Kala Kaumudi January 5-12, 2026
എ.ചന്ദ്രശേഖര്‍
സ്വതന്ത്ര ഇന്ത്യയില്‍ സാഹിത്യവും സിനിമയുമൊക്കെ പുതിയ ദിശാബോധത്തോടെ നവഭാവുകത്വമാര്‍ന്നു വികസിച്ച കാലഘട്ടമായിരുന്നു എഴുപതുകളുടെ ഉത്തരാര്‍ധം. ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലൂടെ പുതിയ കാഴ്ചസംസ്‌കാരവും, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സിനിമ പഠിച്ചിറങ്ങിയ ഒരുപറ്റം ചലച്ചിത്രപ്രവര്‍ത്തകരിലൂടെ പുതിയ സിനിമയും ഉടലെടുത്ത കാലം. ഒത്തുതീര്‍പ്പുകളില്ലാത്ത സ്വതന്ത്ര സിനിമകളുടെ ചാകരക്കാലമായിരുന്നു അത്. മധ്യവര്‍ത്തി, സമാന്തരം എന്നൊക്കെ മാധ്യമങ്ങളും നിരൂപകരും ചെല്ലപ്പേരിട്ടുവിളിച്ച ഇന്ത്യന്‍ സിനിമയുടെ ആ നവഭാവുകത്വമുന്നേറ്റത്തിന് ചുക്കാനേന്തിയവരില്‍ മുന്‍നിരക്കാരനായിരുന്നു ഹൈദരാബാദുകാരനായ ശ്യാം ബെനഗല്‍. ഇന്ത്യന്‍ സിനിമ കണ്ടയിലെ ഇതിഹാസമായിരുന്ന ഗുരുദത്തിന്റെ ബന്ധു. ആന്ധ്രയിലെ തിരുമലഗിരിയില്‍ ഫോട്ടോഗ്രാഫറായിരുന്ന കര്‍ണാടകക്കാരന്‍ ശ്രീധര്‍ ബി ബെനഗലിന്റെ മകന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളായിത്തീര്‍ന്നു.
ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ എം.എ നേടിയ ശ്യാം പന്ത്രണ്ടാം വയസില്‍ അച്ഛന്‍ സമ്മാനിച്ച ക്യാമറ കൊണ്ടാണ് ആദ്യമായി ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നത്. പഠന കാലത്ത് ഹൈദരാബാദ് ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിന് മുന്‍ കൈയെടുത്തു. പഠിക്കുമ്പോഴെ എഴുത്തും വായനയുമൊക്കെ ശ്യാമിന് ജീവനായിരുന്നു. സത്യജിത് റേയെപ്പോലെ പരസ്യരംഗത്തുനിന്നാണ് ശ്യാമിന്റെ ചലച്ചിത്രപ്രവേശം. (റേയെപ്പറ്റി 1985ല്‍ സത്യജിത് റേ എന്ന പേരില്‍ തന്നെ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ശ്യാം ബെനഗല്‍)1959ല്‍ മുംബൈയില്‍ ലിന്റാസ് പരസ്യ ഏജന്‍സിയില്‍ പരസ്യമെഴുത്തു തൊഴിലായി സ്വീകരിച്ചെത്തിയ ശ്യാം വൈകാതെ അതിന്റെ ക്രിയേറ്റീവ് ഹെഡായി. ആ സമയത്തു തന്നെയാണ് ഗുജറാത്തി ഭാഷയില്‍ ഘേര്‍ ബെഹ്ത ഗംഗ(1962) എന്ന പേരില്‍ ഗംഗയെപ്പറ്റി ഒരു ഹ്രസ്വചിത്രം ഒരുക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ പരസ്യചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. തൊള്ളായിരത്തിനടുത്ത് ഹ്രസ്വചിത്രങ്ങളും സത്യത്തില്‍ അതായിരുന്നു അദ്ദേഹത്തിന്റെ സിനിമാക്കളരി. അതിനിടെ തന്നെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്നുമുണ്ടായിരുന്നു. 1970ല്‍ ഹോമി ജെ ഭാഭ ഫെലോഷിപ്പ് നേടി ന്യൂയോര്‍ക്കിലെ ചില്‍ഡ്രന്‍സ് ടെലിവിഷന്‍ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു.
