Showing posts with label chithrabhumi. Show all posts
Showing posts with label chithrabhumi. Show all posts

Thursday, November 27, 2008

ദൃശ്യപ്രളയത്തില്‍ ചൂണ്ടയിടുമ്പോള്‍



പ്രേംചന്ദ് ചിത്രഭു‌മി 
പുസ്തകം 27, ലക്കം 34, ഡിസംബര്‍ 4 

നോയിസ്
പംക്തി
 
സൂക്ഷ്മവിശകലനത്തില്‍ ചലച്ചിത്രചിന്തയെന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് ഒരേസമയം കമ്പോളത്
തേയും അതു കൈകാര്യം ചെയ്യുന്ന ദൃശ്യലോ കത്തെയും കൂട്ടിയിണ ക്കുന്ന ഒരു വായന യാണു ലോകത്തിനു മുമ്പാകെ വയ്ക്കു ന്നത്. ചരിത്ര നിരപേക്ഷ മായി ഇങ്ങനെ യൊരു വായന സാധ്യ മല്ലെന്നതുകൊണ്ടുതന്നെ സിനിമകളെക്കുറിച്ചുള്ള ഏതു പരാമര്‍ശങ്ങള്‍ക്കും രാഷ്ട്രീയ ധ്വനികളേറെയാണ്.
ചലച്ചിത്ര നിരൂപണം മിക്കവാറും അസാധ്യമാകുന്ന സന്ദര്‍ഭവും ഇതുതന്നെ. കാരണം സിനിമ നല്ലതോ ചീത്തയോ എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരം പോലും വന്നു തൊടുന്നത് കമ്പോളത്തിന്റെ മര്‍മ്മത്തിലാണ്. ഏറ്റവും വലിയ അധികാരി ഇന്ന് കമ്പോളമായിരിക്കുന്നതുകൊണ്ട് ആ ദൈവത്തിന്റെ ഇംഗിതങ്ങള്‍ ധിക്കരിച്ച് മുന്നോട്ടുപോവുകയെന്നത് ചലച്ചിത്രചിന്തയെ ദുഷ്‌കരമാക്കുന്നു.
ഈ സ്‌കൂളില്‍ നിന്നു വ്യത്യ്‌സ്തമായി സിനിമയെ രാഷ്ട്രീയേതരമായി വീക്ഷിക്കാനുള്ള വ്യത്യസ്തമായ ഒരു ശ്രമമാണ് എ.ചന്ദ്രശേഖറിന്റെ ബോധതീരങ്ങലില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകം. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്ള അനുഭവസമ്പത്താണു ചന്ദ്രശേഖറിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ലോകസിനിമകളുമായുള്ള ദീര്‍ഘകാല പരിചയത്തോടൊപ്പം മലയാളത്തിലെ വ്യത്യസ്ത ചലച്ചിത്രധാരകളുമായുള്ള അടുത്ത ബന്ധം കൂടിയാകുമ്പോള്‍ അത് എഴുത്തുകാരന്റെ സാമൂഹിക മൂലധനമായി പരിണമിക്കുന്നു. പതിവ് ആര്‍ട്ട്/കൊമ്മേഴ്‌സ്യല്‍ വിഭജനത്തെ പൊതുവില്‍ ചന്ദ്രശേഖറിന് മറികടക്കാന്‍ കഴിയുന്നുണ്ട്.
പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയം അതിഗഹനമാണ്. സമയത്തെ വ്യത്യസ്ത മാധ്യമങ്ങളില്‍ ആവിഷ്‌കരിച്ച തത്വചിന്തകനായ ബെര്‍ഗ്‌സണ്‍ മുതല്‍ ചലച്ചിത്രകാരനായ ആന്ദ്രേ തര്‍ക്കോവ്‌സ്‌കി വരെയുള്ളവരുടെ ചിന്തകളെ പുസ്തകം കണക്കിലെടുക്കുകയും ചെയ്യുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നുള്ള സിനിമകളെയും ചലച്ചിത്രകാരന്മാരെയും ഈ പഠനത്തിലേക്ക് കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുന്നിടത്താണ് ചന്ദ്രശേഖറിന് പിഴവുകള്‍ പറ്റുന്നത്. അവിടെ തിരഞ്ഞെടുപ്പിലെ നീതി കൈവെടിയുകയും പരമ്പരാഗത രീതിയില്‍ പതിവു വാര്‍പുമാതൃകകളെ ആശ്രയിക്കുകയും ചെയ്യുന്നു.
ഏതു പോസ്റ്റിനാണോ ഒരാള്‍ക്ക് കാവല്‍ നില്‍ക്കേണ്ടിവരുന്നത് ആ പോസ്റ്റിന്റെ വെളിച്ചത്തിന് ചിന്തകളെ തെറ്റായി സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന വസ്തുത എഴുത്തുകാര്‍ വിസ്മരിക്കാന്‍ പാടില്ലാത്തതാണ്. ആ നിലയ്ക്ക്, ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അമൃത ടെലിവിഷനില്‍ ന്യൂസ് എഡിറ്ററായിരിക്കുന്ന വേളയില്‍ എഴുതപ്പെട്ട ഈ പുസ്തകം ആ തസ്തിക വിട്ടശേഷമുള്ള കാലത്തെ മാറിയ പോസ്റ്റിന്റെ വെളിച്ചത്തില്‍ ഒരു എഡിറ്റിങ് ആവശ്യപ്പെടുന്നുണ്ട്. എങ്കിലേ പുതിയ കാലത്തോട് പുസ്തകത്തിന് നീതിപുലര്‍ത്താനാവൂ.
ദൃശ്യപ്രളയത്തില്‍ ചൂണ്ടയിടുന്നവര്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും അകലങ്ങളുമുണ്ട്. അതില്ലാതെയായാല്‍ എഴുത്തുകാരനും ആ പ്രവാഹത്തില്‍ ഒലിച്ചു പോവും. ചന്ദ്രശേഖറിന്റെ ഈ സംര്ംഭം അങ്ങനെ ഒലിച്ചുപോകാതെ മലയാളത്തിലെ ചലച്ചിത്രചിന്തയെ ഗഹനമാക്കാന്‍ സഹായിക്കുന്ന വഴികാട്ടിയാണ്.