Tuesday, December 31, 2024

മികച്ച ഉള്ളടക്കം, സംഘാടന സുതാര്യത: രാജ്യാന്തര ചലച്ചിത്രമേള ലക്ഷ്യം തൊടുമ്പോള്‍

 
Kalakaumudi December issue 2024

എ.ചന്ദ്രശേഖര്‍


ആഖ്യാനകത്തത്തേക്കാള്‍ അവ ആഖ്യാനിക്കുന്നതിലെ ഘടനാസവിശേഷതകളിലും രൂപഭവൈവവിദ്ധ്യത്തിലുമാണോ യുവതലമുറ സിനിമ ലോകത്തെങ്ങും ഊന്നല്‍ നല്‍കുന്നത് എന്നു സന്ദേഹമുയര്‍ത്തുന്നതാണ് 29-ാമത് കേരള രാജ്യാന്തരചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗത്തിലും മത്സരവിഭാഗത്തിലും ഫീമെയില്‍ ഗെയ്‌സ് വിഭാഗത്തിലും മറ്റുമുള്ള ചലച്ചിത്രങ്ങളില്‍ പലതും.


നോവലിസ്റ്റായ ഇന്‍ഗ്രിഡിന്റെയും യുദ്ധ റിപ്പോര്‍ട്ടറായ മാര്‍ത്തയുടെയും കഥ പറയുന്ന സ്പാനിഷ് ഇതിഹാസം പെഡ്രോ അല്‍മദോവറിന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമായ 'ദി റൂം നെക്സ്റ്റ് ഡോര്‍', ബ്രസീലിലെ സൈനികാധിപത്യത്തിന്റെ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന കുടുംബത്തിന്റെ വേദനകളും നഷ്ടങ്ങളും ആലേഖനം ചെയ്ത ഉദ്ഘാടന ചിത്രമായ വാള്‍ട്ടര്‍ സാലസിന്റെ 'ഐ ആം സ്റ്റില്‍ ഹിയര്‍', ലഹരി മാഫിയ തലവനായ മണിറ്റസിന്റെ പുരുഷത്വത്തില്‍ നിന്ന് സ്ത്രീത്വത്തിലേക്കുള്ള യാത്ര അനാവരണം ചെയ്ത, ജാക്ക്യുസ് ഓഡിയര്‍ഡിന്റെ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കല്‍ ത്രില്ലര്‍ 'എമിലിയ പെരെസ്',കോവിഡ് ലോക്ക്ഡൗണില്‍ ക്വാറന്റീനിലായ ദമ്പതിമാര്‍ തമ്മിലുള്ള പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും ചിത്രീകരിച്ച ഒലിവിയര്‍ അസ്സായസിന്റെ 'സസ്‌പെന്‍ഡഡ്  ടൈം', കുറ്റാന്വേഷണത്തിന് പോലീസ് തയാറാകാത്ത സാഹചര്യത്തില്‍  രാഷ്ട്രീയ സമ്മര്‍ദങ്ങളും ജീവിത സാഹചര്യങ്ങളും മറികടന്ന് നീതിക്കായി പോരാടണമോ എന്നുള്ള റ്റാര്‍ലാന്‍ എന്ന നൃത്ത അധ്യാപികയുടെ ആത്മസംഘര്‍ഷങ്ങളിലേക്ക് ക്യാമറ തിരിച്ച, വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷകപുരസ്‌കാരം നേടിയ നദേര്‍ സെയ്വറിന്റെ ',ദി വിറ്റ്നസ്',കംബോഡിയയില്‍,ഭരണകൂട നേതാവായ പോള്‍ പോട്ടിന്റെ ക്ഷണം സ്വീകരിച്ച് പ്രത്യേക അഭിമുഖം നടത്താന്‍ മൂന്നു ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും പറഞ്ഞ റിത്തി പാന്റെ 'മീറ്റിംഗ് വിത്ത് ദി പോള്‍ പോട്ട്', ജരാനരകളെ അതിജീവിക്കാന്‍ മറ്റൊരു ശരീരത്തെ ആശ്രയിക്കാന്‍ മടിക്കാത്ത ഒരു അഭിനേത്രിയുടെ സ്വത്വസംഘര്‍ഷം ചിത്രീകരിച്ച ഫ്രഞ്ച് സംവിധായിക കൊരാലി ഫാര്‍ഗിറ്റിന്റെ 'ദ സബ്സ്റ്റന്‍സ്', രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ കോപ്പന്‍ഹേഗനില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി മാഗ്നസ് വോന്‍ ഹോണ്‍ സംവിധാനം ചെയ്ത  ചിത്രമാണ് 'ദി ഗേള്‍ വിത്ത് ദി നീഡില്‍', സാമൂഹിക ഭവന പദ്ധതിയിലൂടെ നേവാമരുഭൂമിയില്‍ എത്തിപ്പെടുന്ന വ്യത്യസ്തരായ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന ഇസ്രയേലി സംവിധായകന്‍ ആമോസ് ഗിത്തായിയുടെ 'ഷികുന്‍'എന്നിവ ഈ മേളയുടെ സാര്‍ത്ഥകവും അവിസ്മരണീയവുമായ നീക്കിയിരിപ്പായി പ്രേക്ഷകമനസുകളിലുണ്ടാവും. എന്നാല്‍, ലോകചലച്ചിത്ര മേളകളില്‍  ജനപ്രീതി നേടിയ ചിത്രങ്ങളില്‍ നിന്നു തെരഞ്ഞെടുത്തവയില്‍ വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ബഹുമതികള്‍ നേടിയ പല സിനിമകളും കേരളത്തില്‍ കാഴ്ചക്കാരില്‍ ഭിന്ന/സമ്മിശ്ര അഭിപ്രായമാണ് സൃഷ്ടിച്ചത്. ലൈംഗിക തൊഴിലാളിയുടെ കഥ പറഞ്ഞ, കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിനര്‍ഹമായ ഷോണ്‍ ബേക്കറിന്റെ അമേരിക്കന്‍ ചിത്രമായ 'അനോറ,' കാന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ പോര്‍ച്ചുഗീസ് സംവിധായകനും തിരക്കഥാകൃത്തും ചിത്രസംയോജകനുമായ മിഗുല്‍ ഗോമസിന്റെ 'ഗ്രാന്‍ഡ് ടൂര്‍,' മൗറാ ഡെല്‍പെറോ എഴുതി സംവിധാനം ചെയ്ത ഇറ്റാലിയന്‍ സിനിമയാണ് 'വെര്‍മീഗ്ലിയോ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനപരതയും കൃത്രിമത്വവും പരക്കെ വിമര്‍ശിക്കപ്പെട്ടു. ഉള്‍ക്കാമ്പും ഉള്‍ക്കനവുമുള്ള പ്രമേയത്തിന്റെ തീവ്രത ക്‌ളിഷ്ടവും കാലഹരണപ്പെട്ടതുമായ ആഖ്യാനശൈലിയിലൂടെ ചോര്‍ത്തിക്കളഞ്ഞ ചലച്ചിത്രസംരംഭങ്ങളായാണാ സിനിമകള്‍ വിലയിരുത്തപ്പെട്ടത്. ഒരുപക്ഷേ കണ്ടന്റിനെക്കാള്‍ ഫോമിന് പ്രാധാന്യം നല്‍കുന്ന ലോകസിനിമയുടെ പ്രവണതയിലേക്ക് വെളിച്ചം വീശുന്ന സിനിമകള്‍ കൂടിയായി അവയെ കണക്കാക്കാം. 

