ലോകത്ത് ഏതുതരം ഉപഭോഗസംസ്‌കാരത്തിനും സാധുവായൊരു കാര്യമുണ്ട്. ഏതൊരു വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും നിലനില്‍പു തന്നെ ആ ഒരു സൂത്രവാക്യത്തിലധിഷ്ഠിതമാണ്. ഡിമാന്‍ഡ് വേഴ്‌സസ് സപ്‌ളൈ എന്നൊരു ലഘുസമവാക്യമാണത്. പണത്തിന്റെ കാര്യത്തില്‍ പോലും ഈ സമവാക്യം സാധുവാണ്. ലഭ്യത ആവശ്യത്തിലുമധികമാവുമ്പോള്‍ വില്‍പന/ലാഭം കുറയുന്നു. ലോകത്തേത് ഉപഭോക്തൃ ഉല്‍പ്പന്നത്തെ സംബന്ധിച്ചും ഈ സമവാക്യം ബാധകവും സാര്‍ത്ഥകവുമാണ്. ലഭ്യത കുറയുമ്പോള്‍ വിലയും കൂടും. അതാണ് കരിഞ്ചന്തയുടെയും പിന്നിലെ ധനതത്വം. സിനിമ പോലെ, കോടിക്കണക്കിനു രൂപയുടെയും ആയിരക്കണക്കിന് മനുഷ്യപ്രയത്‌നവും ആവശ്യമായിവരുന്നൊരു ഉല്‍പ്പന്നത്തെ സംബന്ധിച്ച് ഈ സമവാക്യത്തില്‍ ആനുപാതികമല്ലാത്ത മാറ്റം വന്നാല്‍ അതൊരുപക്ഷേ വ്യവസായത്തെ തന്നെ തകര്‍ത്തേക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്, ആശങ്കാകുലമാംവിധം മലയാളസിനിമയില്‍ നഷ്ടത്തിനു പുറത്തു നഷ്ടം കുമിഞ്ഞു കൂടുന്ന സാഹചര്യത്തില്‍ പലവിധ ഇടപെടലുകള്‍ക്കും ശ്രമിച്ച് ഫലപ്രാപ്തിയിലെത്താതെ വന്നപ്പോള്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ സമരപ്രഖ്യാപനവുമായി മുന്നോട്ടുവന്നത്. ഒപ്പം 2025 ജനുവരിയിലെ തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ മുതല്‍ മാസാമാസം പുറത്തുവിട്ടുകൊണ്ടും ഒരു തിരുത്തലിനു വഴിമരുന്നിട്ടിരിക്കുകയാണ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. തത്കാലം സാംസ്‌കാരിക സിനിമാ വകുപ്പു മന്ത്രി 45 ദിവസത്തെ സമയം ചോദിച്ചതനുസരിച്ച് ജൂണില്‍ തുടങ്ങാനിരുന്ന സമരം മാറ്റിവച്ചുവെങ്കിലും നടപടിയുണ്ടായില്ലെങ്കില്‍ സ്തംഭനസമരവുമായി മുന്നോട്ടു തന്നെ എന്ന അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട് നിര്‍മ്മാതാക്കളും വിതരണക്കാരും. ഈ സാഹചര്യത്തില്‍, യഥാര്‍ത്ഥത്തില്‍ അവരുന്നയിക്കുന്ന പ്രശ്‌നങ്ങളും മലയാള സിനിമാരംഗത്ത് നിലവിലുള്ള പ്രതിസന്ധികളും, അസോസിയേഷനുകളുടെ തിരുത്തല്‍ ശ്രമങ്ങളില്‍ വന്ന പാളിച്ചകളും അതുണ്ടാക്കുന്ന ക്ഷീണങ്ങളുമെന്തെന്നും ഇതില്‍ ഭരണകൂടത്തിന് നടത്താവുന്ന ഇടപെടലുകളെന്തെന്നും പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
കണക്കുകളുടെ വെള്ളിത്തിര
ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ കണക്കനുസരിച്ച് കേരളത്തില്‍ നിലവിലുള്ളത് 1015 ചലച്ചിത്ര പ്രദര്‍ശനശാലകളാണ്. ഇവയെ എ ബി സി എന്നിങ്ങനെ നിലവാരത്തിനനുസരിച്ച് തരംതിരിച്ചിരിക്കുന്നു. സിംഗിള്‍ സ്‌ക്രീന്‍ തീയറ്ററുകളുടെ മാത്രം കണക്കാണിത്. എന്നുവച്ചാല്‍ ഒറ്റ സ്‌ക്രീന്‍ മാത്രമുള്ള പരമ്പരാഗത തീയറ്ററുകള്‍. മള്‍ട്ടീപ്‌ളെക്‌സുകളും മള്‍ട്ടീസ്‌ക്രീന്‍ തീയറ്ററുകളും വേറെ. 367 തീയറ്റര്‍ സമുച്ചയങ്ങളും 722 മള്‍ട്ടി സ്‌ക്രീനുകളും ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ എറണാകുളത്തു മാത്രം 103 സ്‌ക്രീനും തിരുവനന്തപുരത്ത് 96 സ്‌ക്രീനും തൃശൂരില്‍ 83 സ്‌ക്രീനുമുള്‍പ്പെടുന്നു. വയനാട്ടിലാണ് ഏറ്റവും കുറച്ച് പ്രദര്‍ശനസൗകര്യങ്ങളുള്ളത് 19 മള്‍ട്ടി സ്‌ക്രീനുകള്‍. വിവിധ ജില്ലകളിലായി 17 എണ്ണം പൊതുമേഖലാ സ്ഥാപനമായ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ വകയായുള്ളതുമാണ്. ക്യൂബ് ഡിജിറ്റല്‍ പ്രദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയ 289 തീയറ്ററുകളുണ്ട് കേരളത്തില്‍. പുതുതായി പല മള്‍ട്ടിപ്‌ളക്‌സുകളും പണിപൂര്‍ത്തിയാവുന്നുണ്ട്. സിംഗിള്‍ സ്‌ക്രീനുകള്‍ പലതും മള്‍ട്ടിസ്‌ക്രീനുകളാകാനുമുണ്ട്.
ഈ തീയറ്ററുകളില്‍ ഓരോന്നിലും ഏകദേശം ഒരു ദിവസം അഞ്ചു പ്രദര്‍ശനങ്ങള്‍ വീതമാണ് നടത്താനാവുക. അങ്ങനെയാണെങ്കില്‍ കേരളത്തിലെ മൊത്തം തീയറ്ററുകളിലും ഫുള്‍ ഹൗസായി ഓടിയാലും ഒരു മാസം പരമാവധി 5075 പ്രദര്‍ശനങ്ങള്‍ മാത്രമേ സാധ്യമാവൂ. ഒരു സമയം പത്തു സിനിമകള്‍ റിലീസ് ചെയ്താല്‍ ഒരു സിനിമയുടെ 507 പ്രദര്‍ശനം മാത്രമേ ഒരു ഷോയ്ക്ക് നടത്താനാവൂ. എന്നുവച്ചാല്‍ പകുതിയില്‍ താഴെ തീയറ്ററുകളിലും ആ ചിത്രം കാണിക്കാനാവില്ലെന്നു സാരം. മള്‍ട്ടിപ്‌ളക്‌സുകളിലും മള്‍ട്ടിസ്‌ക്രീന്‍ തീയറ്ററുകളിലും ഓരോ ഷോയ്ക്കും പല സിനിമകള്‍ കാണിച്ചുകൊണ്ടാണ് ഒരു ദിവസം തന്നെ പല സിനിമയ്ക്കും കൂടുതല്‍ ആളുകളെ കയറ്റുന്നത്. അങ്ങനെ നോക്കിയാലും കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങുന്നത് മൊത്തത്തില്‍ ഓരോ സിനിമയും നേടുന്ന വിജയത്തിന്റെ തോത് ഇടിക്കും. കാരണം, മലയാള സിനിമ മാത്രമല്ല ഒരാഴ്ച പുറത്തിറങ്ങുന്നത്. തമിഴും തെലുങ്കും ഇംഗ്‌ളീഷും അടക്കമുള്ള മറുഭാഷാ ചിത്രങ്ങളും ഇതിനൊപ്പം മത്സരിക്കാനുണ്ട്.
ഒരു മാസം ഒരു സിനിമ വച്ചു പുറത്തിറങ്ങിയാല്‍ ദിവസം അഞ്ചു ഷോ വച്ച് ഒരു വര്‍ഷം അവയ്ക്ക് 1825 പ്രദര്‍ശനങ്ങള്‍ നടത്താം. ഈ സാഹചര്യത്തിലാണ് മലയാള സിനിമയിലെ ഡിമാന്‍ഡും സപ്‌ളൈയും തമ്മിലുള്ള അന്തരത്തെക്കുറിച്ചാലോചിക്കാന്‍. അടുത്തിടെ ദൂരദര്‍ശന്‍ മലയാളത്തില്‍ നടന്നൊരു ചര്‍ച്ചയില്‍ നിര്‍മ്മാതാവായ സന്ദീപ് സേനന്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് കേരളത്തിലെ മൊത്തം തീയറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതും, ഓണം വിഷു, ക്രിസ്മസ് ന്യൂ ഇയര്‍ എന്നീ ഫെസ്റ്റിവല്‍ സീസണുകളടക്കം വിജയിക്കാന്‍ സാധ്യതയുള്ളതും പരമാവധി 70 സിനിമകളാണ്. എന്നുവച്ചാല്‍ ഒരു സിനിമയ്ക്ക് ഒരു വര്‍ഷം പരമാവധി കളിക്കാനാവുക 26 ഷോ മാത്രമാണ്. അതായത് കേവലം അഞ്ചു ദിവസം മാത്രം റെഗുലര്‍ ഷോയായി കളിക്കാന്‍ സാധിക്കുമെന്നു സാരം. കേരളത്തിലെ തീയറ്ററുകളുടെ ശരാശരി ടിക്കറ്റ് നിരക്ക് 120 എന്നു കണക്കാക്കിയാല്‍ (1000 രൂപ വരെ ടിക്കറ്റുകള്‍ ലഭ്യമാണെന്നതിനാല്‍ ഇവിടെപ്പറഞ്ഞിട്ടുള്ള കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉറപ്പാണെന്നു സൂചിപ്പിക്കട്ടെ. മനസിലാക്കാന്‍ വേണ്ടി മാത്രം ഉദാഹരിച്ചിട്ടുള്ള കണക്കാണിവിടെ നല്‍കിയിട്ടുള്ളത്.) 100 സീറ്റുള്ളൊരു തീയറ്ററില്‍ നിന്ന് ആകെ ലഭിക്കുക മൂന്നുലക്ഷം രൂപയാണ്. മൊത്തം തീയറ്ററുകളുമെടുത്താല്‍ 30,45,000,00 രൂപ. എല്ലാ ഷോയും ഹൗസ്ഫുള്ളായി കണക്കാക്കിയാല്‍ വരുന്ന വരുമാനമാണേ ഇത്.
