയില്‍. ജഗന്മോഹിനി, മായാമോഹിനി, ആലിബാബയും 40 കളളന്മാരും പോലുള്ള തട്ടുപൊളിപ്പന്‍ തെലുങ്ക് തമിഴ് സിനിമകളുടെ നിര്‍മാതാവും സംവിധായകനുമായിരുന്നു, കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായിരുന്ന വിട്ടിലാചാര്യ. വിട്ടല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ചതിലേറെയും തട്ടുപൊളിപ്പന്‍ ഇതിഹാസ, പുണ്യപുരാണ, ഇന്ദ്രജാല കഥകള്‍. സിനിമയിലെ പി.സി സര്‍ക്കാറോ, ഗോപിനാഥ് മുതുക്കാടോ ഒക്കെയായിരുന്നു അദ്ദേഹം. കാരണം സിനിമ അദ്ദേഹത്തിന് അദ്ഭുതം കാട്ടാനുള്ള മാര്‍ഗമായിരുന്നു. അതിമാനുഷികവും അദ്ഭുതവുമില്ലാതെ എന്തു സിനിമ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കംപ്യൂട്ടറും ഗ്രാഫിക്‌സുമില്ലാത്ത കാലത്ത് വെറും ഒപ്ടിക്‌സിനെ മാത്രം ആശ്രയിച്ച് വിട്ടിലാചാര്യ വെള്ളിത്തിരയില്‍ മായികക്കാഴ്ചകളൊരുക്കി. അതിനുമാത്രം പ്രേക്ഷകരെ അദ്ദേഹം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
സിനിമ, അദ്ഭുതങ്ങളെ വിട്ട് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കഥാനുഗായികളായിത്തീര്‍ന്നപ്പോഴാണ് വിട്ടിലാചാര്യ പലപ്പോഴും ഒരു പഴഞ്ചൊല്ലിന്റെ പരിഹാസത്തിലൊതുങ്ങിപ്പോയത്, കേരളത്തിലെങ്കിലും. എന്നാല്‍ ഹോളിവുഡിലെ കൊട്ടിഘോഷിക്കപ്പെട്ട പല സിനിമകളും കാണുമ്പോള്‍, അവയുടെ സാങ്കേതിക പൂര്‍ണത അംഗീകരിക്കുമ്പോള്‍ത്തന്നെ, അതിന്റെ വിട്ടിലാചാര്യ സ്വഭാവം ഓര്‍ത്തുപോയിട്ടുണ്ട്. അതിമാനുഷികവും അതിഭൗതികവും അതീന്ദ്രിയവുമായ ഭാവനകളില്‍ ഹോളിവുഡ് ജന്മം നല്‍കിയ പലസിനിമകള്‍ക്കും ഈ വിട്ടിലാചാര്യ ചാര്‍ച്ചയുണ്ടായിരുന്നുവെന്നതും സത്യം. എന്നാലിപ്പോള്‍ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് തെലുങ്കില്‍ നിന്നു തന്നെയുള്ള ബാഹുബലി. പക്ഷേ, യുക്തിയുടെ അസഹ്യമായ തീവ്രതയില്‍ അഭിരമിക്കുന്ന സമാന്തര തലമുറയ്ക്കു മുന്നില്‍ ബാഹുബലി ചരിത്രത്തില്‍ ഇതേവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെ എല്ലാം പിന്തള്ളി മഹാവിജയം നേടിയതിനു പിന്നിലെ സൂക്ഷ്മാംശങ്ങള്‍ മാധ്യമപഠിതാക്കള്‍ അവഗണിക്കേണ്ടതല്ല, മറിച്ച് ഗഹവും ആഴവുമായി പഠിക്കേണ്ടതാണെന്നാണ് എന്റെ പക്ഷം.
എന്താണ് ബാഹുബലി എന്ന, അല്ലെങ്കില്‍ ഒരു സാധാരണ വിട്ടിലാചാര്യ ഫോര്‍മുല സിനിമയെ ഇത്ര ഭയങ്കര വിജയമാക്കിത്തീര്‍ത്ത ഘടകങ്ങള്‍?
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, യുക്ത്യതീതമായതിനെ യുക്തിസഹമാക്കുകയും, അവിശ്വസനീയമായതിനെ വിശ്വാസയോഗ്യമാക്കുകയും സാങ്കേതികതയുടെ പിന്‍ബലത്തോടെ അതിനെ സാധാരണമാക്കുകയും ചെയ്തതാണ് ബാഹുബലിയുടെ വിജയരഹസ്യം.
യുക്തിക്കു നിരക്കാത്തതിനെയാണ് ചലച്ചിത്രം എന്ന മാധ്യമം, അതുണ്ടാക്കിയ കാലം മുതല്‍ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചിട്ടുള്ളത്. അസാധ്യമായത് അവതരിപ്പിച്ചു കാണിക്കുക എന്നതിലായിരുന്നു സിനിമയുടെ താല്‍പര്യം. ട്രിപ് ടു ദ മൂണും, രാജാ ഹരിശ്ചന്ദ്രയും ആദ്യകാല സിനിമകള്‍ക്കു വിഷയമായത് അതില്‍ ആവിഷ്‌കരിച്ച അദ്ഭുതദൃശ്യങ്ങളുടെ സാധ്യതകണ്ടുകൊണ്ടാണ്. ഒരേ സമയത്തു പലയിടത്തു നടക്കുന്നതിനെ ഒന്നിടവിട്ടു കാണിക്കുകയും, നൂറ്റാണ്ടിന്റെ ചരിത്രത്തെ ഒരു മണിക്കൂര്‍ കൊണ്ടു കാണിക്കുകയും ചെയ്യുന്ന ഇന്ദ്രജാലം കൂടിയാണല്ലോ സിനിമ. അതുകൊണ്ടാണ് സിനിമ സ്വപ്‌നവ്യാപാരമായതും. അതുകൊണ്ടുതന്നെ, ബാഹുബലി അത് ആവിഷ്‌കരിച്ച് അതീന്ദ്രിയവും അതിഭൗതികവുമായ അസ്വാഭാവികതകളുടെയും അവിശ്വസനീയതയുടെയും പേരില്‍ മാറ്റിനിര്‍ത്തപ്പെടേണ്ട സിനിമയാകുന്നില്ല. എന്നുവച്ച് അത് മികച്ച സിനിമകളുടെ ഗണത്തില്‍ ഉള്‍പ്പെടുകയുമില്ല. എങ്കില്‍പ്പിന്നെ എന്താണ് ആ സിനിമയുടെ സവിശേഷത?
ശരാശരി വിട്ടിലാചാര്യ സിനിമയെ അസാധാരണമായ ഹോളിവുഡ് ഫോര്‍മാറ്റിലേക്ക് യുക്തിപൂര്‍വം ഇളക്കിപ്രതിഷ്ഠിക്കുന്നിടത്താണ് ബാഹുബലിയുടെ വിജയം. ആധുനിക സാങ്കേതികതയുടെ എല്ലാ സൗകര്യങ്ങളും കൈയാളിക്കൊണ്ട്  ഒരിക്കലും ദഹിക്കാത്ത കാര്യങ്ങളെപ്പോലും സാധാരണമെന്നോണം അവതരിപ്പിക്കുകയാണ് സംവിധായകനായ രാജമൗലി ചെയ്തത്. ഇന്ത്യയില്‍ എന്നല്ല, ലോകമുണ്ടായ കാലം മുതല്‍ക്ക്, രാജ്യങ്ങളും സാമ്രാജ്യങ്ങളും സമ്രാട്ടുകളും ഉണ്ടായ കാലം മുതല്‍ക്ക് നടന്നുവന്നതും കേട്ടും കണ്ടും വന്നതുമായ കഥതന്നെയാണ് ബാഹുബലി. ഭൂമിക്കും പെണ്ണിനും സ്വത്തിനും വേണ്ടിയുള്ള പടപ്പോരാട്ടങ്ങളും ചതിയും വഞ്ചനയും ത്യാഗവും സഹനവും പ്രതികാരവുമെല്ലാം ചേര്‍ന്ന രാജ്യതന്ത്രങ്ങളുടെയും കഥ. പക്ഷേ, ബാഹുബലി വ്യത്യസ്തമാവുന്നത്, അതില്‍ ഇത്തരം ചരിത്രങ്ങളുടെയെല്ലാം പ്രാതിനിധ്യമുണ്ടെന്നുള്ളതാണ്. രുചികളുടെ ഒറ്റപ്പെടലില്‍ മാറി നില്‍ക്കുന്ന പുളിശേരിയോ ഓലനെ പോലല്ലാതെ, രുചിസമഗ്രതയുടെ സമ്മേളനത്തിലൂടെയുണ്ടാവുന്ന അവിയലോ സാമ്പാറോ ആവുകയാണ് ബാഹുബലി. കാരണം അതില്‍ ലോകത്തുണ്ടായ അധിനിവേശങ്ങളുടെ, ചെറുത്തുനില്‍പ്പിന്റെ, വഞ്ചനയുടെ, പ്രതികാരത്തിന്റെ എല്ലാം ഘടകങ്ങളുണ്ട്. ഒരു ജനുസില്‍ മാത്രമായി തളച്ചുനിര്‍ത്തപ്പെടാത്തൊരു സിനിമയാകുക വഴിയാണ് ബാഹുബലി സാര്‍വലൗകികവും സാര്‍വജനീനവുമായിത്തീരുന്നത്. മൈക്രോവേവ് ഓവനും ഗ്യാസുമടക്കമുള്ള മേല്‍ത്തരം പാചകസാമഗ്രികളുടെ പിന്തുണയുറപ്പാക്കിയെന്നതാണ് അതില്‍ വെന്ത മസാലക്കൂട്ടിനെ അടിക്കുപിടിക്കാതെ രക്ഷിക്കുന്നത്.
