(യോഗനാദം മഹകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി പ്രത്യേക പതിപ്പ് 2025 ല്‍ എഴുതിയത്.)
എ.ചന്ദ്രശേഖര്‍
മഹാകവിത്രയങ്ങളില്‍ ഉള്‍പ്പെട്ട കുമാരനാശാനും മലയാള സിനിമയും തമ്മിലെന്ത് എന്നൊരു ചോദ്യത്തില്‍ത്തുടങ്ങാം. ആത്മീയതയുടെ മഷിയില്‍ മുക്കി അന്യാദൃശ കാവ്യങ്ങള്‍ രചിച്ച മഹാകവിയെ മലയാള ചലച്ചിത്രവേദി പലതലത്തിലും തരത്തിലും അതിന്റെ ഗാത്രത്തിലേക്ക് ആവഹിച്ചിട്ടുണ്ട് തൊണ്ണൂറ്റഞ്ചു വര്‍ഷത്തിനിടെ. കവിയുടെ കൃതി ചലച്ചിത്രമാക്കുകയും കവിയുടെ വരികള്‍ ഗാനങ്ങളാക്കുകയും വഴി മാത്രമല്ല, കവിയെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടും മലയാള
സിനിമ അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 1986ല്‍ പി.എ ബക്കര്‍ സംവിധാനം ചെയ്ത് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ശ്രീനാരായണഗുരുവില്‍ ഗുരുവിന്റെ പ്രധാനശിഷ്യനെന്ന നിലയ്ക്ക് ആശാനും കഥാപാത്രമായി എന്നു മാത്രമല്ല, ആശാന്റെ അഞ്ചു കവിതാശകലങ്ങള്‍ അനുഗ്രഹീതനായ ജി.ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ അദ്ദേഹത്തിന്റെയും മാധുരിയുടെയും ശബ്ദത്തില്‍ ആലേഖനം ചെയ്തുപയോഗിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍.സുകുമാരന്‍ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത യുഗപുരുഷന്‍ എന്ന ചിത്രത്തിലും ആശാന്‍ കഥാപാത്രമായി. ജെ.സി.ഡാനിയല്‍ അവാര്‍ഡ് ജേതാവ് കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ (2022) ആശാന്റെ വ്യക്തിജീവിതത്തിലെ മറ്റൊരു മുഖം ദൃശ്യമാക്കിത്തന്ന ചലച്ചിത്രമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ (1978) എന്ന ചിത്രത്തിനുവേണ്ടിബിച്ചുതിരുമല രചിച്ച് ജയവിജയ ഈണം പകര്‍ന്ന പല്ലനയാറ്റില്‍ നിന്നിന്നും മുഴങ്ങുമാ പല്ലവി കേട്ടുവോ ന്യായാസനങ്ങളെ പോലുളള ഗാനങ്ങളിലൂടെയും ആശാന്റെ അദൃശ്യസാന്നിദ്ധ്യം മലയാളസിനിമയില്‍ അനശ്വരത നേടി. ഇതിനൊക്കെ ഒപ്പം കൂട്ടിവായിക്കാവുന്ന, ആശാന് മലയാള സിനിമ നല്‍കിയ ദൃശ്യക്കാണിക്കയാണ് 1966ല്‍ പുറത്തിറങ്ങിയ കരുണ.
നൃത്തസംവിധായകന്‍ എന്ന നിലയ്ക്ക് മലയാള ചലച്ചിത്രവേദിയില്‍ ലബ്ധപ്രതിഷ്ഠനായ ഡാന്‍സര്‍ തങ്കപ്പനാണ് മഹാകവിയുടെ ഏറെ ശ്രദ്ധേയമായ ഇതേപേരിലുള്ള ഖണ്ഡകാവ്യത്തിന് ചലച്ചിത്രരൂപാന്തരം നല്‍കിയത്. ഗിരി മൂവീസിന്റെ പേരില്‍ അദ്ദേഹം തന്നെയാണ് സിനിമ നിര്‍മ്മിച്ചതും. സ്വാഭാവികമായി പാട്ടിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ദൃശ്യസമീപനമായിരുന്നു കരുണയുടേത്.പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരാണ് മഹാകവിയുടെ കവിതയെ അതിജീവിച്ച് സിനിമയ്ക്കുള്ള തിരക്കഥയും സംഭാഷണവും രചിച്ചത്. സര്‍ക്കാര്‍ കോളജില്‍ പഠിപ്പിക്കുകയായിരുന്ന ഒ.എന്‍.വി കുറുപ്പ് ബാലമുരളി എന്ന പേരില്‍ ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതി. ദേവരാജനായിരുന്നു സംഗീതം. അദ്ദേഹം സ്വയമാലപിച്ച
അനുപമകൃപാനിധിയഖിലബാന്ധവന്‍ ശാക്യ
ജിനദേവന്‍, ധര്‍മ്മരശ്മി ചൊരിയും നാളില്‍...
