Showing posts with label director sethumadhavan. Show all posts
Showing posts with label director sethumadhavan. Show all posts

Saturday, January 29, 2022

താരപരിവേഷം തച്ചുടച്ച പ്രതിഭ


എ.ചന്ദ്രശേഖര്‍

സമാനതകളില്ലാത്ത ചലച്ചിത്രജീവിതമായിരുന്നു കുരുക്കല്‍പ്പാടം സുബ്രഹ്‌മണ്യം സേതുമാധവന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കെ.എസ്.സേതുമാധവന്റേത്. പേരു കേള്‍ക്കുന്ന മാത്രയില്‍ തന്നെ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരുടെ മനസിലേക്ക് ഇരച്ചെത്തുന്ന ഒരുപിടി സിനിമകള്‍ മാത്രം മതി സേതുമാധവന്‍ എന്ന സംവിധായകന്റെ സംഭാവനകളുടെ നേര്‍സാക്ഷ്യമായി. സിനിമയ്ക്കു വേണ്ടി പേരോ പേരിലെ അക്ഷരങ്ങളോ പോലും മാറ്റാത്ത കരളുറപ്പും കലയുറപ്പും കാഴ്ചവച്ച ചലച്ചിത്രകാരന്‍. സംവിധാനം കെ.എസ്. സേതുമാധവന്‍ എന്നത് സിനിമയ്ക്ക് ഏറ്റവും വിശ്വാസ്യതയും വിപണിമൂല്യവുമുള്ള ഗ്യാരന്റിയാക്കി മാറ്റിയ പ്രതിഭ. സംവിധായകനെ നോക്കി സിനിമ കാണാന്‍ മലയാളി പ്രേക്ഷകരെ പഠിപ്പിച്ച, പ്രേരിപ്പിച്ച സാങ്കേതികവിദഗ്ധനായിരുന്നു സേതുമാധവന്‍. അതിലപ്പുറം, കറപുരളാത്ത വ്യക്തിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച സാമൂഹികപ്രതിബദ്ധതയുള്ളൊരു മനുഷ്യന്‍. സിനിമയുടെ മായികവലയം ഒരുകാലത്തും അദ്ദേഹത്തെ കളങ്കപ്പെടുത്തിയില്ല. സിനിമയ്ക്ക് അന്തസ് എന്തെന്നും പ്രേക്ഷകര്‍ക്ക് അന്തസുള്ള സിനിമയെന്തെന്നും അദ്ദേഹം കാണിച്ചുതന്ന പ്രതിഭ. അതായിരുന്നു കെ.എസ്.സേതുമാധവന്‍.

അറുപതുകളില്‍, സേതുമാധവന്‍ സിനിമയിലേക്കു കടന്നുവരുന്ന കാലത്ത് മലയാള സിനിമ അതിന്റെ കൗമാരചാപല്യങ്ങള്‍ വിട്ടുണരുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്താണ്, കാലത്തിനപ്പുറം നീളുന്ന ദീര്‍ഘവീക്ഷണത്തോടെ, അതിലേറെ ധീരമായ കലാദര്‍ശനത്തോടെ സേതുമാധവന്‍ തന്റെ സിനിമകളില്‍ ഒന്നൊന്നായി പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്. അന്നോളം സിനിമയ്ക്ക് പരിഗണിക്കപ്പെടാത്ത പ്രമേയങ്ങള്‍ ഇതിവൃത്തമാക്കുക മാത്രമല്ല, സിനിമ പതിച്ചു നല്‍കിയ പല പ്രതിച്ഛായകളെയും തച്ചുടയ്ക്കുകയും ഉടച്ചുവാര്‍ക്കുകയും ചെയ്യാനും അദ്ദേഹം ധൈര്യം കാണിച്ചു. ദൃശ്യഭാഷയില്‍ നാടകീയതയെ പരമാവധി ഒഴിവാക്കി സിനിമാറ്റിക്ക് ആക്കാനും വിദേശ സിനിമകള്‍ കണ്ടും വായിച്ചും ആര്‍ജിച്ചെടുത്ത ഉള്‍ക്കാഴ്ച കൊണ്ട് അദ്ദേഹം പരിശ്രമിച്ചു.