വിട്ടിലാചാര്യയുടെ സിനിമകളില്‍ അദ്ഭുതദൃശ്യങ്ങള്‍ക്കൊപ്പം അത്യാവശ്യം സംഘര്‍ഷം, സംഘട്ടനം, സെക്‌സ്, പളപളപ്പന്‍ സെറ്റ്, ഡാന്‍സ്, പാട്ടുകള്‍ ഇവയെല്ലാം യഥോചിതം ചേര്‍്ന്നിരിക്കും. ബാഹുബലിയിലും ഈ പാചകവിധിയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷേ, അവയുടെ ടെക്‌സ്ചറിലാണ് അതു വേറിട്ടതാവുന്നത്. കാരണം ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പശ്ചാത്തലത്തിലൂന്നിയ ചില ചിന്തകള്‍ ഈ ചിത്രിത്തിന്റെ പിന്നിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ്, ദക്ഷിണേന്ത്യയിലെവിടെയെങ്കിലും എന്നൊരു ഭൂപരിധി മാത്രം സൂചകമായിക്കൊണ്ട് ഇന്ത്യന്‍ വാസ്തുരൂപത്തില്‍ ഒരു രാജധാനി സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് അനേകം വിദേശാധിനിവേശങ്ങളുടെ പടയോട്ടചരിത്രമുള്ള ഇന്ത്യയില്‍ ആഫ്രിക്കന്‍ എന്നും വ്യാഖ്യാനിക്കുന്ന ഒരു ഗോത്രത്തെ ശത്രുപക്ഷത്തു പ്രതിഷ്ഠിച്ചിട്ടുള്ളത്. ബാഹുബലിയിലെ രാജധാനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റിയുണ്ട്. അത് അവിടത്തെ സാങ്കേതികതകൊണ്ടും, സാമ്പത്തികം കൊണ്ടുംവരെ അടയാളപ്പെടുത്തുന്നുമുണ്ട് സംവിധായകന്‍. നന്ദനന്ദനന്മാരുടെ കാലഘട്ടത്തിലെ ചാണക്യാലേഖനങ്ങളോട് അതിന് വിദൂരബന്ധവും ആരോപിക്കപ്പെടാം. മഹാഭാരതം മുതല്‍ക്ക് നാം കേട്ടറിയുന്ന, ശാരീരികാവശതമൂലം കിരീടം നഷ്ടമാവുന്നവന്റെ പങ്കപ്പാടുകളും ബാഹുബലി വരഞ്ഞുകാട്ടുന്നുണ്ട്. ആളറിയാതെ/ അറിഞ്ഞിട്ടും വെളിപ്പെടുത്താതെ കീഴാളര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാവകാശിയുടെ കഥകളും ചരിത്രേതിഹാസങ്ങളില്‍ കഥകളായും യാഥാര്‍ത്ഥ്യമായും നാം അനുഭവിച്ചിട്ടുള്ളതാണ്. മതമൈത്രിയുടെ, മേലാള-കീഴാള ബന്ധത്തിന്റെ, പ്രണയത്തിന്റെ, പ്രണയനിരാസത്തിന്റെ എരിപുളി മസാലകള്‍ ഇതൊക്കെത്തന്നെയാണ് ബാഹുബലിയിലെയും ചേരുവകള്‍. എന്തിന്, ശരാശരി ഇന്ത്യന്‍ മുഖ്യധാരാസിനിമയുടെ കമ്പോളച്ചേരുവകളില്‍ സുപ്രധാനമായ ഐറ്റം ഡാന്‍സ് വരെ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്, മനോഹരീ എന്ന ഗാനരംഗത്തില്‍. പക്ഷേ, അതൊക്കെയും നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, വിശ്വസനീയം എന്നു തോന്നിപ്പിക്കുന്ന ചില ഉപഘടകങ്ങളും ഘടനകളും കൊണ്ട് സ്വര്‍ണം പൂശി സാധാരണമാക്കിയിരിക്കുന്നു. സ്‌പെഷല്‍ എഫെക്ടുകളില്‍ എന്നതിനപ്പുറംഹോളിവുഡിന്റെ വിട്ടിലാചാര്യയായ ജയിംസ് കാമറൂണിന്റെ അവതാര്‍ എന്ന സിനിമ ബാഹുബലിക്ക് പ്രചോദനമാവുന്നത് അങ്ങനെകൂടിയാണ്.
ഹോളിവുഡ് കാണിക്കുന്നതെന്തും ആധികാരികം എന്നൊരു അക്കാദമിക മിഥ്യയുണ്ട്. അതുകൊണ്ടാണ് സ്പില്‍ബര്‍ഗും ജോര്‍ജ് ലൂക്കാസും സ്റ്റാന്‍ലി ക്യൂബ്രിക്കുമൊക്കെ ഇതിഹാസങ്ങളായി ആഘോഷിക്കപ്പെടുന്നത്. ഈ സാങ്കേതിക ആധികാരികതയെയാണ് അവരുടെ തന്നെ ഛന്ദസും ചമത്കാരവും ഉപയോഗിച്ച് രാജമൗലി മറികടന്നിരിക്കുന്നത്. ഇതേ സാങ്കേതികതയുടെ പിന്‍ബലമുണ്ടായിട്ടും ശങ്കറിന്റെ യന്തിരന്‍ എന്ന ബ്രഹ്മാണ്ഡ സിനിമ തനി ഡപ്പാംകൂത്ത് ദൃശ്യസമീപനം കൈക്കൊണ്ടപ്പോള്‍, ബാഹുബലി വേറിട്ടതാവുന്നത് പ്രത്യക്ഷത്തില്‍ മിതത്വം എന്നു തോന്നിപ്പിക്കുന്ന ഹോളിവുഡിന്റെ ദൃശ്യയുക്തി പിന്‍പറ്റിയതുകൊണ്ടാണ്. അമിതവണ്ണവും കുടവയറുമുള്ള രാക്ഷസരൂപങ്ങളുടെയും ദുര്‍മേദസു തൂങ്ങിയ രാജാക്കന്മാരുടെയും ഭടന്മാരുടെയും സ്ഥാനത്ത് സിക്‌സ് പാക്കും എയിറ്റ്പാക്കുമുള്ള നായകനെയും വില്ലനെയും അവതരിപ്പിക്കുന്നിടത്തുതുടങ്ങുന്നതാണിത്.ചുരുക്കിപ്പറഞ്ഞാല്‍, സ്വാഭാവികതയെ അതിശയോക്തിയാക്കുന്ന വിട്ടിലാചാര്യ ചേരുവകളെത്തന്നെ, ന്യൂനോക്തിയിലൂടെ സാധാരണമാക്കുന്ന റീ പാക്കേജിംഗ് ആണ് ബാഹുബലിയില്‍ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പൗരസ്ത്യബോധത്തെ അഭിസംബോധനചെയ്യുമ്പോഴും പാശ്ചാത്യ മിതത്വം പിന്‍പറ്റാനതിനാവുന്നത്. അതുകൊണ്ടുതന്നെയാണ്, പാശ്ചാത്യസാങ്കേതികതയെ ആശ്രയിക്കുമ്പോഴും നമുക്കാവശ്യമായ നാടന്‍ മസാലക്കൂട്ടുകള്‍ അളവൊപ്പിച്ച് ഉറപ്പാക്കാനാവുന്നതും. താരമുഖങ്ങളോക്കെ അപ്രസക്തമാവുന്നതും മറ്റൊന്നും കൊണ്ടല്ല.ചേരുവകളുടെ കൃത്യതയിലെന്നോണം, അതിന്റെ ഗുണമേന്മയില്‍ പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത നിഷ്‌കര്‍ഷ അതാണ് ഈ പാക്കിംഗിന്റെ വിജയരഹസ്യം.

