Showing posts with label malayalam movie. Show all posts
Showing posts with label malayalam movie. Show all posts

Thursday, July 06, 2023

മാറളവുകളുടെ ദൃശ്യരാഷ്ട്രീയം

  കലാകൗമുദി  July 2, 2023       

എ.ചന്ദ്രശേഖര്‍

"Feminism isn't about making women stronger. Women are already strong, it's about changing the way the world perceives that strength."

Chimamanda Ngozi Adichie(Nigerian Writer)

 കെ.ജി.ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലിലെ വാസന്തി അധ്യായത്തിന്റെ പുതുവായന എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജിയോ ബേബിയുടെ ഏറെ ഘോഷിക്കപ്പെട്ട ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍, സമീപകാല മലയാളസിനിമയിലെ അതിശക്തമായ സ്ത്രീപക്ഷരചനയായിരിക്കുമ്പോള്‍ത്തന്നെ,അതെത്രമാത്രം/എങ്ങനെ സ്ത്രീപക്ഷത്തേക്കുള്ള പുരുഷനോട്ടം ആയിത്തീരുന്നുവെന്നറിയുക, ശ്രുതി ശരണ്യം രചിച്ചു സംവിധാനം ചെയ്ത ബി 32-44 കാണുമ്പോഴാണ്. ആണ് പെണ്ണിന്റെ സ്ഥാനത്തു കയറിനിന്നിട്ട് എഴുതുന്നതും പെണ്ണ് പെണ്‍നോട്ടമെഴുതുന്നതും തമ്മിലെ വ്യത്യാസം മാധവിക്കുട്ടിയുടെയും സാറാ ജോസഫിന്റെയും കെ.ആര്‍.മീരയുടെയും കെ.രേഖയുടെയുമൊക്കെ എഴുത്തുകളില്‍
നാം കണ്ടതാണ്. സിനിമയില്‍ കെ.ജി.ജോര്‍ജ്ജിന്റെ ആദാമിന്റെ വാരിയെല്ലിലെ സ്ത്രീ കഥാപാത്രങ്ങളും അവരുടെ ജീവിതാവിഷ്‌കാരവും മലയാളം അന്നോളം കണ്ടതില്‍ വച്ച് ഏറ്റവും സ്ത്രീപക്ഷവീക്ഷണം വച്ചുപുലര്‍ത്തുന്നതായിരുന്നു. ലോഹിതദാസ്-സിബിമലയില്‍ ദ്വന്ദത്തിന്റെ എഴുതാപ്പുറങ്ങള്‍ ടി ദാമോദരന്‍-ഐ.വി.ശശി സഖ്യത്തിന്റെ ഇന്നല്ലെങ്കില്‍ നാളെ പോലെ ചില ചിത്രങ്ങള്‍ മുഖ്യധാരയിലും സൂസന്ന പോലെ ചില സിനിമകള്‍ നവധാരയിലും പുറത്തിറങ്ങിയെങ്കിലും അവയൊക്കെയും പുരുഷനോട്ടത്തില്‍ നിന്നുകൊണ്ടുള്ള സ്ത്രീപക്ഷ വായനകള്‍ മാത്രമായിരുന്നു. പേരിന് ഷീലയും വിജയനിര്‍മ്മലയുമൊക്കെ സംവിധായകരായപ്പോഴും ശ്രീബാല കെ മേനോന്‍ മുതല്‍ വിധു വിന്‍സെന്റും സ്‌റ്റെഫി സേവ്യറും വരെ സംവിധാനം ചെയ്തപ്പോഴും സ്ത്രീപക്ഷപ്രതിനിധാനം എന്ന അര്‍ത്ഥത്തില്‍ അവരുടെ സിനിമകളുടെ വായന സാധ്യമായിരുന്നില്ല. ഇവിടെയാണ് ശ്രുതി ശരണ്യം ഉള്‍പ്പെടുന്ന യുവതലമുറ സംവിധായികമാരുടെ സിനിമകള്‍ വേറിടുന്നത്. അതിന് നാം നന്ദിയോതേണ്ടത് ഷാജി എന്‍ കരുണിന്റെ ദീര്‍ഘദര്‍ശനത്തോടെ ആസൂത്രണം ചെയ്യപ്പെട്ട സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ സ്ത്രീശാക്തീകരണ ചലച്ചിത്ര നിര്‍മ്മാണ പദ്ധതിക്കാണ്. ബജറ്റ് പരിമിതികളടക്കമുള്ള വെല്ലുവിളികളുണ്ടായിരുന്നെങ്കിലും നിഷിദ്ധോ, ബി 32-44, ഡൈവോഴ്‌സ്, ഇന്ദുലക്ഷ്മിയുടെ നിള തുടങ്ങിയവയൊക്കെ സംഭവിച്ചതിനു കാരണം കെ.എസ്.എഫ്.ഡി.സിയുടെ ഈ പദ്ധതിയാണ്. അവയില്‍ ആശയം കൊണ്ടും അവതരണം കൊണ്ടും ഏറെ വൈവിദ്ധ്യവും ആഴവും പുലര്‍ത്തുന്ന സിനിമയാണ് ശ്രുതിയുടെ ബി 32-44.

പുതുതലമുറയില്‍ ആര്‍ രാജശ്രീയുടെ, സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത വായിക്കുമ്പോള്‍ അനുവാചകന് അനുഭവപ്പെടുന്ന ഭാവുകത്വവ്യതിയാനമുണ്ട്, നാളിതുവരെയുള്ള എഴുത്തുകാരികളുടെ രചനകളില്‍ നിന്നൊന്നും കിട്ടാത്തവിധത്തിലുള്ള, തീര്‍ത്തും നൂതനുവും അതേസമയം ലളിതവുമായ സ്ത്രീപക്ഷ നോട്ടപ്പാടാണത്. കെ.ആര്‍ മീരയടക്കമുള്ള എഴുത്തുകാരികള്‍ ആണുങ്ങള്‍ കൈയാളുന്ന വിഷയങ്ങളെത്തന്നെ അതിനേക്കാള്‍ തീവ്രമായോ ഒരുപക്ഷേ അവര്‍ക്കാവുന്നതിനേക്കാള്‍ രാഷ്ട്രീയവും സാമൂഹികവുമായ വീക്ഷണവൈവിദ്ധ്യത്തിലൂടെ സഗൗരവം ആവിഷ്‌കരിക്കാന്‍ ശ്രമിച്ചപ്പോള്‍, രാജശ്രീ തനിക്കുമാത്രം സാധ്യമാകുന്നവിധം കേരളീയ സമൂഹത്തിലെ സ്ത്രീജീവിതത്തെ അതീവലളിതമായി എന്നാല്‍ ഏറെ ഗഹനവും ആഴവുമുള്‍ക്കൊണ്ട് ആലങ്കാരികത തൊട്ടുതീണ്ടാതെ ആവിഷ്‌കരിച്ചുകൊണ്ടാണ് പൂര്‍വസൂരികളില്‍ നിന്നു വഴിമാറി നടന്നത്. അതിനു തക്ക നൂതനത്വമാര്‍ന്നൊരു ആഖ്യാനഭാഷയും അവരതിന് കണ്ടെത്തി അവതരിപ്പിച്ചു. മലയാള സിനിമയില്‍ സമാനമായൊരു ആഖ്യാനകവും ആഖ്യാനവും കൊണ്ടാണ് ശ്രുതി ശരണ്യത്തിന്റെ ബി.32-44 വേറിട്ടതാവുന്നത്.ജാതിരാഷ്ട്രീയത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികള്‍ നിര്‍മ്മിച്ച വ്യാജബോധ്യങ്ങളിലൂന്നി ആണ്‍ നോട്ടത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പുഴു(2022) സംവിധാനം ചെയ്ത രതീനയുടെ ചലച്ചിത്ര സമീപനം സാമൂഹിക രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അവതരിപ്പിക്കുന്ന പുരുഷസംവിധായകര്‍ക്കു നേരേയുള്ള പ്രതിരോധമായിരുന്നെങ്കില്‍, ആണിന് ആലോചിക്കാന്‍ പോലും സാധ്യമല്ലാത്തൊരു വിഷയം ചലച്ചിത്രത്തിന് പ്രമേയമാക്കി എന്നിടത്താണ് ശ്രുതി വ്യത്യസ്തയാവുന്നത്. മലയാള സിനിമയില്‍ ആര്‍ത്തവവും ആര്‍ത്തവവിരാമവുമെല്ലാം നോട്ട്ബുക്ക(2006)്, സ്റ്റാര്‍(2021) തുടങ്ങിയ സിനിമകള്‍ക്കും, ശരീരത്തിന്റെ രാഷ്ട്രീയം (ബോഡി പൊളിറ്റിക്‌സ്) തമാശ (2019)യ്ക്കും വിഷയമായിട്ടുണ്ടെങ്കിലും തീര്‍ത്തും സ്‌ത്രൈണമെന്നു തന്നെ വിലയിരുത്തപ്പെടേണ്ട അവയവരാഷ്ട്രീയം ആദ്യമായി കൈകാര്യം ചെയ്യുന്ന സിനിമ എന്ന നിലയ്ക്കു ശ്രുതിയുടെ ബി 32ന് കാലികത്തിലുപരിയായ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയുണ്ട്.ലിംഗസമത്വത്തെയും ലിംഗനീതിയേയും കുറിച്ചുള്ള ദാര്‍ശനികചര്‍ച്ചകള്‍ക്കല്ല, അവയെപ്പറ്റിയുള്ള നേരിട്ടുള്ള പ്രതിപാദനത്തിനാണ് ശ്രുതിയിലെ സംവിധായിക ധൈര്യം കാണിച്ചിരിക്കുന്നത്. 

ഇന്ത്യ പരിപാവനവും പുണ്യവുമൊക്കെയായി വിഗ്രഹവല്‍ക്കരിച്ചിട്ടുള്ള പെണ്ണിന്റെ മാറിടം എന്ന അവയവത്തിന്റെ സാമൂഹിക/രാഷ്ട്രീയമാനങ്ങളാണ് ശ്രുതിയുടെ സിനിമ. രണ്ടു വാക്കുകളുള്‍ക്കൊള്ളുന്ന ഒറ്റവാക്യത്തില്‍ ഒതുക്കാവുന്നതാണ് ഇതിന്റെ പ്രമേയം-മാറിടത്തിന്റെ രാഷ്ട്രീയം! ഒരുപക്ഷേ, ഇത്തരമൊരു വണ്‍ലൈന്‍ തന്നെ ഏതു നിര്‍മ്മാതാവിന് ബോധ്യമായേക്കുമെന്നതില്‍ സന്ദേഹമുണ്ട്. ഇങ്ങനെയൊരു ഇതിവൃത്തം ഒരു സ്ത്രീക്കല്ലാതെ ഒരിക്കലും ഒരു പുരുഷന് ആലോചിക്കാനേ സാധ്യമാകുന്നതല്ല. കാരണം ലൈംഗികാവയവമെന്നതിലുപരി, മതവും സംസ്‌കാരവുമൊക്കെ ചേര്‍ന്ന് മാതൃത്വത്തിന്റെ മഹനീയബിംബമായി വിഗ്രഹവല്‍ക്കരിച്ചിട്ടുള്ള സ്ത്രീയുടെ മാറിടത്തെ അടിസ്ഥാനമാക്കി ഇത്രയേറെ സാമൂഹിക-രാഷ്ട്രീയ-ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട് എന്നതുതന്നെ പുരുഷഭൂരിപക്ഷം തിരിച്ചറിയുന്നുണ്ടായിരിക്കില്ല. ആര്‍ത്തവകാല ശാരീരിക/മാനിസിക സമ്മര്‍ദ്ദങ്ങളെയും പ്രസവാനന്തര മനസംഘര്‍ഷങ്ങളെയും കുറിച്ചെല്ലാം അടുത്തകാലത്തു മാത്രം കുറച്ചെങ്കിലും ബോധോദയം സംഭവിച്ചിട്ടുളള സാംസ്‌കാരിക കേരളത്തിലെ പുരുഷന്മാര്‍ ആലോചിച്ചിട്ടുപോലുമില്ലാത്തൊരു വിഷയത്തിലേക്കാണ് ശ്രുതി പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്.ബിംബവല്‍ക്കരിക്കപ്പെട്ട മഹത്തായ മാതൃത്വത്തിന്റെ പ്രതീകമായ അമ്മിഞ്ഞ, പുതുതലമുറയ്ക്കും കേവലം ലൈംഗികവസ്തുമാത്രമായ ബൂബ്‌സ് ആയി നിലനില്‍ക്കെ, സ്ത്രീക്കു നേരെയുള്ള പുരുഷനോട്ടത്തില്‍ കാര്യമായ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് ബി 32-44 വ്യക്തമായി കാണിച്ചുതരുന്നു. 

പേരില്‍ തന്നെ തുടങ്ങുന്നതാണ് ബി 32-44 ന്റെ വഴിമാറിനടത്തം. പ്രത്യക്ഷത്തില്‍ സ്ത്രീകള്‍ മാത്രമുപയോഗിക്കുന്ന, ആദ്യകാല മലയാളസിനിമകളില്‍ ബലാത്സംഗരംഗങ്ങളിലും രതിരംഗങ്ങളിലും പ്രതീകാത്മമായി ഉപയോഗിച്ചിരുന്ന ബ്രെയ്‌സിയര്‍ എന്ന അടിവസ്ത്രത്തിന്റെ അളവായി ഈ പേരിനെ കണക്കാക്കാം. മരുന്നുകടയില്‍ നേരിട്ടു ചെന്ന് ഗര്‍ഭനിരോധന ഉറയോ സാനിറ്ററി പാഡോ തുണിക്കടയില്‍ ചെന്ന് കപ് സൈസ് ഉറക്കെപ്പറഞ്ഞ് ഒരു ബ്രായോ വാങ്ങുന്നതില്‍ അശ്‌ളീലം കാണുന്ന, സ്ത്രീയുടെ അടിവസ്ത്രമലക്കുന്നത് ആണത്തക്കുറവായിമാത്രം കണക്കാക്കുന്ന പുരുഷജന്മങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഏല്‍ക്കുന്ന തലയ്ക്കടി തന്നെയാണ് ഈ ചെറിയ വലിയ സിനിമ.അതവരിലേല്‍പ്പിക്കുന്ന സാംസ്‌കാരികാഘാതമാണ് മാനസികാഘാതത്തെക്കാള്‍ വലുത്. എന്നാല്‍, ബഹുതലസ്പര്‍ശിയായ കഥാഗാത്രത്തിനും, ബഹുതലമാനങ്ങളുള്ള നോണ്‍-ലീനിയര്‍ ആഖ്യാനഘടനയ്ക്കും യോജിച്ചവിധം, ഒന്നിലേറെ മാനങ്ങളുള്‍ക്കൊള്ളുന്നുണ്ട് ബി. 32-44 എന്ന പേര്. ബ്രസ്റ്റ് (മുല) ബോഡി(ശരീരം), ബ്യൂട്ടി(സൗന്ദര്യം), ബിഹോള്‍ഡ് (നോട്ടം), ബീയിങ്(ആയിരിക്കുക) എന്നിങ്ങനെ രാഷ്ട്രീയസാമൂഹിക തലങ്ങളില്‍ ആഴമുള്ള അര്‍ത്ഥങ്ങള്‍ കല്‍പിച്ചുകൊണ്ടാണ് ശ്രുതി തന്റെ കന്നി കഥാസിനിമയ്ക്ക് പേരിട്ടിട്ടുള്ളത്.

ആധുനികോത്തര സിനിമയുടെ നവഭാവുകത്വലാളിത്യം പിന്‍പറ്റുമ്പോഴും ഉള്‍ക്കാഴ്ച നിലനിര്‍ത്തിക്കൊണ്ട് സകുടുംബം സിനിമകാണാനെത്തുന്നവര്‍ക്ക് അതിനു സാധ്യമാകുംവിധം നോണ്‍ ലീനിയറായൊരു ഘടനാശൈലിയിലാണ് സിനിമയുടെ ആഖ്യാനം നെയ്‌തെടുത്തിട്ടുള്ളത്.ഒരുപക്ഷേ, ആദാമിന്റെ വാരിയെല്ലിനോട് ചേര്‍ത്തുവയ്ക്കാവുന്നതും വായിക്കാവുന്നതുമായ ആഖ്യാനശില്‍പം. വിവിധ സാമൂഹിക സാമ്പത്തിക ശ്രേണികളില്‍പ്പെട്ട, പരസ്പരം ബന്ധപ്പെടുന്നവരും അല്ലാത്തവരുമായ ആറു പെണ്ണുങ്ങളുടെ ജീവിതത്തില്‍ മാറിടം ഉണ്ടാക്കുന്ന ആഘാതപ്രത്യാഘാതങ്ങളും അനുരണനങ്ങളുമാണ് ബി 32-44. ആഖ്യാനത്തില്‍ പരോക്ഷമായി വന്നുപോകുന്ന, സജിത മഠത്തിലും  നീന ചെറിയാനും രമ്യ സുവിയും അവതരിപ്പിക്കുന്ന മറ്റനേകം സ്ത്രീജീവിതങ്ങളുമുണ്ട്. ഇവര്‍ അവതരിപ്പിക്കുന്ന മൂന്ന് അമ്മമാരും കേരളത്തിലെ അമ്മമാരുടെ ഗതികേടുകളും അവര്‍ നേരിടുന്ന സാമൂഹിക/സാമ്പത്തിക സമ്മര്‍ദ്ദങ്ങളും സ്ത്രീ എന്ന നിലയ്ക്ക് നേരിടുന്ന അവഗണയും പ്രതിഫലിപ്പിക്കുന്നവരാണ്. അങ്ങനെ, മുഖ്യപ്രമേയമായ മാറിടത്തില്‍ നിന്നു മാറി, സ്ത്രീജീവിതങ്ങളുടെ വിഭിന്ന മുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രസക്തി നേടുന്നുണ്ടീ സിനിമ. സ്ത്രീപക്ഷത്തു നില്‍ക്കുമ്പോള്‍ത്തന്നെ ഫെമിനിസ്റ്റ് പക്ഷപാതത്തില്‍ കാണാതെപോകാതിരുന്നുകൂടാത്ത പെണ്‍ബദലുകളെക്കൂടി അവതരിപ്പിച്ചുകൊണ്ട് പ്രതിബദ്ധമായ കലാസൃഷ്ടിയെന്ന നിലയ്ക്ക്  സാമൂഹികവ്യാപ്തി നേടുന്നുണ്ട് ബി 32-44.

കേരളം മറന്നിട്ടില്ലാത്തൊരു യഥാര്‍ത്ഥ സംഭവത്തിലാണ് ബി 32-44 തുടങ്ങുന്നത്. വഴിയില്‍ കണ്ടൊരു യുവതിയോട്, ഞാനൊന്നു മുലയ്ക്ക് പിടിച്ചോട്ടെ എന്നൊരു സ്‌കൂള്‍ക്കുട്ടി ചോദിച്ച പത്രവാര്‍ത്തയുടെ ഭാവനാത്മകാവിഷ്‌കാരമെന്ന നിലയ്ക്കാണത്. നാട്ടിന്‍പുറത്തുകൂടി ബൈക്കില്‍ വരുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറും ട്രാന്‍സ് മാനുമായ സിയ (അനാര്‍ക്കലി മരയ്ക്കാര്‍)നോട് ഒരു ലിഫ്റ്റ് ചോദിക്കുന്ന പ്‌ളസ് ടൂ വിദ്യാര്‍ത്ഥി അശ്‌ളീല ചുവയോടെ ഇതേ ചോദ്യം ചോദിക്കുന്നിടത്താണ് സിനിമയുടെ  സിയ 36 ഡിഡി എന്ന ആദ്യ കാണ്ഡം  ആരംഭിക്കുന്നത്. 