മദ്രാസില്‍ തെലുങ്ക് തമിഴ് സിനിമകളില്‍ അസോഷ്യേറ്റ് ഡയറക്ടറായിയിട്ടായിരുന്നു സേതുമാധവന്റെ ചലച്ചിത്രപ്രവേശം. ചെറുപ്പത്തിലേ അച്ഛന്‍ മരിച്ച് കുടുംബം നോക്കാനുള്ള ഉത്തരവാദവുമായി ബിരുദാനന്തരം മദ്രാസിലെത്തിയ ചെറുപ്പക്കാരന്‍ പ്രമുഖ നിര്‍മ്മാണ സ്ഥാപനങ്ങളുടെയും സ്റ്റുഡിയോകളുടെയും സിനിമകളുടെ സജീവസാന്നിദ്ധ്യമായിത്തീര്‍ന്നത് വളരെ പെട്ടെന്നാണ്. എല്‍ വി പ്രസാദിനും എഎസ്എ സ്വാമിക്കുമൊക്കെ പ്രിയങ്കരനായ മിടുമിടക്കനായ അസിസ്റ്റന്റ്. എം.ജി.ആറിനും ജയലളിതയ്ക്കുമെല്ലാം വ്യക്തിപരമായ താല്‍പര്യമുണ്ടായിരുന്ന സിനിമാക്കാരന്‍. മാതൃഭാഷയിലോ പോറ്റമ്മ ഭാഷയിലോ അല്ല, സിംഹളീസ് ഭാഷാചിത്രമായ വീരവിജയയിലൂടെയാണ് സേതുമാധവന്‍് സംവിധായകനാവുന്നത്. 

മലയാളത്തില്‍ ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ മുതിരുമ്പോള്‍ തകഴിയുടെയും ബഷീറിന്റെയും പൊന്‍കുന്നം വര്‍ക്കിയുടെയും കെ.ടി.മുഹമ്മദിന്റെയും കൃതികകള്‍ വായിച്ചുള്ള ബന്ധം മാത്രമായിരുന്നു സാഹിത്യത്തോട്. 1961ലെ ക്രിസ്മസിന് മുട്ടത്തുവര്‍ക്കിയുടെ രചനയെ ആസ്പദമാക്കി അസോഷ്യേറ്റഡ് പിക്‌ച്ചേഴ്‌സിനു വേണ്ടി ടി.ഇ വാസുദേവന്‍ നിര്‍മ്മച്ച ജ്ഞാനസുന്ദരിയിലൂടെയാണ് കെ.എസ്.സേതുമാധവന്‍ കേരളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്, കൃത്യം 60 വര്‍ഷം മുമ്പ്. കെ.ടി.മുഹമ്മദിന്റെ നാടകത്തെ ആസ്പദമാക്കി പിന്നീട് സംവിധാനം ചെയ്ത അച്ഛനും ബാപ്പയും, അടൂരിന്റെ സ്വയംവരം മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ 1972ല്‍ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ഗാനരചന (വയലാര്‍), ഗായകന്‍ (യേശുദാസ്) തുടങ്ങിയവയ്ക്കുള്ള ദേശീയ ബഹുമതിയും നേടി അച്ഛനും ബാപ്പയും ചരിത്രമായി. പാറപ്പുറത്തിന്റെ നോവലിനെ അധികരിച്ചു സേതുമാധവന്‍ സംവിധാനം ചെയ്ത പണിതീരാത്ത വീടിനായിരുന്നു ആ വര്‍ഷം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ബഹുമതി. അവിടെ തുടങ്ങി സമാനതകളില്ലാത്ത റെക്കോര്‍ഡുകളാണ് സേതുമാധവന്‍ ഇന്ത്യന്‍ സിനിമയുടെയും മലയാള സിനിമയുടെയും ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത്. തുടര്‍ച്ചയായി 10 ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ സംവിധായകന്‍. അത്രതന്നെ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചലച്ചിത്രകാരന്‍. ഇത് സേതുമാധവനു മാത്രം അവകാശപ്പെടുന്നതാണ്.