എന്നു തുടങ്ങുന്ന, ആശാന്‍ കാവ്യത്തിലെ 28 വരികളുടെ പശ്ചാത്തലത്തിലാണ് വാസവദത്തയെന്ന നായികയെ ചിത്രത്തില്‍ ആദ്യമവതരിപ്പിക്കുന്നത്. തമിഴ് സിനിമാലോകത്തെ വന്‍ താരമായിരുന്ന ദേവികയായിരുന്നു വാസവദത്തയായി തിരയിടത്തിലെത്തിയത്. എം.ജി.ആറിനും ശിവാജിഗണേശനും ജമിനിഗണേശനും ഒപ്പം നായികയായിട്ടുള്ള ദേവികയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് വാസവദത്ത വിലയിരുത്തപ്പെട്ടത്.
ബുദ്ധദര്‍ശനത്തിന്റെ മാനവമുഖം അനാവരണം ചെയ്യുന്നൊരു കഥയാണല്ലോ കരുണ. ഭൗതികസമ്പത്തിന്റെയും ശരീരസൗന്ദര്യത്തിന്റെയും അര്‍ത്ഥരാഹിത്യം വരച്ചുകാണിച്ച ഉദാത്തരചന. ഉത്തരമധുരാപുരി അടക്കിവാണ ഗണികയായ വാസവദത്തയെ കേന്ദ്രീകരിച്ചാണ് കവി കരുണയുടെ ഇതിവൃത്തം നെയ്‌തെടുത്തത്. ഉദ്യോഗസ്ഥര്‍ മുതല്‍ രാജാക്കന്മാര്‍ വരെ അവളുടെ കരുണാകടാക്ഷത്തിനായി കാത്തുനില്‍ക്കുന്ന കാലം. വീടുവീടാന്തരം ഭിക്ഷയെടുത്ത് ജീവിക്കുന്ന സുമുഖനും ശാന്തനുമായ ഉപഗുപ്തന്‍ എന്ന ബുദ്ധസന്യാസിയില്‍ ഒരിക്കലവള്‍ക്കു ഗാഢാനുരാഗം തോന്നുന്നു. തോഴിയെ വിട്ട് അദ്ദേഹത്തെ തന്റെ വസതിയിലേക്കു ക്ഷണിച്ചിട്ടും സമയമില്ല എന്നു പറഞ്ഞവളെ മടക്കുകയാണ് ഉപഗുപ്തന്‍. തന്നെ കാണാന്‍ വരാനുള്ളത്ര ധനമില്ലാത്തതാണ് കാരണമെന്നു കരുതിയ വാസവദത്ത ഉപഗുപ്തനില്‍ നിന്ന് അനുരാഗമാണ് ധനമല്ല മോഹിക്കുന്നതെന്നു പറഞ്ഞു വീണ്ടും തോഴിയെ അയയ്ക്കുകയാണ്. ലൗകികമായയില്‍ അത്രയേറെ ആണ്ട് സമനില തെറ്റിയ അവസ്ഥയിലാണവള്‍.എന്നാല്‍ സമയമായില്ല എന്ന പതിവു മറുപടിയോടെ ദൂതികയെ മടക്കുകയാണ് ഭിക്ഷു. ദിവസവും ആവര്‍ത്തിക്കുന്ന ഒരു നാടകമായി വാസവദത്തയുടെ ക്ഷണവും ഉപഗുപ്തന്റെ നിരാസവും.