രാജ്യാന്തര മത്സരവിഭാഗത്തിലും ചില ഒന്നാംതരം സിനിമകളുണ്ടായിരുന്നുവെന്നതില്‍ തെരഞ്ഞെടുപ്പു സമിതിക്ക് അഭിമാനിക്കാം. ഫര്‍ഷദ് ഹഷ്മിയുടെ ഇറാന്‍ ചിത്രമായ 'മീ, മറിയം ദ് ചില്‍ഡ്രന്‍ ആന്‍ഡ് 24 അദേഴ്സ്' അതില്‍ മികച്ച ഒന്നായി.ഒറ്റപ്പെടലില്‍ നിന്നും ഏകതാനമായ ജീവിതത്തില്‍ നിന്നും മോചനം കാംക്ഷിച്ചാണ് മറിയം മഹബൊബെ തന്റെ വീട് ഫര്‍ഷദ് ഹഷ്മിയുടെ ആദ്യ സിനിമയ്ക്ക് ഷൂട്ടിങ്ങിന് കൊടുക്കുന്നത്. ഒസിഡി വൈകല്യമുള്ള മറിയത്തിന് തന്റെ വീട്ടില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനപ്പുറം തന്റെ വസ്തുവകകള്‍ അടുക്കുതെറ്റിച്ചും മാറ്റിമറിച്ചും വയ്ക്കുന്നതൊന്നും സഹിക്കാനാവുന്നില്ല. എന്നാല്‍ ചിത്രീകരണത്തിനായി ഒരു സംഘം യുവാക്കള്‍ തന്നെ ആ വീട്ടില്‍ നിത്യേനെയെന്നോണം കയറിയിറങ്ങുന്നു. അടുക്കള ഉപയോഗിക്കുന്നു. വീട് നാശമാകാതിരിക്കാന്‍ അവിടെത്തന്നെ ഉറങ്ങാന്‍ കരാര്‍ ഉറപ്പിക്കുന്ന മറിയത്തോടൊപ്പം ഷൂട്ടിങ് സംഘത്തില്‍ നിന്നൊരാള്‍ കൂടി കാവലിനെത്തുന്നു. പൊതുവേ മുരട്ട് സ്വഭാവക്കാരിയായ മറിയം പതിയെ ആ ചിത്രീകരണ സംഘത്തോടൊപ്പം മനസുകൊണ്ട് ഇഴുകിച്ചേരുകയാണ്. അവിടെ ചിത്രീകരിക്കുന്ന സിനിമയുടെ ഇതിവൃത്തത്തിലും അവള്‍ സ്വയം നിമഗ്‌നയാവുകയാണ്. നഷ്ടങ്ങളുടെ പടുകുഴിയില്‍ നിന്ന് മറിയം എങ്ങനെ ജീവിതം തിരികെപ്പിടിക്കുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ സിനിമയിലും നായകനാവുന്ന സംവിധായകന്‍ ചിത്രീകരിക്കുന്നത്. ഇറാന്‍ സിനിമയുടെ ചില വ്യവസ്ഥാപിത പരിമിതികള്‍, സംഭാഷണബാഹുല്യം അടക്കമുള്ളവ ഉണ്ടെങ്കിലും സമകാലിക ഇറാന്റെ യഥാര്‍ത്ഥ ചിത്രം ഈ സിനിമയില്‍ പ്രകടമാണ്.