1973ലാണ് ശ്യാം ബെനഗല്‍ എന്ന കഥാചിത്ര സംവിധായകന്റെ അങ്കുരം. മാതൃനാട്ടിലെ സ്ത്രീജീവിതം കേന്ദ്രീകരിച്ച്, വിവിധ സാമ്പത്തിക ശ്രേണികളിലെ സ്ത്രീചൂഷണത്തിന്റെ കഥ പറഞ്ഞ അങ്കുര്‍ ഇന്ത്യന്‍ സിനിമയ്ക്ക് ചില പുതിയ താരമുഖങ്ങളെയും പരിചയപ്പെടുത്തി. പില്‍ക്കാലത്ത്, നവതരംഗം എന്നു വിളിക്കപ്പെട്ട ചലച്ചിത്രമുന്നേറ്റത്തിന്റെ ഭാഗമായി അടയാളപ്പെട്ട ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിലൊരാളായ ശബാന ആസ്മിയും കര്‍ണാടകയിലെ മുന്‍നിര താരവും രാഷ്ട്രീയപ്രവര്‍ത്തകനുമൊക്കെയായിത്തീര്‍ന്ന അനന്ത് നാഗുമായിരുന്നു അവര്‍. 1975ലെ മികച്ച രണ്ടാമത്തെ ചിത്രം മികച്ച നടി എന്നീ ദേശീയ ബഹുമതികള്‍ നേടിയ അങ്കുര്‍ ഇന്ത്യന്‍ നവസിനിമയുടെ പതാകവാഹകരുടെ പട്ടികയില്‍ ശ്യാം ബെനഗല്‍ എന്ന പേരും എഴുതിച്ചേര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് നിഷാന്ത് (1975), മന്ഥന്‍(1976), ഭൂമിക (1977) എന്നിവയുടെ വരവ്. ശബാനയെ പിന്തുടര്‍ന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളായി പേരെടുത്ത നസീറുദ്ദീന്‍ ഷാ, ഓം പുരി, സ്മിത പാട്ടില്‍, കുല്‍ഭൂഷണ്‍ കര്‍ബന്ധ തുടങ്ങിയവരെയൊക്കെ ഈ ചിത്രങ്ങളിലൂടെ ശ്യാമാണ് പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് ശ്യാം ബെനഗല്‍ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സംഭാവന, അദ്ദേഹം ചെയ്ത ചലച്ചിത്രങ്ങളേക്കാള്‍, ഈ നവഭാവുകത്വ താരങ്ങള്‍ കൂടിയാണ്.1975ല്‍ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിക്കു വേണ്ടി സ്മിത പാട്ടിലിനെ നായികയാക്കി ചരന്‍ദാസ് ചോര്‍ എന്ന പേരില്‍ ബാലചിത്രവും സംവിധാനം ചെയ്തു.
ഇന്ത്യന്‍ സിനിമയുടെ സാമൂഹികപ്രതിബദ്ധതയുടെ കൂടി മകുടോദാഹരണമായിട്ടാണ് മന്ഥന്‍ കണക്കാക്കപ്പെടുന്നത്. ഗുജറാത്തില്‍ ഒരു മലയാളി ചെന്ന് ഗ്രാമഗ്രാമാന്തരങ്ങളിലെ ഗോകര്‍ഷകരെ സംഘടിപ്പിച്ച് പാല്‍ സഹകരണസംഘങ്ങളുണ്ടാക്കി പിന്നീട് ഇന്ത്യയുടെ ധവളവിപ്‌ളവത്തിന്റെ ചുക്കാനായിമാറിയ അമുല്‍ എന്ന ബ്രാന്‍ഡുണ്ടാക്കാന്‍ പെട്ട പെടാപ്പാടിന്റെയും സാഹസത്തിന്റെയും കഥ പറഞ്ഞ സിനിമയായിരുന്നു അത്. ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ ആളുക്ക് രണ്ടു രൂപവീതം സംഭാവനചെയ്ത് ക്രൗഡ് ഫണ്ടിങ്ങിലൂടെ അമുലിന്റെയും കുര്യന്റെയും പിന്തുണയോടെ പൂര്‍ത്തീകരിച്ച സിനിമ, കന്നട നടനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിനെ ഹിന്ദി സമാന്തര സിനിമയില്‍ മുന്‍നിരതാരമായി പ്രതിഷ്ഠിച്ചു. സമാനമായി ഇന്ത്യയിലെ കൈത്തറിമേഖലയുടെ കഥ പറഞ്ഞ സുസ്മന്‍ (1987) കൈത്തറി സഹകരണസംഘങ്ങളുടെ ക്രൗഡ് ഫണ്ടിങ് വഴി നിര്‍മ്മിക്കപ്പെട്ടതാണ്. ഇന്ത്യന്‍ റയില്‍വേയുടെ ധനസഹായത്തോടെ പിന്നീട് ദൂരദര്‍ശനു വേണ്ടി യാത്ര(1986) എന്ന പേരില്‍ ഒരു പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട് ശ്യാം.