കേന്ദ്രകഥാപാത്രങ്ങളായ ഈ ആറു പെണ്ണുങ്ങളും ജീവിതത്തിന്റെ നിര്‍ണായക ദശാസന്ധികളില്‍ സ്വയവും പരസ്പരവും തിരിച്ചറിയകയും കണ്ടെത്തുകയും ആശ്രയിക്കുകയും, സമൂഹത്തിന്റെയും കുടുംബത്തിന്റെയും വരെ അങ്കുശഹസ്തങ്ങളില്‍ നിന്ന് സ്വയം വിടുതല്‍ നേടി സ്വതന്ത്രരാവുകയും ചെയ്യുന്നിടത്താണ് ബി 32-44 അവസാനക്കേണ്ടിയിരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതിലും ഞെട്ടിപ്പിക്കുന്നതാണ് എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട്, ഹോട്ടലിലെ ജോലി വിട്ട് കൗണ്‍സലിങ് കരിയറായി സ്വീകരിക്കുന്ന 32 എഎ എന്ന ഉപസര്‍ഗത്തിലെ ഇമാന്‍ (സറിന്‍ ഷിഹാബ്) സ്‌കൂള്‍ കുട്ടികള്‍ക്ക് ജെന്‍ഡര്‍ ഇക്വാളിറ്റിയെപ്പറ്റി ക്‌ളാസെടുക്കവേ എന്തോ പറഞ്ഞു ചിരിക്കുന്നവരില്‍ ഒരാണ്‍കുട്ടിയോട് എന്താണ് ലിംഗവ്യത്യാസ്യം എന്നു ചോദിക്കുമ്പോള്‍ ഒരുളുപ്പുമില്ലാതെ അവന്‍ പറയുന്നു- വിത്ത് ബൂബ്‌സ് ആന്‍ഡ് വിത്തൗട്ട് ബൂബ്‌സ്! പെണ്ണിനെ ലൈംഗികാവയവം കൊണ്ടു മാത്രം അടയാളപ്പെടുത്തുന്ന ആണധികാരത്തിന്റെ ബൗദ്ധികാശ്‌ളീലം ഇത്രമേല്‍ യാഥാര്‍ത്ഥ്യബോധത്തോടെ, അതിലേറെ നാണിപ്പിക്കുംവിധം മറ്റൊരു മലയാള സിനിമ അവതരിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. എത്രയൊക്കെ സമത്വം പ്രചരിപ്പിച്ചാലും പ്രസംഗിച്ചാലും സമൂഹമനസില്‍ നിന്ന് ചില ചിന്തകള്‍  പറിച്ചുമാറ്റപ്പെടാതെ സ്ത്രീ ആണ്‍നോട്ടത്തിന്റെ ധ്വംസനങ്ങളില്‍ നിന്നു പോലും വിമുക്തയാവില്ലെന്ന സത്യത്തിലേക്കാണ് ശ്രുതി തന്റെ ക്യാമറക്കാചങ്ങള്‍ തുറന്നുവയ്ക്കുന്നത്. അതുളവാക്കുന്ന ഞെട്ടലും പുരുഷനെന്ന നിലയിലതുണ്ടാക്കുന്ന ആത്മനിന്ദയും തന്നെയാണ് സിനിമയ്ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ അനുമോദനം എന്നു ഞാന്‍ കരുതുന്നു.

അതിലോലമായൊരു നൂല്‍പ്പാലത്തിലൂടെയുള്ള നടത്തമാണ് ബി.32-44ന്റെ തിരക്കഥ. അല്‍പമൊന്നു തെറ്റിയാല്‍ വഴുതിപ്പോയേക്കാവുന്ന അത്യധികം ആപത്തുനിറഞ്ഞ കനല്‍വഴി. രണ്ടാംകിട മസാലയിലേക്കോ, പ്രചരണാത്മക മുദ്രാവാക്യത്തിലേക്കോ നിപതിക്കാതെ, സിനിമയെന്ന നിലയ്ക്ക് ആന്തരികവും ബാഹ്യവുമായ ലാവണ്യാനുഭൂതിയും സൗന്ദര്യാത്മകതയും ഒരുപോലെ നിലനിര്‍ത്തി ദുര്‍ഗ്രഹതയുടെ ലാഞ്ഛന പോലുമില്ലാതെയാണ് സിനിമയുടെ ഓരോ ഖണ്ഡവും വിഭാവന ചെയ്തിട്ടുള്ളത്.ആണ്‍കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലും സ്ത്രീപക്ഷമെന്നത് പക്ഷപാതിത്വമാകാതിരിക്കാന്‍ തിരക്കഥാകാരിയും സംവിധായികയും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മാലിനി 38 എഎ എന്ന കാണ്ഡത്തിലെ രമ്യാ നമ്പീശന്‍ അവതരിപ്പിക്കുന്ന മാലിനിയുടെ ഭര്‍ത്താവായി എത്തുന്ന ഹരീഷ് ഉത്തമന്റെ വിവേക് മുഖ്യധാരയുടെ കമ്പോളവഴക്കത്തില്‍ പ്രതിനായകനോ വില്ലനോ ആവേണ്ടതാണ്. ജയ 36 ബി  എന്ന ഉപസര്‍ഗത്തില്‍ അപകടത്തില്‍, നട്ടെല്ലിനു പരുക്കേറ്റ് കിടപ്പിലായതിന്റെ സങ്കടത്തിലും, തന്റെ കടം തീര്‍ക്കാന്‍ താന്‍ കൂടി സമ്മതിച്ചിട്ട് വീട്ടുജോലിക്കാരിയായ ഭാര്യ ജയ ലിങ്കറിയുടെ മോഡലാവുമ്പോള്‍, വളര്‍ന്നുവരുന്ന മകനോട് അമ്മയെപ്പറ്റി താനെന്തു പറയും എന്നു പരിതപിക്കുന്ന ജിബിന്‍ ഗോപിനാഥിന്റെ ജോസഫ് എന്ന ഭര്‍തൃകഥാപാത്രവും, ചിത്രത്തില്‍ അവതരിപ്പിക്കുന്നതിലുമപ്പുറം വില്ലനായിത്തീരേണ്ട ടൈപ് കാസ്റ്റിങ് സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അവരെ അവരുള്‍പ്പെടുന്ന ധാര്‍മ്മിക പ്രതിസന്ധികളില്‍ തെറ്റും ശരിയും കണ്ടെത്താനാവാതെ ഉഴറുന്ന നിസ്സാഹയരായി മാത്രമാണ് ചിത്രീകരിച്ചിട്ടുള്ളത്. അതേ സമയം, പ്‌ളസ് ടുവിന് പഠിക്കുമ്പോള്‍ ഗര്‍ഭിണിയായ നിധിയുടെ (റെയ്‌ന രാധാകൃഷ്ണന്‍) കുട്ടിയെ സ്വന്തം കുട്ടിയായി ചിത്രീകരിച്ച് ദത്തുനല്‍കാന്‍ ശ്രമിക്കുന്ന നിധി 36ഡി സര്‍ഗത്തിലെ സമ്പന്ന പിതാവായ സുരേഷ് (രജിത് കെഎം), റെയ്ച്ചല്‍ 34 ഡിഡിയിലെ സംവിധായകനാല്‍ അതിക്രമിക്കപ്പെടുന്ന യുവനടി.റെയ്ച്ചലി (കൃഷ കുറുപ്പ്)നൊപ്പം നില്‍ക്കുന്ന പിതാവ് ജോര്‍ജ്ജ് (പീശപ്പള്ളി രാജീവന്‍), അര്‍ബുദബാധിതയായ.മാലിനി(രമ്യ നമ്പീശന്‍)യുടെയും ഭര്‍ത്താവിന്റെയും സഹപാഠികളും കൂട്ടുകാരുമായ യുവാക്കള്‍, പ്രത്യേകിച്ച് അവളെ തിരിച്ചറിയുന്ന സുഹൃത്തായ ഡോ.റിയാസ് (അനന്ത് ജിജോ)തുടങ്ങിയവരെല്ലാം കേരളത്തിലെ ശരാശരി ആണ്‍ജീവിതങ്ങളുടെ ശരിപ്പകര്‍പ്പുകളാണ്. അവര്‍ക്കൊപ്പം തന്നെ ആണ്‍കൂട്ടത്തിനു തന്നെ നാണക്കേടായ ഞരമ്പുരോഗിയായ സംവിധായകന്‍ കരുണ്‍ പ്രസാദിനെയും (സജിന്‍ ചെറുകയില്‍) ഛായാഗ്രാഹകകാമുകനെയും (സിദ്ധാര്‍ത്ഥ വര്‍മ്മ) പെണ്ണിനെ മുലകൊണ്ടു മാത്രം നോക്കിക്കാണുന്ന സ്‌കൂള്‍ കുട്ടികളെയും നെഗറ്റീവ് സ്പര്‍ശത്തോടെ യഥാതഥമായി അവതരിപ്പിക്കുന്നു.

ജന്മം കൊണ്ട് പെണ്ണാണെങ്കിലും മനസുകൊണ്ട് പുരുഷനായിപ്പോയ സിയയ്ക്ക് മാറിടം ഒരു ബാധ്യതയാണ്. അതിന് ബെല്‍റ്റിട്ട് കാഴചയിലും ആണിനെപ്പോലാവാനാണ് സിയയ്ക്കിഷ്ടം.നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനിസ്റ്റായ ഇമാന്‍ ആണ് സിയയുടെ ഫ്‌ളാറ്റ് മേറ്റ്. വേണ്ടത്ര മാറിടവലിപ്പമില്ലാത്തതില്‍ ഖിന്നയാണവള്‍. തന്റെ തൊഴിലിടത്ത് സ്ഥാനക്കയറ്റത്തിനു പോലും സ്തനവലിപ്പമടക്കമുള്ള ബാഹ്യസൗന്ദര്യത്തിന് വലിയ സ്ഥാനമുള്ളപ്പോള്‍ ശുഷ്‌കസ്തനത്തെ ശാപമായി കരുതുന്ന അവള്‍ അതിനു വലിപ്പം കൂട്ടാന്‍ മരുന്നും പാഡും വരെ പരീക്ഷിക്കുന്നുണ്ട്. മാറ് ബാധ്യതയായ സിയയുടെ സീക്വന്‍സില്‍ നിന്ന് വൈരുദ്ധ്യമെന്നോണം സിനിമ കട്ട് ചെയ്യുന്നത്, അകാലത്തില്‍ ബാധിച്ച അര്‍ബുദത്തെത്തുടര്‍ന്ന് സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റിക്കഴിഞ്ഞ് കീമോ തെറാപ്പിക്കു വിധേയമാവുന്ന. മാലിനിയുടെ ഖണ്ഡത്തിലേക്കാണ്. അവളുടെ പ്രശ്‌നങ്ങള്‍ സ്തനങ്ങളില്ലാതായതിലാണ്. അവളുമായി ഏറെ സ്വരച്ചേര്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് വിവേകിനെ തീര്‍ത്തും അപരിചതനായൊരാളെ പോലെയാണ് അവിടുന്നങ്ങോട്ടവള്‍ക്ക് അനുഭവപ്പെടുന്നത്. കിടപ്പറയില്‍ അയാള്‍ക്കു നേരേ അവള്‍ കാട്ടുന്ന താല്‍പര്യത്തോടു പോലും അയാള്‍ മുഖം തിരിക്കുകയാണ്. തന്നില്‍ നിന്ന് ഏറെ അകന്നു പോകുന്ന അയാളോട് അതിന്റെ കാരണമന്വേഷിക്കുമ്പോള്‍, ആ അവസ്ഥയില്‍ അവളെ തൊട്ടാല്‍ അതവളുടെ ആരോഗ്യത്തിനു തന്നെ കുഴപ്പമായെങ്കിലോ എന്ന ആശങ്കയടക്കമുള്ള പ്രശ്‌നങ്ങളാണ് അയാള്‍ തുറന്നു പറയുന്നത്. അതിനപ്പുറം സ്തനങ്ങളില്ലാത്തൊരു സ്ത്രീയെ ഭാര്യയായി സങ്കല്‍പ്പിക്കുന്നതിലുള്ള പുരുഷസഹജമായ വൈമുഖ്യമാണോ അയാളുടെ മാനസികഭാവം എന്നത് അയാള്‍ക്കെന്നോണം പ്രേക്ഷകര്‍ക്കും വ്യക്തമാകാതെ അവശേഷിപ്പിക്കുകായാണ് സ്രഷ്ടാവ്. 

മോഹന്റെ രണ്ടു പെണ്‍കുട്ടികള്‍(1978), പദ്മരാജന്റെ ദേശാടനക്കിളി കരയാറില്ല (1986) തുടങ്ങിയ സിനിമകളില്‍ സ്വവര്‍ഗരതി സധൈര്യം അവതരിപ്പിക്കപ്പെട്ടുവെങ്കിലും നിലവിലെ സാമൂഹികസദാചാരമൂല്യവ്യസ്ഥിതികളുടെ അളവുകോലുകള്‍ കൊണ്ട് നോക്കിക്കാണാനാണ് ശ്രമിച്ചിരുന്നത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ട് (2002) ഭിന്നലൈംഗികതയെ അവതരിപ്പിച്ചതും. രഞ്ജിത് ശങ്കറിന്റെ ഞാന്‍ മേരിക്കുട്ടി (2018) യിലെത്തുമ്പോള്‍ ഭിന്നലൈംഗികതെയച്ചൊല്ലി സാമുഹികവും രാഷ്ട്രീയവുമായി കേരളം കൈവരിച്ച പക്വതയും പാകതയും ഒരളവുവരെ പ്രതിനിധാനം ചെയ്യപ്പെട്ടുവെങ്കിലും അതൊക്കെയും പുരുഷന്റെ കാഴ്ചപ്പാടിലൂടെയുള്ള ആഖ്യാനങ്ങളായിരുന്നു.ഈ ആണ്‍നോട്ടങ്ങളെയാണ് ബി 32-44 പിഴുതെറിയുന്നത്.ഹോട്ടലിലെ ജോലി നഷ്ടപ്പെട്ട് (സത്യം പറഞ്ഞതിനു വേണ്ടി സ്വയം രാജിവച്ച്) എത്തുന്ന ഇമാനും സിയയും തമ്മിലുടലെടുക്കുന്ന അനുരാഗം ശരിക്കും മനസുകൊണ്ട് ആണു തന്നെയായ സിയയും തനി പെണ്ണായ ഇമാനും തമ്മിലുടലെടുക്കുന്നതാണ്. ദീര്‍ഘകാലമായി പരസ്പരം ഒളിപ്പിച്ചുവച്ച സ്വാഭാവികചോദനകളുടെ ബഹിസ്ഫുരണം മാത്രമാണത്. മാറിയ സാമൂഹികവ്യവസ്ഥയില്‍ ആ ബന്ധത്തില്‍ അസ്വാഭാവികതയില്ല. 

സിനിമ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനത്തിന്റെ താക്കോല്‍ സന്ദര്‍ഭങ്ങളായ രണ്ടു രംഗങ്ങളെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. ഹോട്ടല്‍മുറിയില്‍ ക്ഷണിച്ചുവരുത്തി ശാരീരികമായി തന്നെ ബോധപൂര്‍വം ചൂഷണം ചെയ്യാന്‍ ശ്രമിച്ച സംവിധായകന്റെ കരണക്കുറ്റിക്കു നോക്കി രണ്ടെണ്ണം പൊട്ടിച്ചിട്ട് മടങ്ങിവരുന്ന റെയ്ച്ചലിനെ അവളത്രയ്ക്ക് വിശ്വസിക്കുന്ന കാമുകനായ ഛായാഗ്രാഹകന്‍ ശരണ്‍ തന്നെയാണ് ഒറ്റിയതെന്നു തിരിച്ചറിയുമ്പോള്‍ ശരണ്‍ ജോലി ചെയ്യുന്ന സെറ്റിലെത്തി നാട്ടുകാരുടെ മുന്നില്‍ വച്ച് ചെപ്പക്കുറ്റിക്കടിച്ചിട്ടു പോരുന്നതാണ് ഒരു രംഗം. സ്‌ക്രീന്‍ ടെസ്റ്റിന്, പുതുതലമുറ ഭാഷയില്‍ ഓഡിഷന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശരണനിനോട് അവളെ നോക്കിക്കോളണേ മോനെ എന്നു പറയുന്ന അമ്മയോട്, എന്നെ നോക്കാന്‍ എനിക്കറിയാം എന്നുറപ്പിച്ചു പറയുന്ന റെയ്ച്ചല്‍ തന്റെ ആത്മവിശ്വാസം ആര്‍ക്കുമുന്നിലും പണയപ്പെടുത്താന്‍ തയാറാവുന്നില്ല. അതാണവളെ പുതുതലമുറ പെണ്ണാക്കി മാറ്റുന്നത്. കഴിവിലാണ് അവളുടെ വിശ്വാസം. അവസരത്തിനു വേണ്ടി വഴങ്ങുന്നതിലല്ല. 

രാജി വച്ച് ലിങ്കറി ഷോപ്പില്‍ അലക്ഷ്യമായി കറങ്ങിനടക്കുമ്പോള്‍, വിവിധതരം ബ്രാന്‍ഡുകളുടെ മേന്മകള്‍ വിശദീകരിക്കുന്ന സെയ്ല്‍സ് ഗേളിനോട് നിലവിലില്ലാത്തൊരു കപ് സൈസ് ആവശ്യപ്പെടുന്ന ഇമാനോട് അങ്ങനെയൊരു സൈസ് നിലവിലുണ്ടോ എന്ന് വില്‍പ്പനക്കാരി അദ്ഭുതം കൂറുന്നതാണ് രണ്ടാമത്തെ രംഗം. അപ്പോള്‍ ഇമാന്റെ ചുണ്ടിലുദിക്കുന്നൊരു ചിരിയുണ്ടല്ലോ, അതാണ് ഈ സിനിമയുടെ പ്രമേയത്തിലേക്കുള്ള ചാവി! മാറുമറയ്ക്കാനവകാശമില്ലാത്തവരുടെ മാറിട വലിപ്പം നോക്കി മുലക്കരം നിര്‍ണയിച്ചിരുന്ന കേരളത്തില്‍, അമ്മിഞ്ഞപ്പാലിന്റെ മധുരമാഹാത്മ്യം പാഠപുസ്തകക്കവിതകളില്‍ മാത്രം നിലനില്‍ക്കുന്ന കേരളത്തില്‍ മാറിടം പ്രമേയമാക്കിയ ഈ സിനിമ സാംസ്‌കാരികാഘാതമുണ്ടാക്കുന്നതിന് ഇപ്പറഞ്ഞ രംഗങ്ങള്‍ക്കപ്പുറം ഉദാഹരണം തേടേണ്ട ആവശ്യമില്ല.

ആറു സ്ത്രീകളുടെ കഥ സമാന്തരമായി പറഞ്ഞുപോകുന്നതിനോടൊപ്പം അവരില്‍ പലരെയും പര്‌സപരം ബന്ധിപ്പിക്കുന്നതിലും ബി 32-44 വളരെ വ്യത്യസ്തമാകുന്നുണ്ട്.തീര്‍ത്തും സ്വാഭാവികമെന്നനുഭവപ്പെടുന്ന യുക്തിയുടെ അതിലോലമാര്‍ന്ന പട്ടുനൂലിഴകളില്‍ കോര്‍ത്ത മണിമുത്തുകള്‍ പോലെയാണ് ആറു ഖണ്ഡങ്ങളും പരസ്പരമിണക്കിയിരിക്കുന്നത്.മാലിനിയും ജയയും നിധിയും സിയയും റെയ്ച്ചലും ഇമാനും തമ്മില്‍ ബന്ധപ്പെടുന്നത് മനഃപൂര്‍മല്ല. ജീവിതത്തിന്റെ നിര്‍ണായകസന്ധികളില്‍ വിധിനിയോഗമെന്നോണമാണ് അവര്‍ മറ്റൊരാള്‍ക്ക് താങ്ങാവുന്നത്.നോണ്‍ ലീനിയര്‍ നറേറ്റീവില്‍ ഏറെ യുക്തികേന്ദ്രീകൃതമായ ജൈവവികാസമാണ് സിനിമയുടെ രൂപഘടനയുടെ കാതലും കാമ്പും.

