Showing posts with label editor kalakaumudi weekly. Show all posts
Showing posts with label editor kalakaumudi weekly. Show all posts

Friday, February 17, 2023

About M S Mony Sir on Kalakaumudi

 

ധൈര്യവും സത്യസന്ധതയും തമ്മിലുള്ള അത്യപൂര്‍വമായൊരു കോമ്പിനേഷന്‍. അതായിരുന്നു മണിസാര്‍ എന്ന് അടുപ്പമുള്ളവരെല്ലാം വിളിച്ചിരുന്ന കേരളകൗമുദിയുടെ പത്രാധിപരും കലാകൗമുദി പ്രസിദ്ധീകരണങ്ങളുടെ സ്ഥാപക പത്രാധിപരുമായ ശ്രീ എം.എസ്.മണി എന്നാണ് എന്റെ അഭിപ്രായം. ഇത്  അദ്ദേഹത്തോടൊപ്പം നേരിട്ട് പ്രവര്‍ത്തിച്ചു മനസിലാക്കിയതൊന്നുമല്ല. ജീവിതത്തില്‍ ഒരു തവണ മാത്രമാണ് നേരില്‍ കാണാനും അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാനും അവസരമുണ്ടായത്. എന്നാല്‍ അദ്ദേഹത്തെപ്പറ്റി അദ്ദേഹത്തിന്റെ കാലശേഷം കലാകൗമുദി പ്രസിദ്ധീകരിച്ച അഞ്ചു പുസ്‌കതകങ്ങളിലൂടെയാണ് ചെറുപ്പത്തില്‍ കേട്ടറിഞ്ഞിട്ടുള്ള കഥകളുടെ വസ്തുതകളെപ്പറ്റിയും മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ എന്തായിരുന്നു അദ്ദേഹം എന്നും വളരെ അടുത്തറിയാന്‍ സാധിച്ചത്. അവയില്‍ത്തന്നെ മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയവ. കാട്ടുകള്ളന്മാര്‍, എം.എസ്.മണിയുടെ എഡിറ്റോറിയലുകള്‍, സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു എന്നീ മൂന്നു പുസ്തകങ്ങള്‍ മാത്രം മതി ഞാനാദ്യം സൂചിപ്പിച്ച അദ്ദേഹത്തിന്റെ ധൈര്യവും സത്യസന്ധതയും എന്താണെന്ന് വ്യക്തമാകാന്‍. 
മലയാള മാധ്യമ ചരിത്രത്തിലെ തന്നെ അസാമാന്യമായൊരു ധൈര്യശാലി എന്നു വേണം വാസ്തവത്തില്‍ മണിസാറിനെ വിശേഷിപ്പിക്കാന്‍. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിക്കാന്‍ ഞാനിഷ്ടപ്പെടുന്നത്. ഒന്ന് ഒരു മാധ്യമസാമ്രാജ്യത്തിലെ ഇളമുറക്കാരനായി ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ബിസിനസും നോക്കി സ്വസ്ഥത തേടുകയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ മണിസാര്‍ ചെയ്തത്, സ്വന്തം അച്ഛന്‍ പത്രാധിപരായിരിക്കെ പത്രത്തിന്റെ ഡല്‍ഹി ബ്യൂറോയിലടക്കം നേരിട്ടു ചെന്ന് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുകയും പത്രത്തിന്റെ തലവര തന്നെ മാറ്റിക്കുറിക്കുംവിധത്തിലുളള നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യാന്‍ നേതൃത്വം നല്‍കുകയുമായിരുന്നു.മലയാളിക്ക് അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്താണെന്നു മനസിലാക്കിച്ചു തന്ന കാട്ടുകള്ളന്മാര്‍ പരമ്പര പ്രസിദ്ധീകരിക്കുകവഴി അതിശക്തരായ രാഷ്ട്രീയ ഭരണ നേതൃത്വവുമായി നിര്‍ഭയം കൊമ്പുകോര്‍ക്കുകയും തല്‍ഫലമായി സ്വന്തം പത്രത്തില്‍ നിന്നു വരെ തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്ത ഒരു പത്രപ്രവര്‍ത്തകന്റെ ധൈര്യത്തെ രേഖപ്പെടുത്താതെ ഏതു ചരിത്രമാണ് സമ്പൂര്‍ണമാവുക? അതു മാത്രമോ, അങ്ങനെ മാതൃസ്ഥാപനത്തില്‍ നിന്ന് മാറി നില്‍ക്കുന്ന വേളയില്‍ ഉപസ്ഥാപനമായി കലാകൗമുദി എന്നൊരു പ്രസിദ്ധീകരണം ആസൂത്രണം ചെയ്യുകയും മാസികാ പത്രപ്രവര്‍ത്തനത്തില്‍ ഉത്തരകേരളത്തിന് ഉണ്ടായിരുന്ന കുത്തക തകര്‍ക്കുകയും ചെയ്ത പത്രാധിപരുടേത് ആത്മവിശ്വാസത്തിലൂന്നിയ അസാമാന്യ ധൈര്യമല്ലാതെ പിന്നെന്താണ്?