ഫാത്മ എയ്‌നെമിര്‍ എഴുതിയ ജര്‍മന്‍ നോവലിനെ ആസ്പദമാക്കി അസ്‌ലി ഒസസ്‌ലന്‍ സംവിധാനം ചെയ്ത, കമിംഗ് ഓഫ് ഏജ് ഡ്രാമയെന്ന് ഒറ്റനോട്ടത്തില്‍ കണ്ടേക്കാവുന്ന എന്നാല്‍ കുടിയേറ്റക്കാരുടെ രാഷ്ട്രീയം തീവ്രമായിത്തന്നെ പറയുന്ന ജര്‍മ്മന്‍ ടര്‍ക്കിഷ് സംരംഭമായ എല്‍ബാ മറ്റൊരര്‍ത്ഥത്തില്‍ മികച്ച ദൃശ്യാനുഭവമായി. എരിഞ്ഞടങ്ങുന്ന ശരീരത്തിലെ ഓര്‍മകളാണ് അന്റോണെല്ല സുദാസാസ്സി സംവിധാനം ചെയ്ത 'മെമ്മറീസ് ഓഫ് എ ബേണിങ് ബോഡിയെന്ന സ്പാനിഷ് കോസ്റ്റുറിക്ക ചിത്രത്തിന്റെ ഇതിവൃത്തം. രസമെന്തെന്നാല്‍ ഇതേ പ്രമേയത്തിന്റെ തന്നെ മറ്റൊരു വശമാണ് കൊരാലി ഫാര്‍ഗീതിന്റെ 'ദ് സബ്സ്റ്റന്‍സും' കാഴ്ചവയ്ക്കുന്നത്. ശരീരത്തിന്റെ രാഷ്ട്രീയം തന്നെയാണ് അഭിജിത് മുജുംദാറിന്റെഹിന്ദി എന്‍ട്രിയായ 'ബോഡി'യും ആവിഷ്‌കരിച്ചത്. ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള 1975 മുതല്‍ 1983 വരെ നടന്ന അമേരിക്കന്‍യുടെ  ഓപ്പറേഷന്‍ കോണ്ടോറിന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീനയിലെ ഒരു നാടകസംഘത്തില്‍ ചേരുന്ന അമേരിക്കന്‍ സഞ്ചാരിയുടെ കഥ പറയുന്ന മൈക്കല്‍ ടെയ്‌ലര്‍ ജാക്ക്‌സന്റെ 'അണ്ടര്‍ഗ്രൌണ്ട് ഓറഞ്ച്,' അനിതരസാധാരണമായ ഒരു അമ്മ മകള്‍ ബന്ധത്തിന്റെ അകംപൊരുളുകള്‍ വെളിപ്പെടുത്തിയ പെട്രോ ഫ്രെയറിയുടെ പോര്‍ച്ചുഗീസ്, ബ്രസീല്‍ നിര്‍മ്മിതിയായ 'മാലു,' മലയാളി ചലച്ചിത്രകാരന്‍ ജയന്‍ ചെറിയാന്‍ കന്നട കൊങ്കണി ഗോത്രഭാഷയില്‍ നിര്‍മ്മിച്ച 'റിഥം ഓഫ് ദമ്മാം', അറബിക് ചിത്രമായ 'ഈസ്റ്റ് ഓഫ് മൂണ്‍,'സ്പാനിഷ് ഇറ്റാലിയന്‍ സംരംഭമായ അലസാന്‍ഡ്രോ പുന്യോയുടെ 'ഹ്യൂമന്‍ -അനിമല്‍,' സ്പാനിഷ് അര്‍ജന്റീനിയന്‍ നിര്‍മ്മിതയായ മറൈന വെന്‍സ്റ്റന്‍ അസാമാന്യ കൈയടക്കത്തോടെ പറഞ്ഞ 'ലിന്‍ഡ' തുടങ്ങിവയൊക്കെ മികച്ച കാഴ്ചാനുഭവങ്ങളാണ് പകര്‍ന്നത്.

അതേ സമയം ലോകസിനിമാവിഭാഗത്തിലും ഇതര മേളകളില്‍ ജനപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളിലും വിഭിന്ന/സമ്മിശ്ര പ്രതികരണമുളവായതുപോലെ തന്നെ ചില മത്സരചിത്രങ്ങളുടെ കാര്യത്തിലും ഐഎഫ്എഫ്‌കെ പ്രേക്ഷകരില്‍ രണ്ടഭിപ്രായമുണ്ടായി എന്നതും കാണാതെ പോയ്ക്കൂടാ. സ്പാനിഷ് ചലച്ചിത്രകാരി സെലസ്റ്റെ റോജാസ് മുഗിക്കയുടെ ചിലി അര്‍ജന്റീന, ഫ്രാന്‍സ് സംയുക്ത സംരംഭമായ 'ആന്‍ ഓസിലേറ്റിങ് ഷാഡോ,' ചിലിയില്‍ നിന്നുള്ള സ്പാനിഷ് ജര്‍മ്മന്‍ സംരംഭമായ ക്രിസ്റ്റോബല്‍ ലിയോണ്‍, ജോഖ്വിന്‍ കൊച്ചിന എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ 'ദ് ഹൈപ്പര്‍ ബോറിയന്‍സ്' എന്നിവയാണവ. കടുത്ത രാഷ്ട്രീയം അതേ കടുപ്പത്തില്‍ പറഞ്ഞ സിനിമകളായിരുന്നു ഇവ രണ്ടും. ഗോദ്ദാര്‍ദ്ദിയന്‍ ചലച്ചിത്രശൈലിയെ അനുസ്മരിപ്പിക്കുന്ന ആഖ്യാനങ്ങള്‍. ഒരുപക്ഷേ കടുത്ത ഗൊദ്ദാര്‍ദ്ദ് ആരാധകരായതുകൊണ്ടുകൂടിയാവണം മലയാളികള്‍ക്ക് ഈ പരീക്ഷണങ്ങള്‍ വലിയ സ്വാധീനമാകാതെ പോയത്. അതുകൊണ്ടു പക്ഷേ അവ മോശം സിനിമകളല്ല. ഉള്ളടക്കത്തിന്റെ ഉള്‍ക്കാമ്പുകൊണ്ടു ശ്രദ്ധേയമായ സിനിമകളായിരുന്നു അവ. അതേ സമയം, ഉള്ളടക്കത്തേക്കാള്‍ രൂപശില്‍പത്തിനു പ്രാധാന്യം നല്‍കുന്നതിനെതിരേയുള്ള പ്രേക്ഷകപ്രതികരണമായിക്കൂടി ഈ സമ്മിശ്ര പ്രതികരണത്തെ തിരിച്ചറിയുകയും വേണം.

