Showing posts with label mangalam daily. Show all posts
Showing posts with label mangalam daily. Show all posts

Saturday, January 23, 2010

മലയാളസിനിമയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കുന്ന തിരിച്ചടിയുടെ പാഠഭേദങ്ങള്‍


എ.ചന്ദ്രശേഖര്‍
ലയാളസിനിമയ്ക്ക് എന്തായാലും വീണ്ടുവിചാരത്തിനുള്ള ചൂണ്ടുപലകയാവുകയാണ് 2008ലെ ദേശീയ ചലച്ചിത്രപുരസ്കാര നിര്‍ണയം. കഴിഞ്ഞ 56 വര്‍ഷത്തിനിടെ, ഇത്ര കുറച്ചു മലയാളികള്‍ക്കും മലയാള സിനിമകള്‍ക്കും ബഹുമതി ലഭിച്ച മറ്റൊരവസരമുണ്ടായിട്ടില്ല. മറിച്ചൊരു ഭാഷയില്‍പ്പറഞ്ഞാല്‍ 96 ലോ മറ്റോ ഒന്നു പിന്തള്ളപ്പെട്ടുപോയി എന്നതൊഴിച്ചാല്‍ മലയാളസിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡുനിര്‍ണയത്തില്‍ മുച്ചൂടും അവഗണിക്കപ്പെട്ടുപോകുന്നത്, തൃണവല്‍ക്കരിക്കപ്പെടുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. അതുകൊണ്ടുതന്നെ, ഇൌ തിരിച്ചടി, നമുക്ക് ചില പാഠങ്ങളും പാഠഭേദങ്ങളും നല്‍കുന്നുണ്ട്. നിര്‍മാണച്ചെലവുനിയന്ത്രണവും സംഘടനാശക്തിപ്പെടുത്തലും മുഖ്യ അജന്‍ഡയാക്കി മലയാള സിനിമാവ്യവസായത്തെ സംരക്ഷിക്കാന്‍ ഉദ്യമിക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്. തലമുറകളായി തുടര്‍ന്നുവരുന്ന അവാര്‍ഡ് സിനിമ എന്ന ജനുസ്സിന് മേല്‍ വീണ ഒരു വെള്ളിടിയുമാണ്. വീണ്ടുവിചാരങ്ങള്‍ക്കും തിരിഞ്ഞുനോട്ടങ്ങള്‍ക്കും, ആത്മവിമര്‍ശനത്തിനും വഴിയാവുമെങ്കില്‍ തീര്‍ച്ചയായും ഇൌ അവസ്ഥ മലയാളസിനിമയ്ക്ക് ഒരു ഷോക്ക് ചികിത്സയായി കണക്കാക്കുന്നതില്‍ തെറ്റില്ല. മറിച്ച് ഇതിനുള്ളിലെ അജന്‍ഡകള്‍ ഇരുളടഞ്ഞതാണെങ്കില്‍? എന്തുകൊണ്ടായിരിക്കാം മലയാള സിനിമ ദേശീയതലത്തില്‍ ഇത്രമാത്രം പിന്തള്ളപ്പെട്ടുപോയത്? തീര്‍ചയയും ഗുണനിലവാരത്തിലെ പിന്‍ നടത്തം മലയാള സിനിമയെ ദേശീയ ശരാശരിയിലും വളരെ പിന്നാക്കം കൊണ്ടുപോയിട്ടുണ്ടെന്നത് പകല്‍പോലെ വാസ്തവം. ബംഗാളും കേരളവും ഇന്ത്യന്‍ സിനിമയുടെ പതാകവാഹകരായിരുന്ന സുവര്‍ണകാലമൊക്കെ വെറും സ്വപ്നമോ ചരിത്രമോ മാത്രമായി