ലഭ്യമായ കണക്കുകളനുസരിച്ച് 2024ല്‍ സെന്‍സര്‍ ചെയ്ത് പുറത്തിറങ്ങിയത് 213 മലയാള സിനിമകളാണ്. എന്നുവച്ചാല്‍ ഒരു തീയറ്ററില്‍ നിന്ന് ലഭിക്കാവുന്ന ഫുള്‍ ഹൗസ് വരുമാനം അതിന്റെ മൂന്നിലൊന്നായി കുറയുമെന്നു സാരം. അതായത് 10,15,000,00 രൂപ. ഇതൊക്കെ സാങ്കല്‍പിക സാഹചര്യത്തില്‍ എല്ലാം ഒത്തുവരുമ്പോഴത്തെ കണക്കുകളും സംഖ്യകളുമാണെന്നു മറക്കരുത്. മറുഭാഷാ സിനിമകളെയും സൂപ്പര്‍മെഗാഹിറ്റുകളെയും കണക്കിലെടുക്കാതെയാണിത്. അവ കൂടി പരിഗണിക്കുമ്പോള്‍ വിറ്റുവരവ് ഇനിയും കുറയും.
ഇനിയുള്ള കണക്കാണ് നിര്‍മ്മാതാവ് സുരേഷ്‌കുമാറിനെതിരേ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പരിഭവവുമായി വരാന്‍ കാരണായത്. തീയറ്ററില്‍ നിന്നുള്ള വരുമാനം മാത്രം മുന്‍നിര്‍ത്തി ഒരു മലയാള സിനിമയ്ക്കും കോടികളുടെ ആദായമുണ്ടാക്കാനാവില്ലെന്നാണ് സുരേഷ് പറഞ്ഞത്. അതു വാസ്തവവുമാണ്. പക്ഷേ, ഒരു സിനിമയുടെ അറ്റാദായത്തെ വച്ചുകൊണ്ടല്ല, മറിച്ച് മൊത്തവരവിനെ വച്ചുകൊണ്ടുമാത്രമാണ് ലോകസിനിമയില്‍ 50 കോടി 100 കോടി ക്‌ളബ് എന്ന വിശേഷണം ചാര്‍ത്തിക്കൊടുക്കുന്നത് എന്ന് മനസിലാക്കാന്‍ സുരേഷ്‌കുമാര്‍ തയാറായില്ല. അദ്ദേഹം പരിഗണിച്ചത് യഥാര്‍ത്ഥത്തില്‍ നിര്‍മ്മാതാവിനു കിട്ടുന്ന ലാഭക്കണക്കാണ്. ആ ലാഭക്കണക്കിന്റെ പിന്നാമ്പുറം കൂടി ഒന്നു പരിശോധിക്കാം.
ലോകത്തേതൊരു ഉപഭോക്തൃ ഉല്‍പ്പന്നത്തിനും മൊത്തവിലയുടെ/ പരമാവധി വില്‍പനവിലയുടെ 25 ശതമാനം വിതരണത്തിനുള്ള കമ്മീഷനാണ്. അതു ലോകനടപ്പാണ്. കമ്മീഷനു പുറമേ ജി എസ് ടി കൂടി വരും. സിനിമയില്‍ ഇതെല്ലാം കൂടി 30 ശതമാനം വരും. പുറമേ വിനോദ നികുതി എന്നൊരു അധികബാധ്യതയും സാമൂഹികപെന്‍ഷന്‍ പദ്ധതിവിഹിതമായി ഒരു സെസ് തുകയും കൂടി അധികഭാരമായിട്ടുണ്ട്. വില്‍ക്കപ്പെടുന്ന ഓരോ ടിക്കറ്റിന്മേലും മൂന്നു രൂപ സര്‍ക്കാരിന് കേരള സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിലേക്ക് നല്‍കണം. ബാക്കി 18 ശതമാനം ജിഎസ്ടി. 100 രൂപ ഗ്രോസ് കളക്ഷനില്‍ നിന്ന് (സിനിമാഭാഷയില്‍ ഒരു ടിക്കറ്റ് വിറ്റുകിട്ടുന്ന വരുമാനം) നികുതികളും ചെലവും കഴിച്ച് കിട്ടുന്ന 70 ശതമാനത്തെയാണ് തീയറ്റര്‍ ഷെയര്‍ എന്നു വിളിക്കുക. തീയറ്റര്‍ ഷെയറില്‍ നിന്നാണ് വിതരണക്കാരനുള്ള വീതം കഴിച്ച് ബാക്കി നിര്‍മ്മാതാവിനുള്ള ലാഭവീതമായി ലഭിക്കുക. എല്ലാ കിഴിവുകളും കഴിഞ്ഞാല്‍ പരമാവധി 30–35 ശതമാനം മാത്രമാണ് നിര്‍മ്മാതാവിന് ഒരു ടിക്കറ്റിന്മേല്‍ ഷെയറായി(അറ്റാദായം) ലഭിക്കുക. ഇതില്‍ നിന്ന് ചെലവായ തുക കിഴിച്ചുള്ളതു മാത്രാമായിരിക്കും അയാളുടെ ലാഭവിഹിതം.
ഇത് തീയറ്റര്‍ വരുമാനത്തിന്റെ (സിനിമാഭാഷയില്‍ തീയറ്റര്‍ ഷെയര്‍) മാത്രം കാര്യമാണ്. ഒരു സിനിമയ്ക്ക് വേറെയും വിപണികളുണ്ട്. സംഗീതവിപണി, ഓവര്‍സീസ് റൈറ്റ് അഥവാ ഇന്ത്യയ്ക്കു പുറത്തുള്ള പ്രദര്‍ശനാനുമതി വഴി ലഭിക്കുന്ന വരുമാനം, സാറ്റലൈറ്റ് റൈറ്റ്‌സ് അഥവാ ടിവി സംപ്രേഷണാനാനുമതി, ഒടിടി റൈറ്റ്‌സ് അഥവാ ഒടി ടി വഴി ലഭിക്കുന്ന വരുമാനം എന്നിവയാണവ. തീയറ്ററില്‍ മികച്ച അഭിപ്രായം നേടുന്ന, പ്രദര്‍ശനവിജയം നേടുന്ന ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ഈ കണക്കിലും ഏറ്റമുണ്ടാവും. മികച്ച വിജയം നേടുന്ന സിനിമയ്ക്ക് പുറം രാജ്യങ്ങളില്‍ വിതരണത്തിന് കൂടുതല്‍ ഷെയര്‍ കിട്ടാം. ഉപഗ്രഹ–ഒടിടി വിപണികളില്‍ നിന്നും കൂടുതല്‍ ലാഭം കിട്ടാം, മുന്‍കൂട്ടി അത് ഔട്ട്‌റൈറ്റിന് (ഒറ്റിന്) വില്‍ക്കപ്പെട്ടതല്ലെങ്കില്‍! ഇതുകൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്നാണ് സുരേഷ്‌കുമാറിന്റെ കണക്കിനെ വെല്ലുവിളിച്ച നടനും നിര്‍മ്മാതാവുമായ കുഞ്ചാക്കോ ബോബന്‍ ഉയര്‍ത്തിയ വാദം. ഈ വാദത്തില്‍ കഴമ്പുണ്ടെന്നും കാണാം. അതേപ്പറ്റി ആഴത്തില്‍ തന്നെ വിലയിരുത്താം.