നാലു കുട്ടികളുമായി രണ്ടാം ഭര്‍ത്താവിനൊപ്പം കഴിയുന്ന മറിയയുടെ തൊഴിലും വ്യക്തിജീവിതവും ഉയര്‍ത്തുന്ന നാടകീയ സംഘര്‍ഷങ്ങളവതരിപ്പിച്ച ലിജ്ജ ഇന്‌ഗോള്‍ഫ്‌ഡോട്ടിറിന്റെ നോര്‍വീജിയന്‍ ചിത്രമായ 'ലവ്വെബിള്‍',ഫ്രഞ്ച് ചിത്രമായ 'ദ് സ്‌റ്റോറി ഓഫ് എ സുലൈമാന്‍,' മെക്‌സിക്കന്‍ ഫ്രഞ്ച് നിര്‍മ്മിതിയായ സുഖോ, ബല്‍ജിയം ഇറാഖ് സംയുക്ത സംരംഭമായ 'ബാഗ്ദാദ് മെസ്സി,' റുമേനിയയില്‍ നിന്നുള്ള 'ത്രീ കിലോമീറ്റേഴ്‌സ് ടു ദ് എന്‍ഡ് ഓഫ് ദ് വേള്‍ഡ്,' ചൈനീസ് ചിത്രമായ 'ബ്‌ളാക്ക് ഡോഗ്,' ജോര്‍ജിയന്‍ ചിത്രമായ 'ദ് ആന്റീക്ക്,' അറബിക് ചിത്രമായ 'ഫ്‌ളൈറ്റ് 404,' സ്പാനിഷ് ചിത്രമായ 'ദ ഡോഗ് തീഫ്' തുടങ്ങിയവയും നല്ല സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകപ്രതിനിധികളുടെ ഹൃദയമപഹരിച്ചു.