മാറിയിരിക്കുന്നു. ബംഗാളി ഇന്നും അന്തഹീനിലൂടെ ആ നിലവാരത്തില്‍ കാലുറപ്പിച്ചുനിര്‍ത്താന്‍ തക്ക പ്രതിഭകളെയും രചനകളെയും സമ്മാനിക്കുമ്പോള്‍, മലയാളത്തില്‍ എത്ര സിനിമയ്ക്ക്/ചലച്ചിത്രകാരന്മാര്‍ക്ക് നെഞ്ചില്‍ കൈവച്ച് തങ്ങളുടെ രചനയുടെ ഗുണത്തെപ്പറ്റി ആത്മവിശ്വാസത്തോടെ വാദിക്കാനാവും? തമിഴ്നാട്ടിലും ബോളിവുഡ്ഡിലും നിന്നുള്ള വേറിട്ട, സ്വത്വമുള്ള സംരംഭങ്ങള്‍ക്കുമുന്നില്‍ അന്തംവിട്ടു സ്വയം മറക്കുന്ന മലയാളി പ്രേക്ഷകര്‍ ഒന്നൊന്നായി മലയാളസിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ബഹിഷ്കരിക്കുകയും തീയറ്ററുകളോരോന്നായി അടച്ചുപൂട്ടുകയും ചെയ്യുനന്ന അവസ്ഥയിലും പന്തീരാണ്ടുകാലം മുമ്പേ തമിഴകവും ഹിന്ദിയും ചവച്ചുതുപ്പിയ തട്ടുപൊളിപ്പന്‍ പാണ്ടി കമ്പോള സിനിമയുടെ കടും വര്‍ണഫോര്‍മുലയില്‍ അഭിരമിക്കുകയാണ് മലയാള ചലച്ചിത്രവേദിയുടെ മുഖ്യധാര. മാറിയ കാലത്തിന്റെ സ്പന്ദനം ഏറ്റുവാങ്ങാനും പ്രതിഫലിപ്പിക്കാനും മുഖ്യധാരയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് എത്രകണ്ടു സാധിക്കാതെ പോകുന്നുവോ, അത്രതന്നെ തീവ്രതയോടെ മാറ്റത്തിനു നേരെ മുഖം തിരിഞ്ഞാണ് സമാന്തരപ്രസ്ഥാനവും എന്നു പറയാതെ വയ്യ. വിരസ ദൃശ്യാഖ്യാനങ്ങളുടെ മടുപ്പന്‍ ബുദ്ധിജീവി സമവാക്യം പുതിയ തലമുറയെ സിനിമയില്‍ നിന്ന് എന്തുമാത്രം അകറ്റുമെന്ന് സമാന്തരചലച്ചിത്രകാരന്മാരും തിരിച്ചറിയാതെ പോയി. ഇതിന്റെയെല്ലാം പ്രതിഫലനമാണ് വിവാദമാകുന്ന ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ കാണുന്നത്. നിലവാരത്തകര്‍ച്ച കൂടാതെ എന്തെങ്കിലും ഘടകം അവാര്‍ഡുനിര്‍ണയത്തില്‍ മലയാളത്തിനു തിരിച്ചടിയായിരിക്കാമോ? ആ തരത്തില്‍ ഒരു ചിന്ത ചെന്നുനില്‍ക്കുക സ്വാഭാവികമായി, ഏതൊരു ദേശീയ അവാര്‍ഡു നിര്‍ണയത്തിന്റെയും രീതി സമ്പ്രദായത്തിന്റെ അംഗീകരിക്കപ്പെട്ട ചില അണിയറരഹസ്യങ്ങളിലേക്കാവും. ഫെഡറല്‍ ബഹുസ്വരതയക്കും ബഹുഭാഷാ സംവിധാത്തിനും വഴങ്ങി നടത്തപ്പെടുന്ന ഇത്തരത്തിലൊരു അവാര്‍ഡ് നിര്‍ണയം എത്ര നിഷ്പക്ഷമെന്നു വരുത്തിത്തീര്‍ത്താലും