പ്രശ്‌നങ്ങളുടെ ആഴത്തിലേക്ക്
എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിപണനവിഭാഗം ഊന്നല്‍ നല്‍കുക വിപണി വികസിപ്പിക്കാനാണ്. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ച് വിപണി വികസിപ്പിക്കുന്നതനുസരിച്ച് ഉദ്പാദനവും വില്‍പനയും വിറ്റുവരവും കൂടുമെന്ന സാമാന്യ വാണിജ്യതത്വമാണിതിനു പിന്നില്‍. സിനിമയെ സംബന്ധിച്ച് നാളിതുവരെ ഭാഷ വിപണി വികസനത്തിനൊരു മുഖ്യ തടസമായിരുന്നു. മലയാളമറിയുന്നവരില്‍ മാത്രമായി മലയാള സിനിമയുടെ വിപണി ചുരുങ്ങിയിരുന്നു. അതില്‍ത്തന്നെ നഗരഗ്രാമ വേര്‍തിരിവുകളും നിലനിന്നു. ഒരു സിനിമ ആദ്യം എ സെന്ററിലും തുടര്‍ന്ന് ബി സെന്ററിലും പ്രദര്‍ശിപ്പിച്ചശേഷം മാത്രം സി സെന്ററുകളിലെത്തുക എന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. പ്രധാനമായി 14–18 പ്രിന്റുകളുമായി സിനിമകള്‍ വിതരണത്തിനെത്തുന്നതായിരുന്നു പതിവ്. പ്രിന്റൊന്നിന് തന്നെ ലക്ഷങ്ങള്‍ മുതല്‍മുടക്കേണ്ട സെല്ലുലോയ്ഡ് കാലത്ത് അത്രയെ സാധ്യമായിരുന്നുള്ളൂ. അതില്‍ത്തന്നെ എ കേന്ദ്രത്തില്‍ സിനിമ ഹിറ്റായാല്‍ സിയിലെത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ വൈകുന്നതും പതിവായിരുന്നു. സി ക്‌ളാസിലെത്തുമ്പോള്‍ പ്രിന്റുകള്‍ ഓടിയോടി പോറല്‍ വീണു നശിച്ചതുമാവും. എന്നാല്‍ സാങ്കേതികത ഡിജിറ്റലിലേക്കു കടന്നതോടെ ഈ സ്ഥിതിക്കു മാറ്റംവന്നു. ഒന്നാംകിട സ്‌റ്റേഷനുകള്‍ക്കൊപ്പം പ്രാദേശിക തീയറ്ററുകളിലും ഒരേ സമയം സിനിമ എത്തിക്കാനാവുന്ന അവസ്ഥയുണ്ടായി. അത്തരത്തില്‍ എ, ബി, സി കേന്ദ്രങ്ങളെ ഒന്നിപ്പിച്ച് കേരളത്തിലും പുറത്തും വൈഡ് റിലീസ് എന്ന സാധ്യത ആദ്യം പ്രയോഗത്തില്‍ വരുത്തിയത് ആശിര്‍വാദ് സിനിമാസാണ്. ഒരു സിനിമ ഘട്ടം ഘട്ടമായി മൂന്നു കേന്ദ്രങ്ങളില്‍ നിന്ന് മൂന്നോ നാലോ മാസങ്ങളിലൂടെ നേടുന്ന വരുമാനം വൈഡ് റിലീസിങ്ങിലൂടെ രണ്ടാഴ്ച കൊണ്ടു നേടുന്ന അവസ്ഥ. അപ്പോള്‍ റിലീസിന്റെ ആദ്യമാസം തന്നെ വേണമെങ്കില്‍ ഒടിടിയിലും റിലീസാക്കാനും സാധിക്കും. മാടക്കടകളെ അപേക്ഷിച്ച് സൂപ്പര്‍ സ്റ്റോറുകളില്‍ നടക്കുന്ന വോള്യും സെയിലിനോട് സാമ്യമുള്ള വിപണനതന്ത്രമാണിത്. ഇതേ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് എംപുരാനിലൂടെ മലയാളത്തില്‍ സമാനതകളില്ലാത്ത പ്രചാരണതന്ത്രങ്ങളിലൂടെ അഭൂതപൂര്‍വമായ പ്രീബുക്കിങ് തരംഗത്തിന് വഴിവച്ചതും. ചിത്രമുണ്ടാക്കിയ വിവാദം മാറ്റിനിര്‍ത്തിയാല്‍ തീയറ്ററുകളില്‍ അതുണ്ടാക്കിയ ചലനം ചരിത്രമാണ്. ശരാശരി അഞ്ചു ഷോകള്‍ മാത്രം നടത്തിപ്പോന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയറ്ററുകളില്‍ പോലും ഒരു സിനിമ, ഒരേയൊരു സിനിമ രാവിലെ എട്ടു മണി മുതല്‍ രാത്രി 11.45 വരെ തുടര്‍ച്ചായി ഏഴു ഷോ വീതം ഹൗസ് ഫുളളായി പ്രദര്‍ശിപ്പിക്കുന്ന സ്ഥിതിയാണ് എംപുരാന്‍ സൃഷ്ടിച്ചത്. ഇതിനി ആവര്‍ത്തിക്കപ്പെടാന്‍ എഴുപ്പമുള്ള സംഗതിയല്ല. എന്നാലും വര്‍ഷത്തില്‍ ഇതേപോലെ ഒന്നോ രണ്ടോ സിനിമ വന്നാല്‍ വര്‍ഷം മുഴുവന്‍ നഷ്ടമില്ലാതെ പ്രദര്‍ശന–വിതരണ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞുപോകാനുള്ള അവസ്ഥയുണ്ടാവും. അതുവഴി ആയിരക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അല്ലലില്ലാതെ ജീവിക്കാനുമാവും. സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനാളുകളുടെ കുടുംബങ്ങള്‍ക്കും അതു സമാശ്വാസമാവും. ഒരു സിനിമയില്‍ ശരാശരി 300 പേര്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രൊഡക്ഷന്‍ ചുമതല മുതല്‍ ഡ്രൈവര്‍മാരും കേറ്ററേഴ്‌സുമടക്കം പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്.
ജീവനക്കാരുടെ തൊഴില്‍ സമയം, വൈദ്യുതി വെള്ളം അടക്കമുള്ള പ്രവര്‍ത്തനച്ചെലവുകള്‍ എല്ലാം പരിഗണിച്ചുകൊണ്ടാണ് തീയറ്ററിന്റെ ലാഭവീതം നിശ്ചയിക്കേണ്ടത്. ഒരു തീയറ്ററില്‍ മാനേജര്‍ മുതല്‍ ക്‌ളീനര്‍ വരെ ഏറ്റവും കുറഞ്ഞത് 10 ജീവനക്കാരുണ്ടെന്നു കണക്കാക്കിയാല്‍ തന്നെ കേരളത്തിലെ മൊത്തം തീയറ്റര്‍ ജീവനക്കാരുടെ എണ്ണം പതിനായിരം കവിയും. ക്യാന്റീന്‍, കോഫീഷോപ്പ്, സെക്യൂരിറ്റി, പാര്‍ക്കിങ്, സപ്‌ളൈ തുടങ്ങിയ പരോക്ഷ തൊഴിലാളികളുടെ എണ്ണം അതിന്റെ മൂന്നിരട്ടിയെങ്കിലും വരും. സിനിമ പോലൊരു വ്യവസായത്തില്‍ പ്രദര്‍ശന ശാലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരുടെ കാര്യമാണെന്നോര്‍ക്കണം. കൂടാതെ പ്രാദേശിക ഭരണകൂടങ്ങളുടെ നികുതികളായ ഭൂനികുതി, കെട്ടിടനികുതി, ലൈസന്‍സ് ഫീസ് എന്നിവ വേറെ. ഇതൊക്കെ വഹിക്കാന്‍ മാത്രം വരുമാനം ലഭിച്ചാലേ നഷ്ടം കൂടാതെ, ലാഭം കിട്ടാതാണെങ്കിലും ഒരു തീയറ്റര്‍ നടത്തിക്കൊണ്ടുപോകാനാവൂ.
ഇവിടെ സാധാരണ പ്രേക്ഷകര്‍ക്കറിയാത്തതായ പലവിധ വെല്ലുവിളികളും ഒരു പ്രദര്‍ശകന് നേരിടാനുമുണ്ട്. വിതരണക്കാരുടെ പ്രതിനിധിയായ കേരള തീയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്റ് വിജയകുമാര്‍ പറയുന്നതനുസരിച്ച്, കേരളത്തിലെ നിലവിലുള്ള സിനിമട്ടോഗ്രഫി ചട്ടങ്ങളനുസരിച്ച് വര്‍ഷാവര്‍ഷം തീയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കണമെങ്കില്‍ ഇന്ന് നിലവിലില്ലാത്ത പ്രൊജക്ടറില്‍ ഇന്നു ലഭ്യമല്ലാത്ത ഫിലിം പ്രിന്റുകള്‍ ഓടിച്ചു കാണിച്ചുകൊടുക്കണം. സ്‌പെയ്‌സ് യുഗത്തില്‍ വിമാന പൈലറ്റ് ലൈസന്‍സ് കിട്ടാന്‍ കാളവണ്ടി ഓടിച്ചു കാണിക്കണം എന്നു പറയുന്നതുപോലെയാണിത്. ഇവിടെയൊക്കെയാണ് സര്‍ക്കാരുകള്‍ക്ക്, പ്രാദേശിക ഭരണകൂടം മുതല്‍ കേന്ദ്രസര്‍ക്കാരിനു വരെ ക്രിയാത്മകമായും കാര്യക്ഷമമായും ഇടപെടാനാവുന്നത്. അല്ലെങ്കില്‍ അടിയന്തരമായി ഇടപെടേണ്ടത്. സിനിമ സാങ്കേതികമായും ഭൗതികമായും സെല്ലുലോയ്ഡിനെ വിട്ട് ഡിജിറ്റലിലേക്കു മാറിയശേഷവും, പ്രദര്‍ശനം ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ക്‌ളൗഡ് സെര്‍വറിലേക്ക മാറിക്കഴിഞ്ഞിട്ടും പ്രദര്‍ശനശാലകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ പ്രാകൃതശൈലി പിന്തുടരേണ്ടതുണ്ടെങ്കില്‍ അത് ഉടനടി മാറ്റേണ്ടതുണ്ട്. അതിന് തീയറ്ററുടമകള്‍ക്ക് തീയറ്റടച്ചിട്ടു സമരം ചെയ്യേണ്ടി വരിക എന്നത് സഹതാപാര്‍ഹമാണ്.