രണ്ടാമത്തെ കാര്യം ഈ അഞ്ചു പുസ്തകങ്ങളില്‍ അദ്ദേഹമെഴുതിയ വളരെ ചെറിയ ഒരു പുസ്തകമാണ്. നേരത്തേ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തില്‍ തന്നെ പരമ്പരയായി പ്രസിദ്ധം ചെയ്ത ഒരു യാത്രാവിവരണം. സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു എന്ന ആ പുസ്തകത്തിലെ കുറിപ്പുകളുടെ ആര്‍ജ്ജവം, ആത്മാര്‍ത്ഥത, സത്യസന്ധത. അത് അധികമാര്‍ക്കും അനുകരിക്കാനോ പിന്തുടരാനോ സാധിക്കാത്തത്ര തീവ്രമാണ്. സ്വന്തം സ്വകാര്യതകളെപ്പോലും അത്രമേല്‍ സത്യസന്ധമായി അനുവാചകനുമുന്നില്‍ തുറന്നുകാണിക്കാനുള്ള ആര്‍ജ്ജവമാണ് എംഎസ് മണി എന്ന പത്രപ്രവര്‍ത്തകന്റെ ആ യാത്രയെഴുത്തിനെ അവിസ്മരണീയമാക്കുന്നത്.
അദ്ദേഹമെഴുതിയ മുഖപ്രസംഗങ്ങളും അദ്ദേഹത്തെപ്പറ്റി പ്രമുഖരുടെയും പ്രശസ്തരുടെയും അനുഭവക്കുറിപ്പുകളുമൊക്കെ മണിസാറിനെപ്പറ്റി കലാകൗമുദി പുറത്തിറക്കിയ പുസ്തകങ്ങളില്‍ പെടുമെങ്കിലും കാട്ടുകള്ളന്മാരും സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നുവും അതില്‍നിന്നെല്ലാം മാറി നില്‍ക്കും. ഒന്ന് മലയാള പത്രചരിത്രത്തിലെ ആദ്യത്തെ അന്വേഷണാത്മക പരമ്പരയ്ക്കു പിന്നിലെ ഉള്‍ക്കഥകളെന്ന നിലയ്ക്കും മറ്റേത് ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും സത്യസന്ധമായ യാത്രാക്കുറിപ്പുകളെന്ന നിലയ്ക്കും.
ഗൗരവം കൊണ്ടും സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതം കൊണ്ടും കേരളത്തിലെ വാട്ടര്‍ഗേറ്റ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന സംഭവമാണ് കാട്ടുകള്ളന്മാര്‍. മലയാള പത്രപ്രവര്‍ത്തനത്തിലെ ആദ്യത്തെ അന്വേഷണാത്മകപരമ്പര. കേരളത്തിന് ഹരിതരാഷ്ട്രീയമെന്തെന്ന് മനസിലാക്കി തന്ന പ്രതിബദ്ധതയുളള മാധ്യമ ഇടപെടല്‍. അന്വേഷണാത്മകപത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒളിക്യാമറയും ഫോണ്‍ റെക്കോര്‍ഡറുമായി വേഷം മാറിച്ചെന്ന് എന്തും ചെയ്യാന്‍ മടിക്കാത്തവരുടെ തലമുറയ്ക്ക് മൂല്യാധിഷ്ഠിത അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്താണ,് എന്തായിരിക്കണം എന്നു മനസിലാക്കി തരുന്ന ചരിത്രരേഖയാണ് കാട്ടുകള്ളന്മാര്‍. എം.എസ്.മണിസാറിന്റെ നേതൃത്വത്തില്‍ അന്ന് യുവ പത്രപ്രവര്‍ത്തകരായിരുന്ന എസ്.ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ് ബാബുവും ചേര്‍ന്ന് ഒരു ചെറിയ പത്രവാര്‍ത്തയെ പിന്തുടര്‍ന്ന് ആധികാരികമായി പുറത്തുകൊണ്ടുവന്ന ആഴമേറിയ വനം കൊള്ളയുടെ വാര്‍ത്തകള്‍ രാഷ്ട്രീയരംഗത്തുണ്ടാക്കിയ അനുരണനങ്ങള്‍ ചെറുതായിരുന്നില്ല. സി.അച്യുതമേനോന്‍ സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന ഡോ.കെ.ജി അടിയോടിയുടെ ശത്രുത നേരിടേണ്ടിവന്നു എന്നുമാത്രമല്ല കേരളകൗമുദിക്ക് തുടര്‍ന്ന് ഭരണകൂടത്തിന്റെ അപ്രീതിക്കും ഭീഷണിക്കും പലവിധത്തില്‍ പാത്രമകേണ്ടി വന്നു. അത്രമേല്‍ സ്‌ഫോടനാത്മകമായൊരു റിപ്പോര്‍ട്ട് അധികാരികളെ ക്ഷോഭിപ്പിക്കും എന്നറിഞ്ഞുകൊണ്ടു തന്നെ സ്വന്തം പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ കാണിച്ച ചങ്കുറപ്പ് ചെറുപ്പത്തിന്റെ ചോരത്തിളപ്പു മാത്രമായി കണക്കാക്കാനാവുന്നതല്ലെന്ന് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ മാധ്യമജീവിതം സാക്ഷ്യപ്പെടുത്തുന്നു. ഒരു കാലത്തും വ്യക്തിപരമായി രാഷ്ട്രീയക്കാരോടെന്നല്ല ഒരാളോടും ഒരഹിതവും മനസില്‍ വച്ചുപുലര്‍ത്താത്ത മണി സാര്‍ തൊഴില്‍പരമായി അവരിലാരെയും വെറുതേ വിടുകയും ചെയ്തില്ല. നിശബ്ദമാക്കാന്‍ നടന്ന ഓരോ ശ്രമത്തെയും ക്രിയാത്മകവും സര്‍ഗാത്മകവുമായ മാര്‍ഗങ്ങളിലൂടെ ബദല്‍ കണ്ടെത്തി മറികടക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന്റെ മകുടോദാഹരണമാണ് കലാകൗമുദി.
കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ നിര്‍ണായകമായൊരു വഴിത്തിരിവായ കാട്ടുകള്ളന്മാര്‍ എന്ന വാര്‍ത്താപരമ്പരയെക്കുറിച്ചുള്ള പുസ്തകം മാത്രമല്ല ഇത്. മറിച്ച് അവതാരികയില്‍ ഡോ.ജെ.പ്രഭാഷ് നിരീക്ഷിക്കുന്നതുപോലെ,ഭരണകക്ഷിയിലെ ചില അംഗങ്ങളുടെ ആശീര്‍വാദത്തോടെ അരങ്ങേറിയ വലിയ അഴിമതിയെപ്പറ്റി മണിസാറും ജയചന്ദ്രന്‍ നായരും എന്‍.ആര്‍.എസ് ബാബുവുമടങ്ങുന്ന ത്രിമൂര്‍ത്തികള്‍ തയാറാക്കിയ ആ ചെറു റിപ്പോര്‍ട്ടും തുടര്‍ന്നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും പത്രാധിപക്കുറിപ്പുകളും മാത്രമല്ല, ഈ പുസ്തകത്തിലുള്ളത്. മറിച്ച് വനനശീകരണത്തിന്റെ രീതിയും അതിന്റെ അഴവും അതില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കും, കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിലെ ദുരന്തങ്ങളുമെല്ലാം ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നനു. കാട് കയ്യേറുന്ന രീതി വിശദമായിത്തന്നെ ഈ പുസ്തകം പ്രതിപാദിക്കുന്നു. അത്തരത്തില്‍ ഇത് വനനശീകരണം വെളിപ്പെടുത്തുന്ന വനസംരക്ഷണത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ഒരു ആധികാരിക ഗ്രന്ഥം കൂടിയായി പ്രസക്തി നേടുന്നു. ഞങ്ങളുടെ അറിവില്‍പ്പെട്ട എല്ലാ സംഭവങ്ങളുടെ പിന്നിലും രാഷ്ട്രീയക്കാരുണ്ടായിരുന്നു. അഥവാ രാഷ്ട്രീയക്കാര്‍ക്ക് ചെന്നെത്താന്‍ പറ്റാത്ത സംഭവങ്ങളില്‍, അവസാന ദശയിലെങ്കിലും അവര്‍ ഭാഗഭാക്കുകളാകാറുണ്ട്. കാട്ടിലെ തടി തേവരുടെ ആന എന്നു പഴമക്കാര്‍ പറഞ്ഞുപോന്നിരുന്നത് ഇവിടെ തികച്ചും അന്വര്‍ത്ഥമായിരിക്കുന്നു-പുസ്തം പറയുന്നു. ഇടുക്കിയിലെ ഉരുള്‍പൊട്ടല്‍ മേഖലയിലും മറ്റും ദുരന്തകാലത്തു തന്നെ ചെന്നു പാര്‍ത്തും മറ്റുമാണ് ഈ റിപ്പോര്‍ട്ടുകള്‍ക്കു വേണ്ട വിവരങ്ങള്‍ ജയചന്ദ്രന്‍നായരും ബാബുവും കൂടി ശേഖരിച്ചത്. അന്വേഷിച്ചു പോയ അഴിമതിക്കഥ മാത്രമല്ല, അതിന് ഇരകളാവുന്ന പാവപ്പെട്ടവരുടെ ജീവിത ദുരിതം കൂടി ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഈ റിപ്പോര്‍ട്ടിനെ എക്കാലത്തെയും സാമൂഹികപ്രതിബദ്ധതയുള്ള ഒന്നാക്കി മാറ്റിയത്. 
