Showing posts with label joker movie review. Show all posts
Showing posts with label joker movie review. Show all posts

Tuesday, November 19, 2019

ജെല്ലിക്കെട്ടും ജോക്കറും: ആള്‍ക്കൂട്ടം ഭ്രാന്തെടുക്കുമ്പോള്‍

article published in Kalapoornna magazine November 2019
എ.ചന്ദ്രശേഖര്‍

ഏതാണ്ട് ഒരേ കാലത്തിറങ്ങിയ സിനിമകളാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും റ്റോഡ് ഫിലിപ്പിന്റെ ജോക്കറും. ഒന്ന് കേരളത്തിന്റെ ഉള്‍നാടന്‍ ആള്‍ക്കൂട്ട മനഃശാസ്ത്രം കെട്ടഴിഞ്ഞുപോകുന്ന ഒരു പോത്തെന്ന പ്രമേയത്തിലൂന്നി വിശകലനം ചെയ്യുന്നു. ഹോളിവുഡിന്റെ തനതു ശൈലിക്കുപരിയായി ബഹുവിധ മാനങ്ങളുള്ള ജോക്കറാവട്ടെ, ഒരു സാങ്കല്‍പിക ചിത്രകഥാവേഷത്തിന്റെ ചിത്തഭ്രമത്തിലൂന്നി നഗരതെരുവിലെ ഇരുളിടങ്ങളിലെ ആള്‍ക്കൂട്ടങ്ങളുടെ അക്രമവാസനയ്ക്കു പിന്നിലെ മനോനിലയെ ഇഴകീറി പരിശോധിക്കുന്നു. തികച്ചും യാദൃശ്ചികമെങ്കിലും കൗതുകത്തിനപ്പുറമുള്ള ചില സാമ്യങ്ങള്‍ ലോകത്തിന്റെ രണ്ടു കരകളില്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രങ്ങള്‍ക്കു തമ്മിലുണ്ട്. രണ്ടും കമ്പോളവിജയം നേടിയെന്നതില്‍ക്കവിഞ്ഞ്, വാണിജ്യപരതയെ തള്ളിപ്പറയാത്ത ഒരു കൂട്ടം ചലച്ചിത്രപ്രവര്‍ത്തകരുടെ സാര്‍ത്ഥകമായ ഉദ്യമങ്ങളാണെന്നതാണ് അതിലൊന്ന്. സിനിമയുടെ ദൃശ്യവ്യാകരണത്തെ അര്‍ത്ഥവത്തായി അഭിസംബോധന ചെയ്യുന്നുണ്ടെന്നത് മറ്റൊന്ന്. അസഹിഷ്ണുതയുടെയും സത്യനിരാസങ്ങളുയെടും വ്യാജസത്യങ്ങളുടെയും വാസ്തവാനന്തര കാല ഭാവുകത്വത്തെ തീര്‍ത്തും സ്വാഭാവികമെന്നോണം അഭിസംബോധന ചെയ്യുന്നുണ്ടെന്നുള്ളതാണ് ഇനിയൊന്ന്. വൈയക്തികവും സാമൂഹികവുമായ മനുഷ്യമനസുകളുടെ, അതിജീവനത്തിനായുള്ള വ്യര്‍ത്ഥശ്രമങ്ങളുടെ അര്‍ത്ഥരാഹിത്യത്തെയും പ്രഹസനമായിപ്പോകുന്ന ജീവിതയാപനങ്ങളെയുമാണ് രണ്ടു ചിത്രങ്ങളും ഇരുട്ടിനെയും കറുപ്പിനെയും വിതാനമാക്കിക്കൊണ്ട് ദൃശ്യവല്‍ക്കരിക്കുന്നത്.