അടുത്തത് ജി എസ് ടിയുടെ കാര്യമാണ്. നിര്‍മ്മാതാക്കളും പ്രദര്‍ശകരും കാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ് വിനോദനികുതി ജിഎസ്ടിയില്‍ ലയിപ്പിക്കണമെന്നും ഒരു രാജ്യം ഒരു നികുതി എന്ന സമവാക്യം സിനിമയിലും പകര്‍ത്തണമെന്നും. പല കാരണങ്ങള്‍ കൊണ്ടും സംസ്ഥാന സര്‍ക്കാര്‍ അതിനു തയാറായിട്ടില്ല. അതില്‍ സുപ്രധാനമായൊരു കാര്യം കേരളം ഈടാക്കുന്ന അധികച്ചുങ്കമാണ്. ഓരോ ടിക്കറ്റിന്മേലും കേരള സാംസ്‌കാരിക ക്ഷേമനിധിക്കു ലഭിക്കുന്ന ചുങ്കവരുമാനത്തില്‍ നിന്നാണ് പ്രതിമാസം 3404 പുരുഷന്മാരും 791 സ്ത്രീകളുമടക്കം 4195 അവശ ചലച്ചിത്ര കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. തീയറ്ററുകളില്‍ വരുമാനം കുറയുമ്പോള്‍ ഈ വിഹിതം ഇടിയും. ക്ഷേമനിധി പെന്‍ഷനായതിനാല്‍ ഗുണഭോക്താക്കള്‍ക്ക് അതു ലഭ്യമാക്കാനാവാതെ വരും. അതു കുടിശ്ശികയാവും. പരമാവധി സിനിമകള്‍ വിജയമാവുകയും അവ തീയറ്ററുകളില്‍ നിറഞ്ഞോടുകയും അവയില്‍ നിന്ന് ക്ഷേമനിധി വിഹിതം ലഭിക്കുകയും ചെയ്യുന്നതിലാണ് സര്‍ക്കാരിന് താല്‍പര്യം. സിനിമയ്ക്കായി ജീവിതം അര്‍പ്പിച്ച് സായാഹ്നത്തില്‍ ഈ പെന്‍ഷനെ മാത്രമാശ്രയിച്ചു ജീവിക്കുന്ന നാലായിരത്തില്‍ച്ചില്വാനം പേരെ ഓര്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഈ താത്പര്യത്തിനു പിന്നിലെ ചേതോവികാരത്തെ മാനിക്കാതിരിക്കാനാവില്ല. രണ്ടാമതായി, കാലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പ്രദര്‍ശകര്‍ക്കും വിതരണക്കാര്‍ക്കും മുന്നിലവതരിപ്പിച്ച സുതാര്യതയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ളൊരു നിര്‍ദ്ദേശമാണ്. തീയറ്ററുകളുടെ നികുതിവെട്ടിപ്പു തടയാനും ടിക്കറ്റ് വില്‍പന സുതാര്യമാക്കാനും ഇ–ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാരിന്റെ ദീര്‍ഘകാലാവശ്യത്തോട് ഇനിയും ചലച്ചിത്ര വ്യവസായരംഗം സക്രിയമായി പ്രതികരിച്ചിട്ടില്ല. ഇതിനായി കെ എസ് എഫ് ഡി സിയുടെ നേതൃത്വത്തില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ വികസിപ്പിക്കാനും തുടക്കമിട്ടതാണ്. പക്ഷേ എന്തുകൊണ്ടോ വ്യവസായരംഗത്തു നിന്നു തന്നെ ഉയര്‍ന്ന എതിര്‍പ്പുകളെത്തുടര്‍ന്ന് അതു യാഥാര്‍ത്ഥ്യമായില്ലിതുവരെ. ഈ രണ്ടു കാര്യങ്ങളിലും സര്‍ക്കാരും വ്യവസായികളും പരസ്പര ചര്‍ച്ചകളും വിട്ടുവീഴ്ചകളും നടത്തി അഭിപ്രായ സമന്വയത്തിലെത്തിയാല്‍ പ്രശ്‌നങ്ങളുടെ ആഘാതം ഒരു പരിധിവരെ കുറയ്ക്കാവുന്നതേയുള്ളൂ.
യാഥാര്‍ത്ഥ്യങ്ങളോട് നേര്‍ക്കുനേര്‍
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വെളിപ്പെടുത്തിയ കണക്കുകളിലേക്കു തന്നെ തിരികെ വരാം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 213 സിനിമകളില്‍ ഇരുപതില്‍ താഴെ മാത്രമാണ് ശരാശരി വിജയം നേടിയത്. 13–14 എണ്ണം ഹിറ്റായി. രണ്ടോ മൂന്നോ എണ്ണം സൂപ്പര്‍ ഹിറ്റും. ഇതില്‍ ശരാശരി വിജയം നേടിയവ പോലും തീയറ്ററില്‍ നിന്നു മുടക്കുമുതല്‍ തിരികെപ്പിടിച്ചവയല്ല. സ്വാഭാവികമായി അവയുടെ ഇതര സ്രോതസുകളില്‍ നിന്നുള്ള അനുബന്ധ വരുമാനങ്ങളും അത്ര വലുതാവാന്‍ സാധ്യതയില്ല. ഇതിനെല്ലാം കാരണം കേരളത്തിലെ പ്രദര്‍ശനശാലകള്‍ക്കും കാണികള്‍ക്കും താങ്ങാനാവുന്നതിലുമധികം എണ്ണം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു എന്നതാണ്. ഇത് വാണിജ്യപരമായ വശം. ഇനി കലാപരവും സര്‍ഗാത്മകവുമായ മറുവശം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അത് ആഴത്തില്‍ വിശകലനം ചെയ്യുമ്പോഴാണ് സിനിമയ്ക്കുള്ളിലെ ആശാസ്യമല്ലാത്ത ഇടപാടുകളിലേക്ക് വെളിച്ചം വീഴുക. സുരേഷ് കുമാര്‍ മാധ്യമസമ്മേളനത്തില്‍ പുറത്തുവിട്ട 2025 ഫെബ്രുവരി മാസത്തെ സിനിമകളുടെ തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ (ഗ്രോസ് കളക്ഷന്‍) രണ്ടര കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച രണ്ടു സിനിമകള്‍ക്കെങ്കിലും ലഭിച്ച തീയറ്റര്‍ വരുമാനം എണ്‍പതിനായിരം രൂപയും പതിനായിരം രൂപയുമാണ്. ഇവിടെയാണ് അതിന്റെ കാരണങ്ങളന്വേഷിക്കുമ്പോള്‍ അവയുടെ ഉള്ളടക്കങ്ങള്‍കൂടി വിചാരണയ്ക്കു വിധേയമാകേണ്ടത്. ഒരു സിനിമയേയും പേരെടുത്തു പറയുകയോ, പ്രത്യക്ഷത്തില്‍ ചൂണ്ടിക്കാണിക്കുകയോ ചെയ്യുക ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ലാത്തതുകൊണ്ട്, സാങ്കല്‍പിക ഉദാഹരണങ്ങളിലൂടെ മാത്രം വാദമുഖങ്ങള്‍ അവതരിപ്പിച്ചുകൊള്ളട്ടെ.
കേരളത്തില്‍ സാമാന്യേന പ്രദര്‍ശന വിജയം നേടി എന്നു വിശ്വസിക്കപ്പെടുന്ന സിനിമയ്ക്ക് 13 കോടി രൂപ ചെലവും 11 കോടി രൂപ തീയറ്റര്‍ വരുമാനവും ഉണ്ടായതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതായത് 11 കോടി രൂപയുടെ 35 ശതമാനം കണക്കാക്കിയാല്‍ നിര്‍മ്മാതാവിനു കിട്ടിയ ഷെയര്‍വിഹിതം 3.85 കോടി രൂപ മാത്രമാണ്. അതു വച്ചുകൊണ്ടാണ് സുരേഷ്‌കുമാര്‍ കേരളത്തിലൊരു സിനിമയ്ക്കും നൂറുകോടി പിരിഞ്ഞുകിട്ടില്ലെന്നു വാദിച്ചത്. എന്നാല്‍ അതേ സിനിമയ്ക്ക് പുറംനാട്ടിലും ഒടിടിയിലും സാറ്റലൈറ്റിലുമായി കിട്ടി തുക കൂടി ചേര്‍ക്കുമ്പോള്‍ നിര്‍മ്മാതാവിന് ചെലവു കഴിഞ്ഞ് മൂന്നു കോടിയോളം രൂപ മിച്ചം കിട്ടിയതായാണറിവ്. ഇതാണ് കുഞ്ചാക്കോ ബോബനും ആന്റണിപെരുമ്പാവൂരും വ്യക്തമാക്കാനാഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടര കോടി മുടക്കി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ കിട്ടിയ ഒരു സിനിമയ്ക്ക് ഒരിക്കലും ഇതര സ്രോതസുകളെക്കൂടി കൂട്ടിയാലും രണ്ടര കോടി തിരികെ കിട്ടാനുള്ള സാധ്യതയില്ലെന്നതും വാസ്തവമാണ്.എന്നിട്ടും പിന്നെ, മാസാമാസം നഷ്ടക്കണക്കുകള്‍, അതായത് ഓരോ മാസവും പുറത്തിറങ്ങുന്ന ശരാശരി പതിനഞ്ചിലധികം സിനിമകളില്‍ രണ്ടെണ്ണം മാത്രം വിജയിക്കുന്നതും മറ്റെല്ലാം പരാജയപ്പെടുന്നതുമായ കണക്കുകള്‍, പുറത്തുവിടുന്ന നിര്‍മാതാക്കളുടെ സംഘടന, ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് അംഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നതാണ് ചോദ്യം.
ഇവിടെയാണ് സന്ദീപ് സേനന്റെ ചാനല്‍ ചര്‍ച്ചയിലെ വെളിപ്പെടുത്തലിന് പ്രാധാന്യം ലഭിക്കുന്നത്. കേരളത്തിലെ ലബ്ധപ്രതിഷ്ഠരായ ചലച്ചിത്രനിര്‍മ്മാതാക്കള്‍ മുതല്‍മുടക്കിയ സിനിമകളല്ല പരാജയപ്പെടുന്നവയിലേറെയും എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള, സ്ഥിരമായി സിനിമകളെടുക്കുന്ന നിര്‍മ്മാതാക്കളില്‍ ഭൂരപക്ഷവും പരാജയസാധ്യതയുള്ള സിനിമകള്‍ക്ക് മുതല്‍മുടക്കില്ല. അവര്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയും ഭാവുകത്വം തിരിച്ചറിഞ്ഞും വിജയസാധ്യത ആരാഞ്ഞും മാത്രം, ഒരു പ്രോജക്ട് അതര്‍ഹിക്കുന്നത്ര മാത്രം ചെലവില്‍ നിര്‍മ്മിക്കുകയാണു ചെയ്യുക.