അച്യുതമേനോന്‍ മന്ത്രിസഭയെ അനുകൂലിക്കുന്ന പത്രമായിരുന്നു കേരളകൗമുദി. അതുകൊണ്ടു തന്നെ കേരളകൗമുദിയില്‍ പ്രത്യക്ഷപ്പെട്ട ഈ അന്വേഷണാത്മക റിപ്പോര്‍ട്ട് ഉളവാക്കിയ രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതായി. അതേപ്പറ്റി പുസ്തകത്തിന്റെ പ്രസ്താവനയില്‍ മണിസാര്‍ തന്നെ എഴുതിയിട്ടുള്ളത് നോക്കുക. 'റിപ്പോര്‍ട്ടിനു പിന്നില്‍ സര്‍ക്കാരിനെതിരേ ഗൂഢാലോചനയുണ്ടെന്നു സംശയിച്ചവര്‍ അടിസ്ഥാനപരമായ ഒരു കാര്യം കാണാന്‍ കൂട്ടാക്കിയില്ല.  ഒരു ഗവണ്‍മെന്റിന്റെ നല്ല ചെയ്ത കള്‍ നല്ലത് എന്നുപറഞ്ഞാല്‍ എന്തടിസ്ഥാനത്തിലാണ് ആ പത്രം ഗവണ്‍മെന്റ് അനുകൂല പത്രമാണെന്ന നിഗമനത്തില്‍ എത്തിച്ചേര ന്നത് അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ എല്ലാ നല്ല നടപടികളെയും കലവറ കൂടാതെ കേരളകൗമുദി പിന്‍താങ്ങിയിട്ടുണ്ട്. തെറ്റ് തെറ്റെന്നു പറയാന്‍ ഒരിക്കലും മടിച്ചിട്ടില്ല, ഭയന്നിട്ടില്ല, ഉപേക്ഷ വിചാരിച്ചിട്ടില്ല. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് എതിര്‍പ്പാണെന്നും, നല്ലതിനെ പ്രശംസിക്കുമ്പോള്‍ അത് അനുകൂലിക്കുകയാണെന്നും ധരിച്ചുവശാകുന്നവര്‍ക്കാണ് തെറ്റുപറ്റിയത്. അവരുടെ ഓര്‍മ്മ പുതുക്കാന്‍ വെറും രണ്ടു കാര്യങ്ങള്‍ എനിക്കിവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ടെല്‍ക്കും ടൈറ്റാനിയം കോപ്ലക്‌സും, ഈ രണ്ട് കാര്യങ്ങളിലെയും രാജ്യസ്‌നേഹമില്ലായ്മ ചൂണ്ടിക്കാണിച്ചപ്പോഴും, എനിക്കെതിരെ വിമര്‍ശന ങ്ങളുമായി. വിമര്‍ശനങ്ങളല്ല, അപവാദങ്ങള്‍, അപവാദങ്ങള്‍ ഉണ്ടാക്കാനും പ്രചരിപ്പിക്കാനുമുള്ള മുഖ്യമന്ത്രി ശ്രീ. അച്യുതമേനോന്റെ പാര്‍ട്ടിയുടെ അപാരമായ കഴിവിനെ നമുക്ക് ബഹുമാനിക്കാം.'
മാധ്യമങ്ങള്‍ പിന്തുണയ്‌ക്കേണ്ടത് വ്യക്തികളെയോ രാഷ്ട്രീയകക്ഷികളെയോ അല്ല അവരുടെ നിലപാടുകളെയാണെന്നുറച്ചു വിശ്വസിച്ച മണിസാര്‍ എത്ര ലളിതമായിട്ടാണ് ആ ആശയം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കുക.
കേരളകൗമുദിയിലെ റിപ്പോര്‍ട്ട് അതിനെത്തുടര്‍ന്ന് മറ്റു പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍, പത്രാധിപക്കുറിപ്പുകള്‍, പ്രതികരണങ്ങള്‍, അനന്തരനടപടികളുടെ റിപ്പോര്‍ട്ടുകള്‍, കേസിന്റെ നാള്‍വഴികള്‍, വിചാരണയുടെ ചോദ്യോത്തരമടക്കമുള്ള വിശദാംശങ്ങള്‍, ഹാജരാക്കപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങിയ സഹിതം ഈ വാര്‍ത്തയുടെ ആഘാതപ്രത്യാഘാതങ്ങള്‍ സമഗ്രം സമൂലം വിവരിക്കുന്ന ഗ്രന്ഥമാണ് കാട്ടുകള്ളന്മാര്‍. അതേപ്പറ്റി മണി സാര്‍ എഴുതുന്നതിങ്ങനെ: 'ഈ പുസ്തകം പ്രസിദ്ധപ്പെടുത്താന്‍ ഒരു കാരണം കൂടി വി ഉണ്ട്. നുണകള്‍ പ്രചരിപ്പിക്കുക. ആ നുണകള്‍ക്ക് സത്യത്തിന്റെ പരിവേഷം നല്‍കുക. അതില്‍ നിന്നുള്ള വെള്ളിക്കാശുകൊണ്ട് സത്യത്തെ ഒറ്റുകൊടുക്കുക. നമ്മുടെ പൊതു ജിവിതത്തിലെ ചില ഇത്തിക്കണ്ണികളുടെ ഉപജീവന മാര്‍ഗ്ഗമാണിത്. വനപഹരണ റിപ്പോര്‍ട്ട് ഇത്തരക്കാര്‍ക്ക് അവരുടെ ഹീനമായ തൊഴിലിനുള്ള നല്ല ഒരു മാദ്ധ്യമമായിരുന്നു. അവര്‍ ആടിനെ പട്ടി മാക്കുന്നവരാണ്. കാലം കടന്നുപോകുമ്പോള്‍ പല സത്യങ്ങളും വിനീതിയിലാവും. നുണകളും അപവാദങ്ങളും മാത്രം നിലനില്‍ക്കും. ഈ സംഭവത്തിലെങ്കിലും അതുണ്ടാവാതിരിക്കാനാണ് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.'
സ്റ്റിങ് ഓപ്പറേഷനു ചുറ്റും കെട്ടുകഥകളുടെ ഒരു വനദുര്‍ഗം ചമച്ച് അധികാരികളുടെ രാഷ്ട്രീയ പതനം വ്യക്തിപരമായി ലക്ഷ്യമിട്ട് വാര്‍ത്തകള്‍ ചമച്ച് വസ്തുതകള്‍ ഹാജരാക്കാനാവാതെ പകച്ച് തടവറയില്‍ കിടക്കേണ്ടിവരികയും സ്ഥാപനം തന്നെ പൂട്ടിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനശൈലികള്‍ക്കിടയില്‍, സ്വന്തം റിപ്പോര്‍ട്ടുകള്‍ക്കു മേലുണ്ടായ കെട്ടുകഥകളെ വര്‍ഷങ്ങള്‍ക്കിപ്പുറത്തും സത്യത്തിന്റെ രജതരേഖകള്‍ സഹിതം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പത്രാധിപരുടെ ധീരത മാധ്യമവിദ്യാര്‍ത്ഥകള്‍ക്കും പഠിതാക്കള്‍ക്കും മാത്രമല്ല, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൂടി പാഠപുസ്തകമാകാവുന്ന ഒന്നാണ്.