അവളാവട്ടെ തൊഴിലാളിപ്രമാണിയുടെ സ്വാധീനത്തിലായി. അങ്ങനിരിക്കെയാണ് മധുരയില്‍ എത്തിച്ചേര്‍ന്ന ധനാഢ്യനായ ഒരു വിദേശവ്യാപാരിക്കു വാസവദത്തയില്‍ വലിയ ഭ്രമമാകുന്നത്. വാസവദത്തയ്ക്കും അയാളുടെ സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രലോഭനങ്ങളെ അതിജീവിക്കാനായില്ല. വിദേശവ്യാപാരിയെ പ്രാപിക്കാന്‍ വേണ്ടി തൊഴിലാളിപ്രമാണിയെ ഒഴിവാക്കാന്‍ അവള്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഒരു ദിവസം തൊഴിലാളിപ്രമാണിയെ വധിച്ചു ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി.
തൊഴിലാളികളും ബന്ധുജനങ്ങളും അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ ബംഗ്‌ളാവിനടുത്തുള്ള ചാണകക്കുഴിയില്‍ നിന്നവര്‍ നേതാവിന്റെ ശരീരം കണ്ടെടുക്കുന്നു. കൊലക്കുറ്റമാരോപിക്കപ്പെട്ട വാസവദത്തയെ പിടികൂടി ന്യായാധിന്റെ മുന്നില്‍ ഹാജരാക്കി വിസ്താരിക്കുന്നു. ചെവിയും മൂക്കും കൈകാലുകളും ഛേദിച്ചു ചുടുകാട്ടില്‍ തള്ളാനായിരുന്നു വിധി.
ശരീരസൗന്ദര്യം കൊണ്ട് ആണുങ്ങളുടെ മനസും ബുദ്ധിയും കീഴടക്കിയിരുന്ന സുന്ദരി അങ്ങനെ കേവലമൊരു മാംസപിണ്ഡം മാത്രമായി കഴുകനും കുറുക്കനും ഇരയാകാന്‍ പാത്രത്തിന് ചുടുകാട്ടില്‍ ഉപേക്ഷിക്കപ്പെട്ടു. സേവകരെ ഏറെ സ്‌നേഹിച്ചിരുന്ന അവരുടെ പരിചാരികകളില്‍ ഒരുവള്‍ മാത്രം വളോടുള്ള സ്‌നേഹാദരങ്ങള്‍കൊണ്ട് ചുടുകാട്ടില്‍ ചെന്നു മാംസപിണ്ഡം മാത്‌രമായ തന്റെ യജമാനത്തിയെ ശുശ്രൂഷിക്കുന്നു.നേരത്തേ ഉപഗുപ്തനെ വിളിക്കാന്‍ അയച്ചിരുന്ന തോഴിതന്നെയായിരുന്നു അവള്‍.
ഈ സന്ദര്‍ഭത്തിലാണ് ഉപഗുപ്തന്‍ വാസവദത്തയെ ചെന്നുകാണുന്നത്. അപ്പോഴാണ് അവളെ കാണാന്‍ ബുദ്ധഭിക്ഷു എന്ന നിലയ്ക്ക് അയാളുടെ സമയമായത്.സ ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങള്‍ ഒരു തുണികൊണ്ടു മൂടാന്‍ തോഴിയോടാവശ്യപ്പെട്ടു. അവള്‍ ഉപഗുപ്തനോടു തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ദുരന്തത്തെയും മറ്റും പറഞ്ഞു കേണു. ഉപഗുപ്തനാവട്ടെ ഭഗവാന്‍ ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്കുപദേശിച്ചുകൊടുക്കുകയാണ്. ഭൗതികതയുടെ നിസാരതയും ആന്തരികമായ ആത്മീയതയുടെ പൊരുളും അയാളവള്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നു.ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ട് അവളുടെ ഹൃദയം ശാന്തമായി. അദ്ധ്യാത്മികമായ ഒരു സുഖം അവളുടെ ശാരീരിക വേദനകളെ ശമിപ്പിച്ചു. ബുദ്ധന്‍, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ച് തന്റെ പാപത്തിന്റെ ശിക്ഷയ്ക്കു ഭക്തിപൂര്‍വ്വം കീഴടങ്ങുന്നിടത്താണ് കരുണ കാവ്യം അവസാനിക്കുന്നത്; സിനിമയും.