പാറപ്പുറത്തിന്റെ രചനയെ ആസ്പദമാക്കിയ അരനാഴിക നേരം (1970), മുട്ടത്തുവര്‍ക്കിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കരകാണാക്കടല്‍(1971), പണിതീരാത്ത വീട് (1921), എം.ടിയുടെ തിരക്കഥയിലൊരുക്കിയ ഓപ്പോള്‍ (1980) എന്നിവയ്ക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. ഓടയില്‍ നിന്ന് (1965), അടിമകള്‍ (1969), കരകാണാക്കടല്‍ (1971), പണിതീരാത്ത വീട് (1972) എന്നിവ മികച്ച പ്രാദേശിക ഭാഷാചിത്രത്തിനുള്ള ദേശീയ ബഹുമതിയും നേടി. 1972ല്‍ അച്ഛനും ബാപ്പയും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 1980ല്‍ ഓപ്പോള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി. 1990ല്‍ മറുപക്കം മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള ദേശീയ ബഹുമതിയും 1994ല്‍ നമ്മവര്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും 1995ല്‍ സ്ത്രീ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ബഹുമതിയും നേടി. 1972ല്‍ പണിതീരാത്ത വീട്, അച്ഛനും ബാപ്പയും എന്നീ ചിത്രങ്ങളിലൂടെ ഒരു വര്‍ഷം ഒന്നിലേറെ സിനിമകള്‍ക്ക് ദേശീയ ബഹുമതി നേടുന്ന ഒരേയൊരു സംവിധായകന്‍ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി. തമിഴും തെലുങ്കുമടക്കമുള്ള ഭാഷകളില്‍ നിന്ന് ദേശീയ ബഹുമതികള്‍ നേടുന്ന മലയാള സംവിധായകന്‍ എന്ന റെക്കോര്‍ഡും സേതുമാധവന് മാത്രം സ്വന്തം.


അക്ഷരങ്ങളില്‍ നെയ്ത ദൃശ്യശില്‍പങ്ങള്‍

സിനിമയ്ക്കു കഥ വേണോ എന്ന ചര്‍ച്ചകള്‍ക്കു മൂപ്പേറുന്ന എഴുപതുകളിലും എണ്‍പതുകളിലും സാഹിത്യകൃതികളെ അധികരിച്ച് മികച്ച സിനിമകളൊരുക്കി കമ്പോള മുഖ്യധാരയില്‍ ഇടം നിലനിര്‍ത്തിയ സേതുമാധവനെ മലയാളം ഓര്‍ക്കുക അവയില്‍ കഴിയുന്നത്ര ഒത്തുതീര്‍പ്പുളൊഴിവാക്കിയതിന്റെ പേരിലാണ്. കലയും കച്ചവടവും കൈകോര്‍ക്കുന്ന ഒരപൂര്‍വ പാതയിലാണ് സേതുമാധവന്‍ തന്റെ പ്രതിഭ തെളിയിച്ചത്. മുട്ടത്തുവര്‍ക്കിയും പൊന്‍കുന്നം വര്‍ക്കിയും തകഴിയും തോപ്പില്‍ ഭാസിയും എം.ടി.വാസുദേവന്‍നായരും, പി.ജെ.ആന്റണിയും എ.ടി.കോവൂരും, പാറപ്പുറത്തും, ഉറൂബും കേശവദേവും, കെ.സുരേന്ദ്രനും, പദ്മരാജനും, മുണ്ടൂര്‍ സേതുമാധവനും മലയാറ്റൂര്‍ രാമകൃഷ്ണനുമടക്കം അന്നത്തെ മികച്ച എഴുത്തുകാരുടെയൊക്കെ മികച്ച കൃതികള്‍ക്ക് തുടരെത്തുടരെ ചലച്ചിത്രരൂപാന്തരം നല്‍കി എന്നുമാത്രമല്ല അവയെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വന്‍ വിജയത്തോടൊപ്പം അവിസ്മരണീയമായ ദൃശ്യാവിഷ്‌കാരങ്ങളുമാക്കി എന്നതിലാണ് സേതുമാധവന്റെ പ്രതിഭ ദൃശ്യപ്പെടുന്നത്. നിരൂപകന്‍ വിജയകൃഷ്ണന്‍ വിലയിരുത്തുന്നതുപോലെ, എഴുത്തുകാരുടെ മികച്ചതല്ലാത്ത രചനകള്‍ക്കും മികച്ച എഴുത്തുകാരുടെ ശരാശരി രചനകള്‍ക്കും അവയ്ക്ക് അവകാശപ്പെടാനാവാത്ത ഉള്‍ക്കനവും പുതിയൊരു ദാര്‍ശനിക മാനവും നല്‍കാന്‍ ചലച്ചിത്രഭാഷ്യങ്ങളിലൂടെ സാധിച്ചു എന്നതാണ് സേതുമാധവനെ പ്രസക്തനാക്കുന്നത്. പമ്മനെയും മുട്ടത്തുവര്‍ക്കിയേയും പോലെ ജനപ്രീതി നോക്കി എഴുതിയിരുന്നവരുടെ കൃതികളില്‍ നിന്നുപോലും ദേശീയ ബഹുമതി നേടിയ കരകാണാക്കടലും അടിമകളും ചട്ടക്കാരിയും പോലുള്ള ഉള്‍ക്കാമ്പുള്ള സിനിമകള്‍ നെയ്‌തെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ പോലും നോവലിനെ അതിശയിപ്പിക്കുന്ന വിധം ചില ധീരമായ ആശയങ്ങള്‍ അവതരിപ്പിച്ചതിനെപ്പറ്റിയും വിജയകൃഷ്ണന്‍ സൂചിപ്പിച്ചിട്ടുണ്ട്.