ഇരുട്ടാണ് ജെല്ലിക്കെട്ടിന്റെയും ജോക്കറുടെയും പ്രധാന ഇതിവൃത്തം. മനുഷ്യമനസുകളുടെ ഇനിയും പ്രകാശം വീണിട്ടില്ലാത്ത ഇരുളകങ്ങളെപ്പറ്റിയുള്ളതാണീ സിനിമകള്‍. ആ ഇരുട്ടിനുമപ്പുറം പ്രത്യക്ഷത്തില്‍ ഇരുട്ടത്താണ് രണ്ടിന്റെയും കഥാനിര്‍വഹണം. വ്യക്തിയുടെയും ആള്‍ക്കൂട്ടത്തിന്റെയും മനസിന്റെ ഇരുട്ടുകളെ വെവ്വേറെയും ഒന്നിച്ചും വിശകലനം ചെയ്യുന്നുണ്ട് ജെല്ലിക്കെട്ടും ജോക്കറും. ജോക്കര്‍ക്ക് വ്യവസ്ഥാപിതനായൊരു നായകകര്‍തൃത്വമുണ്ടെങ്കില്‍ ജെല്ലിക്കെട്ടില്‍ അതുമില്ലെന്നു മാത്രം. പക്ഷേ അതുതന്നെയാണ് ജെല്ലിക്കെട്ടിനെ ഇതരസിനിമകളില്‍ നിന്നു വേറിട്ടതാക്കുന്നതും. ആള്‍ക്കൂട്ടത്തെപ്പറ്റി പറയാന്‍ ആള്‍ക്കൂട്ടത്തെത്തന്നെയാണ് ജെല്ലിക്കെട്ട് നായകസ്ഥാനത്ത് നിര്‍ത്തുന്നത്. അവിടെ നായകനും വില്ലനുമൊക്കെ അപ്രസക്തര്‍.
നായകനും വില്ലനുമെന്ന വിഭജനം തന്നെ കഥയില്ലാതതാക്കുന്നവിധം നായകനിലെ വില്ലനെയും വില്ലനിലെ നായകനെയുമാണ് ഇരുസിനിമകളും അവതരിപ്പിക്കുന്നത്. മനുഷ്യരിലെ മൃഗത്തെയാണ് അവ കാണിച്ചു തരുന്നത്. അടിസ്ഥാനപരമായി ജന്തുവര്‍ഗത്തില്‍ പെടുന്ന മനുഷ്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവനില്‍ അന്തര്‍ലീനമായിരിക്കുന്ന മൃഗീയത അല്ലെങ്കില്‍ ആസുരത/പൈശാചികത പുറത്തെടുക്കുന്നതെങ്ങനെയെന്നും അവ ചര്‍ച്ച ചെയ്യുന്നു. അവസരമാണ്, സാഹചര്യമാണ് പ്രസക്തം. ഒരാളിലെ മൃഗവാസനയ്ക്ക് പ്രത്യക്ഷപ്പെടാനാവശ്യമായ സാഹചര്യം മാത്രമേ വേണ്ടൂ. അത് സാധാരണവും സ്വാഭാവികവുമായി പ്രകടമായിക്കൊള്ളും. അതാണ് ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും അതിക്രമങ്ങളുടെയും അവ സൃഷ്ടിക്കുന്ന അനിയന്ത്രിതാവസ്ഥയുടെയും അരക്ഷിതാവസ്ഥയുടെയുമൊക്കെ പിന്നിലെ ചാലകശക്തിയെന്ന് ജെല്ലിക്കെട്ടും ജോക്കറും ഇതിവൃത്തങ്ങളിലൂടെ സ്ഥാപിക്കുന്നു.