ചലച്ചിത്രത്തിന് വ്യവസായ പദവി ലഭിച്ചു വര്‍ഷങ്ങളായിട്ടും ഇന്നും കൃത്യമായൊരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും മിക്ക സിനിമകള്‍ക്കും ഉണ്ടാവാറില്ല. ഒരു രൂപയുടെ മിഠായിയുണ്ടാക്കുന്ന കമ്പനിക്കു പോലും വ്യവസായ വകുപ്പില്‍ നിന്നോ ബാങ്കില്‍ നിന്നോ വായ്പയോ സബ്‌സിഡിയോ ലഭിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചുവര്‍ത്തെ പ്രൊജക്ഷന്‍ രേഖപ്പെടുത്തിയുള്ള വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കേണ്ടതുണ്ട്. എത്ര രൂപ സ്ഥിരം നിക്ഷേപമാവശ്യമുണ്ട്. എത്രരൂപ വേരിയബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് വേണം. എത്ര പ്രവര്‍ത്തനമൂലധനം വേണം. എത്ര ഉദ്പാദനം നടത്തിയാല്‍ എത്ര വര്‍ഷം കൊണ്ട് നഷ്ടം നികത്താം. പിന്നീട് എത്ര നിക്ഷേപം വേണം അതും കഴിഞ്ഞാല്‍ എത്രാം വര്‍ഷം ലാഭമാക്കാം എന്നൊക്കെ കണക്കൂ കൂട്ടിയ വിശദമായ രേഖയാണിത്. ഇത്തരത്തിലൊരു സാങ്കല്‍പിക ഗണിതരേഖ ഒരു മലയാള സിനിമയ്ക്കും ഇന്നും ഉണ്ടാവുന്നുണ്ടോ എന്നത് സംശയമാണ്. കോര്‍പറേറ്റ് പ്രൊഫഷണലിസം എന്നത് സിനിമാനിര്‍മ്മാണത്തില്‍ വളരെയധികം പരിമിതപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, നല്ല പരിചയമുള്ള നിര്‍മ്മാതാക്കള്‍ക്കു മാത്രമാണ് സിനിമാഭാഷയില്‍ അതിന്റെ പള്‍സ് അറിഞ്ഞ് പറ്റിയ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് കാലത്തിനൊത്ത സിനിമകള്‍ നിര്‍മ്മിക്കാനും അവയില്‍ നിന്ന് മുടക്കുമുതല്‍ തിരികെപ്പിടിക്കാനും സാധിക്കുന്നത്. മുടക്കുമുതല്‍ പോയിട്ട് പതിനായിരങ്ങള്‍ മാത്രം തിരികെപ്പിടിക്കുന്ന സിനിമകളുടെയും ഡിമാന്‍ഡിനുമപ്പുറമുള്ള സിനിമകളും നിര്‍മ്മിക്കുന്നതില്‍ മഹാഭൂരിപക്ഷവും സിനിമയോടുള്ള അദമ്യപ്രേമം മൂലം നിര്‍മ്മാണരംഗത്തേക്ക് എത്തിപ്പെടുന്ന പ്രവാസി മലയാളികളാണ്. മണലാരണ്യത്തിലും മഞ്ഞുദേശങ്ങളിലും കഷ്ടപ്പെട്ട് കുറച്ചു പണമുണ്ടാക്കിവരുന്നവരെ വട്ടം പിടിച്ച് സിനിമാനിര്‍മ്മാതാക്കളാക്കിത്തീര്‍ക്കുന്നവരുടെ വലയില്‍ കുടുങ്ങുന്നവര്‍. ഒടിടി തുടങ്ങി ബിസിനസിന്റെ യാഥാര്‍ത്ഥ്യമോ സത്യമോ അറിഞ്ഞുകൂടാത്തവരെ അതൊക്കെ വലിയതരത്തില്‍ വരുമാനമുണ്ടാക്കുന്ന സ്രോതസുകളാക്കി തെറ്റിദ്ധരിപ്പിച്ചും, ഉണ്ടാക്കുന്നത് മഹാവിജയമാകുന്ന സിനിമയാണെന്നു വിശ്വസിപ്പിച്ചുമാണ് അവരില്‍ പലരെയും സിനിമയിലുള്ളവര്‍ തന്നെ വഞ്ചിക്കുന്നത്. ഈ വഞ്ചനയിലേക്കാണ് നര്‍മ്മാതാക്കളുടെ സംഘടന പൊതുജനശ്രദ്ധ ക്ഷണിക്കുന്നത്. അതിനുവേണ്ടിക്കൂടിയാണ് തങ്ങള്‍ മാസാമാസം തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്നാണ് സന്ദീപ് സേനന്‍ ടിവി ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്.
ഇക്കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഉദ്ദേശ്യശുദ്ധി ശ്‌ളാഘിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ അവര്‍ അതിനു സ്വീകരിച്ച മാര്‍ഗ്ഗം ആത്മാര്‍ത്ഥതയോടെ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രതികൂലമായി ഭവിക്കുന്നുണ്ട് എന്നതാണ് കാണേണ്ട സത്യം. ഉദാഹരണത്തിന് 13 കോടി നിര്‍മ്മാണച്ചെലവായി 11 കോടി ഗ്രോസ് നേടിയ സിനിമ ഓടിടി ഓവര്‍സീസ് സാറ്റലൈറ്റ് വിപണികളിലൂടെയും അന്യസംസ്ഥാന റിലീസുകളിലൂടെയും മൂന്നുകോടി ലാഭമുണ്ടാക്കിയപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പട്ടിക കാണുന്നൊരാള്‍ അതിന്റെ പിന്നണിപ്രവര്‍ത്തകരെ അവിശ്വസിക്കാനും കരിമ്പട്ടികയില്‍പ്പെടുത്താനുമുള്ള സാധ്യത ഏറെയാണ്. വളച്ചുകെട്ടാതെ പറഞ്ഞാല്‍, യഥാര്‍ത്ഥത്തില്‍ നഷ്ടമുണ്ടാക്കിയവര്‍ക്കൊപ്പം വിജയിച്ചവരും ഉള്‍പ്പെടാനുള്ള സാധ്യത. അതവരുടെ മുന്നോട്ടുള്ള ഭാവിയെ സന്ദിഗ്ധതയിലെത്തിച്ചേക്കാം. ചിത്രങ്ങളുടെ പേരും കളക്ഷനും മാത്രം ഉള്‍പ്പെടുന്ന പട്ടികയ്ക്കുപകരം അതിന്റെ നിര്‍മ്മാതാക്കളുടെ പേരു കൂടി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചാല്‍ വായിക്കുന്നവര്‍ക്ക് ഏതു നിര്‍മ്മാതാവിനാണ് കയ്യബദ്ധം പിണഞ്ഞതെന്ന് വ്യക്തമാകും. അപ്പോള്‍, അര്‍ഹരായവര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാവുന്നത് ഒഴിവാക്കാനുമാവും. അതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ആലോചിച്ചു നടപ്പാക്കാവുന്ന എളുപ്പത്തിലുള്ള തിരുത്തല്‍.
ഒന്നാം ക്‌ളാസില്‍ പഠിക്കുന്ന ഒരാളോടു പോലും പറഞ്ഞാല്‍ കേട്ടിരിക്കാന്‍ മടിക്കുന്നത്ര തേഞ്ഞ പ്രമേയവും അതിലും ക്‌ളീഷേ ആഖ്യാനവുമായി വരുന്ന സിനിമകളാണ് പരാജയപ്പെടുന്നവയിലധികവും. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പരാജയചിത്രങ്ങളില്‍ നായകനെന്ന നിലയ്ക്ക് അഭിമുഖങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന താരപുത്രനായ നടന്റെ കാര്യമെടുക്കുക. താനഭിനയിച്ചു പരാജയപ്പെട്ട ഒരു സിനിമയെപ്പോലും അദ്ദേഹം ന്യായീകരിക്കുകയോ നല്ലതെന്ന് ആത്മവിശ്വാസത്തോടെ സ്ഥാപിക്കുകയോ ചെയ്യുന്നില്ല. അപ്പോള്‍ അദ്ദേഹമഭിനയിച്ച നിലം തൊടാതെ പൊട്ടിയ അത്രയും ചിത്രങ്ങളുടെ നിര്‍മാതാക്കളെ മാത്രമെടുത്താല്‍ മതി മലയാളസിനിമയില്‍ നിലനില്‍ക്കുന്ന ഒട്ടുമേ പിന്തുണയ്ക്കാനാവാത്ത പ്രവണത തിരിച്ചറിയാന്‍. മധ്യവയസുകഴിഞ്ഞ എനിക്കു പോലും കഷ്ടിച്ച് പത്തു മിനിറ്റ് കണ്ടിരിക്കാനാവാത്ത ദൃശ്യസമീപനവും ഇതിവൃത്തവുമുള്ള സിനിമകളെ ലോകത്തെമ്പാടുമുള്ള സിനിമകളെ അപ്പപ്പോള്‍ ഫോണില്‍ കാണാന്‍ സാധിക്കുന്ന പുതുതലമുറ പ്രേക്ഷകര്‍ക്ക് ദഹിക്കാനാവാത്തതിനെ കുറ്റം പറയാനാവുന്നതെങ്ങനെ?കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണാത്തവരോ കണ്ടിട്ടും മനസിലാക്കാന്‍ തക്കവണ്ണം സ്വയം നവീകരിക്കാത്തവരോ, കണ്ടിട്ടും മനസിലാവാത്തവരോ ആയ ചലച്ചിത്ര പ്രവര്‍ത്തകര്‍ സ്വയം തിരിച്ചറിയാതെ, ആ മാറ്റങ്ങള്‍ക്കു പുറംതിരിഞ്ഞു നിന്നു കൊണ്ട് സിനിമകളെടുത്താല്‍ നവഭാവുകത്വപ്രേക്ഷകര്‍ അവ പുറംകാലിനു ചവിട്ടി തെറിപ്പിക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞവര്‍ഷം പരാജയപ്പെട്ട 200 സിനിമകളും കഴിഞ്ഞ മൂന്നുമാസം പരാജയപ്പെട്ട നാലില്‍ മൂന്നു ചിത്രങ്ങളും.