സാഹിത്യത്തെ അപ്പാടെ സിനിമയിയിലേക്ക് ഒപ്പുകടലാസിലെന്നോണം പകര്‍ത്തിവയക്കാതെ അതിനെ ദൃശ്യഭാഷ്യത്തിനുള്ള അസംസ്‌കൃത വസ്തുവായി പരിഗണിക്കാന്‍ കാണിച്ച സന്നദ്ധതതന്നെയാണ് സേതുമാധവന്റെ ചലച്ചിത്രബോധ്യത്തിന്റെ പ്രത്യക്ഷത്തെളിവ്. അതുകൊണ്ടുതന്നെയാണ് മലയാളസിനിമയ്ക്കും സാഹിത്യത്തിനും പൊക്കിള്‍കൊടി ബന്ധമുണ്ടായിരുന്ന മലയാളസിനിമയുടെ സുവര്‍ണകാലത്തു മുന്‍നിര എഴുത്തുകാരുടെ സൃഷ്ടികളെ ആസ്പദമാക്കി നിരന്തരം സിനിമകളൊരുക്കുമ്പോഴും അവയില്‍ തന്റേതായ വിരല്‍സ്പര്‍ശം നല്‍കി കര്‍തൃത്വം സ്വന്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചതും. 

അന്നത്തെ കാലത്ത് ഏതൊരു സംവിധായകനും രണ്ടാമതൊന്ന് ആലോചിക്കുമായിരുന്ന തരത്തിലുള്ള വിഷയങ്ങള്‍ ആധാരമാക്കാന്‍ സേതുമാധവന്‍ ഒരിക്കലും മടിച്ചില്ല. കുടുംബചിത്രങ്ങളുടെ സംവിധായകന്‍ എന്ന പ്രതിച്ഛായ പോലും അവഗണിച്ച് പുനര്‍ജന്മം, വാഴ്‌വേ മായം, അര നാഴികനേരം, യക്ഷി, കടല്‍പ്പാലം, ഒരു പെണ്ണിന്റെ കഥ, ചട്ടക്കാരി പോലുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ കാണിച്ച ആര്‍ജ്ജവം മലയാളത്തില്‍ അധികം സംവിധായകര്‍ക്ക് അവകാശപ്പെടാനാവുന്നതല്ല. ഒരു വേശ്യയുടെ പ്രതികാരം എന്ന ഒറ്റവാക്യത്തില്‍ നിന്ന്, പിന്നീട് എത്രയോ സമാനചിത്രങ്ങള്‍ക്ക് പ്രേരണയും ഊര്‍ജ്ജവുമായി തീര്‍ന്ന ഒരു പെണ്ണിന്റെ കഥ ഷീലയേയും സത്യനെയും മുന്‍ നിര്‍ത്തി ആവിഷ്‌കരിക്കുമ്പോഴും ദൃശ്യഭാഷയില്‍ ആത്മസംയമനത്തിന്റെ അതിര്‍വരമ്പുകള്‍ അണുവിടെ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സേതുമാധവനിലെ ചലച്ചിത്രകാരന്‍ കാട്ടിയ ജാഗ്രത മാധ്യമത്തിന്മേലുള്ള അദ്ദേഹത്തിന്റെ കയ്യടക്കത്തിന്റെ കൂടി ദൃഷ്ടാന്തമാണ്. പമ്മന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ചട്ടക്കാരിയുടെയും കോവൂരിന്റെ കൃതിയില്‍ നിന്നുണ്ടാക്കിയ പുനര്‍ജന്മത്തിന്റെയും കാര്യവും വിഭിന്നമല്ല. മദര്‍ ഫിക്‌സേഷന്‍ പോലൊരു മാനസികാവസ്ഥ പുനര്‍ജന്മത്തിലൂടെ സിനിമയാക്കാന്‍ കാണിച്ച വിപദിധൈര്യം അനന്യമാണ്. കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങളോട് വല്ലാത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്നു സേതുമാധവന്‍. പില്‍ക്കാലത്ത് അഞ്ചു മലയാളസിനിമകള്‍ക്കെങ്കിലും വാര്‍പ്പുമാതൃകയായ അടിമകള്‍ എന്ന ഒരൊറ്റ സിനിമ മതി കാലത്തിനപ്പുറം കണ്ട സേതുമാധവനിലെ കലാകാരനെ തിരിച്ചറിയാന്‍. എം.ടി. വാസുദേവന്‍ നായരുടെ വേറിട്ട യുവസിനിമയായ വേനല്‍ക്കിനാവുകളും കമല്‍ഹാസന്‍ നായകനായ നമ്മവരും കണ്ടവര്‍ക്കു മനസിലാവും എത്രമാത്രം സമകാലികനായിരുന്നു അദ്ദേഹത്തിലെ കലാകാരനെന്ന്. സ്പ്‌ളിറ്റ് പേര്‍സണാലിറ്റി ഡിസോര്‍ഡര്‍ പോലുള്ള സങ്കീര്‍ണ മാനസികാവസ്ഥയില്‍ നിന്ന് അതും സത്യനെപ്പോലൊരു മുന്‍നിര താരത്തെ വച്ച് യക്ഷി നിര്‍മ്മിക്കാനുള്ള ധൈര്യവും അന്ന് സേതുമാധവനല്ലാതെ മറ്റൊരാള്‍ക്കും മലയാളസിനിമയിലുണ്ടാവുമായിരുന്നില്ല.