അടരുകളേറെയുള്ള നോവലിനേക്കാള്‍ ആഴമുള്ളൊരു ചെറുകഥയുടെ സ്‌നിഗ്ധതയാണ് ബി 32-44 വരെ എന്ന സിനിമ പ്രേക്ഷകനില്‍ ഉളവാക്കുന്നത്.അതിനനുയോജ്യമായ ദൃശ്യപരിചരണമാണ് ചിത്രത്തിന്റേത്. അലറലും അട്ടഹാസങ്ങളുമില്ലാതെ സൗമ്യവും ദീപ്തവും അതിലേറെ പക്വവുമായ കാഴ്ചയുടെ മിതത്വം. അതാണ് ശ്രുതിയുടെ ചലച്ചിത്രസമീപനത്തിന്റെ ഏറ്റവും വലിയ സവിശേഷത. പറയാനുള്ളതു ശക്തമായി പറയുമ്പോള്‍ത്തന്നെ ആവശ്യമില്ലാത്തൊരു ഷോട്ടോ സീക്വന്‍സോ സിനിമയിലുപേക്ഷിക്കാതെ ധ്വന്യാത്മകവും ധ്യാനാത്മകവുമായി ഇതിവൃത്ത നിര്‍വഹണം സാധ്യമാക്കുന്നു എന്നിടത്താണ് ശ്രുതിയിലെ തിരക്കഥാകൃത്തും സംവിധായികയും പ്രസക്തമാകുന്നത്.


Sunday, March 09, 2014

ക്യാമല്‍ സഫാരിക്കൊടുവില്‍ ഓം ശാന്തി ഓശാന- ചില ന്യൂജനറേഷന്‍ ചിന്തകള്‍


എന്താണ് ന്യൂ ജനറേഷനെ ന്യൂജനറേഷനാക്കുന്നത്? മലയാള സിനിമയുടെ പുതുതലമുറയെ പൂണ്ടടക്കം കുറ്റം പറയുന്നവര്‍, അതിന്റെ ബാഹ്യവും ഉപരിപഌവവുമായ ചില ലക്ഷണവൈകല്യങ്ങളെ മാത്രം പരിഗണിച്ച് ആക്ഷേപിക്കുന്നവര്‍ തിരിച്ചറിയാതെ പോകുന്ന വാസ്തവം എന്തോ, അതാണ് നവതലമുറസിനിമയുടെ ഭാവുകത്വ രാസപരിണാമം. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളെ വിലയിരുത്തിയാല്‍ മാത്രം മതി ഈ നിരീക്ഷണം സാധൂകരിക്കാന്‍. ഏഴുവര്‍ഷം മുമ്പുവരെ യുവപ്രേക്ഷകരെ കോള്‍മയിര്‍ കൊള്ളിച്ച സംവിധായകരുടെ തലമുറ പഴന്തലമുറയായിമാറി എന്നതിന്റെ തെളിവുകൂടിയായി ഈ താരതമ്യത്തെ കണക്കാക്കേണ്ടതുണ്ട്.
അടുത്തിടെ സാമാന്യത്തിലധികം പ്രദര്‍ശനവിജയം നേടിയ ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാനയും കുറച്ചുമാസങ്ങള്‍ക്കുമുമ്പു മാത്രം തീയറ്ററുകളിലെത്തുകയും വന്നതും പോയതും അധികമാരുമറിയാതെ പോയതുമായ ജയരാജിന്റെ ക്യാമല്‍ സഫാരിയുമാണ് പരാമര്‍ശിക്കപ്പെടുന്ന സിനിമകള്‍. രണ്ടും യുവത്വത്തിനു പ്രാധാന്യം നല്‍കിയ സിനിമകള്‍. കഥാഘടനയിലും കഥാനിര്‍വഹണത്തിലും സമാന്തരമായ ചില സമാനതകള്‍ വച്ചുപുലര്‍ത്തുന്നവ. എന്തു വിലകൊടുത്തും കാമുകന്റെ സ്‌നേഹം നേടിയെടുക്കാന്‍ തുനിഞ്ഞിറങ്ങുന്ന പ്രണയിനിയുടെ പ്രണയവിജയത്തിന്റെ കഥ. അതാണ് രണ്ടിന്റെയും വണ്‍ ലൈന്‍. (ദൃശ്യത്തിന്റെയും ആമേന്റെയും കാര്യത്തിലെന്നപോലെ, ഈ സിനിമകള്‍ക്കും ഏതെങ്കിലും കൊറിയന്‍ ജാപ്പനീസ് സിനിമകളോട് കടപ്പാടുണ്ടോ എന്നറിയില്ല.) പ്രത്യക്ഷത്തില്‍ വിലയിരുത്തുമ്പോള്‍ വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തിന്റെ മറുവശം അഥവാ തട്ടത്തിന്‍ മറയത്ത് മറിച്ചിട്ടത്. അതാണ് ഓം ശാന്തിയും ക്യാമല്‍ സഫാരിയും. സമാനതകളവിടെ നില്‍ക്കട്ടെ.
ഒരേ ഉള്ളടക്കമുള്ള ഈ സിനിമകളില്‍ ഒന്ന് വന്‍ വിജയവും മറ്റൊന്ന് വമ്പന്‍ പരാജയവുമാവാന്‍ കാരണമെന്താണ്? ആ അന്വേഷണമാണ് നവതരംഗസിനിമയുടെ വ്യാകരണസവിശേഷതയെയും ഭാവുകത്വശ്രേഷ്ഠതയെയും വെളിവാക്കുക. നിര്‍വഹണത്തിലെ, ചലച്ചിത്രസമീപനത്തിലെ വ്യത്യാസമാണ് ഒന്നിനെ കണ്ടിരിക്കാവുന്നതും മറ്റേതിനെ അസഹ്യവുമാക്കിയത്. സ്വാഭാവികമായി അസഹ്യമായതിനെ പ്രേക്ഷകര്‍ തള്ളി, സിനിമ തീയറ്ററില്‍ വീണു.
നിവിന്‍ പോളി-നസ്രിയ നസീം- അജു എന്നിവരുടെ ജനപ്രിയ സാന്നിദ്ധ്യം ഓം ശാന്തി ഓശാനയുടെ വിജയഘടകമാണെന്നൊരു ന്യായം പറയാം. തീര്‍ച്ചയായും അവഗണിക്കാവുന്ന അവകാശവാദമോ ആരോപണമോ അല്ലത്. യുവഹൃദയങ്ങളില്‍ നേരം ഉണര്‍ത്തിവിട്ട ആവേശത്തിന്റെ ഒരംശം ഓം ശാന്തിക്ക് ഇനിഷ്യല്‍ പുള്‍ എന്ന ആള്‍ക്കൂട്ടത്തെ ഉണ്ടാക്കാന്‍ തീര്‍ച്ചയായും സഹായകമായിട്ടുണ്ട്, ഏതൊരു പരസ്യപ്രചാരണത്തിനുമപ്പുറം. എന്നാല്‍ അതുകൊണ്ടു മാത്രം വിജയിച്ച സിനിമയാണോ ഓം ശാന്തി ഓശാന?  അങ്ങനെയെങ്കില്‍, ജയരാജിനെപ്പോലെ, ദേശീയ-രാജ്യാന്തര പ്രശസ്തനും സീനിയറുമായൊരു സംവിധായകന്റെ സാന്നിദ്ധ്യം ക്യാമല്‍ സഫാരിക്ക് അനുകൂലഘടകമാവേണ്ടതല്ലേ? രാജസ്ഥാന്‍ പോലെ കമനീയമായ ലൊക്കേഷന്റെയും ദൃശ്യസൗന്ദര്യത്തിന്റെയും പിന്തുണ നേട്ടമാവേണ്ടതല്ലേ? സിനിമയുടെ പരാജയ കാരണം അതൊന്നുമല്ല, മറിച്ച് പ്രേക്ഷകന്റെ മനസു കീഴടക്കാന്‍ ക്യാമല്‍ സഫാരിക്കായില്ല എന്നതാണ്. എന്തുകൊണ്ട്
ആദ്യമായി, യുവാക്കളുടെ സിനിമ എന്നു കേള്‍ക്കുമ്പോള്‍ സാധാരണ സിനിമാക്കാരുടെയും പ്രേക്ഷകരുടെയും മനസിലേക്കോടിയെത്തുന്ന ചില കഌഷേ ദൃശ്യങ്ങളുണ്ട്. ചില ദൃശ്യപരിചരണരീതികളും സ്വഭാവങ്ങളുമുണ്ട്. സംഗീതത്തിലൊഴികെ, മറ്റെല്ലാറ്റിലും ആയിരത്തൊന്നുതവണ ചവച്ചു ഛര്‍ദ്ദിച്ച ഈ ദൃശ്യസ്വഭാവമാണ് ജയരാജ് ക്യാമല്‍ സഫാരിക്കായി സ്വീകരിച്ചത്. അതാകട്ടെ, അദ്ദേഹത്തിന്റെ തന്നെ ഫോര്‍ ദ പീപ്പിളില്‍ അടക്കം മുമ്പേ പരീക്ഷിക്കപ്പെട്ടതിന്റെ തനിയാവര്‍ത്തനവും. ക്യാംപസ് യുവത്വം എന്നാല്‍, തുറന്ന ജീപ്പില്‍ ട്രെന്‍ഡി വസ്ത്രങ്ങളണിഞ്ഞ് ജീപ്പിന്റെ പുറത്തും റണ്ണിംഗ് ബോര്‍ഡിലും കയ്യും കാലും നീട്ടി നിന്ന് അശ്‌ളീല നൃത്തം ചവിട്ടല്‍ എന്നും മറ്റുമുള്ള ഇനിയും പ്രായപൂര്‍ത്തിയാവാത്ത ദൃശ്യധാരണകളാണ് ജയരാജ് ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പണ്ടു പ്രേം നസീര്‍ കാലഘട്ടത്തില്‍ തുടങ്ങി കണ്ടുമടുത്ത ക്യാംപസ് കാഴ്ചകള്‍. അതിന്റെ അരോചകത്വം ഒരുപക്ഷേ ജയരാജിനൊഴികെ മറ്റെല്ലാവര്‍ക്കും മനസ്സിലായി എന്നതാണ് ചിത്രത്തിനേറ്റ പരാജയത്തിന്റെ കാരണം. അടൂര്‍ഭാസി കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഒരു പാതിരി മാത്രം പ്രിന്‍സിപ്പല്‍ മുതല്‍ മാനേജര്‍ വരെയുള്ള ചുമതലവഹിക്കുന്ന ഒരു ബിസിനസ് സ്‌കൂള്‍. അവിടെ നിന്ന് സ്വകാര്യ യാത്രയ്ക്കു പോകുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികളോട് ആ യാത്ര പ്രോജക്ട് ആക്കാന്‍ പറയുന്ന പ്രിന്‍സിപ്പല്‍, അവിടെ, കൂട്ടിലടച്ച കിളിയെ പോലെ വളരുന്ന അഭിനവ ഋഷ്യശ്രംഗനായൊരു രജപുത്രനായകന്‍. ചെന്നെത്തുന്ന വീട്ടിലെ രജപുത്ര വിവാഹത്തിന്റെ കുശിനി മുതല്‍ വസ്ത്രം വരെ എല്ലാ പണിയും ഏല്‍പ്പിക്കപ്പെടുന്ന നായകിപ്പട (ഒരു വിവാഹം പോലും സ്വയം പഌന്‍ ചെയ്തു നടപ്പാക്കാനാവതില്ലാത്തവരാണല്ലോ രജപുത്രര്‍ എന്നോര്‍ത്തു സങ്കടം വന്നു. യഥാര്‍ത്ഥ രജപുത്രരാരും ചിത്രം കാണാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം). കുശിനിക്കു വേണ്ടി കേരളത്തിലെ ഒരു ഷാപ്പില്‍ നിന്നു കരിമീന്‍ പൊള്ളിച്ചതടക്കം ഉണ്ടാക്കാന്‍ കൊണ്ടുവന്ന് ഹാസ്യം വിഭാഗത്തിന്റെ ഹോള്‍സെയില്‍ ഏല്‍പിച്ചുകൊടുക്കുന്ന പഠിപ്പില്ലാത്ത, ഭാഷയറിയാത്ത കുശിനിക്കാരന്‍.( ഈ ആര്‍ക്കിടൈപ്പിനെ കൈവെടിയാന്‍ പാകത്തിനു മലയാള മുഖ്യധാരാസിനിമ ഇനി പക്വത നേടുന്നതെന്നാണാവോ?) യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത സംഭവങ്ങളുടെ മാലപ്പരമ്പര. പ്രമേയനിര്‍വഹണത്തിലെ ഈ പരിമിതികള്‍ക്കപ്പുറത്ത് അതിമനോഹരമായ ഛായാഗ്രഹണവും, ദീപാങ്കുരന്റെ എടുത്തുപറയേണ്ട ഗാനസംഗീതവും എസ്. പി. വെങ്കിടേഷിന്റെ പശ്ചാത്തലസംഗീതവും, പിന്നെ ലൊക്കേഷന്റെ എല്ലാവിധ പിന്തുണയും. എന്നിട്ടും ക്യാമല്‍ സഫാരി കാണുന്നവന്റെ ഹൃദയത്തില്‍ പതിയുന്നില്ലെങ്കില്‍, അതിന് ആത്മാവില്ല എന്നതു തന്നെയാണു കാരണം.
ഇനി, എന്താണ് ഓം ശാന്തി ഓശാനയുടെ മേന്മ? അത് പതിവു കാഴ്ചവണക്കങ്ങളെ, ദൃശ്യശീലങ്ങളെ ചോദ്യം ചെയ്യുന്നു. നിര്‍വഹണത്തില്‍ പുതിയ പലതും പരീക്ഷിക്കുന്നു. കാഴ്ചയുടെ ധാരാളിത്തത്തെവിട്ട് പ്രമേയനിര്‍വഹണത്തിനു വേണ്ടതു മാത്രം കാണിക്കുന്നു. നായികയുടെ പരിപാകമില്ലാത്ത മനസിന്റെ പകര്‍ന്നാട്ടങ്ങളെപ്പോലും യുക്തിക്കും ബുദ്ധിക്കും പരുക്കേല്‍പ്പിക്കാത്തവിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.അവിശ്വസനീയതയുടെ ചില ഷാവോലിന്‍ എപ്പിസോഡുകള്‍ പോലും, ഇനിയൊരുപക്ഷേ നായകന്‍ ചൈനയിലല്ല പോയിരുന്നതെങ്കിലും കുഴപ്പമില്ലായിരുന്നു എന്ന പ്രമേയക്കരുത്തില്‍ അവഗണിക്കാവുന്നതായിത്തീരുന്നു. ചുരുക്കത്തില്‍ ഓം ശാന്തിയിലെ നായിക സ്‌നേഹത്തോടെ കയറിയിരിപ്പുറപ്പിക്കുന്നത് കാണിയുടെ നെഞ്ചത്താണ്. വില്ലനില്ലാത്ത പ്രണയസിനിമ എന്നൊന്ന് ജയരാജിന് അചിന്ത്യമായിരിക്കുന്നിടത്താണ് ജൂഡിന്റെ കൊച്ചുസിനിമ അത്തരത്തിലും വിജയമാകുന്നത്. യുവതലമുറയുടെ അരാജകത്വമൊന്നുമല്ല നിവിന്‍ പോളിയുടെ നായകന്‍ പ്രതിനിധാനം ചെയ്യുന്നത്. ഇവിടം സ്വര്‍ഗമാണിലെ നായകന് കാണാമറയത്തിലെ നായകനു ജനിച്ചതാണ് ഓം ശാന്തിയിലെ നായകന്‍ എന്നുവിശേഷിപ്പിച്ചാലും തെറ്റില്ല. പക്ഷേ, അയാള്‍ മുന്നോട്ടു വയ്ക്കുന്ന ആദര്‍ശം എന്തായാലും സാമൂഹികവിരുദ്ധതയുടേതല്ല.
കഌഷേകളോടു വിടപറയാനുളള വൈമുഖ്യമോ, തലമുറവിടവിനപ്പുറം നമ്മുടെ പുതിയ തലമുറ ചിന്തിക്കുന്നതും കാണുന്നതും കാണാനാഗ്രഹിക്കുന്നതുമെന്താണെന്നു തിരിച്ചറിയാനാവാതെ പോകുന്നതോ ആയിരിക്കണം മുന്‍കാല സംവിധായകരെ പെട്ടെന്നു കാലഹരണപ്പെട്ടവരാക്കുന്നത്. സ്വന്തം തലമുറയുടെ സ്വഭാവങ്ങളും ശീലങ്ങളും അവരിലൊരാള്‍ പറയുന്നതിലെ ആര്‍ജ്ജവമായിരിക്കണം ന്യൂ ജനറേഷന്‍ സിനിമകളുടെ രചയിതാക്കളുടെ ഏറ്റവും വലിയ കരുത്തും. ഓം ശാന്തിയും ക്യാമല്‍ സഫാരിയും വ്യക്തമാക്കുന്നതും മറ്റൊന്നല്ല.