Monday, February 10, 2014

നിഷ്‌കളങ്ക നര്‍മത്തിന്റെ ക്രീസില്‍ ഒരു സിക്‌സര്‍

രണ്ടുമൂന്നു ധൈര്യങ്ങളാണു 1983 എന്ന കൊച്ചുസിനിമയെ മനസില്‍ തൊടുന്നതാക്കുന്നത്. ഒന്ന്, ക്രിക്കറ്റ് പോലൊരു കളിയെ അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കുമ്പോള്‍, അതു ക്രിക്കറ്റ് അറിയാത്ത സാധാരണക്കാരെ കൂടി രസിപ്പിക്കുന്നതാക്കുക. രണ്ട്, സാങ്കേതികമായി ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തിലേക്കു വഴിതെറ്റാതിരിക്കുക. മൂന്ന്, ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുമ്പോള്‍, ഫ്രെയിമുകളുടെ സൗന്ദര്യം പ്രമേയസാക്ഷാത്കാരത്തെ മറികടന്നു നില്‍ക്കുന്നതു തടയുക. മൂന്നു നിലയ്ക്കും വിജയിച്ചു എന്നതാണ് എബ്രിഡ് ഷൈന്റെ കന്നി സിനിമ 1983യെ മലയാളത്തിലെ സമകാലിക സിനിമകളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലെത്തിക്കുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മുമ്പു കണ്ട സിനിമകളുടെ നിഴല്‍ പതിയാതിരിക്കുക എന്നതാണ് അതേവിഷയത്തില്‍ ഇനിയൊരു സിനിമയെടുക്കുമ്പോള്‍ അതിന്റെ സ്രഷ്ടാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ലഗാന്‍, ഇഖ്ബാല്‍, കൈ പോ ചെ പോലുള്ള സിനിമകളെ കൈനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് അതേ ജനുസില്‍ ഒരു സിനിമ കൂടി കാണേണ്ടിവരുമ്പോള്‍, സ്വാഭാവികമായ മുന്‍വിധികളുണ്ടാവും. ആ മുന്‍വിധികളെ ദൃശ്യസമീപനത്തിന്റെ ആര്‍ജ്ജവവും തെളിച്ചവും ആത്മാര്‍ത്ഥതയും പുതുമയും കൊണ്ട് മറികടക്കുകയാണ് തിരക്കഥാകൃത്തുക്കളായ ഷൈനും ബിപിന്‍ ചന്ദ്രനും. അതൊരു നിസ്സാര കാര്യമല്ല. നാട്ടിന്‍പുറത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ കഥ എന്ന വണ്‍ലൈനിലും ഈ സിനിമയെ കള്ളിചേര്‍ക്കാവുന്നതേയുള്ളൂ. അപ്പോഴും മലര്‍വാടി ആര്‍ട്‌സ്‌കഌബ് തുടങ്ങിയ ഒട്ടുവളരെ സിനിമകളുടെ നിഴല്‍ 1983 നു മുകളില്‍ ഡെമോകഌസിന്റെ വാളായി തൂങ്ങിയാടുന്നുണ്ട്. ഇവിടെയും ആത്മനിഷ്ഠമായ നേരനുഭവങ്ങളുടെ ഊര്‍ജം കൊണ്ട് സ്രഷ്ടാക്കള്‍ സിനിമയെ രക്ഷിക്കുന്നുണ്ട്.
ശബ്ദപഥത്തെ ക്രിയാത്മകമായി കുറേക്കൂടി സ്വാതന്ത്ര്യത്തോടെ, സമാന്തരമായ അര്‍ത്ഥോത്പാദനത്തിനുള്ള ഉപാധിയായി ഉപയോഗിച്ചതാണ് 1983 നെ വേറിട്ടതാക്കുന്ന മറ്റൊരു സൂക്ഷ്മാംശം. ഒരിക്കലും ദൃശ്യങ്ങളുടെ സ്വാഭാവിക യാതാര്‍ത്ഥ്യത്തെയല്ല ഈ ചിത്രത്തിലെ ശബ്ദപഥം പിന്തുടരുന്നത്. മറിച്ച്, പറയാതെ പറഞ്ഞുവയ്ക്കുന്ന എത്രയോ തമാശകള്‍ക്ക് ധ്വന്യാത്മകമാവുന്നു ശബ്ദരേഖ. കള്ളം പറയുന്ന ബോബെ കളിക്കാരന്റെ സംഭാഷണങ്ങള്‍ക്കു പശ്ചാത്തലമാവുന്ന വെടിശബ്ദം മുതല്‍, തടിച്ചുചീര്‍ത്ത ബ്യൂട്ടീഷ്യനെ അവതരിപ്പിക്കുമ്പോഴുള്ള പശ്ചാത്തലസംഗീതം വരെ ഇങ്ങനെ ചാപഌനിസ്‌ക്ക് എന്നു വിശേഷിപ്പിക്കാനാവുന്ന മാനം കൈക്കൊള്ളുന്നു.സാന്ദര്‍ഭികവും സ്വാഭാവികവുമായതല്ലാത്ത ഒരു തമാശ പോലും ഈ സിനിമയിലില്ലെന്നതാണ് ന്യൂ ജനറേഷന്‍ സംവര്‍ഗങ്ങളില്‍ 1983 നെ വ്യത്യസ്തമാക്കുന്നത്. ചുണ്ടിന്റെ കോണില്‍ ഒളിപ്പിച്ചു നിര്‍ത്തിയൊരു ചിരി, അതാണ് 1983 ന്റെ അവതരണതലത്തില്‍ അന്തര്‍ലീനമായ തുടര്‍ച്ച.
ഇറ്റാലിയന്‍ നവകഌസിക്കുകളില്‍ ഒന്നായ റോബര്‍ട്ടോ ബനീഞ്ഞിയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മറക്കാനാവാത്തൊരു ദൃശ്യമുണ്ട്. സാഹസികമായി തന്റെ പ്രണയേശ്വരിയെ അവളുടെ വിവാഹനിശ്ചയച്ചടങ്ങിനിടെ അവളുടെ ആഗ്രഹപ്രകാരം കുതിരപ്പുറത്ത് തട്ടിക്കൊണ്ടുവരുന്ന നായകന്‍ സ്വന്തം വീട്ടിനുള്ളിലേക്ക് അവളെ കയറ്റാന്‍ താക്കോലന്വേഷിക്കുന്നതിനിടെ മുറ്റത്തെ പൂന്തോട്ടം കാണാനിറങ്ങുന്ന നായികയെ പിന്തുടരുന്നതും, ക്യാമറ ഒരു കറങ്ങിത്തിരിയലിനുശേഷം ഗ്രീന്‍ ഹൗസില്‍ നിന്നു പുറത്തിറങ്ങുന്നത്, വര്‍ഷങ്ങള്‍ക്കിപ്പുറം നായികാനായകന്മാരുടെ മകനോടൊപ്പം മറ്റൊരു കാലത്തേക്ക് കട്ട് ചെയ്യുന്നതുമായൊരു ഒറ്റസീന്‍. സമാനമായൊരു സീനുണ്ട് 1983 ല്‍. ആദ്യരാത്രിയിലെ ദുരന്തങ്ങളില്‍ നിന്ന് മകനെ ഭക്ഷണമൂട്ടുന്ന സുശീലയിലേക്കുള്ള പാന്‍ കട്ട്. ഒരു ഷോട്ട് മോഷണമാവാത്തതും പ്രചോദനമാവുന്നതുമെങ്ങനെ എന്നറിയണമെങ്കില്‍ ഈ രംഗത്തിന്റെ ദൃശ്യസമീപനത്തില്‍ സംവിധായകന്‍ പുലര്‍ത്തിയ കൈയൊതുക്കം കണ്ടാല്‍ മാത്രം മതി.
ഗൃഹാതുരത്വം കാലഘട്ടത്തില്‍ മാത്രമല്ല അതിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധിച്ച് ഉത്പാദിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകന്‍. കഥാപാത്രങ്ങള്‍ വെവ്വേറെ കാലഘട്ടങ്ങളില്‍ ഇടപെടുമ്പോള്‍ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാപോസ്റ്ററുകളെ പോലും കാലസൂചകങ്ങളാക്കി മാറ്റാന്‍ ശ്രദ്ധവച്ചിരിക്കുന്നു. ഫ്രെയിമില്‍ അകാലികമായ യാതൊന്ന്ും അറിയാതെ പോലും വന്നുപെടാതിരിക്കാനും ധ്യാനനിര്‍ഭരമായ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു. അതിന് അടിവരയിടുന്നതാണ് സാഗരസംഗമത്തിലെ പ്രശസ്തമായ മൗനം പോലും മധുരം ഈ മഴനിലാവിന്‍ മടിയില്‍ എന്ന പാട്ടിന്റെ മധുരനിഴല്‍ വീണ ഓലഞ്ഞാലി കുരുവി എന്ന പാട്ട്. അതിന്റെ ഈണമുണ്ടാക്കുന്ന ഗൃഹാതുരത്വം സിനിമയെ ഒട്ടൊന്നുമല്ല പിന്തുണയിക്കുന്നത്.അച്ഛന്‍-മകന്‍ ബന്ധത്തിന്റെ മൂന്നു തലമുറയെ അര്‍ത്ഥവത്തായി വരഞ്ഞിടാനുമായി ഷൈനിന്‌
അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും 1983 ഏറെ ശ്രദ്ധേയമായി. ഒറ്റഷോട്ടില്‍ വന്നു പോകുന്ന നടീനടന്മാര്‍ പോലും അവരെ മാറ്റിനിര്‍ത്തി ചിന്തിക്കാനാവാത്തവണ്ണം അനിവാര്യമാകുന്നുണ്ട്. തന്നില്‍ തികഞ്ഞൊരു നടനുണ്ടെന്ന് നിവന്‍ പോളി ആവര്‍ത്തിക്കുന്നു. ജോയ് മാത്യു, ജേക്കബ് ഗ്രിഗറി, സൈജുകുറുപ്പ് അനൂപ് മേനോന്‍ തുടങ്ങിയവരെല്ലാം തന്താങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോള്‍ നായകനായ രമേശന്റെ ഭാര്യ പൊട്ടിക്കാളിയായ സുശീലയായി വന്ന ശ്രീന്ദയുടെ പ്രകടനം, അതൊരു പ്രത്യേക മെഡല്‍ അര്‍ഹിക്കുന്നു.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് സാര്‍ത്ഥകമായൊരു ദൃശ്യകാണിക്ക കൂടിയാണ് ഈ സിനിമ.എബ്രിഡ് ഷൈന് അഭിമാനിക്കാം. ഗണിപതിക്കു കുറിച്ചത് സിക്‌സറല്ല, സെഞ്ച്വറി തന്നെയാണ്. ഇനിയും ഓവറുകള്‍ ബാക്കിയുണ്ട് ഷൈനിന്, വിക്കറ്റുകളും.