 എം.എസ്.മണി എന്ന പത്രാധിപരുടെ മാധ്യമപരവും തൊഴില്‍പരവുമായ നൈതികതയും സത്യസന്ധതയും വെളിവാക്കുന്നതാണ് കാട്ടുകള്ളന്മാര്‍ എങ്കില്‍, വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സത്യസന്ധത വ്യക്തമാക്കുന്നതാണ് സ്വര്‍ഗം ഭൂമിയിലേക്കിറങ്ങിവരുന്നു. കേവലം ഒരു യാത്രാപുസ്തകം എന്നതിലുപരി, സന്ദര്‍ശിച്ച് നാടിന്റെ കാഴ്ചപ്പൊലിപ്പത്തിനപ്പുറം അവിടത്തുകാരുടെ ജീവിതം പകര്‍ത്താന്‍ കാണിച്ച ആര്‍ജ്ജവത്തിലൂടെയാണ് ഈ ചെറിയ പുസ്തകം ഏറെ ശ്രദ്ധേയമാവുന്നത്. യാത്രാവിവരണസാഹിത്യത്തില്‍ മലയാളത്തിന് പ്രത്യേകിച്ചുള്ള മേല്‍ക്കൈയെപ്പറ്റി നമുക്കെല്ലാമറിയാവുന്നതാണ്. എസ്.കെ.പൊറ്റക്കാടും മറ്റും തുറന്നിട്ട ആകാശസാധ്യതകളുടെ അനന്തതയുണ്ടതിന്. അവിടെയാണ്, യാത്രികന്റെയും അയാള്‍ യാത്രയില്‍ കണ്ടുമുട്ടിയവരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ യാതൊരു വര്‍ണങ്ങളും ചാലിക്കാതെ അപ്പാടെ പകര്‍ത്തിവച്ചുകൊണ്ട് ഈ പുസ്തകം വൈകാരികമായി വായനക്കാരന്റെ ഹൃദയത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നത്. ഒരാള്‍ക്ക് സ്വാനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ എത്രത്തോളം നിഷ്പക്ഷനും സത്യസന്ധനും ആവാന്‍ സാധിക്കുമെന്നത് വളരെ വലിയൊരു ചോദ്യമാണ്. ആത്മകഥകളില്‍ പലതും അതുകൊണ്ടുതന്നെയാണ് ചരിത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്താത്തത്.മണിസാറിന്റെ യാത്രാനുഭവക്കുറിപ്പുകള്‍ തീവ്രമാവുന്നതും ആത്മനിഷ്ഠമായ സത്യസന്ധതയിലൂടെയാണ്.
പ്രതിച്ഛായ സംരക്ഷിക്കാനോ ആളുകള്‍ എങ്ങനെ വിചാരിക്കുമെന്നു ചിന്തിക്കാനോ മുതിരാതെ പറയാനുള്ളത് പച്ചയ്ക്കു പറയുന്ന ശൈലി അനനുകരണീയമാണ്. അതിലും ആര്‍ജ്ജവമുള്ളത് വച്ചുകെട്ടില്ലാത്ത ഭാഷയാണ്. സാധാരണക്കാരന്റെ ഭാഷയാവണം മാധ്യമഭാഷ എന്നൊക്കെ നാഴികയ്ക്കു നാല്‍പതുവട്ടം ആവര്‍ത്തിക്കുന്നവര്‍ പോലും എഴുത്തില്‍ ക്‌ളിഷ്ടത കൊണ്ടുവരുമ്പോള്‍ സ്വാനുഭവങ്ങളെ എത്രമേല്‍ ലളിതമായി അവതരിപ്പുക്കുകയാണ് മണിസാര്‍ എന്നറിയണമെങ്കില്‍ ഒറ്റയിരിപ്പിന് ഈ പുസ്തകം വായിച്ചാല്‍ മതി. കാരണം വായിച്ചുതുടങ്ങിയാല്‍ ഇതു തീര്‍ക്കാതെ ഒരാള്‍ക്കും എഴുന്നേല്‍ക്കാനാവില്ലെന്നതു തന്നെ.അത്രമേല്‍ പാരായണക്ഷമമാണ് ഈ പുസ്തകം.
പുസ്തകത്തില്‍ ഒരിടത്ത് അദ്ദേഹം പങ്കുവച്ചിട്ടുള്ള അനുഭവം നോക്കുക.
''ചീഫ് പോര്‍ട്ടര്‍ക്ക് അമേരിക്കയില്‍ ബെല്‍ ക്യാപ്റ്റന്‍ എന്നാണ് പറയുന്നത്. എന്നെക്ക ണ്ടപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു. ഞാനും ചിരിച്ചു. ഞാന്‍ പുറത്ത ക്കുള്ള വഴി ചോദിച്ചു.