അക്കാലത്തെ സിനിമാരീതികള്‍ക്കിണങ്ങുംവിധം നൃത്തസംഗീതനാടകത്തിന്റെ തിരരൂപാന്തരമെന്നോണം തന്നെയായിരുന്നു കരുണയുടെ ദൃശ്യസങ്കല്‍പനം. എന്നാല്‍, കമ്പോളത്തിന്റെ സ്വാധീനത്തില്‍ നിന്നു സംവിധായകന്‍ നടത്തിയ ഏറ്റവും ധീരവും സാഹസികവുമായൊരു വഴിമാറി നടത്തമാണ് കരുണ എന്ന സിനിമയുടെ ഏറ്റവും വലിയ വിജയം. പ്രേംനസീറും സത്യനും തിളങ്ങിനില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. അവരെയൊന്നും നായകനാക്കാതെ ഉപഗുപ്തന്‍ എന്ന നിര്‍ണായക കഥാപാത്രത്തിന്, അക്കാലത്ത് സിനിമികളിലെ വില്ലന്‍/പ്രതിനായകന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കെ.പി.ഉമ്മറിനെയാണ് തങ്കപ്പന്‍ തെരഞ്ഞെടുത്തത്. നാടകാഭിനയപശ്ചാത്തലവും സാഹിത്യപശ്ചാത്തലവുമുള്ള ഉമ്മറാവട്ടെ ആ കഥാപാത്രത്തെ അനന്യമായ രീതിയില്‍ തന്നെ സ്വാംശീകരിക്കുകയും ചെയ്തു. മധു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി, ശങ്കരാടി, ടി. കെ. ബാലചന്ദ്രന്‍, വിജയറാണി, ശാരദ, ശോഭന, രേണുക എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെ അവതരിപ്പിച്ച താരങ്ങള്‍.
കുമാരനാശാന്റെ കരുണയില്‍ നിന്നുള്ള ചില വരികള്‍ ദേവരാജന്റെ ഈണത്തില്‍ ചിത്രത്തിലുള്‍പ്പെടുത്തി. എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമടക്കം 11 ഗാനങ്ങളാണ് ഒ.എന്‍.വി. എഴുതിയത്. അതില്‍ ഉപഗുപതനെ അവതരിപ്പിച്ചുകൊണ്ട് ദേവരാജന്‍ പാടിയ സമയമായില്ലപോലും സമയമായില്ലപോലും മികച്ച ദാര്‍ശനികഗാനങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.ദേവരാജന്‍, യേശുദാസു്, കമുകറപുരുഷോത്തമന്‍, പി. സുശീല, പത്മം എന്നീ പിന്നണിഗായകരാണു ഗാനങ്ങളാലപിച്ചത്.മദ്രാസിലെ സത്യ, വീനസ,് അരുണാചലം എന്നീ സ്റ്റുഡിയോകളിലെ സെറ്റുകളിലായാണ് കരുണയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചുടുകാട് അടക്കം സ്റ്റുഡിയോ ചുവരുകള്‍ക്കുള്ളില്‍ തന്നെ സെറ്റിടുകയായിരുന്നു.