ഭാഷാ പ്രാതിനിധ്യത്തിനായി അതതു ഭാഷാ പ്രതിനിധികള്‍ വഴി നിര്‍മിക്കപ്പെടുന്ന സമ്മര്‍ദ്ദവും ലോബീയിങ്ങും തീര്‍ച്ചയായും സ്വാധീനങ്ങളായിത്തീരുമെന്നത് മനസ്സിലാക്കാന്‍ കേവലയുക്തിയുടെ പിന്‍ബലമേ ആവശ്യമുളളൂ. അതിനുവേണ്ടിത്തന്നെയാണല്ലോ ദേശീയതലത്തില്‍ അവാര്‍ഡുനിര്‍ണയസമിതി രൂപീകരിക്കുമ്പോള്‍ മിക്ക ഭാഷകളിലും നിന്നുള്ള പ്രതിനിധികളെ ഉറപ്പാക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കുന്നതും. ഒരേ നിലവാരത്തില്‍ ഒരു ടൈ അഥവാ കട്ടയ്ക്കു കട്ട ഒരു മത്സരം ഉണ്ടാവുമ്പോള്‍ തങ്ങളുടെ ഭാഷാരചനയ്ക്കുവേണ്ടി, സ്രഷ്ടാവിനുവേണ്ടി നടത്തുന്ന വാദഗതികളില്‍ അതതു പ്രതിനിധികള്‍ക്കൊപ്പം ജൂറിയുടെ മഹാഭൂരിപക്ഷം നീങ്ങുമ്പോഴാണ് അവാര്‍ഡ് ആ സിനിമയ്ക്കാവുന്നത്. ഒരുതരത്തിലുളള വോട്ടെടുപ്പുതന്നെയാണ് ഇത്. ശബ്ദവോട്ടെടുപ്പ്. എന്നാല്‍ ഇതിന് ശക്തമായി വാദിക്കാന്‍ ചങ്കുറപ്പുള്ള അംഗങ്ങള്‍ വേണം. അതിനു മനഃസ്ഥിതിയുളള ഭാഷാംഗം സമിതിയിലുണ്ടാവണം. ഇക്കുറി അവാര്‍ഡ് സമിതി പരിശോധിച്ചാല്‍ വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണ്‍ കഴിഞ്ഞാല്‍ മലയാളിയായ ഒരൊറ്റ ചലച്ചിതകാരനെപ്പോലും മഷിയിട്ടു തപ്പിയാല്‍ കാണില്ല. ഷാജിയെയാവട്ടെ ഒരു തരത്തിലും കുറ്റപ്പെടുത്താനുമാവില്ല. കാരണം ചെയര്‍മാന്റെ കസേരയിലിരുന്നു പക്ഷം പിടിക്കാന്‍ അദ്ദേഹത്തിനാവില്ല.അതുകൊണ്ടുതന്നെ മലയാളസിനിമയ്ക്കു വേണ്ടിയുള്ള ഒരേയൊരു കാസ്റ്റിംഗ് വോട്ട് നിഷ്പക്ഷതയുടെ പേരില്‍ പാഴായിപ്പോയി. ഷാജി പറയുന്നത് ശരിയാണ്- അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ വന്നാലും ഗുണനിലവാരത്തില്‍ മികച്ചു നിന്നലല്ലേ ദേശീയതലത്തില്‍ പുരസ്കാരത്തിനു പരിഗണിക്കാനാവൂ? വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്യാമപ്രസാദ് അംഗമായിരുന്ന ജൂറി അടൂര്‍ ചിത്രത്തെതഴഞ്ഞപ്പോള്‍ ശ്യാം പറഞ്ഞതും ഇതേ ന്യായമായിരുന്നു. ന്യായമായും യുക്തിപൂര്‍വമായ ചോദ്യം. എന്നാല്‍ ഇൌ ചോദ്യം ഷാജി അറിയാതെ അദ്ദേഹത്തെക്കൊണ്ട് മറ്റൊരു പ്രസ്താവന പറയാതെ പറയിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. മികച്ച സിനിമയ്ക്കോ, സംവിധായകനോ ഉള്ള മത്സരത്തില്‍ അടൂര്‍/ടിവി.