ചലച്ചിത്രമേളയില്‍ ഇക്കുറി ഏറ്റവും ആസ്വാദ്യമായി തോന്നിയ ഒന്ന് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ ക്യൂറേറ്റ് ചെയ്ത് പ്രമുഖചിത്രകാരന്‍ റാസി മുഹമ്മദ് വരച്ച ഡിജിറ്റല്‍ പെയ്ന്റിങ്ങുകളിലൂടെ 50 ലോക ചലച്ചിത്രാചാര്യന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചുള്ള 'സിനിമ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്' എക്‌സിബിഷന്‍. അകിര കുറൊസാവ, അലന്‍ റെനെ, ആല്‍ഫ്രഡ് ഹിച്ച്കോക്ക്, തര്‍ക്കോവ്സ്‌കി, അടൂര്‍ ഗോപാലകൃഷ്ണന്‍, ജി. അരവിന്ദന്‍, കെ.ജി.ജോര്‍ജ്, ആഗ്നസ് വര്‍ദ, മാര്‍ത്ത മെസറോസ്, മീര നായര്‍ തുടങ്ങി 50 ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമര്‍പ്പിക്കുന്നതാണു പ്രദര്‍ശനം. ഡിജിറ്റല്‍ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന ഈ അപൂര്‍വ ദൃശ്യവിരുന്നു കാണാനായി നിരവധി പേരാണു പ്രദര്‍ശനവേദിയില്‍ എത്തിച്ചേര്‍ന്നത്. ഓരോ ചലച്ചിത്രാചാര്യന്‍മാരുടെയും സിനിമാസമീപനത്തെക്കുറിച്ച് വക്രദൃഷ്ടിയിലൂടെ വ്യാഖ്യാനിക്കുന്ന ചിത്രീകരണങ്ങളാണിവ. ഒന്‍പതു മാസത്തെ അധ്വാനത്തില്‍ റാസി സൃഷ്ടിച്ചെടുത്ത ഈ ദൃശ്യസഞ്ചയം ഓരോ ചലച്ചിത്രകാരന്റെയും ദൃശ്യസമീപനങ്ങളിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതോടൊപ്പം ആ ചലച്ചിത്രദര്‍ശനത്തെക്കുറിച്ചുള്ള ചിത്രകാരന്റെ പ്രതികരണം കൂടിയായിത്തീരുന്നുണ്ട്. ഉദാഹരണത്തിന് ആല്‍ഫ്രഡ് ഹിച്ച്കോക്കിനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന വെര്‍ട്ടിഗോയിലെ ദൃശ്യസാധ്യതയല്ല മറിച്ച് അദ്ദേഹത്തിന്റെ ഇതര സിനിമകളിലെ ദൃശ്യബിംബങ്ങളാണ് റാസി ചിത്രീകരണത്തിന് വിഷയമാക്കുന്നത്. അതുപോലെ തന്നെ, ഷാജി എന്‍ കരുണിനെ ആഖ്യാനം ചെയ്യുമ്പോള്‍ നാമെല്ലാം പ്രതീക്ഷിക്കുക പിറവിയുടെ ചിത്രണമാണെങ്കിലും റാസി സ്വീകരിച്ചിട്ടുള്ളത് കുട്ടിസ്രാങ്കിന്റെയും മറ്റും ദൃശ്യപരതയാണ്. അരവിന്ദനെ ആവിഷ്‌കരിച്ചിട്ടുള്ളത് കുമ്മാട്ടിയുടെയും ഒരിടത്തിന്റെയും ഉത്തരായനത്തിന്റെയും ബിംബസമൃദ്ധിയുടെ പശ്ചാത്തലത്തിലും. ബിനാലെ നിലവാരത്തില്‍ സമാനതകളില്ലാത്ത ഒരു കലാവിഷ്‌കാരം തന്നെയാണത്. ചലച്ചിത്ര അക്കാദമി തന്നെ അതേറ്റെടുത്ത് അവരുടെ മ്യൂസിയത്തില്‍ പ്രതിഷ്ഠാപനമാക്കുകയോ, സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമാക്കുകയോ ആണ് വേണ്ടത്. 