തഥാഗതന്റെ സുവിശേഷങ്ങള്‍ ഉത്തരമധുരാപുരി വീഥികളിലൂടെ പാടി കൊണ്ടു നീങ്ങുന്ന ബൗദ്ധഭിക്ഷുക്കളുടെ പദയാത്ര, ഉപഗുപ്തനെ കണ്ട മാത്രയില്‍ ആ സുന്ദരപുരുഷന് മനസ്സു തീറെഴുതിപ്പോയ വാസവദത്തയുടെ മോഹാവേശം, വാസവദത്തയും മുഖ്യകാമുകന്‍ താരാനാഥുമായുള്ള ശൃംഗാര ങ്ങള്‍, ഉപഗുപ്തന്റെ രൂപലാവണ്യം കണ്ട് അദ്ദേഹത്തില്‍ അഭിനിവേശം ജനിച്ച വാസവദത്തയുടെ പാരവശ്യങ്ങള്‍ താരാനാഥന്റെ നേതൃത്വത്തില്‍ നട ത്തിയ ദേവീപൂജ, ബലിവേദിക്കു ചുറ്റും ആവേശം അലയടിച്ചപ്പോള്‍ നിഷ്‌കളും ബലിമൃഗം അന്തം വിട്ടു നില്ക്കുന്നത്, ദുര്‍ഗയോടുള്ള ഭക്തിപാരവശ്യം സംഘനൃത്തത്തിലൂടെ കലിതുള്ളവ സ്‌നേഹസ്വരൂപനായ ഉപഗുപ്തന്‍ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ട് ആടിനെ കാരുണ്യത്തോടെ തഴുകി ഉയര്‍ന്ന വാളും വികാരവും നാടകീയമായി താഴ്ത്തുന്നത്, വേശ്യയുടെ പാദ സ്പര്‍ശം കൊണ്ട് അശുദ്ധമാകാത്ത ദേവാലയം തഥാഗത ശിഷ്യന്മാരുടെ സാന്നിധ്യംകൊണ്ട ശുദ്ധമാകുന്നത്. ഹൈന്ദവപുരോഹിതന്മാര്‍ ഉപഗുപ്ത നെയും കൂട്ടരെയും പുണ്യാഹം തളിച്ചു പുറത്താക്കുന്നത്, പ്രേമനൈരാശ്യത്താല്‍ മനംനൊന്ത് ദുഃഖിതയും കര്‍മവി മുഖയും ഉദാസീനയുമായി നാള്‍ നീക്കുന്ന വാസവദത്തയോട് കുലത്തൊ ഴില്‍ തുടരാനും ആശ്രിതരെ രക്ഷിക്കാനും തോഴി പ്രഭാവതി അപേക്ഷിക്കു നത് ഇങ്ങനെ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ മികച്ച ഗാനങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ ഭേദപ്പെട്ട നിലയില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത് മലയാള സിനിമ പിന്നിട്ട വഴികള്‍ എന്ന ഗ്രന്ഥത്തില്‍ ചലച്ചിത്രചരിത്രകാരനായ എം.ജയരാജ് ചൂണ്ടിക്കാട്ടുന്നുണ്ട്.
കവിതയുടെ അകംപൊരുളിനോട് ബാഹ്യമായെങ്കിലും നീതിപുലര്‍ത്തുന്ന ഒരാഖ്യാനമായ കരുണ 966 നവംബര്‍ 11നാണ് കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഭേദപ്പെട്ട വിജയം നേടിയ ചിത്രം തുടര്‍ന്ന് വിഖ്യാതങ്ങളായ കാവ്യങ്ങളെ അധികരിച്ച് സിനിമകളുണ്ടാക്കുന്ന ഒരു തരംഗത്തിനു തന്നെ വഴിയൊരുക്കി.തൊട്ടടുത്തവര്‍ഷമാണ് ചങ്ങമ്പുഴയുടെ രമണന്‍ സിനിമയാക്കപ്പെടുന്നത്. അതിനടുത്ത വര്‍ഷം കാളിദാസന്റെ കുമാരസംഭവം ചലച്ചിത്രമാക്കപ്പെടുകയും അതിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുമൊക്കെ ചെയ്തു.
കരുണയുടെ സിനിമാബാന്ധവം അവിടെ അവസാനിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം, 2016 ല്‍ ഇതേ കാവ്യത്തെ കാലികമായി അനുവര്‍ത്തനം ചെയ്ത് ലെനിന്‍ രാജേന്ദ്രന്‍ ഒരു ചിത്രമൊരുക്കി. ടിബറ്റ് സ്വദേശിയായ സിദ്ധാര്‍ത്ഥ് ലാമയേയും ഉത്തര ഉണ്ണിയേയും മനീഷ കൊയ് രാളെയേയും താരങ്ങളാക്കിക്കൊണ്ട് അവതരിപ്പിച്ച ഇടവപ്പാതി. ലൗകികതയ്ക്കപ്പുറമുള്ള ആത്മീയസ്‌നേഹകാരുണ്യങ്ങളുടെ കാതല്‍ സമകാലിക ദേശാന്തര രാഷ്ട്രീയസാമൂഹികപശ്ചാത്തലത്തില്‍ അനാവരണം ചെയ്ത ഇടവപ്പാതി കരുണയെന്ന കാവ്യത്തിനുള്ള ചലച്ചിത്രകാരന്റെ സ്വതന്ത്ര്യവ്യാഖ്യാനമായി മാറി.
No comments:
Post a Comment