പ്രേക്ഷകരുടെ അഭിരുചി മാറ്റം കണക്കിലെടുക്കാതെ ഒരു സിനിമയ്ക്കും കേരളത്തില്‍ വിജയിക്കാനാവില്ല. കേരളത്തിന്റെ ജനസംഖ്യയില്‍ കഴിഞ്ഞ കുറേ വര്‍ഷമായി നവജാതരുടെ എണ്ണത്തില്‍ തന്നെ വന്‍ ഇടിവുണ്ടായിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ഒന്നാം ക്‌ളാസ് പ്രവേശനക്കണക്കു കൊണ്ടു മാത്രം തെളിയിക്കാനാവുന്നതാണിത്. 2019–20 അധ്യയന വര്‍ഷം 3, 16, 682 കുട്ടികള്‍ ഒന്നാം ക്‌ളാസില്‍ ചേര്‍ന്നപ്പോള്‍ 2024–25ല്‍ അത് 2, 44, 646 ആയി കുറഞ്ഞു. അതായത് ജനസംഖ്യയില്‍ തന്നെ പുതുതലമുറയില്‍ വന്‍ കുറവുണ്ടാവുന്നു. പ്‌ളസ് ടു പാസാവുന്നവരില്‍ മഹാഭൂരിപക്ഷവും കേരളം വിടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടാവുന്ന ഈ കുറവും 60 വയസു കഴിഞ്ഞവരിലുണ്ടാവുന്ന വര്‍ധനയും തീയറ്റര്‍ കളക്ഷനെ ഒരുപോലെ ബാധിക്കുന്നുണ്ട്. ചെറുപ്പക്കാരിലധികവും അന്യസംസ്ഥാനത്തോ അന്യദേശത്തോ ഉള്ള തീയറ്ററുകളെയോ ഒടിടിയേയോ മാത്രം ആശ്രയിക്കുമ്പോള്‍ അറുപതുകഴിഞ്ഞവര്‍ തീയറ്ററിലെത്തുന്നതേയില്ല. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കാണാനാവാത്ത ഈ ജനസംഖ്യാപ്രതിഭാസവും സിനിമയെ നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്.
ഏതൊരുല്‍പ്പന്നത്തിന്റെയും വിപണനിത്തില്‍ പായ്ക്കിങ്ങി നും പരസ്യത്തിനും വലിയ പ്രാധാന്യമുണ്ട്. ബ്രാന്‍ഡിങ്ങിന്റെ ഈ സാധ്യതയും ആധുനിക ലോകത്തിന് അസന്ദിഗ്ധമായി തെളിയിച്ചു തന്നത് 'ആപ്പിളി'ന്റെ സ്റ്റീവ് ജോബ്സ് തന്നെയാണ്. കോടികളുടെ മുതല്‍മുടക്കുള്ള സിനിമയെ സംബന്ധിച്ചും അതിന്റെ ബ്രാന്‍ഡിങ്ങും വിപണനവും പരമപ്രധാനമാണ്. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ 213 സിനിമകളില്‍ പരാജയദുരന്തമായ ചിത്രങ്ങളില്‍ മഹാഭൂരിപക്ഷവും സസൂക്ഷ്മം വിശകലനം ചെയ്യുമ്പോള്‍ പരാജയപ്പെട്ട അവയുടെ ബ്രാന്‍ഡിങ് ശ്രദ്ധയില്‍പ്പെടും. ഉദാഹരണത്തിന് ഭേദപ്പെട്ട സിനിമയായിരുന്ന പൊന്‍മാന്റെ കാര്യം തന്നെയെടുക്കാം. മലയാള മനോരമ വര്‍ഷങ്ങള്‍ക്കു മുമ്പ് ആണുങ്ങള്‍ക്കു മാത്രമായി ഒരു പ്രസിദ്ധീകരണമിറക്കി. മലയാളത്തില്‍ ശ്രീ എന്ന വാക്കും ഇംഗ്ളീഷിലെ മാന്‍ എന്ന വാക്കും ചേര്‍ത്ത് ശ്രീമാന്‍ എന്നായിരുന്നു അതിന്റെ പേരും ശീര്‍ഷകവും. അച്ചടിമാധ്യമത്തെസംബന്ധിച്ചിടത്തോളം അതു വര്‍ക്കൗട്ടാവും. എന്നാല്‍ വിഷയവുമായി ബന്ധമുള്ളതാണെങ്കിലും മലയാളത്തില്‍ പൊന്‍ എന്ന വാക്കും ഇംഗ്ളീഷില്‍ മാന്‍ എന്ന വാക്കും ചേര്‍ത്തെഴുതി തരത്തിലൊരു പേര് സിനിമയുടെ സ്വഭാവവും തരവും പ്രമേയവും ഒന്നും സാധാരണ പ്രേക്ഷകരിലേക്ക് വിനിമയം ചെയ്യുന്നതല്ല. പോരാത്തതിന് ആക്ഷന്‍ സിനിമയുടെ മൂഡിലുള്ള പരസ്യ രൂപകല്‍പനയും. സത്യന്‍ അന്തിക്കാട് സിനിമയ്ക്ക് മാര്‍ക്കോയുടേതിനു സമാനമായ പരസ്യവരയും ശീര്‍ഷകരൂപകല്‍പനയും നല്‍കിയാല്‍ കുടുംബപ്രേക്ഷകര്‍ ആ സിനിമയെ തള്ളിപ്പറയും. സത്യന്‍ അന്തിക്കാട് എന്ന പേരുള്ളതുകൊണ്ട് 'ജെന്‍ സി' അതിനോട് അത്രവലിയ താല്‍പര്യം കാണിക്കണമെന്നുമില്ല. ഇഴയടുപ്പമുള്ളൊരു കുടുംബചിത്രത്തിന് ഉന്മാദലഹരി എന്ന പേരിട്ടാലുണ്ടാവുന്ന പ്രശ്നം തന്നെയാണിത്. നാരായണീന്റെ മൂന്നാണ്മക്കള്‍, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകള്‍ക്കെല്ലാം സംഭവിച്ചതും അതുതന്നെ. ശീര്‍ഷകരൂപകല്‍പനയ്ക്ക് സ്വീകരിക്കുന്ന ലിപിക്കു വരെ ബ്രാന്‍ഡിങ്ങില്‍ വലിയ പ്രാധാന്യമുണ്ട്. നിര്‍മ്മാതാക്കളും വിതരണക്കാരും ശ്രദ്ധിക്കേണ്ടുന്ന ഈ ഭാഗത്ത് വേണ്ടത്ര ശ്രദ്ധ ഊന്നാത്തതുകൊണ്ടാണ് പല നല്ല സിനിമകളും ശ്രദ്ധിക്കാതെ പോകുന്നത്.
പുത്തന്‍പണവുമായോ, കഷ്ടപ്പെട്ട് അന്യനാടുകളില്‍ അധ്വാനിച്ചുണ്ടാക്കിയ കാശുമായോ സിനിമാരംഗത്തെത്തുന്ന നിര്‍മ്മാതാക്കളില്‍ ബഹുഭൂരിപക്ഷത്തിനും മികച്ച നിലയ്ക്ക് ഒരു കച്ചവടം പോലും നടത്താനുള്ള ശേഷിയില്ലെന്നതാണ് സത്യം. ലോകത്ത് ഏതു വ്യവസായവും കച്ചവടവും നടത്താന്‍ അതിന്റെ സാങ്കേതികതയും, സാധ്യതയും സംബന്ധിച്ച ഏകദേശ ധാരണ വേണം. വിപണനത്തെയും വാണിജ്യത്തെയും പറ്റിയുള്ള ജ്ഞാനം വേണം. എം.ബി.എയും എന്‍ജിനീയറിങ്ങും പോലെ സാങ്കേതികവും ദാര്‍ശനികവുമായ പഠനവും പ്രവൃത്തി പരിചയവും വേണം. എന്നാല്‍ മാത്രമാണ് ഏതൊരു വാണിജ്യ/വ്യവസായ സംരംഭത്തെയും വിജയകരമായി നടത്തിക്കൊണ്ടുപോകാനാവൂക. സര്‍ക്കാരുകള്‍ പോലും ഈ ആവശ്യം മനസിലാക്കിയാണ് അത്രേറെ തന്ത്രപരമായ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും മുകള്‍ത്തട്ടില്‍ പ്രൊഫഷനലായി യോഗ്യതനേടിയിട്ടുള്ളവരെ നിയോഗിക്കാന്‍ ശ്രദ്ധിക്കുന്നത്. അതിനിടെയിലാണ് കോടികള്‍ മുതല്‍മുടക്കു വേണ്ടുന്ന സിനിമയില്‍ അത്തരം യാതൊരു പ്രൊഫഷനല്‍ യോഗ്യതയും കൂടാതെയുള്ളവര്‍ നിര്‍മ്മാതാക്കളാവുന്നത്. സിനിമയുടെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിക്കാന്‍ സാങ്കേതിക പരിജ്ഞാനവും പരിശീലനവും ആവശ്യമാണ്. ഛായാഗ്രഹണം പഠിച്ച പ്രൊഫഷണലിനെ അതു ചെയ്യാനാവൂ. എഡിറ്റര്‍ക്കും വേണം ആ വിഷയത്തില്‍ ബിരുദമോ ഡിപ്‌ളോമയോ. എന്നാല്‍ അവരെ നിയോഗിച്ച് നിര്‍മ്മാണത്തിന് പണമിറക്കുന്ന ആള്‍ക്ക് ആ മേഖലയെപ്പറ്റി യാതൊരു മുന്നറിവും ആവശ്യമില്ലാത്ത അവസ്ഥയാണ്.ഒരു ഛായാഗ്രാഹകന് സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കാലാകാലം മാറിവരുന്ന ക്യാമറകളെയും ലൈറ്റിനെയും കുറിച്ചുള്ള നോളജ് അപ്‌ഡേഷന്‍ അത്യാവശ്യമാണ്. ചിത്രസന്നിവേശകനും പുതിയ സോഫ്റ്റ് വെയറുകളെയും എഡിറ്റിങ് സങ്കേതങ്ങളെയും പറ്റി അറിവു വേണം. സംവിധായകനും തിരക്കഥാകൃത്തിനും മാറിയ ഭാവുകത്വത്തിന്റെ സ്പന്ദനങ്ങള്‍ക്കൊത്ത് സ്വയം പരിഷ്‌കരിക്കേണ്ടതുണ്ട്. എന്നാല്‍, നിര്‍മ്മാതാക്കള്‍ക്ക് ഇത്തരത്തില്‍ കാലോചിതം സ്വയം പരിഷ്‌കരിക്കാനോ പരുവപ്പെടുത്താനോ ഉള്ള ഒരു സംവിധാനവും നിലവിലില്ല.