പ്രമേയപരമായി വിലയിരുത്തിയാല്‍, 'ഇതുവരെ ആരും പറയാത്ത കഥ'യൊന്നുമല്ല ജെല്ലിക്കെട്ടും ജോക്കറും. മറിച്ച്, പലര്‍ പലവട്ടം സിനിമയിലൂടെ തന്നെ പറഞ്ഞ കഥയാണ്. പക്ഷേ, അതു പറഞ്ഞ രീതിയാണ് ജെല്ലിക്കെട്ടിനെയും ജോക്കറേയും വ്യത്യസ്തമാക്കുന്നത്. ഉള്ളടക്കത്തിനപ്പുറം സിനിമാത്മകമാണ് ജെല്ലിക്കെട്ടും ജോക്കറും. അവതരണത്തിലെ ദൃശ്യപരത, സംഭാഷണത്തിലൂന്നിയുള്ള പരമ്പരാഗത കഥപറച്ചില്‍ രീതിയെ തച്ചുടച്ചു തള്ളിക്കളയുന്നു. കവിതയുടെ താളം പോലെ, നൃത്തത്തിന്റെ ലാസ്യം പോലെ, ചിത്രരചനയിലെ ലയം പോലെ ക്യാമറയുടെ മാധ്യമമായി സിനിമയെ അഭിസംബോധനചെയ്യുന്നതുവഴി ജെല്ലിക്കെട്ട് നാടകീയതയെ അപ്പാടെ നിരസിക്കുകയും ചെയ്യുന്നു. ജോക്കറും ഏറെക്കുറെ ചെയ്യുന്നത് അതൊക്കെത്തന്നെ. അവിടെ പക്ഷേ, ഏകാംഗ ഹാസ്യാവതാകനാണു നായകനെന്നതുകൊണ്ടുതന്നെ അതിന്റെ വര്‍ണങ്ങളും ചമത്കാരങ്ങളും സിനിമയുടെ ദൃശ്യപരതയ്ക്ക് അടിവരയിടാനെന്നോണം വിനിയോഗിച്ചിട്ടുണ്ടെന്നുമാത്രം. ഒരു പക്ഷേ, വാക്കുകള്‍ കൊണ്ടോ കൃത്യമായി നിശ്ചിയക്കപ്പെട്ട കളത്തിനുള്ളില്‍ നിന്നുകൊണ്ടോ ഉള്ള നാടകീയ മുഹൂര്‍ത്തങ്ങളില്ലാതെ 'വരുന്നിടത്തു വച്ചു കാണുന്നട രീതിയിലുള്ള ദൃശ്യപരിചരണം തന്നെയാവണം, നാടകീയത പ്രതീക്ഷിച്ചെത്തിയ വ്യവസ്ഥാപിത പ്രേക്ഷകര്‍ക്ക് ജെല്ലിക്കെട്ട് അത്ര രുചിക്കാതെ പോയതിനു പ്രധാനകാരണം.
പി ആര്‍ നാഥനെഴുതി ഭരതന്‍ സംവിധാനം ചെയ്ത ചാട്ട, ലോഹിതദാസ് എഴുതി ഐ വി ശശി സംവിധാനം ചെയ്ത മൃഗയ എന്നീ ചിത്രങ്ങളുടെ പ്രമേയം തന്നെയാണ് ജെല്ലിക്കെട്ടിന്റേത്. പക്ഷേ, മാധ്യമപരമായി അതു കാഴ്ചവയ്ക്കുന്ന കൈത്തഴക്കവും മെയ്‌വഴക്കവുമാണ് അതിനെ മുന്‍പറഞ്ഞ ചിത്രങ്ങളില്‍ നിന്ന് ദൃശ്യാത്മകമായി വിഭിന്നമാക്കുന്നതും കുറേക്കൂടി ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നതും. നാടിനെ വിറപ്പിക്കുന്ന ഒരു മൃഗത്തെ പിടിച്ചുകെട്ടാന്‍ വരുന്ന വേട്ടക്കാരന്‍. അയാളുടെ ഇരകളാവുന്ന കുറേ സാധാരണക്കാര്‍. അയാളെ എതിരിടുകയും വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുന്ന നാട്ടുച്ചടമ്പിമാര്‍. ഒടുവില്‍ എല്ലാവരുടെയും ശ്രമഫലമായി മൃഗീയമായി കൊല്ലപ്പെടുന്ന മൃഗം. ജെല്ലിക്കെട്ടിനെ സംബന്ധിച്ച് വേട്ടക്കാരന്‍ കുട്ടച്ചനും(സാബുമോന്‍) കാലന്‍ വര്‍ക്കിയുടെ (ചെമ്പന്‍ വിനോദ്) അനധികൃത അറവുശാലയില്‍ നിന്ന് കൊമ്പന്‍ പോത്ത് രക്ഷപ്പെട്ടോടാന്‍ ഇടയാക്കിയ ആന്റണിയും (ആന്റണി വര്‍ഗീസ്) തമ്മില്‍ അതേ അറവുശാലയില്‍ വച്ചു തന്നെയുളള പഴയൊരു പ്രണയപ്പകയുടെ ചരിത്രം കൂടിയുണ്ട്. ഒരു പക്ഷേ അസാധാരണമായിത്തീരാമായിരുന്നൊരു കഥയെ നാടകീയമാക്കുന്നുണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഈ പൂര്‍വാപരബന്ധുത്വത്തിന്റെ ഫ്‌ളാഷ്ബാക്ക്. കാരണം അതില്ലാതെയും ഇതിവൃത്തനിര്‍വഹണം സാധ്യമായിരുന്നു സിനിമയില്‍. അതുപോലെ ബാലിശമായിട്ടാണ്, ചിത്രാന്ത്യത്തില്‍ അതുവരെ പറഞ്ഞതൊക്കെ പഠനാന്ത്യത്തില്‍ റിവൈസ് ചെയ്യുന്നപോലെ പ്രാക്തനമനുഷ്യന്റെ വേട്ടമനസിന്റെ നേരിട്ടുള്ള ദൃശ്യാഖ്യാനം. അതുവരെ പറഞ്ഞതും കാണിച്ചതുമൊന്നും പ്രേക്ഷകനു മനസിലാക്കാനായില്ലെങ്കില്‍ ഇതിവൃത്തത്തിലേക്കൊരു താക്കോല്‍ എന്ന രീതിക്കായിരിക്കണം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ രംഗം വിഭാവനചെയ്തത്. സമാന്തര കഥാനിര്‍വഹണ സാധ്യതകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരത്തിലും മറ്റും ഇത്തരത്തിലൊരു ഭരതവാക്യം (എപ്പിലോഗ്) കാണാം. അനന്തരത്തില്‍ അതുപക്ഷേ കഥയിലേക്കുള്ള പ്രവേശിക കൂടിയായി പ്രസക്തി നേടുന്നുണ്ട്. ജെല്ലിക്കെട്ടിലാകട്ടെ, അതുവരെ കാണിച്ചതിന്റെ ഒരു കണക്കെടുപ്പു മാത്രമായി ആ ദൃശ്യഖണ്ഡം അപ്രസക്തവും ഏച്ചുകെട്ടിയതും അനാവശ്യവുമാവുന്നു. അതൊഴിവാക്കിയാല്‍, അര്‍ത്ഥവത്തായ ദൃശ്യപരിചരണമാണ് ജെല്ലിക്കെട്ട്.
വ്യക്തമായി നിര്‍വചിക്കപ്പെട്ട/നിര്‍വഹിക്കപ്പെട്ട ഛായാഗ്രഹണ-സന്നിവേശ പദ്ധതികളിലൂടെയാണ് ജെല്ലിക്കെട്ട് അവിസ്മരണീയ ദൃശ്യാനുഭവമാകുന്നത്. ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളെയോ, ഹൃദയമിടിപ്പുകളേയോ ഒക്കെ പ്രതിനിധാനം ചെയ്യുന്ന പ്രാരംഭത്തിലെ ഘടികാരശബ്ദത്തിനും താളത്തിനുമൊപ്പം വിന്യസിച്ചിട്ടുള്ള അതിസമീപദൃശ്യങ്ങളുടെ തനിയാവര്‍ത്തം തന്നെ ചിത്രത്തിന്റെ പ്രമേയത്തിലേക്കുള്ള പ്രവേശികയും താക്കോലുമാവുന്നുണ്ട്. ആ ദൃശ്യസമുച്ചയത്തിലൂടെതന്നെ സിനിമയുടെ പശ്ചാത്തല സ്ഥലകാലാദികളും നിര്‍വചിക്കപ്പെടുന്നുവെന്നുമാത്രമല്ല, അത് ജെല്ലിക്കെട്ടിന്റെ ഉള്ളടക്കസൂചികയുമായിത്തീരുന്നുണ്ട്. വാക്കിലൂടെയും സ്വരസ്ഥാനങ്ങളിലൂടെയും നിര്‍വചിക്കാനാവാത്തവിധം ദൃശ്യാത്മകമാണ് ഈ പ്രാരംഭം. ചലച്ചിത്രത്തിന്റെ മാധ്യമപ്രസക്തി ഊട്ടിയുറപ്പിക്കുന്ന ഒന്നാണത്.