അയാള്‍ ''എവിടേക്കാണ് പോകേണ്ടത്? ഞാന്‍ ''പ്രത്യേക ലക്ഷ്യമൊന്നുമില്ല. മുറിയില്‍ ഇരുന്നു മടുത്തു.'
അയാള്‍ ''ലക്ഷ്യം പ്രത്യേകിച്ചില്ലെങ്കില്‍ ഞാനെങ്ങനെ വഴി പറഞ്ഞുതരും! എങ്ങോട്ടു വേണമെങ്കിലും നടക്കാം.'' 
ആ ഹോട്ടലിന്റെ മുമ്പിലുള്ള സര്‍ക്കിളില്‍ ഏഴോ എട്ടോ റോഡുകള്‍ വന്നുചേരുന്നുണ്ട്. അയാള്‍ പറഞ്ഞത് ശരിയാണ്. ലക്ഷ്യമില്ലാത്തവന് എങ്ങോട്ടുവേണമെങ്കിലും നടക്കാം. എന്തിനും നന്ദി പറയണമെന്നുള്ളതുകൊണ്ട് ''താങ്ക്‌സ്'' പറഞ്ഞ് ഞാന്‍ ഹോട്ടലിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് കടന്നു. ബെല്‍ ക്യാപ്റ്റന്‍ പുറകേ വന്ന് വിളിച്ചുപറഞ്ഞു: ''സ്ത്രീകളെ ധാരാളമായി കാണുന്നതിന് വിരോധമില്ലെങ്കില്‍ ആ വഴിയേ പോവുക'' അയാള്‍ ഒരു വഴി ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ദഹസിച്ചു. സ്ത്രീകളോട് വിരോധമുള്ളവര്‍ ആത്മഹത്യ ചെയ്യണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍, പുഷ്പങ്ങളോട് വണ്ടുകള്‍ക്കുള്ള താല്പര്യവും ഈ കരിവണ്ടിനുണ്ട്. വീണ്ടും ''താങ്ക്‌സ്'' പറഞ്ഞ് ഞാന്‍ ആ വഴിയേതന്നെ നടന്നു. കുറച്ചുദൂരം നടന്നപ്പോള്‍ ഒരു പ്രധാന റോഡിലെത്തി. മിനിസ്‌കര്‍ട്ടും ധരിച്ചുവന്ന യുവതികളാണ് സ്വാഭാവികമായും ആദ്യം മനസ്സിനെ ആകര്‍ഷിച്ചത്. നോക്കുന്നിടത്തെല്ലാം മിനിസ്‌കര്‍ട്ടുകള്‍ തന്നെ. സ്വീഡനില്‍ നിന്ന് കയറ്റുമതി ചെയ്ത ഫാഷനാണ് മിനിസ്‌കര്‍ട്ടെങ്കിലും അതിന്റെ റോയല്‍റ്റി ഇന്നും ബ്രിട്ടനുതന്നെയാണ്. നിതംബത്തിനും, മാലിനിക്കും, സ്തനങ്ങള്‍ക്കും, മനസ്സിന് ഇക്കിളിയുണ്ടാക്കുന്ന ആകര്‍ഷകമായ രൂപം നല്‍കി തോളുമുതല്‍ ഊരുമൂലത്തിന് നാലുവിരല്‍ക്കിട താഴെവരെ ശരീരത്തില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ഈ ഉടുപ്പ് എല്ലാ യുവതികളെയും സുന്ദരിമാരാക്കുന്നു. മിനിസ്‌കര്‍ട്ടിട്ട സ്ത്രീജനങ്ങള്‍ സ്വന്തം കാമുകന്റെ മുമ്പിലല്ലാതെ അന്യ പുരുഷന്മാര്‍ക്കഭിമുഖമായി ഇരിക്കുക പതിവല്ല. അഥവാ അങ്ങനെ ഇരിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിതയാവുകയാണെങ്കില്‍ ഒരു കാല്‍ മറ്റേക്കാലിന്റെ പുറത്തു കയറ്റിവച്ചിരിക്കുകയോ മടിയില്‍ ഒരു മാഗസിനോ പത്രമോ അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലും സാധനമോ വച്ചിരിക്കുകയോ ചെയ്യും. 
ടോളിഡോ ബസ്സ് സ്റ്റേഷനില്‍ വച്ച് എനിക്കഭിമു ലമായി കസേരയില്‍ ഇരുന്നിരുന്ന ഒരു മിനിസ്‌കര്‍ട്ടുകാരി മടിയില്‍ വയ്ക്കാന്‍ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴാണ് സ്ത്രീകള്‍ വാനിറ്റി ബാഗ് കൊണ്ടുനടക്കുന്നതിനുള്ള ഒരു പുതിയ ആവശ്യം കൂടി ബോദ്ധ്യപ്പെട്ടത്. പ്രിന്‍സ്റ്റണിലേക്കുള്ള ബസ്സ് വരു ന്നതുവരെ സാകൂതഷ്ടിയും കറുത്ത തൊലിക്കാരനുമായ എന്റെ മുമ്പില്‍ ആ സ്ത്രീക്ക് അങ്ങനെയിരുന്ന് വിഷമിക്കേണ്ടിവന്നു. ഹോ എന്റെ ഭാവന എന്നെ അന്നേരം നന്നേ പാടുപെടുത്തി.