യഥാതഥവും മണ്ണില്‍ ചവിട്ടി നില്‍ക്കുന്നതുമായ പ്രമേയങ്ങളും ഇതിവൃത്തവും ആവിഷ്‌കാരവുമായിരുന്നു ശ്യാം സിനിമകളുടെ മുഖമുദ്ര. പ്രകടനപരതയില്ലാത്ത, പ്രിട്ടന്‍ഷ്യന്‍ഷ്യസ് അല്ലാത്ത ചലച്ചിത്രസങ്കല്‍പമായിരുന്നു അദ്ദേഹത്തിന്റേത്. സിനിമയെ മനുഷ്യകഥാനുഗായിയായി അദ്ദേഹം കണക്കാക്കി. മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകളും അവയുടെ പാരസ്പര്യത്തിന്റെ വൈരുദ്ധ്യങ്ങളും അദ്ദേഹത്തിന് ഇഷ്ടവിഷയമായിരുന്നു.പ്രമുഖ മറാത്തി നാടകനടി ഹന്‍സ വാഡ്കറുടെ ജീവിതം അധികരിച്ച് നിര്‍മിച്ച ഭൂമിക(1977) സ്മിത പാട്ടില്‍ എന്ന ഇന്ത്യ കണ്ട മറ്റൊരു മഹാനടിയെയും ദേശീയതലത്തില്‍ അടയാളപ്പെടുത്തി. അങ്ങനെയാണ് ശ്യാം ബെനഗല്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യന്‍ സിനിമയുടെ തറവാടായ കപൂര്‍ ഖാന്ധാനില്‍പ്പെട്ട മുഖ്യധാരാ താരം ശശികപ്പൂറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് 1978ല്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണത്തില്‍ ജുനൂണ്‍ സംവിധാനം ചെയ്തു. 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ സിനിമ. തുടര്‍ന്നും ശശികപൂര്‍ തന്നെ നിര്‍മ്മിച്ച്, മഹാഭാരതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട കലിയുഗ് (1981) പുറത്തുവന്നു. ഒരു വ്യവസായ കുടുംബത്തിലെ രണ്ടു സഹോദരങ്ങളുടെ കഥ പറഞ്ഞ കലിയുഗ് ബെര്‍ളിന്‍ ചലച്ചിത്രമേളയിലേക്കടക്കം തെരഞ്ഞെടുക്കപ്പെടുകയും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു.1982ല്‍ ഓം പുരിയേയും വിക്ടര്‍ ബാനര്‍ജിയെയും പങ്കജ് കപൂറിനെയും വച്ച് ഗ്രാമ കര്‍ഷകരുടെ ചൂഷണകഥ പറഞ്ഞ ആരോഹണും മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.