Friday, May 24, 2013

മഹാനഗരത്തിലെ ഉറുമ്പിന്‍പറ്റങ്ങള്‍


രാഷ്ട്രീയത്തില്‍ അടുത്തിടെ പ്രചാരത്തില്‍ വന്ന ഒരു പ്രയോഗം കടമെടുത്തു പറയുകയാണെങ്കില്‍ മൂന്നു താക്കോല്‍ വാചകങ്ങളും ഒരു താക്കോല്‍ ദൃശ്യവുമാണ് ശ്യാമപ്രസാദിന്റെ ഇംഗ്‌ളീഷ് എന്ന സിനിമയുടെ ഹൃദയത്തിലേക്കുള്ള താക്കോല്‍. മഹാനഗരങ്ങളിലെ മനുഷ്യക്കൂട്ടങ്ങളെ കാണുമ്പോള്‍ ഉറുമ്പിന്‍ പറ്റങ്ങളെ ഓര്‍മവരും എന്നൊരു നിരീക്ഷണമാണതിലൊന്ന്. ഇംഗഌഷ് എന്ന സിനിമയുടെ മൊത്തം ദൃശ്യപരിചരണവും ഈയൊരു നിരീക്ഷണത്തെയാണ് പ്രമേയമാക്കുന്നത്. ലെയ്റ്റ് മോട്ടീഫ് എ്ന്ന നിലയ്ക്ക് ആവര്‍ത്തിക്കുന്ന കട്ട് എവേ ദൃശ്യസമുചയവും നഗരത്തിന്റെ ഭ്രാന്തന്‍ തിരക്കിന്റെ അതിവേഗരംഗങ്ങളാണ്. എവിടെനിന്നില്ലാതെ, എങ്ങോട്ടേയ്‌ക്കെന്നില്ലാതെ,എന്തിനെന്നില്ലാതെ നിസ്സംഗം ചലിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങള്‍....
ഇനിയൊന്ന്, കഥാഗതിയുടെ നിര്‍ണായകമായൊരു വഴിത്തിരിവില്‍ അപാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍ വച്ച് ജീവിതത്തിലാദ്യമായി പരസ്പരം കണ്ടുമുട്ടുന്ന, രണ്ടുപേര്‍, ഒരു മധ്യവയസ്‌കയും ഒരു ചുള്ളനും, തങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും സന്ദിഗ്ധമായ, സങ്കീര്‍ണമായ നിമിഷത്തില്‍ നടത്തുന്ന സംഭാഷണമാണ്. ' ജീവിതത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളെങ്കിലും എടുക്കേണ്ടിവരുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ വരും' എന്ന നാദിയ മൊയ്തുവിന്റെ സരസുവിന്റെ വാക്കുകള്‍ക്കു മുന്നില്‍ ഒന്നു പകച്ചു പോകുന്ന സിബിന്‍ കുര്യാക്കോസിന് (നിവിന്‍പോളി) ഒരുകാര്യത്തില്‍ സംശയമേയില്ല-' നിങ്ങള്‍ പറയുന്നതെന്താണെന്ന് എനിക്കുമനസ്സിലാവുന്നില്ല. പക്ഷേ, ഒന്നെനിക്കറിയാം, നിങ്ങള്‍ പറഞ്ഞതു ശരിയാണ്'
ഈ രണ്ടു താക്കോലുകളും കൊണ്ടു തുറക്കുമ്പോള്‍ കാണുന്ന ദൃശ്യം, ദിക്കറ്റ വിധിയുടെ കൊടുംപ്രവാഹത്തില്‍, ജീവിതം തന്നെ ഒരു കളിയാട്ടമായിത്തീരുന്ന ദുര്‍വിധിയാണ്. ആട്ടക്കാരനായ ശങ്കരന്‍, തന്റെ ജീവിതം തന്നെ മഹാനഗരത്തില്‍ ആടിത്തീര്‍ക്കുകയാണ്. കഥകളിപോലെ ജീവിതം. അതില്‍ കഥയുണ്ട്, കളിയുമുണ്ട്.
നാളിതുവരെയുള്ള ശ്യാമപ്രസാദ് സിനിമകളില്‍ നിന്ന് ഇംഗഌഷിനുള്ള പ്രധാന വ്യതിയാനം, രേഖീയ ആഖ്യാനത്തിന്റെ അതിലംഘനമാണ്. ശ്യാം സിനിമകളുടെ മുഖമുദ്ര തന്നെ മനുഷ്യമനസുകളുടെ ഉള്ളകസങ്കീര്‍ണതകളിലേക്ക് അരികെ നിന്നും അകലെ നിന്നുമുള്ള അതിസീക്ഷ്മവിശകലനമാണ്. തീര്‍ത്തും ഋജുവായ, ആത്മഗതത്തോളം പതിഞ്ഞ താളത്തിലുള്ള ഉള്‍നോട്ടം. നേര്‍ രേഖപോലെ ലംബമാനമായ ആഖ്യാനം. അതായിരുന്നു ശ്യാം സിനിമകളെല്ലാം. എന്നാല്‍, ആദ്യം പറഞ്ഞ മനുഷ്യമനസുകളുടെ വ്യാഖ്യാനങ്ങളുടെ കാര്യത്തില്‍ പ്രസക്തമായ നിലപാടുകളുണ്ടെങ്കിലും തിരശ്ചീനമായ ആഖ്യാനശൈലിവിട്ട് നോണ്‍ ലീനിയറായ, അല്‍പം സങ്കീര്‍ണമായ ബഹുതല ആഖ്യാനത്തെയാണ് ഇംഗഌഷില്‍ പരീക്ഷിച്ചിട്ടുള്ളത്. നവഭാവുകത്വ സിനിമകളുടെ പൊതു സ്വഭാവത്തോട് ഒട്ടിനില്‍ക്കുന്ന ഒന്നാണ് അതീവസങ്കീര്‍ണമായ ഈ നോണ്‍ ലീനിയര്‍ പ്രമേയാവതരണശൈലി.
നഗരം നഗരം മഹാസാഗരം എന്നൊക്കെപ്പറയുമ്പോലെ, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം പോലുള്ള കഌഷേ സങ്കല്‍പനങ്ങളെയും, സമീപനങ്ങളെയും പുറംകൈക്കു തള്ളി, ഉറുമ്പിന്‍പറ്റങ്ങളെപ്പോലെ അര്‍ത്ഥമില്ലാത്ത, യാന്ത്രികമായ ദിനചര്യകളില്‍ സ്വയം മറക്കുന്ന നഗരജീവിതങ്ങളിലെ ഇനിയും വറ്റാത്ത കണ്ണീരുപ്പുകളിലേക്കും, ആര്‍ദ്രമാനസങ്ങളിലേക്കുമാണ് ശ്യാം ക്യാമറ തുറക്കുന്നത്. സമാന്തരമായി പറഞ്ഞുപോകുന്ന മൂന്നു കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍, ഏറ്റവും ഹൃദ്യമാകുന്നത് മുകേഷിന്റെ ജോയിയുടെ കഥ തന്നെയാണ്. ഒരുപക്ഷേ, മുകേഷിന്റെ നാളിതുവരെയുള്ള വേഷങ്ങളില്‍, നടന്നെ നിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ച, ഏറ്റവും ശ്രദ്ധേയമാവുന്ന ഒന്നായിരിക്കും ഇംഗഌഷിലേത്. പലപ്പോഴും, ഉള്ളിലെ വിങ്ങലുകള്‍ ചെറുചലനങ്ങളിലൂടെ പോലും വെളിപ്പെടുത്താനായി മുകേഷിന്. നിവിന്‍ പോളിയുടെ സിബിനാണ് തിളങ്ങുന്ന മറ്റൊരു കഥാപാത്രം. സ്വത്വം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ പുതുതലമുറയുടെ അസ്തിത്വ പ്രതിസന്ധി നിവിന്‍ തന്മയത്വത്തോടെതന്നെ പ്രകടമാക്കി. ജയസൂര്യയുടേത് പതിവു കഥാപാത്രമായിപ്പോയോ എന്നു സംശയം.
തിരക്കഥയില്‍ 'ആഹാ!' എന്ന് ആശ്‌ളേഷിക്കത്തക്കതായൊന്നും കണ്ടില്ല. പ്രത്യേകിച്ചും, പ്രവാസി മലയാളികളുടെ ജീവിതസന്ധികളുടെ അടിയൊഴുക്കുകള്‍ ചിത്രീകരിക്കുന്നതില്‍ മണല്‍നഗരം, കല്ലുകൊണ്ടൊരു പെണ്ണ് അടക്കമുള്ള രചനകളിലൂടെ കൈത്തഴക്കം വന്നൊരു സംവിധായകന് വെല്ലുവിളി നല്‍കാനുള്ള വകയൊന്നും സ്‌ക്രിപ്റ്റിലുണ്ടെന്നു തോന്നിയില്ല. എന്നിട്ടും സിനിമ നന്നായെങ്കില്‍ അതു സംവിധായകന്റെ ദൃശ്യപരിചരണത്തിന്റെ ഗുണം. ഒതുക്കത്തില്‍ പറയേണ്ടത് അങ്ങനെ പറഞ്ഞും സൂചന നല്‍കേണ്ടത് അങ്ങനെ കാണിച്ചുമാണ് സംവിധായകന്‍ മാധ്യമത്തിലുള്ള സ്വാധീനം ഉറപ്പിച്ചുകാട്ടിയത്. ശങ്കരന്‍ തന്റെ കാമുകിയെ സിബിനൊപ്പം ഹോട്ടലില്‍ കണ്ടെത്തുന്നിടത്തും, അച്ഛനുമായുള്ള തലമുറവിടവ് അമ്മാമ്മയുടെ രോഗാവസ്ഥയില്‍ അലിഞ്ഞില്ലാതാവുന്ന ജോയിയുടെ മകളുടെ ആര്‍ദ്രതയിലും ശ്യാമിന്റെ വിരല്‍സ്പര്‍ശം കാണാം.എന്നാല്‍, സരസ്വതിയുടെ (നാദിയാ മൊയ്തു) കഥാപാത്രത്തിന് ശ്രീദേവി അഭിനയിച്ച ഇംഗഌഷ് വിംഗഌഷ് എന്ന സിനിമയുമായി എന്തെല്ലാമോ തലങ്ങളില്‍ ചില സാമ്യങ്ങള്‍ തോന്നിക്കുന്നതും ഒഴിവാക്കാമായിരുന്നു.സരസുവിന്റെ ഭര്‍ത്താവിന്റെ അവിഹിതം സ്വവര്‍ഗാനുരാഗമാണെന്ന സസ്‌പെന്‍സ് പക്ഷേ ഋതുവില്‍ ആസിഫലിയുടെ കഥാപാത്രത്തിന്റെ അവതരണത്തില്‍ കാത്തുസൂക്ഷിച്ച ജാഗ്രതയുടെ അഭാവത്തില്‍ ഒരല്‍പം നേരത്തേ പ്രേക്ഷകര്‍ക്കു മനക്കണ്ണില്‍ വായിച്ചെടുക്കാവുന്നതായി.

ശ്യാമിന്റെ മുന്‍കാല സിനിമകളിലെന്നപോലെ തന്നെ ഇംഗഌഷ് കാത്തുവച്ച് ഒരദ്ഭുതം ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയാണ്. എത്രയോ കാതം ഭാവിയുള്ള ഒരു ഛായാഗ്രാഹകന്റെ ഉദയം തന്നെയാണ് ഇംഗഌഷ്.

Monday, December 10, 2012

ഷട്ടര്‍ തുറക്കുമ്പോള്‍


ഒരു സംവിധായകന്റെ ആദ്യ സിനിമ. അതും നാടകത്തില്‍ നിന്നു വന്നയാള്‍. ജോണ്‍ ഏബ്രഹാം പോലൊരു ഇതിഹാസത്തോടൊപ്പം സിനിമകളില്‍ സഹകരിക്കുകയും നായകനായഭിനയിക്കുകയും ചെയ്‌തൊരാള്‍.അത്തരമൊരാള്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയ്ക്ക് സ്വാഭാവികമായി ചില ഹാങോവറുകളുടെ ബാധ്യതയുണ്ടാവേണ്ടതാണ്. എന്നാല്‍ ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമയ്ക്ക് അത്തരത്തില്‍ യാതൊരു വിഴുപ്പും ചുമക്കേണ്ടി വന്നില്ല എന്നുള്ളതുതന്നെയാണ്, ആദ്യമായും അവസാനമായും ആ സിനിമയെ വേറിട്ടതും ധൈര്യമുളള ഒന്നും ആക്കുന്നത്. ധൈര്യമെന്നു പറഞ്ഞത്,സ്വാഭാവികമായി ജോയ് മാത്യുവിനെപ്പോലെ ഒരു കനത്ത ചരിത്രമുള്ള ആളില്‍ നിന്നുണ്ടാവുന്ന സൃഷ്ടിക്ക് വന്നുപതിച്ചേക്കാവുന്ന ആര്‍ട്ട്ഹൗസ് മുദ്ര ബോധപൂര്‍വം ഒഴിവാക്കിയതാണ്. ഷട്ടര്‍ വേറിട്ടതാവുന്നതാവട്ടെ, പോസ്റ്റ് പ്രാഞ്ചിയേട്ടന്‍ കാലമലയാള സിനിമയുടെ ശൈലീ സവിശേഷതകളെ പിന്തുടരുന്നിടത്താണ്. പ്രാഞ്ചിയേട്ടന്‍ മുന്നോട്ടു വച്ച സറ്റയറും സര്‍ക്കാസവും, ചുണ്ടിലൊളിപ്പിച്ചു വച്ച പുഞ്ചിരിപോലെ, കറുത്തഹാസ്യമാക്കി മാറ്റുന്നുണ്ട് ഷട്ടര്‍. ശൈലീഭദ്രത ഘടനയില്‍ നിലനിര്‍ത്തുന്നതിനോടൊപ്പം, കൈത്തഴക്കം വന്ന സംവിധായകന്റെ സാന്നിദ്ധ്യവും ഷട്ടറിനെ കരുത്തുള്ളതാക്കുന്നു.
എന്നാല്‍, ഇതിലെല്ലാമുപരി, ഷട്ടര്‍ ജോയ് മാത്യു എന്ന ചലച്ചിത്രകാരനെ അടയാളപ്പെടുത്തുക അതിന്റെ തിരക്കഥയിലൂടെയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ഥലകാലങ്ങളിലൂടെ അനായാസം അങ്ങോട്ടുമിങ്ങോട്ടും ഊയലാടിക്കൊണ്ടു തന്നെ മുഖ്യധാരയുടെ ലാളിത്യം ആവഹിച്ചുകൊണ്ടുള്ള കഥാനിര്‍വഹണരീതി. ജാഡകളുടെയും മുന്‍വിധികളുടെയും എല്ലാ കെട്ടുപാടുകളും കാറ്റില്‍പ്പറത്തിക്കൊണ്ട്, സിനിമയെ ബഹുജനമാധ്യമമായിത്തന്നെ സമീപിക്കുന്ന രീതി. പക്ഷേ, അപ്പോഴും സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷങ്ങളെയും വ്യക്തികള്‍ തമ്മിലുളള ബന്ധവൈരുദ്ധ്യങ്ങളെയും ശക്തമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട് ഷട്ടര്‍.
തിരക്കഥ ആദ്യരൂപത്തില്‍ ആദ്യം വായിച്ച ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍, സദാചാരത്തിന്റെ ആവിഷ്‌കരണത്തില്‍ സാമൂഹികമായും സാമ്പ്രദായകമായും ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായിട്ടുളളതിനോട് വിയോജിപ്പാണുള്ളതെങ്കിലും തിരക്കഥയുടെ ഉള്‍ക്കരുത്തിനെ അതു തെല്ലും ബാധിക്കുന്നില്ലെന്നതില്‍ സന്തോഷമുണ്ട്. ക്‌ളൈമാക്‌സിലെ ചില അതിനാടകീയതകളും കപടസദാചാരത്തെ കുത്തിനോവിക്കാത്ത ചലച്ചിത്രസമീപനവുമായിരുന്നില്ല തിരക്കഥയുടെ മൂലരൂപത്തില്‍ വായിച്ചത്. എന്നാല്‍, സിനിമ, തിരക്കഥയുടെ തല്‍സമാനാവിഷ്‌കരണം തന്നെയാവണമെന്നില്ലെന്ന ന്യായം നോക്കിയാലും, മാറ്റങ്ങള്‍ വഴി സിനിമ, പുതിയൊരു സര്‍ഗാത്മകനിലവാരം കൈവരിക്കുന്നു എന്നുള്ളതുകൊണ്ടും തന്നെയാണ് അതു സിനിമയുടെ നിര്‍വഹണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നു പറയുന്നത്.
കാസ്റ്റിംഗിലെ ഏകാഗ്രതയാണ് ഈ സിനിമയുടെ 50 ശതമാനം വിജയം. അക്കാര്യത്തില്‍ അരങ്ങിന്റെ പിന്‍ബലം ജോയ് മാത്യുവിനെ ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്റെയും  ശ്യാമപ്രസാദിന്റെയും സിനിമകളിലേതിനു തുല്യമായ പെര്‍ഫെക്ഷനാണ് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ തേടുന്നതില്‍ ജോയ്മാത്യു കാത്തുസൂക്ഷിച്ചിരിക്കുന്നത്. സജിത മഠത്തില്‍ അതിശക്തമായ സാന്നിദ്ധ്യമായി സിനിമയില്‍ നിറഞ്ഞാടുന്നു. അഭിനേതാവിനെപ്പോലെ, ഹരിനായരുടെ ക്യാമറയും. ഇതുരണ്ടും, പിന്നെ, കോഴിക്കോടും ഈ സിനിമയെ ധന്യമാക്കുന്നു. 
ഷട്ടര്‍, കേരളത്തിലെ സമകാലിക മലയാളി ജീവിതത്തിനു നേരെയുള്ള സത്യസന്ധമായ തുറന്നുപറച്ചിലാണ്. തുറന്നു കാട്ടലാണ്. അല്ലെങ്കില്‍ ഒളിഞ്ഞുനോട്ടമാണ്. അതിനുളള ഉപാധിമാത്രമാണ് സിനിമയിലെ കടമുറിയുടെ താഴിട്ടുപൂട്ടിയ ഷട്ടര്‍. അതു തുറക്കുന്നതും അടയ്ക്കുന്നതും പച്ചയായ ജീവിതത്തിനു നേര്‍ക്കുനേരെയാണ്.

Monday, November 26, 2012

പേറൊടുങ്ങാത്ത വിവാദങ്ങള്‍

ഞാന്‍ ആലോചിക്കുകയായിരുന്നു. എത്രയോ സിനിമകളില്‍ ഞാന്‍ പ്രസവചിത്രീകരണം കണ്ടിരിക്കുന്നു. പഴയകാല ഹിന്ദി സോപ്പുപെട്ടി സിനിമകളിലെല്ലാം പ്രസവത്തോടെ അകലുന്ന സഹോദരങ്ങളുടെ കഥകളെത്രയോ കണ്ടിരിക്കുന്നു. അവയിലെല്ലാം പ്രസവരംഗങ്ങളും. ഏറെ പണ്ടല്ലാതെ, ത്രീ ഇഡിയറ്റ്‌സില്‍ പോലും ഒരു പ്രസവരംഗം, അതും കോളജ് ക്യാംപസില്‍ വച്ച് ആണുങ്ങള്‍ ചേര്‍ന്നു പേറെടുക്കുന്ന രംഗം കണ്ടതുമോര്‍ക്കുന്നു. പ്രസവരംഗത്ത്, അതിന്റെ തനിമയും സ്വാഭാവികതയും ചോര്‍ന്നു പോകാത്തവിധം മനോഹരമായി അഭിനയിച്ചിട്ടുള്ള എത്രയോ നടിമാരുമുണ്ട്. എന്നാലിപ്പോള്‍ ഒരു നടിയുടെ പേറ് വിവാദത്തിലാവുന്നതെന്തുകൊണ്ടെന്നാണു ശരിക്കും മനസ്സിലാവാത്തത്.
അഭിനയമായാല്‍ ഒ.കെ.,ശരിക്കും പ്രസവം ചിത്രീകരിച്ചു കാണിച്ചാല്‍ അപകടം എന്നൊരു ന്യായം ന്യായമായും സംസ്‌കാരത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് വാദിക്കാം. പക്ഷേ, പാവം ബഌസിയും പെറ്റ നടിയും അവകാശപ്പെടുന്നതുപോലെ, അതിന്റെ ചിത്രീകരണവും സിനിമയില്‍ അതിന്റെ വിന്യാസവും എങ്ങനെ എന്നു കണ്ടിട്ടുപോരെ സാംസ്‌കാരികമഹിളകളുടെയും എതിര്‍പ്പും, ആരോപണങ്ങളും. പത്തു മാസം ചുമക്കാമെങ്കില്‍ പിന്നെ സിസേറിയന്‍ വേണോ എന്നു ചോദിച്ചാല്‍ ന്യായമെന്നു പറയുന്നവര്‍ക്കാര്‍ക്കും എതിര്‍ക്കാനാവാത്ത ഒരു ന്യായവാദം മാത്രമല്ലേ, ബഌസിയും കൂട്ടരും ഉന്നയിക്കുന്നുള്ളൂ. അതുവരെ ക്ഷമിക്കരുതോ,എതിര്‍വാദികള്‍ക്ക്?
ചിത്രത്തില്‍, സാധാരണപോലെ ഒരു പ്രസവരംഗം മാത്രമായിട്ടാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍, അത് തലയിണ വച്ചു കെട്ടിയിട്ടായാലെന്താ, ശരിക്കും വീര്‍ത്ത വയറായാലെന്താ വ്യത്യാസം? സ്വാഭാവിതകയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ചുണ്ടു ചുണ്ടോടീമ്പി ചുംബിക്കുന്നവര്‍ക്കു ജാമ്യം നല്‍കുന്ന രാജ്യത്ത് തന്റെ നായിക യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായപ്പോള്‍ കഥാസന്ദര്‍ഭത്തിനൊപ്പിച്ച് അവരുടെ യഥാര്‍ഥ പ്രസവം കഥയ്ക്കനുയോജ്യമായ പരിധികള്‍ക്കുള്ളില്‍ നിന്നു ചിത്രീകരിക്കാനുള്ള സംവിധായകന്റെ തീരുമാനം ഇത്രയേറെ പ്രശ്‌നങ്ങളുണ്ടാക്കേണ്ടതുണ്ടോ?പേടിയുണ്ട് തുറന്നെഴുതാന്‍. കാരണം ഇനി ഈ പോസ്റ്റിന്റെ പേരില്‍ അറസ്റ്റെങ്ങാന്‍ വന്നെങ്കിലോ?ഗ്രഹപ്പിഴ അങ്ങനെയും വരാം.
സിനിമയിലെ പ്രസവം ഇങ്ങനെ വിവാദമാകുമ്പോള്‍, ഒന്നു മറക്കരുത്. എന്ത് എങ്ങനെ ചിത്രീകരിച്ചാലും സെന്‍സര്‍ ബോര്‍ഡ് എന്നൊരു കടമ്പയുണ്ട് ആ സിനിമയ്ക്ക് പൊതുപ്രദര്‍ശനത്തിനെത്തും മുമ്പ്. എന്നാല്‍ ഒരു കടമ്പയും കൂടാതെ വിരുന്നുമുറിയില്‍ എന്നുമെത്തുന്ന ടിവി പരമ്പരകളിലെ രണ്ടു നടികള്‍ ചിത്രീകരണത്തിനിടെ ഗര്‍ഭിണികളായപ്പോള്‍ അവരുടെ ഗര്‍ഭവും പ്രസവവും കഥയാക്കി വാണിജ്യവല്‍ക്കരിച്ചു വിറ്റുകാശാക്കിയതിനെതിരെ ഒരു സാംസ്‌കാരിക പൊലീസിന്റെയും ശ്രദ്ധ പതിഞ്ഞു കണ്ടില്ല.മനപൂര്‍വമായിരിക്കില്ല. അവിടെ കളിമാറും. കാരണം എതിര്‍പ്പിന്റെ ശബ്ദങ്ങളില്‍ പലരുംതന്നെ ഈ പരമ്പരകളുടെ അച്ചടക്കമുള്ള പ്രേക്ഷകരായിക്കാനാണു വഴി.
കിടപ്പറ രംഗങ്ങള്‍ തന്മയത്വത്തോടെ ആവിഷ്‌കരിക്കുന്ന സിനിമകള്‍ക്കെതിരേ ഇന്നോളം ആരുമത്ര പ്രതിഷേധിച്ചു കണ്ടിട്ടില്ല. എ സര്‍ട്ടിഫിക്കറ്റ് വേണമെന്നൊരു നിര്‍ബന്ധം മാത്രമേ ഉണ്ടാവാറുള്ളൂ. അപ്പോഴൊരു സംശയം. ഐശ്വര്യ റായിയും അഭിഷേകും ഭാര്യാഭര്‍ത്താക്കന്മാരായി ഒരു സിനിമ വരികയും അതിലവരുടെ കിടപ്പറ രംഗമുണ്ടാവുകയും ചെയ്താല്‍, ഇനി സിനിമ ഇറക്കാന്‍ സാധിക്കില്ലെന്നു കേരളത്തിലെ സ്പീക്കറും സിനിമാ മന്ത്രിയുമടക്കമുളളവര്‍ തീട്ടൂരമിറക്കുമോ?