Friday, May 24, 2013

മഹാനഗരത്തിലെ ഉറുമ്പിന്‍പറ്റങ്ങള്‍


രാഷ്ട്രീയത്തില്‍ അടുത്തിടെ പ്രചാരത്തില്‍ വന്ന ഒരു പ്രയോഗം കടമെടുത്തു പറയുകയാണെങ്കില്‍ മൂന്നു താക്കോല്‍ വാചകങ്ങളും ഒരു താക്കോല്‍ ദൃശ്യവുമാണ് ശ്യാമപ്രസാദിന്റെ ഇംഗ്‌ളീഷ് എന്ന സിനിമയുടെ ഹൃദയത്തിലേക്കുള്ള താക്കോല്‍. മഹാനഗരങ്ങളിലെ മനുഷ്യക്കൂട്ടങ്ങളെ കാണുമ്പോള്‍ ഉറുമ്പിന്‍ പറ്റങ്ങളെ ഓര്‍മവരും എന്നൊരു നിരീക്ഷണമാണതിലൊന്ന്. ഇംഗഌഷ് എന്ന സിനിമയുടെ മൊത്തം ദൃശ്യപരിചരണവും ഈയൊരു നിരീക്ഷണത്തെയാണ് പ്രമേയമാക്കുന്നത്. ലെയ്റ്റ് മോട്ടീഫ് എ്ന്ന നിലയ്ക്ക് ആവര്‍ത്തിക്കുന്ന കട്ട് എവേ ദൃശ്യസമുചയവും നഗരത്തിന്റെ ഭ്രാന്തന്‍ തിരക്കിന്റെ അതിവേഗരംഗങ്ങളാണ്. എവിടെനിന്നില്ലാതെ, എങ്ങോട്ടേയ്‌ക്കെന്നില്ലാതെ,എന്തിനെന്നില്ലാതെ നിസ്സംഗം ചലിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍....
ഇനിയൊന്ന്, കഥാഗതിയുടെ നിര്‍ണായകമായൊരു വഴിത്തിരിവില്‍ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍ വച്ച് ജീവിതത്തിലാദ്യമായി പരസ്പരം കണ്ടുമുട്ടുന്ന, രണ്ടുപേര്‍, ഒരു മധ്യവയസ്‌കയും ഒരു ചുള്ളനും, തങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും സന്ദിഗ്ധമായ, സങ്കീര്‍ണമായ നിമിഷത്തില്‍ നടത്തുന്ന സംഭാഷണമാണ്. ' ജീവിതത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളെങ്കിലും എടുക്കേണ്ടിവരുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ വരും' എന്ന നാദിയ മൊയ്തുവിന്റെ സരസുവിന്റെ വാക്കുകള്‍ക്കു മുന്നില്‍ ഒന്നു പകച്ചു പോകുന്ന സിബിന്‍ കുര്യാക്കോസിന് (നിവിന്‍പോളി) ഒരുകാര്യത്തില്‍ സംശയമേയില്ല-' നിങ്ങള്‍ പറയുന്നതെന്താണെന്ന് എനിക്കുമനസ്സിലാവുന്നില്ല. പക്ഷേ, ഒന്നെനിക്കറിയാം, നിങ്ങള്‍ പറഞ്ഞതു ശരിയാണ്'
ഈ രണ്ടു താക്കോലുകളും കൊണ്ടു തുറക്കുമ്പോള്‍ കാണുന്ന ദൃശ്യം, ദിക്കറ്റ വിധിയുടെ കൊടുംപ്രവാഹത്തില്‍, ജീവിതം തന്നെ ഒരു കളിയാട്ടമായിത്തീരുന്ന ദുര്‍വിധിയാണ്. ആട്ടക്കാരനായ ശങ്കരന്‍, തന്റെ ജീവിതം തന്നെ മഹാനഗരത്തില്‍ ആടിത്തീര്‍ക്കുകയാണ്. കഥകളിപോലെ ജീവിതം. അതില്‍ കഥയുണ്ട്, കളിയുമുണ്ട്.
നാളിതുവരെയുള്ള ശ്യാമപ്രസാദ് സിനിമകളില്‍ നിന്ന് ഇംഗഌഷിനുള്ള പ്രധാന വ്യതിയാനം, രേഖീയ ആഖ്യാനത്തിന്റെ അതിലംഘനമാണ്. ശ്യാം സിനിമകളുടെ മുഖമുദ്ര തന്നെ മനുഷ്യമനസുകളുടെ ഉള്ളകസങ്കീര്‍ണതകളിലേക്ക് അരികെ നിന്നും അകലെ നിന്നുമുള്ള അതിസീക്ഷ്മവിശകലനമാണ്. തീര്‍ത്തും ഋജുവായ, ആത്മഗതത്തോളം പതിഞ്ഞ താളത്തിലുള്ള ഉള്‍നോട്ടം. നേര്‍ രേഖപോലെ ലംബമാനമായ ആഖ്യാനം. അതായിരുന്നു ശ്യാം സിനിമകളെല്ലാം. എന്നാല്‍, ആദ്യം പറഞ്ഞ മനുഷ്യമനസുകളുടെ വ്യാഖ്യാനങ്ങളുടെ കാര്യത്തില്‍ പ്രസക്തമായ നിലപാടുകളുണ്ടെങ്കിലും തിരശ്ചീനമായ ആഖ്യാനശൈലിവിട്ട് നോണ്‍ ലീനിയറായ, അല്‍പം സങ്കീര്‍ണമായ ബഹുതല ആഖ്യാനത്തെയാണ് ഇംഗഌഷില്‍ പരീക്ഷിച്ചിട്ടുള്ളത്. നവഭാവുകത്വ സിനിമകളുടെ പൊതു സ്വഭാവത്തോട് ഒട്ടിനില്‍ക്കുന്ന ഒന്നാണ് അതീവസങ്കീര്‍ണമായ ഈ നോണ്‍ ലീനിയര്‍ പ്രമേയാവതരണശൈലി.
നഗരം നഗരം മഹാസാഗരം എന്നൊക്കെപ്പറയുമ്പോലെ, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം പോലുള്ള കഌഷേ സങ്കല്‍പനങ്ങളെയും, സമീപനങ്ങളെയും പുറംകൈക്കു തള്ളി, ഉറുമ്പിന്‍പറ്റങ്ങളെപ്പോലെ അര്‍ത്ഥമില്ലാത്ത, യാന്ത്രികമായ ദിനചര്യകളില്‍ സ്വയം മറക്കുന്ന നഗരജീവിതങ്ങളിലെ ഇനിയും വറ്റാത്ത കണ്ണീരുപ്പുകളിലേക്കും, ആര്‍ദ്രമാനസങ്ങളിലേക്കുമാണ് ശ്യാം ക്യാമറ തുറക്കുന്നത്. സമാന്തരമായി പറഞ്ഞുപോകുന്ന മൂന്നു കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍, ഏറ്റവും ഹൃദ്യമാകുന്നത് മുകേഷിന്റെ ജോയിയുടെ കഥ തന്നെയാണ്. ഒരുപക്ഷേ, മുകേഷിന്റെ നാളിതുവരെയുള്ള വേഷങ്ങളില്‍, നടന്നെ നിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ച, ഏറ്റവും ശ്രദ്ധേയമാവുന്ന ഒന്നായിരിക്കും ഇംഗഌഷിലേത്. പലപ്പോഴും, ഉള്ളിലെ വിങ്ങലുകള്‍ ചെറുചലനങ്ങളിലൂടെ പോലും വെളിപ്പെടുത്താനായി മുകേഷിന്. നിവിന്‍ പോളിയുടെ സിബിനാണ് തിളങ്ങുന്ന മറ്റൊരു കഥാപാത്രം. സ്വത്വം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ പുതുതലമുറയുടെ അസ്തിത്വ പ്രതിസന്ധി നിവിന്‍ തന്മയത്വത്തോടെതന്നെ പ്രകടമാക്കി. ജയസൂര്യയുടേത് പതിവു കഥാപാത്രമായിപ്പോയോ എന്നു സംശയം.
തിരക്കഥയില്‍ 'ആഹാ!' എന്ന് ആശ്‌ളേഷിക്കത്തക്കതായൊന്നും കണ്ടില്ല. പ്രത്യേകിച്ചും, പ്രവാസി മലയാളികളുടെ ജീവിതസന്ധികളുടെ അടിയൊഴുക്കുകള്‍ ചിത്രീകരിക്കുന്നതില്‍ മണല്‍നഗരം, കല്ലുകൊണ്ടൊരു പെണ്ണ് അടക്കമുള്ള രചനകളിലൂടെ കൈത്തഴക്കം വന്നൊരു സംവിധായകന് വെല്ലുവിളി നല്‍കാനുള്ള വകയൊന്നും സ്‌ക്രിപ്റ്റിലുണ്ടെന്നു തോന്നിയില്ല. എന്നിട്ടും സിനിമ നന്നായെങ്കില്‍ അതു സംവിധായകന്റെ ദൃശ്യപരിചരണത്തിന്റെ ഗുണം. ഒതുക്കത്തില്‍ പറയേണ്ടത് അങ്ങനെ പറഞ്ഞും സൂചന നല്‍കേണ്ടത് അങ്ങനെ കാണിച്ചുമാണ് സംവിധായകന്‍ മാധ്യമത്തിലുള്ള സ്വാധീനം ഉറപ്പിച്ചുകാട്ടിയത്. ശങ്കരന്‍ തന്റെ കാമുകിയെ സിബിനൊപ്പം ഹോട്ടലില്‍ കണ്ടെത്തുന്നിടത്തും, അച്ഛനുമായുള്ള തലമുറവിടവ് അമ്മാമ്മയുടെ രോഗാവസ്ഥയില്‍ അലിഞ്ഞില്ലാതാവുന്ന ജോയിയുടെ മകളുടെ ആര്‍ദ്രതയിലും ശ്യാമിന്റെ വിരല്‍സ്പര്‍ശം കാണാം.എന്നാല്‍, സരസ്വതിയുടെ (നാദിയാ മൊയ്തു) കഥാപാത്രത്തിന് ശ്രീദേവി അഭിനയിച്ച ഇംഗഌഷ് വിംഗഌഷ് എന്ന സിനിമയുമായി എന്തെല്ലാമോ തലങ്ങളില്‍ ചില സാമ്യങ്ങള്‍ തോന്നിക്കുന്നതും ഒഴിവാക്കാമായിരുന്നു.സരസുവിന്റെ ഭര്‍ത്താവിന്റെ അവിഹിതം സ്വവര്‍ഗാനുരാഗമാണെന്ന സസ്‌പെന്‍സ് പക്ഷേ ഋതുവില്‍ ആസിഫലിയുടെ കഥാപാത്രത്തിന്റെ അവതരണത്തില്‍ കാത്തുസൂക്ഷിച്ച ജാഗ്രതയുടെ അഭാവത്തില്‍ ഒരല്‍പം നേരത്തേ പ്രേക്ഷകര്‍ക്കു മനക്കണ്ണില്‍ വായിച്ചെടുക്കാവുന്നതായി.

