ഒരേ വാര്പ്പില് പകര്പ്പെടുത്ത് അമിത വയലന്സിന്റെയും മയക്കുമരുന്നിന്റെയും ഓവര്ഡോസില് ഒന്നിനുപിറകെ ഒന്നായി മലയാളത്തില് സിനിമകളിങ്ങനെ പടച്ചുവിടുന്നതിനിടെ ചില കുറ്റകൃത്യങ്ങള് കൂടി ഉണ്ടായപ്പോള് ചര്ച്ചയുടെ വഴിത്താര അങ്ങോട്ടായത് സ്വാഭാവികം. സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്സിലുമായി എന്നതു സത്യം. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്ശിക്കുന്ന, സിനിമയില് നിഖില് എന്ന എന് ആര് ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില് എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട എന്നതു കാണാതെ പോയ്ക്കൂടാ.
എനിക്കു തോന്നുന്നത്, ഒ ബേബിയുടെ കാര്യത്തിലെന്നോണം നാരയണീന്റെ മൂന്നാണ്മക്കള് എന്ന പേരും, പ്രീ റിലീസ് പബ്‌ളിസിറ്റിയുടെയും വേണ്ട പ്രചാരത്തിന്റെയും കുറവുമാവണം ശരണ് വേണുഗോപാലിന്റെ ഈ സിനിമയ്ക്ക് വേണ്ടത്ര ജനശ്രദ്ധ നേടാനാവാതെ പോയത്. ഇതുപോലൊരു സിനിമയ്ക്ക് ഒരിക്കലും ചേര്ന്നതായിരുന്നില്ല ഇതിന്റെ പോസ്റ്ററുകളും ശീര്ഷകരൂപകല്പനയും. പരസ്യപ്രചാരണത്തിന് ഒരു സിനിമയെ വ്യക്തമായി പ്രതിഷ്ഠിക്കുന്നതില് നിര്ണായക പങ്കുണ്ട്. അതു ബോധ്യപ്പെടുത്തുന്നതാണ് ഈ സിനിമയുടെ വിധി.
തീയറ്ററില് ചെന്നു കണ്ടില്ലല്ലോ എന്ന സങ്കടം മനസില് വിങ്ങലായിത്തീര്ന്ന കാഴ്ചാനുഭവം. അതാണ് നാരയണീന്റെ മൂന്നാണ്മക്കള്. ഇതേ പ്രമേയപശ്ചാത്തലത്തില് മലയാളത്തില് തന്നെ മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. സ്വര്ഗം തുറക്കുന്ന സമയം എന്ന കഥയെ ആസ്പദമാക്കി എം.ടി രചിച്ച് ഐവിശശി സംവിധാനം ചെയ്ത ആള്ക്കൂട്ടത്തില് തനിയേ, പദ്മരാജന് എഴുതി സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, എം.ടിയുടെ തന്നെ അഭയം തേടി, ഒരര്ത്ഥത്തില് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നിവയൊക്കെ ഈ ജനുസില് പെടുന്ന സിനിമകള് തന്നെ. എന്നാല് ശരണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള് വേറിട്ടതാവുന്നത് ധ്വനിസാന്ദ്രമാര്ന്ന അതിന്റെ ദൃശ്യപരിചരണം കൊണ്ടാണ്. കയ്യൊതുക്കമുള്ള ഒരു സംവിധായകനെ ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതല് അവസാന ഫ്രെയിം വരെ നേരിട്ടനുഭവിക്കാവുന്ന സിനിമ.
ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന സേതുവിനെ എനിക്കെന്റെ അമ്മയുടെ കുടുംബത്തില് നേരിട്ടറിയാം. ഒരാളല്ല, കൃത്യമായി പറഞ്ഞാല് രണ്ടു തലമുറയിലായി മൂന്നാളെ. കുടുംബത്തിനു വേണ്ടി അവിവാഹിതനായി ആര്ക്കും വേണ്ടിയല്ലാതെ ജീവിക്കുന്നവര്. അയാള് കുട്ടികളോട് പറയുന്നൊരു സംഭാഷണമുണ്ട്-എഫിമെറല് എന്നൊരു വാക്കുണ്ട് ഇംഗ്‌ളീഷില്. മനുഷ്യബന്ധങ്ങളെപ്പറ്റി പറയാന് അതാണ് ഏറ്റവും പറ്റിയ വാക്കെന്ന്. കുടുംബബന്ധങ്ങളുടെ നിഗൂഢ സങ്കീര്ണതയെ ഇതിലുമധികം വിവരിക്കാന് ആര്ക്കുസാധിക്കും?