മൃഗങ്ങളുമായി അടുത്തിടപഴകുന്ന മനുഷ്യരില്‍ മൃഗവാസന ഉയിരിടുന്നതിന്റെ ദൃശ്യസാക്ഷ്യങ്ങള്‍ ചാട്ടയിലും മൃഗയയിലും നാം കണ്ടിട്ടുള്ളതാണ്. ചാട്ടയിലെ കാളപൂട്ടുകാരന്റെ ആസ്‌കതിയുടേതിനു തുല്യമാണ് ജെല്ലിക്കെട്ടിലെ ആന്റണിക്ക് ആശാന്റെ പെങ്ങള്‍ സോഫിയോടുള്ളത്(ശാന്തിബാലചന്ദ്രന്‍). മൃഗങ്ങളെപ്പോലെ മനുഷ്യന്‍ നിസ്സംഗരായിത്തീരുന്ന കാഴ്ച സിദ്ധാര്‍ത്ഥ ശിവയുടെ ദേശീയപ്രസക്തിനേടിയ ഐന്‍(2015) എന്ന ചിത്രത്തിലും കണ്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ആസ്‌കതിയുടെയും ആസുരതയുടെയും ഭാവപ്പകര്‍ച്ചയാണ് ജെല്ലിക്കെട്ടില്‍ കാണുന്നത്. ചിത്രത്തിന്റെ പേരു പോലും അതിന്റെ സൂചകമാണ്. മാവോയിസ്റ്റ് എന്ന കഥയ്ക്കും ജെല്ലിക്കെട്ട് എന്ന സിനിമയ്ക്കും തമ്മില്‍ വാസ്തവത്തില്‍ അതിന്റെ സ്രഷ്ടാക്കള്‍ തന്നെ ഏറ്റുപറഞ്ഞില്ലായിരുന്നെങ്കില്‍ പ്രത്യക്ഷബന്ധമേ ആരോപിക്കാനില്ല. കാരണം ജെല്ലിക്കെട്ട്, മൃഗവും മനുഷ്യനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കാണുന്ന മനുഷ്യക്കൂട്ടത്തിന്റെ മൃഗവാസനയുടെ പ്രതിബിംബമാണ്. കൃഷിയിടത്തിലൊരുക്കിയെടുത്ത കളത്തിലല്ല സിനിമിയില്‍ അതൊരു ഗ്രാമത്തിന്റെ ഇരുളിടങ്ങളിലെല്ലായിടത്തുമായി അരങ്ങേറുന്നുവെന്നു മാത്രം. കളികണ്ടു കയ്യടിക്കുന്നവര്‍ മുതല്‍, അവിചാരിതമായി കടന്നുവരുന്ന മിഠായിക്കച്ചവടക്കാരന്‍ വരെ ഒടുവില്‍ കളിക്കാരനായിത്തീരുന്ന അവസ്ഥ. ഭ്രമാത്മകരംഗങ്ങളിലൂടെ കാഴ്ചക്കാരനെയും സിനിമയേയും ഒന്നിപ്പിക്കുന്ന ഒരു ആവിഷ്‌കാരതന്ത്രമാണ് ലിജോ ജോസും തിരക്കഥാകൃത്തുക്കളായ എസ് ഹരീഷും ആര്‍ ജയകുമാറും ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും സന്നിവേശകന്‍ ദീപു ജോസഫും ചേര്‍ന്ന് പണിക്കുറവില്ലാതെ പടുത്തുയര്‍ത്തിയിരിക്കുന്ന ഈ ചലച്ചിത്രശില്‍പത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. അതിനവര്‍ സ്വീകരിച്ചിരിക്കുന്ന ഏറ്റവും നിസാരമായ മാര്‍ഗം, നായകകര്‍തൃത്വത്തെ ചിത്രത്തിന്റെ ഇതിവൃത്തഘടനയ്ക്കു പുറത്തുനിര്‍ത്തിക്കൊണ്ട് ചിത്രത്തില്‍ അവസാനത്തെ ഭ്രമാത്മകരംഗത്തൊഴികെ എങ്ങും പൂര്‍ണാകാരമായി കാണിക്കാത്ത ഒരു പോത്തിനെ നെടുനായകത്വത്തില്‍ പ്രതിഷ്ഠിക്കുക എന്നുള്ളതുമാണ്.