ശ്യാമിന്റെ മുന്‍കാല സിനിമകളിലെന്നപോലെ തന്നെ ഇംഗഌഷ് കാത്തുവച്ച് ഒരദ്ഭുതം ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയാണ്. എത്രയോ കാതം ഭാവിയുള്ള ഒരു ഛായാഗ്രാഹകന്റെ ഉദയം തന്നെയാണ് ഇംഗഌഷ്.

Sunday, July 22, 2012

ഹൃദയം അലിയിച്ചിട്ട സുലൈമാനി!

രോ സിനിമയും കണ്ടിട്ട്, ഇതാണ് ഈയിടെ കണ്ട ഏറ്റവും മികച്ച സിനിമ എന്ന് അഭിപ്രായം എഴുതേണ്ടി വരുന്നത് ഒരു മഹാഭാഗ്യമാണ്.ആ മഹാഭാഗ്യമാണ് പുതുതലമുറ സിനിമകള്‍ മലയാള പ്രേക്ഷകന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആ സന്തോഷം പങ്കിട്ടുകൊണ്ടുമാത്രമേ ലിസ്റ്റന്‍ സ്‌റ്്‌റീഫന്റെ,അന്‍വര്‍ റഷീദിന്റെ, അഞ്ജലി മേനോന്റെ, ദുല്‍ക്കര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടലിനെപ്പറ്റി എഴുതാനാവൂ.

വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സമീപകാല നവതരംഗസിനിമകള്‍, ജനപ്രിയ സിനിമകളുടെ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരത-പദ്മരാജന്‍മാരുടെ ഗ്രാമ്യസിനിമകളുടേതില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയതലമുറ മലയാളിയോടാണ്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഈ സിനിമകള്‍ പ്രമേയമാക്കുന്നത്. സ്വാഭാവികമായി, അവ ചില തിരുത്തലുകള്‍ക്കു മുതിരുന്നുണ്ട്, ധൈര്യപ്പെടുന്നുമുണ്ട്. അത്തരം ധൈര്യത്തിന്റെ പേരില്‍ത്തന്നെയാണ് ഉസ്താദ് ഹോട്ടലും നാളെ അടയാളപ്പെടുത്തപ്പെടുക.

മണ്ണില്‍ തൊട്ടുനില്‍ക്കുന്ന പ്രമേയങ്ങളാണ് നവതരംഗ സിനിമകളുടേത്. അതുകൊണ്ടു തന്നെ അതില്‍ അതിമാനുഷരില്ല, ദുര്‍ബലരും, കരയുകയും ചിരിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുമേ ഉള്ളൂ. അവര്‍, തങ്ങളുടെ ജീവിതത്തകര്‍ച്ചകളില്‍, നേരിടേണ്ടിവരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നീറിയുരുകുന്നവരും, സങ്കടങ്ങളില്‍ നിന്ന്് ക്രമേണ പ്രത്യാശയില്‍ പിടിച്ചു കയറി രക്ഷപ്രാപിക്കുന്നവരുമാണ്. അതല്ലാതെ, ചോരയ്ക്കു പകരം ചോര പോലുള്ള ഫാസി്സ്റ്റ് മുദ്രാവാക്യസിനിമാ സങ്കല്‍പങ്ങളോട്് പുതുതലമുറ സിനിമകള്‍ യാതൊരു ചാര്‍ച്ചയും പുലര്‍ത്തുന്നില്ല. എന്നുമാത്രമല്ല, ഫാസിസ്റ്റ് ആശയങ്ങളോട് തെല്ലും അനുകമ്പ വച്ചുപുലര്‍ത്തുന്നുമില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനല്ല, നിലവിലുള്ള നിയമവ്യവസ്ഥ സ്വന്തം ജീവിതത്തിന് വിലങ്ങുതടിയാവുമ്പോള്‍ പോലും, അതിനെ നിയമപരമായിത്തന്നെ നേരിടാനുള്ള ആര്‍ജ്ജവത്തോടെ, ജീവിതത്തില്‍ മുന്നേറാനാണ് ഉസ്താദ് ഹോട്ടല്‍ പോലൊരു സിനിമ പ്രേക്ഷകരോട്് അഭിസംബോധന ചെയ്യുന്നത്.

കഌഷേ ആയി തീരുമായിരുന്ന കഥാസന്ദര്‍ഭങ്ങള്‍ കുറവുള്ള സിനിമയല്ല ഉസ്താദ് ഹോട്ടല്‍. ഉപ്പൂപ്പാന്റെ ഹോട്ടല്‍ ബാങ്ക് മാനേജറും താന്‍ ജോലിചെയ്യുന്ന ഹോട്ടലിന്റെ ജനറല്‍ മാനേജറും ഉള്‍പ്പെടുന്ന ഭൂമാഫിയ ചുളുവില്‍ കൈവശപ്പെടുത്താന്‍ നടത്തുന്ന ഗൂഢാലോചന നായകനായ ഫൈസി തിരിച്ചറിയുന്നതുമുതല്‍ ഉസ്താദ് ഹോട്ടലിന്റെ കഥയ്ക്ക്, നാളിതുവരെ പറഞ്ഞു പോന്ന ഏതൊരു ജനപ്രിയ സിനിമയുടെയും പ്രതികാര ഫോര്‍മുല ആര്‍ജ്ജിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വില്ലന്മാരെ വെല്ലുന്ന ബുദ്ധി ശക്തിയോടെ അവരെ തറപറ്റിക്കാന്‍ കൂട്ടാളികളോടൊത്ത് ഒരു നാടകം. അതുമല്ലെങ്കില്‍, എന്തിനും തയാറായി നിയമം കൈയ്യിലെടുത്ത് ഒരു തകര്‍പ്പന്‍ സംഘട്ടന രംഗശൃംഖല. മീശപിരിക്കാനും തച്ചുതകര്‍ക്കാനും കൈയ്യടിനേടാനുമുള്ള ധാരാളം സ്‌കോപ്പുണ്ടായിരുന്ന വഴിത്തിരിവ്. എന്നാല്‍ ഫൈസി ശ്രമിക്കുന്നത്, തന്റെ ജനറല്‍ മാനേജറോട് കാര്യം തുറന്നു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നോക്കാനാണ്. അതു പൊളിഞ്ഞ് അപമാനിതനായി മടങ്ങേണ്ടി വന്ന ഫൈസിയുടെ പ്രതികാരം, ജി.എമ്മിന്റെ അതിഥികള്‍ക്കുമുന്നില്‍ ജീവനുള്ള ഒരുകോഴിയെ തുറന്നു വിട്ടുകൊണ്ടവസാനിക്കുന്നു. യൂറോപ്പില്‍ പഠിച്ചുവന്ന ഫൈസി എന്ന കഥാപാത്രത്തെക്കൊണ്ട്, രഞ്ജി പണിക്കര്‍ സ്‌റ്റൈലില്‍ നാല് ഇംഗഌഷ് ഡയലോഗോ, രഞ്ജിത് ശൈലിയില്‍ സാഹിത്യക്കൊഴുക്കട്ട കുത്തിനിറച്ച യമഗണ്ടന്‍ സംഭാഷണമോ പറയിപ്പിക്കാന്‍ നൂറ്റൊന്നു ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണ് തിരക്കഥാകൃത്ത് അഞ്ജലിമേനോനും സംവിധായകന്‍ അന്‍വര്‍റഷീദും കൂടി അസൂയാവഹമായ മിതത്വം പ്രകടമാക്കിയത്. ശില്‍പഭദ്രമായ തിരക്കഥയിലൂടെ അഞ്ജലി മേനോന്‍, നമ്മെ അസൂയപ്പെടുത്തുന്നു. നറേറ്റവിലെ കന്യാകാത്വം കൊണ്ട് അത്ഭുതപ്പെടുത്തുന്നു.