മലയാളം വിട്ട് പിന്നീട് തമഴിലും തെലുങ്കിലും സിനിമകളൊരുക്കിയപ്പോഴും സാഹിത്യബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ മാറ്റം വരുത്തിയില്ല അദ്ദേഹം. തമിഴില്‍ നിന്ന് മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ആദ്യ സിനിമ ഇന്ദിരാ പാര്‍ത്ഥസാരഥിയുടെ ഉച്ചിവെയില്‍ എന്ന നോവലില്‍ നിന്ന് സ്വയം തിരക്കഥയൊരുക്കി സേതിമാധവന്‍ നിര്‍മിച്ച മറുപക്കമാണ്. തെലുങ്കില്‍ നിന്നു ദേശീയ ബഹുമതി നേടിയ സ്ത്രീ എന്ന അദ്ദേഹത്തിന്റെ അവസാന സിനിമ പാലഗുമ്മി പദ്മരാജുവിന്റെ രചനയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. 


താരപരിവേഷം തച്ചുടച്ച പ്രതിഭ

എം.ജി.രാമചന്ദ്രന്‍, കമല്‍ഹാസന്‍, പ്രേംനസീര്‍, സത്യന്‍, മധു മുതല്‍ രവികുമാര്‍, സോമന്‍, സുകുമാരന്‍,  മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്‌മാന്‍ വരെയുള്ള മുന്‍നിര താരങ്ങളെ വച്ചു നിരന്തരം സിനിമകളൊരുക്കിയ സേതുമാധവന്‍ തന്നെയാണ് താരപ്രഭാവത്തെ നിസ്സങ്കോചം തച്ചുടച്ചുകൊണ്ട് രണ്ടാം നിരയില്‍ നിന്നു ചില പ്രതിഭകളെ മുന്നിലേക്കു കൈപിടിച്ചാനയിച്ചത്. അന്നോളം ഹാസ്യതാരത്തിന്റെ തലത്തില്‍ ഒതുക്കപ്പെട്ട ബഹദൂറിനെ കടല്‍പ്പാലത്തിലെ ഗൗരവമുള്ള വേഷത്തിലൂടെ മറ്റൊരു തലത്തിലെത്തിച്ചു. കുംഭകുലുക്കി ഹാസ്യത്തില്‍ വൈദഗ്ധ്യം നേടിയ അസാമാന്യ നടനായ അടൂര്‍ ഭാസിക്ക് അരനാഴികനേരത്തിലടക്കം മികച്ച വേഷങ്ങള്‍ നല്‍കിയ സേതുമാധവനാണ് ചട്ടക്കാരിയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ബഹുമതി നേടിക്കൊടുത്തതും. സ്ഥാനാര്‍ത്ഥി സാറാമ്മയില്‍ അടൂര്‍ ഭാസിയെ ഗായകനാക്കിയതും സേതുമാധവന്‍ തന്നെ. കൊടുംവില്ലന്റെ വാര്‍പ്പുമാതൃകകളില്‍ തളയ്ക്കപ്പെട്ട ബാലന്‍ കെ. നായര്‍ എന്ന അതുല്യ നടനെ ഓപ്പോളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ബഹുമതിക്കു പ്രാപ്തനാക്കി. കടല്‍പ്പാലത്തില്‍ കെ. പി. ഉമ്മറിന് സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്നു മോചനം