Showing posts with label Film study. Show all posts
Showing posts with label Film study. Show all posts

Thursday, September 28, 2023

ജാതിവിലക്കിന്റെ ദൃശ്യരാഷ്ട്രീയം മലയാള സിനിമയില്‍

പ്രതിച്ഛായ ഓണപ്പതിപ്പ് 2023

എ.ചന്ദ്രശേഖര്‍

ജാതിവിലക്കിന്റെയും വംശവിദ്വേഷത്തിന്റെയും കറുത്തരാഷ്ട്രീയം പറയുന്ന സിനിമകള്‍ യാഥാര്‍ത്ഥ്യങ്ങളുടെ തത്സമക്കാഴ്ചകള്‍ എന്ന നിലയ്ക്ക് ആധികാരികമായി പരിഗണിക്കപ്പെടേണ്ടതില്ല എന്നതില്‍ പൊതുവേ തര്‍ക്കമില്ലാത്ത കാര്യമാണ്. ചരിത്ര വസ്തുതകളുടെ നേരാലേഖനങ്ങളല്ല കഥാചിത്രങ്ങളെന്നതുും അവയ്ക്ക് കലാത്മകമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിരിക്കുമെന്നതും കണക്കിലെടുത്തിട്ടാണ് സിനിമാഗവേഷകര്‍ ഇങ്ങനെയൊരു പൊതുനിരീക്ഷണത്തിന് മുതിര്‍ന്നിട്ടുള്ളത്.എന്നാല്‍, ജാതിരാഷ്ട്രീയം വിഷയമാക്കുന്ന സിനിമകളെ പൊതുവില്‍ രാഷ്ട്രീയായുധം തന്നെയാക്കിമാറ്റുന്ന പ്രവണതയാണ് ഇന്ത്യയില്‍ പൊതുവേ കണ്ടുവരുന്നത് എന്നുള്ളതാണ് സത്യം. ഈ പശ്ചാത്തലത്തില്‍, ജാതിവിലക്കിന്റെ ദൃശ്യരാഷ്ട്രീയം മലയാള സിനിമയില്‍ പ്രതിഫലിക്കുന്നതെങ്ങന എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയബോധം എന്നിവയിലെ മേല്‍ക്കൈ കൊണ്ടുതന്നെ, ജാതിവിവേചനം ഇതര ലോകരാഷ്ട്രങ്ങളെയും ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തില്‍ തീരെ കുറവാണ് എന്നത് നിസ്തര്‍ക്കമായ വിഷയമാണ്. ശ്രീനാരായണഗുരുദേവന്റെയും അയ്യങ്കാളിയുടെയും മറ്റും സാമൂഹികപരിഷ്‌കരണ പരിശ്രമങ്ങളിലൂടെയും, ഡോ.ബി.ആര്‍.അംബേദ്കറുടെ ദീര്‍ഘവീക്ഷണത്തിലൂടെ ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ഭരണഘടനയുടെയും പിന്തുണയോടെയാണ് ഇതു സാധ്യമായതെന്നത് ചരിത്രം. ഭൂപരിഷ്‌കരണമടക്കമുള്ള വിപ്‌ളവകരവും മാനവികവുമായ നടപടികളിലൂടെ വളര്‍ത്തിയെടുത്ത സമത്വത്തിലധിഷ്ഠിതമായ പൊതുബോധം ഇതിനെ ഊട്ടിയുറപ്പിക്കുകയായിരുന്നു. ദലിതര്‍ക്കെതിരായ ദുരഭിമാനക്കൊല, ജാതീവിവേചനം, വ്യാജക്കേസുകളില്‍ കുടുക്കിയുള്ള വിചാരാണ, മാനഭംഗം, ബലാത്സംഗം തുടങ്ങിയവ ബിഹാര്‍, യു.പി.പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്‌നാട്ടിലും നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ സമകാലികകേരളത്തില്‍ അവ തുലോം കുറവാണ് എന്നല്ല, താരതമ്യേന ഇല്ല എന്നു തന്നെയാണ് പൊലീസ് കണക്കുകളും കോടതിരേഖകളും സൂചിപ്പിക്കുന്നത്. പാലക്കാട്ട് പ്രായപൂര്‍ത്തിയാവാത്ത ബാലികമാരുടെ ബലാത്സംഗ കൊലപാതകവും വയനാട്ടിലെ ആദിവാസി മധുവിന്റെ കൊലപാതകവും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി എടുത്തു കാണിക്കാമെങ്കിലും അവയെ മലയാളിയുടെ, കേരളത്തിന്റെ പൊതുബോധത്തിന്റെ പ്രതിഫലനമായി വ്യാഖ്യാനിക്കാന്‍ സാധിക്കുകയില്ല. ആള്‍ക്കൂട്ട ആക്രമണമായും ക്രിമിനല്‍ കുറ്റകൃത്യമായും മാത്രം രേഖപ്പെടുത്താനാവുന്ന അത്തരം ഒറ്റതിരിഞ്ഞ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദലിതപീഡനത്തില്‍ കേരളവും മറ്റു സംസ്ഥാനങ്ങള്‍ക്കു സമാനമാണെന്നു വരുത്തിത്തീര്‍ക്കുക വസ്തുതകള്‍ക്കു നിരക്കാത്തതാവും. ഈ പശ്ചാത്തലത്തില്‍, മലയാള സിനിമ ഈ വിഷയത്തെ നോക്കിക്കാണുന്നതില്‍ വന്നിട്ടുള്ള പ്രകടമാറ്റം പ്രസക്തങ്ങളായ ചില സമകാലിക ചലച്ചിത്രസൃഷ്ടികളുടെ വിലയിരുത്തലിലൂടെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഹിന്ദിയില്‍, ഉത്തര്‍പ്രദേശില്‍ നടന്ന പ്രമാദമായൊരു ദലിത് വിരുദ്ധ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത് 2019ല്‍ പുറത്തുവന്ന ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമയാണ് ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവിവേചനത്തിന്റെ രൂക്ഷതയും തീഷ്ണതയും കലര്‍പ്പില്ലാതെ അവതരിപ്പിച്ചുകൊണ്ട് അടുത്തകാലത്ത് ഇന്ത്യന്‍ മനഃസാക്ഷിയെ ഞെട്ടിച്ചത്. അതിനും ഒരു വര്‍ഷം മുമ്പ് തന്നെ ദുരഭിമാനക്കൊലയുടെ മനഃസാക്ഷി മരവിപ്പിക്കുന്ന ജാതിവിവേചനത്തിന്റെ പിന്നാമ്പുറസത്യങ്ങള്‍ മാരി സെല്‍വരാജ് പരിയേരും പെരുമാളിലൂടെ തമിഴില്‍ അവതരിപ്പിച്ചുവെങ്കിലും ദേശീയതലത്തില്‍ ആയുഷ്മാന്‍ ഖുറാന പോലുള്ള താരസാന്നിദ്ധ്യം കൊണ്ടും മറ്റും ഇന്ത്യന്‍ സമൂഹത്തിലെ ദലിത് വിരുദ്ധത ചര്‍ച്ചാവിഷയമാക്കിയത് ആര്‍ട്ടിക്കിള്‍ 15 ആയിരുന്നു.വര്‍ഷങ്ങള്‍ക്കു തേവര്‍മകനി(1992)ലൂടെ ജാതിപ്പേര് ശീര്‍ഷകത്തില്‍ തന്നെ പരസ്യമാക്കിക്കൊണ്ട് ജാത്യാഭിമാനം ആഘോഷമ്ക്കിയ കമല്‍ഹാസന്‍ 2004ല്‍ സംവിധാനം ചെയ്ത വിരുമാണ്ടിയിലൂടെ തന്നെ ഉള്‍നാടന്‍ തമിഴ് ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനം ഏറെക്കുറേ പച്ചയായും ശക്തമായും ദൃശ്യവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അമീര്‍ സുല്‍ത്താന്‍ സംവിധാനം ചെയ്ത പരുത്തിവീരന്‍ (2007) ദുരഭിമാനക്കൊലയടക്കമുള്ള വിഷയം കൂറേക്കൂടി ഗൗരവത്തോടെ സധൈര്യം തിരയിലെത്തിച്ചു. ലിംഗുസ്വാമിയുടെ സണ്ടക്കോഴി,(2005) ശശികുമാറിന്റെ സുബ്രഹ്‌മണ്യപുരം(2008), വെട്രിമാരന്റെ ആടുകളം(2011),അസുരന്‍(2019),ജ്ഞാനവേലിന്റെ ജയ് ഭീം(2021), മഡോണ അശ്വിന്റെ മണ്ടേല (2021) തുടങ്ങിയവയൊക്കെ തമിഴകത്തു നിലനില്‍ക്കുന്ന ജാതി ഉച്ചനീചത്വങ്ങളുടെ പ്രത്യക്ഷ പരോക്ഷ ആഖ്യാനങ്ങളുള്‍പ്പെട്ട സിനിമകളായിരുന്നു.മറാത്തിയില്‍ ചൈതന്യ തംഹാനെ സംവിധാനം ചെയ്ത കോര്‍ട്ട് (2014), തമിഴില്‍ പാവൈ കഥകള്‍ എന്ന ഒടിടി ചലച്ചിത്ര സമാഹാരത്തില്‍ ഉള്‍പ്പെട്ട ഊര്‍ ഇരവ് (2020), ഹിന്ദിയില്‍ നീരജ് ഗെയ് വാന്റെ മസാന്‍(2015), റീമ കഗ്തിയും സോയ അഖ്തറും ചേര്‍ന്നു നിര്‍മ്മിച്ച ദഹാദ് (2023) വെബ് പരമ്പര എന്നിവയെല്ലാം ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ സമകാലിക ജാതിവെറി പ്രശ്‌നവല്‍ക്കരിച്ച ദൃശ്യാലേഖനങ്ങളാണ്. കേരളത്തില്‍ ആദ്യ സിനിമയ്ക്കു തന്നെ അതിലെ നായികയായ ദലിതയുവതിയുടെ പേരില്‍ ദുരന്തമേറ്റുവാങ്ങേണ്ടിവന്നുവെന്നാണ് എഴുതപ്പെട്ട ചരിത്രം. റോസി എന്നു പേരുമാറ്റപ്പെട്ട രാജമ്മ എന്ന പുലയയുവതിയെ ജെ.സി ഡാനിയല്‍ വിഗതകുമാരനില്‍ നായികയാക്കിയതിന്റെ പേരിലാണ് ആദ്യപ്രദര്‍ശനം ആള്‍ക്കൂട്ട ആക്രമണത്തില്‍ കലാശിച്ചതെന്നും തുടര്‍ന്ന് റോസിക്ക് രായ്ക്കുരാമാനം ജീവനും കൊണ്ട് കേരളം വിടേണ്ടിവന്നതെന്നുമാണ് മലയാള സിനിമയുടെ ഔദ്യോഗിക ചരിത്രം പറയുന്നത്.എന്നാല്‍, പൊതുമണ്ഡലത്തില്‍ തന്നെ, വിശേഷിച്ചും അരങ്ങത്തു പോലും സ്ത്രീകള്‍ അപൂര്‍വമായിരുന്ന കാലത്ത് വെള്ളിത്തിരയില്‍ നായകനെ തൊട്ടഭിനയിക്കുന്ന തങ്ങള്‍ക്കു പരിചിതയായൊരു സ്ത്രീക്കു നേരേ ഉണ്ടായ ആള്‍ക്കൂട്ട രോഷമായിരുന്നു റോസിക്കും ചിത്രപ്രദര്‍ശനത്തിനുമെതിരേ ഉണ്ടായത് എന്നൊരു വാദവും വിജയകൃഷ്ണനെ പോലുള്ള ചലച്ചിത്രചരിത്രകാരന്മാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതെന്തുതന്നെയായാലും, ജാതിവിവേചനം ഇതര സംസ്ഥാനങ്ങളിലേതുപോലെ അത്ര തീവ്രമായി നിലവിലില്ലാതിരുന്നതുകൊണ്ടാവണം, മലയാള സിനിമയിലും അതിന്റെ പ്രതിനിധാനം താരതമ്യേന കുറവാണ്. നീലക്കുയില്‍ (1954) പോലുള്ള സിനിമകളില്‍ ദലിത് യുവതിയുടെ ചൂഷണം വിമര്‍ശനവിധേയം പോലുമായിട്ടുള്ളതായും കാണാം.എന്നാല്‍, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ക്കു പിന്നാലെ, വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ആര്‍ട്ടിക്കിള്‍ 15 അടക്കമുള്ള സിനിമകളും ദഹാദ് അടക്കമുള്ള വെബ്പരമ്പരകളുമൊക്കെ പ്രതിഫലിപ്പിച്ച അന്നാടുകളിലെ ജാതിവിവേചനത്തിന്റെ തിരുശേഷിപ്പുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടെന്നോണം, കേരളത്തില്‍ അടുത്തിടെയിറങ്ങിയ ചില സിനിമകളിലും സമാനവിഷയങ്ങള്‍ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പലതും കേരളത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ ദൂഷിതദൃശ്യം എന്ന നിലയിലാണ് പ്രത്യക്ഷീകരിക്കപ്പെട്ടത്. കേരളത്തിനു പുറത്ത് അതുകൊണ്ടുതന്നെ ഇവ കേരളത്തിന്റെ സമകാലിക സാമൂഹികജീവിതത്തിന്റെ നേര്‍ചിത്രമെന്നോണം വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. കേരളത്തില്‍ ദുരഭിമാനക്കൊല ഉണ്ടായിട്ടില്ല എന്നല്ല. അപൂര്‍വമായെങ്കിലും കേരളത്തിലും അതൊക്കെ ഉണ്ടാവുന്നുണ്ട്. കോട്ടയത്തെ കെവിന്‍ ജോസഫിന്റെ കൊലപാതകം തന്നെ ഉദാഹരണമായി നമുക്കു മുന്നിലുണ്ട്. പക്ഷേ അത് പരിയേരും പെരുമാളിലോ പരുത്തിവീരനിലോ സുബ്രഹ്‌മണ്യപുരത്തിലോ വിരുമാണ്ടിയിലോ സൂചിപ്പിക്കുന്ന തരത്തിലുള്ളൊരു ജാതിവേട്ടയായിരുന്നില്ല.മറിച്ച് ദുരഭിമാനക്കൊല അടിസ്ഥാനമാക്കി മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ (2018) തീര്‍ച്ചയായും തീവ്രമായ ജാതിയാക്രമണത്തിന്റെ നേരാലേഖനമായി മലയാള ചിത്രമായിരുന്നു. അതു പക്ഷേ തമിഴ്‌നാട്ടില്‍ നടന്ന സംഭവത്തിന്റെ പരിണതി എന്ന നിലയ്ക്കാണ് സംവിധായകനും തിരക്കഥാകൃത്തും വിഭാവനചെയ്തിട്ടുള്ളത്. കുറ്റകൃത്യം നടക്കുന്നത് കേരളത്തിലാണെങ്കിലും അതിനാസ്പദമായ സാമൂഹികരാഷ്ട്രീയം തമിഴ്‌നാട്ടിലേതാണ് സിനിമയില്‍. അടുത്തകാലത്ത് ശ്രദ്ധേയമായ അനില്‍ദേവിന്റെ ഉറ്റവര്‍ എന്ന ചിത്രത്തിലാവട്ടെ, ദുരഭിമാനക്കൊലയ്ക്ക് സാമ്പത്തികമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കെ.എം കമാലിന്റെ പട(2022) കേരളത്തിലെ ദലിത് മുന്നേറ്റത്തിന്റെ നേര്‍ചിത്രമാണ് ദൃശ്യവല്‍ക്കരിച്ചത്. 1996ല്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് അയങ്കാളിപ്പട പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കി ദലിത് രാഷ്ട്രീയം ഏറെക്കുറേ വസ്തുനിഷ്ഠമായി പറയാന്‍ ശ്രമിച്ച സിനിമയായിരുന്നു അത്. അയ്യങ്കാളി പടയായിരുന്നല്ലോ കേരളത്തില്‍ ദലിത് മുന്നേറ്റങ്ങള്‍ക്ക് ഒരു രാഷ്ട്രീയ മാനം നല്‍കിയത്.ആദിവാസികള്‍ക്ക് സ്വന്തം ഭൂമി അന്യാധീനപ്പെടുത്തിയേക്കാവുന്ന വിവാദമായ ആദിവാസി ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആ പ്രതിഷേധം.അതിനപ്പുറം അതില്‍ വര്‍ണവിവേചനത്തിന്റെ പ്രശ്‌നങ്ങളായിരുന്നില്ല അഭിമുഖീകരിച്ചത്. കേരളത്തിലെ ആദിവാസികളുടെ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്‌നങ്ങളിലൊന്ന് ഭൂമിയുടേതാണ്. മുത്തങ്ങയടക്കം കേരളത്തെ പിടിച്ചു കുലുക്കിയ സമരങ്ങള്‍ക്കും ഇക്കാര്യത്തില്‍ നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വികസനത്തിന്റെ പേരില്‍ ദലിതരെ സ്വന്തം ഭൂമിയില്‍ നിന്ന് അവരെ പുറത്താക്കുന്നതും അവര്‍ക്കവകാശപ്പെട്ട ഭൂമി അവര്‍ക്ക് നല്‍കാതിരിക്കുന്നതുമായ പ്രശ്‌നങ്ങള്‍ കേരളചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. രഞ്ജന്‍ പ്രമോദിന്റെ ഫോട്ടോഗ്രാഫര്‍ പോലുള്ള സിനിമകള്‍ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. നഗരവല്‍ക്കരണത്തിന്റെ പേരില്‍ തദ്ദേശീയരായ ഒരു ദലിതവിഭാഗം മുഴുവന്‍ ഇരുള്‍പ്രാന്തങ്ങളിലേക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിന്റെ കഥയാണ് കമ്മട്ടിപ്പാടത്തില്‍ രാജീവ് രവി ദൃശ്യവല്‍ക്കരിച്ചത്.അത് ഏറെക്കുറേ സത്യത്തോടടുത്തതും ആര്‍ജ്ജവമുള്ളതുമായിരുന്നു. മലയാളസിനിമയില്‍ ദലിത പീഡനം ഒരു വിഷയമായി ഇടക്കാലത്ത് കടന്നുവരുന്നത് സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി എന്ന സിനിമയിലാണ്. ആര്‍ ഉണ്ണി കഥയെഴുതിയ ഒഴിവുദിവസത്തെ കളി ജാതിബോധത്തില്‍ മലയാളിയുടെ ഇരട്ടത്താപ്പും വൈരുദ്ധ്യവും തുറന്നുകാട്ടുന്നതായിരുന്നു. ജനാധിപത്യത്തിന്റെ കൊടിയേറ്റമായ തെരഞ്ഞെടുപ്പുദിവസം അവധിയാഘോഷിക്കാന്‍ ഒത്തുചേരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള സുഹൃത്തുക്കള്‍ മദ്യത്തിന്റെ ഉന്മാദത്തില്‍ കള്ളനും പൊലീസും കളിയിലേര്‍പ്പെടുകയും വിചാരണയ്‌ക്കൊടുവില്‍ ദലിതനായ സുഹൃത്തിനെ തൂക്കിക്കൊല്ലുകയും ചെയ്യുന്നതാണ് പ്രമേയം. ഭ്രമാത്മകതയുടെ വക്കോളം ചെല്ലുന്ന കഥാനിര്‍വഹണം മലയാളി ജാതിബോധത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതായി. ഇതേ സാമൂഹികാവസ്ഥയുടെ മറ്റൊരു തലം ജിതിന്‍ ഐസക്ക് തോമസിന്റെ അറ്റന്‍ഷന്‍ പ്‌ളീസ് (2021) എന്ന ചിത്രത്തില്‍ കാണാം. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള വിവേചനമെന്നതിലുപരി ഒരേ മതവിഭാഗത്തിനുള്ളില്‍ തന്നെയുളള ജാത്യാടിസ്ഥാനത്തിലെ ഉച്ചനീചത്വം എന്ന നിലയ്ക്കാണ് ജാതിവിവേചനം എന്ന പ്രയോഗം ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലെ പൊതുസമൂഹത്തില്‍ പരക്കെ വ്യവഹരിക്കപ്പെടുന്നത്. അങ്ങനൊരര്‍ത്ഥത്തില്‍ ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്തി(2016)നെ ജാതിവിവേചനം അടിസ്ഥാനമാക്കിയുള്ള സിനിമ എന്ന് പൂര്‍ണമായി വിവക്ഷിക്കാനാവില്ല.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന(2022)യും ഈ നിര്‍വചനത്തിനു പുറത്തുനില്‍ക്കുന്നതാണ്. എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ മതാധിഷ്ഠിത ജാതി മേല്‍ക്കോയ്മയുടെ വിരുദ്ധരാഷ്ട്രീയം സംസാരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ പരിഗണിക്കാവുന്ന ഈ ചിത്രം, കേരളത്തിനു പുറത്ത് നടന്ന സംഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തിനു പുറത്തു നടന്നതായി തന്നെ ചിത്രീകരിച്ച ചിത്രമാണ്. അങ്ങനെനോക്കുമ്പോള്‍ ഇത് കേരളത്തിലെ സാമൂഹികവ്യവസ്ഥയെക്കുറിച്ചുള്ള രേഖപ്പെടുത്തലാണെന്ന് അവകാശപ്പെടാനാവില്ല. യദു പുഷ്‌കരനെഴുതി വി.എസ് രോഹിത് സംവിധാനം ചെയ്ത കള (2021) ആണ് ദലിത് രാഷ്ട്രീയം വളരെ സ്പഷ്ടമായി ചര്‍ച്ചയ്‌ക്കെടുത്തുകൊണ്ട് ഈ വിഷയം വീണ്ടും സഗൗരവം കേരളമനഃസാക്ഷിക്കുമുന്നിലവതരിപ്പിക്കുന്ന പ്രസക്തമായൊരു സിനിമ. അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതം പ്രമേയമാക്കിയ മാരി സെല്‍വരാജിന്റെ പരിയേറും പെരുമാളിലും വെട്രിമാരന്റെ അസുരനിലും സിനിമയുടെ വിഷയത്തിലേക്കുള്ള വഴിയൊരുക്കിക്കൊണ്ട് നാടന്‍ നായയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നതും, സമാനവിഷയം പറയുന്ന കളയുടെ കഥയിലേക്കുള്ള കാഞ്ചിയാവുന്ന നായ രണ്ടു തലത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിത നിലപാടുകളുടെ പരിച്ഛേദം കൂടിയായി മാറുന്നുണ്ടെന്നും കളയെക്കുറിച്ചുളള ദേശാഭിമാനി നിരൂപണത്തില്‍ കെ.എ നിധിന്‍ നാഥ് നിരീക്ഷിച്ചിട്ടുണ്ട് (മാര്‍ച്ച് 29, 2021) ആണെന്നാല്‍ അധികാരത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണെന്ന് വിശ്വസിക്കുന്ന സവര്‍ണനായകന്‍ തന്റെ കരുത്ത് തെളിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് സുമേഷ് നൂര്‍ അവതരിപ്പിച്ച ദലിത കഥാപത്രത്തിന് സ്വന്തം നായയെ നഷ്ടമാകുന്നത്. ഇവിടെ പരിയേറും പെരുമാളിലേത് പോലെ കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയം കടന്നു വരുന്നുണ്ട്. കറുപ്പിയുടെ പ്രശ്നം അവളുടെ ശരീരത്തിന്റെ നിറം ആയിരുന്നെങ്കില്‍, സവര്‍ണ്ണനായ ഷാജിയുടെയും ദളിതനായ മൂറിന്റെയും നായകള്‍ കറുത്തതാണ്. ഇവിടെ നിറത്തിനപ്പുറം മൂറിന്റെ നായ കൊല്ലപ്പെടാന്‍ കാരണം നാടന്‍ നായ മാത്രമായതാണെന്നും ഷാജിയുടേത് ഒരു ലക്ഷത്തിനടുത്ത് വിലവരുന്ന നായയാണന്നും സ്വാതിലക്ഷ്മി വിക്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട് (ട്രൂകോപ്പി തിങ്ക്, പിഴുതെറിയപ്പെടേണ്ട കളകള്‍, 26 മാര്‍ച്ച് 2021) ജാതീയതയും പ്രതികാരവും മൃഗീയതയും മാറിമാറി സിനിമയില്‍ വരുന്നുണ്ട തന്റെ നായയെ ഇല്ലാതാക്കിയ ഷാജിയോട് പ്രതികാരം ചെയ്യാന്‍ പോവുന്ന ദളിതനായ നൂറിന്റെ ശ്രമങ്ങളും ഷാജിക്കും നൂറിനും ഇടയില്‍ ഉണ്ടാകുന്ന അക്രമാസക്തമായ രംഗങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. പരിയേറും പെരുമാളിലേത് പോലെ പാല്‍ ചായയും കട്ടന്‍ചായയും ഇവിടെയും കടന്നുവരുന്നുണ്ട്. അകത്തെ മേശപ്പുറത്ത് ടോവിനോയ്ക്ക് കിട്ടുന്ന പാല്‍ ചായയും പുറത്ത് തിണ്ണയില്‍ ദലിതരായ പണിക്കാര്‍ക്ക് കൊടുക്കുന്ന കട്ടന്‍ചായയും കാണാം. അവരുടെ നിറം കറുപ്പായതു കൊണ്ടും അവര്‍ ദളിതരായത് കൊണ്ടും അവര്‍ക്ക് കള്ള ലക്ഷണങ്ങളു ണ്ടെന്നും തൊട്ടടുത്ത നിമിഷമവര്‍ മോശമായി പെരുമാറുമെന്നുമുള്ള മുന്‍വിധിയോടുകൂടി ആണ് വീട്ടിലെ ഒരേ ഒരു സ്ത്രീയും അവരോട് പെരുമാറുന്നതെന്നും സ്വാതി നിരീക്ഷിക്കുന്നു. ദലിതര്‍ അധികാര/തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും വികസന/വാണിജ്യതാല്‍പര്യങ്ങളുടെയും ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും ചര്‍ച്ചചെയ്ത ചിത്രങ്ങളാണ് ഡോ ബിജുവിന്റെ കാടുപൂക്കുന്ന നേരം(2016), മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട് 92021)തുടങ്ങിയവ. എന്നാല്‍, മുന്നോട്ടു വച്ച പ്രത്യയശാസ്ത്ര വീക്ഷണങ്ങളില്‍ ദളിത് വിരുദ്ധതയാരോപിക്കപ്പെട്ട ദുര്യോഗമാണു മാര്‍ട്ടിന്റെ നായാട്ടിനു നേരിടേണ്ടിവന്നത്. നായാട്ട് ദളിത് രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്ത സിനിമയല്ല. രാഷ്ട്രീയവും അധികാരവും ചേര്‍ന്ന്, പൊലീസിനെ എങ്ങനെ വേട്ടയാടുന്നുവെന്നും അതിന് വകുപ്പിനുള്ളില്‍ തന്നെയുള്ള സഹപ്രവര്‍ത്തകര്‍ ഇരകളും വേട്ടക്കാരും ആവുന്നെന്നുമാണ് നായാട്ട് ചര്‍ച്ച ചെയ്യുന്നത്. വ്യവസ്ഥിതിയുടെ സംരക്ഷകര്‍, ആ വ്യവസ്ഥതിയുടെ നിയന്ത്രണം കൈക്കലാക്കിയവരുടെ അനീതികളുടെ സംരക്ഷകരായിത്തീരുന്ന ദുര്യോഗമാണു നായാട്ട് വെളിവാക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകാധിപത്യ തീരുമാനങ്ങള്‍ക്കും തെരഞ്ഞെടുപ്പുതാല്‍പര്യങ്ങള്‍ക്കും ചൂട്ടുപിടിച്ചുകൊണ്ടു സ്വന്തം കൂട്ടത്തില്‍പ്പെട്ട മൂന്നു പേരെ ഒറ്റികൊടുക്കുന്നത്. ദളിതവിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയും പുരുഷനുമടങ്ങുന്ന നിരപരാധികളായ മൂന്നു പൊലീസുകാരെ, ദളിത് വിഭാഗത്തില്‍പ്പെട്ടൊരാളുടെ അപകടമരണത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതു ഭരണകക്ഷിയുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്.പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ടു വ്യക്തിയിലേക്കു രാഷ്ട്രീയാധികാര കേന്ദ്രീകരണമുണ്ടാവുന്നതിന്റെ ദുര്യോഗമാണിത്.എന്നാല്‍, സര്‍വീസിലും പുറത്തും ദലിതര്‍ എങ്ങനെ അധികാരികളുടെ ചൂഷണത്തിന് ഇരകളായിത്തീരുന്നു എന്ന് നായാട്ട് വ്യക്തമായി തുറന്നുകാട്ടുന്നുണ്ട്, ഒപ്പം ജാതീയതയെ വിഷലിപ്തമാക്കുന്ന അധികാരരാഷ്ട്രീയത്തെയും. എന്നാല്‍, അധികാരം അധീശസംസ്‌കാരത്തെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്നതിനിടെ ദലിതര്‍ എങ്ങനെ ഒരേസമയം ഇരകളാക്കപ്പെടുന്നുവെന്നു കാട്ടി തന്ന നായാട്ടിനെ പിന്തുടര്‍ന്നു വന്ന സോഹന്‍സീനു ലാലിന്റെ ഭാരത സര്‍ക്കസിലെ ജാതിരാഷ്ട്രീയം കേവലം ഊതിപ്പെരുപ്പിച്ചതുമാത്രമായി തോന്നാം.അധികാരവും നിയമപാലകരും ചേര്‍ന്ന് ദലിതന്റെ പ്രശ്‌നത്തെ അവഗണിക്കുന്നതെങ്ങനെ എന്നതിലുപരി സവര്‍ണ കുറ്റവാളിയെ സംരക്ഷിക്കുന്നതിന് പരാതിക്കാരനെ തന്നെ പ്രതിയാക്കുന്നതെങ്ങനെ എന്നാണ് ഭാരത സര്‍ക്കസ് പരിശോധിക്കുന്നത്. നായാട്ടിലേതു പോലെ തീവ്രമായി അനുഭവവേദ്യമാക്കാമായിരുന്ന പ്രമേയം ഇതിവൃത്തനിര്‍വഹണത്തിനായി സൃഷ്ടിക്കപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കഥാപാത്രത്തിന്റെ അയുക്തികളിലൂടെയാണ് ഭാരത സര്‍ക്കസില്‍ തീര്‍ത്തും വിശ്വാസയോഗ്യമല്ലാതായിത്തീരുന്നത്. പ്രമേയത്തിന്റെ ഗൗരവം പോലും ഇത്തരം വിട്ടുവീഴ്ചകളിലൂടെ ലോപിച്ചുപോകുന്നുണ്ട്. വാര്‍പ്പുമാതൃകകളുടെ അമിതാഘോഷം കൊണ്ട,് കമ്പോളമുഖ്യധാരയില്‍ ഐ.വി.ശശി ഷാജികൈലാസ് സിനിമകള്‍ സൃഷ്ടിച്ച രാഷ്ട്രീയ സാമൂഹികസത്യസന്ധതപോലും പുലര്‍ത്താതെ പോവുകയാണീ സിനിമ. കാര്യഗൗരവമുള്ളൊരു പ്രമേയത്തെ, അലസവും അപക്വവുമായ ദൃശ്യസമീപനത്തിലൂടെ പാഴാക്കിക്കളഞ്ഞ ചലച്ചിത്രോദ്യമമായേ ഭാരത സര്‍ക്കസിനെ വിശേഷിപ്പിക്കാനാവൂ. എന്നാല്‍ അതല്ല രത്തിനയുടെ പുഴു(2022)വിന്റെ കാര്യം. നായകന്‍ കറുത്തും വില്ലന്‍ വെളുത്തുമിരിക്കുന്ന, നായകന്‍ ദളിതനും വില്ലന്‍ ബ്രാഹ്‌മണനും ആയിരിക്കുന്ന വാര്‍പ്പുമാതൃകയിലാണ് രത്തിന സംവിധാനം ചെയ്ത പുഴു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ലിഫ്റ്റില്‍ വച്ച് പിറ്റ്സ കൊണ്ടുവരുന്ന യുവാവിനെ കണ്ടിട്ട്, ഇതൊക്കെ ആളുകള്‍ എങ്ങിനെ കഴിക്കുന്നു എന്ന് അത്ഭുതപെടുന്ന നായകന്‍, അന്യ ജാതിയില്‍ പെട്ട സ്ത്രീയെ വിവാഹം കഴിച്ചത് കൊണ്ട് വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തിയ സഹോദരിയുടെ വീട്ടില്‍ ഭക്ഷണം കഴിച്ചിട്ട് കൈ തുടച്ചു് അറപ്പോടെ മുഖം തിരിക്കുന്നതിലെയും ''നമ്മളെ'' പോലുള്ളവര്‍ക്ക് മാത്രമേ ഫ്‌ലാറ്റ് വാടകക്ക് കൊടുക്കൂ എന്നു പറയുന്നിടത്തേയും ജാത്യാടിസ്ഥാനത്തിലുള്ള വയലന്‍സിനെ പറ്റി പുഴുവിനെപ്പറ്റി നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.ജാതിബോധം പ്രവര്‍ത്തിക്കുന്നത് നമ്മുടെയെല്ലാം മനസുകളില്‍ നിശ്ശബ്ദമായിട്ടാണെന്നും അത അക്രമാസ്‌കതമാവുന്നത് ശാരീരികമായിത്തന്നെ വേണമെന്നില്ലെന്നുമാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ഉണ്ണി ആറും സനല്‍കുമാര്‍ ശശിധരനും ഒഴിവുദിവസത്തെ കളിയില്‍ അനാവരണം ചെയ്യുന്നതിനു സമാനമായ പ്രസ്താവനകള്‍ തന്നെയാണിത്.പക്ഷേ ലിംഗസമത്വം, വിശ്വാസം അടക്കമുള്ള മറ്റു പല സാമൂഹികപ്രശ്‌നങ്ങളിലും നിലനില്‍ക്കുന്ന ഇരട്ടത്താപ്പുകള്‍ക്കൊപ്പം മലയാളികളില്‍ വേരൂന്നിയ ഒന്നാണിത്. അധികാര-രാഷ്ട്രീയ-ലിംഗ വ്യവസ്ഥകളെപ്പറ്റിയുള്ള ചിന്തകള്‍ മാറിയാല്‍ മാത്രം മാറിയ കാലത്തിന്റെ രാഷ്ട്രീയ ശരികള്‍ക്കൊപ്പം മാറിയേക്കാവുന്ന ചിന്താഗതിയാണത്. 'പുഴു'വിലെ രാഷ്ട്രീയത്തെ അത്രയ്ക്കങ്ങ് ബോധിക്കാത്ത, സവര്‍ണ്ണതയുടെ പൊതുബോധത്തെയും ജീവിതവീക്ഷണത്തെയും സാമൂഹ്യനിലപാടുകളെയും മറികടക്കുന്ന പുരോഗമനചിന്തയും നവോത്ഥാന ആശയങ്ങളും തങ്ങളുടെ ഹൃദയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരിലെ ഒരു വിഭാഗത്തെപ്പറ്റി പുഴു ജാതിയുടെ ശസ്ത്രക്രിയ എന്ന നിരൂപണത്തില്‍ പ്രേംലാല്‍ സൂചിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ പോലുമറിയാതെ തങ്ങളുടെ ജീവിതത്തിന്റെ വീക്ഷണകോണുകളെ നിശ്ചയിക്കുന്നത് തങ്ങളില്‍ ഇനിയും ബാക്കിനില്ക്കുന്ന സവര്‍ണ്ണബോധത്തിന്റെ അവശിഷ്ടങ്ങളാണെന്ന് അവര്‍ തിരിച്ചറിയുന്നേയില്ല എന്നാണ് അദ്ദേഹം നീരീക്ഷിക്കുന്നത്. പഴത്തിനുള്ളില്‍ പുഴുവായി ഒളിച്ചിരുന്ന് തന്റെ ദൗത്യം നിര്‍വ്വഹിക്കുന്ന തക്ഷകനെ രൂപകമാക്കിയാണ് ചിത്രത്തില്‍, ജാതിക്കെതിരായ പോരാട്ടത്തിന്റെ പ്രതിനിധാനമായ പുഴു കടന്നുവരുന്നത്. ഏഴുനിലമാളികയില്‍ അടച്ചിരുന്നിട്ടും പരീക്ഷിത്തിനെ തക്ഷകന്‍ ഇല്ലായ്മ ചെയ്തതുപോലെ സവര്‍ണ്ണ ബ്രാഹ്‌മണാധികാരത്തിന്റെ ഇരുമ്പുസാക്ഷകളും ഉരുക്കുമറകളും തകര്‍ത്ത് കാലവും ശബ്ദം പോലും നിഷേധിക്കപ്പെട്ടവരുടെ അനന്തരതലമുറയും കണക്കു ചോദിക്കുന്നയിടത്താണ് ചിത്രം അവസാനിക്കുന്നതെന്നു പ്രേംലാല്‍ അഭിപ്രായപ്പെടുന്നു. ഈ വാദങ്ങളൊക്കെയും സിനിമ പ്രതിനിധാനം ചെയ്യുന്ന ജാതിരാഷ്ട്രീയത്തെഅര്‍ഹിക്കുന്ന ഗൗരവത്തോടെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. എന്നാല്‍, ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും മറ്റും നിലനില്‍ക്കുന്ന ജാതിവെറിയുടേതിനു സമാനമായി ചേര്‍ത്തുവയ്ക്കാവുന്ന ദലിത വിരുദ്ധത കേരളത്തിലുണ്ടെന്ന മട്ടിലൊരു പൊതു ആഖ്യാനകം സൃഷ്ടിക്കുന്നതിലേക്ക് ഭാരത സര്‍ക്കസും പുഴുവും പരോക്ഷമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്നത് സഗൗരവം ചിന്തിക്കേണ്ട വിഷയമാണ്. ഒന്നു വെളുത്തുണരുമ്പോള്‍ മനസില്‍ നിന്നു തൂത്തിറങ്ങിപ്പോകുന്നതല്ല ആഴത്തില്‍ വേരൂന്നിയ ജാതിബോധമെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, അതിന്റെ തീവ്രത കേരളത്തില്‍ ഇപ്പറഞ്ഞ സംസ്ഥാനങ്ങളിലേതു പോലെ തന്നെ പ്രത്യക്ഷമാണ് എന്ന തരത്തിലുള്ള നറേറ്റീവ് യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. തമിഴ്‌നാട്ടിലെ സര്‍വസാധാരണാമായ ദുരഭിമാനക്കൊലകള്‍ പോലെ (സാധാരണമാകുന്നതുകൊണ്ട് അവ സാധൂകരിക്കപ്പെടുന്നതേയില്ല) കേരളത്തില്‍ നടക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ദഹാദിലെ ദലിതയായ പൊലീസുദ്യോഗസ്ഥയോട് സഹപ്രവര്‍ത്തകരും നാട്ടുപ്രമാണിയും ഒരു പോലെ കാണിക്കുന്ന തീണ്ടായ്മ നായാട്ടിലെ കഥാപാത്രത്തോട് ഏതായാലും ആരും കാണിക്കുന്നില്ല. ഈ യാഥാര്‍ത്ഥ്യബോധം ഭാരത സര്‍ക്കസില്‍ കാണാനില്ല എന്നിടത്താണ് മലയാളസിനിമയിലെ സമകാലിക ദലിതപക്ഷാഖ്യാനത്തിന് വഴിതെറ്റുന്നത്. സാമൂഹിക ഉള്‍ക്കാഴ്ചയിലും രാഷ്ട്രീയ ചരിത്രബോധ്യത്തിലുമുള്ള ആഴക്കുറവുകൊണ്ടായിരിക്കാം ജാതിവെറിയുടെ കാര്യത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ജീവിതാവസ്ഥ ഇതര സംസ്ഥാനങ്ങളുടേതിന് സമാനമാണെന്ന തരത്തിലുള്ള സാമാന്യവല്‍ക്കരണത്തിന് വഴിവയ്ക്കുന്ന ആഖ്യാനങ്ങളുടെ സാധുതയാണ് പുനഃപരിശോധിക്കപ്പെടേണ്ടത്. ഇല്ലെങ്കില്‍ ജോണ്‍ ഏബ്രഹാം എന്ന് ഗൂഗിള്‍ ചെയ്യുമ്പോള്‍ സംവിധായകനായ ജോണിനു പകരം ബോളിവുഡ് നടന്റെ വിവരങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നതുപോലെ, മഹാത്മഗാന്ധിയെ തിരഞ്ഞാല്‍ ബെന്‍ കിങ്സ്ലി എന്ന നടന്റെ ചിത്രം തെളിഞ്ഞുവരുന്നതുപോലെ, വ്യാജവിവരവിനിമയത്തിന് ഉപകരണമായിത്തീരുകാനവും ഇത്തരം ആഖ്യാനങ്ങളുടെ ദുര്‍വിധി.വസ്തുനിഷ്‌ഠെ എന്നാല്‍, പറയുന്ന വിഷയത്തിന്റെ സാമാന്യവല്‍ക്കരണത്തിലല്ല, സൂക്ഷ്മവല്‍ക്കരണത്തിലാണ് എന്നതാണ് ഗവേഷണരീതിശാസ്ത്രം നിര്‍വചിക്കുന്നത്. ബിംബവല്‍ക്കരണത്തേയല്ല സൂക്ഷ്മതല വിശലകനം. അതുകൊണ്ടുതന്നെ ദലിത രാഷ്ട്രീയം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത്രമേല്‍ അവധാനത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാമാന്യവല്‍ക്കരണത്തിനും ലളിതവല്‍ക്കരണത്തിനും സാധ്യത നല്‍കാത്ത വസ്തുനിഷ്ഠതയാണ് ദലിതപ്രശ്‌നങ്ങള്‍ പോലുള്ള വിഷയങ്ങള്‍ കൈയാളുന്ന ചലച്ചിത്രകാരന്മാര്‍ വച്ചുപുലര്‍ത്തേണ്ടത്. ഒറ്റപ്പെട്ട സംഭവങ്ങളെ പ്രാതിനിധ്യസ്വഭാവത്തില്‍ ആഖ്യാനകമായി സ്വീകരിക്കുമ്പോള്‍ കൈവിട്ടുപോകുന്നതും ചരിത്രപരമായ വസ്തുനിഷ്ഠതയാണ്.

Saturday, January 11, 2014

കറുത്ത യാഥാര്‍ഥ്യങ്ങളുടെ ദൃശ്യകാമനകള്‍


എ.ചന്ദ്രശേഖര്‍

എന്ത്? എത്രത്തോളം? എങ്ങനെ?
സിനിമയെന്ന മാധ്യമത്തിന്റെ സാങ്കേതിക അപാരതയില്‍, കാഴ്ചയുടെ സൗന്ദര്യാത്മകത വിടരുന്നത് മൂല്യാധിഷ്ഠിതമായ ഈ മൂന്നു ഘടകങ്ങളിലൂടെയാണ്. എന്തു കാണിക്കണം, ഏതളവു വരെ കാണിക്കണം, എങ്ങനെ കാണിക്കണം. ക്യാമറ എന്ന യന്ത്രത്തിന് ഇതു നിര്‍ണയിക്കാനുള്ള വിവേചനശക്തിയില്ല. അതുകൊണ്ടുതന്നെ, ആലേഖനോപാധിയുടെ ദൈര്‍ഘ്യത്തോളം എന്തു ചിത്രീകരിച്ചാലും, ചതുരവടിവിലുള്‍ക്കൊള്ളുന്നതെല്ലാം അതു പതിപ്പിച്ചെടുക്കും, സെല്ലുലോയ്ഡിലും ഡിജിറ്റലിലും. ചതുരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് നിര്‍ണയിക്കുന്നതിലാണ് കാഴ്ചപ്പാടു വേണ്ടത്. അത് ഛായാഗ്രാഹകനോ സംവിധായകനോ ആയിക്കൊള്ളട്ടെ, ചലച്ചിത്രകാരന്റേതാണ്. ഫ്രെയിമിലുള്‍പ്പെടുന്ന ഈ ദര്‍ശനം തന്നെയാവുന്നു പ്രദര്‍ശനവസ്തുവും. പ്രദര്‍ശവസ്തുവിന്റെ പരിധിയും പരിമിതിയും നിര്‍ണയിക്കുന്നതു കൊണ്ടാണ് അത് അയാളുടെ/അവളുടെ കാഴ്ചപ്പാടായിമാറുന്നത്. ഈ കാഴ്ചപ്പാടിലാണ് സിനിമയില്‍ കലയുടെ സൂത്രവാക്യം.
കാലാകാലങ്ങളില്‍, സിനിമ പല ഉയര്‍ച്ചതാഴ്ചകളിലൂടെ, ചുഴികളിലും മലകളിലും പെട്ട് സ്വയം നവീകരിച്ചാണ് നൂറ്റാണ്ടിനിപ്പുറം ആഗോളസ്വാധീനമുള്ള ബഹുജനമാധ്യമമായി പരിണമിച്ചത്. തലമുറ മാറുന്നതനുസരിച്ച്, അവരുടെ അഭിരുചിമാറ്റത്തിനൊപ്പിച്ച് സിനിമ അതിന്റെ ദൃശ്യസ്വഭാവത്തിലും സംസ്‌കാരത്തിലും ഭിന്നത പ്രകടമാക്കിയിട്ടുണ്ട്. പരിവര്‍ത്തനത്തിന്റെ നാള്‍വഴികളില്‍ അങ്ങനെ ദൃശ്യമാധ്യമം പലരൂപഭാവങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. ആഗോളവല്‍കൃത മൂല്യസംസ്‌കൃതിയില്‍, സാങ്കേതികതയുടെ ശക്തവും ആഴത്തിലുള്ളതുമായ സ്വാധീനത്തില്‍, പുതിയ വെല്ലുവിളികളുടെ ദശാസന്ധികളില്‍, ലോകത്തെ പുതുതലമുറ സിനിമയുടെ സ്വഭാവത്തില്‍ ദേശഭേദമന്യേ ചില ദിശാമാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. ന്യൂ ജനറേഷനെന്നോ, നവഭാവുകത്വമെന്നോ പേരിട്ടു വിളിക്കാവുന്ന പുതിയ സിനിമയുടെ ദൃശ്യപരിചരണത്തില്‍, രാജ്യാന്തരതലത്തില്‍ ചില സമാനതകളും സാമ്യങ്ങളും കണ്ടെത്താനുമാവും.

പാകം ചെയ്യാത്ത ദൃശ്യങ്ങള്‍
ദൃശ്യങ്ങള്‍ കൊണ്ടുള്ള പാചകമാണ് സിനിമയെങ്കില്‍, മുന്‍കൂറായി വേവിക്കാത്ത ദൃശ്യങ്ങളാണ് തന്നേപ്പോലുള്ളവരുടെ സിനിമാസങ്കല്‍പമെന്ന് അംഗോളന്‍ സംവിധായകന്‍ ജോ വിയാന്നയുടെ പ്രഖ്യാപനം, ആഗോള നവസിനിമയുടെ സൗന്ദര്യസമീപനത്തിന്റെ കൂടി നയപ്രഖ്യാപനമാണ്. ജാപ്പനീസ് തീന്‍വിഭവമായ 'സുഷി'യോടാണ് തന്റെ സിനിമാസമീപനങ്ങളെ വിയാന്ന ഉപമിച്ചത്. വേവിക്കാത്ത, പച്ച മത്സ്യം കൊണ്ടുണ്ടാക്കുന്ന രുചികരമായൊരു ഭക്ഷണവിഭവമാണ് സുഷി. ബാറ്റില്‍ ഓഫ് തബാട്ടോ(2013) പോലുളള തന്റെ സിനിമകളും പ്രീ-കുക്ക്ഡ് അല്ലാത്ത, വേവിക്കാത്ത യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കഷണങ്ങളാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. അതിന് വിയാന്ന കൊടുത്ത പേര് സൂഷി സിനിമാപ്രസ്ഥാനമെന്നാണ്.
തീര്‍ച്ചയായും, പുതുതലമുറ ചലച്ചിത്രകാരന്മാരുടെ ഏറ്റവും വലിയ സവിശേഷത യാഥാര്‍ത്ഥ്യത്തോടുള്ള ഈ അതിരുകവിഞ്ഞ സത്യസന്ധത തന്നെയാണ്. ഹോളിവുഡ് ഒഴികെ, ഇതര ലോകഭാഷാസിനിമകളിലെല്ലാം ഭാവുകത്വത്തിന്റെ രാസപരിണാമം യാഥാര്‍ത്ഥ്യത്തിന്റെ, ഞെട്ടിക്കുന്ന, അസ്വസ്ഥതപ്പെടുത്തുന്ന, അലോസരപ്പെടുത്തുന്ന ദൃശ്യപരിചരണമായി മാറിക്കഴിഞ്ഞു. യാതൊന്നും ഒളിച്ചുവയ്ക്കപ്പെടുന്നില്ല. മറയില്ലാത്ത ദൃശ്യങ്ങളാണ് നവസിനിമയുടെ മുഖമുദ്ര. യാതൊരുവിധ എഡിറ്റിംഗും ഇല്ലാതെ എന്ന പ്രതീതിയുളവാക്കുന്ന ദൃശ്യസമീപനമാണത്.
ലോകസിനിമയുടെ ബാല്യത്തില്‍ പ്രസ്ഥാനസ്ഥാനം നേടിയ ഇറ്റലിയുടെ നവയാഥാത്ഥ്യ ജനുസില്‍ നിന്നല്‍പം വിഭിന്നമാണ് സമകാലിക നവസിനിമയുടെ റിയലിസം. ആത്മീയമായി, മാനവികമായി, മനുഷ്യന്റെ അടിസ്ഥാനപ്രശ്‌നങ്ങളിലേക്ക്, സാധാരണക്കാരന്റെ ജീവിതസന്ധികളിലേക്കാണ് നിയോറിയലിസം ക്യാമറാക്കണ്ണു തുറന്നുപിടിച്ചതെങ്കില്‍ ഇന്നത്തെ ചലച്ചിത്രകാരന്മാര്‍ അതിന്റെ വൈകാരികവും വൈചാരികവുമായ തലങ്ങളിലേക്കാണ് അന്വേഷിക്കുന്നത്. അതുകൊണ്ടുതന്നെ, എന്തു കാണിക്കാം എന്നല്ല, എന്തും കാണിക്കാം എന്നായി. മാനവികമായൊരു എഡിറ്റിംഗില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് വിശ്വാസമില്ല. അതുകൊണ്ടുതന്നെ അണ്‍ എഡിറ്റഡ്/അണ്‍കട്ട്/ അണ്‍ സെന്‍സേഡ് പരിചരണത്തോടാണ് ആധുനിക ലോകസിനിമയ്ക്ക് താല്‍പര്യം. എങ്ങനെ കാണിക്കാതിരിക്കാം? എന്നത് എന്തിനു കാണിക്കാതിരിക്കണം? എന്ന ചോദ്യത്തിലേക്ക് മാറി. യാഥാര്‍ത്ഥ്യത്തെയും അതിയാഥാര്‍ത്ഥ്യത്തെയും അതീന്ദ്രിയ യാഥാര്‍ത്ഥ്യത്തെയും മറികടന്ന് സിനിമ, കറുത്ത യാഥാര്‍ത്ഥ്യത്തെ നേരിട്ടു കാണിച്ചുതുടങ്ങിയിരിക്കുന്നു.
രതിയുടെയും ഹിംസയുടെയും ആഘോഷമാണ് ആഗോള നവസിനിമയുടെ പ്രത്യക്ഷലക്ഷണങ്ങളിലൊന്ന്. ലാര്‍സ് വോണ്‍ ട്രയറും മറ്റും വെട്ടിത്തെളിച്ച പാതയില്‍, പിന്നാലെ വന്നവര്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് സ്വന്തം ദൃശ്യകാമനകളെ അഴിച്ചുവിട്ടു. അതാകട്ടെ സമാന്തരം-കമ്പോളം തുടങ്ങിയ സാമ്പ്രദായിക ദ്വന്ദ്വങ്ങളെപ്പോലെ തന്നെ സിനിമ വച്ചു വാഴിച്ചിരുന്ന പോര്‍ണോഗ്രാഫിക്/ ആര്‍ട്ടിസ്റ്റിക് ശഌലാശഌലങ്ങളുടെ അതിരുകളെയും തേയ്ച്ചുമാച്ചു കളയുന്നതായി. ആത്മീയതയുടെ പുതുലോക വ്യാഖ്യാനമായി രതിയും ഹിംസയും കാഴ്ചപ്പെട്ടുതുടങ്ങുകയാണ് ട്രയറിന്റെയും കിം കി ഡുക്കിന്റെയും സിനിമകളിലൂടെ. ആന്റി ക്രൈസ്റ്റിന്റെ കുറ്റബോധം/ പാപബോധം മോബിയൂസിലെത്തുമ്പോള്‍ ആണത്തത്തിന്റെ പ്രഖ്യാപനത്തിലോ ലിംഗവ്യവസ്ഥയുടെ അരാജകത്വത്തിലോ അവസാനിക്കുകയാണ്. ഇവിടെ, രതിയും അതിക്രമവും കറുത്ത യാഥാര്‍ത്ഥ്യമായി വ്യാഖ്യാനിക്കപ്പെടുകയും ആഖ്യാനിക്കപ്പെടുകയും ചെയ്യുകയാണ്. രതിയുടെ ബീഭത്സതയും രൗദ്രതയും ഹിംസയുടെ ലൈംഗികമാനങ്ങളും ഇടകലര്‍ന്ന് ചലച്ചിത്രാഖ്യാനങ്ങള്‍ കണ്ടു പ്രേക്ഷകര്‍ തീയറ്ററില്‍ ബോധരഹിതരാകുന്ന അവസ്ഥ. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിനു പോലും തന്റെ സസ്‌പെന്‍സ് ത്രില്ലറുകള്‍ കൊണ്ടു സാധിച്ചതിനുമപ്പുറമാണത്.
സ്വാഭാവികമായി, സാഹിത്യമോ സിനിമയോ എക്കാലത്തും വിഷയമാക്കിയ വരേണ്യ മേല്‍ത്തട്ടിനെ/ സാമൂഹിക മുഖ്യധാരയെ വിട്ട് പാര്‍ശ്വവല്‍കൃതരുടെ/ നിഷ്‌കാസിതരുടെ ജീവിതത്തിലേക്കാണ് ആധുനിക ലോക സിനിമ കാചം പതിപ്പിക്കുന്നത്. സാമ്പത്തികവും സാമ്പ്രാദായികവും അധികാരകേന്ദ്രീകൃതവുമായ പാര്‍ശ്വല്‍ക്കരണമല്ല. പുതുതലമുറയുടെ തമോയാഥാര്‍ത്ഥ്യത്തില്‍ ചെകുത്താന്‍ സേവ മുതല്‍ ലൈംഗികാരാചകത്വവും ലൈംഗികാസംതൃപ്തിയും, ഭിന്നലൈംഗികതയും സ്വവര്‍ഗരതിയും അരാഷ്ട്രീയതയും തീര്‍ച്ചയായും വിഷയീഭവിക്കുന്നു. ലൈംഗികതയുടെ കാര്യത്തിലാണ് ആധുനിക സിനിമ, നവസാഹിത്യത്തിലെന്നപോലെ, സ്വാതന്ത്ര്യത്തിന്റെ പുതുമേഖലകള്‍ തേടിത്തുടങ്ങുന്നത്. വിക്ടോറിയന്‍ മൂല്യവ്യവസ്ഥയെ കണക്കിനു പരിഹസിച്ചുകൊണ്ട് മധ്യകാല എഴുത്തുകാര്‍ സാഹിത്യത്തില്‍ പ്രതിഫലിപ്പിച്ച പ്രഹസനങ്ങളുടേതിനേക്കാള്‍ ശക്തമായ ഭാഷയിലാണ് സിനിമ, നവലോകത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന, പരക്കെ അംഗീകരിക്കപ്പെടാത്ത ലൈംഗിക ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്നത്. ക്വീര്‍ സിദ്ധാന്തങ്ങളുടെ ഏത്രയോ വാര്‍പ്പുമാതൃകകള്‍ ഹോളിവുഡിലടക്കം നാം കണ്ടതാണ്. സ്വവര്‍ഗബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ ഇങ്ങു മലയാളത്തില്‍ പോലും പത്മരാജന്‍ ദേശാടനക്കിളി കരയാറില്ലയില്‍ ഭാവാത്മകമായും, ഋതു, സഞ്ചാരം, മെമറീസ് തുടങ്ങിയ സിനിമകളില്‍ അല്‍പം കൂടി ആഴത്തിലും സ്പഷ്ടമായും പ്രതിനിധാനം ചെയ്തിട്ടുള്ളതാണ്. ഇന്ത്യയില്‍, ദീപ മെഹ്തയുടെ ഫയര്‍ അടക്കം ഈ വിഷയം ചാരുതയോടെ ആവിഷ്‌കരിച്ചിട്ടുണ്ട്. പക്ഷേ, ആധുനിക ലോകസിനിമ അതില്‍ നിന്നെല്ലാം വിഭിന്നമാവുന്നത് അതിന്റെ പ്രകടനാത്മകമായ സ്പഷ്ടമാക്കലുകളിലൂടെയാണ്.
ഒളിമറകളോടെ, ഏറെ ഭാവനാത്മകമായി സൃഷ്ടിച്ചെടുത്ത ദൃശ്യബിംബങ്ങളിലൂടെ പറഞ്ഞുവച്ച പലതും പരസ്യമായി, യാതൊരു മറവും മറയുമില്ലാതെ ക്യാമറയ്ക്കു മുന്നില്‍ വെളിവാക്കപ്പെട്ടു. സ്വകാര്യതയൂടെ സൂക്ഷ്മത അങ്ങനെ സുഷി പ്രസ്ഥാനത്തിന്റെ പരസ്യമാക്കപ്പെടലില്‍ പ്രകാശ സ്ഥൂലമായി. അതാണ് ക്‌ളെയര്‍ ഡെന്നീസിന്റെ ബാസ്റ്റേഡ്‌സ് (ഫ്രാന്‍സ്-ജര്‍മനി), അബ്ദെല്ലത്തീഫ് കെച്ചിച്ചെയുടെ ബ്‌ളൂ ഈസ് ദ് വാമസ്റ്റ് കളര്‍ (ഫ്രാന്‍സ്-ബല്‍ജിയം-സ്‌പെയ്ന്‍) തുടങ്ങിയ സിനിമകളില്‍ പ്രകടമാകുന്നതും. രതിയുടെ ആത്മീയതയെ ചോദ്യം ചെയ്ത ലാര്‍സ് വോണ്‍ ട്രയറെ ഈ സിനിമകള്‍ മറികടക്കുന്നതും, നീലച്ചിത്രങ്ങളുടേതിനു തുല്യവും സ്പഷ്ടവും ദൈര്‍ഘ്യമേറിയതുമായ രതിചിത്രണത്തിലൂടെയാണ്. അതാകട്ടെ ഉഭയലൈംഗികതയെ മാത്രമല്ല, സ്വവര്‍ഗരതിയുടെ കൂടുതല്‍ ആധികാരികമായ മാനങ്ങളെ അഭിമുഖീകരിക്കുന്നുമുണ്ട്. കുറച്ചു വര്‍ഷം മുമ്പുവരെയെങ്കിലും ലോകം പരസ്യമായി അംഗീകരിക്കാന്‍ വൈമനസ്യം കാണിച്ചിരുന്ന സ്വവര്‍ഗബന്ധങ്ങള്‍ക്ക് മാറിയ ലോകക്രമത്തില്‍ നേടിയെടുക്കാനായ സാംഗത്യവും സ്വത്വപ്രിതിഷ്ഠയും ഈ രംഗങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ബ്‌ളൂ ഈസ് ദ് വാമസ്റ്റ് കളര്‍ ഒരു പടികൂടി കടന്ന് സ്വവര്‍ഗാനുരാഗികളുടെ സ്വത്വബോധത്തിന്റെ അസ്തിത്വത്തിന്റെ തന്നെ കാതലിനെ പ്രശ്‌നവല്‍ക്കരിക്കുയാണ്. സ്വവര്‍ഗ ബന്ധത്തിലെ അധികാരഘടനയെ, ആശ്രിത-സംരക്ഷക ദ്വന്ദ്വത്തിലെ സങ്കീര്‍ണതയെ ദീര്‍ഘമായി വിശകലനം ചെയ്യുന്നുണ്ട് ചിത്രം. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാസി ജര്‍മനിയില്‍ നടക്കുന്നതായി സങ്കല്‍പിച്ചിട്ടുള്ള പോളിഷ് ചിത്രമായ ഇന്‍ ഹൈഡിംഗും ആത്യന്തികമായി ഇഴകീറി പരിശോധിക്കുന്നത് സ്വവര്‍ഗബന്ധത്തിലെ അടിമ-ഉടമ ഘടനയുടെ പ്രവചനതാതീതമായ സങ്കീര്‍ണതകളെയാണ്. സ്പാനിഷ് ജര്‍മന്‍ ഫ്രാന്‍സ് സംരംഭമായ ബ്രയാന്‍ ഡി പാമയുടെ പാഷനും ഇതിന്റെ തന്നെ മറുവശം അനാവരണം ചെയ്യുന്നു.
രതി പോലെ തീര്‍ത്തും വ്യക്തിനിഷ്ഠമായ ക്രിയാവസ്തുക്കളെ ക്യാമറയ്ക്കു മുന്നിലവതരിപ്പിക്കാന്‍ ഫ്രെയിമുകളുടെ വലിപ്പച്ചെറുപ്പത്തെയും പ്രകാശവിതാനത്തിന്റെ സാധ്യതകളെയും ദൃശ്യബിംബങ്ങളുടെ സങ്കീര്‍ണതയേയും ആശ്രയിച്ച് ദൃശ്യലാവണ്യത്തിന്റെ മുഗ്ധഭാവങ്ങള്‍ ചാലിച്ചിരുന്ന കാലത്തെ വെല്ലുവിളികളൊന്നുമില്ല പുതുതലമുറ ചലച്ചിത്രകാരന്റെ മുന്നില്‍. നിഘണ്ടുവിലുണ്ടെങ്കിലും പരസ്യമായി ഉറക്കെപ്പറയാത്ത, സാമൂഹികമായി തെറി/ അസഭ്യം എന്നു നിഷ്‌കര്‍ഷിച്ചു പടിപ്പുറത്തുനിര്‍ത്തിയ വാക്കുകളും വാചകങ്ങളും ജാള്യം കൂടാതെ സര്‍വസാധാരണമെന്നോണം ഉള്‍പ്പെടുത്തിയതുപോലെ, നവഭാവുകത്വ സിനിമയില്‍ കിടപ്പറ ചെയ്തികള്‍ക്കും രഹസ്യാത്മകത ഇല്ലാതായി. ലോകത്തൊരിടവും, ഒരു മൂലയും ഒളിക്യാമറയില്‍ നിന്നു രക്ഷപ്പെടാത്തതുപോലെ, ഇതൊരു ദൃശ്യാത്മക സ്വാതന്ത്ര്യപ്രഖ്യാപനമായാണ് നവസിനിമ കണക്കാക്കുന്നത്. പ്രകാശമെത്താത്ത ഒരു രഹസ്യവും ജീവിതത്തിലില്ലെന്ന ദര്‍ശനമാണ് അവര്‍ സ്ഥാപിച്ചെടുക്കുന്നത്. രഹസ്യമെന്ന പാരതന്ത്ര്യത്തെ, സ്വകാര്യത എന്ന ഇരുട്ടിനെ അവര്‍ കാഴ്ചയുടെ പ്രകാശം കൊണ്ട് കീഴടക്കുന്നു. സ്വാഭാവികമായി, രതി, ഹിംസ എന്നിവ എത്രത്തോളം പ്രകടമാക്കാമോ അത്രത്തോളം സ്പഷ്ടവും വ്യക്തവുമാകുകയാണ് ആധുനിക സിനിമയില്‍.അതേസമയം തന്നെ, സാമൂഹികമായ മൂല്യനിരാസത്തില്‍ ആത്മീയതയ്ക്ക് യാതൊരു സ്ഥാനവുമില്ലാതാവുന്ന അവസ്ഥയില്‍ ലൈംഗികമായ ചൂഷണത്തിന്റെ കോര്‍പറേറ്റ് ചിത്രമാണ് ബാസ്റ്റേഡ്‌സ് വരഞ്ഞു കാട്ടുന്നത്.

പ്രസക്തമാവുന്ന ആദിമധ്യാന്തം
സാമ്പ്രദായികമായ ആഖ്യാനവഴികളില്‍ നിന്നെല്ലാം വഴിതെറ്റിയോ തെറ്റിച്ചോ നടക്കാനിഷ്ടപ്പെടുന്നവരാണ് സുഷി സിനിമക്കാര്‍. ലക്ഷണമൊത്ത തുടക്കം ഒടുക്കം എന്നിവയിലൊന്നും അവര്‍ വിശ്വസിക്കുന്നില്ല. സാധാരണ ജന്തുജീവിതം പോലെ ചരിത്രത്തിന്റെ അനുസ്യൂതയില്‍ ഒരു ബിന്ദുവില്‍ കഥ തുടങ്ങുന്നു, എതെങ്കിലും ഒരു ബിന്ദുവില്‍ താല്‍കാലികമെന്നോണം അവസാനിക്കുന്നു. അഭംഗുരം, അവിരാമമാണ് അതിന്റെ ഒഴുക്ക്. അതുകൊണ്ടുതന്നെ മുഖ്യധാര ഊട്ടിയുറപ്പിച്ച കാഴ്ചവഴക്കങ്ങളെ നവസിനിമ കാറ്റില്‍പ്പറത്തുന്നുണ്ട്. വ്യവസ്ഥാപിതമായ ഓപ്പണിംഗ് ഷോട്ടുകളില്ല, നാടകീയമായ ക്‌ളൈമാക്‌സും. എന്തിന്, നാടകീയത എന്ന പരികല്‍പന തന്നെ പുതുസിനിമ നിരാകരിക്കുന്നു. അസാധാരണമാംവിധമുള്ള സാധാരണത്വമാണ് അവയുടെ സ്വത്വം. ഇബ്‌സന്റെ പാവവീടിന്റെ ക്‌ളൈമാക്‌സ് സൃഷ്ടിച്ച രോമാഞ്ചമൊക്കെ പഴങ്കഥ. സ്വയംവരത്തിന്റെയോ ചിദംബരത്തിന്റെയോ തുറന്ന പരിസമാപ്തിയും കാലഹരണപ്പെട്ടു. മാറ്റമില്ലാത്തത് ചലനത്തിനുമാത്രമാണ്. ജീവിതത്തോടൊപ്പം ദൃശ്യവും അനുസ്യൂതം ചലിക്കുന്നു. ഓപ്പണ്‍ എന്ഡിംഗ് എന്നത് അദ്ഭുതം പോയിട്ട് അസാധാരണം പോലുമല്ലാതായി. കഌപ്തമായ അവസാനമില്ലായ്മ, മറ്റൊരു തുടക്കമോ പ്രത്യാശയോ പോലുമില്ലാത്ത തുടര്‍ച്ച, മാത്രമായി സിനിമ അവസാനിക്കുന്നു.
ദൈര്‍ഘ്യത്തിലുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് ലോകസിനിമയുടെ മറ്റൊരു ഉത്തരാധുനികാനന്തര പ്രവണത. ഇന്ത്യയിലും റഷ്യയിലും നിന്നുള്ള സിനിമകളൊഴികെ യൂറോപ്പിന്റെയും അമേരിക്കയുടെയും മറ്റും സിനിമകളുടെ ദൈര്‍ഘ്യം, ബെന്‍ഹര്‍, ടെന്‍ കമാന്‍ഡ്‌മെന്റ്‌സ് പോലെ ചില പൂര്‍വകാല രചനകളെ മാറ്റിനിര്‍ത്തിയാല്‍, താരതമ്യേന കുറവായിരുന്നു. ഒന്നര മണിക്കൂറിനപ്പുറം ഡ്യൂറേഷന്‍ ആലോചിക്കാനാവാത്ത സ്ഥിതി. പക്ഷേ, ഇപ്പോള്‍ സംഗതി മാറി. സിനിമകള്‍ക്കു പലതിനും ദൈര്‍ഘ്യം വച്ചു. മൂന്നു മണിക്കൂര്‍ ഡ്യൂറേഷന്‍ അല്ലാതായി. ലോകത്തെ മിക്ക ഭാഷാചിത്രങ്ങളും നീളത്തില്‍ ഈ ലക്ഷണം പിന്തുടരുന്നവയാണ്. 132 ഉം 128 ഉം മിനിറ്റ് നീളത്തില്‍, അതിനാടകീയത പാടെ ഒഴിവാക്കി, അതിസാധാരണത്വം മാത്രം നിറച്ച കാഴ്ചയുടെ ധാരാളിത്തം. ഇത്തരമൊരു പരിവര്‍ത്തനത്തിന് ഉത്തേജകമായത് ഡിജിറ്റല്‍ സാങ്കേതിക വിപഌവമാകണം. യുദ്ധകാലത്ത് അസംസ്‌കൃത ഫിലിമിന് ക്ഷാമം വന്നപ്പോഴാണല്ലോ അമേരിക്കയില്‍ അണ്ടര്‍ഗ്രൗണ്ട് സിനിമകള്‍ക്കു ജന്മം കൊണ്ടത്. വാസ്തവത്തില്‍ സിനിമയുടെ ദൈര്‍ഘ്യത്തിന് കൂച്ചുവിലങ്ങിട്ടതു ഫിലിം എന്ന ഹാര്‍ഡ് വെയറിന്റെ ലഭ്യതക്കുറവോ, താങ്ങാനാവാത്ത വിലയോ ആയിരുന്നു. ഡിജിറ്റല്‍ ടേപ്‌ലെസ് പ്രൊഡക്ഷന്റെ കാലത്ത് ഹാര്‍ഡ്‌വെയറോ സോഫ്റ്റവെയറോ ഒരു പ്രശ്‌നമേയല്ലാതായപ്പോള്‍, സിനിമ അതിന്റെ സമയദൈര്‍ഘ്യത്തിലും സ്വതന്ത്രമാക്കപ്പെടുകയാണ്. മലയാളത്തില്‍ രാജീവ് രവിയുടെ അന്നയും റസൂലും ഈ ലാവണ്യങ്ങളെല്ലാം ആവഹിച്ച ചലച്ചിത്രരചനയാണെന്നു പറയാം.
സിനിമയുടെ മൊത്തത്തിലുള്ള അവതരണകാലത്തിലുള്ള ദൈര്‍ഘ്യത്തോടൊപ്പം തന്നെ പ്രധാനമാണ് നവധാരാസിനിമകളുടെ ആന്തരകാല സംവേഗവും. സാവധാനം മാത്രം പൂര്‍ത്തിയാവുന്ന ദൈര്‍ഘ്യമേറിയ ഷോട്ടുകളും സീനുകളും, സൂക്ഷ്മാംശങ്ങളില്‍ വരെ പ്രാധാന്യം നല്‍കുന്ന ചിത്രീകരണശൈലി തുടങ്ങി എഴുപതുകളില്‍ ഉച്ചപ്പടം എന്നു നാം പരിഹസിച്ചിരുന്നതരം സിനിമകളുടെ എല്ലാ സ്വഭാവസവിശേഷതകളും പ്രകടമാക്കുന്നുണ്ട് ലോകമെമ്പാടുമുള്ള പുത്തന്‍കൂറ്റു സിനിമകള്‍. ഒരു ചായയിടാന്‍ എടുക്കുന്ന യഥാര്‍ത്ഥസമയം കൊണ്ടു തന്നെ ചായകൂട്ടുന്നതു ചിത്രീകരിക്കുന്നതാണോ സിനിമ എന്നു പുച്ഛിച്ചു തള്ളിയ എത്രയോ ഉച്ചപ്പടങ്ങളുടേതിനു സമാനമായിരുന്നു അദി അദ്വാന്റെ ഇസ്രയേല്‍ ചിത്രമായ അറബാനി, സ്ലോവാക്യന്‍ സിനിമയായ മിറ ഫോര്‍മേയുടെ മൈ ഡോഗ് കില്ലര്‍, മെക്‌സിക്കന്‍ ചിത്രമായ ഇസബല്‍ മുനോസിന്റെ ഇനര്‍ഷ്യ തുടങ്ങിയവയെല്ലാം. ഇതില്‍ത്തന്നെ നിശ്ചലപ്രതിമകളെ ഉള്‍പ്പെടുത്തി, ക്യാമറാചലനങ്ങള്‍ മാത്രം വച്ചുകൊണ്ടു നിര്‍മിച്ച കംബോഡിയന്‍ ചിത്രമായ ദി മിസിംഗ് പിക്ചര്‍ (സംവിധാനം റിതി പാന്‍) അതിന്റെ അലസവേഗത്താല്‍ പ്രേക്ഷകനെ മുടപ്പിച്ച് അകറ്റുമെങ്കില്‍ വിഖ്യാത സംവിധായകന്‍ അമോസ് ഗിറ്റായ് യുടെ ഇസ്രയേല്‍-ഫ്രഞ്ച് സംയുക്ത സംരംഭമായ അന അറേബ്യയാവട്ടെ ഒറ്റ ടേക്ക് എന്ന പ്രതീതിയിലാണ് ഒന്നര മണിക്കൂറോളം ചിത്രീകരിച്ചിട്ടുള്ളത്. വിനിമയഭാഷയുടെ പുതുപ്രവണതയില്‍ ന്യൂയാന്‍സസ് എന്നു വ്യവഹരിക്കുന്ന അതിസൂക്ഷ്മതല ഡീറ്റേയ്‌ലിംഗാണ് നവസിനിമയുടെ സവിശേഷത.
പ്രമേയതലത്തിലും ചില സമഭാവനകള്‍ പിന്‍പറ്റുകയും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് നവലോക സിനിമ. ആഗോളവല്‍കരണത്തിന്റെ ജീവല്‍പ്രശ്‌നങ്ങളെയാണ് മിക്കതും അഭിസംബോധനചെയ്യുന്നത്. അതാവട്ടെ, എഴുപതുകൡലെ അസ്തിത്വവാദത്തിന്റെ വേറിട്ട രൂപമാര്‍ജ്ജിക്കുന്നതുപോലെ. സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്ടപ്പെടലും സാമ്പത്തികാരക്ഷിതാവസ്ഥയും എല്ലാ ഭൂവിഭാഗങ്ങളിലുമുള്ള മനുഷ്യര്‍ ഒരു പോലെ പങ്കുവയ്ക്കുന്നു. അതുപോലെതന്നെ മനുഷ്യമനസ്സിന്റെ അന്തരാളങ്ങള്‍, അസന്ദിഗ്ധാവസ്ഥ, പ്രവചിക്കാനാവാത്ത അതിന്റെ ഉള്‍ച്ചുഴികള്‍...ഇവയോടെല്ലാംതന്നെയാണ് മാറുന്ന ചിന്തയ്ക്കും താല്പര്യം. മനോവിഭ്രാന്തി, മാനസികാസന്തുലിതാവസ്ഥ, ഭിന്ന മനസ്സ് തുടങ്ങിയ സങ്കീര്‍ണാവസ്ഥകള്‍ക്ക് ദൃശ്യം കൊണ്ടൊരു വ്യാഖ്യനമെഴുതുന്നതെങ്ങനെ എന്നതിലാണ് പരീക്ഷണങ്ങള്‍ മിക്കതും. അതിനവര്‍ക്ക്, ആചാര്യമാരെ അപേക്ഷിച്ച് ആധുനിക സാങ്കേതികതയുടെ പിന്തുണയുമുണ്ട്. അല്‍പം സങ്കീര്‍ണമായൊരു ആഖ്യാനതന്ത്രത്തില്‍, ഒരു ഫോട്ടോഗ്രാഫറുടെ കഌക്കുകളിലൂടെ സ്ഥലകാലപ്രയാണം സാധ്യമാക്കിയ ഇവാന്‍ വെസ്‌കോവോയുടെ അര്‍ജന്റീനിയന്‍ സിനിമയായ ഇറാറ്റ തന്നെ നോക്കുക. മനോവിഭ്രാന്തിയുടെ സങ്കീര്‍ണതലങ്ങള്‍ ഒരു ഫോട്ടോക്ലിക്കിന്റെ അപ്പുറമിപ്പുറം യാഥാര്‍ത്ഥ്യവും മിഥ്യയുമായി കൈകോര്‍ക്കുകയാണ്. മുഖ്യധാരയില്‍ മെട്രിക്‌സിലും മറ്റും കണ്ടതിന്റെ തുടര്‍ച്ചയാണിത്. എന്നാല്‍, ബാറ്റില്‍ ഓഫ് തബാട്ടോയിലാവട്ടെ, നായകന്റെ മനോവിഭ്രാന്തി തിരിച്ചറിയുന്ന അവസാനനിമിഷം വരെ അതൊരു ദേശത്തിന്റെ യുദ്ധക്കെടുതികളുടെ, ഗോത്രമത്സരങ്ങളുടെ നേരാഖ്യാനമാണ്.  തീര്‍ത്തും മന്ദതാളത്തില്‍ വിന്യസിച്ചിരിക്കുന്ന ചിത്രതിന്റെ അവസാനം വരെ കണ്ടിരിക്കുകയെന്ന സാഹസത്തിനൊടുവില്‍ മാത്രമാണ് പ്രേക്ഷകനു മുന്നില്‍ വിസ്മയത്തിന്റെ അനാവരണങ്ങള്‍ കരുതിവച്ചിട്ടുള്ളത് സംവിധായകന്‍. പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്ന ഓപ്പണിംഗ് ഷോട്ട്, എസ്റ്റാബഌഷിംഗ് ഷോട്ട് തുടങ്ങിയ മാമൂലുകളെ ഇവിടെ ചീന്തിയെറിഞ്ഞിരിക്കുന്നു.
  തീവ്രാനുഭവങ്ങളുടെ നേര്‍ച്ചിത്രങ്ങള്‍ എന്ന നിലയ്ക്കാണ് സുഷി സിനിമ എന്നൊരു സങ്കല്‍പം വിയാന്ന മുന്നോട്ടുവയ്ക്കുന്നതെങ്കിലും, നവധാരാസിനിമയുടെ മൊത്തത്തിലുള്ള ബലഹീനതകളിലൊന്ന് ശീതയുദ്ധാനന്തര ലോകക്രമത്തില്‍ അമേരിക്കയ്ക്ക് വ്യക്തമായ മേല്‍ക്കൈ ലഭിച്ചു കഴിഞ്ഞിരിക്കെ, തീര്‍ത്തും പ്രാദേശികമായ വംശീയകലാപങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ യുദ്ധം പോലെ തീവ്രാനുഭവങ്ങളുടെ അഭാവം തന്നെയാണ്. ഭീകരതയുടെ നേരനുഭവങ്ങളൊന്നും ആധുനിക തലമുറയ്ക്ക് സാര്‍വലൗകികമായി ഏറ്റുവാങ്ങേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ക്കുമുന്നില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത് സ്വവര്‍ഗരതി പോലുള്ള പ്രഹേളികകളാണ്. അറബാനി പോലുള്ള ചെറിയൊരു വിഭാഗത്തിന്റെ വര്‍ഗീയാതിജീവനത്തിന്റെ പ്രശ്‌നമൊഴിച്ചാല്‍, ആഗോളവല്‍കൃത സമൂഹത്തില്‍, മനുഷ്യന്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് കോര്‍പറേറ്റ് സമ്മര്‍ദ്ദങ്ങളെക്കൊണ്ടാണ്. അതില്‍ നിന്നവരെ രക്ഷിക്കാനുള്ള മിശിഹയെ തേടുന്നതാണ് ഓരോ ആധുനികമനുഷ്യന്റെയും യത്‌നം. ലോകം മുഴുവന്‍ ആശങ്കകളുടെ കാര്‍മേഘത്തില്‍ ലക്ഷ്യം മുട്ടി നില്‍ക്കുന്ന അവസ്ഥയില്‍ അവനു മുന്നില്‍ പ്രതീക്ഷിക്കാന്‍ യാതൊന്നുമില്ല. ഇൗ അലക്ഷ്യാവസ്ഥയാണ് പല രീതിയിലും ആധുനിക സിനിമയിലും പ്രതിഫലിക്കപ്പെടുന്നത്.
പക്ഷേ, കത്തുന്ന യാഥാര്‍ത്ഥ്യത്തെ എല്ലാ രക്തശുദ്ധിയോടുംകൂടി ആവഹിച്ചാവിഷ്‌കരിക്കാനുള്ള ആക്രാന്തത്തില്‍, എന്തു കാണിക്കണം എന്തു കാണിക്കരുത് എന്ന അടിസ്ഥാന മാധ്യമമൂല്യത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നുണ്ട്.അതുതന്നെയാണ് നവസിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധിയും. എന്തും ഏതും കാണുംപടി (കാണാന്‍ പാടില്ലാത്തതും) അവതരിപ്പിക്കാനുള്ള ക്യാമറയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ നഷ്ടപ്പെടുന്നത് സര്‍ഗാത്മകതയുടെ ഉള്‍ക്കാഴ്ചയാണ്. പുതിയ കാഴ്ചപ്പാടുകള്‍ക്കു വേണ്ടി കുരുതിയര്‍പ്പിക്കേണ്ടി വരുന്ന കാഴ്ചയുടെ വ്യംഗ്യലാവണ്യം.തോന്നുംപടി കാണിക്കുന്നതില്‍ നഷ്ടമാവുന്ന ദര്‍ശനത്തിന്റെ ആത്മാവ്. ഒരുപക്ഷേ, ബാഹ്യമോടികളില്‍ മാത്രം അഭിരമിക്കുന്ന, ആത്മീയത നഷ്ടമായ തലമുറയുടെ മൂല്യവിചാരങ്ങളില്‍ ഈ പുതുകാഴ്ചകള്‍ ആത്മീയതയുടെ പുതിയ അര്‍ത്ഥതലങ്ങള്‍ വിന്യസിക്കുന്നുണ്ടാവാം. അതല്ലാതെ ഇത്തരത്തിലൊരു പരിവര്‍ത്തനം ഒരു കലയ്ക്കും ആഗോളതലത്തില്‍ സംഭവിക്കുമായിരുന്നില്ലല്ലോ.