
ബാലസാഹിത്യത്തിന് ഒരു കുഴപ്പമുണ്ട്. അത്, ലോകമെമ്പാടും പണംവാരിയ ഹാരിപോട്ടറായാലും ശരി, കുട്ടികള്‍ക്കു വേണ്ടി എന്ന നിലയ്ക്ക്, അവര്‍ ഇതൊക്കെയാവും ഇഷ്ടപ്പെടുക എന്ന മുന്‍വിധിയോടെ പ്രായത്തില്‍ മൂത്തവര്‍, ചിലപ്പോള്‍ മുതുമുത്തച്ഛന്മാരാവാന്‍ പ്രായമുള്ളവര്‍ എഴുതുന്ന സാഹിത്യമായിരിക്കും അത്. ലോകമെമ്പാടുമുള്ള ബാലസാഹിത്യത്തിന്റെയും ബാലസിനിമകളുടെയും പ്രധാന പരിമിതിയും പരിധിയുമാണിത്. മലയാളസിനിമയുടെ കാര്യത്തില്‍ ഇപ്പോള്‍ യുവ പ്രേക്ഷകരുടെ ഗതി ബാലവായനക്കാരുടെയും ബാലപ്രേക്ഷകരുടെയും പോലെയാണ്. കാരണം അവര്‍ക്ക് ഇഷ്ടമാവുന്നത് എന്ന മുന്‍വിധിയോടെ, നിര്‍ബന്ധിതവിരമിക്കല്‍ ഇല്ലാത്ത ചലച്ചിത്രരംഗത്തെ മുടിചൂടാമന്നന്മാര്‍ എടുത്തു വയ്ക്കുന്നത് ദഹിച്ചോണം എന്നാണവസ്ഥ. അതുണ്ടാക്കുന്ന ദഹനക്കേടാണ് പലപ്പോഴും അതിര്‍ത്തി കടന്നെത്തുന്ന തമിഴ് -ഹിന്ദി സിനിമകളിലേക്ക് കയ്യും മെയ്യും മറന്ന് അവരെ ആകര്‍ഷിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഏറെ വ്യത്യസ്തം എന്ന പ്രചാരണത്തോടെ പുറത്തിറങ്ങുന്നതില്‍ പകുതിയിലേറെ സിനിമകളും നമ്മുടെ സമകാലികയുവത്വം തിരിഞ്ഞുനോക്കാതെ പെട്ടിയിലടയ്ക്കപ്പെട്ട ഡ്രാക്കുളയുടെ അവസ്ഥയിലാവുന്നതും.
ഇത്ര നീണ്ട മുഖവുര വേണ്ട സിബി മലയിലിന്റെ അപൂര്‍വരാഗം എന്ന സിനിമയെ വിലയിരുത്താന്‍ എന്നറിയാം. പക്ഷേ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ക്യാമ്പസിനുവേണ്ടത് നിറം പോലെ ഒരു സിനിമയാണെന്നു തെറ്റിദ്ധരിച്ച, യുവാക്കള്‍ക്ക് വേണ്ടത് മിന്നാമിന്നിക്കൂട്ടമാണെന്നു ധരിച്ചുവശായ കമലിന്റെ കൂടെച്ചേരുകയാണോ സിബി മലയിലും എന്നൊരു സംശയം. മനോഹരമായ ടേക്കിംഗ്‌സ്. നല്ല ദൃശ്യപരിചരണം, സമീപനം. സിനിമാഭാഷയില്‍ പറഞ്ഞാല്‍ കള്ളര്‍ഫുള്‍. പക്ഷേ, ഉള്‍ക്കാമ്പു നോക്കിയാല്‍ കൊട്ടത്തേങ്ങയല്ലേ എന്നൊരു സംശയം ബാക്കി. പുതുമയ്ക്കു വേണ്ടി പുതുമ അവതരിപ്പിക്കുന്നതില്‍ അര്‍ഥമുണ്ടോ? അല്ലെങ്കില്‍ തന്നെ ഇതില്‍ പുതുമയെന്താണ്? താരനിരയിലെ യുവത്വമാണെങ്കില്‍, പ്രധാനപ്പെട്ട മൂന്നു നായകന്മാരും ശ്യാമപ്രസാദിന്റെ ഋതുവിലൂടെ കഴിവുതെളിയിച്ചവര്‍. നായിക, ആകാശഗോപുരത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭയാക്കിയവള്‍. ദൃശ്യപരിചരണത്തില്‍ അജയന്‍ വിന്‍സന്റും സന്നിവേശകന്‍ ബജിത് പാലും കാഴ്ചവച്ച യൗവനം, അത് അവരുടെ മാത്രം ക്രെഡിറ്റേ ആവുന്നുള്ളൂ. കൊള്ളയും കൊലയും വിട്ട് യുവത്വത്തിനൊരു പ്രതീക്ഷയും ജീവിതത്തോടില്ലെന്നാണോ ആധുനിക റോബിന്‍ഹുഡുകള്‍ പറയുന്നത്? കുറ്റം പറയരുതല്ലോ, കറന്‍സി, റോബിന്‍ഹുഡ്, ഇപ്പോള്‍ അപൂര്‍വരാഗം ഒക്കെ നല്‍കുന്ന സന്ദേശം അങ്ങനെയാണ്. ലൗ ജിഹാദും, പോപ്പുലര്‍ ഫ്രണ്ടുമൊക്കെയായി ഒരു കിടിലന്‍ സിനിമ! അതാണോ അപൂര്‍വരാഗം.
ഏതായാലും, സംഗീത സംവിധായകന്‍ ബിജിപാലിനോടും യുവനടന്‍ ആസിഫ് അലിയോടും ഒരു വാക്ക്. ക്യാംപസ് എന്നും യുവത്വം എന്നും കേട്ടാലുടന്‍ 'ഇനിയും പുന്നകൈ' പാട്ടിന്റെ ബി.ജി.എമ്മില്‍ ഹാരിസ് ജയരാജ് പകര്‍ത്തിവച്ച ഇലക്ട്രിക് ഗിറ്റാറിന്റെ ചെകിടടപ്പിക്കുന്ന ബീറ്റിനെ വെറുതെ വിടണം. സുന്ദരവില്ലനെ ടൈപ്പാക്കി ആസിഫ് കരിയര്‍ നശിപ്പിക്കുകയുമരുത്. കാരണം നിങ്ങളെയൊക്കെ ഇനിയും ഞങ്ങള്‍ക്ക് ഏറെ കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്.