നല്‍കിയതും സേതുമാധവന്‍ തന്നെ. വേനല്‍ക്കിനാവുകളിലൂടെ കൃഷ്ണപ്രസാദും ദുര്‍ഗ്ഗയുമടക്കം ഒരുപറ്റം പുതുമുഖങ്ങളെ അവതരിപ്പിച്ച സേതുമാധവന്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ എന്നു പേരെടുത്ത കമല്‍ഹാസനെ ബാലതാരമായും(കണ്ണും കരളും) പിന്നീട് നായകനായും (കന്യാകുമാരി) മലയാള സിനിമയില്‍ ഹരിശ്രീ കുറിപ്പിച്ചതും മമ്മൂട്ടിയെ അനുഭവങ്ങള്‍ പാളിച്ചകളിലും സുരേഷ് ഗോപിയെ ഓടയില്‍ നിന്നിലും അവതരിപ്പിച്ചതും. മലയാളത്തില്‍ സേതുമാധവനെ ഗുരുവായി കണക്കാക്കുന്ന കമല്‍ഹാസന്‍ തിരക്കഥയെഴുതി അദ്ദേഹത്തെക്കൊണ്ട് പിന്നീട് സംവിധാനം ചെയ്യിച്ച നമ്മവര്‍ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ ബഹുമതി നേടിതും ചരിത്രം.

എന്നാല്‍ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ കാര്യത്തില്‍ സേതുമാധവന്‍ ചെയ്ത വിഗ്രഹഭഞ്ജനം അതിധീരം എന്ന വിശേഷണമര്‍ഹിക്കുന്നു. മലയാളത്തില്‍ തീവിലയുള്ള നായകതാരമായി വിളങ്ങിനില്‍ക്കുന്ന കാലത്ത് അഴകുള്ള സെലീനയിലും അനുഭവങ്ങള്‍ പാളിച്ചകളിലും സേതുമാധവന്‍ അദ്ദേഹത്തിനായി മാറ്റിവച്ചത് പ്രതിനായകവേഷമായിരുന്നു! പ്രേംനസീറിന്റെ താരപരിവേഷവും ആരാധകവൃന്ദവും പരിഗണിക്കുന്ന ഒരു സംവിധായകനും നിര്‍മ്മാതാവും സ്വപ്‌നത്തില്‍ പോലും ധൈര്യം കാണിക്കാത്ത തൊട്ടാല്‍പ്പൊള്ളുന്ന പരീക്ഷണം. സഹോദരന് ഒരു വരുമാനമാര്‍ഗമുണ്ടാക്കിക്കൊടുക്കാന്‍ മാത്രമല്ല, രണ്ടാമതൊരു നിര്‍മാതാവിന്റെ കാശുപയോഗിക്കാതെ ഇത്തരം പരീക്ഷണങ്ങള്‍ക്കു വേണ്ടിക്കൂടിയാണ് അനുജന്‍ ചക്രപാണിയുമായിച്ചേര്‍ന്ന് നിര്‍മ്മാണസ്ഥാപനം തുടങ്ങിയതെന്നു പറഞ്ഞിട്ടുണ്ട് സേതുമാധവന്‍. നന്മയുടെ നിറകുടമായ നായകന്മാരെ മാത്രം നസീര്‍ തുടര്‍ച്ചയായി വെള്ളിത്തിരയില്‍ കെട്ടിയാടിയ കാലത്താണ് അദ്ദേഹത്തെ വഞ്ചകനും കൊലപാതകിയുമൊക്കെയാക്കുന്ന സിനിമകള്‍ സേതുമാധവന്‍ നിര്‍മ്മിക്കുന്നത്. യക്ഷിയില്‍ പാതിമുഖം കത്തിപ്പോയ നായകനായി സത്യനെ അവതരിപ്പിച്ചതിലും നിര്‍ണായകവും അപകടകരവുമായിരുന്നു ഇത്.