കുറഞ്ഞത് നാലുമിനിറ്റെങ്കിലും നീണ്ടു നിന്നേക്കാവുന്ന അതിസാഹസികമായൊരു സംഘട്ടനസാധ്യതയും കൂടി ഇതേപോലെ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ ബോധപൂര്‍വം വേണ്ടെന്നു വച്ചിട്ടുണ്ട്, ഉസ്താദ് ഹോട്ടലില്‍. രാത്രി നായികയെ വീട്ടില്‍ക്കൊണ്ടാക്കാന്‍ പോകുംവഴി പൊട്ടവണ്ടി കേടാകുമ്പോള്‍ നായകനും നായികയും ലോറിയില്‍ കയറി വരവേ, ലോറി ഡ്രൈവറെയും കിളിയെയും വിഡ്ഢികളാക്കി രക്ഷപ്പെടുന്ന യുവമിഥുനങ്ങള്‍, പിന്തുടര്‍ന്നു വരുന്ന ആജാനുബാഹുവായ കിളിയില്‍ നിന്നു രക്ഷപ്പെടുന്നത്, സുരക്ഷിതമായൊരു ഒളിവിടം തേടിക്കൊണ്ടാണ്. നിയമവ്യവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും ആവഹിച്ചുകൊണ്ട്, അംഗീകരിച്ചുകൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുളള യുവതയുടെ മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ നേര്‍ചിത്രമായി ഉസ്താദ് ഹോട്ടല്‍ മാറുന്നത് ഇങ്ങനെയൊക്കെയാണ്. ഇവിടെ നായകന്‍ അതിമാനുഷനാവുന്നില്ലെന്നു മാത്രമല്ല, പ്രതിസന്ധികള്‍ക്കുമുന്നില്‍ മദ്യപനോ മറ്റോ ആയി സ്വയം നശിപ്പിക്കുന്നുമില്ല. പ്രായോഗികതയുടെ പാതയന്വേഷിച്ച് ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്നവരുടെ പ്രതിനിധിതന്നെയാണ് ദുല്‍ക്കറിന്റെ ഫൈസിയും. ഡബ്ബിംഗിലും ഭാവഹാവാദികളിലും മറ്റും ദുല്‍ക്കര്‍ പിതാവിനോടുപോലും താരതമ്യം ചെയ്യാനാവാത്തവണ്ണം വേറിട്ട വ്യക്തിത്വവും അസ്തിത്വവും പ്രകടമാക്കുന്നു.

കുടുംബബന്ധങ്ങളുടെ ഊടും പാവും, ഈര്‍പ്പവും ഊഷ്മാവും ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നവതരംഗപരമ്പരയില്‍ ഉടലെടുക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്നതു തന്നെയാണ് ഉസ്താദ് ഹോട്ടലും. പാരമ്പര്യത്തെ തള്ളിപ്പറയുകയല്ല, അതിന്റെ നന്മകള്‍ ആവഹിച്ചു ജീവിതം തുടരാനാഗ്രഹിക്കുന്ന ആധുനിക മലയാളിസമൂഹത്തിന്റെ സ്വത്വസവിശേഷതയാണ് ഈ സിനിമകളിലെല്ലാം ആവിഷ്‌കരിച്ചു കാണാനാവുന്നത്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും വീഴ്ചകളും തീര്‍ച്ചയായും ഉസ്താദ് ഹോട്ടല്‍ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ മനുഷ്യസഹജമായ മദമാത്സര്യങ്ങള്‍, അതൊക്കെ, ഒരു ദുരന്തത്തിനുമുന്നില്‍, അല്ലെങ്കില്‍ ബന്ധുവിനു വരുന്ന ഒരാവശ്യത്തിനുമുന്നില്‍ അലിഞ്ഞില്ലാതാവാനുള്ളതേയുള്ളൂ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട് ഈ സിനിമ. അച്ഛനും മകനും തമ്മിലായാലും, കാമുകനും കാമുകിയും തമ്മിലായാലും, ഏതൊരു പകയും വിദ്വേഷവും ഇങ്ങനെ ഒരു നിമിഷത്തില്‍ പുകഞ്ഞില്ലാതാവാനുള്ളതേയുള്ളൂവെന്നതാണല്ലോ വാസ്തവവും.

നന്മ പ്രമേയമാവുന്നതുകൊണ്ടു തന്നെ ഈ സിനിമയിലും, ഇതര നവതരംഗസിനിമകളില്‍ എന്ന പോലെ, വില്ലനോ വില്ലന്മാരോ ഇല്ല. പ്രതിനായകനോ നായികയോ ഇല്ല. പ്രതിനായകസ്ഥാനത്തു വന്നേക്കാമായിരുന്ന ഫൈസിയുടെ പിതാവിന്റെ കഥാപാത്രം പോലും, കഥയുടെ സ്വാഭാവിക പ്രയാണത്തില്‍ ജീവനുള്ള കഥാപാത്രമായിമാറുന്നു. അതുകൊണ്ടുതന്നെ സിദ്ദീഖിന്റെ കഥാപാത്രത്തില്‍ പ്രതിനായകത്വമല്ല, ആത്യന്തിക സ്‌നേഹമാണ് തെളിഞ്ഞുവിളങ്ങിയതും. ഒരു സൂലൈമാനിയില്‍ അലയടിക്കുന്നതാണ് പ്രണയമെന്നതാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ തത്വസംഹിത. മാതൃത്വത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി പൈതൃകം വാഴിച്ച സ്ത്രീയെ പോലും പരസ്പരം പോരടിച്ചു തകര്‍ക്കുന്ന രുദ്രകാളികളായി ചിത്രീകരിക്കുന്ന ഏഴുമണിപ്പരമ്പരകള്‍ക്കു മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളെ ചടച്ചിരിത്തുന്ന അമ്മമാരും അച്ഛന്മാരും മക്കളെ അത്യാവശ്യം കൊണ്ടുകാണിക്കേണ്ട സിനിമയാണ് ഉസ്താദ് ഹോട്ടല്‍. കാരണം, മാറുന്ന ലോകക്രമത്തിന്റെ, ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരികാധിനിവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ സ്വത്വ പ്രതിസന്ധിയുടെ ആശയക്കുഴപ്പത്തില്‍ പെട്ടുഴലുന്ന ആധുനിക ചെറുപ്പക്കാരുടെ പ്രതീകമായ ഫൈസിയുടെ കഥയിലൂടെ അവര്‍ ബ്ന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നു വരാം. മധുരയിലെ, ജീവിക്കുന്ന ഇതിഹാസമായ കൃഷ്ണന്‍ നാരായണന്റെ (ഇതൊരു സാങ്കല്‍പിക കഥാപാത്രമല്ല, സിനിമയില്‍ ഒരു നടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും) ജീവിതജ്യോതിലൂടെ അവര്‍ കനിവിന്റെ പുതുരുചിക്കൂട്ടുകള്‍ നുണഞ്ഞിറക്കിയെന്നു വരാം. അതാണ് ഈ സിനിമയുടെ സുകൃതം.

ഒരു ചലച്ചിത്ര നിരൂപണത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന, സാങ്കേതിക വിലയിരുത്തലുകളും മറ്റും പാടെ ഒഴിവാക്കിക്കൊള്ളട്ടെ. കാരണം, അതിനൊക്കെ അതീതമാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന കാഴ്ചയുടെ രസാനുഭൂതി. ഒരു സിനിമ പൂര്‍ത്തിയാവുന്നത് പ്രേക്ഷകന്റെ ഉള്ളകത്തിലാണെങ്കില്‍, ഉസ്താദ് ഹോട്ടല്‍ കണ്ട ഏതൊരു പ്രേക്ഷകന്റെയും ഉള്ളില്‍ അതിന്റെ ഓര്‍മ്മത്തിരികള്‍ ഒളിവെട്ടമായെങ്കിലും അല്‍പം ബാക്കിയാകുമെന്നുറപ്പ്. ചിത്രത്തില്‍, ഉസ്താദ് തന്നെ പറയുന്ന ഒരു ഡയലോഗ് (വയറ് നിറയ്ക്കാന്‍ എളുപ്പമാണ്, മനസ്സു നിറയ്ക്കുക എന്നതാണ് പ്രധാനം.) ലേശം ഭേദഗതികളോടെ കടമെടുക്കട്ടെ. കാഴ്ചയുടെ വൈവിദ്ധ്യമാര്‍ന്നൊരു പ്രളയം തന്നെ കാണിക്കു മുന്നിലവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അവന്റെ ഹൃദയത്തിലേക്കു സംവദിക്കുന്ന ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുക എന്നതാണ് പ്രധാനം. അത്തരത്തില്‍ ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുകയാണ് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ.