Sunday, July 22, 2012

ഹൃദയം അലിയിച്ചിട്ട സുലൈമാനി!

രോ സിനിമയും കണ്ടിട്ട്, ഇതാണ് ഈയിടെ കണ്ട ഏറ്റവും മികച്ച സിനിമ എന്ന് അഭിപ്രായം എഴുതേണ്ടി വരുന്നത് ഒരു മഹാഭാഗ്യമാണ്.ആ മഹാഭാഗ്യമാണ് പുതുതലമുറ സിനിമകള്‍ മലയാള പ്രേക്ഷകന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആ സന്തോഷം പങ്കിട്ടുകൊണ്ടുമാത്രമേ ലിസ്റ്റന്‍ സ്‌റ്്‌റീഫന്റെ,അന്‍വര്‍ റഷീദിന്റെ, അഞ്ജലി മേനോന്റെ, ദുല്‍ക്കര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടലിനെപ്പറ്റി എഴുതാനാവൂ.

വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സമീപകാല നവതരംഗസിനിമകള്‍, ജനപ്രിയ സിനിമകളുടെ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരത-പദ്മരാജന്‍മാരുടെ ഗ്രാമ്യസിനിമകളുടേതില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയതലമുറ മലയാളിയോടാണ്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഈ സിനിമകള്‍ പ്രമേയമാക്കുന്നത്. സ്വാഭാവികമായി, അവ ചില തിരുത്തലുകള്‍ക്കു മുതിരുന്നുണ്ട്, ധൈര്യപ്പെടുന്നുമുണ്ട്. അത്തരം ധൈര്യത്തിന്റെ പേരില്‍ത്തന്നെയാണ് ഉസ്താദ് ഹോട്ടലും നാളെ അടയാളപ്പെടുത്തപ്പെടുക.

മണ്ണില്‍ തൊട്ടുനില്‍ക്കുന്ന പ്രമേയങ്ങളാണ് നവതരംഗ സിനിമകളുടേത്. അതുകൊണ്ടു തന്നെ അതില്‍ അതിമാനുഷരില്ല, ദുര്‍ബലരും, കരയുകയും ചിരിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുമേ ഉള്ളൂ. അവര്‍, തങ്ങളുടെ ജീവിതത്തകര്‍ച്ചകളില്‍, നേരിടേണ്ടിവരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നീറിയുരുകുന്നവരും, സങ്കടങ്ങളില്‍ നിന്ന്് ക്രമേണ പ്രത്യാശയില്‍ പിടിച്ചു കയറി രക്ഷപ്രാപിക്കുന്നവരുമാണ്. അതല്ലാതെ, ചോരയ്ക്കു പകരം ചോര പോലുള്ള ഫാസി്സ്റ്റ് മുദ്രാവാക്യസിനിമാ സങ്കല്‍പങ്ങളോട്് പുതുതലമുറ സിനിമകള്‍ യാതൊരു ചാര്‍ച്ചയും പുലര്‍ത്തുന്നില്ല. എന്നുമാത്രമല്ല, ഫാസിസ്റ്റ് ആശയങ്ങളോട് തെല്ലും അനുകമ്പ വച്ചുപുലര്‍ത്തുന്നുമില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനല്ല, നിലവിലുള്ള നിയമവ്യവസ്ഥ സ്വന്തം ജീവിതത്തിന് വിലങ്ങുതടിയാവുമ്പോള്‍ പോലും, അതിനെ നിയമപരമായിത്തന്നെ നേരിടാനുള്ള ആര്‍ജ്ജവത്തോടെ, ജീവിതത്തില്‍ മുന്നേറാനാണ് ഉസ്താദ് ഹോട്ടല്‍ പോലൊരു സിനിമ പ്രേക്ഷകരോട്് അഭിസംബോധന ചെയ്യുന്നത്.

കഌഷേ ആയി തീരുമായിരുന്ന കഥാസന്ദര്‍ഭങ്ങള്‍ കുറവുള്ള സിനിമയല്ല ഉസ്താദ് ഹോട്ടല്‍. ഉപ്പൂപ്പാന്റെ ഹോട്ടല്‍ ബാങ്ക് മാനേജറും താന്‍ ജോലിചെയ്യുന്ന ഹോട്ടലിന്റെ ജനറല്‍ മാനേജറും ഉള്‍പ്പെടുന്ന ഭൂമാഫിയ ചുളുവില്‍ കൈവശപ്പെടുത്താന്‍ നടത്തുന്ന ഗൂഢാലോചന നായകനായ ഫൈസി തിരിച്ചറിയുന്നതുമുതല്‍ ഉസ്താദ് ഹോട്ടലിന്റെ കഥയ്ക്ക്, നാളിതുവരെ പറഞ്ഞു പോന്ന ഏതൊരു ജനപ്രിയ സിനിമയുടെയും പ്രതികാര ഫോര്‍മുല ആര്‍ജ്ജിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വില്ലന്മാരെ വെല്ലുന്ന ബുദ്ധി ശക്തിയോടെ അവരെ തറപറ്റിക്കാന്‍ കൂട്ടാളികളോടൊത്ത് ഒരു നാടകം. അതുമല്ലെങ്കില്‍, എന്തിനും തയാറായി നിയമം കൈയ്യിലെടുത്ത് ഒരു തകര്‍പ്പന്‍ സംഘട്ടന രംഗശൃംഖല. മീശപിരിക്കാനും തച്ചുതകര്‍ക്കാനും കൈയ്യടിനേടാനുമുള്ള ധാരാളം സ്‌കോപ്പുണ്ടായിരുന്ന വഴിത്തിരിവ്. എന്നാല്‍ ഫൈസി ശ്രമിക്കുന്നത്, തന്റെ ജനറല്‍ മാനേജറോട് കാര്യം തുറന്നു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നോക്കാനാണ്. അതു പൊളിഞ്ഞ് അപമാനിതനായി മടങ്ങേണ്ടി വന്ന ഫൈസിയുടെ പ്രതികാരം, ജി.എമ്മിന്റെ അതിഥികള്‍ക്കുമുന്നില്‍ ജീവനുള്ള ഒരുകോഴിയെ തുറന്നു വിട്ടുകൊണ്ടവസാനിക്കുന്നു. യൂറോപ്പില്‍ പഠിച്ചുവന്ന ഫൈസി എന്ന കഥാപാത്രത്തെക്കൊണ്ട്, രഞ്ജി പണിക്കര്‍ സ്‌റ്റൈലില്‍ നാല് ഇംഗഌഷ് ഡയലോഗോ, രഞ്ജിത് ശൈലിയില്‍ സാഹിത്യക്കൊഴുക്കട്ട കുത്തിനിറച്ച യമഗണ്ടന്‍ സംഭാഷണമോ പറയിപ്പിക്കാന്‍ നൂറ്റൊന്നു ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണ് തിരക്കഥാകൃത്ത് അഞ്ജലിമേനോനും സംവിധായകന്‍ അന്‍വര്‍റഷീദും കൂടി അസൂയാവഹമായ മിതത്വം പ്രകടമാക്കിയത്. ശില്‍പഭദ്രമായ തിരക്കഥയിലൂടെ അഞ്ജലി മേനോന്‍, നമ്മെ അസൂയപ്പെടുത്തുന്നു. നറേറ്റവിലെ കന്യാകാത്വം കൊണ്ട് അത്ഭുതപ്പെടുത്തുന്നു.

കുറഞ്ഞത് നാലുമിനിറ്റെങ്കിലും നീണ്ടു നിന്നേക്കാവുന്ന അതിസാഹസികമായൊരു സംഘട്ടനസാധ്യതയും കൂടി ഇതേപോലെ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ ബോധപൂര്‍വം വേണ്ടെന്നു വച്ചിട്ടുണ്ട്, ഉസ്താദ് ഹോട്ടലില്‍. രാത്രി നായികയെ വീട്ടില്‍ക്കൊണ്ടാക്കാന്‍ പോകുംവഴി പൊട്ടവണ്ടി കേടാകുമ്പോള്‍ നായകനും നായികയും ലോറിയില്‍ കയറി വരവേ, ലോറി ഡ്രൈവറെയും കിളിയെയും വിഡ്ഢികളാക്കി രക്ഷപ്പെടുന്ന യുവമിഥുനങ്ങള്‍, പിന്തുടര്‍ന്നു വരുന്ന ആജാനുബാഹുവായ കിളിയില്‍ നിന്നു രക്ഷപ്പെടുന്നത്, സുരക്ഷിതമായൊരു ഒളിവിടം തേടിക്കൊണ്ടാണ്. നിയമവ്യവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും ആവഹിച്ചുകൊണ്ട്, അംഗീകരിച്ചുകൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുളള യുവതയുടെ മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ നേര്‍ചിത്രമായി ഉസ്താദ് ഹോട്ടല്‍ മാറുന്നത് ഇങ്ങനെയൊക്കെയാണ്. ഇവിടെ നായകന്‍ അതിമാനുഷനാവുന്നില്ലെന്നു മാത്രമല്ല, പ്രതിസന്ധികള്‍ക്കുമുന്നില്‍ മദ്യപനോ മറ്റോ ആയി സ്വയം നശിപ്പിക്കുന്നുമില്ല. പ്രായോഗികതയുടെ പാതയന്വേഷിച്ച് ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്നവരുടെ പ്രതിനിധിതന്നെയാണ് ദുല്‍ക്കറിന്റെ ഫൈസിയും. ഡബ്ബിംഗിലും ഭാവഹാവാദികളിലും മറ്റും ദുല്‍ക്കര്‍ പിതാവിനോടുപോലും താരതമ്യം ചെയ്യാനാവാത്തവണ്ണം വേറിട്ട വ്യക്തിത്വവും അസ്തിത്വവും പ്രകടമാക്കുന്നു.

കുടുംബബന്ധങ്ങളുടെ ഊടും പാവും, ഈര്‍പ്പവും ഊഷ്മാവും ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നവതരംഗപരമ്പരയില്‍ ഉടലെടുക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്നതു തന്നെയാണ് ഉസ്താദ് ഹോട്ടലും. പാരമ്പര്യത്തെ തള്ളിപ്പറയുകയല്ല, അതിന്റെ നന്മകള്‍ ആവഹിച്ചു ജീവിതം തുടരാനാഗ്രഹിക്കുന്ന ആധുനിക മലയാളിസമൂഹത്തിന്റെ സ്വത്വസവിശേഷതയാണ് ഈ സിനിമകളിലെല്ലാം ആവിഷ്‌കരിച്ചു കാണാനാവുന്നത്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും വീഴ്ചകളും തീര്‍ച്ചയായും ഉസ്താദ് ഹോട്ടല്‍ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ മനുഷ്യസഹജമായ മദമാത്സര്യങ്ങള്‍, അതൊക്കെ, ഒരു ദുരന്തത്തിനുമുന്നില്‍, അല്ലെങ്കില്‍ ബന്ധുവിനു വരുന്ന ഒരാവശ്യത്തിനുമുന്നില്‍ അലിഞ്ഞില്ലാതാവാനുള്ളതേയുള്ളൂ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട് ഈ സിനിമ. അച്ഛനും മകനും തമ്മിലായാലും, കാമുകനും കാമുകിയും തമ്മിലായാലും, ഏതൊരു പകയും വിദ്വേഷവും ഇങ്ങനെ ഒരു നിമിഷത്തില്‍ പുകഞ്ഞില്ലാതാവാനുള്ളതേയുള്ളൂവെന്നതാണല്ലോ വാസ്തവവും.

നന്മ പ്രമേയമാവുന്നതുകൊണ്ടു തന്നെ ഈ സിനിമയിലും, ഇതര നവതരംഗസിനിമകളില്‍ എന്ന പോലെ, വില്ലനോ വില്ലന്മാരോ ഇല്ല. പ്രതിനായകനോ നായികയോ ഇല്ല. പ്രതിനായകസ്ഥാനത്തു വന്നേക്കാമായിരുന്ന ഫൈസിയുടെ പിതാവിന്റെ കഥാപാത്രം പോലും, കഥയുടെ സ്വാഭാവിക പ്രയാണത്തില്‍ ജീവനുള്ള കഥാപാത്രമായിമാറുന്നു. അതുകൊണ്ടുതന്നെ സിദ്ദീഖിന്റെ കഥാപാത്രത്തില്‍ പ്രതിനായകത്വമല്ല, ആത്യന്തിക സ്‌നേഹമാണ് തെളിഞ്ഞുവിളങ്ങിയതും. ഒരു സൂലൈമാനിയില്‍ അലയടിക്കുന്നതാണ് പ്രണയമെന്നതാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ തത്വസംഹിത. മാതൃത്വത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി പൈതൃകം വാഴിച്ച സ്ത്രീയെ പോലും പരസ്പരം പോരടിച്ചു തകര്‍ക്കുന്ന രുദ്രകാളികളായി ചിത്രീകരിക്കുന്ന ഏഴുമണിപ്പരമ്പരകള്‍ക്കു മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളെ ചടച്ചിരിത്തുന്ന അമ്മമാരും അച്ഛന്മാരും മക്കളെ അത്യാവശ്യം കൊണ്ടുകാണിക്കേണ്ട സിനിമയാണ് ഉസ്താദ് ഹോട്ടല്‍. കാരണം, മാറുന്ന ലോകക്രമത്തിന്റെ, ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരികാധിനിവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ സ്വത്വ പ്രതിസന്ധിയുടെ ആശയക്കുഴപ്പത്തില്‍ പെട്ടുഴലുന്ന ആധുനിക ചെറുപ്പക്കാരുടെ പ്രതീകമായ ഫൈസിയുടെ കഥയിലൂടെ അവര്‍ ബ്ന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നു വരാം. മധുരയിലെ, ജീവിക്കുന്ന ഇതിഹാസമായ കൃഷ്ണന്‍ നാരായണന്റെ (ഇതൊരു സാങ്കല്‍പിക കഥാപാത്രമല്ല, സിനിമയില്‍ ഒരു നടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും) ജീവിതജ്യോതിലൂടെ അവര്‍ കനിവിന്റെ പുതുരുചിക്കൂട്ടുകള്‍ നുണഞ്ഞിറക്കിയെന്നു വരാം. അതാണ് ഈ സിനിമയുടെ സുകൃതം.

ഒരു ചലച്ചിത്ര നിരൂപണത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന, സാങ്കേതിക വിലയിരുത്തലുകളും മറ്റും പാടെ ഒഴിവാക്കിക്കൊള്ളട്ടെ. കാരണം, അതിനൊക്കെ അതീതമാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന കാഴ്ചയുടെ രസാനുഭൂതി. ഒരു സിനിമ പൂര്‍ത്തിയാവുന്നത് പ്രേക്ഷകന്റെ ഉള്ളകത്തിലാണെങ്കില്‍, ഉസ്താദ് ഹോട്ടല്‍ കണ്ട ഏതൊരു പ്രേക്ഷകന്റെയും ഉള്ളില്‍ അതിന്റെ ഓര്‍മ്മത്തിരികള്‍ ഒളിവെട്ടമായെങ്കിലും അല്‍പം ബാക്കിയാകുമെന്നുറപ്പ്. ചിത്രത്തില്‍, ഉസ്താദ് തന്നെ പറയുന്ന ഒരു ഡയലോഗ് (വയറ് നിറയ്ക്കാന്‍ എളുപ്പമാണ്, മനസ്സു നിറയ്ക്കുക എന്നതാണ് പ്രധാനം.) ലേശം ഭേദഗതികളോടെ കടമെടുക്കട്ടെ. കാഴ്ചയുടെ വൈവിദ്ധ്യമാര്‍ന്നൊരു പ്രളയം തന്നെ കാണിക്കു മുന്നിലവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അവന്റെ ഹൃദയത്തിലേക്കു സംവദിക്കുന്ന ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുക എന്നതാണ് പ്രധാനം. അത്തരത്തില്‍ ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുകയാണ് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ.

തീര്‍ച്ചയായും ആധുനിക മലയാളസിനിമയിലെ നവയുഗപ്പിറവിക്ക് നാം കടപ്പെട്ടിരിക്കുന്നത്് നട്ടെല്ലുറപ്പുള്ള ഒരു ചെറുപ്പക്കാരന്‍ പ്രൊഡ്യൂസറോടാണ്. എണ്‍പതുകളില്‍ ഹരിപ്പോത്തനോ, പി വി ഗംഗാധരനോ, ജനറല്‍ പിക്‌ചേഴ്‌സ് രവിയോ ഒക്കെ പോലെ, ഇന്നിന്റെ സിനിമയ്ക്ക് രക്ഷകനായി അവതരിച്ചിട്ടുള്ള ലിസ്റ്റന്‍ സ്റ്റീഫന്‍ എന്ന പയ്യന്‍ നിര്‍മ്മാതാവ്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍....ഈ ചെറുപ്പക്കാരന്‍ നിര്‍മ്മിച്ച ഈ മൂന്നു സിനിമകളുടെ ശീര്‍ഷകങ്ങള്‍ക്കപ്പുറമൊരു വിശദീകരണം, ഈ വിലയിരുത്തലിന് ആവശ്യമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. ലിസ്റ്റനു നന്ദി, അഞ്ജലിക്കും, അന്‍വറിനും. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ചലച്ചിത്ര കാഴ്ചാനുഭവം കൂടി സമ്മാനിച്ചതിന്.

Sunday, July 15, 2012

ഒരു പ്രേക്ഷകന്റെ കുറ്റസമ്മതം

ഇതൊരു കുമ്പസാരമാണ്. ഏറ്റുപറച്ചില്‍. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്റെ കുറ്റസമ്മതം. മേളകളായ മേളകളില്‍ വിദേശ സിനിമകള്‍ കണ്ടു തീര്‍ക്കുന്ന ആക്രാന്തത്തില്‍ മലയാള സിനിമയെ തിരിഞ്ഞു നോക്കാതിരിക്കുക വഴി കണ്ണില്‍പ്പെടാതെ പോയ ഒരു മാണിക്യത്തെ വൈകിയെങ്കിലും തിരിച്ചറിയാനായതിന്റെ കുണ്ഠിതമോ, ജാള്യമോ...എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാലും പറയട്ടെ, സ്വന്തം നാട്ടില്‍ നിന്നുണ്ടായ ആത്മാര്‍ത്ഥമായൊരു ചലച്ചിത്രോദ്യമത്തെ തിരിച്ചറിയാതെ, നാട്ടില്‍ നല്ല സിനിമയുണ്ടാവുന്നില്ല എന്നു മുറവിളി കൂട്ടിയ സിനിമാപ്രേമികളുടെ കൂട്ടത്തില്‍ കൂടുക വഴി ഞാന്‍ ചെയ്ത തെറ്റിന് ഈ കുറ്റസമ്മതം പരിഹാരമാവില്ലതന്നെ.