പുതുതലമുറയിലെ ശ്രദ്ധേയയായ ഗാര്ഗ്ഗി അനന്തനും തോമസ് മാത്യുവും അവതരിപ്പിച്ച ജ്യേഷ്ഠാനുജ മക്കളെയും എനിക്കറിയാം. (ഫാസിലിന്റെ എന്നെുന്നും കണ്ണേട്ടന്റെ കണ്ടശേഷം ഇത്രയും വൈകാരികമായൊരു ബന്ധം മലയാളത്തില് കണ്ടിട്ടില്ല.)സുരാജന്റെ ഭാസ്‌കറെയും അലന്സിയറിന്റെ വിശ്വനാഥനെയും ഞാനറിയും. ഷെല്ലി കിഷോറിന്റെ നഫീസയെയും ഞാന് കണ്ടിട്ടുണ്ട്. എന്തിന് എന്റെ തന്തവൈബില് എം,ശ്രീലക്ഷ്മിയുടെ ധന്യയേയും ഫ്രീക്കന് ജോക്കിയേയും ഞാന് ഇപ്പോഴും കാണുന്നതാണ്.
വ്യക്തിത്വമുള്ള കഥാപാത്രനിര്മ്മിതി, മികച്ച കാസ്റ്റിങ്, ഒച്ചപ്പാടും ബഹളവുമില്ലാത്ത ഏകാഗ്രതയോടെയുള്ള ആവിഷ്‌കാരം. മത്സരിച്ചുള്ള അഭിനയം. ഇതെല്ലാം ഈ സിനിമയുടെ മേന്മകളാണ്. വല്ലാതെ ഇഷ്ടമായത് അപ്പു ഭാസ്‌കറിന്റെ ഛായാഗ്രഹണവും രാഹുല് രാജിന്റെ പശ്ചാത്തലസംഗീതവുമാണ്. മാസ്റ്റേഴ്‌സിന്റേതിനു സമാനമായ ഫ്രെയിമുകളും മൂവ്‌മെന്റുകളുമാണ് അപ്പു ഈ സിനിമയ്ക്കായി വിന്യസിച്ചിട്ടുള്ളത്. നാളിതുവരെ അടിപൊളി, തട്ടുപൊളിപ്പന് പാട്ടുകളും കാതടപ്പിക്കുന്ന സംഗീതവും മാത്രം കേട്ടിട്ടുള്ള രാഹൂല്രാജില് നിന്ന് ഇങ്ങനെയൊരു റീ റെക്കോര്ഡിങ് സത്യത്തില് പ്രതീക്ഷിച്ചതല്ല.
നാരായണീന്റെ മൂന്നാണ്മക്കള്ക്ക് നവതലമുറ ക്‌ളീഷേവാദ നിരൂപകരുടെ വിമര്ശനമുണ്ടായിട്ടുണ്ട്. എന്നാല് എനിക്കു തോന്നിയത്, മായാനദി, അന്നയും റസൂലും, ഭീഷ്മപര്വം തുടങ്ങിയ അസംഖ്യം സിനിമകളെ ക്‌ളീഷേവാദത്താല് നിരാകരിക്കാതിരിക്കാമെങ്കില്, അവതരണത്തിലെ ധ്യാനാത്മകതകൊണ്ടും ധ്വന്യാത്മകത കൊണ്ടും ഈ സിനിമയേയും സ്വീകരിക്കാവുന്നതേയുള്ളൂ എന്നാണ്
തീയറ്ററില് കാണാനാവാത്ത നിരാശ കുറ്റബോധത്തോടെ ആവര്ത്തിച്ചുകൊണ്ടും അതിനുള്ള അവസരം തരാത്ത നിര്മ്മാതാക്കളോടും വിതരണക്കാരോടും പരിഭവം തുറന്നുപറഞ്ഞുകൊണ്ടും അടിവരയിട്ടു പറയട്ടെ, ഇത്രയും ഹൃദയസ്പര്ശിയായ ഒരു കുടുംബസിനിമ കണ്ടിട്ട് നാളുകളായി. ശരണില് വലിയ പ്രതീക്ഷയുണ്ട്. ആടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.
No comments:
Post a Comment