ഇന്ത്യന്‍ സിനിമയില്‍ അന്നോളം ആരും കൈവയ്ക്കാത്ത ഒരു മേഖലയിലേക്കാണ് പിന്നീട് ശ്യാം നോട്ടം തിരിച്ചത്. ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതവും രാഷ്ട്രീയവും ചിത്രീകരിച്ച മണ്ഡി (1983) നിരൂപക ശ്രദ്ധയോടൊപ്പം ഏറെ വിവാദങ്ങളുമുണ്ടാക്കി. ശബാന ആസ്മിയും സ്മിത പാട്ടിലും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു അത്. തുടര്‍ന്ന് ഗോവന്‍ പശ്ചാത്തലത്തില്‍ അറുപതുകളിലെ കഥ പറഞ്ഞ ത്രികാല്‍ (1987). 1994ല്‍ ഫരീദ ജലാല്‍ രജിത് കപൂര്‍ എന്നിവരെ വച്ചൊരുക്കിയ മാമ്മോ മികച്ച ഹിന്ദി ചിത്രം മികച്ച സഹനടി(സുരേഖ സിക്രി) എന്നിവയ്ക്കുള്ള ദേശീയ ബഹുമതി നേടി. 1984ല്‍ നെഹ്രു, 1985ല്‍ സത്യജിത് റേ എന്നീ ഹ്രസ്വചിത്രങ്ങളും ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി.
അപ്പോഴേക്ക് ഇന്ത്യന്‍ മുഖ്യധാരയും ശ്യാം ബെനഗല്‍ എന്ന സംവിധായകനില്‍ വിശ്വാസമര്‍പ്പിക്കുകയും അദ്ദേഹത്തിന് കുറേക്കൂടി വലിയ ക്യാന്‍വാസില്‍ സിനിമകള്‍ ചെയ്യാനുള്ള അവസരങ്ങള്‍ കരഗതമാവുകയും ചെയ്തു. അങ്ങനെയാണ് സമാന്തരസിനിമയുടെ പരിമിതികള്‍ക്കപ്പുറമുള്ള വിശാല ക്യാന്‍വാസില്‍ കിരണ്‍ ഘേറിനെയും അമൃിഷ് പുരിയെയും രജിത് കപൂറിനെയും വച്ച് സര്‍ദാരി ബീഗം(1996), രേഖ, കരിഷ്മകപൂര്‍, മനോജ് വാജ്‌പേയി, ശക്തി കപൂര്‍ എന്നിവരെ വച്ച് രാജസ്ഥാനിലെ മഹാരാജാവിന്റെ രണ്ടാംഭാരിയയാവേണ്ടി വന്ന സിനിമാനടിയുടെ കഥ പറഞ്ഞ സുബൈദ(2001) എന്നിവ പുറത്തുവരുന്നത്. യാഷ് രാജ് ഫിലംസ് വിതരണം ചെയ്ത ഈ ബിഗ് ബജറ്റ് സിനിമ അക്ഷരാര്‍ത്ഥത്തില്‍ ശ്യാമിന്റെ മുഖ്യധാരാപ്രവേശനവിളംബരമായതിനു പുറമേ, മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതിയും കരിഷ്മയ്ക്കു മികച്ച നടിക്കുള്ള ദേശീയബഹുമതിയും നേടി നിരൂപകശ്രദ്ധയും നേടി. എ ആര്‍ റഹ്‌മാനായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
തുടര്‍ന്ന് ധര്‍മ്മവീര്‍ ഭാരതിയുടെ നോവലിനെ അധികരിച്ച് എന്‍ എഫ് ഡി സി നിര്‍മ്മിച്ച് രജിത് കപൂര്‍, അമൃിഷ് പുരി നീന ഗുപ്ത, പല്ലവി ജോഷി തുടങ്ങിവരഭിനയിച്ച സൂരജ് കാ സാത്വന്‍ ഘോഡ(1992)യും മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി. നാലു വര്‍ഷത്തിനുശേഷം 1996ല്‍ ദക്ഷിണാഫ്രിക്കയില്‍ മഹാത്മ ഗാന്ധി നേരിടേണ്ടി വന്ന അഗ്നിപരീക്ഷകളുടെ ചരിത്രം പറഞ്ഞ ദ് മേക്കിങ് ഓഫ് മഹാത്മ പുറത്തുവന്നു. ദക്ഷിണാഫ്രിക്കയിലെ ഗാന്ധിശിഷ്യന്റെ മകളായ എഴുത്തുകാരി ഫാത്തിമ മിറിന്റെ രചനയില്‍ രജത് കപൂറിനെയും പല്ലവി ജോഷിയേയും നായികാനായകന്മാരാക്കിയ ചിത്രം ആ വര്‍ഷത്തെ മികച്ച നടനും മികച്ച ഇംഗ്‌ളീഷ് ഭാഷാചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡുകള്‍ നേടി
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ അങ്കുര്‍ മുതല്‍ തന്നെ വിമര്‍ശനവിധേയമാക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്ത ശ്യാം 1999ല്‍ രാജേശ്വരി സച് ദേവ്, രജിത് കപൂര്‍ സീമ ബിശ്വാസ് എന്നിവരെ വച്ചു സംവിധാനം ചെയ്ത സമര്‍ ആ വിമര്‍ശനത്തെ അതിന്റെ ഉത്തുംഗത്തിലെത്തിച്ചു. മികച്ച സിനിമ, തിരക്കഥ (അശോക് മിശ്ര) എന്നിവയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് സമര്‍. 1999ല്‍ രജിത് കപൂറിനെയും ശബാന ആസ്മിയേയും വച്ചു സംവിധാനം ചെയ്ത ഹരി ഭരി മികച്ച സാമൂഹികക്ഷേമചിത്രത്തിനുള്ള ദേശീയ ബഹുമതി നേടി.