എന്നാല്‍ മാര്‍വെല്‍ കോമിക്‌സിന്റെ ബാറ്റ്മാന്‍ പരമ്പരയിലെ വില്ലനായ ജോക്കര്‍ എന്ന തത്വദീക്ഷയില്ലാത്ത കോമാളിയെ തിരനായകകര്‍തൃത്വത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് റ്റോഡ് ഫിലിപ്‌സ് തനിക്കു കൂടി രചനാപങ്കാളിത്തമുള്ള ജോക്കര്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രകഥ പറഞ്ഞുറപ്പിച്ചുവച്ചിട്ടുള്ള നിഷ്ഠുര വില്ലന്റെ മറുവശമാണ് ജോക്കര്‍ അന്വേഷിക്കുന്നത്. ജെല്ലിക്കെട്ടിലെ ഭരതവാക്യത്തിനു സമാനമായി, ജോക്കറെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ അയാളിലെ ഉന്മാദിയെ വെളിവാക്കാന്‍, അനവസരിത്തില്‍ മനസിന്റെ പ്രക്ഷുബ്ധത ചിരിച്ചുതീര്‍ക്കുന്ന അപൂര്‍വ മാനസികരോഗത്തിന് അടിമയായിട്ടാണ് റ്റോഡ് തന്റെ നായകനായ അര്‍തര്‍ ഫ്‌ളെക്ക് എന്ന കോമാളിയവതാരകനെ (ജോക്വിന്‍ ഫീനിക്‌സ്) അവതരിപ്പിച്ചിട്ടുള്ളത്. 'ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ' മട്ടിലുള്ളൊരു ന്യായീകരണമായിപ്പോകുന്നുണ്ടിത്. പ്രൊഫഷനല്‍ ജീവിതത്തില്‍ പരാജയപ്പെട്ട കോമാളിയാണയാള്‍. അതേസമയം, ശയ്യാവലംബിയായ തന്റെ അമ്മയെ ജീവനുതുല്യം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ടയാള്‍. പക്ഷേ, മാനസികവിഭ്രാന്തിയില്‍ അവന്‍ മേയര്‍ സ്ഥാനാര്‍ത്ഥി യായ ശതകോടീശ്വരന്‍ തോമസ് വെയ്‌നിന്(ബ്രെറ്റ് കള്ളന്‍)പില്‍ക്കാലത്ത് ബാറ്റ്മാനാവുന്ന ബ്രൂസിന്റെ പിതാവ്- എഴുതിവയ്ക്കുന്നൊരു കത്തില്‍ നിന്ന് അയാളാണു തന്റെ പിതാവെന്നു ധരിക്കുന്ന ഫ്‌ളെക്‌സ് ആ പിതൃത്വം സ്ഥാപിച്ചുകിട്ടുന്നതിലും പരാജിതനാവുകയാണ്. തുടര്‍ന്ന് സ്വന്തം അമ്മയില്‍ത്തുടങ്ങി, ശാരീരകവും മാനസികവുമായ തന്റെ കുറവുകളെ കളിയാക്കിയവരും തനിക്കുമേല്‍ കായികവിജയം നേടിയവരുമായ എല്ലാവരെയും കോമാളിയുടെ മുഖംമൂടിക്കുള്ളില്‍ വിദഗ്ധമായി ഒളിച്ചിരുന്ന് പരസ്യമായി കൊന്നുതീര്‍ക്കുകയാണയാള്‍. തന്നെ പരസ്യമായി പരിഹസിച്ച, വിഖ്യാത അമേരിക്കന്‍ ടിവി അവതാരകനായ ലാറി കിങിന്റെ ഛായയുള്ള മുറേ ഫ്രാങ്ക്‌ലിനെ(റോബര്‍ട്ട് ഡീ നീറോ) വരെ പരിപാടിക്കിടയില്‍ ലൈവായി ചുട്ടുകൊല്ലുന്നുണ്ടയാള്‍.
