Showing posts with label article. Show all posts
Showing posts with label article. Show all posts

Sunday, January 05, 2025

ശ്യാം ബെനഗല്‍: സമാന്തരസിനിമയില്‍ സമാനതകളില്ലാതെ...


 Kala Kaumudi January 5-12, 2026

എ.ചന്ദ്രശേഖര്‍

സ്വതന്ത്ര ഇന്ത്യയില്‍ സാഹിത്യവും സിനിമയുമൊക്കെ പുതിയ ദിശാബോധത്തോടെ നവഭാവുകത്വമാര്‍ന്നു വികസിച്ച കാലഘട്ടമായിരുന്നു എഴുപതുകളുടെ ഉത്തരാര്‍ധം. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലൂടെ പുതിയ കാഴ്ചസംസ്‌കാരവും, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സിനിമ പഠിച്ചിറങ്ങിയ ഒരുപറ്റം ചലച്ചിത്രപ്രവര്‍ത്തകരിലൂടെ പുതിയ സിനിമയും ഉടലെടുത്ത കാലം. ഒത്തുതീര്‍പ്പുകളില്ലാത്ത സ്വതന്ത്ര സിനിമകളുടെ ചാകരക്കാലമായിരുന്നു അത്. മധ്യവര്‍ത്തി, സമാന്തരം എന്നൊക്കെ മാധ്യമങ്ങളും നിരൂപകരും ചെല്ലപ്പേരിട്ടുവിളിച്ച ഇന്ത്യന്‍ സിനിമയുടെ ആ നവഭാവുകത്വമുന്നേറ്റത്തിന് ചുക്കാനേന്തിയവരില്‍ മുന്‍നിരക്കാരനായിരുന്നു ഹൈദരാബാദുകാരനായ ശ്യാം ബെനഗല്‍. ഇന്ത്യന്‍ സിനിമ കണ്ടയിലെ ഇതിഹാസമായിരുന്ന ഗുരുദത്തിന്റെ ബന്ധു. ആന്ധ്രയിലെ തിരുമലഗിരിയില്‍ ഫോട്ടോഗ്രാഫറായിരുന്ന കര്‍ണാടകക്കാരന്‍ ശ്രീധര്‍ ബി ബെനഗലിന്റെ മകന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളായിത്തീര്‍ന്നു.
ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ എം.എ നേടിയ ശ്യാം പന്ത്രണ്ടാം വയസില്‍ അച്ഛന്‍ സമ്മാനിച്ച ക്യാമറ കൊണ്ടാണ് ആദ്യമായി ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നത്. പഠന കാലത്ത് ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിന് മുന്‍ കൈയെടുത്തു. പഠിക്കുമ്പോഴെ എഴുത്തും വായനയുമൊക്കെ ശ്യാമിന് ജീവനായിരുന്നു. സത്യജിത് റേയെപ്പോലെ പരസ്യരംഗത്തുനിന്നാണ് ശ്യാമിന്റെ ചലച്ചിത്രപ്രവേശം. (റേയെപ്പറ്റി 1985ല്‍ സത്യജിത് റേ എന്ന പേരില്‍ തന്നെ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ശ്യാം ബെനഗല്‍)1959ല്‍ മുംബൈയില്‍ ലിന്റാസ് പരസ്യ ഏജന്‍സിയില്‍ പരസ്യമെഴുത്തു തൊഴിലായി സ്വീകരിച്ചെത്തിയ ശ്യാം വൈകാതെ അതിന്റെ ക്രിയേറ്റീവ് ഹെഡായി. ആ സമയത്തു തന്നെയാണ് ഗുജറാത്തി ഭാഷയില്‍ ഘേര്‍ ബെഹ്ത ഗംഗ(1962) എന്ന പേരില്‍ ഗംഗയെപ്പറ്റി ഒരു ഹ്രസ്വചിത്രം ഒരുക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ പരസ്യചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. തൊള്ളായിരത്തിനടുത്ത് ഹ്രസ്വചിത്രങ്ങളും സത്യത്തില്‍ അതായിരുന്നു അദ്ദേഹത്തിന്റെ സിനിമാക്കളരി. അതിനിടെ തന്നെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്നുമുണ്ടായിരുന്നു. 1970ല്‍ ഹോമി ജെ ഭാഭ ഫെലോഷിപ്പ് നേടി ന്യൂയോര്‍ക്കിലെ ചില്‍ഡ്രന്‍സ് ടെലിവിഷന്‍ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു.
1973ലാണ് ശ്യാം ബെനഗല്‍ എന്ന കഥാചിത്ര സംവിധായകന്റെ അങ്കുരം. മാതൃനാട്ടിലെ സ്ത്രീജീവിതം കേന്ദ്രീകരിച്ച്, വിവിധ സാമ്പത്തിക ശ്രേണികളിലെ സ്ത്രീചൂഷണത്തിന്റെ കഥ പറഞ്ഞ അങ്കുര്‍ ഇന്ത്യന്‍ സിനിമയ്ക്ക് ചില പുതിയ താരമുഖങ്ങളെയും പരിചയപ്പെടുത്തി. പില്‍ക്കാലത്ത്, നവതരംഗം എന്നു വിളിക്കപ്പെട്ട ചലച്ചിത്രമുന്നേറ്റത്തിന്റെ ഭാഗമായി അടയാളപ്പെട്ട ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായ ശബാന ആസ്മിയും കര്‍ണാടകയിലെ മുന്‍നിര താരവും രാഷ്ട്രീയപ്രവര്‍ത്തകനുമൊക്കെയായിത്തീര്‍ന്ന അനന്ത് നാഗുമായിരുന്നു അവര്‍. 1975ലെ മികച്ച രണ്ടാമത്തെ ചിത്രം മികച്ച നടി എന്നീ ദേശീയ ബഹുമതികള്‍ നേടിയ അങ്കുര്‍ ഇന്ത്യന്‍ നവസിനിമയുടെ പതാകവാഹകരുടെ പട്ടികയില്‍ ശ്യാം ബെനഗല്‍ എന്ന പേരും എഴുതിച്ചേര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് നിഷാന്ത് (1975), മന്ഥന്‍(1976), ഭൂമിക (1977) എന്നിവയുടെ വരവ്. ശബാനയെ പിന്തുടര്‍ന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളായി പേരെടുത്ത നസീറുദ്ദീന്‍ ഷാ, ഓം പുരി, സ്മിത പാട്ടില്‍, കുല്‍ഭൂഷണ്‍ കര്‍ബന്ധ തുടങ്ങിയവരെയൊക്കെ ഈ ചിത്രങ്ങളിലൂടെ ശ്യാമാണ് പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് ശ്യാം ബെനഗല്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സംഭാവന, അദ്ദേഹം ചെയ്ത ചലച്ചിത്രങ്ങളേക്കാള്‍, ഈ നവഭാവുകത്വ താരങ്ങള്‍ കൂടിയാണ്.1975ല്‍ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിക്കു വേണ്ടി സ്മിത പാട്ടിലിനെ നായികയാക്കി ചരന്‍ദാസ് ചോര്‍ എന്ന പേരില്‍ ബാലചിത്രവും സംവിധാനം ചെയ്തു.
ഇന്ത്യന്‍ സിനിമയുടെ സാമൂഹികപ്രതിബദ്ധതയുടെ കൂടി മകുടോദാഹരണമായിട്ടാണ് മന്ഥന്‍ കണക്കാക്കപ്പെടുന്നത്. ഗുജറാത്തില്‍ ഒരു മലയാളി ചെന്ന് ഗ്രാമഗ്രാമാന്തരങ്ങളിലെ ഗോകര്‍ഷകരെ സംഘടിപ്പിച്ച് പാല്‍ സഹകരണസംഘങ്ങളുണ്ടാക്കി പിന്നീട് ഇന്ത്യയുടെ ധവളവിപ്‌ളവത്തിന്റെ ചുക്കാനായിമാറിയ അമുല്‍ എന്ന ബ്രാന്‍ഡുണ്ടാക്കാന്‍ പെട്ട പെടാപ്പാടിന്റെയും സാഹസത്തിന്റെയും കഥ പറഞ്ഞ സിനിമയായിരുന്നു അത്. ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ ആളുക്ക് രണ്ടു രൂപവീതം സംഭാവനചെയ്ത് ക്രൗഡ് ഫണ്ടിങ്ങിലൂടെ അമുലിന്റെയും കുര്യന്റെയും പിന്തുണയോടെ പൂര്‍ത്തീകരിച്ച സിനിമ, കന്നട നടനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിനെ ഹിന്ദി സമാന്തര സിനിമയില്‍ മുന്‍നിരതാരമായി പ്രതിഷ്ഠിച്ചു. സമാനമായി ഇന്ത്യയിലെ കൈത്തറിമേഖലയുടെ കഥ പറഞ്ഞ സുസ്മന്‍ (1987) കൈത്തറി സഹകരണസംഘങ്ങളുടെ ക്രൗഡ് ഫണ്ടിങ് വഴി നിര്‍മ്മിക്കപ്പെട്ടതാണ്. ഇന്ത്യന്‍ റയില്‍വേയുടെ ധനസഹായത്തോടെ പിന്നീട് ദൂരദര്‍ശനു വേണ്ടി യാത്ര(1986) എന്ന പേരില്‍ ഒരു പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട് ശ്യാം.
യഥാതഥവും മണ്ണില്‍ ചവിട്ടി നില്‍ക്കുന്നതുമായ പ്രമേയങ്ങളും ഇതിവൃത്തവും ആവിഷ്‌കാരവുമായിരുന്നു ശ്യാം സിനിമകളുടെ മുഖമുദ്ര. പ്രകടനപരതയില്ലാത്ത, പ്രിട്ടന്‍ഷ്യന്‍ഷ്യസ് അല്ലാത്ത ചലച്ചിത്രസങ്കല്‍പമായിരുന്നു അദ്ദേഹത്തിന്റേത്. സിനിമയെ മനുഷ്യകഥാനുഗായിയായി അദ്ദേഹം കണക്കാക്കി. മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകളും അവയുടെ പാരസ്പര്യത്തിന്റെ വൈരുദ്ധ്യങ്ങളും അദ്ദേഹത്തിന് ഇഷ്ടവിഷയമായിരുന്നു.പ്രമുഖ മറാത്തി നാടകനടി ഹന്‍സ വാഡ്കറുടെ ജീവിതം അധികരിച്ച് നിര്‍മിച്ച ഭൂമിക(1977) സ്മിത പാട്ടില്‍ എന്ന ഇന്ത്യ കണ്ട മറ്റൊരു മഹാനടിയെയും ദേശീയതലത്തില്‍ അടയാളപ്പെടുത്തി. അങ്ങനെയാണ് ശ്യാം ബെനഗല്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യന്‍ സിനിമയുടെ തറവാടായ കപൂര്‍ ഖാന്ധാനില്‍പ്പെട്ട മുഖ്യധാരാ താരം ശശികപ്പൂറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് 1978ല്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ ജുനൂണ്‍ സംവിധാനം ചെയ്തു. 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ സിനിമ. തുടര്‍ന്നും ശശികപൂര്‍ തന്നെ നിര്‍മ്മിച്ച്, മഹാഭാരതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട കലിയുഗ് (1981) പുറത്തുവന്നു. ഒരു വ്യവസായ കുടുംബത്തിലെ രണ്ടു സഹോദരങ്ങളുടെ കഥ പറഞ്ഞ കലിയുഗ് ബെര്‍ളിന്‍ ചലച്ചിത്രമേളയിലേക്കടക്കം തെരഞ്ഞെടുക്കപ്പെടുകയും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു.1982ല്‍ ഓം പുരിയേയും വിക്ടര്‍ ബാനര്‍ജിയെയും പങ്കജ് കപൂറിനെയും വച്ച് ഗ്രാമ കര്‍ഷകരുടെ ചൂഷണകഥ പറഞ്ഞ ആരോഹണും മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.
ഇന്ത്യന്‍ സിനിമയില്‍ അന്നോളം ആരും കൈവയ്ക്കാത്ത ഒരു മേഖലയിലേക്കാണ് പിന്നീട് ശ്യാം നോട്ടം തിരിച്ചത്. ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതവും രാഷ്ട്രീയവും ചിത്രീകരിച്ച മണ്ഡി (1983) നിരൂപക ശ്രദ്ധയോടൊപ്പം ഏറെ വിവാദങ്ങളുമുണ്ടാക്കി. ശബാന ആസ്മിയും സ്മിത പാട്ടിലും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു അത്. തുടര്‍ന്ന് ഗോവന്‍ പശ്ചാത്തലത്തില്‍ അറുപതുകളിലെ കഥ പറഞ്ഞ ത്രികാല്‍ (1987). 1994ല്‍ ഫരീദ ജലാല്‍ രജിത് കപൂര്‍ എന്നിവരെ വച്ചൊരുക്കിയ മാമ്മോ മികച്ച ഹിന്ദി ചിത്രം മികച്ച സഹനടി(സുരേഖ സിക്രി) എന്നിവയ്ക്കുള്ള ദേശീയ ബഹുമതി നേടി. 1984ല്‍ നെഹ്രു, 1985ല്‍ സത്യജിത് റേ എന്നീ ഹ്രസ്വചിത്രങ്ങളും ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി.
അപ്പോഴേക്ക് ഇന്ത്യന്‍ മുഖ്യധാരയും ശ്യാം ബെനഗല്‍ എന്ന സംവിധായകനില്‍ വിശ്വാസമര്‍പ്പിക്കുകയും അദ്ദേഹത്തിന് കുറേക്കൂടി വലിയ ക്യാന്‍വാസില്‍ സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ കരഗതമാവുകയും ചെയ്തു. അങ്ങനെയാണ് സമാന്തരസിനിമയുടെ പരിമിതികള്‍ക്കപ്പുറമുള്ള വിശാല ക്യാന്‍വാസില്‍ കിരണ്‍ ഘേറിനെയും അമൃിഷ് പുരിയെയും രജിത് കപൂറിനെയും വച്ച് സര്‍ദാരി ബീഗം(1996), രേഖ, കരിഷ്മകപൂര്‍, മനോജ് വാജ്‌പേയി, ശക്തി കപൂര്‍ എന്നിവരെ വച്ച് രാജസ്ഥാനിലെ മഹാരാജാവിന്റെ രണ്ടാംഭാരിയയാവേണ്ടി വന്ന സിനിമാനടിയുടെ കഥ പറഞ്ഞ സുബൈദ(2001) എന്നിവ പുറത്തുവരുന്നത്. യാഷ് രാജ് ഫിലംസ് വിതരണം ചെയ്ത ഈ ബിഗ് ബജറ്റ് സിനിമ അക്ഷരാര്‍ത്ഥത്തില്‍ ശ്യാമിന്റെ മുഖ്യധാരാപ്രവേശനവിളംബരമായതിനു പുറമേ, മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതിയും കരിഷ്മയ്ക്കു മികച്ച നടിക്കുള്ള ദേശീയബഹുമതിയും നേടി നിരൂപകശ്രദ്ധയും നേടി. എ ആര്‍ റഹ്‌മാനായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
തുടര്‍ന്ന് ധര്‍മ്മവീര്‍ ഭാരതിയുടെ നോവലിനെ അധികരിച്ച് എന്‍ എഫ് ഡി സി നിര്‍മ്മിച്ച് രജിത് കപൂര്‍, അമൃിഷ് പുരി നീന ഗുപ്ത, പല്ലവി ജോഷി തുടങ്ങിവരഭിനയിച്ച സൂരജ് കാ സാത്വന്‍ ഘോഡ(1992)യും മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി. നാലു വര്‍ഷത്തിനുശേഷം 1996ല്‍ ദക്ഷിണാഫ്രിക്കയില്‍ മഹാത്മ ഗാന്ധി നേരിടേണ്ടി വന്ന അഗ്നിപരീക്ഷകളുടെ ചരിത്രം പറഞ്ഞ ദ് മേക്കിങ് ഓഫ് മഹാത്മ പുറത്തുവന്നു. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിശിഷ്യന്റെ മകളായ എഴുത്തുകാരി ഫാത്തിമ മിറിന്റെ രചനയില്‍ രജത് കപൂറിനെയും പല്ലവി ജോഷിയേയും നായികാനായകന്മാരാക്കിയ ചിത്രം ആ വര്‍ഷത്തെ മികച്ച നടനും മികച്ച ഇംഗ്‌ളീഷ് ഭാഷാചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡുകള്‍ നേടി
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അങ്കുര്‍ മുതല്‍ തന്നെ വിമര്‍ശനവിധേയമാക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്ത ശ്യാം 1999ല്‍ രാജേശ്വരി സച് ദേവ്, രജിത് കപൂര്‍ സീമ ബിശ്വാസ് എന്നിവരെ വച്ചു സംവിധാനം ചെയ്ത സമര്‍ ആ വിമര്‍ശനത്തെ അതിന്റെ ഉത്തുംഗത്തിലെത്തിച്ചു. മികച്ച സിനിമ, തിരക്കഥ (അശോക് മിശ്ര) എന്നിവയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് സമര്‍. 1999ല്‍ രജിത് കപൂറിനെയും ശബാന ആസ്മിയേയും വച്ചു സംവിധാനം ചെയ്ത ഹരി ഭരി മികച്ച സാമൂഹികക്ഷേമചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി.
2005ല്‍ മറാത്തി നടന്‍ സച്ചിന്‍ ഖേഡകറിനെ നായകനാക്കി നേതാജി സുഭാഷ് ചന്ദ്രബോസ് ദ് അണ്‍ഫോര്‍ഗോട്ടണ്‍ ഹീറോ എന്നൊരു ജീവചരിത്ര സിനിമ കൂടി സംവിധാനം ചെയ്തു അദ്ദേഹം. അതാവട്ടെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനും മികച്ച കലാസംവിധാനത്തിനുമുള്ള ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി. 
ചലച്ചിത്ര ജീവിതത്തില്‍ അന്ത്യനാളുകള്‍ വരെയും സജീവമായി തന്നെ നിലനിന്ന ശ്യാം ബെനഗല്‍ തുടരെത്തുടരെ സിനിമകളെടുത്ത സംവിധായകനാണ്. 2008ല്‍ പുതുതലമുറ താരങ്ങളായ ശ്രേയസ് തല്‍പഡെ, അമൃത റാവു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ വെല്‍ക്കം ടു സജ്ജന്‍പൂര്‍ കലാപരമായും കച്ചവടപരമായും മികച്ച വിജയം കരസ്ഥമാക്കി. 2010ല്‍ അശോക് മിശ്രയുടെ തിരക്കഥയില്‍ ബോമന്‍ ഇറാനി  രവികിഷന്‍ മനീഷ ലാംബ എന്നിവരെ വച്ചൊരുക്കിയ വെല്‍ഡണ്‍ അബ്ബ എന്ന രാഷ്ട്രീയാക്ഷേപഹാസ്യവും ശരാശരി വിജയം നേടി. 
ജീവചരിത്ര സിനിമകള്‍ക്കു പുതിയൊരു മാനം നല്‍കിയ ചലച്ചിത്രകാരനായിരുന്നു ശ്യാം. ഭൂമികയില്‍ തുടങ്ങി സുബൈദ, മേക്കിങ് ഓഫ് ദ് മഹാത്മ, സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെ നീണ്ട ആ ചലച്ചിത്രസപര്യ അവസാനിക്കുന്നത് ബംഗ്‌ളാദേശിന്റെ പിറവിക്കു ചുക്കാനേന്തിയ ഷെയ്ക്ക് മുജിബുര്‍ റഹ്‌മാന്റെ ജീവതം പറഞ്ഞ മുജീബ് ദ് മേക്കിങ് ഓഫ് എ നേഷന്‍ (2023) എന്ന ചിത്രത്തിലാണ്. ബംഗ്‌ളാദേശി സര്‍ക്കാരാണ് ആ ചിത്രം നിര്‍മ്മിച്ചത്.
ഉള്ളടക്കത്തില്‍ മാത്രമല്ല സിനിമയുടെ രൂപഭാവത്തിലും നവീന ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും ഘടനയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്ത ചലച്ചിത്രകാരനാണ് ശ്യാം. തന്റെ റിയലിസ്റ്റ് ദൃശ്യപരിചരണ സമീപനം കൈവിടാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഛായാഗ്രഹണത്തിലും സന്നിവേശത്തിലും പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നിട്ടുണ്ടദ്ദേഹം. ഗോവിന്ദ് നിഹ് ലാനിയെപ്പോലുള്ള മികച്ച ഛായാഗ്രാഹകരെ പരമാവധി വിനിയോഗിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരനാണ് ശ്യാം. അദ്ദേഹത്തിന്റെ ചലച്ചിത്രസങ്കല്‍പത്തില്‍ ഛായാഗ്രഹണത്തിനുള്ള പ്രാധാന്യത്തെപ്പറ്റി വിഖ്യാത ഛായാഗ്രാഹകനും ചലച്ചിത്രകാരനുമായ ഷാജി എന്‍ കരുണ്‍ പ്രശംസിച്ചിടുണ്ട്. സത്യജിത് റേയ്ക്ക് നിമായ് ഘോഷ് എന്നപോലെ, അരവിന്ദന് ഷാജി എന്‍ കരുണിനെപ്പോലെ, അടൂരിന് മങ്കട രവിവര്‍മ്മയെപ്പോലെ, ശ്യാം ബെനഗലിന്റെ മനസ്സറിഞ്ഞ ഛായാഗ്രാഹകനായിരുന്നു പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകനായിത്തീര്‍ന്ന ഗോവിന്ദ് നിഹ് ലാനി. ഗോവിന്ദില്ലാതെ അദ്ദേഹം സിനിമ ആലോചിച്ചു തുടങ്ങിയത്, ഷാജി സ്വതന്ത്ര സംവിധായകനായശേഷം അരവിന്ദന്‍ മറ്റൊരാളെ ആലോചിച്ചതുപോലെയാണ്. അത്രമേല്‍ ഇഴയടുപ്പം വച്ചുപുലര്‍ത്തിയ, മാറിയ സിനിമ സ്വപ്‌നം കണ്ടവരായിരുന്നു ശ്യാമും ഗോവിന്ദും.അതുപോലെ തന്നെ ഇന്ത്യന്‍ ക്‌ളാസിക്കലിനോടൊപ്പം പാശ്ചാത്യ സംഗീതത്തിലും വിദൂഷിയായിരുന്ന വന്‍രാജ് ഭാട്ടിയയെ തന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലും ടിവി പരമ്പരകളിലും സംഗീതസംവിധായകനായി ആവര്‍ത്തിച്ചിട്ടുണ്ട് ശ്യാം. പരസ്യസംഗീതരംഗത്തെ മുടിചൂടാ മന്നനായിരുന്ന ഭാട്ടിയയുടെ പ്രതിഭ തിരിച്ചറിഞ്ഞ, പിന്നീട് എ ആര്‍ റഹ്‌മാനെ വരെ സംഗീതസംവിധായകനാക്കിയ അദ്ദേഹത്തിന്റെ സംഗീതബോധത്തിന്റെ കൂടി പ്രതിഫലനമായി ഇതിനെ കണക്കാക്കാം. 
അഭിനേതാക്കളില്‍ നിന്ന് മികച്ച നടനമുഹൂര്‍ത്തങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിലും വിദഗ്ധനായിരുന്നു ശ്യാം. കമ്പോള മുഖ്യധാരയില്‍ വില്ലന്‍ വേഷങ്ങളില്‍ കോമാളിയാക്കപ്പെട്ട അമൃിഷ് പുരി എന്ന അനുഗ്രഹീത നടന്റെ മറ്റൊരു മുഖം പ്രേക്ഷര്‍ അനുഭവിച്ചത് ശ്യാം ബെനഗല്‍ ചിത്രങ്ങളിലൂടെയാണ്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീടനടന്മാരെ കണ്ടെത്തുന്നതിലും അസൂയാര്‍ഹമായ ചാതുരി പ്രകടമാക്കിയ ചലച്ചിത്രകാരനാണദ്ദേഹം. അങ്കുറില്‍ തന്നെ ജമീന്ദാറുടെ ചെയ്തികളെ ചോദ്യം ചെയ്യാനാവാതെ വീര്‍പ്പുമുട്ടുന്ന അടിമയുടെ വേഷത്തില്‍ സാധു മെഹറിനെപ്പോലൊരു നടനെ കാസ്റ്റ് ചെയ്തതു മുതല്‍ ആ പ്രാഗത്ഭ്യം പ്രകടമാണ്.
ടെലിവിഷനിലും അനന്യമായ സാന്നിദ്ധ്യം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് ശ്യാം ബെനഗല്‍. ഇന്ത്യന്‍ ടെലിവിഷനില്‍ സമാനതകളില്ലാത്ത ടിവി നിര്‍മ്മിതിയായിരുന്നു ദൂരദര്‍ശനു വേണ്ടി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ ആസ്പദമാക്കി അതേ പേരില്‍ അദ്ദേഹമൊരുക്കിയ മെഗാ പരമ്പര. 
റോഷന്‍ സേത്തായിരുന്നു നെഹ്രുവായി പ്രത്യക്ഷപ്പെട്ടത്. ഭാരത് ഏക് ഖോജ് എന്ന ആ ചരിത്ര പരമ്പരിയല്‍ ഓം പുരി നസീറുദ്ദീന്‍ ഷാ, സദാശിവ് അമൃപാര്‍ക്കര്‍, ടോം ആള്‍ട്ടര്‍, മിത വശിഷ്ഠ, പല്ലവി ജോഷി, ഇള അരുണ്‍, ഇര്‍ഫാന്‍ ഖാന്‍, പീയൂഷ് മിശ്ര, ഖുല്‍ബൂഷണ്‍ ഖര്‍ബന്ധ, പങ്കജ് ബെറി തുടങ്ങിയ വന്‍ താര നിര പ്രത്യക്ഷപ്പെട്ടു. വന്‍രാജ് ഭാട്ടിയുടേതായിരുന്നു സംഗീതം.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനും 1980 മുതല്‍ 86 വരെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഡയറക്ടറുമായിരുന്ന ശ്യാം 1980ലും 89ലും രണ്ടുവട്ടം പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി. സഹ്യാദ്രി ഫിലിംസിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു.മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ലോക മേളകളില്‍ പലതിലും ജൂറിയംഗവും അധ്യക്ഷനുമായി. നിഷാന്ത് കാന്‍ ചലച്ചിത്രമേളയില്‍ മത്സരിച്ചു. അങ്കുര്‍ ബെര്‍ളിന്‍ മേളയിലും. കലിയുഗം മോസ്‌കോ മേളയില്‍ ഗോള്‍ഡണ്‍ പ്രൈസ് കരസ്ഥമാക്കി.സമഗ്ര സംഭാവനകളെ മാനിച്ച് ഹൈദരാബാദിലെ ഓള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 2015ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.  ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് ബി എന്‍ റെഡ്ഡി ദേശീയ ബഹുമതിയും നേടി. 1976ല്‍ രാജ്യം പദ്മശ്രീ ബഹുമതിയും 1991ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചു. 1989ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, 2012ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡി ലിറ്റ്, 2016ല്‍ ഗ്വാളിയര്‍ സര്‍വകലാശാലയുടെ ഡി ലിറ്റ് എന്നിവ ലഭിച്ചു.
ഇന്ത്യ ബുക്ക് ഹൗസില്‍ എഡിറ്ററും എഴുത്തുകാരിയുമായ നീര മുഖര്‍ജി ബെനഗലാണ് ശ്യാമിന്റെ പങ്കാളി. ഫാഷന്‍ ഡിസൈനറായി പ്രസിദ്ധി നേടിയ പിയ ബെനഗലാണ് ഏക മകള്‍.
ഇന്ത്യന്‍ സമാന്തര സിനിമയില്‍ സമാനതകളില്ലാത്ത വിജയം പാറിച്ച അസാമാന്യ പ്രതിഭാശാലിയും ക്രാന്തദര്‍ശിയുമായിരുന്ന ശ്യാം ബെനഗലിനെ ഒഴിവാക്കി ഇന്ത്യന്‍ സിനിമയിലെ നവഭാവുകത്വ-നവതരംഗ ചരിത്രം രചിക്കപ്പെടില്ല. അത്രയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഈ പ്രതിഭാധനനനായ മനീഷിയുടെ അന്ത്യത്തോടെ ഒരു യുഗത്തിനു തന്നെ തിരശ്ശീലവീഴുകയാണ്.


Friday, May 06, 2022

ജോണ്‍പോള്‍ : സ്വയം തെളിച്ച പാതയില്‍ ചരിച്ച തിരക്കഥാകൃത്ത്

 

എ.ചന്ദ്രശേഖര്‍

ജീവിതത്തിലൊരിക്കലെങ്കിലും ജോണ്‍ പോളിനെ കണ്ടിട്ടുള്ളവര്‍ ആലോചിക്കുന്ന ഒരു കാര്യമുണ്ട്: അനര്‍ഗള നിര്‍ഗളമായി ഏതെങ്കിലും കോളജിലോ സര്‍വകലാശാലയിലോ സാഹിത്യം പഠിപ്പിക്കേണ്ടിയിരുന്ന ആളെങ്ങനെ തിരക്കഥാകൃത്താവും മുമ്പ് പൂര്‍വാശ്രമത്തില്‍ കണക്കുകളുടെ ലോകത്ത് ബാങ്കുദ്യോഗസ്ഥനായി ജോലി ചെയ്തു? ഉത്തരം വളരെ വ്യക്തമാണ്. സാങ്കല്‍പിക ജീവിതങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാണ് സാഹിത്യം. അഥവാ ജീവിതത്തെക്കുറിച്ചുള്ള സാങ്കല്‍പികമായ കണക്കുകൂട്ടലുകളാണത്. ഒറ്റവരിയിലൊരു ജീവിതത്തെ രണ്ടരമണിക്കൂര്‍ നേരത്തേക്കു കൃത്യവും വ്യക്തവും യുക്തവുമായ നാടകീയമുഹൂര്‍ത്തങ്ങള്‍ കോര്‍ത്ത് തിരക്കഥയായി എഴുതിവയ്ക്കാനുള്ള കണക്കുകള്‍ വഴങ്ങുന്ന തൂലികയായിരുന്നു ജോണ്‍ പോളിന്റേത്. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം നീളുന്ന വിധിയുടെ ഇടപെടലുകളെപ്പറ്റി പൂര്‍വനിശ്ചിതമായി കണക്കുകൂട്ടി കഥാപാത്രങ്ങളിലൂടെ കഥ പറയാനുള്ള അസാമാന്യ ചാതുര്യമായിരുന്നു അതിന് അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത്. എഴുത്തു വഴിമുട്ടുമ്പോള്‍ പല സിനിമാഎഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും അന്ത്യാശ്രമായിരുന്നു ജോണ്‍പോള്‍. കഥയുടെ വഴിയിലെ ഏതു സന്ദിഗ്ധതകളെയും വഴിമുടക്കുകളെയും ഭാവന കൊണ്ട് അതിലംഘിക്കാന്‍ ശേഷിയുണ്ടായിരുന്ന അപൂര്‍വ പ്രതിഭയായിരുന്നു ജോണ്‍പോള്‍. പരന്നതും ആഴത്തിലുമുള്ള വായനതന്നെയാണ് അതിനദ്ദേഹത്തെ പിന്തുണച്ചത്. അതേ വഴി തന്നെയാണ് തിരക്കഥയുടെ തിരുത്തലുകാരനായി ചലച്ചിത്രലോകത്തേക്ക് അദ്ദേഹത്തിനു ചവിട്ടടിയായതും.

സംഗീതം മൗനവും ഈണവും ചേര്‍ന്നുള്ള കൃത്യമായ കണക്കാണെങ്കില്‍, പ്രവചനീയവും അപ്രതീക്ഷിതവുമായ വിധിനിയോഗങ്ങളില്‍ കോര്‍ത്ത മനുഷ്യജീവിതത്തെ, കഥാപാത്രങ്ങളുടെ സങ്കീര്‍ണ മനോനിലകളുടെ ഫ്രെയിമുകളുടെ കണക്കൊപ്പിച്ച് അവതരിപ്പിക്കുന്നതില്‍ വിജയിച്ച തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. സര്‍വസാധാരണമായ പ്രമേയങ്ങള്‍ മുതല്‍ അസാധാരണ പ്രമേയങ്ങള്‍ വരെ ആ തൂലികത്തുമ്പില്‍ നിന്ന് ചിരകാലപ്രതിഷ്ഠ നേടിയ കലാമൂല്യവും ജനപ്രീതിയും നേടിയ ചലച്ചിത്രങ്ങളായി പിറവിയെടുത്തു. അതില്‍ ജീവിതത്തിന്റെ ചൂടും ചൂരും, ഹൃദയദ്രവീകരണശേഷിയുള്ള നാടകീയതയും സ്വാഭാവികമായി ഉള്‍ച്ചേര്‍ന്നു. സുഹൃത്തായ കലൂര്‍ ഡെന്നീസിന്റെ മാസികകളില്‍ ചലച്ചിത്ര പത്രപ്രവര്‍ത്തകനായും, പിന്നീട് അദ്ദേഹത്തിന്റെ തന്നെ പ്രേരണയില്‍ തിരക്കഥാതിരുത്തല്‍വാദിയായും സിനിമയുടെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് മടുപ്പിക്കുന്ന ബാങ്ക് ജീവിതത്തിനിടെയില്‍ നിന്നു മനുഷ്യകഥാനുഗായികളായ ചലച്ചിത്രങ്ങളുടെ രചനയുടെ നടവഴികളിലേക്ക്  അങ്കിള്‍ എന്ന വിളിപ്പേരില്‍ സിനിമയില്‍ അറിയപ്പെട്ടിരുന്ന ജോണ്‍ പോള്‍ കടന്നുവരുന്നത്. എഴുത്തില്‍ അനിതരസാധാരണമായൊരു ഭാഷാവഴക്കം കൈമുതലായുണ്ടായിരുന്നു അദ്ദേഹത്തിന്. അതുപോലെ, ഒരു കഥാതന്തുവില്‍ നിന്ന് രംഗങ്ങളായി അവയെ വികസിപ്പിക്കുന്നതിലും അസാമാന്യമായ ഭാവനാശേഷിയും അദ്ദേഹത്തിനു വശമുണ്ടായിരുന്നു. ജോണ്‍ പോളിന്റെ പേരില്‍ പുറത്തുവന്ന ചലച്ചിത്രങ്ങളുടെ വിഷയ വൈവിദ്ധ്യം മാത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ് ആ വലിപ്പം. ശരീരം കൊണ്ടു മാത്രമല്ല, ഭാവനാവിലാസം കൊണ്ടും സ്ഥൂലമായിരുന്നു ആ മനസ്. സഹകരിക്കാന്‍ സാധിച്ച സംവിധായകരുടെ പേരുകളിലും ആ പ്രതിഭാവ്യാപ്തി കണക്കുണ്ട്.കച്ചവടം കല എന്നീ വിഭജനങ്ങള്‍ക്കതീതമായി മികച്ച സിനിമകളുണ്ടാക്കുന്നതില്‍ എല്ലാ വിഭാഗത്തിലുമുള്ള സംവിധായകരുമായി സഹകരിക്കാന്‍, അവരെ ക്രിയാത്മകമായി പ്രചോദിപ്പിക്കാന്‍ ജോണ്‍ പോളിന് സാധിച്ചു. പി.എന്‍ മേനോന്‍, കെ.എസ് സേതുമാധവന്‍ തുടങ്ങി മലയാള സിനിമയിലെ തന്നെ ഇതിഹാസചലച്ചിത്രകാരന്മാരില്‍ തുടങ്ങി ഭരതന്‍, മോഹന്‍, ബാലു മഹേന്ദ്ര, ഭരത്‌ഗോപി തുടങ്ങിയ മധ്യവര്‍ത്തി ചലച്ചിത്രകാരന്മാര്‍ക്കും ഐ വി ശശി, സത്യന്‍ അന്തിക്കാട്, കെ.മധു, സിബി മലയില്‍, കമല്‍, ജോഷി, പി.ജി വിശ്വംഭരന്‍ തുടങ്ങി കമ്പോളസിനിമയിലെ തലതൊട്ടപ്പന്മാര്‍ക്കുമൊപ്പം ഒരുപോലെ സഹകരിക്കാനായ തിരക്കഥാകൃത്ത് എന്നതു തന്നെ ഒരു ബഹുമതിയാണ്. 

ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചാമരം, മര്‍മരം, പാളങ്ങള്‍, വിടപറയും മുമ്പേ, കഥയറിയാതെ, ഓര്‍മ്മയ്ക്കായ്, സന്ധ്യ മയങ്ങും നേരം, രചന, ഇത്തിരിപ്പൂവേ ചുവന്നപൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, മാളൂട്ടി, ചമയം, ഇളക്കങ്ങള്‍, കേളി തുടങ്ങിയ സിനിമകള്‍ മാത്രം എണ്ണിയാല്‍ മതി അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിപ്പം ബോധ്യപ്പെടാന്‍. ഇവയില്‍ വിദേശ സിനിമകളോട് ആശയാനുവാദം വാങ്ങിയ യാത്ര പോലുളള സിനിമകളുണ്ട്. തീര്‍ത്തും സ്വകീയമായ കാതോടുകാതോരവും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും, സമാനതകളില്ലാത്ത രചനയും പോലുള്ള സിനിമകളുമുണ്ട്.

എന്തിനെയും സിനിമാത്മകമായി, കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ ദൃശ്യാത്മകമായി അവതരിപ്പിക്കാനുള്ള സഹജമായ കഴിവാണെന്നു തോന്നുന്നു ജോണ്‍ പോള്‍ എന്ന തിരക്കഥാകാരനെ പകരം വയ്ക്കാനില്ലാത്ത വിഷ്വല്‍ നറേറ്റര്‍ ആക്കി മാറ്റിയത്. സ്വാനുഭവങ്ങള്‍ ചാലിച്ച് സിനിമയെപ്പറ്റിയും പരിചിതവലയത്തില്‍പ്പെട്ട ചലച്ചിത്രപ്രവര്‍ത്തകരെപ്പറ്റിയും അദ്ദേഹമെഴുതിയ ഒരു കടംകഥ പോലെ ഭരതന്‍, കാലത്തിനു മുമ്പേ നടന്നവര്‍, അടയാള നക്ഷത്രമായി ഗോപി, പരിചായകം കാഴ്ചയും കഥയും, ഓര്‍മ്മ വിചാരം, മധു ജീവിതം ദര്‍ശനം, മായാസ്മൃതി, പി.എന്‍ മേനോന്‍-വിഗ്രഹഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ തുടങ്ങിയ പുസ്തകങ്ങളിലെ അതിരുകവിഞ്ഞ പാരായണക്ഷമതയ്ക്കും അത്യാകര്‍ഷകമായ ആഖ്യാനശൈലിക്കും പിന്നിലെ രഹസ്യവും മറ്റൊന്നല്ല. വായനക്കാരന്റെ വൈകാരികശ്രദ്ധ അത്രമേല്‍ പിടിച്ചുപറ്റുംവിധമുള്ള എഴുത്തുശൈലി അനനുകരണീയമാണ്. പത്മരാജനെയും കെ.ജി.ജോര്‍ജിനെയും തിരക്കഥയെഴുത്തില്‍ നെഞ്ചോടു ചേര്‍ത്തുവച്ച ജോണ്‍പോളിലെ തിരക്കഥാകൃത്തിനെക്കൊണ്ട് കവിത്വം തുളുമ്പുന്ന സംഭാഷണങ്ങള്‍ എഴുതിച്ചതും ഇതേ അനന്യത തന്നെയാണ്. അക്ഷരങ്ങളുടെയും തിരയക്ഷരങ്ങളുടെയും പെരുന്തച്ചനായ സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായരുടെ ഹൃദയത്തിലിടം നേടുക മാത്രമല്ല, അദ്ദേഹത്തെ കൊണ്ട് ഒരു ചിത്രം സംവിധാനം ചെയ്തു (ഒരു ചെറു പുഞ്ചിരി) നിര്‍മ്മിക്കാനും അദ്ദേഹത്തെപ്പറ്റി എം.ടി.ഒരു അനുയാത്ര എന്ന പുസ്തകമെഴുതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടാനും സാധിച്ചത് എഴുത്തിലുള്ള ജോണ്‍പോള്‍ സവിശേഷതയ്ക്ക് ഉദാഹരണം.

സിനിമേതരമായി എഴുതിയ സി.ജെ.തോമസും സി.ജെ തോമസും, എം.കെ.സാനു മനുഷ്യനെ സ്‌നേഹിക്കുന്ന ഒരാള്‍ തുടങ്ങിയ രചനകളും അദ്ദേഹത്തിന്റെ രചനാവിശേഷം പ്രകടമാക്കുന്നതു തന്നെ. 

എന്തായിരുന്നു ജോണ്‍പോളിനെ മറ്റു തിരക്കഥാകൃത്തുക്കളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയ ഘടകം? ഒറ്റവരിയില്‍ പറഞ്ഞൊതുക്കാവുന്ന കഥാമര്‍മ്മങ്ങളില്‍ നിന്ന് ലക്ഷണയുക്തവും മനോരഞ്ജിത്വവും ഉറപ്പാക്കുന്ന ദൃശ്യരചനകള്‍ സൃഷ്ടിക്കാനായി എന്നതു തന്നെയാണ് ജോണ്‍പോളിന്റെ പ്രത്യേകത. ചുഴികളും ഉള്‍പ്പിരിവുകളും ധാരാളമുള്ള എപ്പിക്ക് സ്വഭാവമുള്ള കഥകളായിരുന്നില്ല ജോണ്‍പോള്‍ സിനിമകള്‍ക്കായി സ്വീകരിച്ചത്. ഉദാഹരണമായി എടുത്താല്‍ ജോണ്‍പോളും മോഹനും ഒന്നിച്ച വന്‍ ഹിറ്റായി മാറിയ വിട പറയും മുമ്പേയ്ക്കും അത്രവലിയ ഹിറ്റാകാത്തതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഇളക്കങ്ങള്‍ക്കും, ഭരതനു വേണ്ടി രചിച്ച ആലോലത്തിനും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിനും ഒരു സായാഹ്നത്തിന്റെ സ്വപ്‌നത്തിനും ഒന്നും വാസ്തവത്തില്‍ പറയാന്‍ അങ്ങനെയൊരു കഥ പോലുമില്ല. ഒരു വരിയിലോ മറ്റോ പറഞ്ഞു പോകാവുന്ന ഒരു സംഭവം, ഒരു വികാരം. പക്ഷേ ജോണ്‍ പോള്‍ അതില്‍ നിന്നു നെയ്‌തെടുത്തത് ജീവിതം തുളുമ്പുന്ന അവിസ്മരണീയമായ ചലച്ചിത്രാനുഭവങ്ങളാണെന്നതിന് ചരിത്രം സാക്ഷി. ചെറുകഥയോടോ കടങ്കഥയോടോ ആണ് ആ സിനിമകള്‍ക്ക് ഇഴയടുപ്പം. ഏതൊരു കഥയേയും സംഭവത്തേയും വേറിട്ടൊരു കാഴ്ചക്കോണിലൂടെ നോക്കിക്കാണാനും അതിന് അസാധാരണമായൊരു മാനം നല്‍കി പൊലിപ്പിക്കാനും ജോണ്‍ പോള്‍ എന്ന തിരക്കഥാകാരനുണ്ടായിരുന്ന സിദ്ധി അനന്യമാണ്. അതു തെളിയിക്കുന്നതു തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ തിരക്കഥകളും.

തനിക്കു വഴങ്ങുന്ന, തനിക്കെന്തെങ്കിലും സംഭാവന ചെയ്യാനാവുന്ന തിരക്കഥകള്‍ക്കായി മറ്റുള്ളവരുടെ കഥകളെ ആധാരമാക്കാനും മടിച്ചില്ല. സേതുമാധവനു വേണ്ടി,ഹിന്ദി ചിത്രമായ ബസുചാറ്റര്‍ജിയുടെ ഷൗക്കീനിനെ അധികരിച്ചെഴുതിയ ആരോരുമറിയാതെയും, ബ്‌ളൂ ലഗൂണ്‍ എന്ന ഹോളിവുഡ് സിനിമയെ ആസ്പദമാക്കി ഐ വി ശശിക്കു വേണ്ടിയെഴുതിയ ഇണയും, ഓസ്‌കര്‍ വൈല്‍ഡിന്റെ ചെറുകഥയെ അധികരിച്ചെഴുതിയ ബാലുമഹേന്ദ്രയുടെ യാത്രയും,കൊച്ചിന്‍ ഹനീഫയുടെ കഥയിലൊരുക്കിയ ജോഷിയുടെ ഇണക്കിളിയും,  രവി വള്ളത്തോളിന്റെ നാടകത്തില്‍ നിന്നെഴുതിയ സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടിയും, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കഥയില്‍ നിന്ന് രചിച്ച ഒരുക്കവും, നെടുമുടി വേണുവിന്റെ കഥകളില്‍ നിന്ന് വികസിപ്പിച്ചെഴുതിയ പണ്ടു പണ്ടൊരു രാജകുമാരിയും, ഒരു കടങ്കഥപോലെയും ഒക്കെ ഉണ്ടാവുന്നത് ആ വിശ്വാസത്തില്‍ നിന്നാണ്.

സദാചാരമടക്കമുള്ള സാമൂഹികപ്രശ്‌നങ്ങളോട് തന്റെ സിനിമകളിലൂടെ ധീരമായിത്തന്നെ നിലപാടെടുക്കാനും അദ്ദേഹം മറന്നില്ല. പഠിപ്പിക്കുന്ന അധ്യാപികയോട് കാമം തോന്നുന്ന നായകനെ അവതരിപ്പിച്ച ബാലകൃഷ്ണന്‍ മാങ്ങാടിന്റെ കഥയില്‍ നിന്ന് ഭരതനു വേണ്ടി നിര്‍മ്മിച്ചെടുത്ത ചാമരവും, വിജയന്‍ കരോട്ടിന്റെ കഥയില്‍ നിന്ന് ഭരതനുവേണ്ടി തന്നെ രചിച്ച മര്‍മ്മരവും ആന്റണി ഈസ്റ്റ്മാന്റെ കഥയില്‍ നിന്ന് സൃഷ്ടിച്ച മോഹന്റെ രചനയും, സി.രാധാകൃഷ്ണന്റെ കഥയില്‍ നിന്നൊരുക്കിയ സേതുമാധവന്റെ അവിടുത്തെപ്പോലെ ഇവിടെയും, തിക്കോടിയന്റെ കഥയില്‍ നിന്ന് ഭരതനു വേണ്ടി രചിച്ച ഇത്തിരിപ്പൂവേ ചുവന്നപൂവേയും ഇത്തരത്തില്‍ ചില ധൈര്യങ്ങള്‍ പ്രകടമാക്കിയ ചലച്ചിത്രരചനകളാണ്. സംവിധായകന്‍ കമലിന്റെ അരങ്ങേറ്റ ചിത്രമായ മിഴിനീര്‍പ്പൂവുകളുടെ കഥയുടെ സവിശേഷത ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നതാണെന്നോര്‍ക്കുക.

കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ആഴത്തിലിറങ്ങി നോക്കുന്ന, മനോവിശ്ശേഷണ സ്വഭാവമുള്ള, പ്രേക്ഷകരുടെ ആത്മാവുമായി നേരിട്ട് സംവദിക്കുന്ന തരം സിനിമകളോടായിരുന്നു എഴുത്തുകാരനെന്ന നിലയില്‍ ജോണ്‍ പോളിന് കൂടുതല്‍ താല്‍പര്യം. സൗഹൃദ നിര്‍ബന്ധങ്ങള്‍ക്കു വശംവദനായി ചില ബിഗ് ബജറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചപ്പോള്‍, ഒറ്റവരികഥകള്‍ സിനിമയാക്കിയപ്പോള്‍ നേടിയ പ്രദര്‍ശന/വിപണന വിജയം നേടാനായില്ലെങ്കിലും കലാപരമായും അതിരാത്രം പോലുള്ളവ പിന്നീട് മറ്റു ചില തലങ്ങളിലും ശ്രദ്ധേയമായി.ജേസിക്കു വേണ്ടി ബൈബിള്‍ അധിഷ്ഠിതമായി ഒരുക്കിയ സോഷ്യല്‍ എപിക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പുറപ്പാട്, ഐ വി ശശിക്കു വേണ്ടി രചിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായ അതിരാത്രം, കമല്‍ഹാസന്‍ അഭിനയിച്ച ശശിയുടെ തന്നെ വ്രതം, ജയറാമിനെ വച്ച് ഐ വി ശശി ഒരുക്കിയ ഭൂമിക, അംജദ് ഖാനും മമ്മൂട്ടിയും റഹ്‌മാനുമടക്കം അഭിനയിച്ച പി.ജി.വിശ്വംഭരന്റെ ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍ തുടങ്ങിയ സിനിമകളൊന്നും അത്തരത്തില്‍ ജോണ്‍പോളിന്റെ കഥപറച്ചില്‍ശൈലിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. എന്നാല്‍, അതിരാത്രത്തിലെ താരാദാസ് എന്ന കഥാപാത്രം പില്‍ക്കാലത്ത് ഐ.വി.ശശിയുടെയും മമ്മൂട്ടിയുടെയും ഐക്കോണിക്ക് കഥാപാത്രമായി മാറിയതും പുറപ്പാട് മികച്ച സിനിമയെന്ന നിലയ്ക്ക് അംഗീകരിക്കപ്പെട്ടതും നാം കണ്ടു.

ആരും ചിന്തിക്കാത്ത വഴിക്ക് കഥാപാത്രങ്ങളെയും കഥാഗതിയേയും തന്നെ കൊണ്ടുപോകുന്നതില്‍ അസാമാന്യ പ്രതിഭാവിലാസം പ്രകടിപ്പിച്ച തിരക്കഥാകൃത്തായിരുന്നു ജോണ്‍പോള്‍. കുഴല്‍ക്കിണറില്‍ വീണ്ട കുട്ടിയെ രക്ഷിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി, ഇന്നത്തെ ന്യൂജനറേഷന്‍ സിനിമ ബിജാവസ്ഥയില്‍ പോലും ഉടലെടുക്കുന്നതിനു മുമ്പേ ഭരതനുവേണ്ടി മാളൂട്ടി എഴുതിയതു മാത്രം മതി ഇതു വ്യക്തമാക്കാന്‍. ഐ വി ശശിക്കു വേണ്ടി അവസാനകാലത്തെഴുതിയ വെള്ളത്തൂവല്‍ എന്ന ചിത്രത്തില്‍ പോലും കല്‍പനയിലും കാഴ്ചപ്പാടിലും വച്ചുപുലര്‍ത്തിയ നൂതനത്വവും യുവത്വവും നിഴലിച്ചിരുന്നു. ഭരതനുവേണ്ടിത്തന്നെയെഴുതിയ നീലക്കുറിഞ്ഞി പൂത്തപ്പോള്‍, ചമയം തുടങ്ങിയ സിനിമകളിലും ഈ വ്യതിരിക്തത് പ്രകടമാണ്.സന്ധ്യ മയങ്ങും നേരം പോലൊരു സിനിമ ആലോചിക്കാന്‍ ജോണ്‍പോളിനെപ്പോലൊരു തിരക്കഥാകൃത്തില്ലായിരുന്നെങ്കില്‍ ഭരതന് സാധ്യമാകുമായിരുന്നോ എന്നു ചിന്തിക്കണം. 

പ്രതിഭാധനരായ അഭിനേതാക്കള്‍ക്ക് പൂന്തുവിളയാടാനുള്ള അവസരങ്ങള്‍ ധാരാളമൊരുക്കിവച്ച തിരക്കഥകളായിരുന്നു ജോണ്‍ പോളിന്റേത്. ഭരത് ഗോപിയും നെടുമുടിവേണുവും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ജോണ്‍ പോളിന്റെ തിരക്കഥകളില്‍ മുമ്പെങ്ങുമില്ലാത്തവണ്ണം പ്രശോഭിച്ചു. ഗോപിയുടെ ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, രചന, ആലോലം, സന്ധ്യ മയങ്ങും നേരം, മര്‍മ്മരം, വേണുവിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മര്‍മ്മരം, രചന, വിട പറയും മുമ്പേ, ആലോലം, പാളങ്ങള്‍, മുരളിയുടെ ചമയം, മോഹന്‍ലാലിന്റെ മിഴിനീര്‍പ്പൂവുകള്‍,  ഉത്സവപ്പിറ്റേന്ന്, മമ്മൂട്ടിയുടെ ഇത്തിരിപ്പൂവേ ചുവന്നപൂവേ, പുറപ്പാട് തുടങ്ങിയ സിനിമകള്‍ തന്നെ ഉദാഹരണം. ആലോലത്തിലെയും ഇത്തിരിപ്പൂവേ ചുവന്നപൂവേയിലെയും കെ.ആര്‍ വിജയയേയും ഓര്‍മ്മയ്ക്കായിയിലെ മാധവിയേയും ചാമരത്തിലെ സറീന വഹാബിനെയും, രചനയിലെ ശ്രീവിദ്യയേയും ഇളക്കങ്ങളിലെ ഇന്നസെന്റിനെയും മറന്നുകൊണ്ട് മലയാളത്തിലെ താരചരിത്രം പൂര്‍്ത്തിയാക്കുക സാധ്യമല്ല.

എഴുത്തിലെന്നോണം പ്രഭാഷണകലയിലും സമാനതകളില്ലാത്ത പ്രതിഭ പ്രകടമാക്കിയ ആളായിരുന്നു ജോണ്‍ പോള്‍. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയാല്‍ പോലും ചലച്ചിത്ര ചരിത്രം ഇടതടവുകളില്ലാതെ സ്വാഭാവിക പ്രവാഹമായി അനര്‍ഗനിര്‍ഗളം ഉതിരുമായിരുന്നു അദ്ദേഹത്തില്‍ നിന്ന്. സഫാരി ചാനലിലടക്കം പല മാധ്യമങ്ങളിലും സ്വാനുഭവങ്ങളുടെ രസക്കൂട്ടുകള്‍ ചാലിച്ചും അല്ലാതെയും അദ്ദേഹം സിനിമയുടെ കഥ, സിനിമാക്കാരുടെ കഥ പുതു തലമുറകള്‍ക്കായി പകര്‍ന്നു വച്ചു.

എഴുതിയ സിനിമകളില്‍ പലതിനും പല തരത്തിലും തലത്തിലും ബഹുമതികള്‍ ധാരാളം വാരിക്കൂട്ടാന്‍ സാധിച്ചുവെങ്കിലും തിരക്കഥാകൃത്തെന്ന നിലയ്ക്ക് സംസ്ഥാന ദേശീയ അവാര്‍ഡുകളുടെ പരിഗണനയില്‍ വന്ന പേരല്ല ജോണ്‍ പോളിന്റേത്. അതു പക്ഷേ, പ്രേക്ഷക ഹൃദയങ്ങളില്‍ കൂട്ടുകൂടുന്നതിന് തടസമായതുമില്ല. മലയാളത്തില്‍ എക്കാലത്തും പ്രേക്ഷകര്‍ ഓര്‍ക്കുന്ന ഓര്‍മ്മയ്ക്കായും വിടപറയും മുമ്പേയും, ചമയവും, ചാമരവും ഉത്സവപ്പിറ്റേന്നും മിഴിനീര്‍പ്പൂവുകളും പോലെ ഒരുപിടി സിനിമകളിലുടെ ജോണ്‍ പോള്‍ മലയാള ചലച്ചിത്ര ചരിത്രത്തില്‍ എന്നും നിലനില്‍ക്കും, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായിട്ടല്ല, ജ്വലിക്കുന്ന സൂര്യശോഭയുമായിത്തന്നെ!


Friday, June 12, 2020

ഒടിടി കാലത്തെ ദൃശ്യസംസ്‌കാരം

Article published in Kalakaumudi issues no.2335 and 2336
ഒ.ടി.ടി.കാലത്തെ ദൃശ്യക്കാഴ്ചകള്‍

എ.ചന്ദ്രശേഖര്‍
കോവി ഡ് വീട്ടുതടങ്കല്‍ ഏല്‍പിച്ച മനഃസംഘര്‍ഷങ്ങളില്‍ നിന്ന് ലോകത്തെമ്പാടുമുള്ളവര്‍ ഒരു പരിധിവരെ രക്ഷപ്പെട്ടത് ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ടാണ്. മലയാളികളടക്കം കംപ്യൂട്ടറിലും മൊബൈലിലും ടാബ് ലെറ്റുകളിലും സ്മാര്‍ട്ട് ടീവിയുലുമായി ഓവര്‍ ദ് ടോപ് (ഒടിടി) പ്‌ളാറ്റ്‌ഫോമുകളില്‍ ലഭ്യമായ എണ്ണമറ്റ സിനിമകളുടെയും വെബ് പരമ്പരകളുടെയും അക്ഷയഖനി കൊണ്ടുമാത്രമാണ് സമയം തള്ളിയത്. ബോറടി മാറ്റുകമാത്രമല്ല, പുതിയ ഉള്‍ക്കാഴ്ചകള്‍ പകരാനും ചര്‍ച്ചകള്‍ക്കു മുതിരാനും ഒടിടി ഉള്ളടക്കം അവര്‍ക്കുപ്രേരകമായി. രാഷ്ട്രീയവും പകര്‍ച്ചവ്യാധിഭീഷണിയും വ്യാജവാര്‍ത്തകളും വ്യക്തിവിശേഷങ്ങളും പാചകപരീക്ഷണങ്ങളും മാറ്റിവച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഓണ്‍ലൈന്‍ സിനിമകളെയും പരമ്പരകളെയും ഒടിടിയില്‍ ഇറങ്ങാന്‍ പോകുന്ന പുത്തന്‍ സിനിമകളുടെയും വിശേഷങ്ങളായിരുന്നു. ഒരുപക്ഷേ, ഇന്റര്‍നെറ്റ് ഇല്ലായിരുന്നെങ്കില്‍ ഈ കോവിഡ് കാലം മനക്‌ളേശങ്ങളുടെയും മനഃസംഘര്‍ഷങ്ങളുടെയും വിഷാദരോഗങ്ങളുടെയും പകര്‍പ്പുകാലം കൂടിയായിത്തീര്‍ന്നേനെ എന്നതില്‍ സംശയമില്ല.
മറ്റു വ്യവസായങ്ങള്‍ക്കെന്നോണം കോവിഡ് കാലം സിനിമാവ്യവസായത്തിനു നല്‍കിയ പ്രഹരവും ചില്ലറയില്ല. നിര്‍മാണം പൂര്‍ത്തിയായി വേനലൊഴിവ് ലക്ഷ്യമിട്ട് വിതരണത്തിനു തയാറായിരുന്ന ബഹുകോടി നിക്ഷേപമുള്ള സിനിമകള്‍ മുതല്‍ നിര്‍മാണത്തിന്റെ വിവിധദശകളില്‍ മുടക്കുമുതല്‍ ബ്‌ളോക്കാക്കിയ ചിത്രങ്ങള്‍ വരെ എത്രയോ ആണ്. ആള്‍ക്കൂട്ട കേന്ദ്രങ്ങളായതുകൊണ്ടുതന്നെ ആരോഗ്യപ്രോട്ടോക്കോളില്‍ ഏറ്റവും അവസാന പരിഗണനയില്‍ മാത്രമുള്ള സിനിമാശാലകള്‍ അതുകൊണ്ടുതന്നെ ഇനിയെന്നു തുറക്കുമെന്ന് ആര്‍ക്കുമൊരുറപ്പുമില്ല. ഈ പരിതസ്ഥതിയിലാണ് തമിഴ് സിനിമ ഒടിടി പ്‌ളാറ്റഫോമിലൂടെ ഓണ്‍ലൈന്‍ റിലീസ് എന്ന ആശയത്തെപ്പറ്റി ചിന്തിക്കാന്‍ നിര്‍ബന്ധിതരായത്. സൂര്യ നിര്‍മിച്ച് ഭാര്യ ജ്യോതിക നായികയായ പൊന്മകള്‍ വന്താല്‍ ആമസണ്‍ വഴി ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചത് വിതരണ/പ്രദര്‍ശക സംഘടനകളുടെ കടുത്ത പ്രതിഷേധത്തോടെ വന്‍ വിവാദമാവുകയും സൂര്യയുടെ സിനിമകളിനി കേരളത്തില്‍ പോലും പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടിലേക്ക് എത്തിക്കുകയുമൊക്കെ ഉണ്ടായി. ഒരുപക്ഷേ കോവിഡ് കഴിഞ്ഞാലും തടയാന്‍ സാധിക്കാത്തവിധം മലയാളത്തിലടക്കം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഒന്നൊന്നായി സിനിമകളുടെ സൈബര്‍ റിലീസിനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. വിജയ് ബാബു ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് ജയസൂര്യ അദിതി റാവു ഹൈതരി തുടങ്ങിയവരഭിനയിച്ച സൂഫിയും സുജാതയും ആമസണിലൂടെ വിതരണം ചെയ്യുകയാണ്. ഒ.ടി.ടിയിലൂടെ പ്രഥമപ്രദര്‍ശനം നടത്തുന്ന ആദ്യ മലയാള സിനിമയാവും ഇത്. സൂജിത് സര്‍ക്കാരിന്റെ അമിതാഭ് ബച്ചന്‍-ആയുഷ്മാന്‍ ഖുറാന താരനിരയുള്ള ഗുലാബോ സിതാബോ എന്ന ഹിന്ദി സിനിമ ജൂണ്‍ 21 ന് ആമസണ്‍ പ്രൈം ഇന്ത്യയിലൂടെ  റിലീസിനു ചെയ്യപ്പെടും. തുടര്‍ന്ന് ഗണിതശാസ്ത്രവിശാരദയായ ശകുന്തളാദേവിയുടെ ജീവിതത്തെ ആസ്പദമാക്കി അനു മേനോന്‍ രചിച്ചു സംവിധാനം ചെയ്ത് വിദ്യാബാലന്‍ മുഖ്യവേഷത്തിലെത്തുന്ന ശകുന്തളാദേവി (ഹിന്ദി), ഈശ്വര്‍ കാര്‍ത്തിക് കീര്‍ത്തി സുരേഷിനെ നായികയാക്കി ഒരുക്കിയ പെന്‍ഗ്വിന്‍(തെലുങ്ക്), രാഗിണി പ്രജ്വല്‍ സംവിധാനം ചെയ്ത ലോ (കന്നഡ),ഡാനിഷ് സേട്ടിന്റെ ഫ്രഞ്ച് ബിരിയാണി (കന്നഡ) തുടങ്ങിയവയൊക്കെ ആമസണ്‍ ഇന്ത്യ, വേള്‍ഡ് പ്രീമയര്‍ ആയി വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 
ഇതിനെതിരേ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടീപ്‌ളക്‌സ് ശൃംഖലയായ എൈനോക്‌സ് തുടങ്ങിയവരും എതിര്‍പ്പുമായി മുന്നോട്ടു വന്നിട്ടുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് ചില വിഭാഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രദര്‍ശനം അനിശ്ചിതത്വത്തിലായ ഉലകനായകന്‍ കമല്‍ഹാസന്റെ വിശ്വരൂപം ഇത്തരത്തില്‍ ഒടിടിയില്‍ വിതരണം ചെയ്യാന്‍ അദ്ദേഹം ആലോചിച്ചതും വന്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഒടിടി എന്നത് ഇന്നു കാണുന്ന ജനപ്രീതിയും വ്യാപനവും നേടുന്നതിനു മുന്‍പാണിതെന്നോര്‍ക്കുക. തര്‍ക്കങ്ങളും എതിര്‍പ്പുകളുമൊക്കെയുണ്ടായാലും ഒ.ടി.ടി. റിലീസ് എന്ന സാധ്യതയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് കോവിഡാനന്തര കാലത്ത് സിനിമയ്ക്ക് നിലനില്‍ക്കാനാവുമോ എന്നതാണ് മാധ്യമവിദഗ്ധര്‍ സഗൗരവം ചര്‍ച്ചചെയ്യുന്ന പ്രശ്‌നങ്ങളിലൊന്ന്. സിനിമയാണോ തീയറ്ററുകളെ നിലനിര്‍ത്തുന്നത് അതോ തീയറ്ററുകളാണോ സിനിമയെ നിലനിര്‍ത്തുന്നത് എന്ന നടിയും സംവിധായകയും നിര്‍മാതാവുമായ പൂജ ഭട്ട് ചോദ്യം സിനിമാക്കാര്‍ വെബ് റിലീസിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. പ്‌ളാറ്റ്‌ഫോമല്ല ലാഭമാണ് നിക്ഷേപകനെ സംബന്ധിച്ച് പ്രധാനം. പ്രേക്ഷകന് തീയറ്ററിലെത്താനാവാത്ത അവസ്ഥയില്‍ സിനിമ പ്രേക്ഷകനിലേക്കെത്തണമെന്ന പൂജയുടെ അഭിപ്രായം പങ്കിടുന്ന ചെറുതല്ലാത്തൊരു ചലച്ചിത്രത്തലമുറ ലോകമെമ്പാടുമുണ്ടായിക്കഴിഞ്ഞു.
സിനിമ മാത്രമല്ല, ടെലിവിഷന്‍ പരിപാടികളും വെബ് പരമ്പരകളുമൊക്കെയായി ഒ.ടി.ടി.കള്‍ നിര്‍ണായകമായ വിധത്തില്‍ വ്യക്തികളുടെ ബ്രൗസിങ് സമയം (ഇന്റര്‍നെറ്റില്‍ ചെലവിടുന്ന സമയം) അപഹരിക്കുന്നുവെന്നത് വസ്തുതയാണ്. ഈ കോവിഡ്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മണി ഹെയ്സ്റ്റ്!  ലോക ഓണ്‍ലൈന്‍ ദൃശ്യശേഖരത്തില്‍ പ്രമുഖസ്ഥാനത്തുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കുറ്റാന്വേഷണപരമ്പരയാണിത്. ലോകമെമ്പാടും കോവിഡിനേക്കാള്‍ വേഗത്തില്‍ പടര്‍ന്നുപന്തലിച്ച ഒരു സാംസ്‌കാരികസംക്രമണം. അതുവഴി നമ്മുടെ വീടകങ്ങളില്‍ പോലും സുപരിചിതമായ ഐടി കേന്ദ്രീകൃത പ്രയോഗമാണ് ഒടിടി. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഒ.ടി.ടി? അതു മനസിലാക്കണമെങ്കില്‍ ആദ്യം വി.ഒ.ഡി.എന്താണെന്നറിയണം.

വിഒടിയില്‍ നിന്ന് ഒടിടിയിലേക്ക് 
ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ, സിനിമയ്ക്ക് വെല്ലുവിൡയാവുമത് എന്നൊരു പ്രചാരണവും ആശങ്കയും ലോകമെമ്പാടും വ്യാപിക്കുകയുണ്ടായി. ചലനചിത്രങ്ങള്‍ സ്വന്തം വീട്ടിനുള്ളിലിരുന്ന് കാണാനും ആസ്വദിക്കാനുമാവുമ്പോള്‍ തീയറ്ററുകളിലെത്തി ആളുകള്‍ കാണാന്‍ മെനക്കെടുന്നതെന്തിന് എന്നതായിരുന്നു ന്യായയുക്തി. തീര്‍ത്തും കഴമ്പില്ലാത്തതായിരുന്നില്ല ആ ആശങ്ക. തുടക്കത്തിലെ കുറച്ചു വര്‍ഷങ്ങളെങ്കിലും സിനിമയെന്ന മാധ്യമത്തിന്റെ ദൃശ്യവ്യാകരണത്തിന്റെ സവിശേഷസാധ്യതകള്‍ തിരിച്ചറിയാത്ത പ്രേക്ഷകര്‍ വീട്ടിലെ വിഢ്ഢിപ്പെട്ടികള്‍ക്കു മുന്നിലിരിപ്പുറപ്പിച്ചുവെന്നത് വാസ്തവം. പക്ഷേ, സിനിമയും ചലച്ചിത്രാനുബന്ധ ദൃശ്യഖണ്ഡങ്ങളും തന്നെയാണ് ടെലിവിഷനിലെയും ഏറ്റവും ചൂടുള്ള വില്‍പനവിഭവം എന്ന തിരിച്ചറിവിലേക്ക് ഏറെ വൈകാതെ തന്നെ ലോകം എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് സിനിമ സിനിമയുടെ വഴിക്കും ടിവി ടിവിയുടെ വഴിക്കും സ്വന്തം സ്വത്വം സ്ഥാപിച്ചും തിരിച്ചറിഞ്ഞും വളര്‍ന്നു വികസിക്കുകതന്നെയായിരുന്നു. ദൃശ്യപരമായി ആധുനിക ടിവിയുടെ വലിപ്പം കൂടിയ എല്‍ ഇ ടി സ്‌ക്രീനിനുപോലും പരിപൂര്‍ണമായി ഉള്‍ക്കൊള്ളാനാവാത്ത ആഴവും പരപ്പുമുള്ള പരിചരണങ്ങളിലൂടെ സിനിമ അതിന്റെ വിശ്വരൂപം പുറത്തെടുത്തു കാണിക്കുകയും ശങ്കിച്ചു നിന്ന പ്രേക്ഷകരെ ബഹുതല/മാന സാങ്കേതികതയുടെ കൂടി പിന്തുണയോടെ തീയറ്ററുകളിലേക്ക് മടക്കിക്കൊണ്ടുവരികയുമായിരുന്നു. അതേസമയം തന്നെ സെല്ലുലോയ്ഡിനെ ഉപേക്ഷിച്ച് ഡിജിറ്റല്‍ സാങ്കേതികതയെ ഒപ്പം കൂട്ടി സ്വയം നവീകരിക്കാനും മറന്നില്ല ചലച്ചിത്രം. ഇതിന് ഒരുപരിധിവരെ സിനിമയ്ക്ക് കടപ്പാടുള്ളത് ടിവിയോടാണെന്നതും നിഷേധിക്കാനാവാത്ത വസ്തുതമാത്രം. കാരണം, ഇന്നു സിനിമയില്‍ വ്യാപകമായ ക്യാമറാ-സന്നിവേശ സങ്കേതങ്ങളിലേറെയും മിനിസ്‌ക്രീനില്‍ നിന്ന് അതുള്‍ക്കൊണ്ടതു തന്നെയായിരുന്നു.
എന്നാലിപ്പോള്‍, ലോകം മുഴുവന്‍ കൈവെള്ളയില്‍, ഒരു ബട്ടന്‍ ക്‌ളിക്കിന്റെ മാത്രം അകലെ വിശാലമായിട്ടങ്ങനെ പരിലസിച്ചു നില്‍ക്കുമ്പോള്‍, സിനിമ പ്രത്യേകിച്ചും, സര്‍ട്ടിഫിക്കേഷന്‍ പോലുള്ള പരോക്ഷ നിയന്ത്രണങ്ങള്‍ നിലവിലുള്ള ഇന്ത്യ പോലൊരു ജനാധിപത്യത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്റര്‍നെറ്റില്‍ നിന്നായേക്കുമോ എന്ന പ്രശ്‌നം മുമ്പെങ്ങുമില്ലാത്തവണ്ണം പ്രസക്തവും പ്രധാനവുമായിത്തീരുകയാണ്. വാര്‍ത്താമാധ്യമങ്ങളെയൊട്ടാകെ സമൂഹമാധ്യമങ്ങളും വെബ് മീഡയയും അട്ടിമറിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ് ദിവസേന. അതില്‍ ന്യൂസ് ചാനലുകള്‍ക്കു പോലും രക്ഷയില്ലെന്ന അവസ്ഥയുമുണ്ട്. വാര്‍ത്താതമസ്‌കരണം പോയിട്ട് പക്ഷം പിടിക്കല്‍ പോലും സുസ്സാധ്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. കാരണം തമസ്‌കരിക്കപ്പെട്ടാല്‍ ആ വാര്‍ത്തയെയും അതിന്റെ മറുപക്ഷത്തെയും കാണാപ്പുറത്തെയും ജനസമക്ഷം തല്‍സമയം, ഇടനിലക്കാരില്ലാതെ എത്തിക്കാന്‍ വെബ് പൗരസമൂഹത്തിന് സാധ്യമാവുന്ന വിവരവിനിമയ വിപ്‌ളവത്തിന്റെ കാലമാണിത്. സ്വാഭാവികമായി സിനിമയ്ക്കും അതിന്റെ സ്വാധീനത്തിലും ബാധ്യതയിലും നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ല, സാധിച്ചിട്ടുമില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സിനിമയെപ്പറ്റിയുള്ള സ്വന്തന്ത്ര നിരൂപണവിമര്‍ശനങ്ങളിലൂടെ തല്‍ക്ഷണം അതിനെ നിഗ്രഹിക്കാന്‍ പോലും ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട് നെറ്റിസണ്‍ സമൂഹം. 
ഇതിലേക്കെല്ലാം വഴിതുറന്നിട്ടത് വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്ന ആശയമാണ്. നമുക്കാവശ്യമുള്ളതോ തോന്നുന്നതോ ആയ കാര്യങ്ങള്‍ ഡയറിക്കുറിപ്പുപോലെ ഇന്റര്‍നെറ്റില്‍ ബ്‌ളോഗ് ചെയ്യാന്‍ സാധിച്ചതിനുപിന്നാലെ അവ ശബ്ദ, ദൃശ്യരൂപങ്ങളിലും ശേഖരിക്കാനുള്ള സംവിധാനമുണ്ടായി. വീഡിയോ ബ്‌ളോഗിങ് കൂടാതെ യൂട്യൂബും വിമിയോയും പോലുള്ള വീഡിയോ ശേഖരങ്ങളുണ്ടായി വൈകാതെ സമൂഹമാധ്യമങ്ങള്‍ക്കു സമാനമായി അവയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവയില്‍ വെബ് ചാനലുകള്‍ തുറക്കാനും അതുവഴി വിപണികണ്ടെത്താനും വരുമാനമുണ്ടാക്കാനുമുള്ള വഴിതുറന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കും മറ്റും തങ്ങള്‍ക്കാവശ്യമുള്ള/പ്രേക്ഷകപ്രീതിയുള്ള പരിപാടികളെ പ്രേക്ഷകരുടെ സൗകര്യമനുസരിച്ച് അവര്‍ക്കിഷ്ടമുള്ള സമയത്ത് കാണാന്‍ അനുവദിക്കും വിധം അവതരിപ്പിക്കാനുള്ള വേദിയായി ക്രമേണ അതു മാറി. അങ്ങനെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന വീഡിയോകള്‍ വീണ്ടും അവതരിപ്പിക്കുന്നത് അഥവാ ഡിമാന്‍ഡുള്ള വീഡിയോകള്‍ അവരുടെ ഇഷ്ടാനുസരണം ലഭ്യമാകുന്നത് എന്ന അര്‍ത്ഥത്തില്‍ പല മാധ്യമസ്ഥാപനങ്ങളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് അഥവാ വിഒഡി വേദികള്‍ ഒരുക്കി. വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളുമൊക്കെയായി അവ ജനങ്ങളിലെത്തി. അതുവഴി, പലകാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ക്കു കാണാനാവാത്ത പരമ്പരകളുയെടും റിയാലിറ്റി ഷോകളുടെയും എപ്പിസോഡുകളും എന്തിന് വാര്‍ത്താബുള്ളറ്റിനുകള്‍ പോലും നിങ്ങള്‍ക്ക് കാണാനാവുമെന്ന സ്ഥിതിവന്നു. ക്രമേണ ലൈവ് ടീവിയുടെ കാലമായപ്പോഴേക്ക് ടിവിക്കൊപ്പം തന്നെ പരിപാടികള്‍ മൊബൈലിലോ സമാനമായ മറ്റുപകരണങ്ങളിലോ കാണാനാവുമെന്നുമായി.
ഉള്ളടക്കദാതാക്കളുടെ സ്വകാര്യ ഇടങ്ങളായിരുന്ന വിഒഡികളെ ഒന്നുകൂടി ജനാധിപത്യവല്‍ക്കരിച്ചുകൊണ്ട് ആര്‍ക്കും തങ്ങളുടെ ദൃശ്യവിഭവങ്ങള്‍ പകര്‍ന്നുവയ്ക്കാനുള്ള സിന്‍ഡിക്കേറ്റഡ് പൊതു സൈബര്‍ ഔട്ട്‌ലെറ്റുകളായിട്ടാണ് ആമസണും നെറ്റ്ഫ്‌ളിക്‌സും പോലുള്ള വേദികള്‍ രൂപവല്‍ക്കരിക്കപ്പെട്ടത്. സ്വാഭാവികമായും വി ഒ ഡി എന്നതിലും ഒരു പടി കൂടി കടന്ന് ഇത്തരമൊരു പൊതുവിടത്തേക്ക് തങ്ങളിഷ്ടപ്പെടുന്ന പരമ്പരകളോ സിനിമകളോ കാണാന്‍ അതിനോടകം തന്നെ ധാരാളമായുള്ള ചാനുലുകളുടെയും ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും മറ്റും വേദികളെ ഉപേക്ഷിച്ച് പ്രേക്ഷകരെ കൊണ്ടെത്തിക്കേണ്ടത് അവരുടെ ബാധ്യതയായി. അതിനവര്‍ കണ്ടെത്തിയ വിപണനതന്ത്രമാണ് പല ഉള്ളടക്കദാതാക്കളില്‍ നിന്നുള്ള ദൃശ്യമാധ്യമശേഖരത്തിനുപുറമേ, സ്വന്തവും സ്വതന്ത്രവുമായ ഉളളടക്കം കൂടി എക്‌സ്‌ക്ലൂസീവായി വില്‍പനയ്ക്കു വയ്ക്കുക! അങ്ങനെയാണ് ഇന്‍ര്‍നെറ്റ് മാധ്യമമാക്കി ടിവിയുടെ സെറ്റ്‌ടോപ്പ് ബോക്‌സിനും മുകളിലൂടെയെന്നോ തലയ്ക്കുമീതേ കൂടി എന്നോ ഉള്ള അര്‍ത്ഥത്തില്‍ ഓവര്‍ ദ് ടോപ്പ് വേദികളായി ആമസണും നെറ്റ്ഫ്‌ളിക്‌സും മറ്റും നിര്‍ണായകസ്ഥാനം നേടുന്നത്. അതോടെ ടിവി ചാനലുകള്‍ക്കു സമാന്തരമായ ഒരു നെറ്റ് കേന്ദ്രീകൃത സേവനമായിത്തീരുകയായിരുന്നു ഒടിടി.
പ്രധാനമായി കരിംപുത്തന്‍ സിനിമകളായിരുന്നു തുടക്കത്തില്‍ അവയുടെ പ്രധാന ആകര്‍ഷണം. തീയറ്ററിലിറങ്ങി മൂന്നാം മാസം നെറ്റില്‍ എന്ന ആശയം ക്രമേണ സിഡി/ഡിവിഡി വിപണിയെ വഴിയാധാരമാക്കി. വീഡിയോ പൈറസിയെപ്പോലും ഒരു പരിധിവരെ വരച്ചവരയിലൊതുക്കി. ആമസണാവട്ടെ അവരുടെ ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ പ്രൈം അംഗത്വത്തിനൊപ്പം ഒടിടിയിലേക്കുള്ള പ്രവേശനം സൗജന്യമാക്കിക്കൊടുക്കുകയും ചെയ്തു.അപ്പോഴും പക്ഷേ, എല്ലാ ആഴ്ചയും പുതിയ സിനിമ എന്നത് വെല്ലുവിളിയായിത്തുടര്‍ന്നു. അഥവാ അതിനു സാധ്യമായാല്‍പ്പോലും, സിനിമകളുടെ നിലവാരവും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനു വിലങ്ങുതടിയായി. അപ്പോഴാണ് സിനിമയ്ക്കുപരി ടിവിയിലെന്നപോലെ ദീര്‍ഘകാലം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പ്രേക്ഷകരെ തളച്ചുനിര്‍ത്താനാവുന്ന ഉള്ളടക്കം വേണമെന്ന തിരിച്ചറിവിലേക്ക് ഒടിടികള്‍ എത്തുന്നത്. അതാണ് വെബ് പരമ്പരകളിലേലേക്കും സ്വതന്ത്ര വെബ് സിനിമകളിലേക്കുമുള്ള നാള്‍വഴി.

വെബ് പരമ്പരകളുടെ അദ്ഭുതലോകം
ടിവി പരമ്പരകളുടെ ഭാവുകത്വത്തില്‍ നിന്നു വിഭിന്നമായി, ഉള്ളടക്കത്തിലും ഘടനയിലും രൂപശില്‍പത്തിലും ഭാവുകത്വത്തിലും സിനിമയെ വെല്ലുവിളിക്കുന്നതാണ് പുതുതലമുറയുടെ ആവിഷ്‌കാരസാധ്യതയെന്നു വിശേഷിപ്പിക്കപ്പെടുന്ന വെബ് സിനിമകളും വെബ്‌സീരീസ് അഥവാ വെബ്പരമ്പരകള്‍.ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യത്ത് ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കുംവരെ തല്‍ക്കാലത്തേക്കെങ്കിലും യാതൊരുവിധ സര്‍ട്ടിഫിക്കേഷനുകളോ സെന്‍സര്‍ഷിപ്പോ ഇല്ലാതെ നെറ്റ്ഫ്‌ളിക്‌സും ആമസണ്‍ പ്രൈമും പോലുള്ള ഓവര്‍ ദ് ടോപ്പ് (ഒ.ടി.ടി) പ്‌ളാറ്റ്‌ഫോമുകളില്‍ സ്വതന്ത്രവും സൈ്വരവുമായി വഹരിക്കുന്ന ഇന്റര്‍നെറ്റ് പരമ്പരകള്‍ എന്ന് ഇവയെ നിര്‍വചിക്കാം. ടെലിവിഷന്‍ പരമ്പരകള്‍ കണ്ടുശീലിച്ച പ്രേക്ഷകര്‍ക്ക് ടിവി പരമ്പരകള്‍ പോലെ ഇന്റര്‍നെറ്റ് ചാനലുകളിലൂടെ ആസ്വദിക്കാനാവുന്ന എപ്പിസോഡുകളായി നിര്‍മിക്കപ്പെട്ട സ്വതന്ത്ര കഥാചിത്രസംരംഭങ്ങള്‍ എന്നു പ്രത്യക്ഷത്തില്‍ തോന്നിയേക്കാമെങ്കിലും അവയില്‍ പലതും പുലര്‍ത്തുന്ന മാധ്യമപരമായ സമ്പൂര്‍ണ സമ്പന്നത, ഉള്ളടക്കത്തില്‍ വച്ചുപുലര്‍ത്തുന്ന ധീരത  എന്നിവ കൊണ്ടുതന്നെ ലോകസിനിമയില്‍ തന്നെ ഇടം നേടാന്‍ അര്‍ഹതയുള്ള ദീര്‍ഘസിനിമകളാണ് അവയെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണ് വെബ് പരമ്പരകള്‍ സിനിമയ്ക്കുയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ലെന്നോ, അവയുന്നയിക്കുന്ന വെല്ലുവിളി സിനിമയെ മാത്രം ബാധിക്കുന്നതാണെന്നോ പറയേണ്ടിവരുന്നത്. അതു മനസിലാക്കണമെങ്കില്‍ സാധാരണ ടിവി പരമ്പരകളും വെബ് പരമ്പരകളും തമ്മിലുളള മാധ്യമപരവും ഭൗതികവുമായ വ്യത്യാസം വിശകലനം ചെയ്യേണ്ടതുണ്ട്. എന്താണ് ടെലി പരമ്പരകളും വെബ് പരമ്പരകളും തമ്മിലെ ഈ വ്യത്യാസം?
അടിസ്ഥാനപരമായി വെബ് പരമ്പരകള്‍ സിനിമയുടെ ഛന്ദസും ചമത്കാരവും പരികല്‍പനയും ദര്‍ശനവും കാഴ്ചവയ്ക്കുന്ന ദൃശ്യപരിചരണങ്ങളാണ്. സിനിമയുടെ ക്‌ളിപ്തസമയഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് നിവര്‍ത്തിക്കാനും നിര്‍വഹിക്കാനും സാധിക്കാത്ത വിശാലപ്രമേയങ്ങളെ അധ്യായങ്ങളായും ഖണ്ഡങ്ങളായും വിഭജിച്ച് ദീര്‍ഘമായി ദൃശ്യവല്‍ക്കരിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. എന്നാല്‍ ഒരിക്കലുമവസാനിക്കാത്ത മെഗാ പരമ്പരകളില്‍ നിന്നു വ്യത്യസ്തമായി ക്‌ളിപ്തമായ എണ്ണത്തിനുള്ളില്‍ നിന്നുകൊണ്ട് ചലച്ചിത്രത്തിന്റെ മാധ്യമസവിശേഷതകള്‍ പരമാവധി ആവഹിച്ചുകൊണ്ട് ഇന്റര്‍നെറ്റ് മാധ്യമം പരിചയാക്കി അവശ്യമെങ്കില്‍ വലിയ സ്‌ക്രീനില്‍ പോലും പ്രദര്‍ശിപ്പിക്കാനും ആസ്വദിക്കാനും സാധ്യത ബാക്കിയാക്കുന്ന ദൃശ്യപരിചരണങ്ങളാണവ. 
ടിവി പരമ്പരകളുടെ പരിമിതികളെയെല്ലാം അതിലംഘിക്കുന്നുണ്ട് വെബ് പരമ്പരകള്‍. നിര്‍മ്മാണച്ചെലവും താരനിര്‍ണയവും മുതല്‍ നിര്‍വഹണശൈലിയില്‍ വരെ ഈ വ്യത്യസ്തത പ്രകടവുമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പണം ചെലവിട്ട് നിര്‍മ്മിക്കുന്ന സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന്‍, കളേഴ്‌സ് ടിവി, സീ ടിവി, സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് പരമ്പരകള്‍ക്കു പോലും സാധ്യമാവാത്ത ബജറ്റില്‍, മുഖ്യധാരാ ചലച്ചിത്രതാരങ്ങളെ അണിനിരത്തി, മുഖ്യധാരാ ചലച്ചിത്രപ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന ദീര്‍ഘസിനിമകള്‍ തന്നെയാണ് ഇവ. ബോളീവുഡ് സമാന്തരസിനിമയിലെ സജീവ സാന്നിദ്ധ്യമായ നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്‌തെ തുടങ്ങിയ യുവതലമുറയിലെ ശ്രദ്ധേയ താരങ്ങള്‍ മുതല്‍ സെയ്ഫ് അലി ഖാനും അനില്‍ കപൂറും വരെയുള്ള മുന്‍നിര താരങ്ങള്‍ വരെ വെബ് പരമ്പരകള്‍ക്ക് സിനിമയോളമോ അതിലുപരിയോ പ്രാധാന്യവും പ്രാമുഖ്യവും നല്‍കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ് പരമ്പരകളിലെ സൂപ്പര്‍ താരമാണ് രാധിക ആപ്‌തെ എന്നു വേണമെങ്കില്‍ പറയാം. ഒരേ സമയം അനുരാഗ് ബസുവിന്റെ സ്‌റ്റോറീസ് ബൈ രബീന്ദ്രനാഥ ടഗോര്‍, വിക്രം ചന്ദ്രയുടെ നോവലിനെ അധികരിച്ച് വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ്, പട്രിക് ഗ്രഹാം സംവിധാനം ചെയ്ത ഗൗള്‍, അനുരാഗ് കശ്യപ്, സോയ അഖ്തര്‍, ദിബാകര്‍ ബാനര്‍ജി, കരന്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസ് തുടങ്ങി നാലോളം പരമ്പരകളിലാണ് അവര്‍ അഭിനയിച്ചത്. ഇന്ത്യന്‍ വെബ് പരമ്പരകളിലെ ആദ്യ സൂപ്പര്‍ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന സേക്രഡ് ഗെയിംസില്‍ സെയ്ഫ് അലിഖാനും നവാസുദ്ദീന്‍ സിദ്ദീഖിയുമായിരുന്നു മുഖ്യതാരങ്ങള്‍. മുംബൈ അധോലോകത്തിന്റെ ഇരുള്‍ജീവിതമായിരുന്നു ഇതിവൃത്തം. വര്‍ഷത്തിലൊന്നെന്ന കണക്കിനാണ് ഒരു തീമില്‍ വെബ് പരമ്പരകള്‍ നിര്‍മിക്കപ്പെടുന്നത്. കുറഞ്ഞതു നാലും കൂടിയാല്‍ എട്ടും എപ്പിസോഡുകളാണ് ഒരു സീസണിലുണ്ടാവുക. അതേ തീമില്‍ തന്നെ പുതിയ ഇതിവൃത്തവും ആവിഷ്‌കാരവുമാണ് തുടര്‍ സീസണുകളിലുണ്ടാവുക. പല പരമ്പരകളുടെയും സീസണ്‍ മാറുന്നതനുസരിച്ച് താരസാന്നിദ്ധ്യത്തിലും അണിയറപ്രവര്‍ത്തകരിലും മാറ്റം വരാറുണ്ട്. ടിവിയിലെ പോലെ പരമ്പരകളില്‍ ഒറ്റ എപ്പിസോഡില്‍ പൂര്‍ത്തിയാവുന്നതും അല്ലാത്തതുമായ പ്രമേയങ്ങളും ഇതിവൃത്തവും സ്വീകരിക്കപ്പെടാറുണ്ട്. 

ലൈംഗികതയും അതിക്രമവും
ചാര/രഹസ്യപ്പൊലീസ് കഥകള്‍ക്കും, അധോലോക/മയക്കുമരുന്ന് മാഫിയ/കൊലപാതക കഥകള്‍ക്കുമാണ് വെബ് പരമ്പരകളില്‍ പ്രേക്ഷകരേറെ. സ്‌പെഷല്‍ ഓപ്പസ് ക്രിമിനല്‍ ജസ്റ്റിസ്, ഹോസ്‌റ്റേജസ് തുടങ്ങിയ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ പരമ്പരകളും,ദ് ഫാമിലിമാന്‍, മാഫിയ അണ്ടര്‍ കവര്‍, ബ്രീത്ത്, ദ് ഫോര്‍ഗോട്ടണ്‍ ആര്‍മി, ഇന്‍സൈഡ് എഡ്ജ് തുടങ്ങിയ ആമസണ്‍ പരമ്പരകളും, ബാര്‍്ഡ് ഓഫ് ബ്‌ളഡ്, ജംതാര, മിസിസ് സീരിയല്‍ കില്ലര്‍, ഡല്‍ഹി ക്രൈം, സേക്രഡ് ഗെയിംസ്, മുസാഫര്‍പൂര്‍, ലെയ്‌ല, ഷീ തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ് പരമ്പരകളുമൊക്കെ ഇതിനുദാഹരണമാണ്. 
മറ്റേതു മാധ്യമത്തിലുമെന്നപോലെ, കുറുക്കുവഴികളില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും അവരിലേക്കെത്താനും അവരെ കൊണ്ടെത്തിക്കാനും തരംതാണ മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍ താരതമ്യേന അധികമാണ്. മഞ്ഞസാഹിത്യവും മഞ്ഞപത്രപ്രവര്‍ത്തനവും മുതല്‍ നീലയുടെ ആവരണമണിഞ്ഞ പരമ്പരകളും വരെ ഇത്തരത്തില്‍ വെബ് പ്‌ളാറ്റ്‌ഫോമുകളില്‍ യഥേഷ്ടം പ്രചാരത്തിലുണ്ട് താനും. ഹിന്ദി സിനിമയില്‍ അതിസമ്പന്നതയുടെ ഗ്‌ളാമറില്‍ പോതിഞ്ഞ ഇക്കിളി ചിത്രങ്ങളിലൂടെ പ്രശസ്തമായ, ഹിന്ദി ചാനലുകളിലെ കുടുംബപരമ്പരകളുടെ നിര്‍മാതാക്കളായ ജിതേന്ദ്രയുടെ മകള്‍ ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ് തന്നെയാണ് ഇതേ ഫോര്‍മുല വെബ്ബിലും പരീക്ഷിച്ചു വിജയിച്ച പ്രമുഖരില്‍ പ്രധാനി. ഏക്തയുടെ ആള്‍ട്ട് ബാലാജി എന്ന ഒടിടി വേദിയിലൂടെ പല സീസണായി വിജയം ആവര്‍ത്തിക്കുന്ന ഗണ്ഡി ബാത്ത്, ബോക്കാബു, ട്രിപ്പിള്‍ എക്‌സ് അണ്‍സെന്‍സേഡ് തുടങ്ങിയവയുടെ വിജയത്തില്‍ നിന്ന് ഊര്‍ജം കൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സില്‍ സമീത് കാക്കഡിന്റെ ആശ്ചര്യചകിത് (ഇതിന്റെ ശരിയായ പേരിലെ രണ്ടാം ഭാഗത്തെ ഇംഗ്‌ളീഷ് വാക്ക് സഭ്യമല്ലാത്തതുകൊണ്ട് അതിന്റെ ഇന്ത്യന്‍ പോസ്റ്ററുകള്‍ക്കായി സ്വീകരിച്ച വാക്കാണ് ചകിത്) അടക്കമുള്ള പരമ്പരകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീപുരുഷ നഗ്നതയും ഇണചേരല്‍ രംഗങ്ങളുമടക്കം നിര്‍ലോപം പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പരമ്പരകള്‍ക്ക് അവ സംപ്രേഷണം ചെയ്യുന്ന ഒടിടിയിലേക്കു പെട്ടെന്ന് ആളെയെത്തിക്കുക എന്ന ധര്‍മ്മം വിജയകരമായി അനുഷ്ഠിക്കാനാവുന്നുണ്ടെന്നത് പ്രധാനമാണ്. മുംബൈ അധോലോകത്തിന്റെ കഥ മറയില്ലാതെ തുറന്നു കാട്ടുന്ന സേക്രഡ് ഗെയിംസില്‍ മുഖ്യധാരാ താരങ്ങള്‍ പങ്കെടുത്ത തുറന്ന ലൈംഗികരംഗങ്ങള്‍ ധാരാളമായിരുന്നു. ആമസണിന്റെയും നെറ്റ്ഫ്‌ളിക്‌സിന്റെയും ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെയുമൊന്നും സെര്‍വര്‍ ഇന്ത്യയിലല്ലാത്തതുകൊണ്ടും ഇവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ പര്യാപ്തമാംവിധം ഇന്ത്യയുടെ സൈബര്‍ നിയമം വളര്‍ന്നിട്ടില്ലാത്തതിനാലുമാണ് സിനിമയ്‌ക്കോ ടിവിക്കോ അസാധ്യമായവിധം ഇവര്‍ക്കിതിനു സാധ്യമാവുന്നത്. 
ഇങ്ങനെ വിട്ടുപോകാത്തവിധം ഇന്റര്‍നെറ്റ് ഒടിടി പരമ്പരകളില്‍ പ്രേക്ഷകരെ തളച്ചിടുന്നതിനെയാണ് മാധ്യമവിശാരദര്‍ ബിഞ്ച് വ്യൂവിങ് (ആശിഴല ഢശലംശിഴ)എന്ന് ഓമനപ്പേരിട്ട് സിദ്ധാന്തവല്‍ക്കരിച്ചിട്ടുള്ളത്. യുഎസിലെ കണക്കനുസരിച്ച് 2019ല്‍ മാത്രം 56% പ്രേക്ഷകരാണ് ബിഞ്ച് വാച്ചിങിന് അടിപ്പെട്ടിട്ടുള്ളത്.

വെബ് പരമ്പരകളിലെ രാഷ്ട്രീയം
എന്നാല്‍ മുഖ്യധാരാസിനിമയ്ക്ക് ഒരിക്കലും കൈകാര്യം ചെയ്യാനാവാത്ത വിഷയങ്ങളാണ് അവ കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്നത് എന്നു പറയാതിരിക്കാനാവില്ല. ഇതുതന്നെയാണ് വെബ് പരമ്പരകള്‍ സിനിമയെ അതിജീവിക്കുമെന്ന് പറയാന്‍ കാരണം. സെക്‌സും ക്രൈമും മറയില്ലാതെ തുറുന്നുകാട്ടുന്നതുകൊണ്ടു മാത്രമല്ല വെബ് പരമ്പരകള്‍ പൊതുവേ ബോള്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കച്ചവടത്തിനായി അവയൊക്കെ കലവറയില്ലാതെ ഉള്‍ക്കൊള്ളുന്നുവെങ്കിലും വെബ് പരമ്പരകള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ബോള്‍ഡ് ആയിത്തീരുന്നത്, മുഖ്യധാരാ സിനിമ അഭിസംബോധന ചെയ്യാന്‍ മടിക്കുന്ന സമകാലിക രാഷ്ട്രീയ സാമൂഹിക സാമുദായിക വിഷയങ്ങളോട് അയിത്തം കല്‍പ്പിക്കുന്നില്ല എന്നതുകൊണ്ടാണ്. സ്വതന്ത്രചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും നിര്‍വഹിക്കുന്നത്ര ആഴത്തിലും പരപ്പിലും അധികാരരാഷ്ട്രീയത്തെയോ സാമൂഹികവ്യവസ്ഥയേയോ പ്രതിനിധാനം ചെയ്യുന്നില്ലെങ്കിലും അവ കാണിക്കുന്നതും പറയുന്നതുമായ ഓരോ ദൃശ്യത്തിലും ശബ്ദത്തിലും മുഖ്യധാരാ സിനിമയെ നിലപാടുകളിലൂടെ നാണം കെടുത്തുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര ഇരട്ടത്താപ്പുകള്‍ക്ക് ഷോക്ക് ചികിത്സയാവുകയാണ് മൃദുലൈംഗികതയ്ക്ക് പ്രാമുഖ്യമുള്ള വെബ്പരമ്പരകളെങ്കില്‍, വ്യവസ്ഥിതിയേയും അധികാരത്തെയും വരെ ചോദ്യം ചെയ്യുന്നുണ്ട് ഇതര പരമ്പരകള്‍. സെന്‍സര്‍നിയമങ്ങള്‍ സൈബര്‍മാധ്യമങ്ങള്‍ക്ക് ബാധകമാകാത്തതുകൊണ്ടുള്ള സൗകര്യവും വെബ് പരമ്പരകള്‍ക്ക് നേട്ടമാവുന്നുണ്ട്. അടുത്തിടെ ഇന്ത്യയില്‍ ശ്രദ്ധേയമായ ചില നെറ്റ്ഫ്‌ളിക്‌സ് /ആമസണ്‍ പരമ്പരകളെടുത്തു സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.
2029ലെ ആര്യാവത് എന്ന രാജ്യത്ത് നടക്കുന്ന ഒരു ഡിസ്റ്റോപ്യന്‍ ഡ്രാമയാണ് ദീപ മെഹ്ത്തയും(ഫയര്‍,വാട്ടര്‍ ചിത്രപരമ്പരകളിലൂടെ വിവാദയായ കനേഡിയന്‍ സ്വദേശിയായ ഇന്ത്യന്‍വംശജ) ശങ്കര്‍ രാമനും പവന്‍ കുമാറും ചേര്‍ന്നു സംവിധാനം ചെയ്ത ലെയ്‌ല എന്ന ആറ് എപ്പിസോഡ് നെറ്റ്ഫ്‌ളിക്‌സ് പരമ്പര. പ്രയാഗ് അക്ബറിന്റെ ഇതേ പേരിലുളള നോവലിനെ അധികരിച്ച് ഉര്‍മി ജുവേക്കര്‍ സുഹാനി കന്‍വര്‍ പട്രിക്ക് ഗ്രെയാം എന്നിവര്‍ തിരക്കഥയെഴുതിയ ഈ പരമ്പരയില്‍ വൈറ്റ്, കാല തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും പരിചിതയായ ഹിമാ ഖുറേഷിയാണ് നായിക. രാഹുല്‍ ഖന്ന, മണിരത്‌നം സിനിമകളിലൂടെ പ്രശ്‌സ്തനായ കമ്മാരസംഭവത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ സിദ്ധാര്‍ത്ഥ്, ആരിഫ് സഖറിയ, ബാന്‍ഡിറ്റ് ക്വീനിലുടെ പ്രസിദ്ധയായ സീമ ബിശ്വാസ്, ചായം പൂശിയ വീടിലൂടെ പ്രസിദ്ധയായ നേഹ മഹാജന്‍, സഞ്ജയ് സൂരി, ആകാശ് ഖുറാന തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. 
ഡോ.ജോഷിയുടെ ഭരണത്തിന്‍ കീഴില്‍, ആര്യാവര്‍ത്തം ജാതി വര്‍ണാടിസ്ഥാനത്തില്‍ സമുദായങ്ങള്‍ തമ്മില്‍ വന്‍ മതിലുകളാല്‍ വിഭജിക്കപ്പെട്ട് വേര്‍തിരിക്കപ്പെട്ട അവസ്ഥയിലാണ്. സെക്ടറുകളായി തിരിച്ചാണ് നഗരാസൂത്രണം. അതത് സമുദായങ്ങള്‍ക്ക് അവരവരുടെ മതില്‍ക്കെട്ടിന്റെ അതിരുകള്‍ക്കുള്ളില്‍ സ്വന്തം വിശ്വാസവും ജീവിതശൈലിയുമായി സ്വതന്ത്രമായി ജീവിക്കാം. പക്ഷേ അവരവരുടെ സെക്ടറിനനപ്പുറത്ത് പ്രവേശിക്കാനവകാശമില്ല. രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുക എന്നതാണ് പൗരന്റെ ഉത്തരവാദിത്തം. വര്‍ഗം തിരിച്ച് ഓരോരുത്തര്‍ക്കും കയ്യില്‍ കംപ്യൂട്ടറിനു തിരിച്ചറിയാവുന്ന പച്ചകുത്തിയിട്ടുണ്ട്. അതാണ് തിരിച്ചറിയല്‍ രേഖ.
ശുദ്ധജലവും വായുവും ആര്‍ഭാടമാണ്. ജലത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം പറയാതെ പറയുന്നുണ്ട് ലെയ്‌ല. അത് മേല്‍പ്പാളികള്‍ക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്നു. മറ്റു വിഭാഗങ്ങള്‍ക്കെല്ലാം കുടിവെള്ളം റേഷനാണ്. ചേരികളും മറ്റും അധോനഗരമായാണ് വിഭാവനചെയ്തിരിക്കുന്നത്. നഗരമാലിന്യങ്ങളുടെ കുപ്പത്തോടാണത്. അവിടെ പൈപ്പിലൂടെ ഒഴുകുന്നത് കറുത്തു കൊഴുത്ത ദ്രാവകമാണ്. ശ്വസിക്കാന്‍ വിഷവായുവും. മേല്‍പ്പാളികളില്‍ ശുദ്ധരക്തമുള്ള മേല്‍ത്തട്ടിനാണ് മുന്‍ഗണന. ജാതിമാറി വിവാഹം കഴിക്കുന്ന ഹിന്ദു സ്ത്രീകള്‍ പതിതകളാണ്. അവരെ മാനസാന്തരം വരുത്തി ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ വക വനിതാ മുക്തികേന്ദ്രങ്ങളിലെത്തിക്കും. അവര്‍ക്കു കുട്ടികളുണ്ടാവാതിരിക്കാന്‍ അധികൃതര്‍ പരമാവധി ശ്രദ്ധിക്കും. അഥവാ അബദ്ധത്തില്‍ കുട്ടികളുണ്ടായാല്‍ അവരെ മിശ്രിത വിഭാഗത്തില്‍ പെടുത്തി പ്രത്യേക ഗ്രാമത്തില്‍ വളര്‍ത്തും. അവരെ അവയവവില്‍പനയ്ക്ക് ഉപയോഗിക്കും. ഭരണത്തില്‍ പിടിപാടുള്ളവരുടെ ഗൂഢസംഘങ്ങള്‍ അതില്‍ ചില കുട്ടികളെ തെരഞ്ഞെടുത്ത് കുട്ടികളില്ലാത്ത മേല്‍ജാതി ദമ്പതികള്‍ക്ക് രഹസ്യമായി വില്‍ക്കും. ജാതി മാറിക്കെട്ടുന്ന ഹൈന്ദവേതര പുരുഷന്മാരെ തല്‍ക്ഷണം ഇല്ലാതാക്കുകയാണ് പതിവ്. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സദാ ജാഗരൂകരായ സര്‍ക്കാര്‍ ചാരന്മാരും ഗുപ്തവൃന്ദങ്ങളും. 
പാട്ടു കേള്‍ക്കുക സാഹിത്യം എഴുതുക വായിക്കുക, കലകള്‍ അവതരിപ്പിക്കുക ആസ്വദിക്കുക പഠിക്കുക..ഇതെല്ലാം വികസനവിരുദ്ധവും മനുഷ്യജീവിതവിജയത്തിന് അനാവശ്യവുമെന്നാണ് ഡോ.ജോഷി(സഞ്ജയ് സൂരി)യുടെ നിര്‍വചനം. അതിന് ആക്കം കൂട്ടാന്‍ മുന്‍ മാധ്യമപ്രവര്‍ത്തകനും ജോഷിയുടെ ഭരണത്തില്‍ രണ്ടാം സ്ഥാനക്കാരനുമായ റാവു (ആകാശ് ഖുറാന) വിന്റെ സാക്ഷ്യവും പിന്തുണയുമുണ്ട്.
ജാതിയില്‍ മുസല്‍മാനായ റിസ്വാന്‍ ചൗധരിയെ(രാഹുല്‍ ഖന്ന) വിവാഹം കഴിച്ച് ഒരു മകളുമായി സന്തോഷത്തോടെ പഞ്ചകര്‍മ്മി സെക്ടറില്‍ ആര്‍ഭാടജീവിതം നയിക്കുന്ന ശാലിനി(ഹുമ ഖുറേഷി)യുടെ ജീവിതത്തിലുണ്ടാവുന്ന നാടകീയ വഴിത്തിരിവുകളിലൂടെയാണ് ലെയ്‌ലയുടെ കഥ വികസിക്കുന്നത്. ഒരു പകല്‍, സ്വന്തം വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മകള്‍ ലെയ്‌ലയ്ക്കും ഭര്‍ത്താവിനുമൊപ്പം അവധിയാഘോഷിക്കെ, അതിക്രമിച്ചുകടന്നുവരുന്ന സദാചാരപാലകരുടെ ആക്രമണത്തില്‍ ഭര്‍ത്താവിനെ എന്നന്നേക്കുമായി നഷ്ടമാവുന്ന ശാലിനിയെ വനിതാ മുക്തി കേന്ദ്രത്തിലേക്കു മാറ്റുകയാണ്. അവിടെ നല്ലനടപ്പു സാധ്യമായാല്‍ നിശ്ചിത കാലാവധി കഴിയുമ്പോള്‍ നടത്തിപ്പുകാരനായ ഗുരുമാ (ആരിഫ് സഖറിയ)യുടെ നേതൃത്വത്തില്‍ മാനസാന്തരം തെളിയിക്കാനുള്ള അഗ്നിപരീക്ഷയുണ്ട്. അതു കടന്നാല്‍, കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറുള്ളവര്‍ക്ക് മുക്തികേന്ദ്രത്തില്‍ നിന്നു മടങ്ങാം. പരീക്ഷണം ജയിക്കാത്തവരും ഏറ്റെടുക്കപ്പെടാത്തവരും ശിഷ്ടജീവിതം സര്‍ക്കാരുടമസത്ഥതയിലുള്ള സേവനകേന്ദ്രത്തില്‍ പ്രതിഫലമില്ലാത്ത ദേശനിര്‍മാണത്തൊഴിലാളികളായി തൊഴിലാളിക്യാംപില്‍ ജീവിച്ചു തീര്‍ക്കണം. തൊഴില്‍ ക്യാംപില്‍ എത്തപ്പെടുന്ന ശാലിനി തന്റെ മകളെ കണ്ടെത്തുക എന്ന അടങ്ങാത്ത ആശയുമായി ക്യാംപിലെ കീടതുല്യമായ ജീവിതത്തില്‍ നിന്നു കിട്ടിയ അവസരത്തില്‍ രക്ഷപ്പെടുകയാണ്. അവളുടെ ചുമതലയുള്ള സൂപ്പര്‍വൈസര്‍ ഭാനു (സിദ്ധാര്‍ത്ഥ്) ആവട്ടെ അവളെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. ക്യാംപില്‍ നിന്ന് ചേരിയിലെത്തിപ്പെടുന്ന ശാലിനി അവിടെ തടവിലാക്കപ്പെട്ടിപുന്ന ഒരു കുട്ടിയുടെ സഹായത്തോടെ രക്ഷപ്പെടുന്നെങ്കിലും ഏറെ നാടകീയമായ ഒളിച്ചോട്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും പിടിക്കപ്പെടുകയാണ്. സ്വന്തം ഭര്‍ത്താവിന്റെ അനുജന്‍ തന്നെയാണ് മിശ്രവിവാഹത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിന്റെ കൊലയ്ക്കു പിന്നില്‍ എന്നും, ലെയ്‌ല എവിടെയാണെന്ന് അയാള്‍ക്കറിയാമെന്നുമുള്ള ഞെട്ടിക്കുന്ന തിരിച്ചറിവുകളില്‍ അവള്‍ സ്വയം കീഴടങ്ങുന്നതാണെന്നു പോലും പറയാം. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ അവള്‍ക്കു തിരിച്ചറിവാകുന്ന അനുഭവങ്ങളാണ് മകളെ കണ്ടെത്തും വരെ തുടര്‍ന്നു ജീവിക്കാന്‍ അവള്‍ക്കു പ്രേരണയാവുന്നത്. അതിനിടെ, ഉപരിവര്‍ഗ വിഭാഗത്തിന്റെ നഗരഭാഗത്തിനു പുറത്തുകൂടി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭീമാകാരമായ ആകാശവിതാനത്തെപ്പറ്റി അവളറിയുന്നു. ജോഷിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരേ ചേരികള്‍ കേന്ദ്രീകരിച്ച് വളര്‍ന്നു പടരുന്ന തീവ്രവാദി സംഘങ്ങളെപ്പറ്റി അവളറഇയുന്നു. മഹാത്മഗാന്ധിയുടെ ചിത്രം ചുവരില്‍ തൂക്കുന്നതും പോലും ദേശവിരുദ്ധമായി കണക്കാക്കപ്പെടുന്ന ഭരണകൂടഭീകരതയെ അവളറിയുന്നു.
മതാന്ധമായ ഫാസിസം സമൂഹത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നും സാമൂഹികഘടനയെത്തന്നെ കീഴ്‌മേല്‍ മാറ്റിമറിക്കുമെന്നുമുള്ള വൈരുദ്ധ്യ കാഴ്ചകളും ലെയ്‌ല കാണിച്ചു തരുന്നു. രണ്ടു വര്‍ഷം മുമ്പ് സദാചാരഗുണ്ടകളാല്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ സ്വന്തം വീട്ടുവേലക്കാരിയായിരുന്നവള്‍ ഇപ്പോള്‍ ശാലിനിയെ വേലയ്ക്കു കൊണ്ടുപോകുന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞന്റെ ഭാര്യയുടെ കൂട്ടുകാരിയാണ്.അവളുടെ ഭര്‍ത്താവ് ജോഷിയുടെ അടുത്തയാളും! അയാളാണ് ആര്യാവര്‍ത്തത്തിലെ രാഷ്ട്രീയനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്!
ഭാനുവിനെപ്പറ്റിയുള്ള തിരിച്ചറിവുകള്‍ ശാലിനിയുടെ ജീവിതം മാറ്റിമറിക്കുകയാണ്. ഭരണകൂടത്തിന് ഏറ്റവും വിശ്വസ്തനായ കങ്കാണിയായിരിക്കെത്തന്നെ, അധോലോക പുറംചേരിയിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ചുക്കാനും നേതാവുമാണയാള്‍ എന്ന് അവള്‍ മനസിലാക്കുന്നു. തുടര്‍ന്ന് അവരുടെ കരുനീക്കങ്ങളിലെ മുന്‍നിരക്കാരിയായിത്തീരുകയാണു ശാലിനി. ഡോ.വര്‍മ്മയുടെ വീട്ടുവേലക്കാരിയായി നിയോഗിക്കപ്പെടുന്ന ശാലിനി അവിടെ നിന്ന് മനസിലാക്കുന്ന വസ്തുതകള്‍ പലതും അവളെ അപ്പാടെ ഞെട്ടിക്കുന്നതായിരുന്നു. പ്രധാന നഗരത്തിനു മുകളില്‍ പണിതുയര്‍ത്തുന്ന ആകാശവിതാനം അവര്‍്ക്കു മാത്രം ശുദ്ധവായു നല്‍കാനുള്ള അതിവിപുലമായൊരു ഭീമന്‍ എയര്‍ കണ്ടീഷണറാണെന്നും അതില്‍ നി്ന്നു പുറംതള്ളുന്ന അശുദ്ധ വായുവിന്റെ തോതും സമ്മര്‍ദ്ദവും കൊണ്ടുതന്നെ പുറംചേരി അപ്പാടെ കരിഞ്ഞുണങ്ങിപ്പോകുമെന്നും അവള്‍ തിരിച്ചറിയുന്നതോടൊപ്പം പദ്ധതിയുടെ സ്ഥാപിതതാല്‍പര്യം തിരിച്ചറിഞ്ഞ് അതിനു തയാറാവാതെ വിവരം സ്വാതന്ത്ര്യസമരതീവ്രവാദികള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്ന ശാസ്ത്രജ്ഞന്‍ ജോഷിഭരണത്തിന്റെ ഗുപ്തചാരന്മാരാല്‍ പിടിക്കപടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതോടെയാണ്. അമേരിക്കയില്‍ നിന്ന് ജോഷി പ്രത്യേകം ക്ഷണിച്ചു വരുത്തുന്ന ശാസ്ത്രജ്ഞനും ഭാര്യയും ദേശവിരുദ്ധതയുടെ പേരില്‍ പരസ്യമായി തൂക്കിലേറ്റപ്പെടുകയാണ്. 
കലയും സാഹിത്യവുമാണ് മനുഷ്യനെ ഉല്‍പാദനക്ഷമരല്ലാത്ത ഉന്മത്തന്മാരാക്കിത്തീര്‍ക്കുന്നതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന വര്‍മ്മയുടെ ഉളളിലെ രഹസ്യ കാല്‍പനികനെ, അയാളുടെ ആര്‍ക്കും പ്രവേശനമില്ലാത്ത സ്വകാര്യമുറിയിലെ സ്റ്റീരിയോ പ്‌ളേയറില്‍ അയാളിട്ടു കേള്‍ക്കുന്ന സൂഫിസംഗീതത്തത്തിലൂടെ ശാലിനി മനസിലാക്കുന്നുണ്ട്.തുടര്‍ന്ന് അവളയാളുടെ വിശ്വാസമാര്‍ജിച്ച് അയാളുടെ അടുത്തയാളാവുന്നത് ഭാനു വഴി സംഘടിപ്പിക്കുന്ന ആര്യാവര്‍ത്തത്തില്‍ നിരോധിക്കപ്പെട്ട ആ സംഗീതത്തിന്റെ മുഴുവന്‍ ടേപ്പും രഹസ്യമായി എത്തിച്ചുകൊടുത്തുകൊണ്ടാണ്. നഗരത്തില്‍ മേല്‍ത്തട്ടുകാരുടെ അശ്വിന്‍ സെക്ടറിലെ ഒരു സ്‌കൂളില്‍ ലെയ്‌ല പഠിക്കുന്നുണ്ടെന്നും ജോഷി തന്നെ നേരിട്ടു പങ്കെടുക്കുന്ന ആകാശവിതാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആര്യാവര്‍ത്തഗാനമാലപിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ അവളുമുണ്ടെന്നും മനസിലാക്കുന്ന ശാലിനി വര്‍മ്മയുടെ സംഘാംഗമായി അവിടെ എത്തിച്ചേരുന്നു. സുരക്ഷാപരിശോധനയില്ലാതെ ഒരിലയ്ക്കു പോലും പ്രവേശനമില്ലാത്ത അവിടേക്ക് വാതകബോംബ് എത്തിക്കാന്‍ അവള്‍ക്കല്ലാതെ മറ്റൊരാള്‍ക്കുമാവില്ലെന്നു മനസിലാക്കുന്ന ഭാനും അതിന് അവളെ ഉപയോഗിക്കുന്നു. ആ മേഖലയെയാകെ ഭസ്മമാക്കാവുന്ന മാരകശേഷിയുള്ള വാതകബോംബുമൊളിപ്പിച്ചു മുന്‍നിരയിലിരിക്കുന്ന ശാലിനിക്ക് പക്ഷേ, തന്റെ മകളെ താനാരെന്നു പറഞ്ഞു ബോധ്യപ്പെടുത്താനാവാത്തിടത്താണ് ലെയ്‌ല സന്ദിഗ്ധതയില്‍ അവസാനിക്കുന്നത്. സ്വന്തം മാതാവിനെ പോലും തിരിച്ചറിയാനാവാത്തവിധം ആര്യാവര്‍ത്തമാണ് തങ്ങളുടെ മാതാവ് എന്ന ചൊല്ലിപാഠം കേട്ട് കടുത്ത മസ്തിഷ്‌കപ്രക്ഷാളനത്തില്‍ വളര്‍ത്തപ്പെടുന്ന പ്രീ പ്രോഗ്രാംഡ് ആന്‍ഡ്രോയ്ഡുകള്‍ക്കു തുല്യമായിക്കഴിഞ്ഞിരുന്നു ലെയ്‌ല. ആ തിരിച്ചറിവില്‍ തരിച്ചു നില്‍ക്കുന്ന ശാലിനിക്കു നേരെ ഫാസിസത്തിന്റെ ആസുരത മുഴുന്‍  മുഖത്താവഹിച്ച് വല്ലാത്ത പുച്ഛത്തോടെ നില്‍ക്കുന്ന ജോഷിയുടെ മുഖത്താണ് ലെയ്‌ല എന്ന പരമ്പര അവസാനിക്കുന്നത്.
ശാസ്ത്രകഥാചിത്രത്തിനുവേണ്ട എല്ലാ മേമ്പൊടികളുമുണ്ടായിട്ടും അതിനപ്പുറം താത്വികമായ നിലപാടുകളും വീക്ഷണകോണുകളുമാണ് ലെയ്‌ലയില്‍ തിരക്കഥാകൃത്തുക്കളും സംവിധായകരും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പൊള്ളുന്ന രാഷ്ട്രീയ നിരീക്ഷണങ്ങളും നിലപാടുകളും വളരെ പതിഞ്ഞ മട്ടില്‍ കീഴ്സ്ഥായിയില്‍ പശ്ചാത്തലമായി നിറച്ചുനിര്‍ത്തിയിരിക്കുകയാണ് ദൃശ്യപരിചരണത്തില്‍. നേരില്‍ പറയുന്നതിന്റെ ക്‌ളിഷ്ടതയ്ക്കുപരി ചിന്തയില്‍ അഗ്നികോരിയിടുന്ന സ്‌ഫോടനാത്മകതയാണ് ആ നിഗൂഢത പ്രേക്ഷകനു സമ്മാനിക്കുന്നത്. മൃഗീയ ഭൂരിപക്ഷത്തില്‍ കേന്ദ്രത്തില്‍ രണ്ടാമതും എന്‍ഡിഎ അധികാരത്തിലേറിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു പരമ്പര ഇന്ത്യന്‍ മാധ്യമങ്ങളില്‍ അചിന്തനീയമാകുമ്പോഴാണ് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള സൈബര്‍ പ്രതലത്തില്‍ ലെയ്‌ല യാതൊരു പ്രശ്‌നവും കൂടാതെ പ്രചരിക്കുന്നത്. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ ശക്തിയും സ്വാധീനവും നേട്ടവും വിജയസാധ്യതയുമാണ് അത് തുറന്നു കാണിക്കുന്നത് എന്നു തന്നെ വേണം കരുതാന്‍.

സാമൂഹികപ്രതിബദ്ധതയുടെ മറുപുറം
ഇന്ത്യയില്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്കു വരെ വ്യക്തവും സൂക്ഷ്മവുമായി അറിയാവുന്ന ഡല്‍ഹിയിലെ നിര്‍ഭയ കേസിന്റെ അതിസൂക്ഷ്മവും വൈകാരികവും വസ്തുനിഷ്ഠവുമായ ദൃശ്യാഖ്യാനമാണ് നെറ്റ്ഫ്‌ളിക്‌സ് തന്നെ നിര്‍മിച്ച ഡല്‍ഹി ക്രൈം എന്ന സപ്തഖണ്ഡ പരമ്പര. പ്രേക്ഷകരില്‍ ഭൂരിപക്ഷത്തിനും നന്നായി അറിയാവുന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ, ഒരുപക്ഷേ ഡോക്യുമെന്ററിയിലേക്ക് ചാഞ്ഞുപോകാമായിരുന്ന ആഖ്യാനത്തെ അടുത്ത നിമിഷം എന്ത് എന്ന ജിജ്ഞാസ അവസാനം വരെ നിലനിര്‍ത്താനായി എന്നതാണ് തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും വിജയം. ലോറന്‍സ് ബോവന്‍ ടോബി ബ്രൂസ് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച തിരക്കഥയുടെ മൂലകഥയും സംവിധാനവും റിച്ചീ മെഹ്ത്തയാണ്. സമാന്തരസിനിമയില്‍ സജീവമായ ഷെഫാലി ഷാ, നവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ, ലൈഫ് ഓഫ് പൈയിലടക്കം ഹോളിവുഡ് ചിത്രങ്ങളില്‍ വരെ സജീവമായ ഇന്ത്യന്‍ നടന്‍ ആദില്‍ ഹുസൈന്‍, രസിക ദുഗ്ഗല്‍ തുടങ്ങി വന്‍ താരനിരതന്നെയുണ്ട് ഈ പരമ്പരയില്‍.
രാജ്യത്തെ ആകമാനം ഞെട്ടിച്ച, ആം ആദ്മി എന്നൊരു മുന്നേറ്റത്തിലേക്കു വരെ കൊണ്ടുചെന്നെത്തിച്ച ഡല്‍ഹി കൂട്ടമാനഭംഗക്കേസ് അന്വേഷണത്തിന്റെ നാള്‍വഴികളാണ് ഈ ചിത്രപരമ്പരയുടെ ഇതിവൃത്തം. ഡല്‍ഹി പൊലീസിന്റെ വീക്ഷണകോണിലൂടെയാണെന്ന പോരായ്മ മാറ്റിവച്ചാല്‍, അതിഭദ്രമായ തിരക്കഥയും നിര്‍വഹണവുമാണ് ഡല്‍ഹി ക്രൈമിന്റേത്. കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി വര്‍ത്തിക ചതുര്‍വേദിയുടെ (ഷെഫാലി ഷാ) വീക്ഷണകോണിലൂടെയാണ് കഥ ഇതള്‍വിരിയുന്നത്. സ്ത്രീക്ക് സുരക്ഷിതമായി ജീവിക്കാനാവാത്ത ഇന്ത്യ വിട്ട് കാനഡയില്‍ ചേക്കേറാന്‍ തുനിയുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് യഥാര്‍ത്ഥ ഡല്‍ഹിയെന്താണെന്നു കാണിച്ചുതരാന്‍ ഒരു ദിവസം ആവശ്യപ്പെടുന്ന വര്‍ത്തികയ്ക്കു മുന്നിലേക്കാണ് ഒരു പാതിരാത്രി അശനിപാതം പോലെ നഗരമധ്യേ ബസിനുളളില്‍ നടക്കുന്ന കൂട്ടബലാല്‍സംഗത്തിന്റെ ഇര വന്നു വീഴുന്നത്, ഓഫീസില്‍ നിന്നുള്ള കീഴുദ്യോഗസ്ഥന്റെ ഒരു ഫോണ്‍കോളിന്റെ രൂപത്തില്‍.
ഈ പരമ്പര കണ്ടുതീരുമ്പോള്‍, നമ്മുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും ഡല്‍ഹി ക്രൈം ഒരുവട്ടമെങ്കിലും കണ്ടിരുന്നെങ്കില്‍ എന്നു വൃഥാ മോഹിച്ചു പോവാത്ത പ്രേക്ഷകര്‍ കുറയും. ഒരു യഥാര്‍ത്ഥ കുറ്റകൃത്യത്തെ, ദേശത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവത്തെ അടിസ്ഥാനമാക്കി, കാതുപൊളിപ്പന്‍ പശ്ചാത്ത ലസംഗീതവും, കണ്ണുമടുപ്പന്‍ സംഘട്ടനദൃശ്യങ്ങളും ദൃശ്യഗിമ്മിക്കുകളുമില്ലാതെ ഒരു പൊലീസ് കഥ എങ്ങനെയെടുക്കാമെന്ന്, അങ്ങനൊരു സിനിമയില്‍ മനുഷ്യമനസിന്റെ വൈകാരികസംഘര്‍ഷങ്ങളെ എങ്ങനെ വിന്യസിക്കാമെന്ന് ഡല്‍ഹി ക്രൈം കാണിച്ചു തരുന്നു. ഡോക്യുമെന്ററിയോ ഡോക്യുഫിക്ഷനോ ആയി ത്തീരാമായിരുന്ന നറേറ്റീവിനെ സിനിമയാക്കിത്തന്നെ ആദ്യാവസാനം നിലനിര്‍ത്താനായി എന്നതിലാണ് ഈ പരമ്പരയുടെ സംവിധായികയുടെ വിജയം. അതിന് രചയിതാക്കള്‍ ആശ്രയിക്കുന്ന മാര്‍ഗം കടുത്ത വസ്തുനിഷ്ഠതയ്ക്കുള്ളില്‍ നിന്നുകൊണ്ടും ഇതിലെ ഓരോ കഥാപാത്രവും തമ്മിലുള്ള അതിവിചിത്രവും പ്രവചനാതീതവുമായ മനുഷ്യബന്ധങ്ങളുടെ ആഴത്തില്‍ ആവിഷ്‌കരിക്കുക എന്നതാണ്. ഇതുവഴി ഡോക്യുമെന്ററിയുടെ ഏകതാനത അതിജീവിക്കുകയും പരമ്പരയ്ക്ക് കഥാപരമായ മറ്റൊരു തലം കൈവരിക്കുകയും ചെയ്യുന്നു. അതേസമയം പല ഏമാന്മാരുള്ള ഡല്‍ഹി പോലീസ് എന്ന നീതിനിര്‍വഹണ സംവിധാനത്തിനുള്ളിലെ പരിമിതികള്‍, പോരായ്മകള്‍, ഐപിഎസിനുള്ളിലെ പ്രശ്‌നങ്ങള്‍, ഉദ്യോഗസ്ഥതലത്തില്‍ നേരിടേണ്ടിവരുന്ന രാഷ്ട്രീയവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങള്‍ അതിനുള്ളിലെ വൈയക്തിക നിലപാടുകള്‍ എന്നിങ്ങനെ പ്രശ്‌നത്തിന്റെ വിവിധ തലങ്ങളെ പ്രതിനിധാനം ചെയ്യാനും പരമ്പര പ്രത്യേകം ശ്രദ്ധിക്കുന്നു. രാഷ്ട്രീയവല്‍ക്കരണത്തിനും മാധ്യമവേട്ടയ്ക്കുമിടയിലും കുറ്റവാളികളായ കഥാപാത്രങ്ങളുടെ പോലും സാമൂഹിക സാഹചര്യങ്ങളെ നിഷ്പക്ഷമായും നിര്‍മമമായും നോക്കിക്കാണാനും അടയാളപ്പെടുത്താനുമാണ് ഡല്‍ഹി ക്രൈം ശ്രദ്ധിച്ചിട്ടുള്ളത്. ഇതിവൃത്തം മുന്നോട്ടുവയ്ക്കുന്ന സാമൂഹികപ്രതിസന്ധികളില്‍ ഒരു പക്ഷത്തും നിലപാടുറപ്പിക്കാതെ ക്‌ളിനിക്കല്‍ തികവോടെ അതിനെ ഇഴപിരിച്ചു വിശകലനം ചെയ്യുകയാണ് സംവിധായകന്‍. അതുകൊണ്ടുതന്നെ ഒരേ സമയം അത് കറയറ്റ ഒരു കുറ്റാന്വേഷണ പരമ്പരയുടെ ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തുകയും മറുവശത്ത് അതിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ പരിസരങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു.
ആമസണില്‍ തിളങ്ങിയ ദ് ഫാമിലി മാന്‍ ഒടിടി പ്‌ളാറ്റ്‌ഫോമിന്റെ പുതുപുത്തന്‍ വിപണിസാധ്യത ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് പൂര്‍ണമായ തോതില്‍ കാണിച്ചു തന്ന മറ്റൊരു സുപ്രധാന വെബ് പരമ്പര. രാജ് നിധിമോരുവും കൃഷ്ണ ഡി.കെ.യും ചേര്‍ന്ന് രചിച്ച് സംവിധാനം ചെയ്ത ഈ 10 എപ്പിസോഡ് പരമ്പര വെബ് പരമ്പരകള്‍ക്ക് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമില്‍ എങ്ങനെ ഭാഷയുടെ അതിര്‍വരമ്പുകളെ വിജയകരമായി ലംഘിക്കാം എന്നുകൂടി കാണിച്ചു തരുന്നു.മലയാളിക്കും സുപരിചിതനായ ദേശീയ അവാര്‍ഡ് നേടിയ നടന്‍ മനോജ് ബാജ്‌പേയി നായകനായ ഈ രാജ്യാന്തര ചാരക്കഥയില്‍ ദേശീയ ബഹുമതി നേടിയ ദക്ഷിണേന്ത്യന്‍ നടി പ്രിയാമണിയാണു നായിക. ഐഎസില്‍ ചേര്‍ന്ന മലയാളിയായി മാത്രമല്ല ചിത്രത്തിലെ പ്രധാന വില്ലനായി എത്തുന്നത് മലയാളത്തിലെ പുത്തന്‍കൂറ്റുകാരില്‍ ശ്രദ്ധേയനായ നടനും നര്‍ത്തകനുമായ നീരജ് മാധവാണ്. നീരജില്‍ ഒരു മികച്ച നടനുണ്ടെന്ന് ദ് ഫാമിലിമാനിലെ മൂസ റഹ്മാന്‍ തെളിയിക്കുകയും ചെയ്യുന്നു.  ദിനേശ് പ്രഭാകറടക്കമുള്ള മലയാളിതാരങ്ങളും മലയാളികളായി മലയാള സംഭാഷണങ്ങളോടെ തന്നെ പരമ്പരയില്‍ പ്രത്യക്ഷപ്പെടുന്നു.
വീടും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പെടാപ്പാടുപെടുന്ന ഇന്ത്യന്‍ രഹസ്യാനേഷണവകുപ്പിലെ ഒരു സിഐഡിയായ ശ്രീകാന്ത് തിവാരിയുടെ കഥയാണ് ദ് ഫാമിലി മാന്‍. ചെറുപ്പക്കാരിയായ ഭാര്യയും രണ്ടു കുട്ടികളുമുള്ള തിവാരിക്ക് അതീവ രഹസ്യവും തന്ത്രപ്രധാനവുമായ തന്റെ ജോലിയുടെ പ്രത്യേകത കൊണ്ടു തന്നെ ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താന്‍ സാധിക്കുന്നില്ല. ശരാശരി ഇന്ത്യന്‍ മധ്യവര്‍ഗകുടുംബം മഹാനഗരങ്ങളില്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ സത്യസന്ധവും തുറന്നതുമായ ആവിഷ്‌കാരമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഭാമ്പത്യം പോലും ഇന്ത്യന്‍ മൂല്യ-സാമ്പത്തിക-സാമൂഹികവ്യവസ്ഥിതിയില്‍ എത്രമാത്രം യാന്ത്രികമായിത്തീരുന്നുവെന്നും,സ്‌നേഹമുണ്ടെങ്കില്‍ക്കൂടി സാഹചര്യങ്ങള്‍ ഇടത്തരം കുടുംബങ്ങളുടെ ജീവിതതത്രപ്പാടുകള്‍ക്കിടയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും എത്രമാത്രം മാനസികവും ശാരീകവുമായി അകറ്റുന്നുവെന്നും ചിത്രം കാണിച്ചു തരുന്നു. രസമെന്തെന്നാല്‍, ഈ സാഹചര്യങ്ങളുടെ ചിത്രീകരണം, മുഖ്യപ്രമേയമായ രാജ്യാന്തരഭീകരവാദത്തിന്റെയും ഇസ്‌ളാമിക തീവ്രവാദത്തിന്റെ വേരുകള്‍ മധ്യേഷന്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്കു തന്നെ വേരുകളാഴ്ത്തുന്നതിന്റെയും നിര്‍ണായകമായ ആവിഷ്‌കാരത്തിനുള്ള പശ്ചാത്തലമൊരുക്കുക മാത്രമാണ് ചെയ്യുന്നത് എന്നുള്ളതാണ്. തീര്‍ത്തും ഉദ്വേഗമുയര്‍ത്തുന്ന ഒരു ആക്ഷന്‍ ചാരസിനിമയില്‍ കുടുംബവും ബന്ധങ്ങളും അതിന്റെ സങ്കീര്‍ണതയും ആര്‍ദ്രതയും വൈകാരികതയും എങ്ങനെ സമരഞ്ജസമായി ഇഴചേര്‍ത്തു കഥപറയാം എന്നതിന്റെ ഏറ്റവും സര്‍ഗാത്മകമായൊരുദാഹരണമാണ് ദ് ഫാമിലി മാന്‍.
രാജ്യാന്തര രാഷ്ട്രീയവും മതരാഷ്ട്രീയവും മുതല്‍ വ്യക്തിരാഷ്ട്രീയം വരെ അത് അഭിസംബോധന ചെയ്യുന്നുമുണ്ട്. തിവാരിയുടെ തെന്നിന്ത്യക്കാരിയായ ഭാര്യ സുചിത്ര (പ്രിയാമണി) ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ നേര്‍ പ്രതിനിധിതന്നെയാണ്. ഭര്‍ത്താവിനെയും കുട്ടികളെയും നോക്കിക്കഴിഞ്ഞ് സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ഓര്‍ക്കാന്‍ കൂടി നേരം കിട്ടാത്ത ശരാശരി ഇന്ത്യന്‍ കുടുംബിനി. ഒരു ഘട്ടത്തില്‍ അവള്‍ പഴയ സഹപാഠിയില്‍ നിന്ന് സാമ്പത്തികസ്വാതന്ത്ര്യമെന്താണെന്നറിയുന്നു. ഇഷ്ടമുള്ളത് ചെയ്യാനുവുമ്പോഴത്തെ ആത്മസംതൃപ്തിയെന്തെന്നറിയുന്നു. അവസാനം അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നുവോ എന്ന കാര്യത്തില്‍ സര്‍ഗാത്മകമായ മൗനമുപേക്ഷിച്ചാണ് കഥനിര്‍വഹണമവസാനിക്കുന്നതെങ്കിലും ഇടത്തരം കുടുംബങ്ങളില്‍ ആഗോള സാമ്പത്തിക സാങ്കേതിക അവസ്ഥകള്‍ കൊണ്ടുവന്ന പരിവര്‍ത്തനം ചിത്രം മൗലികമായി തന്നെ കൈകാര്യം ചെയ്യുന്നു. ഒപ്പം ലക്ഷ്യങ്ങളെ വിമര്‍ശിക്കാതിരിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മതതീവ്രവാദത്തിന്റെ മനുഷ്യത്വരാഹിത്യവും അര്‍ത്ഥരാഹിത്യവും പച്ചയ്ക്കു തുറന്നുകാട്ടുകയും ചെയ്യുന്നു. വിശ്വാസം എങ്ങനെ ഒരുവനെ അന്ധനാക്കുന്നുവെന്നും ആ അന്ധത ഒരുവനെ കുറ്റവാളിയാക്കുന്നുവെന്നും ദ് ഫാമിലി മാന്‍ കാണിച്ചു തരുന്നു.

തിളങ്ങുന്ന സാങ്കേതികമുന്നേറ്റം
ഇന്ത്യന്‍ സിനിമയെ ഹോളിവുഡ്ഡാവാന്‍ കച്ചകെട്ടിയിറങ്ങുന്ന ബഹുഭാഷകളിലെ ചലച്ചിത്രകാരന്മാര്‍ അത്യാവശ്യം കാണേണ്ട പരമ്പരയാണ് നെറ്റ് ഫ്‌ളിക്‌സിലെ ബാര്‍ഡ് ഓഫ് ബ്ളഡ്. ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും, റെഡ്ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മിച്ച് ഇമ്രാന്‍ ഹാഷ്മി നായകനായ പരമ്പരയാണിത്. ബലൂചിസ്ഥാന്‍ വിഘനവാദത്തിന്റെയും താലിബാന്‍ അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചാരപ്രവര്‍ത്തനങ്ങളുടെ കഥയായി ബിലാല്‍ സിദ്ദീഖി രചിച്ച ഇതേപേരിലുള്ള നോവലിന് ഋഭു ദാസ്ഗുപ്ത നല്‍കിയ ഈ ദൃശ്യാഖ്യാനം സാങ്കേതികതയുടെയും അവതരണത്തിന്റെയും കാര്യത്തില്‍ ഒരു പക്ഷേ ഇന്ത്യ ഇതേവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച രാജ്യാന്തരനിലവാരമുള്ള ദൃശ്യാഖ്യാനമായിരിക്കും. ദശകോടികള്‍ പൊട്ടിച്ച് ഹോളിവുഡ് നിലവാരത്തിലെത്താന്‍ വൃഥാ പാടുപെടുന്ന തെലുങ്ക്-ഹിന്ദി സിനിമാക്കാര്‍, ചാരകഥകളുടെ ദൃശ്യാഖ്യാനങ്ങളില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന, ഇമ്രാന്‍ ഹാഷ്മി നായകനായ ഈ സിനിമ നൂറ്റൊന്നാവൃത്തി കണ്ടിട്ട് ആ പണി തുടര്‍ന്നിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ബാര്‍ഡ് ഓഫ് ബ്ളഡ് പോലൊരു ദൃശ്യാനുഭവം നിര്‍മിക്കാന്‍ മാത്രം ഇന്ത്യ പക്വത നേടിയെന്നതാണ് ഈ പരമ്പര നല്‍കുന്ന സന്തോഷം.
മുഖ്യധാരാ സിനിമ ഒരിക്കലും അഭിസംബോധന ചെയ്യാന്‍ ഇനിയും ധൈര്യവും പക്വതയും നേടിയിട്ടില്ലാത്ത വിഷയങ്ങളാണ് ഈ പരമ്പരകളിലധികവും കൈകാര്യം ചെയ്യുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യാന്തരതീവ്രവാദം പോലെ അതിസങ്കീര്‍ണവും അതിലേറെ സെന്‍സിറ്റീവുമായ വിഷയങ്ങളാണ് വെബ് പരമ്പരകള്‍ സധൈര്യം തുറന്നു കാണിക്കുന്നത്. അതിനായി എത്രത്തോളം സാഹസികതയ്ക്കും നിര്‍മാതാക്കളും സാങ്കേതികവിദഗ്ധരും തയാറാവുകയും ചെയ്യുന്നു. ബാര്‍ഡ് ഓഫ് ബ്‌ളഡിന്റെ കാര്യത്തില്‍ തന്നെ, ബലൂചിസ്ഥാന്‍ ചിത്രീകരിക്കാനായി സിനിമാക്കാര്‍ പോയിട്ട് തദ്ദേശവാസികള്‍ പോലും സീസണിലല്ലാതെ കടന്നുചെന്നിട്ടില്ലാത്ത ലേ ലഡാക്ക് പ്രവിശ്യയിലെ കാണാഭൂമികകളിലേക്ക് സധൈര്യം കടന്നുചെല്ലാന്‍ ഈ പരമ്പരയുടെ പിന്നണിക്കാര്‍ ശ്രമിച്ചു. അതുവഴി, ഇറാന്‍, ഈജിപ്ഷ്യന്‍ സിനിമകളില്‍ മാത്രം നാം കണ്ടിട്ടുള്ളതുപോലുള്ള ഒരു ദൃശ്യാനുഭവം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സമ്മാനിക്കാന്‍ അവര്‍ക്കു സാധിച്ചു.ഇന്ത്യന്‍ സിനിമയുടെ കമ്പോളഘടകങ്ങളെയും ചിത്രസമീപനങ്ങളെയും തന്നെ അടിമുടി ഉടച്ചുവാര്‍ക്കുകയും തിരുത്തിയെഴുതുകയുമാണ് ബാര്‍ഡ് ഓഫ് ബ്‌ളഡ് ചെയ്യുന്നത്. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹൈ, സെയ്ഫ് അലിഖാന്റെ ഏജന്റ് വിനോദ് പോലുള്ള തട്ടുപൊളിപ്പന്‍ മസാലകള്‍ക്കപ്പുറം സമാനവിഷയത്തില്‍ തന്നെ അര്‍ത്ഥപൂര്‍ണമായ ദൃശ്യ ഇടപെടല്‍ കൂടിയാവുന്നുണ്ട് എന്നതിലാണ് ബാര്‍ഡ് ഓഫ് ബ്‌ളഡിന്റെ മാധ്യമ പ്രസക്തി
നമ്മുടെ ചുറ്റും നിന്ന് തെരഞ്ഞെടുത്തതുപോലുള്ള അമച്ചര്‍ താരങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഛായാഗ്രഹണത്തിലും ശബ്ദലേഖനത്തിലുമൊക്കെ ഈ പരമ്പരകള്‍ പുലര്‍ത്തുന്ന മാധ്യമസവിശേഷത തിരിച്ചറിയപ്പെടേണ്ടതുണ്ട്. ക്യാമറാക്കോണുകളും ചലനങ്ങളും സഹിതം പ്രമേയനിര്‍വഹണത്തില്‍ ദൃശ്യപരിചരണത്തിനുള്ള പ്രാധാന്യം വെളിവാക്കുന്നതാണ് അത് എന്നു കൂടി പറയാതെ തരമില്ല. പശ്ചാത്തലസംഗീതത്തിന്റെ മാധ്യമസാധ്യതയറിഞ്ഞുള്ള വിന്യാസത്തിലും തിരക്കഥയിലെ ഏച്ചുകെട്ടില്ലാത്ത രംഗാവതരണവുമെല്ലാം കൊണ്ട് നവഭാവുകത്വ  ലോക സിനിമയുടെ ദൃശ്യചമത്കാരങ്ങളോടാണ് ഈ പരമ്പരകള്‍ക്കു ചാര്‍ച്ച കൂടുതല്‍. കുടുംബസായാഹ്നങ്ങളെ മലീമസമാക്കുന്ന സാംസ്‌കാരികഉച്ഛിഷ്ടങ്ങളായ ടെലിവിഷന്‍ പരമ്പരകളുമായും കമ്പോളനേട്ടം മാത്രം ലാക്കാക്കി പതിവു ഫോര്‍മുലകളില്‍ പടച്ചെടുക്കുന്ന മുഖ്യധാരാസിനിമകളോടും കൂടി താരതമ്യം ചെയ്യുമ്പോഴാണ് ഡല്‍ഹി ക്രൈം പോലുള്ള വെബ് പരമ്പരകളുടെ നിശബ്ദവിപ്‌ളവം വ്യക്തമാകൂ. 
ഇവയുയര്‍ത്തുന്ന ഭീഷണികളോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് സ്വയം നവീകരിച്ചില്ലെങ്കില്‍ തീയറ്ററിലെ സിനിമ തന്നെ ചരിത്രമായേക്കുമോ എന്നാരെങ്കിലും ശങ്കിച്ചാല്‍ കുറ്റംപറയേണ്ടതില്ല. കംപ്യൂട്ടര്‍/ടാബ്ലെറ്റ് /സെല്‍ഫോണ്‍ സ്‌ക്രീനുകളില്‍ ലോകത്തെവിടെയിരുന്നും എപ്പോഴും ആസ്വദിക്കുക കൂടി ചെയ്യാവുന്ന ഈ പരമ്പരകള്‍ ഉയര്‍ത്തുന്ന ഭാവുകത്വപരവും മാധ്യമപരവുമായ വെല്ലുവിളി തിരിച്ചറിയുക എന്നതാണ് പ്രധാനം.

സിനിമ@ഒടിടി
ഇംഗ്‌ളീഷില്‍ നിര്‍മിക്കപ്പെട്ട് ആഗോളപ്രീതി നേടിയ വിദേശപരമ്പരകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉപശീര്‍ഷകത്തോടെയും മൊഴിമാറ്റങ്ങളായും അവതരിപ്പിക്കുന്നതിനു പുറമേയാണ് ഇന്ത്യന്‍ ഭാഷകളില്‍ ഒ.ടി.ടി.കള്‍ അവതരിപ്പിക്കുന്ന സ്വതന്ത്രനിര്‍മിതികള്‍. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം വളരെ സവിശേഷമായ വെബ് പരമ്പരകളും വെബ് സിനിമകളും നിര്‍മിക്കപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഒടിടിക്കാലത്തെ സിനിമകളെ കൂടി വിലയിരുത്താതെ ഈ പഠനം പൂര്‍ത്തിയാവില്ല. 
തീയറ്ററില്‍ വിജയമായാലും ഇല്ലെങ്കിലും പുതുപുത്തന്‍ സിനിമകള്‍ ആഴ്ചകള്‍ക്കകം തന്നെ ഒടിടികളില്‍ വെബ് റിലീസ് ഉറപ്പാക്കുന്നതോടൊപ്പം പഴയകാല ക്‌ളാസിക്കുകളുടെ ശേഖരവും ദിനംപ്രതി അവര്‍ കൂട്ടിക്കൊണ്ടേയിരിക്കുന്നു. ഇതിനൊക്കെ പുറമേയാണ്, ആഗോളതലത്തില്‍ തന്നെ ചലച്ചിത്രനിര്‍മാണ വിതരണ രംഗങ്ങളിലും ചലച്ചിത്രമേളകള്‍ പോലുള്ള രാജ്യാന്തര വിപണികളിലും ഒടിടി സേവനദാതാക്കള്‍ തങ്ങളുടെ കുത്തക ഇടപെടലിനു മുതിരുന്നത്. ലോകസിനിമയുടെ മെക്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌കര്‍ അവാര്‍ഡ് നിര്‍ണയത്തിപ്പോലും 2018 ല്‍ മികച്ച വിദേശചിത്രത്തിനുള്ള ബഹുമതി നേടിയത് നെറ്റ്ഫ്‌ളിക്‌സ് പങ്കാളികളായി നിര്‍മിക്കപ്പെട്ട സ്പാനിഷ്-മെക്‌സിക്കന്‍ സ്വതന്ത്രസിനിമയായ റോമ ആയിരുന്നെന്നോര്‍ക്കുക. മികച്ച ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ പീര്യഡ്-എന്‍ഡ് ഓഫ് സെന്റെന്‍സ് വിതരണം ചെയ്തതും നെറ്റ്ഫ്‌ളിക്‌സ് തന്നെയായിരുന്നു. 2019ല്‍ ഓസ്‌കര്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ലോകമെമ്പാടും റിലീസ് ചെയ്തതു പോലും ആമസണ്‍ പ്രൈമിലായിരുന്നെന്നോര്‍ക്കുക. ഈ വസ്തുതകള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് ലോക സിനിമയ്ക്ക് നിഷേധിക്കാനാവാത്ത ഇടപെടലാണ് നെറ്റ്ഫ്‌ളിക്‌സും ആമസണും പോലുള്ള വെബ് പ്രതലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് എന്നു തിരിച്ചറിയാനാവുക. 
ഒടിടികള്‍ മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികം തന്നെയാണ് നിര്‍മാതാക്കളെ അവരിലേക്കാകര്‍ഷിക്കുന്നത്. തീയറ്റര്‍ റിലീസിനെ അപേക്ഷിച്ച് ഉറപ്പുള്ള വരുമാനമാണ് ഒടിടികള്‍ വാഗ്ദാനം ചെയ്യുന്നത്. മള്‍ട്ടീപ്‌ളക്‌സിനേക്കാള്‍ അധികം വൈവിദ്ധ്യമാര്‍ന്ന പ്രേക്ഷകരെ ഉള്ളടക്കവൈവിദ്ധ്യം കൊണ്ട് ആകര്‍ഷിക്കാനാവുന്നതുകൊണ്ട് പലജനുസിലുള്ള സിനിമകളെയും ശരാശരി വിജയത്തിലെത്തിക്കാന്‍ ഒടിടികള്‍ക്കു നിഷ്പ്രയാസം സാധിക്കും. അതുകൊണ്ടുതന്നെ അവര്‍ വാഗ്ദാനം ചെയ്യുന്ന തുകയ്ക്ക് സിനിമകള്‍ ഔട്ട്‌റൈറ്റിന് വില്‍ക്കുന്നതാണ് പല നിര്‍മാതാക്കള്‍ക്കും നല്ലത്. ഹോളിവുഡ് വരെ ഇത്തരത്തില്‍ നെറ്റ്ഫ്‌ളിക്‌സിനോടും ആമസണിനോടും ഹോട്ട്‌സ്റ്റാറിനോടും ദീര്‍ഘകാല കരാറിനു ശ്രമിക്കുമ്പോള്‍ സ്വതന്ത്ര സിനിമാനിര്‍മാതാക്കളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. 
വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പോലും 2018ല്‍ ശ്രദ്ധിക്കപ്പെട്ടതും സുപ്രധാന പുരസ്‌കാരങ്ങള്‍ നേടിയതുമായ സിനിമകളുടെ മുഴുവന്‍ പില്‍ക്കാല അവകാശം ഒടിടികള്‍ ഒറ്റയടിക്ക് സ്വന്തമാക്കുകയായിരുന്നു. സ്വഭാവികമായി മറ്റു ലോകമേളകളിലേക്ക് അവ ലഭിക്കണമെങ്കില്‍പ്പോലും അവര്‍ക്ക് ഒടിടികളുമായി വിലപേശുകയോ കരാറിലേര്‍പ്പെടുകയോ വേണമെന്ന സ്ഥിതിയായി. ഫെസ്റ്റിവല്‍ പ്രോഗ്രാമിങ്/ക്യൂറേറ്റിങ് എന്ന സമ്പ്രദായത്തിനു തന്നെ ഇത് അപ്രസക്തമാക്കി. ഒ.ടി.ടി. പിന്തുണയോടെ കൂടുതല്‍ സ്വതന്ത്രമായി സിനിമ നിര്‍മിക്കാമെന്നു വന്നതോടെ കമ്പോളമുഖ്യധാരയെ ആശ്രയിക്കാത്ത സ്വതന്ത്ര ചലച്ചിത്രകാരന്മാര്‍ക്കും സന്തോഷമായി. അതവര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നുകൊടുത്തു. അതേസമയം, അവരുടേതടക്കം സിനിമകള്‍ പൊതുവേ ഒടിടികളിലേക്കു മാത്രം ചുരുക്കപ്പെടുകയാണെന്നതാണ് ഇതിന്റെ മറുവശം. സിനിമാവിപണി തന്നെ ഒടിടിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. മറ്റൊരുഭാഷയില്‍, സിനിമാവിതരണത്തില്‍ ഒടിടികള്‍ കുത്തകകളാവുകയാണ്. ഉള്ളടക്കത്തിലെയും ലഭ്യതയിലെയും സുതാര്യമായ ജനാധിപത്യം ചലച്ചിത്ര വിതരണ/വിപണനക്കാര്യത്തില്‍ കുത്തകവല്‍ക്കരണവുമായി ഒരു പുതിയ മാധ്യമസംഘര്‍ഷത്തിന് അങ്ങനെ ഒടിടി വഴിതുറക്കുകയാണ്. സെന്‍സര്‍ വിലക്കുകളില്ലാതെ സ്വതന്ത്രമായി എന്തും കാണിക്കാം എന്നതിലും, വീട്ടിലോ ലോക്കഡൗണിലോ ഇരുന്ന് സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടസമയത്ത് കാണാം എന്നതിലും പ്രകടിപ്പിക്കുന്ന ജനാധിപത്യവല്‍ക്കരണം പക്ഷേ, അങ്ങനെ ലഭ്യമാക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വിപണിയുമായി പുതിയൊരു സംഘട്ടത്തിലേക്കാണ് നീങ്ങുന്നത്. അതിന്റെ പ്രത്യക്ഷങ്ങളാണ്  പൊന്‍മകള്‍ വന്താള്‍ എന്ന സിനിമ മുതല്‍ ചെറുകിട ചലച്ചിത്രമേളകള്‍ വരെ നേരിടാന്‍ പോകുന്നതും.

Friday, March 13, 2020

ജനാധിപത്യം വെല്ലുവിളിക്കപ്പെടുമ്പോള്‍


എ.ചന്ദ്രശേഖര്‍

കോടതി,  പൊലീസ് സ്റ്റേഷന്‍ എന്നിവയോട് വല്ലാത്ത പ്രതിപത്തിയുണ്ട് സിനിമയ്ക്ക്. ലോകത്തെ എല്ലായിടത്തെയും സിനിമകള്‍ക്ക് ഇക്കാര്യത്തില്‍ ഒരുമയുമുണ്ട്. പൊലീസും നിയമസംഹിതയും വിളയാടുന്ന കേന്ദ്രങ്ങള്‍ അവയുടെ സൂക്ഷ്മസങ്കീര്‍ണതകള്‍ കൊണ്ടുതന്നെ ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാധ്യത തുറന്നുവയ്ക്കുന്നുണ്ട്.
ഇതുതന്നെയാവണം കോര്‍ട്ട്‌റൂം-സ്‌റ്റേഷന്‍ ഡ്രാമകള്‍ നേടുന്ന ജനപ്രീതിക്കു കാരണവും.ഇന്ത്യന്‍ മുഖ്യധാരയ്ക്ക് പൊലീസ്/ കോടതിമുറിക്കഥകളോട് എന്നും ഇഷ്ടമായിരുന്നു. കാനൂന്‍ (1960) ബാത് ഏക് രാത് കി (1962) അടക്കം ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ പ്രമേയതലത്തില്‍ അതിങ്ങനെ മുഖ്യധാരാസിനിമയില്‍ തുടര്‍ന്നും സ്വാധീനിച്ചും വന്നു. പക്ഷേ, പൊലീസിന്റെ അതിക്രമങ്ങളും കുറ്റാന്വേഷണവും, കോടതിയിലെ കേസുകളുടെ നൂലാമാലകളും വാദത്തിലെ വാക്‌ധോരണികളും വക്കീലന്മാരുടെ വളച്ചൊടിക്കലുകളും ഒക്കെയടങ്ങുന്ന നാടകീയതയെയാണ് വാസ്തവത്തില്‍ മുഖ്യധാരാ സിനിമ സ്‌നേഹിച്ചത്. കാരണം അതുയര്‍ത്തുന്ന ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ പ്രേക്ഷകനെ വരിഞ്ഞുകെട്ടി വിജയം സുസ്സാദ്ധ്യമാക്കുക എന്നതിലായിരുന്നു തിരക്കഥാകൃത്തുകള്‍ക്കും സംവിധായകര്‍ക്കും താല്‍പര്യമേറെ.
മറിച്ച്, പൊലീസിങിലെ, നിയമപാലനത്തിലെ, നീതിന്യായ വ്യവസ്ഥയിലെ സാമൂഹികമായ, വിശേഷിച്ച് വര്‍ണ/വര്‍ഗ/ലിംഗപരമായ മാനങ്ങളെയോ സ്വാധീനത്തെയോ പറ്റി മുഖ്യധാരാ സിനിമ കാര്യമായി പരിഗണിച്ചു കണ്ടിട്ടില്ല ഒരിക്കലും. പട്ടിണിയും പരിവട്ടവും വര്‍ഗ വര്‍ണ സാമ്പത്തികാസമത്വത്തിന്റെ ഭൗതിക വൈരുദ്ധ്യങ്ങളുമെല്ലാം ദോ ഭീഗാ സെമീന്‍(1953) പോലെ ഇന്ത്യന്‍ സിനിമയ്ക്ക് വിഷയമായപ്പോഴും നിയമ/നീതിന്യായ വ്യവസ്ഥ അതുല്‍പാദിപ്പിക്കുന്ന ഉദ്വേഗത്തിന്റെ പരിണാമഗുപ്തിയ്ക്കു വേണ്ടി മാറ്റം നീക്കിവയ്ക്കപ്പെടുകയായിരുന്നു. പ്രസ്തുത സിനിമകളില്‍ പൊലീസ് ഉദ്യോഗസ്ഥരും വക്കീലന്മാരുമൊക്കെ ഒരു കുറ്റകൃത്യം കണ്ടുപിടിക്കാനോ അനാവരണം ചെയ്യാനോ വിധിക്കപ്പെട്ട കേവലം അന്വേഷകര്‍ മാത്രമായിരുന്നു. ആത്യന്തികമായി ആ സിനിമകള്‍ മുന്നോട്ടു വച്ച രസന അപസര്‍പ്പകത്വം മാത്രമായിരുന്നു, അല്ലെങ്കില്‍ നിയമമോ നീതിയോ ഉത്പാദിപ്പിക്കുന്ന ഒരു അതിവൈകാരിക മനുഷ്യാവസ്ഥയെയായിരുന്നു. വഖ്ത് (1965),അന്ധാ കാനൂന്‍(1983), ഏക് രുകാ ഹുവാ ഫൈസല(1986) ദാമിനി(1993), അര്‍ത്ഥ സത്യ(1983), ഗംഗാജല്‍(2003) തുടങ്ങിയ സിനിമകളില്‍ മിക്കതും ഇത്തരത്തിലായിരുന്നു. ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് വൈകാരികതയും അപസര്‍പ്പകവകതയും മാറ്റി നിര്‍ത്തി സാമൂഹികവും മാനവികവും മനുഷ്യാവകാശപരവുമായ മാനങ്ങളെ വിഷയമാക്കി പ്രമേയസമീപനം കൈക്കൊണ്ടിട്ടുള്ളൂ.
പ്രാദേശികസിനിമയില്‍ തമിഴില്‍ കെ.ബാലചന്ദറിന്റെ തണ്ണീര്‍ തണ്ണീര്‍(1981), വെട്രിമാരന്റെ വിസാരണൈ (2015)പോലുള്ള ചിത്രങ്ങളും കന്നടയിലെ ബേരു പോലുള്ള ചിത്രങ്ങളും ഹിന്ദിയില്‍ തന്നെ സെയ്ദ് മിര്‍സയുടെ മോഹന്‍ ജോഷി ഹാസിര്‍ ഹോ(1984), രമേഷ് ശര്‍മ്മയുടെ ന്യൂഡല്‍ഹി ടൈംസ്(1986),അര്‍ത്ഥ സത്യ(1983), ഗംഗാജല്‍(2003)  പോലുള്ള ചിത്രങ്ങളുമൊക്കെ ഇത്തരത്തില്‍ നീതി ന്യായ നിയമവ്യവസ്ഥകളുടെ അപര്യാപ്തതകളെയും പരിമിതികളെയും വിമര്‍ശനാത്മകമായി തുറന്നുകാട്ടുകയും അവയുടെ പരാധീനത വെളിപ്പെടുത്തുകയും പലപ്പോഴും അതുകൊണ്ടുണ്ടാവുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി തൊലിപ്പുറത്തെങ്കിലും പരാമര്‍ശിക്കുകയും ചര്‍ച്ചയ്ക്കു കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന പ്രസ്തുത ചിത്രങ്ങള്‍ പക്ഷേ നമ്മുടെ നാട്ടിലെ നീതിന്യായമേഖലകളിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥതല ഇടപെടലുകളെയും വന്‍കിട വ്യവസായികളുടെ സ്വാധീനശക്തിയേയും തൊലിയുരിച്ചു കാണിച്ചിട്ടുണ്ട്.
എന്നാല്‍, ലോകനവതരംഗത്തിനനുസൃതമായി ഉള്ളടക്കഭാവുകത്വത്തിന്റെ നവീകരണത്തിനു വിധേയമായ ഇന്ത്യന്‍ സിനിമയുടെ സമീപകാല ആഖ്യാനകമാതൃകയില്‍ നിയമപാലനവും നീതിന്യായ വ്യവസ്ഥിതിയും കുറേക്കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ, അതിന്റെ ബഹുതല രാഷ്ട്രീയ മാനങ്ങളോടെതന്നെ അഭിസംബോധനചെയ്യപ്പെടുകയാണ്. അതിലുപരി അവ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ കുറേക്കൂടി  ആത്മാര്‍ത്ഥതയോടെ, സത്യസന്ധതയോടെ ദൃശ്യവല്‍ക്കരിക്കാന്‍ ധൈര്യം കാണിക്കുന്നുമുണ്ട്. മോഹന്‍ ജോഷി ഹാസിര്‍ ഹോയും ജാനേ ഭി ദോ യാരോ(1983)യും തമാശയുടെ ആവരണത്തില്‍ പൊതിഞ്ഞു മാത്രം അവതരിപ്പിക്കാന്‍ ശ്രമിച്ച അതിഗൗരവമായ രാഷ്ട്രീയാതിക്രമങ്ങളെ കമ്മട്ടിപ്പാടത്തിലും കാലായിലുമെത്തുമ്പോള്‍പച്ചയ്ക്ക് വിളിച്ചു പറയുന്ന തരത്തിലേക്ക് സമകാലിക സിനിമ മാറിയിട്ടുണ്ട്. ഇത് ഹിന്ദിയില്‍ മാത്രമല്ല, പ്രാദേശിക സിനിമകളിലും പ്രതിധ്വനിക്കുന്നുമുണ്ട്.
പൊലീസ് സ്റ്റേഷനും കോടതിയും പലപ്പോഴും കമ്പോള സിനിമയ്ക്ക് ചിരി ഉത്പാദിപ്പിക്കാനുള്ള രംഗപശ്ചാത്തലമായിരുന്നു ഒരിടക്കാലം വരെ. വിഡ്ഢികളായ പൊലീസുകാരും വക്കീലന്മാരും ഗുമസ്തന്മാരുമടങ്ങുന്ന, സമൂഹത്തില്‍ നിര്‍ണായകസ്വാധീനം വഹിക്കുന്ന തൊഴില്‍ മേഖലകളെ ഹാസ്യോപകരണങ്ങളായി കണക്കാക്കിപ്പോന്നതിലെ ജനാധിപത്യവൈരുദ്ധ്യം പ്രത്യേകം വിമര്‍ശിക്കപ്പെടേണ്ടതാണ്. എന്നാല്‍ സമകാലിക സിനിമ നോക്കിയാല്‍ ഈ അനുശീലനം മാറുകയും പൊലീസ് സ്റ്റേഷനും കോടതിമുറിയും പശ്ചാത്തലമാക്കി അര്‍ത്ഥവത്തായ സാമൂഹികചര്‍ച്ചകള്‍ക്ക് സിനിമ വഴിവയ്ക്കുന്നതായി കാണാം. അവയിലൊക്കെ ഇതള്‍വിരിയുന്ന പ്രമേയമാകട്ടെ വളരെ പ്രധാനപ്പെട്ട പല സാമൂഹിക വിഷയങ്ങളെയും തീവ്രതചോരാതെ അവതരിപ്പിക്കുന്നമുണ്ട്. മലയാളത്തില്‍ത്തന്നെ മേല്‍വിലാസം, ആക്ഷന്‍ഹീറോ ബിജു, കിസ്മത്ത്, ഒരു കുപ്രസിദ്ധ പയ്യന്‍, അയ്യപ്പനും കോശിയും, തമിഴില്‍ പരിയേരും പെരുമാള്‍,അസുരന്‍ തുടങ്ങിയ സിനിമകള്‍ ഇങ്ങനെ ഇതുവരെ തുറന്നുപറയാന്‍ മടിച്ചിരുന്ന ജാതിവെറി, സദാചാര പൊലീസിങ് തുടങ്ങി പലതും വിഷയമാകുന്നുണ്ട്. സമാനമായി തമിഴില്‍, പാര്‍ത്ഥിപന്റെ ഒറ്റ ചെരിപ്പ് സൈസ് ഏഴ് എന്ന സിനിമയാവട്ടെ, വിഷയത്തില്‍ മാത്രമല്ല സിനിമയുടെ ആഖ്യാനകത്തില്‍ കൂടി നിര്‍ണായകമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് ഇന്ത്യന്‍സിനിമയില്‍ അടുത്തകാലത്തിറങ്ങിയ ഏതാനും സിനിമകളുടെ സൂക്ഷ്മവിശകലനമാണ് ഈ ലേഖനം ലക്ഷ്യമിടുന്നത്.
കോര്‍ട്ട് റൂം ഡ്രാമ എന്ന ജനുസില്‍ ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ നിര്‍മിക്കപ്പെട്ട ഏറ്റവും സ്‌ഫോടനാത്മകമായ ചലച്ചിത്രങ്ങളിലൊന്നായിരുന്നു സമര്‍ഖാന്‍ സംവിധാനം ചെയ്ത ശൗര്യ (2008) ജമ്മുകശ്മീരില്‍ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് കോര്‍ട്ട്മാര്‍ഷ്യലിനു (പട്ടാള കോടതി വിചാരണ)യ്ക്കു വിധേയനാവുന്ന ഒരു മുസ്‌ളീം ഭടന്റെ കഥയായിരുന്നു അത്. ഘടനയിലും പ്രമേയത്തിലും സ്വദേശ് ദീപക് എഴുതിയ കോര്‍ട്ട് മാര്‍ഷ്യല്‍ എന്ന മറാത്തി നാടകത്തെ അധികരിച്ച് സൂര്യ കൃഷ്ണമൂര്‍ത്തി രചിച്ച് മാധവ് രാംദാസ് സംവിധാനം ചെയ്ത മേല്‍വിലാസം(2011) എന്ന ചിത്രത്തോട് വളരെയേറെ സാമ്യം വച്ചുപുലര്‍ത്തിയ ചിത്രമായിരുന്നു കെ.കെ.മേനോനും രാഹുല്‍ ബോസും അഭിനയിച്ച ശൗര്യ. എ ഫ്യൂ ഗുഡ് മെന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കായിരുന്ന ശൗര്യ, ഇന്ത്യന്‍ സേനയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും അവയുടെ പിന്നാമ്പുറങ്ങളിലേക്കുമാണ് വെളിച്ചം വീശിയത്. മേല്‍വിലാസമാകട്ടെ, രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന് വിചാരണ നേരിടുന്ന രാമചന്ദ്രന്‍ എന്ന തമിഴ് ദളിത് പട്ടാളക്കാരന്റെ(പാര്‍ത്ഥിപന്‍) പാത്രസൃഷ്ടിയിലൂടെ ഇന്ത്യന്‍ സേനയിലെ ജാതിവിവേചനത്തിന്റെ ഇരുണ്ട മറുവശമാണ് അനാവരണം ചെയ്തത്.
എന്നാല്‍, 2014 ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചൈതന്യ തംഹാനെയുടെ ബഹുഭാഷാ സിനിമ കോര്‍ട്ട് കൈകാര്യം ചെയ്തത്, കുറേക്കൂടി സങ്കീര്‍ണമായ സാമൂഹികവ്യവസ്ഥയെ ആയിരുന്നു. സത്യാനന്തര ലോകക്രമത്തില്‍ തൊട്ടാല്‍ ചോരപൊടിയുന്ന സമകാലിക ഇന്ത്യന്‍ കാലാവസ്ഥയില്‍ പട്ടാപ്പകല്‍ സകല സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ഏതു നിമിഷവും ബന്ധിതരാക്കപ്പെടാവുന്ന ശരാശരി പൗരന്റെ അവസ്ഥാസവിശേഷതയാണ് കോര്‍ട്ട് കാണിച്ചു തന്നത്. സവര്‍ണമേല്‍ക്കോയ്മയും ഹിന്ദുത്വമുദ്രാവാക്യവും പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്ന ഇന്ത്യയില്‍ മുംബൈയില്‍ വന്ദ്യവയോധികനായൊരു ദളിത് നാടോടിഗായകന് നേരിടേണ്ടിവരുന്ന മനുഷ്യാവകാശധ്വംസനങ്ങളുടെ കഥ. ചെയ്യാത്ത കുറ്റത്തിനാണ് നാരായണ്‍ കാമ്പ്‌ളെ എന്ന ഈ വൃദ്ധകവി പൊലീസ് പിടിയിലാവുന്നത്. അയാള്‍ ചെയ്ത 'കുറ്റ'മോ, ആയിടയ്ക്ക് നഗരത്തില്‍ ആത്മഹത്യ ചെയ്ത തോട്ടിപ്പണിക്കാരനെ അതിനു പ്രേരിപ്പിച്ചു എന്നതും. രസമെന്തെന്നാല്‍, നഗര പ്രാന്തങ്ങളിലെ ദലിത കൂട്ടായ്മകളില്‍ കഥാപ്രസംഗം പോലെ പരമ്പരാഗത ഗോത്ര കവിതാവതരണങ്ങള്‍ നടത്തിപ്പോരുന്ന കാമ്പ്‌ളെയുടെ അത്തരമൊരു പ്രകടനം കണ്ടിട്ടാണേ്രത വാസുദേവ പവാര്‍ എന്ന ആ പാവം മാന്‍ഹോള്‍ ജീവനക്കാരന്‍ ജീവിതമവസാനിപ്പിച്ചത് എന്നാണ് പ്രോസിക്യൂഷന്റെ വിചിത്ര വാദം! തുടര്‍ന്നു നടക്കുന്ന കോടതിവിചാരണയില്‍ അനാവൃതമാവുന്ന ഇന്ത്യന്‍ മഹാനഗരത്തില്‍ വംശവെറിയുടെ ജാതിസ്പര്‍ദ്ധകളുടെ കറുത്തയാഥാര്‍ത്ഥ്യങ്ങള്‍ ആധുനിക സമൂഹത്തിനും ജനാധിപത്യത്തിനും തന്നെ എത്രമാത്രം കളങ്കമുണ്ടാക്കുന്നതാണെന്ന് ചിത്രം കാണിച്ചുതരുന്നു.
ദളിത സംഘങ്ങളുടെ മനുഷ്യാവകാശപ്രശ്‌നങ്ങളോട് സഹതാപം പുലര്‍ത്തിക്കൊണ്ട് കാമ്പ്‌ളെയ്ക്കു വേദി സൗജന്യമായി വാദിക്കാനൊരുങ്ങുന്ന സവര്‍ണവിഭാഗത്തില്‍പ്പെട്ട വിനയ് വോറ എന്ന അഭിഭാഷകന്റെ വീട്ടില്‍ കേസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ എത്തുന്ന ദളിതനായ ചെറുപ്പക്കാരനോട് ഭക്ഷണത്തിനിടെ വക്കീലിന്റെ മാതാപിതാക്കള്‍ സംസാരിക്കുന്ന രംഗം സമകാലിക ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ സത്യസന്ധമായ ആവിഷ്‌കാരം തന്നെയാണ്. പരമാര്‍ത്ഥം ഏതു തരത്തിലാണ് അസത്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ സത്യാനന്തര നുണയായി ഒളിപ്പിക്കപ്പെടുന്നതെന്ന് കോര്‍ട്ട് വ്യക്തമാക്കി തരുന്നു.
ആഗോളവല്‍ക്കരണാനന്തര വ്യവസായ കേന്ദ്രീകൃതവികസന മുദ്രാവാക്യങ്ങള്‍ക്കിടെ മഹാനഗരങ്ങളുടെ ഇരുള്‍സ്ഥലികളില്‍ ആള്‍നൂഴി വൃത്തിയാക്കിയും മറ്റും ജീവിക്കുന്ന ദരിദ്ര പിന്നോക്ക വിഭാഗങ്ങളുടെ ജീവിതയാഥാര്‍ത്ഥ്യത്തിലേക്കു കൂടിയാണ് കോര്‍ട്ട് ക്യാമറ തിരിക്കുന്നത്. ദരിദ്രച്ചേരികളുടെ യഥാര്‍ത്ഥ സത്യത്തെ വിദേശനേതാവിനു മുന്നില്‍ മതില്‍കെട്ടി മറച്ചുപിടിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ അധികാരവ്യവസ്ഥയുടെ സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍, വികസിതനഗരചിത്രങ്ങള്‍ക്കു പിന്നിലുള്ള കറുത്ത സത്യങ്ങളെ പരസ്യമാക്കുന്ന ചലച്ചിത്രോദ്യമത്തിന് സവിശേഷ പ്രാധാന്യമുണ്ടെന്നു മറക്കരുത.് കാമ്പ്‌ളെയ്‌ക്കെതിരേ പൊലീസ് കെട്ടിച്ചമയ്ക്കുന്ന ആരോപണങ്ങളില്‍ കഴമ്പുള്ളത്, തെരുവില്‍ നടന്ന കാമ്പ്‌ളെയുടെ കവിതാഖ്യാനം കേള്‍ക്കാനെത്തിയ ആള്‍ക്കൂട്ടത്തില്‍ ആത്മഹത്യ ചെയ്ത വസുദേവ പവാറും ഉണ്ടായിരുന്നു എന്നതു മാത്രമാണ്. അതു പക്ഷേ യാദൃശ്ചികം മാത്രമായിരുന്നു എന്നും, മദ്യപനായ പവാര്‍ മരിക്കുന്നത് ആള്‍നൂഴി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണെന്നും ചിത്രത്തില്‍ പിന്നീട് അയാളുടെ വിധവ തന്നെ കോടതിയില്‍ വെളിപ്പെടുത്തുന്നുണ്ട്. വേണ്ടത്ര മുന്‍കരുതലുകളോ ശാസ്ത്രീയ ഉപകരണങ്ങളോ കൂടാതെ ആള്‍നൂഴിയിലേക്കിറങ്ങുന്ന ആയിരക്കണക്കിന് ദളിത തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണ് പവാര്‍. മുമ്പൊരിക്കല്‍ മാന്‍ഹോളിലിറങ്ങി വിഷവാതകമേറ്റ് അയാളുടെ ഒരു കണ്ണിന്റെ കാഴ്ച മങ്ങുകയും ചെയ്തതാണ്. ഇതൊക്കെ അഡ്വ.വോറ കോടതി മുറിയില്‍ എത്തിക്കുന്നത്, നഗരം വിട്ടു പോയ പവാറിന്റെ വിധവയെ ദളിത സംഘടനാ വളണ്ടിയര്‍മാരുടെ സഹായത്തോടെ ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തുകവഴിയാണ്.
ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ സമകാലികാവസ്ഥയുടെ പച്ചയ്ക്കുള്ള ആവിഷ്‌കാരം എന്ന നിലയ്ക്കു കൂടി കോര്‍ട്ടിന് ചലച്ചിത്രപ്രാധാന്യമുണ്ട്. കൈകാര്യം ചെയ്യാവുന്നതിന്റെ അഞ്ചോ ആറോ ഇരട്ടി കേസുകള്‍ കേള്‍ക്കേണ്ടിവരുന്ന, വേണ്ടതിന്റെ നാലിലൊന്ന് ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇന്ത്യന്‍ കോടതിമുറികളുടെ നേര്‍ചിത്രമാണ് മുംബൈ സെഷന്‍സ് കോടതിയുടെ ചിത്രീകരണത്തില്‍ സംവിധായകന്‍ കാണിച്ചു തരുന്നത്. പ്രമേയത്തിലെ നാടകീയതയ്ക്കപ്പുറം നാടകീയതയപ്പാടെ മാറ്റിവച്ച് തീര്‍ത്തും യാഥാര്‍ത്ഥ്യബോധത്തോടെ സിനിമാത്മകമായിട്ടാണ് ചൈതന്യ തംഹാനെ കോര്‍ട്ടിലെ കോടതിമുറിയെ അവതരിപ്പിക്കുന്നത്.
കോടതിയില്‍, കാമ്പ്‌ളെയ്‌ക്കെതിരേ പ്രോസിക്ക്യൂട്ടറായ അഭിഭാഷക അവതരിപ്പിക്കുന്ന പൊലീസ് തെളിവുകളില്‍ പലതും വിചിത്രങ്ങളാണ്. ജയിലില്‍ കഴിയുന്ന ഒരു ദളിത കുറ്റവാളി തന്റെ രോഗഗ്രസ്ഥയായ വൃദ്ധമാതാവിന്റെ സംരക്ഷണം താന്‍ ഏറെ വിശ്വസിക്കുന്ന കാമ്പ്‌ളെയെ ഏല്‍പിച്ചുക്കൊണ്ട് എഴുതിയ കത്താണ് അതിലൊന്ന്. മറ്റൊന്നാവട്ടെ, ദേശവിരുദ്ധമെന്ന നിലയ്ക്ക് നിരോധിക്കപ്പെട്ട രണ്ടു പുസ്തകങ്ങള്‍ കാമ്പ്‌ളെയില്‍ നിന്നു പിടിച്ചെടുക്കപ്പെട്ടു എന്നതും. വാസ്തവത്തില്‍ അവയിലൊന്ന് യോഗയെപ്പറ്റിയും മറ്റൊന്ന് മറാത്ത് വാഡയിലെ യോഗമാരി വിഭാഗത്തില്‍ നിലനില്‍ക്കുന്ന തീര്‍ത്തും പ്രാകൃതമായ ചില ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുന്നതും മാത്രമാണ്. ഇവ കൊണ്ട് ദേശസുരക്ഷയ്‌ക്കോ ക്രമസമാധാനത്തിനോ യാതൊരു നാശനഷ്ടവും വരാനില്ല. കോടതില്‍ ഇതു വെളിപ്പെടുത്തുന്നതിന്റെ പേരില്‍, പിന്നീടൊരിക്കല്‍ സകുടുംബം ഹോട്ടലില്‍ അത്താഴത്തിനു പോകുമ്പോള്‍, ഗോയമാരി തീവ്രവാദികളുടെ ആക്രമണത്തിനു വിധേയനാവേണ്ടി വരുന്നുണ്ട് അഭിഭാഷകനായ വോറയ്ക്ക്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും മറ്റു ശാസ്ത്രീയ തെളിവുകളുടെയും സര്‍വോപരി, കേസില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ സ്ഥിരം സാക്ഷിയുടെ വ്യാജത്വത്തിന്റെയും അടിസ്ഥാനത്തില്‍ കാമ്പ്‌ളെ കുറ്റക്കാരനല്ലെന്ന് നിസംശയം തെളിയിക്കപ്പെടുന്നു. തുടര്‍ന്ന് അനാരോഗ്യം കണക്കിലെടുത്ത് ഒരുലക്ഷം രൂപയുടെ ജാമ്യത്തില്‍ അയാളെ വിട്ടയയ്ക്കാന്‍ കോടതി വിധിക്കുമ്പോള്‍ ദരിദ്രനായ ആ കലാകാരനുവേണ്ടി വോറ തന്നെയാണ് ആ തുക കെട്ടിവയ്ക്കുന്നത്. ആ കടം വീട്ടാന്‍ പോലുമാവാതെ കടുത്ത അനാരോഗ്യത്തില്‍ ദളിതകുടുംബങ്ങളില്‍ ചിലരുടെ സഹായത്തോടെ തെരുവിലൊരിടത്ത് താമസിക്കേണ്ടി വരുന്ന അവിവാഹിതനായ കാമ്പ്‌ളെയെ വീണ്ടും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയാണ് മുംബൈ പൊലീസ്. നാടോടി കലാസംഗമങ്ങളില്‍ ദേശവിരുദ്ധ തീവ്രവാദ സന്ദേശം പരത്തിയെന്നതാണ് അയാള്‍ക്കെതിരെയുള്ള പുതിയ ആരോപണം. വൃദ്ധനെന്ന പരിഗണനയില്‍ അയാളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് അയാള്‍ക്കെതിരായ വ്യാജ ആരോപണങ്ങള്‍ തള്ളണമെന്ന് വോറ വാദിച്ചു നോക്കുന്നുണ്ടെങ്കിലും വേനലൊഴിവിന് കോടതി പിരിയുകയാകയാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് അവധിയാഘോഷിക്കാന്‍ പോകുകയാണ് ജഡ്ജി.
നഗരപ്രാന്തത്തിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ അദ്ദേഹം കുടുംബാംഗങ്ങളുമൊത്ത് നടത്തുന്ന ഉല്ലാസയാത്രയ്ക്കിടയില്‍ പേരക്കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ക്ഷീണം കൊണ്ട് ഉറങ്ങിത്തൂങ്ങുന്ന ജഡ്ജിയിലാണ് കോര്‍ട്ട് എന്ന സിനിമ അവസാനിക്കുന്നത്. യഥാര്‍ത്ഥ സത്യങ്ങള്‍ക്കു നേരെ ഉറക്കം തൂങ്ങുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൃശ്യരൂപകം തന്നെയാണിത്. പലകാരണങ്ങള്‍ കൊണ്ടും മുഖ്യധാരാ സിനിമയും സ്വതന്ത്ര സിനിമാക്കാരില്‍ നല്ലൊരുപങ്കും അഭിസംബോധന ചെയ്യാന്‍ മടിക്കുന്ന, ഒരുപക്ഷേ ചുരുക്കം ചില ഡോക്യൂമെന്ററികളില്‍ മാത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ള തീവ്ര സാമൂഹികയാഥാര്‍ത്ഥ്യങ്ങളാണ് ചൈതന്യ തന്റെ അരങ്ങേറ്റ ചിത്രത്തില്‍ ഒട്ടും വളച്ചുകെട്ടോ വച്ചുകെട്ടോ കൂടാതെ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ, കോടതിമുറിയിലും, അഭിഭാഷകന്റെ അന്വേഷണങ്ങളിലുമാണ് കോര്‍ട്ടിലെ സത്യങ്ങളില്‍ പലതും അനാവൃതമാകുന്നതെങ്കിലും കോര്‍ട്ട്, അഭിഭാഷകന്റെ കേസ് ഡയറി ജനുസില്‍ പെട്ട കുറ്റാന്വേഷണ ചിത്രമല്ലാതാകുന്നത്;സമകാലിക ഇന്ത്യന്‍ സാമൂഹികമൂല്യവ്യവസ്ഥയുടെ തിളച്ചിത്രമായി മാറുന്നതും!
ചിത്രത്തിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ വനിത കമ്പോള സിനിമയിലെ വാര്‍പ്പുമാതൃകകളിലുള്ളതുപോലെ സമ്പന്ന ഉപരിവര്‍ഗക്കാരിയല്ല. മറിച്ച്, ശരാശരി മധ്യവര്‍ഗത്തിന്റെ പ്രതിനിധിയാണ്. മനഃപൂര്‍വം കാമ്പ്‌ളെയ്‌ക്കെതിരേ ആരോപണങ്ങളുന്നയിക്കുകയല്ല, പൊലീസിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രൊഫഷനലായ സമീപനം മാത്രമാണവരുടേത്. എന്നാല്‍, ഭരണകൂടവും സാമൂഹികവ്യവസ്ഥയും ചേര്‍ന്ന് അവരെപ്പോലെ ഒരു സാധാരണക്കാരിയില്‍പോലും ദേശവിരുദ്ധതയേയും തീവ്രവാദത്തെയും പറ്റിയുള്ള നിര്‍മ്മിതസത്യങ്ങള്‍ ഏതുവിധത്തില്‍ അവര്‍പോലുമറിയാതെ അടിച്ചേല്‍പ്പിക്കുന്നു എന്ന് ചിത്രം അനാവരണം ചെയ്യുന്നു.
കോര്‍ട്ട് റൂം സിനിമകളുടെ ജനുസില്‍ അടുത്ത കാലത്തു പുറത്തിറങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട, സാമാന്യത്തിലേറെ കമ്പോള വിജയം നേടിയ സിനിമാപരമ്പരയാണ് ജോളി എല്‍ എല്‍.ബി(2013). സുഭാഷ് കപൂര്‍ സംവിധാനം ചെയ്ത് അര്‍ഷാദ്‌വര്‍സി നായകനായ ജോളി എല്‍ എല്‍ ബി ജഗദീഷ് ത്യാഗി എന്നൊരു സാധാരണക്കാരനായ വക്കീലിന്റെ അതിജീവനകഥയാണ് പറയുന്നത്. അഭിഭാഷകരാവന്‍ വേണ്ടി തുടക്കക്കാര്‍ക്കു നേരിടേണ്ടി വരുന്ന ദുരിതങ്ങളിലേക്കാണ് ഹാസ്യത്തിന്റെ ആവരണമുണ്ടെങ്കിലും ഈ സിനിമ വെളിച്ചം വീശുന്നത്. മദ്യപിച്ച് വാഹനമോടിച്ച് രാത്രി പാതയോരത്തെ കടമുറിക്കു മുന്നില്‍ ഉറങ്ങിക്കിടന്ന നാലു പേരെ കൊലപ്പെടുത്തിയ കുബേരകുമാരനെതിരേ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി വക്കീലെന്ന നിലയ്ക്ക് സ്വന്തം നിലയില്‍ പേരെടുക്കാനാണ് അയാളുടെ ശ്രമം. കുപ്രസിദ്ധമായ സഞ്ജീവ് നന്ദ/ പ്രിയദര്‍ശിനി മട്ടൂ കേസുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ജോളി എല്‍ എല്‍ബിയുടെ കഥാവസ്തു.
തേജീന്ദര്‍ രാജ്പാല്‍ എന്ന കൊടിവച്ച താര അഭിഭാഷകനാണ് സെഷന്‍സ് കോടതിയില്‍ തുടക്കക്കാരനായ ത്യാഗിയെ നേരിടാനെത്തുന്നത്. നീതിന്യായവ്യവസ്ഥയിലെ തീര്‍ത്തും അനാശാസ്യവും അനാരോഗ്യകരവുമായ കിടമത്സരങ്ങളുടെ, കുടിപ്പകകളുടെ നഖചിത്രം കൂടിയായിത്തീരുന്നുണ്ട് ജോളി എല്‍.എല്‍.ബി. അതിലുപരി അധികാരവര്‍ഗവും സമ്പത്തും ഭരണകൂടവും ഒത്തുചേര്‍ന്നാല്‍ സത്യത്തെ എങ്ങനെ കുഴിച്ചുമൂടുമെന്നും ചിത്രം കാണിച്ചു തരുന്നു. ഒപ്പം കോടതിമുറികളെപ്പറ്റിയും കോടതിജീവിതത്തെപ്പറ്റിയുമുള്ള കൊളോണിയല്‍ ബാധയേല്‍ക്കാത്ത സത്യസന്ധമായ ദൃശ്യാഖ്യാനവുമായിത്തീരുന്നുണ്ട് ജോളി എല്‍.എല്‍.ബി. പഴഞ്ചന്‍ കോടതിമുറിയും അവിടത്തെ തിക്കും തിരക്കും പരിമിത സൗകര്യങ്ങളും മുതല്‍, ഇതിനെല്ലാം മധ്യേ, മനസും കണ്ണും തുറന്നിരിക്കാന്‍ ആയാസപ്പെടുന്ന നീതിപീഠത്തെയും കാണിച്ചുതരുന്നുണ്ട് ചിത്രം. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു അഭിഭാഷകന് തൊഴില്‍ മേഖലയില്‍ പിടിച്ചുകയറുക എത്രത്തോളം വിഷമമാണെന്നും ചിത്രം കാട്ടിത്തരുന്നു.
അഭിഭാഷകരിലെ കോര്‍പറേറ്റ് സുപ്പര്‍താരമായ രാജ്പാലിനു മുന്നില്‍ വാദിച്ചു ജയിക്കാന്‍ പാടുപെടുന്ന ത്യാഗിയുടെ ആത്മവിശ്വാസക്കുറവിനു പിന്നിലെ മനഃശാസ്ത്രവിശകലനം പിന്നീട് മലയാളത്തില്‍ മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനില്‍ (2017) നാം കണ്ടിട്ടുണ്ട്. അതിലും ഒരു പടി കൂടി കടന്ന് ജോളി എല്‍ എല്‍ ബിയുടെ രണ്ടാം ഭാഗത്ത് (2017) അക്ഷയ് കുമാറിന്റെ അഡ്വ ജഗദീശ്വര്‍ മിശ്രയ്‌ക്കെതിരേ, അദ്ദേഹം ഏറ്റെടുക്കുന്ന ഇഖ്ബാല്‍ ഖാസിമിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വാദിക്കാനെത്തുന്നത് മിശ്രയുടെ പിതാവു മുതല്‍ ജോലിക്കു നില്‍ക്കുന്ന അഭിഭാഷകതാരം സാക്ഷാല്‍ അഡ്വ. റിസ്വിയാണ്. അദ്ദേഹത്തിന്റെ പരിഹാസശരങ്ങളേറ്റ് തളര്‍ന്നും പരുങ്ങിയുമാണ് മിശ്രയ്ക്ക് കോടതിമുറിയില്‍ സത്യത്തിന്റെ 'യാഥാര്‍ത്ഥ്യം' തെളിയിക്കേണ്ടി വരുന്നത്. തന്റെ മുന്‍ഗാമിയായ ജഗദീശ്വര്‍ ത്യാഗിയെപ്പോലെ തന്നെ ഗുരുതുല്യനായ മുതിര്‍ന്ന അഭിഭാഷകന്റെ പരിഹാസ വാക്ക്ശരങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും പതറുകയും ചിലപ്പോഴെങ്കിലും തോറ്റുപോവുകയും ചെയ്യുന്നുണ്ട് മിശ്ര. കച്ചവട മുഖ്യധാരയുടെ വാര്‍പു മാതൃകയില്‍ത്തന്നെയാണെങ്കിലും സമകാലിക ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെയും പൊലീസ് അഴിമതിയുടെയും യഥാര്‍ത്ഥ ദൃശ്യങ്ങള്‍ നിറം കലര്‍ത്താതെ തന്നെ പകര്‍ന്നു വച്ചിട്ടുണ്ട് ജോളി എല്‍.എല്‍.ബി പരമ്പരയിലെ രണ്ടു ചിത്രങ്ങളും.
അതേസമയം ഈ ചിത്രങ്ങളില്‍ നിന്നു പോലും ഒരളവു വരെ മാറി സഞ്ചരിക്കുന്നതാണ് 2016ല്‍ പുറത്തിറങ്ങിയ അനിരുദ്ധ റയ് ചൗധരിയുടെ പിങ്ക്. ബോളിവുഡ്ഡിന്റെ താരവ്യവസ്ഥിതിയെ മാനിച്ചുകൊണ്ടും കമ്പോളമാതൃകയെ തീര്‍ത്തും തള്ളിപ്പറയാതെയുമുള്ള ദൃശ്യപരിചരണം സ്വീകരിക്കുമ്പോഴും പിങ്ക് വേറിട്ടതാവുന്നത് പ്രമേയത്തിലെ കടുത്ത നിലപാടുകളിലൂടെയാണ്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഹാനഗരത്തിലെത്തി സ്വതന്ത്രമായി ജീവിക്കാനൊരുങ്ങുന്ന മൂന്ന് യുവതികളുടെ ജീവിതത്തിലേക്ക് അശനിപാതം പോലെ കടന്നുവരുന്ന ചില സംഭവപരമ്പരകളാണ് പിങ്കിന്റെ ഇതിവൃത്തം. വിവിധ കാരണങ്ങളാല്‍ നഗരത്തിലെത്തി ഒന്നിച്ചു താമസിക്കുന്നവരാണ് മിനാല്‍ അറോറ (താപ്‌സി പന്നു), ഫലക് അലി(കീര്‍ത്തി കുല്‍ഹാരി), ആന്‍ഡ്രിയ തരിയാങ് എന്നിവര്‍. ആധുനിക ഭാരതത്തിന്റെ പുതുതലമുറ പ്രതിനിധികള്‍. പഴംതലമുറയുടെ സദാചാര കാപട്യങ്ങളോ സാമൂഹിക മൂല്യങ്ങളോ അവരെ തെല്ലും ബാധിക്കുന്നില്ല. ജീവിതത്തില്‍ പലതും നേടാനും ആസ്വദിക്കാനുമിഷ്ടപ്പെടുന്ന ജീവതത്തെ സത്യസന്ധമായി നേരിടാന്‍ ആഗ്രഹിക്കുന്നവരാണവര്‍.
ഒരു രാത്രി പബ്ബിലുണ്ടാവുന്ന സംഭവത്തോടെ മൂന്നു സമ്പന്നയുവാക്കള്‍ അവരുടെ ജീവിതത്തില്‍ വരുത്തിത്തീര്‍ക്കുന്ന ദുരിതപരിണാമത്തെത്തുടര്‍ന്നുണ്ടാവുന്ന മനഃസംഘര്‍ഷങ്ങളും ശാരീരികാതിക്രമങ്ങളെത്തുടര്‍ന്ന് കോടതിമുറിയില്‍ നേരിടേണ്ടിവരുന്ന അതിരൂക്ഷമായ അപമാനത്തിനും പരിഹാസങ്ങള്‍ക്കുമൊടുവില്‍ അവര്‍ നേടുന്ന നിയമവിജയവുമാണ് പിങ്കിന്റെ കഥാതന്തു. മൂന്നു പെണ്‍കുട്ടികളും താമിസിക്കുന്ന വീടിനു സമീപം താമസിക്കുന്ന, അവരെ അതിസൂക്ഷ്മം വീക്ഷിക്കുന്ന മുന്‍കാല ജഡ്ജികൂടിയായ ദീപക് സെഗള്‍ (അമിതാഭ് ബച്ചന്‍) എന്ന വയോധികനാണ് ഒടുവില്‍ അവരുടെ രക്ഷയ്ക്കായി അവതരിക്കുന്നത്. സ്വാതന്ത്ര്യത്തോടെ ഒറ്റയ്ക്കു ജീവിക്കാന്‍ തീരുമാനിക്കുന്ന പെണ്ണിനെ സമൂഹവും നിയമവും എത്ര പെട്ടെന്നാണ് മുന്‍വിധികളോടെ തേവിടിശ്ശികളാക്കി മുദ്രകുത്താന്‍ ശ്രമിക്കുന്നത് എന്ന് പിങ്ക് കാണിച്ചു തരുന്നു. പെണ്ണ് എങ്ങനെയാണ് ഉപഭോഗശരീരം മാത്രമായി ആധുനിക തലമുറയിലേക്കും സ്ഥാപിക്കപ്പെടുന്നത് എന്നു ചിത്രം അസന്ദിഗ്ധമായി പറഞ്ഞുവയ്ക്കുന്നു. തന്റെ വാദത്തിനിടെ ദീപക് സെഗള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സ്ഥാപിക്കുന്നത്- ''പെണ്ണ് നോ പറയുന്നിടത്ത് അവസാനിക്കുന്നതാണ് ലൈംഗികത്തൊഴിലില്‍ പോലും പെണ്ണിന്റെ സേവനം.'' -എന്നാണ്. പെണ്ണിന്റെ സമ്മതം കൂടാതെ അവളെ സ്പര്‍ശിക്കുന്നതും നോക്കുന്നതുംകൂടി ശാരീരികാതിക്രമമായി കണക്കാക്കാമെന്നിരിക്കെ പിങ്ക് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവയ്ക്കുന്ന പെണ്ണിന്റെ ഈ 'നോ'യുടെ കരുത്ത്, പ്രസക്തി വളരെ വലുതാണ്.
യഥാര്‍ത്ഥത്തില്‍ തന്റെ കക്ഷികളായ യുവതികള്‍ പ്രതികളുടെ ലൈംഗികവും അല്ലാത്തതുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവരായിട്ടു കൂടി അവരെ ലൈംഗികത്തൊഴിലാളികളായിത്തന്നെ പരിഗണിച്ചുകൊണ്ടാണെങ്കിലും മനുഷ്യാവകാശനിയമപ്രകാരം അവര്‍ക്കു പറയാനാവുമെന്ന് ദീപക് ഉയര്‍ത്തിക്കാട്ടുന്ന ആ 'നോ' സത്യത്തില്‍ സമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടുകള്‍ക്കും മാമൂല്‍ സങ്കല്‍പങ്ങള്‍ക്കും നേരെയുള്ളഅതിശക്തമായ ചുവരെഴുത്തുതന്നെയായിത്തീരുന്നു.(മലയാളത്തില്‍ ക്വീന്‍(2018) എന്ന ചിത്രത്തിലെ സലീം കുമാറിന്റെ പാത്രാവിഷ്‌കരണത്തില്‍ പിങ്കിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിനുള്ള സ്വാധീനവും പരാമര്‍ശമര്‍ഹിക്കുന്നു) കേവലമൊരു കമ്പോളസിനിമ എന്ന നിലയില്‍ നിന്ന് പിങ്ക് ഉയര്‍ന്നുമാറുന്നത് ഈ കാഴ്ചപ്പാടോടുകൂടിയാണ്.
പിങ്ക് മുന്നോട്ടു വയ്ക്കുന്ന വീക്ഷണകോണിനെ ഒരു പരിധിക്കപ്പുറം ചോദ്യം ചെയ്യുന്നതാണ് അജയ് ബാല്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സെക്ഷന്‍ 375 എന്ന ഹിന്ദി സിനിമ. സ്ത്രീയുടെ സമ്മതം കൂടാതെയുള്ള ലൈംഗിക ഇടപെടലുകളെ ബലാല്‍സംഗമായി കണക്കാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 375-ാം വകുപ്പിനെ ഇഴകീറി വിശകലനം ചെയ്യുന്ന ഒരു കോടതിനാടകമാണിത്. തന്റെ സിനിമയിലെ വസ്ത്രാലങ്കരകസഹായിയായ യുവതിയെ തൊഴിലില്‍ നിലനിര്‍ത്തുന്നതിനുവേണ്ടി നിര്‍ബന്ധപൂര്‍വം കിടക്കപങ്കിടാന്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ച് വിഖ്യാത ചലച്ചിത്രസംവിധായകന്‍ റോഹന്‍ ഖുറാന അറസ്റ്റിലാക്കപ്പെടുന്നു.സെഷന്‍സ് കോടതി കുറ്റവാളിയെന്നു വിധിക്കുന്ന റോഹനെ രക്ഷിക്കാന്‍ ഹൈക്കോടതിയില്‍ മണിക്കൂറിന് തീവിലയുള്ള അഭിഭാഷക സൂപ്പര്‍താരം തരുണ്‍ സലൂജ (അക്ഷയ് ഖന്ന) ആഞ്ഞു പരിശ്രമിക്കുന്നു. സലൂജയുടെ ട്രെയിനിയായിരുന്ന യുവ അഭിഭാഷക ഹീരള്‍ ഗാന്ധി (റിച്ച ഛദ്ദ)യാണ് ഇരയുടെ വക്കീലും പ്രോസിക്ക്യൂട്ടറും. സാങ്കേതികമായിത്തന്നെ നിയമത്തിന്റെ നൂലിഴകള്‍ ഇഴപിരിച്ചു വിശകലനം ചെയ്യുന്ന വിചാരണ രംഗങ്ങള്‍ക്കൊടുവില്‍, ഉഭയസമ്മതത്തോടെയുള്ള ബന്ധം പില്‍ക്കാലത്ത് ബലാല്‍സംഗമായിത്തീരുന്നതെങ്ങനെയെന്നെല്ലാമുള്ള തരുണിന്റെ ഏറെ അക്കാദമികമായി വാദങ്ങള്‍ക്കുശേഷവും പ്രതി ശിക്ഷിക്കപ്പെടുകയും ഇരയ്ക്കു നീതി കിട്ടുകയും ചെയ്തു എന്ന അവസ്ഥ സംജാതമാകുന്നിടത്ത് ഹീരളിനോട് ഇര നടത്തുന്ന സ്വകാര്യ വെളിപ്പെടുത്തലില്‍ അവള്‍ അന്നോളം നടത്തിയ കബളിപ്പിക്കലിന്റെ സത്യം മറനീക്കി പുറത്തുവരികയാണ്.തൊഴിലില്‍ പിടിച്ചു നില്‍ക്കാന്‍ വശീകരിക്കാനും മടിക്കാതിരുന്നിട്ടും സ്വന്തം പരിമിതികള്‍ കൊണ്ട് തൊഴില്‍ നഷ്ടമായേക്കുമെന്ന ഘട്ടത്തില്‍ സംവിധായകനെതിരേ പ്രതികാരത്തിനായി അവള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ബലാല്‍സംഗാരോപണം. കയ്പ്പിക്കുന്ന ആ സത്യത്തെക്കുറിച്ചുള്ള തിരിച്ചറിവിന്റെ ആഘാതം ഹീരളിനെ പോലൊരു യുവഅഭിഭാഷയ്ക്ക് താങ്ങാനാവുന്നതായിരുന്നില്ല. ഒരു പെണ്ണു വിചാരിച്ചാല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെരിതേ പാസാക്കിയ നിയമത്തെ എങ്ങനെ വളച്ചൊടിക്കാമെന്നാണ് സെക്ഷന്‍ 375 ചര്‍ച്ച ചെയ്യുന്നത്.
ഇവിടെ, മുന്‍പ് ചര്‍ച്ച ചെയ്ത പല കോടതി ചിത്രങ്ങളിലേയും പോലെ, ഹീരളും അവളുടെ സീനിയറായിരുന്ന തരുണും തമ്മിലുള്ള കോടതിമുറിയിലെ ഏറ്റുമുട്ടലിലെ നാടകം ഇടമുറിയാതെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അതിലും പ്രധാനം, കോര്‍ട്ട് എന്ന ചിത്രത്തിലായാലും സെക്ഷന്‍ 375ല്‍ ആയാലും പ്രോസിക്ക്യൂട്ടര്‍മാരായ വനിതാ അഭിഭാഷകര്‍ എളുപ്പം തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരാണ്. അസത്യത്താല്‍ സ്വാധീനിക്കപ്പെടുന്നവരും. സാധാരണക്കാരായിട്ടും പല കാരണങ്ങളാലും അവര്‍ക്ക് യഥാര്‍ത്ഥ സത്യം തിരിച്ചറിയാന്‍ സാധിക്കുന്നില്ല. പെണ്ണു തോല്‍ക്കുന്നിടത്ത് രണ്ടു ചിത്രങ്ങളിലും പുരുഷ അഭിഭാഷകര്‍ നിലപാടു കൊണ്ടു നേരിന്റെ പക്ഷത്തു നിലയുറപ്പിക്കുന്നവരാണു താനും. പുരോഗമനപരമായ ആശയങ്ങളുള്‍ക്കൊള്ളുമ്പോഴും നമ്മുടെ കമ്പോള-കമ്പോളേതര സിനിമ അതിന്റെ ആഖ്യാനകത്തില്‍ സ്ത്രീയെ പ്രതിഷ്ഠിക്കുന്നതിലെ വൈരുദ്ധ്യമാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്. കാരണം സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് മുദ്രാവാക്യം പോലെ പലതും വിളിച്ചുപറയുന്ന പിങ്കില്‍ പോലും അവളുടെ രക്ഷയ്‌ക്കെത്തുന്നത് ദീപക് എന്നൊരു പുരുഷ അഭിഭാഷനാണ്, അല്ലാതെ ഒരു അഭിഭാഷകയല്ല. സമൂഹത്തിന്റെ ഇനിയും മാറാത്ത കാഴ്ചപ്പാടാണിതില്‍ പ്രകടമാകുന്നത്.
ആര്‍ട്ടിക്കിള്‍ 15 എന്ന ഹിന്ദി സിനിമയെപ്പറ്റിക്കൂടി പരാമര്‍ശിക്കാതെ ഈ പഠനം പൂര്‍ണമാവില്ല. അനുഭവ് ശര്‍മ്മ സംവിധാനം ചെയ്ത ആര്‍ട്ടിക്കിള്‍ 15, ജാതി/വര്‍ഗ/മത/വര്‍ണ/ലിംഗ വിവേചനത്തിനെതിരായ ഭരണഘടനാവകുപ്പിന്റെ പാലനത്തെപ്പറ്റിയുള്ള നവ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള സ്വന്തന്ത്രമായൊരു ദൃശ്യാന്വേഷണമാണ്. ദൈനംദിനമെന്നോണം പത്രമാധ്യമങ്ങളില്‍ നാം വായിച്ചുകൊണ്ടേയിരിക്കുന്ന ദളിതപീഡനങ്ങളുടെയും കൂട്ടബലാല്‍സംഗങ്ങളുടെയും പിന്നാമ്പുറം തേടുന്ന സിനിമായണത്. ജനാധിപത്യ ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന വ്യക്തമായ വംശവിദ്വേഷത്തിന്റെയും ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനത്തിന്റെയും കാടന്‍ സത്യങ്ങള്‍ യാതൊരു മറയുമില്ലാതെ ആര്‍ട്ടിക്കിള്‍ 15 തുറന്നു കാട്ടുന്നു. 
ലാല്ഗാവിലേക്ക് എ എസ് പി യായി അയന്‍ രഞ്ജന്‍ (ആയുഷ്മാന്‍ ഖുറാന) എത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. കുടിക്കാന്‍ അല്‍പം കുപ്പിവെള്ളം പോലും കടയില്‍ നിന്നു വാങ്ങാന്‍ പോലും ജാതിനോക്കേണ്ടി വരുന്ന ഗ്രാമമാണത്. സ്‌കൂള്‍ബസില്‍ വച്ച് കൂട്ടബലാല്‍സംഗത്തിനിരയായി പിന്നീട് തൂക്കിലേറ്റപ്പെടുന്ന രണ്ടു പിഞ്ചു ബാലികമാരെക്കുറിച്ചുള്ള അന്വേഷണം അയാളെ പൊള്ളുന്ന കുറേ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് കൊണ്ടുച്ചെന്നെത്തിക്കുന്നത്. കേസൊതുക്കാന്‍ പാടുപെടുന്ന മേല്‍ജാതിക്കാരനായ കീഴുദ്യോഗസ്ഥനെ നിയന്ത്രിക്കാന്‍ പലപ്പോഴും അയാള്‍ക്ക് സാധിക്കാതെ വരുന്നു. പൊലീസ് സേനയില്‍പ്പോലും നിലനില്‍ക്കുന്ന ജാതി ഉച്ചനീചത്വവും വിവേചനവും അയാളിലെ ജനാധിപത്യവാദിയെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒപ്പം പഠിച്ച സത്യേന്ദ്രനാഥ് റായിയെ അവിടെ വച്ചു കണ്ടുമുട്ടുമ്പോഴുണ്ടാവുന്ന അദ്ഭുതം അയാളുടെ നിഗൂഡതകള്‍ക്കു പിന്നാലെ പോകുന്നതോടെ കൂടുതല്‍ കടങ്കുരുക്കുകളിലേക്കു വീഴുകയാണ്. രാഷ്ട്രീയവും മതവും പണവും ചേര്‍ന്നു സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളില്‍ ജനാധിപത്യവും മനുഷ്യാവകാശവും എങ്ങനെയാണ് കുഴിച്ചുമൂടപ്പെടുന്നതെന്ന് ആര്‍ട്ടിക്കിള്‍ 15 അസന്ദിഗ്ധമായി കാണിച്ചു തരുന്നു. ഉന്നാവ്, ബദുവാന്‍ കൂട്ടബലാല്‍സംഗ കേസുകളുടെ പശ്ചാത്തലത്തില്‍ സവിശേഷ ശ്രദ്ധയാര്‍ജിച്ച ചലച്ചിത്രാഖ്യാനമായിരുന്നു ആര്‍ട്ടിക്കിള്‍ 15.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി വളരുന്ന ജനാധിപത്യ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിസ്പര്‍ദ്ധയുടെ വര്‍ണവിവേചനത്തിന്റെ നീറുന്ന നേരുകള്‍ ഈ പൊലീസ് കഥയിലൂടെ സമൂഹത്തിനു മുന്നില്‍ പ്രശ്‌നവല്‍ക്കരിക്കുകയാണ് സംവിധായകന്‍. രക്തം മരവിപ്പിക്കുംവിധം കൂട്ടക്കൊലയ്ക്ക് വിധയരായ സഹോദരങ്ങളില്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്ന് കരുതപ്പെടുന്ന കുരുന്നു പെണ്‍കുട്ടിക്കായുള്ള അയന്റെ അന്വേഷണമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. ദേശീയ ബഹുമതി നേടിയ അമിത് വി മസുര്‍ക്കറുടെ ന്യൂട്ടണ്‍ (2017) എന്ന ഹിന്ദി ചിത്രത്തില്‍ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മുന്‍തൂക്കമുള്ള ആദിവാസിമേഖലയില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അനുഭവാഖ്യാനങ്ങളുമായി കുറേയേറെ സാമ്യങ്ങളുണ്ട് ആര്‍ട്ടിക്കിള്‍ 15ലെ ഐപിഎസുകാരനായ അയന്റേതിന്. ജാതിവെറിയും ജാതിവിവേചനവും സമൂഹത്തില്‍ നിന്ന് ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സകല മൂല്യങ്ങളെയും എങ്ങനെ തുടച്ചുനീക്കുന്നുവെന്നും അധികാരവും നിയമപാലനവും നീതിന്യായ വ്യവസ്ഥിതിയും അതിന് എങ്ങനെ കുടപിടിക്കുന്നുവെന്നുമാണ് ഈ സിനിമകള്‍ സധൈര്യം കാണിച്ചു തന്നത്.
പരിമിതികളുണ്ടെങ്കിലും വ്യവസായ വാണിജ്യ താല്‍പര്യങ്ങളുടെ പതിവുചാലില്‍ നിന്ന് പൂര്‍ണമായ അര്‍ത്ഥത്തില്‍ മോചിതമല്ലെങ്കിലും ഈ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന ആദര്‍ശം ജനാധിപത്യത്തിന്റെ കെട്ടകാലത്തും പ്രതീക്ഷകളുടെ ചില പൊന്‍വെട്ടക്കതിരുകള്‍ സമ്മാനിക്കുന്നു. കുറഞ്ഞപക്ഷം, പല കാരണങ്ങള്‍കൊണ്ടും സമൂഹം പരസ്യ ചര്‍ച്ചയ്ക്കു മടിച്ചിരുന്ന ജാതിവെറിയും ലൈംഗികതയും ദളിതപീഡനവുമടക്കമുള്ള വിഷയങ്ങള്‍ സജീവമായി മുഖ്യധാരയിലെത്തിക്കാനെങ്കിലും ഇത്തരം ചലച്ചിത്രങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്നത് ചെറിയ കാര്യമല്ല.