ചന്ദ്രന്‍ സിനിമകള്‍ ബംഗാളി, മറാത്തി സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2008ല്‍ പിന്നിലായിരുന്നിരിക്കാം, സംശയം വേണ്ട. അങ്ങനെയാണെങ്കില്‍ അവരുടെ സിനിമകള്‍ ആ വര്‍ഷം മികച്ച പ്രാദേശികസിനിമയ്ക്കുളള പുരസ്കാരം നേടിയ രഞ്ജിത്തിന്റെ തിരക്കഥയേക്കാളും താഴെയായിരുന്നു എന്നല്ലേ ഷാജി സമര്‍ഥിക്കുന്നത്? തിരക്കഥ എന്ന സിനിമ അങ്ങനെയൊരു നിലവാരത്തിലുള്ള സിനിമയാണോ എന്നത് പ്രേക്ഷകര്‍ തീരുമാനിക്കുക. അഭിനേതാക്കളുടെയോ സ്രഷ്ടാക്കളുടെയോ പ്രതിഭയില്‍ മലയാളി, മറ്റു ഭാഷകളെ അപേക്ഷിച്ച് പിന്നിലായേക്കാം, സാധ്യതയില്ലാതില്ല. മറാത്തി സിനിമ, മുംബൈസിനിമയുടെ കരാളഹസ്തത്തില്‍ നിന്ന് പതിയേ മോചിതമായി സ്വന്തം അസ്തിത്വം, സ്വത്വം ഉറപ്പിച്ചിട്ടുമുണ്ടാവാം. മറാത്തി സിനിമകളുടെ സമകാലിക പരിച്േഛദങ്ങളില്‍ ചിലതു നല്‍കുന്ന സന്ദേശം അത്തരത്തിലുള്ളതാണ്.അതുകൊണ്ടു തന്നെ മറാത്തി സിനിമ നേടിയ മേല്‍ക്കൈ സംശയമര്‍ഹിക്കുന്നതല്ല. വെഡ്നസ് ഡേ പോലൊരു സിനിമയുടെ അര്‍ഹതയെപ്പറ്റിയും മറിച്ചൊരഭിപ്രായമുണ്ടാവില്ല. ഫാഷന്‍ എന്ന സിനിമയും അതില്‍ പ്രിയങ്ക ചോപ്രയുടെ പ്രകടനവും അതേപോലെ ജനപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയതാണ്. തര്‍ക്കം അവിടെയല്ല. പാതി മലയാളിയായ പ്രിയങ്കയ്ക്കു ലഭിച്ച മികച്ച നടിക്കുളള ബഹുമതിയില്‍ മലയാളി പൈതൃകം ആരോപിച്ചു സമാധാനിക്കുന്നതിനോടൊപ്പം, ഒരു സന്ദേഹം ഉന്നയിക്കാതിരിക്കാനുമാവില്ല. മോഡലായി അരങ്ങത്തുവന്നു വിശ്വസുന്ദരിപ്പട്ടം വരെ കീഴടക്കിയ പ്രിയങ്ക, സ്വന്തം ജീവിതം തന്നെ മറ്റൊരര്‍ഥത്തില്‍ പകര്‍ത്തിവച്ചതാണ് ഫാഷനില്‍. അപ്പോഴാണ് പ്രസക്തമായ ഒരു സംശയം തികട്ടുന്നത്. സ്വന്തം ജീവിതം തന്നെ പകര്‍ന്നാടുന്നതിലാണോ, ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, മറ്റൊരു കാലത്തെ, അല്ലെങ്കില്‍ മറ്റൊരു പ്രാദേശികതയുടെ ഉൌടും പാവും അഭിനയത്തിലാവഹിക്കുന്നതിലാണോ നടനമികവ്? അതെന്തോ, അഭിനയത്തിന്റെ രസതന്ത്രങ്ങള്‍ ആഴത്തില്‍ പഠിച്ചവര്‍ കണ്ടെത്തട്ടെ! എങ്കിലും ഒരു സഹനടി പട്ടത്തിനുപോലും വട്ടമില്ലാത്തവണ്ണം ദയനീയമായോ നമ്മുടെ അഭിനേതാക്കളെന്നൊരാശങ്ക വന്നുപോയാല്‍ തെറ്റുണ്ടോ. രണ്ടുതവണ ദേശീയ അവാര്‍ഡു നേടിയ അര്‍ച്ചനയുടെ കഴിവിലും പ്രതിഭയിലും സന്ദേഹത്തിന്റെ കണികയ്ക്കുപോലും വശമില്ലെങ്കിലും നഗ്മയുടെ ജൂറിത്വം സമര്‍ഥിക്കാന്‍ ചെയര്‍മാനുപോലും സാധിക്കുമോ എന്നാരെങ്കിലും ചോദിച്ചാല്‍....? സാങ്കേതികവിദഗ്ധരുടെ കാര്യത്തില്‍ വന്ന തിരിച്ചടിയും പ്രത്യാഘാതവുമാണ് വാസ്തവത്തില്‍ ഇൌ ചലച്ചിത്ര പുരസ്കാരം മലയാളിയെ ഏറെ കുണ്ഠിതപ്പെടുത്തുന്നത്. മുമ്പ്, പലകുറി നമ്മുടെ കലാകാരന്മാര്‍ക്കു തിരിച്ചടികളും അവഗണനകളുമുണ്ടായിട്ടുള്ളപ്പോഴും മലയാളത്തിന്റെ സാങ്കേതികകലാകാരന്മാര്‍ അവരുടെ മേല്‍ക്കോയ്മ അടിയറവച്ചിട്ടുണ്ടായിരുന്നില്ല. ബോളിവുഡ്ഡ് പോലും സ്നേഹത്തോടെ ആശ്രയിക്കുന്ന പ്രതിഭാധനരായ സാങ്കേതികവിദഗ്ധരാണ് മലയാളികള്‍. റസൂല്‍പൂക്കുട്ടിയിലൂടെ ഒാസ്കര്‍ നിശയില്‍ വരെ നിറസാന്നിദ്ധ്യമായി, മലയാളിയുടെ പ്രതിഭാനം. പക്ഷേ ഇക്കുറി അവാര്‍ഡിന്റെ നാലയല്‍പക്ക പ്രദേശത്തുപോലും പേരിനൊരാളെ അടുപ്പിച്ചിട്ടില്ല. ഷാജിയുടെ സിനിമകളില്‍ സഹകരിച്ചിട്ടുള്ള എണ്ണം പറഞ്ഞ സാങ്കേതികകലാകാരന്മാരില്‍ പലരും ഇക്കുറി മല്‍സരരംഗത്തുണ്ടായിരുന്നു. അടൂരിന്റെ കാര്യത്തിലെന്നോണം, അവരുടെ കാര്യത്തിലും സമാനനിലപാടാണ് അദ്ദേഹത്തിന്റേതെങ്കില്‍, തീര്‍ച്ചയായും ചെയര്‍മാന്റെ ധൈര്യത്തെ വാഴ്ത്തുകതന്നെവേണം. ഹ്രസ്വചിത്രവിഭാഗമാണ് മലയാളിയുടെ മേല്‍ക്കോയ്മ നിലനിര്‍ത്തിയ ഒരേയൊരു വിഭാഗം. ഏതായാലും ഇക്കഴിഞ്ഞ ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കണ്ടപോലൊരു വിപ്ളവം അമ്പത്താറാമത് ദേശീയ അവാര്‍ഡുകളിലും പ്രതിഫലിച്ചു എന്നുള്ളതാണ് സത്യം. പഴമയുടെ ആവര്‍ത്തനവൈരസ്യത്തെ വൈരാഗ്യബുദ്ധിയോടെ നിരസിക്കാനും പുതുമയേയും പുതുമുഖങ്ങളെയും രണ്ടുകൈയും നീട്ടി സ്വീകരിക്കാനുമുള്ള അടവുനയമാണ് ഇൌ തീരുമാനങ്ങളിലെങ്ങും പ്രകടമായിരുന്നത്.