Showing posts with label kutty srank movie. Show all posts
Showing posts with label kutty srank movie. Show all posts

Saturday, July 31, 2010

കുട്ടിസ്രാങ്ക്-ദൃശ്യ കവിതയുടെ പുതിയമാനങ്ങള്‍

ഛായാഗ്രാഹകന്റെ സിനിമാനോട്ടമാണ് കുട്ടിസ്രാങ്കിന്റെ സവിശേഷത. എം.പി.സുകുമാരന്‍ നായര്‍ (ശയനം) അടക്കം പലരും മുമ്പ് ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ സംവിധായകനായ ഷാജി എന്‍.കരുണിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കഥയ്ക്ക് വല്ിയ പുതുമയൊന്നും നല്‍കാനാവില്ല. അതുകൊണ്ട് കുട്ടിസ്രാങ്ക് ഒരിക്കലും ഒരു മോശം സിനിമയാകുന്നുമില്ല. കാരണം ദൃശ്യപരിചരണത്തില്‍, നിര്‍വഹണത്തില്‍ കുട്ടിസ്രാങ്ക് ഒരു വിദേശ ചിത്രം കാണുന്ന പ്രതീതിയാണുളവാക്കുന്നത്. അത്രയ്ക്കു സാങ്കേതിക തികവോടെ, സൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ഒരു പീര്യഡ് സിനിമ. ആകാശഗോപുരവും പഴശ്ശിരാജയും കഴിഞ്ഞ് മലയാളസിനിമയില്‍ ദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പുറത്തുവന്ന ചിത്രമാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക്.
മറ്റു സിനിമകളുടെ ഛായ അന്വേഷിക്കുന്നവര്‍ക്ക് ഇതില്‍ ടിവി ചന്ദ്രന്റെ ഡാനി മുതല്‍ ആലീസിന്റെ അന്വേഷണത്തിന്റെയും, കഥാവശേഷന്റെയും, അടൂരിന്റെ മുഖാമുഖത്തിന്റെയും, എന്തിന് മുഖ്യധാരാസിനിമയില്‍പ്പോലും പല സിനിമകളുടെയും നിഴലാട്ടങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍, ഈ സിനിമകള്‍ക്കെല്ലാം കുറോസാവയുടെ റാഷമോണിനോടുള്ള ചാര്‍ച്ച അപ്പോള്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ, രൂപപരവും പ്രമേയപരവുമായ അത്തരം ആരോപണങ്ങള്‍ക്കൊന്നും കുട്ടിസ്രാങ്കിന്റെ കാര്യത്തില്‍ പ്രസക്തിയുണ്ടാവുന്നില്ല.ദൃശ്യപരിചരണത്തിലെ അസാമാന്യവും അസൂയാവഹവുമായ കൈയ്യൊതുക്കം കുട്ടി സ്രാങ്കിന് നല്‍കുന്ന മാധ്യമപരമായ ഔന്നിത്യം അംഗീകരിക്കുന്നതിന് ഈ ആരോപണങ്ങള്‍ തടസമാവുന്നുമില്ല.
കോര്‍പറേറ്റ് പണമായാലും വ്യക്തിഗത നിക്ഷേപമായാലും, സിനിമയില്‍ അത് എങ്ങനെ, അര്‍ഥവത്തായി വിനിയോഗിക്കുന്നു എന്നുള്ളതാണല്ലോ പ്രശ്‌നം. കുട്ടിസ്രാങ്കിനെ സംബന്ധിച്ചിടത്തോളമാണെങ്കില്‍, ഷാജി, റിലൈന്‍സിന്റെ മുടക്കുമുതല്‍ സാര്‍ഥകമായി, ലക്ഷ്യബോധത്തോടെയാണ് ചെലവഴിച്ചിട്ടുള്ളത്. ദൃശ്യവിന്യാസത്തിലും സന്നിവേശത്തിലും,ശബ്ദവിന്യാസത്തിലും, ഗ്രാഫിക്‌സിലും തുടങ്ങി സാങ്കേതികമായ എല്ലാ വിഭാഗങ്ങളിലും പണം മൂല്യമറിഞ്ഞ്, അതതു സാങ്കേതികതയുടെ മേന്മയ്ക്കായിത്തന്നെയാണുപയോഗിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ഓരോ ഫ്രെയിമും തെളിയിക്കുന്നു. ഇനി അഥവാ ചിത്രത്തിന്റെ ഏതെങ്കിലും ദൃശ്യം വിസ്മരിക്കപ്പെട്ടാലും, നിശ്ചയമായും ഉള്ളില്‍ തങ്ങുന്നതാണ് ഐസക് തോമസ് കോട്ടുകാപ്പളളിയുടെ പശ്ചാത്തലസംഗീതം. സിനിമയുടെ താളഗതിക്ക് പുതിയൊരു മാനം നല്‍കുന്നുണ്ടത്.