തീര്‍ച്ചയായും ആധുനിക മലയാളസിനിമയിലെ നവയുഗപ്പിറവിക്ക് നാം കടപ്പെട്ടിരിക്കുന്നത്് നട്ടെല്ലുറപ്പുള്ള ഒരു ചെറുപ്പക്കാരന്‍ പ്രൊഡ്യൂസറോടാണ്. എണ്‍പതുകളില്‍ ഹരിപ്പോത്തനോ, പി വി ഗംഗാധരനോ, ജനറല്‍ പിക്‌ചേഴ്‌സ് രവിയോ ഒക്കെ പോലെ, ഇന്നിന്റെ സിനിമയ്ക്ക് രക്ഷകനായി അവതരിച്ചിട്ടുള്ള ലിസ്റ്റന്‍ സ്റ്റീഫന്‍ എന്ന പയ്യന്‍ നിര്‍മ്മാതാവ്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍....ഈ ചെറുപ്പക്കാരന്‍ നിര്‍മ്മിച്ച ഈ മൂന്നു സിനിമകളുടെ ശീര്‍ഷകങ്ങള്‍ക്കപ്പുറമൊരു വിശദീകരണം, ഈ വിലയിരുത്തലിന് ആവശ്യമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. ലിസ്റ്റനു നന്ദി, അഞ്ജലിക്കും, അന്‍വറിനും. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ചലച്ചിത്ര കാഴ്ചാനുഭവം കൂടി സമ്മാനിച്ചതിന്.

Saturday, July 14, 2012

മറയില്ലാത്ത ജീവിതം


വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് കണ്ട ഉണര്‍വ്. അതാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ തോന്നിയത്. അതിലുമേറെ താല്‍പര്യം തോന്നിയത്, ഘടനാപരമായ ഗിമ്മിക്കുകള്‍ ഉപേക്ഷിച്ച്, പുതുതലമുറ നറേറ്റീവ് സിനിമയുടെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞു തുടങ്ങിയല്ലോ എന്നോര്‍ത്തിട്ടാണ്. ഒറ്റവാചകത്തില്‍ പറയാവുന്ന ഒരു സ്ഥിരം പ്രണയകഥ. പക്ഷേ, തട്ടത്തിന്‍ മറയത്ത്, മടുപ്പുകൂടാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമയാവുന്നുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ ട്രീറ്റ്‌മെന്റ് ആണ്. അതാകട്ടെ ചലച്ചിത്രപരമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.


ഹോളിവുഡ് ഹാങോവര്‍ വിട്ടു നമ്മുടെ സിനിമ നാട്ടുസിനിമകളുടെ പച്ചപ്പു തേടിത്തുടങ്ങിയതിന്റെ ശുഭലക്ഷണങ്ങളാണ് തട്ടത്തിന്‍ മറയത്തും മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും പോലുളള സിനിമകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്ന തലമുറയ്ക്ക് വിരുദ്ധമായി ഇറാനിലെയും കൊറിയയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ജീവിതം തുളുമ്പുന്ന കഥാസിനിമകളിലേക്ക് പുതുതലമുറ നോട്ടമെറിഞ്ഞു തുടങ്ങിയതിന്റെ ഫലശ്രുതി.


നിവിന്‍ പോളി തന്നെയാണ് തട്ടത്തിന്‍ മറയത്തിന്റെ ഏറ്റവും വലിയ സംഭാവന. മലര്‍വാടിയിലൂടെ റെയ്ഞ്ചിന്റെ കാര്യത്തില്‍ ചില സംശയങ്ങളുളവാക്കിയ നിവിന്‍ ഈ സിനിമയിലെ നായകനു വേണ്ടി ജനിച്ചതാണോ എന്നാണു തോന്നിക്കുക. അതുപോലെ ഈ സിനിമയുടെ ഏറ്റവും വലിയ പ്‌ളസ് ജോമോന്റെ ഛായാഗ്രഹണമാണ്.

ജനപ്രിയ സിനിമ ചവച്ചു തുപ്പി അല്‍പ്പം ഓക്കാനം വരുന്ന തദ്ദേശ പ്രാദേശികഭാഷാഭേദങ്ങളുടെ വളരെ അര്‍ത്ഥവത്തായ വിന്യാസവും വിനിയോഗവുമാണ് തട്ടത്തിന്‍ മറയത്തിന്റെ മറ്റൊരു പ്രത്യേകത. ഹോളിവുഡ്ഡിന്റെ സാര്‍വലൗകികത വിട്ട് പ്രാദേശികതയുടെ സൗന്ദര്യത്തിലേക്കു മടങ്ങിപ്പോകുന്നതിന്റെ ഏറ്റവും വലിയ ഗുണമായി ഭാഷണഭേദങ്ങളുടെ ഈ മാധ്യമപ്രയോഗങ്ങളെ കണക്കാക്കാം. കണ്ടു മടുത്ത കലണ്ടര്‍ ലൊക്കേഷനുകള്‍ക്കും, കൊട്ടാരക്കെട്ടുകള്‍ക്കും പകരം, തലശ്ശേരിയും പയ്യന്നൂരും പോലെ ഗ്രാമ്യമായ ദേശക്കാഴ്ചകളുടെ ഹരിതമായൊരു കന്യകാത്വം തട്ടത്തിന്‍ മറയത്ത് പ്രേക്ഷകന് സമ്മാനിക്കുന്നു. പ്രാദേശികമായ കാഴ്ചകള്‍ക്കൊപ്പം അതിന്റെ തനതായ കേള്‍വികൂടി ഉറപ്പാക്കുന്നതോടെ, തിര്വോന്തരം സംസാരിക്കുന്ന എസ്.ഐ പോലും ജനമൈത്രിയൂടെ പ്രകാശം ചൊരിയുന്ന സാന്നിദ്ധ്യമായിത്തീരുന്നു.

തരക്കേടില്ലാത്ത സ്‌ക്രിപ്റ്റ്. അതിനു പരുക്കുകളേല്‍പ്പിക്കാത്ത നിര്‍വഹണം. തട്ടത്തിന്‍ മറയത്ത് സാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നത് അങ്ങനെയാണ്.ചേരന്റെ പോക്കിഷം എന്ന തമിഴ് സിനിമയുടെ ചില നിഴലുകള്‍ വീണിട്ടുള്ളതും ക്ഷമിക്കാവുന്നതേയുള്ളൂ.


തന്റെ തലമുറയുടെ ഭാവുകത്വം ഉള്‍ക്കൊണ്ട്, അതിനോട് നൂറുശതമാനം നീതിപുര്‍ത്തി ഒരു കഥപറയാനായി എന്നതാണ് വിനീത് ശ്രീനിവാസന്റെ നേട്ടം. കണ്ട സിനിമകളോട്, വായിച്ച പുസ്തകങ്ങളോട്, കേട്ട പാട്ടുകളോട്, എന്തിന് കണ്ടു മനസ്സില്‍ പതിഞ്ഞ ഒരു ഫോട്ടോഗ്രാഫിനോടു പോലും സ്വന്തം തലമുറയ്ക്കു തോന്നിയ ഇഷ്ടം മറച്ചുവയ്ക്കാതെ തുറന്നു കാട്ടാനും അതിനെ തന്റെ സിനിമയ്ക്ക് ഉപകാരപ്പെടുംവിധം അസംസ്‌കൃത വസ്തുവാക്കിമാറ്റാനും ശ്രീനിവാസന്റെ മകനു സാധിച്ചു.

ഇതൊരു തുടക്കമാവട്ടെ. നമ്മുടെ ജീവിതമുള്ള, നമ്മുടെ സമകാലിക പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന, നമ്മുടെ മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടുള്ള, നമ്മുടെ പ്രേക്ഷകരോടു സംവദിക്കുന്ന സിനിമകള്‍ ഇനിയുമുണ്ടാവട്ടെ. അതിനു തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ പ്രചോദനമാവട്ടെ.

Tuesday, January 25, 2011

ബോബി സഞ്ജയ് യു ഡിഡ് ഇറ്റ്!