മിനിസ്‌കര്‍ട്ടിന്റെ പുതുമ നഷ്ടപ്പെടാന്‍ അധികസമയം വേണ്ടിവന്നില്ല. ആ തെരുവില്‍ 'മാസച്യുസെറ്റ്‌സ് അവന്യൂ' എന്ന് പേരുള്ള ആ റോഡില്‍ ആണുങ്ങളെക്കാള്‍ അധികം പെണ്ണുങ്ങളായിരിക്കും ഏത് സമയത്തും. അപ്പോള്‍ വരുന്നു വേറൊരു വര്‍ഗ്ഗം, ഹിപ്പികള്‍, ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ആദ്യകാലത്ത് റോസാദളങ്ങ ളെപ്പോലെ കരുതി ഉമ്മവച്ചിരുന്ന ഈ സമൂഹത്തെപ്പറ്റി പിന്നീട് പറയാം. മാസ് അവന്യൂയില്‍ (മാസച്യുസെറ്റ്‌സിന് 'മാസ്' എന്നാണ് ചുരുക്കിപ്പറയുന്നത്) ഉണ്ടക്കണ്ണുകളുമായി ഈ അത്ഭുതങ്ങള്‍ കണ്ട് രസം പിടിച്ച് നില്ക്കുന്നവനായി ഞാന്‍ മാത്രമേയുള്ളു. അറിയാതെ ഞാനൊന്നു മുകളിലേക്ക് നോക്കിപ്പോയി. ഒരു കമ്പിത്തൂണില്‍ ഉറപ്പിച്ചിരിക്കുന്ന പച്ചനിറമുള്ള ബോര്‍ഡില്‍ എന്റെ നോട്ടം പതിച്ചു: ''നോ സ്റ്റാന്‍ ഡിങ്. അതെന്നെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. ഞാന്‍ ഒരു കണ്‍ടിയാണെന്ന് ആരെങ്കിലും തെറ്റായി ധരിച്ചിട്ടുണ്ടാ കുമോ, ആവോ? എന്തായാലും പിന്നീട് ഒരു നിമിഷംപോലും നിന്നില്ല. ഇരുപുറം നോക്കാതെ ഒറ്റ നടത്ത വച്ചുകൊടുത്തു. എങ്കിലും അങ്ങനെ ആ നിരോധനമേഖലയില്‍ നിന്നത് മോശമായിപ്പോയല്ലോ. എന്ന് മനസ്സില്‍ വിചാരിക്കുകയും ചെയ്തു. വളരെ പിന്നീടാണു മനസ്സിലായത് ഈ ''നോ സ്റ്റാന്‍ഡിങ് കാല്‍നടക്കാര്‍ക്ക് വേണ്ടി യുള്ളതല്ലെന്ന്. നമ്മുടെ നാട്ടിലെ 'നോ പാര്‍ക്കിംഗി'ന്റെ അര്‍ത്ഥമേ അതിനുള്ളൂ. മോശമായിപ്പോയല്ലോ എന്ന് അപ്പോഴും വിചാരിച്ചു.''
മറ്റുള്ളവര്‍ അമേരിക്കയില്‍ പോകുന്നത് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്‌സും വാഷിങ്ടണും സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടുയുമൊക്കെ കാണാനാണെങ്കില്‍ മണിസാര്‍ പോയത് ഗ്രാന്‍ഡ് കാനിയന്‍ കാണാനാണ്. അദ്ദേഹത്തിന്റെ സരസമായ ഭാഷയില്‍ പറഞ്ഞാല്‍ കുഴി, അതേ ഭൂമിക്കുമേലുള്ള വലിയൊരു കുഴി കാണാനാണ്. അതേപ്പറ്റി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണെന്നു മാത്രം. സ്വയം കരിവണ്ടായി വിശേഷിപ്പിച്ചു കൊണ്ട് ഇങ്ങനെ തുറന്നെഴുതാന്‍ എത്ര എഴുത്തുകാര്‍ക്ക്, എത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍ജ്ജവമുണ്ടാവും?
കാട്ടുകൊള്ളയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയവര്‍ നാട്ടുജീവിതം റിപ്പോര്‍ട്ട് ചെയ്തതുപോലെയാണ് നാടുകാണാനിറങ്ങിപ്പുറപ്പെട്ട മണിസാര്‍ അവിടത്തെ ജീവിതം റിപ്പോര്‍ട്ട് ചെയ്യാന്‍ മുതിരുന്നത്. ഏറെ രസകരമായ അനുഭവങ്ങളാണവയില്‍ പലതും. 
''വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും തികച്ചും വിഭിന്നങ്ങളായ സംസ്‌കാരങ്ങള്‍ പുലര്‍ത്തി പ്പോരുന്നവരുമായ പല നിറക്കാരെയും തരക്കാരെയും പരിചയപ്പെടാന്‍ മറ്റേതൊരു സഞ്ചാരിയെയും പോലെതന്നെ എനിക്കും സാധിച്ചു. അമ്പരപ്പിക്കുന്ന പലതും കണ്ടു ഗുണമുള്ള പലതും ആസ്വദിച്ചു. കൗതുകകരമായ പലതും കേട്ടു. ഇതില്‍ ചില മനസ്സുകള്‍ക്ക് നല്ലതെന്നും ചില മനസ്സുകള്‍ക്ക് ചീത്ത യെന്നും തോന്നാവുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. വ്യത്യസ്ത ങ്ങളായ അനുഭൂതികളാണ് അവ ഓരോന്നും എന്നിലും ഉളവാക്കിയിട്ടുള്ളത്. നൂറ്റിമുപ്പത് മൈല്‍ വേഗത്തില്‍ പാഞ്ഞുകൊണ്ടിരിക്കുന്ന കാറുകളില്‍ ഇരിക്കുമ്പോള്‍, മാനം മുട്ടി നില്ക്കുന്ന കെട്ടിടങ്ങള്‍ കാണുമ്പോള്‍, അനുനിമിഷം കൂറ്റന്‍ ജറ്റുവിമാനങ്ങള്‍ അലറിവിളിച്ചുകൊണ്ട് ഭൂമികുലുക്കി ഇറങ്ങുകയും പൊങ്ങുകയും ചെയ്യുന്ന എയര്‍പോര്‍ട്ടുകളില്‍ നില്ക്കുമ്പോള്‍, പതിനായി രക്കണക്കിനേക്കര്‍ ഭൂമിയിലെ കൃഷി മുഴുവന്‍ ചെയ്യാന്‍ രണ്ടോ മൂന്നോ പേര്‍ മാത്രം മതി എന്നറിയുമ്പോള്‍, റോട്ടറി പ്രസ്സില്‍ പത്രം അച്ചടിക്കുന്ന വേഗതയില്‍ കാറുകള്‍ ഉണ്ടായിവരുന്നത് കാണുമ്പോള്‍, തണുപ്പും ശീതക്കാറ്റും മൂക്കും ചെവിയും മരവിപ്പിക്കുമ്പോള്‍, വെള്ളച്ചാട്ടങ്ങളും പൂക്കള്‍ മുടി നില്ക്കുന്ന മലഞ്ചരിവുകളും കണ്ണുകുളിര്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു് ചുറ്റും ഒരു ലോകമുണ്ടെന്ന ഭാവം കൂടാതെ വഴിവക്കില്‍ കെട്ടിപ്പിടിച്ച ഉമ്മവച്ചു നിന്ന് പ്രേമിക്കുന്നവരെ നോക്കുമ്പോള്‍, മാറുമറയ്ക്കാ വെയിട്രസ്സുകള്‍ ഭക്ഷണം വിളമ്പാന്‍ മേശയ്ക്കടുത്തേക്ക് വരുമ്പോള്‍, നൈറ്റ് ക്ലബ്ബുകള്‍ സന്ദര്‍ശിക്കുമ്പോള്‍, യുവതികളെ വില്പനന് വച്ചിരിക്കുന്ന ഷോറൂമുകളുടെ വരാന്തയില്‍ക്കൂടി നടക്കുമ്പോള്‍, വഴിവക്കില്‍ നിന്ന് സേവകൂടാന്‍ ക്ഷണിക്കുന്ന മോഹനാംഗിമാരുടെ കരസ്പര്‍ശമുണ്ടാവുമ്പോള്‍, ടിക്കറ്റുമെടുത്തുപോയിരുന്ന് രതി ക്രീഡകളും മറ്റു പ്രകൃതിവിരുദ്ധങ്ങളും കാണുമ്പോള്‍, എന്തിന് പുതുമ തോന്നുന്നതെന്തും കണ്ണില്‍പ്പെടുമ്പോഴുണ്ടാകുന്ന അനുഭൂതി. അങ്ങനെ അനുഭൂതികളുടെ പട്ടിക നിരത്താന്‍ തുടങ്ങിയാല്‍ അത് പറഞ്ഞുതീരാന്‍ തന്നെ ഒരുപാട് സമയമെടുക്കും.
''ഞാന്‍ ഈ എഴുതുന്നത് ഒരു യാത്രാ ഡയറിയില്ല. വായനക്കാരെ ജ്ഞാനികളാക്കാനുള്ള യാതൊരുവിധ ശ്രമവും ഇതിലില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊള്ളട്ടെ. ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതും എന്റെ മനസ്സില്‍ ഇന്നും മങ്ങാതെ നില്ക്കുന്നതും ആലോചിച്ച് രസം പിടിച്ചിരുന്ന് സമയം കൊല്ലാന്‍ എനിക്ക് വിരുന്ന തുമായ ചില സംഭവങ്ങള്‍ക്ക് അച്ചടിരൂപം നല്കുന്നെന്നേയുള്ളു...''
ഇതാണ് മണിസാറിലെ എഴുത്തുകാരന്റെ പൊതു ഭാവം. വായനക്കാരനെ അവന്റെ നിലവാരത്തില്‍ തോളില്‍ കയ്യിട്ട് ഒപ്പം കൂട്ടി താന്‍ കണ്ട കാഴ്ചകളിലൂടെ നടത്തിക്കുന്ന അത്രമേല്‍ അനൗപചാരികമായ ശൈലി.അതിനൊപ്പം ലേശവും നിറം ചേര്‍ക്കാതെയുൂള്ള സത്യസന്ധതകൂടിയാവുമ്പോള്‍ അതൊരു അവിസ്മരണീയ വായനാനുഭവം തന്നെയായിത്തീരുന്നു.മറ്റൊരെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അനുകരിക്കാനാവാത്ത ഈ സവിശേഷതയാണ് എം.എസ്.മണിയെ എം.എസ്.മണിയാക്കുന്നത്. കേരളത്തിന്റെ മാധ്യമലോകത്തിന്റെ പ്രിയപ്പെട്ട മണിസാറാക്കുന്നത്.