റസ്സൂല്‍ പൂക്കുട്ടിക്ക് ഓസ്കര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചു. എന്നാല്‍ ഏതു മേഖലയിലാണ് അദ്ദേഹം പുരസ്കാരം നേടിയതെന്ന് അവര്‍ ശ്രദ്ധിച്ചുവോ എന്നറിയില്ല. കാരണം റസ്സൂല്‍ പൂക്കൂട്ടി പ്രവര്‍ത്തിക്കുന്ന അതേ മേഖലയില്‍ രണ്ടുപേര്‍ സംസ്ഥാന അവാര്‍ഡ് നേടിയപ്പോള്‍ അവരുടെ പേരുകള്‍ പോലും ചാനലുകളില്‍ കണ്ടില്ല. അതുപോലെ പരമ്പരാഗതമായി അവഗണന നേരിടുന്ന ഒരു വിഭാഗമാണ് ചലച്ചിത്ര പുസ്തകവും ലേഖനവുമെഴുതുന്നവര്‍. ഇത്തവണയും അവാര്‍ഡിനര്ഹരായ എഴുത്തുകാരുടെ പേരുകള്‍ ചാനലുകളില്‍ കണ്ടില്ല. പത്രങ്ങളില്‍ പലതും അവരുടെ പേരുകള്‍ തമസ്കരിച്ചു. ചാനലുകളിലും പത്രങ്ങളിലും യശഃപ്രാര്‍ഥികള്‍ നല്‍കുന്ന എത്രയോ നിസ്സാര അവാര്‍ഡുകള്‍ക്ക് വമ്പിച്ച പ്രാധാന്യം നല്കുന്നുണ്ട്! അതിനെക്കാളൊക്കെ എത്രയോ വലുതും ആധികാരികവുമായ സര്‍ക്കാര്‍ അവാര്‍ഡുകള്‍ നേടുന്നവരുടെ പേരുകള്‍ പോലും പ്രസിദ്ധം ചെയ്യാന്‍ മാധ്യമങ്ങള്‍ കാട്ടുന്ന വൈമുഖ്യം അക്ഷന്തവ്യം തന്നെ. വിജയകൃഷ്ണന്‍ , സംസ്ഥാന ചലച്ചിത്ര രചനാ വിഭാഗം ജൂറി അധ്യക്ഷന്‍ , കലാകൌമുദി ലക്കം 1763,2009 ജൂണ്‍ 21