ഇതു തടയാന്‍ കേരള ഫിലിം ചേംബറടക്കമുള്ള സംഘടനകള്‍ പല സംരംഭങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാവുന്നില്ലെന്ന് ഭാരവാഹികള്‍ തന്നെ സമ്മതിക്കും. സിനിമയുടെ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരുന്ന പുതുമുഖ നിര്‍മ്മാതാക്കളെ സിനിമയുടെ ചതിക്കുഴികളെപ്പറ്റിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയുമൊക്കെ പറഞ്ഞുകൊടുക്കാനും പരിശീലിപ്പിക്കാനും മുതിര്‍ന്ന നിര്‍മാതാക്കളുടെ പാനല്‍ കൗണ്‍സിലിങ് തന്നെയൊരുക്കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പുതുമുഖങ്ങളും അതിനൊന്നും ചെവികൊടുക്കാറില്ലെന്നതാണ് പരമാര്‍ത്ഥം. തങ്ങള്‍ ക്ഷണിച്ചതനുസരിച്ച് ചേംബറിന്റെ വാതുക്കലെത്തിയശേഷം പടികയറാതെ മടങ്ങിപ്പോയി പിന്നീട് പരാജയമേറ്റുവാങ്ങിയ ഒരു നിര്‍മ്മാതാവിനെപ്പറ്റിയും ഓര്‍ത്തുപോകുന്നു. സംഘടനകള്‍ പരാജയമാവുന്ന ഇവിടെയും സര്‍ക്കാരുകള്‍ക്ക് ഫലപ്രദമായി ഇടപെടാനാവുന്നതേയുള്ളൂ. പുതുതായി സിനിമ നിര്‍മ്മിക്കാന്‍ വരുന്നവര്‍ക്കുള്ള ഓറിയന്റേഷനായി സംസ്ഥാന ചലച്ചിത്ര അക്കാദമി, കെ എസ് എഫ് ഡി സി പോലുള്ള സ്ഥാപനങ്ങള്‍ക്ക് സൗജന്യ കോഴ്‌സുകള്‍ സംഘടിപ്പിക്കാവുന്നതാണ്.
പണ്ടൊക്കെ ഇത്തരത്തില്‍ പ്രവാസികളെയും അല്ലാത്തവരെയും തേടിപ്പിടിച്ച് കുടുക്കി സിനിമകളുണ്ടാക്കിയിരുന്നത് മധ്യവര്‍ത്തി അവാര്‍ഡ് സിനിമകളായിരുന്നു. അവാര്‍ഡ് നേടിക്കൊടുക്കാമെന്ന ചൂണ്ടയാണ് അതിനു വേണ്ടി കരുതിവച്ചിരുന്നത്. എന്നാല്‍ അന്നത്തെക്കാലത്തു പോലും വലിയ മുതല്‍മുടക്കല്ല അത്തരം സിനിമകള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. മുഖ്യധാരാ സിനിമയുടെ മുഴുവന്‍ ചിട്ടവട്ടവും പാലിച്ച് അത്രത്തോളം പണം മുടക്കിക്കഴിഞ്ഞ് ചിത്രം ഒടിടിക്കു പോലും വേണ്ടാത്ത അവസ്ഥയില്‍ അക്ഷരാര്‍ത്ഥത്തില്‍ കുത്തുപാളയെടുക്കുന്ന അവസ്ഥയിലാവും നിര്‍മ്മാതാവ്. അതുകൊണ്ടുതന്നെ പത്തോ പതിനഞ്ചോ ബാനറുകളൊഴികെ മറ്റു സിനിമകളുടെയൊന്നും നിര്‍മ്മാതാക്കളെ പ്രേക്ഷകര്‍ വിദൂര ഓര്‍മ്മയില്‍ പോലും ഓര്‍ത്തെടുക്കുന്നുമില്ല. മഞ്ഞിലാസിന്റെയും ഉദയായുടെയും നവോദയയുടെയും സുപ്രിയയുടെയും ഗൃഹലക്ഷ്മിയുടെയും ജിയോയുടെയും ചന്ദ്രതാരയുടെയും ജയമാരുതിയുടെയും നിലാ പ്രൊഡക്ഷന്‍സിന്റെയും ഒക്കെ ബാനര്‍ നോക്കി സിനിമ കണ്ടിരുന്ന കാലമുണ്ടായിരുന്നു മലയാളിക്ക്. ഇന്നത് കൈവിരലിനാല്‍ എണ്ണാവുന്നത്ര ചുരുങ്ങി.
മറ്റെല്ലാ വ്യവസായങ്ങളിലും അവ ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കനുസരിച്ചും വിപണിനാമത്തിനനുസരിച്ചുമാണ് ഉദ്പാദന ചെലവും വില്‍പ്പന വിലയും നിശ്ചയിക്കപ്പെടുക. എന്നാല്‍ സിനിമയില്‍ സാങ്കേതികവിദ്യയ്‌ക്കൊപ്പം താരങ്ങളുടെ പ്രതിഫലവും നിര്‍മ്മാണച്ചെലവു വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതേസമയം അതിന്റെ വിറ്റുവരവ് നേരത്തെ സൂചിപ്പിച്ചതുപോലെ വികസിക്കാതെ സ്ഥിരമായി തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. ഒടടി പോലുള്ള പ്‌ളാറ്റ്‌ഫോമുകളില്‍ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലേക്കും പ്രവേശനം ലഭിക്കുന്നുണ്ടെങ്കിലും അവയില്‍ നിന്നുള്ള വരുമാനത്തിനും പരിധിയുണ്ടെന്നതാണ് വാസ്തവം. ഈ അവസ്ഥയിലാണ് വിപണിക്കനുപാതമല്ലാതെ നിര്‍മ്മാണച്ചെലവു വര്‍ധിപ്പിക്കുന്ന താരങ്ങളുടെ പ്രതിഫലത്തിനെതിരേ നിര്‍മ്മാതാക്കള്‍ ശബ്ദമുയര്‍ത്തുന്നത്. ഇതിനും ഒരു മറുവശമുണ്ട്. ചൈനയുടെ വളരെ വിലകുറഞ്ഞ മൊബൈല്‍ ഫോണിലുള്ള സൗകര്യങ്ങള്‍ തന്നെയേ ആപ്പിള്‍ ഐഫോണിലും ഉള്ളൂ. പക്ഷേ ഐഫോണിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ ഘടകങ്ങളുടെ വിലയില്ല, മറിച്ച് അതിന്റെ വിപണിമൂല്യമാണ്. ബ്രാന്‍ഡിക്വിറ്റിയാണ്. സിനിമയെ സംബന്ധിച്ച് ഈ ബ്രാന്‍ഡിക്വിറ്റി നിശ്ചയിക്കുന്നത് ഇന്നും എപ്പോഴും അതിലെ താരസാന്നിദ്ധ്യമാണ്. ഇന്നും മലയാള സിനിമയില്‍ ക്രൗഡ് പുള്ളര്‍ ശേഷിയുള്ള ചുരുക്കം താരങ്ങളേയുള്ളൂ. സ്വാഭാവികമായി അവരെ വച്ച് വിജയസാധ്യത ഏറെയുള്ള സിനിമ നിര്‍മ്മിക്കേണ്ടിവരുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കേണ്ടിവരുമെന്നത് നാട്ടുനടപ്പായിത്തീരും. അതേസമയം തന്നെ, ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ സാധിക്കൂ എന്നതാണ് താരങ്ങള്‍ തിരിച്ചറിയേണ്ടുന്ന വസ്തുത. ഒരു വര്‍ഷം പുറത്തിറങ്ങുന്നതില്‍ പത്തിരട്ടി സിനിമകളും നിലം തൊടാതെ പരാജയപ്പെടുന്ന സ്ഥിതിയില്‍ സ്വന്തം താരപ്രഭാവം കോട്ടംകൂടാതെ നിലനിര്‍ത്തുക ദീര്‍ഘകാലം സാധ്യമാവില്ലെന്ന തിരിച്ചറിവാണ് താരങ്ങള്‍ക്കുണ്ടാവേണ്ടത്. അതനുസരിച്ച് പ്രതിഫലത്തില്‍ വിട്ടുവീഴ്ച നടത്തി, യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനമുണ്ടായാല്‍ സിനിമ നേരിടുന്ന സമകാലിക പ്രതിസന്ധിയില്‍ ചെറിയൊരു ശതമാനം തീര്‍പ്പാവും.