ഡോ.ബിജു കഥയെഴുതി സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന മലയാള സിനിമയെപ്പറ്റിയാണ് എഴുതുന്നത്. ഈ സിനിമ കാണാന്‍ വൈകി എന്നതിലല്ല, തീയറ്ററില്‍ പോയി കാണാന്‍ സാധിക്കാതിരുന്നതിലാണ് ഞാനിപ്പോള്‍ പശ്ചാത്തപിക്കുന്നത്.

മലയാളത്തില്‍ ഇത്രയേറെ ചലച്ചിത്ര ബോധം പുലര്‍ത്തിയ, നിര്‍വഹണത്തില്‍ ഇത്രത്തോളം മാധ്യമപരമായ കൈയൊതുക്കം പ്രകടമാക്കിയ ഒരു സിനിമ അടുത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ഇത്രയേറെ പക്വമാര്‍ന്ന വിന്യാസം അനുഭവിച്ചറിഞ്ഞിട്ടില്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ സിനിമ അതാണ് വീട്ടിലേക്കുള്ള വഴി.

വീട്ടിലേക്കുള്ള വഴിയില്‍ കഌഷേ ആകാന്‍ സാധ്യതയുണ്ടായിരുന്ന പ്രമേയസവിശേഷതകള്‍ എല്ലാമുണ്ട്. തീവ്രവാദം, സ്‌ഫോടനം, കുടുംബം നഷ്ടപ്പെടല്‍, സംഘട്ടനം, ദേശാടനം, ദേശസ്‌നേഹം.. എല്ലാമെല്ലാം. കൈയൊന്നയച്ചെങ്കില്‍, കന്നത്തില്‍ മുത്തമിട്ടാളോ, റോജയോ കുറഞ്ഞപക്ഷമൊരു മുംബൈ സെപ്റ്റംബര്‍ 12 എങ്കിലും ആകാമായിരുന്ന പ്രമേയം. സെന്റിമെന്റസോ ദേശസ്‌നേഹമോ ആവശ്യത്തിനു മേമ്പൊടി ചാര്‍ത്താനുള്ള സാധ്യത. പക്ഷേ ഡോ.ബിജുവിന്റെ അച്ചടക്കമുള്ള സമീപനം വീട്ടിലേക്കുളള വഴിയെ, അതിനെല്ലാം വ്യത്യസ്തമായി ദൃശ്യസാധ്യത ആവോളം നുകര്‍ന്ന ഒരു പരിപൂര്‍ണ സിനിമയാക്കി മാറ്റുകയായിരുന്നു.കേവലം മെലോഡ്രാമയ്ക്കുമപ്പുറം, മുദ്രാവാക്യത്തിനുമപ്പുറം മനുഷ്യബന്ധങ്ങളുടെ,ഒറ്റവാചകത്തില്‍ ഉത്തരം നല്‍കാനാവാത്ത സങ്കീര്‍ണതകളിലേക്കുള്ള എത്തിനോട്ടമായി ഈ കൊച്ചു വലിയ സിനിമ മാറുന്നു.

മലയാളത്തില്‍ അപൂര്‍വം ചില ചിത്രങ്ങളില്‍ ഐസക് തോമസ് കോട്ടുകാപ്പള്ളിയെപ്പോലെ ചില സംഗീതജ്ഞരിലൂടെ മാത്രം കേട്ടറിഞ്ഞു ബോധ്യപ്പെട്ട രംഗബോധമുള്ള പശ്ചാത്തല സംഗീത വിന്യാസം അതിന്റെ സമ്പൂര്‍ണതയില്‍ ഈ ചിത്രത്തില്‍ അനുഭവിക്കാനായി. രമേഷ് നാരായണന്‍ സംഗീതം ചാലിച്ചിരിക്കുന്നത് ദൃശ്യങ്ങള്‍ക്കല്ല, അവ ഉല്‍പാദിപ്പിക്കുന്ന വൈകാരികതയ്ക്കാണെന്നു നിശ്ചയം.

എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണം ഇന്ത്യയുടെ ആത്മാവിനെയാണ് അഭ്രപാളികളിലേക്കൊപ്പിയെടുത്തിരിക്കുന്നത്. നാടകീയത സൃഷ്ടിക്കുന്നതല്ല ഛായാഗ്രഹകന്റെ കഴിവെന്ന്്,യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ദൃശ്യവിന്യാസങ്ങളിലൂടെ രാധാകൃഷ്ണന്‍ സ്ഥാപിക്കുന്നു. ശബ്ദ സന്നിവേശമാണ് എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു ഘടകം. ജയന്‍ ചക്കാടത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് എന്റെ കുഴപ്പമാവാനാണു വഴി. കാരണം അത്രയ്ക്കു കുറ്റമറ്റ ശബ്ദസന്നിവേശം ചെയ്യുന്ന ഒരു സാങ്കേതികവിദഗ്ധനെ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നത് എന്റെ കടമയായിരുന്നു.

പൃഥ്വിരാജിനെ, കമ്പോളസിനിമയിലെ മൂന്നാംകിട മസാല സിനിമകളുടെ അര്‍ത്ഥമില്ലാത്ത തനിയാവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതിന് എത്രയോ വട്ടം വിമര്‍ശിച്ചിട്ടുള്ളവര്‍ പോലും ഈയൊരു സിനിമയുടെ ഭാഗമാവുകവഴി അദ്ദേഹത്തെ അഭിനന്ദിക്കും.

സിനിമ തീയറ്റര്‍ കണ്ടോ, വിജയമായോ, അംഗീകാരങ്ങള്‍ വാരിക്കൂട്ടിയോ...അതൊക്കെ എന്തുമാകട്ടെ, പക്ഷേ, യഥാര്‍ത്ഥ സൃഷ്ടി കാലാതിവര്‍ത്തിയാണ്. അങ്ങനെയെങ്കില്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞു കണ്ടപ്പോള്‍ എന്നെപ്പോലൊരു പ്രേക്ഷകന്റെ ഹൃദയം കവരാനായെങ്കില്‍, ഡോ.ബിജു, നിങ്ങള്‍ക്കു തീര്‍ച്ചയായും ഉറപ്പിക്കാം. നിങ്ങളുടെ സിനിമ ലക്ഷ്യം കണ്ടു. അതു കൊള്ളേണ്ടിടത്തു കൊണ്ടിരിക്കുന്നു. നന്ദി.

Saturday, July 14, 2012

മറയില്ലാത്ത ജീവിതം


വര്‍ഷങ്ങള്‍ക്കു മുമ്പ് ഫാസിലിന്റെ അനിയത്തിപ്രാവ് കണ്ട ഉണര്‍വ്. അതാണ് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് കണ്ടപ്പോള്‍ തോന്നിയത്. അതിലുമേറെ താല്‍പര്യം തോന്നിയത്, ഘടനാപരമായ ഗിമ്മിക്കുകള്‍ ഉപേക്ഷിച്ച്, പുതുതലമുറ നറേറ്റീവ് സിനിമയുടെ ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞു തുടങ്ങിയല്ലോ എന്നോര്‍ത്തിട്ടാണ്. ഒറ്റവാചകത്തില്‍ പറയാവുന്ന ഒരു സ്ഥിരം പ്രണയകഥ. പക്ഷേ, തട്ടത്തിന്‍ മറയത്ത്, മടുപ്പുകൂടാതെ കണ്ടിരിക്കാന്‍ പറ്റിയ സിനിമയാവുന്നുണ്ടെങ്കില്‍ അതിനു കാരണം അതിന്റെ ട്രീറ്റ്‌മെന്റ് ആണ്. അതാകട്ടെ ചലച്ചിത്രപരമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.


ഹോളിവുഡ് ഹാങോവര്‍ വിട്ടു നമ്മുടെ സിനിമ നാട്ടുസിനിമകളുടെ പച്ചപ്പു തേടിത്തുടങ്ങിയതിന്റെ ശുഭലക്ഷണങ്ങളാണ് തട്ടത്തിന്‍ മറയത്തും മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും പോലുളള സിനിമകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്ന തലമുറയ്ക്ക് വിരുദ്ധമായി ഇറാനിലെയും കൊറിയയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ജീവിതം തുളുമ്പുന്ന കഥാസിനിമകളിലേക്ക് പുതുതലമുറ നോട്ടമെറിഞ്ഞു തുടങ്ങിയതിന്റെ ഫലശ്രുതി.


നിവിന്‍ പോളി തന്നെയാണ് തട്ടത്തിന്‍ മറയത്തിന്റെ ഏറ്റവും വലിയ സംഭാവന. മലര്‍വാടിയിലൂടെ റെയ്ഞ്ചിന്റെ കാര്യത്തില്‍ ചില സംശയങ്ങളുളവാക്കിയ നിവിന്‍ ഈ സിനിമയിലെ നായകനു വേണ്ടി ജനിച്ചതാണോ എന്നാണു തോന്നിക്കുക. അതുപോലെ ഈ സിനിമയുടെ ഏറ്റവും വലിയ പ്‌ളസ് ജോമോന്റെ ഛായാഗ്രഹണമാണ്.

ജനപ്രിയ സിനിമ ചവച്ചു തുപ്പി അല്‍പ്പം ഓക്കാനം വരുന്ന തദ്ദേശ പ്രാദേശികഭാഷാഭേദങ്ങളുടെ വളരെ അര്‍ത്ഥവത്തായ വിന്യാസവും വിനിയോഗവുമാണ് തട്ടത്തിന്‍ മറയത്തിന്റെ മറ്റൊരു പ്രത്യേകത. ഹോളിവുഡ്ഡിന്റെ സാര്‍വലൗകികത വിട്ട് പ്രാദേശികതയുടെ സൗന്ദര്യത്തിലേക്കു മടങ്ങിപ്പോകുന്നതിന്റെ ഏറ്റവും വലിയ ഗുണമായി ഭാഷണഭേദങ്ങളുടെ ഈ മാധ്യമപ്രയോഗങ്ങളെ കണക്കാക്കാം. കണ്ടു മടുത്ത കലണ്ടര്‍ ലൊക്കേഷനുകള്‍ക്കും, കൊട്ടാരക്കെട്ടുകള്‍ക്കും പകരം, തലശ്ശേരിയും പയ്യന്നൂരും പോലെ ഗ്രാമ്യമായ ദേശക്കാഴ്ചകളുടെ ഹരിതമായൊരു കന്യകാത്വം തട്ടത്തിന്‍ മറയത്ത് പ്രേക്ഷകന് സമ്മാനിക്കുന്നു. പ്രാദേശികമായ കാഴ്ചകള്‍ക്കൊപ്പം അതിന്റെ തനതായ കേള്‍വികൂടി ഉറപ്പാക്കുന്നതോടെ, തിര്വോന്തരം സംസാരിക്കുന്ന എസ്.ഐ പോലും ജനമൈത്രിയൂടെ പ്രകാശം ചൊരിയുന്ന സാന്നിദ്ധ്യമായിത്തീരുന്നു.

തരക്കേടില്ലാത്ത സ്‌ക്രിപ്റ്റ്. അതിനു പരുക്കുകളേല്‍പ്പിക്കാത്ത നിര്‍വഹണം. തട്ടത്തിന്‍ മറയത്ത് സാധാരണത്വത്തില്‍ അസാധാരണത്വം കണ്ടെത്തുന്നത് അങ്ങനെയാണ്.ചേരന്റെ പോക്കിഷം എന്ന തമിഴ് സിനിമയുടെ ചില നിഴലുകള്‍ വീണിട്ടുള്ളതും ക്ഷമിക്കാവുന്നതേയുള്ളൂ.


തന്റെ തലമുറയുടെ ഭാവുകത്വം ഉള്‍ക്കൊണ്ട്, അതിനോട് നൂറുശതമാനം നീതിപുര്‍ത്തി ഒരു കഥപറയാനായി എന്നതാണ് വിനീത് ശ്രീനിവാസന്റെ നേട്ടം. കണ്ട സിനിമകളോട്, വായിച്ച പുസ്തകങ്ങളോട്, കേട്ട പാട്ടുകളോട്, എന്തിന് കണ്ടു മനസ്സില്‍ പതിഞ്ഞ ഒരു ഫോട്ടോഗ്രാഫിനോടു പോലും സ്വന്തം തലമുറയ്ക്കു തോന്നിയ ഇഷ്ടം മറച്ചുവയ്ക്കാതെ തുറന്നു കാട്ടാനും അതിനെ തന്റെ സിനിമയ്ക്ക് ഉപകാരപ്പെടുംവിധം അസംസ്‌കൃത വസ്തുവാക്കിമാറ്റാനും ശ്രീനിവാസന്റെ മകനു സാധിച്ചു.

ഇതൊരു തുടക്കമാവട്ടെ. നമ്മുടെ ജീവിതമുള്ള, നമ്മുടെ സമകാലിക പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന, നമ്മുടെ മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടുള്ള, നമ്മുടെ പ്രേക്ഷകരോടു സംവദിക്കുന്ന സിനിമകള്‍ ഇനിയുമുണ്ടാവട്ടെ. അതിനു തട്ടത്തിന്‍ മറയത്തും ഉസ്താദ് ഹോട്ടലുമൊക്കെ പ്രചോദനമാവട്ടെ.

Sunday, July 17, 2011

മലയാള സിനിമയിലെ ചാപ്പയും കുരിശും.

മകാലിക മുഖ്യധാരാസിനിമയുടെ എല്ലാ ആടയാഭരണങ്ങളോടുംകൂടി പുറത്തുവന്ന സമീര്‍ താഹിറിന്റെ ചാപ്പ കുരിശും, ദേശീയ-സംസ്ഥാന ബഹുമതികളുടെ ചാപ്പകുത്തലോടുകൂടി പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവും തമ്മിലെന്താണ് സാമ്യം?സഗൗരവം സിനിമ കാണുന്നവര്‍ക്കു പറയാം. ഇത്തരമൊരു താരതമ്യം തന്നെ വിഡ്ഢിത്തമാണ്. അല്ലെങ്കില്‍ത്തന്നെ യുവതലമുറയുടെ ടെക്കീ ജനുസിനെ അഭിസംബോധനചെയ്യുന്ന, മള്‍ട്ടിപ്ലെക്‌സ് സിനിമയുടെ വ്യാകരണ അലകുകള്‍ കൃത്യമായിത്തുന്നിച്ചേര്‍ത്ത ചാപ്പ കുരിശിനെയും, ലോകസമാന്തരസിനിമയുടെ ഭാഷാമിതത്വം സത്യസന്ധമായി ആവഹിച്ച ആദമിന്റെ മകനെയും സാമ്യമാരോപിക്കുന്നതുതന്നെ അര്‍ത്ഥരഹിതമാവില്ലേ?

എന്നാല്‍, ചാപ്പ കുരിശിനും ആദമിന്റെ മകനും തമ്മില്‍ അതിന്റെ സൃഷ്ടാക്കളറിയാതെ തന്നെ ചില അസാമാന്യമായ സാമ്യങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. അതൊരു പക്ഷേ, ആധുനികസിനിമ പങ്കുവയ്ക്കുന്ന നൂതന സംവേദനശീലത്തിന്റെ, ഭാവുകത്വത്തിന്റെ സമകാലിക ശൈലിയുടെ പ്രതിഫലനമായിരിക്കാനും മതി. അങ്ങനെയാണെങ്കില്‍ ഈ ചിന്ത, നമ്മുടെ സമൂഹത്തിന്റെ തന്നെ ഈ കാലട്ടത്തിന്റെ മൂല്യവ്യവസ്ഥിതിയിലേക്കുള്ള അന്വേഷണാത്മകമായൊരു തിരിഞ്ഞുനോട്ടമായിത്തീര്‍ന്നേക്കാം.

സലീം അഹമ്മദും സമീര്‍ താഹിറും എന്നീ രണ്ടു ചെറുപ്പക്കാരാണ്, മാധ്യമത്തിന്റെ പിന്നാമ്പുറത്ത് മറ്റു പലതലങ്ങളിലും പ്രവര്‍ത്തിച്ചശേഷം നവാഗതരായി അരങ്ങേറ്റം കുറിക്കുന്നവരാണ് ഈ രണ്ടു സിനിമയുടെ സംവിധായകര്‍ എന്നതില്‍ തുടങ്ങുന്നു ഇരു സിനിമകളും തമ്മിലെ ഇഴയടുപ്പം. എന്നാല്‍ ഉപരിപഌവമായ ഈ നിരീക്ഷണത്തിനുമപ്പുറം ആഴത്തിലുളള പല സമാനഘടകങ്ങളും ചാപ്പയ്ക്കും അബുവിനുമുണ്ട്. അതാണ് അവയെ ഒരു നാണയത്തിന്റെ ഇരുപുറവുമെന്നപോലെ ദ്വന്ദ്വാവസ്ഥയിലെത്തിക്കുന്നത്.

ആക്ഷരാര്‍ഥത്തില്‍ ഒറ്റവാക്യത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന കഥാവസ്തുവാണ് ഈ രണ്ടു സമകാലിക സിനിമകളുടെയും കാമ്പ്. വേറിട്ട സമീപനവും ദൃശ്യപരിചരണവുമാണ് രണ്ടിനെയും രണ്ടു ജനുസ്സില്‍ കൃത്യമായി കള്ളിചേര്‍ത്ത് അടയാളപ്പെടുത്തുന്നത്. ധ്യാനനിഷ്ഠമായ ഏകാഗ്രതയോടെ, സലീം അഹമ്മദ് ആ ഒറ്റവരിയെ, ജീവന്‍ തുടിക്കുന്ന സംഭവ പരമ്പരകളിലൂടെ, അനുനിമിഷം വളര്‍ത്തിക്കൊണ്ട്, അത്യസാധാരണമായൊരു പരിസമാപ്തിയില്‍ കൊണ്ടെത്തിക്കുന്നു. സമീര്‍ താഹിറും, ആര്‍ ഉണ്ണിയും, അന്‍വര്‍ അബ്ദുള്ളയും, ജയകൃഷ്ണനും ചേര്‍ന്ന്, ചെറുപ്പത്തിന്റെ സിനിമയ്ക്കിണങ്ങുംവിധം സങ്കീര്‍ണമായ ദൃശ്യപരിചരണത്തിലൂടെ, ഗ്രെയ്ഡഡ് കളര്‍സ്‌കീമിന്റെയും, ലാറ്റിന്‍ സംഗീതത്തിന്റെയും അകമ്പടിയോടെ, എല്ലാവിധ ദൃശ്യസമ്പന്നതയോടും കൂടി, സമാപനത്തിലെത്തിക്കുന്നു. സെക്‌സിനെയും സ്റ്റണ്ടിനെയും എന്നല്ല, അത്യാവശ്യമല്ലാത്ത യാതൊരു ചേരുവയേയും കൂട്ടുപിടിക്കാതെയാണ് സലീം ആദമിനെ ആവിഷ്‌കരിച്ചതെങ്കില്‍, ആധുനിക ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഈ വിധം എല്ലാ ചേരുവകളെയും ചേരുംപടി ചേര്‍ത്താണ് സമീര്‍ ചാപ്പാക്കുരിശിനെ സാക്ഷാത്കരിക്കുന്നത്. പക്ഷേ, ഈ രണ്ടു സിനിമകളുടെയും പ്രതീക്ഷ നല്‍കുന്ന സുപ്രധാനഘടകം അവയുടെ ശുഭപര്യവസാനമാണ്. ദൃശ്യപരിചരണത്തിലെ കഌസിക് പരിവേഷത്തിന് മകുടം ചാര്‍ത്തുംവിധമാണ് ആദമിന്റെ മകന്‍ അബുവിന്റെ ക്‌ളൈമാക്‌സ്. പാരിസ്ഥിതികമായൊരു ദൈവീകസ്പര്‍ശമായി മാറുന്ന ആ കഥാന്ത്യമാണ് സത്യത്തില്‍ കണ്ടം ബച്ച കോട്ട് എന്ന മലയാളത്തിലെ ആദ്യത്തെ ബഹുവര്‍ണ സിനിമയില്‍ നിന്ന് ആദമിന്റെ മകനെ വേറിട്ടതാക്കുന്നത്. പ്രത്യാശയുടെ ജീവനാംശമാണ് അബു നട്ടുനനയ്ക്കുന്ന പഌവിന്‍ തൈ.