2005ല്‍ മറാത്തി നടന്‍ സച്ചിന്‍ ഖേഡകറിനെ നായകനാക്കി നേതാജി സുഭാഷ് ചന്ദ്രബോസ് ദ് അണ്‍ഫോര്‍ഗോട്ടണ്‍ ഹീറോ എന്നൊരു ജീവചരിത്ര സിനിമ കൂടി സംവിധാനം ചെയ്തു അദ്ദേഹം. അതാവട്ടെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനും മികച്ച കലാസംവിധാനത്തിനുമുള്ള ദേശീയ ബഹുമതികള്‍ കരസ്ഥമാക്കി.
ചലച്ചിത്ര ജീവിതത്തില്‍ അന്ത്യനാളുകള്‍ വരെയും സജീവമായി തന്നെ നിലനിന്ന ശ്യാം ബെനഗല്‍ തുടരെത്തുടരെ സിനിമകളെടുത്ത സംവിധായകനാണ്. 2008ല്‍ പുതുതലമുറ താരങ്ങളായ ശ്രേയസ് തല്‍പഡെ, അമൃത റാവു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ വെല്‍ക്കം ടു സജ്ജന്‍പൂര്‍ കലാപരമായും കച്ചവടപരമായും മികച്ച വിജയം കരസ്ഥമാക്കി. 2010ല്‍ അശോക് മിശ്രയുടെ തിരക്കഥയില്‍ ബോമന്‍ ഇറാനി രവികിഷന്‍ മനീഷ ലാംബ എന്നിവരെ വച്ചൊരുക്കിയ വെല്‍ഡണ്‍ അബ്ബ എന്ന രാഷ്ട്രീയാക്ഷേപഹാസ്യവും ശരാശരി വിജയം നേടി.
ജീവചരിത്ര സിനിമകള്‍ക്കു പുതിയൊരു മാനം നല്‍കിയ ചലച്ചിത്രകാരനായിരുന്നു ശ്യാം. ഭൂമികയില്‍ തുടങ്ങി സുബൈദ, മേക്കിങ് ഓഫ് ദ് മഹാത്മ, സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെ നീണ്ട ആ ചലച്ചിത്രസപര്യ അവസാനിക്കുന്നത് ബംഗ്‌ളാദേശിന്റെ പിറവിക്കു ചുക്കാനേന്തിയ ഷെയ്ക്ക് മുജിബുര്‍ റഹ്‌മാന്റെ ജീവതം പറഞ്ഞ മുജീബ് ദ് മേക്കിങ് ഓഫ് എ നേഷന്‍ (2023) എന്ന ചിത്രത്തിലാണ്. ബംഗ്‌ളാദേശി സര്‍ക്കാരാണ് ആ ചിത്രം നിര്‍മ്മിച്ചത്.