സിനിമയിലെ സ്ത്രീസാന്നിധ്യത്തിന് മേളയെ അവിസ്മരണീയമാക്കിയത്. മലയാളത്തിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള സിഗ്നേച്ചര്‍ ഫിലിമില്‍ തുടങ്ങി സ്ത്രീപക്ഷ നിലപാടു വ്യക്തമാക്കിയ മേളയാണിത്. കെ ഒ അഖില്‍ സംവിധാനം ചെയ്ത സ്വപ്‌നായനം എന്ന സിഗ്നേച്ചര്‍ ഫിലിം ഒരു ദൃശ്യ നിര്‍മ്മിതിയെന്ന നിലയ്ക്ക് സ്വതന്ത്ര അസ്തിത്വം കൈവരിക്കുന്നുണ്ട്.ഫീമെയില്‍ ഗെയ്‌സ് വിഭാഗത്തില്‍ ലോകമെമ്പാടും നിന്നുള്ള സ്ത്രീ സംവിധായകരുടെ സിനിമകള്‍ ഉള്‍പ്പെടുത്തിയതു കൂടാതെ, മേളയിലെ 177 ചിത്രങ്ങളില്‍ 52 സിനിമകള്‍ സ്ത്രീ സംവിധായകരുടേതായിരുന്നു. മത്സര വിഭാഗത്തിലും ഇക്കുറി സത്രീ സാന്നിദ്ധ്യം കൂടുതലായിരുന്നു. മലയാളത്തില്‍ നിന്ന് മത്സരിച്ച രണ്ടു സിനിമകളില്‍ ഒന്ന്, മേളയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറമാണ്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ ഹോങ്കോങ് നവസിനിമയുടെ പതാകവാഹകയായ ചലച്ചിത്രകാരി ആന്‍ ഹ്യൂ, സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരത്തിന് അര്‍ഹയായ പായല്‍ കപാഡിയ, മേളയുടെ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം, ജൂറി അധ്യക്ഷ ആഗ്‌നസ് ഗൊദാര്‍ദ്, ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായെത്തിയ സിനിമാജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്ന നടി ശബാന ആസ്മി തുടങ്ങിയവരുടെ സാന്നിധ്യവും പരാമര്‍ശിക്കപ്പെടേതുണ്ട്.

മലയാള സിനിമ പിച്ചവച്ച കാലം മുതല്‍ എണ്‍പതുകള്‍ വരെ  തിളങ്ങിയ മുതിര്‍ന്ന നടിമെരില്‍ ജീവിച്ചിരിക്കുന്നവരെ ഒന്നിച്ചുകൊണ്ടുവന്ന് ആദരിച്ച മറക്കില്ലൊരിക്കലും എന്ന സായാഹ്നവും പുതുമയായി. കെ.ആര്‍.വിജയ, ടി.ആര്‍.ഓമന, വിധുബാല, ഭവാനി, ചെമ്പരത്തി ശോഭ(റോജാരമണി), ഹേമ ചൗധരി, കനകദുര്‍ഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ,  മേനക, അനുപമ മോഹന്‍, ശാന്തകുമാരി, മല്ലിക സുകുമാരന്‍, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂര്‍ രാധ, വനിത കൃഷ്ണചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. 

സാംസ്‌കാരികമായ ഈടുവയ്പില്‍ ഒരു ചലച്ചിത്രമേള എത്രത്തോളം സാര്‍ത്ഥകമാകുന്നു എന്നു കാലം അടയാളപ്പെടുത്തുക ആസ്വാദനതലത്തിലും സര്‍ഗാത്മകതയിലും അതു ചെലുത്തുന്ന സ്വാധീനത്തിലൂടെയായിരിക്കും. അതുപോലെ ത്‌ന്നെ അതുയര്‍ത്തിപ്പിടിക്കുന്ന നവീനഭാവുകത്വത്തിലൂടെയും. ആള്‍ക്കൂട്ടങ്ങളുടെയും ആഘോഷങ്ങളുടെയുമൊക്കെ ക്ഷണികതയ്ക്കപ്പുറം ഒരു സാഹിത്യമേളയ്ക്കും ചലച്ചിത്രമേളയ്ക്കും സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടാവുന്നത്, പുതിയ എഴുത്തുകാരെയും, ചലച്ചിത്രകാരന്മാരെയും അനുവാചകരെയും പ്രചോദിപ്പിക്കുകയും സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ്. പ്രതിനിധികളെക്കൊണ്ട് രക്തദാനം നടത്തിച്ച സിനിബ്‌ളഡ് പരിപാടിയൊക്കെ പ്രതിബദ്ധതയുടെ പ്രഖ്യാപനങ്ങള്‍ തന്നെയായിരുന്നെങ്കിലും കലാവിഷ്‌കാരമെന്ന നിലയ്ക്ക് ഇത്തരമൊരു മേളയുടെ ഫലശ്രുതി നിശ്ചയമായും ഭാവുകത്വനിര്‍മ്മിതിയില്‍ തന്നെയാണ് ഊന്നിയിട്ടുള്ളത്, ഊന്നല്‍ നല്‍കേണ്ടത്. ആ അര്‍ത്ഥത്തില്‍ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നിശ്ചയമായും ആ ദൗത്യത്തില്‍ അണുവിട പിന്നോട്ടാവാതെ ഉയര്‍ന്ന നിലവാരത്തിലൂടെ പ്രതീക്ഷ നിലനിര്‍ത്തിയെന്നതു പറയാതെ വയ്യ.വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യമാണ് ഇക്കുറി ചലച്ചിത്രമേളയെ ശ്രദ്ധേയമാക്കിയത്. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് മലയാള ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടന പ്രധാനവേദിയില്‍ സൗജന്യ ഭക്ഷണപ്പൊതിയും സജ്ജമാക്കിയിരുന്നു. നാളെയുടെ പ്രേക്ഷകരെയും ചലച്ചിത്രകാരന്മാരെയും കയ്യോടെ പിടികൂടുക എന്ന ലക്ഷ്യത്തിലേക്കും ചലച്ചിത്രമേള അങ്ങനെ മുന്നേറുകയാണ്.