ല്‍പം കുറ്റബോധ ത്തോടെയാണ് ഇതെഴുതുന്നത്. കുറ്റബോധം എന്തിനാണെന്നു വച്ചാല്‍, സ്വതസിദ്ധമായ മടി കൊണ്ട് ഈ കുറിപ്പ് ഇത്രയും കാലം വൈകിച്ചല്ലോ എന്നതിലാണ്. വൈകിയതിന് ക്ഷമാപണപൂര്‍വം....
യാതൊരു പത്രാസും മേളവുമില്ലാതെ ഏറെക്കുറെ നിശ്ശബ്ദമായി പുറത്തിറങ്ങിയ സിനിമയായ ട്രാഫിക്, പതിവുതെറ്റിച്ച് ഇറങ്ങിയതിന്റെ മൂന്നാം നാള്‍ തീയറ്ററില്‍ പോയി കാണാന്‍ തീരുമാനിച്ചത്, അതു കണ്ടവര്‍ കണ്ടവര്‍ വിളിച്ചു പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ കേട്ടിട്ടായിരുന്നു.സ്ഥിരം പരസ്യങ്ങളില്‍ നിന്നു വേറിട്ട് ഗായത്രി അശോകന്റെ പ്രതിഭ വിളിച്ചോതിയ പോസ്റ്റര്‍ കാമ്പൈന്‍ മനസ്സില്‍ ഉയര്‍ത്തിയ പ്രതീക്ഷകളെ നൂറു ഡിഗ്രി ഉയര്‍ത്തുന്നതായിരുന്നു ഇടവേള വരെയുള്ള കാഴ്ചാനുഭവം. സത്യത്തില്‍, മുമ്പെന്നോ ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ റണ്‍ ലോല റണ്‍ കണ്ടിരുന്നപ്പോഴുണ്ടായ വിസ്മയം.കഥയുടെ വഴി ഇനി ഏതെല്ലാം ഊടുവഴികളിലൂടെയാവും മുന്നേറുക എന്നേ സന്ദേഹമുള്ളൂ. പരിസമാപ്തിയൊക്കെ വേണമെങ്കില്‍ നമുക്ക് ഊഹിച്ചെടുക്കാം. പക്ഷേ അതിലേക്കെത്തിപ്പറ്റാനുള്ള വഴി. ചിന്തിക്കുന്തോറും തലച്ചോറിലെ സന്ദേശവാഹകര്‍ കടുത്ത ഗതാഗതക്കുരുക്കിലേക്കാണ്, കുഴഞ്ഞുമറിഞ്ഞ കഥാസന്ദര്‍ഭങ്ങളുടെ, സാധ്യതകളുടെ ഊരാക്കുടുക്കുകളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞു പോയ ഒരു മണിക്കൂറോളം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിന്നിട്ട് ഇപ്പോള്‍ ഇനി വരാനിരിക്കുന്നതെന്ത് എന്നോര്‍ത്ത് ആശങ്കപ്പെടുന്ന പ്രേക്ഷകരെ കേരളത്തില്‍ ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്കു പുറത്തു കണികണ്ടിട്ടു തന്നെ നാളേറെയായി. അതിനിടെയിലാണ് ഈ കൊച്ചു ട്രാഫിക് ജാം സൃഷ്ടിക്കുന്ന ഷോക്ക് ചികിത്സയുടെ സുഖം.
ട്രാഫിക്, സിനിമയുടെ സൗന്ദര്യശാസ്ത്രത്തിലും സമയബോധത്തിലും നിര്‍മിക്കുന്ന പുതിയ ലാവണ്യങ്ങള്‍ ഘടനാപരമായ കൈയൊതുക്കം വ്യക്തമാക്കുന്നതാണ്. അത് അതിന്റെ ചലച്ചിത്രലാവണ്യത്തിന് ആക്കം കൂട്ടുന്നു. മുഖ്യധാര സിനിമ, കേവലം ഡയലോഗുകളും പഞ്ച് ഡയലോഗുകള്‍ക്കും അപ്പുറം, വിശാലമായ അരങ്ങില്‍ ആടിത്തകര്‍ക്കുന്ന സ്റ്റേജ് നാടകത്തിന്റെ വ്യാകരണപരിമിതിക്കുമപ്പുറം, ദൃശ്യപരമായ ഉള്‍ക്കരുത്തു നേടുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് ട്രാഫിക്ക് വെളിപ്പെടുത്തുന്നത്. അത് ഒരേസമയം തിരക്കഥാകൃത്തുക്കളായ സഞ്ജയ്-ബോബിമാരുടെയും സംവിധായകന്‍ രാജേഷ് പിള്ളയുടെയും പ്രതിഭയുടെ മിന്നലാട്ടങ്ങളാണ് വ്യക്തമാക്കുന്നതും. സിനിമയുടെ ഘടനാപരമായ ചര്‍ച്ച നമുക്കു നിരൂപകര്‍്ക്കു വിടാം, അവര്‍ വിലയിരുത്തട്ടെ.
പക്ഷേ, എന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ കാര്യം അതല്ല. തീര്‍ത്തും ലുബ്ധോടെ ഉപയോഗിച്ചിട്ടുള്ള, ഒരു പക്ഷേ അവാര്‍ഡ് സിനിമകളുടേത് എന്ന നിലയ്ക്ക് മിമിക്രിക്കാര്‍വരെ ആക്ഷേപിക്കാനുപയോഗിക്കുന്ന സംഭാഷണങ്ങളിലൂടെ അനാവരണം ചെയ്യുന്ന കഥാപാത്രങ്ങളുടെ ആന്തരസംഘര്‍ഷങ്ങളും, ഒരു മുഖഭാവത്തിലൂടെ, ശരീരഭാഷയിലൂടെ വെളിപ്പെടുത്തുന്ന അന്തര്‍നാടകങ്ങളും ഈ സിനിമയെ വിസ്മയക്കാഴ്ചയാക്കുന്നു. സ്വന്തം മകള്‍, തന്റെ താരപിതാവിനെ അഭിമുഖം ചെയ്യുന്നയാളിന്, എഴുതിക്കൊടുക്കുന്ന വ്യക്തിനിഷ്ടമായ ചോദ്യങ്ങള്‍ക്ക്, ആ അഭിമുഖത്തിന്റെയും, അഭിമുഖം ചെയ്യപ്പെടുന്ന താരവ്യക്തിത്വത്തിന്റെയും പൊള്ളത്തരവും ഉപരിപഌവതയും, ആര്‍ജ്ജവശൂന്യതയും മുഴുവന്‍ വ്യക്തമാക്കുന്നവിധം ക്യാമറ കട്ട് ചെയ്ത് അടുത്തിരിക്കുന്ന മകളോടു തന്നെ അക്കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് മാധ്യമപ്രവര്‍ത്തകനോട് ഉത്തരവാദിത്തമുള്ള അച്ഛന്‍ ചമയുന്ന ഉത്തരങ്ങള്‍ പറയുന്ന കഥാസന്ദര്‍ഭം മാത്രം മതി, സമകാലിക മൂല്യച്യുതിയുടെ സാമൂഹികപരിച്ഛേദമായി. സ്വന്തം കാറില്‍ ഒപ്പമിരുന്ന് ഫോണില്‍ കാമുകിമാരോട് മാറിമാറി സല്ലപിക്കുന്ന ആത്മാര്‍ഥ സുഹൃത്തിന്റെ കാമിനിമാരിലൊരാള്‍ സ്വന്തം ഭാര്യയാണെന്നു തിരിച്ചറിയുന്ന ഭര്‍ത്താവിന്റെ ധര്‍മ്മസങ്കടവും, ഒരു നിമിഷത്തെ അന്ധതിയില്‍ ഭാര്യയെ കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീടു പശ്ചാതപിക്കുകയും മാപ്പുനല്‍കുകയും ചെയ്യുന്ന അയാളുടെ മനംമാറ്റവും വീണ്ടുമെന്നെ വിസ്മയിപ്പിച്ചു. എല്ലാമറിയുന്ന ഡോക്ടറായിട്ടും സ്വന്തം മകന്റെ കാര്യം വരുമ്പോള്‍ കഌനിക്കല്‍ മരണത്തിനു മുമ്പ് അവയവദാനത്തിന് അനുവദിക്കുന്ന കാര്യത്തില്‍ ഇരട്ടത്താപ്പു കാട്ടുന്നത് പിതാവിന്റെ വൈകാരികതയുടെ നിദാനമായിത്തോന്നി.
ഒരുപക്ഷേ ഈ സിനിമ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നത് യാഥാസ്ഥിതിക കേരളീയനെ അല്ല, മറിച്ച് ആധുനിക മലയാളി തലമുറയേയാണ്, അവരുടെ സെന്‍സിബിലിറ്റിയാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്. ഡൈവോഴ്‌സിയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന നായകന്‍, ടിവി മാധ്യമത്തിന്റെ സ്വാധീനം, ഐ.ടി രംഗത്തിന്റെയും സാങ്കേതികവിദ്യകളുടെയും ദുഃസ്വാധീനം, ബ്യോറോക്രസിയുടെ പരിമിതി, കേരളീയ സമൂഹത്തെ ഒന്നാകെ ബാധിച്ചു നില്‍ക്കുന്ന ഹിപ്പോക്രിസി...അങ്ങനെ പലതലത്തിലും ട്രാഫിക് സമകാലിക കേരളത്തെ അടയാളപ്പെടുത്തുന്നുണ്ട്. എന്റെ വീട് അപ്പൂന്റെയുമില്‍ തുടങ്ങിയ സഞ്ജയ്-ബോബിമാരിലും ഞാന്‍ മലയാള സിനിമയുടെ ഭാവി കാണുന്നു., പ്രതീക്ഷയോടെ.ഈ സിനിമ സമ്മാനിച്ച താരം യഥാര്‍ഥത്തില്‍ ര്മ്യ നമ്പീശനാണ് എ്ന്നും സമ്മതിക്കട്ടെ.
ലേശമൊരു ആശങ്ക കൂടി പങ്കിട്ടുകൊണ്ടു നിര്‍ത്തട്ടെ. മലയാള സിനിമയുടെ യഥാര്‍ഥ ശാപം, ഒരു മൗലികരചന സൃഷ്ടിക്കുന്ന തരംഗത്തെ അന്ധമായി അനുകരിച്ച് ഒരു പറ്റം നപുംസകരചനകളെ പടച്ചുണ്ടാക്കുന്നതാണ്. വരാനിരിക്കുന്ന ഒരു പിടി സിനിമകളുടെ ശീര്‍ഷകങ്ങള്‍ (അവയുടെ ഉള്ളടക്കങ്ങള്‍ വ്യക്തമായി അറിയില്ലെന്നു തുറന്നു സമ്മതിക്കട്ടെ) മുന്നോട്ടുവയ്ക്കുന്നത് ഇത്തരം ഒരു സന്ദേഹമാണ്. ദ് മെട്രോ, റെയ്‌സ്....ഇവയുടെ പ്രമേയം ട്രാഫിക്കിന്റേതില്‍ നിന്നു വ്യത്യസ്തമാകട്ടെ എന്ന പ്രാര്‍ഥനയോടെ...