പ്രമേയത്തിനൊപ്പമോ അതിലധികമോ, അതിന്റെ പരിചരണത്തിന് നല്‍കുക വഴി ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഷാജി അല്‍പം കൂടി പാകത നേടിക്കാണിക്കുന്നു.ഒപ്പം ഷാജിയുടെ ഉള്‍ക്കണ്ണു കണ്ടിട്ടെന്നവണ്ണം ഛായാഗ്രാഹകയായ അഞ്ജലി ശുകഌയും.കൃഷ്ണനുണ്ണിയുടെ ശബ്ദലേഖനവും പരാമര്‍ശിക്കാതെ പോയ്ക്കൂടാ.നാളിന്നോളമുള്ള തന്റെ ചിത്രത്തില്‍ നിന്ന് പടിയടച്ചു നിര്‍ത്തിയിരുന്ന ലൈംഗികദൃശ്യങ്ങളും ന്യൂഡിറ്റിയും സ്രാങ്കില്‍ സധൈര്യം പരീക്ഷിക്കാന്‍ ഷാജിക്ക് കരുത്തായത് വനിതാഛായാഗ്രാഹകയുടെ പിന്തുണയായിരിക്കുമോ?
സംവിധായകന്റെ കഥയ്ക്ക് തിരക്കഥാകൃത്തായ പി.എഫ്.മാത്യൂസും പത്രപ്രവര്‍ത്തകനായ കെ.ഹരികൃഷ്ണനും ചേര്ന്നാണ് തിരക്കഥയെഴുതിയിട്ടുള്ളത്. ചവിട്ടുനാടകത്തിന്റെയും തുറകൃസ്ത്യാനികളുടെ ജീവിത, ഭാഷാശൈലിയുടെയും ഛായയുള്ള രണ്ടാംഭാഗത്തില്‍ മാത്യൂസിന്റെ സര്‍ഗ്ഗമുദ്രകള്‍ പ്രകടമാകുന്നതുപോലെ തന്നെ, കാളസര്‍പ്പത്തിന്റെ മിത്ത് ആവിഷ്‌കരിക്കുന്ന മൂകയായ കാളിയുമായുള്ള സ്രാങ്കിന്റെ ബന്ധവും ആ ബന്ധം ദേശത്തിനു വരുത്തുന്ന മാറ്റങ്ങളും വിവരിക്കുന്ന മൂന്നാം ഖണ്ഡത്തില്‍ ഹരികൃഷ്ണന്റെ വിരല്‍സ്പര്‍ശവും വ്യക്തം. പല കാലഭേങ്ങളില്‍, നായകനടക്കം പല ദേശങ്ങളുടെ ഭാഷാഭേദങ്ങളിലൂടെ കുട്ടി എന്നൊരു സാര്‍വദേശീയ നായകസ്വത്വത്തെ അവതരിപ്പിക്കുന്ന ഈ സിനിമ സ്രഷ്ടാക്കള്‍ ല്ക്ഷ്യമാക്കിയതുപോലെതന്നെ ചലച്ചിത്രപരമായും കാലദേശഭേദങ്ങള്‍ക്കുപരി സാര്‍വലൗകിക അസ്തിത്വം ആര്‍ജിക്കുന്നുണ്ട്.
പരിചയസമ്പന്നനായ മമ്മൂട്ടിയേയും സിദ്ദീഖിനെയും പലപ്പോഴും പുതുമുഖങ്ങള്‍ പരാജയപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. വിശേഷിച്ച് കമാലിനി മുഖര്‍ജിയും ജോപ്പനെ അവതരിപ്പിച്ച് സന്ദീപും.
എല്ലാം പ്രകീര്‍ത്തിക്കുമ്പോഴും ഒരാശങ്ക പങ്കിടാതിരുന്നുകൂടാ. തിരുവനന്തപുരം കൃപ തീയറ്ററില്‍ ചിത്രം കാണാന്‍ കയറിയപ്പോള്‍ ആകെ ഉണ്ടായിരുന്നത് അമ്പതില്‍ താഴെ പ്രേക്ഷകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായി നിര്‍മിച്ച് ലോകമറിയുന്ന മലയാള സംവിധായകന്‍ രചിച്ച് സൂപ്പര്‍താരം അഭിനയിച്ച ഭേദപ്പെട്ടൊരു സിനിമയുടെ ഗതിയാണ്.മലയാളത്തില്‍ മാറ്റങ്ങളുണ്ടാവുന്നില്ല എന്നു മുറവിളികൂട്ടുന്നവര്‍ ഈ സിനിമ കാണാതെപോവുമ്പോള്‍ അവരുടെ മുറവിളി അര്‍ഥമില്ലാത്ത മലര്‍ന്നുകിടന്നു തുപ്പലാണെന്നു പറയാതിരിക്കുന്നതെങ്ങനെ?