ഷാജി സാറിനെ ചെറുപ്പത്തിലേ അറിയാം.ഷാജി സാറും ഭാര്യയും ശാന്തിനഗറില് അയല്വാസികളായിരുന്ന കാലം. എന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുവായിരുന്ന റിട്ട. ലോകോളജ് പ്രിന്സിപ്പല് ആര് ശങ്കരദാസന് തമ്പിയമ്മാവന്റെ വീടിനടുത്തായിരുന്നു ഷാജി സാറിന്റെയും വാര്യര് സാറിന്റെയും വീടുകള്. അന്ന് അവിടെ വച്ചേ ഞാന് ഷാജി സാറിനെ പലപ്പോഴും ആരോധനയോടെ നോക്കി നിന്നിട്ടുണ്ട്. ജി അരവിന്ദന് സിനിമകളൊക്കെ വന്നിട്ടുള്ള കാലമാണ്. പക്ഷേ ഷാജി സാറിനെ അടുത്തു പരിചയപ്പെടുന്നത് മനോരമയിലായിരിക്കെയാണ്. മനോരമ ക്യാംപസ് ലൈന് സംഘടിപ്പിച്ച നര്ക്കുനേര് സിനിമാ ക്യാംപില് ഷാജി സാറിന്റെ സ്വമ്മും പ്രദര്ശിപ്പിച്ചിരുന്നു. ഞാനായിരുന്നു മുഖ്യ സംഘാടകൻ. കേരളത്തിലെ ക്യാംപസുകളില് നിന്നു തെരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്ത്ഥികള്ക്കായി നടത്തിയ ക്യാംപില് ഷാജി സാറിനോടൊപ്പം ഒരു സെഷന് തന്നെയുണ്ടായിരുന്നു. പിന്നീട് ഷാജി സാറിന്റെ കുട്ടിസ്രാങ്കിലൂടെ തിരക്കഥാകൃത്തായി ദേശീയ ബഹുമതി നേടിയ കെ.ഹരികൃഷ്ണനും ഷാജിസാറിനെ ആദ്യം നേരില് കണ്ടു പരിചയപ്പെടുന്നത് അന്നു തന്നെയാണെന്നാണ് ഓര്മ്മ. പിന്നീട് ചലച്ചിത്ര അക്കാദമിയുടെ സ്ഥാപക ചെയര്മാനായി സാറിന്റെ നേതൃത്വത്തില് കൊച്ചിയില് നടന്ന ഐഎഫ്എഫ്‌കെ മുതല് ഞാന് സ്ഥിരം ഡെലിഗേറ്റായി. പലപ്പോഴും നേരില്ക്കണ്ടു രണ്ടു വാക്കു സംസാരിച്ചു. പക്ഷേ വളരെ അടുത്തിടപഴകുന്നത് തിരുവനന്തപുരത്തു 2001ല് നടന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല് ഡയറക്ടറും അക്കാദമി വൈസ് ചെയര്മാനുമായിരുന്ന ശ്രീ എ മീരസാഹിബ് സാര് എന്നെ ഫെസ്റ്റിവല് ബുക്കിന്റെ എഡിറ്ററായി ക്ഷണിക്കുന്നതോടെയാണ്. ഒരു ഇന്സ്റ്റിറ്റിയൂഷന് ബില്ഡര് എന്ന നിലയ്ക്ക് ഷാജിസാറിന്റെ ദീര്ഘദര്ശനം അടുത്തറിയാന് കഴിഞ്ഞ നാളുകള്. ഫെസ്റ്റിവലിന്റെ പോസ്റ്റര് രൂപകല്പന മുതല് ഓരോ ചെറിയ കാര്യത്തിലും സാറിന്റെ നേരിട്ടുള്ള ശ്രദ്ധ പതിഞ്ഞിരുന്നു.