അണിയറനാടകങ്ങളൊന്നും അരങ്ങേറിയില്ലെങ്കില്‍, നിഷ്പക്ഷതയുടെ വിശ്വാസ്യതയില്‍ 916 സംശുദ്ധി അവകാശപ്പെടാനാകുമെങ്കില്‍ ഇൌ അവാര്‍ഡ് നിര്‍ണയം മലയാളിക്കും മലയാള സിനിമയ്ക്കും ആത്മവിമര്‍ശനത്തനുള്ള വഴിയാണ്. രണ്ടു സൂപ്പര്‍ താരങ്ങളുടെ അച്ചുതണ്ടുകള്‍ക്കു ചുറ്റും അര്‍ഥമില്ലാതെ വട്ടം ചുറ്റന്നതിനിടെ, ലോകസിനിമയില്‍പ്പോയിട്ട്, മറ്റു ഭാഷകളിലെ ഇന്ത്യന്‍ സിനിമയില്‍പ്പോലും എന്താണു സംഭവിക്കുന്നതെന്നു നമുക്കു മനസ്സിലാവുന്നില്ലെയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും ഇൌ അധോഗതിയില്‍ നിന്ന്, നാണക്കേടില്‍ നിന്ന് സ്വയം കരകയറേണ്ട ബാധ്യത, ഉയരത്തിലേക്കു കുതിക്കേണ്ട ആവശ്യം നമ്മുടെ ചലച്ചിത്രകാരന്മാര്‍ക്കുണ്ട്. അതിന് ചിലപ്പോള്‍, ആവശ്യത്തിലുമിരട്ടി അധ്വാനം വേണ്ടിവന്നെന്നുമിരിക്കും, നഷ്ടപ്രതാപം വീണ്ടെടുക്കാന്‍. അതവര്‍ തിരിച്ചറിയുകതന്നെവേണം. അങ്ങനെയൊരു തിരിച്ചറിവിന് ഇൌ അവാര്‍ഡ് അവഗണന വഴിവച്ചാല്‍ ഇൌ തിരിച്ചടി നാളെ മലയാള സിനിമയുടെ ചരിത്രത്തിലെ വഴിത്തിരിവായി ഗണിക്കപ്പെടാം. അതല്ല, അനാവരണം ചെയ്തിട്ടില്ലാത്ത ലോബീയിങ് അടക്കമുളള ഏതെങ്കിലും സ്വാധീനങ്ങള്‍ ഇൌ തീരുമാനങ്ങള്‍ക്കു പിന്നിലുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അടൂരിന്റേതു മാത്രമല്ല, മലയാള സിനിമയുടേയും സിനിമാപ്രവര്‍ത്തകരുടേയും ആത്മവീര്യം കെടുത്തുന്നതായിപ്പോയി എന്നു നിരീക്ഷിക്കേണ്ടിവരും.അങ്ങനെയെങ്കില്‍ ശ്രദ്ധിക്കേണ്ടത് നിഷ്പക്ഷതയുടെ നിസ്സഹായതയുടെ ബന്ധിതരാവുന്ന ചെയര്‍മാന്മാരല്ല. ജൂറിയെ നിയോഗിക്കുന്ന സംഘാടകരാണ്. പനോരമ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും ജൂറിയെക്കുറിച്ചാണ് ജൂറിയുടെ ഘടനയെക്കുറിച്ചായിരുന്നു മുഖ്യ ആരോപണമെന്നോര്‍ക്കുക.

Monday, September 07, 2009

Impressions on 55th National film awards 2007


read my impressions on the 55th National film awards 2007 published in Mangalam daily's Edit Page on 8th Sept,2009.
click here to view the page