താരപ്രഭാവത്തിനപ്പുറം താരസ്വത്വങ്ങള്‍ക്കുള്ളിലെ മികച്ച അഭിനേതാക്കളെയാണ് സേതുമാധവന്‍ തന്റെ ചിത്രങ്ങളില്‍ കൂടൂതല്‍ ആശ്രയിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായ പ്രേംനസീറിന്റെ വേറിട്ട വേഷങ്ങളുടെ എണ്ണമെടുക്കുമ്പോള്‍ ഇരുട്ടിന്റെ ആത്മാവിനെയും പടയോട്ടത്തെയും പരാമര്‍ശിക്കുന്നവര്‍ കാണാതെ പോകുന്നത് അനുഭവങ്ങള്‍ പാളിച്ചകളിലെയും അടിമകളിലെയും അദ്ദേഹത്തിന്റെ മൂര്‍ത്തമായ അഭിനയമുഹൂര്‍ത്തങ്ങളെയാണ്. അതുപോലെ കടല്‍പ്പാലത്തിലേയും ഒരു പെണ്ണിന്റെ കഥയിലേയും ഓടയില്‍നിന്നിലെയും അനുഭവങ്ങള്‍ പാളിച്ചകളിലെയും യക്ഷിയിലെയും വേഷങ്ങളെണ്ണാതെ സത്യന്‍ എന്ന നടനെ അടയാളപ്പെടുത്തുകയും സാധ്യമല്ല. അവസാനകാല സിനിമയായ അറിയാത്ത വീഥികളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും നല്‍കിയ വേഷങ്ങളില്‍പ്പോലും ഈ നിഷ്‌കര്‍ഷ പ്രകടമാണ്.

സെറ്റില്‍ എം.ജി.ആര്‍ പോലും അനുസരണയോടെ മാത്രം നേരിട്ടിരുന്ന കാര്‍ക്കശ്യത്തിന്റെ പേരില്‍ പ്രസിദ്ധി നേടിയ ചലച്ചിത്രകാരന് സിനിമ ആവിഷ്‌കാര മാധ്യമം മാത്രമായിരുന്നില്ല, ജീവനായിരുന്നു; ജീവിതമായിരുന്നു. വൈരുദ്ധ്യങ്ങളുടെ തുടര്‍ച്ച അദ്ദേഹത്തിന്റെ സര്‍ഗജീവിതത്തിന്റെ അവസാനപാദം വരെ മിഴിവോടെ പ്രകടമാണ്. സിനിമ ജീവിതവും രാഷ്ട്രീയവുമായി മാറിയ തമിഴ്‌നാട്ടില്‍ നിന്ന് ഒരു സിനിമ ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടുന്നത് മലയാളിയായ കെ.എസ്.സേതുമാധവനിലൂടെയാണ്. ജയഭാരതിയും ശിവകുമാറും നായികാനായകന്മാരായ മറുപക്കം എന്ന ആ സിനിമയുടെ പേരില്‍ തമിഴകവും അദ്ദേഹത്തിനു കടപ്പെട്ടിരിക്കുന്നു.