ഉള്ളടക്കത്തില്‍ മാത്രമല്ല സിനിമയുടെ രൂപഭാവത്തിലും നവീന ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും ഘടനയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്ത ചലച്ചിത്രകാരനാണ് ശ്യാം. തന്റെ റിയലിസ്റ്റ് ദൃശ്യപരിചരണ സമീപനം കൈവിടാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഛായാഗ്രഹണത്തിലും സന്നിവേശത്തിലും പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നിട്ടുണ്ടദ്ദേഹം. ഗോവിന്ദ് നിഹ് ലാനിയെപ്പോലുള്ള മികച്ച ഛായാഗ്രാഹകരെ പരമാവധി വിനിയോഗിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരനാണ് ശ്യാം. അദ്ദേഹത്തിന്റെ ചലച്ചിത്രസങ്കല്‍പത്തില്‍ ഛായാഗ്രഹണത്തിനുള്ള പ്രാധാന്യത്തെപ്പറ്റി വിഖ്യാത ഛായാഗ്രാഹകനും ചലച്ചിത്രകാരനുമായ ഷാജി എന്‍ കരുണ്‍ പ്രശംസിച്ചിടുണ്ട്. സത്യജിത് റേയ്ക്ക് നിമായ് ഘോഷ് എന്നപോലെ, അരവിന്ദന് ഷാജി എന്‍ കരുണിനെപ്പോലെ, അടൂരിന് മങ്കട രവിവര്‍മ്മയെപ്പോലെ, ശ്യാം ബെനഗലിന്റെ മനസ്സറിഞ്ഞ ഛായാഗ്രാഹകനായിരുന്നു പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകനായിത്തീര്‍ന്ന ഗോവിന്ദ് നിഹ് ലാനി. ഗോവിന്ദില്ലാതെ അദ്ദേഹം സിനിമ ആലോചിച്ചു തുടങ്ങിയത്, ഷാജി സ്വതന്ത്ര സംവിധായകനായശേഷം അരവിന്ദന്‍ മറ്റൊരാളെ ആലോചിച്ചതുപോലെയാണ്. അത്രമേല്‍ ഇഴയടുപ്പം വച്ചുപുലര്‍ത്തിയ, മാറിയ സിനിമ സ്വപ്‌നം കണ്ടവരായിരുന്നു ശ്യാമും ഗോവിന്ദും.അതുപോലെ തന്നെ ഇന്ത്യന്‍ ക്‌ളാസിക്കലിനോടൊപ്പം പാശ്ചാത്യ സംഗീതത്തിലും വിദൂഷിയായിരുന്ന വന്‍രാജ് ഭാട്ടിയയെ തന്റെ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലും ടിവി പരമ്പരകളിലും സംഗീതസംവിധായകനായി ആവര്‍ത്തിച്ചിട്ടുണ്ട് ശ്യാം. പരസ്യസംഗീതരംഗത്തെ മുടിചൂടാ മന്നനായിരുന്ന ഭാട്ടിയയുടെ പ്രതിഭ തിരിച്ചറിഞ്ഞ, പിന്നീട് എ ആര്‍ റഹ്‌മാനെ വരെ സംഗീതസംവിധായകനാക്കിയ അദ്ദേഹത്തിന്റെ സംഗീതബോധത്തിന്റെ കൂടി പ്രതിഫലനമായി ഇതിനെ കണക്കാക്കാം.
അഭിനേതാക്കളില്‍ നിന്ന് മികച്ച നടനമുഹൂര്‍ത്തങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിലും വിദഗ്ധനായിരുന്നു ശ്യാം. കമ്പോള മുഖ്യധാരയില്‍ വില്ലന്‍ വേഷങ്ങളില്‍ കോമാളിയാക്കപ്പെട്ട അമൃിഷ് പുരി എന്ന അനുഗ്രഹീത നടന്റെ മറ്റൊരു മുഖം പ്രേക്ഷര്‍ അനുഭവിച്ചത് ശ്യാം ബെനഗല്‍ ചിത്രങ്ങളിലൂടെയാണ്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീടനടന്മാരെ കണ്ടെത്തുന്നതിലും അസൂയാര്‍ഹമായ ചാതുരി പ്രകടമാക്കിയ ചലച്ചിത്രകാരനാണദ്ദേഹം. അങ്കുറില്‍ തന്നെ ജമീന്ദാറുടെ ചെയ്തികളെ ചോദ്യം ചെയ്യാനാവാതെ വീര്‍പ്പുമുട്ടുന്ന അടിമയുടെ വേഷത്തില്‍ സാധു മെഹറിനെപ്പോലൊരു നടനെ കാസ്റ്റ് ചെയ്തതു മുതല്‍ ആ പ്രാഗത്ഭ്യം പ്രകടമാണ്.
