മലയാള സിനിമ നാളെ; ചില ശ്ളഥചിന്തകള്‍ - KERALEEYAM 2023 (kerala.gov.in)
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍)
കേരളത്തിന്റെ നാളെയ്ക്കൊപ്പം ഇവിടത്തെ സിനിമ എന്താവുമെന്നും എങ്ങനെയാവുമെന്നും ചിന്തിക്കുമ്പോള്‍, സാക്ഷരകേരളവും ആരോഗ്യകേരളവും എന്തായിത്തീരുമോ അതിനുസമാനമായ മാറ്റവും മുന്നേറ്റവും തന്നെ സിനിമയിലും പ്രതിഫലിക്കുമെന്നാണ് സാമാന്യേന പ്രതീക്ഷിക്കാനാവുക. കേരളം എക്കാലത്തും ലോകത്തിനു മാതൃകയായിട്ടുള്ളത് അനന്യമായ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലൂടെയാണല്ലോ. സിനിമയുടെ കാര്യത്തിലും ആദ്യം മുതല്‍ക്കെ മേല്‍ക്കൈ നേടി ഇളമുറകളിൽ ഉറയ്ക്കാനും പുതിയ മാതൃകകളിലേക്കു നയിക്കാനുമാണു സാധ്യത കാണുന്നത്.
പ്രതിബദ്ധതയും മാധ്യമബോധവും എന്ന ഈ രണ്ടു ഘടകങ്ങളിലാണ് മലയാള സിനിമ തുടക്കം മുതല്‍ക്കേ ഇതര സംസ്ഥാന സിനിമകളില്‍ നിന്നു വിഭിന്നമായിരുന്നത് .സാമൂഹികപ്രസക്തിയും മാധ്യമപ്രസക്തിയും കൈവരിച്ചതും. ഇന്ത്യയില്‍ സിനിമ ഉണ്ടായത് പുരാണത്തെ ആസ്പദമാക്കിയാണെങ്കില്‍, മലയാളത്തില്‍ സിനിമയുണ്ടായത് സാമൂഹിക ഇതിവൃത്തത്തെ അധികരിച്ചാണ്. സാഹിത്യബദ്ധവും സാമൂഹികബദ്ധവുമായ പ്രമേയങ്ങളോട് അന്നുമുതല്‍ക്കേ മലയാള സിനിമ വച്ചുപുലര്‍ത്തിയ മമത തന്നെയാണു അതിനെ ഇതര സിനിമകളില്‍ നിന്നു വ്യതരിക്തമാക്കിയതും. കാമ്പുള്ള വിഷയങ്ങള്‍, കലാമൂല്യവും സാങ്കേതികത്തികവും ഒരുപോലെ നിലനിര്‍ത്തി അവതരിപ്പിച്ചാണ് നമ്മുടെ സിനിമ പുറത്തുള്ളവര്‍ക്കു മാതൃകയായത്. കാലാകാലങ്ങളിലെ ഉയര്‍ച്ചതാഴ്ചകള്‍ക്കൊടുവിലും ഈ രണ്ടു കാര്യങ്ങളില്‍ സമാനതകളില്ലാത്ത മേല്‍ക്കൈ അവകാശപ്പെടാന്‍ മലയാള സിനിമയ്ക്കു ഇക്കാലത്തും സാധിക്കുന്നുണ്ട്. അതിനിയും അനുസ്യൂതം തുടരുമെന്നു തന്നെവേണം കരുതാന്‍. കാരണം, ഡിജിറ്റലാവുക വഴി സിനിമ അതിന്റെ സങ്കീര്‍ണതകള്‍ വിട്ട് കൂടുതല്‍ പ്രാപ്യവും ജനാധിപത്യപരവുമായിക്കഴിഞ്ഞു എന്നതുതന്നെയാണു കാരണം. കൂടുതല്‍ യുവപ്രതിഭകള്‍ക്ക് സിനിമയില്‍ ആവിഷ്‌കാരപരമായ പരീക്ഷണങ്ങള്‍ക്കു അത് അവസരമൊരുക്കുന്നുണ്ട്. സിനിമയില്‍ വിജയിക്കുക ഭാഗ്യമായിരുന്ന കാലം വിട്ട് അത് പ്രതിഭ വിന്യസത്തിൻ്റെ ആസൂത്രണം കൊണ്ട് സാധ്യമാവുന്ന കാലത്താണ് നാം ജീവിക്കുന്നത്.വികസിത രാജ്യങ്ങളും വന്‍ശക്തികളും ശതകോടികള്‍ മുടക്കി ബഹിരാകാശ പരീക്ഷണങ്ങളിലേര്‍പ്പെടുമ്പോള്‍ താരതമ്യേന ചുരുങ്ങിയ പണം കൊണ്ടു അതിനപ്പുറം ചെയ്യുന്ന ഐ എസ് ആര്‍ ഒക്കെയാണു മലയാള സിനിമയോട് തുലനം ചെയ്യാന്‍ സാധിക്കുക. പാന്‍-ഇന്ത്യന്‍ എന്ന വിളിപ്പേരില്‍ ഉത്തരേന്ത്യന്‍ സിനിമയ്ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച ദക്ഷിണേന്ത്യന്‍ ഭാഷയില്‍ നിന്നുള്ള ബ്രഹ്മാണ്ഡസിനിമകള്‍ ദശകോടികള്‍ മുടക്കിയാണതു സാധ്യമാക്കുന്നതെങ്കില്‍, താരതമ്യേന ചെറിയ ചിത്രങ്ങളിലൂടെ, അതിന്റെ ഉള്‍ക്കനം കൊണ്ടു ദേശാന്തര വിജയം സ്വായത്തമാക്കിയാണു മലയാളസിനിമ മറ്റുള്ളവരെ അമ്പരപ്പിക്കുന്നത്. സാങ്കേതികത്തികവിന്റെ കാര്യത്തിലും ഈ മേല്‍ക്കൈ മലയാള സിനിമ എക്കാലവും നേടിയിട്ടുണ്ട്. തുടര്‍ന്നുള്ള ദശകങ്ങളിലും നമ്മുടെ സിനിമ ഇതിലും നന്നായിത്തന്നെ അതിന്റെ അധീശത്വം നിലനിര്‍ത്തുമെന്നു തന്നെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ഭാവി മലയാള സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍, അതെങ്ങനെയായിത്തീരുമെന്ന പ്രവചനത്തേക്കാള്‍ അതെങ്ങനെയായിത്തീരണമെന്ന സങ്കല്‍പങ്ങള്‍ക്കു സാംഗത്യമുണ്ട് എന്നതുകൊണ്ടുതന്നെ അത്തരം ചില ചിന്തകളാണു ഇവിടെ പങ്കുവയ്ക്കുന്നത്.
ശ്രേഷ്ഠ ഭാഷ, ശ്രേഷ്ഠ സിനിമ
ഹിന്ദിയേയും തമിഴിനേയും തെലുങ്കിനേയും താരതമ്യംചെയ്യുമ്പോള്‍ വളരെ ചെറിയൊരു ഭാഷയായിട്ടും ശ്രേഷ്ഠ പദവിയിലേക്കുയര്ത്തപ്പെട്ടതാ
ജെ.സി.ഡാനിയലിന്റെ ട്രാവന്‍കൂര്‍ നാഷനല്‍ പിക്ചേഴ്സില്‍ തുടങ്ങിയ മലയാള സിനിമ , വ്യാവസായികവളര്‍ച്ച നേടിയെടുത്തതു ആലപ്പുഴയില്‍ കുഞ്ചാക്കോയുടെ ഉദയാ, തിരുവനന്തപുരത്ത് പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്‍ഡ് തുടങ്ങിയ സ്റ്റുഡിയോകളിലൂടെയാണ്. ഒരുകാലത്ത് ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കപ്പെട്ട ചെന്നൈയില്‍ (അന്നത്തെ മദ്രാസ്) കേന്ദ്രീകരിച്ച മലയാള സിനിമയെ കേരളത്തിലേക്ക് പുനരാനയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സര്‍ക്കാര്‍ , പൊതുമേഖലയില്‍ സ്ഥാപിച്ച സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാഞ്ജലിയും സ്റ്റുഡിയോ സമ്പ്രദായത്തെയാണ് പ്രോത്സാഹിപ്പിച്ചത്. എന്നാല്‍, ചന്ദ്രതാരാ, കണ്‍മണി, ജയമാരുതി തുടങ്ങിയ ബാനറുകളില്‍ വ്യക്തിഗത നിര്‍മ്മിതികളായാണ് മലയാള സിനിമ സ്റ്റുഡിയോ ബാഹ്യമായി വളച്ച പ്രാപിച്ചത്. സമാന്തരസിനിമയില്‍ ജനറല്‍ പിക്ചേഴ്സ് പോലുള്ള സംരംഭങ്ങളും സമാനപാതയിലാണു മുന്നേറിയത്. എന്നാല്‍, മുടക്കുമുതലിനോടു നീതിപുലര്‍ത്തുന്ന ശാസ്ത്രീയ ആസൂത്രണത്തിനോ പ്രൊഫഷനല്‍ നിര്‍വഹണത്തിനോ ഉപരി വാതുവയ്പ്പിനോ ഭാഗ്യപരീക്ഷണത്തോടോ ഉപമിക്കാവുന്ന നിര്‍മ്മാണ ശൈലിയാണ്ടു നമ്മുടെ സിനിമ പുലര്‍ത്തിപ്പോന്നത്. വ്യവസായമെന്ന നിലയ്ക്കു വന്‍ മുതല്‍മുടക്കുള്ള ഇതര സംരംഭങ്ങളെ അപേക്ഷിച്ച് വളരെവലിയ മുതല്‍മുടക്കും തീരേ ചെറിയ വിലയുമുള്ള സിനിമയ്ക്കു മിഠായിക്കമ്പനിക്കു വേണ്ടുന്ന പദ്ധതിപഠനം പോലുമുണ്ടാവാറില്ലെന്ന സ്ഥിതിയായിരുന്നു നിലവിൽ. നിര്‍മ്മാണ ചെലവില്‍ ഗണ്യമായ വര്‍ധനവുണ്ടായതോടെയും സംവിധായകര്‍ ഇന്റര്‍നെറ്റ് മാധ്യമമാക്കി നിക്ഷേപകരെ കണ്ടെത്തിത്തുടങ്ങുകയും ചെയ്തതോടെയും ക്രൗഡ് ഫണ്ടിങ്ങിന്റെയും മറ്റും കാലത്ത് ഇക്കാര്യത്തില്‍ കുറേയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എ്ന്നാലും, ഏറെയൊന്നും പ്രൊഫഷനലായ പ്ളാനിങ് ഇല്ലാതെ വ്യക്തിഗത പ്രതിഭകളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള ഭാഗ്യപരീക്ഷണം എന്ന സൂത്രവാക്യമാണ് നിര്‍മ്മാതാക്കള്‍ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ,പ്രത്യക്ഷവും പരോക്ഷവുമായ നികുതിദാനത്തിന്റെ കാര്യത്തില്‍ നിര്‍ണായകപങ്കുള്ള മലയാള സിനിമയ്ക്കു വ്യവസായമെന്ന നിലയ്ക്കു ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഇനിയും ഗൗരവതരമായ പരിഗണന ലഭിച്ചിട്ടില്ല. തൊണ്ണൂറുകളുടെ ഉത്തരാര്‍ധത്തിലാണു ചലച്ചിത്രത്തിനു ഇന്ത്യ വ്യവസായ പദവി കൊടുക്കാന്‍ സന്നദ്ധമാവുന്നത്. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഭൗതികമായ ഈടുകൂടാതെ ഒരു വ്യവസായത്തിനു ലഭിക്കാവുന്ന പരിഗണ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരു സിനിമാ നിര്‍മ്മാതാവിന് നല്‍കുന്നുണ്ടോ എന്നു സംശയമാണ്. ഈ സ്ഥിതി മാറി, കൃത്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി, ശാസ്ത്രീയമായ കരാറുകളുടെയും വ്യവസ്ഥകളുടെയും രേഖകളുടെയും പിന്‍ബലത്താല്‍ വാണിജ്യപരമായി ആസൂത്രണം ചെയ്യപ്പെട്ട് വ്യവസായ ഉല്‍പ്പന്നമെന്ന നിലയ്ക്കു മലയാള സിനിമ മാറണമെന്നതാണ് ഭാവിസങ്കല്‍പത്തില്‍ പ്രധാനം. ബഹുരാഷ്ട്ര വിനോദനിക്ഷേപകരില്‍ പലരും പരീക്ഷിച്ചുവിജയിച്ച ശാസ്ത്രീയ മാതൃക അവരുടെ പങ്കാളിത്തത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മലയാളമടക്കമുള്ള ഭാഷാസിനിമകളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, മലയാളത്തില്‍ ഒരു വര്‍ഷം പുറത്തിറങ്ങുന്ന നൂറില്‍പ്പരം സിനിമകളെടുത്താല്‍ അവയില്‍ നാലിലൊന്നു പോലും വരില്ല അവ. ബാക്കി സിനിമകളിലേറെയും നഷ്ടത്തില്‍ വിസ്മരിക്കപ്പെടുന്ന അധോഗതിയില്‍ നിന്നു മലയാള സിനിമ കരകയറണം. ഇറങ്ങുന്ന സിനിമകളില്‍ നാലിലൊന്നേ പ്രേക്ഷകരാല്‍ നിരസിക്കപ്പെടാവൂ. ബാക്കി ഭൂരിപക്ഷവും മെഗാ, സാദാ ഹിറ്റുകളും ശരാശരി വിജയങ്ങളുമായെങ്കിലും മാറണം. എങ്കില്‍ മാത്രമേ വ്യാവസായിക വീക്ഷണത്തില്‍ സിനിമയ്ക്കു നിലനില്‍ക്കാനാവൂ. നിര്‍മ്മാതാക്കളെ കുത്തുപാളയെടുപ്പിക്കുന്നതാവരു
വനിതാസൗഹൃദ സ്വപ്നം
ലോകത്ത് മറ്റെല്ലാ മേഖലകളിലുമെന്നപോലെ സിനിമയുണ്ടായ കാലം മുതല്‍ക്കേ പുരുഷ കേന്ദ്രീകൃതമായിരുന്നു. മലയാള സിനിമയുടെ ചരിത്രമെടുത്താല്‍ ആദ്യ സിനിമയിലെ നായികയോടുപോലും സാമൂഹികമായോ ചരിത്രപരമായോ നീതിപുലര്‍ത്താനായിട്ടില്ല നമുക്ക്. സ്ത്രീയെ കമ്പോളച്ചരക്കാക്കിക്കൊണ്ടുള്ള കാഴ്ചപ്പാടാണ് സിനിമ വച്ചുപുലര്‍ത്തിയിരുന്നത്.അഭി
വീണ്ടെടുക്കേണ്ട ഗരിമ
മലയാള സിനിമ ഉണ്ടായ കാലം മുതല്‍ ഒരു പതിറ്റാണ്ടു മുമ്പുവരെയുള്ള ദേശീയ ബഹുമതികളെടുത്താല്‍ വര്‍ഷാവര്‍ഷം മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്ന ബഹുമതികളിലൂടെ അതിൻ്റെ ആധിപത്യം വ്യക്തമാവും. ഇതരഭാഷാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു അസൂയയുണ്ടാക്കും വിധമുള്ള മേധാവിത്വമാണു മലയാളസിനിമ കൈവരിക്കുന്നത്. മികച്ച സിനിമയും സംവിധായകനും അഭിനേതാക്കളും തുടങ്ങി സാങ്കേതികവിഭാഗങ്ങളിലും രചന/ഹ്രസ്വചിത്ര വിഭാഗങ്ങളിലും വരെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിക്കൊണ്ടാണതു സാധ്യമാക്കിയിരുന്നത്. മറ്റു സംസ്ഥാനങ്ങള്‍ സിനിമയുടെ കാര്യത്തില്‍ കേരളത്തെ ഉറ്റുനോക്കുന്ന കാലമായിരുന്നു അത്. എന്നാല്‍, കുറച്ചു വര്‍ഷങ്ങളായി ഈ ആധിപത്യത്തില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. രാഷ്ട്രീയവും മെറിറ്റിനുപുറത്തുള്ളതുമായ കാരണങ്ങളും ചൂണ്ടിക്കാട്ടാനാവുമെങ്കിലും മറ്റു ചില കാരണങ്ങളാണിവിടെ പ്രസക്തമെന്നതു കാണാതെ പോകരുത്. ഇന്ത്യയില്‍ നിന്ന് ഒരു ശബ്ദലേഖകന്‍ ആദ്യമായി ഓസ്‌കറിനാല്‍ അംഗീകരിക്കപ്പെടുന്നതു മലയാളിയായ റസൂല്‍ പൂക്കുട്ടിയാണല്ലോ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഛായാഗ്രഹണത്തിലും ശബ്ദലേഖനത്തിലുമെല്ലാം മലയാളി സാങ്കേതികവിദഗ്ധര്‍ക്ക് എന്നും ആധിപത്യമുണ്ടായിരുന്നു. പക്ഷേ, ഈ റഡാറിലേക്കു കൂടുതല്‍ അന്യഭാഷാ പ്രതിഭകള്‍ കടന്നുവരികയും കഴിവുതെളിയിക്കുകയും ചെയ്യുന്നുണ്ടെന്നതു അവഗണിക്കാനാവില്ല. മത്സരത്തില്‍ പിന്തള്ളപ്പെടാതിരിക്കാനുള്ള പ്രതിഭ ആര്‍ജിക്കുന്നിടത്തു മലയാളികള്‍ക്ക് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയും പരിഹരിച്ചു മുന്നേറുകയും ചെയ്യേണ്ടതു കാലത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രാതിനിധ്യവും അവരുടെ സാങ്കേതികകാര്യങ്ങളിലുള്ള ശ്രദ്ധയും പഠനവുമെല്ലാം പ്രത്യാശ നല്‍കുന്നതാണ്. എന്നാല്‍ അവയൊക്കെ എങ്ങനെ കിടമത്സരങ്ങളുടെ കാലത്തു വിജയകരമായി വിനിയോഗിക്കാമെന്ന കാര്യത്തിലാണ് വീണ്ടുവിചാരമുണ്ടാകേണ്ടത്. ഫെസ്റ്റിവലുകളിൽ ഫിലിം മാര്‍ക്കറ്റുകളുടെ മാതൃക സൃഷ്ടിച്ച് സര്‍ക്കാര്‍ ഇടപെടലിലൂടെ ടാലന്റ് ബാങ്ക് ഉണ്ടാക്കുകയും അതിലൂടെ ആവശ്യക്കാര്‍ക്കു ദേശഭാഷാ അതിരുകള്‍ താണ്ടാൻ മലയാളി പ്രതിഭകള്‍ക്കു ചലച്ചിത്രാവസരങ്ങളുണ്ടാവുകയാണു വേണ്ടത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഈ ലക്ഷ്യത്തിലേക്കു ആദ്യ ചുവടുവച്ചുകഴിഞ്ഞു എന്നതാണു ഭാവി മലയാള സിനിമയെപ്പറ്റിയുള്ള പ്രത്യാശകളില്‍ ഒന്ന്. ഇതുവഴി മാത്രമാണ്, ദേശീയ ചലച്ചിത്ര അവാര്‍ഡുകളിലും മറ്റും നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന മേധാവിത്വം വീണ്ടെടുക്കാനാവൂ.
ഒഴുക്കിനെതിരേ പുതിയ തുഴകള്‍
സമാന്തരസിനിമ എന്നോ ആര്‍ട്ട് ഹൗസ് സിനിമ എന്നോ ആധുനിക ലാവണ്യാത്മകത മുന്‍നിര്‍ത്തി ഇന്‍ഡിപെന്‍ഡന്റ് സിനിമ എന്നോ ഒക്കെ വിളിപ്പേരിട്ട മുഖ്യധാരയില്‍ നിന്നു കലഹിച്ചു മാറിനടക്കുന്ന ഓഫ്ബീറ്റ് സിനിമകളുടെ കാര്യത്തില്‍ കുറേക്കൂടി ഉത്തരവാദിത്തമുള്ള സമീപനം ഭാവി മലയാള സിനിമ കാഴ്ചവയ്ക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറുകളുടെ ഉത്തരാര്‍ധം തുടങ്ങി തമിഴ് -തെലുങ്ക് -ഹിന്ദി സിനിമകളാവാനായിരുന്നു മലയാള മുഖ്യധാരാ സിനിമ ശ്രമിച്ചതെങ്കില്‍, എണ്‍പതുകളില്‍ തുടങ്ങി കമ്പോള-സമാന്തര സിനിമാവിടവില്‍ കാര്യമായ കുറവുണ്ടാവുകയും കമ്പോള സിനിമ കലാത്മകമായി മികവുപുലര്‍ത്തുകയും സ്വതന്ത്രസിനിമ കുറേക്കൂടി വാണിജ്യസാധ്യതകള്‍ തേടുകയും ചെയ്തു. ദൃശ്യസമീപനത്തില്‍ ആഗോള സിനിമയുടെ നവതരംഗം പിന്‍പറ്റി അതിയഥാതഥത്വം ആവഹിച്ച മലയാള സിനിമ, മുന്‍പെന്നത്തേക്കാളും വര്‍ധിച്ച ആവേശത്തില്‍ താരാധിപത്യത്തെ നിഷേധിക്കുകയും ബഹുതാരസങ്കല്‍പത്തില്‍ മുന്നേറുകയുമാണു ചെയ്യുന്നത്. എന്നാല്‍ അവയിലെത്ര ചിത്രങ്ങള്‍ക്കു ഉള്‍ക്കാമ്പുണ്ടെന്നും കാലത്തെ അതിജീവിക്കാനുള്ള ഉള്‍ക്കാഴ്ചയുണ്ടെന്നും പുനഃപരിശോധിക്കേണ്ടതുണ്ട്. ഒരു വര്‍ഷം പുറത്തിറങ്ങുന്ന മൊത്തം ചിത്രങ്ങളില്‍ കേവലം പത്തുശതമാനത്തോളം മാത്രമാണു ഉള്ളടക്കത്തില്‍ നൂതനത്വവും നവഭാവുകത്വവും വച്ചുപുലര്‍ത്തുന്നത്. ഇവയാകട്ടെ ഭാഷാതീതമായ സ്വീകാര്യതയും നേടിയെടുക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളുടെ സബ്ടൈറ്റ്ലിങ് സാധ്യതകളുടെ പിന്‍ബലത്തോടെ മലയാള സിനിമയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സിനിമാക്കാരുടെ തിരിച്ചറിവുകള്‍ സമൂഹമാധ്യമങ്ങളിലും അല്ലാതെയും നാം കണ്ടതാണ്. ഇത്തരം സിനിമകള്‍ മുമ്പ് ഇവിടെ ഉണ്ടാവാത്തതല്ല. പക്ഷേ അവ കാണാനും മനസിലാക്കാനുമുള്ള സൗകര്യങ്ങള്‍ ഒ.ടി.ടി.കാലത്തു വ്യാപകവും ചെലവുകുറഞ്ഞതുമായതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. എന്നാല്‍ ഈ സാധ്യതപോലും ദുരുപയോഗം ചെയ്യുംവിധത്തിലേക്കാണോ സിനിമയുടെ പോക്ക് എന്നതില്‍ ആത്മപരിശോധന ആവശ്യമാണ്. വിജയിച്ച സിനിമയുടെ ഘടകങ്ങള്‍ മനഃപൂര്‍വം സ്വന്തം സിനിമകളില്‍ ആവര്‍ത്തിച്ച് അതൊരു ഫോര്‍മുലയാക്കി വിജയം കയ്യാളാനുള്ള പ്രവണതയില്‍ നിന്നു മലയാള സിനിമ വിടുതൽ ചെയ്യേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമാണ്, ഡിജിറ്റല്‍ കാലത്ത് മലയാള സിനിമയുടെ സമാന്തര -ഓഫ്ബീറ്റ് ധാരയ്ക്കു അതിന്റെ നഷ്ടപ്രൗഢി വീണ്ടെടുക്കാനാവൂ.
മാറേണ്ട പ്രദര്‍ശന സംവിധാനങ്ങള്‍
ഒരു കാലത്ത് സിനിമാക്കൊട്ടകകള്‍ കല്യാണമണ്ഡപങ്ങളായിത്തീരുന്നതി
കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തെപ്പറ്റി സൂചിപ്പിക്കുമ്പോള്‍ നിര്‍ബന്ധപൂര്‍വം പരാമര്‍ശിക്കേണ്ട ഒന്നാണു ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപനം വഴി സംസ്ഥാനത്താകമാനം വേരോട്ടമുണ്ടാക്കിയ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വിജയഗാഥ. മലയാളികളെ സിനിമകാണാന്‍ പഠിപ്പിച്ചത് സത്യത്തില്‍ ഈ ഫിലിം സൊസൈറ്റികളാണ്. ഗ്രന്ഥശാലാപ്രസ്ഥാനത്തിനു സാക്ഷരതയിലും സാഹിത്യത്തിലും പ്രസാധനത്തിലും എന്തു സംഭാവന നല്‍കാനായോ അത്രത്തോളം നിര്‍ണായകമാണ് ഫിലിം സൊസൈറ്റികള്‍ക്കു സിനിമാസ്വാദനത്തിലും നിര്‍മ്മാണത്തിലും സാങ്കേതികോന്നമനത്തിലും പോലും ചെലുത്താനായത്. ഇന്നും ഫിലിം ഫെസ്റ്റിവലുകളിലൂടെയും മറ്റും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റികള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കൊണ്ടു നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍ നിന്നു മാറി ഫിലിം സൊസൈറ്റികള്‍ ആധുനികകാല സാങ്കേതിക സൗകര്യങ്ങള്‍ വിനിയോഗിച്ച് കൂടുതല്‍ ഫലപ്രദമായി അര്‍ത്ഥവത്തായ സിനിമകളെ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന തരത്തില്‍ വികസിക്കണം. ലോകത്തെ ഏതൊരു ക്ളാസിക് സിനിമയും ഒ.ടി.ടി. പ്ളാറ്റ്ഫോമുകളിലൂടെ ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. എന്നാല്‍ അതു സാധാരണക്കാര്‍ക്ക് എത്രത്തോളം പ്രാപ്യമാണെന്നതു പരിശോധിക്കേണ്ടതുണ്ട്. ഇവിടെ ഒ.ടി.ടി.ക്കു സമാനമായ ഓണ്‍ ലൈന്‍ ഇടപെടലുകളിലേക്ക് ഫിലിം സൊസൈറ്റികള്‍ മാറുകയാണാവശ്യം. ഫിലിം സൊസൈറ്റികള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ സോഷ്യല്‍മീഡിയ ചര്‍ച്ചാഗ്രൂപ്പുകളും സംവാദവേദികളും ധാരാളമുണ്ട്. രാഷ്ട്രീയ ചര്‍ച്ചകളുടേയും അര്‍ത്ഥമില്ലാത്ത ഫോര്‍വേഡഡ് മെസേജുകളുടെയും ഡംപിങ് യാര്‍ഡ് ആയിക്കൊണ്ടിരിക്കുന്ന അത്തരം വേദികള്‍ക്കപ്പുറം കൂടുതല്‍ അംഗങ്ങളിലേക്കു നല്ലസിനിമ ഡിജിറ്റലായിത്തന്നെ എത്തിക്കുന്നതിനെപ്പറ്റിയാണ് സൊസൈറ്റികള്‍ ആലോചിച്ചു തുടങ്ങേണ്ടത്. വിര്‍ച്വല്‍ ഫിലിം ഫെസ്റ്റിവലുകളുടെ സാധ്യതകളും ആരായണം. ടെലഗ്രാം പോലുള്ള നിയമവിരുദ്ധ പ്ളാറ്റ്ഫോമുകളിലൂടെ അസന്മാര്‍ഗികമായി പ്രചരിക്കുന്ന ലോകത്തെ എണ്ണം പറഞ്ഞ അന്യരാജ്യ സിനിമകള്‍ നിയമവിധേയമായിത്തന്നെ ഓണ്‍ലൈനിലൂടെ നിശ്ചിത സമയത്ത് കാണികളിലേക്കെത്തിക്കാന്‍ ഡിജിറ്റല്‍ സാങ്കേതികതയിലൂടെ സൊസൈറ്റികള്‍ക്കാവും. അത്തരത്തില്‍ കാഴ്ച പുനര്‍നിര്‍വചിക്കപ്പെടണം. നല്ല വായനക്കാരുണ്ടാവുമ്പോള്‍ മാത്രമാണു നല്ല പുസ്തകങ്ങളുണ്ടാവുക. അതുപോലെ നല്ല പ്രേക്ഷകരുള്ളപ്പോഴാണ് നല്ല സിനിമകളുമുണ്ടാവുക. സിനിമയ്ക്കുമേല്‍ അത്തരമൊരു സമ്മര്‍ദ്ദം ചെലുത്താന്‍ പാകത്തിനു ലോകസിനിമയില്‍ ഗ്രാഹ്യമുളള പ്രേക്ഷകക്കൂട്ടായ്മയെ ഊട്ടിവളര്‍ത്തേണ്ടതുണ്ട്. ഇപ്പോഴതില്ല എന്നല്ല. പക്ഷേ, ഭാവിയുടെ വെല്ലുവിളികളെക്കൂടി മുന്നില്‍ക്കണ്ടുകൊണ്ടുള്ള അത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണു സൊസൈറ്റികള്‍ ലക്ഷ്യമിടേണ്ടത്.
പാന്‍-ഇന്ത്യന്‍ മലയാള സിനിമ
മലയാള സിനിമയെപ്പറ്റി ഒരു സ്വപ്നം കൂടി പങ്കുവച്ചുകൊണ്ട് ഉപസംഹരിക്കാം. ഭൂമിശാസ്ത്രപരവും ഭാഷാടിസ്ഥാനത്തിലും അതിരുകള്‍ ഭേദിച്ച് ലക്ഷണയുക്തമായ പാന്‍-ഇന്ത്യന്‍ സ്വീകാര്യത നേടുന്ന മലയാള സിനിമകള്‍ ഇനിയുള്ള കാലം ഉണ്ടാവണം. ലോകമെമ്പാടുമുള്ള മലയാള പ്രേക്ഷകരെമാത്രമല്ല, ഒ.ടി.ടി. ഭാഷാന്തരീകരണ സാധ്യതകള്‍ കൂടി വിനിയോഗിച്ചുകൊണ്ട് അന്യഭാഷാ, ദേശാന്തര പ്രേക്ഷകരിലേക്കെത്തിക്കുന്ന തരത്തിലുള്ള സിനിമകള്‍. അതിന് സൂപ്പര്‍-മെഗാ താരങ്ങളെ അണിനിരത്തി ദശകോടികള്‍ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന യമണ്ടന്‍ തമ്പുരാന്‍ സിനിമകള്‍ തന്നെ വേണമെന്നില്ല. പകരം, ലോകത്തെവിടെയുമുള്ള പ്രേക്ഷകര്‍ക്ക് ഇതു തങ്ങള്‍ക്കും ബാധകമാണല്ലോ എന്നു തോന്നിപ്പിക്കുംവിധം മനുഷ്യകഥാനുഗായികളായ, സാര്‍വലൗകികതയുള്ള , ഉള്‍ക്കനമുള്ള സിനിമകള്‍ ഉണ്ടാകണം. അത്തരം മലയാള സിനിമകള്‍ ഇന്ത്യയ്ക്കുള്ളിലും പുറത്തും പരക്കെ സ്വീകാര്യത നേടണം. അതുവഴി ഗുണപരമായ സിനിമയ്ക്കു മാതൃകയായി കേരളത്തിലേക്കു ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും ഉറ്റുനോക്കുന്ന കാലമുണ്ടാവണം. ലോക നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തിനപ്പുറം മലയാള സിനിമയില്‍ അവരുടെ നേരിട്ടും തുടര്‍ച്ചയായും മുതല്‍മുടക്കുന്ന കാലം വരണം. അതാവണം ഭാവി മലയാള സിനിമ.