വൈരുദ്ധ്യങ്ങളുടെ ജീവിതയാത്രയില്‍ 1994 നു ശേഷം സിനിമയുമായി ബന്ധമുണ്ടായിരുന്നു എന്നു പോലും തോന്നിപ്പിക്കാത്ത ഋഷിതുല്യമായ ജീവിതമായിരുന്നു സേതുമാധവന്‍േറത്. സിനിമയുടെ വേദികളില്‍ നിന്നെല്ലാം ബോധപൂര്‍വം തന്നെ അകന്നു നില്‍ക്കാനായിരുന്നു ശ്രമം. മക്കളൊക്കെ നല്ല നിലയിലായി, പ്രായം വിരമിക്കാനുള്ളതായി എന്ന ആത്മബോധത്തില്‍ ആത്മീയ പാതയിലായി അദ്ദേഹത്തിന്റെ ശ്രദ്ധ. വേദപുരാണങ്ങളില്‍ അഗാധ ജ്ഞാനം. ആത്മീയ ദര്‍ശനങ്ങളില്‍ അപാര ആഴം. ഇടയ്ക്ക് സിനിമയുമായി ബന്ധപ്പെട്ട ചില വേദികളില്‍ സമിതികളില്‍ ഒക്കെ വന്നത് ഒഴിച്ചുകൂടാനാവാത്ത സ്‌നേഹനിര്‍ബന്ധങ്ങള്‍ക്കു വഴിങ്ങിമാത്രം. ആരാധനയോടെ കാണാന്‍ അനുമതി ചോദിക്കുന്നവരോട് സിനിമ സംസാരിക്കില്ലെങ്കില്‍ കാണാം എന്നു പറഞ്ഞ് സ്വീകരിക്കുകയായിരുന്നു, കോടമ്പാക്കത്തെ ഡയറക്ടേഴ്‌സ് കോളനിയിലെ ആദ്യകാല വീടുകളിലൊന്നിലെ ഒന്നാം നിലയില്‍ ഭാര്യയുമൊത്ത് തീര്‍ത്തും സാധാരണ ജീവിതം നയിച്ചുപോന്ന സേതുമാധവന്റെ ശൈലി. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നായകന്മാരെ കിലുകിലേ വിറപ്പിച്ചു മുന്നില്‍ നിര്‍ത്തി കാലാതീത സിനിമകള്‍ സമ്മാനിച്ച ചലച്ചിത്രകാരനാണെന്ന് എഴുതിയൊട്ടിക്കേണ്ട പ്രകൃതം. മലയാളത്തിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയപ്പോഴും താനതിന് അര്‍ഹനാണോ എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്. സിനിമയുമായി ബന്ധപ്പെട്ട് സത്യജിത് റായിയുടെ ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കലണ്ടര്‍ മാത്രമാണ് അദ്ദേഹത്തിന്റെ വീട്ടിലെ സ്വീകരണമുറിയില്‍ കാണാനാവുക. തീയറ്ററില്‍ പോയി സിനിമ കാണുന്ന പതിവുപോലുമില്ല. എന്നാലും ചില സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ കാണുമായിരുന്നു. ജയസൂര്യയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വരെ പ്രകടനങ്ങളെപ്പറ്റി വലിയ മതിപ്പും കാത്തുസൂക്ഷിച്ചു. ഒപ്പം പ്രവര്‍ത്തിച്ച കലാകാരന്മാരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട അഭിനേതാവാരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെയാണ് അദ്ദേഹം മറുപടി പറഞ്ഞത്-കെ.പി..എ.സി ലളിത! 

സാഹിത്യം പോലെ സിനിമയില്‍ പാട്ടുകള്‍ക്കു പ്രാധാന്യം കല്‍പിച്ച സംവിധായകനാണ് സേതുമാധവന്‍. രചനാഗുണത്തിലും ഈണത്തിലും നിലവാരം പുലര്‍ത്തുന്ന ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിലും ആ നിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം നിഷ്‌കര്‍ഷ പുലര്‍ത്തി. തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യം ആദ്യമായി മലയാളത്തില്‍ പാടുന്നത് കടല്‍പ്പാലത്തിലാണ്. സംഗീതപശ്ചാത്തലമില്ലാഞ്ഞിട്ടുകൂടി സിനിമകളില്‍ മികച്ച ഗാനങ്ങള്‍ യുക്തിനിഷ്ഠമായി ഉള്‍പ്പെടുത്താനും പശ്ചാത്തലസംഗീതത്തെ കയ്യൊതുക്കത്തോടെ വിന്യസിക്കാനും സാധിച്ച പ്രതിഭ.

മനുഷ്യന്‍ കാലാതീതനല്ല. പക്ഷേ കല കാലത്തെ അതിജീവിക്കും. ഈ ലോകത്തിനിയില്ലെങ്കിലും അദ്ദേഹത്തിന്റെ അന്യാദൃശമായ സിനിമാരചനകള്‍ നമുക്കൊപ്പമുണ്ടല്ലോ എന്നതില്‍ അഭിമാനിക്കാനാവുന്ന ഇതിഹാസമായിരുന്നു കെ.എസ്.സേതുമാധവന്‍. ചെയ്തതൊന്നും താനല്ലെന്നും വാഴ്ത്തിപ്പാടാനും മാത്രം താനൊന്നും ചെയ്തില്ലെന്നുമുള്ള വിനയത്തില്‍ അവസാനം വരെ ജീവിച്ച നിസ്വനായ കലാകാരന്‍. അതായിരുന്നു സേതുമാധവന്‍.