ഷാജി സാറിന്റെ കാലത്തു തന്നെയാണ് ഞാന് സംസ്ഥാന ടെലിവിഷന് രചനാവിഭാഗത്തില് അംഗമാവുന്നതും. സി ഗൗരിദാസന് നായരായിരുന്നു ചെയര്മാന്. മധു ഇറവങ്കര സാറായിരുന്നു മറ്റൊരംഗം.
അതിനിടെ അവിസ്മരണീയമായൊരനുഭവമുണ്ടായി. ഞാനന്ന് വെബ് ലോകം ഡോ്ട് കോമിലാണ്. ജയചന്ദ്രന് നായര് സാര് പത്രാധിപരായിരിക്കെ സമകാലികം മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഓണപ്പതിപ്പിലേക്ക് അടൂര് സാറിനെ അഭിമുഖം ചെയ്ത് ഒരു ദീര്ഘലേഖനം കൊടുക്കാനാവശ്യപ്പെട്ട് അദ്ദേഹം തന്നെ എന്നെ നേരിട്ടു വിളിക്കുന്നു. ഞാനത് ഒരാഴ്ചയ്ക്കകം തന്നെ എഴുതി അയയ്ക്കുകയും ചെയ്തു. അതുകഴിഞ്ഞു വീണ്ടും ജയചന്ദ്രന് നായര് സാറിന്റെ വിളി വരുന്നു. ഷാജിയെ അഭിമുഖം ചെയ്യാന് ഞാന് മറ്റൊരാളെയാണേര്പ്പാടാക്കിയിരുന്നത്. അതു നടക്കില്ല. ഷാജിയെക്കൂടി ചന്ദ്രശേഖര് തന്നെ കണ്ട് ഒരു ആര്ട്ടിക്കിള് എഴുതിത്തരണം. സന്തോഷത്തോടെയാണ് ഞാനതേറ്റെടുത്തത്. കാരണം പ്രൊഫഷണലായി പല കാരണങ്ങളാലും രണ്ടു ധ്രുവങ്ങളില് നില്ക്കുന്ന പ്രതിഭാധനരായ രണ്ടു മഹാമേരുക്കള്. അവരെ മലയാളത്തിലെ മുന്നിര പ്രസിദ്ധീകരണത്തിന്റെ ആദ്യ വാര്ഷികപ്പതിപ്പിലേക്ക് അഭിമുഖം ചെയ്യുക എന്നത് അപൂര്വ സൗഭാഗ്യമായിട്ടാണ് ഞാന് കണക്കാക്കുന്നത്. പ്രത്യേകിച്ചും അടൂര് സാറിന്റെ ഞാനെഴുതിയ അഭിമുഖം വായിച്ച ശേഷമാണ് ജയചന്ദ്രന് നായര് സാറെന്നെ ഷാജിസാറിന്റെ അസൈന്മെന്റ് കൂടി എല്പ്പിച്ചത് എന്നത് സന്തോഷമുണ്ടാക്കുന്നതാണ്. അതൊരു ദീര്ഘബന്ധത്തിന്റെ തുടക്കമായി. പിന്നീട് 2017ല് ദിവസേന തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ കൊല്ലമെത്താറായപ്പോള് ഒരു ദിവസം ഒരു അജ്ഞാത നമ്പരില് നിന്ന് കോള് വന്നു. ഞാനെടുത്തപ്പോള് വളരെ പതിഞ്ഞ ശബ്ദത്തില് ആരോ എന്തോ പറയുന്നു. ഞാന് കുറേ ശബ്ദമുയര്ത്തി ഉറക്കെ പറയാന് പറഞ്ഞു. ഏറെ ബുദ്ധിമുട്ടി ഞാന് ഷാജിയാണ്. എന്നു കേട്ടപ്പോള് ഏതു ഷാജി എന്നാണ് ഞാന് ചോദിച്ചത്. ഷാജി എന് കരുണ് ആണ് എന്നു മറുപുറത്തെ പതിഞ്ഞശബ്ദം കേട്ടപ്പോള് അടിമുടി വിറച്ചുപോയി. ക്ഷമചോദിച്ച് സംസാരിച്ചപ്പോഴാണറിയുന്നത് ആ വര്ഷത്തെ കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ മലയാള സിനിമ ഇന്ന് വിഭാഗത്തിന്റെ സെലക്ഷന് ജൂറിയംഗമാവണം. മറ്റൊരാളാണ് ചെയര്മാനെങ്കിലും ആ വര്ഷത്തെ മേളയുടെ നടത്തിപ്പിനായി ഷാജിസാറിനെ പ്രത്യേകം നിയോഗിച്ചിരിക്കുകയാണ് സര്ക്കാര്. ഞാന് സന്തോഷത്തോടെ ദൗത്യമേറ്റെടുത്തു. ഗുരുതുല്യനായ ശ്രീ എം.എഫ് തോമസ് സാറും ഉണ്ടായിരുന്നു അഞ്ചംഗ ജൂറിയില്. IFFI മുൻ ഡയറക്ടർ മാലതി സഹായ് ആയിരുന്നു ജൂറി അധ്യക്ഷ . ഞങ്ങളുടെ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള് ചില മുറുമുറുപ്പുകള്, മത്സരവിഭാഗത്തിലേക്കുള്ള രണ്ടു സിനിമകളെച്ചൊല്ലി ഉടലെടുത്തു. പത്രങ്ങളില് അങ്ങനെ ചില വാര്ത്തകള് കണ്ട് ഒരു ദിവസം വീണ്ടും ഷാജിസാറിന്റെ ഫോണ്കോളെത്തി. ഇപ്പറയുന്നതില് എന്തെങ്കിലും കാര്യമുണ്ടോ ചന്ദ്രശേഖര്? ഉറപ്പായും ഇല്ല സാര് ഞങ്ങള് മെറിറ്റ് മാത്രമേ നോക്കിയിട്ടുള്ളൂ എന്ന് ഞാനുറപ്പുപറഞ്ഞു. അതറിഞ്ഞാല് മതി, ഒകെ എന്നു പറഞ്ഞദ്ദേഹം ഫോണ് വച്ചു. പിന്നീട് ആവര്ഷം മേളയുടെ സമാനപനത്തില്, മേളയുടെ ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമ, ജയരാജിന്റെ ഒറ്റാല്, മൂന്നു വ്യത്യസ്ത ജൂറികള് നിര്ണയിച്ച മികച്ച ചിത്രമടക്കമുള്ള നാല് പുരസ്‌കാരങ്ങള്, പ്രേക്ഷകപുരസ്‌കാരമടക്കം ഒന്നിച്ചു നേടിയപ്പോള്, വേദിക്കു താഴെ മാറിനിന്നിരുന്ന ഷാജിസാര് എന്റെ ചുമലില് ഒന്നമര്ത്തി., പണ്ട് ഷോട്ട് ഒകെ ആവുമ്പോള് അരവിന്ദന് സാര് ഷാജി സാറിന്റെ ചുമലില് അമര്ത്തിത്തൊടുകമാത്രമാണ് ചെയ്തിരുന്നതെന്നു