താരതമ്യേന പരാതികളില്ലാതെ സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രമേള കൂടിയാണ് കൊടിയിറങ്ങിയത്. പ്രേം കുമാറിന്റെ നേതൃത്വത്തില്‍ കഴിയുന്നത്ര ജനകീയമാക്കാനും സുതാര്യമാക്കാനുമുള്ള ശ്രമം സംഘാടനത്തിന്റെ ആദ്യ ഘട്ടം മുതല്‍ക്കെ പ്രകടവുമായിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി ഇക്കുറി സംഘാടകശ്രദ്ധ തീര്‍ത്തും പതിയാതെ പോയ ഒന്ന് മേളയുടെ വെബ് ആപ്‌ളിക്കേഷനാണ്. ഉദ്ഘാടന ദിവസത്തിനു തൊട്ടുമുമ്പ് മാത്രം ലഭ്യമായ മൊബൈല്‍ ആപ്‌ളിക്കേഷനില്‍ പ്രതിനിധികള്‍ക്ക് അത്യാവശ്യം വേണ്ടുന്ന പല വിവരങ്ങളും ലഭ്യമായില്ലെന്നു മാത്രമല്ല ആന്‍ഡ്രോയിഡിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഒഎസ് വേര്‍ഷന്‍ മേള അവസാനിക്കാറയപ്പോഴും എററുകള്‍ കാണിക്കുകയായിരുന്നു. പ്രധാന പോരായ്മകളിലൊന്ന് സ്‌ക്രീനിങ് ഷെഡ്യൂള്‍ ആന്‍േേഡ്രായ്ഡ് ആപ്പില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നതാണ്. ഐഒഎസ് വേര്‍ഷനിലാവട്ടെ ബുക്കിങ് കഴിഞ്ഞാല്‍ പിറ്റേന്നത്തെ റിസര്‍വേഷന്‍ ലഭ്യത മാത്രമാണ് ഡിസ്‌പ്ലേ ചെയ്യപ്പെട്ടത്. ഒരേ സമയം രണ്ടു ദിവസത്തെ ബുക്കിങ് (അന്നത്തേതും പിറ്റേന്നത്തേതും) ലഭ്യമാകേണ്ട സാഹചര്യത്തില്‍ ഏതു ദിവസത്തേതില്‍ അമര്‍ത്തിയാലും പിറ്റേന്നത്തേതു മാത്രം ലഭിക്കുന്ന അവസ്ഥയായിരുന്നു.ഇതുമൂലം ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അന്നത്തേത് ക്യാന്‍സല്‍ ചെയ്യാമെങ്കിലും പകരം ഒന്ന് റിസര്‍വ് ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. നിശാഗന്ധിയിലെ സ്‌ക്രീനിങ് ഷെഡ്യൂളും ഐഒഎസില്‍ ലഭ്യമായില്ല. ഇത്തരം ചില പിഴവുകളൊഴിച്ചാല്‍ താരതമ്യേന കുറ്റമറ്റ ചലച്ചിത്രമേള, സംഘാടനത്തില്‍ നാം നേടിയ കൈത്തഴക്കത്തിന്റെ സൂചനയായി. 

No comments: