Showing posts with label kalakaumudi cover story. Show all posts
Showing posts with label kalakaumudi cover story. Show all posts

Monday, August 29, 2022

പരസ്യവാചകക്കുഴിയില്‍ വീണ ന്യായീകരണ പോരാളികള്‍


 എ.ചന്ദ്രശേഖര്‍


ആശയത്തെ ആശയം കൊണ്ടാണ് എതിര്‍ക്കേണ്ടത്. കൈക്കരുത്തുകൊണ്ടോ മെയ്ക്കരുത്തുകൊണ്ടോ നിരോധിച്ചുകൊണ്ടോ ബഹിഷ്‌കരിച്ചുകൊണ്ടോ ആവരുത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണത്. ഡയലോഗ് അഥവാ സംഭാഷണം എന്നതിന് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള സംവാദം എന്നുകൂടി അര്‍ത്ഥം വരുന്നതും അതുകൊണ്ടാണ്. കലാവിഷ്‌കാരങ്ങളുടെ കാര്യത്തില്‍ ആശയങ്ങള്‍ക്കു മാത്രമല്ല വൈകാരികതയ്ക്കും പ്രാധാന്യമുണ്ട്. ഉള്‍ക്കടവികാരങ്ങളുടെ നുരപൊന്തലാണ് കവിത എന്നാണ് സാമുവല്‍ ടെയ്‌ലര്‍ കൂള്‍റിജ് പറഞ്ഞിട്ടുള്ളത്. പക്ഷേ പലപ്പോഴും കലയുടെ കാര്യത്തില്‍ സമൂഹത്തിന്റെ സഹിഷ്ണുത ഒരുപോലെയായിരുന്നിട്ടില്ല. അനുഭവങ്ങള്‍ കാച്ചിയിറ്റിച്ച സര്‍ഗാത്മകസൃഷ്ടികള്‍ ഒരു വിഭാഗത്തിനോ ഭൂരിപക്ഷത്തിനോ ദഹിക്കാതെ വന്നതുകൊണ്ട് പരക്കെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള സിനിമയുടെ കാര്യത്തിലാണെങ്കില്‍ ഭാഷയിലെ ആദ്യചിത്രമെന്ന് ഔപചാരികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം തന്നെ ലിംഗപരമായൊരു അസഹിഷ്ണുതയുടെ ഫലമായി ദുരന്തത്തില്‍ കലാശിച്ച ചരിത്രമാണുള്ളത്. നമ്മുടെ ആദ്യ ചലച്ചിത്രനായികയെത്തന്നെ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ തീയറ്ററിലെ ആദ്യ പ്രദര്‍ശനത്തില്‍ ഭൂപ്രഭുക്കന്മാരില്‍ നിന്നടക്കമുള്ള അതിക്രത്തെത്തുടര്‍ന്ന് എങ്ങോട്ടു പോയെന്നറിയാതെ നഷ്ടമായ ചരിത്രം. 

പലകാലത്തും പല പല കാരണങ്ങള്‍ കൊണ്ട് ഇന്ത്യയിലും കേരളത്തിലും സിനിമയ്ക്കു നേരെ നിരോധനങ്ങളും ഉപരോധങ്ങളും ഉണ്ടായിട്ടുണ്ട്. ഭരണകൂടത്തിന് അപ്രിയമെന്ന കാരണത്താല്‍ വിമര്‍ശനസ്വഭാവമുളള സിനിമകള്‍ പലതും നിരോധിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ അമൃത് നഹാതെയുടെ കിസാ കുര്‍സി കാ പോലുള്ള സിനിമകള്‍ക്ക് നേരിടേണ്ടി വന്ന ഉപരോധങ്ങള്‍ ഓര്‍ക്കുക. ബ്രിട്ടീഷ് ആധിപത്യകാലത്ത് നിര്‍മ്മിക്കപ്പെട്ട മാധ്യമമാരണ നിയമങ്ങളുടെ പിന്തുടര്‍ച്ചയെന്നുതന്നെ വിശേഷിപ്പിക്കപ്പെടാവുന്ന സെന്‍സര്‍ ചട്ടങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്ന പേരുമാറ്റത്തോടെ സിനിമകളില്‍ കര്‍ക്കശമായി സര്‍ക്കാര്‍ തന്നെ നടപ്പാക്കുന്ന രാജ്യത്ത് പിന്നെ പ്രാദേശികമായോ മറ്റോ ഉടലെടുക്കുന്ന ഒറ്റപ്പെട്ട സിനിമാ ഉപരോധങ്ങളെപ്പറ്റി ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്നതില്‍ തന്നെ വലിയ കാര്യമില്ല.

ഇതര കലാരൂപങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്‍ര്‍നെറ്റ് സര്‍വ്യാപിയാകുംമുമ്പു വരെ സിനിമ ഇത്തരത്തില്‍ രൂക്ഷമായ നിയന്ത്രണങ്ങളെയും ഉപരോധങ്ങളെയും നേരിടാന്‍ കാരണം തീര്‍ച്ചയായും അതിന് മറ്റു മാധ്യമങ്ങളില്‍ നിന്ന് അധികമായുള്ള ജനസ്വാധീനം തന്നെയാണ്. സാധാരണക്കാരന്റെ ബഹുജനമാധ്യമമെന്ന നിലയ്ക്ക് സിനിമയ്ക്കുളള ആ സ്വാധീനത്തിന്റെ രാഷ്ട്രീയ തിരിച്ചറിവുകളാണ് തമിഴ്‌നാട്ടിലെ താരരാഷ്ട്രീയം മുതല്‍ ഉത്തരേന്ത്യയില്‍ പലയിടത്തും ഇന്നും പരീക്ഷിക്കപ്പെടുന്ന താരരാഷ്ട്രീയം വരെ. എന്നാല്‍ അതുകൊണ്ടുപോലും സിനിമ സമൂഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണക്കണ്ണുകളില്‍ നിന്നും നിയന്ത്രണച്ചട്ടുകങ്ങളില്‍ നിന്നും രക്ഷനേടുന്നില്ല.

ഏതെങ്കിലും ഒരു രാഷ്ട്രീയമുന്നണിയുടെ ഭരണത്തിന്‍ കീഴില്‍ മാത്രമായി സിനിമയ്ക്കു നേരേ നടന്നിട്ടുള്ള അതിക്രമങ്ങളെ കൂടുതലെന്നോ കുറവെന്നോ അടയാളപ്പെടുത്തുക വസ്തുതാപരമായി ശരിയല്ല. കാരണം, കക്ഷി രാഷ്ട്രീയ ഭേദമന്യേ എക്കാലത്തും എല്ലാ ഭരണകൂടങ്ങള്‍ക്കു കീഴിലും സിനിമ സൂക്ഷ്മവിശകലനത്തിനു വിധേയമാവുകയും കാലാകാലം ഉപരോധ നിരോധനങ്ങള്‍ക്ക് വശംവധമാവുകയും ചെയ്തു എന്നതാണ് വസ്തുത. അടുത്ത കാലത്ത് ബാലിശമായ കാരണങ്ങള്‍ക്ക് തീയറ്റര്‍ ബഹിഷ്‌കരണാഹ്വാനം നേരിടേണ്ടി വന്ന ന്നാ താന്‍ കേസ് കൊട് എന്ന മലയാള സിനിമയും ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയും മുതല്‍ പല സിനിമകളും ഏതെങ്കിലും ഒരു വിഭാഗത്തില്‍ നിന്നോ അല്ലാതെയോ ഭീഷണി നേരിട്ടത് മുതല്‍ കാലാകാലം സിനിമകള്‍ക്കു നേരേ നടന്നിട്ടുള്ള ഉപരോധ നിരോധനാഹ്വാനങ്ങളില്‍ പലതും സിനിമ ഇറങ്ങും മുമ്പേ അതിന്റെ ഉള്ളടക്കത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണയുടേയൊ ധാരണയില്ലായ്മയുടെയോ മുന്‍വിധിയുടെയോ അനന്തരഫലമായിരുന്നു എന്നതും അനിഷേധ്യമായ സത്യം. അവിടെ രാഷ്ട്രീയം മാത്രമല്ല മതവും ജാതിയും വര്‍ഗീയതയും മുതല്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വരെ എതിര്‍പ്പിനുള്ള കാരണങ്ങളായി ഉയര്‍ത്തിക്കാണിക്കപ്പെട്ടു. എന്നാല്‍ പുസ്തകം വായിക്കാതെ അതിനെതിരേ കല്ലെടുക്കുന്നതു പോലെ സിനിമ കാണാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അവയ്‌ക്കെതിരായി ഉന്നയിക്കപ്പെട്ട നിയമനടപടികള്‍ അതുകൊണ്ടുതന്നെയാണ് കോടതികള്‍ക്ക് നിരൂപാധികം തള്ളേണ്ടി വന്നിട്ടുള്ളതും.

സമൂഹമാധ്യമങ്ങള്‍ ശക്തമായതോടെയാണ് സിനിമകള്‍ക്കെതിരായ കയ്യേറ്റങ്ങള്‍ (അങ്ങനെ തന്നെയേ അതിനെ വിശേഷിപ്പിക്കാനാവൂ) കൂടിയിട്ടുള്ളത്. ഇഷ്ടമില്ലാത്ത താരത്തിന്റെ സിനിമയുടെ പോസ്റ്ററില്‍ കരിയോയില്‍ തേയ്ക്കുന്നതും അവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നിടത്ത് കൂലിക്കാളെ വച്ചും താരസംഘടനകള്‍ കൂക്കിവിളിക്കുന്നതും പോലുള്ള പ്രവണതകളുടെ തുടര്‍ച്ച കുറേക്കൂടി സാങ്കേതികത്തികവോടെ സൈബര്‍ ഭീഷണിയായി സിനിമാവ്യവസായത്തെ ഗ്രസിച്ചുവെന്നതും അനിഷേധ്യമായ വസ്തുതയാണ്. ഓണ്‍ലൈന്‍ പ്രൊമോഷന്‍ എന്ന പേരില്‍ പറ്റിക്കൂടുന്ന ഓണ്‍ ലൈന്‍ മാധ്യമക്കൂട്ടായ്മയില്‍ ഏതെങ്കിലും മാധ്യമങ്ങളെ ഒഴിവാക്കുകയോ അവര്‍ക്ക് വിഹിതം നല്‍കാതിരിക്കുകയോ ചെയ്താല്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ഇന്റര്‍വെല്ലില്‍ തന്നെ നെഗറ്റീവ് റിവ്യു കൊണ്ട് സൈബറിടം നിറയ്ക്കുന്ന രീതിയെപ്പറ്റിയൊക്കെ കുറേക്കാലം മുമ്പേ നാം ഘോരഘോരം ചര്‍ച്ച ചെയ്തതാണ്. തങ്ങള്‍ക്കു പ(ണം)രസ്യം നല്‍കാത്ത സിനിമയെ എഴുതിത്തോല്‍പ്പിക്കുക എന്നത് ഉപരോധത്തിന്റെ മറ്റൊരു മാതൃകയല്ലെങ്കില്‍ പിന്നെന്താണ്? ഇതിനു മുന്നില്‍ രാഷ്ട്രീയവും ആശയപരവുമായ ഉപരോധ പ്രതിരോധങ്ങള്‍ എത്രയോ നിസാരം!

നിരോധനാഹ്വാനങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും സ്വന്തം സിനിമയ്ക്കു കിട്ടുന്ന ഫ്രീ പബ്‌ളിസിറ്റിയായി കണക്കാക്കുന്ന നിര്‍മ്മാതാക്കളുമില്ലെന്നു പറയാനാവില്ല. പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം പ്രദര്‍ശനാനുമതി നല്‍കുന്ന അഡല്‍റ്റ്‌സ് ഒണ്‍ലി (എ) സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കുടുംബപ്രേക്ഷകര്‍ കയറാത്ത കാലത്ത് അത്തരം നിയന്ത്രണമൊന്നും വേണ്ടാത്ത സിനിമയ്ക്ക് എങ്ങനെയെങ്കിലും എ സര്‍ട്ടിഫിക്കറ്റ് കിട്ടണമെന്നാശിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ കാലു പിടിച്ച എത്രയോ നിര്‍മ്മാതാക്കളുണ്ടായിട്ടുണ്ട് മലയാള സിനിമയില്‍. അതിനു പിന്നില്‍ ലാഭം, കൂടിയ ലാഭം എന്ന ഇച്ഛ മാത്രമാണുണ്ടായിരുന്നത് എന്നതും സ്പഷ്ടം. സമാനമായി വിവാദങ്ങളെ വിപണനതന്ത്രമാക്കി മാറ്റുന്ന പ്രവണത മലയാള സിനിമയില്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് അടുത്തകാലത്തെ വിവാദങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുമ്പോള്‍ തോന്നിയാല്‍ തെറ്റിദ്ധരിച്ചിട്ടു കാര്യമില്ല.

മലയാള സിനിമ കാണാന്‍ തീയറ്ററില്‍ ആളില്ലാത്ത ദുരവസ്ഥയ്ക്കിടെയാണ് പാപ്പന്‍, ന്നാ താന്‍ കേസ് കൊട്, തല്ലുമാല തുടങ്ങി ഒന്നിനു പിറകെ ഒന്നായി മൂന്നു സിനിമകള്‍ സാഘോഷം റിലീസാവുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തത്. അതില്‍ ന്നാ താന്‍ കേസ് കൊട് ശരിയായ അര്‍ത്ഥത്തില്‍ ദേവദൂതര്‍ പാട്ി എന്ന പാട്ടിന്റെ റീമിക്‌സിനൊത്ത് കുഞ്ചാക്കോ ബോബന്‍ വല്ലാത്ത രീതിയില്‍ നൃത്തം ചെയ്യുന്ന വൈറല്‍ സീനുമായി അത്യാവശ്യത്തിലേറെ പ്രീ പബ്‌ളിസിറ്റി നേടുകയും ചെയ്തു. കുഞ്ചാക്കോ ഒഴികെ എടുത്തുപറയത്തക്ക താരങ്ങളൊന്നുമില്ലാത്ത താരതമ്യേന ചെറിയ ബജറ്റിലുള്ള ഈ കൊച്ചു സിനിമ ഇപ്പോള്‍ നേടുന്ന തീയറ്റര്‍ വിജയത്തിനു കാരണം സത്യത്തില്‍ അതുള്‍ക്കൊള്ളുന്ന വിഷയത്തിന്റെ സമകാലിക പ്രസക്തിയെക്കാളുപരി അതീവ സര്‍ഗാത്മകമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പരസ്യവാചകത്തിന്റെ കുഴിയില്‍ ചില രാഷ്ട്രീയ ന്യായീകരണപ്പോരാളികള്‍ ചെന്നു വീണതിന്റെ പരിണതഫലമാണ്. കേരളത്തിലെ റോഡുകളിലെ കുഴികള്‍ രാഷ്ട്രീയ പ്രാധാന്യം നേടി വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കെ തീയറ്ററിലേക്കുള്ള വഴിയേ കുഴികാണും എന്നാലും വന്നു കാണണെ എന്നര്‍ത്ഥം വരുന്നൊരു പരസ്യ വാചകത്തോടെ സ്വന്തം സിനിമ പ്രചരിപ്പിക്കാന്‍ തുനിഞ്ഞ നിര്‍മ്മാതാവിനെ ശ്‌ളാഘിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഏതോ സിനിമയില്‍ ജഗതിയുടെ ഒരു കഥാപാത്രം പറഞ്ഞതുപോലെ ഇതെന്നെപ്പറ്റിയാണ് എന്നെ പ്റ്റിത്തന്നെയാണ് എന്നേറ്റെടുത്തുകൊണ്ട് രാഷ്ട്രീയപ്പോരാളികള്‍ സൈബറിടം വിനിയോഗിച്ചപ്പോഴാണ് അല്ലാത്തപക്ഷം വായനക്കാരും പ്രേക്ഷകരും വായിച്ച് ഒന്നു പുഞ്ചിരി പൊഴിച്ച് മടക്കിവയ്ക്കുമായിരുന്ന ആ സിനിമാപ്പരസ്യത്തിന് മറ്റൊരു മാനം കൈവരിക്കുന്നത്. അതോടെ അത് അന്തിച്ചര്‍ച്ചയായി, സിനിമ അതര്‍ഹിക്കുന്നതിലും എത്രയോ കോടി മൂല്യമുള്ള പരസ്യം ഒറ്റ പൈസ ചെലവില്ലാതെ നേടിയെടുക്കുകയും ചെയ്തു! 

ഇവിടെ ഇടതുപക്ഷ സൈബര്‍ പോരാളികള്‍ സിനിമയ്ക്കു നേരേ നടത്തിയ ആരോപണങ്ങളെ വലതുപക്ഷ പാര്‍ട്ടികള്‍ നേരിട്ടതും രാഷ്ട്രീയമായി മാത്രമായിരുന്നു. തങ്ങളെ ബാധിക്കുന്ന സിനിമകള്‍ക്കെതിരേ പണ്ട് ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഖഡ്കം കൊണ്ട് ഇടതുപക്ഷം പ്രതിരോധിച്ചതൊക്കെയാണ് വലതുപക്ഷപ്പാര്‍ട്ടികള്‍ ഓര്‍മ്മപ്പെടുത്തിയത്. പക്ഷേ ഇരുകൂട്ടരും ഇവിടെ ബോധപൂര്‍വം മറന്ന ഒരു സിനിമാ ഉപരോധം നടന്നിട്ട് അഞ്ചുവര്‍ഷം പോലുമായിട്ടില്ല. നടിയെത്തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിപ്പട്ടികയിലുള്ള നായകനടന്റെ പുതിയ സിനിമ റിലീസായപ്പോള്‍ അതു ബഹിഷ്‌കരിക്കണമെന്നാക്രോശിച്ച രാഷ്ട്രീയപ്രതിബദ്ധയിലൂറ്റം കൊള്ളുന്ന നിരൂപകരില്‍ ചിലര്‍ അതു പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കണമെന്നുവരെയാണ് സമൂഹമാധ്യമങ്ങള്‍ വഴി അന്നാഹ്വാനം ചെയ്തത്. കല വേറെ കലാകാരന്‍ വേറെ എന്ന സാമാന്യബുദ്ധിയിലധിഷ്ഠിതമായ വെളിവും വകതിരുവുമില്ലാത്തതുകൊണ്ടാണ് അത്തരമൊരു ആഹ്വാനം അന്നുണ്ടായത്. കേസിലകപ്പെട്ട നായകന്റെ സിനിമയ്ക്ക് തീയറ്റര്‍ വിലക്കേര്‍പ്പെടുത്തണമെന്നു വാദിക്കുന്നവര്‍ തന്നെ നിര്‍മ്മാതാവു കൂടിയായ നടന്‍ സമാനമായ കേസില്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ അയാളുടെ സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കാതെ വന്നപ്പോള്‍ കലാകാരന്‍ വേറെ കല വേറെ എന്ന സിദ്ധാന്തം ഉയര്‍ത്തുന്നതും മലയാളി നേരിട്ടു കണ്ടതാണ്. ന്നാ താന്‍ കേസു കൊട് എന്ന ചിത്രത്തിനെതിരേ അഭിപ്രായം പറഞ്ഞവര്‍ ഏതായാലും അത്രത്തോളം തീവ്രമായില്ല. കാത്തിരുന്ന് ഒടിടിയില്‍ വരുമ്പോള്‍ കണ്ടോളാം എന്നെങ്കിലും പറഞ്ഞു. എന്നുവച്ചാല്‍ കാണാതിരിക്കില്ല, കാശു കൊടുത്തു കാണില്ലെന്നേയുള്ളൂ പ്രതിരോധം. 

ഒരു സമകാലിക സാമൂഹിക പ്രശ്‌നത്തെ പരസ്യത്തിനുപയോഗിക്കുക എന്നത് പരസ്യരംഗത്ത് സര്‍വസാധാരണവും സാര്‍വലൗകികവുമായ പ്രതിഭാസമാണ്. അമുല്‍ കാലാകാലം പുറത്തിറക്കുന്ന, അവിചാരിതമായി വിവാദത്തില്‍പ്പോലും ചെന്നു ചാടുന്ന പരസ്യങ്ങളോര്‍ക്കുക.നിങ്ങളീ സിനിമ കണ്ടില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച സിനിമ നിങ്ങള്‍ കണ്ടിട്ടില്ല എന്ന് പ്രമുഖരെ കൊണ്ടു പറയിച്ചു നടത്തുന്ന പരസ്യപ്രചാരണം പോലെ ഒന്നു മാത്രമാണിത്. അതു മനസിലാക്കാതെ അതിനെ വ്യക്തിപരവും രാഷ്ട്രീയവുമായി കണക്കാക്കുന്നതാണ് സത്യാനന്തര കാലത്തെ ദുര്യോഗം.അതിലും അപക്വമാണ് രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടു മാത്രം അതിന്റെ ഉള്ളടക്കമെന്തായാലും വേണ്ടില്ല ഈ സിനിമ ഞാന്‍ കാണും എന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളുടെ നടപടി. എങ്ങനെയാണ് ഒരു സൃഷ്ടി നേരില്‍ കാണുന്നതിനു മുമ്പേ അതിഷ്ടപ്പെടുമോ ഇല്ലെയോ എന്നു നിര്‍ണയിക്കാനാവുന്നത്? കലയുടെ ആസ്വാദനദര്‍ശനങ്ങളിലൊന്നും സാധുവാകാത്ത നിലപാടുകളാണിവ. രാഷ്ട്രീയപരമായ കാരണങ്ങള്‍കൊണ്ടോ സ്വജനപക്ഷപാതിത്വം കൊണ്ടോ ചെയ്യുന്ന ഇത്തരം പ്രചാരണപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അനര്‍ഹമായ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും അര്‍ഹമായവയെ പരോക്ഷമായി തമസ്‌കരിക്കുകയും ചെയ്യാറുണ്ട്. ഇതും പരോക്ഷമായ വിലക്കോ ഉപരോധമോ തന്നെയല്ലേ? ഉള്ളടക്കമറിയാത്ത സിനിമ കാണില്ല, മറ്റുള്ളവരും കാണരുത് എന്ന് ആഹ്വാനം ചെയ്യുന്നതിന്റെ മറുവശമാണ് ഉള്ളടക്കമെന്തെന്നു നിശ്ചയമില്ലാത്ത ഈ സിനിമ ഞാന്‍ ഉറപ്പായും കാണും നിങ്ങളും കാണണം എന്ന് ആഹ്വാനം ചെയ്യുന്നതും.

പത്മാവതി എന്ന പേരില്‍ ചിത്രീകരണമാരംഭിച്ച സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്രപശ്ചാത്തലത്തിലുള്ള കല്‍പിത സിനിമയ്ക്കുനേരെ നേരത്തെ ഷൂട്ടിങ് സെറ്റില്‍ നടന്ന അതിക്രമങ്ങളെത്തുടര്‍ന്ന് ചിത്രത്തിന്റെ പേരു തന്നെ മാറ്റേണ്ടിവന്നതിനെപ്പറ്റി വലിയ ചര്‍ച്ചകളാണു നടന്നത്. തീര്‍ച്ചയായും അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം തന്നെയായിരുന്നുതാനും. സിനിമയുടെ കഥയെന്തെന്ന് അതു പൂര്‍ത്തിയാവുന്നതിനു മുമ്പേ കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ ചിത്രീകരണം തടസപ്പെടുത്തുകയും സംവിധായകനെ അടക്കം കയ്യേറ്റം ചെയ്യുകയും ചെയ്തത് സമാനതകളില്ലാത്ത സംഭവമായിരുന്നു. അത്രത്തോളം തീവ്രമായില്ലെങ്കിലും അതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ മലയാളത്തില്‍ ഒരു സിനിമയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട ശേഷം അതിന്റെ പേരിനെച്ചൊല്ലി വിവാദവും നിയമനടപടിയുമുണ്ടായതിനെത്തുടര്‍ന്ന് പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയ്ക്ക് നേരിടേണ്ടിവന്ന ഉപരോധം അന്നുള്ളവര്‍ മറന്നിട്ടുണ്ടാവില്ല.

ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ലാതെ നിര്‍മ്മിക്കപ്പെടുന്ന സിനിമകളുടെ കാര്യത്തിലും ഇത്തരം ഉപരോധങ്ങളുണ്ടായിട്ടുണ്ട് ഇന്ത്യയില്‍. തമിഴില്‍ ബ്രിട്ടീഷ് മഹാറാണിയുടെ ചെന്നൈ സന്ദര്‍ശനവേളയില്‍ കമല്‍ ഹാസന്‍ ആഘോഷപൂര്‍വം തുടങ്ങിവച്ച അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന മരുതുനായകം പിന്നീട് ശൂന്യതയില്‍ വിലയം പ്രാപിച്ചത് തമിഴ്‌നാട് രാഷ്ട്രീയത്തിലും സാമുദായിക രംഗത്തും അതിശക്തമായ പ്രതിരോധ പ്രതിഷേധങ്ങള്‍ കമലിനെതിരേയും സിനിമയ്‌ക്കെതിരേയും ഉയര്‍ന്നതിനെത്തുടര്‍ന്നാണ്. സമാനമായൊരു നിയമനടപടിയാണ് ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സൂര്യ നിര്‍മിച്ചഭിനയിച്ച ജയ്ഭീം എന്ന സിനിമയ്‌ക്കെതിരേയുമുണ്ടായത്. അതു പക്ഷേ കോടതിയിടപെടലില്‍ അപ്രസക്തമാവുകയായിരുന്നു.

രാഷ്ട്രീയ ശരി എന്നത് സിനിമ പോലുള്ള സ്വതന്ത്ര ആവിഷ്‌കാരങ്ങളുടെ ഉള്ളടക്കത്തിന്മേല്‍ കലാബാഹ്യമായ ഇടപെടലിനുള്ള നവസാധ്യത തുറന്നിട്ടിരിക്കുകയാണെന്നു തോന്നുന്നു. കടുവ എന്ന ചിത്രത്തിലെ താന്തോന്നിയായ നായകന്‍ ചിത്രത്തിന്റെ നിര്‍ണായകമായൊരു ഘട്ടത്തില്‍ പ്രധാന വില്ലനോട് അയാളുടെ ഭിന്നശേഷിക്കാരനായ മകനെപ്പറ്റി പറയുന്ന ചില വാക്കുകള്‍ രാഷ്ട്രീയ ശരിയുടെ പേരില്‍ സ്വയം സെന്‍സര്‍ഷിപ്പിനു വിധേയമാക്കിക്കൊണ്ട് അതിന്റെ സംവിധായകനും നായകനടനും പൊതുസമക്ഷം ക്ഷമചോദിക്കുകയും ആ ഭാഗത്തെ ശബ്ദം എഡിറ്റ് ചെയ്തു നീക്കുകയും ചെയ്തത് അടുത്തിടെയാണ്. ഒരുപക്ഷേ സമാനമായൊരു എഡിറ്റിങിന് തയാറായിരുന്നെങ്കില്‍ എസ് ഹരീഷിന്റെ മീശ നോവല്‍ ഇവ്വിധം വിവാദമാവുകയില്ലായിരുന്നു. ഇവിടെ പ്രസക്തമായൊരു ചോദ്യമുണ്ട്. ഒരു കല്‍പിതസൃഷ്ടിയില്‍, സാമൂഹികവിരുദ്ധനായ ദുര്‍ന്നടത്തക്കാരനായ മോശം മാത്രം പ്രവര്‍ത്തിക്കുകയും സംസ്‌കാരമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കേണ്ടിവരികയാണെങ്കില്‍ രാഷ്ട്രീയ ശരിയുടെ പേരില്‍ അയാളെക്കൊണ്ട് അച്ചടിഭാഷയില്‍ സംസ്‌കൃതജഡിലമായ സംഭാഷണം പറയിപ്പിക്കേണ്ടതുണ്ടോ? ചുരുളിയിലെ ജുഗുപ്‌സാവഹമായ ഭാഷയെ ശക്തമായി വിമര്‍ശിക്കുമ്പോള്‍ത്തന്നെ അതില്‍ ധ്വനിപ്പിക്കേണ്ടതിലും കൂടുതല്‍ അത്തരം സംഭാഷണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടതിനെമാത്രമാണ് ആക്ഷേപിക്കാനാവുക. പകരം അവരെല്ലാം രാഷ്ട്രീയമായ ശരി നോക്കി മാത്രം സംസാരിക്കുകയും പെരുമാറുകയും ചെയ്യണമെന്നു വാശിപിടിക്കുന്നത് സര്‍ഗാത്മകസ്വാതന്ത്ര്യത്തിന് നിരക്കുന്നതാവുമോ എന്നതാണ് കാതലായ ചോദ്യം. കടുവയുടെ കാര്യത്തില്‍ സ്രഷ്ടാക്കള്‍ ഏകപക്ഷീയമായി നടപ്പാക്കിയ നിയന്ത്രണം സത്യത്തില്‍ അതുവഴി നേടാനായ പബ്‌ളിസിറ്റി കൂടി ലാക്കാക്കിയതാണോ എന്നതാണ് ചിന്തിക്കേണ്ടതുള്ളത്. അല്ലാത്തപക്ഷം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പ്രദര്‍ശനാനുമതി നല്‍കിയ ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ യാതൊരുവിധ വിലക്കുകളും ബാധകമല്ല. നിയമപരമായും സാങ്കേതികമായും സാധുവായ ഒരു സിനിമയില്‍ ആത്മപരിശോധനയുടെ അടിസ്ഥാനത്തിലുണ്ടായ വീണ്ടുവിചാരത്തിന്റെ പേരില്‍ ഇത്തരമൊരു കടുംവെട്ട് നടത്തിയതിനെ സെന്‍സര്‍ കട്ടുമായിട്ടല്ലാതെ താരതമ്യപ്പെടുത്താനാവുന്നതെങ്ങനെ?

സമൂഹമാധ്യമമെന്നത് നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാവുകയും സൈബര്‍ ജീവിതം വിട്ടൊരു ആത്മാവ് നമുക്കില്ലെന്ന സാമൂഹിക സാഹചര്യമുണ്ടാവുകയും ചെയ്തതോടെ ആരെന്തു വിളിച്ചുപറഞ്ഞാലും പൊതുജനശ്രദ്ധയിലെത്തുമെന്ന അവസ്ഥയുണ്ട്. ഈ അവസ്ഥ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരാള്‍ വിചാരിച്ചാല്‍ കേരളത്തില്‍ ഒരുദിനം ഹര്‍ത്താലാക്കിമാറ്റാമെന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിലാണ് സിനിമാവിലക്കുകളുടെ സാമൂഹികപശ്ചാത്തലം വിശകലനം ചെയ്യപ്പെടേണ്ടത്. തങ്ങള്‍ക്കഹിതമായതെന്നല്ല, ആയേക്കും എന്ന മുന്‍വിധിയോടെ സിനിമ കാണുക പോലും ചെയ്യാത്ത ഒരാള്‍ക്കൂട്ടം വിചാരിച്ചാല്‍ ഒരു സിനിമയെ തീയറ്ററില്‍ ബഹിഷ്‌കരിക്കാമെന്ന സ്ഥിതി. അതേതായാലും ജനാധിപത്യത്തിലൂന്നിയ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് അഭികാമ്യമല്ലതന്നെ.