കേട്ടിട്ടുള്ള എനിക്ക് ആത്മഹര്ഷത്തിനുള്ള വക. പിന്നീടും പലകുറി അദ്ദേഹത്തിന്റെ വാത്സല്യമനുഭവിക്കാനായിട്ടുണ്ട്. കെഎസ് എഫ് ഡിസി ചെയര്മാനായപ്പോള്, അതിനു മുമ്പുണ്ടായിരുന്ന ഭരണസമിതി സ്ഥാപനത്തിന്റെ ലോഗോ മാറ്റിയിരുന്നു. ആര്ട്ടിസ്റ്റ് നമ്പൂതിരി, 88ലെ ഫിലിമോത്സവിന്റെ ഇന്ത്യന് പനോരമയ്ക്കായി രൂപകല്പനചെയ്ത ഒറ്റവര ശംഖായിരുന്നു പി ഗോവിന്ദപ്പിള്ള പിന്നീട് കോര്പറേഷന്റെ മുദ്രയാക്കിയത്. അതാണ് മാറ്റിയത്. ഇക്കാര്യം ഞാന് ഷാജിസാറിന്റെ ശ്രദ്ധയില്പ്പെടുത്തി. അടുത്തമാസം തന്നെ ശംഖുമുദ്ര പുനസ്ഥാപിച്ച വിവരത്തിന് അദ്ദേഹത്തിന്റെ മെയില് എന്റെ ഇന്ബോക്‌സിലെത്തി. കെഎസ്എഫ്ഡിസി സ്ത്രീകള്ക്കുവേണ്ടി സ്‌ക്രിപ്റ്റ് വര്ക്ക് ഷോപ്പും സ്‌ക്രിപ്റ്റ് തെരഞ്ഞെടുപ്പും നടത്തിയപ്പോള് ജോണ്പോള്സാര്, ദീദി എന്നിവര്ക്കൊപ്പം ജൂറിയംഗമാവാന് ക്ഷണിച്ചുകൊണ്ട് വീണ്ടും വിളിച്ചു. എന്നാല് അപ്പോള് കോട്ടയത്തെ ഐഐഎംസി മേഖലാകേന്ദ്രത്തില് പഠിപ്പിക്കുകയായിരുന്ന എനിക്ക് സാറാവശ്യപ്പെട്ടത്ര ദിവസം അവധിയെടുത്തു നില്ക്കാനാവില്ലെന്നതിനാല് അതില് പങ്കെടുക്കാനായില്ല. പിന്നീട് മനീഷ് നാരായണനാണ് ആ റോളിലെത്തിയത്. പക്ഷേ ആ പരമ്പരയിലെ ആദ്യ ചിത്രമായ ഡൈവോഴ്‌സിന്റെ കന്നി പ്രദര്ശനത്തിന്
പ്ര്‌ത്യേകം താല്പര്യമെടുത്ത് എന്നെയും ക്ഷണിച്ചു.
പിന്നീട് സ്വാതന്ത്ര്യത്തിന്റെ അമൃതകാലം 70ാം വര്ഷാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിന് കെഎസ് എഫ് ഡി സിയില് തിരുവനന്തപുരത്തെ സ്‌കൂള് കുട്ടികള്ക്കായി ഒരു പ്രശ്‌നോത്തരി സംഘടിപ്പിച്ചു. അതു നടത്താന് എന്നെയാണ് അദ്ദേഹം ക്ഷണിച്ചത്.തുടര്ന്ന്് കെഎസ്എഫ്ഡിസിയുടെ വെബ്സൈറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്നെ നിരന്തരം വിളിക്കുമായിരുന്നു. ചില യോഗങ്ങളിലും പങ്കെടുപ്പിച്ചു.
2022ല് ഞാന് എഴുതിയ മാറുന്ന കാഴ്ച മായാത്ത കാഴ്ച എന്ന പുസ്തകം പ്രകാശനം ചെയ്യാന് മുഖ്യാതിഥിയായി ക്ഷണിച്ചത് ഷാജിസാറിനെയാണ്. തിരുവനന്തപുരത്ത് കേസരി ഓഡിറ്റോറിയത്തില് ഏപ്രില് 9ന് നടന്ന ചടങ്ങില് സാറെത്തിക്കോളാം എന്നാണ് ആദ്യം പറഞ്ഞത്. ചടങ്ങിന് ഒരുമണിക്കൂര് മുമ്പ് സാറിന്റെ വിളി വന്നു. ചന്ദ്രശേഖര് ക്ഷമിക്കണം. എന്റെ വണ്ടി സ്റ്റാര്ട്ടാവുന്നില്ല. ഒന്നു വിളിക്കാന് വരാമോ? അങ്ങനെ ഞാനെന്റെ പഴയ ചുവന്ന ഐടെന്നില് പോയി സാറിനെ വീട്ടില് നിന്നു വിളിച്ചുകൊണ്ടുവരികയായിരുന്നു.പിന്നീട് സാറിനെ കാണുന്നത്, പൊതു സുഹൃത്തുകൂടിയായ ഇന്ത്യന് ഡോക്യുമെന്ററി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പ്രസിഡന്റായ മുംബൈയിലെ ശ്രീ സംസ്‌കാര് ദേശായി തിരുവനന്തപുരത്തു വന്നപ്പോഴാണ്. അദ്ദേഹത്തിന് ദീര്ഘകാല സുഹൃത്തായ ഷാജി സാറിനെ കാണണം. ഞാന് വിവരം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. സൗകര്യം പറഞ്ഞാല് വീട്ടില് കൊണ്ടുവരാമെന്നും. പക്ഷേ അദ്ദേഹം അക്ഷരാര്ത്ഥത്തില് ഞെട്ടിച്ചു. സംസ്‌കാര് സാര് താമസിച്ച ട്രിവാന്ഡ്രം ക്‌ളബിലേക്ക് അദ്ദേഹം വീട്ടില് നിന്നു നടന്നു വന്ന് ഞങ്ങളോടൊപ്പം കുറേനേരം ചെലവഴിച്ചു. സിനിമ മാത്രമായിരുന്നു എല്ലായ്‌പ്പോഴും സംസാരം. ഇതിനിടെ ഒരിക്കല് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഫിലിം ക്രിട്ടിക്‌സ് അവാര്ഡിന് കായംകുളത്തു മുഖ്യാതിഥിയായി എത്തി അദ്ദേഹം. റൂബി ജൂബിലി അവാര്ഡും ഏറ്റുവാങ്ങി. അദ്ദേഹത്തിൻ്റെ ' ഓൾക്ക് ' മികച്ച സംവിധായകനുള്ള അവാർഡ് നിർണയിച്ച ക്രിട്ടിക്സ് ജൂറിയിൽ അംഗമാകാനും ഭാഗ്യമുണ്ടായി .പിന്നീടും അടിക്കടി വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തു. അവസാനം ജെ സി ഡാനിയല് പുരസ്‌കാരം ലഭിച്ചപ്പോഴും വിളിച്ചതാണ്. അതുകഴിഞ്ഞ് പെട്ടെന്നൊരു ഇടവേള. പതിവിനു വിരുദ്ധമായി ചില മെയിലുകളയച്ചെങ്കിലും മെസേജുകളയച്ചെങ്കിലും കണ്ടമട്ടില്ല. ഒരു ദിവസം നേരിട്ട് ചെന്നു കാണണമെന്നു കരുതിയിരിക്കെ പത്രത്തില് ഒരു പടം കണ്ടു. ഏതോ ചടങ്ങുദ്ഘാടനം ചെയ്യുന്നത്. പത്രത്തിന് ആളുമാറിപ്പോയെന്നാണ് തോന്നിയത്. അത്രയ്ക്ക് മാറ്റം. പക്ഷേ സംസ്ഥാന പുരസ്‌കാരരാവില് പങ്കെടുത്ത ചിത്രങ്ങള് കണ്ടപ്പോള് അവസ്ഥ മനസിലായി. എന്നിട്ടും മരണവിവരമറിഞ്ഞപ്പോള് വിശ്വസിക്കാനായില്ല. കാരണം, അത്രവേഗം നമ്മെ വിട്ടുപോകേണ്ടിയിരുന്ന ആളായിരുന്നില്ല എന്ന ബോധ്യമാണ്. നമുക്കൊപ്പമുണ്ടാവേണ്ടിയിരുന്ന ആള് എന്ന വിശ്വാസമാണ്. സങ്കടത്തോടെ എഴുതട്ടെ. ആദരാഞ്ജല
No comments:
Post a Comment