Showing posts with label Book Review. Show all posts
Showing posts with label Book Review. Show all posts

Tuesday, February 21, 2023

ചലച്ചിത്ര വിമര്‍ശനം പുതുവഴി തേടുമ്പോള്‍


ഡോ.വി.രാജകൃഷ്ണന്റെ വിതുമ്പുന്ന പാനപാത്രം എന്ന ചലച്ചിത്രവിമര്‍ശനഗ്രന്ഥത്തെപ്പറ്റി 
ചലച്ചിത്ര സമീക്ഷ മാസികയിലെഴുതിയ കുറിപ്പ്


വൈരുദ്ധ്യാത്മക ബിംബങ്ങളുപയോഗിച്ചു താളാത്മകമായ ആഖ്യനാമുണ്ടാക്കുന്നതിനെ സാഹിത്യസിദ്ധാന്തത്തില്‍ ഡിസ്‌കോര്‍ഡിയ കണ്‍കോഴ്‌സ് എന്നാണ് വിശേഷിപ്പിക്കുക. ഒരര്‍ത്ഥത്തില്‍ സിനിമ തന്നെ അതിന്റെ രൂപം കൊണ്ടും ആഖ്യാനശൈലികൊണ്ടും ഡിസ്‌കോര്‍ഡിയ കണ്‍കോഴ്‌സിന് ഉദാഹരണമാണ്. മലയാളത്തില്‍ ചലച്ചിത്രനിരൂപണത്തിന്റെ അക്കാദമികശൈലിക്ക് തുടക്കമിട്ടവരില്‍ പ്രമുഖനായ ഡോ വി രാജകൃഷ്ണന്റെ ചരച്ചിത്ര-സാഹിത്യ നിരൂപണങ്ങള്‍ക്കും ഈ വിശേഷണം ബാധകമാണ്. കാഴ്ചയുടെ അശാന്തി, രോഗത്തിന്റെ പൂക്കള്‍ തുടങ്ങി തീര്‍ത്തും ഭിന്നമായ ബിംബങ്ങളെ ചേര്‍ത്തുവച്ച് കാവ്യാത്മകമായ ശീര്‍ഷകങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുശൈലിയിലും ഈ രീതി പ്രകടമാണ്. സിനിമകളെ തീര്‍ത്തും വേറിട്ട കാഴ്ചക്കോണിലൂടെ പൂര്‍വനിശ്ചിതമായ ഫ്രെയിമലൂടെ നോക്കിക്കാണുകയും അങ്ങനെ കാണുമ്പോള്‍ തെളിയുന്ന ഉള്‍ക്കാഴ്ചകള്‍ പ്രേക്ഷകര്‍ കൂടിയായ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുകയുമാണ് രാജകൃഷ്ണന്‍ ശൈലി. സിനിമ കാണാത്തവരെക്കാള്‍ അദ്ദേഹത്തിന്റെ എഴുത്തുകള്‍ ആസ്വദിക്കാനാവുക അദ്ദേഹം വിഷയമാക്കുന്ന സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്കാണ്. കാരണം കണ്ടതില്‍ തങ്ങള്‍ കാണാതെ പോയ അംശങ്ങളെന്ത് എന്ന് ഒരന്ധാളിപ്പോടെ തിരിച്ചറിയാനാവുമ്പോഴത്തെ രോമാഞ്ചമാണ് ഡോ. രാജകൃഷ്ണനെ വായിക്കുമ്പോള്‍ അവര്‍ക്കു അനുഭവവേദ്യമാവുക.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രനിരൂപണഗ്രന്ഥമായ വിതുമ്പുന്ന പാനപാത്രത്തിന്റെ കാര്യത്തിലും പേരില്‍ത്തുടങ്ങി ഇപ്പറഞ്ഞ നിരീക്ഷണങ്ങളൊക്കെ സാധുവാണ്. ലോക സിനിമയില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലൂടെ സഞ്ചരിച്ച് മലയാളസിനിമയിലവസാനിക്കുന്ന ഘടനയിലുടനീളം അദ്ദേഹം സ്വീകരിച്ചിട്ടുള്ള സമീപനം സിനിമയുടെ, അതിന്റെ രചയിതാവിന്റെ ആന്തരികജീവിതം രചനകളില്‍ എങ്ങനെ പ്രതിഫലിക്കപ്പെട്ടു എന്നുകൂടി അന്വേഷിക്കുന്നവിധത്തിലാണ്. ബോധപൂര്‍വമല്ലെങ്കില്‍ക്കൂടി അവയില്‍ പലതും സംവിധായകരുടെ ആത്മാംശം ചാര്‍ത്തിയ, മള്‍ട്ടി ഫിലിം പ്രോജക്ടുകളില്‍ പെട്ട സിനിമകളെക്കുറിച്ചുള്ള ചിന്തകളും വിശകലനങ്ങളുമാണ്. സ്വത്വാന്വേഷണത്തിന്റെ നാള്‍വഴികള്‍ ഇന്ത്യന്‍ സിനിമയില്‍1950-90) എന്നൊരു ടൈഗ് ലൈന്‍ കൂടി ഗ്രന്ഥശീര്‍ഷകത്തിനുള്ളത് ശ്രദ്ധേയമാണ്. അമ്പതുകളില്‍ സത്യജിത് റേയില്‍ തുടങ്ങി തൊണ്ണൂറുകളിലെ ഇന്ത്യന്‍ സിനിമയിലെ വരെ കഥാപാത്രങ്ങളുടെ ആന്തരികലോകം വിശകലനം ചെയ്യാന്‍ മുതിരുന്ന ഗ്രന്ഥകര്‍ത്താവ് അതിനായി കളമൊരുക്കാനാണ് ഐസന്‍സ്റ്റീന്റെ ഇവാന്‍ ദ ടെറിബിളിള്‍ തുടങ്ങി ശേഖര്‍ കപൂറിന്റെ ബാന്‍ഡിറ്റ് ക്വീന്‍ വരെയുള്ള സിനിമകളുടെ അന്തര്‍ലോകത്തെ വേറിട്ട വീക്ഷണകോണിലൂടെ നോക്കി കാണുന്ന 11 ഭാഗങ്ങളുള്ള സ്വത്വാന്വേഷണത്തിന്റ നാള്‍വഴികള്‍ എന്ന ആദ്യലേഖനത്തില്‍ മുതിരുന്നത്. പിന്നാലെ വരാനിരിക്കുന്ന ഗഹനമായ ഉള്‍ക്കാഴ്ചയുളള സിനിമാപഠനങ്ങള്‍ക്കുള്ള ആമുഖം മാത്രമാണ് ഈ ലേഖനം.ലോകസിനിമയില്‍ അഞ്ചു പതിറ്റാണ്ടിനിടെ സംഭവിച്ച പ്രമേയപരവും ഘടനാപരവുമായ പരിവര്‍ത്തനങ്ങളെ അദ്ദേഹം തനതായ ശൈലിയിലൂടെ സ്ഥാപിക്കുകയാണ്. അവിടെ നിന്നാണ് ഇന്ത്യന്‍ സിനിമയുടെ അന്തരാത്മാവ് തേടിയുള്ള തുടര്‍യാത്രയുടെ തുടക്കം.
അവതാരികയില്‍ പി.എസ്.പ്രദീപ് നിരീക്ഷിക്കുന്നതുപോലെ,'വൈവിദ്ധ്യമാര്‍ന്ന സംവിധാന ശൈലികളും വ്യത്യസ്തമായ ചലച്ചിത്ര സങ്കേതങ്ങളും ആഴത്തില്‍ അപ ഗ്രഥിക്കുന്ന ഗ്രന്ഥമാണിത്. സിനിമയുടെ സാങ്കേതികത്വ ത്തെക്കുറിച്ച് അടിസ്ഥാന പരിജ്ഞാനമുള്ള ഒരു ചലച്ചിത്ര വിമര്‍ശകനെ പലയിടത്തും ഇതില്‍ ദര്‍ശിക്കാനാവും. ഇന്ത്യന്‍ സിനിമയുടെയും മലയാള സിനിമയുടെയും പല പ്രമുഖ നിരൂപകന്മാരിലും പൊതുവെ കാണാന്‍ സാധിക്കാത്ത ഒരു ഗുണവിശേഷമാണിത്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചുമുള്ള ഗാഢമായ അവബോധം, വ്യക്തമായ കാഴ്ചപ്പാടുകള്‍ ഈ ഗ്രന്ഥത്തിന് ഒരു ചലച്ചിത്ര വിമര്‍ശനഗ്രന്ഥത്തിനും അതീതമായ മാനങ്ങള്‍ നല്‍കുന്നു.'
ഉല്‍പ്രേക്ഷകളാല്‍ സമ്പന്നമാണ് ഡോ വി രാജകൃഷ്ണന്റെ എഴുത്ത്. ഒരു സിനിമയെ വിലയിരുത്തുമ്പോള്‍ അതുമായി സാമ്യമുള്ള മറ്റേതെങ്കിലുമൊരു മുന്‍കാല സിനിമയെ അദ്ദേഹം ഉദ്ധരിക്കുന്നത് ഉപമയായിട്ടല്ല മറിച്ച് ഉല്‍പ്രേക്ഷയായിട്ടാണ്.അതുവഴി അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കഥാനിര്‍വഹണത്തില്‍ ദൃശ്യകല പൊതുവേ പിന്തുടരുന്ന സമാനതകളെയാണ്. സാമൂഹികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ അതിരുകളെ അപ്രസക്തമാക്കിക്കൊണ്ട് സിനിമ സാര്‍വലൗകികമാകുന്നതിന്റെ ദൃഷ്ടാന്തമായിത്തന്നെയാണ് അദ്ദേഹം ഇത്തരം സൂചകങ്ങളെ വിനിയോഗിക്കുന്നത്. ഈ ഗ്രന്ഥത്തിലേക്കുള്ള പ്രവേശികയായി ഗ്രന്ഥകര്‍ത്താവ് വിഭാവനചെയ്തിട്ടുളള ആമുഖലേഖനത്തിലെ വിദേശ സിനിമകളെ പിന്നീട് വിശകലനം ചെയ്യുന്ന ഇന്ത്യന്‍ സിനിമകളുടെ ഗാത്രത്തിലേക്ക് പതിയെ ചേര്‍ത്തുവച്ചു പരിശോധിക്കുന്നതിലെ രചനാപരമായ കൗതുകം അനന്യമാണ്. ഇവിടെ ചലച്ചിത്രനിരൂപണം എന്നതിനുപരി ഒരു സര്‍ഗാത്മക രചനയായി വിതുമ്പുന്ന പാനപാത്രം എന്ന നിരൂപണ ഗ്രന്ഥം ഗൗരവമാര്‍ജ്ജിക്കുന്നു.
സത്യജിത് റേയെപ്പറ്റി ഒന്നിലേറെ പുസ്തകങ്ങള്‍ മലയാളത്തില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതിലൊന്നും അധികം പരാമര്‍ശിക്കാത്ത അദ്ദേഹത്തിന്റെ ഒരു ചിത്രമാണ്, ഒരു ചലച്ചിത്രനടന്റെ ആന്തരികസംഘര്‍ഷങ്ങള്‍ വെളിപ്പെടുത്തിയ നായക്.(1960)ബംഗാളി നടന്‍ ഉത്തംകുമാറും ഷര്‍മ്മിള ടഗോറും അഭിനയിച്ച സിനിമ. ഫ്‌ളാഷ്ബാക്കുകളുടെ ധാരാളിത്തത്തിലൂടെ അനാവൃതമാകുന്ന കലാകാരന്റെ ജീവിതയാത്രയാണ് നായക്. ഈ സിനിമയുടെ പ്രമേയ-നിര്‍വഹണശൈലികളെക്കുറിച്ചുള്ള അതിസൂക്ഷ്മവിശകലനങ്ങള്‍ക്കൊടുവില്‍, നായകിന് ഫ്രെഡറിക്കോ ഫെല്ലിനിയുടെ ഇറ്റാലിയന്‍ ക്‌ളാസിക്കായ 8 1/2 എന്ന ചിത്രവുമായുളള സാമ്യത്തെപ്പറ്റി നിരൂപകന്‍ പിക്കോ അയ്യര്‍ ഉന്നയിച്ച വിമര്‍ശനത്തെയും രാജകൃഷ്ണന്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നു. ഇവിടെ, എട്ടരയിലെ നായകനടന്‍ മാര്‍ച്ചെല്ലോ മസ്‌ത്രോയാനിയും നായകിലെ ഉത്തംകുമാറും തമ്മിലുള്ള കാഴ്ചപ്പൊരുത്തം പോലും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. 
ചലച്ചിത്ര പഠിതാക്കള്‍ അത്രമേല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ലാത്ത, ഹിന്ദി മുഖ്യധാരാ സിനിമയിലെ ഇതിഹാസമാനം കൈവരിച്ച ചെറിയ തോതില്‍ ഒരു ഐതിഹ്യം തന്നെയാത്തീര്‍ന്ന ഗുരുദത്തിന്റെ സാഹിബ് ബീബി ഒര്‍ ഗുലാം (1962) എന്ന സിനിമയെ ഇഴകീറി പരിശോധിക്കുന്ന ലേഖനമാണ് പുസ്തകപ്പേരായി സ്വീകരിച്ചിട്ടുള്ള വിതുമ്പുന്ന പാനപാത്രം. സ്രഷ്ടാവിനെച്ചൊല്ലിപ്പോലും വിവാദങ്ങളുള്ള ഈ സിനിമയുടെ ഉളളടക്കത്തെമാത്രമല്ല, അടരുകളുള്ള അതിന്റെ ആഖ്യാനശൈലിയേയും നിര്‍മിതിക്കു പിന്നിലെ ഐതിഹ്യചരിത്രങ്ങളും വിവരിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. വിമല്‍ മിത്രയുടെ നോവലിനെ അധികരിച്ചു ഗുരുദത്ത് നിര്‍മ്മിച്ച് അബ്രാര്‍ അല്‍വി സംവിധാനം ചെയ്ത സാഹിബ് ബീബി ഒര്‍ ഗുലാമിലെ മീനാകുമാരിയുടെ കഥാപാത്രത്തിന് ഹോളിവുഡ് ഇതിഹാസമായിരുന്ന മര്‍ളിന്‍ മണ്‍റോയുടെ ജീവിതവുമായുള്ള പാര്‌സ്പര്യം മുതല്‍, ഇന്ത്യയിലെ ജാതിവ്യവസ്ഥയെ ഈ സിനിമ മനഃപൂര്‍വമല്ലാതെ തന്നെ എങ്ങനെ അഭിസംബോധനചെയ്യുന്നു എന്നു വരെ ഴിസദമായി പരിശോധിക്കുന്നുണ്ട് രാജകൃഷ്ണന്‍.മണ്‍റോയെക്കാള്‍ മീനാകുമാരിക്ക് സാത്മ്യം ബര്‍ഗ്മാന്റെ നായിക ലിവ് ഉള്‍മാനോടാണെന്ന് സോദാഹരണം സ്ഥാപിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. ഒരുപക്ഷേ, ബര്‍ഗ്മാനോടൊത്തം സഹകരിക്കാനായിരുന്നെങ്കില്‍ മീനാകുമാരി എന്ന നടിയുടെ അഭിനയപ്രതിഭ എങ്ങനെയൊക്കെ പരുവപ്പെടുമായിരുന്നുവെന്നൊരു ദര്‍ശനം കൂടി അദ്ദേഹം ബാക്കിയാക്കുന്നുണ്ട് പുസ്തകത്തില്‍.
ഗുരുദത്ത് തന്റെ ആത്മാംശം തനത് വൈകാരികതയോടെ പാനപാത്രത്തില്‍ കലര്‍ത്തി സംവിധാനം ചെയ്ത അവസാന ചിത്രമായ കാഗസ് കെ ഫൂലി (1952)ന്റെ ആഴങ്ങള്‍ കണ്ടെത്തുന്ന ലേഖനമാണ് കടലാസുപൂക്കള്‍ കൊഴിഞ്ഞതില്‍പ്പിന്നെ എന്ന അധ്യായം. വ്യവസ്ഥാപിത ബോളിവുഡ് ശൈലികളെ കാഗസ് കെ ഫൂല്‍ എങ്ങനെ കുടഞ്ഞുകളഞ്ഞു എന്നു സുദീര്‍ഘമായി ചര്‍ച്ചച്ചെയുന്നതിനൊടുവില്‍, ഈ സിനിമയ്ക്ക് ഹോളിവുഡിലെ വില്യം എ വെല്‍മാന്റെ എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രവുമായുള്ള സാത്മ്യത്തെയും താരതമ്യം ചെയ്യുന്നു രാജകൃഷ്ണന്‍. ഒപ്പം, കാഗസ് കെ ഫൂലിലെ നായകനായ പരാജിത ചലച്ചിത്രനടന്റെ വേഷത്തിലേക്ക് ഗുരുദത്ത് ആദ്യം പരിഗണച്ച ഹിന്ദി സിനിമയിലെ വിഷാദകാമുകന്‍ ദിലീപ് കുമാര്‍ അഭിനയിച്ചിരുന്നെങ്കില്‍ സുരേഷ് എന്ന കഥാപാത്രത്തിനു കൈവന്നിരിക്കാവുന്ന മേന്മകളെപ്പറ്റിയുള്ള വിചാരങ്ങള്‍ കൂടി പങ്കുവയ്ക്കുന്നുണ്ടദ്ദേഹം. ബര്‍ഗ്മാന്റെ 8 1/2 വുമായുള്ള സാമ്യവും ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥകര്‍ത്താവ് അടിസ്ഥാനപരമായി എട്ടരയിലെ നായകന്‍ ഗൈദോയ്ക്കും കാഗസ് കെ ഫൂലിലെ സുരേഷിനും തമ്മിലുള്ള വൈജാത്യത്തെപ്പറ്റിക്കൂടി കൃത്യമായി വിശദീകരിച്ചു സ്ഥാപിക്കുന്നു.
ഇന്ത്യന്‍ മുഖ്യധാരാസിനിമയുടെ സവിശേഷ ലക്ഷണങ്ങള്‍ അങ്ങിങ്ങ് പ്രതിഫലിക്കുന്നുണ്ടെങ്കിലും യുദ്ധാനന്തരവര്‍ഷങ്ങളില്‍ യൂറോപ്പ് പരീക്ഷിച്ചു വിജയിച്ച നവ തരംഗ സിനിമയുടെ ട്രാക്കില്‍ കൃ്തയമായി ഓടിച്ച ഒരു തീവണ്ടി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന അവതാര്‍ കൗളിന്റെ 27 ഡൗണ്‍ (1971) എന്ന സിനിമയെപ്പറ്റിയുളള ഗൗരവമുള്ള പഠനമാണ് തീവണ്ടി എങ്ങും നിര്‍ത്തുന്നില്ല എന്ന അധ്യായം. രമേഷ് ബക്ഷിയുടെ ശിഥിലപ്രായമായ നോവലില്‍ നിന്ന് പടുത്തുയര്‍ത്തിയ ആന്റീ സ്റ്റോറി എന്നു സംവിധായകന്‍ വിശേഷിപ്പിച്ച ഈ ചിത്രം ഇന്ത്യന്‍ സിനിമയുടെ പതിവ് ആഖ്യാനശൈലികളെ എങ്ങനെയെല്ലാം ഉടച്ചുവാര്‍ക്കുന്നു എന്ന് ഈ പഠനം സസൂക്ഷ്മം വിശകലനം ചെയ്യുന്നു. സാഹിത്യത്തിലെ ബോധധാരാ ശൈലിയോടാണ് 27 ഡൗണിന്റെ ആഖ്യാനത്തെ രാജകൃഷ്ണന്‍ താരതമ്യം ചെയ്യുന്നത്. മുഖ്യകഥാപാത്രമായ സഞ്ജയന്റെ പേരില്‍ത്തുടങ്ങി മഹാഭാരതേതിഹാസവുമായി 27 ഡൗണിനുള്ള പ്രമേയപരമായ സാമ്യം വിശകലനം ചെയ്യുന്ന ഗ്രന്ഥകര്‍ത്താവ്, തലമുറകളുടെ വിടവ് സാധ്യമാക്കുന്ന മനഃശാസ്ത്രപരമായ സംഘര്‍ഷങ്ങളെ പ്രത്യാഘാതങ്ങളെ ഒരു സൂക്ഷ്മദര്‍ശിനിക്കുഴലിലൂടെ എന്നവണ്ണം സംവിധായകന്‍ ഈ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നതിനെപ്പറ്റിക്കൂടി സോദാഹരണം കാണിച്ചുതരുന്നു. ആനന്ദിന്റെ ആള്‍ക്കൂട്ടത്തിലെപ്പോലെ ആള്‍ക്കൂട്ടത്തിലെ ഏകാന്തത എങ്ങനെ ഈ ചിത്രം പ്രതിനിധാനം ചെയ്യുന്നു എന്നും രാജകൃഷ്ണന്‍ വിശദീകരിക്കുന്നു. സാങ്കേതികമായി ഈ സിനിമ മുന്നോട്ടു വച്ച പരീക്ഷണങ്ങളെപ്പറ്റിക്കൂടി ഗ്രന്ഥം പരാമര്‍ശിക്കുന്നുണ്ട്. ദ ബാറ്റില്‍ ഓഫ് ആള്‍ജിയേഴ്‌സില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് പില്‍ക്കാലത്ത് ഇന്ത്യ കണ്ട മികച്ച ഛായാഗ്രാഹകന്മാരിലൊരാളായിത്തീര്‍ന്ന എ കെ ബിര്‍ രൂപം നല്‍കിയ ചിത്രത്തിലെ ഛായാഗ്രഹണസവിശേഷകള്‍ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു.
കുമാര്‍ സഹാനിയുടെ മായാദര്‍പ്പണ്‍, അരവിന്ദന്റെ ഉത്തരായണം, അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം തുടങ്ങി1950 മുതല്‍ 90 വരെയുള്ള കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പ്രാതിനിധ്യ സ്വഭാവമുള്ള എട്ട് ഇന്ത്യന്‍ സിനിമകളുടെ വേറിട്ട വീക്ഷണകോണില്‍ നിന്ന് ആഴത്തിലുള്ള പുനര്‍വായനയാണ് വി.രാജകൃഷ്ണന്റെ വിതുമ്പുന്ന പാനപാത്രം. 
'ആത്മാന്വേഷണത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും വ്യത്യസ്ത രൂപങ്ങളിലൂടെ കടന്നുപോയ നായികാനായകന്മാരെ നാം ഇവിടെ കണ്ടുമുട്ടുകയുണ്ടായി...നമ്മുടെ ചര്‍ച്ചയുടെ ഭാഗമായി മേല്‍പ്പറഞ്ഞ സിനിമകളില്‍ തലനീട്ടി നില്‍ക്കുന്ന ആഖ്യാനത്തിന്റെ ചിഹ്നവ്യവസ്ഥയിലേക്ക് നാം കണ്ണോടിക്കുകയുണ്ടായി...സിനിമ അടിസ്ഥാനപരമായി സംവിധായകന്റെ കലയാണ് എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിമര്‍ശനസമീപനമാണ് ഈ പുസ്തകത്തില്‍ ഞാന്‍ അവലംബിച്ചിട്ടുള്ളത്. മാര്‍ക്‌സിസ്റ്റ് ചിഹ്നവിജ്ഞാനം ഈ നിരൂപണരീതിയുടെ നേര്‍ക്കുയര്‍ത്തുന്ന വെല്ലുവിളി ഞാന്‍ കാണാതെ പോകുന്നില്ല...' എന്നു തന്റെ നിരൂപണസമീപനങ്ങളെപ്പറ്റി എന്നെ തിരയുന്ന ഞാന്‍ എന്ന അവസാന അധ്യായത്തില്‍ സ്വയം വിശദമാക്കുന്ന രാജകൃഷ്ണന്‍ മാര്‍ക്‌സിസ്റ്റ് ഭൗതികവാദത്തിന്റെ മുഴക്കോലുകള്‍ കൊണ്ട് ഫ്യൂഡല്‍ സാമൂഹികാവസ്ഥയെ വിലയിരുത്തുന്നതിന്റെ നൈതികത ഒരു പരിധിവരെ സമ്മതിച്ചുകൊടുക്കുന്നുണ്ട്. അദ്ദേഹം തുടര്‍ന്ന് എഴുതുന്നു: ''എന്നാല്‍ ഈ പുസ്തകത്തിന്റെ പരിധിയില്‍പ്പെടുന്ന സിനിമകള്‍ക്കുള്ളിലേക്കു പ്രവേശിക്കാന്‍ ഈ സമീപനരീതി തീര്‍ത്തും അപര്യാപ്തമാണെന്നു ഞാന്‍ കരുതുന്നു'
ഇതുവരെ ശീലിച്ചുട്ടള്ളതിനേക്കാള്‍ സങ്കീര്‍ണമായ ഒരു ചലച്ചിത്ര വ്യവഹാരരീതി രൂപപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പുസ്തകത്തിലെ പഠനങ്ങളൊക്കെയും വായനക്കാരന്റെ /പ്രേക്ഷകന്റെ ചിന്തയെ കൊണ്ടുചെന്നെത്തിക്കുന്നത്.

Saturday, January 30, 2021

മലയാള സിനിമയിലെ അടുക്കളയെപ്പറ്റി അക്കാദമിക്ക് നിരൂപകനായ ഷാജി ജേക്കബ്‌

പുസ്തകവിചാരം

അടുക്കളയുടെ അഭ്രജീവിതങ്ങൾ


അടുക്കളയുടെ അഭ്രജീവിതങ്ങൾ

ഷാജി ജേക്കബ്‌

നിയും അരങ്ങിലെത്താത്ത മലയാളിസ്ത്രീയുടെ ഗാർഹിക ശ്മശാനമാണ് അടുക്കള. വികാരമില്ലാത്ത കിടപ്പറകൾ പോലെ വിരസവും വിമോചനം ദുസ്സാധ്യവുമായ തടവറ. സ്നേഹമില്ലാത്ത വീട്ടകങ്ങളിലെ ഏറ്റവും ജനാധിപത്യവിരുദ്ധവും വിശ്വാസരഹിതവുമായ ഇടം. സാഹിത്യത്തിലാകട്ടെ, സിനിമയിലാകട്ടെ, അടുക്കള പോലെ ഇത്രമേൽ രാഷ്ട്രീയ പ്രാധാന്യം കൈവന്ന മറ്റൊരു സ്വകാര്യസ്ഥലരൂപകമില്ല. കിടപ്പറക്കുപോലും അടുക്കളയുടെ പ്രത്യയശാസ്ത്രബദ്ധത സാംസ്‌കാരികപഠനങ്ങൾ കല്പിക്കാറില്ല. വീട്, കുടുംബം എന്നിവയോടു ബന്ധപ്പെട്ടു രൂപംകൊള്ളുന്ന നാനാതരം കോയ്മാവ്യവസ്ഥകളുടെ പ്രയോഗമണ്ഡലങ്ങളിൽ ഏറ്റവും മുഖ്യം അടുക്കളയാകുന്നു. ആണധികാരത്തിന്റെ മാത്രമല്ല വംശീയവും മതപരവും ജാതീയവും വിപണിപരവും വർഗപരവുമായ അധീശത്വങ്ങളുടെയും വേവുപുരയാണ് അവിടം. ചരിത്രപരമായി ഈ ഇടം കൈവരിച്ച അധികാരപ്രമത്തതകളുടെ അപനിർമ്മാണത്തിലൂന്നുന്ന എത്രയെങ്കിലും സാംസ്‌കാരിക പാഠങ്ങൾ നമുക്കു മുന്നിലുണ്ട്. മിഷനറിസാഹിത്യം മുട്ടിവിളിച്ച അടുക്കളയുടെ വാതിലുകൾ നവോത്ഥാനസാഹിത്യം മലർക്കെ തുറന്നിട്ടു. സിനിമ മുതൽ ടെലിവിഷൻ പരമ്പര വരെയുള്ള മാധ്യമരൂപങ്ങൾ സാഹിത്യത്തിനു പിന്നാലെ അടുക്കളയുടെ പ്രതിനിധാനങ്ങളവതരിപ്പിച്ചു. സമാന്തരമായി സമൂഹത്തിലെന്നപോലെ സാംസ്‌കാരികപാഠങ്ങളിലും അടുക്കളയുടെ ഇരുട്ടകങ്ങളുടെ ഊട്ടിയുറപ്പിക്കൽ നടന്നു. ഒരിക്കലും അടുക്കളകൾ ജനാധിപത്യവൽക്കരിക്കപ്പെട്ടില്ല. സാംസ്‌കാരികപഠനങ്ങളിൽ അടുക്കളക്കു കൈവന്ന മൂല്യം സ്ത്രീപക്ഷവിമർശനമുൾപ്പെടെയുള്ള നിരവധി മണ്ഡലങ്ങളിലെ ഏറ്റവും മൂർത്തമായ കാല/കലാസൂചികകളിലൊന്നാണ്. ഇത്തരം പഠനങ്ങളുടെ കാമ്പുറ്റ മാതൃകകൾ മലയാളത്തിൽ കുറവാണ്. അടുക്കളയെക്കാൾ തീന്മേശയെ കേന്ദ്രീകരിച്ചവയാണ് ഈ വിഷയത്തിൽ ശ്രദ്ധനേടിയ രണ്ടു പഠനങ്ങൾ. എം.ജി. രാധാകൃഷ്ണന്റെ 'ഇഡ്ഡലിയുടെ രാഷ്ട്രീയ'വും, അജുനാരായണൻ, ചെറി ജേക്കബ് എന്നിവർ ചേർന്നെഴുതിയ 'സിനിമയിലെ അടുക്കളയും തീന്മേശയും' എന്നിവ.

മലയാളസിനിമയിലെ അടുക്കളയുടെ നിരവധിയായ സാംസ്‌കാരിക-രാഷ്ട്രീയാർഥ സൂചനകളപഗ്രഥിക്കുന്ന എ. ചന്ദ്രശേഖറിന്റെ പുസ്തകം പതിനാറോളം വ്യത്യസ്ത മേഖലകളിലൂന്നിയാണ് ഈ വിഷയത്തെ/വ്യവസ്ഥയെ സമീപിക്കുന്നത്. യഥാർഥത്തിൽ മലയാളസിനിമയിലെ ഭക്ഷണസംസ്‌കാരത്തിന്റെ സാമാന്യാവലോകനവും അന്വേഷണവുമാണ് മൂന്നു ഭാഗമായി കാണാവുന്ന ഈ പുസ്തകം. അതിൽ ഒരു ഭാഗം മാത്രമാണ് ഇടം എന്ന നിലയിൽ അടുക്കളയെ കേന്ദ്രീകരിക്കുന്നവ. തീന്മുറി/തീന്മേശ; ഭക്ഷണശാല/ഹോട്ടൽ എന്നീ രണ്ടിടങ്ങളിൽ ശ്രദ്ധയൂന്നുന്നവയാണ് മറ്റു രണ്ടു ഭാഗങ്ങൾ.

പാചകത്തിന്റെ പരിണാമവും അടുക്കളയുടെ വാസ്തുവും വിശദീകരിക്കുന്നു, ഒന്നാമധ്യായം. (ചന്ദ്രശേഖറിന്റെ പഠനങ്ങൾ എന്തുകൊണ്ട് അക്കാദമികമോ രാഷ്ട്രീയബദ്ധമോ ആകുന്നില്ല എന്നു തിരിച്ചറിയാൻ ഈയധ്യായം വായിച്ചാൽ മതി. ചരിത്രപരത, സാമൂഹ്യനിഷ്ഠത എന്നിവയിൽ തികച്ചും ഉപരിപ്ലവമായ സമീപനം സ്വീകരിച്ചും വാസ്തുപോലുള്ള ഒരു വ്യാജവിജ്ഞാനത്തിൽ ഊന്നിയും സാംസ്‌കാരിക പഠനങ്ങൾ സാധ്യമല്ലതന്നെ!) മ്യൂസ്മേരി, സുസ്മേഷ് ചന്ത്രോത്ത്, മല്ലികാസുകുമാരൻ എന്നിവരുടെ അടുക്കളയോർമ്മകൾ പങ്കിടുന്നു, രണ്ടാമധ്യായം. മൂന്ന് സവർണ, മധ്യവർഗ, ആത്മരതി പ്രകടനങ്ങൾ എന്നതിനപ്പുറം യാതൊരു സാമൂഹിക പ്രസക്തിയുമില്ലാത്ത പൈങ്കിളിവർത്തമാനങ്ങൾ. ഒരുപക്ഷെ മലയാളസിനിമ നിർമ്മിക്കുന്ന അടുക്കളരാഷ്ട്രീയത്തിന്റെ പൊതുബോധവും ഇതുതന്നെയാണല്ലോ. ഏറ്റവുമൊടുവിൽ ശ്രദ്ധനേടിയ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ൽ പോലും നായർ തറവാട്ടിൽ ചിത്രീകരിച്ചാലേ മലയാളി അടുക്കളയാകൂ എന്ന സാമ്പ്രദായികബോധമാണ് സിനിമയെ ഭരിക്കുന്നത്.

മൂന്നാമധ്യായം കുറെക്കൂടി വിശദവും പ്രസക്തവുമായ നിരീക്ഷണങ്ങൾ കൊണ്ടു സമ്പന്നമാണ്. അടുക്കളയുടെ നാനാതരം പ്രതിനിധാനങ്ങൾ ഇവിടെ സൂചിതമാകുന്നു. അടുക്കളജോലിക്കാരുടെ വേഷത്തിൽ ഉള്ളടങ്ങിയിരിക്കുന്ന സൂക്ഷ്മരാഷ്ട്രീയങ്ങൾ മുതൽ അവരുടെ പേരുകൾ, ശരീരഭാഷ തുടങ്ങിയവയും അടുക്കള കേന്ദ്രീകരിച്ചു രൂപപ്പെടുന്ന ജാതീയത, കീഴാളത, വിപണിബന്ധം, മതാത്മകത, പ്രാദേശികത തുടങ്ങിയവയും ഈയധ്യായത്തിൽ വിശദീകരിക്കപ്പെടുന്നു. വസ്ത്രാലങ്കാരവിദഗ്ദ്ധരുടെയും സംവിധായകരുടെയും നടീനടന്മാരുടെയും അഭിപ്രായങ്ങളാണ് ഇവിടെ ഗ്രന്ഥകാരന്റെ സ്രോതസുകളിലൊന്ന്. അടുക്കളയിലെ വസ്ത്ര-ശരീര രാഷ്ട്രീയങ്ങളുടെ പഠനമായി വികസിപ്പിക്കാമായിരുന്ന അധ്യായം.

നാലാമധ്യായം ദീർഘമായ ഒരു ചർച്ച ഏറ്റെടുക്കുന്നു. വിഷയം, 'പാചകപ്പുരയും തീന്മുറിയും'. പാശ്ചാത്യ പൗരസ്ത്യ സിനിമകൾ തമ്മിലുള്ള ആഖ്യാന-അവതരണ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുന്ന ചന്ദ്രശേഖർ, അടുക്കളയുടെ തനതും സവിശേഷവുമായ ചില കലാവിഷ്‌ക്കാരസാധ്യതകളിലേക്കു കടക്കുന്നു. ഹാസ്യരംഗങ്ങളുടെ അവതരണമാണ് അടുക്കളയിൽ തുടക്കകാലത്തരങ്ങേറിയിരുന്നതെന്നും ക്രമേണ അത് ഗൗരവവും നാടകീയതയും നിറഞ്ഞ അനുഭവതലങ്ങൾക്കു വഴിമാറിയെന്നും സൂചിപ്പിക്കുന്നു, ഗ്രന്ഥകാരൻ. സംവിധായകരുടെ അനുഭവ വിവരണങ്ങളാണ് ഇവിടെയും ചന്ദ്രശേഖറിന്റെ മുഖ്യ ആധാരം. സിനിമയുടെ സ്റ്റുഡിയോ സെറ്റുകളുടെ ഘടനയും സ്വഭാവവും വിശദീകരിച്ച് അടുക്കളയുടെ സാങ്കേതിക ചരിത്രമെഴുതാനാണ് ഇവിടെ ശ്രമം. കെ.എസ്. സേതുമാധവൻ മുതൽ ശ്യാം പുഷ്‌ക്കരൻ വരെയുള്ളവരുടെ നിരീക്ഷണങ്ങൾ ഇതിനു സഹായകമാകുന്നു.

അടുക്കളത്താരങ്ങളെക്കുറിച്ചാണ് അടുത്ത അധ്യായം. ഭാഷ മുതൽ വേഷം വരെ. നിറം മുതൽ പെരുമാറ്റം വരെ. ഒറ്റയും ഇരട്ടയുമായി പ്രത്യക്ഷപ്പെടുന്ന അടുക്കളക്കഥാപാത്രങ്ങളുടെ ശൈലീവൽകൃത ഭാവങ്ങൾ ഇവിടെ വിവരിക്കപ്പെടുന്നു.

അടുക്കളഹാസ്യത്തിന്റെ തുടർച്ചയാണ് മറ്റൊരധ്യായം. മലയാളസിനിമയിൽ ഈയൊരു സമ്പ്രദായത്തിന്റെ തുടക്കം ചന്ദ്രശേഖർ കണ്ടെത്തുന്ന വേലുത്തമ്പി ദളവ(1962)യുടെ വിശദമായ ചർച്ചയാണ് ഈ ഭാഗത്തെ മുഖ്യ ഉള്ളടക്കം.

സിനിമയിലെ 'വേലക്കാരിത്തള്ള' എത്രമേൽ സ്ത്രീവിരുദ്ധമായ വാർപ്പുമാതൃകയാണെന്നു വിശദീകരിക്കുന്നു, അടുത്ത അധ്യായത്തിൽ. 'ബോയിങ് ബോയിങ്' എന്ന സിനിമയിലെ സുകുമാരിയുടെ വേഷമാണ് ചന്ദ്രശേഖർ പ്രധാനമായും ചർച്ചക്കെടുക്കുന്നത്. തികച്ചും യുക്തിരഹിതമായ വ്യാഖ്യാനം. 'കുടുംബപുരാണ'ത്തിലെ 'വേലക്കാരിത്തള്ള'യെയും സമാനമായ രീതിയിൽ വിശകലനം ചെയ്യുന്നു, ഗ്രന്ഥകാരൻ.

അടുക്കളപ്പോരാണ് അടുത്ത അധ്യായത്തിന്റെ വിഷയം. 'ബാലൻ' മുതലുള്ള മലയാളസിനിമ എക്കാലത്തും ഏറ്റെടുത്തുപോന്നിട്ടുള്ള ഗാർഹിക, ജീവിത സംസ്‌കാരങ്ങളിലൊന്നാണിത്. 'അടുക്കള' എന്ന പേരിൽ നിർമ്മിച്ച് ഒടുവിൽ 'നിലവിളക്ക്' എന്ന് പേരു മാറ്റേണ്ടിവന്ന ഒരു സിനിമയുടെ കൗതുകകരമായ കഥ ചന്ദ്രശേഖർ പറയുന്നു.

'അമ്മായിയമ്മ-മരുമകൾ പോരിന്റെ കഥ 'അടുക്കള' എന്ന പേരിൽത്തന്നെ ചിത്രമാക്കിയ ചരിത്രവുമുണ്ട് മലയാളസിനിമക്ക്. ഘിബർ ഫിലിം പ്രൊഡക്ഷൻസ് നിർമ്മിച്ചു രവി ആലുമ്മൂട് സംവിധാനം ചെയ്ത 'അടുക്കള' (1986) അത്തരമൊരു പേരിനോടുപോലും മലയാളി വച്ചുപുലർത്തിയ അസഹിഷ്ണുത വെളിവാക്കുന്നതായി. എം. സുകുമാരന്റെ 'ശേഷക്രിയ'യുടെ സംവിധായകനായ രവി ആലുമ്മൂട് അപൂർവമായൊരു അമ്മ-മകൻ ബന്ധത്തിന്റെ മനഃശ്ശാസ്ത്ര പ്രസക്തിയുള്ളൊരു സിനിമ 'അടുക്കള' എന്ന പേരിൽ പ്രഖ്യാപിച്ചപ്പോൾത്തന്നെ വിവിധ കോണുകളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നതു പരിഹാസമായിരുന്നു. നിർണായക സന്ദർഭങ്ങളിൽ പലതും അടുക്കള പശ്ചാത്തലമായതുകൊണ്ടാണു സിനിമയ്ക്ക് അടുക്കള എന്നു പേരിട്ടത്. ചെറിയൊരു ചെറ്റക്കുടിലിൽ 15 രാത്രികളിൽ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രമേയം. പൊണ്ണുങ്ങളുടെ സ്വകാര്യ ഇടമായതുകൊണ്ടും അവർ കൂടുതൽ സ്വാതന്ത്ര്യത്തോടെ ഇടപെടുന്ന സ്ഥലമായതുകൊണ്ടും അവരുടെ മനസ്സിലേക്കു തുറക്കുന്ന പ്രമേയം എന്ന തലത്തിൽക്കൂടിയാണു അങ്ങനെയൊരു പേരിട്ടതെന്നു പറയുന്നു, രവി ആലുമ്മൂട്. പക്ഷേ, കാർട്ടൂണിസ്റ്റ് യേശുദാസൻ അദ്ദേഹത്തിന്റെ വാരികാപംക്തിയിൽ അടുക്കളയിൽ നിന്നു കുളിമുറിയിലേക്ക് എന്ന പേരിൽ ഇതിനെതിരെ ആക്ഷേപശരം തൊടുത്തു.

കുടുംബത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കാതെ അലസനായി കളിച്ചുനടക്കുന്ന മകനോട് (ഇടവ മോഹനൻ) അതിരുകവിഞ്ഞ സ്നേഹം വച്ചുപുലർത്തുന്ന ഭാരതി (ടി.പി. രാധാമണി) എന്ന അമ്മയുടെ കഥയായിരുന്നു അത്. ഭർത്താവു മരിച്ചിട്ട് മകനെ വളർത്താൻ പാടുപെടുന്ന അവർക്കവനോട് അറുത്താലും മാറ്റാത്ത ബന്ധമായിരുന്നു. വിവാഹാനന്തരം മകൻ കുറേക്കൂടി വിവേകിയും പക്വമതിയുമാകുന്നിടത്താണു കഥയുടെ വഴിത്തിരിവ്. മകൻ ഭാര്യയോടു കൂടുതൽ അടുപ്പത്തിലാവുന്നതു കണ്ടു മരുമകളോട് (സൂര്യ) അസൂയയും മകനെ കൈവിട്ടുപോകുമെന്ന ഭയവുമൊക്കെയായി അമ്മയ്ക്ക്. അതിന്റെ തിക്താനുഭവം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതു മരുമകളാണ്. അടുക്കളപ്പീഡനത്തിൽ സഹികെട്ടു, സ്വസ്ഥജീവിതം ദുസ്സാധ്യമെന്നു ബോധ്യപ്പെടുന്ന അവൾ തീപ്പട്ടിക്കമ്പനി ജോലിക്കാരനായ ഭർത്താവു കൊണ്ടുവന്നുവച്ച ഫോസ്ഫറസ് കഴിച്ച് ആത്മഹത്യ ചെയ്യുകയാണ്. സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തിവച്ച് ഉമ്മറത്തിരിക്കുന്ന അമ്മയോടു ഭാര്യയെവിടെ എന്നു ചോദിച്ച് അകത്തേക്കു കയറിപ്പോകുന്ന മകൻ കാണുന്നതു ഭാര്യയുടെ ജഡമാണ്. മനം നൊന്തയാൾ അമ്മയുടെ മുന്നിലിരിക്കുന്ന നിലവിളക്കെടുത്തു സ്വയം കുത്തി മരിക്കുന്നു.

അമ്മായിയമ്മ-മരുമകൾ അടുക്കളപ്പോരിന് എരിതീയിൽ എണ്ണയൊഴിക്കാൻ അടൂർ ഭവാനി അവതരിപ്പിച്ച അയൽക്കാരിത്തള്ളയും, ഇടവ മോഹനനും (ശങ്കരൻകുട്ടി) രാധാകൃഷ്ണനുമടക്കം കേവലം അഞ്ചു കഥാപാത്രങ്ങളും രാത്രിദൃശ്യങ്ങളും മാത്രമുള്ളൊരു സിനിമ. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സ്ഥിരം സെറ്റുകളിലൊന്നായ ചെറ്റപ്പുരയിലായിരുന്നു ഏറെയും ചിത്രീകരിച്ചത്. കുറച്ചു പുറം വാതിൽ ദൃശ്യങ്ങൾ ഓച്ചിറ ആയിരംകണ്ണിലും ചിത്രീകരിച്ചു. ചിത്രാഞ്ജലിയിലെ അയ്യപ്പനായിരുന്നു ഛായാഗ്രാഹകൻ. നൗഷാദിന്റെ ശിഷ്യൻ ബോംബെ എസ്. കമാൽ ആദ്യമായി സംഗീതം പകർന്ന മധുമനോഹര ഗാനങ്ങളുണ്ടായിരുന്നു ചിത്രത്തിൽ. ഭാര്യ കൃഷ്ണയുടെ പേരിൽ രവി തന്നെയായിരുന്നു ഗാനങ്ങളെഴുതിയതും.

സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ പാക്കേജ് സൗകര്യമുപയോഗപ്പെടുത്തി രവി ആലുമ്മൂടും ചില സുഹൃത്തുക്കളും ചേർന്നു നിർമ്മിച്ച 'അടുക്കള' സാമ്പത്തികപ്രതിസന്ധികൾക്കൊടുവിൽ പ്രധാന നടിയായ രാധാമണിയെ കൂടി പങ്കാളിയാക്കിയാണു പൂർത്തിയാക്കിയത്. സുഗതകുമാരി അധ്യക്ഷയായ സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റു നൽകിയതോടെ ചിത്രത്തിന്റെ ദുര്യോഗവുമാരംഭിച്ചു. അഡൽറ്റ്സ് ഒൺലി സിനിമ വിതരണത്തിനെടുക്കാൻ മുൻനിര വിതരണക്കാർ തയ്യാറായില്ല. സമ്മതിച്ചവരാവട്ടെ, സൂര്യയെ വച്ചു കുറച്ച് അഡൽറ്റ്സ് ഒൺലി രംഗങ്ങൾ കൂടി വേണമെന്നു ശഠിച്ചു. സംവിധായകൻ വഴങ്ങിയില്ല.

'അടുക്കള എന്ന പേരാണ് പ്രശ്നം എന്ന ശ്രീകുമാരൻതമ്പിയടക്കം പലരും രാധാമണിയെ ഉപദേശിച്ചു. അവരുടെ നിർബന്ധപ്രകാരമാണു സിനിമയുടെ പേരു 'നിലവിളക്ക്' എന്നു മാറ്റുന്നത്. ആ പേരു നിർദ്ദേശിച്ചത് തമ്പിയായിരുന്നുവെന്നാണ് ഓർമ്മ. എന്നിട്ടും ചിത്രം രക്ഷപ്പെട്ടില്ല. അവസാനം രാധാമണി അതിന്റെ നെഗറ്റീവ് എങ്ങനെയോ ചിത്രാഞ്ജലിയിൽ നിന്നും ചെന്നൈയിലെത്തിച്ചു. പേരുമാറ്റി ഡബ്ബ് ചെയ്ത് തമിഴിൽ പുറത്തിറക്കിയെന്നൊക്കെ കേട്ടു'. രവി ആലുമ്മൂട് ഓർക്കുന്നു.

'അടുക്കള/നിലവിളക്ക്' പൂർത്തിയായെങ്കിലും പുറത്തിറങ്ങിയില്ലെന്നു മാത്രമല്ല രവി ആലുമ്മൂട് എന്ന സംവിധായകൻ തന്നെ വിസ്മൃതിയിലുമായി. ഒട്ടേറെ അന്വേഷണങ്ങൾക്കൊടുവിലാണ് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ അദ്ദേഹത്തെ കണ്ടെത്താനായത്. ആന്ധ്രയിൽ ഒരു സർവ്വകലാശാലയിലെ ചലച്ചിത്രപഠനകേന്ദ്രത്തിൽ അദ്ധ്യാപകനായി ഒതുങ്ങിയ അദ്ദേഹം അടുക്കള എന്നതു സിനിമയ്ക്കു പറ്റിയ പേരല്ലെന്ന വാദത്തെ ഇപ്പോഴും ഖണ്ഡിക്കുന്നു: 'മനുഷ്യശരീരത്തിൽ ഹൃദയത്തിന്റെ സ്ഥാനമാണ് ഒരു വീട്ടിൽ അടുക്കളയ്ക്ക് എന്ന വിശ്വാസക്കാരനാണു ഞാൻ. എല്ലാം ഉണ്ടായിവരുന്നതവിടെനിന്നാണ്, ഭക്ഷണവും ബന്ധങ്ങളും എല്ലാം. മാത്രമല്ല അതു സ്ത്രീകളുടേതു മാത്രമായ ഒരു വ്യാപനമേഖലകൂടിയാണ്. അതൊക്കെയാണു ഞാനാ ടൈറ്റിൽകൊണ്ടുദ്ദേശിച്ചത്. അടുക്കളയെന്ന പേര് അന്നു മനലയാള സിനിമയിൽ പുതുമയായിരുന്നു. പുറത്തിറങ്ങിയിരുന്നെങ്കിൽ സിനിമ മനുഷ്യർ ഇഷ്ടപ്പെട്ടേനെ എന്നുതന്നെയാണിപ്പോഴും എന്റെ വിശ്വാസം'. എന്തായാലും അടുക്കള എന്ന സിനിമയ്ക്കു പുറത്തിറങ്ങാനുള്ള ഗമുണ്ടായില്ല. മലയാള സിനിമാപ്പട്ടികയിൽ 'നിലവിളക്ക്' എന്ന പേരിൽ അതുണ്ടായാലായി!'.

അമ്മായിയമ്മ, നാത്തൂൻ, സഹോദരഭാര്യ എന്നിങ്ങനെ അടുക്കളയിൽ കേന്ദ്രീകരിക്കുന്ന സംഘർഷസ്വത്വങ്ങളുടെ കഥ. കുടുംബപുരാണം, ഏപ്രിൽ 18, വർഷം എന്നീ സിനിമകളുടെ വിശദമായ ചർച്ച.

കടൽപ്പാലം മുതൽ ഉസ്താദ് ഹോട്ടൽ വരെയുള്ള സിനിമകളാസ്പദമാക്കി അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വന്ന കഥാപാത്രങ്ങളുടെ ഒരു ശ്രേണി പരിചയപ്പെടുത്തുന്നു, അടുത്ത അധ്യായം.

അടുക്കളയിൽ സംഗമിക്കുന്ന വർണ, വർഗ രാഷ്ട്രീയങ്ങളുടെ വിശകലനമാണ് ഇനി. 'അടിമകൾ' ഉൾപ്പെടെ ഏഴു സിനിമകൾ കേന്ദ്രീകരിച്ചാണ് ഈ വിഷയം പഠിക്കുന്നതെങ്കിലും 'നീലത്താമര' എന്ന ചിത്രമാണ് വിശദമായി അപഗ്രഥിക്കുന്നത്. 1979ലും പിന്നീട് 2009ലും ഇറങ്ങിയ സിനിമ. ഇളക്കങ്ങൾ, നഖക്ഷതങ്ങൾ, സല്ലാപം, നന്ദനം എന്നീ സിനിമകളിലും സവർണയായ വേലക്കാരിയോട് കഥാനായകന് തോന്നുന്ന പ്രണയത്തിന്റെ ആവർത്തനം പലതരത്തിലുണ്ട്.

അടുക്കളയിലെ വീട്ടമ്മമാർ എന്നതാണ് അടുത്ത അധ്യായത്തിന്റെ വിഷയം. അടൂർ, കെ.ജി. ജോർജ്, മധുപാൽ തുടങ്ങിയവരുടെ ചിത്രങ്ങൾ മുൻനിർത്തിയുള്ള പഠനം. എലിപ്പത്തായത്തിലെയും ആദാമിന്റെ വാരിയെല്ലിലെയും ഒഴിമുറിയിലെയും ഗാർഹിക-അടുക്കള രംഗങ്ങളുടെ വിശദമായ ചർച്ച ഈയധ്യായത്തിലുണ്ട്. സ്ത്രീയുടെ ഭിന്നങ്ങളായ സ്വത്വമാനങ്ങൾ അനാവരണം ചെയ്യുന്ന, സൂക്ഷ്മവും നിശിതവുമായ ചിഹ്നാപഗ്രഥനമായി മാറുന്നു, ഈ ചർച്ചകൾ. ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്ന്. നോക്കുക.

'സത്യജിത് റേയുടെ 'പഥേർ പാഞ്ജലി'യിലെ തീവണ്ടി ദൃശ്യം പോലെ, അടൂർ 'എലിപ്പത്തായ'ത്തിൽ നിത്യജീവിതത്തിൽ നിന്നു കടംകൊണ്ട സാധാരണമായൊരു പ്രതീകത്തിലൂടെ, ബാഹ്യയാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെട്ടു സ്വന്തം സഹോദരൻ തീർത്ത മിഥ്യാലോകത്ത് ഒതുങ്ങിക്കഴിയുന്ന കഥാപാത്രത്തിന്റെ നാശത്തിലേക്കു വിരൽചൂണ്ടുന്നൊരു ദൃശ്യം അവതരിപ്പിക്കുന്നത് വി. രാജകൃഷ്ണൻ അപഗ്രഥിച്ചിട്ടുണ്ട് (കാഴ്ചയുടെ അശാന്തി, ഇന്നലെകൾ നാളെകൾ, പേജ് 95).

മുറ്റത്തുനിൽക്കുന്ന ശ്രീദേവി മാനത്തൊരു വിമാനം കണ്ട് അടുക്കളയിലുള്ള ചേച്ചിയെ ആവേശത്തോടെ വിളിക്കുന്നു. സ്ഥായിയായ മന്ദതയോടെയിറങ്ങിവരുമ്പോൾ വിമാനം കൺവെട്ടത്തുനിന്നകന്നെങ്കിലും ശ്രീദേവി ചൂണ്ടിക്കാട്ടിയിടത്തേക്കു തലയുയർത്തി നോക്കുന്ന രാജമ്മ തലകറങ്ങി ഇരുന്നുപോവുന്നു. അവരുടെ കണ്ണിൽ പെട്ടെന്ന് ഇരുൾമൂടുകയാണ്. വീണ്ടുമൊരു വിമാനദൃശ്യം ആവർത്തിക്കുന്നതു ശ്രീദേവി ഒളിച്ചോടിയശേഷമാണ്. വീട്ടുമുറ്റത്തു പാത്രം കഴുകിക്കൊണ്ടിരിക്കുന്ന രാജമ്മ വിമാന ശബ്ദം കേട്ട് ആകാശത്തേക്കു നോക്കുന്നു. ആകാശക്കോണിൽ നിന്നാണീ രംഗത്തിന്റെ ചിത്രീകരണം. ശബ്ദത്തിനനുസരിച്ചു മുകളിലേക്കു നോക്കി എഴുന്നേൽക്കുന്ന രാജമ്മ ശക്തിയായ വയറുവേദന മൂർച്ചിച്ചു താഴേക്കു വീഴുകയാണ്. രക്ഷപ്പെടാനുള്ള മാർഗമോ ഇച്ഛയോ ഒക്കെയാണിവിടെ വിമാനമെന്ന രൂപകം. ശ്രീദേവിക്കു കാണാനാവുന്ന വിമാനത്തെ എത്ര ശ്രമിച്ചിട്ടും രാജമ്മയ്ക്കു കാണാനാവുന്നില്ല സ്വന്തം അവസ്ഥ തിരിച്ചറിയാനാവാത്ത ഉൾക്കാഴ്ചയാണിവിടെ സൂചിപ്പിക്കപ്പെടുന്നത്.

കിടന്നകിടപ്പിൽ നിന്നെഴുന്നേൽക്കാൻ വയ്യാതാവുന്ന രാജമ്മയെ പാൽക്കാരി പറഞ്ഞിട്ടു മീനാക്ഷിയാണ് അകത്തു കയറി നോക്കി നാട്ടുകാരെ അറിയിക്കുന്നതും അവർ കട്ടിലോടെ തൂക്കി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതും. പത്തായത്തിൽ എലിയെന്നോണമാണ് ആ പോക്ക്. തറവാടിനു വേണ്ടി എരിഞ്ഞടങ്ങാൻ വിധിക്കപ്പെട്ട ജീവിതമാണു രാജമ്മയുടേത്. മാതാപിതാക്കൾ ജീവിച്ചിരിക്കെ കെട്ടിച്ചമച്ച ജാനമ്മയുടെ ഭാഗ്യമോ, ഇഷ്ടപുരുഷനോടൊപ്പം ഇറങ്ങിപ്പോയ ശ്രീദേവിയുടെ ധൈര്യമോ ആ പാവത്തിനില്ല. സ്വയം രക്ഷപ്പെടാൻ മുതിരാതെ അവസാനം വരെ അനിഷ്ടം മറച്ചും, വയ്യായ്ക സഹിച്ചും ചേട്ടനുവേണ്ടി ഒരു ജന്മം. ഭൂപരിഷ്‌കരണാനന്ത കേരളത്തിലെ ശരാശരി കൂട്ടുകുടുംബത്തിലെ സാധാരണ സ്ത്രീകളുടെ പ്രതിനിധി.

ജാക്കറ്റും മുണ്ടും, ഏറിയാൽ ബ്ലൗസിനു മുകളിലൂടെ ഒരു തോർത്ത്. ഇതാണു രാജമ്മയുടെ വേഷം. പറമ്പിൽ നിന്നു പറങ്കിയണ്ടിയും കിഴങ്ങും മോഷ്ടിക്കുന്ന അടിയാത്തി മീനാക്ഷിയുടെ വേഷവും ഏതാണ്ടു സമാനമാണ്. എന്നാൽ മറ്റെല്ലാ സ്ത്രീകളുടെയും, ജാനമ്മയുടെ പോലും വേഷത്തിൽ രാജമ്മയെ അപേക്ഷിച്ചു കാര്യമായ പരിഷ്‌കാരമുണ്ട്. നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുന്നതുവരെ അടുക്കള വിട്ട് എങ്ങോട്ടും പോകുന്നതായി കാണാത്ത രാജമ്മയ്ക്ക് ഇതിലും ആർഭാടമായ വേഷത്തിന്റെ ആവശ്യവുമുണ്ടാവുന്നില്ല. എന്നാൽ വൃത്തിയോടും വെടിപ്പോടും കൂടിയാണ് എല്ലായ്‌പ്പോഴും അവരെ കാണുന്നത്. ശ്രീദേവിയുടെ വേഷമാവട്ടെ പരിഷ്‌കൃതവുമാണ്. തന്റെ സ്ത്രീ കഥാപാത്രങ്ങളണിയുന്ന വസ്ത്രങ്ങളുടെ നിറത്തിലൂടെ (ചുവപ്പ്, പച്ച, നീല, വെള്ള) അവരുടെ സ്വഭാവത്തെപ്പറ്റി അടൂർ പ്രതീകാത്മക സൂചനകൾ നൽകുന്നതായി രാജകൃഷ്ണൻ നിരീക്ഷിച്ചിട്ടുണ്ട്.

'എലിപ്പത്തായ'ത്തിലെ പല രംഗങ്ങളിലും അടുക്കള പശ്ചാത്തലമാവുന്നുണ്ടെന്നു മാത്രമല്ല, പാചകത്തിന്റെ വിശദാംശങ്ങൾ, അരയ്ക്കുന്നത്, പാത്രം കഴുകൽ, വെള്ളം ചൂടാക്കൽ, അടുപ്പുകൂട്ടൽ, ചായക്കൂട്ടൽ, ചോറുണ്ടാക്കൽ, സ്വാദുനോക്കൽ എന്നിവ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. അതിസമീപ ദൃശ്യങ്ങളാണവയെല്ലാം. നിർണായകമായ പല വഴിത്തിരിവുകളും അടുക്കള/അടുക്കളപ്പുറം/പിന്നാമ്പുറം എന്നിവിടങ്ങളിലാണരങ്ങേറുന്നതും'.

അടൂർസിനിമകൾ ഉൾപ്പെടെയുള്ളവ പാഠമാതൃകകളാക്കി സിനിമയിലെ ഭക്ഷണരംഗങ്ങൾ വിശകലനം ചെയ്യുന്ന അടുത്ത അധ്യായം ചന്ദ്രശേഖറിന്റെ പഠനത്തിന്റെ തനതു മാതൃകയായി മാറുന്നു. സ്ഥൂലവും ദീർഘവും വിശദവും വിവൃതവുമായ വിവരണങ്ങളായവശേഷിക്കുന്ന ഈയധ്യായം ഭക്ഷണസംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രമാനങ്ങൾ അപഗ്രഥിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അടൂരിന്റെയും മധുപാലിന്റെയും മറ്റും അഭിപ്രായങ്ങൾ കേട്ട് ശരിവച്ച് ജേണലിസ്റ്റിക് രീതിയിൽ ഈ വിഷയം പരാവർത്തനം ചെയ്യുക മാത്രമാണ്. ധാരാളം സിനിമകളെ അവയുടെ സാങ്കേതിക സൂക്ഷ്മതയിലും ഇതിവൃത്ത ധാരാളിത്തത്തിലും പറഞ്ഞുവയ്ക്കുക എന്നതിനപ്പുറം ആഴത്തിൽ വിശകലനം ചെയ്യുന്നതല്ല ചന്ദ്രശേഖറിന്റെ രീതി.

കൂട്ടുകുടുംബം, അണുകുടുംബം എന്നിവയുടെ സാന്നിധ്യമുള്ള അടുക്കളയുടെ അഭ്രരാഷ്ട്രീയം അവലോകനം ചെയ്യുന്നു, അടുത്ത അധ്യായം. ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകൾ മുൻനിർത്തിയാണ് ഈ വിഷയം ചന്ദ്രശേഖർ പഠിക്കുന്നത്.

'അടുക്കള എന്ന തൊഴിൽശാല'യിൽ മാറിയ സാമൂഹ്യാന്തരീക്ഷത്തിൽ സ്ത്രകളാർജിക്കുന്ന കർതൃപദവിയുടെ മാതൃകകളായി അടുക്കളജോലിയെ ചിത്രീകരിക്കുമ്പോൾ കുടുംബശ്രീ പ്രസ്ഥാനം ഭക്ഷ്യവിപണിയിലും അടുക്കളജോലിയിലും സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചെഴുതുന്നു, അടുത്ത ലേഖനം/അധ്യായം. 'ഉദാഹരണം സുജാത' പോലുള്ള ചിത്രങ്ങളാണ് ഇവിടെ പഠിക്കാനെടുക്കുന്നത്.

ആണിന്റെ അടുക്കളയെക്കുറിച്ചുള്ള(ബോയിങ് ബോയിങ്, നാടോടിക്കാറ്റ്, കിലുക്കം...)താണ് അടുത്ത അധ്യായമെങ്കിൽ, ചായക്കടകളും തട്ടുകടകളുമുൾപ്പെടെയുള്ളവയിലെ ഭക്ഷണവിഭവങ്ങളും വിതരണവും എത്രയെങ്കിലും മലയാളസിനിമകളിൽ കടന്നുവരുന്നതിനെക്കുറിച്ചാണ് മറ്റൊരധ്യായം. സംഭാഷണങ്ങളും പാട്ടുകളും കോമഡിരംഗങ്ങളും പുറങ്ങളോളം പകർത്തിയെഴുതിവച്ചും കഥ വിസ്തരിച്ചു പറഞ്ഞും ഈയധ്യായങ്ങൾ രണ്ടും തികച്ചും വിരസമാക്കിക്കളയുന്നു, ഗ്രന്ഥകാരൻ.

ന്യൂജനറേഷൻ സിനിമയിലെ അടുക്കളസംസ്‌കാരമാണ് അവസാന അധ്യായത്തിലെ വിഷയം. സാൾട്ട് ആൻഡ് പെപ്പർ, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചുള്ള വിശദവും വിവരണാത്മകവുമായ ചർച്ച.

ഏതാണ്ട് ഏഴുപതിറ്റാണ്ടുകാലത്തെ നൂറുകണക്കിനു സിനിമകൾ ചൂണ്ടിക്കാണിച്ചും രണ്ടു ഡസനിലധികം സിനിമകൾ ദീർഘമായി വിവരിച്ചും പതിനഞ്ചിലധികം വിഷയ/സന്ദർഭങ്ങളിലേക്ക് അടുക്കളയുടെ അഭ്രജീവിതങ്ങൾ സന്നിവേശിപ്പിച്ചും ചന്ദ്രശേഖർ ഈ പുസ്തകം അവതരിപ്പിക്കുന്നു. തീർച്ചയായും വലിയ പ്രാധാന്യമുള്ള ഒന്നാണ് ഇത്തരമൊരു ചലച്ചിത്രാപഗ്രഥനം. പരപ്പിനൊപ്പം ആഴവും കൂടിയുണ്ടായിരുന്നെങ്കിൽ ഈയന്വേഷണത്തിന് അക്കാദമികവും രാഷ്ട്രീയവുമായ പ്രസക്തി തീർച്ചയായും കൈവരുമായിരുന്നു.

നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, സാങ്കേതികത, വിപണി, ഭക്ഷ്യവ്യവസായം, പാചകകല, രൂചിസംസ്‌കൃതി എന്നിങ്ങനെ എത്രയോ വൈജ്ഞാനിക-വൈചാരിക-വൈകാരിക തലങ്ങളെ കൂട്ടിയിണക്കി മുന്നോട്ടു കൊണ്ടുപോകേണ്ട ഒന്നാണ് ഭക്ഷണ/അടുക്കള സംസ്‌കാരത്തിന്റെ പഠനങ്ങൾ. ചരിത്രബദ്ധവും രാഷ്ട്രീയ തീവ്രവുമായി രൂപംകൊള്ളേണ്ട അക്കാദമിക സമീപനത്തിലല്ല പക്ഷെ ചന്ദ്രശേഖറിന്റെ നില. വിവരണാത്മകവും സ്ഥൂലവുമായ വിഷയാവതരണത്തിലും വസ്തുതാശേഖരണങ്ങളിലൂന്നി നടത്തുന്ന പ്രത്യക്ഷനിരീക്ഷണങ്ങളിലുമാണ് ഈ പുസ്തകത്തിലെ രണ്ടോ മൂന്നോ അധ്യായങ്ങളൊഴികെ മുഴുവൻ ഭാഗങ്ങളും ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.

യാതൊരു പ്രാധാന്യവുമില്ലാത്ത അസംഖ്യം വ്യക്തികളെയും സാങ്കേതിക സ്വഭാവങ്ങളെയും നിരന്തരം പരാമർശിക്കുക, തീർത്തും സ്തുതിപരമായ വിശേഷണങ്ങൾ ചേർത്ത് ചലച്ചിത്രപ്രവർത്തകരെ പ്രകീർത്തിക്കുക, എന്തും ഏതും ഉപരിപ്ലവമായി പരത്തിപ്പറയുക, മികച്ച ചലച്ചിത്രസിദ്ധാന്തങ്ങളോ നിരൂപണങ്ങളോ പഠനമാതൃകകളോ സ്വാംശീകരിക്കാതിരിക്കുക... ഈ പുസ്തകത്തിനും പഠനത്തിനും ഗൗരവം നഷ്ടമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. എങ്കിലും സൈദ്ധാന്തികവും അക്കാദമികവുമായ ചലച്ചിത്രപഠനങ്ങൾക്കു പശ്ചാത്തലമൊരുക്കാൻ ഇത്തരം പഠനങ്ങളുടെ വസ്തുതാശേഖരത്തിനും വിവരസമ്പന്നതക്കും കഴിയും. ആഖ്യാനകം, സിനിമാത്മകം, അടൂരിയൻ, അന്തിക്കാടൻ.... എന്നിങ്ങനെയുള്ള വികലപ്രയോഗങ്ങൾ ചന്ദ്രശേഖറിന് ഒഴിവാക്കാമായിരുന്നു.

പുസ്തകത്തിൽ നിന്ന്:-

'കമ്പോളസിനിമയുടെ കാര്യമവിടെ നിൽക്കട്ടെ, സാമൂഹികബോധം വച്ചുപുലർത്തുന്ന പ്രതിബദ്ധ സിനിമയിലും വേലക്കാരികളുടെ പാത്രാഖ്യാനം വ്യത്യസ്തമല്ല. പി.എ. മനു സംവിധാനം ചെയ്തു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'മൺറോതുരുത്തി'ലെ (2016) വീട്ടുവേലക്കാരി കാത്തു(അഭജ്യ ശിവകല)വിന്റെ വേഷവും ആധുനിക സമൂഹം/സിനിമ വേലക്കാരി കഥാപാത്രത്തെ എങ്ങനെയാണു നോക്കിക്കാണുന്നത് എന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ്. ലേശം സ്വഭാവദൂഷ്യമുള്ള കൊച്ചുമകനെ നല്ലവഴിക്കു നടത്താൻ അവനെ തുരുത്തിലെ തറവാട്ടിൽ മുത്തച്ഛനൊപ്പം കൊണ്ടുവന്നു നിർത്തുന്നതാണു കഥ. സിനിമയിലെ വൃദ്ധനും (ഇന്ദ്രൻസ്) മകനും (അനിൽ നെടുങ്ങാട്) അയാളുടെ മകനും (ജേസൺ ചാക്കോ) വേലക്കാരി ഒരു ലൈംഗികവസ്തുവാണ്. അവരുടെ ചേഷ്ടകളിലും സംഭാഷണങ്ങളിലുമെല്ലാം അതു പുറത്തുവരുന്നുണ്ട്. സ്ത്രീകർതൃത്വത്തിലേക്ക് ഉയരാതെ പോകുന്ന കഥാപാത്രമാണ് മുപ്പത്തിരണ്ടുകാരിയായ കാത്തു. മൂന്നു തലമുറകളുടെ ആൺനോട്ടങ്ങളേറ്റുവാങ്ങുന്ന അവളുടെ ദാമ്പത്യം പോലും ചതിക്കപ്പെട്ടതാണ്. വിവാഹിതനും പിതാവുമാണെന്ന വിവരം മറച്ചുവച്ചിട്ടാണ് ഒരാൾ അവളെ കെട്ടുന്നത്. അതറിയുന്ന അവൾ അയാളെ ഉപേക്ഷിച്ച് തറവാട്ടിൽ കൂടുകയാണ്. ജന്മിമാരുടെ അടുക്കളപ്പിന്നാമ്പുറങ്ങളിൽനിന്ന് വിമോചിക്കപ്പെടാത്ത കീഴാളസ്ത്രീത്വത്തിന്റെ പ്രതിനിധിതന്നെയാണ് കാത്തു. കാത്തുവെന്ന വേലക്കാരിയും പഴയകാല ചിത്രങ്ങളിലെ ജയഭാരതിയോ വിജയശ്രീയോ ധരിച്ചപോലെ, ഇറുകിയ ചോളി ബ്ലൗസും മുണ്ടുമുടുത്തു സിനിമയുടെ ദൃശ്യക്ലീഷേയെ പിൻപറ്റുകയുമാണ്. കഥാനായകന്റെ മനോവ്യാപാരങ്ങൾ വെളിപ്പെടുത്താനുള്ള ഉപാധി എന്നൊക്കെ ന്യായീകരിക്കാമെങ്കിലും നൈറ്റി അടുക്കളക്കാരുടെ ജീവിതവസ്ത്രമായിക്കഴിഞ്ഞ കാലത്തും ഇത്തരം ഭാവനകൾ സിനിമാറ്റിക് എന്ന വിളിപ്പേരിൽ പ്രേക്ഷകമനസ്സുകൾക്കൊപ്പം സ്രഷ്ടാക്കളിലും രൂഢമൂലമായതിന്റെ ലക്ഷണമായിവേണം ഇതിനെ വിലയിരുത്താൻ.

പുതുതലമുറ സിനിമകളിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സനൽകുമാർ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി'(2016)യിലെ ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ പൊതുഅവധി ദിവസം കള്ളുകുടിച്ചുല്ലസിക്കാനെത്തുന്ന ആൺസംഘത്തിനു വച്ചുവിളമ്പാൻ കെയർടേക്കർ വിളിച്ചുവരുത്തുന്ന ഗീത (അഭിജ ശിവകല) എന്ന കോളനിവാസിയുടെ നേരെയും സംഘത്തിലൊരാളായ ധർമ്മൻ (നിസ്താർ സേട്ട്) ഒടുവിൽ ശ്രമിക്കുന്നതു ബലാൽക്കാരത്തിനുതന്നെയാണ്. ആണുങ്ങൾ മാത്രമുള്ളിടത്ത് അവർക്കു വച്ചുവിളമ്പാൻ തയ്യാറായി വരുന്നവൾ വഴങ്ങുന്നവളായിരിക്കുമെന്ന മിഥ്യാബോധത്തിലാണയാൾ. മദ്യത്തിന്റെ പുറത്താണെന്നത് അയാൾക്കതിനുള്ള ന്യായീകരണമാവുന്നു. അവളുണ്ടാക്കുന്ന ഇറച്ചിക്കറി രൂചിച്ചുനോക്കി പുകഴ്‌ത്തിയും സിഗററ്റുവലിക്കാൻ തീചോദിച്ചുമൊക്കെ തുടക്കം മുതൽ അവളോടു വളരെ മാന്യമായി മാത്രം പെരുമാറുന്ന, കൂട്ടത്തിലേറ്റവും പ്രായം ചെന്നവരിലൊരാളാണു ധർമ്മൻ എന്നു ശ്രദ്ധിക്കണം. ചോദിക്കാനും പറയാനുമാരുമില്ലാത്തവൾ, പിന്നാക്കക്കാരി, സർവോപരി പാചകക്കാരി... ഇതെല്ലാം അതിനുള്ള പ്രേരണകളായിത്തീരുകയുമാണ്. പക്ഷേ അവളിൽനിന്ന് കരണമടിച്ച് ഒരടികിട്ടുമ്പോൾ പെട്ടെന്ന് അയാൾക്ക് സ്ഥലകാലബോധം വീണ്ടുകിട്ടുന്നു. യാതൊരെതിർപ്പിനും മുതിരാതെ അയാളവിടെനിന്നു സ്ഥലം കാലിയാക്കുന്നു.

കേരളം സാമൂഹിക നവോത്ഥാനത്തിലൂടെ നടത്തിയ ഇടപെടലുകളുടെയും മുന്നേറ്റങ്ങളുടെയും ഭാഗമായി അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിച്ച മലയാളിസ്ത്രീയുടെ പൊതുസ്വത്വത്തെ അത്രതന്നെ വിദഗ്ധമായി കുടുംബത്തിന്റെ സ്വകാര്യതയിലേക്കു വീണ്ടെടുക്കുകയായിരുന്നു സിനിമയെന്ന് നിരൂപകൻ കെ. ഗോപിനാഥ് (സിനിമയും സംസ്‌കാരവും, 2005, കറന്റ് ബുക്സ്, തൃശൂർ) സ്ത്രീ, സമൂഹം, ചലച്ചിത്രം എന്ന പഠനത്തിൽ നിരീക്ഷിച്ചിട്ടുള്ളത് ശരിയാണെന്നു തോന്നുന്നു.

'....ഈ തിരിച്ചുപോക്കിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം ഇന്നു വളരെ വ്യത്യസ്തമാണ്. ഭട്ടതിരിപ്പാടന്മാരുടെയും കമ്യൂണിസ്റ്റുകളുടെയും കാലത്തെ ഇരുട്ടും പുകയും നിറഞ്ഞ അടുക്കളയിലേക്കല്ല സ്ത്രീ ഇന്നു തിരിച്ചുപോകുന്നത്. ആദ്യകാല സാമൂഹിക പരിഷ്‌കർത്താക്കളായ ദുഷ്ടബുദ്ധികളുടെ സ്വാധീനത്തിൽപ്പെട്ടു വഴിതെറ്റിപ്പോയ നമ്മുടെ സ്ത്രീകളെ എത്ര വിദഗ്ധമായിട്ടാണു നാമിന്ന് അടുക്കളയിലേക്കും സ്വീകരണമുറിയിലേക്കും തിരിച്ചുപിടിച്ചത്? പുരുഷന്റെ കാഴ്ചയും കാഴ്ചപ്പാടും ഈ പ്രക്രിയയിൽ കൗശലപൂർവം ഇടപെടുന്നതായി കാണാം. ലോകവ്യാപകമായി വളർന്നു വികസിച്ചിട്ടുള്ള ഉപഭോഗസംസ്‌കാരത്തിന്റെ ശക്തമായ പിന്തുണയോടുകൂടിയാണവൻ ഈ കാര്യം സാധിച്ചത്. ഒരിക്കൽക്കൂടി ഉപേക്ഷിക്കാൻ സാധിക്കാത്തവണ്ണം അടുക്കളയെ ആകർഷണീയമാക്കിക്കൊണ്ടാണ് അവൻ അതിനെ നേരിട്ടത്. ഒരിക്കൽ അടുക്കളയിൽനിന്ന് അരങ്ങത്തേക്കു കയറിപ്പോയ സ്ത്രീ മടങ്ങിയെത്തുന്നത് ഗ്യാസ്, മിക്സി, വാഷിങ് മെഷീൻ, ടി.വി, മാരുതി മുതലായ എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൗസിങ് കോളനികളിലേക്കാണ്. വി.ടി.യുടെ അടുക്കളയിൽനിന്നു രക്ഷപ്പെടുന്നതിനെക്കാൾ ഏറെ ദുഷ്‌കരമാണ് ഈ പുതിയ അടുക്കളയിൽ നിന്നു രക്ഷപ്പെടാൻ എന്നതാണവസ്ഥ..... അങ്ങനെയാണ് നമ്മുടെ സ്ത്രീകൾക്കിടയിൽ സംഭവിച്ച ഒരു കഥാപാത്രത്തെ നാം കൗശലപൂർവം അട്ടിമറിച്ചതും സാംസ്‌കാരികമായ ഒരു പ്രതിവിപ്ലവം സാധിച്ചതും. സമകാലീന മലയാളസിനിമ ഈ സാംസ്‌കാരിക അന്തരീക്ഷത്തിന്റെ സാധ്യതകളെയാണ് പ്രധാനമായും ഇന്ന് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്'. ഗോപിനാഥന്റെ ഈ നിരീക്ഷണം നവസിനിമയിലെ അടുക്കളയുടെയും സ്ത്രീയുടെയും ആവിഷ്‌കാരത്തെ സംബന്ധിച്ച് ഏറെ സാധുവാണെന്നുതന്നെ വേണം കരുതാൻ'.

മലയാളസിനിമയിലെ അടുക്കള
എ. ചന്ദ്രശേഖർ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
2020, വില: 380 രൂപ.

Wednesday, January 20, 2021

മല്ലികാ സുകുമാരനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും പിന്നെ മലയാള സിനിമയിലെ അടുക്കളയും...ASIANETNEWS.COM

 മല്ലികാ സുകുമാരനും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും  പിന്നെ മലയാള സിനിമയിലെ അടുക്കളയും | book review A chandrasekhars malayala cinemayile adukkala by KV madhu (asianetnews.com)


പുസ്തകപ്പുഴയില്‍ ഇന്ന് ഒരു പുസ്തകക്കുറിപ്പ്. എ ചന്ദ്രശേഖര്‍ എഴുതിയ 'മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകത്തിന്റെ വായന. കെവി മധു എഴുതുന്നു...

ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സാമൂഹ്യസദാചാരത്തിന്റെയും തുടര്‍ച്ചയായി നാം കൊണ്ടാടുന്ന കാഴ്ചപ്പാടുകളിലെ മനുഷ്യവിരുദ്ധത ഇഴകീറിപ്പരിശോധിക്കുകയാണ് ചന്ദ്രശേഖരന്റെ പുസ്തകത്തിലും. ഒരു പക്ഷേ പുരുഷാധിപത്യസമൂഹത്തിന്റെ സകല ചെയ്തികളും ഉള്‍ക്കൊള്ളിച്ചുണ്ടാക്കിയ ഒരു വിപരീതമൂല്യത്തിന്റെ സംസ്ഥാപനമാണ് നമ്മുടെ അടുക്കളകളില്‍ സംഭവിച്ചത്. അവിടെ മനുഷ്യ തുല്യത ഒരു ഉട്ടോപ്യന്‍ ആശയമാണ്. കേവലമായ വര്‍ത്തമാനങ്ങള്‍ക്കപ്പുറത്ത് മലയാളിയുടെ മാനുഷികതകള്‍ അടുക്കളപ്പടിക്കപ്പുറത്ത് ചെരുപ്പഴിച്ചുവയ്ക്കുന്നു.


വ്യവസ്ഥയോട് പടവെട്ടി മുന്നേറിയാണ് കാലം പുരോഗതിയിലേക്ക് കുതിക്കുക എന്നാണ് ചൊല്ല്. എന്നാല്‍ നമ്മുടെ പുരോഗതി പരിശോധിച്ചനോക്കിയാല്‍ ഒരു കേരളീയനെ സംബന്ധിച്ച് അത് എത്രമാത്രം ശരിയാണ് എന്ന സംശയം ആദ്യം തന്നെ ഉയരും. ഒരുകാലത്ത് നമ്മള്‍ മുന്നോട്ട് കുതിക്കുകയും തൊട്ടുപിന്നാലെയെത്തുന്ന സങ്കുചിതതാല്‍പര്യങ്ങളുടെ മേല്‍ക്കൂര നമ്മളെ മര്‍ദ്ദിച്ചിരുത്തുകുയും പിന്നെ കുറേക്കാലം നാം പുറ്റുപിടിച്ച കാലത്തോട് നിശ്ശബ്ദമായി പടവെട്ടുകയും ചെയ്യും. അതിനിടയിലെപ്പോഴെങ്കിലും കിളിര്‍ക്കുന്ന ചിന്തയുടെ പുത്തന്‍ നാമ്പുകള്‍ വീണ്ടും നമ്മെ മുന്നോട്ട് നയിക്കും. പിന്നീട് പതിവ് പോലെ പിറകോട്ട് നടത്തം. ഇത് സാമൂഹ്യസാഹചര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പുരോഗതിയുടെ അന്തര്‍ധാരയായി നില്‍ക്കുന്ന കലാസൃഷ്ടികളുടെ കാര്യത്തിലും ശരിയാണ്. സാഹിത്യം, സിനിമ മറ്റുകലാരൂപങ്ങള്‍ തുടങ്ങി ഏത് തലത്തില്‍ നടത്തുന്ന പരിശോധനകളുടെയും ഫലം അതുതന്നെയായിരിക്കും.പരിഷ്‌കൃതരാണോ എന്ന് അറിയാന്‍ നമ്മുടെ അടുക്കള ജീവിതം മാത്രം പരിശോധിച്ചാല്‍ മതിയാകും. അവിടെ നാം കുട്ടികളോടും വയോജനങ്ങളോടും സര്‍വ്വോപരി സ്ത്രീകളോടും കാണിക്കുന്ന സമീപനത്തിന്റെ നേര്‍ച്ചിത്രം കണ്ടെത്താം. ഒരു പക്ഷേ സ്ത്രീവാദത്തിന്റെ സകലസത്തയും പൊളിഞ്ഞുവീഴാന്‍ തക്ക ഫലം ആ പരിശോധനയില്‍ കണ്ടെത്താനാകും. അത്തരമൊരു പരിശോധനയുടെ വിപ്ലവകരമായ ഫലമാണ് ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ. എന്നാല്‍ സിനിമയെ കുറിച്ചല്ല പറയാനുദ്ദേശിക്കുന്നത്. എ ചന്ദ്രശേഖര്‍ എഴുതിയ 'മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകത്തെ കുറിച്ചാണ്. എന്താണ് മലയാള സിനിമയിലെ അടുക്കള ചരിത്രം എന്ന് സൂക്ഷ്മമായ വിശകലനത്തിലൂടെ എ ചന്ദ്രശേഖര്‍ കണ്ടെത്തുന്നു.

സിനിമയിലെ അടുക്കള

'മലയാള സിനിമയിലെ അടുക്കള' എന്ന പുസ്തകം അന്വേഷിക്കുന്നത് നാം കണ്ട സിനിമകളില്‍ പ്രത്യക്ഷപ്പെട്ട അടുക്കളകളുടെ ചരിത്രമാണ്. ആ അടുക്കളകള്‍ക്ക് പിന്നിലെ സാമൂഹ്യസാഹചര്യം മാത്രമല്ല സിനിമയെന്ന കല എങ്ങനെയാണ അടുക്കള എന്ന സ്ഥലത്തെ അഭിമുഖീകരിച്ചത് എന്ന് കൂടിയാണ ചന്ദ്രശേഖര്‍ അന്വേഷിക്കുന്നത്. അടിമത്തത്തിന്റെയും പിന്നീട് തരംതാണ ഹാസ്യത്തിന്റെയും അവിഹിതസഞ്ചാരങ്ങുടെയും ലൈംഗിക കേളികളുടെയും ശൃംഗാരത്തിന്റെയും ഒക്കെ മാത്രമായ ഇടമായി എന്തുകൊണ്ടാണ് മലയാള സിനിമ ഒരുകാലത്ത് അടുക്കളെയെ കൊണ്ടാടിയത് എന്ന് സിനിമാദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ചന്ദ്രശേഖര്‍ അന്വേഷിക്കുന്നു.

മല്ലികാസുകുമാരന്റെ അടുക്കള

'എന്റെ അമ്മയ്ക്ക് മരിക്കും വരെ കല്‍ച്ചട്ടിയില്‍ കറിവയ്ക്കണമെന്ന് നിര്‍ബന്ധമായിരുന്നു. മിക്സിയോ കുക്കറോ ഉപയോഗിക്കില്ലായിരുന്നു. സുകുവേട്ടനൊപ്പം ഇടപ്പാളിലെ വീട്ടിലേക്ക് പോകുമ്പോള്‍ അമ്മയെന്നോട് പറഞ്ഞു: 'വടക്കോട്ടൊക്കെ ഒരു കറിയുണ്ട്. മൊളകോഷ്യം. ചെറുപയറും കായുമൊക്കെയിട്ട് തേങ്ങയരയ്ക്കാതെ വയ്ക്കുന്ന കറി. ഇത് നമ്മളധികം വയ്ക്കാത്ത കറിയാണ്. നീ അതുണ്ടാക്കാന്‍ പഠിക്കണം.'അമ്മ എനിക്കത് വയ്ക്കാന്‍ പഠിപ്പിച്ചുതന്നു. 'സുകുമാരന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ഇതിഷ്ടമാണെങ്കില്‍ എനിക്കിതുണ്ടാക്കാനറിയാം' എന്ന് പറഞ്ഞ് നീയിതുമുണ്ടാക്കിക്കൊടുക്കണം.പന്നീട് സുകുമാരന്റെ വീട്ടില്‍ പോയി ജീവിതമാരംഭിച്ചപ്പോള്‍ തിരക്കുള്ള നടിയായിരുന്ന കാലത്തും വീട്ടിലെത്തിയാല്‍ അടുക്കള പണികള്‍ മുഴുവന്‍ ചെയ്യുന്ന കഥയും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്.ഇത് നമ്മുടെ സമൂഹത്തിന്റെ അടുക്കളയാണ്. അവിടെ നിന്നാണ് മലയാള സിനിമയിലെ അടുക്കളയിലേക്ക് ചന്ദ്രശേഖരന്‍ എത്തുന്നത്. ഒരു പക്ഷേ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയുടെ കഥാംശവും ഈ സാഹചര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നു. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സാമൂഹ്യസദാചാരത്തിന്റെയും തുടര്‍ച്ചയായി നാം കൊണ്ടാടുന്ന കാഴ്ചപ്പാടുകളിലെ മനുഷ്യവിരുദ്ധത ഇഴകീറിപ്പരിശോധിക്കുകയാണ് ചന്ദ്രശേഖരന്റെ പുസ്തകത്തിലും. ഒരു പക്ഷേ പുരുഷാധിപത്യസമൂഹത്തിന്റെ സകല ചെയ്തികളും ഉള്‍ക്കൊള്ളിച്ചുണ്ടാക്കിയ ഒരു വിപരീതമൂല്യത്തിന്റെ സംസ്ഥാപനമാണ് നമ്മുടെ അടുക്കളകളില്‍ സംഭവിച്ചത്. അവിടെ മനുഷ്യ തുല്യത ഒരു ഉട്ടോപ്യന്‍ ആശയമാണ്. കേവലമായ വര്‍ത്തമാനങ്ങള്‍ക്കപ്പുറത്ത് മലയാളിയുടെ മാനുഷികതകള്‍ അടുക്കളപ്പടിക്കപ്പുറത്ത് ചെരുപ്പഴിച്ചുവയ്ക്കുന്നു

മലയാളിയുടെ അടുക്കള ബോധം

അടുക്കളയെന്നത് മലയാളി പുരുഷന്റെ സ്ത്രീപക്ഷഗീര്‍വാണങ്ങളുടെ കേവലസ്ഥലിയാണ്. സൗഹൃദസദസ്സിലോ പ്രസംഗങ്ങളിലോ പുരോഗമനനാട്യങ്ങളിലോ ഒക്കെ എടുത്തുപയോഗിക്കാവുന്ന മൂല്യബോധം മാത്രം. മലയാള സിനിമയിലും അതുതന്നെ അവസ്ഥ. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കഥകള്‍ നിരന്തരം പറയുമ്പോഴും അടുക്കളയെ മലയാള സിനിമ കണ്ടില്ലെന്ന് നടിച്ചു. ഒരു റിക്ഷാക്കാരന്റെ അരികുജീവിതം 1965ല്‍ തന്നെ 'ഓടയില്‍ നിന്നി'ലൂടെ മലയാള സിനിമ പറഞ്ഞു. എന്നാല്‍ ഒരു അടുക്കളക്കാരി മുഖ്യകഥാപാത്രമാകാന്‍ 'അടിമകള്‍' വരെ പിന്നെയും അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്തുകൊണ്ടാണ് ഈ അവഗണന സംഭവിച്ചത്, ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അത്യന്തികമായി എ ചന്ദ്രശേഖര്‍ പരിശോധിക്കുന്നത്. അടുക്കളപ്രശ്നങ്ങളിലേക്ക് കടന്നുചെല്ലുന്ന നിരവധി സിനിമകള്‍ പരിശോധനാവിധേയമാക്കുന്നു. നീലത്താമരയും ഇളക്കങ്ങളും നഖക്ഷതങ്ങളും സല്ലാപവും നന്ദനവും ഒക്കെ പഠനവിധേയമാക്കപ്പെടുന്നു. മലയാളിയുടെ അടുക്കള ബോധം പുരുഷാധിപത്യമൂല്യത്താല്‍ നിര്‍മിതമാണെന്ന നിരീക്ഷണമാണ് പുസ്തകം നടത്തുന്നത്.ഫാസില്‍ സിനിമയായ 'ഹരികൃഷ്ണന്‍സി'ലെ ഹരി, കൃഷ്ണന്‍ എന്നീകഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ചന്ദ്രശേഖരന്‍ ആ കാഴ്ചപ്പാടിനെ പുസ്തകത്തില്‍ വിചാരണ ചെയ്യുന്നുണ്ട്. നായികയുടെ വീട്ടില്‍ പോയി രണ്ടുപേരും പാചകത്തെ കുറിച്ച് പറയുന്ന ഗീര്‍വ്വാണങ്ങള്‍ അതിന്റെ ഉത്തമ ഉദാഹരണമാണ്.നമ്മള്‍ അടുക്കളയില്‍ സ്ത്രീകളെ സഹായിക്കണം എന്ന അഭിപ്രായമാണ് ഇരുവര്‍ക്കും. മാത്രമല്ല സ്ത്രീകള്‍ അവിടെ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് എന്നും ചെറിയ ചില സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിലൂടെ നമ്മുടെ ഉത്തരവാദിത്തം തീര്‍ന്നു എന്നമുള്ള കാഴ്ചപ്പാടാണ് അവതരിപ്പിക്കപ്പെടുന്നത്.എന്നാല്‍ അടുക്കളയെന്നത് പുരുഷന്‍ സ്ത്രീക്ക് സഹായം നല്‍കേണ്ട ഇടമാണ് എന്ന സാമൂഹ്യവിരുദ്ധമായ കാഴ്ചപ്പാടാണ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന മൂല്യബോധമെന്ന നിരീക്ഷണം എഴുത്തുകാരന്‍ നടത്തുന്നുണ്ട്. ഒരു പക്ഷേ കാലികപ്രസക്തിയുള്ളതും മലയാളിയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട് അവതരിപ്പിച്ചതുമായ സംഭാഷണങ്ങളാണ് ഈ രംഗത്ത് ഹരിയും കൃഷ്ണനും മുന്നോട്ട് വയ്ക്കുന്നത്.

അടുക്കളയെന്ന പേര് പോലും പറ്റാത്ത കാലം

അടുക്കള ആണ്‍ കാഴചയിലെ രണ്ടാംതരം വികാരങ്ങളുടെ മാത്രം ഇടമായിരുന്നു. അവിടേക്കാണ് ചില ടോര്‍ച്ച് വെളിച്ചങ്ങള്‍ പോലെ സിനിമയില്‍ നിന്ന് അപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളത്. മുഖ്യധാരാസിനിമയ്ക്ക് അടുക്കള മാന്യമായ ഒരു വിഷയം പറയാന്‍ പറ്റുന്ന ഇടമേയായിരുന്നില്ല. പണ്ടൊരിക്കല്‍ (1986ല്‍) അടുക്കള എന്ന പേരില്‍ രവി ആലൂമ്മൂട് (എം സുകുമാരന്റെ ശേഷക്രിയ സംവിധാനം ചെയ്ത രവി അലുമ്മൂട്) ഒരു സിനിമ സംവിധാനംചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടു.. അപൂര്‍വ്വമായൊരു അമ്മ മകന്‍ ബന്ധത്തിന്റെ കഥപറയുന്ന മനശ്ശാസ്ത്ര പശ്ചാലത്തലത്തിലുള്ള സിനിമ. എന്നാല്‍ മലയാളി അടുക്കളയെന്ന പേരിനോട് പോലും പുലര്‍ത്തിയ അസഹിഷ്ണുത ആ സിനിമയുടെ കാര്യത്തിലും ഉണ്ടായതായി എ ചന്ദ്രശേഖരന്‍ പറയുന്നു.വിവിധ കോണുകളില്‍ നിന്ന് പരിഹാസങ്ങളുയര്‍ന്നു. ഒടുക്കം 'നിലവിളക്ക്' എന്നാക്കി സിനിമയുടെ പേരും മാറ്റി. എല്ലാം കഴിഞ്ഞ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയതോടെ സിനിമ പ്രതിസന്ധിയിലായി. ആ സിനിമ പുറത്തിറങ്ങിയതേയില്ല. പിന്നീടൊരിക്കല്‍ 'അടുക്കള' എന്ന പേര് സിനിമയ്ക്ക കാണുന്നത് ഇപ്പോഴാണ്.ഒരു സാമൂഹ്യമായ അനീതിയെ കുറിച്ച് ആവുമ്പോലെ മിണ്ടാതിരുക്കുകയായിരുന്നു മലയാള സിനിമ. ഒറ്റപ്പെട്ട ചില ഇടപെടലുകള്‍ ഉണ്ടായത് മറക്കുന്നുമില്ല. എംടിയും കെജി ജോര്‍ജും ടിവി ചന്ദ്രനുമൊക്കെ ആഴത്തിലന്വേഷിച്ച ഒരുപ്രശ്‌നമാണ് അടുക്കളയെന്നത്. ആഷിഖ് അബുവിലും ശ്യാംപുഷ്‌കരനിലുമൊക്കെ സജീവമായിത്തുടങ്ങിയ ഒരു വിഷയം. എന്നാല്‍ അര്‍ഹമായ നിലയിലുള്ള വിശകലനമോ സിനിമാന്വേഷണമോ അടുക്കളയെ കുറിച്ചുണ്ടായില്ല..

മാത്തനോട് വെച്ചുവിളമ്പിത്തരാന്‍ പറഞ്ഞ അപര്‍ണ

ചുരുക്കത്തില്‍, സിനിമ പൂര്‍ണായും പിന്തുണച്ച -ഒരു പക്ഷേ മലയാള സിനിമ മുഖം തിരിഞ്ഞുനിന്ന -സാമൂഹികമായ ഒരു ദുരാചാരത്തിന് നേരെ തുറന്നു്വെച്ച കണ്ണാടിയാണ് ഈ പുസ്തകം. വിശാലാര്‍ത്ഥത്തില്‍ അത് അടുക്കളയുടെ പ്രതീകാത്മകതയിലൂടെ സ്ത്രീയുടെ ദുരിതങ്ങളിലേക്കുളള ചൂട്ടുവെളിച്ചം കൂടിയാണ്. ആണിലും പെണ്ണിലും കുഞ്ഞുങ്ങളിലും സന്നിവേശിപ്പിക്കപ്പെട്ട ആണ്‍കോയ്മാബോധത്തിനെതിരായ ഒരു കലാപം. ആ അന്വേഷണം ചന്ദ്രശേഖര്‍ അവസാനിപ്പിക്കുന്നത് ശുഭപ്രതീക്ഷയോടെയാണ്. മലയാളസിനിമയില്‍ സമീപകാലത്ത് കണ്ട ഒരുശുഭസൂചനയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ്.പിന്തിരിപ്പന്‍ പുരുഷാധിപത്യ ബോധത്തില്‍ നിന്ന് നാം പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെന്ന് ചന്ദ്രശേഖര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനുദാഹരണമായി പുതുതലമുറ പ്രതിഭകളുടെ സിനിമകള്‍ വിശകലനം ചെയ്യുന്നു. ആഷിഖ് അബുവും ശ്യംപുഷ്‌കരനുമൊക്കെ അടങ്ങുന്ന പുതുതലമുറ പാരമ്പര്യവാദികള്‍ക്കുള്ള മറുപടിയായി മാറുന്നതെങ്ങനെയെന്ന് പുസ്തകത്തില്‍ പരിശോധിക്കുന്നു. 'സാള്‍ട്ട് ആന്റ് പെപ്പറും' 'മായാനദി'യുമൊക്കെ ഇക്കാര്യത്തില്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും പരിശോധിക്കുന്നുണ്ട്. മായാനദിയെന്ന സിനിമയില്‍ അപര്‍ണയ്ക്ക് വച്ചുവിളമ്പുന്ന മാത്തനെ കണ്ട് നെറ്റിചുളിച്ചവര്‍ക്ക് മഹത്തായ ഇന്ത്യന്‍ അടുക്കള കണ്ടാല്‍ ഇരിക്കപ്പൊറുതിയുണ്ടാകില്ലെന്നുറപ്പിച്ചുപറയാനാകും.ചുരുക്കത്തില്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്തുകൊണ്ടുണ്ടായി എന്നതിനുള്ള ഉത്തരം മലയാള സിനിമയിലെ അടുക്കള ഈ പുസ്തകത്തിലുണ്ട്. മലയാള സിനിമ ഇത്രയും കാലം എന്താണ് അടുക്കളയോട് ചെയ്തത് എന്നതിനുള്ള ഉത്തരം.



Wednesday, March 20, 2019

സിനിമയുടെ സൗരഭ്യം നിറഞ്ഞ പൂച്ചെണ്ട്



Kalakaumudi 2019 March 17-22
എ.ചന്ദ്രശേഖര്‍
ജി.അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ സംവിധായകനാകുന്നത് ആകസ്മികമായിരുന്നെന്നും അതിനുതക്ക പരിശീലനമോ മുന്നോരുക്കമോ അദ്ദേഹത്തിനുണ്ടാ യിരുന്നില്ലെന്നു അദ്ദേഹവുമായി ഏറെ അടുത്തിടപ ഴകിയ,അരവിന്ദന്‍ സിനിമകളെ ഏറ്റവുമധികം ആഴത്തില്‍ മനസിലാക്കിയ ഒരാള്‍ എഴുതുമ്പോള്‍ അതില്‍ കൗതുക ത്തേക്കാളധികം ആധികാരികതയുണ്ട്. എഴുപതുകളില്‍ മലയാളസത്തില്‍ ശക്തിപ്രാപിച്ച സമാന്തര കലാസിനിമകളിലൂടെ മലയാളസിനിമയുടെ യശസ് ലോകമെമ്പാടുമെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി.വാസുദേവന്‍നായര്‍ എന്നിവരെ പിന്‍പറ്റി സിനിമയുടെ ലാവണ്യാനുഭവത്തില്‍ പ്രത്യക്ഷമാറ്റം സാധിതമാക്കിത്തന്ന അരവിന്ദനിലെ സംവിധായകന് വര്‍ഷങ്ങളോളം അദ്ദേഹം വരച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ ഫ്രെയിമുകളോടും കഥാപാത്രങ്ങളോടും നിരീക്ഷണങ്ങളോടും ദര്‍ശനങ്ങളോടുമുള്ള പൊക്കിള്‍ക്കൊടി ബന്ധവും അങ്ങനെതന്നെ. മലയാള സിനിമയിലെ അരവിന്ദായനകാലത്ത് ആനുകാലിക പത്രപ്രവര്‍ത്തനത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ക്കു വഴിമരുന്നിട്ട പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായരുടെ അരവിന്ദസ്മൃതികള്‍ക്ക് പതിവു സ്മൃതിഗ്രന്ഥങ്ങള്‍ക്കില്ലാത്ത ഒരുപാടു വ്യത്യാസങ്ങളുണ്ട്.അതില്‍ പ്രധാനം അത് അടിസ്ഥാനപരമായി ഒരു വ്യക്തിയെ പറ്റിയുള്ള ഓര്‍മക്കുറിപ്പെന്നതിലുപരി ആ വ്യക്തിയും എഴുത്തുകാരനുമുള്‍പ്പെടുന്ന ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരികചരിത്രംതന്നെയാവുന്നുവെന്നുള്ളതാണ്. സ്വതവേ അന്തര്‍മുഖനായിരുന്ന അരവിന്ദന്‍ എന്ന കലാകാരനിലെ സിനിമാക്കാരനെ മാത്രമല്ല കാര്‍ട്ടൂണിസ്റ്റിനെ, സംഗീതജ്ഞനെ, നാടകക്കാരനെ ഒക്കെ ജയചന്ദ്രന്‍ നായര്‍ തനിക്കു മാത്രം സാധ്യമാവുന്ന ഭാഷയില്‍, സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനഃസൃഷ്ടിക്കുകയാണ് മൗനപ്രാര്‍ത്ഥനപോലെ എന്ന പുസ്തകത്തില്‍. സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഉപശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെതന്നെ ഇത് ഒരേ സമയം അരവിന്ദനെയും അരവിന്ദന്റെ ചലച്ചിത്രങ്ങളെയും പറ്റിയുള്ള പുസ്തകം തന്നെയാണ്.അതില്‍ അരവിന്ദനെ അത്രയടുത്തു നിന്നും കൂടെ സഞ്ചരിച്ചും കണ്ട ഒരാളുടെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളുണ്ട്. ചലച്ചിത്രസംഭാവനകളെയും കാര്‍ട്ടൂണിസ്റ്റും നാടകസംവിധായകനുമെന്നനിലയ്ക്കുള്ള അരവിന്ദന്റെ സര്‍ഗസംഭാവനകളെപ്പറ്റിയുള്ള നിഷ്പക്ഷമതിയായൊരു പത്രാധിപരുടെ, കലാസ്വാദകന്റെ നിരൂപിക്കലുകളുണ്ട്. വ്യക്തിനിഷ്ഠമാകുമ്പോഴും വസ്തുനിഷ്ഠത പുലര്‍ത്തുന്നതുകൊണ്ടുതന്നെയാണ് മൗനപ്രാര്‍ത്ഥനപോലെ, കേവലമൊരു സ്മൃതിപുസ്തകം മാത്രമായി ചുരുങ്ങിപ്പോകാത്തത്.
ജീവിതത്തിലെന്നപോലെ തന്നെ നിശ്ശബ്ദമായിട്ടായിരുന്നു അരവിന്ദന്‍ എന്ന വലിയ കലാകാരന്റെ അകാലമരണവും. 1991 മാര്‍ച്ചിലെ ഒരു ഉത്തരായണ രാത്രിയുടെ ആദ്യയാമത്തിലെ ധ്യാനനിശ്ശബ്ദതയില്‍ അനശ്വരതയുടെ ലോകത്തേക്കു പ്രയാണമാരംഭിച്ച അരവിന്ദന്റെ് അന്ത്യനിമിഷങ്ങളുടെ ഓര്‍മകള്‍ വീണ്ടെടുത്തുകൊണ്ടാണ് ജയചന്ദ്രന്‍ നായര്‍ തന്റെ പുസ്തകം തുടങ്ങുന്നത്. വിറുങ്ങലിച്ചു നില്‍ക്കുന്ന രാവിന്റെ സാന്ദ്രതയില്‍ കട്ടിലില്‍ കാവിമുണ്ടുടുത്ത അരവിന്ദന്‍. നിദ്രയുടെ ആലസ്യത്തില്‍ അമര്‍ന്നതുപോലെ. ആ ശരീരം നിലത്തു പായ വിരിച്ച് എടുത്തു കിടത്തുന്നതുമുതല്‍ അരവിന്ദന്‍ എന്ന കലാകാരന്റെ  സംഭാവനകളെക്കുറിച്ചുളള പ്രാര്‍ത്ഥനാപൂര്‍വമുള്ളൊരു തിരിഞ്ഞുനോട്ടം ആരംഭിക്കുകയാണ്. മലയാളകാര്‍ട്ടൂണില്‍ അസ്തിത്വദുഃഖത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയുമടക്കമുള്ള അനുരണനങ്ങള്‍ രേഖപ്പെടുത്തിയ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന പരമ്പരയിലെ രവിയ്ക്ക് ഖസാക്കിലെ രവിയോടുള്ള സാത്മ്യം ആ കാലഘട്ടത്തിലെ എഴുത്തുകാരും കലാകാരന്മാരും പങ്കുവച്ച സൗന്ദര്യാത്മക ലാവണ്യബോധത്തിന്റെ അടയാളമായി ജയചന്ദ്രന്‍ നായര്‍ വിലയിരുത്തുന്നത് എത്ര തന്മയത്വവും സത്യസന്ധവുമായിട്ടാണ്! അതുപോലെതന്നെയാണ് കേരളത്തില്‍ മുഖ്യധാരാ നാടകവേദിക്കു ബദലായി രൂപവല്‍കൃതമായി കരുത്താര്‍ജിച്ച തനതു നാടകവേദിയില്‍ അരവിന്ദന്‍ എന്ന നാടകകാരന്റെ സംഭാവനകളെപ്പറ്റി സൂചിപ്പിക്കുന്നതും. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ തുടക്കം മുതല്‍ അതിനൊപ്പം നടന്ന, അടൂര്‍ ഗോപാലകൃഷ്ണനൊപ്പം നല്ല സിനിമയ്ക്കു വേണ്ടി നിലകൊണ്ട അരവിന്ദന്‍ പിന്നീടൊരു ജീവിതമുഹൂര്‍ത്തത്തില്‍ ഒട്ടും കാംക്ഷിക്കാതെ ചലച്ചിത്രസംവിധായകനായിത്തീരുന്ന കഥ അരവിന്ദസിനിമകളിലെ സന്ദിഗ്ധതകള്‍ പോലെ മാസ്മരമായിട്ടാണ് ജയചന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്നത്. അതിന് അരവിന്ദനുമായി അടുത്തും അകലെയും നിന്നു പ്രവര്‍ത്തിച്ച പല പ്രമുഖരുടെയും അനുഭവപ്രപഞ്ചങ്ങളില്‍ നിന്നുള്ള ചില അടരുകളും നിരത്തിവയ്ക്കുന്നുണ്ട് അദ്ദേഹം.
ഓര്‍ക്കാപ്പുറത്തു സിനിമാസംവിധായകനാകേണ്ടി വന്ന അരവിന്ദനെപ്പറ്റി ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഓര്‍ത്തെടുക്കുന്നത് വായിക്കുക: ഒരു ദിവസം ഞങ്ങളുടെ ചര്‍ച്ചയില്‍ ഒരാശയം വന്നു. ഒരുസിനിമയെടുത്താലോ? അരവിന്ദനെ ലക്ഷ്യമാക്കിയായിരുന്നു തിക്കോടിന്റെയൊക്കെ വര്‍ത്തമാനം. നല്ലത്. പക്ഷേ ആരാണു സംവിധാനം ചെയ്യുക എന്നായിരുന്നു അരവിന്ദന്റെ ചോദ്യം. അരവിന്ദന്‍ സംവിധാനം ചെയ്യാന്‍ വേണ്ടിയാണ് സിനിമ എന്നായി ഞങ്ങള്‍. തിക്കോടിയന്റെ സ്‌ക്രിപ്റ്റ് വന്നു. അതാണ് ഉത്തരായനം.
പതിവു വഴക്കങ്ങള്‍ക്കെതിരേയുള്ള കുതറിമാറലായിരുന്നു ആ സിനിമ.താരനിര്‍ണയത്തില്‍ത്തുടങ്ങി ഛായാഗ്രാഹണത്തിലും സന്നിവേശത്തിലും ദൃശ്യപരിചരണത്തിലും പശ്ചാത്തലസംഗീതത്തിലും വരെ  വഴിമാറി നടന്ന സിനിമ. അതേപ്പറ്റി മലയാള സിനിമാചരിത്രം ഛായാഗ്രഹണകലയില്‍ ഇനിയും അര്‍ഹതയ്ക്കപ്പമൊരു ഇരിപ്പിടം നല്‍കിക്കണ്ടിട്ടില്ലാത്ത മഹാപ്രതിഭ മങ്കടരവിവര്‍മ്മ ഓര്‍ത്തിട്ടുള്ളതുകൂടി ജയചന്ദ്രന്‍ നായര്‍ കൂട്ടിയെഴുതുമ്പോഴാണ് ഉത്തരായനത്തിന്റെ ചരിത്രപ്രസക്തി ചലച്ചിത്രചരിത്രകാരന്മാര്‍ക്കു പൂര്‍ണമായി മനസിലാവുക.എം.വിദേവനാണ് മങ്കടയെ ക്ഷണിക്കുന്നത്. : അരവിന്ദന്‍ വന്നു, ഉത്തരായനത്തിന്റെ കഥ പറഞ്ഞുതന്നു. മലബാറിലെ സ്വാതന്ത്ര്യസമരാധ്യായത്തിന്റെ കഥ. വീറോടെ, വീര്യത്തോടെ പ്രാണന്‍ പണയം വച്ചും പോരാടിയവരുടെയും അതില്‍ നിന്നു മുതലെടുത്തവരുടെയും കഥ....സൗമ്യമായ സ്വരത്തിലാണ് അരവിന്ദന്‍ സ്‌ക്രിപ്റ്റിന്റെ ചുരുളഴിച്ചതെങ്കിലും എന്റെ ചോര തിളച്ചുമറിയുന്നുണ്ടായിരുന്നു.ഞാനെന്റെ മനസില്‍ പറഞ്ഞു,എന്നെ ഈ ചിത്രത്തിന്റെ ക്യാമറാപ്പണി ഏല്‍പ്പിച്ചതിന് ഒരായിരം നന്ദി. ഞാന്‍ പഠിച്ചുണ്ടാക്കിയ കരവിരുതിനൊരു സാര്‍ത്ഥകത വരാന്‍ പോവുകയാണല്ലോ.
ഒരു ചലച്ചിത്രകാരന്‍ ആവാന്‍ വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊന്നും അരവിന്ദന്‍ ചെയ്തിരുന്നില്ലെന്ന് ആവര്‍ത്തിച്ചു വിലയിരുത്തുന്നുണ്ട് ജയചന്ദ്രന്‍ നായര്‍. അതേസമയം, ഒരുചലച്ചിത്രപ്രേമി അല്ലെങ്കില്‍ ചലച്ചിത്രാസ്വാദകന്‍. അതു മാത്രമായിരുന്നില്ല ഉത്തരായനത്തിന്റെ സംവിധായകനാകാനുള്ള അവകാശവും യോഗ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചലച്ചിത്രനിര്‍മ്മാണത്തിന്റെ സാങ്കേതികതകളില്‍ നിന്ന് അകന്നു നിന്നിരുന്ന അദ്ദേഹത്തിന്റെ രഹസ്യ പ്രണയം ചിത്രകലയോടും സംഗീതത്തോടുമായിരുന്നു. ആ വികാരങ്ങളെ സാന്ദ്രമാക്കുന്നതായിരുന്നു, ഫിലിം സൊസൈറ്റിയിലൂടെ അദ്ദേഹം പ്രവേശിച്ച പ്രപഞ്ചം. നാദവും നാദവൈചിത്ര്യങ്ങളും നിറഞ്ഞ ആ പ്രപഞ്ചം മെനഞ്ഞെടുത്തത് മനുഷ്യവികാരങ്ങളും സ്വപ്‌നങ്ങളും കൊണ്ടായിരുന്നു. ആ പാരാവാരത്തില്‍ മുങ്ങിത്താഴാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്, ഒരു പക്ഷേ അതു കാഴ്ചവച്ച അതിവശ്യവും അജ്ഞേയവുമായ അനുഭവങ്ങള്‍ സ്വന്തമാക്കാനായിരിക്കണം.
നല്ല സിനിമയ്ക്കുവേണ്ടി കൈ മെയ് മറന്നു പ്രവര്‍ത്തിച്ച, സിനിമയുടെ വ്യാകരണത്തോടൊപ്പം കാഴ്ചയുടെ ശീലങ്ങളെയും മാറ്റിമറിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ചവരില്‍ രൂഢമൂലമായ ആത്മബന്ധത്തിന്റെ ആഴവും പരപ്പും ഈ പുസ്തകം രേഖപ്പടുത്തുന്നുണ്ട്. കൃത്യമായ അനുശീലനം കൊണ്ടും അക്കാദമിക് പരിശീലനം കൊണ്ടും ചലച്ചിത്രകാരനായിത്തീര്‍ന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ഓര്‍മ്മകളിങ്ങനെ: സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ എഴുതിയ കാമുകി സിനിമയാക്കാന്‍ ആലോചിച്ചപ്പോള്‍ സ്വാഭാവികമായും അതിന്റെ കലാസംവിധായകനായി തീരുമാനിച്ചത് അരവിന്ദനെയാണ്.മാവേലിക്കര-മാന്നാര്‍ പ്രദേശങ്ങളില്‍ അരവിന്ദന്റെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ കയറി ലൊക്കേഷന്‍ തിരഞ്ഞു നടന്നത്  ഇന്നലത്തെപ്പോലെ ഞാന്‍ ഓര്‍ക്കുന്നു...ഉദ്യോഗസ്ഥസംബന്ധമായി കോഴിക്കോടിനു താമസം മാറ്റിയിട്ടും കൃത്യമായും ചിട്ടയായും കത്തിടപാടുകള്‍ നടത്തിയിരുന്ന കണിശക്കാരനെന്ന നിലയ്ക്ക അരവിന്ദനു സൗഹൃദം നിലനിര്‍ത്താന്‍ അകലം ഒരു തടസമായിരുന്നില്ല.യശശ്ശരീരനായ സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു കേട്ട ഒരു സംഭവം ഓര്‍ക്കുന്നു: സ്വയംവരത്തിനും നിര്‍മാല്യത്തിനും പിന്നാലെ അരവിന്ദന്റെ സിനിമാസംബന്ധിയായ താല്‍പര്യവും പരിജ്ഞാനവും അടുത്തറിയാവുന്ന പട്ടത്തുവിള കരുണാകരന്‍, തിക്കോടിയന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ഒരു ദിവസം അദ്ദേഹത്തോടു ചോദിച്ചു. പണമൊക്കെ ഞങ്ങള്‍ സംഘടിപ്പിച്ചു തരാം. അരവിന്ദന് ഒരു സിനിമ സംവിധാനം ചെയ്തുകൂടേ? ഉടനെ മറുപടിയുണ്ടായത്രേ: നമുക്കു ഗോപാലകൃഷ്ണനെ കൊണ്ടു ചെയ്യിക്കാം.
നെടുമുടിവേണു അരവിന്ദനെ രാത്രി ബസ് സ്റ്റാന്‍ഡിലെ വെറും നിലത്തു വച്ചു പരിചയപ്പെടുന്നതും, ഉത്തരായനത്തിലൂടെ മികച്ച കലാസംവിധായകനുള്ള ബഹുമതി നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒരുള്‍പ്രേരണയാല്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ ശില്‍പം മെനഞ്ഞതും, തനിക്കും അരവിന്ദനുമിടയ്ക്ക് ഒരനിയന്‍-ചേച്ചി ബന്ധമുടലെടുത്തതിനെപ്പറ്റി കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി.സരസ്വതി എഴുതിയതും അടക്കം ഊഷ്മളമായ പലതും ഈ ഓര്‍മപ്പുസ്തകത്തിലുണ്ട്. അതിലേറെ ഈ പുസ്തകം മലയാള സിനിമാചരിത്രത്തില്‍ ഈടുറ്റതാവുന്നത് മറ്റൊന്നുകൊണ്ടുകൂടിയാണ്. കാരണം അത് സിനിമയുടെ ദൃശ്യവ്യവസ്ഥ തന്നെ മാറ്റിമറിച്ച ചില അരവിന്ദന്‍ സിനിമകളെക്കുറിച്ചുള്ള ആഴത്തിലുള്ള നിരൂപണവും, അതിന്റെ പിന്നാമ്പുറക്കഥകളും കൗതുകങ്ങളും ഇഴചേര്‍ത്തെഴുതിയ കുറിപ്പുകളിലൂടെയാണ്.
പാഥേര്‍ പാഞ്ജലി സംവിധാനം ചെയ്ത സത്യജിത് റേയേക്കാള്‍ ഡയറക്ടറുടെ കല എന്നു വിശേഷിപ്പിച്ച് അരവിനന്ദന് ഉയരത്തില്‍ പീഠമിട്ടു പ്രതിഷ്ഠിച്ച ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വിവക്ഷിച്ച കാഞ്ചനസീതെ,മലയാളത്തിലെ ആദ്യത്തെ ലിറിക്കല്‍ സിനിമ എന്നു വിശേഷിപ്പിക്കപ്പെട്ട എസ്തപ്പാന്‍, പാപപുണ്യങ്ങളുടെയും പ്രായശ്ചിത്തത്തിന്റെയും ദാര്‍ശനിക സമസ്യകള്‍ പ്രശ്‌നവല്‍ക്കരിച്ച ചിദംബരം, നാടോടിക്കഥയുടെ നൈര്‍മല്യമാവഹിച്ച തമ്പ്, നാടന്‍ മിത്തില്‍ നിന്നുഫാന്റസിയുടെ ചാരുത നെയ്‌തെടുത്ത കുമ്മാട്ടി, ഹരിപ്രസാദ് ചൗരാസ്യയുടെ ഭാസുരിവാദനത്തില്‍ നിന്നുകൊണ്ടു ദൃശ്യങ്ങളില്‍ രാഗവിസ്താരം പകര്‍ത്തിയ പോക്കുവെയില്‍, പുരോഗതിയുടെ പാരിസ്ഥിതാഘാതം ഗ്രാമക്കാഴ്ചകളില്‍ ആവഹിച്ച ഒരിടത്ത്, യുദ്ധം വാസ്തുഹാരകളാക്കുന്നവരുടെ അസ്തിത്വവേപഥുക്കള്‍ ആലേഖനം ചെയ്ത വാസ്തുഹാര തുടങ്ങിയ ചിത്രങ്ങളെപ്പറ്റിയുള്ള ഈ കുറിപ്പുകള്‍ അവ മലയാള സിനിമയില്‍ പ്രസക്തി നേടുന്നതെന്തുകൊണ്ട്, എങ്ങനെ എന്ന അന്വേഷണത്തോടൊപ്പം, അവയ്ക്കു പിന്നില്‍ ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് അരവിന്ദന്‍ കയ്യാളിയ മികവും മിതത്വവും മാറിനടക്കലും കൂടി ആലേഖനം ചെയ്യുന്നു. ചിത്രീകരണവേളയിലെ കൗതുകകരമായ സംഭവങ്ങളുടെ വിവരണം അതിന്റെ പാരായണക്ഷമതയ്ക്ക് ആവേഗം കൂട്ടുകയും ചെയ്യുന്നു.ചോര പൊടിയുന്ന ഓര്‍മ്മകള്‍, പാപവും പ്രായച്ഛിത്തവും, ചരിത്രമെന്ന കടങ്കഥ, ഒരു നാടന്‍ പാട്ടുപോലെ, മാന്ത്രികനിമിഷങ്ങള്‍, മാഞ്ഞുപോകാത്ത പോക്കുവെയില്‍, ജീവിതത്തിന്റെ സൗരഭ്യം നിറഞ്ഞ പൂച്ചെണ്ട് തുടങ്ങി അധ്യായങ്ങളുടെ ശീര്‍ഷകങ്ങളില്‍ പോലുമുണ്ട് ഗ്രന്ഥകാരനും അരവിന്ദനും തമ്മിലുള്ള ബന്ധത്തിന്റെ ആഴമുറ്റ ആര്‍ജ്ജവം. ഈ കുറിപ്പുകള്‍ കൊണ്ടു മാത്രം ഈ പുസ്തകത്തിലെ ഉള്ളടക്കം കാലാതിവര്‍ത്തിയാവാനുള്ള യോഗ്യത നേടുന്നുണ്ട്, നിസ്സംശയം.
ജി.അരവിന്ദനെപ്പറ്റി മലയാളത്തില്‍ വേറെയും പുസ്തകങ്ങളുണ്ടായിട്ടുണ്ട്; ഗൗരവമുള്ള ഗവേഷണസ്വഭാവം നിറഞ്ഞ ചിലതടക്കം. എന്നാല്‍ അതില്‍ നിന്നെല്ലാം ജയചന്ദ്രന്‍നായരുടെ മൗനപ്രാര്‍ത്ഥന പോലെ വ്യത്യസ്തമാവുന്നത്, ഒരേസമയം വൈയക്തികവും വസ്തുനിഷ്ഠവുമായ നിരീക്ഷണങ്ങളിലൂടെയാണ്. ബുദ്ധിജീവിജാഡകള്‍ക്കതീതമായ അയത്‌നലളിതമായ രചനാശൈലിയിലൂടെയാണ്. തീര്‍ച്ചയായും മലയാള സിനിമയ്ക്കും സിനിമാസ്‌നേഹികള്‍ക്കും കാമ്പുള്ളൊരു ഈടുവയ്പ്പാണ് ജയചന്ദ്രന്‍ നായരുടെ ഈ ലഘുഗ്രന്ഥം.

Wednesday, April 19, 2017

Monday, March 07, 2011

എ ഫിലിം ബൈ എ ഡയറക്ടര്‍

സല്‍, ഭൂമിഗീതം, പെരുമഴക്കാലം, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളുടെ ഗണത്തില്‍ കമലിന് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഗദ്ദാമ. ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് സിനിമയുടെ ഭാവുകത്വം ഉള്‍ക്കൊള്ളുന്ന രചന. വകതിരിവോടെ വിനിയോഗിച്ചിട്ടുള്ള പശ്ചാത്തല സംഗീതം. പശ്ചാത്തലശബ്ദത്തിന്റെ പക്വതയോടെയുള്ള വിന്യാസം. അതു നല്‍കുന്ന ഭാവപ്രതീകം. ദൃശ്യങ്ങളുടെ ഭാവഗരിമ. വശ്യതയ്ക്കപ്പുറം മനഃസംഘര്‍ഷത്തിന്റെ മണലാഴികള്‍ വെളിപ്പെടുത്തുന്ന ദൃശ്യപരിചരണം. ബിന്യാമിന്റെ ആടുജീവിതത്തിലൂടെ വായിച്ചറിഞ്ഞ വഴികളും വരികളും കണ്‍മുന്നില്‍ കാണുന്നതിന്റെ അത്ഭുതം. അതെല്ലാമാണ് ഗദ്ദാമ. തീര്‍ച്ചയായും ഒരു സംവിധായകന്റെ രചന. മിതത്വമുള്ള ഫ്രെയിമുകളുടെ സന്നിവേശം ഗദ്ദാമയെ ലാവണ്യമുള്ള ചലച്ചിത്രരചനയാക്കുന്നു. സമയഖണ്ഡങ്ങളിലൂടെയുള്ള മലക്കം മറിച്ചില്‍ ട്രാഫിക്കിലും മറ്റും കതുപോലെ സങ്കീര്‍ണമായല്ലെങ്കിലും രസകരമായി തോന്നി. പ്രത്യേകിച്ചും, ആന്തരികസമയത്തിന്റെ പ്രതീകമായി ചെറിയ ചെറിയ ഫഌഷ്ബാക്കുകളിലൂടെയുള്ള കഥാകഥനരീതി. ശഌഥചിത്രങ്ങളുടെ അടുക്കിപ്പെറുക്കാണല്ലോ സിനിമ. അങ്ങനെയൊരര്‍ഥത്തില്‍ ഈ ലഘുദൃശ്യഖണ്ഡങ്ങളുടെ പരസ്പരപൂരകമായ കെട്ടുറപ്പ് വ്യാകരണപരമായി ഗദ്ദാമയെ മികച്ചൊരു സൃഷ്ടിയായിക്കൂടി മാറ്റുന്നു.
പക്ഷേ,
അറബിക്കഥയില്‍ മുമ്പേ ക ചില തനിയാവര്‍ത്തനങ്ങളില്‍ നിന്നുകൂടി രക്ഷനേടാനായെങ്കില്‍ കമലിന്റെ ഗദ്ദാമ മൗലീകതയില്‍ ഒന്നുകൂടി മുന്നിട്ടു നിന്നേനെ. പ്രത്യേകിച്ചും കെ.ടി.സി അബ്ദുള്ള, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയത് ഒഴിവാക്കാമായിരുന്നു.
എങ്കിലും, ഗദ്ദാമ്മ നൂറുക്കുനൂറും ഒരു സംവിധായകന്റെ സിനിമയാണ്. അല്ലെങ്കിലും ഇപ്പോള്‍ സംവിധായകരുടെ പേരിലല്ലല്ലോ നമ്മുടെ സിനിമകള്‍ അറിയപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു പറ്റം സിനിമകളുടെ സംവിധായകരാരെല്ലാം എന്നൊന്നു ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുാേ. ആ നിലയ്ക്ക് എ കമല്‍ ഫിലിം എന്ന് അവകാശപ്പെടാന്‍ പാകത്തിന് ഒരു സിനിമയുാക്കാനായതില്‍ കമലിന് അഭിമാനിക്കാം. നല്ല സിനിമയുടെ പുഷ്‌കരകാലം മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ നമുക്കും സന്തോിക്കാം.


Saturday, July 31, 2010

കുട്ടിസ്രാങ്ക്-ദൃശ്യ കവിതയുടെ പുതിയമാനങ്ങള്‍

ഛായാഗ്രാഹകന്റെ സിനിമാനോട്ടമാണ് കുട്ടിസ്രാങ്കിന്റെ സവിശേഷത. എം.പി.സുകുമാരന്‍ നായര്‍ (ശയനം) അടക്കം പലരും മുമ്പ് ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ സംവിധായകനായ ഷാജി എന്‍.കരുണിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കഥയ്ക്ക് വല്ിയ പുതുമയൊന്നും നല്‍കാനാവില്ല. അതുകൊണ്ട് കുട്ടിസ്രാങ്ക് ഒരിക്കലും ഒരു മോശം സിനിമയാകുന്നുമില്ല. കാരണം ദൃശ്യപരിചരണത്തില്‍, നിര്‍വഹണത്തില്‍ കുട്ടിസ്രാങ്ക് ഒരു വിദേശ ചിത്രം കാണുന്ന പ്രതീതിയാണുളവാക്കുന്നത്. അത്രയ്ക്കു സാങ്കേതിക തികവോടെ, സൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ഒരു പീര്യഡ് സിനിമ. ആകാശഗോപുരവും പഴശ്ശിരാജയും കഴിഞ്ഞ് മലയാളസിനിമയില്‍ ദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പുറത്തുവന്ന ചിത്രമാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക്.
മറ്റു സിനിമകളുടെ ഛായ അന്വേഷിക്കുന്നവര്‍ക്ക് ഇതില്‍ ടിവി ചന്ദ്രന്റെ ഡാനി മുതല്‍ ആലീസിന്റെ അന്വേഷണത്തിന്റെയും, കഥാവശേഷന്റെയും, അടൂരിന്റെ മുഖാമുഖത്തിന്റെയും, എന്തിന് മുഖ്യധാരാസിനിമയില്‍പ്പോലും പല സിനിമകളുടെയും നിഴലാട്ടങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍, ഈ സിനിമകള്‍ക്കെല്ലാം കുറോസാവയുടെ റാഷമോണിനോടുള്ള ചാര്‍ച്ച അപ്പോള്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ, രൂപപരവും പ്രമേയപരവുമായ അത്തരം ആരോപണങ്ങള്‍ക്കൊന്നും കുട്ടിസ്രാങ്കിന്റെ കാര്യത്തില്‍ പ്രസക്തിയുണ്ടാവുന്നില്ല.ദൃശ്യപരിചരണത്തിലെ അസാമാന്യവും അസൂയാവഹവുമായ കൈയ്യൊതുക്കം കുട്ടി സ്രാങ്കിന് നല്‍കുന്ന മാധ്യമപരമായ ഔന്നിത്യം അംഗീകരിക്കുന്നതിന് ഈ ആരോപണങ്ങള്‍ തടസമാവുന്നുമില്ല.
കോര്‍പറേറ്റ് പണമായാലും വ്യക്തിഗത നിക്ഷേപമായാലും, സിനിമയില്‍ അത് എങ്ങനെ, അര്‍ഥവത്തായി വിനിയോഗിക്കുന്നു എന്നുള്ളതാണല്ലോ പ്രശ്‌നം. കുട്ടിസ്രാങ്കിനെ സംബന്ധിച്ചിടത്തോളമാണെങ്കില്‍, ഷാജി, റിലൈന്‍സിന്റെ മുടക്കുമുതല്‍ സാര്‍ഥകമായി, ലക്ഷ്യബോധത്തോടെയാണ് ചെലവഴിച്ചിട്ടുള്ളത്. ദൃശ്യവിന്യാസത്തിലും സന്നിവേശത്തിലും,ശബ്ദവിന്യാസത്തിലും, ഗ്രാഫിക്‌സിലും തുടങ്ങി സാങ്കേതികമായ എല്ലാ വിഭാഗങ്ങളിലും പണം മൂല്യമറിഞ്ഞ്, അതതു സാങ്കേതികതയുടെ മേന്മയ്ക്കായിത്തന്നെയാണുപയോഗിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ഓരോ ഫ്രെയിമും തെളിയിക്കുന്നു. ഇനി അഥവാ ചിത്രത്തിന്റെ ഏതെങ്കിലും ദൃശ്യം വിസ്മരിക്കപ്പെട്ടാലും, നിശ്ചയമായും ഉള്ളില്‍ തങ്ങുന്നതാണ് ഐസക് തോമസ് കോട്ടുകാപ്പളളിയുടെ പശ്ചാത്തലസംഗീതം. സിനിമയുടെ താളഗതിക്ക് പുതിയൊരു മാനം നല്‍കുന്നുണ്ടത്.
പ്രമേയത്തിനൊപ്പമോ അതിലധികമോ, അതിന്റെ പരിചരണത്തിന് നല്‍കുക വഴി ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഷാജി അല്‍പം കൂടി പാകത നേടിക്കാണിക്കുന്നു.ഒപ്പം ഷാജിയുടെ ഉള്‍ക്കണ്ണു കണ്ടിട്ടെന്നവണ്ണം ഛായാഗ്രാഹകയായ അഞ്ജലി ശുകഌയും.കൃഷ്ണനുണ്ണിയുടെ ശബ്ദലേഖനവും പരാമര്‍ശിക്കാതെ പോയ്ക്കൂടാ.നാളിന്നോളമുള്ള തന്റെ ചിത്രത്തില്‍ നിന്ന് പടിയടച്ചു നിര്‍ത്തിയിരുന്ന ലൈംഗികദൃശ്യങ്ങളും ന്യൂഡിറ്റിയും സ്രാങ്കില്‍ സധൈര്യം പരീക്ഷിക്കാന്‍ ഷാജിക്ക് കരുത്തായത് വനിതാഛായാഗ്രാഹകയുടെ പിന്തുണയായിരിക്കുമോ?
സംവിധായകന്റെ കഥയ്ക്ക് തിരക്കഥാകൃത്തായ പി.എഫ്.മാത്യൂസും പത്രപ്രവര്‍ത്തകനായ കെ.ഹരികൃഷ്ണനും ചേര്ന്നാണ് തിരക്കഥയെഴുതിയിട്ടുള്ളത്. ചവിട്ടുനാടകത്തിന്റെയും തുറകൃസ്ത്യാനികളുടെ ജീവിത, ഭാഷാശൈലിയുടെയും ഛായയുള്ള രണ്ടാംഭാഗത്തില്‍ മാത്യൂസിന്റെ സര്‍ഗ്ഗമുദ്രകള്‍ പ്രകടമാകുന്നതുപോലെ തന്നെ, കാളസര്‍പ്പത്തിന്റെ മിത്ത് ആവിഷ്‌കരിക്കുന്ന മൂകയായ കാളിയുമായുള്ള സ്രാങ്കിന്റെ ബന്ധവും ആ ബന്ധം ദേശത്തിനു വരുത്തുന്ന മാറ്റങ്ങളും വിവരിക്കുന്ന മൂന്നാം ഖണ്ഡത്തില്‍ ഹരികൃഷ്ണന്റെ വിരല്‍സ്പര്‍ശവും വ്യക്തം. പല കാലഭേങ്ങളില്‍, നായകനടക്കം പല ദേശങ്ങളുടെ ഭാഷാഭേദങ്ങളിലൂടെ കുട്ടി എന്നൊരു സാര്‍വദേശീയ നായകസ്വത്വത്തെ അവതരിപ്പിക്കുന്ന ഈ സിനിമ സ്രഷ്ടാക്കള്‍ ല്ക്ഷ്യമാക്കിയതുപോലെതന്നെ ചലച്ചിത്രപരമായും കാലദേശഭേദങ്ങള്‍ക്കുപരി സാര്‍വലൗകിക അസ്തിത്വം ആര്‍ജിക്കുന്നുണ്ട്.
പരിചയസമ്പന്നനായ മമ്മൂട്ടിയേയും സിദ്ദീഖിനെയും പലപ്പോഴും പുതുമുഖങ്ങള്‍ പരാജയപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. വിശേഷിച്ച് കമാലിനി മുഖര്‍ജിയും ജോപ്പനെ അവതരിപ്പിച്ച് സന്ദീപും.
എല്ലാം പ്രകീര്‍ത്തിക്കുമ്പോഴും ഒരാശങ്ക പങ്കിടാതിരുന്നുകൂടാ. തിരുവനന്തപുരം കൃപ തീയറ്ററില്‍ ചിത്രം കാണാന്‍ കയറിയപ്പോള്‍ ആകെ ഉണ്ടായിരുന്നത് അമ്പതില്‍ താഴെ പ്രേക്ഷകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായി നിര്‍മിച്ച് ലോകമറിയുന്ന മലയാള സംവിധായകന്‍ രചിച്ച് സൂപ്പര്‍താരം അഭിനയിച്ച ഭേദപ്പെട്ടൊരു സിനിമയുടെ ഗതിയാണ്.മലയാളത്തില്‍ മാറ്റങ്ങളുണ്ടാവുന്നില്ല എന്നു മുറവിളികൂട്ടുന്നവര്‍ ഈ സിനിമ കാണാതെപോവുമ്പോള്‍ അവരുടെ മുറവിളി അര്‍ഥമില്ലാത്ത മലര്‍ന്നുകിടന്നു തുപ്പലാണെന്നു പറയാതിരിക്കുന്നതെങ്ങനെ?

Monday, February 08, 2010

മോഹന്‍ലാല്‍ തുറക്കുന്ന പാഠപുസ്‌തകം

ടി.സി രാജേഷ്‌

സിനിമയും സിനിമാ അനുബന്ധ പഠനങ്ങളും ലോകോത്തരമെന്നു വാഴ്‌ത്തപ്പെടുന്ന സിനിമകള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നു കരുതുന്നവര്‍ക്കുള്ള ഒരു മറുപടിയാണ്‌ ഈ പുസ്‌തകം. ചാര്‍ളി ചാപ്ലിന്‍ എന്ന നടനെ നമുക്കു പാഠപുസ്‌തകമാക്കാമെങ്കില്‍ മോഹന്‍ലാലിനെയും അതിനു വിധേയനാക്കാം.

ഒറ്റയൊറ്റ സിനിമകളുടെ വിചാരങ്ങള്‍ക്കിടയില്‍ അവയിലെ കേവലം അഭിനേതാവെന്ന പരാമര്‍ശത്തിലൊതുങ്ങേണ്ടതല്ല മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റെയുമൊന്നും അഭിനയ രസതന്ത്രം. ഗോപിയും മുരളിയുമെല്ലാം അത്തരം ചില സാധ്യതകള്‍ അവശേഷിപ്പിച്ചിട്ടാണ്‌ കടന്നുപോയത്‌. കേവലം സിനിമകളുടെ പാഠ്യക്രമത്തിലൂടെയല്ല, അവയിലെ കഥാപാത്രങ്ങളിലേക്ക്‌ പരകായപ്രവേശം നേടിയവരിലൂടെ മലയാളിയേയും മലയാളിയുടെ ജീവിതപരിസരത്തേയും വ്യാഖ്യാനിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിന്‌ ഈ പുസ്‌തകം പ്രേരണയാകുമെന്നുറപ്പാണ്‌.

http://www.keralawatch.com/election2009/?p=27242

Sunday, November 01, 2009

Cinema Mangalam Reviews Mohanlal Oru Malayaliyude Jeevitham

മലയാളിയുറെ ലാല്‍ ജീവിതം
ജോസ് പീറ്റര്‍
മോഹന്‍ ലാല്‍ എന്ന ഇമേജ് ഓരോ മലയാളിക്കും സ്വന്തമെന്നതു പൊലെ ഇത്രയധികം പ്രയപ്പെട്ടതായി എന്നതിനു അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകള്‍ സാക്ഷ്യപത്രമാകുന്നു." അവന്‍ മുമ്പ് വീട്ടില്‍ കാണിച്ചിരുന്ന വിക്രുതികള്‍ സിനിമയിലെത്തിയപ്പോള്‍ അവിടെ കാണിക്കുന്നു. അതിലൊരു പ്രത്യേകതയും എനിക്കു തോന്നുന്നില്ല." ക്രിത്രിമത്വത്തിന്റെ കറകളില്ലാതെ നൈസര്ഗികതയുടെ സര്വ സൌന്ദര്യവുമാവാഹിച്ച് ഞൊടിയിടെ കഥാപാത്രമാവുന്ന ലാലിന്റെ ജീവിതവും അഭിനയവും തമ്മിലുള്ള അതിരില്ലായ്മ വെളിപ്പെടുത്തുന്ന ഈ വാക്കുകള്‍ എണ്ണമറ്റ താളുകളിലേക്ക് നീളുന്ന വിലയിരുത്തലുകളുടെയും മണിക്കൂറുകള്‍ ഉള്‍ ക്കൊള്ളുന്ന പ്രഭാഷണങളുടെയും ഡോക്യുമെന്ററികളുടെയും അപ്പുറത്താണ്‌. ഈ അമ്മയുടെ പച്ചവാക്കുകള്‍ ഹ്ര്യ്ദയത്തില്‍ നിന്നും ഹ്രുദയത്തിലേക്കു പകരുന്ന സ്വന്തമെന്ന ബന്ധത്തിന്റെ അമ്ശമാണു മോഹന്ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകവും പ്രസരിപ്പിക്കുന്നത്.

താരം ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍

ഒരു ചലച്ചിത്രനടന്‍ താരമായതെങ്ങനെ എന്ന് അന്വേഷിക്കുക വഴി ഒരു ദേശത്തിന്റെ പതിറ്റാണ്ടുകള്‍ നീളുന്ന ചരിത്രം എഴുതാനാകുമോ? മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ, താരത്തെ മുന്‍നിര്‍ത്തി കേരളത്തിന്റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിന്റെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ പരിണാമങ്ങളുടെ ചരിത്രം ചികയുകയാണ് മോഹന്‍ലാല്‍-ഒരു മലയാളിയുടെ ജീവിതം

Tuesday, August 19, 2008

Time-tested frames

Journalist and critic A Chandrasekhar's new book offers a profound insight into the part-tyrannical, part-romantic hold of time on filmmakers

B.Sreejan
b-sreejan@epmltd.com
The best feature of the book "When time ticks in the shores of Consciousness" is the pain undertaken by the author to patiently dissect a number of major films and identify the influence of time in the realisation of a film project. Comparisons linking the master cinematographers and the present day realities in television and cinema are beautifully woven into the book. Like the subject it handles, the book offers a little complex reading. But with a right mix of film, television, Fm radio and extract from screen plays the author tries to ease the effort of the reader.

The New Indian Express, Expresso suppliment, Thiruvananthapuram, Wednesday, the 20th August 2008, Page 4