അയാളുടെ തെരുവിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, തന്നെ പിന്തുണയ്ക്കാത്ത നാട്ടുകാരെ മുഴുവന്‍ 'ജോക്കറുകള്‍' എന്നു വിളിച്ചധിക്ഷേപിക്കുന്ന തോമസ് വെയ്‌നിന്റെ ചെയ്തിയെ വാസ്തവാനന്തര (പോസ്റ്റ് ട്രൂത്ത്) കാല രാഷ്ട്രീയ പശ്ചാത്തലത്തില്‍ കൂടി വായിക്കപ്പെടേണ്ടതുണ്ട്. അതിന്റെ പ്രതിഫലനമെന്നോണം ജോക്കര്‍ മുഖം മുടികള്‍ ധരിച്ച ജനം ഗോത്താം തെരുവുകളില്‍ അക്രമാസക്തരായി പ്രത്യക്ഷപ്പെടുകയാണ്, ആള്‍ക്കൂട്ട മനസ്ഥിതിയുടെ എല്ലാ അരക്ഷിതാവസ്ഥയും ആവഹിച്ചുകൊണ്ട്. ജെല്ലിക്കെട്ടിലെ പോത്തിനു പിന്നാലെയുള്ള ആള്‍ക്കൂട്ട പാച്ചിലിനു സമാനമാണ് മെട്രോ തീവണ്ടിയില്‍ തുടങ്ങി തെരുവിലേക്കു വ്യാപിക്കുന്ന ആള്‍ക്കൂട്ട ജോക്കര്‍മാരുടെ ഈ ഭീകരമായ പകര്‍ന്നാട്ടം. ജെല്ലിക്കെട്ടിലെ ആള്‍ക്കൂട്ടം പോത്തിനേക്കാള്‍ മൃഗീയത കാഴ്ചവയ്ക്കുമ്പോള്‍, ജോക്കറിലെ ആള്‍ക്കൂട്ടം സംസ്‌കാരത്തിന്റെ ചിരിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മൃഗചോദനകളുടെ പ്രത്യക്ഷീകരണമായിത്തീരുന്നു.
ജെല്ലിക്കെട്ടിലെയും ജോക്കറിലെയും ആള്‍ക്കൂട്ടത്തെയും അതിലെ ക്യാമറ പിന്തുടരുന്ന നായകസ്ഥാനീയരെയും അപമാനിക്കുന്നതും അപമാനവീകരിക്കുന്നതും സമൂഹമാണ്. കൂട്ടത്തിലൊരുവന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ അനുതപിക്കേണ്ടതിനുപകരം, ദുര്‍ബലനുമേല്‍ ശാരീരികവും മാനസികവും രാഷ്ട്രീയവുമായ മേല്‍ക്കൈ നേടാനുള്ള അടങ്ങാത്ത വാഞ്ഛയില്‍ സമൂഹം മൃഗങ്ങളാക്കിമാറ്റുന്നവരാണ് ആള്‍ക്കൂട്ടമായി കരുത്താര്‍ജിച്ച് സമൂഹത്തിനുനേരെ വെല്ലുവിളിയായിത്തീരുന്നത്, സാമൂഹികവിരുദ്ധരായിത്തീരുന്നത്. ഈ വൈരുദ്ധ്യമാണ് ജെല്ലിക്കെട്ടും ജോക്കറും അവതരിപ്പിക്കുന്നത്. പൗരസ്ത്യവും പാശ്ചാത്യവുമായ ജീവിതവൈജാത്യങ്ങളിലൂന്നിയുള്ള ആഖ്യാനവഴികളാണ് ഇരു ചിത്രങ്ങളും സ്വീകരിച്ചിരിക്കുന്നതെങ്കിലും അവ പ്രതിനിധാനം ചെയ്യുന്ന മനുഷ്യജീവിതങ്ങളും അറിയാനും പറയാനും ശ്രമിക്കുന്ന ജീവിതസന്ധികളും മനഃശാസ്ത്രവും സാര്‍വലൗകികമാണ്.