ആധുനിക യുവത്വം നേരിടുന്ന എല്ലാ സ്വത്വ പ്രതിസന്ധികളും നേരിടുന്ന നായകന്മാരാണ് ചാപ്പ കുരിശിലെ അര്‍ജ്ജുനും അന്‍സാരിയും. ഒന്നിനൊന്നോട് ഇഴപിരിഞ്ഞു നെയ്‌തെടുക്കുന്ന ദൃശ്യപ്രഹേളികയ്‌ക്കൊടുവില്‍, സാധാരണ ഒരു സിനിമാക്കഥയുടെ അന്ത്യം അനിവാര്യമാക്കുന്ന, നായിക സോണിയയുടെ ആത്മഹത്യയും അന്‍സാരിയുടെ തടവറയും മറ്റും കയ്യടക്കത്തോടെ ഒഴിവാക്കി, ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്നില്‍ പതറാത്ത ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന ഒരന്ത്യമാണ് ആ സിനിമ മുന്നോട്ടുവയ്ക്കുന്നത്.
അപമാനം ജീവനൊടുക്കാന്‍ തക്ക കാരണമല്ലെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന സിനിമ സാമൂഹിക മൂല്യത്തിന്റെ പ്രത്യാശാനിര്‍ഭരമായ ചില പരിവര്‍ത്തനങ്ങളുടെ കാര്‍ബണ്‍ പതിപ്പുകള്‍ കൂടി സൂചിപ്പിച്ചുവയ്ക്കുന്നു. ഏതു പ്രതിസന്ധിയും പങ്കിടുന്ന കൂട്ടുകാരനെയും, തിരിച്ചറിഞ്ഞു പിന്തുണനില്‍ക്കുന്ന രക്ഷാകര്‍ത്താക്കളെയുമാണ് ചാപ്പ കുരിശ് ചിത്രീകരിക്കുന്നത്. ജാതി/മത/സാമ്പത്തിക ഭേദങ്ങള്‍ക്കപ്പുറത്ത് നന്മയുടെ സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന ശരാശരി മനുഷ്യരുടെ ജീവിതചിത്രങ്ങളിലൂടെ ആദമിന്റെ മകന്‍ അബു വരച്ചുകാട്ടുന്നതും മറ്റൊന്നല്ല. പുതിയ കാലത്തിന്റെ മാനസികാവസ്ഥ, മൂല്യസമീപനം, അവ, കേവലം ശാരീരിക ബന്ധത്തിനുമപ്പുറം ആഴത്തിലുള്ള ബഹുതലമാനങ്ങളുള്ളതാണെന്നാണ് ഈ സിനിമകള്‍ നമ്മെ പഠിപ്പിക്കുന്നത്.
പക്ഷേ, ചാപ്പ കുരിശിന് കുരിശാകുന്നതും, ആദമിന്റെ മകനെ മഹത്താക്കുന്നതും ഇനിയൊന്നാണ്. മൂലകഥയായ ഹാന്‍ഡ്‌ഫോണിലേതില്‍ നിന്നു വ്യത്യസ്തമായ് ചാപ്പ കുരിശിനെ അല്‍പമെങ്കിലും ഇഴയ്ക്കുന്നത് അതിന്റെ അനാവശ്യമായ വലിച്ചു നീട്ടലാണ്. ഒരു പക്ഷേ, നന്നെ ബോറടിപ്പിക്കാമായിരുന്ന, അവാര്‍ഡ് സിനിമയുടെ മടുപ്പിക്കുന്ന ദൃശ്യതാളം ആവഹിച്ചേക്കാമായിരുന്ന ആദമിന്റെ മകനെ രക്ഷിക്കുന്നത്, ചടുലമായ അതിന്റെ ദൃശ്യസമീപനമാണ്. അനാവശ്യമായ സംഭവങ്ങളില്ല. ആഖ്യാനത്തിന്റെ ഏകാഗ്രതയ്ക്കിണങ്ങാത്ത ഒരു സീനോ ഡയലോഗോ ഇല്ല. അതുകൊണ്ടുതന്നെ ഒന്നരമണിക്കൂറില്‍ ഒരായുസിന്റെ അനുഭവം തന്ന് ആ സിനിമ മനസ്സിലവശേഷിക്കും.എന്നാല്‍ ചാപ്പ കുരിശ് അല്‍പമെങ്കിലും അരോചകമാവുന്നത്, ചിലപ്പോഴെങ്കിലും ബോറടിപ്പിക്കുന്നത്, അനാവശ്യ രംഗങ്ങളും സംഭാഷണങ്ങളും കൊണ്ടാണ്. വ്യവസ്ഥാപിത ദൃശ്യഭാഷയുടെ വ്യാകരണശീലങ്ങളെ വെല്ലുവിളിക്കുമ്പോള്‍ തന്നെ ഉദ്യമം, പുതിയകാല വ്യാകരണശീലങ്ങളുടെ കെട്ടുവള്ളിക്കുള്ളില്‍ കുടുങ്ങിപ്പോകുന്നു. ഒരര്‍ഥത്തില്‍ പരമ്പരാഗത ആഖ്യാനശീലുകളുടെ ദൂര്‍മ്മേദസു പേറുന്നു.ചുണ്ടോടുചുണ്ട് ചുംബനം വരെ ഉള്‍പ്പെടുത്താനുള്ള ധൈര്യം കാട്ടിയ സൃഷ്ടാക്കള്‍ പാരമ്പര്യത്തിന്റെ ഈ ദൃശ്യപരിധി കൂടി ഉല്ലംഘിക്കാന്‍ ചങ്കൂറ്റം കാട്ടണമായിരുന്നു

അതുകൊണ്ടാണ്, അന്‍സാരിയും സൂപ്പര്‍മാര്‍ക്കറ്റിലെ മുസ്‌ളിം പെണ്‍കുട്ടിയും തമ്മിലുള്ള അവസാനദൃശ്യങ്ങള്‍- രാത്രി ജീപ്പിലും ബസിലുമായി അവളുടെ വീടുവരെ പോകുന്നതും മറ്റും- അധികപ്പറ്റായി മാറുന്നത്. അര്‍ജ്ജുനും അന്‍സാരിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയുടെ അവസാനദൃശ്യങ്ങളിലെ സംഘട്ടനരംഗങ്ങളും അരോചകമാവുന്നത് അവയുടെ അസാമാന്യമാംവിധത്തിലൂളള സ്ഥൂലീകരണം ഒന്നുകൊണ്ടുമാത്രമാണ്. സിനിമയില്‍ പലയിടത്തും രചയിതാക്കളും സംവിധായകനും പ്രകടിപ്പിച്ച അസാമാന്യമായ കൈയടക്കം, ന്യൂനവല്‍കരണത്തിലൂടെ സാധ്യമാക്കുന്ന നാടകീയതയുടെ പിരിമുറുക്കം ഇവിടെ കൈവിട്ടുപോകുന്നു. ഇരുട്ടിന്റെ കച്ചവടങ്ങള്‍ക്ക് മൂകസാക്ഷിയാവേണ്ടി വരുന്ന സോണിയയുടെ രംഗം, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കൊടുത്ത ശേഷമുളള അന്‍സാരിയുടെ ടീവി കാണല്‍, അര്‍ജ്ജുനില്‍ നിന്നുള്ള അയാളുടെ നീണ്ട ഓട്ടം...ഇവിടെയെല്ലാം നല്ലൊരു ഫിലിം എഡിറ്ററുടെ അഭാവമാണ് മുഴച്ചുകാണുന്നത്. സോണിയയുമായുള്ള അര്‍ജുന്റെ കിടപ്പറരംഗങ്ങളുടെ കഌപ്പിംഗ് ഇന്റര്‍നെറ്റില്‍ പടര്‍ന്നു പരക്കുന്നത് കാണിക്കാന്‍ ഇത്രയേറെ കട്ട് ഷോട്ടുകള്‍ വേണമായിരുന്നോ? നക്ഷ്പക്ഷവും നിരധീശ്വത്വപരവും നിഷ്‌കരുണവുമായ അത്തരമൊരു ട്രിമ്മിംഗ് ഒരുപക്ഷേ ചാപ്പ കുരിശിനെ ഇനിയും മെച്ചപ്പെട്ടൊരു സിനിമയാക്കി മാറ്റിയേക്കും. അതുപോലെതന്നെ കുറച്ചു കൂടി ആത്മനിഷ്ഠാപരമായ പശ്ചാത്തലസംഗീതത്തിനും സനിമയെ അല്‍പം കൂടി ഉയര്‍ത്തിയേക്കാനാകും. എന്നാല്‍, ആദമിന്റെ മകനെ പറ്റി പറയാനില്ലാത്തതും ഇതുതന്നെയാണ്.

എങ്കിലും സലീം അഹമ്മദിനെപ്പോലെ തന്നെ സമീര്‍ താഹിറും ടീമും പ്രോത്സാഹനമര്‍ഹിക്കുന്നുണ്ട്. കാരണം, പുതുതലമുറയെ അഭിമുഖീകരിക്കുന്ന, അവരുടെ ഭാഷയില്‍ത്തന്നെയുള്ള ഭേദപ്പെട്ടൊരു സിനിമ അണിയിച്ചൊരുക്കാന്‍ അവര്‍ക്കായല്ലോ. അനുകരണമോ, പ്രചോദനമോ എന്തുമാകട്ടെ, കണ്ടിരിക്കാവുന്ന സിനിമയ്ക്കായുള്ള ശ്രമമെങ്കിലുമുണ്ടാകുന്നുണ്ടല്ലോ, ശഌഘിക്കപ്പെടേണ്ടതു തന്നെയാണത്.

Saturday, April 09, 2011

ചുണയുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനം


ചരിത്രം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുമെതിരായ ആത്മരോഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെയും, വിപ്ളവവീരന്മാരുടെ ആണത്തങ്ങളുടെയും ആഘോഷമാണത്. ഇന്ത്യാചരിത്രവും സാമ്രാജ്യത്വവാഴ്ചകള്‍ക്കെതിരായ ഇത്തരം എത്രയോ ചെറുത്തുനില്‍പ്പുകളുടെ കൂടി ആഖ്യാനഭൂമികയാണ്. കേരളേതിഹാസത്തിന്റെ ഏടുകളിലേക്ക് ഒരു സങ്കല്പവീരനെ ഇഴനെയ്തുകയറ്റി മനോഹരമായൊരു ദൃശ്യാഖ്യായിക രചിച്ചിരിക്കുകയാണ്, ഉറുമിയിലൂടെ ഒരു പറ്റം ആണ്‍കുട്ടികള്‍. മലയാളസിനിമയുടെ ചരിത്രത്തില്‍, ഒറിജിനാലിറ്റിയുടെ അഭാവം കൊണ്ട് സാംസ്‌കാരാധിപത്യത്തിനു മുന്നില്‍ നിലയില്ലാതായി മുങ്ങിത്താഴുന്ന പ്രതിഭാദാരിദ്ര്യത്തിനു നടുവില്‍ നിന്ന് പുതുക്കാഴ്ചയുടെ വിപ്ലവവുമായി ആണ്‍കുട്ടികളുടെ തുനിഞ്ഞിറങ്ങലാണ് ഉറുമി .


ഉറുമി ഒരേ സമയം സംവിധായകന്റെ സിനിമയാണ്, തിരക്കഥാകൃത്തിന്റെയും. മലയാളത്തില്‍ പ്രതിഭാദാരിദ്ര്യമുണ്ടെന്ന ആരോപണത്തിന് ജീവിക്കുന്ന മറുപടിയാണ് ശങ്കര്‍രാമകൃഷ്ണന്റെ കറതീര്‍ന്ന തിരക്കഥ. ദൃശ്യസാധ്യതകളുടെ പാരമ്യതയ്‌ക്കൊപ്പവും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ രസതന്ത്രം ഗുരുമുഖത്തുനിന്നു തന്നെ രഞ്ജിത് ശിഷ്യന്‍ സ്വായത്തമാക്കിയിരിക്കുന്നുവെന്ന് ഉറുമി തെളിയിക്കുന്നു. മലയാളസിനിമയില്‍ സൃഷ്ടിയുടെ രസനയുള്ള ആണ്‍കുട്ടികളുടെ കുലം കുറ്റിയറ്റുപോയിട്ടില്ലെന്ന് ശങ്കര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.


ജീവിച്ചിരുന്നിട്ടാല്ലാത്തൊരു കൊത്ത്വാള്‍ കേളുനായനാരിലൂടെ വാസ് കോ ദ ഗാമയ്‌ക്കെതിരായ ദേശസ്‌നേഹത്തിന്റെ ചോരചിന്തിയ ചരിത്രം ചുരുളഴിച്ചു കാട്ടുന്ന സിനിമ, ആധുനികലോകത്തെ രാഷ്ട്രീയ ശിഖണ്ഡികളുടെ കൃത്രിമത്വത്തിന്റെ ഉടുമുണ്ടുമുരിഞ്ഞുകാട്ടുന്നു. ചരിത്രത്തെ സമകാലികലോകവ്യവസ്ഥയിലേക്കു പറിച്ചുനടുകവഴി യുക്തിയെ പഴങ്കഥയ്ക്കുള്ളിലെ അയുക്തികമായ ഒട്ടുവളരെ അതീന്ദ്രീയ ഇടപെടലുകളിലൂടെ ഫാന്റസിയുടെ തലത്തിലേക്കുയര്‍ത്തിയത് വേറിട്ടൊരു ദൃശ്യാനുഭവമായി. സന്തോഷ് ശിവനെപ്പോലൊരു ചലച്ചിത്രസാങ്കേതികരാവണന് ദൃശ്യങ്ങള്‍ കൊണ്ട് കൊളാഷുകള്‍ മെനയാന്‍ ആവോളം അവസരവുമായി ആ ഫാന്റസികള്‍. മറുഭാഷയില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന നായികനടിമാരുടെ പള്ളകാട്ടിയാട്ടങ്ങള്‍ക്ക് അതൊരു യുക്തിസഹജമായ ന്യായീകരണവുമായി. എന്നിരുന്നാലും, ഹിന്ദിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ജനീലിയ ഡിസൂസയെക്കാളും, മലയാളിയെങ്കിലും ഹിന്ദിയുടെ ഗ്രാമറും ഗഌമറും ഇണങ്ങുന്ന വിദ്യാബാലനും ഒപ്പത്തിനൊപ്പമായിരുന്നില്ല, മറുനാടന്‍ മലയാളിയായ നിത്യ മേനോന്റെ പ്രകടനം, മറിച്ച് അവരെ നിഷ്പ്രഭമാക്കുന്നതായിരുന്നു. ആകാശഗോപുരത്തിലും മകരമഞ്ഞിലും മറ്റും കണ്ട നടനമികവ് അതിന്റെ എല്ലാ പൂര്‍ണതയോടും കൂടി തിളങ്ങുന്നതായി ഉറുമിയില്‍.പൃഥ്വിരാജും പ്രഭുദേവയും ചേര്‍ന്ന നായകദ്വന്ദ്വം പൂതുമ നല്‍കുന്നു. അതുപോലെതന്നെ ഹിന്ദിയില്‍ നിന്നടക്കമുള്ള നാടകകലാകാരന്മാരുടെ പ്രത്യക്ഷവും. കണ്ടുമടുത്ത മുഖച്ചാര്‍ത്തുകളില്‍ ഈ പുതുമുഖങ്ങള്‍ വേറിട്ട അനുഭവമായി.


ഛായാഗ്രഹണത്തിലെയും സന്നിവേശത്തിലെയും സംഗീതത്തിലെയും ശ്രദ്ധ ആടയാഭരണങ്ങളുടെ കാര്യത്തില്‍ അല്‍പം കൂടി ആകാമായിരുന്നില്ലേ എന്ന സന്ദേഹത്തോടെ, ഇത്തരമൊരു സിനിമയ്ക്കുവേണ്ടി തുനിഞ്ഞിറങ്ങാന്‍ കാട്ടിയ ആര്‍ജ്ജവത്തിന് പൃഥ്വിരാജിനെ അഭിനന്ദിക്കട്ടെ. ഒപ്പം പ്രേക്ഷകസുഹൃത്തുക്കളോടൊരു അപേക്ഷയും-ഉറമി പോലുള്ള സിനിമകള്‍ വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. കണ്ട ക്രിസ്ത്യാനി സഹോദരങ്ങളെപ്പോലുള്ള യുകതി തൊട്ടുതീണ്ടാത്ത ചലച്ചിത്രാഭാസങ്ങള്‍ക്കുമുന്നില്‍ മസ്തിഷ്‌കം അടിയറവയ്ക്കുന്ന യുവതലമുറയെ വഴിതെളിച്ചുവിടാനും, അവര്‍ക്ക് കൂടുതല്‍ നല്ലത് അന്വേഷിക്കാനുള്ള പ്രചോദനമാകാനും അത് അത്യാവശ്യം കൂടിയാണ്‌



കണ്ടു മടുത്ത ദൃശ്യശൃംഖലകളില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഈ സിനിമ. ഓഫ്ബീറ്റ് പന്ഥാവില്‍ മാത്രമല്ല, മുഖ്യധാരാശ്രേണിയിലും വേറിട്ട കാഴ്ചകള്‍ക്കിടമുണ്ടെന്ന് ഉറുമി സ്ഥാപിക്കുന്നു





Monday, March 07, 2011

എ ഫിലിം ബൈ എ ഡയറക്ടര്‍

സല്‍, ഭൂമിഗീതം, പെരുമഴക്കാലം, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളുടെ ഗണത്തില്‍ കമലിന് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഗദ്ദാമ. ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് സിനിമയുടെ ഭാവുകത്വം ഉള്‍ക്കൊള്ളുന്ന രചന. വകതിരിവോടെ വിനിയോഗിച്ചിട്ടുള്ള പശ്ചാത്തല സംഗീതം. പശ്ചാത്തലശബ്ദത്തിന്റെ പക്വതയോടെയുള്ള വിന്യാസം. അതു നല്‍കുന്ന ഭാവപ്രതീകം. ദൃശ്യങ്ങളുടെ ഭാവഗരിമ. വശ്യതയ്ക്കപ്പുറം മനഃസംഘര്‍ഷത്തിന്റെ മണലാഴികള്‍ വെളിപ്പെടുത്തുന്ന ദൃശ്യപരിചരണം. ബിന്യാമിന്റെ ആടുജീവിതത്തിലൂടെ വായിച്ചറിഞ്ഞ വഴികളും വരികളും കണ്‍മുന്നില്‍ കാണുന്നതിന്റെ അത്ഭുതം. അതെല്ലാമാണ് ഗദ്ദാമ. തീര്‍ച്ചയായും ഒരു സംവിധായകന്റെ രചന. മിതത്വമുള്ള ഫ്രെയിമുകളുടെ സന്നിവേശം ഗദ്ദാമയെ ലാവണ്യമുള്ള ചലച്ചിത്രരചനയാക്കുന്നു. സമയഖണ്ഡങ്ങളിലൂടെയുള്ള മലക്കം മറിച്ചില്‍ ട്രാഫിക്കിലും മറ്റും കതുപോലെ സങ്കീര്‍ണമായല്ലെങ്കിലും രസകരമായി തോന്നി. പ്രത്യേകിച്ചും, ആന്തരികസമയത്തിന്റെ പ്രതീകമായി ചെറിയ ചെറിയ ഫഌഷ്ബാക്കുകളിലൂടെയുള്ള കഥാകഥനരീതി. ശഌഥചിത്രങ്ങളുടെ അടുക്കിപ്പെറുക്കാണല്ലോ സിനിമ. അങ്ങനെയൊരര്‍ഥത്തില്‍ ഈ ലഘുദൃശ്യഖണ്ഡങ്ങളുടെ പരസ്പരപൂരകമായ കെട്ടുറപ്പ് വ്യാകരണപരമായി ഗദ്ദാമയെ മികച്ചൊരു സൃഷ്ടിയായിക്കൂടി മാറ്റുന്നു.
പക്ഷേ,
അറബിക്കഥയില്‍ മുമ്പേ ക ചില തനിയാവര്‍ത്തനങ്ങളില്‍ നിന്നുകൂടി രക്ഷനേടാനായെങ്കില്‍ കമലിന്റെ ഗദ്ദാമ മൗലീകതയില്‍ ഒന്നുകൂടി മുന്നിട്ടു നിന്നേനെ. പ്രത്യേകിച്ചും കെ.ടി.സി അബ്ദുള്ള, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയത് ഒഴിവാക്കാമായിരുന്നു.
എങ്കിലും, ഗദ്ദാമ്മ നൂറുക്കുനൂറും ഒരു സംവിധായകന്റെ സിനിമയാണ്. അല്ലെങ്കിലും ഇപ്പോള്‍ സംവിധായകരുടെ പേരിലല്ലല്ലോ നമ്മുടെ സിനിമകള്‍ അറിയപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു പറ്റം സിനിമകളുടെ സംവിധായകരാരെല്ലാം എന്നൊന്നു ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുാേ. ആ നിലയ്ക്ക് എ കമല്‍ ഫിലിം എന്ന് അവകാശപ്പെടാന്‍ പാകത്തിന് ഒരു സിനിമയുാക്കാനായതില്‍ കമലിന് അഭിമാനിക്കാം. നല്ല സിനിമയുടെ പുഷ്‌കരകാലം മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ നമുക്കും സന്തോിക്കാം.