ടെലിവിഷനിലും അനന്യമായ സാന്നിദ്ധ്യം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് ശ്യാം ബെനഗല്‍. ഇന്ത്യന്‍ ടെലിവിഷനില്‍ സമാനതകളില്ലാത്ത ടിവി നിര്‍മ്മിതിയായിരുന്നു ദൂരദര്‍ശനു വേണ്ടി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ ആസ്പദമാക്കി അതേ പേരില്‍ അദ്ദേഹമൊരുക്കിയ മെഗാ പരമ്പര.
റോഷന്‍ സേത്തായിരുന്നു നെഹ്രുവായി പ്രത്യക്ഷപ്പെട്ടത്. ഭാരത് ഏക് ഖോജ് എന്ന ആ ചരിത്ര പരമ്പരിയല്‍ ഓം പുരി നസീറുദ്ദീന്‍ ഷാ, സദാശിവ് അമൃപാര്‍ക്കര്‍, ടോം ആള്‍ട്ടര്‍, മിത വശിഷ്ഠ, പല്ലവി ജോഷി, ഇള അരുണ്‍, ഇര്‍ഫാന്‍ ഖാന്‍, പീയൂഷ് മിശ്ര, ഖുല്‍ബൂഷണ്‍ ഖര്‍ബന്ധ, പങ്കജ് ബെറി തുടങ്ങിയ വന്‍ താര നിര പ്രത്യക്ഷപ്പെട്ടു. വന്‍രാജ് ഭാട്ടിയുടേതായിരുന്നു സംഗീതം.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ അധ്യക്ഷനും 1980 മുതല്‍ 86 വരെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഡയറക്ടറുമായിരുന്ന ശ്യാം 1980ലും 89ലും രണ്ടുവട്ടം പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി. സഹ്യാദ്രി ഫിലിംസിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു.മോസ്‌കോ രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ലോക മേളകളില്‍ പലതിലും ജൂറിയംഗവും അധ്യക്ഷനുമായി. നിഷാന്ത് കാന്‍ ചലച്ചിത്രമേളയില്‍ മത്സരിച്ചു. അങ്കുര്‍ ബെര്‍ളിന്‍ മേളയിലും. കലിയുഗം മോസ്‌കോ മേളയില്‍ ഗോള്‍ഡണ്‍ പ്രൈസ് കരസ്ഥമാക്കി.സമഗ്ര സംഭാവനകളെ മാനിച്ച് ഹൈദരാബാദിലെ ഓള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ 2015ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് ബി എന്‍ റെഡ്ഡി ദേശീയ ബഹുമതിയും നേടി. 1976ല്‍ രാജ്യം പദ്മശ്രീ ബഹുമതിയും 1991ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചു. 1989ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, 2012ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡി ലിറ്റ്, 2016ല്‍ ഗ്വാളിയര്‍ സര്‍വകലാശാലയുടെ ഡി ലിറ്റ് എന്നിവ ലഭിച്ചു.
ഇന്ത്യ ബുക്ക് ഹൗസില്‍ എഡിറ്ററും എഴുത്തുകാരിയുമായ നീര മുഖര്‍ജി ബെനഗലാണ് ശ്യാമിന്റെ പങ്കാളി. ഫാഷന്‍ ഡിസൈനറായി പ്രസിദ്ധി നേടിയ പിയ ബെനഗലാണ് ഏക മകള്‍.
ഇന്ത്യന്‍ സമാന്തര സിനിമയില്‍ സമാനതകളില്ലാത്ത വിജയം പാറിച്ച അസാമാന്യ പ്രതിഭാശാലിയും ക്രാന്തദര്‍ശിയുമായിരുന്ന ശ്യാം ബെനഗലിനെ ഒഴിവാക്കി ഇന്ത്യന്‍ സിനിമയിലെ നവഭാവുകത്വ-നവതരംഗ ചരിത്രം രചിക്കപ്പെടില്ല. അത്രയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഈ പ്രതിഭാധനനനായ മനീഷിയുടെ അന്ത്യത്തോടെ ഒരു യുഗത്തിനു തന്നെ തിരശ്ശീലവീഴുകയാണ്.
No comments:
Post a Comment