ലോകത്ത് ഏറ്റവുമധികം സിനിമകളുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. അതില്‍ത്തന്നെ വര്‍ഷാവര്‍ഷം ഏറ്റവുമധികം സിനിമകളിറക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ചിത്രീകരിക്കുന്ന ബഹുഭൂരിപക്ഷം സിനിമകളും കേരളത്തിനു പുറത്തുള്ള സ്റ്റുഡിയോകളെയും ചിത്രീകരണസംവിധാനങ്ങളെയും ആശ്രയിക്കുന്നുണ്ടെന്ന വസ്തുതടെ ഗൗരവവും കണക്കിലെടുക്കേണ്ടതുണ്ട്. മികച്ച ചിത്രീകരണ സൗകര്യങ്ങളുള്ളൊരു ഫിലിം സിറ്റി നിലവിലില്ല. ഒരു റോഡ് ചിത്രീകരിക്കണമെങ്കില്‍പ്പോലും അതിനുള്ള സൗകര്യമില്ല. എയര്‍പ്പോര്‍ട്ടോ റയില്‍വേസ്‌റ്റേഷനോ എന്തിന് ഓഫിസുകളോ ചിത്രീകരിക്കണമെങ്കില്‍ വലിയ വാടക നല്‍കേണ്ട സ്ഥിതിയാണ്. ഇതൊക്കെ വിരല്‍ചൂണ്ടുന്നത് സര്‍ക്കാരിന് അവശ്യം നടത്താവുന്ന ചില ഇടപെടലുകളിലേക്കാണ്.
മാറേണ്ട നയങ്ങള്‍ മാറ്റേണ്ട നിലപാടുകള്‍
ഇന്ത്യയില്‍ വികസനസൂചികയില്‍ പിന്നാക്കം എന്നു നാം കരുതുന്നതിലടക്കം പല സംസ്ഥാനങ്ങള്‍ക്കും വ്യക്തമായൊരു ചലച്ചിത്ര നയം രൂപീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഏകജാലക സംവിധാനങ്ങളും പലവിധ ആനുകൂല്യങ്ങളും മുന്നോട്ടുവച്ചുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകരെ സ്വന്തം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും സാധിക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗോവ, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങി ഉത്തരാഖണ്ഡിനു വരെ ലിഖിതരൂപത്തിലുള്ള ഫിലിം പോളിസി അഥവാ ചലച്ചിത്ര നയമുണ്ട്. ഒന്‍പതു സിനിമ മാത്രമാണ് കഴിഞ്ഞവര്‍ഷം ഉത്തരാഖണ്ഡില്‍ പ്രാദേശികമായി നിര്‍മ്മിച്ചിട്ടുള്ളത്. പക്ഷേ വര്‍ഷം തോറും ഇരുന്നൂറിനരികെ സിനിമകള്‍ നിര്‍മ്മിക്കുന്ന കേരളത്തിന് ഇന്നേവരെ ഒരു ചലച്ചിത്ര നയം രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നല്ല, അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ കൂടി സാധിച്ചിട്ടില്ല. വ്യക്തഗതമായ രീതിയില്‍ സംവിധായകന്‍ ഡോ ബിജു മാത്രമാണ് ഒറ്റപ്പെട്ടതെങ്കിലും കാര്യകാരണസഹിതം വിശദീകരിച്ചുകൊണ്ട് ഈ ആവശ്യത്തെപ്പറ്റി കൂടെക്കൂടെ നമ്മുടെ ശ്രദ്ധ ലേഖനങ്ങളിലൂടെയും മറ്റും ആകര്‍ഷിക്കുന്നത്. ആ ശബ്ദം ഒഴിച്ചുനിര്‍ത്തിയാല്‍, ഈ ആവശ്യത്തിലേക്ക് ക്രിയാത്മകമായ യാതൊരു ശ്രമവും സിനിമയ്ക്കായി മാത്രം ഒരു മന്ത്രിയുണ്ടായിട്ടുകൂടി കേരളത്തില്‍ സംഭവിച്ചിട്ടില്ല. അക്കാദമികവും വാണിജ്യപരവുമായ ഇടപെടലുകള്‍ക്കായി ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പറേഷനും ഉണ്ടായിട്ടും ഇത്തരത്തിലൊരു പരിശ്രമം ഫലപ്രാപ്തിയിലെത്തിയിട്ടുമില്ല. സിനിമാരംഗത്തെ ദുഷ്പ്രവണതകളെപ്പറ്റി കാലാകാലങ്ങളില്‍ വെളിപ്പെടുത്തലുകളും ആരോപണപ്രത്യാരോപണങ്ങളുമുണ്ടായിട്ടും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പോലും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഒരു അന്തിമ നടപടിക്ക് സംസ്ഥാന സര്‍ക്കാരിന് സാധ്യമായിട്ടില്ല.
സഹികെട്ട് സമരമുഖത്തേക്കിറങ്ങുന്ന നിര്‍മ്മാതാക്കളെയും പ്രദര്‍ശകരെയും സമാധാനിപ്പിക്കാന്‍ വേണ്ടിയാണെങ്കിലും 45 ദിവസം സാവകാശം നേടിയ സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഈ വഴിക്ക് ദൂരവ്യാപകമായതും കൃത്യതയുള്ളതുമായ സക്രിയമായ ഇടപെടലുകള്‍ക്ക് സാധ്യത തുറന്നുകിട്ടുകയാണെന്നത് മറക്കരുത്. സിനിമയെ സാംസ്‌കാരികമായി ഉയര്‍ത്തുവാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരിന് അതിനെ വ്യാവസായികമായി കൂടി പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമുള്ള സുവര്‍ണാവസരമാണ് കൈവന്നിട്ടുള്ളത്.
അതിന് ആദ്യം വേണ്ടുന്നത് ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഫിലിം പോളിസി ഉണ്ടാക്കാനായി വിളിച്ചു ചേര്‍ത്ത വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയെന്നതാണ്. നിര്‍മ്മാണമടക്കമുള്ള പ്രക്രിയകള്‍ സുതാര്യവും കുറ്റമറ്റതുമാക്കാന്‍ സാധിക്കുന്ന, നിര്‍മ്മാണ ചെലവുകള്‍ നിയന്ത്രിക്കാനുതകുന്ന വ്യവസ്ഥകളോടെയുള്ള ഒരു ചലച്ചിത്ര നയം എത്രയും വേഗം സാധ്യമാക്കണം. ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്‌ളക്‌സ് ബഹു കോടികള്‍ ചെലവിട്ട് ആധുനികവല്‍ക്കരിച്ച് ഒരു ഫിലിം സിറ്റിയാക്കാന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പദ്ധതി സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. പണക്കുറവു കൊണ്ട് അതെല്ലാം നടക്കാ സ്വപ്‌നമായിത്തന്നെ തുടരുകയാണിന്നും. അത്തരത്തില്‍ ചെലവുകുറഞ്ഞ നിര്‍മ്മാണം സാധ്യമാക്കാനുള്ള ചിത്രീകരണ സൗകര്യം സംസ്ഥാനത്ത് ഒരുക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. ചിത്രീകരണാനുമതിയടക്കം ലിഭ്യമാക്കാന്‍ ഏകജാലകസൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിനൊപ്പം പ്രദര്‍ശനശാലകളുടെ ലൈസന്‍സിങ് പ്രക്രിയയുടെ ആധുനികവല്‍ക്കരണം, നികുതി ഏകീകരണം തുടങ്ങിയ കാര്യങ്ങളിലും ഉപേക്ഷ കൂടാതെ തീരുമാനമെടുക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് വിശേഷിച്ച് മുതല്‍മുടക്കില്ലാതെ ഏറ്റവും കൂടുതല്‍ വരുമാനം കൊണ്ടുവരുന്ന വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചലച്ചിത്രം. അതുകൊണ്ടുതന്നെ ഈ വ്യവസായം നിലനില്‍ക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. അതു തിരിച്ചറിഞ്ഞുള്ള ഭരണകൂട ഇടപെടലാണുണ്ടാവേണ്ടത്.
സമരത്തിലേക്ക് ചാടിയിറങ്ങും മുമ്പ്, പ്രദര്‍ശകരും മനസിലാക്കേണ്ടുന്ന മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. അസോസിയേഷനിലൊന്നും അംഗത്വമില്ലാത്ത ഇന്ത്യന്‍ മള്‍ട്ടീ നാഷനലുകളായ ഐനോക്‌സ് പോലുള്ള ശൃംഖല തീയറ്ററുകളില്‍ ഏതു സമരത്തെയും അതിജീവിച്ചും പ്രദര്‍ശനം നടക്കും. അതിന് മലയാള സിനിമ ലഭിച്ചില്ലെങ്കില്‍ അന്യഭാഷാ സിനിമ നിശ്ചയമായും ലഭിക്കുകയും ചെയ്യും. സമരം നീണ്ടാല്‍ നില്‍ക്കക്കള്ളിയില്ലാത്ത നിര്‍മ്മാതാക്കള്‍ക്ക് അവരെ ആശ്രയിക്കേണ്ടിവന്നാലത്തെ കാര്യം കൂടി നിര്‍മ്മാതാക്കളുടെയും പ്രദര്‍ശകരുടെയും സംഘടനകള്‍ കാലേകൂട്ടി ആലോചിക്കേണ്ടതുണ്ട്.