Saturday, October 23, 2010

അമല്‍ നീരദ് അറിയാന്‍...

ലിയ പ്രതീക്ഷകള്‍ നല്‍കി ബില്‍ഡപ് ചെയ്തു മൂപ്പിച്ച് ഒടുവില്‍ ഒന്നുമില്ലായ്മയില്‍ അവസാനിക്കുന്ന ഒട്ടുവളരെ രചനകളുണ്ടായിട്ടുണ്ട് ഇന്ത്യന്‍ സിനിമയില്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രാഫ്റ്റ്‌സ്മാന്‍ ആയി അറിയപ്പെടുന്ന മണിരത്‌നത്തിന്റെയും രാംഗോപാല്‍വര്‍മ്മയുടേയും വരെ സിനിമകളുടെ ദുരന്തം ഇതുതന്നെയാണ്. അതിമനോഹരമായ ഫ്രെയിമുകള്‍. സൂപ്പര്‍ കോംപസിഷന്‍. നല്ല ദൃശ്യാഖ്യാനം. പക്ഷേ പറയാനുള്ളത് ശുഷ്‌കമായാലോ? സിനിമ കാണാനുള്ളതാണ്. അതിനു ആത്യന്തപൊരുത്തമുള്ള കഥയോ പ്രമേയമോ വേണ്ട എന്ന മാധ്യമപരമായ തീവ്രവാദം സമ്മതിച്ചാല്‍പ്പോലും, ഫോമും കണ്ടെന്റും അഥവാ രൂപവും ഉള്ളടക്കവും എന്ന സൃഷ്ടിയുടെ കാതല്‍ അംഗീകരിച്ചേ തീരൂ. ആ അര്‍ഥത്തില്‍ എത്ര നന്നായി ദൃശ്യവിന്യാസം ചെയ്ത സിനിമയ്ക്കായാലും ഉള്‍ക്കനമുള്ള പ്രമേയം കൂടിയുണ്ടായാലേ അതു വിജയമെന്ന പൂര്‍ണത നേടൂ.
അമല്‍ നീരദിന്റെ അന്‍വറിനു പറ്റിയ പ്രശ്‌നവും ഇതുതന്നെയാണ്. കോയമ്പത്തൂര്‍ സ്‌ഫോടനം, വിവാദമായ മഅദനിയുടെ അറസ്റ്റിന്റെ ഛായയുള്ള സംഭവങ്ങളും കഥാപാത്രവും..അങ്ങനെ ചില സമകാലിക നമ്പരുകളുണ്ടെന്നല്ലാതെ അന്‍വറിന് മലയാളത്തില്‍ മുമ്പു പുറത്തിറങ്ങിയ, അമല്‍ നീരദിന്റെ തന്നെ മുന്‍കാലചിത്രങ്ങളുടെ പ്രമേയജനുസില്‍ നിന്ന് പറയത്തക്ക വ്യത്യസ്തതയൊന്നുമില്ല. ഇവര്‍, ബഌക്ക്, ബിഗ് ബി, തുടങ്ങിയ സിനിമകളുടെ പാരമ്പര്യം അവകാശപ്പെടാവുന്നതാണ് അന്‍വറിന്റെ ഏറ്റവും വലിയ പോരായ്മ.
എന്നാല്‍ ഈ പോരായ്മയുടെ മാത്രം പേരില്‍ അന്‍വറിനെ ഒരു മോശം ചിത്രമായി എഴുതിത്തള്ളാനുമാവില്ല. കാരണം കറകളഞ്ഞ ഒരു സംവിധായകന്റെ സാന്നിദ്ധ്യം ചിത്രത്തിലുടനീളം, അതിന്റെ നിര്‍വഹണത്തില്‍ പ്രകടമാണ്. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, വലിയതെന്തോ എന്ന പരിവേഷം തുടക്കം മുതല്‍ അവസാനം വരെ നിലനിര്‍ത്തുന്ന ദൃശ്യപരിചരണം ആ സാന്നിദ്ധ്യത്തിന്റെ സൂചനയാണ്. അമല്‍നീരദ് മികച്ച സംവിധായകനാണ്. ഛായാഗ്രാഹകനും വിഷ്വലൈസറുമാണ്. പക്ഷേ, മികച്ച തിരക്കഥാകൃത്തല്ല. ഒരുപക്ഷേ അത്തരമൊരു തിരക്കഥാകൃത്തിന്റെ സൗഹൃദമുണ്ടായാല്‍ മലയാളത്തില്‍ എക്കാലത്തെയും നല്ലൊരു സിനിമ സൃഷ്ടിക്കാന്‍ നീരദിനു സാധിക്കുമെന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമയും ആവര്‍ത്തിച്ചു പ്രതീക്ഷ നല്കുന്നു. അമല്‍ സൂക്ഷിക്കേണ്ടത്, അമലിനെത്തന്നെയാണ്. ദൃശ്യപരിചരണത്തിലെ വ്യക്തിമുദ്ര, തനിയാവര്‍ത്തനമായി മാറരുത്. അമല്‍ അമലിന്റെ തന്നെ മുന്‍കാല സിനിമകളെ അനുകരിക്കുന്ന അവസ്ഥ വരരുത്. അമലിനൊരുപക്ഷേ ഇനി പരീക്ഷിക്കാവുന്നത്, സത്യന്‍ അന്തിക്കാട് ശൈലിയില്‍ ഒരു ബ്രേക്കാണ്. ലാല്‍ ജോസും റോഷന്‍ ആന്‍ഡ്രൂസും സ്വയം നവീകരിക്കുന്നത്, വേറിട്ട ശൈലിയിലുള്ള സിനിമാസംരംഭങ്ങളിലൂടെയാണ്.
കൊച്ചി അധോലോകത്തിന്റെ കഥപറയാറുള്ള സിനിമകളില്‍ സ്ഥിരം കാണുന്ന ചില കോല്ങ്ങളെ ഒഴിവാക്കാന്‍ അമല്‍കാണിച്ച ധീരതയും പ്രശംസാര്‍ഹം തന്നെ. പ്രത്യേകിച്ച് വിനായകന്‍ പോലുള്ള ചില കാരിക്കേച്ചറുകള്‍.കണ്ടുമടുത്ത താരങ്ങളെ ആവര്‍ത്തിക്കാതിരിക്കുന്നതിനൊപ്പം ഒരു കാര്യത്തില്‍ക്കൂടി അമല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാളിതുവരെയുള്ള സ്വന്തം ചിത്രങ്ങളിലെ എല്ലാം പൊലീസ് ഉദ്യോഗസ്ഥരെ അവസാനം തോക്കിനിരയാക്കുന്നതും ഒരര്‍ഥത്തില്‍ ആവര്‍ത്തനമല്ലേ?
ചുരു്ക്കിപ്പറഞ്ഞാല്‍ അന്‍വര്‍ ഭേദപ്പെട്ടൊരു സിനിമതന്നെയാണ്. ക്‌ളൈമാക്‌സൊഴികെ. പീസ് എന്ന അമല്‍ നീരദ് ഇംപ്രിന്റുള്ള ആന്റീ ക്‌ളൈമാക്‌സ് പക്ഷേ നന്നായി, അവസാനത്തെ ബോറന്‍ മ്യൂസിക് ആല്‍ബം ഒഴികെ.

Sunday, September 26, 2010

ദ് ബോയ്‌സ് ഓഫ് മലര്‍വാടി

ലര്‍വാടി ആര്‍ട്‌സ് ക്‌ളബ് കണ്ടു. വൈകിയതിനു ക്ഷമ. ഇടയ്‌ക്കൊരു ഹിമാലയന്‍ യാത്രയുണ്ടായിരുന്നതുകൊണ്ട് വായനയിലും സിനിമയിലും ഒരു ഷോര്‍ട്ട് ബ്രേക്ക്. അതുകഴിഞ്ഞെത്തിയശേഷമാണ് പെന്‍ഡിംഗ് സിനിമകള്‍ കണ്ടു തീര്‍ത്തത്. അക്കൂട്ടത്തില്‍ മലര്‍വാടിയും. തീര്‍ച്ചയായും വിനീത് ശ്രീനിവാസന്റെ കന്നിസംരംഭം അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്ക്. ഒന്ന്. ലബ്ധപ്രതിഷ്ഠരായ താരങ്ങളുടെ പിന്‍ബലം വേണ്ട എന്നു വച്ചതിന്. രണ്ട്.ഗാനരചനയടക്കം സിനിമയുടെ എല്ലാ മേഖലകളിലും ഒരു ബാലചന്ദ്രമേനോനായിത്തന്നെ അരങ്ങേറാന്‍ കാട്ടിയ ധൈര്യത്തിന്.
വഴി മാറി ചിന്തിക്കുന്ന യുവത്വത്തിന്റെ പ്രസന്നതയും പ്രസരിപ്പുമാണ് വാസ്തവത്തില്‍ ശയ്യാവലംബമായ മലയാളസിനിമയ്ക്ക് ഇന്ന് അത്യാവശ്യം. വിനീത് ആ അര്‍ഥത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, തമിഴില്‍ സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി നിര്‍വഹിച്ച ബോയ്‌സ് എന്ന സിനിമയോട് മലര്‍വാടിക്ക് ഏറെ കടപ്പാടുണ്ടെന്ന കാര്യം വിനീത് ശ്രീനിവാസനും മറക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്. സംഗീതം ജീവിതമാക്കുന്ന ഒരു പറ്റം യുവാക്കളുടെ...അവരുടെ കൂട്ടത്തില്‍ കൂടുന്ന ഒരു യുവതിയുടെ, കഥ തന്നെയാണ് രണ്ടും എന്നതുമാത്രമല്ല, കഥയുടെ ക്‌ളൈമാക്‌സില്‍ വരെ വന്നുഭവിച്ച സാമ്യം കണ്ടില്ലെന്നു നടിക്കുന്നത് അസാധ്യം.അതിനര്‍ഥം മലര്‍വാടിയുടെ പുതുമകളെ, നന്മകളെ കണ്ടില്ലെന്നു വയ്ക്കുന്നു എന്നല്ല. തീര്‍ച്ചയായും മലര്‍വാടി ആഘോഷിക്കപ്പെടേണ്ട സിനിമ തന്നെയാണ്, പ്രത്യേകിച്ചും ഈ കാലയളവില്‍.
എന്തൊക്കെ കുറവുണ്ടെങ്കിലും, ഒരു കന്നി സംവിധായകന്റെ, അതി ധീരമായ പരിശ്രമം എന്ന നിലയ്ക്ക് മലര്‍വാടി അംഗീകരിക്കപ്പെടേണ്ടത്, മലയാള സിനിമയെ സ്‌നേഹിക്കുന്നവരുടെ കര്‍ത്തവ്യമോ കടമയോ ആണ്. അതുമാത്രമല്ല, ഇത്തരമൊരു സംരംഭത്തിന് ഇലയിട്ട് സദ്യ വിളമ്പിയ നടന്‍ ദിലീപിന്റെ ദൗത്യം, സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു ചലച്ചിത്രപ്രവര്‍ത്തകന്റെ അര്‍പണബോധത്തിന്റെ കൂടി തെളിവുതന്നെയാണ്.
ഒരു കാര്യത്തിലേ, വിനീതിനോട് വേറിട്ട അഭിപ്രായമുള്ളു-സുരാജ് വെഞ്ഞാറമ്മൂടില്ലായിരുന്നെങ്കിലും, അച്ഛന്റെ തന്നെ കഥ പറയുമ്പോളിലേതിനു സമാനമായ കോട്ടയം നസീറിന്റെ കഥാപാത്രമില്ലായിരുന്നെങ്കിലും മലര്‍വാടി പൂത്തുലയുമായിരുന്നു.
ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ് ശരിക്കും അയാളുടെ ആദ്യ പരീക്ഷണം അഥവാ അഗ്നി പരീക്ഷണം.അതാണ് അയാളുടെ നിലനില്‍പ്പിനെ നിര്‍ണയിക്കുക. കേരളം കാത്തിരിക്കുന്നത് വിനീതിന്റെ അടുത്ത സിനിമയ്ക്കായാണ്. അതിലെങ്കിലും ആദ്യസിനിമയിലെ കുറവുകളും കൈകുറ്റപ്പാടുകളും ഒഴിവാക്കാന്‍ ശ്രമിക്കുക. താങ്കളില്‍ മലയാളത്തിന് ഏറെ പ്രതീക്ഷയാണുള്ളതെന്ന ബോധ്യം വെടിയാതിരിക്കുക.

Sunday, July 25, 2010

ബാലസാഹിത്യത്തിന്റെ നിഴല്‍രാഗം


ബാലസാഹിത്യത്തിന് ഒരു കുഴപ്പമുണ്ട്. അത്, ലോകമെമ്പാടും പണംവാരിയ ഹാരിപോട്ടറായാലും ശരി, കുട്ടികള്‍ക്കു വേണ്ടി എന്ന നിലയ്ക്ക്, അവര്‍ ഇതൊക്കെയാവും ഇഷ്ടപ്പെടുക എന്ന മുന്‍വിധിയോടെ പ്രായത്തില്‍ മൂത്തവര്‍, ചിലപ്പോള്‍ മുതുമുത്തച്ഛന്മാരാവാന്‍ പ്രായമുള്ളവര്‍ എഴുതുന്ന സാഹിത്യമായിരിക്കും അത്. ലോകമെമ്പാടുമുള്ള ബാലസാഹിത്യത്തിന്റെയും ബാലസിനിമകളുടെയും പ്രധാന പരിമിതിയും പരിധിയുമാണിത്. മലയാളസിനിമയുടെ കാര്യത്തില്‍ ഇപ്പോള്‍ യുവ പ്രേക്ഷകരുടെ ഗതി ബാലവായനക്കാരുടെയും ബാലപ്രേക്ഷകരുടെയും പോലെയാണ്. കാരണം അവര്‍ക്ക് ഇഷ്ടമാവുന്നത് എന്ന മുന്‍വിധിയോടെ, നിര്‍ബന്ധിതവിരമിക്കല്‍ ഇല്ലാത്ത ചലച്ചിത്രരംഗത്തെ മുടിചൂടാമന്നന്മാര്‍ എടുത്തു വയ്ക്കുന്നത് ദഹിച്ചോണം എന്നാണവസ്ഥ. അതുണ്ടാക്കുന്ന ദഹനക്കേടാണ് പലപ്പോഴും അതിര്‍ത്തി കടന്നെത്തുന്ന തമിഴ് -ഹിന്ദി സിനിമകളിലേക്ക് കയ്യും മെയ്യും മറന്ന് അവരെ ആകര്‍ഷിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഏറെ വ്യത്യസ്തം എന്ന പ്രചാരണത്തോടെ പുറത്തിറങ്ങുന്നതില്‍ പകുതിയിലേറെ സിനിമകളും നമ്മുടെ സമകാലികയുവത്വം തിരിഞ്ഞുനോക്കാതെ പെട്ടിയിലടയ്ക്കപ്പെട്ട ഡ്രാക്കുളയുടെ അവസ്ഥയിലാവുന്നതും.
ഇത്ര നീണ്ട മുഖവുര വേണ്ട സിബി മലയിലിന്റെ അപൂര്‍വരാഗം എന്ന സിനിമയെ വിലയിരുത്താന്‍ എന്നറിയാം. പക്ഷേ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ക്യാമ്പസിനുവേണ്ടത് നിറം പോലെ ഒരു സിനിമയാണെന്നു തെറ്റിദ്ധരിച്ച, യുവാക്കള്‍ക്ക് വേണ്ടത് മിന്നാമിന്നിക്കൂട്ടമാണെന്നു ധരിച്ചുവശായ കമലിന്റെ കൂടെച്ചേരുകയാണോ സിബി മലയിലും എന്നൊരു സംശയം. മനോഹരമായ ടേക്കിംഗ്‌സ്. നല്ല ദൃശ്യപരിചരണം, സമീപനം. സിനിമാഭാഷയില്‍ പറഞ്ഞാല്‍ കള്ളര്‍ഫുള്‍. പക്ഷേ, ഉള്‍ക്കാമ്പു നോക്കിയാല്‍ കൊട്ടത്തേങ്ങയല്ലേ എന്നൊരു സംശയം ബാക്കി. പുതുമയ്ക്കു വേണ്ടി പുതുമ അവതരിപ്പിക്കുന്നതില്‍ അര്‍ഥമുണ്ടോ? അല്ലെങ്കില്‍ തന്നെ ഇതില്‍ പുതുമയെന്താണ്? താരനിരയിലെ യുവത്വമാണെങ്കില്‍, പ്രധാനപ്പെട്ട മൂന്നു നായകന്മാരും ശ്യാമപ്രസാദിന്റെ ഋതുവിലൂടെ കഴിവുതെളിയിച്ചവര്‍. നായിക, ആകാശഗോപുരത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭയാക്കിയവള്‍. ദൃശ്യപരിചരണത്തില്‍ അജയന്‍ വിന്‍സന്റും സന്നിവേശകന്‍ ബജിത് പാലും കാഴ്ചവച്ച യൗവനം, അത് അവരുടെ മാത്രം ക്രെഡിറ്റേ ആവുന്നുള്ളൂ. കൊള്ളയും കൊലയും വിട്ട് യുവത്വത്തിനൊരു പ്രതീക്ഷയും ജീവിതത്തോടില്ലെന്നാണോ ആധുനിക റോബിന്‍ഹുഡുകള്‍ പറയുന്നത്? കുറ്റം പറയരുതല്ലോ, കറന്‍സി, റോബിന്‍ഹുഡ്, ഇപ്പോള്‍ അപൂര്‍വരാഗം ഒക്കെ നല്‍കുന്ന സന്ദേശം അങ്ങനെയാണ്. ലൗ ജിഹാദും, പോപ്പുലര്‍ ഫ്രണ്ടുമൊക്കെയായി ഒരു കിടിലന്‍ സിനിമ! അതാണോ അപൂര്‍വരാഗം.
ഏതായാലും, സംഗീത സംവിധായകന്‍ ബിജിപാലിനോടും യുവനടന്‍ ആസിഫ് അലിയോടും ഒരു വാക്ക്. ക്യാംപസ് എന്നും യുവത്വം എന്നും കേട്ടാലുടന്‍ 'ഇനിയും പുന്നകൈ' പാട്ടിന്റെ ബി.ജി.എമ്മില്‍ ഹാരിസ് ജയരാജ് പകര്‍ത്തിവച്ച ഇലക്ട്രിക് ഗിറ്റാറിന്റെ ചെകിടടപ്പിക്കുന്ന ബീറ്റിനെ വെറുതെ വിടണം. സുന്ദരവില്ലനെ ടൈപ്പാക്കി ആസിഫ് കരിയര്‍ നശിപ്പിക്കുകയുമരുത്. കാരണം നിങ്ങളെയൊക്കെ ഇനിയും ഞങ്ങള്‍ക്ക് ഏറെ കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്.